Tuesday, February 12, 2013

ചർച്ച് ആക്റ്റ്: ശ്രീ പുലിക്കുന്നേലിന്റെ അഭിപ്രായങ്ങളും എന്റെ പ്രതികരണവും




ചർച്ച്  ആക്റ്റ്: ശ്രീ പുലിക്കുന്നേലിന്റെ അഭിപ്രായങ്ങളും എന്റെ പ്രതികരണവും
http://www.emalayalee.com/admin/pdf/43498_church%20act.pdf




 'ഓശാന'യിലും  അമേരിക്കയിലുള്ള 'ഈ മലയാളീ' സൈബർ ദിനപത്രത്തിലും പ്രസിദ്ധികരിച്ച ശ്രീ പുലിക്കുന്നേലിന്റെ   'എന്തുകൊണ്ട് ചർച്ച് ആക്റ്റ്'  എന്ന പ്രബന്ധത്തെ ആധാരമാക്കി രചിച്ചതാണ് ഈ ലേഖനം. അദ്ദേഹം തന്നെ ഈ പ്രബന്ധം 2 0 1 3 ജനുവരി ഇരുപതാംതിയതി കേരളകത്തോലിക്ക ഫെഡറേഷൻ സംഘടിപ്പിച്ച ചർച്ചാ സമ്മേളനത്തിൽ  അവതരിപ്പിച്ചിരുന്നു.


ആധുനിക മതനവോത്ഥാന ചിന്താലോകത്തില്‍ ‍ശ്രീ പുലിക്കുന്നേലിന്റെ  സേവനം അതുല്യമാണ്. അദ്ദേഹത്തെപ്പോലെ അതീവ ചിന്താശക്തിയുള്ള മറ്റൊരാളിനെ ശ്രീ എം.പി. പോളിനുശേഷം കേരളചരിത്രത്തില്‍ കാണുവാന്‍ സാധ്യതയില്ല.  ധനതത്വശാസ്ത്രത്തില്‍ ഉന്നതബിരുദം നേടി ദേവഗിരി സെന്റ്‌. ജോസഫ് കോളേജ് അധ്യാപകനായിട്ടാണ് അദ്ദേഹം തന്റെ ജ്ഞാനത്തിന്റെ ഗുരുവെന്ന ജൈത്രയാത്ര ആരംഭിച്ചത്. അന്ന് ആ കോളെജില്‍ ഞാനും ഒരു വിദ്യാര്‍ഥിയായിരുന്നു.  എന്റെ ഗുരുവല്ലെങ്കിലും ഞാന്‍ എന്നും അദ്ദേഹത്തെ ഒരു ഗുരുവിനെപ്പോലെയാണ് കാണുന്നത്. സാമൂഹികവും സാംസ്ക്കാരികവും ചരിത്രപരവുമായ  അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും ഓശാനയിൽ വരുന്ന   സമകാലിക കേരളത്തിലെ വിജ്ഞാനപ്രദമായ ലേഖനങ്ങളും ഞാൻ വായിക്കാറുണ്ട്.

ശബ്ദിക്കുന്ന ഈ പുലിയുടെ നാവിന്റെ മുമ്പില്‍ പലപ്പോഴും  പല കാലങ്ങളായി പുരോഹിതര്‍ മുട്ടുമടക്കിയിട്ടെയുള്ളൂ.  ആശയപരമായി ഞാനും അദ്ദേഹത്തോടൊപ്പം പടയാളിയായി ഉണ്ട്. ഒന്നായ ലക്ഷ്യബോധത്തോടെ അദ്ദേഹത്തിന്‍റെ കര്‍മ്മ മാര്‍ഗങ്ങളുടെ വഴിയെ തന്നെയാണ് ഞാനും സഞ്ചരിക്കുന്നത്. മഹാന്മാരായ സുകുമാര്‍ അഴിക്കോടിന്റെയും മുണ്ടശേരിയുടെയും പല പുസ്തകങ്ങളും വിമര്‍ശന രീതിയിലെന്നറിഞ്ഞപ്പോള്‍ ഒരു പുലിയോടുതന്നെ നിരുപദ്രവിയായ എനിക്കും മല്ലിടണമെന്നു തോന്നി. ചര്‍ച്ച് ആക്റ്റ് തീവ്രമായി നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്ന ശ്രീ പുലിക്കുന്നേലിന്റെ ആശയസമരങ്ങള്‍ക്ക് മുമ്പില്‍ ഞാനും ശിരസ്സു നമിക്കുന്നു.  പള്ളികളുടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടപ്പിലാക്കേണ്ടത്, എപ്പോള്‍, എങ്ങനെയെന്നെല്ലാം കാലമാണ് തീരുമാനിക്കേണ്ടത്.


വിശ്വാസികളില്‍നിന്നും തലമുറകളായി സമാഹരിച്ച ക്രൈസ്തവ സ്വത്തുക്കള്‍ പൌരോഹിത്യ മേധാവിത്വം കയ്യടക്കി വെച്ചിരിക്കുന്നത് നീതികരിക്കുവാന്‍ സാധിക്കുകയില്ല. ഇന്ത്യൻ ഭരണഘടനയുടെ ഇരുപത്തിയാറാം വകുപ്പിന്റെ ലംഘനം കൂടിയാണ് സ്വത്തുക്കള്‍ ഇവര്‍ കൈവശം വെച്ചുകൊണ്ടിരിക്കുന്നതെന്നു ശ്രീ ജോസഫ് പുലിക്കുന്നേല്‍  തന്റെ ലേഖനത്തില്‍ സവിസ്തരം വിവരിച്ചിട്ടുണ്ട്.  മറ്റു മതസ്ഥര്‍ക്ക് അനുവദിക്കാത്ത അവകാശങ്ങള്‍  ഇവര്‍ സ്വയം കയ്യടക്കി വെച്ചിരിക്കുന്നത്  രാഷ്ട്രത്തോട്‌ ചെയ്യുന്ന ഒരു ധിക്കാരവും കൂടിയാണ്. ഒരു വിശ്വാസിയുടെ കടമ പ്രാര്‍ഥിക്കുക , അനുസരിക്കുക,  പള്ളിക്കു പണം കൊടുക്കുകയെന്നതാണ്. പള്ളിക്ക് സ്വത്ത് കൊടുത്തവർക്ക്  പിന്നീട് സ്വത്തിന്മേല്‌ യാതൊരു അവകാശവും ഇല്ല. അല്മേനി നേടികൊടുത്ത സര്‍വതും  സഭാപുരോഹിതരുടെ നിയന്ത്രണത്തില്‍ ആകും. സഭയുടെ സ്വത്തിന്മേലുള്ള ഈ സ്വേച്ഛാധിപത്യം  സമൂഹത്തിനു പൊറുക്കുവാന്‍ സാധിക്കാത്ത ഒരഴിമതിയാണെന്നതില്‍ സംശയമില്ല.


മുൻസുപ്രീം കോടതി ജഡ്ജി ശ്രീ വി. ആർ. കൃഷ്ണയ്യർ ചെയർമാനായ കമ്മിറ്റി തയാറാക്കിയ കേരള ചർച്ച് ആക്റ്റ് ബിൽ മൂന്നുവഷങ്ങ കഴിഞ്ഞിട്ടും മെത്രാലോകം ഗൌനിക്കുന്നില്ലെങ്കി സ്വേച്ഛാധിപത്യം തുടരുവാപുരോഹിത ആഗ്രഹിക്കുന്നുവെന്നു വേണം കരുതുവാ. ച്ച് ആക്റ്റിനെ എതിക്കുന്ന പുരോഹിതതങ്ങളുടെ ധാമ്മിക ഉത്തരവാദിത്വത്തെ തികച്ചും നിരസിക്കുന്നുവെന്നല്ലേ ഇതിൽനിന്നും മനസിലാക്കേണ്ടത്. വസ്തുനിഷ്ടമായി എന്തുകൊണ്ട് കാര്യങ്ങ ഗൌരവമായി പുരോഹിതരും അധികാര സ്ഥാനങ്ങളിലുള്ളവരും പരിഗണിക്കുന്നില്ല.

 പുരോഹിതരുടെ നിയന്ത്രണത്തിലിരിക്കുന്ന വൻസ്വത്ത് ഇവരുടെ പൂവികസ്വത്തല്ല. മഠംവക സ്വത്തുക്കളും സ്ഥാവരസ്വത്തുക്കളും ബിഷപ്പിന്റെ കൊട്ടാരങ്ങളും തലമുറകളായി സംഭാവനകള്കിട്ടി സ്വരൂപിച്ചിട്ടുള്ളതാണ്. അടുത്തകാലത്ത് അനിയന്ത്രിതമായി നിയമാനുസരണമല്ലാതെ പല പള്ളികളും പണം ബ്ലേഡിലും മറ്റുമിട്ടു ഇരട്ടിച്ചിട്ടുണ്ട്. തന്മൂലം സ്വത്തിന്റെ പരിധി എത്രമാത്രം ഉണ്ടെന്നും ഇടവക ജനങ്ങള്ക്കുപോലും അറിയത്തില്ല. ഗള്ഫില്നിന്നു വരുന്ന സാധാരണക്കാക്ക് മാത്രമേ പണത്തിനു നിയമപരമായി  നിയന്ത്രണമുള്ളു വിദേശവരുമാനത്തിനു നികുതി കൊടുക്കണമെന്നാണ് നിയമം. ഇന്ന് വിദേശ വരുമാനം വെട്ടിച്ച്  കേരളകത്തോലിക്കസഭ നികുതി വെട്ടിപ്പിന്റെ ഒരു മാഫിയാ സംഘടന ആയിരിക്കുകയാണ്. ക്കാരും രാഷ്ട്രീയസംഘടനകളും പള്ളിയുടെ നിയമത്തില്നിശബ്ദത പാലിക്കുന്നതിന്റെ കാരണവും  അല്മായനു വ്യക്തമല്ല.


റോമാമാര്‍പാപ്പാക്കാണ് സഭയുടെ അധീനതയിലുള്ള സ്വത്തുക്കളുടെമേല്‍  പരമാധികാരമെന്നു ശ്രീ ജോസഫ് പുലിക്കുന്നേൽ  തന്റെ  ലേഖനത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. സഭയുടെ ഹൈറാർക്കി വ്യവസ്ഥയിൽ മെത്രാന്മാരും ആ പരമാധികാരത്തിൻ കീഴിലായിരിക്കാം. കഴിഞ്ഞകാല അനുഭവങ്ങളുടെ വെളിച്ചത്തിലും നിയമങ്ങളുടെ അജ്ഞതയിലും  ശരിയായിരിക്കാം.  ഇന്ത്യന്‍ഭരണഘടനയില്‍ ഉള്‍പ്പെടുത്താത്ത കാനോന്‍നിയമം രാജ്യത്ത് സാധുവെന്ന വാദം അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. നിയമാനുസൃതമായ സഭാസ്വത്തുക്കളിൽ  വിദേശരാജ്യമായ മാർപാപ്പായുടെ അധികാരപരിധി ഇവിടെ മെത്രാന്മാർ അംഗികരിച്ചെന്നുള്ളത് ശരി തന്നെ. എങ്കിലും വത്തിക്കാന്റെ കാനോൻ നിയമങ്ങൾ സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടനയുടെ ഭാഗമെന്നുള്ള വാദം
ശരിയല്ല.  കാനോന്‍ നിയമത്തിന്റെ സാധുത സഭയുടെ ആത്മീയ കാര്യങ്ങളില്‍
ഒതുങ്ങേണ്ടതാണ്. ഭൌതികകാര്യങ്ങളില്‍ ഈ നിയമങ്ങള്‍ക്കു പ്രാബല്ല്യം  ഉണ്ടെന്ന വാദം യുക്തിക്ക് ചേരുന്നില്ല. ജനനംകൊണ്ട് ഭാരതീയനല്ലാത്ത ഒരു വിദേശിക്കു ഭൂസ്വത്ത് കൈവശം വെക്കുവാന്‍ ഭാരതസര്‍ക്കാരില്‍ നിയമം ഇല്ല.  അങ്ങനെയെങ്കില്‍ സഭാ സ്വത്തുക്കളില്‍ മാര്‍പാപ്പാക്ക്  അവകാശം ഉണ്ടെന്നുള്ള വാദത്തില്‍ എന്ത് പ്രസക്തിയാണുള്ളത്?   സ്വത്തുക്കള്‍ ഭാരതസഭയുടെ അധീനതയില്‍ ആകുവാനെ സാധ്യതയുള്ളൂ.  നിയമാനുസൃതമായ സഭാസ്വത്തിന്മേല്‍ മേല്നോട്ടം വഹിക്കുന്ന ഒരു കങ്കാണിയുടെ ചുമതല മാത്രമേ  മാര്‍പാപ്പാക്കുള്ളൂ. മറ്റൊരു രാഷ്ട്രത്തലവനായ പോപ്പിനോട് സമ്പൂർണ്ണ  വിധേയത്വം പ്രഖ്യാപിച്ചിരിക്കുന്ന മെത്രാന്മാർ വിശ്വാസികളുടെ സമ്മതം കൂടാതെ സഭാസ്വത്തുക്കൾ റോമിന്റെ നിർദ്ദേശപ്രകാരവും സ്വന്ത ഇഷ്ടപ്രകാരവും ചിലവഴിക്കുന്നത് രാജ്യത്തിന്‌ അപമാനകരമാണ്.   പോപ്പിന്റെ ഭാരതസഭയുടെമേലുള്ള കങ്കാണി ചുമതലതന്നെ ഇന്ത്യാ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് കളങ്കമാണെന്ന് ഞാനും സമ്മതിക്കുന്നു.  മാര്‍പാപ്പക്ക്  കൈവശവകാശമില്ലാത്ത   ഭാരതസഭയുടെ സ്വത്തുക്കള്‍ അനൗദ്യോഗികമായി  റോമ്മാ നിയന്ത്രിക്കുന്നെങ്കിൽ   നിയമത്തിനോ കോടതികള്‍ക്കോ  സഭാ ഹൈറാർക്കിയുടെ തീരുമാനങ്ങളിൽ ഇടപെടുവാൻ സാധിക്കുകയില്ല. ചര്‍ച്ച്ആക്റ്റ് നടപ്പാക്കുന്നതിനുമുമ്പ് ഇപ്രകാരമുള്ള പ്രായോഗികവശങ്ങളും ചിന്തിക്കണം.

നിയമം അനുശാസിക്കുന്നുണ്ടെങ്കില്‍ പള്ളികള്‍ മറ്റു സാധാരണ കമ്പനിപോലെ നോണ്‍പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആയി രജിസ്റ്റര്‍ ചെയ്താലും സഭയ്ക്ക് ചര്‍ച്ച് ആക്റ്റിന്റെ നിയമപരിധിയില്‍നിന്നു രക്ഷപ്പെടുവാന്‍ സാധിക്കും.  സഭാധികാരികളുടെ സഹകരണമില്ലാതെ ചര്‍ച്ച് ആക്റ്റ് പ്രായോഗികമായി നടപ്പിലാക്കുവാനും ബുദ്ധിമുട്ടായിരിക്കും. സഭയ്ക്ക്  മൂന്നു കോടതികള്‍വരെ മല്ലിടുവാനും അവകാശമുണ്ട്. അങ്ങനെയെങ്കില്‍ സാമ്പത്തികശക്തിയായ സഭയോട് ഏറ്റുമുട്ടുവാന്‍  സ്വത്തുക്കളില്‍മേല്‍ സര്‍ക്കാര്‍നിയന്ത്രണം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സാധിക്കുമോ? ചര്‍ച്ചകള്‍ക്കുപോലും പുരോഹിതര്‍ തയാറാകുവാന്‍  മടികാണിക്കുന്നതും സഭയുടെ അധീനതയില്‍ തീറാധാരമുള്ള സ്വത്തുക്കളുടെ കൈവശാവകാശനിയമങ്ങള്‍ അവര്‍ക്ക് അനുകൂലമായതുകൊണ്ടുമാണ്‌.
ജനശക്തി എക്കാലവും പുരോഹിതര്‍ക്ക് അനുകൂലവും ആയിരിക്കും. മതന്യൂനവകാശമെന്നു പറഞ്ഞു   സര്‍ക്കാരിനെവരെ  താഴെയിറക്കുവാന്‍ കരുത്തുള്ളവരാണ് പുരോഹിതവര്‍ഗമെന്നു കേരളത്തിന്റെ കഴിഞ്ഞകാലചരിത്രം വ്യക്തമാക്കുന്നുണ്ട്.


ഭരണഘടന ഇരുപത്തിയാറാം വകുപ്പനുസരിച്ച്  സഭാസ്വത്തുക്കളില്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നുള്ളത് ശരി തന്നെ.  എന്നാല്‍ ശക്തമായ ഒരു സര്‍ക്കാര്‍ നിയന്ത്രണത്തിന്  ഈ നിയമം അപര്യാപ്തമാണ്. ന്യൂനപക്ഷ മതസ്വാതന്ത്ര്യം എന്ന പഴുതില്‍ക്കൂടി  അല്മേനിയെ ഉള്‍പ്പെടുത്താതെ സ്വത്തുക്കള്‍ ഇവര്‍ക്ക് കൈവശം വെച്ചുകൊണ്ടിരിക്കാം. ഇന്ത്യന്‍ ഭരണഘടനയില്‍ സമൂലമായ ഒരു മാറ്റംവരാതെ ചര്‍ച്ച്ആക്റ്റിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുവാന്‍ സാധിക്കുമോയെന്ന്   ഇതിലെ നിയമവശങ്ങള്‍ തേടുന്നവര്‍ പരിശോധിച്ചാല്‍ നന്നായിരിക്കും.

ഭരണഘടന 26-ഡി വകുപ്പില്‍  മതങ്ങള്‍ക്കും ഉപവിഭാഗങ്ങള്‍ക്കും തങ്ങളുടെ സ്വത്തുക്കള്‍ നിയമാനുസൃതം ഭരിക്കുവാന്‍ അവകാശം ഉണ്ടായിരിക്കുമെന്നാണ് മനസിലാക്കുന്നത്‌. സഭാവക സ്വത്തുക്കള്‍ നിയമാനുശ്രുതം രജിസ്റ്റര്‍ ചെയ്തിരിക്കണം. നികുതി  ബാധകമെങ്കില്‌ റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് നിയമം അനുസരിച്ച് തിട്ടപ്പെടുത്തണം. ഇവിടെയും സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന സഭയുടെ പൂര്‍ണ്ണാധികാരത്തെ ചോദ്യം ചെയ്യുന്നില്ല. പൊതുസ്വത്ത് നേര്‍ച്ച ഇടുന്നവരുടെയോ  അല്മെനിയുടെയോയെന്ന് വ്യക്തമാക്കുന്നില്ല.

ഒരു കമ്പനിക്കു സമാനമെന്നതുപൊലെ,  പുരോഹിതര്‍മാത്രം ഭരണസമിതിയിലുള്ള  സഭയ്ക്ക്  ചര്‍ച്ച് ആക്റ്റിന്റെ നിയമ പഴുതുകള്‍  തേടി കോടതികളെ ആശ്രയിക്കാം.   കീഴ്കോടതിയില്‍ സഭയുടെ വാദങ്ങള്‍ പരാജയപ്പെട്ടാലും  കൂടുതല്‍ നിയമപരിജ്ഞാനമുള്ള സുപ്രീം കോടതിയുടെ പരിധിയില്‍ വരുമ്പോള്‍ സഭാധികാരികള്‍ സമ്മതിക്കാതെ ചര്‍ച്ച് ആക്റ്റ് പ്രായോഗികമാകുവാന്‍ സാധ്യത കാണുന്നില്ല.  കമ്പനിനിയമംപോലെ സഭയും ചാരിറ്റബിള്‍ സംഘടനകളും നിയമത്തിന്റെ മുമ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഭരണഘടനയില്‍ ഭേദഗതി വരുത്താതെ ചര്‍ച്ച് ആക്റ്റ് കേരളാ നിയമസഭയുടെ  ചര്‍ച്ചക്ക് വെച്ചാലും എന്ത് പ്രയോജനം?  ഈ സ്വത്തുക്കള്‍ തലമുറകളായി പൗരോഹിത്യ  നേതൃത്വത്തിലുള്ള സഭയുടെ നിയന്ത്രണത്തിലായിരുന്നുവെന്നതും  പുരോഹിതര്‍ക്ക് അനുകൂലമാണ്.

ചര്‍ച്ച് ആക്റ്റിന്റെ പ്രായോഗിക വശങ്ങളും നിയമവശങ്ങളും വിശകലനം ചെയ്തശേഷം ആദി കാല ക്രിസ്ത്യാനികളായ അപ്പോസ്ഥലന്മാരുടെ ക്രിസ്തീയ ജീവിതമാതൃകയും അപ്പോസതലിക നിയമങ്ങളും ശ്രീ ജോസഫ്  പുലിക്കുന്നേൽ ചൂണ്ടികാണിച്ചിട്ടുണ്ട്.  അപ്പോസ്തലിക പ്രവര്‍ത്തനങ്ങള്‍ അദ്ധ്യായം ആറില്‍ രണ്ടു മുതല്‍ നാലു വരെ വാക്യങ്ങളില്‍ ആദിമസഭയിലെ അപ്പോസ്തലന്‍മാര്‍ ഭൌതിക ഭരണനടത്തിപ്പിനായി  തെരഞ്ഞെടുക്കപ്പെട്ടവരെ എല്പ്പിച്ചുവെന്നുള്ളതും അഭിനന്ദിക്കേണ്ട സാമൂഹിക ദര്‍ശനം ആണ്.  ശ്രീ പുലിക്കുന്നേൽ  പറഞ്ഞതുപോലെ ജനാധിപത്യത്തെ ആദരിക്കലുമാണ്.


അപ്പോസ്തലന്മാരുടെ ആദിമസഭ ഒരു ചെറുസമൂഹമായിരുന്നു. അവർക്ക് ആത്മീയമായ ഒരു ബന്ധം ഉണ്ടായിരുന്നു.  അന്നത്തെ  ചെറുസമൂഹത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നുമില്ല. മാത്രവുമല്ല ഏഴുപേരെ തിരഞ്ഞെടുക്കന്നതും വിജ്ഞാനവും ആത്മാവും നിറഞ്ഞ സഭാശുശ്രൂഷകരില്‍ നിന്നായിരുന്നുവെന്നും  വചനം വ്യക്തമാക്കുന്നുണ്ട്. ഇത്തരം ജനാധിപത്യ വ്യവസ്ഥിതിതി ചര്‍ച്ച് ആക്റ്റ് പോലുള്ള നിയമസംഹിതയില്‍ പ്രസക്തമാണോ? സഭാശ്രേഷ്ഠന്മാർ  ആദിമസഭയിലെ ജീവിതമാതൃക സ്വീകരിച്ചിരുന്നെങ്കിൽ ചർച്ച്‌ ആക്റ്റിന്റെ ആവശ്യമേ  വരുകയില്ലായിരുന്നു. മെത്രാന്മാരെ ഉപദ്ദേശിക്കാൻവേണ്ടി മാത്രമേ ആദിമസഭയുടെ മാതൃക ഉപകരിക്കുകയുള്ളൂ. സര്‍ക്കാരും സഭയുമൊത്തു നയങ്ങള്‍ രൂപികരിക്കുമ്പോള്‌ ആ ചെറുസമൂഹത്തെ ഭീമമായ സഭാസ്വത്തുക്കളുടെ നിയന്ത്രണത്തിന്  മാതൃകയാക്കുന്നത് യുക്തിക്ക് ചേരുന്നില്ല.
ദേശാടനം ചെയ്തു ഭിക്ഷ യാചിച്ചുനടന്ന അപ്പോസ്തലരുടെ സാമ്പത്തിക ശാസ്ത്രം സഭയില്‍ നടപ്പിലാക്കണമെന്നുള്ള വാദം  മഹാഭാരതത്തിലെ  പാണ്ഡവരുടെ സാമ്പത്തിക ശാസ്ത്രം പോലെയോ തിരുപ്പതി, ശബരിമല ഇതിഹാസ കഥകൾ പോലെയോ  സര്‍ക്കാര്‍നിയന്ത്രണമുള്ള ദേവസ്വം ബോര്‍ഡിന്റെ നിയമങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് വാദിക്കുന്ന ചിന്താഗതികള്‌ക്കു തുല്യമാണ്.  ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കുന്നുവെങ്കില്‌ കാലത്തിന് അനുരൂപമായ രീതിയിലുള്ള സാമ്പത്തിക ശാസ്ത്രത്തില്‍ വേണമെന്നുള്ള വാദമായിരിക്കും  കൂടുതല്‍ യുക്തം. ആത്മീയതതേടി ക്രിസ്തുവിന്റെ കാലംവരെ സഞ്ചരിക്കാം. ടെക്കനോളജിയുടെ യുഗത്തില്‍ അപ്പോസ്തലരെപ്പോലെ   സമ്പത്ത് കൈകാര്യം ചെയ്യണമെന്നു പറഞ്ഞാല്‍ സഭയെ വീണ്ടും രണ്ടായിരം കൊല്ലങ്ങള്‍ക്ക് പുറകില്‍ തള്ളുന്നതിനു സമാനമാകും.



ശ്രീ പുലിക്കുന്നേലിന്റെ ലേഖനത്തിൽ ഇങ്ങനെ കാണുന്നു : "ഭാരത ഭരണഘടനയും അപ്പോസ്തലന്‍മാരും സഭാ സുനഹദോസും സമ്മതം മൂളിയിട്ടുള്ളതാണ് ഭാരത ക്രൈസ്തവരുടെ പാരമ്പര്യമനുസരിച്ച് പൊതുസമ്പത്ത് ഭരിക്കാനുള്ള വ്യവസ്ഥ. " സഭാ സ്വത്തിന്മേല്‍
അദ്ദേഹത്തിന്റെ ലേഖനത്തില്‍ പരാമര്‍ശിച്ച  സുനഹദോസ് തീരുമാനങ്ങളും
അപ്പോസ്തലന്മാരുടെ തീരുമാനങ്ങളും  തമ്മില്‍ ചര്‍ച്ച് ആക്റ്റുമായി  ബന്ധപ്പെടുത്തിയിരിക്കുന്നതില്‍  യുക്തികാണുന്നില്ല. ഭാരതീയ പാരമ്പര്യം അനുസരിച്ച് അപ്പോസ്തലന്മാര്‍ പൊതുസ്വത്ത് ഭരിക്കുവാനുള്ള വ്യവസ്ഥയുണ്ടാക്കിയതായി ഒരു ചരിത്ര ഗ്രന്ഥത്തിലും കാണുവാന്‍ സാധ്യതയില്ല. അലഞ്ഞു തിരിഞ്ഞു നടന്ന അപ്പോസ്ത ലന്മാര്‍ തുല്യമായി ഭക്ഷണം പങ്കുവെച്ചു ജീവിക്കുകയും വചനങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. എങ്ങനെയാണ് അവര്‍ തമ്മിലുള്ള  ആത്മീയബന്ധം  ഇന്നത്തെ ജനാധിപത്യ വ്യവസ്ഥയിൽ   സ്വാധീനം ഉണ്ടാക്കുന്നത്? അന്ന് പള്ളികള്‍ ഉണ്ടായിരുന്നില്ല. അങ്ങനെയെങ്കില്‍  പള്ളികളുടെ പൊതുസമ്പത്ത് ഭരിക്കുവാനുള്ള പാരമ്പര്യം അപ്പോസ്തലികകാലംമുതല്‍ തുടങ്ങണോ?

പള്ളിസ്വത്തുക്കള്‍ ഭരിക്കുവാനുള്ള ചര്‍ച്ച്ആക്റ്റുപോലെ  സര്‍‌ക്കാര്‍ ‌ ഇടപെടുന്ന  നിയമങ്ങള്‍ പോര്‍ട്ടുഗീസുകാര്‍ വരുന്നതിനു മുമ്പ് ഏതു സുനഹദോസാണ്  കൈകാര്യം ചെയ്തിരുന്നത്? രാജഭരണം പള്ളിഭരണങ്ങളില്‍ ‌ ഇടപെട്ടിരുന്നുവോ? അന്നും പള്ളി സ്വത്തുക്കള്‍ ചില സ്വകാര്യ വ്യക്തികളുടെ അധീനതിയിലെന്നും ചില ഗ്രന്ഥങ്ങളില്‍ കാണുന്നു. രാജഭരണം പോയി ജനാധിപത്യം വന്നു. പഴയകാലത്തെ  സുവര്‍ണ്ണകാലങ്ങള്‍  വര്‍ണ്ണിക്കാതെ പള്ളിയുടെ സാമ്പത്തിക ശാസ്ത്രത്തില്‍ ഇന്നത്തെ ജനങ്ങളുടെ ആവശ്യമല്ലേ പരിഗണിക്കേണ്ടത്? ചരിത്രപരമായ സാധുതയില്ലാത്ത ചില ഊഹോപാഹങ്ങളാണ് ലേഖകന്‍ തന്റെ പ്രബന്ധത്തിൽ വിവരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയില്‍ ആദിമസഭയുടെ തീരുമാനങ്ങളോ അപ്പോസ്തലിക നിയമങ്ങളോ  കാനോന്‍ നിയമങ്ങളോ ഉള്‌കൊള്ളിച്ചിട്ടില്ല. ഭരണഘടനക്കുപരിയായി ഇന്ത്യാരാജ്യത്തു മറ്റൊരു നിയമവും ഇല്ലെന്നുള്ളതാണ് സത്യം.


പതിനാറാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാര്‍ ഇവിടെ കോളനികള്‍ സ്ഥാപിച്ചു. സഭയെ പാശ്ചാത്യവല്‌ക്കരിച്ച് മാനസിക അടിമത്വം നടപ്പിലാക്കിയെന്നാണല്ലോ ലേഖകനായ പുലിക്കുന്നേൽ  ചര്ച്ച് ആക്റ്റുമായി ബന്ധപ്പെടുത്തി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ മാനസിക അടിമത്വം ആത്മീയതയില്‍ മാത്രമെങ്കില്‍ വാദങ്ങളോട് യോജിക്കാമായിരുന്നു. എന്തുകൊണ്ട് ഭൌതിക അടിമത്വത്തെപ്പറ്റി ചിന്തിക്കുന്നില്ല. പാശ്ചാത്യവല്‍ക്കരണം ഈ നാട്ടില്‌ വരുന്നതിനുമുമ്പ്  ആത്മീയമേഖലകള്‍ കയ്യടക്കി വെച്ചിരുന്നത് കൌപീനധാരികളായിരുന്നു. വിദേശമിഷ്യനറിമാരുടെ സഹായത്തോടെ ചാന്നാര്‍ ലഹളയില്‌ക്കൂടി ഈഴവ ദളിത സ്ത്രീകള്‍ക്ക് മാറ് മറക്കുവാന്‍ അനുവാദം കിട്ടി. ഇങ്ങനെയുള്ള ആധ്യാത്മിക നേതാക്കളുടെ ചിന്താഗതിയിലേക്ക് മനുഷ്യന്‍ പിന്തിരിപ്പനായി പിന്തിരിഞ്ഞോടണമെന്ന അദ്ദേഹത്തിന്റെ  വാദങ്ങളോടും യോജിക്കുവാന്‍ സാധിക്കുകയില്ല. ഹൈന്ദവമതാചാരങ്ങളില്‍നിന്ന് മുമ്പുള്ള തലമുറകള്‍ ഒരു മാനസിക അടിമത്വത്തില്‍ക്കൂടിയല്ലേ പൌരസ്ത്യ ക്രിസ്ത്യന്‍ ആചാരങ്ങള്‍ സ്വീകരിച്ചത്.  ഇന്നത്തെ തലമുറകള്‍ നാന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പൌരസ്ത്യ ആചാരങ്ങളിലേക്കു മടങ്ങിപോകുവാന്‍ കല്‍പ്പിക്കുന്നതും മറ്റൊരു മാനസിക അടിമത്വം സൃഷ്ടിക്കുകയല്ലേ ?

പോര്‍ട്ടുഗീസുകാര്‍ ഇന്നാട്ടില്‍ വന്നപ്പോള്‍ ക്രിസ്തുമതം ഇവിടെ വേരുറച്ചിട്ടുണ്ടായിരുന്നു. ഹൈന്ദവമതമായി കാര്യമായ വിത്യാസമില്ലാത്ത നെസ്ത്തോറിയന്‍  വിശ്വാസവും കലര്‍ന്ന സങ്കരമായ  ക്രിസ്തുവിശ്വാസമായിരുന്നു  അന്നുണ്ടായിരുന്നത്‌. അനേക ഹൈന്ദവ ദൈവങ്ങളുടെ ഗണങ്ങളില്‍ യേശുവും ഒരു ദൈവം മാത്രമായിരുന്നു.  ഓട്ടോമന്‍ സാമ്രാജ്യത്തിലെ ടര്‍ക്കിയുടെ അധീനതയില്‍ ഉണ്ടായിരുന്ന അന്ത്യോക്യാ ബിഷപ്പിന്റെ ഓര്‍ത്തോഡോക്സ് വിശ്വാസവും നെസ്തോറിയന്‍ വിശ്വാസവും കേരളക്രിസ്ത്യാനികളെ സ്വാധീനിച്ചിരുന്നു.
പോര്‍ട്ടുഗീസുകാര്‍ ഇവരില്‍ അനേകരെ കത്തോലിക്ക വിശ്വാസത്തില്‍ കൊണ്ടുവന്നുവെന്നും ചരിത്രത്തില്‍ കാണാം.

 കാനോന്‍നിയമം അമേരിക്കന്‍ ഭരണഘടന വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ശ്രീ പുലിക്കുന്നേലിന്റെ
ചര്‍ച്ച് ആക്റ്റ് ലേഖനത്തില്‍ വിവരിച്ചിരിക്കുന്നത്. ഇത് തികച്ചും ശരിയല്ല. പരമാധികാരമുള്ള അമേരിക്കാ രാജ്യത്ത് ഭരണഘടനാപ്രകാരം ഒരു മതത്തെയും രാഷ്ട്രത്തിന്റെ നിയമ നിര്‍മ്മാണത്തില്‍ പങ്കെടുപ്പിക്കുകയില്ല. അമേരിക്കന്‍ ബില്‍ഓഫ് റൈറ്റ്സ് ആക്റ്റ് അനുസരിച്ച് ഏതു മതത്തിലും വിശ്വസിക്കുവാനും പ്രവര്‍ത്തിക്കുവാനും പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട്. മതവും സ്റ്റേറ്റും വ്യത്യസ്ത നിയമങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നു. രാഷ്ട്രത്തിന്റെ ഭരണതലത്തിൽ മതത്തിന്റെ സ്വാധീനം ഒരു കാലത്തും അനുവദിക്കുകയില്ല. മതവും സ്റ്റേറ്റും രണ്ടായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഏതൊരു വ്യക്തിയെപ്പോലെ മതവക സ്ഥാവരസ്വത്തുക്കള്‍ എങ്ങനെ വേണമെങ്കിലും മതത്തിന് കൈകാര്യം ചെയ്യാം. മതത്തിന്റെ ഈ വ്യക്തി സ്വാതന്ത്ര്യത്തെ ആര്‍ക്കും ചോദ്യം ചെയ്യുവാന്‍ സാധിക്കുകയില്ല.

സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്നാണ് അമേരിക്കയുടെ പാരമ്പര്യനിയമം. കാനോന്‍ നിയമത്തില്‍ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതുപോലെ ഷാരിയാനിയമത്തില്‍ ഇസ്ലാമികള്‌ വിശ്വസിക്കുന്നു. എന്നാല്‍ ഈ വിശ്വാസം സര്‍ക്കാരിന്റെ പൊതുവായ നിയമങ്ങള്‍ക്കെതിരെയാകുവാന്‍  അമേരിക്കൻ ഭരണഘടന അനുവദിക്കുകയില്ല.

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...