Saturday, March 21, 2020
കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?
ജോസഫ് പടന്നമാക്കൽ
കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുതീ പോലെ പടർന്നു വരുന്ന കൊറോണയെ പ്രതികരിക്കുകയെന്നത് രാഷ്ട്രത്തിലെ ഓരോ പൗരന്റെയും കടമയാണ്. ആഘോഷങ്ങളും പാർട്ടികളും അമേരിക്കയിൽ നിയന്ത്രിച്ചിരിക്കുകയാണ്. കടകളെല്ലാം പ്രവർത്തന രഹിതമായി മാറിയിരിക്കുന്നു. ക്രയവിക്രയങ്ങൾ ഇല്ലാതെ മനുഷ്യരുടെ 'കയറ്റം ഇറക്കം' കുറഞ്ഞിരിക്കുന്നു. കൊറോണ വൈറസ് മൂലം സ്റ്റോക്ക് മാർക്കറ്റ് ചരിത്രത്തിൽ തന്നെ വലിയ ഇടിവ് ഉണ്ടാക്കിയിരിക്കുന്നു. എങ്കിലും ദൈനം ദിന ജീവിതത്തിൽ ചിലരുമായി സഹകരണം കൂടിയേ തീരൂ. ഡോക്ടർമാരുടെ ഓഫിസ് സന്ദർശനം, ഷോപ്പിംഗ്, തലമുടി വെട്ടിക്കൽ ഇത്യാദി ഒഴിച്ചുകൂടാൻ സാധിക്കാത്ത നിത്യജീവിതത്തിന്റെ ഭാഗങ്ങളാണ്.
ലോകം മുഴുവൻ പടർന്നുപിടിച്ചിരിക്കുന്ന 'കൊറോണ വൈറസ്' ഏതൊരു രാജ്യത്തിന്റെയും അടിയന്തിരാവസ്ഥയ്ക്ക് തുല്യമായ ഒരു സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. പരിഷ്കൃത രാജ്യങ്ങൾ പോലും കൊറോണയെ എങ്ങനെ നേരിടാമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. 'ഒരു യുദ്ധകാലവസ്ഥ പോലെ പടർന്നിരിക്കുന്ന കൊറോണ എന്ന മാരക രോഗത്തെ എതിരിടണമെന്നാണ്' പ്രസിഡന്റ് ട്രംപ് രാഷ്ട്രത്തോടായി ആഹ്വാനം ചെയ്തത്. ഒരു യുദ്ധം വരുമ്പോൾ സാധാരണ പ്രതിരോധ സംവിധാനങ്ങൾക്ക് ഏതൊരു രാജ്യവും ഒരുങ്ങാറുണ്ട്. ഒന്നാം ലോക മഹായുദ്ധത്തിലും രണ്ടാം ലോക മഹായുദ്ധത്തിലും ശത്രുകളുടെ പാളയം കീഴടക്കിയ ശേഷമായിരുന്നില്ല, യുദ്ധകാഹളവുമായി രാജ്യങ്ങൾ രംഗപ്രവേശനം ചെയ്തത്. ട്രംപ് ഒരു യുദ്ധ കാല പ്രസിഡണ്ടിന്റെ സ്ഥാനം അവകാശപ്പെടുന്നുണ്ടെങ്കിലും അതിനുള്ള തയ്യാറെടുപ്പുകളിൽ അമാന്തിക്കുന്നു. കൊറോണ വൈറസ് പ്രതിരോധത്തിന് സജ്ജമാകണമെങ്കിൽ ദേശീയ ലെവലിൽ മുഴുവനായി രോഗം ബാധിക്കണമെന്ന അഭിപ്രായത്തിലേക്ക് അദ്ദേഹം നീങ്ങുകയാണ്.
കോറോണവൈറസ് ലക്ഷണങ്ങൾ (COVID-19) തുടക്കത്തിൽ തിരിച്ചറിയുവാൻ പ്രയാസമായിരിക്കും. മൂക്കൊലിപ്പ്, തൊണ്ണവേദന, കഫം, പനി എല്ലാം ആദ്യ ലക്ഷണങ്ങളാണ്. രോഗലക്ഷണം വർദ്ധിക്കുമ്പോൾ ശ്വാസം മുട്ടലുകളും അനുഭവപ്പെടും. വളരെ അപൂർവമായി മാത്രമേ ഈ 'വൈറസ്' ജീവനു ഭീക്ഷണിയായി അപകടകാരിയാവുള്ളൂ. ആരോഗ്യമുള്ള ശരീര പ്രകൃതിയുള്ളവർക്ക് അധികം ഭയപ്പെടേണ്ടതില്ല. എന്നാൽ പ്രായമായവരും ആസ്മ, ഡയബറ്റിക്‌സ് ഉള്ളവരും ഹൃദ്രോഗം ഉള്ളവരും ശ്രദ്ധിക്കണം. ഇമ്മ്യൂണിറ്റി കുറവായതിനാൽ അത്തരക്കാർക്ക് വൈറസ് പിടിപെട്ടാൽ അവരുടെ ആരോഗ്യം വളരെ മോശമാകാൻ സാധ്യതയുണ്ട്. ന്യുമോണിയായും ബാധിക്കാം.
ചൂടുള്ള പ്രദേശമാണെങ്കിലും തണുപ്പുള്ള പ്രദേശമാണെങ്കിലും കൊറോണ വൈറസിന് വ്യത്യാസമില്ലെന്ന് അതിന്റ വ്യാപ്തി തെളിയിച്ചു കഴിഞ്ഞു. അതി ശൈത്യത്തിനും സ്നോയ്ക്കും ഈ വൈറസിനെ കൊല്ലാൻ സാധിക്കില്ല. സോപ്പും വെള്ളവും ഉപയോഗിച്ച് കൂടെ കൂടെ കൈകൾ കഴുകുകയെന്നതാണ് ഈ വൈറസിനുള്ള പ്രതിവിധി. 'കോവിഡ് 19' എന്ന് പേരിട്ടിരിക്കുന്നത് കൊറോണ വൈറസ് 2019 -ൽ മനുഷ്യ ശരീരത്തിൽ കണ്ടുപിടിച്ചതുകൊണ്ടാണ്. ഈ വൈറസ് മൃഗങ്ങളിലും മനുഷ്യരിലും പകരാം. രോഗം വഷളാവുമ്പോൾ കിഡ്‌നി പരാജയവും മരണം വരെയും സംഭവിക്കാം.ന്യൂമോണിയയ്ക്കുള്ള കുത്തിവെപ്പുകൊണ്ട് 'കൊറോണ' വൈറസിന് പ്രയോജനപ്പെടുകയില്ല. ഗവേഷകർ കൊറോണായ്ക്കുള്ള പുതിയ മരുന്ന് കണ്ടുപിടിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. കൊറോണ വൈറസ് ബാധിച്ചാൽ 'ആന്റി ബയോട്ടിക്കും' ഫലപ്രദമല്ല. കൊറോണ ബാധിച്ചവർ ഏകാന്തമായി മറ്റുള്ളവരിൽ നിന്നും അകന്നുള്ള വിശ്രമത്തിൽ ഏർപ്പെടണം.
രണ്ടാം ലോകമഹായുദ്ധത്തിലെ 'ഫ്രാൻക്ലിൻ റൂസ്‌വെൽറ്റിനെ'പ്പോലെ ഹീറോ ആവണമെങ്കിൽ ട്രംപിന് കൊറോണ വൈറസിനെ വ്യാപിച്ചു, ശക്തികൂട്ടി പ്രതിരോധം തുടങ്ങേണ്ടിയിരിക്കുന്നു. എങ്കിലേ അമേരിക്കയുടെ ശക്തനായ ഒരു കമാണ്ടർ ഇൻ ചീഫ് എന്ന സ്ഥാനത്ത് എത്താൻ സാധിക്കുള്ളൂ. തിരഞ്ഞെടുപ്പ് വേളകളിലെല്ലാം വാചാലമായി അദ്ദേഹം സംസാരിക്കാറുണ്ട്. പ്രസംഗങ്ങൾ യുദ്ധകാല രാഷ്ട്രതന്ത്രജ്ഞരായ ചർച്ചിലിനെയും റൂസ്‌വെൽറ്റിനെയും കിടപിടിക്കുന്നതാണ്. "ത്യാഗങ്ങളിൽക്കൂടി കൊറോണയോട് നാം മല്ലടിക്കണം. നാം ഒന്നായി പ്രവർത്തിക്കണം. നാം എല്ലാം ഒന്നാണ്. ഈ അജ്ഞാത ശത്രുവിനെ നാം തോൽപ്പിക്കും. നാം വിചാരിക്കുന്നതിലും അതിവേഗം ഈ രോഗത്തെ തരണം ചെയ്യും. പൂർണ്ണമായ വിജയം നേടും. അത് നമ്മുടെ സർവകാല വിജയത്തേക്കാളും അത്യുജ്ജല വിജയമായിരിക്കുമെന്ന്" ഒരു ഐതിഹാസിക യുദ്ധ തന്ത്രജനെപ്പോലെ ട്രംപ് ചിലപ്പോൾ സംസാരിക്കാറുണ്ട്.
കൊറോണാ വയറസിനൊപ്പം പ്രസിഡണ്ടിന് മറ്റു വിദേശ ശത്രുക്കളെയും നേരിടേണ്ടതായുണ്ട്. ഈ പകർച്ച വ്യാധി ലോകത്ത് വ്യാപിക്കാൻ കാരണം ചൈനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിൽ ചൈനീസ് ഭരണകൂടം അമേരിക്കയോട് കടുത്ത വിരോധവും പുലർത്തുന്നു. മൂന്നുനാലു പ്രസ്സ് റിപ്പോർട്ടർമാരെ ചൈന പുറത്താക്കുകയും ചെയ്തു. കൊറോണ വയറസിനെ രാഷ്ട്രീയവൽക്കരിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് അമേരിക്ക നടത്തുന്നതെന്ന് ചൈന കുറ്റപ്പെടുത്തുകയും ചെയ്തു. 'അമേരിക്കയെ ആക്രമിക്കുന്നത് കാണപ്പെടാത്ത കൊറോണാ വൈറസ് മാത്രമല്ല, ചൈനക്കാരുമുണ്ടെന്ന്' ട്രംപിന്റെ പ്രസ്താവന ചൈനക്കാരെ കുപിതരാക്കിയിരുന്നു. അതേ സമയം 'ജോ ബൈഡൻ' ചൈനയുടെ വശം ചേർന്നുള്ള പ്രസ്താവനകളും ഇറക്കുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥിതി ഗതികൾ ഗൗരവമായി എടുക്കുമെന്ന പ്രതീക്ഷയിൽ ട്രംപിനെതിരെ ശക്തിയായുള്ള വിമർശനങ്ങളും അമേരിക്കൻ ജനതയിൽ തുടരുന്നു.
കൊറോണ വൈറസിനെ തടയാനായി ഒരു വാക്‌സിൻ ഇന്നുവരെ മാർക്കറ്റിൽ വന്നിട്ടില്ല. കണ്ടുപിടിച്ചിട്ടുമില്ല. നാം തന്നെ വൈറസ് പിടിപെടാതെ നമ്മുടെ ദിനചര്യകൾക്ക് മാറ്റം വരുത്തേണ്ടതായുണ്ട്. വളരെ ശ്രദ്ധാപൂർവം സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട അടിയന്തിര സാഹചര്യമാണ് ഇന്ന് ഓരോരുത്തരും അഭിമുഖീകരിക്കുന്നത്. അസുഖം വരാതെ മനുഷ്യ സമ്പർക്കം കഴിയുന്നതും കുറയ്ക്കുക എന്നുള്ളതാണ് ഏറ്റവും വലിയ പ്രതിവിധി. കൊറോണ ബാധയുള്ള പ്രദേശങ്ങളിൽ രോഗം തടയാനുള്ള മാർഗങ്ങൾക്കായി മെഡിക്കൽ ബുള്ളറ്റിനിലും ഡോക്ടർമാർ പറഞ്ഞതുമായ അഭിപ്രായങ്ങൾ താഴെ അക്കമിട്ടു കുറിക്കുന്നു.
1. കൊറോണ വൈറസ് ബാധിക്കുന്നത് സാധാരണ വൈറസു ബാധിച്ച മറ്റൊരാളിൽ നിന്നായിരിക്കും. അസുഖം ബാധിച്ചവരുമായി ഇടപെടേണ്ടി വരുന്നുവെങ്കിൽ ആറടി അകലം പാലിക്കേണ്ടതും ആവശ്യമാണ്. കൂടുതൽ അടുത്ത് നിൽക്കുംതോറും വൈറസ് ചാടിപിടിക്കാൻ സാധ്യത കൂടുകയും ചെയ്യും. അടുത്തുനിന്നു രോഗം ബാധിച്ചവർ മൂക്കുചീറ്റുകയോ കഫം തുപ്പുന്നതു തെറിക്കുകയോ ചെയ്‌താൽ വൈറസ് പകരാൻ സാധ്യതയുണ്ട്. സമീപത്തുള്ളവരുടെ 'തുപ്പൽ' മൂക്കിലോ വായിലോ തെറിച്ചാൽ അത് ശ്വസിക്കുകയും വൈറസ് പകരുകയും ചെയ്യാം. ശ്വാസ കോശത്തിന് തകരാറു വരുന്നതുമൂലം ശ്വസിക്കാനും ബുദ്ധിമുട്ടു വരും.
2. വൈറസ് അണുബാധ ശരീരത്തിൽ പിടിച്ചിട്ടില്ലെങ്കിൽ മുഖം മൂടി ധരിക്കേണ്ട ആവശ്യമില്ല. എങ്കിലും അസുഖം ഉള്ളവരെ പരിചരിക്കേണ്ട ആവശ്യം വരുമ്പോൾ മാസ്ക്ക് ധരിക്കേണ്ടതായി വരും. ശുശ്രുഷ കൾ ചെയ്യുന്നവർക്കായി ഫേസ് മാസ്‌ക്ക് കരുതൽ ആവശ്യമാണ്.
3. നമ്മൾ സ്പർശിക്കുന്ന സ്ഥലങ്ങൾ ദിവസവും ക്ളീൻ ചെയ്തുകൊണ്ടിരിക്കണം. മേശ, വാതിൽ നോബുകൾ, (Knobs) സ്വിച്ചുകൾ, ഫോൺ, കംപ്യുട്ടർ കീ ബോർഡ്, ടോയ്‌ലറ്റ്, ഫോസെറ്റ്, സിങ്ക് എപ്പോഴും കഴുകി വെടിപ്പാക്കികൊണ്ടിരിക്കണം. വൃത്തിയാക്കാൻ ഡിറ്റർജെന്റ് സോപ്പും വെള്ളവും ഉപയോഗിക്കണം.
4. ജോലി സ്ഥലത്തുനിന്നു വീട്ടിൽ വന്നാലും ദിവസവും ദേഹശുദ്ധി വരുത്തുകയും കഴുകി വൃത്തിയാക്കിയ വസ്ത്രങ്ങൾ മാറി മാറി ധരിക്കുകയും വേണം. കൈകൾ കൂടെക്കൂടെ കഴുകിക്കൊണ്ടിരിക്കണം. പൊതുസ്ഥലങ്ങളിലാണെങ്കിൽ കൈകൾ വൃത്തിയാക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേകിച്ച് മൂക്ക് ചീറ്റേണ്ട അവസ്ഥയോ കഫം പുറമെ കളയേണ്ട സ്ഥിതി വിശേഷമോ വരുന്നുവെങ്കിൽ കൈകൾ ശുദ്ധി വരുത്തേണ്ടത് അത്യാവശ്യമാണ്. സോപ്പുകൾ കൈവശമില്ലെങ്കിൽ 'ആൽക്കഹോൾ നാപ്ക്കിൻ' ഉപയോഗിക്കണം. കഴുകാത്ത കൈകളാണെങ്കിൽ കണ്ണ്, മൂക്ക്, വായ് സ്പർശിക്കാതെ ഇരിക്കുക. തുടർച്ചയായ കൈകഴുകൽ, ജീവിതശൈലികളാക്കണം.
5. അസുഖമായവരുടെ സമീപത്ത് നിൽക്കാതിരിക്കുക. ആരോഗ്യം കുറഞ്ഞവർ ആൾകൂട്ടത്തിൽ നിന്നും അകന്നു നിൽക്കണം. വൈറസ് പിടിച്ചവർ വീട്ടിൽ തന്നെ വിശ്രമം എടുക്കുക. മെഡിക്കൽ കാര്യങ്ങൾക്കു മാത്രമേ പുറത്തു പോവാൻ പാടുള്ളൂ.
6. തുമ്മുമ്പോൾ 'ടിഷ്യു' കൈവശം ഇല്ലെങ്കിൽ കൈകൾ കൊണ്ട് മുഖം മൂടി തുമ്മണം. ടിഷ്യുകൾ ഉടൻ ട്രാഷ് കാനിൽ നിക്ഷേപിക്കുകയും വേണം.
7. അസുഖം ബാധിച്ചവരുടെ കാറിൽ സഞ്ചരിക്കേണ്ടി വന്നാലും മാസ്ക്ക് ധരിച്ചിരിക്കണം.
8. പ്രായമായവർക്കും കഠിനമായ അസുഖം ഉള്ളവർക്കും ശ്വാസ കോശ രോഗം ഉള്ളവർക്കും ഡയബറ്റിക് ഉള്ളവർക്കും വൈറസ് ബാധിക്കാൻ കൂടുതൽ സാധ്യതയുണ്ട്. അസുഖമുണ്ടായാൽ കൂടുതൽ സുരക്ഷിതത്തിനായി ഹെൽത്ത് കെയർ പ്രൊവൈഡറെ സമീപിക്കുകയും വേണം.
9. ഏതെങ്കിലും ഒരു ഓഫീസിലോ ഡോക്ടർ ഓഫിസിലോ പോവേണ്ടി വന്നാൽ അവിടെയുള്ള വെയ്റ്റിംഗ് റൂമിൽ കാണുന്ന കസേരകളിൽ ഇരിക്കാതെ കഴിയുന്നതും മാറി നിൽക്കാൻ ശ്രമിക്കുക. ഇട്ടിരിക്കുന്ന ജാക്കറ്റ് അവിടെയുള്ള സന്ദർശകർക്കായുള്ള കസേരയിൽ ഇടാതെ സൂക്ഷിക്കുക.
10. കൈകൾ വൃത്തിയാക്കാൻ 'വെറ്റ് നാപ്ക്കിൻ' കാറിൽ എപ്പോഴും തയ്യാറാക്കി സ്റ്റോക്ക് ചെയ്തു വെച്ചിരിക്കണം.
11. രോഗബാധിതരായവരുടെ സമീപങ്ങളിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിൽ മടങ്ങി വീട്ടിൽ വരുമ്പോൾ ധരിച്ചിരിക്കുന്ന വേഷങ്ങൾ വീടിനുള്ളിൽ കയറ്റാതെ കഴുകാനായി വാഷിംഗ് മെഷീനിൽ ഇടുകയും പകരം വേറെ ഡ്രസ്സുകൾ ധരിക്കുകയും വേണം.
12. സമൂഹമായും കൂട്ടമായും പ്രാർഥന ഗ്രുപ്പുകൾ നടത്തുന്ന പ്രാർത്ഥനകളിൽ സംബന്ധിക്കാതിരിക്കുക. പ്രാർത്ഥനകൾ പലരുടെയും വ്യക്തിപരമായ കാര്യങ്ങളാണെങ്കിലും ദേവാലയ സന്ദർശനവും, കുർബാന സ്വീകരണവും രൂപം മുത്തലും ഒഴിവാക്കാൻ ശ്രമിക്കുക. പകരം കുടുംബ പ്രാർത്ഥനകൾ സൗഹാർദ്ദ കുടുംബങ്ങളായി നടത്തേണ്ടവർ ടെലിഫോൺ വഴിയാകാം. രോഗം ഭേദമാകാൻ അത്ഭുത ധ്യാന ഗുരുക്കളുടെ ഉപദേശമല്ല വേണ്ടത്. ആവശ്യമെങ്കിൽ ആരോഗ്യ സുരക്ഷാ പ്രവർത്തകരുടെ ഉപദേശം തേടണം.
13.ഇറച്ചിയും മുട്ടയും കഴിക്കുന്നതിനു മുമ്പ് പരമാവധി വേവിക്കുക, ചുമയും തുമ്മലുമുള്ളവരിൽ നിന്നും അകന്നു നിൽക്കുക മുതലായവ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. മനുഷ്യന്റെ തുപ്പലുവഴിയല്ലാതെ കൊതുകു വഴി ഈ രോഗം പരത്തില്ലെന്നു ശാസ്ത്രലോകം പറയുന്നു. സോപ്പിട്ട് കൈകൾ കഴുകിയ ശേഷം കൈകൾ ഉണങ്ങാൻ ടൗവ്വലുകൾ കൊണ്ട് തുടക്കുകയും വേണം. പായ്‌ക്കറ്റിലല്ലാതെ തുറന്നിരിക്കുന്ന പച്ചക്കറികളോ, പഴവർഗങ്ങളോ കടയിൽനിന്നും മേടിക്കരുത്. നല്ലവണ്ണം കഴുകി വെടിപ്പായ ശേഷം പാകം ചെയ്യുകയും വേണം.
14. ചിലർ ആൽക്കഹോളും ക്ളോറിനും ദേഹത്ത് സ്പ്രേ ചെയ്യുന്നു. അത് ഉള്ളിലേക്ക് പോയ വൈറസിനെ പ്രതിരോധിക്കില്ല. അത്തരം സ്പ്രേകൾ നമ്മുടെ കണ്ണിനും മൂക്കിനും പ്രശ്നങ്ങളുണ്ടാക്കും. വസ്ത്രങ്ങളും കേടാകും.
രണ്ടാം ലോക മഹായുദ്ധത്തിന്റെ ആവേശത്തോടെയാണ് ഇന്ന് അമേരിക്കൻ ജനത കൊറോണ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നത്. കാണാൻ സാധിക്കാത്ത അജ്ഞാത ശത്രുവിനെതിരെയാണ് പോരാട്ടം. മനുഷ്യരാശിക്കെതിരായുള്ള ശത്രുവിനെതിരെയാണ് ഈ ധാർമ്മിക യുദ്ധം. യുദ്ധത്തിൽ നാം ജയിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറയുന്നു. കൊറോണയ്ക്കെതിരെ സമര പ്രഖ്യാപനമായി അദ്ദേഹം 'ഡിഫെൻസ് പ്രൊഡക്ഷൻ ആക്ട്' എന്ന പുതിയ ഒരു ബില്ലിൽ ഒപ്പിട്ടിരുന്നു. എന്നാൽ, ഖേദകരമെന്നു പറയട്ടെ, ബില്ല് നടപ്പാക്കുന്ന കാര്യത്തിൽ ട്രംപ് ഇപ്പോൾ സംശയം പ്രകടിപ്പിക്കുന്നു. ആവശ്യത്തിനു ഫണ്ടുകൾ അനുവദിച്ചു ഹോസ്പിറ്റൽ ജോലിക്കാർക്കുള്ള അത്യാവശ്യ രക്ഷാ കവചങ്ങളും മാസ്ക്കും ഉൽപ്പാദിപ്പിക്കാനുള്ള ശ്രമമായിരുന്നു അത്. ഹോം ലാൻഡ് ഡിഫൻസിനു ഒർഡർ ലഭിക്കത്തക്ക വിധം ഒരു ബില്ലിൽ ഒപ്പിടുകയും ചെയ്തിരുന്നു. കൊറോണ വൈറസിന്റെ പ്രതിരോധങ്ങൾക്കായുള്ള ഈ തീരുമാനത്തിൽ ട്രംപ് ഇപ്പോൾ അഭിപ്രായങ്ങൾ മാറ്റുന്ന രീതികളിലാണ് പുതിയ പ്രസ്താവനകൾ ഇറക്കിക്കൊണ്ടിരിക്കുന്നത്.
കൊറോണ വൈറസിനെ സംബന്ധിച്ചുള്ള പ്രസിഡന്റ് ട്രംപിന്റെ പ്രാരംഭ തീരുമാനത്തെ സ്റ്റേറ്റ് ഗവർണ്ണർമാരും കോൺഗ്രസ് അംഗങ്ങളും മെഡിക്കൽ തൊഴിലുകളിൽ ഉള്ളവരും സ്വാഗതം ചെയ്തിരുന്നു. അപ്രതീക്ഷിതമായുണ്ടായ ഈ വസന്ത മൂലം അമേരിക്കയിലെ ഹോസ്പിറ്റലുകളിൽ സുരക്ഷിതമായ രക്ഷാകവചങ്ങളുടെ കുറവുകൾ തീവ്രമായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരും നെഴ്സുമാരും സ്വന്തം ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ഭയത്തിലാണ്. നിയന്ത്രിക്കാൻ പാടില്ലാത്ത വിധം കൊറോണ അതിവേഗം പടർന്നു പിടിക്കുമെന്നും ഭയപ്പെടുന്നു.
അമേരിക്കയിൽ ആരോഗ്യമേഖല രൂക്ഷമായിരിക്കുന്ന സമയത്ത് പ്രസിഡന്റ് ട്രംപ് മുമ്പു പറഞ്ഞ അഭിപ്രായങ്ങൾക്ക് മാറ്റം വരുത്തിയിരിക്കുന്നു. ഭാവിയിൽ 'കൊറോണ' രൂക്ഷമായി വളരുന്ന സാഹചര്യത്തിൽ മാത്രമേ സുരക്ഷിത സംവിധാനങ്ങൾക്കായി ഫണ്ട് അനുവദിക്കാൻ കഴിയൂവെന്ന അഭിപ്രായമാണ് ഇപ്പോൾ ട്രംപിനുള്ളത്. ട്രംപ് ആദ്യം പറഞ്ഞ അഭിപ്രായങ്ങളിൽ നിന്നും വ്യത്യസ്തമായി പറഞ്ഞപ്പോൾ പലരിലും ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. കൊറോണ വൈറസു ആയുധമായി കൈകളിലേന്തി പ്രസിഡന്റ് ട്രംപ് രാഷ്ട്രീയം കളിക്കുകയാണോയെന്നും ചിലരിൽ സംശയങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. സുരക്ഷിത കവചങ്ങളുടെ, മാസ്‌ക്കുകളുടെ ഉൽപ്പാദനം മന്ദീഭവിച്ചാൽ ആരോഗ്യ സുരക്ഷാമേഖലയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് 'നാൻസി പെലോസിയെ' പ്പോലുള്ളവർ മുന്നറിയിപ്പും കൊടുത്തിട്ടുണ്ട്.' ഡിഫൻസ് പ്രൊഡക്ഷൻ നിയമം' ശക്തമാക്കിയില്ലെങ്കിൽ അത്യാവശ്യ സുരക്ഷ നടപ്പാക്കുന്നതിൽ അമേരിക്ക പരാജയപ്പെടുമെന്നും മുന്നറിയിപ്പ് കൊടുത്തു കഴിഞ്ഞു.
യുദ്ധകാല പ്രതീതിയുളവാക്കുന്ന തരത്തിൽ രാഷ്ട്രത്തോടായി അഭിപ്രായങ്ങൾ പുറപ്പെടുവിക്കുന്ന പ്രസിഡന്റ് ട്രംപ് രാഷ്ട്രീയമായും സ്വന്തം നേട്ടങ്ങളും നേടാൻ കൊറോണായെ കാണുന്നുവോ എന്നും തോന്നിപ്പോവുന്നു. 'പ്രസിഡന്റ് എബ്രഹാം ലിങ്കണും' 'ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റും' രാഷ്ട്രത്തിന്റെ അന്ധകാരമായ ദിനങ്ങളിൽ രാജ്യത്തിന്റെ ലക്ഷ്യമെന്തെന്ന് അറിഞ്ഞിരുന്നു. മഹാന്മാരായ അന്നത്തെ പ്രസിഡണ്ടുമാർ അന്നുള്ള സമകാലീക ചരിത്രവും കൃതികളും പഠിച്ച് ജനങ്ങളുടെ വികാരങ്ങളെ ശരിയായി ഒപ്പിയെടുത്തിരുന്നു. അവർ ജനങ്ങളോട് സത്യം പറഞ്ഞിരുന്നു. യുദ്ധകാലത്തിലെ അപകടസ്ഥിതിയെ മനസിലാക്കി രാജ്യം നയിച്ചിരുന്നു. 'റൂസ് വെൽറ്റ്' വീൽ ചെയറിൽ ഇരുന്ന് അമേരിക്കയ്ക്കുവേണ്ടി ധീരമായി പോരാടി രണ്ടാം ലോകമഹായുദ്ധത്തിൽ വിജയിച്ചു. ട്രംപിന്റെ പ്രഖ്യാപനങ്ങൾ യുദ്ധകാല അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെങ്കിലും കൊറോണ വയറസിന്റെ അടിയന്തിരാവസ്ഥ ഒരു വശത്ത് മടക്കിവെച്ചുകൊണ്ടു രണ്ടാമതും പ്രസിഡണ്ടായി തിരഞ്ഞെടുക്കുന്നതിലുള്ള സംരംഭങ്ങളിലാണ്.
അമേരിക്കയുടെ ചരിത്രത്തിലെ മഹാന്മാരായ രണ്ടു പ്രസിഡന്റുമാരുടെ ചരിത്രകാരോടൊപ്പം ട്രംപിന് സ്ഥാനം കൊടുക്കുന്നതും അഭികാമ്യമാണോ? കഴിഞ്ഞ മൂന്നര വർഷങ്ങൾക്കുള്ളിലെ അദ്ദേഹത്തിന്റെ ഭരണകാലത്തിൽ ഒരു യുദ്ധം പ്രഖ്യാപിക്കുന്നത് ആദ്യമാണ്; യുദ്ധം വൈറസിനെതിരെയെന്നു മാത്രം. ദേശീയ ഐക്യം അദ്ദേഹം ആഹ്വാനം ചെയ്യുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പ് 'റൂസ്‌വെൽറ്റ്' നാസികളുടെ വളർച്ചയെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കാറുണ്ടായിരുന്നു. അതിലൂടെ ആഗോള സ്വാതന്ത്ര്യവും കാംഷിച്ചിരുന്നു. കൊറോണ വൈറസ് അമേരിക്കയിൽ പ്രവേശിക്കുന്നതിനു മുമ്പ് ഭീഷണി വരാതിരിക്കുന്നതിനെപ്പറ്റി ട്രംപ് ചിന്തിച്ചിരുന്നു. ഒരു ഫ്ലൂ പോലുള്ള അസുഖമാണ്; അത് വന്നും പോയുമിരിക്കുമെന്ന ലാഘവത്തിലായിരുന്നു പ്രസിഡന്റ് സംസാരിച്ചുകൊണ്ടിരുന്നത്. എന്നാൽ അത് ഇത്രമാത്രം ഗുരുതരമാണെന്നുള്ള വസ്തുത പ്രസിഡന്റ് പുറത്താക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നു.
യുദ്ധകാല നേതാക്കന്മാർ യുദ്ധത്തിൽ പാകപ്പിഴകൾ വന്നാൽ അവർ തന്നെ അതിന്റെ പരിപൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് പതിവ്. 'ജനറൽ ഡ്യുവറ്റ് ഐസനോവറും', അമേരിക്കൻ പട്ടാളവും 1944 ജൂൺ ആറാംതീയതി യുദ്ധകാഹളവുമായി നോർമാൻഡിയുടെ തീരത്ത് പോയപ്പോൾ പറഞ്ഞു, ഈ യുദ്ധത്തിൽ എന്തെങ്കിലും തെറ്റുകൾ വരുകയാണെങ്കിൽ , 'തെറ്റുകൾ' എന്റെ മാത്രമായിരിക്കും. എന്നാൽ ട്രംപിന്റെ കൊറോണ വൈറസ് യുദ്ധവുമായി ഐസനോവറിന്റെ വാക്കുകളിൽ യാതൊരു സാമ്യവും കാണുന്നില്ല. കൊറോണ വൈറസിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്ന് ട്രംപ് പ്രസ്താവിച്ചു കഴിഞ്ഞു.
ആവർത്തിച്ചാവർത്തിച്ചുള്ള സ്വയം കഴിവിനെ പ്രശംസിക്കുന്ന ചിത്രങ്ങളൊന്നും റൂസ്‌വെൽറ്റിന്റെയോ എബ്രഹാം ലിങ്കന്റെയോ ചരിത്രത്തിലില്ല. ആധുനിക യുദ്ധ നേതാക്കന്മാരായ ലിണ്ടൻ ബി ജോൺസണും ജോർജ് ബുഷും യുദ്ധത്തെ ഭയപ്പെട്ടുകൊണ്ടായിരുന്നു വൈറ്റ് ഹൌസിനെ കൈകാര്യം ചെയ്തിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കൻ ജനത ഒറ്റകെട്ടായി റൂസ്‌വെൽറ്റിന്റെ പിന്നിൽ അണി നിരന്നിരുന്നു. ട്രംപിനെ സംബന്ധിച്ച് കൊറോണ യുദ്ധ സാഹചര്യത്തിൽ അമേരിക്കൻ ജനത വ്യത്യസ്ത അഭിപ്രായങ്ങൾ പുലർത്തുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം റൂസ്‌വെൽറ്റ് പടുത്തുയർത്തിയ പാശ്ചാത്യ രാജ്യങ്ങളുമായുള്ള സഹവർത്തിത്തവും സഹകരണവും ട്രംപിന്റെ കാലത്ത് പരിപൂർണ്ണമായി ഇല്ലാതായിയെന്നുള്ളതാണ് വസ്തുത. ലോകം മുഴുവൻ സാമ്പത്തിക അധഃപതനത്തിലേക്ക് വീഴുന്നു. ഓരോ രാജ്യത്തിലെയും സർക്കാരുകൾ അവരുടെ ജനങ്ങളെയും ജനജീവിതത്തെയും ഒറ്റപ്പെടുത്തുന്നു. ഷോപ്പുകളും റെസ്റ്റോറന്റുകളും ബിസിനസുകളും അടക്കുന്നു. റൂസ്‌വെൽറ്റിന്റെ കാലത്ത് വിമാനങ്ങളും കപ്പലുകളും ലോകത്തിന്റെ നാനാഭാഗത്തും ചുറ്റി തിരിഞ്ഞുകൊണ്ടിരുന്നു. യുദ്ധകാലത്തു, ബാങ്കിങ്ങും രാജ്യത്തിന്റെ സാമ്പത്തികവും ഭദ്രമായി നയിച്ചുകൊണ്ടിരുന്നു. അമേരിക്കയുടെ സാമ്പത്തിക മാന്ദ്യം (ഗ്രേറ്റ് ഡിപ്രെഷൻ) തളരാതെ അദ്ദേഹം കൈകാര്യം ചെയ്തു. സോഷ്യൽ സെക്യൂരിറ്റി നടപ്പാക്കിയതോടെ രാജ്യത്തിന്റെ ദാരിദ്ര്യത്തിനും അറുതി വരുത്തി. അന്ന് യാഥാസ്ഥിതികരുടെ ശക്തമായ എതിർപ്പുമുണ്ടായിരുന്നു. ട്രംപ് ഭരണകൂടവും ചിന്തിക്കുന്നത് വലിയ വലിയ കാര്യങ്ങൾ തന്നെ. നിർദ്ദേശിച്ചിരിക്കുന്ന 1.3 ട്രില്യൺ പദ്ധതി അമേരിക്കയുടെ സാമ്പത്തികം മെച്ചപ്പെടുത്താൻ സഹായിക്കും. കൊറോണ വൈറസ് എന്ന സുനാമി അവസാനിക്കുംവരെ ആശ്വാസവുമായിരിക്കും. എന്നാൽ ഈ വിപണനത്തെപ്പറ്റി പിന്നീടൊന്നും വൈറ്റ് ഹൌസ് സൂചിപ്പിക്കുന്നില്ല.
Monday, March 16, 2020
തിളങ്ങുന്ന ഇൻഡ്യയിലെ മനുഷ്യക്കടത്തുകളും സാമൂഹിക വിപത്തുകളും
ജോസഫ് പടന്നമാക്കൽ
ഇന്ത്യയിൽ സർവ്വകാല റിക്കോർഡുകളും ഭേദിച്ച് ഏകദേശം 18.4 മില്ലിയൻ ജനങ്ങൾ അടിമകളെപ്പോലെ നാനാതരത്തിലുള്ള പീഡനങ്ങൾ അനുഭവിക്കുന്നു. ഇവരിൽ 26 ശതമാനം അല്ലെങ്കിൽ 5 .5 മില്ലിയൻ കുഞ്ഞുങ്ങളുമുണ്ട്. 'അടിമത്തം' എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് അമേരിക്കയിലെ കൊളോണിയൽ കാലങ്ങളിലുള്ള അടിമ വ്യാപാരവും കാലഹരണപ്പെട്ട ഒരു വ്യവസ്ഥിതിയെപ്പറ്റിയുമായിരിക്കും. എന്നാൽ, ഇന്ത്യയിൽ ഇന്നും പലയിടങ്ങളിലും മറ്റൊരു രീതിയിലായ അടിമത്തം നിലവിലുണ്ട്. ദരിദ്ര കോളനികളിൽ നിന്നും സമ്പന്നരായവരുടെ അധീനതയിൽ മനുഷ്യരെ കയറ്റി അയക്കുന്ന പ്രസ്ഥാനമായി മനുഷ്യക്കടത്ത് (Human trafficking) വളർന്നിരിക്കുന്നു. അതിന്റെ ഫലമായി മുതലാളികൾ അവരെ ചൂഷണം ചെയ്യുന്നു. വ്യവസായ ലാഭത്തിനായി ശരിയായ കൂലി കൊടുക്കാതെ ഇവരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു സംവിധാനമാണ്, തലമുറകളായി ഇന്ത്യയിലുള്ളത്. അന്ധവിശ്വാസങ്ങൾ, പുരുഷ മേധാവിത്വമുള്ള സമൂഹങ്ങൾ, ഹൈന്ദവരുടെ പുരാണങ്ങളിലുള്ള കെട്ടുകഥകൾ മുതലായവയും സ്ത്രീകളെ താഴ്ത്തിക്കെട്ടാൻ കാരണമാകുന്നു.
അടുത്തകാലം വരെ മനുഷ്യക്കടത്തുകൾ അധികം ശ്രദ്ധ നേടാതെയിരിക്കുകയായിരുന്നു. ഗ്രാമീണ സ്ഥലങ്ങളിലുണ്ടായിരുന്ന ദാരിദ്ര്യം കാരണം ആരും പരാതിപ്പെടുകയില്ലായിരുന്നു. പ്രത്യേകിച്ച് ആദിവാസി കോളനികളിലെ കുഞ്ഞുങ്ങളുടെ ജീവിതം ദുരിതം പിടിച്ചതും നിർണായകവുമായിരുന്നു. മണിപ്പൂരിലുള്ള കുകികൾ, നോർത്ത് ഈസ്റ്റിലുള്ള നാഗാസ്, ജാർഖണ്ഡ്, അനന്തപുർ, ആന്ധ്രാ പ്രദേശം, മുതലുള്ള ആദിവാസികൾ എന്നിവരുടെയിടയിൽ മനുഷ്യക്കടത്തുകൾ ധാരാളമായി നിലവിലുണ്ട്. മനുഷ്യക്കടത്ത് എന്നുള്ളത് സഹജീവിയും നിസ്സഹായരുമായ മറ്റു മനുഷ്യരോട് ചെയ്യുന്ന ക്രൂര പ്രവർത്തിയാണ്. അക്കൂടെ ബലിയാടുകളാകുന്നത് അബലകളായ സ്ത്രീകളും കുഞ്ഞുങ്ങളുമായിരിക്കും. ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരരെന്നോ ബോംബെ സ്ഫോടനം നടത്തിയവരെന്നോ വേൾഡ് ട്രേഡ് സെന്റർ ബോംബിട്ടവരെന്നോ നാം കേട്ടാൽ ഒരു ഞെട്ടലുണ്ടാകാം. അവർ മൂലം നാമും ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടുമെന്ന വേവലാതി ബാധിക്കുന്നതാണ് കാരണം. എന്നാൽ കള്ളക്കടത്ത് നടത്തുന്നവരെ ആരും ഭയപ്പെടുന്നില്ല. അവർ നമ്മെ ബോംബിടാനോ ആക്രമിക്കാനോ വരില്ലെന്ന് അറിയാം.
യാതൊരു തൊഴിലിലും പ്രാവീണ്യം ഇല്ലാത്തവരാണ് കൂടുതലും മനുഷ്യക്കടത്തിൽ അകപ്പെടുന്നത്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെങ്കിലും രാജ്യം മുഴുവൻ ദാരിദ്യം കൊണ്ടും വിദ്യാ ഹീനരായവരെക്കൊണ്ടും നിറഞ്ഞിരിക്കുന്നു. മനുഷ്യാവകാശങ്ങളും പൗര സ്വാതന്ത്ര്യങ്ങളും നിഷേധിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് സ്ത്രീകൾക്കും കൊച്ചു പെൺകുട്ടികൾക്കുമെതിരെ മനുഷ്യാവകാശ ലംഘനങ്ങൾ നിത്യമായിരിക്കുന്നു. നിർബന്ധമായി പണി ചെയ്യിപ്പിക്കുക, കടമായി മേടിച്ച പണത്തിനു പകരം ജോലി നൽകി ചൂഷണം ചെയ്യുക എന്നിവകൾ അടിമത്ത ഭാഗമാണ്. കരാർ ജോലികൾ, ജാതി വർഗ വ്യവസ്ഥയിൽ ജോലികൾ, ഇല്ലാത്തത് തരാമെന്ന് പറഞ്ഞുകൊണ്ടു മോഹിപ്പിച്ചുള്ള ജോലികൾ , തട്ടിക്കൊണ്ട് പോയുള്ള ജോലികൾ മുതലായവകൾ ഇന്നും ഇന്ത്യയിൽ നടക്കുന്നുണ്ട്. അതുവഴി ടെക്സ്റ്റയിൽ ഫാക്ടറിക്കാരും കൃഷിയുടമകളും കള്ളക്കടത്തിൽ ബലിയാടുകളായ തൊഴിലാളികളെ പ്രയോജനപ്പെടുത്തുന്നു. ഉൽപ്പാദനവും വർധിപ്പിച്ച് മുതലാളി വർഗം ലാഭവും ഉണ്ടാക്കും. ബലിയാടാകുന്നവർ ദരിദ്ര കുടുംബത്തിൽ' നിന്നുമുള്ളവരായിരിക്കും. സാമൂഹികമായി താഴ്ന്ന വർഗ്ഗമോ വിദ്യാഭ്യാസം ഇല്ലാതെ ഗ്രാമത്തിൽ ജോലി ചെയ്യുന്നവരോ ആയിരിക്കും. 70 ശതമാനവും മനുഷ്യക്കടത്തിൽ ഇരയാകുന്നവർ ദളിതരാണ്. ഇന്ത്യയിൽ ഏറ്റവും താഴെക്കിടയിലുള്ള ദുരിതപൂർണ്ണമായ ജീവിത നിലവാരവും ദരിദ്രവിഭാഗങ്ങൾ പുലർത്തുന്നു. സാമൂഹികമായും സാമ്പത്തികമായും അവശതയനുഭവിക്കുന്ന ദളിതരെ മറ്റു സ്റ്റേറ്റുകളിൽ കടത്താനും എളുപ്പമായിരുന്നു. കാരണം, കരപ്രമാണിമാർ പറഞ്ഞാൽ പാവങ്ങളായവർ എന്തും ശ്രദ്ധിക്കും. പ്രമാണിമാർ ദരിദ്രരെയും പാവങ്ങളെയും നിയന്ത്രിക്കുന്നു. പാവങ്ങളെ ക്രൂരമായി പീഡിപ്പിച്ചുകൊണ്ടു ഭരിക്കുകയെന്നതു ധനിക വർഗത്തിനു ദൈവികമായി ലഭിച്ച വരമായി ധനികർ ചിന്തിക്കുന്നു. ധനികരുടെ കാഴ്ചപ്പാടുകൾ തന്നെ പാവങ്ങൾ അവർക്കായി ജനിച്ച സേവകരെന്നുമാണ്.
സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ ഇന്ത്യൻ ഭരണഘടനയുടെ പിതാവായ ഡോ. ബി.ആർ. അംബേദ്‌കർ എതിർത്തിരുന്നു. സ്ത്രീക്കൾക്കും വിദ്യാഭ്യാസം നല്കണമെന്നു ഭരണഘടന അനുശാസിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ നിരവധി പ്രദേശങ്ങളിൽ മനുഷ്യത്വപരമായ യാതൊരു പരിഗണനയും പ്രായോഗിക തലങ്ങളിൽ പാലിക്കാറില്ല. ചരിത്രാധീത കാലം മുതലുള്ള സ്ത്രീകൾക്കു വിദ്യ നിഷേധിക്കൽ, ബലം പ്രയോഗിച്ച് വ്യപിചാരത്തിനായി കൊണ്ടുപോകൽ, ശൈശവ, ബാല്ല്യ വിവാഹം, സതി, മാർക്കറ്റിൽ സ്ത്രീകളെ വിൽക്കുക മുതലായ പ്രാകൃത ആചാരങ്ങളെല്ലാം ഭരണഘടനയിൽ മനുഷ്യാവകാശ ലംഘനങ്ങളായി കണക്കാക്കുന്നു. യാചകരായി ഉപയോഗിക്കാൻ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോവുമായിരുന്നു. എഴുപതിനായിരം (70000) പേരോളം പ്രായപൂർത്തിയാകാത്ത കുട്ടികൾ നിർബന്ധിത തൊഴിലായി ഖനികളിൽ ജോലിചെയ്യുന്നുണ്ട്. ചില കുട്ടികൾ മാതാപിതാക്കളുടെ കടം വീട്ടാൻ വീട്ടു ജോലികളും അടിമ ജോലികളും ചെയ്യണം. ചിലരെ അവയവങ്ങൾ കവർന്നെടുക്കുന്നതിന് തട്ടിക്കൊണ്ടു പോവുന്നു. അവയവങ്ങൾ വിദേശത്തും കടത്തി കച്ചവടങ്ങൾ നടത്തുന്നു.
സ്ത്രീകളോട് വിവേചനവും അവരോടുള്ള കലഹവും ഇന്ത്യൻ സമൂഹത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള വസ്തുതയാണ്. ഒരുവൾ ജനിക്കുമ്പോൾ തന്നെ വിവേചനമാരംഭിക്കുന്നു. ഒരു പെൺകുട്ടി ജനിച്ചാൽ കുടുംബത്തിന്റെ ശാപമാണെന്നു കരുതുന്നവരുമുണ്ട്. അതുമൂലം ഗർഭപാത്രത്തിൽ തന്നെ കുട്ടി പെണ്ണാണെന്ന് അറിഞ്ഞാൽ കുട്ടിയെ ഇല്ലാതാക്കുവാനുള്ള മാമൂലുകളാണ് ഇന്ത്യൻ സമൂഹത്തിൽ നിഴലിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടിനുള്ളിൽ എട്ടു ലക്ഷം മനുഷ്യക്കുഞ്ഞുങ്ങളെ ഗർഭപാത്രത്തിൽ ഇല്ലാതാക്കിയെന്നും കണക്കുകൾ പറയുന്നു. ഈ വിവേചനം ജനിക്കുമ്പോൾ മുതൽ തുടരുന്നു. ഇന്ത്യയിൽ സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെങ്കിലും പുരുഷ വിദ്യാഭ്യാസ നിലവാരം 85 ശതമാനവും സ്ത്രീ വിദ്യാഭ്യാസ നിലവാരം 65 ശതമാനവുമായി കണക്കാക്കപ്പെടുന്നു. പുരുഷനും സ്ത്രീക്കും വ്യത്യസ്തമായ തൊഴിൽ വേതനമാണ് നൽകുന്നത്. ഒരു പോലെ വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും ഒരേ തൊഴിലാണ് ചെയ്യുന്നതെങ്കിലും പുരുഷന്മാരുടെ തൊഴിൽ വേതനത്തെക്കാളും 40 ശതമാനം കുറച്ചാണ് സ്ത്രീകൾക്ക് നൽകാറുള്ളത്.
വാണിജ്യാവശ്യത്തിനായി സ്ത്രീകളെ കടത്തുക വഴി പലരെയും വ്യപിചാര ശാലകളിൽ വിൽക്കുന്നു. വ്യപിചാര ശാലയിൽ ഒരിക്കൽ അകപ്പെട്ടാൽ അവരുടെ ജീവിതം അവിടെ അവസാനിക്കുകയായി. പിന്നീടവർ അവിടെ നിന്ന് രക്ഷപ്പെടുകയില്ല. വൻകിട വ്യവസായികളും രാഷ്ട്രീയക്കാരും പലവിധ പിമ്പുകളുടെ പറ്റുപടിക്കാരായതുകൊണ്ട് ഒരു നിയമപാലകർക്കും ഈ ക്രിമിനലുകളെ കീഴ്‌പ്പെടുത്താൻ സാധിക്കില്ല. ജീവിതം മുഴുവൻ സ്വന്തം ശരീരം വിറ്റും മാനസികമായ ശരീര പീഡനങ്ങളും ഇവർ അനുഭവിക്കേണ്ടി വരുന്നു. വളരെ ലളിതമായ പേരായ 'മനുഷ്യക്കടത്തെ'ന്നാണ് ഈ ക്രിമിനൽ കുറ്റത്തിന് പേരിട്ടിരിക്കുന്നത്. ശബ്ദമില്ലാതെ സഹിക്കേണ്ടി വരുന്ന നിസ്സഹായരായവരാണ് അവർ. വേദന കടിച്ചമർത്തി ലോകത്തോടുമുഴുവൻ പുച്ഛമായി ജീവിക്കുന്ന ഒരു സമൂഹം. ഇവരെ രക്ഷിക്കാൻ ഒരു സാമൂഹിക പ്രവർത്തകനും അവിടെ എത്തി നോക്കാൻ പോലും സാധിക്കില്ല. ആരുമാരും സഹായമില്ലാതെ തികച്ചും സമൂഹത്തിൽ അവഗണിക്കപ്പെട്ട ഒരു വർഗമാണവർ. മൃതപ്രായരായി കഴിയുന്ന ഈ സമൂഹത്തിന് ഭാവിയിലേക്ക് യാതൊരു പ്രതീക്ഷകളും ബാക്കി കാണുകയില്ല. ഇവിടെയുള്ള സ്ത്രീകളുമായി ലൈംഗിക ബന്ധത്തിനു വരുന്നവർ കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെട്ടവരുമായിരിക്കും. സ്വയം ആത്മഹത്യ ചെയ്യാൻ കഴിവില്ലാതെ ആരെങ്കിലും വന്നു ഇവരെ വിഷം കൊടുത്തു കൊന്നിരുന്നുവെങ്കിലുമെന്നും ഈ പാവങ്ങളായവർ ചിന്തിക്കാറുണ്ട്. മനുഷ്യക്കടത്തുകൾക്കു പിന്നിൽ പ്രവർത്തിക്കുന്നവർ മാഫിയ സംഘങ്ങൾ ആയിരിക്കും. പിടിക്കപ്പെടുകയാണെങ്കിൽ മാഫിയാകൾ ശിക്ഷകൾ ലഭിക്കാതെ രക്ഷപെടുകയും ചെയ്യും. വീണ്ടും ബിസിനസ് പഴയതുപോലെ തുടരുകയും ചെയ്യും.
മനുഷ്യക്കടത്ത് 20 മില്ലിയൻ മുതൽ 65 മില്ലിയൻവരെ ദരിദ്ര മനുഷ്യർക്കിടയിലുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. സ്ത്രീകളെ കടത്തുന്നത് പ്രധാനമായും വ്യവസായിക ലൈംഗിക ഉപയോഗങ്ങൾക്കായി ചൂഷണം ചെയ്യുന്നതിനായിരിക്കും. പ്രായപൂർത്തിയാകാത്ത പിള്ളേരെ നിർബന്ധമായി ഫാക്ടറി ജോലികളും ചെയ്യിപ്പിക്കുന്നു. വീട്ടു ജോലിക്കാരായും യാചകരായും കൃഷിപ്പണികളിലും ചൂഷണം ചെയ്യുന്നു. ചില കുട്ടികളെ 'കുട്ടി പട്ടാളമായി' ഭീകര ക്യാമ്പുകളിൽ എത്തിക്കുന്നു. ഇന്ത്യൻ സ്ത്രീകളെ മിഡിൽ ഈസ്റ്റിലും യൂറോപ്പിലും കയറ്റുമതി ചെയ്യുന്നുണ്ട്. സ്വയം സമ്മതിച്ചു യാത്ര ചെയ്യുന്നവരെ വീട്ടു വേലക്കാരായി ഗൾഫ് നാടുകളിലും മറ്റു വിദേശങ്ങളിലും ജോലി ചെയ്യിപ്പിക്കുന്നു. ഇന്ത്യ ഏഷ്യയിലെ തന്നെ കുറ്റവാളികളുടെ സങ്കേതമായി മാറിയിരിക്കുന്നു. നേപ്പാളിലും ബംഗ്ളാദേശിലുമുള്ള കൊച്ചു പെൺകുട്ടികളെ കടത്തുന്ന മനുഷ്യ കടത്തുകാരുമുണ്ട്. ലൈംഗിക തൊഴിലുകളിൽ ഏർപ്പിട്ടിരിക്കുന്ന നിരവധി ബംഗ്ളാദേശികളും നേപ്പാളികളുമുണ്ട്. അങ്ങനെ ഇന്ത്യ ലൈംഗിക വ്യാപാരത്തിന്റെ കേന്ദ്രം മാത്രമല്ല രാജ്യാന്തര ലൈംഗിക കച്ചവടത്തിന്റെ കേന്ദ്രമെന്നറിയപ്പെടുന്ന രാജ്യവുമായിരിക്കുന്നു.
ജാതി വ്യവസ്ഥ നിയമവിരുദ്ധമാണെങ്കിലും വടക്കേ ഇന്ത്യയിൽ ഗ്രാമപ്രദേശങ്ങളിൽ ദരിദ്രർക്കു ഇന്നും അത്തരം വ്യവസ്ഥികളിൽനിന്നും മോചനം ലഭിച്ചിട്ടില്ല. താഴ്ന്ന ജാതിക്കാർ ജീവിക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യണം. കടം മേടിക്കുന്ന തുകകളും വീട്ടണം. വിദ്യാഭ്യാസക്കുറവും നിരക്ഷരതയും കാരണം ഉയർന്ന ജാതിക്കാരെ അനുസരിച്ചു ജീവിക്കണമെന്നാണ് പ്രമാണം. പാവങ്ങളുടെ കുഞ്ഞുങ്ങളെയും കടത്തിക്കൊണ്ടുപോയി വീട്ടുജോലികൾക്കായി ഉപയോഗിക്കുന്നു. കുട്ടികളെ അടിമകളാക്കുന്നു. ഗ്രാമപ്രമുഖർ അവരെ ബലമായി പിടിച്ചു കൊണ്ട് പോവുകയോ പാവങ്ങൾ താമസിക്കുന്ന സ്ഥലത്തു നിന്ന് തല്ലി ഓടിക്കുകയോ ചെയ്യുന്നു. ചിലരെക്കൊണ്ട് ഭിക്ഷ യാചിപ്പിക്കുന്നു. മറ്റു ചില അടിമകളെ ഗുണ്ടകളായി കൂടെ കൊണ്ട് നടക്കും. മറ്റുള്ള സ്റ്റേറ്റുകളിലെ നിയമപരമല്ലാത്ത ഏജൻസികൾക്ക് നിരാലംബരായവരെ മനുഷ്യക്കടത്തിനായി വിൽക്കുന്നു.
സ്ത്രീകളെ കടത്തലിൽകൂടി ലൈംഗിക ബലിയാടാക്കുന്നവരുടെ സ്ത്രീത്വത്തെ തകർക്കുന്നു. ഇതിൽ അകപ്പെടുന്നവർ ദരിദ്രരും താണവരുമായ വർഗത്തിലുള്ളവരാണ്. അവർക്ക് സ്വത്തുക്കളോ മറ്റു സാമ്പത്തിക സ്ഥിതികളോ ഉണ്ടായിരിക്കില്ല. പണത്തിന്റെ ആവശ്യം മൂലം ഈ പാവങ്ങൾ ലൈംഗിക ട്രാഫിക് നടത്തുന്നവരുടെ വലയിൽ അകപ്പെടുകയും ചെയ്യും. വിദ്യാഭ്യാസക്കുറവ്, സമൂഹം സ്ത്രീകളുടെ മേൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം, സാമൂഹിക സാമ്പത്തിക തലങ്ങളിൽ ഉയരാൻ സാധിക്കാതെ നീതി നിക്ഷേധിക്കൽ, സ്ത്രീ സമത്വം നിഷേധിക്കൽ, മനുഷ്യാവകാശങ്ങളെ മാനിക്കാതെ മൃഗീയമായി പീഡിപ്പിക്കൽ മുതലാവകൾ അവർക്കുമേലുള്ള സാമൂഹിക സമ്മർദ്ദങ്ങളാണ്. അതുമൂലം ലൈംഗിക വ്യാപാരികൾ അവരെ സ്നേഹം കാണിച്ച് വശത്താക്കുന്നു. അവരെ സംരക്ഷിക്കണമെന്ന വ്യവസ്ഥയിൽ വ്യപിചാര സ്ഥാപനങ്ങളുടെയും തൊഴിൽ ശാലകളുടെയും വ്യവസായിക ഉല്പന്നമാക്കുന്നു. മുതലാളി വർഗം അവരെ ചൂഷണം ചെയ്യുകയും ചെയ്യും. അവരെ ആശ്രയിച്ചു ജീവിക്കുന്നവരെയും ചൂഷണം ചെയ്യുന്നു. വ്യാജമായ വാഗ്ദാനങ്ങളിൽ വശീകരിക്കുന്നവരെ തട്ടിക്കൊണ്ട് പോകാനും സാധിക്കുന്നു.
സാംസ്‌കാരികമായി അധഃപതിച്ച പുരുഷ സമൂഹങ്ങൾ യാതൊരു കുറ്റങ്ങളും ആരോപിക്കാതെയും സ്ത്രീകളെ പീഡിപ്പിക്കാറുണ്ട്. സ്ത്രീ വീട്ടിലാണെങ്കിലും വഴിയിലാണെങ്കിലും പീഡിപ്പിക്കപ്പെടാൻ പ്രത്യേക കാരണങ്ങൾ ഒന്നും വേണമെന്നില്ല. സ്ത്രീയെ പീഡിപ്പിക്കപ്പെടുന്നത് എങ്ങനെയെന്ന് കാഴ്ചക്കാർക്ക് ദൃശ്യമാകണമെന്നുമില്ല. പീഡനങ്ങൾ കൂടുതലും അവരുടെ വീടുകളിൽ നിന്നും കുടുംബത്തിൽ നിന്നുമായിരിക്കാം. സ്വന്തം വീട്ടിൽ പെൺകുട്ടികളെ മുറിക്കകത്ത് പൂട്ടിയിടും. മനുഷ്യത്വമില്ലാത്ത ഭർത്താക്കന്മാർ ക്രൂരമായി സ്ത്രീകളെ മർദ്ദിക്കും. പെൺകുട്ടികളുടെ മാതാപിതാക്കളും സഹോദരരും ഒരുപോലെ മർദ്ദിക്കുന്നതും സാധാരണമാണ്. ഇത്തരം കുടുംബ കലഹങ്ങൾ ഇന്ത്യൻ സംസ്ക്കാരികതയിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. സ്ത്രീകൾ നിശബ്ദരായി വീടിനുള്ളിൽ കഴിയണമെന്നുള്ള സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. അവർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ല. അവർ തർക്കിക്കാൻ പാടില്ല. വഴക്കടിക്കാതെ ശാന്തമായി ജീവിക്കണമെന്ന സാംസ്ക്കാരിക കാഴ്ചപ്പാടാണ് ഇന്ത്യൻ സമൂഹത്തിനുള്ളത്. അവിടെ സ്ത്രീയെന്നുള്ള അവരുടെ വ്യക്തിത്വം സാവധാനം ഇല്ലാതാവുകയാണ്.
ചില പെൺകുട്ടികളെ നിർബന്ധമായി ഏതെങ്കിലും വൃദ്ധനെക്കൊണ്ട് വിവാഹവും കഴിപ്പിക്കും. ചിലപ്പോൾ വിവാഹം കഴിച്ച ഭാര്യമാരെ വിൽക്കും. ധനത്തിനും കുറഞ്ഞ കൂലിത്തൊഴിലാളിയായും കഞ്ചാവിനും മയക്കുമരുന്നിനുമായും സ്ത്രീകളെ കൈമാറ്റം ചെയ്യുകയും ചെയ്യും. സാധാരണ വിൽക്കുന്നത് വ്യപിചാര ശാലകളിലായിരിക്കും. മാർക്കറ്റിൽ നിന്നും ബാലികമാരെ വധുവായും വിലയ്ക്ക് മേടിക്കുന്നവരുണ്ട്. ഒരിക്കൽ വ്യപിചാര ശാലയിൽ അകപ്പെട്ടാൽ അതിനു ബലിയാടാകുന്നവർക്ക് പിന്നീടൊരിക്കലും സാധാരണ ജീവിതം ലഭിക്കില്ല. അവരുടേത് കഷ്ടപ്പാടുകളുടെ ഒരു ജീവിതമായിരിക്കും. പലപ്പോഴും മാനസിക നിലകളൂം തെറ്റി പോവാറുണ്ട്. പിന്നീടുള്ള ജീവിതം ഒരു വേശ്യയായി തുടരേണ്ടിയും വരുന്നു. ആരെങ്കിലും രക്ഷപെടാൻ ശ്രമിച്ചാൽ അവരെ കൊല്ലുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യും. മാനസികമായി ഭയത്തോടെ ശിഷ്ടകാലം ജീവിക്കേണ്ടിയും വരുന്നു. ലക്ഷക്കണക്കിന് സ്ത്രീകളാണ് ഇത്തരം വേശ്യാലയങ്ങളിൽ അകപ്പെട്ടു ജീവിതം നശിപ്പിക്കേണ്ടി വരുന്നത്. വേശ്യാലയം നടത്തുകയെന്നത് ലോകത്തിൽ ഏറ്റവും ആദായകരമായ തൊഴിലുമാണ്. ഈ ബിസിനസ്സ് അതിവേഗം വളരുകയും ചെയ്യുന്നു.
സർക്കാരുകളും സർക്കാരിനോട് ബന്ധപ്പെട്ടവരും ഈ മനുഷ്യക്കടത്തുകളെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും സമ്മിശ്ര ഫലങ്ങളാണ് കാണുന്നത്. ആഗോള തലതലങ്ങളിലും പ്രതികരണങ്ങൾ ഉണ്ടാകാറുണ്ട്. ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും കുറ്റ കൃത്യങ്ങൾ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഈ പ്രശ്ന പരിഹാരം ഇന്ത്യയെ സംബന്ധിച്ച് അത്ര എളുപ്പമല്ല. ജീവിക്കാൻ നിവർത്തിയില്ലാതെ ദാരിദ്ര്യം കുമ്മു കൂടിയിരിക്കുന്നതാണ് പ്രധാന കാരണം. 'ഇമ്മോറൽ ട്രാഫിക്ക് പ്രിവൻഷൻ ആക്ട്' ലൈംഗിക വ്യാപാരത്തിനെതിരെയുള്ള നിയമമാണ്. 'ബോണ്ടഡ് ലേബർ അബൊളീഷൻ ആക്ട്' നിർബന്ധിതമായി തൊഴിൽ ചെയ്യണമെന്നുള്ള വ്യവസ്ഥകൾക്കുള്ള നിയമ സംഹിതയാണ്. 'ചൈൽഡ് ലേബർ ആക്ട്,' 'ജുവനൈൽ ജസ്റ്റിസ് ആക്ട്' മുതലായ സ്ത്രീകളുടെ സുരക്ഷിതത്തിനായുള്ള നിയമങ്ങൾ ഉണ്ടെങ്കിലും സമൂഹം പ്രവർത്തിക്കുന്നത് ഈ നിയമ വ്യവസ്ഥിതിയിൽ അല്ല. കാരണം, നിയമത്തിന് ഒരു സംസ്ക്കാരത്തെ മുഴുവനായി തുടച്ചു മാറ്റാൻ സാധിക്കില്ല. പഴയ മാമൂലുകൾക്ക് ഇളവ് നൽകാത്ത ഒരു ഗോത്ര രീതിയിലുള്ള പുരുഷ സമൂഹമാണ് കുടുംബത്തെ നയിക്കുന്നത്. അതിന്റെ ആഘാതം സമൂഹമാകെ മുറിവേൽപ്പിക്കുകയും ചെയ്യുന്നു. ഒടുവിൽ സ്ത്രീകളെ മനുഷ്യക്കടത്തുകാരുടെ നിയന്ത്രണത്തിൽ എത്തിക്കുകയും ചെയ്യുന്നു.
അസാന്മാർഗിക ലക്ഷ്യത്തോടെ മനുഷ്യ കടത്തു നടത്തുന്നവർക്കെതിരെ ഏഴുവർഷം മുതൽ ജീവപര്യന്ത ശിക്ഷവരെ ലഭിക്കാമെന്ന് ഇന്ത്യൻ പീനൽ കോഡ് അനുശാസിക്കുന്നു.(Immoral Trafficking Prevention Act) 2015-ൽ 4203 മനുഷ്യക്കടത്തുകേസുകൾ അന്വേഷണ വിധേയമായിരുന്നു. അതിൽ 76 ശതമാനം കൊച്ചു പെൺകുട്ടികളും സ്ത്രീകളുമായിരുന്നു. നാൽപ്പതു ശതമാനം കൊച്ചു പെൺകുട്ടികളെ വ്യപിചാര ശാലയിലും അയച്ചിരുന്നു. ഇന്ത്യയുടെ ചുവന്ന തെരുവുകളിൽ ഏകദേശം രണ്ടു മില്ലിയൻ സ്ത്രീകളും കുഞ്ഞുങ്ങളും ലൈംഗിക വ്യാപാരികളുടെ നിയന്ത്രണത്തിലുണ്ടെന്ന് കണക്കാക്കിയിരിക്കുന്നു. 8651 ആൺകുട്ടികളും 7238 സ്ത്രീകളും 5532 കൊച്ചു പെൺകുട്ടികളും മനുഷ്യക്കടത്തിൽ സർക്കാർ തിരിച്ചറിഞ്ഞവരിൽ ഉൾപ്പെടുന്നു. അവരിൽ തൊണ്ണൂറു ശതമാനവും ഇന്ത്യക്കാരായിരുന്നു. ശ്രീ ലങ്കാക്കാരും നേപ്പാളികളും ബംഗ്ളാദേശികളും മറ്റു തായ്, ഉസ്‌ബെക്കിസ്ഥാൻ ദേശ വാസികളുമുണ്ടായിരുന്നു.
ചില മതസ്ഥാപനങ്ങളുമായി സഹകരിച്ച് മനുഷ്യക്കടത്തിനെ നിയന്ത്രിക്കാനുള്ള നടപടികൾക്കും തുടക്കമിട്ടാൽ സമൂഹത്തിലെ ചിന്താഗതികൾക്ക് മാറ്റം വരുത്താൻ സാധിക്കും. അതുപോലെ മനുഷ്യക്കടത്തിന്റെ ദുരിത ഫല ദോഷ വശങ്ങളെസംബന്ധിച്ച് ജനങ്ങൾക്ക് ബോധവൽക്കരണ ക്ളാസുകൾ നൽകുന്നതും ഇതിനുള്ള പരിഹാരമായിരിക്കും. മനുഷ്യക്കടത്തിനെതിരായുള്ള സംഘടനകൾക്ക് ശക്തിയും സാമ്പത്തിക സഹായവും നൽകിയാൽ ദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്ക് സഹായമാകുമായിരുന്നു. അസാന്മാർഗ്ഗികമായി ജീവിക്കുന്നവർക്ക് ബോധവൽക്കരണത്തോടൊപ്പം നല്ല വിദ്യാഭ്യാസവും നൽകുക, കുട്ടികളുടെ മാതാ പിതാക്കൾക്കും ബോധവൽക്കരണ ക്ളാസുകൾ നൽകുക, സമൂഹത്തെയും ബോധവൽക്കരിക്കുക, കുട്ടികളെ കടത്തുന്നതിനെതിരെയുള്ള നിയമങ്ങൾ ശക്തമായി പ്രാബല്യത്തിൽ കൊണ്ടുവരുക, പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ തൊഴിലുടമകൾ ചൂഷണം ചെയ്യാതെ അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുക ആദിയായവകൾ മനുഷ്യക്കടത്തുകൾ നിയന്ത്രിക്കാൻ സഹായകമാകും.
'ഡി മോണിറ്റഷൻ' വന്നപ്പോൾ സർക്കാരിന്റെ ലക്ഷ്യങ്ങൾ അനധികൃത പണം തടയുക എന്നതായിരുന്നു. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കുറ്റക്കാരുടെ മേൽ ശക്തമായ നിയമ നടപടികൾ എടുക്കണമെന്നുമുണ്ടായിരുന്നു. അതുപോലെ കുട്ടികളെ ബലമായി വിവാഹം കഴിപ്പിക്കുന്നവരുടെ പേരിലും നടപടികൾ ആസൂത്രണം ചെയ്തിരുന്നു. ഇതിന് ബലിയാടാകുന്നവരെ സഹായിക്കുന്നതിലും ഫണ്ടുകൾ അനുവദിച്ചിരുന്നു. 2016-ലെ 'ഡി മോണിറ്റഷ'നൊപ്പം തന്നെ ഈ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. എന്നിരുന്നാലും ഇന്നും ഗ്രാമത്തിലെ പ്രമുഖരായവർ ഈ മനുഷ്യക്കടത്തു മൂലം അമിതമായ പണം ഉണ്ടാക്കി വരുന്നു. അനധികൃതമായി ഉണ്ടാക്കുന്ന ഈ പണത്തിന് കുറവുകളൊന്നും വന്നിട്ടില്ല.
കഴിഞ്ഞ വർഷം സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത രാജ്യങ്ങളിൽ ഇന്ത്യ ഏറ്റവും മുന്നിലുള്ള രാജ്യമെന്നു 'തോമസ് റോയിട്ടേഴ്‌സ് ഫൌണ്ടേഷൻ' കണ്ടെത്തിയിരുന്നു. അഫ്‌ഗാനിസ്ഥാനെക്കാളും സൗദി അറേബ്യയായേക്കാളും ഇന്ത്യ അപകടം പിടിച്ച രാജ്യമെന്നു അറിയപ്പെടുന്നു. 548 വിദഗ്ദ്ധരുൾപ്പെട്ട ഔദ്യോഗിക സംഘടനയായിരുന്നു സർവേ നടത്തിയത്. വിവേചനം, പിന്നോക്ക സാംസ്ക്കാരിക പാരമ്പര്യം, ലൈംഗിക കലഹങ്ങൾ, മനുഷ്യ കടത്തുകൾ, എന്നിവകളാൽ സ്ത്രീകൾ ഇന്ത്യൻ സമൂഹങ്ങളിൽ സുരക്ഷിതരല്ല. സർവ്വേ ഫലം പുറത്തു വന്നതോടെ ഇന്ത്യയിൽ ശക്തമായ വിമർശനങ്ങൾ മുഴങ്ങിയിരുന്നു. അഫ്ഗാനിസ്ഥാനിലും സൗദി അറേബ്യയായിലും സ്ത്രീകൾ ഇന്ത്യയേക്കാൾ എങ്ങനെ മെച്ച നിലവാരം പുലർത്തുന്നുവെന്നായിരുന്നു വിഷയം. സ്ത്രീകൾക്കായുള്ള നാഷണൽ കമ്മീഷന്റെ ഈ റിപ്പോർട്ട് ശരിയല്ലെന്ന് വിലയിരുത്തി. ബലാൽസംഗം, പീഡനം, മനുഷ്യ കടത്ത് മുതലായ സ്ത്രീകൾക്കെതിരെയുള്ള ചൂഷണങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതുകൊണ്ടു സ്ത്രീ സുരക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ ഒന്നാം സ്ഥാനത്തായി. സ്ത്രീ പീഡനം വർദ്ധിക്കുകയും ചെയ്തുവെന്ന അനുമാനത്തിലും സർവേഫലം എത്തിച്ചു.
ഇന്ത്യയിൽ ഏകദേശം 12 മില്ലിയൻ കുട്ടി തൊഴിലാളികളുണ്ട്. അത്രയും തന്നെ കുട്ടി തൊഴിലാളികളായ പെൺകുട്ടികളുമുണ്ട്. ഇവരെ ചാക്കിട്ട് പിടിക്കാൻ ഏകദേശം 20000 പിമ്പുകളുമുണ്ട്. ഒരു വർഷം ഇന്ത്യയിൽ അഞ്ചു ലക്ഷം കുട്ടികളെ കാണാതാകുന്നുവെന്നും സാമൂഹിക പ്രവർത്തകർ അവകാശപ്പെടുന്നു. ചില കേസുകൾ അതാത് പ്രദേശങ്ങളുടെ സ്ഥിതിവിശേഷമനുസരിച്ചു പരിഹരിക്കാതെയിരിക്കും. ദാരിദ്ര്യം കാരണം മെച്ചമായ ജീവിത സൗകര്യങ്ങൾ അനുസരിച്ചു മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിക്കുകയും ചെയ്യും. പീഡനങ്ങൾ മൂലവും, മനുഷ്യവകാശങ്ങൾ നശിച്ചതിനാലും മെച്ചമായ സാമൂഹികവും സാമ്പത്തികവുമായ അവസരങ്ങൾക്കും വർഗീയ വംശീയ കലഹങ്ങളിൽ നിന്നുമുള്ള മോചനത്തിനും അവർ ജനിച്ച നാടുകൾ ഉപേക്ഷിക്കേണ്ടിയും വരുന്നു. കുട്ടികളെക്കൊണ്ടു തൊഴിൽ ചെയ്യിപ്പിക്കുന്നതു ഇന്നും ഇന്ത്യയിൽ നിയമ വിരുദ്ധമല്ല. അപകടമില്ലാത്ത പ്രദേശങ്ങളാണെങ്കിൽ പതിനാലു വയസിൽ താണവർക്കും ജോലി ചെയ്യാമെന്നുള്ള സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. 1986-ലെ 'ചൈൽഡ് ലേബർ ആക്ട് പ്രകാരം' അപകടം വരാത്ത തൊഴിലുകളായ കൈത്തൊഴിലുകൾ, കൃഷി സ്ഥലത്ത് ജോലി ചെയ്യുക, മുതലായവ കുട്ടികൾക്കുമാകാം.
Subscribe to:
Posts (Atom)
കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?
ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...
-
ജോസഫ് പടന്നമാക്കൽ ഭാരതത്തിൽ അതിപുരാതനകാലം മുതലേ തിരുവിതാംകൂർ രാജവംശമുണ്ടായിരുന്നു. തിരുവൻകോട്, വേണാട്, വഞ്ചിദേശം, കേരളം, തിരുവടിദേശം എന...
-
ജോസഫ് പടന്നമാക്കൽ ഇൻഡ്യയുടെ ചരിത്രം പുനഃ പരിശോധിക്കുകയാണെങ്കിൽ തിരുവിതാംകൂർ എന്ന കൊച്ചു രാജ്യത്തുണ്ടായിരുന്ന നിരവധി രാഷ്ട്രീയ സാമൂഹിക തീ...
-
പ്രജാപതിയായ പുരുഷന് അനന്തമായ പ്രപഞ്ചത്തില് ഏകനായി സഞ്ചരിച്ചു. തന്റെ പിതാവായ ബ്രഹ്മനില്നിന്നും അകന്നു സൃഷ്ടി കര്മ്മങ്ങളില്...