Sunday, March 25, 2018

സോണിയ ഗാന്ധിയും ജീവിത രേഖയും രാഷ്ട്രീയവും




ജോസഫ് പടന്നമാക്കൽ 

സോണിയ ഗാന്ധി, 1946 ഡിസംബർ ഒമ്പതാം തിയതി ഇറ്റലിയിൽ ലൂയിസിയാനയിൽ കോണ്ട്രാട  എന്ന ഗ്രാമത്തിൽ ജനിച്ചു. അത് ഇറ്റലിയിലെ വിസെൻസ, വെനെറ്റോയിൽ നിന്നും മുപ്പതു മൈൽ ദൂരത്തായുള്ള പ്രദേശമാണ്. തലമുറകളായി അവരുടെ കുടുംബം ജീവിച്ചിരുന്നതും ആ ഗ്രാമ പ്രദേശത്തായിരുന്നു. മാതാപിതാക്കളായ  സ്‌റ്റെഫാനോ മൈനോയുടെയും പൗലോയുടെയും മൂന്നു പെണ്മക്കളിൽ ഒരാളായിരുന്നു അവർ. പിതാവ് കെട്ടിട നിർമ്മാണ വ്യവസായത്തിൽ ഉപജീവനം നടത്തിയിരുന്നു. വിവാഹിതയാകുന്നതിനു മുമ്പ് അവരെ എഡ്‌വിജ് അന്റോണിയ ആൽബിന മൈനോ എന്നറിയപ്പെട്ടിരുന്നു. ഒരു റോമൻ കത്തോലിക്കാ കുടുംബത്തിലാണ് ജനിച്ചു വളർന്നത്.

പ്രാഥമിക വിദ്യാഭ്യാസം കത്തോലിക്ക സ്‌കൂളിലായിരുന്നു. ട്യൂറിനു സമീപമുള്ള ഓർബസ്സാണോ (Orbassano) എന്ന സ്ഥലത്ത് കൗമാരം കഴിച്ചു കൂട്ടി. 1964-ൽ കെയിംബ്രിഡ്ജിലെ ഒരു ഭാഷാ സ്ഥാപനത്തിൽ ഇംഗ്ലീഷ് പഠിക്കാനാരംഭിച്ചു. പഠനത്തോടൊപ്പം സ്‌കൂളിലെ ട്യൂഷൻ ഫീ കൊടുക്കാനായി ഒരു ഗ്രീക്ക് റെസ്റ്റോറന്റിൽ വെയിറ്ററസായി (Waitress) ജോലി ചെയ്തു. അവിടെ വെച്ചാണ് നെഹ്‌റു കുടുംബത്തിലെ ഇളം തലമുറക്കാരനായ രജീവ് ഗാന്ധിയെ കണ്ടുമുട്ടിയത്. കെയിംബ്രിഡ്ജ് യുണിവേസിറ്റിയിൽ രജീവ് ഗാന്ധി അന്ന് മെക്കാനിക്കൽ എഞ്ചിനീറിങ്ങിനു പഠിക്കുകയായിരുന്നു. സോണിയയും രജീവും തമ്മിൽ സ്നേഹത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു. ഇന്ത്യയുടെ ദത്തുപുത്രീയായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അമരത്ത് നീണ്ടകാലം അവർ പ്രവർത്തിച്ചുകൊണ്ടിരുന്നു.

രജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും തമ്മിലുള്ള പ്രേമം പൊട്ടിമുളച്ച് അവസാനിച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവിയിലേക്കായിരുന്നു. നിർണ്ണായകമായ കാലഘട്ടത്തിൽ അവർ കോൺഗ്രസിനെ ധീരമായി നയിച്ചു. ഇന്ന് ലോകം അവരെപ്പറ്റി രാഷ്ട്രീയ ജീവിതം മാത്രമല്ല വ്യക്തിപരമായ ജീവിതവും അറിയപ്പെടാത്ത സത്യങ്ങളും വെളിവാക്കികൊണ്ടിരിക്കുന്നു. ഒരു ചെറിയ ഇറ്റാലിയൻ ഗ്രാമത്തിൽനിന്നും ന്യൂ ഡൽഹിയിൽ 10 ജനപത് വരെയുള്ള യാത്രയാണ് അവർക്കു  മുമ്പിലുള്ളത്.

രജീവ് ഗാന്ധി യാദൃച്ഛികമായി കെയിംബ്രിഡ്‌ജിലുള്ള ഗ്രീക്ക് റെസ്റ്റോറന്റിൽ ഒരു ഇറ്റാലിയൻ പെൺകുട്ടിയെ കണ്ടയുടൻ അവളിൽ ആകൃഷ്ടനായി. ആ പെൺകുട്ടി മറ്റാരുമായിരുന്നില്ല, ഭാവിയിൽ' ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ തങ്കത്തിലകം കുറിക്കാൻ വിധിച്ച വിശ്വപ്രസിദ്ധയായ സോണിയാ ഗാന്ധി തന്നെയായിരുന്നു. സദാ പുഞ്ചിരിക്കുന്ന മുഖഭാവമുള്ള രജീവ് ഗാന്ധി, ഗ്രീക്ക് ഹോട്ടൽ ഉടമയായ ചാൾസ് അന്റോണിയോട് ആ പെൺകുട്ടിയെ തനിക്ക് പരിചയപ്പെടുത്തണമെന്നും പറഞ്ഞു. രണ്ടു രാജ്യങ്ങളിൽ ജനിച്ചു വളർന്ന വ്യത്യസ്ത സാമൂഹിക സാംസ്ക്കാരിക പശ്ചാത്തലമുള്ള രജീവും സോണിയയും ജീവിതം ഒന്നായി പങ്കുവെച്ചത് ഈശ്വര സങ്കല്പമോ, വിധിയുടെ തിരുവെഴുത്തോ എങ്ങനെ വേണമെങ്കിലും ചിന്തിക്കാം. സോണിയയുടെയും രജീവിന്റെയും പ്രേമ കഥ അധികമൊന്നും ജനസംസാരമായിരുന്നില്ല. അവരുടെ ഹൃദയങ്ങൾ തമ്മിൽ ഐക്യപ്പെട്ട കൊച്ചു പ്രേമത്തിന്റെ നാൾവഴികൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തന്നെ ഗതി തിരിക്കുന്നതിന് കാരണമായി. രജീവിന്റെയും സോണിയയുടെയും പ്രേമത്തിന്റെ കഥ വൈകാരികത സൃഷ്ടിക്കുന്നതാണ്. ഒരു എഴുത്തുകാരന്റെ പേന വിശ്രമമില്ലാതെ ചലിപ്പിക്കുംവിധം ആവേശവും നൽകും.

സോണിയയും രജീവും  തമ്മിൽ പരസ്പ്പരം കണ്ടുമുട്ടിയ ദിവസം സോണിയ എന്ന സുന്ദരി രജീവിന്റെ മനസ്സിൽ ഒരു സ്വപ്ന മാലാഖയായി മാറിക്കഴിഞ്ഞിരുന്നു. ഉടൻ തന്നെ അവൾക്കുവേണ്ടി ഒരു കടലാസ്സിൽ രജീവ് ഒരു കവിത എഴുതി. ഒരു കുപ്പി വൈനും ഒപ്പം പ്രേമ ലഹരിയിൽ രജീവ് എഴുതിയ കവിതയും ചാൾസ് വഴി സോണിയാക്ക് കൊടുത്തു. പ്രേമത്തിന്റെ മാദകലഹരിയിൽ അടിമപ്പെട്ടിരുന്ന അനുഭവകാലങ്ങളെപ്പറ്റി രജീവ് പറയുമായിരുന്നു, "ഞാൻ ആദ്യമായി സോണിയയേ കണ്ടുമുട്ടിയപ്പോൾ അവൾ എനിക്കുവേണ്ടിയുള്ളവളെന്ന് എന്റെ മനസ് മന്ത്രിച്ചുകൊണ്ടിരുന്നു. കളങ്കമില്ലാത്ത അവളുടെ മനസിനെ എന്റെ ഹൃദയം കീഴ്‌പ്പെടുത്തി. എന്തും തുറന്നു സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നു,  വായാടിയായ അവൾ ഒന്നും മനസ്സിൽ ഒളിച്ചു വെക്കില്ലായിരുന്നു. ഒരു വ്യക്തിയെന്ന നിലയിൽ അവൾ എന്നെ പരിപൂർണ്ണമായും മനസിലാക്കിയിരുന്നു. അവളുടെയും എന്റെയും പാവനമായ  സ്നേഹത്തിനുമുമ്പിൽ ഞാൻ സ്വയം ഒരു സ്വപ്ന തീർത്ഥാടകനായി മാറിക്കഴിഞ്ഞിരുന്നു."

സായം കാലങ്ങളിൽ ഇരുവരും പട്ടണം ചുറ്റി കറങ്ങാൻ പോവുമായിരുന്നു. സത്യജിത്ത് റേയുടെ 'പഥേർ പാഞ്ചാലി'യാണ് അവർ ഒന്നിച്ചു കണ്ട ആദ്യത്തെ സിനിമ. ഒരു സാധാരണക്കാരനെപ്പോലെയാണ്, രജീവ് കെയിംബ്രിഡ്ജിൽ കഴിഞ്ഞതെങ്കിലും മഹത്തായ ഒരു രാഷ്ട്രീയ പാരമ്പര്യത്തിന്റെയും നെഹ്‌റു കുടുംബത്തിന്റെയും പിന്തുടർച്ചക്കാരനായിരുന്ന വസ്തുത കെയിംബ്രിഡ്ജിൽ അധികം പേർക്ക് അറിയില്ലായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പുത്രനായിരുന്ന വിവരവും അടുത്തുള്ളവർക്കു മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. സോണിയയോടുള്ള അത്യാഗാതമായ സ്നേഹം പ്രകടമാക്കിക്കൊണ്ടും തന്റെ ഭാവി വധുവാണെന്നു അറിയിച്ചുകൊണ്ടും രജീവ് അമ്മയ്ക്ക് ഒരു കത്തെഴുതിയിരുന്നു. ഇന്ദിരക്ക് കത്ത് ലഭിക്കുകയും ഇക്കാര്യം അവരുടെ അമ്മായിയായ വിജയ ലക്ഷ്മി പണ്ഡിറ്റുമായി ആലോചിക്കുകയും ചെയ്തു. അതിനുശേഷം ഭാവി മരുമകളെ കാണാനും തീരുമാനിച്ചു.

നെഹൃവിന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള ഒരു പൊതു പ്രദർശനത്തിനു (exhibition) സംബന്ധിക്കാൻ 1965-ൽ ഇന്ദിരാ ഗാന്ധി ഇംഗ്ളണ്ടിലെത്തി. അവിടെ വെച്ച് സോണിയയെ രജീവ് പരിചയപ്പെടുത്തി. അപ്പോഴേക്കും യുവ കമിതാക്കളായ രജീവും സോണിയയും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. തുറന്ന ചിന്താഗതിയുണ്ടായിരുന്ന ഇന്ദിരാഗാന്ധി അവരുടെ ബന്ധത്തിന് തടസം നിന്നില്ല. താൻ എന്തെങ്കിലും അഭിപ്രായം പറയുന്നതിനുമുമ്പ് മറ്റു ബന്ധുജനങ്ങളോടും ആലോചിക്കാനായി സോണിയ ഇന്ത്യ സന്ദർശിക്കണമെന്നും  ആവശ്യപ്പെട്ടു.

ഇന്ദിരാഗാന്ധി സമ്മതിച്ചെങ്കിലും സോണിയയുടെ പിതാവ് മിസ്റ്റർ സ്‌റ്റെഫാനോ മൈനോയ്ക്ക് ഇവരുടെ വിവാഹ കാര്യത്തിൽ ഭയമുണ്ടായിരുന്നു. രജീവിനെ അദ്ദേഹത്തിന് ഇഷ്ടമായിരുന്നെങ്കിലും പ്രബലമായ ഒരു രാഷ്ട്രീയ കുടുംബത്തിലെ അംഗമെന്ന നിലയിലും ഇന്ത്യൻ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ മകനെനെന്ന നിലയിലും രജീവിനെ സോണിയ വിവാഹം കഴിക്കുന്നതിൽ ആ പിതാവിനു ദുഃഖമുണ്ടായിരുന്നു.

രണ്ടു മഹനീയ വ്യക്തികളായ രജീവിന്റെയും സോണിയയുടെയും വിശ്വപ്രേമത്തിനു സാക്ഷ്യം വഹിച്ച കെയിംബ്രിഡ്ജിൽ നിന്നും എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കാതെ 1967-ൽ രജീവ് ഗാന്ധി ഇന്ത്യയിൽ മടങ്ങിയെത്തി. 1968-ൽ സോണിയായ്ക്ക് 21 വയസു തികഞ്ഞപ്പോൾ അവരും രജീവിനൊപ്പം കൂട്ടുകാരിയായി ജീവിക്കാൻ ഇന്ത്യയിൽ എത്തി. രജീവ് കെയിംബ്രിഡ്‌ജിൽ നിന്ന് മടങ്ങി വന്നയുടൻ പൈലറ്റായി ജോലിചെയ്യുകയായിരുന്നു. സോണിയ വിവാഹിതയാകുംമുമ്പ് ബച്ചൻ കുടുംബത്തിലായിരുന്നു താമസിച്ചിരുന്നത്. അതിനിടയിൽ ഇന്ദിര കുടുംബം കല്യാണത്തിനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു. രജീവും സോണിയയും തമ്മിലുള്ള ബന്ധം ഗൗരവപൂർവമായതിനാൽ അവരുടെ വിവാഹം എത്രയും പെട്ടെന്ന് നടത്താൻ തീരുമാനിക്കുകയാണുണ്ടായത്. ബന്ധുക്കളുടെയും മിത്രങ്ങളുടേയുമിടയിൽ വേണ്ടാത്ത കിംവദന്തികളും തുടങ്ങിയിരുന്നു. ഇന്ദിരാ ഗാന്ധി തന്നെ വിവാഹ  ഒരുക്കങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു.

1968 ജനുവരി അവസാനം രജീവും സോണിയയുമായുള്ള വിവാഹ നിശ്ചയവും ഉറപ്പിക്കലും നടന്നു. ന്യൂഡൽഹിയിലുള്ള ബച്ചന്റെ ഭവനത്തിലായിരുന്നു ആഘോഷങ്ങൾ നടന്നത്. പിന്നീട് പ്രധാനമന്ത്രിയുടെ വീടിനു പുറകിലായി ഔദ്യോഗികമായ വിവാഹവും നടന്നു. രാഷ്ട്രീയത്തിലെയും വ്യവസായത്തിലെയും പ്രമുഖരായ അനേകമാളുകൾ വിവാഹ ചടങ്ങുകളിൽ പങ്കുകൊള്ളാൻ വന്നിരുന്നു. ആഘോഷങ്ങളെ അപ്പോഴപ്പോൾ വാർത്തകളാക്കാൻ പത്രപ്രവർത്തകരുടെ തിക്കും തിരക്കും വളരെയധികമായിരുന്നു. പിറ്റേദിവസം ഹൈദ്രബാദ് ഹൌസിൽ വലിയ തോതിലുള്ള സദ്യയും വിവാഹത്തോടനുബന്ധിച്ചുള്ള ആചാരങ്ങളും പാട്ടുകച്ചേരി സഹിതമുള്ള ആഘോഷങ്ങളുമുണ്ടായിരുന്നു.

രാഷ്ട്രീയത്തിൽ ഇടപെടാതെ ഒരു കുടുംബനാഥനായി രജീവ് ഗാന്ധി ഒതുങ്ങി കഴിയുകയായിരുന്നു. 1970 ജൂൺ പത്തൊമ്പതാം തിയതി ഈ ദമ്പതികൾക്ക് രാഹുൽ ഗാന്ധിയുണ്ടായി. പ്രിയങ്ക 1972 ജനുവരി പന്ത്രണ്ടാം തിയതിയും ജനിച്ചു. സോണിയ ഒരു വീട്ടമ്മയായി കഴിഞ്ഞുകൂടി. തന്റെ ഭർത്താവ് രജീവ് ഒരിക്കലും രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ അവർ ആഗ്രഹക്കുന്നില്ലായിരുന്നു. രജീവിനും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ  താല്പര്യമില്ലായിരുന്നു. താനൊരിക്കലും രാഷ്ട്രീയത്തിൽ പ്രവർത്തിക്കില്ലെന്ന് രജീവ് സോണിയാക്ക് വാക്കു കൊടുത്തിരുന്നു.

രാഷ്ട്രീയത്തിൽ നിന്നും പൊതു ജനങ്ങളുടെ ശ്രദ്ധയിൽ നിന്നും അകന്ന് ഒരു കുടുംബിനിയെപ്പോലെ സോണിയ ഗാന്ധി കഴിയുകയായിരുന്നു. സജ്ജയ ഗാന്ധിയുടെ അപ്രതീക്ഷിതമായ മരണശേഷം 'രജീവിന് താൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കില്ലെന്നുള്ള' സോണിയയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ സാധിക്കാതെ വന്നു. ദുഃഖിതയായ തന്റെ അമ്മയെ രാഷ്ട്രീയ കാര്യങ്ങളിലും രാജ്യ കാര്യങ്ങളിലും സഹായിക്കേണ്ട ചുമതലകൾ അദ്ദേഹത്തിൽ വന്നു കൂടി. രജീവിന്റെ രാഷ്ട്രീയത്തിലുള്ള പ്രവേശനത്തെ എതിർത്തുകൊണ്ട് സോണിയ ദിവസങ്ങളോളം കരഞ്ഞു. അവർ തമ്മിലുള്ള സ്നേഹത്തിന്റെ ഏറ്റുമുട്ടലുകൾക്കുമീതെ  രജീവിന്റെ രാഷ്ട്രീയപ്രവേശനം ഒരു നിമിത്തമായി മാറി. ക്രമേണ രാജ്യത്തെ സേവിക്കേണ്ടത് തന്റെ ഭർത്താവിന്റെ കടമയെന്നും അവർ മനസിലാക്കി.

രജീവ് ഗാന്ധി രാഷ്ട്രീയത്തിൽ ഇറങ്ങിയ ശേഷം അവർ ജനങ്ങളുമായി സമ്പർക്കമാരംഭിച്ചു. രജീവ് ഗാന്ധി പ്രധാനമന്ത്രിയായി മത്സരിക്കുന്ന വേളയിൽ ഭർത്താവിനൊപ്പം പൊതുപരിപാടികളിലും സഹകരിച്ചുകൊണ്ടിരുന്നു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മരണശേഷമാണ് കൂടുതലും രാഷ്ട്രീയ കാര്യങ്ങൾക്കായി അവർ ഭർത്താവിനൊപ്പം സമയം ചെലവഴിക്കാൻ ആരംഭിച്ചത്. 1984-ൽ മേനക ഗാന്ധിയ്ക്കെതിരെ തിരഞ്ഞെടുപ്പു പ്രചരണങ്ങളിൽ പങ്കുകൊണ്ടു. അന്ന് രജീവ് ഗാന്ധിക്കെതിരെ അമേത്തിയായിൽ മേനക ഗാന്ധി മത്സരിച്ചിരുന്നു. രജീവ് ഗാന്ധി വിജയിക്കുകയും ആ വർഷം അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാവുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഭാര്യയെന്ന നിലയിൽ അവർ അദ്ദേഹത്തോടൊപ്പം ഇന്ത്യയുടെ നാനാ ഭാഗങ്ങളിലും വിദേശങ്ങളിലും സഞ്ചരിച്ചിരുന്നു.  എന്നാൽ 1991-ൽ രജീവ് ചെന്നൈയിൽ വെച്ച് തമിഴ്പുലികളാൽ അതിക്രൂരമാം വിധം കൊല്ലപ്പെട്ടു. അന്ന് കുടുംബത്തിനും രാജ്യത്തിനും ആ വാർത്ത വലിയൊരു ഞെട്ടലായി മാറി. അതിനുശേഷം സോണിയ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. പിന്നീടുള്ള കഥകളെല്ലാം രാജ്യത്തിന്റെ ചരിത്രമായി സുവർണ്ണ താളുകളിൽ  എഴുതിക്കൊണ്ടിരിക്കുന്നു.

രജീവിന്റെ മരണശേഷം കോൺഗ്രസ്സ് പാർട്ടി സോണിയാ ഗാന്ധിയോട് രാജ്യത്തിന്റെ പ്രധാനമന്ത്രി പദം സ്വീകരിക്കാൻ ആവശ്യപ്പെട്ടെങ്കിലും നിരസിക്കുകയാണുണ്ടായത്. അവരുടെ ആഗ്രഹപ്രകാരം പി.വി. നരംസിംഹ റാവുവിനെ നേതാവായി തിരഞ്ഞെടുത്തു. പിന്നീട് സ്വന്തം കുടുംബത്തിൽപ്പെട്ടവരും രാഷ്ട്രീയത്തിലെ മുതിർന്നവരും നെഹ്‌റു കുടുംബത്തെ അവഗണിക്കാനുളള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. രാഷ്ട്രീയഭാവി കൈവിട്ടുപോകുമെന്നു ബോദ്ധ്യം വന്നപ്പോഴായിരുന്നു സോണിയ രാഷ്ട്രീയത്തിലേക്ക് കാലു കുത്താൻ തുടങ്ങിയത്. അവരുടെ പ്രവേശനം ബി.ജെ.പി.യിൽ പരിഭ്രാന്തിയുണ്ടാക്കാൻ തുടങ്ങി.

1999-ൽ അവർ ബെല്ലാരിയിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ഏതു വിധേനയും തോൽപ്പിക്കാനുള്ള തന്ത്രങ്ങളും ബിജെപി നെയ്തെടുക്കുന്നുണ്ടായിരുന്നു. എതിരാളിയായി സുഷമാ സ്വരാജിനെയിറക്കി. പട്ടു വസ്ത്രവും സാരികളും അണിയിച്ച് കൈകൾ നിറയെ കുപ്പിവളകളും ധരിച്ചു ആരെയും ആകർഷിക്കത്തക്ക വിധം സുന്ദരിയായിട്ടായിരുന്നു സുഷമാ സ്വരാജ് പ്രചരണം നടത്തിയിരുന്നത്. സുഷമയുടെ ചന്തമുള്ള ചുവന്ന പൊട്ട് സ്ത്രീകളുടെ അനുകരണമായി മാറുകയും ചെയ്തു. എങ്കിലും രാഷ്ട്രീയ പാരമ്പര്യമുള്ള നെഹ്രുവിയൻ കുടുംബത്തിൽ ഇന്ദിരയുടെ മരുമകളായി വന്ന സോണിയയേ തോൽപ്പിക്കാൻ സുഷമയ്ക്ക് സാധിച്ചില്ല. സോണിയ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് പാർലമെന്റിൽ തിരഞ്ഞെടുക്കപ്പെട്ടത്. 1999-ൽ പതിമൂന്നാം ലോകസഭയിൽ പ്രധാന മന്ത്രി വാജ്‌പേയുടെ കീഴിൽ എൻ.ഡി.എ സർക്കാർ ഭരിച്ചിരുന്ന നാളുകളിൽ അവർ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചു.

ഉത്തർ പ്രദേശിലെ റായ് ബറേലിൽ നിന്ന് സോണിയ 2004-ലും 2009-ലും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് സോണിയ 2004-ൽ റായ് ബറേലിൽ നിന്നും വിജയിച്ചത്. സോണിയ ഗാന്ധി പ്രസിഡന്റ് കെ.ആർ.നാരായണനെ കാണുകയും പാർലമെന്റിൽ 272 അംഗബലം ഉണ്ടെന്ന് അറിയിക്കുകയും ഇനിയും കൂടുതൽ അംഗങ്ങൾ മറ്റു പാർട്ടികളിൽ നിന്നും തങ്ങളോടൊപ്പം വരാൻ ആഗ്രഹിക്കുന്ന വിവരവും അറിയിച്ചു. പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹവും സോണിയ പ്രസിഡന്റ് നാരായണൻ മുമ്പാകെ അവതരിപ്പിച്ചു. അതുവരെ രാഷ്ട്രീയത്തിൽ യാതൊരു പരിജ്ഞാനവുമില്ലാഞ്ഞ സോണിയ പ്രധാന മന്ത്രി പദം മോഹിക്കുന്ന വിവരം അന്നാണ് ഔദ്യോഗികമായി അറിയിച്ചത്.

2004-ൽ, യു.പി.എ എന്ന പേരിൽ പതിനഞ്ചു പാർട്ടികൾ യോജിച്ചുകൊണ്ടു അവർ ഒരു കൂട്ടുനേതൃത്വം അടങ്ങിയ സംഘടന രൂപീകരിച്ചു. പതിനഞ്ചു പാർട്ടികൾ കൂടിയ യു.പി.എ സർക്കാർ കേന്ദ്ര മന്ത്രിസഭയുണ്ടാക്കി ഭരണമാരംഭിച്ചു. സോണിയ പ്രധാന മന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും  എൻ.ഡി.എ പാർട്ടികളിൽ നിന്നും ശക്തമായ എതിർപ്പുകളുണ്ടായതു കാരണം അന്നത്തെ മോഹം സാധിച്ചില്ല. വിദേശ ജന്മം പ്രധാനമന്ത്രിയാകാൻ അവർക്ക് തടസമായി തീർന്നു. അതുമൂലം ഇന്ത്യയുടെ പ്രധാനമന്ത്രിയായി മൻമോഹൻ സിംഗിനെ സോണിയ ശുപാർശ ചെയ്തു.

2006 മാർച്ചിൽ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയഗാന്ധി എം.പി സ്ഥാനവും ദേശീയ ഉപദേശക സമിതി അദ്ധ്യക്ഷസ്ഥാനവും രാജിവയ്ക്കേണ്ടി വന്നു. കോൺഗ്രസിന്റെ ഉപാദ്ധ്യക്ഷ എന്ന നിലയിൽ അവർ പ്രതിഫലവും പറ്റുന്നുണ്ടായിരുന്നു. എം.പിയായിരിക്കെ പ്രതിഫലം പറ്റുന്ന പദവി വഹിക്കുന്നുവെന്നതിന്റെ പേരില്‍ സോണിയയ്ക്കെതിരെ പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിക്കുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാജി. സോണിയ സ്വയം ന്യായികരിക്കാൻ സർക്കാരിനെയും പാര്‍ലമെന്റിനെയും ഉപയോഗിക്കുകയാണെന്ന ആരോപണവുമുണ്ടായിരുന്നു. അത് സോണിയയെ വളരെയധികം വേദനിപ്പിക്കുകയും ചെയ്തു. 2006- മെയ് മാസത്തിൽ സോണിയ റായ് ബറേലിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

രാഷ്ട്രീയത്തിലും സോണിയ ഗാന്ധി സർവ്വവിധ അടവുകളോടെ മറ്റെല്ലാ രാഷ്ട്രീയക്കാരെപ്പോലെതന്നെ   സമർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്. രജീവ് ഗാന്ധിയുടെ വധക്കേസിൽ സംശയത്തിന്റെ നിഴൽ വീശിയിരുന്ന ഡി.എം.കെ.യുമായി സഖ്യത്തിലേർപ്പെട്ടത് അവരുടെ വിജയമായിരുന്നു. പ്രധാനമന്ത്രി പദം വേണ്ടെന്നു വെച്ച ത്യാഗോജ്ജലമായ ഒരു മനസും അവർക്കുണ്ടായിരുന്നു. നെഹ്രുവിയൻ സോഷ്യലിസത്തെ തന്റെ രാഷ്ട്രീയ അജണ്ടയിൽ കൊണ്ടുവരാൻ സാധിച്ചതും നേട്ടമായിരുന്നു. 2002-ലെ ഗുജറാത്ത് കലാപം മുൻനിർത്തി സോണിയ ഗാന്ധി നടത്തിയ പ്രചരണവും രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാൻ സാധിച്ചു. ഗുജറാത്ത് കലാപം സോണിയ ഗാന്ധി തിരഞ്ഞെടുപ്പു കാലങ്ങളിൽ വിവാദവിഷയമായി അവതരിപ്പിച്ചത് തന്റെ പാർട്ടിയുടെ പരാജയത്തിന് കാരണമായിയെന്നു വാജ്‌പേയി പറഞ്ഞിരുന്നു. ഇന്ത്യൻ ജനാധിപത്യം അപമാനിക്കപ്പെട്ടിരുന്ന നാളുകളിൽ സോണിയ ഗാന്ധിയുടെ നേതൃത്വം പാർട്ടിക്ക് ഉന്മേഷവും ഉണർവും നൽകിക്കൊണ്ടിരുന്നു. അവരുടെ ഇന്ത്യയെന്ന സങ്കല്പം മതഭ്രാന്തന്മാരുടെ വിഷം നിറഞ്ഞ മനസായിരുന്നില്ല. മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിൽ വിശ്വസിച്ചുകൊണ്ടുള്ള ആശയ പോരാട്ടങ്ങൾക്കായിരുന്നു അവർ മുൻഗണന നൽകിയിരുന്നത്.

സോണിയ 2007-ൽ മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടാംതിയതി യുണൈറ്റഡ് നാഷനെ അഭിസംബോധന ചെയ്തു പ്രസംഗിച്ചിരുന്നു. 2007 ജൂലൈ പതിനഞ്ചാം തിയതി ഒക്ടോബർ രണ്ടിനെ ആഗോള അഹിംസാ ദിനമായി യുണൈറ്റഡ് നാഷൻ പ്രഖ്യാപിക്കുകയുണ്ടായി. 2009-ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നയിക്കുന്ന യു.പി.എ സർക്കാർ വീണ്ടും അധികാരത്തിൽ വന്നു. കോൺഗ്രസ്സ് 206 സീറ്റു നേടി ഏറ്റവും വലിയ പാർട്ടിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയും മൻമോഹൻ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലകളും വഹിച്ചു.

സോണിയ ഗാന്ധിയെ എതിരാളികൾ മതേതര കോർപ്പറേറ്റ് സോഷ്യലിസ്റ്റെന്ന് വിളിക്കാറുണ്ട്. രണ്ടാം യു.പി.എ സർക്കാരിന്റെ അഴിമതികളെ നിശബ്ദമായി നോക്കി നിന്നതും അവരുടെ പരാജയമായി കരുതുന്നു. സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ ഒരു ഡൈനാസ്റ്റി ഭരണം നീണ്ട കാലത്തോളം ഇന്ത്യയിലുണ്ടായിരുന്നു. നെഹ്‌റു കുടുംബം കോൺഗ്രസിനെ കുടുംബസ്വത്തായി കൊണ്ടുനടന്നുവെന്നും ആരോപിക്കുന്നു.  നശിച്ചു പോകാറായ കോൺഗ്രസിനെ പുനർ ജീവിപ്പിച്ച് അടുത്ത തലമുറക്ക് കൈമാറണമെന്നുള്ള ദൗത്യവും അവർ നിർവഹിച്ചു. അവസാനം കോൺഗ്രസ്സെന്ന പ്രസ്ഥാനം രാഹുലിന്റെ കൈകളിൽ ഭദ്രമായി ഏൽപ്പിച്ച ശേഷമാണ് അവർ കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തുനിന്നും വിട വാങ്ങിയത്. നെഹ്‌റു കുടുംബത്തെ പിന്താങ്ങിയവരെ മാത്രം വളർത്തുകയും മറ്റുള്ളവരെ രാഷ്ട്രീയക്കളരിയിൽനിന്നും പുറം തള്ളിയ ചരിത്രവും സോണിയായിൽ ആരോപിക്കുന്നുണ്ട്.

ബോഫേഴ്സ് വിവാദത്തിൽ സംഭവിച്ചതെന്തെന്ന് ഇന്നും വ്യക്തമല്ലെങ്കിലും അത്തരം ഒരു ആരോപണത്തിന്റ പേരിൽ സോണിയയേയും അപകീർത്തിപ്പെടുത്തുകയുണ്ടായി. ഇറ്റാലിയൻ വ്യവസായി ഒട്ടാവോ ക്വട്ടറോച്ചി (Ottavio Quattrocchi) സോണിയയുടെ അടുത്ത സുഹൃത്തെന്ന നിലയിൽ പ്രധാന മന്ത്രിയുടെ ഓഫിസുമായി നല്ല സൗഹാർദ്ദ ബന്ധം സ്ഥാപിച്ചിരുന്നു. ഒട്ടാവിയോ ക്വട്ടറോച്ചി  ഇന്ത്യൻ സൈന്യത്തിനുവേണ്ടി ആയുധം വിറ്റ വകയിൽ അഞ്ചുമില്ലിയൻ പൗണ്ട് കമ്മീഷൻ നേടിയെന്നുള്ള ആരോപണമായിരുന്നു ഒച്ചപ്പാടുകൾക്ക് കാരണമായത്. 2009-ൽ ഇറ്റാലിയൻ വ്യവസായിക്കെതിരെയുള്ള ക്രിമിനൽ കേസ് കോൺഗ്രസ്സ് സർക്കാർ തേച്ചു മായിച്ചു കളഞ്ഞെങ്കിലും ആദായ നികുതി വകുപ്പ് കേസുമായി രംഗത്ത് വന്നു. അഞ്ചുമില്ലിയൻ കമ്മീഷൻ കാരണം നികുതിയിനത്തിൽ കിട്ടാനുള്ള വരവ് ലഭിച്ചില്ലെന്ന പേരിലായിരുന്നു ആദായ നികുതി വകുപ്പ് കേസ്സെടുത്തത്.  ബിജെപി ഇതിൽ അവസരം മുതലാക്കിക്കൊണ്ടു പാർലമെന്റിൽ ഒച്ചപ്പാടുമുണ്ടാക്കിയിരുന്നു.

2004-ൽ സോണിയാ ഗാന്ധിയെ ഫോർബ്സ് മാഗസിൻ (Forbes) ലോകത്തിലെ മൂന്നാമത്തെ പ്രബലയും ശക്തയുമായ വനിതയായി വിശേഷിപ്പിച്ചിരുന്നു.  2006-ൽ ബ്രസ്സൽസ് യൂണിവേഴ്സിറ്റി അവരെ ഹോണററി ഡോക്ടർ ബിരുദം നൽകി ബഹുമാനിച്ചു. 2006-ൽ ബെൽജിയം സർക്കാർ കിംഗ് ലിയോപോൾഡ് എന്ന ബഹുമതി നൽകി ആദരിച്ചു. 2007-ലും 2008-ലുമുള്ള ടൈം മാഗസിനിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളിൽ സോണിയാ ഗാന്ധിയുടെ പേരുമുണ്ടായിരുന്നു. 2008-ൽ മദ്രാസ് യൂണിവേഴ്സിറ്റി അവരെ സാഹിത്യത്തിൽ ഹോണററി ഡോക്റ്ററേറ്റ് നൽകി ആദരിച്ചു. 2010-ലെ ബ്രിട്ടീഷ് മാഗസിനിൽ പ്രസിദ്ധീകരിച്ച ലോകത്തിലെ അഞ്ചു സ്വാധീനമുള്ള സ്ത്രീകളുടെ ലിസ്റ്റിൽ  അവരുമുണ്ടായിരുന്നു.

സോണിയ ഗാന്ധി രണ്ടു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ആദ്യത്തെ പുസ്തകം ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുത്ത സുഭാഷിതങ്ങളെപ്പറ്റിയാണ്. ('Indira Gandhi: Selected Sayings') ഈ പുസ്തകത്തിൽ ഇന്ദിരയുടെ പ്രസംഗത്തിൽ നിന്നും വന്ന ഉദ്ധരണികളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിൽ ഇന്ത്യയെ കണ്ടെത്തലും ഇന്ത്യയെപ്പറ്റിയുള്ള കാഴ്ചപ്പാടും പ്രകടമാക്കുന്നു. രാഷ്ട്രീയത്തിനുപരി അവരുടെ വ്യക്തിപരമായ ജീവിതവും പുസ്തകത്താളുകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 'റ്റൂ എലോൺ, റ്റൂ റ്റുഗതർ'  ('Two Alone, Two Together') എന്ന പുസ്തകം ജവഹർലാൽ നെഹ്‌റുവിന്റെ 'ഒരു അച്ഛൻ മകൾ ഇന്ദിരയ്ക്കയച്ച കത്തുകളെ'പ്പറ്റിയാണ്.  ഒരു നാണം കുണുങ്ങിയായിരുന്ന  ഇന്ദിര എന്ന സ്‌കൂൾക്കുട്ടിയുടെ ജീവിത പശ്ചാത്തലം  മുതൽ ചരിത്രം തുടങ്ങുന്നു. പിന്നീട് ലോക രാഷ്ട്രീയത്തിൽ തന്നെ അത്ഭുത പ്രതിഭാസമായിരുന്ന ഉരുക്കു വനിത ഇന്ദിരയെപ്പറ്റി തന്നെയാണ് പുസ്തകത്തിലെ ഉള്ളടക്കം. രണ്ടു മഹത് വ്യക്തികളുടെ കാഴ്ചപ്പാടുകളാണ് പുസ്തകത്തിന്റെ സാരം. അതിൽ കുടുംബ വിവരങ്ങളുണ്ട്. രാഷ്ട്രീയവുമുണ്ട്. രാഷ്ട്രത്തിന്റെ സാമൂഹിക പ്രശ്നങ്ങളും  ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സംഭവ ബഹുലമായ അവരുടെ ജീവിതവും പോരാട്ടങ്ങളും  അവർണ്ണനീയമാണ്. സങ്കീർണ്ണമായ നിരവധി പ്രശ്നങ്ങളുടെ ഒരു ജീവിതമായിരുന്നു  അവർ നയിച്ചിരുന്നത്. അധികാരത്തിനുള്ള മോഹങ്ങൾക്കായി  കലഹിച്ചില്ല. എന്നാൽ കൂടെക്കൂടെ ദുഃഖപൂർണ്ണമായ സംഭവങ്ങൾ അവരുടെ കുടുംബത്തിൽ ആഞ്ഞടിച്ചുകൊണ്ടിരുന്നു.  ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി വഹിച്ച ശേഷമായിരുന്നു അവർ ആ സ്ഥാനത്തുനിന്നും പിന്മാറിയത്. മകൻ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തെങ്കിലും ഭാവിയിലും  കോൺഗ്രസ് പ്രവർത്തകയായി രാഷ്ട്ര ക്ഷേമത്തിനായി  പ്രവർത്തിക്കുമെന്നും   അവർ പറയുന്നു.





















Saturday, March 17, 2018

പുരോഹിതരുടെ ബ്രഹ്മചര്യവ്രതവും വിവാദങ്ങളും




ജോസഫ് പടന്നമാക്കൽ 

പുരോഹിതരുടെ അവിവാഹിതാവസ്ഥ കത്തോലിക്ക സഭയിലെ കാലാകാലങ്ങളായുള്ള ഒരു വിവാദ വിഷയമാണ്. പൗരാഹിത്യത്തെപ്പറ്റിയും അതിന്റെ അനുഷ്ഠാനങ്ങളെ സംബന്ധിച്ചും യേശു ഒന്നും തന്നെ പറഞ്ഞിട്ടില്ല. പകരം, യേശു പുരോഹിതരോട് പലപ്പോഴും കലഹമുണ്ടാക്കുന്നതായിട്ടാണ് വചനങ്ങളിൽ നാം വായിക്കുന്നത്. യേശു ബ്രഹ്മചര്യം അനുഷ്ടിച്ചിരുന്നുവെന്നും അവിവാഹിതനായിരുന്നുവെന്നും സഭ വിശ്വസിക്കുന്നു. അപ്പോസ്തോലന്മാർ വിവാഹിതരായിരുന്നെങ്കിലും അവർ തങ്ങളുടെ ഭാര്യമാരും കുടുംബങ്ങളുമായി യേശുവിനെ അനുഗമിച്ചതായി ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല. കാനോൻ നിയമത്തിൽ പുരോഹിതരുടെ ബ്രഹ്മചര്യവ്രതമെന്നത്, ദൈവത്തിന്റെ വരദാനമെന്നും സഭയുടെ അനുസരണവ്രതം എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. വിവാഹിതർക്ക് ആദ്ധ്യാത്മിക കാര്യങ്ങളിൽ ശ്രദ്ധിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നുള്ള മുടന്തൻ ന്യായങ്ങളിലും സഭ വിശ്വസിക്കുന്നു. അവിവാഹിതർക്ക് ആത്മീയ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കൂടുതൽ സമയം ലഭിക്കുമെന്നും കരുതുന്നു.

ഒരു സ്ത്രീക്ക് ഒരു പുരുഷൻ വേണം. അത് പ്രകൃതി നിയമമാണ്. സന്താനോത്‌പാദനം, പക്ഷി മൃഗാദികൾ തൊട്ട് മനുഷ്യൻവരെ പ്രകൃതി നിശ്ചയിച്ചിട്ടുള്ളതാണ്. നമുക്കു വരുന്ന വികാരങ്ങളെ അടിച്ചമർത്തുന്നതു ഒരു മാനസിക സംഘർഷത്തിനു കാരണമാകുന്നു. അത് പ്രകൃതിയുടെ നിശ്ചയത്തിനും എതിരാണ്. തീവ്രമായ വികാരങ്ങളിൽ അടിമപ്പെട്ടു ജീവിച്ചാൽ മനസിന്റെ സമനില തെറ്റുന്നതിനും കാരണമാകുന്നു. പൂർണ്ണമായി വളർച്ചയെത്തേണ്ട ഒരു മനുഷ്യന്റെ വ്യക്തിത്വം മിക്ക പുരോഹിതർക്കും ഇല്ലാതെ പോവുന്നതും പ്രകൃതി അനുഗ്രഹിച്ച വികാരങ്ങളെ സ്വയം പീഢിപ്പിക്കുന്നതുകൊണ്ടാണ്.

പുരോഹിതർ അവിവാഹിതരായിരിക്കണമെന്ന് പുതിയ നിയമത്തിലോ പഴയ നിയമത്തിലോ പറഞ്ഞിട്ടില്ല. പുരോഹിതരോ സഭാശുശ്രുഷകരോ വിവാഹം അരുതെന്ന് കൃസ്തുവും പറഞ്ഞിട്ടില്ല. ക്രിസ്തു പൗരാഹിത്യം സ്ഥാപിച്ചിട്ടുമില്ല. പോളിന്റെ ലേഖനത്തിൽ കൊരിന്ത്യാക്കാർക്ക് എഴുതിയ ആദ്യത്തെ കത്തിൽ ബ്രഹ്മചര്യത്തെപ്പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും അത് പുരോഹിതരുടെ അവിവാഹിതാവസ്ഥയെ സംബന്ധിച്ചല്ല. ആദ്യത്തെ മാർപാപ്പായെന്നു കരുതുന്ന പീറ്റർ വിവാഹിതനായിരുന്നുവെന്ന് 'മാത്യു'എഴുതിയ സുവിശേഷത്തിൽ 8:14 വാക്യത്തിൽ പറഞ്ഞിട്ടുണ്ട്. യേശു പത്രോസിന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തുന്ന കാര്യവും ബൈബിളിൽ വിവരിച്ചിട്ടുണ്ട്. അപ്പോസ്തോലരിൽ കുറെ പേർ വിവാഹിതരും മറ്റുള്ളവർ അവിവാഹിതരുമായിരുന്നു. യേശുവിന്റെ കാലത്ത് സുവിശേഷം പ്രസംഗിക്കുന്നവർ വിവാഹിതരാകണമോ അവിവാഹിതരായി ജീവിക്കണമോയെന്നു പ്രത്യേകമായ ഒരു നിയമം ഇല്ലായിരുന്നു. മദ്ധ്യകാല യുഗത്തിൽ പുരോഹിതർ അവിവാഹിതരായിരിക്കണമെന്നുള്ള സങ്കല്പം സഭയിൽ എങ്ങനെയോ വന്നുകൂടി. പുരോഹിതർ വിവാഹം ചെയ്യരുതെന്നുള്ള തീരുമാനം എപ്പോൾ വേണമെങ്കിലും സഭയ്ക്ക് മാറ്റാവുന്നതേയുള്ളൂ. പുരോഹിതരുടെ ബ്രഹ്മചര്യാനുഷ്ഠ സഭയുടെ പ്രാമാണിക തത്ത്വങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല.

എ.ഡി.304-ൽ പുരോഹിതർ അവിവാഹിതരായിരിക്കണമെന്ന കാനോൻ എഴുതപ്പെട്ടു. 'എൽവിറ കൗൺസിലിൽ' പുരോഹിതർ അവരുടെ ഭാര്യമാരിൽ നിന്നു അകന്ന് ജീവിക്കണമെന്നും അവർക്ക് കുട്ടികൾ പാടില്ലാന്നും നിർദ്ദേശിക്കുന്നുണ്ട്. കിഴക്കിന്റെ കത്തോലിക്കരും ഓർത്തോഡോക്സ് ക്രിസ്ത്യാനികളും കൗൺസിലിന്റെ അഭിപ്രായങ്ങളെ നിരാകരിച്ചിരുന്നു. വിവാഹിതരായവരെയും പുരോഹിതരായും ഡീക്കന്മാരായും അവരുടെ സഭകൾ വാഴിച്ചിരുന്നു.

എ.ഡി.325-ൽ കോൺസ്റ്റാന്റിൻ ചക്രവർത്തി, വിവാഹിതരായവർ പുരോഹിതരാകുന്നതിൽ നിന്നും വിലക്ക് കൽപ്പിച്ചു. പിന്നീട് ആയിരം വർഷങ്ങളോളം പുരോഹിതരുടെ വിവാഹത്തെ സംബന്ധിച്ച് വിവാദ വിഷയങ്ങളായി ചർച്ചകൾ തുടർന്നുകൊണ്ടിരുന്നു. ചില സ്ഥലങ്ങളിൽ വിവാഹിതരെയും പൗരാഹിത്യ ജോലിക്ക് അനുവദിച്ചിരുന്നു. ചിലയിടങ്ങളിൽ ഭാര്യയുമായി ലൈംഗിക ബന്ധങ്ങൾ പാടില്ലാന്നും നിയമങ്ങളുണ്ടാക്കി. മദ്ധ്യകാലങ്ങളിലാണ് പുരോഹിതർ പൂർണ്ണമായും അവിവാഹിതരായിരിക്കണമെന്നുള്ള നിയമം വന്നത്. പതിനൊന്നാം നൂറ്റാണ്ടിൽ ഗ്രിഗറി ഏഴാമൻ മാർപാപ്പാ, പുരോഹിതർ ബ്രഹ്മചാരികളായിരിക്കണമെന്നുള്ള ചാക്രിക ലേഖനമിറക്കി. ഈ നിയമം അതാത് രൂപതയിലെ ബിഷപ്പുമാർ നടപ്പാക്കണമെന്ന കൽപ്പനയും കൊടുത്തു. അന്നു മുതൽ ലത്തീൻ റീത്തനുസരിച്ച് പുരോഹിതർ അവിവാഹിതരായിരിക്കണമെന്നുള്ള സഭയുടെ നിയമം നിർബന്ധമാക്കി.

ഗ്രിഗറി ഏഴാമൻ മാർപാപ്പായുടെ ചാക്രിക ലേഖനങ്ങൾ ഉണ്ടായിരുന്നെങ്കിലും പുരോഹിതരും ബിഷപ്പുമാരും പോപ്പുമാർ വരെയും നിയമങ്ങളെ ലംഘിച്ച് ലൈംഗികതയിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. ആദ്യത്തെ പത്തു നൂറ്റാണ്ടുകാലം പുരോഹിതർക്കും മാർപാപ്പാമാർക്കും കുടുംബവും ഭാര്യയും മക്കളുമുണ്ടായിരുന്നു. ചില മാർപാപ്പാമാർ വെപ്പാട്ടികളുമായി കഴിഞ്ഞവരുമുണ്ട്. ലൈംഗികത പാപമായി കരുതിയിരുന്നെങ്കിലും കുമ്പസാരവും പശ്ചാത്താപവും വഴി അവരുടെ പാപങ്ങൾക്ക് പരിഹാരം ചെയ്‌താൽ മതിയായിരുന്നു. ഇന്ന് കത്തോലിക്ക സഭയിൽ പുരോഹിതരായി പ്രതിജ്ഞ ചെയ്ത ശേഷം വിവാഹം അനുവദനീയമല്ല. എങ്കിലും കിഴക്കിന്റെ പുരോഹിതരായ കത്തോലിക്കർക്കും ഓർത്തോഡോക്സ്കാർക്കും വിവാഹിതരാകാം. വിവാഹം എന്നത് പൗരാഹിത്യത്തിനു മുമ്പായിരിക്കണം. വിവാഹം കഴിക്കാത്ത പുരോഹിതർക്കു മാത്രമേ അവരുടെയിടയിൽ ബിഷപ്പാകാൻ സാധിക്കുകയുള്ളൂ.

പുരോഹിതർ വിവാഹിതരായാൽ! സ്വവർഗ രതിക്ക് ശമനം വരുമെന്ന് ചിന്തിക്കുന്നവരുമുണ്ട്. അത് സത്യമാണൊയെന്നറിയില്ല. ആഗോള തലത്തിൽ സ്വവർഗ രതിക്കാരായ പുരോഹിതർ ഒരു ശതമാനത്തിൽ താഴെയുള്ളൂവെന്നാണ് വെപ്പ്. ബാക്കിയുള്ളവർ എതിർ ലിംഗത്തോട് താല്പര്യമുള്ളവരാണ്. കത്തോലിക്കാ പുരോഹിതരിൽ രണ്ടു ശതമാനത്തിൽ താഴെ ലൈംഗികത ദുരുപയോഗം ചെയ്യുന്നതായും വത്തിക്കാനിൽ നിന്നുള്ള സർവ്വേ കണക്കാക്കുന്നു. കുടുംബമായി ജീവിക്കുന്ന വിവാഹിതരായ പുരുഷന്മാരും അത്രയും തന്നെ പരസ്ത്രീകളെ പ്രാപിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിവാഹം കഴിക്കാവുന്ന പ്രൊട്ടസ്റ്റന്റ് പുരോഹിതർക്കും ഇതേ പ്രശ്നങ്ങൾ തന്നെയുണ്ട്. പുരോഹിതരെ വിവാഹം കഴിക്കാൻ അനുവദിക്കാത്തത് വെറും സാമ്പത്തിക ലക്ഷ്യമാണെന്ന് വ്യക്തമാണ്.

ഒരിയ്ക്കൽ വിവാഹിതരായി എപ്പിസ്ക്കോപ്പൽ സഭകളിൽ നിന്ന് വന്ന പുരോഹിതർക്കും വിവാഹം കഴിച്ച അല്മായർക്കും പൗരാഹിത്യം സ്വീകരിക്കാൻ കത്തോലിക്കാ സഭ അനുവദിച്ചിട്ടുണ്ട്. ചില പൗരസ്ത്യ സഭകളിലെ പുരോഹിതർക്കും വിവാഹം കഴിക്കാൻ അനുവദനീയമാണ്.  പുരോഹിതപ്പട്ടം അവസാന കൂദാശയെന്നാണ് വെപ്പ്. ആ നിലയിൽ ഒരാൾ പുരോഹിതനായ ശേഷം പൗരാഹിത്യത്തിൽ നിന്നുകൊണ്ട് വിവാഹം കഴിക്കാൻ അനുവദിക്കില്ല. അതുപോലെ ഭാര്യ മരിച്ച പുരോഹിതരെയും പിന്നീട് വിവാഹിതരാകാൻ സഭയിൽ അനുവദനീയമല്ല. അക്കാര്യം മാർപാപ്പാ വത്തിക്കാനിൽ എടുത്തു പറയുകയും ചെയ്തിരുന്നു.

എപ്പിസ്‌കോപ്പൽ സഭകളിലും മറ്റു സഭകളിലും വിവാഹിതരായവർ, പള്ളിക്കാര്യങ്ങൾ വളരെ കാര്യക്ഷമതയോടെ നോക്കുന്നതു കാണാം. കൂടാതെ വിവാഹിതരായ പുരോഹിതരുടെ ഭാര്യമാർ പള്ളിക്കാര്യങ്ങളിൽ വളരെ താല്പര്യം കാണിക്കുന്നതും സാധാരണമാണ്. പുരോഹിതനായ ഭർത്താവിന്റെ പോരായ്മകൾ ഭാര്യ അവിടെ പരിഹരിക്കുന്നു. മക്കളും കുടുംബവുമുണ്ടെങ്കിൽ പുരോഹിതർ കൂടുതൽ മനുഷ്യത്വമുള്ളവരായും പ്രവർത്തിക്കും. സന്മനസ്സുള്ള മക്കളുണ്ടെങ്കിൽ, ആത്മീയ പ്രവർത്തനങ്ങളിലും പിതാവിനെ സഹായിക്കാൻ ഒപ്പം കാണും. 

ബ്രിട്ടനിലെയും അമേരിക്കൻ ഐക്യനാടുകളിലെയും ആംഗ്ലിക്കൻ പുരോഹിതരായിരുന്ന കത്തോലിക്ക പുരോഹിതർ എല്ലാവരും തന്നെ വിവാഹിതരാണ്. ഉക്രൈനിൽ നിന്ന് അമേരിക്കയിൽ കുടിയേറിയ കത്തോലിക്കാ പുരോഹിതരും വിവാഹിതർ തന്നെ. അവരുടെ നാടുകളിലുള്ള കിഴക്കൻ സഭകളിൽ പുരോഹിതർക്ക് വിവാഹം ചെയ്യാം. എന്നാൽ ലോകം മുഴുവനുള്ള ബിഷപ്പുമാർ പുരോഹിതർ വിവാഹം ചെയ്യുന്നതിനെ അനുകൂലിക്കാൻ തയ്യാറാവുന്നില്ല. ഒരു തലമുറക്കുള്ളിൽ ഇന്നുള്ള വിവാഹിതരായ പുരോഹിതർ ഇല്ലാതാവും. ഇതര സഭകളിൽനിന്നും വന്നു ചേർന്ന അവിവാഹിതരായ പുരോഹിതർ കത്തോലിക്ക സഭയുടെ പൗരാഹിത്യം സ്വീകരിച്ചു കഴിഞ്ഞാൽ പിന്നീട് വിവാഹം അനുവദനീയമല്ല.

ആഗോളതലത്തിൽ ഏകദേശം 50,000 പുരോഹിതരുടെ കുറവുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. വിവാഹം കഴിച്ചവരെ പൗരാഹിത്യത്തിൽ പ്രവേശിപ്പിച്ചാൽ സഭയ്‌ക്ക്‌ ആ കുറവ് പരിഹരിക്കാൻ സാധിക്കും. അല്ലെങ്കിൽ എപ്പിസ്ക്കോപ്പൽ സഭകൾപോലെ സ്ത്രീകൾക്കും പൗരാഹിത്യം നൽകിയാൽ സഭയുടെ പുരോഹിത ക്ഷാമം പരിഹരിക്കാൻ സാധിച്ചേക്കാം. എന്നാൽ ഫ്രാൻസീസ് മാർപാപ്പാ സ്ത്രീകളെ പൗരാഹിത്യത്തിൽ പ്രവേശിപ്പിക്കുന്നതിൽ അനുകൂലിയല്ല.  അത് വീണ്ടും പ്രശ്നങ്ങളിലേക്ക് വഴി തെളിയിക്കുമെന്ന് സഭ വിലയിരുത്തുന്നു.

ഫ്രാൻസിൽ ശരാശരി പുരോഹിതരുടെ പ്രായം അറുപതു വയസ്സാണ്. അയർലണ്ടിൽ 'മെയ്നൂത്ത്‌ എന്ന സ്ഥലത്തുള്ള സെമിനാരി 500 വൈദിക വിദ്യാർത്ഥികൾക്കുവേണ്ടി പണിതുയർത്തിയതാണ്. അവിടെ ഈ വർഷം പഠിക്കാനെത്തിയ സെമിനാരി വിദ്യാർത്ഥികളുടെ എണ്ണം ആറുപേര് മാത്രമാണ്. പുരോഹിതരുടെ ബ്രഹ്മചര്യവ്രതം അവസാനിപ്പിച്ച് അവർക്കു വിവാഹം കഴിക്കാമെന്നുള്ള നിയമം കൊണ്ടുവരാൻ ഒരു മാർപാപ്പായ്ക്ക് പേനാത്തുമ്പിൽ ഒപ്പിടാനുള്ള കാര്യമേയുള്ളൂ. അപ്രമാദിത്വം വരദാനമായി മാർപ്പാപ്പാമാർക്കുള്ളപ്പോൾ ഇക്കാര്യം ഒരു സിനഡു സമ്മേളിച്ച് തീരുമാനിക്കേണ്ട ആവശ്യവുമില്ല. സഭയുടെ യാതൊരു തത്ത്വങ്ങളും മാറ്റേണ്ടതുമില്ല. അസാധാണ സന്ദർഭങ്ങളിൽ പുരോഹിതർക്കു വിവാഹം കഴിക്കാൻ സാധിക്കുമെന്നതു പടിഞ്ഞാറൻ സഭകളിൽപ്പോലും അനുവദിച്ചിട്ടുണ്ട്

വത്തിക്കാന്റെ റിപ്പോർട്ടനുസരിച്ച് ലോക ജനസംഖ്യയിൽ കത്തോലിക്കരുടെ എണ്ണം 1975 നു ശേഷം നേരെ ഇരട്ടിയായിട്ടുണ്ട്. 710 മില്യൺ ജനതയുണ്ടായിരുന്ന സഭ ഇന്ന് ആഗോളതലത്തിൽ രണ്ടുബില്യൺ  ജനങ്ങളിൽ കൂടുതലുണ്ട്. എന്നാൽ പുരോഹിതർ രണ്ടു ശതമാനം താഴെ മാത്രമേ വർദ്ധിച്ചിട്ടുള്ളൂ. മൊത്തം പുരോഹിതരിൽ കൂടുതലും യുറോപ്യന്മാരാണ്. അവരുടെ എണ്ണവും കുറഞ്ഞുകൊണ്ടിരിക്കുന്നു. 1975-ൽ 404,783 പുരോഹിതർ ഉണ്ടായിരുന്നു. ഇന്നും അവരുടെ എണ്ണത്തിനു കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല.

പോപ്പ് ബെനഡിക്റ്റിന്റെ രാജിക്കുശേഷം അമേരിക്കയിൽ പുരോഹിതരുടെ ബ്രഹ്മചര്യവസ്ഥയെ സംബന്ധിച്ച് ഒരു സർവ്വേ എടുത്തപ്പോഴും 60 ശതമാനം പുരോഹിതരും വിവാഹം കഴിക്കണമെന്ന താൽപ്പര്യമാണ് പ്രകടിപ്പിച്ചത്. പള്ളിയിൽ നിത്യം പോവുന്നവരുടെ ഇടയിലും ഒരു സർവേയിൽ 46 ശതമാനം ജനങ്ങൾ പുരോഹിതരുടെ വൈവാഹിക ജീവിതത്തെ പിന്താങ്ങി. പള്ളിയിൽ വല്ലപ്പോഴും കുർബാനക്ക് പോവുന്ന വിശ്വാസികളിൽ 70 ശതമാനം പേരും പുരോഹിതർ വിവാഹം കഴിക്കണമെന്നുള്ള അഭിപ്രായക്കാരായിരുന്നു.

കോൺവെന്റ് സ്‌കൂളിലും പുരോഹിതർ നടത്തുന്ന സ്‌കൂളിലും പഠിക്കുന്ന കുട്ടികൾ കുഞ്ഞായിരിക്കുമ്പോൾ അവർ റോൾ മോഡലായി കാണിക്കുന്നത് കന്യാസ്ത്രികളെയും പുരോഹിതരേയുമായിരിക്കും. അവരുടെ കുപ്പായങ്ങൾ പരിശുദ്ധങ്ങളെന്നു കുഞ്ഞുങ്ങളെ ധരിപ്പിക്കും. പുരോഹിതരുടെയും കന്യാസ്ത്രികളുടെയും സേവനം ലോകത്ത് ഏറ്റവും ഉത്തമമെന്ന് പഠിപ്പിക്കും.  കുട്ടികൾ കൗമാരമാകുമ്പോഴേ അവരെ സ്വാധീനിക്കാനും തുടങ്ങും. ക്രിസ്തുവിന്റെ മണവാട്ടിയെന്നുള്ള സുന്ദരമായ പദങ്ങൾ കുട്ടി മനസ്സിൽ അലങ്കരിക്കും. കന്യാസ്ത്രിയാകാൻ അവരെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. 'കുഞ്ഞനുജന്മാരെ, കർത്താവിന്റെ മുന്തിരിത്തോട്ടത്തിൽ ജോലിചെയ്യാൻ വരൂവെന്നു' സ്വാഗതം ചെയ്തുകൊണ്ടുള്ള പരസ്യങ്ങൾ നൽകി കൗമാരപിള്ളേരുടെ മനസ്സുകളിലും വിഷയമ്പുകൾ എയ്തു കൊണ്ടിരിക്കും. ഇങ്ങനെയുള്ള പ്രലോഭനങ്ങളിൽപ്പെട്ടു പുരോഹിതരാകുന്നവർ പിന്നീട് സഭയ്ക്ക് തലവേദനയാവുകയേയുള്ളൂ. കുടുംബമായി ജീവിക്കണമെന്ന മോഹന സ്വപ്നങ്ങൾ മനസ്സിൽ വന്നടിയുന്ന സമയം അവരിൽ പൗരാഹിത്യത്തിന്റെ കുരുക്കുകൾ വീണു കഴിഞ്ഞിരിക്കും. ഒരിക്കൽ മഠത്തിൽ ചേർന്നു കഴിയുമ്പോഴാണ് ഈ പെൺകുട്ടികൾ, പള്ളിയിലെ വികാരിയാണ് മണവാളനെന്ന സത്യം മനസിലാക്കുന്നത്. പിന്നീട് അവർക്ക് അവിടെനിന്നും രക്ഷപ്പെടാനും എളുപ്പമല്ല. സെമിനാരിയിൽ ചേരുന്ന കുട്ടികൾ മുന്തിരിത്തോപ്പിനു പകരം കാണുന്നത് സ്വയം കഴുത്തിൽ നുകം വെച്ച കാളകളെപ്പോലെയുള്ള ജീവിതമായിരിക്കും. സെമിനാരിയിൽനിന്നു പഠനം കഴിഞ്ഞു പുറത്തുവരുമ്പോൾ അയാൾ പിന്നീട് വ്യത്യസ്തനായ ഒരു വിചിത്ര വ്യക്തിത്വത്തിന്റെ ഉടമയുമാകും.

പ്രായപൂർത്തിയാകാത്ത, പാകത വരാത്ത കുട്ടികളെ സെമിനാരികളിൽ പഠനത്തിനായി അയക്കുന്നത് നിരോധിക്കണം. സെമിനാരിയിലും കോൺവെന്റുകളിലും കുട്ടികളുടെ മാതാപിതാക്കന്മാർക്ക് യാതൊരു നിയന്ത്രണവുമില്ല. സീനിയർ സെമിനാരിയൻ മുതൽ അറുപതു വയസുകഴിഞ്ഞ കിളവൻ അച്ചന്മാർ വരെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വാർത്തകൾ നിത്യവും നാം വായിക്കുന്നു. ഇന്ത്യൻ നിയമമനുസരിച്ചു സ്ത്രീകൾക്കും പുരുഷന്മാർക്കും വിവാഹപ്രായം നിശ്ചയിച്ചിട്ടുണ്ട്. അതേ നിയമം തന്നെ സെമിനാരിയിൽ പോവുന്ന ഒരു ആൺകുട്ടി അല്ലെങ്കിൽ കന്യാസ്ത്രിയാകാൻ പോവുന്ന പെൺകുട്ടിയ്ക്കും നിശ്ചയിക്കണം. അതിനുശേഷം അവരുടെ ദൈവവിളിയെന്ന സങ്കല്പം തെരഞ്ഞെടുക്കട്ടെ.

ലോകമാകമാനം ലക്ഷക്കണക്കിന് വൈദികർ പൗരാഹിത്യം ഉപേക്ഷിച്ചതായി സർവേകളിൽ കാണുന്നു. കേരളത്തിൽ ആകാശം മുട്ടെ പള്ളികളും കത്തീഡ്രലുകളും പണിതുയരുമ്പോൾ യൂറോപ്പിൽ ദേവാലയങ്ങൾ നിശാശാലകളും മദ്യ വിൽപ്പന ശാലകളുമായി പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്ന  കാഴ്ചകളാണ് നാം കാണുന്നത്. മനുഷ്യർക്ക് പുരോഹിതരോടും സഭയോടുമുളള വിശ്വാസം കുറയുന്നതാണ് കാരണം. സഭ അനുവർത്തിക്കുന്ന ചില നയങ്ങൾ, യാഥാസ്ഥിതികവും കാലഹരണപ്പെട്ടതും മാറ്റമില്ലാത്തതുമാണ്. അത്തരം പഴഞ്ചൻ ചിന്തകളിൽ നിന്നു വിശ്വാസസമൂഹം സ്വതന്ത്രമാകാനും ആഗ്രഹിക്കുന്നു.

തൊണ്ണൂറു ശതമാനം വിവാഹിതരായ കത്തോലിക്കരും കുടുംബാസൂത്രണത്തിൽ വിശ്വസിക്കുന്നവരാണ്. ഭ്രൂണഹത്യ സഭയിൽ പാപമായി കരുതുന്നു. അതുപോലെ ഗർഭച്ഛിദ്രവും അനുവദനീയമല്ല. എച്ച്.ഐ. വി. രോഗ ബാധിതർക്കു പോലും ഗർഭ നിരോധക ഉറകൾ ഉപയോഗിക്കുന്നതിൽ സഭയിൽ നിയന്ത്രണമുണ്ട്. സഭയിൽ ഒരു ചെറിയ മാറ്റമുണ്ടാകണമെങ്കിലും നൂറ്റാണ്ടുകളെടുക്കും. ഇത്തരം മാറ്റമില്ലാത്ത സഭയിൽ നിന്നും വിശ്വാസികൾ അകന്നു പോവുമ്പോൾ സമൂഹത്തിൽ പുരോഹിതരുടെ ആവശ്യങ്ങൾ ഇല്ലാതെയാവുന്നു. ദേവാലയങ്ങൾ വിശ്വാസികളുടെ അഭാവംമൂലം പൂട്ടേണ്ട ഗതികേടും സംഭവിക്കുന്നു.

സ്ത്രീ പുരുഷ ബന്ധം സന്താനോത്ഭാദനത്തിനു മാത്രമേ പാടുള്ളുവെന്ന സഭയുടെ പ്രാചീന നിയമം ഇന്നുമുണ്ട്. അല്ലാത്ത പക്ഷം വൈദികരുടെ മുമ്പാകെ കുമ്പസാരിക്കണം. കുടുംബാസൂത്രണത്തിനു ഉറകൾ ഉപയോഗിക്കുന്നതിനു പകരം സ്ത്രീകളുടെ ആർത്തവ കണക്കിൻപ്രകാരം മാത്രം ലൈംഗികത അനുവദനീയമാണ്. കൂടുതൽ കൂടുതൽ സന്താനങ്ങളെ ഉത്ഭാദിപ്പിക്കാനാണ് സഭ ഉപദേശിക്കുന്നത്. കർദ്ദിനാൾ ന്യുമാൻ പറയുമായിരുന്നു, "കത്തോലിക്കാ സഭയെപ്പോലെ സുന്ദരമായതും അതിനേക്കാൾ വൈരൂപ്യമേറിയതുമായ മറ്റൊരു സഭയില്ല. അതുകൊണ്ടു കാലത്തിന്റെ ഇന്നത്തെ ആവശ്യം സഭയിലുള്ള വൈരൂപ്യങ്ങൾ ഇല്ലാതാക്കുകയെന്നതാണ്. എത്രമാത്രം സഭയുടെ ചെളിപുരണ്ട മുഖം കഴുകി
വൃത്തിയാക്കുന്നുവോ അത്രമാത്രം സഭ വീണ്ടും സൗന്ദര്യാത്മകമായി പ്രത്യക്ഷപ്പെടും."

അടുത്ത കാലത്ത് ഇറ്റലിയിൽ ഇരുപത്തിയാറ് യുവതികൾ തങ്ങൾ പുരോഹിതരായ കാമുകരുമൊത്ത് രഹസ്യബന്ധം തുടരുന്നുണ്ടെന്നും പൗരാഹിത്യം ഉപേക്ഷിക്കാതെ തന്നെ അവരെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നും കാണിച്ച് ഫ്രാൻസീസ് മാർപാപ്പായ്ക്ക് ഒരു കത്ത് അയച്ചിരുന്നു. തങ്ങൾ സ്നേഹിക്കുന്നവർ പൗരാഹിത്യം ഉപേക്ഷിക്കുന്നതിൽ അതീവ ദുഃഖത്തിലാണെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു. പുരോഹിതർക്ക് വിവാഹം ചെയ്യാൻ പാടില്ലാന്നുള്ള സഭയുടെ നയങ്ങൾക്ക് മാറ്റം വരുത്തണമെന്നും അഭ്യർത്ഥിച്ചിരുന്നു. പുരോഹിതരുടെ ബ്രഹ്മചര്യം സഭയുടെ നിയമം അല്ലെന്നും അത് പുരോഹിതർക്കിടയിലുള്ള അച്ചടക്കത്തിന്റെ ഒരു മാനദണ്ഡമാണെന്നും വിശ്വാസവുമായി പുരോഹിതരുടെ ബ്രഹ്മചര്യത്തിനു യാതൊരു ബന്ധവുമില്ലെന്നും സഭയ്ക്ക് ഏതു കാലത്തും അത്തരം തീരുമാനം മാറ്റാവുന്നതേയുള്ളുവെന്നും മാർപാപ്പാ എഴുതിയ 'സ്വർഗ്ഗത്തിലും ഭൂമിയിലും' (ഓൺ ഹെവൻ ആൻഡ് എർത്ത്) എന്ന പുസ്തകത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

2019 ഒക്ടോബറിൽ ലാറ്റിൻ അമേരിക്കയിലെ 'പാൻ ആമസോൺ' സ്ഥലത്തു കൂടുന്ന സഭാ സിനഡിൽ പുരോഹിതർക്ക് വിവാഹം കഴിക്കാമെന്നുള്ള പ്രഖ്യാപനം ഉണ്ടാവുമെന്നുള്ള വാർത്തകൾ  പ്രചരിക്കുന്നുണ്ട്. പുരോഹിതരുടെ ഈ നിയമം ലാറ്റിൻ അമേരിക്കൻ ഭൂപ്രദേശങ്ങൾക്കു മാത്രം ബാധകമായിരിക്കുമെന്നാണ് ഊഹോപാഹങ്ങൾ. അങ്ങനെ ഒരു തീരുമാനം സഭയെടുക്കുന്നുവെങ്കിൽ അത് സഭയുടെ നൂറ്റാണ്ടുകൾക്കുശേഷമുള്ള ചരിത്രത്തിലെ സുപ്രധാനമായ ഒരു കാൽവെപ്പായിരിക്കും. വാർത്തകൾ നാനാഭാഗങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും പുരോഹിതർക്ക് വിവാഹം അനുവദിക്കുമോയെന്ന വിഷയത്തെപ്പറ്റി ചർച്ച ചെയ്യുമോയെന്നതും സംശയത്തിലാണ്. അത് പിന്നീട് റോമിൽ നടക്കുന്ന സിനഡിലെ ചർച്ചാവിഷയങ്ങളായി മാറ്റിയേക്കാം. റോമിൽനിന്നും വേറിട്ട് മറ്റൊരു രാജ്യത്ത് സിനഡ് കൂടുന്നതും ഫ്രാൻസീസ് മാർപ്പാപ്പ ഭരണം ഏറ്റതിൽ പിന്നീടുള്ള ആദ്യത്തെ സംഭവമായിരിക്കും.

ബിഷപ്പുമാരുടെ ബ്രസീലിൽ നടക്കാൻ പോകുന്ന ഈ സിനഡിൽ പുരോഹിതരുടെ അവിവാഹിതാവസ്ഥ ചർച്ചാവിഷയമാക്കുകയാണെങ്കിൽ ശക്തമായ എതിർപ്പുകളും പ്രതീക്ഷിക്കാം. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ മാത്രം പുരോഹിതരുടെ ബ്രഹ്മചര്യവ്രതം ഫ്രാൻസീസ് മാർപാപ്പാ അവസാനിപ്പിക്കുമെന്നും പറയുന്നു. സിനഡിനെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പലതരത്തിലാണ് പ്രചരിക്കുന്നത്. ഇന്ന് സെമിനാരി ജീവിതത്തിൽക്കൂടി വ്രതമെടുത്ത് പുരോഹിതരാകാൻ അധികമാളുകൾ രംഗത്ത് വരുന്നില്ല. പുരോഹിത ക്ഷാമം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ലാറ്റിൻ അമേരിക്കൻ ഭൂവിഭാഗങ്ങളിലാണ്.

ബ്രസീലിൽ വിവാഹിതരായ പുരോഹിതരുടെ ആവശ്യങ്ങൾ വരുന്നുവെന്നും സഭയ്ക്ക് ബോധ്യമുണ്ട്. 1970-ൽ 92 ശതമാനം ബ്രസീലിയൻ ജനത കത്തോലിക്കരായിരുന്നു. 2010-ൽ അവരുടെ എണ്ണം 65 ശതമാനമായി. പെന്തകോസ്റ്റൽ സഭകൾ അവിടെ ശക്തി പ്രാപിച്ചതുകൊണ്ടാണ് കത്തോലിക്കരുടെ എണ്ണം കുറഞ്ഞത്. കത്തോലിക്കരല്ലാത്ത സഭകളിൽ വിവാഹിതരായ പാസ്റ്റർമാരും സ്ത്രീകളും സഭാ പ്രവർത്തനങ്ങൾ നടത്തുന്നു. ബ്രസീലിൽ 140 മില്യൺ കത്തോലിക്കരുണ്ട്. അവരുടെ സേവനത്തിനായി ആകെ 18000 പുരോഹിതർ മാത്രമാണുള്ളത്. ആമസോൺ പ്രദേശങ്ങളിലാണ് അമിതമായ പുരോഹിത ക്ഷാമമുള്ളത്. രാജ്യത്ത് പുരോഹിതരെ ഇറക്കുമതി ചെയ്യാനുള്ള നീക്കങ്ങൾ മുഴുവൻ പരാജയപ്പെടുകയും ചെയ്തു. സാംസ്ക്കാരികമായ അന്തരമാണ് കാരണം. യൂറോപ്പിലും അമേരിക്കയിലും പുരോഹിത ക്ഷാമം പരിഹരിക്കാൻ വികസിക്കുന്ന രാഷ്ട്രങ്ങളിൽനിന്ന് അവരെ ഇറക്കുമതി ചെയ്യുന്നു. അവിടങ്ങളിലെല്ലാം ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളായതുകൊണ്ടു പുരോഹിതക്ഷാമം ഒരു അളവ് വരെ പരിഹരിക്കാൻ സാധിക്കുന്നു.  ബ്രസീലിൽ പുരോഹിതർ വിവാഹം കഴിക്കില്ലെന്നുള്ള ‌ പ്രതിജ്ഞയ്ക്കെതിരെ ബ്രസീലിലെ സിനഡിൽ തീരുമാനങ്ങൾ കൈക്കൊണ്ടില്ലെങ്കിൽ റോമ്മായിൽ നടത്തുന്ന സിനഡിൽ സഭ അവരുടെ കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരം തേടേണ്ടി വരും.

വിവാഹിതരായ പുരോഹിതരോടുള്ള ബിഷപ്പുമാരുടെ മനോഭാവം മനസിലാക്കാമെന്നേയുള്ളൂ! പുരോഹിതർ വിവാഹിതരായാൽ സഭയുടെ സാമ്പത്തികം തകർക്കുമെന്ന് ഭയപ്പെടുന്നു. സഭ പുലർത്തിവരുന്ന പാരമ്പര്യത്തെയും സംസ്‌കാരങ്ങളെയും നശിപ്പിക്കുമെന്നും കരുതുന്നു. ഇടവക ജനത്തിന് പുരോഹിതരുടെ കുടുംബത്തിനും ചെലവുകൾ കൊടുക്കേണ്ടി വരും. അവർക്ക് താമസിക്കാനുള്ള വീടും കുട്ടികളുടെ വിദ്യാഭ്യാസവും വഹിക്കേണ്ടി വരും. കുടുംബമായി താമസിക്കുമ്പോൾ ആദ്ധ്യാത്മിക കാര്യങ്ങളിലും അതിന്റേതായ കുറവുകൾ വരാം. വിവാഹിതരായ പുരോഹിതരുടെയിടയിൽ വിവാഹമോചനവുമുണ്ടാകാം. അവിവാഹിതരായി ജീവിക്കുന്ന പുരോഹിതരിലും എതിർപ്പുകൾ ഉണ്ടാവാം. അവർ സഹിച്ചതുപോലുള്ള ത്യാഗങ്ങൾ പുതിയതായി പുരോഹിതപ്പട്ടം ലഭിക്കുന്നവർക്ക് സഹിക്കേണ്ടതില്ലായെന്ന തീരുമാനം അവരിൽ എതിർപ്പുകൾ ഉണ്ടാക്കാം. തന്മൂലം ഇന്നത്തെ പുരോഹിതരുടെ ബ്രഹ്മചര്യവ്രതങ്ങളിൽ മാറ്റങ്ങളുണ്ടാവുമോയെന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
Constantine the Great
Pope-Gregory-vii









Sunday, March 11, 2018

ക്നാനായ സമുദായവും സാംസ്ക്കാരിക പശ്ചാത്തലവും




ജോസഫ് പടന്നമാക്കൽ 

ക്നാനായ തൊമ്മൻ ഏതു കാലത്തു ജീവിച്ചിരുന്നുവെന്നോ, കേരളത്തിൽ വന്നുവെന്നോ, അങ്ങനെയൊരു വ്യക്തി ജീവിച്ചിരുന്നുവെന്നോ വ്യക്തമായ ഒരു ചരിത്രമില്ല. പരിശുരാമൻ കേരളക്കര സൃഷ്ടിച്ചതുപോലെ, സെന്റ് തോമസ് കേരളത്തിൽ ഏഴര കുരിശ് സ്ഥാപിച്ചപോലെ, ക്നാനായ കഥകളും ചരിത്രമായി ക്നാനായ ജനത കൊണ്ടാടുന്നു. അദ്ദേഹം ഏതു രാജ്യത്തുനിന്ന് വന്നുവെന്നുള്ള ചരിത്രത്തെപ്പറ്റിയും  പൊതുവായ ഒരു ധാരണയില്ല. ഒരു ബിഷപ്പായിരുന്നുവെന്ന് ചരിത്രമുണ്ട്. അതല്ല ഒരു കച്ചവടക്കാരനായിരുന്നുവെന്നും വിശ്വസിക്കുന്നു. ഒമ്പതാം നൂറ്റാണ്ടിൽ പാക്കപ്പലിൽ കേരളത്തിൽ വന്നു താമസമാക്കിയെന്നു പറയുന്നു. എന്നാൽ ഭൂരിഭാഗം പേരും നാലാം നൂറ്റാണ്ടിൽ വന്നുവെന്നും വിശ്വസിക്കുന്നു. ചരിത്രത്തെക്കാളുപരി അനുമാനങ്ങളെ അടിസ്ഥാനമാക്കി ക്നാനായ തൊമ്മന്റെ കഥകൾ  ഐതിഹ്യമാലകളാൽ കോർത്തിണക്കിയിരിക്കുന്നതും സ്പഷ്ടമാണ്.

1980-മുതലാണ് തെക്കുംഭാഗരെ ക്നാനായക്കാരെന്ന് അറിയപ്പെടാൻ തുടങ്ങിയത്. ഇന്ന് തെക്കുംഭാഗരെന്നതിനേക്കാൾ കൂടുതലായും ഈ സമൂഹത്തെ അറിയപ്പെടുന്നത് ക്നാനായക്കാരെന്നാണ്. 1939-ൽ തിരുകൊച്ചി നിയമസഭാ സാമാജികനായിരുന്ന ശ്രീ ജോസഫ് ചാഴികാടൻ ക്നാനായക്കാരുടെ ഐതിഹ്യങ്ങൾ കോർത്തിണക്കി 'തെക്കുംഭാഗം സമുദായ ചരിത്രം' എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഇംഗ്ലീഷ് തർജിമയുമുണ്ട്. അതിൽ  ചരിത്രത്തോടൊപ്പം അവരുടെ പാരമ്പര്യത്തെയും ആചാരങ്ങളെയും വിവരിച്ചിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിനുമുമ്പ് തെക്കുംഭാഗരെപ്പറ്റി പരാമർശിച്ചിരിക്കുന്നതായ രേഖകളൊന്നും ചരിത്രത്തിൽ കാണാൻ സാധിക്കില്ല. ഒരു പക്ഷെ തെക്കുംഭാഗർ എന്നതിന് പകരം മറ്റേതെങ്കിലും നാമത്തിൽ അവരെ അറിയപ്പെട്ടിരിക്കാം.

പൊതുവെ ക്നാനായക്കാർ സൽക്കാര പ്രിയരാണ്. യഹൂദർക്ക് നിഷിദ്ധമായ കള്ളും പന്നിയിറച്ചിയും അവരുടെ പ്രിയമുള്ള പാനീയവും ആഹാരവുമാണ്. കാഴ്ചയിൽ 'തെക്കും ഭാഗർ' തനി കേരളീയരെപ്പോലെ തന്നെ. ഒരു യഹൂദനെപ്പോലെയോ മിഡിലീസ്റ്റ് രാജ്യക്കാരെപ്പോലെയോ ശരീരഘടന ആർക്കും തന്നെയില്ല. യഹൂദ ജനം കുടിയേറുന്ന പ്രദേശങ്ങളിൽ അവരുടെ ഭാഷയായ ഹീബ്രുവും ഒപ്പം കൊണ്ടുപോകാറുണ്ട്. എന്നാൽ ഹീബ്രു അറിയാവുന്ന ക്നാനായക്കാർ ആരും തന്നെയില്ല. ചിലർ പൈതൃകം തേടി അടുത്ത കാലത്ത് ഹീബ്രു പഠനം ആരംഭിച്ചിട്ടുമുണ്ട്.

ക്നാനായക്കാരെ സ്വവംശ വർഗ്ഗമെന്നും അറിയപ്പെടുന്നു. ഇന്ത്യയിലും വിവിധ ഭാഗങ്ങളിലുമായി ഏകദേശം മൂന്നു ലക്ഷം ക്നാനായക്കാരുണ്ടെന്നു കണക്കാക്കുന്നു. തെക്കുംഭാഗരെന്നും വടക്കുംഭാഗരെന്നും രണ്ടുതരം ക്രിസ്ത്യാനികൾ ഉണ്ടായെതെങ്ങനെയെന്ന് അറിയില്ല! ക്നാനായ ചരിത്രം ആറായിരം വർഷങ്ങൾക്കപ്പുറമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ യഹൂദ ജനങ്ങളുടെ ചരിത്രംവരെ എത്തിക്കുന്നുണ്ട്. ഇത്തരം പൊള്ളയായ വാദങ്ങൾ ഭൂരിഭാഗം ക്നാനായ ജനതയും വിശ്വസിക്കുന്നു. മിക്ക പുരോഹിതരുടെയും പ്രഭാഷണങ്ങളിൽ ക്നാനായ മൂലചരിത്രം ആരംഭിക്കുന്നത് ദാവീദിന്റെ വംശാവലിയിൽ നിന്ന് കേൾക്കാം!

യൂറോപ്യന്മാർ ഇന്ത്യയിൽ കോളനികൾ സ്ഥാപിക്കാൻ തുടങ്ങിയ കാലങ്ങൾമുതലാണ്, ക്നാനായക്കാരുടെ ചരിത്രത്തെപ്പറ്റിയുള്ള അന്വേഷണങ്ങൾ ആരംഭിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടുമുതൽ  ഇവർ കേരള സമൂഹത്തിൽ ഒരു പ്രധാന വിഭാഗമായി അറിയപ്പെടാൻ തുടങ്ങി. ക്നാനായക്കാരിൽ അനേകമാളുകൾ പടിഞ്ഞാറൻ പ്രദേശങ്ങളിലും അമേരിക്കയിലും കുടിയേറിയിരിക്കുന്നു. അവിടെയെല്ലാം അവരുടെ പള്ളികളും സമൂഹവും ഉയർത്തിയിട്ടുണ്ട്. അമേരിക്കയിൽ ഷിക്കാഗോയിലാണ്  കൂടുതലായും അവരുടെ ജനം കുടിയേറിയിരിക്കുന്നത്.

ക്നാനായക്കാരെ ചാരം കെട്ടികളെന്നു വിളിക്കുന്ന പതിവുണ്ട്. അത് ക്നാനായക്കാരെ മാത്രമല്ല, ജൂതന്മാരെയും ചാരൻ കെട്ടികളെന്ന് വിളിക്കാറുണ്ട്. എ.ഡി. എഴുപതിൽ ജെറുസേലം ദേവാലയം തകർക്കപ്പെട്ടു. അന്ന് അവിടെനിന്നും ജൂതൻമാർ പലായനം ചെയ്തപ്പോൾ അന്നത്തെ കത്തിയ ദേവാലയത്തിന്റെ ചാരം കിഴിയായി കെട്ടിക്കൊണ്ടായിരുന്നു അവർ പോയത്. പിൽക്കാലത്ത് ഓരോ യഹൂദനും മരിക്കുമ്പോൾ ശവമഞ്ചത്തിനുമേലെ ഈ ചാരത്തിന്റെ അവശിഷ്ടം നിക്ഷേപിച്ചിരുന്നുവെന്നും പറയപ്പെടുന്നു. യഹൂദ പാരമ്പര്യത്തിൽ ഇങ്ങനെ ഒരു ആചാരം ഉണ്ടായിരുന്നതുകൊണ്ട് യഹൂദരെയും ചാരൻ കെട്ടികളെന്നു വിളിച്ചിരുന്നതായും ക്നാനായ ചരിത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. പോർട്ടുഗീസുകാർ വന്നപ്പോൾ കൊച്ചിയിലെ പല ജൂതപ്പള്ളികളും അവർ കത്തിച്ചു കളഞ്ഞു. ആ കത്തിച്ചു കളഞ്ഞ ചാരവുമായിട്ടായിരുന്നു തെക്കുംഭാഗർ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ മാറി താമസിക്കാൻ തുടങ്ങിയത്. അങ്ങനെ ക്നാനായക്കാർക്കും ആ പേര് വന്നുചേരുകയും ചെയ്തു. ക്നാനായക്കാർ എഡേസായിൽനിന്നു പുറപ്പെട്ടപ്പോൾ അവരുടെ ഭവനങ്ങളും കത്തിച്ച ശേഷം ചാരക്കിഴിയുമായി വന്നുവെന്നും ചരിത്രമുണ്ട്.

നാലാം നൂറ്റാണ്ടിൽ ജൂതന്മാരും ജൂത ക്രിസ്ത്യാനികളും കൊടുങ്ങല്ലൂരിന്റെ തെക്കേ ഭാഗത്ത് താമസിച്ചിരുന്നു. ഇന്നും മലബാറി ജൂതന്മാരെ തെക്കുംഭാഗരെന്നും എറണാകുളത്തുള്ള ജൂതപ്പള്ളികളെ  തെക്കുഭാഗം പള്ളികളെന്നും അറിയപ്പെടുന്നു. മണിഗ്രാമം എന്ന സ്ഥലം ചേരമാൻ പെരുമാൾ ക്നാനായ തൊമ്മനും അനുയായികൾക്കും നൽകിയിരുന്നതായും പറയപ്പെടുന്നു. കൂടാതെ 72 രാജ പദവികളും നൽകിയിരുന്നു. ക്നാനായക്കാരുടെ വിവാഹം സംബന്ധിച്ച ചടങ്ങുകളും രാജപദവികളിൽ വിവരിച്ചിട്ടുണ്ട്. അവരുടെ താലിക്കുപോലും പ്രത്യേകതയുണ്ട്. കുമ്പളത്താലിയാണ് ഉപയോഗിക്കുന്നത്. ഇരുപത്തൊന്നു സുവർണ്ണ വരകളുള്ള ഈ താലി വധുവിന്റെ വീട്ടുകാർ വരന്റെ വീട്ടിലെത്തിക്കുന്ന ഒരു പാരമ്പര്യമുണ്ട്. താലിയുമായി വരുമ്പോൾ വരന്റെ വീട്ടുകാർ വധുവിന് എന്തൊക്കെ കൊടുക്കണമെന്ന വിവരങ്ങൾ രാജപദവികളിൽ പറഞ്ഞിട്ടുണ്ട്. പതിനേഴു ജാതികളുടെ മേലെയുള്ള അധികാരവും ചേരമാൻ പെരുമാൾ കൽപ്പിച്ചു കൊടുത്തിട്ടുണ്ടായിരുന്നു. നടവിളി, ചന്ദം ചാർത്തൽ അനുഷ്ഠിക്കൽ, ഇതെല്ലാം 72 പദവികളിൽപ്പെട്ട ജൂത പാരമ്പര്യങ്ങളായി കണക്കാക്കുന്നു. തരിസാപ്പള്ളി ചെപ്പേട്, മണിഗ്രാമം ചെപ്പേട് എന്നിവകളിൽ പദവികൾ കൊടുത്തതായി പറഞ്ഞിട്ടുണ്ട്. കാലാ കാലങ്ങളിൽ വന്ന ചേരമാൻ പെരുമാൾമാർ ക്നാനായക്കാർക്ക് കൊടുത്ത ഈ പദവികൾ പുതുക്കി കൊടുത്തതായും അവരുടെ ചരിത്രത്തിലുണ്ട്.

ക്നാനായക്കാർ മഹത്തായ രാജകീയ പിന്തുടർച്ചക്കാരെന്നുള്ളതാണ് മറ്റൊരു ചരിത്രം. ഉദയംപേരൂർ കേന്ദ്രമായി വല്ല്യാർ വട്ടം എന്ന സ്ഥലത്ത് ക്രിസ്ത്യാനികളായ തോമ്മാ രാജാക്കന്മാർ ഭരിച്ചിരുന്നുവെന്നും ക്നാനായക്കാർ വിശ്വസിക്കുന്നു. ക്നാനായ ജനത ഭാരതത്തിലെ ആദ്യത്തെ ക്രൈസ്തവ രാജാക്കന്മാരുടെ പിന്തുടർച്ചക്കാരായും 'യൂട്യൂബിൽ' വരുന്ന ചില പ്രഭാഷണങ്ങളിൽ  ശ്രവിക്കാം. പോർട്ടുഗീസുകാർ കേട്ടിരുന്നത് കേരളത്തിലെ അക്കാലത്തെ ജനതകളിൽ ഭൂരിഭാഗവും ക്രിസ്ത്യാനികളെന്നായിരുന്നു. ക്നാനായ തൊമ്മന്റെ പിന്തുടർച്ചക്കാർ തോമ്മാ രാജാക്കന്മാരുടെ അനുയായികളെന്നായിരുന്നു കേട്ടിരുന്നത്. ക്ഷേത്രങ്ങൾ മാതാവിന്റെ നാമത്തിലുള്ള പള്ളികളെന്നു വാസ്കോഡിഗാമ തെറ്റി ധരിച്ചു. റോമ്മാ പോപ്പ് പലതവണ തോമ്മാ രാജാക്കന്മാർക്ക് കത്തുകൾ അയച്ചിട്ടുണ്ടെന്നും വിശ്വസിക്കുന്നു. അങ്ങനെ രാജാക്കന്മാരുടെ പാരമ്പര്യം, ആറായിരം വർഷം പഴക്കമുള്ള യഹൂദ പാരമ്പര്യം, ദാവീദ് രാജാവിന്റെയും തോമ്മാ രാജാക്കന്മാരുടെയും പിന്തുടർച്ച, രാജകീയ അവകാശങ്ങൾ, ചേരമാൻ പെരുമാളിന്റെ വാത്സല്യം എന്നിവകൾ ഭൂതകാലത്തിന്റെ സ്മരണകളായി ക്നാനായ സമുദായം കൊണ്ടാടുന്നു. ആത്മീയതക്കുപരിയായി പാരമ്പര്യത്തിനും പൈതൃകത്തിനും പ്രാധാന്യം അവർ കൽപ്പിക്കുന്നു.

സാംസ്‌കാരികമായി ക്നാനായ്ക്കാർക്ക് തനതായ നാടോടി പാട്ടുകളുണ്ട്. കലാ സാംസ്ക്കാരിക മൂല്യങ്ങളുമുണ്ട്. കല്യാണാഘോഷങ്ങളിലും അതിനോടനുബന്ധിച്ചുള്ള ആചാരങ്ങളിലും മറ്റു ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നും ക്നാനായക്കാർ വ്യത്യസ്തത പുലർത്തുന്നതും കാണാം. നൂറ്റാണ്ടുകളായി അവർ തനതായ ആചാരങ്ങൾ കൊണ്ടാടുന്നു. ക്നാനായക്കാരുടെയിടയിലുള്ള പാട്ടുകൾ കൊച്ചിയിലെ യഹൂദ പാട്ടുകളുമായി താദാത്മ്യമുണ്ടെന്ന് അവരുടെ എഴുതപ്പെട്ട കൃതികളിൽ കാണുന്നു. മാർഗം കളി ഡാൻസ്, പെസഹാ, എന്നീ ആചാരങ്ങൾ പടിഞ്ഞാറും കിഴക്കുമുള്ള സുറിയാനി പാരമ്പര്യത്തിൽ നിന്നുമുള്ളതാണ്. അത് തെക്കൻ ക്രിസ്ത്യാനികളും വടക്കൻ ക്രിസ്ത്യാനികളും ഒരുപോലെ ആഘോഷിക്കുന്നു.

കോട്ടയം അടുത്തുളള ചിങ്ങവനത്തിൽ 1910-ൽ യാക്കോബായ ക്നാനായ രൂപത സ്ഥാപിച്ചു. ക്നാനായ സമുദായത്തിന് തനതായ കോട്ടയം വികാരിയത്തു നേടിയെടുക്കാൻ മാർ മാത്യു മാക്കിലും മാർ അലക്‌സാണ്ടർ ചൂളപ്പറമ്പിലുമൊന്നിച്ച് 1911 മെയ് ഇരുപത്തിയഞ്ചാം തിയതി റോമിൽ പത്താം പിയൂസ് മാർപ്പാപ്പായെ നേരിൽ കാണുകയുണ്ടായി. ഇവരുടെ ശ്രമഫലമായി 1911 ഓഗസ്റ്റ് ഇരുപത്തിയൊമ്പതാം തിയതി തെക്കുംഭാഗർക്ക് തനതായ വികാരിയത്തു സ്ഥാപിച്ചുകൊണ്ടുള്ള കൽപ്പന റോമിൽനിന്നും ലഭിച്ചു. മാർ മാക്കിൽ, രൂപതയുടെ ആദ്യത്തെ മെത്രാനായി അഭിഷിക്തനാവുകയും ചെയ്തു. അദ്ദേഹത്തിൻറെ മരണശേഷം അലക്‌സാണ്ടർ ചൂളപ്പറമ്പിൽ കോട്ടയം രൂപതയുടെ മെത്രാനായി ചുമതലകൾ വഹിച്ചുവന്നു. കോട്ടയം കേന്ദ്രമായി 1923-ൽ ക്നാനായ രൂപതയും സ്ഥാപിതമായി. 2005-ൽ അത് അതിരൂപതയായി ഉയർത്തപ്പെട്ടു.

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭംമുതൽ മാത്രമേ വടക്കുംഭാഗരെന്നും തെക്കുംഭാഗരെന്നുമുള്ള വേറിട്ട രണ്ടായ ക്രിസ്തീയ ചരിത്രം അറിവിലുള്ളൂ. പോർട്ടുഗീസ് ചരിത്രങ്ങളിൽ ക്നാനായ തൊമ്മൻ വരുന്നതിനുമുമ്പ് കേരളത്തിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നുവെന്ന് മാത്രമേ കുറിച്ചിട്ടുള്ളൂ. പോർട്ടുഗീസുകാർ വന്നതിൽ പിന്നീടാണ് തെക്കുംഭാഗരെന്നും വടക്കുംഭാഗരെന്നും രണ്ടായി തിരിയാൻ കാരണമായത്. കാലക്രമേണ വ്യത്യസ്ത പള്ളികൾ ഇരുകൂട്ടരും പണിയാനും ആരംഭിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ തെക്കുംഭാഗരും വടക്കുംഭാഗരുമായി സാമൂഹികാചാരങ്ങളിൽ വ്യത്യാസമുണ്ടായിരുന്നില്ല. എന്നാൽ 1910-ൽ യാക്കോബാ മലങ്കര ഓർത്തോഡോക്സ് സമുദായത്തിൽ ക്നാനായ സമുദായത്തിനു മാത്രമായി രൂപത വന്നപ്പോൾ യഹൂദ ആചാരങ്ങളിൽ പലതും അവർ പകർത്താനാരംഭിച്ചു. തെക്കുംഭാഗരും വടക്കുംഭാഗരും രണ്ടായി തിരിയാനുള്ള ചരിത്രത്തിന്റെ വഴിത്തിരിവിനും അത് കാരണമായി. 1911-ൽ സുറിയാനി കത്തോലിക്കരുടെയിടയിൽ കോട്ടയം രൂപതയുടെ സ്ഥാപകനായ മാക്കിൽ മെത്രാന്റെ നേതൃത്വത്തിൽ ആ ചേരി തിരിവ് ശക്തമാക്കി.

തെക്കും ഭാഗ ജനതയുടെ ആരംഭം യഹൂദ ക്രിസ്ത്യാനികളെന്നു ചരിത്രരേഖകളില്ല. അതേ സമയം പതിനാറാം നൂറ്റാണ്ടിലെ പോർട്ടുഗീസ് ഡോക്യൂമെന്റുകളിൽ ബിഷപ്പ് തോമസോ അല്ലെങ്കിൽ കച്ചവടക്കാരൻ തോമസോ അനേകരെ ക്രിസ്ത്യാനികളായി മലബാറിൽ മതപരിവർത്തനം നടത്തിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനിക ചരിത്രമനുസരിച്ച് ചേരമാൻ പെരുമാളിന്റെ ചരിത്രം തുടങ്ങുന്നത് എട്ടാം നൂറ്റാണ്ടിലോ ഒമ്പതാം നൂറ്റാണ്ടിലോ ആണ്. നാലാം നൂറ്റാണ്ടിൽ ചേരമാൻ പെരുമാളിന്റെ ചരിത്രവും ക്നാനായി തൊമ്മന്റെ ചരിത്രവുമായി യോജിപ്പിക്കുന്നതിൽ യാതൊരു യുക്തിയുമില്ല. കോപ്പർ പ്ലേറ്റുകളിൽ ഓരോ കാലത്ത് പല വിധ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്നുള്ളതും ആധികാരികമായി തെളിയിച്ചിട്ടുള്ളതാണ്.

വടക്കൻ ക്രിസ്ത്യാനികൾ തോമ്മാ ശ്ലീഹായുടെ കാലത്ത് മത പരിവർത്തനം ചെയ്തവരെന്നു വിശ്വസിക്കുന്നു. തെക്കൻ ക്രിസ്ത്യാനികൾ ഒരു മിഷ്യനറിയും കച്ചവടക്കാരനുമായ ക്നാനായ തൊമ്മന്റെ ഒപ്പം വന്ന കുടിയേറ്റക്കാരുടെ അനുയായികളെന്നും കരുതുന്നു. നാലാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ ക്നാനായ തൊമ്മൻ എഴുപത്തി രണ്ടു കുടുംബങ്ങളുമായി വന്നുവെന്നാണ് ക്നാനായക്കാരുടെ നാടൻ പാട്ടുകളിൽ വ്യക്തമാക്കുന്നത്. ക്നാനായ തൊമ്മനെപ്പറ്റി നിരവധി കഥകൾ നെയ്തെടുത്തിട്ടുണ്ട്. സത്യമാണോ സത്യമല്ലെന്നോ അറിഞ്ഞുകൂടാ. പലതും നാടോടി പാട്ടുകളിൽക്കൂടി  ഐതിഹ്യങ്ങളായി നെയ്തെടുത്തതാണ്. ക്നാനായ നാടോടി കഥ ആദ്യം എഴുതിയുണ്ടാക്കിയത് 1700-ൽ സിറിയൻ ഓർത്തോഡോക്സ് ബിഷപ്പായിരുന്ന മാർ ഗാവ്രിൽ എന്ന് കരുതപ്പെടുന്നു.

1518-ലെ ഒരു പോർട്ടുഗീസ് ഡയറിയിൽ ക്നാനായ തോമ്മായെപ്പറ്റി പെൺടീടോ  എന്നയാൾ ഏതാനും വിവരങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. കൊല്ലത്തും കൊടുങ്ങല്ലൂരുമുള്ള തോമസ് ക്രിസ്ത്യാനികളെപ്പറ്റി അദ്ദേഹം വിവരിച്ചിരിക്കുന്നു. ക്രിസ്തു ശിക്ഷ്യനായ തോമ്മാശ്ലീഹാ വന്നതിനു ശേഷം വൃദ്ധനായ ഒരു അർമേനിയൻ കച്ചവടക്കാരൻ വന്നുവെന്നും തിരിച്ചു പോകാൻ ആരോഗ്യം അനുവദിക്കാത്തതിനാൽ ആദായമുള്ള ഒരു പുരയിടം സ്ഥലത്തെ രാജാവിൽ നിന്നും മേടിച്ചുവെന്നും എഴുതിയിരിക്കുന്നു. ഭൂമിയുടെ അവകാശം ലഭിക്കുകയും ചെയ്തു. അദ്ദേഹത്തിന് രണ്ടു പുത്രന്മാരുണ്ടായിരുന്നു. വസ്തുവിലുള്ള ആദായം മൂത്ത മകന് കൊടുത്തുകൊണ്ട് അദ്ദേഹത്തിൻറെ വസ്തുക്കൾ പള്ളിക്ക് എഴുതിക്കൊടുത്തു. ഈ കച്ചവടക്കാരന് അടിമകളുമുണ്ടായിരുന്നു. അവരെയെല്ലാം ക്രിസ്ത്യാനികളായി മതപരിവർത്തനം ചെയ്തിരുന്നു. അടിമകളുടെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നതും ന്യായാധിപനെപ്പോലെ തീർപ്പു കല്പിച്ചുകൊണ്ടിരുന്നതും അദ്ദേഹത്തിൻറെ രണ്ടാമത്തെ മകനായിരുന്നു. ഇതിനിടെ മക്കൾ തമ്മിൽ വഴക്കുണ്ടായി. മതം മാറിയ അടിമകൾ രണ്ടാമത്തെ മകനൊപ്പം മൂത്തയാളിനോട് വഴക്കുണ്ടാക്കി. മൂത്ത മകൻ യഹൂദരുടെ സഹായം ആവശ്യപ്പെട്ടു. അവർ വന്നു രണ്ടാമത്തെ മകനെയും മതം മാറിയ ക്രിസ്ത്യാനികളെയും അവിടെനിന്നു ഓടിച്ചു. ആ വസ്തുക്കളുടെ ഉടമസ്ഥാവകാശം യഹൂദർക്ക് ലഭിച്ചു. അവർ കൊച്ചി രാജാവിന് സേവനം ചെയ്തുകൊണ്ട് കൃഷികാര്യങ്ങളും രാജസേവനവും ചെയ്തു ജീവിച്ചുവെന്നാണ് ഒരു കഥ. അവരുടെ അനന്തര തലമുറകളാണ് ക്നാനായക്കാരെന്നും പറയുന്നു.

കൽദായ ബിഷപ്പായിരുന്ന മാർ ജേക്കബ് ആബൂന 1533-ൽ ഒരു കച്ചവടക്കാരനെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. കാനൻ ദേശത്തുനിന്ന് ഒരു കച്ചവടക്കാരൻ തീർത്ഥാടനത്തിനായി മൈലാപ്പൂർ വന്നുവെന്നും അവിടെ കെട്ടിടങ്ങളുടെ നാശനഷ്ടങ്ങൾ കണ്ടതുകൊണ്ടു അദ്ദേഹം കൊടുങ്ങല്ലൂർക്കു പോയിയെന്നും ഐതിഹ്യം പറയുന്നു. കൊടുങ്ങല്ലൂർ സ്ഥലം മേടിക്കുകയും പള്ളി പണിയുകയും ചെയ്തു. ഈ കച്ചവടക്കാരൻ മരിച്ചപ്പോൾ പള്ളിക്കു സമീപം കുഴിച്ചിടുകയും ചെയ്തു. 1564-ലെ കോറീയ  എഴുതിയ കുറിപ്പിലും ആബൂനായുടെ കാഴ്ചപ്പാടാണുള്ളത്. അർമേനിയൻ കച്ചവടക്കാരനായ ഒരാൾ അപ്പോസ്തോലൻ തോമസിന്റെ ഒരു ജോലിക്കാരനെ കണ്ടുമുട്ടിയെന്നും എഴുതിയിരിക്കുന്നു.  കച്ചവടക്കാരൻ തന്റെ വസ്തു മേടിക്കുന്നതിനുമുമ്പ് അയാളോടുകൂടി താമസിച്ചിരുന്നുവെന്നും കുറിച്ചുവെച്ചിട്ടുണ്ട്.

1578-ൽ ഡിയോണിസിയോ  എന്നയാൾ ക്നാനായി തൊമ്മനെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം വന്നത് മാർ ശബരിശോയും മാർ പിറുസിനു ശേഷമെന്നും പ്രാമാണികരിച്ചിരിക്കുന്നു. ബാബിലോണിയൻ ദേശക്കാരനായ കച്ചവടക്കാരനായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂർ വന്നു കച്ചവടം തുടങ്ങി. പണവും സ്വാധീനവുമായപ്പോൾ സ്ഥലത്തെ രാജാവുമായി കൂട്ടായി. തോമ്മാശ്ലീഹായുടെ നാമത്തിൽ പള്ളി വെക്കുവാൻ രാജാവ് 500 അടി സ്ഥലം കൊടുത്തു. അന്നുള്ള ക്രിസ്ത്യൻ ജനതയെ ഒന്നാകെ യോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അനേകരെ ക്രിസ്ത്യാനികളാക്കി മതപരിവർത്തനവും ചെയ്തു. പള്ളി പണിയാനുളള ഭീമമായ തുകയും രാജാവ് കൊടുത്തു. അദ്ദേഹത്തിൻറെ കാലത്ത് ക്രിസ്തുമതം അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങി. തോമ്മാ, നാട്ടുകാരത്തി ഒരു സ്ത്രീയെ വിവാഹം ചെയ്തു. നായർ സ്ത്രീയെ വിവാഹം ചെയ്തെന്നു പറയുന്നു. ക്രിസ്ത്യാനികളെ നായന്മാർക്ക് തുല്യമായി തുല്യ ആദരവോടെ അക്കാലങ്ങളിൽ ഗൗനിച്ചിരുന്നു.

മോൺസെറാറ്റെ  1579-ൽ എഴുതിയിരിക്കുന്നു, 'ക്നാനായ തൊമ്മൻ വന്നപ്പോൾ കൊല്ലത്തും കൊടുങ്ങല്ലൂരും ക്രിസ്ത്യാനികളെ കണ്ടു. അവർ തോമ്മാശ്ലീഹായുടെ പിൻഗാമികളായിരുന്നു. ക്രിസ്ത്യാനികൾ നായന്മാരെ വിവാഹം ചെയ്തിരുന്നു. അവർ ക്രിസ്ത്യൻ പേരിലറിയപ്പെട്ടിരുന്നു. കഴുത്തിൽ കുരിശുകളും ഉണ്ടായിരുന്നു. ക്നാനായ തൊമ്മൻ അവരെ യോജിപ്പിക്കുകയും ജാതിയിൽ കൂടിയ സമൂഹമായി ഉയർത്തുകയുമുണ്ടായി.

ക്നാനായ തൊമ്മനെപ്പറ്റിയുള്ള വിവരങ്ങളടങ്ങിയ കോപ്പർ പ്ളേറ്റിനെപ്പറ്റി 'ഫ്രാൻസിസ് റോസ്' (1603)വിവരിച്ചിട്ടുണ്ട്. അവസാന ചേരമാൻ പെരുമാളിന്റെ കാലത്ത് ബാബിലോണിയായിൽനിന്ന് ക്നാനായ തൊമ്മൻ വന്നു. രാജാവിന് വലിയ ഒരു തുക പണം കൊടുത്തു. അവിടെ സെന്റ്. തോമസ് പള്ളി പണിതു.' എന്നിരുന്നാലും തൊമ്മൻ വരുന്നതിനു മുമ്പ് ആ പ്രദേശമാകെ ക്രിസ്ത്യാനികളുണ്ടായിരുന്നു. മറ്റൊരു ചെപ്പേടിൽ പറയുന്നു, ക്നാനായ തൊമ്മൻ കൊടുങ്ങല്ലൂർ വന്നെത്തിയപ്പോൾ ചേരമാൻ പെരുമാൾ നേരിട്ട് വന്നു അദ്ദേഹത്തെ സ്വീകരിച്ചു. അത് ഒരു ഫെബ്രുവരി ഏഴാംതീയതി നിലാവുള്ള  രാത്രിയായിരുന്നു. മഹോദരം പട്ടണം ക്നാനായ തൊമ്മനായി രാജാവ് നൽകി. അവിടെ തൊമ്മൻ  മതപരമായ ആവശ്യത്തിനായി  പള്ളിയും താമസിക്കാൻ വീടും പണിതു. പൂന്തോട്ടങ്ങൾ സഹിതം രാജാവിന്റെ സഹായത്താൽ 62 വീടുകൾ പണി കഴിപ്പിച്ചു. വഴികളും ഉണ്ടാക്കി. ഇപ്പറഞ്ഞ തൊമ്മന് ഒരു ഭാര്യയും ഒപ്പം താമസിക്കാൻ മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു. അവർ രണ്ടുപേരും മാർഗം കൂടിയ മലബാറിയൻ ക്രിസ്ത്യാനികളായിരുന്നു. ക്നാനായ തൊമ്മന്റെ വംശാവലിയിൽ ഒരു ക്രിസ്ത്യൻ സമൂഹം തന്നെയുണ്ടായി.

അടുത്ത കാലത്ത് ക്നാനായക്കാർ അന്യമതക്കാരെ വിവാഹം കഴിക്കുന്നതു സംബന്ധിച്ചുള്ള വിഷയത്തിൽ കാനഡയിലെ ബിഷപ്പ് 'മൈക്കല്‍ മുല്‍ഹാലിന്റെ' നേതൃത്വത്തിലുള്ള കമ്മീഷൻ ഒരു റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ക്നാനായക്കാർ പുറത്തുള്ള മറ്റു കത്തോലിക്കരെ വിവാഹം ചെയ്‌താൽ സമുദായത്തിൽനിന്നും പുറത്താക്കുന്നത് നീതീകരിക്കാൻ സാധിക്കുന്നില്ലെന്നും അത് ക്രിസ്തീയതയല്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. അമേരിക്കയിൽ രൂപതകളും പള്ളികളും സീറോ മലബാർ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്നു. ഒരു ക്നാനായ സമുദായത്തിലുള്ള ആൾ സീറോ മലബാർ രൂപതയിൽപ്പെട്ടവരെ വിവാഹം കഴിച്ചാലും സമുദായ ഭ്രഷ്ട്ട് കൽപ്പിക്കുന്ന നടപടിയെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്നാനായുടെ അസ്തിത്വത്തെ തകരാറാക്കുന്ന വിധമാണ് ബിഷപ്പ് മൈക്കല്‍ മുല്‍ഹാലിന്റെ ഏകപക്ഷീയമായ ഈ തീരുമാനം. കേരളത്തിലും അമേരിക്കയിലും സമഗ്രമായ ഒരു അന്വേഷണം നടത്തിയ ശേഷമാണ് കാനേഡിയൻ ബിഷപ്പ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. വളരെയധികം ആശങ്കകളോടെയാണ് സമുദായം ഈ റിപ്പോർട്ടിനെ കാണുന്നത്. നൂറ്റാണ്ടുകളായി പവിത്രമായി കരുതുന്ന സ്വവംശ വിവാഹമെന്ന പാരമ്പര്യത്തിനെയാണ് ചോദ്യം ചെയ്തിരിക്കുന്നത്.

സ്വവംശ വിവാഹത്തെ സംബന്ധിച്ച് വത്തിക്കാൻ പുറത്തുവിട്ട വിവാദ ഉത്തരവിൽ ക്നാനായ സമുദായം അസന്തുഷ്ടരാണ്. റോമിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിക്ഷേധങ്ങൾക്കും കാരണമായേക്കാം. ഇതിന്റെ പ്രത്യാഘാതങ്ങൾ ലോകം മുഴുവനും ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഏകദേശം ഒരുലക്ഷം ക്നാനായക്കാർ സമുദായത്തിന് വെളിയിൽ നിന്നും വിവാഹം കഴിച്ചിട്ടുണ്ട്. അവർക്ക് സ്വന്തം സഹോദരങ്ങളോടൊപ്പം മാതാപിതാക്കളോടൊപ്പം ആചാരങ്ങളിൽ പങ്കു ചേരാൻ സാധിക്കാതെ ക്നാനായ അംഗത്വം നഷ്ടപ്പെടുകയും ചെയ്യുന്നു. ക്നാനായ സമുദായത്തിൽനിന്നുമല്ലാത്തവരെ വിവാഹം ചെയ്‌തുവെന്ന കാരണത്താൽ അവർ സഭയ്ക്ക് പുറത്തു പോവുന്നതും ക്രിസ്തീയ പാരമ്പര്യത്തിനെതിരാണ്. അത്തരം വൈകൃതങ്ങളായ പാരമ്പര്യങ്ങളെ ശ്രദ്ധിക്കാതെ വത്തിക്കാന്  കൈകെട്ടി നിൽക്കാനും സാധിക്കില്ല. വത്തിക്കാൻ നിയമിച്ച കമ്മീഷന്റെ നിലപാടും അതുതന്നെയായിരുന്നു.

വത്തിക്കാൻ നിർദ്ദേശം അവഗണിച്ചുകൊണ്ട് ക്നാനായ സമുദായം എങ്ങനെ മുമ്പോട്ട് പോകും? ഒന്നുകിൽ ഇവർക്ക് സ്വതന്ത്രമായ സഭയുണ്ടാക്കാം. അല്ലെങ്കിൽ ക്നാനായ യാക്കോബാ സമുദായത്തോട് ചേരുവാൻ സാധിക്കും. അങ്ങനെ വരുമ്പോൾ ക്നാനായ സഭയുടെ സ്വത്തുക്കളിൽ തീരുമാനത്തിനായി കോടതികളെ ആശ്രയിക്കേണ്ടി വരും. യാക്കോബായും ഓർത്തോഡോക്സും തമ്മിലുള്ളതുപോലെ ഒരു പൊരിഞ്ഞ യുദ്ധത്തിനും കാരണമാകാം. ക്നാനായിലെ വലിയൊരു വിഭാഗം റോമിന്റെ ഭരണത്തിൻകീഴിൽ തുടരാൻ താല്പര്യപ്പെടുന്നതിനാൽ സമുദായത്തിനുള്ളിൽ അത് പിളർപ്പിലേക്കും വഴിതെളിയിക്കും. യുവ ജനങ്ങളിൽ അനേകർ ക്നാനായ സമുദായത്തിൽ നിന്ന് വിട്ട് പുറത്തുള്ള സഭകളുമായി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരും കാണാം. ബിഷപ്പ് മൈക്കല്‍ മുല്‍ഹാലിന്റെ കമ്മീഷന്‍ റിപ്പോര്‍ട്ട് വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമാവുമെന്നതിലും സംശയമില്ല.

അമേരിക്കയിൽ സീറോ മലബാർ സഭയുടെ ബിഷപ്പ് അങ്ങാടിയത്തും ബിഷപ്പ് മൂലെക്കാട്ടിലും മുത്തേലത്തച്ചനുമൊത്ത് ക്നാനായക്കാരെ ചതിച്ചുവെന്നുള്ള വിവാദങ്ങളുമുണ്ട്. മുത്തേലത്തച്ചൻ എന്ന പുരോഹിതൻ ക്നാനായക്കാരെക്കൊണ്ട് പള്ളികൾ മേടിപ്പിച്ച ശേഷം ആ പള്ളികൾ മുഴുവൻ അങ്ങാടിയത്തിനു തീറെഴുതി കൊടുക്കുകയാണുണ്ടായത്. സഭ മാറി കെട്ടിയ ക്നാനായക്കാർക്കും അവരുടെ കുടുംബത്തിനും ക്നാനായ പള്ളിയിൽ അംഗത്വം കൊടുക്കുന്നതും ക്നാനായ സമുദായത്തെ ചൊടിപ്പിച്ചിരുന്നു. ഭാവിയിൽ ഈ ഫോർമുല മൂലെക്കാട്ടിൽ കേരളത്തിലും കൊണ്ടുവരുമെന്നും ഭയപ്പെടുന്നു. ക്നാനായ സമുദായത്തെ ഉന്മൂലനം ചെയ്യുന്ന പദ്ധതിയാണിതെന്നു സമുദായത്തിലുള്ളവർ ആശങ്കപ്പെടുന്നു. അമേരിക്കൻ ക്നാനായ സഭകളുടെമേൽ തനിക്ക് അധികാരമില്ലെന്നു ബിഷപ്പ് മൂലേക്കാടൻ പ്രഖ്യാപിച്ചതും വലിയ ഒച്ചപ്പാടുകൾക്ക് കാരണമായിരുന്നു.











Saturday, March 3, 2018

വഴുതിപ്പോകുന്ന കാനോൻ നിയമങ്ങളും അഭിഷിക്തരുടെ ഐഹിക അധികാരങ്ങളും



ജോസഫ് പടന്നമാക്കൽ 

ആദ്ധ്യാത്മികതയുടെ നാടായ ഭാരതത്തിൽ ഒന്നാം നൂറ്റാണ്ടിൽ തന്നെ ക്രിസ്തീയ ചൈതന്യം വേരൂന്നിയിരുന്നുവെന്നു പാരമ്പര്യമായി നാം വിശ്വസിച്ചുവരുന്നു.  ഇന്ത്യയുടെ സാംസ്ക്കാരിക മുന്നേറ്റത്തിൽ ക്രിസ്ത്യൻ സംസ്ക്കാരവും ഭാരതീയ ദേശീയതയിൽ ലയിച്ചു ചേർന്നിരുന്നു. പൗരാണിക ഭാരതീയ ക്രിസ്ത്യാനികൾക്ക് പടിഞ്ഞാറൻ ക്രിസ്ത്യാനികളുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. പോർട്ടുഗീസുകാർ കോളനികൾ സ്ഥാപിച്ചപ്പോൾ നാട്ടു ക്രിസ്ത്യാനികളെ റോമിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിച്ചു. അതിനെ ദേശീയ ക്രിസ്ത്യാനികൾ എതിർക്കുകയും പോർട്ടുഗീസുകാരുടെ ശ്രമങ്ങളെ വിഘ്നപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും ചെയ്തു.

1653-ൽ കൊച്ചിക്കടുത്തുള്ള മട്ടാഞ്ചേരിയിൽ ക്രൈസ്തവ സഭകളെ പാശ്ചാത്യവൽക്കരിക്കുന്നതിനെതിരെ ക്രിസ്ത്യാനികൾ ഒരു സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. പോർട്ടുഗീസുകാർക്കെതിരെ പ്രതിക്ഷേധിക്കുകയും വിദേശ ആചാരങ്ങളെയും റോമ്മായുടെ മതപരമായ കാഴ്‌ചപ്പാടുകളെയും ഭാരത സഭയിൽ അടിച്ചേൽപ്പിക്കുന്നതിൽ എതിർക്കുകയും ചെയ്തു. അവിടെ ഒരു കുരിശിൽ കയറു കെട്ടി കൈകൾ കയറിന്മേൽ! പിടിച്ചുകൊണ്ടു തങ്ങൾക്ക് റോമ്മാ സഭയുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതിജ്ഞയും ചെയ്തു. ജനക്കൂട്ടം കുരിശിൽ കെട്ടിയ കയറുകൾ താഴോട്ടു വലിച്ചിരുന്നതുകൊണ്ട് കുരിശു വളയുകയുമുണ്ടായി. അന്നുമുതൽ ചരിത്രപ്രധാനമായ ഈ സത്യപ്രതിജ്ഞയെ കൂനൻ കുരിശു സത്യമെന്ന് അറിയപ്പെടുന്നു. കൂനൻ കുരിശു സത്യത്തെ പ്രതിജ്ഞ ചെയ്തവർ യാക്കോബാ, ഓർത്തോഡോക്സ്, മാർത്തോമ്മാ, സി.എസ്.ഐ വിഭാഗങ്ങളായി മാറുകയും റോമ്മായെ അനുകൂലിച്ചവർ കത്തോലിക്കരായി തുടരുകയും ചെയ്തു.

പോർട്ടിഗീസുകാർക്കെതിരെ നാട്ടു ക്രിസ്ത്യാനികൾ സമരം പ്രഖ്യാപിച്ചത് ക്രിസ്ത്യാനികളുടെ പാരമ്പര്യ സാംസ്ക്കാരികതയെ പരിരക്ഷിക്കാനായിരുന്നു. അന്നുവരെ ക്രിസ്ത്യാനികൾ അനുഷ്ടിച്ചു വന്ന നിയമത്തെ തോമസ് നിയമങ്ങളെന്നു പറഞ്ഞു വന്നിരുന്നു. തോമസ് നിയമം അനുസരിച്ച് ഒരോ പള്ളിയും സ്വതന്ത്രമായിരുന്നു. ഭൗതിക കാര്യങ്ങൾ മുഴുവൻ നിയന്ത്രിച്ചിരുന്നത് ഇടവക ജനങ്ങളായിരുന്നു. പുരോഹിതർക്ക് ആദ്ധ്യാത്മിക കാര്യങ്ങളിൽ മാത്രമേ ചുമതലയുണ്ടായിരുന്നുള്ളൂ. സഭയുടെ ഭൗതിക കാര്യങ്ങളിൽ അവർക്ക് യാതൊരു അവകാശങ്ങളും ഉണ്ടായിരുന്നില്ല. ഓരോ പുരോഹിതനുമുള്ള പ്രതിഫലം ഇടവക ജനങ്ങൾ നിശ്ചയിച്ചിരുന്നു.

പോർട്ടുഗീസുകാർക്ക്, പ്രാചീനമായി ക്രിസ്ത്യാനികൾ പുലർത്തി വന്നിരുന്ന ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും നശിപ്പിച്ച് ഭൂരിഭാഗം ക്രിസ്ത്യാനികളെ പോപ്പിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിച്ചു. പോപ്പിന്റെ പ്രതിനിധികളായ മെത്രാന്മാർക്കും കർദ്ദിനാൾവരെയും  ആദ്ധ്യാത്മിക അധികാരത്തിനു പുറമേ ഭൗതികമായ അധികാരങ്ങളുമുണ്ടായിരുന്നു. പോപ്പ് കൊടുത്ത ഏകാധിപത്യ തീരുമാനം പുരോഹിതർക്കും മെത്രാന്മാർക്കും അല്മെനികളെ നിയന്ത്രിക്കാനുള്ള അധികാരവുമായി മാറി. അടിമ-യജമാനൻ എന്ന മനസ്ഥിതിയും രൂപാന്തരപ്പെട്ടു. പുരോഹിതരും മെത്രാന്മാരും രാജ്യത്തിന്റെ നിയമങ്ങൾക്കു മീതെ സഞ്ചരിക്കുന്നുവെന്ന അഹങ്കാരവുമുണ്ടായി. ഓരോ രൂപതകളുടെ പള്ളികളും സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും പുരോഹിതരുടെ കുത്തകയായി മാറ്റപ്പെട്ടു. മദ്ധ്യകാലത്തിലെ പ്രഭുത്വത്തിനു തുല്യമായി രാജകീയ വേഷങ്ങളണിഞ്ഞുകൊണ്ടു ജനങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെടാനും ആരംഭിച്ചു. സഭയുടെ വസ്തുക്കളിൽ അവർക്കു മാത്രം പരമാധികാരം. പള്ളിക്കു സ്വത്തുണ്ടാക്കേണ്ടത് അല്മെനികളും. മില്യൺ കണക്കിനു വരുന്ന കറൻസികളുടെ വാർഷിക വരുമാനവും ഭൗതിക സ്വത്തുക്കളും റോമിലെ കാനോൻ നിയമമനുസരിച്ച് അതാത് സ്ഥലങ്ങളിലെ ബിഷപ്പുമാർ നിയന്ത്രിക്കുന്നു. മതസ്ഥാപനമായതുകൊണ്ടു നികുതിയും കൊടുക്കേണ്ട.

ഇന്ത്യൻ ഭരണഘടനയുടെ മുപ്പതാം വകുപ്പനുസരിച്ച് ന്യുനപക്ഷ അവകാശമെന്ന പേരിൽ സഭാസ്വത്തുക്കൾക്ക് സംരക്ഷണവും ലഭിക്കുന്നു. കാനോൻ നിയമം അനുസരിച്ച് ബിഷപ്പിന് ഭരണ ചുമതലയും നിയമ നിർമ്മാണവും പരിപൂർണ്ണ തീരുമാനങ്ങളെടുക്കാനുള്ള അധികാരവുമുണ്ട്. വ്യക്തിപരമായി ഈ അധികാരം ഉപയോഗിക്കുകയും ചെയ്യുന്നു. സഭയുടെ ഭൗതിക സ്വത്തുക്കളിൽ, അല്മായന് യാതൊരു അധികാരവുമില്ല. ഓരോ ബിഷപ്പുമാരും മാർപാപ്പാ നിയമിച്ച സ്ഥലത്തെ മഹാരാജാക്കന്മാർക്ക് തുല്യമായി ജീവിക്കുന്നു. അല്മായർ ഈ മഹാരാജാവിനോട് വിധേയത്വം പുലർത്തുകയും വിശ്വസ്തരുമായിരിക്കണം.

കാനോൻ നിയമം പുരോഹിതർക്കുവേണ്ടിയുള്ള ഒരു സൃഷ്ടിയാണ്. അതിലെ നിയമം 191 അനുസരിച്ച് ഇന്ത്യ മുഴുവനുമായുളള സഭയുടെ ഭൗതിക സ്വത്തുക്കൾ കൈകാര്യം ചെയ്യുവാനുള്ള അധികാരം പോപ്പ് നിയമിക്കുന്ന ബിഷപ്പിനാണ്. ഈ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്തിരുന്നുവെങ്കിലും നിയമവും കോടതികളും ബിഷപ്പുമാർക്ക് അനുകൂലമായ തീരുമാനമായിരുന്നു എക്കാലവും എടുത്തിരുന്നത്. ന്യുനപക്ഷ അവകാശങ്ങളുടെ തണൽ പറ്റിയാണ് ഇവർ കോടതിയിൽ വിജയം നേടിക്കൊണ്ടിരിക്കുന്നത്. എന്നാൽ അടുത്ത കാലത്തെ കോടതി വിധികൾ അനുകൂലമല്ലാതെയും വന്നിട്ടുണ്ട്.

സൈബർ ലോകത്തെയും സോഷ്യൽ മീഡിയാകളെയും സഭയും പുരോഹിതരും ഭയപ്പെടുന്നു. അന്തരിച്ച സുപ്രീം കോടതി ജഡ്ജി ശ്രീ വി.ആർ. കൃഷ്ണയ്യർ കൊണ്ടുവന്ന ചർച്ച് ആക്ട് നടപ്പിലായാൽ പൗരാഹിത്യത്തിന്റെ അധികാര ശൃംഖല പൊട്ടി തകരുമെന്നും വേവലാതിപ്പെടുന്നുണ്ട്. പള്ളിയും പട്ടക്കാരുമായുള്ള ദുരനുഭവങ്ങളിൽ ബലിയാടാകേണ്ടി വരുന്ന വിശ്വാസികൾക്ക് താഴെ വിവരിച്ചിരിക്കുന്ന ചില കോടതിവിധികൾ പ്രയോജനപ്പെട്ടേക്കാം. വിശ്വാസത്തെക്കാളും പുരോഹിതർക്ക് മുഖ്യം പണമാണെന്നു ഓരോ കാലഘട്ടങ്ങളിലുണ്ടായ കേസ് വിസ്താരങ്ങളിൽനിന്നു മനസിലാക്കാനും സാധിക്കും.

മോളി-സെബാസ്റ്റ്യൻ വിവാഹമോചന കേസ്:

 2017 ജനുവരിയിൽ സഭാകോടതിയുടെ തീരുമാനമനുസരിച്ച് സീറോ മലബാർ സഭയിലെ വിവാഹിതരായ മോളി-സെബാസ്റ്റ്യൻ ദമ്പതികൾക്ക് വൈവാഹിക ബന്ധത്തിൽനിന്നും മോചനം നൽകിയിരുന്നു. ഈ  കേസ് 1996-ൽ സഭാ കോടതിയിൽ തീർപ്പു കല്പിച്ചതായിരുന്നു. എന്നാൽ ഇന്ത്യയുടെ പരമോന്നത കോടതി അവരുടെ  വിവാഹ മോചനം ഔദ്യോഗികാംഗീകാരമില്ലാത്തതെന്നു സ്ഥിതീകരിച്ചു. സഭയുടെ അധികാര പരിധിയിലുള്ള വിവാഹമോചനം ഇന്ത്യൻ നിയമം അനുസരിച്ച് അതാത് നിയമാതിർത്തിയിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ വിവാഹ മോചനത്തിന് സാധുതയില്ലെന്നായിരുന്നു വിധി. സഭാകോടതിയുടെ തീരുമാനം ഇന്ത്യൻ പരമോന്നത നിയമങ്ങൾക്ക് വിധേയമല്ലെന്നും കോടതിയുടെ വിസ്താരത്തിലുണ്ടായിരുന്നു. സഭ, വിവാഹ മോചനം നൽകിയാലും നിയമത്തിന്റെ മുമ്പിൽ അവർ ഭാര്യ ഭർത്താക്കന്മാർ തന്നെയാണ്. ഒരേ സമയം രണ്ടു ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവുള്ള വ്യക്തി (bigamist) ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് കുറ്റക്കാരുമാണ്. 1869-ലെ ക്രിസ്ത്യൻ വിവാഹമോചന പ്രകാരം വിവാഹ മോചനം നിയമപരമായി രജിസ്റ്റർ ചെയ്യണമെന്നുള്ളതാണ്. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേറും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ഉൾപ്പെട്ട ബെഞ്ച്, സഭയുടെ അറ്റോർണി ക്ലാരേൻസ് പയസ് വഴി നൽകിയ പെറ്റിഷൻ തള്ളിക്കളയുകയും ചെയ്തു.

വിവാഹവും വിവാഹ മോചനവും കത്തോലിക്ക സഭയെ സംബന്ധിച്ച് കാനോൻ നിയമങ്ങളാണ്  നിയന്ത്രിക്കുന്നത്. സഭാക്കോടതിയിൽ നൂറു കണക്കിന് വിവാഹ മോചനത്തിനായുള്ള കേസു‌കളുടെ ഫയലുകൾ കെട്ടി കിടക്കുന്നുവെന്ന് സഭാവക്കീൽ 'പയസ്‌' വാദിച്ചിരുന്നു. കാനോൻ നിയമം അനുസരിച്ച് ഇടവകയിലെ വികാരി വിവാഹം കൂദാശ ചെയ്യുമ്പോൾ വിവാഹം സാധുവാകുന്നു. അതുപോലെ വിവാഹ മോചനവും. എന്നാൽ ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമ പ്രകാരം കാനോൻ നിയമപ്രകാരമുള്ള വിവാഹത്തിന് യാതൊരു സാധുതയുമില്ലെന്നുള്ളതാണ്. സഭയുടെ നിയമം അനുസരിച്ചു മാത്രം പുനർ വിവാഹം ചെയ്തു ജീവിക്കുന്നവർ ഇന്ത്യൻ വകുപ്പ് 494 ബഹുഭാര്യത്വം, ബഹുഭർത്തൃത്വം പ്രകാരം ജയിൽ ശിക്ഷയ്ക്ക് വിധേയരുമായിരിക്കും. അങ്ങനെ സംഭവിക്കുന്നുവെങ്കിൽ നൂറു കണക്കിന് ഭാര്യ ഭർത്താക്കന്മാർ ജയിൽ ശിക്ഷയോ കോടതി ഫൈനോ നേരിടേണ്ടി വരും. വിവാഹ മോചനത്തിന് സഭാ കോടതികളുടെ തീരുമാനത്തിന് യാതൊരു വിലയുമില്ലെന്നു ഈ കോടതി വിധിയിലൂടെ തെളിയുകയാണ്.

പള്ളി യോഗത്തിൽ സംബന്ധിക്കാത്തതിനുള്ള കേസ് :

ഇരിഞ്ഞാലക്കുട രൂപതയിൽ കൈപ്പമംഗലം പള്ളിയിലെ വികാരി ഫാദർ സെബി കുളങ്ങര  വേദപാഠ ക്ലാസ്സിലെ കുട്ടികളുടെ രക്ഷാകർത്താക്കളുടെ ഒരു യോഗം വിളിച്ചുകൂട്ടിയിരുന്നു. ഒരു കുട്ടിയുടെ പിതാവായ 'പോൾസൺ പണ്ടാരി' ആ യോഗത്തിൽ സംബന്ധിച്ചിരുന്നില്ല. യോഗത്തിൽ പങ്കു ചേരാതിരുന്നതിന്റെ പേരിൽ പോൾസന്റെ രണ്ടു മക്കൾ 'വിവേകിനേയും വൈശാഖിനെയും'ക്ലാസ്സിൽ നിന്നും പുറത്താക്കി. നീതിയില്ലാത്ത വികാരിയുടെ ഈ പ്രവർത്തിക്കെതിരെ പോൾസൺ കൊടുങ്ങല്ലൂരുള്ള മുനിസിഫിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു. വികാരിയ്‌ക്കെതിരെ കേസ് കൊടുത്ത്, സഭയയെയും പള്ളിയെയും അപമാനിച്ചെന്ന് പറഞ്ഞുകൊണ്ട്, ഇരിഞ്ഞാലക്കുട ബിഷപ്പ് ജെയിംസ് പഴയാറ്റിൽ പോൾസനെ പള്ളിയോടനുബന്ധിച്ചുള്ള കൂദാശകൾ സ്വീകരിക്കുന്നതിൽനിന്നും മുടക്കി. കുമ്പസാരവും കുർബാനയും മുടക്കുകയും പള്ളിയിൽ വരാൻ പാടില്ലെന്നു കൽപ്പനയും  പുറപ്പെടുവിച്ചു. അതിനെതിരെയും പോൾസൺ കൊടുങ്ങല്ലൂർ മുൻസിഫ്‌ കോടതിയിൽ കേസ് കൊടുത്തു.

പ്രതിഭാഗം വക്കീൽ കെ.ജെ.മിഖൈയാൽ 'ഇതൊക്കെ കത്തോലിക്ക സഭയുടെ കാനോൻ നിയമപ്രകാരമുള്ളതാണ്, കേസ് നിലനിൽക്കില്ലെന്നും' വാദിച്ചു. എന്നാൽ വാദിഭാഗം വക്കീലായിരുന്ന കെ.കെ. അൻസാറിന്റെ ജൂനിയർ മിസ് ശബളയുടെ വാദത്തിൽ 'കാനോൻ നിയമം വാദിയുടെ പൗരാവകാശ നിയമത്തെ ചോദ്യം ചെയ്യുന്നുവെന്നും' വാദിച്ചു. നിയമത്തിന്റെ പഴുതുകൾ തേടി കോടതിയിൽ സഹായം തേടിയെന്ന പേരിൽ കൂദാശകൾ നിരസിക്കുന്നതു രാജ്യത്തിലെ സിവിൽ നിയമങ്ങളോടുള്ള അവഹേളനമാണെന്നും വാദങ്ങളിൽ ഉണ്ടായിരുന്നു. ഇതിനു സമാനമായ സുപ്രീം കോടതിയിലെ ഒരു വിധിയും ചൂണ്ടി കാണിച്ചിരുന്നു. കൊടുങ്ങല്ലൂർ മുനിസിഫ് ശ്രീ അനന്തകൃഷ്ണൻ, കേസിൽ പോള്സണും മക്കൾക്കും അനുകൂലമായി വിധി പ്രസ്താവിച്ചു. 2009 മാർച്ച് ഇരുപത്തിനാലാം തിയ്യതിയായിരുന്നു വിധി പ്രസ്താവിച്ചത്. പള്ളി വികാരിയും കൂട്ടരും ഈ വിധിക്കെതിരെ പിന്നീട് അപ്പീലുമായി മേൽക്കോടതികളിൽ പോയില്ല. അതുകൊണ്ടു ആ നിയമം ഇന്നും പ്രാബല്യമാണ്. ഈ കേസ് നടക്കുന്ന മൂന്നു വർഷത്തോളം പള്ളിയിൽ ആദ്യകുർബാന ചടങ്ങുകളുണ്ടായിരുന്നില്ല.

സഭയുടെ ഒരു വസ്തുക്കേസ്: 

2012 ഒക്ടോബർ മാസം കേരള ഹൈക്കോടതിയിൽ ജഡ്ജി കെ വിനോദ് ചന്ദ്രൻ പുറപ്പെടുവിച്ച ഒരു വിധി ന്യായത്തിൽ സഭയുടെ വസ്തു വകകളിൽ ഇടവക ജനത്തിന് അവകാശമുണ്ടായിരിക്കുമെന്ന് പറഞ്ഞിരിക്കുന്നു. കൊല്ലത്ത് ശക്തികുളങ്ങരയിലുള്ള മുക്കാട് തിരുക്കുടുംബ ദേവാലയ അധികാരികളും ഇടവക ജനങ്ങളും തമ്മിൽ പള്ളിവക വസ്തുക്കളെ സംബന്ധിച്ച വസ്തു തർക്കങ്ങളായിരുന്നു, കേസിനാസ്പദം. ഇടവക ജനം ഒന്നായോ അവരുടെ കമ്മിറ്റി പ്രതിനിധികൾക്കോ പള്ളിയുടെ സ്വത്തുക്കളിൽ അവകാശമുണ്ടെന്നും ഹൈക്കോടതി വിധിയിൽ രേഖപ്പെടുത്തി.

കാനോൻ നിയമം അനുസരിച്ച് പള്ളിയുടെ സ്വത്തുക്കൾ ബിഷപ്പിന്റെയോ വികാരിയുടെയോ  പേരിലായിരിക്കും രജിസ്റ്റർ ചെയ്തിരിക്കുന്നത്. വികാരിയെയോ ബിഷപ്പിനെയോ മാത്രമേ കേസുകൾ വിസ്തരിക്കാൻ അനുവാദം കൊടുക്കാറുള്ളൂ. 'പള്ളി അല്മായന്റെയും കൂടിയാണെന്ന സ്ഥിതിക്ക് യാതൊരു വിധത്തിലും കാനോൻ നിയമം ഈ രാജ്യത്ത് ബാധകമല്ലെന്നും' വിധിന്യായത്തിലുണ്ടായിരുന്നു.
പള്ളിയും സ്വത്തുക്കളും മെത്രാന്റെയോ പോപ്പിന്റെയോ അധീനതയിലായിരിക്കരുത്. റോം സംസാരിക്കുന്നുവെങ്കിൽ കേസ് അവസാനിപ്പിക്കുമായിരുന്നു. എന്നാൽ ആ നിയമം ഈ രാജ്യത്ത് വിലപ്പോവില്ലന്നും കോടതി നിരീക്ഷിച്ചു. നിലവിലുള്ള കാനോൻ നിയമം ഇന്ത്യയുടെ പൗര നിയമങ്ങൾക്ക് മറ സൃഷ്ടിക്കുന്നു. പൗരാവകാശ നിയമങ്ങൾക്ക് അതിരു കടക്കുന്ന കാനോൻ  നിയമങ്ങൾ സമൂഹത്തിൽനിന്നും നീക്കം ചെയ്യേണ്ടതാണെന്നും വിധിയിലുണ്ടായിരുന്നു.

കാനോൻ നിയമങ്ങൾ അനുസരിച്ച് പുരോഹിതർക്കും മെത്രാന്മാർക്കും ഇടവക ജനങ്ങളുടെ ആദ്ധ്യാത്മിക കാര്യങ്ങളിൽ ഇടപെടാം. എന്നാൽ അത് ഈ രാജ്യത്തിലെ പൗരാവകാശ നിയമങ്ങളെ മറി കടന്നുള്ളതായിരിക്കരുത്. അതൊരു വ്യക്തിഗതമായ നിയമമാണ്. കാനോൻ നിയമങ്ങൾ ദൈവ ശാസ്ത്രപരമോ സഭാ സംബന്ധിയായ വിഷയങ്ങളിലോ ഉപകരിച്ചേക്കാം. അത്തരം വ്യക്തിഗത നിയമങ്ങൾക്ക് യാതൊരു നിയമ പ്രാബല്യവുമില്ലെന്ന് ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് പ്രസ്താവിച്ചു. സുപ്രിം കോടതിക്ക് ഈ വിധിയെ ഭേദഗതി ചെയ്യാമെന്നും വിധിയിലുണ്ടായിരുന്നു.

ഷിക്കാഗോ രൂപതയിലെ കല്യാണക്കുറി കേസ്:

പള്ളി വികാരികളും മെത്രാന്മാരും സാധാരണ അല്മായന് മാനസിക പീഢനം കൊടുക്കുന്നത് മാമ്മോദീസായോ കല്യാണമോ മരണമോ സംഭവിക്കുമ്പോഴാണ്. അപ്പോഴെല്ലാം പുരോഹിതർ തനി ബിസിനസുകാരെപ്പോലെ പെരുമാറും. അന്യായമായി പണം ഈടാക്കാനുള്ള പദ്ധതികളുമായി അരങ്ങേറും. കേരളത്തിൽ ഇത്തരം തരികിട കളികൾ ചെലവാകും. പക്ഷെ അമേരിക്കയിലും ഇതേ നയം ചെലവാക്കാൻ നോക്കിയ ഷിക്കാഗോ രൂപത മെത്രാനെപ്പറ്റിയും മറ്റു രണ്ടു പുരോഹിതരെപ്പറ്റിയുമുള്ള ശ്രീ ജയിംസ് തുണ്ടത്തിലിന്റെയും ലിസിയുടെയും  ഒരു പോസ്റ്റ് വായിക്കാനിടയായി.  ബിഷപ്പ് അങ്ങാടിയത്തിനയച്ച അറ്റോർണിയുടെ നോട്ടീസും ലേഖനത്തോടൊപ്പം അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാഹം കഴിക്കാൻ പോകുന്ന യുവ വധുവരന്മാരുടെ പരീക്ഷണങ്ങളുടേതായ ഈ കഥ വായിച്ചാൽ, ആരിലും സഭയുടെ കപട മുഖമെന്തെന്നുള്ള പ്രതിച്ഛായ നിഴലിച്ചു വരും. പണത്തിനുവേണ്ടി ഷിക്കാഗോ രൂപത അനുവർത്തിച്ച നയങ്ങളിലൂടെ വിവാഹിതരാകാൻ പോകുന്ന  യുവദമ്പതികൾക്കും അവരുടെ മാതാപിതാക്കൾക്കും  നൽകിയ പീഡനങ്ങൾ സാമാന്യ ജനത്തിനു ഉൾക്കൊള്ളാൻ സാധിക്കുകയില്ല. അത്രക്ക് ഭീകരവും ജുഗുപ്സാവഹവുമായി രൂപത ഈ യുവതി യുവാക്കളെ അങ്ങേയറ്റം മാനസികമായി പീഢിപ്പിച്ചു.

ജെയിനി, ജോമോൻ എന്നീ വധുവരന്മാരുടെ വിവാഹത്തിനുള്ള കല്യാണക്കുറി കൊടുക്കാൻ ഷിക്കാഗോ രൂപതയുടെ വൈദികനായ ഫാദർ ഇല്ലികുന്നുംപുറത്തും ഇടവക ലാറ്റിൻ പള്ളി സഹവികാരിയായ ഫാദർ തറയിലുമൊത്തുകൂടി 3000 ഡോളർ ആവശ്യപ്പെട്ടു. അരമനയും ബിഷപ്പും പുരോഹിതരെ പിന്തുണക്കുകയും ചെയ്തു. അത്രയും വലിയ ഒരു തുക രൂപതയ്ക്ക് കൊടുക്കാൻ, വിവാഹം കഴിക്കാൻ പോവുന്ന ദമ്പതികൾ തയാറായിരുന്നില്ല. ഒടുവിൽ വധു വരന്മാരുടെ മാതാപിതാക്കൾ നിയമപരമായ നോട്ടീസ് കൊടുത്തു കഴിഞ്ഞാണ്, 'രൂപത' കുറി കൊടുക്കാൻ തയ്യാറായത്. ഈ രാജ്യത്തെ നിയമങ്ങളറിയാതെയുള്ള പുരോഹിതരുടെ വിളച്ചിലുകൾ ഇവിടെ പരാജയപ്പെട്ടു. ഇത് അമേരിക്കയാണ്, നിയമങ്ങൾ വേറെയെന്നുമുള്ള കഥകളും അവർ മറന്നു പോയിരുന്നു. ആത്മീയ ചൈതന്യം വിതറേണ്ട ബിഷപ്പും ഫാദർ തറയിലും ഫാദർ ഇല്ലികുന്നുംപുറത്തും കളിച്ച കളികൾ ഡോളറിനുവേണ്ടിയായിരുന്നു. പക്ഷെ അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു.

മനസുചോദ്യവും കല്യാണത്തിനുള്ള ഹാളും സകല കല്യാണ ഒരുക്കങ്ങളും നടത്തി കഴിഞ്ഞിട്ടും ഡോളറിനു വേണ്ടി ഈ ത്രിമൂർത്തികളായ പുരോഹിതർ നല്ലൊരു ഗെയിം തന്നെ കളിച്ചു. സീറോ മലബാർ ബിഷപ്പ് അങ്ങാടിയത്തിനും പുരോഹിതർക്കും മാറി മാറി കത്തുകൾ മാസങ്ങളോളം ഈ കുടുംബം അയച്ചുകൊണ്ടിരുന്നു. ഇമെയിലുകളും അയക്കുമായിരുന്നു. മറുപടി കിട്ടാതെ ഒരു കുടുംബത്തിന്റെ സമയം മുഴുവൻ പാഴാക്കിക്കൊണ്ടിരുന്നു. നേരിട്ടു കണ്ടാൽ ഭംഗിവാക്കുകളാൽ  കുറിയുടൻ തരാമെന്നു വാഗ്ദാനം ചെയ്തു കളിപ്പിച്ചുവിടുമായിരുന്നു. കുറിയുടെ കാര്യത്തിലെ ഒരു തീരുമാനത്തിനായി കുടുംബത്തിൽനിന്നും മാറി മാറി ഓരോരുത്തരും അരമന സന്ദർശനവും നടത്തിയിരുന്നു. അപ്പോഴെല്ലാം ഓരോ ഒഴിവുകഴിവുകളുടെ മറുപടിയും കിട്ടും. ഇക്കാര്യത്തിൽ ഇടവക സഹ വികാരിയായ ഫാദർ തറയിലും ക്നാനായ വികാരി ഇല്ലികുന്നുംപുറത്തും കപടതയുടെ മുഖം മൂടിയണഞ്ഞു ഒരേ ടീമായി പ്രവർത്തിച്ചു. അവർ ഇരുവരെയും കല്യാണക്കുറിക്കായി മാറി മാറി കണ്ടുകൊണ്ടിരുന്നിട്ടും പ്രയോജനമുണ്ടായില്ല. കല്യാണ ദിവസങ്ങൾ അടുത്തുകൊണ്ടുമിരുന്നു.

ഒടുവിൽ ഫാദർ തറയിൽ ഇവരുടെ വിവാഹം നടത്തില്ലെന്നറിയിച്ചപ്പോഴാണ് നിയമപരമായ നടപടികളിലേക്ക് ഈ കുടുംബം നീങ്ങിയത്. വക്കീലിന്റെ നോട്ടീസ് കിട്ടിയയുടൻ തന്നെ കല്യാണക്കുറി തയ്യാറാക്കി വക്കീലിനെ ഏൽപ്പിക്കുകയും ചെയ്തു. വരന്റെ മാതാവായ ലിസി തുണ്ടത്തിൽ പറയുന്നു, "ഒരു കല്യാണക്കുറി ലഭിക്കാൻ പള്ളിക്ക് മൂവായിരം ഡോളർ കൊടുത്തിരുന്നുവെങ്കിൽ കാര്യങ്ങൾ എളുപ്പമായിരുന്നു. അഴിമതിയിൽക്കൂടി കാര്യം നേടാൻ ആഗ്രഹിക്കാത്തതുകൊണ്ടു ഈ വിഷയത്തിൽ അവരുടെ കുടുംബം ഒറ്റക്കെട്ടായി അനീതിയ്‌ക്കെതിരെ പോരാടി. ഇത്തരം ഒരു സാഹസത്തിൽക്കൂടി അവർ പോരാടിയത്."ഭാവി തലമുറയ്ക്ക് നീതി കിട്ടണമെന്ന ഉദ്ദേശത്തിലായിരുന്നുവെന്നും" ലിസ്സി പറഞ്ഞു.

ശവസംസ്ക്കാരം നിഷേധിച്ച കേസുകൾ: 

നിസാര കാര്യത്തിനുപോലും പാവങ്ങളും ദളിതരും മരിച്ചാൽ പ്രതികാരം ചെയ്യുകയെന്നുള്ളത്, പുരോഹിതരുടെ ഒരു ക്രൂര വിനോദമാണ്. ഏതാനും വർഷങ്ങൾക്കുമുമ്പ് കല്ലുവെട്ടത്ത് കുട്ടപ്പൻ എന്ന സാധു ദളിതൻ മരിച്ചപ്പോൾ വികാരി അയാളുടെ ശവസംസ്ക്കാര ചടങ്ങുകൾ നിഷേധിച്ചത് പാലായിലെ പൗര ജനങ്ങളുടെയിടയിൽ വലിയ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. അതിലെ വില്ലൻ ഫാദർ മൈക്കിൾ നരിക്കോട്ട് എന്ന വികാരിയായിരുന്നു. കുട്ടപ്പന്റെ ഭാര്യ കേണപേക്ഷിച്ചിട്ടും നാട്ടിലെ പ്രമുഖർ പലരും ആവശ്യപ്പെട്ടിട്ടും വികാരിയുടെ മനസ്സലിഞ്ഞില്ല. ദരിദ്രനായി മരിച്ച കുട്ടപ്പന്റെ വീട്ടിൽ ചെല്ലാനുള്ള മനസ്ഥിതി അയാൾക്കുണ്ടായില്ല. കർമ്മങ്ങളിൽ പങ്കു കൊള്ളാതെ വികാരി പരിപൂർണ്ണമായി ഒഴിഞ്ഞു നിന്നു. നാട്ടുകാരും ബന്ധുജനങ്ങളും ശവപ്പെട്ടിയുമായി പള്ളിയിലെത്തിയപ്പോൾ പള്ളി അടച്ചിട്ടിരുന്നു. മൃതദേഹം പള്ളിയിൽ പ്രവേശിപ്പിക്കാനോ സെമിത്തേരിയിൽ പോലും പ്രവേശിപ്പിക്കാനോ അനുവദിച്ചില്ല. അവസാനം മൃതദേഹം പള്ളിയുടെ വാതിൽക്കൽ ഉപേക്ഷിച്ചു പോവുമെന്ന ഘട്ടം വന്നപ്പോഴാണ് സെമിത്തേരിയുടെ വാതിൽ തുറന്നുകൊടുത്തത്. ഇത്രയെല്ലാം ഒച്ചപ്പാടുണ്ടായിട്ടും മനുഷ്യത്വം നശിച്ച ആ പുരോഹിതൻ സെമിത്തേരിയിൽ വരുകയോ കർമ്മങ്ങളിൽ പങ്കു ചേരുകയോ ഉണ്ടായില്ല. ക്രിസ്തുവിന്റെ പരിവേഷം ധരിച്ച അയാളുടെ മനസുമുഴുവൻ അഹങ്കാരം കട്ടപിടിച്ചു കിടക്കുകയായിരുന്നു. കുട്ടപ്പൻ ജീവിച്ചിരുന്നപ്പോൾ ചെയ്ത പാപം പള്ളിയിൽ 'ആത്മ സ്ഥിതി വിവരങ്ങൾ'  എടുത്തപ്പോൾ സഹകരിച്ചില്ലെന്നായിരുന്നു. എഴുത്തും വായനയും അറിയാത്ത കുട്ടപ്പന് ആ ഫോറം പൂരിപ്പിക്കാൻ പോലും അറിയില്ലായിരുന്നു. ഇത്തരം വിചാര ശൂന്യന്മാരായ വികാരിമാർ ക്രൈസ്തവലോകത്തിൽ നിറഞ്ഞിരിക്കുകയാണ്. അക്രൈസ്തവർ ക്രിസ്ത്യാനികളെ പരിഹസിക്കുന്ന കാരണവും ഇങ്ങനെയുള്ള നെറികെട്ടവരെ സഭയും കുഞ്ഞാടുകളും തീറ്റിപോറ്റുന്നതുകൊണ്ടാണ്.

കുറവിലങ്ങാട് കെ. കുര്യൻ കേസിലും ഒരു വികാരിയുടെ മർക്കട മുഷ്ടിമൂലം ശവസംസ്ക്കാരം നിഷേധിച്ചിരുന്നു. ആ കേസിൽ നഷ്ടപരിഹാരമായി പാലാ ബിഷപ്പ് രണ്ടേകാൽ ലക്ഷം രൂപ കൊടുക്കേണ്ടി വന്നു. കൂടാതെ കോടതി ചിലവും അരമന വഹിക്കേണ്ടി വന്നു. പ്രസിദ്ധമായ കുര്യൻ കേസിലെ വിധിയിൽ പറയുന്നു, "മരിച്ച ഒരാളിന്റെ ശവസംസ്ക്കാര കർമ്മങ്ങൾ മാന്യമായ രീതിയിൽ നടത്തുകയെന്നത് ഒരു പൗരന്റെ അവകാശമാണ്. അത് നിഷേധിച്ചാൽ കാനോൻ നിയമത്തിനുപരി മാനുഷികാവകാശങ്ങൾ കോടതി വഴി നടപ്പാക്കാൻ ഒരു പൗരന് അവകാശമുണ്ട്. കേരളത്തിന്റെ വിവിധ ജില്ലകളിൽ സമാനമായ കേസുകൾ നടത്തി വിശ്വാസികൾ ജയിച്ചതായ ചരിത്രവുമുണ്ട്.

മൃതദേഹത്തോട് ആദരവ് കാണിക്കാതെയും അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കാതെയുമുള്ള ഒരു കേസ്  സി.എസ്.ഐ സഭയിലുമുണ്ടായി. ഗ്രന്ഥകാരനും കോളേജ് പ്രൊഫസറുമായിരുന്ന ജേക്കബ് മരിച്ചപ്പോൾ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കാൻ അനുവദിച്ചില്ല. മരിച്ച ജേക്കബ് തന്റെ പുസ്തകത്തിൽ സഭയുടെ ശിശുസ്നാനത്തെ വിമർശിച്ചുവെന്നായിരുന്നു ആരോപണം. അത് സഭയുടെ ദൈവശാസ്ത്രത്തെ ചോദ്യം ചെയ്യലായി ബിഷപ്പ് ദാനിയേൽ കരുതി. നടപടിയെന്നോണം സഭയിൽ വിലക്കും കല്പ്പിച്ചിരുന്നു. ഈരാറ്റുപേട്ട ജഡ്ജ് 'ഹാരീഷ് ജി' മരിച്ച പ്രൊഫ. ജേക്കബിന്റെ കുടുംബത്തിന്  പത്തു ലക്ഷം രൂപ നഷ്ടപരിഹാരമായി  നൽകണമെന്നും വിധിച്ചു. ബിഷപ്പ് കെ.ജി. ദാനിയേൽ മരിച്ചുപോയ പ്രൊഫ. ജേക്കബിന്റെ കുടുംബത്തെ അപമാനിച്ചുവെന്നും മൃതദേഹത്തോട് മാന്യത കൽപ്പിച്ചില്ലെന്നും വിധിയിൽ കുറിച്ചിട്ടുണ്ടായിരുന്നു. മരിച്ച ജേക്കബിന്റെ ഭാര്യ മേരി ജേക്കബ് നൽകിയ കേസിന്മേലായിരുന്നു വിധി.

ഭൂമി വിവാദവും കർദ്ദിനാൾ ആലഞ്ചേരിയും:

കോടിക്കണക്കിന് വിലയുളള സഭയുടെ സ്വത്തുക്കൾ നിസാര വിലയ്ക്കു വിറ്റ കർദ്ദിനാൾ ആലഞ്ചേരിക്കെതിരെ ചൂടുപിടിച്ച വിവാദങ്ങൾ നാടെങ്ങും പ്രതിദ്ധ്വനിച്ചുകൊണ്ടിരിക്കുന്നു. ഭൂമിവിവാദത്തിനെതിരെ സീറോ മലബാർ ഗ്രുപ്പിലെ ഏതാണ്ട് ഇരുപതോളം നവീകരണ വിഭാഗങ്ങൾ ശക്തമായ പ്രതിക്ഷേധങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ഓൾ കേരള ചർച്ച് ആക്ട് എന്ന സംഘടന  രൂപീകരിച്ചുകൊണ്ട് ജസ്റ്റിസ് കൃഷ്ണയ്യർ തയ്യാറാക്കിയ ചർച്ച് ആക്ട് ഉടനടി നടപ്പിലാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. സഭയുടെ സ്വത്തുക്കൾ മാർപ്പാപ്പയുടെ അധീനതയിലാണെന്നും പൊതുജനങ്ങൾക്ക് അത് ചോദ്യം ചെയ്യാൻ അവകാശമില്ലെന്നുമുള്ള കർദ്ദിനാളിന്റെ പ്രസ്താവന വിവാദമായിരുന്നു. കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം രേഖ സമർപ്പിച്ചപ്പോഴും ഇതേ അഭിപ്രായങ്ങൾ തന്നെ കർദ്ദിനാൾ രേഖപ്പെടുത്തുകയും ചെയ്തു.

സഭാ സ്വത്തുക്കളുടെ വാങ്ങൽ വിൽപ്പന നടക്കുന്നത് കാനോൻ നിയമം അനുസരിച്ചാണ്. അതിനൊരു മാറ്റമുണ്ടാകണമെന്നാണ് കേരളാ ക്രിസ്ത്യൻ നവീകരണ സംഘടനകൾ ആവശ്യപ്പെടുന്നത്. ഒരു കർദ്ദിനാളോ മെത്രാനോ സഭാവക സ്വത്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ സർക്കാരോ സഭാജനമോ അറിയുന്നില്ല. സഭയുടെ സ്വത്തുക്കൾ മെത്രാന്റെയോ പുരോഹിതരുടെയോ കുടുംബത്തിൽ നിന്നും കൊണ്ടുവന്നതുമല്ല. സമൂഹം നൽകിയ സ്വത്തുക്കൾ സംരക്ഷിക്കാനുള്ള അവകാശം സമൂഹത്തിനാണ്. ഹിന്ദു ധർമ്മ സ്ഥാപനങ്ങൾക്ക്  സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ സർക്കാർ നിയന്ത്രണമുള്ള ദേവസം ബോർഡുണ്ട്. അതുപോലെ മുസ്ലിമുകൾക്ക് വക്കഫ് ബോർഡും. എന്നാൽ കർദ്ദിനാൾ ആലഞ്ചേരി പറയുന്നു, "സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ അവകാശം തനിക്കു മാത്രം. തന്നെ ചോദ്യം ചെയ്യാൻ മാർപ്പാപ്പയ്ക്ക് മാത്രമേ കഴിയൂ. തനിക്കുമീതെ ഒരു സർക്കാരുമില്ല." എന്തേ! ഒരു ജനാധിപത്യ രാജ്യത്തു രണ്ടു നിയമങ്ങളൊ? ഒരു ഏകാധിപതിയുടെ ശബ്ദമാണ് കർദ്ദിനാൾ ഹൈക്കോടതിയിൽ മുഴക്കിയത്. ഇത്തരം വിവാദാസ്പദമായ പ്രസ്താവനകൾ ഒരു ജനാധിപത്യ സംവിധാനത്തിനും സാമൂഹിക ചിന്തകൾക്കുതന്നെയും അപമാനകരമാണ്.








കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...