ജോസഫ് പടന്നമാക്കൽ
ഹിന്ദു മതത്തെ സനാതന ധർമ്മമെന്നാണ് വിളിക്കുന്നത്. സനാതനമെന്നു പറഞ്ഞാൽ 'അനാദ്യന്തമായ' എന്ന അർത്ഥമാണ് ധ്വാനിക്കുന്നത്. ആദിയും അന്തവുമില്ലാത്ത നിത്യതയുടെ ബ്രഹ്മനാണ് സനാതനം. സർവ്വ സൃഷ്ടി ജാലങ്ങൾക്കും അഖില സ്രഷ്ടാവായ ബ്രഹ്മത്തിൽ ചില കടമകൾ നിഷിപ്തമായിട്ടുണ്ട്. അതായത് അനന്ത കാലത്തേയ്ക്കുള്ള ധർമ്മം. ഹിന്ദു മതത്തിലെ അടിസ്ഥാന തത്ത്വം തന്നെ സനാതന ധർമ്മത്തിൽ അധിഷ്ടിതമാണ്. സത്യത്തിൽ ഭൂരിഭാഗം ഹിന്ദുക്കൾക്കും എന്താണ് ധർമ്മം അല്ലെങ്കിൽ എന്താണ് സനാതനം, എന്തുകൊണ്ട് ഹിന്ദുമതത്തെ സനാതനം എന്ന് വിളിക്കുന്നതെന്ന് അറിയില്ലന്നുള്ളതാണ് സത്യം. സനാതന ധർമ്മത്തിന് ഒരു നിർവചനം കൊടുക്കുക എളുപ്പമല്ല. ദൈവത്തോടുള്ള കടപ്പാടായി അല്ലെങ്കിൽ പ്രകൃതി കൽപ്പിച്ച 'നിശ്ചിതമായി' സനാതനത്തെ ദർശിക്കാൻ സാധിക്കും. ഓരോ ജീവജാലങ്ങൾക്കും ദൈവവുമായുള്ള ധർമ്മം വ്യത്യസ്തമായി വിഭജിച്ചിരിക്കുന്നു. ആ ധർമ്മം ഹിന്ദുക്കൾക്ക് മാത്രമുള്ളതല്ല, സകല സൃഷ്ടി ജീവജാലങ്ങൾക്കും ഒരു പോലെ അത് ബാധകമാണ്.
ആരാണ് ഹിന്ദു? അമ്പലത്തിൽ നിത്യം പൂജകളുമായി പോവുന്നവർ ഹിന്ദുക്കളാണ്. സനാതനിയായ ഹിന്ദുവാകണമെന്നില്ല. സമ ജീവജാലങ്ങളെ സ്നേഹിക്കാതെ പശുക്കളെയും ബിംബങ്ങളെയും മാത്രം പൂജിക്കുന്നവനും സനാതനിയാകണമെന്നില്ല. ദൈവം കൽപ്പിച്ച ധർമ്മങ്ങൾ പാലിക്കുന്നവനും സ്വന്തം ജീവിതം ബ്രഹ്മത്തിനു അർപ്പിക്കുന്നവനും സനാതനത്തിന്റെ നിർവചനത്തിൽ വരുന്നു. നീ സ്വാർഥതയില്ലാതെ ജീവിക്കുന്നുവെങ്കിൽ നിന്റെ പ്രവർത്തനങ്ങളിലും സ്വാർത്ഥതയില്ലെങ്കിൽ സനാതനി ഹിന്ദുവായി കരുതാം. നീ മറ്റുള്ളവരെ സഹായിക്കുന്നതും കർമ്മാനുഷ്ഠാനങ്ങളോടെ ദൈവത്തിനുള്ള സേവനങ്ങളിൽ മുഴുകിയിരിക്കുന്നതും സനാതനിയായ ഒരു ഹിന്ദുവിന്റെ നിർവചനത്തിൽ വരും. ദൈവത്തിന്റെ സൃഷ്ടികളുടെ സമ സ്നേഹത്തിൽ ഏതെങ്കിലും വിധത്തിൽ പങ്കാളിയാകുന്നവനും ഹിന്ദുവാണ്, സനാതനിയാണ്.
ഭൂരിഭാഗം ഹിന്ദുക്കൾക്കും സത്യമായ സനാതന രഹസ്യം എന്തെന്ന് അറിവില്ല! മത പരിവർത്തനം ചെയ്യാനും അവർക്ക് അനുയായികളെ കിട്ടാനും സനാതനത്തിൽ വിശ്വസിക്കുന്നവർ ശ്രമിക്കാറില്ല. അറിഞ്ഞുകൊണ്ടോ അറിയാതെയോ വിശ്വസിക്കുന്നവരും വിശ്വാസിക്കാത്തവരും ദൈവത്തിന്റെ പങ്കാളികളാണ്. ദൈവത്തോടൊപ്പം നിത്യമായ കടമകൾ നിർവഹിക്കാൻ ബാധ്യസ്ഥരാണ്. അവിടെ ഒരു മത പരിവർത്തനത്തിനാവശ്യമില്ല. സനാതനിയായവൻ നമ്മുടെ കടമകൾ ദൈവത്തിൽ നിന്ന് വന്നതെന്നു വിശ്വസിക്കുന്നു. സനാതന ധർമ്മത്തിൽ മറ്റുള്ളവരെ മതം മാറ്റാൻ പറഞ്ഞിട്ടില്ല. എന്നാൽ ഉത്തരവാദിത്വത്തോടെ തന്റെ കർമ്മങ്ങൾ നിർവഹിക്കാൻ പറഞ്ഞിട്ടുണ്ട്. സ്വാർത്ഥതയോടെയുള്ള എന്തു പ്രവർത്തികളെയും തിരസ്ക്കരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുവിന്റെ ലോകത്തിൽ രണ്ടുതരം മതങ്ങളേയുള്ളൂ. നന്മയും തിന്മയുമാണ് മതങ്ങൾ. നന്മയെ ദൈവം എന്ന് പറയുന്നു. തിന്മയെ അസുരയെന്നും പറയുന്നു. സ്വാർത്ഥയില്ലാതെ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോൾ ദൈവികമാകും. നമുക്കുവേണ്ടി മാത്രം ജീവിച്ചാൽ തിന്മ (അസുര) യുമാകും.
ഹിന്ദുമതത്തിൽ ഒരുവന് എങ്ങനെ വേണമെങ്കിലും ജീവിക്കാം. സ്വാർത്ഥമതിയായി ജീവിക്കാം. ഭൗതിക ആഗ്രഹങ്ങളോടെ ജീവിക്കാം. ഭൂരിഭാഗവും ഭൗതിക ചിന്തകളിൽ ജീവിക്കുന്നു. എന്നാൽ അതിന്റെ വില കർമ്മഫലത്തിൽക്കൂടി കൊടുക്കേണ്ടി വരുമെന്നു ഹിന്ദു മതം വിശ്വസിക്കുന്നു. ആദ്ധ്യാത്മിക ചിന്തകളിൽ ജീവിക്കാം. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാം. ദൈവികമായ ആത്മം നമ്മുടെ ഉള്ളിൽ തന്നെയുണ്ടെന്നും വിശ്വസിക്കാം. അങ്ങനെ ഒരുവൻ ഏതു വിധത്തിലും ദൈവത്തെ തേടുന്നതിൽ സ്വാതന്ത്ര്യം അനുഭവിക്കുന്നു. നമുക്ക് ഒരു ജീവിതമേയുള്ളൂവെന്ന് ചിന്തിച്ചു സുഖിച്ചു ജീവിക്കാം. ഇന്നുള്ള ജീവിതം അടുത്ത ജന്മത്തിനായുള്ള തയ്യാറെടുപ്പെന്ന ധാരണയിലും ജീവിക്കാം. ശരിയായ ജീവിതത്തിനും അവകാശമുണ്ട്. തെറ്റായ ജീവിതത്തിനും അവകാശമുണ്ട്. അന്ധകാരവും പ്രകാശവും നിറഞ്ഞ ജീവിതം നയിക്കാൻ അവകാശമുണ്ട്. ഇതെല്ലാം ദൈവം മനുഷ്യന് നൽകിയിട്ടുള്ള അവസരങ്ങളാണ്. ദൈവത്തിനു പോലും ഉയർന്ന സമതലങ്ങളിൽ സഞ്ചരിച്ചു അഭിവൃത്തിനേടാമെന്നും പറയുന്നു. ഭൂമിയിൽ മനുഷ്യനായി ജനിച്ചു ധർമ്മം പ്രായോഗികമാക്കാമെന്നും വിശ്വസിക്കുന്നു.
സനാതന ധർമ്മം എല്ലാ മനുഷ്യ ജാതികൾക്കും സകല ജീവജാലങ്ങൾക്കും വൃക്ഷലതാതികൾക്കും പ്രകൃതിയ്ക്കും തുല്യമായുള്ളതാണ്. പഞ്ച ഭൂതങ്ങളടങ്ങിയ ഈ മണ്ണിനും ഭൂമിക്കും സനാതന ധർമ്മത്തിൽ പങ്കുണ്ട്. ധർമ്മം മാർഗ്ഗദീപമായിക്കൊണ്ട് സന്മാർഗ നിയമങ്ങളെയും കാത്തു സൂക്ഷിക്കുന്നു. സനാതന ധർമ്മങ്ങളെ ചിലർ മതത്തിന്റെ നിയമങ്ങളായും തെറ്റി ധരിക്കുന്നുണ്ട്. ലോകത്തിന്റെ നിലനിൽപ്പിനെ തന്നെ കാത്തു സൂക്ഷിക്കുകയെന്നതാണ് ധർമ്മത്തിന്റെ ജോലി. നാം അധിവസിക്കുന്ന ലോകത്തോടുള്ള കടമകളിൽ സന്മാർഗവും മതവും നമ്മെ നയിക്കുന്ന ഘടകങ്ങൾ മാത്രമാണ്. അതേ സമയം ലോകം നിലനിൽക്കുന്നത് ദൈവത്തിന്റെ പദ്ധതിയായ ധർമ്മത്തിൽ നിന്നാണ്. അതാണ് സനാതനധർമ്മത്തിന്റെ കാതലായ, നിത്യമായ സത്യം.
'അഹം ബ്രഹ്മാസ്മി' യെന്നത് ഹിന്ദുക്കൾ സാധാരണ ഉരുവിടുന്ന ഒരു ശ്ലോകമാണ്. സനാതന ധർമ്മം മുഴുവനായി ഉൾക്കൊണ്ടുവെന്നാണ് അതിന്റെ അർത്ഥം. 'സകല ചരാചരങ്ങളും ഞാനാകുന്നു. ഞാനാകുന്നു ബ്രഹ്മമെന്ന്' പൂർണ്ണമായി അവൻ വിളിച്ചുപറയുകയാണ്. ജനന മരണത്തിൽ നിന്നും രക്ഷ തേടി സ്വർഗ്ഗമുണ്ടോയെന്നു ഒരു സനാതനിയോടു ചോദിച്ചാൽ ഇല്ലായെന്ന് ഉത്തരം പറയും. സ്വർഗ്ഗമെന്നതു സങ്കൽപ്പമെന്നും അങ്ങനെയൊന്നു ഇല്ലെന്നും സനാതനി അവകാശപ്പെടും. പരിപൂർണ്ണ സ്വതന്ത്രമായ ഒരു ആനന്ദം അയാൾ അനുഭവിക്കുന്നു. ജ്ഞാനം അവൻ കരസ്ഥമാക്കിയത് പലതരം കടമ്പകൾ കടന്നായിരുന്നു. സനാതനി പഞ്ചഭൂതങ്ങൾക്ക് സാക്ഷിയെന്നു പറയുന്നു. അവന്റെ ആരംഭത്തെപ്പറ്റിയും അവിടേക്കുള്ള മടക്ക യാത്രയെപ്പറ്റിയും വിചിന്തനം ചെയ്യുന്നുമുണ്ട്. ലോകത്തിന്റെ ഊർജവും ബ്രഹ്മവും താനാണെന്നു സനാതനി വിശ്വസിക്കുന്നു.
സനാതന ധർമ്മം എന്തെന്ന് ഭാരതത്തിലെ ഋഷിമാർ ആത്മാന്വേഷണത്തിലൂടെ കണ്ടെത്തിയതാണ്. ഇത് ഓരോ മനുഷ്യനും അനുഭവിച്ചറിയേണ്ട ജ്ഞാനമാണ്. സനാതനം എന്നത് മനുഷ്യ മനസുകളിൽ അനുഭൂതികൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ഭീമൻ കോട്ടയാണ്. അനുഭൂതികൾ നാം സ്വയം അനുഭവിച്ചു തന്നെ അറിയണം. ഇത് നീണ്ട ഒരു ആത്മീയ അന്വേഷണവുമാണ്. നാം എവിടെനിന്നു വന്നുവോ അവിടേക്കുള്ള ഒരു മടക്ക യാത്ര. ആ യാത്രയിൽ നിതാന്തമായ ധ്യാനത്തിൽ ഏർപ്പെടേണ്ടതായി ഉണ്ട്. സകല വേദനകളും ദുഃഖങ്ങളും വെടിയണം. മനസ് പൂർണ്ണമായും ശാന്തി നേടണം. അശാന്തിയിൽക്കൂടി സനാതനത്തിലേക്കുള്ള യാത്ര സാധിക്കില്ല.
കണ്ണടച്ച് ഏകാന്തമായി നമ്മെ തന്നെ ദർശിക്കാൻ ശ്രമിക്കുമ്പോൾ നാം വന്നത് അമ്മയുടെ ഉദരത്തിൽ നിന്ന് ഉത്തരം കിട്ടും. അവിടെയാണ് നമ്മുടെ യാത്രയുടെ തുടക്കം. അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് പുറത്തു വന്നപ്പോഴുള്ള വേദനകളും പുറത്തു വരുവാനുള്ള ശ്രമങ്ങളും യാത്രയുടെ തുടക്കത്തിലുണ്ടായിരുന്നു. അങ്ങനെയാകട്ടെ! ചോദ്യങ്ങൾ പിന്നെയും മനസ്സിൽ പൊന്തിവരും. അമ്മയുടെ ഗർഭപാത്രത്തിൽ എത്തുന്നതിനു മുമ്പ് ഞാന്‍ എവിടെയായിരുന്നു? അമ്മയുടെ വയറ്റിലേക്ക് എങ്ങനെയാണ് ഞാൻ എത്തപ്പെട്ടത്? മനസാകുന്ന സഞ്ചാരവീഥിയിൽക്കൂടി സഞ്ചരിക്കുമ്പോൾ അതിനും നമുക്ക് ഉത്തരം കണ്ടുപിടിക്കാൻ സാധിക്കും. 'നീ നിന്‍റെ പിതാവിന്‍റെ ശരീരത്തിലായിരുന്നു. ജലരൂപേന ശുക്ലമായി മാതാവിന്‍റെ ഉദരത്തില്‍ നീ പതിച്ചു. അത് വളര്‍ന്നാണ് നീ മാതാവിന്‍റെ പൂര്‍ണ്ണ ഗര്‍ഭത്തിലെത്തിയത്. നിന്റെ പിതാവിന്റെ ജലരൂപമുള്ള ശുക്ലത്തിൽ നിന്ന് നീ ആയവൻ നിന്റെ മാതാവിന്റെ ഉദരത്തിൽ വന്നു. നീ സൂക്ഷ്മ കണികയായ ഒരു പരമാണുവായി നിന്റെ പിതാവിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. ആത്മീയാന്വേഷിയുടെ ചോദ്യങ്ങൾ അവിടെ അവസാനിക്കുന്നില്ല. 'ഞാൻ എങ്ങനെ ജലകണങ്ങളായി എന്റെ പിതാവിന്റെ ശുക്ലത്തിൽ അനുവാദം കൂടാതെ വലിഞ്ഞു കയറി? എന്റെ ഈ യാത്രയുടെ അന്വേഷണം വീണ്ടും തുടരുകയാണ്. 'ഞാൻ' എന്ന വ്യക്തിയെ തേടി പുറപ്പെട്ട ഞാൻ പുറകോട്ടാണ് യാത്ര ചെയ്യുന്നത്.
എന്റെ അച്ഛൻ കഴിച്ച ഭക്ഷണത്തിൽ ഞാനുണ്ടായിരുന്നു. അച്ഛൻ കഴിച്ച ഭക്ഷണം രക്തമായി മാറി. ആ രക്തത്തിൽ ഞാനുണ്ടായിരുന്നു. രക്തം ശുക്ലമായപ്പോൾ എന്റെ വാസസ്ഥലം അവിടെയായി. ഞാനുണ്ടായിരുന്ന അച്ഛൻ കഴിച്ച ഭക്ഷണം ഏതെന്ന് എനിക്ക് അറിഞ്ഞുകൂടാ. അച്ഛൻ കഴിച്ച ഭക്ഷണം ഏതെങ്കിലും കായ്കനികളാകാം. അപ്പോൾ ഞാൻ ഈ പ്രകൃതിയുടെ ഭാഗമായി സസ്യ വൃക്ഷ ലതാതികളിലുണ്ടായിരുന്നു. ഞാൻ ഈ സസ്യങ്ങളിൽ ഏതെങ്കിലും ഒന്നിലുണ്ടായിരുന്നുവോ!; സസ്യം വലിച്ചെടുത്ത ജല കണികളിലായിരുന്നുവോ ഞാൻ? അങ്ങനെയെങ്കിൽ എന്റെ ജീവന്റെ കണികയുമായുള്ള യാത്ര വെള്ളത്തിൽ നിന്നോ? വെള്ളം ഭൂമിയിൽ നിന്നുമാണ് ഉണ്ടായത്. ഭൂമി പഞ്ചഭൂതങ്ങളാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഞാൻ ഈ പഞ്ച ഭൂതങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ ജന്മ ജന്മാന്തരങ്ങളിൽക്കൂടിയായിരിക്കാം. ഈ മനുഷ്യ ജന്മം ഉദയം ചെയ്യുന്നതിനു മുമ്പ് ഞാൻ പട്ടിയിലും പൂച്ചയിലും പശുവിലും വസിച്ചിരുന്നിരിക്കാം.
ഒരിക്കൽ പഞ്ചഭൂതങ്ങളടങ്ങിയ ഈ ശരീരം മണ്ണിനോട് അടിഞ്ഞുകൂടും. വീണ്ടുമത് ജലകണങ്ങളിൽക്കൂടി മറ്റൊരു ശരീരത്തിന് രൂപം നൽകും. ഈ യാത്രക്കിടയിൽ നാം ചെയ്തു കൂട്ടുന്ന പാപങ്ങളെയും ക്രൂരതകളെയും തിരിച്ചറിയുമ്പോൾ നമ്മെ തന്നെ അവിടെ പരിശുദ്ധമാക്കുകയാണ്. നമ്മിലൊരു ജ്ഞാനോദയം ഉണ്ടാവുകയാണ്. സനാതന ധർമ്മത്തിന്റെ ബാലപാഠം അവിടെ തിരിച്ചറിയുന്നു.
നാം ജല കണങ്ങളിൽ അലിഞ്ഞിരുന്ന കാലത്ത് ഈ പ്രകൃതിയും വൃക്ഷങ്ങളും പഴവർഗങ്ങളും ജീവജാലങ്ങളും നമുക്ക് ഭക്ഷണം തന്നിരിക്കാം. നാം അമ്മയുടെ വയറ്റിൽ വരുന്നതിനുമുമ്പ് നമ്മുടെ വാസസ്ഥലം സുന്ദരമായ ഈ പ്രകൃതിയിൽ അലിഞ്ഞിരുപ്പുണ്ടായിരുന്നു. നമുക്ക് ഭക്ഷണവും സ്നേഹവും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച് നല്കുന്നുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം അമ്മയെ സ്നേഹിക്കുന്നപോലെ നമ്മുടെ ഋഷിവര്യന്മാർ പ്രകൃതിയെയും സ്നേഹിച്ചിരുന്നത്. പുഴകളെയും മലകളെയും ജീവജാലങ്ങൾ വരെയും അവർ കൈകൂപ്പി വന്ദിച്ചിരുന്നു. അത് ആത്മീയതയുടെ ഒരു അനുഭവവും സനാതനത്തെ തിരിച്ചറിയലുമായിരുന്നു. ഈശ്വരൻ കൽപ്പിച്ച പ്രകൃതിയുടെ ധർമ്മം സ്നേഹത്തിന്റെ രൂപേണ നാം തിരിച്ചറിയുമ്പോൾ സനാതന ധർമ്മം അവിടെ അനുഭവിക്കുകയാണ്. ഈ ലോകത്തുതന്നെ പഞ്ചഭൂതങ്ങളിൽ നാം ലയിക്കും. എല്ലാം എന്റേതു തന്നെയെന്ന് നാം ചിന്തിക്കുന്നുണ്ടെങ്കിൽ സർവ്വതും വെട്ടി പിടിച്ച് കീർത്തിമാനാകാൻ എന്തിനാഗ്രഹിക്കുന്നു. ഈ അറിവില്ലായ്‍മ തിരിച്ചറിയുന്നുവെങ്കിൽ സനാതനം അവിടെ നമ്മെ ആശ്ലേഷിക്കുന്നു.
സനാതനത്തിൽ ജാതിയില്ല, മതമില്ല. മനുഷ്യനെ ഒന്നായി കാണുന്നു. ഒരു മനുഷ്യനുള്ളതുപോലെ ഇഴഞ്ഞു നടക്കുന്ന ജീവികൾക്കും തുല്യമായ അവകാശങ്ങളുണ്ട്. എനിക്കു മാത്രം സുഖിക്കാനുള്ളതെന്ന ചിന്ത വരുന്നുവെങ്കിൽ അത് സ്വാർത്ഥതയാണ്. അസുരമാണ്. സ്വാർത്ഥത കൈവെടിഞ്ഞുള്ള അനുഭവ ജ്ഞാനവും സനാതന ധർമ്മമാണ്. ജീവനും ജീവനില്ലാത്ത വസ്തുക്കളിലും ദൈവത്തിന്റെ അംശമുണ്ട്. ചേതനകളും അചേതനങ്ങളുമായ സകലതും സൃഷ്ടിയുടെ പൂർത്തികരണമാണ്. ദൈവത്തിന്റെ നിത്യമായ ധർമ്മം പുഴുക്കൾ തൊട്ടു മനുഷ്യർ വരെ മുറിയാതെ തുടർന്നുകൊണ്ടിരിക്കും. കാലഭേദങ്ങളെയും അതിക്രമിച്ച് ധർമ്മം നിലനിർത്തിക്കൊണ്ടു പോവും.
സംസ്കൃതത്തിൽ ഒരു ചൊല്ലുണ്ട്, 'ധര്‍മ്മോ രക്ഷതി രക്ഷിതഃ'- ധര്‍മ്മം പാലിക്കുന്നവരെ ധര്‍മ്മവും പരിപാലിക്കും. സംസ്കൃതത്തിലെ 'ധർമ്മ'ത്തിന് തുല്യമായ ഒരു പദം മറ്റൊരു ഭാഷയിലില്ല. ഭാരതത്തിന്റെ പാരമ്പര്യമനുസരിച്ച് ആ വാക്കിൽ അനേകം അർത്ഥങ്ങൾ ധ്വാനിച്ചിരിക്കുന്നത് കാണാം. പ്രകൃതി അനുഗ്രഹിച്ച പ്രവർത്തനങ്ങളും ഉന്‍മുഖതകളും ധർമ്മത്തിന്റെ വ്യാപ്തിയിൽ അടങ്ങിയിരിക്കുന്നു. ധർമ്മം സൃഷ്ടിയിലെ എല്ലാ ജീവജാലങ്ങൾക്കും ബാധകമാണ്. തിന്നുക, പ്രജനനംചെയ്യപ്പെടുക, മനുഷ്യനോട് സൗഹാർദ്ദമായിരിക്കുക എന്നിങ്ങനെ ഒരു നായയുടെ ധർമ്മമായി കരുതുന്നു. ഭയത്തിൽനിന്നും അത് കുരയ്ക്കുകയും കടിക്കുകയും മറ്റു നായകളോട് മല്ലിടുകയും ചെയ്യുന്നു. അത് പ്രകൃതി നിശ്ചയിച്ചിരിക്കുന്ന നായുടെ ധർമമാണ്. ഒരു പാമ്പിന്റെ ധർമ്മം ഇഴയുക, ഇരുണ്ട സ്ഥലങ്ങളിൽ വസിക്കുക, പല്ലിൽ വിഷം നിറയ്ക്കുക, അതിനെ ഉപദ്രവിക്കുന്നവരെ കടിക്കുകയെന്നതാണ്. മൃഗങ്ങളെ സംബന്ധിച്ച് ധർമ്മം സൃഷ്ടിയോടനുബന്ധിച്ചു തന്നെയുണ്ട്. പ്രകൃതി നിശ്ചയിച്ചതുപോലെ അവകൾ ജീവിക്കുന്നു. ഭക്ഷിക്കാനും പ്രകൃതിയോട് മല്ലിട്ട് അവകൾ ജീവിക്കുന്നു. അവയ്ക്കു ബുദ്ധിയുടെ അഭാവത്താൽ പ്രകൃതിയുടെ ധർമ്മമനുസരിച്ച് ജീവിക്കേണ്ടതായുണ്ട്.
മനുഷ്യനെ സംബന്ധിച്ചുള്ള ധാർമ്മിക നിയമങ്ങൾ മറ്റുള്ളവരെ സഹായിക്കുകയും ധർമ്മം നടപ്പാക്കുന്നതിനുള്ള ദൈവിക നിയമങ്ങൾ പാലിക്കുകയെന്നതുമാണ്. തിന്മയിൽ നിന്നും മറ്റുള്ളവരെ സംരക്ഷിക്കുകയും ലോകത്ത് നീതി നടപ്പാക്കുകയെന്നതും നിയതി നിശ്ചയിച്ച ധർമ്മമാണ്. പ്രകൃതി അനുഗ്രഹിച്ചു തന്ന വിവേകവും ജ്ഞാനവുമുള്ള മനുഷ്യനിൽ മൃഗീയത ഒരിക്കലും പാടില്ല. മനുഷ്യനെന്നു പറയുന്നത് യുക്തി ബോധമുള്ളവരെയും കാര്യ കാരണ സഹിതം ചിന്തിക്കാൻ കഴിവു പ്രകടിപ്പിക്കുന്നവരെയുമാണ്. പ്രകൃതി അനുഗ്രഹിച്ചു നൽകിയ വിശേഷ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തി ജീവിക്കുകയെന്നതാണ് മനുഷ്യനു ലഭിച്ച സനാതനമായ ധർമ്മം. നമ്മിലുള്ള സ്വാഭാവികമായ മൃഗീയതയെ നിയന്ത്രിക്കുകയും വേണം. ഒരു ധാർമ്മികനായ മനുഷ്യൻ തന്നെ ആശ്രയിച്ചു ജീവിക്കുന്നവരെ സംരക്ഷിക്കുകയും തീറ്റി പോറ്റുകയും ചെയ്യും. ചുറ്റുമുള്ള സമൂഹത്തോടും ഈ ലോകത്തോടു തന്നെയും സനാതനത്വത്തിന്റെ കടപ്പാടുകളുമുണ്ട്.
ലോകത്തുള്ള എല്ലാ മതങ്ങളെയും അവലോകനം ചെയ്യുകയാണെങ്കിൽ സ്വർഗ്ഗമെന്ന സങ്കൽപ്പത്തിൽ വിശ്വസിക്കണമെന്നത് ഒരു പൊതുവായ തത്ത്വമാണെന്നു കാണാം. സ്വർഗം പ്രാപിക്കാനുള്ള ആചാരങ്ങളും അനുഷ്ഠിക്കേണ്ടതായുണ്ട്. സ്വർഗ്ഗത്തിലുള്ള ദൈവത്തെ പ്രാപിക്കാൻ കഠിനമായ വ്രതങ്ങളും പ്രാർത്ഥനകളും വേണം. ദൈവത്തെ പ്രീതിപ്പെടുത്താൻ നന്മ ചെയ്യാനും ഉപദേശിക്കും. ഓരോ മതക്കാർക്കും അവരുടേതായ രീതിയിൽ ആദ്ധ്യാത്മിക കടമകളുമുണ്ട്. സന്മാർഗ നിരതനായി ജീവിക്കാനും ഉപദേശിക്കും. തിന്മകളെയും അസന്മാർഗിക ജീവിതത്തെയും നിയന്ത്രിക്കാനും പഠിപ്പിക്കും. ഭാഷകൾക്കു വ്യത്യാസമുണ്ടെങ്കിലും എല്ലാ മതങ്ങളും ഒന്നുതന്നെ പഠിപ്പിക്കുന്നതെന്നും കാണാം. പൗരാണിക കാലങ്ങളിൽ ആദർശപരമായ ഒരു ജീവിതം നയിക്കാനായിരുന്നു മതങ്ങൾ നിഷ്ക്കർഷിരുന്നത്. മതപരമായ കടമകൾ ധർമ്മവുമായി ബന്ധിപ്പിച്ചിരുന്നു. അതേ പാരമ്പര്യം അനുസരിച്ച് ജൈനന്മാർ ജൈന ധർമ്മമെന്നും ബുദ്ധന്മാർ ബുദ്ധ ധർമ്മമെന്നും പഠിപ്പിച്ചു.
ഓരോ മതങ്ങളും അവരവരുടെ ധർമ്മമാണ് മെച്ചമെന്നുള്ള വാദഗതികൾ കൊണ്ടുവരും. സനാതന ധർമ്മത്തിലെ ചിന്തകൾക്കും അതിന്റേതായ വിലയുണ്ട്. സനാതനത്തിൽ എല്ലാ കടമകളും ദൈവത്തിൽ നിന്ന് പ്രവഹിക്കുന്നു. അതുപോലെ ധർമ്മവും. ഓരോ ധർമ്മത്തിനും അതിന്റേതായ ലക്ഷ്യവുമുണ്ട്. ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളും ദൈവത്തിന്റെ അനന്തമായ ധർമ്മത്തിനെ പ്രതിനിധാനം ചെയ്യുന്നു. മറ്റുള്ളവരെ ദുഷിച്ചു സംസാരിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ടതായുണ്ട്. അവരുടെ വിശ്വാസങ്ങളെ തരം താഴ്ത്തുന്നതും അധർമ്മമാണ്. നമുക്കുള്ള കടമകൾ തുല്യമല്ലെങ്കിലും ദൈവത്തിൽ നിന്ന് ധർമ്മങ്ങൾ പ്രവഹിക്കുന്നതുകൊണ്ടു ഓരോ കടമകളും പരിശുദ്ധമാണ്. നമ്മുടെ പ്രവർത്തനങ്ങൾ സ്വാർത്ഥതയില്ലാതെ മരണം വരെ ചെയ്യുന്നില്ലെങ്കിൽ നമ്മൾ ദൈവത്തോടുള്ള കടമകൾ പൂർത്തികരിക്കുന്നില്ലെന്ന് ഗൗനിക്കേണ്ടി വരും. തിന്മയിലൂടെയുള്ള കർമ്മങ്ങളുടെ പരിണിത ഫലങ്ങൾ അനുഭവിക്കാനും ഇടയാകും.
മൃഗങ്ങളുടെ പ്രവർത്തന മണ്ഡലങ്ങൾ പ്രകൃതി നിശ്ചയിച്ചിട്ടുള്ളതാണ്. മനുഷ്യനുള്ളതുപോലെ അവർക്ക് കർമ്മം ഇല്ല. മൃഗങ്ങൾക്ക് ബുദ്ധിയില്ലാത്തതുകൊണ്ടു നന്മയോ തിന്മയോ ആവാം. മനുഷ്യനെ സംബന്ധിച്ച ഏറ്റവും വലിയ ധർമ്മം എന്തായിരിക്കും? സനാതനത്തിൽ അങ്ങനെയൊരു തിരിച്ചു വ്യത്യാസമില്ല. സനാതനമനുസരിച്ച് ഓരോരുത്തർക്കും കടമകളുണ്ട്. കടമകൾ നമുക്കുവേണ്ടിയും കുടുംബത്തിനായും ആയിരിക്കണം. കടമകൾ നമ്മുടെ സമൂഹത്തിനും പൂർവികർക്കും ആയിരിക്കണം. നമ്മിൽ തന്നെ സമാധാനവും ദൃഢതയും പുലർത്തുന്നതിനാണ് ഈ കടമകൾ നിർവഹിക്കേണ്ടത്. കൂടെ മറ്റുള്ളവർക്കും ലോകത്തിനു പൊതുവായും നമ്മാൽ കഴിയുന്നതും ചെയ്യേണ്ടിയിരിക്കുന്നു. അതാണ് സനാതന ധർമ്മം നിഷ്ക്കർഷിക്കുന്നത്.
ധർമ്മം കാത്തു സൂക്ഷിക്കുന്നതും പ്രപഞ്ചം നിയന്ത്രിക്കുന്നതും ഈശ്വരനാണ്. അഗ്നി ആളിക്കത്തുന്നതും കാറ്റടിക്കുന്നതും വെള്ളം ഒഴുകുന്നതും ജലപ്രളയവും ദൈവിക ധർമ്മം മാത്രമാണ്. ജീവ ജാലങ്ങളുടെമേൽ ധർമ്മത്തിന്റെ നിയമങ്ങൾ ഈശ്വരൻ പ്രാബല്യത്തിലാക്കുന്നു. ഓരോരുത്തരുടെയും പ്രകൃതിയാൽ ഉള്ള കഴിവുകളനുസരിച്ച് കർമ്മങ്ങൾ അനുഷ്ഠിക്കാൻ നിർദ്ദേശിക്കുന്നു. ലോകം അരാജകത്വമാകുമ്പോൾ നിയമ വ്യവസ്ഥ തകരുമ്പോൾ സാക്ഷാൽ ഈശ്വരൻ തന്നെ ഭൂമിയിൽ ഭഗവാന്റെ രൂപത്തിൽ രൂപം പ്രാപിക്കുന്നു. ധർമ്മവും നമ്മുടെ ജനന കാലങ്ങൾ അനുസരിച്ചും നാം ജീവിക്കുന്ന സാഹചര്യങ്ങൾ അനുസരിച്ചും നമ്മുടെ തൊഴിലനുസരിച്ചും പിന്തുടരുന്നു. നമുക്ക് പ്രകൃതിയാൽ തന്നിരിക്കുന്ന കഴിവുകളനുസരിച്ചു നമ്മുടെ തൊഴിലുകൾ തിരഞ്ഞെടുക്കുന്നതും ഉത്തമമായിരിക്കും. എന്തുതന്നെ തൊഴിലുകളാണെങ്കിലും നമുക്ക് ചെയ്യാൻ കഴിവില്ലെങ്കിലും നമ്മളാൽ കഴിയുന്നപോലെ ആത്മാർത്ഥമായും കാര്യ ഗൗരവത്തോടെയും സമർപ്പണ ബോധത്തോടെയും ഉത്തരവാദിത്ത ബോധത്തോടെയും ചെയ്യാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. അത് ദൈവത്തിനുള്ള സമർപ്പണവും ഉപഹാരവുമാണ്.
ഒരു വ്യക്തിയെന്ന നിലയിൽ നാം ഓരോരുത്തരും ഈ പ്രപഞ്ചത്തിലെ കോർത്തിണക്കപ്പെട്ട ഓരോ കണ്ണികളാണ്. നമ്മുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരും ലോകം തന്നെയും സഹിക്കുന്നു. നാം എന്തു മതം തന്നെ പിന്തുടർന്നാലും, വ്യത്യസ്തങ്ങളായ തത്ത്വചിന്തകൾ പുലർത്തുന്നവരാണെങ്കിലും പ്രകൃതി ധർമ്മങ്ങളായ സമാധാനവും സഹവർത്തിത്വവും പാലിക്കുന്നുണ്ടോയെന്നു ചിന്തിക്കേണ്ടതായുണ്ട്. നമുക്കും മറ്റുള്ളവർക്കും നാം ഉപദ്രവമാകരുത്. ഭഗവദ് ഗീതയനുസരിച്ച് ഒരു യോഗി മറ്റുള്ളവർക്ക് ശല്യമോ അല്ലെങ്കിൽ മറ്റുള്ളവർ യോഗിക്കു ശല്യമോ ആവില്ല. അന്യരെ നിയന്ത്രിക്കാതെ യോഗി സമാധാനമായി ജീവിക്കുന്നു. എല്ലാവർക്കും സമാധാനം വാഗ്ദാനം ചെയ്യും. അങ്ങനെയുള്ളവരാണ് യഥാർത്ഥ യോഗി. യോഗായുടെ ലക്ഷ്യവും അതു തന്നെയാണ്. 'നീ സമാധാനമുള്ളവനെങ്കിൽ മറ്റുളളവരോടൊപ്പം ഐക്യബോധത്തോടെ ജീവിക്കുന്നുവെങ്കിൽ നമ്മുടെ ജീവിതത്തിലും ചുറ്റുപാടും നന്മ മാത്രം നടപ്പാക്കുന്നുവെങ്കിൽ നീ ആദ്ധ്യാത്മികതയിലേക്കുള്ള വഴിയിൽ നിന്റെ ധർമ്മം കാത്തു പരിപാലിക്കുന്നുണ്ടെന്നു കരുതണം'. നാം ആരാധിക്കുന്ന ദൈവം നമ്മോടു കൂടിയും നമ്മെ പ്രീതിപ്പെടുത്തുകയും ചെയ്യും. നമ്മുടെ പ്രാർത്ഥനകളിലുള്ള ആവശ്യങ്ങൾ പരിഗണിക്കുകയും ചെയ്യും.
ധർമ്മം പരിപാലിക്കാൻ നമ്മുടെ മൃഗീയ ആഗ്രഹങ്ങളെ നിയന്ത്രിക്കേണ്ടതായുണ്ട്. നാം സ്വയം ആരെന്നു മനസിലാക്കണം. നാം ശരീരവുമല്ല മനസുമല്ല നിത്യമായ ആത്മമാണ്. ജീവിത ചക്രവാളത്തിൽ കഠിനമായ പ്രയത്നത്തോടെ ആത്മത്തെ കണ്ടെത്തുന്നു. നാം സ്നേഹിക്കുന്ന ദൈവനിശ്ചിതമായ കർമ്മങ്ങൾ അനുഷ്ഠിക്കുക, ജീവിതം തന്നെ ദൈവത്തിനു കാഴ്ച വെക്കുക, സർവ്വതും പരിത്യജിക്കുക മുതലായാവകൾ ഒരു സനാതനി അനുഷ്ഠിക്കുന്നു. എങ്കിൽ വൈകാരിക തലത്തിൽ നാം കൂടുതൽ ദൃഢമായ മനസ്സും സമാധാനവും പ്രാപിക്കും. തെറ്റിനെ ഇല്ലാതാക്കി നന്മയുടെ സത്തയെ പ്രാപിക്കുമെങ്കിൽ നമുക്ക് ആദ്ധ്യാത്മികതയെ പരിപോഷിപ്പിക്കാൻ സാധിക്കും. മറ്റുള്ള ജീവജാലങ്ങളോടു കാരുണ്യവും അഹിംസയും പുലർത്തുക. അധാർമ്മികമായ ചിന്തകളെ മനസ്സിൽ നിന്നും ദൂരീകരിക്കുക. അതിനായി ധ്യാനവും യോഗയും പരിശീലിക്കണം. എങ്കിൽ നിന്നിൽ തന്നെ സമാധാനം കൈവരിക്കും. നിന്റെ ദൈവങ്ങളെ ഉപബോധ മണ്ഡലത്തിൽ പ്രതിഷ്ഠിച്ചു ആരാധിക്കുക. നാം കടമകൾ ചെയ്യുമ്പോൾ മറ്റുള്ളവരിൽ നിന്നും പ്രതിഫലം ഇച്ഛിക്കരുത്. നമ്മുടെ കടമകൾ പൂർത്തികരിക്കുകയും വേണം. നമ്മുടെ മനസിനെ സാക്ഷത്തായ ആദ്ധ്യാത്മിക ചിന്തകൾ കൊണ്ട് നിറയ്ക്കണം. നല്ലതു മാത്രം സംസാരിക്കുക, നല്ല ചിന്തകളും നല്ല പ്രവൃത്തികളും മാത്രം അനുഷ്ഠിക്കുക. ഇതൊന്നുമില്ലാതെ ഒരു ഹിന്ദു സനാതനിയെന്നു പറഞ്ഞാൽ അയാൾ നുണ പറയുന്നുവെന്നു കരുതിയാൽ മതി.
സനാതനം ഒരു മതമല്ലന്നു നാം കണ്ടുകഴിഞ്ഞു. യുക്തികൾ നിറഞ്ഞ ധാർമ്മിക ചിന്തകൾ സനാതനത്തെ പവിത്രീകരിച്ചിരിക്കുന്നു. മതങ്ങളിൽ അടങ്ങിയിരിക്കുന്ന വിശ്വാസമല്ല സനാതന ധർമ്മത്തെ നയിക്കുന്നത്. ദൈവത്തെ കൂടുതൽ അറിയുകയും സനാതനിയാകാൻ അറിവ് തേടുകയെന്നുമാണ് പഠിപ്പിക്കുന്നത്. ദൈവമെന്ന വിശ്വാസത്തിൽ മതം നമ്മെ ഭയത്തിനടിമയാക്കുന്നു. എന്നാൽ ജ്ഞാനിയായ ഒരുവൻ ദൈവത്തെ ഭയപ്പെടുന്നില്ല. സനാതനിയെന്നാൽ ജ്ഞാനം നിറഞ്ഞവനെന്നും കൂടി മനസിലാക്കണം. അറിവുള്ളവർക്ക് മതം കൽപ്പിക്കുന്ന ഭയം ഒരിക്കലും അനുഭവിക്കേണ്ടി വരില്ല. മതങ്ങളെല്ലാം വ്യക്ത്യാധിഷ്ഠിതമായ വിചാര ധാരയിൽ മുഴുകിയിരിക്കുമ്പോൾ സനാതന ധർമ്മം നിതാന്തമായ അനശ്വരതയിൽ നിലകൊള്ളുന്നു. മനുഷ്യരെ പാപികളായി കണക്കാക്കാത്ത ഒരു സംസ്‌കാരമാണ് സനാതന ധർമ്മത്തിനുള്ളത്. എല്ലാവരിലും തുല്യമായി ഈശ്വര ചൈതന്യം പ്രകാശിക്കുന്നുവെന്നും സ്വർഗ്ഗവും നരകവും വിദൂരത്തല്ല മറിച്ചു നമ്മുടെ ഉള്ളിലുണരുന്ന ആന്തരിക ചൈതന്യമാണെന്നും പഠിപ്പിച്ച ഭാരത സംസ്ക്കാരം കൂടിയാണ് സനാതന ധർമ്മം.