സ്വതന്ത്ര
കത്തോലിക്കരുടെ ചർച്ചാവേദിയായ ഒരു ടെലിയോഗം 12/20/2013 വെള്ളിയാഴ്ച വിജയകരമായി
നടത്തുകയുണ്ടായി. പ്രസിദ്ധ സാമൂഹിക പ്രവർത്തകനും വിവിധ മത സാംസ്ക്കാരിക സംഘടനകളുടെ
സംഘാടകനും സഹകാരിയുമായ ശ്രീ തോമസ് തോമസ് ന്യൂജേഴ്സിയുടെ നേതൃത്വത്തിലായിരുന്നു
യോഗം ആരംഭിച്ചത്. അമേരിക്കൻ മലയാളി സമൂഹങ്ങളിൽ അറിയപ്പെടുന്ന പ്രസിദ്ധ
എഴുത്തുകാരനും വാഗ്മിയും സംഘാടകനുമായ ശ്രീ ഏ.സി. ജോർജ് യോഗത്തിന്റെ മോഡറേറ്ററായി
ചുമതലകൾ വഹിച്ചു. പാലായിലെ നവീകരണ പ്രസ്ഥാനങ്ങളുടെ അറിയപ്പെടുന്ന സമുന്നത നേതാവും
സത്യജ്വാല എഡിറ്ററുമായ ശ്രീ ജോർജ് മൂലേച്ചാലിന്റെ പങ്കാളിത്വം സദസിന് ഉന്മേഷവും
ആവേശവും നല്കുകയുണ്ടായി. സഭാ നവീകരണത്തെക്കുറിച്ചും കഴിഞ്ഞകാല സംഘടനാ
പ്രവർത്തനങ്ങളെ സംബന്ധിച്ചും ഹൃസ്വമായ ഒരു വിവരണം അദ്ദേഹം ടെലിസദസിന് നല്കി.
പാലായിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കെ.സി.ആർ.എം.
സംഘടനയുടെ ചരിത്രങ്ങളെ വിലയിരുത്തുകയും ചെയ്തു. നവീകരീണ ഉത്തേജനവുമായി പാലായിലെ
ഏതാനും ചിന്തകരായവർ കഴിഞ്ഞ രണ്ടുവർഷമായി പ്രസിദ്ധീകരിക്കുന്ന സത്യജ്വാലയുടെ
നടത്തിപ്പും തന്മൂലം അതിലെ ബുദ്ധിമുട്ടുകളും ശ്രീ ജോർജ് സദസ്യരെ
ഓർമ്മപ്പെടുത്തുകയുണ്ടായി.
പ്രാർത്ഥനയോടെ
ആരംഭിച്ച് ഫ്രാൻസീസ് മാർപാപ്പയ്ക്ക് സർവ്വവിധ പിന്തുണകളും നൽകിക്കൊണ്ടായിരുന്നു യോഗത്തിന് തുടക്കമിട്ടത്. സഭയുടെ നവചൈതന്യമുയർത്തി പരിവർത്തനങ്ങളുടെ
പുത്തൻ യുഗത്തിലേക്ക് പ്രവേശിക്കാൻ വെമ്പൽ കൊള്ളുന്ന മാർപാപ്പായുടെ വാക്കുകൾക്ക്
യാതൊരു വിലയും കല്പ്പിക്കാത്ത സീറോ മലബാർ
പുരോഹിതരെയും അഭിഷിക്തരെയും എങ്ങനെ നേരിടണമെന്നായിരുന്നു ചർച്ചകളിലുടനീളം മുഴങ്ങി
കേട്ടത്. അടുത്ത കാലത്ത് സംഭവിച്ച മനസാക്ഷിക്ക് നിരക്കാത്ത ഒരു പുരോഹിതന്റെ ഹൃദയ
കാഠിന്യവും ശ്രീ കൂവള്ളൂർ യോഗത്തിൽ അവതരിപ്പിക്കുകയുണ്ടായി. നാട്ടിൽനിന്നും
കുട്ടികളെ നോക്കാൻ ന്യൂയോർക്കിലെ യോങ്കേഴ്സിൽ വന്ന ഒരു സ്ത്രീ മരിച്ചസമയം മൃതദേഹം
സ്വന്തം ദേശത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പായി ഒപ്പീസ് അർപ്പിക്കാൻ സ്ഥലത്തെ
സീറോ മലബാർ വികാരിയോട് ബന്ധുക്കൾ അഭ്യർത്ഥിച്ചു. വികാരിയ്ക്ക്
സുഖമില്ലാത്തതുകൊണ്ട് ഒപ്പീസിനായി സഹപാസ്റ്റരായ കപ്പൂച്ചിയൻ അച്ചനോട് ചോദിച്ചപ്പോൾ
ഇടവകാംഗമല്ലാത്ത മരിച്ച സ്ത്രീക്കുവേണ്ടി ഒപ്പീസ് നൽകാൻ കാനോൻനിയമം അനുവദിക്കുന്നില്ലായെന്ന് മറുപടി
കൊടുത്തു. മനസാക്ഷിക്ക് നിരക്കാത്ത ക്രൂരരായ
ഇത്തരം പുരോഹിതരുടെ സേവനത്തിന്റെ ആവശ്യമുണ്ടോയെന്നും അല്മായരുടെ മുമ്പിലുള്ള ഒരു
ചോദ്യചിന്ഹമായി മാറി. കാൽവരിയിൽ ക്രൂശിതനായ കൃസ്തു ഉന്നതങ്ങളിൽ കണ്ണുകൾ ഉയർത്തി
ഇവരോട് ക്ഷമിക്കണമേയെന്ന് സ്വർഗസ്തനായ പിതാവിനോട് വിലപിച്ചത് കാനോൻ നിയമങ്ങൾ
അനുസരിച്ചല്ലായിരുന്നു. 'കത്തോലിക്കാ' എന്ന വാക്കിന്റെ
അർത്ഥം സാർവത്രികമെന്ന് മനസിലാക്കാതെ പോയത് പുരോഹിതന്റെ അജ്ഞതയെന്ന് കരുതണം.
അന്ത്യശ്വാസം വലിക്കുമ്പോഴും മരണത്തിലുമല്ല പഴഞ്ചൻ ദൈവശാസ്ത്രം ഉയർത്തി പണം
വിഴുങ്ങാനുള്ള അടവുകൾ പ്രയോഗിക്കേണ്ടതെന്നും
പുരോഹിതൻ മനസിലാക്കേണ്ടതായിരുന്നു.
ശ്രീ ചാക്കോ കളരിക്കൽ
ഡയറിയിൽ കുറിച്ച ചർച്ചകളെ സംബന്ധിച്ച
കുറിപ്പ് ഈ ലേഖനത്തിലുടനീളം ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗത്തിൽ മുഴങ്ങികേട്ട
ആശയ സംഹിതകളുടെ ചുരുക്കമാണ് താഴെ ഏതാനും ഖണ്ഡികയിൽ അക്കമിട്ട് വിവരിച്ചിരിക്കുന്നത്.
1. അല്മായന്റെ പ്രശ്നങ്ങൾ ചെവികൊള്ളുകയെന്ന ഒരു
കീഴ്വഴക്കം പുരോഹിതർക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. പ്രശ്ന സങ്കീർണ്ണമായ
ലോകത്തിൽ അല്മേനിയുടെ പ്രശ്നങ്ങളുമായി ഇടപഴുകുവാൻ പുരോഹിത ലോകത്തിനും
അഭിഷിക്തർക്കും ഒരിക്കലും സമയം ലഭിക്കില്ല. അല്ലെങ്കിൽ അല്മേനിയുടെ അഭിപ്രായങ്ങളെ
യാതൊരു പ്രതികരണങ്ങളുമില്ലാതെ പുച്ഛിച്ചു
തള്ളും.
2. ആരെങ്കിലും സഭയ്ക്കെതിരെ
സംസാരിച്ചാൽ, നവീകരണ ചിന്താഗതികൾ
അവതരിപ്പിച്ചാൽ പിന്നീടവരെ സഭയുടെ ശത്രുക്കളായി പ്രഖ്യാപിക്കും. നാലു
ദിക്കുകളിൽനിന്നും അവരെ നശിപ്പിക്കാൻ ശ്രമിക്കും. സഭയ്ക്കെതിരെ പ്രതികരിച്ച
ബുദ്ധിജീവികളെയും പാഷണ്ഡികളെയും കൊന്നൊഴുക്കിയ
രക്തപ്പുഴകളുടെ കഥകൾ ചരിത്രത്തിൽ ഒളിഞ്ഞിരിപ്പുണ്ട്.
3. അൽമായ സംഘടനകൾ എന്ന
പേരുമായി പുരോഹിത നേതൃത്വത്തിൽ സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിലെ
പ്രവർത്തകരും തീരുമാനങ്ങൾ എടുക്കുന്നവരും എന്നും പുരോഹിതരും
അഭിഷിക്തരുമായിരിക്കും. പുരോഹിത കൽപ്പനകൾ എന്തായാലും അല്മേനി അനുസരിച്ചുകൊള്ളണം.
അത്തരം സംഘടനകളിൽനിന്നും വിഭിന്നമായി അല്മേനികളെ മാത്രം ഉൾപ്പെടുത്തി പാലായിൽ ഒരു
സംഘടന രൂപികരിച്ചതും ചർച്ചയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അല്മേനിക്ക് സംസാരിക്കാൻ
അവകാശമില്ലാത്ത ഒരു സംഘടനയുടെ തീരുമാനങ്ങളെ തിരസ്ക്കരിക്കുകയാണ്
യുക്തമായുള്ളതെന്നും അഭിപ്രായങ്ങളുണ്ട്.
6. കുടുംബഭദ്രത
തകർക്കുകയെന്നതും മലയാളീ പാസ്റ്റർമാരുടെ ഹോബിയാണ്. ഭർത്താവിനെതിരെ ഭാര്യയേയും
മക്കളെയും തമ്മിലടിപ്പിക്കലും അമേരിക്കൻ ഐക്യനാടുകളിൽ പതിവായി തീർന്നിരിക്കുന്നു.
ഷിക്കാഗോരൂപത വരുന്നതിനുമുമ്പ് മലയാളീ കുടുംബങ്ങൾ സമാധാനത്തോടെ കഴിഞ്ഞിരുന്നു.
ഇന്ന് പലരും ബദ്ധവൈരികളായി പരസ്പരം
മിണ്ടാതെ മല്ലടിച്ച് കുടുംബങ്ങൾ തമ്മിൽ ഇവർമൂലം അകന്നുപോയിരിക്കുന്നു. ആരുടെയെങ്കിലും
ഭാഗംകൂടി എരിതീയിൽ എണ്ണയൊഴിച്ച് എഷണികൾ പറയാൻ ചിലർ നിപുണരുമാണ്.
7. വക്രബുദ്ധി നിറഞ്ഞ പുരോഹിതർക്ക് അല്മേനികളെയും അവരുടെ
സ്ത്രീജനങ്ങളെയും സ്വാധീനിച്ച് സാമ്പത്തിക ചൂഷണം നടത്തുവാൻ പ്രത്യേകമായ വിരുതുണ്ട്.
പലരും സ്വന്തം പേരിൽ കൊട്ടാരംപോലുള്ള വീടുകൾ ഭാരതത്തിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും
പണി കഴിപ്പിച്ചുകഴിഞ്ഞു. കിട്ടുന്ന കുർബാനപ്പണം ഡോളറായി പോക്കറ്റിലിട്ട് നാട്ടിലെ
പുരോഹിതരെക്കൊണ്ട് ചെറിയ തുകകൾ രൂപയായി കൊടുത്ത് കുർബാന അവിടെ ചൊല്ലിക്കും. അങ്ങനെ
കുർബാനയെ ബിസിനസാക്കി വിയർക്കാത്ത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കും.
8. പൊതുവേ കുടിയേറ്റക്കാരായ അല്മേനികൾക്ക് അമേരിക്കയിൽ
വന്നെത്തുന്ന പുരോഹിതരെക്കൊണ്ടുള്ള സഹികെട്ട കഥകളാണ് എന്നും പറയാനുള്ളത്. അതിന്റെ പ്രതിഫലനം ഓരോ
വർഷവും സീറോ മലബാർ പള്ളികളിലും കാണുന്നുമുണ്ട്. പലരും കൂട്ടമായി ലാറ്റിൻ
റീത്തിലുള്ള അമേരിക്കൻ പള്ളികളിൽ ചേർന്നു കഴിഞ്ഞു. ലാറ്റിൻ പള്ളിയിൽ പോയാൽ
ധാർമ്മികാധപതനം കുഞ്ഞുങ്ങളിൽ ഉണ്ടാകുമെന്ന പുരോഹിത പ്രചാരണങ്ങൾ ഒന്നും തന്നെ
വിലപ്പോകുന്നില്ല. ഒരു അല്മേനി ന്യായമായ എന്ത് കാര്യങ്ങള്ക്കായി പുരോഹിതനെ
സമീപിച്ചാലും കാനോൻ നിയമം ഉയർത്തി പരിഹസിക്കുകയെന്നതും കൽദായ അമൃതം കഴിച്ച പുരോഹിതരുടെ
സ്ഥിരം പരിപാടിയാണ്.
9. അമേരിക്കയിൽ വളരുന്ന
രണ്ടാം തലമുറകൾ പ്രായപൂർത്തിയായി കഴിഞ്ഞാൽ സീറോ മലബാർ കുർബാനകളിൽ
സംബന്ധിക്കാറില്ല. എഫ്.ഓ ബി. (Fresh
on boat) എന്ന പേരും
മലയാളിപ്പള്ളികൾക്ക് പുതിയ തലമുറകൾ നല്കിക്കഴിഞ്ഞു. അതിവേഗം ചലിക്കുന്ന ഒരു
ലോകത്ത് ഇങ്ങനെയുള്ള ഒരു സമൂഹത്തെ തീറ്റിപ്പോറ്റാൻ അവർക്ക് സമയവുമില്ല. അമേരിക്കൻ
പള്ളികളെപ്പോലെ സീറോമലബാർ പള്ളികളും ക്ഷയിക്കുന്ന ദയനീയസ്ഥിതിiയാണ് ഇപ്പോൾ കണ്ടുവരുന്നത്. ഇത്തരം പള്ളികളും അമേരിക്കയിൽ ശൂന്യമാകുന്ന
കാലവും അതിവിദൂരമല്ല. അങ്ങനെയുള്ള സ്ഥിതിക്ക് കണക്കില്ലാത്ത മലയാളി പുരോഹിതരെ ഈ
നാട്ടിലേക്കിറക്കുമതി ചെയ്‌താൽ അവരുടെയിടയിൽ തൊഴിലില്ലായ്മ സൃഷ്ടിക്കുകയേയുള്ളൂ.
10. വിശ്വാസത്തിന്റെ പേരും
പറഞ്ഞ് ഇന്ത്യയിലെ അനാചാരങ്ങൾ പ്രവാസികളെ അടിച്ചേല്പ്പിക്കുന്ന പുരോഹിതരുടെ
പോക്കും ശരിയല്ല. തമ്മിലടിയും തൊഴുത്തിൽക്കുത്തുമില്ലാത്ത പള്ളികൾ ഷിക്കാഗോ
രൂപതയുടെ കീഴിലില്ല. ഏത് വഴക്കിന്റെ കാരണവും വിശകലനം ചെയ്‌താൽ ആ പള്ളിയിലെ
പുരോഹിതനെന്ന് കാണാം. ഫീസ് കൊടുക്കാൻ
താമസിച്ചെന്ന് പറഞ്ഞ് വേദപാഠ ക്ലാസുകളിൽനിന്ന് പിഞ്ചുകുഞ്ഞുങ്ങളെ
ഇറക്കിവിടുന്ന സംഭവങ്ങൾ സാധാരണമാണ്. വില കൂടിയ കർട്ടൻ ജർമ്മനിയിൽനിന്ന് വരുത്തുക, കുപിതരായ ഇടവക ജനം ആ കർട്ടൻ കീറിക്കളയുക, അൾത്താരയിൽ ക്ലാവർ കുരിശ് പ്രതിഷ്ഠിക്കുക , അതിൽ അതൃപ്തരായ മറ്റൊരു വിഭാഗം
കുരിശിനെ തിരസ്ക്കരിച്ച് നീക്കം ചെയ്യുക എന്നിങ്ങനെ ചുരുങ്ങിയ കാലംകൊണ്ട് ഈ
രൂപതാതിർത്തികളിൽ നടന്ന കോലാഹലങ്ങൾക്ക് കണക്കില്ല. ക്ലാവർ കുരിശിന്റെ പേരിൽ ഇന്നും
രണ്ട് വിഭാഗങ്ങൾ തമ്മിൽ പരസ്പര മത്സരങ്ങളും വഴക്കും തുടരുന്നു. പുരോഹിതരും
അല്മേനികളും തമ്മിൽ കയ്യേറ്റം വരെയുണ്ടായ കേസുകൾ കോടതികളുടെ പരിഗണനയിൽ ഉള്ളതായ
പള്ളികൾ വരെയുണ്ട്.
11. സീറോ മലബാർ രൂപതയുടെ
കീഴിലുള്ള പള്ളികളെല്ലാം വൻതുകകൾ സമാഹരിച്ച് നാട്ടിൽ എത്തിക്കുകയാണ് പതിവ്.
പുരോഹിതരുടെ ബന്ധുക്കൾ നടത്തുന്ന ബ്ലേഡ് കമ്പനികളിൽ അവിടെ വിശ്വാസികളുടെ പണം
നിക്ഷേപിച്ച് നഷ്ടപ്പെടുത്തിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. മാതൃഭൂമിയിലും മറ്റ്
പ്രമുഖ പത്രങ്ങളിലും ഈ വാർത്ത ഒരിക്കൽ അച്ചടിച്ചിട്ടുണ്ടായിരുന്നു.
12. ബിഷപ്പ് അങ്ങാടിയത്തിന്റെ
കീഴിൽ ഒരു രൂപത സ്ഥാപിതമായ നാളുമുതൽ സ്നേഹത്തിൽ
കഴിഞ്ഞിരുന്ന കുടുംബങ്ങളെല്ലാം പരസ്പര ശത്രുതയിൽ കഴിയുകയാണ്. വളരെയധികം
സൗഹാർദത്തിൽ കഴിഞ്ഞിരുന്ന ക്നനായി സമൂഹത്തിലും സീറോ മലബാർ സമൂഹത്തിലും വിഭാഗീയ
ചിന്തകളുണ്ടാക്കി പുരോഹിതർ അവരുടെയിടയിൽ വിദ്വേഷം വളർത്തിക്കൊണ്ടിരിക്കുന്നു.
ക്നാനായ സമൂഹത്തിന്റെ പണം മുഴുവൻ ഷിക്കാഗോ രൂപതയുടെ നിയന്ത്രണത്തിലുള്ളതും ആ
സമൂഹത്തിനെ വേദനപ്പെടുത്തുന്നുണ്ട്.
കോണ്‍ഫെറൻസിൽ
ശ്രീ ചാക്കോ കളരിക്കൽ അവതരിപ്പിച്ച രണ്ട് പ്രമേയങ്ങൾ പ്രത്യേക ശ്രദ്ധയിൽ വന്നു.
ആദ്യത്തേത് പാലായിൽ 2014 ഫെബ്രുവരി 20ന് നടക്കാൻ
പോകുന്ന പുരോഹിതരുടെ പിന്തുണയില്ലാത്ത അല്മായസിനഡിന് പൂർണ്ണ പിന്തുണ നല്കുക, രണ്ടാമത്തേത് തിരുവനന്തപുരത്ത് ചർച്ച് ആക്റ്റ് പ്രാബല്യമാക്കാൻ ശ്രീമതി ഇന്ദു
ലേഖ നടത്തുന്ന സത്യാഗ്രഹത്തിനെ അനുകൂലിക്കുക എന്നായിരുന്നു. രണ്ട് പ്രമേയങ്ങളും
യോഗം ഏകാഭിപ്രായത്തോടെ പാസ്സാക്കി. മാസത്തിൽ ഒരിക്കൽ സമ്മേളനം തുടരാനും തീരുമാനിച്ചു. ശ്രീ എ.സി. ജോർജിന്റെയും തോമസ് തോമസിന്റെയും നന്ദി പ്രകടനത്തോടെ ടെലി യോഗം
താല്ക്കാലികമായി പിരിയുകയും ചെയ്തു.
j