Monday, February 24, 2014

പുസ്തകത്തെപ്പറ്റി ഒരു അവലോകനം


 

ജന്മം തന്ന   സഭയോടുള്ള   സ്നേഹമാണ് ഒരു  പുസ്തകം  രചിക്കാൻ   എന്നെ പ്രേരിപ്പിച്ചത്.  ബാല്യത്തിലെ ചില അനുഭവങ്ങളും  നൊമ്പരിപ്പിക്കുന്ന സത്യങ്ങളും ബലിപീഠങ്ങളെ തേടിയുള്ള  ഈ അന്വേഷണത്തിലുണ്ട്. കേരളമുൾപ്പടെ  ആഗോളതലങ്ങളിൽ  പണാപഹരണത്തിലും  ലൈംഗികപീഡനങ്ങളിലും   കുറ്റാരോപിതരായ  പുരോഹിതർക്കെതിരെ   എന്റെ തൂലിക   ചലിച്ചെങ്കിൽ   വായനക്കാർ  സദയം ക്ഷമിക്കുമെന്നും കരുതുന്നു. കത്തോലിക്കസ്കൂളുകളിൽ പഠിച്ചും  പഠിപ്പിച്ചുള്ളറിവും  പുരോഹിതരുമായുള്ള കഴിഞ്ഞകാല സമ്പർക്കവും ഈ   ഗ്രന്ഥം  രചിക്കുന്നതിന് എനിക്ക് സഹായകമായി.

നഷ്ടപ്പെട്ടുപോയ സഭയുടെ  ആദിമ ചൈതന്യം വീണ്ടെടുക്കണമെന്ന  ചിന്തയും എന്റെ മനസ്സിൽ ഒളിഞ്ഞിരുപ്പുണ്ട്.  'ക്രിസ്തുവില്ലാത്ത   ബലിപീഠങ്ങൾ' എന്ന  ഈ കൃതിയിൽ  സാമൂഹിക സാംസ്ക്കാരിക ചരിത്രപരമായ സഭയുടെ വിഷയങ്ങളും ചില  മൗലികസത്യങ്ങളുമാണ്  ഉൾക്കൊള്ളിച്ചിരിക്കുന്നത്‌.  ഏതാനും   ലേഖനങ്ങളിൽ  എന്റെ ജീവിതാനുഭവങ്ങളുടെ പ്രതിഫലനങ്ങളുമുണ്ട്.  ചാൾസ് ഡിക്കൻസ്കുഞ്ഞായിരുന്നപ്പോൾ  ഒരു ഷൂ ഫാക്റ്ററിയിൽ  ജോലിചെയ്തിരുന്നു. സാമൂഹിക അനീതികളുടെയും  കാപട്യത്തിന്റെയും  അധാർമ്മികലോകത്ത്   ബാലനായിരുന്നപ്പോൾ  സഹിക്കേണ്ടിവന്ന പീഡനങ്ങൾ   അദ്ദേഹത്തിൻറെ കൃതികളിൽ   തെളിഞ്ഞുനിന്നിരുന്നു.  അതുപോലെ  മാർക്ക് റ്റ്വൈൻ   എന്ന എഴുത്തുകാരൻ  മിസ്സിസ്സിപ്പിനദിയുടെ തീരത്ത്‌ ബാല്യകാലം കഴിച്ചു കൂട്ടി. അദ്ദേഹത്തിന്റെ പ്രധാന കൃതികളിലെല്ലാം  നദിയും അതിനു ചുറ്റുമുള്ള ജീവിത സത്യങ്ങളും  പ്രതിഫലിപ്പിച്ചിരുന്നു.  

എന്റെ ബാല്യകാലത്ത്‌   ഒരു കത്തോലിക്കാ പുലയ സ്ത്രീയുടെ  ശവ സംസ്ക്കാര ചടങ്ങ് നിഷേധിച്ച   പുരോഹിതന്റെ അഹന്തയും എന്നെ  വേദനിപ്പിച്ചിരുന്നു.  എന്നും പള്ളിയിൽ കുർബാനകളിൽ മുടങ്ങാതെ പങ്കുകൊണ്ടിരുന്ന   അവരുടെ കുടുംബം താമസിച്ചിരുന്നത്  ഞങ്ങളുടെ പുരയിടത്തിലായിരുന്നു.  ഭർത്താവ് ദുർനടപ്പുകാരനെന്നു പറഞ്ഞ് പള്ളിപ്പറമ്പിൽ  ശവം  മറവുചെയ്യാൻ പുരോഹിതൻ സമ്മതിച്ചില്ല. എട്ടു ദിവസത്തിൽപ്പരം  മൃതദേഹം ആ കുടിലിനുമുമ്പിൽ കിടത്തിയിട്ടും ദുർഗന്ധം വമിച്ചിട്ടും പുരോഹിതന്റെ മനസലിഞ്ഞില്ല.  ഒടുവിൽ ഞങ്ങളുടെ കുടുംബവക പുരയിടത്തിൽ  ശവം മറവുചെയ്തതും  എന്റെ  ഒർമ്മയിലുണ്ട്. അന്നും ഇന്നും ദളിതരോട്  സഭ നീതി പുലർത്തിയിട്ടില്ല.  ദളിതരോടുള്ള സഭയുടെ നയം ക്രിസ്ത്യൻ മാനവികതയുടെ  ഒരു കളങ്കവുമാണ്.  അത്തരം ദളിതചിന്തകളടങ്ങിയ  എന്റെ ലേഖനം   ഈ പുസ്തകത്തിന് വെളിച്ചം നല്കുന്നു. 

വേദങ്ങളെയും   ഉപനിഷത്തുക്കളെയും   അടിസ്ഥാനമാക്കിയുള്ള  ലേഖനങ്ങളും  പരീസ്ഥിതിയെ സംബന്ധിച്ച  ഗാഡ്ഗിൽ കസ്തൂരി റിപ്പോർട്ടും     ഗ്രന്ഥത്തിലുണ്ട്. ക്രിസ്ത്യൻ വേദഗ്രന്ഥങ്ങളിൽ മാത്രമല്ല സർവ്വ  മതങ്ങളുടെ പൌരാണികകൃതികളിലും   ദൈവത്തിന്റെ ചൈതന്യം ജ്വലിക്കുന്നുണ്ടെന്ന്  ഞാൻ വിശ്വസിക്കുന്നു. ദൈവം കത്തോലിക്കർക്ക് മാത്രമല്ലെന്നുള്ള  ഫ്രാൻസീസ് മാർപാപ്പയുടെ വാക്കുകളും  എന്നെ വികാരാധീനമാക്കിയിരുന്നു.  പ്രകൃതിയേയും മണ്ണിനെയും ചൂഷണം ചെയ്യുന്ന   വനം കൊള്ളക്കാരെയും മണൽ മാഫിയാകളെയും സഭ സഹായിക്കുന്നതും വാർത്തകളിൽ നിറഞ്ഞിരിക്കുന്നു.  

മുൻ സുപ്രീം കോടതി ജഡ്ജി  ശ്രീ കൃഷ്ണയ്യർ കൊണ്ടുവന്ന  ചർച്ച് ആക്റ്റ്നെ സംബന്ധിച്ച  ലേഖനം  സഭയുടെ അവകാശികൾ  വിശ്വാസസമൂഹമാണെന്നുള്ള  സത്യം   അംഗീകരിക്കണമെന്നുള്ള തത്ത്വത്തിൽ എഴുതിയതാണ്.  സഭാ പൌരന്മാർ  നയിക്കുന്ന  ജനാധിപത്യ വ്യവസ്ഥിതിയിലുള്ള ഒരു സഭയാണ് എന്റെ സ്വപ്നം. അതിനായി പൗരാഹിത്യ സ്വേച്ഛാധിപത്യത്തിൽ അടിമപ്പെട്ടുപോയ സഭയെ മോചിപ്പിക്കണം.  തികച്ചും ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിച്ചുകൊണ്ടുള്ള  ചർച്ച് ആക്റ്റ് നാളിതുവരെയായി പ്രാബല്യത്തിൽ  വന്നില്ലായെന്നതും ഖേദകരമാണ്.

 'കുർബാനയിലെ അപ്പം' സംബന്ധിച്ചുള്ള വിവാദപരമായ ഒരു ലേഖനത്തോടൊപ്പം  സഭയുടെ കാഴ്ചപ്പാടുകളും തത്ത്വങ്ങളുമടങ്ങിയ  മറ്റൊരു ലേഖനവും ഇതിലുണ്ട്.  സഭയുടെ വിശ്വാസങ്ങളെയോ  ദൈവശാസ്ത്രങ്ങളെയോ   ഞാൻ എതിർക്കുന്നില്ല. എന്നാൽ പൌരോഹിത്യ  യാഥാസ്ഥിതിക  മനോഭാവത്തോട്  യോജിക്കാനും  സാധിക്കുന്നില്ല. 'ക്രിസ്തുവില്ലാത്ത ബലിപീഠം' എന്ന  പുസ്തകത്തിലെ   അഭിപ്രായങ്ങളിൽ  പലർക്കും  വിയോജിപ്പുണ്ടാകാം. എങ്കിലും   നന്മതിന്മകളെ  വേർതിരിച്ച്  സ്വീകാര്യമായതിനെ   വായനക്കാർ അംഗീകരിക്കുമെന്ന ശുഭാപ്തി വിശ്വാസവും എനിയ്ക്കുണ്ട്.  ക്രിസ്തു വസിക്കുന്നത്  ഹൃദയമായ ദേവാലയത്തിലെന്ന് കണ്ടെത്തിയാൽ  പിന്നീടൊരിക്കലും ബലിപീഠങ്ങൾ തേടിയലയേണ്ടി വരില്ല. സർവ്വോപരി   ഫ്രാൻസീസ് മാർപാപ്പായുടെ  വിപ്ലവകരമായ സന്ദേശങ്ങൾ  ലോകത്തിന് ശാന്തിയും സമാധാനവും ക്രിസ്തുവിൽ  പ്രതീക്ഷകളും നല്കുന്നു. 

 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...