Friday, May 26, 2017

മഹാനായ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടും കമ്മ്യൂണിസവും




ജോസഫ് പടന്നമാക്കൽ

മഹാന്മാരായ അനേകമനേക പ്രതിഭകൾക്ക് ജന്മം നൽകിയ പുണ്യഭൂമിയാണ് കേരളം. സാമൂഹികവും ആദ്ധ്യാത്മികവുമായ തലങ്ങളിൽ വിഹരിച്ചിരുന്ന ആദിശങ്കരനും ശ്രീ നാരായണ ഗുരുവും ഈ നാടിന്റെ മണ്ണിൽക്കൂടി കടന്നുപോയവരാണ്.  ദൈവത്തിന്റെ നാടെന്ന അർത്ഥത്തിൽ കേരളം പരിശുരാമ സൃഷ്ടിയെന്നും വാമനന്റെയും മഹാബലിയുടെയും പാദങ്ങൾ ഈ മണ്ണിൽ പതിഞ്ഞെന്നുമൊക്കെയാണ് ഐതിഹിക കഥകൾ.  ദളിത സമുദായത്തിൽനിന്നും മലയാളിയായ കെ.ആർ. നാരായണൻ ഇന്ത്യയുടെ പ്രസിഡന്റ് പദം അലങ്കരിച്ചു. എന്നാൽ  ദൈവത്തിലോ മതത്തിലോ ചാതുർവർണ്യത്തിലോ പ്രാധാന്യം കൽപ്പിക്കാഞ്ഞ  കമ്മ്യുണിസ്റ്റുകാരൻ ഏലംകുളം മനയ്ക്കല്‍  ശങ്കരൻ നമ്പൂതിരിപ്പാടിൻറെ പേരും കേരളചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ടിരിക്കുന്നു.  സാമ്രാജ്യ വിരോധി, സാമൂഹിക പരിഷ്‌കർത്താവ്, എഴുത്തുകാരൻ, വിമർശകൻ, മാർക്സിസ്റ് ചിന്തകൻ, രാഷ്ട്രതന്ത്രജ്ഞൻ, ചരിത്രകാരൻ, എന്നിങ്ങനെ അദ്ദേഹത്തെ ജനം അറിയുകയും സ്മരിക്കുകയും ചെയ്യുന്നു.

'ജനങ്ങളെ സേവിക്കുന്നവനാണ് യഥാർത്ഥ നേതാവെന്ന്' ഇ.എം.എസ് കൂടെക്കൂടെ  പറയുമായിരുന്നു. പരമമായ ആ സ്വാധിക തത്ത്വത്തെ അക്ഷരാർത്ഥത്തിൽ  മുറുകെ പിടിച്ച ഒരു  ബുദ്ധി ജീവിയായിരുന്നു അദ്ദേഹം. ഏഴു പതിറ്റാണ്ടോളം രാഷ്ട്രീയക്കളരിയിലും പൊതുജീവിതത്തിലും അടിപതറാതെ സാധാരണക്കാർക്കു വേണ്ടി പ്രവർത്തിച്ചുകൊണ്ടിരുന്നു. സാമൂഹിക തലങ്ങളിലും കുഴഞ്ഞു മറിഞ്ഞ രാഷ്ട്രീയക്കളരിയിലും സ്വന്തം സിദ്ധാന്തങ്ങൾക്കു മാറ്റമില്ലാതെ ഒരു ദാർശികനെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നു. അങ്ങനെ, ഇന്ത്യയുടെ സാമൂഹിക കാഴ്ചപ്പാടുകൾക്കനുകൂലമായ കമ്മ്യുണിസത്തിന്റെ അടിത്തറ പാകാനും സാധിച്ചു. അവിഭജിത ഇന്ത്യൻ കമ്മ്യുണിസത്തിലെ ആദ്യകാല സ്ഥാപക നേതാക്കളിൽ അദ്ദേഹവുമുണ്ടായിരുന്നു.

ഇ.എം.എസിന്റെ ജീവിത കഥകൾ സാഹസികതയുടേതായ ഒരു ചരിത്രമായിരുന്നു. രാഷ്ട്രത്തിനും സമൂഹത്തിനും വേണ്ടി പൊരുതിയ ആ മഹാൻ സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും മക്കളെയും പോലും മറന്നു പോയിരുന്നു. കമ്മ്യുണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിച്ചുവെന്ന പേരിൽ ബ്രിട്ടീഷ് സാമ്രാജ്യ വാദികളുടെ കാലം മുതൽ ഒളിച്ചും പാത്തും കാടുകളിൽ വസിച്ചും  പുലയ പറയക്കുടിലുകളിൽ താമസിച്ചും നാടുകൾ ചുറ്റിയും ജീവിതം തള്ളിനീക്കിക്കൊണ്ടിരുന്നു. പൂർവിക തറവാടായ ഇളംകുളം മനയിൽപ്പോലും നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷമാണ് സന്ദർശിച്ചത്. ഇതിനിടെ ബ്രാഹ്മണിത്ത്വത്തിന്റെ അടയാളമായ  പൂണൂൽവരെ അദ്ദേഹം പൊട്ടിച്ചു ദൂരെ കളഞ്ഞിരുന്നു.

കേരളം കണ്ട മഹാനായ 'ഇ.എം.എസ്'   സ്വന്തം ജീവിതത്തിലും രാഷ്ട്രീയക്കളരിയിലും  മാതൃകാപരമായി ജീവിച്ച ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.  ജീവിതം തന്നെ അപകടപ്പെടുത്തിക്കൊണ്ടുള്ള  രാഷ്ട്രീയ തേരോട്ടമാണ്,  അദ്ദേഹം നയിച്ചിരുന്നത്. വ്യക്തി സ്വാതന്ത്ര്യത്തിനും സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിനും സാമ്രാജ്യത്വത്തിനുമെതിരെ സന്ധിയില്ലാതെ പോരാടിയിരുന്നതായും കാണാം.  ജന്മിത്വം അവസാനിപ്പിച്ച് ഭൂമി കൃഷി ചെയ്യുന്നവന്റെതെന്നു വിശ്വസിച്ചിരുന്നു. ഉയർന്ന ജാതനായ അദ്ദേഹം പുലയ പറയ സമുദായങ്ങളുടെ ജീവിതവുമായി ഇടപഴുകി ജീവിച്ചു. വർണ്ണ വർഗ ജാതീയ ചിന്തകൾക്കെതിരെയും പട പൊരുതിക്കൊണ്ടിരുന്നു.

പിതാവ് സംസ്കൃത പണ്ഡിതനായിരുന്ന   ഇളംകുളം മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടും മാതാവ് വിഷ്ണു ദത്തയുമായിരുന്നു. 1909 ജൂൺ പതിമൂന്നാം തിയതി ഇ.എം.എസ്. നമ്പൂതിരിപ്പാട് ജനിച്ചു.  ഇന്നത്തെ മലപ്പുറം ഡിസ്ട്രിക്റ്റിൽ പെരുന്തൽ മണ്ണില്ലായിരുന്നു നമ്പൂതിരിപ്പാടിന്റെ ഇല്ലം സ്ഥിതി ചെയ്തിരുന്നത്. നാല് സഹോദരിമാരും മൂന്നു സഹോദരന്മാരും ഉണ്ടായിരുന്നു. അവരിൽ രണ്ടു സഹോദരന്മാർ ശൈശവത്തിൽ മരിച്ചു പോയി. മറ്റൊരു സഹോദരന് മാനസിക അസുഖമായിരുന്നു. പിതാവ് നന്നേ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയിരുന്നു. പിന്നീട് കൂടുതൽ കാലവും അമ്മയുടെ സംരക്ഷണയിലായിരുന്നു വളർന്നത്. ഇ.എം.എസ് വിവാഹം ചെയ്തിരുന്നത് 'ആര്യ അന്തർജ്ജന'ത്തിനെ ആയിരുന്നു. രണ്ടു പുത്രന്മാരും രണ്ടു പുത്രികളും ഉണ്ടായിരുന്നു.

ആദ്യകാലങ്ങളിൽ കളരിയാശാന്മാർ സ്വന്തം വീട്ടിൽ വന്ന് അദ്ദേഹത്തിന് വിദ്യാഭ്യാസം നൽകിയിരുന്നു. തീണ്ടലും തൊടീലും മറ്റു അനാചാരങ്ങളും സാമൂഹികമായി നടപ്പായിരുന്ന കാലങ്ങളിൽ നമ്പൂതിരി കുടുംബങ്ങളിലെ കുട്ടികൾ സാധാരണ വീടിനുള്ളിലായിരുന്നു വിദ്യ അഭ്യസിച്ചിരുന്നത്. പൂജാദി കർമ്മങ്ങളും സംസ്കൃതവും, തത്ത്വ ചിന്തകളും പഠിക്കണമായിരുന്നു. മലയാളവും ഇംഗ്ലീഷും ഒപ്പം പഠിച്ചുകൊണ്ടിരുന്നു. ജീവിതത്തിൽ ഏറ്റവുമധികം അദ്ദേഹത്തെ സ്വാധീനിച്ചവർ സ്വന്തം അമ്മയും സംസ്കൃത അദ്ധ്യാപകനായ 'അഗ്നീധര'നുമായിരുന്നുവെന്ന് അദ്ദേഹത്തിൻറെ 'ജീവചരിത്ര കുറിപ്പുകളിലുണ്ട്. ചെറുപ്പകാലങ്ങളിൽ 'കുഞ്ഞു' എന്നും  ഓമനപ്പേരായി വിളിച്ചിരുന്നു. അമ്മയ്ക്ക് മകനെ ഒരു സംസ്കൃത പണ്ഡിതനാക്കണമെന്നായിരുന്നു മോഹം. വേദങ്ങളും ഉപനിഷത്തുക്കളും മനഃപാഠമാക്കിയിരുന്നു. വളരെയേറെ ശ്ലോകങ്ങൾ വീട്ടിലിരുന്ന് പഠിച്ചിരുന്നെങ്കിലും   ഒന്നിൻറെയും അർത്ഥം ഗ്രഹിക്കുന്നില്ലായിരുന്നു. ഋഗു വേദങ്ങൾ, അതെന്താണെന്നറിയാതെ, അർത്ഥം മനസിലാക്കാതെ  മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു. മനഃപാഠമാക്കുന്ന ശ്ലോകങ്ങളുടെ അർത്ഥം അറിയണമെന്ന് അന്ന് നിർബന്ധവുമില്ലായിരുന്നു.

സ്‌കൂളിൽ ചേർന്നപ്പോൾ പുത്തനായ അനുഭവങ്ങളോടെയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നത്. വീടുമായിട്ടുള്ള സാഹചര്യങ്ങളിൽനിന്നും വ്യത്യസ്തമായ ജീവിതരീതികളുമായി പൊരുത്തപ്പെടേണ്ടി വന്നു. അവർണ്ണരും താണ ജാതികളും അവിടെ പഠിക്കുന്നുണ്ടായിരുന്നു. അദ്ധ്യാപകരും വിവിധ  സമുദായങ്ങളിൽനിന്നും ജാതികളിൽനിന്നുമുള്ളവരായിരുന്നു. ഇരുപത്തിയഞ്ചു മുപ്പതു വിദ്യാർത്ഥികൾ ഉൾപ്പെട്ട ക്ലാസായിരുന്നു അന്നുണ്ടായിരുന്നത്.

അദ്ദേഹത്തിൻറെ ആദ്യത്തെ ഏറ്റുമുട്ടൽ അദ്ദേഹമുൾപ്പെടുന്ന ജന്മിത്വത്തിനെതിരായിട്ടായിരുന്നു. അന്നുണ്ടായിരുന്ന നേതാക്കളായ വി.റ്റി. ഭട്ടതിരിപ്പാട്, എം.ബി. ഭട്ടതിരിപ്പാട്, യുവവിപ്ലവകാരിയായ ഇ.എം.എസ് എന്നിവർ നമ്പൂതിരിമാരുടെയിടയിലുള്ള അനാചാരങ്ങളെ ഇല്ലാതാക്കാൻ പൊരുതിയിരുന്നു. നമ്പൂതിരിമാരുടെ സ്വാഭിമാന ഗർവുകൾക്കു മാറ്റങ്ങളുണ്ടാക്കി  അവരിൽ  മാനുഷിക പരിഗണനകളടങ്ങിയ ചിന്താശക്തിക്കായും  ശ്രമിച്ചുകൊണ്ടിരുന്നു. പുലയരും, ഈഴവരും, നായന്മാർ പോലും ജാതി വ്യവസ്ഥിതിയുടെ കീഴിലായിരുന്നു. വിപ്ലവകരമായ മാറ്റങ്ങൾക്കായി 'ഉണ്ണി നമ്പൂതിരി'യെന്ന മാസികയും  തുടങ്ങി. പിന്നീട് വള്ളുവനാട് യോഗക്ഷേമ സഭയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. നമ്പൂതിരി സ്ത്രീകളുടെ നാല് മതിൽക്കെട്ടിനുള്ളിലെ അസ്വാതന്ത്ര്യത്തിനെതിരെയും പ്രതികരിച്ചുകൊണ്ടിരുന്നു. വിധവകളായ സ്ത്രീകൾക്ക് വീണ്ടും വിവാഹം കഴിക്കാനുള്ള സാമൂഹിക നിയമങ്ങൾക്കുവേണ്ടിയും പോരാടി. വൃദ്ധരായ നമ്പൂതിരിമാർ ചെറുപ്പക്കാരായ സ്ത്രീകളെ വിവാഹം കഴിക്കുന്നതിനെതിരെയും പ്രതികരിച്ചുകൊണ്ടിരുന്നു. മരുമക്കത്തായത്തിനെതിരെയും അദ്ദേഹത്തിൻറെ സംഘടന എതിർപ്പു പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

സ്വാതന്ത്ര്യ സമരത്തിന്റെ തീവ്ര കാലങ്ങളിലാണ് ഇ.എം.എസ്  പാലക്കാട് വിക്ടോറിയാ കോളേജിൽ പഠിച്ചിരുന്നത്. പഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ പങ്കു ചേരാൻ തുടങ്ങി. സ്‌കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ  എ.ഐ.സി.സി. സമ്മേളനങ്ങളിൽ പങ്കു ചേരാൻ മദ്രാസിൽ പോവുമായിരുന്നു. അദ്ദേഹം ഭാഗഭാക്കായിരുന്ന  പയ്യന്നൂർ സമ്മേളനം ഉദഘാടനം ചെയ്തത് ജവർലാൽ നെഹ്രുവായിരുന്നു. നെഹ്രുവിന്റെ സോഷ്യലിസ്റ്റ് ചിന്താഗതികളിൽ ഇ.എം.എസ്. ആകൃഷ്ടനായി. അങ്ങനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു ആരാധകനായി തീർന്നിരുന്നു. 1932-നു ശേഷം തീവ്ര വിപ്ലവ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യ ശക്തികൾക്കെതിരായി പ്രവർത്തിക്കാൻ തുടങ്ങി. ആ കാലഘട്ടങ്ങളിൽ ഒളിവിലും കഴിയേണ്ടി വന്നു. രാജ്യത്തിന്റെ നാനാ ഭാഗത്തുള്ള സ്വാതന്ത്ര്യ സമര നായകരുമായി അതുമൂലം സൗഹാർദ്ദ ബന്ധത്തിലാകാനും സാധിച്ചു. പിന്നീട് കണ്ണൂരിലും വെല്ലൂരിലും ജയിൽവാസം അനുഭവിച്ചു. അവിടെനിന്നാണ് കോൺഗ്രസ്സ് പാർട്ടിയിലെ സോഷ്യലിസ്റ്റ് നേതാക്കന്മാരുമായുള്ള   ബന്ധം സ്ഥാപിക്കാൻ സാധിച്ചത്. 1934-ൽ അദ്ദേഹം സോഷ്യലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നു. ദേശീയ രാഷ്ട്രീയത്തിലും പ്രവർത്തിക്കാൻ തുടങ്ങി. അദ്ദേഹത്തെ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

ഇ.എം.എസ്. കോൺഗ്രസ്സിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തങ്ങളിലും സ്വാതന്ത്ര്യം കിട്ടുന്നതിനായുള്ള സമാധാനപരമായ വിപ്ലവാദർശങ്ങളിലും വിശ്വസിച്ചിരുന്നില്ല. ഇ.എം.എസിന്റെ കേരള ചരിത്ര' മെന്ന കൃതിയിൽ മഹാത്മാ ഗാന്ധിയെ ഒരു ഹിന്ദു മൗലിക വാദിയായി ചിത്രീകരിച്ചിരിക്കുന്നു. ജയിലിൽ വെച്ച് കണ്ടുമുട്ടിയ കോഴിക്കോടുകാരനായ പി കൃഷ്‌ണപിള്ളയുടെ ഗാന്ധിജിയെപ്പറ്റിയുള്ള വ്യത്യസ്തങ്ങളായ വീക്ഷണങ്ങളും അദ്ദേഹത്തിൽ സ്വാധീനം നേടിയിരുന്നു. അവർ രണ്ടുപേരും സോഷ്യലിസ്റ്റാശയങ്ങൾക്കായി ഒത്തൊരുമിച്ചുകൊണ്ടു പ്രവർത്തിക്കാൻ തുടങ്ങി. പിന്നീട് ഇരുവരും കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നേതാക്കന്മാരുമായി. എ.കെ. ഗോപാലനും ഇ.എം.എസ്സും കൃഷ്ണപിള്ളയുമൊത്താണ് കമ്യുണിസ്റ്റ് പ്രസ്ഥാനം ആരംഭിച്ചത്. 1937-ൽ ഇ.എം.എസിനെ വീണ്ടും പ്രാദേശിക കോൺഗ്രസ്സിൽ തിരഞ്ഞെടുത്തു. എന്നാൽ വലതുപക്ഷ നേതാക്കന്മാർ മദ്രാസ് അസംബ്ലിയിലേയ്ക്ക് ഇടതുപക്ഷ ചിന്താഗതിക്കാർ മത്സരിക്കുന്നതു തടഞ്ഞിരുന്നു. അക്കാലഘട്ടത്തിൽ കോൺഗ്രസ്സിൽ പല നേതാക്കന്മാർക്കും അധികാരഭ്രമം പിടിച്ചിരുന്നു. ഇ.എം.എസും കൂട്ടുകാരും സാധാരണ തൊഴിലാളികൾക്കും കൃഷിക്കാർക്കും വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. സാമൂഹിക അസമത്വങ്ങളും കമ്മ്യുണിസ്റ്റാശയങ്ങളും സാധാരണക്കാരെയും തൊഴിലാളികളെയും കുടിയാന്മാരെയും ആകർഷിച്ചുകൊണ്ടിരുന്നു.

1939-ൽ ജന്മി കുടിയാൻ ബന്ധങ്ങളെപ്പറ്റി പഠിക്കാൻ മലബാർ പ്രദേശത്ത് ഒരു കമ്മീഷനെ മദ്രാസ് സർക്കാർ നിയമിച്ചപ്പോൾ ഇ.എം.എസ്. അതിലെ ഒരു അംഗം ആയിരുന്നു. പിന്നീട് രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം  കേരളത്തിൽ ഭൂപരിഷ്‌ക്കരണ ബിൽ കൊണ്ടുവരാനുള്ള കാരണവും അദ്ദേഹത്തിന്റെ ഈ ദീർഘ വീക്ഷണമായിരുന്നു. 1940-ൽ ബ്രിട്ടീഷ് സർക്കാർ കമ്മ്യുണിസ്റ്റു പാർട്ടിയെ നിരോധിച്ചു. അതോടെ കമ്മ്യുണിസ്റ്റ് നേതാക്കന്മാർ ഒളിവു താവളങ്ങളിൽ ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ ഒളിച്ചുതാമസിച്ചിരുന്നു. പിടികൂടിയാൽ യുദ്ധക്കുറ്റങ്ങൾ ചുമത്തി വിസ്താരം കൂടാതെ പലർക്കും മരണം ഉറപ്പായിരുന്നു.

1940 കാലങ്ങൾ ഇ.എം.എസിനെ സംബന്ധിച്ചിടത്തോളം സ്വന്തം ജീവിതത്തിന്റെ വഴിത്തിരിവുകളായിരുന്നുവെന്നു ഓർമ്മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധം പൊട്ടിപുറപ്പെട്ടിരുന്ന നാളുകളായിരുന്നു. യുദ്ധത്തിനെതിരായ സംഘടിത നീക്കങ്ങളിൽ അദ്ദേഹവും കൂട്ടരും പ്രചരണങ്ങൾ നടത്തിക്കൊണ്ടിരുന്നു. കമ്മ്യുണിസ്റ്റ് പാർട്ടിയിലുള്ളവർ പിടികൊടുക്കാതെ ഒളിച്ചു താമസിക്കണമെന്നും ആഹ്വാനമുണ്ടായിരുന്നു. പാർട്ടിയുടെ രഹസ്യ അജണ്ടയനുസരിച്ച് അദ്ദേഹം സ്വന്തം ഭാര്യയോടു പോലും എവിടേയ്ക്ക് പോകുന്നുവെന്നു പറയാതെ വീടു വിട്ടിറങ്ങി. അന്ന് അദ്ദേഹത്തിൻറെ മകൾക്ക് ഒരു വയസായിരുന്നു പ്രായം. ആ കുഞ്ഞിനെ വേർപിട്ടു ജീവിക്കേണ്ടി വന്നത് മനസിനെ തളർത്തിയിരുന്നെങ്കിലും ആത്മവീര്യം കൈവിടാതെതന്നെ വിപ്ലവ പ്രസ്ഥാനങ്ങളുമായി സഹകരിച്ചുകൊണ്ടിരുന്നു. അന്നത്തെ മാനസിക ദുഃഖങ്ങളും യാതനകളും നിറഞ്ഞ ജീവിതത്തെപ്പറ്റി ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. എങ്കിലും അക്കാലങ്ങളിൽ മറ്റൊരു തരത്തിൽ മനസുനിറയെ സന്തോഷം നൽകിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. ജീവിതത്തിലാദ്യമായി സാധാരണക്കാരും ദരിദ്ര ജനങ്ങളുമായി ഒത്തൊരുമിച്ചു ജീവിക്കാനും അവരുമായി  ആത്മബന്ധങ്ങൾ സ്ഥാപിക്കാനും കഴിഞ്ഞത് നേട്ടങ്ങളായി കരുതുന്നു. അന്ന് സഹായം നല്കിയവരെല്ലാം സാധാരണക്കാരും കുടിലിൽ താമസിക്കുന്നവരും സമൂഹത്തിൽ താഴേക്കിടയിലുള്ളവരുമായിരുന്നു. അവരിൽ കൃഷിക്കാരും ദരിദ്രരും മൽസ്യം പിടിച്ചു ജീവിക്കുന്നവരുമുണ്ടായിരുന്നു. അക്കാലത്ത് നമ്പൂതിരിയായ ഒരാൾ തൊട്ടുകൂടാ ജാതികളുമായി തോളോട് തോളൊരുമ്മി ജീവിക്കാൻ ധൈര്യപ്പെട്ടിരുന്നില്ല. അവരോടൊത്ത് മത്സ്യവും മാംസവും കഴിക്കുകയും അവരുടെ ജീവിതത്തിന്റെ ഭാഗമായി തീരുകയും ചെയ്തിരുന്നു.

സമൂഹത്തിലെ അസമത്വങ്ങൾ ഇല്ലാതാക്കി ബ്രാഹ്മണർ മുതൽ ഒത്തൊരുമിച്ച് ജീവിക്കണമെന്ന തത്ത്വങ്ങൾ അദ്ദേഹം സ്വന്തം പ്രായോഗിക ജീവിതത്തിൽ നടപ്പിലാക്കി. 1947-ൽ സ്വാതന്ത്ര്യം കിട്ടിയ ശേഷം ഒളിസ്ഥലത്തുനിന്നു പുറത്തു വന്നു. താമസിയാതെ കുടുംബ വകയുണ്ടായിരുന്ന സ്വത്തുക്കൾ മുഴുവൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ദാനം ചെയ്തു. പാർട്ടി ആ ഫണ്ടിൽ നിന്നും 1947-ൽ ദേശാഭിമാനി പത്രം പുനാരാരംഭിച്ചു. ഇ.എം.എസ്. ആ പത്രത്തിന്റെ എഡിറ്ററുമായിരുന്നു. 1942-ൽ തുടങ്ങിയ ദേശാഭിമാനി പത്രം ബ്രിട്ടീഷ്കാർ നിരോധിച്ചിരുന്നു.

ഇ.എം.എസ് ആത്മകഥയിൽ എഴുതിയിരിക്കുന്നു, "ഉന്നത കുലത്തിൽ ഒരു പ്രഭു കുടുംബത്തിലാണ് താൻ ജനിച്ചതെങ്കിലും തന്റെ യുവത്വം കാഴ്ചവെച്ചത് കമ്മ്യുണിസം സിദ്ധാന്തങ്ങൾ നടപ്പാക്കാനായിരുന്നു. ജീവിതത്തിന്റെ ഏറിയ പങ്കും ഒരു കമ്മ്യുണിസ്റ്റുകാരനായി പോരാടി. ജാതി വ്യവസ്ഥകളും ജന്മിത്തവും അജന്മ ശത്രുക്കളായിരുന്നു. എനിക്കുണ്ടായിരുന്ന വൻകിട ഭൂസ്വത്തുക്കളും എസ്റ്റേറ്റുകളും  എന്നെ വലുതാക്കിയ, എന്നെ ഞാനായി വളർത്തിയ എന്റെ പാർട്ടിക്കായി ദാനം ചെയ്തു. അങ്ങനെയാണ് ഞാൻ തൊഴിൽ ചെയ്യുന്നവന്റെ വളർത്തു മകനായി തീർന്നത്."

1957-ൽ ഇ.എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ലോകത്തിലെ ആദ്യത്തെ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട കമ്മ്യുണിസ്റ്റ് മന്ത്രിസഭ നിലവിൽ വന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഒരു കുടുംബത്തിന് കൈവശം വെക്കാവുന്ന ഭൂപരിധി നിശ്ചയിച്ചുകൊണ്ടുള്ള ബില്ല് സഭയിൽ ഹാജരാക്കി. മിച്ചഭൂമികൾ മുഴുവൻ ഭൂമിയില്ലാത്തവർക്ക് നൽകണമെന്ന നിയമവും പാസാക്കി. ശ്രീ ജോസഫ് മുണ്ടശേരിയുടെ വിദ്യാഭ്യാസ ബിൽ സഭയിൽ അവതരിപ്പിച്ചത് സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് കാരണമായി. ക്രിസ്ത്യൻ മതപുരോഹിതരും നായർ സംഘടനകളും സ്വാർത്ഥ രാഷ്ട്രീയക്കാരും ഒത്തുചേർന്നുകൊണ്ടു വിമോചന സമരമെന്ന പേരിൽ നാടാകെ അരാജകത്വം സൃഷ്ടിച്ചു. ഭരണഘടനയുടെ 356 വകുപ്പനുസരിച്ച് സർക്കാരിനെ പിരിച്ചു വിടേണ്ടി വന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന ജവർലാൽ നെഹ്‌റുവും  കമ്മ്യുണിസ്റ്റു മന്ത്രിസഭയ്‌ക്കെതിരായ തീരുമാനമെടുത്തു. നാട്ടിൽ നിയമം തകർന്നുവെന്നായിരുന്നു വാദം. ഇന്ദിരാ ഗാന്ധിയായിരുന്നു കോൺഗ്രസ്സ് പ്രസിഡന്റ്. 1967-ൽ രണ്ടാമതും ഇ.എം.എസ് ഭരണകൂടം അധികാരത്തിൽ വന്നു. ഭൂമിനയം വീണ്ടും പരിഷ്‌ക്കരിച്ചു. കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയും കുറച്ചു. ജന്മത്വ സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ടുള്ള നിയമവും പാസാക്കി.

ബുദ്ധിജീവികളുടെയും സാഹിത്യ വാസനയുള്ളവരുടെയും നീക്കങ്ങൾക്ക് ഇ.എം.എസ്. നേതൃത്വം കൊടുത്തിരുന്നു. കേരളത്തിലെ ആദ്യത്തെ മാർക്സിസ്റ്റ് ചരിത്രകാരനായും അദ്ദേഹത്തെ അറിയപ്പെടുന്നു. മലയാളത്തിൽ ആദ്യമായി കാറൽ മാർക്സിന്റെ 'ദാസ് ക്യാപിറ്റൽ'  (മൂലധനം (3 വാല്യം)തർജ്ജിമ  ചെയ്ത പ്രമുഖ എഴുത്തുകാരിൽ അദ്ദേഹവുമുണ്ടായിരുന്നു.  അദ്ദേഹത്തിൻറെ സാഹിത്യാഭിരുചിയും പരിശ്രമങ്ങളും മലയാള സാഹിത്യത്തിന്റെ വളർച്ചയ്ക്കു തന്നെ കാരണമായി. ആ കാലഘട്ടത്തിൽ ദേശാഭിമാനിക്കും പ്രചാരം വർദ്ധിച്ചു.  നമ്പൂതിരിപ്പാടിന്റെ ശ്രമം കൊണ്ട് പത്രം വളരെയധികം വളരുകയും ചെയ്തു. പത്രത്തിന് മലയാളം ദിനപത്രങ്ങളിൽ നാലാം സ്ഥാനം ലഭിക്കുകയുമുണ്ടായി. നമ്പൂതിരിപ്പാട്, കേസരി ബാലകൃഷ്‍ണപിള്ള, ജോസഫ് മുണ്ടശേരി, എം.പി. പോൾ, കെ. ദാമോദരൻ എന്നിവർ ഒത്തുകൂടി പുരോഗമന സാഹിത്യ പ്രസ്ഥാനമാരംഭിച്ചു. മലയാള സാഹിത്യത്തിന്റെ വളർച്ചക്ക് ഈ സംഘടന മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്.

ഇ.എം.എസിന്റെ ജീവിതത്തിലെ പ്രധാനമായ ഒരു സംഭവം 1964-ൽ കമ്മ്യുണിസ്റ്റു പാർട്ടി വിഭജനമെന്നതായിരുന്നു. മാർക്സിസ്റ്റ് ചിന്തകനെന്ന നിലയിൽ ആശയപരമായ കാര്യങ്ങളിൽ പരിവർത്തനപരമായ കാലങ്ങളുമായിരുന്നു. അക്കാലത്ത് അദ്ദേഹത്തിൻറെ പ്രിയപ്പെട്ടവരായ സുഹൃത്തുക്കൾവരെ മാർക്സിസ്റ്റ് പാർട്ടി ഉപേക്ഷിച്ചിരുന്നു. പാർട്ടി പിളർക്കുന്നതിനുമുമ്പ് അദ്ദേഹം അവിഭജിത കമ്യുണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. പാർട്ടി വിഭജിച്ചു കഴിഞ്ഞശേഷം  മരണം വരെ പോളിറ്റ് ബ്യുറോ സെൻട്രൽ കമ്മറ്റിയിൽ അംഗമായിരുന്നു. 1977 മുതൽ 1992 വരെ പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. അതിനുശേഷം ആരോഗ്യം മോശമായതുകൊണ്ടു അദ്ദേഹം കേരളത്തിലേയ്ക്ക് മടങ്ങി വന്നു. തിരുവനന്തപുരത്തു മടങ്ങിവന്ന ശേഷവും പാർട്ടിയുടെ ആശയപരമായ വിഷയങ്ങളിൽ ഗ്രന്ഥങ്ങൾ രചിച്ചുകൊണ്ടിരുന്നു. ഗ്രന്ഥങ്ങളുടെ റോയൽറ്റിയും എഴുത്തുകളിൽനിന്നു ലഭിച്ചിരുന്ന നല്ല വരുമാനവും പാർട്ടിക്ക് നൽകിയിരുന്നു. സ്വന്തം അത്യാവശ്യത്തിനു മാത്രമേ അദ്ദേഹം തനിക്കു കിട്ടിയിരുന്ന വരുമാനത്തിൽനിന്നു  പണം ചെലവഴിച്ചിരുന്നുള്ളൂ.

അവസാന വർഷം കേരളത്തിലെ വ്യവസായ പുരോഗതിയിലും സാമ്പത്തിക വളർച്ചയിലും അദ്ദേഹം അതൃപ്തനായിരുന്നു. അധികാര വികേന്ദ്രീകരണം നടത്തി എല്ലാ പാർട്ടികളും ഒന്നിച്ചുകൊണ്ട് കേരള പുരോഗതിക്കായി പ്രവർത്തിക്കണമെന്നും  നിർദ്ദേശിച്ചു. അവസാന ദിവസം വരെ കാര്യനിർവഹണങ്ങളിൽ അദ്ദേഹം വളരെയധികം ഉന്മേഷവാനുമായിരുന്നു. മരണത്തിനു ഏതാനും മണിക്കൂറുകൾക്കു മുമ്പുവരെ രണ്ടു ലേഖങ്ങൾ സെക്രട്ടറി വേണുവിനെക്കൊണ്ട് പറഞ്ഞെഴുതിച്ചിരുന്നു. ഒരു ലേഖനത്തിന്റെ വിഷയം 'മതേരത്വത്തെ ഇന്ത്യയിൽ എങ്ങനെ സംരക്ഷിക്കാ'മെന്നതായിരുന്നു. അന്നേദിവസം ദേശാഭിമാനിയുടെ കോട്ടയം എഡിഷന്റെ ഒന്നാം വാർഷികവുമായിരുന്നു. രണ്ടാമത്തെ ലേഖനം പത്രത്തിന്റെ കോട്ടയം എഡിഷനെ സംബന്ധിച്ചായിരുന്നു.

പ്രായം അതിക്രമിച്ച നാളുകളിലും അദ്ദേഹം രാഷ്ട്രീയത്തിലും സാമൂഹിക തലങ്ങളിലും അതി തീവ്രമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. 1998-ലെ ലോകസഭ തെരഞ്ഞെടുപ്പിലും സ്വന്തം പാർട്ടിക്കുവേണ്ടി ഉർജ്ജസ്വലമായി തന്നെ പ്രവർത്തിച്ചു. തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹത്തിന് ന്യുമോണിയാ പിടിപെട്ടു. തിരുവനന്തപുരത്ത് ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്‌തെങ്കിലും 1998 മാർച്ചു പത്തൊമ്പതാം തിയതി മരണമടഞ്ഞു. മരിക്കുമ്പോൾ 89 വയസു പ്രായമുണ്ടായിരുന്നു. തിരുവനന്തപുരം തൈക്കാട് ഇലക്ട്രിക്കൽ ശ്മശാനത്തിൽ എല്ലാവിധ ബഹുമതികളോടെ ശവദാഹ കർമ്മങ്ങൾ നടത്തി. അദ്ദേഹത്തിൻറെ മരണശേഷം ആ കുടുംബത്തിൽ മൂന്നു മരണങ്ങൾ കൂടിയുണ്ടായി. 2001 ആഗസ്റ്റിൽ മരുമകൾ യമുനയും 2002 ജനുവരിയിൽ ഭാര്യ ആര്യ അന്തർജ്ജനവും  2002 നവംബറിൽ ചാർട്ടേർഡ് അക്കൗണ്ടന്റായിരുന്ന മകൻ ശ്രീധരനും മരണമടഞ്ഞിരുന്നു.

ഇ.എം.എസിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ ലക്ഷോപ ലക്ഷം ജനങ്ങൾ പങ്കു ചേർന്നിരുന്നു. യുഗപ്രഭാവനായ ഇ.എം.എസ് തങ്ങളോടൊപ്പം ഇന്നലെ വരെ ജീവിച്ചതിൽ ഓരോരുത്തരും അഭിമാനം കൊണ്ടിരുന്നു. ഇന്ത്യ കണ്ടതിൽവെച്ച് ഏറ്റവും മഹാനായ കമ്മ്യുണിസ്റ്റ് കാരനായിരുന്നു അദ്ദേഹം. വിപ്ലവം ജയിക്കട്ടെയെന്ന മുദ്രാവാക്യം എവിടെയും മുഴങ്ങുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി നായനാരും കണ്ണുനീരിൽ കുതിർന്ന ആ യാത്രയയപ്പിലുണ്ടായിരുന്നു.

ഇ.എം.എസ്, മരിച്ച തലേദിവസമായിരുന്നു ഭാരതീയ ജനതാ പാർട്ടി കേന്ദ്രത്തിൽ ഭരണമേറ്റുകൊണ്ടു സത്യപ്രതിജ്ഞ ചെയ്തത്. ആഭ്യന്തര മന്ത്രിയായ അഡ്വാനി കേരളത്തിന്റെ ഈ പുത്രന് അന്ത്യോപചാരം അർപ്പിക്കാനായി ഡൽഹിയിൽ നിന്നും പറന്നെത്തിയിരുന്നു. ജീവിതത്തിന്റെ നാനാ തുറകളിലുള്ള  സ്ത്രീ പുരുഷന്മാർ മതിലുകളുടെയും കെട്ടിടങ്ങളുടെയും മരങ്ങളുടെയും മുകളിൽ കയറി അന്ത്യയാത്ര കാണുന്നുണ്ടായിരുന്നു. അക്കൂടെ ദരിദരരും, സാധാരണക്കാരും കൃഷിക്കാരും തൊഴിലാളികളുമുണ്ടായിരുന്നു. വാഹനങ്ങൾ കറുത്ത കോടി വഹിച്ചിരുന്നു. എല്ലാവരും ബ്ളാക്ക് ബാഡ്ജ് ധരിച്ചിട്ടുണ്ടായിരുന്നു. അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നും നിലക്കാത്ത ജനപ്രവാഹം വന്നുകൊണ്ടിരുന്നു.

എകെജി സെന്ററിൽ കൊണ്ടുവന്ന ഭൗതിക ശരീരത്തിനു ചുറ്റുമായി ഭാര്യ 'ആര്യ അന്തർജ്ജനത്തിനൊപ്പം പെണ്മക്കളായ മാലതി ദാമോദരനും രാധാ ഗുപ്തനും ആൺമക്കൾ ശശിയും ഇ.എം. ശ്രീധരനുമുണ്ടായിരുന്നു. സി.പി.എം പതാകയിൽ മൃതശരീരം പൊതിഞ്ഞിരുന്നു. തോക്കുകൾ തലകീഴായി പിടിച്ചുകൊണ്ടു ആയുധധാരികളായ പോലീസുകാർ നെടുനീളെ വഴിയോരങ്ങളിലുണ്ടായിരുന്നു. കേരളാ മുഖ്യമന്ത്രി നായനാരും മന്ത്രിമാരും നേതാക്കന്മാരും സമൂഹത്തിന്റെ നാനാതുറകകളിലുമുള്ള  പ്രമുഖരും തങ്ങളുടെ നേതാവിന്റെ ഭൗതിക ശരീരം ദർശിച്ചുകൊണ്ടു ആദരാജ്ഞലികളും പുഷ്പ്പാർച്ചനകളും അർപ്പിച്ചിരുന്നു. ഇത്രമാത്രം ജനങ്ങൾ കൂടിയ ഒരു ചരിത്രം കേരളത്തിൽ ഉണ്ടായിട്ടില്ലായിരുന്നു.  ഉച്ചവെയിലത്തും തങ്ങളുടെ നേതാവിന്റെ അന്ത്യകർമ്മങ്ങൾ വീക്ഷിക്കാനും വിലാപയാത്രകളിൽ പങ്കുകൊള്ളാനും പട്ടണം നിറയെ ജനങ്ങൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അക്കൂടെ തൊഴിലാളികളും തൂപ്പുകാരും സമൂഹത്തിലെ താഴെക്കിടയിലുള്ള എല്ലാ വിഭാഗക്കാരുമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ നേതാക്കളായ പ്രകാശ് കരാട്ടെ, ജനറൽ സെക്രട്ടറി ഹർകിഷൻ സിങ്, മുതൽപേരും പോളിറ്റ് ബ്യുറോ അംഗങ്ങളും സന്നിഹിതരായിരുന്നു. തമിഴ് നാട് ഗവർണ്ണർ ഫാത്തിമ ബീവി, സ്റ്റേറ്റ് നേതാക്കളായ എ.കെ. ആന്റണി, എന്നിവരും റീത്തുകൾ സമർപ്പിച്ചു. ഇന്ത്യൻ പ്രധാന മന്ത്രിക്കുവേണ്ടിയും റീത്തുകൾ സമർപ്പിച്ചിരുന്നു.

ഇ.എം.എസിന്റെ സഹകാരി കേരളാ മുഖ്യമന്ത്രിയായിരുന്ന  നായനാർ പ്രസംഗിച്ചത്! വിറയ്ക്കുന്ന അധരങ്ങളോടെയും കണ്ണുനീർ വാർത്തുകൊണ്ടുമായിരുന്നു.  നായനാർ പറഞ്ഞു, "ഇ.എം.എസ് സത്യസന്ധനായ ഒരു രാഷ്ട്രീയ തന്ത്രജ്ഞനും നിഷ്കളങ്ക ഹൃദയത്തിന്റെ ഉടമയുമായിരുന്നു. ആരുടേയും മനസ് വേദനിപ്പിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. തെറ്റുകൾ അദ്ദേഹം സമ്മതിക്കുമായിരുന്നു. ഭൂസ്വത്തുക്കൾ ധാരാളമുണ്ടായിരുന്ന ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചെങ്കിലും സർവ്വതും പാർട്ടിക്കായി സമർപ്പിച്ചു. വേദങ്ങൾ ഹൃദ്യസ്ഥമാക്കിയിരുന്നെങ്കിലും അദ്ദേഹത്തെ നയിച്ചിരുന്നത് മാർക്സിസ്റ്റ് ലെനിനിസ്റ്റ് തത്ത്വങ്ങളായിരുന്നു. മാർക്സിന്റെ  തത്ത്വചിന്തകളിൽക്കൂടി മനുഷ്യത്വമെന്തെന്നു അദ്ദേഹം പഠിപ്പിച്ചിരുന്നു. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഹൃദയ തുടിപ്പുകൾ സ്പർശിച്ചറിഞ്ഞുകൊണ്ട് അവർക്കു വേണ്ടി പ്രവർത്തിച്ചു. അദ്ദേഹത്തെപ്പോലെ നിസ്വാർത്ഥനായ  മറ്റൊരു നേതാവിനെ തനിക്കറിയില്ല. "

അഡ്വാനി പറഞ്ഞു, "ഞങ്ങൾ തമ്മിൽ ആശയപരമായി വ്യത്യസ്തരായിരുന്നെങ്കിലും നമ്പൂതിരിപ്പാടിനെ ലോകം ഒരു ആദർശ പുരുഷനായി ആദരിച്ചിരുന്നു. ആശയങ്ങളെ കാത്തു സൂക്ഷിക്കാൻ സ്വന്തം ജീവിതം തന്നെ അടിയറ വെച്ചിരുന്നു. നമ്പൂതിരിപ്പാട് സ്വാതന്ത്ര്യ സമരത്തിനായി പ്രവർത്തിക്കുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്തു. ചരിത്രം അതിനു സാക്ഷിയുമാണ്. രാഷ്ട്രം അദ്ദേഹത്തോട് എന്നും കടപ്പെട്ടുമിരിക്കുന്നു. മഹാത്മാ ഗാന്ധിയുടെയും സർദാർ പട്ടേലിന്റെയും ആശയങ്ങളുമായി അദ്ദേഹത്തിനു യോജിക്കാൻ സാധിക്കില്ലായിരുന്നെങ്കിലും സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ അവരുമായുള്ള ആശയ വൈരുദ്ധ്യങ്ങളിൽ പോലും ഒന്നായി പ്രവർത്തിക്കാനും സാധിച്ചു."

ഇന്നുള്ള കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിനും കമ്മ്യുണിസത്തിനും രൂപവും ഭാവവും നൽകിയത് ഇ.എം.എസ് ന്റെ വിശ്രമമില്ലാത്ത പരിശ്രമങ്ങളിൽക്കൂടിയും ആശയ പുഷ്ടിയോടെയും  വൈരുദ്ധ്യ ചിന്തകളിൽക്കൂടിയുമായിരുന്നു. അദ്ദേഹത്തിൻറെ എഴുത്തുകളും വിചാരങ്ങളും തലമുറകളായി കമ്മ്യുണിസ്റ്റുകാരെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. 'ഇ.എം.എസിനെപ്പറ്റി നാം പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ വഴക്കടിച്ചിട്ടുണ്ട്. പ്രതിക്ഷേധ റാലികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇ.എം.എസിനൊപ്പവും എതിരായും നിന്നു. എങ്കിലും ആ മഹാനെ ചരിത്രത്തിൽ ഒരിക്കലും ആർക്കും തഴയാൻ കഴിയില്ല.'  ജന്മിയായി ജീവിച്ചു വളർന്ന അദ്ദേഹത്തിനു മരിക്കുമ്പോൾ സ്മാരകമായി നിലകൊണ്ടത് തിരുവനന്തപുരത്തുള്ള വാടകയ്ക്ക് താമസിച്ചിരുന്ന ഒരു അപ്പാർട്ട്മെന്റും ഒരു ഷെൽഫ് നിറച്ചു പുസ്തകങ്ങളും നീല കുഷ്യനുള്ള ഒരു കസേരയും കാലുകൾ നീട്ടി വെക്കാൻ ഒരു ടീപ്പോയും രാത്രിയുടെ വെളിച്ചത്തിൽ വായിക്കാൻ ഒരു വിളക്കും കേൾക്കാൻ ഹിയറിങ് എയ്‌ഡും ഒരു സൈഡിൽ പുസ്തകങ്ങളും മാഗസിനുകളും മാത്രമായിരുന്നു.  അതായിരുന്നു ഒരു ആയുഷ്‌ക്കാലത്തെ അദ്ദേഹത്തിൻറെ രാഷ്ട്രീയ സമ്പാദ്യവും.

--------------------------------------------------------

E.M.S.  Indira Gandhi, and Governor VenkataVishwanathan





First EMS Ministry 



EMS,AKG



Morarji, EMS





Saturday, May 20, 2017

ജസ്റ്റീസ് കൃഷ്ണയ്യരുടെ ചർച്ച് ആക്റ്റും ഇടയലേഖനങ്ങളും വാഗ്വാദങ്ങളും




ജോസഫ് പടന്നമാക്കൽ

മുൻ സുപ്രീം കോടതി ജസ്റ്റിസായിരുന്ന അന്തരിച്ച ശ്രീ വി.ആർ കൃഷ്ണയ്യർ, ക്രിസ്ത്യൻ സഭകളുടെ  സഭാസ്വത്തുക്കൾ സംബന്ധിച്ചുള്ള ബില്ലിന്റെ ഒരു നക്കൽ 2009-ലെ കേരളനിയമസഭയുടെ പരിഗണനയിൽ സമർപ്പിച്ചിരുന്നു. മാറി മാറി വന്ന ഭരണകൂടങ്ങൾ ബില്ലിനെ നിയമമാക്കാൻ നാളിതുവരെയായി  ശ്രമിച്ചിട്ടുമില്ല. ക്രിസ്ത്യൻ ശക്തികൾക്കെതിരെ എതിരിടാനുള്ള ത്രാണി ഭരിച്ചിരുന്ന കഴിഞ്ഞ സർക്കാരുകൾക്കൊന്നും ഉണ്ടായിരുന്നുമില്ല. ബില്ലിനെപ്പറ്റി പഠിക്കാൻ കേരളത്തിലെ ഇപ്പോഴത്തെ മന്ത്രിസഭ പദ്ധതിയിട്ടപ്പോൾ മതമേലാധ്യക്ഷന്മാരും പുരോഹിതരും അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. തൃശൂർ, ഇരിഞ്ഞാലക്കുട ബിഷപ്പുമാർ ഇതേ സംബന്ധിച്ച ഇടയലേഖനങ്ങളും ഇറക്കിക്കഴിഞ്ഞു. സത്യത്തെ വളച്ചൊടിച്ചുകൊണ്ടുള്ള ബിഷപ്പുമാരുടെ ലേഖനങ്ങൾ അല്മായരെ ചിന്താക്കുഴപ്പത്തിലാക്കുന്നുമുണ്ട്. ചർച്ച് ആക്റ്റിനെ സംബന്ധിച്ചുള്ള ബിഷപ്പുമാരുടെ പ്രതികരണങ്ങൾ അല്മായരുടെ വൈകാരികതയെ ചൂഷണം ചെയ്യുന്ന രീതിയിലുള്ളതുമാണ്.

ചർച്ച് ആക്റ്റ് സഭയുടെ പഠനങ്ങളെയോ, ദൈവശാസ്ത്രപരമായ വിഷയങ്ങളെയോ, വിശ്വാസങ്ങളെയോ ബാധിക്കില്ല. അത്തരം ആദ്ധ്യാത്മികത സംബന്ധിച്ചുള്ള വിഷയങ്ങളിൽ യാതൊരു കാരണവശാലും സർക്കാരിന് ഇടപെടുവാൻ അവകാശമില്ല. ഈ നിയമത്തെ ചുരുക്കമായി അറിയപ്പെടുന്നത് 'ദി കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിട്യൂഷൻ ട്രസ്റ്റ് ആക്ട് 2009' (The Kerala  Christian Church Properties  and Institution Trust Act, 2009) എന്നായിരിക്കും. നിയമങ്ങളുടെ അധികാര പരിധി കേരള സംസ്ഥാനം മാത്രമായിരിക്കും. നിയമം കേരളാ അസംബ്ളി പാസ്സാക്കിയാൽ ആറുമാസത്തിനുള്ളിൽ പ്രാവർത്തികമാക്കണമെന്നും വ്യവസ്ഥകളിലുണ്ട്.

ഇന്ത്യയിലുള്ള മതപരമായ സ്ഥാപനങ്ങളുടെ സ്വത്തുക്കൾ മതങ്ങൾക്ക് ഭരിക്കാനുള്ള അവകാശമുണ്ടായിരിക്കുമെന്നു ഇന്ത്യൻ ഭരണഘടന ഇരുപത്തിയൊമ്പതാം വകുപ്പ് അനുശാസിക്കുന്നു. എന്നാൽ സഭ ഈ നിയമത്തെ സ്വന്തം ഇഷ്ടപ്രകാരം വളച്ചൊടിക്കാനും തുടങ്ങി. ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന ഈ വാചകത്തിന്റെ കൂടെ 'നിയമം അനുസരിച്ചെന്നും' പറഞ്ഞിട്ടുണ്ട്. നിയമത്തിന്റെ വസ്തുതകൾ ഉൾപ്പെടുത്തുമ്പോൾ അത് പുരോഹിതരുടെ മാത്രമായ സ്വകാര്യതയായി മാറ്റിയെടുക്കുകയും ചെയ്യും. നിയമങ്ങളെ ദുരുപയോഗം ചെയ്ത് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. 1950-ൽ ഇന്ത്യാ റിപ്പബ്ലിക്കായതോടു കൂടി ഈ നിയമം പ്രാവർത്തികമായി. 

ഇൻഡ്യ റിപ്പബ്ലിക്കായിട്ടു ആറു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും നാളിതുവരെ എല്ലാ മതക്കാർക്കും ഒരുപോലെയുള്ള നീതിപൂർവമായ ഒരു നിയമം നടപ്പാക്കിയിട്ടില്ല. പോർട്ടുഗീസുകാർ വരുന്നതിനു മുമ്പ് ക്രിസ്ത്യൻ പള്ളികളുടെ ഭരണം ഇടവക ജനങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. സഭയുടെ സാമ്പത്തിക സ്രോതസുകളുടെ കണക്കുകൾ ഒരിക്കലും സർക്കാരുകളെ അറിയിച്ചിരുന്നില്ല. പള്ളിയോ മറ്റു സ്ഥാപനങ്ങളോ മറ്റു മതസ്ഥരെപ്പോലെ രജിസ്റ്റർ ചെയ്തിട്ടുമില്ലായിരുന്നു. അതുകൊണ്ടാണ് പള്ളിഭരണത്തെ തീർത്തും ജനാധിപത്യമാക്കി അല്മായനെ പള്ളിയുമായുള്ള സുപ്രധാന തീരുമാനങ്ങളിൽ പങ്കു കൊള്ളിപ്പിക്കണമെന്ന് ചർച്ച് ആക്റ്റ് അനുശാസിക്കുന്നത്. പൂർണ്ണമായും ബൈബിളിന്റെ തത്ത്വ ചിന്തകൾ മാനിച്ചുകൊണ്ട് തന്നെയാണ് ചർച്ച് ആക്റ്റ് തയ്യാറാക്കിയിരിക്കുന്നതും. ചർച്ച് ആക്ടിൽ, ഇടവക മുതൽ കേരളമൊന്നാകെയുള്ള പള്ളികളുടെ സ്വത്തുക്കളും വരുമാനങ്ങളും  സർക്കാരിനെ ബോധ്യപ്പെടുത്തണമെന്ന നിബന്ധനയുണ്ടെങ്കിലും ആദ്ധ്യാത്മിക കാര്യങ്ങളിൽ സർക്കാർ ഇടപെടില്ലെന്നും പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

വാസ്തവത്തിൽ, സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനായി അല്മായരെ പള്ളിയുടെ ഭരണകാര്യങ്ങളിൽ  പങ്കു കൊള്ളിപ്പിക്കണമെന്നുള്ള ലക്ഷ്യമാണ് ചർച്ച് ആക്റ്റിലുള്ളത്. ബിഷപ്പുമാർ ഇടയലേഖനങ്ങളിൽക്കൂടി ചർച്ച് ആക്റ്റിലെ ഉള്ളടക്കങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നതും കാണാം. അതുമൂലം ഭൂരിഭാഗം അല്മായരും ആശയക്കുഴപ്പത്തിലുമാണ്.  സഭയുടെ ആദ്ധ്യാത്മികമായ കാര്യനിർവഹണങ്ങൾക്കും ചാരിറ്റബിൾ സ്ഥാപനങ്ങൾ നിരീക്ഷിക്കുന്നതിനും ധനകാര്യങ്ങൾ നിയന്ത്രിക്കുന്നതിനും വസ്തു വകകൾ അല്മായരുടെ താൽപര്യങ്ങളിൽ  സംരക്ഷിക്കുന്നതിനും ചർച്ച് ആക്റ്റ് നിലകൊള്ളുന്നു. വിവിധ തലങ്ങളിലുള്ള ഭരണ നിർവാഹങ്ങൾക്കുള്ള തെരഞ്ഞെടുപ്പുകൾ തികച്ചും ജനാധിപത്യപരമായി നടത്തപ്പെടും. ഇടവകകളിലും രൂപതകളിലും സ്റ്റേറ്റ് ലെവലിലും  ഏകീകൃത നിയമമുണ്ടാക്കുകയെന്നതും ചർച്ച് ആക്റ്റിന്റെ ലക്ഷ്യമാണ്.

വി.ആർ. കൃഷ്ണയ്യർ തയ്യാറാക്കിയ കേരള ചർച്ച് പ്രോപ്പർട്ടി ആക്റ്റിനെ വളച്ചൊടിച്ച് തെറ്റായി വ്യാഖ്യാനിച്ച് തൃശൂർ ബിഷപ്പ് ആൻഡ്രുതാഴത്ത് ഒരു ഇടയലേഖനം ഇറക്കിയിരുന്നു. കേൾവിക്കാർക്ക് ആശയക്കുഴപ്പം തോന്നത്തക്ക വിധത്തിൽ ചർച്ച് ആക്റ്റിനെ ഇടയലേഖനം വഴി സമർത്ഥമായ രീതിയിൽ ബിഷപ്പ് വ്യാഖ്യാനിച്ചിട്ടുണ്ട്. ചർച്ച് ആക്റ്റ് മൂലം പ്രഥമ ദൃഷ്ട്യാ ചിന്തിക്കുന്നവർക്ക് പള്ളിവക സ്വത്തുക്കൾ പൂർണ്ണമായും സർക്കാരും രാഷ്ട്രീയക്കാരും കൈകാര്യം ചെയ്യുന്നുവെന്ന് ബിഷപ്പിന്റെ ഇടയലേഖനം വായിക്കുന്നവർക്കു തോന്നിപ്പോവും. ഒരു സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ലേഖനം മതപരമായ വൈകാരികത സൃഷ്ടിക്കുന്നതാണ്.

ചർച്ചാക്റ്റിനെതിരായി കത്തോലിക്കാ സമുദായം ഒറ്റകെട്ടായി എതിർക്കാനാണ് ബിഷപ്പ് ആഹ്വാനം ചെയ്തിരിക്കുന്നത്. സഭയുടെ നാളിതുവരെയുള്ള ചരിത്രം പരിശോധിക്കുകയാണെങ്കിൽ, പുരോഗമനപരമായ എന്തെങ്കിലും പരിഷ്‌ക്കാരങ്ങൾ നടപ്പാക്കാൻ ശ്രമിച്ചിരുന്ന കാലങ്ങളിലെല്ലാം ന്യൂനപക്ഷാവകാശത്തിന്റെ പേരിൽ പുരോഹിതർ സഭാമക്കളെ സർക്കാരിനെതിരെ ലഹളകളുണ്ടാക്കാനായി പ്രേരിപ്പിച്ചിട്ടുള്ളതായും കാണാം. ഇത് തുടങ്ങിയത് സർ സിപിയുടെ വിദ്യാഭ്യാസ പരിഷ്‌ക്കരണ കാലം മുതലാണ്. പിന്നീട് പനമ്പള്ളിയുടെ വിദ്യാഭ്യാസ പദ്ധതികളെയും വിമോചന സമരത്തിലെ മുണ്ടശേരിയുടെ വിദ്യാഭ്യാസ ബില്ലിനെയും തൂത്തെറിഞ്ഞു കൊണ്ട് പുരോഹിതർ തങ്ങളുടെ ശക്തി തെളിയിച്ചിരുന്നു. വിശ്വാസികളിൽ മതാന്ധത നിറഞ്ഞിരിക്കുന്ന കാലത്തോളം ഒരു ശക്തിയ്ക്കും സഭയെ തോൽപ്പിക്കാൻ സാധിക്കില്ല. ചർച്ച് ആക്റ്റ് ബില്ലിനെതിരെയും പുരോഹിതർ ഇടവകകൾ മുതൽ രൂപതകൾ, അതിരൂപതകൾ വരെ കുപ്രചരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 

ചർച്ച് ആക്റ്റിനെതിരെ 'ന്യുന പക്ഷാവകാശ ഹനിക്കൽ', 'രാഷ്ട്രീയവൽക്കരണം' മുതലായ വ്യാജ ജല്പിതങ്ങളും ഇടയലേഖനങ്ങളിലുണ്ട്. "ക്രൈസ്‌തവരെ തകർക്കാൻ പോകുന്നുവെന്നും, ബില്ലു ഭരണഘടനയ്ക്ക് എതിരാണെന്നും ക്രൈസ്തവ അവകാശത്തിനു മേൽ സർക്കാർ തുരങ്കം വെയ്ക്കുന്നുവെന്നും സഭാ സ്വത്തുക്കൾ സർക്കാർ പിടിച്ചെടുക്കാൻ പദ്ധതിയിടുന്നുവെന്നും സ്വത്തുക്കൾ രാഷ്ട്രീയ പാർട്ടികളുടെ നിയന്ത്രണത്തിലാക്കുന്നുവെന്നും ഭരണഘടന വാഗ്ദാനം ചെയ്ത ഇരുപത്തിയാറാം വകുപ്പ് പ്രകാരം ചർച്ച് ആക്റ്റ് ന്യുനപക്ഷങ്ങൾക്ക് എതിരാണെന്നും ന്യൂന പക്ഷങ്ങൾക്ക് തങ്ങളുടെ മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്നും" പ്രഖ്യാപിച്ചുകൊണ്ടുള്ള  ജനരോക്ഷമുയർത്തുന്ന പ്രസ്താവനകളാണ് ഇടയലേഖനം വഴി പുരോഹിതരും ബിഷപ്പുമാരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

'വൈദികരും മെത്രാന്മാരും ആത്മീയ ശുശ്രുഷ മാത്രം നടത്തിയാൽ മതിയെന്നും അവർക്കു സഭായോഗത്തിൽ ആദ്ധ്യക്ഷത വഹിക്കാൻ മാത്രമേ അവകാശമുള്ളൂവെന്നും' ചർച്ച് ആക്റ്റ് നിർദേശിക്കുന്നതായി ഇടയലേഖനം ആവലാതിപ്പെടുന്നു. അത്തരം ഒരു നിയമത്തിൽ നീതിയും സത്യവുമുണ്ടെന്നുള്ള വസ്തുത യുക്തിപൂർവം ചിന്തിക്കുന്നവർക്ക് മനസിലാക്കാൻ സാധിക്കും.  ഭൗതിക കാര്യങ്ങൾ തീരുമാനിക്കുന്നത് സർക്കാർ നിർദ്ദേശിക്കുന്ന കമ്മീഷനെന്നും ബിഷപ്പിന്റെ ലേഖനം സൂചിപ്പിക്കുന്നു. 'സർക്കാരിന്റ അധികാര പരിധിയിൽ സെമിനാരികൾ, ഹോസ്പിറ്റലുകൾ, സ്‌ക്കൂൾ, കോളേജ്, അനാഥാലയങ്ങൾ, ധ്യാന കേന്ദ്രങ്ങൾ, മഠങ്ങൾ പ്രവർത്തിക്കണമെന്നും അവയുടെ സമ്പത്തു സർക്കാരിന്റെ അധീനതയിലായിരിക്കുമെന്നുമാണ് ബില്ലിലെ വ്യവസ്ഥയെന്നും' ബിഷപ്പ് പറഞ്ഞു. 'ഇടതു ചായ്‌വുള്ളവർ ക്രൈസ്തവർക്കെതിരെ തിരിയുന്നുവെന്ന' പ്രചരണങ്ങളും ആരംഭിച്ചിരിക്കുന്നു. 'ക്രൈസ്തവരെ തകർക്കുന്ന ഈ ബില്ലിനെ എന്ത് വില കൊടുത്തും ഇല്ലാതാക്കണമെന്നും വിശ്വാസികൾ ജാഗരൂകരായിരിക്കണമെന്നും' ലേഖനത്തിലുണ്ട്. 

ബിഷപ്പ് ആൻഡ്രുസ് താഴത്തിന്റെയും മറ്റു ബിഷപ്പുമാരുടെയും അഭിപ്രായപ്രകടനങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണ്. ജസ്റ്റിസ് കൃഷ്ണയ്യർ തയ്യാറാക്കിയ 'ചർച്ച് ആക്റ്റ്' ഭരണഘടനയിൽ നിന്നും അണുവിട വ്യതിചലിച്ചിട്ടില്ലെന്നുള്ളത് ബില്ലിനെപ്പറ്റി പഠിക്കുന്നവർക്ക് മനസിലാകും. സഭയിലെ ഒരു മേലാധികാരിയും നിയമത്തിനുമേലെയല്ലെന്നു ചർച്ച് ആക്റ്റ് വ്യക്തമാക്കുന്നു. ഇന്ത്യൻ ഭരണഘടനയിൽ സഭാ സ്വത്തുക്കൾ നിയമപരമായി ഭരിക്കപ്പെടണമെന്ന വകുപ്പ് ഉൾപ്പെടുത്തിയപ്പോൾ ആരും അന്ന് എതിർത്തില്ല. സഭകളുടെ സ്വത്തുക്കൾ ഭരിക്കുന്നതിനു ഭരണ ഘടന കല്പിച്ചിരിക്കുന്ന നിയമം വേണമെന്നുള്ള ആവർത്തനം മാത്രമേ കൃഷ്ണയ്യരുടെ ചർച്ച് ആക്റ്റിലുള്ളൂ. 

ഒരു ക്രിസ്ത്യാനിയെന്നാൽ 'യേശുവിൽ വിശ്വസിക്കുന്നവരും യേശുവിനെ രക്ഷകനായി സ്വീകരിച്ചവരെന്നും' ചർച്ച് ആക്റ്റിൽ നിർവചനം നൽകിയിരിക്കുന്നു. യേശുവിൽ വിശ്വസിച്ചുകൊണ്ട് യേശുവിനെ ആരാധിക്കുന്ന സമൂഹത്തെ സഭയെന്നു വ്യക്തമാക്കുന്നു. യേശുവിൽ വിശ്വസിക്കുന്ന സമൂഹങ്ങൾ വിവിധ സഭകളിൽ ഉൾപ്പെട്ടവരാകാം. ഓരോ സമൂഹങ്ങൾക്കും പ്രത്യേകമായ ആരാധനാലയങ്ങളും കെട്ടിടങ്ങളും കാണും. ആദ്ധ്യാത്മിക കാര്യങ്ങളിൽ അതാത് സഭകളുടെ നിയമങ്ങളും വ്യത്യസ്തമായി കാണാം.

പ്രാദേശിക തലങ്ങളിൽ ഒരു 'ഇടവകയെ' സഭയുടെ കീഴിലുള്ള അടിസ്ഥാനഘടകമായി കരുതുന്നു. എല്ലാ ഉപവിഭാഗങ്ങളും അടങ്ങിയ ക്രിസ്ത്യൻ മതം ഒന്നായി കരുതുന്നുണ്ടെങ്കിലും ഓരോ മത ശാഖകളും വെവ്വേറെയുള്ള ഭരണ സംവിധാനങ്ങളുടെ കീഴിലായിരിക്കും. ഓരോ സഭകൾക്കും വ്യത്യസ്തങ്ങളായ ആദ്ധ്യാത്മിക നേതാക്കളുമുണ്ട്.  ക്രിസ്ത്യൻ സഭകളെന്നാൽ! കത്തോലിക്ക, യാക്കോബായ, ഓർത്തോഡോക്സ്, മാർത്തോമ്മാ, സി.എസ്.ഐ, എന്നിങ്ങനെ മത വിഭാഗങ്ങളുൾപ്പെട്ടതാകാം. പള്ളിവക സ്ഥാവര സ്വത്തുക്കളായി കരുതുന്നത് പള്ളിക്കെട്ടിടങ്ങൾ, ചാപ്പലുകൾ,  പള്ളിയാവശ്യത്തിനുപയോഗിക്കുന്ന കെട്ടിടങ്ങൾ, മുതലായവകൾ ഉൾപ്പെടും. ചാപ്പലുകളും, പള്ളിയോടനുബന്ധിച്ചുള്ള സ്ഥലങ്ങളും ശവക്കോട്ടകളും നിയമ പരിധിയിലുണ്ടായിരിക്കും. പള്ളിക്കു വേണ്ടി മറ്റു സ്ഥലങ്ങളിലും വസ്തു വകകൾ ഉണ്ടെങ്കിൽ നിയമം ബാധകമാണ്.

വസ്തു വകകളോ, കെട്ടിടങ്ങളോ ദാനം കിട്ടിയാലും പള്ളിക്കുവേണ്ടി വസ്തു വിറ്റാലും കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കിയാലും, പരിഷ്‌ക്കരിച്ചാലും നിയമത്തിന്റെ അടിസ്ഥാനത്തിൽമാത്രമേ    അനുവദിക്കുള്ളു. സെമിനാരികൾ, ഹോസ്പിറ്റൽ, സ്‌കൂൾ, കോളേജുകൾ, അനാഥാലയങ്ങൾ, പുരോഹിത ഭവനങ്ങൾ, ധ്യാന കേന്ദ്രങ്ങൾ, വ്യാവസായിക കെട്ടിടങ്ങൾ, കൃഷി സ്ഥലങ്ങൾ, എസ്റ്റേറ്റുകൾ, ട്രെയിനിങ് കേന്ദ്രങ്ങൾ, മീഡിയ, പ്രസിദ്ധീകരണ ശാലകൾ, പുനരധിവാസ സ്ഥലങ്ങൾ, എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ പുരോഹിതരുടെ മേൽക്കോയ്മയിൽ നിന്നും വിടുവിക്കും. സഭയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും തികച്ചും ജനാധിപത്യ രീതിയിൽ അല്മായൻറെ നേതൃത്വത്തിലായിരിക്കും പ്രവർത്തിക്കുന്നത്.

നിയമ വ്യവസ്ഥിതികളുടെ നടത്തിപ്പിനായി കാനോൻ നിയമങ്ങളോ മറ്റു സാമൂഹിക നിയമങ്ങളോ, ഭക്തി മാർഗങ്ങളിൽ പിന്തുടരുന്ന നിയമങ്ങളോ പ്രാധാന്യം അർഹിക്കുന്നില്ല. 'ക്രിസ്ത്യൻ ചാരിറ്റബിൾ ട്രസ്റ്റ്' എന്ന പേരിൽ ഓരോ പള്ളിയും രജിസ്റ്റർ ചെയ്തിരിക്കണം. നിയമം പ്രാബല്യത്തിലായി ആറു മാസത്തിനുള്ളിൽ പ്രത്യേകമായ നിയമങ്ങളും ഓരോ ഇടവകയ്ക്കും രൂപതകൾക്കും എഴുതിയുണ്ടാക്കിയിരിക്കണം. ഇടവക ജനങ്ങൾ ഒത്തുചേർന്നുകൊണ്ടു നിയമങ്ങൾ സൃഷ്ടിക്കണം.  ഓരോ ദിവസത്തെയും ഭരണ കാര്യങ്ങൾ നിർവഹിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റ് കമ്മിറ്റിയായിരിക്കണം.

അക്രൈസ്തവർ, നിരീശ്വര വാദികൾ, കുറ്റവാളികൾ, എന്നിവർക്ക് പള്ളിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റികളിൽ മത്സരിക്കാൻ സാധിക്കില്ല. ചാരിറ്റബിൾ ട്രസ്റ്റ് പോലുള്ള ഉത്തരവാദിത്വപ്പെട്ട സംഘടനയിൽ പ്രവർത്തിക്കാനോ സ്ഥാനമാനങ്ങൾ വഹിക്കാനോ പാടില്ല. അതുപോലെ മാനസിക അസുഖമുള്ളവർക്കും ജന്മനാ ബുദ്ധി മാന്ദ്യം സംഭവിച്ചവർക്കും സഭയുടെ സ്ഥാനമാനങ്ങൾ പാടില്ല. മദ്യം ഉപയോഗിക്കുന്നവരെയും മയക്കു മരുന്നിനടിമപ്പെട്ടവരെയും പള്ളി കമ്മറ്റികളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. അസന്മാർഗിക ജീവിതം നയിക്കുന്നവരെയും തെരഞ്ഞെടുക്കാൻ പാടില്ല. 

ഇടവകയിലുള്ള പതിനെട്ടു വയസു കഴിഞ്ഞ സ്ത്രീ പുരുഷഭേദമെന്യേ ആർക്കും ട്രസ്റ്റി അസംബ്ലിയിൽ വോട്ടവകാശം ഉണ്ടായിരിക്കും. ഓരോ ഇടവകയിലും ഒത്തുചേരുന്ന പൊതു സമ്മേളനത്തിൽ, മാനേജിങ് കമ്മറ്റിയേയും, ട്രസ്റ്റിയെയും മൂന്നു ഓഡിറ്റേഴ്സിനെയും തെരഞ്ഞെടുക്കണം. ഇടവകയിലെയും രൂപതയിലേയും അംഗ സംഖ്യയനുസരിച്ച് ഓരോ മുന്നൂറു അംഗങ്ങൾക്കും ഒരു അംഗത്തെ സ്റ്റേറ്റ് എക്സിക്യൂട്ടീവിലേയ്ക്ക് തിരഞ്ഞെടുക്കാം.

സഭയുടെ സ്വത്തുക്കളും വസ്തു വകകളും നിയന്ത്രിക്കാനുള്ള അധികാരം നിയമാനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട ക്രിസ്ത്യൻ ചാരിറ്റബിൾ ട്രസ്റ്റിനായിരിക്കും. സഭയുടെ വരുമാനം ശേഖരിക്കേണ്ട അവകാശവും ട്രസ്റ്റിനുമാത്രമായിരിക്കും. ഡൊണേഷനും പള്ളിയിൽ നിന്നുള്ള പിരിവുകളും കടമായി കിട്ടുന്നതും, വസ്തുക്കൾ ക്രയവിക്രയത്തിൽക്കൂടി നേടുന്നതും വിൽക്കുന്നതും ട്രസ്റ്റിന്റെ ഉത്തരവാദിത്വത്തിലായിരിക്കും. പള്ളിയിലേക്ക് വരുന്ന വരുമാനം ശേഖരിക്കുമ്പോഴുള്ള ചെലവുകളുടെ കണക്കുകൾ ബോധ്യപ്പെടുത്താനും ട്രസ്റ്റിന് ബാധ്യതയുണ്ട്. ട്രസ്റ്റ് കമ്മറ്റി സഭാവക എല്ലാ അക്കൗണ്ട് ബുക്കുകളും സൂക്ഷിക്കണം. ഓരോ വർഷവും വാർഷിക സ്റ്റേറ്റുമെന്റും ബാലൻഷീറ്റും തയ്യാറാക്കണം. അക്കൗണ്ട്സ് അതാത് സമയങ്ങളിൽ ഇന്റെർണൽ ഓഡിറ്റേഴ്‌സ് (Internal auditors) ഓഡിറ്റ് ചെയ്തുകൊണ്ടിരിക്കണം. കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടവരെ തെരഞ്ഞെടുക്കേണ്ടത് വർഷാവസാനത്തിൽ സമ്മേളിക്കുന്ന പൊതു സമ്മേളനമായിരിക്കും. ഓഡിറ്റ് ചെയ്യുമ്പോൾ എന്തെങ്കിലും ക്രമക്കേട് കണ്ടാൽ അത് ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ച്‌ പരിഹാരം കണ്ടെത്തണം.  

ചർച്ച് ആക്റ്റിന്റെ ഭരണഘടനയനുസരിച്ച് 'ക്രിസ്ത്യൻ ചാരിറ്റബിൾ ട്രസ്റ്റിനെ' രൂപത, റവന്യു ഡിസ്ട്രിക്റ്റ്, സെൻട്രൽ എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ഈ മൂന്നു തലങ്ങളുടെ പ്രവർത്തനങ്ങൾക്കായി 25 അംഗ കമ്മിറ്റിയെ തെരഞ്ഞെടുക്കണം. ഈ കമ്മറ്റിയായിരിക്കും രൂപതകളുടെ സ്വത്തു വകകൾ മാനേജ് ചെയ്യേണ്ടത്. അതിനോടനുബന്ധിച്ചുള്ള വരവു ചെലവ് കണക്കുകളും കൃത്യമായി സൂക്ഷിക്കുകയും വേണം. കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് രൂപതകളിലും  രൂപതകളുടെ ആസ്ഥാനങ്ങളിലും വാർഷിക സ്റ്റേറ്റുമെന്റും തയ്യാറാക്കണം. സഭയിലെ അക്കൗണ്ടുകൾ 'ഇന്റർനൽ ഓഡിറ്റ്' കൂടാതെ സർക്കാരിന്റെ നിയന്ത്രണമുള്ള ചാർട്ടേർഡ് അക്കൗണ്ടന്റുകളും ഓഡിറ്റ് ചെയ്യണം. സ്റ്റേറ്റ് ലെവൽ 'ക്രിസ്ത്യൻ ചാരിറ്റബിൾ ട്രസ്റ്റിൽ' മേജർ ആർച്ചു ബിഷപ്പ്, ആർച്ച് ബിഷപ്പ്, ബിഷപ്പ്‌ കൂടാതെ അവരോടൊപ്പം ഓരോ രൂപതയിൽ നിന്നും പത്തുപേരെ തെരഞ്ഞെടുക്കണം. 'സ്റ്റേറ്റ് ട്രസ്റ്റ് കമ്മിറ്റി' കുറഞ്ഞ പക്ഷം 101 അംഗങ്ങൾ നിറഞ്ഞതായതായിരിക്കും. സംസ്ഥാനത്തിന്റെ മുഴുവൻ പള്ളി വക സ്വത്തുക്കളും വരുമാനവും നിയന്ത്രിക്കുന്നത് സ്റ്റേറ്റ് കമ്മറ്റിയായിരിക്കും. 

സഭാവക സ്വത്തുക്കളിൽ നിയമപരമായി തന്നെ ഓരോ അല്മായനും തുല്യാവകാശമാണുള്ളത്. ഈ സ്വത്തുക്കളെല്ലാം പൊതുജങ്ങളിൽ നിന്നും തലമുറകളായി സമാഹരിച്ചതാണ്. പുരോഹിതരുടെ കുടുംബങ്ങളിൽനിന്നും കൊണ്ടുവന്നതല്ല. പൊതു ജനങ്ങളുടെ സ്വത്തായിരിക്കുമ്പോൾ തീർച്ചയായും സർക്കാരിന് നിയന്ത്രണമുണ്ടായിരിക്കണം. പൊതു സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നവർ കണക്ക് ബോധിപ്പിക്കാനും തയ്യാറാകണം. അങ്ങനെയുള്ള സ്വത്തുക്കൾ അത് നല്കിയവർക്കും നിയമാനുസൃതമായി സർക്കാരിനും ചോദ്യം ചെയ്യാവുന്നതായിരിക്കണം. ദൗർഭാഗ്യവശാൽ അല്മായർ സ്വരൂപിച്ച സ്വത്തുക്കൾ കയ്യടക്കി വെച്ചിരിക്കുന്ന പുരോഹിതരെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലാത്ത സ്ഥിതിവിശേഷമാണ് ഇന്ന് ഭാരതത്തിലുള്ളത്. 

ക്രിസ്ത്യാനികളൊഴികെ ഇന്ത്യയിലെ എല്ലാ മതസ്ഥരുടെയും സ്വത്തു കാര്യങ്ങൾ വീക്ഷിക്കാൻ സർക്കാർ നിയന്ത്രണങ്ങളുണ്ട്. സമുദായ സ്വത്തുക്കളിൽ, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മുസ്ലിമുകളുടെ വക്കഫ് ബോർഡും ഹിന്ദുക്കളുടെ ദേവസ്വ ബോർഡും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ജനാധിപത്യ വ്യവസ്ഥിതിയിലാണ് ഈ സംഘടനകൾക്ക് അടിസ്ഥാനമിട്ടിരിക്കുന്നതും. എന്നാൽ ക്രിസ്ത്യാനികളുടെ സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് മെത്രാന്മാരാണ്. അവരെ ജനങ്ങൾ തെരെഞ്ഞെടുക്കുന്നതുമല്ല. ജനാധിപത്യ വ്യവസ്ഥിതിയിൽ തെരഞ്ഞെടുക്കാത്ത മെത്രാന്മാർക്ക് പൊതുസ്വത്തായ സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ നിയമപരമായി യാതൊരു അവകാശവുമില്ല.   

അഭയാക്കേസ്, ബെനഡിക്റ്റ് കേസ്, മാനന്തവാടി റോബിന്റെ ലൈംഗിക പീഡനക്കേസ് മുതൽ  കോടിക്കണക്കിനു രൂപയാണ് പുരോഹിത ലോകം പൊതുഖജനാവായ സഭാ സ്വത്തുക്കളിൽനിന്നും ചെലവഴിച്ചത്. വിദേശ യാത്രകളും ആഡംബര ജീവിതവും മണിമന്ദിരങ്ങൾ പണിതും ആർഭാടമായി ജീവിക്കുന്ന മെത്രാന്മാരുടെ ജീവിതചര്യകളെ ഒരു സർക്കാരും നാളിതുവരെ ചോദ്യം ചെയ്തിട്ടില്ല. അല്മെനികളുടെ വിയർപ്പിന്റെ ഫലം പറ്റുന്ന പുരോഹിത ലോകത്തെ ആർക്കും ചോദ്യം ചെയ്യാനും സാധിക്കില്ല. സഭയിലെ സാമ്പത്തിക കാര്യങ്ങൾ അല്മേനികളുടെ ചുമതലകളിലായിരിക്കണമെന്ന ലക്ഷ്യമാണ് ചർച്ച് ആക്റ്റിലുള്ളത്. 

ഒരു വികാരി ഒരു ഇടവകയിൽ വന്നാൽ ആദ്യം ചെയ്യുന്നത് എത്ര മനോഹരമായ പള്ളിയാണെങ്കിലും അത് പൊളിച്ചു പണിയാനാരംഭിക്കും. മറ്റൊരു വികാരി വരുമ്പോൾ പുരോഹിതർ താമസിക്കുന്ന കെട്ടിടം പൊളിച്ചു ആർഭാടമാക്കാൻ നോക്കും. പിന്നെ സ്‌കൂളുകൾ, അനാഥാലയങ്ങൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, എന്നിങ്ങനെ സർവ്വതും പുരോഹിത നേതൃത്വത്തിൽ തന്നെ. നല്ല പുരോഹിതരുമുണ്ട്. എന്നാൽ പണം കൈകാര്യം ചെയ്യുന്ന പഠിച്ച കള്ളന്മാർ നിഷ്കളങ്കരായ പുരോഹിതരുടെ വായ് അടപ്പിക്കുകയും ചെയ്യും. പള്ളിക്കെട്ടിടങ്ങൾ പണിയുമ്പോൾ വെട്ടുമേനിയെന്ന വലിയൊരു തുക വികാരി കൈക്കലാക്കുകയും ചെയ്യും. പള്ളിയുടെ പഴയ ഉരുപ്പടികൾ മേടിക്കാനും വികാരിയുടെ ശിങ്കിടികൾ ചുറ്റും തന്നെ കാണും. നിലവിലുള്ള നിയമത്തിന്റെ പരിധിയിൽ ആരെയും ഇവർക്ക് കണക്കു ബോധിപ്പിക്കേണ്ടതുമില്ല. 

ഒരു മെത്രാന്റെ അധീനതയിലുള്ള പള്ളിയുടെ വരുമാനമോ, ചെലവുകളോ സംബന്ധിച്ച കണക്കുകൾ അല്മായരെ കേൾപ്പിക്കേണ്ട ആവശ്യമില്ല. അതേ സമയം ഇന്ത്യൻ പൗരാവകാശമനുസരിച്ച് അല്മായനു ലഭിക്കേണ്ട ന്യായമായ അവകാശങ്ങൾ മാത്രമേ ചർച്ച് ആക്റ്റുകൊണ്ടു നിർദ്ദേശിക്കുന്നുള്ളൂ. വമ്പിച്ച സഭാസ്വത്തുക്കൾ ദുരുപയോഗം ചെയ്യുന്ന പുരോഹിതരുടെ ആർഭാട ജീവിതത്തിനും വിദേശ യാത്രകൾക്കും നാളിതുവരെ ഒരു കണക്കുമില്ല. പണത്തിന്റെ വരവു ചെലവുകളും സ്വത്തു വിവരങ്ങളും കണക്കിൽപ്പെടുത്തണമെന്ന ആവശ്യകതയാണ് ചർച്ച് ആക്റ്റിലുള്ളത്. പൊതുപണം കൈകാര്യം ചെയ്യാൻ തീരുമാനിക്കേണ്ടത് ആ പണം നൽകിയ ജനങ്ങളാണ്. റോമിൽ നിന്ന് നിയമിച്ച മെത്രാന്മാർക്കും പുരോഹിതർക്കും അല്മായരുടെ ധനം കൈകാര്യം ചെയ്യാൻ ധാർമ്മികമായി യാതൊരു അവകാശവും നൽകാൻ പാടില്ലാത്തതാണ്. 

അമേരിക്കൻ ഭരണഘടന ശില്പിയായ ജെഫേഴ്സൺ പറഞ്ഞിരിക്കുന്നത് 'എവിടെ നിയമം അരാജകത്തിലാകുമോ അവിടെ സ്വേച്ഛാധിപത്യം ആരംഭിക്കുന്നുവെന്നാണ്.' സഭയുടെ സ്വത്തുക്കൾ സ്വന്തം സ്വാധീനത്തിൽ കൈയടക്കിക്കൊണ്ടു പൗരാഹിത്യ ലോകം തോന്നുന്ന പോലെ സ്വത്തുക്കൾ ദുർവിനിയോഗം ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. ഇന്ത്യൻ ഭരണഘടനയെക്കാളും പുരോഹിത ലോകത്തിനു പ്രാധാന്യം റോമിലെ കാനോൻ നിയമങ്ങളാണ്. ഇന്ത്യയുടെ വായു ശ്വസിച്ചും വെള്ളം കുടിച്ചും ജീവിക്കുന്ന പുരോഹിത ലോകം കാനോൻ നിയമം പൊക്കിപിടിക്കുന്നു. ഇത് തികച്ചും രാജ്യദ്രോഹപരമായ ചിന്താഗതിയാണ്. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന നിയമങ്ങളായ 'ചർച്ച് ആക്റ്റ്' നടപ്പാക്കാതെയിരിക്കാൻ തൃശൂർ, ഇരിഞ്ഞാലക്കുട ബിഷപ്പുമാരെപ്പോലുള്ളവർ അണികളെ സമരത്തിനായി രംഗത്തിറക്കാൻ പടയൊരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്. അനധികൃതമായി മെത്രാന്മാർ കൈവശം വെച്ചുകൊണ്ടിരിക്കുന്ന സ്വത്തുക്കൾ സ്വന്തം നിയന്ത്രണത്തിൽ നിന്നും കൈവിട്ടു പോവുമെന്ന ആശങ്കയാണ് അവരെ അലട്ടുന്നത്. 


With Padmasri former Justice K.T. Thomas 






Andrews Thazhath 

Former Justice V.R. Krishna Iyyar

Saturday, May 13, 2017

ട്രംപ് കെയർ അവബോധനവും ഖണ്ഡനങ്ങളും





ജോസഫ് പടന്നമാക്കൽ

ഡൊണാൾഡ് ട്രംപ് പ്രസിഡണ്ടായി മത്സരിക്കാൻ തീരുമാനിച്ച നിമിഷങ്ങൾമുതൽ അഫോർഡബിൾ കെയർ ആക്ട് (A.C.A) അഥവാ  ഒബാമ കെയറിനെ നിശിതമായി വിമർശിക്കുന്നുണ്ടായിരുന്നു. ഒബാമ കെയറിനെ ഇല്ലാതാക്കി പകരം പരിഷ്‌ക്കരിച്ച ആരോഗ്യ സുരക്ഷാ പദ്ധതി (Health Care)നടാപ്പാക്കണമെന്നുള്ളത് ട്രംപിന്റെ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. അതിനുള്ള നീക്കങ്ങളുടെ ഭാഗമായി അമേരിക്കൻ റിപ്പബ്ലിക്കൻ കമ്മിറ്റി ഒബാമ കെയർ റദ്ദു ചെയ്തുകൊണ്ടുള്ള ഹെൽത്ത് കെയർ ബിൽ പാസാക്കുകയും ചെയ്തു. ഇനി നിയമമാകാൻ സെനറ്റിന്റെ തീരുമാനവുമുണ്ടാകണം. സെനറ്റിലും വോട്ടിട്ടു വിജയിച്ചാൽ പ്രസിഡണ്ടിന്റെ ഒപ്പോടുകൂടി പുതിയ ബിൽ പ്രാബല്യത്തിലാവുകയും ചെയ്യും.

ട്രംപിന്റെ ഹെൽത്ത് ഇൻഷുറൻസ് ബില്ലിലുള്ള വസ്തുതകളെന്തെല്ലാമെന്നും അതിനോടനുബന്ധിച്ചുള്ള ചർച്ചാ വിഷയങ്ങളും ദേശീയ നിലവാരത്തിൽ നിത്യ വാർത്തകളാണ്. ഒബാമ കെയർ നിർത്തൽ ചെയ്യുകയും പകരം ട്രംപ് കെയർ നടപ്പാക്കുകയുമാണ് ബില്ലിലെ പ്രധാന ലക്ഷ്യം. അമേരിക്കയെ വീണ്ടും സമ്പന്നമാക്കുമെന്നുള്ള പ്രതിജ്ഞയോടുകൂടിയ മാറ്റങ്ങൾക്കായി  ഡൊണാൾഡ് ട്രംപ് രണ്ടു മാർഗങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്. ആദ്യത്തേത് ഒബാമ കെയർ നിർത്തൽ ചെയ്യുക; പകരം പുതിയ പരിഷ്കൃത നയങ്ങളോടെ മറ്റൊരു ഹെൽത്ത് ഇൻഷുറൻസ് തുടങ്ങുക. രണ്ടാമത് മെഡിക്കെയിഡു വിപുലീകരണത്തിനായി അനുവദിക്കുന്ന ഗ്രാന്റ് നിശ്ചിതമായ ഒരു തുകയിൽ ക്ലിപ്തപ്പെടുത്താനും   പരിഗണിക്കുന്നു.

ഒബാമ കെയറും ട്രംപ് കെയറും തമ്മിൽ സാമ്യപ്പെടുത്തുമ്പോൾ ഹെൽത്ത് കെയറിന്റെ നിയമ വശങ്ങളിലുള്ള പല ഘടകങ്ങളും പരിഗണനയിൽ എടുക്കേണ്ടതായി വരുന്നു. ടാക്സ് നിയമങ്ങളും നിലവിലുള്ള സർക്കാർ പ്രോഗ്രാമുകളും, സാമ്പത്തിക സ്ഥിതിഗതികളും, കുടിയേറ്റ നിയമങ്ങളും പഠിക്കേണ്ടതായുണ്ട്. എന്തെല്ലാം ഗുണ ദോഷങ്ങൾ ഉണ്ടെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ ജനങ്ങളിൽ ചെറിയ പ്രകോപനം മുതൽ വലിയ കോളിളക്കങ്ങൾ വരെ സൃഷ്ടിക്കാൻ കാരണമാകുന്നു. ഇത്തരുണത്തിൽ ട്രംപ് കെയറും ഒബാമ കെയറും പരസ്പരം ബന്ധിച്ചു വിലയിരുത്തേണ്ടിയിരിക്കുന്നു.  ട്രംപ് കെയർ പദ്ധതി, ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നവരുടെ കഴിവിനനുസരിച്ച് തയ്യാറാക്കിയതെന്നും  താഴ്ന്ന വരുമാനക്കാർക്കും പ്രീമിയം താങ്ങാനാവുമെന്നും ഒബാമ കെയറിനേക്കാളും മെച്ചമെന്നും ട്രംപിനെ പിന്താങ്ങുന്നവർ കരുതുന്നു.

മുൻ പ്രസിഡന്റ് ഒബാമ  ഹെൽത്ത് കെയർ  പരിഷ്‌ക്കരിക്കാനുള്ള പദ്ധതികൾക്ക് ആറുകൊല്ലം മുമ്പ് തുടക്കമിട്ടു. അത് ദേശീയ ആരോഗ്യ സുരക്ഷക്കായും അമേരിക്കയിലെ 44 മില്യൺ കൂടുതൽ ജനങ്ങൾക്ക് കഴിവുകളനുസരിച്ചു ചെലവ് വഹിക്കാനുമായിരുന്നു. ഒബാമ കെയറിൽ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ജനങ്ങൾക്കാവശ്യമുള്ള ആരോഗ്യപരമായ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള താൽപ്പര്യങ്ങൾ അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നു. പ്രൈവറ്റ് ഇൻഷുറൻസ് വാങ്ങിക്കാനും, തൊഴിലുടമ നൽകുന്ന ഇൻഷുറൻസും ഗവണ്മെന്റ് പദ്ധതികളായ സ്റ്റേറ്റ് ഹെൽത്ത് ഇൻഷുറൻസും മെഡിക്കെയറും മെഡിക്കെയിഡും  വാങ്ങിക്കാനുള്ള അവകാശവും ഒബാമ കെയറിലുണ്ടായിരുന്നു.

ഒബാമ കെയറിൽ! ഹെൽത്ത് ഇൻഷുറൻസു വാങ്ങാൻ കഴിവില്ലാത്ത താഴ്ന്ന വരുമാനക്കാർക്ക് ടാക്സ് സബ്‌സിഡി ലഭിച്ചിരുന്നു. എങ്കിലും പോരായ്മകൾ ധാരാളം കാണാം. ഹോസ്പിറ്റൽ അല്ലെങ്കിൽ ഡോക്ടറുടെ ബില്ലുകൾ വരുമ്പോൾ ആദ്യം ഭീമമായ തുക (High deductible) സ്വന്തം പോക്കറ്റിൽനിന്ന് നൽകണം. കോ-പേയ്മെന്റ് കൊടുത്തശേഷം ബില്ലിലുള്ള ബാക്കി തുക ഇൻഷുറൻസ് നൽകും. ഗുരുതരമായ രോഗമുണ്ടെങ്കിൽ മാത്രം ഹെൽത്ത് ഇൻഷുറൻസുകൊണ്ടു പ്രയോജനം ലഭിച്ചേക്കാം. വിലകൂടിയ മരുന്നുകൾ പലപ്പോഴും ഇൻഷുറൻസ് കവർ ചെയ്യാറില്ല. സാധാരണക്കാർക്ക് താങ്ങാൻ പാടില്ലാത്ത പ്രീമിയവും ഭീമമായ ഡിഡക്ടബളും (deductable) മരുന്നുകളുടെ അമിതവിലയും ഉപഭോക്ത്താക്കളുടെ പരാതികളായിരുന്നു. പ്രീമിയം അടയ്ക്കുന്ന ഭൂരിഭാഗം പേരും ഒബാമയുടെ ഹെൽത്ത് ഇൻഷുറൻസ് പ്രയോജനപ്പെടുത്തിയിരുന്നില്ല.

ട്രംപ് കെയർ പ്രകാരം മാർക്കറ്റിൽ നിന്നും ഉപഭോക്താക്കൾക്ക് മെഡിക്കൽ ഇൻഷുറൻസ് വാങ്ങിക്കാൻ സാധിക്കും. അങ്ങനെ വാങ്ങുന്ന ഹെൽത്ത് ഇൻഷുറൻസിന്റെ പ്രീമയത്തിന് നികുതിയിളവ് (TaxCredt) നൽകും. നികുതിയിളവുകൾ (TaxCredt) നികുതി ദായകന്റെ വരുമാനമനുസരിച്ചല്ല മറിച്ച് പ്രായമനുസരിച്ചായിരിക്കും നിശ്ചയിക്കുന്നത്. മുപ്പതു വയസുകാർക്കു രണ്ടായിരം ഡോളറും അറുപതു വയസുകാർക്ക് നാലായിരം ഡോളറും വരെ നികുതിയിളവ് (TAX Credit) പ്രതീക്ഷിക്കാം. ധനിക സമൂഹത്തിനു നികുതിയിളവുകൾ നൽകാനുള്ള വ്യവസ്ഥ ട്രംപ് കെയറിൽ ഉണ്ടോയെന്ന് വ്യക്തമല്ല. ഒബാമ കെയറിൽ ഐ.ആർ.എസിനു (IRS)ഇൻകം ടാക്സ് (IncomTax)ഫയൽ ചെയ്യുമ്പോൾ മൊത്തം വരുമാനത്തിന്റെ പത്തു ശതമാനത്തിൽ കൂടുതലായി വരുന്ന മെഡിക്കൽ ചെലവുകളും ഹെൽത്ത് പ്രീമിയവും ഐറ്റമുകളായി 'ഷെഡ്യൂൾ എ' യിൽ ഉൾപ്പെടുത്തിയാൽ നികുതിയിളവ് നേടുമായിരുന്നു. 'ഷെഡ്യൂൾ എ' പൂരിപ്പിക്കാനുള്ള ആവശ്യകത സാധാരണ വീടും ബിസിനസുമുള്ള ഉയർന്ന വരുമാനക്കാർക്കെ സാധിക്കുള്ളൂ.

ട്രംപ് പ്ലാനിലുള്ള  ഹെൽത്ത് സേവിങ്ങ് അക്കൗണ്ടും (HSA) നിലവിലുള്ള ഒബാമ നിയമം പോലെ തന്നെയാണ്. ട്രംപ് കെയറിൽ ഒബാമ കെയറിനേക്കാൾ ഇരട്ടി പണം നികുതിയിളവുകളായി  അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിക്കും. നിക്ഷേപിച്ച തുക ആരോഗ്യപരിപാലനത്തിനായി ഉപയോഗിക്കുന്നുവെങ്കിൽ നികുതി കൊടുക്കേണ്ടതില്ല. നിക്ഷേപിക്കുന്ന തുകകൾ അവകാശികൾക്ക് കൈമാറാനും സാധിക്കും. അങ്ങനെ മാർക്കറ്റിൽ നിന്നും ഹെൽത്ത് ഇൻഷുറൻസ് മേടിക്കാൻ പൗരജനങ്ങളെ കഴിവുള്ളവരാക്കുന്നു.

നിർബന്ധമായി ഓരോ പൗരനും ഒബാമ കെയറനുസരിച്ച് ഹെൽത്ത് ഇൻഷുറൻസ് എടുക്കണമെന്നായിരുന്നു നിയമം. അല്ലാത്ത പക്ഷം പിഴ (Penalty) അടക്കേണ്ടി വരും. ട്രംപിന്റെ പദ്ധതി പ്രകാരം അങ്ങനെയൊരു നിബന്ധനയിൽ ആരും ഹെൽത്ത് ഇൻഷുറൻസ് എടുക്കേണ്ടതില്ല. അതുമൂലം മില്യൺ കണക്കിന് ജനങ്ങളുടെ ഇൻഷുറൻസ് നഷ്ടപ്പെടും. മാർക്കറ്റിൽ സ്വന്തം പോക്കറ്റിൽനിന്ന് പണം ചെലവാക്കി ഹെൽത്ത് ഇൻഷുറൻസ് കരസ്ഥമാക്കാൻ ഭൂരിഭാഗവും തയ്യാറാവുകയില്ല.  ഒരു സ്ഥാപനത്തിൽ അമ്പതു പേരിൽ  കൂടുതൽ തൊഴിൽ ചെയ്യുന്നവരുണ്ടെങ്കിൽ ഹെൽത്ത് ഇൻഷുറൻസ്  ആനുകൂല്യങ്ങൾ!  ജോലിക്കാർക്ക് നല്കണമെന്നുള്ളതാണ് നിലവിലുള്ള നിയമം. തൊഴിലുടമകൾ തൊഴിൽചെയ്യുന്നവർക്ക് അത്തരം വ്യക്തിഗത ഇൻഷുറൻസ് നല്കണമെന്നുള്ള നിയമം ട്രംപ് കെയർ അസാധുവാക്കുന്നു.

ഒബാമ കെയറിലുള്ള നിർബന്ധിത ഹെൽത്ത് ഇൻഷുറൻസിന്റെ അഭാവത്തിൽ ഇൻഷുറൻസ് ഉള്ളവരുടെ എണ്ണം കുറയുമെന്ന വസ്തുത റിപ്പബ്ലിക്കൻ പാർട്ടിയും അംഗീകരിച്ചിട്ടുണ്ട്. ബഡ്ജറ്റ് നിർവാഹക സമിതിയും വൈറ്റ് ഹൌസ് മാനേജമെന്റും താഴ്ന്ന വരുമാനക്കാർക്കു നിശ്ചയിച്ചിരിക്കുന്ന നികുതിയിളവ് (TaxCredit) അവർക്ക് സഹായമായിരിക്കില്ലെന്നും കരുതുന്നു. ട്രംപ്  കെയറുകൊണ്ട് എത്ര പേർക്ക് ഗുണം ലഭിക്കുമെന്നും അല്ലെങ്കിൽ എത്രപേർക്ക് ദോഷം ഭവിക്കുമെന്നും വ്യക്തമായ  ഒരു കണക്ക് നൽകാൻ സാധിക്കില്ല.

റിപ്പബ്ലിക്കൻ പാർട്ടിയിലെയും  ഡെമോക്രറ്റിക്ക് പാർട്ടിയിലെയും അംഗങ്ങളിൽ ട്രംപ് കെയറിനെപ്പറ്റിയുള്ള വാദവിവാദങ്ങൾ ചൂടുപിടിച്ചു തന്നെ നടക്കുന്നു. ആയിരം പേജുകളിൽപ്പരം നിയമ കോഡുകളുള്ള ഒബാമ കെയർ വളരെയധികം സങ്കീർണ്ണമായുള്ളതാണ്. വ്യക്തികൾക്ക്‌ ഹെൽത്ത് ഇൻഷുറൻസ് നിർബന്ധിതമായും ഉണ്ടായിരിക്കണമെന്ന് ട്രംപിന്റെ ആദ്യത്തെ തീരുമാനത്തിലുണ്ടായിരുന്നു. എന്നാൽ അടുത്ത കാലത്തെ തീരുമാനത്തിൽ ഒബാമ കെയറിനെ പൂർണ്ണമായും റദ്ദാക്കുന്ന തീരുമാനം കൈകൊണ്ടു. ആരും നിർബന്ധമായി ഹെൽത്ത്‌ ഇൻഷുറൻസ് എടുക്കേണ്ടന്നു ട്രംപ് കെയറിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ഒബാമ കെയർ മൂലം താഴ്ന്ന വരുമാനക്കാരായ ഡിഷ്‌വാഷർ, കാഷ്യർ, സ്റ്റോർ കീപ്പർ മുതൽ തൊഴിൽ ചെയ്യുന്നവർക്കും ഹെൽത്ത് ഇൻഷുറൻസ് ലഭിച്ചിരുന്നു. ന്യൂയോർക് ടൈംസ് നടത്തിയ ഒരു സർവേയിൽ കഴിഞ്ഞ ഒരു വർഷംകൊണ്ട് ഹെൽത്ത് ഇൻഷുറൻസുള്ളവരുടെ എണ്ണം ക്രമാതീതമായി പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നതായി കാണാം. ലാറ്റിനോ, കറുത്ത വർഗക്കാർ, മെക്സിക്കൻസ്, പോർട്ടറിക്കൻസ് എന്നിവരിൽ മൂന്നിലൊന്നു ജനങ്ങളും പുതിയതായി ഒബാമ കെയറനുസരിച്ച് ഹെൽത്ത് ഇൻഷുറൻസ് വാങ്ങിയിരുന്നു.

ട്രംപ് പദ്ധതിയിൽ  തുടർച്ചയായി 63 ദിവസങ്ങളിൽ കൂടുതൽ  ഹെൽത്ത് ഇൻഷുറൻസില്ലെങ്കിൽ മുപ്പതു ശതമാനം അധികം പ്രീമിയം കൊടുക്കേണ്ടിയും വരും. മുൻകാല പ്രാബല്യമുള്ള  ഹെൽത്ത് ഇൻഷുറൻസില്ലാത്തവർ അധിക പ്രീമിയം നൽകേണ്ടി വരുന്നത് താഴ്ന്ന വരുമാനക്കാർക്ക്  സാമ്പത്തിക പ്രശ്നങ്ങളുണ്ടാക്കുന്നു. 85 ശതമാനം ക്യാൻസർ ബാധിതരായവർ ജോലി നിർത്തിയവരാണ്. അവരിൽ ഭൂരിഭാഗവും ഏറെ നാളുകളായി ഹെൽത്ത് പോളിസി എടുത്തവരായിരുന്നില്ല. കോബ്രായോ പ്രൈവറ്റ് ഹെൽത്ത് ഇൻഷുറൻസോ മേടിക്കാൻ കഴിവുള്ളവരുമായിരുന്നില്ല. ചെറുകിട കമ്പനികളിൽ ജോലിചെയ്തിരുന്നവർക്കു സ്വന്തമായി ഇൻഷുറൻസുണ്ടായിരിക്കില്ല. ദൗർഭാഗ്യവശാൽ ജോലി നഷ്ടപ്പെട്ടാൽ മറ്റൊരു ജോലി ലഭിക്കുന്നവരെ അയാൾക്കും അയാളെ ആശ്രയിച്ചു ജീവിക്കുന്ന ഭാര്യക്കും മക്കൾക്കും ഇൻഷുറൻസ് ഉണ്ടായിരിക്കില്ല. അഥവാ മറ്റൊരു ജോലി കിട്ടിയാൽ തന്നെ പുതിയ കമ്പനിയിൽ ഹെൽത്ത് ഇൻഷുറൻസിനു യോഗ്യനാകാൻ പിന്നെയും മൂന്നു മാസം തൊട്ടു ആറു മാസംവരെ കാത്തിരിക്കണം. കുടുംബത്തിൽ ആർക്കെങ്കിലും ഗുരുതരമായ രോഗമുണ്ടെങ്കിൽ യാതൊരു മെഡിക്കൽ ആനുകൂല്യങ്ങളുമില്ലാതെ ജീവിതം തള്ളിയും നീക്കണം.

ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം എത്രയെന്ന് നിശ്ചയിക്കാനുള്ള അവകാശം ഇൻഷുറൻസ് കമ്പനികൾക്കായിരിക്കും. കവറേജ് അനുസരിച്ച് പ്രീമിയം കൂടുകയോ കുറയുകയോ ചെയ്യാം. ഒബാമ പദ്ധതി പ്രകാരം പ്രായമായവർ പ്രീമിയം ചെറുപ്പക്കാരായവരെക്കാൾ മൂന്നിരട്ടി കൊടുത്തിരുന്നു. അത് ട്രംപിന്റെ പദ്ധതിയിൽ   പ്രായമായവർക്കുള്ള   പ്രീമിയം അഞ്ചിരട്ടിയായിരിക്കും. അറുപതിനും അറുപത്തിനാലു വയസിനുമിടയിലുള്ളവരുടെ പ്രീമിയം ഇരുപത്തിരണ്ടു ശതമാനം കൂടാം. അമ്പത് വയസുള്ളവർക്ക് പ്രീമിയം പതിമൂന്നു ശതമാനം വർദ്ധിക്കാം.

സ്റ്റേറ്റ് സർക്കാരുകൾക്കു മെഡിക്കെയിഡ് ചെലവുകൾക്കായുള്ള ഫണ്ടുകൾ ഫെഡറലിൽനിന്നും ഗ്രാന്റായി ലഭിച്ചിരുന്നു. ഫിഫ്റ്റി-ഫിഫ്‌റ്റിയെന്ന അടിസ്ഥാനത്തിൽ സ്റ്റേറ്റ് സർക്കാർ ഒരു ഡോളർ ചെലവാക്കിയാൽ തുല്യ തുക ഫെഡറലും വഹിക്കുമായിരുന്നു. എന്നാൽ ട്രംപ് കെയർ പദ്ധതി സ്റ്റേറ്റിനുള്ള മെഡിക്കെയർ ഗ്രാന്റ് നിശ്ചിതമായ ഒരു തുകയിൽ ക്ലിപ്‌തതപ്പെടുത്തും. മെഡിക്കെയിഡ് സേവനങ്ങൾക്കായി ചെലവുകൾ വർദ്ധിച്ചാലും ഫെഡറലിൽ നിന്ന് പിന്നീട് ഗ്രാന്റ് ലഭിക്കില്ല. അതുമൂലം അംഗവൈകല്യം സംഭവിച്ചവർക്കും അതി ദാരിദ്ര്യമുള്ളവർക്കും ഹെൽത്ത് ഇൻഷുറൻസ് സ്റ്റേറ്റിന്റെ ഉത്തരവാദിത്വത്തിൽ മാത്രം വരുകയോ കാലക്രമേണ ലഭിക്കാതെ പോവുകയോ   ചെയ്യാം. ദരിദ്ര രേഖയ്ക്കു താഴെയുള്ളവർക്ക് മെഡിക്കെയിഡ് ലഭിക്കാതെ വരും.  മാനസിക രോഗികളുടെയും ഡ്രഗ് ഉപയോഗിക്കൽ ശീലമാക്കിയവരുടെയും ക്ഷേമങ്ങൾക്കു തടസം വരാം. അമേരിക്കൻ പൗരത്വമില്ലാത്തവർക്കും സ്പോൺസർ ചെയ്തു വരുന്ന പുതിയ കുടിയേറ്റക്കാർക്കും മെഡിക്കെയിഡ് ലഭിക്കാതെ വരും.

മെഡിക്കെയിഡ് ഫണ്ട് ഫെഡറൽ സർക്കാർ വെട്ടിക്കുറയ്ക്കുന്ന പക്ഷം അത് നാലു മില്യൺ സ്ത്രീകൾക്കു ദുരിതങ്ങളുണ്ടാക്കും. ഗർഭച്ഛിദ്രം, ഗർഭ നിരോധനം, കാൻസർ സ്കാനിങ്ങ് എന്നിവകൾ സ്വന്തം ചെലവിൽ നടത്തേണ്ടി വരും. രോഗനിവാരണങ്ങൾക്കു പ്രതിവിധികൾ തേടാൻ സാധിക്കാതെ വരും. താഴ്ന്ന വരുമാനക്കാർക്ക് സൗജന്യമായി ഗർഭ നിരോധകങ്ങളും ഗുളികകളും നൽകി വരുന്നത് നിർത്തൽ ചെയ്യേണ്ടി വരും. അങ്ങനെ വന്നാൽ കൗമാരക്കാരുടെയിടയിൽ ആവശ്യമില്ലാത്ത ഗർഭ ധാരണത്തിനും ഇടയാകാം. അതൊരു സാമൂഹിക പ്രശ്നമായി മാറുകയും ചെയ്യും. കുടുംബാസൂത്രണ പദ്ധതികൾക്കും തടസം വരും. പ്രായപൂർത്തിയാകാത്തവരുടെ ഇടയിൽ കൂടുതൽ ഗർഭഛിന്ദ്രങ്ങൾക്കും കാരണമാകും. ഇഷ്ടപ്പെടാതെ അനേകം കൗമാര പ്രായത്തിലുള്ളവർ! ഗർഭിണികളാവുകയും ഭൂമിയിലേക്ക് അനവസരത്തിൽ കുഞ്ഞുങ്ങൾ ജനിക്കുകയും ചെയ്യും. ഹോസ്പിറ്റലുകൾക്കും പ്രശ്നങ്ങളുണ്ടാകാം. ഹെൽത്ത് ഇൻഷുറൻസില്ലാത്ത രോഗികൾ ബില്ലടയ്‌ക്കാൻ നിവൃത്തിയില്ലാത്തവരെങ്കിൽ ഹോസ്പിറ്റലുകൾക്ക് ഒബാമ കെയറിൽ നിന്നും ഫണ്ട് അനുവദിക്കുമായിരുന്നു. ട്രംപ് കെയർ അങ്ങനെയൊരു വാഗ്ദാനം നൽകുന്നില്ല.

നിലവിലുള്ള ഒബാമ കെയർ ഇല്ലാതാക്കി ട്രംപ് പദ്ധതി നടപ്പാക്കിയാൽ രാജ്യത്താകമാനം  മരണച്ചുഴികൾ സൃഷ്ടിക്കുമെന്നു പ്രമുഖരായ രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കുന്നതിനൊപ്പം ഗുരുതരമല്ലാത്ത രോഗമുള്ളവരും രോഗമില്ലാത്തവരോടൊപ്പം ഇൻഷുറൻസ് എടുക്കാതെ പദ്ധതികളിൽ നിന്ന് വിട്ടു നിൽക്കും. കാലക്രമേണ ആർക്കും ഹെൽത്ത് ഇൻഷുറൻസിനുള്ള ചെലവുകൾ വഹിക്കാൻ സാധിക്കാതെയും വരും. അങ്ങനെ വേണ്ടത്ര പരിചരണങ്ങൾ ലഭിക്കാതെ അനേകരുടെ മരണം പെട്ടെന്ന് സംഭവിക്കുകയും ചെയ്യും.

ട്രംപ് കെയർ പ്രോഗ്രാമിനു അടുത്ത പത്തു വർഷത്തേയ്ക്കുള്ള കണക്കനുസരിച്ച് ഒബാമ കെയറിനേക്കാളും അര ട്രില്യൻ ഡോളർ കൂടുതൽ ഫണ്ട് ആവശ്യമായി വരുന്നു. ഒബാമ കെയർ നിർത്തൽ ചെയ്യലും, പ്രീമിയത്തിൽ നികുതിയിളവും, സബ്‌സിഡി നിയമങ്ങളും, മെഡിക്കെയർ സേവിങ്ങും, സാമ്പത്തിക ഭാരം വർദ്ധിപ്പിക്കും. ഒപ്പം ഇരുപത്തി രണ്ടു മില്യൺ ജനങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് ഇല്ലാതെയാവും. ഹെൽത്ത് പ്രീമിയത്തിൽ നികുതിയിളവുകൾ അനുവദിക്കുന്നതുകൊണ്ട്  ഒരു മില്യൺ ജനങ്ങൾക്ക് പ്രയോജനപ്പെടും. ഇന്നുള്ള നികുതി നയങ്ങളും, സാമ്പത്തിക സ്ഥിതികളും, കുടിയേറ്റ നിയമങ്ങളും പരിഷ്‌ക്കരിക്കാൻ ട്രംപ് സർക്കാർ ശ്രമിക്കുന്നുമുണ്ട്. ഒബാമ കെയർ ഇല്ലായ്മ ചെയ്തുകൊണ്ട് ട്രംപ് പദ്ധതി നടപ്പാക്കുന്നതിനു തന്നെ 270 ബില്യൺ ഡോളർ ചെലവാകുമെന്നു കണക്കാക്കുന്നു. ഏകദേശം പത്തു വർഷം കൊണ്ട് 500 ബില്യൺ ഡോളർ സാമ്പത്തിക വളർച്ചയും പ്രതീക്ഷിക്കുന്നുണ്ട്. ഒബാമയുടെ മെഡിക്കെയർ, മെഡിക്കെയിഡു പദ്ധതികൾ തുടർന്നിരുന്നുവെങ്കിൽ ഇത്രയും സാമ്പത്തിക വളർച്ച ഉണ്ടാവുമായിരുന്നില്ല. മെഡിക്കെയിഡു വിപുലീകരിക്കാതെയും ഒബാമ കെയർ ഇല്ലാതാക്കുന്നതു മൂലവും സർക്കാർ 1.1 ട്രില്യൺ ഡോളർ മിച്ചം വരുത്തുന്നു.

മരുന്നുകൾ നിർമ്മിക്കുന്ന കമ്പനികളുമായി ഉടമ്പടികളുണ്ടാക്കി മരുന്നുകളുടെ വില കുറയ്ക്കാനുള്ള പദ്ധതികളും ട്രംപ് കെയർ ആസൂത്രണം ചെയ്യുന്നു. പുറം രാജ്യങ്ങളിൽ നിന്ന് വില കുറച്ചു മരുന്നു മേടിക്കാനുള്ള സംവിധാനങ്ങളും ആലോചിക്കുന്നുണ്ട്. മെഡിക്കെയിഡ് ഗ്രാന്റ് ബ്ലോക്ക് ചെയ്താലും താഴ്ന്ന വരുമാനക്കാർക്ക് മെഡിക്കെയിഡ് നൽകാൻ സ്റ്റേറ്റ് ഗവൺമെന്റുകൾ പ്രാപ്തരോയെന്നും ഫെഡറൽ സർക്കാർ പരിഗണിച്ചുകൊണ്ടിരിക്കും. നികുതിയിളവ് നൽകലും കുടിയേറ്റ നിയമം പരിഷ്‌ക്കരിക്കലും മൂലം കൂടുതൽ ജനങ്ങൾ ഹെൽത്ത് ഇൻഷുറൻസ് ലഭിക്കുന്നതിനു പ്രാപ്തരാകുമെന്നു ട്രംപ് ഭരണകൂടം വിശ്വസിക്കുന്നു.

മരുന്നുകൾ ഉത്ഭാദിപ്പിക്കുന്ന നിലവിലുള്ള വൻകിട കോർപ്പറേഷനുകൾ മരുന്നുകൾക്ക് അമിത വില ഈടാക്കിക്കൊണ്ട് കുത്തക വ്യാപാരം നടത്തുന്നു. മരുന്നുകൾക്കു അമിതവില കാരണം  സാധാരണക്കാർക്ക് താങ്ങാൻ കഴിവില്ലാത്ത സ്ഥിതിവിശേഷമാണുള്ളത്. ചെറിയ കമ്പനികളെയും മരുന്നുൽപ്പാദനത്തിനായി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും ട്രംപ് പരിഗണിക്കുന്നു. ചെറിയ കമ്പനികൾ മാർക്കറ്റിൽ വിലകുറച്ചു ജനറിക്ക് (Generic) മരുന്നുകൾ ഇറക്കുമ്പോൾ മരുന്നുകളുടെ വില കുത്തനെ കുറയുമെന്നും കരുതുന്നു. ഹോസ്പിറ്റലുകളുടെയും ഡോക്ടർമാരുടെയും സേവനങ്ങൾക്കുള്ള പ്രതിഫലങ്ങളുടെ (Fee) ലിസ്റ്റു തയ്യാറാക്കാനും ആലോചിക്കുന്നു. അങ്ങനെയെങ്കിൽ കുറഞ്ഞ ചെലവുള്ള ഹോസ്പിറ്റലുകളുടെ സേവനവും ഡോക്ടർമാരുടെ സേവനവും രോഗികളെ ബോദ്ധ്യപ്പെടുത്താൻ സാധിക്കും. അമിത ഫീസ് ഈടാക്കുന്ന ഡോക്ടർമാരിൽ നിന്നും വേറിട്ട് രോഗികൾക്ക് ഇഷ്ടമുള്ള ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. രോഗികൾക്ക് കുറഞ്ഞ ചെലവിൽ ഹോസ്പിറ്റലുകളുടെയും ഡോക്ടർമാരുടെയും സേവനവും ലഭിക്കും. സ്റ്റേറ്റുകളുടെ നിയന്ത്രണത്തിൽ ചുരുങ്ങിയ പ്രീമിയത്തിൽ ഹെൽത്ത് ഇൻഷുറൻസ് കൂടുതൽ കവറേജുകളോടുകൂടി നൽകാനും ട്രംപിന്റെ നിർദ്ദേശങ്ങളിലുണ്ട്. ഒബാമ അത്തരം നിർദ്ദേശം പരിഗണനയ്‌ക്കെടുത്തിരുന്നെങ്കിലും പ്രാബല്യത്തിൽ കൊണ്ടുവന്നില്ല.









Wednesday, May 3, 2017

പ്രാചീന കേരളത്തിലെ ആട്ടവും കൂത്തും കഥകളിയും, ചരിത്രം


ജോസഫ് പടന്നമാക്കൽ

പൗരാണിക കലാമൂല്യങ്ങളും സാംസ്ക്കാരിക ചരിത്ര വസ്തുതകളും സൂക്ഷിക്കുന്ന കാര്യത്തിൽ പണ്ടു കാലത്തു ജീവിച്ചിരുന്ന കേരളീയർ ഒരിക്കലും ശ്രദ്ധപതിപ്പിച്ചിരുന്നില്ല. കേരളത്തിലെ നാട്യകലകളുടെ ഉത്ഭവത്തെപ്പറ്റി വ്യക്തമായ ഒരു കാഴ്ചപ്പാട് ചരിത്ര ഗവേഷകർക്കുമില്ല. ഇവിടെ കലയുടെയും സാംസ്ക്കാരികതയുടെയും ചരിത്രം കൂടുതലായും രേഖപ്പെടുത്തിയിരിക്കുന്നത് വ്യക്തമായ രേഖകളില്ലാതെ വെറും ഉഹോപാഹങ്ങളുടെ അടിസ്ഥാനത്തിലാണ്. പരിശുരാമൻ കേരളം സൃഷ്ടിച്ചെന്നും മഹാബലി കേരളം ഭരിച്ചെന്നും തോമ്മാശ്ലീഹാ കേരളത്തിൽ ക്രിസ്തുമതം സ്ഥാപിച്ചെന്നുമുള്ള വസ്തുതകളെല്ലാം വെറും ഐതിഹാസിക കഥകളാണ്. ചിലർ അതെല്ലാം ചരിത്രങ്ങളായും കൊട്ടിഘോഷിക്കുന്നു.

ചാക്യാർ കൂത്ത്, നങ്ങിയാർ കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, കഥകളി, ഓട്ടൻതുള്ളൽ, ഭരതനാട്യം മുതലായവകൾ ക്ലാസ്സിക്കൽ കേരളത്തിന്റെ നാടകീയ കലകളാണ്. രാജാക്കന്മാർ ഭരിച്ചിരുന്ന പ്രദേശങ്ങളായിരുന്നെങ്കിലും ഇത്തരം നാട്യകലകളും കഥകളും നമ്പൂതിരിമാരുടെ നിയന്ത്രണത്തിലായിരുന്നു. പുരാണത്തിലെയും ഇതിഹാസങ്ങളിലെയും പ്രതീകാത്മകമായ കഥകൾ സംഗീത രൂപത്തിൽ ബ്രാഹ്മണർ അല്ലെങ്കിൽ നമ്പൂതിരിമാർ ഹൃദ്യസ്ഥമാക്കിയിരുന്നു. പിന്നീട് യാതൊരു മാറ്റങ്ങളുമില്ലാതെ അടുത്ത തലമുറകളെയും അതേ ശ്ലോകങ്ങൾ ഉരുവിട്ടുകൊണ്ടു പഠിപ്പിച്ചുകൊണ്ടിരുന്നു. ബ്രാഹ്മണർ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലായി എവിടെയെല്ലാം ഊരുചുറ്റുന്നുവോ അവിടെയെല്ലാം പുരാണ കഥകളും  കവിതകളും കുടുംബ സ്വത്തുപോലെ കൂടെ കൊണ്ടുപോവുമായിരുന്നു. മറ്റുള്ളവരെ കലകൾ അഭ്യസിക്കാൻ സമ്മതിക്കുമായിരുന്നില്ല.  

ഏകദേശം രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ഭാരതത്തിലെ ഒരു ഋഷിവര്യനായ 'ഭരത മുനി' നാട്യ ശാസ്ത്രം എഴുതിയെന്നു വിശ്വസിക്കുന്നു. പുരാണ ഗ്രന്ഥങ്ങളിൽ ഒന്നായ നാട്യ ശാസ്ത്രത്തിൽ അഭിനയ കലയുടെ ശാസ്ത്രീയ വശങ്ങൾ സവിസ്തരം ഉൾക്കൊള്ളിച്ചിട്ടുണ്ട്. നൃത്തവും സംഗീതവുമടങ്ങിയ പരമ്പരാഗത കലകളെപ്പറ്റിയും അഭിനയ കല, വേഷ ഭൂഷാദികൾ ഇത്യാദി വിഷയങ്ങളെപറ്റിയും ഈ ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുമുണ്ട്. ഭാരതത്തിന്റെ പ്രാചീന കോവിലുകളിലും കോട്ടകളിലും കൊത്തളങ്ങളിലും ദേവി ദേവന്മാരുടെ രൂപങ്ങളിൽ കഥകളിയും, നാട്യ നൃത്തങ്ങളും വേഷവിധാനങ്ങളും കൊത്തിവെച്ചിരിക്കുന്നത് ചരിത്ര വിദ്യാർത്ഥികൾക്ക് കൗതുകകരവുമാണ്. 

നാട്യകലകളിൽ 'കൂത്ത്' ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട സമൂഹം മാത്രം അമ്പലങ്ങളിലെ ഉത്സവങ്ങളിൽ അവതരിപ്പിച്ചിരുന്നു. ഈ കലയ്ക്ക് രണ്ടായിരത്തിൽപ്പരം വർഷങ്ങളുടെ പാരമ്പര്യമുണ്ടെന്നും അവകാശപ്പെടുന്നു. കൈകൾ കൊണ്ടുള്ള ആംഗ്യഭാഷകളും കഥയിൽ അവതരിപ്പിക്കുന്നു. കൂത്തുകലകൾ ചാക്യാർ സമൂഹത്തിന്റെ കുത്തകയായിരുന്നു. ഹിന്ദു പുരാണങ്ങളിൽ നിന്നുമുള്ള കഥകൾ സമാഹരിച്ച് നർമ്മോക്തിയും രസികത്വവും കലർത്തി കഥയോടൊപ്പം അവതരിപ്പിക്കും. രാഷ്ട്രീയ ചിന്താഗതികളും അനീതികളുമെല്ലാം കൂത്തിലെ അവതരണത്തോടൊപ്പം ഉണ്ടായിരിക്കും. കഥ പറയുന്നയാൾ ചാക്യാർ ആയിരിക്കും. വളരെയധികം പവിത്രമായി കരുതുന്ന കഥകൾ നൂറ്റാണ്ടുകളോളം അമ്പലത്തിനുള്ളിൽ തന്നെ മുദ്ര വെച്ച് സൂക്ഷിച്ചിരുന്നു. ആദ്യ കാലങ്ങളിൽ നാടക രൂപേണയാണ്, ഈ കല അവതരിപ്പിച്ചിരുന്നതെങ്കിലും പിന്നീട് നൃത്തവും അതോടൊപ്പം ചേർക്കപ്പെട്ടു.

കൂത്ത് സാധാരണ ഒറ്റയാൾ നടത്തുന്ന കലാ രൂപമാണ്. പലരുകൂടി കൂട്ടമായി ഒന്നിച്ചു നൃത്തം ചെയ്തു കളിക്കുന്നതിനെ 'കൂടിയാട്ടം' എന്ന് പറയുന്നു. കൂടിയാട്ടം ഭാരതത്തിലെ ഏറ്റവും പഴക്കം ചെന്ന നാട്യ കലയെന്നും വിശ്വസിക്കുന്നു. അമ്പലത്തിലെ ആചാര പൂജാദികൾ, നൃത്തത്തോടൊപ്പം സംസ്കൃത ശ്ലോകങ്ങളിൽ  ഉരുവിടുന്നു. ഉപകരണങ്ങൾ വായിക്കുന്നവരും ചെണ്ട അടിക്കുന്നവരും താളത്തിനൊപ്പം പാടുന്നു. കഥ പറയുന്ന സമയത്ത് കൂത്തുകാരൻ വൈകാരിക ഭാവങ്ങൾ മുഖത്ത് പ്രകടമാക്കുന്നു. കൈകൾ കൊണ്ടുള്ള ആംഗ്യ ഭാഷയായ മുദ്രകളും അവതരിപ്പിക്കുന്നു. ഓരോ ആംഗ്യ മുദ്രകൾക്കും പ്രത്യേകമായ അർത്ഥവും കല്പിച്ചിട്ടുണ്ട്. 

അമ്പല പുരോഹിതരുടെയിടയിൽ മുദ്ര ഭാഷകൾ ഏകദേശം ആറായിരം വർഷങ്ങൾക്കു മുമ്പ് തുടങ്ങിയെന്നും കരുതുന്നു. മുദ്രകൾ ബ്രാഹ്മണർക്ക് വേദങ്ങളും പുരാണങ്ങളും അവതരിപ്പിക്കാനുള്ള  ഒരു കോഡ് ഭാഷയായി ഉപയോഗിച്ചിരുന്നു. വേദങ്ങൾ മുദ്രകളായി അവതരിപ്പിക്കുമ്പോൾ വർണ്ണാശ്രമ ധർമ്മത്തിലെ താണ ജാതികൾക്ക് കഥയുടെ സത്ത മനസിലാക്കാൻ സാധിക്കുമായിരുന്നില്ല. പിന്നീട് മുദ്രകൾ പൂജകളുടെ ഭാഗമായി. പൂജാ മുദ്രകളിൽ ശ്രോതാക്കളോ, കാണികളോ സദസോ ആവശ്യമില്ല. പുരോഹിതരുടെ മാത്രം ഒരു പ്രത്യേക തരം ഭാഷയായിരുന്നു. മുദ്രകൾ നാടകത്തിന്റെ ഭാഗമായും ദൈവിക ഭാഷയായും പരിവർത്തനപ്പെട്ടു. കാലത്തിന്റെ പ്രയാണത്തിൽ നാട്യകലകളിലെ രൂപത്തിനും ഭാവത്തിനും സാമൂഹിക ചിന്താഗതികളോടൊപ്പം മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. 

പതിനേഴാം നൂറ്റാണ്ടിൽ കേരളത്തിന്റെ തെക്കുള്ള രാജ്യത്തിലെ കൊട്ടാരക്കര രാജാവ് കൃഷ്ണനാട്ടം കലകളിൽ താല്പര്യപ്പെട്ടിരുന്നു. അദ്ദേഹം കൃഷ്ണ നാട്ടം അവതരിപ്പിക്കുന്ന കലാകാരന്മാരെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു വരുത്തിയിരുന്നു. രാജാവ് ശ്രീ രാമന്റെ ജീവിതവുമായി ബന്ധപ്പെടുത്തി ആട്ടക്കാർക്കു വേണ്ടി എട്ടു കഥകൾകൂടി എഴുതിയുണ്ടാക്കി. അന്നുമുതൽ ഈ ആട്ടത്തിനു രാമനാട്ടം എന്ന് പേരിട്ടു. പിന്നീട് എഴുത്തുകാർ രാമായണത്തിലും മഹാഭാരതത്തിലുമുള്ള മറ്റു കഥാപാത്രങ്ങളെ സംബന്ധിച്ചും ആട്ടത്തിനായി കഥകളെഴുതാൻ തുടങ്ങി. ആട്ടക്കഥകൾക്ക് രാമനാട്ടമെന്ന കഥ യോജിച്ചതല്ലെന്ന് മനസിലാക്കി. പുതിയതായി എഴുതിയുണ്ടാക്കുന്ന കഥകളുടെ അടിസ്ഥാനത്തിൽ ആട്ടങ്ങളെ പൊതുവായി കഥകളിയെന്നു അറിയപ്പെടാൻ തുടങ്ങി. അങ്ങനെയാണ് കഥകളിയെന്ന നാട്യ കലയുടെ തുടക്കം.

ഭാരതത്തിൽ ഇസ്‌ലാമിക ആക്രമണശേഷം ഭക്തി മാർഗ ചിന്തകൾ ഹൈന്ദവരുടെയിടയിൽ വളരാൻ തുടങ്ങി. ശ്രീ കൃഷ്ണ ഭക്തനായ കവി ജയദേവനാണ് ഭക്ത ഗാനങ്ങളിൽക്കൂടി അത്തരം ഒരു നീക്കത്തിന് തുടക്കമിട്ടത്. കൃഷ്ണ ഭഗവാന്റെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹം എട്ടു കവിതകൾ രചിച്ചു. ആ കവിതാ സമാഹാരത്തെ 'ഗീത ഗോവിന്ദം' എന്ന് പറയുന്നു. കൃഷ്‌ണ ഭഗവാനോടുള്ള ഭക്തിസഹജമായ ഈ കവിതകളാണ് വാസ്തവത്തിൽ ഭാരതീയ കലകളുടെ വളർച്ചയ്ക്ക് നിദാനമായത്. വടക്കേ ഇന്ത്യയിൽ, ജയദേവനും ഭാര്യ പത്മാവതിയും 'ഗീത ഗോവിന്ദം' കവിതകൾ ചൊല്ലിയും നാടകം അഭിനയിച്ചും ഭക്തരുടെയിടയിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് ഭക്തജനങ്ങൾ ജയദേവന്റെ ഗീത ഗോവിന്ദം ശ്രവിക്കാൻ തടിച്ചുകൂടിയിരുന്നു. ഭക്തജനങ്ങളിൽ എഴുത്തുകാരും സംഗീത രചയിതാക്കളും സംഗീത അവതാരകരുമുണ്ടായിരുന്നു. അവർ ഗീത ഗോവിന്ദത്തിലെ പാട്ടുകളും ക്ലാസിക്കൽ ഡാൻസുകളും നാടകങ്ങളും അവരുടെ നാടുകളിലും മറുനാടുകളിലും  അവതരിപ്പിച്ചിരുന്നു.  
അഷ്ടിപടിയാട്ടം (Ashtipadi attam) എന്ന പേരിൽ കേരളത്തിലും 'ഗീത ഗോവിന്ദം' പ്രചാരത്തിലായിരുന്നു. ആദ്യകാല അവതാരകർ കൈകൾ കൊണ്ടുള്ള മുദ്രകൾ ആംഗ്യഭാഷകളിൽ സദസ്യരുടെയിടയിൽ അവതരിപ്പിച്ചിരുന്നു. മുഖത്തുള്ള ഭാവാദികൾ, സംസാരിക്കാതെയുള്ള ശരീര ഭാഷകൾ എന്നിവകൾ ഈ കലയുടെ പ്രത്യേകതയായിരുന്നു. ശ്രീ കൃഷ്ണന്റെയും മറ്റു കഥാ പാത്രങ്ങളുടെയും കഥകൾ പറയാനായി സംഗീതജ്ഞരും ഭാഗവതർമാരും ഉണ്ടായിരുന്നു. ജയദേവൻ അവതരിപ്പിക്കുന്ന സംഗീത കച്ചേരികളിൽ അദ്ദേഹം സ്റ്റേജിന്റെ പുറകിൽ നിന്ന് പാടുമായിരുന്നു. അത് സംഗീത കലാ നാട്യത്തിന്റെ വിപ്ളവകരമായ ഒരു തുടക്കവുമായിരുന്നു. കൂടാതെ കഥകൾ പറയുകയും ആംഗ്യഭാഷയിൽക്കൂടി അഭിനയിച്ചു കാണിക്കുകയും ചെയ്യുമായിരുന്നു.

കൃഷ്ണ ഭക്തനായിരുന്ന തുഞ്ചത്ത് രാമാനുജ എഴുത്തച്ഛൻ മലയാള ഭാഷയുടെ പിതാവായി അറിയപ്പെടുന്നു. ശ്രീ രാമ കഥയായ രാമായണം മലയാളത്തിലേയ്ക്ക് തർജ്ജിമ ചെയ്തത് അദ്ദേഹമാണ്. മലയാളഭാഷയ്ക്ക് അക്ഷരമാലയുണ്ടാക്കിയതും എഴുത്തച്ഛൻ തന്നെ. അങ്ങനെ അറിവിന്റെ ലോകം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിലും സാധാരണക്കാരെ പഠിപ്പിക്കുന്നതിലും എഴുത്തച്ഛൻ ഒരു നിമിത്തമായി സംഭവിച്ചു. അതിനു മുമ്പ് രാമായണം എഴുതിയിരുന്നത് സംസ്കൃതത്തിലായിരുന്നു. അത് നമ്പൂതിരി പണ്ഡിതരുടെ കൈവശം മാത്രമേയുണ്ടായിരുന്നുള്ളൂ. സാധാരണക്കാരായവരെ അവരുടെ വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കാൻ അനുവദിച്ചിരുന്നില്ല. മറ്റൊരു കവിയായ പൂന്താനം നമ്പൂതിരി ശ്രീ കൃഷ്‌ണനെപ്പറ്റിയുള്ള ഗീതങ്ങൾ രചിച്ചിരുന്നു. ഈ രണ്ടു കവികളെയും മറ്റു പണ്ഡിതരെയും ജയദേവന്റെ കലകൾ ആകർഷിക്കുന്നുമുണ്ടായിരുന്നു. 

ജയദേവൻ കേരള ജനതയിലും അവരുടെ ആദ്ധ്യാത്മിക ജീവിതത്തിലും പ്രകാശം പരത്തിക്കൊണ്ടിരുന്നു. വിശുദ്ധ ഗ്രന്ഥങ്ങൾ സാധാരണ ജനങ്ങൾക്കു വായിക്കാനും എഴുതാനും മനസിലാക്കാനും സാധിച്ചു. അതനുസരിച്ച് നൃത്തങ്ങളും പാട്ടുകളും അഭിനയ കലകളും വളർന്നു. ചിത്ര രചനകളും അഭിവൃത്തിപ്പെട്ടു. ഇത്തരം കാൽപ്പനിക ചിന്തകരാൽ കേരളീയ ജനത അജ്ഞതയെ ഇല്ലാതാക്കുകയും ജ്ഞാനം നേടാൻ പ്രാപ്തരാവുകയും ചെയ്തു. കൃഷ്ണനോടുളള ഭക്തിമൂലം നാട്യ കലകളും നാടകങ്ങളും സംഗീതവും വാദ്യോപകരണ കലകളും അഭിവൃത്തി പ്രാപിച്ചുകൊണ്ടിരുന്നു. കലാകാരന്മാരെ സമൂഹത്തിൽ ആദരിക്കാനും തുടങ്ങി. ഇന്ന് കലകൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും ഭാഷയുടെയും പഠനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും ഭാഗമായി തീർന്നു കഴിഞ്ഞിരിക്കുന്നു. 

ഏകദേശം അറുന്നൂറു കൊല്ലങ്ങൾക്കു മുമ്പ് കൃഷണ ഭക്തനും കോഴിക്കോടിന്റെ രാജാവുമായിരുന്ന മാനദേവൻ കൃഷ്ണ ഗീതങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകിയിരുന്നു. അമ്പല പൂജകൾക്കൊപ്പം പാട്ടുകൾ പാടാൻ സ്റ്റേജുകളും അലങ്കരിച്ചുകൊണ്ട് പാട്ടുകാരെ നിയമിച്ചിരുന്നു. സ്തോത്ര മന്ത്രങ്ങൾ പാട്ടുകാരനിൽനിന്നും ശ്രവിക്കുകയും അതോടൊപ്പം ആംഗ്യ ഭാഷയിൽ കഥ പറയുകയും ചെയ്തിരുന്ന പതിവിനെ മാനദേവൻ ഇല്ലാതാക്കി. മാനദേവൻ ചിന്തിച്ചിരുന്നത് അഭിനയിക്കുന്നവർ സംസാരിക്കില്ലെങ്കിൽ, ഒപ്പം ഗീതങ്ങൾ ഉരുവിട്ടില്ലെങ്കിൽ അവർ ആദ്ധ്യാത്മികത നഷ്ടപ്പെട്ട വെറും സാധാരണ മനുഷ്യരെപ്പോലെയാകുമെന്നായിരുന്നു. 

'കൃഷ്ണനാട്ടം' കേരളത്തിന്റെ മണ്ണിൽ വളർന്നുവന്ന തനതായ ഒരു കലയാണ്. കഥകളിയെന്ന കലാരൂപം ഉണ്ടായതുതന്നെ മൂലകലയായ കൃഷ്ണനാട്ടത്തിൽ നിന്നായിരുന്നു. കേരളീയമായ ആദ്യത്തെ നൃത്ത നാടകവുമാണ് ഈ കല. കൃഷ്ണനാട്ടത്തെ അഷ്ടപദിയാട്ടമെന്നും പറയാറുണ്ട്. എട്ടെന്നുള്ള സംഖ്യ ഈ നാട്യകലയുടെ ഒരു പ്രത്യേകതയാണ്. കൃഷ്ണനാട്ടം അരങ്ങേറിയാൽ എട്ടു ദിവസത്തെ കളിയാണുള്ളത്. എട്ടു കുട്ടികൾ, എട്ടു തിരികൾ, എട്ടു നാഴിയെണ്ണ, എട്ടു നേരത്തെ കുളി ഇങ്ങനെ കൃഷ്ണനാട്യത്തിലെ എട്ടിന്റെ പ്രത്യേകതകൾ നീളുന്നു. ശ്രീകൃഷ്ണൻറെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ലീലകൾ എട്ടു കഥകളായിട്ടാണ് അവതരിപ്പിച്ചുവരുന്നത്. എട്ടു രാത്രികൾ കൊണ്ട്‌ ആടി തീർക്കാവുന്ന രീതിയിലാണ്‌ കൃഷ്ണനാട്ടം 
രൂപകല്പന ചെയ്തിരിക്കുന്നത്. 'അവതാരം', 'കാളിയമർദ്ദനം', 'രാസക്രീഡ', 'കംസവധം', 'സ്വയംവരം', 'സ്വർഗാരോഹണം' എന്നിങ്ങനെ കൃഷ്ണനാട്യത്തിലെ കഥകൾ ആസൂത്രണം ചെയ്തിരിക്കുന്നു. 

കഥകളിയിലുള്ളതു പോലെ കൃഷ്ണനാട്ടത്തിൽ ആവർത്തിച്ചുള്ള പാട്ടുണ്ടായിരിക്കില്ല. പാട്ടു കുറച്ചുകൊണ്ട് ആട്ടക്കാരന് കൂടുതൽ നൃത്തം ചെയ്യാനുള്ള അവസരം ലഭിക്കുന്നു. ആറു വയസുമുതൽ കുട്ടികളെ ഈ കല അഭ്യസിപ്പിച്ചു തുടങ്ങും. പത്തു വർഷം നിരന്തരമായ പ്രായോഗിക പരിശീലനം ഉണ്ടെങ്കിലേ കലയിൽ പ്രാവീണ്യം നേടാൻ സാധിക്കുകയുള്ളൂ. നീണ്ട മണിക്കൂറോളം ദിവസവും അഭ്യസിക്കണം. ശ്രീ കോവിലിനു വെളിയിലാണ് കൃഷ്ണനാട്ടം കഥകൾ അവതരിപ്പിച്ചിരുന്നത്. കൃഷ്ണനാട്ടം കാണുന്ന ഭക്തജനങ്ങൾക്ക് ആത്മവിഷയകമായ സംതൃപ്തിയും പ്രചോദനവും ലഭിക്കുന്നു. സാക്ഷാൽ കൃഷ്ണനുമായുള്ള സംവാദം മനസ്സിൽ സൃഷ്ടിക്കുന്നതായുള്ള അനുഭൂതികളുമുണ്ടാവും. ആട്ടത്തിൽ അഭിനയിക്കുന്നവർ ശ്രോതാക്കൾക്കായി സ്തുതി ഗീതങ്ങളും ആലപിച്ചിരുന്നു. 

ചാക്യാർ കൂത്ത് ഒരു ഏകാംഗ കലയാണ്. ഈ കല കേരളത്തിലെ ചാക്യാർ സമുദായത്തിലെ മാത്രമായ ഒരു കുത്തകയായിരുന്നു. സംസ്കൃത നാടകങ്ങളിൽ രചിച്ച സ്തോത്രഗീതങ്ങൾ പാടുന്ന പ്രാചീന കലയായ ചാക്യാർ കൂത്ത് ഒന്നിൽ കൂടുതൽ ചാക്യാർമാർ ഒത്തുകൂടി അഭിനയിച്ചാൽ കൂത്തിനെ 'കൂടിയാട്ട'മെന്നു വിളിച്ചിരുന്നു. പുരാതനകാലത്ത് കേരളമെന്ന കര തമിഴകത്തിന്റെ ഭാഗമായിരുന്നു. തമിഴകവും ഉൾപ്പെട്ട കേരളനാട്ടിലാണ് ചാക്യാർ കൂത്ത് ആരംഭിച്ചതെന്ന് പ്രൊഫസർ ഇളംകുളം കുഞ്ഞൻപിള്ള തന്റെ സാഹിത്യ കൃതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ചാക്യാർ കൂത്തിൽ നൃത്തം വളരെ കുറവാണ്. വേഷവിധാനങ്ങളും വിവിധ തരത്തിലുള്ള മുഖ ഭാവങ്ങളും ശരീര ഭാഷകളും ചാക്യാർ കൂത്തിന്റെ പ്രത്യേകതയാണ്. 
കൂത്തുകൾ കാണാൻ വന്നിരിക്കുന്നവരെയും ചാക്യാർക്ക് പരിഹസിക്കാൻ സാധിക്കും. മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള എന്ത് തമാശകളും കൂത്തിൽ അവതരിപ്പിക്കാം. ചാക്യാരുടെ തമാശുകൾ വ്യക്തിപരമാവുമെങ്കിൽ എതിർപ്പുകൾ ഉണ്ടാകാം. ചിലപ്പോൾ അധികാര സ്ഥാനത്തുള്ളവരെയും വിമർശിക്കും. അതുമൂലം രാജ കോപമുണ്ടായി ചാക്യാർ കുടുംബത്തെ നാടു കടത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 

നങ്ങിയാർ വംശജനങ്ങൾ കൂത്താടുമ്പോൾ അത് നങ്ങിയാർ കൂത്താകും. നങ്ങ്യാർ കൂത്തിലും പുരാണകഥയെ  ആധാരമാക്കി നങ്ങിയാർമാർ നൃത്തം ചവുട്ടി അഭിനയിക്കുന്നു. നങ്ങ്യാരുടെ ഉടയാടയിലെ ചുവന്ന പട്ട്, ശിരോഭൂഷണത്തിലെ ചെത്തിപ്പൂവ്, മുടിയിലെ നാഗഫണം എന്നിവയെല്ലാം കേരളത്തിലെ ഭഗവതീസങ്കല്പത്തോട് ഏറെ ബന്ധം പുലർത്തുന്നവയാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തൃപ്പൂണിത്തുറ പൂർണ്ണത്രയീശക്ഷേത്രം, കോട്ടയം കുമാരനല്ലൂർ ഭഗവതീക്ഷേത്രം തുടങ്ങിയ പല പ്രമുഖക്ഷേത്രങ്ങളിലും നങ്ങ്യാർക്കൂത്ത് ഇന്നും നാമമാത്രമായി നടത്തിവരുന്നു. ശ്രീകൃഷ്ണകഥയാണ് നങ്ങ്യാർക്കൂത്തിലെ ഇതിവൃത്തം.

ഭാരതീയ നൃത്ത കലകളിൽ ഭരത നാട്യം തമിഴ്‌നാടിന്റെ സംഭാവനയാണ്. ഭരത മുനിയുടെ നാട്യ ശാസ്ത്ര ഗ്രന്ഥമായ 'അഭിനയ ദർപ്പണ്ണം' ഭരത നാട്യത്തിനു അടിസ്ഥാനമായി കരുതുന്നു. ആറാം നൂറ്റാണ്ടിൽ പല്ലവ,ചോള രാജാക്കന്മാർ ഈ നൃത്ത കലയെ പ്രോത്സാഹിപ്പിച്ചതായി പറയപ്പെടുന്നു. പറയർ എന്ന സമുദായക്കാർ നടത്തി വരുന്ന ഒരുതരം നൃത്തമാണ് പറയൻ കൂത്ത്. പറയസമുദായക്കാരുടെ ഇടയിൽ അസുഖം മാറ്റുവാൻ കൂത്തുകൾ അരങ്ങേറുമായിരുന്നു. ചെണ്ട വാദ്യങ്ങളും സംഗീതത്തോടൊപ്പം ഉണ്ടായിരുന്നു. 

ഥകളിയെന്നു പറഞ്ഞാൽ സംഗീത വാദ്യോപകരണങ്ങളോടെ വിവിധ കലകൾ സംയോജിപ്പിച്ചുള്ള  ഒരു കലാ സാംസ്ക്കാരിക അവതരണമെന്നാണ്. അതിൽ സംഗീതവും, അഭിനയവും ചെണ്ടമേളകളും കൂടാതെ മനുഷ്യ ജീവിതത്തിന്റെ നാനാവിധങ്ങളായ നന്മ തിന്മകകളും  ചൂണ്ടി കാണിക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി കഥകളി ട്രൂപ്പുകൾ നാടിന്റെ നാനാ ഭാഗത്തും സ്ഥാപിക്കപ്പെട്ടു. കഥകളിയുടെ അഭിവൃത്തിക്കായി യോഗങ്ങളും സംഘടിപ്പിച്ചിരുന്നു. കഥകളി യോഗങ്ങൾ വഴി കഥകളിയിൽ പ്രാവിണ്യം നേടിയ ആൾ അഭിനയിക്കുന്നതെങ്ങനെയെന്നു മറ്റു അഭിനേതാക്കാളെ പഠിപ്പിച്ചിരുന്നു. കഥകളി അവതരിപ്പിക്കുന്നതിനു മുമ്പ് റിഹേഴ്സലുകളും അതിൽ പങ്കുചേരുന്നവർക്ക് പരിശീലനങ്ങളും നൽകി വന്നിരുന്നു. സാധാരണ മൺസൂൺ വരുന്ന കാലങ്ങളിലായിരുന്നു കഥകളികൾ അമ്പലങ്ങളിൽ സംഘടിപ്പിച്ചിരുന്നത്. 


കഥകളി അവതരിപ്പിക്കാനും അതോടൊപ്പം കഥ പറയാനും കൂത്തുകൾക്കും പ്രത്യേകമായ  തീയേറ്ററുകൾ നിലവിൽ വന്നു. സംസ്കൃത പദ്യങ്ങൾ സാധാരണക്കാർക്ക് നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ കഥകളി എല്ലാ സമൂഹങ്ങൾക്കുമുള്ള ഒരു കലയായി രൂപാന്തരപ്പെട്ടു. പതിനേഴാം നൂറ്റാണ്ടിൽ കൊച്ചിയുടെ കിഴക്കേ ഭാഗത്തു ജീവിച്ചിരുന്ന 'വെട്ടത്തു രാജാ' എന്നു പേരുള്ള കലാകാരൻ കഥകളിക്ക് കാലോചിതമായ പരിഷ്‌കാരങ്ങളും നടപ്പാക്കിയിരുന്നു. ചെണ്ടകളും മറ്റു സംഗീത വാദ്യോപകരണങ്ങളും കഥകളിയോടൊപ്പം നിലവിൽ വന്നു. തിരശീലയ്ക്ക് പുറകിൽ നിന്ന് അവതാരകൻ കഥകളും പറയുമായിരുന്നു. ടക്കേ മലബാറിലുള്ള കോട്ടിയം രാജാവ് കഥകളിയെ സംബന്ധിച്ച് നാലു പുസ്തകങ്ങൾ പതിനേഴാം നൂറ്റാണ്ടിൽ രചിച്ചിട്ടുണ്ട്. 
ആദ്യകാലങ്ങളിലുള്ള ചരിത്രത്തിൽ കഥകളി പ്രസിദ്ധമായിരുന്നെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടായപ്പോൾ അതിന്റെ പ്രാധാന്യം കുറയാൻ തുടങ്ങി. പ്രധാനമായും വിദേശികളുടെ ആക്രമണം കഥകളിയുടെ വളർച്ചയ്ക്ക് തടസമായിരുന്നു. രാജാക്കന്മാരുടെ താല്പര്യം കുറഞ്ഞതുമൂലം കേരളത്തിലെ മിക്ക നാട്യകലകൾക്കും പ്രത്യേകിച്ച് കഥകളിയുടെ വളർച്ചയ്ക്കും മങ്ങലേറ്റു. എങ്കിലും കഥകളിയെന്ന കലയെ നഷ്ടപ്പെടാതെ കാത്തു രക്ഷിച്ചതു ചില നമ്പൂതിരി ഇല്ലങ്ങളായിരുന്നു. പേരും പെരുമയുമുള്ള കഥകളിയാശാന്മാരും അക്കാലങ്ങളിലുണ്ടായിരുന്നു. 

വള്ളത്തോൾ നാരായണമേനോനും മുകുന്ദ രാജയുമൊത്ത് ചെറുതുരുത്തിയെന്ന ഗ്രാമത്തിൽ, കേരള കലാമണ്ഡലം സ്ഥാപിച്ചു. കേരളത്തിന്റെ പൗരാണിക കലകളെ സംരക്ഷിക്കുകയെന്നതായിരുന്നു ലക്ഷ്യം. ഒളപ്പമണ്ണയിലെ കഥകളി കലാകാരന്മാർ അവിടെ കഥകളിയാശാന്മാരായി സേവനം ചെയ്യുന്നുണ്ടായിരുന്നു. കേരളകലാ മണ്ഡലത്തിന്റെ പ്രവർത്തനം കൊണ്ട് കഥകളിയെ ഒരു വിശ്വ വിഖ്യാത കലയാക്കി മാറ്റിയെടുക്കുവാനും സാധിച്ചു. ഒളപ്പമണ്ണ ഇല്ലത്തിലെ നമ്പൂതിരിമാരുടെ സാമ്പത്തിക സഹായമില്ലായിരുന്നെങ്കിൽ കഥകളിയും കേരളകലാമണ്ഡലവും നിലനിർത്താൻ സാധിക്കില്ലായിരുന്നു. ഗ്രാമങ്ങൾ തോറും കഥകളിയും മറ്റു നാട്യ കലകളും അവതരിപ്പിക്കാനും ഇവർ സഹായ സഹകരണങ്ങൾ തുടർന്നു കൊണ്ടിരുന്നു. വിനോദ സഞ്ചാരികളെ ഒളപ്പമണ്ണിലെ ഇല്ലത്തു താമസിപ്പിച്ചുകൊണ്ട് കഥകളിയുടെ ബാലപാഠങ്ങളും കാലുകളിലെ ചുവടു മാറ്റങ്ങളും പഠിപ്പിച്ചിരുന്നു. 
മുന്നൂറു കൊല്ലം മുമ്പ് കുഞ്ചൻ നമ്പ്യാർ 'ഓട്ടൻതുള്ളൽ' എന്ന അട്ടകഥകളിലൂടെ സദസ്യരെ രസിപ്പിച്ചിരുന്നു. ഓട്ടൻ തുള്ളലെന്ന നാട്യനാടകം കഥകളിയുടെ മറ്റൊരു രൂപമാണ്. ഈ കല കൂടുതലും ജനകീയമായിരിക്കും. നർമ്മവും ഹാസ്യവും, പരിഹാസ്യവും തുള്ളൽ പാട്ടിലുണ്ടായിരിക്കും. ലളിതമായ നാടോടി വേഷം ഓട്ടൻ തുള്ളലിന്റെ പ്രത്യേകതയാണ്. ഈ നാട്യകല കൂടുതലായും ക്ഷേത്രത്തിനു പുറത്തായിരുന്നു അവതരിപ്പിച്ചിരുന്നത്. വേഷഭൂഷാദികളോടെ തുള്ളൽ കലാകാരൻ ഒറ്റയ്ക്ക് പാടി അഭിനയിച്ചിരുന്നു. ഓട്ടൻ തുള്ളലിന് ചാക്യാർ കൂത്തിനോടും കഥകളിയോടും സാമ്യമുണ്ട്. കിരീടം, മാർ മാല, കൈകളിലും തോളുകളിലും മണികൾ, ചിലങ്കകൾ, അമ്പലപ്പുഴ കോണകം, ഒരു തരം തുണികൊണ്ടുള്ള പാവാട എന്നിവകൾ ഓട്ടൻ തുള്ളലിന്റെ വേഷങ്ങളാണ്. കേരളത്തിലെ പാലക്കാട് ജില്ലയിൽ കിള്ളിക്കുരിശിമംഗലം എന്ന ഗ്രാമത്തിൽ കുഞ്ചൻ നമ്പ്യാർ ജനിച്ചു. അദ്ദേഹത്തിൻറെ ജന്മഗൃഹം ഓട്ടൻ തുള്ളലിനെപ്പറ്റിയുള്ള സ്മാരകമായി സൂക്ഷിക്കുന്നു. അവിടെ ഒരു വായനശാലയും അതിനുള്ളിൽ കേരളത്തിലെ നാട്യ കലകളെപ്പറ്റിയുള്ള മാനുസ്ക്രിപ്റ്റുകളും സൂക്ഷിക്കുന്നുണ്ട്. 










kunchan Nambiar 


കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...