Tuesday, October 29, 2013

മുണ്ടുടുക്കാത്തനാട്ടില്‍ വെളുത്തേടന്‍ മുണ്ടുടുപ്പിക്കാൻ


 
 

ശ്രീ ചാക്കോ കളരിക്കലിന്റെ 'വടക്കെ അമേരിക്കയിലെ ക്‌നാനായ പ്രതിസന്ധി: ഒരു അവലോകനം' എന്ന ലേഖനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അനേക പ്രതികരണങ്ങൾ ക്നനായ് വിശേഷങ്ങളിൽ വായിച്ചു. (ലിങ്ക്: http://www.worldkna.blogspot.com/2013/10/blog-post_24.html) അത്തരം പ്രതികരണങ്ങളിൽ ശ്രീ ഡോമിനിക്ക് സാവിയോ എന്ന ലേഖകന്റെ ലേഖനം ഏറെ ശ്രദ്ധേയമാണ്. വിമർശനാത്മകമായ അദ്ദേഹത്തിന്റെ ലേഖനത്തിന് മറുപടി അർഹിക്കുന്നുവെങ്കിലും ശ്രീ ചാക്കോയെ അദ്ദേഹം വ്യക്തിപരമായി പരിഹസിക്കുന്നതിൽ മൌനം പാലിക്കാനേ എനിക്ക് സാധിക്കുന്നുള്ളൂ. ശ്രീ സാവിയോ സമയമുണ്ടെങ്കിൽ സഭാ നവീകരണങ്ങളെ സംബന്ധിച്ച്  ശ്രീ ചാക്കോ പ്രസിദ്ധികരിച്ച അഞ്ചു പുസ്തകങ്ങളിൽ ഏതെങ്കിലും ഒന്ന് വായിക്കാൻ മനസുവെച്ചാൽ തെറ്റിധാരണകൾ ഇല്ലാതാകും. 
 

ശ്രീ ചാക്കോയുടെ ലേഖനം ക്നനായ് സമൂഹത്തിൽ ചിലരുടെ അബദ്ധ ചിന്താഗതികളുടെ ഫലമായി ചൂടുപിടിച്ച ഒരു വിവാദവിഷയമായിരിക്കുന്നു. അദ്ദേഹത്തിന്റെ വാദഗതികൾ തെറ്റാണെന്ന് തെളിയിക്കാൻ ക്നനായി മക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും ആർക്കും ചരിത്രത്തിന്റെ ഒരു പിൻബലം ലഭിക്കുന്നില്ലായെന്നാണ് സത്യം. അതിനാലായിരിക്കാം ലേഖനങ്ങളിൽക്കൂടി അദ്ദേഹത്തെ വ്യക്തിപരമായി പലരും അധിക്ഷേപിക്കാൻ ശ്രമിക്കുന്നത്. അവരുടെ ആക്ഷേപങ്ങൾക്ക് കാരണം കേരളചരിത്രത്തിൻറെ അഞ്ചാം നൂറ്റാണ്ടുവരെയുള്ള സാംസ്ക്കാരിക മൂല്യങ്ങളെ സംബന്ധിച്ചുള്ള അറിവില്ലായ്മയാണ്.


സമൂഹത്തിന്റെ മനുഷ്യമനസാക്ഷിയെ ഉണർത്തുന്ന സാമൂഹിക പ്രതിപാസങ്ങളെ കാണുമ്പോൾ അതിന് പുറത്തുള്ളവർ അത് കണ്ടില്ലെന്ന് നടിച്ച് നിശബ്ദരായി ഇരിക്കണോ? ക്നനായ്ക്കാരനല്ലാത്ത ശ്രീ ചാക്കോ കളരിക്കലിന് ക്നനായ് പ്രശ്നങ്ങളിൽ സംസാരിക്കാൻ എന്താണവകാശമെന്ന് ലേഖകനായ ശ്രീ ഡോമിനിക്ക്  സാവിയോ ചോദിക്കുന്നു. ക്രിസ്ത്യാനിയല്ലാത്ത യഹൂദനായ യേശുവിനെ നാം എല്ലാം നമസ്ക്കരിക്കുന്നുണ്ട്. എങ്കിൽ യഹൂദരെന്നഭിമാനിക്കുന്ന ക്രിസ്ത്യാനികളായ ക്നാനായ വൈകൃത സംസ്ക്കാരത്തെ ഒരു ക്രിസ്ത്യാനി വിമർശിക്കുന്നതുകൊണ്ടുള്ള തെറ്റെന്താണ്?   


'മുണ്ടുടുക്കാത്ത നാട്ടിൽ വെളുത്തേടൻ അധികപ്പറ്റെന്ന തലവാചകത്തിലാണ് ലേഖനത്തിന്റെ തുടക്കം. ശ്രീ സാവിയോ അറിഞ്ഞോ അറിയാതെയോ സ്വന്തം സമുദായത്തെ നോവിപ്പിച്ചുകൊണ്ട് എന്തിനാണ് ലേഖനം എഴുതിയതെന്നും മനസിലാകുന്നില്ല. കൌപീന കാലഘട്ടത്തിൽ ജീവിക്കുന്ന തുണിയില്ലാത്ത ഒരു സമുദായത്തെ തുണി ഉടുപ്പിക്കാൻ ശ്രീ ചാക്കോ തുണിയുംകൊണ്ട് വന്നുവെന്നേ സാമാന്യ വായനക്കാരന് മനസിലാവുകയുള്ളൂ. അസത്യങ്ങളും അർദ്ധസത്യങ്ങളുമാണ് ശ്രീ ചാക്കോയുടെ ലേഖനമെന്നുള്ള ശ്രീ സാവിയോടെ വാദങ്ങളിലും  അടിസ്ഥാനമില്ല. സത്യങ്ങൾ ഒന്നുംതന്നെ ശ്രീ സാവിയോ അദ്ദേഹത്തിന്റെ ലേഖനത്തിൽ തെളിയിച്ചിട്ടുമില്ല. സ്വവംശവിവാഹങ്ങൾ ക്നാനായ സമുദായത്തിന്റെ പ്രശ്നമെന്നുള്ള ശ്രീ ചാക്കോയുടെ വാക്കുകളെ നിഷേധിച്ചുകൊണ്ട് അത് സമുദായത്തിന്റെയല്ല മിശ്രവിവാഹം വഴി സമുദായത്തിന് പുറത്തുപോയവരുടെ പ്രശ്നമെന്ന് ലേഖകൻ  അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു അപ്പൻ മക്കളെ പുറത്താക്കിയാൽ അപ്പനും മക്കൾക്കും ഒന്നുപോലെ പ്രശ്നം വരും. ഇത്രമാത്രം സമുദായഭ്രാന്തുള്ള നിങ്ങൾക്ക് പ്രശ്നമില്ലെങ്കിൽ പിന്നെ എന്തിന് നിങ്ങളുടെ സഹോദരന് സമുദായ ഭ്രഷ്ട്ട് കല്പ്പിക്കണം. സ്വന്തം മക്കൾ ഉപേക്ഷിച്ചു പോവുമ്പോൾ നിങ്ങളുടെ അപ്പന്മാർക്ക്‌  പ്രശ്നങ്ങളും പ്രയാസങ്ങളും അനുഭവപ്പെടാറില്ലേ?   മുടിയനായ പുത്രനെയും അപ്പൻ സ്വീകരിച്ചില്ലേ?

'സ്വവംശം' എന്ന പദംതന്നെ അപരിഷ്കൃതമെന്ന് ശ്രീ സാവിയോ മനസിലാക്കണം. സ്വവംശംമൂലം വിവാഹിതരാവുന്നവരുടെ മക്കൾക്കാണ് ദുരിതങ്ങൾ അനുഭവപ്പെടുന്നത്. അത്തരം ചിന്താഗതി മനുഷ്യത്വത്തോടുള്ള സ്വയം അവഗണനയുമാണ്. രക്തബന്ധങ്ങൾ തമ്മിലുള്ള ലൈംഗികതകൾ പ്രാകൃതഈജിപ്റ്റിൽ ഉണ്ടായിരുന്നു.  ഇത്തരക്കാരിൽനിന്ന് ജനിക്കുന്ന കുട്ടികൾക്ക് ജന്മസിദ്ധമായ വൈകല്യങ്ങളുമുണ്ടാകുമെന്ന് (Congenitial)  ശാസ്ത്രം തെളിയിച്ചിട്ടുള്ളതാണ്. അതാണ്‌ പല രാജകുടുംബങ്ങളിലും സംഭവിച്ചിട്ടുള്ളത്. റഷ്യയിലെ സാർ ചക്രവർത്തിയുടെ ഒടുവിലത്തെ രാജകുമാരന്റെ കഥയും വായിക്കുക. മറ്റേത് സമുദായത്തെക്കാളും പ്രകൃത്യാ അംഗവൈകല്യമുള്ളവർ കൂടുതലായും കാണുന്നത് ക്നാനായ സമുദായത്തിലെന്നും കാണാം. അത്തരം സത്യങ്ങൾ ചൂണ്ടികാണിക്കാൻ ക്നനായ്ക്കാർക്ക്‌ പുറത്തുള്ളവർക്ക് അവകാശമില്ലെന്നുള്ള ശ്രീ സാവിയോയുടെ വാദം തികച്ചും ബാലിശമാണ്. അദ്ദേഹത്തിന്റെ പരിമിതമായ അറിവിനെ വിപുലപ്പെടുത്തേണ്ടതുമുണ്ട്.

103 വർഷങ്ങൾക്ക് മുമ്പ് ക്നനായ്ക്കാർക്ക് സ്വവംശ വിവാഹം മാർപാപ്പാ അനുവദിച്ചെന്ന് ശ്രീ സാവിയോ അവകാശപ്പെടുന്നു. മാർപാപ്പയുടെ അന്നത്തെ ചാക്രികലേഖനം വത്തിക്കാനിൽ ആരോ ഒളിച്ചു വെച്ചെന്നു വേണം അനുമാനിക്കാൻ. വത്തിക്കാൻ ലൈബ്രറിയിൽ അങ്ങനെ ഒരു കൽപ്പനയില്ലെന്നാണ് പണ്ഡിതരുടെ ലേഖനങ്ങളിൽനിന്നും എനിക്ക് മനസിലായത്. സ്വവംശ വിവാഹനുഷ്ടാനം ക്നനായ സമുദായത്തിൽ നിർബന്ധിതമെന്ന് വത്തിക്കാൻ അറിഞ്ഞതും അടുത്ത കാലത്താണ്. ക്രിസ്ത്യൻ മൌലികതയ്ക്കുതന്നെ കളങ്കം വരുത്തുന്ന സ്വവംശ വിവാഹനിയമം മാർപാപ്പായെ അന്ന് കുപിതനുമാക്കിയിരുന്നു. അത്തരം ആചാരങ്ങളിൽക്കൂടി പുതിയ നിയമത്തിന്റെ തത്ത്വങ്ങൾതന്നെ ക്നനായക്കാർ ലംഘിക്കുകയാണ്. സ്വന്തം കുടുംബത്തിനും സ്വന്തം വംശത്തിനും ഉപരി അയല്ക്കാരനെ സ്നേഹിക്കാനാണ് യേശു അരുളി ചെയ്തിരിക്കുന്നത്. രക്തശുദ്ധി പാലിച്ച പ്രവാചകരും പഴയ നിയമത്തിൽ ഉണ്ടായിരിക്കാം. പ്രവാചകനായ അപ്പനെ വീഞ്ഞ് കുടിപ്പിച്ച് പെണ്മക്കൾ രതിക്രിയകൾ നടത്തിയത് പ്രാചീന സംസ്ക്കാരത്തിലെ യഹൂദ ജനതയിൽ ആയിരുന്നു. അത്തരം സംസ്കാരം യഹൂദ ജനത തുടർന്നിരുന്നുവെങ്കിൽ പരിഷ്കൃതലോകം പ്രതികരിക്കാതെ നിശബ്ദമായിരിക്കുമോ? ആ ദൌത്യം മാത്രമേ ക്നാനായ്ക്കാരനല്ലാത്ത ശ്രീ ചാക്കോ കളരിക്കൽ തന്റെ ലേഖനത്തിൽക്കൂടി നിർവഹിച്ചുള്ളൂ.യഹൂദനെന്ന് അഭിമാനിക്കുന്ന പീറ്ററെ യേശുവിന്റെ ദൌത്യം എന്തെന്ന് പോൾ ബോധ്യപ്പെടുത്തുന്നുണ്ട്. സത്യത്തിന്റെ വെളിച്ചത്തിൽ പോളിന്റെ വചനം അക്ഷരംപ്രതി പീറ്റർ അനുസരിക്കുകയായിരുന്നു. യേശുവിന്റെ നാമം പറഞ്ഞ് കപടവിശ്വാസം പുലർത്തിയിരുന്ന കപട ക്രിസ്ത്യാനികളെ ആദിമസഭ അംഗീകരിച്ചിരുന്നില്ല. ക്നനായക്കാരുടെ യഹൂദപ്രേമം ക്രൈസ്തവ ധർമ്മത്തിനും നീതികരിക്കാത്തതെന്ന്  വ്യക്തമാകുന്നു. 


ശ്രീ സാവിയോ പരിഹസിച്ചപോലെ നൂറ്റിമുപ്പതു  കോടി ജനങ്ങളെ  നവീകരിക്കാനല്ല ശ്രീ ചാക്കോ ലേഖനമെഴുതിയത്. സ്വന്തം കണ്ണുവെട്ടത്ത് ഇക്കരെ കനാലിലിൽനിന്നുള്ള വടക്കൻ അക്കരെയുള്ള തെക്കൻ മുങ്ങാൻ പോകുമ്പോൾ രക്ഷപ്പെടുത്തുന്നതാണൊ തമാശ. പെരിയാറിന്റെ വടക്കും തെക്കുമല്ലേ നമ്മൾ താമസിച്ചിരുന്നത്. ആങ്ങള പെങ്ങളമാരെപ്പോലെ ജീവിക്കേണ്ടവർ തമ്മിൽ അനുരാഗവും, ലൈംഗികാസക്തിയുമല്ലേ ചാക്കോ സാറിന്റെ ലേഖനത്തേക്കാൾ കൂടുതൽ തമാശ. താങ്കളുടെ  ചോദ്യവും തമാശതന്നെ. "തറവാട്ടിൽ ഇടിച്ചുകയറി ഒറ്റ രാത്രികൊണ്ട്‌ ആർക്കെങ്കിലും തറവാടിയാകാൻ കഴിയുമോ? തീർച്ചയായുമില്ല. പക്ഷെ നമ്മൾ അക്കരയും ഇക്കരെയും ജീവിച്ച ആദിവാസികളായതുകൊണ്ട് തറവാടിത്തം ക്നാനായ  സമൂഹത്തിന് കൂടുതലായുണ്ടെന്നും തോന്നുന്നില്ല. തറവാടിന്റെ മഹത്വം പ്രകീർത്തിച്ച് ' ക്നനായ്ക്കാർ വസിഷ്ഠ മുനികളുടെ സന്തതികളോ' എന്ന ലേഖനം ഇവിടെ  ലിങ്ക് ചെയ്തത് വായിക്കുക.  (http://almayasabdam.blogspot.com/2011/12/blog-post_482.html)

ക്നാനായ ചിന്തകരുടെ തീവ്രമായ ഗവേഷണത്തിൽ കണ്ടെത്തിയ പൊതുവായ സമുദായവിശ്വാസം ആ സമുദായത്തിന് 72 രാജകീയ പദവികൾ രാജാവിൽനിന്നും ലഭിച്ചിട്ടുണ്ടെന്നാണ്. ഈ പദവികൾ വടക്കുംഭാഗർക്കും ലഭിച്ചതായി സംഘകൃതികളിൽ കാണുന്നു. ആദിമ സമുദായങ്ങളായ പുലയൻ, പറയൻ എന്നീ സമൂഹങ്ങൾക്ക് ഈ അവകാശങ്ങൾ ലഭിച്ചെന്നാണ് തമിഴ് കൃതികളിൽ സൂചിപ്പിച്ചിരിക്കുന്നത്. അത്തരം എന്തെങ്കിലും അവകാശങ്ങൾ ക്നനായക്കാരുടെ ചരിത്ര കൃതികളിലുണ്ടെങ്കിൽ അവർ ആദിമ വർഗങ്ങളെന്നുള്ള പ്രധാന തെളിവാണ്.  'ക്നാനായ' എന്ന വാക്ക് ശ്രീ സാവിയോ സൂചിപ്പിച്ച ഐ.പി. എസ്‌കാരന്റെ ഗ്രന്ഥപ്പുരയിൽ വന്നത് എങ്ങനെയെന്ന് വ്യക്തമല്ല. ഒരു പക്ഷെ മൂന്നാം നൂറ്റാണ്ടിൽ ആദിമ ക്രിസ്ത്യാനികളായ  തെക്കുംഭാഗർ അന്ന് കൃഷിയാവിശ്യത്തിനായി കനാലുകൾ വെട്ടുന്ന ജോലിയിൽ എർപ്പെട്ടിരിക്കാം. ക്നനായ്ക്കാർക്ക് 'ഇസ്രായേൽക്കാർ' എന്ന അർത്ഥം ഉണ്ടായതും വ്യക്തമല്ല. ചിലരുടെ ഗവേഷണങ്ങളിൽ ക്നനായ ഇറാക്കിന്റെ എതോ പ്രദേശമെന്നാണ്. അക്കാലത്ത് ഇത്രമാത്രം ഭൂമിശാസ്ത്രം അറിയാവുന്ന മഹാനായ ആ ഭൂമി ശാസ്ത്രജ്നനെയും ഇനിമുതൽ ഗവേഷണം നടത്തണം. ഇവരുടെ ശുദ്ധമായ മലയാളത്തിൽ ഹീബ്രുവിന്റെയോ യേശുവിന്റെ ഭാഷയായ അറാമിക്കിന്റെയോ ഒറ്റ പദം പോലുമില്ല.

മൂന്നാം നൂറ്റാണ്ടിൽ വന്നുവെന്ന് വിശ്വസിക്കുന്ന ക്നാനായ തൊമ്മന്റെ അനുയായികൾക്ക് ലഭിച്ച അംഗീകാരങ്ങൾ 1542 ൽ ഗോവയിൽ എത്തി മത പരിവർത്തനം ചെയ്ത ക്രിസ്ത്യാനികള്ക്ക് ലഭിച്ചില്ലെന്നാണ് ക്നനായക്കാരന്റെ ഗവേഷണങ്ങളിൽ കാണുന്നതെന്ന് ശ്രീ സാവിയോ ഡോമിനിക്കിന്റെ ലേഖനത്തിൽ  സൂചിപ്പിച്ചിരിക്കുന്നു. ക്നാനായ തൊമ്മനും ഫ്രാൻസീസ് സേവിയറും തമ്മിൽ പന്ത്രണ്ട് നൂറ്റാണ്ട് വിടവുണ്ടെന്ന കാര്യവും ക്നാനായ ഗവേഷകർ വിസ്മരിക്കുന്നു. 72 പദവികൾ വടക്കർക്കും ഉണ്ടായിരുന്ന കാര്യവും ഇതിൽനിന്ന് വ്യക്തമാണ്. ഫ്രാൻസീസ് സേവിയർ വന്നപ്പോൾ മുന്നോക്ക പിന്നോക്ക സമുദായം ഉണ്ടായിരുന്നിരിക്കാം. മൂന്നാം നൂറ്റാണ്ടിൽ കേരളത്തിൽ മുന്നോക്ക പിന്നോക്കയെന്ന വർണ്ണവ്യവസ്തയുണ്ടായിരുന്നില്ല. ബ്രാഹ്മണർ കേരളത്തിൽ കുടിയേറാൻ ആരംഭിച്ചത് അഞ്ചാംനൂറ്റാണ്ടിന് ശേഷമെന്ന് ആധികാരികമായി തെളിയിച്ചിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടിലെ തറവാടികളായിരുന്നവർ പാണ, കുറുവ, പറയ, വേട്ട എന്നീ ജാതികളായിരുന്നു. ചേരമാൻ പെരുമാൾ 72 പദവികൾ ഈ ജാതികൾക്ക് കൊടുത്തതായി തമിഴ് കൃതികളിൽ ഉണ്ട്. ക്നാനായ്ക്കാര്ക്ക് അത്തരം പദവികൾ ഉണ്ടെങ്കിൽ ഇവരുടെ വംശാവലി തുടങ്ങുന്നത് മുകളിൽ പറഞ്ഞ ജാതികളിൽനിന്നാണെന്നും അനുമാനിക്കണം. തെക്കരുടെ ഇന്നത്തെ ഭക്ഷണരീതിയും, പന്നിയിറച്ചി, പന്നിയെലി തീറ്റിയും ആദി ദ്രാവിഡരുടെതായിരുന്നു. യഹൂദർ പന്നിയിറച്ചി കഴിക്കില്ല. മറ്റ് സാമൂഹിക രീതികളായ വെളിച്ചപ്പാട്, കുഴലൂത്ത്, മെത്രാന്റെ ശവശരീരം പറയമൂപ്പനെപ്പോലെ ഇരുത്തിയടക്കുക എന്നീ ആചാരങ്ങൾ, ദേവാലയ മണി, വിവാഹത്തിൽ വധുവിന്റെ സാരിതുമ്പിൽ ചാരംകെട്ട് എന്നിവ ആദിമ വേട്ടവ,പറയ ജാതികളുടെയായിരുന്നു. കർദ്ദിനാൾ വർക്കി വിതയത്തിലിന്റെയും ഭൌതിക ശരീരം ഇരുത്തിയടക്കി പ്രാചീനസംസ്ക്കാര പാരമ്പര്യം കാത്തുസൂക്ഷിച്ചു. 'ജീവിച്ചിരിക്കുന്നവരെ മരിച്ചവരുടെയിടയിൽ തേടുന്നത് എന്തേ'യെന്നാണ് ലേഖകന്റെ ചാക്കോ സാറിനോടുള്ള ചോദ്യം. ഇത് തന്നെയാണ് ക്നനായക്കാരോട് ചോദിക്കാനുള്ള ചോദ്യവും. മരിച്ചുപോയവരുടെ ഈ പ്രാകൃത സംസ്ക്കാരവും സാമൂഹിക ദർശനവും തറവാടിത്തവും, മിഥ്യാബോധവും എന്തിന് പുലർത്തുന്നു? ഇത്തരം നാടോടി കഥകളിൽ വിശ്വസിക്കാതെ ജീവിച്ചിരിക്കുന്നവരെപോലെ ആധുനിക നേട്ടങ്ങളിൽ അഭിമാനിക്കരുതോ? അറിവ് പള്ളികളിൽനിന്നും മാത്രം ലഭിച്ചാൽ എന്നുമിങ്ങനെ തല മരച്ചിരിക്കും. സത്യത്തെ അന്വേഷിക്കുകയില്ല.  കമ്പ്യൂട്ടറിലും വൈക്കോ പിഡിയായിലും വിജ്ഞാപ്രദമായ ലേഖനങ്ങൾ ഉണ്ട്. ഒരു ചാഴികാടന്റെയോ ഒരു ഐ.പി. എസ്കാരന്റെയോ, പോലീസുകാരന്റെയോ പുസ്തകം മാത്രം വായിച്ചാൽ സത്യത്തെ കണ്ടുപിടിക്കുകയില്ല. നാടോടികഥകൾ സത്യങ്ങളെന്ന് വിശ്വസിച്ച് നടക്കും. രോഗതുല്യമായ ഇത്തരം നാടോടി വിശ്വാസങ്ങൾ ഇന്ന് ക്നാനായ മക്കൾക്കുള്ളത് അവരെ   പണ്ടുള്ളവർ മസ്തിഷ്ക്ക പ്രഷാളനം നടത്തിയതുകൊണ്ടാണ്.ബ്രിഗേഡിയർ ക്നാനായ തൊമ്മൻ പരിവാരസഹിതം വന്നെന്നും ആചാരവെടികളോടെ ചേരമാൻ പെരുമാൾ തുറമുഖത്ത് വന്ന് എതിരേറ്റന്നുമുള്ള കഥകൾ കേൾക്കുമ്പോൾ ക്നാനായ തൊമ്മന്റെ പ്രേതം ക്നാനായ മക്കളെ നോക്കി കുഴിമാടത്തിൽനിന്നും അലറി പൊട്ടിച്ചിരിക്കുന്നുണ്ടാവാം.

പലവിധ റീത്തുകൾ വ്യത്യസ്തങ്ങളായ സംസ്കാരങ്ങൾ പുലർത്തുന്നതിൽ റോമൻ സഭയ്ക്ക് എതിർപ്പില്ലെന്നാണ് ലേഖകന്റെ മറ്റൊരു നിഗമനം. എന്നാൽ ശ്രീ ചാക്കോ കളരിക്കലിന്റെ ലേഖനത്തിലെ വിഷയം റീത്തോ വ്യത്യസ്തമായ സംസ്ക്കാരത്തെപ്പറ്റിയോ അല്ല.  ബഹുവിധ റീത്തുകൾ ഉണ്ടെങ്കിലും വിശ്വാസസത്യം ഒന്നുതന്നെയാണ്.വിവിധങ്ങളായ സംസ്ക്കാരങ്ങൾ ഭാരതീയർക്ക് സ്വീകാര്യമാണ്. ഇവിടെ വിഷയം സ്വവംശ രക്തശുദ്ധീകരണ വാദമെന്നതാണ്. അത്തരം രക്ത ശുദ്ധീകരണത്തിൽകൂടിയുള്ള ലൈംഗികവേഴ്ചകൾ മന്ദബുദ്ധികളെയും അംഗവൈകല്യം ഉള്ളവരെയും സൃഷ്ടിക്കുമെന്ന് ശാസ്ത്രം തെളിയിച്ചിട്ടുള്ളതാണ്. മന്ദബുദ്ധികളെയാണ് ക്നാനായ സമുദായത്തിനാവശ്യമെന്നും അഭിഷിക്തർ ചിന്തിക്കുന്നു. വടക്കനും തെക്കനും ഒരു ജാതി തന്നെയെന്ന തത്ത്വം ആദ്യം മനസിലാക്കണം. ഭാരതീയരായ നമ്മുടെ രക്തം ദ്രാവിഡ ജനതയുടെതാണ്. ഒരു വിദേശ സംസ്ക്കാരത്തിൽ അഭിമാനിക്കാതെ ഭാരതീയ സംസ്ക്കാരത്തിന് വിലമതിക്കൂ. സത്യവും ധർമ്മവും വേദങ്ങളും പുരാണങ്ങളും പൗരാണിക ഭാരതത്തിന്റെ മാത്രം സ്വത്താണ്. വേട്ടവരെങ്കിൽ വേട്ടവർ,  പറയരെങ്കിൽ പറയരെന്ന് അഭിമാനിക്കുന്നതിനുപകരം കൊള്ളയടിക്കാൻ വന്ന കടൽകൊള്ളക്കാരനായ ക്നാനായ തൊമ്മന്റെ സന്തതി പരമ്പരകളാണെന്നും വടക്കരെക്കാളും തറവാടിത്തം ഉള്ളവരെന്നും പറഞ്ഞു നടന്നാൽ എന്തഭിമാനമാണൂള്ളത്?

ക്നാനായ്കളുടെ കൂട്ടയ്മയെയോ, വൈകാരിക ബന്ധങ്ങളെയോ, സമൂഹത്തെയോ മതത്തിനോടുള്ള സ്നേഹത്തെയോ ആരും വിമർശിക്കുന്നില്ല. അനേകർക്ക് വിദേശത്ത് കുടിയേറാൻ സാധിച്ചതും അവരുടെ ബന്ധുക്കൾ അഭിവൃത്തിപ്പെട്ടതും ക്നാനായ സമൂഹത്തിന്റെ ഈ വൈകാരിക ഐക്യം തന്നെയാണ്.അതിൽ ആ സമുദായത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഈ വൈകാരിക ഐക്യം ലോകത്തിലെ ഭീകരവാദികളെപ്പോലെ അധികമാകാതെയിരുന്നാൽ മതി. എന്നാൽ സ്വവംശശുദ്ധീകരണ വാദത്തിലൂടെ മറ്റുള്ള സമുദായങ്ങളെ ചെറുതായി കണ്ട് തറവാടിത്തം പുലമ്പുമ്പോൾ നിങ്ങളെ നോക്കി മറ്റുള്ള സമുദായങ്ങൾ പരിഹസിച്ചെങ്കിൽ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പന്തുകളിയിൽ പന്ത് നിങ്ങളുടെ കോർട്ടിലാണ്. പന്ത് തിരിച്ചടിച്ച് വിജയിച്ച് സത്യത്തിന്റെ വഴി തെരഞ്ഞെടുക്കേണ്ടതും നിങ്ങളുടെ കടമയാണ്. ഇപ്പോൾ കഴുതകളുടെ വിഴുപ്പ് ചുമക്കുന്നതുപോലെ പണ്ടാരോ എഴുതി വെച്ച ചരിത്രങ്ങൾ വാസ്തവങ്ങളെന്നും നിങ്ങൾ വിശ്വസിക്കുന്നു. ഭാരതത്തിൽ പതിനേഴ് നൂറ്റാണ്ടിന്റെ ചരിത്രം ഉണ്ടെന്ന അവകാശവാദവും യോജിക്കുന്നില്ല. നിങ്ങളുടെ സംസ്ക്കാരം ഭാരതത്തിൽ ക്രിസ്തുവിന് അനേക നൂറ്റാണ്ടുകൾ മുമ്പും ഉണ്ടായിരുന്നു. ആദിദ്രാവിഡരെ സംബന്ധിച്ച് അശോകന്റെ കല്ലുകളിൽ കൊത്തിയ ശിലാലിഖിതങ്ങൾ ഈ ചരിത്ര സത്യങ്ങൾക്ക് വെളിച്ചം നല്കുന്നുണ്ട്. വടക്കനാണോ തെക്കനാണോ കൂടുതൽ തറവാടിത്ത പാരമ്പര്യമുള്ളതെന്ന് നാളിതുവരെയായി ഒരു നരവംശ ശാസ്ത്രജ്ഞനും ഗവേഷണം നടത്തിയിട്ടില്ല. അതുകൊണ്ട് വടക്കർ തെക്കരോട് അസൂയപ്പെടേണ്ട കാര്യവുമില്ല. ഇപ്പോൾ തർക്കമുള്ളത് കാട്ടുകള്ളൻ വീരപ്പൻ വടക്കനോ തെക്കനോഎന്നാണ്. പുലയനെങ്കിൽ വടക്കൻ, പറയനെങ്കിൽ തെക്കനെന്നും വിചാരിക്കാം. വീരപ്പൻ തമിഴകത്തോ കൊടുങ്ങല്ലൂരോ വന്ന യഹൂദനായ  കടൽകൊള്ളക്കാരൻ മറ്റൊരു തോമസിന്റെ സന്തതിയുമാകാം. ശ്രീ സാവിയോ ഡോമിനിക്കിന്റെ ലേഖനം തുടങ്ങുന്നതും അവസാനിക്കുന്നതും "മുണ്ടുടുക്കാത്ത നാട്ടിൽ വെളുത്തെടനെന്തിന്' എന്നു ചോദിച്ചുകൊണ്ടാണ്. പെരിയാറിന്റെ തെക്കുവശത്തായി ഇന്നും കൗപീനം ധരിച്ചുനടക്കുന്ന ഒരു ജനതയോട് സംസ്ക്കാരത്തിന്റെ വഴി ഒരു വടക്കൻ കാണിച്ചു കൊടുക്കുന്നതിൽ അയാളെ അഭിനന്ദിക്കുകയാണ് വേണ്ടത്. 'അപ്പാ എന്നെ എത്ര തല്ലിയാലും ഞാൻ നന്നാവുകയില്ലാ' യെന്ന് വിലപിക്കുകയല്ല വേണ്ടത്. കൗപീനം മാറ്റി കുറഞ്ഞത്‌ മുണ്ടെങ്കിലും ഉടുക്കൂ. വെളുത്തേടത്തിനും  തൊഴിൽ വേണമല്ലോ.  
------------------------------------------------------------------------
  ക്നാനായ സമുദായത്തിലെ ബുദ്ധിജീവി വിഭാഗത്തിൽപ്പെട്ട അറിവും പാകതയുമുള്ള ശ്രീ ജോർജ് ജെ പൂഴിക്കാലായുടെ പണ്ഡിതോചിതമായ ലേഖനം ഓരോ ക്നായക്കാരനും മനസിരുത്തി വായിക്കേണ്ടതാണ്. നല്ല ആശയങ്ങളെ, ഉൾക്കൊണ്ട്‌ ആധികാരികമായി കിടിലം കൊള്ളിക്കുന്ന ഒരു ലേഖനം കാഴ്ച്ചവെച്ചതിൽ അദ്ദേഹത്തെ അഭിനന്ദിക്കട്ടെ. പ്രിയപ്പെട്ട ക്നാനായ തീവ്രവാദികൾ ജനിച്ച മണ്ണിനോട് കൂറ് പുലർത്തി കണ്ണ് തുറക്കുമെന്നും വിചാരിക്കുന്നു. ഒരു വലിയ ലോകമാണ് ശുദ്ധമായ നിങ്ങളുടെ രക്തത്തെ പരിഹസിക്കുന്നത്. മറ്റുള്ള ജാതികൾക്ക് ക്നനായക്കാരോട് അസൂയയാണെന്ന് ആരൊ എഴുതി. അസൂയയോ? അതിന് അവകാശപ്പെടാൻ നിങ്ങള്ക്കെന്താണ് മെച്ചം? ജ്ഞാനം നിങ്ങളെ വിവേകികളാക്കും. അന്ന് അവിവേകികൾ നിങ്ങളോട് അസൂയപ്പെടും. അതുവരെ നിങ്ങളെ നയിക്കുന്നത് ശുദ്ധരക്തമെന്ന സ്വപ്നലോകത്തിലെ വിഡ്ഢികളും.

സത്യത്തെയും അസത്യത്തെയും തിരിച്ചറിയാൻ ജ്ഞാനോദയമുണ്ടാകണം. .പൗരാണിക തമിഴ്കൃതികളും യഹൂദരുടെ ചരിത്ര പാരമ്പര്യവുമെല്ലാം തുലനം ചെയ്യുമ്പോൾ നിങ്ങൾ ഭാരതമണ്ണിന്റെ മക്കൾ. ഒരു ക്നനായ്ക്കാരനും ശുദ്ധരക്തം സത്യങ്ങളെന്ന് തെളിയിക്കാൻ സാധിക്കില്ല.

ശ്രീ പൂഴിക്കാലായുടെ വാചകങ്ങൾ ഞാൻ കടം എടുക്കുകയാണ്. "ജോസഫ് മാത്യൂ എഴുതിയ ലേഖനം വസ്തുതകളെ നിഷേധിക്കുന്നവർക്ക്‌ അപമാനമെന്ന്‌ തോന്നുമെങ്കിലും സത്യം ചിലർക്ക് മുറിവേലക്കും. നിർഭാഗ്യവശാൽ ജ്ഞാനം തേടുന്നവരും സത്യത്തിന്റെ കാഹളം ശ്രവിക്കുന്നവരും എന്റെ സമൂഹത്തിൽ ചുരുക്കം പേരെയുള്ളൂ. ഉദിച്ചുയരുന്ന അറിവിന്റെ പ്രകാശകിരണങ്ങൾ സർവ്വതിന്മകളുടെയും അസ്തമയലയനമാണ്. അവിടെ വെറുപ്പില്ല, ഞാൻ വലിയവനെന്ന അഹംബോധമില്ല. വർഗീയ, സങ്കുചിത, സ്വജനപക്ഷപാതം എന്നീ സാമൂഹിക അരാചകത്വങ്ങൾ അജ്ഞാനിയുടെ ദുരവസ്തകളാണ്."
ക്നായക്കാർ ഇന്ത്യയിലെ ആദിദ്രാവിഡർ തന്നെയാണെന്ന ആധികാരികമായ എല്ലാവിധ ശാസ്ത്രതെളിവുകളുമുണ്ട്. അവരുടെ ഭക്ഷണരീതികൾ, ശരീരഘടന, സമുദായാചാരങ്ങൾ, സാമൂഹിക ചിട്ടകൾ എന്നിങ്ങനെ തനി ഭാരതീയ പാരമ്പര്യം വിളിച്ചുപറയുന്നു. സംശയമുണ്ടെങ്കിൽ വെള്ളാള ചെട്ടിമാരുടെ ജീവിതരീതികളെ പഠിക്കൂ.
ആദിഭാരതീയർ എന്ന് പറയുന്നതിൽ എന്താണ് അപമാനമുള്ളതെന്നും മനസിലാകുന്നില്ല. ഇല്ലാത്ത തോമ്മായെവെച്ച് ബ്രാഹ്മണത്വം പുലമ്പി നടക്കുന്ന മറ്റൊരു കൂട്ടരുമുണ്ട്. പുരാതന കാലത്ത് കേരളത്തിലെ പറയ, പുലയ ജാതികൾ അലഞ്ഞുനടന്ന യഹൂദ യാചകരെക്കാളും സംസ്ക്കാരമുള്ളവരായിരുന്നു. വേദങ്ങൾ രചിച്ച വേദവ്യാസൻ ചണ്ഡാളനായിരുന്നു. പ്രാചീന തമിഴ്കൃതികളിൽ ഉള്ള 72 അവകാശങ്ങൾ രാജാവ് കൽപ്പിച്ചത് നമ്മുടെ പൂർവിക തലമുറകളായ പുലയർക്കും പറയർക്കുമായിരുന്നു. ക്നനായക്കാർ ആ അവകാശങ്ങളുടെ ചുവട് പിടിച്ചുനടന്നു.

1700 വർഷങ്ങളോളം ഒരു ജീവജാലങ്ങൾക്കും ശുദ്ധരക്തവുമായി തരണം ചെയ്യാൻ സാധിക്കില്ല. മേനാച്ചേരി, വെള്ളിയാൻ ജേക്കബ്, പൊടിപ്പാറ, ചാഴികാടൻ എന്നിവർ കൊടുത്തിരിക്കുന്ന ഗ്രന്ഥങ്ങളിലെ റഫറൻസ് പച്ചകള്ളങ്ങളാണ്. നുണകൾകൊണ്ട് മെനഞ്ഞെടുത്ത കഥകൾ വിശ്വസിച്ച് ആഡ്ഡ്യത്യം പുലർത്തുന്ന വെറും പാവങ്ങളാണ് ക്നനായക്കാർ. പ്രകൃതിയോട് മല്ലടിച്ചുജീവിച്ചിരുന്ന ആദികേരള ജനതതക്ക് കപടതയില്ലായിരുന്നു. ക്നാനായ സമൂഹവും അതുപോലെ തന്നെ. തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്ന ക്നനായ സമൂഹത്തിന്റെ ഭാഗമായ എഴുത്തുകാരും പുരോഹിത ലോകവുമാണ് ഇവരെ ഇരുട്ടിലേക്ക് നയിച്ചത്.

പൂർവികരുടെ അസ്ഥികളെ ദൈവങ്ങളായി പൂജിക്കുന്നത് ക്രിസ്തീയതയല്ല. ക്നായ തൊമ്മനെന്ന സങ്കല്പ്പ യഹൂദനാവികനെ ലോകത്തിലെ ഏതു ഗ്രന്ഥപ്പുരയിൽ അന്വേഷിച്ചാലും കണ്ടെത്തില്ല. പതിനൊന്നാം നൂറ്റാണ്ടിൽ ചൈനക്കാർ കണ്ടുപിടിച്ച വെടിമരുന്നുകൊണ്ട് മൂന്നാം നൂറ്റാണ്ടിൽ ആ നാവികനെ 101 ആചാര വെടികൾകൊണ്ട് ആചരിച്ചെന്നുവരെയാണ് ചരിത്രഗ്രന്ഥങ്ങൾ രചിച്ചിരിക്കുന്നത്. മൂന്നു തൊട്ട് അഞ്ചു നൂറ്റാണ്ടുകൾവരെ കേരളചരിത്രം ഇരുട്ടിൽ തപ്പുമ്പോൾ ഈ കടൽനാവികൻ വന്ന കൃത്യമായ സ്ഥലവും ജനിച്ച തിയതിയും രാജകീയ പ്രമാണങ്ങളും ക്നായക്കാർക്കറിയാം. പോർട്ടുഗീസുകാരുടെ പച്ചനുണകൾ ഒരു സമൂഹത്തെ മുഴുവൻ മസ്തിഷ്ക്ക പ്രഷാളനം ചെയ്തുവെന്നാണ് സത്യം.
പൗരാണികകാലം മുതലേ യഹൂദരുടെയും അറബികളുടെയും രക്തം സങ്കരമാണ്. പിന്നെ സങ്കരമല്ലാത്ത രക്തം ക്നായക്കാർക്ക്‌ എങ്ങനെയുണ്ടായി.? ചിന്തിക്കാൻ അവർക്ക് നേരമില്ല. പണ്ട് മൂപ്പനെന്ന് വിളിച്ചവരുടെ സ്ഥാനത്തല്ലയോ അഭിനവ തിരുമേനിമാർ അംശവടിയും കൂഷ്മാണ്ടൻ തൊപ്പിയുമണിഞ്ഞ് നടക്കുന്നത്. .

ഞാൻ എഴുതിയ ആദിദ്രാവിഡരുടെ കൗപീനം ശുദ്ധമായിരുന്നു. അക്കരെ ശുദ്ധമായ കൗപീനം ധരിച്ചവരെപ്പറ്റി മാത്രമേ ഞാൻ എഴുതിയുള്ളൂ. എന്നാൽ ശ്രീ പൂഴിക്കാലയുടെ ലേഖനത്തിൽ ഒരു പടികൂടി മുമ്പോട്ട് എഴുതിയിരിക്കുന്നു. “It is morally wrong, no cultural value, as a tradition it stinks. It stinks worse than a never washed koupeenam which was a tradition as well." ക്നാനായ സമൂഹത്തെ മുഴുവൻ ശുദ്ധരക്തം നാറിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നു. അങ്ങനെ പിന്തിരിപ്പനായ നിങ്ങളുടെ സമൂഹം പുരോഗമന ലോകത്തിലെ മാറ്റത്തിനായി മുറവിളികൂട്ടണം.  
------------------------------------------------------------------------





അറിവില്ലാത്തവർ വിഡ്ഢിയായ എം.എ ക്കാരൻ, വിവരദോഷി എന്നൊക്കെ പറയുമ്പോൾ അവരോട് സഹതാപമല്ലേ വേണ്ടത് ചാക്കോച്ചാ! എന്നെ വെളുത്തേടൻ എന്ന് വിളിച്ചുള്ള ഒരു മാന്യന്റെ സാഹിത്യകൃതി ക്നാനായ വിശേഷങ്ങളിലുണ്ട്. വ്യക്തിഹത്യയാണ്‌ അയാള്ക്കിഷ്ടം. ചിലർക്ക് ജയിക്കാൻ വ്യക്തിഹത്യ ഒരു ഹരവുമാണ്.
അയാളെപ്പോലെ ഇത്തരം സംസ്ക്കാരരഹിതരും ആ സമൂഹത്തിൽ ഉള്ളപ്പോൾ അവർക്കിടയിൽ യഹൂദരക്തവും ഒഴുകുന്നുണ്ടെന്ന് വേണം അനുമാനിക്കാൻ. എങ്കിലും ആ മനുഷ്യൻ ഏതോ സ്വപ്ന ലോകത്തിൽ എന്തോ സത്യമെന്ന് വിശ്വസിച്ചുനടക്കുന്ന വെറും പാവം ശുദ്ധനാണെന്നതിലും സംശയമില്ല. കാനഡായിൽ അടുത്തമാസം അതിശൈത്യം വരുമ്പോൾ സ്വന്തം സമൂഹത്തിൽ മുമ്പുണ്ടായിരുന്ന കുറ്റകരമായ വംശീയ തീണ്ടൽപദങ്ങൾ വിളിക്കില്ലെന്നും കരുതാം. അത്തരം കമ്മന്റുകൾ അമേരിക്കയിൽ ശിക്ഷാഹർമാണ്. അഡ്നിസ്ട്രേട്ടർ അതെല്ലാം മനുഷ്യാവകാശ കമ്മീഷൻ കണ്ടുപിടിക്കുന്നതിനുമുമ്പ് നീക്കം ചെയ്തത് അയാൾക്ക്‌ ഗുണമായി.

ഒരു പുസ്തകംപോലും ജീവിതത്തിൽ വായിക്കാൻ സമയമില്ലാത്തവരുടെ തലയിൽ ശുദ്ധരക്തവാദികൾ ആവശ്യത്തിന് മയക്കുമരുന്ന് വിഷം കുത്തിവെച്ചിട്ടുണ്ട്. വിഷയങ്ങളിലേക്ക് കടക്കാൻ കഴിയാത്ത ഇവർക്ക് വ്യക്തികളുടെ ആദികാല ചരിത്രംവരെ ചികയാനാണ് താല്പര്യം. ക്നനായ സാമൂഹികപ്രശ്നങ്ങളുടെ ഈ വിഷയങ്ങൾ രക്തവാദികളുടെ രക്തം തിളക്കാനും കാരണമാകും. സദാം ഹുസയിനെപ്പോലെ ശുദ്ധരക്തം വഹിച്ചുകൊണ്ടു നടക്കുന്ന പോങ്ങച്ചക്കാരെ ശാന്തമാക്കാനും പ്രയാസമാണ്. സദാം ഹുസൈനിന്റെ നാട്ടിൽ ഈ ഏകാധിപതിയുടെ രക്തമെന്ന് പറഞ്ഞ് ചെന്നാൽ അവരടിച്ച് പുറത്താക്കും. നാടുമുഴുവൻ ഇന്ന് ക്രിസ്ത്യൻ പള്ളികൾ ഒന്നാകെ തകർത്തുകൊണ്ടിരിക്കുന്ന ബാർബേറിയൻ സമൂഹത്തിലെ പാരമ്പര്യത്തിൽ ഇവർ അഭിമാനം കൊള്ളുന്നു. കഷ്ടമെന്നേ പറയാനാവൂ.

ജോർജ് പൂഴിക്കാല പറഞ്ഞതുപോലെ "ചില മിടുക്കന്മാരുടെ വിരുതിൽ മനസാക്ഷിയെ വികൃതമാക്കി സമൂഹമൊന്നാകെ (inhibition ) മസ്തിഷ്ക്ക പ്രഷാളനം ചെയ്താൽ അവർ പുകയിലകൊണ്ടും ലഹരികൊണ്ടും മത്തുപിടിച്ചവരെപ്പോലെയാകും. വസ്തുതകളെ നിഷേധിക്കുക, സത്യങ്ങളെ വളച്ചൊടിക്കുക, വ്യക്തിഹത്യ നടത്തുക ഇതെല്ലാം മനസിന്റെ സമതലതന്നെ തെറ്റിയവരായ ഇവരുടെ ഒരു തരം മനശാസ്ത്രാരോഗമായി രൂപന്തരപ്പെട്ടതാണ്." വാക്കുകൾ ഇല്ലാതാകുമ്പോൾ ഇത്തരക്കാർ വ്യക്തികളെ അസഭ്യപേരുകൾ വിളിക്കും. ചാണക്യന്മാർ രാഷ്ട്രീയത്തിലുള്ളതുപോലെ കള്ളങ്ങളാൽ നെയ്തെടുത്ത വിവിധതരം ചാണക്യതന്ത്രങ്ങൾ സമൂഹമൊന്നാകെ നടപ്പിലാക്കിയിട്ടുണ്ട്. മതഭ്രാന്തരായ വ്യക്തികളിൽ ആവേശരായി ജനം മുഴുവൻ അവരുടെ പിന്നാലെ പോകുന്നതും അപകടകരമാണ്.

മൂന്നാം നൂറ്റാണ്ടുമുതൽ അഞ്ചാം നൂറ്റാണ്ടുവരെ കേരളം ഭരിച്ചിരുന്ന ഒരു രാജാക്കന്മാരുടെയും വ്യക്തമായ ചരിത്രവിവരങ്ങൾ കേരളചരിത്രത്തിന്റെ ഗവേഷണ ഗ്രന്ഥപ്പുരകളിൽ ഇല്ല. എന്നാൽ ക്നായി ഇതിഹാസ കടൽതൊമ്മനൊപ്പം മാർ ഊർഹാ യൂസഫ് എന്ന ബിഷപ്പും പുരോഹിതരും ഡീക്കൻമാരും ഉണ്ടായിരുന്നു. ആ കടൽ തിരുമേനിയുടെ കൃത്യമായ പേര് ഐ.പി. എസ് കാരൻ പോലീസുകാരന് എവിടെനിന്ന് കിട്ടിയെന്നറിയില്ല. ഒരു പുരോഹിതനെപ്പോലെ പോലീസുകാരന്റെ ബുദ്ധിയും ബോധവും അത്രയും കണക്കാക്കിയാൽ മതിയല്ലോ.

ഒരിക്കൽ ഒരു സദസിൽ ഒരു ക്നനായിക്കാരൻ യേശുവിന്റെ രൂപം കാണിച്ച് തങ്ങളിൽ പലരുടെയും മുഖച്ഛായ യേശുവിനെപ്പോലെയെന്ന് പൊങ്ങച്ചം പറയുന്നതു കേട്ടു. എന്നാൽ യേശുവിനെ വരച്ച കലാകാരന്റെ ഭാവന ഒരു സായിപ്പായിരുന്ന യേശുവായിരുന്നുവെന്ന സത്യം അയാൾക്ക്‌ ചിന്തിക്കാൻ കഴിവില്ലായിരുന്നു. യഹൂദന് പടത്തിൽ കാണുന്ന യേശുവിനെപ്പോലെ നീലക്കണ്ണുകളോ സായിപ്പിനെപ്പോലെ തലമുടിയോ ഇല്ല. യേശുവിന്റെ രക്തംതന്നെ ശുദ്ധമല്ല. ദാവീദിന്റെ ഗോത്രത്തിൽ പ്രവാചകർ ആഫ്രിക്കൻ സ്ത്രീകളെയും വിവാഹം ചെയ്തിട്ടുണ്ട്.

ക്നനായിക്കാരുടെ സംഘിടിതമതവും ഭ്രാന്തും രക്തശുദ്ധിവാദവും രാജ്യത്തിനുതന്നെ അപകടമാണ്. ഭീകരവാദികൾ സൃഷ്ടിക്കപ്പെട്ടതും ഇത്തരം മതസമൂഹങ്ങളിൽനിന്നാണ്. മതഭ്രാന്തരായ ഇവർ രാഷ്ട്രീയസ്വാധീനം പ്രയോഗിച്ച് ഹിന്ദുക്കളുടെയും മറ്റു മതസ്ഥരുടെയും അവകാശങ്ങളെ പിടിച്ചെടുക്കുന്നു. പണ്ടോരു ജോസഫ് ചാഴികാടൻ തിരുക്കൊച്ചി നിയമസഭയിൽ ഉണ്ടായിരുന്നു. അദ്ദേഹമാണ് ആദ്യം ക്നനായക്കാരെ യഹൂദരാക്കി ചരിത്രം എഴുതിയത്. ജീവിച്ചിരുന്നപ്പോൾ സഭാംഗങ്ങളെ ചിരിപ്പിക്കാൻ വിരുതുനായിരുന്നു. നിയമസഭയിലെ ജോക്കറായിരുന്ന അദ്ദേഹം എഴുതിയ ക്നനായക്കാരുടെ ചരിത്രവും ചരിത്രത്തിലെ വലിയ തമാശതന്നെ. അതിനെ ആധാരമാക്കിയാണ് ശുദ്ധരക്തവാദികളുടെ ചരിത്ര ഗവേഷണം പൂർത്തിയാക്കുന്നത്.

റോമിലെ പത്താം പീയുസിനെ പറ്റിച്ച് കോട്ടയത്ത് ഒരു രൂപതയും ഉണ്ടാക്കി. പാവം അഭയയുടെ കണ്ണുനീരും ഇവരുടെ നുണകളുടെ ചാരകൂമ്പാരത്തിൽ അലിഞ്ഞുചേർന്നു. അവൾക്കു നീതി നിഷേധിച്ച കാപാലികരാണ്‌ ഈ ശുദ്ധരക്തവാദികളും അവരുടെ അഭിഷിക്തരുമെന്നും മനസിലാക്കണം.             
 --------------------------------------------------------------------------------------------
-
ശ്രീ  ജോസഫ് മാത്യുവിനോട് വേറെ പണിനോക്കാൻ നിർദേശിച്ചുകൊണ്ടുള്ള ശ്രീ ജോസഫ് പുലികുത്തീൽ (Joseph Kurien Pulikuthiel) എഴുതിയ കാര്യ ഗൗരവമുള്ള ഒരു പോസ്റ്റ് ക്നാനായ വിശേഷങ്ങളിൽ ഉണ്ട്. അദ്ദേഹം അങ്ങനെ പറഞ്ഞെങ്കിലും ക്നാനായ സമുദായത്തിന്റെ മൗലികാശയങ്ങൾ  ലേഖനത്തിന്റെ ഉള്ളടക്കത്തിൽ വായിക്കാം. ആരംഭിച്ച പണി തീർക്കാതെ  പിന്തിരിയാനും മടിയുണ്ട്. ശ്രീ പുലികുത്തീലിന്റെ വിശുദ്ധ തോമസിനെപ്പറ്റി പറഞ്ഞ വാസ്തവികങ്ങളായ ചരിത്ര പശ്ചാത്തലത്തിൽ എനിക്കും യോജിപ്പുണ്ട്. എന്നാൽ കടലിൽനിന്നു പൊന്തിവന്ന ഒരു ക്നായ തോമസിനെപ്പറ്റിയുള്ള പൊങ്ങച്ചത്തിന്റെ തുറുപ്പുച്ചീട്ടിൽ വിയോജിപ്പാണുള്ളത്.

വെട്ടിക്കുന്നേൽ മത്തായി കത്തനാർ എഴുതിയ പുസ്തകത്തിൽ ദേശീയ ക്രിസ്ത്യാനികളെ വർഗ ജാതിവ്യവസ്ഥയിൽ നിന്ന് മോചിപ്പിച്ച് ക്നാനായ് തൊമ്മനും കൂട്ടരും സമൂഹത്തിൽ ഉന്നത സ്ഥാനം നേടികൊടുത്തെന്ന് പ്രസ്താവിച്ചിരിക്കുന്നു. കേരള ചരിത്രത്തിന്റെ പ്രാഥമിക പാഠംപോലും ഈ കത്തനാർക്ക് അറിവില്ലെന്ന് തോന്നുന്നു. ക്നാനായ തൊമ്മൻ വന്ന നൂറ്റാണ്ടുകളിൽ കേരളത്തിൽ ജാതി വ്യവസ്തയുണ്ടായിരുന്നില്ല. ജാതി വ്യവസ്ഥ കേരളത്തിൽ വന്നത് ബ്രാഹ്മണർ ശക്തി പ്രാപിച്ച എട്ടാം നൂറ്റാണ്ടു മുതലാണ്. ശങ്കരന്റെ തത്ത്വങ്ങൾ വ്യാപിച്ചതോടെ കേരളത്തിൽ തീണ്ടൽ തൊടീൽ എന്ന ദുരാചാരങ്ങൾ ശക്തമായി. കത്താനരുടെ പുസ്തകത്തിൽ ഉള്ളതുപോലെ ചരിത്രത്തിൽ ഒരു വർഗ്ഗവും ഒരു രാജാവും ക്രിസ്ത്യാനികളെ  പീഡിപ്പിച്ചിട്ടില്ല.. മറിച്ച്, ഹിന്ദു രാജാക്കന്മാർ പള്ളികൾക്കും  ക്രിസ്ത്യാനികൾക്ക് കച്ചവടങ്ങൾക്കും സ്ഥലം ദാനമായി നല്കിയ ചരിത്രമാണുള്ളത്.

  ക്നനായക്കാരന്റെ പ്രാചീന  മാർഗംകളിയെ ശ്രീ ജോസഫ് പുലികുത്തീലിന്റെ  ലേഖനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. തമിഴ് പദങ്ങളുടെ ചുവയില്ലാത്ത ഈ പഴം മലയാളകൂത്തുപാട്ട് പ്രാചീന കവിതകളിൽ സ്ഥാനം കല്പ്പിച്ചിട്ടില്ല. മാർഗംകളിയെന്ന് പറഞ്ഞാൽ വഴിപ്പാട്ടെന്നാണ് അർഥം. 'സംഘം പാട്ട്' എന്ന പേരിൽ തമിഴ് പറയർ ചൂട്ടും കെട്ടി വെളുപ്പാൻ കാലം പണിക്ക് പോയിരുന്ന വഴികളിൽ പാടിയിരുന്ന പാട്ട് പിന്നീട് മലയാളീകരിച്ച് മാർഗം കളിയുടെ പാട്ടാക്കി. സംഘം പാട്ടിനെപ്പറ്റി തമിഴ് സംഘം കൃതിയിൽ ഉണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ഈ പാട്ടിനെ അത്മീകരിച്ച് ക്നനനായ സമുദായം വംശീയ പാട്ടാക്കി.

മൂന്നും നാലും നൂറ്റാണ്ടുകളിൽ യഹൂദർ ഇറാക്കിൽ ക്രിസ്ത്യാനികളെ പീഡിപ്പിച്ച കാലങ്ങളിൽ ക്രിസ്തുമതത്തെ റോമിൽ അക്കാലത്ത് ദേശീയ മതമാക്കിയിരുന്നു. ആ കാലയളവിൽത്തന്നെ ഭാരതത്തിൽ ഹിന്ദുക്കൾ ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്നെന്ന് കത്തനാരും അഭിപ്രായപ്പെടുന്നു.  എങ്കിൽ പീഡനം ഭയന്ന് കൂടുതൽ സുരക്ഷിതമായ റോമിലേക്ക് ക്നാനായ തൊമ്മനും കൂട്ടരും എന്തുകൊണ്ട് പലായനം ചെയ്തില്ല?    ഈ കഥ കത്തനാരുടെ പുസ്തകത്തിലെ സൃഷ്ടിയെന്നും കരുതണം. 

സർ സി.പി. യ്ക്കെതിരെ ക്രിസ്ത്യൻ സമൂഹത്തെ രക്ഷിക്കാൻ മുന്നണിപോരാളി ജോസഫ് ചാഴികാടനായിരുന്നുവെന്ന് ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. തിരുവിതാംകൂർ ചരിത്രം ശരിയായി അവലോകനം ചെയ്‌താൽ വ്യക്തമായ ചരിത്രം കിട്ടും. വടക്കരായ പാലാക്കാരും കാഞ്ഞിരപ്പള്ളിക്കാരുമായിരുന്നു അന്ന് മുമ്പിൽ ഉണ്ടായിരുന്നത്. തെക്കരുടെ മെത്രാന്മാർ സി.പി.യ്ക്കെതിരെ നിശബ്ദത പാലിച്ചപ്പോൾ അറസ്റ്റിനെ വകവെക്കാതെ സധൈര്യം ആ ഏകാധിപതിക്കെതിരെ ശക്തമായ ഇടയലേഖനം ഇറക്കിയത് ബിഷപ്പ് ജെയിംസ്‌ കാളാശേരിയായിരുന്നു.  അന്നത്തെ ജനകീയ നേതൃത്വം ആർ.വി.തോമസ്, അക്കാമ്മ, പട്ടം, വർഗീസ്‌ എന്നിവരായിരുന്നു. അവർ ചെയ്ത സമരങ്ങളുടെ ക്രെഡിറ്റ് ക്നാനായ പുസ്തകങ്ങൾ ഇന്ന് ചാഴികാടന് കൊടുത്തിരിക്കുകയാണ്. സി.പി. യ്ക്കെതിരെയുള്ള പോരാട്ടത്തിൽ അന്ന് ചാഴികാടൻ  അപ്രധാന രാഷ്ട്രീയ വ്യക്തിയായിരുന്നു.     

 

ക്നനായക്കാരുടെ ലേഖനത്തിലുള്ള പൊങ്ങച്ചത്തിൽ കേരളത്തിൽ സുറിയാനി ഭാഷയും റീത്തും ക്നാനായ തൊമ്മൻ ഇറാക്കിൽനിന്നും കൊണ്ടുവന്നുവെന്നാണ്. സുറിയാനി ഭാഷയുടെ കേരളചരിത്രം പതിമ്മൂന്ന് നൂറ്റാണ്ട് മാത്രമുള്ളപ്പോൾ നാലാം നൂറ്റാണ്ടിൽ ക്നനായി തൊമ്മൻ സുറിയാനിഭാഷ ആരാധനയിൽ നടപ്പിലാക്കിയെന്ന വാദം അവിശ്വസിനീയമാണ്. ലിങ്ക് ചെയ്തിരിക്കുന്ന അനുബന്ധത്തിലെ Dr. രാധാകൃഷ്ണന്റെ ലേഖനം വായിച്ചാൽ ചരിത്രത്തിന്റെ ചൂണ്ടുപലക കാണാം. http://indiatoday.intoday.in/story/tiny-village-in-kerala-one-of-the-last-bastions-of-syriac-in-the-world/1/276352.html

 

അടുത്ത വാദം മാർ യോഹന്നാൻ എന്ന കിഴക്കിന്റെ കാതോലിക്കാ ക്നായാ തോമസിനെ ഭാരതത്തിൽ അയച്ചുവെന്നാണ്. കിഴക്കിന്റെ കാതോലിക്കാമാരുടെ ലിസ്റ്റിൽ എ..ഡി. 680 -683വരെ യോഹന്നാൻ 1 എന്ന ബാവായുടെ പേരുണ്ട്.  അവിടെയും ക്നനായ തോമസിൻറെ നാലാം നൂറ്റാണ്ടിലെ ചരിത്രം യോജിക്കുന്നില്ല. 

ബ്രാഹ്മണ നായർ സമുദായങ്ങൾ രക്തബന്ധം തുടരുന്നുണ്ടെങ്കിലും അവരെ സമുദായം വിലക്കുന്നില്ല. ബ്രാഹ്മണനും നായരും തമ്മിൽ വിവാഹബന്ധം ഏർപ്പെട്ടാൽ അവരിൽ ഉണ്ടാകുന്ന മക്കൾ മേനോൻ എന്ന ഉയർന്ന ജാതിയിൽ ഉൾപ്പെടുത്തും. ക്നനായക്കാരെപ്പോലെ അവർക്ക് മതകർമ്മങ്ങൾ നിഷേധിച്ച് അമ്പലവിലക്ക് കല്പിപ്പിക്കാറുമില്ല.        

 

Thursday, October 24, 2013

അഭിഷിക്തരോട് പട പൊരുതുന്ന മാർപാപ്പാ














 



വിനയവും എളിമയും മാതൃകയാക്കേണ്ട അഭിഷിക്തരുടെ ആർഭാടജീവിതം ചൂണ്ടികാണിച്ചുകൊണ്ട് ജർമ്മനിയിൽ ഒരു ബിഷപ്പിനെ താല്ക്കാലികമായി ഫ്രാൻസീസ് മാർപാപ്പാ ഔദ്യോഗിക സ്ഥാനത്തുനിന്നും നീക്കംചെയ്തത് കാക്കനാട്ടുമുതൽ ലോകത്തുള്ള മെത്രാന്മാരെ ഒരുപോലെ ഞെട്ടിച്ചിട്ടുണ്ടാകാം. ലോകം മുഴുവൻ പണപ്പിരിവിനായി വിമാനത്തിൽ സഞ്ചരിക്കുന്ന കർദ്ദിനാൾ ആലഞ്ചേരിയുൾപ്പടെയുള്ള മലയാളീ മെത്രാൻ മെത്രാപ്പോലീത്താമാർ ഭാവിപരിപാടികൾ ഇനി എന്തേയെന്ന് ആലോചിക്കുന്നുമുണ്ടാവാം. ഇറ്റലിയിൽ മണിമാളിക പണിയാൻ വലിയ ഒരു ബഡ്ജറ്റും കാക്കനാട്ട് തയാറാക്കിയിട്ടുണ്ട്. കൂടാതെ ഇവരുടെ ഭാവിപദ്ധതികൾ സീറോമലബാർ രൂപതകൾ ലോകം മുഴുവൻ വ്യാപിപ്പിച്ച് യൂറോപ്പിലും അമേരിക്കയിലും മെത്രാന്മാരെ പ്രതിഷ്ഠിച്ച് അരമനകൾ പണിയാനുമാണ്. പണക്കാരുടെ ചെണ്ടമേളങ്ങളിലും സ്ത്രീജനങ്ങളുടെ താലപ്പൊലി സ്വീകരണങ്ങളിലും ഫോട്ടോക്കു പോസ് ചെയ്യലിലും അഭിഷിക്തർ താൽപര്യപ്പെടുന്നു.  വിദേശത്തുള്ള ഇത്തരം പരിപാടികളിൽനിന്നും  അകന്നുനിന്ന് ഒരു ഇടയനെപ്പോലെ ഇനിയുള്ളകാലം ദളിതരുടെയും ദരിദ്രരുടെയും കൂടെ  ആലഞ്ചേരി പിതാവ് പ്രവർ‍ത്തിക്കുമെന്നും പ്രതീക്ഷിക്കാം. ധ്യാനകേന്ദ്രത്തിന്റെ മറവിൽ കാഞ്ഞിരപ്പള്ളി രൂപത മോണിക്കയുടെ വസ്തു തട്ടിയെടുത്ത വിവരവും മാർപാപ്പായുടെ ശ്രദ്ധയിൽപ്പെടുത്തണം. ജർമ്മൻ മെത്രാനെക്കാളും ആഡംബരത്തിൽ കാഞ്ഞിരപ്പള്ളിമെത്രാൻ ഒരു പടികൂടി മുമ്പിലായിരിക്കുമെന്നതിലും സംശയമില്ല.   



ജർമ്മനിയിലെ ലിംന്‍ബര്‍ഗ് ബിഷപ്പ്, ഫ്രാന്‍സ് പീറ്റര്‍ തെബാര്‍ട്‌സ് വാന്‍ ഏഴ്സ്റ്റി (Franz Peter Tabartz -Vanelist ) സ്വന്തം അരമനയും ചാപ്പലും പൂന്തോട്ടവും നിർമ്മിക്കാൻ 41 മില്ല്യൻ ഡോളറാണ് ബഡ്ജെറ്റിൽ ഉൾപ്പെടുത്തിയത്. ആഡംബരമേറിയ അദ്ദേഹത്തിന്റെ കൊട്ടാരം പണികളെപ്പറ്റി ജർമ്മൻപത്രങ്ങൾ നിറയെ വാർത്തകളായി മുഴങ്ങിയിരുന്നു. പൂന്തോട്ടം നിർമ്മാണത്തിനുതന്നെ ഒന്നേകാൽ മില്ല്യൻ ഡോളർ ചെലവാക്കി. സഭയുടെ നിയമം അനുസരിച്ച് തക്കതായ കാരണങ്ങളുണ്ടെങ്കിലേ ഒരു ബിഷപ്പിനെ പുറത്താക്കാൻ സാധിക്കുകയുള്ളൂ.  ഒന്നുകിൽ സേവനം ചെയ്യാൻ ആവാതെ കടുത്ത അസുഖമുണ്ടായിരിക്കണം. അല്ലെങ്കിൽ സഭാനിയമങ്ങൾ ലംഘിച്ചിരിക്കണം. അതിൽ രണ്ടാമത്തെ കാരണം വത്തിക്കാൻ പരിഗണനയിൽ എടുത്തേക്കാം.
ഇതിലെന്തു തെറ്റെന്ന് കേരളത്തിലെ സുറിയാനിസഭയിലെ അഭിഷിക്തർ ചോദിക്കുന്നുണ്ടാവാം. സഭയിലെ രാജകുമാരന്മാർ പത്രോസിന്റെ പാറയിന്മേൽ ഉറച്ച കെട്ടിടങ്ങളിൽ വാണരുളണമെന്നും ചിന്തിക്കുന്നുണ്ടാവാം. ചുറ്റും സുന്ദരമായ കെട്ടിടങ്ങൾ ഉള്ളപ്പോൾ അഭിഷിക്തരായ തങ്ങൾക്കും എന്തുകൊണ്ട് മനോഹരമായ കൊട്ടാരങ്ങൾ ആയിക്കൂടാ?  സഭ പണിതതും അത്യുന്നതനായ ദൈവത്തിന്റെ മഹത്വത്തിലാണ്. ഗോപുരങ്ങളുടെ ഉയരം കൂടുംതോറും യേശുവിൽക്കൂടി ആത്മാവിന് പിതാവിങ്കൽ പ്രാപിക്കാനും എളുപ്പമാകും. പള്ളി പണിയുന്നതും രണ്ടും മൂന്നും തലമുറകൾക്കായിട്ടാണ്. സ്വാർഥമതികളായ ഇന്നത്തെ തലമുറയ്ക്ക് മാത്രമായിട്ടല്ല.  
പണുത കൊട്ടാരം വിനോദസഞ്ചാരികളെ ആകർഷിക്കുവാനും ബിഷപ്പ് ആഗ്രഹിച്ചു. അതുവഴി സഭയുടെ മനോഹാരിത പുറംലോകം അറിയുവാനും ആഗ്രഹിച്ചു. യേശുവിന്റെ ആലയം മണൽപ്പുറത്തല്ല പണിയേണ്ടത്. യേശു പ്രകൃതിയുടെയും സൗന്ദര്യം ദർശിച്ചിരുന്നു. മലകളും കടലുകളും ഉദ്യാനങ്ങളും അവിടുത്തേക്കിഷ്ടമായിരുന്നു. ഈ സൌന്ദര്യം വിശ്വാസിയുടെ ഹൃദയപരിമളമാണ്. ഇതെല്ലാം അവിടുത്തെ സഭയാകുന്ന മണവാട്ടിയ്ക്ക് വിശ്വാസികൾ ഔദാര്യപൂർവം അർപ്പിച്ചതാണ്. ഇങ്ങനെയിങ്ങനെ പഴഞ്ചനായ തത്ത്വചിന്തകൾ ജർമ്മൻബിഷപ്പ് പറഞ്ഞിട്ടും സാധാരണക്കാരിൽ വെറും സാധാരണക്കാരനായി ജീവിക്കുന്ന ഫ്രാൻസീസ് മാർപാപ്പാ ചെവികൊണ്ടില്ല.
വിശ്വാസികളുടെ പരാതികൾ പരിഗണിച്ചുകൊണ്ട്‌  ലിംന്‍ബര്‍ഗ് ബിഷപ്പ്, ഫ്രാന്‍സ് പീറ്റര്‍ തെബാര്‍ട്‌സ് വാന്‍ ഏഴ്സ്റ്റിനെ (Franz Peter Tabartz -Vanelist ) മാർപാപ്പാ  അടിയന്തിരമായി വത്തിക്കാനിൽ വിളിച്ചുവരുത്തിക്കൊണ്ട് സമാധാനം ആവശ്യപ്പെട്ടു. ബിഷപ്പിന്റെ ചുമതലകളിൽനിന്നും സമയപരിധി നിശ്ചയിക്കാതെ താല്ക്കാലികമായി അദ്ദേഹത്തെ പുറത്താക്കി. ഒപ്പം വത്തിക്കാന്റെ ഭരണാധികാരിയായിരുന്ന മോണ്‍സിഞ്ഞോറിനെയും നിർബന്ധിത പെൻഷൻനൽകി പറഞ്ഞുവിട്ടു. ബിഷപ്പ് റ്റാബാറ്റ്സ് -വാൻ-എല്സ്റ്റിന്റെ ആർഭാടമേറിയ ജീവിതത്തിൽ ജർമ്മൻജനത അസഹ്യരായിരുന്നു. പരിവാരസഹിതം രാജ്യങ്ങൾ ചുറ്റികറങ്ങാൻ വിമാനത്തിലെന്നും ഒന്നാംക്ലാസ് ടിക്കറ്റിലേ സഞ്ചരിക്കുമായിരുന്നുള്ളൂ. ജർമ്മൻ ബിഷപ്പിനെ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്നും പുറത്താക്കിയതുവഴി മാർപാപ്പാ വിശ്വസിക്കുന്ന തത്ത്വങ്ങൾ സഭയിൽ നടപ്പിലാക്കാൻ ആരംഭിച്ചെന്നും അനുമാനിക്കണം. കൊട്ടാരസദൃശ്യമായ വത്തിക്കാനിലെ പാപ്പാമന്ദിരങ്ങളിൽ മുമ്പുണ്ടായിരുന്ന മാർപാപ്പാമാർ താമസിച്ചെങ്കിലും ഫ്രാൻസീസ് മാർപാപ്പാ അവിടെ ഇടുങ്ങിയ മുറികളുള്ള ഒരു കൊച്ചുഭവനത്തിലാണ് താമസിക്കുന്നത്. പ്രേഷിതവേല ചെയ്യുവാൻ നിയുക്തരായിരിക്കുന്ന മെത്രാന്മാർ കിരീടമണിഞ്ഞ രാജകുമാരന്മാരല്ലെന്ന് ഫ്രാൻസീസ് മാർപാപ്പാ കൂടെകൂടെ പറയാറുണ്ട്‌. സൌമ്യതയും വിനയവുമടങ്ങിയ ലളിതമായ ജീവിതമാണ് റോമൻ ക്യൂരിയാ പരിഷ്ക്കാരത്തെക്കാൾ പ്രാധാന്യമുള്ളതെന്ന് മാർപാപ്പാ അഭിഷക്തരെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. സഭയിലെ നവീകരണാവശ്യം ക്യൂരിയായിൽ അല്ലെന്നും പാപ്പാ പറഞ്ഞു. വത്തിക്കാനിലെ മുരടിച്ച പുരോഹിതരുടെ  അധികാരഭ്രാന്തിനെ പിഴുതുകളയാനും കൂടിയാണ് മാർപാപ്പായുടെ ഈ തേരോട്ടമെന്നും തോന്നിപ്പോവും.
മുമ്പെല്ലാം സഭയുടെ കുറ്റപത്രങ്ങളിൽ നിറഞ്ഞിരുന്നത് ലൈംഗിക കുറ്റകൃത്യങ്ങളും സാമ്പത്തിക അഴിമതികളുമായിരുന്നു. ആഡംബരവും മുത്തുകുടകളും മെത്രാനെ എഴുന്നെള്ളിപ്പും മഞ്ചത്തിൽ കൊണ്ടുപോവലും വിദേശത്താണെങ്കിൽ സ്ത്രീകളുടെ മെത്രാനുള്ള താലപ്പൊലി സ്വീകരണവും, മെത്രാന്റെ ലിമോസിയൻ സഞ്ചാരവും സീറോമലബാർ സഭകളിൽ സാധാരണമാണ്. പണക്കാരന്റെ മക്കളെ വിവാഹം ആശിർവദിക്കാൻപോലും കേരളത്തിൽനിന്ന് അമേരിക്കയിലേക്ക് കർദ്ദിനാൾ വിമാനം കയറിവന്ന വിചിത്രമായ പത്രവാർത്തകളും വായിച്ചു. ഓരോ സംഭവങ്ങളും വായിക്കുമ്പോൾ സഭയുടെ സുതാര്യത നഷ്ടപ്പെട്ടുവെന്ന് സഭയെ സ്നേഹിക്കുന്നവർക്ക് തോന്നിപ്പോവും. കേരളത്തിൽതന്നെ ധ്യാനകേന്ദ്രങ്ങളുടെ മറവിൽ ഭൂമിതട്ടിപ്പും കോടികൾ മുടക്കി കാറ് മേടിക്കലും അരമനകൾ പണിയലും, കമ്പോളങ്ങൾ ഉണ്ടാക്കലും കോളേജുകോഴകളും അഭിഷിക്തരുടെ മേൽനോട്ടത്തിൽ നടക്കുന്നു. ഇത്തരം അഴിമതിക്കാരെ പിടിക്കാൻ ശക്തമായ ജനപിന്തുണ ഫ്രാൻസീസ് മാർപാപ്പായ്ക്ക്‌ നല്കിയാലെ ഈ താപ്പാനകൾക്ക്‌ മൂക്കുകയറിടുവാൻ സാധിക്കുകയുള്ളൂ. ജർമ്മൻ ബിഷപ്പിനെതിരെ ജർമ്മനിയിലെങ്ങുമുള്ള  വിശ്വാസികളുടെ ശക്തിയേറിയ പ്രതിഷേധത്തിന്റെ അലകൾ വത്തിക്കാന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
നമ്മുടെ മുമ്പിൽ ഇന്നൊരു ചോദ്യം ഉയരുകയാണ്. മണിമാളികകൾ പണിത് ആഡംബരജീവിതം നയിച്ചുജീവിക്കുന്ന അഭിഷിക്തരെ അത്തരം ദിനചര്യകൾ നാം ഇനി അനുവദിക്കേണ്ടതുണ്ടോ?  മാർപാപ്പായുടെ ജർമ്മൻ മെത്രാനെതിരായുള്ള സുപ്രധാനമായ ഈ തീരുമാനത്തിൽ നാം അഭിമാനിക്കണം. മറ്റുള്ളവരുടെ പണത്തിന്റെ ശക്തിയിൽ കൈകളിൽ അംശവടിയും പിടിച്ച്, വിരലുകളിൽ മോതിരവുമണിഞ്ഞ്, തലയിൽ വർണ്ണനിറങ്ങളുള്ള മയിൽപക്ഷികളുടെ തൊപ്പിയും ധരിച്ച്, മുത്തുക്കുടകളുടെ കീഴിൽ എഴുന്നള്ളി നടക്കുന്ന അഭിഷിക്തർക്കും ഇതൊരു പാഠമാകണം. അവരെ തടയരുതെന്ന് യേശു പറഞ്ഞത് നിഷ്കളങ്കരായ കുഞ്ഞുങ്ങളെ നോക്കിയായിരുന്നു. കപടത നിറഞ്ഞ പരീഷിയരെ അവിടുന്ന് ആട്ടിയോടിച്ചു. അവിടുത്തെ ചങ്ങാതികൾ പകലന്തിയോളം പണിയെടുത്തിരുന്ന നിഷ്കളങ്കരായ മുക്കുവരായിരുന്നു. സ്വാർത്ഥതയില്ലാതെ വിയർപ്പിന്റെ അപ്പം അവർ ഒന്നിച്ചു ഭക്ഷിച്ചിരുന്നു. പകലന്തിയോളം കടലിൽ പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന ജനമായിരുന്നു അവിടുത്തെ പിന്തുടർന്നത്.‌  
 പുരോഹിതരുടെ പൈശാകിമായ അഴിമതിയും സ്വവർഗരതികളും അവരുടെ ആഡംബര ജീവിതവും നിറഞ്ഞ ഒരു സഭയിൽ ജനിച്ചില്ലല്ലോയെന്ന് മനസ്സിൽ സങ്കൽപ്പിച്ച് ഒരു പക്ഷെ മറ്റുള്ള സഭാംഗങ്ങൾ മുട്ടേൽനിന്ന് ദൈവത്തോട് നന്ദി പറയുന്നുണ്ടായിരിക്കാം. റോമൻ കത്തോലിക്കനും ലൂതറനും പ്രൊട്ടസ്റ്റന്റും ഒരേ കുതിരപ്പുറത്തുതന്നെയാണ് സവാരിചെയ്യുന്നത്. ബില്ലി ഗ്രഹാമും കെ.പി. യോഹന്നാനും സുവിശേഷ ജോലികളിൽക്കൂടി പണത്തിന്റെ സാമ്രാജ്യ പ്രഭുക്കളായി ആത്മാക്കളെ രക്ഷിച്ചുകൊണ്ടിരിക്കുന്നു. മുട്ടിന്മേൽനിന്ന് എഴുന്നേറ്റ് സ്വയം കാലുകളെ ഉറപ്പിക്കണം. ഒരോ വ്യക്തിയേയും മതമല്ല ദൈവമാണ് നയിക്കുന്നത്. "ഭൂമിയിൽ ഞാൻ ആര് വിധി കല്പ്പിക്കാ"നെന്ന ഫ്രാൻസീസ് മാർപാപ്പായുടെ വാക്കുകളും ഓർമ്മവേണം.
പുരോഹിതർക്കും അഭിഷിക്തർക്കും സഭയോടുള്ള മനസാക്ഷി നശിച്ചുവെന്നതാണ് കാലത്തിന്റെ സത്യവും. നീതിയും സത്യവും നടപ്പിലാക്കാൻ അസത്യത്തിനുനേരെ പോരാടിയേ മതിയാവൂ. അതുതന്നെയാണ് ഗീതയിലും ബൈബിളിലും ഒരുപോലെ പറഞ്ഞിരിക്കുന്നത്. ഭഗവാൻ യേശുദേവന്റെ ആ ദൌത്യം ഫ്രാൻസീസ് മാർപാപ്പാ തുടങ്ങിവെച്ചെന്ന് വേണം അനുമാനിക്കാൻ. മാർപാപ്പായെന്ന ഒരു വ്യക്തി പരിഗണിച്ചാൽമാത്രം അങ്കം ജയിക്കണമെന്നില്ല. രണഭൂമിയിലെ ശക്തരായ കൌരവപ്പടയാണ് എതിർഭാഗം നയിക്കുന്നത്. മാർപാപ്പായെ നയിക്കാൻ പരിശുദ്ധാരൂപിയുടെ ചൈതന്യമുണ്ട്. സത്യം നിലനിർത്തുന്ന പോരാട്ടത്തിനായി കർമ്മങ്ങളനുഷ്ടിക്കാൻ സമൂഹത്തിലെ ഓരോ വ്യക്തിയും കടപ്പെട്ടവനാണ്. പുരോഹിതരും അഭിഷിക്തരുമെല്ലാം സമൂഹത്തിലെ വ്യക്തികൾതന്നെ. വ്യക്തികളെന്ന നിലയിൽ സത്യസന്ധമായി സഭയെ നയിക്കാൻ അവർക്ക് കടപ്പാടുള്ളപ്പോൾ വേലിതന്നെ വിളവുതിന്നാലെന്തു ചെയ്യും?  
 ആഡംബര സമൃദ്ധിയിൽ സുഖഭോഗ വസ്തുക്കളുമായി ജീവിച്ച ഒരു ജർമ്മൻ മെത്രാന്റെ പതനമോർക്കുമ്പോൾ നമ്മുടെ മനസിൽക്കൂടി പലതും കടന്നുപോവും.
 1. കേരളാ സുറിയാനി സഭയിൽ ഇക്കാണുന്ന കത്തീഡ്രലുകളും മെഗാപ്പള്ളികളും നാം എന്തിന് സഹിക്കണം?
2.സുറിയാനി മെത്രാന്മാർ ചിന്തിക്കുന്നത് ഭാരതം മുഴുവൻ അവരുടെ   അധീനതയിലെന്നാണ്. ഒരു ഭരണാധികാരിയും അവരെ ചോദ്യം ചെയ്യുകയില്ല. കേരളത്തിൽ മാറി മാറി വരുന്ന  ഏതു ഭരണകൂടങ്ങളെയും താഴെയിറക്കാനുള്ള ശക്തി അഭിഷിക്തർക്കുണ്ട്‌. 
3.ധാരാളിത്വത്തിൽ മതിമറന്നു ജീവിക്കുന്ന എയർപോർട്ട് പിതാക്കന്മാരും ധ്യാനഗുരുക്കളും ടെലിവിഷൻ ഇവാഞ്ചലിസ്റ്റ് രോഗനിവാരണ അത്ഭുതചീകത്സാ പ്രതിഭാസങ്ങളുമായി ഇന്ന് സീറോ മലബാർ സഭ അധപതിച്ചിരിക്കുന്നതായി കാണാം.  
4. അനുയായികളെ നിരന്തരം പറ്റിച്ചുജീവിക്കുന്ന ഇവർക്ക് നികുതി കൊടുക്കേണ്ടാ. അല്മേനിക്ക്‌ സഭാസ്വത്തിന്മേൽ പങ്കാളിത്തം കൊടുക്കാതെ സ്വത്തുക്കൾ മുഴുവൻ കേരളസഭകൾ കൈവശം വെച്ചുകൊണ്ടിരിക്കുകയാണ്.
5. വിധവകളുടെയും രോഗികളുടെയും ദുഖിതരുടെയും തകർന്ന കുടുംബങ്ങളുടെയും പണമാണ് ഇവർ തട്ടിയെടുത്ത് സ്വന്തമായി കളിക്കുന്നത്. അതിന് തെളിവാണ്, കാഞ്ഞിരപ്പള്ളിരൂപത മോനിക്കായെന്ന സ്ത്രീയുടെ വസ്തു തട്ടിയെടുത്ത കുപ്രസിദ്ധമായ കഥ.  പരിഹാരം കാണാതെ ഇന്നും ആ സ്ത്രീ കോടതി കേസുകളുമായി കഴിയുന്നു.
6. ഏത് രാജ്യക്കാരനെങ്കിലും പുരോഹിതനെ ഒരേ അച്ചുതണ്ടിൽ വാർത്തിരിക്കുന്നു. അന്റാർട്ടിക്കായിലും ആഫ്രിക്കയിലും പാലായിലും ഘോരമായ തണുപ്പുള്ളടത്തും മഴയില്ലാത്ത നാട്ടിലും ചൂടുനിറഞ്ഞ മരുഭൂമിയിലും വസിക്കുന്ന ഭൂരിഭാഗം പുരോഹിതരുടെ സ്വഭാവം ഒന്നുപോലെതന്നെ. സ്വാർത്ഥത കൈമുതലായ ഇവർക്ക് പണത്തിന്റെ ആർത്തി ഒരിക്കലും തീരില്ല.  ധൂർത്തടിക്കുന്ന കേരളത്തിലെ അച്ചന്മാരുടെയും ബിംബം മാമ്മോൻ തന്നെ.  
7. അടുത്തതായി മാർപാപ്പായുടെ നടപടികൾ വേണ്ടത് തിന്നുകുടിച്ച് സുഖഭോഗം നടത്തുന്ന അഭിഷിക്തരെ തേടിപ്പിടിച്ച് സൊമാലിയായിലോ എത്തിയോപ്പിയായിലൊ പഞ്ഞം പിടിച്ച ആഫ്രിക്കൻ രാജ്യങ്ങളിലോ അയക്കുകയെന്നതാണ്. പൈപ്പുവെള്ളമോ വൈദ്യുതിയോ ഫാനോ എയർ കണ്ടീഷനോ ലഭിക്കാത്ത ദേവാലയങ്ങളുടെ ചുമതലകൾ ഈ ധാരാളികളെ എല്പ്പിക്കണം.ആ കറുത്ത പട്ടികയിൽ കേരളത്തിലെ ഒട്ടുമുക്കാലും മെത്രാന്മാരും മെത്രാപോലീത്താമാരും കാണും.
8. പള്ളിക്ക് പത്തുശതമാനം മേടിക്കാൻ മടിയില്ല. ആ പണം ചെലവാക്കുന്നതെങ്ങനെയെന്ന് ആരും ചോദിക്കാൻ പാടില്ലായെന്നാണ് കീഴ്വഴക്കം. ഇവരിൽ എത്രപേർ സമൃദ്ധിയിൽനിന്നുപോലും ദരിദ്രരരെ സഹായിക്കുന്നുണ്ട്. പിച്ചച്ചട്ടിയിൽനിന്ന് വാരിയെടുക്കാനും ഇവർ മടിക്കില്ല. പുരോഹിതർ നടത്തുന്ന കേരളത്തിലെ ആശുപത്രികളിൽ മനുഷ്യത്വം എന്നൊന്നില്ല. പണമുള്ളവർക്ക് മാത്രം ചീകത്സയുണ്ട്.  ദളിതനും പണമില്ലാത്ത ദരിദ്രനും അവിടെ പ്രവേശനമില്ല. 
 ദേവാലയശുദ്ധി നടത്തേണ്ട സ്ഥലങ്ങളും രാജ്യങ്ങളും  വേറെയുമുണ്ട്. മെക്സിക്കോയിലെ നാർക്കോ പുരോഹിതർ മയക്കുമരുന്നുകാരെ സഹായിക്കുന്നു. അവിടെ പല പുരോഹിതരും മാഫിയാകളുടെ ചങ്ങാതികളാണ്. അവരുടെ തോക്കുകളെയും പണത്തെയും വ്യപിചാര സ്ത്രീകളെയും പുരോഹിതർ അനുഗ്രഹിക്കുന്നു. അവരിൽനിന്നു കിട്ടുന്ന സ്വർണ്ണങ്ങളും വജ്രങ്ങളും കള്ളപ്പണവും പള്ളികളിൽ സൂക്ഷിക്കുന്ന പുരോഹിതരുമുണ്ട്.
 
യേശുവിന്റെ ചൈതന്യമേറിയ സഭയുടെ അടിത്തറ മാർപാപ്പായിൽക്കൂടി ഇന്ന്  പ്രതിഫലിക്കുന്നുവെന്നും കണക്കാക്കണം. യേശു വീടില്ലാത്ത ഒരു ദരിദ്രനായിരുന്നു. പ്രതീക്ഷയില്ലാത്ത ഒരു കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് ജനകോടികളുടെ പ്രിയങ്കരനായ ഫ്രാൻസീസ് മാർപാപ്പ സത്യത്തിന്റെ വഴി കാണിച്ചുതരുന്നു. പിന്നാലെ നടക്കുന്ന ഈ ആട്ടിടയന്റെ മുമ്പിൽ യേശുവിന്റെ അനുയായികൾ സുരക്ഷിതരാണെന്നും വിചാരിക്കാം. അന്ധകാരം നിറഞ്ഞ ഗുഹാവ്യൂവങ്ങളുടെ അതിർത്തിയിൽനിന്നോ എവിടെനിന്നോ പ്രകാശത്തിന്റെ കിരണങ്ങൾ തെളിയുന്നുണ്ട്. ആത്മാവിന്റെ അരൂപിയിൽ ആ വെളിച്ചം അവിടുത്തെ ജനം കാണും. അതിനായി സഭയിൽ ഇനിയും ശുദ്ധികലശം നടത്തണം. എലികളും പാറ്റാകളും നാശം വിതച്ചുകൊണ്ട് സഭയുടെ മാളത്തിൽ നിറഞ്ഞിരിക്കുന്നു. മൊത്തം സഭയാകുന്ന ഭവനത്തിന്റെ പരിശുദ്ധിയെ വീണ്ടെടുക്കണം. എങ്കിൽ ഈ സഭ നാം ഓരോരുത്തർക്കും നന്മയെ പ്രദാനം ചെയ്യുമായിരുന്നു. ഫ്രാൻസീസ് മാർപാപ്പാ ലോകത്തിനു ലഭിച്ച ഒരു ദാനമാണ്. ജർമ്മൻ ബിഷപ്പിനെതിരായി സ്വീകരിച്ചതുപോലുള്ള നടപടികൾ കേരളത്തിലെ സമൃദ്ധിയിൽ ജീവിക്കുന്ന അഭിഷിക്തരുടെപേരിലും എടുക്കട്ടെയെന്നും ആഗ്രഹിക്കുന്നു. സഭയുടെ നഷ്ടപ്പെട്ട ചൈതന്യം വീണ്ടെടുക്കാൻ ശ്രമിക്കുന്ന മാർപാപ്പയ്ക്കുവേണ്ടിയും പ്രാർത്ഥിക്കാം. ദൈവത്തിന്റെ മക്കൾക്കായുള്ള പരിശുദ്ധമായ ഒരു സഭ അഭിഷിക്തർക്കുവേണ്ടിയുള്ളതല്ല. 

 

 
 
 
 

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...