Wednesday, June 27, 2018

ഡൊണാൾഡ് ട്രംപും അനധികൃത കുടിയേറ്റ പ്രശ്നങ്ങളും ഉപരോധവും



ജോസഫ് പടന്നമാക്കൽ 

അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലെ  അതിർത്തി കടന്നുള്ള കുടിയേറ്റ ലംഘനങ്ങൾ  രാജ്യത്തിനുള്ളിൽ എന്നുമുണ്ടായിരുന്ന പ്രശ്നങ്ങളായിരുന്നു.  'അനധികൃത കുടിയേറ്റക്കാർ രാഷ്ട്രത്തിനു യാതൊരു ഭീക്ഷണിയുമില്ലെന്നു സെനറ്റിലെയും കോൺഗ്രസ്സിലെയും ചില നേതാക്കന്മാർ വിശ്വസിക്കുകയും ചെയ്യുന്നു. കുടിയേറ്റക്കാരിൽ ഭൂരിഭാഗം പേരും കുറ്റകൃത്യങ്ങൾ ചെയ്യുന്ന മനുഷ്യരല്ല. ജീവിക്കാൻ വേണ്ടിയുള്ള മത്സരയോട്ടത്തിൽ അവർ ഈ രാജ്യത്തിന്റെ സമ്പത് വ്യവസ്ഥിതിയോട് ഒത്തുചേർന്നു ജീവിതം മെച്ചമാക്കാൻ ഇവിടെയെത്തി. കുടിയേറ്റക്കാരെ പുറത്താക്കുന്നതിനുമുമ്പ് അവരെപ്പറ്റിയുള്ള മാനുഷിക പരിഗണനകളും കണക്കാക്കേണ്ടതുണ്ട്. നിയമാനുസൃതമല്ലാതെ കുടിയേറിയതിന്റെ പേരിൽ അവരാരും  കുറ്റവാളികളല്ല. എം.എസ് 13- എന്ന ഭീകര ഗ്രുപ്പിലെ അംഗങ്ങളുമല്ല.

അമേരിക്കൻ ഐക്യനാടുകളും മെക്സിക്കോയും തമ്മിലുള്ള അതിരുകൾ ഏകദേശം 1951 മൈലുകളോളം ഉണ്ട്. കാലിഫോർണിയാ മുതൽ ടെക്‌സാസ് വരെ അതിരുകൾ വ്യാപിച്ചുകിടക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ അനധികൃതർ കടന്നുകൂടുന്ന അന്തർ ദേശീയ അതിരാണത്. ഓരോ വർഷവും കുറഞ്ഞത് എട്ടു ലക്ഷം അനധികൃത കുടിയേറ്റക്കാർ അതിരുകൾ കടക്കാറുണ്ട്. അവരിൽ മയക്കുമരുന്നു കച്ചവടക്കാർ, നീന്തി കടക്കുന്നവർ, സുരക്ഷിതാ സേന ഇല്ലാത്ത പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറുന്നവർ,  തെറ്റായ ഡോക്കുമെന്റുകൾ തയാറാക്കിയവർ, വിസായുടെ കാലാവധി കഴിഞ്ഞിട്ട് പോവാത്തവർ, എന്നിങ്ങനെയുള്ള എല്ലാ ക്യാറ്റഗറിയിലും ഉൾപ്പെട്ടവരുണ്ട്.

സ്ത്രീകളെയും കുഞ്ഞുങ്ങളെയും പാതിരാത്രി അറസ്റ്റു ചെയ്യുകയും അവരെ രാജ്യത്തുനിന്ന് പുറത്താക്കുകയും ചെയ്യുന്നത് ദയനീയമാണ്. മനുഷ്യത്വരഹിതവുമാണ്. എന്നാൽ അത് രാജ്യത്തെ സംബന്ധിച്ച് ആവശ്യവുമായി വരുന്നു. ചിലപ്പോൾ നിയമപരമായി താമസിക്കുന്നവരെയും തെറ്റുപറ്റി അറസ്റ്റ് ചെയ്യാറുണ്ട്. കൂട്ടത്തോടെ അറസ്റ്റ് ചെയ്തു  രാജ്യത്തിൽനിന്നും   പുറത്താക്കുന്ന കാരണം ഇവിടെ  സാമ്പത്തിക പ്രശ്നവും അരാജകത്വവും ഉടലെടുക്കുന്നു.

അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ കുടുംബത്തിൽ നിന്നു വേർപെടുത്തുന്നത് നിന്ദ്യവും ക്രൂരവുമാണെന്നു പ്രഥമ വനിത മെലാനിയായും ബാർബറാ ബുഷും പറഞ്ഞു. ഡൊണാൾഡ് ട്രംപിന്റെ ശക്തിയേറിയ നയങ്ങളെ ഒരു പ്രഥമ വനിത എതിർക്കുന്നതും രാജ്യത്തിലെ ചരിത്രത്തിലെ അപൂർവ സംഭവങ്ങളിൽ ഒന്നാണ്. സർക്കാരിന്റെ നയപരിപാടികളനുസരിച്ച് കുട്ടികളെ വേർപെടുത്തുന്നതു യുദ്ധകാലങ്ങളിലെ കുടുംബമില്ലാതെ ജീവിക്കുന്ന പട്ടാള ക്യാംപിലുള്ളവർക്കു തുല്യമാണ്. കുട്ടികളെ മാതാപിതാക്കളിൽ നിന്നും വേർപെടുത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് യു.എൻ. മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ രണ്ടായിരത്തിൽപ്പരം കുട്ടികളെ സുരക്ഷിതാ സേനകൾ മാതാപിതാക്കളിൽ നിന്നും വേർപെടുത്തിയിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ലജ്‌ജാകരമായ സാഹചര്യങ്ങളിൽക്കൂടിയാണ് നാമിന്ന് കടന്നുപോകുന്നത്. ഏതായാലും കുട്ടികളെ വേർപെടുത്താനുള്ള വിവാദപരമായ നിയമത്തിൽ നിന്ന് ട്രംപ് പിന്മാറി.  അധാർമ്മികമായ ഈ നിയമത്തിൽ നിന്നു ട്രംപ് പിന്മാറാൻ തീരുമാനിച്ചത്, ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെയും മനുഷ്യാവകാശ സംഘടനകളുടെയും എതിർപ്പുകൾകൊണ്ടായിരുന്നു.

മാതാപിതാക്കൾ അനധികൃത കുടിയേറ്റം മൂലം സുരക്ഷിതാ സേനകളുടെ കസ്റ്റഡിയിലായിരിക്കെ  മക്കളെ സംരക്ഷണ കേന്ദ്രത്തിൽ ആക്കണമെന്നായിരുന്നു ട്രംപിന്റെ നിയമം. അനധികൃതമായി എത്തുന്ന മാതാപിതാക്കൾ നിയമ നടപടികൾ സ്വീകരിക്കുമ്പോൾ അവരുടെ കുട്ടികളെ തങ്ങളിൽനിന്നും മാറ്റി പാർപ്പിക്കുന്ന വ്യവസ്ഥകളായിരുന്നു നിയമത്തിലുണ്ടായിരുന്നത്. നിയമാനുസൃതമല്ലാതെ രാജ്യത്തു പ്രവേശിക്കുന്ന മാതാപിതാക്കളെയും കുട്ടികളെയും ഒന്നിച്ചു നിയമത്തിനു മുമ്പിൽ കൊണ്ടുവരുമെന്നും ട്രംപ് വ്യക്തമാക്കി. മാതാപിതാക്കളിൽ നിന്നും കുട്ടികളെ അകറ്റുന്ന സ്ഥിതിവിശേഷം ഹൃദയമുള്ള ഒരാൾക്കും കണ്ടുനിൽക്കാൻ സാധിക്കുമായിരുന്നില്ല. 'അതിർത്തിയുടെ സുരക്ഷയോടൊപ്പം കുടിയേറ്റക്കാരുടെ മക്കളെ അവരുടെ വികാരം മാനിച്ച് ഒന്നിച്ചു നിൽക്കാനും അനുവദിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾ കരയുന്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലായി പ്രചരിച്ചിരുന്നു.

അമേരിക്കൻ ജനതകളുടെയിടയിലും സെനറ്റിലും കോൺഗ്രസിലും ട്രംപിന്റെ കുടിയേറ്റ നിയമ ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വ്യത്യസ്ത അഭിപ്രായങ്ങളും ചൂടുപിടിച്ച വാദപ്രതിവാദങ്ങളുമുണ്ടായിരുന്നു. അനധികൃത കുടിയേറ്റക്കാർക്കു പൗരാവകാശം കൊടുക്കുന്നതു  മുതൽ അതിർത്തിയിൽ മതിൽ പണിയുകയും രാജ്യത്തു നിന്ന് അവരെ പുറത്താക്കൽവരെയുമുള്ള നടപടിക്രമങ്ങൾ വരെയും ചർച്ചാ വിഷയങ്ങളായിരുന്നു. കൂടാതെ അതിർത്തിയിൽ സുരക്ഷിതത്വം വർദ്ധിപ്പിക്കാനും മാർഗങ്ങൾ തേടിയിരുന്നു. എന്നാൽ ചർച്ചകളിൽ പൊന്തിവന്ന നിർദേശങ്ങളൊന്നും പ്രായോഗികമായി നടപ്പാക്കാൻ എളുപ്പമായിരുന്നില്ല. അതിർത്തിയിൽ കൂടുതലായി സെക്യൂരിറ്റി ഫോഴ്സിനെ നിയമിക്കേണ്ടി വന്നാൽ രാജ്യത്തിനെ സംബന്ധിച്ച് അത് സാമ്പത്തിക ഭാരം വർദ്ധിപ്പിക്കാനെ ഉപകരിക്കൂ. വിദ്യാഭ്യാസവും തൊഴിൽ പരിചയവുമുള്ളവർ ഈ രാജ്യത്ത് കടന്നുവന്നാൽ രാജ്യത്തിന്റെ വ്യവസായ പുരോഗതിക്കും സാമ്പത്തിക നേട്ടങ്ങൾക്കും പ്രയോജനപ്പെടും. എന്നാൽ ഉൾനാടൻ പ്രദേശങ്ങളിൽ നിന്ന് വന്നു ചേരുന്നവർ ഇവിടെ വന്നാലും ജീവിക്കാൻ വേണ്ടി അലയേണ്ടി വരും. കാര്യമായ തൊഴിലുകളൊന്നും നേടാൻ സാധിക്കില്ല. അവർ രാജ്യത്തിനു ബാധ്യതയായിരിക്കും. അതുകൊണ്ടാണ് അതിർത്തികൾ ശക്തമായി അടച്ചിടണമെന്നു ട്രംപ് ഭരണകൂടം വാദിക്കുന്നത്.

ട്രംപ് പറഞ്ഞു, "അമേരിക്കയുടെ തെക്കേഭാഗം സുരക്ഷിതത്വത്തിനുവേണ്ടി അടച്ചിടേണ്ടതായുണ്ട്. ഡെമോക്രാറ്റുകൾ അനധികൃത കുടിയേറ്റക്കാരെപ്പറ്റി വ്യാജ കഥകൾ പ്രചരിപ്പിക്കുന്നു. അനധികൃത കുടിയേറ്റക്കാരുടെ ദുഃഖങ്ങളേയും കഷ്ടപ്പാടുകളെയും വിവരിച്ചുകൊണ്ട് വിലപിക്കുന്നു. എന്നാൽ ഈ രാജ്യം അതിർത്തി കടന്നു വരുന്ന നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാരുടെ അധീനതയിൽ അകപ്പെടുവാൻ അനുവദിക്കില്ല. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി തന്റെ പ്രതിയോഗികൾ കുടിയേറ്റ പ്രശ്നങ്ങളെ  മുതലെടുക്കുന്നു. നമ്മുടെ അതിർത്തികൾ സുരക്ഷിതമാവേണ്ടതുണ്ട്. അല്ലാത്ത പക്ഷം കോടിക്കണക്കിന് കുടിയേറ്റക്കാർ നിയമം ലംഘിച്ച് ഈ രാജ്യത്തിലേക്ക് ഒഴുകിക്കൊണ്ടേയിരിക്കും. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കും. അത് സംഭവിക്കാൻ നാം അനുവദിക്കില്ല."

ഒരു രാജ്യത്തിന് അതിരുകളില്ലെങ്കിൽ ആ രാജ്യത്തെ രാഷ്ട്രമെന്ന് പറയാൻ സാധിക്കില്ല. അതുകൊണ്ടു മെക്സിക്കൻ അതിർത്തിയിൽ 'ഭിത്തി' പണിയണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്. അതിന്റെ ചെലവ് മെക്സിക്കോ വഹിക്കണമെന്നും നിർദേശിക്കുന്നു. മെക്സിക്കോയിൽ നിന്നു വരുന്നവർക്ക് വിസാ ഫീസും വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നു. ബോർഡർ കടക്കുന്നതിന് ഫീസും ഈടാക്കും. അതേ സമയം മെക്സിക്കോക്കാർ പണം നൽകില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. അത് പാഴാണെന്ന് മെക്സിക്കോ ചിന്തിക്കുന്നു. അങ്ങനെ വരുന്നുവെങ്കിൽ വാണിജ്യ രംഗത്ത് ഏറ്റവും നഷ്ടം സംഭവിക്കുന്നത് അമേരിക്കക്കായിരിക്കുമെന്നും മെക്സിക്കോ കരുതുന്നു.

ട്രംപ് പറഞ്ഞു, "യൂണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് നുഴഞ്ഞു കയറുന്നവരെ യാതൊരു കുറ്റ വിസ്താരവും നടത്താതെ അവർ പുറപ്പെട്ട രാജ്യത്തേയ്ക്ക് പറഞ്ഞു വീടും. രാജ്യം ഛിന്നഭിന്നമാക്കാൻ ശ്രമിക്കുന്ന അക്രമികളെപ്പോലെ അവരെയും കരുതും. രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ അതിർത്തി ബന്ധനവും ആവശ്യമാണ്. ഇവിടെ കുടിയേറ്റങ്ങൾ മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങൾക്കും ശമനമുണ്ടാക്കണം." പ്രസിഡണ്ടിന്റെ അഭിപ്രായങ്ങൾ നിയമ വിരുദ്ധമായി പലരും കണക്കാക്കുന്നു. അമേരിക്കൻ ഭരണഘടനയുടെ ലംഘനവുമായി കരുതുന്നു. ഭരണഘടന പൗരന്മാർക്കും പൗരന്മാരല്ലാത്തവർക്കും ഒരേ നിയമമാണു വാഗ്ദാനം ചെയ്തിരിക്കുന്നത്. 'നൂറു മൈലിനുള്ളിൽ ഒരു കുടിയേറ്റക്കാരനെ കണ്ടുമുട്ടിയാൽ, വന്നിട്ട് പതിനാലു ദിവസത്തിനു താഴെയെങ്കിൽ ഉടൻ തന്നെ ഡീപോർട്ട് ചെയ്യണമെന്നാണ്' ട്രംപ് പറയുന്നത്'

അനധികൃതമായി കുടിയേറിയവർക്ക് പൗരത്വം കൊടുക്കണമെങ്കിലും പല കടമ്പകളും കടക്കേണ്ടതായുണ്ട്. നിയമം തെറ്റിച്ച് താമസിക്കുന്നവരായ ഇവർക്ക് പൗരത്വം ലഭിക്കാൻ അമേരിക്കൻ  നിയമം അനുവദിക്കുന്നില്ല. അവർക്ക് സമാധാനമായി ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ ധൈര്യപൂർവം മുമ്പോട്ട് വരേണ്ടതായുണ്ട്. അവരുടെ കഴിഞ്ഞകാല ജീവിതത്തെപ്പറ്റി അന്വേഷണം നേരിടണം.  നികുതി കൊടുത്തിട്ടില്ലെങ്കിൽ പിഴ സഹിതം കൊടുക്കേണ്ടി വരുന്നു. ഇംഗ്ലീഷ് ഭാഷയ്ക്ക് പരിജ്ഞാനം ഉണ്ടായിരിക്കണം. അമേരിക്കൻ പൗരാവകാശങ്ങളെപ്പറ്റി അറിവുണ്ടായിരിക്കണം. സർക്കാരിന്റ സഹായം കൂടാതെ അവരുടെ കുടുംബത്തെ പോറ്റാനുള്ള കഴിവുണ്ടായിരിക്കണം. കള്ളന്മാരും മയക്കുമരുന്നുവ്യാപാരികളും ഭീകര ഗ്രുപ്പിലുള്ളവരും ലൈംഗിക കുറ്റവാളികളും പൗരത്വം നേടാൻ അർഹരല്ല. പൗരത്വം ലഭിക്കണമെങ്കിൽ ഇവർക്കെല്ലാം വരുമാനമുണ്ടായിരിക്കണം. അതിനുള്ള ടെസ്റ്റുകൾ പാസായാൽ പൗരത്വം ലഭിക്കാനുള്ള സാധ്യതയുണ്ട്.

ഏകദേശം പതിനൊന്നു മില്യണിലധികം  നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാർ ഈ രാജ്യത്തുണ്ട്. അമേരിക്കയിൽ കുടുംബമായി താമസിക്കുന്ന ഇവരെ രാജ്യത്തുനിന്നു പുറത്താക്കുന്നത് മനുഷ്യത്വമല്ലെന്നാണ് ഒരു വാദം. ഈ കുടിയേറ്റക്കാരെ നിയമാനുസൃതമാക്കണമെന്നും അവർക്ക് പൗരത്വം നൽകണമെന്നും സെനറ്റിലും കോൺഗ്രസിലും ശക്തമായ വാദങ്ങളുയരുന്നുണ്ട്. അവരെ  നിയമാനുസൃതമാക്കുന്നുവെങ്കിൽ അത് ദേശീയ സുരക്ഷിതയ്ക്കും സഹായകമാകും. അവരുടെ കഴിവുകൾ ഈ രാജ്യത്ത് അർപ്പിക്കുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലകളും അഭിവൃദ്ധി പ്രാപിക്കും. വ്യത്യസ്തമായ സംസ്‌കാരങ്ങളിൽ മെച്ചമായ ഒരു അമേരിക്കയെയും സൃഷ്ടിക്കാൻ സാധിക്കും.

കുടിയേറ്റം നിയമാനുസൃതമാക്കിയാൽ, കുടിയേറ്റക്കാർക്ക് പൗരത്വം കൊടുത്താൽ, സമ്പത് വ്യവസ്ഥിതി വർദ്ധിക്കുമെങ്കിലും ഉത്ഭാദനം വർദ്ധിക്കുമെങ്കിലും തൊഴിൽ വേതനം കൂടുവാൻ കാരണമാകും. നിലവിലുള്ള അനധികൃതരെ കുടിയേറ്റം അനുവദിച്ചാൽ 850 ബില്യൻ ഡോളർ പത്തുകൊല്ലം കൊണ്ട് നേടുമെന്നും കണക്കുകൾ പറയുന്നു. ഒന്നേകാൽ ലക്ഷം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ സാധിക്കുന്നു. നികുതി വരുമാനം 110 ബില്യൺ ഡോളർ വർദ്ധിക്കുമെന്നാണ് കണക്ക്. പത്തുവർഷം കൊണ്ട് ഒന്നര ട്രില്ലിയൻ ഡോളർ ജി.ഡി.പി യും വർദ്ധിക്കും.

അനധികൃത കുടിയേറ്റക്കാർ പൊതുവെ  തൊഴിൽ നൈപുണ്യമുള്ളവരല്ലെങ്കിലും അവരിൽ ധാരാളം വൈദഗ്ദ്ധ്യം നേടിയവരുമുണ്ട്. മാനേജ്‌മെന്റിലും സാമ്പത്തിക മേഖലകളിലും പ്രൊഫഷണൽ തൊഴിലിലും ഏർപ്പെടുന്നവരുമുണ്ട്. അവരെ തൊഴിലിൽ നിന്നും പിരിച്ചു വിടുമ്പോൾ അത് ബാധിക്കുന്നത് തൊഴിൽ മേഖലകളെയും ബിസിനസുകാരെയുമായിരിക്കും. അമേരിക്കയുടെ തൊഴിൽ മേഖലകളിലെ മൊത്തം തൊഴിൽ ചെയ്യുന്നവരുടെ ആറു ശതമാനമടുത്ത് അനധികൃത തൊഴിലാളികളുണ്ട്. ഭൂരിഭാഗവും ശരിയായ രേഖകൾ കൈവശമില്ലാത്തവരാണ്. തൊഴിലില്ലായ്മ കുറഞ്ഞ സ്ഥിതിക്ക് പൗരന്മാരിൽനിന്നും അനുയോജ്യമായ തൊഴിലാളികളെ കണ്ടുപിടിക്കുക എന്നത് ബുദ്ധിമുട്ടാണ്. അങ്ങനെയുളള സാഹചര്യങ്ങളിൽ തൊഴിൽ മേഖലകളിൽ നിയമാനുസൃതമല്ലാതെ തൊഴിലാളികൾക്ക് ജോലി നൽകാൻ മാനേജ്‌മെന്റ് നിർബന്ധിതരാകുന്നു.

അനധികൃത കുടിയേറ്റക്കാർ രാജ്യത്തിനു പ്രയോജനപ്രദമെന്നു കാണാൻ സാധിക്കുന്നു. സാധാരണ അനധികൃത തൊഴിലാളികളെ തൊഴിലിനേർപ്പെടുത്തിയാൽ ഉടമകൾക്ക് സാമ്പത്തിക ലാഭമുണ്ടാകും.  മിനിമം വേതനത്തെക്കാളും കുറഞ്ഞ നിരക്കിൽ ഇവരെ ജോലിക്കു നിയോഗിക്കുന്നു. അത് അമേരിക്കൻ വ്യവസായത്തിന് സഹായകമാണ്. ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലക്ക് സാധനങ്ങൾ ലഭിക്കുന്നു. വ്യവസായങ്ങൾ വളരുന്നതോടെ അമേരിക്കയുടെ സാമ്പത്തിക വളർച്ചയും വളർന്നുകൊണ്ടിരിക്കും. അതുമൂലം തൊഴിലവസരങ്ങളും വർദ്ധിക്കും. നികുതി വർദ്ധനവുണ്ടായി വരുമാനവും വർദ്ധിക്കും. ഇരു രാഷ്ട്രങ്ങളും തമ്മിൽ രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ മെച്ചപ്പെട്ട ബന്ധം സ്ഥാപിച്ചാൽ അവിടെ സമാധാനാന്തരീക്ഷവും സൃഷ്ടിക്കാൻ സാധിക്കുന്നു. മനുഷ്യക്കടത്ത്, മയക്കു മരുന്നു വ്യാപാരം എന്നിവകൾക്കു പരിഹാരമാകും. പലവിധ രോഗങ്ങളും ഇവർ മെക്സിക്കോയിൽ നിന്നും കൊണ്ടുവരുന്നുണ്ട്. അവരെ നിയമപരമായി താമസിക്കാൻ അനുവദിക്കുമെങ്കിൽ രോഗ നിവാരണങ്ങൾക്കും ശ്രമങ്ങളാരംഭിക്കാനും സാധിക്കുന്നു.

നിയമാനുസൃതമായി താമസിക്കുന്ന അമേരിക്കൻ പൗരന്മാർക്കു അനധികൃത കുടിയേറ്റക്കാർ! സാമ്പത്തിക ഭാരം നൽകുമെന്നാണ് ഒരു വാദം. കൂടുതൽ നിയമ പാലകരെയും പോലീസുകാരെയും അനധികൃത കുടിയേറ്റമൂലം നിയമിക്കേണ്ടി വരുന്നു. അത് സർക്കാരുകൾക്ക് കൂടുതൽ സാമ്പത്തിക ഭാരം സൃഷ്ടിക്കും. എന്നാൽ അത്തരക്കാരായ തൊഴിലാളികൾക്കു കുറഞ്ഞ വേതനം കൊടുക്കുന്നു. പലർക്കും നിയമാനുസൃതമായ ജോലിക്കുള്ള കൂലിപോലും ലഭിക്കാറില്ല.

സാധാരണ കുടിയേറ്റക്കാർക്ക് വലിയ കുടുംബവുമുണ്ടായിരിക്കും. അത് വിദ്യാഭ്യാസ നിലവാരത്തെയും ലോക്കൽ സ്‌കൂൾ ഡിസ്ട്രിക്റ്റിനെയും ബാധിക്കും. നികുതി ദായകർ കൂടുതൽ നികുതിയും നൽകേണ്ടി വരുന്നു. എങ്കിലും അത്തരം വാദഗതികളിൽ നീതികരണമുണ്ടെന്ന് തോന്നുന്നില്ല. ശരിയായ ഡോക്കുമെന്റുകൾ ഇല്ലാത്തവർക്കും തൊഴിൽ വേതനത്തിൽ നിന്ന് നികുതി കൊടുത്തേ മതിയാകൂ. ദേശീയ തലത്തിൽ സ്റ്റേറ്റുകളുടെ നികുതി വരുമാനത്തിൽ എട്ടു ശതമാനം ഡോകുമെന്റില്ലാതെ ജോലി ചെയ്യുന്നവരിൽനിന്നു ലഭിക്കുന്നുവെന്നു കണക്കുകൾ വ്യക്തമാക്കുന്നു.

ബോസ്റ്റൺ-മാരത്തോൺ ബോംബിങ്ങും അനധികൃത കുടിയേറ്റവുമായും ബന്ധിപ്പിച്ചിട്ടുണ്ട്. അതിർത്തികളിൽ കർശനമായ നിയന്ത്രണമില്ലാത്തതുകൊണ്ടും നുഴഞ്ഞുകയറ്റക്കാരെ അനുവദിക്കുന്നതുകൊണ്ടും മയക്കു മരുന്നു ലോബികളും അൽക്കാടാ ഭീകരരും രാജ്യത്ത് താമസിക്കുന്നു. ഇത് ഇന്ന് ദേശീയ പ്രശ്നവുമായും കണക്കാക്കുന്നു. വാസ്തവത്തിൽ ഭീകരരുടെ വരവിന് അമേരിക്കയുടെ തെക്കേ അതിർത്തി കാരണമല്ലെന്നുള്ളതാണ് സത്യം. ഇന്നുവരെ പിടിക്കപ്പെട്ട ഭീകരന്മാർ എല്ലാവരും തന്നെ ഓരോ കാലത്ത് നിയമാനുസൃതമായി ഈ രാജ്യത്ത് കുടിയേറിയവരാണ്. അല്ലെങ്കിൽ വിദ്യാർത്ഥി വിസയിലോ ടൂറിസ്റ്റായോ വന്നവരാണ്. വിസാ കാലാവധി കഴിഞ്ഞവരിൽ ചിലർ നിയമ വിരുദ്ധമായി താമസിക്കുന്നുണ്ടാകാം. അതും അതിർത്തി കടന്നുവരുന്ന കുടിയേറ്റക്കാരുമായി സാമ്യപ്പെടുത്താൻ സാധിക്കില്ല.

കുടിയേറ്റം രാജ്യത്തിന്റെ ഇക്കണോമിയെയും ബാധിക്കുമെന്നാണ് വാദം. തൊഴിലാളികളുടെ സപ്ലൈ കൂടുമ്പോൾ തൊഴിൽ വേതനവും കുറയും.  അവരെ ജോലിക്കെടുക്കുന്ന മുതലാളിമാർ തൊഴിലാളികളെ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യിപ്പിക്കും. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. അത് രാജ്യത്തിലെ താണ ജോലിക്കാരെയും വിദഗ്ദ്ധ ജോലിക്കാരെയും ഒന്നുപോലെ ബാധിക്കുന്നുവെന്ന് കരുതുന്നു. അതുമൂലം സഹിക്കേണ്ടി വരുന്നത് കറുത്തവരും ഹിസ്പ്പാനിക്ക് സമൂഹങ്ങളിൽപ്പെട്ടവരുമായിരിക്കും. അമേരിക്കയിലെ തെക്കുള്ള കമ്പനികളിൽ ഇമ്മിഗ്രെഷൻകാരുടെ റെയ്ഡ് മൂലം 75 ശതമാനം തൊഴിലാളികളെ വരെ നഷ്ടപ്പെട്ടിട്ടുണ്ട്. അവർ പിന്നീട് പത്രത്തിൽ പരസ്യം ചെയ്തു കൂടുതൽ വേതനം കൊടുത്ത് തൊഴിലാളികളെ ജോലിക്കെടുക്കേണ്ടി വരുന്നു.

തൊഴിലാളികളുടെ എണ്ണം അനധികൃത കുടിയേറ്റം മൂലം വർദ്ധിക്കുന്നുണ്ടെങ്കിലും നിയമാനുസൃതമായവരുടെ വരുമാനം കുറയുന്നുണ്ടെങ്കിലും സാമ്പത്തിക ശാസ്ത്രത്തിന്റെ മറുവശവുംകൂടി ചിന്തിക്കണം. കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യാൻ വരുമ്പോൾ അവർ അപ്പാർട്ടുമെന്റുകൾ വാടകയ്‌ക്കെടുക്കും. ഭക്ഷണം കഴിക്കൽ, തലമുടി വെട്ടൽ, സെൽ ഫോൺ മേടിക്കൽ എന്നിങ്ങനെ ആവശ്യങ്ങൾ കൂടും. അങ്ങനെ വ്യവസായ സാമ്രാജ്യം വലുതാവുകയും രാജ്യം സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യും. കുടിയേറ്റക്കാർ ജോലികൾ തട്ടിയെടുക്കുമ്പോൾ സ്‌കൂളിലും കോളേജിൽ നിന്നും പാസായി വരുന്ന യുവതി യുവാക്കൾക്ക് ജോലി ലഭിക്കാതെ വരുമെന്നാണ് മറ്റൊരു ചിന്താഗതി. ഇക്കണോമി വളരുന്നതുകൊണ്ടു പുതിയതായി വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുന്നുവെന്നതും വസ്തുതയാണ്.

ലോസ് ഏഞ്ചൽസിലും തെക്കുള്ള ചില സംസ്ഥാനങ്ങളിലും 75 ശതമാനം കുറ്റവാളികൾ അനധികൃത കുടിയേറ്റക്കാരെന്നും ആരോപിക്കുന്നു. 1990 മുതൽ ശരിയായ കണക്കുകൾ എഫ്.ബി.ഐ. രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശികളുടെ എണ്ണം കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ പതിമൂന്നു ശതമാനം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപതു വർഷം കൊണ്ട് അനധികൃതരായവർ മൂന്നിരട്ടി വർധിച്ചു. മൂന്നര മില്യൺ അനധികൃത കുടിയേറ്റക്കാരിൽനിന്ന് പതിനൊന്നര മില്യനായി. ഇതേ സമയം കുറ്റവാളികളുടെ എണ്ണം 48 ശതമാനം കുറഞ്ഞുവെന്നാണ് എഫ്.ബി.ഐ. പറയുന്നത്. പിടിച്ചുപറി, ദേഹോപദ്രവം, ഭവന കൊള്ള, ബലാൽ സംഗം, കൊലപാതകങ്ങൾ മുതലായ കുറ്റകൃത്യങ്ങളെല്ലാം ഗണ്യമായി കുറഞ്ഞു.

നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാരിൽ 57 ശതമാനം മെക്സിക്കോക്കാരാണ്. തൊഴിൽ വേതനം കുറച്ചുകൊടുത്തുകൊണ്ട് മുതലാളിമാർ അവരെക്കൊണ്ടു പണിയെടുപ്പിക്കുന്നു. അങ്ങനെ അമേരിക്കൻ വ്യവസായ വളർച്ചക്ക് അനധികൃത കുടിയേറ്റക്കാരായ തൊഴിലാളികൾ സഹായകമാകുന്നു. എങ്കിലും അമേരിക്കൻ പട്ടണങ്ങളിൽ അവർ മൂലം ജനസംഖ്യ വർദ്ധിക്കുകയും പല പട്ടണങ്ങളിലും അവർ തിങ്ങി പാർക്കുകയും ചെയ്യുന്നു. കൂടുതലും ദരിദ്രരായതുകൊണ്ട് സാമൂഹിക സേവനത്തിനും തടസങ്ങൾ നേരിടുന്നു. അതുമൂലം പ്രശ്നങ്ങൾ ഉണ്ടാവുന്നത് അമേരിക്കൻ പൗരന്മാർക്ക് മാത്രമല്ല മെക്സിക്കോയിൽ നിന്ന് നിയമാനുസൃതമായി വന്നവരും ബുദ്ധിമുട്ടുകളനുഭവിക്കുന്നു.

നിയമ വിരുദ്ധമായി താമസിക്കുന്ന കുടിയേറ്റക്കാർ അമേരിക്കയുടെ ഹോസ്പിറ്റലുകളും സ്‌കൂളുകളും സൗജന്യമായി പ്രയോജനപ്പെടുത്താറുണ്ട്. നികുതി കൊടുക്കാതെയാണ് ഈ സൗകര്യങ്ങളൊക്കെ അവർ പ്രയോജനപ്പെടുത്തുന്നത്. നിയമ വിരുദ്ധരായവരെ രാജ്യത്തുനിന്നു പുറത്താക്കുകയോ അല്ലെങ്കിൽ അവർക്ക് പൗരത്വം കൊടുക്കുകയോ ചെയ്‌താൽ അത്തരം പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നു കരുതുന്നു. അനധികൃത കുടിയേറ്റക്കാർ! രാജ്യത്തിനുള്ളിലെ കുറ്റവാളികൾക്കു ബലിയാടായാലും അവർ റിപ്പോർട്ട് ചെയ്യാറില്ല. കാരണം അവരെ രാജ്യത്തുനിന്നും പുറത്താക്കുമെന്നു ഭയപ്പെടുന്നു. അതുപോലെ ഡോക്കുമെന്റില്ലാത്ത ക്രിമിനലുകളെ കണ്ടുപിടിക്കാനും ബുദ്ധിമുട്ടായിരിക്കും. കുടിയേറ്റക്കാരെ പുറത്താക്കുന്നവഴി പ്രകടനങ്ങൾ, പ്രതിക്ഷേധ ജാഥകൾ, മറ്റു സർക്കാർ പ്രവർത്തന തടസങ്ങൾ സംജാതമാവുന്നു. ഇതുമൂലം സാമൂഹിക അശാന്തിയുമുണ്ടാവുന്നു.

നിലവിലുള്ള അനധികൃതർക്ക് പൗരത്വം കൊടുത്തുകൊണ്ട് അതിർത്തിയിൽ ശക്തമായ സുരക്ഷിത സേനയെ നിയോഗിക്കണമെന്നും നിർദേശമുണ്ട്. അവർക്ക് പൗരാവകാശം കിട്ടുന്നവരെ രാജ്യത്ത് താമസിക്കാനും സാധിക്കും. അങ്ങനെ രാജ്യത്തുനിന്നു പുറത്താക്കുമെന്ന ഭയമില്ലാതെ ജോലി ചെയ്തു ജീവിക്കാനും അനധികൃത കുടിയേറ്റക്കാർക്ക് സാധിക്കുന്നു. താൽക്കാലിക ജോലിക്കാരായി തുടരാനുള്ള 'അതിഥി വിസ' ('ഗസ്റ്റ് വിസാ') പ്രോഗ്രാമും ആലോചനയിലുണ്ടായിരുന്നു. അത്തരം വിസായുള്ളവർക്ക് തൊഴിൽ ചെയ്യുന്നുണ്ടെന്ന് തെളിവുകൾ ഉള്ളടത്തോളം കാലം രാജ്യത്ത് താമസിക്കാൻ സാധിക്കുമായിരുന്നു.

മെക്സിക്കോയുടെ സാമ്പത്തിക മേഖലകളിൽ (Economy) യുണൈറ്റഡ് സ്റ്റേറ്റ്സ് സഹായിച്ചാൽ മെക്സിക്കോയും സാമ്പത്തികമായി പുരോഗമിക്കും. അവിടെ പണം നിക്ഷേപിക്കുകയും അവരുടെ രാജ്യത്തെ വ്യവസായവൽക്കരിക്കുകയും ചെയ്യുന്നുവെങ്കിൽ മെക്സിക്കോയിൽ നിന്നും ഇവിടെ അവസരങ്ങൾ തേടി വരുന്നവരുടെ എണ്ണം കുറയും. മെക്സിക്കൻ ഇക്കണോമി മെച്ചമായി കഴിയുമ്പോൾ അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനു മെക്സിക്കോക്കാർ താൽപ്പര്യം കാണിക്കില്ല. നിയമപരമല്ലാത്ത കുടിയേറ്റക്കാർക്ക് പൗരത്വം നൽകിയാൽ കൂടുതൽ ആളുകൾ തൊഴിൽ ചെയ്യുന്നതുകൊണ്ട് സർക്കാരിന് നികുതിയിനത്തിൽ വരുമാനവും വർദ്ധിക്കും. എല്ലാ അനധികൃത മെക്സിക്കോകാരെയും പുറത്തു ചാടിച്ചാൽ അമേരിക്കൻ ജോലികൾ അമേരിക്കക്കാർക്ക് മാത്രമാകും. അതുമൂലം വേതനം വർദ്ധിക്കുന്നതുകൊണ്ട് വിലപ്പെരുപ്പവുമുണ്ടാകാം.
















Monday, June 18, 2018

നഷ്ടപ്പെട്ട മകനുവേണ്ടി ഒരു അമ്മയുടെ നിയമ യുദ്ധങ്ങളും പോരാട്ടവിജയവും




ജോസഫ് പടന്നമാക്കൽ 

അമേരിക്കൻ മലയാളികളുടെ ചരിത്രത്തിൽ വളരെയേറെ കോളിളക്കം സൃഷ്ടിച്ച പ്രവീൺ വർഗീസ് വധ കേസിൽ പ്രതി കുറ്റക്കാരനെന്നു വിധിച്ചിരിക്കുന്നു.! ഇത്  നീതി ന്യായ വ്യവസ്ഥയുടെ വിജയവും ഓരോ മലയാളിയുടെയും അഭിമാന നിമിഷവുമാണ്. ഇതിനായി രാവും പകലുമില്ലാതെ, തോരാത്ത കണ്ണുനീരുമായി, മുട്ടേണ്ട വാതിലുകളെല്ലാം മുട്ടി, നീതിക്കായി പട പൊരുതി വിജയിച്ച ശ്രീമതി ലൗലി വർഗീസിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പ്രണാമം ആദ്യം അർപ്പിക്കട്ടെ. ലോകത്തുള്ള എല്ലാ മലയാളി അമ്മമാർക്കും ഒരു മാതൃകയാണവർ. സതേൺ ഇല്ലിനോയി യൂണിവേഴ്സിറ്റിയിലെ കൗമാരം വിട്ടു മാറിയിട്ടില്ലായിരുന്ന പ്രവീൺ എന്ന സമർഥനായ വിദ്യാർത്ഥിയുടെ മരണത്തോടനുബന്ധിച്ചുള്ള ദുരൂഹതകൾക്ക് ഒരു അന്ത്യം കൂടിയായിരുന്നു ഈ വിധി. ലൗവ്!ലിയുടെ ഈ വിധിന്യായ വിജയത്തിന്റെ പിന്നിൽ കേഴുന്ന ഒരു കുടുംബത്തിന്റെ തോരാത്ത കണ്ണുനീരുമുണ്ട്.

2014-ലാണ് പ്രവീണിന്റെ മൃതദേഹം ഇല്ലിനോയിലുള്ള കാർബൺഡെയിലിൽ ദുരൂഹമായ സാഹചര്യത്തിൽ അഞ്ചാം ദിവസം കണ്ടെത്തിയത്. പൊന്നുമോന്റെ മരണത്തിൽ നീതിക്കായി അലഞ്ഞു നടന്ന ഒരു അമ്മയുടെ വൈകാരിക ചിന്തകൾ അടങ്ങിയ ചോദ്യങ്ങൾക്ക് ഈ വിധിയിലൂടെ ഉത്തരവും കണ്ടെത്താൻ സാധിച്ചു. ഓമനിച്ചു വളർത്തിയ മകന്റെ ഓർമ്മകൾക്കു മുമ്പിൽ അടിപതറാതെ പടപൊരുതിയ ലവ്‌ലിയ്ക്ക് അനുകൂലമായ ഈ വിധിയിൽ മനസു നിറയെ ആശ്വാസവും ഉണ്ടായി. വിധി പ്രസ്താവിച്ച ദിനത്തിൽ വർഷങ്ങൾക്കു ശേഷം അന്ന് അവർ സമാധാനത്തോടെ ഉറങ്ങിയെന്നും പറഞ്ഞു.

ലവ്‌ലിയുടെ വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്. ആരുടേയും കരളലിയിപ്പിക്കുന്നതായിരുന്നു. "ഞങ്ങൾ കാത്തു കാത്തിരുന്ന ഞങ്ങളുടെ പുത്രൻ പ്രവീണിന്റെ ദിനം അവസാനം വന്നെത്തി. ഈ വിധിക്കുവേണ്ടി പൂമ്പാറ്റയായി ഞങ്ങളുടെ ഭവനത്തിനു ചുറ്റും അവൻ പാറി പറക്കുന്നുണ്ടായായിരുന്നു. ഇനിമേൽ നിത്യതയിൽ സമാധാനമായി അവൻ വസിക്കട്ടെ."

പ്രവീണിന്റെ അമ്മ അവനു നീതി ലഭിച്ചതിൽ സംതൃപ്തയാണ്. വിധിയിൽ സംഭവിക്കാൻ പോവുന്നതു അവർക്ക് ഉറപ്പുണ്ടായിരുന്നെങ്കിലും 'താനിന്ന് സമാധാനവതിയെന്നും ഈ വിജയത്തിനു കാരണം തന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെന്നും' ലവ്‌ലി പറഞ്ഞു. പലരും ജോലിസ്ഥലത്തു നിന്നും അവധിയെടുത്തു വിസ്താരവേളകളിൽ കോടതിയിൽ ഹാജരുണ്ടായിരുന്നു. കോടതിയിൽ നിത്യം വന്നിരുന്ന ആളുകളുടെ കണക്കുകൾ തന്നെ എത്രയെന്നറിയില്ല. സമൂഹത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ളവർ വിധി കേൾക്കാൻ കോടതി വരാന്തകളിൽ നിറഞ്ഞിരുന്നു. അവരിൽ പലർക്കും നീതി നിഷേധിച്ചവരായിരുന്നു. ലവ്‌ലി പറഞ്ഞു, "അവരെല്ലാം ഞങ്ങളെ നോക്കി നീതിക്കായുള്ള പ്രതീക്ഷകളും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കെട്ടിപിടിച്ച് അഭിനന്ദങ്ങളും അറിയിച്ചിരുന്നു."

ലവ്‍ലിയും ഭർത്താവും ഇരുവരും പ്രൊഫഷണൽ ജോലിക്കാരാണ്. അമേരിക്ക എന്ന സ്വപ്നഭൂമിയിൽ കിട്ടിയ അവസരങ്ങൾ പാഴാക്കാതെ കുട്ടികളെ വളർത്തുകയെന്ന ലക്ഷ്യമായിരുന്നു ഈ മാതാപിതാക്കൾക്കുണ്ടായിരുന്നത്. സ്‌കൂളിലെ അദ്ധ്യാപകർക്കും കുടുംബത്തിലെ മറ്റുള്ളവർക്കും സുഹൃത്തുക്കൾക്കും പ്രിയങ്കരമായിട്ടായിരുന്നു കുട്ടികൾ വളർന്നത്. എന്നാൽ അവരുടെ മകൻ 'പ്രവീൺ വർഗീസ്' ദുരൂഹ സാഹചര്യത്തിൽ കാട്ടിനുള്ളിൽ മരിച്ചുവെന്ന ഞെട്ടിക്കുന്ന വാർത്ത ആ കുടുംബത്തെ ഒന്നാകെ തളർത്തിയിരുന്നു. മകൻ പ്രവീൺ കാർബൺ ഡെയിൽ യൂണിവേഴ്സിറ്റിയിൽ ക്രിമിനോളജിയും ക്രിമിനൽ ജസ്റ്റിസുമായിരുന്നു പഠിച്ചിരുന്നത്. ഒരു സമർത്ഥനായ പോലീസ് ഓഫീസറാകണമെന്നായിരുന്നു അവന്റെ സ്വപനം. കൂടാതെ അവനു അമേരിക്കയിൽ എഫ്.ബി.ഐ. യിൽ ഉദോഗസ്ഥനാകണമെന്നുമുണ്ടായിരുന്നു. ഇവർക്ക് വളരെയധികം പ്രതിഭാവൈശിഷ്ട്യമുള്ള, സംഗീതത്തിലും ഡാൻസിലും പ്രഗൽപ്പരായ രണ്ടു പെൺമക്കളുമുണ്ട്‌. പ്രവീണും സംഗീതത്തിലും ഡാൻസിലും ജീവിച്ചിരുന്ന നാളുകളിൽ കഴിവുകൾ പ്രകടമാക്കിയിരുന്നു. ചിരിയും കളിയുമായുള്ള കുശല വർത്തമാനങ്ങൾ വഴി മറ്റുള്ളവരെ ചിരിപ്പിക്കയെന്ന പ്രത്യേകമായ വാസനയും അവനുണ്ടായിരുന്നു. വീട്ടുകാർക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും പ്രിയങ്കരനുമായിരുന്നു. അങ്ങനെ സകല വിധ സന്തോഷത്തിലും സമാധാനത്തിലും കഴിഞ്ഞിരുന്ന നാളുകളിലാണ് പ്രവീൺ ദുരൂഹ സാഹചര്യത്തിൽ കൊല ചെയ്യപ്പെട്ടത്.

2014 ഫെബ്രുവരി പതിനാലാം തിയതി പ്രവീണും അവന്റെ കസ്യാനുമൊന്നിച്ച് ഒരു ക്ലബിൽ നടന്ന പാർട്ടിയിൽ സംബന്ധിച്ചിരുന്നു. അന്നു രാത്രി പതിനൊന്നര മണിയായപ്പോൾ അവൻ പാർട്ടി കഴിഞ്ഞു ആരോടും പറയാതെ മടങ്ങി പോയി. ഒറ്റയ്ക്ക് അവൻ എവിടെ പോയിയെന്നും എന്തു സംഭവിച്ചെന്നും പിന്നീടാർക്കും ഒന്നുമറിയില്ലായിരുന്നു. എല്ലാ ദിവസവും മുടങ്ങാതെ അവൻ മാതാപിതാക്കളെ വീട്ടിൽ വിളിക്കുമായിരുന്നു. എന്നാൽ അന്നവൻ വന്നില്ല.
വിളിച്ചില്ല.

ലവ്‍ലിയുടെ എല്ലാ ശ്രമങ്ങളും കോടതി വിധിയിൽക്കൂടി വിജയത്തിന്റെ ഉച്ചാവസ്ഥ പ്രാപിച്ചത് അവരുടെ കുടുംബത്തിനും അവരെ സ്നേഹിക്കുന്നവർക്കും അമേരിക്കൻ മലയാളികൾക്കും സന്തോഷം നൽകിയ ഒരു വാർത്തയായിരുന്നു. പ്രവീണിന്റെ കൊലയിൽ കുറ്റക്കാരനായ 'ഗാജെ ബെഥൂനെ'യ്‌ക്കെതിരെ (Gaege Bethune) ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റമാരോപിച്ചാണ് വിധി വന്നിരിക്കുന്നത്.  ഇരുപതു മുതൽ അറുപതു വർഷം വരെ ശിക്ഷ കിട്ടാനുള്ള വകുപ്പുകൾ ചേർത്തായിരുന്നു കേസ്സുകൾ ഫയൽ ചെയ്തിരുന്നത്.

പ്രവീണിന്റെ മരണത്തിൽ ഉത്തരം കിട്ടാതെ അനേകം ചോദ്യങ്ങൾ അവശേഷിക്കുന്ന വേളയിലായിരുന്നു കോടതിയുടെ അനുകൂലമായ ഈ വിധി വന്നത്. കാർബൺ ഡെയിലിലെ അധികാരികൾ ആദ്യം മുതൽ ഈ കേസ് മുക്കിക്കളയുവാൻ ശ്രമിക്കുകയായിരുന്നു. സ്വാഭാവിക മരണമെന്നു പറഞ്ഞു കേസ് തള്ളിക്കളയാൻ അവർ സകലവിധ വ്യാജ റിപ്പോർട്ടുകളുമുണ്ടാക്കിയിരുന്നു. കേസിനെ ബലഹീനമാക്കാൻ കുതന്ത്രങ്ങളിൽക്കൂടി കുടുംബത്തെ തെറ്റി ധരിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ ലവ്‌ലി കുടുംബം അധികാരികളുടെ കാപട്യത്തിനു മുമ്പിൽ തല കുനിക്കാതെ സ്വന്തമായ അന്വേഷണങ്ങളോടെ കൊലപാതകത്തിന്റെ തെളിവുകൾ ശേഖരിച്ചു കൊണ്ടിരുന്നു.

ദ്വൈമുഖ പരിവേഷമണിഞ്ഞുകൊണ്ടുള്ള  കാർബൺ ഡെയ്‌ലിലെ  പോലീസ് ഓഫിസർ പത്തു പേജ് റിപ്പോർട്ട് തയ്യാറാക്കുകയും കുറ്റങ്ങൾ മുഴുവൻ ഒന്നൊന്നായി പ്രവീണിൽ ചാരുകയും ചെയ്തു. പ്രവീൺ മദ്യപാനിയെന്നു റിപ്പോട്ടിൽ ചേർത്തിട്ടുണ്ടായിരുന്നു. അതിലൊന്നിലും തെളിവില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങൾ നിരത്തിയിരുന്നു. ലവ്!ലിയുടെ സുഹൃത്തുക്കളും സമൂഹവും ജീവിതത്തിന്റെ നാനാതുറകളിലുള്ളവരും അവരെ എല്ലാ വിധത്തിലും പിന്താങ്ങിക്കൊണ്ടിരുന്നു. അവസാനം കേസ് ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടറിന്റെ അടുത്തു പോവുകയും അങ്ങനെ കേസ് നേരായ ദിശയിൽ തിരിയുകയും ചെയ്തു. പുതിയു സ്പെഷ്യൽ പ്രോസിക്യൂട്ടർ റിപ്പോർട്ട് പരിശോധിക്കുകയും പോലീസുകാരുടെ റിപ്പോർട്ടിലെ വ്യാജ കാര്യങ്ങൾ കണ്ടുപിടിക്കുകയും ചെയ്തു.

എല്ലാ പോലീസുകാരും ഒരുപോലെ എഴുതിയിരുന്നത് പ്രവീണന്റെ മൃതശരീരത്തിലോ, തലയിലോ മുറിവുകളില്ലെന്നായിരുന്നു. മകനെപ്പറ്റി ചിലയിടത്ത് വെളുത്ത മനുഷ്യനെന്നും കൊന്നവനായ ഡ്രൈവറുടെ മൊഴിയിൽ കറുത്തവനെന്നും റിപ്പോർട്ടിൽ പൊരുത്തമില്ലാതെയുണ്ടായിരുന്നു. പതോളജിസ്റ്റ് പ്രവീണിന്റെ ദേശീയതയെപ്പറ്റി 'മിഡിൽ ഈസ്റ്റേൺ' എന്നെഴുതി. പോലീസും പതോളജിസ്റ്റും തമ്മിലുള്ള കള്ളക്കളികളിൽ തലയിൽ മുറിവുകളൊന്നും കണ്ടില്ല. ചില റിപ്പോർട്ടുകളിൽ പതോളജിസ്റ്റ് ശവശരീരത്തെ സ്ത്രീയുടേതായിട്ടും കുറിച്ചു വെച്ചിരുന്നു.

പ്രവീണിനെപ്പറ്റി ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ലവ്!ലീയുടെ മനസ് തകർന്നിരുന്നു. എന്ത് നിയമപരമല്ലാത്ത പ്രവർത്തികളാണ് അവൻ ചെയ്തതെന്ന കാര്യവും വിശദീകരിക്കുന്നില്ലായിരുന്നു. ഓഫീസറിന്റെ ഇല്ലാത്ത കുറ്റാരോപണങ്ങൾക്കു മുമ്പിൽ വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി ലവ്‌ലി നിശബ്ദമായി അതെല്ലാം കേൾക്കേണ്ടി വന്നു. കുറ്റാരോപിതനായ പ്രതിയുടെ പേരിൽ യാതൊരു ചാർജൂം ചെയ്തില്ല. ഈ കേസ് ഇവിടംകൊണ്ട് ക്ളോസ് ചെയ്യുകയാണെന്നും അറിയിച്ചു. എന്തെങ്കിലും പറഞ്ഞാൽ അയാൾ പ്രവീണിനെതിരെ സംഭവ്യമല്ലാത്ത കാര്യങ്ങൾ കൂട്ടിയിണക്കി സംസാരിക്കുമായിരുന്നു.

പ്രവീണിന്റെ ദുരൂഹ മരണത്തിൽ തിരിമറിയുണ്ടെന്ന് ആദ്യം മുതൽ തന്നെ കുടുംബം സംശയിച്ചിരുന്നു. ആദ്യത്തെ ഔദ്യോഗികമായ മൃതശരീര പരിശോധനയിൽ (ഓട്ടോപ്സി) സംശയം തോന്നി പണം മുടക്കി വ്യക്തിഗത നിലയിൽ മറ്റൊരു ഓട്ടോപ്സി നടത്തി. അപ്പോഴാണ് പ്രവീണിന്റെ മരണം സ്വാഭാവികമല്ലായിരുന്നുവെന്നും മറിച്ച് മാരകമായ മുറിവുകൾ ശരീരത്തിൽ ഏറ്റതുകൊണ്ടായിരുന്നുവെന്നും കുടുംബത്തിനു മനസിലായത്.  രണ്ടാം ഓട്ടോപ്സിയിൽ അവന്റെ ശരീരത്തിൽ ലഹരിയോ മയക്കുമരുന്നുകളോ ഉപയോഗിച്ചതായി ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. വഴിയിൽ സ്റ്റേറ്റ് പോലീസ് പ്രതിയെ കാണുകയും ഒരു കറുത്തവൻ അവനെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ഓഫീസറെ അറിയിക്കുകയുമുണ്ടായി. എന്നിട്ടും സ്റ്റേറ്റ് പോലീസ് ഒരു റിപ്പോർട്ടും തയ്യാറാക്കിയില്ല.

 ലവ്‌ലി, സത്യത്തിന്റെ നിജസ്ഥിതി ലോകത്തെ അറിയിക്കാൻ ഒരു വാർത്താ സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു.  ആ സമ്മേളനത്തിൽ കോൺഗ്രസിലെ പല അംഗങ്ങളും അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രമുഖരായവരും പങ്കെടുത്തിരുന്നു. നിരുത്തരവാദിത്വത്തോടെ കേസ് കൈകാര്യം ചെയ്ത കാർബൺ ഡെയിലിലെ അധികാരികൾക്കും ചീഫിനും എതിരെ കേസ് ഫയൽ ചെയ്യുകയും ചെയ്തു. ഏതാനും മാസങ്ങൾക്കുള്ളിൽ സ്വജന പക്ഷപാതിയും നിരുത്തരവാദിയുമായ പോലീസ് അധികാരിയെ ജോലിയിൽനിന്നും മറ്റേതോ കാരണത്താൽ പറഞ്ഞു വിടുകയും ചെയ്തു.

ക്ലബിലെ പാർട്ടിയ്ക്കു ശേഷമുള്ള ഒരു സുപ്രഭാതത്തിൽ 'പ്രവീണിനെ ക്യാമ്പസ്സിൽ നിന്നും കാണാതായിരിക്കുന്നുവെന്നു' പോലീസ് ഓഫീസർ വിളിച്ചുപറഞ്ഞു, അവർ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഓഫിസർമാർ ഒരു നിസാരമട്ടിലാണ് സംസാരിച്ചിരുന്നത്. 'എല്ലാ കോളേജ്  വിദ്യാർത്ഥികളും ക്ളാസുകൾ ബഹിഷ്‌കരിച്ച് ദൂര സ്ഥലങ്ങളിൽ പോവും. കൂട്ടുകൂടി നടക്കും. അതിനു ശേഷം മടങ്ങി വരുമെന്നല്ലാം  മുടന്തൻ ന്യായങ്ങളിലുള്ള ഉത്തരങ്ങളാണ് ഓഫീസർമാരുടെ ഭാഗത്തുനിന്നും ലഭിച്ചത്. അന്നേ ദിവസവും പിറ്റേദിവസവും പോലീസ് ഭാഗത്തുനിന്നും കാര്യമായ അന്വേഷണം നടന്നില്ല. അവർക്ക് അന്വേഷിക്കാൻ ഉദ്യോഗസ്ഥരില്ലെന്നായിരുന്നു മറുപടി. ഈ സംഗതികളെല്ലാം കാണിച്ചു മീഡിയായെ അറിയിക്കുകയും പ്രവീണിനെ കാണാനില്ലെന്ന് പത്രങ്ങൾ  റിപ്പോർട്ട് ചെയ്യുകയും ചെയ്തു. 'ഇത്തരം കാര്യങ്ങൾ മീഡിയായിൽ സംസാരിക്കാൻ പാടില്ലായിരുന്നുവെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും പോലീസ് ഓഫിസർ കുറ്റപ്പെടുത്തി.

'പോലീസ് സ്റ്റേഷന്റെ ഹാളുകളിൽ നീണ്ട മണിക്കൂറുകൾ കാത്തിരുന്നിട്ടും ഇരിക്കാൻ പോലും പറയാനുള്ള സാമാന്യമര്യാദ ആരും പ്രകടിപ്പിച്ചില്ലെന്നും' ലവ്!ലി പറഞ്ഞു. പ്രവീണിന്റെ മൃതദേഹം കാട്ടിനുള്ളിൽ കണ്ടെത്തിയ വിവരം നാലഞ്ചു ദിവസം കഴിഞ്ഞാണ് ഡെപ്യുട്ടി പോലീസ് വന്നു പറയുന്നത്. പ്രവീൺ പഠിക്കുന്ന കോളേജിലെ വിദ്യാർത്ഥിയല്ലാത്ത ഒരുവനിൽനിന്നും റൈഡ് ലഭിക്കുകയും മകൻ ഹൈപോതെർമിയായിൽ മരിച്ചുവെന്ന് അറിയിക്കുകയും ചെയ്തു. മാതാപിതാക്കൾക്ക് മകന്റെ ബോഡി കാണാമോയെന്നു ചോദിച്ചപ്പോൾ സാധ്യമല്ലെന്നു പറഞ്ഞു. 'നിങ്ങൾക്ക് ഫ്യൂണറൽ ഹോമിൽ മാത്രമേ കാണാൻ സാധിക്കുള്ളൂ. നിങ്ങൾക്ക് ഇഷ്ടമുള്ള ഫ്യൂണറൽ ഹോം തെരഞ്ഞെടുക്കാമെന്നും' പോലീസ് ഓഫിസർ പറഞ്ഞു. വാഗ്വാദങ്ങൾ ഉണ്ടാവുകയും അധികാരികളുടെ  കർശനമായ തീരുമാനത്തെ ചോദ്യം ചെയ്തപ്പോൾ പ്രവീണിന്റെ മൃതശരീരം ഹോസ്പിറ്റലിൽ കാണാൻ അനുവദിക്കുകയും ചെയ്തു. മുഖം മാത്രമേ കാണിക്കുമായിരുന്നുള്ളൂ. മുഖത്തു മുഴുവൻ ഉപദ്രവിച്ച പാടുകളുണ്ടായിരുന്നു. 'ആരോ എന്റെ മകനെ ഭീകരമായി ഉപദ്രവിച്ചിട്ടുണ്ടെന്നു ലവ്‌ലി പറഞ്ഞിട്ടും അവർ വിശ്വസിക്കുന്നില്ലായിരുന്നു.

ഈ കേസ് അന്വേഷിക്കാനായി ലവ്!ലി എല്ലാ പഴുതുകളും തേടി. അവസാനം കേസ് സ്റ്റേറ്റ് അറ്റോർണിയുടെ ഫയലിലും എത്തി. സ്റ്റേറ്റ് അറ്റോർണിയിൽനിന്ന് വളരെ ലജ്‌ജാകരമായ പെരുമാറ്റമാണ് ഉണ്ടായത്. ഇല്ലാത്ത കുറ്റാരോപണങ്ങളെല്ലാം പ്രവീണിന്റെ പേരിൽ അയാൾ ആരോപിച്ചുകൊണ്ടിരുന്നു. 'നിങ്ങളുടെ മകൻ നിയമപരമല്ലാത്ത പ്രവർത്തികൾ ചെയ്തുകൊണ്ടിരുന്നു.' അയാളുടെ മാന്യമല്ലാത്ത വാക്കുകളിൽനിന്നും പുറത്തുവന്നുകൊണ്ടിരുന്നതു പ്രവീൺ ലഹരി ഉപയോഗിച്ചിരുന്നുവെന്ന വ്യാജ ആരോപണമായിരുന്നു. .

ലവ്‌ലിയുടെ ശ്രമഫലമായി നാൽപ്പതിനായിരത്തിൽപ്പരം ഒപ്പുകൾ ശേഖരിക്കുകയും വേണ്ടപ്പെട്ടവർക്ക് അയക്കുകയും ചെയ്തിരുന്നു. അധികാര സ്ഥാനങ്ങളിലും രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരിലും പരാതികൾ അയച്ചുകൊണ്ടിരുന്നു. പ്രവീണിന്റ ദുരൂഹമായ മരണ സാഹചര്യങ്ങളും പോലീസു കാണിക്കുന്ന ഉദാസീനതയും നേരിട്ടും പരാതികളിലും വ്യക്തമാക്കിയിരുന്നു.

മനസുനിറയെ താങ്ങാനാവാത്ത ദുഃഖം പേറിക്കൊണ്ട് ലവ്‌ലി പറഞ്ഞു, 'ഞാനൊരു തകർന്ന കുടുംബത്തിലെ സ്ത്രീ, ഭർത്താവ് മകന്റെ മരണശേഷം മനസു തകർന്ന് നിശബ്ദനായി തീർന്നു.  ഇങ്ങനെയുള്ള സാഹചര്യത്തിൽ എന്ത് നിയമമാണ് ഈ രാജ്യത്ത് നടക്കുന്നതെന്നും ചിന്തിച്ചുപോയി. തകർന്ന കുടുംബത്തിന്റെ ദുഖവും പേറി എനിക്ക് നിയമത്തോട് യുദ്ധം ചെയ്യേണ്ടി വന്നു. എന്തായാലും ഞാൻ എന്റെ യുദ്ധം വിജയം കാണാതെ അവസാനിപ്പിക്കില്ലെന്നും പ്രതിജ്ഞ ചെയ്തു. ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടറെ കിട്ടിയതുമൂലം സമാധാനം കൈവരിക്കാൻ സാധിച്ചു.'

ജൂറിയുടെ നേതൃത്വത്തിൽ ഒമ്പതു ദിവസങ്ങളോളം സാക്ഷികളെ വിസ്തരിച്ച ശേഷം 'ഗാജെ ബെഥൂനെ'  ഫസ്റ്റ് ഡിഗ്രി കൊലപാതകപ്രകാരം കുറ്റക്കാരനെന്നു തെളിഞ്ഞു. വർഗീസ് കുടുംബത്തെ സംബന്ധിച്ച് നീതിക്കായുള്ള നിയമ യുദ്ധം അത്ര എളുപ്പമല്ലായിരുന്നു. ഈ നിയമ യുദ്ധം ദുരിതങ്ങളിൽക്കൂടിയും യാതനകളിൽക്കൂടിയുമായിരുന്നു കടന്നു പോയിരുന്നത്. 'അങ്ങേയറ്റത്തെ ശത്രുക്കൾക്കു പോലും ഇത് സംഭവിക്കരുതേയെന്നു ആഗ്രഹിക്കുന്നവെന്നു' ലവ്!ലി പറയാറുണ്ട്. അവരുടെ മകനുവേണ്ടിയുള്ള പോരാട്ടത്തിനുശേഷം 2018 ജൂൺ പതിനാലാം തിയതി വെള്ളിയാഴ്‌ച  'ഗാജെ ബെഥൂനെ' കുറ്റക്കാരനെന്നുള്ള വിധി നീണ്ട നാലു വർഷങ്ങങ്ങളിലെ നിയമ യുദ്ധങ്ങളുടെ സഫലീകരണമായിരുന്നു. വിധി വരുന്നവരെ ചഞ്ചലമായ അവരുടെ മനസു നിറയെ കൊള്ളിയാൻ അടിച്ചുകൊണ്ടിരുന്നു.

പ്രവീണിന്റെ മാതാപിതാക്കൾ കഴിഞ്ഞ രണ്ടാഴ്ചയോളം കേസ് വിസ്താരത്തിൽ പങ്കുകൊണ്ടും കോടതി വരാന്തയിൽ ദിവസവും ഏഴുമണിക്കൂറോളം കാത്തിരിക്കുന്നുമുണ്ടായിരുന്നു. വിധി വന്നപ്പോൾ ലവ്‌ലിക്കും ഭർത്താവിനും രണ്ടു പെണ്മക്കൾക്കും അടക്കാൻ പാടില്ലാത്ത വികാരങ്ങൾകൊണ്ട് സന്തോഷം കര കവിഞ്ഞൊഴുകിയിരുന്നു. ബെഥൂനെയുടെ കുടുംബം ദുഃഖം മൂലവും പ്രവീണിന്റെ കുടുംബം സന്തോഷം മൂലവും കണ്ണുനീർത്തുള്ളികൾ പൊഴിക്കുന്നുണ്ടായിരുന്നു. ഇരുപത്തി മൂന്നു വയസുള്ള പ്രതി ജാമ്യത്തിലായിരുന്നു. വിധിയുടെ വെളിച്ചത്തിൽ കൈവിലങ്ങുമായി അയാൾക്ക് ഇനി ജയിലിൽ പോവണം.

ഈ കുടുംബത്തിന്റെ സന്തോഷ വാർത്തയിൽ പങ്കുചേരാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമാണ് അവരുടെ ഭവനത്തിൽ അനുമോദനങ്ങളുമായി സന്ദേശങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്.

കേസ്സു വിസ്താരം നടക്കുന്ന വേളയിൽ ബെഥുനെയുടെ അറ്റോർണി പ്രവീണിന്റെ മരണത്തെപ്പറ്റിയുള്ള അധികാരികളുടെ നിഗമനങ്ങൾ ലവ്‌ലി കുടുംബം ശരി വെക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ ലവ്‌ലി തന്റെ മകന്റെ ഘാതകനോട് വിട്ടുവീഴ്ചയില്ലാത്ത നയമായിരുന്നു പുലർത്തിയത്. "എന്റെ മകന്റെ നിഷ്കളങ്കത തെളിയുംവരെ എനിക്ക് വിശ്രമമില്ലെന്ന്" ലവ്!ലിയും പറയുമായിരുന്നു. ഒരു പുതിയ വിസ്താരത്തിനായി ബെഥുനെയുടെ കുടുംബം വീണ്ടും കോടതിയെ സമീപിക്കുമെന്നും അറിയിച്ചു. ഗുരുതരമായ പ്രഹരങ്ങൾ ഏറ്റതുകൊണ്ടാണ് പ്രവീൺ മരിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു.

മുറിവുകൾ മരണത്തിന് കാരണമല്ലെന്ന് തെളിയിച്ചുകൊണ്ട് വീണ്ടും കോടതിയിൽ പോവുമെന്ന് പ്രതിയുടെ വക്കീൽ വേപ്സി (Wepsiec) പറഞ്ഞു. പ്രതി കുറ്റക്കാരനെന്നു വിധിച്ചുള്ള വിധി ഞെട്ടലുളവാക്കുന്നതെന്നും ക്രൂരമായ മർദനം കൊണ്ട് മരിച്ചുവെന്ന് തെളിവുകളില്ലെന്നും അറ്റോർണി പറഞ്ഞു. അതേ സമയം വാദി ഭാഗത്തെ അറ്റോർണി പ്രോസിക്യൂട്ടർ 'ഡേവിഡ് റോബിൻസൺ' വിധിയിൽ അതീവ സന്തോഷവാനായിരുന്നു. ജൂറികൾ നല്ല സമയമെടുത്ത് കേസ് പഠിക്കുകയും യുക്തമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തുവെന്ന് റോബിൻസൺ പറഞ്ഞു. എങ്കിലും ഇത്തരം ദാരുണസംഭവങ്ങൾ സമൂഹത്തിൽ സംഭവിക്കുന്നത് ദൗർഭാഗ്യകരമെന്നും അതുമൂലം രണ്ടു കുടുംബങ്ങളാണ് കണ്ണുനീരു കുടിച്ചതെന്നും റോബിൻസൺ പറയുകയുണ്ടായി. ഒരാളിന്റെ ജീവനും മറ്റേയാളുടെ ജീവിതവും ഇതുമൂലം നഷ്ടപ്പെട്ടു. സംഭവ ദിവസം 'ബെഥുനെ' മദ്യപിക്കുകയും പ്രവീണിനെ അടിക്കുകയും പണം അപഹരിക്കുകയും ചെയ്തിരുന്നു. കാട്ടിലേക്ക് ഓടുന്നതിനുമുമ്പ് പ്രവീണിന്റെ കൈവശമുണ്ടായിരുന്ന പണം ഇയാൾ കരസ്ഥമാക്കിയിരുന്നു.

പ്രതിഭാഗം വക്കീലിന്റെ വാദം, പ്രവീണിന്റെ മുറിവുകളെല്ലാം കൃത്രിമമായിരുന്നുവെന്നാണ്.  പ്രവീണിന്റെ ശരീരത്തിൽ വെറും 24 ഡോളർ മാത്രമേ കണ്ടെടുക്കപ്പെട്ടുള്ളൂവെന്നും വാദിച്ചു. അധികാരികളുടെ കണ്ടെത്തലുകളിൽനിന്നും വ്യത്യസ്തമായുള്ള ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തുന്നത് ന്യായീകരിക്കാൻ സാധിക്കില്ലെന്നും വാദിച്ചു. പ്രവീണിന്റെ മരണം ഹൈപ്പോതെർമിയാ മൂലമെന്നും മറ്റു യാതൊരു പ്രകോപനങ്ങളോ പ്രതിയിൽനിന്ന് മർദ്ദനങ്ങളോ ഉണ്ടായിട്ടില്ലെന്നും വാദഗതികളുണ്ടായിരുന്നു. ലവ്‌ലി കുടുംബത്തിന്റെ കാഴ്‌ചപ്പാടിൽ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. പ്രതിയായ യുവാവുമായി വാക്കു തർക്കമുണ്ടായെന്നു പൊലീസിന് വ്യക്തമായി അറിയാമായിരുന്നു. പിന്നീടാണ് അയാൾ ബെഥുനെയെന്ന് മനസിലാക്കിയത്. അതി ശൈത്യമുണ്ടായിരുന്ന വനത്തിൽ മൃതദേഹം കണ്ടെത്തിയത് ഒരു ജീൻസും ഷർട്ടും ധരിച്ച നിലയിലായിരുന്നു.

ഇല്ലിനോയിയിലെ ഒരു പോലീസുകാരന്റെ റിപ്പോർട്ടും കോടതി വിധിക്ക് അനുകൂലമായിരുന്നു. രാത്രിയിൽ സംശായാസ്പദമായി വണ്ടി പാർക്ക് ചെയ്തത് കണ്ട പോലീസുകാരനോട് ബെഥുനെയുടെ മുഖത്തു കണ്ട ചുവന്ന പാടിനെപ്പറ്റി വിവരിച്ചത് ഇങ്ങനെ, "ഒരു മനുഷ്യനെ താൻ വണ്ടിയിൽ കയറ്റുകയും അയാൾ തന്നെ കൈകൾ കൊണ്ട് ഇടിച്ചിട്ടു വനത്തിലേക്ക് ഓടുകയും ചെയ്തു." ഓഫീസർ വനത്തിൽക്കൂടി നിരീക്ഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് കാണാതായത് പ്രവീണായിരുന്നുവെന്ന് വഴിയിൽ കാത്തുകിടന്ന പോലീസ് ഓഫിസർക്ക് മനസിലാക്കാനും  സാധിച്ചിരുന്നില്ല.

സ്റ്റേറ്റ് ട്രൂപ്പർ അന്നു രാത്രി പ്രതിയെ കണ്ടുമുട്ടിയെങ്കിലും റിപ്പോർട്ട് തയ്യാറാക്കിയില്ല.  അന്വേഷിക്കാനുള്ള സന്മനസ്സും കാണിച്ചില്ല. പോലീസ് ആ കഥ ഒളിച്ചു വെക്കുകയും ഇങ്ങനെ ഒരു സംഭവത്തെപ്പറ്റി പറയുകയുമുണ്ടായില്ല.

വിധി വന്നയുടൻ ലവ്!ലി പറഞ്ഞു, "അങ്ങ് ഉയരങ്ങളിലേക്ക് കണ്ണുകളുയർത്തി ഞാൻ ഒരു നിമിഷം പ്രാർത്ഥിച്ചു. പ്രവീണിന്റെ ചിത്രത്തെ എന്റെ കൈകൾകൊണ്ട് സ്പർശിക്കുകയും തലോടുകയും ചെയ്തു. പത്തു മാസം ഉദരത്തിൽ ചുമന്നു നടന്ന ഒരു അമ്മയുടെ കണ്ണുനീരിന്റെ പ്രതിഫലമായിരുന്നു ആ വിധി. ആത്മാവിൽനിന്നു എവിടെനിന്നോ 'മമ്മി നമ്മൾ വിജയിച്ചുവെന്ന' അവന്റെ ശബ്ദം എന്റെ ഉപബോധമനസിനെ പിടിച്ചുകുലുക്കി. ഞാൻ പൂർണ്ണമായും സമാധാനമുള്ളവളായി തീർന്നു. കരഞ്ഞില്ല, കരയാൻ എനിക്കു കഴിഞ്ഞില്ല. കരയാനുള്ള കണ്ണുനീരും വറ്റിത്തീർന്നിരുന്നു. എന്റെ പൊന്നുമോന്റെ ഈ ശബ്ദം മുമ്പും ഞാൻ കേട്ടിരുന്നു. നീതിയുടെ പീഠത്തിൽ നിന്ന് ന്യായാധിപൻ എന്റെ മകന്റെ കൊലയാളി കുറ്റക്കാരനെന്നു വിധി വായിച്ചപ്പോൾ എനിക്ക് സമാധാനം വന്നില്ല. പക്ഷെ അപവാദങ്ങളുടെ തീച്ചൂളയിൽ എന്റെ മകൻ ഇനി ബലിയാടല്ലെന്നു ഓർത്തപ്പോൾ എന്നിൽ സമാധാനം കണ്ടെത്തി. എന്റെ മകൻ പ്രവീൺ ഇന്ന് അനേകരുടെ മകനായി, സഹോദരനായി, ആങ്ങളയായി, കൊച്ചുമകനായി; അങ്ങനെ ഉദിച്ചുയരുന്ന താരക്കൂട്ടങ്ങളുടെയിടയിൽ അവനും പ്രശോഭിതനായിരിക്കുന്നു. ഞാൻ ജീവിക്കുന്ന കാലത്തോളം എന്റെ മകന്റെ മഹത്വം തെക്കേ ഇല്ലിനോയി മുഴുവൻ കളങ്കമില്ലാതെ  തിളങ്ങണമെന്നും ആഗ്രഹിക്കുന്നു."

പ്രവീൺ, നീയായിരുന്നു അമ്മയുടെ സ്നേഹം. ഇന്ന് നീയായ സത്യമില്ല. പൊടിയായ ദേഹിയിൽ ജീവന്റെ ചൈതന്യവും ഇല്ല. നിന്റെ അമ്മയുടെ മനസ്സിൽ മരവിച്ച ഇന്നലെകളുടെ ചരിത്രം നെയ്തെടുക്കുന്നുണ്ടാവാം. നീ ഭൂമിയിലായിരുന്നപ്പോൾ നിന്റെ പുഞ്ചിരിക്കുന്ന കണ്ണുകളെ നോക്കി അമ്മ നിൽക്കുമായിരുന്നു. സ്നേഹ സ്പുരണകളോടെ നിന്നെ തലോടാൻ എന്നും കൊതിയുണ്ടായിരുന്നു. വിധി നിന്നെ അംബരചുമ്പികളായ വിഹായസ്സിനപ്പുറം പറപ്പിച്ചുകൊണ്ട് പറന്നകന്നുപൊയി. അത് നീതിയല്ലായിരുന്നു. അമ്മയുടെ ഒരേയൊരുമകൻ, എല്ലാം സ്വപ്നകൂടാരങ്ങളായിരുന്നു. ജീവിതപാളികളെ മടക്കാതെ നിനക്കുമുമ്പിൽ വർഷങ്ങൾ നിനക്കായി കാത്തുകിടപ്പുണ്ടെന്നും അവർ ഓർത്തുപോയി. നിന്റെ വിധിയായ പുതിയ ഭവനത്തിൽ ഇനിമേൽ നിനക്ക് ദുഖമില്ല. ആനന്ദ ലഹരിയിൽ മതിമറന്ന നിന്റെ സ്വർഗീയ വീണക്കമ്പികളിൽ കൈകളമർത്തി നീ പാടുന്ന ഗീതങ്ങൾ ഭൂമിയിലെ നിന്നെ സ്നേഹിക്കുന്നവരും ശ്രവിക്കട്ടെ.












Monday, June 11, 2018

വാഴ്ത്തപ്പെട്ട പന്ത്രണ്ടാം പിയൂസ് ഹിറ്റ്ലറിൻറെ മാർപ്പാപ്പയോ?




ജോസഫ് പടന്നമാക്കൽ 

വാഴ്ത്തപ്പെട്ട 'പന്ത്രണ്ടാം പിയുസ്' മാർപ്പാപ്പ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ചരിത്രത്തിലെ വിവാദ നായകനായിട്ടാണ് അറിയപ്പെടുന്നത്. നിരവധി ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഹിറ്റ്ലറെ സ്വാധീനിച്ച്, അദ്ദേഹം ജർമ്മൻ കത്തോലിക്ക പാർട്ടിയുടെ എതിരാളികളെ ഇല്ലായ്മ ചെയ്തുവെന്നു ആരോപിക്കുന്നു. യൂറോപ്പിലെ യഹൂദരെ ചതിച്ചുവെന്നും അവരുടെ കൂട്ടക്കൊലയിൽ മാർപ്പാപ്പ നിശ്ശബ്ദനായിരുന്നുവെന്നും കുറ്റപ്പെടുത്തുന്നു. തെറ്റി ധരിക്കപ്പെടുന്ന യഹൂദരുടെയിടയിൽ അദ്ദേഹത്തിൻറെ പ്രതിച്ഛായക്ക് മങ്ങലേറ്റെങ്കിലും സത്യം ഇന്നു അദ്ദേഹത്തിനു  അനുകൂലമായിക്കൊണ്ടിരിക്കുന്നു. ചരിത്രം മാർപ്പാപ്പയോട് ക്രൂരമായി പെരുമാറിയെന്നു കരുതണം

1939 മുതൽ 1958 വരെ റോമ്മിന്റെ ബിഷപ്പും റോമ്മൻ കത്തോലിക്ക സഭയുടെ തലവനും മാർപ്പാപ്പയുമായിരുന്ന അദ്ദേഹം ചരിത്രത്തിലെ തന്നെ വിവാദാസ്പദമായി മാറിക്കഴിഞ്ഞിരിക്കുന്നു.   അദ്ദേഹത്തിൻറെ ഭരണ കാലഘട്ടത്തിൽ, നാസികളുടെ ക്രൂരയഴിഞ്ഞാട്ടങ്ങളും, അവർ നടത്തിയ കൂട്ടക്കൊലകളും, രണ്ടാം ലോക മഹായുദ്ധവും, ഫാസിസ്റ്റ് ഭരണകൂടങ്ങളും സോവിയറ്റ് കമ്മ്യുണിസ്റ്റ് ഭരണവും യഹൂദ കൂട്ടക്കൊലകളും യുദ്ധ ശേഷമുള്ള രാജ്യങ്ങളുടെ പുനർനിർമ്മാണവും ശീതസമരവും ചരിത്ര രേഖകളിൽ നിറഞ്ഞു നിന്നിരുന്നു. അദ്ദേഹത്തെ ജീവിക്കുന്ന വിശുദ്ധനായി സമകാലിക ലോകത്തിലെ സ്നേഹിക്കുന്നവർ കരുതിയിരുന്നെങ്കിലും യഹൂദ കൂട്ടക്കൊലകളിൽ പ്രതിക്ഷേധ ശബ്ദങ്ങൾ മുഴക്കാതെ നിശ്ശബ്ദനായിരുന്നതുകൊണ്ടു ലോക മാധ്യമങ്ങളിൽ അങ്ങേയറ്റം വിമർശിക്കപ്പെട്ടിരുന്നു. യുദ്ധത്തിനു ശേഷം അദ്ദേഹത്തിൻറെ നയങ്ങളും അഭിപ്രായങ്ങൾ മാറ്റവും കമ്മ്യുണിസ്റ്റ് വിരോധവും കൂടുതൽ വിവാദങ്ങളിലേക്കു വഴി തെളിയിച്ചു.

പന്ത്രണ്ടാം പിയൂസ് മാർപ്പാപ്പയുടെ ഔദ്യോഗികമായ പേര് 'യൂജിനോ മരിയ ഗിസേപ്പേ പസെല്ലി' (Eugenio Maria Giuseppe Giovanni Pacelli,) എന്നായിരുന്നു. അദ്ദേഹം 1876 മാർച്ച് രണ്ടാം തിയതി റോമ്മിൽ ജനിച്ചു. മാതാപിതാക്കൾ ധനികരും സഭയുടെ ഉപദേഷ്ടാക്കളായ നിയമജ്ഞർ അടങ്ങിയ കുടുംബവുമായിരുന്നു. തലമുറകളായി വത്തിക്കാനിൽ ഈ കുടുംബം വിവിധ തലങ്ങളിൽ സേവനം ചെയ്തുകൊണ്ടിരുന്നു. ഗ്രിഗറി പതിനാറാമൻ മാർപ്പാപ്പയുടെ കാലത്ത് (1831–46) അദ്ദേഹത്തിൻറെ മുതു മുത്തച്ഛൻ വത്തിക്കാന്റെ സാമ്പത്തിക ചുമതലകൾ വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛൻ പതിനൊന്നാം പീയൂസിന്റെ കാലത്ത് (1846–78) വത്തിക്കാന്റെ അണ്ടർ സെക്രട്ടറിയായിരുന്നു. പിതാവ് വത്തിക്കാൻ അറ്റോർണിമാരുടെ 'ഡീൻ' ആയിരുന്നു. രണ്ടു സഹോദരികളും ഒരു സഹോദരനുമുണ്ടായിരുന്നു. തീവ്ര ദൈവ ഭക്തി നിറഞ്ഞ ഒരു കത്തോലിക്ക കുടുംബാന്തരീക്ഷത്തിൽ വളർന്നു. ബാല്യകാലം മുത്തച്ഛനോടൊപ്പം കഴിഞ്ഞു. ഒരു പരിഷ്കൃത യുവാവായിട്ടാണ് യൂജിനിയോ പസെല്ലി വളർന്നത്. മിക്കവാറും സമയങ്ങളിൽ കൈകളിൽ വായിക്കാൻ ഒരു പുസ്തകമുണ്ടായിരുന്നു. ഭാഷകൾ പഠിക്കാൻ നല്ല പ്രാഗത്ഭ്യവും നേടിയിരുന്നു. അഗാധമായ ദൈവ ഭക്തിയിലാണ് വളർന്നതെങ്കിലും രാഷ്ട്രീയമായി അദ്ദേഹം തികച്ചും ഒരു തന്ത്രശാലിയുടെ നിലവാരത്തിൽ പെരുമാറിയിരുന്നു. അവിടെ ഒരിക്കലും വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലായിരുന്നു.

'യൂജിൻ പസെല്ലി' പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസവും സെക്കണ്ടറി വിദ്യാഭ്യാസവും കഴിഞ്ഞു ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമവും ദൈവ ശാസ്ത്ര ഡിഗ്രികളും നേടി. 1899ൽ ഒരു പുരോഹിതനായി വ്രതമെടുത്തു. 1901-ൽ 'പേപ്പൽ സെക്രട്ടറി ഓഫ് സ്റ്റേറ്റ്' എന്ന പദവിയിൽ നിയമിതനായി. കാനോൻ നിയമങ്ങൾ പരിഷ്‌ക്കരിക്കുന്നതിനായി അദ്ദേഹം കർദ്ദിനാൾ ഗാസ്പാരിയുടെ (Cardinal Gasparri) സഹകാരിയായി പ്രവർത്തിച്ചു. റോമ്മിലെ നയതന്ത്രർക്കുള്ള സ്‌കൂളിൽ നിയമം പഠിപ്പിക്കുന്ന അദ്ധ്യാപകനായും ജോലി ചെയ്തു. വത്തിക്കാന്റെ സെക്രട്ടറിയായി 1914 മുതൽ ചുമതലകൾ വഹിച്ചിരുന്നു.

1848 മുതൽ മാർപ്പാപ്പമാർക്ക് ഇറ്റലിയുടെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. 'യൂജിൻ' ജനിക്കുന്നതിനു അഞ്ചു വർഷംമുമ്പ്‌ റോമ്മാ ആക്രമിക്കപ്പെടുകയും പേപ്പസിയ്ക്ക് ഭീഷണികൾ നേരിടുകയും ചെയ്തിരുന്നു. 1870-ൽ ഒന്നാം സൂനഹദോസ് കൂടുകയും മാർപ്പാപ്പമാർക്ക് തെറ്റാവരമെന്ന അപ്രമാദിത്യം കൽപ്പിക്കുകയും ചെയ്തു. ഭൗതിക കാര്യങ്ങളിൽ മാർപ്പാപ്പയ്ക്ക് അധികാരം നഷ്ടപ്പെട്ടെങ്കിലും അദ്ധ്യാത്മിക കാര്യങ്ങളിൽ മാർപ്പാപ്പ ആഗോള സഭകളുടെ പരമാധികാരിയായി നിശ്ചയിക്കുകയും ചെയ്തു. രാജ്യങ്ങൾ നഷ്ടപ്പെട്ട മാർപ്പാപ്പയ്ക്ക് ആത്മീയ നിലകളിൽ അധികാരം ഉറപ്പിക്കാനുളള ഒരു ഉപാധികൂടിയായിരുന്നു അപ്രമാദിത്വം. 1870-ൽ പ്രത്യേകമായ ഒരു ചാക്രിക ലേഖനത്തിൽക്കൂടി മാർപ്പാപ്പമാരുടെ അപ്രമാദിത്വമെന്ന അധികാരം ബലവത്താക്കുകയും ചെയ്തു. 1901-ൽ യുവ അഭിഭാഷകനായ യൂജിൻ പാസെല്ലിയെ നിയമ പരിഷ്ക്കരണത്തിനായി പതിനൊന്നാം പിയൂസ് മാർപ്പാപ്പ നിയമിക്കുകയും ചെയ്തു. കാനോൻ നിയമങ്ങൾ പരിഷ്‌ക്കരിക്കുന്നതിന് അദ്ദേഹം മുൻകൈ എടുത്തു.1917-ൽ പ്രസിദ്ധരായ ഏതാനും നിയമജ്ഞരുടെ സഹായത്തോടെ പസെല്ലിയുടെ നേതൃത്വത്തിൽ  കാനോൻ നിയമത്തിൽ ചില പരിഷ്‌ക്കാരങ്ങൾ വരുത്തി.

1917-ൽ ഒന്നാം ലോക മഹായുദ്ധം അവസാനിപ്പിക്കാനായി ബെനഡിക്റ്റ് പതിനഞ്ചാം മാർപ്പാപ്പ (1914–22) യുജിൻ പസെല്ലിയെ വത്തിക്കാന്റെ അംബാസഡറായി ജർമ്മനിയിലയച്ചു. സമാധാനം സ്ഥാപിക്കാൻ സാധിച്ചില്ലെങ്കിലും അദ്ദേഹം ബെനഡിക്റ്റ് പതിനഞ്ചാം മാർപ്പാപ്പായുടെ നിഷ്പക്ഷ നയങ്ങളെ ഇരുമുന്നണികളോടും ബോദ്ധ്യപ്പെടുത്തിയിരുന്നു. യുദ്ധത്തിനു ശേഷം അദ്ദേഹം മ്യൂനിച്ചിലുള്ള ബവേറിയൻ നഗരത്തിൽ താമസിച്ചിരുന്നു. കമ്മ്യുണിസത്തിന്റെ ക്രൂരമായ അഴിഞ്ഞാട്ടങ്ങളിൽ അവരുടെ പാർട്ടിയെയും സിദ്ധാന്തങ്ങളെയും ഭയപ്പെടാനും തുടങ്ങി.

1929-ൽ പസെല്ലി കർദ്ദിനാളായി സ്ഥാനാരോഹണം ചെയ്തു. 1930-ൽ കർദ്ദിനാൾ ഗാസ്പരി (Gasparri) വഹിച്ചിരുന്ന സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനവും ലഭിച്ചു. 1935-ൽ പതിനൊന്നാം പിയുസ് മാർപ്പാപ്പ അദ്ദേഹത്തെ വത്തിക്കാന്റെ പ്രധാന കാര്യസ്ഥനായി (papal chamberlain) നിയമിച്ചു. പസെല്ലി, മാർപ്പാപ്പയുടെ പ്രതിനിധിയായി വിവിധ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. 1934ൽ തെക്കേ അമേരിക്കയും, 1936-ൽ വടക്കേ അമേരിക്കയും 1937-ൽ ഫ്രാൻസും സന്ദർശിച്ചു. ജർമ്മൻ ഭാഷാ പരിജ്ഞാനവും ജർമ്മനിയിലുള്ള ജീവിത പരിചയവും മൂലം അദ്ദേഹത്തെ പതിനൊന്നാം പിയുസ് മാർപ്പാപ്പയുടെ പ്രധാന ഉപദേഷ്ടാവായി നിയമിച്ചു. ഹിറ്റ്ലറിന്റെയും നാസികളുടെയും നയങ്ങളെ പഠിക്കുക എന്നതും അദ്ദേഹത്തിൻറെ ചുമതലയായിരുന്നു. ഹിറ്റ്ലറിൻറെ വർഗ നയങ്ങളെ എതിർത്തിരുന്നു. എങ്കിലും ഹിറ്റ്ലറെയും നാസികളെയും പ്രത്യക്ഷത്തിൽ കുറ്റപ്പെടുത്തിയിരുന്നില്ല.

1939 ഫെബ്രുവരി പത്താംതീയതി പതിനൊന്നാം പിയൂസ് മരിച്ച ശേഷം കർദ്ദിനാൾ യുജിൻ പസെല്ലിയെ കർദ്ദിനാൾ സംഘം മാർപ്പാപ്പയായി തിരഞ്ഞെടുത്തു. കർദ്ദിനാൾ സംഘത്തിന്റെ മുമ്പാകെ പന്ത്രണ്ടാം പിയൂസ് എന്ന നാമവും സ്വീകരിച്ചു. രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയവുമായിരുന്നു.  യുദ്ധം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാനായി മാർപ്പാപ്പ യൂറോപ്യൻ സർക്കാരുകളുമായി നിരന്തരം ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും വിജയം കണ്ടെത്തിയില്ല. നാസി ജർമ്മനിയുടെയും ഫാസിസ്റ്റ് ഇറ്റലിയുടെയും ശത്രുത നേടാൻ മാർപ്പാപ്പ  ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടു അവരെ വെറുപ്പിക്കുന്ന തരത്തിലുള്ള പേപ്പൽ ലേഖനങ്ങൾ അദ്ദേഹം തയ്യാറാക്കിയിരുന്നില്ല. അതുമൂലം അദ്ദേഹത്തിൻറെ എതിരാളികൾ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനങ്ങൾ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. ജർമ്മനി പോളണ്ടിനെ ആക്രമിച്ചപ്പോൾ മാർപ്പാപ്പ യാതൊരു എതിർപ്പും കാണിക്കാതെ നിശബ്ദനായിരുന്നതും കടുത്ത വിമർശനങ്ങളിൽപ്പെടുന്നു.

യുദ്ധം വ്യാപിക്കുന്നതു തടയാൻ കഴിയാതെ അദ്ദേഹം തുടർച്ചയായി സമാധാനത്തിന്റെ സന്ദേശവാഹകനായി റേഡിയോ പ്രഭാഷണങ്ങൾ മുഴക്കിക്കൊണ്ടിരുന്നു. പുത്തനായ ഒരു ലോക വ്യവസ്ഥിതിക്കായി ലോക രാഷ്ട്രങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തു. സ്വാർത്ഥ തീവ്ര ദേശീയതക്കെതിരെ പോരാടാനായുള്ള സന്ദേശങ്ങളുമുണ്ടായിരുന്നു. യുദ്ധ മുന്നണിയിലെ ഇരു കക്ഷികളോടും നിഷ്പക്ഷമായ ഒരു സമീപനമായിരുന്നു അനുവർത്തിച്ചിരുന്നത്. എന്നാൽ തീവ്രമായ കമ്മ്യുണിസ്റ്റ് വിരോധം പുലർത്തുകയും ചെയ്തിരുന്നു. കമ്മ്യുണിസത്തോടു വിരോധമായിരുന്നെങ്കിലും നാസികൾ സോവിയറ്റ് യൂണിയനെ ആക്രമിച്ചത് അദ്ദേഹം പിന്താങ്ങിയില്ല. 1940-ൽ യുണൈറ്റഡ് സ്റ്റേറ്റിന്റെ പ്രസിഡന്റ് 'ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റി'ന്റെ പ്രതിനിധി 'മിറോൺ സി റ്റെയിലോറു'മായി (Myron C. Taylor) വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. എങ്കിലും നാസികളുടെ ഭീകരതയെ മാർപ്പാപ്പ എതിർക്കാൻ തയ്യാറല്ലായിരുന്നു. പകരം യുദ്ധത്തിന്റെ തിന്മകളെ മാത്രം ചൂണ്ടി കാണിച്ചുകൊണ്ട് പ്രസ്താവനയിറക്കി. നാസികൾക്കെതിരെ പ്രസ്താവനകൾ ഇറക്കിയാൽ ഹിറ്റ്ലർ വത്തിക്കാനിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം ഭയപ്പെട്ടിരുന്നു.

1943 ജൂലൈ പത്തൊമ്പതാം തിയതി ആംഗ്ലോ അമേരിക്കൻ ശക്തികൾ റോമ്മിലുള്ള സാൻ ലോറെൻസോയിൽ ബോംബിട്ടപ്പോൾ മാർപ്പാപ്പ അവിടം സന്ദർശിച്ചു. 1943 സെപ്റ്റംബറിൽ ഇറ്റലി, ആംഗ്ലോ അമേരിക്കൻ ശക്തികൾക്ക് കീഴടങ്ങിയപ്പോൾ ജർമ്മൻ പട്ടാളം അവിടം തിരിച്ചു പിടിച്ചു. ഫാസിസത്തിന് എതിരായി പ്രവർത്തിച്ച രാഷ്ട്രീയക്കാർക്കും യഹൂദർക്കും രഹസ്യമായി പള്ളികളിൽ അഭയം കൊടുത്തതും പന്ത്രണ്ടാം പിയൂസ് മാർപ്പാപ്പയായിരുന്നു. 1943 ഒക്ടോബർ പതിനാലാം തിയതി ഒരു ശാബത്ത് ദിനത്തിൽ പട്ടാളം യഹൂദ വീടുകൾ വളഞ്ഞു. ആയിരക്കണക്കിന് പേരെ രക്ഷപെടുത്താൻ വത്തിക്കാനു സാധിച്ചെങ്കിലും എണ്ണൂറിൽ കൂടുതൽ യഹൂദരും രാഷ്ട്രീയപോരാളികളും ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നു.

യുദ്ധം അവസാനിക്കാറായപ്പോൾ, ജർമ്മനി, ജപ്പാൻ അച്ചുതണ്ടു കക്ഷികൾ ആംഗ്ലോ അമേരിക്കൻ ശക്തികൾക്കുമുമ്പിൽ നിരുപാധികം കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോൾ മാർപ്പാപ്പ അത് എതിർത്തു. യുദ്ധം നീണ്ടുപോവുമെന്നും കമ്മ്യുണിസം ആധിപത്യം സ്ഥാപിക്കുമെന്നും ഭയപ്പെട്ടിരുന്നു. സോവിയറ്റ് യുണിയന്റെ കമ്മ്യുണിസം കിഴക്കേ യൂറോപ്പിലും മധ്യ യൂറോപ്പിലും വ്യാപിക്കുമെന്നും ആശങ്കയുണ്ടായി. പ്രസിഡന്റ് റൂസ്‌വെൽറ്റും ജോസഫ് സ്റ്റാലിനും വിൻസ്റ്റൺ ചർച്ചിലും ഒത്തുചേർന്നു 'യാൾട്ടാ കോൺഫറൻസിൽ' ഒപ്പുവെച്ച ഉടമ്പടിയിലും സന്തുഷ്ടനായിരുന്നില്ല. മാർപ്പാപ്പ കണക്കുകൂട്ടിയതുപോലെ സംഭവിച്ചു. സോവിയറ്റ് യൂണിയന്റെ സ്വാധീനം കിഴക്കും മധ്യ യൂറോപ്പും മുഴുവനും വ്യാപിച്ചു. ഹംഗറിയിലെയും പോളണ്ടിലെയും കർദ്ദിനാൾമാരെ അവിടത്തെ ഭരണകൂടങ്ങൾ ജയിലിൽ അടച്ചു. 1949-ൽ മാർപ്പാപ്പ സോവിയറ്റ് യൂണിയന്റെ ഏകാധിപത്യത്തിനെതിരെ ചാക്രിക ലേഖനം ഇറക്കിയിരുന്നു. ദൈവമില്ലെന്ന സമൂഹത്തിൽ പ്രവർത്തിക്കുന്നവരെ മതത്തിൽനിന്നും പുറത്താക്കാനും കൽപ്പിച്ചു.

1869–70-ൽ നടന്ന ഒന്നാം വത്തിക്കാൻ സുനഹദോസിലെ അപ്രമാദിത്വ വരമനുസരിച്ച്, യേശുവിന്റെ അമ്മയായ മേരി ഉടലോടെ സ്വർഗത്തിൽ പോയിയെന്ന ചാക്രീക വിളംബരം മാർപാപ്പാ പുറപ്പെടുവിച്ചു. അദ്ദേഹം യാഥാസ്ഥിതികരെ സന്തോഷിപ്പിക്കുമ്പോൾ ലിബറൽ ചിന്താഗതിക്കാർ അസ്വസ്ഥരാകുമായിരുന്നു. വിവാഹ ജീവിത രീതികളിലും കുടുംബാസൂത്രണ വിഷയങ്ങളിലും   യാഥാസ്ഥിതികരോടൊപ്പമായിരുന്നു. അതേ സമയം നോമ്പ് നോക്കുന്ന ദിവസങ്ങൾ കുറച്ചതിൽ യാഥാസ്ഥിതികരെ കുപിതരാക്കിയിരുന്നു. കുർബാന കൈകൊള്ളുന്നതിനു മുമ്പ് ഉപവസിക്കണമെന്ന നിയമത്തിനും അയവു വരുത്തി. പ്രാർത്ഥനാ പുസ്തകങ്ങൾ പരിഷ്‌കരിച്ചു. കുർബാന, സായം കാലങ്ങളിലും അർപ്പിക്കാമെന്ന പരിഷ്‌ക്കാരവും വരുത്തി.

1950-ൽ മാർപ്പാപ്പയുടെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങിയപ്പോൾ വത്തിക്കാന്റെ ഭരണകാര്യങ്ങൾ  യാഥാസ്ഥിതികരുടെ നിയന്ത്രണത്തിൽ അകപ്പെട്ടിരുന്നു. യാഥാസ്ഥിതികരുടെ നേതൃനിരയിൽ പ്രവർത്തിച്ചുകൊണ്ടു 'ആൽഫ്രഡോ ഒട്ടവാനി' വത്തിക്കാന്റെ ചുമതലകൾ വഹിക്കുകയും ചെയ്തു. മാർപ്പാപ്പയുടെ ആരോഗ്യം മോശമാവുകയും വേനൽക്കാല വസതിയായ ഇറ്റലിയിലെ കാസ്റ്റിൽ ഗണ്ടോഫോയിൽ വിശ്രമത്തിലായിരുന്നപ്പോൾ, അവിചാരിതമായി മരണത്തിനു കീഴ്പ്പെടുകയും ചെയ്തു. മരണാചാര ചടങ്ങുകളിൽ സംബന്ധിച്ച ലോക നേതാക്കന്മാർ അദ്ദേഹത്തിന്റെ സമാധാന ദൗത്യങ്ങളെ അങ്ങേയറ്റം വിലയിരുത്തിക്കൊണ്ട് പ്രസംഗിച്ചിരുന്നു. പ്രത്യേകിച്ച് യഹൂദ നേതാക്കന്മാർ രണ്ടാം ലോക മഹായുദ്ധ കാലങ്ങളിലെ യഹൂദരുടെ ജീവൻ രക്ഷിച്ചുകൊണ്ടുള്ള അദ്ദേഹത്തിൻറെ മാനുഷിക സേവനങ്ങളെ പുകഴ്ത്തുകയും ചെയ്തു.

1963-ൽ 'ഡെപ്യുട്ടി' എന്ന പ്രൊഫഷണൽ നാടകം സ്റ്റേജിൽ അരങ്ങേറിയപ്പോൾ മുതലാണ് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പായുടെ പേരിനു മങ്ങലേൽക്കാൻ തുടങ്ങിയത്. ജർമ്മൻകാരനായ 'റോൾഫ് ഹോച്ചുത്ത്' ആയിരുന്നു ആ നാടകം അവതരിപ്പിച്ചത്. കത്തോലിക്ക സഭ അതിലെ കഥകൾ അവാസ്തവമെന്നു പ്രഖ്യാപിച്ചിട്ടും അതിന്റെ മാറ്റൊലി കാട്ടുതീ പോലെ ലോകം മുഴുവൻ പകർന്നു കഴിഞ്ഞിരുന്നു. അതിൽ പന്ത്രണ്ടാം പിയൂസ് മാർപ്പാപ്പയെ യഹൂദ ജനത ക്രൂരനായ മതഭ്രാന്തനായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. മാർപ്പാപ്പയ്ക്ക് ലഭിച്ച പേരുദോഷം ഇന്നും മാറ്റമില്ലാതെ നിലനിൽക്കുന്നു.

പന്ത്രണ്ടാം പിയൂസിനെ ഹിറ്റ്ലറിൻറെ മാർപ്പാപ്പയായി അവതരിപ്പിച്ചുകൊണ്ട്, ബ്രിട്ടനിലെ പ്രസിദ്ധ ജേർണലിസ്റ്റായ ജോൺ കോൺവെൽ 1990-ൽ വിവാദപരമായ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.  നാസിസം വളരുന്ന കാലത്തിൽ അതിനെതിരായി പ്രതികരിക്കാതെ നിശബ്ദത പാലിച്ചിരുന്നുവെന്നാണ് പുസ്തകത്തിലെ ആരോപണം. എന്നാൽ ഈ ആരോപണം ശരിയല്ലെന്ന് കാണിച്ച് മാർക്ക് റിബ്ലിങ് പുതിയ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ഹിറ്റ്‌ലറെ അധികാര സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള പദ്ധതികളിൽ മാർപ്പാപ്പ സഹകരിക്കുകയായിരുന്നവെന്നാണ് പുസ്തകത്തിലെ ഉള്ളടക്കം. അതിനായി മാർപ്പാപ്പ ജർമ്മൻ വിമതർക്കൊപ്പം സഹകരിച്ചതായ തെളിവുകളും പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പന്ത്രണ്ടാം പിയൂസ്, സഭയുടെ വിശ്വാസം കാത്തു സൂക്ഷിച്ചിരുന്ന ഒരു സന്യാസിയെപ്പോലെ ജീവിച്ചിരുന്ന മാർപ്പാപ്പയായിരുന്നു. അങ്ങനെ വിശുദ്ധമായി ജീവിച്ചിരുന്ന ഒരു പുരോഹിതൻ യഹൂദരെ ചതിച്ചുവെന്നുള്ള പ്രചാരണം തികച്ചും അവിശ്വസനീയമാണ്. ചിലരുടെ ഗ്രന്ഥങ്ങളിൽ പന്ത്രണ്ടാം പിയൂസ് മാർപ്പാപ്പ ഹിറ്റ്ലറെ അധികാരം നിലനിർത്താനായി സഹായിച്ചിരുന്നുവെന്നും എഴുതിയിട്ടുണ്ട്. തെളിവുകളുടെ അഭാവങ്ങൾ അദ്ദേഹത്തിനെതിരായുള്ള ഗ്രന്ഥങ്ങളിൽ പ്രകടവുമാണ്. യുദ്ധം കഴിഞ്ഞ ശേഷമുള്ള നാസികൾക്കെതിരായ പ്രസ്താവനകൾ അദ്ദേഹത്തിൻറെ കപട മുഖമായിരുന്നുവെന്നു ഒരു വലിയ വിഭാഗം യഹൂദ ജനത വിശ്വസിക്കുന്നു.

അറുപതു ലക്ഷത്തിൽപ്പരം യഹൂദരെയാണ് ഹിറ്റ്ലറിൻറെ നാസിപ്പട കൊന്നൊടുക്കിയത്. പന്ത്രണ്ടാം പീയൂസിന്റെ ജീവിതവും നാസി കൂട്ടക്കൊലകൾക്കെതിരെയുള്ള അദ്ദേഹത്തിൻറെ പ്രതികരണങ്ങളും അയ്യായിരത്തില്പ്പരം കത്തുകളുമുൾപ്പടെ പന്ത്രണ്ടു വാള്യങ്ങളായി പ്രസിദ്ധീകരിച്ച പുസ്തക ശേഖരം വത്തിക്കാൻ ലൈബ്രറിയിലുണ്ട്. മർദ്ദന വിധേയരായ യഹൂദർക്ക് വേണ്ടി അദ്ദേഹം സഹായം അഭ്യർത്ഥിക്കുകയും സഹായം ലഭിച്ചവരുടെ നന്ദി പ്രകടനങ്ങളും വിവിധ കാലഘട്ടങ്ങളിലായി അദ്ദേഹം നൽകിയ സഹായവും പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1939-ൽ യുദ്ധം ആരംഭിച്ചപ്പോൾ മുതൽ യഹൂദരുടെ രക്ഷക്കായി എല്ലാ വിധ സജ്ജീകരണങ്ങളും വത്തിക്കാൻ ചെയ്യുന്നുണ്ടായിരുന്നു. നയതന്ത്രമുള്ള രാജ്യങ്ങളുമായി ബന്ധം ദൃഢപ്പെടുത്തി അവരുമായുള്ള സഹായ സഹകരണങ്ങൾ അതാതു രാജ്യങ്ങളിൽനിന്നും വത്തിക്കാൻ നേടിയിരുന്നു. യുദ്ധകാലത്തു യഹൂദ ജനതയ്ക്ക് ആശ്വാസം നൽകിയിരുന്നത് വത്തിക്കാന്റെ സാമൂഹിക പ്രവർത്തനങ്ങൾ വഴിയായിരുന്നു. ജാതിയോ മതമോ ദേശമോ നോക്കാതെ  യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ചു കൊണ്ടിരുന്നു. വത്തിക്കാനു നയതന്ത്രമുള്ള രാജ്യങ്ങളിൽ അഭയാർത്ഥികളെ എത്തിച്ച് അവരുടെ യാതന നിറഞ്ഞ ജീവിതത്തിനു ആശ്വാസവും നൽകിയിരുന്നു.

നാസി ഭരണത്തിന്റെ ക്രൂരതയെ അപലപിക്കുകയും അവരുടെ കിരാത പ്രവർത്തികളെ ചൂണ്ടിക്കാണിക്കുകയും ചെയ്തുകൊണ്ടുള്ള പ്രസ്താവനകൾ വത്തിക്കാനിലെ യുദ്ധ കാല റേഡിയോകളിൽ ശ്രവിക്കാൻ സാധിക്കും. നാസികളുടെയും ഹിറ്റ്ലറിന്റെയും പേരെടുത്തുള്ള പ്രസ്താവനകൾ ഇല്ലെങ്കിലും സ്വേച്ഛാധിപത്യമെന്നും വർഗ ധ്രുവവൽക്കരണമെന്നുള്ള പ്രയോഗങ്ങളിൽനിന്നും വത്തിക്കാൻ റേഡിയോ കുറ്റപ്പെടുത്തിയിരുന്നത് നാസികളെയും ഹിറ്റ്ലറെയെന്നും വ്യക്തമായിരുന്നു.

പന്ത്രണ്ടാം പിയുസിന്റെ മഹത്വമറിയാൻ ആൽബർട്ട് ഐൻസ്റ്റിന്റെ വാക്കുകളും പ്രസ്താവ്യമാണ്. അദ്ദേഹം പറഞ്ഞു, "നാസികളുടെ അതിക്രൂരതയിൽ മനം മടുത്ത താൻ സ്വാതന്ത്ര്യം തേടി സർവ്വകലാശാലകളെ അഭയം പ്രാപിച്ചു. എന്നാൽ നാസികളുടെ അതിക്രമങ്ങൾക്കും മനുഷ്യ വേട്ടകൾക്കുമെതിരെ പ്രതികരിക്കാൻ അവർ അശക്തരായിരുന്നു. നിശബ്ദരായി നാസികളുടെ ഭീകരതയെ ശരി വെച്ചു. സ്വാതന്ത്ര്യത്തിന്റെ ശബ്ദവുമായി എന്നും പട പൊരുതിയിരുന്ന പത്ര പ്രവർത്തകരുടെയും പത്രാധിപന്മാരുടെയും മാധ്യമങ്ങളുടെയും സഹായം തേടി അവരുടെ മുമ്പിലും എത്തി. എന്നാൽ അവരും പ്രതികരിക്കാതെ നിശബ്ദരായി മാറിനിന്നു. വാസ്തവത്തിൽ സധൈര്യം നാസികൾക്കെതിരെ പ്രതികരിച്ചത് പന്ത്രണ്ടാം പിയൂസ് മാർപ്പാപ്പയും കത്തോലിക്കാ സഭയുമായിരുന്നു. പിയൂസും സഭയും ശക്തമായ ഭാഷയിൽ യുദ്ധത്തിനെതിരെയും സ്വേച്ഛാധിപത്യ ഭരണത്തിനെതിരെയും പ്രതികരിക്കുന്നുണ്ടായിരുന്നു."

യഹൂദരുടെ പത്രമായ ന്യൂയോർക്ക് ടൈംസിൽ പന്ത്രണ്ടാം പിയൂസ് യഹൂദരെ യുദ്ധക്കെടുതിയിൽ നിന്നും സംരക്ഷിച്ച കഥകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1945-ൽ യുദ്ധം അവസാനിച്ചയുടൻ ഇസ്രായേൽ വിദേശ കാര്യമന്ത്രി 'മോഷെ ഫാരത്ത്' വത്തിക്കാനിൽ എത്തി യഹൂദർക്ക് ചെയ്ത ദുരിതാശ്വാസ സേവനങ്ങളെ പ്രകീർത്തിച്ച് മാർപ്പാപ്പയ്ക്ക് നന്ദി പറയുകയുണ്ടായി. യഹൂദരെ അപകടമേഖലകളിൽ നിന്നും രക്ഷിക്കാനും അവരുടെ കുട്ടികൾക്ക് സംരക്ഷണം നൽകാനും മാർപ്പാപ്പ നൽകിയ സേവനങ്ങൾ അവിസ്മരണീയവും ചരിത്രത്തിൽ എഴുതപ്പെട്ടിട്ടുള്ളതുമാണ്. എട്ടു ലക്ഷത്തിൽപ്പരം യഹൂദരെ അദ്ദേഹം രക്ഷപ്പെടുത്തിയെന്നാണ് ചരിത്ര പണ്ഡിതർ രേഖപ്പെടുത്തിയിരിക്കുന്നത്.

പിഞ്ചാസ് ലാപിഡേ (Pinchas Lapide) എന്ന ഇസ്രായേലി നയതന്ത്രജ്ഞന്റെ വാക്കുകളും ശ്രദ്ധേയമാണ്. 'യഹൂദർക്ക് നന്ദി അർപ്പിക്കാൻ പിയൂസ് മാർപ്പാപ്പയേക്കാളും മഹനീയനായ മറ്റൊരു വ്യക്തി ചരിത്രത്തിലില്ല. പന്ത്രണ്ടാം പിയുസ് എന്ന പേരിൽ ഒരു വനം ഉണ്ടാക്കണമെന്നും ആ വനത്തിൽ മരിച്ചുപോയ യഹൂദരുടെ സ്മാരകമായി 8,60,000 വൃക്ഷങ്ങൾ നടണമെന്നും കത്തോലിക്ക സഭയും പന്ത്രണ്ടാം പിയൂസും അത്രമാത്രം ജനലക്ഷങ്ങളുടെ ജീവൻ നാസികളിൽ നിന്നും രക്ഷിക്കാൻ കാരണമായിരുന്നുവെന്നും' അദ്ദേഹം പറഞ്ഞു.

പന്ത്രണ്ടാം പിയൂസ് മാർപ്പാപ്പയെപ്പറ്റിയുള്ള യഹൂദ ലോകത്തിലെ തെറ്റായ ധാരണകൾക്കു മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നതും ശ്രദ്ധാർഹമാണ്‌. ഒരു നല്ല വിഭാഗം യഹൂദ നേതാക്കന്മാർ മാർപ്പാപ്പയ്ക്ക് അനുകൂലമായി സംസാരിക്കാൻ ആരംഭിച്ചിട്ടുണ്ട്. ചരിത്രപരമായ അന്വേഷണങ്ങളും യുദ്ധകാലത്തെ യഹൂദരെ രക്ഷിക്കാനുള്ള മാർപ്പാപ്പയുടെ ശ്രമങ്ങളും അതിനുള്ള തെളിവുകളും യഹൂദ ഗവേഷകർക്ക്‌ ലഭിച്ചു കഴിഞ്ഞു. 'അഡോൾഫ് ഹിറ്റ്ലറിന്റെ മാർപ്പാപ്പാ' എന്ന ചിന്തകൾക്ക് മാറ്റം വരുത്തി അദ്ദേഹത്തെ ലോക രാഷ്ട്രങ്ങളുടെ പട്ടികയിലെ നീതിമാന്മാരുടെ നിരയിൽ എത്തിക്കണമെന്നുള്ള അഭിപ്രായങ്ങൾ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ ഏതു രാഷ്ട്രങ്ങളെക്കാളും മതങ്ങളെക്കാളും മനുഷ്യ ജീവിതം രക്ഷിച്ചത് കത്തോലിക്കാ സഭയും പോപ്പ് പിയൂസ് പന്ത്രണ്ടാമനുമായിരുന്നു.

ന്യൂയോർക്കിലുള്ള ഗാരി ക്രൂപ്പ (Gary Krupp) എന്ന സാമൂഹിക പ്രവർത്തകൻ പിയൂസ് പന്ത്രണ്ടാമൻ മാർപ്പാപ്പായ്ക്കെതിരെയുള്ള വിവാദ അഭിപ്രായങ്ങൾക്കു മാറ്റങ്ങൾ വരുത്തി 200 പേജുകളുള്ള ഒരു ഗവേഷണ ഗ്രന്ഥം രചിച്ചിരുന്നു. അദ്ദേഹം പറഞ്ഞു, "മറ്റെല്ലാ യഹൂദരെപ്പോലെ താനും പന്ത്രണ്ടാം പിയൂസ് മാർപ്പാപ്പയെ മനസ്സുകൊണ്ടു വെറുത്തിരുന്നു. യഹൂദ കൂട്ടക്കൊലകളിൽ അദ്ദേഹം നിശ്ശബ്ദനായിരുന്നുവെന്നുള്ള ധാരണയിൽ ബാല്യകാലം മുതൽ വിശ്വസിച്ചിരുന്നു. എന്നാൽ സങ്കുചിത മനസില്ലാതെയുള്ള അന്വേഷണങ്ങളും ചരിത്ര തെളിവുകളും കൂട്ടക്കൊലകളിൽ നിന്നും രക്ഷപ്പെട്ടവരിൽനിന്നുള്ള ദൃക്‌സാക്ഷി വിവരങ്ങളും ഡോകുമെന്റുകളും പരിശോധിച്ചപ്പോൾ അന്നുവരെ പുലർത്തിയിരുന്ന വിശ്വാസങ്ങൾ പൂർണ്ണമായും തെറ്റായിരുന്നുവെന്നു മനസിലായി."

മത സൗഹാർദ്ദം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ പ്രസിഡന്റെന്ന നിലയിൽ ഗാരി ക്രൂപ്പ തയ്യാറാക്കിയ റിപ്പോർട്ടിൽ യുദ്ധകാല വാർത്താ റിപ്പോർട്ടുകളും നേരിൽ കണ്ട കഥകളും യുദ്ധകാല ശേഷം മാർപ്പാപ്പയെ പ്രകീർത്തിച്ചുകൊണ്ടുള്ള പ്രമുഖരുടെ പ്രഭാഷണങ്ങളും ദൃക്‌സാക്ഷി വിവരങ്ങളും ഇസ്രയേലിന്റെ പ്രധാന മന്ത്രി 'ഗോൾഡാ മേയറി'ന്റെ മാർപ്പാപ്പയെ പ്രകീർത്തിച്ചുകൊണ്ടുള്ള പ്രസ്താവനകളും ആൽബർട്ട് ഐൻസ്റ്റിന്റെ വാക്കുകളും പ്രമുഖ യഹൂദ പുരോഹിതരുടെ ഉദ്ധരണികളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 'ഗാരി ക്രൂപ്പ'  പറയുന്നു, 'നാസികളുടെ ക്രൂരതയിൽ ജീവിച്ചിരുന്നവർക്കും കത്തോലിക്കാ സഭ രക്ഷിച്ചവർക്കും പന്ത്രണ്ടാം പിയൂസ് മാർപ്പാപ്പയെപ്പറ്റി നല്ലതു മാത്രമേ പറയാനുള്ളൂ. എന്നാൽ യുദ്ധം അവസാനിച്ച് നാസികളെ തോൽപ്പിച്ച ശേഷം ജനിച്ചു വളർന്ന ചരിത്രബോധമില്ലാത്തവർക്ക് മറ്റൊരു അഭിപ്രായവുമാണുള്ളത്.'

പന്ത്രണ്ടാം പിയുസിനെപ്പറ്റിയുള്ള ഗവേഷണ പരമ്പരകൾ ഒന്നൊന്നായി പുറത്തു വരാൻ തുടങ്ങിയപ്പോൾ പീയൂസിന്റെ വിമർശകരായിരുന്ന പലരുടെയും അഭിപ്രായങ്ങൾക്കും മാറ്റങ്ങൾ  സംഭവിച്ചു. 'ഹിറ്റ്ലറിൻറെ മാർപ്പാപ്പ' എന്ന പുസ്തകം എഴുതിയ 'ജോൺ കോൺവെൽ' പന്ത്രണ്ടാം പിയുസിന് അനുകൂലമായ അഭിപ്രായങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങി. തന്റെ പുസ്തകത്തിൽ ഭാവനകൾ നിരത്തിയെന്നും അദ്ദേഹം സമ്മതിക്കുന്നു. കഴിഞ്ഞ പത്തു വർഷങ്ങളായി യഹൂദ പണ്ഡിതർ യുദ്ധകാല മാർപ്പാപ്പയുടെ യഹൂദർക്ക് നൽകിയ സേവനങ്ങളെ പ്രകീർത്തിച്ചുകൊണ്ടുള്ള പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുന്നതുമൂലം സത്യത്തിന്റെ ചുരുളുകൾ ഒന്നൊന്നായി അഴിയുന്നതും കാണാം.

















U.S. President Herbert Hoover with Venerable Pius XII


Friday, June 1, 2018

മതേതര ഇന്ത്യയുടെ കറുത്ത ക്രിസ്ത്യാനികളും വിവേചനങ്ങളും



ജോസഫ് പടന്നമാക്കൽ 

ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ നാലു വർണ്ണങ്ങളുൾപ്പെടുന്നതാണ് ഹിന്ദുമതം. ഇതുകൂടാതെ ചാതുർവർണ്ണ്യങ്ങൾക്കു  വെളിയിലായി അധഃകൃതരായി കരുതുന്ന അഞ്ചാമതൊരു വർഗമാണ് ദളിതർ അഥവാ തൊട്ടുകൂടാ ജാതികൾ. ദളിതർ ക്രിസ്തുമതം സ്വീകരിച്ചതോടെ അവരെ ഇന്ത്യയിലെ നിയമം അനുസരിച്ച് അധഃകൃത വിഭാഗമായി കരുതുന്നില്ല. ഹിന്ദു ദളിതരെക്കാളും പീഢിപ്പിക്കപ്പെടുന്ന വലിയ ഒരു സമുദായമാണ്, 'ക്രിസ്ത്യൻ ദളിതർ'. ഹൈന്ദവമതത്തിലെ ജാതി വ്യവസ്ഥയിൽ നിന്നും പീഢനങ്ങളിൽ നിന്നും രക്ഷപെടാനായിരുന്നു അവർ ക്രിസ്ത്യാനികളായത്. എന്നാൽ മതം മാറിയ ശേഷം രണ്ടുതരത്തിലാണ്, ദളിതർ   പീഢിപ്പിക്കപ്പെടുന്നത്. ആദ്യം, തീവ്ര ചിന്താഗതിക്കാരായ ഹൈന്ദവരിൽ നിന്നും ക്രിസ്ത്യാനികളെന്ന നിലയിൽ പീഢനങ്ങൾ ഏറ്റു വാങ്ങണം. രണ്ടാമത് ജാതിവ്യവസ്ഥയുടെ പേരിൽ സ്വന്തം മതമായ ക്രിസ്ത്യാനികളിൽനിന്നും അവഗണനകൾ സഹിക്കണം.

സമൂഹത്തിൽ ഹിന്ദു ദളിതരുടെയും ക്രിസ്ത്യൻ ദളിതരുടെയും തമ്മിലുള്ള സാംസ്ക്കാരിക ചരിത്രത്തിൽ വലിയ അന്തരമില്ല. ദളിത ഹിന്ദുവെന്നോ ദളിത ക്രിസ്ത്യാനിയെന്നോ അറിയപ്പെടാത്ത കാലങ്ങളിൽ അവരുടെ പൂർവിക തലമുറകൾ ജാതിവ്യവസ്ഥയുടെ അടിമപ്പാളയത്തിൽ കഴിഞ്ഞവരായിരുന്നു.  ഉന്നത ജാതികളിൽനിന്നുമുള്ള വിവേചനത്തോടെ മാത്രമേ ഒരു ദളിതനു ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കുകയുള്ളൂ. ഓരോ ദിവസവും അവർ കടന്നുപോവുന്നത്! മനുഷ്യൻ മനുഷ്യനെ വിലകല്പിക്കാത്ത വിവേചനത്തിന്റെ ലോകത്തിൽക്കൂടിയാണ്.

ഇന്ത്യയിൽ ജനസംഖ്യയുടെ രണ്ടു ശതമാനം ക്രിസ്ത്യാനികളുണ്ടെന്നാണ് സ്ഥിതിവിവര കണക്കുകൾ പറയുന്നത്. അവരിൽ 70  ശതമാനത്തോളം ദളിതരാണ്.  ദളിതർക്ക് പ്രത്യേകമായ ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ടെങ്കിലും ക്രിസ്ത്യാനികളും മുസ്ലിമുകളുമായ ദളിതർക്ക് അത്തരം പരിഗണകൾ ഇന്ത്യൻ ഭരണഘടനയിൽ നിഷേധിച്ചിരിക്കുന്നു. അവരെ അധഃകൃത (ഷെഡ്യൂൾഡ് കാസ്റ്റ്) സമുദായത്തിലുൾപ്പെടുത്താതെ പിന്നോക്ക സമുദായമായി കരുതുന്നു. ഇത് 'ദളിത ക്രിസ്ത്യാനി' എന്ന പ്രശ്‍നം മാത്രമല്ല തികച്ചും ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തുള്ള അനീതികൂടിയാണ്. ഹിന്ദുമതത്തിലെ ജാതി വ്യവസ്ഥയിൽനിന്നും ഓടി രക്ഷപ്പെടാനാണ് ദളിതരിൽ ഭൂരിഭാഗം ക്രിസ്തുമതത്തിലേക്ക് മത പരിവർത്തനം ചെയ്തത്. എന്നാൽ ഒരിക്കൽ ദളിതർ ക്രിസ്ത്യാനിയായാൽ മുമ്പുള്ളതിനേക്കാളും കഠിനമായ യാതനകൾ സവർണ്ണ ക്രിസ്ത്യാനികളിൽ നിന്നും ദളിത ക്രിസ്ത്യാനികൾ അനുഭവിക്കേണ്ടി വരുന്നു.

തമിഴ് നാട്ടിലെയും ആന്ധ്രയിലെയും തെലുങ്കാനയിലെയും നിയമം അനുസരിച്ച് ക്രിസ്ത്യൻ ദളിതരും സർക്കാരിന്റെ ആനുകൂല്യങ്ങൾക്ക് അർഹരാണ്. എന്നാൽ ഈ സംസ്ഥാനങ്ങളിൽ ഭൂരിഭാഗം ജില്ലാ കളക്റ്റർമാർ ക്രിസ്ത്യൻ ദളിതർക്ക് ആനുകൂല്യങ്ങൾ നിക്ഷേധിക്കുന്നു. അവരുടെ അവകാശങ്ങൾക്കായി ശബ്ദം ഉയർത്തിയാലും അധികൃത സ്ഥാനത്തുനിന്ന് യാതൊരു പ്രതികരണവും ലഭിക്കാറില്ല. 1950 മുതൽ ക്രിസ്ത്യൻ ദളിതർക്കും 'ദളിത സ്റ്റാറ്റസ്' നൽകണമെന്ന മുറവിളി നടക്കുന്നു. ഇന്നും ദളിത ക്രിസ്ത്യാനികളുടെ കാര്യത്തിൽ സുപ്രീം കോടതിയിൽ തീരുമാനമാകാതെ കേസ് ഫയലിൽ തന്നെ കിടക്കുന്നു. മതത്തിന്റെ പേരിൽ പൗരാവകാശം നിക്ഷേധിക്കപ്പെടുന്നത് അനീതിയാണെന്ന് ക്രിസ്ത്യാനി ദളിതരും മുസ്ലിം ദളിതരും ഒരുപോലെ വാദിക്കുന്നു.

ഔദ്യോഗികമായ ഇന്ത്യയുടെ രേഖകളിൽ, ദളിത ക്രിസ്ത്യാനികൾ എന്ന ഒരു അസ്തിത്വമില്ല. ഒരുവന് ദളിതനും ക്രിസ്ത്യാനിയും ഒരേസമയത്ത് ആവാൻ സാധിക്കില്ലെന്നതാണ് കാരണം. ഒരു ക്രിസ്ത്യാനിയെന്നു പറഞ്ഞാൽ ഹിന്ദുവായിരുന്നപ്പോഴുള്ള ജാതി വിവേചനം ഇല്ലാതാക്കി,  മനുഷ്യരെല്ലാം തുല്യരാണെന്നുള്ള ക്രിസ്തുവിന്റെ തത്ത്വം ഉൾക്കൊള്ളുകയെന്നതാണ്. ഹൈന്ദവ മതം ഉപേക്ഷിക്കുന്നതോടെ ജാതി വിവേചനവും ഉപേക്ഷിക്കേണ്ടതായുണ്ട്. ദൗർഭാഗ്യകരമെന്നു പറയട്ടെ,  ഇന്ത്യയിൽ ക്രിസ്ത്യാനിയായി മതം മാറുന്ന ഒരാളിന്റെ അവസ്ഥ അങ്ങനെയല്ല. ഇന്ത്യൻ വ്യവസ്ഥയിലും സംസ്‌കാരത്തിലും ജാതി ചിന്തകൾ അലിഞ്ഞു ചേർന്നിരിക്കുന്നു. അതിൽനിന്ന് ദളിതൻ ക്രിസ്ത്യാനിയായാലും രക്ഷപെടാൻ സാധിക്കില്ല. സമൂഹത്തിൽ ദളിത ക്രിസ്ത്യാനിയും അടിച്ചമർത്തപ്പെട്ടവനായി ജീവിക്കണം. മതപരിവർത്തനം ചെയ്തവർ ക്രിസ്ത്യാനിയായാൽ വിവേചനം അവസാനിക്കുമെന്നും ചിന്തിക്കുന്നു. എന്നാൽ അവരുടെ പ്രതീക്ഷകൾ അസ്ഥാനത്തായി ദളിതൻ വീണ്ടും അടിമപ്പാളയത്തിൽ വീഴുകയാണ് ചെയ്യുന്നത്. ഏതു മതത്തിൽ പോയാലും ഒപ്പം ജാതി വിവേചനത്തിന്റെ ലേബലും കാണും. പള്ളിയും ജാതി ചിന്ത പോഷിപ്പിക്കുന്നതു കാണാം.

തലമുറകളായി ഈ മണ്ണിൽത്തന്നെ ജനിച്ചുവളർന്ന ഒരു ദളിതനെ ഇന്ത്യനെന്നതിനേക്കാൾ കൂടുതൽ അറിയപ്പെടുന്നത് ദളിതനായിട്ടാണ്. അതേ സമയം ക്രിസ്ത്യനിയായും അറിയപ്പെടുന്നു. കൃസ്തുമതം ഒരു വിദേശമതമായിട്ടാണ് വർഗീയ വാദികളായ ഹിന്ദുക്കൾ കരുതുന്നത്. അതുമൂലം ഒരു ദളിതന് ദളിതനെന്ന നിലയിലും ക്രിസ്ത്യാനിയെന്ന നിലയിലും സ്വന്തം രാജ്യത്തു ജീവിക്കണമെങ്കിൽ ഉയർന്ന ജാതികളോടും സവർണ്ണ ക്രിസ്ത്യാനികളോടും ഒരുപോലെ മല്ലിട്ടു ജീവിക്കണം. ക്രിസ്ത്യാനിയായാലും സവർണ്ണ ക്രിസ്ത്യാനികളും ഉയർന്ന ജാതികളിലുള്ള ഹിന്ദുക്കളും അവരെ തൊട്ടു കൂടാ ജാതികളായി മാത്രമേ കരുതുകയുള്ളൂ. ദളിത ക്രിസ്ത്യാനികൾ സവർണ്ണ ഹിന്ദുക്കളുടെ സഹായം ആവശ്യപ്പെട്ടാൽ അവരെ പുച്ഛിച്ചു അസഭ്യ വാക്കുകൾ പറഞ്ഞു അപമാനിക്കുന്നതും നിത്യ സംഭവങ്ങളാണ്. "നീ എന്തിനാണ് സഹായം ചോദിച്ചു ഇവിടെ വന്നത്? സഹായത്തിന് നിന്റെ പാതിരിയുടെ അടുത്തു പോവൂ, അല്ലെങ്കിൽ സഹായം തേടി ഇംഗ്ലണ്ടിലോ അമേരിക്കയിലോ പോവുമെന്നെല്ലാം' ശകാര വാക്കുകൾകൊണ്ട് അഭിഷേകം ചെയ്യും. ഹിന്ദു ദളിതർ ക്ലേശം അനുഭവിക്കുന്നതിന്റെ ഇരട്ടി ക്രിസ്ത്യൻ ദളിതർ അനുഭവിക്കേണ്ട സാമൂഹിക വ്യവസ്ഥിതിയാണ് ഇന്ത്യയിൽ നിലവിലുള്ളത്.

ഇന്ത്യയിലെ ക്രിസ്ത്യൻ പള്ളികളിൽ വിവേചനം വന്നതെങ്ങനെയെന്നുള്ളത് വിസ്മയകരമായ ഒരു ചോദ്യമാണ്. മിഷനറിമാരുടെ കാലത്താണ് ഇതിന്റെ ആരംഭം. ആദ്യകാലത്തെ മിഷ്യനറിമാർ ക്രിസ്തുമതത്തിനു തുടക്കമിട്ടെങ്കിലും അവർക്ക് വർണ്ണ വിവേചനം അവസാനിപ്പിക്കാൻ സാധിച്ചില്ല. കൂടാതെ മതം പ്രചരിപ്പിക്കാൻ പാരമ്പര്യ ക്രിസ്ത്യാനികളുടെ സഹായം ആവശ്യമായിരുന്നു. അങ്ങനെ ക്രിസ്ത്യാനികളുടെയിടയിൽ വലിയവനെന്നുള്ള ചിന്തകൾ സൃഷ്ടിച്ചതും മിഷ്യനറിമാരാണ്. അതുകൊണ്ടാണ് അംബേദ്ക്കർ കൂടെക്കൂടെ മിഷ്യനറിമാരെ വിമർശിച്ചുകൊണ്ടിരുന്നത്. ഹൈന്ദവ ദൈവങ്ങളുടെ ബിംബങ്ങളെ മിഷ്യനറിമാർ എതിർത്തെങ്കിലും ഉന്നത ക്രിസ്ത്യാനികളുടെ ജാതി വ്യവസ്ഥയെന്ന ബിംബത്തെ തകർക്കാനായി അവർ ഒന്നും പ്രവൃത്തിച്ചിട്ടില്ല. കാലം കഴിയുംതോറും വിവേചനം വർദ്ധിച്ചിട്ടേയുള്ളൂ. പോരാഞ്ഞ്, സവർണ്ണ ക്രിസ്ത്യാനികൾ മാറ്റങ്ങൾ ആഗ്രഹിക്കുന്നില്ല.  ദളിതരെ താണവരായി കരുതണമെന്നുള്ള ചിന്ത ഭൂരിഭാഗം സവർണ്ണ ക്രിസ്ത്യാനികളുടെയിടയിൽ പ്രകടമാണ്. ദളിതരെ പീഢിപ്പിച്ച് അധികാരം മുഴുവൻ സവർണ്ണരുടെ നിയന്ത്രണത്തിലായിരിക്കണമെന്നും അവർ ആഗ്രഹിക്കുന്നു.

സവർണരുമൊത്ത് ദളിതർക്ക് ആരാധന സ്വാതന്ത്ര്യമില്ല. സവർണ്ണർക്കും അവർണ്ണർക്കും ഒരു ക്രിസ്തു മാത്രമേയുള്ളൂവെന്ന സത്യം മറക്കുന്നു.  അതേ ക്രിസ്തുവിന്റെ ദേവാലയത്തിൽ സവർണ്ണ ക്രിസ്ത്യാനികളുടെ ഇരിപ്പടങ്ങളിൽനിന്നും അകന്ന് ദളിതൻ പ്രത്യേകമായ ഒരു സ്ഥലത്തിരിക്കണം. സാധാരണ അവർ പള്ളിയുടെ തറയിലായിരിക്കും ഇരിക്കുന്നത്. ദളിതർ കുർബാന കൈക്കൊള്ളുന്നുണ്ടെങ്കിൽ പുരോഹിതൻ നൽകുന്ന വൈൻ കുടിക്കാൻ അവർക്ക് അനുവാദമില്ല. ദളിതന്റെ ചുണ്ടുകൾ സ്പർശിക്കുന്നമൂലം വൈൻ നിറച്ചിരിക്കുന്ന കാസാ അശുദ്ധമാകുമെന്നു സവർണ്ണ ക്രിസ്ത്യാനികൾ ചിന്തിക്കുന്നു. പള്ളികളുടെ പെരുന്നാളുദിനങ്ങളിലുള്ള  ഘോഷയാത്രകൾ ദളിതർ വസിക്കുന്ന തെരുവുകളിൽക്കൂടി പോവില്ല. ചില പള്ളിക്കുള്ളിൽ ദളിതരുടെ മൃതശരീരം പോലും കയറ്റുവാൻ അനുവദിക്കില്ല. ദളിതന്റെ ശവ സംസ്ക്കാര ചടങ്ങുകൾക്ക് പുരോഹിതർ സംബന്ധിക്കാത്ത സാഹചര്യങ്ങളും സൃഷ്ടിക്കുന്നു. പള്ളിക്കുള്ളിൽ ദളിതർക്കായി കുർബാന ചൊല്ലാനും അനുവദിക്കില്ല.

തമിഴ്നാട്ടിലുടനീളം ദളിത ക്രിസ്ത്യാനികൾക്കായി പ്രത്യേകമായ സെമിത്തേരികളുണ്ട്. തമിഴ്‌നാട്ടിൽ തൃശ്നാപ്പള്ളി പട്ടണത്തിന്റെ നടുക്കുതന്നെ കത്തോലിക്കരുടേതായ ഒരു സെമിത്തേരി കാണാം.  സെമിത്തേരിയുടെ ഒരു വശം ദളിതരുടെ മൃതദേഹം മറവുചെയ്യാനായി മതിലുകൊണ്ടു മറ ച്ചിരിക്കുന്നു. ഇതിൽക്കൂടുതൽ ദളിതരോടുള്ള വിവേചനത്തിന് എന്തു തെളിവ് വേണം! മരണത്തിൽപ്പോലും ദളിതന് പാരതന്ത്ര്യത്തിൽനിന്നും മുക്തിയില്ലെന്നാണോ? അതേ സമയം ക്രിസ്ത്യൻ ദളിതരിൽ വിവേചനമില്ലെന്ന് കത്തോലിക്ക സഭ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ദളിതർക്ക് സെമിത്തേരി പ്രത്യേകം വേർതിരിച്ചു പണി കഴിപ്പിച്ചിരിക്കുന്നതിൽ വത്തിക്കാനിൽനിന്നു പോലും നാളിതുവരെ പ്രതികരണമുണ്ടായിട്ടില്ല. ആറു പതിറ്റാണ്ടുകൾക്കു മുമ്പാണ് ഈ സെമിത്തേരി പണി കഴിപ്പിച്ചത്. ഇത് മനുഷ്യത്വപരമല്ലെന്നും മതിലുകൾ അവിടെനിന്നു പൊളിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പെരിയാർ സ്ഥാപിച്ച സംഘടനായ ദ്രാവിഡ മുന്നേറ്റം കഴകം പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. അത്തരം വേർതിരിച്ചുള്ള ദളിതർക്കുവേണ്ടിയുള്ള ശവസംസ്ക്കാരാചാരങ്ങൾ ആധുനിക സമൂഹത്തിനു തന്നെ ലജ്‌ജാവഹമാണ്. വിവേചനം നിറഞ്ഞ ഈ സെമിത്തേരിയിൽ ശവ സംസ്ക്കാരച്ചടങ്ങുകൾക്കായി പുരോഹിതർ എത്തുന്നതും ക്രിസ്തീയതയ്ക്കു തന്നെ കളങ്കവുമാണ്.

ഇന്ത്യയിൽ മൊത്തം ക്രിസ്ത്യാനികളിൽ എഴുപതു ശതമാനം ദളിതരാണെങ്കിലും സഭയുടെ നേതൃത്വ സ്ഥാനങ്ങളിലുള്ള ദളിതർ നാലു ശതമാനം പോലുമില്ല. സെമിനാരിയിൽ പുരോഹിതനാകാൻ ആഗ്രഹിക്കുന്ന ദളിത കുട്ടികൾക്ക് പ്രവേശനം വളരെ അപൂർവമായേ നൽകാറുള്ളൂ. ഇരുന്നൂറിൽപ്പരം  ബിഷപ്പുമാരിൽ ഒരു ഡസനിൽത്താഴെ ദളിത ബിഷപ്പുമാർ മാത്രമേ ഇന്ത്യൻ കത്തോലിക്ക സഭയ്ക്കുള്ളൂ. ഇത്തരം വിവേചനങ്ങൾക്കെതിരെ കാലാ കാലങ്ങളായി ദളിതർ പ്രതികരിക്കാറുണ്ടെങ്കിലും അടഞ്ഞ ചെവികളിൽക്കൂടി മാത്രമേ സഭാധികാരികൾ അവരുടെ ശബ്ദം ശ്രവിക്കാറുള്ളൂ. കത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയായ സി.ബി.സി.ഐ ദളിത വിവേചനത്തെ എതിർക്കുന്നുണ്ടെങ്കിലും പ്രായോഗിക തലത്തിൽ ദളിതരോടുള്ള വിവേചനത്തിനെതിരെ ഫലപ്രദമായി യാതൊന്നും ചെയ്യുന്നില്ല.

ദളിതർ ഭൂരിപക്ഷമുള്ള രൂപതകളുടെ ബിഷപ്പുമാരും സാധാരണ സവർണ്ണ ക്രിസ്ത്യാനികളിൽനിന്നുമുള്ള ഒരാളായിരിക്കും.  തമിഴ് നാട്ടിലെ കത്തോലിക്കരുടെ കാര്യം തന്നെ എടുക്കുകയാണെങ്കിലും അവിടെയുള്ള എഴുപതു ശതമാനം ക്രിസ്ത്യാനികളും ഹിന്ദുക്കളിൽനിന്ന് മത പരിവർത്തനം ചെയ്തവരാണെന്നു കാണാം. എന്നാൽ ഇരുപതിൽപ്പരം ബിഷപ്പുമാർ തമിഴ്നാട്ടിലുള്ളതിൽ അവരിൽ ദളിതർ നാലു പേരു മാത്രമാണുള്ളത്. ഭൂരിഭാഗം സ്ഥലങ്ങളിലും സവർണ്ണ ക്രിസ്ത്യാനികൾ അവരുടെ സമുദായത്തിൽ നിന്നും ബിഷപ്പിനെ വേണമെന്ന് പ്രചരണവും നടത്തുന്നു. ദളിത് ക്രിസ്ത്യനായ ബിഷപ്പുണ്ടെങ്കിൽ തന്നെയും ദളിതരുടെ പുരോഗതിക്കായി അദ്ദേഹത്തിന് കാര്യമായി ഒന്നും തന്നെ ചെയ്യാനും സാധിക്കില്ല.

സഭയുടെ അധികാരസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും ദളിതർക്ക് സ്ഥാന മാനങ്ങൾ കൊടുക്കാൻ സഭ തയ്യാറല്ല. അതേ സമയം ക്രിസ്ത്യൻ സഭാനേതൃത്വം ദളിതരെ പ്രീതിപ്പെടുത്താൻ ക്രിസ്ത്യൻ ദളിതർക്കും സർക്കാർ ജോലികളിൽ പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെടുന്നുമുണ്ട്. ഇന്ത്യൻ നിയമത്തിൽ ക്രിസ്ത്യൻ ദളിതരെ അവഗണിച്ച നിയമവ്യവസ്ഥകൾ ദളിത ക്രിസ്ത്യാനികളുടെ ദൈനം ദിന ജീവിതത്തെയും അവരുടെ ഭാവിയെയും ബാധിക്കുന്നു. സ്‌കൂളിലും കോളേജിലും ജോലിക്കാര്യങ്ങളിലും ക്രിസ്ത്യൻ ദളിതർക്ക് റിസേർവേഷൻ ലഭിക്കില്ല. വിദ്യാഭ്യാസ കാര്യങ്ങളിലും ജോലി കാര്യങ്ങളിലും റിസർവേഷൻ ഹിന്ദു ദളിതർക്ക് മാത്രമാണുള്ളത്. ഇത് ഇന്ത്യൻ ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുമുണ്ട്. 1950-ലെ ഇന്ത്യൻ പ്രസിഡന്റിന്റെ വിളംബരപ്രകാരം അത്തരം ആനുകൂല്യങ്ങൾ മുസ്ലിം ദളിതർക്കും ക്രിസ്ത്യൻ ദളിതർക്കും നിഷേധിച്ചിരിക്കുന്നു. ഭരണഘടനയുടെ മറ്റൊരു നിയമമനുസരിച്ച് ജാതി വിവേചനം കുറ്റകരമാണ്. ആ സ്ഥിതിക്ക് ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന സഭയും കുറ്റക്കാരാണ്. കൃസ്ത്യൻ ദളിതർക്കും മുസ്ലിം ദളിതർക്കും റിസർവേഷൻ നിഷേധിക്കുന്ന വഴി ജാതി മത ഭേദമെന്യേ സമത്വമെന്ന തത്ത്വത്തെ ഇന്ത്യൻ ഭരണഘടന തന്നെ നിഷേധിക്കുന്നു.

തമിഴ് നാട്ടിൽ പള്ളികളുടെ ഭരണസംവിധാനങ്ങളിൽ പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ട് ദളിതർ സമരങ്ങളും പ്രകടനങ്ങളും നടത്തിയിരുന്നു. അതുമൂലം പള്ളികളുടെ പ്രവർത്തനം സ്തംബിപ്പിക്കുകയുമുണ്ടായി. ദളിതർ പൊയ്ക്കൊണ്ടിരുന്ന പല പള്ളികളും അടച്ചിടേണ്ടിയും വന്നു.  ഇതിൽനിന്നും മനസിലാക്കേണ്ടത് ഇന്ത്യയിൽ ക്രിസ്തുമതത്തിനും ജാതി വ്യവസ്ഥ തുടച്ചുമാറ്റാൻ കഴിയുകയില്ലെന്നാണ്. ഉയർന്ന ജാതികളിൽ നിന്ന് ക്രിസ്ത്യാനികളായി മതം മാറുന്നവരും അവരുടെ സങ്കുചിത മനസുമായി മാത്രമേ ജീവിക്കാൻ ആഗ്രഹിക്കുകയുള്ളൂ. ദളിത ക്രിസ്ത്യാനികൾ സവർണ്ണ ക്രിസ്ത്യാനികളിൽ നിന്നു മോചിതരാകാൻ സമരം ചെയ്തുകൊണ്ടിരിക്കുന്നു. പ്രതീക്ഷകളാണ് അവരെ വിപ്ലവമാർഗങ്ങളിലേക്ക് നയിക്കുന്നത്. എന്നാൽ അവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വഴികൾ ഇന്നും ബഹുദൂരമാണ്. കാരണം, ക്രിസ്ത്യൻ ദളിതർ വിവേചനം നേരിടുന്നത് മൂന്നു സമരമുഖങ്ങളിൽക്കൂടിയാണ്. ആദ്യത്തേത് ഇന്ത്യൻ സമൂഹത്തിൽ നിലവിലുള്ള ഉച്ഛനീചത്വങ്ങളിൽ നിന്നും മോചനം വേണം. രണ്ടാമത് ഇന്ത്യ സർക്കാരിന്റെ പക്ഷാപാതമായ നയങ്ങളിൽനിന്നും പരിഹാരം കണ്ടെത്തണം. മൂന്നാമത് സവർണ്ണ ക്രിസ്ത്യാനികളിൽനിന്നുള്ള പീഢനങ്ങളിൽ നിന്നും മുക്തി നേടണം.

ഇന്ത്യയിൽ ജാതി വ്യവസ്ഥ അവസാനിച്ചുവെന്നു ഇന്ത്യൻ ഭരണഘടന പറയുന്നു. എന്നാൽ ജാതി വ്യവസ്ഥ ഇന്ത്യ മുഴുവനായുണ്ട്. ഇന്ത്യയിലെ നിയമവ്യവസ്ഥകളും ഭരണഘടനയും ക്രിസ്ത്യൻ ദളിതരോട് അങ്ങേയറ്റം വിവേചനം കാണിച്ചിരിക്കുന്നു. തൊട്ടുകൂടായ്മ എന്ന വ്യവസ്ഥ ഹിന്ദു മതത്തിൽ മാത്രമുള്ള ഒരു സാമൂഹിക തിന്മയായി ഭരണഘടന വ്യക്തമാക്കുന്നു. അതുകൊണ്ടു ഒരു ദളിതൻ അധഃകൃത വിഭാഗത്തിൽ (ഷെഡ്യൂൾഡ് കാസ്റ്റിൽ) ഉൾപ്പെടണമെങ്കിൽ അയാൾ ഹിന്ദുവായിരിക്കണം. ബുദ്ധ മതവും സിക്കുമതവും ഹിന്ദുമതത്തിന്റെ ഉപവിഭാഗങ്ങളായി
കണക്കാക്കുന്നതുകൊണ്ടു ആ മതങ്ങളിലെ ദളിതരും ഷെഡ്യൂൾഡ് കാസ്റ്റ് നിയമത്തിന്റെ പരിധിയിൽപ്പെടും. ക്രിസ്തുമതം തൊട്ടുകൂടാ ജാതിയല്ലാത്തതുകൊണ്ടു ക്രിസ്ത്യൻ ദളിതർക്ക് അധഃകൃത സമുദായത്തിനു ലഭിക്കുന്ന സംവരണം  ലഭിക്കില്ല. ഇത് തികച്ചും വിവേചനമെന്ന് ക്രിസ്ത്യൻ ദളിതർ കരുതുന്നു. ദളിത ക്രിസ്ത്യാനികളെ ഹൈന്ദവ മതത്തിലെപ്പോലെ അധഃകൃതരായി പരിഗണിക്കാത്തതുമൂലം അവർക്ക് 1979ൽ പാസാക്കിയ തൊട്ടുകൂടാ ജാതികൾക്കായുള്ള (Untouchability Offences Act) നിയമ പരിരക്ഷയും ലഭിക്കില്ല. ദളിത ക്രിസ്ത്യാനികളോട് ക്രൂരത ഉന്നത ജാതികൾ പ്രവർത്തിച്ചാലും അവർക്ക് സാധാരണ പൗരരുടെ അവകാശമേ ലഭിക്കുള്ളൂ. അതേ സമയം ഹിന്ദു ദളിതരെ സംരക്ഷിക്കാൻ അനേകം നിയമങ്ങളുണ്ട്. അതും നിയമ വ്യവസ്ഥയിലെ മറ്റൊരു വിവേചനമാണ്.

സഭയിൽ ജാതി വ്യവസ്ഥയില്ലെന്നു കത്തോലിക്കാ സഭ അവകാശപ്പെടുന്നു. സഭ ഒരിക്കലും വിവേചനം കാണിക്കാറില്ലെന്നു ലോകം മുഴുവൻ കൊട്ടി ഘോഷിക്കുന്നുമുണ്ട്. അതിന്റെ പേരിൽ വിദേശപ്പണം സമാഹരിക്കുകയും ചെയ്യുന്നു. ദളിതരുടെ കുട്ടികൾ സ്‌കൂളിൽ പഠിക്കുമ്പോഴും വിവേചനം അനുഭവിക്കണം. വടക്കേ ഇന്ത്യയിൽ പല ഭാഗങ്ങളിലും സഭയുടെ വകയായി നല്ല നിലയിൽ നടത്തുന്ന സ്‌കൂളുകളുണ്ട്. അവിടെ ക്രിസ്ത്യാനികൾ അല്ലാത്തവരാണ് കൂടുതലും പഠിക്കുന്നത്. ഫീസ് കൊടുക്കാൻ നിവൃത്തിയില്ലാത്ത ദളിത ക്രിസ്ത്യാനി കുട്ടികളെ സ്‌കൂളിൽ നിന്ന് പുറത്താക്കുകയും ചെയ്യും. ക്രിസ്ത്യൻ പുരോഹിതർ നടത്തുന്ന പേരു കേട്ട സ്‌കൂളുകളിൽ ക്രിസ്ത്യൻ ദളിതരുടെ കുട്ടികൾക്ക് പ്രവേശനം കൊടുക്കില്ല. അയൽക്കാരനെ സ്നേഹിക്കാൻ ക്രിസ്തു പഠിപ്പിക്കുന്നു. അവിടെ വിശന്നു വലയുന്ന ദളിത കുഞ്ഞുങ്ങളും പള്ളിയോട് സഹകരിക്കുന്നു. ക്രിസ്ത്യൻ വിശ്വാസം മുറുകെപ്പിടിക്കുന്നു. ധനികരായവർ ദരിദ്രരെ ചൂഷണം ചെയ്തു ജീവിക്കുന്നു. ധനികർ പ്രസിദ്ധിയേറിയ ക്രിസ്ത്യൻ സ്‌കൂളുകളിൽ കുട്ടികളെ അയക്കുമ്പോൾ അവിടെയൊന്നും പാവപ്പെട്ട ദളിത ക്രിസ്ത്യാനിക്ക് സ്‌കൂളുകളിൽ പ്രവേശനം കൊടുക്കില്ല.

ക്രിസ്ത്യൻ ദളിതരുടെ സ്ത്രീകൾക്കെതിരേയുള്ള വിവേചനമാണ് മഹാ കഷ്ടം. ഇന്ത്യയിൽ ഏറ്റവുമധികം കഷ്ടപ്പെടുന്ന ഒരു വിഭാഗമാണ് ദളിത സ്ത്രീകൾ. സ്ത്രീകളെ ഇരു മടങ്ങായ (ഡബിൾ) ദളിതരെന്നും വിളിക്കുന്നു. മൃഗങ്ങളെക്കാൾ താണ സമീപനമാണ് ദളിത സ്ത്രീകളോട് അനുവർത്തിച്ചു വരുന്നത്. കാരണം അവർ ദളിതരാണ്. അബലകളായ ദളിത സ്ത്രീകളാണ്. 'സ്ത്രീ ശക്തി സ്വരൂപിണി'യെന്നൊക്കെ ദളിത സ്ത്രീകളെ സംബന്ധിച്ചടത്തോളം പുരാണങ്ങളിലെ പഴഞ്ചൻ വാക്യങ്ങൾ മാത്രം.  ദളിത സ്ത്രീകളെ ഇന്ത്യയിൽ ബലാൽസംഗം ചെയ്യുന്നത് നിത്യ സംഭവങ്ങളായി മാറിയിരിക്കുന്നു. ക്രിസ്ത്യൻ ദളിത സ്ത്രീകളോടും ഏതാണ്ട് ഇതുപോലെ തന്നെയാണ് സവർണ്ണ ജാതികൾ പെരുമാറുന്നത്.

സമൂഹത്തിൽ ദളിത സ്ത്രീകളെ നാലാംതരം വർഗമായിട്ടാണ് കരുതിയിരിക്കുന്നത്. ചില ക്രിസ്ത്യൻ സമൂഹത്തിൽ സ്ത്രീകൾ വിദ്യാഭ്യാസമുള്ളവരെങ്കിലും ജോലിയുണ്ടെങ്കിലും വീടിനുള്ളിലെ എല്ലാത്തരം നീചമായ ജോലികളും ചെയ്യണം. സ്ഥിരമായ വരുമാനമുണ്ടെങ്കിലും വിദ്യാഭ്യാസമുണ്ടെങ്കിലും അവർക്ക് വീടിനുള്ളിൽ സ്വാതന്ത്ര്യമില്ല. പുരുഷനും സ്ത്രീയും തുല്യ സ്വാതന്ത്ര്യമെന്ന് പുരുഷനറിയാമെങ്കിലും പുരുഷൻ എപ്പോഴും അനായാസമായ ഉല്ലാസ ജീവിതമാണ് താൽപര്യപ്പെടുന്നത്. പുരുഷൻ വലിയ പ്ലാറ്റ്ഫോറങ്ങളിൽ നിന്നുകൊണ്ട് സ്ത്രീ സമത്വം വേണമെന്ന് പ്രസംഗിക്കുമ്പോൾ സ്വന്തം വീട്ടിൽ സ്ത്രീക്ക് യാതൊരു സ്വാതന്ത്ര്യവും കൊടുക്കില്ല. അവർ അവിടെ അടിമകളെപ്പോലെ പ്രതിഫലമില്ലാതെ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കണം. കുഞ്ഞിനെ ഗർഭത്തിൽ ചുമക്കുന്ന ഒരു ഉപകരണമായി മാത്രമാണ് സ്ത്രീയെ കാണുന്നത്. ഒരു ദളിത സ്ത്രീ ഏതെങ്കിലും കാരണത്താൽ കേസുകളിൽ കുടുങ്ങിയാൽ അവരെ ലൈംഗികമായും അപവാദങ്ങൾ പറഞ്ഞും അശ്ളീല പദങ്ങളിലും പോലീസ് ഓഫീസർമാർ പീഢിപ്പിക്കാൻ ശ്രമിക്കും.

ലോകമാകമാനമുള്ള ജനം ചിന്തിക്കുന്നത്, ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജാതി വർഗ വിവേചനമില്ലെന്നാണ്. ഇന്ത്യയിൽ ജാതി വിവേചനം നിയമം മൂലം നിരോധിച്ചിരിക്കുന്നു. അതുകൊണ്ടു ഐത്യാചാരം ഇന്ത്യയിൽ അനുവദനീയമല്ലെന്നുള്ള അനുമാനമാണ് പുറം ലോകത്തിനുള്ളത്. ഇന്ത്യയിൽ ഒരിടത്തും ദളിത വിവേചനമില്ലെന്നു ഇന്ത്യയുടെ സർക്കാർ പറയുന്നു, ജാതി  വ്യവസ്ഥയെന്നുള്ളത് ചരിത്രമാണെന്നും പ്രചരിപ്പിക്കുന്നു. ദളിതർക്കെതിരെയുള്ള തൊട്ടുകൂടാ ഐത്യാചാരങ്ങൾക്കു പരിഹാരം ചരിത്രം നിർദ്ദേശിച്ചിട്ടുമില്ല. ദളിതരുടെ പ്രശ്നങ്ങൾ പുറം ലോകം ചൂണ്ടി കാണിച്ചാൽ 'അത് ഇന്ത്യയുടെ മാത്രം ആഭ്യന്തര കാര്യമെന്നും നിങ്ങൾ അതിൽ ഇടപെടേണ്ടയെന്നു' പ്രസ്താവനകളുമിറക്കും. ദളിതർ അഭിമുഖീകരിക്കുന്ന ഈ പ്രശ്നങ്ങൾക്ക്  രാജ്യാന്തര ശ്രദ്ധയും ആവശ്യമാണ്. ഭാവി കാര്യങ്ങൾ സുരക്ഷിതമാവാൻ ദളിതർ ജാഗ്രതയോടെ മുമ്പോട്ട് പോവേണ്ടതുമുണ്ട്.

സവർണരുടെ തീന്മേശയിൽ ദളിതരുമൊത്തു ഭക്ഷണം കഴിക്കുകയും ഇതര ജാതികളിൽ നിന്നും വിവാഹം കഴിക്കുകയുമെന്നതു ദളിത ജീവിതത്തിൽ അപൂർവമാണ്. ദളിത ക്രിസ്ത്യാനികൾക്കും അവിടെ വിലക്ക് കല്പിച്ചിരിക്കുന്നു. ഉയർന്ന ജാതികളുടെയും സവർണ്ണ ക്രിസ്ത്യാനികളുടെയും വീടിനുള്ളിൽ പ്രവേശിക്കാൻ അവർണ്ണ ക്രിസ്ത്യാനിക്ക് അനുവാദമില്ല. സുറിയാനി ക്രിസ്ത്യാനികൾ സ്വന്തം ജാതിയിൽ നിന്നും പാരമ്പര്യമുള്ള കുടുംബത്തിൽനിന്നും മാത്രമേ വിവാഹം ആലോചിക്കുള്ളൂ. വിവാഹം ഒരു ദളിതനുമായി നടക്കുകയെന്നത് വളരെ അപൂർവവുമാണ്. സഭയുടെ നേതൃത്വത്തിലുള്ള പത്രങ്ങളിലും മാഗസിനിലും വിവാഹ പരസ്യങ്ങളിലും ജാതിയെപ്പറ്റി പ്രത്യേകമായി പരാമർശിക്കാറുണ്ട്. പുരാതന കത്തോലിക്കാ കുടുംബവും വെളുത്ത നിറവും സൗന്ദര്യവുമെല്ലാം വധുവിന് അല്ലെങ്കിൽ വരനുവേണ്ടിയുള്ള വിവാഹ പരസ്യങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് സാധാരണമാണ്,

പാവം കെവിൻ, അവനൊരു ദളിതനായിരുന്നു. അവന്റെ മരണം ലോകമാകമാനമുള്ള മലയാളികളെ കരയിപ്പിച്ചു കഴിഞ്ഞു. ഒരു കെവിൻ മാത്രമല്ല ഭാരതത്തിൽ പിറന്നു വീണിട്ടുള്ളത്. ആയിരമായിരം ദളിതരുടെ രക്തകണ്ണുനീർ ഈ നാടിന്റെ പവിത്ര ഭൂമിയിൽ പതിഞ്ഞിട്ടുണ്ട്. അവനെപ്പോലെ കിടപ്പാടമില്ലാത്തവനും പണമുള്ള പെണ്ണിനെ പ്രേമിച്ചവനും വല്യ വീട്ടിലെ പെണ്ണിനെ സ്വന്തമാക്കിയവനും അടിമപ്പാളയങ്ങളിലെ പാളീച്ചകൾ പറ്റിയവനും അക്കൂടെയുണ്ട്. ദളിതനായ അവൻ ചെയ്ത തെറ്റ് ഒരു നസ്രാണി പെണ്ണിനെ ജീവനു തുല്യമായി സ്നേഹിച്ചതായിരുന്നു. അവന്റെ മരണത്തിൽ, ഈ സമൂഹവും ജാതിയും മതവും ഐത്യവും  ഒരുപോലെ കുറ്റക്കാരാണ്.  പാരമ്പര്യ വാദികളായ ക്രിസ്ത്യാനികൾ അവനെ ദളിതനായി കണ്ടു. പണമുള്ളവർ അവനെ പാമരനായി കണ്ടു. വെറും ഒരു കൂരയിൽ കഴിഞ്ഞ അവൻ നീനുവിനെ സ്നേഹിച്ചത് ചതിക്കാനല്ലായിരുന്നു. എങ്കിലും അവനെ ദുരഭിമാനം പേറി നടക്കുന്ന സമൂഹവും സവർണ്ണ മേധാവിത്വവും മരണത്തിലേക്ക് നയിച്ചു. ഒരു ജീവനെ കൊയ്തെടുക്കാൻ കാരണവും ദുഷിച്ച ജാതി വ്യവസ്ഥ തന്നെ. അതുമൂലം രണ്ടു കുടുംബങ്ങളാണ് ഗതികേടിലകപ്പെട്ടത്. പാടത്തു പണിയുന്ന ദളിതപ്പെണ്ണിനെ കാണുമ്പോൾ ജന്മിക്കു കാമം ഇളകിയാൽ ആരും ഗൗനിക്കില്ലായിരുന്നു. എന്നാൽ ദളിതൻ സവർണ്ണന്റെ മകളെ പ്രേമിച്ചാൽ അവന്റെ ജീവനും അതോടെ അവസാനിക്കും. ഇരുപതാം വയസ്സിൽ 'നീനു' എന്ന പെൺകുട്ടിയെ വിധവയാക്കിയ ഉത്തരവാദിത്തം ആഢ്യ ബ്രാഹ്മണിത്വം വിളമ്പുന്ന കേരളത്തിലെ ക്രൈസ്തവ സഭകൾക്കുമുണ്ട്.










Also please read: ദളിത ക്രിസ്ത്യാനികളും വർണ്ണ ക്രിസ്ത്യാനികളുടെ ജാതീയതയും   http://emalayalee.com/varthaFull.php?newsId=119815

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...