By ജോസഫ് പടന്നമാക്കൽ
ആഗോളനിലവാരത്തിൽ രൂപയുടെ വിലയിടിയുന്നതായ വാർത്തകൾ ഇന്ത്യൻസാമ്പത്തിക മുന്നേറ്റത്തിനുതന്നെ വെല്ലുവിളിയായി തീർന്നിക്കുകയാണ്. സർക്കാർ ഡോളറിനെതിരെ രൂപയുടെ രക്ഷക്കായി നടപടികൾ എടുത്തിട്ടും വിലയെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. ദിനംപ്രതി മൂല്യം ഇടിയുന്ന വാർത്തകളാണ് പത്രങ്ങളിലും മീഡിയാകളിലും നിറഞ്ഞിരിക്കുന്നത്. സർവ്വകാലറിക്കോർഡുകളും ഭേദിച്ച് ഡോളറുമായി 70 എന്ന അക്കത്തിലും രൂപയുടെ മൂല്യം നിർണ്ണയിക്കാറായി. ഈ വർഷംതന്നെ 19 ശതമാനത്തോളം വില താണുപോയി.
ഇന്ത്യയുടെ ധനതത്ത്വവിദക്തർ ഇതിന് പരിഹാരമായി എല്ലാ മാർഗങ്ങളും ആരായുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല. റിസേർവ്ബാങ്ക് ബില്ല്യൻ കണക്കിന് ഡോളർ മാർക്കറ്റിൽ ഒഴുക്കുന്നുണ്ട്. അതുകൊണ്ട് താല്ക്കാലികമായി ഡോളറിന്റെ വിലയെ കഴിഞ്ഞ ദിവസം പിടിച്ചു നിറുത്തുവാൻ സാധിച്ചു. കമ്പനികളും ഇന്ത്യയിൽ വസിക്കുന്നവരും വിദേശത്ത് ഡോളർ നിക്ഷേപിക്കാൻ പാടില്ലാന്നും നിർദ്ദേശങ്ങളുണ്ട്.
രൂപയുടെ മൂല്ല്യക്ഷയത്തിന് കാരണങ്ങളെന്തെല്ലാമായിരിക്കാം? സർക്കാരിന് എന്തുകൊണ്ട് താഴ്ച നിയന്ത്രിക്കാൻ സാധിക്കുന്നില്ല? ഇതെല്ലാം സാധാരണ ജനങ്ങളുടെ ചോദ്യങ്ങളാണ്. രൂപയുടെ തകർച്ചയിൽ ഭരിക്കുന്ന സർക്കാർ മാത്രമല്ല കുറ്റക്കാർ. ബാഹ്യമായ ആഗോള ധനമാർക്കറ്റും അന്തർദേശീയ വ്യവസായികളും അമേരിക്കാപോലുള്ള വൻകിടരാഷ്ട്രങ്ങളും മൂല്യക്ഷയത്തിൽ കാരണക്കാരാണ്. കയറ്റുമതി ഇറക്കുമതിയിൽക്കൂടി ലോകത്തിലെ എല്ലാ നാണയങ്ങളുമായി 'രൂപ' ബന്ധിതമായിരിക്കും. ഒരു ചെറിയ രാജ്യത്തിന്റെ ആഭ്യന്തരപ്രശ്നംപോലും അന്തരാഷ്ട്രനാണയ നിധിയെ ബാധിക്കും. പെട്രോളിയം ഉല്പ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ യുദ്ധം ഉണ്ടായാൽ പെട്രൊളിയത്തിനും പെട്രോളിയത്തിന്റെ അസംസ്കൃത വിഭവങ്ങൾക്കും വിലകൂടും. സിറിയായിലുള്ള യുദ്ധത്തിന്റെ ഭീഷണിയും രൂപയെ ബാധിച്ചേക്കാം.
അടുത്തകാലത്ത് ഇന്ത്യയിൽ പണം നിക്ഷേപിച്ചിരുന്ന അനേക വിദേശകമ്പനികളും സ്റ്റീൽകമ്പനികളും പ്രവർത്തനം മതിയാക്കി മടങ്ങിപ്പോയി. 12ബില്ല്യൻ ഡോളറോളം പദ്ധതിയിട്ട് അമേരിക്കൻകമ്പനികളും ഇന്ത്യയിൽ പ്രവർത്തിക്കാൻ വന്നിരുന്നു. സർക്കാരിന്റെ നയംമൂലം പ്രവർത്തനം മതിയാക്കി പിന്തിരിയുകയായിരുന്നു. സ്ഥലംമേടിക്കലും സർക്കാരിന്റെ അനാസ്ഥയും സർക്കാർ നടപടികളുടെ കാലതാമസവും കൃത്യനിഷ്ഠയില്ലായ്മയും സർക്കാർതീരുമാനങ്ങളും പ്രതികൂലമായിരുന്നതുകൊണ്ട് വിദേശകമ്പനികൾ ഇന്ത്യയിൽ പണം നിക്ഷേപിക്കാൻ താല്പര്യം ഇല്ലാതെ പ്രവർത്തനം മതിയാക്കി മടങ്ങുകയായിരുന്നു. 50,0 0 0 കോടിരൂപാ മുതൽമുടക്കുമായി വന്ന മിറ്റൽകമ്പനിയും കർണ്ണാടക സർക്കാരിന്റെ ഉപേക്ഷമൂലം പദ്ധതികൾ ഉപേക്ഷിച്ച് മടങ്ങിപ്പോയി. വിദേശകമ്പനികൾ എകദേശം മൂന്നുബില്ല്യൻ ഡോളറോളം അവരുടെ പണനിക്ഷേപം പിൻവലിച്ചു. ആഗോളതലത്തിലുള്ള സ്റ്റോക്ക്മാർക്കറ്റിലെ വമ്പന്മാർ ഇന്ത്യൻസ്റ്റോക്കുകളുടെ വിലയും ഇടിച്ചു. സ്വർണ്ണം ഇറക്കുമതി ചെയ്യുന്നതും രൂപയുടെ തകർച്ചക്ക് കാരണമായി. കാർഷിക വ്യവസായങ്ങളിലെ ഉത്ഭാദനമേഖലകളിലും വിദേശകമ്പനികൾ പണം മുടക്കാൻ തയാറല്ലായിരുന്നു.
എന്നിരുന്നാലും പണത്തിന്റെ മൂല്യക്ഷയത്തിന് പ്രധാനകാരണം രാജ്യത്തിന്റെ സാമ്പത്തിക അപര്യാപ്തയാണ്. രൂപയുടെ മൂല്യം പ്രധാനമായും നിയന്ത്രിക്കുന്നത് കയറ്റുമതി ഇറക്കുമതി അനുസരിച്ചാണ്. ഈ വർഷം മൊത്തം കയറ്റുമതിയിൽ 4.8 ശതമാനം കുറഞ്ഞു. അത്രയും വിദേശവരുമാനത്തിൽ കുറവ് സംഭവിച്ചു. വിദേശനാണയത്തിന്റെ അപര്യാപ്തതയിൽ അന്തർദേശീയ നിധിയിൽനിന്ന് കൂടിയ നിരക്കിലുളള പലിശയിൽ പണം കടം എടുക്കേണ്ടി വന്നു . ഡോളറിന്റെ രാജ്യത്തിലേക്കുള്ള ഒഴുക്ക് കുറയുംതോറും കൂടുതൽ രൂപ കൊടുത്ത് ഡോളർ മേടിക്കാൻ നിർന്ധിതരാകും. മുമ്പ് 45 രൂപക്ക് മേടിച്ചിരുന്ന ഡോളറിന് സാമ്പത്തിക അപര്യാപ്തതമൂലം 70 രൂപയോളം കൊടുക്കേണ്ടി വരുന്നു.
പരമ്പരാഗതമായി നാം കയറ്റുമതി ചെയ്തിരുന്ന രാജ്യങ്ങളിലെല്ലാം വിലയിലെ മത്സരംമൂലം കയറ്റുമതിയിൽ ഗണ്യമായി കുറവ് വന്നു. പുറംരാജ്യങ്ങളിലെ കയറ്റുമതിയിലുള്ള അനേക കരാറുകളും ഇന്ത്യക്ക് നഷ്ടപ്പെട്ടു. പുതിയ രാജ്യങ്ങളുമായി അക്കൌണ്ടുകൾ നേടുവാനും സാധിച്ചില്ല. ഇന്ത്യയിലെ ഉൽപ്പന്നങ്ങൾക്ക് ഗുണമേന്മ കുറഞ്ഞതെന്ന് ചില സ്ഥാപിതതാല്പര്യമുള്ള രാജ്യങ്ങൾ പ്രചരണം നടത്തിയതുകൊണ്ടും കയറ്റുമതിയെ സാരമായി ബാധിച്ചു. കയറ്റുമതി ചെയ്തുകൊണ്ടിരുന്ന പല വിദേശരാജ്യങ്ങളും ഇന്ത്യയോട് ചിറ്റമ്മനയം പുലർത്തിയിരുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾ മേടിക്കാൻ പല രാജ്യങ്ങളും മടികാണിച്ചിരുന്നു. കൂടിയ വില, ഗുണംകുറഞ്ഞ ഉൽപ്പന്നങ്ങൾ എന്നൊക്കെയാണ് ഇന്ത്യയിലെ ഉൽപ്പന്നങ്ങളെ നിരസിക്കാൻ കാരണങ്ങളായി വിദേശികൾ ചൂണ്ടികാണിച്ചിരുന്നത്. ഇന്ത്യയിൽ ഉത്ഭാദനചെലവും തൊഴിൽവേതനവും വർദ്ധിച്ചതുകൊണ്ട് ഉൽപ്പന്നങ്ങൾക്ക് വിലകൂടി. തന്മൂലം ഇന്ത്യയ്ക്ക് അന്തർദേശീയ മാർക്കറ്റുമായി മത്സരിക്കാൻ സാധിക്കാതെ വന്നു.
ആഗോളതലത്തിലെ മാർക്കറ്റിൽ ഈ വർഷം ഡോളറിന്റെ വില രണ്ട് ശതമാനം കൂടിയിട്ടുണ്ട്. ഡോളറിന്റെ അന്തർദേശീയ വിലവർദ്ധന രൂപയെ സാരമായി ബാധിക്കുകയും ചെയ്തു. ഡോളറിന്റെ വിലകൂടുന്നതും അതുമൂലം രൂപ നിലംപതിക്കുന്നതും ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിൽ ഉള്ളതല്ല. വളരെയധികം താണുപൊയിരുന്ന ഇന്നത്തെ അമേരിക്കൻ സാമ്പത്തികവളർച്ച മൂന്നാം ചേരിയിലുള്ള അഭിവൃത്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളെ ബാധിക്കും. തകർന്നുപോയ ഇന്ത്യൻരൂപയെ ആഗോളമാർക്കറ്റനുസരിച്ച് പഴയ മൂല്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും ബുദ്ധിമുട്ടായിരിക്കും.
ഡോളറിന്റെ മൂല്യം വർദ്ധിച്ചതോടെ ഡോളർക്ഷാമം ഇന്ന് ഇന്ത്യാ മുഴുവൻ വ്യാപിച്ചിട്ടുണ്ട്. കമ്പനികളും നിക്ഷേപകരും മത്സരിച്ച് ഡോളർ വാങ്ങിക്കാനും തുടങ്ങി. മാർക്കറ്റുവിലയേക്കാളും ഉയർന്ന പ്രീമിയം നൽകി കോർപ്പറേറ്റ്സ്ഥാപനങ്ങൾ ഡോളർ വാങ്ങിക്കുന്നതും രൂപയുടെ വില ഇടിയുവാൻ കാരണമാണ്. റിസർവ്ബാങ്ക് വൻതോതിൽ ഡോളർ മാർക്കറ്റിൽ വിറ്റിട്ടും രൂപയുടെ വിലയെ പിടിച്ചു നിർത്തുവാൻ സാധിക്കുന്നില്ല. വിലയിടിവിൽ ഇനിയും വിദേശകറൻസിക്ക് വില കൂടുമെന്ന ധാരണയോടെ പ്രവാസികൾ നാട്ടിലേക്ക് ഡോളർ അയക്കാൻ മടികാണിക്കുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്.
രൂപമൂല്യം ഇടിയുന്ന കാലങ്ങളിൽ ഏറ്റവുമധികം ബാധിക്കുന്നത് ഊർജംനല്കുന്ന പെട്രോളിയം കമ്പനികളെ ആയിരിക്കും. ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്ന ഇത്തരം കമ്പനികൾക്ക് കൂടുതൽ ഡോളർ കൊടുത്ത് പെട്രോളിയകൊണ്ടുള്ള അസംസ്കൃത സാധനങ്ങൾ മേടിക്കേണ്ടി വരുന്നു. ഡോളറിന്റെ അപര്യാപ്തതയിൽ സാമ്പത്തികമാന്ദ്യം അനുഭവപ്പെടും. ക്രെഡിറ്റ്റേറ്റിങ്ങും മോശമാവുന്നതുമൂലം കൂടുതൽ പലിശക്ക് വിദേശവായ്പ എടുക്കേണ്ടി വരുന്നു. ഇപ്പോൾതന്നെ ഭാരതപെട്രോളിയം കോർപ്പറേഷനും ഇന്ത്യൻഒയിൽകമ്പനിയും അമ്പതു ശതമാനത്തോളം വിദേശക്കടം വീട്ടാനുണ്ട്. സർക്കാരുകൾ സബ്സിഡി കൊടുത്താണ് സാധാരണ പെട്രോളിയം കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക് വില നിയന്ത്രിക്കുന്നത്. രൂപയുടെ വിലയിടിയുന്ന സമയത്ത് സർക്കാരിൽനിന്നുള്ള സബ്സിഡികൾ താമസിച്ചാൽ കമ്പനികളുടെ ദൈനംദിനാവശ്യങ്ങൾക്കുള്ള പണം തികയാതെ വരും. കമ്പനികളുടെ കടവും പലിശയും വീണ്ടും വർദ്ധിക്കും. വിലപ്പെരുപ്പവും രാഷ്ട്രീയ അസമത്വങ്ങളും കാരണമാകും.
രൂപയുടെ പതനം രാഷ്ട്രത്തിന്റെ ഖജനാവിനെയും വ്യക്തികളെയും എങ്ങനെ ബാധിക്കുന്നുവെന്നും ഒന്ന് അവലോകനം ചെയ്യാം.
1.ഏറ്റവുമധികം അനുഭവപ്പെടുന്നത് ഇന്ധനങ്ങളുടെ വില വർധനവിലായിരിക്കും. തന്മൂലം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന പെട്രോളിയം അസംസ്കൃത സാധനങ്ങളുടെയും വിലകൂടും.
2.വിദേശത്തേക്ക് യാത്ര ചെയ്യുന്നവർ വർദ്ധിച്ച വിമാനക്കൂലി കൊടുത്ത് യാത്രചെയ്യേണ്ടി വരും.
3.വിദേശത്തുള്ള ഹോട്ടലുകളിലും ഭക്ഷണം കഴിക്കുന്നതിലും ഷോപ്പിങ്ങിലും വിദേശനാണയത്തിലെ ക്രയവിക്രയംമൂലം പണം കൂടുതൽ കരുതേണ്ടി വരും.
4.ഇറക്കുമതി ചെയ്യുന്ന എല്ലാ വിഭവങ്ങൾക്കും രൂപയിൽ കടുത്ത വില നല്കേണ്ടിവരും.
5.ഡോളർ അപര്യാപ്തത മൂലം വിദേശക്കടവും കൂടും. അമിതപലിശയിൽ വിദേശത്തുനിന്ന് കടം എടുക്കുവാൻ കമ്പനികൾ നിർബന്ധിതരാകുകയും ചെയ്യുന്നു.
6.ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് വില കൂടുമ്പോൾ രാഷ്ട്രം വിലപ്പെരുപ്പത്തെ നേരിടുകയാണ്. അത്യാവശ്യസാധനങ്ങൾക്ക് വിലകൂടുമ്പോൾ ബാധിക്കുന്നത് കൃത്യമായ വരുമാനത്തിൽ ജീവിക്കുന്ന സാധാരണക്കാരെയാണ്.
7.വിദേശസർവകലാശാലകളിൽ യോഗ്യതനേടി പഠിക്കുന്ന വിദ്യാർഥികളെയാണ് രൂപയുടെ തകർച്ച ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഈ വർഷം തന്നെ 20 ശതമാനത്തോളം വില താണു. അതിന്റെ അർഥം വിദേശപ്പണത്തിനായി പത്തുലക്ഷം രൂപാ കടം എടുക്കുന്ന ഒരു വിദ്യാർഥി അധികമായി രണ്ടുലക്ഷം രൂപാകൂടി കരുതണം. ഇങ്ങനെ അധികചെലവുമൂലം അനേക വിദ്യാർഥികൾ വിദേശത്തെ പഠനം ഉപേക്ഷിക്കുകയും ചെയ്തു.
8.വീട്ടാവശ്യങ്ങളിലും വിലഇടിവുമൂലം വിലപ്പെരുപ്പം അനുഭവപ്പെടും. അതുമൂലം ബാങ്കിലെ നിക്ഷേപവും കുറയും.
9.രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയേയും ബാധിക്കുന്നതുകൊണ്ട് വിദേശകമ്പനികൾ ഈ രാജ്യത്ത് നിക്ഷേപത്തിന് തയ്യാറാവുകയില്ല.
രൂപയുടെ വിലയിടിവിനെ പിടിച്ചു നിർത്താൻ റിസർവ്ബാങ്ക് പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഓയിൽകമ്പനികൾക്ക് നേരിട്ട് ഡോളർ വാങ്ങുവാൻ റിസർവ്ബാങ്ക് പ്രത്യേക സംവിധാനങ്ങൾ എർപ്പെടുത്തും. അങ്ങനെയെങ്കിൽ വലിയ വിലയ്ക്ക് കമ്പനികൾക്ക് ഡോളർ വാങ്ങേണ്ടി വരുകയില്ല. റിസർവ് ബാങ്കിന്റെ ഡോളർ നിക്ഷേപിച്ച ഖജനാവ് ശോഷിക്കുമെന്നുള്ള പോരായ്മയുണ്ട്. ഓയിൽകമ്പനികൾക്ക് ഡോളർ നല്കുന്നതിനൊപ്പം പണം തിരിച്ചടക്കാൻ കുറഞ്ഞ പലിശക്ക് കടപത്രവും നല്കും. രൂപയിൽ പണം മടക്കികൊടുത്താൽ മതിയാകും. വിലയെ നിയന്ത്രിക്കാൻ ഇത്തരം കമ്പനികൾക്ക് സബിസിഡിയും നല്കും. കയറ്റുമതിക്കാരോട് നേടുന്ന വിദേശപ്പണം ഉടൻ മാർക്കറ്റിൽ രൂപയാക്കി മാറ്റാൻ നിർദേശിക്കും. ആകർഷണീയമായ രീതിയിൽ പലിശ കൊടുത്ത് ബാങ്കുകളോട് കൂടുതൽ ഡോളർനിക്ഷേപം നേടുവാനും റിസർവ് ബാങ്ക് ആവശ്യപ്പെടും. അങ്ങനെ ലഭിക്കുന്ന വിദേശപണം വ്യവസായ മേഖലകൾക്ക് ഉപയോഗപ്പെടും. ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങളുടെ വില വിദേശകമ്പനികൾക്ക് കൊടുക്കുന്നത് താമസിപ്പിക്കാൻ ബാങ്കുകൾ പ്രത്യേക നിയമം ഉണ്ടാക്കും. വിദേശത്ത് താമസിക്കുന്നവർക്കായി ഇന്ത്യയിൽ പണം നിക്ഷേപിക്കാൻ കൂടിയ പലിശനിരക്കിൽ കടപത്രങ്ങൾ ഇറക്കാൻ സാദ്ധ്യതയുണ്ട്. ഡോളർവില എല്ലാക്കാലവും വർദ്ധിക്കുന്നതുമൂലം വലിയ പലിശക്ക് കടപത്രം പുറപ്പെടുവിക്കുവാൻ റിസർവ്ബാങ്കിന് അഭിപ്രായം ഇല്ല.
എന്നിരുന്നാലും രൂപയുടെ വില ഇടിഞ്ഞതുമൂലം ലാഭം കൊയ്യുന്നവരുമുണ്ട്. കറൻസിയുടെ മൂല്യക്ഷയത്തിൽ ചിലർക്ക് സന്തോഷവും മറ്റുചിലർക്ക് ദു:ഖവുമാണ്. ഏറ്റവുമധികം സന്തോഷിക്കുന്നത് വിദേശരാജ്യങ്ങളിലുള്ള പ്രവാസികളാണ്. രൂപയുടെ വിലയിടിവിൽ അവരുടെ കുടുംബാംഗങ്ങൾക്ക് കൂടുതൽ പണം ലഭിക്കും.വിദേശത്ത് താമസിക്കുന്നവർ പ്രത്യേകിച്ച് ഗൾഫ്നാടുകളിൽ ഉള്ളവർ കടംമേടിച്ചും കറന്സി വ്യതിയാനത്തിന്റെ മുതലെടുക്കുന്നുമുണ്ട്.
കയറ്റുമതിയെ ആശ്രയിച്ചുകഴിയുന്ന കമ്പനികൾക്കും പ്രയോജനം ഉണ്ട്. കയറ്റുമതിയിൽനിന്ന് നേടുന്ന വിദേശനാണയത്തിൽ കൂടിയനിരക്കിൽ രൂപാ നേടുന്നു. കേരളത്തിലെ റബ്ബർകൃഷിക്കാർക്കും ഗുണം ചെയ്തേക്കാം. റബ്ബർ കയറ്റുമതി ചെയ്യുന്ന ഉല്പ്പന്നമായതുകൊണ്ട് വിദേശനിരക്ക് കൂടുംതോറും റബറിന്റെ വിലകൂടും. കൃഷിക്കാരന് മൂല്യം കുറഞ്ഞ അധികരൂപയും നേടാം. വിദേശമാർക്കറ്റുമായി റബർവ്യവസായികൾക്ക് മത്സരിക്കാൻ സാധിക്കും. സ്വർണ്ണം ഇറക്കുമതി ചെയ്യുന്നതുകൊണ്ട് സ്വർണ്ണനിക്ഷേപകർക്ക് ഗുണവുമാകാം. വാങ്ങിക്കുന്നവർക്ക് കൂടിയവിലയും നല്കണം. അതുപോലെ കയറ്റുമതി ചെയ്യുന്ന സ്റ്റീൽകമ്പനികളും ആഹ്ലാദത്തിലാണ്.
പ്രവാസിമലയാളികൾ സന്തുഷ്ടരെന്ന് സൂചിപ്പിച്ചതുപോലെ അവരുടെ നിക്ഷേപംമൂലം നാട്ടിലെ വസ്തുക്കൾക്കും വിലകൂടും. ഇന്ത്യൻ സ്റ്റീൽകയറ്റുമതി കമ്പനികളും സന്തോഷത്തിലാണ്. പണത്തിന്റെ വിലയിടിവുമൂലം 25 ബില്ല്യൻ രൂപാ വിലയുള്ള 700, 000 ടണ്‍ സ്റ്റീൽ ഈ വർഷം കയറ്റുമതി പ്രതീക്ഷിക്കുന്നു. ഇന്ത്യാ ലിമിറ്റഡ് സ്റ്റീൽ കമ്പനിയുടെ ചെയർമാൻ പ്രതീക്ഷിക്കുന്നത് ഈ സാമ്പത്തിക വർഷം കയറ്റുമതി ഇരട്ടിയാക്കാൻ സാധിക്കുമെന്നാണ്. വിലയിടിവുമൂലം ലോകകമ്പനികൾക്ക് ഇന്ത്യൻ കമ്പനികളെ വെല്ലാൻ സാധിക്കുകയില്ല. റ്റെക്സ്റ്റയിൽ കയറ്റുമതി കമ്പനികൾ, ഐ.ടി. കമ്പനികൾ, ടാറ്റാ മോട്ടോർ, ബജാജ് ഓട്ടോ എന്നീ കമ്പനികൾ രൂപയുടെ തകർച്ചയിൽ ലാഭം കൊയ്യാൻ കാത്തിരിക്കുന്നു.