Friday, September 25, 2015

റഷ്യൻ ചരിത്രം ഒരു പഠനം (ലേഖനം 4)



ഗ്രിഗറി  റാസ്പുട്ടിൻ  റഷ്യയുടെ മഹാനോ വില്ലനോ? 


By ജോസഫ് പടന്നമാക്കൽ


റാസ്പുട്ടിൻ  മരണത്തിനുമുമ്പ് റഷ്യൻ ചക്രവർത്തിനിയായ അലക്സാഡ്രാ ചക്രവര്‍ത്തിനിക്ക് ഒരു  പ്രവചനക്കത്ത് എഴുതി.

"പ്രിയപ്പെട്ട ചക്രവര്‍ത്തിനി, എന്റെ മരണത്തിന്റെ മണിനാദം  അങ്ങകലെ, വിദൂരതയിലെവിടുന്നോ ഞാനിന്നു ശ്രവിക്കുന്നു. അടുത്ത ശീതകാലത്തിലെ ജനുവരിക്കുമുമ്പായി അത് സംഭവിക്കും.  സംഭവിക്കേണ്ടത്‌ സംഭവിച്ചേ തീരൂ, എന്നെ പിച്ചിക്കീറി  ഭൂമുഖത്തില്ലാക്കുന്നവർ എനിയ്ക്കെതിരായി, എന്റെ ജീവന്റെ  വിധി നടപ്പാക്കും.  രാജ്യത്തിനർപ്പിച്ച സേവനങ്ങള്‍ക്ക് എന്റെ പ്രിയപ്പെട്ട ജനം എനിക്കു  നല്‍കുന്ന പ്രതിഫലമായിരിക്കാം. എന്റെ മനസിലുതിർന്ന വികാരങ്ങളിൽനിന്ന് അടർന്നുവീണ‍ ഒരു പ്രവചനമെന്നു അങ്ങ്   കരുതിയാൽ മതിയാകും. ദുഖത്തിന്റെ കാര്‍മേഘങ്ങൾ രാജ്യമാകെ അലയടിക്കുന്ന ഈ വൈകിയ സായാന്ഹത്തിൽ പ്രവചിക്കുന്ന എന്റെ കത്ത് പൊന്നുതമ്പുരാട്ടി വായിച്ചാലും. അകലെ ദൂരത്ത്‌ എന്റെ രക്തത്തിനായി ദാഹിക്കുന്നവരുടെ പോര്‍വിളി എന്നിലെ പഞ്ചേന്ദ്രിയങ്ങളിൽ മുഴങ്ങി കേൾക്കുന്നു. ആ കൊലവിളിയുടെ ശങ്കുനാദം ഇതാ കാഹളമായി രാജ്യം മുഴുവൻ ഒഴുകുന്നുണ്ട്. പൂര്‍ത്തികരിക്കാത്ത  ദൌത്യമായി എനിക്ക് എന്റെ യാത്ര പറയേണ്ടതായിവരുന്നു. സമസ്ത റഷ്യൻജനതയും അമ്മമാരും കുഞ്ഞുങ്ങളും എന്റെ ഈ പ്രവചനം അറിയുവാനും ആഗ്രഹിക്കുന്നു. ലോകായുസ്സുവരെ ഗതികിട്ടാത്ത എന്റെ ആത്മാവ് ഈ പുണ്യഭൂമിയിൽ അലഞ്ഞു നടന്നുകൊണ്ടിരിക്കും. എന്റെ അമ്മയായ ഈ നാട് എന്നും ഞാനെന്ന കഥാപാത്രത്തെ ശോകത്തിന്റെ കരിനിഴലായി അന്നുമുതൽ കാണും.


എന്റെ സഹോദരന്മാരോ കുഞ്ഞായിരുന്നപ്പോൾ മണ്ണായ മണ്ണോടു കിളച്ച എന്നോടൊപ്പം കൃഷിഭൂമിയിൽ അദ്ധ്വാനിച്ച കര്‍ഷക സന്താനങ്ങളോ എന്നെ വധിക്കുന്നുവെങ്കിൽ, അങ്ങനെ ഈ  ഭൂമിയിൽ ഞാൻ‍ ഇല്ലാതാകുന്നെങ്കിൽ അവിടുന്ന് ഭയപ്പെടേണ്ട. നമ്മുടെ രാജ്യം മരിക്കുകയില്ല. അവിടുത്തെ അധികാരത്തിന്റെ കിരീടം പുത്തനായ ഒരു പുതിയ യുഗത്തിലെ ശതവര്‍ഷങ്ങളോളം മുമ്പോട്ടു തന്നെ വാഴും.  ചെങ്കോലും കിരീടവും എന്നും രാജ്യത്ത് വിജയത്തിന്റെ വെന്നിക്കൊടി പാറിക്കും. ചക്രവര്‍ത്തിനിയായ തമ്പുരാട്ടിയും തമ്പുരാട്ടിയുടെ തലമുറകളും രാജ്യം ഭരിക്കും. സ്വന്തം കുഞ്ഞുങ്ങളെയും രാജകീയ ഭാവിയേയും എങ്കിൽ അവിടുന്ന്  ഭയപ്പെടേണ്ട. മഹത്തായ റഷ്യാസാമ്രാജ്യത്തിന്റെ ഭരണാധികാരികളായ നിങ്ങളുടെ തലമുറകൾ രാജകീയ കിരീടമണിഞ്ഞുകൊണ്ട് നമ്മുടെ രാജ്യത്തെ സുവര്‍ണ്ണ സമ്പന്നമാക്കും. രാജ്യം ഭരിക്കും. കാരണം കര്‍ഷകഗ്രാമം എനിക്കു ജന്മം നല്‍കിയെങ്കിലും ജീവിച്ചത് രാജപുത്രന്മാരോടൊപ്പം ആയിരുന്നു.


എന്നാൽ രാജ്യത്തിലെ പ്രഭുക്കളോ രാജകുടുംബത്തിലുള്ളവരോ എന്റെ രക്തം ചിന്തുന്നുവെങ്കില്‍ അവരുടെ കരിംകൈകൾ എന്റെ രക്തത്തോടു കൂടെതന്നെ ഈ മണ്ണിൽ അലിഞ്ഞു ചേരും. കറകൾ ‍ കഴുകാൻ ‍ സാധിക്കാത്തവണ്ണം അവരുടെ കൈകളിൽ ശാപത്തിന്റെ വചനങ്ങൾ പതിച്ചിരിക്കും. റഷ്യൻ മണ്ണിൽനിന്ന് അവര്‍ ഓടി ഒളിക്കും. സഹോദരന്‍ സഹോദരരെ കൊല്ലും. അങ്ങനെ അവര്‍ ഓരോരുത്തരായ് കൊന്നുകൊന്ന്  പരസ്പരം വെറുത്തു കഴിച്ചുകൂട്ടും. പ്രഭുക്കന്മാരോ സാര്‍ ചക്രവര്‍ത്തിമാരോ റഷ്യാ മഹാരാജ്യത്ത് ഉണ്ടായിരിക്കുകയില്ല.


ഞാന്‍ ഗ്രിഗറി റാസ്പുട്ടിന്‍ മരിച്ചെന്ന ശബ്ദം നിങ്ങളുടെ കാതുകളില്‍ മുഴങ്ങുന്ന ദിനം  ചക്രവര്‍ത്തിനിയായ അവിടുത്തെ ബന്ധുവാണ് എന്റെ മരണത്തിന് നിദാനമെങ്കിൽ രാജകുടുംബത്തില്‍ ഒരു കുഞ്ഞും ബന്ധുക്കളിൽ ആരും പിന്നീട് അവശേഷിക്കില്ല. ഞാന്‍ കൊല്ലപ്പെട്ടാൽ തെറ്റിധരിച്ച റഷ്യന്‍ജനത അവരെ വധിക്കും. ജീവിക്കുന്നവരിൽ ഞാനുണ്ടായിരിക്കില്ല. എന്റെ ആത്മാവ് നിസ്സഹായനായിരിക്കും. ഈ പുണ്ണ്യഭൂമിയില്‍ ഞാനായ ദൌത്യം പൂർത്തിയാക്കാത്ത ആത്മാവ് ലക്ഷ്യമില്ലാതെ അലഞ്ഞ് നടക്കും. പ്രിയപ്പെട്ടവരേ പ്രാര്‍ഥിക്കൂ, പ്രാര്‍ഥിക്കൂ,  നമ്മുടെ പൊന്നുറാണി, അങ്ങയുടെ അനുഗ്രഹീതമായ രാജകുടുംബം എന്നു ചിന്തിച്ച് ശക്തമായി തന്നെ പ്രാര്‍ഥിക്കൂ."(ഗ്രിഗറി  റാസ്പുട്ടിൻ)


1916 ഡിസംബർ ഏഴാം തിയതി  അലക്സാഡ്രാ  ചക്രവര്‍ത്തിനിക്ക് ഈ കത്തു എഴുതി 23 ദിവസങ്ങള്‍ക്കുശേഷം റാസ്പുട്ടിൻ എന്ന വിവാദ പുരുഷൻ‍ ചക്രവര്‍ത്തിയുടെ രണ്ടു ബന്ധുക്കളാൽ കൊല്ലപ്പെട്ടു. പത്തൊന്‍പതു മാസത്തിനുള്ളിൽ ബോള്‍ഷെവിക്കുകള്‍ 'സാർ' കുടുംബത്തെ ഒന്നായി വധിച്ചു. റാസ് പുട്ടിന്റെ പ്രവചനം സത്യമായിരുന്നു. റാസ്പുട്ടിനു ജീവിതത്തെപ്പറ്റിയും സംഭവിക്കുവാന്‍ പോകുന്നതിനെക്കുറിച്ചും ദിവ്യമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. ഭാവിയെപ്പറ്റി പലപ്പോഴും പ്രവചിച്ചിരുന്നതും സത്യമായിരുന്നു. സ്വന്തം മരണത്തെപ്പറ്റി പ്രവചിച്ചതും സംഭവിച്ചു. റാസ്‌പുട്ടിന്‍ മരിക്കുന്നതിനു മുമ്പ് തന്റെ ബാങ്കില്‍ ഉണ്ടായിരുന്ന പണം മുഴുവന്‍ സ്വന്തം മകളുടെ ബാങ്കില്‍ ഇട്ടതും മരണത്തെപ്പറ്റി അയാള്‍ മുന്‍ക്കൂട്ടി കണ്ടതുകൊണ്ടായിരിക്കാം. എതിരാളികള്‍ നാനാവശത്തുനിന്നും പ്രവഹിച്ചപ്പോള്‍ സ്വയം പ്രവചന ശക്തിയും കൂടിയതാകാം.


റാസ് പുട്ടിൻ എന്ന ഈ മാസ്മര മനുഷ്യൻ ആരാണ്? അയാളെ ജനം റഷ്യയുടെ വിശുദ്ധനായ ചെകുത്താന്‍ എന്നു വിളിച്ചു. അയാള്‍ വിശുദ്ധനായിരുന്നുവോ ദുർഭൂതമായിരുന്നുവോ എന്നാരറിയുന്നു. ഒരു പക്ഷെ അയാള്‍ രക്ഷകനായി വന്നവനായിരിക്കാം. റഷ്യയെ രക്ഷിച്ചേക്കാം. തെറ്റിധരിച്ച ജനം അയാളെ ഇല്ലാതാക്കിയതായിരിക്കാം. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലങ്ങളില്‍ സാര്‍ ചക്രവര്‍ത്തിയുടെ സ്വാധീനതയില്‍ റാസ്പുട്ടിന്‍ കൊട്ടാരത്തിലെ നിഗൂഢ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരന്‍ ആയിരുന്നു. ഒരു ക്രിസ്തീയ സന്യാസ്സിയെപ്പോലെ  ആത്മീയ വേലകളില്‍ മുഴുകിയിരുന്നതുകൊണ്ട് ക്രിസ്ത്യന്‍ പുരോഹിതരുടെ പ്രിയപ്പെട്ടവനും ആയിരുന്നു. റഷ്യാ പരാജയം ഏറ്റു വാങ്ങി വിപ്ലവംമൂലം തകരുന്ന കാലവും. ഒരു പക്ഷെ റാസ് പുട്ടിന്‍ ജീവിച്ചിരുന്നുവെങ്കില്‍ തകരുന്ന റഷ്യയെ ദുരന്തങ്ങളില്‍നിന്നും അയാള്‍ രക്ഷിക്കുമായിരുന്നു. ജര്‍മ്മനിയുമായി സമാധാന ഉടമ്പടിയുണ്ടാക്കി രാജ്യത്തെ പരിപാലിക്കുമായിരുന്നുവെന്നും ചിലര്‍ വിശ്വസിക്കുന്നു. മറ്റു ചിലര്‍ അയാള്‍ റഷ്യയെ നാശത്തിലേക്ക് കൊണ്ടുപോയി  രക്തചൊരിച്ചില്‍ ഉണ്ടാക്കി രാജ്യത്തെ ശത്രുക്കള്‍ക്കു വിറ്റുകൊണ്ടിരിന്നുവെന്നും വിശ്വസിക്കുന്നു.


റഷ്യന്‍ ചരിത്രത്തെതന്നെ വഴി തിരിച്ചുവിട്ട റാസ് പുട്ടിന്‍ എന്ന മന്ത്രി ചക്രവര്‍ത്തി ‍ കോടാനുകോടി ജനങ്ങളുടെ മനസു കവര്‍ന്ന അതുല്ല്യ വ്യക്തിയായിരുന്നു. ഇദ്ദേഹം ഒരു  യോഗാത്മക ദര്‍ശകന്‍, പുണ്യപുരുഷന്‍ എന്നിങ്ങനെ സ്വയം വിശേഷിപ്പിച്ചു. പ്രകൃതി ചീകത്സയില്‍ക്കൂടി ഏതു രോഗത്തെയും വിമുക്തമാക്കാമെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു പ്രസിദ്ധനായ വൈദ്യനായും  അറിയപ്പെട്ടിരുന്നു. വിവാദ പുരുഷനായ റാസ്പുട്ടിനെ ചുറ്റി അനേക കഥകള്‍ പ്രചരിച്ചിട്ടുണ്ട്. അധികാര വടംവലിയാണ് മുഖ്യ കാരണം. അയാളെ അപകീര്‍ത്തിപ്പെടുത്തുവാന്‍ അനേക  അപവാദകഥകള്‍ ഭാവനക്കൊത്ത്  പലരും മെനഞ്ഞെടുത്തിട്ടുണ്ട്.വഴി പിഴപ്പിക്കുന്ന വശീകരണ ശക്തിയുള്ളവന്‍, മാന്ത്രിക ചീകത്സകന്‍, ഹിപ്നോട്ടീസം മൂലം ഭരണ തലത്തിലുള്ളവരെ സ്വാധീനിക്കുന്നവന്‍, ഉന്മത്തനായ ഒരു ചിത്തഭ്രമി, സ്ത്രീലമ്പടന്‍, വൃത്തിഹീനന്‍, കുളിക്കുവാന്‍ വെറുക്കുന്നവന്‍, സര്‍വ്വോപരി റഷ്യന്‍ രാജകുടുംബത്തിന്റെ വിശ്വസ്തനായ സുഹൃത്ത് എന്നീ  നിലകളില്‍ ലോകം അദ്ദേഹത്തെ കണ്ടു. ഇന്നും അദ്ദേഹം  ഒരു മഹാരാജ്യത്തിന്റെ ഇരുണ്ട ചരിത്രങ്ങളിലെ നിഴലും,  രഹസ്യങ്ങള്‍   നിറഞ്ഞ ഒരു ഇതിഹാസ കഥാപാത്രവുമാണ്. കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ അധികാര നിയന്ത്രണം എന്നും റാസ് പുട്ടിനു ലഭിച്ചിരുന്നു. എന്തു പ്രശ്നങ്ങള്‍ക്കും മറ്റുള്ളവരുടെ നീതികരണങ്ങളും എന്നും അയാള്‍ക്ക്‌ അനുകൂലമായിരുന്നു. ജര്‍മ്മനിക്ക് വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയവന്‍, സാര്‍ ചക്രവര്‍ത്തിയുടെ രാജ്ഞിയെ വ്യപിചരിച്ചവന്‍ എന്നിങ്ങനെ റാസ്‌ പുട്ടിന്റെ മേല്‍ കുറ്റാരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇയാളുടെ മുഴുവന്‍ പേര് ഗ്രിഗോരി  യെഫിമോവിച് റാസ്പുടിന്‍ ( ഗ്രിഗോരി  യെഫിമോവിച്  നോവി ) എന്നായിരുന്നു.


റാസ്പുട്ടിൻ സൈബീരിയയിലെ ട്യുമെന്‍ ജില്ലയില്‍ പോക്രോവ്സ്കൊയെ ഗ്രാമത്തില്‍ ഒരു സാധാരണ കര്‍ഷകന്റെ മകനായി ജനിച്ചു. സ്കൂളില്‍ പോയിട്ടുണ്ടെങ്കിലും പ്രാഥമിക വിദ്യാഭ്യാസം മാത്രമേ പൂർത്തിയാക്കിയുള്ളൂ. റാസ്‌പുട്ടിന്റെ ബാല്യകാല ജീവിതത്തെ സംബന്ധിച്ച് വ്യക്തമായ ചരിത്രമില്ല. ലഭിച്ചിരിക്കുന്ന ചരിത്രങ്ങൾ ഇതിഹാസകഥകൾ പോലെയുള്ളതാണ്‌. 1862 -1875 കാലയളവിൽ  ജനിച്ചെന്ന് അനുമാനിക്കുന്നു. റാസ്‌പുട്ടിനു ഒരു മൂത്ത സഹോദരിയും ദിമിത്രിയെന്ന സഹോദരനും ഉണ്ടായിരുന്നു. അയാളുടെ സഹോദരന്‍ ദിമിത്രി ന്യൂമോണിയാ ബാധിച്ചു മരിച്ചു. റാസ്‌പുട്ടിന്റെ  കഥകള്‍ ആരംഭിക്കുന്നതും ബാല്യത്തിലെ സങ്കടകരമായ സഹോദരന്റെ മരണശേഷമാണ്. സ്ത്രീകളുടെ ഒരു പടതന്നെ ജീവിതത്തില്‍ എന്നും സഖികളായി ഉണ്ടായിരുന്നു. വളരെ ചെറുപ്പം മുതല്‍  അവരുമായി ലൈംഗിക വേഴ്ച്ചകളിലും ഏര്‍പ്പെട്ടിരുന്നു. അവരില്‍ ഒരാളെ വിവാഹം ചെയ്തു. കൃത്യമായ തിയതി വ്യക്തമല്ലെങ്കിലും റാസ്പുട്ടിന്‍ 1889 ല്‍ വിവാഹിതനായതായി അനുമാനിക്കപ്പെടുന്നു. മക്കള്‍ക്ക്‌ തന്റെ സഹോദരി സഹോദരന്റെ പേരുകളായ മരിയാ എന്നും ദിമിത്രിയെന്നും പേരിട്ടു. വ്യപിചാരത്തില്‍ ഭ്രാന്തുപിടിച്ച റാസ്‌പുട്ടിന്‍ ഭാര്യയേയും ചതിച്ചുകൊണ്ടിരുന്നു. ഇങ്ങനെ  ഭ്രാന്തുപിടിച്ചു  ജീവിച്ചിരുന്ന ഇയാളെ താമസിക്കുന്ന ഗ്രാമത്തിന്റെ അധികാരികള്‍ ഒരു മാസം സ്ഥിരം പ്രാര്‍ഥനയില്‍ മുഴുകി പള്ളിയില്‍ പോകുവാന്‍ പ്രേരിപ്പിച്ചു. മതകാര്യങ്ങള്‍ വളരെയധികം റാസ്‌പുട്ടിന്‍ പള്ളിയില്‍നിന്നു പഠിച്ചുവെങ്കിലും സ്വഭാവത്തിന് മാറ്റം വരാതെ സ്ത്രീലമ്പടനായി തന്നെ ജീവിതം തുടര്‍ന്നു.


വളര്‍ത്തു മൃഗങ്ങളുമായി കളിക്കുന്ന ഒരു ബാല്യം റാസ്പുട്ടിനുണ്ടായിരുന്നു. മൃഗങ്ങളെ അഗാധമായി കുഞ്ഞായിരുന്നപ്പോൾ മുതൽ സ്നേഹിച്ചിരുന്നു. കുതിരകളുമായുള്ള സവാരി ഓട്ടത്തിലും ഈ ബാലന്‍ ആനന്ദം കണ്ടെത്തിയിരുന്നു. മൃഗങ്ങള്‍ക്ക് എന്തെങ്കിലും അപകടങ്ങളോ മുറിവുകളോ അസുഖമോ ബാധിച്ചാല്‍ സുഖപ്പെടുത്തുവാന്‍ ഉള്ള അയാളുടെ  കഴിവുകള്‍ അവിശ്വസിനീയമായിരുന്നു. ഒരു മാസത്തോളം പള്ളിയില്‍ ധ്യാനവും പ്രാര്‍ത്ഥനയും കൂടിയ വേളകളിലാണ് റാസ്പുട്ടിന്റെ കഴിവുകളെ ലോകം അറിയുവാന്‍ തുടങ്ങിയത്. അദ്ധ്യാപകരും പുരോഹിതരും ഏതോ ദിവ്യശക്തി അയാളിൽ  ഒളിഞ്ഞിരിപ്പുണ്ടെന്ന് വിശ്വസിച്ചു. വഴിപിഴച്ച ജീവിതമാണ് നയിച്ചിരുന്നെങ്കിലും ദിവ്യശക്തി നിറഞ്ഞ വൈദ്യചീകത്സയിലുള്ള കഴിവില്‍ ജനം അയാളെ ബഹുമാനിച്ചിരുന്നു. രാജപുത്രനായ അലക്സിനെ ചീകത്സിച്ച് രോഗശമനം ലഭിച്ചതുമുതല്‍ അയാള്‍ രാജകൊട്ടാരത്തില്‍ രാജ്യകാര്യങ്ങളിലെ പ്രധാന ഉപദേശകനായി അധികാരത്തിലും വന്നു.


1901-ല്‍ അദ്ദേഹം ഒരു പുണ്യയാത്ര നടത്തുകയും ഭാര്യയെ ഉപേക്ഷിച്ചു സ്വയം സന്യാസിയാവുകയും ചെയ്തു. ഗ്രാമങ്ങള്‍തോറും മതവും തത്ത്വജ്ഞാനങ്ങളും പ്രചരിപ്പിക്കുവാന്‍ തുടങ്ങി. അലഞ്ഞുതിരിഞ്ഞ ഈ കാലഘട്ടത്തില്‍ മാര്‍ഗമദ്ധ്യേ റഷ്യയുടെ രാജകീയ തലസ്ഥാന നഗരിയായ സെന്റ്‌. പീറ്റെഴ്സ് നഗരത്തില്‍ എത്തി. നിക്ലൗവൂസ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെയും രാജ്ഞി സാറീന അലക്സാണ്ട്രായുടെയും ഔപചാരിക സഭയിലുള്ള അനേക പ്രേഷകരെ 1905 മുതല്‍ പരിചയപ്പെട്ടുകൊണ്ടിരുന്നു. അക്കാലത്ത് ചക്രവര്‍ത്തിനിയുടെ ഒരു കൂട്ടുകാരി 'അന്നാ വൃബോവാ'   റാസ് പുട്ടിനെ രാജകുടുംബവുമായി  പരിചയപ്പെടുത്തി. ‘അന്നാ’  അയാളുടെ  കടുത്ത ആരാധിക ആയിരുന്നു. അന്നായ്ക്കു അതി ഗുരുതരമായ ഒരു ട്രെയിന്‍ അപകടം സംഭവിച്ചപ്പോള്‍  റാസ്പുട്ടിനായിരുന്നു ചീകത്സിച്ച് അവരെ മരണത്തില്‍ നിന്നും രക്ഷിച്ചത്‌.


സാര്‍ ചക്രവര്‍ത്തി കുടുംബത്തിന് നാലു  കുട്ടികള്‍ ഉണ്ടായിരുന്നുവെങ്കിലും രാജ്യാവകാശിയായി ഒരു പുത്രന്‍ വേണമെന്ന് രാജ ദമ്പതികള്‍ക്ക് തീഷ്ണമായ ആഗ്രഹം ഉണ്ടായിരുന്നു. ഇതിനായി യോഗികളെ വരുത്തി ഉപദേശം തേടിയും നേർച്ച  കാഴ്ചകള്‍ വഴിയും ഒരു ആണ്‍ കുഞ്ഞിനുവേണ്ടി സാറിനി ചക്രവര്‍ത്തിനി ശ്രമിച്ചിരുന്നു. 1903-ല്‍ അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലം കിട്ടി. അലക്സാഡ്രാ  ചക്രവര്‍ത്തിനി അടുത്ത രാജ്യാവകാശിയായ അലക്സിന്‍ എന്ന ഒരു ആണ്‍ക്കുട്ടിക്ക് ജന്മം നല്‍കിയെങ്കിലും  കൊട്ടാരത്തിലെ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. പാരമ്പര്യമായി ലഭിച്ച 'ഹീമോഫിലിയാ' എന്ന രോഗം അലക്സിനെ പിടികൂടിയിരുന്നു. തന്റെ വിധിയെ സാര്‍ ചക്രവര്‍ത്തി അംഗികരിച്ചെങ്കിലും ചക്രവര്‍ത്തിനിയെ മകന്റെ അസുഖം മാനസ്സികമായി തളര്‍ത്തിയിരുന്നു. രാജ്യത്തുള്ള വിദഗ്ദ്ധ  ഡോക്ടര്‍മാരുടെ സഹായം തേടിയും മതഭക്തിയുമായും കഴിയുന്ന കാലത്താണ് റാസ് പുട്ടിനെ 'അന്നാ’ എന്ന സ്ത്രീ ചക്രവര്‍ത്തിനിക്ക് പരിചയപ്പെടുത്തിയത്. റാസ്പുട്ടിനെ കൊട്ടാരത്തിലേക്ക് ചക്രവര്‍ത്തിനി ക്ഷണിച്ചു വരുത്തുകയും ചെയ്തു.


കൊട്ടാരം വൈദ്യനായിട്ടായിരുന്നു റാസ്പുട്ടിനെ ആദ്യം അറിയപ്പെട്ടിരുന്നത്. അസാധാരണമായ രോഗങ്ങൾപോലും പ്രകൃതി ചീകത്സകൊണ്ട് ഭേദപ്പെടുത്തുമായിരുന്നു. അറിയപ്പെടാത്ത പല അജ്ഞാത രഹസ്യങ്ങളും അയാള്‍ക്ക്‌ ഇന്ദ്രീയാനുഭൂതികളില്‍ക്കൂടി ലഭിക്കുമായിരുന്നു. ചെറുപ്പമായിരുന്നപ്പോള്‍  പ്രകൃതി ചീകത്സ നടത്തുന്ന ഒരു വൈദ്യനിൽനിന്നും പ്രകൃതി വൈദ്യ ശാസ്ത്രത്തെപ്പറ്റി   പ്രായോഗിക ജ്ഞാനവും പരിശീലനവും ലഭിച്ചിരുന്നുവെന്നും റാസ്പ്പുട്ടിൻ  അവകാശപ്പെട്ടിരുന്നു. ചക്രവര്‍ത്തി കുടുംബം അയാളെ ഉയര്‍ന്ന പദവികള്‍ നല്‍കി ആചരിച്ചിരുന്നു.അടുത്ത രാജ്യാവകാശി 'അലക്സീ രാജകുമാരന്‍' രാജകുടുംബത്തിന്റെ രാജകീയ കിരീടം അലങ്കരിക്കേണ്ട ഏകമകനായിരുന്നു. 'ഹെമോഫിലിയ' എന്ന ഒരു മാരക രോഗത്തിനു അടിമയായ ഈ രാജകുമാരന് ചെറിയ മുറിവുണ്ടായാലും മരണം സംഭവിക്കുന്ന വിതത്തില്‍ അനിയന്ത്രിയമായി രക്തം പ്രവഹിക്കുമായിരുന്നു. റാസ്പുട്ടിന്‍,  ഗുരുതരമായ അവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ രോഗം ഭേദപ്പെടുത്തുവാന്‍ കഴിവുള്ള കൊട്ടാര വൈദ്യനായി ചുരുങ്ങി സമയംകൊണ്ട് രാജകുടുംബങ്ങളുടെ പ്രീതിയും നേടി. ഇദ്ദേഹം സ്വര്‍ഗത്തിൽനിന്നും അയച്ച ദേവദൂതനായി ചക്രവര്‍ത്തിനി അലക്സാഡ്രാരാജ്ഞി വിശ്വസിച്ചു. രാജകുടുംബങ്ങള്‍ക്ക് റാസ്പുട്ടിന്റെ സേവനം അനിവാര്യമാവുകയും കുട്ടിയുടെ രോഗവിവരം പൊതുജനങ്ങളില്‍ നിന്നും മറച്ചുവെക്കുകയും ചെയ്തു. മകന്റെ രോഗവിവരം ഒളിച്ചുവെച്ചിരുന്ന  നിക്ലൗവൂസ്   രണ്ടാമന്‍ ചക്രവര്‍ത്തി റാസ്പുട്ടിന് അളവില്ലാത്ത അധികാരവകാശങ്ങളും നല്‍കിയിരുന്നു. ഇങ്ങനെയുള്ള മാസ്മര ശക്തിയെപ്പറ്റി കുറ്റം ആരോപിക്കുന്നവര്‍ ഇയാള്‍ ഹിപ്നോട്ടിസ്ടിക് തന്ത്രശാലിയെന്നും കുറ്റപ്പെടുത്തിയിരുന്നു. രാജാവിന്റെ മകന്‍ അലക്സിയുടെ ഹീമോഫിലിയാക്ക് ശമനം ലഭിച്ചിരുന്നതും മാന്ത്രിക ശക്തികൊണ്ടെന്നു ജനം വിശ്വസിച്ചു. റാസ്പുട്ടിന്‍, കുട്ടിയുടെ രോഗ ശമനത്തിനായി എന്നും കട്ടിലിനു സമീപം ഇരിക്കുമായിരുന്നു.അയാളുടെ പരിചരണയില്‍ കുട്ടിക്ക് രോഗശമനവും ലഭിക്കുമായിരുന്നു.


റഷ്യയെ ഒന്നാം ലോകമഹായുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുവാന്‍ റാസിന് കഴിയുമായിരുന്നുവെന്നു ചിലര്‍ ചിന്തിക്കുന്നു. യുദ്ധംമൂലം റഷ്യക്ക് അനേക നാശ നഷ്ടങ്ങള്‍ സംഭവിക്കുമെന്നും ഈ ഭ്രാന്തന്‍ പ്രവചിച്ചിരുന്നു. സരാവോയിലെ ആര്‍ച് ഡ്യൂക്ക് ഫെര്‍ഡിനാണ്ട് വധിക്കപ്പെടുന്ന സമയം  ഒരു മുന്‍കാമുകിയുടെ ക്രൂരമായ ഓര്‍ക്കാപ്പുറത്തുള്ള ആക്രമം മൂലം റാസ്പുട്ടിന്‍ ഹോസ്പിറ്റലില്‍ നിന്നും സുഖം പ്രാപിച്ചു പുറത്തു വന്ന സമയവും ആയിരുന്നു. സെന്റ്‌ . പീറ്റെഴ്സില്‍ റാസ് മടങ്ങി വന്നപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറിയിരുന്നു. റഷ്യന്‍പട്ടാളം മുന്‍നിരയില്‍ യുദ്ധം മൂലം ചിതറി പോയിരുന്നു. റഷ്യന്‍വിപ്ലവം കൊടുമ്പിരികൊണ്ട്  കൊട്ടാരം പിടിച്ചെടുക്കുമെന്ന് ഉറപ്പുമായി. പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന റഷ്യന്‍ പട്ടാളത്തെ സഹായിക്കുവാന്‍ 1915-ല്‍  നിക്ലൗവൂസ്   രണ്ടാമന്‍ ചക്രവര്‍ത്തി റഷ്യന്‍ പട്ടാളത്തിന്റെ ചുമതല ഏറ്റടുത്തു. രാജാവ് രാജകുടുംബത്തെ സംരക്ഷിക്കുന്ന ചുമതല റാസ്പുട്ടിനെ  ഏല്‍പ്പിച്ചു. ഈ കാലഘട്ടത്തില്‍ റാസ്പുട്ടിന്‍ മഹാറാണിയെ രാജാവിന്റെ പട്ടുമെത്തയില്‍ കിടന്നു
വ്യപിചരിച്ചിരുന്നുവെന്നും ജനസംസാരം ഉണ്ടായിരുന്നു. രാജ്യത്തിന്റെ പ്രധാന  തീരുമാനങ്ങളിലും പ്രധാന നയതന്ത്ര നിയമനങ്ങളിലും അമര്‍ഷം പൂണ്ട രാജാവിന്റെ ശത്രുക്കള്‍ പാത്തും പതുങ്ങിയും നയതന്ത്രജ്ഞരെയും രാജാവിന്റെ ഇഷ്ടജനങ്ങളെയും ആക്രമിച്ചിരുന്നു. റാസ്പുട്ടിനും അങ്ങനെ ബലിയാടായതായി പറയപ്പെടുന്നു.


സാര്‍ ചക്രവര്‍ത്തി യുദ്ധക്കളത്തില്‍ പോയ സമയം രാജ്ഞിയായ അലക്സാഡ്രാ രാജ്യഭരണങ്ങള്‍ ഏറ്റെടുത്തു. രണ്ടു വർഷം  ഭരണകാര്യങ്ങളുടെ ചുമതല രാജ്ഞിക്കായിരുന്നു. റാസ്പുട്ടിന്‍, റാണിക്ക് കൂടെ കൂടെ രാജ്യകാര്യ നയതന്ത്ര ഉപദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. റാസ് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുവാനും റാണിയെ പ്രേരിപ്പിച്ചിരുന്നു. അങ്ങനെ അദ്ദേഹം റാണിയുടെ ഉപദേശകസമിതിയിലെ പ്രധാന വ്യക്തിയുമായി. യുദ്ധത്തിന്റെ തോല്‍വികള്‍ തുടരെ തുടരെ നേരിട്ടു കൊണ്ടിരുന്ന റഷ്യക്ക് വിദ്യാഹീനനായ ഈ കര്‍ഷകന്റെ രാജ്യഭരണത്തിലുള്ള സ്വാധീനം രാജകുടുംബത്തിനു തന്നെ അപമാനം ഉണ്ടാക്കി. റാസ്പുട്ടിന്റെ കഴിവുകള്‍ ദൈവദത്തമെന്നു കരുതിയിരുന്ന  അലക്സാഡ്രാ  ചക്രവര്‍ത്തിനി  തന്റെ മകന്‍ അലക്സിയുടെ ചീകത്സയുടെ ചുമതലകള്‍ കൂടാതെ രാജ്യകാര്യങ്ങളില്‍ പ്രധാന ഉപദേശകനായും അദ്ദേഹത്തെ നിയമിച്ചു. ഒരു നാടോടി കൃഷിപുത്രന്‍ പ്രഭുപദവിയില്‍ ഇരുന്ന് ചക്രവര്‍ത്തിനിയുമൊത്ത് രാജ്യം ഭരിക്കുന്നതും ജനങ്ങളിൽ അമർഷം ഉണ്ടാക്കിക്കൊണ്ടിരുന്നു. റാസ്പുട്ടിന്‍, രാജകീയ ദമ്പതികളുടെ മുമ്പില്‍ പരിശുദ്ധനായിരുന്നെങ്കിലും മറ്റുള്ളവര്‍ ഇയാളെ കണ്ടിരുന്നത്‌ റഷ്യയേയും രാജകുടുംബത്തെയും നശിപ്പിക്കുന്ന വൃത്തിഹീനനും ഭോഗാസക്തനുമായിട്ടായിരുന്നു.


റാസ് പുട്ടിന്റെ മരണം ജനകീയ മുന്നേറ്റത്തിനും ആവശ്യമായിരുന്നു. കമ്മ്യൂണിസം കുതിച്ചു കയറിയിരുന്ന കാലവും. അവര്‍ അയാളെ വിഷം കൊടുത്തു കൊല്ലുവാനും ശ്രമിച്ചു. എന്നാല്‍ അയാളെ വധിക്കുവാന്‍ എളുപ്പമായിരുന്നില്ല. വിഷം കൊടുത്തെങ്കിലും അയാള്‍ രക്ഷപ്പെട്ടു. കൂടുതല്‍ ശക്തിയോടെ ശത്രു സംഹാരത്തിനായി പ്രതികാര ദാഹത്തോടെ അയാള്‍   അ ലഞ്ഞു നടന്നു. എങ്കിലും 1916- ല്‍  രാജകുടുംബത്തിലെ ചില ഗൂഢാലോചകരാല്‍ റാസ്പുട്ടിന്‍ കൊല്ലപ്പെട്ടു. റാസ്‌ പുട്ടിനെ വധിക്കാനുള്ള ഗൂഢസംഘത്തില്‍ രാജാവിന്റെ പിതൃ സഹോദരന്‍ 'ഡ്യൂക്ക് ഡിമിട്രി പവ്ലോവിച് റോമനോവും' 'ഫെലിക്സ് രാജകുമാരനും' നേതൃത്വം കൊടുത്തു. രാജ കുടുംബത്തിന്റെ അഭിമാനം വീണ്ടെടുക്കുന്നതിന് ഇവര്‍ ഇങ്ങനെ ഒരു വധകൃത്യം നടത്തി. ഫെലിക്സ് രാജകുമാരന്‍ ഒരിക്കല്‍ റാസ്പുട്ടിനെ തന്റെ  'മോയികാ കനാലിലുള്ള' കൊട്ടാരത്തിലേക്ക് ക്ഷണിച്ചിരുന്നു. റാസ്പുട്ടിന്‍ ഫെലിക്സ്ന്റെ ഭാര്യ ഐറിനെ കണ്ടു സ്വയം മതിമറന്നു പോയി. സുന്ദരിയായ 'അയറിന്‍' ചക്രവര്‍ത്തിയുടെ സഹോദരിയുടെ മകളായിരുന്നു. ആയിറിനുമായി റാസ്‌പുട്ടിന്‍ തമ്മില്‍ കാണുവാനും ഫെലിക്സ് ആഗ്രഹിച്ചിരുന്നു. ആഭ്യന്തര കലാപത്തില്‍ നിന്ന് റഷ്യയെ രക്ഷിക്കുവാന്‍ റാസ്പുട്ടിനെ ഇങ്ങനെ കെണിയില്‍ അകപ്പെടുത്തി വധിക്കുക എന്നതായിരുന്നു ഫെലിക്സിന്റെ ലക്ഷ്യവും. റാസ്പുട്ടിന്റെ മരണകാരണം വിവാദവിഷയമായി ഇന്നും തുടരുന്നു. അയാളെ  അന്ന് ആക്രമിച്ചവരില്‍നിന്നും രഹസ്യാന്വേഷണ സംഘത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ മാത്രമേ ചരിത്രത്തിലുള്ളൂ. ബാക്കിയെല്ലാം വെറും ഊഹോപാഹങ്ങള്‍ മാത്രം. മരണകാരണങ്ങള്‍ പലരുടെയും പൊലിപ്പിച്ച കഥകളാണ് കൂടുതലും. മൃതദേഹ മെഡിക്കല്‍ പരിശോധനയില്‍ മരണ കാരണം മുങ്ങിമരിച്ചതെന്നും കാണുന്നു. റാസ്‌പുട്ടിനെ വിഷം കൊടുത്തതോ തല്ലി കൊന്നതോ മുങ്ങി മരിച്ചതോ എന്നിങ്ങനെ ഉഹോപാഹങ്ങളാൽ ചരിത്രം അവ്യക്തമായി തന്നെ തുടരുന്നു.


കഴിഞ്ഞ നൂറ്റാണ്ടില്‍ റഷ്യന്‍ സാമ്രാജ്യത്തിലെ സാര്‍ചക്രവര്‍ത്തിയേയും കൊട്ടാര നിവാസികളെയും നിയന്ത്രിച്ചിരുന്ന മഹാമാന്ത്രികനായ ‍ റാസ് പുട്ടിന്‍ ഒരു വീര പുരുഷനോ  അതോ വിശ്വസിക്കുവാന്‍ കൊള്ളാത്ത നികൃഷ്ട ജീവിയോ?  ചരിത്രത്തിലെ ലോകം മഹാന്മാരുടെ രക്തത്തിന് ഒരു വിലയും കല്‍പ്പിക്കാറില്ല. ഒരു രാജ്യത്തിന്റെ രക്ഷകനായി പിറക്കുന്നവരെ കൊന്നു വില്ലന്മാരാക്കുന്ന ചരിത്രം ഇന്നും തുടരുന്നു. വില്ലനാകാത്ത, വധിക്കാത്ത, സ്ഥാന ഭ്രുഷ്ടനാക്കാത്ത ജയിലില്‍ അടയ്ക്കാത്ത ഒരു മഹാന്റെ ചരിത്രം വിരളമാണ്. ജൂലിയസ് സീസറിനെ വധിച്ചു. റോമാ സാമ്രാജ്യത്തില്‍ മഹാനായ സീസര്‍ അദ്ദേഹം മാത്രമായിരുന്നു. ഇറ്റലിയിലെ ഗാരിബാള്‍ഡി രാജ്യത്തിന്റെ രക്ഷകനായിരുന്നു. ജനത്തിന്റെ വീര പുത്രനായി, രാജാവായി, അവസാനം രാജ്യഭ്രഷ്ടനാക്കി. ഒരുവന്‍ എത്രമാത്രം ജനനന്മക്കായി രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചാലും എത്ര ഉന്നതനായ മഹാനാണെങ്കിലും ശത്രുക്കള്‍ക്ക് എന്നും അയാളില്‍ ക്ഷമിക്കുവാന്‍ സാധിക്കാത്ത കുന്നുകണക്കിന് കുറ്റങ്ങള്‍ കാണും. അതോടെ ആ മഹാന്റെ അവസാന ശ്വാസവും നിലക്കും. റാസ്‌ പുട്ടിന്‍ ജീവിച്ചിരുന്നുവെങ്കില്‍ റഷ്യക്ക് എന്തു സംഭവിക്കുമായിരുന്നുവെന്ന് നമുക്ക്‌ അറിയത്തില്ല. ഒരിക്കലും നാം ഇനി അറിയുവാനും പോവുന്നില്ല. സത്യം മൂടിക്കെട്ടി വെച്ചിരിക്കുന്നതുകൊണ്ട് ചരിത്രം ഇവിടെ വെറും ഒരു വിശ്വാസം മാത്രം. യേശുവും ഒരു കുറ്റവാളിയെന്നു വിശ്വസിച്ചിരുന്ന ലോകവും ഉണ്ടായിരുന്നു. മതത്തിന്റെ അടിസ്ഥാന തത്വങ്ങളെ യേശു തകര്‍ത്ത് റോമയെ നാശത്തിലേക്ക് നയിച്ചുവെന്നു യഹൂദര്‍ വിശ്വസിക്കുന്നു. യേശു സത്യമായ മതം പുനസ്ഥാപിക്കുവാനും സത്യവിശ്വാസം വീണ്ടെടുക്കുവാനും വന്നുവെന്ന് ക്രിസ്ത്യാനികളും വിശ്വസിക്കുന്നു. കപട ഭക്തരായ യഹൂദ പ്രമാണികള്‍ക്കും പുരോഹിതര്‍ക്കും എതിരായി അവിടുന്നു സംസാരിച്ചു. ശത്രുക്കളെ സ്നേഹിക്കുവാനുംപറഞ്ഞു. അങ്ങനെ റാസ്‌പ്പുട്ടിന്റെ ചരിത്രവും വിശ്വസിക്കുന്നവരുടെ ചരിത്രമായി വഴി മാറി നടക്കുന്നു.


ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുകയാണെങ്കില്‍ മഹാന്മാര്‍ കൂടുതലും വധിക്കപ്പെടുന്നത് താന്‍ സ്നേഹിച്ചിരുന്ന സ്വന്തം ജനതയില്‍ നിന്നുമായിരിക്കുമെന്നു കാണുന്നു. സീസ്സര്‍ തന്റെ ഉറ്റതോഴനായ ബ്രൂട്ടസ്സിനാല്‍ വധിക്കപ്പെട്ടു. യേശുവിന്റെകൂടെ നടന്ന പ്രിയ ശിഷ്യനും പണം സൂക്ഷിക്കുവാന്‍ എല്പ്പിച്ചവനും വിശ്വസിച്ചവനും ഒന്നിച്ചു ഭക്ഷണം കഴിച്ചവനുമായ യൂദാസ് ഗുരുവിനെ ഒറ്റുകൊടുത്തു. ഒറ്റുകാര്‍ ഒരു നിമിഷം ഗുരുവിനെ പുകഴ്ത്തും. അടുത്ത നിമിഷം കത്തികൊണ്ടു പുറത്തും  കുത്തും. ആരെ വിശ്വസിക്കണം, വില്ലനെയോ വീര പുരുഷനെയോ? ചരിത്രപുസ്തകങ്ങള്‍ വിശ്വസിക്കുവാന്‍ പ്രയാസം. ജയിച്ചവന്‍ വില്ലനെ മഹാനാക്കും. മഹാനെ വില്ലനുമാക്കും.















Friday, September 18, 2015

റഷ്യൻ ചരിത്രം ഒരു പഠനം (ലേഖനം 3)



ചക്രവർത്തിനി അലക്സാഡ്ര  ഫ്യൂയോഡോറോവ്നായും വിവാദങ്ങളും വിമർശനങ്ങളും  



By ജോസഫ് പടന്നമാക്കൽ

റഷ്യയിലെ അവസാനത്തെ ചക്രവർത്തിനി അലക്സാഡ്ര  ഫ്യൂയോഡോറോവ്നാ 1872-ജൂണ്‍ ആറാം തിയതി ഹെസ്സെ എന്ന ജർമ്മനിയിലെ ഒരു പ്രോവിൻസിൽ ജനിച്ചു. ജനിച്ചപ്പോൾ അവർക്കു  നല്കിയ പേര് അലക്സിയെന്നായിരുന്നു.  അവർ ബ്രിട്ടനിലെ വിക്റ്റൊറിയാ രാജ്ഞിയുടെ പേരക്കുട്ടിയായിരുന്നു. ഹെസ്സെയിലെയും റൈന്റെയും  ഗ്രാൻഡ്‌ ഡ്യൂക്കായ ലൂയീസ് നാലാമന്റെയും അദ്ദേഹത്തിൻറെ ആദ്യത്തെ ഭാര്യ ബ്രിട്ടനിലെ ആലീസ് രാജകുമാരിയുടെയും ഏഴു മക്കളിൽ ആറാമത്തെ കുട്ടിയും പെണ്‍ മക്കളിൽ നാലാമത്തെതുമായിരുന്നു. ആലീസ് രാജകുമാരി ബ്രിട്ടനിലെ വിക്ടോറിയ മഹാറാണിയുടെയും  ആൽബെർട്ടിന്റെയും  രണ്ടാമത്തെ മകളായിരുന്നു. ലൂതറൻ ആചാരപ്രകാരം 1872 ജൂലൈ ഒന്നാം തിയതി അലക്സിയെ മാമ്മൊദീസ്സാ മുക്കി.  'സണ്ണി'യെന്നായിരുന്നു അവർക്ക് അവരുടെ അമ്മ പേര് നല്കിയിരുന്നത്.  എന്നാൽ അവരുടെ അമ്മായിക്കും അതേ പേരുണ്ടായിരുന്നതുകൊണ്ട്  ബ്രിട്ടീഷ് ബന്ധുക്കൾ ആ പേര് മാറ്റി 'അലക്സി' എന്നാക്കി. അലക്സിയ്ക്ക് ഒരു വയസുള്ളപ്പോൾ  ഫ്രെഡ്റിക്ക്‌  എന്ന സഹോദരൻ 'ഹീമൊഫിലിക്ക്' എന്ന രോഗം വന്നു മരിച്ചിരുന്നു. ഈ രോഗം അവരുടെ കുടുംബത്തിലെ പാരമ്പര്യ രോഗമായിരുന്നു. പിന്നീട് റഷ്യയിൽ സാറിനിയായിരുന്ന സമയത്ത് അടുത്ത രാജ്യാവകാശിയായ സ്വന്തം മകൻ അലക്സിയ്ക്കും  ഹീമൊഫെലിയാ രോഗം പിടികൂടിയിരുന്നു.


ആറു വയസുള്ളപ്പോൾ അലക്സിയുടെ അമ്മയും ഒരു സഹോദരിയും 'ഡിപ്ത്തീരിയാ'രോഗം വന്നു മരിച്ചുപോയിരുന്നു. അമ്മയുടെ അഭാവത്തിൽ വിക്ടോറിയാ റാണിയുടെ മേല്നോട്ടത്തിൽ കൊട്ടാരത്തിലെ ആയകളാണ് പിന്നീടവരെ വളർത്തിയത്‌. അവർ ബാലികയായിരുന്നപ്പോൾ കൊട്ടാരത്തിലെ മതിൽക്കൂട്ടിൽ കഴിയാതെ പുറം ലോകമായി ഇടപെടാനും കളിച്ചു നടക്കാനും താല്പര്യപ്പെട്ടിരുന്നു.  ബാല്യകാലം കൂടുതലും ചെലവഴിച്ചത് കൊട്ടാരത്തിൽ മുത്തശി  വിക്റ്റൊറിയാ മഹാറാണിയോടൊപ്പമായിരുന്നു.  അതുകൊണ്ട് അവരുടെ സ്വഭാവഘടനയും രൂപം പ്രാപിച്ചത് മുത്തശിയുടെ മാതൃകയിലായിരുന്നു.  മുത്തശി റാണിയോടൊപ്പം മാനസിക സംഘട്ടങ്ങളോടെ ജീവിക്കേണ്ടതുകൊണ്ട് കൊട്ടാരത്തിലെ ജീവിതാന്തരീക്ഷം അത്ര സുഗമമായിരുന്നില്ല. പിതാവിന്റെയോ   അദ്ദേഹത്തിൻറെ കുടുംബക്കാരുടെയോ ലാളന ലഭിക്കാതെ ചുറ്റും  സുരക്ഷിതാ ഭടന്മാരുടെ സംരക്ഷണയിൽ വളരുന്നതും കൂട്ടിലടച്ച ഒരു കിളിയെപ്പോലെയായിരുന്നു. വൈകാരികമായ ഏറ്റുമുട്ടലിൽ   മനസിനെ  ശക്തമാക്കാനും ജീവിതത്തിലെ ഏതു വെല്ലുവിളികളെ നേരിടുവാനും സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും സ്വന്തം കടമകൾ നിർവഹിക്കാനും അവർക്ക്‌  സ്വയം കഴിവുകളുമുണ്ടായി.


അലക്സി ജർമ്മനിയിലെ ഒരു സ്റ്റേറ്റിലെ  രാജകുമാരിയായിരുന്നെങ്കിലും അവരുടെ ജീവിതം വീടില്ലാത്തവരെപ്പോലെയായിരുന്നു. അവരുടെ കൈവശം അധികം പണവുമുണ്ടായിരുന്നില്ല.  അലക്സിയ്ക്ക് മൂന്നു സഹോദരിമാരുണ്ടായിരുന്നു.അലക്സിയേക്കാളും അവർ വളരെ പ്രായക്കൂടുതലുള്ളവരായിരുന്നു.  വളരെ കുഞ്ഞായിരുന്നപ്പോഴേ സഹോദരികളെ വിവാഹം ചെയ്തയച്ചിരുന്നു. സഹോദരിമാരുമൊത്ത് അലക്സി ഒരിയ്ക്കലും താമസിച്ചിട്ടില്ല. സഹോദരനുമായി വലിയ പ്രായ വിത്യാസം ഉണ്ടായിരുന്നില്ല. എന്നാൽ സഹോദരനെ വളർത്തിയത് മറ്റൊരു സ്ഥലത്തായിരുന്നു. മാതാപിതാക്കളും സഹോദരി സഹോദരന്മാരും ഇല്ലാതെ അലക്സി വളർന്നത്  എന്നും ഏകയായിട്ടായിരുന്നു. മാതാപിതാക്കൾ ജർമ്മൻകാരായിരുന്നെങ്കിലും   അലക്സിയുടെ സംസാരഭാഷ ഇംഗ്ലീഷായിരുന്നു. ഇംഗ്ലീഷ് ഭാഷ നല്ലവണ്ണം സംസാരിക്കുന്ന സ്വന്തം സഹോദരനുമായി അവർ  സംസാരിച്ചിരുന്നതും  ഇംഗ്ലീഷിലായിരുന്നു.


വിക്റ്റൊറിയാ രാജ്ഞീയ്ക്ക് അലക്സിയും  തന്റെ പൌത്രനായ 'ആൽബർട്ട് വിക്റ്ററും തമ്മിൽ  വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു.  കാരണം വിക്റ്റർ കിരീടാവകാശിയായതുകൊണ്ട് വിവാഹം ചെയ്‌താൽ അലക്സി ഇംഗ്ലണ്ടിലെ രാജ്ഞിയാകുമെന്നും  വികറ്റോറിയാ രാജ്ഞി കരുതിയിരുന്നു.   ബൌദ്ധിക നിലവാരത്തിൽ വളരെയധികം പോരായ്മയുണ്ടായിരുന്ന  വിക്ടറിന് സഹായിയായി അലക്സി  അനുരൂപയായ വധുവായിരിക്കുമെന്നും  രാജ്ഞി കരുതി.   വിക്റ്റോറിയാ  അവരുടെ മറ്റു പോരായ്മകൾ അവഗണിച്ചുകൊണ്ടു തന്റെ  പൌത്രനും പൌത്രിയും തമ്മിൽ  വിവാഹിതരാകാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അലക്സിയും ആൽബർട്ട് വിക്റ്ററും വളരുന്ന കാലത്തുതന്നെ വിക്ടോറിയാ രാജ്ഞിയുടെ മനസിലുണ്ടായിരുന്ന ഈ ആഗ്രഹത്തെപ്പറ്റി  കുട്ടികൾക്കറിയാമായിരുന്നു. ആൽബർട്ട് വിക്റ്ററിന് അലക്സിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അലക്സിക്ക് ഒട്ടും സമ്മതമല്ലായിരുന്നു. ആൽബർട്ടിനെ പ്രേമവികാരങ്ങളോടെ കാണാൻ അലക്സിയ്ക്ക് ഒരിയ്ക്കലും സാധിച്ചിട്ടില്ല.  ഒരു സഹോദരന്റെ സ്ഥാനത്താണ് അവരെന്നും ആൽബർട്ടിനെ കണ്ടിരുന്നത്‌. അതേ സമയം അലക്സി  റഷ്യയിലെ രാജകുമാരനായ നിക്ലൗവൂസുമായി പ്രേമ ബന്ധത്തിലായിരുന്നു. അവരുടെ പ്രേമ ബന്ധത്തെ വിക്റ്റൊറിയാ റാണി എതിർത്തു. രാജ്യങ്ങൾ തമ്മിലുള്ള അന്തരം ഒരു കാരണമായിരുന്നു. അവർക്ക് റഷ്യയെ ഇഷ്ടമില്ലായിരുന്നു. തന്റെ കൊച്ചുമകൾ സുരക്ഷിതമല്ലാത്ത, ഭാവിയില്ലാത്ത,  അപകടം പിടിച്ച ഒരു രാജ്യത്തിലെ റാണിയാകുന്നതിൽ വിക്റ്റോറിയാ റാണി ഭയപ്പെട്ടിരുന്നു. കൂടാതെ ഭീമമായ സ്വർണ്ണവും നവരത്നങ്ങളും ധനവും മറ്റൊരു രാജ്യത്ത് കൊടുക്കണം. വിക്റ്റോറിയായ്ക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന കൊച്ചുമകൾ അപകടത്തിൽപ്പെടുമെന്നും ഭയപ്പെട്ടിരുന്നു.  വിദൂരതയിൽ അന്വേഷിക്കാൻ സാധിക്കാതെ അലക്സി വിവാഹിതയായി പോവുന്നതിലും റാണിയുടെ മനസിനെ വേദനിപ്പിച്ചു.അലക്സിയുടെ മൂത്ത സഹോദരിയേയും വിവാഹം ചെയ്തത് റഷ്യയിലെ   ഒരു രാജകുമാരനായിരുന്നു. ഒരാളെ മറ്റൊരു രാജ്യത്ത് വിവാഹം ചെയ്തയച്ച  മാനസിക പ്രയാസം റാണിയെ വിട്ടുമാറിയിട്ടില്ലായിരുന്നു.  ഇനി മറ്റൊരു പൌത്രിയെക്കൂടി   വേറൊരു രാജ്യത്തിനു കൊടുക്കാൻ റാണി തയ്യാറല്ലായിരുന്നു.


നിക്ലൗവൂസിന്റെ മാതാപിതാക്കളും വിവാഹത്തെ എതിത്തു. അലക്സി ഒരു സാർ ചക്രവർത്തിയുടെ ഭാര്യയാകാൻ യോഗ്യയല്ലെന്നും അവർ കരുതി. ഒരു സ്ഥിരമല്ലാത്ത സ്വഭാവക്കാരനായ  മകന്റെ തീരുമാനത്തിലും അവർ വ്യാകുലരായി. നിക്ലൗവൂസ് പൊതുവെ ഒരു നാണം കുണുങ്ങിയായിരുന്നു. അലക്സിയും അതേ സ്വഭാവക്കാരത്തിയായതു കൊണ്ട് രാജ്യകാര്യങ്ങൾ കുഴയുമെന്നും അവർ ഭയപ്പെട്ടു. കൂടാതെ ജർമ്മനിയിലെ ഹെസ്സേയിൽ നിന്നുള്ള രാജകുമാരികൾ റഷ്യൻ രാജകുടുംബത്തിനു മുമ്പും പേരുദോഷം കേൾപ്പിച്ചിട്ടുണ്ട്. അതേ സ്ഥലത്തുനിന്നു സർ പോൾ ഒന്നാമന് വക്രത നിറഞ്ഞതും അവിശ്വസ്ഥയുമായ  ഒരു ഭാര്യയുണ്ടായിരുന്നു.  അലക്സാണ്ടർ രണ്ടാമനും വിവാഹം കഴിച്ചത് അവിടെനിന്നു തന്നെയായിരുന്നു.  രണ്ടു സാർ ചക്രവർത്തിമാരും കൊല്ലപ്പെടുകയായിരുന്നു


കുടുംബങ്ങളുടെ എതിർപ്പു കൂടാതെ മതവും വിലങ്ങുതടിയായി രണ്ടുകൂട്ടർക്കും പ്രശ്നമായിരുന്നു. അലക്സി ഒരു തീവ്ര ഭക്തയായി  ലൂതറൻ മതത്തിലായിരുന്നു വളർന്നത്. അവർക്ക് ആ മതത്തിൽ അടിയുറച്ച വിശ്വാസമുണ്ടായിരുന്നു.   വല്യമ്മ രാജ്ഞി, യുവതിയായ രാജകുമാരിയെ മതത്തിന്റെ പേരിലും  വിവാഹ ബന്ധത്തെ തടസപ്പെടുത്തിക്കൊണ്ടിരുന്നു. റഷ്യൻ സാമ്രാജ്യത്തിന്റെ നിയമമനുസരിച്ച് റോമോനോവ്  രാജവംശത്തിൽ ഓർത്തോഡോക്സ്  അല്ലാത്ത ഒരാളെ വിവാഹം കഴിക്കാൻ പാടില്ലായിരുന്നു. മറ്റു മതത്തിലുള്ള ഒരാളെ വിവാഹം കഴിച്ചിട്ടു കിരീടം ധരിക്കുന്നതും രാജകീയ നിയമത്തിനെതിരായിരുന്നു. ദൈവശാസ്ത്രം നല്ലവണ്ണം പഠിച്ചിട്ടുള്ള അലക്സി ആദ്യം മതം മാറുന്നതിൽ എതിർത്തിരുന്നു.  അവർ പ്രൊട്ടസ്റ്റന്റ് മതത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ട് ഇടനിലക്കാരായ വിശുദ്ധരോട് പ്രാർത്ഥിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. രൂപങ്ങളും കന്യകാ മേരിയും അവരുടെ തീവ്രമായ വിശ്വാസത്തിനെതിരായിരുന്നു. നിക്ലൗവൂസിനെ    അവർ അഗാധമായി സ്നേഹിച്ചിരുന്നുവെങ്കിലും   മതത്തിന്റെ പേരിൽ അവർ താല്ക്കാലികമായി അകന്നു. വിവാഹബന്ധം വേണ്ടെന്നു വെച്ചു.   മൂന്നുമാസത്തോളം അവർ തമ്മിൽ പരസ്പരം സമ്പർക്കം പുലർത്തിയിരുന്നില്ല.  അവരുടെ അഗാതമായ സ്നേഹത്തിന്റെ മുമ്പിൽ മതം ഒരു തടസമായിരുന്നെങ്കിലും അലക്സി ഓർത്തോഡോക്സ് മതത്തിന്റെ ദൈവ ശാസ്ത്രം പഠിക്കാൻ തുടങ്ങി. മറ്റു യാതൊന്നും ചിന്തിക്കാതെ ഓർത്തോഡോക്സ് ചിന്താഗതികൾക്കും മനസിനിടം കൊടുത്തു. മത വിശ്വാസത്തിൽ വന്ന മാറ്റം അലക്സിയ്ക്ക് ആശ്വാസം നല്കി. യൂറോപ്പ് മുഴുവനും അവരുടെ പ്രേമ കഥ പ്രസിദ്ധമായിരുന്നു.  അമ്മൂമ്മ കഥ പോലെ കുട്ടികളുടെയിടയിൽ  ഈ ഭാവി റഷ്യൻ സാറിനിയുടെ രാജകീയ പ്രേമം പാട്ടുകളായി  തീർന്നിരുന്നു.


അവസാനം നിക്ലൗസിന്റെയും അലക്സിയുടെയും പ്രേമം സാക്ഷാത്ക്കരിച്ചു. ഓർത്തോഡോക്സ് സഭയിൽ അവരെ അംഗമാക്കി 'അലക്സാഡ്ര' എന്ന് പേര് നല്കി. അവർ സ്വീകരിച്ച  ഓർത്തോഡോക്സ് സഭയുടെ ആചാരപ്രകാരം വിവാഹിതരായി.   പരസ്പരം അവർ 'നിക്ലൗസും അലക്സിയും' ഭാര്യാ ഭർത്താക്കന്മാരെക്കാളുപരി കൂട്ടുകാരെപ്പോലെ പ്രേമ സല്ലാപത്തിൽ സ്നേഹിച്ചും ഉല്ലസിച്ചും  കഴിഞ്ഞു.   അവരുടെ ദാമ്പത്തിക പൂവലരിയിൽ അവർക്ക് അഞ്ചു പൊന്നോമന കുട്ടികളുമുണ്ടായി,  മരിയാ, ടറ്റിന, ഓൾഗാ,അനസ്റ്റസിയ എന്നീ നാലു  പെണ്‍ക്കുട്ടികളും ഇളയ മകൻ രാജ്യാവകാശിയായ അലക്സിയും.


1895 നവംബർ പതിനഞ്ചാം തിയതി ദമ്പതികൾക്ക്  'ഓൾഗാ' എന്ന കുഞ്ഞുണ്ടായി. സാർ പോൾ ഒന്നാമന്റെ പൌലീൻ നിയമം അനുസരിച്ച് ആണ്‍ക്കുട്ടികൾക്കു മാത്രമേ രാജകിരീടത്തിനവകാശമുള്ളൂ. പോളിനു മുമ്പ് നാല് മഹാറാണിമാർ റഷ്യ ഭരിച്ചിട്ടുള്ളതും മറ്റൊരു ചരിത്രം. ചെറുപ്പക്കാരായ രാജകീയ മാതാപിതാക്കൾ ഓൾഗായ്ക്ക് നല്ല സ്നേഹം നല്കിയിരുന്നു. ഓൾഗായ്ക്കു ശേഷം മൂന്നു പെണ്മക്കളും ഒരു ആണ്‍ക്കുട്ടിയും ജനിച്ചു. ടറ്റീന 1897 ജൂണ്‍ പത്താം തിയതിയും മരിയാ 1899 ജൂണ്‍ ഇരുപത്തിയാറും അനസ്റ്റസിയാ 1901 ജൂണ്‍ പതിനെട്ടാം തിയതിയുമായിരുന്നു ജനിച്ചത്‌. മൂന്നു വർഷം കൂടി കഴിഞ്ഞ് അലക്സി എന്ന കിരീടാവകാശമുള്ള ആണ്‍ക്കുട്ടി 1904 ആഗസ്റ്റ് പന്ത്രണ്ടാം തിയതിയും ജനിച്ചു. മാതാപിതാക്കളെ ദുഖിതരാക്കിക്കൊണ്ട് ഒരിയ്ക്കലും സുഖമാകാത്ത രക്തം വാർന്നു പോവുന്ന 'ഹീമോഫിലിയാ' എന്ന മാരക രോഗവും അലക്സിയ്ക്കുണ്ടായിരുന്നു. ഓൾഗാ വളർന്നത്‌ ഒരു നാണം കുണുങ്ങിയായിട്ടായിരുന്നു. കിട്ടാവുന്ന പുസ്തകങ്ങൾ കടം മേടിച്ചും അവരുടെ അമ്മ വായിക്കുന്നതിനു മുമ്പ് പിടിച്ചു പറിച്ചും നോവലുകളും കവിതകളും സദാ വായിക്കുന്ന സ്വഭാവക്കാരിയായിരുന്നു. "അമ്മേ ഈ ബുക്ക് അമ്മയ്ക്ക് വായിക്കാൻ നല്ലതാണോയെന്ന് താൻ വായിച്ചിട്ട് പറയാമെന്ന്" വോൾഗാ അമ്മയോട് പറയുമായിരുന്നു. 'ടറ്റീനാ' അമ്മയുടെ ഒരു കൊഞ്ചിക്കുട്ടിയായിരുനു. ഈ രാജകുമാരിയ്ക്ക് അമ്മയുടെ ശ്രദ്ധ  എപ്പോഴും വേണമായിരുന്നു. സദാ അമ്മയ്ക്ക്  ചുറ്റും നടക്കും. കുടുംബത്തിന്റെ അവസാന കാലങ്ങളിൽ അമ്മയെ നടത്തിക്കാതെ ഒരു വണ്ടിയിൽ ഉന്തുന്നതും അമ്മയെ സഹായിക്കുന്നതും ഓരോ സ്ഥലങ്ങളിൽ കൂടെ പോവുകയും ചെയ്യുന്നതും ടറ്റീനായായിരുന്നു. ഇവളെ വിവാഹം കഴിക്കുന്ന പുരുഷൻ ഭാഗ്യവാനായിരിക്കുമെന്നും സാർ ചക്രവർത്തി വിചാരിച്ചിരുന്നു. മരിയാ ഒരു മാലാഖാക്കുട്ടിയെപ്പോലെയായിരുന്നു. ഇളയവളായ 'അനസ്റ്റിഷ്യാ' ഏറ്റവും പേരു കേട്ടവളും ഒരു മരംകേറി പെണ്ണുമായിരുന്നു. ഏതു മരത്തിന്റെ മുകളിലും വലിഞ്ഞു കയറും. ആരു പറഞ്ഞാലും താഴെയ്ക്കിറങ്ങില്ലാത്ത കുസൃതിപ്പെണ്ണായിരുന്നു. ഒടുവിൽ  അപ്പൻ വന്നു കെഞ്ചിക്കൊണ്ട്, 'മോളേ താഴേയ്ക്കിറങ്ങൂ'വെന്നു പറഞ്ഞാലേ അവൾ അനുസരിച്ചിരുന്നുള്ളൂ.   അനസ്റ്റിഷിയായുടെ  തലതൊട്ടമ്മയും അമ്മായിയുമായ  'ഗ്രാൻഡ്‌ ഡ്യൂക്കസ് ഓൾഗാ അലക്സാന്ദ്രോവി'നായുടെ ഓർമ്മക്കുറിപ്പിൽ, 'തന്നെ അനസ്റ്റിഷിയാ ബഹുമാനമില്ലാതെ പരിഹസിച്ചപ്പോൾ തല്ലുകൊടുത്ത' കാര്യവും എഴുതിയിട്ടുണ്ട്. 1917-ൽ കുട്ടികളെല്ലാം അതി സുന്ദരികളായി വളർന്നു കഴിഞ്ഞിരുന്നു. എല്ലാ കുട്ടികൾക്കും ഇരുപത്തി രണ്ടു വയസുമുതൽ താഴോട്ടുള്ള പ്രായമായിരുന്നു. ഇളയവനായ അലക്സിയ്ക്ക് പതിമൂന്നു വയസ്സും. കുട്ടികളുടെ ട്യൂട്ടറായിരുന്ന 'പീയർ ഗില്ലിയാർഡ്‌'  എഴുതി, 'കുടുംബത്തിന്റെ മുഴുവൻ  സന്തോഷം ഇളയ മകൻ അലക്സിയിലായിരുന്നു. ഓരോരുത്തരും മാറി മാറി അവനെ കൊഞ്ചിക്കുകയും സ്നേഹാദരവുകൾ നല്കുകയും ചെയ്തിരുന്നു. അവന്റെ സഹോദരികൾ അവനെ ദേവനു തുല്യമായി ആരാധിച്ചിരുന്നു. അവന്റെ മാതാപിതാക്കൾക്ക് അവനെന്നും അഭിമാനമായിരുന്നു. അവൻ സുഖമായി ഒരു ദിവസം കണ്ടാൽ കൊട്ടാരത്തിലന്ന് ഉത്സവം പോലെയായിരുന്നു.


ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ട സമയം റഷ്യയെ സംബന്ധിച്ചും അലക്സാഡ്രയുടെ വ്യക്തിപരമായ ജീവിതത്തെ സംബന്ധിച്ചും പരീക്ഷണ നാളുകളായിരുന്നു. ജർമ്മൻ രാജ്യത്തിന്റെ  ഭാഗമായ ഹെസ്സെ  ഭരിച്ചിരുന്നത് അവരുടെ സഹോദരനായിരുന്നു.  അവിടം അലക്സാഡ്രയുടെ ജന്മ സ്ഥലവുമായിരുന്നു. ജർമ്മൻകാരത്തിയെന്ന  നിലയിൽ അലക്സാഡ്ര റഷ്യൻ ജനതയിൽ വെറുക്കപ്പെട്ടവളായി തീർന്നു. അവർക്ക് ജർമ്മനിയുമായി ബന്ധമുണ്ടെന്നും ജനങ്ങൾ കുറ്റപ്പെടുത്താൻ തുടങ്ങി. ജർമ്മൻ ചക്രവർത്തി 'കൈസർ',(Wilhelm II, Kaiser)  അവരുടെ  കസ്യനും വിക്റ്റോറിയാ മഹാറാണിയുടെ മറ്റൊരു മകളിൽനിന്നുമുള്ള കൊച്ചുമകനുമായിരുന്നു. അലക്സാൻഡ്ര  രാജ്ഞിയും അവരുടെ അമ്മായിയമ്മ മരിയാ രാജ്ഞിയും ഒരുപോലെ കൈസറിനെ വെറുത്തിരുന്നു. അലക്സാഡ്രയുടെ  സഹോദരി ഐറിൻ വിവാഹം ചെയ്തിരുന്നത് ജർമ്മനിയിലുള്ള കൈസറിന്റെ സഹോദരൻ 'ഹെൻറിച്ചിനെ'യായിരുന്നു. 1915-ൽ  സാർ നിക്ലാവൂസ് രണ്ടാമൻ പട്ടാളക്കാർക്ക് നേതൃത്വം കൊടുക്കാൻ  യുദ്ധമുന്നണിയിൽ പൊരുതാൻ പോയി. ഭരണകാര്യങ്ങളിൽ യാതൊരു പരിജ്ഞാനവുമില്ലാത്ത അലക്സാഡ്രയെ രാജ്യഭരണം ഏല്പ്പിച്ചു.  സാർ നിക്ലാവൂസിന്റെ സഹോദരൻ ഗ്രാൻഡ് ഡ്യൂക്ക് അലക്സാണ്ടർ മിഖയിലോവി രേഖപ്പെടുത്തിയിരിക്കുന്നത്,  'ചക്രവർത്തി യുദ്ധത്തിനായി പോയപ്പോൾ അദ്ദേഹത്തിനു പകരം രാജ്യം ഭരിക്കുന്നത്‌ റാണിയായിരുന്നു. ഭരിക്കാനറിയാതെ  യാതൊരു  കഴിവുമില്ലാത്ത മന്ത്രിമാരെ  കൂടെക്കൂടെ രാജ്യകാര്യങ്ങൾ നയിക്കാൻ നിയമിച്ചിരുന്നു. അവർ റാണിയ്ക്ക് തെറ്റായ ഉപദേശങ്ങളും  നൽകിയിരുന്നു. '


യുദ്ധത്തിന്റെ കെടുതികൾ  കൂടാതെ അവരുടെ സർക്കാർ എന്നും പൊട്ടിത്തെറികളുടെ  വക്കത്തായിരുന്നു.   പട്ടാളക്കാർക്കോ രാജ്യത്തിലെ ജനങ്ങൾക്കോ ഭക്ഷ്യ വിഭവങ്ങൾ വിതരണം ചെയ്തിരുന്നില്ല. പൂഴ്ത്തി വെപ്പും കരിംചന്തയും കൊള്ളക്കാരും രാജ്യവ്യാപകമായി വർദ്ധിച്ചിരുന്നു. അവർ റാസ്പ്പുട്ടിൻ എന്ന മാസ്മരമനുഷ്യനെ വിശ്വസിച്ചിരുന്നു. റാസ് പുട്ടിനും മഹാറാണിയും   തമ്മിൽ ലൈംഗിക ബന്ധങ്ങൾ ഉണ്ടെന്നുപോലും ജനങ്ങളുടെയിടയിൽ സംസാരമുണ്ടായിരുന്നു. മഹാറാണിയെ റഷ്യൻ വശത്തുള്ള  ജർമ്മൻ ചാരപ്രവർത്തകയെന്നും ജനങ്ങൾ മുദ്രകുത്തിയിരുന്നു. ഒരിയ്ക്കലവർ രാജകീയ പടികളുടെ ഉമ്മറത്ത് അകലെ യുദ്ധത്തിൽ ശത്രുക്കളോട് പൊരുതുന്ന ഭർത്താവിനെയും ചിന്തിച്ചിരിക്കുകയായിരുന്നു. ദൂതൻ വന്ന് അവർക്കൊരു കത്തു കൊടുത്തു. തുറന്നപ്പോൾ അത് റാസ്പ്പുട്ടിന്റെതായിരുന്നു. ആരാണ് ഈ റാസ്പ്പുട്ടിൻ ?

തുടരും.






Queen Victoria

Wilhelm II, (Kaiser) German Emperor

Rasputtin 


Friday, September 11, 2015

റഷ്യൻ ചരിത്രം ഒരു പഠനം (ലേഖനം 2)



സാർ നിക്ലൗവൂസ് രണ്ടാമനും  രാജഭരണത്തിന്റെ അന്ത്യവും
By ജോസഫ് പടന്നമാക്കൽ

നിക്ലൗവൂസ്  രണ്ടാമൻ,  മുന്നൂറോളം  വർഷങ്ങളുടെ തലമുറകളടങ്ങിയ റോമോനോവ് പരമ്പരകളിലുള്ള  റഷ്യയുടെ അവസാനത്തെ 'സാർ' ചക്രവർത്തിയായിരുന്നു. '  രക്തച്ചൊരിച്ചിലിന്റെ ഞായറാഴ്ച  '  (Bloody Sunday)എന്നറിയപ്പെടുന്ന കുപ്രസിദ്ധ  സംഭവവും ഒന്നാം ലോകമഹായുദ്ധ ദുരന്തവും ചക്രവർത്തിയുടെയും സാമ്രാജ്യത്തിന്റെയും അന്ത്യം കുറിച്ചു.  "താൻ  സാർ ചക്രവർത്തിയാകാൻ യോഗ്യനല്ലെന്നും അങ്ങനെയൊരു പദവി  ഒരിയ്ക്കലും  ആഗ്രഹിച്ചിരുന്നില്ലെന്നും ഭരിക്കുകയെന്നത് തനിക്കറിയില്ലെന്നും  കഴിയുമെങ്കിൽ ഈ ചുമതല മറ്റാരെങ്കിലും ഏറ്റെടുക്കണമെന്നും" അദ്ദേഹം സ്വന്തം ബന്ധു ജനങ്ങളോട് പറയുന്ന പല്ലവിയായിരുന്നു.

1868-മെയ് ആറാം തിയതി റഷ്യയിലെ 'പുഷ്ക്കിനെന്ന' സ്ഥലത്ത് നിക്ലൗവൂസ്  രണ്ടാമൻ ജനിച്ചു. 1894-ൽ  പിതാവ് അലക്സാണ്ടർ മൂന്നാമൻ ചക്രവർത്തി  മരിച്ചപ്പോൾ രാജ്യത്തിന്റെ കിരീടാവകാശി ആദ്യത്തെ മകനായ നിക്ലൗവൂസ്  രണ്ടാമനായിരുന്നു. ഏകാധിപത്യത്തിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നതെങ്കിലും  രാജ്യകാര്യങ്ങളിൽ പങ്കാളികളാകുവാൻ ഒരു ഉപദേശക സമിതിയെ തിരഞ്ഞെടുക്കാൻ പിന്നീട്  നിർബന്ധിതനായി. ഒന്നാം ലോക മഹായുദ്ധവും 'ബ്ലഡി സണ്‍ണ്ടെയും' രാജ്യത്തിന്റെ സാമ്പത്തിക അസമത്വവും കുറ്റ കാരണങ്ങളായി വിധിച്ച്  അദ്ദേഹത്തെയും   കുടുംബത്തെയും  1918  ജൂലൈ പതിനേഴാം തിയതി ബോൾഷേവിക്കുകാർ നിർദയം വധിച്ചു.

നിക്ലൗവൂസ്  രണ്ടാമൻ റഷ്യയുടെ  ചക്രവർത്തിയായിരുന്ന 'അലക്സാണ്ടർ മൂന്നാമന്റെയും'  'മാരിയാ ഫ്യൂഡോറോവനായുടെയും'  ആദ്യത്തെ പുത്രനായിരുന്നു.  മാതാവ് 'മാരിയാ' ജനിച്ചത് ഡെന്മാർക്കിലായിരുന്നു.   കുട്ടികളെ നല്ലവണ്ണം പരിപാലിക്കുന്നതിൽ അവർ വളരെയധികം ശ്രദ്ധിച്ചിരുന്നു. പിതാവായ അലക്സാണ്ടർ ചക്രവർത്തി തന്റെ  മകൻ ഒരു യാഥാസ്ഥിതികനായും. മതതീഷ്ണതയിലും  ഏകാധിപത്യ ഭരണ കാര്യ നിർവാഹകനായും വളരാൻ  പ്രേരിപ്പിക്കുമായിരുന്നു.
പ്രസിദ്ധിയേറിയ  പ്രൈവറ്റ് അദ്ധ്യാപകരിൽനിന്ന് നിക്ലൗവൂസ് രണ്ടാമന് വിദ്യാഭ്യാസം ലഭിച്ചു. ചരിത്രവും വിദേശഭാഷകളും രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും വിഷയങ്ങളിൽ ഈ രാജകുമാരൻ പ്രാവീണ്യം നേടിയിരുന്നു. എങ്കിലും രാഷ്ട്രീയവും ധനതത്വ ശാസ്ത്രവും ഈ ഭാവി ഭരണാധികാരിയ്ക്ക് ഉൾക്കൊള്ളാൻ സാധിക്കുമായിരുന്നില്ല.

1881-ൽ നിക്ലൗവൂസിനു പതിമൂന്നു വയസ് പ്രായമുള്ളപ്പോൾ അദ്ദേഹത്തിൻറെ മുത്തച്ഛൻ രാജാവ്‌  വിപ്ലവകാരികളുടെ ബോംബേറിൽ മരണപ്പെട്ടിരുന്നു. ആ വർഷം തന്നെ അദ്ദേഹത്തിന്റെ പിതാവ് അലക്സാണ്ടർ മൂന്നാമൻ കിരീടാവകാശിയായി രാജ്യഭരണം ഏറ്റെടുത്തിരുന്നു. നിക്ലൗവൂസ് രണ്ടാമൻ സ്വാഭാവികമായി  അടുത്ത കിരീടവകാശിയുമായി.

നിക്ലൗവൂസ് രണ്ടാമന് പത്തൊമ്പതു വയസുള്ളപ്പോൾ അദ്ദേഹം പട്ടാളത്തിൽ ചേർന്നു . മൂന്നു കൊല്ലം അവിടെ സേവനം ചെയ്തു. പത്തു മാസത്തോളം യൂറോപ്പ്, ഏഷ്യ മുതൽ രാജ്യങ്ങളിൽ കറങ്ങി നടന്നു. പട്ടാളത്തിൽ താല്പര്യമുള്ളതു കൊണ്ട് നിക്ലൗവൂസിനു 'കേണൽ റാങ്ക്' നല്കി. അദ്ദേഹം അടുത്ത കിരീടാവകാശിയാണെങ്കിലും പട്ടാളത്തിലായിരുന്ന സമയത്ത് രാഷ്ട്രീയ രാജ്യകാര്യ  ചർച്ചാ വിഷയങ്ങളിൽ  കാര്യമായൊന്നും സംബന്ധിക്കാറുണ്ടായിരുന്നില്ല.

നിക്ലൗവൂസിന്റെ  പിതാവ് അലക്സാണ്ടർ മൂന്നാമൻ നാല്പ്പിത്തിയൊമ്പതാം വയസിൽ കിഡ്നി രോഗബാധിതനായി  1894-ഒക്ടോബർ ഇരുപതാം തിയതി മരിച്ചു. റോമിലോവ് ചക്രവർത്തിമാരുടെ  തലമുറകളായി കൈമാറിയ രാജ്യാവകാശ കിരീടം അദ്ദേഹത്തിനു ലഭിച്ചു.  രാജ്യ ഭരണത്തിൽ വേണ്ടത്ര പ്രായോഗിക പരിജ്ഞാനക്കുറവുകൊണ്ടും പിതാവിന്റെ പെട്ടെന്നുള്ള മരണകാരണവും  കിരീടം അദ്ദേഹത്തിനു ഒരു മുൾക്കിരീടം പോലെയായിരുന്നു.  " താൻ  ചക്രവർത്തിയാകാൻ യോഗ്യനല്ല.  ഭരിക്കാൻ തനിക്കറിഞ്ഞു കൂടാ"    എന്നാലപിച്ചിട്ടും  തലയിൽ വന്ന കിരീടം തട്ടിത്തെറിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

പിതാവിന്റെ മരണശേഷം  നിക്ലൗവൂസ് രണ്ടാമൻ ഒരു മാസത്തിനുള്ളിൽ അലക്സാൻഡ്രിയായായെ വിവാഹം  ചെയ്തു. പൊതു ജനങ്ങളുടെ മുമ്പിൽ സാറിനി അലക്സാൻഡ്രിയാ   വീട്ടമ്മയാണെങ്കിലും  കൊട്ടാരത്തിലെ ഭരണപരമായ രാജ്യകാര്യങ്ങളിലും അവർ താൽപ്പര്യപ്പെട്ടിരുന്നു. കൂടുതൽ സമയവും രാജ്യത്തിന്റെ  ഭരണ സംവിധാനങ്ങൾ  പഠിക്കാൻ അവർ കൊട്ടാരത്തിൽ സമയം ചെലവഴിച്ചിരുന്നു.

ഈ ദമ്പതികൾക്ക് 1895-ൽ ഒരു പെണ്‍കുട്ടി ജനിക്കുകയും ഓൾഗായെന്ന്(Olga) പേര് നല്കുകയും ചെയ്തു. അതിന്റെയടുത്ത വർഷം നിക്ലൗവൂസ് രണ്ടാമൻ 'സാർ' ചക്രവർത്തിയായി ഔദ്യോഗികമായി സ്ഥാനാരോഹണം ചെയ്തു. കിരീട ധാരണ വേളയിൽ മോസ്ക്കോയിലെ ജനപ്രളയത്തിനിടയിൽ നൂറുകണക്കിനു ജനം മരിക്കാനിടയായി.  ദുഃഖകരമായ  രാജ്യത്തിന്റെ വിനയിൽ നിക്ലൗവൂസ് രണ്ടാമനും അലക്സാൻഡ്രിയായും ഒന്നുമറിയാത്ത ഭാവത്തിൽ കിരീട ധാരണ വേളയിൽ പുഞ്ചിരിച്ചുകൊണ്ടിരുന്നു. രാജ്യത്തിലെ പ്രജകൾക്ക് പുതിയ രാജാവിനോടും ഭാര്യയോടും അതൃപ്തിയുണ്ടാവുകയും ചെയ്തു. ജനത്തിന്റെ ദുഖത്തിൽ പങ്കുചേരാത്ത രാജ ദമ്പതികൾക്കെതിരെ ജനം രോഷാകുലരായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

1897-ൽ  രാജ ദമ്പതികൾക്ക് 'ടറ്റിന '  (Tatiana)എന്ന ഒരു പെണ്‍ക്കുട്ടികൂടി ജനിച്ചു. 1899-ൽ ' മരിയാ' (Maria)എന്ന മൂന്നാമത്തെ പെണ്‍ക്കുട്ടിയും  1901ൽ  അനസ്റ്റസിയ (Anastasia) എന്ന  നാലാമത്തെ പെണ്‍ക്കുട്ടിയും ജനിച്ചു. 1904-ൽ അടുത്ത കിരീടാവകാശിയായ 'അലക്സി'(Alexe) എന്ന ആണ്‍ക്കുട്ടിയും ജനിച്ചു. എന്നാൽ ദൗർഭാഗ്യവശാൽ  അലക്സിയ്ക്ക്   'ഹീമോഫിലിയാ' എന്ന രോഗം ബാധിച്ചു. കുട്ടിയുടെ ചീകത്സയ്ക്കായി റാസ് പുട്ടിൻ എന്ന ഒരു വൈദ്യനെ കൊട്ടാരത്തിൽ പാർപ്പിച്ചിരുന്നു. പിന്നീട്‌  റാസ്പുട്ടിൻ കൊട്ടാരത്തിലെ ആഭ്യന്തര കാര്യങ്ങളിലും ഇടപെടാൻ തുടങ്ങി.   അയാൾ റഷ്യയുടെ മാസ്മര ചരിത്രമായി മാറുകയും ചെയ്തു.

നിക്ലൗവൂസിന്റെ വിദേശ നയം രാജ്യങ്ങൾ കീഴടക്കി വികസിപ്പിക്കുകയെന്നല്ലായിരുന്നു. യൂറോപ്പിലെപ്പോലെയുള്ള ഒരു ഭരണ സംവിധാനം അദ്ദേഹം ആഗ്രഹിച്ചിരുന്നു. 1890-ൽ റഷ്യയ്ക്ക് സാമ്പത്തിക പുരോഗതി നേടാൻ സാധിച്ചു. വിദൂര കിഴക്കൻ പ്രദേശങ്ങളിലേയ്ക്കും വ്യവസായങ്ങൾ വ്യാപിപ്പിക്കാൻ ആഗ്രഹിച്ചു. 1891-ൽ ട്രാൻസ് സൈബീരിയൻ റയിൽവേയുടെ പണിയാരംഭിച്ചു. പസഫിക്ക് തീരങ്ങളുമായി റയിൽവേ ബന്ധിപ്പിക്കണമായിരുന്നു. അത് 1905-ൽ ജപ്പാന് ഭീഷണിയായി തോന്നി. ജപ്പാൻ ആ വർഷം  ഡിസംബറിൽ റഷ്യയെ ആക്രമിച്ചു. പോർട്ട്‌ ആർതറിൽ നിക്ലൗവൂസിന്റെ പട്ടാളം ജപ്പാൻ സേനയ്ക്ക് കീഴടങ്ങി. റഷ്യയുടെ പരാജയത്തിൽ ഗത്യന്തരമില്ലാതെ നിക്ലൗവൂസ്  രണ്ടാമൻ ജപ്പാനുമായി സമാധാന ഉടമ്പടിയുണ്ടാക്കി.

'ബ്ലഡി സണ്ടേ' അഥവാ  രക്തച്ചൊരിച്ചിലിന്റെ ഞായറാഴ്ച കൂട്ടക്കൊല  '   റഷ്യൻ ചരിത്രത്തിലെ അതിക്രൂരമായ ഒരു ദിനമായി കരുതുന്നു. 1905 ജനുവരി അഞ്ചാം തിയതി 'ഫാദർ ജോർജ് ഗാപോൻ', സെന്റ്‌ പീറ്റേ ഴ്സ് ബർഗിലെയ്ക്ക് തൊഴിലാളികളുടെ സമാധാനപരമായ ഒരു ജാഥാ നയിച്ചിരുന്നു. തൊഴിലാളികളുടെ തൊഴിൽ ക്ഷേമപദ്ധതികൾക്കായി നിക്ലൗവൂസ് രണ്ടാമന്റെ ശ്രദ്ധയിൽപ്പെടാനുള്ള അപേക്ഷയുമായിട്ടായിരുന്നു ഈ പ്രകടന ജാഥാ മുന്നേറിയത്. എന്നാൽ പട്ടാളം പ്രകടനക്കാരുടെ നേരെ വെടി വെച്ചു. ആയിരക്കണക്കിന് ജനം കൊല്ലപ്പെട്ടു. അതാണ്‌ റഷ്യൻ ചരിത്രത്തിലെ കുപ്രസിദ്ധമായ 'രക്തച്ചൊരിച്ചിലിന്റെ ഞായറാഴ്ചയെന്ന്' അറിയപ്പെടുന്നത്. പ്രതിഷേധമായി റഷ്യയിലെ തൊഴിലാളികൾ രാജ്യം മുഴുവൻ സമരങ്ങൾ സംഘടിപ്പിച്ചു. റഷ്യാ മുഴുവനുമുള്ള കൃഷിക്കാരും തൊഴിലാളികളോട് സഹതാപം പ്രകടിപ്പിച്ചിരുന്നു.  തൊഴിലാളികളുടെ ഈ മുന്നേറ്റത്തെ പട്ടാളം അടിച്ചമർത്തി. രാജ്യം മുഴുവൻ   അരാജകത്വമായിക്കൊണ്ട് മനുഷ്യജീവന് വിലയില്ലാതായി. ഒടുവിൽ രാജാവും പ്രകടനക്കാരും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കി. ദൈവം നിശ്ചയിച്ച ഭരണാധികാരിയാണ് താനെന്ന് നിക്ലൗവൂസ് രണ്ടാമൻ ചിന്തിച്ചിരുന്നെങ്കിലും  തിരഞ്ഞെടുത്തവരെയും രാജഭരണത്തിൽ ഉള്പ്പെടുത്താൻ അദ്ദേഹം സമ്മതിച്ചു. സർക്കാർ തീരുമാനിക്കുന്ന പരിഷ്ക്കാരങ്ങൾക്ക്  'പീറ്റർ സ്റ്റൊല്പിൻ' എന്ന മന്ത്രിയുടെ ഉപദേശങ്ങൾ സ്വീകരിച്ചിരുന്നു.

ഒന്നാം ലോക മഹായുദ്ധത്തിന്റെ ആരംഭത്തിൽ റഷ്യൻ പട്ടാളത്തിനു നാശം സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. മന്ത്രിമാരുടെ ഉപദേശം അനുസരിച്ച് നിക്ലൗവൂസ് രണ്ടാമൻ യുദ്ധത്തിന്റെ ചുമതല നേരിട്ടേറ്റെടുത്തു. 1915 മുതൽ 1917 വരെ അദ്ദേഹം സെന്റ്‌ പീറ്റേഴ്സ് ബർഗിൽ നിന്നും അകന്ന് യുദ്ധ മുന്നണിയിലായിരുന്നു. അദ്ദേഹത്തിൻറെ അഭാവത്തിൽ 'അലക്സാൻഡ്രിയാ രാജ്ഞി' രാജ്യകാര്യങ്ങളിലെ ഭരണച്ചുമതല ഏറ്റെടുത്തു. കൊട്ടാരം വൈദ്യനായ' റാഷ് പുട്ടിന്റെ' സഹായം രാജ്യകാര്യങ്ങളിലും തേടിയിരുന്നു. ആഭ്യന്തര കാര്യങ്ങളിൽ  റാഷ് പുട്ടിന്  അമിതമായ സ്വാധീനവുമുണ്ടായിരുന്നു. അതുമൂലം നിക്ലൗവൂസ്  രണ്ടാമന്റെ മന്ത്രിമാർ രാജ്യകാര്യങ്ങളിൽ നിന്നും അകന്ന് രാജി വെച്ചു. അവരുടെ സ്ഥാനത്ത് 'അലക്സാൻഡ്രിയാ രാജ്ഞിയുടെയും  റാഷ് പുട്ടിന്റെയും താല്പ്പര്യം   നോക്കുന്നവരെ അധികാര സ്ഥാനങ്ങളിലേയ്ക്ക് നിയമിച്ചു.

ഒന്നാം ലോക മഹായുദ്ധത്തിൽ   റഷ്യയ്ക്ക് തുടർച്ചയായി  പരാജയങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. അസഹനീയമായ  ദാരിദ്ര്യവും വിലപ്പെരുപ്പവും നാടാകെ ബാധിച്ചിരുന്നു. റഷ്യയിലെ ജനത നിക്ലൗവൂസ് രണ്ടാമന്റെ യുദ്ധകാല തീരുമാനങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.  അലക്സാൻഡ്രിയാ സാറിനിയുടെ ഭരണ പങ്കാളിത്തവും  ജനങ്ങൾ വെറുത്തിരുന്നു. 'അലക്സാൻഡ്രിയാ' ജർമ്മൻകാരത്തിയായതുകൊണ്ട്‌ അവർ മനപൂർവം റഷ്യയെ ശത്രുക്കൾക്ക്‌  അടിയറ വെയ്ക്കുന്നുവെന്നും ജനങ്ങൾ വിചാരിച്ചു. യുദ്ധത്തിൽ ശത്രുവിജയം അവർ ആഗ്രഹിച്ചിരുന്നുവെന്നും ജനങ്ങളുടെയിടയിൽ കിംവദന്തികളുണ്ടായിരുന്നു. 1917 ഫെബ്രുവരിയിൽ നിക്ലൗവൂസ്  രണ്ടാമന്റെ പ്രജകൾ ക്ഷുപിതരായി പ്രക്ഷോപണങ്ങളാരംഭിച്ചു. 'നിക്ലൗവൂസ് '  യുദ്ധകാല തിരക്കിലായിരുന്നതുകൊണ്ട് സെന്റ്‌ പീറ്റർഴ്സ് ബർഗിലുണ്ടായിരുന്നില്ല.  മടങ്ങി വരാൻ ഒരുങ്ങിയ നിക്ലൗവൂസിനെ ജനങ്ങൾ ട്രെയിനിൽ കയറ്റാതെ തടഞ്ഞു വെച്ചു.  വിപ്ലവത്തെ അടിച്ചമർത്താൻ ശ്രമിച്ച പട്ടാളക്കാരുടെയിടയിലും  വിപ്ലവമുണ്ടായി. പട്ടാളക്കാരിൽ അനേകർ ജനങ്ങളോടൊപ്പം ചേർന്ന് രാജഭരണത്തിനെതിരെ യുദ്ധം ചെയ്തു. രാജ ഭരണം അവസാനിപ്പിക്കുകയല്ലാതെ നിക്ലൗവൂസിന്റെ മുമ്പിൽ  മറ്റു മാർഗങ്ങളുണ്ടായിരുന്നില്ല. 1917 മാർച്ച്  പതിനേഴാം തിയതി അദ്ദേഹം കിരീടം ഉപേക്ഷിച്ച്  ഭരണം അവസാനിപ്പിച്ചു. അദ്ദേഹത്തെയും കുടുംബത്തെയും 'യൂറാൾ മലകളിൽ' കൊണ്ടുപോയി വിപ്ലവ സേന വീട്ടു തടങ്കലിലാക്കി.

വിപ്ലവ കൊടുങ്കാറ്റിൽ പങ്കു ചേർന്നവർ റഷ്യയിൽ ഒരു താല്ക്കാലിക സർക്കാർ ഉണ്ടാക്കിയിരുന്നു. 1917-ൽ റഷ്യയുടെ താല്ക്കാലിക സർക്കാരിനെ പുറത്താക്കിക്കൊണ്ട് ബോൾഷേവിക്കുകൾ അധികാരം പിടിച്ചെടുത്തു.  1918-ന്റെ ആരംഭത്തിൽ  റഷ്യയിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു.  1918 ജൂലൈ പതിനേഴാം തിയതി ലെനിന്റെ   നേതൃത്വത്തിലുള്ള ബോൾഷേവിക്കുകൾ നിക്ലൗവൂസിനെയും കുടുംബത്തിനെയും നാമാവിശേഷമാക്കിക്കൊണ്ട് ഒന്നാകെ വധിച്ചു. മൂന്നു നൂറ്റാണ്ടോളം ഭരിച്ച റോമനോവ് ചക്രവർത്തിപാരമ്പര്യം അതോടെ അവസാനിച്ചു. നിക്ലൗവൂസ്  രണ്ടാമന്റെ മകൾ അനസ്റ്റസിയ വധിക്കപ്പെട്ടവരിൽ രക്ഷപെട്ടെന്നു ചരിത്രകാരുടെയിടയിൽ അഭിപ്രായ വിത്യാസങ്ങളുണ്ടായിരുന്നു. എന്നാൽ 2007-ൽ നടത്തിയ ഡി.എൻ എ ടെസ്റ്റിൽ അവരുടെ മൃത ശരീരം  തിരിച്ചറിയാൻ സാധിച്ചു.

റഷ്യാ സാമ്രാജ്യത്തിന്റെ അവസാനത്തെ ഭരണാധികാരി നിക്ലൗവൂസ് രണ്ടാമൻ  ചരിത്തിൽ തെറ്റായ സ്ഥലത്ത് രേഖപ്പെടുത്തിയത് ദുഃഖകരമായ ഒരു സത്യമാണ്. പരിവർത്തന വിധേയമായ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്തിലാണ് അദ്ദേഹം റഷ്യയുടെ സാർ ചക്രവർത്തിയായത്‌.   ഭരിക്കാനാവശ്യമായ  പാണ്ഡിത്യവും   ശ്രദ്ധേയമായ അനേക സത്ഗുണങ്ങളും അദ്ദേഹത്തിലുണ്ടായിരുന്നു.  സുഹൃത്തുക്കളോടും ബന്ധുജനങ്ങളോടും അദ്ദേഹം പറയുമായിരുന്നു, "ഞാനൊരു സാധാരണ മനുഷ്യൻ, ചക്രവർത്തിയായ അലങ്കാര രൂപം എനിയ്ക്കു വേണ്ടായിരുന്നു. അദ്ദേഹത്തിന്  നല്ല ഓർമ്മശക്തിയും ഊർജ സ്വലതയും അറിവും പാകതയും ഉറച്ച മനശക്തിയും സ്വയം നിയന്ത്രണവും സന്മാർഗ നിലവാരവുമുണ്ടായിരുന്നു. ക്ഷമയോടെ മറ്റുള്ളവരുടെ ആശയങ്ങളെ ഉൾക്കൊള്ളുന്ന ആദർശവാനായിരുന്നു. സത്യത്തിൽ അടിയുറച്ച വിശ്വാസവും വാക്കു പാലിക്കലും ആത്മാർത്ഥമായ ഹൃദയവും അദ്ദേഹത്തെ പരാജിതനാക്കിക്കൊണ്ട് മരണത്തിലേയ്ക്ക് നയിച്ചു.  ഭരണ കാര്യങ്ങളെപ്പറ്റി പരിചയമില്ലാതെ നന്നേ ചെറുപ്പത്തിൽ കിരീടധാരണം ചെയ്തത് അദ്ദേഹത്തെ സംബന്ധിച്ചടത്തോളം നിർഭാഗ്യകരമായിരുന്നു.   നിക്ലൗവൂസിന്റെയും കുടുംബത്തിന്റെയും വിധി അവിടെ മുദ്ര വെച്ചു.  നിക്ലൗവൂസ് വളരുന്ന കാലത്ത് അദ്ദേഹത്തിന്റെ പിതാവ് അലക്സാണ്ടർ മൂന്നാമൻ ഭരണപരമായ ചർച്ചാ വിഷയങ്ങളിൽ  മകനെ പങ്കുകൊള്ളിപ്പിക്കില്ലായിരുന്നു.  അതൊരു പിതാവിൽനിന്നു വന്ന  തെറ്റായിരുന്നു. പിതാവിന്റെ കാലത്ത് രാജ്യകാര്യങ്ങളിൽ ഇടപെടാൻ അനുവദിച്ചിരുന്നെങ്കിൽ അദ്ദേഹം അധികം തെറ്റുകൾ വരുത്തി കൂട്ടില്ലായിരുന്നു.

















റോമോലോവ്  രാജവംശത്തിന്റെ മുന്നൂറാം വാർഷികം  



Saturday, September 5, 2015

റഷ്യൻ ചരിത്രം ഒരു പഠനം (ലേഖനം 1)



രാജവംശ പരമ്പരകൾ 

By ജോസഫ് പടന്നമാക്കൽ


വിവിധ സംസ്ക്കാരങ്ങളോടെയുള്ള  വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളുമടങ്ങിയ ജനങ്ങൾ  വസിക്കുന്ന ആധുനിക റഷ്യ  ഒരു രാഷ്ട്രമായി രൂപാന്തരപ്പെട്ടത് ചരിത്രത്തിന്റെ നാനാ കാലഘട്ടങ്ങളിൽക്കൂടിയാണ്. പൗരാണിക റഷ്യയുടെ   ചരിത്രത്തിലേയ്ക്കുള്ള തുടക്കം കുറിയ്ക്കുന്നത് വിദൂര നാടുകളിൽക്കൂടി വന്ന കുടിയേറ്റക്കാരായ  ജനങ്ങളിൽക്കൂടിയെന്നും മനസിലാക്കാം.  ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള ഈ രാജ്യത്തും രാജവംശങ്ങൾ  ഉയരുകയും അസ്തമിക്കുകയും ചെയ്തിരിക്കുന്നത് കാണാം. നൂറ്റാണ്ടുകളിൽക്കൂടി പിടിച്ചെടുത്ത സ്ഥലങ്ങളും  പട്ടണങ്ങളും ചെറു രാജ്യങ്ങളും ഒന്നായി കൂടി ചേർന്നതാണ്  ഒടുവിൽ റഷ്യാ സാമ്രാജ്യമായത്. ഓരോ കാലങ്ങളിലും റഷ്യയെ വിവിധ ഭാഗങ്ങളിൽ നിന്നും  വിദേശ ശക്തികൾ ആക്രമിച്ചിട്ടുണ്ട്.   1237-ൽ  മംഗോളിയർ റഷ്യയെ ആക്രമിച്ചു. ചെങ്കിഷ്ക്കാന്റെ കൊച്ചുമകനായ ബാട്ടുഖാൻന്റെ നേതൃത്വത്തിൽ അനേക പട്ടണങ്ങളും ഗ്രാമങ്ങളും ആക്രമിച്ചിരുന്നു. ഈ കാലഘട്ടത്തിൽ പടിഞ്ഞാറുള്ള രാജ്യങ്ങളും അവരുടെ ഭീകര സൈന്യങ്ങളും രാജ്യവിസ്ത്രുതിയ്ക്ക് വേണ്ടി റഷ്യയെ ആക്രമിച്ചിട്ടുണ്ട്.


'ഇവാൻ നാലാമൻ'  എന്ന ഭീകരനായ രാജാവിന്റെ കാലത്താണ് ചിതറി കിടന്ന ഭിന്ന രാജ്യങ്ങൾ ഒന്നിച്ചുചേർത്ത് ഏകീകൃതമായ റഷ്യാ സ്ഥാപിച്ചത്.  ഇവാനു മൂന്നു വയസു പ്രായമുള്ളപ്പോൾ  പിതാവ് 'വാസിലി മൂന്നാമൻ' രാജാവ് മരിച്ചു.  ഇവാൻ  പ്രായ പൂർത്തിയാകുന്നവരെ അയാളുടെ അമ്മ രാജ്യകാര്യങ്ങൾ നോക്കിയിരുന്നു.  ഇവാന് എട്ടു വയസുള്ളപ്പോൾ അമ്മയും മരിച്ചു. അതിനു ശേഷം  'ബൊയെർസ്'  എന്ന് സ്ലാവിക്ക് നാമത്തിൽ അറിയപ്പെടുന്ന  പ്രഭുക്കന്മാർ രാജ്യം ഭരിച്ചു. 1547-ൽ ഈ പ്രഭുക്കന്മാരുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ട്   'സാർ' (Tsar)എന്ന പദവി ഇവാൻ സ്വീകരിച്ചു. രാജ്യങ്ങൾ വെട്ടി പിടിച്ചും പ്രഭുക്കന്മാരെ കൊന്നും ഈ ഭീകര ഭരണം  ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി മാറി.


1584-ൽ ഭീകരനായ ഇവാൻ മരിച്ചു. അയാളുടെ മകൻ ഫൈദോർ രാജാവായി. രാജ്യം നിയന്ത്രിച്ചിരുന്നത് അയാളുടെ സഹോദരി ഭർത്താവ് 'ബോറീസ് ഗോഡുനോവാ' ആയിരുന്നു. 1591-ൽ രാജ്യാവകാശ തർക്കത്തിൽ ഫൈദോറിന്റെ  ഇളയ സഹോദരൻ 'ദിമിത്രിയെ' ഗോഡുനോവാ'  വധിച്ചു. രക്തപങ്കിലമായ ആ സ്ഥലത്ത് പണി കഴിപ്പിച്ച ദേവാലയമാണ് സെന്റ്‌ ഡിമട്രിയസ് ദേവാലയം. 1598-ൽ  ഫൈദോർ മരിച്ചപ്പോൾ 'ഗോഡുനോവാ' സാർ ചക്രവർത്തിയായി. അയാൾ സാർ ചക്രവർത്തിയായത്‌ നിയമപരമായിട്ടല്ലായിരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ  ദിമിത്രി യാണെന്നു  നടിച്ചു പോളണ്ടിൽ നിന്നും  ഒരു അപരൻ റഷ്യയെ ആക്രമിച്ചു. അടുത്ത വർഷം ഗോഡുനോവാ' മരിക്കുകയും രാജ്യത്ത് പ്രശ്നങ്ങൾ തുടരുകയും ചെയ്തു. പോളീഷ് പട്ടാളക്കാരുടെ സഹായത്തോടെ അപരനായ ദിമിത്രി രാജ്യാവകാശിയെന്ന്  വാദമുന്നയിച്ച് അടുത്ത എട്ടു വർഷം റഷ്യയെ ആക്രമിച്ചുകൊണ്ടിരുന്നു. 1613-ൽ പോളീഷുകാരെ  മോസ്ക്കോയിൽ നിന്നും പുറത്താക്കി. രാജ്യത്തിലെ പ്രഭുക്കന്മാർ  (ബോയെർസ്) ഒത്തു ചേർന്ന് 'മൈക്കിൽ റോമോനോവിനെ'  സാർ ആയി തിരഞ്ഞെടുത്തു. അടുത്ത 304 വർഷങ്ങൾ റോമോനോവ്  പാരമ്പര്യത്തിലുള്ളവർ സാർ ചക്രവർത്തിമാരായി രാജ്യം ഭരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിൽ  ബോൾ ഷേവിക്കുകൾ നടത്തിയ റഷ്യൻ വിപ്ലവത്തോടെ 'സാർ ഭരണം' അവസാനിച്ചു.


ആദ്യത്തെ ഏതാനും റോമൊനൊവ് തലമുറകൾ റഷ്യയുടെ അന്തസ്സ് പാലിക്കാൻ ശ്രമിച്ചിരുന്നു. വലിയ കുഴപ്പങ്ങളില്ലാതെ ഭരണം സുഗമമായി തുടർന്നുകൊണ്ടിരുന്നു. അധികാര കേന്ദ്രീകരണം  പരിപൂർണ്ണമായും   രാജാവിന്റെ നിയന്ത്രത്തിലായിരുന്നെങ്കിലും സാമ്പത്തിക തലങ്ങളിൽ രാജ്യം അധികം പുരോഗമിക്കുന്നില്ലായിരുന്നു. പീറ്റർ എന്ന മഹാൻ രാജ്യത്ത് പരിപൂർണ്ണമായ  മാറ്റത്തിനായി ശ്രമിച്ചു.


പീറ്റർ അയാളുടെ പിതാവായ സർ അലക്സീസിന്റെ  രണ്ടു ഭാര്യമാരിൽ ഇളയ പുത്രനായിരുന്നു. 1676-ൽ  സാർ അലക്സീസ് മരിച്ചപ്പോൾ പീറ്ററിന്റെ സഹോദരൻ  ഫീയോദർ, 'സാർ' ആയി കിരീടം ധരിച്ചു. എന്നാൽ  അനാരോഗ്യം കാരണം 'ഫീയോദർ'  1682-ൽ മരിച്ചു.  പീറ്ററിന്റെ അമ്മ  ബുദ്ധി വികസിക്കാത്ത പീറ്ററിന്റെ സഹോദരൻ  ഐവാനെ  'സാർ' ആക്കി. ക്രംലിൻ പ്രഭുക്കന്മാർക്ക് പുതിയ സാർ ചക്രവർത്തിയുടെ നിയമനം ഇഷ്ടപ്പെട്ടില്ല. അവർ കൊട്ടാരത്തിൽ തന്നെ പ്രതിഷേധങ്ങളുമായി  അലങ്കോലം ഉണ്ടാക്കുകയും 'സാർ' പദം പീറ്ററിനും ഐവാനുമായി വീതിക്കുകയും ചെയ്തു. ആദ്യ ഭാര്യയിലുള്ള ഐവാന്റെ സഹോദരി' സോഫിയായെ'  പീറ്റർ പ്രായപൂർത്തിയാകുന്നവരെ ഭരണ കാര്യങ്ങൾ എല്പ്പിക്കുകയും ചെയ്തു.


1689-ൽ പീറ്ററിന് രാജ്യം ഭരിക്കാൻ പ്രായമായപ്പോൾ 'സോഫിയാ' ബലപ്രയോഗത്തിൽക്കൂടി അധികാരം പീറ്ററിൽ നിന്നും കവർന്നെടുക്കാൻ ശ്രമം നടത്തി. സോഫിയായുടെ ശ്രമത്തെ പരാജയപ്പെടുത്തുകയും അവരെ 'നോവോടെവിച്ചി' കോണ്‍വെന്റിൽ'  തടവുകാരിയാക്കി പാർപ്പിക്കുകയും ചെയ്തു.  ആറു വർഷത്തിനുശേഷം ഐവാൻ മരിക്കുകയും പീറ്റർ ഏക കിരീടാവകാശിയാവുകയും ചെയ്തു. മോസ്ക്കോയിൽ താമസിക്കാതെ രാജ്യകാര്യങ്ങളെപ്പറ്റി ഗഹനമായി പഠിക്കാൻ പീറ്റർ യൂറോപ്പു മുഴുവൻ പര്യടനമാരംഭിച്ചു. രണ്ടു വർഷം അവിടെ താമസിച്ച് യൂറോപ്പിലെ ഭരണാധികാരികളും രാജാക്കന്മാരുമായി  ചർച്ചകൾ നടത്തിക്കൊണ്ടിരുന്നു. കൂടാതെ സ്വയം പരിശീലിക്കാനായി ഹോളണ്ടിൽ ഒരു കപ്പലിൽ ആശാരിപ്പണിയും ചെയ്തു.   പടിഞ്ഞാറെ രാജ്യങ്ങളുടെ ഭരണപരമായ തന്ത്രങ്ങളും  വ്യവസായ ടെക്കനിക്കുകളും   അദ്ദേഹം ഗഹനമായി പഠിച്ചു. പടിഞ്ഞാറുള്ള  രാജ്യങ്ങളെപ്പോലെ റഷ്യയേയും ആധുനികരിക്കാൻ പദ്ധതിയിട്ടു. 1698-ൽ പീറ്റർ യാത്രയിലായിരുന്ന സമയത്ത്  കോണ്‍വെന്റിൽ തടവിലാക്കപ്പെട്ട സോഫിയായുടെ പ്രേരണയിൽ  ക്രെംലിനിലെ അധികാര മോഹികൾ  രാജ ഭരണം അട്ടി മറിക്കാൻ ശ്രമിച്ചു.  രാജ്യത്ത് പ്രശ്നങ്ങൾ കേട്ടറിഞ്ഞ പീറ്റർ യാത്രകൾ പൂർത്തികരിക്കാതെ  മടങ്ങി വന്നു.  വിഘടന വാദികളുടെ അധികാരഭ്രമത്തെ അടിച്ചമർത്തുകയും  അധികാരം പിടിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തുകയും  സ്ഥാനമോഹികളായ ചിലരെ വധിക്കുകയും ചെയ്തു.


പീറ്റർ,  അധികാര മോഹികളിൽനിന്നുമുണ്ടായ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ച ശേഷം  രാജ്യത്തിലെ ഭരണ പരിഷ്ക്കാരങ്ങൾക്കുള്ള ശ്രമങ്ങളും ആരംഭിച്ചു.  രാജ്യത്തിലെ പ്രഭുക്കന്മാർ യൂറോപ്യന്മാരെപ്പോലെ താടിയൊതുക്കിവെച്ചു  നടക്കണമെന്ന് നിബന്ധനയുണ്ടാക്കി.  പുരുഷന്മാർ അക്കാലത്ത് പാരമ്പര്യമായി ധരിച്ചിരുന്ന ചില   വേഷവിധാനങ്ങൾ നിരോധിച്ചു. സാങ്കേതിക വിദ്യയെ പരിപോഷിപ്പിക്കാൻ രാജ്യമൊട്ടാകെ ടെക്കനിക്കൽ സ്കൂളുകൾ ആരംഭിച്ചു.ഭാഷാപരമായ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചുകൊണ്ട്  റഷ്യൻ  ഭാഷയിലെ അക്ഷരമാലകൾ ലഘുവാക്കി. നീതിന്യായ വ്യവസ്ഥ കൂടുതൽ സുഗമമാക്കാൻ കുത്തഴിഞ്ഞ കോടതികളെ പരിഷ്ക്കരിച്ചു. നൂറു കണക്കിന് പരിഷ്ക്കാരങ്ങൾ യൂറോപ്യൻ മാതൃകയിൽ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരുന്നു.  സെന്റ്‌ പീറ്റേഴ്സ് എന്ന പട്ടണം അദ്ദേഹത്തിൻറെ കാലത്ത് പണി തീർത്തതാണ്.   മനുഷ്യ പ്രയത്നവും ഒപ്പം ഖജനാവിലെ  പണവും ചിലവാക്കി  പട്ടണത്തിന്റെ  പണി തീരാൻ നീണ്ട ഒമ്പത് വർഷങ്ങളോളമെടുത്തു.


പീറ്റർ 1725-ൽ മരിച്ചു.  അദ്ദേഹം മഹാനായും വിവാദ പുരുഷനായും ചരിത്രകാരുടെ ഗവേഷണങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. യൂറോപ്പിലെപ്പോലെ റഷ്യയും ആധുനികരിക്കാൻ  ശ്രമിച്ചെങ്കിലും കാര്യമായ നേട്ടങ്ങളൊന്നും അദ്ദേഹത്തിൻറെ ഭരണകാലത്ത്  ഉണ്ടായില്ല.  രാജ്യത്തിനു എന്തെങ്കിലും പുരോഗതിയുണ്ടായതായും  വിവാദപരമാണ്. റഷ്യയുടെ പട്ടാളത്തെ നവീകരിച്ചതും  ഭരണപരമായ സംവിധാനങ്ങളെ മാറ്റിഎടുത്തതും അദ്ദേഹത്തിൻറെ നേട്ടമാണ്. പക്ഷെ ഈ പരിഷ്ക്കാരങ്ങൾ നടത്തിയത് രാജ്യത്തിലെ കൃഷിക്കാരുടെ പണം ഞെക്കി പിഴിഞ്ഞുകൊണ്ടായിരുന്നു. അധികാരത്തിന്റെ ഗർവ്വിൽ പല പദ്ധതികൾക്കും  നിർബന്ധിതമായി അവരിൽനിന്നും പണം പിരിക്കുകയായിരുന്നു. കൃഷിക്കാരുടെ ഉന്നമനത്തിനായി പീറ്റർ ഭരണകൂടം ഒന്നും തന്നെ ചെയ്തില്ല. പീറ്ററിന് ശേഷവും അനേക സാർ രാജാക്കന്മാർ റഷ്യാ  സാമ്രാജ്യം  ഭരിച്ചു. പിന്നീടുള്ള രാജാക്കന്മാർക്കൊന്നും ജനങ്ങളുടെ പ്രീതി സമ്പാദിക്കാൻ സാധിച്ചില്ല. റഷ്യയുടെ അടിസ്ഥാന വികസനത്തിൽ പീറ്ററിന്റെ പദ്ധതികൾ പരാജയമായിരുന്നു. അതിനുശേഷം കാതറിന്റെ കാലത്താണ്  അദ്ദേഹം പദ്ധതികളിട്ട  യൂറോപ്പിലെപ്പോലെ രാജ്യം പുരോഗമിച്ചത്.


കാതറിൻ ഒരു ജർമ്മൻ രാജകുമാരന്റെ മകളായി ജനിച്ചു.  സ്വന്തം ഭർത്താവിനെ രാജാധികാരത്തിൽ നിന്നും പുറത്താക്കിക്കൊണ്ടാണ് അവർ സാറിനിയായത്. 1745-ൽ അവർ റഷ്യയുടെ കിരീടാവകാശിയായ   'കാൾ പീറ്റർ ഉൽറിച്ച്' രാജകുമാരനെ വിവാഹം ചെയ്തു. പിന്നീട് അദ്ദേഹം രാജാവായപ്പോൾ 'പീറ്റർ മൂന്നാമൻ' എന്നറിയപ്പെട്ടു.1762 ജൂണ്‍ മാസത്തിൽ അവർ തന്റെ ഭർത്താവ്  പീറ്റർ മൂന്നാമനെതിരെ ആഭ്യന്തര യുദ്ധം ഉണ്ടാക്കുകയും  അട്ടിമറി നടത്തി   ഭർത്താവിനെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് അധികാരം  പിടിച്ചെടുക്കുകയും ചെയ്തു.  കാതറിൻ റഷ്യയുടെ ഭരണാധികാരിയായിരിക്കെ  ഭർത്താവ് ഒരു അപകടത്തിൽപ്പെട്ടു മരിച്ചു പോവുകയാണുണ്ടായത്.


റഷ്യൻ ചരിത്രത്തിൽ കാതറിൻ സമർദ്ധയായ  ഒരു ഭരണാധികാരിയുമായിരുന്നു. പ്രഗത്ഭരായ റഷ്യൻ ഭരണാധികാരികളിൽ കാതറിന്റെ പേരും ചരിത്രത്തിൽ ഒന്നാം ശ്രേണിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.അവർ   വളരെ കർശന സ്വഭാവമുള്ളവരും  രാജ്യം നിയന്ത്രിക്കാൻ തന്റെടമുള്ള  ശക്തിയേറിയ ഭരണാധികാരിയുമായിരുന്നു. രാജ്യം മുഴുവനുമുളള  ജനം അവരുടെ ഭരണകാലത്തെ അഭിനന്ദിച്ചിരുന്നു.വളരെയധികം  മതപരമായ തീഷ്ണതയും വ്യക്തി പ്രഭാവവുമുണ്ടായിരുന്ന റാണി റഷ്യൻ ഓർത്തോഡോക്സ് സഭയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. റഷ്യൻ ഭാഷ പഠിച്ച് നല്ലവണ്ണം  ഭാഷ കൈകാര്യം ചെയ്യുകയും വായനാ ശീലം വളർത്തുകയും ചെയ്തു. രാജ്ഞിയെന്നതിലുപരി  അവരെ ഒരു  പണ്ഡിതയായും  അറിയപ്പെട്ടിരുന്നു. കാതറിൻ യൂറോപ്പ് മാതൃകയിൽ റഷ്യയെ ബലവത്തായ ഒരു രാഷ്ട്രമായി കാണാൻ ആഗ്രഹിച്ചു. പീറ്ററിന്റെ പരിഷ്ക്കാരങ്ങൾ റഷ്യയിൽ നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. മറ്റുള്ള ചക്രവർത്തിമാരെപ്പോലെ  റഷ്യയിലെ എല്ലാ പ്രോവിൻസുകളുടെ മേലും കേന്ദ്രീകൃത നയമായിരുന്നു  കാതറിനും തുടർന്നത്. കലകൾ പ്രോത്സാഹിപ്പിക്കുന്നതിൽ  താല്പര്യമുണ്ടായിരുന്ന കാതറിൻ സംഗീത, കലാ സാംസ്ക്കാരിക നിലയങ്ങൾ നാടുനീളെ സ്ഥാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ  ആശ്രമങ്ങളും പർണ്ണശാലകളും അനേക കെട്ടിടങ്ങളും പണിതു. ജനങ്ങളുടെ വായനാശീലം  വളർത്താൻ  ലൈബ്രറികൾ സ്ഥാപിച്ചു . ജേർണലുകളും പുസ്തകങ്ങളും സാഹിത്യകൃതികളും, വിശ്വവിഖ്യാതരായവരുടെ തത്ത്വചിന്തകളും വിജ്ഞാന കോശങ്ങളും ശേഖരിക്കുകയും വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ നടപ്പാക്കുകയും ചെയ്തു. കാതറിന് ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിലും ഭൂരിഭാഗം പേരും രാജ്യ കാര്യങ്ങളിലെ ഉപദേശകരായിരുന്നു. ലൈംഗിക കാര്യങ്ങളിൽ അവരുടെ സുഹൃത്തുക്കളെ കൂട്ടി അവർക്കെതിരായി അപവാദങ്ങൾ പ്രചരിച്ചിരുന്നുവെങ്കിലും ആർക്കും തെളിവുകളൊന്നും നിരത്താൻ സാധിച്ചിട്ടില്ല.


1796-ൽ കാതറിൻ മരിച്ചു. അവരുടെ മകൻ പോൾ ഒന്നാമൻ രാജ്യ ഭരണം ഏറ്റെടുത്തു. പോളിന്റെ ഭരണം അഞ്ചു വർഷമേ നിലനിന്നുള്ളൂ. ആ കാലഘട്ടം രാജ്യം മുഴുവൻ അസമാധനത്തിലും അരാജകത്വത്തിലുമായിരുന്നു. പോൾ മരിച്ചു കഴിഞ്ഞ് അലക്സാണ്ടർ ഒന്നാമൻ 'സാർ' ചക്രവർത്തിയായി. അദ്ദേഹത്തിൻറെ കാലഘട്ടത്തിലാണ്‌ നെപ്പോളിയന്റെ പട്ടാളം റഷ്യയിൽ പ്രവേശിച്ചത്.


1812 ജൂണിൽ നെപ്പോളിയൻ റഷ്യയുമായി യുദ്ധം പ്രഖ്യാപിച്ചു. രാജ്യ വിസ്തൃതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന നെപ്പോളിയൻ  യൂറോപ്പ് മുഴുവൻ സ്വന്തം  സ്വാധീനത്തിലാക്കിയിരുന്നു. നെപ്പോളിയൻ  ചില വ്യവസ്ഥകളടങ്ങിയ ഒരു ഉടമ്പടി ഒപ്പുവെയ്ക്കാൻ അലക്സാണ്ടർ  ഒന്നാമൻ സാർ ചക്രവർത്തിയെ നാലു വർഷമായി  നിർബന്ധിക്കുന്നുണ്ടായിരുന്നു.    അഞ്ചു ലക്ഷം പട്ടാളക്കാരും വൻകിട സന്നാഹങ്ങളുമായി  യുദ്ധം ചെയ്യാൻ നെപ്പോളിയന്റെ സൈന്യം റഷ്യയിൽ പ്രവേശിച്ചു. 'മാർഷൽ കുട്ടുസോവിന്റെ' നേതൃത്വത്തിലുള്ള റഷ്യൻ സൈന്യത്തിന് ഒരു യുദ്ധം ചെയ്ത് നെപ്പോളിയനെ തോല്പ്പിക്കാൻ  സാധിക്കുമായിരുന്നില്ല.   അത്രയ്ക്ക് വലിയ സൈന്യവ്യൂഹങ്ങളടങ്ങിയ   ഒരുക്കങ്ങളായിരുന്നു നെപ്പോളിയനുണ്ടായിരുന്നത്. നെപ്പോളിയന്റെ പട്ടാളത്തിന്റെ മുന്നേറ്റത്തിൽ റഷ്യൻ സൈന്യം സുരഷിതമായ സ്ഥലത്തേയ്ക്ക് പിന്തിരിഞ്ഞുകൊണ്ടിരുന്നു. വേനലായിക്കഴിഞ്ഞപ്പോൾ നെപ്പോളിയന്റെ പട്ടാളത്തിനുള്ള ഭക്ഷണവിഭവങ്ങളുടെ  ശേഖരണം ഇല്ലാതായി. അനേകം പട്ടാളക്കാർ മരിക്കുകയും അവരുടെ എണ്ണം കുറയുകയുമുണ്ടായി. എണ്ണത്തിൽ മൂന്നിൽ രണ്ടു പട്ടാളത്തോളം പഞ്ഞം കിടന്നും വസന്ത  ബാധിച്ചും റഷ്യൻ പട്ടാളക്കാരുടെ ഒറ്റ തിരിഞ്ഞുള്ള ആക്രമത്തിലും മരണമടഞ്ഞു.


റഷ്യ,  നെപ്പോളിയനുമായി ഒരു യുദ്ധത്തിനൊരുമ്പെട്ടിരുന്നെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ റഷ്യൻ സാമ്രാജ്യം നെപ്പോളിയന്റെ അധീനതയിലാകുമായിരുന്നു. സെപ്റ്റമ്പർ മാസമായപ്പോൾ നെപ്പോളിയന്റെ പട്ടാളം മോസ്ക്കൊയ്ക്ക് 70 മൈലുകൾ അടുത്തെത്തിയിരുന്നു. ബോറോഡിനോ'  എന്ന സ്ഥലത്ത് ഇരു സൈന്യങ്ങളും    അണി നിരന്നു.  കനത്ത നാശ നഷ്ടങ്ങളോടെ ഒരു ലക്ഷത്തിൽപ്പരം ആളുകൾ മരിച്ചു. യുദ്ധത്തിൽ ആരും വിജയിച്ചില്ല. യുദ്ധമായി മുമ്പോട്ട്‌ പോകുന്നത് പ്രയോജനമുണ്ടാവില്ലെന്നു  'കുട്ടുസോവ്' മനസിലാക്കിക്കൊണ്ട് റഷ്യാ പട്ടാളത്തെ പിൻവലിച്ചുകൊണ്ടിരുന്നു. മോസ്ക്കോയിലെ   ജനങ്ങളോട് സുരക്ഷിതമായ മറ്റു പ്രദേശങ്ങളിൽ രക്ഷപെടാനും ആവശ്യപ്പെട്ടു. സെപ്റ്റംബർ പതിനാലാം തിയതി നെപ്പോളിയന്റെ പട്ടാളം പട്ടണത്തിൽ പ്രവേശിച്ചപ്പോൾ പട്ടണം മുഴുവൻ ജനവാസമില്ലാതെ കിടക്കുകയായിരുന്നു. തണുപ്പുകാലത്ത് പട്ടാളക്കാർക്ക് അവിടെ കഴിഞ്ഞുകൂടാൻ യാതൊരുവിധ സൗകര്യങ്ങളുമുണ്ടായിരുന്നില്ല. ഭക്ഷണവും ഉണ്ടായിരുന്നില്ല. ആ രാത്രി പട്ടണത്തിൽ തീപിടുത്തമുണ്ടായി. വീടുകൾ മുഴുവൻ കത്തി നശിച്ചത് കൊണ്ട് ഫ്രഞ്ച്കാർക്ക് താമസിക്കാൻ വീടുകളും ഇല്ലാതായി. അഭയം കൊടുക്കാൻ ആ പ്രദേശങ്ങളിൽ  ജനവാസവുമുണ്ടായിരുന്നില്ല.


അലക്സാണ്ടർ ചക്രവർത്തിയുമായി ഒരു ഉടമ്പടിയുണ്ടാക്കാൻ  സാധിക്കാതെ നെപ്പോളിയൻ സ്വന്തം  പട്ടാളത്തോട് മടങ്ങി പോവാൻ ആവശ്യപ്പെട്ടു. തെക്കോട്ടുള്ള വഴികൾ റഷ്യൻ സൈന്യം അടച്ചു വെച്ചതു കൊണ്ട് മടക്ക യാത്രയ്ക്ക് നീണ്ട വഴികൾ തിരഞ്ഞെടുക്കേണ്ടി വന്നു. അതിശൈത്യം പൂജ്യം ഡിഗ്രീ വരെ എത്തിയതിനാൽ ഫ്രഞ്ച് പട്ടാളക്കാർക്ക് അവിടെ താമസിക്കാൻ സാധിക്കുമായിരുന്നില്ല. അഞ്ഞൂറ് മൈലുകൾ തിരിയെ നടക്കണമായിരുന്നു. പതിനായിരം ഫ്രഞ്ച് പട്ടാളം മാത്രം രക്ഷപ്പെട്ടു. ഇത് നെപ്പോളിയന്റെ പതനത്തിന് കാരണമായി. നെപ്പോളിയന്റെ ആക്രമണശേഷം'റഷ്യ' ശക്തിയുള്ള ഒരു  രാജ്യമായി അറിയപ്പെട്ടെങ്കിലും രാജ്യത്ത് പരിഹാരം കാണാതെ ആഭ്യന്തര പ്രശ്നങ്ങൾ  തുടർന്നുകൊണ്ടിരുന്നു.



റഷ്യൻ സാർ ചക്രവർത്തിമാർ ഭീകരനായ ഐവാന്റെ ഭരണം മുതൽ  മറ്റു പ്രഭുക്കന്മാർക്ക് അധികാര വികീന്ദ്രികരണം നടത്താതെ ഏകാധിപത്യ ഭരണമായിരുന്നു അനുവർത്തിച്ചു വന്നത്. പ്രഭുക്കന്മാരെ തൃപ്ത്തിപ്പെടുത്താൻ  ചക്രവർത്തിമാർ ചില അടവുകളും പ്രയോഗിക്കുമായിരുന്നു. പ്രഭുക്കന്മാരുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാൻ 'ഐവാൻ' എന്ന  ഭീകരനായ 'സാർ' കുശാല  ബുദ്ധിയുള്ളവനായിരുന്നു. പ്രകോപനങ്ങൾ വക വെക്കാതെ പ്രഭുക്കന്മാരിൽനിന്നും അധികാരം കവർന്നെടുക്കൽ  ഐവാന്റെ  നയമായിരുന്നു. അധികാരം വെട്ടി കുറയ്ക്കുന്ന സമയത്ത് അവർക്കുള്ള നഷ്ടപരിഹാരം നല്കുന്ന പതിവുമുണ്ടായിരുന്നു.  പ്രഭുക്കന്മാർ രാജ്യകാര്യങ്ങളിൽ ഇടപെടാതിരിക്കാൻ  ഭൂവുടമകളായും ജന്മിമാരായും  ഭൂമിയുടെ മേലും  കുടിയാന്മാരുടെ  മേലും അധികാരം നല്കുമായിരുന്നു.  ജന്മി സമ്പ്രദായം ആദ്യം നടപ്പിലാക്കിയത് ഭീകരനായ ഐവാനാണ്. കാതറിന്റെ കാലം മുതൽ ചക്രവർത്തിമാർ  ഏകാധിപത്യ ഭരണമാണ് തുടർന്നിരുന്നത്. കൃഷിക്കാർ പ്രഭുക്കന്മാരുടെയും ജന്മിമാരുടെയും കീഴിൽ അടിമകളെപ്പോലെയായിരുന്നു ജോലി ചെയ്തിരുന്നത്.


പത്തൊമ്പതാം നൂറ്റാണ്ടായപ്പോൾ രാജാവും പ്രഭുക്കന്മാരുമായുള്ള ബന്ധങ്ങൾക്ക് മങ്ങലേറ്റു. 1825-ൽ നവീകരണാശയങ്ങളുമായി പട്ടാളത്തിലെ ഏതാനും യുവ ഓഫീസർമാർ രാജഭരണം  നിയമാധിഷ്ടിതമായ  ഒരു ഭരണഘടനയിൽക്കൂടി വേണമെന്നാവശ്യപ്പെട്ടു. രാജാക്കന്മാരുടെ ഏകാധിപത്യ മനോഭാവത്തെ അവർ എതിർത്തിരുന്നു.  നിക്ലവൂസ്  ഒന്നാമൻ ചക്രവർത്തിക്കെതിരെ പ്രതിഷേധങ്ങളും ഉയർന്നു. പക്ഷെ അവരുടെ ഉദ്യമം പരാജയപ്പെടുകയും നിക്ലവൂസ് ഒന്നാമൻ അവർക്കെതിരെ പ്രതികാര നടപടികൾ  സ്വീകരിക്കുകയും ചെയ്തു. നിക്ലോവൂസിന്റെ പിൻഗാമി  അലക്സാണ്ടർ രണ്ടാമൻ  രാജ്യത്ത് പരിഷ്ക്കാരങ്ങൾ നടത്തുന്നതിൽ താല്പര്യമുള്ള ചക്രവർത്തിയായിരുന്നു. 1861-ൽ അലക്സാണ്ടർ രണ്ടാമൻ  ജന്മിത്വം അവസാനിപ്പിച്ചു. എങ്കിലും കൃഷിക്കാർക്ക് വലിയ പുരോഗമനമോ മാറ്റങ്ങളോ ഉണ്ടായില്ല. രാഷ്ട്രം കൂടുതൽ വ്യവസായവൽക്കരിച്ചപ്പോൾ   ഭരണ സംവിധാനങ്ങളും പ്രശ്നങ്ങളായി മാറി.  റഷ്യ വ്യവസായക ശക്തി പ്രാപിച്ചപ്പോൾ കൂടുതൽ പ്രശ്നങ്ങളുണ്ടായി. രാജ ഭരണത്തിന്റെ കുത്തക ഭരണം  പുരോഗതിയ്ക്ക്  തടസമായിക്കൊണ്ടിരുന്നു.
ഈ കാലഘട്ടത്തിൽ റഷ്യ അതിന്റെ അതിരുകൾ വികസിപ്പിച്ച് സാമ്രാജ്യത്തിന്റെ വിസ്തൃതി കൂട്ടിയിരുന്നു. അതിരുകൾ അഫ്ഗാനിസ്റ്റാൻ -ചൈനാ വരെയും കൂടാതെ പസഫിക്ക് കോസ്റ്റ് വരെയും വ്യാപിച്ചു കിടന്നിരുന്നു. വ്ലാടിവോസ്റ്റിക്, പോർട്ടാർതർ തുറമുഖങ്ങൾ  വ്യവസായ വരുമാനങ്ങൾക്കും  വഴി തുറന്നു കൊടുത്തു. 1891-1905 കാലങ്ങളിൽ ട്രാൻസ് സൈബീരിയൻ റയിൽവേ  പണിതു. തന്മൂലം  കിഴക്കുള്ള ഭൂവിഭാഗങ്ങളുമായി ബന്ധപ്പെടുത്താനും സാധിച്ചു.  1894-ൽ അവസാനത്തെ സാർ ചക്രവർത്തിയായ നിക്ക്ലാവൂസ് രണ്ടാമൻ ചക്രവർത്തി രാജ്യഭരണം ഏറ്റെടുത്തു. അദ്ദേഹം കഴിവുള്ള ഒരു  രാജാവായിരുന്നില്ല. കിഴക്കുള്ള റഷ്യയുടെ സ്വാധീനം ജപ്പാനെ ശത്രുവാക്കി. 1905 ജനുവരിയിൽ ജപ്പാൻ റഷ്യയെ ആക്രമിച്ചു. ജപ്പാനുമായുള്ള യുദ്ധത്തിൽ റഷ്യാ ദയനീയമായി പരാജയപ്പെടുകയും നിക്ലോവൂസ് സർക്കാരിനെപ്പറ്റിയുള്ള  മതിപ്പ്  രാജ്യം മുഴുവൻ ഇല്ലാതാവുകയും ചെയ്തു. (തുടരും)


ഭീകരനായ ഐവാൻ 

കാതറിൻ രാജ്ഞി  

മഹാനായ പീറ്റർ 


Russia: House of Romanov



Russia: Aristocratic cavalry man, 16th Cent. 

സാർ നിക്ക്ലാവൂസ് രണ്ടാമൻ 

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...