ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും മോദിയെന്ന വ്യക്തിയെ തികച്ചും വ്യത്യസ്തമായിട്ടാണ് ജനം കരുതുന്നത്. രാഷ്ട്രീയ മാദ്ധ്യമങ്ങളുടെ പ്രചാരണതന്ത്രങ്ങളിൽ മോദിയെ ഒരു മതഭ്രാന്തനായി ചിത്രീകരിക്കുന്നതും കാണാം. ബൌദ്ധിക ലോകംപോലും അദ്ദേഹത്തിലുള്ള മഹിമകളെ തിരിച്ചറിയാതെ വ്യക്തിഹത്യ നടത്തുന്നതും സാധാരണമാണ്. മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോദ്സയെ ആരാധിക്കുന്നവൻ ഗാന്ധിജിയുടെ സമാധികുടീരം സന്ദർശിച്ചെന്നുകുറിച്ചാലെ ചിലർക്ക് തൃപ്തി വരുകയുള്ളൂ. ഗുജറാത്ത് കലാപംകൊണ്ട് മോദിയുടെ ഇമേജ് തകർന്നുവെന്നെഴുതുന്ന എഴുത്തുകാർക്കും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നവർക്കും ജനങ്ങൾ നല്കിയ അദ്ദേഹത്തിൻറെ ചരിത്രവിജയത്തെപ്പറ്റി ഒന്നും പറയാനുമില്ല. ഗുജറാത്തിലെ കൂട്ടക്കൊലകൾക്കൊപ്പം കോണ്ഗ്രസ് ഭരണകാലത്തെ ദുരന്തങ്ങളായ സിക്ക് കലാപവും ബാബറി മസ്ജിദ് തകർക്കലും, പഞ്ചാബിലെ സുവർണ്ണയമ്പലത്തിലെ പട്ടാള കുതിപ്പും കുറ്റപ്പെടുത്തുന്നവർക്ക് അറിയുകയും വേണ്ടാ. വിദേശരാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാരുടെയും മോദിയ്ക്കുളള മതിപ്പിനെപ്പറ്റി ചിന്തിക്കുന്നവർ ദേശസ്നേഹിയായ മോദിയുടെ മറ്റൊരു ചിത്രം കാണുന്നില്ല. സ്വാതന്ത്ര്യം കിട്ടിയ നാളുകൾമുതൽ എന്നും മിന്നിത്തിളങ്ങിയിരുന്ന കോണ്ഗ്രസ് പാർട്ടിക്ക് അമ്പതു സീറ്റുകളിൽ താഴെ ലഭിച്ചതും ചരിത്രത്തിന്റെയൊരു വികൃതിയായിരുന്നു.
ഭാരതത്തിലെ വട്നാഗർ എന്ന പൌരാണിക പട്ടണത്തിൽ ശ്രീ നരേന്ദ്ര ദാമോദര മുൽചന്ദ മോദി ജനിച്ചു. പതിനഞ്ചാം നൂറ്റാണ്ടിലെ സാങ്കേതിക വൈദഗ്ദ്ധ്യത്തോടെ സ്വന്തം ഗ്രാമത്തിൽ പണി കഴിപ്പിച്ച ഹത്കെശ്വര മഹാദേവ അമ്പലം എന്നും അദ്ദേഹത്തിൻറെ ഹൃദയക്ഷേത്രമായിരുന്നു. ഈ പുണ്യഭൂമിയിൽ ഹിന്ദുമതവും ബുദ്ധമതവും ഒന്നുപോലെ തഴച്ചു വളർന്നിരുന്നു. ചരിത്രത്തിലെ വട്നാഗർ ഒരിക്കൽ ഗുജറാത്തിന്റെ തലസ്ഥാനമായിരുന്നു. ഏഴാം നൂറ്റാണ്ടിൽ ചൈനയുടെ പണ്ഡിതനായ ഹുവാൻ സങ്ങ് ഇവിടം സന്ദർശിച്ചതായി തന്റെ ഓർമ്മക്കുറിപ്പുകളിൽ വിവരിച്ചിട്ടുണ്ട്. 1950 സെപ്റ്റംബർ പതിനേഴാംതിയതി മോദി ജനിച്ചു. പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാറില്ലെങ്കിലും അമ്മയും സഹോദരങ്ങളും സഹോദരിയുമടങ്ങിയ സന്തുഷ്ടമായ ഒരു കുടുംബവും അദ്ദേഹത്തിനുണ്ട്. പതിനേഴാം വയസിൽ യശോദരായുമായി വിവാഹിതനായെങ്കിലും അവർ ഒരിക്കലും ഒന്നിച്ച് താമസിച്ചിട്ടില്ല. ബാലവിവാഹം അന്ന് സാധാരണമായിരുന്നു.
ഇസ്തിരിയിട്ട് ഭംഗിയായി ചുളിക്കുകളില്ലാത്ത വേഷങ്ങൾ ധരിച്ചു മോടിയായി നടക്കുകയെന്നതും അദ്ദേഹത്തിന്റെ ജീവിതചര്യയാണ്. അത് കൌമാരപ്രായം മുതലുണ്ടായിരുന്ന സ്വഭാവ ഗുണമായിരുന്നു. നൂറുകണക്കിന് ബ്രാൻഡ് കുർത്തകളും അദ്ദേഹത്തിനുണ്ട്. വാച്ചുകളും സാന്റൽ ചെരിപ്പുകളും വാങ്ങി കൂട്ടുകയെന്നതും മറ്റൊരു ഹോബിയാണ്. എവിടെയും ശുചിത്വം പാലിക്കുന്ന കാര്യത്തിലും കർശന സ്വഭാവക്കാരനാണ്. അദ്ദേഹത്തിൻറെ വീട്, ചുറ്റുപാടുകൾ, വീട്ടിലെ ഉപകരണങ്ങൾ, മേശ കസേര മുതലാവകൾ എന്നും വൃത്തിയായി സൂക്ഷിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷം ചാർട്ടർ ചെയ്ത വിമാനത്തിൽ യാത്രചെയ്യാനും ഇഷ്ടമായിരുന്നു. ഏതു പ്രശ്നങ്ങൾക്കും പരിഹാരം സ്വയം കാണാൻ ശ്രമിക്കുന്നു. അദ്ദേഹത്തിൻറെ മനസ്സിൽനിന്നു വരുന്ന അതിഗംഭീരമായ ആശയങ്ങളും അവർണ്ണനീയമാണ്. ഒരു ഗവേഷകന്റെ ചിന്തകളാണ് എന്നും പ്രവർത്തന ശൈലികളിൽ പ്രകടമാവുന്നത്. ടെക്കനോളജിയുടെ വളർച്ചയ്ക്കൊപ്പം പുതിയവകളിൽ പ്രാവിണ്യം നേടാൻ ശ്രമിക്കും. കാലത്തിനൊത്ത വിവര സാങ്കേതികവിദ്യകൾ പഠിക്കുന്നതിലുള്ള അദ്ദേഹത്തിൻറെ ജിജ്ഞാസ കൊച്ചുകുട്ടികളെപ്പോലെയാണ്. പണമിടപാടുകളിൽ വളരെ കണിശക്കാരനാണ്. ഒരു പൈസാ വരെ കണക്കെഴുതി സൂക്ഷിക്കും. സ്വന്തം ജീവിതത്തിൽനിന്നും പഠിച്ച സാമ്പത്തിക ശാസ്ത്രമാണ് ഗുജറാത്തിൽ മുഖ്യമന്ത്രിയെന്ന നിലയിലും പരീക്ഷിച്ചു വിജയിയായത്.
ചെറുപ്പകാലങ്ങളിൽ ഗ്രാമീണ ബാലനായി വളർന്ന മോദി ഇംഗ്ലീഷ് ഭാഷ നല്ലവണ്ണം അറിയാമെങ്കിലും മെച്ചമായി കൈകാര്യം ചെയ്യാൻ പഠിച്ചിട്ടില്ല. ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഗുജറാത്തിഭാഷയുടെ ചുവയുമുണ്ട്. ആഗോളലോകത്തിൽ അതൊരു കുറവുമല്ല. റഷ്യാ, ചൈനാ എന്നീ രാജ്യങ്ങളിലെ തലവന്മാരും ഇംഗ്ലീഷറിയാൻ മേലാതെ മാതൃഭാഷകളിൽ സംസാരിക്കുന്നതു കാണാം. എങ്കിലും അനേക ഭാഷകളിൽ ആശയവിനിമയം നടത്തുവാനറിയാം. ചെറുപ്പകാലങ്ങളിൽ സ്കൂളിലെ ഫണ്ടിനായി നാടകങ്ങൾ അരങ്ങേറിയിട്ടുണ്ട്. ബസ്സ്റ്റാന്റിൽ സ്വന്തം അമ്മാവന്റെ ചായക്കടയിൽ ചായ വിറ്റുകൊണ്ടായിരുന്നു സ്കൂൾവിദ്യാഭ്യാസം നടത്തിയത്. മതാചാരങ്ങൾ അനുഷ്ഠിക്കുന്നതിൽ അദ്ദേഹം വളരെ കണിശക്കാരനാണ്. നവരാത്രികളിൽ ഒമ്പത് ദിവസങ്ങളും നോമ്പും ഭജനയുമായി ഈശ്വരപൂജയ്ക്ക് സമയം കണ്ടെത്തും. ആ ദിവസങ്ങളിൽ പഴവർഗങ്ങിൽ ഏതെങ്കിലും ഒന്നുമാത്രം കഴിക്കും. എവിടെ യാത്ര ചെയ്താലും പത്രം മേടിച്ച് വാർത്തകളുടെ വിവരങ്ങൾ ശേഖരിക്കും. എന്നും രാവിലെ കമ്പ്യൂട്ടർ ലോഗ് ചെയ്ത് അദ്ദേഹത്തെപ്പറ്റി എന്തെങ്കിലുമുണ്ടോയെന്നും നോക്കും. തീരുമാനങ്ങൾ എടുക്കുന്നതിൽ അദ്ദേഹമെന്നും ഒരു ഏകാധിപതിയെപ്പോലെയാണ്. സുപ്രധാന തീരുമാനങ്ങൾ മറ്റുള്ളവർ എടുക്കാൻ അനുവദിക്കില്ല. സുഹൃത്തുക്കളിൽനിന്നും അകന്ന് എന്നും ഏകനായി സമയത്തെ ക്രമപ്പെടുത്തി ജീവിക്കാനും ഇഷ്ടപ്പെടുന്നു.
മോദിയെ ഒരു ജോലിഭ്രാന്തനായി അറിയപ്പെടുന്നു. ഒരു മിനിറ്റിനെയും കൈവിട്ടു കളയാൻ അനുവദിക്കില്ല. രാവിലെ എഴുന്നേക്കുമ്പോഴെ ഇന്റെർനെറ്റും ഈമെയിലും നോക്കുകയായി. രാഷ്ട്രീയകാര്യങ്ങൾ സംസാരിക്കാൻ സ്വന്തം പാർട്ടികളിലുള്ളവരായി ബന്ധപ്പെടലും ആലോചനാ യോഗങ്ങളും ആരംഭിക്കും. രാവിലെ ഓഫീസ്സിൽ പോയി രാത്രി പത്തുമണിവരെ ജോലി ചെയ്യും. ഉറങ്ങുന്നത് ദിവസം നാലഞ്ചു മണിക്കൂറുകൾ മാത്രം. തലമുടി ചീകലും കണ്ണാടി നോക്കലും കൂടെ കൂടെ വേണം. എന്നും ഒരു മോഡലിനെപ്പോലെ ജീവിക്കാനാഗ്രഹിക്കുന്നു. കൈവശം ഒരു ചീപ്പ് പോകുന്ന സ്ഥലങ്ങളിൽ കൊണ്ടുനടക്കും. സഞ്ചരിക്കുന്ന കാറിലും ഡസൻ കണക്കിന് വസ്ത്രങ്ങൾ കരുതിയിരിക്കും. എത്ര താമസിച്ചു കിടന്നാലും കൃത്യമായി എന്നും അഞ്ചരയ്ക്ക് എഴുന്നേലക്കും. സാഹിത്യമൂല്യങ്ങളില്ലാത്ത കവിതകളും എഴുതും. സ്വാമി വിവേകാനന്ദന്റെ ആരാധകനാണ്. ഇന്ദിരാ ഗാന്ധിയുടെ കഴിവുകളേയും പുകഴ്ത്താറുണ്ട്.
പതിനേഴു വയസുള്ളപ്പോൾ സ്വന്തം വീടും നാടും വിട്ടു പോയി. അതിനുശേഷം രാജകോട്ടിലുള്ള രാമകൃഷ്ണമിഷിനിൽ താമസിച്ചു. കർണാടകത്തിലുള്ള ബെലുർ മഠത്തിലും ഹിമാലയത്തിലും വസിച്ചിട്ടുണ്ട്. ഇന്ത്യാ മുഴുവൻ അലഞ്ഞു തിരിഞ്ഞ് യാത്ര ചെയ്തു. സ്വന്തമായി ഭക്ഷണം പാകം ചെയ്യാനും അറിയാം. ഭാരതത്തിലെ പ്രസിദ്ധരായ സന്യാസിമാരെ കണ്ടു മുട്ടി അവരോടൊപ്പം താമസിച്ച് വേദങ്ങളെപ്പറ്റിയും അറിവുകൾ നേടിക്കൊണ്ടിരുന്നു. സ്വാമി പരമാനന്ദ പ്രിയ ഗുരുവായിരുന്നു. കൂടെ കൂടെ ഗുജറാത്തിലെ മുസ്ലിം നേതാക്കന്മാരെയും അദ്ദേഹം കാണുമായിരുന്നു.
കൂടെയുള്ളവരെയും സഹപ്രവർത്തകരെയും ജോലി ചെയ്യാതെ മടിയന്മാരായി നടക്കാൻ സമ്മതിക്കില്ല. അപാരമായ ബുദ്ധിശക്തിയും ഓർമ്മശക്തിയുമാണ് അദ്ദേഹത്തിനുള്ളത്. നല്ല നീന്തൽ വിദക്തനുമാണ്. യോഗായിലും അതിന്റെ ഉപശാസത്രങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. സസ്യാഹാരം മാത്രമേ കഴിക്കുള്ളൂ. വ്യക്തി പ്രഭാവത്തോടെയുള്ള അദ്ദേഹത്തിൻറെ .അസാധാരാണ ശബ്ദം ജനകോടികളെ ആകർഷിക്കുന്നതാണ്. സ്ത്രീ ജനങ്ങൾക്ക് അങ്ങേയറ്റം പ്രിയങ്കരനുമാണ്. ഭാരതത്തെ സാമ്പത്തിക ശക്തിയായി കാണാനാഗ്രഹിക്കുന്ന ഒരു സ്വപ്നലോകത്തിലാണ് അദ്ദേഹമെന്നും സഞ്ചരിക്കുന്നത്.
രാഷ്ട്രപിതാവിന്റെയും രാഷ്ട്രശിൽപ്പികളുടെയും പവിത്രപാദങ്ങൾ പതിഞ്ഞ പുണ്യപാർലമെന്റിന്റെ ആദ്യപടിയെ കുമ്പിട്ടുകൊണ്ടായിരുന്നു മോദിജി ഭാരതത്തിന്റെ നൂറായിരം കഥകൾ പറയാനുള്ള ചരിത്രമന്ദിരത്തിലേക്ക് വലതുകാൽ വെച്ചുകയറിയത്. ഒരിക്കലെങ്കിലും അദ്ദേഹത്തെപ്പറ്റി നല്ലൊരുവാക്ക് പറയാൻ പലരുടെയും നാവനങ്ങില്ലായിരുന്നു.ഇത്രമാത്രം വിവാദങ്ങളിൽക്കൂടി വന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. മുസ്ലിമുകളുടെ രക്തത്തിൽ കുളിച്ചവൻ, കൂട്ടക്കൊലകളുടെ സൂത്രധാരകൻ, മതഭീകരൻ, കഠിനഹൃദയൻ എന്നെല്ലാം പ്രതിയോഗികൾ അദ്ദേഹത്തെ വിളിച്ചു. വോട്ടുബാങ്കിനായി നീച കർമ്മങ്ങൾ ചെയ്യാൻ മടിയില്ലാത്ത, സത്യത്തെയും ധർമ്മത്തെയും ഇല്ലാതാക്കിക്കൊണ്ട് അധർമ്മം നിലനിർത്താനാഗ്രഹിക്കുന്ന രാഷ്ട്രീയ പുംഗവൻമാരുടെ മുമ്പിൽ സർദാർ പട്ടേലിന്റെപോലെ ഉരുക്കുഹൃദയമുള്ള ഈ മനുഷ്യൻ ഒരിക്കലും അടിപതറിയിട്ടില്ലായിരുന്നു.
എന്നാൽ പാർലമെന്റ് മന്ദിരത്തിനുള്ളിൽ അനുമോദനങ്ങളുടെ നടുവിലേക്ക് ചുറ്റുംനിന്ന ജനത്തിന്റെ മുമ്പിൽ മോദിജി പൊട്ടിക്കരഞ്ഞു. അഡ്വാനിജിയായിരുന്നു അതിനു കാരണം. അഡ്വാനിജി പറഞ്ഞു, പ്രിയപ്പെട്ട മോദിജി അങ്ങയുടെ കരുണകൊണ്ടാണ് നമ്മുടെ പാർട്ടി വലുതായി ഇന്ന് അധികാരം പിടിച്ചെടുത്തത്". ഇത് കേട്ടയുടൻ വികാരങ്ങൾകൊണ്ട് അടിമപ്പെട്ടുപോയ മോദിജിക്ക് വാക്കുകളില്ലാതായി. കഠിനഹൃദയനെന്നു കരുതിയ മോദിജി ഒരു നിമിഷംകൊണ്ട് രാഷ്ട്രത്തിന്റെ മുമ്പിൽ ലോലഹൃദയനായി വാക്കുകളെ പതറിപ്പിച്ചുക്കൊണ്ടിരുന്നു. ചുറ്റും നിന്നവർ അദ്ദേഹത്തെ സ്വാന്തനപ്പെടുത്തി കണ്ണുനീരോപ്പുന്നുണ്ടായിരുന്നു.
മോദി പറഞ്ഞു, "എന്റെ ഗുരുവിനെപ്പോലെ ഞാൻ വന്ദിക്കുന്ന അഡ്വാനിജി എന്റെ കരുണകൊണ്ടാണ് പാർട്ടി വിജയിച്ചതെന്ന് ഒരിക്കലും പറയരുതേ ! എന്റെ പ്രിയപ്പെട്ട രാജ്യവും എന്നെ വളർത്തി വലുതാക്കിയ എന്റെ പാർട്ടിയും എന്റെ അമ്മയാണ്. പെറ്റമ്മയ്ക്ക് തുല്യമാണ്. ഭാരതമണ്ണിന്റെ പുത്രനായി എന്നെ ഞാനാക്കിയത് ജീവനു തുല്യമായി ഞാൻ സ്നേഹിക്കുന്ന എന്റെ പാർട്ടിയാണ്. അമ്മയ്ക്ക് കർത്തവ്യങ്ങൾ നിറവേറ്റുമ്പോൾ അത് കരുണയാകുന്നതെങ്ങനെ? ഒരു പാവപ്പെട്ടവന്റെ മകനായി വെറുമൊരു മണ്‍കൂടാരത്തിൽ ഞാൻ വളർന്നു. ഞാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യമായി കാണുന്നതും മുഖ്യമന്ത്രിയായ ശേഷമാണ്. ജീവിക്കാനായുള്ള അവസരങ്ങൾ പാർട്ടി എനിക്ക് തരുകയായിരുന്നു."
മറ്റൊരവസരത്തിൽ മോദിജി പറഞ്ഞു, "അപ്പൻ ദരിദ്രരായ ഞങ്ങളുടെ കുടുംബത്തെ പോറ്റാൻ ചക്കാട്ടും. അമ്മ എണ്ണ ശേഖരിക്കും. എണ്ണയും പിണ്ണാക്കും വിറ്റുകൊണ്ട് അവർ ഞങ്ങളെ പരിപാലിച്ചു. ജീവിക്കാൻ നിവൃത്തിയില്ലാതായപ്പൊൾ ബാലനായ ഞാൻ നാടും വീടും വിട്ടുപോയി. ഹിമാലയസാനുക്കളിൽ അന്നലഞ്ഞു നടന്നു. പിടിച്ചുനില്ക്കാനായി താഴെക്കിടയിലുള്ള ജോലികളെല്ലാം ചെയ്തു."
വാജ്പെയി സദസിൽ ഇല്ലാതായതും മോദിജിയെ ദുഖിതനാക്കി. അദ്ദേഹത്തിൻറെ ആരോഗ്യത്തിനായും ആശംസിച്ചു. അങ്ങനെ ആദ്യദിവസം തന്നെ മോദിജിയുടെ പാർലമെന്റ് പ്രവേശനം ചരിത്രത്തിനു തന്നെ മൂർത്തിമത് ഭാവമായി തുടക്കം കുറിച്ചു.
മോദിജി പറഞ്ഞു, " ഭാരതത്തിന്റെ തെക്കും വടക്കുമായ എല്ലാ ദിശകളിലും ഞാൻ യാത്ര ചെയ്യാറുണ്ട്. വഴിയോരങ്ങളിൽ വിശക്കുന്ന വയറുകളുമായി ബി.ജെ. പി. പതാകയുമേന്തി ഒറ്റ വസ്ത്രവുമായി ജീവിക്കുന്ന ജനം അഭിവാദനം ചെയ്യുന്ന വേളകളിലെല്ലാം എന്റെതായ പഴങ്കാല ജീവിതത്തെപ്പറ്റിയും ഓർത്തു പോവുമായിരുന്നു. " വികാരങ്ങൾ നിറഞ്ഞ മോദിയുടെ പ്രസംഗങ്ങൾ ജനങ്ങളെ അത്യാഗാധാമായ ചിന്തകളിലേക്കും ആവഹിക്കുമായിരുന്നു. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ പരിഷ്കൃത രാജ്യങ്ങൾക്കൊപ്പം ഉയർത്തണമെന്നുള്ള വിശ്വാസവും മോദി ജനങ്ങൾക്ക് പകരുമായിരുന്നു.
സത്യപ്രതിജ്ഞാ വേളയിൽ പാക്കിസ്ഥാന്റെ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സാന്നിദ്ധ്യവും ഒരു ചരിത്രമുഹൂർത്തം കുറിച്ചു. ' അഭിപ്രായ വിത്യാസങ്ങൾ മറന്ന് അയൽ രാജ്യങ്ങളുമായി സുസ്ഥിരമായ ഒരു ബന്ധം ഉറപ്പിക്കണമെന്നും' മോദി പറഞ്ഞു. 1947-ലെ ഇന്ത്യാ പാക്കിസ്ഥാൻ വേർപിരിയലിനുശേഷം പാക്കിസ്ഥാനിലെ ഒരു നേതാവുമൊന്നിച്ച് വികാരപരമായ സൌഹാർദ്ദം പങ്കുവെച്ച മറ്റൊരു ചരിത്രം ഇന്ത്യയ്ക്കുണ്ടാവില്ല. എന്നും ശതൃക്കളായി കഴിഞ്ഞ രണ്ടു രാജ്യങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും ഇന്ത്യയുടെയും പാകിസ്ഥാന്റെയും ചർച്ചകളിൽ തിളങ്ങിയിരുന്നു.
ചൈനയുമായി ഭാവിയിൽ സംഭവിക്കാൻ പോകുന്ന വിദേശനയവും മോദിയ്ക്ക് വെല്ലുവിളിയായിരിക്കും. ചൈനയ്ക്കെതിരെ മുന്നേറുന്ന സാമ്പത്തിക ശക്തികളായ കൊറിയായും ജപ്പാനുമായുള്ള ഇന്ത്യയുടെ സഹകരണം ഇന്ത്യാ ചൈന ബന്ധത്തിന് തടസമാണ്. വ്യവസായ പങ്കാളികളായ ഈ രണ്ടു രാജ്യങ്ങളുടെയും സഹായം ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന് കൂടിയേ തീരൂ. ഇന്ത്യയുടെ സാമ്പത്തിക പ്രത്യായശാസ്ത്രത്തിൽ ചൈനാ മൌനം പാലിക്കുന്നുണ്ടെങ്കിലും അതിർത്തിയിൽ പട്ടാളത്തെ വികസിപ്പിക്കുന്നതും ഇന്ത്യൻ മിലിട്ടറിയെ ആധുനീകരിക്കുന്നതും ഭീഷണിയായി കരുതുന്നു. ഇന്ത്യയുടെ സൌത്ത് ഈസ്റ്റ് ഏഷ്യൻ സുഹൃത്ത് രാജ്യങ്ങളായ ജപ്പാനും സിംഗപ്പൂരും സൌത്ത് കൊറിയായും വിയറ്റ്നാമുമായുള്ള ബന്ധങ്ങളും ചൈനയെ വെറി പിടിപ്പിക്കുന്നുണ്ട്. കൊറിയായുടെ കപ്പലുകളും നാവിക ഉപകരണങ്ങളും ഇന്ത്യാ വാങ്ങിക്കുന്നത് അസ്വസ്ഥമാക്കുകയും ചെയ്യുന്നു.
ഗുജറാത്ത് കലാപത്തിനുശേഷം നരേന്ദ്ര മോദിയെ ഒരു മുസ്ലിം വിരോധിയായിട്ടാണ് പൊതുവേ കരുതുന്നത്. തിരഞ്ഞെടുപ്പു വേളകളിൽ എതിർ പക്ഷങ്ങൾ വോട്ടു ബാങ്കിനായി അത് മുതലെടുത്തുകൊണ്ടിരുന്നു. പക്ഷെ ഗുജറാത്തിലെ മുസ്ലിമുകൾ പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ നരേന്ദ്ര മോദിക്കൊപ്പമായിരുന്നു. ജനക്ഷേമകരമായ അനേക പദ്ധതികൾ മോദി സർക്കാരിന് അവിടെ നടപ്പിലാക്കാൻ സാധിച്ചതുമൂലം മുസ്ലിമുകളുടെ ആളോഹരി വരുമാനം ഇരട്ടിയാക്കാനും സാധിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മുസ്ലിമുകൾ ഭൂരിപക്ഷമുള്ള അനേക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിജയികളായതും ബി.ജെ.പി. യായിരുന്നു. ഉത്തര ഇന്ത്യയിൽ എണ്പതു സീറ്റോളം മുസ്ലിം പിന്തുണയോടെ ബി.ജെ.പി.യ്ക്ക് നേടാൻ സാധിച്ചെന്നും കണക്കുകൾ പറയുന്നു.
മുസ്ലിം സമുദായത്തിലെ വിഭാഗങ്ങളായ സുന്നികളും ഷിയാകളും തമ്മിലുള്ള മത്സരങ്ങളും ബി.ജെ.പി.യ്ക്ക് അനുകൂലമാക്കി. ഇറാൻ കഴിഞ്ഞാൽ ലോകത്ത് ഷിയാകൾ കൂടുതൽ വസിക്കുന്ന രാജ്യവും ഇന്ത്യയാണ്. സുന്നി മുസ്ലിമുകളും ഷിയാ മുസ്ലിമുകളും തമ്മിലുള്ള ആശയ സംഘട്ടനങ്ങൾ പലപ്പോഴും രാഷ്ട്രീയത്തിലും പ്രതിഫലിക്കാറുണ്ട്. ലക്നൗ, വാരണാസിയിലുള്ള മുഴുവൻ ഷിയാകളും പിന്തുണ നല്കിയത് ബി.ജെ.പി.യ്ക്കായിരുന്നു. ഷിയാകൾ ഭൂരിഭാഗവും ചെറുകിട 'കുടിൽ' വ്യവസായങ്ങളിൽ ജീവിക്കുന്നവരാണ്. അത്തരം വ്യവസായങ്ങൾക്ക് പ്രാധാന്യം നല്കികൊണ്ടുള്ള തിരഞ്ഞെടുപ്പു പ്രചരണങ്ങളും ബി.ജെ.പി.യ്ക്ക് അനുകൂലമായി. എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരു ഭരണഘടന നമുക്കുണ്ടെങ്കിലും ഇന്ത്യയിൽ മുസ്ലിമുകൾ താമസിക്കുന്ന ഭൂരിഭാഗം ഗ്രാമങ്ങളും വളരെ പിന്നോക്കാവസ്ഥയിലാണ്. ദരിദ്രർ കൂടുതലും സമ്പത്ത് ഏതാനും ചിലരുടെ കുത്തകയിലുമാണ്. കോണ്ഗ്രസ്സ് സര്ക്കാരിന്റെ കാലങ്ങളിൽ ഈ അന്തരം കുറയ്ക്കാൻ കാര്യമായി ഒന്നും തന്നെ ചെയ്തിട്ടില്ല. അനേക ഗ്രാമങ്ങളിൽ സ്കൂളുകളോ വൈദ്യുതിയോ ആരോഗ്യ കേന്ദ്രങ്ങളോ ഹോസ്പ്പിറ്റലുകളോ ഇല്ലാത്ത ഒരു സ്ഥിതിവിശേഷമാണുള്ളത്. മുസ്ലിമുകൾക്ക് ബാങ്ക് കടങ്ങൾ അനുവദിക്കാതിരിക്കുക, ജോലി നിഷേധിക്കുക, വാടകയ്ക്ക് താമസിക്കാൻ വീട് കൊടുക്കാതിരിക്കുക എന്നീ സാമൂഹിക ദ്രോഹങ്ങൾ മുമ്പുള്ള സർക്കാരിന്റെ കാലങ്ങളിൽ സാധാരണമായിരുന്നു. അവിടെയെല്ലാം പുത്തനായ വാഗ്ദാനങ്ങളുമായി മുസ്ലിമുകളുടെ മനസ്സിനെ പിടിച്ചെടുത്ത് വോട്ടുകൾ നേടിയതും ബി.ജെ.പി. സുനാമിയുടെ വേലിയേറ്റങ്ങൾക്ക് കാരണമായി.
പശ്ചിമഘട്ടം സംബന്ധിച്ച് കേന്ദ്രസർക്കാരും കേരളത്തിലെ ഏതാനും ക്രിസ്ത്യൻ ബിഷപ്പുമാരുമായി ഒരു തുറന്ന സമരത്തിന് സാധ്യതയുണ്ട്. രാഷ്രീയ പാർട്ടികളും ക്രിസ്ത്യൻ ബിഷപ്പുമാരും തിരസ്ക്കിരിച്ച ഗാഡ്ഗിൽ റിപ്പോർട്ട് നിയമപരമായി നടപ്പാക്കുമെന്നാണ് മോദിസർക്കാർ പറയുന്നത്. അത് അവരുടെ തിരഞ്ഞെടുപ്പ് പത്രികയിലുമുണ്ടായിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ട് മാറ്റം വരുത്തി ലഘുകരിച്ച കസ്തൂരി റിപ്പൊർട്ടുപോലും ഇടുക്കി, കാഞ്ഞിരപ്പള്ളി, താമരശ്ശേരി മെത്രാൻമാർ എതിർത്തിരുന്നു. കൃഷിക്കാരുടെ താൽപ്പര്യങ്ങൾ പരിരക്ഷിക്കുന്ന ഗാഡ്ഗിൽ റിപ്പോർട്ട് തികച്ചും ജനാധിപത്യ രീതിയിൽ ശാസ്ത്രീയമായി തയ്യാറാക്കിയതാണ്. ഭൂമിയുടെ സമതുലനാവസ് ത പരിപാലിക്കുന്നതിൽ സഭ എതിർപ്പുകളൊന്നും ഔദ്യോഗികമായി പ്രകടിപ്പിച്ചിട്ടില്ലെങ്കിലും ഏതാനും സ്ഥാപിത താല്പര്യക്കാരായ മെത്രാന്മാർ കൃഷിക്കാരെ തെറ്റിധരിപ്പിച്ച് അതിനെതിരായി സമരവുമായി രംഗത്തുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുന്നതിനു മുമ്പ് അതാതു പ്രദേശങ്ങളിലെ ജനങ്ങളും ഗ്രാമ പഞ്ചായത്തുകളുമായി ആലോചിക്കണമെന്നത് വ്യക്തമാക്കിയിട്ടുള്ളതുമാണ്. രാസ വളങ്ങൾ ഉപയോഗിച്ചുള്ള കൃഷിയെ നിരുത്സാഹപ്പെടുത്തി ജൈവ വളങ്ങൾ ഉപയോഗിക്കാനും റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്. കൂറ്റൻ കെട്ടിടങ്ങളും മണൽവാരലും വനംകൊള്ളയും നിരോധിച്ചിട്ടുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ടിനെ എതിർക്കുന്നവർ കൃഷിക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനല്ല മറിച്ചു് ഹൈറെഞ്ച് മുഴുവൻ സഭാവക സ്ഥാപനങ്ങൾ നിറച്ചും ഭൂമി മാഫിയാകളെ സഹായിച്ചും മലകൾ തുരന്ന് പാറ പോട്ടീരുകാരെ പിന്തുണച്ചും വീതം മേടിച്ചും ഭൂമിയുടെ സമതുലനാവസ്ഥയെ തകർക്കാനാണ്. ഒരിഞ്ചു ഭൂമിപോലും കൃഷി ചെയ്യുന്നവന് നഷ്ടപ്പെടില്ല. ഭൂരിപക്ഷമുള്ള മോദി സർക്കാരിന് ഗാഡ്ഗിൽ റിപ്പൊർട്ട് പ്രായോഗികമാക്കാൻ സാധിക്കുമെന്നതും മെത്രാന്മാർക്ക് തലവേദനയായിട്ടുണ്ട്.
അമേരിക്കയുടെ റൊണാൾഡ് റീഗനെയോ ബ്രിട്ടൻറെ മാർഗരേറ്റ് താച്ചറെയോപ്പോലുള്ള ഒരു നേതാവിനെ ഇന്ത്യയുടെ മോദിയിൽ അദ്ദേഹത്തെ പിന്താങ്ങുന്നവർ സ്വപ്നം കാണുന്നു. സുസ്ഥിരമായ ഒരു സർക്കാരിനും രാജ്യപുരോഗതിക്കും ജനങ്ങൾ തന്ന കാര്യനിയൊഗമെന്ന് തിരഞ്ഞെടുപ്പുഫലത്തെ മോദിയും വിലയിരുത്തി. ഇരുപത്തിയഞ്ചു വർഷത്തെ കൂട്ടുമന്ത്രിസഭയ്ക്കുശേഷം കഴിഞ്ഞ ഏതാനും വർഷങ്ങളായി നിന്നുപോയ സാമ്പത്തിക മുന്നേറ്റത്തിന് പുത്തനായ ജീവനും ഉണർവും ഇനി നൽകേണ്ടത് തിരഞ്ഞെടുത്ത മോദിയുടെ പുതിയ ഭരണകൂടമാണ്. കഴിവും മികവുമുള്ള കോടാനുകോടി ചെറുപ്പക്കാരായവരുടെ ഒരു ലോകം ഇന്ത്യക്കുണ്ട് . അവരുടെ മാനവ ശേഷിയെ പരമാവധി പ്രയോജനപ്പെടുത്തുവാൻ കഴിവുള്ള ഒരു നേതാവിനെയാണ് ഭാരതത്തിനാവശ്യം. വർഗ വർണ്ണ ജാതി രാഷ്ട്രീയത്തിനുപരിയായി ചിന്തിക്കുന്ന നേതാവുമായിരിക്കണം. അങ്ങനെയുള്ള ഒരു നേതാവാണ് മോദിജിയെന്നും അദ്ദേഹം പ്രതീക്ഷകൾക്കൊപ്പം. ശക്തമായ ഒരു ഭരണം വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കാം. നമ്മുടെ നാടിനുള്ളിൽതന്നെ യുവതലമുറകൾക്ക് അർഹിക്കുന്ന അവസരങ്ങളും വ്യക്തിസ്വാതന്ത്ര്യവും നല്കിക്കൊണ്ട് തുടങ്ങിവെച്ച ഉദാരവൽക്കരണ സാമ്പത്തിക ശാസ്ത്രം നടപ്പിലാക്കണം. മോദിജി അതിനു കഴിവും പ്രാപ്തനുമായ നേതാവാണെന്നതിലും സംശയമില്ല. പൊതുവേ വ്യത്യസ്ത കഴിവുകൾ തെളിയിച്ച ചെറുപ്പക്കാരായവരുടെ കൂട്ടായ്മയാണ് മോദി മന്ത്രിസഭയിലുള്ളത്. മുമ്പുള്ള ഭരണാധികാരികൾ വരുത്തിവെച്ച സാമ്പത്തിക ക്രമക്കേടുകളും അരാജകത്വവും ഇല്ലാതാക്കാൻ ഇനിയും കാലങ്ങളെടുത്തേക്കാം. എങ്കിലും ഭാരത ജനത മോദിയിലർപ്പിച്ച ശുഭപ്രതീക്ഷകളുടെതായ സുവർണ്ണദിനങ്ങൾ അദ്ദേഹത്തിന്റെ ഭരണകാലങ്ങളിൽത്തന്നെ കാത്തിരുന്നു കാണാം. അന്തർദേശീയ ശക്തിധൃവീകരണത്തിൽ വിഭവ സമൃദ്ധിയാൽ പുഷ്ടി നേടുന്ന ഇന്ത്യ ഏഷ്യയുടെ പതാകവാഹകനാകുന്ന കാലവും വിദൂരമല്ല.
No comments:
Post a Comment