Monday, February 3, 2020

ടിപ്പു സുൽത്താൻ ദേശീയവാദിയോ, അനുകൂലപ്രതികൂലവാദമുഖങ്ങള്‍

Image result for tippu pictures"


ജോസഫ് പടന്നമാക്കൽ

പ്രസിദ്ധ ധ്യാന ഗുരുവായ  ഫാദർ ജോസഫ് പുത്തൻപുരക്കലിന്റെ  ടിപ്പു സുൽത്താനെപ്പറ്റിയും മുസ്ലിം സമുദായത്തെപ്പറ്റിയുമുള്ള പരാമർശം  സോഷ്യൽ മീഡിയാകളിൽ  വിരുദ്ധ തരംഗങ്ങളും കോളിളക്കങ്ങളും  സൃഷ്ടിച്ചിരുന്നു.  അതിന്റെ പേരിൽ അച്ചനെതിരെ മാദ്ധ്യമങ്ങളിൽ ശക്തമായ പ്രതികരണങ്ങളുമുണ്ടായി.  ടിപ്പുവിനെപ്പറ്റിയുള്ള  നിരവധി സത്യങ്ങളും അസത്യങ്ങളുമായുള്ള ചരിത്രങ്ങൾ  പ്രചരിക്കുകയും ചെയ്തു.' നെല്ലും പതിരും  തിരിച്ചറിയാൻ പാടില്ലാത്ത വിധമാണ് ഓരോരുത്തരും ഭാവനക്കനുസരിച്ച് ചരിത്രം എഴുതിവിടുന്നത്.  സ്വന്തം പട്ടാളവുമായി രാജ്യ വിസ്തൃതി നടത്തിക്കൊണ്ടിരുന്ന ടിപ്പു സുൽത്താനു വിശുദ്ധ പദവി നൽകേണ്ട ആവശ്യമുണ്ടോ? ആധുനിക ദേശീയതയുടെ ബിംബമായി സുൽത്താനെ ചിലർ പൂജിക്കുന്നു.  ടിപ്പു ഒരു മുസ്ലിമെന്ന നിലയിലാണ് ചിലരുടെ ആരാധന. ക്രിസ്ത്യാനികളായ  ഹിറ്റ്ലറേയും മുസ്സോളനിയെയും പുകഴ്ത്തിക്കൊണ്ട് നൂറുകണക്കിന് പുസ്തകങ്ങൾ ഗ്രന്ഥപ്പുരകളിലുണ്ട്. അതുകൊണ്ട് അവർ ചെയ്ത ക്രൂരതകൾക്ക് ചരിത്രം മാപ്പു നല്കണമെന്നില്ല.  ടിപ്പുവിന്   ഒരു ഇന്ത്യൻ ചരിത്ര പുരുഷനെന്നതിൽ കൂടുതൽ വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യ പകുതിയിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭീക്ഷണി അദ്ദേഹം മനസിലാക്കി. അതിൽ കൂടുതലായി ദേശീയതയുടെ ബിംബം ടിപ്പുവിന് കല്പിക്കുന്നതെന്തിന്?  ടിപ്പുവിനെ ഒരു സ്വാതന്ത്ര്യ യോദ്ധാവായി ചിത്രീകരിക്കാനും  സ്വരാജ്യ സ്നേഹിയായി കരുതാനും മത  മൗലിക വാദികൾക്കു മാത്രമേ കഴിയുള്ളൂ.   

ടിപ്പു സുൽത്താൻ 1750 നവംബർ ഇരുപതാംതീയതി ബാംഗ്ലൂരിൽ ദേവൻ ഹള്ളി യിൽ ഒരു മിലിറ്ററി ഓഫീസർ ഹൈദരാലിയുടെയും  ഭാര്യ 'ഫഖർ അൺ നിസ'യുടേയും  മൂത്ത  മകനായി  ജനിച്ചു.  മൈസൂറിന്റെ 'കടുവ' എന്നും വിളിച്ചിരുന്നു.  അദ്ദേഹം കവിയും പണ്ഡിതനും പടയാളിയുമായിരുന്നു. സുൽത്താന്റെ പൂർവിക കുടുംബം പേർഷ്യയിൽ നിന്നോ അഫ്‌ഗാനിസ്ഥാനിൽ നിന്നോ എന്നനുമാനിക്കപ്പെടുന്നു.  ബ്രിട്ടീഷുകാരോട് ശക്തിയായി പോരാടിയ ഒരു യോദ്ധാവാണ് ടിപ്പു സുൽത്താൻ. എങ്കിലും അദ്ദേഹം മതഭ്രാന്തനെന്നുള്ള സത്യം മറച്ചു വെക്കാൻ സാധിക്കില്ല. ഇന്നത്തെ മതേതരത്വ ചിന്തകളും ടിപ്പുവിന്റെ മതേതര ചിന്തകളും തമ്മിൽ യാതൊരു വിധത്തിലും സാമ്യപ്പെടുത്താനും സാധിക്കില്ല

1761-ൽ ടിപ്പുവിന്റെ പിതാവായ ഹൈദരാലി മൈസൂറിന്റെ  രാജാവായി. ഫ്രഞ്ച് സർക്കാരുമായി ഹൈദർ ആലിക്ക് രാഷ്ട്രീയ സഖ്യം ഉണ്ടായിരുന്നു. ഫ്രഞ്ചുകാരിൽ നിന്നാണ് ടിപ്പു  മിലിറ്ററി ട്രെയിനിങ് കരസ്ഥമാക്കിയത്.  തോക്കിൽ വെടി വെക്കാനും വാൾപ്പയറ്റും കുതിര സവാരി പഠിപ്പിക്കാനും ടിപ്പുവിനു സമർഥരായ അദ്ധ്യാപകരുണ്ടായിരുന്നു. പതിനഞ്ചാം വയസിൽ രണ്ടായിരം പട്ടാളക്കാരുമായി എത്തി മലബാറിലെ ഭരണാധികാരിയെ തടവുകാരനാക്കി. ടിപ്പുവിന്റെ വിജയകരമായ ആക്രമണ ശേഷം മലബാർ രാജാവ് ഹൈദ്രാലിക്ക് കീഴടങ്ങി. ഹൈദരാലിയുടെ മിലിറ്ററി ഓഫീസറായിരുന്ന 'ഖാസി ഖാൻ' ടിപ്പുവിനെ ആയുധാഭ്യാസം  പഠിപ്പിച്ചു. മിലിട്ടറി വിദ്യാഭ്യാസം ടിപ്പുവിനെ നല്ല പട്ടാളക്കാരനും ജനറലുമാക്കി. 1782-ൽ ഹൈദരലി മരിച്ചു. ടിപ്പു മൈസൂരിന്റെ പുതിയ രാജാവായി. അദ്ദേഹം അപ്പനോടൊപ്പം രണ്ടു വിജയകരമായ ആംഗ്ലോ മൈസൂർ യുദ്ധങ്ങൾ നയിച്ചു.  ബ്രിട്ടീഷ് ശക്തികൾ രാജ്യത്തിന് ഏറ്റവും വലിയ ഭീക്ഷണിയായിരുന്നുവെന്ന് ടിപ്പുവിനറിയാമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിച്ച ഇന്ത്യയിലെ  ചുരുക്കം ചില രാജാക്കന്മാരിൽ ഒരാളാണ് ടിപ്പു. ആദ്യത്തെ രണ്ടു ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ടിപ്പു സുൽത്താൻ വിജയിച്ചിരുന്നു.  സുൽത്താന്റെ ക്യാബിനറ്റിൽ 'ഗുഡു ഖാൻ' എന്ന ഒരു മന്ത്രിയുണ്ടായിരുന്നു. നാലാം മൈസൂർ ആംഗ്ലോ യുദ്ധത്തിൽ ശ്രീ രംഗപട്ടണം പിടിച്ചെടുക്കുന്ന സമയങ്ങളിൽ ടിപ്പുവിനെതിരെ  ചാരപ്പണിചെയ്തു ചതിച്ചുകൊണ്ടിരുന്നു. അതുമൂലം  യുദ്ധത്തിൽ ടിപ്പു പരാജയപ്പെടുകയും  ബ്രിട്ടീഷുകാർ വിജയിക്കുകയും ചെയ്തു.  

1750 മുതൽ 1799 വരെ മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻ ധീരനായ ഒരു പരാക്രമിയെന്നതിൽ സംശയമില്ല. ഉശിരോടെ അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ പോരാടി. എന്നാൽ ടിപ്പു  ഒരു വർഗീയ വാദിയായിരുന്നുവെന്ന പരമാർത്ഥത്തെ ലഘൂകരിക്കാൻ സാധിക്കില്ല. ആധുനിക മതേതര ചിന്തകളുമായി ടിപ്പുവിന്റെ ചിന്തകൾക്ക് യാതൊരു സാമ്യവുമില്ല. അദ്ദേഹം ദേശീയ താല്പര്യത്തിനായി, പ്രതിരോധത്തിനായി പോരാടിയ ധീര ദേശാഭിമാനിയെന്നു പുതിയ ടെക്സ്റ്റുബുക്കുകളിൽ ചേർത്തിരിക്കുന്നു. ആദ്യകാല ചരിത്രങ്ങളിൽ  ടിപ്പുവിനെ  ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും  കൊന്ന ഒരു ക്രൂരനായും  ബലം  പ്രയോഗിച്ച് മുസ്ലിമുകളായി മതം മാറ്റിയ  മതഭ്രാന്തനായും ചിത്രീകരിച്ചിരിക്കുന്നു. അങ്ങനെയുള്ള ഒരു ഭരണാധികാരിയെ  സ്തുതി പാടേണ്ട ആവശ്യമുണ്ടോ? അതോ അദ്ദേഹം ഇന്നത്തെ വലതുപക്ഷ ചിന്താഗതിക്കാരുടെ ആശയ ദുഷ്പ്രചരണങ്ങൾക്ക് ഇരയോ? കർണ്ണാടക സർക്കാർ  ടിപ്പു സുൽത്താന്റെ സ്മാരക ഉത്സവം കൊണ്ടാടുന്നതിനൊപ്പം ഇങ്ങനെ മില്യൺ കണക്കിന് ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടതായുണ്ട്.

ടിപ്പുവിനെപ്പറ്റി വിവാദപരമായ,  ചരിത്രത്തിനു നിരക്കാത്ത, ധാരാളം നുണക്കഥകൾ പ്രചരിച്ചിട്ടുണ്ട്. ക്രിസ്ത്യാനികളും മുസ്ലിമുകളും ഹിന്ദുക്കളും തങ്ങളുടെ യുക്തിയനുസരിച്ച് കഥകൾ നെയ്തെടുക്കുകയും ഒപ്പം വർഗീയത പൂശുകയും ചെയ്യുന്നു. 2013 -ൽ റിലീസായ ആമ്മേൻ എന്ന സിനിമയിൽ ടിപ്പു സുൽത്താൻ കുമരങ്കരി സുറിയാനി പള്ളിയെ ആക്രമിക്കുന്നതും ആ അവസരത്തിൽ ഗീവർഗീസ് പുണ്യാളൻ നേരിട്ട് അവതരിച്ചു ടിപ്പുവിനെ ഓടിക്കുന്നതായുമുണ്ട്. വാസ്തവത്തിൽ ടിപ്പു  ആലുവാ പുഴയ്ക്കിക്കരെ കടന്നിട്ടില്ല. ഇത്തരം നെയ്തെടുത്ത കഥകൾ എല്ലാ മതവിഭാഗങ്ങളും രാഷ്ട്രീയ പാർട്ടികളും  പ്രചരിപ്പിക്കുന്നു. വോട്ടുബാങ്കാണ് ലക്ഷ്യം. 

1960 വരെ ടിപ്പുവിനെ ഒരു ക്രൂര ഭരണാധികാരിയായി സ്‌കൂളുകളിൽ പഠിപ്പിച്ചിരുന്നു.  പിന്നീടുവന്ന കോൺഗ്രസ്സ് സർക്കാരുകൾ മുസ്ലീമുകളെ പ്രീതിപ്പെടുത്തി വോട്ടുബാങ്ക് നേടാനായി ടിപ്പുവിനെ  സ്വാതന്ത്ര്യ സമരയോദ്ധാവാക്കി ചിത്രീകരിക്കാനും തുടങ്ങി. ചരിത്രം ഓരോരുത്തരുടേയും  മനോധർമ്മം അനുസരിച്ച് വളച്ചൊടിച്ചിരിക്കുകയാണ്. ടിപ്പുവിൻറെ ചരിത്രത്തെ  ചായം തേയ്ച്ചുകൊണ്ടു  പുതിയ ചരിത്ര പുസ്തകങ്ങൾ പാഠപുസ്തകങ്ങളായി സ്‌കൂളുകളിൽ പഠിപ്പിക്കാനും തുടങ്ങി. പൊടിപ്പും തൊങ്ങലുകളും വെച്ചുകൊണ്ടുള്ള ചരിത്രങ്ങളും കൂട്ടിച്ചേർത്തു.  അതുവരെ ബ്രിട്ടീഷ് ചരിത്രകാരോടൊപ്പം ദേശീയ ചരിത്രകാർ പോലും ടിപ്പുവിനെ രാജ്യദ്രോഹിയായി ചിത്രീകരിച്ചിരുന്നു.  ചരിത്രം എന്നും യുദ്ധത്തിൽ വിജയിക്കുന്നവരുടെ പക്ഷത്തായിരിക്കും. ഒരു പക്ഷെ ഹിറ്റ്ലർ രണ്ടാം ലോക മഹായുദ്ധത്തിൽ ജയിച്ചിരുന്നെങ്കിൽ ഇന്നുള്ള ചരിത്രത്തിന്റെ ഗതി മറ്റൊരു വിധത്തിലാവുമായിരുന്നു. 

ടിപ്പുവിന്റെ സൈനികരിൽ നല്ല ഒരു ഭാഗം ഹിന്ദു സൈനികരായിരുന്നു. സൈന്യാധിപന്മാരും ഹിന്ദുക്കളായിരുന്നു. ആ സ്ഥിതിക്ക് ടിപ്പുവിനെ വർഗീയ വാദിയായി  ചിത്രീകരിക്കാമോയെന്നും ചോദ്യങ്ങളുയരുന്നു. ടിപ്പു സുൽത്താൻ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലിമുകളായി മതപരിവർത്തനം നടത്തിയെന്നാണ് ഒരു വാദം.  ഹൈദരാലിയും ടിപ്പുവും 80 കൊല്ലത്തോളം മൈസൂർ ഭരിച്ചു. എങ്കിലും അവിടുത്തെ മുസ്ലിം ജനസംഖ്യ അഞ്ചു ശതമാനം മാത്രമേയുള്ളൂ. മലബാറിൽ ഹിന്ദുക്കളെ 'ടിപ്പു' വെടിവെച്ചു കൊന്നുവെന്ന വാദം ശരിയാണെങ്കിൽ അവിടെ ഹിന്ദുക്കൾ ആരുംതന്നെ അവശേഷിക്കില്ലായിരുന്നു.  മലബാറിൽ ഭൂരിഭാഗവും ഇന്നും  ഹിന്ദുക്കൾ തന്നെയാണ്.

ബ്രിട്ടീഷ് ചരിത്രങ്ങളിൽ ടിപ്പു ഒരു മതപീഡകനായിട്ടാണ് അറിയപ്പെടുന്നത്. യുദ്ധത്തിൽ തോറ്റ ടിപ്പുവിന്റെ  മരണത്തെ സാധുകരിക്കാൻ   'ടിപ്പു' മതപീഡകനായിരുന്നുവെന്നു ബ്രിട്ടീഷുകാർ  വിളംബരം നടത്തിയതാകാം!  എന്നാൽ  സ്വാതന്ത്ര്യ ശേഷം ചരിത്രം തിരുത്തിയെഴുതി  ടിപ്പു ഒരിക്കലും മതങ്ങളെ പീഡിപ്പിച്ചിട്ടില്ലെന്നുമാക്കി.  ടിപ്പുവിനെതിരെ പ്രവർത്തിച്ചവരെ ടിപ്പു ശിക്ഷിച്ചിട്ടുണ്ടെന്നും  അത് മതപരമായ പീഡനമായിരുന്നില്ലെന്നും  മതപരമായി പീഡിപ്പിച്ചുവെന്ന കഥ തെറ്റായ വസ്തുതകളെന്നും  പ്രാചീന ചരിത്രങ്ങളെ ഖണ്ഡിച്ചുകൊണ്ട് ചരിത്രം പുതുക്കിയെഴുതുകയുമുണ്ടായി.  ആംഗ്ലോ മൈസൂർ യുദ്ധകാലങ്ങളിൽ തന്നെ ബ്രിട്ടീഷുകാർ ടിപ്പുവിനെ ഒരു ഭീകര ജീവിയായി സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ   ആരംഭിച്ചിരുന്നു.  യുദ്ധ തടവുകാരെ നിർദ്ദയം കൊന്നുവെന്നും സ്ഥാപിച്ചു.  മറ്റൊന്നും ചിന്തിക്കാതെ ടിപ്പുവിനെ  എതിർക്കുന്നവർ ടിപ്പുവിനെ  ഒരു ഭീകരനായി കാണാനും തുടങ്ങി.  നായന്മാരുടെയിടയിലും ക്രിസ്ത്യാനികളുടെയിടയിലും  ഭീകരനായ ഒരു ടിപ്പുവിനെപ്പറ്റി ശക്തമായ ഒരു ചിത്രമുണ്ടായിരുന്നു. 

1923 -ൽ ഭാഷാപോഷിണിയിൽ സുപ്രസിദ്ധ ചരിത്രകാരനും  ജേർണലിസ്റ്റുമായ സർദാർ  കെ.എം. പണിക്കർ എഴുതിയ,  'ടിപ്പു വില്ലനോ നായകനോ' എന്ന  തലവാചകത്തിലുള്ള കുറിപ്പുകൾ താഴെ കുറിക്കുന്നു.  

1. 1788-മാർച്ച് 22 ന്  അബ്ദുൽ ഖാദറിനു ടിപ്പു  എഴുതിയത്, "12000 ഹിന്ദുക്കൾ ഇസ്‌ലാം മതം സ്വീകരിച്ചു. അവരിൽ നമ്പൂതിരി ബ്രാഹ്മണന്മാരും ഉണ്ടായിരുന്നു. മറ്റുള്ള ദേശവാസികളായ ഹിന്ദുക്കളെ ഇസ്‌ലാം മത പരിവർത്തനത്തിനായി താങ്കളുടെ മുമ്പിൽ കൊണ്ടുവരുന്നതായിരിക്കും.  ഇസ്‌ലാം മതത്തിൽ ചേരാനായി ബ്രാഹ്മണരെ ഒഴിവാക്കുന്നതല്ലായിരിക്കും".  

2. 1788 ഡിസംബർ പതിനാലാം തിയതി ടിപ്പു  പട്ടാള സേനാധിപതിയ്ക്ക് എഴുതി: "എന്റെ രണ്ടു അനുയായികളെ 'മിർ  ഹുസൈൻ ആലി' യോടൊപ്പം അയക്കുന്നു. അവരുടെ സഹായത്തോടെ നിങ്ങൾ എല്ലാ ഹിന്ദുക്കളെ പിടിക്കുകയും വധിക്കുകയും ചെയ്യണം. 20 വയസിൽ താഴെയുള്ളവരെ ജയിലിൽ അടക്കണം. ബാക്കി 5000 പേരെ മരത്തിന്റെ മുകളിൽ കെട്ടി തൂക്കണം. ഇത് എന്റെ ആജ്ഞയാണ്". 

3. 1790 ജനുവരി പതിനെട്ടാം തിയതി സെയ്ദ് അബ്ദുൽ ദുലൈയ്ക്ക് എഴുതി, "കോഴിക്കോടു വാസികൾ ഹിന്ദുക്കൾ മുഴുവനായി തന്നെ ഇസ്‌ലാമിലേക്ക് മത പരിവർത്തനം ചെയ്തു. ഇസ്‌ലാമിനെ നിലനിർത്താനുള്ള വിശുദ്ധ യുദ്ധമായി കരുതുന്നു". 

മുകളിൽ പറഞ്ഞിരിക്കുന്ന രേഖകളിലുള്ള കുറ്റകൃത്യങ്ങൾ ക്ഷമിക്കാൻ സാധിക്കാത്തതാണ്. ഇത്രമാത്രം ജനങ്ങളെ കൊന്ന ഈ ഭീകരന്റെ  പാപക്കറകൾ ഒരിക്കലും മായ്ക്കാൻ കഴിയില്ല. 1923-ലാണ് ടിപ്പു സുൽത്താന്റെ ഉദ്ധരണികൾ മുഴുവൻ പ്രസിദ്ധീകരിച്ചത്. അക്കാലം വരെയും ടിപ്പു സുൽത്താനെ പ്പറ്റി വിവാദങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.  അന്നുള്ള  പ്രസിദ്ധകരണത്തിൽ സംശയാസ്പദമായ ചേതോവികാരം  ആരും രേഖപ്പെടുത്തിയുമില്ല. ടിപ്പു സുൽത്താന്  ആദരവു നൽകുന്നതിൽ ഏറ്റവും കൂടുതൽ പ്രതിക്ഷേധം കാണുന്നത് കൂർഗിലാണ്.  മതത്തിന്റെ പേരിൽ ടിപ്പു നടത്തിയ നിഷ്ടുരതകൾ  നടന്നതും ഈ പ്രദേശങ്ങളിലാണെന്നു  കരുതുന്നു.   രാജ്യ വിസ്തൃതിക്കുവേണ്ടിയായിരുന്നില്ല അവിടെയെല്ലാം പീഡനം അഴിച്ചുവിട്ടിരുന്നത്.  സാംസ്ക്കാരിക മാറ്റങ്ങൾക്കും  മതപരമായ പരിവർത്തനങ്ങൾക്കും വേണ്ടിയായിരുന്നു. ഇസ്ലാം അല്ലെങ്കിൽ മരണം എന്ന നയമായിരുന്നു അദ്ദേഹം പിന്തുടർന്നത്. ടിപ്പു അമ്പലങ്ങൾ നശിപ്പിക്കുന്നതിൽ ലക്ഷ്യമിട്ടിരുന്നു. 40000 കൂർഗികളെ കൊന്നുവെന്നും അരലക്ഷം ജനങ്ങളെ  മതം മാറ്റിയെന്നും ചരിത്രകാർ രേഖപ്പെടുത്തിയിരിക്കുന്നു. 

ടിപ്പുവിന്റെ മതഭ്രാന്തിൽ ക്രിസ്ത്യാനികളും ബലിയാടായിരുന്നു. ഒരു പോർട്ടുഗീസ് യാത്രികനായിരുന്ന ബർട്ടോലോമിയോ 1790-ൽ എഴുതി, (ഈസ്റ്റ് ഇൻഡീസ് യാത്ര) "ടിപ്പു ആനപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു. അദ്ദേഹത്തിന് പിന്നാലെ 30000 പട്ടാളക്കാരുമുണ്ടായിരുന്നു. കോഴിക്കോടുള്ള  ഭൂരിഭാഗം സ്ത്രീ പുരുഷന്മാരെ തൂക്കിലേറ്റി. അമ്മമാരുടെ കഴുത്തിൽ കെട്ടി കുഞ്ഞുങ്ങളെയും കൊന്നിരുന്നു.  ബാർബേറിയനായ ടിപ്പു സുൽത്താൻ നഗ്നരായ ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും ആനകളുടെ കാലുകളിൽ കെട്ടി ചവുട്ടി മെതിച്ചിരുന്നു. അമ്പലങ്ങളും പള്ളികളും കത്തിച്ചു നശിപ്പിക്കാൻ ആജ്ഞയും കൊടുത്തിരുന്നു." 'ഫ്രാൻകോയിസ് ഫിഡൽ റിപോഡ് ഡി മോൺടൗഡ്വേര്ഡ്'  എന്ന ഫ്രഞ്ച് പട്ടാളക്കാരൻ മൗറീഷ്യസിൽനിന്നു  ബ്രിട്ടീഷുകാർക്കെതിരെ ടിപ്പുവിനെ  സഹായിക്കാൻ മൈസൂറിൽ  വന്നുവെന്നും എഴുതപ്പെട്ടിട്ടുണ്ട്. ടിപ്പുവിന്റെ ക്രൂരപ്രവർത്തികൾ അടങ്ങിയ  ഒരു ഡോക്യുമെന്റ് 1988-ൽ പാരീസിൽ നിന്നും  കണ്ടു കിട്ടി. അതിൽ എഴുതിയിരിക്കുന്നത് "നിഷ്കളങ്കരായ ഹിന്ദുക്കളോട്  സുൽത്താൻ ചെയ്യുന്ന ക്രൂരതയിൽ ഞാൻ അസന്തുഷ്ടനാണ്. എന്നെ വളരെയധികം വേദനിപ്പിക്കുന്നു.  മാംഗ്ലൂർ പിടിച്ചെടുത്തപ്പോൾ ടിപ്പുവിന്റെ പട്ടാളക്കാർ  ബ്രാഹ്മണരുടെ തലകൾ വെട്ടുന്നത്, ദിനം പ്രതിയുള്ള കാഴ്ചകളായിരുന്നു." അക്കാലത്ത് കോഴിക്കോട് ബ്രാഹ്മണരുടെ ഒരു കേന്ദ്രമായിരുന്നു. ഏകദേശം 7000 ബ്രാഹ്മണ കുടുംബങ്ങൾ  അവിടെ ജീവിക്കുന്നുണ്ടായിരുന്നു. ടിപ്പുവിന്റെ പടയോട്ടം കാരണം അവരിൽ 2000 ബ്രാഹ്‌മണ കുടുംബങ്ങൾ ഇല്ലാതായി. സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഇല്ലാതാക്കി. (Outlook, The Tyrant Diaries) 

1960 കൾക്കു ശേഷം  ചരിത്ര പുസ്തകങ്ങളിൽ ടിപ്പു ഒരു മനുഷ്യ സ്നേഹിയായി അവതരിച്ചു. മലബാറിൽ താണ ജാതിക്കാർ മാറു മറയ്ക്കാതെ നടന്നപ്പോൾ  മാറു മറയ്ക്കാനുള്ള  തുണിയുടെ ചെലവുകൾ  ഖജനാവിൽ നിന്നും നൽകാമെന്നു  ടിപ്പു മലബാറിലെ അദ്ദേഹത്തിൻറെ കാര്യസ്ഥനു  കത്തെഴുതിയെന്നു സോഷ്യൽ മീഡിയാകളിൽ നിന്നും അറിയുന്നു.  അങ്ങനെയുള്ള ജാതീയ ആചാരങ്ങൾ നീക്കം ചെയ്യണമെന്നും  ടിപ്പു ഉപദേശിച്ചു. അതിനു വളരെ  വർഷങ്ങൾ കഴിഞ്ഞാണ്   തിരുവിതാംകൂർ സർക്കാർ സ്ത്രീകൾ മാറു  മറയ്ക്കണമെന്ന ഉത്തരവ് നൽകുന്നത്.  ടിപ്പു സുൽത്താന്റെ പതിനേഴു മന്ത്രിമാർ ബ്രാഹ്മണരായിരുന്നുവെന്നും  മഹാരാഷ്ട്ര സൈന്യം മൈസൂരിലെ ക്ഷേത്രങ്ങൾ നശിപ്പിച്ചപ്പോൾ ക്ഷേത്രങ്ങൾ  പുതുക്കി പണിയാനും ഒപ്പം നിരവധി അമ്പലങ്ങൾ പണിയാനും ടിപ്പു സാമ്പത്തിക സഹായം നൽകിയെന്നും നവ മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നു.  അദ്ദേഹം വർഗീയ വാദിയായിരുന്നുവെങ്കിൽ ഹൈദ്രബാദ് നൈസാമിനോട് യുദ്ധം ചെയ്യില്ലായിരുന്നുവെന്നും യുക്തികൾ നിരത്തുന്നു. തടവുകാരുടെ ഭാര്യമാരോട് മാന്യമായി പെരുമാറിയിരുന്നുവെന്നും അവർക്കെല്ലാം സ്വർണ്ണ നാണയങ്ങൾ കൊടുത്തുകൊണ്ട്  ഇനി മൈസൂർ രാജ്യത്ത് ആക്രമിക്കാൻ  ഭർത്താക്കന്മാരോടു വരരുതെന്നും ടിപ്പു ഉപദേശിച്ചിരുന്നതായും പറയപ്പെടുന്നു. 

പുതിയ കഥകൾകൊണ്ട്  ടിപ്പുവിന്റെ ചരിത്രം ഒരു ദേശാഭിമാനിയുടെ ചരിത്രമായി മാറി. വാസ്തവത്തിൽ  ടിപ്പു സുൽത്താൻ ഒരു ദേശീയനോ സ്വാതന്ത്ര്യ യോദ്ധാവോ ആയിരുന്നില്ല. അദ്ദേഹം വെറും ഒരു രാജാവ് മാത്രമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ഭരിച്ചിരുന്ന മൈസൂർ ഭരണാധികാരി മതേതരനെന്നും  മതവാദിയെന്നും വ്യത്യസ്തമായുള്ള വിവാദങ്ങൾ ചരിത്രകാരുടെയിടയിലുണ്ട്.  ടിപ്പു സുൽത്താനെപ്പറ്റി ധാരാളം കെട്ടുകഥകളും  ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ പ്രചരിക്കുന്നുണ്ട്. നാം ഇന്നു വസിക്കുന്ന ആധുനിക  ലോകവും ടിപ്പുവിന്റെ ലോകവും  വ്യത്യസ്തമായ ചിന്താഗതികളടങ്ങിയ കാലഘട്ടങ്ങളാണ്‌.  ഒരു ഹിന്ദുരാജ്യത്തിലെ മുസ്ലിം ഭരണാധികാരിയെന്ന നിലയിൽ  എതിർത്തവരെ  അദ്ദേഹം പീഡിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്താണ് ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലിമുകളും തമ്മിലുള്ള വർഗീയത പ്രചരിക്കാൻ തുടങ്ങിയത്. അതിന്റെ പരിണിതഫലങ്ങൾ  ഇന്നും ഇന്ത്യയിൽ നിഴലിച്ചുകൊണ്ടിരിക്കുന്നു.  അത് ചരിത്രപരമായ ടിപ്പുവുമായി യാതൊരു ബന്ധവുമില്ല. 


1792 നു ശേഷം ടിപ്പു  വളരെ ധർമ്മനിഷ്ഠയും ദൈവഭക്തിയുമുണ്ടായിരുന്ന രാജാവായിരുന്നുവെന്നു  ചരിത്രം രചിച്ചിരിക്കുന്നു. കാരണം, അദ്ദേഹം ദൈവത്തെ ഭയപ്പെടാൻ തുടങ്ങി. ദൈവത്തെ പ്രീതിപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.  മുസ്ലിമുകൾ അല്ലാത്തവരോടെല്ലാം അദ്ദേഹം നീതിപൂർവം പെരുമാറിക്കൊണ്ടിരുന്നു. 1792-ലെ മൂന്നാം ആംഗ്ലോ യുദ്ധത്തിന് ശേഷം ലജ്‌ജാകരവും അപമാനകരവുമായ ഒരു ഉടമ്പടിയിൽ ടിപ്പുവിന് ഒപ്പു വെക്കേണ്ടി വന്നു. അതിന്റെ ഫലമായി രാജ്യവിസ്തൃതിയുടെ വലിയൊരു ഭാഗം  ഉപേക്ഷിക്കേണ്ടി വന്നു. യുദ്ധക്കടം വീട്ടാനായി രണ്ടു മക്കളെ ശത്രുക്കൾ ബന്ദിയാക്കി.  പണം വീട്ടുന്നവരെ ജാമ്യമായി പിടിച്ചുകൊണ്ടു പോയി. ഇത് അതി ഭീകരമായ നടപടിയായിരുന്നു. ഇതെല്ലാം ടിപ്പുവിനെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുകയും  ദൈവത്തിന്റെ കോപം ടിപ്പു നേടിയെന്നു ചിന്തിക്കുകയും ചെയ്തിരിക്കാം. ടിപ്പുവിനുണ്ടായിരുന്ന ഭീക്ഷണി രാജ്യത്തിനുള്ളിൽ നിന്നായിരുന്നില്ല. പുറമെനിന്നുള്ള ബ്രിട്ടീഷുകാർ ശത്രുക്കളിൽ നിന്നായിരുന്നു. 

'ടിപ്പു' മതേതരത്വത്തിൽ വിശ്വസിച്ചിരുന്ന ഭരണാധികാരിയെന്നു ആധുനിക ചരിത്ര രചയിതാക്കൾ പുസ്തകത്താളുകളിൽ കുറിച്ചിരിക്കുന്നു. അദ്ദേഹം മത സ്ഥാപനങ്ങൾ നശിപ്പിച്ചിട്ടുണ്ടെങ്കിൽ അത്  രാജ്യവിസ്തൃതിക്കും  രാഷ്ട്രീയ ഉദ്ദേശ്യത്തിനുമായിരുന്നുവെന്നാണ് വാദം.  വാസ്തവത്തിൽ, ആധുനിക കാലത്തുള്ള മതേതരത്വം പതിനെട്ടാം നൂറ്റാണ്ടിലുണ്ടായിരുന്നില്ല.  ടിപ്പു  ജീവിച്ചിരുന്നതായ കാലഘട്ടത്തിൽ   അന്ധമായ മതവിശ്വാസം പുലർത്തിയിരുന്നു.  മതത്തിന്റെ സ്വാധീനമില്ലാതെ  അന്ന് വ്യക്തികൾക്കും സമൂഹത്തിനും നിലനിൽക്കാൻ സാധിക്കില്ലായിരുന്നു.  ടിപ്പു എന്ന ഭരണാധികാരി എടുത്ത തീരുമാനങ്ങൾ പ്രായോഗികവും രാഷ്ട്രീയ പ്രേരിതവും രാജ്യതാല്പര്യത്തിനുമായിരുന്നു. അതുതന്നെയാണ് പിന്നീട് മതേതരത്വ ചിന്താഗതിയായി രൂപാന്തരപ്പെട്ടതും. മറ്റെല്ലാ ഭരണാധികാരികളെപ്പോലെ അദ്ദേഹം ഭൂമിയും മറ്റു വസ്തുക്കളും എല്ലാ മതവിഭാഗങ്ങൾക്കും വിശ്വാസികൾക്കും സൗജന്യമായി നൽകിയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം രാജ്യത്തിലെ പ്രജകൾ സങ്കട സൂചകമായി ദുഃഖാചാരണങ്ങൾ നടത്തിയിരുന്നു. ബ്രിട്ടീഷുകാരേക്കാൾ അദ്ദേഹത്തിൻറെ ഭരണം ജനങ്ങൾ ഇഷ്ടപ്പെട്ടിരുന്നുവെന്നും കരുതണം.  

ടിപ്പുസുൽത്താനുമുമ്പ്  ഫ്യൂഡൽ വ്യവസ്ഥിതിയിലുള്ള  മാടമ്പിമാരും നാടുവാഴികളും മലബാറിനെ ഭരിച്ചിരുന്നു. ജാതീയ അടിസ്ഥാനത്തിൽ ഭരണം നിർവ്വഹിച്ചിരുന്നു.  ചിതറിക്കിടന്ന  മലബാറിൽ' ഒരു കേന്ദ്രീകൃത ഭരണകൂടം സ്ഥാപിച്ചത്  ടിപ്പു സുൽത്താനാണ്. ജന്മിമാർക്കും മാടമ്പിമാർക്കും രാജാക്കന്മാർ പരിചരണം ചെയ്യണമെന്നുള്ള ദിനചരിയെ മാറ്റിയത് ടിപ്പുവാണ്.  ഭൂനികുതി നടപ്പാക്കി നികുതി പിരിക്കാൻ ആരംഭിച്ചു. രാജ്യത്തെ ബന്ധിപ്പിക്കുന്ന ഗതാഗതം കൊണ്ടുവന്നു. ടിപ്പുവിന്റെ കാലത്ത് പല പരിഷ്‌കാരങ്ങളും നടപ്പാക്കി. പുതിയ നാണയങ്ങൾ ഇറക്കി. ലൂണാർ കലണ്ടർ പ്രസിദ്ധീകരിച്ചു. ഭൂമിക്ക് പുതിയ നികുതി വ്യവസ്ഥ നടപ്പാക്കി. മൈസൂരിൽ സിൽക്ക് വ്യവസായം ആരംഭിച്ചു. തെക്ക് കൃഷ്ണ നദി മുതൽ കിഴക്കൻ പർവത നിരകൾ വരെയും അറബിക്കടൽ  തീരം വരെയും അദ്ദേഹത്തിൻറെ രാജ്യം വ്യാപിച്ചു കിടന്നിരുന്നു.  ഫ്രഞ്ചുകാരുടെ അഭ്യർത്ഥന അനുസരിച്ച് അദ്ദേഹം മൈസൂരിൽ ആദ്യത്തെ ക്രിസ്ത്യൻ പള്ളി പണിതു കൊടുത്തു. ഫ്രഞ്ചുകാരുടെ  സഹായത്തോടെ ടിപ്പു ബ്രിട്ടീഷുകാരോട് പോരാടി.

'കർണാടക  ഹൈക്കോർട്ടിലെ ചീഫ് ജസ്റ്റിസ് മുക്കർജി 2016-ൽ ടിപ്പു ജയന്തി ആഘോഷിക്കുന്നതിന്റെ ഉദ്ദേശ്യം എന്തെന്ന് കർണാടകത്തിലെ  കോൺഗ്രസ്സ് സർക്കാരിനോട് ചോദ്യം ചെയ്യുകയുണ്ടായി. ടിപ്പു ഒരു സ്വാതന്ത്ര്യ സമര സേനാനിയല്ല, ഒരു ചക്രവർത്തിയായിരുന്നു. സ്വന്തം താൽപ്പര്യം സംരക്ഷിക്കാനും സാമ്രാജ്യം വിസ്തൃതമാക്കാനും എതിരാളികളോടു പൊരുതി.  ടിപ്പു ജയന്തിമൂലം എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് 'കൊടഗിലും' മറ്റുപ്രദേശങ്ങളിലും സമുദായ ലഹളകൾ ഉണ്ടാവുകയും ചെയ്തു. ലഹളയുടെ ഫലമായി ഏതാനും മരണങ്ങളും ഉണ്ടായി. ചരിത്ര പുരുഷനായ ടിപ്പുവിന്റെ ജയന്തി ആഘോഷങ്ങളിൽ പങ്കുകൊള്ളാതെ മുഖ്യമന്ത്രീ കുമാരസ്വാമി മാറി നിന്നു. കൂടാതെ കുമാരസ്വാമി ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കുന്നതിൽ കോൺഗ്രസ്സ് സർക്കാരിനോട് എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. കൃഷിക്കാർ വരൾച്ച മൂലം രാജ്യം മുഴുവൻ കഷ്ടപ്പെടുമ്പോൾ  ഇങ്ങനെയൊരു ആഘോഷം അനാവശ്യ  ചെലവാണെന്നും അതുമൂലം സമുദായ വിദ്വേഷം മാത്രമേ വളർത്താൻ സാധിക്കുകയുള്ളുവെന്നും ടിപ്പു ജയന്തി ആഘോഷിക്കുന്നതിലൂടെ  കോൺഗ്രസ് സർക്കാരിനു  തെറ്റ് പറ്റിയെന്നും അദ്ദേഹം പറഞ്ഞു.  

ടിപ്പു സുൽത്താനെ കന്നഡ ഭാഷയുടെ പരിപോഷകൻ എന്ന് പുകഴ്ത്താറുണ്ട്. എന്നാൽ ഒരു ചരിത്ര ഗവേഷകനെ സംബന്ധിച്ചിടത്തോളം അത് ശുദ്ധ അസംബന്ധം ആണ്. ടിപ്പുവിന്റെ സമകാലീക ചരിത്രകാരനായ 'കിർമോണി'യുടെ ഉദ്ധരണിയിൽ നിന്നും 'കർണാടക ചരിത്ര അക്കാദമി ചെയർമാൻ 'ഡോക്ടർ സൂര്യനാഥ് കമത്ത്' ഉദ്ധരിച്ചിരിച്ചിരിക്കുന്നത്  "1792-ൽ 'പേർഷ്യൻ' ഭാഷയെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചുകൊണ്ട്  ടിപ്പു ഒരു ഉത്തരവ് പുറപ്പെടുവിച്ചു"വെന്നാണ്. (2006 -ഡെക്കാൻ ഹെറാൾഡ്) . കന്നഡ ഭാഷയോട് അദ്ദേഹത്തിന് അമിത താല്പര്യമില്ലായിരുന്നുവെന്ന തെളിവാണിത്. 
ബ്രിട്ടീഷുകാർക്കെതിരെ അദ്ദേഹം ശൂരത കാണിച്ചതിന് ക്രഡിറ്റ് കൊടുക്കണം.  എന്നാൽ അദ്ദേഹം കാണിച്ച തെറ്റുകളും ക്രൂരതകളും അതിലും കൂടുതൽ കര കവിയുന്നു. ഇന്ത്യയുടെ മഹത്തായ ചരിത്രത്തിൽ ഒരു അടിക്കുറിപ്പ് കൊടുക്കുവാൻ മാത്രമേ അദ്ദേഹത്തിനു യോഗ്യതയുള്ളൂ. മതഭ്രാന്ത് മൂത്ത ഒരു ഭരണാധികാരിയെന്ന നിലയിൽ വ്യക്തമായ തെളിവുകൾ ഉള്ള സ്ഥിതിക്ക് അങ്ങനെയുള്ള ഒരു ടിപ്പുസുൽത്താനെ വ്യക്തിപരമായി ആദരിക്കേണ്ട ആവശ്യമില്ല.മതസൗഹാർദ്ദം കാംക്ഷിക്കുന്ന  ഇന്നത്തെ കാലത്ത്   ടിപ്പുവിനെ പോലെ അസഹിഷ്ണ്തയുള്ള  ഒരാളെ ദേശീയ ബിംബമായി പ്രതിഷ്ഠിക്കുന്നതും വിരോധാഭാസം സൃഷ്ടിക്കുന്നു. കർണ്ണാടക മുഖ്യമന്ത്രി 'യെദിയൂരപ്പ' വിവാദപുരുഷനായ ടിപ്പു സുൽത്താന്റെ ചരിത്രം സ്‌കൂൾ പാഠപുസ്തകങ്ങളിൽനിന്നും നീക്കം ചെയ്യുമെന്നും അറിയിച്ചു. പതിനെട്ടാം നൂറ്റാണ്ടിലെ ഈ ഭരണാധികാരി സ്വാതന്ത്ര്യ സമര യോദ്ധാവായിരുന്നുവെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

Image result for fr puthenpurackal pictures"


Image result for tippu kingdom map pictures"

Image result for tipu tomb"




No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...