കുഞ്ഞിനു മുലകൊടുക്കുന്ന അമ്മയുടെ സ്നേഹത്തെക്കാൾ മറ്റൊരു സ്നേഹം സങ്കല്പ്പിക്കാൻ പ്രയാസമാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധംവഴി അവിടെ ഒരു അസ്ഥിത്വം സ്ഥാപിക്കുന്നു. പൂർണ മദ: പൂർണ്ണ മിദം. ഉപനിഷത്ത് അവിടെ സ്നേഹത്തെ പരമോന്നത പീഠത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. സ്നേഹത്തിൽനിന്ന് സൌന്ദര്യം ദർശിക്കുന്നു. ആശാന്റെ സ്നേഹം വീണുകിടന്ന പൂവിലായിരുന്നു. പൂവൊരു വസ്തുവാണ്. വസ്തുവിനെ സ്നേഹിക്കുമ്പോൾ അത് സൗന്ദര്യമായി മാറും. ഇവിടെ സ്നേഹവും സൌന്ദര്യവും തമ്മിൽ പരസ്പരം ബന്ധിതമാണ്.
ഒരു കുഞ്ഞ് ജനിക്കുന്ന നിമിഷം അവിടെ ഒരു അമ്മയും ജനിക്കുന്നു. അവളുടെ സത്തയിലെ അമ്മ അതിനുമുമ്പ് ഭൂമിയിൽ ഉണ്ടായിരുന്നില്ല. കുഞ്ഞിനൊപ്പം ജനിച്ച അമ്മയും വളരുകയാണ്. കുഞ്ഞിനോടുള്ള സ്നേഹമൂലം അവൾക്ക് രാത്രിയും പകലും ചുരുങ്ങുന്നു. ഒമനത്വമുള്ള കുഞ്ഞിന്റെ പുഞ്ചിരിയിൽ ദുഃഖങ്ങളെല്ലാം അവളിലെ അമ്മ മറക്കും. നാളെയുടെ ദിനങ്ങൾ അവൾക്ക് സ്വപ്നങ്ങളാകും. അമ്മ പറയും, കുഞ്ഞേ ഞാൻ എന്നും നിന്നെ സ്നേഹിക്കും. എത്രകാലം ഞാൻ ജീവിച്ചാലും നീ എന്നും എന്റെ കുഞ്ഞുതന്നെ. നിന്റെ കുഞ്ഞിപാദങ്ങളെക്കാളും കുഞ്ഞുവിരലുകളെക്കാളും മറ്റൊരു സൗന്ദര്യമുണ്ടോ? അവളിലെ ആനന്ദം പൊട്ടിവിടരുകയായി. ഓരോ മാതാവും പറയും തന്റെ കുഞ്ഞാണ് ലോകത്ത് മെച്ചം. അത് ശരിയുമാണ്.
വേദങ്ങളും പുരാണങ്ങളും ക്രിസ്ത്യൻ നിയമങ്ങളും നമ്മോട് കല്പ്പിക്കുന്നത് സ്നേഹത്തിൽ ജീവിക്കാനാണ്. എങ്കിൽ സ്നേഹം ഏത് അളവുകോൽകൊണ്ട് അളക്കും. അളവുകോൽ ന്യൂട്ടന്റെ മൂന്നാംനിയമമോ, അതോ ആൽബെർട്ട് ഐൻസ്റ്റീനറെ ആപേക്ഷിക സിദ്ധാന്തമോ?( theory of relativity) ന്യൂട്ടന്റെ നിയമങ്ങളും കർമ്മഫലങ്ങളും, ദൈവത്തിന്റെ നിയമങ്ങളും Cause and effect തത്ത്വങ്ങളും ഒരേ നിയമംപോലെ തോന്നും. അതെല്ലാം മതപണ്ഡിതരുടെ ഭാവനകൾ മാത്രമാണ്.
സ്നേഹബന്ധങ്ങളെ അളക്കാൻ ഒരു പക്ഷെ ആപേഷിക സിദ്ധാന്തത്തിന്റെ (theory of relativity) തത്ത്വങ്ങൾ ഉപകരിച്ചേക്കാം. നാം ജീവിക്കുന്നത് പരസ്പര ബന്ധമുള്ള ഒരു ലോകത്താണ്. ആപേക്ഷിക സിദ്ധാന്തത്തിലെ ഊർജവും പദാർത്ഥവും പോലെ മനുഷ്യ ജീവിതത്തിലും താരതമ്യം ആവശ്യമാണ്. എല്ലാ ബന്ധങ്ങളിലും ഒരു പ്രഭവകേന്ദ്രം(source) കാണും. അത് നീരുറവപൊലെ ഊർജമായി നമ്മിൽനിന്ന് തുടങ്ങി നീരാവിയായി തിരിയേ നമ്മിലേക്ക് എത്തുകയാണ്. ഊർജത്തിന്റെ ഉറവിടം നിന്റെ തന്നെ ശരീരമാണ്. എവിടുന്നോ വന്നെത്തിയ മറ്റൊരു നീരുറവയുമായി ആത്മബന്ധം സൃഷ്ടിക്കുകയാണ്. അളക്കാൻ സാധിക്കാത്ത ഒരു ശക്തിയാണു അവിടെ ബന്ധം ഉറപ്പിക്കുന്നത്. നിന്നിലെ പ്രഭവകേന്ദ്രത്തിലേക്ക് ആകർഷിക്കുന്നത് പണമോ പ്രതാപമോ ഉന്നതമായ ജോലിയോ എന്തുമാകാം. നിനക്ക് ഇവകളിൽ ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാം. അതു മുഴുവൻ നിന്റെ പ്രഭവകേന്ദ്രത്തിലെ ഉറവിടത്തിൽനിന്നു ഭവിച്ച തീരുമാനമാണ്. നിന്റെ തിരഞ്ഞെടുത്ത ആ ഇഷ്ടമാണ് ആനന്ദം എന്ന് പറയുന്നത്. നീയെന്ന ഉറവിടവും അധികാരം, പണം എന്ന ഉറവിടവും ഒന്നാകുമ്പോൾ അവിടെ ആനന്ദവും ഉദിക്കുകയാണ്.
നീ യാണ് സ്നേഹത്തിന്റെ ഉറവിടം. വസ്തുവിലേക്കെങ്കിൽ നീയും വസ്തുവും തമ്മിൽ സൌന്ദര്യബന്ധവും ആഹ്ലാദവും, അത് മറ്റൊരാളിലേക്ക് പതിക്കുമ്പോൾ അവിടെ ഹൃദയബന്ധവും പരമാനന്ദവും സൃഷ്ടിക്കുന്നു. ആ ഹൃദയ ബന്ധത്തിന്റെ ആഴം എത്രയെന്ന് നിർണ്ണയിക്കുക അസാദ്ധ്യവുമായിരിക്കും. നീ എന്നുള്ള പ്രഭവകേന്ദ്രത്തിൽ നീ ആഗ്രഹിച്ച ജോലി ലഭിച്ചെങ്കിൽ അനന്ദമെന്ന വികാരമാണ് നിന്നിൽ മുളയ്ക്കുന്നത്. ഉപാധികളില്ലാത്ത സ്നേഹമാണ് ആനന്ദമായി മാറുന്നത്.
അതുപോലെ ഈ പ്രകൃതിയും മരുതക പച്ചകളും പക്ഷിമൃഗാദികളും സൗന്ദര്യത്തിന്റെ ഘടകങ്ങളാണ്. ഇന്ദ്രിയങ്ങളിൽനിന്ന് പൊട്ടിപ്പുറപ്പെടുന്ന ഉപാധികളില്ലാത്ത സ്നേഹം. ആപേക്ഷികസിദ്ധാന്തത്തിലെ ആഹ്ലാദം; അതേ ഇവിടെ പ്രകൃതിയും നീയെന്ന പ്രഭവകേന്ദ്രവുമായി ആലിംഗനം ചെയ്യുന്ന മഹാമുഹൂർത്തം കാത്തുകിടക്കുന്നുമുണ്ട്. പ്രകൃതിനിയമം അനുസരിച്ച് എത്രമാത്രം ഊർജം തരുന്നുവോ അത്രയും കര കാണാതെ ആനന്ദിക്കൂ.
നീ സ്നേഹമെങ്കിൽ നീ ആരെന്ന് അറിയണം. നിന്റെ ഊർജത്തിന്റെ പ്രഭവകേന്ദ്രവും മനസിലാക്കണം. അങ്ങനെ കിട്ടുന്ന ഊർജം നീയും സത്യമായ നീയും തമ്മിൽ ആശയപ്രകടനം നടത്തുമ്പോൾ അവിടം ഉപാധികളില്ലാത്ത സ്നേഹമാകും. എത്രമാത്രം നീ നീയാകുന്ന നിന്നോട് ബന്ധം സ്ഥാപിക്കുന്നുവോ അത്രമാത്രം സ്നേഹം ലഭിക്കാനുള്ള മാർഗവും ആരായും. ജീവന്റെ മുഴുവനായ കാലങ്ങളിലും ഊർജം ഉണ്ടായിക്കൊണ്ടിരിക്കുകയും ഊർജത്തിൽ ജീവിക്കുകയും ചെയ്യും.
ന്യൂട്ടന്റെ മൂന്നാം നിയമവുമായി കർമ്മഫലത്തെ ചിലർ തുലനം ചെയ്യാറുണ്ട്. ചില മതപണ്ഡിതർ സ്നേഹത്തിനും സേവനത്തിനും പ്രതിഫലം കല്പ്പിക്കുന്നതും അതേ ശക്തിയോടെ ന്യൂട്ടന്റെ മൂന്നാംനിയമം ഉരുവിട്ടുകൊണ്ടാണ്. കേട്ടുനിൽക്കുന്നവർ അയാളുടെ പാണ്ഡ്യത്യം അംഗീകരിക്കുന്നതൊഴികെ ന്യൂട്ടന്റെ മൂന്നാംനിയമത്തെപ്പറ്റി ഒരു ചുക്കും മനസിലാക്കിയിട്ടില്ല. ദൈവികനിയമത്തിൽ മൂന്നാംനിയമം നടപ്പിലാക്കാൻ ന്യൂട്ടൻ ദൈവികശാസ്ത്രജ്ഞൻ അല്ലായിരുന്നു. ഭൌതിക നിയമത്തെപ്പറ്റിയാണ് അദ്ദേഹം പറഞ്ഞത്. "To every action there is always an equal and opposite reaction." ഈ നിയമം കർമ്മഫലത്തിൽ നടപ്പിലാക്കിയാൽ നന്മ ചെയ്യുന്നതെല്ലാം വെറുതെയാവുകയില്ലേ? കാരണം ഈ നിയമത്തിൽ നിന്ന് മനസിലാക്കുന്നത് നന്മയുടെ വിരുദ്ധമായ തിന്മ (Negative)ഭവിക്കുമെന്നാണ്. തിന്മ ചെയ്യുന്നവന് തുല്യമായ നന്മയും നന്മ ചെയ്യുന്നവന് തുല്യമായ തിന്മയുമെന്ന് ന്യൂട്ടന്റെ മൂന്നാം നിയമമനുസരിച്ച് വ്യാഖ്യാനിക്കപ്പെടേണ്ടി വരും.
ന്യൂട്ടൻ ഒരു തത്ത്വചിന്തകനല്ലായിരുന്നു. നന്മ തിന്മകളുടെ തത്ത്വമല്ല അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ ഭൌതികശാസ്ത്രത്തിൽ ഉള്ളത് മതവാദികൾ പറയുന്ന പ്രകൃതിയുടെ ശക്തികളായ ഇടിയും മിന്നലുമൊന്നുമല്ല . അന്ധവിശ്വാസങ്ങളോ മതനിയമങ്ങളോ ദൈവത്തിന്റെ കാർമ്മികനിയമങ്ങളോ ആ തത്ത്വങ്ങളിൽ ഇല്ല.
പ്രപഞ്ചം സ്നേഹമാണ്. എന്നാൽ ആ സ്നേഹത്തിന്റെ പ്രഭവകേന്ദ്രം നാം ആണ്. സ്നേഹവും പ്രപഞ്ചവും തമ്മിലുള്ള ആത്മീയബന്ധത്തിൽ നാം ആകുന്ന പൊട്ടിയൊഴുകി വരുന്ന ആ നീരുറവ അഥവാ ഉറവിടമാണ് പ്രധാനം. നാം വിധിക്കുന്നതും നമ്മെത്തന്നെ. നമ്മുടെ വെറുപ്പും നമ്മിൽത്തന്നെ. ബാഹ്യമായി ലഭിച്ച എല്ലാ അറിവുകളും 'ഞാൻ' എന്ന പ്രഭവകേന്ദ്രത്തിന്റെ ഊർജമാണ്. ഊർജത്തിന്റെ ശക്തിയനുസരിച്ച് അറിവിന്റെ ആഴവും കൂടും.
ന്യൂട്ടന്റെ തത്ത്വങ്ങൾ ഭൗതികമായ എല്ലാ തലങ്ങളിലും വിവരിക്കുവാനുള്ളതല്ല. ആത്മീയപണ്ഡിതർക്ക് അദ്ദേഹം പറഞ്ഞ തത്ത്വങ്ങൾ ശരിയായി മനസിലായിട്ടുമില്ല. അല്ലെങ്കിൽ ജനത്തെ വിഡ്ഡികളാക്കണമെന്ന ചിന്തകളും അവരെ അലട്ടുന്നുണ്ടാകാം. വേദങ്ങളോ, ബൈബിളോ, യേശുവിന്റെ വചനങ്ങളോ ന്യൂട്ടന്റെ തത്ത്വങ്ങളിൽ ഉൾപ്പെട്ടതല്ല. നല്ല മനുഷ്യർക്ക് നല്ല സ്ത്രീകളെയോ ചീത്ത സ്ത്രീകളെയോ ലഭിക്കണമെന്നില്ല. പകലിന്റെ നീളത്തിൽ രാത്രിയുണ്ടാകണമെന്നില്ല.
ന്യൂട്ടണിസം ആപേക്ഷിക ഗുരുത്വ പ്രമാണത്തെപ്പറ്റിയാണ് വിവരിക്കുന്നത്. നാം ഒരു കസേരയിൽ ഇരിക്കുന്നുവെങ്കിൽ അത്രയും ഊർജം കസേരയും വഹിക്കണം. തുല്യമായി നമ്മെ താങ്ങാൻ കസേരക്ക് കഴിവില്ലെങ്കിൽ കസേര ഒടിയാനും സാദ്ധ്യതയുണ്ട്. എത്ര മാത്രം ഊർജം(energy) നാം കസേരയിൽ ചാർത്തുന്നുവോ അതേ ഊർജം കസേര വഹിക്കുന്ന തറയ്‌ക്കും ഉണ്ടായിരിക്കണം. പോസിറ്റീവായ 'നാം' എന്ന ശക്തിയ്ക്കെതിരെ നെഗറ്റീവായ ശക്തി തുല്യമായി എതിർവശത്തുനിന്നും താങ്ങാനും വേണം.
ന്യൂട്ടണ്‍ വിവരിച്ച ഈ തത്ത്വം ഭൌതികമായോ ആത്മീയമായോ സംഭവിക്കുന്നതെല്ലാം
അതേ അളവിൽ നെഗറ്റിവ് ശക്തി ഉണ്ടാകണമെന്നല്ല. ശാസ്ത്രത്തിന്റെ ഏതു പുരോഗതിയും മതഗ്രന്ഥങ്ങളിൽ അവകാശപ്പെടുന്നത് സാധാരണമാണ്. ഡാർവിന്റെ പരിണാമവാദവും മൽസ്യത്തിനുള്ളിൽ ജീവിച്ച യോനായുടെ കഥയുമായി താരതമ്യപ്പെടുത്തി കഴിഞ്ഞു. മത്സ്യ കൂർമ്മ വരാഹയെന്നു പറഞ്ഞ് ഹൈന്ദവ ഗുരുക്കളും ഡാർവിന്റെ പിതാക്കന്മാരായി എത്തിയിട്ടുണ്ട്. വെള്ളത്തിൽനിന്ന് ജീവൻ കരയിലെത്തിയ തെളിവാണ് വേദപണ്ഡിതരുടെ ഈ വാദങ്ങൾ. അപ്പോൾ ആദം ഹവ്വായെന്ന പൊട്ടകഥയെവിടെ? നാം ലോകത്തെ മലിനമാക്കുകയാണെങ്കിൽ പ്രകൃതിശക്തി ആ മലീനത മാറ്റാൻ വരുകയില്ല. മനുഷ്യൻ തന്നെ സൃഷ്ടിക്കുന്ന ഭീകരതയും സാമ്പത്തിക മാന്ദ്യവും സ്വാഭാവികമായും അതേശക്തിയോടെ ഉടൻതന്നെ പരിഹാരം കാണുകയില്ല.
മതപുരോഹിതർ ന്യൂട്ടനെ ദൈവമാക്കാതെ യേശു പറഞ്ഞത് പ്രായോഗികജീവിതത്തിൽ നടപ്പാക്കട്ടെ. നന്മനിറഞ്ഞ യേശുവിനെതിരെ അതേശക്തിയിൽ ന്യൂട്ടന്റെ പ്രമാണം അനുസരിച്ച് തിന്മ പ്രവർത്തിക്കുന്ന അഭിഷിക്തലോകം ഇന്ന് ആത്മീയതവെച്ച് വില പറയുന്നുവെന്നും വാസ്തവമാണ്. സയൻസ് സയന്സിന്റെ വഴിയും മതം മതത്തിന്റെ വഴിയും സഞ്ചരിക്കുകയായിരിക്കും ലോകത്തിന് നല്ലത്. ശാസ്ത്രനേട്ടങ്ങൾ കൊയ്യാൻ മതത്തിന് യാതൊരവകാശവുമില്ല. ന്യൂട്ടന്റെ നിയമം ആദ്ധ്യാത്മികലോകമോ പുനർജന്മമോ, കർമ്മനിയമങ്ങളോ, മതലോകമോ നന്മതിന്മകളോ അല്ല. അത് വെറും ഭൌതികനിയമത്തിലെ ഗുരുത്വപ്രമാണം (specific gravity) മാത്രമാണ്.
യേശുവിന്റെ ചിന്തകളനുസരിച്ച് സ്വയം സ്നേഹിക്കുന്നതുപോലെ നീ മറ്റൊരാളെ സ്നേഹിക്കുന്നുവെങ്കിൽ അത് മെറ്റാഫിസിക്സ് മാത്രം. 'നീ' ആരെയെങ്കിലും പഠിപ്പിക്കുന്നുവെങ്കിൽ അയാൾ അറിവ് മറ്റുള്ളവർക്കും പറഞ്ഞുകൊടുക്കും. അവന് നിന്റെ അറിവാണ് ഉള്ളത്. 'നീ' കൊടുത്ത അറിവുകൾ കറങ്ങിക്കൊണ്ടിരിക്കും. അതുപോലെയാണ് നാം അർപ്പിക്കുന്ന സ്നേഹവും മനുഷ്യസ്നേഹമാകുന്നത്. സ്നേഹമാണ് ആഗോളസമാധാനത്തിന് നിദാനവും. നാം സ്വയം അറിവിൽ പ്രകാശിതരാവണമെങ്കിൽ അറിവ് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുംതോറും സ്വയം നാം തന്നെ അറിവുള്ളവരാവുകയാണ്. 'സ്നേഹമാണഖിലസാര മൂഴിയിൽ'. അതുതന്നെയാണ് ' അദ്ധ്യാത്മിക തത്ത്വത്തിലെ വാസുദൈവിക കുടുംബകവും.
No comments:
Post a Comment