Sunday, October 28, 2018

പിണറായിയിലെ പാറയിൽ നിന്ന് അനന്തപുരിയിലേക്കുള്ള വിജയഗാഥ



ജോസഫ് പടന്നമാക്കൽ

രണ്ടാം ലോക മഹായുദ്ധകാലത്ത്! സൂര്യൻ അസ്തമിക്കാത്ത രാജ്യമായിരുന്ന ബ്രിട്ടൻ തകർന്നു തരിപ്പണമായിക്കൊണ്ടിരുന്നപ്പോൾ വിൻസ്റ്റൺ ചർച്ചിൽ ആ രാജ്യത്തിന് ഒരു ആവേശമായിരുന്നു. അതുപോലെ ചരിത്രത്തിൽ തന്നെ സംഭവിച്ച അതിദുരന്തമായ പ്രളയക്കെടുതിയിൽ ശ്രീ പിണറായി വിജയൻ കേരള സംസ്ഥാനത്തിന് ശക്തമായ ഒരു നേതൃത്വം കൊടുത്തുവെന്നുള്ള സത്യം പറയാതെ വയ്യ. കേരളത്തിന്റെ പുനർനിർമ്മാണമെന്നതു വിജയൻറെ മുമ്പിൽ ഇന്ന് ഒരു വെല്ലുവിളി തന്നെയാണ്. ഒരു പക്ഷെ അദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നായിരിക്കാം ഇത്. സ്വാതന്ത്ര്യം കിട്ടിയ കാലം ഇന്ത്യ പരിപൂർണ്ണമായും പാപ്പരത്വം നിറഞ്ഞ ഒരു രാജ്യമായിരുന്നു. വർഗീയ ലഹളകൾ രാജ്യം മുഴുവൻ ആളിക്കത്തുകയും രാജ്യം രണ്ടായി വിഭജിക്കേണ്ടി വരുകയുമുണ്ടായി. എന്നാൽ നെഹ്‌റു, പട്ടേൽ, അംബേക്കർ എന്നിങ്ങനെയുള്ള നേതാക്കന്മാരുടെ ധീരമായ നേതൃത്വത്തിൽ രാജ്യം കുതിച്ചുയരുകയും ഇന്ത്യ ഇന്ന് ലോകത്തിലെ ഒരു വൻശക്തികളിൽ ഒന്നാവുകയും ചെയ്തു. മൻമോഹൻ സിംഗ്, നരസിംഹ റാവൂ എന്നിവരുടെ തീക്ഷ്ണ ചിന്താഗതിയിൽ ഇന്ത്യ ഒരു സാമ്പത്തിക ശക്തിയാവുകയും ചെയ്തു. പുതിയ ഒരു നൂറ്റാണ്ടിലേക്ക്  അഭിമാനത്തോടെ തന്നെയാണ് നമ്മുടെ ഭാരതം കുതിച്ചുയർന്നത്.

1939-ലാണ്, കോൺഗ്രസ് പാർട്ടിയിൽ നിന്നും കമ്യൂണിസ്റ്റ് പാർട്ടിയുണ്ടാകുന്നത്. അത് 'പിണറായി' എന്ന സ്ഥലത്തെ പാറപ്പുറത്തു വെച്ചായിരുന്നു. പി. കൃഷ്‌ണപിള്ള, ഇ.എം.എസ് മുതലായ അന്നത്തെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ആ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അങ്ങനെയാണ് 'പിണറായി' എന്ന സ്ഥലത്തിന്റെ പ്രാധാന്യം വന്നത്. അതേ സ്ഥലത്തുനിന്നു തന്നെയാണ് പിണറായി വിജയൻ ഇന്ന് പാർട്ടിയുടെ സമുന്നത സ്ഥാനം വഹിക്കുന്നതും കേരളാ മുഖ്യമന്ത്രി പദവിയിൽ  വന്നെത്തിയതും.  കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ജന്മസ്ഥലമായ ചരിത്രം സൃഷ്ടിച്ച പിണറായി എന്ന ഗ്രാമത്തെ ശ്രീ പിണറായി വിജയൻ ഇന്ന് അഭിമാനപൂർവ്വമായിട്ടാണ് കാണുന്നത്.

കണ്ണൂർ ഡിസ്ട്രിക്റ്റിൽ 'പിണറായി' എന്ന ഗ്രാമത്തിൽ 1945 മെയ് മാസം 24-ന് മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായി വിജയൻ ജനിച്ചു. വിജയന്റേത് ഒരു ഒരു കർഷക കുടുംബമായിരുന്നു. മാതാപിതാക്കൾ കൃഷിഭൂമിയിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു ജീവിച്ചു വന്നിരുന്നത്. അദ്ദേഹത്തിൻറെ പിതാവ് ഒരു ചെത്തു തൊഴിലാളിയും അമ്മ കാർഷിക വൃത്തികളിൽ ഭർത്താവിനെ സഹായിച്ചും കുടുംബകാര്യങ്ങൾ അന്വേഷിച്ചും കഴിഞ്ഞു വന്നു. അദ്ദേഹം ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലത്തു പിതാവ് മരിച്ചുപോയിരുന്നു. അപ്പന്റെ മരണശേഷം കുടുംബത്തിലെ കാര്യങ്ങൾ മുഴുവൻ 'അമ്മ' അന്വേഷിച്ചു വന്നു. കുടുംബത്തിൽ പതിനാലു കുട്ടികളുണ്ടായിരുന്നതിൽ പതിനൊന്നു കുട്ടികളും നേരത്തെതന്നെ മരിച്ചുപോയിരുന്നു. പതിനാലാമത്തെ കുട്ടിയായിട്ടാണ് വിജയൻ ജനിച്ചത്.

മൂന്നു സഹോദരന്മാരിൽ നാണുവെന്ന മൂത്തയാളാണ് ഇന്നും ജീവിച്ചിരിക്കുന്നത്. കുമാരനെന്ന മറ്റൊരു ജേഷ്ടനുണ്ടായിരുന്നതും മരിച്ചുപോയി. കുറച്ചു കൃഷിയും നെല്ലുമൊക്കെയുണ്ടായിരുന്നതുകൊണ്ടു അല്ലലില്ലാതെ ഈ കുടുംബം കഴിഞ്ഞു പോന്നിരുന്നു. പിന്നീടുള്ള കാലങ്ങളിൽ സാമ്പത്തികമായി ഞെരുക്കങ്ങളും മറ്റു വിഷമഘട്ടങ്ങളും കടന്നുപോയിട്ടുണ്ട്. മൂത്തജേഷ്ഠൻ കുടുംബത്തിൽ നിന്ന് മാറിതാമസിക്കുകയും മറ്റൊരു ജേഷ്ഠനായ കുമാരൻ കർണ്ണാടകയിൽ ബേക്കറി ജോലിക്കായി പോവുകയും ചെയ്തു. അദ്ദേഹത്തിന്റെ പിതാവ് പ്രായമായപ്പോൾ ജോലി ചെയ്യാൻ കഴിയാതെ വന്നു. തന്മൂലം സാമ്പത്തികമായി ഞെരുക്കങ്ങൾ അനുഭവിക്കാനും തുടങ്ങി.

ശാരദാവിലാസം എൽ.പി. സ്‌കൂളിലാണ് വിജയൻ  സ്‌കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്. അവിടെ അഞ്ചാം തരം വരെ പഠിച്ചു. അഞ്ചാം ക്‌ളാസ്സു കഴിഞ്ഞു പിന്നീട് അദ്ദേഹത്തെ പഠിപ്പിക്കാൻ കുടുംബത്തിലുള്ള മറ്റുള്ളവർക്ക് ആഗ്രഹമുണ്ടായിരുന്നില്ല. അന്നത്തെ നാട്ടുനടപ്പനുസരിച്ചുള്ള മുതിർന്നവർ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസകാര്യങ്ങളിൽ താൽപ്പര്യം കാണിക്കില്ലായിരുന്നു. വിജയൻറെ ഗുരുവായിരുന്ന ഒരു ഗോവിന്ദൻ മാഷെന്ന നാട്ടുപ്രമാണി വിജയനെ തുടർന്നും പഠിപ്പിക്കണമെന്ന് അദ്ദേഹത്തിൻറെ അമ്മയെ വിളിച്ച് ആവശ്യപ്പെട്ടു. മകനെ ബീഡിത്തൊഴിൽ പഠിപ്പിക്കാനായി 'ബാലനെന്ന' ഒരാളിന്റെ അടുത്തു അദ്ദേഹത്തിൻറെ 'അമ്മ കൊണ്ടുപോയി. എന്നാൽ ബാലൻ വിജയനെ ബീഡിത്തൊഴിൽ ചെയ്യുന്നതിൽ നിരുത്സാഹപ്പെടുത്തുകയായിരുന്നു. അദ്ദേഹവും വിജയൻ പഠനം തുടരട്ടെയെന്നു പറഞ്ഞു ഉപദേശിച്ചു വിടുകയായിരുന്നു.

ഗോവിന്ദൻ മാഷിന്റെ നിർബന്ധത്തിൽ വിജയൻ  ആർ.സി. മാള യുപി സ്‌കൂളിൽ പഠനം തുടർന്നു. സ്‌കൂളിലെ അദ്ധ്യാപകർക്കെല്ലാം വിജയനെ വളരെ ഇഷ്ടമായിരുന്നു. ശങ്കരൻ മുൻഷിയെന്ന ഒരു സംസ്കൃത പണ്ഡിതനായ അദ്ധ്യാപകൻ അദ്ദേഹത്തിൻറെ അമ്മയെ വിളിപ്പിച്ചിട്ടു "ഈ കുട്ടി എവിടെ തോൽക്കുന്നുവോ അവിടം വരെ പഠിപ്പിക്കണമെന്ന്" പറഞ്ഞു. വിജയൻ പഠനത്തിൽ അതി സമർത്ഥനല്ലായിരുന്നെങ്കിലും എട്ടാം ക്ലാസ്സിൽ പബ്ലിക്ക് പരീക്ഷക്കിരുന്ന മൂന്നു കുട്ടികൾ പാസായതിൽ അദ്ദേഹവുമുണ്ടായിരുന്നു. മൊത്തം അന്നത്തെ ക്ലാസ്സിൽ നാൽപ്പതു കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു. യൂ. പി സ്‌കൂളിൽ പഠിക്കുന്ന കാലങ്ങളിൽ കഥാപ്രസംഗങ്ങൾ സ്‌കൂളിലുള്ള കലാപരിപാടികളിൽ അവതരിപ്പിക്കുമായിരുന്നു. അന്ന് തൊട്ടടുത്ത പഞ്ചായത്ത് ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങളെടുത്ത് വായിക്കുന്ന ശീലവുമുണ്ടായിരുന്നു. സ്വന്തം അമ്മയ്ക്ക് രാമായണവും ഭാഗവതവും കൃഷ്‌ണപ്പാട്ടും വായിച്ചു കൊടുക്കുമായിരുന്നു.

യൂപി സ്‌കൂൾ പഠനം കഴിഞ്ഞു വിജയൻ പെരളശേരി ഹൈസ്‌കൂളിൽ പഠനം തുടർന്നു. ചില മാജിക്ക് പണികളും സ്‌കൂളിൽ അവതരിപ്പിക്കാൻ അറിയാമായിരുന്നു. മാജിക്കെല്ലാം ഹൈസ്ക്കൂളിൽ ഒരു നാരായണൻ മാഷിൽനിന്നാണ് പഠിച്ചിരുന്നത്. ഹൈസ്ക്കൂൾ കാലത്ത് നാല്ലൊരു പ്രാസംഗികനായി തീർന്നു. 'അമ്മ' പ്രേതങ്ങളുടെ കഥ പറഞ്ഞിരുന്നതുകൊണ്ടു പേടി കൊണ്ട് പുറത്തിറങ്ങില്ലായിരുന്നു. അന്നൊക്കെ അദ്ദേഹത്തിന് പ്രേതങ്ങളോട് അതി ഭയങ്കര പേടിയായിരുന്നതിനാൽ ഒറ്റയ്ക്കിരുന്നു പഠിക്കാനും ഭയമായിരുന്നു. ഭയം മനസ്സിൽ സദാ ജ്വലിച്ചിരുന്നതിനാൽ അടുക്കള വാതിലിലുള്ള പടിയിന്മേൽ ഇരുന്ന് അമ്മയെ നോക്കിക്കൊണ്ടായിരുന്നു പഠിച്ചിരുന്നത്. ഭയം മൂലം തന്ത്രിമാരെക്കൊണ്ട് തലയ്ക്ക് പിടിപ്പിക്കാനായി 'അമ്മ ദേവീക്ഷേത്രങ്ങളിലും കൊണ്ടുപോകുമായിരുന്നു. ചെറുപ്പകാലങ്ങളിൽ ക്ഷേത്രങ്ങളിൽ പോവുമായിരുന്നെങ്കിലും ഒരു ദേവീ ദേവന്മാരെയും തൊഴില്ലായിരുന്നു. കാരണം, ചെറുപ്പത്തിൽ തന്നെ ഈശ്വരനെന്നുള്ള സങ്കൽപ്പത്തിൽ അദ്ദേഹത്തിന് വിശ്വാസമില്ലായിരുന്നു.

ഹൈസ്‌കൂൾ കഴിഞ്ഞപ്പോൾ വിജയൻ കർണ്ണാടകയിലുള്ള തന്റെ അമ്മാവൻ ഭദ്രാവതിയുടെ അടുത്തു പോയി കുറച്ചു നാൾ താമസിച്ചു. തിരിച്ചു നാട്ടിൽ മടങ്ങി വന്നപ്പോൾ കോളേജിൽ അപേക്ഷ കൊടുക്കേണ്ട സമയം കഴിഞ്ഞു പോയിരുന്നു. ആ വർഷം കോളേജിൽ പ്രവേശനം ലഭിക്കാൻ സാധിക്കാഞ്ഞതിനാൽ പഠനം നിർത്തേണ്ടി വന്നു. തന്മൂലം ഒരു നെയ്ത്ത് തൊഴിലാളിയായി ജോലി ചെയ്തു. നല്ലൊരു നെയ്ത്തുകാരനാവുകയും കുറച്ചു പണമുണ്ടാക്കുകയും ചെയ്തു.അതിനു ശേഷം തലശേരി ബ്രണ്ണൻ കോളേജിൽ പ്രീ യൂണിവേഴ്സ്റ്റിറ്റി പഠനം ആരംഭിച്ചു. അതേ കോളേജിൽ നിന്നും തന്നെ ഡിഗ്രിയും പൂർത്തിയാക്കി. കോളേജ് ചെലവിനായി ജോലി ചെയ്ത പണം പ്രയോജനപ്പെടുത്തുകയുമുണ്ടായി.

സ്‌കൂളിൽ പഠിക്കുന്ന കാലം മുതലേ വിജയൻ കമ്മ്യുണിസ്റ്റു ചിന്താഗതിക്കാരനായിരുന്നു.  മാർക്സിനെയും ലെനിനെയും സംബന്ധിച്ച ലഖുലേഖകൾ വായിക്കുമായിരുന്നു. കമ്മ്യുണിസത്തിൽ വിശ്വസിച്ചിരുന്ന ഒരു കുടുംബ പശ്ചാത്തലവും അദ്ദേഹത്തിനുണ്ടായിരുന്നു. 1948-ൽ കമ്മ്യുണിസ്റ്റുകാരെ കോൺഗ്രസ്സുകാർ വേട്ടയാടിയിരുന്ന കാലത്ത് അദ്ദേഹത്തിൻറെ ജേഷ്ഠൻ കുമാരനെ കമ്മ്യുണിസ്റ്റെന്ന നിലയിൽ പോലീസുകാർ ഭീകരമായ മർദ്ദിച്ച ചിത്രവും പറഞ്ഞുകേട്ട അറിവിൽ അദ്ദേഹത്തിൻറെ മനസിലുണ്ട്. അത് വിജയൻ തന്നെ പല തവണ പറഞ്ഞിട്ടുള്ള കഥയുമാണ്.

ബ്രെണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. പഠിക്കുന്ന കാലത്ത് അദ്ദേഹം സംഘടനകളിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നെങ്കിലും നേതൃസ്ഥാനത്ത് ഒരിക്കലും വന്നിട്ടില്ല. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസത്തിൽ ചിലപ്പോൾ വിദ്യാർത്ഥികൾ തമ്മിൽ വഴക്കുകൂടുമായിരുന്നു. വിജയൻ ശാരീരികമായി മെച്ചപ്പെട്ട ഒത്തയാളായിരുന്നതിനാൽ അദ്ദേഹത്തിനെതിരെ കൈകൾ ഉയർത്താൻ ആരും ധൈര്യപ്പെട്ടിരുന്നില്ല. പാർട്ടി പ്രവർത്തനങ്ങളിൽ പ്രതിയോഗികൾ ധാരാളം ഉണ്ടായിട്ടുണ്ട്. അന്നൊക്കെ കൈവെക്കാനും തല്ലു കൂടാനും അദ്ദേഹം മിടുക്കനായിരുന്നു. വിജയൻറെ ഭാര്യ കമലയുടെ അഭിപ്രായത്തിൽ 'അദ്ദേഹം തല്ലു കൊടുത്തിട്ടേയുള്ളൂ. തല്ല് മേടിച്ചിട്ടില്ലെ'ന്നുള്ളതാണ്. അടി വരുന്ന സമയം ഓടാറില്ലായിരുന്നു. നിന്നു തല്ലു കൊടുക്കുകയെന്നതായിരുന്നു അദ്ദേഹത്തിൻറെ രീതി. അതൊക്കെ വിദ്യാർത്ഥി ജീവിതത്തിന്റെ ഭാഗമായി അദ്ദേഹം കരുതുന്നു.

കേരളാ വിദ്യാർത്ഥി ഫെഡറേഷന്റെ കണ്ണൂർ ഡിസ്ട്രിക്റ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. പിന്നീട് ആ സംഘടന എസ്.എഫ്.ഐ ആയി വിപുലീകരിക്കുകയാണുണ്ടായത്. കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷനിൽ പ്രവർത്തിക്കുകയും പ്രസിഡണ്ട് പദവിയിലിരിക്കുകയുമുണ്ടായി. ഈ സംഘടന ഡെമോക്രറ്റിക്ക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന് പിന്നീട് അറിയപ്പെടാൻ തുടങ്ങി. അക്കാലങ്ങളിൽ കമ്മ്യുണിസ്റ്റുകാർ ഒളിസങ്കേതങ്ങളിൽ നിന്നുകൊണ്ടായിരുന്നു സംഘടനയെ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നത്. ഒന്നര വർഷത്തോളം പിണറായി വിജയന് ജയിൽ വാസം അനുഭവിക്കേണ്ടി വന്നു. അടിയന്തിരാവസ്ഥ കാലത്തു അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

1964-ൽ അദ്ദേഹം സിപിഎം കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നു. കമ്മ്യുണിസം പിളർന്ന ശേഷമാണ് കമ്മ്യുണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്. അന്ന് വലതുപക്ഷ ചിന്താഗതിക്കാരായ സിപിഐ പാർട്ടിയോട് അദ്ദേഹത്തിന് താൽപ്പര്യം വന്നില്ലെന്ന് അദ്ദേഹം തന്നെ തുറന്ന ആത്മകഥാരൂപത്തിൽ പറയുന്നുണ്ട്. അതിനുള്ള കാരണങ്ങളും വ്യക്തമാക്കുന്നുണ്ട്. 'അക്കാലത്തു സിപിഐ ഒരു തിരുത്തൽവാദ പാർട്ടിയായിട്ടാണ് അരങ്ങത്തു വരുന്നത്. കമ്മ്യൂണിസ്റ്റു സിദ്ധാന്തങ്ങളുടെ ആദർശങ്ങളിൽ നിന്നും വ്യതിചലിച്ച് അതിന്റെ സത്ത തന്നെ ഇല്ലാതാകുന്നുവോയെന്നും പൊതുവെ ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഇടതുപക്ഷ മുന്നണിയിൽ താൻ പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും' അദ്ദേഹം പറയുന്നു.

പിണറായി വിജയൻ, ഒരു അഭിമുഖ സംഭാഷണത്തിൽ കമ്മ്യുണിസം പിളരാനുള്ള സാഹചര്യങ്ങളെ വിശദീകരിക്കുന്നുണ്ട്. 'പാർട്ടിക്കുള്ളിലെ പ്രമുഖരായ നേതാക്കന്മാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കമ്മ്യുണിസ്റ്റ് പാർട്ടിയെ ഇടതും വലതുമായി വിഭജിക്കാൻ കാരണമായി. വലതുപക്ഷ കമ്മ്യുണിസ്റ്റ് പാർട്ടിയെ (സിപിഐ) വൻകിട ബൂർഷാകളുടെയും തൊഴിലുടമകളുടെയും നേതൃത്വത്തിലുള്ള ഒരു അധികാര വർഗമായി ഇടതു മുന്നണി കണ്ടു. അതിൽതന്നെ നിത്യം കമ്മ്യുണിസ്റ്റ് യോഗങ്ങളിൽ നിശിതമായ വിമർശനങ്ങളും തർക്കങ്ങളുമുണ്ടായിരുന്നു.' സിപിഐ നേതൃത്വം അങ്ങനെയൊരു ബൂർഷാ ഭരണം രാജ്യത്തിലില്ലെന്നും വാദിച്ചു. എല്ലാ മാസങ്ങളും അതേ ചൊല്ലി തർക്കങ്ങൾ നിഴലിച്ചുകൊണ്ടിരുന്നു. നിലവിലുള്ള സർക്കാരുകളെ നീക്കം ചെയ്യാൻ വിപ്ലവ പ്രസ്ഥാനങ്ങൾക്കും രൂപം കൊടുത്തു. എന്നാൽ അതിലുള്ള പ്രവർത്തകരെ തീരുമാനിക്കുമ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ വന്നു കൊണ്ടിരുന്നു.

മാർക്സിസ്റ്റ് പാർട്ടി (സി.പി.എം) തൊഴിലാളി വർഗ നേതൃത്വത്തിലുള്ള ഒരു ജനകീയ മുന്നേറ്റത്തിനായി വിഭാവന ചെയ്തു. എന്നാൽ സിപിഐ, തൊഴിലാളികളെ മാറ്റി നിർത്തി ഒരു സോഷ്യലിസ്റ്റ് ദേശീയ ജനാധിപത്യ മുന്നണി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. ദേശീയ ജനാധിപത്യ മുന്നണിയുടെ നേതൃത്വം തൊഴിലാളി വർഗത്തിന് കൊടുക്കാൻ സിപിഐ തയ്യാറുമല്ലായിരുന്നു. അതേ സമയം സിപിഎം കർഷക മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ പാർട്ടിയായി വളരാനും തുടങ്ങി. സിപിഐ ഒരു ദേശീയ ജനാധിപത്യ വിപ്ലവത്തിനു തുടക്കമിട്ടപ്പോൾ ഇങ്ങനെ വിപ്ലവത്തിൽക്കൂടി വരുന്ന ഗവണ്മെന്റിന്റെ കാര്യത്തിലും ഇരുമുന്നണികളും തർക്കങ്ങളുണ്ടായി. സിപിഐക്കാർക്ക് തൊഴിലാളി നേതൃത്വം എന്ന കാഴ്ചപ്പാടുണ്ടായിരുന്നില്ല. സിപിഐ ഒരു ദേശീയബുർഷായെ കണ്ടപ്പോൾ അക്കൂടെ തൊഴിലാളി വർഗം പങ്കെടുത്താൽ മതിയെന്ന ഒരു മാനദണ്ഡവും സിപിഎം മുന്നോട്ടു വെച്ചു. ഇതായിരുന്നു അടിസ്ഥാനപരമായ തർക്കങ്ങളും. ഒടുവിൽ പാർട്ടി പിളരുകയും ചെയ്തു. ആശയപരമായി പാർട്ടികൾ തമ്മിലുള്ള വൈരുദ്ധ്യങ്ങൾ ഇന്നും യാതൊരു വിത്യാസങ്ങളുമില്ലാതെ തുടർന്നു പോവുകയും ചെയ്യുന്നു.

1979 സെപ്റ്റംബറിൽ പിണറായി വിജയൻ, കമല വിജയനെ വിവാഹം ചെയ്തു. കമല ഒരു അദ്ധ്യാപികയായിരുന്നു. മകൾ വീണയും മകൻ വിവേകും, അവർക്ക് രണ്ടു മക്കളുണ്ട്. "വിജയൻ ഒരു കുടുംബസ്നേഹിയും നാല്ലൊരു ഭർത്താവും മക്കളോട് സ്നേഹമുള്ള പിതാവുമെന്ന്" കമല പറയുന്നു. പുറത്തുകാണുന്ന ഗൗരവം വീട്ടിൽ ഉണ്ടായിരുന്നില്ല. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളും അവരുടെ സ്വഭാവ രൂപീവൽക്കരണവും അതി സൂക്ഷ്മതയോടെ ശ്രദ്ധിക്കുമായിരുന്നു. മക്കൾ രാഷ്ട്രീയത്തിനായി വിജയൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. താനായിട്ടു മക്കൾ രാഷ്ട്രീയത്തിൽ വരാൻ ഒരിക്കലും പ്രേരണ ചെലുത്തിയിട്ടില്ല. "രാഷ്ട്രീയം എന്ന് പറയുന്നത് രാഷ്ട്രീയ ബോധമെന്ന താല്പര്യത്തിലൂടെ വരുന്നതെന്നു" വിജയൻ പറയാറുണ്ട്. അവിടെ മാതാപിതാക്കളുടെ  പ്രേരണ അദ്ദേഹം ആഗ്രഹിക്കുന്നില്ല.

1998 മുതൽ 2015 വരെ വിജയൻ പാർട്ടി സെക്രട്ടറിയായി സ്ഥാനം വഹിച്ചിരുന്നു. 1970,1977,1991 എന്നീ വർഷങ്ങളിലുണ്ടായ തെരഞ്ഞെടുപ്പുകളിൽ കൂത്തുപറമ്പിൽ നിന്നും എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1996-ൽ പയ്യന്നൂരിൽ നിന്നും 2016-ൽ ധർമദോൻ എന്ന മണ്ഡലത്തിലും സാമാജികനായി തെരഞ്ഞെടുത്തിരുന്നു. കേരളാസ്റ്റേറ്റ് സഹകരണ ബാങ്ക് പ്രസിഡണ്ടായും പ്രവർത്തിച്ചു. 1996-1998 വരെ ഈ.കെ. നായനാർ മന്ത്രിസഭയിലെ വിദ്യുച്ഛക്തി മന്ത്രിയുമായിരുന്നു. 2002-ൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യുറോ അംഗമായി. പിണറായും വി.എസ് അച്യുതാനന്ദനും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും വാക്ക് സമരവും മൂലം രണ്ടുപേരെയും കമ്മ്യുണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യുറോയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. പിന്നീട് പിണറായിയെ വീണ്ടും പോളിറ്റ്ബ്യുറോയിലേക്ക് തിരിച്ചെടുത്തു. 2016 മെയ് ഇരുപത്തിയഞ്ചാം തിയതി കേരളത്തിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയെന്ന നിലയിൽ ശ്രീ പിണറായി വിജയൻ സത്യപ്രതിജ്ഞയുമെടുത്തു. പത്തൊമ്പത് മന്ത്രിമാരുൾപ്പടെ മന്ത്രിസഭയും രൂപീകരിച്ചു. മുഖ്യമന്ത്രിപദം കൂടാതെ ആഭ്യന്തര ചുമതലയും അദ്ദേഹം വഹിക്കുന്നു.

'ലാവ്‌ലിൻ കേസിൽ' പിണറായി പ്രതിയായിരുന്നു. ആ കേസ് കെട്ടിച്ചമച്ചതെന്ന് ഹൈക്കോടതിയിൽ തെളിയുകയും ചെയ്തു. പിണാറായിയെ തെരഞ്ഞുപിടിച്ച് കുറ്റപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞതുകൊണ്ടാണ് ഹൈക്കോടതി കേസ് തള്ളിയത്. ലാവ്‌ലിൻ കേസുമായി സംബന്ധിച്ച് പല മന്ത്രിമാരും സാമ്പത്തിക അഴിമതികൾക്ക് കൂട്ടു നിന്നെങ്കിലും പിണറായിയെ രാഷ്ട്രീയമായി തേജോവധം ചെയ്യാൻ ചില രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ച വസ്തുതകളും ഹൈക്കോടതി വിധിയിൽ സൂചിപ്പിച്ചിരുന്നു. പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള കീഴ്‌ക്കോടതി വിധിയിന്മേൽ ഹൈക്കോടതി വിധി ശരി വെക്കുകയായിരുന്നു. കേസിലെ വസ്തുതകളെ നല്ലവണ്ണം പഠിച്ച ശേഷമായിരുന്നു ഹൈക്കോടതി അങ്ങനെ ഒരു വിധി നടപ്പാക്കിയത്. വിജയൻ ഈ കേസിൽ സാമ്പത്തിക ലാഭം ഉണ്ടാക്കിയില്ലെന്ന് ശത്രു പക്ഷങ്ങൾക്കുപോലും വ്യക്തമായി അറിയാമായിരുന്നു. അദ്ദേഹത്തിൻറെ രാഷ്ട്രീയമായ വളർച്ച എതിർ രാഷ്ട്രീയ പാർട്ടികളെ അങ്കലാപ്പിലാക്കിയിരുന്നു.

ഏ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്തിലാണ് ഈ കേസ് ആദ്യം വരുന്നത്. അക്കാലഘട്ടത്തിലാണ് കേരളത്തിന്റെ വൈദ്യുതിക്ഷാമം പരിഹരിക്കാനായി ലാവ്‌ലിൻ കരാറിൽ ഒപ്പിടുന്നത്. വാസ്തവത്തിൽ പിണറായി വിജയൻ ആ കരാർ തീരുമാനം തുടരുക മാത്രമാണ് ചെയ്തത്. എ.കെ ആന്റണിയെയും കാർത്തികേയനെയും കുടുക്കാൻ വേണ്ടി അന്നത്തെ പ്രമുഖരായ ചില  കോൺഗ്രസ്സ് നേതാക്കന്മാർ തന്നെ ലാവ്‌ലിൻ കേസ് അവതരിപ്പിക്കുകയായിരുന്നു. പിന്നീട് പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രി ആകരുതെന്നു ചിന്തിച്ച വക്ര ചിന്താഗതിക്കാരായ കോൺഗ്രസുകാരും കമ്മ്യുണിസ്റ്റ്കാരും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. 240 കോടി രൂപയുടെ പ്രൊജക്റ്റിനു 340 കോടി രൂപ നഷ്ടമുണ്ടായിയെന്നായിരുന്നു ആരോപണം. അതുതന്നെ ഒരു ഭാവനാ സൃഷ്ടിയായിരുന്നു.

കേരളത്തിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമുണ്ടായപ്പോൾ ബാഹ്യലോകം മുഴുവൻ കേരളത്തിന്റെ നാശനഷ്ടങ്ങളെയും ദുരന്തങ്ങളേയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു മഹാപ്രളയത്തെ  അഭിമുഖീകരിക്കുന്നതിൽ കേരള സർക്കാർ വഹിച്ച ധീരമായ പ്രവർത്തനങ്ങളെ മാതൃകയാക്കണമെന്ന് ലോകരാഷ്ട്രങ്ങളിൽ പ്രമുഖരായവരിൽ പലരും അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ അത്തൊരുമൊരു വിജയപൂർവ്വമായ പ്രളയ പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് പിണാറായി വിജയനു തന്നെ നൽകണം. വിജയന് അതിൽ അഭിമാനിക്കുകയും ചെയ്യാം. 'സർക്കാർ', ജനങ്ങൾക്കൊപ്പമെന്ന അർത്ഥവത്താക്കുന്ന ഒരു കാലഘട്ടത്തിൽക്കൂടിയാണ് പിണറായി സർക്കാർ കേരള ജനതയെ നയിക്കുന്നത്.

പ്രളയകാലത്തിൽ ശ്രീ പിണറായി അവലംബിച്ച ധീരമായ  നിലപാടിനെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. വികസിത രാജ്യങ്ങളിൽ ആളും പണവും ആധുനിക ടെക്‌നോളജിയും ഉണ്ടെങ്കിലും അവർക്കു പോലും സാധിക്കാത്ത നേട്ടങ്ങളാണ് ശ്രീ പിണറായിവിജയൻറെ നേതൃത്വത്തിൽ കേരളം കൈവരിച്ചത്. തീർച്ചയായും ഇവിടുത്തെ മത്സ്യത്തൊഴിലാളികളും പ്രളയ ദുരന്തത്തിൽനിന്നുമുള്ള കരകയറ്റലിനു കാരണമായിരുന്നുവെന്ന കാര്യവും മറക്കുന്നില്ല. കേരളം ഒറ്റക്കെട്ടായി നിന്ന് പിണറായി വിജയനോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ചതും അദ്ദേഹത്തിൻറെ വിജയമായിരുന്നു. സത്യസന്ധനായ ഒരു നേതാവിന്റെ മുഖമാണ് അന്ന് കേരള ജനത തിരിച്ചറിഞ്ഞത്.

പ്രളയം കേരളത്തെ തകർത്തപ്പോൾ ജാതി മത ഭേദമില്ലാതെ കേരളത്തിലെ എല്ലാ ജനതകളെയും ഒന്നുപോലെ അണിനിരത്തി പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹത്തിൻറെ സമയോചിതമായ നീക്കങ്ങൾ മൂലം പതിനായിരക്കണക്കിന് മനുഷ്യ ജീവനുകളാണ്  രക്ഷപ്പെട്ടത്. കേരളത്തിന്റെ പുനർനിർമ്മാണമെന്ന ഒരു സ്വപ്നമേ ഇന്ന് അദ്ദേഹത്തിനുള്ളൂ. അതിനായി സ്വന്തം ആശയങ്ങളെപ്പോലും മറന്ന് തൊഴിലാളി മുതലാളി വ്യത്യാസമില്ലാതെ ലോകത്തിന്റെ ഏതു കോണിൽനിന്നും കിട്ടുന്ന സഹായങ്ങൾ തേടിക്കൊണ്ടിരിക്കുന്നു. ജീവിതവുമായി പടവെട്ടുന്നവർക്കുവേണ്ടി, ജനക്ഷേമത്തിനായി, ഇറങ്ങി തിരിച്ചിരിക്കുന്ന അദ്ദേഹം ആരുടേയും വിമർശനങ്ങൾക്ക് ചെവികൊടുക്കാറില്ല.

പ്രളയം മൂലം നാശനഷ്ടങ്ങൾ സംഭവിച്ച കേരളത്തെ വീണ്ടും ആധുനികമായ രീതിയിൽ  പടുത്തുയർത്തണമെന്ന ലക്ഷ്യമാണ് ശ്രീ പിണറായി വിജയനെ ഇന്ന് നയിക്കുന്നത്. പ്രളയത്തിനു മുമ്പ് കേരളത്തിൽ കത്തി ജ്വലിച്ചിരുന്ന വർഗീയതയുടെ തീനാളങ്ങൾക്ക് ശമനം വന്നിരുന്നുവെങ്കിലും സമീപകാലത്തെ ശബരിമലയിലെ പ്രശ്നങ്ങൾ കേരളത്തെ വീണ്ടും പഴയ അവസ്ഥയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നുമുണ്ട്. ജാതിയുടെ പേരിൽ മനുഷ്യമനസ്സിൽ കയറിയിരുന്ന വിഷം വീണ്ടും പൂർവസ്ഥിതിയിലേക്ക് പോവുന്നതല്ലാതെ മാറ്റങ്ങൾക്ക് പ്രതീക്ഷകൾ ഒന്നും കാണുന്നില്ല. പുതിയൊരു കേരള സൃഷ്ടിക്കായി കുറഞ്ഞത് 40000 കോടി രൂപയെങ്കിലും കണ്ടത്തേണ്ടിയിരിക്കുന്നു. രാഷ്ട്രീയ വൈവിധ്യങ്ങളിലും സമുദായ മത്സരത്തിലും ഒരു ആപത്തു വരുമ്പോൾ കേരളജനത ഒറ്റക്കെട്ടായിരിക്കുമെന്ന് ഈ പ്രളയം തെളിയിച്ചിരിക്കുകയാണ്.

പ്രകൃതി ദുരന്തങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിലും സംഭവിച്ചിട്ടുണ്ട്. ഗുജറാത്തിലുണ്ടായ ഭൂമി കുലുക്കം പതിനായിരങ്ങളുടെ ജീവിതമായിരുന്നു കവർന്നെടുത്തത്. ഇന്ന് വളരെയധികം വിമർശനങ്ങളിൽക്കൂടി കടന്നു പോവുന്ന നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിനെ പുനഃദ്ധരിക്കാൻ ധീരമായ ഒരു നിലപാടായിരുന്നു അദ്ദേഹം അന്ന് എടുത്തത്. ഗുജറാത്തിന്റെ മുഖച്ഛായ തന്നെ മാറ്റി ഭൂമി കുലുക്കം ബാധിച്ച പ്രദേശങ്ങളെ പുനരുദ്ധരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റ വിജയകരമായ പുനർനിർമ്മാണ പ്രവർത്തനങ്ങളെ രാഷ്ട്രീയ പ്രതിയോഗികൾ പോലും അഭിനന്ദിക്കാറുണ്ട്. അതേ വെല്ലുവിളികൾ തന്നെയാണ് കേരളത്തിൽ വിജയനും നേരിടുന്നത്. ലക്ഷങ്ങളുടെ ജീവിതമാണ് ഇന്ന് ദുഷ്ക്കരമായിരിക്കുന്നത്. അനേകായിരങ്ങൾ ഭവന രഹിതരായി. മാരകമായ രോഗങ്ങൾ പടരാതിരിക്കാൻ ആരോഗ്യ മേഖലകൾ വിപുലീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ തലത്തിൽ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ നിശിതമായി വിമർശിക്കുന്നുണ്ടെങ്കിലും പ്രളയത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെ പിണറായി വിജയൻ അഭിനന്ദിക്കുകയാണ് ചെയ്തത്.

വിജയൻറെ ഇന്നത്തെ പ്രവർത്തനങ്ങളെ വിലയിരുത്താൻ ഒരു 'വിജയൻ ലെഗസി' തന്നെ വേണ്ടി വരും. കാരണം, പതിറ്റാണ്ടുകളുടെ മുന്നോട്ടുള്ള പ്രയാണങ്ങളിൽക്കൂടി മാത്രമേ വിജയൻറെ ഇന്നത്തെ നേട്ടങ്ങളെ അവലോകനം ചെയ്യാൻ സാധിക്കുള്ളൂ. ഭാവിയിലും ഇനിയും വരാൻ പോവുന്ന പ്രകൃതി ദുരന്തങ്ങളിൽനിന്നും രക്ഷപ്പെടാനുള്ള ആധുനിക ടെക്‌നോളജി സംവിധാനങ്ങളും വികസനപദ്ധതികളും കേരളത്തിൽ നടപ്പിലാക്കേണ്ടതായുണ്ട്.













Saturday, October 20, 2018

ശബരിമല ക്ഷേത്രവും യുവതികളുടെ പ്രവേശനവും, അവലോകനം


ജോസഫ് പടന്നമാക്കൽ

അയ്യപ്പ ശാസ്താവിന്റെ പ്രതിഷ്ഠയിലുള്ള ശബരിമല അമ്പലം കേരളത്തിന്റെ കിഴക്കേ അറ്റത്ത് പത്തനംതിട്ട ജില്ലയിലുള്ള നിലയ്ക്കൽനിന്നും ഇരുപത്തിമൂന്നു മൈൽ ദൂരെ ഉൾവനങ്ങൾ കടന്നുള്ള വനാന്തരങ്ങളിൽ സ്ഥിതി ചെയ്യുന്നു. പുരുഷന്മാർക്കും പത്തു വയസ്സിനു താഴെയുള്ള ബാലികാമാർക്കും അമ്പതു വയസിനു മുകളിലുള്ള സ്ത്രീകൾക്കും മാത്രം പ്രവേശനമുണ്ടായിരുന്ന ഈ അമ്പലത്തിൽ പുതിയ സുപ്രീം കോടതി വിധിയോടെ ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്നുള്ള നിയമം വന്നിരിക്കുകയാണ്. സുപ്രീം കോടതിയുടെ ഈ വിധിക്കെതിരെയുള്ള  പ്രതിക്ഷേധങ്ങൾ കേരളമൊന്നാകെ ഇന്ന് ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ പ്രതിധ്വനി ലോകമെമ്പാടെയുള്ള മലയാളികളിലും മുഴങ്ങി കേൾക്കാം.

പന്തളത്തു രാജാവിന്റെ വളർത്തുപുത്രനായ മണികണ്ഠനും അയ്യപ്പനും ഒന്നാണെന്നുള്ള വിശ്വാസമാണ് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.  മണികണ്ഠൻ അയ്യപ്പന്റേയോ ശാസ്താവിന്റെയോ മനുഷ്യരൂപമെന്നാണ് വിശ്വാസം. കഥയനുസരിച്ച് മണികണ്ഠൻ നൈഷ്ഠിക ബ്രഹ്മചാരിയാകുന്നു. അതേ  സമയം മണികണ്ഠന്റെ മനുഷ്യശരീരം ശബരിമല ശാസ്താവെന്ന ബ്രഹ്മത്തിൽ ലയിച്ചുവെന്നും വിശ്വസിക്കുന്നു. അതുകൊണ്ടാണ് ശാസ്താവായ  ദൈവത്തെ മണികണ്ഠൻ എന്നും വിളിക്കുന്നത്. ധർമ്മശാസ്താ അഥവാ അയ്യപ്പനെന്നുള്ളത് അവിവാഹിതനായ ഒരു ദൈവമാണ്. എന്നാൽ തമിഴ് ഐതിഹ്യം അനുസരിച്ച് ശാസ്താവ് വിവാഹിതനാണ്. ശാസ്താവിന് രണ്ടു ഭാര്യമാരുണ്ടായിരുന്നു. അച്ചൻ കോവിലാറിനടുത്ത് മറ്റൊരു അയ്യപ്പൻറെ അമ്പലവും ഉണ്ട്. 'പുഷ്കല എന്നും പൂർണ' എന്നുമായിരുന്നു ഭാര്യമാരുടെ പേരുകൾ. അച്ചൻകോവിലിനുള്ളിലെ അയ്യപ്പനെ പൂജിക്കുന്നത് രണ്ടു ഭാര്യമാർ എന്ന നിലയിലാണ്.

ശാസ്താവിനോടുള്ള ആരാധന ശബരിമലയിൽ മണികണ്ഠനു മുമ്പുതന്നെ പ്രചാരത്തിലുണ്ടായിരുന്നു. ഇന്നും ശബരിമലയിൽ ആരാധിക്കുന്നത് ധർമ്മ ശാസ്താവെന്ന നിലയിലാണ്. അല്ലാതെ പന്തളം രാജാവിന്റെ ദത്തുപുത്രൻ മണികണ്ഠനെന്ന നിലയിലല്ല. ഓരോ സ്ഥലത്തും നിലനിന്നു പോരുന്ന  ഐതിഹ്യ കഥകൾ മാറ്റാനും എളുപ്പമല്ല. ശാസ്താവ്  വിവാഹിതനായ ദൈവമായതുകൊണ്ടു ബ്രഹ്മചാരിയായ അയ്യപ്പനെന്ന ഒരു ദൈവവുമായി യോജിപ്പിക്കാനും സാധിക്കില്ല. യുക്തി സഹജവുമല്ല.

മത വിശ്വാസങ്ങൾ എല്ലാം തന്നെ മനുഷ്യ നിർമ്മിതമാണ്. ഒരു വിശ്വാസവും ദൈവത്തിന്റെ കരവേലകൾകൊണ്ട് നിർമ്മിച്ചതല്ല. ക്രിസ്തീയതയിൽ പത്തു ദൈവ കൽപ്പനകൾ മോസ്സസിന്'  കൊടുത്തതായി വിശ്വസിക്കുന്നു. എന്നാൽ ഹിന്ദു മതത്തിന് അങ്ങനെ ദൈവ കല്പനകളായി ഒന്നും തന്നെയില്ല. എല്ലാ പാരമ്പര്യ വിശ്വാസങ്ങളും കാലാകാലങ്ങളായി അതാത് ദേശത്തിനൊത്തു വന്നതാണ്. പലതും ഐതിഹ്യ കഥകൾകൊണ്ട് കോർത്തിണക്കിയതാണ്.  സ്ത്രീകൾ അയ്യപ്പൻറെ വിഗ്രഹത്തിനു മുമ്പിൽ എത്തിയാൽ  അയ്യപ്പൻറെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നു ആരുടെയോ ഭാവനയിലും മുളച്ചുവന്നു. അടിസ്ഥാനമില്ലാത്ത ഈ വിശ്വാസം ഒരു പുരാണത്തിലും സൂചിപ്പിച്ചിട്ടില്ല. മനുഷ്യൻ വാമൊഴിയായി തുടർന്ന ഒരു പാരമ്പര്യം മാത്രമേ അതിൽനിന്നും മനസിലാക്കേണ്ടതുള്ളൂ.

ദൈവവും മനുഷ്യരും തമ്മിൽ വ്യത്യാസമുണ്ട്. ദൈവം എന്നത് എല്ലാ വൈകാരിക ഭാവാദികൾക്ക് അധീനമെന്നാണ് വെപ്പ്. ഭൗതികമായും വൈകാരികമായുമുള്ള ചിന്തകളിൽനിന്നും ദൈവം വേറിട്ട് നിൽക്കുന്നു. ദൈവം സൃഷ്ടിയായ സ്ത്രീയെ ആകർഷിക്കുന്ന ഒരു സത്തയല്ല. ദൈവമെന്നു പറയുന്നത് മായാലോകത്തിൽനിന്നും ഉപരിയായ അനാദിയെന്നും മതം പഠിപ്പിക്കുന്നു. മനുഷ്യൻ അതിന്റെ ഘടകം മാത്രം. ഹിന്ദു മതം അനുസരിച്ച് ഓരോ സൃഷ്ടിയും ദൈവതുല്യമായിട്ടാണ്, കരുതുന്നത്. ഓരോ ജീവജാലങ്ങളിലും ആത്മം കുടികൊള്ളുന്നു. അവനിലെ ആത്മം സ്വതന്ത്രമാകുമ്പോൾ അവൻ തന്നെ ദൈവമാകുന്നു. അതാണ് 'തത് ത്വം അസി' ('Tat Tvam Asi') എന്ന് പറയുന്നത്. 'തത്വമസി' അതിന്റെ അർത്ഥം 'നീയാണ് അത്' ((divinity). ഈ ദൈവിക വാക്കാണ് ശബരിമലയുടെ മുമ്പിലായി എഴുതി വെച്ചിരിക്കുന്നത്. എല്ലാ മനുഷ്യരും ദൈവമാണെന്നുള്ള സന്ദേശം ശാസ്താവിൽക്കൂടി സ്വാഗതം ചെയ്യുന്നു. ഓരോരുത്തരും ദൈവത്തെ തേടിയുള്ള അന്വേഷണത്തിൽ , അവനിലുള്ള 'ആത്മം' സ്വതന്ത്രമാകണം. അങ്ങനെ അയ്യപ്പനെപ്പോലെ ദൈവമാകണം. ഹൈന്ദവത്തിൽ സ്ത്രീയും ദൈവമാണ്. അയ്യപ്പനെപ്പോലെ ആത്മാവിൽ സ്വതന്ത്രമാകണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീക്കും ശാസ്താവിന്റെ മുമ്പിൽ തൊഴാൻ അവകാശമുണ്ട്. അവളുടെ അവകാശങ്ങളെ നിഷേധിക്കുന്നതും യുക്തമല്ല. അത്, സമത്വമെന്ന ജനകീയ ചിന്തകൾക്കു വ്യതിചലനമുണ്ടാക്കുന്നു.

ശബരിമലയിലെ ശാസ്താവായ മണികണ്ഠൻ ബ്രഹ്മചര്യത്തിൽക്കൂടി, കഠിനാധ്വാനത്തിൽക്കൂടി  മനുഷ്യഹൃദയങ്ങളെ പ്രകാശിപ്പിക്കുന്ന ദൈവമായി. ലോകത്തിന്റെ ആഗ്രഹങ്ങളെയും ആനന്ദത്തെയും കീഴടക്കി. ഒരു സ്ത്രീ മുമ്പിൽ നിന്നാൽ അയ്യപ്പൻ കുലുങ്ങുകയില്ല. അയ്യപ്പനോട് പ്രാർത്ഥിച്ചാലോ അനുഗ്രഹം നേടിയാലോ ദൈവമായി തീർന്ന അയ്യപ്പനിൽ യാതൊരു ചലനവും സൃഷ്ടിക്കാൻ പോവുന്നില്ല. അയ്യപ്പനെ വാസ്തവത്തിൽ അർത്ഥമില്ലാത്ത പ്രചാരണങ്ങളിൽക്കൂടി വിലയിടിക്കുകയാണ്. അയ്യപ്പൻ ഭൗതിക ചിന്തകൾക്കു മേലെ ദൈവമായതിനാൽ സ്ത്രീകളെ വിവേചിക്കുവാൻ സാധിക്കില്ലെന്ന് വിശ്വസിക്കുന്നതായിരിക്കണം കൂടുതൽ യുക്തി.

ശബരിമലയിൽ ഹിന്ദു പാരമ്പര്യത്തേക്കാൾ കൂടുതലായും കാണുന്നത് ബുദ്ധമതത്തിന്റെ ചിന്തകളുൾപ്പെട്ട സത്യങ്ങളിലാണ്. 'ബ്രഹ്മചര്യം' എന്നുള്ളത് ബുദ്ധമതത്തിൽ വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. ദൈവികത്വത്തിന്റെ അഴകാർന്ന പ്രകാശ സ്തൂപങ്ങളെ  ബ്രഹ്മചര്യത്തിൽക്കൂടി കാണുന്നു. എന്നാൽ അത് ഹിന്ദു വിശ്വാസമല്ല. ഹിന്ദുമത വിശ്വാസമനുസരിച്ച് 'ബ്രഹ്മചര്യം' എന്നുള്ളത് പരമപ്രധാനമായിട്ടുള്ളതല്ല. ഹിന്ദുമതം രണ്ടു ശക്തി വിഭാഗങ്ങളിൽ വിശ്വസിക്കുന്നു. ശിവൻ എന്ന പുരുഷനിലും ശക്തിയെന്ന സ്ത്രീയിലും  ഒരുപോലെ വിശ്വസിക്കുന്നു.   മണികണ്ഠൻ എന്ന നിത്യ ബ്രഹ്മചാരി , ശിവൻ-വിഷ്ണു പുരുഷ ദൈവങ്ങളുടെ സന്താനമാണെങ്കിലും ഹിന്ദുക്കൾ വിശ്വസിക്കുന്നത് അവിടെ വിഷ്ണു സ്ത്രീ രൂപീകരണം പ്രാപിക്കണമെങ്കിൽ 'സ്ത്രീശക്തി' ആവശ്യമെന്നാണ്. 'വിഷ്ണു' സ്ത്രീ രൂപമായ മോഹിനിയായി വന്നു അയ്യപ്പനെ ജനിപ്പിക്കുകയായിരുന്നു. 'പാർവതി' എന്ന ദേവതയുടെ സ്ത്രീ സത്തയില്ലാതെ ശിവനെ പൂർണ്ണ ദൈവമായി കണക്കാക്കാൻ സാധിക്കില്ല. അങ്ങനെയെങ്കിൽ 'ഞാൻ ദൈവം' എന്ന സത്തയെ കണ്ടെത്തുന്ന തീർത്ഥ യാത്രയിൽ സ്ത്രീയെ തഴയുന്നത് എന്തിന്?

എല്ലാ ഹിന്ദു ദൈവങ്ങളിലും ഒരു സ്ത്രീശക്തിയുടെ പ്രതിരൂപവും കാണാം. ശാസ്താവിനും ഭാര്യമാരുണ്ടായിരുന്നു. മുരുഗൻ ബ്രഹ്മചാരിയെന്നു വിശ്വാസമുണ്ടെങ്കിലും മുരുഗനും ഭാര്യയുണ്ടായിരുന്നു. അതുകൊണ്ടു പൗരാണിക ഹിന്ദുമതം ബ്രഹ്മചര്യത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. അയ്യപ്പനെപ്പറ്റി ഒരേ ശ്വാസത്തിൽ രണ്ടു തത്ത്വ ചിന്തകൾ സൃഷ്ടിക്കുക എന്നതും എളുപ്പമല്ല. ബുദ്ധമതത്തെ ഹൈന്ദവ മതം സ്വീകരിക്കാതെ പരിപൂർണ്ണമായ ഒരു ഹിന്ദുവെന്നു ചിന്തിക്കാനും സാധിക്കില്ല.

നിത്യ ബ്രഹ്മചാരിയായിട്ടാണ് ഭക്തജനങ്ങൾ അയ്യപ്പനെ ആചരിക്കുന്നതെങ്കിലും ചില അമ്പലങ്ങളിൽ അയ്യപ്പന് ഭാര്യയും മക്കളുമുള്ളതായ ഐതിഹാസിക ചരിത്രങ്ങളും ഉണ്ട്. പാരമ്പര്യം അനുസരിച്ച് ആർത്തവ കാലങ്ങൾ കടന്നുപോകുന്ന സ്ത്രീകൾ ശബരി മലയിൽ സന്ദർശിക്കാൻ പാടില്ലാന്നുള്ളതാണ്. അത് വ്രതം എടുത്തിരിക്കുന്ന അയ്യപ്പ ഭക്തന്മാർക്ക് തടസങ്ങൾ ഉണ്ടാക്കുന്നുവെന്ന ന്യായങ്ങളും ഉന്നയിക്കുന്നു. ശബരിമല പ്രവേശനത്തിൽ പത്തു വയസിനും അമ്പതു വയസിനുമിടയിലുള്ളവർക്കുള്ള നിയന്ത്രണം പഴയ കാലങ്ങളിലുണ്ടായിരുന്നില്ല. സുപ്രീം കോടതിയുടെ ഈ നിയമം പ്രാബല്യത്തിലാകാൻ കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വരും. അതിന്റേതായ പ്രാഥമികമായ നടപടികൾ ഇനിയും നടപ്പാക്കേണ്ടതായുണ്ട്.

ഇന്ത്യയിലെ 'മതേതരത്വം' അമേരിക്കയിലെയോ യൂറോപ്പിലെയോ മതേതരത്വ ചിന്താഗതികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. മതേതരത്വത്തിന് നിരവധി നിർവചനങ്ങളുണ്ടെങ്കിലും എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കണമെന്നുള്ള ഒരു ഭരണഘടനയാണ്, ഇന്ത്യയ്ക്കുള്ളത്. ഒരു മതത്തിന്റെ ആചാരങ്ങളിൽ രാജ്യം ഇടപെടരുതെന്നുമുണ്ട്. അതായത് മതത്തിന്റെ പാരമ്പര്യങ്ങളെ മാറ്റുവാനുള്ള അവകാശം മതേതരത്വത്തിൽ അടിസ്ഥാനമായ രാജ്യത്തിനില്ല. മതത്തിന്റെ മൗലിക സ്വാതന്ത്ര്യങ്ങളിൽ സർക്കാർ ഇടപെട്ടാൽ സർക്കാരിന് മതത്തിന്റെ മേൽ അധികാരമുണ്ടെന്നും വരും. എല്ലാ സമൂഹങ്ങളെയും മതങ്ങളെയും ഒന്നുപോലെ പരിഗണിക്കുകയെന്നതും മതേതരത്വത്തിന്റെ അടിസ്ഥാനതത്ത്വവും കൂടിയാണ്. സ്ത്രീകളുടെ ശബരിമലയിലുള്ള അമ്പല പ്രവേശനം സംബന്ധിച്ചുള്ള വിധിയെ ഒന്ന് ചിന്തിക്കുക. ഓരോ മതക്കാരും അവരുടെ സ്വാതന്ത്ര്യം അനുസരിച്ച് തങ്ങളുടെ ആചാരങ്ങൾ സംരക്ഷിക്കുന്നത് മനസിലാക്കാം. സ്ത്രീകളെ എന്തുകൊണ്ട് അമ്പലത്തിൽ പ്രവേശിപ്പിക്കുന്നില്ലെന്നും മനസിലാക്കാം. എന്നാൽ  അത് സ്ത്രീകളുടെ തുല്യതയെ, അവരുടെ സമത്വം സ്വാതന്ത്ര്യം എന്ന അവകാശങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.

സർക്കാർ എല്ലാ മത സമൂഹങ്ങളോടും 'തുല്യത' എന്ന് പറഞ്ഞാൽ ഒന്നുകിൽ സ്റ്റേറ്റ് എല്ലാ മതങ്ങളുടെയും ആചാരങ്ങളിൽ തുല്യമായി ഇടപെടണം. ഇല്ലെങ്കിൽ സ്റ്റേറ്റ് ഇടപെടാതെ മതങ്ങൾ അവരുടെ ആചാരങ്ങൾ തുടരട്ടെയെന്ന് തീരുമാനിക്കണം. അങ്ങനെ മതവും സ്‌റ്റേറ്റും തമ്മിൽ തുല്യമായ സമദൂരം പാലിക്കേണ്ടതായുണ്ട്. കോടതി വിധിയെ മാനിച്ചാലും ഇല്ലെങ്കിലും ഈ വിധി പ്രത്യേകമായ ഒരു സ്ഥലത്തിലെ അമ്പലത്തിനുവേണ്ടിയെന്നതും പ്രത്യേകതയാണ്. ഭാരതമൊന്നാകെ അമ്പലങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഏകീകൃതമായ ഒരു നിയമത്തിന്റെ ആവശ്യകതയും ഇവിടെ പ്രകടമാകുന്നുണ്ട്.

ഇന്ത്യൻ ഭരണഘടനയിലെ ഇരുപത്തിയാറാം വകുപ്പനുസരിച്ച് എല്ലാ മത വിഭാഗങ്ങൾക്കും ഉപ വിഭാഗങ്ങൾക്കും മത സ്ഥാപനങ്ങളും ധർമ്മസ്ഥാപനങ്ങളും സ്ഥാപിക്കാനുള്ള അവകാശങ്ങൾ ഉണ്ട്. മതപരമായ പ്രശ്നങ്ങൾ മതത്തിലുള്ളവർ തന്നെ കൈകാര്യം ചെയ്യേണ്ടതുമാണ്. എല്ലാ വിഭാഗങ്ങൾക്കും തങ്ങളുടെ മനഃസാക്ഷിയനുസരിച്ച് മതാചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്യാം. മതം പ്രചരിപ്പിക്കുകയും ചെയ്യാം. സാമൂഹിക നന്മകളും പരിഷ്‌കാരങ്ങളും അതാത് മതത്തിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്യാം. അങ്ങനെയെങ്കിൽ എല്ലാ ഹിന്ദുക്കൾക്കും സ്ത്രീ പുരുഷ ഭേദമെന്യേ അമ്പലങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കണം. അവിടെ സമത്വവും മതേതരത്വവും തമ്മിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഒരു ജനാധിപത്യ രാജ്യത്ത് സമത്വമാണ് ആദ്യം പ്രാധാന്യം കല്പിക്കേണ്ടത്. അവിടെ സമത്വത്തെ വയസ്സിന്റെ പേരിലോ ആർത്തവത്തിന്റെ പേരിലോ വേർതിരിക്കാനുള്ളതല്ല.

ഇന്ത്യ മതേതരത്വത്തിൽ വിശ്വസിക്കുന്ന ഒരു രാജ്യമാണ്. ഒരു നിയമം ഉണ്ടാക്കുമ്പോൾ രാജ്യത്തിന്റെ പൊതുവായ താല്പര്യമേറിയ ഒരു ഏകീകൃത നിയമത്തിനും പ്രാധാന്യം നൽകണം. ഇന്ത്യയിലെ മറ്റു  അമ്പലങ്ങളിലും സ്ത്രീകൾക്ക് പ്രവേശനമുണ്ടെന്നുള്ള സ്ഥിതിക്ക് ശബരിമലയിൽ  സ്ത്രീകൾ പ്രവേശിക്കാൻ പാടില്ലായെന്നുള്ള ഒരു പ്രാദേശിക താൽപ്പര്യവും നീതികരിക്കാവുന്നതല്ല. അതുകൊണ്ടു സുപ്രീം കോടതി വിധി എന്തുകൊണ്ടും അഭിനന്ദനീയമാണ്. വിധി ന്യായത്തിൽ അഞ്ച് ജഡ്‌ജിമാരിൽ നാലുപേരും ഒരു പോലെ വിധിയെ ശരിവച്ചു. എന്നാൽ അഞ്ചുപേരിൽ ഒരാളായ സ്ത്രീ ജഡ്ജി 'മൽഹോത്ര' മാത്രം വിധിയെ എതിർത്തു വോട്ടു ചെയ്തു.

മതവിശ്വാസ ചിന്തകളിൽ കോടതി ഇടപെടാൻ പാടില്ലെന്നായിരുന്നു മൽഹോത്രയുടെ വാദം. സാമൂഹികമായ എന്തെങ്കിലും പൊതുവിപത്തുകളോ, ദോഷവശങ്ങളോ തിന്മയോ ഉണ്ടെങ്കിൽ മാത്രമേ ഇത്തരം മതവിശ്വാസങ്ങളിൽ കോടതി ഇടപെടാവൂ എന്നായിരുന്നു അവർ അഭിപ്രായപ്പെട്ടിരുന്നത്. ശബരിമലയിൽ ആരെയും പീഡിപ്പിക്കാത്ത ഒരു വിശ്വാസം നൂറ്റാണ്ടുകളായി അവിടെ ഹൈന്ദവ സമൂഹം കാത്തു സൂക്ഷിക്കുന്നു. അങ്ങനെയുള്ള ഒരു വിശ്വാസത്തെ കോടതി മാനിക്കണമെന്നും മൽഹോത്ര അഭ്യർഥിച്ചിരുന്നു. അത്തരം വിവാദമായ കാര്യങ്ങളിൽ വിശ്വാസി സമൂഹമാണ് തീരുമാനമെടുക്കേണ്ടതും കോടതിയല്ലെന്നുമുള്ള അവരുടെ വാദങ്ങൾ ഫുൾബെഞ്ച് ചെവികൊണ്ടില്ല. മതേതരത്വ ജനാധിപത്യ രാജ്യത്ത് മറ്റെല്ലാ സ്വാതന്ത്ര്യം പോലെ മതത്തിന്റെ യാഥാസ്ഥിതികത്വവും സംരക്ഷിക്കേണ്ടതായുണ്ട്. 'യാഥാസ്ഥികത്വം മറ്റുളളവരെ പീഡിപ്പിക്കാത്ത കാലത്തോളം, ഒരാളിന്റെ മൗലികാവകാശങ്ങൾ തടസപ്പെടാത്ത കാലത്തോളം അവരുടെ അഭിപ്രായങ്ങൾക്കും കോടതി വിലമതിക്കണമെന്നു' ജഡ്ജി മൽഹോത്ര ആവശ്യപ്പെട്ടിരുന്നു.

പഴങ്കാലങ്ങളിൽ സ്ത്രീകൾക്ക് ശബരിമലയിൽ എത്തിച്ചേരുക എളുപ്പമായിരുന്നില്ല. കാരണം, ശബരിമല നിലകൊണ്ടിരുന്നത് കൊടും വനത്തിലായിരുന്നു. വഴികൾ അപകടം പിടിച്ചതായിരുന്നു. വന്യമൃഗങ്ങൾ വനപ്രദേശങ്ങളിൽ ധാരാളം ഉണ്ടായിരുന്നു. ദിവസങ്ങൾ മല ചവുട്ടിയാൽ മാത്രമേ ശബരിമല ശാസ്താവിന്റെ സന്നിധാനത്ത് എത്തുമായിരുന്നുള്ളൂ. സ്വാഭാവികമായും സ്ത്രീകളെ ശബരിമലയിൽ പോവാൻ അക്കാലങ്ങളിൽ പുരുഷന്മാർ പ്രോത്സാഹിപ്പിച്ചിരുന്നില്ല. കൊള്ളക്കാർ സ്ത്രീകളെ തട്ടിക്കൊണ്ടു പോവുന്ന ചരിത്രമൊക്കെ ശബരിമല ഭാഗത്ത് ഉണ്ടായിട്ടുണ്ട്. സ്ത്രീകളെ തീർത്ഥാടനത്തിന് കൊണ്ടുപോവുന്നത് അപകടകരമെന്നു തീർത്ഥാടകരും ചിന്തിക്കാൻ തുടങ്ങി. ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകളെ അവരുടെ സുരക്ഷിതത്വത്തിനായി ശബരിമലയിൽ പ്രവേശിക്കുന്നതിൽനിന്നും നിരോധിച്ചതുമാകാം. എന്നാൽ ഇന്നത്തെ സാമൂഹിക ചുറ്റുപാടുകളിലും യാത്രാ സൗകര്യങ്ങൾ ഉള്ളതുകൊണ്ടും സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാത്തതിന്റെ പൊരുളും യുക്തിസഹജമല്ല.

കൊള്ളക്കാരുടെ ആക്രമണം മൂലം പന്തളം രാജാവുൾപ്പടെ പ്രാദേശിക രാജാക്കന്മാർക്കും രാജ്യത്തിന്റെ സുരക്ഷ വഹിക്കാൻ സാധിക്കാതെ വന്നു. പുരുഷന്മാരെ ഒറ്റക്ക് കാട്ടിൽ വിടാൻ വിസമ്മതിച്ച സ്ത്രീകളെ വിശ്വസിപ്പിക്കാൻ ഇങ്ങനെയൊരു 'ആർത്തവ കഥ' പിന്നീട് സൃഷ്ടിക്കേണ്ടി വന്നു. സ്ത്രീകൾ ഇല്ലാതെ പുരുഷന്മാർ യാത്ര ചെയ്‌താൽ അവരുടെ സുരക്ഷിതത്വം കൂടുതൽ ഉറപ്പാക്കുന്ന സ്ഥിതി വിശേഷവും വന്നു. കറുത്ത വസ്ത്രങ്ങൾ മാത്രം ലളിതമായി ധരിച്ചിരുന്നതുകൊണ്ടു ധനികനും ദരിദ്രനും തമ്മിൽ തിരിച്ചറിയാനും ബുദ്ധിമുട്ടായിരുന്നു. ഇന്ന് പോലീസ് വേണ്ടത്ര സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകുന്ന കാലത്ത് എന്തുകൊണ്ട് സ്ത്രീകൾക്ക് പോയിക്കൂടായെന്നാണ് അടുത്ത ചോദ്യം. കാരണം, ഓരോ വർഷവും ശബരിമല ജനങ്ങളെ കൊണ്ട് തിങ്ങി നിറഞ്ഞു കൊണ്ടിരിക്കുകയാണ്. ജനത്തിരക്കുമൂലം ശ്വാസം വിടാൻ പോലും അവിടെ ബുദ്ധിമുട്ടനുഭവപ്പെടുന്നു. ഭാര്യയും കുടുംബവും മക്കളുമായി പോവുമ്പോൾ യാത്ര അത്ര സുഗമമായിരിക്കില്ല. സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരായ അയ്യപ്പന്മാരെ വ്രതം അനുഷ്‌ഠിക്കുന്നതിലും അവരുടെ സുരക്ഷിതമായ യാത്രയിലും സഹകരിക്കുന്നുണ്ട്. സ്ത്രീകൾ പുരുഷന്മാരോടൊപ്പം യാത്ര ചെയ്യാതെ ശാസ്താവിൽ മനസുകൊണ്ട് സഹകരിക്കുകയാണ്. അയ്യപ്പൻ നിലയ്ക്കൽ മലമുകളിലല്ല മറിച്ച് ഓരോരുത്തരുടെ ഹൃദയങ്ങളിലാണ് വസിക്കുന്നതെന്നും സ്ത്രീകൾ ചിന്തിക്കുന്നു. അല്ലെങ്കിൽ പരമ്പരാഗതമായി കാത്തുസൂക്ഷിച്ച  അവരുടെ ചിന്തകൾക്ക് മാറ്റങ്ങളുൾക്കൊള്ളാൻ അവർ തയ്യാറുമല്ല.

ഹൈന്ദവ മതത്തിലെ വിശ്വാസങ്ങളിലേറെയും മനുഷ്യ ചിന്തകൾക്കതീതമായ വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും നിറഞ്ഞതാണ്. ദൈവങ്ങളെ സംബന്ധിച്ച് വ്യക്തമായ ഒരു ചരിത്രമോ ഐതിഹാസികമോ ഇല്ല. അതുപോലെ അയ്യപ്പനെ സംബന്ധിച്ചും ഓരോ പ്രദേശ വാസികൾക്ക് അനുകൂലമായ രീതിയിൽ കഥകളും പ്രചരിച്ചിട്ടുണ്ട്. ആര്യ ദൈവമായ വിഷ്ണുവിൽനിന്നും ദ്രാവിഡ ദൈവമായ ശിവനിൽ നിന്നും ജനിച്ചതുകൊണ്ടാണ് അയ്യപ്പനെ 'ഹരി ഹര' പുത്രനെന്നു പറയുന്നത്. ഈ രണ്ടു ദൈവങ്ങളും പുരുഷ ദൈവങ്ങളാണ്. ഈ കഥകൾ കൂടാതെ ദക്ഷിണ ഭാരതത്തിലുള്ളവർ അയ്യപ്പനെ ഇന്ത്യയിൽ ആര്യന്മാർ വരുന്നതിനുമുമ്പുള്ള ദൈവമായും വിശ്വസിക്കുന്നു. ആര്യന്മാരുടെ കുടിയേറ്റതോടെ ദ്രാവിഡ വിശ്വാസങ്ങളിലുണ്ടായിരുന്ന പല ദൈവങ്ങളും ആര്യൻ സംസ്ക്കാരത്തിൽ ലയിക്കുകയായിരുന്നു.  ശിവനും വിഷ്ണുവുമായുള്ള ആ സംയോജനം പിന്നീടുള്ള കാലഘട്ടത്തിന്റെ സൃഷ്ടിയുമാകാം.

അയ്യപ്പന് ഒരു മുസ്ലിം സഹോദരനായ വാവരെ കൂട്ടുകിട്ടിയതാണ് മറ്റൊരു കഥ. അയ്യപ്പൻറെ ഭൂമിയിലുള്ള വാസത്തിൽ ശത്രുസംഹാരം നടത്തണമെന്ന ദൗത്യമുണ്ടായിരുന്നു.  ലോകത്തിൽ നടമാടിയിരിക്കുന്ന തിന്മകളെ നശിപ്പിച്ചു നന്മയെ പുനഃപ്രതിഷ്ഠിക്കാൻ അയ്യപ്പനെ സഹായിച്ചിരുന്നത് 'വാവരെന്ന' ഒരു മുസ്ലിം ധീരയോദ്ധാവായിരുന്നു. ഈ ഐതിഹ്യ കഥ ഹിന്ദു മതത്തെയും ഇസ്‌ലാം മതത്തെയും ആത്മീയമായി അടുപ്പിക്കുകയും ചെയ്യുന്നു.  ശബരിമല അമ്പലത്തിലുള്ള ശാസ്താവിനെ കാണുന്നതിനുമുമ്പ് അയ്യപ്പഭക്തർ വാവരമ്പലത്തിൽ കൂത്തുകളും ശരണം വിളികളും നടത്തുന്നു. അവിടെ  കുളത്തിൽ നിന്ന് അയ്യപ്പഭക്തർ വിശുദ്ധ ജലം ശേഖരിക്കുകയും ചെയ്യുന്നു.  ഒരു മുസ്ലിം സഹോദരൻ അയ്യപ്പന്മാരുടെ നെറ്റിത്തടത്തിൽ ചന്ദനവും പൂശി കൊടുക്കും. ഇങ്ങനെ ഹൈന്ദവ മുസ്ലിം ഐക്യമത്യത്തോടെയുള്ള ഒരു ആചാരം ആധുനിക ഇന്ത്യയിൽ തന്നെ അത്യ അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളൂ.

അയ്യപ്പൻറെ ബ്രഹ്മചര്യമെന്ന കഥകൾക്കപ്പുറം മറ്റൊരു കഥയും കൂടി പ്രചാരത്തിലുണ്ട്. ദേവനായ അയ്യപ്പനെ വിവാഹം കഴിക്കാൻ  ദേവിയായ മാളികപ്പുറത്തമ്മ കാത്തിരിക്കുന്നുവെന്നുള്ളതാണ് കഥ. പുതിയതായി ഒരു കന്നി ഭക്തൻ അയ്യപ്പ സന്നിധാനത്തിൽ വരാത്ത കാലത്ത് മാളികപ്പുറത്തമ്മ അയ്യപ്പനെ വിവാഹം കഴിക്കുമെന്നുള്ള വാഗ്ദാനവും ഉണ്ട്. അങ്ങനെ നാളിതു വരെ സംഭവിച്ചിട്ടുമില്ല. ഓരോ വർഷവും കന്നി ഭക്തരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതുമൂലം അയ്യപ്പൻ നിത്യ ബ്രഹ്മചാരിയായി ശബരിമലയിൽ സ്ഥിര പ്രതിഷ്ഠ നേടി ഭക്ത ജനങ്ങളുടെ ആചരണങ്ങൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നു.

ഒരു കാലത്ത് മനുഷ്യർക്ക് എത്തുവാൻ പ്രയാസമേറിയ ശബരിമലപ്രദേശത്ത് ബുദ്ധന്റേയോ അല്ലെങ്കിൽ ശാസ്താവിന്റെയോ പ്രതിഷ്ഠയുണ്ടായിരുന്നിരിക്കണം. കാലത്തിന്റെ പ്രയാണത്തിൽ സന്യാസികൾക്കും ഭക്തജനങ്ങൾക്കും പിന്നീട് വനനിബിഢമായ ആ ഭൂപ്രദേശം പ്രാധാന്യമുള്ളതായി തീർന്നിരിക്കാം.   ബ്രാഹ്മണരുടെ സ്വാധീനം മൂലം ഈ പ്രദേശങ്ങൾ ബ്രാഹ്മണാധീനതയിൽ വന്നെത്തി. അവിടെനിന്നും ബുദ്ധമതം കാലക്രമേണ ഇല്ലാതായി. ബുദ്ധം ശരണം, സംഘം ശരണം സ്വാമി ശരണം എന്നീ ശരണം വിളികൾ യാദൃശ്ചികമായി വന്നതാകില്ല. കാലക്രമേണ ബുദ്ധ മതം ഹിന്ദു മതത്തിൽ ലയിക്കുകയായിരുന്നു. എന്നിരുന്നാലും ശാസ്താവിനെ ആരാധിക്കുന്നത് തുടർന്നുകൊണ്ടിരുന്നു.   ശാസ്താവിന് പന്തളം രാജാവിന്റെ സൈന്യാധിപനായിരുന്ന അയ്യപ്പൻ ഉൾപ്പടെ ധാരാളം ഭക്തരും ഉണ്ടായിരിക്കാം. കൊള്ളക്കാരിൽ നിന്നും ശാസ്താവിന്റെ സ്മാരകം സംരക്ഷിച്ചശേഷം അവിടവും പരിസരങ്ങളും നിലനിർത്താൻ അയ്യപ്പൻ ഒരു സന്യാസിയായി അവിടെ വസിച്ചിരുന്നിരിക്കാം. അന്നത്തെ കാലത്ത് പ്രസിദ്ധനായ അദ്ദേഹം പിന്നീട് ദൈവമായി അറിയപ്പെടാനും തുടങ്ങി. ബ്രാഹ്മണരുടെ അധീനതയിൽ ശബരിമല വന്നതോടെ കെട്ടുകഥകളും ഓരോന്നായി സ്ഥാനം പിടിച്ചു.

അയ്യപ്പന്റെ ചരിത്ര ഗീതങ്ങൾ അവലോകനം ചെയ്യുന്നുവെങ്കിൽ മൂന്നു തരം സംസ്‌കാരങ്ങളുടെ ഒരു ഒത്തു ചേരൽ അവിടെ ദൃശ്യമാകുന്നു. ആദ്യത്തേത് ആര്യന്മാർക്കു മുമ്പുള്ള ഒരു ചരിത്രവും രണ്ടാമത് ആര്യന്മാർ വന്ന ശേഷമുള്ള ഒരു സംസ്ക്കാരവും ചരിത്ര താളുകളിൽനിന്നും മനസിലാക്കാം.   ശിവനും വിഷ്ണുവുമായുള്ള സംയോജന കഥ അതിനു ഉദാഹരണമാണ്. മൂന്നാമത് ആര്യൻ ദ്രാവിഡ സംസ്ക്കാരവും ഹിന്ദു മതവും ഇസ്‌ലാമുമായുള്ള ഐക്യദാർഢ്യവും വഴി മറ്റൊരു സംസ്ക്കാരത്തിന്റെ ഒത്തുചേരലും കാണാം. ശബരിമല ശാസ്താവിൽക്കൂടി ഒരു ഇസ്‌ലാമിക സംസ്ക്കാരത്തിന്റെ അവ്യക്തതകളും വായിച്ചറിയാൻ കഴിയും. അതേ സമയം യാഥാസ്ഥിതികർ ആർത്തവമുള്ള സ്ത്രീകളെ അയ്യപ്പ സന്നിധാനത്തിൽ പ്രവേശിക്കാൻ അനുവദിക്കുകയുമില്ല.

അയ്യപ്പ സന്നിധാനത്ത് പോവുന്നതിനു മുമ്പ് അയ്യപ്പന്മാർ 41 ദിവസം നിർബന്ധമായും വ്രതം എടുത്തിരിക്കണമെന്നുണ്ട്. ഭാര്യയുമായിപ്പോലും സംഭോഗത്തിൽ ഏർപ്പെടാൻ പാടില്ല. മാംസ മത്സ്യാദികൾ ഭക്ഷിക്കാൻ അനുവദനീയമല്ല. കറുത്ത മുണ്ടു ധരിക്കണം. ഷർട്ടിടാനോ ഷേവ് ചെയ്യാനോ എരിവ് പുളി കൂട്ടിയുള്ള ഭക്ഷണം കഴിക്കാനോ ചെരിപ്പിടാനോ പാടില്ല. സ്വന്തമായി ഭക്ഷണം ഉണ്ടാക്കുകയോ ശബരിമലയിൽ പോവുന്ന മറ്റുള്ളവർ ഉണ്ടാക്കുന്ന ഭക്ഷണമോ കഴിക്കാൻ പാടുള്ളൂ. കുളി കഴിഞ്ഞ ശേഷം മാത്രം ഭക്ഷണം കഴിക്കണം. കസേരയിൽ ഇരിക്കാതെ നിലത്തു മാത്രമേ ഇരിക്കാൻ പാടുള്ളൂ. കലാപരമായ പരിപാടികളിലോ സ്പോർട്സിലോ പങ്കെടുക്കുന്നതും നിയന്ത്രിച്ചിരിക്കുന്നു. ഹരിനാമ കീർത്തനങ്ങളും ആത്മീയ ഗീതങ്ങളും പാടിക്കൊണ്ടിരിക്കണം. വാസ്തവത്തിൽ ആധുനിക കാലത്ത് ഈ നിയമങ്ങൾ പാലിച്ചുകൊണ്ട്‌ എത്രപേർ ശബരി മലയ്ക്ക് പോവുന്നുണ്ടെന്നുള്ള വസ്തുത അറിയില്ല. സ്ത്രീയുടെ ആർത്തവം നികൃഷ്ടമായി കാണുന്നതിൽനിന്നും മാത്രം മാറ്റങ്ങൾ വന്നിട്ടില്ല. പുരുഷന്മാർക്ക് സംഭവിക്കുന്ന ലൈംഗികതയുടെ പ്രകൃതി പ്രക്രീയകൾക്ക് പ്രശ്നവുമില്ല.

എല്ലാ പാരമ്പര്യങ്ങളും മനുഷ്യനുണ്ടാക്കിയതും മാറ്റപ്പെടാവുന്നതുമാണ്. എങ്കിലും തലമുറകളായി നിലനിൽക്കുന്ന ഒരു പാരമ്പര്യത്തിന് ധൃതഗതിയിൽ മാറ്റങ്ങൾ വരുത്തുകയെന്നതും എളുപ്പമല്ല. അതിനു സമയവും കാലവും എടുക്കും. 1930-ൽ സ്ത്രീകൾ മാറു മറയ്ക്കാൻ പാടില്ലാന്നുള്ള വ്യവസ്ഥിതികൾക്ക് മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള നിയമം വന്നെങ്കിലും മാറ്റങ്ങൾ ഉൾക്കൊള്ളാൻ വീണ്ടും കാലങ്ങൾ തന്നെ വേണ്ടിവന്നു. 1940 വരെ സ്ത്രീകൾ മാറിടം മറയ്ക്കാതെ നഗ്‌നമായ മേനിയോടെ അമ്പലത്തിൽ പ്രവേശിക്കണമായിരുന്നു.  അതെല്ലാം അന്നുള്ള സാമൂഹിക കടപ്പാടുകളായി മനുഷ്യർ ചിന്തിച്ചിരുന്നു.  പഴയ കാലത്തുള്ള അത്തരം സംസ്ക്കാരങ്ങളിൽക്കൂടി പുറകോട്ടു ചിന്തിക്കാൻ ഇന്നുള്ള സ്ത്രീകൾക്ക് സാധിക്കില്ല. അങ്ങനെ പാരമ്പര്യമനുസരിച്ച് മാറ്റങ്ങളും കാലക്രമേണയുണ്ടായി. അതുപോലെ സ്ത്രീകൾക്ക് ആർത്തവം അശുദ്ധമല്ലെന്നുള്ള ചിന്തകൾക്കായി കാലങ്ങൾ കാത്തിരിക്കേണ്ടിയിരിക്കുന്നു. നാളത്തെ സ്ത്രീകൾ ഇന്നത്തെ ആർത്തവം വരുന്ന സ്ത്രീകളെ ബാർബേറിയൻ കാലഘട്ടങ്ങളോടും സാമ്യപ്പെടുത്തിയേക്കാം.




 Dharmasastha with his two wives (Raja Ravi Varmma Picture)

Tuesday, October 9, 2018

നാദിയായുടെ ദുഃഖവും നോബൽ സമ്മാനവും




ജോസഫ് പടന്നമാക്കൽ

വടക്കേ ഇറാക്കിൽ ജനിച്ചുവളർന്ന ഇരുപത്തിയഞ്ചു വയസുള്ള 'നാദിയ മുരദ്' എന്ന ഒരു യസ്ദി യുവതി നേടിയ ഈ വർഷത്തെ നോബൽ സമ്മാനം എന്തുകൊണ്ടും ലോകശ്രദ്ധയെ ആകർഷിച്ചിരുന്നു. ഇസ്ലാമിക്ക് സ്റ്റേറ്റ് (ഐഎസ്‌ഐഎസ്) ഭീകരരുടെ ക്രൂരമർദ്ദനങ്ങളും ലൈംഗിക അതിക്രമങ്ങളും അഭിമുഖീകരിച്ച അവരുടെ ജീവിതം ലോകത്തെ തന്നെ ഞെട്ടിപ്പിച്ചിരുന്നു. ഭീകര പോരാളികൾ വടക്കേ ഇറാക്കിൽ വന്നെത്തിയപ്പോൾ യുവതിയായ നാദിയ ഭീകരരുടെ പിടിയിലായതും അവരെ എവിടെയെല്ലാം ലൈംഗിക ഭോഗത്തിനായി കാഴ്‌ച വെച്ചെന്നുള്ളതും നിരവധി പോരാളികളുടെ ലൈംഗിക ഭോഗത്തിനുവേണ്ടി അവരെ വിറ്റതുമായ കഥകളും തന്മയത്വത്തോടെ സ്വന്തം ആത്മകഥയിൽ വിവരിക്കുന്നുണ്ട്. ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരരിൽ നിന്ന് അവർ രക്ഷപ്പെട്ട സാഹസികതയുടേതായ കഥകൾ ആരിലും വൈകാരികത സൃഷ്ടിക്കുന്നതാണ്.

'ദി ലാസ്റ്റ് ഗേൾ' (The last girl) എന്ന പുസ്തകത്തിൽക്കൂടി അവളുടെ ഹൃദയസ്പർശമായ കഥകൾ ലോകത്തെ അറിയിക്കുന്നുമുണ്ട്. ആയിരക്കണക്കിന് യസീദി സ്ത്രീകള്‍ക്കൊപ്പം അരണ്ട വെളിച്ചത്തില്‍ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഭീകരരുടെ ലൈംഗിക പീഡനങ്ങളേറ്റു ഹൃദയം പൊട്ടി ജീവിച്ച ഒരു പാവം പെൺകുട്ടിയുടെ ജീവിത കഥയാണിത്. മാറി മാറി പലരും അവളിൽ ലൈംഗിക ഭോഗങ്ങൾ നടത്തി സംതൃപ്തി നേടി. ഐഎസ് തടവറയിലെ മൂന്നു മാസത്തെ അവളുടെ ജീവിതം ഭീതിയോടെ മാത്രമേ അവൾക്ക് ഓര്‍ക്കാനാകു. നോബൽ പുരസ്‌കാരം ലഭിച്ച സന്തോഷത്തിനിടയിലും നാദിയ വിങ്ങി പൊട്ടി കരയുന്നുണ്ടായിരുന്നു. നോബൽ സമ്മാനം ലഭിച്ചതിൽ അവൾക്കു സന്തോഷമെങ്കിലും പുറകോട്ടു ചിന്തിക്കുമ്പോൾ ഇന്നും ഭീതിയുടെ ദിനങ്ങൾ അവളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഐഎസ്‌ഐഎസ് പാളയത്തിലെ മനുഷ്യ ഭീകരർ മതിയാവോളം അവളിൽ കാമാസക്തി പൂണ്ടു ആനന്ദിച്ചിരുന്നു. അവൾ അവരുടെ ഒരു ലൈംഗിക ഭോഗ വസ്തുവായിരുന്നു. ഭീകര ക്യാമ്പിലെ മൂന്നുമാസത്തെ ജീവിതം നരക തുല്യമായിരുന്നു.

വടക്കേ മെസോപ്പൊട്ടേമിയയിൽ യെസീദിസ് (Yezidis) കുർദി വംശക്കാർ രക്തശുദ്ധിയിൽ വിശ്വസിക്കുന്ന ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെടുന്നു. അവരുടെ സമൂഹത്തിൽനിന്നു ആരെങ്കിലും മറ്റു മത വിഭാഗങ്ങളിൽ നിന്നും വിവാഹം കഴിച്ചാൽ സമുദായത്തിൽ നിന്നും പുറത്താക്കുന്ന പാരമ്പര്യവും അവർക്കുണ്ട്. പ്രധാന മതമായ ഇസ്‌ലാമിൽനിന്നും അകലം പാലിക്കുന്ന ഒറ്റപ്പെട്ട ഒരു സമൂഹമാണ് യെസീദിസുകൾ. ഏക ദൈവത്തിൽ വിശ്വസിക്കുകയും ഇസ്‌ലാം, ക്രിസ്ത്യൻ, സൊറാസ്ട്രിയൻ, യഹൂദ മതങ്ങളുടെ ഒരു സങ്കര വിശ്വാസം  പിന്തുടരുകയും ചെയ്യുന്നു. ഒരിക്കൽ മറ്റു മതങ്ങളിൽനിന്നും വിവാഹം ചെയ്‌താൽ പിന്നീട് അവരെ യെസീദിസ് എന്ന് വിളിക്കുകയില്ല. അർമേനിയ, ടർക്കി, ഇറാൻ, ഇറാക്ക്, സിറിയ, ജോർജ്ജിയാ എന്നീ രാജ്യങ്ങളിൽ അവരുടെ സമൂഹങ്ങൾ ചിതറി കിടക്കുന്നു. ജർമ്മനിയിലേക്കും യൂറോപ്പിലേക്കും യസീദികൾ കുടിയേറാൻ തുടങ്ങിയതോടെ മിഡിൽഈസ്റ്റ് രാജ്യങ്ങളിൽ അവരുടെ എണ്ണം വളരെയധികം കുറഞ്ഞിട്ടുണ്ട്. യസീദിസികൾ, കുർദികളോ അതോ മറ്റേതെങ്കിലും സമൂഹമെന്നോ വ്യക്തമായ ഒരു ചരിത്രമില്ല. അവരുടെ രക്ത ശുദ്ധിവാദം (Endogamy)ഒരു കെട്ടുകഥയുടെ അടിസ്ഥാനത്തിലുള്ളതാണ്.

ഒരു സൃഷ്ടി കർത്താവിൽ, യെസീദിസികൾ വിശ്വസിക്കുന്നു. ഏഴു വിശുദ്ധ മാലാഖമാർ സൃഷ്ടിയെ കാത്തു പരിപാലിക്കുന്നുവെന്നാണ് വിശ്വാസം. അതിൽ മുഖ്യ മാലാഖ 'മേലേക് താഹൂസ്' അഥവാ 'മയൂര മാലാഖ'എന്നറിയപ്പെടുന്നു. മയൂര മാലാഖ സ്രഷ്ടാവിന്റെ നിർദ്ദേശമനുസരിച്ച് ലോകത്തെ നയിക്കുന്നുവെന്നു യസീദികൾ വിശ്വസിക്കുന്നു. നന്മ തിന്മകളെ വേർതിരിച്ചു വിധിക്കുന്നതും ഈ മാലാഖയെന്നുള്ള വിശ്വാസവും യസീദികൾക്കുണ്ട്. ലോകൈക കാര്യങ്ങളിൽ മാലാഖ ദൈവവുമായി ഒരു ആത്മീയ സഖ്യം രൂപപ്പെടുത്തിയിട്ടുണ്ടെന്നും അവരുടെ വിശ്വാസപ്രമാണം പറയുന്നു. സൂഫികളുമായി ബന്ധം പുലർത്തിയിരിക്കുന്നതുകൊണ്ടു ഈ മതത്തെ സാത്താന്റെ മതമായും മറ്റു മതങ്ങൾ കണക്കാക്കുന്നു. സാത്താന്റെ ആരാധകരെന്ന നിലയിൽ നൂറ്റാണ്ടുകളായി അവരെ ഇസ്‌ലാമികൾ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു.

യസീദിസികൾ ഇസ്‌ലാമിന് മുമ്പുള്ള മതമോ പേഗൻ മതത്തിന്റെ തുടർച്ചയോ എന്നതും പണ്ഡിതരുടെയിടയിലുള്ള തർക്ക വിഷയങ്ങളാണ്. ദൈവം ആദാമിനെ തന്റെ സ്വന്തം രൂപത്തിൽ സൃഷ്ടിച്ചുവെന്ന് ഇവർ വിശ്വസിക്കുന്നു. ആദാമിന്റെ മൂക്കിൽ ഊതുകയും ജീവൻ നൽകുകയും ചെയ്തു. എല്ലാ മാലാഖമാരും ആദാമിന്റെ മുമ്പിൽ നമസ്ക്കരിച്ചു. ആദാമും ഹവ്വയും തമ്മിൽ ലൈംഗികതയിൽ ഏർപ്പെടുന്നതിനു മുമ്പ് താവൂസ് (മയൂര മാലാഖ) ആദാമിന്റെ ഉത്ഭാദന ശേഷിയെ പരീക്ഷിച്ചിരുന്നു. ആദാമിന്റെ ബീജം പല ഭരണികളിലായി അനേകം മാസങ്ങൾ സൂക്ഷിക്കുകയും ചെയ്തു. ഇങ്ങനെ കുറെ മാസങ്ങൾ സൂക്ഷിച്ച ശേഷം ഭരണിയിൽ 'ഹവ്വ'കണ്ടത് ചില പ്രാണികളെ മാത്രമായിരുന്നു. എന്നാൽ ആദം കണ്ടത് സുന്ദരനായ ഒരു കുഞ്ഞിനെയായിരുന്നു. ആ കുഞ്ഞിനെ 'ഷെഹീദ് ബിൻ ജെർ' (Shehid bin Jer) എന്നറിയപ്പെട്ടിരുന്നു. ആദാമിന്റെ ഈ മകന്റെ പിന്തലമുറകളാണ് യെസീദിസ് സമുദായമെന്നു വിശ്വസിക്കുന്നത്. അവരുടെ രക്തശുദ്ധി വാദത്തിന്റെ അടിത്തറയും ഈ കെട്ടുകഥയെ  അടിസ്ഥാനമാക്കിയുള്ളതാണ്.

ഭീകരരുടെ  തടങ്കലിൽ യാതനകളനുഭവിക്കേണ്ടി വന്ന യസ്ദി യുവതി 'നാദിയ മുരദ്' ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സംഘടനയിൽ തന്റെ ദുഃഖത്തിന്റെയും സാഹസികതയുടെയുമായ കഥകളുടെ സാക്ഷ്യപത്രം അവതരിപ്പിച്ചു കഴിഞ്ഞു. യസ്ദികളുടെ സമൂഹങ്ങൾ അവിടെനിന്നും പലായനം ചെയ്യുന്നതും അവിടുത്തെ മതന്യുനപക്ഷമായ യസ്ദികളുടെ ജീവന്മരണ പോരാട്ടങ്ങളും തന്റെ ജീവിത കഥാസാരമായ 'ലാസ്റ്റ് ഗേൾ' പുസ്തകത്തിൽക്കൂടി വിവരിക്കുന്നുണ്ട്. അവൾക്ക് സംഭവിച്ച ദുരിതങ്ങൾ എത്രമാത്രം വേദനാജനകമെന്നതും അവർണ്ണനീയമാണ്. പൂർണ്ണമായും അവളുടെ ഉള്ളിന്റെയുള്ളിലെ വേദനകളെ വായനക്കാരിൽ പ്രതിഫലിപ്പിക്കാൻ സാധിക്കുന്നില്ലെന്നും അവൾ പറയുന്നു.

രണ്ടു ലക്ഷത്തി മുപ്പതിനായിരം യസീദികളെയാണ് ഐഎസ്ഐഎസ് ഭീകരർ ഇല്ലാതാക്കാൻ ശ്രമിച്ചത്. ഇസ്ലാമിൽ വിശ്വസിക്കാത്ത അവിശ്വസികളെ അവർ കാഫിർ എന്ന് വിളിച്ചിരുന്നു. 2014-ൽ ഭീകരർ ഏകദേശം 5200 യെസീദികളെ തോക്കിൻ മുനകളിൽ തട്ടിയെടുത്തുകൊണ്ടുപോയിരുന്നു. അവരിൽ 3400 പേരെങ്കിലും ഇന്നും അവരുടെ പിടിയിൽ തന്നെയെന്നും കരുതുന്നു. അവരുടെ നിയന്ത്രണത്തിലുള്ള ഭൂരിഭാഗം പേരും സ്ത്രീകളാണ്. പുരുഷന്മാരായവരെ നിർബന്ധപൂർവം മതം മാറ്റി ഇസ്ലാമിക സ്റ്റേറ്റിനുവേണ്ടി യുദ്ധം ചെയ്യാൻ ആവശ്യപ്പെട്ടു. അല്ലാത്തവരെ തോക്കിനിരയാക്കി വധിക്കുകയും ചെയ്തു. ആയിരക്കണക്കിന് യെസീദീസുകളുടെ കഴുത്തുകൾ വെട്ടി ഭീകരർ ശബ്ദാരോഹത്തോടെ കൊലവിളികൾ നടത്തിയിരുന്നു. ഏകദേശം നാലുലക്ഷം ജനം കൊടും ഭീകരതയ്ക്ക് ബലിയാടുകളായി. ലക്ഷക്കണക്കിന് യെസീദിസുകൾ ഭവനരഹിതരായി തീർന്നിരുന്നു.

വടക്കേ ഇറാക്കിൽ കൃഷിക്കാരുടെയും ആടിനെ മേയ്ക്കുന്നവരുടെയും ഒരു ഗ്രാമത്തിലാണ് നാദിയ മുറേ വളർന്നത്. യാസിദി സമുദായത്തിൽ വളർന്ന അവൾ (Yazidi) സഹോദരി സഹോദരന്മാരുമൊത്ത് ശാന്തമായ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. ഒരു ചരിത്ര അദ്ധ്യാപികയാകണമെന്ന മോഹവും നാദിയാക്കുണ്ടായിരുന്നു. താമസിയാതെ ഒരു ബ്യുട്ടി സലൂൺ തുറക്കാനും മനസ്സിൽ പദ്ധതിയിട്ടിരുന്നു. 2014 ആഗസ്റ്റ് പതിനഞ്ചാം തിയതി അവൾ മെനഞ്ഞെടുത്ത സ്വപ്‍ന കൂടാരങ്ങൾ മുഴുവനായും തകർന്നടിഞ്ഞു. അന്ന് അവളുടെ പ്രായം ഇരുപത്തിയൊന്ന്. ആ ഗ്രാമത്തിൽ ഇസ്‌ലാമാകാൻ വിസ്സമ്മതിച്ചവരെയെല്ലാം ഐഎസ് ഭീകരർ കൂട്ടക്കൊല ചെയ്തു. നാദിയായുടെ ആറു സഹോദരരും അമ്മയും ഇസ്‌ലാമിക ഭീകരരുടെ തോക്കിൻ മുനയിൽ കൊല്ലപ്പെട്ടു.

2014-ൽ ഭീകരരുടെ കൈകളിൽ പിടിപെടുന്ന സമയം വരെ സുന്ദരമായ ഒരു ലോകം നാദിയാക്കുണ്ടായിരുന്നു.  ഒരു പൂമ്പാറ്റയെപ്പോലെ മറ്റു പെൺകുട്ടികളോടൊപ്പം അവൾ ആ ഗ്രാമ പ്രദേശത്തിൽക്കൂടി തത്തിക്കളിച്ചു നടന്നിരുന്നു. ഗ്രാമീണയായി വളർന്ന നാദിയാക്ക് ശാന്തമായ ഒരു ബാല്യകാല ജീവിതമാണുണ്ടായിരുന്നത്. ലോകത്തു നടക്കുന്ന ഒന്നിനെപ്പറ്റിയും യാതൊരു ഗ്രാഹ്യവുമുണ്ടായിരുന്നില്ല. ഐഎസ്ഐഎസ് എന്തെന്നുപോലും അവൾക്കറിവുണ്ടായിരുന്നില്ല. അവരുടെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും തികച്ചും അജ്ഞാതമായിരുന്നു. പിന്നീട് ടിവിയിൽ വാർത്തകളും ഭീകര കൊലകളുടെ പടങ്ങളും കാണാൻ തുടങ്ങി. 2014 ജൂലൈവരെ നാദിയ ഇറാഖിലുള്ള 'കോച്ചോ'എന്ന ഗ്രാമത്തിൽ അവളുടെ അമ്മയും സഹോദരന്മാരും സഹോദരികളുമൊത്തു ജീവിക്കുകയായിരുന്നു. അന്നവൾക്കു പ്രായം ഇരുപത്തിയൊന്നു വയസ്സ്. കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയായിരുന്നു. ചരിത്രമായിരുന്നു ഐച്ഛികവിഷയമായി എടുത്തിരുന്നതും അവൾക്കിഷ്ടവും.

2014 ആഗസ്റ്റിൽ തന്റെ സഹോദരിയുമായി ഗ്രാമത്തിൽക്കൂടി നടക്കവേ അവൾ അവിടെ  ആയുധധാരികളായ ഭീകരരെ കണ്ടു. ഇവരുതന്നെയാണ് കൊല്ലും കൊലയുമായി നാടാകെ ഭീകര വിളയാട്ടങ്ങൾ നടത്തുന്നവരെന്നും അവൾക്കു മനസിലായി. വീണ്ടും അവിടെ ഭീകരരെ കാണുമെന്ന് അവൾ ചിന്തിച്ചിരുന്നില്ല.

2014 ആഗസ്റ്റ് പതിന്നാലാം തിയതി ഭീകരർ അവളുടെ ഗ്രാമം പിടിച്ചടക്കി. എല്ലാവരോടുമായി ഗ്രാമത്തിനു വെളിയിലുള്ള ഒരു സ്‌കൂളിനുള്ളിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു. അന്ന് ഉച്ചയൂണിന്റെ സമയമായിരുന്നു. നാദിയായും അവളുടെ കുടുംബവും ആയുധ ധാരികളായ ഐഎസ്‌ഐഎസ് ഭീകരന്മാർ തങ്ങളുടെ ഗ്രാമത്തിലെവിടെയും തിങ്ങി നിറഞ്ഞിരിക്കുന്നതായി കണ്ടു. ഓരോ വീടുകളിലും തെരുവുകളിലും ഭീകരർ നിൽക്കുന്നതായി കണ്ടതും നാദിയാക്ക്‌ ഓർമ്മയുണ്ട്. അവരിൽ മുഖം മൂടി ധാരികളും അല്ലാത്തവരുമുണ്ടായിരുന്നു. അവരെല്ലാം സംസാരിച്ചിരുന്ന ഭാഷകൾ അവൾക്കും  കുടുംബത്തിനും മനസ്സിലായിരുന്നില്ല. പുരുഷന്മാരെയും സ്ത്രീകളെയും ഭീകരർ വേർതിരിച്ചു നിർത്തി. നാദിയായെയും മറ്റു ചില യുവതികളായ സ്ത്രീകളെയും സ്‌കൂളിന്റെ രണ്ടാംനിലയിൽ ഒരു സ്ഥലത്ത് നിർത്തിയിരുന്നു.

യുഎൻ കണക്കനുസരിച്ച് അന്നത്തെ ദിവസം ഭീകരർ ഒരു മണിക്കൂറിനുള്ളിൽതന്നെ 312 പുരുഷന്മാരെ വധിച്ചുവെന്നാണ്. മരണപ്പെട്ടവരിൽ നാദിയായുടെ ആറു സഹോദരരും അർദ്ധ സഹോദരന്മാരുമുണ്ടായിരുന്നു. ഓരോരുത്തരും മരിച്ചു വീഴുന്ന കാഴ്ച്ചകൾക്കു സാക്ഷിയായി അവൾ നിശ്ചലയായി മരണത്തെയും മുമ്പിൽ കണ്ടുകൊണ്ടിരുന്നു. അവളുടെ  അമ്മയുൾപ്പടെ വൃദ്ധ സ്ത്രീകളെയും കണ്മുമ്പിൽത്തന്നെ ഭീകരർ വെടിവെച്ചു കൊന്നു.

ഐഎസ്‌ഐഎസ് ഭീകരരിൽനിന്നു  സ്ഥലം വീണ്ടെടുത്തപ്പോൾ എൺപതു വൃദ്ധസ്ത്രീകളെ മറവു ചെയ്തിരുന്ന സ്ഥലവും കണ്ടിരുന്നു. ആ സ്ത്രീകൾ പ്രായം ബാധിച്ചിരുന്നവരായതുകൊണ്ടാണ് അവരെയെല്ലാം വധിച്ചത്. അടിമകളായി വിറ്റാൽ ആരും വാങ്ങില്ലെന്നുള്ളതും അവരുടെ കൊലകൾക്ക് കാരണമായിരുന്നു. ബാക്കി അവശേഷിച്ചവരിൽ നാദിയ ഉൾപ്പടെയുള്ളവർ ചെറുപ്പക്കാരികളായ സ്ത്രീകളായിരുന്നു. സുന്ദരികളുമായിരുന്നു. അവരെ മൊസൂൾ പട്ടണത്തിൽ കൊണ്ടുപോയി. ഭീകരർക്ക് വിതരണം ചെയ്യുന്നതിനുമുമ്പ് മൂന്നു ദിവസം നാദിയ ഉൾപ്പടെയുള്ളവർ അവിടെ പട്ടണത്തിൽ ഒരു തീവ്രവാദി ക്യാമ്പിൽ താമസിച്ചു. ഭീകരർക്ക് തങ്ങളുടെ ആകാര ഭംഗി ഇഷ്ടപ്പെടാതിരിക്കാൻ ഏതാനും സ്ത്രീകൾ തങ്ങളുടെ തലമുടി മുറിക്കുന്നതു നാദിയാ കണ്ടു. ചിലർ അവരുടെ മുഖം കൈകൾകൊണ്ടു മാന്തിയും അടിച്ചും വികൃതമാക്കാൻ ശ്രമിച്ചിരുന്നു. ചിലർ ആസിഡ് മുഖത്തൊഴിച്ചു പൊള്ളിച്ചു. എന്നാൽ അതൊന്നും അവരുടെ രക്ഷയ്ക്ക് സഹായകമായിരുന്നില്ല. പ്രഭാതമാകുമ്പോൾ എല്ലാവരോടും മുഖം കഴുകാനും സുന്ദരികളായി മുഖത്ത് ചായം പൂശാനും ആവശ്യപ്പെട്ടിരുന്നു.

നാദിയായുടെ ഒരു സഹോദരി പുത്രി തന്റെ കൈകളിലെ ഞരമ്പുകൾ മറ്റൊരു സ്ത്രീയെക്കൊണ്ടു   മുറിപ്പിക്കുന്നതും അവൾ കണ്ടു. ചിലർ പുറത്തുപോയി ഒരു പാലത്തിന്റെ മുകളിൽനിന്നും ആത്മഹത്യ ചെയ്ത കഥകളും അവൾ കേട്ടു. യുവതികളായ സ്ത്രീകളെ സൂക്ഷിച്ചിരുന്ന   കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലുള്ള മറ്റൊരു മുറിയിൽനിന്നും കടുത്ത പീഡനങ്ങളും നിലവിളികളും കേൾക്കാമായിരുന്നു. അവിടെ മുഴുവൻ മനുഷ്യക്കുരുതികളുടെ ചോരക്കളങ്ങൾ നിറഞ്ഞിരുന്നു. ചോരയിൽ പതിഞ്ഞ കൈകളുടെ പാടുകളും എവിടെയും കാണാമായിരുന്നു. രണ്ടു സ്ത്രീകൾ പരസ്പ്പരം കൊന്നു ജീവനൊടുക്കി.

നാദിയാക്ക് സ്വയം മരിക്കാൻ ധൈര്യമില്ലായിരുന്നു. ഭീകരർ അവളെ കൊന്നിരുന്നുവെങ്കിൽ എന്നും ആഗ്രഹിച്ചിരുന്നു. അവൾ പറഞ്ഞു, "എനിക്ക് ആത്മഹത്യ ചെയ്യുവാനുള്ള കരുത്തില്ല. എങ്കിലും ഭീകരർ തന്നെ കൊന്നിരുന്നുവെങ്കിൽ" എന്ന് ചിന്തിക്കുമായിരുന്നു. ഓരോ ദിവസവും രാവിലെ സ്ത്രീകൾ പ്രഭാതത്തിൽ ദേഹശുദ്ധി വരുത്തി കുളിച്ചൊരുങ്ങി പ്രധാന ഹാളിൽ ഭോഗവസ്തുവായി വരണമായിരുന്നു. നാദിയ പറയുന്നു, "രാവിലത്തെ സ്നാന ശേഷം അവരെ ഷാരിയാ കോടതിയിൽ കൊണ്ടുപോകുമായിരുന്നു. അവിടെ അവരുടെ ഫോട്ടോകൾ എടുത്തിരുന്നു. ഫോട്ടോകൾ കോടതിമുറിയുടെ ഭിത്തികളിൽ തൂക്കിയിട്ടിരുന്നു. എന്നിട്ടു സ്ത്രീകളെ അധീനതയിലാക്കിയിരിക്കുന്ന ഭീകരരുടെ ടെലിഫോൺ നമ്പറുകൾ ഫോട്ടോയ്‌ക്കൊപ്പം ചേർത്തിരുന്നു. അതിനു ശേഷം ആവശ്യക്കാരായ ഭീകരർക്ക് സ്ത്രീകളെ കൈമാറുമായിരുന്നു."

നിശബ്ദതയുടെ ഏകാന്തതയിൽ എന്തൊക്കെയോ ചിന്തിച്ചിരുന്ന നാദിയാ  തന്റെ കൂട്ടുകാരികൾ ഓരോരുത്തരായി ഭീകരരുടെ ഭോഗത്തിനായുള്ള കമ്പോളത്തിൽ വിറ്റുപോകുന്നതും കണ്ടു. ഒരു ദിവസം അന്ന് നാദിയായുടെ ഊഴമായിരുന്നു. അവൾ മറ്റുള്ള യുവതികളുമൊത്ത് താഴേക്ക് നോക്കിയിരിക്കുകയായിരുന്നു. മഞ്ഞനിറമുള്ള ജാക്കറ്റും ധരിച്ചിരുന്നു. ഭീമാകാരനായ ഒരു ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരൻ അവിടെയെത്തി. 'മഞ്ഞ നിറമുള്ള ജാക്കറ്റ് ധരിച്ചിരിക്കുന്ന യുവതി തനിക്കുവേണ്ടി എഴുന്നേറ്റു നിൽക്കാൻ' അയാൾ രൗദ്രഭാവത്തിൽ നാദിയായോട് ആജ്ഞാപിച്ചു. ഏതോ ചിന്താലോകത്തിൽ താഴേക്ക് നോക്കിയിരുന്ന അവൾ തലയുയർത്തി അയാളെ നോക്കി. മൃഗതുല്യമായി തോന്നിയ ആ മനുഷ്യൻ അവളെ തുറിച്ചു നോക്കുന്നതായിട്ടാണ് കണ്ടത്. അവൾ ഉറക്കെ കരഞ്ഞുകൊണ്ട് നിലവിളിച്ചു. നീണ്ട തലമുടിയും വികൃത മുഖഭാവവും താടിക്കാരനുമായ അയാളെ കണ്ടപ്പോൾ അവൾ ഭയംകൊണ്ട് വിറച്ചിരുന്നു. അവളുടെ സഹോദരന്മാരുടെ  പെൺമക്കളും തത്സമയം അവിടെയുണ്ടായിരുന്നു. അയാളോടൊപ്പം പോകാൻ വിസമ്മതിച്ച നാദിയായേ അയാൾ ബലമായി വലിച്ചിഴച്ചപ്പോൾ തന്റെ കൂടപ്പിറപ്പുകളുടെ മക്കൾ ആ മനുഷ്യന്റെ കൈകൾ വിടുവിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അവളെ രക്ഷിക്കാനെത്തിയവരുടെ കൈകൾ വിടുവിച്ച് അവരെയെല്ലാം വടികൾ കൊണ്ട് അയാൾ മൃഗീയമായി പ്രഹരിച്ചു. ബലമായി നാദിയായേ താഴത്തെ നിലയിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി. ഭീകരർ കൊണ്ടുപോകുന്ന യുവതികളുടെ പേരുകളെല്ലാം കടലാസ്സിൽ കുറിക്കുന്നുണ്ടായിരുന്നു.

നാദിയായും ആ മനുഷ്യനുമായുള്ള പോരാട്ടത്തിനിടയിൽ നാദിയ മറ്റൊരു മനുഷ്യന്റെ ചെറിയ കാൽപ്പാദങ്ങൾ സമീപത്തു കണ്ടു. അത് അയാളുടെ സഹകാരി ഒരു ഐഎസ്‌ഐഎസ് ഭീകരനായിരുന്നു. അയാളും ഒരു യെസീദി അടിമപ്പെണ്ണിനെ കിട്ടാൻ കാത്തു നിൽക്കുകയായിരുന്നു. അയാൾ ശരീര പ്രകൃതിയിൽ വണ്ണം കുറഞ്ഞവനും പൊക്കമുള്ള മനുഷ്യനായിരുന്നതുകൊണ്ടും നാദിയ അയാളോടൊപ്പം പോകാൻ താൽപ്പര്യം കാണിച്ചു. അയാളുടെ കാൽക്കൽ വീണുകൊണ്ട് തന്നെ രക്ഷിക്കൂയെന്ന് അവൾ കേണു യാചിച്ചു. ആ മനുഷ്യനോടായി, "നീ എന്നെ സ്വന്തമാക്കിക്കോളൂ, നീ എന്ത് ആവശ്യപ്പെട്ടാലും ഞാൻ ചെയ്യുമെന്ന്" പറഞ്ഞു. ഉടൻ അയാൾ അവളെയും കൂട്ടിക്കൊണ്ടു പോയി.

നാദിയായുടെ സൂക്ഷിപ്പുകാരൻ ഉയരമുള്ളവനും നീണ്ട തലമുടിയും വെട്ടിയൊതുക്കിയ താടിയുമുള്ള  ഹൃസ്വ ഗാത്രനുമായിരുന്നു. വൃത്തികെട്ട വായിൽനിന്ന് അയാൾ സംസാരിക്കുമ്പോൾ പല്ലുകൾ പുറത്തു വരുകയും മുഖം വികൃത രൂപത്തിൽ കാണുകയും ചെയ്തിരുന്നു. രണ്ടു വാതിലുകളുള്ള ഒരു മുറിക്കുള്ളിൽ നാദിയായെ താമസിപ്പിച്ചു. ഒരു ദിവസം അഞ്ചു പ്രാവിശ്യം അയാൾ നിസ്‌ക്കരിക്കുമായിരുന്നു. അയാൾക്ക് ഒരു ഭാര്യയും സാറായെന്ന ഒരു മകളുമുണ്ടായിരുന്നു. എന്നാൽ നാദിയ അവരെ ഒരിക്കലും കണ്ടുമുട്ടിയിട്ടുണ്ടായിരുന്നില്ല.

ഒരിക്കൽ അവളെ മൊസൂളിലുള്ള അയാളുടെ മാതാപിതാക്കളുടെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി. എന്നിട്ട് അയാൾക്കുവേണ്ടി നല്ല വസ്ത്രങ്ങൾ ധരിക്കാനും മുഖം സുന്ദരമാക്കാനും മുഖത്തു പൗഡറും ലിപ്സ്റ്റിക്കുമിടാനും പറഞ്ഞു. ആ കറുത്ത രാത്രിയിൽ അവൾ അയാൾ പറഞ്ഞതുപോലെ ചെയ്തു. അന്നു രാത്രി അയാളുടെ കാമാസക്തി മതിയാവോളം അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.   അയാളുടെ ബലം പ്രയോഗിച്ചുള്ള ക്രൂരമായ ലൈംഗിക പീഡനത്തിൽ നിന്നും മറുവാതിലിൽക്കൂടി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അവളെ അയാൾ പിടികൂടി. അന്നു രാത്രി അയാൾ അവളെ ക്രൂരമായി മർദ്ദിച്ചു. ബലമായി വസ്ത്രങ്ങൾ അഴിപ്പിച്ചശേഷം ആറു ഭീകരർ വസിക്കുന്ന മുറിയിലേക്ക് അവളെ വലിച്ചിഴച്ചു കൊണ്ടുപോയി. അവളുടെ ബോധം മറയുന്നവരെ അവർ അവളെ ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടും ഭോഗിച്ചുകൊണ്ടുമിരുന്നു.

ഒരു ദിവസം അവളെ ലൈംഗിക അടിമയായി സൂക്ഷിച്ചുകൊണ്ടിരുന്ന അവളുടെ  തീവ്രവാദിയോട് മറ്റൊരാൾ 'നാദിയ' അയാളുടെ ഭാര്യയാണോയെന്നു ചോദിച്ചതും അവളുടെ ഓർമ്മയിലുണ്ട്. "അവളെന്റെ ഭാര്യയല്ല, വെപ്പാട്ടിയും അടിമയുമെന്നുള്ള" അയാളുടെ ഉത്തരവും നാദിയ സ്വന്തം ആത്മകഥയിൽ വിവരിക്കുന്നുണ്ട്. സന്തോഷം കൊണ്ട് അയാൾ ആകാശത്തേയ്ക്ക് അതിനുശേഷം വെടിവെച്ചു. നാദിയാക്ക് പിന്നീട് പലരുടെയും ലൈംഗിക അടിമയായി അവിടെ കഴിയേണ്ടി വന്നു.

2014 നവംബർ മാസത്തിൽ അവളെ വെപ്പാട്ടിയായി സൂക്ഷിച്ചിരുന്ന ഭീകരന്റെ കൈകളിൽ നിന്നും അവൾക്കു രക്ഷപ്പെടാൻ സാധിച്ചു. അന്ന് അയാളുടെ വീട് പൂട്ടിയിട്ടില്ലായിരുന്നു. വളരെയധികം സുരക്ഷിതമായി അവൾ അവിടെനിന്നും ഒളിച്ചും പാത്തുമായി മൊസൂളിലെ തെരുവുകളിൽ കൂടി രക്ഷപ്പെട്ടു. പിന്നീട് അവൾ ഒരു അഭയാർത്ഥി ക്യാമ്പിലെത്തി. അവൾ എങ്ങനെ അവിടെയെത്തിയെന്നും നല്ല നിശ്ചയമില്ല. ആരെങ്കിലും അവളെ രക്ഷിച്ചുകാണുമെന്നും വിശ്വസിക്കുന്നു. ഒരു സുന്നി മുസ്ലിം കുടുംബത്തിലെ യുവാവ് സ്വന്തം ജീവിതം പണയം വെച്ചും അവളെ  സുരക്ഷാ കേന്ദ്രത്തിൽ എത്തിച്ചുവെന്നു അനുമാനിക്കുന്നു. അവിടെ നിന്നും ജർമ്മനിയിലെ അഭയാർഥി ക്യാമ്പിലെ ഏതോ പദ്ധതിക്കായി അവളെ തെരഞ്ഞെടുത്തു. ഒരു മുസ്ലിം കുടുംബത്തിന്റെ സഹായത്തോടെ അവൾ ജർമ്മനിയിലെത്തി. അവിടെ നിന്നായിരുന്നു 'ലാസ്റ്റ് ഗേൾ' എന്ന നോബൽ സമ്മാനാർഹമായ പുസ്തകം പ്രസിദ്ധീകരിച്ചത്. 'ലാസ്റ്റ് ഗേൾ': (Last girl) എന്ന നാദിയായുടെ പുസ്തകത്തിൽ അവളെ ഐഎസ് ഭീകരർ പിടികൂടിയതും ഇസ്ലാമിക്ക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടങ്ങളും വളരെ ഹൃദയസ്പർശമായി വിവരിച്ചിരിക്കുന്നു. ജീവന്റെ ഭീക്ഷണിയോടൊപ്പം സ്വന്തം ജീവിതവുമായി മല്ലടിച്ച ഒരു പോരാട്ട വീരകഥയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അവളുടെ ജീവിതം സ്വാതന്ത്ര്യ മോഹികളായ ജനതയ്ക്ക് എന്നും ഉത്തേജനം നൽകുന്നതാണ്.

ഇപ്പോൾ അവർ സ്റ്റുട്ട്ഗാർട്ട് എന്ന സ്ഥലത്തിന് സമീപം താമസിക്കുന്നു. എങ്കിലും അവിടം സ്വന്തം ഭവനമെന്ന തോന്നൽ അവൾക്കില്ല. "നാദിയ പറഞ്ഞു "ഞാൻ എല്ലാവരെയും എനിക്ക് വേണ്ടപ്പെട്ടവരെയും എന്റെ സുഹൃത്തുക്കളെയും ഉപേക്ഷിച്ചു. ഇന്നും എന്റെ കുടുംബത്തിലുള്ള സഹോദരികളും അവരുടെ പ്രായപൂർത്തിയാകാത്ത പെണ്മക്കൾ സഹിതമുള്ള കുടുംബാംഗങ്ങളും ആ അഭയാർഥി ക്യാമ്പുകളിൽ കഴിഞ്ഞു കൂടുന്നു. എങ്കിലും തനിക്ക് തീവ്രവാദികളുടെ അധീനതയിൽ നിന്നും മോചനം നേടിയ സംതൃപ്തിയുമുണ്ട്."

ക്യാമ്പിലെ ജീവിതത്തെപ്പറ്റിയും തടങ്കലിൽ കഴിയുന്ന യസീദി പെൺക്കുട്ടികളുടെ വിവരങ്ങൾ അറിയാനും നാദിയായേ ന്യൂയോർക്കിൽ കൊണ്ടുവന്നു. നാദിയ ക്രിസ്തുമസ് ആഘോഷിക്കാറില്ല. ക്രിസ്തുമസിനെപ്പറ്റി അവൾ ജർമ്മനിയിലായിരുന്നപ്പോൾ നന്നായി അറിഞ്ഞിരുന്നു. ക്രിസ്തുമസ് ആഘോഷിക്കുന്നവരോടായി അവൾക്ക് ഒരു സന്ദേശമുണ്ട്, "അവർ ക്രിസ്തുമസ് ആഘോഷിക്കുന്നുവെങ്കിൽ പാവങ്ങളെ സഹായിക്കുന്നതോടൊപ്പം തടങ്കലിലായിരിക്കുന്ന ഞങ്ങളുടെ യസീദികളെയും സഹായിക്കണമെന്ന ആഗ്രഹമുണ്ട്. അതാകട്ടെ നിങ്ങളുടെ ക്രിസ്തുമസ് സന്ദേശമെന്നു ഞാൻ ആഗ്രഹിച്ചുപോകുന്നു."

ഇന്ന് നാദിയായുടെ കഥ ഇസ്ലാമിക്ക് ഭീകരരുടെ കൊടും ഭീകരതയ്ക്ക് സാക്ഷി നൽകുന്നു. ഇറാക്കിലെ കൂട്ടക്കൊലയുടെ യഥാർത്ഥ ചരിത്രം അവൾ ലോകത്തെ അറിയിക്കുന്നു. അനുഭവസ്ഥയായ അവൾ അതിനു സാക്ഷിയായിരുന്നു. അവളുടെ ചിതറി പോയ കുടുംബം, തകർന്ന സമൂഹം, സ്വന്തം ജന്മഭൂമിയോടുള്ള അവളുടെ അകം നിറഞ്ഞ സ്നേഹം, യുദ്ധം മൂലം താറുമാറായ അവളുടെ കുടുംബം എന്നിങ്ങനെ മനുഷ്യ ഹൃദയങ്ങളെ ചഞ്ചലങ്ങളാക്കുന്ന യാഥാർഥ്യങ്ങൾ നാദിയ വെളിപ്പെടുത്തുന്നുണ്ട്.

ആയിരക്കണക്കിനു സ്ത്രീകൾ ഇന്നും ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഭീകരരുടെ അടിമത്വത്തിലുണ്ട്. അക്കൂടെ അവളുടെ കുടുംബാംഗങ്ങളുടെയും അവരുടെ പെൺമക്കളുടെയും വിലാപങ്ങളുമുണ്ടാകാം. കാലിഫേറ്റ് സമ്പ്രദായ പ്രകാരം അടിമത്വം അവരുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ബലാത്സംഗത്തിനും ലൈംഗിക പീഡനങ്ങൾക്കും അമുസ്ലിം സ്ത്രീകൾ വഴങ്ങി കൊടുക്കണം. ലൈംഗിക പീഡനങ്ങളെ ഭീകരർ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഒരു സ്ത്രീയെ പത്തു പ്രാവിശ്യം ബലാൽസംഗം ചെയ്‌താൽ അവളെ പിന്നീട് മുസ്ലിമായി മാറ്റുന്നതിന് തടസ്സവുമില്ല. അടിമകളായ സ്ത്രീകളെ കച്ചവട വസ്തുക്കൾ പോലെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നു. യസീദി സ്ത്രീകളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നാദിയ ന്യൂയോർക്കിലായിരുന്നപ്പോൾ സംഘിടിത പ്രചാരണപ്രവര്‍ത്തനങ്ങളിലും മുഴുകിയിരുന്നു. അവരുടെ രാജ്യത്തെ മോചനമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.  ലോകരാജ്യങ്ങളോട് സഹായം അഭ്യർത്ഥിക്കുന്നതിനൊപ്പം നാദിയ തന്റെ കദന കഥകളും ലോകത്തിന്റെ മുമ്പിൽ അവതരിപ്പിക്കുന്നുമുണ്ട്. നീണ്ട പോരാട്ട വീര്യത്തിന്റെ നാലാം വർഷം അവൾക്കു നോബൽ സമ്മാനം കിട്ടിയപ്പോൾ യാതനകളുടെ  കഴിഞ്ഞകാല ഭീകരദിനങ്ങളും അവളുടെ മനസ്സിൽ ഓളം തട്ടിക്കൊണ്ടിരുന്നു.








Thursday, October 4, 2018

എന്റെ തിമിര ശസ്ത്രക്രിയയും ഉത്‌ക്കണ്‌ഠകളും പുതിയ ലോകവും




ജോസഫ് പടന്നമാക്കൽ

ഏകദേശം രണ്ടു വർഷങ്ങൾക്കു മുമ്പു എന്റെ കണ്ണുകളിൽ തിമിരം (ക്യാട്രാക്റ്റ്) വ്യാപിക്കുവാൻ തുടങ്ങിയിരുന്നു. തിമിരം, 2018 സെപ്റ്റംബറിൽ പൂർണ്ണവികാസം പ്രാപിച്ചപ്പോൾ രണ്ടു കണ്ണുകളിലും ശസ്ത്രക്രിയകൾ ചെയ്യേണ്ടി വന്നു. അതുവരെ ചെറുതും വലുതുമായ അക്ഷരങ്ങൾ കൂട്ടി വായിക്കാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. ഭാഗികമായി ഇടത്തെ കണ്ണിന്റെ കാഴ്ച തീർത്തും മങ്ങിയിരുന്നു. 2018 സെപ്റ്റംബർ പതിനാലാം തിയ്യതിയായിരുന്നു ഇടത്തെ കണ്ണിന്റെ ഓപ്പറേഷൻ. ഓപ്പറേഷനു ശേഷം ഇടത്തുകണ്ണിൽക്കൂടിയുള്ള കാഴ്ചകൾ തിളങ്ങിയും വലത്തെ കണ്ണ് ശസ്ത്രക്രിയ ചെയ്യാതിരുന്നതിനാൽ മങ്ങിയുമിരുന്നു. സെപ്റ്റംബർ ഇരുപത്തിയെട്ടാം തിയതി വലത്തേക്കണ്ണിലും വിജയകരമായ തിമിര ശസ്ത്രക്രിയ ചെയ്തു.

1970 കളിലും അതിനുശേഷവും കുടിയേറ്റക്കാരായി വന്ന ഒന്നാം തലമുറയിൽപ്പെട്ടവരിൽ അനേകരുടെ കണ്ണുകളിൽ തിമിര രോഗം പിടിപ്പെട്ടിരിക്കാം. തിമിരത്തെപ്പറ്റിയും ഗ്ലോക്കോമയെപ്പറ്റിയും മുമ്പ് ഞാനൊരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. തിമിരത്തിനുള്ള തയ്യാറെടുപ്പോടെ ഭീതിയുടെ നിഴലിൽ  പരിഭ്രാന്തിയോടെ ഞാൻഎഴുതിയ ഒരു ലേഖനമായിരുന്നു, അത്. കണ്ണിന്റെ സർജറിയിൽ ആകുലരായവർക്ക് എന്റെ ഈ ലേഖനം ഊർജവും ആശ്വാസവും പകരട്ടെയെന്ന ഉദ്ദേശ്യത്തിലാണ് തിമിരത്തെപ്പറ്റി രണ്ടാമതും ഒരു ലേഖനം തയ്യാറാക്കാൻ നിർബന്ധിതനായത്. ഇത് മെഡിക്കൽ വിഷയങ്ങളെ സംബന്ധിച്ചുള്ള ആധികാരികമായ ഒരു ലേഖനമല്ല. വെറും അക്കാഡമിക്ക് വിഷയങ്ങൾ മാത്രം പഠിച്ചിട്ടുള്ള ഞാൻ മെഡിക്കൽ വിഷയങ്ങളിൽ പ്രാവിണ്യം നേടിയിട്ടുമില്ല. തിമിരമുള്ളവർ അവരുടെ സംശയങ്ങൾ മുഴുവൻ ഒരു ഡോക്ടറെ സമീപിച്ച് മനസിലാക്കേണ്ടതുമുണ്ട്. ഈ ലേഖനം അവർക്ക് ഒരു മാർഗനിർദ്ദേശമായിരിക്കുമെന്നും കരുതുന്നു.

രണ്ടു കണ്ണുകളിലുമുള്ള തിമിര (ക്യാട്രാക്റ്റ്) ശസ്ത്രക്രിയകൾക്കുശേഷം കാർമേഘങ്ങൾ നീങ്ങി, തിളങ്ങുന്ന സുന്ദരമായ ഒരു ലോകം എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടതായും തോന്നി. വാസ്തവത്തിൽ മനസും ഹൃദയവും ഒരുപോലെ പ്രകൃതിയുമായി ലയിച്ചുവോയെന്നും തോന്നിപോവുന്നു. ലോകം തന്നെ വീണ്ടും പുതുമയാർന്നതായി അനുഭവപ്പെടുന്നു. നിറങ്ങൾ പല വർണ്ണങ്ങളായി ഏതോ കലാകാരന്റെ ഭാവനയിൽ നെയ്തെടുത്തതായും സാക്ഷ്യം വഹിക്കുന്നു. ഹരിതക പച്ച നിറഞ്ഞ ചെടികളും പൂക്കളും ഇലകളും ഇന്ന് കൂടുതൽ സൗന്ദര്യാത്മകമാണ്. ആകർഷകവുമാണ്. ഇനി മതിയാവോളം ഈ പ്രകൃതിയും സൗന്ദര്യവും എന്റെ കണ്ണുകളിൽനിന്ന് മായാതിരിക്കട്ടെയെന്നും അഭിലഷിക്കുന്നു.

തിമിരം നീക്കം ചെയ്യാനുള്ള സർജറി അമേരിക്കയിൽ വളരെ സുരക്ഷിതമെന്നാണ് വെപ്പ്. ഏകദേശം മൂന്നു മില്യൺ സർജറി അമേരിക്കയിൽ വർഷം തോറും നടക്കുന്നുണ്ട്. മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ഭൂരിഭാഗം പേർക്കും കണ്ണിന്റെ കാഴ്ച പെട്ടെന്നുതന്നെ മടക്കി കിട്ടുന്നു. ഗവേഷകരുടെ പഠനം അനുസരിച്ച് ഏകദേശം 96 ശതമാനം രോഗികൾക്കും പിന്നീടു പ്രശ്നങ്ങളൊന്നും ഉണ്ടാവാറില്ല. കോൺടാക്ട് (Contact) ലെൻസ് ഇല്ലാതെയും കണ്ണടയില്ലാതെയും ഡ്രൈവു ചെയ്യാൻ സാധിക്കുന്നു. രണ്ടു ശതമാനം പേർക്ക് മാത്രം ചിലപ്പോൾ പ്രശ്നങ്ങൾ സംഭവിക്കാറുണ്ടെന്നും കണക്കുകൾ പറയുന്നു. അത്തരം പ്രശ്നങ്ങൾ പ്രമേഹ രോഗികളിലും രക്തസമ്മർദ്ദം ഉള്ളവരിലുമാണ് കൂടുതലും കാണപ്പെടുന്നത്.

കണ്ണിനുള്ളിലെ സ്വാഭാവിക ലെൻസിലുണ്ടാകുന്ന മങ്ങൽമൂലം സംഭവിക്കുന്ന അവസ്ഥാവിശേഷമാണ് തിമിരം അഥവാ ക്യാട്രാക്റ്റ് എന്ന് പറയുന്നത്. രാത്രിയിൽ വെളിച്ചം കാണാനുള്ള ബുദ്ധിമുട്ട്, വെളിച്ചത്തിനു ചുറ്റും വലയം കാണുക, ഡ്രൈവ് ചെയ്യാനുള്ള പ്രയാസങ്ങൾ, വസ്തുക്കൾ വ്യക്തമായി കാണാൻ സാധിക്കാതെ വരുക എന്നിവകളെല്ലാം തിമിരത്തിന്റെ ലക്ഷണങ്ങളാണ്. കാഴ്ച ശക്തി കുറയുമ്പോൾ കൂടെക്കൂടെ കണ്ണടകൾ മാറ്റേണ്ടി വരുന്നതും തിമിരം ബാധിച്ചവരിൽ സാധാരണമാണ്. ഓരോ മനുഷ്യന്റെയും കണ്ണിനുള്ളിൽ ലോലമായ കണ്ണാടിപോലുള്ള സ്വാഭാവിക ലെൻസുണ്ട്. കണ്ണിനുള്ളിലെ ഈ ലെൻസ് മങ്ങലേൽക്കുമ്പോഴാണ് തിമിരമായി രൂപാന്തരപ്പെടുന്നത്. കണ്ണിലെ ലെൻസ് വെളിച്ചത്തെയും നാം കാണുന്ന വസ്തുക്കളെയും കണ്ണിന്റെ പുറകിലുള്ള ഞരമ്പുകളിൽ എത്തിക്കുന്നു. അത് പ്രതിബിംബങ്ങളായി തലച്ചോറിൽ എത്തുന്നു. ലെൻസിലുണ്ടാകുന്ന ക്ഷതങ്ങളും മങ്ങലുകളും കാഴ്ചയെ ബാധിക്കുകയും തലച്ചോറിൽ പ്രതിബിംബങ്ങൾ എത്താതെ വരുകയും ചെയ്യുമ്പോഴാണ് തിമിരമായി രൂപാന്തരപ്പെടുന്നത്. തിമിരം സാധാരണ സാവധാനമായിട്ടാണ് വളരുന്നത്. കണ്ണിനുള്ളിലെ ലെൻസ് മങ്ങുന്നതനുസരിച്ച് തിമിരത്തിന്റെ വ്യാപ്തി വർദ്ധിക്കുകയും കാഴ്ച പയ്യെപ്പയ്യെ  ഇല്ലാതാവുകയും ചെയ്യും.

ന്യൂയോർക്കിലെ ന്യൂറോഷൽ എന്ന സ്ഥലത്തുള്ള '120 വാറൻ സ്ട്രീറ്റ് ഓഫിസിൽ' പ്രാക്ടീസ് ചെയ്യുന്ന 'ഡോ ഡീൻ പോളിസ്റ്റിനാ എംഡി, പിഎച്ച്ഡി' (Dean C. Polistina,MD.,Ph.D) യാണ് എന്റെ കണ്ണിന്റെ ഡോക്ടർ. അദ്ദേഹമാണ് തിമിരത്തിനുള്ള സർജറി നടത്തിയത്. ആദ്യം ഇടത്തെ കണ്ണിൽ സർജറി ചെയ്തു. ഏതാനും ദിവസങ്ങൾക്കുള്ളിൽ സുഖം പ്രാപിക്കുകയും ചെയ്തു. നല്ല കാഴ്ച ലഭിച്ചതുമൂലം ഞാൻ തികച്ചും സംതൃപ്തനായിരുന്നു. പിന്നീട്! സെപ്റ്റംബർ ഇരുപത്തിയെട്ടാം തിയതി എന്റെ വലത്തെ കണ്ണിലും തിമിരത്തിനുള്ള സർജറി ചെയ്തപ്പോൾ ഭയമൊട്ടുമില്ലായിരുന്നു. വളരെയധികം സന്തോഷത്തോടെയാണ് ഞാൻ വലത്തെ കണ്ണിൽ ശസ്ത്രക്രിയക്കായി ഓപ്പറേഷൻ മുറിയിൽ പ്രവേശിച്ചത്. ഇടത്തെ കണ്ണിനു ലഭിച്ച വിസ്മയകരമായ കാഴ്ചയായിരുന്നു അതിനു കാരണം. ഒരു പുതിയ ലോകം ഒരു പുതിയ ആകാശം പുതിയ ഭൂമി എന്റെ കണ്ണുകളിൽ ദൃശ്യങ്ങളായപ്പോൾ പ്രായമായ എന്നിലെ അവസ്ഥകളെത്തന്നെ മറന്നുപോയിരുന്നു.

സർജറി കഴിഞ്ഞു ഓപ്പറേഷൻ മുറിയിൽ നിന്നു പുറത്തിറങ്ങിയപ്പോൾ കണ്ണ് ഒരു ഷീൽഡ് കൊണ്ട് മൂടിയിരുന്നു. ഡോക്ടർക്കു മാത്രം നീക്കാൻ അനുവാദമുള്ള ആ ഷീൽഡ് വെച്ചായിരുന്നു അന്നു ഞാൻ കിടന്നുറങ്ങിയത്. ഉറങ്ങുകയോ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയോ ടി വി കാണുകയോ ചെയ്യാമെന്നും പറഞ്ഞു. തലവേദന എനിക്കനുഭവപ്പെടാഞ്ഞതുകൊണ്ടു ടൈലിനോൾ ഒന്നും കഴിച്ചില്ല. നിത്യം ഉപയോഗിക്കുന്ന 'സൊറായിസിസിനും' 'കൊളസ്ട്രോളി'നുമുള്ള ഔഷധ ഗുളികകൾ പതിവു മുടക്കാതെ അന്നു രാത്രിമുതൽ തുടരുകയും ചെയ്തു.

തിമിരം ഒരു രോഗമായിട്ടാണ് പൊതുവെയുള്ള ധാരണ. എന്നാൽ തിമിരം രോഗമായിട്ട് കരുതുന്നില്ല. പ്രായമാകുമ്പോൾ കണ്ണിലെ ലെൻസുകൾ ക്ഷയിക്കുമ്പോൾ മൂലം ഉണ്ടാകുന്ന അവസ്ഥയാണ് തിമിരമെന്നു പറയുന്നത്. ഇവിടെ പ്രകാശം നൽകുന്ന ലെൻസിന്റെ കഴിവ് നശിക്കുകയും കാഴ്ച ലഭിക്കാതെ ഇരിക്കുകയും ചെയ്യും. തിമിരം ഒരു പകർച്ചവ്യാധിയുമല്ല. അത് ഒരു കണ്ണിൽനിന്നും മറ്റേ കണ്ണിലേക്ക് പകരുകയുമില്ല. കണ്ണിലെ കൃഷ്‌ണമണിയിൽ സൂക്ഷിച്ചു നോക്കിയാൽ മങ്ങിയ വെള്ളയോ മഞ്ഞയോ കാണുന്നുണ്ടെങ്കിൽ അത് തിമിരമെന്ന് കണക്കാക്കാം.

ഇന്ന് ലോകത്തിലുള്ള കണ്ണുരോഗങ്ങളുടെ അമ്പതു ശതമാനം കാരണവും തിമിരം മൂലമെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. കണ്ണിനു സ്വാഭാവികമായി ലഭിച്ചിരുന്ന കാഴ്ച്ചയ്ക്ക് മങ്ങലേൽക്കുന്നതാണ് തിമരത്തിൽ കണ്ടു വരുന്ന പ്രധാന ലക്ഷണം. അകലങ്ങളിൽ ഉള്ള കാഴ്ച്ച ചിലപ്പോൾ കുറയുകയും അതേ സമയം അടുത്തു കാണുന്ന വസ്തുക്കളിൽമേൽ കാഴ്ച്ച മെച്ചപ്പെടുകയും ചെയ്യാം. തിമിരം വാർധക്യത്തിലാണ് ഉണ്ടാവുന്നതെങ്കിലും പാരമ്പര്യമൂലവും പോഷകാഹാരത്തിന്റെ കുറവുമൂലവും ചെറുപ്പക്കാരിലും ദൃശ്യമാവാറുണ്ട്. ഗർഭപാത്രത്തിലെ ചില അസുഖങ്ങൾ മൂലം കുഞ്ഞുങ്ങളിലും കണ്ടു വരാറുണ്ട്.

'തിമിരം' ബാധിച്ച കണ്ണിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കാൻ അധിക സമയം എടുക്കയില്ല. പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പതിനഞ്ചു മിനിട്ടുമുതൽ അരമണിക്കൂറിനുള്ളിൽ സർജറി കഴിഞ്ഞിരിക്കും. സർജറിക്ക് മുമ്പ് പ്രൈമറി ഡോക്ടറിൽ നിന്നും ഈ.കെ.ജി റിപ്പോർട്ട് സമർപ്പിക്കേണ്ടതായുണ്ട്. നിലവിലുള്ള രോഗങ്ങൾക്ക് ഏതെല്ലാം മെഡിസിൻ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് പ്രൈമറി ഡോക്ടറിൽ നിന്നും ശേഖരിക്കും. രോഗിയുടെ മറ്റു അസുഖങ്ങളെപ്പറ്റിയും പ്രൈമറി ഡോക്ടർ കണ്ണിന്റെ സ്പെഷ്യലിസ്റ്റിനെ അറിയിക്കണം. ബ്ലഡ് ടെസ്റ്റ് എടുക്കണമെന്നും നിർദ്ദേശിക്കാം. കണ്ണിന്റെ ഓപ്പറേഷനു തൊട്ടുമുമ്പായി പ്രമേഹവും രക്ത സമ്മർദ്ദ അളവുകളും പരിശോധിച്ച ശേഷമേ ഓപ്പറേഷൻ മുറിയിൽ കൊണ്ടുപോവുകയുള്ളൂ. ഓപ്പറേഷനു മുമ്പായി രോഗിയെ സെഡേഷൻ കൊടുത്തു മയക്കുന്നതുകൊണ്ട് സർജറി സമയം ഡോക്ടർ എന്തെല്ലാം ചെയ്യുന്നുണ്ടെന്നുള്ള വിവരം രോഗി അറിയില്ല. ഓപ്പറേഷൻ സമയം കണ്ണിന്റെ കവചത്തിനുള്ളിലെ കട്ടി പിടിച്ച ലെൻസ് പൊടിച്ചശേഷം മെഡിക്കൽ ഉപകരണങ്ങൾ കൊണ്ട് വലിച്ചെടുക്കുന്നു. അതിനുശേഷം കൃത്രിമമായ പ്ലാസ്റ്റിക്ക് ലെൻസ് ചുരുട്ടി അകത്തേയ്ക്ക് കുത്തിവെച്ച് ഇറക്കുന്നു. അതോടെ കൃത്രിമമായ ഒരു ലെൻസ് സ്വാഭാവിക ലെൻസിന്റെ സ്ഥലത്ത് സ്ഥാനം പിടിക്കുന്നു. അതിനെ ഇന്ട്രോക്ക്യൂലർ ലെൻസ് അല്ലെങ്കിൽ ഐഒഎൽ എന്നാണ് പറയുന്നത്. (intraocular lens or IOL). അവിടെ രക്തസ്രാവം ഒന്നും അനുഭവപ്പെടാറില്ല. സർജറിയല്ലാതെ തിമിരം നീക്കം ചെയ്യാൻ മറ്റൊരു പോംവഴിയുമില്ല.

സർജറിക്കു ശേഷം ഭൂരിഭാഗം പേർക്കും നല്ല കാഴ്ച ലഭിക്കുന്നുവെന്നു സ്ഥിതിവിവരകണക്കുകൾ വ്യക്തമാക്കുന്നു. പിന്നീട് അനസ്തീഷ്യായുടെ അനന്തരഫലമായുണ്ടായ ക്ഷീണം മാറുന്നവരെ വിശ്രമവും ആവശ്യമാണ്. സാധാരണ ശസ്ത്രക്രിയ നടത്തുന്ന ഹാളിൽ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഈ വിശ്രമം ആവശ്യമായി വന്നേക്കാം. തിരിച്ചു വീട്ടിൽ കൊണ്ടുപോകാൻ ഒരു സഹായിയും ആവശ്യമായിരിക്കും. എന്നെ സംബന്ധിച്ച് സർജറിയുടെ ആരംഭം മുതൽ അവസാനം വരെ ഭാര്യ എന്റെ സഹായിയായി കാത്തിരിപ്പുണ്ടായിരുന്നു.

സർജറി കഴിഞ്ഞു ആദ്യത്തെ ദിവസം മങ്ങലോടുകൂടി മാത്രമേ എനിക്ക് വസ്‌തുക്കളെ കാണാൻ സാധിച്ചിരുന്നുള്ളൂ. ദേവിദേവന്മാരുടെ ശിരസുകളിൽ കാണുന്ന വലയംപോലെ ഒരു വലയം കത്തുന്ന ദീപത്തെ നോക്കുമ്പോൾ ദൃശ്യമായിരുന്നു. എങ്കിലും മുമ്പുണ്ടായിരുന്ന കണ്ണിന്റെ കാഴ്ചയേക്കാളും പതിന്മടങ്ങു നന്നായി കാണാമായിരുന്നു. സർജറിയ്ക്കു ശേഷം വീണ്ടും ഡോക്ടറുമായി കൂടികാഴ്ചയുണ്ടായിരുന്നു. ഏതാനും ടെസ്റ്റുകൾക്ക് ശേഷം എന്റെ കണ്ണുകൾക്ക് പൂർണ്ണമായ കാഴ്ചയുണ്ടെന്നും കണ്ണുകൾ 20/20 വായിക്കുന്നതിനും ദൂരെ കാഴ്ചയ്ക്കും ശക്തിയുണ്ടെന്നും അറിയിച്ചു.

സർജറിക്കുശേഷം കണ്ണിൽനിന്നു ഷീൽഡ് നീക്കം ചെയ്യുന്ന സമയം മങ്ങലുണ്ടെങ്കിൽ പരിഭ്രമിക്കേണ്ട ആവശ്യമില്ല. സ്വാഭാവിക ലെൻസ് ഇരുന്ന സ്ഥലത്ത് ഇൻട്രോക്‌ളാർ (intraocular) ലെൻസ് പ്രവർത്തിക്കുന്ന കാരണം മാറ്റത്തിനായി കുറച്ചു ദിവസങ്ങൾകൂടി കാത്തിരിക്കണം. ഈ സമയങ്ങളിൽ കണ്ണിന് മങ്ങലുകളും കാണാം. കണ്ണിന്റെ വെള്ളയിൽ ചുവപ്പും കണ്ടേക്കാം. അത് രക്തവാഹിനികൾ താൽക്കാലികമായി തടസമുണ്ടാക്കുന്നതുകൊണ്ടു സംഭവിക്കുന്നതാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ കണ്ണിലെ ചുവപ്പു നിറം മാറികിട്ടുകയും ചെയ്യും. കണ്ണിൽ നടത്തുന്ന കുത്തി വെയ്പ്പ്മൂലം കണ്ണിൽ പാടുണ്ടായാലും ദിവസങ്ങൾക്കുള്ളിൽ അത് ഭേദമായി കൊള്ളും.

ശസ്ത്രക്രിയക്കുശേഷം മണിക്കൂറുകൾക്കുള്ളിൽ കണ്ണിലെ ബുദ്ധിമുട്ടുകൾ ഇല്ലാതായി രോഗം ഭേദമാകുമെങ്കിലും ഓരോരുത്തരും സുഖം പ്രാപിക്കുന്നത് വ്യത്യസ്ത രീതികളിലായിരിക്കും. ചിലർക്ക് പരിപൂർണ്ണമായും കാഴ്ച്ചയുണ്ടാകാൻ ചിലപ്പോൾ ഒന്നുരണ്ടാഴ്ചകൾ എടുക്കും. സർജറിയ്ക്ക് ശേഷം ഡോക്ടറെ ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും കാണണം. ചില പരിശോധനകൾക്കു ശേഷം മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ഉറപ്പു വരുത്തുകയും ചെയ്യും. കണ്ണിനു വേദനയോ മൂടലോ  അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ അറിയിക്കേണ്ടതാണ്.

സർജറിമുതൽ കണ്ണിൽ ഒഴിക്കേണ്ട മരുന്നുകൾ ഏതെല്ലാമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരിക്കും. ഡോക്ടർ പറയുന്നതനുസരിച്ചുള്ള മരുന്നുകൾ കൃത്യമായി ഒഴിക്കാൻ ശ്രദ്ധിക്കേണ്ടതായുണ്ട്. കണ്ണിൽ മരുന്നൊഴിക്കുമ്പോൾ ശുചിത്വമാവിശ്യമാണ്. മരുന്നൊഴിക്കുന്നത് മരുന്നുകുപ്പി കുലുക്കിയ ശേഷമായിരിക്കണം.മരുന്നൊഴിക്കുന്നതിനു മുമ്പ് കൈകൾ വൃത്തിയാക്കിയിരിക്കണം. മരുന്നുകൾ കണ്ണുകളിൽ വ്യാപിക്കാൻ ഏതാനും നിമിഷം കണ്ണ് അടച്ചിരിക്കണം. ഓരോ മരുന്നൊഴിക്കുമ്പോഴും ഒരു മിനിറ്റ് കാത്തിരുന്ന ശേഷമായിരിക്കണം അടുത്ത മരുന്നൊഴിക്കാൻ. കണ്ണിൽ ഒഴിക്കുന്ന മൂന്നു നാലു തരം മരുന്നുകളുമുണ്ട്. അതിൽ രോഗാണുനാശകമായ ഔഷധം (ആന്റി ബയോട്ടിക്ക്) വേദനയ്ക്കുള്ളത്, കണ്ണിൽ നീർക്കുമിളകൾ വരാതിരിക്കാനുള്ള ഔഷധം, എന്നിങ്ങനെ ഓരോ അളവിലും ദിവസത്തിന്റെ പല ഘട്ടങ്ങളിലായി കണ്ണിനുള്ളിൽ താഴത്തെ കൺപോളകൾക്കിടയിലായി ഒഴിച്ചുകൊണ്ടിരിക്കണം. ഏതെല്ലാം സമയങ്ങളിൽ കണ്ണിൽ മരുന്നൊഴിക്കണമെന്നു കാണിച്ചുള്ള ഒരു ചാർട്ട് ഡോക്ടർ നൽകും.

സർജറിയ്ക്കുശേഷം പിറ്റേദിവസം മുതൽ നിത്യം ചെയ്തുകൊണ്ടിരിക്കുന്ന സാധാരണ ജോലികളും ചെയ്യുന്നതിൽ പ്രശ്നങ്ങളുണ്ടാവില്ല. എങ്കിലും കഠിനമായ ജോലികൾ ചെയ്താൽ കണ്ണിൽ സമ്മർദ്ദം അനുഭവപ്പെടും. രോഗ വിമുക്തിവരെ കണ്ണിൽ അണുബാധയോ മുറിവുകളോ മറ്റു സാംക്രമിക രോഗങ്ങളോ ഉണ്ടാകാതെ സൂക്ഷിക്കണം. ഏതാനും ദിവസങ്ങൾ കണ്ണിൽ നിന്നും കണ്ണുനീര് വരാനും സാധ്യതയുണ്ട്. കണ്ണിന് ചൊറിച്ചിലും അനുഭവപ്പെടാം. ചുവപ്പു നിറവും ഉണ്ടാകാം. ഇത്തരം അസ്വസ്ഥതകൾ ചിലരിൽ പെട്ടെന്നും മറ്റു ചിലരിൽ ഒന്നുരണ്ടു ആഴ്ചകൾക്കുള്ളിലും മാറിക്കിട്ടും.

ശസ്ത്രക്രിയക്കുശേഷം കണ്ണിന്റെ സുരക്ഷിതാവശ്യങ്ങൾക്കുള്ള ചില പ്രസക്തങ്ങളായ കാര്യങ്ങൾ താഴെ വിവരിക്കുന്നു.

1. സൂര്യതാപം ഏൽക്കാതിരിക്കാൻ കണ്ണിൽ കൂളിംഗ് ഗ്ളാസ് ധരിക്കണം.

2. സർജറിയ്ക്കു ശേഷം ക്ഷീണിതമെങ്കിൽ പരിപൂർണ്ണ വിശ്രമം ആവശ്യമാണ്. ഉറക്കവും ആവശ്യമാണ്.

3. സർജറി കഴിഞ്ഞു സുരക്ഷിതത്വത്തിനായി കണ്ണിനെ മൂടിക്കൊണ്ടു ഒരു ഷീൽഡ് കാണും. പിറ്റേദിവസം അത് ഡോക്ടർ എടുത്തു മാറ്റി വേണ്ട മരുന്നുകളും ഒഴിക്കുന്നു.

4. കുറച്ചു ദിവസങ്ങൾ ഉറങ്ങുന്ന സമയം കണ്ണിനെ സുരക്ഷിതത്വത്തിനായി ഷീൽഡുകൊണ്ട് മറച്ചിരിക്കണം. ഉറക്കത്തിൽ ചൊറിയാതിരിക്കാനാണ് കണ്ണ് ഒരു ഷീൽഡുകൊണ്ടു മൂടുന്നത്.

5. സർജറി കഴിഞ്ഞു ആദ്യത്തെ ദിവസങ്ങളിൽ ഡ്രൈവ് ചെയ്യുകയോ ഭാരമുള്ള വസ്തുക്കൾ എടുക്കുകയോ അരുത്.

6. കണ്ണിനു സമ്മർദ്ദം നൽകുന്ന വിധം കുനിയാൻ പാടില്ല.

7. തുമ്മുകയോ ശർദ്ദിക്കുകയോ ചെയ്യാതെ സൂക്ഷിക്കണം. അതിനായി സർജറിക്കു പത്തു മണിക്കൂർ മുമ്പുമുതൽ ഭക്ഷണം കഴിക്കാൻ പാടില്ല. നിത്യമുപയോഗിക്കുന്ന മെഡിസിനും എടുക്കരുത്.

8. നടക്കുമ്പോൾ സൂക്ഷിക്കണം. വാതിലുകളിലോ ഗോവണിപ്പടികളിലോ മറ്റു വസ്തുക്കളിലോ കണ്ണുകൾ തട്ടാതെ സൂക്ഷിക്കണം.

9. ചൂടുള്ള വെള്ളത്തിൽ കുളിക്കുകയോ ഷവർ എടുക്കാനോ നീന്താനോ പാടില്ല. ഏതാനും ദിവസത്തേക്ക് കുളിക്കുമ്പോൾ കണ്ണിൽ സോപ്പു വെള്ളം വീഴാതെ സൂക്ഷിക്കണം. ദേഹം മാത്രം കഴുകാൻ ശ്രദ്ധിക്കണം. മുഖം കഴുകുമ്പോൾ കണ്ണിൽ സോപ്പ് കലർന്ന വെള്ളം പോകാതെ സൂക്ഷിക്കണം.

10. കണ്ണ് സുഖപ്പെടുന്ന സമയങ്ങളിൽ കൺപോളകൾ കൂട്ടി തിരുമ്മാൻ പാടില്ല.

11. ഡോക്ടർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുകയെന്നതും വളരെ പ്രധാനമാണ്. വേണ്ടവിധമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പേപ്പറുകളും ദിവസവും പരിപാലിക്കേണ്ട ചാർട്ടുകളും ഡോക്ടർ തരുകയും അതനുസരിച്ച് കണ്ണിനുവേണ്ട സംരക്ഷണങ്ങൾ നൽകുകയും വേണം.

12.ഒരു മാസത്തോളം കണ്ണിലൊഴിക്കേണ്ട മരുന്നുകൾ കൃത്യമായി ഒഴിച്ചിരിക്കണം.

13. പ്രമേഹം ഉണ്ടെങ്കിൽ അത് നിയന്ത്രിച്ച ശേഷം മാത്രമേ ശസ്ത്രക്രിയയ്ക്ക് തയ്യാറാകാൻ പാടുള്ളൂ. അതുപോലെ അമിതമായ രക്തസമ്മർദ്ദം ഉണ്ടെങ്കിൽ നിയന്ത്രണത്തിൽ കൊണ്ടുവരുകയോ മരുന്നുകൾ ഉപയോഗിക്കുകയോ ചെയ്യണം.

14. ആസ്‌പിരിൻ പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരാഴ്ചക്ക് മുമ്പേ നിർത്തിയിരിക്കണം.

15.ഹൃദ്രോഗികൾ ഡോക്ടറുമായി ആലോചിച്ച ശേഷമേ ശസ്ത്രക്രിയക്ക് ഒരുമ്പെടാൻ പാടുള്ളൂ. ചുമയും കഫവും നീർക്കെട്ടും ഉള്ളവർ ചീകത്സിച്ചു ഭേദമാക്കിയിട്ടേ ശസ്ത്രക്രിയക്ക് തയ്യാറാകാവൂ.

16. ശസ്ത്ര ക്രിയക്കു ശേഷം പെട്ടെന്ന് കാഴ്‌ച കുറയുകയോ കണ്ണിനു വേദന അനുഭവപ്പെടുകയോ ചെയ്യുന്നുവെങ്കിൽ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

'ക്യാട്രാക്റ്റ്' സർജറികൊണ്ട് ഒരാളിന്റെ ദൈനംദിന ജീവിതത്തിലുള്ള പ്രവർത്തന മണ്ഡലങ്ങൾക്ക് കാര്യമായ തടസങ്ങൾ ഉണ്ടാകാറില്ല. വളരെ കുറച്ചുമാത്രം അസൗകര്യങ്ങൾ ഉണ്ടാകാം. സർജറി കഴിഞ്ഞുള്ള ഏതാനും മണിക്കൂറിനുള്ളിൽ കംപ്യൂട്ടറിൽ വായിക്കുകയോ ടൈപ്പ് ചെയ്യുകയോ  ചെയ്യുന്നതിനു കുഴപ്പമില്ല. മിതമായി ടിവിയും കാണാം. കണ്ണിൽ വെള്ളം തെറിപ്പിക്കാതെ കുളിക്കുന്നതിനും കുഴപ്പമില്ല. കസേരകളിലോ തുറസായ സ്ഥലങ്ങളിലോ ഇരിക്കുന്നതുകൊണ്ടു പ്രശ്നമില്ല. ഡ്രൈവിംഗ് ഒന്നുരണ്ടു ദിവസങ്ങൾക്കുള്ളിൽ ചെയ്യാൻ സാധിക്കും. എങ്കിലും പൊടി പടലങ്ങൾ നിറഞ്ഞ നിരത്തിൽക്കൂടി കാറിന്റെ ഗ്ലാസ് തുറന്നുകൊണ്ടു ഡ്രൈവ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. ഡ്രൈവിംഗ് ചെയ്യുമ്പോൾ സൺഗ്ലാസ് ഉപയോഗിക്കുകയും വേണം.

എന്തുകൊണ്ട് തിമിരം എന്റെ കണ്ണിൽനിന്ന് വളരെ മുമ്പുതന്നെ നീക്കം ചെയ്തില്ലെന്നു സർജറി കഴിഞ്ഞപ്പോൾ മുതൽ എന്റെ മനസ് എന്നോടായി ചോദിച്ചുകൊണ്ടിരുന്നു. അത്യധികം സുരക്ഷിതമായിരുന്ന ഈ സർജറിയെ ഞാൻ ഭയപ്പെട്ടിരുന്നതായിരുന്നു കാരണം. ആരെങ്കിലും ഉപദേശിച്ചിരുന്നെങ്കിൽ' കണ്ണിന്റെ ശസ്ത്രക്രിയ നേരത്തെതന്നെ ചെയ്യുമായിരുന്നുവെന്നും തോന്നിപ്പോയി. എങ്കിൽ എഴുതാനും വായിക്കാനും ഡ്രൈവു ചെയ്യാനും കഷ്ടപ്പെടേണ്ട ആവശ്യം വരില്ലായിരുന്നു. വെള്ളെഴുത്തുണ്ടായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന എന്റെ കണ്ണടകൾ ഇന്നും മേശപ്പുറത്തുതന്നെയുണ്ട്. ഇനിമുതൽ എനിക്ക് കണ്ണടകൾ ആവശ്യമില്ല. ഓർമ്മക്കുറവുകൾ വന്നതുമൂലം ദിവസവും കണ്ണട അലക്ഷ്യമായി കാണുന്ന സ്ഥലങ്ങളിൽ വെച്ചിരുന്നു. വായിക്കുന്ന സമയങ്ങളിൽ കണ്ണട തേടേണ്ടതായും വന്നിരുന്നു. ജീവിതം എത്ര സുഗമമായിരിക്കുന്നുവെന്നും തോന്നിപ്പോവുന്നു. ഇന്ന് എവിടെയും സ്വയം കണ്ണിൽ നീലിമ നിറഞ്ഞ പ്രകാശമയം മാത്രം! കണ്ണട വെക്കാതെ ഹൈവേയിൽക്കൂടി ഡ്രൈവ് ചെയ്തപ്പോഴും വിസ്മയമായിരുന്നു. സ്ട്രീറ്റുകളും ഹൈവെകളും പ്രത്യേകമായ ഒരു കാഴ്ച്ചപ്പാടിലാണ് കാണുന്നത്. വഴികളിലുള്ള ബോർഡുകൾ നഗ്നനേത്രങ്ങളിൽ കൂടുതൽ തിളക്കത്തോടെ വായിക്കുന്നു. ഡ്രൈവിങ്ങും വളരെ സുഗമമായി അനുഭവപ്പെടുന്നു.

വാർദ്ധക്യത്തിലേക്ക് പ്രവേശിച്ച എനിക്ക് മുഖത്തെ ഓരോ ചുളിവുകളും ജരാനരകളും നഗ്നമായ നേത്രങ്ങൾ കൊണ്ട് എണ്ണാൻ സാധിക്കുന്നുണ്ട്. ഏതോ കലാകാരൻ വരകൾ വരച്ചപോലെ എന്റെ കവിളത്തുള്ള ചുളിവുകൾ അവിടെയിവിടെയായി കാണപ്പെടുന്നു. കണ്ണുകൾ പ്രായത്തിന്റെ കുതിച്ചു ചാട്ടത്തിൽ ക്ഷീണിതമായും അനുഭവപ്പെടുന്നുണ്ടെങ്കിലും തിളങ്ങി നിൽക്കുന്നതു കാണുമ്പോൾ ഞാൻ എന്റെ യൗവ്വനകാലത്തേക്കും മടങ്ങിപ്പോവുന്നു. ഇനി കുറച്ചു ദിവസങ്ങൾ സൂര്യ പ്രകാശത്തെ തടയാൻ കണ്ണുകളിൽ കൂളിംഗ് ഗ്ളാസ് ധരിക്കണം. ഇന്നു തിരിച്ചുകിട്ടിയ എന്റെ കണ്ണിന്റെ കാഴ്ച്ച മൂലം ഒരു പതിനാറുകാരന്റെ തോന്നലാണ് ഉള്ളിൽ തട്ടുന്നത്. ഇനി എന്നിലെ യുവക്കണ്ണുകളിൽക്കൂടി ലോകത്തെ കാണേണ്ടതായുമുണ്ട്. കഷ്ടപ്പെടാതെ പാകതയോടെയുള്ള എഴുത്തുകളും കുറിക്കണം. കൂടുതൽ വായിച്ച് മനസുനിറയെ വിഞ്ജാന കോശമാക്കണമെന്ന അതിമോഹവും വന്നുകൂടുന്നു. ഇനി ബാക്കി വെച്ചിരിക്കുന്ന ഈ ചുരുങ്ങിയ ജീവിതത്തിനുള്ളിൽ, സായംകാലത്തിലെ ഈ ദിനങ്ങളിൽ അതെല്ലാം അസാധ്യമെന്നും അറിയാം.

ശസ്ത്രക്രിയക്കുശേഷം ജീവിതവും മാറ്റി മറിച്ചതായി തോന്നുന്നു. വ്യക്തമായി, ആയാസമായി സർവ്വതും കാണുന്നതു മൂലം കണ്ണുകളെ ബുദ്ധിമുട്ടിക്കേണ്ടി വരുന്നില്ല. മുമ്പ് എന്തെങ്കിലും വായിക്കുവാൻ ശ്രമിക്കുമ്പോഴെല്ലാം തലവേദന അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇന്ന് അതുണ്ടാകുന്നില്ല. കണ്ണുകൾ അങ്ങ് അകലെയുള്ള വസ്തുക്കളിലും വിസ്തൃതമായി തുറന്നിരിക്കുന്നു. ഒരു സൂചിക്കുഴലിൽക്കൂടി വളരെ എളുപ്പത്തിൽ നൂലു കോർക്കാൻ സാധിക്കുന്നുണ്ട്. അകലത്തു സുഹൃത്തുക്കളെ കണ്ടാലും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. ഏതു ചെറിയ അക്ഷരവും വായിക്കാൻ സാധിക്കുന്നു. കംപ്യൂട്ടറിന്റെ കീബോർഡ് പ്രകാശമുള്ളതായി കാണുന്നു. ഡ്രൈവ് ചെയ്യുമ്പോൾ കാണപ്പെടാത്ത ഒരു വസ്‌തുവുമില്ല. എല്ലാ മനുഷ്യരും കൂടുതൽ സൗരഭ്യത്തോടെ സൗന്ദര്യമുള്ളവരായും കാണപ്പെടുന്നു.

എന്റെ കണ്ണുകളിലെ ക്യാട്രാക്റ്റ് സർജറികളിൽക്കൂടി എനിക്കു ലഭിച്ച അനുഭവജ്ഞാനങ്ങൾ നിറഞ്ഞ ഈ ലേഖനം വായനക്കാർ പ്രയോജനപ്പെടുത്തണമെന്നും ആഗ്രഹിക്കുന്നു. സുഹൃത്തുക്കൾക്കും സ്വന്തത്തിൽപ്പെട്ടവർക്കും വിവരങ്ങൾ കൈമാറുന്ന വഴി സർജറിയിലുണ്ടാകുന്ന അവരുടെ ആകാംക്ഷകൾക്കും ആശങ്കകൾക്കും ഈ ലേഖനംമൂലം ശമനവുമുണ്ടാകാം. 









കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...