Saturday, March 21, 2020

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

WASHINGTON DC, USA - FEBRUARY 26: U.S. President Donald Trump holds a press conference announcing U.S. Vice President Mike Pence to lead the effort combating the spread of the coronavirus in Washington DC, United States on February 26, 2020. (Photo by Yasin Ozturk/Anadolu Agency via Getty Images)

ജോസഫ് പടന്നമാക്കൽ

കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുതീ പോലെ പടർന്നു വരുന്ന കൊറോണയെ പ്രതികരിക്കുകയെന്നത് രാഷ്ട്രത്തിലെ ഓരോ പൗരന്റെയും കടമയാണ്. ആഘോഷങ്ങളും പാർട്ടികളും അമേരിക്കയിൽ നിയന്ത്രിച്ചിരിക്കുകയാണ്.  കടകളെല്ലാം പ്രവർത്തന രഹിതമായി മാറിയിരിക്കുന്നു.  ക്രയവിക്രയങ്ങൾ ഇല്ലാതെ മനുഷ്യരുടെ 'കയറ്റം ഇറക്കം' കുറഞ്ഞിരിക്കുന്നു.  കൊറോണ വൈറസ് മൂലം സ്റ്റോക്ക് മാർക്കറ്റ് ചരിത്രത്തിൽ തന്നെ വലിയ ഇടിവ് ഉണ്ടാക്കിയിരിക്കുന്നു. എങ്കിലും ദൈനം ദിന ജീവിതത്തിൽ  ചിലരുമായി സഹകരണം  കൂടിയേ തീരൂ. ഡോക്ടർമാരുടെ ഓഫിസ് സന്ദർശനം, ഷോപ്പിംഗ്, തലമുടി വെട്ടിക്കൽ ഇത്യാദി  ഒഴിച്ചുകൂടാൻ സാധിക്കാത്ത  നിത്യജീവിതത്തിന്റെ ഭാഗങ്ങളാണ്.

ലോകം മുഴുവൻ പടർന്നുപിടിച്ചിരിക്കുന്ന 'കൊറോണ  വൈറസ്'  ഏതൊരു  രാജ്യത്തിന്റെയും  അടിയന്തിരാവസ്ഥയ്ക്ക് തുല്യമായ ഒരു സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.  പരിഷ്കൃത രാജ്യങ്ങൾ പോലും കൊറോണയെ എങ്ങനെ നേരിടാമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. 'ഒരു യുദ്ധകാലവസ്ഥ  പോലെ  പടർന്നിരിക്കുന്ന കൊറോണ എന്ന മാരക രോഗത്തെ എതിരിടണമെന്നാണ്' പ്രസിഡന്റ് ട്രംപ് രാഷ്ട്രത്തോടായി ആഹ്വാനം ചെയ്തത്. ഒരു യുദ്ധം വരുമ്പോൾ സാധാരണ പ്രതിരോധ സംവിധാനങ്ങൾക്ക് ഏതൊരു രാജ്യവും  ഒരുങ്ങാറുണ്ട്. ഒന്നാം ലോക മഹായുദ്ധത്തിലും രണ്ടാം ലോക മഹായുദ്ധത്തിലും ശത്രുകളുടെ  പാളയം കീഴടക്കിയ ശേഷമായിരുന്നില്ല,  യുദ്ധകാഹളവുമായി രാജ്യങ്ങൾ രംഗപ്രവേശനം ചെയ്തത്. ട്രംപ് ഒരു യുദ്ധ കാല പ്രസിഡണ്ടിന്റെ സ്ഥാനം അവകാശപ്പെടുന്നുണ്ടെങ്കിലും അതിനുള്ള തയ്യാറെടുപ്പുകളിൽ അമാന്തിക്കുന്നു. കൊറോണ വൈറസ് പ്രതിരോധത്തിന് സജ്ജമാകണമെങ്കിൽ ദേശീയ ലെവലിൽ മുഴുവനായി രോഗം ബാധിക്കണമെന്ന അഭിപ്രായത്തിലേക്ക് അദ്ദേഹം നീങ്ങുകയാണ്.

കോറോണവൈറസ് ലക്ഷണങ്ങൾ  (COVID-19) തുടക്കത്തിൽ തിരിച്ചറിയുവാൻ പ്രയാസമായിരിക്കും. മൂക്കൊലിപ്പ്, തൊണ്ണവേദന, കഫം, പനി എല്ലാം ആദ്യ ലക്ഷണങ്ങളാണ്. രോഗലക്ഷണം വർദ്ധിക്കുമ്പോൾ ശ്വാസം മുട്ടലുകളും അനുഭവപ്പെടും.  വളരെ അപൂർവമായി മാത്രമേ ഈ 'വൈറസ്' ജീവനു  ഭീക്ഷണിയായി അപകടകാരിയാവുള്ളൂ. ആരോഗ്യമുള്ള ശരീര പ്രകൃതിയുള്ളവർക്ക് അധികം ഭയപ്പെടേണ്ടതില്ല. എന്നാൽ പ്രായമായവരും ആസ്മ, ഡയബറ്റിക്‌സ് ഉള്ളവരും ഹൃദ്രോഗം ഉള്ളവരും ശ്രദ്ധിക്കണം. ഇമ്മ്യൂണിറ്റി കുറവായതിനാൽ അത്തരക്കാർക്ക് വൈറസ് പിടിപെട്ടാൽ അവരുടെ ആരോഗ്യം വളരെ മോശമാകാൻ സാധ്യതയുണ്ട്. ന്യുമോണിയായും ബാധിക്കാം.

ചൂടുള്ള പ്രദേശമാണെങ്കിലും തണുപ്പുള്ള പ്രദേശമാണെങ്കിലും കൊറോണ വൈറസിന് വ്യത്യാസമില്ലെന്ന് അതിന്റ വ്യാപ്തി തെളിയിച്ചു കഴിഞ്ഞു. അതി ശൈത്യത്തിനും സ്നോയ്ക്കും ഈ വൈറസിനെ കൊല്ലാൻ സാധിക്കില്ല. സോപ്പും വെള്ളവും ഉപയോഗിച്ച് കൂടെ കൂടെ കൈകൾ കഴുകുകയെന്നതാണ് ഈ വൈറസിനുള്ള പ്രതിവിധി. 'കോവിഡ് 19' എന്ന് പേരിട്ടിരിക്കുന്നത് കൊറോണ വൈറസ് 2019 -ൽ മനുഷ്യ ശരീരത്തിൽ  കണ്ടുപിടിച്ചതുകൊണ്ടാണ്. ഈ വൈറസ്  മൃഗങ്ങളിലും മനുഷ്യരിലും പകരാം. രോഗം വഷളാവുമ്പോൾ കിഡ്‌നി പരാജയവും മരണം വരെയും സംഭവിക്കാം.ന്യൂമോണിയയ്ക്കുള്ള കുത്തിവെപ്പുകൊണ്ട് 'കൊറോണ' വൈറസിന് പ്രയോജനപ്പെടുകയില്ല. ഗവേഷകർ കൊറോണായ്ക്കുള്ള പുതിയ മരുന്ന് കണ്ടുപിടിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. കൊറോണ വൈറസ് ബാധിച്ചാൽ 'ആന്റി ബയോട്ടിക്കും' ഫലപ്രദമല്ല.  കൊറോണ ബാധിച്ചവർ ഏകാന്തമായി  മറ്റുള്ളവരിൽ നിന്നും അകന്നുള്ള വിശ്രമത്തിൽ ഏർപ്പെടണം.

രണ്ടാം ലോകമഹായുദ്ധത്തിലെ 'ഫ്രാൻക്ലിൻ റൂസ്‌വെൽറ്റിനെ'പ്പോലെ  ഹീറോ ആവണമെങ്കിൽ ട്രംപിന് കൊറോണ വൈറസിനെ വ്യാപിച്ചു, ശക്തികൂട്ടി പ്രതിരോധം തുടങ്ങേണ്ടിയിരിക്കുന്നു. എങ്കിലേ അമേരിക്കയുടെ ശക്തനായ ഒരു കമാണ്ടർ ഇൻ ചീഫ് എന്ന സ്ഥാനത്ത് എത്താൻ സാധിക്കുള്ളൂ. തിരഞ്ഞെടുപ്പ് വേളകളിലെല്ലാം വാചാലമായി അദ്ദേഹം സംസാരിക്കാറുണ്ട്. പ്രസംഗങ്ങൾ യുദ്ധകാല രാഷ്ട്രതന്ത്രജ്ഞരായ  ചർച്ചിലിനെയും റൂസ്‌വെൽറ്റിനെയും കിടപിടിക്കുന്നതാണ്. "ത്യാഗങ്ങളിൽക്കൂടി കൊറോണയോട് നാം മല്ലടിക്കണം. നാം ഒന്നായി പ്രവർത്തിക്കണം. നാം എല്ലാം ഒന്നാണ്. ഈ അജ്ഞാത ശത്രുവിനെ നാം തോൽപ്പിക്കും. നാം വിചാരിക്കുന്നതിലും അതിവേഗം ഈ രോഗത്തെ തരണം ചെയ്യും. പൂർണ്ണമായ വിജയം നേടും. അത് നമ്മുടെ സർവകാല വിജയത്തേക്കാളും അത്യുജ്ജല വിജയമായിരിക്കുമെന്ന്"  ഒരു ഐതിഹാസിക  യുദ്ധ തന്ത്രജനെപ്പോലെ ട്രംപ് ചിലപ്പോൾ സംസാരിക്കാറുണ്ട്.

കൊറോണാ വയറസിനൊപ്പം പ്രസിഡണ്ടിന് മറ്റു വിദേശ  ശത്രുക്കളെയും നേരിടേണ്ടതായുണ്ട്. ഈ പകർച്ച വ്യാധി ലോകത്ത് വ്യാപിക്കാൻ കാരണം ചൈനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിൽ ചൈനീസ് ഭരണകൂടം  അമേരിക്കയോട് കടുത്ത വിരോധവും പുലർത്തുന്നു. മൂന്നുനാലു പ്രസ്സ് റിപ്പോർട്ടർമാരെ ചൈന പുറത്താക്കുകയും ചെയ്തു. കൊറോണ വയറസിനെ രാഷ്ട്രീയവൽക്കരിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് അമേരിക്ക നടത്തുന്നതെന്ന് ചൈന കുറ്റപ്പെടുത്തുകയും ചെയ്തു. 'അമേരിക്കയെ ആക്രമിക്കുന്നത് കാണപ്പെടാത്ത കൊറോണാ  വൈറസ് മാത്രമല്ല, ചൈനക്കാരുമുണ്ടെന്ന്' ട്രംപിന്റെ പ്രസ്താവന ചൈനക്കാരെ കുപിതരാക്കിയിരുന്നു.  അതേ സമയം 'ജോ ബൈഡൻ' ചൈനയുടെ വശം ചേർന്നുള്ള  പ്രസ്താവനകളും ഇറക്കുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥിതി ഗതികൾ ഗൗരവമായി എടുക്കുമെന്ന പ്രതീക്ഷയിൽ ട്രംപിനെതിരെ ശക്തിയായുള്ള  വിമർശനങ്ങളും അമേരിക്കൻ ജനതയിൽ തുടരുന്നു.

കൊറോണ വൈറസിനെ തടയാനായി ഒരു വാക്‌സിൻ ഇന്നുവരെ മാർക്കറ്റിൽ വന്നിട്ടില്ല. കണ്ടുപിടിച്ചിട്ടുമില്ല. നാം തന്നെ വൈറസ് പിടിപെടാതെ നമ്മുടെ ദിനചര്യകൾക്ക് മാറ്റം വരുത്തേണ്ടതായുണ്ട്. വളരെ ശ്രദ്ധാപൂർവം സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട അടിയന്തിര സാഹചര്യമാണ് ഇന്ന് ഓരോരുത്തരും അഭിമുഖീകരിക്കുന്നത്. അസുഖം  വരാതെ മനുഷ്യ സമ്പർക്കം കഴിയുന്നതും കുറയ്ക്കുക എന്നുള്ളതാണ് ഏറ്റവും വലിയ പ്രതിവിധി. കൊറോണ ബാധയുള്ള പ്രദേശങ്ങളിൽ  രോഗം തടയാനുള്ള മാർഗങ്ങൾക്കായി മെഡിക്കൽ ബുള്ളറ്റിനിലും ഡോക്ടർമാർ പറഞ്ഞതുമായ അഭിപ്രായങ്ങൾ താഴെ അക്കമിട്ടു കുറിക്കുന്നു.

1. കൊറോണ  വൈറസ് ബാധിക്കുന്നത് സാധാരണ വൈറസു ബാധിച്ച മറ്റൊരാളിൽ നിന്നായിരിക്കും.  അസുഖം ബാധിച്ചവരുമായി ഇടപെടേണ്ടി വരുന്നുവെങ്കിൽ ആറടി അകലം പാലിക്കേണ്ടതും ആവശ്യമാണ്. കൂടുതൽ അടുത്ത് നിൽക്കുംതോറും വൈറസ് ചാടിപിടിക്കാൻ സാധ്യത കൂടുകയും ചെയ്യും. അടുത്തുനിന്നു  രോഗം ബാധിച്ചവർ മൂക്കുചീറ്റുകയോ കഫം തുപ്പുന്നതു  തെറിക്കുകയോ ചെയ്‌താൽ വൈറസ് പകരാൻ സാധ്യതയുണ്ട്.  സമീപത്തുള്ളവരുടെ 'തുപ്പൽ' മൂക്കിലോ വായിലോ തെറിച്ചാൽ  അത് ശ്വസിക്കുകയും  വൈറസ് പകരുകയും ചെയ്യാം.  ശ്വാസ കോശത്തിന് തകരാറു വരുന്നതുമൂലം ശ്വസിക്കാനും ബുദ്ധിമുട്ടു വരും.

2. വൈറസ് അണുബാധ ശരീരത്തിൽ  പിടിച്ചിട്ടില്ലെങ്കിൽ മുഖം മൂടി ധരിക്കേണ്ട ആവശ്യമില്ല. എങ്കിലും  അസുഖം ഉള്ളവരെ പരിചരിക്കേണ്ട ആവശ്യം വരുമ്പോൾ മാസ്ക്ക് ധരിക്കേണ്ടതായി വരും. ശുശ്രുഷ കൾ ചെയ്യുന്നവർക്കായി ഫേസ് മാസ്‌ക്ക് കരുതൽ ആവശ്യമാണ്.

3. നമ്മൾ സ്പർശിക്കുന്ന സ്ഥലങ്ങൾ ദിവസവും ക്ളീൻ ചെയ്തുകൊണ്ടിരിക്കണം.  മേശ, വാതിൽ നോബുകൾ, (Knobs) സ്വിച്ചുകൾ, ഫോൺ, കംപ്യുട്ടർ കീ ബോർഡ്, ടോയ്‌ലറ്റ്, ഫോസെറ്റ്, സിങ്ക് എപ്പോഴും കഴുകി വെടിപ്പാക്കികൊണ്ടിരിക്കണം.  വൃത്തിയാക്കാൻ ഡിറ്റർജെന്റ് സോപ്പും വെള്ളവും ഉപയോഗിക്കണം.

4. ജോലി സ്ഥലത്തുനിന്നു വീട്ടിൽ വന്നാലും ദിവസവും ദേഹശുദ്ധി വരുത്തുകയും  കഴുകി വൃത്തിയാക്കിയ വസ്ത്രങ്ങൾ  മാറി മാറി ധരിക്കുകയും വേണം.  കൈകൾ കൂടെക്കൂടെ കഴുകിക്കൊണ്ടിരിക്കണം.  പൊതുസ്ഥലങ്ങളിലാണെങ്കിൽ കൈകൾ വൃത്തിയാക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.  പ്രത്യേകിച്ച് മൂക്ക് ചീറ്റേണ്ട  അവസ്ഥയോ കഫം പുറമെ കളയേണ്ട സ്ഥിതി വിശേഷമോ വരുന്നുവെങ്കിൽ കൈകൾ ശുദ്ധി വരുത്തേണ്ടത് അത്യാവശ്യമാണ്. സോപ്പുകൾ കൈവശമില്ലെങ്കിൽ  'ആൽക്കഹോൾ നാപ്ക്കിൻ' ഉപയോഗിക്കണം.  കഴുകാത്ത കൈകളാണെങ്കിൽ കണ്ണ്, മൂക്ക്, വായ് സ്പർശിക്കാതെ ഇരിക്കുക. തുടർച്ചയായ കൈകഴുകൽ, ജീവിതശൈലികളാക്കണം.

5. അസുഖമായവരുടെ സമീപത്ത് നിൽക്കാതിരിക്കുക. ആരോഗ്യം കുറഞ്ഞവർ ആൾകൂട്ടത്തിൽ നിന്നും അകന്നു നിൽക്കണം. വൈറസ് പിടിച്ചവർ വീട്ടിൽ തന്നെ വിശ്രമം എടുക്കുക. മെഡിക്കൽ കാര്യങ്ങൾക്കു മാത്രമേ പുറത്തു പോവാൻ പാടുള്ളൂ.

6. തുമ്മുമ്പോൾ 'ടിഷ്യു' കൈവശം ഇല്ലെങ്കിൽ  കൈകൾ കൊണ്ട്  മുഖം മൂടി തുമ്മണം. ടിഷ്യുകൾ ഉടൻ ട്രാഷ് കാനിൽ നിക്ഷേപിക്കുകയും വേണം.

7. അസുഖം ബാധിച്ചവരുടെ കാറിൽ സഞ്ചരിക്കേണ്ടി വന്നാലും മാസ്ക്ക് ധരിച്ചിരിക്കണം.

8. പ്രായമായവർക്കും കഠിനമായ അസുഖം ഉള്ളവർക്കും ശ്വാസ കോശ രോഗം ഉള്ളവർക്കും ഡയബറ്റിക് ഉള്ളവർക്കും വൈറസ് ബാധിക്കാൻ കൂടുതൽ സാധ്യതയുണ്ട്. അസുഖമുണ്ടായാൽ  കൂടുതൽ സുരക്ഷിതത്തിനായി ഹെൽത്ത് കെയർ പ്രൊവൈഡറെ സമീപിക്കുകയും വേണം.

9. ഏതെങ്കിലും ഒരു ഓഫീസിലോ ഡോക്ടർ ഓഫിസിലോ  പോവേണ്ടി വന്നാൽ അവിടെയുള്ള  വെയ്റ്റിംഗ് റൂമിൽ കാണുന്ന കസേരകളിൽ ഇരിക്കാതെ കഴിയുന്നതും മാറി നിൽക്കാൻ ശ്രമിക്കുക. ഇട്ടിരിക്കുന്ന ജാക്കറ്റ് അവിടെയുള്ള സന്ദർശകർക്കായുള്ള കസേരയിൽ  ഇടാതെ സൂക്ഷിക്കുക.

10. കൈകൾ വൃത്തിയാക്കാൻ  'വെറ്റ് നാപ്ക്കിൻ' കാറിൽ എപ്പോഴും തയ്യാറാക്കി സ്റ്റോക്ക് ചെയ്തു വെച്ചിരിക്കണം.

11. രോഗബാധിതരായവരുടെ സമീപങ്ങളിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിൽ മടങ്ങി വീട്ടിൽ വരുമ്പോൾ   ധരിച്ചിരിക്കുന്ന വേഷങ്ങൾ വീടിനുള്ളിൽ കയറ്റാതെ  കഴുകാനായി വാഷിംഗ് മെഷീനിൽ ഇടുകയും പകരം വേറെ ഡ്രസ്സുകൾ ധരിക്കുകയും വേണം.

12. സമൂഹമായും കൂട്ടമായും പ്രാർഥന ഗ്രുപ്പുകൾ നടത്തുന്ന പ്രാർത്ഥനകളിൽ സംബന്ധിക്കാതിരിക്കുക. പ്രാർത്ഥനകൾ പലരുടെയും വ്യക്തിപരമായ കാര്യങ്ങളാണെങ്കിലും ദേവാലയ സന്ദർശനവും, കുർബാന സ്വീകരണവും രൂപം മുത്തലും ഒഴിവാക്കാൻ ശ്രമിക്കുക. പകരം കുടുംബ പ്രാർത്ഥനകൾ സൗഹാർദ്ദ കുടുംബങ്ങളായി നടത്തേണ്ടവർ ടെലിഫോൺ  വഴിയാകാം.  രോഗം ഭേദമാകാൻ അത്ഭുത ധ്യാന ഗുരുക്കളുടെ ഉപദേശമല്ല വേണ്ടത്. ആവശ്യമെങ്കിൽ ആരോഗ്യ സുരക്ഷാ പ്രവർത്തകരുടെ ഉപദേശം തേടണം.

13.ഇറച്ചിയും മുട്ടയും കഴിക്കുന്നതിനു മുമ്പ് പരമാവധി വേവിക്കുക, ചുമയും തുമ്മലുമുള്ളവരിൽ നിന്നും അകന്നു നിൽക്കുക മുതലായവ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.  മനുഷ്യന്റെ തുപ്പലുവഴിയല്ലാതെ കൊതുകു വഴി ഈ രോഗം പരത്തില്ലെന്നു ശാസ്ത്രലോകം പറയുന്നു. സോപ്പിട്ട് കൈകൾ കഴുകിയ ശേഷം കൈകൾ ഉണങ്ങാൻ ടൗവ്വലുകൾ കൊണ്ട്  തുടക്കുകയും വേണം. പായ്‌ക്കറ്റിലല്ലാതെ തുറന്നിരിക്കുന്ന പച്ചക്കറികളോ, പഴവർഗങ്ങളോ കടയിൽനിന്നും മേടിക്കരുത്. നല്ലവണ്ണം കഴുകി വെടിപ്പായ ശേഷം പാകം ചെയ്യുകയും വേണം.

14. ചിലർ ആൽക്കഹോളും ക്ളോറിനും ദേഹത്ത് സ്പ്രേ ചെയ്യുന്നു. അത് ഉള്ളിലേക്ക് പോയ വൈറസിനെ പ്രതിരോധിക്കില്ല. അത്തരം സ്പ്രേകൾ നമ്മുടെ കണ്ണിനും മൂക്കിനും പ്രശ്നങ്ങളുണ്ടാക്കും. വസ്ത്രങ്ങളും കേടാകും.

രണ്ടാം ലോക മഹായുദ്ധത്തിന്റെ ആവേശത്തോടെയാണ് ഇന്ന് അമേരിക്കൻ ജനത  കൊറോണ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നത്.  കാണാൻ സാധിക്കാത്ത അജ്ഞാത  ശത്രുവിനെതിരെയാണ് പോരാട്ടം. മനുഷ്യരാശിക്കെതിരായുള്ള  ശത്രുവിനെതിരെയാണ് ഈ ധാർമ്മിക യുദ്ധം.  യുദ്ധത്തിൽ നാം ജയിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറയുന്നു. കൊറോണയ്ക്കെതിരെ സമര പ്രഖ്യാപനമായി അദ്ദേഹം 'ഡിഫെൻസ് പ്രൊഡക്ഷൻ ആക്ട്' എന്ന  പുതിയ ഒരു ബില്ലിൽ ഒപ്പിട്ടിരുന്നു. എന്നാൽ, ഖേദകരമെന്നു പറയട്ടെ,  ബില്ല്  നടപ്പാക്കുന്ന കാര്യത്തിൽ  ട്രംപ് ഇപ്പോൾ സംശയം പ്രകടിപ്പിക്കുന്നു. ആവശ്യത്തിനു  ഫണ്ടുകൾ അനുവദിച്ചു ഹോസ്പിറ്റൽ ജോലിക്കാർക്കുള്ള അത്യാവശ്യ രക്ഷാ കവചങ്ങളും മാസ്ക്കും  ഉൽപ്പാദിപ്പിക്കാനുള്ള ശ്രമമായിരുന്നു അത്.   ഹോം ലാൻഡ് ഡിഫൻസിനു ഒർഡർ ലഭിക്കത്തക്ക വിധം ഒരു ബില്ലിൽ ഒപ്പിടുകയും ചെയ്തിരുന്നു.   കൊറോണ വൈറസിന്റെ പ്രതിരോധങ്ങൾക്കായുള്ള ഈ തീരുമാനത്തിൽ ട്രംപ് ഇപ്പോൾ അഭിപ്രായങ്ങൾ  മാറ്റുന്ന രീതികളിലാണ് പുതിയ  പ്രസ്താവനകൾ ഇറക്കിക്കൊണ്ടിരിക്കുന്നത്.

കൊറോണ വൈറസിനെ സംബന്ധിച്ചുള്ള പ്രസിഡന്റ് ട്രംപിന്റെ പ്രാരംഭ തീരുമാനത്തെ സ്റ്റേറ്റ് ഗവർണ്ണർമാരും കോൺഗ്രസ് അംഗങ്ങളും മെഡിക്കൽ തൊഴിലുകളിൽ ഉള്ളവരും സ്വാഗതം ചെയ്തിരുന്നു. അപ്രതീക്ഷിതമായുണ്ടായ ഈ വസന്ത മൂലം അമേരിക്കയിലെ ഹോസ്പിറ്റലുകളിൽ  സുരക്ഷിതമായ രക്ഷാകവചങ്ങളുടെ കുറവുകൾ തീവ്രമായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരും നെഴ്സുമാരും സ്വന്തം ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ഭയത്തിലാണ്. നിയന്ത്രിക്കാൻ പാടില്ലാത്ത വിധം കൊറോണ അതിവേഗം പടർന്നു പിടിക്കുമെന്നും ഭയപ്പെടുന്നു.

അമേരിക്കയിൽ ആരോഗ്യമേഖല രൂക്ഷമായിരിക്കുന്ന സമയത്ത്  പ്രസിഡന്റ്  ട്രംപ്  മുമ്പു പറഞ്ഞ അഭിപ്രായങ്ങൾക്ക് മാറ്റം വരുത്തിയിരിക്കുന്നു. ഭാവിയിൽ 'കൊറോണ' രൂക്ഷമായി വളരുന്ന സാഹചര്യത്തിൽ മാത്രമേ സുരക്ഷിത സംവിധാനങ്ങൾക്കായി ഫണ്ട് അനുവദിക്കാൻ കഴിയൂവെന്ന അഭിപ്രായമാണ് ഇപ്പോൾ ട്രംപിനുള്ളത്. ട്രംപ് ആദ്യം പറഞ്ഞ അഭിപ്രായങ്ങളിൽ നിന്നും വ്യത്യസ്തമായി പറഞ്ഞപ്പോൾ പലരിലും  ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. കൊറോണ വൈറസു ആയുധമായി കൈകളിലേന്തി പ്രസിഡന്റ് ട്രംപ് രാഷ്ട്രീയം കളിക്കുകയാണോയെന്നും ചിലരിൽ സംശയങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. സുരക്ഷിത കവചങ്ങളുടെ, മാസ്‌ക്കുകളുടെ ഉൽപ്പാദനം മന്ദീഭവിച്ചാൽ ആരോഗ്യ സുരക്ഷാമേഖലയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് 'നാൻസി പെലോസിയെ' പ്പോലുള്ളവർ മുന്നറിയിപ്പും കൊടുത്തിട്ടുണ്ട്.' ഡിഫൻസ് പ്രൊഡക്ഷൻ നിയമം' ശക്തമാക്കിയില്ലെങ്കിൽ അത്യാവശ്യ സുരക്ഷ നടപ്പാക്കുന്നതിൽ അമേരിക്ക പരാജയപ്പെടുമെന്നും മുന്നറിയിപ്പ് കൊടുത്തു കഴിഞ്ഞു.

യുദ്ധകാല പ്രതീതിയുളവാക്കുന്ന തരത്തിൽ രാഷ്ട്രത്തോടായി അഭിപ്രായങ്ങൾ പുറപ്പെടുവിക്കുന്ന പ്രസിഡന്റ് ട്രംപ് രാഷ്ട്രീയമായും സ്വന്തം നേട്ടങ്ങളും നേടാൻ കൊറോണായെ കാണുന്നുവോ എന്നും തോന്നിപ്പോവുന്നു. 'പ്രസിഡന്റ് എബ്രഹാം ലിങ്കണും' 'ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റും' രാഷ്ട്രത്തിന്റെ അന്ധകാരമായ ദിനങ്ങളിൽ രാജ്യത്തിന്റെ ലക്ഷ്യമെന്തെന്ന് അറിഞ്ഞിരുന്നു. മഹാന്മാരായ അന്നത്തെ പ്രസിഡണ്ടുമാർ അന്നുള്ള സമകാലീക ചരിത്രവും കൃതികളും പഠിച്ച് ജനങ്ങളുടെ വികാരങ്ങളെ ശരിയായി ഒപ്പിയെടുത്തിരുന്നു. അവർ ജനങ്ങളോട് സത്യം പറഞ്ഞിരുന്നു. യുദ്ധകാലത്തിലെ അപകടസ്ഥിതിയെ മനസിലാക്കി രാജ്യം നയിച്ചിരുന്നു. 'റൂസ് വെൽറ്റ്'  വീൽ ചെയറിൽ ഇരുന്ന്  അമേരിക്കയ്ക്കുവേണ്ടി ധീരമായി പോരാടി രണ്ടാം ലോകമഹായുദ്ധത്തിൽ  വിജയിച്ചു.  ട്രംപിന്റെ പ്രഖ്യാപനങ്ങൾ  യുദ്ധകാല അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെങ്കിലും കൊറോണ വയറസിന്റെ അടിയന്തിരാവസ്ഥ ഒരു വശത്ത് മടക്കിവെച്ചുകൊണ്ടു രണ്ടാമതും പ്രസിഡണ്ടായി തിരഞ്ഞെടുക്കുന്നതിലുള്ള  സംരംഭങ്ങളിലാണ്.

അമേരിക്കയുടെ ചരിത്രത്തിലെ മഹാന്മാരായ രണ്ടു പ്രസിഡന്റുമാരുടെ ചരിത്രകാരോടൊപ്പം ട്രംപിന് സ്ഥാനം കൊടുക്കുന്നതും അഭികാമ്യമാണോ? കഴിഞ്ഞ മൂന്നര വർഷങ്ങൾക്കുള്ളിലെ അദ്ദേഹത്തിന്റെ ഭരണകാലത്തിൽ  ഒരു യുദ്ധം പ്രഖ്യാപിക്കുന്നത്  ആദ്യമാണ്; യുദ്ധം വൈറസിനെതിരെയെന്നു മാത്രം.  ദേശീയ ഐക്യം അദ്ദേഹം ആഹ്വാനം ചെയ്യുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പ് 'റൂസ്‌വെൽറ്റ്' നാസികളുടെ വളർച്ചയെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കാറുണ്ടായിരുന്നു. അതിലൂടെ ആഗോള സ്വാതന്ത്ര്യവും കാംഷിച്ചിരുന്നു. കൊറോണ വൈറസ് അമേരിക്കയിൽ പ്രവേശിക്കുന്നതിനു മുമ്പ് ഭീഷണി വരാതിരിക്കുന്നതിനെപ്പറ്റി ട്രംപ് ചിന്തിച്ചിരുന്നു. ഒരു ഫ്ലൂ പോലുള്ള അസുഖമാണ്; അത് വന്നും പോയുമിരിക്കുമെന്ന ലാഘവത്തിലായിരുന്നു പ്രസിഡന്റ് സംസാരിച്ചുകൊണ്ടിരുന്നത്. എന്നാൽ അത് ഇത്രമാത്രം ഗുരുതരമാണെന്നുള്ള വസ്തുത പ്രസിഡന്റ് പുറത്താക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നു.

യുദ്ധകാല നേതാക്കന്മാർ യുദ്ധത്തിൽ  പാകപ്പിഴകൾ വന്നാൽ  അവർ തന്നെ അതിന്റെ പരിപൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് പതിവ്. 'ജനറൽ ഡ്യുവറ്റ് ഐസനോവറും', അമേരിക്കൻ പട്ടാളവും 1944 ജൂൺ ആറാംതീയതി  യുദ്ധകാഹളവുമായി നോർമാൻഡിയുടെ തീരത്ത് പോയപ്പോൾ പറഞ്ഞു, ഈ യുദ്ധത്തിൽ എന്തെങ്കിലും തെറ്റുകൾ വരുകയാണെങ്കിൽ , 'തെറ്റുകൾ' എന്റെ മാത്രമായിരിക്കും.  എന്നാൽ ട്രംപിന്റെ കൊറോണ വൈറസ്  യുദ്ധവുമായി ഐസനോവറിന്റെ വാക്കുകളിൽ യാതൊരു സാമ്യവും കാണുന്നില്ല. കൊറോണ വൈറസിന്റെ ഉത്തരവാദിത്തം  തനിക്കല്ലെന്ന് ട്രംപ് പ്രസ്താവിച്ചു കഴിഞ്ഞു.

ആവർത്തിച്ചാവർത്തിച്ചുള്ള സ്വയം കഴിവിനെ പ്രശംസിക്കുന്ന ചിത്രങ്ങളൊന്നും  റൂസ്‌വെൽറ്റിന്റെയോ എബ്രഹാം ലിങ്കന്റെയോ ചരിത്രത്തിലില്ല.  ആധുനിക യുദ്ധ നേതാക്കന്മാരായ ലിണ്ടൻ  ബി ജോൺസണും ജോർജ് ബുഷും യുദ്ധത്തെ ഭയപ്പെട്ടുകൊണ്ടായിരുന്നു വൈറ്റ് ഹൌസിനെ  കൈകാര്യം ചെയ്തിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കൻ ജനത ഒറ്റകെട്ടായി റൂസ്‌വെൽറ്റിന്റെ പിന്നിൽ അണി നിരന്നിരുന്നു. ട്രംപിനെ സംബന്ധിച്ച് കൊറോണ യുദ്ധ സാഹചര്യത്തിൽ അമേരിക്കൻ ജനത വ്യത്യസ്ത അഭിപ്രായങ്ങൾ പുലർത്തുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം റൂസ്‌വെൽറ്റ് പടുത്തുയർത്തിയ പാശ്ചാത്യ രാജ്യങ്ങളുമായുള്ള സഹവർത്തിത്തവും  സഹകരണവും ട്രംപിന്റെ കാലത്ത് പരിപൂർണ്ണമായി ഇല്ലാതായിയെന്നുള്ളതാണ് വസ്തുത.  ലോകം മുഴുവൻ സാമ്പത്തിക അധഃപതനത്തിലേക്ക് വീഴുന്നു. ഓരോ രാജ്യത്തിലെയും സർക്കാരുകൾ അവരുടെ ജനങ്ങളെയും ജനജീവിതത്തെയും  ഒറ്റപ്പെടുത്തുന്നു. ഷോപ്പുകളും  റെസ്റ്റോറന്റുകളും ബിസിനസുകളും അടക്കുന്നു. റൂസ്‌വെൽറ്റിന്റെ കാലത്ത് വിമാനങ്ങളും കപ്പലുകളും ലോകത്തിന്റെ നാനാഭാഗത്തും ചുറ്റി തിരിഞ്ഞുകൊണ്ടിരുന്നു. യുദ്ധകാലത്തു, ബാങ്കിങ്ങും രാജ്യത്തിന്റെ സാമ്പത്തികവും ഭദ്രമായി നയിച്ചുകൊണ്ടിരുന്നു. അമേരിക്കയുടെ സാമ്പത്തിക മാന്ദ്യം (ഗ്രേറ്റ് ഡിപ്രെഷൻ) തളരാതെ അദ്ദേഹം കൈകാര്യം ചെയ്തു. സോഷ്യൽ സെക്യൂരിറ്റി നടപ്പാക്കിയതോടെ രാജ്യത്തിന്റെ ദാരിദ്ര്യത്തിനും അറുതി വരുത്തി. അന്ന് യാഥാസ്ഥിതികരുടെ ശക്തമായ എതിർപ്പുമുണ്ടായിരുന്നു. ട്രംപ് ഭരണകൂടവും ചിന്തിക്കുന്നത് വലിയ വലിയ കാര്യങ്ങൾ തന്നെ. നിർദ്ദേശിച്ചിരിക്കുന്ന 1.3 ട്രില്യൺ പദ്ധതി അമേരിക്കയുടെ സാമ്പത്തികം മെച്ചപ്പെടുത്താൻ സഹായിക്കും. കൊറോണ വൈറസ് എന്ന സുനാമി അവസാനിക്കുംവരെ ആശ്വാസവുമായിരിക്കും. എന്നാൽ ഈ വിപണനത്തെപ്പറ്റി  പിന്നീടൊന്നും വൈറ്റ് ഹൌസ്   സൂചിപ്പിക്കുന്നില്ല.




Italy's coronavirus deaths have surpassed those of China and are continuing to rise.


person washing hand on stainless steel faucet


U.S. President Donald Trump and Chinese President Xi Jinping meet in Japan.

Monday, March 16, 2020

തിളങ്ങുന്ന ഇൻഡ്യയിലെ മനുഷ്യക്കടത്തുകളും സാമൂഹിക വിപത്തുകളും






ജോസഫ് പടന്നമാക്കൽ

ഇന്ത്യയിൽ  സർവ്വകാല റിക്കോർഡുകളും ഭേദിച്ച്  ഏകദേശം 18.4 മില്ലിയൻ ജനങ്ങൾ  അടിമകളെപ്പോലെ നാനാതരത്തിലുള്ള   പീഡനങ്ങൾ അനുഭവിക്കുന്നു. ഇവരിൽ 26 ശതമാനം അല്ലെങ്കിൽ 5 .5  മില്ലിയൻ  കുഞ്ഞുങ്ങളുമുണ്ട്. 'അടിമത്തം' എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് അമേരിക്കയിലെ കൊളോണിയൽ കാലങ്ങളിലുള്ള  അടിമ വ്യാപാരവും  കാലഹരണപ്പെട്ട ഒരു വ്യവസ്ഥിതിയെപ്പറ്റിയുമായിരിക്കും.  എന്നാൽ,  ഇന്ത്യയിൽ ഇന്നും പലയിടങ്ങളിലും   മറ്റൊരു രീതിയിലായ അടിമത്തം  നിലവിലുണ്ട്.  ദരിദ്ര കോളനികളിൽ നിന്നും സമ്പന്നരായവരുടെ അധീനതയിൽ മനുഷ്യരെ കയറ്റി അയക്കുന്ന പ്രസ്ഥാനമായി മനുഷ്യക്കടത്ത് (Human trafficking) വളർന്നിരിക്കുന്നു.    അതിന്റെ ഫലമായി  മുതലാളികൾ അവരെ ചൂഷണം ചെയ്യുന്നു.  വ്യവസായ ലാഭത്തിനായി ശരിയായ കൂലി കൊടുക്കാതെ ഇവരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു സംവിധാനമാണ്, തലമുറകളായി ഇന്ത്യയിലുള്ളത്. അന്ധവിശ്വാസങ്ങൾ, പുരുഷ മേധാവിത്വമുള്ള സമൂഹങ്ങൾ, ഹൈന്ദവരുടെ പുരാണങ്ങളിലുള്ള കെട്ടുകഥകൾ മുതലായവയും സ്ത്രീകളെ താഴ്ത്തിക്കെട്ടാൻ കാരണമാകുന്നു.

അടുത്തകാലം വരെ മനുഷ്യക്കടത്തുകൾ അധികം ശ്രദ്ധ നേടാതെയിരിക്കുകയായിരുന്നു. ഗ്രാമീണ സ്ഥലങ്ങളിലുണ്ടായിരുന്ന ദാരിദ്ര്യം കാരണം ആരും പരാതിപ്പെടുകയില്ലായിരുന്നു.  പ്രത്യേകിച്ച് ആദിവാസി കോളനികളിലെ കുഞ്ഞുങ്ങളുടെ ജീവിതം ദുരിതം പിടിച്ചതും നിർണായകവുമായിരുന്നു. മണിപ്പൂരിലുള്ള കുകികൾ, നോർത്ത് ഈസ്റ്റിലുള്ള നാഗാസ്, ജാർഖണ്ഡ്, അനന്തപുർ, ആന്ധ്രാ പ്രദേശം, മുതലുള്ള ആദിവാസികൾ എന്നിവരുടെയിടയിൽ  മനുഷ്യക്കടത്തുകൾ ധാരാളമായി നിലവിലുണ്ട്. മനുഷ്യക്കടത്ത് എന്നുള്ളത്  സഹജീവിയും നിസ്സഹായരുമായ മറ്റു മനുഷ്യരോട്  ചെയ്യുന്ന ക്രൂര പ്രവർത്തിയാണ്. അക്കൂടെ ബലിയാടുകളാകുന്നത് അബലകളായ സ്ത്രീകളും കുഞ്ഞുങ്ങളുമായിരിക്കും. ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരരെന്നോ ബോംബെ സ്ഫോടനം നടത്തിയവരെന്നോ വേൾഡ് ട്രേഡ് സെന്റർ  ബോംബിട്ടവരെന്നോ നാം കേട്ടാൽ ഒരു ഞെട്ടലുണ്ടാകാം.  അവർ മൂലം നാമും ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടുമെന്ന വേവലാതി  ബാധിക്കുന്നതാണ് കാരണം. എന്നാൽ കള്ളക്കടത്ത് നടത്തുന്നവരെ ആരും ഭയപ്പെടുന്നില്ല. അവർ നമ്മെ ബോംബിടാനോ ആക്രമിക്കാനോ വരില്ലെന്ന് അറിയാം.

യാതൊരു തൊഴിലിലും  പ്രാവീണ്യം ഇല്ലാത്തവരാണ് കൂടുതലും മനുഷ്യക്കടത്തിൽ അകപ്പെടുന്നത്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെങ്കിലും രാജ്യം മുഴുവൻ ദാരിദ്യം കൊണ്ടും  വിദ്യാ ഹീനരായവരെക്കൊണ്ടും  നിറഞ്ഞിരിക്കുന്നു. മനുഷ്യാവകാശങ്ങളും പൗര സ്വാതന്ത്ര്യങ്ങളും  നിഷേധിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് സ്ത്രീകൾക്കും കൊച്ചു പെൺകുട്ടികൾക്കുമെതിരെ മനുഷ്യാവകാശ ലംഘനങ്ങൾ നിത്യമായിരിക്കുന്നു. നിർബന്ധമായി പണി ചെയ്യിപ്പിക്കുക, കടമായി  മേടിച്ച പണത്തിനു പകരം ജോലി നൽകി  ചൂഷണം ചെയ്യുക എന്നിവകൾ അടിമത്ത  ഭാഗമാണ്.  കരാർ ജോലികൾ, ജാതി വർഗ  വ്യവസ്ഥയിൽ ജോലികൾ, ഇല്ലാത്തത് തരാമെന്ന് പറഞ്ഞുകൊണ്ടു മോഹിപ്പിച്ചുള്ള  ജോലികൾ , തട്ടിക്കൊണ്ട് പോയുള്ള  ജോലികൾ  മുതലായവകൾ ഇന്നും ഇന്ത്യയിൽ നടക്കുന്നുണ്ട്. അതുവഴി ടെക്സ്റ്റയിൽ ഫാക്ടറിക്കാരും കൃഷിയുടമകളും കള്ളക്കടത്തിൽ ബലിയാടുകളായ തൊഴിലാളികളെ പ്രയോജനപ്പെടുത്തുന്നു. ഉൽപ്പാദനവും വർധിപ്പിച്ച് മുതലാളി വർഗം ലാഭവും ഉണ്ടാക്കും. ബലിയാടാകുന്നവർ ദരിദ്ര കുടുംബത്തിൽ' നിന്നുമുള്ളവരായിരിക്കും.  സാമൂഹികമായി താഴ്ന്ന വർഗ്ഗമോ വിദ്യാഭ്യാസം ഇല്ലാതെ ഗ്രാമത്തിൽ ജോലി ചെയ്യുന്നവരോ ആയിരിക്കും. 70 ശതമാനവും മനുഷ്യക്കടത്തിൽ ഇരയാകുന്നവർ  ദളിതരാണ്. ഇന്ത്യയിൽ ഏറ്റവും താഴെക്കിടയിലുള്ള ദുരിതപൂർണ്ണമായ ജീവിത നിലവാരവും ദരിദ്രവിഭാഗങ്ങൾ  പുലർത്തുന്നു. സാമൂഹികമായും  സാമ്പത്തികമായും അവശതയനുഭവിക്കുന്ന  ദളിതരെ മറ്റു സ്റ്റേറ്റുകളിൽ കടത്താനും  എളുപ്പമായിരുന്നു. കാരണം, കരപ്രമാണിമാർ പറഞ്ഞാൽ പാവങ്ങളായവർ  എന്തും ശ്രദ്ധിക്കും.  പ്രമാണിമാർ ദരിദ്രരെയും പാവങ്ങളെയും  നിയന്ത്രിക്കുന്നു. പാവങ്ങളെ  ക്രൂരമായി പീഡിപ്പിച്ചുകൊണ്ടു  ഭരിക്കുകയെന്നതു ധനിക വർഗത്തിനു  ദൈവികമായി ലഭിച്ച വരമായി ധനികർ ചിന്തിക്കുന്നു.  ധനികരുടെ  കാഴ്ചപ്പാടുകൾ തന്നെ പാവങ്ങൾ അവർക്കായി ജനിച്ച സേവകരെന്നുമാണ്.

സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ  ഇന്ത്യൻ ഭരണഘടനയുടെ പിതാവായ ഡോ. ബി.ആർ.  അംബേദ്‌കർ എതിർത്തിരുന്നു. സ്ത്രീക്കൾക്കും വിദ്യാഭ്യാസം നല്കണമെന്നു ഭരണഘടന അനുശാസിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ നിരവധി പ്രദേശങ്ങളിൽ  മനുഷ്യത്വപരമായ യാതൊരു പരിഗണനയും  പ്രായോഗിക തലങ്ങളിൽ പാലിക്കാറില്ല.  ചരിത്രാധീത കാലം മുതലുള്ള  സ്ത്രീകൾക്കു  വിദ്യ നിഷേധിക്കൽ,  ബലം പ്രയോഗിച്ച് വ്യപിചാരത്തിനായി കൊണ്ടുപോകൽ, ശൈശവ, ബാല്ല്യ  വിവാഹം, സതി, മാർക്കറ്റിൽ സ്ത്രീകളെ വിൽക്കുക മുതലായ പ്രാകൃത ആചാരങ്ങളെല്ലാം ഭരണഘടനയിൽ  മനുഷ്യാവകാശ ലംഘനങ്ങളായി  കണക്കാക്കുന്നു.   യാചകരായി ഉപയോഗിക്കാൻ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോവുമായിരുന്നു. എഴുപതിനായിരം (70000) പേരോളം  പ്രായപൂർത്തിയാകാത്ത കുട്ടികൾ  നിർബന്ധിത തൊഴിലായി ഖനികളിൽ ജോലിചെയ്യുന്നുണ്ട്. ചില കുട്ടികൾ മാതാപിതാക്കളുടെ കടം വീട്ടാൻ വീട്ടു ജോലികളും അടിമ ജോലികളും  ചെയ്യണം.  ചിലരെ അവയവങ്ങൾ കവർന്നെടുക്കുന്നതിന് തട്ടിക്കൊണ്ടു പോവുന്നു. അവയവങ്ങൾ വിദേശത്തും കടത്തി കച്ചവടങ്ങൾ നടത്തുന്നു.

സ്ത്രീകളോട് വിവേചനവും അവരോടുള്ള കലഹവും ഇന്ത്യൻ സമൂഹത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള വസ്തുതയാണ്.  ഒരുവൾ ജനിക്കുമ്പോൾ തന്നെ വിവേചനമാരംഭിക്കുന്നു. ഒരു പെൺകുട്ടി ജനിച്ചാൽ കുടുംബത്തിന്റെ ശാപമാണെന്നു കരുതുന്നവരുമുണ്ട്. അതുമൂലം ഗർഭപാത്രത്തിൽ തന്നെ കുട്ടി പെണ്ണാണെന്ന് അറിഞ്ഞാൽ കുട്ടിയെ ഇല്ലാതാക്കുവാനുള്ള മാമൂലുകളാണ് ഇന്ത്യൻ സമൂഹത്തിൽ നിഴലിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടിനുള്ളിൽ എട്ടു ലക്ഷം മനുഷ്യക്കുഞ്ഞുങ്ങളെ ഗർഭപാത്രത്തിൽ ഇല്ലാതാക്കിയെന്നും കണക്കുകൾ പറയുന്നു. ഈ വിവേചനം ജനിക്കുമ്പോൾ മുതൽ  തുടരുന്നു. ഇന്ത്യയിൽ സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം  ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെങ്കിലും പുരുഷ വിദ്യാഭ്യാസ  നിലവാരം 85 ശതമാനവും സ്ത്രീ വിദ്യാഭ്യാസ നിലവാരം 65 ശതമാനവുമായി കണക്കാക്കപ്പെടുന്നു.  പുരുഷനും സ്ത്രീക്കും വ്യത്യസ്തമായ തൊഴിൽ വേതനമാണ്‌ നൽകുന്നത്. ഒരു പോലെ വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും ഒരേ തൊഴിലാണ്  ചെയ്യുന്നതെങ്കിലും പുരുഷന്മാരുടെ തൊഴിൽ വേതനത്തെക്കാളും 40 ശതമാനം കുറച്ചാണ് സ്ത്രീകൾക്ക് നൽകാറുള്ളത്.

വാണിജ്യാവശ്യത്തിനായി സ്ത്രീകളെ  കടത്തുക വഴി പലരെയും വ്യപിചാര ശാലകളിൽ വിൽക്കുന്നു. വ്യപിചാര ശാലയിൽ ഒരിക്കൽ  അകപ്പെട്ടാൽ അവരുടെ ജീവിതം അവിടെ അവസാനിക്കുകയായി. പിന്നീടവർ അവിടെ നിന്ന് രക്ഷപ്പെടുകയില്ല. വൻകിട വ്യവസായികളും രാഷ്ട്രീയക്കാരും പലവിധ  പിമ്പുകളുടെ പറ്റുപടിക്കാരായതുകൊണ്ട് ഒരു നിയമപാലകർക്കും ഈ ക്രിമിനലുകളെ കീഴ്‌പ്പെടുത്താൻ സാധിക്കില്ല. ജീവിതം മുഴുവൻ സ്വന്തം ശരീരം വിറ്റും മാനസികമായ ശരീര പീഡനങ്ങളും ഇവർ അനുഭവിക്കേണ്ടി വരുന്നു. വളരെ ലളിതമായ പേരായ 'മനുഷ്യക്കടത്തെ'ന്നാണ് ഈ ക്രിമിനൽ കുറ്റത്തിന് പേരിട്ടിരിക്കുന്നത്. ശബ്ദമില്ലാതെ സഹിക്കേണ്ടി വരുന്ന നിസ്സഹായരായവരാണ് അവർ. വേദന കടിച്ചമർത്തി ലോകത്തോടുമുഴുവൻ പുച്ഛമായി ജീവിക്കുന്ന ഒരു സമൂഹം. ഇവരെ രക്ഷിക്കാൻ ഒരു സാമൂഹിക പ്രവർത്തകനും അവിടെ എത്തി നോക്കാൻ പോലും സാധിക്കില്ല. ആരുമാരും സഹായമില്ലാതെ തികച്ചും സമൂഹത്തിൽ അവഗണിക്കപ്പെട്ട ഒരു വർഗമാണവർ. മൃതപ്രായരായി കഴിയുന്ന ഈ സമൂഹത്തിന് ഭാവിയിലേക്ക് യാതൊരു പ്രതീക്ഷകളും ബാക്കി കാണുകയില്ല. ഇവിടെയുള്ള സ്ത്രീകളുമായി ലൈംഗിക ബന്ധത്തിനു  വരുന്നവർ കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെട്ടവരുമായിരിക്കും. സ്വയം ആത്മഹത്യ ചെയ്യാൻ കഴിവില്ലാതെ ആരെങ്കിലും വന്നു ഇവരെ വിഷം കൊടുത്തു കൊന്നിരുന്നുവെങ്കിലുമെന്നും ഈ പാവങ്ങളായവർ ചിന്തിക്കാറുണ്ട്. മനുഷ്യക്കടത്തുകൾക്കു പിന്നിൽ പ്രവർത്തിക്കുന്നവർ മാഫിയ സംഘങ്ങൾ ആയിരിക്കും. പിടിക്കപ്പെടുകയാണെങ്കിൽ മാഫിയാകൾ ശിക്ഷകൾ ലഭിക്കാതെ രക്ഷപെടുകയും ചെയ്യും. വീണ്ടും  ബിസിനസ് പഴയതുപോലെ തുടരുകയും ചെയ്യും.

മനുഷ്യക്കടത്ത് 20 മില്ലിയൻ മുതൽ  65 മില്ലിയൻവരെ  ദരിദ്ര മനുഷ്യർക്കിടയിലുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.   സ്ത്രീകളെ കടത്തുന്നത് പ്രധാനമായും വ്യവസായിക  ലൈംഗിക ഉപയോഗങ്ങൾക്കായി  ചൂഷണം ചെയ്യുന്നതിനായിരിക്കും.  പ്രായപൂർത്തിയാകാത്ത പിള്ളേരെ നിർബന്ധമായി ഫാക്ടറി ജോലികളും ചെയ്യിപ്പിക്കുന്നു. വീട്ടു ജോലിക്കാരായും യാചകരായും കൃഷിപ്പണികളിലും ചൂഷണം ചെയ്യുന്നു. ചില കുട്ടികളെ 'കുട്ടി പട്ടാളമായി' ഭീകര ക്യാമ്പുകളിൽ എത്തിക്കുന്നു.   ഇന്ത്യൻ സ്ത്രീകളെ മിഡിൽ ഈസ്റ്റിലും യൂറോപ്പിലും കയറ്റുമതി ചെയ്യുന്നുണ്ട്.  സ്വയം സമ്മതിച്ചു യാത്ര ചെയ്യുന്നവരെ വീട്ടു വേലക്കാരായി ഗൾഫ് നാടുകളിലും മറ്റു വിദേശങ്ങളിലും ജോലി ചെയ്യിപ്പിക്കുന്നു. ഇന്ത്യ ഏഷ്യയിലെ തന്നെ കുറ്റവാളികളുടെ സങ്കേതമായി മാറിയിരിക്കുന്നു. നേപ്പാളിലും ബംഗ്ളാദേശിലുമുള്ള കൊച്ചു പെൺകുട്ടികളെ കടത്തുന്ന മനുഷ്യ കടത്തുകാരുമുണ്ട്.  ലൈംഗിക തൊഴിലുകളിൽ  ഏർപ്പിട്ടിരിക്കുന്ന നിരവധി  ബംഗ്ളാദേശികളും  നേപ്പാളികളുമുണ്ട്. അങ്ങനെ ഇന്ത്യ ലൈംഗിക വ്യാപാരത്തിന്റെ കേന്ദ്രം മാത്രമല്ല രാജ്യാന്തര ലൈംഗിക കച്ചവടത്തിന്റെ കേന്ദ്രമെന്നറിയപ്പെടുന്ന  രാജ്യവുമായിരിക്കുന്നു.

ജാതി വ്യവസ്ഥ നിയമവിരുദ്ധമാണെങ്കിലും വടക്കേ ഇന്ത്യയിൽ  ഗ്രാമപ്രദേശങ്ങളിൽ ദരിദ്രർക്കു ഇന്നും അത്തരം വ്യവസ്ഥികളിൽനിന്നും മോചനം ലഭിച്ചിട്ടില്ല. താഴ്ന്ന ജാതിക്കാർ ജീവിക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യണം. കടം മേടിക്കുന്ന തുകകളും വീട്ടണം. വിദ്യാഭ്യാസക്കുറവും നിരക്ഷരതയും കാരണം ഉയർന്ന  ജാതിക്കാരെ  അനുസരിച്ചു ജീവിക്കണമെന്നാണ് പ്രമാണം. പാവങ്ങളുടെ  കുഞ്ഞുങ്ങളെയും കടത്തിക്കൊണ്ടുപോയി വീട്ടുജോലികൾക്കായി ഉപയോഗിക്കുന്നു. കുട്ടികളെ അടിമകളാക്കുന്നു. ഗ്രാമപ്രമുഖർ അവരെ ബലമായി പിടിച്ചു കൊണ്ട് പോവുകയോ  പാവങ്ങൾ  താമസിക്കുന്ന സ്ഥലത്തു നിന്ന് തല്ലി ഓടിക്കുകയോ ചെയ്യുന്നു.  ചിലരെക്കൊണ്ട്  ഭിക്ഷ യാചിപ്പിക്കുന്നു. മറ്റു ചില അടിമകളെ ഗുണ്ടകളായി കൂടെ കൊണ്ട് നടക്കും.  മറ്റുള്ള സ്റ്റേറ്റുകളിലെ  നിയമപരമല്ലാത്ത ഏജൻസികൾക്ക് നിരാലംബരായവരെ മനുഷ്യക്കടത്തിനായി  വിൽക്കുന്നു.

സ്ത്രീകളെ കടത്തലിൽകൂടി  ലൈംഗിക ബലിയാടാക്കുന്നവരുടെ  സ്ത്രീത്വത്തെ തകർക്കുന്നു. ഇതിൽ അകപ്പെടുന്നവർ  ദരിദ്രരും താണവരുമായ വർഗത്തിലുള്ളവരാണ്. അവർക്ക് സ്വത്തുക്കളോ മറ്റു സാമ്പത്തിക സ്ഥിതികളോ ഉണ്ടായിരിക്കില്ല. പണത്തിന്റെ ആവശ്യം മൂലം ഈ പാവങ്ങൾ  ലൈംഗിക ട്രാഫിക് നടത്തുന്നവരുടെ വലയിൽ അകപ്പെടുകയും ചെയ്യും. വിദ്യാഭ്യാസക്കുറവ്, സമൂഹം  സ്ത്രീകളുടെ മേൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം, സാമൂഹിക സാമ്പത്തിക തലങ്ങളിൽ  ഉയരാൻ സാധിക്കാതെ  നീതി നിക്ഷേധിക്കൽ, സ്ത്രീ സമത്വം നിഷേധിക്കൽ, മനുഷ്യാവകാശങ്ങളെ മാനിക്കാതെ  മൃഗീയമായി  പീഡിപ്പിക്കൽ  മുതലാവകൾ  അവർക്കുമേലുള്ള സാമൂഹിക സമ്മർദ്ദങ്ങളാണ്‌.  അതുമൂലം ലൈംഗിക വ്യാപാരികൾ  അവരെ സ്നേഹം കാണിച്ച് വശത്താക്കുന്നു. അവരെ സംരക്ഷിക്കണമെന്ന വ്യവസ്ഥയിൽ വ്യപിചാര സ്ഥാപനങ്ങളുടെയും തൊഴിൽ ശാലകളുടെയും വ്യവസായിക ഉല്പന്നമാക്കുന്നു. മുതലാളി വർഗം അവരെ ചൂഷണം ചെയ്യുകയും ചെയ്യും. അവരെ ആശ്രയിച്ചു ജീവിക്കുന്നവരെയും ചൂഷണം ചെയ്യുന്നു.  വ്യാജമായ വാഗ്ദാനങ്ങളിൽ വശീകരിക്കുന്നവരെ  തട്ടിക്കൊണ്ട് പോകാനും സാധിക്കുന്നു.

സാംസ്‌കാരികമായി അധഃപതിച്ച പുരുഷ സമൂഹങ്ങൾ  യാതൊരു കുറ്റങ്ങളും ആരോപിക്കാതെയും സ്ത്രീകളെ പീഡിപ്പിക്കാറുണ്ട്.  സ്ത്രീ വീട്ടിലാണെങ്കിലും വഴിയിലാണെങ്കിലും പീഡിപ്പിക്കപ്പെടാൻ പ്രത്യേക കാരണങ്ങൾ ഒന്നും വേണമെന്നില്ല.  സ്ത്രീയെ പീഡിപ്പിക്കപ്പെടുന്നത് എങ്ങനെയെന്ന് കാഴ്ചക്കാർക്ക് ദൃശ്യമാകണമെന്നുമില്ല. പീഡനങ്ങൾ കൂടുതലും അവരുടെ വീടുകളിൽ നിന്നും കുടുംബത്തിൽ നിന്നുമായിരിക്കാം. സ്വന്തം വീട്ടിൽ പെൺകുട്ടികളെ മുറിക്കകത്ത് പൂട്ടിയിടും.  മനുഷ്യത്വമില്ലാത്ത ഭർത്താക്കന്മാർ ക്രൂരമായി സ്ത്രീകളെ മർദ്ദിക്കും. പെൺകുട്ടികളുടെ മാതാപിതാക്കളും സഹോദരരും ഒരുപോലെ  മർദ്ദിക്കുന്നതും സാധാരണമാണ്. ഇത്തരം കുടുംബ കലഹങ്ങൾ ഇന്ത്യൻ സംസ്ക്കാരികതയിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. സ്ത്രീകൾ നിശബ്ദരായി  വീടിനുള്ളിൽ കഴിയണമെന്നുള്ള സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.  അവർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ല. അവർ തർക്കിക്കാൻ പാടില്ല. വഴക്കടിക്കാതെ ശാന്തമായി ജീവിക്കണമെന്ന സാംസ്ക്കാരിക കാഴ്ചപ്പാടാണ് ഇന്ത്യൻ സമൂഹത്തിനുള്ളത്. അവിടെ സ്ത്രീയെന്നുള്ള അവരുടെ വ്യക്തിത്വം സാവധാനം  ഇല്ലാതാവുകയാണ്.

ചില പെൺകുട്ടികളെ നിർബന്ധമായി ഏതെങ്കിലും വൃദ്ധനെക്കൊണ്ട് വിവാഹവും കഴിപ്പിക്കും. ചിലപ്പോൾ വിവാഹം കഴിച്ച ഭാര്യമാരെ  വിൽക്കും. ധനത്തിനും കുറഞ്ഞ കൂലിത്തൊഴിലാളിയായും കഞ്ചാവിനും മയക്കുമരുന്നിനുമായും  സ്ത്രീകളെ കൈമാറ്റം ചെയ്യുകയും ചെയ്യും. സാധാരണ വിൽക്കുന്നത് വ്യപിചാര ശാലകളിലായിരിക്കും.  മാർക്കറ്റിൽ നിന്നും ബാലികമാരെ  വധുവായും വിലയ്ക്ക് മേടിക്കുന്നവരുണ്ട്. ഒരിക്കൽ വ്യപിചാര ശാലയിൽ അകപ്പെട്ടാൽ അതിനു ബലിയാടാകുന്നവർക്ക് പിന്നീടൊരിക്കലും സാധാരണ ജീവിതം ലഭിക്കില്ല.  അവരുടേത് കഷ്ടപ്പാടുകളുടെ ഒരു ജീവിതമായിരിക്കും. പലപ്പോഴും  മാനസിക നിലകളൂം തെറ്റി പോവാറുണ്ട്.  പിന്നീടുള്ള ജീവിതം ഒരു വേശ്യയായി  തുടരേണ്ടിയും വരുന്നു. ആരെങ്കിലും രക്ഷപെടാൻ ശ്രമിച്ചാൽ അവരെ കൊല്ലുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യും. മാനസികമായി ഭയത്തോടെ ശിഷ്ടകാലം ജീവിക്കേണ്ടിയും വരുന്നു. ലക്ഷക്കണക്കിന് സ്ത്രീകളാണ് ഇത്തരം വേശ്യാലയങ്ങളിൽ അകപ്പെട്ടു ജീവിതം നശിപ്പിക്കേണ്ടി  വരുന്നത്. വേശ്യാലയം നടത്തുകയെന്നത് ലോകത്തിൽ ഏറ്റവും ആദായകരമായ തൊഴിലുമാണ്. ഈ ബിസിനസ്സ് അതിവേഗം വളരുകയും ചെയ്യുന്നു.

സർക്കാരുകളും സർക്കാരിനോട് ബന്ധപ്പെട്ടവരും ഈ മനുഷ്യക്കടത്തുകളെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും സമ്മിശ്ര  ഫലങ്ങളാണ് കാണുന്നത്. ആഗോള തലതലങ്ങളിലും പ്രതികരണങ്ങൾ ഉണ്ടാകാറുണ്ട്.  ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും  കുറ്റ കൃത്യങ്ങൾ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഈ പ്രശ്ന പരിഹാരം ഇന്ത്യയെ സംബന്ധിച്ച് അത്ര  എളുപ്പമല്ല. ജീവിക്കാൻ നിവർത്തിയില്ലാതെ  ദാരിദ്ര്യം കുമ്മു കൂടിയിരിക്കുന്നതാണ് പ്രധാന കാരണം. 'ഇമ്മോറൽ ട്രാഫിക്ക് പ്രിവൻഷൻ ആക്ട്'  ലൈംഗിക വ്യാപാരത്തിനെതിരെയുള്ള നിയമമാണ്. 'ബോണ്ടഡ് ലേബർ അബൊളീഷൻ ആക്ട്' നിർബന്ധിതമായി തൊഴിൽ ചെയ്യണമെന്നുള്ള വ്യവസ്ഥകൾക്കുള്ള നിയമ സംഹിതയാണ്. 'ചൈൽഡ് ലേബർ ആക്ട്,' 'ജുവനൈൽ ജസ്റ്റിസ് ആക്ട്' മുതലായ  സ്ത്രീകളുടെ സുരക്ഷിതത്തിനായുള്ള നിയമങ്ങൾ ഉണ്ടെങ്കിലും സമൂഹം പ്രവർത്തിക്കുന്നത് ഈ നിയമ വ്യവസ്ഥിതിയിൽ അല്ല. കാരണം, നിയമത്തിന് ഒരു സംസ്ക്കാരത്തെ മുഴുവനായി തുടച്ചു മാറ്റാൻ സാധിക്കില്ല. പഴയ മാമൂലുകൾക്ക് ഇളവ് നൽകാത്ത ഒരു ഗോത്ര രീതിയിലുള്ള പുരുഷ സമൂഹമാണ് കുടുംബത്തെ നയിക്കുന്നത്. അതിന്റെ ആഘാതം സമൂഹമാകെ മുറിവേൽപ്പിക്കുകയും ചെയ്യുന്നു. ഒടുവിൽ സ്ത്രീകളെ മനുഷ്യക്കടത്തുകാരുടെ നിയന്ത്രണത്തിൽ എത്തിക്കുകയും ചെയ്യുന്നു.

അസാന്മാർഗിക ലക്ഷ്യത്തോടെ മനുഷ്യ കടത്തു നടത്തുന്നവർക്കെതിരെ ഏഴുവർഷം മുതൽ ജീവപര്യന്ത  ശിക്ഷവരെ  ലഭിക്കാമെന്ന് ഇന്ത്യൻ പീനൽ കോഡ് അനുശാസിക്കുന്നു.(Immoral Trafficking Prevention Act) 2015-ൽ 4203 മനുഷ്യക്കടത്തുകേസുകൾ അന്വേഷണ വിധേയമായിരുന്നു. അതിൽ 76 ശതമാനം കൊച്ചു പെൺകുട്ടികളും സ്ത്രീകളുമായിരുന്നു. നാൽപ്പതു ശതമാനം കൊച്ചു പെൺകുട്ടികളെ വ്യപിചാര ശാലയിലും അയച്ചിരുന്നു. ഇന്ത്യയുടെ ചുവന്ന തെരുവുകളിൽ ഏകദേശം രണ്ടു മില്ലിയൻ  സ്ത്രീകളും കുഞ്ഞുങ്ങളും ലൈംഗിക വ്യാപാരികളുടെ നിയന്ത്രണത്തിലുണ്ടെന്ന് കണക്കാക്കിയിരിക്കുന്നു.  8651 ആൺകുട്ടികളും 7238 സ്ത്രീകളും 5532 കൊച്ചു പെൺകുട്ടികളും  മനുഷ്യക്കടത്തിൽ സർക്കാർ തിരിച്ചറിഞ്ഞവരിൽ ഉൾപ്പെടുന്നു. അവരിൽ തൊണ്ണൂറു ശതമാനവും  ഇന്ത്യക്കാരായിരുന്നു. ശ്രീ ലങ്കാക്കാരും നേപ്പാളികളും ബംഗ്ളാദേശികളും മറ്റു തായ്, ഉസ്‌ബെക്കിസ്ഥാൻ ദേശ വാസികളുമുണ്ടായിരുന്നു.

ചില മതസ്ഥാപനങ്ങളുമായി സഹകരിച്ച് മനുഷ്യക്കടത്തിനെ നിയന്ത്രിക്കാനുള്ള  നടപടികൾക്കും തുടക്കമിട്ടാൽ സമൂഹത്തിലെ ചിന്താഗതികൾക്ക് മാറ്റം വരുത്താൻ  സാധിക്കും. അതുപോലെ മനുഷ്യക്കടത്തിന്റെ ദുരിത ഫല ദോഷ വശങ്ങളെസംബന്ധിച്ച് ജനങ്ങൾക്ക് ബോധവൽക്കരണ ക്ളാസുകൾ നൽകുന്നതും ഇതിനുള്ള പരിഹാരമായിരിക്കും. മനുഷ്യക്കടത്തിനെതിരായുള്ള സംഘടനകൾക്ക് ശക്തിയും സാമ്പത്തിക സഹായവും നൽകിയാൽ  ദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്ക് സഹായമാകുമായിരുന്നു. അസാന്മാർഗ്ഗികമായി ജീവിക്കുന്നവർക്ക്  ബോധവൽക്കരണത്തോടൊപ്പം നല്ല വിദ്യാഭ്യാസവും നൽകുക, കുട്ടികളുടെ മാതാ പിതാക്കൾക്കും ബോധവൽക്കരണ ക്ളാസുകൾ നൽകുക, സമൂഹത്തെയും ബോധവൽക്കരിക്കുക, കുട്ടികളെ കടത്തുന്നതിനെതിരെയുള്ള  നിയമങ്ങൾ ശക്തമായി പ്രാബല്യത്തിൽ കൊണ്ടുവരുക, പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ തൊഴിലുടമകൾ ചൂഷണം ചെയ്യാതെ അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുക ആദിയായവകൾ മനുഷ്യക്കടത്തുകൾ  നിയന്ത്രിക്കാൻ സഹായകമാകും.

 'ഡി മോണിറ്റഷൻ' വന്നപ്പോൾ സർക്കാരിന്റെ ലക്ഷ്യങ്ങൾ അനധികൃത പണം തടയുക എന്നതായിരുന്നു. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കുറ്റക്കാരുടെ മേൽ ശക്തമായ നിയമ നടപടികൾ എടുക്കണമെന്നുമുണ്ടായിരുന്നു. അതുപോലെ കുട്ടികളെ ബലമായി വിവാഹം കഴിപ്പിക്കുന്നവരുടെ പേരിലും നടപടികൾ ആസൂത്രണം ചെയ്തിരുന്നു. ഇതിന് ബലിയാടാകുന്നവരെ  സഹായിക്കുന്നതിലും ഫണ്ടുകൾ അനുവദിച്ചിരുന്നു. 2016-ലെ  'ഡി മോണിറ്റഷ'നൊപ്പം  തന്നെ ഈ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. എന്നിരുന്നാലും ഇന്നും ഗ്രാമത്തിലെ പ്രമുഖരായവർ ഈ മനുഷ്യക്കടത്തു മൂലം അമിതമായ പണം ഉണ്ടാക്കി വരുന്നു. അനധികൃതമായി ഉണ്ടാക്കുന്ന ഈ പണത്തിന് കുറവുകളൊന്നും വന്നിട്ടില്ല.

കഴിഞ്ഞ വർഷം സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത രാജ്യങ്ങളിൽ ഇന്ത്യ ഏറ്റവും മുന്നിലുള്ള രാജ്യമെന്നു 'തോമസ് റോയിട്ടേഴ്‌സ് ഫൌണ്ടേഷൻ' കണ്ടെത്തിയിരുന്നു. അഫ്‌ഗാനിസ്ഥാനെക്കാളും സൗദി അറേബ്യയായേക്കാളും ഇന്ത്യ അപകടം പിടിച്ച രാജ്യമെന്നു അറിയപ്പെടുന്നു.  548 വിദഗ്ദ്ധരുൾപ്പെട്ട ഔദ്യോഗിക സംഘടനയായിരുന്നു  സർവേ നടത്തിയത്.  വിവേചനം,  പിന്നോക്ക സാംസ്ക്കാരിക പാരമ്പര്യം,  ലൈംഗിക കലഹങ്ങൾ, മനുഷ്യ കടത്തുകൾ, എന്നിവകളാൽ സ്ത്രീകൾ ഇന്ത്യൻ സമൂഹങ്ങളിൽ സുരക്ഷിതരല്ല.  സർവ്വേ ഫലം പുറത്തു വന്നതോടെ ഇന്ത്യയിൽ  ശക്തമായ വിമർശനങ്ങൾ മുഴങ്ങിയിരുന്നു.  അഫ്ഗാനിസ്ഥാനിലും സൗദി അറേബ്യയായിലും സ്ത്രീകൾ ഇന്ത്യയേക്കാൾ എങ്ങനെ മെച്ച നിലവാരം പുലർത്തുന്നുവെന്നായിരുന്നു വിഷയം.    സ്ത്രീകൾക്കായുള്ള നാഷണൽ കമ്മീഷന്റെ  ഈ റിപ്പോർട്ട് ശരിയല്ലെന്ന് വിലയിരുത്തി. ബലാൽസംഗം, പീഡനം, മനുഷ്യ കടത്ത് മുതലായ സ്ത്രീകൾക്കെതിരെയുള്ള ചൂഷണങ്ങൾ  റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതുകൊണ്ടു  സ്ത്രീ സുരക്ഷയില്ലാത്ത  രാജ്യമായി ഇന്ത്യ ഒന്നാം സ്ഥാനത്തായി. സ്ത്രീ പീഡനം വർദ്ധിക്കുകയും ചെയ്തുവെന്ന അനുമാനത്തിലും സർവേഫലം എത്തിച്ചു.

ഇന്ത്യയിൽ ഏകദേശം 12 മില്ലിയൻ  കുട്ടി തൊഴിലാളികളുണ്ട്. അത്രയും തന്നെ കുട്ടി തൊഴിലാളികളായ പെൺകുട്ടികളുമുണ്ട്. ഇവരെ ചാക്കിട്ട് പിടിക്കാൻ ഏകദേശം 20000 പിമ്പുകളുമുണ്ട്.  ഒരു വർഷം  ഇന്ത്യയിൽ അഞ്ചു ലക്ഷം കുട്ടികളെ കാണാതാകുന്നുവെന്നും സാമൂഹിക പ്രവർത്തകർ അവകാശപ്പെടുന്നു. ചില കേസുകൾ അതാത് പ്രദേശങ്ങളുടെ സ്ഥിതിവിശേഷമനുസരിച്ചു പരിഹരിക്കാതെയിരിക്കും. ദാരിദ്ര്യം കാരണം മെച്ചമായ ജീവിത സൗകര്യങ്ങൾ അനുസരിച്ചു മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിക്കുകയും ചെയ്യും. പീഡനങ്ങൾ മൂലവും, മനുഷ്യവകാശങ്ങൾ നശിച്ചതിനാലും മെച്ചമായ സാമൂഹികവും സാമ്പത്തികവുമായ അവസരങ്ങൾക്കും വർഗീയ വംശീയ കലഹങ്ങളിൽ നിന്നുമുള്ള മോചനത്തിനും അവർ ജനിച്ച നാടുകൾ ഉപേക്ഷിക്കേണ്ടിയും വരുന്നു.  കുട്ടികളെക്കൊണ്ടു  തൊഴിൽ ചെയ്യിപ്പിക്കുന്നതു ഇന്നും ഇന്ത്യയിൽ നിയമ വിരുദ്ധമല്ല. അപകടമില്ലാത്ത  പ്രദേശങ്ങളാണെങ്കിൽ  പതിനാലു വയസിൽ താണവർക്കും ജോലി ചെയ്യാമെന്നുള്ള സ്ഥിതിവിശേഷമാണ്  നിലവിലുള്ളത്. 1986-ലെ 'ചൈൽഡ് ലേബർ ആക്ട് പ്രകാരം' അപകടം വരാത്ത തൊഴിലുകളായ കൈത്തൊഴിലുകൾ, കൃഷി സ്ഥലത്ത് ജോലി ചെയ്യുക, മുതലായവ കുട്ടികൾക്കുമാകാം.

Child labour in India

Image result for india slavery pictures

Image result for india slavery pictures

Daughters Of The Brothel: Stories from Delhi's Red-light District by [YADAV, DEEPAK]

Friday, February 28, 2020

വിശുദ്ധ പദവിയിലെത്തുന്ന ദേവസഹായപിള്ളയും കാല്‍പനികകഥകളും

Image result for deva sahayam pilla pictures

ജോസഫ് പടന്നമാക്കൽ

2020 ഫെബ്രുവരി ഇരുപത്തിയൊന്നാം തിയതി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയിൽക്കൂടി ദൃശ്യമായ ഒരു അത്ഭുത സിദ്ധിയെ മാർപാപ്പാ അംഗീകരിച്ചു. ദേവ സഹായം പിള്ളയെ വിശുദ്ധനാക്കാനുള്ള എല്ലാ നടപടി ക്രമങ്ങളും പൂർത്തിയായിരിക്കുന്നു.  ഇന്ത്യയിൽനിന്നും  വിശുദ്ധപട്ടം കിട്ടുന്ന ആദ്യത്തെ അല്മായൻ ദേവസഹായം പിള്ളയായിരിക്കും.  അദ്ദേഹത്തിൻറെ ജീവിതത്തെപ്പറ്റി ആധികാരികമായ  ഒരു ചരിത്ര രേഖയില്ല. കോട്ടാർ രൂപതയുടെ വെബ്‌സൈറ്റിൽ ദേവസഹായം പിള്ളയുടെ ജീവചരിത്രം സംഗ്രഹിച്ചിട്ടുണ്ട്.  രൂപതയുടെ വിവരശേഖരണത്തിൽനിന്നും അദ്ദേഹത്തെപ്പറ്റി വായിച്ചറിഞ്ഞ  ആധികാരികമല്ലാത്ത ചരിത്രവും ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.   

"തിരുവിതാംകൂർ രാജാവ് മാർത്താണ്ഡ വർമ്മയുടെ കാലത്താണ് ശ്രീ പത്ഭനാഭ സ്വാമി ക്ഷേത്രം പണിയാരംഭിച്ചത്.  നീലകണ്ഠപിള്ള (ദേവസഹായം) ക്ഷേത്രത്തിന്റെ മേല്നോട്ടക്കാരനും കാര്യക്കാരനുമായിരുന്നു. 1741-ൽ കുളച്ചൽ യുദ്ധത്തിൽ തിരുവിതാം കൂർ സൈന്യം ഡച്ചുകാരെ  പരാജയപ്പെടുത്തി. തടവുകാരനാക്കപ്പെട്ട ഡച്ചുകാരനായ 'ഡിലനായിയെ' രാജാവ്  സൈന്യാധിപനാക്കി നിയമിച്ചു.   ഉദയ ഗിരി കോട്ട പണിയുന്ന ചുമതല ഡിലനായിക്കായിരുന്നു. കോട്ടയ്ക്കുള്ളിൽ  രാജകീയ അനുമതിയോടെ ഒരു ദേവാലയവും  പണിതുയർത്തി. ഡിലനായി  വലിയ ക്രിസ്തു ഭക്തനായിരുന്നു. അദ്ദേഹത്തിൻറെ വിശുദ്ധിയും പ്രാർത്ഥനാ ജീവിതവും കണ്ട നീലകണ്ഠന് യേശുവിനെ കുറിച്ച് അറിയാൻ താല്പര്യമുണ്ടായി. ഡിലനായി അദ്ദേഹത്തെ തിരുനൽവേലിയിലുള്ള ഒരു പള്ളിയിൽ മതപഠനത്തിനായി അയച്ചു.  1745-ൽ   ഫാദർ ജിയോവാന്നി ബാറ്റിസ്റ്റ ബുട്ടറി (Fr. Giovanni Battista Buttari) വടക്കൻകുളം അദ്ദേഹത്തിന്  മാമോദീസ നൽകി ക്രിസ്ത്യാനിയാക്കി.  അദ്ദേഹം ദേവസഹായം പിള്ള എന്ന പേര് സ്വീകരിച്ചു.

ആധികാരികമായ രേഖകളില്ലെങ്കിലും ദേവസഹായത്തിന്റെ ജീവചരിത്ര രേഖകൾ  കോട്ടാർ  രൂപതയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  '1712 -ൽ കന്യാകുമാരി ഡിസ്ട്രിക്ടിൽ വാസുദേവൻ നമ്പൂതിരിയുടെയും ദേവകിയമ്മയുടെയും മകനായി ദേവസഹായം പിള്ള ജനിച്ചു. 'അമ്മ നായർ സമുദായത്തിലുള്ള ഒരു സ്ത്രീയായിരുന്നു.  ശിവന്റെ പേരിൽ നീലകണ്ഠൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.  മരുമക്കത്തായം നിലനിന്നതുകൊണ്ട് അദ്ദേഹത്തിൻറെ ജാതി  നായരായി അറിയപ്പെട്ടു. 'നീലം'വളർന്നു കഴിഞ്ഞപ്പോൾ രാജകൊട്ടാരത്തിൽ നല്ല സ്ഥാനമാനങ്ങൾ  നൽകിയിരുന്നു. പേരിന്റെ കൂടെ പിള്ളയെന്ന സ്ഥാനപ്പേരും നൽകി. അങ്ങനെയാണ് നീലകണ്ഠൻ പിള്ളയായത്. അദ്ദേഹത്തിൻറെ പിതാവ് ശിവന്റെ പേരിൽ പ്രതിഷ്ട ചെയ്ത ഒരു അമ്പലത്തിന്റെ പൂജാരിയായിരുന്നു.  ബാലനായപ്പോൾ തന്നെ ആയുധ കലകളിൽ പ്രാവിണ്യം നേടിയിരുന്നു. തമിഴും മലയാളവും സംസ്കൃതവും പഠിച്ചിരുന്നു. കൂടാതെ കളരിപ്പയറ്റും മർമ്മ ശാസ്ത്രവും പഠിച്ചു. നീലകണ്‌ഠ പിള്ള മാർത്താണ്ഡ വർമ്മ രാജാവിന്റെ പട്ടാളക്കാരനായി സേവനം ആരംഭിച്ചു. പിന്നീട് പത്ഭനാഭപുരത്തുള്ള നീലകണ്‌ഠ സ്വാമി ക്ഷേത്രത്തിലെ ചുമതലക്കാരനായി ജോലിയെടുത്തു. ഉദയ ഗിരി കോട്ട ഡച്ചുകാരനായ ഡിലനായുടെ നേതൃത്വത്തിലായിരുന്നു പണിതുകൊണ്ടിരുന്നത്. തൊഴിലാളികൾക്ക് കൂലി കൊടുക്കുന്ന ചുമതല നീലകണ്‌ഠ പിള്ളയ്ക്കായിരുന്നു.   നല്ല വിദ്യാസമ്പന്നനും, കളരിപ്പയറ്റ് വിദഗ്ദ്ധനുമായ  നീലകണ്‌ഠ പിള്ളയെ രാജാവിനു വളരെ പ്രിയമായിരുന്നു. അമ്പലത്തിൽ പൂജാ കർമ്മങ്ങളുമായി ഭക്തനായി കഴിഞ്ഞിരുന്നു. അമ്പലത്തിന്റെ സുരക്ഷിതത്വ ചുമതലയും നീലകണ്ഠനായിരുന്നു. അദ്ദേഹം ഒരു ബ്രാഹ്മണ സ്ത്രീയായ ഭാർഗവി അമ്മാളിനെ വിവാഹം ചെയ്തു. നീലകണ്ഠൻ ഭൂസ്വത്തുണ്ടായിരുന്ന ധനികനായിരുന്നതുകൊണ്ട്  നിരവധി  പെൺകുട്ടികളുടെ മാതാപിതാക്കൾ അദ്ദേഹത്തിനുവേണ്ടി വിവാഹ വാഗ്ദാനമായി വരുമായിരുന്നു. '

കരിഷ്മാറ്റിക്ക് നേതാവായ 'ബെന്നി പുന്നത്തറ' എഴുതിയ   ദേവസഹായം പിള്ളയുടെ ജീവിതത്തെ സംബന്ധിച്ചുള്ള ഒരു  ലേഖനത്തിന്റെ പ്രസക്തഭാഗങ്ങളിൽനിന്നും ഭാവനാത്മകമായ ചില വിവരങ്ങൾ ചുരുക്കമായി ഇവിടെ ചേർക്കുന്നു. "പിള്ളയുടെ ക്രിസ്തുമതത്തിലേക്കുള്ള മാറ്റം  മാർത്താണ്ഡ വർമ്മ മഹാരാജാവിന്റെ ദളവായായ രാമയ്യന്  അതൃപ്തിയുണ്ടാക്കി. ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ കൊന്നു കളയുമെന്ന ഭീഷണി പ്പെടുത്തി. വസ്ത്രം ഊരി രാജ സന്നിധിയിൽ കൊണ്ടുപോയിയെന്നും മതത്തിൽ തിരിച്ചു വന്നാൽ വലിയ ഉദ്യോഗങ്ങൾ  വാഗ്ദാനം ചെയ്‌തെന്നും കഥകൾ തുടരുന്നു. ദണ്ഡന മുറകൾ നൽകിയെന്നും കഴുത്തിൽ എരിക്കിൻ മുള്ള് ഇട്ടു വലിച്ചെന്നും അക്കാലങ്ങളിൽ ക്രിസ്ത്യാനികളെ മുഴുവൻ രാജാവ് പീഡിപ്പിച്ചെന്നും  പറയുന്നു. എരുമപ്പുറത്ത് കയറ്റി ചാട്ട വാറുകൊണ്ട് അടിച്ചിട്ടും അദ്ദേഹം ക്രിസ്തീയ വിശ്വാസം  ഉപേക്ഷിച്ചില്ല. ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുളക് പൊടി വിതറി നട്ട വെയിലിൽ നിർത്തിയിരുന്നു. പ്രതിദിനം ചാട്ടവാറുകൾ കൊണ്ടുള്ള 'മുപ്പതു അടികൾ'  വീതം സഹിക്കേണ്ടി വന്നു. ദാഹിക്കുമ്പോൾ ചകിരി ചീഞ്ഞ അഴുക്കു ജലം കുടിപ്പിച്ചിരുന്നു. പുറത്തുനിന്നുള്ള ചോരത്തുള്ളികൾ എരുമയുടെ പുറത്തുംകൂടി ഒലിച്ചു. വഴിവക്കിൽ ചിലർ കരയുമ്പോൾ മറ്റു ചിലർ പൊട്ടി ചിരിക്കുമായിരുന്നു." (Ref:ബെന്നി പുന്നത്തറ)  കോട്ടാർ രൂപതയും പുരോഹിതരും വിശ്വാസികളെ കൂടതന്ത്രങ്ങളിൽക്കൂടി കെണിയിൽ പെടുത്തുവാൻ തക്കവണ്ണം നിരവധി കഥകൾ ഇതിനോടകം വിശുദ്ധനെപ്പറ്റി പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 1749  മുതൽ 1752 വരെ കഠിനമായി പീഡിപ്പിച്ച ശേഷം നാഗർകോവിൽ തിരുനെൽവേലി റോഡ് സൈഡിലുള്ള ഒരു വനപ്രദേശത്തു മാർത്താണ്ഡ  വർമ്മയുടെ പട്ടാളക്കാർ ദേവസഹായം പിള്ളയെ വെടി വെച്ചുകൊന്നുവെന്നാണ് കഥ.

2012 ജൂൺ ഇരുപത്തിയെട്ടാം തിയതി  രക്തസാക്ഷിയായ ദേവസഹായം പിള്ളയെ  സഭയുടെ വിശുദ്ധനാക്കുന്ന ആദ്യത്തെ പടിയായി വാഴ്ത്തപ്പെട്ടവൻ എന്നു പ്രഖ്യാപിച്ചു. ദേവസഹായത്തെ വാഴ്ത്തപ്പെട്ടവനെന്നു  വിളിക്കാനുള്ള സഭയുടെ ചേതോവികാരം എന്തായിരിക്കും? ഇങ്ങനെ ഒരാളിന്റെ ജീവിതവുമായി ചരിത്രത്തിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ആരെയാണ് സാധാരണ രക്തസാക്ഷിയെന്നു വിളിക്കാറുള്ളത്. പോപ്പ്, യൂറോപ്പിന്റെ മേൽ പരമാധികാരിയായിരുന്ന കാലത്തിൽ  സഭയ്ക്കു വേണ്ടി യുദ്ധം ചെയ്തു മരിക്കുന്ന  പട്ടാളക്കാരെ  സഭയുടെ രക്തസാക്ഷികളെന്നു വിളിച്ചിരുന്നു.  സഭയുടെ ഈ വീര ശൂര പരാക്രമികൾ കൊല്ലും കൊലയും അക്രമണങ്ങളും നടത്തുമായിരുന്നു. കീഴടങ്ങുന്നവരെ മതപരിവർത്തനവും നടത്തിയിരുന്നു. സ്വന്തം ജീവിതം ഏറ്റുമുട്ടലിൽ നഷ്ടപ്പെടുകയും ചെയ്യാമായിരുന്നു. ഈ രക്തസാക്ഷികൾ കന്യാകുമാരിയിൽനിന്ന് ആയിരക്കണക്കിന് മൈലുകൾക്കുമപ്പുറം സഭയ്ക്കുവേണ്ടി ത്യാഗം അനുഷ്ടിച്ചവരായിരുന്നു. രക്തസാക്ഷികളുടെ രക്തം സഭയുടെ ബീജമാണെന്ന് രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന 'ഫാദർ ടെർട്‌ലിൻ' എഴുതി. സഭയിൽ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനുള്ള ചുടുരക്തം ഓരോ രക്തസാക്ഷികളും വഹിച്ചിരുന്നു.

രക്തസാക്ഷിത്വത്തിന്റെയും വിശുദ്ധ പദവികളുടെയും  പിന്നിലുള്ളത് മതത്തിൽ കൂടുതൽ ആളുകളെ  ആകർഷിക്കുകയെന്നുള്ളതാണ്. വത്തിക്കാന്റെ അസ്തിത്വം നില നിർത്തുന്ന യോദ്ധാക്കളാണ് ഈ രക്തസാക്ഷികളെന്ന് ജോൺ പോൾ പറയുകയുണ്ടായി. സഭയുടെ ആദ്യ നൂറ്റാണ്ടുകൾ സഭയെ രക്തസാക്ഷികളുടെ രക്തം കൊണ്ട് പടുത്തുയർത്തിയതായിരുന്നു. ദൈവത്തിനു വേണ്ടി മരിച്ച അജ്ഞാത യോദ്ധാക്കളെന്നും അവരെ വിശേഷിപ്പിക്കാറുണ്ട്.

മതം മനുഷ്യന്റെ ആന്തരിക ചിന്തകളെയും മനുഷ്യത്വത്തെയും  ഉണർത്തുന്നുവെന്നാണ് വെപ്പ്.  മതത്തിൽനിന്നു അവനിൽ ദിവ്യത്വവും കൽപ്പിക്കുന്നു. ഇത്തരം ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നുവെങ്കിൽ മതത്തിന്റെ പരിപാവനത മനസിലാക്കാൻ സാധിക്കും. എന്നാൽ മതം രാജ്യങ്ങൾ കീഴ്പെടുത്തി സമ്മർദങ്ങളിൽക്കൂടെ മതപ്രചാരണം നടത്തുന്നുവെങ്കിൽ അതിൽ വിശ്വസിക്കുന്ന മതത്തെ എന്തു പേരു   വിളിക്കണമെന്ന് വ്യക്തമല്ല. മതം എന്നാൽ അഭിപ്രായങ്ങൾ എന്നാണ് അർത്ഥം. കൊളോണിയൽ കാലങ്ങളിൽ  രാജ്യങ്ങൾ കീഴടക്കുന്ന സമയം അവിടെയുള്ള ജനങ്ങളെ ഭീക്ഷണികൾകൊണ്ട് ക്രിസ്തു മതത്തിൽ ചേരാൻ നിർബന്ധിച്ചിരുന്നു.  ബലപ്രയോഗത്തോടെയുള്ള മത പരിവർത്തനത്തെ സ്വദേശികളായ നാട്ടുകാർ എതിർക്കുമ്പോൾ ഏറ്റുമുട്ടലുകളും സംഭവിക്കാം.  സഭയുടെ യോദ്ധാക്കളും അവിടെ മരിക്കാനിട വരുന്നു. പിന്നീട് അവരെ സഭയ്ക്കു  വേണ്ടി മരിച്ച രക്തസാക്ഷികളായി വാഴ്ത്തുകയും ചെയ്യും.

ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇന്ത്യയിൽ വന്നപ്പോൾ പറഞ്ഞ വാക്കുകളിൽ ചില യാഥാസ്ഥികരായ ഹിന്ദുക്കളെ ചൊടിപ്പിച്ചിരുന്നു.  'ആദ്യത്തെ പത്തു നൂറ്റാണ്ടുകളിൽ ഞങ്ങൾ  യൂറോപ്പിനെ ക്രിസ്തീയ രാജ്യങ്ങളാക്കി.  രണ്ടാമത്തെ പത്തുനൂറ്റാണ്ടുകൾ അമേരിക്ക ഭൂഖണ്ഡത്തെയും  ക്രിസ്ത്യൻ രാജ്യങ്ങളാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏഷ്യ മുഴുവൻ ഞങ്ങൾ കുരിശുകൾ നാട്ടും'. സഭയ്ക്ക് ആത്മാക്കളുടെ സമൃദ്ധി ആവശ്യമാണ്. അതിന്റെ പരിണിത ഫലമാണ് രക്തസാക്ഷികൾ. സഭ കേരളത്തിലും തമിഴ് നാട്ടിലും ശ്രീ ലങ്കയിലും രക്തസാക്ഷികളെ തേടി നടക്കുന്നു.  ജോൺ പോൾ രണ്ടാമൻ മാർപാപ്പ രക്തസാക്ഷികളുടെ ധീരോജ്വലമായ ഡോകുമെന്റുകൾ ശേഖരിക്കാനും ആവശ്യപ്പെട്ടിരുന്നു.

രക്തസാക്ഷിയായ ഒരു വിശുദ്ധനെ തേടിയുള്ള  ഖനനത്തിൽ കണ്ടുപിടിച്ചയാളാണ്, ദേവസഹായം പിള്ള. ദേവസഹായം പിള്ളയുടെ  ചരിത്രം നിരവധി  ക്രിസ്ത്യൻ വെബ്‌സൈറ്റുകളിലും  ചേർത്തിട്ടുണ്ട്.

ദേവസഹായ പിള്ളയെ വിശുദ്ധനാക്കുക വഴി സഭയുടെ അന്തസ്സിനും സമൂഹത്തിനും ഗുണപ്രദമാവുമെന്നാണ് കോട്ടൂർ രൂപത വെബ്‌സൈറ്റ് പറയുന്നത്. അതിൽനിന്നും മനസിലാക്കേണ്ടത്  ദേവസഹായം പിള്ള സഭയുടെ പുതിയ ഒരു വ്യാവസായിക ഉൽപ്പന്നമെന്നാണ്. വ്യവസായത്തിനായുള്ള സഭയുടെ ഒരു ഉപകരണം മാത്രം.  സഭയുടെ  ഈ വിശുദ്ധനെ വാഴിക്കുന്നതിൽക്കൂടി  യാതൊരു ആദ്ധ്യാത്മികതയും കാണുന്നില്ല.  ഏതെല്ലാം ദിശയിൽ ഈ വ്യാവസായിക ഉൽപ്പന്നം പ്രയോജനപ്പെടുത്താമെന്നും സഭ ചിന്തിക്കുന്നു. ദേവസഹായത്തോടുള്ള ഭക്തി അക്രൈസ്തവരിലും കടന്നുകൂടും. തമിഴ് നാട്ടിലും തെക്കേ കേരളത്തിലും ശ്രീ ലങ്കയിലും ഈ വിശുദ്ധൻ പ്രസിദ്ധനാകും. അതുമൂലം ആ ഭൂപ്രദേശങ്ങളിലെല്ലാം ധനസമ്പാദനത്തോടൊപ്പം മതം പ്രചരിക്കുകയും ചെയ്യാം.

ദേവസഹായം പിള്ളയുടെ 'വിശുദ്ധീകരണ ദിനം' ജനുവരി പതിനാലാം തിയതിയെന്നാണ്  സഭയുടെ കലണ്ടറിൽ കുറിച്ചിരിക്കുന്നത്.  ആ ദിവസമാണ് ദേവസഹായം പിള്ള രക്തസാക്ഷിയായി എന്നുള്ള  കഥയും. കത്തോലിക്ക ബിഷപ്പ് കോൺഫറൻസും ആ തിയതി അംഗീകരിച്ചു. ജനുവരി പതിനാലാം തിയതി ഹിന്ദുക്കളുടെ ഒരു പുണ്യ ദിനമാണ്. അന്നേദിവസമാണ് തമിഴർ 'പൊങ്കൽ' ആചരിക്കുന്നതും. പൊങ്കൽ ദിവസം തന്നെ ദേവസഹായ പിള്ളയുടെ രക്തസാക്ഷി ദിനം ആഘോഷിക്കുന്നതിൽ ഹൈന്ദവ സംഘടനകളിലും എതിർപ്പുണ്ട്.  സ്ഥലത്തെ ആചാരങ്ങളായ പൊങ്കൽ ദിന ആചാരങ്ങളെ ഇല്ലാതാക്കാനുള്ള ഗൂഢതന്ത്രമാണ് ദേവസഹായ പിള്ളയുടെ  മരിച്ച ദിനം കൊണ്ടാടുന്നതെന്നും കരുതുന്നു. രാഷ്ട്രീയ ലക്ഷ്യവും മത പരിവർത്തനവുമെന്ന് ചില ഹൈന്ദവ സംഘടനകൾ  വിശ്വസിക്കുന്നു.

ചരിത്രപരമായ തെളിവുകളോടെയാണ് ദേവസഹായത്തിന്റെ ഈ വിശുദ്ധ പദവിയെന്നു  സാധാരണക്കാർ വിശ്വസിക്കുന്നു. മണ്ണിന്റെ പുത്രനെന്നു കരുതുകയും ചെയ്യുന്നു. വിശ്വാസത്തിനടിമപ്പെട്ടു കഴിഞ്ഞാൽ സത്യം അന്വേഷിക്കാൻ ആരും മെനക്കെടാറില്ല. ദേവസഹായം പിള്ളയുടെ  കഥ ചരിത്രമല്ലെന്ന് സഭയ്ക്കും അറിയാം. ഗവേഷണം നടത്തുന്നവർക്ക് മണ്ണിന്റെ ഈ പുത്രൻ വെറും കെട്ടുകഥയെന്നു മനസിലാകും. സത്യത്തിനു വിരുദ്ധമായ കഥകളാണ് സഭ നെയ്തുണ്ടാക്കിയിരിക്കുന്നത്.

പ്രസിദ്ധ ചരിത്രകാരനായ ശ്രീധര മേനോൻ 2004 ജനുവരി ഇരുപത്തിനാലാം തീയതി നടത്തിയ ഒരു അഭിമുഖ സംഭാഷണത്തിൽ പറഞ്ഞു, "തിരുവിതാം കൂറിന്റെ ചരിത്രത്തിൽ  മതം മാറ്റിയെന്ന പേരിൽ ഒരാളെ പോലും രാജവംശം ശിക്ഷിച്ചിട്ടില്ല. ആരെയും വധിച്ചിട്ടില്ല. ദേവസഹായത്തിന്റെ കഥ  നല്ലവണ്ണം നെയ്തെടുത്തതും ഭാവനയിൽ കുരുത്തതുമാണ്." ഇന്ത്യയുടെ ചരിത്ര ഗവേഷകനും ഹിസ്റ്റോറിക്കൽ റിസർച്ച് അദ്ധ്യക്ഷനുമായിരുന്ന (Council of Historical Research, ICHR) എംജിഎസ്  നാരായണൻ പറഞ്ഞത് 'കേരള ചരിത്രത്തിൽ നീലകണ്‌ഠ പിള്ള യെന്നോ ദേവസഹായം പിള്ളയെന്നോ പേരുള്ള ഒരു പട്ടാള മേധാവി മാർത്താണ്ഡ വർമ്മയ്ക്കുണ്ടായിരുന്നതായി അറിവില്ലാ'യെന്നാണ്.

ചരിത്രകാരനായ 'ശ്രീ  നാഗം അയ്യ'  ട്രാവൻകൂർ സ്റ്റേറ്റ്  മാനുവലിൽ രേഖപ്പെടുത്തിയിരിക്കുന്നത്, "ദേവസഹായം പിള്ളയുടെ കഥകൾ ആദ്യം  പ്രചാരത്തിൽ വന്നത് മതം മാറിയ  പുതു ക്രിസ്ത്യാനികളിൽ നിന്നുമെന്നാണ്.  കര മൂപ്പന്മാരുടെയും   പൂർവികരുടെയും  വീരകഥകൾ പ്രചരിപ്പിക്കുക എന്നത് ഹിന്ദുക്കളിൽ താഴ്ന്ന വിഭാഗങ്ങളിലുള്ളവരുടെ  കീഴ്വഴക്കമായിരുന്നു. പിന്നീട് അവരെ കുലദൈവങ്ങളായി ആചരിക്കുകയും ചെയ്യും. അതുപോലെ പുതുക്രിസ്ത്യാനികളിലും   പൂർവികരുടെ വീര കഥകൾ  പ്രചരിപ്പിക്കുന്ന  കീഴ്വഴക്കമുണ്ടായിരുന്നു."  അങ്ങനെ ദേവസഹായം പിള്ളയ്ക്കും വ്യാജ കഥകളിൽ വീരപട്ടം ലഭിച്ചുവെന്നു  കരുതണം.

ദേവ സഹായ പിള്ളയെപ്പറ്റി എഴുതുന്ന ക്രിസ്ത്യൻ കഥാകൃത്തുക്കൾ  തിരുവിതാം കൂർ രാജാക്കന്മാരുടെ കാലത്ത് മതപീഡനം ഉണ്ടായിരുന്നുവെന്ന കെട്ടുകഥകൾ  എഴുതിക്കൊണ്ടിരിക്കുന്നു. മതപീഡനം സ്ഥാപിക്കാൻ വ്യാജ  തെളിവുകളും  സൃഷ്ടിക്കുന്നു. ചരിത്രത്തിൽ എന്തു  തെളിവെന്ന് ഇവർക്കാർക്കും സ്ഥാപിക്കാൻ സാധിക്കുന്നില്ല. അതേ സമയം ക്രിസ്ത്യാനികളെയും ദേവ സഹായത്തേയും  പീഡിപ്പിച്ചെന്നു  പറയുന്ന മാർത്താണ്ഡ വർമ്മ രാജാവ് വരാപ്പുഴ പള്ളിക്ക് സ്ഥലം ദാനം ചെയ്യുകയും പള്ളിക്ക് കരം അടയ്‌ക്കേണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. (തിരുവിതാംകൂർ മാനുവൽ , വോളിയം l. പേജ് 16, ടി.കെ. വേലുപ്പിള്ള )

നീലകണ്‌ഠ  പിള്ളയെ അടക്കിയ കോട്ടാർ പള്ളി ഫ്രാൻസീസ് സേവ്യറിന്റെ പേരിലാണ്. കന്യാകുമാരിയിൽ നല്ലൊരു ശതമാനം ക്രിസ്ത്യാനികളുണ്ട്. സെന്റ്. തോമസ് രക്തസാക്ഷിയായതുപോലെ നീലകണ്‌ഠ പിള്ളയും രക്തസാക്ഷിയായി സഭയുടെ ഔദ്യോഗിക റിക്കോർഡിൽ രേഖപ്പെടുത്തിയിരിക്കുന്നു. തിരുവിതാംകൂറിലെ മഹാരാജാവ് മാർത്താണ്ഡ വർമ്മ മഹാരാജാവ് 'പിള്ളയെ' മൂന്നു വർഷം ജയിലിൽ അടച്ച് പീഡിപ്പിച്ചു കാട്ടിൽ കൊണ്ടുപോയി വെടി വെച്ചു കൊന്നുവെന്നുള്ള  കഥയും വിശ്വസിക്കാൻ വിശ്വാസികളുമുണ്ടാവും. കേരള ജനത ബഹുമാനിച്ചിരുന്ന വീര മാർത്താണ്ഡ വർമ്മ രാജാവിനെ  ചരിത്രത്തിലെ വില്ലനായും ചിത്രീകരിക്കും. ദേവസഹായത്തെപ്പറ്റി വ്യജകഥകൾ നെയ്തുണ്ടാക്കി പ്രചരിപ്പിക്കുന്ന വഴി മഹാനായ ഒരു രാജാവിനെയാണ് അപമാനിക്കുന്നത്. ദേവസഹായത്തിന്റെ കെട്ടുകഥയിലൂടെ  അന്നത്തെ കേരള സമൂഹത്തെ ബാർബേറിയൻമാരായും  ചിത്രീകരിക്കുന്നു.

ചരിത്രകാരനായ ടി. കെ. വേലുപ്പിള്ള, തിരുവിതാംകൂർ മാനുവലിൽ വോളിയം ഒന്നിൽ പതിനാറാം പേജിൽ  എഴുതിയിരിക്കുന്നത് നോക്കുക, "തിരുവിതാകൂർ മഹാരാജാവായിരുന്ന കാർത്തിക തിരുന്നാൾ, ഡിലനായി  ആവശ്യപ്പെട്ട പ്രകാരം 'ഉദയഗിരി പള്ളി' പണിക്കുള്ള ചെലവുകൾ വഹിച്ചു. കൂടാതെ രാജാവ് പള്ളി വികാരിക്ക്  100  പണം ശമ്പളവും നല്കുന്നുണ്ടായിരുന്നു. സ്‌കോട്ടീഷ് ക്രിസ്ത്യാനിയായ കേണൽ മൺറോ തിരുവിതാം കുർ ദിവാനായിരുന്നു. ക്രിസ്ത്യാനികളോട് വിരോധമുള്ള രാജാവ് ക്രിസ്ത്യാനിയെ ദിവാനാക്കുന്നതും വിരോധാഭാസമാണ്. തിരുവിതാം കുർ രാജാക്കന്മാരെ മതഭ്രാന്തരായി ചിത്രീകരിക്കുന്നവർ രാജാക്കന്മാർക്ക് അക്കാലങ്ങളിൽ ക്രിസ്ത്യാനികളുമായുണ്ടായിരുന്ന സഹകരണവും പഠിക്കണം.  കൂടുതൽ രക്തസാക്ഷികളെ സൃഷ്ടിക്കാൻ രാജാക്കന്മാരെ വർഗീയവാദികളായി ചിത്രീകരിക്കേണ്ടത് സഭയുടെ ആവശ്യമായി മാറിയിരിക്കുന്നു.

ഡച്ചുകാരനായ 'ഡിലനായി' ഒരു പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനിയായിരുന്നു. ഉദയഗിരി ഫോർട്ടിലുള്ള അദ്ദേഹത്തിൻറെ പള്ളി പ്രൊട്ടസ്റ്റന്റുകാരുടെ പള്ളിയാണ്. പോരാഞ്ഞ് ഇന്ത്യയിലുള്ള ഡച്ചു മിഷിനറിമാരായിരുന്നു  അന്ന് മതം മാറുന്നവർക്ക് മാമ്മോദീസ കൊടുത്തിരുന്നതും. അങ്ങനെയുള്ള സാഹചര്യത്തിൽ ഡിലനായി എന്തുകൊണ്ട് നീലകണ്‌ഠ പിള്ളയെ കത്തോലിക്കനായി മാമ്മോദീസ മുക്കാൻ അയച്ചു. മഹാരാജാവിന്റെ ജനറൽ മാമ്മോദീസ മുങ്ങിയാൽ രാജാവിന് എന്തെങ്കിലും പ്രായോജനമുണ്ടാകുമായിരുന്നോ? ഉയർന്ന ജാതിക്കാരനായ നീലകണ്‌ഠ പിള്ള  യാതൊരു രാഷ്ട്രീയ സ്വാധീനവുമില്ലാത്ത കത്തോലിക്ക സഭയിൽ മാമ്മോദീസ മുങ്ങിയാൽ  എന്ത് നേട്ടമായിരുന്നു അയാൾക്ക് ഉണ്ടാവുന്നത്?  ഇതിൽ നിന്നും മനസിലാക്കേണ്ടത് ദേവസഹായം പിള്ളയുടെ കള്ളക്കഥ രചിച്ചവർക്ക് അന്നത്തെ തിരുവിതാം കൂറിന്റെ രാഷ്ട്രീയ സാമൂഹിക ചരിതം അറിഞ്ഞു കൂടായിരുന്നുവെന്നാണ്. അല്ലെങ്കിൽ അന്നത്തെ കാലത്തെ യൂറോപ്പിന്റെ  രാഷ്ട്രീയ പശ്ചാത്തലവും അവർക്ക് അജ്ഞാതമായിരുന്നു. റ്റി.കെ. വേലുപ്പിള്ളയുടെ ബുക്കിൽ മാർത്താണ്ഡ വർമ്മ രാജാവിന്റെ തിരുവിതാം കൂർ പട്ടാളത്തിൽ ഈഴവരും ക്രിസ്ത്യാനികളും മുസ്ലിമുകളും ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. (വോളിയം 4, പേജ് 122)  അങ്ങനെയെങ്കിൽ ക്രിസ്ത്യാനിയായ ദേവസഹായം പിള്ള എങ്ങനെ കുറ്റവാളിയാകും?

നീലകണ്‌ഠ പിള്ളയെ  മത പരിവർത്തനം ചെയ്ത നാളുകളിൽ യൂറോപ്പിൽ പ്രൊട്ടസ്റ്റന്റ്കാരും കത്തോലിക്കരും തമ്മിൽ പരസ്പ്പരം യുദ്ധം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയിലും കത്തോലിക്കരും പ്രൊട്ടസ്റ്റന്റ്കാരുമായുള്ള വഴക്കുകൾ പ്രതിഫലിക്കുന്നുണ്ടായിരുന്നു. കൊച്ചി ഫോർട്ട് പിടിച്ച ശേഷം പ്രൊട്ടസ്റ്റന്റ് ഡച്ചുകാർ ഹോളി അന്റോണിയോ കത്തോലിക്ക പള്ളിയുടെ പേര് ഹോളി ഫ്രാൻസിസ് പ്രൊട്ടസ്റ്റന്റ് ചർച്ച് എന്ന പേരിൽ മാറ്റിയെഴുതി.  അവിടെ വാസ്കോഡി ഗാമയുടെ ഭൗതിക അവശിഷ്ടം നിലകൊള്ളുന്നു. ഈ പള്ളി ഇപ്പോൾ പ്രൊട്ടസ്റ്റന്റ് സഭയായ സിഎസ്‌ഐ സഭയുടെ  നിയന്ത്രണത്തിലാണ്.

ഇന്ത്യൻ ചരിത്രകാർ ക്രിസ്ത്യാനികൾക്ക് എതിരാണെന്നും  ഹിന്ദുക്കൾക്ക് അനുകൂലമായി ചരിത്രം എഴുതുന്നുവെന്നും ചില ക്രിസ്ത്യൻ പുരോഹിതരും മതചരിത്രകാരും  പരാതിപ്പെടാറുണ്ട്. ക്രിസ്ത്യൻ കഥകൾ ചരിത്രമായി, സത്യമായി  അംഗീകരിക്കുന്നില്ലെന്നാണ് പരാതി. ക്രിസ്ത്യൻ പുരോഹിതരുടെ ഈ വാദഗതിയും പരിശോധിക്കേണ്ടിയിരിക്കുന്നു.

1774 ജൂലൈ രണ്ടാം തിയതി  ക്ലമന്റ് പതിന്നാലാം മാർപാപ്പായുടെ ഒരു കത്തിൽ 'തിരുവിതാം കൂർ മഹാരാജാവിന്റെ ക്രിസ്ത്യാനികളോടുള്ള സ്നേഹവാത്സല്യത്തെയും ദയയെയും  അഭിനന്ദിക്കുന്നുണ്ട്.   (തിരുവിതാംകൂർ മാനുവൽ വോളിയം 1, പേജ് 387, എം. നാഗം അയ്യാ )  എങ്കിൽ ക്ലമന്റ് മാർപാപ്പാ കള്ളം പറഞ്ഞതാണോ? കേരളത്തിന്റെ പഴയ രാജാക്കന്മാരുടെ മത സൗഹാർദ്ദത്തെപ്പറ്റി  പോപ്പ് ജോൺ പോൾ രണ്ടാമനും പറഞ്ഞത് നുണയായിരുന്നോ? അതുപോലെ ബനഡിക്റ്റ് മാർപാപ്പയും കേരളത്തിൽ നില നിന്നിരുന്ന മതസൗഹാർദത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. രാജാക്കന്മാർ ക്രിസ്ത്യൻ പള്ളികൾക്ക് ഭൂമി ദാനമായി നൽകിയിട്ടുണ്ടെങ്കിൽ, രാജാക്കന്മാരുടെ പട്ടാളത്തിൽ  ക്രിസ്ത്യാനികൾ  ഉണ്ടായിരുന്നെങ്കിൽ, മുമ്പുള്ള മാർപാപ്പാമാർ കേരളത്തിന്റെ മതസഹിഷ്‌ ണതയെ പുകഴ്ത്തി പറഞ്ഞിരുന്നുവെങ്കിൽ  വിശുദ്ധനായ ദേവസഹായത്തെ പറ്റി ഇപ്പോൾ കേൾക്കുന്ന കഥകൾ വ്യാജങ്ങളെന്നും വ്യക്തമാണ്.  മുമ്പുണ്ടായിരുന്ന  മാർപാപ്പാമാർ പറഞ്ഞിരുന്ന കാര്യങ്ങൾ ചരിത്രത്തിനു  വിപരീതവും തന്നെ.   ഇപ്പോൾ കോട്ടാർ രൂപത പറയുന്നത് സത്യമാണെങ്കിൽ, ഇവരിൽ കള്ളം പറയുന്നത് മാർപാപ്പമാരോ കോട്ടാർ രൂപതയോയെന്നും  പഠിക്കേണ്ടിയിരിക്കുന്നു.

തിരുവിതാം കൂർ രാജാക്കന്മാർ  മരണ ശിക്ഷ നൽകിയിരുന്നത് രാജ്യത്തിനെതിരെ ആസൂത്രണ പദ്ധതികൾ ചെയ്യുന്നവരെയും കലാപകാരികളെയും കൂട്ടം കൂടി കൊള്ള നടത്തുന്നവരെയും എന്ന് ചരിത്രകാരൻ ശ്രീ നാഗം അയ്യ രേഖപ്പെടുത്തിയിരിക്കുന്നു. (തിരുവിതാം കുർ മാനുവൽ, വോളിയം 4, പേജ് 77)  ഒരു പക്ഷെ നീലകണ്‌ഠ പിള്ള  ക്രിസ്ത്യാനിയായ ശേഷം രാഷ്ട്രീയ രഹസ്യങ്ങൾ ചോർത്തി രാജ്യദ്രോഹം ചെയ്തിരിക്കാം. രാജ്യത്തിന്റെ നിയമം ലംഘിച്ചതുകൊണ്ട് വധിക്കപ്പെട്ടിരിക്കാം. ക്രിസ്ത്യാനിയായി മത പരിവർത്തനം ചെയ്താലോ പ്രചരിപ്പിച്ചാലോ യാതൊരു ശിക്ഷയും തിരുവിതാംകൂർ സർക്കാരിലുണ്ടായിരുന്നില്ല. ജാതി വ്യവസ്ഥ സവർണ്ണ ക്രിസ്ത്യാനികളിലുമുണ്ടായിരുന്നു. അദ്ദേഹം താഴ്ന്ന ജാതികളുമായി സഹവസിച്ചിരുന്നെങ്കിൽ ഉയർന്ന ജാതികൾ അദ്ദേഹത്തെ വെറുത്തു കാണാം. അങ്ങനെ ജാതിവ്യവസ്ഥയിൽ കൊന്നതുമാകാം. അതിൽ സർക്കാരിന്റെ നിയമവുമായി യാതൊരു ബന്ധവുമില്ല. സഭ ലജ്ജയില്ലാതെ ഇവിടെ ജാതി വ്യവസ്ഥ എന്ന കഥയും മെനഞ്ഞെടുത്തിട്ടുണ്ട്.  ജാതി വ്യവസ്ഥയനുസരിച്ച് ജാതികൾ തമ്മിലുള്ള കലഹം അക്കാലത്തിലെ ചരിത്രത്തിൽ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.

ദേവ സഹായം പിള്ള മത പരിവർത്തനം നടത്തിയെന്ന് ആരോപ്പിക്കുന്ന  വടക്കൻകുളം പ്രദേശങ്ങളിൽ താണവരായ വെള്ളാള ക്രിസ്ത്യാനികൾക്ക് സവർണ്ണരുടെ പള്ളികളിൽ ഇന്നും പോവാൻ അനുവാദമില്ല. അഥവാ പള്ളിയിൽ പോയാലും അവർ പ്രത്യേകമായ ഒരു സ്ഥലത്ത് ഇരിക്കേണ്ടിയും വരുന്നു. ക്രിസ്തു മതത്തിൽ തന്നെ ജാതി വ്യവസ്ഥ ഇന്നും ഉള്ള സ്ഥിതിക്ക് ദേവ സഹായംപിള്ള ജാതി വ്യവസ്ഥക്കെതിരെ പോരാടിയെന്നു വിശ്വസിക്കുന്നതെങ്ങനെ?  ഇന്നുള്ള വർണ്ണ വർഗ വിവേചനത്തിനെതിരെയുള്ള സഭയുടെ നിലപാട് എന്താണ്? ജാതിയിൽ താണവരുമായി വിവാഹബന്ധങ്ങൾ  പ്രോത്സാഹിപ്പിക്കാറുണ്ടോ?

ഒരു പ്രദേശത്തെ ജനതയുടെ സംസ്ക്കാരത്തെ നശിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ  നീലകണ്‌ഠ പിള്ളയുടെ  പൗരുഷമോ, അല്ലെങ്കിൽ സഭ കരുതുന്നപോലെ രക്തസാക്ഷിത്വമോ ?  ഹിന്ദുക്കളുടെ ആത്മാക്കളെ രക്ഷിച്ചുവെന്ന വാദങ്ങളാണ് ഉന്നയിക്കുന്നത്. നല്ലവരായ ഹിന്ദു  ജനത ക്രിസ്ത്യാനികളെ ഇരുകരങ്ങളും കൂട്ടി  സ്വാഗതം ചെയ്തു. അവർക്ക് പള്ളി പണിയാൻ സൗകര്യങ്ങൾ നൽകി. മതം ആചരിക്കാനും സൗകര്യങ്ങൾ നൽകി. വാസ്തവത്തിൽ അവരുടെ പാരമ്പര്യത്തെയും മാമൂലുകളെയും സംസ്ക്കാരത്തെയും നശിപ്പിച്ച 'ഇവർ' സഹായിച്ചവരെ ചതിക്കുകയല്ലേ ചെയ്തത്.  സഭയുടെ പ്രചാരണത്തിനൊരുങ്ങുന്ന ക്രിസ്ത്യാനിയുടെ ഒരു പോരാളി മരിച്ചാൽ അയാൾ രക്തസാക്ഷിയാകും. അതേ യോദ്ധാവ് സഭയ്ക്ക് വേണ്ടി ശത്രു രാജ്യത്തിലുള്ളവരെ കൊല ചെയ്താലും  വിശുദ്ധനാകും. ഇതാണ് ക്രിസ്തീയ ചരിത്രം. ക്രിസ്തുമതം ലോക വ്യാപകമായി പ്രചരിച്ചതും രക്തസാക്ഷികളിൽക്കൂടിയാണ്.

The birth place of Devasahyam Pillai.

Devasahayam, being carried him like a hanging animal to Kattadi Malai



Image result for deva sahayam pilla pictures

Monday, February 24, 2020

ഇന്ത്യയും പഞ്ചവത്സര പദ്ധതികളും, രത്നച്ചുരുക്കം













ജോസഫ് പടന്നമാക്കൽ

ദേശീയ സാമ്പത്തിക പുരോഗതിക്കായുള്ള ആസൂത്രണമാണ്  പഞ്ചവത്സര പദ്ധതികൾ കൊണ്ടുദ്ദേശിക്കുന്നത്.  ഓരോ പദ്ധതികളും നടപ്പിലാക്കുന്നത്  കേന്ദ്ര സർക്കാരിന്റെ ചുമതലയിലായിരിക്കും. 1928-ൽ ജോസഫ് സ്റ്റാലിൻ പഞ്ച വത്സര പദ്ധതികൾ റഷ്യയിൽ ആവിഷ്‌ക്കരിച്ചിരുന്നു. അനേക കമ്മ്യുണിസ്റ്റ് രാജ്യങ്ങളും മുതലാളിത്ത  രാജ്യങ്ങളും  പഞ്ചവത്സര പദ്ധതികൾ തങ്ങളുടെ ദേശീയ നയങ്ങളായും  സ്വീകരിച്ചു.  ചൈനയും പഞ്ചവത്സര പദ്ധതികളിലൂടെയാണ് ദേശീയ സാമ്പത്തിക പദ്ധതികൾ നടപ്പാക്കിയിരുന്നത്. 1951-ൽ ഇന്ത്യയുടെ  ആദ്യത്തെ പഞ്ചവത്സര പദ്ധതിയ്ക്ക് തുടക്കമിട്ടു.  ജവഹർലാൽ നെഹ്രു വിഭാവന ചെയ്ത പഞ്ചവത്സര  പദ്ധതികൾ  തികച്ചും സോഷ്യലിസ്റ്റ്  ആശയങ്ങളുൾക്കൊണ്ടതായിരുന്നു.

പഞ്ചവത്സര  പദ്ധതികൾ 1951 മുതലാണ് തുടങ്ങിയതെങ്കിലും അതിന് വളരെ മുമ്പ് മുതലേ താത്ത്വികമായി പദ്ധതികൾക്കു  തുടക്കമിട്ടിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് 1938-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇതിനുള്ള തയ്യാറെടുപ്പുകൾ  നടത്തിയിരുന്നു. 1944-ൽ ബോംബെ പ്ലാനും ഗാന്ധിയൻ പ്ലാനും ആവിഷ്ക്കരിച്ചു. 1945-ൽ യുദ്ധത്തിനു  ശേഷമുള്ള രാജ്യത്തിന്റെ പുരോഗതിക്കായി ജനകീയ പദ്ധതി തയാറാക്കിയിരുന്നു. 1950-ൽ ജയപ്രകാശ നാരായൻ സർവോദയ പ്ലാൻ നിർദ്ദേശിച്ചിരുന്നു.

പഞ്ചവത്സര  പദ്ധതികളുടെ  ലക്ഷ്യം സാമ്പത്തിക വളർച്ചയെന്നുള്ളതാണ്.  അതുവഴി  രാജ്യത്തെ സമ്പന്നമാക്കുകയെന്നതാണ്.  ആദ്യകാല ഘട്ടങ്ങളിൽ ഇന്ത്യക്കാരന്റെ ആളോഹരി വരുമാനം വളരെ പരിതാപകരമായിരുന്നു. നിയന്ത്രാണാതീതമായ ജനസംഖ്യയും  ദാരിദ്ര്യവും രാജ്യം അഭിമുഖീകരിച്ചിരുന്നു. സാധാരക്കാർക്കും പങ്കാളികളാകാവുന്ന വിധത്തിലുള്ള നിരവധി  സേവിങ് പദ്ധതികളും വ്യവസായിക മുതൽ മുടക്കുകളും  ഓരോ പഞ്ചവത്സര പദ്ധതികളിലും പ്രോത്സാഹിപ്പിക്കേണ്ടതായുണ്ടായിരുന്നു.

രണ്ടു നൂറ്റാണ്ടുകളിലെ ബ്രിട്ടീഷ് ഭരണം മൂലം നിശ്ചലമായിരുന്ന ഇന്ത്യൻ  സാമ്പത്തികത്തെ കര കയറ്റുകയെന്നതും സ്വതന്ത്രാനന്തര ഇന്ത്യയുടെ വെല്ലുവിളികളായിരുന്നു.  ആസൂത്രണ  ചിന്തകർ, സാമ്പത്തിക പുരോഗമനത്തിനായി  ഗഹനമായി പഠിക്കുകയും ചെയ്തിരുന്നു.  കൃഷി, വ്യവസായം, വൈദുതി, യാത്രാ സൗകര്യങ്ങൾ എന്നിവകൾക്കു  മുൻഗണന നൽകിയിരുന്നു. ദേശീയ വരുമാനവും ആളോഹരി വരുമാനവും വർദ്ധിപ്പിക്കണമെന്ന ലക്ഷ്യവുമുണ്ടായിരുന്നു. ദാരിദ്ര്യം ഇന്ത്യയിൽ നിന്ന് ഉച്ഛാടനം ചെയ്തുകൊണ്ടു ജനങ്ങളുടെ ക്ഷേമ നിലവാരം ഉയർത്തുവാനുള്ള ലക്ഷ്യങ്ങളും  ആസൂത്രണ പദ്ധതികളിൽ  ഉൾപ്പെടുത്തിയിരുന്നു.

സാമ്പത്തിക പുരോഗമനം കൂടാതെ  സാമൂഹികമായ നീതിയും പദ്ധതിയുടെ ലക്ഷ്യങ്ങളിലുണ്ടായിരുന്നു. വരുമാനത്തിനനുസരിച്ച് ചെലവുകൾ നിർവഹിക്കുകയും സോഷ്യലിസ്റ്റ് വ്യവസ്ഥയിലുള്ള സാമ്പത്തികം  വിഭാവനയും   ചെയ്തിരുന്നു.  സമ്പത്തു മുഴുവൻ  ഏതാനും പേരുടെ കൈകളിൽ മാത്രമെന്നുള്ള സ്ഥിതിവിശേഷമായിരുന്നു സ്വതന്ത്രാനന്തര ഇന്ത്യയിലുണ്ടായിരുന്നത്. മുതലാളിത്ത  സാമ്പത്തിക ശാസ്ത്രത്തിൽക്കൂടി  ദേശീയ വരുമാനം വർദ്ധിപ്പിക്കാനുള്ള പ്രക്രിയയെയും എതിർത്തു. സ്വത്തു സമ്പാദിക്കുന്നതിലുള്ള അസമത്വവും ഇല്ലാതാക്കാനുള്ള ചിന്തകളുമുണ്ടായിരുന്നു. ഓരോ പൗരനുമുള്ള  വരവു  ചെലവുകളും നീതിയുക്തമായിരിക്കണമെന്നും കണക്കാക്കിയിരുന്നു.  സാമ്പത്തിക പദ്ധതികളുടെ ഗുണോഭാക്താക്കൾ ദരിദ്രർ ആയിരിക്കണമെന്ന ലക്ഷ്യങ്ങളുമുണ്ടായിരുന്നു. ദാരിദ്ര്യം തുടച്ചു നീക്കണമെന്ന പദ്ധതികൾക്കു  മുൻഗണന നൽകിയത് അഞ്ചാം പദ്ധതി കാലത്തായിരുന്നു.

തൊഴിലില്ലായ്മ പരിഹരിക്കാനുള്ള  തീവ്ര പദ്ധതികളൂം  പരിഗണിച്ചിരുന്നു.  എങ്കിലും  തൊഴിലില്ലായ്‌മ രൂക്ഷമായതല്ലാതെ  ദേശീയമായി ഒന്നും നടപ്പാക്കാൻ സാധിച്ചിട്ടില്ല.  1978-83-ൽ  ആറാം പദ്ധതിയിൽ ജനതാ  സർക്കാരിന്റ കാലത്ത് തൊഴിൽ പദ്ധതികൾക്ക് പ്രാധാന്യം നൽകി. എന്നാൽ ഏഴാം പദ്ധതി (1985-90)  തൊഴിൽ നയങ്ങളെ അവഗണിക്കുകയായിരുന്നു. ഇന്ത്യയിൽ തൊഴിലില്ലായ്‌മ വർദ്ധിക്കുകയും അനേകായിരങ്ങൾ തൊഴിലില്ലാത്തവരുമായി തീരുകയും ചെയ്തു.  തൊഴിൽ അന്വേഷിക്കുന്നവരുടെ  എണ്ണം 34.24 ലക്ഷത്തിൽ നിന്ന് 1999 -ൽ 402 ലക്ഷമായി വർദ്ധിക്കുകയുമുണ്ടായി.

രാജ്യം  സ്വയം പര്യാപ്തി നേടുകയെന്നത് ഓരോ പഞ്ച വത്സരപദ്ധതികളുടെയും  പ്രകടന പത്രികളിലുണ്ടായിരുന്നു. വിദേശരാജ്യങ്ങളെ ആശ്രയിക്കാതെ നാം സ്വയം മുന്നേറണമെന്നുള്ള തത്ത്വമാണ് ഇതിലുള്ളത്.  ഒന്നാം പദ്ധതി തുടങ്ങുന്നതിന് മുമ്പ് ഇന്ത്യ വൻതോതിൽ  ഭക്ഷണ പദാർത്ഥങ്ങൾ പുറം രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. അതുപോലെ കൃഷിക്കാവശ്യമുള്ള വളവും അസംസ്കൃത സാധനങ്ങളും വ്യാവസായിക മെഷീനുകളും അതിനോടനുബന്ധിച്ച  ഉപകരണങ്ങളും പുറം രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വന്നിരുന്നു. അതിനാൽ, വ്യവസായ നയങ്ങളിൽ ഇന്ത്യക്ക് എന്നും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പോരായ്മകളുണ്ടായിരുന്നു. വിദേശ നാണയങ്ങളും അപര്യാപ്തമായിരുന്നു.   ഇറക്കുമതി കുറച്ചുകൊണ്ടുള്ള സാമ്പത്തിക സ്വയം പര്യാപ്തതയ്ക്ക്  മുൻതൂക്കം നൽകിയിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ  നാലു പഞ്ചവത്സര പദ്ധതികൾ നടപ്പാക്കിയിട്ടും ഇന്ത്യ വിഭാവന ചെയ്ത ലക്ഷ്യം നേടാൻ സാധിച്ചിരുന്നില്ല.

പഞ്ചവത്സര പദ്ധതികളിൽക്കൂടിയുള്ള  വ്യവസായ നവീകരണം മൂലം  നിരവധി നിലവിലുള്ള വ്യവസായങ്ങളെ പുനരുദ്ധരിക്കേണ്ടി വരുന്നു.  വിദേശ സഹായത്തോടെയുള്ള നവീകരണ ടെക്‌നോളജികളും ആവശ്യമായി വരുന്നു. കൃഷികാര്യങ്ങളിലും ഊർജത്തിലും ആധുനിക ടെകനോളജികൾ നടപ്പിലാക്കിയെന്നുള്ളത് ശരി തന്നെ. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ പൂർണ്ണമായ വ്യവസായ ആവശ്യത്തിനുള്ള  ടെക്‌നോളജി നടപ്പാക്കുക എളുപ്പമല്ല. രാജ്യം മുഴുവൻ ഗുരുതരമായ തൊഴിലില്ലായ്മ അഭിമുഖീകരിക്കുന്നു. ദാരിദ്യം അങ്ങേയറ്റവും. വ്യവസായങ്ങൾ ആധുനിവൽക്കരിക്കുമ്പോൾ തൊഴിൽ മേഖലകൾ ഇല്ലാതാകും. തൊഴിലില്ലായ്‌മ വർദ്ധിക്കുകയും ചെയ്യും. ഒരിടത്ത് നവീകരണത്തിനു  ശ്രമിക്കുമ്പോൾ മറ്റൊരിടത്ത്, തൊഴിലില്ലായ്മയും ദാരിദ്ര്യവും നീക്കപ്പെടുന്നതിൽ പരാജയപ്പെടുന്നു.

പന്ത്രണ്ടു പദ്ധതികളാണ് നാളിതു വരെ നടപ്പാക്കിയിരുന്നത്. എന്നാൽ  എൻഡിഎ സർക്കാർ പഞ്ചവത്സര പദ്ധതികളുടെ അന്തസത്ത ഇല്ലാതാക്കിയിരിക്കുന്നു.  പന്ത്രണ്ടാം പദ്ധതിയെ ഇന്ത്യയുടെ അവസാനത്തെ പദ്ധതിയെന്ന് പറയാം. പതിമൂന്നാം പദ്ധതി രാജ്യക്ഷേമകരമായ പ്രവർത്തനങ്ങൾക്കു പകരം രാജ്യത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കാനാണ് മുൻഗണന നൽകിയിരിക്കുന്നത്. ഓരോ പഞ്ചവത്സര പദ്ധതികളുടെയും  രത്ന ചുരുക്കം താഴെ വിവരിക്കുന്നു. 

1. 1951 ഡിസംബർ എട്ടാം തിയതി ഇന്ത്യയുടെ ഒന്നാം പഞ്ചവത്സര പദ്ധതി നെഹ്‌റു പാർലമെന്റിൽ അവതരിപ്പിച്ചു. ആദ്യ പഞ്ചവത്സര പദ്ധതി  നടപ്പാക്കിയത്  1951 മുതൽ 1956 വരെയുള്ള കാലഘട്ടത്തിലായിരുന്നു.  അഭയാർത്ഥി പ്രശ്നങ്ങൾ, ഭക്ഷണം അപര്യാപ്തത, വിലപ്പെരുപ്പം എന്നീ മൂന്നു കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.ജനപ്പെരുപ്പത്തെ നിയന്ത്രിക്കാൻ കുടുംബാസൂത്രണ പദ്ധതികളും ആവിഷ്ക്കരിച്ചു.  ഇന്ത്യ പാകിസ്ഥാൻ മൂലമുണ്ടായിരുന്ന വിഭജന കെടുതികളിൽ നിന്നും ഇന്ത്യക്ക് മോചനം നേടേണ്ടതുണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധം ഉണ്ടാക്കിയ സാമ്പത്തിക പ്രശ്നങ്ങളിലും കരകയറേണ്ട ആവശ്യമുണ്ടായിരുന്നു. അഭയാർഥികളെ  പാർപ്പിക്കുക എന്നുള്ള പ്രശ്നങ്ങൾക്കും മുൻഗണന നൽകിയിരുന്നു. കൃഷികൾ വികസിപ്പിക്കുകയും ഭക്ഷണ പദാർത്ഥങ്ങൾ ഉൽപ്പാദിപ്പിക്കുകയും വിലപ്പെരുപ്പം നിയന്ത്രിക്കുകയും ചെയ്യുന്ന പദ്ധതികൾ ആസൂത്രണം ചെയ്തു. ഭക്രാനംഗൽ, ഹിരാക്കുഡ് എന്നീ അണക്കെട്ടുകൾ പണി കഴിപ്പിച്ചു.  കൂടാതെ ദാമോദർ വാലി പദ്ധതിക്ക് രൂപകൽപ്പന ചെയ്തു. 1953-ൽ  യൂണിവേഴ്സിറ്റി ഗ്രാൻഡ്‌സ് കമ്മീഷൻ രൂപീകരിച്ചു.  ഒന്നാം പഞ്ചവത്സര പദ്ധതി  വളരെയേറെ  വിമർശനങ്ങളും ഉൾക്കൊണ്ടിരുന്നു.  സ്വാതന്ത്ര്യം നേടിയ ശേഷം താറുമാറായ ഇന്ത്യയുടെ ആവിഷ്‌ക്കാര പദ്ധതികൾ നടപ്പാക്കുന്നതും ബുദ്ധിമുട്ടുള്ള  ജോലിയായിരുന്നു.  രാഷ്ട്രത്തിനു മൊത്തം പുനർ നിർമ്മാണത്തിന്റെ ആവശ്യവുമുണ്ടായിരുന്നു.

2.രണ്ടാം പദ്ധതി 1956 മുതൽ 1961 വരെയുള്ള  കാലഘട്ടത്തിലായിരുന്നു.  വ്യവസായവൽക്കരണമായിരുന്നു ലക്ഷ്യം . പൊതു മേഖലയ്ക്ക് പ്രാധാന്യം കല്പിച്ചുകൊണ്ട് സമ്മിശ്രിത സാമ്പത്തികവൽക്കരണത്തിനു  പ്രാധാന്യം നൽകിയിരുന്നു. സ്വകാര്യ വ്യവസായവൽക്കരണവും പ്രോത്സാഹിപ്പിച്ചിരുന്നു. ഒരു ക്ഷേമരാഷ്ട്രം പടുത്തുയർത്തുക എന്ന  ലക്ഷ്യവും പദ്ധതി തയ്യാറാക്കുമ്പോളുണ്ടായിരുന്നു. വലിയ തോതിലുള്ള  വ്യവസായങ്ങൾക്കും വ്യവസായ ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനും മുൻഗണന  നൽകിയിരുന്നു. ഇരുമ്പ്, ഉരുക്ക് നിർമ്മാണ ഫാക്ടറികളും  രാസ നിർമ്മാണ ഫാക്ടറികളും  സ്ഥാപിക്കാനും  പദ്ധതികളിട്ടു. അതുപോലെ യന്ത്രങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികൾക്കും പ്രാധാന്യം നൽകി. നൂതനമായ വ്യവസായ പദ്ധതികൾ ആവിഷ്ക്കരിച്ചത് രണ്ടാം പഞ്ച വത്സര  പദ്ധതി കാലത്താണ്. വളർച്ച നിരക്ക് 4.5 ശതമാണ്, ലക്ഷ്യമിട്ടതെങ്കിലും  4.27 ശതമാനം മാത്രമേ കൈവരിക്കാൻ സാധിച്ചുള്ളൂ. വിദേശ രാജ്യങ്ങളുടെ സഹായത്തോടെ ഉരുക്കുവ്യവസായങ്ങൾ തുടങ്ങാൻ സാധിച്ചു. ഭിലായ്, റൂർക്കല, ദുർഗാപ്പൂർ പദ്ധതികൾ പൂർത്തിയാക്കി. പദ്ധതികളുടെ  പ്രവർത്തനങ്ങൾക്കായി  സോവിയറ്റ് യൂണിയൻ, ബ്രിട്ടൻ, ജർമ്മനി എന്നീ രാജ്യങ്ങളുടെ സഹായങ്ങളുമുണ്ടായിരുന്നു.

3. 1961 മുതൽ 1966 വരെ  മൂന്നാം പദ്ധതിയുടെ  കാലഘട്ടമായിരുന്നു.  സാമ്പത്തിക സ്വയം പര്യാപ്തത നേടുകയെന്നതു  ലക്ഷ്യമായിരുന്നു.  അതുപോലെ സാമ്പത്തിക നേട്ടങ്ങൾക്കായുള്ള കർമ്മ പരിപാടികളും തുടങ്ങി വെച്ചു. എന്നിരുന്നാലും രണ്ടാം പദ്ധതിയിലെ  കൃഷി വികസന ആസൂത്രണ പദ്ധതികൾ  വേണ്ടത്ര വികസിച്ചില്ല.  അത് ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് തടസമായി നിന്നു. അതുകൊണ്ട് മൂന്നാം പദ്ധതിയിലും കൃഷിക്ക് പ്രാധാന്യം നൽകേണ്ടി വന്നു. 1961-ലെ ഇന്ത്യ ചൈന യുദ്ധം മൂലം പഞ്ചവത്സര പദ്ധതികൾക്ക് നീക്കി വെച്ചിരുന്ന ഫണ്ടുകൾ ചെലവാക്കേണ്ടി വന്നു. 1965-66 ലെ ഇൻഡോ പാക്ക് യുദ്ധം മൂലവും വികസന പദ്ധതികൾക്കു  തടസം വന്നു. പോരാഞ്ഞ്, 1965-1966 ൽ  കനത്ത വരൾച്ച കാരണം കൃഷികളും നശിച്ചു. അത് രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലും ഭക്ഷ്യക്ഷാമം  വരാനും കാരണമായി. മൂന്നാം പദ്ധതി അപൂർണ്ണമാവുകയും അതിന്റെ ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതെ വരുകയും ചെയ്തു. ചൈനയും  പാക്കിസ്ഥാനും ഇന്ത്യയോട് യുദ്ധത്തിൽ ഏർപ്പെട്ടതിനാൽ വളർച്ച നിരക്ക് വളരെ മോശമായിരുന്നു. 5.6 ശതമാനം പ്രതീക്ഷിച്ചിടത്ത് 2.4 ശതമാനം വളർച്ച നേടാൻ മാത്രമേ സാധിച്ചുള്ളൂ.  രാഷ്ട്രീയമായ അസ്ഥിരതയുമുണ്ടായിരുന്നു. നെഹ്‌റു, നന്ദ, ശാസ്ത്രി, ഇന്ദിരാഗാന്ധി എന്നീ പ്രധാനമന്ത്രിമാർ മൂന്നാം പഞ്ചവത്സര പദ്ധതികളെ അതാത് കാലങ്ങളിൽ നയിച്ചു. ഹരിതക  വിപ്ലവം ആരംഭിച്ചത് ഈ കാലഘട്ടത്തിലാണ്. 1965-ലെ പാക്കിസ്താനുമായുള്ള യുദ്ധം മൂലം നാലാം പദ്ധതി ആരംഭിക്കാൻ സാധിച്ചില്ല.

1966-ൽ നാലാം പദ്ധതിയ്ക്ക് തുടക്കമിട്ടിരുന്ന വേളയിൽ വരൾച്ചയും രൂപയുടെ മൂല്യം കുറച്ചതും വിലപ്പെരുപ്പവും, സാമ്പത്തിക അപര്യാപ്തതയും മൂലം പദ്ധതികൾ താൽക്കാലികമായി നിർത്തൽ ചെയ്തു. അതുകൊണ്ടാണ് 1966 മുതൽ മൂന്നു വർഷം  സർക്കാർ വാർഷിക പദ്ധതികൾക്കായി രൂപകൽപ്പന ചെയ്തത്.  ഈ കാലഘട്ടത്തെ പദ്ധതിയുടെ അവധിക്കാലമെന്നും പറയാം.

4. 1969  മുതൽ 1974  വരെയുള്ള നാലാം പദ്ധതിയിൽ  ഭക്ഷണം ഇറക്കുമതി നിർത്തൽ ചെയ്യാൻ  കരടുരൂപം തയ്യാറാക്കിയിരുന്നു.  എന്നാൽ നാലാം പദ്ധതിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യ ലക്ഷ്യപ്രാപ്തിയിലെത്തുകയും ചെയ്തു. 1971-ൽ പി.എൽ. 480 പ്രകാരമുള്ള ധാന്യം ഇറക്കുമതി പരിപൂർണ്ണമായും നിർത്തൽ ചെയ്തു. ദേശീയ വരുമാന വളർച്ചയും  രാജ്യത്തെ സ്വയം പര്യാപ്തതയിൽ  എത്തിക്കുകയെന്നതും  നാലാം പദ്ധതിയുടെ ലക്ഷ്യമായിരുന്നു. ദേശീയ വരുമാനം 5.5 നേടുക എന്നതായിരുന്നു ലക്ഷ്യം. അതുപോലെ സമൂഹത്തിലെ താണവരായവരെയും ദരിദ്രരെയും പുനരുദ്ധരിക്കുക എന്നതും ലക്ഷ്യമിട്ടിരുന്നു.  'ഗരീബി ഹട്ടാവോ' എന്നും ഈ പദ്ധതിക്ക് മുദ്ര നൽകിയിരുന്നു. ദൗർഭാഗ്യ വശാൽ 1971-1972-ൽ മറ്റൊരു ഇന്ത്യ പാക്കിസ്ഥാൻ യുദ്ധമുണ്ടായി. അത് സാമ്പത്തികം തകർക്കുകയും നാലാം പദ്ധതിയ്ക്ക് തടസ്സമാവുകയുമുണ്ടായി.  വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തത നേടുകയെന്നതും പദ്ധതിയുടെ പ്രത്യേകതയായിരുന്നു.  കൃഷിയിൽ ഇറക്കുമതി ആശ്രയിക്കാതെ  രാജ്യത്ത് ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള  പദ്ധതികളും തയ്യാറാക്കിയിരുന്നു. വ്യവസായ പുരോഗതിയ്ക്കും   വ്യവസായ ഉൽപ്പന്നങ്ങൾ വർദ്ധിപ്പിക്കുന്നതിനും പദ്ധതിയിട്ടിരുന്നു.  3.8 ശതമാനം മാത്രം ഈ പദ്ധതി കാലത്ത് ഇന്ത്യ വളർച്ച നേടി.

5.1974 മുതൽ 1979 വരെയുള്ള കാലഘട്ടം അഞ്ചാം പദ്ധതിയായി ആസൂത്രണം ചെയ്തു. അഞ്ചാം പദ്ധതിയുടെ അടിസ്ഥാന ഉദ്ദേശ്യവും സ്വയം പര്യാപ്തി പ്രാപിക്കുകയെന്നതായിരുന്നു. ഈ ലക്ഷ്യപ്രാപ്തിക്കായി ധാന്യ വിളകളുടെ ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിച്ചു. അത്യാവശ്യമുള്ള ഉപഭോഗ വസ്തുക്കളും, അസംസ്കൃത വസ്തുക്കളും മാത്രം ഇറക്കുമതി ചെയ്തിരുന്നു. കയറ്റുമതിയെ പരമാവധി വർദ്ധിപ്പിക്കാൻ ശ്രമിച്ചു. അതുമൂലം വിദേശനാണ്യവും നേടാനുള്ള ശ്രമമുണ്ടായിരുന്നു. ജിഡിപി വർദ്ധിപ്പിക്കുക, രാജ്യത്തിന്റെ വരുമാനം സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർക്കും നീതിപൂർവം വിതരണം ചെയ്യുക, സ്വാശ്രയം നടപ്പാക്കുക മുതലായവകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.  കയറ്റുമതി വർദ്ധിപ്പിക്കൽ, ദേശീയ സുരക്ഷാ പദ്ധതികൾ, നിക്ഷേപങ്ങൾ വർദ്ധിപ്പിക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങളും  ഉൾപ്പെടുത്തിയിരുന്നു . ഭവന രഹിതർക്ക് വീടുകൾ, കുടിവെള്ളം, പ്രാഥമിക വിദ്യാഭ്യാസം  മുതലാവകൾക്കും ഫണ്ട് അനുവദിച്ചു. പദ്ധതി കൂടാതെ 1978 മുതൽ 1980 വരെ മറ്റൊരു  വാർഷിക പദ്ധതിയും നടപ്പാക്കി. ഇത് മുൻവർഷങ്ങളിൽ നടപ്പാക്കാൻ സാധിക്കാഞ്ഞ പദ്ധതികൾ പൂർത്തിയാക്കുന്നതിനുവേണ്ടിയായിരുന്നു.  ദാരിദ്ര്യം ഉന്മൂലനം ചെയ്യണമെന്നുള്ള ലക്ഷ്യമുണ്ടായിരുന്നു. 1975 -ൽ ഇന്ദിരാഗാന്ധി ദാരിദ്ര്യത്തെ ഇല്ലാതാക്കാൻ  ഇരുപതിന പരിപാടികൾ നടപ്പാക്കിയിരുന്നു. അടിയന്തിരാവസ്ഥ കാലത്ത്  നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതികൾക്ക് കാലതാമസം നേരിട്ടിരുന്നു. "ഗരീബി ഹഠാവോ' ഈ പദ്ധതിയുടെ മുദ്രാവാക്യമായിരുന്നു.  ശരാശരി 5.1 ശതമാനം വളർച്ച നിരക്ക് നേടി.

1978-80-ൽ  മൊറാർജി ദേശായി അധികാരത്തിൽ വന്നപ്പോൾ പഞ്ചവത്സര പദ്ധതികൾ അവസാനിപ്പിച്ചിരുന്നു.  പകരം റോളിംഗ് പദ്ധതി നടപ്പാക്കി. എന്നാൽ 1980 -ൽ കോൺഗ്രസ്സ് വീണ്ടും അധികാരത്തിൽ വന്നപ്പോൾ  പദ്ധതികൾ പുനരാരംഭിക്കുകയും ചെയ്തു.

6. 1980 മുതൽ 1985 വരെയുള്ള കാലഘട്ടം ആറാം പദ്ധതി കാലമാണ്.  സാമ്പത്തിക തലങ്ങളിൽ ഉള്ള ഫ്യൂഡൽ വ്യവസ്ഥിതി അവസാനിപ്പിക്കുക എന്നതായിരുന്നു ആറാമത്തെ പദ്ധതിയുടെ കരടുപത്രികയിൽ തയ്യാറാക്കിയിരുന്നത്. കൊളോണിയൽ സാമ്പത്തിക ശാസ്ത്രത്തിൽനിന്നും പൂർണ്ണമായ ഒരു വിടുതലും ആവശ്യമായിരുന്നു. എല്ലാ സ്ഥാപനങ്ങളിലും അടിസ്ഥാനപരമായ ഒരു ആധുനിവൽക്കരണവും ലക്ഷ്യമിട്ടിരുന്നു. വ്യവസായങ്ങൾ' ആധുനികരിക്കാനും പദ്ധതി മുൻഗണന നൽകി. ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും  ദാരിദ്ര്യം തുടച്ചു നീക്കുകയും ലക്ഷ്യങ്ങളായിരുന്നു. ഗ്രാമീണ പദ്ധതിയനുസരിച്ച് എല്ലാ ഗ്രാമങ്ങളെയും  തുല്യമായി പരിഗണിക്കണമെന്നുമുണ്ടായിരുന്നു. കാർഷിക മേഖലകൾ സാങ്കേതിക വിദ്യ ഉപയോഗിപ്പിച്ച് മെച്ചമാക്കാനും  തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടു. ഗ്രാമീണ സ്ത്രീകളുടെയും അവരുടെ കുട്ടികളുടെയും മെച്ചമായ ജീവിത സൗകര്യത്തിനായി ഫണ്ട് അനുവദിച്ചു.

7.ഏഴാം പദ്ധതി 1985-ൽ തുടങ്ങി 1990-ൽ അവസാനിക്കുന്നു.  മനുഷ്യാവകാശങ്ങളും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കലും സാമൂഹിക തലങ്ങളിൽ തുല്യ നീതിയും നടപ്പാക്കുന്നതും പദ്ധതിയുടെ നക്കലിലുണ്ടായിരുന്നു. ഭക്ഷ്യ ധാന്യങ്ങളുടെ വർദ്ധനവും പ്രതീക്ഷിച്ചു.  ഈ പദ്ധതി കാലത്ത് ഇന്ത്യക്ക് വാർത്താ വിനിമയ കാര്യത്തിൽ പുരോഗതി നേടാൻ സാധിച്ചു. സാമ്പത്തിക വളർച്ച 5.9  ശതമായിരുന്നു.  തൊഴിലുകളും ഉൽപ്പാദന മേഖലകളും വർദ്ധിപ്പിക്കാനുള്ള ലക്ഷ്യങ്ങളുമുണ്ടായിരുന്നു. സാമൂഹിക നീതി, സ്വാശ്രയം, ആധുനിവൽക്കരണം മുതലാവകളും നടപ്പിലാക്കണമായിരുന്നു.

8.1992 മുതൽ 1997 വരെ എട്ടാം പദ്ധതികൾ തുടങ്ങി വെച്ചു. എന്നാൽ കേന്ദ്രത്തിൽ രാഷ്ട്രീയ മാറ്റങ്ങളും സർക്കാർ മാറ്റങ്ങളും കാരണം പദ്ധതികൾ മുമ്പോട്ട് കൊണ്ടുപോവുന്നതിൽ തടസങ്ങളുമുണ്ടായിരുന്നു.  അതുകൊണ്ട് പ്ലാനിങ് കമ്മീഷനിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി. ഒടുവിൽ 1992-ൽ എട്ടാം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. അക്കാലത്ത് രാജ്യം ഒരു സാമ്പത്തിക അരാജകത്വത്തിൽ പോയിരുന്നു. സർക്കാർ, പുതിയ പരീക്ഷണങ്ങളോടെ സാമ്പത്തിക തലങ്ങൾ  മറ്റൊരു ദിശയിൽക്കൂടി  നയിച്ചിരുന്നു. വ്യവസായങ്ങളെ ആധുനിവൽക്കരിക്കുക ലക്ഷ്യമായിരുന്നു. സ്വയം തൊഴിലുകൾ കണ്ടുപിടിക്കുന്നതിനും  പ്രായോഗി പരിശീലനം നൽകുന്നതിനും പദ്ധതി ലക്ഷ്യങ്ങളിലുണ്ടായിരുന്നു. ജനസംഖ്യ നിയന്ത്രണവും പ്രധാന അജണ്ടകളിൽ ഉൾപ്പെടുത്തി. 1993-ൽ നരസിംഹ റാവുവിന്റെ കാലത്ത് 'പഞ്ചായത്ത് രാജ്' വന്നു.1992-ലാണ് 'നാഷണൽ സ്റ്റോക്ക് എക്‌ചേഞ്ച്' സ്ഥാപിച്ചത്.

9.1997 മുതൽ 2002 വരെയായിരുന്നു ഒമ്പതാം പദ്ധതി നടപ്പാക്കിയ കാലം. ആരോഗ്യ സംരക്ഷണം, ശുദ്ധജലം ലഭ്യമാക്കുക, പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്നെല്ലാം ലക്ഷ്യങ്ങളായിരുന്നു. ദരിദ്രർക്ക് ഭവനങ്ങൾ  നിർമ്മിച്ച് കൊടുക്കുന്നതും  പദ്ധതികളിലുണ്ടായിരുന്നു. ഗ്രാമീണ റോഡുകൾ പരസ്‌പരമുള്ള ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനു  കാരണമായി.  സൗത്ത് ഏഷ്യയിലെ സാമ്പത്തിക തകരാറുകൾ ഇന്ത്യൻ എക്കണോമിയെയും ബാധിച്ചിരുന്നു. ഉദാരവൽക്കരണം മൂലം ഇന്ത്യ മുഴുവൻ വിമർശനങ്ങളുമുണ്ടായിരുന്നു.  ശുദ്ധ ജലം, പ്രാഥമികമായ മെഡിക്കൽ സഹായം,  നിർബന്ധിത പ്രൈമറി വിദ്യാഭ്യാസം, വീടില്ലാത്തവർക്ക് വീട്, മുതലായവകൾ നടപ്പാക്കാനും പദ്ധതിയിട്ടു.  കുഞ്ഞുങ്ങൾക്ക് പോഷകാഹാരം കൊടുക്കുന്നതിള്ള ഫണ്ടുകളും നീക്കി വെച്ചു.  കൃഷിക്ക്  മുൻ പദ്ധതികൾ പോലെ ഈ പദ്ധതിയിലും പ്രാധാന്യവും കല്പിച്ചിരുന്നു.

10. പത്താം പദ്ധതി 2002 മുതൽ 2007 വരെയുള്ള കാലഘട്ടമാണ്.  പൊതു ജനങ്ങളുടെ പങ്കാളിത്തം, ഭക്ഷ്യ ധാന്യ വിളകൾ വർദ്ധിപ്പിക്കുക,  ആരോഗ്യ സുരക്ഷാ പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെ   ആസൂത്രണ പരിപാടികളിൽ  ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. അടുത്ത പത്തു വർഷം  കൊണ്ട് ആളോഹരി വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു.  ആധുനിക ജീവിത സൗകര്യങ്ങളോടെയുള്ള  വളർച്ചകളും പദ്ധതിയിൽ ഉൾപ്പെടുത്തി.

11. 2007 മുതൽ 2012 വരെ പതിനൊന്നാം പദ്ധതിയുടെ ആസൂത്രണ കാലഘട്ടമായിരുന്നു. നാനാ ജാതി ജനവിഭാഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള  ഒരു സമഗ്ര പദ്ധതിക്കായിരുന്നു തുടക്കമിട്ടിരുന്നത്. 'പ്രസവത്തോടെ'യുള്ള   മാതൃ മരണങ്ങൾ കുറയ്ക്കാനുള്ള മെഡിക്കൽ ഫണ്ടുകളും അനുവദിച്ചിരുന്നു. വർദ്ധിച്ചു വരുന്ന ജനന നിരക്കു നിയന്ത്രിക്കാനും  കുടുംബാസൂത്രണ  പദ്ധതികൾ ബലപ്പെടുത്താനും  മുൻഗണനയുണ്ടായിരുന്നു. ശുദ്ധജലം സംഭരിച്ച് നാടിന്റെ നാനാ ഭാഗത്തും  വിതരണം ചെയ്യാനുള്ള പദ്ധതികളും ആവിഷ്ക്കരിച്ചു. പതിനൊന്നാം പഞ്ചവത്സര പദ്ധതി  സാമ്പത്തിക വളർച്ച ഏറ്റവും നേടിയ കാലഘട്ടമായിരുന്നു. ദേശീയ വളർച്ച പ്രതീക്ഷിച്ചതിലും വളരെയേറെയായിരുന്നു. 9 ശതമാനം വളർച്ചയുണ്ടായി. ആളോഹരി വരുമാനം 7.5 ശതമാനവും വർദ്ധിച്ചു. സാധാരണക്കാരുടെ ജീവിത നിലവാരത്തിനും മാറ്റമുണ്ടായി.  ദാരിദ്ര്യം ഇല്ലാതാക്കി തൊഴിലുകൾ കണ്ടെത്തുക എന്നത് ലക്ഷ്യമായിരുന്നു. പാവങ്ങൾക്കുള്ള   വിദ്യാഭ്യാസവും  ആരോഗ്യ പദ്ധതികളും നടപ്പാക്കണമായിരുന്നു.  ഗ്രാമീണർക്ക് തൊഴിൽ പദ്ധതികൾ ആരംഭിച്ചു. പരിസ്ഥിതി  സംരക്ഷണവും ഉൾപ്പെടുത്തിയിരുന്നു.  സ്ത്രീ സമത്വവും ഒപ്പം  കാര്യക്ഷമതയുള്ള ഭരണ സംവിധാനവും പദ്ധതികളുടെ ഭാഗമായിരുന്നു.

12. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17)യിൽ  വിദ്യാഭ്യാസത്തിനു  പ്രാധാന്യം നൽകിയിരുന്നു. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതായിരുന്നു ലക്ഷ്യം. ഒമ്പതു ശതമാനം വളർച്ച നിരക്ക് പ്രതീക്ഷിച്ചു. കൃഷിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരുന്നു.  കൃഷിയിൽ  നാലുശതമാനം  വളർച്ച നിരക്ക് പ്രതീക്ഷിച്ചിരുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊണ്ടുള്ള സാമ്പത്തിക വളർച്ചയും ആസൂത്രണം ചെയ്തിരുന്നു. വികസന പദ്ധതികളും  പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി മാറി. സാമൂഹിക സേവന മേഖലകളുടെ വളർച്ചയും  പരിഗണനയിൽപ്പെടുത്തിയിരുന്നു.

എൻഡിഎ സർക്കാർ  പതിമൂന്നാം  പഞ്ച വത്സര പദ്ധതിക്കു പകരം  രാജ്യത്തെ ശക്തിമത്താക്കാൻ  പ്രതിരോധത്തിനു  പ്രാധാന്യം നൽകിയിരിക്കുന്നു. 2020 സാമ്പത്തിക വർഷത്തിലേക്ക് ഇന്ത്യയുടെ പ്രതിരോധത്തിനായി  ധനകാര്യ മന്ത്രി നിർമല സീതാരാമൻ 65.86 ബില്യൺ ഡോളർ ( ₹471,378 crores) ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.   47 .7 ലക്ഷം കോടി (477,000 crores) രൂപയായിരുന്നു പന്ത്രണ്ടാം പദ്ധതിയുടെ ബഡ്‌ജറ്റ്‌. അത് പതിനൊന്നാം പദ്ധതിയെക്കാൾ 135 ശതമാനം കൂടുതലായിരുന്നു. 

പഞ്ചവത്സര പദ്ധതികൾ കൊണ്ട്,  ഇന്ത്യ  പുരോഗതി നേടിയെന്നതിൽ യാതൊരു തർക്കവുമില്ല. ഭക്ഷണ പദാർത്ഥങ്ങളുടെ ഉൽപാദനം ഗണ്യമായി വർദ്ധിച്ചുവെന്നുള്ളതാണ് ഒരു നേട്ടം. ഭക്ഷണ കാര്യങ്ങളിൽ ഇന്ത്യ സ്വയം പര്യാപ്‌തമാവുകയും ചെയ്തു. കൂടാതെ വ്യവസായ കാര്യങ്ങൾക്കായി മറ്റുള്ള രാജ്യങ്ങളെ ആശ്രയിച്ച് ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന  മെഷിനറികളുടെയും  മറ്റു വിലപിടിപ്പുള്ള വ്യവസായ ഉപകരണങ്ങളുടെയും  ഇറക്കുമതികൾ നിയന്ത്രിക്കാൻ സാധിച്ചു. ഫാക്റ്ററികൾക്ക് ആവശ്യമുള്ള പല ഉപകരണങ്ങളൂം ഇന്ത്യ സ്വയം നിർമ്മിക്കാനും ആരംഭിച്ചു. എന്നാലും, മറ്റു നിരവധി കാര്യങ്ങളിലും ഇനിയും നമുക്ക് നേട്ടങ്ങൾ കൈവരിക്കേണ്ടതായുണ്ട്. ഇന്ത്യയുടെ വിദേശക്കടങ്ങൾ  ക്രമാതീതമായി വർദ്ധിച്ചത് ഒരു കാരണമായിരുന്നു. അതായത്, സാമ്പത്തിക വ്യവസായങ്ങളിൽ ഇന്ത്യ ഇനിയും സ്വയം പര്യാപ്തി  നേടേണ്ടതായുണ്ട്.  ഭാഗീകമായി സ്വയം പര്യാപ്തത വിജയിച്ചതല്ലാതെ ഇന്ത്യയുടെ പ്രയത്നങ്ങൾ നാളിതുവരെ സഫലീകരിച്ചിട്ടില്ല.

ആധുനിക ഇന്ത്യയിൽ  പഞ്ച വത്സര  പദ്ധതികൾ ഇനി ആവശ്യമുണ്ടോ എന്നും ചോദ്യം വരുന്നു. അനേക വർഷങ്ങളായി വൈവിദ്ധ്യങ്ങൾ നിറഞ്ഞ കേന്ദ്രീകൃതമായ ഭാരതത്തിൽ പഞ്ച വത്സര പദ്ധതികൾക്കെതിരെ പരാതികളും ഉയർന്നിരുന്നു. പ്ലാനിങ്ങ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ കീഴിലായതുകൊണ്ട് പലപ്പോഴും കേന്ദ്രത്തിന്റെ നയങ്ങളെ അനുകൂലിക്കാത്ത സ്റ്റേറ്റുകളെ കേന്ദ്രം തഴയാറുമുണ്ടായിരുന്നു. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഫണ്ട് വീതിക്കുമ്പോൾ പദ്ധതിയുടെ പങ്ക് കൊടുക്കാറുണ്ടായിരുന്നില്ല.



Image result for india five year plan pictures

Image result for india five year plan pictures


Image result for india five year plan pictures







































Wednesday, February 12, 2020

അമേരിക്കയിലെ ഇന്ത്യൻ കുടിയേറ്റചരിത്രം, അവലോകനം


Image result for india usa immigration pictures

ജോസഫ് പടന്നമാക്കൽ

അമേരിക്കൻ ഐക്യനാടുകളിലെ കുടിയേറ്റക്കാരിൽ  ഇന്ത്യൻ വംശജരാണ് ഏറ്റവും വലിയ സമൂഹം. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർ  കൂട്ടമായി യുഎസിൽ വരാൻ തുടങ്ങിയത് കഴിഞ്ഞ അമ്പതു വർഷങ്ങൾക്കുള്ളിലാണ്.  ജനസംഖ്യയുടെ കാര്യത്തിൽ മെക്സിക്കോക്കാരേക്കാളും  ചൈനാക്കാരേക്കാളും  ഇന്ത്യക്കാർ മുന്നിൽ നിൽക്കുന്നു.   ഏറ്റവും വിദ്യാഭ്യാസമുള്ള സമൂഹവും ഇൻഡ്യക്കാർതന്നെ.  മറ്റെല്ലാ കുടിയേറ്റക്കാരെക്കാളും ഇന്ത്യൻ സമൂഹങ്ങളിൽ മൂന്നിരട്ടി ബിരുദധാരികളുമുണ്ട്.     അമേരിക്കയിലെ ഏതു വംശീയ (Ethnic) സമൂഹങ്ങളെക്കാളും   സാമ്പത്തിക ഉന്നമനം നേടിയിട്ടുമുണ്ട്.  ശരാശരി അമേരിക്കൻ ആളോഹരി വരുമാനത്തിന്റെ ഇരട്ടി വരുമാനം ഇൻഡ്യക്കാർക്കുണ്ട്.  സാമ്പത്തികമായി പിന്നിൽ നിന്ന  ഒരു രാജ്യത്തുനിന്നും  അമേരിക്കയിൽ വന്ന ഇന്ത്യക്കാർ ഇന്ന് ഏറ്റവും സമ്പന്നമായത്, തീർച്ചയായും വിസ്മയകരവും നമുക്കു അഭിമാനകരവും തന്നെ.  

 ഇന്ത്യ, അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ളാ ദേശ്‌, നേപ്പാൾ, ഭൂട്ടാൻ, ശ്രീ ലങ്ക എന്നീ ഭൂപ്രദേശങ്ങളിൽ നിന്നുള്ളവരെ സൗത്ത് ഏഷ്യക്കാരായി കരുതിയിരുന്നു.  സൗത്ത്  ഏഷ്യാക്കാർ സ്പെയിനിന്റെ  കൊളോണിയൽ പ്രദേശങ്ങളായ മെക്സിക്കോയിൽക്കൂടി എ.ഡി 1500-നു  മുമ്പു  തന്നെ അമേരിക്ക ഭൂഖണ്ഡത്തിന്റെ വിവിധ  ഭാഗങ്ങളിൽ  വാസം ഉറപ്പിച്ചിരുന്നു.  1820 നു മുമ്പ് നിരവധി ജനങ്ങൾ അമേരിക്കൻ ഐക്യനാടുകളിലും  എത്തിയിരുന്നു. ചരിത്രകാരനായ 'വിവേക ബാൾഡ്'  ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.  സൗത്ത് ഏഷ്യൻ കുടിയേറ്റക്കാർ  എണ്ണത്തിൽ കുറവായിരുന്നെങ്കിലും ഇരുപതാം നൂറ്റാണ്ടായപ്പോൾ അവരുടെ സമൂഹം അമേരിക്ക മുഴുവനായി വ്യാപിച്ചിരുന്നു.  ഏ.ഡി 1900 മുതൽ ക്യാനഡായിൽ കുടിയേറ്റം വർദ്ധിച്ചതോടെ  ഐക്യനാടുകളിലും (USA)  കുടിയേറ്റക്കാരുടെ എണ്ണം  വർദ്ധിക്കാനിടയായി.  പഞ്ചാബികളായ തൊഴിലാളികൾ തടി മില്ലുകളിലും  റെയിൽ റോഡുകളിലും  കൃഷി സ്ഥലങ്ങളിലും ജോലി ചെയ്തിരുന്നു. അവർ, ചൈനയിൽ നിന്നും ജപ്പാനിൽ നിന്നും കൊറിയയിൽ നിന്നും വന്ന സമൂഹങ്ങൾക്കൊപ്പം തൊഴിലുകളിൽ ഏർപ്പെട്ടിരുന്നു. ഏഷ്യൻ കുടിയേറ്റക്കാർ  ഒരു ഭീഷണിയായി ദേശീയരായ അമേരിക്കക്കാർ   കരുതുകയും അവരെ  വെറുക്കുകയും ചെയ്തിരുന്നു.  അവർക്കെതിരെ ആക്രമണങ്ങളും  കൊള്ളകളും നിത്യ സംഭവങ്ങളായിരുന്നു.

1910-ൽ  റയിൽവേയിലും തടി മില്ലുകളിലും ജോലി ചെയ്തിരുന്ന ഇന്ത്യക്കാർ കാലിഫോർണിയായിൽ കാർഷിക കോട്രാക്ട് ജോലികളിലും ഏർപ്പെടുവാൻ തുടങ്ങി. അനേകം കാർഷിക തൊഴിലാളികളെ ധാന്യ വിളകൾ വിളയിക്കുന്ന കർഷക മുതലാളികൾക്ക്  ആവശ്യമായി വന്നു.  കാർഷിക ജോലികളിൽ വളരെ പ്രാവിണ്യം നിറഞ്ഞിരുന്ന ഇന്ത്യക്കാർ കൃഷിക്കാരുടെ പുരയിടങ്ങളിൽ താമസിച്ച് ദിവസക്കൂലിക്കാരായി ജോലിചെയ്തിരുന്നു. ബാങ്കിൽനിന്നും കടമെടുത്ത് അവർ  ഏക്കർ കണക്കിന് സ്ഥലങ്ങൾ  മേടിക്കാനും തുടങ്ങി. 1914-ൽ ഏഷ്യൻ ഇന്ത്യൻ വംശജർ  പുരോഗമിച്ചുകൊണ്ടിരിക്കുന്ന കർഷക സമൂഹങ്ങളുമായി മാറി. അവർ ഉൾനാടുകളിലുള്ള കൃഷി സ്ഥലങ്ങളിൽനിന്നും മദ്ധ്യ കാലിഫോർണിയയിൽ താമസമാക്കി, ഒരു സ്വതന്ത്ര വംശം സ്ഥാപിക്കുകയുമുണ്ടായി. അവർ കഠിനാധ്വാനികളും ഇംഗ്ലീഷ് സംസാരിക്കുന്നവരുമായിരുന്നു.   ഈ സമൂഹം സാമ്പത്തികമായി  ഉയരുന്നതുമൂലം മറ്റു വെള്ളക്കാരായ കർഷകപ്രമാണികളുടെ  വെല്ലുവിളികളും നേരിടേണ്ടി വന്നു. 1920 -ൽ വെള്ളക്കാരുമായുള്ള മത്സരം മൂലം ഏഷ്യൻ ഇന്ത്യക്കാരോടുള്ള  വെള്ളക്കാരുടെ ശത്രുത വളരെയേറെ വർദ്ധിക്കുകയുമുണ്ടായി.

സൗത്ത് ഏഷ്യാക്കാരെ  അക്കാലങ്ങളിൽ 'ഹിന്ദൂസ് ' എന്ന്  വിളിച്ചിരുന്നു. കൂടാതെ  അപകടകാരികളായ, അരോചകമായ തൊഴിലാളികൾ എന്നും പരിഹസിച്ചു.  ഇന്ത്യയിൽ   ബ്രിട്ടന്റെ കൊളോണിയൽ ഭരണം  അവസാനിപ്പിച്ചു സ്വാതന്ത്ര്യം  നേടാനുള്ള അമേരിക്കൻ പിന്തുണ അമേരിക്കൻ ഐക്യനാടുകൾക്ക്  അപകടകരമാണെന്നും വിലയിരുത്തിയിരുന്നു. സൗത്ത് ഏഷ്യൻ ഇൻഡ്യക്കാർക്കെതിരെ  വിവേചനവും ശക്തമായികൊണ്ടിരുന്നു.  അവർക്കെതിരെ  തൊഴിൽ മേഖലകളിലും സാമൂഹിക തലങ്ങളിലും പീഡനങ്ങളുമുണ്ടായിരുന്നു.  മറ്റുള്ള ഏഷ്യൻ കുടിയേറ്റക്കാരെപ്പോലെ ഇവരെ ഭൂമി സ്വന്തമാക്കുന്നതിന് അനുവദിച്ചിരുന്നില്ല. കാലിഫോർണിയായിലെ ചില ടൗണുകളിൽ നിന്നും മൃഗീയമായി  പുറത്താക്കാനും തുടങ്ങി. ഇരുപതാം നൂറ്റാണ്ടായപ്പോൾ സൗത്ത് ഏഷ്യക്കാരെ ഒഴിവാക്കുന്നത് ഒരു ദേശീയ പ്രശ്നമായി മാറി. 1911-ലെ 'യു. എസ് ഇമ്മിഗ്രെഷൻ കമ്മിഷൻ' സൗത്ത് ഏഷ്യാക്കാരെ രാജ്യത്തിന് ആവശ്യമില്ലാത്ത കുടിയേറ്റക്കാരായി ഗൗനിച്ചുകൊണ്ടു അവരെ യു. എസ്. എ  യിൽ  പ്രവേശിപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങളും തുടങ്ങി.

വെള്ളക്കാരുടെ നേതൃത്വത്തിൽ ഏഷ്യാറ്റിക് എക്സ്ക്ലൂഷൻ ലീഗ് (AEL)  എന്ന ഒരു സംഘടനയുണ്ടായി.  ഈ സംഘടന ചൈനാക്കാരെയും ജപ്പാൻകാരെയും എതിർക്കുന്നതിനൊപ്പം കാലിഫോർണിയയിൽ എത്തിയ മൂവായിരം ഏഷ്യൻ ഇന്ത്യക്കാരെയും പീഡിപ്പിക്കാൻ തുടങ്ങി.  ഏഷ്യൻ ഇന്ത്യക്കാരുടെ കുടിയേറ്റം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിക്ഷേധങ്ങൾ ശക്തമായിക്കൊണ്ടിരുന്നു. സൗത്ത് ഏഷ്യാക്കാരുടെ കുടിയേറ്റം സംബന്ധിച്ച് അമേരിക്കൻ കോൺഗ്രസ്സിൽ വാദപ്രതിവാദങ്ങളുണ്ടായി. അവരെ ഒഴിച്ചുനിർത്തികൊണ്ടുള്ള കുടിയേറ്റങ്ങൾക്കായിരുന്നു അന്നുണ്ടായിരുന്ന നിയമനിർമ്മാണ സമിതികൾ അനുകൂലിച്ചിരുന്നത്.   അനേക വർഷങ്ങളുടെ പ്രതിക്ഷേധങ്ങളും ഒച്ചപ്പാടുകൾക്കും ശേഷം സമരം വിജയിക്കുകയും 1917-ൽ, സൗത്ത്  ഏഷ്യാക്കാരെ ഒഴിച്ചുനിർത്തിക്കൊണ്ട് ഒരു കുടിയേറ്റ നിയമം പാസ്സാക്കുകയും ചെയ്തു.  'സുപ്രീം കോർട്ടും' 'ഭഗത് സിങ്ങുമായ' കേസിൽ ഇന്ത്യക്കാരെ 'വെളുത്ത വർഗ്ഗക്കാരായി ' കണക്കാക്കില്ലെന്നും വിധിയുണ്ടായി. അതുമൂലം ഇന്ത്യക്കാർക്കും സ്ഥിരമായ കുടിയേറ്റം അനുവദിക്കില്ലെന്നും നിയമം വന്നു.  സ്ഥിരം കുടിയേറ്റാവകാശം ലഭിച്ചവർക്ക് പൗരത്വം നിഷേധിക്കുകയുമുണ്ടായി.

അഞ്ഞൂറു  മില്യൺ ജനങ്ങൾ വസിക്കുന്ന ഒരു ഭൂഖണ്ഡത്തെ  തന്നെ അമേരിക്കൻ കുടിയേറ്റ നിയമം  നിരോധിച്ചു.  പടിഞ്ഞാറുള്ള പല സ്റ്റേറ്റുകളും  സൗത്ത് ഏഷ്യാക്കാർക്ക് ഭൂമി വാങ്ങിക്കുവാനോ ലീസ് (Lease) ചെയ്യാനോ പാടില്ലാന്നുള്ള നിയമവും പാസ്സാക്കി. 1923-ലെ 'ഭഗത് സിങ് തിൻഡ്' കേസനുസരിച്ച് സൗത്ത് ഏഷ്യാക്കാർക്ക് അമേരിക്കൻ പൗരത്വം നൽകാൻ പാടില്ലെന്നും വിധിയുണ്ടായി.  ഈ നിയമങ്ങൾ മൂലം സൗത്ത് ഏഷ്യൻ സമൂഹങ്ങൾ തന്നെ രാജ്യത്ത് ചുരുങ്ങാൻ കാരണമായി. സൗത്ത് ഏഷ്യാക്കാർ  അമേരിക്കയിൽ നാമമാത്രമായി നിലനിൽക്കുകയും ചെയ്തു.  1924 -ൽ  സ്ഥിരമായി താമസിച്ചുകൊണ്ടിരുന്ന   രണ്ടു ശതമാനം കുടിയേറ്റക്കാർക്കു മാത്രം  ഗ്രീൻ കാർഡ് കൊടുക്കാനുള്ള നിയമം പാസാക്കി. അടുത്ത ഇരുപതു വർഷങ്ങൾക്കുള്ളിൽ ഇന്ത്യക്കാരുടെ എണ്ണം രണ്ടായിരത്തിയഞ്ഞൂറായി  ചുരുങ്ങി. 1946-ൽ 'ലൂസ്-സെല്ലെർ'ബിൽ   (Luce-Celler Bill) വീണ്ടും പുനഃസ്ഥാപിക്കുകയും ഏഷ്യൻ ഇന്ത്യക്കാർക്ക് നിയന്ത്രിതമായി കുടിയേറ്റം നൽകുകയും ചെയ്തു. 1947-നും 1965-നുമിടയിൽ 6000 ഇന്ത്യക്കാർ  നിയമാനുസ്രതം അമേരിക്കയിൽ  പ്രവേശിക്കുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധം പൊട്ടിപുറപ്പെട്ടപ്പോൾ ബ്രിട്ടീഷ് കൊളോണിയൽ രാജ്യമായിരുന്ന  ഇന്ത്യയും അമേരിക്കയോടൊപ്പം യുദ്ധത്തിൽ സഹകരിച്ചിരുന്നു.  അമേരിക്കയിൽ മാറ്റങ്ങളുടെ തുടക്കവും ആരംഭിച്ചു. യു എസിലുള്ള സൗത്ത് ഏഷ്യാക്കാർ കുടിയേറ്റ നിയമങ്ങൾക്ക് ഭേദഗതി വരുത്തണമെന്ന ആവശ്യമായി അമേരിക്കൻ രാഷ്ട്രീയക്കാരെ സ്വാധീനിക്കാനും തുടങ്ങി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പിന്തുണ നേടാനും ശ്രമവും തുടങ്ങി. 1946-ലെ 'ലൂസ് സെല്ലർ' നിയമം സൗത്ത് ഏഷ്യാക്കാർക്കു അമേരിക്കൻ പൗരത്വം നൽകാനും തീരുമാനിച്ചു.   എങ്കിലും കുടിയേറ്റം അനുവദിക്കുന്നതിലും വിവേചനമുണ്ടായിരുന്നു. ഒരു വർഷം  നൂറു ഇന്ത്യക്കാർക്കു  മാത്രം 'ക്വാട്ട' അനുവദിച്ചു. സൗത്ത് ഏഷ്യാക്കാർ അമേരിക്കയിൽ വരുന്നതിൽ തന്നെ നിയന്ത്രണമുണ്ടായിരുന്നു. 1960-ൽ അമേരിക്കയിൽ സൗത്ത് ഏഷ്യക്കാരായി പന്തീരായിരം കുടിയേറ്റക്കാർ മാത്രമാണ് ഉണ്ടായിരുന്നത്.  അതായത്, സൗത്ത് ഏഷ്യാക്കാർ  വിദേശ കുടിയേറ്റക്കാരിൽ  അര ശതമാനം മാത്രമായിരുന്നു .  അവിടെയാണ് 1965-ലെ സംഭവബഹുലമായ ലിണ്ടൻ ബി ജോൺസന്റെ  കുടിയേറ്റ നിയമം വരുന്നത്.

മാർട്ടിൻ ലൂതർ കിങ്ങിന്റെ കാലത്തുണ്ടായ അമേരിക്കൻ ജനതയുടെ  പൗരാവകാശ  പോരാട്ടങ്ങൾ,   കുടിയേറ്റ നിയമങ്ങളിലെ വിവേചനം അവസാനിപ്പിക്കുന്നതിന് വഴിതെളിയിച്ചു. 1920 മുതലുള്ള ഇമ്മിഗ്രെഷൻ ക്വാട്ടയിൽ  (quota) മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള നിയമങ്ങൾ പുറപ്പെടുവിച്ചു. ലിംഗം,നിറം, വർഗം,  ദേശീയത, ജനന സ്ഥലം, താമസിക്കുന്ന സ്ഥലം പരിഗണിക്കാതെ കുടിയേറ്റ വിസാകൾ നൽകാനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടു.  കൂടാതെ രാജ്യത്തിനാവശ്യമായ തൊഴിലുകൾക്കധിഷ്ഠിതമായി വിസാ നൽകാനും തീരുമാനം എടുത്തു. മാതാപിതാക്കൾ, സഹോദരങ്ങൾ മുതലായ അടുത്ത ബന്ധു ജനങ്ങളെ കൊണ്ടുവരാമെന്നുള്ള ഭേദഗതികളും കുടിയേറ്റ നിയമങ്ങളിൽ കൂട്ടിച്ചേർത്തു.  വിവേചനം അവസാനിപ്പിക്കണോ ; കൂട്ടമായി കുടിയേറ്റക്കാരെ ഈ രാജ്യത്തിലേക്ക്  ആകർഷിക്കണോ എന്നെല്ലാമുള്ള  വാദ പ്രതിവാദങ്ങൾ തുടർന്നുകൊണ്ടിരുന്നു.  നിയമം ഉണ്ടാക്കുന്നവരുടെ മനസ്സിൽ ഇന്നും വർഗ വിവേചനം കുടികൊള്ളുന്നുണ്ട്. ഏഷ്യൻ കുടിയേറ്റക്കാരുടെ ചർച്ചകൾ വരുന്ന സമയങ്ങളിൽ അവർക്കുള്ള  ആനുപാതികമായ പങ്ക്  (ക്വാട്ട)  തടയാനുള്ള ശ്രമങ്ങൾ സ്പഷ്ടമായി കാണാം.

അമേരിക്കൻ കോൺഗ്രസ്സ്,  ഏഷ്യൻ അമേരിക്കക്കാർക്ക്  കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും അവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് പാകിസ്ഥാൻ, ബംഗ്ളാദേശ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം തുടരുന്നു.  പുതിയ കുടിയേറ്റ നിയമം വിദ്യാഭ്യാസമുള്ളവർക്കും വൈദഗ്ധ്യമുള്ള തൊഴിലുകൾ (Skilled)ചെയ്യുന്നവർക്കും തുറന്നു വെച്ചിട്ടുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങൾ അവരുടെ വിദ്യാഭ്യാസ രീതികൾക്കും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. ആഗോള മാർക്കറ്റിൽ മത്സരിക്കാൻ വിദ്യാഭ്യാസത്തോടൊപ്പം ധാരാളം പേർക്ക് തൊഴിൽ മേഖലകളിൽ ഉള്ള വൈദഗ്ദ്ധ്യവും  നൽകി വരുന്നു. ഇന്ത്യയിൽ  തൊഴിൽ ചെയ്യുന്നവരെ മുഴുവനായി ഉൾക്കൊള്ളാൻ നമ്മുടെ  സമ്പദ് വ്യവസ്ഥക്ക് സാധിക്കില്ല. അതുകൊണ്ട് അമേരിക്ക പോലുള്ള രാജ്യങ്ങളിൽ അവസരങ്ങൾ തേടി ഇന്ത്യക്കാർ പോവുന്നു. 1980 മുതൽ 2013 വരെയുള്ള കണക്കിൽ 206,000  കുടിയേറ്റക്കാരിൽ നിന്നും 2.4  മില്യൺ ഇന്ത്യൻ കുടിയേറ്റക്കാർ ഈ രാജ്യത്ത്  വന്നിട്ടുണ്ട്. ഓരോ പത്തു വർഷത്തിലും അവരുടെ എണ്ണം ഇരട്ടിയാകുന്നു. 1990-ൽ സ്ഥിരം കുടിയേറ്റക്കാരുടെയും താൽക്കാലിക കുടിയേറ്റക്കാരുടെയും എണ്ണം വർദ്ധിച്ചു. 2014-ൽ 316,000  എച്ച്  വൺ വിസ യിൽ വന്നവരിൽ 70  ശതമാനം ഇന്ത്യക്കാരായിരുന്നു. ചൈന കഴിഞ്ഞാൽ ഇന്ത്യകാരാണ് ഏറ്റവും കൂടുതൽ സ്റ്റുഡന്റ് വിസയിൽ ഈ നാട്ടിൽ വരുന്നവർ.  അതുപോലെ പാക്കിസ്ഥാനിൽ നിന്നും ശ്രീലങ്കയിൽ നിന്നും ബംഗ്ളാദേശിൽ നിന്നും  കുടിയേറ്റക്കാർ ഇരട്ടിച്ചിട്ടുണ്ട് .

ന്യൂ ജേഴ്‌സി, ന്യൂ യോർക്ക്, കാലിഫോർണിയ എന്നിവടങ്ങളിൽ ഇന്ത്യക്കാർ  കൂട്ടമായി സ്ഥിരതാമസം തുടങ്ങി. ടെക്‌സാസ് , മിനിസോട്ട, ജോർജിയ, നോർത്ത് കരോലിന സ്ഥലങ്ങളിൽ  വീടുകളും പണിയാൻ തുടങ്ങി. 'നിക്കി ഹാലി', ബോബി ജിൻഡാൽ മുതൽ  അമേരിക്കൻ സ്റ്റേറ്റുകളിൽ ഗവർണർമാർ വരെ ആകുന്ന ചരിത്രവുമുണ്ടായി. സാങ്കേതിക രംഗത്തും അനേകം ടെക്ക്നിക്കൽ നേതാക്കന്മാരുണ്ടായി. ഗൂഗിൾ മേധാവി സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്ട് മേധാവി സത്യ നഡെല്ല,  അഡോബി മേധാവി ശന്തനു നാരായണ്‍ മുതൽപേർ ഇന്ത്യയ്ക്ക് തന്നെ അഭിമാനകരമാണ്.

അതേസമയം അനേകം ഇന്ത്യക്കാരും സൗത്ത് ഏഷ്യക്കാരും സാമ്പത്തീകം, സാമൂഹികം രാഷ്ട്രീയം എന്നീ തലങ്ങളിൽ നിലനിൽപ്പിനായി പട പൊരുതേണ്ടിയും വന്നു. ഇംഗ്ളീഷ് ഭാഷ പരിജ്ഞാനക്കുറവു മൂലം ആദ്യകാല ഇന്ത്യക്കാർ പലപ്പോഴും ചൂഷണത്തിന് വിധേയമായിരുന്നു.  സ്വദേശികളായ അമേരിക്കരിൽ നിന്നും വെറുപ്പുകളും  (Hate crimes) പീഡനങ്ങളും  അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.  ഓക്ക് ക്രീക്ക്, വിസ്കോൺസിൻ എന്നിവടങ്ങളിൽ സിക്കുകാരുടെ അമ്പലങ്ങൾ തകർത്തിട്ടുണ്ട്. 2012 മുതൽ നിയമപരമല്ലാത്ത കുടിയേറ്റക്കാരും രാജ്യത്തു വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 1990 നു ശേഷം അനധികൃതരുടെ എണ്ണം കണക്കില്ലാതെ  വർദ്ധിക്കുകയുമുണ്ടായി.

വീടും നാടും ഉപേക്ഷിച്ച് വിദേശങ്ങളിൽ താമസിച്ച നിരവധി പേർ തങ്ങളുടെ വ്യക്തിത്വവും  നേട്ടങ്ങളും തെളിയിച്ചിട്ടുണ്ട്. അവരിൽ ശാസ്ത്രജ്ഞരും കലാകാരന്മാരും രാഷ്ട്രീയ നേതാക്കന്മാരും നോബൽ സമ്മാന ജേതാക്കളുമുണ്ട്. അന്യനാടുകളിലാണെങ്കിലും  അവിടെയുള്ളവരുടെ സംസ്‌കാരങ്ങളിൽ ലയിച്ചു ജീവിക്കുന്നതുകൊണ്ടാണ് അവർക്ക് വിജയങ്ങൾ നേടാൻ സാധിച്ചത്. അറബിയുടെ നാട്ടിൽ അറബിയെപ്പോലെയും സായിപ്പിന്റെ നാട്ടിൽ സായിപ്പിനെപ്പോലെയും ജീവിക്കാൻ പ്രവാസികൾ പഠിച്ചു. എന്നിരുന്നാലും നാടിന്റെ സംസ്‌കാരങ്ങളും നിലനിർത്താൻ അവർ അതീവ തല്പരരായിരുന്നു. നിരവധി പ്രാദേശികമായ  സംഘടനകൾ രൂപീകരിച്ച് ഓണവും ക്രിസ്തുമസും ദീപാവലിയും ശിവരാത്രിയുമെല്ലാം ആചരിക്കുന്നു. അതുമൂലം നാടിന്റെ സംസ്ക്കാരം നിലനിർത്തുന്നതിനും പ്രേരണ ലഭിക്കുന്നു.  ക്ഷേത്രങ്ങൾ, അരമനകൾ, മോസ്കുകൾ, പള്ളികൾ എന്നിങ്ങനെ ഓരോ മതങ്ങളുടെയും ആചാരങ്ങളനുസരിച്ച് സ്ഥാപനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.

മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ കുടിയേറ്റക്കാർ വ്യത്യസ്തരാണ്. അമേരിക്കയിൽ ജീവിക്കാൻ സാമ്പത്തികമായി കഴിവുള്ളവർക്കാണ്  ബന്ധു  വിസ അനുവദിക്കാറുള്ളത്.  ഇന്ത്യ ജനാധിപത്യ രാജ്യമായതുകൊണ്ട് എല്ലാ കുടിയേറ്റക്കാരും സ്വതന്ത്രമായ മനസോടെ അവരവരുടെ ഇഷ്ടത്തിന് ഇവിടെ വന്നവരാണ്. ജോലിക്കായി വന്നവരെല്ലാം യുവാക്കളായിരുന്നു. ഓരോരുത്തർക്കും പഠിച്ചതിനനുസരിച്ച് തൊഴിൽ പ്രാവണ്യവും നേടണമായിരുന്നു. അതുകൊണ്ട് ജോലിചെയ്യുന്നവർക്കു വലിയ വേതനം പണം  മുടക്കുന്ന തൊഴിൽ ദാദാവിന് (Employer) നൽകേണ്ടി വന്നില്ല.

ജനിച്ചുവളർന്ന ഇന്ത്യയുടെ മൂല്യം കാത്തു സൂക്ഷിക്കുന്നതുകൊണ്ട് വിവാഹ മോചനങ്ങൾ വളരെ വിരളമായി  മാത്രമേ ഇന്ത്യൻ സമൂഹങ്ങളിൽ സംഭവിക്കുന്നുള്ളൂ. ഒരു സ്ത്രീക്കോ പുരുഷനോ ഒറ്റക്ക് കുടുംബജീവിതം നയിക്കേണ്ടി വരുന്നില്ല. ഭാര്യയും ഭർത്താവും ഒന്നിച്ച് ജോലി ചെയ്യുന്നതുകൊണ്ട് കുടുംബങ്ങൾ സാമ്പത്തികമായും മെച്ചപ്പെടുന്നു. അമേരിക്കൻ ജനതയിൽ 60 ശതമാനം കുടുംബങ്ങൾ മാതാപിതാക്കളുമൊത്തു  ജീവിക്കുമ്പോൾ ഇന്ത്യൻ കുടുംബങ്ങളിൽ 95 ശതമാനം കുട്ടികൾ മാതാപിതാക്കന്മാരുമായി ഒത്തൊരുമിച്ചു ജീവിക്കുന്നവരാണ്.  ഇന്ത്യയിൽ നിന്നും വരുന്ന കുടിയേറ്റക്കാർ മൂന്നിൽ രണ്ടു വിഭാഗം ഇരുപതിനും മുപ്പത്തിയഞ്ചിനും വയസിനിടയിലുള്ളവരാണ്.  ഇന്ന്,  വിദേശികളായ സൗത്ത് ഏഷ്യാക്കാരുടെ എണ്ണം  41 മില്യൺ ആയി വർദ്ധിച്ചിരിക്കുന്നു. അവർ അമേരിക്കൻ ജനസംഖ്യയുടെ പതിമൂന്നു ശതമാനമുണ്ട്. സൗത്ത് ഏഷ്യൻ സമൂഹത്തിന് നീണ്ട ചരിത്രമുണ്ടെങ്കിലും കഴിഞ്ഞ അമ്പതു  വർഷങ്ങളിൽ മാത്രമാണ് അവരുടെ ചരിത്രത്തിന്റെ സുവർണ്ണ കാലമെന്നു പറയാൻ സാധിക്കുള്ളൂ.

1965 മുതൽ 1990 വരെയുള്ള കാലഘട്ടത്തെ  കുടിയേറ്റ ചരിത്രത്തിന്റെ രണ്ടാം ഘട്ടമായി കണക്കാക്കുന്നു. പ്രസിഡന്റ് 'ലിണ്ടൻ ബി ജോൺസൺ' 1965-ൽ  കുടിയേറ്റ നിയമ ബില്ലിൽ ഒപ്പിട്ടു. ഈ ബില്ലിനെ ഹാർട്ട്  സെല്ലെർ ആക്ട് (Hart-Celler Act) എന്ന് പറയുന്നു. ഇന്ത്യക്കാർക്ക് നിശ്ചിതമായിരുന്ന  വിസാ ക്വാട്ടകൾ  നീക്കം ചെയ്തു. പകരം,  ഓരോരുത്തരുടെ തൊഴിലിന്റെ  കഴിവനുസരിച്ചും പ്രൊഫഷണൽ ജോലിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഗ്രീൻ കാർഡ് നൽകാനായിരുന്നു നിയമം. 1970 നു ശേഷം അനേകം ഏഷ്യൻ ഇന്ത്യക്കാർ ചെറുകിട ബിസിനസുകൾ ആരംഭിച്ചു. റെസ്റ്റോറന്റ്,  ട്രാവൽ ഏജൻസികൾ, മോട്ടലുകൾ മുതലായവകളാരംഭിച്ചു.  ഏഷ്യൻ ഇന്ത്യക്കാർ സ്റ്റുഡന്റ് വിസായിലും വന്നെത്തിയിരുന്നു.  1990 -ൽ അവരുടെ ജനസംഖ്യ എട്ടുലക്ഷത്തോളമുണ്ടായിരുന്നു.  1990-ൽ ടെക്കനോളജി ഡിഗ്രിയുള്ളവർക്കും ഐറ്റി പ്രൊഫഷണൽ ഡിഗ്രിയുള്ളവർക്കും വിസ നൽകി വന്നു. എ.ഡി.  2000-മായപ്പോൾ  കോളേജുകൾ മുഴുവൻ ഇന്ത്യക്കാരായ  സമർത്ഥരായ വിദ്യാർത്ഥികളെക്കൊണ്ട് നിറഞ്ഞിരുന്നു.




Asian Indian immigrants

Sikh immigrants, California (1910)

Asian Indian immigrants
Yearbook of Immigration Statistics, 2008
Image result for india usa immigration pictures

Image result for president johnson signs immigration pictures


Monday, February 3, 2020

ടിപ്പു സുൽത്താൻ ദേശീയവാദിയോ, അനുകൂലപ്രതികൂലവാദമുഖങ്ങള്‍

Image result for tippu pictures"


ജോസഫ് പടന്നമാക്കൽ

പ്രസിദ്ധ ധ്യാന ഗുരുവായ  ഫാദർ ജോസഫ് പുത്തൻപുരക്കലിന്റെ  ടിപ്പു സുൽത്താനെപ്പറ്റിയും മുസ്ലിം സമുദായത്തെപ്പറ്റിയുമുള്ള പരാമർശം  സോഷ്യൽ മീഡിയാകളിൽ  വിരുദ്ധ തരംഗങ്ങളും കോളിളക്കങ്ങളും  സൃഷ്ടിച്ചിരുന്നു.  അതിന്റെ പേരിൽ അച്ചനെതിരെ മാദ്ധ്യമങ്ങളിൽ ശക്തമായ പ്രതികരണങ്ങളുമുണ്ടായി.  ടിപ്പുവിനെപ്പറ്റിയുള്ള  നിരവധി സത്യങ്ങളും അസത്യങ്ങളുമായുള്ള ചരിത്രങ്ങൾ  പ്രചരിക്കുകയും ചെയ്തു.' നെല്ലും പതിരും  തിരിച്ചറിയാൻ പാടില്ലാത്ത വിധമാണ് ഓരോരുത്തരും ഭാവനക്കനുസരിച്ച് ചരിത്രം എഴുതിവിടുന്നത്.  സ്വന്തം പട്ടാളവുമായി രാജ്യ വിസ്തൃതി നടത്തിക്കൊണ്ടിരുന്ന ടിപ്പു സുൽത്താനു വിശുദ്ധ പദവി നൽകേണ്ട ആവശ്യമുണ്ടോ? ആധുനിക ദേശീയതയുടെ ബിംബമായി സുൽത്താനെ ചിലർ പൂജിക്കുന്നു.  ടിപ്പു ഒരു മുസ്ലിമെന്ന നിലയിലാണ് ചിലരുടെ ആരാധന. ക്രിസ്ത്യാനികളായ  ഹിറ്റ്ലറേയും മുസ്സോളനിയെയും പുകഴ്ത്തിക്കൊണ്ട് നൂറുകണക്കിന് പുസ്തകങ്ങൾ ഗ്രന്ഥപ്പുരകളിലുണ്ട്. അതുകൊണ്ട് അവർ ചെയ്ത ക്രൂരതകൾക്ക് ചരിത്രം മാപ്പു നല്കണമെന്നില്ല.  ടിപ്പുവിന്   ഒരു ഇന്ത്യൻ ചരിത്ര പുരുഷനെന്നതിൽ കൂടുതൽ വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യ പകുതിയിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭീക്ഷണി അദ്ദേഹം മനസിലാക്കി. അതിൽ കൂടുതലായി ദേശീയതയുടെ ബിംബം ടിപ്പുവിന് കല്പിക്കുന്നതെന്തിന്?  ടിപ്പുവിനെ ഒരു സ്വാതന്ത്ര്യ യോദ്ധാവായി ചിത്രീകരിക്കാനും  സ്വരാജ്യ സ്നേഹിയായി കരുതാനും മത  മൗലിക വാദികൾക്കു മാത്രമേ കഴിയുള്ളൂ.   

ടിപ്പു സുൽത്താൻ 1750 നവംബർ ഇരുപതാംതീയതി ബാംഗ്ലൂരിൽ ദേവൻ ഹള്ളി യിൽ ഒരു മിലിറ്ററി ഓഫീസർ ഹൈദരാലിയുടെയും  ഭാര്യ 'ഫഖർ അൺ നിസ'യുടേയും  മൂത്ത  മകനായി  ജനിച്ചു.  മൈസൂറിന്റെ 'കടുവ' എന്നും വിളിച്ചിരുന്നു.  അദ്ദേഹം കവിയും പണ്ഡിതനും പടയാളിയുമായിരുന്നു. സുൽത്താന്റെ പൂർവിക കുടുംബം പേർഷ്യയിൽ നിന്നോ അഫ്‌ഗാനിസ്ഥാനിൽ നിന്നോ എന്നനുമാനിക്കപ്പെടുന്നു.  ബ്രിട്ടീഷുകാരോട് ശക്തിയായി പോരാടിയ ഒരു യോദ്ധാവാണ് ടിപ്പു സുൽത്താൻ. എങ്കിലും അദ്ദേഹം മതഭ്രാന്തനെന്നുള്ള സത്യം മറച്ചു വെക്കാൻ സാധിക്കില്ല. ഇന്നത്തെ മതേതരത്വ ചിന്തകളും ടിപ്പുവിന്റെ മതേതര ചിന്തകളും തമ്മിൽ യാതൊരു വിധത്തിലും സാമ്യപ്പെടുത്താനും സാധിക്കില്ല

1761-ൽ ടിപ്പുവിന്റെ പിതാവായ ഹൈദരാലി മൈസൂറിന്റെ  രാജാവായി. ഫ്രഞ്ച് സർക്കാരുമായി ഹൈദർ ആലിക്ക് രാഷ്ട്രീയ സഖ്യം ഉണ്ടായിരുന്നു. ഫ്രഞ്ചുകാരിൽ നിന്നാണ് ടിപ്പു  മിലിറ്ററി ട്രെയിനിങ് കരസ്ഥമാക്കിയത്.  തോക്കിൽ വെടി വെക്കാനും വാൾപ്പയറ്റും കുതിര സവാരി പഠിപ്പിക്കാനും ടിപ്പുവിനു സമർഥരായ അദ്ധ്യാപകരുണ്ടായിരുന്നു. പതിനഞ്ചാം വയസിൽ രണ്ടായിരം പട്ടാളക്കാരുമായി എത്തി മലബാറിലെ ഭരണാധികാരിയെ തടവുകാരനാക്കി. ടിപ്പുവിന്റെ വിജയകരമായ ആക്രമണ ശേഷം മലബാർ രാജാവ് ഹൈദ്രാലിക്ക് കീഴടങ്ങി. ഹൈദരാലിയുടെ മിലിറ്ററി ഓഫീസറായിരുന്ന 'ഖാസി ഖാൻ' ടിപ്പുവിനെ ആയുധാഭ്യാസം  പഠിപ്പിച്ചു. മിലിട്ടറി വിദ്യാഭ്യാസം ടിപ്പുവിനെ നല്ല പട്ടാളക്കാരനും ജനറലുമാക്കി. 1782-ൽ ഹൈദരലി മരിച്ചു. ടിപ്പു മൈസൂരിന്റെ പുതിയ രാജാവായി. അദ്ദേഹം അപ്പനോടൊപ്പം രണ്ടു വിജയകരമായ ആംഗ്ലോ മൈസൂർ യുദ്ധങ്ങൾ നയിച്ചു.  ബ്രിട്ടീഷ് ശക്തികൾ രാജ്യത്തിന് ഏറ്റവും വലിയ ഭീക്ഷണിയായിരുന്നുവെന്ന് ടിപ്പുവിനറിയാമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിച്ച ഇന്ത്യയിലെ  ചുരുക്കം ചില രാജാക്കന്മാരിൽ ഒരാളാണ് ടിപ്പു. ആദ്യത്തെ രണ്ടു ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ടിപ്പു സുൽത്താൻ വിജയിച്ചിരുന്നു.  സുൽത്താന്റെ ക്യാബിനറ്റിൽ 'ഗുഡു ഖാൻ' എന്ന ഒരു മന്ത്രിയുണ്ടായിരുന്നു. നാലാം മൈസൂർ ആംഗ്ലോ യുദ്ധത്തിൽ ശ്രീ രംഗപട്ടണം പിടിച്ചെടുക്കുന്ന സമയങ്ങളിൽ ടിപ്പുവിനെതിരെ  ചാരപ്പണിചെയ്തു ചതിച്ചുകൊണ്ടിരുന്നു. അതുമൂലം  യുദ്ധത്തിൽ ടിപ്പു പരാജയപ്പെടുകയും  ബ്രിട്ടീഷുകാർ വിജയിക്കുകയും ചെയ്തു.  

1750 മുതൽ 1799 വരെ മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻ ധീരനായ ഒരു പരാക്രമിയെന്നതിൽ സംശയമില്ല. ഉശിരോടെ അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ പോരാടി. എന്നാൽ ടിപ്പു  ഒരു വർഗീയ വാദിയായിരുന്നുവെന്ന പരമാർത്ഥത്തെ ലഘൂകരിക്കാൻ സാധിക്കില്ല. ആധുനിക മതേതര ചിന്തകളുമായി ടിപ്പുവിന്റെ ചിന്തകൾക്ക് യാതൊരു സാമ്യവുമില്ല. അദ്ദേഹം ദേശീയ താല്പര്യത്തിനായി, പ്രതിരോധത്തിനായി പോരാടിയ ധീര ദേശാഭിമാനിയെന്നു പുതിയ ടെക്സ്റ്റുബുക്കുകളിൽ ചേർത്തിരിക്കുന്നു. ആദ്യകാല ചരിത്രങ്ങളിൽ  ടിപ്പുവിനെ  ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും  കൊന്ന ഒരു ക്രൂരനായും  ബലം  പ്രയോഗിച്ച് മുസ്ലിമുകളായി മതം മാറ്റിയ  മതഭ്രാന്തനായും ചിത്രീകരിച്ചിരിക്കുന്നു. അങ്ങനെയുള്ള ഒരു ഭരണാധികാരിയെ  സ്തുതി പാടേണ്ട ആവശ്യമുണ്ടോ? അതോ അദ്ദേഹം ഇന്നത്തെ വലതുപക്ഷ ചിന്താഗതിക്കാരുടെ ആശയ ദുഷ്പ്രചരണങ്ങൾക്ക് ഇരയോ? കർണ്ണാടക സർക്കാർ  ടിപ്പു സുൽത്താന്റെ സ്മാരക ഉത്സവം കൊണ്ടാടുന്നതിനൊപ്പം ഇങ്ങനെ മില്യൺ കണക്കിന് ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടതായുണ്ട്.

ടിപ്പുവിനെപ്പറ്റി വിവാദപരമായ,  ചരിത്രത്തിനു നിരക്കാത്ത, ധാരാളം നുണക്കഥകൾ പ്രചരിച്ചിട്ടുണ്ട്. ക്രിസ്ത്യാനികളും മുസ്ലിമുകളും ഹിന്ദുക്കളും തങ്ങളുടെ യുക്തിയനുസരിച്ച് കഥകൾ നെയ്തെടുക്കുകയും ഒപ്പം വർഗീയത പൂശുകയും ചെയ്യുന്നു. 2013 -ൽ റിലീസായ ആമ്മേൻ എന്ന സിനിമയിൽ ടിപ്പു സുൽത്താൻ കുമരങ്കരി സുറിയാനി പള്ളിയെ ആക്രമിക്കുന്നതും ആ അവസരത്തിൽ ഗീവർഗീസ് പുണ്യാളൻ നേരിട്ട് അവതരിച്ചു ടിപ്പുവിനെ ഓടിക്കുന്നതായുമുണ്ട്. വാസ്തവത്തിൽ ടിപ്പു  ആലുവാ പുഴയ്ക്കിക്കരെ കടന്നിട്ടില്ല. ഇത്തരം നെയ്തെടുത്ത കഥകൾ എല്ലാ മതവിഭാഗങ്ങളും രാഷ്ട്രീയ പാർട്ടികളും  പ്രചരിപ്പിക്കുന്നു. വോട്ടുബാങ്കാണ് ലക്ഷ്യം. 

1960 വരെ ടിപ്പുവിനെ ഒരു ക്രൂര ഭരണാധികാരിയായി സ്‌കൂളുകളിൽ പഠിപ്പിച്ചിരുന്നു.  പിന്നീടുവന്ന കോൺഗ്രസ്സ് സർക്കാരുകൾ മുസ്ലീമുകളെ പ്രീതിപ്പെടുത്തി വോട്ടുബാങ്ക് നേടാനായി ടിപ്പുവിനെ  സ്വാതന്ത്ര്യ സമരയോദ്ധാവാക്കി ചിത്രീകരിക്കാനും തുടങ്ങി. ചരിത്രം ഓരോരുത്തരുടേയും  മനോധർമ്മം അനുസരിച്ച് വളച്ചൊടിച്ചിരിക്കുകയാണ്. ടിപ്പുവിൻറെ ചരിത്രത്തെ  ചായം തേയ്ച്ചുകൊണ്ടു  പുതിയ ചരിത്ര പുസ്തകങ്ങൾ പാഠപുസ്തകങ്ങളായി സ്‌കൂളുകളിൽ പഠിപ്പിക്കാനും തുടങ്ങി. പൊടിപ്പും തൊങ്ങലുകളും വെച്ചുകൊണ്ടുള്ള ചരിത്രങ്ങളും കൂട്ടിച്ചേർത്തു.  അതുവരെ ബ്രിട്ടീഷ് ചരിത്രകാരോടൊപ്പം ദേശീയ ചരിത്രകാർ പോലും ടിപ്പുവിനെ രാജ്യദ്രോഹിയായി ചിത്രീകരിച്ചിരുന്നു.  ചരിത്രം എന്നും യുദ്ധത്തിൽ വിജയിക്കുന്നവരുടെ പക്ഷത്തായിരിക്കും. ഒരു പക്ഷെ ഹിറ്റ്ലർ രണ്ടാം ലോക മഹായുദ്ധത്തിൽ ജയിച്ചിരുന്നെങ്കിൽ ഇന്നുള്ള ചരിത്രത്തിന്റെ ഗതി മറ്റൊരു വിധത്തിലാവുമായിരുന്നു. 

ടിപ്പുവിന്റെ സൈനികരിൽ നല്ല ഒരു ഭാഗം ഹിന്ദു സൈനികരായിരുന്നു. സൈന്യാധിപന്മാരും ഹിന്ദുക്കളായിരുന്നു. ആ സ്ഥിതിക്ക് ടിപ്പുവിനെ വർഗീയ വാദിയായി  ചിത്രീകരിക്കാമോയെന്നും ചോദ്യങ്ങളുയരുന്നു. ടിപ്പു സുൽത്താൻ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലിമുകളായി മതപരിവർത്തനം നടത്തിയെന്നാണ് ഒരു വാദം.  ഹൈദരാലിയും ടിപ്പുവും 80 കൊല്ലത്തോളം മൈസൂർ ഭരിച്ചു. എങ്കിലും അവിടുത്തെ മുസ്ലിം ജനസംഖ്യ അഞ്ചു ശതമാനം മാത്രമേയുള്ളൂ. മലബാറിൽ ഹിന്ദുക്കളെ 'ടിപ്പു' വെടിവെച്ചു കൊന്നുവെന്ന വാദം ശരിയാണെങ്കിൽ അവിടെ ഹിന്ദുക്കൾ ആരുംതന്നെ അവശേഷിക്കില്ലായിരുന്നു.  മലബാറിൽ ഭൂരിഭാഗവും ഇന്നും  ഹിന്ദുക്കൾ തന്നെയാണ്.

ബ്രിട്ടീഷ് ചരിത്രങ്ങളിൽ ടിപ്പു ഒരു മതപീഡകനായിട്ടാണ് അറിയപ്പെടുന്നത്. യുദ്ധത്തിൽ തോറ്റ ടിപ്പുവിന്റെ  മരണത്തെ സാധുകരിക്കാൻ   'ടിപ്പു' മതപീഡകനായിരുന്നുവെന്നു ബ്രിട്ടീഷുകാർ  വിളംബരം നടത്തിയതാകാം!  എന്നാൽ  സ്വാതന്ത്ര്യ ശേഷം ചരിത്രം തിരുത്തിയെഴുതി  ടിപ്പു ഒരിക്കലും മതങ്ങളെ പീഡിപ്പിച്ചിട്ടില്ലെന്നുമാക്കി.  ടിപ്പുവിനെതിരെ പ്രവർത്തിച്ചവരെ ടിപ്പു ശിക്ഷിച്ചിട്ടുണ്ടെന്നും  അത് മതപരമായ പീഡനമായിരുന്നില്ലെന്നും  മതപരമായി പീഡിപ്പിച്ചുവെന്ന കഥ തെറ്റായ വസ്തുതകളെന്നും  പ്രാചീന ചരിത്രങ്ങളെ ഖണ്ഡിച്ചുകൊണ്ട് ചരിത്രം പുതുക്കിയെഴുതുകയുമുണ്ടായി.  ആംഗ്ലോ മൈസൂർ യുദ്ധകാലങ്ങളിൽ തന്നെ ബ്രിട്ടീഷുകാർ ടിപ്പുവിനെ ഒരു ഭീകര ജീവിയായി സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ   ആരംഭിച്ചിരുന്നു.  യുദ്ധ തടവുകാരെ നിർദ്ദയം കൊന്നുവെന്നും സ്ഥാപിച്ചു.  മറ്റൊന്നും ചിന്തിക്കാതെ ടിപ്പുവിനെ  എതിർക്കുന്നവർ ടിപ്പുവിനെ  ഒരു ഭീകരനായി കാണാനും തുടങ്ങി.  നായന്മാരുടെയിടയിലും ക്രിസ്ത്യാനികളുടെയിടയിലും  ഭീകരനായ ഒരു ടിപ്പുവിനെപ്പറ്റി ശക്തമായ ഒരു ചിത്രമുണ്ടായിരുന്നു. 

1923 -ൽ ഭാഷാപോഷിണിയിൽ സുപ്രസിദ്ധ ചരിത്രകാരനും  ജേർണലിസ്റ്റുമായ സർദാർ  കെ.എം. പണിക്കർ എഴുതിയ,  'ടിപ്പു വില്ലനോ നായകനോ' എന്ന  തലവാചകത്തിലുള്ള കുറിപ്പുകൾ താഴെ കുറിക്കുന്നു.  

1. 1788-മാർച്ച് 22 ന്  അബ്ദുൽ ഖാദറിനു ടിപ്പു  എഴുതിയത്, "12000 ഹിന്ദുക്കൾ ഇസ്‌ലാം മതം സ്വീകരിച്ചു. അവരിൽ നമ്പൂതിരി ബ്രാഹ്മണന്മാരും ഉണ്ടായിരുന്നു. മറ്റുള്ള ദേശവാസികളായ ഹിന്ദുക്കളെ ഇസ്‌ലാം മത പരിവർത്തനത്തിനായി താങ്കളുടെ മുമ്പിൽ കൊണ്ടുവരുന്നതായിരിക്കും.  ഇസ്‌ലാം മതത്തിൽ ചേരാനായി ബ്രാഹ്മണരെ ഒഴിവാക്കുന്നതല്ലായിരിക്കും".  

2. 1788 ഡിസംബർ പതിനാലാം തിയതി ടിപ്പു  പട്ടാള സേനാധിപതിയ്ക്ക് എഴുതി: "എന്റെ രണ്ടു അനുയായികളെ 'മിർ  ഹുസൈൻ ആലി' യോടൊപ്പം അയക്കുന്നു. അവരുടെ സഹായത്തോടെ നിങ്ങൾ എല്ലാ ഹിന്ദുക്കളെ പിടിക്കുകയും വധിക്കുകയും ചെയ്യണം. 20 വയസിൽ താഴെയുള്ളവരെ ജയിലിൽ അടക്കണം. ബാക്കി 5000 പേരെ മരത്തിന്റെ മുകളിൽ കെട്ടി തൂക്കണം. ഇത് എന്റെ ആജ്ഞയാണ്". 

3. 1790 ജനുവരി പതിനെട്ടാം തിയതി സെയ്ദ് അബ്ദുൽ ദുലൈയ്ക്ക് എഴുതി, "കോഴിക്കോടു വാസികൾ ഹിന്ദുക്കൾ മുഴുവനായി തന്നെ ഇസ്‌ലാമിലേക്ക് മത പരിവർത്തനം ചെയ്തു. ഇസ്‌ലാമിനെ നിലനിർത്താനുള്ള വിശുദ്ധ യുദ്ധമായി കരുതുന്നു". 

മുകളിൽ പറഞ്ഞിരിക്കുന്ന രേഖകളിലുള്ള കുറ്റകൃത്യങ്ങൾ ക്ഷമിക്കാൻ സാധിക്കാത്തതാണ്. ഇത്രമാത്രം ജനങ്ങളെ കൊന്ന ഈ ഭീകരന്റെ  പാപക്കറകൾ ഒരിക്കലും മായ്ക്കാൻ കഴിയില്ല. 1923-ലാണ് ടിപ്പു സുൽത്താന്റെ ഉദ്ധരണികൾ മുഴുവൻ പ്രസിദ്ധീകരിച്ചത്. അക്കാലം വരെയും ടിപ്പു സുൽത്താനെ പ്പറ്റി വിവാദങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.  അന്നുള്ള  പ്രസിദ്ധകരണത്തിൽ സംശയാസ്പദമായ ചേതോവികാരം  ആരും രേഖപ്പെടുത്തിയുമില്ല. ടിപ്പു സുൽത്താന്  ആദരവു നൽകുന്നതിൽ ഏറ്റവും കൂടുതൽ പ്രതിക്ഷേധം കാണുന്നത് കൂർഗിലാണ്.  മതത്തിന്റെ പേരിൽ ടിപ്പു നടത്തിയ നിഷ്ടുരതകൾ  നടന്നതും ഈ പ്രദേശങ്ങളിലാണെന്നു  കരുതുന്നു.   രാജ്യ വിസ്തൃതിക്കുവേണ്ടിയായിരുന്നില്ല അവിടെയെല്ലാം പീഡനം അഴിച്ചുവിട്ടിരുന്നത്.  സാംസ്ക്കാരിക മാറ്റങ്ങൾക്കും  മതപരമായ പരിവർത്തനങ്ങൾക്കും വേണ്ടിയായിരുന്നു. ഇസ്ലാം അല്ലെങ്കിൽ മരണം എന്ന നയമായിരുന്നു അദ്ദേഹം പിന്തുടർന്നത്. ടിപ്പു അമ്പലങ്ങൾ നശിപ്പിക്കുന്നതിൽ ലക്ഷ്യമിട്ടിരുന്നു. 40000 കൂർഗികളെ കൊന്നുവെന്നും അരലക്ഷം ജനങ്ങളെ  മതം മാറ്റിയെന്നും ചരിത്രകാർ രേഖപ്പെടുത്തിയിരിക്കുന്നു. 

ടിപ്പുവിന്റെ മതഭ്രാന്തിൽ ക്രിസ്ത്യാനികളും ബലിയാടായിരുന്നു. ഒരു പോർട്ടുഗീസ് യാത്രികനായിരുന്ന ബർട്ടോലോമിയോ 1790-ൽ എഴുതി, (ഈസ്റ്റ് ഇൻഡീസ് യാത്ര) "ടിപ്പു ആനപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു. അദ്ദേഹത്തിന് പിന്നാലെ 30000 പട്ടാളക്കാരുമുണ്ടായിരുന്നു. കോഴിക്കോടുള്ള  ഭൂരിഭാഗം സ്ത്രീ പുരുഷന്മാരെ തൂക്കിലേറ്റി. അമ്മമാരുടെ കഴുത്തിൽ കെട്ടി കുഞ്ഞുങ്ങളെയും കൊന്നിരുന്നു.  ബാർബേറിയനായ ടിപ്പു സുൽത്താൻ നഗ്നരായ ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും ആനകളുടെ കാലുകളിൽ കെട്ടി ചവുട്ടി മെതിച്ചിരുന്നു. അമ്പലങ്ങളും പള്ളികളും കത്തിച്ചു നശിപ്പിക്കാൻ ആജ്ഞയും കൊടുത്തിരുന്നു." 'ഫ്രാൻകോയിസ് ഫിഡൽ റിപോഡ് ഡി മോൺടൗഡ്വേര്ഡ്'  എന്ന ഫ്രഞ്ച് പട്ടാളക്കാരൻ മൗറീഷ്യസിൽനിന്നു  ബ്രിട്ടീഷുകാർക്കെതിരെ ടിപ്പുവിനെ  സഹായിക്കാൻ മൈസൂറിൽ  വന്നുവെന്നും എഴുതപ്പെട്ടിട്ടുണ്ട്. ടിപ്പുവിന്റെ ക്രൂരപ്രവർത്തികൾ അടങ്ങിയ  ഒരു ഡോക്യുമെന്റ് 1988-ൽ പാരീസിൽ നിന്നും  കണ്ടു കിട്ടി. അതിൽ എഴുതിയിരിക്കുന്നത് "നിഷ്കളങ്കരായ ഹിന്ദുക്കളോട്  സുൽത്താൻ ചെയ്യുന്ന ക്രൂരതയിൽ ഞാൻ അസന്തുഷ്ടനാണ്. എന്നെ വളരെയധികം വേദനിപ്പിക്കുന്നു.  മാംഗ്ലൂർ പിടിച്ചെടുത്തപ്പോൾ ടിപ്പുവിന്റെ പട്ടാളക്കാർ  ബ്രാഹ്മണരുടെ തലകൾ വെട്ടുന്നത്, ദിനം പ്രതിയുള്ള കാഴ്ചകളായിരുന്നു." അക്കാലത്ത് കോഴിക്കോട് ബ്രാഹ്മണരുടെ ഒരു കേന്ദ്രമായിരുന്നു. ഏകദേശം 7000 ബ്രാഹ്മണ കുടുംബങ്ങൾ  അവിടെ ജീവിക്കുന്നുണ്ടായിരുന്നു. ടിപ്പുവിന്റെ പടയോട്ടം കാരണം അവരിൽ 2000 ബ്രാഹ്‌മണ കുടുംബങ്ങൾ ഇല്ലാതായി. സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഇല്ലാതാക്കി. (Outlook, The Tyrant Diaries) 

1960 കൾക്കു ശേഷം  ചരിത്ര പുസ്തകങ്ങളിൽ ടിപ്പു ഒരു മനുഷ്യ സ്നേഹിയായി അവതരിച്ചു. മലബാറിൽ താണ ജാതിക്കാർ മാറു മറയ്ക്കാതെ നടന്നപ്പോൾ  മാറു മറയ്ക്കാനുള്ള  തുണിയുടെ ചെലവുകൾ  ഖജനാവിൽ നിന്നും നൽകാമെന്നു  ടിപ്പു മലബാറിലെ അദ്ദേഹത്തിൻറെ കാര്യസ്ഥനു  കത്തെഴുതിയെന്നു സോഷ്യൽ മീഡിയാകളിൽ നിന്നും അറിയുന്നു.  അങ്ങനെയുള്ള ജാതീയ ആചാരങ്ങൾ നീക്കം ചെയ്യണമെന്നും  ടിപ്പു ഉപദേശിച്ചു. അതിനു വളരെ  വർഷങ്ങൾ കഴിഞ്ഞാണ്   തിരുവിതാംകൂർ സർക്കാർ സ്ത്രീകൾ മാറു  മറയ്ക്കണമെന്ന ഉത്തരവ് നൽകുന്നത്.  ടിപ്പു സുൽത്താന്റെ പതിനേഴു മന്ത്രിമാർ ബ്രാഹ്മണരായിരുന്നുവെന്നും  മഹാരാഷ്ട്ര സൈന്യം മൈസൂരിലെ ക്ഷേത്രങ്ങൾ നശിപ്പിച്ചപ്പോൾ ക്ഷേത്രങ്ങൾ  പുതുക്കി പണിയാനും ഒപ്പം നിരവധി അമ്പലങ്ങൾ പണിയാനും ടിപ്പു സാമ്പത്തിക സഹായം നൽകിയെന്നും നവ മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നു.  അദ്ദേഹം വർഗീയ വാദിയായിരുന്നുവെങ്കിൽ ഹൈദ്രബാദ് നൈസാമിനോട് യുദ്ധം ചെയ്യില്ലായിരുന്നുവെന്നും യുക്തികൾ നിരത്തുന്നു. തടവുകാരുടെ ഭാര്യമാരോട് മാന്യമായി പെരുമാറിയിരുന്നുവെന്നും അവർക്കെല്ലാം സ്വർണ്ണ നാണയങ്ങൾ കൊടുത്തുകൊണ്ട്  ഇനി മൈസൂർ രാജ്യത്ത് ആക്രമിക്കാൻ  ഭർത്താക്കന്മാരോടു വരരുതെന്നും ടിപ്പു ഉപദേശിച്ചിരുന്നതായും പറയപ്പെടുന്നു. 

പുതിയ കഥകൾകൊണ്ട്  ടിപ്പുവിന്റെ ചരിത്രം ഒരു ദേശാഭിമാനിയുടെ ചരിത്രമായി മാറി. വാസ്തവത്തിൽ  ടിപ്പു സുൽത്താൻ ഒരു ദേശീയനോ സ്വാതന്ത്ര്യ യോദ്ധാവോ ആയിരുന്നില്ല. അദ്ദേഹം വെറും ഒരു രാജാവ് മാത്രമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ഭരിച്ചിരുന്ന മൈസൂർ ഭരണാധികാരി മതേതരനെന്നും  മതവാദിയെന്നും വ്യത്യസ്തമായുള്ള വിവാദങ്ങൾ ചരിത്രകാരുടെയിടയിലുണ്ട്.  ടിപ്പു സുൽത്താനെപ്പറ്റി ധാരാളം കെട്ടുകഥകളും  ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ പ്രചരിക്കുന്നുണ്ട്. നാം ഇന്നു വസിക്കുന്ന ആധുനിക  ലോകവും ടിപ്പുവിന്റെ ലോകവും  വ്യത്യസ്തമായ ചിന്താഗതികളടങ്ങിയ കാലഘട്ടങ്ങളാണ്‌.  ഒരു ഹിന്ദുരാജ്യത്തിലെ മുസ്ലിം ഭരണാധികാരിയെന്ന നിലയിൽ  എതിർത്തവരെ  അദ്ദേഹം പീഡിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്താണ് ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലിമുകളും തമ്മിലുള്ള വർഗീയത പ്രചരിക്കാൻ തുടങ്ങിയത്. അതിന്റെ പരിണിതഫലങ്ങൾ  ഇന്നും ഇന്ത്യയിൽ നിഴലിച്ചുകൊണ്ടിരിക്കുന്നു.  അത് ചരിത്രപരമായ ടിപ്പുവുമായി യാതൊരു ബന്ധവുമില്ല. 


1792 നു ശേഷം ടിപ്പു  വളരെ ധർമ്മനിഷ്ഠയും ദൈവഭക്തിയുമുണ്ടായിരുന്ന രാജാവായിരുന്നുവെന്നു  ചരിത്രം രചിച്ചിരിക്കുന്നു. കാരണം, അദ്ദേഹം ദൈവത്തെ ഭയപ്പെടാൻ തുടങ്ങി. ദൈവത്തെ പ്രീതിപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.  മുസ്ലിമുകൾ അല്ലാത്തവരോടെല്ലാം അദ്ദേഹം നീതിപൂർവം പെരുമാറിക്കൊണ്ടിരുന്നു. 1792-ലെ മൂന്നാം ആംഗ്ലോ യുദ്ധത്തിന് ശേഷം ലജ്‌ജാകരവും അപമാനകരവുമായ ഒരു ഉടമ്പടിയിൽ ടിപ്പുവിന് ഒപ്പു വെക്കേണ്ടി വന്നു. അതിന്റെ ഫലമായി രാജ്യവിസ്തൃതിയുടെ വലിയൊരു ഭാഗം  ഉപേക്ഷിക്കേണ്ടി വന്നു. യുദ്ധക്കടം വീട്ടാനായി രണ്ടു മക്കളെ ശത്രുക്കൾ ബന്ദിയാക്കി.  പണം വീട്ടുന്നവരെ ജാമ്യമായി പിടിച്ചുകൊണ്ടു പോയി. ഇത് അതി ഭീകരമായ നടപടിയായിരുന്നു. ഇതെല്ലാം ടിപ്പുവിനെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുകയും  ദൈവത്തിന്റെ കോപം ടിപ്പു നേടിയെന്നു ചിന്തിക്കുകയും ചെയ്തിരിക്കാം. ടിപ്പുവിനുണ്ടായിരുന്ന ഭീക്ഷണി രാജ്യത്തിനുള്ളിൽ നിന്നായിരുന്നില്ല. പുറമെനിന്നുള്ള ബ്രിട്ടീഷുകാർ ശത്രുക്കളിൽ നിന്നായിരുന്നു. 

'ടിപ്പു' മതേതരത്വത്തിൽ വിശ്വസിച്ചിരുന്ന ഭരണാധികാരിയെന്നു ആധുനിക ചരിത്ര രചയിതാക്കൾ പുസ്തകത്താളുകളിൽ കുറിച്ചിരിക്കുന്നു. അദ്ദേഹം മത സ്ഥാപനങ്ങൾ നശിപ്പിച്ചിട്ടുണ്ടെങ്കിൽ അത്  രാജ്യവിസ്തൃതിക്കും  രാഷ്ട്രീയ ഉദ്ദേശ്യത്തിനുമായിരുന്നുവെന്നാണ് വാദം.  വാസ്തവത്തിൽ, ആധുനിക കാലത്തുള്ള മതേതരത്വം പതിനെട്ടാം നൂറ്റാണ്ടിലുണ്ടായിരുന്നില്ല.  ടിപ്പു  ജീവിച്ചിരുന്നതായ കാലഘട്ടത്തിൽ   അന്ധമായ മതവിശ്വാസം പുലർത്തിയിരുന്നു.  മതത്തിന്റെ സ്വാധീനമില്ലാതെ  അന്ന് വ്യക്തികൾക്കും സമൂഹത്തിനും നിലനിൽക്കാൻ സാധിക്കില്ലായിരുന്നു.  ടിപ്പു എന്ന ഭരണാധികാരി എടുത്ത തീരുമാനങ്ങൾ പ്രായോഗികവും രാഷ്ട്രീയ പ്രേരിതവും രാജ്യതാല്പര്യത്തിനുമായിരുന്നു. അതുതന്നെയാണ് പിന്നീട് മതേതരത്വ ചിന്താഗതിയായി രൂപാന്തരപ്പെട്ടതും. മറ്റെല്ലാ ഭരണാധികാരികളെപ്പോലെ അദ്ദേഹം ഭൂമിയും മറ്റു വസ്തുക്കളും എല്ലാ മതവിഭാഗങ്ങൾക്കും വിശ്വാസികൾക്കും സൗജന്യമായി നൽകിയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം രാജ്യത്തിലെ പ്രജകൾ സങ്കട സൂചകമായി ദുഃഖാചാരണങ്ങൾ നടത്തിയിരുന്നു. ബ്രിട്ടീഷുകാരേക്കാൾ അദ്ദേഹത്തിൻറെ ഭരണം ജനങ്ങൾ ഇഷ്ടപ്പെട്ടിരുന്നുവെന്നും കരുതണം.  

ടിപ്പുസുൽത്താനുമുമ്പ്  ഫ്യൂഡൽ വ്യവസ്ഥിതിയിലുള്ള  മാടമ്പിമാരും നാടുവാഴികളും മലബാറിനെ ഭരിച്ചിരുന്നു. ജാതീയ അടിസ്ഥാനത്തിൽ ഭരണം നിർവ്വഹിച്ചിരുന്നു.  ചിതറിക്കിടന്ന  മലബാറിൽ' ഒരു കേന്ദ്രീകൃത ഭരണകൂടം സ്ഥാപിച്ചത്  ടിപ്പു സുൽത്താനാണ്. ജന്മിമാർക്കും മാടമ്പിമാർക്കും രാജാക്കന്മാർ പരിചരണം ചെയ്യണമെന്നുള്ള ദിനചരിയെ മാറ്റിയത് ടിപ്പുവാണ്.  ഭൂനികുതി നടപ്പാക്കി നികുതി പിരിക്കാൻ ആരംഭിച്ചു. രാജ്യത്തെ ബന്ധിപ്പിക്കുന്ന ഗതാഗതം കൊണ്ടുവന്നു. ടിപ്പുവിന്റെ കാലത്ത് പല പരിഷ്‌കാരങ്ങളും നടപ്പാക്കി. പുതിയ നാണയങ്ങൾ ഇറക്കി. ലൂണാർ കലണ്ടർ പ്രസിദ്ധീകരിച്ചു. ഭൂമിക്ക് പുതിയ നികുതി വ്യവസ്ഥ നടപ്പാക്കി. മൈസൂരിൽ സിൽക്ക് വ്യവസായം ആരംഭിച്ചു. തെക്ക് കൃഷ്ണ നദി മുതൽ കിഴക്കൻ പർവത നിരകൾ വരെയും അറബിക്കടൽ  തീരം വരെയും അദ്ദേഹത്തിൻറെ രാജ്യം വ്യാപിച്ചു കിടന്നിരുന്നു.  ഫ്രഞ്ചുകാരുടെ അഭ്യർത്ഥന അനുസരിച്ച് അദ്ദേഹം മൈസൂരിൽ ആദ്യത്തെ ക്രിസ്ത്യൻ പള്ളി പണിതു കൊടുത്തു. ഫ്രഞ്ചുകാരുടെ  സഹായത്തോടെ ടിപ്പു ബ്രിട്ടീഷുകാരോട് പോരാടി.

'കർണാടക  ഹൈക്കോർട്ടിലെ ചീഫ് ജസ്റ്റിസ് മുക്കർജി 2016-ൽ ടിപ്പു ജയന്തി ആഘോഷിക്കുന്നതിന്റെ ഉദ്ദേശ്യം എന്തെന്ന് കർണാടകത്തിലെ  കോൺഗ്രസ്സ് സർക്കാരിനോട് ചോദ്യം ചെയ്യുകയുണ്ടായി. ടിപ്പു ഒരു സ്വാതന്ത്ര്യ സമര സേനാനിയല്ല, ഒരു ചക്രവർത്തിയായിരുന്നു. സ്വന്തം താൽപ്പര്യം സംരക്ഷിക്കാനും സാമ്രാജ്യം വിസ്തൃതമാക്കാനും എതിരാളികളോടു പൊരുതി.  ടിപ്പു ജയന്തിമൂലം എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് 'കൊടഗിലും' മറ്റുപ്രദേശങ്ങളിലും സമുദായ ലഹളകൾ ഉണ്ടാവുകയും ചെയ്തു. ലഹളയുടെ ഫലമായി ഏതാനും മരണങ്ങളും ഉണ്ടായി. ചരിത്ര പുരുഷനായ ടിപ്പുവിന്റെ ജയന്തി ആഘോഷങ്ങളിൽ പങ്കുകൊള്ളാതെ മുഖ്യമന്ത്രീ കുമാരസ്വാമി മാറി നിന്നു. കൂടാതെ കുമാരസ്വാമി ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കുന്നതിൽ കോൺഗ്രസ്സ് സർക്കാരിനോട് എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. കൃഷിക്കാർ വരൾച്ച മൂലം രാജ്യം മുഴുവൻ കഷ്ടപ്പെടുമ്പോൾ  ഇങ്ങനെയൊരു ആഘോഷം അനാവശ്യ  ചെലവാണെന്നും അതുമൂലം സമുദായ വിദ്വേഷം മാത്രമേ വളർത്താൻ സാധിക്കുകയുള്ളുവെന്നും ടിപ്പു ജയന്തി ആഘോഷിക്കുന്നതിലൂടെ  കോൺഗ്രസ് സർക്കാരിനു  തെറ്റ് പറ്റിയെന്നും അദ്ദേഹം പറഞ്ഞു.  

ടിപ്പു സുൽത്താനെ കന്നഡ ഭാഷയുടെ പരിപോഷകൻ എന്ന് പുകഴ്ത്താറുണ്ട്. എന്നാൽ ഒരു ചരിത്ര ഗവേഷകനെ സംബന്ധിച്ചിടത്തോളം അത് ശുദ്ധ അസംബന്ധം ആണ്. ടിപ്പുവിന്റെ സമകാലീക ചരിത്രകാരനായ 'കിർമോണി'യുടെ ഉദ്ധരണിയിൽ നിന്നും 'കർണാടക ചരിത്ര അക്കാദമി ചെയർമാൻ 'ഡോക്ടർ സൂര്യനാഥ് കമത്ത്' ഉദ്ധരിച്ചിരിച്ചിരിക്കുന്നത്  "1792-ൽ 'പേർഷ്യൻ' ഭാഷയെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചുകൊണ്ട്  ടിപ്പു ഒരു ഉത്തരവ് പുറപ്പെടുവിച്ചു"വെന്നാണ്. (2006 -ഡെക്കാൻ ഹെറാൾഡ്) . കന്നഡ ഭാഷയോട് അദ്ദേഹത്തിന് അമിത താല്പര്യമില്ലായിരുന്നുവെന്ന തെളിവാണിത്. 
ബ്രിട്ടീഷുകാർക്കെതിരെ അദ്ദേഹം ശൂരത കാണിച്ചതിന് ക്രഡിറ്റ് കൊടുക്കണം.  എന്നാൽ അദ്ദേഹം കാണിച്ച തെറ്റുകളും ക്രൂരതകളും അതിലും കൂടുതൽ കര കവിയുന്നു. ഇന്ത്യയുടെ മഹത്തായ ചരിത്രത്തിൽ ഒരു അടിക്കുറിപ്പ് കൊടുക്കുവാൻ മാത്രമേ അദ്ദേഹത്തിനു യോഗ്യതയുള്ളൂ. മതഭ്രാന്ത് മൂത്ത ഒരു ഭരണാധികാരിയെന്ന നിലയിൽ വ്യക്തമായ തെളിവുകൾ ഉള്ള സ്ഥിതിക്ക് അങ്ങനെയുള്ള ഒരു ടിപ്പുസുൽത്താനെ വ്യക്തിപരമായി ആദരിക്കേണ്ട ആവശ്യമില്ല.മതസൗഹാർദ്ദം കാംക്ഷിക്കുന്ന  ഇന്നത്തെ കാലത്ത്   ടിപ്പുവിനെ പോലെ അസഹിഷ്ണ്തയുള്ള  ഒരാളെ ദേശീയ ബിംബമായി പ്രതിഷ്ഠിക്കുന്നതും വിരോധാഭാസം സൃഷ്ടിക്കുന്നു. കർണ്ണാടക മുഖ്യമന്ത്രി 'യെദിയൂരപ്പ' വിവാദപുരുഷനായ ടിപ്പു സുൽത്താന്റെ ചരിത്രം സ്‌കൂൾ പാഠപുസ്തകങ്ങളിൽനിന്നും നീക്കം ചെയ്യുമെന്നും അറിയിച്ചു. പതിനെട്ടാം നൂറ്റാണ്ടിലെ ഈ ഭരണാധികാരി സ്വാതന്ത്ര്യ സമര യോദ്ധാവായിരുന്നുവെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

Image result for fr puthenpurackal pictures"


Image result for tippu kingdom map pictures"

Image result for tipu tomb"




കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...