ജോസഫ് പടന്നമാക്കൽ
തകർന്ന ഒരു കുടുംബത്തിൽനിന്നുമുള്ള പാവപ്പെട്ട ഒരു പെൺകുട്ടിയുടെ ജീവിത കഥ അടുത്തയിടെ മാദ്ധ്യമങ്ങളിൽ വൻവാർത്തയായിരുന്നു. 'ഹനാൻ' എന്നാണ് അവളുടെ പേര്. അവൾ പഠനവും ഒപ്പം മത്സ്യക്കച്ചവടവും ചെയ്തുകൊണ്ട് ഉപജീവനവുമായി അനാഥയെപ്പോലെ ജീവിക്കുന്നു. തൊടുപുഴയിലുള്ള 'അൽ അസർ കോളേജിൽ' കെമിസ്ട്രി മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. ഹനാന്റെ പിതാവ് ഒരു മദ്യപാനിയായിരുന്നു. 'അമ്മ മാനസിക രോഗിയും. അവൾക്കു ഒരു ഇളയ സഹോദരനുമുണ്ട്. രണ്ടു മക്കളെയും വഴിയാധാരമാക്കിക്കൊണ്ടു അവളുടെ ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ വിവാഹമോചനം നേടിയിരുന്നു.
ബാല്യത്തിൽ അവൾ അപ്പനും അമ്മയും അവളുടെ കുഞ്ഞങ്ങളായുമൊത്തു വാടക വീട്ടിൽ താമസിച്ചിരുന്നു. കാർമേഘങ്ങൾ നിറഞ്ഞ ജീവിതവുമായി നിത്യവും ഏറ്റുമുട്ടി പഠനവും തുടർന്നു. സാമൂഹിക മാദ്ധ്യമങ്ങളുടെയിടയിൽ 'ഹനാൻ' ഒരു തിളങ്ങുന്ന നക്ഷത്രമായത് മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു വാർത്തയിൽക്കൂടിയായിരുന്നു. ഇന്ന്, അവളെപ്പറ്റി നല്ലതും ചീത്തയുമായ വാർത്തകൾ സോഷ്യൽ മീഡിയാകളിൽ വൈറൽ പോലെ പ്രചരിക്കുന്നു. കോളേജ് യൂണിഫോമിൽ മത്സ്യം വിൽക്കുന്ന ഈ യുവതിയുടെ വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങൾക്കു ഒരു ഹരമാണ്. അതേ സോഷ്യൽ മീഡിയാ തന്നെ അവളെ അപമാനിക്കാനും മുന്നിൽത്തന്നെ നിൽക്കുന്നു. 'ഹനാൻറെ കഥ കെട്ടി ചമച്ചതെന്നായിരുന്നു ചിലരുടെ വാദം. ഒരു സിനിമയിൽ അഭിനയിക്കാനുള്ള അവസരം കിട്ടിയതിന്റെ പേരിൽ ട്വിറ്ററും ഫേസ്ബുക്കും പോലുളള സോഷ്യൽ മീഡിയാകൾ അവൾക്കെതിരെ അപവാദ പ്രചാരണങ്ങളും വ്യാജവാർത്തകളും നിത്യം തൊടുത്തുവിട്ടുകൊണ്ടിരിക്കുന്നുമുണ്ട്.
എന്താണ് ഹനാൻറെ ജീവിതവുമായി ബന്ധപ്പെട്ട ആ സത്യം. ആരാണ് ഹനാൻ? അവൾ എന്തിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നു? സ്വന്തം ജീവിതം കരുപിടിപ്പിക്കാനായി പൊരുതുന്നു? പത്തൊമ്പതു വയസുകാരിയായ അവളുടെ ജീവിതാനുഭവങ്ങളെപ്പറ്റി അവൾ തന്നെ വാർത്താ വീഡിയോകളിൽ പറയുന്നുണ്ട്. അവളുടെ സ്വപ്നങ്ങളും ഉച്ചത്തിൽ വിളിച്ചു പറയുന്നു. ദൈനം ദിന ജീവിതത്തിനുള്ള പണം മാത്രമല്ല അവൾ തേടുന്നത്. ഭാവിയെ കരുപിടിപ്പിക്കാനായും അഭിലാഷങ്ങളെ പൂർത്തിയാക്കാനും പണം കണ്ടെത്തണം. അവൾക്കൊരു ഡോക്ടറാകണം. അതിനുവേണ്ടി കൂലിപ്പണി ചെയ്തും മത്സ്യം വിറ്റും ജീവിക്കാനുള്ള പോരാട്ടത്തിലാണ്.
ഹമീദിന്റെയും സൈറബിയുടെയും രണ്ടു കുട്ടികളിൽ മൂത്തവളാണ് അവൾ. ഹമീദ് ഇലക്ട്രീഷ്യനും സൈറാബി കുടുംബിനിയുമായിരുന്നു. തൃശൂരിൽ സാമ്പത്തികമായി മെച്ചപ്പെട്ട ഒരു കൂട്ടുകുടുംബമായിരുന്നു പിതാവിന്റേത്. ബാല്യകാലത്ത് അവളുടെ കസിൻ സഹോദരികളുമൊത്ത് കളിച്ചു വളർന്നെങ്കിലും മുതിർന്നപ്പോൾ അവരെല്ലാം ആ കുട്ടിയ അറിഞ്ഞ ഭാവം പോലും നടിക്കാതെ അകന്നു പോയിരുന്നു. അവർക്കൊപ്പം അവൾക്ക് ആഡംബര വേഷങ്ങളോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. അവരെപ്പോലെ നല്ല ഭക്ഷണം കഴിച്ചിരുന്നില്ല.
കുടുംബത്തിൽ നിന്നും വീതം ലഭിച്ച ശേഷം ഹമീദ് ഭാര്യയുമൊത്ത് ഒരു വാടക വീട്ടിൽ താമസം തുടങ്ങി. ഹനാന് അന്ന് എട്ടു വയസു മാത്രം പ്രായം. ഹനാൻ പറയുന്നു, "ബാപ്പയ്ക്ക് നിരവധി ബിസിനസുകളുണ്ടായിരുന്നു. പിക്കിളുണ്ടാക്കുന്ന കമ്പനി, ഇലക്ട്രോണിക്സ് ബിസിനസ്സ്, ജൂവലറി ഉണ്ടാക്കൽ, എന്നിങ്ങനെ ബിസിനസ്സുകളുമായി കുടുംബത്തിന്റെ അന്നത്തിനായി കഠിനാധ്വാനം ചെയ്തിരുന്നു. ഞാനും എന്റെ ഉമ്മയും കഴിയും വിധം ബാപ്പായെ സഹായിക്കുമായിരുന്നു. പട്ടണത്തിലെ ഏറ്റവും നല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഞങ്ങളെ പഠിപ്പിച്ചു. അവിടെ പണമുള്ള വീട്ടിലെ കുട്ടികളുമായി ഇടപെട്ടിരുന്നു. ഒരു പ്രസിദ്ധമായ ബാർ ഹോട്ടലിന്റെ ഇലക്ട്രിക്കൽ ജോലിക്കുശേഷം എന്റെ പിതാവ് ഒരു മുഴുക്കുടിയനായി മാറി. അന്നുമുതൽ ദിവസവും കള്ളു കുടിക്കാൻ തുടങ്ങി. ഞങ്ങളുടെ കുടുംബം പൊട്ടിയൊഴുകുന്ന ഒരു വോൾക്കാനയ്ക്ക് തുല്യമായി തീർന്നു. എന്റെ ബാപ്പ വടി ഒടിയുന്നതുവരെ കയ്യിൽ കിട്ടുന്നതു വെച്ച് പാവം ഉമ്മയെ അടിക്കാനും ഉപദ്രവിക്കാനും തുടങ്ങി. ഒരിക്കൽ ഉമ്മയുടെ തലയ്ക്കിട്ടു ഒരു സീലിംഗ് ഫാൻ വെച്ച് അടിച്ചു. അന്നുമുതലാണ് 'ഉമ്മ മാനസികമായി തകർന്നതും പെരുമാറാനും തുടങ്ങിയത്. എന്നിട്ടും ബാപ്പായിൽ മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല. ജീവിക്കാൻ മാർഗ്ഗമില്ലാത്തതുകൊണ്ടു ഞാൻ ബാപ്പായുടെ ബിസിനസായ ജൂവലറി ഏറ്റെടുത്തു. മുത്തുകൾ കൊണ്ടുള്ള മാലകളും സ്വർണ്ണ നിറമുള്ള കമ്മലുകളും നെക്‌ലേസുകളും വിറ്റു ജീവിക്കാനുള്ള മാർഗങ്ങൾ തേടിയിരുന്നു. എന്റെ അദ്ധ്യാപകർക്കും കൂട്ടുകാർക്കും അയൽവക്കക്കാർക്കും ജൂവലറി വിറ്റു ജീവിച്ചു വന്നു. പ്രൈമറി സ്‌കൂളിലെ കുട്ടികൾക്ക് ട്യൂഷനും എടുക്കുമായിരുന്നു. അന്ന് ഞാൻ ഏഴാം ക്ലാസിലാണ് പഠിക്കുന്നത്."
അങ്ങനെ, കുട്ടിയായ ഹനാൻ അവളുടെ വിദ്യാഭ്യാസത്തിനും അമ്മയുടെ മരുന്നിനും അനുജന്റെ സ്‌കൂൾ ഫീസിനും വീട്ടിലെ ചെലവുകൾക്കുമായി കഷ്ടിച്ച് പണം ഉണ്ടാക്കിയിരുന്നു. 'സായിറാബി' ഒരു അക്കൗണ്ട് കമ്പനിയിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു. എന്നാൽ ഹമീദിന്റെ ക്രൂര പെരുമാറ്റം മൂലവും രോഗിയായതിനാലും വീട്ടിൽ തന്നെ മറ്റു ജോലികളില്ലാതെ താമസിക്കേണ്ടി വന്നു. ഹനാൻ ഹയർ സെക്കണ്ടറി സ്‌കൂളിൽ പഠിക്കുന്ന സമയം അവളുടെ മാതാപിതാക്കൾ നിയമപരമായി വിവാഹ ബന്ധം വേർപെടുത്തി. ഹമീദ് മകനെ ഒപ്പം കൊണ്ടുപോയി. സൈറാബിയുടെ സഹോദരൻ ഹനാന്റെ ചുമതല ഏറ്റെടുത്തിരുന്നെങ്കിലും കാര്യമായ സഹായങ്ങളൊന്നും ലഭിച്ചിരുന്നില്ല.
അവൾ എസ്എസ്എൽസി പരീക്ഷ എഴുതുന്ന സമയം സ്വന്തമായി വീടില്ലാത്ത സ്ഥിതിവിശേഷവും വന്നുകൂടി. ഹനാൻ പറയുന്നു, "വീടില്ലാത്ത ഞാൻ ആദ്യം എന്റെ ഉത്തമ സുഹൃത്തായ ആതിരയുടെ വീട്ടിൽ ഏകദേശം ഒരു മാസത്തോളം താമസിച്ചു. എന്റെ പരീക്ഷാഫലം വന്നു കഴിഞ്ഞപ്പോൾ ഞാൻ കൊച്ചിയിൽ ജോലി അന്വേഷിച്ചു പുറപ്പെട്ടു. ഒരു കാൾ സെന്ററിൽ രാത്രിയും പകലും ഷിഫ്റ്റുകൾ മാറിമാറി ജോലി ചെയ്തു. ആദ്യത്തെ മാസത്തെ ശമ്പളം കിട്ടുന്നവരെ എനിക്ക് താമസിക്കാനായി ഒരു മുറിയുടെ വാടക കൊടുക്കാനുള്ള കഴിവുണ്ടായിരുന്നില്ല. ഒരു മാസം പണമോ പാർപ്പിടമോ ഇല്ലാതെയുള്ള ക്ലേശം മൂലവും തുടർച്ചയായ ചെവിയിലേക്കുള്ള ടെലിഫോണിലെ സൗണ്ട് മൂലവും എന്റെ ഇടത്തെ ചെവിക്ക് തകരാറു സംഭവിച്ചിരുന്നു. ഭാഗികമായി എന്റെ ചെവിയുടെ കേൾവി നഷ്ടപ്പെട്ടു. ആദ്യത്തെ ജോലിയിൽനിന്ന് എന്നെ പുറത്താക്കി. അതിനുശേഷം 'ഡേറ്റ എൻട്രി' സ്റ്റാഫായി ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി തുടങ്ങി."
അവളുടെ ഉമ്മയെ കൊച്ചിയിൽ ഒരു അതിഥി മന്ദിരത്തിൽ താമസിപ്പിച്ചു. മടവനയിൽ പിന്നീട് ഒരു വീട് വാടകയ്‌ക്കെടുത്തു. ഉമ്മയുമൊത്ത് ആ വീട്ടിൽ താമസമാക്കി. ജീവിക്കാൻ വേണ്ടി വിശ്രമമില്ലാതെ പഠനവും മീൻകച്ചവടവുമായി നടക്കുന്ന ഹനാനു തന്റെ സ്വന്തം ഭാവി കരുപിടിപ്പിക്കുമെന്നുള്ള ശുപാപ്തി വിശ്വാസവുമുണ്ട്. കുഞ്ഞായിരുന്നപ്പോൾ മുതൽ അവൾക്ക് ഒരു ഡോക്ടറാകണമെന്ന ആഗ്രഹമാണുള്ളത്. അവൾ പറയുന്നു, "ഞാൻ ഒരു മെഡിക്കൽ ഡോക്ടറാകാൻ സ്വപ്നം കാണുന്നു. എങ്കിലും എന്റെ സാഹചര്യങ്ങൾ അതിന്റെ വഴിയേ പോവുന്നു. മാടവന വീട്ടിലേക്ക് മാറിയ ശേഷം ഞാൻ തൊടുപുഴയിലുള്ള 'അൽ അസർ കോളേജിൽ' കെമിസ്ട്രി ബിഎസ്സി യ്ക്ക് ചേർന്നു. എന്നാൽ എന്റെ പഠനം തുടരാനും രോഗിയായ ഉമ്മയെ നോക്കാനും വരുമാനം തേടി പോവണമായിരുന്നു."
അവൾ ചിക്കൻ ഫ്രയ് (Chicken Fry) ഉണ്ടാക്കി കോളേജ് കാന്റീനിൽ വിൽക്കുമായിരുന്നു. നല്ലൊരു പാചകക്കാരിയെന്നും അവകാശപ്പെടുന്നു. അവളുടെ കെഎഫ്‌സി സ്റ്റയിലിൽ ഉണ്ടാക്കുന്ന 'ചിക്കൻ' കോളേജിലെ കുട്ടികളുടെയിടയിൽ പ്രസിദ്ധമാണ്. അദ്ധ്യാപകർക്കും സഹപാഠികൾക്കും ചിക്കൻ വിൽക്കുന്ന സമയത്താണ് അവൾക്ക് ചെവിക്കു കേൾവി കുറവുണ്ടെന്ന് അവളുടെ ഗുരുക്കൾ മനസിലാക്കിയത്. കോളേജ് മാനേജ്‌മെന്റിന്റെ ഹോസ്പിറ്റലിൽ സൗജന്യമായി ചീകത്സ നൽകുകയും ചെവി സർജറി ചെയ്യുകയും ചെയ്തു.
ആലുവാ ബീച്ചിൽ ഒരു ആഘോഷ വേളയിൽ 'ഏത്തക്കാ ബോളി' വിറ്റിരുന്ന സമയം രണ്ടു ചെറുപ്പക്കാരായ യുവാക്കളെ അവൾ കണ്ടുമുട്ടി. പതിനായിരം രൂപ മീൻ കച്ചവടത്തിൽ ഉണ്ടാക്കാൻ സാധിക്കുമെന്നും അതിനു തയ്യാറെങ്കിൽ അവരെ വിളിക്കാനും പറഞ്ഞു. അവർ അവളെ മീൻ വിൽക്കുന്ന മാർക്കറ്റിൽ കൊണ്ടുപോയി. അതിന്റെ അടുത്ത മാസം തന്നെ അവൾ മാർക്കറ്റിൽ മത്സ്യ വിൽപ്പന തുടങ്ങി. ആ സമയത്ത് തെരുവിൽ എങ്ങനെ കച്ചവടം നടത്താമെന്ന പ്രാഥമിക ജ്ഞാനവും നേടിയിരുന്നു. സിനിമകളിലും സീരിയലുകളിലും ജൂനിയർ ആർട്ടിസ്റ്റായി തൊഴിലിൽ ഏർപ്പെടാനും അവസരങ്ങൾ ലഭിച്ചിരുന്നു.
ഹനാന് വലിയ സ്വപ്നങ്ങളാണുള്ളത്. അവൾ കഠിനാദ്ധ്വാനം ചെയ്യുന്നത് ഒരു മെഡിക്കൽ ഡോക്ടറാകാനാണ്. അതിനായി നിരവധി ജോലികൾ ചെയ്യുന്നു. അവളുടെ അമ്മയെ ശുശ്രുഷിച്ചാൽ മാത്രം പോരാ അവൾക്ക് അവളുടെ വിദ്യാഭ്യാസ കാര്യങ്ങളും നോക്കണം. കൂടാതെ മൗറീഷ്യസിൽ എംബിബിഎസ് പഠനത്തിനായി മുപ്പത്തിയഞ്ചു ലക്ഷം രൂപ കണ്ടെത്താനും ശ്രമിക്കുന്നു. നീറ്റ് (NEET)പരീക്ഷ പാസായ ശേഷം മൗറിഷ്യസിൽ പോയാൽ മെഡിക്കൽ ബിരുദമെടുക്കാമെന്ന് ഒരു സുഹൃത്തുവഴിയാണ് അവൾ അറിഞ്ഞത്. ശാസ്ത്രീയ വിഷയമായ കെമിസ്ട്രി മേജർ ചെയ്യുന്നു.
ഹനാൻ പറഞ്ഞു, "എന്റെ കഷ്ടപ്പാടുകൾക്കിടയിലും സ്വന്തമായി വരുമാനമുണ്ടാക്കി കോളേജ് വിദ്യാഭ്യാസം നടത്തുന്നതുകൊണ്ടാണ് മീഡിയായിൽ എന്നെപ്പറ്റിയുള്ള ശ്രദ്ധ പതിഞ്ഞത്. എന്നെപ്പോലെ അനേകം പെൺകുട്ടികൾ എന്റെ പ്രായത്തിലുള്ളവരും എന്നെക്കാൾ പ്രായം കുറഞ്ഞവരും ഈ തെരുവുകളിൽ മീൻ കച്ചവടം നടത്തുന്നുണ്ട്. പച്ചക്കറികളും മാംസവും വിൽക്കുന്നുണ്ട്. ഇരുപതു കുട്ടികളെയെങ്കിലും വ്യക്തിപരമായി എനിക്കറിയാം. ഓരോരുത്തർക്കും അവരുടെ പ്രയാസങ്ങളുടെയും ദുഖങ്ങളുടെയും കഷ്ടപ്പാടുകളുടെയും കഥകൾ പറയാനുണ്ടാകും. ധനികരായ പലരും എന്നെ വന്നു സഹായിച്ചിട്ടുണ്ട്. എന്റെ പഠനാവശ്യത്തിനായി പണം തന്നിട്ടുണ്ട്. എനിക്ക് ആവശ്യത്തിന് പണം ലഭിച്ചിട്ടുണ്ട്. എന്നെ സഹായിച്ചപോലെ ഹൃദയ വിശാലരായവർ തെരുവിൽക്കൂടെ നടക്കുന്ന കുട്ടികളെ സഹായിക്കണമെന്ന ഒരു അപേക്ഷ മാത്രമേ എനിക്ക് പറയാനുള്ളൂ."
ഹനാന്റെ കഥകൾ സോഷ്യൽ മീഡിയായിൽ പ്രചരിച്ചതോടെ അവൾക്ക് സഹായ ഹസ്തങ്ങളുമായി അനേകർ മുമ്പോട്ട് വന്നു. ചിലർ നല്ല ജോലികൾ വാഗ്ദാനം ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും സാമ്പത്തിക വാഗ്ദാനങ്ങളും നടത്തി. അവരിൽ ഒരാൾ ഫിലിം നിർമ്മാതാവായ അരുൺ ഗോപിയായിരുന്നു. 'രാമ ലീല' എന്ന സിനിമയുടെ നിർമ്മാണത്തോടെ കേരളത്തിൽ അറിയപ്പെടുന്ന വ്യക്തിയാണ് അരുൺ ഗോപി. തന്റെ അടുത്ത സിനിമയിൽ ഹനായ്ക്ക് സുപ്രധാനമായ നടി സ്ഥാനം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹനായുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അവൾ പറഞ്ഞു, "എനിക്ക് ഒരു നടിയാകണമെന്ന് കുഞ്ഞുനാൾ മുതലുള്ള മോഹമായിരുന്നു. എന്നാൽ സിനിമയിൽ അഭിനയിക്കാനുള്ള എന്റെ ശ്രമങ്ങൾ എന്നും പരാജയപ്പെടുകയാണുണ്ടായത്. അരുൺ ഗോപിയുടെ സിനിമയിൽ എനിക്ക് അഭിനയിക്കാനുള്ള അവസരം തരുമെന്ന വാഗ്ദാനം വളരെയധികം സന്തോഷത്തോടെയാണ് ഞാൻ സ്വീകരിച്ചത്. ആ വാഗ്ദാനം സ്വീകരിക്കാൻ രണ്ടാമതൊന്ന് എനിക്ക് ചിന്തിക്കേണ്ടി വന്നില്ല."
മാതൃഭൂമി പത്രമാണ് പ്രൈവറ്റ് കോളേജിൽ കെമിസ്ട്രി മൂന്നാം വർഷ വിദ്യാർഥിനിയായ ഹനായുടെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതം ലോകത്തെ അറിയിച്ചത്. കോളേജിൽ പോവുന്ന ഈ കൊച്ചു കച്ചവടക്കാരത്തിയുടെ കഥകൾ മാതൃഭൂമി പത്രം റിപ്പോർട്ട് ചെയ്തപ്പോൾ അനേകായിരങ്ങൾ സ്നേഹാദരവോടെ ആ വാർത്തകൾ വായിച്ചു. വായിച്ചവരിൽ ഭൂരിഭാഗം പേരും അവളെ ആദരവോടെ കണ്ടു. അതെ സമയം അവളെ അപമാനിക്കാൻ വലിയ ഒരു വിഭാഗം മുമ്പോട്ട് വരുകയും ചെയ്തു.
മാതൃഭൂമിയിലെ വാർത്തയനുസരിച്ച് ഹനാന്റെ ദിവസം ആരംഭിക്കുന്നത് വെളുപ്പാൻ കാലം മൂന്നുമണി മുതലാണ്. 'മടവനയിലുള്ള വാടക വീട്ടിൽ അവൾ ആ സമയം പഠിക്കാൻ എഴുന്നേൽക്കുന്നു. ഒരു മണിക്കൂറിലെ പഠന ശേഷം അവൾ ചമ്പക്കരയിലുള്ള മത്സ്യ മൊത്ത മാർക്കറ്റിൽ മീൻ മേടിക്കാൻ പോകുന്നു. മൂന്നു കിലോമീറ്റർ സൈക്കിൾ ചവുട്ടിയാണ് പോവുന്നത്. മത്സ്യം സ്റ്റോക്ക് ചെയ്യാൻ അവിടെനിന്നും ഒരു ഓട്ടോ റിക്ഷയിൽ കൊച്ചിയിലെ തമ്മനത്തുള്ള ഒരു ബിസിനസ്സ് പങ്കാളിയുടെ വീട്ടിൽ എത്തുന്നു. വീണ്ടും വീട്ടിൽ മടങ്ങി വരുകയും സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ്സിൽ അറുപതു കിലോമീറ്റർ ബസ് യാത്ര ചെയ്തു അവൾ തൊടുപുഴയിലുള്ള അൽ അസർ കോളേജിൽ എത്തുന്നു. ഒരു പകൽ മുഴുവൻ ക്‌ളാസിൽ ഇരുന്ന ശേഷം ഹനാൻ വീണ്ടും തമ്മനത്ത് എത്തുന്നു. വീട്ടിൽ മടങ്ങി പോവുന്നതിനുമുമ്പ് രാവിലെ മേടിച്ച മത്സ്യങ്ങൾ വിൽക്കുകയും ചെയ്യുന്നു. അവിടെ അഞ്ചര വരെ മത്സ്യ കച്ചവടം ചെയ്യും. ഹനാന്റെ 'അമ്മ ഡിന്നർ ഉണ്ടാക്കാനായി അവിടെ അവളെ കാത്തിരിക്കുന്നുണ്ടാവും. ഇളയ സഹോദരനും ചിലപ്പോൾ കൂടെ താമസിക്കാൻ വരാറുണ്ട്.അതാണ്, അവളുടെ ഒരു ദിവസത്തെ പ്രവർത്തനമണ്ഡലങ്ങളുടെ കഥ.
ക്യാമറായുടെയും മൈക്കുകളുടെയും മുമ്പിൽ അവൾ വിങ്ങുന്ന ഹൃദയത്തോടെ പറഞ്ഞു "എന്നെ തേജോവധം ചെയ്യുന്ന പ്രിയപ്പെട്ടവരേ, നിങ്ങളൊന്നു മനസിലാക്കണം. ജീവിക്കാൻ വേണ്ടി പട്ടിണിയുടെ നാളുകളിൽക്കൂടി കടന്നുപോയ ഒരു പാവം പെൺകുട്ടിയാണ് ഞാൻ. വിശക്കുന്ന വയറുകളുമായി രാത്രിയും പകലും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ലോകത്തുള്ള എല്ലാ പെൺകുട്ടികളെ പ്പോലെ ഞാനും സ്വപ്നങ്ങളുടെ കൂമ്പാരങ്ങൾ പടുത്തുയർത്തിയിരുന്നു. നിങ്ങളെപ്പോലെ ജീവിക്കാൻ എനിക്കും മോഹങ്ങളുണ്ട്. സോഷ്യൽ മീഡിയാകൾ എന്നെ കല്ലെറിയരുതേ! മാദ്ധ്യമങ്ങളിൽ അവാസ്തവങ്ങളായ കമന്റുകൾ കാണുമ്പോൾ ഞാൻ തളർന്നു പോവുന്നു. എനിക്കു ചുറ്റുമുള്ള എന്റെ സമപ്രായക്കാർ തത്തിക്കളിച്ച് കോളേജുകുമാരികളായി അടിച്ചുമിന്നുമ്പോൾ ഞാൻ ഇവിടെ ഈ മത്സ്യമാർക്കറ്റിലെ തിരക്കുപിടിച്ച ജീവിതത്തിൽ ജീവിതവുമായി മല്ലിടുന്നു. ഏഴാം ക്ലാസ് മുതൽ മുത്തുമാല വിറ്റും ട്യൂഷനെടുത്തും ഞാൻ എന്റെ രോഗിണിയായ അമ്മയെ നോക്കുകയും വിദ്യാഭ്യാസം തുടരുകയും ചെയ്തിരുന്നു. ഇങ്ങനെയൊക്കെ ജീവിച്ചു വന്ന എന്നെയാണ് ഇന്ന് സാമൂഹിക മാദ്ധ്യമങ്ങൾ വിസ്തരിക്കുന്നത്."
സത്യത്തിന്റെ നിജസ്ഥിതി മനസിലാക്കാതെയാണ്, സോഷ്യൽ മീഡിയാകൾ അവളെ ക്രൂശിച്ചുകൊണ്ടിരിക്കുന്നത്. തന്റെ ഉമ്മയ്ക്ക് മരുന്നിനു പൈസക്കായി അവൾ തെരുവുകളിൽക്കൂടി മുത്തുമാല വിറ്റു നടന്നിട്ടുണ്ട്. നാടകത്തിൽ അഭിനയിക്കാൻ പോയിട്ടുണ്ട്. സിനിമയിൽ തുച്ഛമായ പണത്തിനുവേണ്ടി ചെറിയ റോളുകളിൽ അഭിനയിച്ചിരുന്നു. ജൂനിയർ ആർട്ടിസ്റ്റായും ഫ്‌ളവർ ഗേൾ ആയും ജോലി ചെയ്തുകൊണ്ട് അലഞ്ഞു നടന്നിട്ടുണ്ട്. മനസ് നിറയെ ആഗ്രഹങ്ങൾ കുമിഞ്ഞു കൂടിയിരുന്നെങ്കിലും സിനിമയിൽ ഒരു അവസരം തേടി നാളിതുവരെ ഒരു സ്ഥലത്തും അവൾ പോയിട്ടില്ലെന്നും പറഞ്ഞു. ജീവിത ക്ലേശങ്ങളുമായി ഏറ്റുമുട്ടുന്ന സമയങ്ങളിൽ സ്വാന്തന വാക്കുകളുമായി ഓടിവന്ന് അവളെ സഹായിച്ചത് കലാഭവൻ മണി മാത്രമായിരുന്നു.
മാദ്ധ്യമങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ട് ഹനാനെയെപ്പറ്റി സംസാരിക്കാൻ അവളുടെ കോളേജ് പ്രിൻസിപ്പാൾ രംഗത്തു വന്നിരുന്നു. 'സാമൂഹിക മാദ്ധ്യമങ്ങൾ പച്ചക്കള്ളങ്ങൾ തൊടുത്തു വിടുന്നുവെന്ന്' അദ്ദേഹം പറഞ്ഞു. അവൾ വളരെ കഷ്ട്ടപ്പെട്ടു കോളേജിൽ പഠിക്കുന്നവളെന്നും 'അമ്മ ഒരു മാനസിക രോഗിയെന്നും അവളുടെ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയിരുന്നുവെന്നുമുള്ള യാഥാർഥ്യം പ്രിൻസിപ്പാൾ സോഷ്യൽ മീഡിയാകൾ വഴി പ്രസ്താവിക്കുകയുമുണ്ടായി.
ക്രൂരവും നിന്ദ്യവുമായ ആരോപണങ്ങളാണ് അവൾക്കെതിരെ കുബുദ്ധികളായവർ സാമൂഹിക മാദ്ധ്യമങ്ങൾവഴി പ്രചരിപ്പിച്ചിരുന്നത്. ഒരു സിനിമയുടെ പ്രചാരണത്തിനു വേണ്ടിയായിരുന്നു ഈ വ്യാജ വാർത്തകളെന്ന് സോഷ്യൽ മീഡിയ പ്രചരിപ്പിച്ചിരുന്നു. സിനിമ താരങ്ങൾക്കൊപ്പം അവൾ നിൽക്കുന്ന ഫോട്ടോകൾ കണ്ടാണ് പലരും അവളെ വിമർശിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റായി സിനിമാ താരങ്ങൾക്കൊപ്പം അഭിനയിച്ചപ്പോഴുള്ള ഫോട്ടോകൾ ചേർത്താണ് ഈ പെൺകുട്ടിയെ നിർദ്ദയരായ ഒരു സമൂഹം അപമാനിച്ചുകൊണ്ടിരിക്കുന്നത്.
ഹനാനയ്ക്ക് ചെവിയിൽ കടുത്ത അസുഖമുണ്ട്. പോരാഞ്ഞു പുറം വേദനയും അലട്ടുന്നുണ്ട്. അൽ അസർ കോളേജിൽ പഠിക്കാനെത്തിയത് കലാഭവൻ മണിയുടെ നിർദേശപ്രകാരമായിരുന്നു. എം.ജി യുണിവേസിറ്റിയിൽ ഒരു കലോത്സവത്തിൽ ഒപ്പന ഡാൻസിന് പോയ സമയം അവൾ സ്റ്റേജിൽ വീഴുകയുണ്ടായി. ചെവിയുടെ സമ്മർദ്ദമായിരുന്നു കാരണം. കോളേജിന്റെ ഉത്തരവാദിത്വത്തിൽ അവൾക്ക് സൗജന്യമായ ചീകത്സ നൽകിക്കൊണ്ടിരിക്കുന്നു.
ജൂനിയർ ആർട്ടിസ്റ്റായി പോവുന്ന ഒരു കുട്ടി എന്തുകൊണ്ട് മീൻ കച്ചവടം ചെയ്തുവെന്നാണ് സാമൂഹിക മാദ്ധ്യമങ്ങൾ അവളോടു ചോദിക്കുന്നത്. ആർട്ടിസ്റ്റായി എല്ലാ സമയത്തും അവൾക്ക് അവസരങ്ങൾ ലഭിക്കാറില്ല. മാത്രമല്ല അവധി ദിവസങ്ങളിൽ മാത്രമേ അവൾക്ക് ആർട്ടിസ്റ്റായി ജോലി ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. തുച്ഛമായി ലഭിക്കുന്ന ആ പണം കൊണ്ട് ജീവിക്കാൻ സാധിക്കുമായിരുന്നില്ല. മീൻകച്ചവടം ആദായകരമായ ഒരു തൊഴിലായതിനാൽ ഈ പെൺകുട്ടി അങ്ങനെയൊരു സാഹസത്തിനു മുതിർന്നു. അതുമൂലം അവളുടെ പ്രാരാബ്ധങ്ങൾക്ക് ആശ്വാസവും ലഭിച്ചിരുന്നു.
മാതൃഭൂമിയിൽ ഹനാനെയെപ്പറ്റി വാർത്തകൾ വന്ന ശേഷമാണ് സിനിമയിൽ അവൾക്ക് അവസരങ്ങൾ തേടി വന്നത്. വാർത്ത വരുന്നതിനുമുമ്പ് സിനിമയിൽ അഭിനയിക്കാനായി അവസരങ്ങളൊന്നും ഒരു സംവിധായകരും നൽകിയിട്ടില്ല. ജീവിതത്തിൽ ആശകൾ നൽകിയിരുന്നത് കലാഭവൻ മണിയായിരുന്നുവെന്നു അവൾ പറയുന്നു. അദ്ദേഹത്തിൻറെ മരണ ശേഷം കൊതിച്ചുപോയ അവളുടെ ആശകളും ഒപ്പം അസ്തമിച്ചുപോയിരുന്നു. കാര്യങ്ങൾ പ്രശ്ന സങ്കീർണ്ണമായതോടെ ജീവിക്കാൻ നിവൃത്തിയില്ലാതെ ആ പെൺകുട്ടി മീൻ കച്ചവടത്തിൽ ഏർപ്പെടുകയും ചെയ്തു.
ഹനാൻ പറയുന്ന വാക്കുകൾ കോളേജ് പ്രിൻസിപ്പാളും അവളുടെ ഡോക്ടറും പ്രൊഫസർമാരും ഒരുപോലെ ശരിവെക്കുന്നുണ്ട്. പലപ്പോഴും കോളേജിലെ ഫീസ് അടക്കാൻ നിവൃത്തിയില്ലാതെ വരുന്ന സമയങ്ങളിൽ കോളേജ് മാനേജ്‌മെന്റ് അവൾക്ക് ഇളവുകൾ നൽകാറുണ്ട്. അവളുടെ പ്രിൻസിപ്പാൾ പറഞ്ഞു, "ഹനാൻ പറയുന്നത് സത്യമാണ്. ഹൃദയം നിറഞ്ഞുള്ള അവളുടെ ക്യാമറായുടെ മുമ്പിലുള്ള ആ പൊട്ടിക്കരച്ചിലുകൾ യഥാർത്ഥ ജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. ഇത്തരത്തിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയെ സമൂഹം ആക്രമിക്കുന്ന ലക്ഷ്യങ്ങളും മനസിലാകുന്നില്ല."
ജീവിത യാഥാർഥ്യങ്ങൾക്കുമുമ്പിൽ പകച്ചുപോയ ഒരു പെൺകുട്ടി അതിജീവനത്തിനു വേണ്ടി പോരാടുമ്പോൾ അവളോട് സ്നേഹവാത്സ്യങ്ങൾ പ്രകടിപ്പിക്കുന്നതിനു പകരം ദയയില്ലാത്ത ട്രോളർമാരുടെ അപവാദ കഥകൾ തികച്ചും ദുഃഖകരവും സാമൂഹിക ദ്രോഹവുമാണ്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരേണ്ടതാണ്. അവൾക്കെതിരെയുള്ള ആരോപണങ്ങൾ ഒരു സമൂഹത്തെ മുഴുവൻ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ അസംബന്ധം പ്രചരിപ്പിച്ച ഏതാനും കുത്സിത ചിന്താഗതിക്കാരുടെ പേരുകളിൽ കേസുകൾ ചാർജ് ചെയ്തതും ആശ്വസകരമാണ്.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ നമ്മൾ ഉൾപ്പടെയുള്ളവർ പ്രവർത്തിച്ചെങ്കിൽ അതിനൊരു പുനർചിന്തനം ആവശ്യമാണ്. അറിഞ്ഞും അറിയാതെയും കൂട്ടുനിന്നവർ ആ പാവം പെൺകുട്ടിയുടെ ഹൃദയ വികാരങ്ങൾ മനസിലാക്കിയില്ല. സോഷ്യൽ മീഡിയാകളുടെയും മുഖ്യമാദ്ധ്യമങ്ങളുടെയും റിപ്പോർട്ടുകൾ ആധികാരികമായി അന്വേഷിക്കാതെ സ്വീകരിക്കുന്ന നയവും ശരിയല്ല. ഒരു വാർത്ത കണ്ടാലുടൻ അതിന്റെ സത്യാവസ്ഥ മനസിലാക്കാതെ ഫോർവേർഡ് ചെയ്യുന്നതിനു മുന്നെ വാർത്തയുടെ നിജസ്ഥിതി ഉറപ്പു വരുത്തുകയും വേണം. സഹായിച്ചില്ലെങ്കിലും ഒരു കൊച്ചു പെൺകുട്ടിയെ ഇങ്ങനെ ഉപദ്രവിക്കുന്നതും മനുഷ്യത്വരഹിതമാണ്.
ഹനാൻന്റെ ജീവിതാനുഭവങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ആ കുട്ടിയില്‍ അഭിമാനം തോന്നുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുകയുണ്ടായി. കേരളം മുഴുവന്‍ അവളെ പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് സാമൂഹിക മാദ്ധ്യമങ്ങൾ മനുഷ്യനെ ദ്രോഹിക്കാനുള്ള ഇരുതല വാളുകളേക്കാൾ ശക്തിയേറിയതായിരിയ്ക്കുന്നു. സോഷ്യൽ മീഡിയയിലെ ഇടപെടലില്‍ അതി സൂക്ഷ്മത പാലിക്കേണ്ടതായുമുണ്ട്.
അനുഭവങ്ങളുടെയും പാളിച്ചകളുടെയും മദ്ധ്യേ നിറഞ്ഞ പുഞ്ചിരിയോടെ ജീവിതം തള്ളി നീക്കുന്ന ഈ മലയാളി പെൺകുട്ടിയെ ഇന്ന് സ്വന്തം മകളാക്കാൻ ആഗ്രഹിക്കുന്നവർ അനവധി. തിരക്കുപിടിച്ച ജനജീവിതത്തിനിടയിൽ പാലാരി വട്ടം തമ്മനം കവലയിൽ മീൻ വിൽക്കുന്ന അവളെ അടുത്ത ദിവസം വരെ ആരും ശ്രദ്ധിച്ചിരുന്നില്ല. ഇന്ന് പതിനായിരങ്ങൾ അവളുടെ വാക്കുകളെ ശ്രവിക്കുന്നു. പേരിന്റെ അർത്ഥം പോലെ ആർദ്രയാണവൾ. മനസുനിറയെ ദുഃഖങ്ങൾ പേറുന്നുണ്ടെങ്കിലും അവളുടെ നിഷ്കളങ്കമായ മുഖഭാവങ്ങളിൽ അതൊന്നും പ്രകടമാവുന്നില്ല. മീൻ വിൽക്കാനായി അവൾ സൈക്കിൾ ചവിട്ടുന്നു. ഉമ്മയെയും അവളുടെ ആങ്ങളയെയും പോറ്റുന്നു. നാളത്തെ ശുഭദിനങ്ങളുടെ പ്രതീക്ഷകളുമായി കാലചക്രങ്ങളും അവൾക്കൊപ്പം ചലിക്കുന്നു. വലിയ ഭാഗ്യശാലിയായി അവളിനി കുതിച്ചുയരുന്നത് പരിഹസിച്ചവരും കളിയാക്കിയവരും അറിയുന്ന സമയം അതി വിദൂരമല്ല. കേരളമണ്ണിന് അഭിമാനമായ ഹനാൻ എന്ന ഈ ചുണക്കുട്ടീ യുവ തലമുറകൾക്ക് മാതൃകയാണ്. ഉണർവും ആവേശവും നൽകുന്നു. അവൾ പ്രകാശത്തിന്റെ കൈത്തിരിയും തെളിയിക്കുന്നു.