By ജോസഫ് പടന്നമാക്കൽ
'മതം മനുഷ്യനെ മയക്കുന്ന കറുപ്പുമരുന്നെന്ന്' കാറൽ മാർക്സ് പറഞ്ഞു. മതത്തെ മദ്യം മയക്കുമെന്ന പുതിയ കാഴ്ച്ചപ്പാടുകൾമൂലം മതവും മദ്യവും തമ്മിൽ ഒരു തുറന്ന യുദ്ധം ആരംഭിച്ചിരിക്കുകയാണ്. അൾത്താരയിലെ വീഞ്ഞ് നിരോധിക്കണമെന്ന നിർദ്ദേശവുമായി മതനിരീക്ഷണ വാദികളും രംഗത്തുണ്ട്. കുർബാനയിലെ വീഞ്ഞ് ചെറിയ ലഹരിയെങ്കിലും അത് പിന്നീട് പുരോഹിതരെ പൂർണ്ണമായ മദ്യപാനികളാക്കുമെന്നും അഭിപ്രായങ്ങളുണ്ട്. ശ്രീ വെള്ളാപ്പള്ളി നടേശൻ അൾത്താരയിലെ വീഞ്ഞ് നിരോധിക്കണമെന്ന് പറഞ്ഞതിന്റെ കാരണവും അതുതന്നെയാകാം.
പുരോഹിതരുടെയിടയിലും മദ്യം ഒരു പ്രശ്നമാണ്. അരമനകളിലും കൊവേന്ത ആശ്രമങ്ങളിലും അത്തരം വിവരങ്ങൾ ഒളിച്ചുവെച്ചിരിക്കുന്നതുകൊണ്ട് പുറം ലോകം അറിയുന്നില്ലന്നേയുള്ളൂ. ഒരു പക്ഷെ സഭ മദ്യനിരോധനത്തിന് തീവ്രമായ പിന്തുണ നല്കുന്നതും പുരോഹിതരുടെയിടയിൽ മദ്യം വ്യാപിക്കുന്നതുകൊണ്ടായിരിക്കാം. യൂറോപ്പിലും അമേരിക്കയിലുമുള്ള പുരോഹിതന്റെ ജോലി 24 മണിക്കൂറുമാണ്. രോഗികൾക്കും മരിക്കാൻ പോകുന്നവർക്കും അന്ത്യലേപനം ഏതു സമയത്തും കൊടുക്കണം. സമൂഹത്തിൽ പുരോഹിതന് സ്ഥാനം കൽപ്പിച്ചിരിക്കുന്നതുകൊണ്ട് എല്ലാ സാമൂഹികചടങ്ങുകളിലും അവരെ വിളിക്കും. അവിടെയെല്ലാം 'ഡ്രിങ്ക്' എടുക്കാൻ പ്രേരിപ്പിക്കും. പാശ്ചാത്യരാജ്യങ്ങളിലുള്ള ക്ലബുകളിൽ മിതമായി മദ്യം കഴിക്കുകയെന്നതും കത്തോലിക്കരുടെ സാമൂഹിക സംസ്ക്കാരമാണ്. ഏകാന്തതയും പള്ളിയിലെ ബോറടിച്ച ജീവിതവും അവരെ കുടിയന്മാരാക്കുന്നു. (റഫ: ഫാദർ ഡോ. അലക്സാണ്ടർ സ്മിത്ത്, കത്തോലിക് ഹെറാൾഡ്-യൂ.കെ.ആഗസ്റ്റ് 5, 2014 )
മദ്യം സമൂഹത്തിൽനിന്നും തികച്ചും ഇല്ലായ്മ ചെയ്യാൻ മദ്യനിരോധനം വേണമെന്നു വാദിക്കുന്നവർക്ക് അനേക കാരണങ്ങളുണ്ടാവാം. മദ്യം മനുഷ്യന്റെ ജീവിതനിലവാരം താഴ്ത്തി ദാരിദ്ര്യത്തിലേക്ക് നയിക്കും. സ്വപ്നങ്ങളുമായി പടുത്തുയർത്തിയ കുടുംബജീവിതം തകർക്കും. കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന മനുഷ്യൻ മദ്യത്തിനടിമയാകുമ്പോൾ മക്കളും മാതാപിതാക്കളുമായുള്ള ബന്ധം അവിടെ തകരുകയാണ്. കുടുംബം പോറ്റാൻ ഗ്രഹനാഥൻറെ വരുമാനമായുണ്ടായിരുന്ന ജോലിയും ലഹരിയിൽ നഷ്ടപ്പെടാം. സമൂഹം ഗൗനിക്കാതെ വരുമ്പോൾ അവർതന്നെ സ്വയം മാനസികമായി തകർന്നു നശിക്കും. ഭാര്യയും ഭർത്താവും മക്കളും തമ്മിൽ തല്ലും വാശിയുമായി വൈരാഗ്യത്തോടെ കഴിയുന്ന പരിതാപകരമായ ചുറ്റുപാടുകളുമുണ്ടാകാം.വിവാഹമോചനവും സംഭവിക്കാം. അമിതമായ കുടിയാസക്തി ആരോഗ്യത്തെയും ബാധിക്കും. കിഡ്നിയും കരളും നശിച്ച് ഒടുവിൽ മരണത്തിലും കലാശിക്കാം.
മതങ്ങളെല്ലാം തന്നെ മദ്യത്തെ നിരുത്സാഹപ്പെടുത്തുന്നതു കാണാം. മദ്യത്തിന്റെ ലഹരിമൂലം കുറ്റകൃത്യങ്ങൾ വർദ്ധിക്കുമെന്നും കരുതുന്നു. നടുറോഡുകളിലും കുടുംബത്തിലും അടിപിടിയ്ക്കും അസഭ്യ ശകാരങ്ങൾക്കും കാരണം മദ്യമാണെന്നു മതം കരുതുന്നു.ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഇവാഞ്ചലിസ്റ്റും യഹോവാ സാക്ഷികളും മദ്യത്തെ പിശാചിന്റെ പാനീയമെന്നാണ് വിളിക്കുന്നത്. വിശുദ്ധ പുസ്തകത്തിൽനിന്നും അവർക്ക് അനുകൂലമായ വചനങ്ങൾ തപ്പി കണ്ടു പിടിക്കാനും സാധിക്കും. മദ്യം പൂർണ്ണമായും പാടില്ലായെന്നും ,ഉപേക്ഷിക്കണമെന്നും ദൈവംത്തിന്റെ കല്പ്പനയുണ്ടെന്നു മത തീവ്രതയിൽ മുഴുകിയിരിക്കുന്നവർ പറയും. സ്വവർഗ രതിപോലെ മദ്യവും നാശം വിതക്കുമെന്ന് യാഥാസ്തിതികരായവർ പ്രചരണം നടത്തുന്നു. രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ച് അവരെ മതത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതു മൂലം ജനത്തിന് ഇന്ന് രാഷ്ട്രീയക്കാരോടൊപ്പം മതത്തെയും ബഹുമാനമില്ലാതായി.
മദ്യം കഴിക്കാത്തവർ മദ്യപാനികളെക്കൊണ്ട് കുറ്റ കൃത്യങ്ങൾ ചെയ്യിപ്പിച്ച് സ്വാർഥതാല്പര്യങ്ങളെ സംരക്ഷിക്കുന്നത് മദ്യനിരോധന വാദികൾ അറിഞ്ഞില്ലെന്നും ഭാവിക്കുന്നു. കുടിച്ചു വണ്ടിയോടിക്കുന്നവർ മദ്യം നിരോധിച്ചാൽ നിരത്തുകളിൽ കുറയുമെന്നും കണക്കാക്കുന്നു. മദ്യവും ചാരായവും എവിടെയും സുലഭമായി ലഭിക്കുന്ന സ്ഥിതിക്ക് അത്തരം ഒരു അനുമാനത്തിന് പ്രസക്തിയുണ്ടെന്നും തോന്നുന്നില്ല. മദ്യം കഴിക്കുന്ന കുടുംബങ്ങൾ പാപ്പരാകുമെന്ന കണക്കാക്കലുമുണ്ട്. ഖജനാവ് കാലിയായിക്കൊണ്ടിരിക്കുന്ന കേരള സംസ്ഥാനത്തിന്റെ കമ്മി നികത്തുന്നതെങ്ങനെയെന്ന് ചിന്തിക്കാൻ സർക്കാരിന് സമയമില്ല. മദ്യനിരോധനം മൂലം സംസ്ഥാനത്ത് നികുതിയിനത്തിൽ ലഭിച്ചിരുന്ന വരുമാനം ഇല്ലാതാകുമ്പോൾ സാമ്പത്തിക അരാജകത്വം നാട് മുഴവൻ അനുഭവപ്പെടും. അതൊന്നും അറിയണ്ടായെന്നു ഭാവിച്ച് മതത്തെ പ്രീതി പ്പെടുത്തി സർക്കാരിനെ എങ്ങനെ നില നിർത്താൻ സാധിക്കുമെന്നാണ് കേരളം ഭരിക്കുന്നവർ ചിന്തിക്കുന്നത്.
ന്യൂനപക്ഷമായ ഒരു ജനം മദ്യം ദുരുപയോഗം ചെയ്യുന്നതിന്റെ പേരിൽ സമ്പൂർണ്ണമായ മദ്യനിരോധനം മുഴുവൻ ജനങ്ങളുടെ ചുമലിൽ നടപ്പാക്കുന്നത് നീതികരിക്കാവുന്നതല്ല. അത് ഒരാളിന്റെ വ്യക്തി സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യലാണ്. ഓരോരുത്തർക്കും കുടിക്കുകയോ കുടിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമോ ഉണ്ട്. ചിലർക്ക് പശു ഇറച്ചിയും മറ്റു ചിലർക്ക് പന്നിയിറച്ചിയും നിഷിക്തമാണെങ്കിൽ അവർ കഴിക്കാതെയിരിക്കട്ടെ. സമൂഹം മുഴുവനും അതിന്റെ ശിക്ഷ അനുഭവിക്കണോ? അതുപോലെ ഏതാനും മദ്യപാനികൾ നിമിത്തം മദ്യനിരോധനം നടപ്പിലാക്കുന്നത് സമൂഹത്തെ മുഴുവനായി ശിക്ഷിക്കുകയാണ്. അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന് തടസ്സമാവുകയും ചെയ്യുന്നു. ലഹരി കഴിക്കുന്നവർ തമ്മിലാണ് സാധാരണ തല്ലു കൂടാറുള്ളത്. ലഹരി കഴിക്കാത്തവർ ലഹരിക്കടിമയാകുന്നവരിൽനിന്ന് അകന്നിരിക്കുകയാണ് പതിവ്. അമിത മദ്യപാനിയ്ക്ക് മദ്യം കഴിക്കാത്തവരെ അക്രമിച്ചു കീഴടക്കാൻ സാധിക്കില്ല. അത്തരക്കാരിൽനിന്നും അകന്നു ജീവിക്കാനും ആഗ്രഹിക്കുന്നു. മദ്യനിരോധനം കരിഞ്ചന്തക്കാർക്കുള്ള പ്രോത്സാഹനമാണ്. കാട്ടിലും ഭൂമിക്കടിയിലും ഒളിച്ചുവെച്ചിരിക്കുന്ന ചാരായ കുപ്പികൾ പുറത്തിറക്കിയുള്ള വ്യവസായങ്ങൾ രഹസ്യമായി വളരാനും തുടങ്ങും . കുടിക്കേണ്ടവൻ കുടിക്കേണ്ട മറ്റു വഴികൾ തേടി അവന്റെ മദ്യപാനം തുടർന്നുകൊണ്ടിരിക്കും. കൂടുതൽ വില കൊടുത്ത് വാങ്ങുന്നതുമൂലം മദ്യപാനിയുടെ കുടുംബം വീണ്ടും തകർച്ചയിലേക്കു മാത്രമേ നിലം പതിക്കുകയുള്ളൂ. രഹസ്യ സങ്കേതങ്ങളിൽനിന്നും കിട്ടുന്ന ലഹരികളിൽ സർക്കാർ നിയന്ത്രണമോ ആരോഗ്യ വകുപ്പിൽനിന്ന് പരിശോധനയോ ഇല്ലാത്തതുകൊണ്ട് ഈ നിരോധനം മൂലം ജനങ്ങളുടെ ആരോഗ്യം കൂടുതൽ വഷളാകാനെ സാധ്യതയുള്ളൂ.
നിരോധനം മൂലം സർക്കാരിന്റെ സാമ്പത്തിക ഖജനാവിനെയും ബാധിക്കും. മദ്യവിൽപ്പനകളിൽനിന്നു കിട്ടേണ്ട നികുതി മുഴുവനായി നഷ്ടപ്പെടും. അതുമൂലം വികസന പ്രവർത്തനങ്ങൾക്ക് തടസമാകും. അനേകം പേരുടെ ജോലിയും നഷ്ടപ്പെടും. മദ്യവുമായി തൊഴിൽ ചെയ്യുന്നവർ തൊഴിൽ രഹിതരാകേണ്ടി വരുന്നു. ഇതും കുറ്റവാളികളുടെ വളർച്ചയ്ക്ക് കാരണമാകും. തൊഴിൽ കണ്ടു പിടിക്കാൻ സാധിക്കാതെ വരുമ്പോൾ തൊഴിൽ രഹിതരായവർ മയക്കു മരുന്നു വ്യവസായങ്ങളിൽ അകപ്പെടാനും സാധ്യതകളുണ്ട്.
പരിഷ്കൃതരാജ്യങ്ങളിൽ സാമൂഹികമായ ലഹരിയുപയോഗം അനുവദനീയമാണ്. മിക്ക സംസ്ക്കാരങ്ങളിലുമുള്ള വിവാഹ ദിനങ്ങളിലും ആചാരങ്ങളിലും മിതമായ മദ്യം ഉപയോഗിക്കാം. ഗാന്ധിജിയും ലഹരി ഉപയോഗിക്കുന്നത് ഒരു സാമൂഹിക ദ്രോഹമായിട്ടായിരുന്നു കണ്ടിരുന്നത്. ആരോഗ്യപരിപാലനയിൽ മുൻഗണന നല്കുന്നതിനായി മദ്യം നിരോധിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നല്കിയതും ഗാന്ധിജിയുടെ മദ്യനയങ്ങളുടെ വെളിച്ചത്തിലായിരുന്നു. എന്നാൽ ഗാന്ധിജിയുടെ ചിന്താഗതികളെ സ്വാതന്ത്ര്യം ലഭിച്ച ശേഷം മിക്ക സംസ്ഥാനങ്ങളും പരിഗണനയിൽ എടുത്തില്ല. മദ്യത്തിൽനിന്ന് ലഭിക്കുന്ന നികുതി വരുമാനം ഇല്ലാതാക്കുവാൻ സംസ്ഥാനങ്ങൾ തയ്യാറായിരുന്നില്ല. ഗാന്ധിജി മദ്യനിരോധനത്തിനായി ആഹ്വാനം ചെയ്തെങ്കിലും അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ മദ്യം ഉപയോഗിക്കുന്നവരായിരുന്നു. അവരെ അദ്ദേഹം മദ്യം വർജിക്കാൻ പ്രേരിപ്പിച്ച ചരിത്രമില്ല.എന്നിരുന്നാലും കേരളത്തിലെ മദ്യനിരോധനം വെറും ഭാഗികമായേ നടപ്പിലാക്കുന്നുള്ളൂ. കേരളത്തിലെ ബാറുകൾ അടച്ചിടാൻ പദ്ധതിയിട്ടെങ്കിലും തെങ്ങും കള്ളുകളും പനം കള്ളും വിൽക്കുന്ന ഷാപ്പുകൾക്ക് നിയമം ബാധകമല്ല. പഞ്ചനക്ഷത്ര ഹോട്ടലുകളിലും മദ്യം വിൽക്കുന്നതിൽ തടസമില്ല.
1920-1933 കാലങ്ങളിൽ അമേരിക്കയിലും മദ്യ നിരോധനം നടപ്പിലാക്കിയ ചരിത്രമുണ്ട്. ഇന്ത്യയിലെ നാലിലൊന്ന് ജനവിഭാഗങ്ങൾ 1954 വരെ മദ്യനിരോധന മേഖലകളിൽ വസിക്കുന്നവരായിരുന്നു. എന്നാൽ ഇന്ന് ഭൂരിഭാഗം സംസ്ഥാനങ്ങളും മദ്യ നിരോധനം നടപ്പിലാക്കാൻ തയ്യാറല്ല. നാഗാലാന്റിലും, മണിപ്പൂരിലും ഗുജറാത്തിലും ലക്ഷദ്വീപിലും മദ്യനിരോധനം നടപ്പാക്കിയിട്ടുള്ള സംസ്ഥാനങ്ങളാണ്. കോടതികൾ അനുവദിച്ച സ്ഥിതിക്ക് കേരളസർക്കാരും മദ്യം നിരോധിക്കാനുള്ള നടപടികളുമായി മുമ്പോട്ടു തന്നെയാണ്.
ഇത്തരം ഒരു സാമൂഹിക വിപത്തിനെ നേരിടാൻ സർക്കാർ ഒരു തീരുമാനമെടുത്തത് കേരളത്തിലെ കുടിയന്മാരുടെ എണ്ണം വർദ്ധിച്ചതുകൊണ്ടായിരിക്കാം. അമേരിക്കയിലെയും ഇന്ത്യയിലെയും ചരിത്രമൊന്നു പരിശോധിക്കുകയാണെങ്കിൽ മദ്യനിരോധനംകൊണ്ട് പിന്നീട് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായതായി കാണാം. വൻതോതിലുള്ള ചാരായം വാറ്റും വിപ്ലാവാരിഷ്ടവും കരിഞ്ചന്ത മാർക്കറ്റിലിറങ്ങും. ഒരു കൂട്ടം ചാരായ വാറ്റുകാരായ ഇത്തരം സംഘിടിത കുറ്റവാളികളെ സൃഷ്ടിക്കുന്നതിനും കാരണമാകും. ഇവരെ നിയന്ത്രിക്കാനായി സർക്കാരിന് കൂടുതൽ പോലീസിന്റെ സഹായവും വേണ്ടി വരും. നിയമം തന്നെ ആരാജകത്തിലാകുകയും ചെയ്യും. സർക്കാരിന്റെ നികുതിയിനത്തിലുള്ള ഭീമമായ വരുമാനവും നഷ്ടപ്പെടും. മദ്യ നിരൊധനമൂലം ആറായിരം കൊടിയോളം നഷ്ടമുണ്ടാകുമെന്നും കണക്കാക്കിയിട്ടുണ്ട്. ഈ കമ്മി കേരളത്തിന്റെ വികസന പദ്ധതികളെയും ഇല്ലാതാക്കും. നികുതിദായകരിൽ നിന്നു ലഭിച്ചിരുന്ന നഷ്ടം നികത്താൻ കൂടുതൽ നികുതിയും ചുമത്തേണ്ടി വരും. അധിക നികുതി പെട്രോളിലും നിത്യ ഉപയോഗ സാധനങ്ങളിലും ചുമത്തുന്നതുമൂലം സാധാരണണക്കാരന്റെ ജീവിതം കൂടുതൽ സങ്കീർണ്ണമാവുകയും ചെയ്യും.
ലഹരി വിപത്ത് സാമൂഹിക തിന്മയെന്ന് ജനങ്ങളെ ബോധവല്ക്കരിക്കുന്ന ശ്രമങ്ങൾ നല്ലതാണ്. എന്നിരുന്നാലും മദ്യ നിരോധനത്തിൽക്കൂടി ആ ലക്ഷ്യം പ്രാപിക്കില്ല. മദ്യ ദുരന്തത്തിന്റെ പരിണിത ഫലങ്ങളെയും അതിന്റെ ദൂക്ഷ്യവശങ്ങളെയും സർക്കാർ ജനങ്ങളെ ബോധവാന്മാരാക്കുകയാണ് വേണ്ടത്. അതിനായി അവരെ പഠിപ്പിക്കാനുള്ള സംവിധാനങ്ങളും സെമിനാറുകളും ക്ലാസ്സുകളും സംഘടിപ്പിക്കണം. സർക്കാരിന്റെ മദ്യനിരോധനം മദ്യത്തിനടിമകളാകുന്നവരെ സഹായിക്കാൻ ഉതകുകയില്ല. മാത്രവുമല്ല ചില പാർട്ടികളിലും കൂട്ടായ്മയിലും സാമൂഹിക കൂടികാഴ്ചകളിലും നല്കുന്ന മിതമായ മദ്യം നിയന്ത്രിക്കുന്നത് ഒരു സാമൂഹിക ദ്രോഹമാണ്.
അടുത്തുള്ള ഒരു അയൽ വാസി ചാരായക്കടയിൽ പോയി ബ്രാണ്ടിയും വിസ്ക്കിയും കഴിച്ചാലോ മറ്റൊരാൾ ലഹരി കഴിച്ചു വണ്ടി ഓടിച്ചാലോ അവരെ ശിക്ഷിച്ചാൽ പോരെ? മിതമായ സാമൂഹിക 'ഡ്രിങ്ക്' കഴിക്കുന്നവരെ എന്തിനു ശിക്ഷിക്കണം? കുറച്ചു പേർ ചെയ്ത തെറ്റിന് സമൂഹമാകെ മദ്യനിരോധനം മൂലം ശിക്ഷിച്ചാൽ അവിടെ നീതിയെവിടെ? മദ്യനിരോധനം മൂലം സർക്കാർതന്നെ നിയമത്തിന്റെ അതിരൂം ലംഘിക്കുകയാണ്. ഒരു സർക്കാരിന്റെ ജോലിയെന്നാൽ രാജ്യത്തിലെ പൌരന്മാരുടെ ജീവനും സ്വത്തുക്കൾക്കും സുരക്ഷ നൽകുകയെന്നതാണ്. ഒരുവന്റെ സാമൂഹികമായ കൂട്ടായ്മയും മിതമായ ലഹരി ഉപയോഗിക്കുന്നതിലുള്ള സന്തോഷവും ഇല്ലാതാക്കുകയെന്നതല്ല. കേസുമായി സർക്കാരിനെതിരെ ബാറുടമകൾ പോവുന്നതു കാരണം സർക്കാരിന് കോടതി ചിലവുകളായി വലിയ നഷ്ടങ്ങളുമുണ്ടാകാം.
മദ്യ നിരോധനം നടപ്പിലാക്കുന്നതുമൂലം പൊതു ജനത്തിനു സർക്കാരിന്റെ നിയമ വ്യവസ്ഥകളോടുള്ള മതിപ്പില്ലാതാകും. മയക്കു മരുന്നുകളുടെയും ചാരായ വാറ്റുകാരുടെയും എണ്ണം വർദ്ധിക്കുന്നതിനൊപ്പം നിയമം ലംഘിക്കുന്നവരുടെ എണ്ണവും വർദ്ധിക്കും. "ഒരു ജനം മുഴുവനായി നിയമത്തെ ലംഘിക്കുന്ന സ്ഥിതിവിശേഷം വന്നാൽ രാജ്യത്തെയും രാജ്യത്തിലെ നിയമത്തെയും ബഹുമാനിക്കുന്നില്ലായെന്നു മനസിലാക്കണമെന്ന്"എബ്രാഹം ലിങ്കണ്‍ പറഞ്ഞിട്ടുണ്ട്. മദ്യനിരോധനം ഭൂരിഭാഗം ജനങ്ങളും അനുസരിക്കില്ലെങ്കിൽ രാജ്യം മുഴുവൻ കുറ്റവാളികളാകും. അല്പ്പം മദ്യം സന്തോഷത്തിനു വേണ്ടിയും ഉണ്മേഷത്തിനായും കഴിക്കുന്നതും നിരോധിക്കുന്നുവെങ്കിൽ നിരോധനം കൊണ്ടു എന്ത് നന്മയാണ് ജനങ്ങൾക്ക് ലഭിക്കാൻ പോവുന്നത്? നിലവിലുള്ള നിയമത്തെ മാനിക്കുന്ന മനുഷ്യ മനസുകളിൽ നിന്ദയുണ്ടാക്കാൻ മാത്രമേ മദ്യനിരോധനം കൊണ്ട് പ്രയോജനപ്പെടുകയുള്ളൂ.
മദ്യം കരിഞ്ചന്തയിൽനിന്നു മേടിക്കാൻ അതിനായി മെരുക്കിയെടുത്ത ഗുണ്ടാകളുടെ സംഘടനകളും ഉണ്ടാകാം. മദ്യം മൂലം അമിത പണമൊഴുക്കുള്ള കച്ചവട രഹസ്യങ്ങളെ ഒറ്റു കൊടുക്കുന്നവരെ വകവരുത്താനും ഈ മാഫിയാകൾ മടി കാണിക്കില്ല. ചാരായ ബ്രാണ്ടി കുപ്പികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കടത്തുന്നതിനൊപ്പം സംസ്ഥാനാതിർത്തിയിലുള്ള പോലീസും പണത്തിന്റെ തണലിൽ അവരോടൊപ്പം നില്ക്കും. കൊലപാതകവും മോഷണവും ഈ മദ്യനിരോധനത്തിൽക്കൂടി വർദ്ധിക്കാനും സാധ്യതയുണ്ട്. ചൂതുകളിയും വ്യപിചാരവും മയക്കു മരുന്നും ഇതോടൊപ്പം വിപുലവുമാകാനും ഇടയാകുന്നു. മദ്യ നിരോധനം പോലീസിനെയും ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കൂടുതൽ അഴിമതിയ്ക്കു കാരണമാക്കും. സഹികെട്ട ജനങ്ങൾക്ക് സർക്കാരിനോടുള്ള വിശ്വാസവും ക്രമേണ നഷ്ടപ്പെടുകയും ചെയ്യും.
മദ്യ നിരോധനത്തിന്റെ പ്രതികരണമായി പോലീസിനും പ്രശ്നങ്ങളുണ്ടാകാൻ സാധ്യതകളുണ്ട്. മദ്യ നിരോധനത്തെ എതിർക്കുന്നവർ ചെറിയ ശതമാനമാണെങ്കിൽ തന്നെയും അവരെയെല്ലാം ജയിലിൽ അടയ്ക്കാനും വമ്പിച്ച ചിലവുകൾ സർക്കാർ വഹിക്കേണ്ടി വരും. ജനങ്ങളുടെ സ്വത്തും ജീവനും രക്ഷിക്കാൻ ബാധ്യതപ്പെട്ട പോലീസിന് മദ്യനിരോധനം കൊണ്ടുണ്ടായ മറ്റൊരു ക്രിമിനൽ ദുരന്താവസ്ഥകളും കൈകാര്യം ചെയ്യേണ്ടി വരുന്നു. അത് കോടതികളെയും ഇന്ത്യൻ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ടായിരിക്കും. സർക്കാരിന്റെ നിയമപാലകർക്ക് മദ്യ നിരോധനത്തിനെതിരായി പ്രതികരിക്കുന്ന ജനത്തെ നിയന്ത്രിക്കേണ്ടിയും വരും.
മദ്യ നിരോധനം വൈകാരികമായും സാമ്പത്തികമായും അനേകരെ തകർക്കും. മദ്യവ്യവസാങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ആയിരക്കണക്കിനാളുകൾ തൊഴിൽ രഹിതരാകും. തൊഴിലില്ലായ്മ വർദ്ധന രാഷ്ട്രത്തിനുതന്നെ ഭാരമാകും. തൊഴിൽ രഹിതരായവർ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുകയോ കുറ്റകൃത്യങ്ങളിൽ പങ്കു ചേരുകയോ മോഷണം, മയക്കു മരുന്ന് വ്യവസായങ്ങളിൽ ഇടപെടുകയോ ഉണ്ടാവാം. മതങ്ങൾ മദ്യമെന്നുള്ളത് പിശാചിന്റെ കരവേലയെന്നു പ്രചരിപ്പിച്ചതു കാരണം മദ്യഷാപ്പിൽ ജോലി ചെയ്തവർക്ക് അന്തസ്സായി ജീവിക്കാൻ മറ്റൊരു തൊഴിൽ കണ്ടു പിടിക്കാനും പ്രയാസമാകും.
പഴവർഗങ്ങളിൽ നിന്നുള്ള മദ്യത്തിൽനിന്നും കാര്യമായ ഉപദ്രവം ഉണ്ടാവുകയില്ലെങ്കിലും മദ്യം നിരോധിക്കുന്നതു കാരണം കള്ള വാറ്റുകാർ വിഷവും നവസാരവുമിട്ടു വാറ്റു ചാരായം ഉണ്ടാക്കും. ഇത് ജനങ്ങളുടെ ആരോഗ്യത്തിനെ ബാധിക്കുകയും ആയിരക്കണക്കിന് ജനത്തിന്റെ അകാലത്തിലുള്ള മരണത്തിൽ കലാശിക്കുകയും ചെയ്യും. ചിലർ അന്ധരാവുകയും ശരീരത്തിലെ അവയവങ്ങളിൽ കേടു പാടുകൾ സംഭവിക്കുകയും ചെയ്യും. മദ്യവുമായുള്ള കേസ്സിൽ പോലീസ് സമയം ചെലവാക്കുന്നതുമൂലം മറ്റുള്ള ക്രിമിനൽ കേസുകളിൽ അശ്രദ്ധരാവുകയും നിലവിലുള്ള ഭീകര കുറ്റവാളികൾ സ്വതന്ത്രരായി നടക്കുകയും ചെയ്യും.
കുടിച്ചു ജീവിച്ചവർക്ക് കുടിച്ചുമാത്രമേ ജീവിക്കാൻ സാധിക്കുകയുള്ളൂ. കുടിയന്മാർ വീട്ടിലിരുന്നു കുടിക്കാൻ നിർബന്ധിതരാകും. അവർ കുടിക്കാൻ രഹസ്യ ചാരായ വാറ്റുകാരുടെ സങ്കേതത്തിൽ പോവുന്ന സമയം അവിടെ വെച്ചുതന്നെ കുപ്പി കാലിയാക്കേണ്ടി വരും. കുപ്പിയുമായി മടങ്ങി വരുന്ന സമയം പിടി കൂടാനും സാധ്യതയുണ്ട്. മദ്യനിരോധനം മനുഷ്യരെ കൂടുതൽ മദ്യാസക്തിയുള്ളവരാക്കും. അവർ കുടിക്കുന്നതിന്റെ അളവും കൂട്ടും. കരളുപോലും വെളുപ്പിക്കുന്ന പട്ടചാരായങ്ങൾ കുടിക്കാനും കുടിയന്മാർക്ക് പ്രശ്നമല്ല.മദ്യം കിട്ടാത്ത സ്ഥിതി വിശേഷം വരുന്ന ചിലർ അമിതമായ പുകവലിയെ ആശ്രയിക്കാനും തുടങ്ങും. പുകവലി മദ്യത്തെക്കാൾ ഹാനികരമാണ്. ചിലർ മദ്യത്തിലും പുകവലിയിലും ഒരു പോലെ മത്തു പിടിച്ചവരാകും.
മദ്യ നിരോധനം നന്മയോ തിന്മയോയെന്ന് വിധിയെഴുതാൻ പ്രയാസമാണ്. അമേരിക്കാപോലും മദ്യനിരോധനമെന്ന നിയമം നടപ്പിലാക്കാൻ പരാജയപ്പെട്ടു.മദ്യം പല വഴികളിൽക്കൂടി കേരളത്തിലെത്തുന്ന സ്ഥിതിക്ക് മദ്യ നിരോധന നയമെന്നത് സർക്കാരിന്റെ ഭ്രാന്തൻ നയമെന്നു മാത്രമേ പറയാൻ സാധിക്കുകയുള്ളൂ. ഫാർമസികളിലും ആയുർവേദ വൈദ്യശാലകളിലും വിപ്ലവാരിഷ്ടമെന്ന പേരിൽ മനുഷ്യനെ കുടഞ്ഞു നിലത്തിടുന്ന ഒരു തരം ലഹരിയും വൻതോതിൽ വിൽപ്പന തുടങ്ങും. സർക്കാരിന് നഷ്ടപ്പെടുന്ന നികുതി ചാരായ മാഫിയാകളുടെ പൊക്കറ്റിലുമെത്തും. അവർക്കു വേണ്ടി മണിമന്ദിരങ്ങളും വിലകൂടിയ കാറുകളും കാത്തു കിടക്കുന്നു. അതിന്റെ വീതം താഴെക്കിടയിലുള്ള വെറും പോലീസുകാരൻ മുതൽ മന്ത്രിമന്ദിരങ്ങൾ വരെയെത്തും. മദ്യ നിരോധനം വെറും ഒരു തമാശ മാത്രം. നിയമവും കോടതികളും വിലയ്ക്കു മേടിക്കാൻ കഴിവുള്ള മദ്യ മാഫിയാകൾക്ക് സർക്കാരിനെ തന്നെ വരച്ച വരയിൽ നിർത്താനുമറിയാം. നിയമമുണ്ടെങ്കിലും അനുസരിക്കാൻ ജനമില്ലാതെ മദ്യനിരോധനം കൊണ്ടെന്തു പ്രയോജനം?
Malayalam Daily News: http://www.malayalamdailynews.com/?p=113791
EMalayalee: http://emalayalee.com/varthaFull.php?newsId=85182
EMalayalee: http://emalayalee.com/varthaFull.php?newsId=85182