Wednesday, September 18, 2019

ജോ ബൈഡന്റെ രാഷ്ട്രീയ തേരോട്ടങ്ങളും ഭരണ രൂപരേഖകളും



ജോസഫ്  പടന്നമാക്കൽ 

മാസങ്ങള്‍ നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കുശേഷം 'ജോ ബൈഡന്‍' 2020-ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ നോമിനേഷനായുള്ള സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. അമേരിക്കയില്‍ ജനാധിപത്യം അപകടാവസ്ഥയിലാണെന്നും, അതിനാലാണ്! താൻ മത്സരത്തില്‍ പങ്കെടുക്കുന്നതെന്നും വീഡിയോ പ്രഖ്യാപനത്തില്‍ ബൈഡൻ വ്യക്തമാക്കി. ഇരുപതിൽപ്പരം ഡെമോക്രാറ്റുകൾ പ്രസിഡന്റ് സ്ഥാനാർഥി മോഹങ്ങളായി അരങ്ങത്തുണ്ട്. അവരിൽ ഏറ്റവും വിജയ സാധ്യത പ്രതീക്ഷിക്കാവുന്നത് ബൈഡനാണ്. തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ ചൂടു പിടിച്ചു നടക്കുന്നുണ്ടെങ്കിലും പ്രസിഡണ്ടായ ശേഷമുള്ള ആരുടേയും നയപരിപാടികൾ എന്തെല്ലാമെന്നും വ്യക്തമല്ല. ഡെമോക്രാറ്റ് സ്ഥാനാർത്ഥിത്വം ലഭിച്ചതിനു ശേഷമേ ഭാവി വിവരങ്ങളറിയാൻ സാധിക്കുള്ളൂ. സെനറ്റർമാരായ എലിസബത്ത് വാറൺ, കമല ഹാരീസ്, ബേർണീ സാൻഡേഴ്‌സ് തുടങ്ങി പ്രമുഖരെ നേരിട്ടുകൊണ്ടു വേണം ബൈഡന് അന്തിമ പട്ടികയിൽ കയറിപ്പറ്റാൻ. വൈറ്റ് ഹൌസിൽ ട്രംപിന് ഇനിയുമൊരു അവസരം കൂടി നൽകിയാൽ അത് രാജ്യത്തിന്റെ ആന്തരിക ഘടനയെ അവതാളത്തിലാക്കുമെന്ന വിശ്വാസമാണ് ബൈഡനുള്ളത്.

പ്രസിഡന്റായി മത്സരിക്കണമോയെന്ന തീരുമാനത്തിനായി ബൈഡൻ മാസങ്ങളോളം നീണ്ട സമയമെടുത്തു. ഡെലവെയറിന്റെ മുൻ സെനറ്ററായ ബൈഡൻ ഇതിനു മുമ്പ് രണ്ടു പ്രാവിശ്യം പ്രസിഡന്റ് മത്സരത്തിനായി നാമ നിർദ്ദേശം കൊടുത്തിരുന്നു. 2008-ൽ പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിൻവാങ്ങിയ ശേഷം ഒബാമ അദ്ദേഹത്തെ വൈസ് പ്രസിഡണ്ടായി മത്സരിക്കാൻ തിരഞ്ഞെടുത്തു. 2020-ലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്ക് നോമിനേഷൻ കിട്ടാനുള്ള എല്ലാ സാധ്യതകളും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിൻറെ നീണ്ട കാല സെനറ്റർ എന്ന റിക്കോർഡും വൈസ് പ്രസിഡന്റ് പദവിയും മറ്റുള്ള സ്ഥാനാർഥികളിൽനിന്നും വ്യത്യസ്തനാക്കുന്നു.

പെൻസിൽവേനിയായിൽ 'സ്ക്രാൻട്രൻ' എന്ന സ്ഥലത്ത് 1942 നവംബർ ഇരുപതാം തിയതി ജോസഫ്  ബൈഡൻ ജനിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന മാതാപിതാക്കളോടൊപ്പമായിരുന്നു ബൈഡൻ വളർന്നത്. 1952-ൽ അദ്ദേഹത്തിനു പത്തു വയസ് പ്രായമുള്ളപ്പോൾ കുടുംബം ഡലവയറിൽ താമസമാക്കി. അവിടെനിന്ന് ഹൈസ്‌കൂൾ പാസായ ശേഷം ഡലവയർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും സിറാക്കൂസ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദവും നേടി. നിയമത്തിന് പഠിച്ചുകൊണ്ടിരുന്നപ്പോൾ 'നീലിയ ഹണ്ടർ' എന്ന യുവതിയെ കണ്ടുമുട്ടുകയും അവർ തമ്മിൽ ഇഷ്ടത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു. 1969-ൽ ഡലവയറിലുള്ള  വിൽമിങ്ങ്ടണിൽ നിയമം പ്രാക്ടീസ് ചെയ്യാൻ ആരംഭിച്ചു. 'നീലിയ ഹണ്ടറും' ബൈഡനുമായുള്ള ദാമ്പത്യ ജീവിതത്തിൽ അവർക്ക് മൂന്നു മക്കൾ ജനിച്ചു. ജോസഫ് ബ്യു ബൈഡൻ (Joseph "Beau,1969) റോബർട്ട് ബൈഡൻ (Robert,1970) നവോമി ക്രിസ്റ്റിന (Naomi Christina ,1971) എന്നിങ്ങനെ മൂന്നു കുട്ടികൾ.

ഡെമോക്രാറ്റിക്ക് പാർട്ടിയിലാണ് ജോ ബൈഡൻ ആദ്യം മുതൽ പ്രവർത്തനം ആരംഭിച്ചത്. 1970-ൽ 'ന്യൂ കാസിൽ' കൗണ്ടി കൗൺസിലറായി തിരഞ്ഞെടുത്തു. 1972-ൽ ഇരുപത്തിയൊമ്പതാം വയസിൽ ഡെമോക്രാറ്റിക്ക് പാർട്ടിയെ പ്രതിനിധികരിച്ചുകൊണ്ടുള്ള സെനറ്ററായി നോമിനേഷൻ ലഭിച്ചു. ആർക്കും തോൽപ്പിക്കാൻ സാധിക്കാത്ത ശക്തനെന്നു വിചാരിച്ചിരുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി 'സെനറ്റർ കാലേബ് ബോഗ്സായിരുന്നു '(J.Caleb Boggs) എതിരാളി. രണ്ടുപ്രാവശ്യം കാലേബ് ബോഗ്സ്  സെനറ്ററായിരുന്നു. ആ മത്സരത്തിൽ 3000 വോട്ടിന് ബൈഡൻ വിജയിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം അധിക കാലതാമസമില്ലാതെ അദ്ദേഹത്തിൻറെ ഭാര്യ നീലിയായും മകൻ നവോമി ബൈഡനും ഒരു കാർ അപകടത്തിൽ മരിച്ചു. മറ്റു രണ്ടു മക്കൾക്കും ഗുരുതരമായ പരുക്കുകളും പറ്റിയിരുന്നു. കുട്ടികളെ കിടത്തിയിരുന്ന ഹോസ്പിറ്റലിലെ ബെഡ് സൈഡിൽ നിന്നുകൊണ്ടാണ് ബൈഡൻ സെനറ്ററായി സത്യ പ്രതിജ്ഞ ചെയ്തത്. കുട്ടികൾ സുഖമായ ശേഷം ദിവസവും പൊതുവാഹനങ്ങളിൽ സഞ്ചരിച്ചിരുന്നു. നിത്യവും ട്രെയിനിൽ 'വിൽമിങ്ടനിൽ' നിന്ന് വാഷിങ്ടണിൽ യാത്ര ചെയ്യുമായിരുന്നു. 37 വർഷത്തെ സെനറ്റർ എന്ന നിലയിൽ അദ്ദേഹം എന്നും ട്രെയിൻ യാത്ര ഇഷ്ടപ്പെട്ടിരുന്നു. 1977-ൽ ബൈഡൻ 'ജിൽ ട്രേസി ജേക്കബിനെ' വിവാഹം ചെയ്തു. 1981-ൽ അവരുടെ മകൾ 'ആഷ്‌ലി ബ്ലേസർ' ജനിച്ചു.

1988-ൽ ബൈഡൻ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. എന്നാൽ ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവായ 'നീൽ കിന്നോക്കിന്റെ' പ്രസംഗം കോപ്പിയടിച്ചുവെന്ന പ്രശ്‍നം വലിയ ചർച്ചക്ക് വിഷയമായി. നിയമത്തിനു കോളേജിൽ പഠിക്കുമ്പോഴുള്ള റിക്കോർഡ് ചെയ്ത ഒരു പ്രസംഗവും മറ്റൊരാളുടെതായിരുന്നു. ബൈഡന്റെ പഠിക്കുമ്പോഴുള്ള അക്കാദമിക്ക് റിക്കോർഡിന്റെ കാര്യത്തിലും കള്ളം പറഞ്ഞുവെന്ന ആരോപണവുമുണ്ടായിരുന്നു. 1987 സെപ്റ്റംബർ ഇരുപത്തിമൂന്നാം തിയതി അദ്ദേഹം പ്രസിഡണ്ടായി മത്സരിക്കുന്നതിൽനിന്നും പിൻവാങ്ങി. 20 വർഷത്തിനുശേഷം 2007-ൽ തന്റെ സെനറ്റുകാല പരിചയം പരിഗണിച്ച് ബൈഡൻ വീണ്ടും പ്രസിഡന്റ് മത്സരത്തിന് തയ്യാറെടുത്തിരുന്നു. എന്നാൽ 'അയോവ കോക്കസിൽ' അദ്ദേഹത്തിന് ഒരു ശതമാനം മാത്രം വോട്ട് ലഭിച്ചതുകൊണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് 2008 ആഗസ്റ്റ് 22ന് പിൻവാങ്ങുകയും ചെയ്തു.

യുവാവായ ബൈഡൻ മുപ്പതു വയസിൽ സെനറ്ററായത് ഭരണഘടന പ്രകാരം കുറഞ്ഞ പ്രായപരിധിയിലായിരുന്നു. അമേരിക്കയുടെ അഞ്ചാമത്തെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററായും  അറിയപ്പെട്ടിരുന്നു. പിന്നീട് തുടർച്ചയായി 1978 മുതൽ 2008 വരെ അമേരിക്കൻ സെനറ്ററായിരുന്നു. സെനറ്റിൽ ഏറ്റവും സീനിയറായും അറിയപ്പെട്ടു. 1987 മുതൽ 1995 വരെ സെനറ്റ് ജുഡീഷ്യറി കമ്മറ്റിയുടെ ചെയർമാനായിരുന്നു. 2001 മുതൽ 2003 വരെയും 2007 മുതൽ 2009 വരെയും ബൈഡൻ സെനറ്റ് വിദേശകാര്യ നയങ്ങളുടെ ചെയർമാൻ എന്ന സ്ഥാനങ്ങളും വഹിച്ചിരുന്നു.1991-ൽ ഗൾഫ് യുദ്ധം ഉണ്ടായപ്പോൾ യുദ്ധത്തിനെതിരായി ബൈഡൻ വോട്ട് ചെയ്തു. എന്നാൽ 2002-ലെ ഇറാക്ക് യുദ്ധത്തിൽ ബൈഡൻ അനുകൂലമായും വോട്ട് ചെയ്തു. ട്രംപിൻറെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും നോർത്ത് കൊറിയൻ പ്രസിഡണ്ട് കിം ജോംഗുമായുള്ള വിദേശബന്ധങ്ങളെയും ബൈഡൻ വിമർശിച്ചിരുന്നു. ഇവരുമായുള്ള സംഭാഷണം മൂലം ലോകത്തിന്റെ മുമ്പിൽ അമേരിക്കയുടെ അഭിമാനം താണുപോയിയെന്ന് ബൈഡൻ വിചാരിക്കുന്നു.

2008-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബാറാക്ക് ഒബാമ അദ്ദേഹത്തെ വൈസ്പ്രസിഡന്റായി മത്സരിക്കാൻ തിരഞ്ഞെടുത്തു. വിദേശ നയത്തിൽ ഒബാമയുടെ പരിചയക്കുറവ് നികത്താൻ ബൈഡൻ ഒരു സഹായമായിരുന്നു. അതുപോലെ വെളുത്തവരുടെ വോട്ടുകൾ നേടുന്നതിലും ബൈഡന്റെ വൈസ് പ്രസിഡന്റ് പദവി സഹായിച്ചു.  2008-ൽ വൈസ് പ്രസിഡണ്ടായും സെനറ്ററായും അദ്ദേഹം മത്സരിക്കുന്നുണ്ടായിരുന്നു. ബൈഡൻ വീണ്ടും സെനറ്ററായി തിരഞ്ഞെടുത്തുവെങ്കിലും ഒബാമ പ്രസിഡണ്ടായി വിജയിച്ച ശേഷം വൈസ് പ്രസിഡണ്ടെന്ന നിലയിൽ അദ്ദേഹം സെനറ്റർ എന്ന സ്ഥാനം രാജി വെക്കുകയാണുണ്ടായത്. ഒരു അമേരിക്കൻ പ്രസിഡന്റിന്റെ പ്രിയമുള്ളവനായും സത്യസന്ധനുമായ ഒരു വൈസ് പ്രസിഡന്റ് ബൈഡനെപ്പോലെ അമേരിക്കൻ ചരിത്രത്തിൽ ആരുമില്ല. എട്ടു വർഷം ഒബാമയും ബൈഡനുമായി ഒരേ ടീമായി പ്രവർത്തിച്ചു. 2017 ജനുവരി പതിനൊന്നാം തിയതി വൈസ് പ്രസിഡന്റ് ബൈഡന് അമേരിക്കയുടെ ഏറ്റവും മഹാനായ ഭരണാധികാരിയെന്ന ബഹുമതിയും രാജ്യത്തിന്റെ പരമോന്നത പ്രസിഡന്റ് ഗോൾഡ് മെഡലും പ്രസിഡന്റ് ഒബാമ നൽകി.

വൈസ് പ്രസിഡന്റ് എന്ന നിലയിൽ ഒബാമയിൽ നിന്നും അഭിനന്ദനങ്ങൾ ബൈഡന് തുടർച്ചയായി ലഭിക്കുമായിരുന്നു. ഒബാമ ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ് ഗാഢമായി വിഷയം പഠിച്ചിട്ടു വേണമായിരുന്നു കൈകാര്യം ചെയ്യുവാൻ. അദ്ദേഹം വാഷിംഗ്ടണിൽ പുതിയതും  പരിചയക്കുറവുമുണ്ടായിരുന്ന പ്രസിഡണ്ടായിരുന്നു. ബൈഡന്റെ സെനറ്ററെന്ന നിലയിലുള്ള നിരവധി വർഷത്തെ പരിചയം പ്രസിഡണ്ടിന്റെ തീരുമാനങ്ങൾക്കെല്ലാം സഹായമായിരുന്നു. സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് ബൈഡൻ ആത്മാർത്ഥമായ ഉപദേശങ്ങൾ നൽകുമായിരുന്നു. എങ്കിലും പ്രസിഡന്റ് ആഗ്രഹിക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കുകയും ചെയ്തിരുന്നു. അഫ്ഗാൻ പ്രശ്നത്തിൽ പട്ടാളത്തെ പിൻവലിക്കുന്നത് രണ്ടുവർഷം കൊണ്ട് സാവധാനമായിരിക്കണമെന്ന ഒബാമയുടെ തീരുമാനം ബൈഡന്റെ ഉപദേശപ്രകാരമായിരുന്നു. ബൈഡൻ, ഒബാമയുടെ വിശ്വാസം നേടിയെടുത്തതുകൊണ്ട് വിദേശ കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തെ ഏല്പിച്ചുകൊണ്ടിരുന്നു. 2012 ഒക്ടോബർ പതിനൊന്നിലെ വൈസ് പ്രസിഡണ്ടായുള്ള തിരഞ്ഞെടുപ്പു ഡിബേറ്റിൽ ബൈഡൻ അസാധാരണമായ വിജയമാണ് കാഴ്ചവെച്ചത്. ബൈഡനെക്കാളും വളരെ പ്രായം കുറഞ്ഞ വിസ്കോൺസിലെ 'പോൾ റയാൻ' ആയിരുന്നു പ്രതിഭാഗത്തുള്ള ഡിബേറ്റിലെ ബൈഡന്റെ എതിരാളി.

2012 ഡിസംബർ പതിനാലാം തിയതി കണക്റ്റിക്കട്ടിലുള്ള സാൻഡിഹൂക് എലിമെന്ററി സ്‌കൂളിലെ 'കൂട്ടക്കൊല'! രാഷ്ട്രത്തെ മുഴുവനായി ഞെട്ടിച്ചിരുന്നു. അതിനുശേഷം തോക്കുകൾ നിയന്ത്രിക്കണമെന്നുള്ള നിയമത്തിനായി പ്രസിഡന്റ് 'ഒബാമ' ബൈഡനെയാണ് നിയമിച്ചത്. എന്നിരുന്നാലും അനുകൂലമായ നിയമങ്ങൾ കോൺഗ്രസ് പാസ്സാക്കിയില്ല. അതിനായി, റിപ്പബ്ലിക്കൻ നേതാക്കന്മാരുമായി സംസാരിക്കാൻ ബൈഡൻ വളരെയധികം സമയം ചെലവഴിച്ചിരുന്നു. അങ്ങനെ, അദ്ദേഹത്തിൻറെ 36 വർഷത്തെ സത്യസന്ധമായ സെനറ്ററെന്ന നിലയിലുള്ള സേവനവും  വൈസ്പ്രസിഡണ്ടായുള്ള രാഷ്ട്രീയ  ജീവിതവും കോൺഗ്രസിലുള്ള എല്ലാവരും അംഗീകരിച്ചിരുന്നു.

പഠനത്തോടൊപ്പം സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നല്കണമെന്ന നിലപാടാണ് ബൈഡനുള്ളത്. സ്‌കൂളുകളിൽ നിർബന്ധിത പ്രാത്ഥന ഒഴിവാക്കി സ്വമനസാലെയുള്ള പ്രാർത്ഥനകൾ അദ്ദേഹം അംഗീകരിക്കുന്നു. പബ്ലിക്ക് സ്‌കൂൾ സിസ്റ്റത്തിൽ ഒരു അദ്ധ്യാപകന്റെ കീഴിൽ ചെറിയ 'ക്ലാസ് റൂം' വേണമെന്നും അഭിപ്രായപ്പെടുന്നു. അദ്ധ്യാപക വിദ്യാർത്ഥി അനുപാതം ഇന്നുള്ളതിനേക്കാളും വെട്ടിക്കുറക്കണം. ഇന്ന് സ്‌കൂളുകളിൽ ധാരാളം അദ്ധ്യാപകർ വിരമിക്കുന്നുണ്ട്. നല്ല അദ്ധ്യാപകരെ ഭാവിയിൽ ലഭിക്കാൻ ചിന്താശക്തിയും വിവേകവുമുള്ള, പഠിക്കാൻ കഴിവുള്ള വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകണമെന്നും നിർദ്ദേശിക്കുന്നു. കമ്മ്യൂണിറ്റി കോളേജുകളിൽ പൂർണ്ണമായും സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു. ഓരോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയും സൗജന്യമായിരിക്കണമെന്നും പോരായ്മ നികത്താനുള്ള ചെലവുകൾ ഫെഡറിലിന് വഹിക്കാൻ സാധിക്കുമെന്നും ബൈഡൻ കരുതുന്നു. ടെക്ക്നിക്കലായാലും അക്കാദമിക്കായാലും വിദ്യാഭ്യാസമുള്ള തൊഴിൽ സമൂഹമാണ് രാഷ്ട്രത്തിനു വേണ്ടതെന്ന് ബൈഡൻ ചിന്തിക്കുന്നു.

ബൈഡൻ വിഭാവന ചെയ്യുന്ന ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌ക്കാരം ആരോഗ്യ സംരക്ഷണ മേഖലകൾ (ഹെൽത്ത് കവറേജ്) വികസിപ്പിക്കുകയെന്നതായിരിക്കും. പ്രസിഡന്റ് ഒബാമയുടെ 2010 ലെ 'അഫോർഡബിൾ ഹെൽത്ത് കവറേജി'നെക്കാൾ ബൈഡന്റെ 'പ്ലാൻ' മെച്ചമായിരിക്കുമെന്നും അദ്ദേഹം വിചാരിക്കുന്നു. അതിനായി ഫണ്ടും ആവശ്യമാണ്. ധനികരിൽനിന്ന് കൂടുതൽ നികുതി ചുമത്താനാണ്  ആലോചിക്കുന്നത്. വരുമാനമനുസരിച്ച് സോഷ്യൽ സെക്യൂരിറ്റി ടാക്സ് വർദ്ധിപ്പിക്കാനും നിർദ്ദേശമുണ്ട്. നിക്ഷേപങ്ങൾക്കുള്ള നികുതി കൂട്ടാനുള്ള പദ്ധതികളൂം ആലോചിക്കുന്നു. ഭാര്യയും ഭർത്താവും ജോലിചെയ്യുമ്പോൾ പ്രത്യേകമായ നികുതിയിളവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിജിറ്റൽ സാമ്പത്തികത്തിൽ തൊഴിൽ ചെയ്യുന്നവർക്ക് കൂടുതൽ പ്രായോഗിക പരിശീലനം നൽകുകയും തൊഴിലുകൾ കണ്ടെത്തുകയും വേണമെന്നുള്ളതും ബൈഡന്റെ പദ്ധതികളിൽപ്പെടുന്നു. നീതിപൂർവമായ ശമ്പളം തൊഴിലാളികൾക്ക് നൽകണം. ജോലി പരിചയമില്ലാത്തവർക്കും മാന്യമായ ശമ്പളം നൽകണം. വൈദഗ്ദ്ധ്യമാവശ്യമില്ലാത്ത ഫാസ്റ്റ് ഫുഡിൽ ജോലിചെയ്യുന്നവർക്കും ന്യായമായ വേതനം ബൈഡൻ നിർദേശിക്കുന്നു.

രാഷ്ട്രത്തിന്റെ ആന്തരീക ഘടനയ്ക്ക് സമൂലമായ മാറ്റമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. റോഡുകൾ, ഹൈവേയ്കൾ, പബ്ലിക്ക് യാത്രാ സൗകര്യങ്ങൾ മുതലായവകൾക്ക് പ്രാധാന്യം നൽകുന്നു. ചെറുകിട വ്യവസായങ്ങളെ പരിപോഷിപ്പിക്കേണ്ടതും സാമ്പത്തിക പുരോഗതിക്ക് ആവശ്യമെന്ന് ബൈഡൻ കരുതുന്നു. ബിസിനസുകളുടെയും കോർപറേറ്റുകളുടെയും നാലിൽ മൂന്നു മുടക്കുമുതലും മൂന്നോ നാലോ സ്റ്റേറ്റുകളിൽ മാത്രം ഒതുങ്ങിയിരിക്കുന്നുവെന്നും വ്യവസായങ്ങൾ എല്ലാ സ്റ്റേറ്റുകളിലും ഒരുപോലെ വികസിപ്പിക്കണമെന്നും ബൈഡൻ നിർദ്ദേശിക്കുന്നു. ബാങ്കിങ് വ്യവസായം വർധിപ്പിക്കാൻ ബൈഡൻ സകല പിന്തുണകളും നൽകുന്നു. ചൈന അമേരിക്കയോട് വ്യവസായ യുദ്ധത്തിന് ഒരിക്കലും വരില്ലെന്നുള്ള ചിന്തകളായിരുന്നു ബൈഡനുണ്ടായിരുന്നത്. എന്നാൽ അദ്ദേഹത്തിൻറെ കണക്കുകൂട്ടലുകൾ തെറ്റിപ്പോയി. ചുരുങ്ങിയ സമയം കൊണ്ട് ചൈന 500 ബില്യൺ ഡോളർ ഒബാമ ഭരണകാലത്ത് നേടി.

മയക്കുമരുന്നുകളോട് പോരാടുന്ന നല്ല യോദ്ധാവായും ബൈഡനെ അറിയപ്പെടുന്നു. മയക്കുമരുന്നുകളെയും ലോബികളെയും നിയന്ത്രിക്കാനായി ശക്തമായ നിയമങ്ങളും നടപ്പാക്കിയിട്ടുണ്ട്. 1980-കളിൽ മയക്കുമരുന്നുകൾ വ്യാപിച്ചതോടെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും വ്യാപകമായി അതിനെതിരായ ശക്തിയായുള്ള നിലപാടുകൾ സ്വീകരിക്കാനാരംഭിച്ചിരുന്നു. ബൈഡൻ അന്ന് സെനറ്റ് ജുഡിഷ്യർ കമ്മറ്റിയുടെ തലവനായിരുന്നു. കുറ്റവാളികളെ ശിക്ഷിക്കാൻ കർശനമായ നടപടികൾ സ്വീകരിച്ചുകൊണ്ടിരുന്നു. 1988-ൽ 'ആന്റി ഡ്രഗ് അബ്യുസിവ് ആക്ട്' (Anti drug abusive act) പാസാക്കി. സ്‌കൂളിന്റെ സമീപത്തു മയക്കുമരുന്നുകൾ വില്ക്കുന്നവരെ കർശനമായി ശിക്ഷിക്കാനുള്ള നിയമങ്ങളെയും ബൈഡൻ അനുകൂലിച്ചിരുന്നു. 1974-ൽ  മെഡിക്കൽ ഉപയോഗങ്ങൾക്കായി ‘മർവാണ’ നിയമ വിധേയമാക്കാനുള്ള നിർദ്ദേശങ്ങൾ വന്നപ്പോൾ യുവാവായ ബൈഡൻ അത് എതിർത്തിരുന്നു. എന്നാൽ 2014-ൽ ഒബാമ ഭരണകൂടം 'മർവാണ' മറ്റു ലഹരി പദാർത്ഥങ്ങളെപ്പോലെ അപകടകാരിയല്ലെന്ന് പ്രഖ്യാപിച്ചപ്പോൾ ബൈഡൻ അത് പിന്താങ്ങുകയാണുണ്ടായത്.

വൈസ് പ്രസിഡന്റ് ഓഫീസിൽ നിന്നും വിരമിച്ചയുടൻ 'ബൈഡൻ ഫൌണ്ടേഷൻ' എന്ന പേരിൽ ഒരു ആതുര സ്ഥാപനം ജോ ബൈഡനും ജിൽ ബൈഡനും ആരംഭിച്ചു. കാൻസറിനെതിരായി പോരാടുക, ലൈംഗിക പീഡനങ്ങൾക്ക് ഇരയാകുന്നവരെ സഹായിക്കുക, മിലിട്ടറി കുടുംബങ്ങൾക്ക് സഹായം നല്കുകുകയെന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ! ഈ ഫൗണ്ടേഷന്റെ ലക്ഷ്യങ്ങളാണ്. അദ്ദേഹത്തിൻറെ 46 വയസുള്ള മകൻ കാൻസർ മൂലം മരണമടഞ്ഞു. ഡെലവായിറിൽ അറ്റോർണി ജനറൽ ആയിരുന്ന മകന്റെ സ്മരണയ്ക്കായി ഒബാമ അന്ന് വികാരാദ്രമായ ഒരു പ്രസംഗം ചെയ്തിരുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആയിരമായിരം അനുശോചന സന്ദേശങ്ങൾ വൈറ്റ് ഹൌസ് വൈസ് പ്രസിഡണ്ടിന്റെ ഓഫിസിൽ ലഭിച്ചുകൊണ്ടിരുന്നു.

1986-ൽ ആദ്യമായി പരിസ്ഥിതി മാറ്റങ്ങളെ സംബന്ധിച്ച ബിൽ അവതരിപ്പിച്ചത് ബൈഡനായിരുന്നു. റൊണാൾഡ് റീഗന്റെ കാലത്ത് ബിൽ പാസാക്കുകയും ചെയ്തു. യുണൈറ്റഡ് നാഷന്റെ പരിസ്ഥിതി സംരക്ഷണത്തെ പിന്താങ്ങാൻ സെനറ്റിൽ അദ്ദേഹം ബില്ല് കൊണ്ടുവന്നു. അതുപോലെ അന്തരീക്ഷ താപനിലയെ നിയന്ത്രിക്കുന്ന കാര്യത്തിലും ബില്ല് കൊണ്ടുവന്നപ്പോൾ സെനറ്റ് വോട്ടിട്ട് പാസ്സാക്കുകയും ചെയ്തു. മൂന്നാം ലോകത്തിൽ അന്തരീക്ഷ മലിനീകരണം ശുദ്ധീകരിക്കുന്ന ബില്ലിലും ബൈഡൻ പിന്താങ്ങി. ബ്രസീൽ, ഇന്ത്യ, ചൈന, മെക്സിക്കോ മുതലായ രാജ്യങ്ങളും ഈ ഉടമ്പടിയിലുണ്ട്.  പ്രസിഡണ്ടായാൽ പരിസ്ഥിതി സംബന്ധിച്ച് റദ്ദാക്കിയിരിക്കുന്ന പാരീസ് ഉടമ്പടിയിൽ വീണ്ടും ചേരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തീരദേശങ്ങൾ മുതൽ കുന്നുകൾ, മലകൾ, വനംപ്രദേശങ്ങൾ, ഗ്രാമീണ, പട്ടണങ്ങൾ വരെ കാലാവസ്ഥ വ്യതിയാനം ഇന്ന് അപകടകരമായിക്കൊണ്ടിരിക്കുന്നു. അത് നമ്മുടെ പരിസ്ഥിതി മാത്രമല്ല ആരോഗ്യത്തെയും ബാധിക്കുന്നു. സാമ്പത്തിക ക്ഷേമപരിപാടികൾക്കും വികസന പദ്ധതികൾക്കും തടസമാകുന്നു. കാറ്റും കൊടുങ്കാറ്റും ഉണ്ടായി നാശനഷ്ടങ്ങളും സംഭവിക്കുന്നു. വീടുകൾ, സ്‌കൂളുകൾ മൊത്തം തകരുന്നതോടൊപ്പം ജീവജാലങ്ങൾക്കും നാശം സംഭവിക്കുന്നു. ദേശീയ സുരക്ഷിതത്വത്തിനു  ഭീഷണിയായി മാറുകയും ചെയ്യും. പട്ടാളത്തിന്റെ അടിയന്തിര സഹായങ്ങളും ആവശ്യമായി വരുന്നു. വഷളായ പ്രദേശങ്ങളിൽ ഭീകര പ്രവർത്തനങ്ങൾക്കും സാധ്യതകളേറുന്നു. ഈ വെല്ലുവിളികളെ നേരിടാൻ ലോകരാജ്യങ്ങളോടൊപ്പം അമേരിക്കയുടെ പൂർണ്ണമായ പങ്കാളിത്വം ആവശ്യമെന്നും ബൈഡൻ ചിന്തിക്കുന്നു.

2016-ൽ ഒബാമയുടെ രണ്ടാം മുഴം പ്രസിഡന്റ് പദവി അവസാനിക്കുന്ന കാലത്ത് ബൈഡനും മത്സര രംഗത്ത് ഉണ്ടാകുമെന്ന് കരുതി. കാത്തിരുന്നാൽ, 2020 ആകുമ്പോൾ പ്രായം അതിക്രമിച്ച് പ്രസിഡണ്ടാകാനുള്ള സാധ്യതകൾക്ക് മങ്ങലേൽക്കുമായിരുന്നു. അദ്ദേഹത്തിന് അന്ന് 74 വയസ്‌ പ്രായമുണ്ടായിരുന്നു. എന്നാൽ, ഒബാമയുടെ നയതന്ത്രം മൂലം അദ്ദേഹത്തെ പ്രസിഡന്റ് മത്സരത്തിൽനിന്നും പിൻവലിപ്പിച്ചു. കാരണം, അത് ഡെമോക്രാറ്റിക്ക് പാർട്ടി വിഭജിക്കാൻ കാരണമാവുകയും റിപ്പബ്ലിക്കൻ പാർട്ടി അതുമൂലം നേട്ടങ്ങൾ കൊയ്യുകയും ചെയ്യുമായിരുന്നു. ബൈഡൻ, 'ഹിലരി ക്ലിന്റണെ' നേരിടാൻ അശക്തനാണെന്നും ഒബാമ മനസിലാക്കിയിരുന്നു. അതുകൊണ്ട് ബൈഡൻ പ്രസിഡന്റ് മത്സരത്തിൽ നിന്നും പിന്മാറി. പകരം വൈസ് പ്രസിഡന്റ് എന്ന നിലയിൽ പിന്നീടുള്ള മാസങ്ങളിൽ രാജ്യ കാര്യങ്ങൾ ശ്രദ്ധിക്കാനും കാൻസറിനെതിരെ പോരാടാനും ഉപദേശിച്ചു.  അക്കാര്യത്തിൽ, ഒബാമ ബൈഡന് കാൻസർ സംബന്ധിച്ച പരിപൂർണ്ണമായ ചുമതലകൾ ഏൽപ്പിക്കുകയും ചെയ്തു.

2011-ൽ പിറ്റസ്ബർഗ് യൂണിവേഴ്സിറ്റിയിൽ ഒരു വിദ്യാർത്ഥി 'മതവിശ്വസം ഒരു ഭരണകൂടത്തിന്റെ ആശയങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്നു' ബൈഡനോടു ചോദിച്ചു. 'ഞാൻ വോട്ടു ചോദിക്കുന്നതും ഡിബേറ്റ് ചെയ്യുന്നതും മതത്തിന്റെ അടിസ്ഥാനവിശ്വസങ്ങളിലല്ല' എന്ന് അദ്ദേഹം മറുപടി കൊടുത്തു. 'മതമെന്ന രീതിയിൽ രാഷ്ട്രസേവനത്തിന് ഇറങ്ങുന്നതും' ലജ്‌ജാകരമെന്നു അദ്ദേഹം പറഞ്ഞു. എന്നാൽ മതം അംഗീകരിക്കാത്ത 'സ്വവർഗ വിവാഹ'ത്തെ ബൈഡൻ അനുകൂലിക്കുന്നു. സ്വവർഗ രതിക്കാർക്ക് വിവാഹം, കുടുംബജീവിതം നയിക്കാമെന്നുള്ള നിയമം പ്രാബല്യത്തിൽ വന്നത് ബൈഡന്റെ സ്വാധീനമായിരുന്നു. ഒബാമ ബൈഡന്റെ തീരുമാനത്തെ പിന്താങ്ങുകയും ചെയ്തു.

സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായും ബൈഡൻ പൊരുതുന്നു. 1994-ൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ഒരു 'ബില്ല്' തയ്യാറാക്കിയിരുന്നു. 1.6 ബില്യൺ ഡോളർ 'ഫണ്ട്' സ്ത്രീകളുടെ സുരക്ഷതത്തിനായി മാറ്റി വെക്കുകയും ചെയ്തു. 'സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ തടയാനുള്ള ഈ നിയമം തന്റെ 35 വർഷത്തെ ഔദ്യോഗിക കാല ജീവിതത്തിനുള്ളിലെ അതിപ്രധാനമായ ഒരു നാഴികക്കല്ലെന്ന്' ബൈഡൻ പറഞ്ഞു. ബലാത്സംഗം കൊണ്ടും ഗാർഹിക പീഡനങ്ങൾ കൊണ്ടും ബലിയാടാകുന്ന സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ആശ്വാസം  നൽകുന്ന ചരിത്രപരമായ ഒരു മുഹൂർത്തം കൂടിയെന്നും ബില്ലിനെ ബൈഡൻ വിശേഷിപ്പിച്ചു. സ്ത്രീകളുടെ ജീവൻ പലപ്പോഴും അപകടത്തിലാണ്. 1994-ൽ ഈ നിയമം പാസായ ശേഷം വീട്ടു കലഹങ്ങൾ 50 ശതമാനം കുറഞ്ഞതായി റിക്കോർഡുകൾ പറയുന്നു.

ഹൈഡ് അമെൻഡ്മെന്റ് (Hyde Amendment) 1993-ൽ പാസ്സാക്കി. അതിൽ ഗർഭഛിദ്രത്തിന് ഫെഡറൽ പണം ഉപയോഗിക്കാൻ പാടില്ലായെന്ന വ്യവസ്ഥയുണ്ടായിരുന്നു. ബലാത്സംഗമൂലമോ, ഗർഭിണിയുടെ ജീവനു ഭീക്ഷണി വന്നാലോ, അപ്പൻ, സഹോദരങ്ങൾപോലെ അടുത്ത ബന്ധുജനങ്ങളിൽ നിന്നുമുള്ള ഗർഭം അലസിപ്പിക്കേണ്ടി വന്നാലോ ഫെഡറൽ ഫണ്ട് നൽകാനുള്ള നിയമം പ്രസിഡന്റ് ക്ലിന്റന്റെ കാലത്ത് നിലവിൽ വന്നു. അതിൽ ബൈഡന്റെ പിന്തുണയുമുണ്ടായിരുന്നു. കാലം കഴിഞ്ഞപ്പോൾ ബൈഡന്റെ ഗർഭഛിദ്രം സംബന്ധിച്ചുള്ള കാഴ്ചപ്പാടുകൾക്കും മാറ്റങ്ങൾ വന്നു. ഒരു കത്തോലിക്കനെന്ന നിലയിൽ ഗർഭച്ഛിദ്രത്തെ എതിർക്കാനും ആരംഭിച്ചു. 1980-ൽ അതിനായി ഭരണഘടന മാറ്റാനും സ്റ്റേറ്റുകൾക്കുള്ള (Roe v. Wade) നിയമങ്ങൾ റദ്ദാക്കാനും ആവശ്യപ്പെട്ടു. എന്നാൽ 2007 മുതൽ അദ്ദേഹത്തിൻറെ അഭിപ്രായങ്ങൾക്ക് വീണ്ടും മാറ്റം വരുകയും സാമൂഹിക വ്യവസ്ഥിതിയിൽ മതത്തിന്റെയും പൊതു സമൂഹത്തിന്റെ അഭിപ്രായ ഐക്യം സ്വരൂപിക്കണമെന്നും  പറഞ്ഞു. അതിനായി സമഗ്രമായ ചർച്ചകളും വാഗ്ദാനം ചെയ്യുന്നു.

എന്തുതന്നെയാണെങ്കിലും ബൈഡന്റെ ഹൈഡ് നിയമങ്ങളിൽ നിന്നുള്ള വ്യതിയാനം ഡെമോക്രാറ്റുകളുടെ രാഷ്ട്രീയ നയപരിപാടികളുടെ മാറ്റമായും കണക്കാക്കണം. 'നികുതി കൊടുക്കുന്നവരുടെ പണം ഗർഭഛിദ്രത്തിന് അനുവദിക്കരുതെന്ന്' ഹൈഡ് നിയമത്തെ അനുകൂലിക്കുന്നവർ പറയുന്നു. എന്നാൽ എതിർക്കുന്നവർ പറയുന്നു, ഈ നിയന്ത്രണം മൂലം ഗർഭഛിദ്രത്തിന് മെഡിക്കെയിഡിൽ  കഴിയുന്നവർക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. സാധുക്കളായവർക്ക് ഈ തുക താങ്ങാൻ സാധിക്കാതെ വരുന്നു. നിയമം മാറ്റണമെന്ന് ശക്തമായ പൊതുവികാരം, ഉണ്ടെങ്കിലും ഡെമോക്രറ്റുകളിലെ സ്ഥാനാർത്ഥികളൊന്നും ഈ വിഷയത്തെപ്പറ്റി കാര്യമായി സംസാരിക്കുന്നില്ല. എന്നാൽ ഗർഭഛിദ്രം  നിയമത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാതെ സാധാരണക്കാർക്കും ചെലവുകൾ വഹിക്കാൻ പ്രാപ്തി നൽകുന്ന വിധമായിരിക്കണമെന്ന അഭിപ്രായങ്ങളുണ്ട്.

തെക്കുള്ള അതിർത്തിയിൽ കുടുംബങ്ങളെ ഭിന്നിപ്പിക്കൽ, ഭാര്യയും ഭർത്താവിനെയും കുഞ്ഞുങ്ങളെയും വേർതിരിച്ചുള്ള ഡീപോർട്ടേഷൻ എന്നിവകൾ ബൈഡൻ അവസാനിപ്പിക്കുമെന്ന് പറയുന്നു. 2019-ജനുവരിയിൽ ബൈഡൻ പറഞ്ഞു, "നമുക്ക് അതിർത്തിയിൽ സുരക്ഷിതത്വം വേണം. ട്രംപിന്റെ പദ്ധതികളനുസരിച്ചുള്ള മതിലുകളല്ല വേണ്ടത്. ഡോക്യുമെന്റുകൾ ഇല്ലാതെ മെക്സിക്കൻ അതിർത്തിയിൽ നിന്നു വരുന്ന കുഞ്ഞുങ്ങൾക്ക് താൽക്കാലികമായി താമസിക്കാനുള്ള നിയമസാധുത നൽകിയപ്പോൾ ബൈഡൻ അന്ന് വൈസ് പ്രസിഡണ്ടായിരുന്നു. 2006-ൽ യു,എസ്, മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടുന്നതിനുള്ള ഒരു നിയമം സെനറ്റിൽ അവതരിപ്പിച്ചപ്പോൾ അദ്ദേഹം അനുകൂലമായി വോട്ട് ചെയ്തു. 2007-ൽ ഡോകുമെന്റ് ഇല്ലാത്തവർക്ക് ഡ്രൈവിങ് ലൈസൻസ് നിരസിക്കാനുള്ള നിയമവും ബൈഡന്റെ തീരുമാനമായിരുന്നു. നിയമപരമല്ലാത്തവരെ തിരിയെ ഡീപോർട്ടു ചെയ്യുന്ന ഒബാമയുടെ പദ്ധതികൾക്ക് ബൈഡൻ  പിന്തുണ നൽകിയിരുന്നു.

ബൈഡൻ പറയുന്നു, "ഒരുവന്റെ ജീവിത മാനദണ്ഡം അളക്കുന്നത്, അയാൾ എത്രപ്രാവിശ്യം പരാജയപ്പെട്ടു നിലം പതിച്ചുവെന്നുള്ളതിലല്ലെന്നും അയാൾ സങ്കീർണ്ണതയിൽനിന്ന് ജീവിതായോധനത്തിൽക്കൂടി എത്രയും വേഗത്തിൽ കർമ്മോന്മുഖനാവുന്നതിലാണെന്നും എന്റെ അച്ഛൻ  എന്നെ പഠിപ്പിച്ചിരുന്നു." ദുഃഖകരമായ സംഭവവികാസങ്ങളിൽക്കൂടിയുള്ള നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ബൈഡൻ എന്നും തന്റെ അച്ഛന്റെ  ഉപദേശത്തിൽ ഉറച്ചുനിന്നിരുന്നു. നിരവധി ശോചനീ സംഭവങ്ങൾ അദ്ദേഹത്തിൻറെ ജീവിതത്തിലുടനീളം സംഭവിച്ചുകൊണ്ടിരുന്നു. എങ്കിലും തന്റെ രാഷ്ട്രീയ സ്വപ്നം എന്നും ഒരു വെല്ലുവിളിയായി കണ്ടിരുന്നു. നോക്കൂ, ഒരിക്കൽ 'സക്റാന്റനിൽ' നിന്നുള്ള ഈ പയ്യൻ മഹത്തായ അമേരിക്കയുടെ ബഹുമാനിതനായ സെനറ്ററായി. പിന്നീട് വൈസ് പ്രസിഡണ്ടായി. ഇപ്പോളിതാ 2020-ൽ ശക്തനായ പ്രസിഡന്റ് ട്രംപിന്റെ എതിരാളി! ബൈഡനുമായുള്ള അങ്കം വെട്ടിനായി ട്രംപും തയ്യാറാകുന്നു.






Tuesday, September 10, 2019

കന്യാസ്ത്രി മഠങ്ങളും ഭയഭീതമായ ഇരുളിന്റെ കഥകളും



Image may contain: 2 people

 ജോസഫ്  പടന്നമാക്കൽ 

സിസ്റ്റർ ജെസ്മിയും സിസ്റ്റർ മേരി ചാണ്ടിയും സഭാവസ്ത്രം ഉപേക്ഷിച്ചശേഷം തങ്ങളുടെ  അനുഭവകഥകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചതോടെ ഇരുളടഞ്ഞ കന്യാസ്ത്രി മഠങ്ങളിലെ നിരവധി രഹസ്യങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. പോരാഞ്ഞ്, സിസ്റ്റർ ലൂസി കളപ്പുരയുടെ അടുത്ത കാലങ്ങളിലെ വെളിപ്പെടുത്തലുകളും മഠങ്ങളിൽ പുരോഹിതർ നടത്തുന്ന ലൈംഗിക അരാജകത്വങ്ങളും കേരളസഭയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യസ്ത്രീകൾ നടത്തിയ സമരത്തെ പിന്താങ്ങിയതിനാണ് ലുസിക്കെതിരെ നിയമ നടപടികൾ സഭാ നേതൃത്വം സ്വീകരിച്ചത്.

മേരി ചാണ്ടിയെന്ന മുന്‍ കന്യാസ്ത്രിയുടെ 'നന്മ നിറഞ്ഞവരേ സ്വസ്തി'യെന്ന ആത്മകഥാ ഗ്രന്ഥത്തിൽക്കൂടിയുള്ള വെളിപ്പെടുത്തലുകൾ സഭയുടെ ഉള്ളറ രഹസ്യങ്ങൾ വെളിച്ചത്തുവന്നിരിക്കുന്നു.  അരമനരഹസ്യങ്ങളും കോണ്‍വെ‍ന്റിനുള്ളിലെ ജീവിതങ്ങളും എത്ര ക്രൂരമെന്നു ഈ മുന്‍ കന്യാസ്ത്രിയുടെ ജീവചരിത്രകൃതിയില്‍ക്കൂടി വ്യക്തമാകുന്നു. ഒരു കുട്ടി സ്കൂളിൽ പഠിക്കുമ്പോൾമുതൽ അവളെ  കന്യാസ്ത്രികളും പുരോഹിതരുമടക്കം മസ്തിഷ്കപ്രക്ഷാളനം (brain washing)നടത്തുവാൻ ആരംഭിക്കും. ലോകത്തിൽ ഏറ്റവും മഹത്തായ തൊഴിൽ സന്യസ്ഥജീവിതമെന്ന് അവളുടെ തലയിൽ അടിച്ചേല്‍പ്പിക്കും. പണ്ടു കാലങ്ങളിൽ വടക്കേ ഇന്ത്യയിൽ‍നിന്നും മിഷ്യനറി കന്യാസ്ത്രികൾ പള്ളികളിൽ വന്നു കുട്ടികളെ തട്ടികൊണ്ടു പോകുമായിരുന്നു. കുട്ടികൾ അപ്രത്യക്ഷമായ ശേഷമാണ് മാതാപിതാക്കൾപോലും അറിയുന്നത്. ഇങ്ങനെ മാതാപിതാക്കളറിയാതെ മിഷ്യനറി കന്യാസ്ത്രികൾക്കൊപ്പം ഒളിച്ചുപോയ ആസാമിൽ ജോലിചെയ്തിരുന്ന എന്റെ ഒരു ആന്റി (Aunt) കന്യാസ്ത്രീയുടെ അനുഭവകഥകളും എനിക്കറിയാം.  അമ്പതുകൾക്കു മുമ്പു നടന്ന ഇത്തരം കഥകൾ ഇന്നു ജീവിച്ചിരിക്കുന്നവരുണ്ടെങ്കിൽ അവർ പറയും. മേരിചാണ്ടി പറഞ്ഞതുപോലെ 'മഠം മതിൽക്കെട്ടിനുള്ളിലെ  രഹസ്യങ്ങൾ പുറംലോകം അറിയണം. സാമൂഹിക പ്രവർത്തകർക്കുപോലും എത്തിനോക്കാൻ സാധിക്കാത്തവിധമുള്ള സംവിധാനങ്ങളാണ് അവർക്കുള്ളത്'.

സന്യാസജീവിതം ഉപേക്ഷിച്ച സിസ്റ്റർ ജെസ്മിയുടെ കഥ അവരുടെ ആത്മകഥയിലുണ്ട്. സമുദായത്തെ മുഴുവൻ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് 'ആമ്മേൻ' എന്ന തന്‍റെ പുസ്തകം ഏറ്റവും പ്രചാരമുള്ള ഒരു പ്രസിദ്ധീകരണമായി മാറി. യുവതിയായി വന്ന് സന്യാസിനിയായ സമയം വൈദികർ തങ്ങളുടെ കാമദാഹം തീർ‍ക്കുവാൻ ഇവരെ പ്രേരിപ്പിച്ചിരുന്നു. അച്ചടക്കത്തെ പേടിച്ചു പലപ്പോഴും വഴങ്ങേണ്ടിയും വന്നിട്ടുണ്ട്. മുതിർന്ന  കന്യാസ്ത്രികൾ സ്വവർ‍ഗരതികൾക്കു ചെറു കന്യാസ്ത്രികളെ സമീപിച്ചാൽ  അവർ സമ്മതിച്ചില്ലെങ്കിൽ‍ അനേകം നിയമനടപടികളെ നേരിടേണ്ടിവന്നിരുന്നു. സിസ്റ്റര്‍ ജെസ്മി തുടരുന്നു. 'ഒരു ദിവസം മറ്റൊരു കന്യാസ്ത്രി സ്വവര്‍ഗകേളിക്കായി തന്നെ വിളിച്ചുവെന്നും ഗര്‍ഭിണിയാകാതെ ലൈംഗികമോഹങ്ങൾ തീർക്കാൻ നല്ലവഴി ഇങ്ങനെയാണെന്നും' പറഞ്ഞു നിര്‍ബന്ധിച്ചു. കന്യകാമന്ദിരത്തില്‍ അനുഭവിച്ച ദുരിതങ്ങൾ ഇനി മറ്റൊരാള്‍ക്കും വരരുതെന്നു അവർ ‍പറയുന്നു. പ്രിന്‍സിപ്പാളും കോളേജു പ്രൊഫസറായിട്ടും അവർ മേലാധികാരികളിൽനിന്നു മുപ്പത്തിരണ്ടുവര്‍ഷങ്ങളോളം പീഡനങ്ങൾ സഹിച്ചു. അവസാനം സഭയോടു വിടപറഞ്ഞു. സഭയിൽ ഈ പുസ്തകം വളരെയധികം ഒച്ചപ്പാടുണ്ടാക്കി.

കുടുംബപ്രശ്നങ്ങളും മാതാപിതാക്കളുടെ താറുമാറായ കുടുംബജീവിതവുംമൂലം രക്ഷപ്പെടുവാൻ പെണ്‍കുട്ടികൾ കാണുന്ന ഒരു അഭയകേന്ദ്രമാണു കന്യാസ്ത്രീമഠം. ജയിലഴികൾ പോലെ  പടുത്തുയർ‍ത്തിയ മഠം മതിൽക്കെട്ടിനുള്ളിൽ മരിച്ചുജീവിക്കുന്ന ഈ മനുഷ്യജീവിതങ്ങളെ തേടി ഒരു സാമൂഹ്യക സംഘടനയും രാഷ്ട്രീയ സംഘടനയും എത്താറില്ല. പരിഷ്കൃത ലോകത്തിൽ നല്ല വസ്ത്രങ്ങൾ ധരിച്ചു നടക്കുവാനുള്ള ആഗ്രഹം ഈ കുട്ടികള്‍ക്കുമുണ്ട്. സിനിമായും  കലാപരിപാടികളും ആസ്വദിക്കുവാനും പുറംലോകവുമായ് സാമൂഹ്യജീവിതം നയിക്കുവാനും ഇവരും ആഗ്രഹിക്കുന്നു. ജീവിക്കുവാൻ കൊതിയുള്ളതുകൊണ്ട് മരിച്ചുജീവിക്കുന്നവരുടെ ഒരു ലോകമാണ് മഠം.

സ്ത്രീകളുടെ സ്വകാര്യ ജീവിതത്തെ കരിവാരി തേക്കാൻ ഫാദർ നോബിൾ  (father Noble Parackal) എന്ന പുരോഹിതൻ   മഠത്തിൽ ഘടിപ്പിച്ച രഹസ്യക്യാമറാകളും വിവാദ വിഷയങ്ങളായി തുടരുന്നു. ഒരു വൈദികനു ചേരുന്ന അന്തസുള്ള പ്രവർത്തിയല്ല ഫാദർ നോബിളിന്റെ ഭാഗത്തുനിന്നുമുണ്ടായത്. ഏതാനും ജേർണലിസ്റ്റുകൾ മഠത്തിൽ ലൂസിയെ സന്ദർശിച്ച ദൃശ്യങ്ങളാണ് ഇദ്ദേഹം സോഷ്യൽ മീഡിയാകൾ വഴി പ്രചരിപ്പിച്ചത്. സ്ത്രീത്വത്തെ അപമാനിച്ച ഫാദർ നോബിളിനെതിരെ ലൂസി നിയമ നടപടികളുമായി മുമ്പോട്ട് പോവുന്നു. മാന്യമായി ജീവിക്കുന്ന കന്യാസ്ത്രീകളെ തേജോവധം ചെയ്യാൻ സഭാനേതൃത്വം മടിക്കില്ലെന്നുള്ള തെളിവാണിത്. പീഡകരെ രക്ഷിക്കാൻ സഭ എത്ര പണം മുടക്കിയാണെങ്കിലും ഏതറ്റവും വരെ പോവുമെന്നു കഴിഞ്ഞ കാല ചരിത്രം തെളിയിക്കുന്നു. കന്യാസ്ത്രി മഠങ്ങൾ ഇന്ന് ഞെട്ടിക്കുന്ന വാര്‍ത്തകളുമായി ചില പുരോഹിതരുടെ അഴിഞ്ഞാട്ട ‍സ്ഥലങ്ങളായി മാറിയിരിക്കുന്നു. ഏറ്റവും വലിയ ഉദാഹരണം കന്യാസ്ത്രാലയങ്ങളിൽ പോയി രഹസ്യ ക്യാമറാകൾ വെച്ച് അവരുടെ സ്വകാര്യ ജീവിതം പകർത്തുന്ന വീഡിയോകളാണ്. ഒരു പുരോഹിതൻ എത്രമാത്രം വിലകുറഞ്ഞിരിക്കുന്നുവെന്നു ഇതിൽനിന്നും മനസിലാക്കണം.

ഫ്രാങ്കോയ്ക്കെതിരെ  കന്യാസ്ത്രികൾ നടത്തിയ സമരത്തെ അനുകൂലിച്ചതിന് സിസ്റ്റർ ലൂസിയെ സഭയിൽ നിന്ന് പുറത്താക്കിയിരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം സഭയിൽനിന്നു പുറത്തിറങ്ങിയാലും  ജീവിക്കാൻ ബുദ്ധിമുട്ടേണ്ടി വരില്ല. എന്നാൽ എത്രയോ കന്യാസ്ത്രീകളെ വെറും കയ്യോടെ ഒരു ബാഗും കയ്യിൽ പിടിപ്പിച്ചുകൊണ്ടു ഇറക്കി വിട്ടിരിക്കുന്നു. യൗവനം മുഴുവനും ചൂഴ്‌ന്നെടുത്ത ശേഷം ഇനി മുമ്പോട്ട് പ്രയോജനമില്ലെന്ന് വരുമ്പോഴാണ് ഇത്തരം നീചപ്രവർത്തികൾ സഭയുടെ തലപ്പത്തിരിക്കുന്നവർ ചെയ്യുന്നത്. അവർക്ക് ജീവിക്കാൻ നഷ്ടപരിഹാരവും നൽകില്ല. നിരവധിപേർ തെരുവുകളിൽ അലഞ്ഞ ചരിത്രവുമുണ്ട്. സഭയിൽ തന്നെ നിരവധി സ്ഥാപനങ്ങളുണ്ട്. ഹോസ്പിറ്റലുകളും സ്‌കൂളുകളുമുണ്ട്. ഒരു ജോലി പോലും നൽകാതെയാണ് പാവങ്ങളായ കന്യാസ്ത്രീകളെ തെരുവുകളിലേക്ക് തള്ളുന്നത്. വാർദ്ധക്യത്തിൽ അവരെ അനാഥരാക്കുന്നത് സഭയുടെ ഒരു ക്രൂരത മാത്രം. ലൂസിയെയും ഒരു ആനുകൂല്യവും നൽകാതെയാണ് അവരെ സന്യസ്തതയിൽനിന്നും പുറത്താക്കിയത്.

വാസ്തവത്തിൽ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായുള്ള കന്യാസ്ത്രി സമരം ഒരു മനുഷ്യാവകാശ സമരമായിരുന്നു. അടിച്ചമർത്തപ്പെട്ട സ്ത്രീ ജനങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയാണ് സിസ്റ്റർ ലൂസി കളപ്പുര സമരം ചെയ്യുന്നത്. പണവും പദവിയുമുള്ള ഫ്രാങ്കോ എന്ന ബിഷപ്പിന്റെ പിന്നാലെ സഭയും ബിഷപ്പുമാരും പിന്തുണയുമായി പോയപ്പോൾ 'ലൂസി' ബലാത്സംഗത്തിനിരയും നിസ്സഹായയും പീഡിതയുമായ ഒരു കന്യാസ്ത്രീയുടെ കണ്ണുനീരിനൊപ്പം നിന്നു. സഭയെന്നും പീഡകന്റെ ഒപ്പം നിന്ന ചരിത്രമേയുള്ളൂ. ഒരു കന്യാസ്ത്രീയുടെ അഭിമാനത്തിനും മാനത്തിനും തെല്ലും വില നൽകാറുമില്ല.

മഠങ്ങളിൽ നടക്കുന്ന ഇരുളിന്റെ കഥകൾ അറിയാൻ ഒളിക്യാമറകളുടെ ആവശ്യമില്ല. അവിടെനിന്ന് പിരിഞ്ഞുപോയ അനുഭവസ്ഥർ തന്നെ അക്കാര്യം വ്യക്തമായി വിവരിക്കുന്നുണ്ട്.  കണ്ണൂർ 'മേലെ ചൊവ്വേ' സ്വദേശിനിയായ സിസ്റ്റർ  അനീറ്റായുടെ ചരിത്രം നിന്ദ്യവും ക്രൂരവുമായിരുന്നു. യുവ കന്യാസ്ത്രിയായ സിസ്റ്റർ  അനീറ്റായെ  പീഡിപ്പിക്കാൻ ഒരു പുരോഹിതൻ ഒരുമ്പെട്ടതുമൂലം നിഷ്കളങ്കയും നിർദോഷിയുമായ അവരുടെ സഭാവസ്ത്രം ഊരേണ്ടി വന്നു. അവർ സമ്മതിക്കാഞ്ഞമൂലം  വലിയ ഒച്ചപ്പാടുകൾക്കു കാരണമായി. അതിന്റെ പേരിൽ ആ കന്യാസ്ത്രി അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും അവരുടെ അദ്ധ്യാപിക ജോലി തെറിപ്പിച്ചതും അവരെ ഇറ്റലിയിൽ സ്ഥലം മാറ്റി  പീഡിപ്പിച്ചതും അർദ്ധ രാത്രിയിൽ ഇറ്റലിയിലെ തെരുവുകളിൽ ഇറക്കിവിട്ടതും അവിടെനിന്ന് മലയാളി സംഘടനകളുടെ സഹായത്തോടെ നാട്ടിൽ എത്തിയതും സ്വന്തം മഠത്തിൽ മടങ്ങി വന്ന അവരെ വീണ്ടും പുറത്താക്കിയതും അവരുടെ പെട്ടികൾ മദർ സുപ്പീരിയറും കൂട്ടരും പുറത്തേക്ക് എറിഞ്ഞതും  സംഭവിച്ചിട്ട് ദീർഘനാളുകളായിട്ടില്ല. ഇങ്ങനെയുള്ള കഥകൾ നിരവധി സഭയുടെ ചരിത്രത്തിലുണ്ട്.

സഭാവസ്ത്രം നഷ്ടപ്പെട്ട മേരി സെബാസ്റ്റിന്റെ വാക്കുകൾ ഇവിടെ ഉദ്ധരിക്കുന്നു. "ആദ്ധ്യാത്മികമായ ജീവിതം നയിക്കാന്‍, ദൈവത്തെ സ്‌നേഹിക്കാന്‍, സമൂഹത്തെ സേവിക്കാന്‍ ഞാനൊരു സന്യാസിനിയായി. എന്റെ പ്രതീക്ഷകള്‍ അവിടെ തകരുകയായിരുന്നു. ആശ്രമ കവാടത്തിനുള്ളില്‍ നിത്യവും ഞാന്‍ കരഞ്ഞിരുന്നു. ജനിച്ചു വീണ വീടിനെയും ജനിപ്പിച്ച മാതാപിതാക്കളെയും നാടിനെയും ത്യജിച്ചുകൊണ്ട് ഈ മഠം മതില്‍ക്കെട്ടിനുള്ളില്‍ എന്റെ ജീവിതം അടിയറവെച്ചു. അവരെന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. സഹിക്കാവുന്നതിലും ഞാന്‍ സഹിച്ചു. ഇനി വയ്യ. സഹനങ്ങളുമായി, കണ്ണീരുമായി ഇവരോടൊത്തുള്ള അടിമപ്പാളയത്തില്‍ എനിക്കിനി ജീവിക്കാന്‍ കഴിയില്ല. ലോകത്തിന്റെ മുമ്പില്‍ ഞാനായിരിക്കാം കുറ്റക്കാരി. അല്ലെങ്കില്‍ അവര്‍ നിങ്ങളെ ബൗദ്ധികമായി കീഴ്‌പ്പെടുത്തിയിരിക്കാം. ലോകമേ, എന്നോട് ക്ഷമിച്ചാലും. ദൈവത്തിന്റെ മുമ്പില്‍ ഞാന്‍ തെറ്റുകാരിയല്ല. സത്യം നിങ്ങള്‍ മനസിലാക്കണം.' ഇത് പറഞ്ഞത് പാലായില്‍ ചേര്‍പ്പുങ്കല്‍ കര്‍മ്മീലിത്താ മഠത്തില്‍നിന്നും സഭാ വസ്ത്രം ഉപേക്ഷിച്ച സിസ്റ്റര്‍ മേരി സെബാസ്റ്റ്യനായിരുന്നു. (റെഫ്:
https://www.emalayalee.com/varthaFull.php?newsId=127001)

സിസ്റ്റര്‍ അഭയ എന്ന കൊച്ചു പെണ്‍കുട്ടി ഇരുളിന്‍റെ കഥയിലെ നായികയാണ്. രണ്ടുപുരോഹിതരും ഒരു കന്യസ്ത്രിയും അടിച്ചുകൊന്നു കിണറ്റിനുള്ളില്‍ ‍തള്ളിയ അഭയ എന്ന ചെറുകന്യാസ്ത്രി പുണ്യവതിയാവണോ? സ്വയം പഞ്ചമുറിവുകളുണ്ടാക്കിയവരും കൊലയാളികളും സ്വവര്‍ഗഭോഗികളും വസിക്കുന്ന ഒരു സ്വര്‍ഗത്തിലേക്ക് അഭയയെ പ്രതിഷ്ടിക്കണമോ? എന്തിന്? ഒരുവിധത്തില്‍ അഭയ ഭാഗ്യവതിയാണ്. തലക്കടിയേറ്റയുടനെ കിണറ്റിനുള്ളില്‍ തള്ളികാണും. അല്ലെങ്കിൽ, ‍മാലാഖയെപ്പോലെയിരിക്കുന്ന അവളെ അന്നു രണ്ടു കാപാലിക പുരോഹിതര്‍ കഴുകന്മാരെപ്പോലെ കടിച്ചു തിന്നുമായിരുന്നു. കാമവിരളി പിടിച്ച സെഫിയുടെ ചെരവകൊണ്ടുള്ള അടിയില്‍ നഷ്ടപ്പെട്ടത് അവളെ വളര്‍ത്തി വലുതാക്കി കന്യാസ്ത്രിയാക്കിയ ആ മാതാപിതാക്കള്‍ക്കു മാത്രം. ഇങ്ങനെ  നീതിയില്ലാത്ത ഒരു ലോകത്തിലെ പുണ്യവതിയായി അഭയായെ എന്തിനു വാഴിക്കണം? കൊട്ടൂരും പുതുക്കയും സെഫിയും അള്‍ത്താരയിലെ രൂപകൂട്ടിലൊരിക്കൽ വിശുദ്ധരായി കാണും. യേശു വിഭാവനം ചെയ്ത സ്വര്‍ഗത്തില്‍നിന്ന് അവര്‍ക്കുമുമ്പിൽ സ്ത്രോത്ര ഗീതങ്ങള്‍ പാടുന്നതും അഭയാ  ശ്രവിക്കും. മാലാഖകൊച്ചായി അവൾ ‍നിത്യതയില്‍ വസിക്കുമ്പോൾ ‍അനീതിയുടെ ലോകത്തിലെ അള്‍ത്താരക്കൂട് എന്തിനു അവള്‍ക്കു വേണം? അവള്‍ക്കുവേണ്ടി ഈഭൂമിയില്‍ ഇന്നും ആയിരങ്ങൾ കണ്ണുനീര്‍ പൊഴിക്കുന്നുണ്ട്‌. ജനിപ്പിച്ചുവിട്ട മാതാപിതാക്കളുടെ കണ്ണുനീരറ്റശേഷം അവരും ഭൂമിയിൽ ഇന്നില്ലാതായി. ഇന്ന് അനേകായിരം ജനങ്ങളുടെ ഹൃദയങ്ങളിൽ നിത്യതയുടെ ശാലിനിയായി അഭയ കുടികൊള്ളുന്നു. ആത്മാവിൽ അവൾ എന്നും ലോകത്തിന്‍റെ വിശുദ്ധതന്നെ.

അഭയാക്കേസു നടക്കുമ്പോഴോ ഇപ്പോൾ കുറ്റവാളിയായി ജയിലിൽ കിടക്കുന്ന റോബിൻ എന്ന പുരോഹിതൻ കൗമാരക്കാരത്തിയെ ഗർഭിണിയാക്കിയപ്പോഴോ, ഗർഭം ആ കുട്ടിയുടെ അപ്പന്റെ ചുമലിൽ റോബിൻ ചുമത്തിയപ്പോഴോ പ്രതിഷേധ ശബ്ദങ്ങളുമായി ഒരു കന്യാസ്ത്രീയും സമരരംഗത്തിറങ്ങിയില്ല. മാതൃഭുമി പത്രം സിസ്റ്റർ ലുസിക്കനുകൂലമായി ഒരു വാർത്ത പ്രസിദ്ധീകരിച്ചുവെന്നു പറഞ്ഞു നൂറുകണക്കിന് സന്യസ്തരെയാണ് തെരുവിലെറക്കിയിരിക്കുന്നത്. മനസില്ലാ മനസോടെയാണ്, കന്യാസ്ത്രികൾ പുരോഹിതരുടെ നേതൃത്വത്തിൽ തെരുവിൽ പ്രകടനങ്ങൾ നടത്തിയതെന്നും വ്യക്തമാണ്. ഇങ്ങനെ അനീതിയിലും അധർമ്മത്തിലും സഞ്ചരിക്കുന്ന സഭയെ നിയന്ത്രിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അതിന് ലൂസി തൊടുത്തുവിട്ട ഈ സമരം ജനകീയ വികാരങ്ങളെ ഉണർത്തുമെന്ന കാര്യത്തിൽ സംശയമില്ല.

അമേരിക്കയിലും യൂറോപ്പിലും പള്ളികളും മഠങ്ങളും പൂട്ടിക്കൊണ്ടിരിക്കുന്നു. അമേരിക്കൻ കോൺവെന്റുകളിലെ ശരാശരി കന്യാസ്ത്രീകളുടെ പ്രായം 70 നു മുകളില്ലെന്നാണ് കണക്ക്. ആ നാടുകളിൽ കന്യാസ്ത്രി  ജീവിതം ഉപേക്ഷിച്ചാലും സ്ത്രീകൾക്ക് ജീവിക്കാൻ സാധിക്കും. എന്നാൽ നിത്യ അടിമയായി വൃത വാഗ്ദാനം ചെയ്ത ഇന്ത്യയിലെ കന്യാസ്ത്രികൾക്ക് സഭയിൽനിന്നു പുറത്താക്കപ്പെടേണ്ട സാഹചര്യം വന്നാൽ പിന്നീട് ഭാവിയിൽ ജീവിക്കാനുള്ള അവസരങ്ങളും അവിടെ അവസാനിക്കുന്നു.

ചില കത്തോലിക്കാ പരമാധികാര രാഷ്ട്രങ്ങളിൽ ‍ഇന്നും കന്യാസ്ത്രീകളുടെ ക്രൂരമായ വ്രതാനുഷ്ഠാനങ്ങൾ സഭയുടെ അനുഗ്രഹത്തോടെ നടക്കുന്നുവെന്നാണ് സത്യം. യുവതികളെ കാല്‍വരിയിലെ യേശുവിന്‍റെ പീഡനഭാഗമായി പീഡിപ്പിക്കൽ സഭയുടെ വിശ്വാസത്തിന്‍റെ ഒരു ഭാഗമാണ്. സന്യാസിനിവ്രതം എടുക്കുന്ന യുവതികളെ ആത്മീയനിയന്ത്രണം നേടുവാന്‍ മൂന്നു ദിവസം പച്ചവെള്ളം കൊടുക്കാതെ ഇരുണ്ട മുറിയിൽ പൂട്ടിയിടും. പ്രാര്‍ഥനയുമായി അവർ അവിടെ കഴിഞ്ഞുകൊള്ളണം. ശവശരീരങ്ങള്‍ക്കു നടുവിൽ മെഴുകുതിരിയുടെ വെളിച്ചത്തിൽ ഒറ്റക്കിരുത്തും. അന്ധകാരമായ ഗുഹകളിൽ കൊണ്ടുപോയി ഭീമാകാരമായ കുരിശില്‍ ശരീരംവളച്ചു ബന്ധിക്കും. യേശു രക്തം ചീന്തിയതുപോലെ രക്തം ചീന്തുവാന്‍ വ്രതം അനുഷ്ഠിക്കുന്ന കന്യാസ്ത്രീകളുടെ മാംസത്തിൽ, ‍മെറ്റല്‍വെച്ച ചാട്ടവാറിനു ചിലപ്പോള്‍ ബോധം കെടുന്നവരെ അടിക്കും. ദേഹത്തുനിന്നു വസ്ത്രങ്ങളെ ഊരി അടിക്കുവാനായി ആരാച്ചാരെപ്പോലെ പരിശീലനം കൊടുത്ത കന്യാസ്ത്രീകളുമുണ്ട്. ഇവര്‍ക്കു ശബ്ദിക്കാനോ ചിരിക്കാനോ, കരയാനോ അവകാശമില്ല. സ്വപ്നത്തില്‍പ്പോലും പേടിച്ചു കരഞ്ഞാൽ, കഠിനശിക്ഷകളേറെയും.

പതിനാലാം നൂറ്റാണ്ടുമുതൽ യൂറോപ്പിലും അമേരിക്കയിലുമുള്ള കന്യാസ്ത്രി മഠങ്ങളിലും ക്രൂരതകളുടെയും പീഡനങ്ങളുടെയും ചരിത്രമുണ്ടായിരുന്നു. എന്നാൽ ആ രാജ്യങ്ങളിലെല്ലാം പിന്നീടുള്ള കാലങ്ങളിൽ നിയമംമൂലം അതിനെല്ലാം പരിഹാരങ്ങൾ കണ്ടെത്തി. മഠങ്ങളിൽ നടന്നിരുന്ന അടിമത്വങ്ങളെ നിരോധിക്കുകയും ചെയ്തു. ഇരുളടഞ്ഞ പഴയകാല മഠം കഥകൾ അവിടങ്ങളിൽ ചരിത്രമായി അവശേഷിച്ചിരിക്കുന്നു. കൗമാരപ്രായത്തിൽ ഒരു കന്യാസ്ത്രീയാകണമെന്നുള്ള മോഹവുമായി മാതാപിതാക്കളെയും ഉപേക്ഷിച്ച് മഠം ജീവിതം നയിച്ച പാവം ഒരു യൂറോപ്യൻ കന്യാസ്ത്രീയായ സിസ്റ്റർ ഷാർലറ്റ്ക്ലെറുടെ (Sister Charlotte Keckler) ഹൃദയസ്പർശമായ യാഥാർഥ്യങ്ങൾ തന്റെ ആത്മകഥയിൽ വിവരിച്ചിരിക്കുന്നു. അവരുടെ ജീവിതം കരളലിയിക്കുന്ന കഥകൾകൊണ്ട് നിറഞ്ഞതായിരുന്നു.

1920-ൽ സന്യാസിനിയായിരുന്ന സിസ്റ്റര്‍ ഷാർലറ്റ്ക്ലെർ (Sister Charlotte Keckler) എന്ന യൂറോപ്യന്‍ കന്യാസ്ത്രീയുടെ ജീവിതകഥയിൽ കോണ്‍വെന്റിലെ ക്രൂരപീഡനങ്ങളെ വിശദമായി വിവരിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിൻറെ ആദിശതകങ്ങളിൽ ഒരു സാധാരണ കുടുംബത്തിൽ ഇവര്‍ വളര്‍‍ന്നു. ഏഴു വയസുള്ളപ്പോള്‍മുതല്‍ കന്യാസ്ത്രീയാകുവാന്‍ ഇടവകവികാരിയും കന്യാസ്ത്രീകളും ഇവരെ നിരന്തരം പ്രേരണ ചെലുത്തുന്നുണ്ടായിരുന്നു. പതിമൂന്നു വയസുള്ളപ്പോൾ അഗാധമായ ദൈവസ്നേഹത്തിൽ അന്നു കുട്ടിയായിരുന്ന ഇവർ അടിമപ്പെട്ടു. അവളുടെ പതിമൂന്നാം ജന്മദിനത്തിൽ, ‍മാതാപിതാക്കളുടെ അനുഗ്രഹത്തോടെ മറ്റു സഹകന്യാസ്ത്രീകള്‍ക്കൊപ്പം ആയിരക്കണക്കിനു മൈലുകള്‍ ‍അകലെയുള്ള  കോണ്‍വെന്റിലേക്ക് അവൾ ‍യാത്രയായി. തന്നെ സ്നേഹിച്ച മാതാപിതാക്കളെ പിരിഞ്ഞിരിക്കുന്ന അവളുടെ ആദ്യ-അവസാന രാത്രിയുമായിരുന്നു അത്.

അവളുടെ കഥ തുടരുന്നു. യേശുവിനുവേണ്ടി വൃതം എടുക്കുവാൻ ഒരിക്കല്‍ ഒരു ശവപ്പെട്ടിക്കുള്ളില്‍ മരിച്ചവളെപ്പോലെ പന്ത്രണ്ടു മണിക്കൂർ കിടക്കണമായിരുന്നു. ചുറ്റും മരിച്ചവരെപ്പോലെ കുന്തിരിക്കം ഇട്ടു പുകയ്ക്കുന്നുണ്ടായിരുന്നു. യേശുവിന്‍റെ മണവാട്ടിയായി മാതാപിതാക്കൾക്ക് അവള്‍ മരിച്ചുവെന്നുള്ള ഒരു ചടങ്ങായിരുന്നു അത്. ദൈവത്തെ സ്നേഹിക്കുവാൻ മാതാപിതാക്കളെയും ഭൌതിക ജീവിതത്തെയും വെറുക്കുന്നുവെന്ന് അന്നു പ്രതിജ്ഞയും ചെയ്യണമായിരുന്നു. അവൾ അന്നു ശവപ്പെട്ടിക്കുള്ളില്‍, കിടന്നപ്പോൾ ഭൂതകാലത്തെ അവളുടെ കുട്ടിക്കാലങ്ങളെയും അമ്മ മേടിച്ചു കൊടുത്ത പുതുവസ്ത്രങ്ങളെയും ഇനി ഒരിക്കലും അതു ധരിക്കുവാൻ പാടില്ലാത്ത നിസ്സഹായ അവസ്ഥയെപറ്റിയും ‍ചിന്തിച്ചു. സന്തുഷ്ടമായ കുടുംബം, രുചികരമായ ഭക്ഷണം, ചൂടുള്ള ബെഡിൽ ‍തണുപ്പുകാലങ്ങളിൽ ‍കിടക്കുമ്പോഴുള്ള സുഖം എല്ലാം ഓര്‍മ്മയിൽ കുന്നുകയറി. ദൈവത്തിന്‍റെ മണവാട്ടിയാകണമെങ്കിൽ ഈ കഠിനപരീക്ഷകൾ കടന്നുപോവണമായിരുന്നു. ഇങ്ങനെ ക്രൂരതയുടെയും പീഡനങ്ങളുടെയും കഥകൾ ‍ഈ സഹോദരിയുടെ ആത്മകഥയിൽ ഉടനീളം കാണാം. അവൾക്ക്  ഇരുപത്തിയൊന്നു വയസുള്ളപ്പോൾ നീണ്ട സുന്ദരമായ മുടി മുറിച്ചെടുത്തു. മുടി മേടിക്കുവാൻ കച്ചവടക്കാർ വരുമായിരുന്നു. ഇതും കന്യാസ്ത്രീകളുടെ ആദായകരമായ തൊഴിലായിരുന്നു. തല മുഴുവനും പരിപൂർ‍ണ്ണമായി ഷേവ് ചെയ്യുമ്പോൾ പൊട്ടി കരയുന്നവരും ഉണ്ടായിരുന്നു. പിന്നീട് രണ്ടു മാസം കൂടുംതോറും തല ഷേവ് ചെയ്യണമായിരുന്നു.

ഒരു പുരോഹിതന്‍റെ ശരീരം പരിശുദ്ധമാണെന്നും പഠിപ്പിക്കും. യേശുവിനെ വിവാഹം കഴിച്ചതുവഴി പുരോഹിതൻ സ്പർ‍ശിക്കുന്നത് പാപം അല്ല. പരിശുദ്ധാത്മാവ്, കന്യകാ മറിയത്തിൽ ഗർ‍ഭം വിതച്ച്‌  യേശു ഉണ്ടായി. പുരോഹിതർ പരിശുദ്ധാത്മാക്കളുടെ രൂപത്തില്‍ വന്നവരാണ്. അതുകൊണ്ടു കന്യാസ്ത്രീകൾ അവരുടെ മക്കളെ വഹിച്ചാലും പാപമല്ല എന്നിങ്ങനെ സാരോപദേശങ്ങൾ മഠം അധികാരികൾ നല്‍കുന്നതായും ആത്മകഥയിലുണ്ട്. ചതിക്കപ്പെട്ട ഈ യുവതി അവിടെനിന്നു രക്ഷപ്പെടുവാൻ ശ്രമിക്കുന്ന കഥകളും ഈ പുസ്തകത്തിലുണ്ട്. അമര്‍ത്തിപ്പിടിച്ച വികാരമോഹങ്ങളുമായി ജീവിക്കുന്നത് ദൈവദാനമെന്നു സഭാപിതാക്കന്മാർ ഇവരെ പഠിപ്പിക്കുന്നു. സഭാപിതാക്കന്മാരുടെ അഭിപ്രായങ്ങൾ അപക്വമായ ജനം ചെവികൊള്ളുന്നു. മാതാപിതാക്കൾ ഇവരെ വീണ്ടും സ്വീകരിക്കില്ല. അതുകൊണ്ട് അനുസരണ വ്രതം, ദാരിദ്ര വ്രതം എന്ന പേരിൽ നിത്യം അടിമകളായി ഇവർക്ക് ജീവിക്കണം.

ഇത്രയേറെ മതില്‍ക്കെട്ടുകൾ ‍ചുറ്റും ഉണ്ടായിട്ടും കന്യാസ്ത്രികൾ എങ്ങനെ ഗര്‍ഭിണികളാകുന്നുവെന്നു പൊതുജനം ചിന്തിക്കാറുണ്ട്. സംശയിക്കേണ്ട, കള്ളൻ കപ്പലിൽ എപ്പോഴും കാണും. കാമവികാരങ്ങൾ അടക്കി പിടിച്ചിരിക്കുന്ന വൈദികക്കള്ളന്മാർ അവരെ സംരക്ഷിക്കുവാനും ‍കാണും. കന്യാസ്ത്രികൾ ഗർഭിണിയായാൽ ഗർഭം അലസിപ്പിക്കാൻ സഭാവക സംവിധാനങ്ങളും അതിനായുള്ള മെഡിക്കൽ സൗകര്യങ്ങളുമുണ്ട്. സിസ്റ്റർ മേരിചാണ്ടിയുടെ പുസ്തകത്തിൽ ഇക്കാര്യങ്ങൾ വിവരിച്ചിട്ടുണ്ട്. ഗർ‍ഭം അലസിപ്പിച്ചു ഭ്രുണങ്ങളുടെ അവശിഷ്ടങ്ങൾ മറവുചെയ്യുവാനും ആ മതില്‍കെട്ടിനുള്ളിൽ പ്രത്യേകസ്ഥലങ്ങൾ ഉണ്ട്. ഗർ‍ഭത്തിനുത്തരവാദികൾ ചെറുപ്പക്കാർ മാത്രമാണെന്നും കരുതരുത്. അറുപതു വയസ്സ്കഴിഞ്ഞ വൃദ്ധനായ വികാരിയച്ചനും കാമവികാരങ്ങൾ ഉണ്ട്. കൊച്ചുപെണ്ണുങ്ങളെ കണ്ടാല്‍ ഇവര്‍ക്കും ഇരിക്കപ്പൊറുതിയില്ല. പോരാഞ്ഞു ക്രിസ്തുവിനെയാണു കന്യാസ്ത്രീ വിവാഹം കഴിച്ചിരിക്കുന്നത്. മണവാളനായ ക്രിസ്തുവിന്‍റെ മോതിരം വികാരിയച്ചൻ അണിയിച്ചതു കൈവിരലിൽ ഉണ്ട്. പിന്നെയും ചോദ്യം വരുന്നു. ആരാണ് അവളുടെ ഉദരത്തിലെ ഗര്‍ഭസ്ഥശിശുവിൻ‍റെ ഉടയവൻ? മറ്റാരുമല്ല, ക്രിസ്തുവിൻ‍റെ വികാരി, ഭര്‍ത്താവിനെപ്പോലെ അദ്ദേഹത്തിനും ചില അവകാശങ്ങൾ ക്രിസ്തു കൊടുത്തിട്ടുണ്ടത്രെ! ദൈവംതന്ന കുട്ടികളുമായി സന്യാസജീവിതം ഉപേക്ഷിച്ച സ്ത്രീകളുമുണ്ട്. അവർ, ചിലപ്പോൾ ആകാശപ്പറവകളായി തെരുവിലും.

ഒരു അല്മായസ്ത്രീ പീഡിതയാവുകയാണെങ്കിൽ പുറംലോകം അറിഞ്ഞേക്കാം. എന്നാൽ ഒരു മഠംവക മതില്‍ക്കെട്ടിനുള്ളിൽ ഒരുപെണ്‍കുട്ടിയുടെ മാനം നഷ്ടപ്പെട്ടാൽ കന്യാസ്ത്രികളും പിതാക്കന്മാരും മറച്ചുവെക്കും. പാവപ്പെട്ട വീടുകളിൽനിന്നുള്ള പെണ്‍ക്കുട്ടികളുടെ മാനംപോയാലും ഈ  പുരോഹിതവര്‍ഗം എന്നും മാന്യന്മാര്‍ തന്നെ. കന്യാസ്ത്രീമഠം അനേകം പാവപ്പെട്ട കന്യാസ്ത്രികളുടെ വിയര്‍പ്പുകൊണ്ടുള്ള ഒരു ചുഷണകേന്ദ്രമാണ്. സാമ്പത്തികമായി താണ വീടുകളില്‍നിന്നുള്ള പെണ്‍കുട്ടികള്‍ക്കു വികാരിയച്ചൻ, മദര്‍സുപ്പിരിയർമുതൽ പേരുടെ തുണിയും പാത്രവും കഴുകണം. പാവപ്പെട്ട കന്യാസ്ത്രികള്‍ക്കു മഠം കക്കൂസുകളും കഴുകണം. ഓരോരുത്തരുടെയും വരുമാനമനുസരിച്ചും പദവികളനുസരിച്ചും ഈ സഹോദരികളെ പലതട്ടുകളിലായി തരം തിരിച്ചിരിക്കുന്നു. നൂറു കണക്കിനു സാമൂഹിക പ്രവര്‍ത്തകരെ ‍മറ്റു മേഖലകളിൽ കാണാം. എന്നാൽ ഇങ്ങനെ ദരിദ്രജീവിതം നയിക്കുന്ന കന്യാസ്ത്രികളുടെ സാമൂഹിക പ്രശ്നങ്ങൾ ആരു ശ്രവിക്കുന്നു?

Indian nuns protest media coverage of dismissed sister



Sr.Mary Chandi 
Jesmi.jpg

Saturday, September 7, 2019

യേശുവിന്റെ അമ്മയായ മേരിയും പേഗൻ ദേവതകളും


ജോസഫ് പടന്നമാക്കൽ

ഈ-മലയാളിയിൽ പ്രസിദ്ധീകരിച്ച ശ്രീ ആൻഡ്രുസിന്റെ "ഈശ എന്ന മറിയം; 8 നോമ്പും ഈശ ദേവതയും" എന്ന ലേഖനത്തെ ആധാരമാക്കിയുള്ള ഒരു പുനഃശ്ചിന്തനമാണ് ഇതിലെ ഉള്ളടക്കം. കത്തോലിക്ക സഭയിലും മറ്റു ഇതര ക്രിസ്ത്യൻ സഭകളിലും യേശുവിനൊപ്പം മേരിക്കും പ്രാധാന്യം കല്പിച്ചിരിക്കുന്നു. ദൈവമായ യേശുവിന് ജന്മം നല്കിയതുകൊണ്ടു മേരിയും ദേവമാതാവെന്നാണ് സങ്കല്പം. മേരിഭക്തി കത്തോലിക്ക സഭയിൽ പ്രാബല്യത്തിൽ വന്നത് നാലാം നൂറ്റാണ്ടിലോ കോൺസ്റ്റാന്റിൻ ചക്രവർത്തിയുടെ കാലംമുതലോ ആയിരിക്കാം. മേരിയുടെ ജീവിതവുമായി സ്പർശിക്കുന്ന സംഭവങ്ങൾ ബൈബിളിൽ വളരെ പരിമിതമായി മാത്രമേയുള്ളൂ. ബൈബിളിൽ മേരിയ്ക്ക് ദൈവതുല്യമായ സ്ഥാനമുണ്ടെന്നോ, മേരി സ്വർഗാരോഹണം നടത്തിയെന്നോ വ്യക്തമായി സൂചിപ്പിക്കുന്നില്ല. എങ്കിലും അവ്യക്തതകൾ നിറഞ്ഞ വചനങ്ങളുമുണ്ട്. മേരിയുടെ സ്വർഗാരോഹണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത് പന്ത്രണ്ടാം പീയൂസ് മാർപാപ്പായായിരുന്നു. മാർപാപ്പയുടെ അപ്രമാദിത്യവരം പ്രയോഗിച്ചുള്ള ഈ തീരുമാനം ചാക്രികലേഖനം വഴി ലോകത്തെ  അറിയിക്കുകയും ചെയ്തു.


മാനവ ജാതിക്കായി ഒരു രക്ഷകൻ പിറക്കുമെന്നും മേരി അവന്റെ അമ്മയായിരിക്കുമെന്നും ലുക്കിന്റെ സുവിശേഷത്തിൽ വായിക്കാം. (ലൂക്കോസ് 1:46-49) തലമുറകൾ മേരിയെ പരിശുദ്ധയെന്നു വിളിക്കുമെന്നും എഴുതപ്പെട്ടിട്ടുണ്ട്. എങ്കിലും യേശുവിന്റെ അമ്മയെന്നതിലുപരി ദൈവത്തിന്റെ അമ്മയായി മേരിയെ കത്തോലിക്ക സഭ കാണുന്നു. അവിടെയാണ് യഹോവാ സാക്ഷികളും ഇവാഞ്ചലിസ്റ്റുകളും കത്തോലിക്കരും തമ്മിലുള്ള പരസ്പ്പര ഭിന്നതകൾ ആരംഭിക്കുന്നത്.


മേരി ജനിച്ചത് യഹൂദ വംശത്തിൽ ദാവീദിന്റെ കുലത്തിലെന്നു  വചനം പറയുന്നു. (ലുക്ക് 3:23-31)  ദൈവിക ഭക്തിയിലും വിശ്വാസത്തിലും അവർ ദൈവത്തിന് പ്രിയപ്പെട്ടവളായിരുന്നുവെന്നും വായിക്കുന്നു. യേശുവിന്റെ അമ്മയാകാൻ ദൈവം മേരിയെ തിരഞ്ഞെടുത്തു.(ലുക്ക് 1:31, 35) ജോസഫിനും മേരിക്കും മറ്റു മക്കളുണ്ടായിരുന്നതായി ബൈബിളിൽ സൂചനകളുണ്ട്. (മാർക്ക്6:3.) മറിയവും ദൈവത്തിന്റെ ശിക്ഷ്യയെന്നു ബൈബിളിൽ സൂചനയുണ്ടെങ്കിലും ദൈവമാതാവെന്ന വ്യക്തമായ ഒരു വചനമില്ല. പിന്നെ എന്തുകൊണ്ട് മേരിയെ ദൈവമാതാവായി കരുതുന്നു?  ആദ്യനൂറ്റാണ്ടുകളിൽ ക്രിസ്ത്യാനികൾക്കുള്ള പേഗൻ ബന്ധങ്ങളുമായി മേരിയുടെ ദൈവികത്വം വിശ്വാസത്തിൽ ചേർത്തതാകാം.


മേരിയെ യേശുവിന്റെ അമ്മയായി ആദ്യ ക്രിസ്ത്യാനികൾ കരുതിയെങ്കിലും ദൈവത്തിന്റെ അമ്മയായി കണ്ടിരുന്നില്ല. യേശുവിന്റെ നാമം ചീത്തയാക്കവിധം മേരിയെ ആരും മാനിക്കാറില്ല. മേരിയെ കത്തോലിക്കർ സ്ത്രീകൾക്ക് ഒരു മാതൃകയായും ദൈവത്തിനുവേണ്ടി അർപ്പിക്കപ്പെട്ട ഒരു ഭക്തയായും കാണുന്നു. പേഗൻ ദേവതകൾക്കൊന്നും ഈ സ്വഭാവ ഗുണങ്ങൾ കാണുന്നില്ല. മേരിയുടെ ജീവിതരീതി പേഗൻ ദൈവങ്ങളുടെ കഥകളിലെ ജീവിതരീതികളുമായി സാമ്യതകൾ കുറവാണ്.  ആദ്യകാലങ്ങളിൽ ' ക്രിസ്ത്യാനികളായവർ അന്ധവിശ്വാസങ്ങൾ പുലർത്തുന്നവരായിരുന്നു. അവർ പുലർത്തി വന്നിരുന്ന വിശ്വാസത്തിൽനിന്നും വ്യതിചലിക്കാൻ സാധിക്കില്ലായിരുന്നു. സീസറിനെ ആരാധിക്കാൻ തയാറാകാഞ്ഞ കാരണം നിരവധി ക്രിസ്ത്യാനികൾ രക്തസാക്ഷിത്വം വഹിച്ചിട്ടുണ്ട്. ആദ്യ ക്രിസ്ത്യാനികൾ 'ഗായ' 'സൈബെലെ' എന്നീ ദൈവങ്ങളെ ആരാധിച്ചിരുന്നില്ല.  യേശുവിലും മേരിയിലും വിശ്വസിച്ചതുകൊണ്ട് നിരവധി വിശ്വാസികളെ സിംഹക്കൂടുകളിൽ എറിഞ്ഞു കൊടുത്തിരുന്നു. ക്രിസ്ത്യാനികൾ പേഗൻ ദൈവങ്ങളെ ആരാധിക്കാത്തതായിരുന്നു കാരണം! പിശാചുക്കളായിട്ടാണ് പേഗൻ ദൈവങ്ങളെ ആദ്യകാലം മുതൽ കണ്ടിരുന്നത്. ഇന്നും മാമ്മോദീസ ചടങ്ങുകളിൽ പിശാചിനെ പരിത്യജിക്കുന്നതായി വിശ്വസിക്കുന്നു.


യേശുവിന്റെ ഇളയമ്മയായ എലിസബത്തിനെ മാതാവായ മേരി കാണാൻ ചെന്നപ്പോൾ എലിസബത്ത് സ്വയം തന്നെപ്പറ്റി 'താൻ ആരെന്ന്'  ചോദിക്കുന്നുണ്ട്. 'ദൈവമാതാവ് തന്നെ കാണാൻ വന്നിരിക്കുന്നുവെന്നും' എലിസബത്ത് പറയുന്നുണ്ട്. അതുകൊണ്ട് ദൈവമാതാവെന്നത് ബൈബിളധിഷ്ഠിതമെന്നും കത്തോലിക്കർ വിശ്വസിക്കുന്നു. (ലൂക്കോസ് 1:43). ബൈബിളിൽ 'മാഗി' അമ്മയായ മേരിയെയും കുഞ്ഞിനേയും കണ്ടമാത്രയിൽ മുട്ടുകുത്തി വന്ദിക്കുന്നു. അപ്പോൾ യേശു മേരിയുടെ കൈകളിലായിരുന്നു. ശിശുവായിരുന്നപ്പോൾ യേശുവിനെ ദൈവമായി കരുതിയിരുന്നില്ല. കത്തോലിക്കർ മേരിയുടെ മുമ്പിൽ മുട്ടുകുത്തുന്നതിനുള്ള കാരണവും അതു തന്നെയാണ്. സ്ത്രീയിലെ സത്യവും ധർമ്മവും തിരിച്ചറിയലും ഈ ആദരവുകളിൽ പ്രകടമായി കാണാം. കിഴക്കുനിന്നുള്ള ബുദ്ധിമാന്മാരായവർ വന്നപ്പോഴും മുട്ടുകുത്തിയപ്പോഴും യേശു മേരിയുടെ കൈകളിലായിരുന്നു. ഇതിന്റെ അർഥം മേരി ദൈവത്തിനു മുമ്പും ഉണ്ടായിരുന്നുവോ; എന്നാകുമോ? ദൈവമായ യേശു അനാദികാലം മുതലുണ്ടായിരുന്നു. ഇല്ലെങ്കിൽ സഭ അങ്ങനെ പഠിപ്പിക്കുന്നു! ആദ്യം വചനമായിരുന്നു. വചനം മാംസമായിയെന്നാണ് വിശ്വാസം. 'യേശു മരുഭൂമിയിലെ പാറയായിരുന്നു'. വചനകളിൽക്കൂടി യേശുവിന്റെ ദിവ്യത്വം വെളിപ്പെടുത്തുന്നു. ഒരു ചരിത്രകാരനെ സംബന്ധിച്ച് അവിശ്വസിനീയങ്ങളായ ഇത്തരം ജൽപ്പനങ്ങൾ ചരിത്രത്തിന്റെ ഭാഗമായി കാണാൻ സാധിക്കില്ല.


യേശുവിന്റെ 'അമ്മ ദൈവമാതാവെങ്കിൽ ദൈവികത്വം മുഴുവൻ മേരിയിലുണ്ടെങ്കിൽ എങ്ങനെ യേശു മനുഷ്യനായി ജനിച്ചുവെന്നാണ് ചിലരുടെ ചോദ്യം! യേശുവിന്റെ മനുഷ്യ സ്വഭാവവും ദൈവ സ്വഭാവവും വേർതിരിക്കാൻ സാധിക്കില്ലെന്നാണ് നെസ്തോറിയൻസുകളുടെ വിശ്വാസം. വെളിപാടിൽ പറയുന്നു, 'സ്വർഗത്തിൽ വലിയൊരു അടയാളം കണ്ടു. സൂര്യനെ ധരിച്ച ഒരു സ്‌ത്രീ; അവളുടെ കാൽക്കീഴിൽ ചന്ദ്രൻ; തലയിൽ 12 നക്ഷത്രങ്ങൾകൊണ്ടുള്ള കിരീടം. അവൾ ഗർഭിണിയായിരുന്നു; പ്രസവവേദന സഹിക്കാനാകാതെ അവൾ നിലവിളിച്ചു. സ്‌ത്രീ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. അവൻ ജനതകളെയെല്ലാം ഇരുമ്പുകോൽകൊണ്ട്‌ മേയ്‌ക്കും. പിറന്നുവീണ ഉടനെ കുഞ്ഞിനെ ദൈവത്തിന്റെ അടുത്തേക്കും ദൈവത്തിന്റെ സിംഹാസനത്തിലേക്കും കൊണ്ടുപോയി." സഭ കന്യകാമറിയത്തിനു അങ്ങനെ ദൈവിക പ്രതിച്ഛായ നൽകുകയാണ്.


'മേരി' ദേവ മാതാവെന്ന സങ്കൽപ്പത്തിനു സുവിശേഷത്തിലെ വചനങ്ങൾ ഉദ്ധരിക്കാറുണ്ട്. ലുക്കിന്റെയും മാർക്കിന്റെയും സുവിശേഷത്തിൽ (മാർക്കോസ് 1:1; ലൂക്കോസ് 1:32.) മേരിയെ ദൈവ മാതാവെന്നു വിശേഷിപ്പിക്കുന്നു. ദൈവ പുത്രനെ പ്രസവിക്കുമെന്നും പറഞ്ഞിട്ടുണ്ട്. ദൈവമെന്ന മായാ പ്രപഞ്ചവും ശക്തിയും ഒരു സ്ത്രീയുടെ ഉദരത്തിൽ ജനിച്ചുവെന്നും വിശ്വസിക്കണം. അത്തരം ദൈവമെന്ന സങ്കല്പം എങ്ങനെ  നമ്മുടെ സാമാന്യ ബുദ്ധിയിൽ ഒതുങ്ങുന്നുവെന്നും അറിയില്ല. ഒരു ഗർഭ പാത്രത്തിനുള്ളിൽ സങ്കല്പങ്ങൾക്കും മീതെയുള്ള ദൈവിക പ്രപഞ്ചാദികൾ സർവ്വതും അടങ്ങിയിരിക്കുന്നു. സമുദ്രത്തിനുള്ളിലെ ജലകണം പോലും ദൈവത്തിന്റെ മായാവിലാസത്തിലെ കണ്ണികളായിട്ടാണ് ദൈവശാസ്ത്രജ്ഞമാർ കുറിച്ചുവെച്ചിരിക്കുന്നത്. അണ്ഡകടാഹങ്ങളെ മുഴുവൻ സൃഷ്ടിച്ച ആ സൃഷ്ടിദൈവം കേവലം ഒരു സ്ത്രീയുടെ ഉദരത്തിൽ പിറന്നുവെന്നു കരുതാനും നമ്മുടെ ചിന്തകൾ അശക്തങ്ങളാണ്. യേശു പൂർണ്ണ ദൈവമായി നാം വിശ്വസിക്കുന്നു. വിചിത്രങ്ങളായ കഥകളെ ചരിത്ര സത്യങ്ങളായി മാറ്റപ്പെടുവാൻ വ്യക്തമായ തെളിവുകളൊന്നും നമ്മുടെ ഗ്രന്ഥപ്പുരകളിൽ കാണില്ല. തെളിവുകൾക്കായി നാം പഴം പുരാണങ്ങളെയും ബൈബിളിലെ പഴയ നിയമം പുതിയ നിയമം പുസ്തകങ്ങളെയും ആശ്രയിക്കേണ്ടി വരുന്നു. ബൈബിൾ ഒരു ചരിത്രകൃതിയോ എന്ന വിവാദത്തിൽ ചരിത്രകാർ എന്നും ആശയസംഘട്ടനത്തിലാണ്‌. ബൈബിളിന്റെ ആധികാരികതയെപ്പറ്റി ചരിത്രത്തിലേക്ക് എത്തിനോക്കുന്നവർ പരസ്പരവിരുദ്ധങ്ങളായി അഭിപ്രായപ്പെടുന്നു.


താൻ ദൈവമാണെന്നു യേശു പറഞ്ഞതായി ബൈബിളിലില്ല. മേരി, ദൈവത്തിന്റെ മാതാവെന്നു  യേശുവിന്റെ മലയിലെ പ്രസംഗങ്ങളിലും സൂചിപ്പിച്ചിട്ടില്ല. ദൈവത്തിന്റെ സ്ഥാനത്ത് മേരിയെ വന്ദിക്കണമെന്നും പറഞ്ഞിട്ടില്ല. കത്തോലിക്ക സഭയുടെ പ്രാർത്ഥനകളിൽ മേരിയെ സ്വർഗ്ഗ രാജ്ഞി എന്നും വിളിച്ച് പ്രാർത്ഥിക്കാറുണ്ട്. ബൈബിളിൽ മേരിയെന്ന സ്വർഗരാജ്ഞിയെപ്പറ്റി വ്യക്തമായി പറയാത്ത സ്ഥിതിക്ക് അത്തരം പ്രാർത്ഥന പേഗൻ മതങ്ങളിലെ സ്ത്രീ ദൈവങ്ങളോടുള്ള  പ്രാർത്ഥനകളായി കരുതണം.


'സ്വർഗരാജ്‌ഞി' എന്ന മഹനീയ നാമം കത്തോലിക്ക സഭയിൽ കടന്നുകൂടിയത് 'ഇഷ്ടാർ' എന്ന ബാബിലോണിയൻ സ്ത്രീ ദൈവത്തിൽ നിന്നാകാം! ആദ്യകാല ക്രിസ്ത്യാനികൾ മേരിയെ ആരാധിച്ചിരുന്നതായി രേഖകളിലൊന്നിലും വ്യക്തമല്ല. സഭാ പണ്ഡിതർ ബാബിലോണിയൻ ദേവിയായ 'ഇഷ്ടാറിനെ' നിരസിച്ചിരുന്നതായും എഴുതിയിട്ടുണ്ട്. ദൈവം അനാദിയെന്നാണ് ബൈബിളിലും പറഞ്ഞിരിക്കുന്നത്. 'അവനു ആദിയും അന്തവും ഇല്ലായിരുന്നു." ആദിയും അന്തവും ഇല്ലാത്ത ഒരു ദൈവത്തിന് എങ്ങനെ ഒരു അമ്മയുണ്ടാകുമെന്നതും ചോദ്യമാണ്. ദൈവത്തെ ഒരു മനുഷ്യ സ്ത്രീയുടെ ഉദരത്തിൽ വഹിക്കാൻ സാധിക്കുമോ? സ്വർഗവും സപ്ത ലോകങ്ങളും നരകവും നിയന്ത്രിക്കുന്ന സൃഷ്ടാവായ ദൈവത്തെ എങ്ങനെ ഒരു സ്ത്രീയുടെ ഉദരത്തിൽ താങ്ങാൻ സാധിക്കും? നാലാം നൂറ്റാണ്ടു മുതലാണ് മേരിഭക്തി കാണപ്പെടുന്നത്.


കത്തോലിക്ക മതം രാജ്യത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടിരുന്നു. അക്കാലഘട്ടത്തിൽ പേഗൻ മതവിശ്വാസികൾ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് ചേർന്നു. അങ്ങനെ ക്രിസ്ത്യാനികളിലും പേഗൻ ചിന്താഗതികൾ കടന്നുകൂടി. വചനത്തിൽ എഴുതി ചേർക്കാത്ത ബാവ, പുത്രൻ, റൂഹാ കുദിശ' എന്ന ത്രൈദേവിക ത്രിത്വം സഭയിൽ നടപ്പിലാക്കി. എ.ഡി. 431-ൽ എഫേസൂസ്‌ സൂനഹദോസ് മേരിയെ ദൈവമാതാവായി അംഗീകരിച്ചു. കത്തോലിക്ക സഭയിൽ പേഗൻ ചിന്താഗതികൾ വളർന്നതോടെ നിത്യ കന്യകയുടെ അടയാളങ്ങളും പടങ്ങളും സഭ സ്വീകരിക്കാൻ തുടങ്ങി. പേഗൻ ദേവി നരകസർപ്പത്തെ ചവിട്ടുന്ന രൂപങ്ങൾ മേരിയിലും രൂപകൽപ്പന ചെയ്തു. മേരിയും സർപ്പത്തെ ചവുട്ടിക്കൊണ്ടുള്ള ദേവിയായി പ്രത്യക്ഷപ്പെട്ടു. ചിലർ റോമ്മാക്കാരുടെ 'ഡയാന ദേവതയെ' മേരിയായി കണ്ടു. പേഗനീസത്തിലെ ഐസിസ് ദേവതയും മേരിയായി രൂപാന്തരപ്പെട്ടു.


എ.ഡി 432-ൽ പോപ്പ് സിസ്റ്റസ് മൂന്നാമൻ ദൈവമാതാവിന്റെ പേരിൽ ആദ്യമായി പള്ളി പണിതു. റോമൻ ദേവതയായ 'ലുസിനാ'യുടെ അമ്പലം നിലനിന്നിരുന്ന സ്ഥലത്താണ് ദേവമാതാവിന്റ പള്ളി പണിതത്. ക്രിസ്തുമതം നടപ്പായതോടെ 'ലുസിന ദേവത' പൂർണ്ണമായി മേരിയായി മാറ്റപ്പെട്ടു.
അന്നുമുതൽ! കന്യകാ മേരി പേഗൻ ദേവതയോ എന്നത് വിവാദ വിഷയങ്ങളായി തുടരുന്നു.


ചരിത്ര കുതുകികളായവർ മേരിയെ പേഗൻ ദൈവമായി ചിത്രീകരിക്കുമ്പോൾ അതിനെ ഖണ്ഡിച്ചുകൊണ്ടുള്ള സഭയുടെ ചിന്താഗതികളും ന്യായീകരണങ്ങളും ചിന്തനീയമാണ്. പേഗൻ സ്ത്രീ ദൈവങ്ങളെ കന്യകമാരായും ദൈവമായും മാനിക്കുന്നുണ്ടെങ്കിലും ഈ ദൈവങ്ങൾക്ക് കത്തോലിക്കർ മാനിക്കുന്ന മേരിയുമായി വലിയ ബന്ധങ്ങളൊന്നും കാണുന്നില്ല. പ്രാകൃതവും അധാർമ്മികവുമായ ആചാരരീതികൾ പേഗൻ ദേവതകൾക്ക് അർപ്പിക്കപ്പെട്ടിരുന്നു. 'ഗായ' എന്ന പേഗൻ സ്ത്രീദൈവത്തെ ഭൂമി ദേവിയായി ആരാധിച്ചിരുന്നു. ഈ ദേവി തികച്ചും മേരിയുമായി വ്യത്യസ്തയാണ്. മേരിയെ ഭൂമിദേവിക്ക് തുല്യമായി ആരാധിക്കാറില്ല. അതുപോലെ വിവാഹ ജീവിതത്തിനുപരിയായി രതി വിനോദത്തിനുവേണ്ടിയും പേഗൻ ദൈവങ്ങളെ ആരാധിച്ചിരുന്നു. അത്തരം ലൗകികാനന്ദത്തിനുവേണ്ടിയുള്ള സംതൃപ്തിക്കായി മേരിയെ ആരും വന്ദിക്കാറില്ല.


'അമ്മയും കുഞ്ഞും' രൂപങ്ങളും പ്രതിമകളും പേഗൻ ദൈവങ്ങളിലും കാണാം. അമ്മയായ മേരി ശിശുവായ യേശുവിനെ എടുക്കുന്ന രൂപങ്ങൾ പേഗൻ മതങ്ങളുടെ കോപ്പികളെന്ന  ആരോപണവുമുണ്ട്. പേഗൻ ദേവതകൾ കുഞ്ഞുങ്ങളെ എടുക്കുന്ന ഇത്തരം പ്രതിബിംബങ്ങളുണ്ടെന്നുള്ളത് ശരിതന്നെ! ലോകചരിത്രം തുടങ്ങിയ കാലം മുതൽ മാതൃത്വം എല്ലാ സംസ്ക്കാരങ്ങളിലുമുണ്ടായിരുന്നു.  ലോകമതങ്ങൾ എല്ലാം തന്നെ അമ്മയുടെയും കുഞ്ഞിന്റെയും രൂപങ്ങൾ  ചിത്രീകരിച്ചിട്ടുണ്ട്. പേഗൻ മതങ്ങളിലുണ്ടായിരുന്ന കുരിശുകളും ഭാവനകളനുസരിച്ച് നിർമ്മിക്കുകയും വരച്ചിട്ടുമുണ്ട്. കത്തോലിക്കരും ' ശിശുവായ യേശുവിനെ മാതാവായ മേരി തോളിൽ എടുക്കുന്ന രൂപങ്ങൾ  വരക്കുകയും പ്രതിമകൾക്ക്  രൂപകൽപ്പനയും ചെയ്യുന്നു. അത് കലാകാരന്മാരുടെ ഭാവനയ്ക്കനുസരിച്ചുള്ള സൃഷ്ടികളാണ്. സാംസ്ക്കാരിക മൂല്യങ്ങളിൽ നിറഞ്ഞിരുന്ന മാതൃത്വത്തിന്റെ അടയാളമായിരുന്നുവെന്നും മനസിലാക്കണം. ലോകത്തുള്ള എല്ലാ അമ്മമാരും കുഞ്ഞുങ്ങളെ എടുക്കുന്നു. കുഞ്ഞായിരുന്ന യേശുവിനെ മേരിയും തോളിലേറ്റി. അത് പേഗൻ ദൈവങ്ങളുടെ തുടർച്ചയായി കരുതാൻ സാധിക്കില്ല. ഒരു കലാകാരൻ നിർമ്മിക്കുന്ന 'അമ്മയും കുഞ്ഞുമായ' ചിത്രങ്ങളെ ആർക്കുവേണമെങ്കിലും എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. സാരിയുടുത്തുള്ള മേരിയുടെ ചിത്രങ്ങളും മാർക്കറ്റിലുണ്ട്. അത്തരം നിരീക്ഷണങ്ങൾ ചരിത്ര ഗവേഷണങ്ങളുമായി കൂട്ടിക്കുഴക്കാൻ സാധിക്കില്ല.


അറേബ്യയായിൽ നാലാം നൂറ്റാണ്ടിൽ മേരിയെ ആരാധിച്ചിരുന്ന ഒരു 'മേരി കൾട്ട്' നിലവിലുണ്ടായിരുന്നു. അവരുടെ 'മേരി' പേഗൻ ദൈവങ്ങൾക്ക് സമാനമായിരുന്നു.  'കോളിരിത്യൻസ്‌' എന്ന പേരിൽ ഈ മതതീവ്ര വർഗത്തെ അറിയപ്പെട്ടിരുന്നു. അതിൽ  പ്രവർത്തിച്ചിരുന്നവർ കൂടുതലും സ്ത്രീകളായിരുന്നു . അവർ കന്യാമേരിക്ക് വിശേഷ ദിവസങ്ങളിൽ കേക്കുകൾ അർപ്പിക്കുമായിരുന്നു.  മേരിയെ കണ്ടിരുന്നത് പേഗൻ ദൈവങ്ങളുടെ അവതാരമായിട്ടായിരുന്നു. എന്നാൽ കോളിരിത്യൻസ്‌ കത്തോലിക്കരല്ലായിരുന്നു. മതപരമോ താത്ത്വികമോ ആയ വിരുദ്ധ ആശയങ്ങൾക്കിടയിൽ സമവായത്തോടെ ജീവിക്കുന്ന ഒരു വർഗമായിരുന്നു അവർ. ഈ മതക്കാർ മറ്റു പല മതാചാരങ്ങളെ സ്വന്തം മതത്തിൽ പകർത്തിയിരുന്നു. കത്തോലിക്കാ മതം അവരെ മത നിന്ദകരായിട്ടായിരുന്നു ഗൗനിച്ചിരുന്നത്. കത്തോലിക്കരുടെപോലെ മേരിയുടെ രൂപവും അവർ പിന്തുടർന്നു. പേഗൻ ദൈവങ്ങൾക്ക് അർപ്പിക്കുന്നപോലെ അവർക്കും ചില ആചാരങ്ങളുമുണ്ടായിരുന്നു. പരസ്പ്പര വിരുദ്ധ ആശയങ്ങളോടെയുള്ള ഈ മതത്തെ  ഒരിക്കലും കത്തോലിക്കാ സഭ അംഗീകരിച്ചിരുന്നില്ല. സെയിന്റ് എപ്പിഫനിയൂസ് അവരെ സഭയുടെ ശത്രുക്കളായി കണ്ടു പുച്ഛിക്കുന്നുമുണ്ട്.
   

ക്രിസ്തുമതത്തെ പേഗൻ മതങ്ങളോട് ഉപമിക്കുന്നതോടൊപ്പം ഹൈന്ദവ മതങ്ങളുമായും സാദൃശ്യപ്പെടുത്താറുണ്ട്. പള്ളി മണികളും അമ്പലമണികളും മനുഷ്യമനസുകൾക്ക് ഊർജം പ്രദാനം ചെയ്യുന്നു. ക്രൈസ്തവരും ഹിന്ദുക്കളും പൂജാ സമയങ്ങളിൽ വിളക്കുകൾ കത്തിക്കുന്നു. ഹൈന്ദവർ എണ്ണയൊഴിച്ചു വിളക്കുകൾ കത്തിക്കുമ്പോൾ ക്രൈസ്തവർ മെഴുകുതിരികൾ ദൈവസന്നിധിയിൽ കത്തിക്കുന്നു. എണ്ണയൊഴിച്ചു വിളക്കുകൾ കത്തിച്ചിരുന്നതായി ബൈബിളിൽ എഴുതപ്പെട്ടിണ്ട്. ഹിന്ദുമതത്തിൽ ത്രിമൂർത്തികളുടെ സ്ഥാനത്ത് ക്രൈസ്തവത്വത്തിൽ ത്രിത്വമായി മാറുന്നു. ബ്രഹ്മാവും വിഷ്ണുവും ശിവനും മൂന്നു ദൈവങ്ങൾ. ക്രിസ്ത്യാനിയെ സംബന്ധിച്ചടത്തോളം ത്രിത്വത്തിൽ ബാവായും പുത്രനും റുഹാകുദീസായുമായി മാറുന്നു. പഴയ നിയമത്തിൽ ദൈവം മോശയോട് വിശുദ്ധ വേദിയിൽ പ്രവേശിക്കുന്നതിനുമുമ്പ് നിന്റെ ചെരിപ്പുകൾ നീക്കം ചെയ്യാൻ പറയുന്നുണ്ട്. അമ്പലത്തിൽ പ്രവേശക്കുന്നതിനു മുമ്പ് ഹിന്ദുക്കൾ ചെരുപ്പുകൾ കാലിൽ നിന്നും നീക്കം ചെയ്യുന്നു. ക്രിസ്ത്യാനികൾ ചെരിപ്പുകൾ ഊരുന്ന ആചാരം പാലിക്കുന്നില്ലെങ്കിലും പ്രധാന അൾത്താരകളിൽ ചെരിപ്പിട്ടു കയറാറില്ല. എങ്കിലും പുരോഹിതർ അൾത്താരയിലും ചെരിപ്പിട്ടു ബലിയർപ്പിക്കുന്നു.


കൃഷ്‌ണൻ ജനിച്ചപ്പോഴും യേശു ജനിച്ചപ്പോഴും കുഞ്ഞുങ്ങളെ വധിക്കുന്നതായ കഥകളുണ്ട്.  മൂന്നു വയസിന് താഴെയുള്ള കുഞ്ഞുങ്ങളെ വധിക്കാൻ രാജാവ് കൽപ്പന പുറപ്പെടുവിക്കുന്നതായും കാണാം. മലമുകളിൽ പ്രാർത്ഥിക്കാൻ ഹിന്ദുക്കളും ക്രിസ്ത്യാനികളും താല്പര്യപ്പെടുന്നു. ശിവൻ വസിക്കുന്ന കൈലാസ പർവതം ഹിന്ദുക്കൾക്ക് പുണ്യസ്ഥലമാണ്. മോക്ഷവും അദ്ധ്യാത്മികതയും തേടി യോഗികൾ അവിടേക്ക് പോകാറുണ്ട്. ഒലിവു മലമുകളിൽ യേശു ക്രിസ്തുവും പ്രാർത്ഥിച്ചിരുന്നു. മോശയ്ക്ക് പത്തു കൽപ്പനകൾ ദൈവം കൊടുത്തതും സീനായ് പർവത നിരകളിൽ വെച്ചായിരുന്നു. മലമുകളിൽ അമ്പലങ്ങളും പള്ളികളും പണിയുന്നു. ദൈവത്തിനു പുത്രന്മാർ രണ്ടു മതങ്ങളിലുമുണ്ട്. ഗണേശനും മുരുകനും ശിവന്റെ പുത്രന്മാരായിരുന്നു. രണ്ടു മക്കളും ദൈവങ്ങളും. കൃഷ്ണൻ വാളുമേന്തി വെള്ള നിറമുള്ള കുതിരപ്പുറത്ത് 'കൽക്കി' അവതാരമായി പ്രത്യക്ഷപ്പെടുമെന്നുള്ള വിശ്വാസമാണ് ഹിന്ദുക്കൾക്കുള്ളത്. യേശു വീണ്ടും വരുമെന്ന് വിശ്വസിക്കുന്നു. അന്ത്യ നാളുകളിൽ വിധിയാളനായി വെള്ളക്കുതിരപ്പുറത്ത് വാളുമേന്തി വരുമെന്നുള്ള പ്രതീക്ഷയിൽ ക്രിസ്ത്യാനികളും അദ്ധ്യാത്മികതയിൽ മുഴുകി ജീവിക്കുന്നു. ഹൈന്ദവ സഹോദരങ്ങൾ ക്രിസ്തുമതത്തോട് സഹിഷ്ണത എക്കാലവും പ്രകടിപ്പിച്ചിരുന്നു. എന്നാൽ ക്രിസ്ത്യാനികൾ ഹൈന്ദവരിൽ നിന്നും അവരുടെ ആചാരങ്ങളിൽ നിന്നും എന്നും വേറിട്ട് ജീവിക്കാനും ആഗ്രഹിച്ചിരുന്നു.

Also please read: https://www.emalayalee.com/varthaFull.php?newsId=194313

Sunday, September 1, 2019

ഓണം മഹോത്സവം, പണ്ടും ഇന്നും



ജോസഫ് പടന്നമാക്കൽ

കേരളത്തനിമ നിറഞ്ഞ ഓണം ജാതിമത ഭേദമേന്യേ ലോകമാകമാനമുള്ള എല്ലാ മലയാളികളും ആഘോഷിക്കുന്നു. തിരക്കു പിടിച്ച മനുഷ്യന്റെ ജീവിതത്തിനിടയിൽ മനസിനും ഉന്മേഷം ആവശ്യമാണ്. വിവിധ തരത്തിലുള്ള വർണ്ണങ്ങൾ നിറഞ്ഞ ആഘോഷങ്ങൾ മനുഷ്യ ജീവിതത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു. ഓണം, വിഷു, മുതലായ ഐതിഹാസിക ആഘോഷങ്ങൾ മലയാളിയുടെ മാത്രം സ്വന്തമാണ്. ഓണം, പൂർവികരാൽ അവനു കൈമാറിയ സാംസ്ക്കാരികതയുടെ ഭാഗമാണ്. അത്തരം ആഘോഷങ്ങൾ ഒരു സമൂഹമൊന്നാകെ സന്തോഷമുളവാക്കുന്നു. മലയാളമാസം ആരംഭിക്കുന്ന ചിങ്ങത്തിലാണ് ഓണവും. ഇത് കേരളത്തിന്റെ വസന്തകാല ഉത്സവമാണ്. മഴക്കാലം കഴിയുമ്പോൾ എവിടെയും പൂക്കൾ പുഷ്പ്പിക്കുന്ന കാലം! കൊയ്ത്തുകാലവും. വസന്ത നാളുകളിൽ കൊയ്ത്തിന്റെ ഉത്സവലഹരിയിൽ ജനങ്ങൾക്ക് ആഘോഷിക്കണമെന്നുള്ള മോഹങ്ങളുമുണ്ടാവുന്നു.

പൗരാണിക കാലത്തു വാമൊഴിയായി നിലനിന്നിരുന്ന ഒരു ഇതിഹാസ കഥയുടെ അടിസ്ഥാനമാണ്  ഓണത്തിന്റെ  തുടക്കം. ഹൈന്ദവ ഇതിഹാസത്തിലുള്ള പ്രഹ്ലാദന്റെ കൊച്ചു പുത്രനായിരുന്നു 'ബലി'. ഐശ്വര്യപൂർണ്ണമായ, സമ്പത്തു കുന്നുകൂടിയിരുന്ന ഒരു രാജ്യമായിരുന്നു ബലിയുടേത്. അദ്ദേഹത്തിൻറെ പ്രജകൾ സർവ്വവിധ സുഖസമൃദ്ധിയിലും , സമാധാനത്തിലും കഴിഞ്ഞിരുന്നു. സമൃദ്ധി നിറഞ്ഞ ഒരു ദേശത്തിന്റെ ഉടമയായ ബലി ത്രിലോകങ്ങളിലും വിഖ്യാതനായിരുന്നു. അദ്ദേഹത്തിന്റ രാജ്യംപോലെ ത്രിലോകങ്ങൾ മുഴുവൻ ക്ഷേമരാഷ്ട്രം പടുത്തുയർത്തിന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. അതിനായി രാജ്യവിസ്തൃതിയും ബലിയുടെ ലക്ഷ്യങ്ങളിലുണ്ടായിരുന്നു. ബലിയുടെ രാജ്യവിസ്തൃതി മോഹത്തിലും ശക്തിയിലും സ്വർഗ്ഗലോകവും ഇന്ദിരനും ഭയപ്പെട്ടു. ഇന്ദിരന്റെ വാസസ്ഥലത്തുള്ള ദൈവങ്ങളെ ഓടിക്കുമെന്നും ആശങ്കപ്പെട്ടു. ഭയംപൂണ്ട ഇന്ദിരൻ ബലിയെ ഇല്ലാതാക്കാനായുള്ള പോംവഴിക്കായി ബ്രഹ്‌മാവുമായി കൂടിയാലോചന നടത്തി. എന്നാൽ ബലിയുടെ ശക്തിക്കുമുമ്പിൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ബ്രഹ്‌മാവ്‌ പറഞ്ഞു. രാജ്യത്തിൽനിന്നും എത്രയുംവേഗം ദൈവങ്ങൾ സ്ഥലം വിടാനും ആവശ്യപ്പെട്ടു.

ഭീഷണിയെ നേരിടാനും ബലിയെ ഇല്ലാതാക്കാനും ദൈവങ്ങൾ ത്രിത്വ ദൈവമായ വിഷ്ണുവിനെ കണ്ടു. വിഷ്ണു കശ്യപ മുനിയുടെ മകനായി ജന്മമെടുത്തു. ജനിച്ചപ്പോഴേ കുരുടനായിരുന്ന ഈ ബാലനെ 'വാമനൻ' എന്നറിയപ്പെട്ടു. വാമനൻ വളർന്നപ്പോൾ ബലിയുടെ അടുത്ത് ഭിക്ഷ യാചിക്കാൻ ചെന്നു. ദാനശീലനായ ബലി  'ആഗ്രഹിക്കുന്നത് എന്തും തരാമെന്ന്' വാമനനോടു വാഗ്ദാനം ചെയ്തു. സത്യവും ധർമ്മവും ആദർശങ്ങളായി കൈക്കൊണ്ടിരുന്ന ബലിക്ക് വാമനനിലെ കൗശലം അറിയില്ലായിരുന്നു. വാമനൻ ആവശ്യപ്പട്ടത് മൂന്നു കാല്പ്പാദങ്ങൾ ഒതുങ്ങതക്ക സ്ഥലമായിരുന്നു. വാമനന്റെ ആവശ്യം പരിഗണിക്കുകയും മൂന്നു പാദങ്ങൾ സ്ഥലം നൽകാമെന്ന് ബലി വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇത് കേട്ടയുടനെ അസാധാരണമാം വിധം വാമനൻ വളരുകയും ചെയ്തു. രണ്ടു കാല്പ്പാദങ്ങൾ അളന്നപ്പോഴേ ബലിയുടെ രാജ്യം മുഴുവൻ വാമനന്റെ കാല്പ്പാദങ്ങൾക്കുള്ളിൽ അകപ്പെട്ടു. മൂന്നാമത്തെ കാലടികൾക്കായി സ്ഥലമുണ്ടായിരുന്നില്ല. നിസ്സഹായനായ 'ബലി' വാമനന് തന്റെ തല കുനിച്ചുകൊടുത്തു. മൂന്നാം പാദം തലയിൽ വെച്ചുകൊണ്ട് അളക്കാനും പറഞ്ഞു. തലയിൽ കാലുവെച്ച് ബലിയെ വാമനൻ പാതാളത്തിലേക്ക് താഴ്ത്തുകയും ചെയ്തു. പാതാളത്തിലേക്ക് തള്ളപ്പെടുന്നതിനുമുമ്പ് പ്രജാവത്സലനായ 'ബലി' തിരുവോണ നാളിൽ തന്റെ നഷ്ടപ്പെട്ട രാജ്യത്തിലെ ജനങ്ങളെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. വാമനൻ ബലിയുടെ ആഗ്രഹം പരിഗണിച്ചു. വർഷത്തിലൊരിക്കൽ ബലിക്ക് രാജ്യം സന്ദർശിക്കാനുള്ള അനുവാദവും കൊടുത്തു.

തിരുവാതിരക്കളിക്കും ഐതിഹ്യ കഥകളുണ്ട്. പാർവതി ശിവനെ ഭർത്താവായി ലഭിക്കാൻ കഠിന തപസ് ചെയ്യുന്നു. ഒരു ധനുമാസത്തിലെ തിരുവാതിരനാളിൽ ശിവൻ, പാർവ്വതിക്കുമുമ്പാകെ പ്രത്യക്ഷപ്പെടുകയും ഭർത്താവാകാൻ സമ്മതിക്കുകയും ചെയ്യുന്നു. അവിവാഹതരായവരും കന്യകമാരും തിരുവാതിരക്കളിയിൽ ഏർപ്പെടുന്ന കാരണവും അത് തന്നെ.

സംഘ സാഹിത്യത്തിൽ ഓണത്തെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. ആദ്യനൂറ്റാണ്ടുകളിൽ രചിച്ചതെന്ന് വിശ്വസിക്കുന്ന 'മാങ്കുടി മരുതനാറിന്റെ' 'വില്ലടിച്ചാൽ പാട്ടിലും' ഓണത്തെ പ്രകീർത്തിക്കുന്നു. 'മധുരൈ കാഞ്ചിയിൽ' എന്ന ക്ലാസിക്കൽ എഴുത്തുകളിൽ ഓണം മധുരയിൽ ആഘോഷിച്ചിരുന്നതായി എഴുതപ്പെട്ടിരിക്കുന്നു. ഒമ്പതാം നൂറ്റാണ്ടിലെ തമിഴ് സാഹിത്യത്തിൽ 'പെരിയാശ്വർ' എഴുതിയ 'പതികാസിലും' 'പല്ലാഡ്‌സിലും' ഓണത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. 'അനന്തശയനം' വിഷ്ണുവിന്ന് പൂജാ കർമ്മങ്ങൾ അനുഷ്ഠിക്കുന്ന കാര്യങ്ങളും വിവരിച്ചിരിക്കുന്നു. അന്നുള്ള ആഘോഷങ്ങളെപ്പറ്റിയും സ്ത്രീജനങ്ങളുടെ കൂത്താട്ടങ്ങളെപ്പറ്റിയും ഈ ക്ലാസിക്കൽ കൃതികളിൽ വിവരിച്ചിട്ടുണ്ട്. 'ബറോട്ടോലോമെന്നോ' എന്ന യാത്രികൻ ഈസ്റ്റ് ഇന്ത്യയിലേക്കുള്ള യാത്രാമദ്ധ്യേ മലബാർ തീരത്തെ ഓണം എങ്ങനെ ആഘോഷിച്ചിരുന്നുവെന്ന് കുറിച്ചിട്ടുണ്ട്. "സെപ്റ്റംബർ മാസത്തിലെ ചന്ദ്രപ്രഭയുടെ തുടക്കത്തിൽ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. മഴക്കാലം അവസാനിക്കുന്ന സമയം പ്രകൃതി മുഴുവൻ ഹരിതകമായിരിക്കും. വൃക്ഷങ്ങളിൽ ഇലകൾ തഴച്ചു വളരുന്ന കാലവും. നാടുമുഴുവൻ യൂറോപ്പിലെ വസന്തകാലത്തിന് സമാനമായിരുന്നു."('ബറോട്ടോലോമെന്നോ')

പൗരാണിക കാലങ്ങളിലെ രാജകൊട്ടാരങ്ങളിൽ തുടർച്ചയായി ഏഴു ദിവസം ആഘോഷങ്ങളുണ്ടായിരുന്നു. അമ്പലങ്ങളുടെ മുമ്പിൽ വിനോദപരമായ നിരവധി കളികളും ഉണ്ടായിരുന്നു. ഏഴാം ദിവസത്തിന്റെ അവസാന ദിവസം രാജാവും പട്ടാളക്കാരും പരിവാരങ്ങളും എഴുന്നള്ളിവന്നു ആഘോഷങ്ങളിൽ പങ്കുചേർന്നിരുന്നു. കവികൾ, സേനാധിപന്മാർ, രാജസദസിലുള്ളവർ എന്നിവരും രാജാവിനൊപ്പം ആഘോഷങ്ങളിലുണ്ടായിരുന്നു. ഓണം ആഘോഷിക്കുന്നതോടൊപ്പം അമ്പലങ്ങളിൽ നിരവധി പൂജകളും നടത്തിയിരുന്നു. പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞൊരുങ്ങി ആബാലവൃദ്ധം ജനങ്ങൾ ഓണം ആഘോഷിച്ചിരുന്നു. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നാളേക്കു വേണ്ടിയുമുള്ള പ്രാർത്ഥനകളോടെ ആഘോഷങ്ങൾക്കെല്ലാം തുടക്കമിട്ടിരുന്നു. പൂക്കൾ കൊണ്ട് വീടുകൾ അലങ്കരിച്ചിരുന്നു. വീടുകൾ ചാണകം കൊണ്ട് മെഴുകിയിരുന്നു. 'പശു'  ലക്ഷ്മി ദേവിയുടെ ഐശ്വര്യമായും ദിവ്യ മൃഗമായും കരുതിയിരുന്നു. വിനോദങ്ങളിൽ ഏർപ്പെടുന്ന നിരവധി കളികളും സാധാരണമായിരുന്നു. ഓണാമാരംഭിക്കുമ്പോൾ കൊയ്ത്തുകാലം കഴിഞ്ഞിരിക്കും. കൊയ്ത്ത് ആരംഭിക്കുന്നതും ചില ആചാര പൂജാദികളോടെയായിരുന്നു. പത്തു ദിവസങ്ങളിലുള്ള ഓണങ്ങളിലെ ശുഭോദർക്കമായ ഓരോ ദിനങ്ങളിലെയും ആഘോഷവേളകളിൽ വിഭവസമൃദ്ധമായ ചോറും കറികളും ഉണ്ടാക്കുന്നു. അന്നേദിവസങ്ങളിൽ ശർക്കരപാനീ കൊണ്ടുള്ള പായസവുമുണ്ടായിരിക്കും. ആദ്യം ഉണ്ടാക്കുന്ന ഭക്ഷണം കുടുംബ പ്രതിഷ്ഠയർപ്പിച്ചിരിക്കുന്ന ദേവന് സമർപ്പിക്കുന്നു. അതിനുശേഷം കുടുംബത്തിലുള്ളവർക്ക് ഭക്ഷണവും വിളമ്പുന്നു. അത്തം നാളിലാണ് പൂജാവിധികളും ആചാരക്രമങ്ങളും ആരംഭിക്കുന്നത്. അത്തം മലയാളമാസത്തിലെ ചിങ്ങത്തിലായിരിക്കും. ചില ആചാരങ്ങൾ കർക്കിടക മാസത്തിലെ അവസാനത്തെ ആഴ്ചകളിലുമായിരിക്കാം. അന്നേ ദിവസം സ്ത്രീകൾ മുറ്റം അടിച്ചു വൃത്തിയാക്കുന്നു. പൊട്ടിയ പാത്രങ്ങൾ, പഴയ കൊട്ടകൾ, പഴയ കറിച്ചട്ടികൾ, ഒടിഞ്ഞ ഉപകരണങ്ങൾ എന്നിവകൾ വീട്ടിൽനിന്നും മാറ്റി പര്യമ്പുറത്തോ ദൂരസ്ഥലങ്ങളിലോ നിക്ഷേപിക്കും.

ഓണം ഇരുപത്തിയെട്ട് ദിവസങ്ങളെന്ന സങ്കൽപ്പമുണ്ടെങ്കിലും നാലഞ്ചു ദിവസങ്ങളിൽ കൂടുതൽ ഭൂരിഭാഗം ജനങ്ങളും ആഘോഷിക്കാറില്ല. തിരുവോണ ദിവസം മഹാബലി ഓരോ വീടുകളും സന്ദർശിക്കുമെന്ന സങ്കൽപ്പമാണ് നിലവിലുള്ളത്. ഓണത്തിന്റെ തലേദിവസത്തെ നാളിന് ഉത്രാടം എന്ന് പറയുന്നു. ഈ ദിവസം മുതലാണ് ഔദ്യോഗികമായി ഓണം ആഘോഷിക്കാറുള്ളത്. ഉത്രാടത്തെ ഒന്നാം ഓണം എന്നും പറയാറുണ്ട്. ഉത്രാടം ദിനങ്ങളിൽ സദ്യ ഒരുക്കാൻ സ്ത്രീകൾ വളരെ തിരക്കിലായിരിക്കും. നാലു ദിവസത്തെ ഓണത്തിനുള്ള തയ്യാറെടുപ്പുകൾ ഈ ദിവസങ്ങളിൽ സ്ത്രീകൾക്ക് വഹിക്കേണ്ടതായുണ്ട്. അപ്പോഴെല്ലാം സ്ത്രീകൾ കൂട്ടമായി നാടൻ പാട്ടുകളും പാടുന്നു. “ഓണപ്പഴമൊഴി അത്തംപത്തോണം, അത്തം കറുത്താലോണം, വെളുക്കും അത്തത്തിനു നട്ടാല്‍ പത്തായം പുതുതുവേണം! ഉത്രാടം ഉച്ചതിരിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെ വെപ്രാളം” എന്നിങ്ങനെ നാടൻ പാട്ടുകളുടെ ഒരു പ്രളയം തന്നെ ഓണാഘോഷങ്ങളോടനുബന്ധിച്ചുണ്ട്.

സാര്‍വ്വകാലീനമായ ഓണപ്പാട്ടുകൾ പെണ്ണുങ്ങളും ആണുങ്ങളുമൊത്തുകൂടി കൂട്ടമായി പാടും. പാട്ടിന്റെ ചുരുക്കമിങ്ങനെ, "സമൃദ്ധിയുടെതായ ലോകമേ ഓടിയെത്തിയാലും! ഇല്ലായ്മകളുടെ ലോകം ഇനിമേൽ കാണില്ല. പഞ്ഞവും ദാരിദ്ര്യവും ഇല്ലാതാകണം. സുഭിക്ഷിതമായി ഭക്ഷണം നമുക്കുവേണം. അവിടുത്തെ പാദങ്ങൾ സ്പർശിച്ചുകൊണ്ട് പ്രജാവത്സലനായ മഹാബലി ചക്രവർത്തി വരാൻ സമയമായി. ബലി നമ്മോടൊപ്പമുണ്ടാകും." ഓണം വരുമ്പോൾ രോഗവിമുക്തി നേടുമെന്നും വിശ്വസിക്കുന്നവരുണ്ട്. സമാധാനവും ഐശ്യര്യവും പ്രദാനം ചെയ്യാനായും  പ്രാർത്ഥിക്കുന്നു. "മാവേലി നാടു വാണീടും കാലം! മാനുഷരെല്ലാരുമൊന്നുപോലെ" എന്നു തുടങ്ങുന്ന ഓണപ്പാട്ട് താത്ത്വികവും കാലത്തെ അതിഭേദിക്കുന്നതുമാണ്. സമത്വസുന്ദരമായ ഇന്നലെയുടെ സൂചനയാണ് ഈ നാടൻ പാട്ടിൽ നിറഞ്ഞിരിക്കുന്നത്. മാവേലി നാടുവാണിരുന്ന കാലത്ത് മനുഷ്യരെല്ലാം ഒന്നുപോലെ സന്തോഷകരമായി ജീവിച്ചിരുന്നു. ആർക്കും യാതൊരുവിധ കഷ്ടതകളോ രോഗങ്ങളോ വ്യാധികളോ ഇല്ലായിരുന്നു. ബാല മരണങ്ങൾ രാജ്യത്ത് കേൾപ്പാൻ പോലുമില്ലായിരുന്നു. ധാന്യവിഭവങ്ങൾകൊണ്ട് പത്തായങ്ങൾ നിറഞ്ഞിരുന്നു. കൃഷിയിടങ്ങളിൽ നെല്ലും ഗോതമ്പും സമ്രുദ്ധമായി വിളയുമായിരുന്നു. നൂറുമേനി വിളവ് വർദ്ധനവുകളുണ്ടായിരുന്നു. ദുഷ്ടജനങ്ങൾ രാജ്യത്തുണ്ടായിരുന്നില്ല. ലോകം മുഴുവൻ നല്ല ജനങ്ങളെകൊണ്ട് നിറഞ്ഞിരുന്നു. എല്ലാവരും ഒരുപോലെ സമത്വം പാലിച്ചിരുന്നു. വജ്രവും സ്വർണ്ണ ആഭരണങ്ങളും സർവ്വ ജനങ്ങളുടെയും കഴുത്തു നിറയെ ഉണ്ടായിരുന്നു. കള്ളവും ചതിയും രാജ്യത്തുണ്ടായിരുന്നില്ല. അളവുകളിലും തൂക്കങ്ങളിലും പറ്റിക്കലുണ്ടായിരുന്നില്ല. ഹരിതകപ്പച്ച നിറഞ്ഞ ഭൂപ്രദേശങ്ങളും കൃഷിഭൂമികൾ നിറയെ വിളവുകളും മാവേലി നാട്ടിലെ പ്രത്യേകതകളായിരുന്നു.

ഓണത്തിന്റെ തുടക്കത്തിൽ അത്തപ്പൂവിടിൽ ഒരു ചടങ്ങാണ്. അതിനായി പ്രത്യേകമായ കളങ്ങളും സൃഷ്ടിക്കും. കളത്തിന്റെ നടുഭാഗത്തായി മഹാബലിയുടെ പ്രതീകമായ ഓണത്തപ്പനെയും പ്രതിഷ്ഠിക്കും. അത്തം ദിനത്തിൽ പൂജാദി കർമ്മങ്ങളും മറ്റു ആചാരാനുഷ്ഠാനങ്ങളും ആരംഭിക്കുന്നു. മഹാബലിയെ വീട്ടിലേക്ക് ക്ഷണിക്കുന്ന ഒരുക്കമാണിത്. പ്രഭാതമാവുമ്പോൾ ബാലികാ ബാലന്മാർ അടുത്തുള്ള കുറ്റികാടുകളിലോ പൂന്തോട്ടങ്ങളിലോ പൂക്കൾ ശേഖരിക്കാനായി പോവും. നിരവധി നിറമുള്ള പുഷ്പ്പങ്ങൾ കുട്ടികൾ ശേഖരിച്ചുകൊണ്ടു വരും. വെന്തിപ്പൂ, ചെമ്പരത്തിപ്പൂ, മുല്ലപ്പൂ, ദമയന്തിപ്പൂ എന്നിങ്ങനെ പൂക്കളുകൾകൊണ്ടുള്ള കളങ്ങളുണ്ടാക്കുന്നു. കന്യകമാർ പൂക്കൾക്കളങ്ങൾ നിർമ്മിക്കാൻ നേതൃത്വം കൊടുക്കും.

ഉത്രാടം രാത്രിയിൽ കേരളമൊന്നാകെ പാട്ടുകളും കൂത്തുകളുമായി ആഘോഷങ്ങളിലായിരിക്കും. തിരുവോണമാണ്‌ ഏറ്റവും പ്രധാനപ്പെട്ട പവിത്രമായ ദിനം. അന്നേദിവസം, തന്റെ നഷ്ടപ്പെട്ട സാമ്രാജ്യം സന്ദർശിക്കാൻ മഹാബലി വന്നെത്തുമെന്നാണ് വിശ്വാസം. തിരുവോണ ദിവസം എല്ലാവരും അതിരാവിലെ എഴുന്നേൽക്കുന്നു. കുട്ടികൾ പതിവുപോലെ ഓണത്തപ്പന് ചാർത്താനായി പൂക്കൾ പറിക്കാനായി പുറപ്പെടും. സ്ത്രീകൾ ഓണസദ്യ തയ്യാറാക്കാനുള്ള ബദ്ധപ്പാടിലുമായിരിക്കും. പുരുഷന്മാരും സ്ത്രീകളെ സഹായിക്കാനുണ്ടാകും. അല്ലെങ്കിൽ, ഓണത്തപ്പനുള്ള അലങ്കാരങ്ങളിൽ സഹായിച്ചുകൊണ്ടിരിക്കും. പൂക്കൾ നിറച്ച കളത്തിൽ  ഓണത്തപ്പനെ മദ്ധ്യഭാഗത്ത് പ്രതിഷ്ഠിക്കും. തേങ്ങാ, നെല്മണികൾ, ഗോതമ്പ് വിത്തുകൾ, ചോറ്, അരി കൊണ്ടുണ്ടാക്കിയ പൂവട മുതലായവകൾ ഓണത്തപ്പന്റെ മുമ്പിൽ കാഴ്ച്ച വെക്കുന്നു. പിന്നീട് പൂവട ആഘോഷത്തിലുള്ളവർ പങ്കിട്ടു കഴിക്കും. പൂജ കഴിയുന്നതുവരെ ഓണത്തപ്പനു മുമ്പിൽ നിലവിളക്ക് കത്തിയിരിക്കും. പൂജ കഴിഞ്ഞാലുടൻ കുടുംബനാഥൻ എല്ലാവർക്കും പുത്തൻ പുടവകൾ വിതരണം ചെയ്യുന്നു. പുത്തൻ പുടവകളെ 'ഓണപ്പുടവ' എന്ന് പറയുന്നു. മരിച്ച വീടുകളാണെങ്കിൽ പുത്തൻ വേഷങ്ങൾ അണിയാറില്ല.

ആചാരങ്ങളിൽ പങ്കെടുക്കുന്നവർ കുളി ജപങ്ങൾ ആദ്യം നടത്തണം. പുത്തൻ വസ്തങ്ങൾ അണിഞ്ഞുകൊണ്ടു പൂക്കളത്തിന്റെ മദ്ധ്യേ ഓണത്തപ്പനു സമീപമായി തരുണീമണികൾ നിരനിരയായി നിൽക്കുന്നു. ഓണത്തപ്പനാണ് മഹാബലിയെന്ന സങ്കൽപ്പ ദേവൻ. ഓണത്തപ്പനെ ആചരിക്കലും 'പൂക്കൾ' കളത്തിൽ നിരത്തലും പത്തു ദിവസങ്ങളോളം തുടരുന്നു. തിരുവോണം നാളുകൾവരെ ആഘോഷങ്ങളുണ്ടാവും. ഓരോ സുപ്രഭാതത്തിലും ഉണങ്ങിയ പൂക്കൾ പെറുക്കി മാറ്റിയ ശേഷം പുത്തൻ പൂക്കൾ കളത്തിൽ വിതറുന്നു. ഉണങ്ങിയ പൂക്കളെ കാലുകൊണ്ട്‌ ചവുട്ടരുതെന്ന ഒരു വിശ്വാസമുണ്ട്. അത്തരം പൂക്കൾ വെള്ളത്തിൽ ഒഴുക്കുകയോ പുരപ്പുറത്തിടുകയോ ചെയ്യും. ഓണാഘോഷങ്ങൾ കുട്ടികൾക്കും ആഹ്ലാദം നിറഞ്ഞ ദിവസങ്ങളായിരിക്കും. അവർ വീടായ വീടുകൾ സന്ദർശിക്കുകയും ഓരോ വീട്ടിലും നിരത്തിയിരിക്കുന്ന കളത്തിലെ പൂക്കളുകൾ കണ്ടു ആഹ്ലാദിക്കുകയും അവിടെയുള്ള വീട്ടുകാരെ അഭിനന്ദിക്കുകയും ചെയ്യും. അതുമൂലം 'പൂക്കളം' നിർമ്മിക്കാനും അത്' മനോഹരമാക്കാനുമുള്ള ഒരു മത്സരം തന്നെ കുട്ടികളുടെയിടയിൽ കാണാം.

ഓണത്തിന്റെ നാളിൽ കുടുംബ നാഥൻ 'ഓണത്തപ്പന്' ചുറ്റുമായി പൂജാ കർമ്മങ്ങൾ നടത്തുന്നു. ചന്ദനവും പൂക്കളും പൂജകൾക്കായി ഉപയോഗിക്കുന്നു. പൂജയ്ക്കുശേഷം പ്രസാദവും നൽകപ്പെടുന്നു. ഊഞ്ഞാലാട്ടവും അതിനോടനുബന്ധിച്ചുള്ള നാടൻ പാട്ടുകളും പന്തുകളികളും ഓണത്തെ ഭംഗിയാക്കുന്നു. ഓണത്തപ്പനു ചുറ്റും നിറമുള്ള വൈദ്യുതി വിളക്കുകളും പ്രകാശിപ്പിച്ചിരിക്കും.

'അച്ചിങ്ങ, പീച്ചിങ്ങ, കുമ്പളഞ്ഞ, ചേന, കാച്ചിൽ' മുതലായ വിഭവങ്ങൾ കൊണ്ട് നിരവധി കറികൾ ഉണ്ടാക്കുന്നു. പലതരം പച്ചക്കറികൾ ചേർത്തുള്ള സാമ്പാറുകൾക്ക് പ്രത്യേക തരം രുചിയുണ്ടായിരിക്കും. വാഴയിലകളിലാണ് സദ്യ വിളമ്പാറുള്ളത്. ചോറ്, പപ്പടം, ഉപ്പേരി,പുളിശേരി, തോരൻ കറികൾ, ഉരുളക്കിഴങ്ങ് പൊരിച്ചത്, പിക്കിളുകൾ, വാഴപ്പഴം, തുടങ്ങിയ നിരവധി വിഭവങ്ങൾ ഓണസദ്യയ്ക്ക് വിളമ്പാൻ ഒരുക്കും. മാംസാഹാരം പൂർണ്ണമായും അനുവദനീയമല്ല.

 ഓണം വരുമ്പോൾ കുടുംബാംഗങ്ങൾ തമ്മിൽ പരസ്പ്പരം സമ്മാനങ്ങളും കൈമാറാറുണ്ട്. ഓണം ദിവസം കുടുംബത്തിലുള്ളവർ എത്ര ദൂരെയാണെങ്കിലും ഒത്തുചേരണമെന്നാണ് മാമൂൽ. കെട്ടിച്ചുവിട്ട പെൺമക്കളും കുട്ടികൾ സഹിതം തറവാട്ടിലെത്തുന്നു. അവർ തറവാട്ടു കാരണവർക്ക് പുത്തൻ വസ്ത്രം, പുകയില മുതലായ സമ്മാനങ്ങളും കൊടുക്കുന്നു. പുതിയതായി വിവാഹം ചെയ്തവർ മാതാപിതാക്കൾക്ക് സമ്മാനങ്ങളും നൽകുന്നു. സമ്മാനങ്ങൾ കൊടുക്കുന്നത് മഹാബലിക്കെന്നാണ്, പൊതുവെയുള്ള വിശ്വാസം. കുടുംബത്തിൽനിന്നും മാറി താമസിച്ച മക്കൾ മാതാപിതാക്കൾക്ക് സമ്മാനങ്ങൾ കൈമാറുന്നു. അതുപോലെ മാതാപിതാക്കൾ പെണ്മക്കളെ കെട്ടിച്ച വീട്ടിൽ പച്ചക്കറികൾ, വാഴക്കുല, ചേന മുതലായ കൃഷിവിഭവങ്ങൾ കൊണ്ടുപോയി കൊടുക്കും. കുടുംബത്തിലെ മൂത്തയാൾ പുത്തൻ വസ്ത്രങ്ങൾ മറ്റു അംഗങ്ങൾക്കും വിതരണം ചെയ്യും. പഴയ കാലങ്ങളിൽ കുടിയാന്മാരും വേലക്കാരും അവരുടെ മുതലാളിക്ക് ഓണക്കാഴ്ചകൾ നൽകുമായിരുന്നു.

ഓണസദ്യ കഴിഞ്ഞാൽ പിന്നീട് ഉച്ചക്കുശേഷം ഓരോരുത്തരും തങ്ങളുടെ അഭിരുചിക്കനുസരണമായ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നു. വീടിനകത്തും പുറത്തും കളിക്കുന്ന നിരവധി വിനോദങ്ങളുണ്ട്. പ്രായമായവർ ചീട്ടുകളികളിൽ തല്പരരായിരിക്കും. ചെസ് കളികളിലും വ്യാപൃതരാകുന്നു. യുവാക്കളും ബാല ജനങ്ങളും പന്തുകളികൾ, ബോക്സിങ്, കിളികളി, കുട്ടിയും കോലും, കരടികളി, ഓണത്തല്ല് എന്നീ വിനോദങ്ങളിൽ ഏർപ്പെടും. സ്ത്രീ ജനങ്ങൾ തിരുവാതിരക്കളി, വട്ടുകളി, നായാട്ട്, തുമ്പികളി എന്നീ കളികളിൽ താല്പര്യപ്പെടുന്നു. ഊഞ്ഞാലാട്ടവും പാട്ടുപാടലും സ്ത്രീകൾക്ക് ഹരമാണ്. ചകിരി പിരിച്ച കയറുകൾ മരത്തിൽ കെട്ടി ആദ്യകാലങ്ങളിൽ ഊഞ്ഞാലാടിയിരുന്നു. കുടുംബത്തിലെ മുതിർന്നവർ ഊഞ്ഞാലുകൾ മരങ്ങളുടെ ശിഖരങ്ങളിൽ കെട്ടികൊടുത്തിരുന്നു. പിന്നീട്, ഊഞ്ഞാൽ ചരടുകൾ ചണം കൊണ്ട് കെട്ടാൻ തുടങ്ങി. ഇന്ന്, ഊഞ്ഞാലുകൾ മാർക്കറ്റിൽനിന്നും മേടിക്കുന്നു.

ആലപ്പുഴ, കോട്ടയം, എന്നീ മേഖലകളിലുള്ള വള്ളംകളി മത്സരങ്ങൾ കേരളീയ ജനതയുടെ മനസുപതിയുന്ന വിനോദങ്ങളാണ്. നിരവധി അലംകൃതമായ പ്രസിദ്ധ വള്ളങ്ങളിൽ നാടൻ പാട്ടുകളും പാടി തുഴഞ്ഞുപോവുന്ന മത്സരങ്ങൾ കാണികളിൽ ഇമ്പമുണ്ടാക്കുന്നു. പുലിയുടെ വേഷം കെട്ടിയുള്ള കളികളും ഓണക്കാലത്ത് കൗതുകകരമാണ്. നല്ല ശരീര ഭംഗിയും മെയ് വഴക്കവുമുള്ള ചെറുപ്പക്കാരാണ് സാധാരണ പുലിയുടെ വേഷം കെട്ടാറുള്ളത്. ചില പ്രദേശങ്ങളിൽ ഈ വിനോദത്തെ കടുവകളി എന്നും പറയുന്നു. മറ്റൊരു വിനോദം കൈകൊട്ടിക്കളിയാണ്. സ്ത്രീകൾക്ക് മാത്രമുള്ള നൃത്ത കലയാണ് തിരുവാതിരക്കളി. ഓണാഘോഷം സംബന്ധിച്ചു തിരുവിതാതിരക്കളി അമ്പലങ്ങളിലും അരങ്ങേറാറുണ്ട്. തിരുവാതിരക്കളി മതപരമായ അനുഷ്ഠാനമായും മറ്റു സാംസ്ക്കാരിക വേളകളിലും  അവതരിപ്പിക്കാറുണ്ട്. അമ്പലങ്ങളിൽ ശിവനെയും പാർവ്വതിയെയും സ്തുതിച്ചുകൊണ്ട് സ്ത്രീകൾ പാടുന്നു. ഈ നൃത്തത്തോടനുബന്ധിച്ചാണ് കൈകൊട്ടി കളിയും. വിവാഹം പോലുള്ള മംഗളകർമ്മങ്ങൾ നടക്കാനും സ്ത്രീകൾ തിരുവാതിരാക്കളിയിൽ പങ്കു ചേരുന്നു.

കാലം മാറിയപ്പോൾ ഓണവും പാശ്ചാത്യ സംസ്ക്കാരത്തോടൊപ്പം അലിഞ്ഞുചേർന്നു. തിരുവാതിര കളിക്കാൻ പോലും ആൾക്കാരില്ലെന്നായി. 'കുരവ' ഇടാനും ആർക്കും അറിഞ്ഞുകൂടാത്ത സ്ഥിതിവിശേഷം വന്നു. തിരുവാതിര ദിവസം വീടുകളുടെ തിണ്ണകൾ 'ചാണകം' കൊണ്ട് മെഴുകി 'അത്തപ്പൂ' ഇടുന്ന പതിവുണ്ടായിരുന്നു. കാലം എല്ലാത്തിനും മാറ്റങ്ങൾ വരുത്തി. ചാണകത്തറകൾ ഇല്ലാതായി. മക്കളും മക്കളുടെ മക്കളുമായുള്ള ആഘോഷങ്ങളും കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു. ഊഞ്ഞാലിൽ കയറി പറക്കുന്ന കാഴ്ചകളൊന്നും ഇന്നത്തെ ഓണത്തിലില്ല. കുട്ടികൾ പറിച്ചുകൊണ്ടു വരുന്ന പുഷ്പ്പങ്ങളുടെ സ്ഥാനത്ത് ഇന്ന് പുഷ്പ്പങ്ങൾ മാർക്കറ്റിൽ നിന്നും വിലകൊടുത്തു മേടിക്കുന്നു. പഴങ്കാലങ്ങളിൽ, തുമ്പയിലയും തുളസിപ്പൂവുമെല്ലാം ചാർത്തി വിളക്കുകൾ കത്തിക്കുന്നത് വളരെ ആദരവോടെയായിരുന്നു. ദേഹം നല്ലവണ്ണം വെള്ളം കൊണ്ട് ശുദ്ധമാക്കിയിരുന്നു. അതിന്റെ സ്ഥാനത്ത് ഇന്ന് കുളിയും നനയുമില്ലാതെ ആചാരങ്ങൾ അനുഷ്ഠിക്കുന്നതിലാണ് പുതിയ തലമുറകൾക്ക് താൽപ്പര്യം. കേരളത്തിന്റെ തനിമയാർന്ന നാലുകെട്ട് ഭവനങ്ങൾ എല്ലാം ഓർമ്മയായിക്കൊണ്ടിരിക്കുന്നു. നാടൻ പൂക്കളും പറിച്ച് മുത്തശിമാരോടൊപ്പം പൂക്കൾ കെട്ടിയിരുന്ന  കാലവും നമുക്കുണ്ടായിരുന്നു. ഏട്ടനും അനിയത്തിയും മറ്റു കുടുംബാംഗങ്ങളും ഒത്തുചേരുന്ന കാലങ്ങൾ. എല്ലാം ഇന്ന് ഓർമ്മയിൽ! ഓണസദ്യ ഇന്ന് റെഡി മെയിഡായി ഹോട്ടലുകാർ പാകപ്പെടുത്തുന്നു. പഴയ കാലത്തെ പരസ്പര സഹകരണവും സ്നേഹവും ഇല്ലാതായി. വീണ്ടും ഒരു ഓണം വരുമ്പോൾ നാം തിരിഞ്ഞു നോക്കുന്നതു പണ്ടുള്ള മുത്തശിമാരുടെ കാലത്തെ ഓണത്തെപ്പറ്റിയായിരിക്കും. മുതിർന്നവർ കഴിഞ്ഞകാല ഓണങ്ങളുടെ മധുരസ്മരണകളും അയവിറക്കുന്നുണ്ടാവാം!





കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...