Saturday, September 28, 2013

ഗുജറാത്തിന്റെ ശ്രീ നരേന്ദ്രമോഡി രാജ്യത്തിന്റെ മോഡിയാകുമോ?

By ജോസഫ് പടന്നമാക്കൽ

2014  മെയ്മാസത്തിൽ നടത്താൻ പോവുന്ന ഭാരതീയ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രാധാനമന്ത്രി സ്ഥാനാർത്ഥിയായി ശ്രീ നരേന്ദ്ര മോഡിയെയാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.  ശ്രീ മോഡി വലതുപക്ഷ ചിന്താഗതിയുള്ള ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖനായ നേതാവാണ്‌. എന്നും അദ്ദേഹം ഒരു  വിവാദ നായകനായി അറിയപ്പെട്ടിരുന്നു. 2001 മുതൽ ഇന്ത്യയുടെ പടിഞ്ഞാറെത്തീരമായ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി നാലുപ്രാവിശ്യം അധികാരത്തിൽ വന്നു. എക്കാലവും വൈരുദ്ധ്യങ്ങളുടെയും വൈവിധ്യങ്ങളുടെയും മീതെ സഞ്ചരിച്ചിരുന്ന അദ്ദേഹം ഭാരതീയ ജനതാപാർട്ടിയുടെ മുതിർന്ന നേതാക്കളിൽ ഒരാളാണ്.


 ഇന്ത്യൻ രാഷ്ട്രീയത്തിന് നവചൈതന്യം പേറി പുത്തനായ നവീനാശയങ്ങളുമായി, ഭാരതത്തിന്റെ ഉന്നത പരമാധികാരത്തിനായി ജൈത്രയാത്ര ചെയ്യുന്ന ശ്രീ നരേന്ദ്ര മോഡി വിവാദങ്ങളിൽക്കൂടിയാണ് രാഷ്ട്രീയത്തിൽ സ്വയം സ്ഥാനമുറപ്പിച്ചത്.  സ്വന്തം അണികളിൽനിന്നും എതിർവിഭാഗ രാഷ്ട്രീയമല്ലന്മാരിൽനിന്നും ഒരുപോലെ മല്ലടിച്ച് ഉയർന്നുവന്ന ഒരു നേതാവാണ്‌ മോഡി. 1950 സെപ്റ്റംബർ 17 ന് ഗുജറാത്തിലെ വഡ്നാഗറിൽ ഒരു ചെറുകച്ചവടക്കാരന്റെ മകനായി ജനിച്ചു. അദ്ദേഹം ദാമോദരദാസ് മുല്ച്ചന്ദ് മോഡിയുടെയും ശ്രീമതി ഹീരാ ബെന്റെയും ആറു മക്കളിൽ മൂന്നാമനായിരുന്നു. സാധാരണക്കാരനിൽ സാധാരണക്കാരനായി എളിമയും വിനയവും ദൈവഭക്തിയുമുള്ള ഒരു കുടുംബത്തിൽ വളർന്നു.  ജീവിക്കാൻവേണ്ടി കൌമാര പ്രായത്തിൽത്തന്നെ തൊഴിലുകളിൽ ഏർപ്പടേണ്ടി വന്നു. സ്വന്തം സഹോദരനുമായി സ്ഥലത്തുള്ള ഒരു ബസ്ടെർമിനലിൽ ഒരു ചായക്കട നടത്തി. വിദ്യാഭ്യാസവും സ്വന്തം ഗ്രാമത്തിലുള്ള സ്കൂളിലായിരുന്നു.  പഠിക്കാൻ മിടുക്കനല്ലായിരുന്നു. ക്ലാസ് പരീക്ഷകളിൽ ഏറ്റവും മോശമായ ഗ്രേഡ്കളായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. എങ്കിലും ജനങ്ങളുടെ മനസിനെ പിടിച്ചുകുലുക്കാൻ കഴിവുള്ള ഒരു വാഗ്മിയായിരുന്നു. ഭാരതത്തിലെ സാംസ്ക്കാരിക ചിന്താധാരയിലെ വിവാദങ്ങളിൽ അസാമാന്യമായ പാടവം അദ്ദേഹമെന്നും പ്രകടിപ്പിച്ചിരുന്നു. പിന്നീട് ഗുജറാത്ത് സ്റ്റേറ്റ് ട്രാൻസ്പൊർട്ട് കാന്റീനിൽ ഒരു ജോലിക്കാരനായി. ആർ.എസ്.എസ് വക്താവാകുന്നവരെ  അവിടെ ജോലി ചെയ്തു. നാഗ്പൂറിൽനിന്നും ആർ.എസ്. എസ് പരിശീലനവും നേടി.  ആർ.എസ്.എസിന്റെ ഔദ്യോഗിക ഭാരവാഹിത്വം വഹിക്കുന്നതിന് ആ പരിശീലനം ആവശ്യമായിരുന്നു. ഇതിനിടെ കോളേജിൽ വിദ്യാഭാസവും നടത്തുന്നുണ്ടായിരുന്നു. അവിടെനിന്നും അഖിലഭാരത വിദ്യാർത്ഥി പരിഷത്തിന്റെ നേതാവായി.

  
എമർജൻസികാലത്ത് (Emergency) മോഡി ഒളിച്ചുനടന്നിരുന്ന ഒരു വിപ്ലവകാരിയായിരുന്നു. ഒളിത്താവളങ്ങളിൽനിന്ന് ലഘുലേഖകൾവഴി പ്രചരണങ്ങളും നടത്തിയിരുന്നു.  ആ കാലയളവിൽ വസന്ത് ഗജേന്ദ്ര ഗാഡ്ക്കർ, നഥൻ ലാൽ ജഗതാ മുതലായ പ്രമുഖ നേതാക്കന്മാരെ പരിചയപ്പെട്ടു. ഒരുപക്ഷെ മോഡിയുടെ രാഷ്ട്രീയഭാവിക്ക് വഴിത്തിരിവായതും ഈ നേതാക്കന്മാരായിരിക്കാം. തന്റെ ആദർശങ്ങളിൽ വിശ്വസിച്ചുകൊണ്ട് രാവും പകലും വിത്യാസമില്ലാതെ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരുന്നു.  വിശ്രമവേളകളിൽ പാർട്ടിയുടെ അടിസ്ഥാന തത്ത്വങ്ങളെ സംബന്ധിച്ച ലഘുലേഘകളും വിതരണം ചെയ്തുകൊണ്ടിരുന്നു.  ഇതിനിടയിൽ ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽനിന്ന് രാഷ്ട്രീയ സാമൂഹ്യശാസ്ത്രത്തിൽ (Political Science)   ബിരുദാനന്തരബിരൂദം നേടി. പിന്നീട് ബി.ജെ.പി. ജനറൽ സെക്രട്ടറിയെന്ന നിലയിൽ പ്രവർത്തനം ഡൽഹിയിലാക്കി. 1998ൽ മോഡി ബിജെപിയുടെ ദേശീയ സെക്രട്ടറിയുമായി. 2001 മുതൽ ഗുജറാത്ത് സംസ്ഥാനത്തിന്റെ വിശ്വവിഖ്യാതനായ മുഖ്യമന്ത്രിയുമായി സ്ഥാനമേറ്റു.


  പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ പാർട്ടിസ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കുന്നതുവരെ നരേന്ദ്രമോഡിയെ പ്രതിയോഗികൾ കണ്ടിരുന്നത്‌ ഒരു പിശാചിന് തുല്യമായിട്ടായിരുന്നു. ഗുജറാത്തിന്റെ പുരോഗതി അംഗീകരിക്കാൻ സാധിക്കാതെ, ഗുജറാത്തല്ല ഇന്ത്യായെന്നായി അവരുടെ മുദ്രാവാക്യം. ഹോളിവുഡിൽ വില്ലനായി അഭിനയിച്ചിരുന്ന റൊണാൾഡ് റീഗനെയും അമേരിക്കൻ ജനം ഒരിക്കൽ വില്ലനായി ചിത്രീകരിച്ചിരുന്നു.  പില്ക്കാലത്ത് ലോകം അറിയപ്പെട്ട ഏറ്റവും പ്രഗത്ഭനായ പ്രസിഡന്റായി റേഗൻ ചരിത്രത്തിൽ സ്ഥാനം പിടിച്ചു. ഡൽഹി അശോകറോഡിലെ ഇടുങ്ങിയ ഒരു മുറിയിൽ താമസിച്ച മോഡിയാണ് പില്ക്കാലത്ത് ഗുജറാത്തിലെ മുഖ്യമന്ത്രി ബംഗ്ലാവിൽ ദീർഘകാലം താമസിച്ച് ഗുജറാത്ത് ജനതയുടെ പ്രിയപ്പെട്ടവനായത്.


സോണീയാ ഗാന്ധികുടുംബം പോലെ അദ്ദേഹത്തിന് ആഗോളബന്ധമില്ല. നെഹ്രു കുടുംബംപോലെ പാരമ്പര്യമായി പേരും പെരുമയും ആർജിച്ച കുടുംബവുമല്ല.  ആനന്ദഭവൻപോലുള്ള സുഖസൌകര്യങ്ങൾ നിറഞ്ഞ മണിമന്ദിരങ്ങളിൽ വളർന്നില്ല. ഒരു പൈസാ പോലും പാർട്ടിഫണ്ടിൽനിന്നോ ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നോ സ്വന്തം പോക്കറ്റിൽ ഇട്ടിട്ടില്ല. മറ്റു പല ബി.ജെ.പി. നേതാക്കന്മാരെപ്പോലെ അദ്ദേഹത്തിന്റെ പേര് പ്രസിദ്ധരായവരുടെ പട്ടികയിലില്ല. ഒന്നാതരം ഹോട്ടലുകളിൽ പാർട്ടികൾ നടത്തി സ്വയം പുകഴ്ത്തി നടന്നിരുന്ന നേതാവായിരുന്നില്ല. ഊണും ഉറക്കവുമില്ലാതെ ജോലി ചെയ്യണമെന്ന ചിന്തകളുമായി മാത്രം നടക്കുന്ന ഒരു ജോലി ഭ്രാന്തനാണദ്ദേഹം. വർക്ക്ഹോളിക്ക് (Workaholic) എന്ന് ഇംഗ്ലീഷിൽ പറയും. നാല് മണിക്കൂറാണ് ദിവസത്തിൽ ഉറങ്ങുന്നത്. കഴിഞ്ഞ ആറുവർഷമായി തന്റെ ഓഫീസില്നിന്നും ഒരു ദിവസംപോലും അവധിയെടുത്തില്ലെന്ന സത്യവും വിസ്മയമായി തോന്നാം.  പ്രമാണീ വർഗങ്ങളുമായി സമദൂരം പാലിച്ച് എന്നും സാധാരണക്കാരുമായി ഇടപെടാനാണ് അദ്ദേഹത്തിനിഷ്ടം. ഭരിക്കുകയെന്നത് തങ്ങളുടെ ജന്മാവകാശമെന്ന് ചിന്തിക്കുന്നവർ രാഷ്ട്രീയപാരമ്പര്യം ഇല്ലാതെ ജീവിച്ച ഇദ്ദേഹത്തെ എക്കാലവും പൊതുവേദികളിൽനിന്നും അകറ്റുവാൻ ശ്രമിച്ചിരുന്നു. എന്നും അപമര്യാദയായി അദ്ദേഹത്തെ കൂട്ടക്കൊലയാളി, വൈരൂപ്യനായ ഭാരതീയൻ, കാക്കക്കൂട്ടത്തിലെ പണ്ഡിതൻ എന്നൊക്കെ  പ്രതിയോഗികൾ മുഖത്തുനോക്കി വിളിച്ചിരുന്നു.  "തന്റെ മാന്യതയെ വീണ്ടെടുക്കൂ, എങ്കിൽ  മറ്റൊരുതരത്തിൽ നോക്കി തനിക്ക് വില കൽപ്പിക്കാമെന്നും" ചിലർ അദ്ദേഹത്തോട് പറയുമായിരുന്നു. 

 
അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജിതനായ ഗോൾഡ്‌ വാട്ടറിന്റെ മുദ്രാവാക്യമാണ് ബി.ജെ.പി. പരസ്യങ്ങളിൽ ഉപയോഗിക്കുന്നത്. "നിങ്ങളുടെ ഹൃദയങ്ങളിൽ അദ്ദേഹം ശരിയെന്ന് നിങ്ങൾക്കറിയാം. നമ്മുടെ ഒരേ മനസും ഒരേ ചിന്താഗതിയുമുള്ള ഐക്യം ഒരേ സ്വരത്തിൽ ആഞ്ഞടിക്കട്ടെ." മോഡി പറയും,  “നികുതി കൊടുക്കുന്നവന്റെ പണം പാഴാക്കി കളയുന്നതല്ല രാഷ്ട്രീയം. അനാവശ്യ പാഴ്ചെലവുകൾ ഇല്ലാതാക്കുമ്പോഴാണ് സാമ്പത്തിക ശാസ്ത്രത്തിന്റെ അവബോധമുളവാകുന്നത്. ഗുജറാത്തല്ല ഇന്ത്യയെന്ന് പ്രതീക്ഷകൾ ഇല്ലാത്തവർ പറയും. ഗുജറാത്ത് മോഡലും ഭാരത മോഡലും പരസ്പര വിരുദ്ധമല്ല. മോഡിയുടെ  ഗുജറാത്തിൽ പുതിയ തന്ത്രങ്ങളിൽക്കൂടിയുള്ള സാമ്പത്തിക പരീക്ഷണങ്ങൾ അസൂയാവഹമായ നേട്ടങ്ങളാണ് കൈവരിച്ചത്.


 കുപിതരായ ഗുജറാത്തി ജനങ്ങളുടെ വിശ്വാസം മോഡി എങ്ങനെ നേടിയെടുത്തു? എങ്ങനെ അവരുടെ നെഞ്ചിനെ അമ്പത്താറിഞ്ചാക്കികൊണ്ട് ഗുജറാത്തിലെ ജനങ്ങളുടെ ആരോഗ്യനിലവാരം കൂട്ടി?  ഗുജറാത്ത് വോട്ടറും ഇന്ത്യൻ വോട്ടറുമായി യാതൊരു വിത്യാസവുമില്ലെന്ന് ബൌദ്ധിക ചിന്താലോകം വിശ്വസിക്കുന്നു. പ്രതീക്ഷകളോടെ സ്വപ്ന ഭാരതത്തിനായി നാളയുടെ പ്രധാനമന്ത്രിയെന്ന വെല്ലുവിളിയിൽ മോഡി മുന്നേറുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിയോഗികൾ ഗുജറാത്തിൽ മാത്രം എന്നേക്കും അദ്ദേഹത്തെ തളച്ചിടുവാനും ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഡിയെ തെരഞ്ഞെടുത്തെങ്കിലും അദ്ദേഹം അഭിമുഖികരിക്കുന്ന വലിയ പ്രശ്നം സ്വന്തം പാർട്ടിയിൽനിന്നുമുള്ള കടുത്ത വിമർശനങ്ങളാണ്. രാഷ്ട്രീയത്തിലെ മുതിർന്നവരുടെ അസൂയയും മക്കൾ രാഷ്ട്രീയം തുടരാൻ ആഗ്രഹിക്കുന്നവരുടെ തൊഴുത്തിൽകുത്തും കാരണങ്ങളാണ്. പ്രധാന എതിരാളി എൽ.കെ. അദ്വാനി അദ്ദേഹത്തെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിർദ്ദേശിക്കുവാൻപോലും തയാറല്ലായിരുന്നു.


വ്യവസായലോകത്ത് മോഡി വളരെയേറെ സമ്മതനാണ്. വളർന്നുവരുന്ന കൊച്ചുവ്യവസായികളുടെ ഇടയിലും ചെറു കൃഷിക്കാരുടെയിടയിലും പ്രിയപ്പെട്ടവനാണ്. വ്യവസായവൽക്കരണത്തോടെ അദ്ദേഹം ഗുജറാത്തിനെ ഇന്ത്യയിലെ അനുഗ്രഹീതവും സമ്പന്നവുമായ സംസ്ഥാനമാക്കി. ഇന്ത്യയുടെ 75 ശതമാനം വ്യവസായ പ്രമുഖർ മോഡിയെ പിന്താങ്ങുന്നു. സമ്പന്നമായ ഭാരതസ്വപ്നത്തിന് മോഡിയിൽ അവർ പ്രതീക്ഷകളും അർപ്പിക്കുന്നു. ഇന്ത്യയിലെ സാമ്പത്തിക മേഖലയിലെ പ്രമുഖപത്രങ്ങളെല്ലാം അദ്ദേഹത്തെ പിന്താങ്ങുന്നു. റോയിട്ടർ റിപ്പൊർട്ടനുസരിച്ചുള്ള അഭിപ്രായ സർവേയിൽ രാഹുൽ ഗാന്ധിയ്ക്ക് 7 ശതമാനം മാത്രമേ വ്യവസായ ലോകത്തിൽനിന്നുള്ള പിന്തുണയുള്ളൂ.  


എന്നിരുന്നാലും 2002 ലെ വർഗീയലഹളമൂലം മോഡിയുടെ രാഷ്ട്രീയഭാവിക്ക് മങ്ങലേറ്റിരുന്നു. ഗുജറാത്തിൽ ആയിരക്കണക്കിന് ജനം മരിച്ചു. അതിൽ ഭൂരിഭാഗവും മുസ്ലിങ്ങളായിരുന്നു. അന്ന് ആദ്യത്തെ തവണ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഗുരുതരമായ ഈ സംഭവവികാസങ്ങൾ നടന്നത്. വർഗീയലഹളയുടെ കുറ്റം ആരോപിച്ച് 2005ൽ അമേരിക്കാ അദ്ദേഹത്തിന് വിസാ നിഷേധിച്ചു. കഴിഞ്ഞമാസവും പെൻസിൽവേനിയാ യൂണിവേഴ്സിറ്റിയിൽ ഒരു കൊണ്ഫെറന്സിന് സംബന്ധിക്കുവാൻ മോഡിക്ക് ക്ഷണം ഉണ്ടായിരുന്നു. എതിർപ്പുമൂലം പങ്കെടുക്കാൻ സാധിച്ചില്ല. 2002 ലെ ലഹളയിൽ മോഡിയിൽ കുറ്റാരോപണം നടത്തുന്നവർക്ക് അദ്ദേഹത്തിന്റെ പങ്കിനെപ്പറ്റി ഒന്നുംതന്നെ തെളിവുകൾ നിരത്തുവാൻ സാധിക്കുന്നില്ല. ആ ലഹളയുമായി താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചാവർത്തിച്ച് അദ്ദേഹം പറയാറുണ്ട്‌. എങ്കിലും രാഷ്ട്രീയ പ്രതിയോഗികൾക്ക് സ്വയം കുഴിതോണ്ടാതിരിക്കാൻ അദ്ദേഹംമാത്രം കുറ്റക്കാരനെന്ന് ആരൊപിച്ചേ മതിയാവൂ. നിരപരാധിയെന്ന് സുപ്രീം കോടതിയുടെ സമഗ്രമായ അന്വേഷണത്തിൽനിന്നും വ്യക്തമായിട്ടും അവരുടെ നാവുകളെ അടയ്ക്കുന്നില്ല. എന്നിരുന്നാലും, രാഷ്ട്രീയ പ്രതിയോഗികൾ പലവിധ അടവുകൾ പ്രയോഗിച്ച് അദ്ദേഹത്തെ  തേജോവധം ചെയ്യാൻ ശ്രമിച്ചിട്ടും ഒരിക്കലും വിജയിച്ചിട്ടില്ല. മുഖ്യമന്ത്രി കസേരയിൽ മുസ്ലിംങ്ങളുടെയും  പ്രിയങ്കരനായ അദ്ദേഹം മുഖ്യമന്ത്രിയായി നീണ്ട വർഷങ്ങൾ ഗുജറാത്തിനെ ഭരിച്ചു. വിമർശനങ്ങളുടെ താവളങ്ങൾ ഇന്ന് ഗുജറാത്തിന് വെളിയിലായി മറ്റു സംസ്ഥാനങ്ങളിൽ സ്ഥാനം പിടിച്ചു.  കുറ്റം ചെയ്യാത്ത താനെന്തിന് കുറ്റമേൽക്കണമെന്നാണ് മോഡിയുടെ ചോദ്യം. 


അഭിമാനിക്കത്തക്ക അനേകമനേകം പദ്ധതികളും വിജയകരമായ നേട്ടങ്ങളുമാണ് ഗുജറാത്തിൽ മോഡി നേടിയെടുത്തത്. ഭാരതചരിത്രത്തിലെ ഒരു നേതാവിനും മോഡി കൈവരിച്ച നേട്ടത്തോളം പ്രകീർത്തിക്കാൻ സാധിക്കില്ല. ഗുജറാത്തിൽ തന്റെ ഭരണത്തിൽ എന്നും ശ്രദ്ധിച്ചിരുന്നത് മുസ്ലിംജനതയുടെ ഉന്നമനത്തിനായിരുന്നു. തന്മൂലം അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം ഗുജറാത്തിൽ അവരുടെയിടയിൽ എക്കാലത്തെക്കാളും പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ട്‌ ഓരോ മുസ്ലിം ഗുജറാത്തിയുടെയും വരുമാനം ഇരട്ടിയായി. ഗുജറാത്തികളെപ്പോലെ ഭാരതം മുഴുവൻ ഇന്ന് നേട്ടങ്ങൾ കൈവരിച്ചിരുന്നുവെങ്കിൽ ഓരോ ഭാരതീയന്റെയും വരുമാനം അമ്പത് ശതമാനം വർദ്ധിക്കുമായിരുന്നുവെന്ന് സാമ്പത്തിക വിദക്തർ കണക്കാക്കുന്നു. എങ്കിൽ ഇന്ത്യയുടെ നേട്ടം ഫ്രാൻസിന്റെ നേട്ടത്തെക്കാളും മുമ്പിലാകുമായിരുന്നു. ഗുജറാത്തിൽ മോഡിയുടെ ഭരണത്തിൽക്കൂടി കച്ചവടക്കാർ,  വ്യവസായികൾ, കുടിയേറ്റക്കാർ, കൃഷിക്കാർ എന്നിങ്ങനെ ജീവിതത്തിന്റെ നാനാ തുറകളിലുള്ളവർ പുരോഗമിച്ചു കഴിഞ്ഞു.   അതുകൊണ്ടാണ് അദ്ദേഹത്തെ ജനം മുഖ്യമന്ത്രിയായിട്ട് തുടർച്ചയായി തെരഞ്ഞെടുക്കുന്നത്. വ്യവസായികളെ പ്രോത്സാഹിപ്പിക്കാൻ സൗകര്യപ്രദമായ സ്ഥലങ്ങളും ഊർജവും വൈദ്യുതിയും നല്കി സഹായിച്ചിരുന്നു. മനോഹരമായ വീതിയുള്ള റോഡുകളും ട്രാൻസ്പോർട്ട് സൗകര്യങ്ങളും സംസ്ഥാനമാകെ നിർമ്മിച്ചു. അഴിമതികൾ കുറവുള്ള ഉദ്യോഗസ്ഥരും ഗുജറാത്തിന്റെ വിജയരഹസ്യമായിരുന്നു.


ഭാരതത്തിലെ പ്രധാനമന്ത്രിമാരുടെ ശരാശരി പ്രായം കണക്കാക്കുമ്പോൾ മോഡി ചെറുപ്പക്കാരുടെ നിരയിലേക്ക് വരും.  അദ്ദേഹത്തിന് ഭാരതത്തെപ്പറ്റിയുള്ള സ്വപ്നങ്ങൾ ഏറെയാണ്‌. വ്യവസായസാമ്രാജ്യം പടുത്തുയർത്താൻ സ്വകാര്യമൂലധനം രാജ്യത്ത് ഒഴുകണമെന്ന് ചിന്തിക്കുന്നു. പുതിയ തലമുറകൾക്ക്‌ ക്രിയാത്മകമായ ആധുനിക വിദ്യാഭ്യാസവും നല്കണം. ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവന് ജോലി നല്കണം. പ്രതിരോധശക്തിയിൽ ഇന്ത്യാ ഉത്ഭാദന കേന്ദ്രമാകണം. വിദേശായുധങ്ങൾ  ഇറക്കുമതി ചെയ്യുന്നതിനെക്കാളും ആധുനികരിച്ച ആയുധങ്ങൾ ഇവിടെത്തന്നെ നിർമ്മിക്കണം. അങ്ങനെ ആയുധശാലകളും തൊഴിൽ നല്കുന്ന ശാലകളാകണം. സർക്കാരിന്റെ തൊഴിൽ നിയമങ്ങൾക്ക് അയവ് വരുത്തി സ്വകാര്യസ്ഥാപനങ്ങളിലും തൊഴിൽശാലകളിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. ഇന്ത്യാ പുരോഗമിക്കണമെങ്കിൽ രാജ്യത്താകെ ദാരിദ്ര്യമില്ലാതാക്കണമെന്നും അദ്ദേഹം വിശ്വസിക്കുന്നു.


കറയറ്റ ശുദ്ധമായ ഒരു രാഷ്ട്രീയചരിത്രം മോഡിക്കുണ്ടെങ്കിലും ആകമാനമുള്ള  ഭാരതത്തിലെ  രാഷ്ട്രീയനേതാവായി അദ്ദേഹത്തെ കാണാൻ സാധിക്കില്ല. വിഭാഗിയ ചിന്തകളോടെ അദ്ദേഹത്തെ ജനം എക്കാലവും അകറ്റാൻ ശ്രമിച്ചിരുന്നു. അദ്ദേഹം നേതൃത്വം നല്കിയ വിപ്ലവാത്മകമായ ചിന്താഗതികളെ കുറച്ചുകാണിക്കാനെ എന്നും രാഷ്ട്രീയമോഹികൾ ആഗ്രഹിച്ചിട്ടുള്ളൂ. 1984ൽ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ പ്രതികാരദാഹികൾ ആയിരക്കണക്കിന് സിക്കുകാരെ കൊന്നൊടുക്കി. അതുതന്നെ ഇന്നും സംഭവിക്കുന്നു. കഴിഞ്ഞവർഷം ആസാമിൽ മുസ്ലിമുകളെ കൂട്ടക്കൊലകൾ നടത്തിയതിൽ കണക്കില്ലായിരുന്നു.  മതഭ്രാന്തിളകിയ ഒരു കൂട്ടം ജനങ്ങളുടെ വികാരങ്ങൾക്ക്‌ മോഡിയെയോ രാജീവ്‌ ഗാന്ധിയേയോ കുറ്റം പറയാൻ സാധിക്കില്ല. മോഡി മുസ്ലിമുകൾക്കായി ഗുജറാത്തിൽ അതിന് പരിഹാരം ചെയ്തു. ഇന്ത്യയുടെ മികച്ച പ്രധാന മന്ത്രിയാകണമെന്നുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സഫലമാവണമെങ്കിൽ ഗുജറാത്തിലെപ്പോലെ ഇന്ത്യാ മുഴുവനായുള്ള 177 മില്ല്യൻ മുസ്ലിമുകളുടെ ഉണങ്ങാത്ത മുറിവുകൾ ഭേദപ്പെടുത്തണം. അവരുടെ ദുഃഖപൂർണ്ണമായ വികാരങ്ങൾക്ക് ശമനമുണ്ടാകണം. എങ്കിൽ സർവമതങ്ങളും ഒത്തൊരുമിച്ചുള്ള ഏകഭാരതമെന്ന കാല്പ്പനീക സാമ്രാജ്യം ഈ പുണ്യഭൂമിയിൽ സൃഷ്ടിക്കപ്പെടും.

Wednesday, September 18, 2013

വെടിയുണ്ടകളേറ്റിട്ടും തോൽക്കാൻ തയാറാകാത്ത മലാലായുടെ യൂ.എൻ. പ്രസംഗം



തർജിമ: ജോസഫ് പടന്നമാക്കൽ


മിസ്റ്റർ ബാൻ കീ മൂണ്‍, മിസ്റ്റർ ഗോർഡൻ ബ്രൌണ്‍,  സഹോദരീ സഹോദരന്മാരെ, കാരുണ്യവാനായ ദൈവത്തിന്റെ നാമത്തിൽ അസ്ലാം മാലൈക്കും. ഇന്ന് എന്റെ ജീവിതത്തിലെ അതിപ്രധാനമായ ഒരു ദിനമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള ആദരണീയവരായവരുടെ മദ്ധ്യേ ഞാൻ സംസാരിക്കുന്നതിലും അഭിമാനിയാണ്‌. ഞങ്ങളുടെ പ്രിയപ്പെട്ട നേതാവായിരുന്ന ബേനസീർ ഭൂട്ടോ ധരിച്ചതുപൊലുള്ള വേഷമാണ് ഞാനും ഇന്ന് ധരിച്ചിരിക്കുന്നത്‌. എങ്ങനെ, എവിടെനിന്ന് എന്റെ പ്രസംഗം ആരംഭിക്കണമെന്ന് എനിക്കറിയില്ല. ഇവിടെ ആഗതരായിരിക്കുന്ന മഹനീയ വ്യക്തികൾ എന്നിൽനിന്നും എന്ത് പ്രതീക്ഷിക്കുന്നുവെന്നും അറിയില്ല. ആദ്യമായിട്ട് എനിക്കിവിടെ  സംസാരിക്കാൻ അവസരംതന്ന ദൈവത്തിനെ ഞാൻ സ്തുതിക്കട്ടെ. അവിടുത്തെ തിരുസന്നിധിയിൽ നാം എല്ലാം തുല്യരാണ്. വെടിയുണ്ടകൾ തുളച്ചുകയറിയ എന്റെ മുറിവുകൾ കരിഞ്ഞ് മരണത്തിൽനിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിച്ച ലോകമാന ജനതയോട് എന്റെ കൃതജ്ഞതയുടെ പൂച്ചെണ്ടുകൾ അർപ്പിക്കട്ടെ. എനിക്കിന്നൊരു പുതുജീവിതം ലഭിച്ചതും നിങ്ങളേവരുടെയും പ്രാർഥനകൾകൊണ്ടാണ്. എത്രമാത്രം സ്നേഹം ലോകം എന്നിൽ അർപ്പിച്ചുവെന്നും എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല.   

 

എത്രയും വേഗം ഞാൻ സുഖം പ്രാപിക്കാൻ ആയിരക്കണക്കിന് മംഗളസന്ദേശങ്ങളും അഭിനന്ദനങ്ങളും സമ്മാനങ്ങളും എനിക്ക് ലോകത്തിന്റെ നാനാഭാഗത്തുനിന്നും ലഭിച്ചു. അവർക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. എന്റെ ജീവന്റെ നിലനില്പ്പിനായി പടപൊരുതിയ നാളുകളിൽ എനിക്കുവേണ്ട മാനസികധൈര്യം തന്ന ലോകത്തിലെ അനേക നിഷ്കളങ്കരായ കുഞ്ഞുങ്ങളോടും എന്റെ നന്ദിയുണ്ട്. പ്രായത്തിൽ കൂടിയ മുതിർന്നവരായവരുടെ സ്നേഹാദരവുകളും എന്റെ മനസിന്‌ കുളിർമ്മ നല്കുന്നു. ബ്രിട്ടണിലും പാക്കിസ്ഥാനിലും എന്റെ ജീവനെ രക്ഷിക്കാൻ അഹോരാത്രം പണിചെയ്ത ഡോക്ടേഴ്സിനും  നേഴ്സസിനും അതിനോടനുബന്ധിച്ച് സേവനം ചെയ്തവർക്കും എന്റെ നന്ദിയുണ്ട്. യു..ഇ സർക്കാരും സുഖം പ്രാപിക്കാൻ എനിക്കുവേണ്ട സാമ്പത്തിക സഹായം തന്നതിനും നന്ദി. എന്റെ വിദ്യാഭ്യാസ ചുമതലകൾ വഹിക്കുന്ന യൂ.എൻ. സെക്രട്ടറിജനറൽ മിസ്റ്റർ ബാൻ കീ മൂണിനും കൃതജ്ഞതയുടെ പൂക്കൾ. യൂ.എൻ നയതന്ത്രജ്ഞൻ മിസ്റ്റർ ഗോർഡൻ ബ്രൌണ്‍ന്റെ പ്രവർത്തനങ്ങളെയും ഈ അവസരത്തിൽ ഒർമ്മിക്കുന്നു.  എനിക്കുള്ള എല്ലാ സഹായവും എത്തിച്ചുതന്ന യൂ.എൻ. നേതൃത്വത്തിനും പ്രത്യേക നന്ദി.

 

സഹോദരീ സഹോദരരെ അറിയുക, മലാലദിനം എന്നത് എന്റേതല്ല. ഇന്നത്തെ ദിനം മനുഷ്യാവകാശങ്ങൾക്കായി ശബ്ദം ഉയർത്തിയ ഒരോ കുട്ടിയുടെയും സ്ത്രീകളുടെയും ദിനമാണ്. ആയിരക്കണക്കിന് സാമൂഹികപ്രവർത്തകർ ലോകത്തുണ്ട്. അവർ അവകാശങ്ങൾക്കായി ശബ്ദം ഉയർത്തുക മാത്രമല്ല, യാതനകളും അനുഭവിക്കുന്നു. അവർ ഭീകരർക്കെതിരെ സ്വന്തം ലക്ഷ്യങ്ങൾക്കായി, തങ്ങളുടെ മക്കളുടെ വിദ്യനേടുന്നതിനുള്ള അവകാശങ്ങൾക്കായിസമാധാനത്തിനായി, സമത്വസുന്ദരമായ നാളേക്കായി പൊരുതി. ആയിരങ്ങൾ ഭീകരരുടെ വെടിയുണ്ടകളിൽ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് ജനം മുറിവേറ്റു. ഞാൻ അവരിൽ ഒരാൾ മാത്രം. അങ്ങനെ ദുരിതമനുഭവിച്ച അനേകമായിരം ജനങ്ങളിലെ ഒരു പെണ്‍കുട്ടി മാത്രമാണ് നിങ്ങളുടെ മുമ്പിൽ നില്ക്കുന്നത്. അതുകൊണ്ട് ഞാൻ സംസാരിക്കുന്നത് എനിക്കുവേണ്ടി മാത്രമല്ല, ശബ്ദിക്കാൻ സാധിക്കാത്ത, അവകാശമില്ലാത്ത നിസഹായർക്കും വേണ്ടിയാണ്. അന്തസോടെ, സമാധാനത്തോടെ ജീവിക്കാനായുള്ള അവകാശസമരങ്ങൾക്കായി, സമത്വത്തിനായുള്ള  അവസരങ്ങൾക്കായി വിദ്യ നേടുന്നതിനുള്ള അവകാശത്തിനായി ഞാൻ അവർക്കുവേണ്ടിയും നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു. 

 

പ്രിയപ്പെട്ട സുഹൃത്തുക്കളെ  2012  ഒക്റ്റോബർ ഒമ്പതാംതിയതി താലിബൻ എന്റെ നെറ്റിത്തടത്തിലെ ഇടതുവശത്ത് വെടിയുണ്ടകൾ തുളച്ചുകയറ്റി. എന്റെ കൂട്ടുകാരെയും അവർ വെടിവെച്ചു. ബുള്ളറ്റുകൾകൊണ്ട് ഞങ്ങളെ ശാന്തരാക്കാമെന്നും അവർ ചിന്തിച്ചു. എന്നാൽ അവർ പരാജയപ്പെട്ടു. അവിടെ ശാന്തതയല്ല പകരം ആയിരക്കണക്കിന് ജനതയുടെ ശബ്ദം ഉയർന്നു. എന്റെ ലക്ഷ്യങ്ങളെയും അഭിലാക്ഷങ്ങളെയും ഇല്ലാതാക്കുവാൻ സാധിക്കുമെന്ന് ഭീകരർ ഓർത്തു. എന്നാൽ എന്റെ ജീവിതത്തിൽ ഒരു മാറ്റവും വന്നില്ല. എന്നിലെ ഭയവും പ്രതീക്ഷയില്ലായ്മയും അവിടെ അസ്തമിച്ചു. പകരം എന്നിൽ ശക്തിയും ധൈര്യവും കൂടുതൽ ആർജിച്ചു. ഞാൻ അതേ മലാല തന്നെ. എന്റെ ലക്ഷ്യങ്ങളും പ്രതീക്ഷകളും ഇന്നും മാറ്റമില്ലാതെ തുടരുന്നു. എന്റെ സ്വപ്നങ്ങൾക്കും മാറ്റമില്ല. പ്രിയപ്പെട്ടവരേ ഞാൻ ആർക്കും എതിരല്ല. ആരോടും പ്രതികാരം ചെയ്യുന്നില്ല. ഞങ്ങളുടെ സ്വതന്ത്രമായ അവകാശങ്ങൾക്കായി, ജനാധിപത്യ സംസ്കാരമൂല്യങ്ങൾക്കായി, സംസാര സ്വാതന്ത്ര്യത്തിനായി, വിദ്യാഭ്യാസ അവകാശങ്ങൾക്കായി ഞാൻ ഏതു ഭീകരനോടും ഉച്ചത്തിൽത്തന്നെ സംസാരിക്കും.


താലിബന്റെയും ഭീകരരുടെയും കുഞ്ഞുങ്ങൾക്ക്‌ അർഹമായ വിദ്യാഭ്യാസം ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ വെടിവെച്ച താലിബന്റെ കുഞ്ഞിനും വിദ്യ ലഭിക്കണം. എന്റെമുമ്പിൽ വെടിവെയ്ക്കാൻ തയാറായി നിൽക്കുന്ന ഭീകരനെ കൈവശം തോക്കുണ്ടെങ്കിലും ഞാൻ വെടിവെക്കില്ല.  പ്രവാചകനായ മുഹമ്മദിൽനിന്ന് ഞാൻ പഠിച്ച സ്നേഹമാണത്. ബുദ്ധന്റെയും കൃസ്തുവിന്റെയും കരുണയാണ് എന്നെ നയിക്കുന്നത്. മാർട്ടിൻ ലൂതർ കിംഗ്‌ എന്ന ഇതിഹാസ പുരുഷനിൽനിന്നും എനിക്ക് ലഭിച്ച ആവേശമാണിത്. അഹിംസയുടെ പ്രവാചകരായ മഹാത്മാഗാന്ധിജി, നെൽസണ്‍ മണ്ഡാല, ജിന്നാസാഹീബ് എന്നീ മഹാന്മാർ പഠിപ്പിച്ചതും ഇങ്ങനെതന്നെയായിരുന്നു. മദർ തെരസായുടെ സ്നേഹവും എന്നെ ആകർഷിച്ചു. ക്ഷമിക്കാൻ എന്നെ എന്റെ പ്രിയപ്പെട്ട ഉപ്പയും ഉമ്മയും പഠിപ്പിച്ചു. സ്നേഹിക്കുകസമാധാനം കാംക്ഷിക്കുക എന്നീ ആദർശങ്ങളാണ് എന്നെ നയിക്കുന്നത്.

 

പ്രിയപ്പെട്ടവരെ പ്രകാശത്തിന്റെ പ്രാധാന്യം നമുക്കറിയാം. പക്ഷെ അന്ധകാരമാണ് നമുക്ക് ചുറ്റുമുള്ളത്. നമ്മുടെ അവകാശങ്ങൾക്കായുള്ള മുറവിളിയുടെ ആവശ്യകത നാം മനസിലാക്കുന്നു. എന്നാൽ നാം ശാന്തരാണ്. പേനയുടെയും പുസ്തകത്തിന്റെയും കാര്യവും ചിന്തനീയമാണ്. പക്ഷെ നാം കാണുന്നത് വെടിയുണ്ടകളും തോക്കുകളുമാണ്. ഒരു പേന തോക്കിനേക്കാളും ശക്തിയേറിയതെന്നു  ബൌദ്ധികലോകം പറയുന്നു. അത് സത്യമാണ്. ആഗോള ഭീകരർ പുസ്തകങ്ങളെ ഭയപ്പെടുന്നു. വിദ്യാഭ്യാസത്തിന്റെ ശക്തിയേയും അവർ ഭയപ്പെടുന്നു. സ്ത്രീയുടെ ശബ്ദത്തെ അവർ ഭയപ്പെടുന്നു. അതുകൊണ്ടാണ് അവർ പതിനാല് നിഷ്കളങ്കരായ സ്കൂൾകുട്ടികളെ കൊന്നത്. സമൂഹത്തിലെ മാറ്റങ്ങളെയും സ്വാതന്ത്ര്യത്തെയും സാഹോദര്യത്തെയും അവർ എതിർക്കുന്നതിന്റെ കാരണവും അതുതന്നെ. അന്നവിടെയുണ്ടായിരുന്ന റ്റീച്ചറിനെയും അവർ വധിച്ചു.

 

എന്തുകൊണ്ടാണ് താലിബാൻ വിദ്യാഭ്യാസത്തിന് എതിരു നില്ക്കുന്നത്? കാരണം ഒരു പുസ്തകത്തിനുള്ളിലുള്ളത് എന്തെന്ന് താലിബന് അറിയത്തില്ല. അവർ വിചാരിക്കുന്നത് ദൈവം എന്നത് വെറും ഒരു യാഥാസ്ഥിതികനെന്നാണ്. അവരുടെ സങ്കല്പ്പത്തിലുള്ള ദൈവം പെണ്‍കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു. നരകവും വിധിക്കുന്നു. ഭീകരർ അവരുടെതായ വ്യക്തിതാല്പര്യങ്ങൾക്കുവേണ്ടി ഇസ്ലാമിനെ കളങ്കപ്പെടുത്തുന്നു. സമാധാനവും സഹവർത്തിത്വവും ആഗ്രഹിക്കുന്ന ഒരു ജനകീയസർക്കാരാണ് ഇന്ന് പാക്കിസ്ഥാനുള്ളത്.

 
ഇസ്ലാം സമാധാനത്തിന്റെയും മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണ്‌. ഇസ്ലാം ഒരോ കുഞ്ഞിനും വിദ്യാഭ്യാസം നൽകണമെന്ന് വിശ്വസിക്കുന്നു. അത് ഓരോ മുസ്ലിമിന്റെയും കടമയും ഉത്തരവാദിത്വവും ആണ്. വിദ്യ അഭ്യസിക്കാൻ രാജ്യത്ത് സമാധാനം ആവശ്യമാണ്. എന്നാൽ ലോകത്തിന്റെ പല ഭാഗത്തും പ്രത്യേകിച്ച് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഭീകരത പ്രവർത്തിക്കുന്നു. കുഞ്ഞുങ്ങൾക്ക്‌ വിദ്യാഭ്യാസം നിഷേധിക്കുന്നു. ഇൻഡ്യയിൽ കുഞ്ഞുങ്ങളെക്കൊണ്ട് ബാലവേല ചെയ്യിപ്പിക്കുന്നു. സ്ത്രീകളും കുഞ്ഞുങ്ങളും പല തരത്തിലാണ് പീഡിതരാകുന്നത്. നൈജീറിയായിൽ അനേകം സ്കൂളുകൾ നശിപ്പിച്ചു. പതിറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനിൽ കുഞ്ഞുങ്ങൾ ഭീകരർമൂലം കഷ്ടപ്പെടുന്നു. കുഞ്ഞുപെണ്‍കുട്ടികൾ വീടുകളിൽ പാത്രം കഴുകിയും ദാസ്യവേല ചെയ്തും ജീവിക്കണം. ചെറുപ്രായത്തിലെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നു.


വിദ്യാഭ്യാസം നേടാൻ സമാധാനപരമായ ഒരു അന്തരീക്ഷം ആവശ്യമാണ്. ഭീകരരെകൊണ്ട് ജനം അക്ഷമരാണ്. ദാരിദ്ര്യം, അജ്ഞത, അനീതി, വർണ്ണവിവേചനം ഇവകളെല്ലാം സ്ത്രീ പുരുഷഭേദമേന്യേ പൊതുവായ പ്രശ്നങ്ങളാണ്. ഇന്ന് ഞാൻ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങൾക്കുമായി സമരം നയിക്കുന്നു. കാരണം അവരാണ് ഇന്ന് സമൂഹമാകെ സഹിക്കുന്നത്. ഒരിക്കൽ സാമൂഹിക പ്രവർത്തകരായ സ്ത്രീകൾ സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതാൻ പുരുഷന്മാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇനിമുതൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി ഞങ്ങൾതന്നെ സമരം ചെയ്യും. സ്ത്രീകളുടെ അവകാശങ്ങൾക്കായി പുരുഷന്മാർ പൊരുതരുതെന്നല്ലാ ഞാൻ പറയുന്നത്. സ്ത്രീകൾ സ്വതന്ത്രമായി അവകാശ സംരക്ഷണത്തിനായി മുമ്പോട്ട്‌ വരണമെന്നാണ് ഞാൻ ഉദ്ദേശിച്ചത്.


പ്രിയപ്പെട്ട സഹോദരീ സഹോദരരേ, ശബ്ദിക്കേണ്ട സമയം ഇപ്പോഴാണ്. സമാധാനവും ഐശ്വര്യവും കാംക്ഷിച്ചുകൊണ്ട് സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി തങ്ങളുടെ നയങ്ങൾ ഉടച്ചുവാർക്കുവാൻ ലോകനേതാക്കളോട് ഞങ്ങൾ അഭ്യർദ്ധിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കെതിരെ എന്ത് തീരുമാനങ്ങളായാലും ഞങ്ങൾ അംഗീകരിക്കില്ല. ഓരോ കുഞ്ഞുങ്ങൾക്കും ജന്മാവകാശമായി സൗജന്യമായും നിർബന്ധമായും വിദ്യാഭ്യാസം നല്കുവാൻ ലോകമെമ്പാടുമുള്ള എല്ലാ ഭരണകൂടങ്ങളോടും ഞങ്ങൾ  ആവശ്യപ്പെടുന്നു. കൊടുംഭീകരതയും കുഞ്ഞുങ്ങളോടുള്ള മൃഗീയതയും ക്രൂരതയും ഇല്ലാതാക്കി കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ  ഞങ്ങൾ ലോകസർക്കാരുകളോടും അഭ്യർത്ഥിക്കുന്നു.   വികസിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങൾ പെണ്‍കുട്ടികൾക്ക്‌ വിദ്യാഭ്യാസത്തിനായുള്ള എല്ലാ അവസരങ്ങളും സഹായങ്ങളും നല്കാനും നിർദേശിക്കുന്നു. എല്ലാ സമൂഹങ്ങളും സഹനശക്തി ഉള്ളവരായിരിക്കണം. മതമോ വർഗമോ വർണ്ണമോ ഭേദമില്ലാതെ ജാതികളുടെ അതിരുകളില്ലാതെ സ്ത്രീകള്ക്കും സമത്വവും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യണം. അവരും പുരുഷന്മാരെപ്പോലെ ജീവിതത്തിൽ മുന്നേറണം. സഹോദരീ സഹോദരരെ ധൈര്യമായി മുന്നേറാൻ, നമ്മിൽത്തന്നെ സ്വയം ധൈര്യം സമാഹരിച്ച് നമ്മുടെ കഴിവുകളെ പൂർണ്ണമായും സ്വയം ഗ്രഹിച്ച് മുന്നേറാൻ ഞാൻ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു.
 

പ്രിയ സഹോദരീ സഹൊദരരേ ഞങ്ങളുടെ ഓരോ കുഞ്ഞുങ്ങൾക്കും നാളയുടെ ശോഭനമായ ഭാവി പടുത്തയർത്താൻ സ്കൂളുകളിൽ അർഹിക്കുന്ന വിദ്യാഭ്യാസം ആവശ്യമാണ്. സമാധാനത്തിന്റെയും വിദ്യ നേടുവാനുള്ള അവകാശങ്ങളുടെയും  സന്ദേശദൂതരായി ഞങ്ങൾ ഞങ്ങളുടെ തീർത്ഥയാത്ര തുടരും. ആർക്കും ഞങ്ങളെ തടയാനാവില്ല.  അവകാശങ്ങൾക്കായി ഉച്ചത്തിൽ ശബ്ദിക്കും. ഞങ്ങൾ മുഴക്കുന്ന ശബ്ദത്തിൽക്കൂടി മാറ്റങ്ങളുടെതായ ഒരു പുത്തൻയുഗത്തിന് തുടക്കമിടും. ലോകത്തിന്റെ ശക്തിയിലും യുവശക്തിയിലും അധികാരത്തിലും ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ചുറ്റുമായ ലോകത്തിന് ഇന്നുള്ള വിവേചന ലോകത്തെ പരിവർത്തനങ്ങളിൽക്കൂടി മുഴുവനായും മാറ്റാൻ സാധിക്കും. കാരണം ഞങ്ങൾ ഇന്ന് ഏകമായ മനസോടെയാണ് മുന്നേറുന്നത്.  വിദ്യാഭ്യാസത്തിനുള്ള പൗരാവകാശത്തിനായി ഒന്നായി ഞങ്ങൾ ശക്തിയാർജിച്ചിരിക്കുന്നു. ഞങ്ങളുടെ ലക്‌ഷ്യം സഫലമാകണമെങ്കിൽ ഞങ്ങൾതന്നെ ശക്തിയാർജിക്കണം. അറിവെന്ന പൂർണ്ണമായ ആയുധമാണ് നമ്മുടെ ശക്തി. ഐക്യമത്യം മഹാബാലം നമ്മെ കാത്തുകൊള്ളും. അറിവ് നേടുകയെന്നത് നമ്മുടെ രക്ഷയ്ക്കായ ഒരു പരിചയാണ്.


പ്രിയപ്പെട്ട സഹോദരീ സഹോദരരെ കോടാനുകോടി ജനങ്ങൾ ഇന്ന് കൊടിയ ദാരിദ്ര്യത്തിലും അജ്ഞതയിലും അനീതിയിലും ദുരിതം അനുഭവിക്കുന്നത് നമുക്ക് മറക്കാൻ സാധിക്കില്ല. അനേകകോടി കുഞ്ഞുങ്ങൾ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഇല്ലാതെ കഴിയുന്നതും നാം കാണുന്നു. നല്ല ഭാവിക്കായി കാത്തിരിക്കുന്ന നമ്മുടെ സഹോദരീ സഹോദരരേയും അവരുടെ വികാരങ്ങളെയും മനസിലാക്കണം. അതുകൊണ്ട് അജ്ഞതക്കും ദാരിദ്ര്യത്തിനും  ഭീകരതക്കും എതിരെ പോരാടുന്ന ഒരു ലോകത്തിനായി നമുക്ക് കാത്തിരിക്കാം. അറിവിന്റെ നിദാനമായ പുസ്തകങ്ങളിൽക്കൂടി സംസാരിക്കാം. പുസ്തകങ്ങളാണ് ഏറ്റവും വലിയ ആയുധം. ഒരു കുഞ്ഞ്, ഒരു ഗുരു, ഒരു പുസ്തകം,ഒരു പേനാ മതി മാറ്റങ്ങളുടെതായ ഒരു നവലോകത്തെ സൃഷ്ടിക്കാൻ. അതിന് ഏകപരിഹാരം ആദ്യം വിദ്യ അഭ്യസിക്കുകയെന്നതാണ്. നമ്മുടെ ലക്ഷ്യബോധം ഇനിമേൽ വിദ്യ നേടുകയെന്നതാകട്ടെ.



Sunday, September 15, 2013

സർ സെയ്ദ് എന്ന മഹാനും അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയും




By ജോസഫ് പടന്നമാക്കൽ

മുസ്ലിം സമുദായത്തിലെ സാമൂഹിക സാമുദായിക മണ്ഡലങ്ങളിൽ അതുല്യപ്രഭാവനായിരുന്ന സർ സെയ്ദ് അഹമ്മദ്ഖാൻ പത്തൊൻപതാം നൂറ്റാണ്ടിലെ നവോത്ഥാന ചിന്തകരിൽ ഏറ്റവും ആദരണീയനായിരുന്ന ഒരു മഹാനുഭാവനായിരുന്നു. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിൽ അദ്ദേഹത്തിന് അർഹിക്കുന്ന സ്ഥാനം കല്പ്പിച്ചിട്ടുണ്ടോയെന്നും സംശയിക്കുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപകൻ ആരെന്നു ചോദിച്ചാൽ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യായെന്ന് പാഠപുസ്തകങ്ങളിലും ചരിത്രകൃതികളിലും പഠിച്ച ഓർമ്മവരും.   അതുപോലെ ചരിത്രത്തിന് വിസ്മരിക്കാൻ സാധിക്കാത്ത സർ സെയിദ് അഹമദ്ഖാൻ  വിശ്വപ്രസിദ്ധമായ അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയുടെ സ്ഥാപകനാണ്. വിദ്യാഭ്യാസപ്രവർത്തന ചിന്തകരായവരുടെ ലോകത്തിൽ വാഴ്ത്തപ്പെട്ട ഇതിഹാസപുരുഷനായ ഈ മഹാൻ 1817 ഒക്ടോബർ പതിനേഴാംതിയതി ഡൽഹിയിൽ ജനിച്ചു. അലിഗഢ്  മുസ്ലിം യൂണിവേഴ്സിറ്റിയെന്ന വിശ്വസരസ്വതി ക്ഷേത്രം സർ സെയ്ദിന്റെ ബൌദ്ധികതലങ്ങളിൽനിന്നും ഉദയംചെയ്ത കാലംമുതൽ മരണമില്ലാത്തവനായി  ചരിത്രത്തിൽ അദ്ദേഹമെന്നുമുണ്ടായിരുന്നു.
 

അലിഗഢ്  മുസ്ലിം സർവകലാശാല തുടങ്ങിയകാലം മുതൽ ഒന്നരനൂറ്റാണ്ടിൽപ്പരം വർഷങ്ങളായി ശാസ്ത്രവിദ്യാഭ്യാസ ഗവേഷണങ്ങൾക്ക്  ഇവിടെ പ്രാധാന്യം കൊടുത്തുവരുന്നു. ഇസ്ലാമികലോകത്തിലെ പ്രസിദ്ധരായ പലരും ഈ സർവകലാശാലയിൽനിന്നും പഠിച്ചുയർന്നവരാണ്. അക്കൂടെ രാഷ്ട്രതന്ത്രജ്ഞരും ലോകനേതാക്കളും സാംസ്ക്കാരിക സാമൂഹിക രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്നു. ഇന്ത്യൻ പ്രസിഡന്റായിരുന്ന ഡോക്ടർ സക്കീർ ഹുസൈനും ഇന്ത്യൻ വൈസ് പ്രസിഡന്റായിരുന്ന  ഡോക്ടർ അൻസാരിയും ഈ അത്മവിദ്യാലയത്തിൽനിന്നും പഠിച്ചുയർന്നവരാണ്. അതിർത്തി ഗാന്ധിയെന്നറിയപ്പെട്ടിരുന്ന അഫ്ഗാനിലെ ഖാൻ അബ്ദുൽ ഗാഫർ, പാക്കിസ്ഥാൻ പ്രസിഡന്റായിരുന്ന അയൂബ്ഖാൻ എന്നീ ലോകനേതാക്കന്മാരും ഈ സർവകലാശാലയിൽനിന്ന് ഉയർന്നുപോയവരാണ്. പാക്കിസ്ഥാനിലെ ആദ്യത്തെ രണ്ട് പ്രധാനമന്ത്രിമാരായിരുന്ന ലിയാഖാത് ആലിഖാനും (Liaquat Ali Khan)ഖാജാ നസിമുദീനും(Khawaja Nazimuddin) ഈ യൂണിവേഴ്സിറ്റിയിൽനിന്നും പഠിച്ചുപോയവരാണ്. കൂടാതെ ഇവിടെനിന്നും പുറത്തിറങ്ങിയ പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും നേതാക്കന്മാരുടെ വലിയ നിരതന്നെയുണ്ട്. സ്വാതന്ത്ര്യ സമരകാലങ്ങളിൽ ജിന്നയും ഗാന്ധിയും നെഹൃവും ഒത്തൊരുമിച്ച് പല സുപ്രധാന തീരുമാനങ്ങൾ എടുത്തിരുന്നതും  അലിഗഢ്  സർവകലാശാലയുടെ ക്യാമ്പസിൽ നിന്നായിരുന്നു.

മുഗൾ ചക്രവർത്തിമാരുടെ കുടുംബവംശാവലികളിലുള്ള ഒരു പ്രഭുകുടുംബത്തിലാണ് സർ സെയ്ദ് അഹമ്മദ് ഖാൻ ജനിച്ചത്‌.  അപ്പനേക്കാളും അമ്മയുടെ പരിലാളനയിലായിരുന്നു സർ സെയ്ദ് വളർന്നത്‌. അമ്മയുടെ പേര് 'അസീസ് നിസ്സാ' എന്നായിരുന്നു. ഈ അമ്മയായിരുന്നു സെയ്ദിന്റെ വളർച്ചയിലും സ്വഭാവരൂപീകരണത്തിലും മാർഗനിദാനമായിരുന്നതെന്ന് അദ്ദേഹത്തിൻറെ ജീവചരിത്രത്തിൽ ഉണ്ട്. 1838ൽ സെയ്ദിന്റെ പിതാവ് മരിച്ചു. അതിനുശേഷം കുടുംബം സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. ഇരുപത്തിയൊന്നാം വയസിൽ കുടുംബം പുലർത്താനായി സെയ്ദ് ഈസ്റ്റ്ഇന്ത്യാ കമ്പനിയിൽ ജോലി ആരംഭിച്ചു. പിന്നീട് നിയമത്തിൽ ഗുമസ്തപ്പണി ലഭിച്ചു. 1839ൽ അദ്ദേഹം മുൻസിഫ് ആയി ജോലി തുടങ്ങി. അവിടെനിന്നും മുറാദാബാദിൽ ഉദ്യോഗക്കയറ്റം ലഭിച്ച് ഒരു കോടതിയുടെ പരമാധികാരിയായി. സുപ്രധാനമായ നിയമകാര്യങ്ങൾ കൈകാര്യം ചെയ്യാനും വിധി പറയാനും ഒരു ജൂറിയ്ക്കുണ്ടായിരുന്ന അധികാരവുമുണ്ടായിരുന്നു.  പിന്നീട് അദ്ദേഹം വിജ്ഞാനഗവേഷണത്തിനായുള്ള ഒരു ജൈത്രയാത്ര തന്നെ തുടർന്നു.

ഇതിനിടയിൽ അനേക ഗ്രന്ഥങ്ങളുടെയും രചനകൾ നടത്തി. ലേഖനപരമ്പരകളുടെ ഒരു പ്രവാഹം തന്നെ അദ്ദേഹത്തിന്റെ തൂലികയിൽനിന്ന് ഉടലെടുത്തു. 1842 കാലയളവിൽ ഉർദുഭാഷയിൽ എഴുതിയതെല്ലാം കൂടുതലും മതപരമായ വിഷയങ്ങളായിരുന്നു. സാംസ്കാരികമായും സാമൂഹികപരമായും  അനേകം കൃതികൾ രചിച്ചതുകൊണ്ട് ദേശീയതലങ്ങളിലും പ്രസിദ്ധനായി തീർന്നിരുന്നു. 1857 ലെ ബ്രിട്ടീഷ്സൈന്യത്തിൽനിന്നും പൊട്ടിത്തെറിച്ച "ശിവാജി ലഹളയുടെ കാരണങ്ങൾ' എന്ന പുസ്തകം വളരെയേറെ ജനശ്രദ്ധ നേടിയിരുന്നു.കൂടാതെ 'ദേശീയവാദികളായ ഭാരതമുസ്ലിമുകൾ, മുഹമ്മദിന്റെ ജീവിതാദർശങ്ങൾ, ബൈബിളും ഖുറാനും'  എന്നീ കൃതികളെല്ലാം ഉർദുഭാഷയുടെ മുതൽകൂട്ടുകളാണ്. അദ്ദേഹത്തിന്റെ തൂലികയിൽനിന്ന് രചിച്ചതെല്ലാം അന്നത്തെ യുവതലമുറകളുടെ ഹരവുമായിരുന്നു. ബൈബിളിനെപ്പറ്റിയെഴുതിയ വ്യാഖ്യാനങ്ങളിൽ സാംസ്കാരികമായും പാരമ്പര്യമായും ഇസ്ലാമിനോട് ഏറ്റവും അടുത്ത ബന്ധമുള്ള മതം ക്രിസ്തുമതമാണെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. 

ഈസ്റ്റ്‌ഇന്ത്യാ കമ്പനിയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്നതുകൊണ്ട് സർ സെയ്ദിന് കൊളോണിയിൽ ഇന്ത്യയിലെ അനേക ഉന്നതരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി അക്കാലത്ത് അടുത്തബന്ധം സ്ഥാപിക്കാൻ സാധിച്ചിരുന്നു.  കോടതിയിലെ സേവനകാലത്ത് ഈസ്റ്റ്ഇന്ത്യാ കമ്പനിയെപ്പറ്റിയും കൊളോണിയൽ ഭരണത്തെ സംബന്ധിച്ചും അവരുടെ നയങ്ങളെയും അന്ന്‌ അദ്ദേഹത്തിന് പഠിക്കാൻ കഴിഞ്ഞു. 

1857ൽ വിപ്ലവം പൊട്ടിപുറപ്പെട്ടപ്പോൾ വിപ്ലവത്തെ സംബന്ധിച്ച് വിലയിരുത്തുവാൻ പ്രധാന ഓഫീസർ ആയി ബ്രിട്ടീഷ്സർക്കാർ നിയമിച്ചത് സർ സെയ്ദിനെയായിരുന്നു. അക്കാലത്ത് വടക്കേഇന്ത്യാ മുഴുവൻ അതിഘോരമായ വിപ്ലവാവേശത്തിലായിരുന്നു. ഭയാനകമാംവിധം രാജ്യത്തിലെ നിയമസമാധാനങ്ങൾ പാടെ തകർന്നിരുന്നു. ആയിരക്കണക്കിന് ജനം ലഹളയിൽ ദിനംപ്രതി മരിച്ചുകൊണ്ടിരുന്നു. ഡൽഹി, ആഗ്രാ, കാണ്‍പൂർ, ലക്നൗ എന്നീ പട്ടണങ്ങൾ ലഹളക്കാരെക്കൊണ്ട് കത്തിയെരിയുകയായിരുന്നു.  മുഗൾരാജവംശത്തിലെ ചെറുരാജ്യങ്ങൾ അക്കാലത്ത് അപ്പാടെ ഇല്ലാതായി. ഈ ലഹള വ്യക്തിപരമായും സർ സെയ്ദിനെ ബാധിച്ചിരുന്നു. അദ്ദേഹത്തിന്റെ അടുത്ത ബന്ധുജനങ്ങളിൽ അനേകർ ലഹളയിൽ കൊല്ലപ്പെട്ടു. ലഹളയിൽനിന്നും സ്വന്തം മാതാവിനെവരെ രക്ഷിച്ചെങ്കിലും അതിൽനിന്നുണ്ടായ വൈകാരിക ഭയംകൊണ്ട് അവർ അധികം താമസിയാതെ മരിച്ചുപോയി. ഈ ലഹളയെ മുസ്ലിം സമുദായത്തിന്റെ പരാജയമായി സർ സെയ്ദും കൂട്ടരും അക്കാലത്ത് വിലയിരുത്തിയിരുന്നു.

 ഒരുപക്ഷേ, സർ സെയ്ദിനെ പ്രശസ്തിയിലേക്ക് നയിച്ചത് സ്വാതന്ത്ര്യദാഹികൾക്കായുള്ള അദ്ദേഹത്തിന്റെ 1859ൽ പ്രസിദ്ധീകരിച്ച 'ഇന്ത്യൻ വിപ്ലവത്തിന്റെ കാരണങ്ങൾ' എന്ന പുസ്തകമായിരിക്കാം. പുസ്തക പ്രസിദ്ധീകരണം സ്വന്തം ജീവനുതന്നെ ഭീഷണിയായി. വിപ്ലവത്തിന് ചുക്കാൻ പിടിച്ചത് മുസ്ലിം സമുദായത്തിലെ  ബുദ്ധിജീവികളായിരുന്നുവെന്നുള്ള ആരോപണം  നിരസിച്ചുകൊണ്ട് ലഹളക്ക് കാരണം ബ്രിട്ടീഷ് ഈസ്റ്റ്ഇന്ത്യാ കമ്പനിയുടെ സാമ്രാജ്യ മോഹമായിരുന്നുവെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യൻ സംസ്കാരത്തെപ്പറ്റിയുള്ള ബ്രിട്ടീഷ് രാഷ്ട്രീയപ്രഭുക്കളുടെ അജ്ഞത ലഹളയ്ക്ക്  കാരണമായിരുന്നുവെന്നും കുറ്റപ്പെടുത്തി. സ്വന്തം ജീവൻ പണയപ്പെടുത്തിയെങ്കിലും തന്റെ സമുദായത്തിന്റെ നന്മക്കായി ബ്രിട്ടീഷ്കാരോട് പോരാടുമെന്നും പ്രഖ്യാപിച്ചു. സ്വന്തമായി എഴുതി അച്ചടിച്ച ബുക്കുകൾ കത്തിക്കാൻ പലരും ആവശ്യപ്പെട്ടിട്ടും വകവെയ്‌ക്കാതെ ഇതിന്റെ അനേക ഇംഗ്ലീഷ്തർജിമകൾ അദ്ദേഹം ബ്രിട്ടീഷ് പാർലമെന്റിന് അയച്ചുകൊടുക്കുകയാണ് ഉണ്ടായത്. എന്നാൽ അന്നത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറലായ കാനിങ്ങ് (Canning) സത്യസന്ധമായ റിപ്പൊർട്ടെന്നു പറഞ്ഞ്‌ സെയ്ദിന്റെ പുസ്തകത്തെ അംഗീകരിക്കുകയാണുണ്ടായത്. അത് സർ സെയ്ദിനെ സംബന്ധിച്ച് വലിയ നേട്ടമായിരുന്നു. ഈ റിപ്പോർട്ട് ഇന്ത്യയിൽ പ്രസിദ്ധീകരിക്കില്ലെന്നുള്ള ഉറപ്പിൽ മറ്റുള്ള ബ്രിട്ടീഷ് പ്രഭുക്കളും സർ സെയ്ദിനെതിരെ പ്രശ്നങ്ങൾ സൃഷ്ടിക്കാതെ ശാന്തരായി.

1875 മെയ്മാസം ഇരുപത്തിനാലാംതിയതി സർ സെയ്ദ് അഹമ്മദ് ഖാൻ അലിഗഢിൽ മുഹമ്മദൻ ആംഗ്ലോ ഒറിയന്റൽ കോളേജിന് അടിസ്ഥാനം ഇട്ടു. ഇതിന്റെ പ്രവർത്തനം തുടങ്ങിയത് ഇംഗ്ലണ്ടിലുള്ള കേംബ്രിഡ്ജ് സർവകലാശാല മാതൃകയിലായിരുന്നു. ആഗോളതലങ്ങളിലെ നാനാഭാഗത്തുള്ള വിദ്യാർഥികൾ ഇവിടെ പഠിക്കുന്നത് സ്വയം അഭിമാനമായി കരുതുന്നു. ആരംഭത്തിൽ പാശ്ചാത്യ വിദ്യാഭ്യാസത്തിനും ശാസ്ത്ര വിഷയങ്ങൾക്കുമായിരുന്നു എം.എ.ഓ. കോളേജ് പ്രാധാന്യം നല്കിയിരുന്നത്. പൌരസ്ത്യ വിഷയങ്ങളിലും സാമൂഹികവും മതപരവുമായ വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രികരിച്ചിരുന്നു. ആദ്യത്തെ ചാൻസലർ സുൽത്താൻ ജഹാൻ ബീഗം എന്ന കുലീന വനിതയായിരുന്നു. പ്രമുഖരായ ബ്രിട്ടീഷ് പ്രൊഫസർമാരും ആദ്യകാലങ്ങളിൽ ഇവിടെ പഠിപ്പിച്ചിരുന്നു.  കോളേജിന്റെ ആദ്യത്തെ പ്രിൻസിപ്പാൾ സർ സയ്ദിന്റെ ക്ഷണപ്രകാരം വന്ന ബ്രിട്ടീഷ് പ്രൊഫസറായ 'മിസ്റ്റർ തീയോഡർ ബക്ക്' ആയിരുന്നു. കോളേജ് ആദ്യം കൽക്കട്ടാ യൂണിവേഴ്സിറ്റിയുടെയും പിന്നീട് 1885 ൽ അലഹാബാദ് യൂണിവേഴ്സിറ്റിയുടെയും അംഗീകാരത്തോടെ പ്രവർത്തിച്ചു. സർ സെയ്ദിന്റെ മരണത്തിന് 22 വർഷങ്ങൾക്കുശേഷം 1920 ൽ കോളേജിനെ 'അലിഗഢ്  മുസ്ലിം യൂണിവേഴ്സിറ്റി'യെന്ന പദവിയിലേക്ക് ഉയർത്തി.

അലിഗഢ്  മുസ്ലിം യൂണിവേഴ്സിറ്റി ഇന്ത്യൻ സംസ്ക്കാരത്തിന്റെ പ്രതീകമാണ്. ചരിത്രം ഇവിടെ ഉറങ്ങുന്നു. ഈ സരസ്വതി ക്ഷേത്രം നിരവധി പ്രതിഭകളുടെ ഉറവിടമാണ്. മഹാത്മാഗാന്ധിമുതൽ അനേക മഹാത്മാക്കളുടെ കാൽപാദങ്ങൾ പതിഞ്ഞ പുണ്യഭൂമിയാണവിടം. മഹാനായ സർ സെയ്ദ് കുട്ടികളോടായി പറഞ്ഞത് "പ്രിയ കുഞ്ഞുങ്ങളേ, ഒരിക്കൽ നിങ്ങൾ വളർന്നു കഴിയുമ്പോൾ ഔന്ന്യത്യത്തിന്റെ കൊടുമുടിയിൽ എത്താവുന്നടത്തോളം എത്തുമ്പോൾ ഒരു പക്ഷെ നിങ്ങൾ എന്നെ മറക്കുമായിരിക്കാം. കാലം എന്നെ വിസ്മൃതിയിലേക്ക് നയിച്ചേക്കാം.സാംസ്കാരിക ലോകത്തിലെ ഉയരങ്ങളിലേക്ക് കുതിക്കുന്ന യാത്രയിൽ നിങ്ങളുടെ സ്വപ്നങ്ങളെല്ലാം പൂവണയുമെന്ന് തീർച്ചയാണ്. പൂർവിക തലമുറകൾക്ക് എത്താൻ സാധിക്കാത്ത ദൂരത്തോളം പറന്നെത്തി നിങ്ങൾ ഉന്നതപദവികൾ ഒരിക്കൽ അഭിമാനത്തോടെ അലങ്കരിക്കും."

'ഇല്ല സാഹിബ്, മറക്കില്ല. യുവാവായിരുന്നപ്പോൾ ഞാനും ആ വിശ്വകലാലയത്തിലെ വിദ്യാർഥിയായിരുന്നു. അങ്ങയുടെ മഹത്തായ ജീവിതത്തിൽ  ആവേശഭരിതനായിരുന്നു. ഇന്ന് അങ്ങേയ്ക്കായി ഈ ലേഖനം ഞാൻ കാഴ്ച്ചവെയ്ക്കുകയാണ്.'

സർ സെയ്ദ് 1898 മാർച്ചുമാസം ഇരുപത്തിയേഴാതിയതി മരിക്കുംവരെ വിദ്യാഭ്യാസപ്രവർത്തകനായി, സാമുദായിക ഉന്നമനത്തിനായി പ്രവർത്തിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ മുസ്ലിം സമുദായത്തിന്റെ യാഥാസ്ഥിതികതയ്ക്ക് ഒരു വെല്ലുവിളിയായിരുന്നു. പാരമ്പര്യമായിട്ടുണ്ടായിരുന്ന പല തത്ത്വസംഹിതകളും പരിവർത്തനങ്ങളിൽക്കൂടി   കാലത്തിന് അനുയോജ്യങ്ങളായിത്തീരുകയും ചെയ്തു. ആധുനിക വിദ്യാഭ്യാസത്തിൽക്കൂടിയും ശാസ്ത്ര ഗവേഷണങ്ങളിൽക്കൂടിയും സാമൂഹികമായ ഉന്നതനിലവാരം ഭാരത മുസ്ലിമുകൾക്ക് കൈവരിക്കുവാനും സാധിച്ചു.  അലിഗഢ്  മുസ്ലിം യൂണിവേഴ്സിറ്റിക്യാമ്പസിൽ സർ സെയ്ദ് മസ്ജിദിന് സമീപമായി ഭാരതവിദ്യാധാരയിലെ ചിന്തകനും മുസ്ലിം സാമൂഹിക പരിഷ്കർത്താവും ഐതിഹാസിക വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്ന സർ സെയ്ദ് അഹമ്മദ് ഖാൻ എന്ന മഹാൻ അന്ത്യവിശ്രമം കൊള്ളുന്നു.

Tuesday, September 10, 2013

മിശ്രവിവാഹം, അനുകൂലവും പ്രതികൂലവും


മിശ്രവിവാഹത്തിന്റെ വിഷയങ്ങളിലേക്ക് കടക്കുമ്പോൾ ഒരുപക്ഷേ  നമ്മുടെ മനസ്സിലാദ്യം വരുന്നത് ഭാരതത്തിന്റെ ചരിത്രതാളുകളിൽ എഴുതപ്പെട്ട ഇന്ദിരയുടെയും ഫെറോസ് ഗാന്ധിയുടെയും പ്രേമകഥയും അതിനുശേഷം അവരുടെ കുടുംബം വേർപിരിഞ്ഞതുമായിരിക്കാം. കാശ്മീരി ബ്രാഹ്മണവംശത്തിൽ ജനിച്ച ഇന്ദിരയും പാർസി വിഭിന്ന മതക്കാരനായ ഫെറോസും തമ്മിലുള്ള ബന്ധത്തിൽ നെഹ്രു നിരാശനായിരുന്നു. കറുത്തവരായ തമിഴരും വെളുത്തവരായ കാശ്മീരികളും ഒന്നാണെന്ന് വാതോരാതെ നെഹ്രു പ്ലാറ്റ്ഫോറങ്ങളിൽ പ്രസംഗിച്ചു നടന്നിരുന്നുവെങ്കിലും സ്വന്തം മകളുടെ വിവാഹപ്രശ്നം വന്നപ്പോൾ അതുൾക്കൊള്ളാൻ അദ്ദേഹത്തിനന്ന് സാധിച്ചില്ല. ഒടുവിൽ മഹാത്മാഗാന്ധിയുടെ പ്രേരണമൂലമാണ് അവരുടെ വിവാഹം നടന്നത്. അക്കാലങ്ങളിൽ ഇന്ദിരാ-ഫെറോസ് മിശ്രവിവാഹം ഇന്ത്യയിലെ പ്രമുഖപത്രങ്ങളിലെ പ്രധാന വാർത്തയായിരുന്നു. രണ്ടു മക്കൾ ജനിച്ചുകഴിഞ്ഞ് ഇന്ദിരാ-ഫെറോസ് ഗാന്ധിയുടെ കുടുംബജീവിതം തകർന്നു. പരസ്പരം വേർപിരിഞ്ഞ് അവർ രണ്ടായി താമസിച്ചു. നെഹ്രുവും ഫെറോസും  തമ്മിലുള്ള അഭിപ്രായ വിത്യാസങ്ങൾ ഇവരുടെ കുടുംബജീവിതത്തെ താറുമാറാക്കിയെന്നും പറയുന്നു. ചരിത്രം ആവർത്തിച്ചുതന്നെ ഇന്ദിരയുടെ പ്രസിദ്ധനായ മകൻ രജീവ്‌ ഗാന്ധിയും ഇറ്റലിക്കാരിയായ സോണിയായെ വധുവാക്കി. ആ വിവാഹം  ഇന്ദിരയുടെ അംഗീകാരത്തോടെയായിരുന്നു.
 


സ്വന്തം സമൂഹത്തിൽനിന്നും വിവാഹിതരാകാതെ ജാതിയും മതവും സംസ്ക്കാരവും ഭാഷയും രാജ്യങ്ങളുടെ അതിരുകളും കടന്നുള്ള മിശ്രവിവാഹം ദാമ്പത്യജീവിതത്തിന് ഗുണപ്രദമോ? സർവ്വേ കണക്കിൻപ്രകാരം അമേരിക്കയിൽ എകദേശം 45 ശതമാനം ജനങ്ങളും മിശ്രവിവാഹിതരാണ്. ഒരേ മതവിശ്വാസം പുലർത്തുന്നവരെക്കാൾ മിശ്രവിവാഹതരിൽ കൂടുതൽ ദാമ്പത്യ പരാജയങ്ങളുള്ളതായി കാണുന്നു. മിശ്രവിവാഹത്തിൽക്കൂടി ദാമ്പത്യജീവിതം നയിക്കുന്നവരിൽ സ്ത്രീകളാണ് നിസഹായരായി ജീവിക്കുന്നത്. മനസാക്ഷിക്കെതിരെ പുരുഷന്റെ മതം അവൾ സ്വീകരിക്കണം. അല്ലെങ്കിൽ പുരുഷനവന്റെ  അധികാരമുപയോഗിച്ച് മതം മാറ്റിക്കും. പുരുഷന്റെ കുടുംബം അവളോട് മതം മാറാൻ നിർബന്ധിക്കും. പ്രത്യേകിച്ച് മതമൗലികവാദികളുടെ കുടുംബങ്ങളിൽ അകപ്പെട്ടാൽ അവളുടെ ജീവിതം നരകതുല്ല്യമായിരിക്കും. വിവാഹത്തിനുമുമ്പ് ഇത്തരം കാര്യങ്ങളിൽ പരസ്പരം ധാരണ നല്ലതാണ്. പക്ഷെ മിക്ക കേസുകളിലും പുരുഷൻ വാക്ക് മാറുന്നതായിട്ടാണ് കണ്ടുവരുന്നത്‌. 

ബ്രിട്ടനിൽ കുടിയേറിയ ട്രിനിഡാട് (Trinidad) രാജ്യക്കാരനായ ജായ്ക്ക് എന്ന കറുത്തവംശജന്റെയും ബ്രിട്ടനിൽ ജനിച്ചുവളർന്ന മേരിയന്ന വെളുത്ത വർഗക്കാരിയുടെയും ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഒരു ലേഖനം വായിച്ചു. അവരിരുവരും വ്യത്യസ്ത മതത്തിൽപ്പെട്ടവരായിരുന്നു. മതത്തേക്കാളുപരി അവർക്ക് സമൂഹം വിലക്കുകൽപ്പിച്ചത് നിറമായിരുന്നു. കറുത്ത വർഗക്കാരനും വെളുത്ത സ്ത്രീയുമായുള്ള സുദീർഘമായ 63 വർഷത്തെ ജീവിതം ഈ ദമ്പതികൾ വിവരിക്കുന്നുണ്ട്. 63 വർഷംമുമ്പ് അത്തരം ഒരു മിശ്രബന്ധം ചിന്തിക്കാൻ കഴിയാത്ത കാലത്ത് ബന്ധുജനങ്ങളുടെയോ സമൂഹത്തിന്റെയോ സഹകരണമില്ലാതെ അവരന്നു വിവാഹിതരായി. സ്കൂൾ ജീവിതത്തിൽ ഒന്നിച്ചു സ്നേഹിച്ച് പഠിച്ച മേരിക്ക് 19 വയസുള്ളപ്പോൾ ജായ്ക്കൊരുദിവസം  മേരിയെ വിവാഹം ചെയ്യണമെന്നാഗ്രഹം പ്രകടിപ്പിച്ചു. വർണ്ണവിവേചനം കൊടുമ്പിരികൊണ്ടിരുന്ന കാലഘട്ടവുമായിരുന്നു. മേരിയെ വീട്ടിൽനിന്ന് അപ്പനന്ന് പുറത്താക്കി. ഒരു ചെറിയ പെട്ടിയുമായി അന്നവർ പടിയിറങ്ങി. ക്രമേണ അവരുടെ ജീവിതം മെച്ചപ്പെട്ടു. മേരി റ്റീച്ചറായും ജായ്ക്ക് പോസ്റ്റോഫീസിലും ജോലിചെയ്തു. കഴിഞ്ഞ 63 വർഷം അവർ സ്നേഹിച്ചുതന്നെ ജീവിച്ചു. എന്നാൽ സമൂഹമെന്നും അവരെ ശല്ല്യം ചെയ്തുകൊണ്ടിരുന്നു. ജായ്ക്ക് കറുത്ത വർഗക്കാരനായതുകൊണ്ട് ജോലിസ്ഥലത്തെന്നും  അയാളെ ഒറ്റപ്പെടുത്തിയിരുന്നു. ജായ്ക്കിനെ വിവാഹം ചെയ്ത കാലംമുതൽ എന്നും അവരെ സമൂഹം പീഡിപ്പിക്കുമായിരുന്നുവെന്നും മേരി പറഞ്ഞു. ഒരിക്കൽ മേരി ബസിൽ യാത്രചെയ്യുമ്പോൾ ഒരാൾ കഴുത്തിൽ ചൊറിഞ്ഞുകൊണ്ട് കറുത്തവന്റെ ചെളി ദേഹത്തുമുഴുവനെന്നു പറഞ്ഞ് പരിഹസിച്ചു. ജായ്ക്കിനും തന്റെ ദാമ്പത്തിക കഥ പറയാനുണ്ട്. "മേരിയെ എനിക്ക് ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. നീണ്ട 63 വർഷങ്ങളിലെ ദാമ്പത്യജീവിതം ഞങ്ങൾ സ്നേഹിച്ചു ജീവിച്ചു. പക്ഷെ സമൂഹം ഞങ്ങളെ  അംഗീകരിക്കാത്തതിൽ ഞാനെന്നും ദു:ഖിതനായിരുന്നു. "ചെറുപ്പക്കാരായ കറുത്ത വർഗക്കാരോട് ഒരു സമൂഹത്തിന്റെ വിലയെന്തെന്നുള്ള തന്റെ ജീവിതാനുഭവം പങ്കുവെയ്ക്കാറുണ്ടെന്നും ജായ്ക്ക് പറഞ്ഞു. ഇന്ന് മേരിക്ക് 81 വയസും ജായ്ക്കിന് 86 വയസുമുണ്ട്.

ഇന്നത്തെ ആഗോള വ്യവസായയുഗത്തിൽ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും വിവിധ സംസ്ക്കാരങ്ങളിൽനിന്നും ജീവിതപങ്കാളിയെ  തെരഞ്ഞെടുക്കാൻ പ്രയാസമില്ല. സൈബർലോകവും മീഡിയാകളുമതിന് സഹായകമാണ്. സ്വന്തം മതത്തിനും സംസ്ക്കാരത്തിനും ഭാഷക്കും രാജ്യങ്ങളുടെ അതിരുകൾക്കുമതീതമായി  യുവതലമുറകൾ  കമിതാക്കളാകാറുണ്ട്. അങ്ങനെ ജീവിതപങ്കാളിയെ കണ്ടെത്താറുണ്ട്. അമേരിക്കയിലെയും പാശ്ചാത്യനാടുകളിലെയും  ഇന്ത്യൻസമൂഹത്തെ സംബന്ധിച്ച് അവലോകനം ചെയ്യുകയാണെങ്കിൽ ആഗോളപരമായ മിശ്രമത, മിശ്രഭാഷ, മിശ്രസാംസ്ക്കാരിക തലങ്ങളിലുള്ള പുതിയൊരു തലമുറ ഇവിടെ ഉദയം ചെയ്തെന്നു  പറയാം. 

മിശ്രവിവാഹിതരാകുന്നവർ വിവാഹത്തിനുമുമ്പുതന്നെ ഇരുകൂട്ടരുടെയും കുടുംബങ്ങളുടെ മാനസികാവസ്ഥയെപ്പറ്റി മുൻകൂട്ടി മനസിലാക്കുന്നത് നന്നായിരിക്കും. വിവാഹത്തിനുശേഷം പലപ്പോഴും പ്രശ്നങ്ങളുണ്ടാകുന്നത്‌ വരന്റെ അല്ലെങ്കിൽ വധുവിന്റെ കുടുംബക്കാർ തമ്മിൽ ചില മാമൂലുകളിലുള്ള കടുംപിടുത്തത്തിനായിരിക്കും. മതസാംസ്ക്കാരിക തലങ്ങളിലും ചില വിചിത്രാചാരങ്ങളുടെ പേരിലും അരക്കിട്ടിറപ്പിച്ചിരിക്കുന്ന കുടുംബങ്ങളുടെ പശ്ചാത്തലമാണ് പലപ്പോഴും നീരസത്തിന് കാരണമാകുന്നതും കലഹത്തിലേക്ക്‌ നയിക്കുന്നതും. അമ്പലത്തിൽ കൊണ്ടുപോയി ജനിച്ചകുട്ടിയുടെ തല മുണ്ഡനം ചെയ്യണമെന്ന് ഹിന്ദുവായ ഭർത്താവ് പറയുമ്പോൾ കുട്ടിയുടെ തലയിൽ ഹാന്നാൻ വെള്ളം തളിച്ച് മാമ്മോദീസാ മുക്കണമെന്ന് ക്രിസ്ത്യാനിയായ ഭാര്യ പറയും. വിവാഹത്തിനുമുമ്പ് ഇത്തരം കാര്യങ്ങളിൽ ഗഹനമായ ചർച്ചകളിൽ തീരുമാനിച്ചിരുന്നെങ്കിലും വിവാഹശേഷം സർവ്വതും മറന്ന് ഭർത്താവിന്റെ തന്നിഷ്ടമാണ് പിന്നീട് നടപ്പിലാക്കുന്നത്. 

ഒരു വിവാഹമെന്നുള്ളത് രണ്ടു  കുടുംബങ്ങൾ തമ്മിലുള്ള ആത്മബന്ധം സ്ഥാപിക്കൽകൂടിയാണ്. ഇരുവിഭാഗങ്ങളും തമ്മിൽ പരസ്പരധാരണ ആവശ്യമാണ്. പൊതുചടങ്ങുകളിൽവെച്ച് മതത്തിന്റെ പേരിൽ അല്ലെങ്കിൽ മറ്റുള്ള തെറ്റിദ്ധാരണകളുടെ പേരിൽ അഭിപ്രായവിത്യാസങ്ങളും ചിലപ്പോൾ വഴക്കിലും അവസാനിക്കും. ഭാഷകളിൽ ഉണ്ടാകുന്ന വൈകല്യങ്ങളും ചില പ്രാദേശിക പ്രയോഗങ്ങളും മതി വഴക്കിന് കാരണമാകാൻ.  വടക്കേയിന്ത്യയിൽ പഠിച്ചിരുന്ന കാലത്തെ  എന്റെയൊരു   അനുഭവകഥയുമോർക്കുന്നു. ഒരിയ്ക്കലൊരു  വടക്കൻ കൂട്ടുകാരനെ 'അളിയാ' എന്ന് സ്നേഹംകൊണ്ട് വിളിച്ചതിൽ അർത്ഥം മനസിലാക്കിയ അയാൾ പിന്നെടെന്നും എന്റെ വിരോധിയായിരുന്നു. 'ഞങ്ങൾ സുഹൃത്തുക്കൾ പരസപരം സ്നേഹംകൊണ്ട് വിളിക്കുന്ന വാക്കാണെന്നു  പറഞ്ഞിട്ടും' അയാൾക്കത് അന്ന് ഉൾക്കൊള്ളാൻ  സാധിച്ചിരുന്നില്ല.

വിവാഹിതരാകുന്ന പങ്കാളികൾ പരസ്പരം മതവിശ്വാസത്തിൽ സഹിഷ്ണതയുള്ളവരായിരിക്കണം. മതത്തിനുപരിയായി ചിന്തിക്കുന്നുവെന്ന് പുറമേ പറയുമെങ്കിലും എല്ലാവരുടെയും ഉള്ളിന്റെയുള്ളിൽ മതമുണ്ട്‌. അത് ചിലപ്പോൾ പുറത്തുവന്ന് പൊട്ടിത്തെറികളും ഉണ്ടാകാറുണ്ട്. ഒരു വെന്തിക്കോസുകാരൻ പാസ്റ്റർ ഭർത്താവാണെങ്കിൽ അയാൾ പോകുന്ന സ്ഥലങ്ങളിൽ ബൈബിളും കൈകളിൽ പിടിച്ചുകൊണ്ട് നടക്കണം. അവളുടെ ആഴമായ വിശ്വാസത്തെയും യേശുവിന്റെ അമ്മയേയും പരിഹസിക്കുന്നത് സഹിക്കണം. അയാൾ ഉയർത്തിപ്പിടിച്ചിരിക്കുന്ന ബൈബിളിനെ ഒരു ബിംബവുമാക്കണം. ഭർത്താവ് ഹിന്ദുവാണെങ്കിൽ ചെറുപ്പംമുതൽ മനസ്സിൽ പേടിയുണ്ടായിരുന്ന ബിംബങ്ങളുടെമുമ്പിൽ നിത്യവും ദീപം പ്രകാശിപ്പിക്കണം. പുരോഹിതരും ചുറ്റുമുള്ളവരും മനസ്സില് കയറ്റിയ ഭയത്തോടെ അന്നുമുതൽ അവളും ബിംബാരാധാനയുടെ ഭാഗം ആകണം.  പാരമ്പര്യ കത്തോലിക്കാ കുടുംബത്തിൽ പിറന്ന ഒരു പെണ്ണിന് പല ആചാരാനുഷ്ഠാനങ്ങളും സ്വീകാര്യമാവണമെന്നില്ല. ബിംബങ്ങളുടെ  മുമ്പിൽ ദീപവും കത്തിച്ച് നില്ക്കണമെന്ന് പറയുമ്പോൾ ക്രിസ്ത്യാനിയായി വളർന്ന പെണ്‍കുട്ടിയെ വേദനിപ്പിക്കും. ബിംബങ്ങൾ ദൈവത്തിന്റെ ശത്രുക്കളും ബീപത്സരൂപങ്ങളുമായിട്ടാണ് പുരോഹിതരും ചുറ്റുമുള്ള ജനവും അവളുടെ മനസ്സിൽ നിറച്ചിരിക്കുന്നത്.

മതത്തിനുപരി ചിന്തിക്കുവാൻ കഴിവുള്ളവർ ഇന്ന് സമൂഹത്തിൽ ഒരു ശതമാനംപോലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഒരു ക്രിസ്ത്യാനിയായ പെണ്‍കുട്ടി വിവാഹശേഷം അവളുടെ ജീവിതം തുടരേണ്ടത് പുരുഷന്റെ മസ്ക്കുലിൻ ശക്തിയുടെ കീഴിലായിരിക്കും. പുരുഷന്റെ മതമനുസരിച്ച് അവൾക്ക് ജീവിക്കേണ്ടിവരും. കുഞ്ഞുനാളിലെ അപ്പനും അമ്മയും സഹോദരസഹോദരികളും സുഹൃത്തുക്കളും ഒന്നിച്ചാഘോഷിച്ചിരുന്ന ക്രിസ്തുമസും ഈസ്റ്ററും അവൾ പാടെ മറക്കേണ്ടിവരും. ഹിന്ദുവായ ഭർത്താവിനൊപ്പം അവളുടെ ആഘോഷങ്ങൾ പിന്നെ ഓണവും ശിവരാത്രിയും വിഷുവുമായി. മുസ്ലിമാണെങ്കിൽ ഈദും ബക്രീദുമാകും. പുരുഷന്റെ കടുംപിടുത്തത്തിൽ അവൾക്ക് ചിന്താസ്വാതന്ത്ര്യം അനുവദിച്ചെന്നിരിക്കില്ല.


പോർക്കും പശുവിറച്ചിയും തിന്നുജീവിച്ച ഒരു ക്രിസ്ത്യാനിപ്പെണ്ണ്‍ മുസ്ലീമാണ് ഭർത്താവെങ്കിൽ പോർക്കോ യാഥാസ്ഥിതികനായ ഹിന്ദുവാണ് ഭർത്താവെങ്കിൽ പശുവിറച്ചിയോ കറിവെച്ചാൽ കുടുംബജീവിതത്തിന്റെ താളപ്പിഴകൾ അവിടെ തുടങ്ങുകയായി. യാഥാസ്ഥികരായ പലരുടെയും മിശ്രവിവാഹത്തിൽക്കൂടിയുള്ള ജീവിതം താറുമാറാകുന്നത് മക്കൾ ഉണ്ടായശേഷമായിരിക്കും. മക്കളെ ഏത് പാരമ്പര്യത്തിൽ വളർത്തണമെന്നും വിവാദങ്ങൾ ആരംഭിക്കും. അക്കൂടെ അമ്പലത്തിൽ ചെന്ന് തലമുണ്ഡനം, സുന്നത്ത്, ഹാന്നാൻ വെള്ളം തലയിൽ ഒഴിക്കുക എന്നിവകളിൽ മുറുകെപ്പിടിക്കുന്നവർ എല്ലാ വിഭാഗങ്ങളിലുമുണ്ട്. ഏത് മതത്തിൽ വളർത്തണമെന്നുള്ളതും ഭാര്യാഭർത്താക്കന്മാർക്ക് ഒരു ധാരണയിലെത്താൻ  സാധിച്ചെന്നു  വരില്ല.     
ഉണ്ടാകുന്ന കുഞ്ഞുങ്ങളെ ഏതു മതത്തിൽ വളർത്തണമെന്ന് ധാരണയുണ്ടായാലും പ്രശ്നങ്ങൾ അവിടെ തീരുകയില്ല. കുഞ്ഞിന്റെ വല്ല്യപ്പൻ വല്യമ്മമാർ പിന്നീട് കടുംപിടുത്തവും തുടങ്ങും. ഇതിനിടയിൽ തീരുമാനങ്ങളെടുക്കാൻ കഴിയാതെ വിഷമിക്കുന്നത് മിശ്രവിവാഹജീവിതം നയിക്കുന്ന ദമ്പതികളായിരിക്കും. ഇങ്ങനെയുള്ള സാമൂഹിക വിവാദങ്ങളിൽ ദമ്പതികൾക്ക് നല്ല ക്ഷമയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവുമാവശ്യമാണ്.  


മിശ്രവിവാഹത്തിൽ ദോഷവശങ്ങൾ വിശകലനം ചെയ്തെങ്കിലും നന്മയുടെ വശങ്ങളുമുണ്ട്. വ്യത്യസ്ത സംസ്ക്കാരത്തിൽനിന്ന് ജനിക്കുന്ന കുഞ്ഞുങ്ങൾ ബൌദ്ധികതലങ്ങളിൽ വളരെയധികം മുമ്പിലായിരിക്കും. രണ്ടു  മതസമൂഹങ്ങൾ തമ്മിലുള്ള വിവാഹത്തിൽ പരസ്പര ധാരണയോടെ ജീവിച്ചാൽ മതസഹിഷ്ണതയുള്ള ഒരു തലമുറയെ വാർത്തെടുക്കാം. വ്യത്യസ്തങ്ങളായ  മതങ്ങളുടെ സംസ്കാരവും ഉൾക്കൊള്ളാൻ സാധിക്കുന്നു. വിവാഹം, ഭാഷകൾക്കപ്പുറമെങ്കിൽ വളരുന്ന കുഞ്ഞുങ്ങള്ക്ക് കൂടുതൽ ഭാഷകൾ വശമാക്കാനുള്ള  അവസരവും ലഭിക്കുന്നു. രാജ്യങ്ങളുടെയും  അതിരുകൾക്കപ്പുറമുള്ള വിവാഹമെങ്കിൽ അന്തർദേശീയ സംസ്ക്കാരമുള്ള ഒരുൾക്കാഴ്ച്ച   കുടുംബത്തിനു  ലഭിക്കും. ചിലർ വെളുപ്പുനിറം സൗന്ദര്യമായി കാണുന്നു. അത്തരക്കാർക്ക് അവരുടെ ഭാവനയനുസരിച്ച്‌ സൗന്ദര്യമുള്ള കുഞ്ഞുങ്ങളെയും ലഭിക്കാം. ആധുനികകാലത്ത് മിശ്രവിവാഹം വളരെയേറെ ജനപ്രീതിയാർജിച്ച് വരുകയാണ്. സൈബർലോകത്തിന്റെ വളർച്ചയോടെ സമൂഹത്തിന്റെ ചിന്താഗതി യുവതലമുറകൾ ചിന്തിക്കാറില്ല. മിശ്രവിവാഹത്തോടെ ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയാക്കുകയാണ്. സ്വന്തം സമൂഹത്തിന്റെ ദുഷിച്ച ചിന്താഗതികളെ തുലനം ചെയ്യുവാനും അവസരങ്ങൾ കിട്ടും. മറ്റുമതത്തിലോ സംസ്ക്കാരത്തിലോ ജീവിച്ചിരുന്ന ജീവിതപങ്കാളിയുമായി ജീവിക്കുന്നതുമൂലം പ്രായോഗിക ജീവിതത്തിലും പുതിയ ഒരു പരിജ്ഞാനം നേടുകയാണ്‌. വിവിധ ഭാഷകളും സംസ്ക്കാരങ്ങളും ഒത്തുചേർന്ന കുടുംബത്തിന് ലോകത്തെവിടെയും യാത്രചെയ്യുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുകയില്ല. ജീവിതത്തിലെ ഏതു വെല്ലുവിളികളെയും അഭിമുഖീകരിക്കാനും  സാധിക്കും.



മിശ്രവിവാഹത്തിൽക്കൂടി ഒരു പുതിയ തലമുറയുടെ തുടക്കം  കുറിക്കുകയാണ്. ജനിക്കുന്ന കുഞ്ഞുങ്ങളും മിശ്രമത മിശ്രസാമൂഹിക സംസ്ക്കാരത്തോടെ വളരും. സങ്കുചിത ലോകത്തിൽനിന്ന് തുറന്ന ഹൃദയത്തോടെയുള്ള ഒരു ലോകത്ത് അവർക്ക് ജീവിക്കാൻ സാധിക്കും. ചുരുക്കത്തിൽ    എല്ലാതരത്തിലുമുള്ള വിവാഹവും   ലോകത്തുണ്ട്. ശരിയായ തീരുമാനത്തോടെ ഒരാളിന്റെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുകയെന്നതാണ് പ്രധാനമായും ചിന്തിക്കേണ്ടത്. ലോകത്തുള്ള എല്ലാ സമൂഹവും ഇന്ന് മിശ്രവിവാഹങ്ങൾക്ക്  പ്രോത്സാഹനങ്ങളും നൽകിവരുന്നു.  ഗുണദോഷവശങ്ങൾ   മിശ്രവിവാഹത്തിലുണ്ടെങ്കിലും വിവാഹിതരാവുന്നവരുടെ ശരിയായ തീരുമാനമാണ്   ജീവിതവിജയം നേടാൻ  കാലത്തിനാവശ്യമായുള്ളത്. 

Love against the odds: Mary's father threw her out when she decided to marry Jake in 1948






Sunday, September 8, 2013

അദ്വൈതവും 'ഞാൻ' ദൈവവും'


അദ്വൈതമെന്നാൽ ഏകത,  ഒരേ ശക്തികിരണമായ അവിടെ രണ്ടില്ല. ഇക്കാണുന്ന പ്രപഞ്ചവും പ്രപഞ്ചത്തിലെ പരമാണുവും  ഒരേ സത്ത.   സകല ശക്തിഗുണങ്ങളുടെയും ഉറവിടം ഒന്നിൽനിന്നുമാത്രം ബന്ധിപ്പിച്ചിരിക്കുന്നു. എല്ലാ ഭൌതിക സൃഷ്ടികളുടെ അടിസ്ഥാന കാരണവും അദ്വൈതത്തിൽ തന്നെ. സൃഷ്ടികളെല്ലാം ബന്ധിച്ചിരിക്കുന്നത്‌ ഏകതയിൽ നിന്നെങ്കിലും സൃഷ്ടിയിലെ വസ്തുതകളെല്ലാം വ്യത്യസ്തങ്ങളായി അനുഭവപ്പെടും. ദുർബലമായ മനുഷ്യമനസുകളുടെ ചിന്തകൾക്കതീതമാണ് അദ്വൈതം അഥവാ ഏകതായെന്ന തത്ത്വസംഹിത.

 
നമ്മുടെ തന്നെ കൈകളിലേക്ക് ഒരു നിമിഷം നോക്കൂ. വിസ്മയങ്ങളായ ആയിരമായിരം പ്രതിഭാസങ്ങൾ ആ കൈവിരലുകളിൽ ഉണ്ട്. ഓരോ വിരലുകളും പരസ്പര വിരുദ്ധങ്ങളായി കാണുന്നില്ലേ? എന്നാൽ അതെല്ലാം വ്യത്യസ്തങ്ങളോ? ഒരേ കൈകളിൽനിന്ന് വ്യത്യസ്തങ്ങളായ അഞ്ചുവിരലുകൾ പരസ്പരം ബന്ധിച്ചിരിക്കുന്നു. അതുതന്നെയാണ് അദ്വൈതത്തിന്റെ തത്ത്വവും. ഇക്കാണുന്ന പ്രപഞ്ചവും ലോകവും ജനവും പക്ഷിമൃഗാദികളും കാഴ്ചയിൽ തീർച്ചയായും വ്യത്യസ്തങ്ങളാണ്. എന്നാൽ അദ്വൈതമായ ഏകതയിൽ സർവതും കൈകളിലെ കൈവിരലുകൾപോലെ  പരസ്പരം ബന്ധിച്ചിരിക്കുന്നു.  ഒന്നായ പ്രപഞ്ചശക്തിയുടെ ബന്ധിപ്പിച്ചിരിക്കുന്ന വ്യത്യസ്തകളാണ് ഏകതയാകുന്ന അദ്വൈതം.

 

കൈപ്പത്തിക്കുള്ളിലെ വിരലുകൾ  ഒരു നിമിഷംകൂടി ശ്രദ്ധിക്കൂ. ഒരേ സത്ത, ഒരേ ആറ്റം.  മനുഷ്യ ശരീരത്തിലെ സെല്ലുകളും നാഡി വ്യൂഹങ്ങളും കാഴ്ചയും കേൾവിയുമെല്ലാം ഏകമായ ഒരേ മനുഷ്യശരീരത്തിന്റെ പ്രവർത്തനങ്ങളാണ്. നാം എല്ലാം കോടാനുകോടി ഗുണവിശേഷങ്ങളോടെ അദ്വൈതമായ  പ്രപഞ്ചത്തിന്റെ ഭാഗമാണ്. പ്രപഞ്ചത്തിലെ ഓരോ പരമാണുവും അദ്വൈത തത്ത്വത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ട്.

 

'ഞാൻദൈവംഎന്നത് അദ്വൈതത്തിലെ  തത്ത്വജ്ഞാനിയുടെ ജ്ഞാനത്തിൽനിന്നും വരുന്ന ചിന്തകളാണ്. യേശുവും പറഞ്ഞത് ഗഹനമായി ചിന്തിച്ചാൽ ഞാൻദൈവത്തെപ്പറ്റി തന്നെയാണ്.ഞാൻഒന്നേയുള്ളൂ അത് ഞാൻമാത്രം. യേശുവും ദൈവവും നിത്യതയും പരമാത്മാവും അനന്തതയുംഞാൻതന്നെയാണ്. യേശു 'ആത്മ'ത്തെ കണ്ടെത്തി സ്വയം ദൈവമെന്ന് പറഞ്ഞു. അതിനർത്ഥം ഒരോ പരമാണുവും ഭൂമിയും പ്രപഞ്ചവും ഞാനും ഒന്നായ സത്യമെന്ന അദ്വൈതമാണ്. 'ഞാൻ' മനസോ ശരീരമോ അല്ല.  മനസും ശരീരവും പദാർഥങ്ങളാണ്. 'ഞാൻ' ആരെന്നാൽ അഹം തത്ത്വം. ഒരു വസ്തുവിന്റെയും ഭാഗമല്ല.  മനസോ, ശരീരമോ എന്നിലുള്ളതല്ല. 'ഞാൻ' പരിശുദ്ധമായ 'ആത്മം' മാത്രം. ആത്മം തന്നെയാണ് ദൈവവും പരമാത്മാവിന്റെ സ്ഫുരണവും. ജീവനിലെ ഗുണമഹിമകൾ പദാർഥങ്ങളിൽ മാത്രമുള്ളതാണ്. ദൃശ്യങ്ങളായ വസ്തുതകളും അദൃശ്യങ്ങളായ ഗുണങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കണ്ണുള്ളവർ കാണുന്നതും ചെവിയുള്ളവർ കേൾക്കുന്നതും മനസിലെ പ്രവർത്തനങ്ങളും ചിന്തിക്കുന്നതും രുചിക്കുന്നതും നീതികരിക്കുന്നതുമെല്ലാം അഹംബോധവും ശരീരവുമാണ്. എന്നാൽ 'ഞാൻ' ഇതൊന്നുമല്ല. ഇക്കാണുന്ന ഗുണങ്ങളിൽനിന്നും 'ഞാൻ' സ്വതന്ത്രനാണ്. ഗുണങ്ങളിൽ മാറ്റംവരാം. എന്നാൽ 'ഞാൻ' സമയപരിധിയിലോ ശൂന്യമായ ആകാശത്തിലൊ ഭൂമിയിലെ ഇടങ്ങളിലോ ഇല്ല. എന്നും മാറ്റമില്ലാത്തവനാണ്. പ്രപഞ്ചത്തിലെ അതിരുകൾക്ക് അധീനനല്ല. അനാദികാലം മുതൽ 'ഞാൻ' ഉണ്ടായിരുന്നു. 'ഞാൻ' നിത്യതയാകുന്നു. അനന്തമാകുന്നു. തിരമാലകൾ ഉയർന്നാലും താന്നാലും സമുദ്രം കണക്കേ ഞാൻമാറ്റത്തിനടിമയല്ല. 'ഞാൻ' എന്ന സത്ത  സമുദ്രത്തിലെ തുള്ളിയോ തുള്ളികളായ സമുദ്രമോ ആകാം. 'ഞാൻ' എന്നും ആകാരരൂപമല്ലാത്ത പ്രപഞ്ചരൂപങ്ങൾക്ക്‌ അതീതമാണ്.

'ഞാൻ' പിന്നെ ആര്? സ്ഥായിയും പ്രകൃതിയുടെ പരിശുദ്ധിയുമാണ്. അവബോധമനത്തിന്റെ ഉള്ളറയിൽ അജ്ഞാതനായിരിക്കുന്ന മായയായ ആത്മമാണ്. വിശുദ്ധിയുടെ അന്ത:കരണപ്രകാശവും സ്വയം പ്രകാശിക്കുന്നവനും ഞാനാകുന്ന അനന്തതയും ഒന്നേയൊന്നുമാത്രം. അത് രണ്ടല്ല. ഞാനല്ലാതെ മറ്റൊന്നില്ല. 'ഞാൻ' ഗുണങ്ങളോ, സപ്തരാഗങ്ങളോ ശബ്ദങ്ങളൊ നിറങ്ങളോ മണമോ രൂപമോ രൂപഭംഗിയോ ഇല്ലാത്തവനാണ്.  അവബോധമനസിലെ രൂപമില്ലാത്ത അനന്തമാണ്. എന്നെച്ചുറ്റിയുള്ള വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളുമെല്ലാം ക്ഷണികങ്ങളും നിമിഷങ്ങൾക്കുള്ളിൽ ചാമ്പലാകുന്നതുമാണ്. ഞാനാണ് പ്രകാശം; ലോകം അത് സാക്ഷിപ്പെടുത്തുന്നു.  അതെ, ചുറ്റുമുള്ള നീയും ലോകവും പ്രകാശത്തിന്റെ സാക്ഷിമാത്രം.

 
ഒരുവൻ സ്വപ്നത്തിൽ  സ്വപ്നങ്ങൾകൊണ്ട് നൂലാമാലകൾ കോർത്തിണക്കുന്നു. അതെല്ലാം വെറും സ്വപ്നങ്ങളായിരുന്നുവെന്നും അവൻ മനസിലാക്കുന്നു. ഞാൻ ഈ ലോകത്തെ സൃഷ്ടിച്ചു. അതിലൊരു ജീവനായി ഈ ലോകത്തെത്തി. വാസ്തവികമായ സത്യത്തിൽ ഞാൻഉൾബോധത്തിനുള്ളിലെ 'ആത്മം' മാത്രം.  സ്വപ്നത്തിൽ ഒരുവൻ നൂറായിരം വസ്തുക്കൾ സൃഷ്ടിക്കുന്നതുപോലെ ഇക്കാണുന്ന സ്വപ്നമല്ലാത്ത ലോകത്തിന്റെ ഭൌതികവസ്തുക്കളും അതിന്റെ സൃഷ്ടിയും ഞാനാകുന്നു. പരിശുദ്ധിയുടെ ആത്മമായി 'ഞാൻ' ആകുന്നുവെങ്കിൽ 'ബ്രഹ്മനും' ഞാൻ' തന്നെയാകുന്നു. എനിക്കുചുറ്റുമുള്ള ലോകവും പ്രപഞ്ചവും സൃഷ്ടിയും ഞാൻ തിരിച്ചറിയുന്നുവെങ്കിൽ 'ഞാൻതന്നെയാകുന്നു ഈശ്വരനും. എന്റേതായ മനസിന്റെ വൈകല്യങ്ങൾ ഞാൻ മനസിലാക്കുന്നെങ്കിൽ 'ഞാനാകുന്നു' ജീവൻ. അതുതന്നെയാണ്, യേശു പറഞ്ഞതും. ഞാൻ ജീവനും വഴിയും പ്രകാശിക്കുന്നവനും സത്യവുമാകുന്നു. പ്രകാശവും പ്രതിഫലനവും പ്രതിഫലിക്കുന്ന ജീവനും ഈശ്വരനും ഒന്നേയൊന്നുള്ളൂ. അത് 'ഞാൻ' മാത്രം.



ഞാൻആകുന്നു സത്-ചിത്-ആനന്ദ (sat-chit-aananda). ഒരോ ജീവനിലും 'ആത്മൻ' നിലകൊള്ളുന്നതുപോലെ ഒപ്പം ആനന്ദവും അവനിൽ കുടികൊള്ളുന്നു. എങ്ങനെ? അവൻ അവന്റെതല്ലാത്ത ഭൂമിയിലെ സർവതും ത്യജിക്കണം. എന്നിട്ട് 'ഞാൻ' എന്ന സത്യത്തിൽ വരണം. എങ്കിൽ ഒളിഞ്ഞിരിക്കുന്ന സത്യവും ആനന്ദവും അവനിൽ ദൃശ്യമാകും. ഒരുവൻ ഉപാധികളില്ലാതെ ആനന്ദലഹരിയിൽ ലയിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ മറ്റൊരുവന് അവനെ തടയാൻ കഴിയില്ല. അവനിലെ പരമമായ ആനന്ദത്തെ കെടുത്താൻ സാധിക്കില്ല. അങ്ങനെ 'ആനന്ദം' ജീവന്റെ സ്വതന്ത്രമായ അവകാശമാണ്. ഞാൻഎന്ന പരമമായ സത്യത്തിൽ അലിഞ്ഞിരിക്കുന്നതാണ് ആ 'ആനന്ദം'. നീ അത് തിരിച്ചറിയുന്നില്ലെങ്കിൽ അത് നിനക്കുള്ളതല്ല. 'ഞാൻ' അങ്ങനെ നിത്യതയുടെ പരമമായ അവബോധം മാത്രമല്ല പരിശുദ്ധിയുടെ ആനന്ദമാണ്. 'ഞാനാണ്' ഇക്കാണുന്ന സർവതിലും അസ്ഥിത്വം പ്രദാനം ചെയ്യുന്നവൻ.  ജീവനിലും ജീവനില്ലാത്തതിലും പ്രപഞ്ചമൊന്നാകെയും ഉപബോധഉൾക്കടലിലും ആനന്ദമെന്നത്,'സത്-ചിത്-ആനന്ദ' അത് 'ഞാൻ' ആകുന്നു. ആ 'ഞാൻ' 'ആത്മം' വിശപ്പും ദാഹവും ഗുണങ്ങളും രൂപങ്ങളും മഹിമകളുമില്ലാത്ത അനന്തമാകുന്നു.  

ആത്മത്തെ കണ്ടെത്തുന്ന തീർത്ഥയാത്രികൻ പറയും, ദൈവമേ നീയാണ്‌ സത്‌-ചിത്‌-ആനന്ദം. നീയാണ്‌ ദ്രവ്യത്തിന്റെയും ഊര്‍ജ്ജത്തിന്റെയും 
 ശബ്ദതരംഗങ്ങളുടെയും നാഥൻ. നീയാണ്‌ എവിടെയും   അനന്തതയിലും  സ്ഥിതി ചെയ്തിരുന്ന എന്തിന്റെയും പ്രഭു. കണ്ടെത്തിയാലോ അവൻ 'ഞാനാ'കും, അനന്തവും!


'സത് ചിത് ആനന്ദ' എന്തെന്ന് ഒന്നുകൂടി വ്യക്തമാക്കട്ടെ. 'സത്' എന്നാൽ സത്യം. തെറ്റിനെയും, മായയേയും വഞ്ചനയെയും, പ്രലോഭനങ്ങളെയും നശിപ്പിക്കുന്ന ഒരു പ്രതിഭാസമാണ് സത്യം. അവാസ്തവികങ്ങളായവയെ വാസ്തവികങ്ങളിലേക്ക് നയിക്കുന്നു. അങ്ങനെ മറഞ്ഞുകിടക്കുന്ന മൂടുപടം മാറ്റി സത്യത്തിന്റെ ദീപം അവിടെ പ്രകാശിക്കുകയാണ്.


'ചിത്' എന്നു പറഞ്ഞാൽ 'അവബോധ മനസ്' 'ഉള്ളിന്റെ ഉള്ളിലുള്ള മനസാക്ഷി' എന്നൊക്കെ പറയാം. ഉറങ്ങികിടക്കുന്ന മനസാക്ഷിയിൽ മാലിന്യങ്ങൾ ഇല്ലാതാക്കി ഉണർവ്‌ വരുത്തണം. മനസിനുള്ളിൽ അലിഞ്ഞുചേർന്നതെല്ലാം ഉണർത്തുകയാണിവിടം. ‘ഉപബോധമനസ്’ നമ്മെത്തന്നെ പ്രകൃതിയുടെ സത്യമാക്കുകയാണ്. ജനിച്ചപ്പോൾ നമ്മിൽ പ്രകൃതിയുടെ സത്യം മാത്രമേയുണ്ടായിരുന്നുള്ളൂ. അവിടെയാണ് പുരോഹിതന്റെ 'ജന്മപാപം' എന്ന പരിശുദ്ധമായ നുണ സൃഷ്ടിച്ചത്.


'ആനന്ദം' എന്നാൽ സ്വർഗീയാനുഭൂതിയായ നിർവൃതിയെന്നർത്ഥം. സത്യമായ ഉപബോധമനസ്സിൽ പരിശുദ്ധിയുടെ ആനന്ദം കൈവരിക്കുന്നതുവരെ പുറകോട്ട് നോക്കരുത്. സത്യം നമ്മിൽ കുടികൊള്ളുന്നുവെങ്കിൽ അവിടം അറിയപ്പെടാത്ത ആത്മീയതയുടെ ഉൾകാഴ്ച നിറയുകയാണ്. 'ഓം തത് സത്' വാസ്തവികങ്ങളിലെ ആ സത്യം നമ്മൾ തന്നെയാണ്.


തത്ത്വചിന്തകൾ നാം പഠിക്കുന്നത് മനസിനെ ശാന്തമാക്കി സത്യത്തിലേക്ക് നയിക്കാനാണ്. മറ്റുള്ളവരുടെ മനസിനെ വേദനിപ്പിക്കാതെ മനസിനെ പരിശുദ്ധമാക്കുകയെന്നത് ഒരുവന്റെ കാതലായ തത്ത്വമെന്നും നാം മനസിലാക്കണം.

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...