വത്തിക്കാൻറെ വെബ്സൈറ്റ് അനധികൃതമായി കയ്യേറി തകർത്തുവെന്ന വാർത്ത ലോകത്തെ ആകമാനം അമ്പരിപ്പിച്ചിരുന്നു. കഴിഞ്ഞ കാലങ്ങളിലെ സഭയുടെ ക്രൂരമായചില ചരിത്രസത്യങ്ങളും ഹാക്കർമാരുടെ കുറിപ്പുകളിൽ ഉണ്ടായിരുന്നു. താല്ക്കാലികമായിട്ടാണെങ്കിലും ഈ സൈറ്റ് നിശ്ചലമാക്കിയത് വത്തിക്കാനിലെ ഉന്നതരെ പരിഭ്രാന്തരാക്കി. ചില ലക്ഷ്യങ്ങളും, ഉദ്ദേശശുദ്ധിയും വത്തിക്കാൻറെ കമ്പ്യൂട്ടറുകൾ സ്തംഭിപ്പിച്ചവരുടെ കുറിപ്പുകളിൽ കാണുന്നു.
"വത്തിക്കാൻ ഭരണാധികാരികളേ," എന്നു സംബോധന ചെയ്തുകൊണ്ട് അജ്ഞാതരായ ഇവർ വത്തിക്കാൻ വെബ്സൈറ്റിൽ ശേഖരിച്ചു വെച്ചിരിക്കുന്ന വിവരങ്ങളിലേക്കു നുഴഞ്ഞു കയറിയതിനു പല കാരണങ്ങളാണ് സൂചിപ്പിച്ചിരിക്കുന്നത്. സഭയുടെ പൊതുതത്ത്വങ്ങളും പ്രാർഥനരീതികളും സന്മാർഗ പ്രമാണങ്ങളും ഹീനവും പരിഹാസം നിറഞ്ഞതും കാലത്തിനനുരൂപമല്ലാത്തതുമാണ്. റോമ്മാസഭ തത്വങ്ങിളില്ലാത്ത, ധനലാഭം മാത്രം കൊയ്യുവാനും ആഗ്രഹിക്കുന്ന ഒരു വ്യവസായ സാമ്രാജ്യം മാത്രം.
അമൂല്യങ്ങളായ തത്ത്വജ്ഞാന പുസ്തകങ്ങളും പ്രാർഥനകളും കത്തിച്ചു കളഞ്ഞു. സഭയെ വിമർശിച്ചവരെ കൊടുംകൊലകൾ ചെയ്തു ചുട്ടുചാമ്പലാക്കി. ശാസ്ത്രത്തെ തള്ളിക്കളഞ്ഞു മതമൂല്യങ്ങളെ ജനങ്ങളിൽ അടിച്ചേൽപ്പിച്ചു. സ്വർഗം വാഗ്ദാനം ചെയ്തു ശുദ്ധീകരണസ്ഥലം വിറ്റു പണംഉണ്ടാക്കി. നാസി കുറ്റവാളികളെ സഹായിച്ചു. പോരാഞ്ഞു കുറ്റവാളികൾക്ക് വിദേശങ്ങളിൽ സഭ അഭയം കൊടുത്തുവെന്നും ആഗോള സാമൂഹ്യനീതിയെ അട്ടിമറിച്ചുവെന്നും ഹാക്കർമാർ കുറ്റപെടുത്തിയിട്ടുണ്ട്.
ഓരോദിവസവും പുരോഹിതർ നിർദോഷികളായ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നും, ഈ കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നതിനു പകരം കുറ്റകൃത്യങ്ങൾ സഭ എക്കാലവും മറച്ചുവെച്ചുവെന്നും ഈ കുറ്റപത്രത്തിലുണ്ട്. പത്രധർമ്മത്തെ നിഷേധിക്കുകയും സംഭവങ്ങൾ പുറത്തു വരാതെയിരുക്കുവാൻ പത്രക്കാരുടെ വായ് അടപ്പിക്കുകയും ചെയ്യുന്നു. ഇറ്റലിയെന്ന രാഷ്ട്രത്തിന് ദിനംപ്രതി വത്തിക്കാൻറെ പൊതു നയങ്ങളെയും സാമൂഹ്യക ദ്രോഹങ്ങളെയും സഹിക്കേണ്ടിയും വരുന്നു. കോടാനുകോടി സഭയുടെ സ്വത്തുക്കൾക്കു നികുതി ഇളവുനേടി ഇറ്റലി എന്ന രാജ്യത്തെ പാപ്പരാക്കുന്നു. ഗർഭനിരോധ മാർഗങ്ങൾ, ഗർഭംഅലസിപ്പിക്കൽ, എല്ലാം വിലക്കി അവ സഭയുടെ പാപങ്ങളായും പഠിപ്പിച്ചു വിശ്വാസികളെ ഭയപ്പെടുത്തുന്നു.
വത്തിക്കാൻറെ യുഗം അവസാനിച്ചുവെന്നും അവർക്കെതിരെ, കൊള്ളരുതായ്മകൾക്കും ക്രൂരതകൾക്കുമെതിരെ ഒരു വൻകോട്ടയുണ്ടാക്കിക്കഴിഞ്ഞുവെന്നും നുഴഞ്ഞു കയറ്റക്കാരുടെ കുറിപ്പിൽ വീമ്പടിക്കുന്നു. ക്രിസ്തുമതത്തെയും, സത്യവിശ്വാസത്തെയും ആക്രമിക്കുവാനല്ല ഈ പോരാട്ടം, റോമ്മാ അപ്പസ്തോലിക്കാ സഭയ്ക്കെതിരെയും അഴിമതിക്കും കൊള്ളരുതായ്മക്കെതിരെയും ഒരു പോരാട്ടമായിട്ടാണ് ഹാക്കർമാർ ഈ പത്രികയിൽ അവകാശപ്പെട്ടിരിക്കുന്നത്. ക്രിസ്തു സ്ഥാപിച്ച സഭയെ രക്ഷിച്ചു മുക്തിനേടുവാൻ ഈ യുദ്ധം ഇനിയും തുടരുമെന്നും ഇവരുടെ മുന്നറിയിപ്പിലുണ്ട്.
.