By ജോസഫ് പടന്നമാക്കൽ
2014 മെയ്മാസത്തിൽ നടത്താൻ പോവുന്ന ഭാരതീയ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രാധാനമന്ത്രി സ്ഥാനാർത്ഥിയായി ശ്രീ നരേന്ദ്ര മോഡിയെയാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ശ്രീ മോഡി വലതുപക്ഷ ചിന്താഗതിയുള്ള ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖനായ നേതാവാണ്. എന്നും അദ്ദേഹം ഒരു വിവാദ നായകനായി അറിയപ്പെട്ടിരുന്നു. 2001 മുതൽ ഇന്ത്യയുടെ പടിഞ്ഞാറെത്തീരമായ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി നാലുപ്രാവിശ്യം അധികാരത്തിൽ വന്നു. എക്കാലവും വൈരുദ്ധ്യങ്ങളുടെയും വൈവിധ്യങ്ങളുടെയും മീതെ സഞ്ചരിച്ചിരുന്ന അദ്ദേഹം ഭാരതീയ ജനതാപാർട്ടിയുടെ മുതിർന്ന നേതാക്കളിൽ ഒരാളാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിന് നവചൈതന്യം പേറി പുത്തനായ നവീനാശയങ്ങളുമായി, ഭാരതത്തിന്റെ ഉന്നത പരമാധികാരത്തിനായി ജൈത്രയാത്ര ചെയ്യുന്ന ശ്രീ നരേന്ദ്ര മോഡി വിവാദങ്ങളിൽക്കൂടിയാണ് രാഷ്ട്രീയത്തിൽ സ്വയം സ്ഥാനമുറപ്പിച്ചത്. സ്വന്തം അണികളിൽനിന്നും എതിർവിഭാഗ രാഷ്ട്രീയമല്ലന്മാരിൽനിന്നും ഒരുപോലെ മല്ലടിച്ച് ഉയർന്നുവന്ന ഒരു നേതാവാണ് മോഡി. 1950 സെപ്റ്റംബർ 17 ന് ഗുജറാത്തിലെ വഡ്നാഗറിൽ ഒരു ചെറുകച്ചവടക്കാരന്റെ മകനായി ജനിച്ചു. അദ്ദേഹം ദാമോദരദാസ് മുല്ച്ചന്ദ് മോഡിയുടെയും ശ്രീമതി ഹീരാ ബെന്റെയും ആറു മക്കളിൽ മൂന്നാമനായിരുന്നു. സാധാരണക്കാരനിൽ സാധാരണക്കാരനായി എളിമയും വിനയവും ദൈവഭക്തിയുമുള്ള ഒരു കുടുംബത്തിൽ വളർന്നു. ജീവിക്കാൻവേണ്ടി കൌമാര പ്രായത്തിൽത്തന്നെ തൊഴിലുകളിൽ ഏർപ്പടേണ്ടി വന്നു. സ്വന്തം സഹോദരനുമായി സ്ഥലത്തുള്ള ഒരു ബസ്ടെർമിനലിൽ ഒരു ചായക്കട നടത്തി. വിദ്യാഭ്യാസവും സ്വന്തം ഗ്രാമത്തിലുള്ള സ്കൂളിലായിരുന്നു. പഠിക്കാൻ മിടുക്കനല്ലായിരുന്നു. ക്ലാസ് പരീക്ഷകളിൽ ഏറ്റവും മോശമായ ഗ്രേഡ്കളായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. എങ്കിലും ജനങ്ങളുടെ മനസിനെ പിടിച്ചുകുലുക്കാൻ കഴിവുള്ള ഒരു വാഗ്മിയായിരുന്നു. ഭാരതത്തിലെ സാംസ്ക്കാരിക ചിന്താധാരയിലെ വിവാദങ്ങളിൽ അസാമാന്യമായ പാടവം അദ്ദേഹമെന്നും പ്രകടിപ്പിച്ചിരുന്നു. പിന്നീട് ഗുജറാത്ത് സ്റ്റേറ്റ് ട്രാൻസ്പൊർട്ട് കാന്റീനിൽ ഒരു ജോലിക്കാരനായി. ആർ.എസ്.എസ് വക്താവാകുന്നവരെ അവിടെ ജോലി ചെയ്തു. നാഗ്പൂറിൽനിന്നും ആർ.എസ്. എസ് പരിശീലനവും നേടി. ആർ.എസ്.എസിന്റെ ഔദ്യോഗിക ഭാരവാഹിത്വം വഹിക്കുന്നതിന് ആ പരിശീലനം ആവശ്യമായിരുന്നു. ഇതിനിടെ കോളേജിൽ വിദ്യാഭാസവും നടത്തുന്നുണ്ടായിരുന്നു. അവിടെനിന്നും അഖിലഭാരത വിദ്യാർത്ഥി പരിഷത്തിന്റെ നേതാവായി.
എമർജൻസികാലത്ത് (Emergency) മോഡി ഒളിച്ചുനടന്നിരുന്ന ഒരു വിപ്ലവകാരിയായിരുന്നു. ഒളിത്താവളങ്ങളിൽനിന്ന് ലഘുലേഖകൾവഴി പ്രചരണങ്ങളും നടത്തിയിരുന്നു. ആ കാലയളവിൽ വസന്ത് ഗജേന്ദ്ര ഗാഡ്ക്കർ, നഥൻ ലാൽ ജഗതാ മുതലായ പ്രമുഖ നേതാക്കന്മാരെ പരിചയപ്പെട്ടു. ഒരുപക്ഷെ മോഡിയുടെ രാഷ്ട്രീയഭാവിക്ക് വഴിത്തിരിവായതും ഈ നേതാക്കന്മാരായിരിക്കാം. തന്റെ ആദർശങ്ങളിൽ വിശ്വസിച്ചുകൊണ്ട് രാവും പകലും വിത്യാസമില്ലാതെ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരുന്നു. വിശ്രമവേളകളിൽ പാർട്ടിയുടെ അടിസ്ഥാന തത്ത്വങ്ങളെ സംബന്ധിച്ച ലഘുലേഘകളും വിതരണം ചെയ്തുകൊണ്ടിരുന്നു. ഇതിനിടയിൽ ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽനിന്ന് രാഷ്ട്രീയ സാമൂഹ്യശാസ്ത്രത്തിൽ (Political Science) ബിരുദാനന്തരബിരൂദം നേടി. പിന്നീട് ബി.ജെ.പി. ജനറൽ സെക്രട്ടറിയെന്ന നിലയിൽ പ്രവർത്തനം ഡൽഹിയിലാക്കി. 1998ൽ മോഡി ബിജെപിയുടെ ദേശീയ സെക്രട്ടറിയുമായി. 2001 മുതൽ ഗുജറാത്ത് സംസ്ഥാനത്തിന്റെ വിശ്വവിഖ്യാതനായ മുഖ്യമന്ത്രിയുമായി സ്ഥാനമേറ്റു.
പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ പാർട്ടിസ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കുന്നതുവരെ നരേന്ദ്രമോഡിയെ പ്രതിയോഗികൾ കണ്ടിരുന്നത് ഒരു പിശാചിന് തുല്യമായിട്ടായിരുന്നു. ഗുജറാത്തിന്റെ പുരോഗതി അംഗീകരിക്കാൻ സാധിക്കാതെ, ഗുജറാത്തല്ല ഇന്ത്യായെന്നായി അവരുടെ മുദ്രാവാക്യം. ഹോളിവുഡിൽ വില്ലനായി അഭിനയിച്ചിരുന്ന റൊണാൾഡ് റീഗനെയും അമേരിക്കൻ ജനം ഒരിക്കൽ വില്ലനായി ചിത്രീകരിച്ചിരുന്നു. പില്ക്കാലത്ത് ലോകം അറിയപ്പെട്ട ഏറ്റവും പ്രഗത്ഭനായ പ്രസിഡന്റായി റേഗൻ ചരിത്രത്തിൽ സ്ഥാനം പിടിച്ചു. ഡൽഹി അശോകറോഡിലെ ഇടുങ്ങിയ ഒരു മുറിയിൽ താമസിച്ച മോഡിയാണ് പില്ക്കാലത്ത് ഗുജറാത്തിലെ മുഖ്യമന്ത്രി ബംഗ്ലാവിൽ ദീർഘകാലം താമസിച്ച് ഗുജറാത്ത് ജനതയുടെ പ്രിയപ്പെട്ടവനായത്.
സോണീയാ ഗാന്ധികുടുംബം പോലെ അദ്ദേഹത്തിന് ആഗോളബന്ധമില്ല. നെഹ്രു കുടുംബംപോലെ പാരമ്പര്യമായി പേരും പെരുമയും ആർജിച്ച കുടുംബവുമല്ല. ആനന്ദഭവൻപോലുള്ള സുഖസൌകര്യങ്ങൾ നിറഞ്ഞ മണിമന്ദിരങ്ങളിൽ വളർന്നില്ല. ഒരു പൈസാ പോലും പാർട്ടിഫണ്ടിൽനിന്നോ ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നോ സ്വന്തം പോക്കറ്റിൽ ഇട്ടിട്ടില്ല. മറ്റു പല ബി.ജെ.പി. നേതാക്കന്മാരെപ്പോലെ അദ്ദേഹത്തിന്റെ പേര് പ്രസിദ്ധരായവരുടെ പട്ടികയിലില്ല. ഒന്നാതരം ഹോട്ടലുകളിൽ പാർട്ടികൾ നടത്തി സ്വയം പുകഴ്ത്തി നടന്നിരുന്ന നേതാവായിരുന്നില്ല. ഊണും ഉറക്കവുമില്ലാതെ ജോലി ചെയ്യണമെന്ന ചിന്തകളുമായി മാത്രം നടക്കുന്ന ഒരു ജോലി ഭ്രാന്തനാണദ്ദേഹം. വർക്ക്ഹോളിക്ക് (Workaholic) എന്ന് ഇംഗ്ലീഷിൽ പറയും. നാല് മണിക്കൂറാണ് ദിവസത്തിൽ ഉറങ്ങുന്നത്. കഴിഞ്ഞ ആറുവർഷമായി തന്റെ ഓഫീസില്നിന്നും ഒരു ദിവസംപോലും അവധിയെടുത്തില്ലെന്ന സത്യവും വിസ്മയമായി തോന്നാം. പ്രമാണീ വർഗങ്ങളുമായി സമദൂരം പാലിച്ച് എന്നും സാധാരണക്കാരുമായി ഇടപെടാനാണ് അദ്ദേഹത്തിനിഷ്ടം. ഭരിക്കുകയെന്നത് തങ്ങളുടെ ജന്മാവകാശമെന്ന് ചിന്തിക്കുന്നവർ രാഷ്ട്രീയപാരമ്പര്യം ഇല്ലാതെ ജീവിച്ച ഇദ്ദേഹത്തെ എക്കാലവും പൊതുവേദികളിൽനിന്നും അകറ്റുവാൻ ശ്രമിച്ചിരുന്നു. എന്നും അപമര്യാദയായി അദ്ദേഹത്തെ കൂട്ടക്കൊലയാളി, വൈരൂപ്യനായ ഭാരതീയൻ, കാക്കക്കൂട്ടത്തിലെ പണ്ഡിതൻ എന്നൊക്കെ പ്രതിയോഗികൾ മുഖത്തുനോക്കി വിളിച്ചിരുന്നു. "തന്റെ മാന്യതയെ വീണ്ടെടുക്കൂ, എങ്കിൽ മറ്റൊരുതരത്തിൽ നോക്കി തനിക്ക് വില കൽപ്പിക്കാമെന്നും" ചിലർ അദ്ദേഹത്തോട് പറയുമായിരുന്നു.
അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജിതനായ ഗോൾഡ് വാട്ടറിന്റെ മുദ്രാവാക്യമാണ് ബി.ജെ.പി. പരസ്യങ്ങളിൽ ഉപയോഗിക്കുന്നത്. "നിങ്ങളുടെ ഹൃദയങ്ങളിൽ അദ്ദേഹം ശരിയെന്ന് നിങ്ങൾക്കറിയാം. നമ്മുടെ ഒരേ മനസും ഒരേ ചിന്താഗതിയുമുള്ള ഐക്യം ഒരേ സ്വരത്തിൽ ആഞ്ഞടിക്കട്ടെ." മോഡി പറയും, “നികുതി കൊടുക്കുന്നവന്റെ പണം പാഴാക്കി കളയുന്നതല്ല രാഷ്ട്രീയം. അനാവശ്യ പാഴ്ചെലവുകൾ ഇല്ലാതാക്കുമ്പോഴാണ് സാമ്പത്തിക ശാസ്ത്രത്തിന്റെ അവബോധമുളവാകുന്നത്. ഗുജറാത്തല്ല ഇന്ത്യയെന്ന് പ്രതീക്ഷകൾ ഇല്ലാത്തവർ പറയും. ഗുജറാത്ത് മോഡലും ഭാരത മോഡലും പരസ്പര വിരുദ്ധമല്ല. മോഡിയുടെ ഗുജറാത്തിൽ പുതിയ തന്ത്രങ്ങളിൽക്കൂടിയുള്ള സാമ്പത്തിക പരീക്ഷണങ്ങൾ അസൂയാവഹമായ നേട്ടങ്ങളാണ് കൈവരിച്ചത്.
കുപിതരായ ഗുജറാത്തി ജനങ്ങളുടെ വിശ്വാസം മോഡി എങ്ങനെ നേടിയെടുത്തു? എങ്ങനെ അവരുടെ നെഞ്ചിനെ അമ്പത്താറിഞ്ചാക്കികൊണ്ട് ഗുജറാത്തിലെ ജനങ്ങളുടെ ആരോഗ്യനിലവാരം കൂട്ടി? ഗുജറാത്ത് വോട്ടറും ഇന്ത്യൻ വോട്ടറുമായി യാതൊരു വിത്യാസവുമില്ലെന്ന് ബൌദ്ധിക ചിന്താലോകം വിശ്വസിക്കുന്നു. പ്രതീക്ഷകളോടെ സ്വപ്ന ഭാരതത്തിനായി നാളയുടെ പ്രധാനമന്ത്രിയെന്ന വെല്ലുവിളിയിൽ മോഡി മുന്നേറുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിയോഗികൾ ഗുജറാത്തിൽ മാത്രം എന്നേക്കും അദ്ദേഹത്തെ തളച്ചിടുവാനും ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഡിയെ തെരഞ്ഞെടുത്തെങ്കിലും അദ്ദേഹം അഭിമുഖികരിക്കുന്ന വലിയ പ്രശ്നം സ്വന്തം പാർട്ടിയിൽനിന്നുമുള്ള കടുത്ത വിമർശനങ്ങളാണ്. രാഷ്ട്രീയത്തിലെ മുതിർന്നവരുടെ അസൂയയും മക്കൾ രാഷ്ട്രീയം തുടരാൻ ആഗ്രഹിക്കുന്നവരുടെ തൊഴുത്തിൽകുത്തും കാരണങ്ങളാണ്. പ്രധാന എതിരാളി എൽ.കെ. അദ്വാനി അദ്ദേഹത്തെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിർദ്ദേശിക്കുവാൻപോലും തയാറല്ലായിരുന്നു.
വ്യവസായലോകത്ത് മോഡി വളരെയേറെ സമ്മതനാണ്. വളർന്നുവരുന്ന കൊച്ചുവ്യവസായികളുടെ ഇടയിലും ചെറു കൃഷിക്കാരുടെയിടയിലും പ്രിയപ്പെട്ടവനാണ്. വ്യവസായവൽക്കരണത്തോടെ അദ്ദേഹം ഗുജറാത്തിനെ ഇന്ത്യയിലെ അനുഗ്രഹീതവും സമ്പന്നവുമായ സംസ്ഥാനമാക്കി. ഇന്ത്യയുടെ 75 ശതമാനം വ്യവസായ പ്രമുഖർ മോഡിയെ പിന്താങ്ങുന്നു. സമ്പന്നമായ ഭാരതസ്വപ്നത്തിന് മോഡിയിൽ അവർ പ്രതീക്ഷകളും അർപ്പിക്കുന്നു. ഇന്ത്യയിലെ സാമ്പത്തിക മേഖലയിലെ പ്രമുഖപത്രങ്ങളെല്ലാം അദ്ദേഹത്തെ പിന്താങ്ങുന്നു. റോയിട്ടർ റിപ്പൊർട്ടനുസരിച്ചുള്ള അഭിപ്രായ സർവേയിൽ രാഹുൽ ഗാന്ധിയ്ക്ക് 7 ശതമാനം മാത്രമേ വ്യവസായ ലോകത്തിൽനിന്നുള്ള പിന്തുണയുള്ളൂ.
എന്നിരുന്നാലും 2002 ലെ വർഗീയലഹളമൂലം മോഡിയുടെ രാഷ്ട്രീയഭാവിക്ക് മങ്ങലേറ്റിരുന്നു. ഗുജറാത്തിൽ ആയിരക്കണക്കിന് ജനം മരിച്ചു. അതിൽ ഭൂരിഭാഗവും മുസ്ലിങ്ങളായിരുന്നു. അന്ന് ആദ്യത്തെ തവണ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഗുരുതരമായ ഈ സംഭവവികാസങ്ങൾ നടന്നത്. വർഗീയലഹളയുടെ കുറ്റം ആരോപിച്ച് 2005ൽ അമേരിക്കാ അദ്ദേഹത്തിന് വിസാ നിഷേധിച്ചു. കഴിഞ്ഞമാസവും പെൻസിൽവേനിയാ യൂണിവേഴ്സിറ്റിയിൽ ഒരു കൊണ്ഫെറന്സിന് സംബന്ധിക്കുവാൻ മോഡിക്ക് ക്ഷണം ഉണ്ടായിരുന്നു. എതിർപ്പുമൂലം പങ്കെടുക്കാൻ സാധിച്ചില്ല. 2002 ലെ ലഹളയിൽ മോഡിയിൽ കുറ്റാരോപണം നടത്തുന്നവർക്ക് അദ്ദേഹത്തിന്റെ പങ്കിനെപ്പറ്റി ഒന്നുംതന്നെ തെളിവുകൾ നിരത്തുവാൻ സാധിക്കുന്നില്ല. ആ ലഹളയുമായി താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചാവർത്തിച്ച് അദ്ദേഹം പറയാറുണ്ട്. എങ്കിലും രാഷ്ട്രീയ പ്രതിയോഗികൾക്ക് സ്വയം കുഴിതോണ്ടാതിരിക്കാൻ അദ്ദേഹംമാത്രം കുറ്റക്കാരനെന്ന് ആരൊപിച്ചേ മതിയാവൂ. നിരപരാധിയെന്ന് സുപ്രീം കോടതിയുടെ സമഗ്രമായ അന്വേഷണത്തിൽനിന്നും വ്യക്തമായിട്ടും അവരുടെ നാവുകളെ അടയ്ക്കുന്നില്ല. എന്നിരുന്നാലും, രാഷ്ട്രീയ പ്രതിയോഗികൾ പലവിധ അടവുകൾ പ്രയോഗിച്ച് അദ്ദേഹത്തെ തേജോവധം ചെയ്യാൻ ശ്രമിച്ചിട്ടും ഒരിക്കലും വിജയിച്ചിട്ടില്ല. മുഖ്യമന്ത്രി കസേരയിൽ മുസ്ലിംങ്ങളുടെയും പ്രിയങ്കരനായ അദ്ദേഹം മുഖ്യമന്ത്രിയായി നീണ്ട വർഷങ്ങൾ ഗുജറാത്തിനെ ഭരിച്ചു. വിമർശനങ്ങളുടെ താവളങ്ങൾ ഇന്ന് ഗുജറാത്തിന് വെളിയിലായി മറ്റു സംസ്ഥാനങ്ങളിൽ സ്ഥാനം പിടിച്ചു. കുറ്റം ചെയ്യാത്ത താനെന്തിന് കുറ്റമേൽക്കണമെന്നാണ് മോഡിയുടെ ചോദ്യം.
അഭിമാനിക്കത്തക്ക അനേകമനേകം പദ്ധതികളും വിജയകരമായ നേട്ടങ്ങളുമാണ് ഗുജറാത്തിൽ മോഡി നേടിയെടുത്തത്. ഭാരതചരിത്രത്തിലെ ഒരു നേതാവിനും മോഡി കൈവരിച്ച നേട്ടത്തോളം പ്രകീർത്തിക്കാൻ സാധിക്കില്ല. ഗുജറാത്തിൽ തന്റെ ഭരണത്തിൽ എന്നും ശ്രദ്ധിച്ചിരുന്നത് മുസ്ലിംജനതയുടെ ഉന്നമനത്തിനായിരുന്നു. തന്മൂലം അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം ഗുജറാത്തിൽ അവരുടെയിടയിൽ എക്കാലത്തെക്കാളും പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ട് ഓരോ മുസ്ലിം ഗുജറാത്തിയുടെയും വരുമാനം ഇരട്ടിയായി. ഗുജറാത്തികളെപ്പോലെ ഭാരതം മുഴുവൻ ഇന്ന് നേട്ടങ്ങൾ കൈവരിച്ചിരുന്നുവെങ്കിൽ ഓരോ ഭാരതീയന്റെയും വരുമാനം അമ്പത് ശതമാനം വർദ്ധിക്കുമായിരുന്നുവെന്ന് സാമ്പത്തിക വിദക്തർ കണക്കാക്കുന്നു. എങ്കിൽ ഇന്ത്യയുടെ നേട്ടം ഫ്രാൻസിന്റെ നേട്ടത്തെക്കാളും മുമ്പിലാകുമായിരുന്നു. ഗുജറാത്തിൽ മോഡിയുടെ ഭരണത്തിൽക്കൂടി കച്ചവടക്കാർ, വ്യവസായികൾ, കുടിയേറ്റക്കാർ, കൃഷിക്കാർ എന്നിങ്ങനെ ജീവിതത്തിന്റെ നാനാ തുറകളിലുള്ളവർ പുരോഗമിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് അദ്ദേഹത്തെ ജനം മുഖ്യമന്ത്രിയായിട്ട് തുടർച്ചയായി തെരഞ്ഞെടുക്കുന്നത്. വ്യവസായികളെ പ്രോത്സാഹിപ്പിക്കാൻ സൗകര്യപ്രദമായ സ്ഥലങ്ങളും ഊർജവും വൈദ്യുതിയും നല്കി സഹായിച്ചിരുന്നു. മനോഹരമായ വീതിയുള്ള റോഡുകളും ട്രാൻസ്പോർട്ട് സൗകര്യങ്ങളും സംസ്ഥാനമാകെ നിർമ്മിച്ചു. അഴിമതികൾ കുറവുള്ള ഉദ്യോഗസ്ഥരും ഗുജറാത്തിന്റെ വിജയരഹസ്യമായിരുന്നു.
ഭാരതത്തിലെ പ്രധാനമന്ത്രിമാരുടെ ശരാശരി പ്രായം കണക്കാക്കുമ്പോൾ മോഡി ചെറുപ്പക്കാരുടെ നിരയിലേക്ക് വരും. അദ്ദേഹത്തിന് ഭാരതത്തെപ്പറ്റിയുള്ള സ്വപ്നങ്ങൾ ഏറെയാണ്. വ്യവസായസാമ്രാജ്യം പടുത്തുയർത്താൻ സ്വകാര്യമൂലധനം രാജ്യത്ത് ഒഴുകണമെന്ന് ചിന്തിക്കുന്നു. പുതിയ തലമുറകൾക്ക് ക്രിയാത്മകമായ ആധുനിക വിദ്യാഭ്യാസവും നല്കണം. ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവന് ജോലി നല്കണം. പ്രതിരോധശക്തിയിൽ ഇന്ത്യാ ഉത്ഭാദന കേന്ദ്രമാകണം. വിദേശായുധങ്ങൾ ഇറക്കുമതി ചെയ്യുന്നതിനെക്കാളും ആധുനികരിച്ച ആയുധങ്ങൾ ഇവിടെത്തന്നെ നിർമ്മിക്കണം. അങ്ങനെ ആയുധശാലകളും തൊഴിൽ നല്കുന്ന ശാലകളാകണം. സർക്കാരിന്റെ തൊഴിൽ നിയമങ്ങൾക്ക് അയവ് വരുത്തി സ്വകാര്യസ്ഥാപനങ്ങളിലും തൊഴിൽശാലകളിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. ഇന്ത്യാ പുരോഗമിക്കണമെങ്കിൽ രാജ്യത്താകെ ദാരിദ്ര്യമില്ലാതാക്കണമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
കറയറ്റ ശുദ്ധമായ ഒരു രാഷ്ട്രീയചരിത്രം മോഡിക്കുണ്ടെങ്കിലും ആകമാനമുള്ള ഭാരതത്തിലെ രാഷ്ട്രീയനേതാവായി അദ്ദേഹത്തെ കാണാൻ സാധിക്കില്ല. വിഭാഗിയ ചിന്തകളോടെ അദ്ദേഹത്തെ ജനം എക്കാലവും അകറ്റാൻ ശ്രമിച്ചിരുന്നു. അദ്ദേഹം നേതൃത്വം നല്കിയ വിപ്ലവാത്മകമായ ചിന്താഗതികളെ കുറച്ചുകാണിക്കാനെ എന്നും രാഷ്ട്രീയമോഹികൾ ആഗ്രഹിച്ചിട്ടുള്ളൂ. 1984ൽ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ പ്രതികാരദാഹികൾ ആയിരക്കണക്കിന് സിക്കുകാരെ കൊന്നൊടുക്കി. അതുതന്നെ ഇന്നും സംഭവിക്കുന്നു. കഴിഞ്ഞവർഷം ആസാമിൽ മുസ്ലിമുകളെ കൂട്ടക്കൊലകൾ നടത്തിയതിൽ കണക്കില്ലായിരുന്നു. മതഭ്രാന്തിളകിയ ഒരു കൂട്ടം ജനങ്ങളുടെ വികാരങ്ങൾക്ക് മോഡിയെയോ രാജീവ് ഗാന്ധിയേയോ കുറ്റം പറയാൻ സാധിക്കില്ല. മോഡി മുസ്ലിമുകൾക്കായി ഗുജറാത്തിൽ അതിന് പരിഹാരം ചെയ്തു. ഇന്ത്യയുടെ മികച്ച പ്രധാന മന്ത്രിയാകണമെന്നുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സഫലമാവണമെങ്കിൽ ഗുജറാത്തിലെപ്പോലെ ഇന്ത്യാ മുഴുവനായുള്ള 177 മില്ല്യൻ മുസ്ലിമുകളുടെ ഉണങ്ങാത്ത മുറിവുകൾ ഭേദപ്പെടുത്തണം. അവരുടെ ദുഃഖപൂർണ്ണമായ വികാരങ്ങൾക്ക് ശമനമുണ്ടാകണം. എങ്കിൽ സർവമതങ്ങളും ഒത്തൊരുമിച്ചുള്ള ഏകഭാരതമെന്ന കാല്പ്പനീക സാമ്രാജ്യം ഈ പുണ്യഭൂമിയിൽ സൃഷ്ടിക്കപ്പെടും.
No comments:
Post a Comment