Sunday, June 9, 2013

35. വേദങ്ങളും പ്രജാപതിയായ യേശുവും


 

 

പ്രജാപതിയായ പുരുഷന്‍ അനന്തമായ പ്രപഞ്ചത്തില്‍ ഏകനായി സഞ്ചരിച്ചു. തന്റെ പിതാവായ ബ്രഹ്മനില്‍നിന്നും അകന്നു സൃഷ്ടി കര്‍മ്മങ്ങളില്‍ പങ്കുചെര്‍ന്നില്ല. അവന്‍ സ്വയം പുരുഷനും സ്ത്രീയുമായി വിഭജിക്കപ്പെട്ടു. അവളാണ് പ്രകൃതി. പുരുഷന്റെ സൌന്ദര്യം. യുഗങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രകൃതി ദേവിക്ക് അവനില്‍ ആസക്തിയില്ലാതായി. അവള്‍ പശുവായി വിഹായസ്സില്ക്കൂടി പറന്നു. അവന്‍ കാളയായി  പശുവിനെ പിന്തുടര്‍ന്നു. പുരുഷനിലും പ്രകൃതിയിലും സൃഷ്ട്ടി കര്‍മ്മങ്ങള്‍ തുടര്‍ന്നു. സമസ്ത ജീവജാലങ്ങളും പുരുഷനിലും പ്രകൃതിയിലും ജനിച്ചു. ബ്രഹ്മനിലെ സൃഷ്ടിയും ബ്രഹ്മന്റെ മനസായ പുരുഷനും പ്രകൃതിയുടെ പ്രതിഭാസങ്ങളും സൃഷ്ടിയുടെ പരമ രഹസ്യമായ ത്രിത്വത്തിനു തുല്യമായി കരുതുന്നു.

പ്രജാപതിക്ക്‌ ദ്വൈതത്തിലെ യേശുവായ പുത്രന്‍ തമ്പുരാന്റെ സ്ഥാനം തന്നെയുണ്ട്‌. ഭവിഷ്യപുരാണത്തിനു പുരാണങ്ങളുടെ പട്ടികയില്‍ വലിയ പ്രാധാന്യം കല്‍പ്പിച്ചിട്ടില്ല. എന്നാല്‍ യോഗ സംഖ്യാ ശാസ്ത്രത്തിലെ പ്രജാപതിയും പുരുഷനും സൃഷ്ടി കര്‍മ്മങ്ങളുടെ പവിത്രത ചൂണ്ടി കാണിക്കുന്നുണ്ട്.  പ്രജാപതിയെ ചില ധ്യാനപ്രസംഗകര്‍ പഴയ നിയമത്തിലെ  ദൈവമായും സ്ഥാപിക്കുന്നു. പ്രധാന ഉദ്ദേശം, അക്ഷരജ്ഞാനം ഇല്ലാത്ത പ്രാകൃതവര്‍ഗക്കാരെ മതപരിവര്‍ത്തനം ചെയ്യുന്നതിനാണ്. പുരാണത്തിലെ പുരുഷന് അല്ലെങ്കില്‍ പ്രജാപതിക്കു  ആയിരം തലകളുണ്ട്. തലകള്‍ ബുദ്ധിശക്തിയെ വിവരിക്കുകയാണ്. പ്രപഞ്ചം മുഴുവന്‍ ചൈതന്യം ഉള്കൊള്ളുവാന്‍ ആയിരം കണ്ണുകളും ഉണ്ട്.

 പുരുഷന്‍ ലോകത്തെ സൃഷ്ടിച്ചത് സ്വന്തം രീരത്തിലായിരുന്നുവെന്നു പുരാണം പറയുന്നു. ഇവിടെ, സ്വന്തം ശരീരം കാഴ്ചവെച്ചു ഒരു ബലിനടത്തുകയാണ്. പുരുഷന്റെ വെടിഞ്ഞ ശരീരത്തില്‍നിന്നും മനുഷ്യ ജാതിയുണ്ടായിയെന്നാണു ഇതിഹാസ കഥ.  ചതുര്‍വേദങ്ങളും ചതുര്‍വര്‍ണ്ണങ്ങളും പുരുഷന്റെ ശരീരത്തില്‍നിന്ന് ഉത്ഭവിച്ചു. ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശുദ്രരും പുരുഷനില്‍നിന്നു ഈ മഹാ ബലിയില്‍ക്കൂടി ജനിച്ചുവെന്നാണ്, പുരുഷസൂക്തം.

 

പുരുഷന്‍ സൃഷ്ടിക്കുക മാത്രമല്ല തന്റെ ശരീരംവഴി സൃഷ്ടിയുടെ ഭാഗവും ആയിരിക്കുകയാണ്. ഇതാണ് പുരാണത്തിലെ പ്രജാപതിയുടെ കഥ. ഇവിടെ സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള വിത്യാസം മനസിലാക്കുക പ്രയാസമാണ്.പുരുഷന്‍ വേദങ്ങള്‍ മുഴുവനായി സൂക്ഷിക്കുന്നു.പുരുഷന്‍ യേശുവെങ്കില്‍ യേശുവിന്റെ അനുയായികള്‍ പുരുഷന്റെ വേദങ്ങളെന്തിനു ഉപേക്ഷിച്ചു?

കേരളത്തിലുടനീളം അനേക ധ്യാനകേന്ദ്രങ്ങളില്‍ പ്രജാപതിയും യേശുവും ഒന്നാണെന്നു പഠിപ്പിക്കുന്നു. പ്രജാപതിയും യേശുവും ഒന്നാണെങ്കില്‍ പോട്ടയിലെയും ധ്യാനകേന്ദ്രങ്ങളിലെയും ദിവ്യന്മാര്‍ എന്തിനു ഹൈന്ദവദൈവങ്ങളെ നിന്ദിക്കുന്നു. പ്രജാപതിയുടെ ചൈതന്യം കുടികൊള്ളുന്ന ഹൈന്ദവ അമ്പലങ്ങളുടെ സമീപത്തു കൂടിയും നടക്കരുതെന്നാണ് ധ്യാനഗുരുക്കളുടെ ഉപദേശം. യേശുവും പ്രജാപതിയും ഒന്നായ സ്ഥിതിക്ക് പ്രജാപതിയുടെ ആയിരം തലകളില്‍ നിന്നുവന്ന ജ്ഞാനമായ  ചതുര്‍വേദങ്ങള്‍ എന്തിനു ഉപേക്ഷിച്ചു. ബൈബിളില്‍ സത്യങ്ങള്‍ ഉണ്ട്. എന്നാല്‍ വേദങ്ങളില്‍ സത്യങ്ങള്‍ മാത്രമല്ല അനേകം  ശാസത്രങ്ങളും ഉണ്ട്. പുരുഷനായ യേശു വേദങ്ങളിലെ ശാസത്രങ്ങളെന്തുകൊണ്ട് ബൈബിളില്‍ ഉള്‍പ്പെടുത്തിയില്ല?

 യേശു പഠിപ്പിച്ചു "സ്വര്‍ഗരാജ്യം നിനക്കുള്ളില്‍, ശേഷിക്കുന്നത് സര്‍വ്വതും നിന്നോടുകൂടി വന്നുകൊള്ളും". എങ്കില്‍, നിന്നുള്ളിലെ വസിക്കേണ്ട യോഗാ എന്തിനു ധ്യാനഗുരുക്കള്‍ എതിര്‍ക്കുന്നുപ്രജാപതിയുടെ സൃഷ്ടിയായ യോഗാ നിന്നുള്ളിലെ ക്രിസ്ത്യാനിയില്‍ എവിടെ? യേശുവും പ്രജാപതിയും ഒന്നായ ദൈവങ്ങളുടെ വേദങ്ങള്‍ എന്തുകൊണ്ട് യേശുവിന്‍റെ അനുയായികള്‍ വേണ്ടെന്നു വെച്ചു. യേശു പ്രജാപതിയെങ്കില്‍ സഭ യേശുവിനുള്ളിലെ  സ്വര്‍ഗരാജ്യം നേടുവാന്‍ യോഗയും വേദങ്ങളും ദിവ്യശാസ്ത്രങ്ങളായി അംഗീകരിക്കണം. ഏകാഗ്രമായ ഒരു ധ്യാനം, യോഗാ.....അതെ ഭാവാതീത ധ്യാന !!!

 ആരാണ് പ്രജാപതി?   ഋഗ്വേദം പ്രജാപതിയുടെ കഥ പറയുന്നുണ്ട്. ആദിദൈവമായ പരാശക്തി, സര്‍വ്വവും മായയായിരുന്ന പ്രപഞ്ചത്തെയും സൃഷ്ടികളേയും സൃഷ്ടിച്ചവനായും പുരാണം പറയുന്നു.  അഗ്നി, ഇന്ദ്രന്‍, വരുണാ  എന്നീ യുവദൈവങ്ങളാല്‍ പ്രജാപതി സ്വയം ബലിയര്‍പ്പണം നടത്തിയതും വേദങ്ങളില്‍ കാണാം. വേദങ്ങളിലെ മുപ്പത്തിമൂന്നു ദൈവങ്ങളിലെ ഒരു ദൈവമാണ് പ്രജാപതി. പ്രജാപതിയെപ്പറ്റി അഗാധമായി ചിന്തിക്കുന്നതിനു മുമ്പ് ചതുര്‍വേദങ്ങളുടെയും ഒരു ഉള്കാഴ്ച ആവശ്യമാണ്.

 ഋഗുവേദം: വേദങ്ങളില്‍ ഏറ്റവും പഴക്കമേറിയ പുസ്തകം ഋഗ്വേദമാണ്. ഇന്ദ്രനെയും അഗ്നിയെയും മറ്റു ഉപദൈവങ്ങളെയും പുകഴ്ത്തുന്ന ശ്ലോകങ്ങള്‍  ഈ വേദത്തിലുടനീളം കാണാം.

യജുര്‍വേദം: യജുര്‍വേദം ദൈവങ്ങള്‍ക്കുള്ള ബലിയര്‍പ്പണം എങ്ങനെ വേണമെന്നും വിവരിച്ചിരിക്കുന്നു. ബലിയിടുമ്പോള്‍ ആവശ്യമായ പ്രത്യേക നിയമങ്ങളും ചട്ടങ്ങളും  വേദത്തില്‍ സവിസ്തരം വിവരിച്ചിരിക്കുന്നു. തങ്ങള്‍ അര്‍പ്പിക്കുന്ന ബലിയെ  ദൈവങ്ങള്‍ ഭക്ഷിക്കുന്നുവെന്നു മുനികള്‍ വിചാരിച്ചിരുന്നു. അഗ്നിഭഗവാന്‍ ഭക്ഷണവും അര്‍പ്പിക്കുന്ന ബലിവസ്തുക്കളും സ്വര്‍ഗത്തില്‍ എത്തിക്കുന്നുവെന്നും  വിശ്വസിച്ചിരുന്നു.

സാമവേദ:  സാമവേദത്തിലെയും ഉള്ളടക്കം കൂടുതലായും ഋഗുവേദത്തിലുള്ളതു തന്നെയാണ്.  മറ്റുള്ള വേദങ്ങളില്‍ ആദിഗ്രന്ഥമായ ഋഗുവേദത്തിലെ ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അതര്‍വവേദ:     അതര്‍വത്തില്‍ മറ്റുള്ള പുരാണങ്ങളില്‍ കാണുന്നതുപോലെ  പ്രാകൃത മനുഷ്യരെ കാണാം. ആദിമ മനുഷ്യരുടെ ജീവിത നിലവാരങ്ങളെപ്പറ്റി ഈ വേദത്തില്‍ ഒരു രൂപകല്പ്പനയുണ്ട്.

വേദങ്ങളെക്കൂടാതെ ആയിരക്കണക്കിന് ഉപനിഷത്തുക്കളും കാണാം. നൂറു കണക്കിന് ഉപനിഷത്തുക്കള്‍ ഗവേഷണങ്ങളും നടത്തിയിട്ടുണ്ട്. തത്ത്വസംഹിതകളാണ് ഉപനിഷത്തുകള്‍ മുഴുവനായും നിറഞ്ഞിരിക്കുന്നത്‌. ഋഗ്വേദത്തില്‍ പുരുക്ഷ സൂക്ത (ഋഗ് : 10:90) യിലാണ്   പ്രജാവതിയെ വര്‍ണ്ണിച്ചിരിക്കുന്നത്.

പുരുഷായെന്നു വിളിക്കുന്ന പ്രജാപതിയുടെ വരവിന്റെ ഉദ്ദേശം എന്തായിരുന്നു. ഋഗ്വേദങ്ങളിലും  ഉപനിഷത്തുകളിലും പ്രതിഫലിക്കുന്നത് സൌന്ദര്യത്തിന്റെ മനനമായ  അവള്‍ പ്രകൃതി ദേവിയാണ്. ലക്‌ഷ്യം പുരുഷനായ പ്രജാപതിയുടെ ബലിയും . പുരുഷനും പ്രജാപതിയും സംസ്കൃതത്തില്‍നിന്നും വന്ന വാക്കുകളാണ്.  സൃഷ്ടി കര്‍ത്താവ് മനുഷ്യനായി അവതരിച്ചു വന്നു പുരുഷ സൂക്തത്തില്‍ പറയുന്നു.(സത്പത്ബ്രമന 10.2, ഋഗ് വേദ പുരുഷ സൂക്ത 10:19) പുരുഷ പ്രജാപതിയുടെ ലക്‌ഷ്യം ബലിയായിരുന്നു. അവന്റെ ജീവരക്തം പാപപരിഹാരത്തിനും നിത്യ ജീവനുമായിരുന്നു. സ്വര്‍ഗത്തിലേക്കുള്ള ഏകവഴി ഇങ്ങനെ ഒന്നുമാത്രമായിരുന്നു.  നരകാഗ്നിയില്‍നിന്നു രക്ഷപെടുവാന്‍ ഉള്ള മാര്‍ഗവും. (ഋഗ്വേദം 9:113 ; 4:5) അങ്ങനെ പ്രജാപതി രക്ഷിതാവായി ഭൂമിയില്‍ അവതരിച്ച ദൈവവും.

എന്നാല്‍ മഹാഭാരത ഇതിഹാസ കാലയളവില്‍ പരമാത്മാവെന്നുള്ള സ്ഥാനം നഷ്ടപ്പെട്ടു. പ്രജാപതിയെ വെറും ദൈവമായി തരംതാഴ്ത്തി. സൃഷ്ടി മാത്രം ജോലിയുള്ള ഒരു ദൈവം മാത്രമായി. ഉപനിഷത്തിന്റെ കാലംമുതല്‍ പ്രജാപതിയെ ബ്രഹ്മാവായി അറിയപ്പെട്ടു. ത്രിമൂര്‍ത്തികളില്‍ ബ്രഹ്മാവിനും വിഷ്ണുവിനും ശിവനും കണ്ണികളിലെ ഒരു ദൈവമായി അറിയപ്പെട്ടു. പ്രജാപതി ലോകത്തെ സൃഷ്ടിച്ചതു എങ്ങനെയെന്നു  അനേക രൂപഭാവങ്ങളില്‍ കഥകളുണ്ട്. വേദങ്ങളില്‍ വിസ്തരിച്ചിട്ടുമുണ്ട്. മുപ്പത്തിമൂന്നു ദേവ ദൈവങ്ങളെ ഭൂമിക്കും സ്വര്‍ഗത്തിനും മദ്ധ്യേ പ്രതിഷ്ടിച്ചിട്ടുണ്ട്. ഇന്ദ്രനും പ്രജാപതിയും കൂടാതെയുള്ള ഈ ദൈവങ്ങളില്‍ ദൈവങ്ങളായ  ശക്തിയും ജീവനും പ്രകൃതിയും  അടങ്ങിയിരുന്നു.  മുപ്പത്തിമൂന്നു ദൈവങ്ങള്‍ കാലാന്തരത്തില്‍ മൂന്നു ദൈവങ്ങളായി. ബ്രഹ്മാവും വിഷ്ണുവും ശിവനും .

 പ്രജാപതിയും യേശുവും ഒന്നാണെന്ന് ക്രിസ്ത്യന്‍ മിഷ്യനറിമാര്‍  തെളിവുകള്‍ നിരത്തി മതം പ്രസംഗിക്കാറുണ്ട്.  വേദം പറയുന്നു  പ്രജാപതിയില്‍ പാപം ഇല്ലായിരുന്നു. ക്രിസ്ത്യാനികളും യേശുവില്‍ പാപം ഇല്ലായിരുന്നുവെന്നു വിശ്വസിക്കുന്നു. വേദങ്ങളുടെ കാലവും യേശുവിന്റെ കാലവും രണ്ടു വിഭിന്ന കാലഘട്ടങ്ങളെന്നു വചന പ്രഭാഷകര്‍ മറന്നു പോവുന്നു. പ്രജാപതിയെ വേദങ്ങളില്‍ പല രൂപത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. പരമാത്മാവു മുതല്‍ സ്ഥാനഭ്രഷ്ടനാക്കി വെറും സാധാരണ ദൈവമാക്കിയ കഥകള്‍വരെ വേദങ്ങളിലും പുരാണങ്ങളിലും ഉണ്ട്. യേശുവിനെ പരമാത്മാവായോ മുപ്പത്തിമൂന്നു ദൈവങ്ങളില്‍ ഒരാളായോ ബൈബിളില്‍ പറഞ്ഞിട്ടില്ല. സൃഷ്ടിയില്‍ പ്രജാപതിയുടെ ശരീരം രണ്ടായി സ്ത്രീ ഉണ്ടായി. എന്നാല്‍ യേശുവില്‍ അങ്ങനെ ഒരു കഥയില്ല. യേശു സ്ത്രീയെത്തേടി കാളയായി അലഞ്ഞുമില്ല.

പതിനെട്ടാംനൂറ്റാണ്ടില്‍ ബ്രിട്ടീഷ്കാര്‍ തര്‍ജിമചെയ്ത ഭവിഷ്യപുരാണത്തില്‍ യേശുവിനെപ്പറ്റി വിവരിച്ചിരിക്കുന്ന ഭാഗങ്ങള്‍ വൈഷ്ണവ ഭക്തരെ  ചിന്താകുഴപ്പത്തില്‍ ആക്കിയിട്ടുണ്ട്. ബ്രിട്ടീഷ്മിഷ്യനറിമാര്‍ തങ്ങളുടെ മിഷ്യന്‍ പ്രവര്‍ത്തനത്തിനായി യേശുവിന്റെ ചരിത്രം കൂട്ടിചേര്‍ത്തതായി കരുതണം. ശ്ലോകങ്ങള്‍ രചിച്ചിരിക്കുന്നതു   ഉന്നത സാഹിത്യ നിലവാരത്തില്‍ക്കൂടിയെങ്കിലും   സൂക്ഷ്മമായി പഠിക്കുന്ന ഒരു ഗവേഷണ വിദ്യാര്ഥിക്ക് മിഷ്യനറിമാരുടെ ഒളിഞ്ഞിരിക്കുന്ന ഉദ്ദേശം ഈ പുസ്തകത്തില്‍ക്കൂടി വ്യക്തമായും മനസിലാക്കാം. ഉദ്ദേശം മതപരിവര്‍ത്തനമല്ലാതെ  മറ്റൊന്നുമായിരുന്നില്ല.

മരണസമയം യേശുവിനു തലയില്‍ മുള്‍ക്കിരീടം ഉണ്ടായിരുന്നു. പുരുഷ ബലിയില്‍ അങ്ങനെയൊരു മുള്‍ക്കിരീടം പറഞ്ഞിട്ടില്ല. അന്ത്യഅത്താഴവും വേദത്തില്‍ മറ്റൊരു രൂപത്തില്‍ കാണാം. ദൈവങ്ങള്‍ പ്രജാപതിയെ കൊന്നു പച്ചയായ മാംസം കഴിച്ചുവെന്നാണ് പ്രജാപതിയിലെ കഥ. ക്രിസ്തുമതത്തില്‍ അന്ത്യ അത്താഴം വേദങ്ങളിലെപ്പോലെയല്ല. ജീവിച്ചിരുന്ന ക്രിസ്തുവുമൊത്തു അന്ന് അത്താഴ വിരുന്നു വിളമ്പി. പെന്തക്കോസ്റ്റലിലും  കരിഷ്മാറ്റിക്ക് ധ്യാനകേന്ദ്രങ്ങളിലും നാലുപുരോഹിതര്‍ പ്രജാപതിയുടെ വസ്ത്രം വീതിച്ചതായും പഠിപ്പിക്കുന്നു. അങ്ങനെയൊന്നു പ്രജാപതിയുടെ കഥയില്‍, വേദങ്ങളില്‍ ഇല്ലെന്നുള്ളതാണ് സത്യം.

 പ്രജാപതിയുടെ കൈകളിലും ആണിതറച്ചു കുരിശില്‍ തറച്ചുവെന്നും വചനം പ്രചരിപ്പിക്കുന്നവര്‍ പറയുന്നു.  കരിഷ്മാറ്റിക്കും അതിതീവ്രമതവാദികളും പ്രസംഗിക്കുന്നു. പ്രജാപതിയെ കുരിശില്‍ തറച്ചതായി വേദങ്ങളില്‍ കാണുവാന്‍ സാധിക്കുകയില്ല.

ധ്യാന പ്രസംഗകരുടെ മറ്റൊരൊടവ്  ഇല്ലാത്ത വേദങ്ങളില്‍ ശ്ലോകങ്ങള്‍ചൊല്ലി ഭക്തരെ പററിക്കലാണ്.  ഉദാഹരണമായി കന്യകയില്‍ നിന്നു ജനിച്ച പുത്രനെ വാഴ്ത്തിയുള്ള ഈ ശ്ലോകം 'Om shri kanyaka Sudhaya namaha' വേദങ്ങളില്‍ ഉള്ളതല്ല. ബ്രഹ്മാ, സൂര്യന്‍, മനു, ബലി, ഇന്ദ്രന്‍ എന്നിങ്ങനെ പ്രജാപതികളുടെ നിര പോവുന്നു. ആ സ്ഥിതിക്ക് യദാര്‍ഥ പ്രജാപതിയെ വേദങ്ങളില്‍ കണ്ടെടുക്കുകയും ബുദ്ധിമുട്ടാണ്. 

വേദ കാനോനയിലെ പതിനെട്ടു പുരാണങ്ങളിലുള്ള ഭവിഷ്യപുരാണം വേദ വ്യാസന്റെ കാലം മുതലെന്നും കണക്കാക്കുന്നു. അവസ്താംബ  ര്‍മ്മസൂത്രായില്‍ ഭവിഷ്യപുരാണത്തെപ്പറ്റിയും സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും പുരാവസ്തു ഗ്രന്ഥപ്പുരയില്‍ ബ്രിട്ടീഷുകാര്‍ക്ക് മുമ്പുള്ള സംസ്കൃത ഭാഷയില്പ്പോലും ഭവിഷ്യപുരാണത്തിന്റെ ഒരു പകർപ്പ്  ഇല്ല. മിഷ്യനറിമാര്‍ ആദിഗ്രന്ഥത്തിന്റെ പകര്‍പ്പ് നശിപ്പിച്ചു കാണണം.പുരാണങ്ങളിലെ ഭവിഷ്യപുരാണത്തിനു നാലു പതിപ്പുകള്‍ ഉണ്ട്.  ഈ നാലുപതിപ്പുകളും ബ്രിട്ടീഷ് കാലത്ത് രചിച്ചതുമാണ്.  ഓരോ പതിപ്പുകളിലും പ്രവചനങ്ങള്‍ പല വിധത്തിലാണ് ർണ്ണിച്ചിരിക്കുന്നത്. സൂക്ഷ്മതയോടെ നോക്കിയാല്‍ യേശുവിനെപ്പറ്റി പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ സംശയത്തിനിട നല്‍കുന്നു. ഓരോ പതിപ്പുകളിലും അദ്ധ്യായങ്ങള്‍  വ്യത്യസ്തമായി ഉള്പ്പെടുത്തിയിരിക്കുന്നതും പ്രത്യേകതയാണ്.  ഒന്നാംപതിപ്പിന് അഞ്ചു അദ്ധ്യായങ്ങളെങ്കില്‍ മറ്റുള്ള പതിപ്പുകള്‍ക്ക് നാല്, മൂന്നു, രണ്ടു എന്നിങ്ങനെ പല വിധത്തില്‍ അദ്ധ്യായങ്ങള്‍ കാണാം. ചില ശ്ലോകങ്ങളില്‍ കൂടുതല്‍ വരികളും ചിലതില്‍ കുറവും പരസ്പര രൂപങ്ങളായി ഓരോ പതിപ്പും പ്രസിദ്ധീകരിച്ചിരിക്കുന്നു.

ഭവിഷ്യപുരാണങ്ങളില്‍ ഏറ്റവും പുരാണത്തം കല്പ്പിക്കാവുന്നത് ഏതെന്നു ഒരു പഠനവിദ്യാര്‍ഥിക്ക് തിട്ടപ്പെടുത്തുക പ്രയാസമാണ്. മതഗവേഷകരും പൌരാണികത കാണിക്കുന്നതില്‍   ചിന്താകുഴപ്പത്തിലാണ്. 1829 ല്‍ വെങ്കിടെശ്വരം പ്രസ്സില്‍ അച്ചടിച്ച  ഭവിഷപുരാണമായിരിക്കാം ഏറ്റവും പ്രാചീനമേറിയ  പുസ്തകം. അതിനു മുമ്പുള്ള  പുരാണം ഒരു സനാതിനിയുടെയും ഗ്രന്ഥപ്പുരയില്‍ ഇല്ല.  മത പരിവര്‍ത്തനത്തിനായി വേദവ്യാസനാല്‍ പിന്തുടര്‍ന്ന പ്രതികള്‍ മിഷിനറിമാര്‍ നശിപ്പിച്ചു കളഞ്ഞിരിക്കാം.

ആര്യകുല ചക്രവര്‍ത്തിയായിരുന്ന വിക്രമാദിത്യന്റെ പൌത്രനായ  ശാലിവാഹന എന്ന രാജാവ് കിരീടധാരണശേഷം രാജ്യവിസ്ത്രുതിക്കായി ഇറങ്ങുമെന്നാണ് ഭവിഷ്യ പ്രവചനം. പ്രവചനംപോലെ സംഭവിച്ചു. ഈ രാജാവും ക്രിസ്തുവിന്റെ സമകാലീനന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പടയോട്ടം ടിബറ്റ് മേഖലകളിലും  ചൈനയിലും മുന്നേറി. റോമാ സാമ്രാജ്യത്തിന്റെ അതിര്‍ത്തിവരെ കീഴടക്കുമെന്ന പ്രവചനവും പൂര്‍ത്തിയായിയെന്നു ചരിത്രം പറയുന്നു. ദുഷ്ടന്മാരായവരുടെ സ്വത്തുക്കള്‍ കവർന്നെടുക്കുമെന്നും ഉണ്ട്. അങ്ങനെ രാജാവ് യുദ്ധത്തില്‍ ജയിച്ചു മ്ലേച്ചന്മാരുടെ രാജ്യമായ റോമായില്‍വരെ എത്തി റോമായും പിടിച്ചെടുത്തു.  സിന്ധുസ്താന്‍ എന്ന സാമ്രാജ്യം  സ്ഥാപിച്ചു.

ശാലിവാഹന,  ക്രിസ്തുവിന്റെ കാലത്തു മധ്യപ്രദേശിലെ രാജാവായിരുന്നുവെന്നു അവ്യക്തമായ തെളിവുകള്‍ ഉണ്ട്. അദ്ദേഹം അക്കാലഘട്ടങ്ങളില്‍ ഹിമാലയം, ആസ്സാം, ചൈന, റോമാ പേര്‍ഷ്യാ എന്നീ രാജ്യങ്ങളില്‍ യാത്രചെയ്തു യുദ്ധം ചെയ്തുവെന്നും വിശ്വസിക്കുവാനും പ്രയാസം. യേശുവുമായി ബന്ധിപ്പിക്കുവാന്‍ ബ്രിട്ടീഷ്മിഷ്യനറിമാര്‍ ശ്ലോകങ്ങള്‍ ഇവിടെ രചിച്ചുവെന്നതില്‍ സംശയമില്ല.   ടിബറ്റിനു സമീപം കൈലാസ്സ പര്‍വതത്തില്‍ സഞ്ചരിച്ച രാജാവ് സ്വര്‍ണ്ണനിറത്തോടു കൂടിയ വെള്ളവസ്ത്രം ധരിച്ച  ഒരു ദിവ്യനെ കണ്ടു  (ഭവിഷ പുരാണം 19:22) യേശുവായിരുന്നു ആ ദിവ്യന്‍. യേശുവിന്റെ സകല ലക്ഷണങ്ങളും ഭവിഷ്യ പുരാണത്തിലെ ശ്ലോകങ്ങളില്‍ ഉണ്ട്.

പ്രവചനം പൂര്‍ത്തിയായ ഭാരത ചരിത്രത്തിലുള്ള ശാലിവാഹനന്‍ എന്ന രാജാവിന്റെ ചരിത്രം തുടങ്ങുന്നത് എ.ഡി. 78 ലാണ്. യേശുവിനെ കുരിശിലേറ്റിയത് ഏ .ഡി. 33 ലെന്നും സങ്കല്‍പ്പിക്കാം. കുരിശില്‍നിന്ന് രക്ഷപ്പെട്ട യേശുവിനു അന്നു 80 വയസിനടുത്തു പ്രായവും കാണാം. കുരിശില്‍നിന്നു  രക്ഷപ്പെട്ടെന്ന് ചരിത്രം ഉണ്ടെങ്കില്‍ ക്രിസ്ത്യന്‍സഭകളുടെ അടിസ്ഥാനശിലകള്‍തന്നെ തകരും. ഭവിഷ്യ പുരാണത്തില്‍ അദ്ദേഹം വൃദ്ധനായിരുന്നുവെന്നു പറയുന്നില്ല. അങ്ങനെയെങ്കില്‍ കണ്ടത് ദേഹി വെടിഞ്ഞ ക്രിസ്തുവിനെയോകരിഷ്മാറ്റിക്ക് പണ്ഡിതന്മാര്‍ ഉത്തരം പറയട്ടെ.

isa-putram mam viddhi
kumari-garbha sambhavam

"ഞാന്‍ മനുഷ്യപുത്രനാകുന്നു . കന്യകയുടെ ഗര്‍ഭത്തില്‍ ജനിച്ചവന്‍. (19:23). ക്രിസ്ത്യന്‍മതങ്ങളില്‍ കന്യകയില്‍ ജനിച്ചുവെന്ന ചിന്ത യേശുവിന്റെ ജീവിതകാലത്തിനു  നൂറ്റാണ്ടുകള്‍ക്കുശേഷം വന്നു കൂടിയതാണ്. അങ്ങനെയെങ്കില്‍ കന്യകയില്‍ ജനിച്ചുവെന്നു യേശു പറയുവാന്‍ സാധ്യതയില്ല. യേശു കന്യകയില്‍നിന്നു  ജനിച്ചുവെന്നതു  യേശയാ പ്രവാചകന്റെ പ്രവചനം അനുസരിച്ചു  സഭ സ്വീകരിച്ച ഒരു നയമായിരുന്നു. 'കന്യക ഒരു പുത്രനെ പ്രസവിക്കും അവനു എമ്മാനുവെലെന്നു നാമകരണം ചെയ്യുമെന്നു' പഴയ നിയമത്തില്‍ പ്രവചനം ഉണ്ടായിരുന്നു.

യേശു, ശാലിവാഹന  രാജാവിനോട് പറഞ്ഞു, 'മ്ലേച്ചരാജ്യത്തിലെ മതമാണ്‌ ഞാന്‍ പഠിപ്പിക്കുന്നത്‌'. എന്തെല്ലാമാണ് മത ബോധനമെന്നു യേശു രാജാവിനോട് പറഞ്ഞു. (19:28-30)' പ്രിയപ്പെട്ട ഭൂമിയിലെ രാജാവേ, മ്ലെച്ചാരാജ്യത്തിലെ ഞാന്‍ സ്ഥാപിച്ച മതവും  ധര്‍മ്മവും  എന്തെന്ന് അങ്ങ് ശ്രവിച്ചാലും. ദൈവത്തിന്റെ നാമം ജപമായി സദാ ഉരുവിടുവാന്‍ വചനം പറയുന്നു. എങ്കില്‍ പൂര്‍ണ്ണമായ ആത്മാവിന്റെ സത്ത ഒരുവന്‍ കൈവരിക്കും. മനസിനെ എകാഗ്രമാക്കൂ. അറിവിന്റെ ചക്രവര്‍ത്തി,  മനുവിന്റെ പിന്തുടര്‍ച്ചക്കാരനായ പ്രഭോ അവിടുന്ന് എന്നെ ശ്രദ്ധിക്കൂ. ചലിക്കുന്ന സൂര്യന്‍ സര്‍വ്വ ദിക്കുകളില്‍നിന്നും ജീവജാലങ്ങള്‍ക്കു ആകര്‍ഷണമാണ്. ഏവരുടെയും ഹൃദയം പ്രതിഷ്ടിച്ചിരിക്കുന്നതും സൂര്യഗോളങ്ങള്‍ക്കുള്ളില്‍ തന്നെ.

 'രാജാവ് അങ്ങ് വിഭാവന ചെയ്യുന്ന തത്ത്വങ്ങള്‍ എന്തെന്ന്യേശുവെന്നു വിചാരിക്കുന്ന ആ മുനിശ്രേഷ്ഠനോട് ചോദിച്ചു. 'പ്രഭോ, സത്യാന്വേഷിയായ ഞാന്‍ വന്നതും പരമമായ സത്യം നിലനിര്‍ത്തുവാനാണ്. അങ്ങ് വിദൂരതയിലുള്ള എന്റെ രാജ്യം മ്ലെച്ചാദേശം അധര്‍മ്മംകൊണ്ട് നിറഞ്ഞിരിക്കുന്നു. അവിടം കിരാതരായ ബാര്‍ബേറിയന്മാര്‍ അധീനതയില്‍ ആക്കിയിരിക്കുന്നു. മ്ലേച്ചന്മാരെ ധർമ്മത്തിലേക്ക് നയിച്ചു  സത്യത്തിന്റെ പ്രകാശം  നല്‍കുവാന്‍ ഞാന്‍ വന്നു. എന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കണം.  ദുര്‍ജനങ്ങളെ നേര്‍വഴിക്കു തിരിക്കണം, നന്മയെ കണ്ടെത്തണം എന്നെല്ലാം എന്റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു. മനസും ഹൃദയവും പരിശുദ്ധമാക്കണം. മനസിനെ നിയന്ത്രിച്ചു ദൈവോപാസനകള്‍ അര്‍പ്പിക്കുവാന്‍ പ്രായോഗിക പരിശീലനം നേടണം. സത്യം അന്വേഷിക്കുകയും കണ്ടെത്തുന്നതിനും, മനസിനെ  സ്വത്രന്ത്രമാക്കേണ്ടതുണ്ട്. നീതിയെത്തേടി അലഞ്ഞു സത്യത്തിലേക്കുള്ള വഴിയും കണ്ടുപിടിക്കണം. അവിടമാണ് പരമാത്മാവിന്റെ ഉറവിടവും. സൂര്യഗോളത്തിന് ചുറ്റുമായി പരമമായ സത്യവും കുടികൊള്ളുന്നുണ്ട്.

 ഭവിഷ്യപുരാണത്തിലെ സൂര്യനമസ്ക്കാരവും ജപവും ബൈബിളില്‍ ഒരു വചനത്തിലും കാണുവാന്‍ സാധിക്കുകയില്ല. ഇവിടെ യേശു കര്‍മ്മവും സത്കര്മ്മനുഷ്ടാനങ്ങളും ദുര്‍കര്‍മ്മങ്ങളും എന്തെന്നു വേര്‍തിരിച്ച് രാജാവിനോട് വിവരിക്കുന്നുണ്ട്. ഈ തത്ത്വങ്ങള്‍ മുഴുവന്‍ കിഴക്കിന്റെ തത്ത്വങ്ങളാണ്. നസ്രത്തിലെ യേശുവിന്റെ വചനങ്ങളില്‍ ഇങ്ങനെയുള്ള തത്ത്വചിന്തകള്‍ പറഞ്ഞിട്ടില്ല. ഈ തെളിവുകളില്‍നിന്നും  ഭവിഷ്യപുരാണത്തില്‍ ബ്രിട്ടീഷ്മിഷ്യനറിമാര്‍ യേശുവിനെപ്പറ്റി പുതിയ ഒരു അദ്ധ്യായം ചെര്‍ത്തുവെന്നും വ്യക്തമാണ്.

ഭവിഷ്യ പുരാണത്തിലുള്ള പ്രതിസർഗപര്‍വത്തില്‍ ആദവും ഹാവായും നോഹയും മോശയും ഇങ്ങനെ പഴയ  നിയമത്തിലുള്ളവരായ  അനേകരെ വിവരിച്ചിട്ടുണ്ട്. മത പരിവര്‍ത്തനത്തിനായി വേദിക്ക് വെളിപാടുകളെ ക്രിസ്ത്യന്‍ മിഷ്യനറിമാര്‍ പുതിയതായി കൂട്ടിചെര്‍ത്തുവെന്നും അനുമാനിക്കാം. ഭവിഷ്യപുരാണത്തില്‍ യേശുവിനെ കൂടാതെ മുഹമ്മദ്‌നബിയേയും പ്രവചിച്ചിട്ടുണ്ട്.  മുഹമ്മദ് സത്യത്തിന്റെ വക്താവെന്നാണ് ഭവിഷ്യപുരാണം രേഖപ്പെടുത്തിയിരിക്കുന്നത്.  ഹിന്ദുപണ്ഡിതരില്‍ പലരും  ഭവിഷ്യപുരാണത്തെ പുരാണമായി കണക്കാക്കുന്നില്ല. ഈ പുരാണത്തില്‍ ബ്രിട്ടീഷ് രാജ്യവും വിക്ടോറിയ രാജ്ഞിയും മറ്റു സംഭവങ്ങളും കാണാം. മുഹമ്മദ്‌ നബിയെ ഒരു പ്രവാചകനായിട്ടല്ല വര്‍ണ്ണിച്ചിരിക്കുന്നത്.

1 comment:

  1. യേശുവിനെ പ്രജാപതിയായി പഠിപ്പിക്കരുത് എന്നാണ് സഭ പഠിപ്പിക്കുന്നത്. ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട സുവിശേഷങ്ങളിൽ കൃത്യമായി യേശുവിന്റെ കന്യക ജനനത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. നാലാം നൂറ്റാണ്ടിൽ വിവിധ പുസ്തകങ്ങൾ ക്രോഡീകരിക്കുക യാണ് ചെയ്തത്.

    ReplyDelete

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...