By ജോസഫ് പടന്നമാക്കൽ
റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് ഡൊണാൾഡ് ട്രമ്പിനെയും ഡെമോക്രാറ്റിക്ക് പാർട്ടിയിൽ നിന്ന് ഹിലാരി ക്ലിന്റനെയും അമേരിക്കയുടെ അടുത്ത പ്രസിഡന്റാകാൻ ഔദ്യോഗികമായി നോമിനേറ്റ് ചെയ്ത സ്ഥിതിക്ക് അവരുടെ നയങ്ങളെയും പരസ്പരം പഴി ചാരിയുള്ള ആരോപണങ്ങളെയും വിലയിരുത്തുന്നത് സമുചിതമായിരിക്കുമെന്നു കരുതുന്നു. തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികൾ വിവിധ പ്ലാറ്റ്ഫോറങ്ങളിൽ പല തവണ പ്രസ്താവിച്ച ആശയങ്ങളും വസ്തുതകളും മാത്രമാണ് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ വിവേകപൂർവം വിലയിരുത്താനും പൗരാവകാശങ്ങളെ മാനിക്കാനും മനഃസാക്ഷിയ്ക്കനുസരിച്ചു വോട്ടു രേഖപ്പെടുത്താനും ഇരുവരുടെയും നയങ്ങളെ സസൂക്ഷ്മം പഠിക്കേണ്ടതായുണ്ട്.ഇൻഡ്യാന ഗവർണ്ണർ 'മൈക്ക് ഫെൻസ്' ട്രമ്പിനൊപ്പം വൈസ് പ്രസിഡന്റായി മത്സരിക്കുന്നു. മനുഷ്യാവകാശ പ്രവർത്തകനും നിയമജ്ഞനുമായ വെർജിനിയായിലെ 'റ്റിം കെയിൻ' ഹിലാരിക്കൊപ്പമുള്ള വൈസ് പ്രസിഡന്റ് സ്ഥാനാർഥിയുമാണ്.
രാഷ്ട്രീയ പാരമ്പര്യമോ ഭരണപരമായ നൈപുണ്യമോ നേടിയിട്ടില്ലാത്ത ഡൊണാൾഡ് ട്രമ്പ് അമേരിക്കൻ പ്രസിഡന്റായി 2016-ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എന്തുകൊണ്ടും വൈവിധ്യമാർന്ന ഒരു ചരിത്രത്തിന്റെ തുടക്കമാണ്. വ്യാവസായിക രാജാവായ ട്രമ്പിന്റെ കൈകളിൽ അമേരിക്ക സുരക്ഷിതമായിരിക്കുമെന്നു രാജ്യത്തിലെ വലിയൊരു ജനവിഭാഗം വിശ്വസിക്കുന്നു. അതുപോലെ ഹിലാരി ക്ലിന്റനും ചരിത്രത്തിൽ കുറിക്കപ്പെട്ട മറ്റൊരു അദ്ധ്യായമായി മാറിക്കഴിഞ്ഞു. സുപ്രധാനമായ ഒരു പാർട്ടിയിൽ ഒരു വനിതയെ പ്രസിഡന്റായി നോമിനേറ്റ് ചെയ്യുന്നതും അമേരിക്കയുടെ ആദ്യത്തെ ചരിത്ര സംഭവമാണ്. മുൻപ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഭാര്യയെന്ന നിലയിലും ഹിലാരിയുടെ വ്യക്തിത്വം അമേരിക്കൻ ജനതയെ ആകർഷിക്കുന്നു.
ട്രമ്പും ഹിലാരിയും ഒരിക്കൽ വലിയ സുഹൃത്തുക്കളായിരുന്നു. സാമൂഹിക സാംസ്ക്കാരിക തലങ്ങളിൽ അവർ ഒന്നിച്ചു പ്രവർത്തിച്ചിരുന്നു. ട്രമ്പിന്റെ മൂന്നാം വിവാഹത്തിൽ ഹിലാരിയും സംബന്ധിച്ചിരുന്നു. പ്രസിഡണ്ടായി മത്സരിക്കാൻ ആരംഭിച്ചപ്പോൾ മുതലാണ് ഇരുവരും കുറ്റാരോപണങ്ങൾ നടത്താനാരംഭിച്ചത്.ആശയ സംഘട്ടനങ്ങളൊഴിവാക്കി താത്ത്വികമായി ചിന്തിച്ചാൽ അവർ ഇരുവരും രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ വ്യത്യസ്തരല്ലെന്നും കാണാം. രാഷ്ട്രീയ പരിജ്ഞാനക്കുറവുമൂലം ട്രമ്പ് പറയുന്നത് അപ്രായോഗികങ്ങളെന്നും തോന്നിപ്പോവും.
വൈറ്റ് ഹൌസിലേക്കുള്ള മത്സരയോട്ടത്തിൽ ട്രമ്പും ഹിലാരിയും പരസ്പരം പഴി ചാരികൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടത്തുന്നത് മാദ്ധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നുണ്ട്. 'ഹിലാരി ക്ലിന്റൺ അമേരിക്കയുടെ വിദേശ നയത്തിന്റെ ചുമതലകൾ വഹിച്ചതിനുശേഷം അമേരിക്കാ സുരക്ഷിതമല്ലെന്നു ട്രമ്പ് പറയുന്നു. രാജ്യഭദ്രതയുമില്ല. ഹിലാരിയെ സെക്രട്ടറിയാക്കിയതിൽ ഇന്ന് ഒബാമ ഭരണകൂടം ഖേദിക്കുന്നുവെന്നും ട്രമ്പ് വിശ്വസിക്കുന്നു. ബർണി സാൻഡേഴ്‌സും വൈറ്റ് ഹൌസിലേക്കുള്ള ശ്രമത്തിൽ ഹിലാരിയെ കുറ്റപ്പെടുത്തിയിരുന്നു. അവരുടെ ബുദ്ധിഹീനമായ തീരുമാനങ്ങളും തീർപ്പുകളും കാരണം രാജ്യം അപകടത്തിൽ കൂടി കടന്നു പോവുന്നുവെന്നാണ് തിരഞ്ഞെടുപ്പിന്റെ ചുടലരാഷ്ട്രീയത്തിൽ സാന്ഡേഴ്സ് അവർക്കെതിരായി ആരോപണം ആരോപിച്ചത്.
ട്രമ്പ്, ശരിയായ രേഖകളില്ലാതെ അമേരിക്കയിൽ താമസിക്കുന്ന കുടിയേറ്റക്കാരെ പുറത്താക്കാൻ ആഗ്രഹിക്കുമ്പോൾ ഹിലാരി അത്തരം പദ്ധതികളെ എതിർക്കുന്നു. മെക്സിക്കോയുടെ അതിർത്തിയിൽ മതിലുകൾ പണിയാൻ ട്രമ്പ് ആഗ്രഹം പ്രകടിപ്പിക്കുമ്പോൾ ഹിലാരി അത്തരം ചിന്താഗതികൾ ബാലിശമെന്ന് കരുതുന്നു. അമേരിക്കയുടെ മണ്ണിൽ ജീവിച്ച് ജോലി ചെയ്തു ജീവിക്കുന്നവർക്കെല്ലാം പൗരത്വം കൊടുക്കുമെന്ന് ഹിലാരി പറയുമ്പോൾ ട്രമ്പ് അത് ദേശീയ താല്പര്യത്തിനു ദോഷം വരുമെന്ന് വിചാരിക്കുന്നു. ഇസ്‌ലാമിക ഭീകര രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് കുടിയേറ്റ നിയമങ്ങളിൽ നിയന്ത്രണം വരുത്തണമെന്ന് ട്രമ്പ് പറയുമ്പോൾ ഹിലാരി അത് പാടില്ലായെന്നും വാദിക്കുന്നു.
സ്റ്റേറ്റ്സെക്രട്ടറിയെന്ന
നിലയിൽ ഹിലാരി ഒരു പരാജയമായിരുന്നുവെന്നു ട്രമ്പ് വിശ്വസിക്കുന്നു. 2009 -ൽ ഹിലാരി സ്റ്റേറ്റ് സെക്രട്ടറി ചുമതലകൾ വഹിക്കുന്നതിനു മുമ്പ്
ഐ.സി.ഐ.എസ് (ISIS) ഭീകരവാദികൾ ഭൂമുഖത്തുണ്ടായിരുന്നില്ല. ലിബിയായിലും
പ്രശ്നങ്ങളുണ്ടായിരുന്നില്ല. ഈജിപ്റ്റ് സമാധാനമുള്ള ഒരു രാജ്യമായിരുന്നു.
ഇറാക്കിലും വിപ്ലവങ്ങൾക്ക് ശാന്തതയുണ്ടായിരുന്നു. ഇറാൻ ഉപരോധം മൂലം രാജ്യത്തിന്റെ
ബലഹീനത ഇരട്ടിച്ചു. 'സിറിയാ' ഭീകരരിൽ നിന്നും മുക്തമായിരുന്നു. നാലു വർഷങ്ങൾ
സെക്രട്ടറിയായിരുന്ന ഹിലാരിയുടെ ഭരണശേഷം നാം എന്തു നേടിയെന്നും ട്രമ്പ്
ചോദിക്കുന്നു. ഐ.സി.ഐ.എസ് ഭീകരസംഘടന മിഡിൽ ഈസ്റ്റ് മേഖലയിലും ലോകം മുഴുവനും
വ്യാപിച്ചു കഴിഞ്ഞു. ലിബിയാ നാശത്തിലേയ്ക്കും നിലം പതിച്ചു. ഭീകരന്മാരായ
കഴുകരിൽനിന്നും അമേരിക്കയുടെ ലിബിയാ അംബാസഡറും ഉദ്യോഗസ്ഥരും ജീവനുംകൊണ്ട് ആ
രാജ്യം വിട്ടു. ഈജിപ്റ്റ്, ഭീകര ഇസ്‌ലാമിക മതഭീകരരുടെ നിയന്ത്രണത്തിലായി.
ഇറാഖ് അതിന്റെ പഴയ പ്രതാപം നശിച്ച് അരാജകത്വത്തിലും നിലം പതിച്ചു. ഇറാൻ ലോകത്തിലെ
മറ്റു ശക്തിരാഷ്ട്രങ്ങളെ തിരസ്ക്കരിച്ചുകൊണ്ട് ഇന്ന് ന്യൂക്‌ളീയർ പാതയിലാണ്.
സിറിയായിൽ ആഭ്യന്തര യുദ്ധം മൂലം അഭയാർത്ഥികൾ പടിഞ്ഞാറൻ രാജ്യങ്ങളിൽ
പ്രവഹിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ജീവനുംകൊണ്ടുള്ള പ്രവാഹം ലോകത്തിനു മറ്റൊരു
ഭീഷണിയായും മാറി. മിഡിൽ ഈസ്റ്റിൽ ട്രില്ലിയൻ കണക്കിന് ഡോളർ ചെലവാക്കി. പതിനഞ്ചു
വർഷത്തെ യുദ്ധത്തിനുശേഷം ആയിരക്കണക്കിന് ജീവനുകൾ നഷ്ടപ്പെടുത്തി. ഇന്നും ആ
രാജ്യങ്ങളിലെ ദുരവസ്ഥകൾ എന്നത്തേക്കാളും കഷ്ടമാണ്. ഇതാണ് ഹിലാരി ക്ലിന്റന്റെ പാരമ്പര്യം. അവരുടെ ബലഹീനതയിൽ രാജ്യം
നാശത്തിലേക്കും അശക്തിയിലേയ്ക്കും വഴുതിപ്പോയി. മരണ കാഹള നാദങ്ങൾ
അസമാധാനത്തിലേയ്ക്ക് വഴിയൊരുക്കുന്നു.
അമിതവാചാടോപം കലര്‍ന്ന ഭാഷയിൽ ട്രമ്പ് ഇവിടെ ഹിലാരിയ്‌ക്കെതിരെ ആഞ്ഞടിച്ചുവെന്നത് ശരി തന്നെ. പക്ഷെ അദ്ദേഹത്തിന്റെ താർക്കിക വാക്സമരത്തിൽ ബുഷിന്റെ കാലഘട്ടങ്ങളിലെ വിദേശനയങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. കൺസർവേറ്റിവ് മീഡിയാ ട്രമ്പിനെ എതിർക്കുന്നതും ഇത്തരം വിമർശനങ്ങൾ കാരണങ്ങളാകാം. കൺസർവേറ്റുകൾ വിദേശ രാജ്യങ്ങളിൽ സദാ യുദ്ധമാഗ്രഹിക്കുന്ന ചരിത്രമാണ് അമേരിക്കയ്ക്കുള്ളത്. ഒരു പക്ഷെ ട്രമ്പ് വികാരാധീനമായി കുറ്റപ്പെടുത്തുന്നതു ബുഷ് ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെയുമാവാം.
ഇന്നുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയങ്ങൾ പ്രസിഡന്റ് റൊണാൾഡ് റീഗൻ ഓഫീസിൽ നിന്നും വിരമിച്ച കാലം മുതൽ തുടങ്ങിയതെന്നു 'പാറ്റ് ബുച്ചാനൻ' പറയുന്നു. ജോർജ് ബുഷ് സീനിയറിന്റ കാലങ്ങളിലും അമേരിക്ക അനേക വെല്ലുവിളികളെ നേരിട്ടിരുന്നു. 1991-ൽ അമേരിക്കയുടെയും മെക്സിക്കോയുടെയും അതിർത്തികളിൽ രക്തച്ചൊരിച്ചിലിന്റെ നാളുകളായിരുന്നു. ആഴ്ചകൾ തോറും ആയിരക്കണക്കിന് മെക്സിക്കക്കാർ അതിർത്തി കടന്നെത്തുന്നു. അനേകായിരങ്ങൾ നിയമപരമായും വരുന്നു. മൂന്നാം ലോകത്തിൽനിന്ന് വരുന്നവരിൽ ഭൂരിഭാഗവും ദരിദ്രരാണ്. കുടിയേറ്റക്കാരായി വരുന്ന നവാഗതർ ഉടൻ തന്നെ വെൽഫേയറിനും അപേക്ഷിക്കും. അവരുടെ കുടുംബങ്ങളും വെൽഫെയറിൽ ജീവിക്കും. വെൽഫെയറിനെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിക്കും സർക്കാരിനും അവർ വോട്ടും ചെയ്യും. അമേരിക്കയിലെ നികുതിദായകരുടെ പണമാണ് കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന മൂലം നഷ്ടപ്പെടുന്നതെന്നും ട്രമ്പ് ഓർമ്മിപ്പിച്ചു. 1991-മുതൽ അമേരിക്കൻ ഫാക്റ്ററികൾ പുറം നാടുകളിൽ പ്രവർത്തിക്കാൻ തുടങ്ങി. അമേരിക്കയുടെ വ്യവസായം തകർത്ത് ഇവിടെ തൊഴിലില്ലായ്മ വർദ്ധിപ്പിച്ചു.
തോക്കിൻ മുനയിൽ അമേരിക്കയിൽ ഒരു വർഷത്തിൽ 33000 മനുഷ്യർ മരിക്കുന്നുണ്ട്. ഒരാൾക്ക് തോക്കിനു ലൈസൻസ് കൊടുക്കുന്നതിനു മുമ്പ് സമൂലമായ പരിശോധന ആവശ്യമെന്ന് ഹിലരി അഭിപ്രായപ്പെടുന്നു. മനുഷ്യന്റെ സുരക്ഷിതമാണ് ആവശ്യമെന്നും ട്രമ്പ് പറയുന്നു. സ്വന്തം വീടിനുള്ളിൽ സമാധാനത്തോടെ കിടന്നുറങ്ങാൻ സ്വയ രക്ഷക്കായി തോക്ക് ആവശ്യമായി വരും. അതുകൊണ്ട് അമ്പത് സംസ്ഥാനങ്ങൾക്കും ഗണ്ണിന്റെ ലൈസൻസ് നയം തുടരുക തന്നെ ചെയ്യുമെന്നു ട്രമ്പ് ചിന്തിക്കുന്നു.
കുറ്റവാളികൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളിലും സ്വയരക്ഷ ആഗ്രഹിക്കുന്നവരെ നിരായുധരാക്കണമെന്നാണ് ഹിലാരി ചിന്തിക്കുന്നത്. ചെറുപ്പക്കാരോ, ഒറ്റയ്ക്ക് കുഞ്ഞിനേയും കൊണ്ട് താമസിക്കുന്ന അമ്മമാരോ വൃദ്ധ ജനങ്ങളോ ആരാണെങ്കിലും ഹിലാരി അവരെ നിരായുധരാക്കാൻ ആഗ്രഹിക്കുന്നു. ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നു. ഇത് തികച്ചും ഹൃദയ ശൂന്യതയെന്നു ട്രമ്പ് വിശേഷിപ്പിക്കുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് 'കണക്റ്റിക്കട്ട്' സംസ്ഥാനത്ത് ന്യൂടൗണിൽ കുട്ടികളുടെ നേരെയുള്ള വെടിവെപ്പിനുശേഷം ട്രമ്പ് ഒരവസരത്തിൽ തോക്കുകളുടെ നിയന്ത്രണം സംബന്ധിച്ച് ഒബാമയെ പുകഴ്ത്തിയിരുന്നു. അവസരത്തിനൊപ്പിച്ചു പ്രവർത്തിക്കുന്ന ട്രമ്പിന്റെ രാഷ്ട്രീയ തന്ത്രങ്ങളേയും എതിരാളികൾ പരിഹസിക്കുന്നുണ്ട്.
രാജ്യം സുരക്ഷിതമെന്ന് നാം ആഗ്രഹിക്കുന്നെങ്കിൽ തോക്കുകൾ കൊണ്ടുള്ള ഒരു പ്രസിഡൻറ്റിന്റെ ലോബി സഹായകമാകില്ലന്നാണ് ഹിലാരി വിശ്വസിക്കുന്നത്. ഹിലാരി തോക്കിന്റെ നയങ്ങളെപ്പറ്റി പറയുന്നത്, ഭരണഘടനയുടെ രണ്ടാം അമൻഡ്മെന്റ് റദ്ദു ചെയ്യാൻ താൻ ആളല്ലെന്നും ആരുടേയും തോക്കുകൾ പിടിച്ചെടുക്കാൻ വരുന്നില്ലന്നുമാണ്. 'നിരായുധനായ നിങ്ങളെ ഒരു ആയൂധധാരി വെടി വെച്ചിടുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും യുക്തിയോടെ ചിന്തിക്കുന്ന ഉത്തരവാദിത്വമുള്ള തോക്കുധാരികൾ നമ്മുടെ സുരക്ഷിതത്വത്തിനു പ്രശ്നമാകില്ലെന്നും ഹിലാരി വിശ്വസിക്കുന്നു. 'കുറ്റവാളികളുടെ കൈകളിൽ നിന്നും ഭീകരരുടെ കൈകളിൽ നിന്നും നാം ആയുധ വിമുക്തമാകണമെന്നും അവർ പറയുന്നു.
ആഗോള വ്യാവസായിക ഉടമ്പടികൾ പുനഃ പരിശോധിക്കുമെന്നും പകരം ഓരോ രാജ്യങ്ങളുമായി വ്യത്യസ്തമായ പ്രത്യേക ഉടമ്പടികൾ ഉണ്ടാക്കുമെന്നും ഉടമ്പടികൾ അമേരിക്കയുടെ താല്പര്യങ്ങൾ പരിരക്ഷിച്ചുകൊണ്ടായിരിക്കുമെന്നും ട്രമ്പ് പറയുന്നു. നടപ്പിലുള്ള വ്യവസായിക ഉടമ്പടികൾ അനേക രാജ്യങ്ങളുമായുള്ള ഒത്തൊരുമിച്ച ഏകോപന വ്യവസായിക ഉടമ്പടികളാണ്. ആയിരക്കണക്കിന് പേജുകളുള്ള അത്തരം ഉടമ്പടികൾ ഭൂരിഭാഗം ജനതയ്ക്കും മനസിലാവില്ല. ആരും വായിച്ചു നോക്കുക പോലുമില്ല. നമ്മെ ചതിക്കുന്ന രാജ്യങ്ങളെയും വ്യവസായ ഉടമ്പടികളെ മാനിക്കാത്ത രാജ്യങ്ങളെയും നികുതി വെട്ടിപ്പ് നടത്തുന്നവരെയും അർഹമായ രീതിയിൽ അകറ്റിനിർത്തുമെന്നും വ്യവസായിക ബന്ധം അവസാനിപ്പിക്കുകയോ വ്യാവസായിക നിയമങ്ങൾ കർശനമാക്കുകയോ ചെയ്യുമെന്നും ട്രമ്പ് പ്രസ്താവിക്കുന്നു. നമ്മുടെ ബൗദ്ധികപരമായ വസ്തുക്കളുടെ 'പേറ്റന്റ് റൈറ്റും' 'കോപ്പി റൈറ്റും' ചൈനാ മുതലായ രാജ്യങ്ങൾ അപഹരിക്കുന്നതു ട്രമ്പിനു ഭരണം കിട്ടിയാൽ നിർത്തൽ ചെയ്യുകയും അവരുടെ നിയമാനുസ്രതമല്ലാത്ത ഉത്പന്നങ്ങൾ ഈ രാജ്യത്തു ചിലവഴിക്കുന്നതു നിരോധിക്കുകയും ചെയ്യും. വിദേശ രാജ്യങ്ങൾ അവരുടെ കറൻസികൾ വിലയിടിച്ചുകൊണ്ടു ഈ രാജ്യത്ത് മാർക്കറ്റുകൾ പിടിക്കുന്നതിലും ട്രമ്പ് വ്യാകുലനാണ്. അന്യായമായ അത്തരം വ്യാവസായിക ഉടമ്പടികൾ സമൂലം ഉന്മൂലനം ചെയ്തു രാജ്യത്തിനുപകാരപ്രദമായ ഉടമ്പടകളിൽ പങ്കാളികളാകുമെന്നും നോർത്ത് അമേരിക്കയിലെ സ്വതന്ത്ര വാണിജ്യ ഉടമ്പടിയായ നാഫ്റ്റാ(NAFTA) യുടെ നിയമഘടനയിൽ മാറ്റം വരുത്തുമെന്നും നമ്മൾ ആഗ്രഹിക്കുന്ന ഉടമ്പടികൾക്ക് മറ്റു രാജ്യങ്ങൾ തയാറായില്ലെങ്കിൽ അവരുമായി കച്ചവട ബന്ധങ്ങൾ വേണ്ടെന്നു വെക്കുമെന്നും ട്രമ്പ് പറഞ്ഞു.
കൺവെൻഷൻ പ്രസംഗത്തിൽ നാഫ്റ്റാ (NAFTA) ഉടമ്പടിയിൽ അദ്ദേഹം ശ്രദ്ധപതിക്കുമെന്നു ആരും കരുതിയിരുന്നില്ല. ഹോം ലാൻഡ് സെക്യൂരിറ്റിയും ഒബാമ കെയറും അദ്ദേഹത്തിൻറെ പ്രസംഗത്തിൽ സൂചിപ്പിച്ചില്ലായെന്നതും കൺവെൻഷൻ പ്രസംഗത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. ഇമ്മിഗ്രേഷൻ, ഗ്ലോബലിസം, ഫ്രീട്രേഡ് (Immigration, Globalism, Free trade) എന്നീ മൂന്നു കാര്യങ്ങളിലാണ് അദ്ദേഹം പ്രസംഗത്തിലുടനീളം ശ്രദ്ധ പതിപ്പിച്ചത്. തോക്കിന്റെ നിയന്ത്രണ (Gun control) നിയമങ്ങളെപ്പറ്റിയും പ്രത്യേകമായി ഒന്നും തന്നെ അദ്ദേഹം എടുത്തു പറഞ്ഞില്ല. അത്തരമുള്ള സാമ്പത്തിക മുന്നോടികൾക്ക് ട്രമ്പ് ഒരു പക്ഷെ തയാറല്ലായിരിക്കാം.
ആഗോള വ്യവസ്ഥിതികളെയും ആഗോളവൽക്കരണത്തെയും ട്രമ്പ് എതിർക്കുന്നതായി കാണാം. 'അമേരിക്ക ആദ്യം' (America first) എന്ന മുദ്രാവാക്യം അണികളോട് ഉരുവിടാൻ ട്രമ്പ് ആഹ്വാനം ചെയ്യുന്നു. അമേരിക്കാ ആദ്യമെന്നു അദ്ദേഹം പറയുന്നുണ്ടെങ്കിലും വാചാലതയ്ക്ക് കുറവില്ലെങ്കിലും വളഞ്ഞവഴിയിൽക്കൂടി ആഗോളവൽക്കരണത്തെയും മനസിൽ താലോലിക്കുന്നതായി കാണാം. ആഗോളവൽക്കരണത്തെ നിരസിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനവഴി കേൾവിക്കാരുടെ കണ്ണിൽ മണ്ണിടാനും അദ്ദേഹത്തിനു സാധിച്ചു. ഇസ്‌ലാമിക മൗലിക വാദികളുടെ ഭീകരത കൂടെ കൂടെ ആവർത്തിക്കുന്നുണ്ട്. വേൾഡ് ട്രേഡ് സെന്റർ മുതൽ ടെന്നസിയിലും ഫ്ലോറിഡായിലും നടന്ന ഭീകര പോരാട്ടങ്ങളുടെ ചരിത്രവും ട്രമ്പിന്റെ പ്രസംഗ വേദികളിലെ വിഷയങ്ങളായിരുന്നു. ട്രമ്പ് വിഭാവന ചെയ്യുന്ന ആശയങ്ങളും പദ്ധതികളും അദ്ദേഹത്തെ എതിർക്കുന്ന ഹിലാരിയുടെ പദ്ധതികളും പരസ്പര വിരുദ്ധമായി വ്യത്യസ്ത ധ്രുവങ്ങളിൽ സഞ്ചരിക്കുന്നതായി കാണാം. അവസാനം ഒരേ ദിശാമണ്ഡലത്തിൽ ആശയങ്ങൾ ഒന്നായി തീരുകയും ചെയ്യുന്നു.
ട്രമ്പിന്റെ വിൽപ്പന ശാലകളിലുള്ള പല ഉൽപ്പന്നങ്ങളും ഇന്ത്യയിലും ചൈനയിലും നിർമ്മിച്ചതെന്നു ഹിലാരി കൺവെൺഷനിൽ നടന്ന പ്രസംഗത്തിൽ സൂചിപ്പിച്ചു. പടങ്ങൾ വെയ്ക്കുന്ന ഫ്രേയും വരെയും (Made in India) ഇന്ത്യൻ ഉല്പന്നങ്ങളെന്നു കാണാം. വിദേശത്തുനിന്നും ജോലികൾ അമേരിക്കയിൽ കൊണ്ടുവരുമെന്ന ട്രംബിന്റെ വാദങ്ങൾക്ക് എന്തർഥമെന്നും ഹിലാരി ചോദിക്കുന്നു. 'മേക്ക് ഇൻ അമേരിക്കാ' യെന്ന മുദ്രാവാക്യവുമായി പ്രചരണം നടത്തുന്ന ട്രംബിന്റെ വ്യവസായിക ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗവും വിദേശ നിർമ്മിതമെന്നും കാണാം. ട്രമ്പിന്റെ വാക്കുകളും പ്രവർത്തികളും രണ്ടുതരത്തിലെന്നും ഇതിൽനിന്നു വ്യക്തമാണ്. ഡൊണാൾഡ് ട്രമ്പ് പാർക്ക് അവന്യു കളക്ഷനിൽ ചെന്നാൽ ഇക്കാര്യം വ്യക്തമായി കാണാൻ സാധിക്കും.
'ഞാൻ' അമേരിക്കയുടെ കുത്തഴിഞ്ഞ സാമൂഹിക സാമ്പത്തിക അസമത്വങ്ങൾ ഇല്ലാതാക്കുമെന്ന്' ട്രമ്പ് പ്രസംഗിക്കാറുണ്ട്. എന്നാൽ ഹിലാരി, 'ഞാനെന്ന' ട്രമ്പിന്റെ മാവോയിൻ സ്റ്റൈലിലുള്ള വാക്കുകളെ പരിഹസിക്കുന്നു. 'അമേരിക്കയെ നേരായ വഴിയിൽ നയിക്കുന്നത് ഞാൻ ഒറ്റയ്ക്കായിരിക്കില്ല. നമ്മൾ ഒന്നിച്ചു രാജ്യത്തെ പുരോഗമന പന്ഥാവിൽ നയിക്കുമെന്ന്' അവർ പറഞ്ഞു. 'ശുദ്ധമായ പ്രകൃതി വിഭവങ്ങളും ഊർജവും രാജ്യത്തിനാവശ്യമാണ്. കഠിനമായി ജോലിചെയ്യുന്ന കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കണം. പഠിക്കാനാഗ്രഹിക്കുന്ന കുട്ടികളുടെ കോളേജ് വിദ്യാഭ്യാസം സൗജന്യമാക്കണം. ജീവിക്കാനുള്ള നല്ല അവസരങ്ങൾക്കായി അവർക്കുവേണ്ട പ്രായോഗിക പരിശീലനവും നല്കണം. സാമ്പത്തിക സഹായങ്ങൾ നൽകി ചെറുകിട കച്ചവടക്കാരെയും പ്രോത്സാഹിപ്പിക്കണം.' പ്രസിഡണ്ടായാലുള്ള ക്ലിന്റന്റെ കർമ്മോന്മുഖ പദ്ധതികളാണിവകളെല്ലാം.
'നാം മെക്സിക്കൻ അതിരിൽ മതിലുകൾ പണിയാൻ പോവുന്നില്ലന്നും പകരം നമ്മുടെ സാമ്പത്തിക സ്ഥിതിയെ പണിതുയർത്തുമെന്നും' ക്ലിന്റൺ കൺവെൻഷനിൽ വന്ന ഡെലിഗേറ്റുകളോട് സംസാരിച്ചു. എല്ലാവർക്കും സുഭീഷിതമായി ജീവിക്കാൻ തൊഴിലുകൾ കണ്ടെത്തുകയെന്നതായിരിക്കും അവരുടെ പദ്ധതി. ഈ നാട്ടിൽ കഠിനാധ്വാനം ചെയ്യുന്ന ആയിരങ്ങൾക്ക് പൗരത്വം നൽകുമെന്നും അവർ വാഗ്ദാനം ചെയ്യുന്നു. ഈ നാടിനുവേണ്ടി പ്രയത്നിക്കുന്ന അവരോടു നീതികേടു സാധ്യമല്ല. അതിനായി ഒരു മതവും നിരോധിക്കേണ്ട ആവശ്യമില്ല. ഭീകരതയേ മറ്റുള്ള രാജ്യങ്ങളുമായി സഹകരിച്ചുകൊണ്ടു തോൽപ്പിക്കുമെന്നാണ് ക്ലിന്റൺ പറയുന്നത്. അത് സഫലീകരിക്കാൻ നീണ്ട കാലത്തെ ശ്രമങ്ങൾ തന്നെ വേണ്ടി വരുമെന്നും അവർ ചിന്തിക്കുന്നു.
ക്ലിന്റൺ തുടരുന്നു, "കഴിഞ്ഞ സ്റ്റോക്ക് മാർക്കറ്റ് തകർന്ന ശേഷം അനേകായിരം ജനങ്ങൾക്ക് അവരുടെ ശമ്പള വർദ്ധന ലഭിച്ചിട്ടില്ല. അസമത്വം എവിടെയും. അമേരിക്കയിലും വിദേശത്തും ഭീഷണികളുണ്ട്. ഈ വെല്ലുവിളികളെ നേരിടാൻ നമ്മുടെ ശക്തിയേയും വിലയിരുത്തണം. ലോകത്തു മറ്റുള്ള എല്ലാ രാജ്യങ്ങളെക്കാളും പരിവർത്തനാത്മകമായ ഒരു ജനത നമുക്കുണ്ട്. നമ്മുടെ ശക്തിയെപ്പറ്റി ഒന്ന് അവലോകനം ചെയ്യൂ. നമ്മുടെ യുവാക്കൾ മറ്റെല്ലാ രാജ്യങ്ങളിലുള്ള ജനതയെക്കാൾ സഹനശക്തിയും ഔദാര്യമതികളുമാണ്. ലോകത്തു ഏതു ശക്തിയേക്കാളും നമ്മുടെ മിലിറ്ററി മെച്ചമാണ്. ക്രിയാത്മകമായ ഒരു വ്യവസായ സമൂഹവും നമുക്കുണ്ട്. സ്വാതന്ത്ര്യത്തിലും, സമത്വത്തിലും നീതിയിലും ഈ രാജ്യം നിലകൊള്ളുന്നു. ഈ വാക്കുകൾക്ക് നിർവചനം അമേരിക്കായെന്ന പുണ്യ ഭൂമിക്കു മാത്രമുള്ളതാണ്. അവസരങ്ങൾ തേടി വരുന്നവരെ സ്വപ്നഭൂമിയായ ഈ രാജ്യം സ്വാഗതം ചെയ്യുന്നു. ഇതൊന്നും നമ്മുടെ നാടിനെ സംബന്ധിച്ച് ആലങ്കാരിക വാക്കുകളല്ല. വിശിഷ്ട പദങ്ങൾകൊണ്ടു നാടിനെ അലംകൃതമാക്കാൻ സാധിക്കുന്നതിൽ നാം അഭിമാന പുളകിതരാകണം. നമ്മുടെ രാജ്യം ശക്തിയില്ലാത്ത ദുർബല രാഷ്ട്രമെന്ന് ഞാൻ ആരെയും പറയാൻ അനുവദിക്കില്ല. നമ്മൾ ശക്തിയില്ലാത്തവരല്ല. നമുക്കുള്ളത് ഇല്ലെന്നു പറയാൻ അനുവദിക്കില്ല. ഞാൻ മാത്രം, എനിക്കു മാത്രം പ്രശ്നങ്ങൾ തീർക്കാൻ സാധിക്കുമെന്ന് നമ്മിൽ ആരും പറയില്ല. എന്നാൽ 'ഞാൻ' മാത്രമെന്ന മിഥ്യാബോധം ഡൊണാൾഡ് ട്രമ്പിന്റെ വാക്കുകളിൽ മുഴങ്ങി കേൾക്കുന്നു. എനിക്കു മാത്രം പ്രശ്നങ്ങൾ തീർക്കാൻ കഴിയൂവെന്നു പറയുന്നവരുടെ വാക്കുകൾക്ക് വില കൽപ്പിക്കരുത്."
ഹിലാരി ക്ലിന്റന്റെ വികാരോജ്വലമായ പ്രസംഗത്തിൽ സദസ് നിറയെ ആഹ്ലാദോന്മാദത്തോടെ കയ്യടികളുണ്ടായിരുന്നു. രാജ്യത്തിന്റെ പട്ടാളം തീവ്രവാദത്തിനെതിരെ എന്നും ജാഗരൂകരായിരുന്നുവെന്നും ട്രമ്പിൻറെ വാക്കുകളെ നിഷേധിച്ചുകൊണ്ട് അവർ പറഞ്ഞു. 'പോലീസ് ഉദ്യോഗസ്ഥരും ഫയർ ഫൈറ്റേഴ്സും എന്നും അപകട മേഖലയിൽ. ഡോക്ടേഴ്‌സും നേഴ്‌സസും സേവനങ്ങൾ അർപ്പിക്കുന്നു. അക്രമങ്ങൾകൊണ്ട് മക്കളെ നഷ്ടപ്പെട്ട അമ്മമാരും കുട്ടികളുടെ സുരക്ഷിതത്വം നോക്കേണ്ട അമ്മമാരും ഈ രാജ്യത്തുണ്ട്. 'എനിയ്ക്കു മാത്രം' ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന അഹന്തയുടെ ഭാഷ അമേരിക്കക്കാരൻ പറയില്ല. നമ്മൾ പറയുന്നു, പ്രശ്നങ്ങൾ നമുക്കൊന്നിച്ചു പരിഹരിക്കാമെന്ന്." ഓർമ്മിക്കുക, ഈ രാഷ്ട്രം പടുത്തുയർത്തിയ പിതാക്കന്മാർ ഒരു വിപ്ലവത്തിൽക്കൂടി ഭരണഘടന എഴുതിയുണ്ടാക്കി. ആ ഭരണഘടനയിൽ ഒരാളിൽ മാത്രം അധികാരം നിഷിപ്തമെന്നു ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. ഒരാളിൽ മാത്രം അധികാരം അർപ്പിച്ചുകൊണ്ട് അമേരിക്കയിൽ ഒരു ഭരണകൂടം ഉണ്ടായിട്ടില്ല. ഇരുനൂറ്റിയമ്പതു വർഷങ്ങൾക്കു ശേഷവും പരസ്പരം ബന്ധങ്ങൾ കലർത്തിക്കൊണ്ടുള്ള അതേ വിശ്വാസം തന്നെ നാം പുലർത്തുന്നുവെന്നും ഹിലാരി സമ്മേളന നഗരത്തിൽ വന്ന ഡെലിഗേറ്റുകളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
പ്രസംഗ മദ്ധ്യേ ഹിലാരിയെഴുതിയ ഒരു പുസ്തകത്തെപ്പറ്റിയും അവർ സൂചന നൽകിയിരുന്നു. ഇരുപതു വർഷങ്ങൾക്കുമുമ്പ് 'ഇറ്റ് ടേക്സ് എ വില്ലേജ്' (It takes a village) എന്ന ഒരു പുസ്തകം ഹിലാരി എഴുതിയിരുന്നു. 'ഇതെന്താണ്, നിങ്ങൾ ഈ പുസ്തകം കൊണ്ട് ഉദ്ദേശിക്കുന്നതന്തെന്നും പലരും അന്ന് അവരോടു ചോദിച്ചിരുന്നു. ഹിലാരി ആ പുസ്തകത്തിൽ എഴുതിയിരുന്നത്, 'ഒരാൾക്ക് ഒരു കുടുംബത്തെയോ സ്വന്തം ബിസിനസോ ഒറ്റയ്ക്ക് നയിക്കാൻ സാധിക്കില്ല, ഒരു സമൂഹത്തെ നന്നാക്കാൻ സാധിക്കില്ല, ഒരു രാജ്യം മുഴുവനായും ഒറ്റയ്ക്ക് ഉയർത്താൻ സാധിക്കില്ല. അമേരിക്കയ്ക്ക് ഓരോരുത്തരുടെയും ഊർജവും കഴിവുകളും പ്രതീക്ഷകളും ആവശ്യമാണ്. ' തന്റെ മനസാക്ഷിയുടെ അടിത്തട്ടിൽനിന്നു അങ്ങനെ വിശ്വസിക്കുന്നുവെന്നും ഹിലാരി പറഞ്ഞു.
ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളോ ഭീകരർ അധിവസിക്കുന്ന രാജ്യങ്ങളിൽനിന്നോ വരുന്ന കുടിയേറ്റക്കാർക്ക് അമേരിക്കാ വിസാ കൊടുക്കുകയില്ലെന്നും ട്രമ്പിന്റെ അജണ്ടയിലുണ്ട്. അങ്ങനെയുള്ള രാജ്യങ്ങളിൽനിന്നുമെത്തുന്ന കുടിയേറ്റ വിസ റദ്ദു ചെയ്യുമെന്നും അദ്ദേഹം പറയുന്നു. അതേ സമയം ഹിലാരി ക്ലിന്റൺ കൂടുതൽ കുടിയേറ്റക്കാരെ അമേരിക്കൻ മണ്ണിൽ അധിവസിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഒബാമ ഭരണ കൂടത്തിലെ ഈ രാജ്യത്തേയ്ക്ക് പ്രവഹിക്കുന്ന നിയന്ത്രണമില്ലാതെയുള്ള കുടിയേറ്റക്കാർക്കുപരിയാണ് അവരുടെ തീരുമാനവും. ഈ രാജ്യത്തിലേക്ക് വരുന്ന കുടിയേറ്റക്കാർക്ക് ഒരു സ്‌ക്രീനിംഗ് പദ്ധതികളും ഹിലാരി ആവിഷ്‌ക്കരിച്ചിട്ടില്ല. വരുന്ന കുടിയേറ്റക്കാർ ആരെന്നോ എവിടെനിന്നു വരുന്നുവെന്നോ ഒരു അന്വേഷണവും നടത്താറില്ല. രാജ്യത്തിന്റെ മൂല്യങ്ങളെ ഉൾക്കൊള്ളുവാൻ സാധിക്കുന്നവരെയും നമ്മുടെ ജനങ്ങളെ സ്നേഹിക്കുന്നവരെയും മാത്രമേ കുടിയേറാൻ സമ്മതിക്കുകയുള്ളൂവെന്നും ട്രമ്പിന്റെ കൺവെൻഷണൽ പ്രസംഗത്തിൽ ശ്രവിക്കാം. .
ഈ രാജ്യത്തിലേക്ക് ഭീകര മൗലിക വാദികളായ മുസ്ലിമുകൾ പാടില്ലായെന്ന നിലപാടാണ് ട്രമ്പ് സ്വീകരിച്ചിരിക്കുന്നത്. കുടിയേറ്റക്കാർ നല്ല സ്വഭാവമുള്ളവരുമായിരിക്കണം. മത വൈകാരികത ജ്വലിപ്പിക്കുന്ന ഇത്തരം പ്രസ്താവനകൾ വിളിച്ചു പറയുന്നതിൽ ട്രമ്പിനു യാതൊരു മടിയുമില്ല. മെക്സിക്കോയുടെ അതിരുകളിൽ ഒരു മതിൽ പണിതുകൊണ്ട് നിയമരഹിതമായ കുടിയേറ്റങ്ങൾ അതുവഴി നിരോധിക്കാൻ സാധിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഇത്തരം സ്വപ്ന പദ്ധതികൾ ഒന്നുകിൽ ട്രമ്പ് അമേരിക്കൻ ജനതയോട് കള്ളം പറയുന്നതായിരിക്കാം. അല്ലെകിൽ പ്രമുഖ മീഡിയാകളെ കബളിപ്പിക്കുകയായിരിക്കാം.
ഹിലാരിയുടെ കാഴ്ചപ്പാടിൽ വിസാ കാലാവധി കഴിഞ്ഞ അമേരിക്കയിലെ മില്യൻ കണക്കിനു അനധികൃത കുടിയേറ്റക്കാരെ നിയമം പരിരക്ഷിച്ചുകൊണ്ട് സംരക്ഷണം നൽകുമെന്നാണ്. അവരെ ആദരിക്കുകയും രാജ്യത്തു അവസരങ്ങൾ നൽകുകയും ചെയ്യും. അവരെ രാജ്യത്തുനിന്നു പുറത്താക്കാതിരിക്കാനുള്ള നിയമ നിർമ്മാണം നടത്തുമെന്നും ഹിലാരി വാഗ്ദാനം ചെയ്യുന്നു. നമ്മുടെ സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ട് തൊഴിൽ ചെയ്തു ജീവിക്കുന്നവർക്കെതിരെ ഒരു ഉടമ്പടിയും ഒപ്പു വെക്കുകയില്ലെന്നും ഹിലാരി പ്രതിജ്ഞ ചെയ്യുന്നുണ്ട്. ഇതൊരു മനുഷ്യത്വത്തിന്റെ പ്രശ്നമായും അവർ കാണുന്നു.