Sunday, September 7, 2014
ഓണവും അദ്ധ്യാത്മിക ചിന്തകളും
By ജോസഫ് പടന്നമാക്കൽ
ഓണമെന്നുള്ളത് ദൈവത്തിന്റെ കരങ്ങൾകൊണ്ട് ബലിയാടാകുന്ന ഒരു മഹാരാജാവിന്റെ ഓർമ്മപുതുക്കലാണ്. ‘മഹാബലി വാണിടും കാലം മാനവരെല്ലാമൊന്നുപോലെ ‘എന്ന ആപ്ത വാക്യം ലോകം മുഴുവനുമായ ഓണാഘോഷങ്ങളിൽ മുഴങ്ങി കേള്ക്കുന്നുണ്ട് . സാമൂഹിക ആദ്ധ്യാത്മിക മണ്ഡലങ്ങളിൽ സമത്വം വിഭാവന ചെയ്യുന്ന ഒരു സാംസ്ക്കാരിക മുന്നേറ്റവും മലയാളിയുടെ അഭിമാനമായ ഓണത്തോടൊപ്പം ദൃശ്യമാണ്. ഓണവും ദൈവവുമായ ഒത്തുചേരലിൽ ഓരോരുത്തരുടെയും ഭാവനകളനുസരിച്ച് ചിന്തകളിലും മാറ്റം വരാം. കാലത്തിനനുസരിച്ചും ദേശാന്തരങ്ങൾ മറി കടക്കുമ്പോഴും വീക്ഷണങ്ങളിലും അന്വേഷണങ്ങളിലും വ്യത്യസ്തതകൾ സംഭവിക്കാറുണ്ട്. ഓണമെന്നാൽ എന്തെന്നും അതിന്റെ അർത്ഥവും ചോദിച്ചുകൊണ്ട് സാധാരണ മലയാളികളല്ലാത്തവർ ചോദ്യങ്ങളുമായി വരാറുണ്ട്. ലോകത്തിന്റെ ഒട്ടുമിക്ക രാജ്യങ്ങളിലും മലയാളികൾ ഓണം ആഘോഷിക്കുന്നു. അഭിനന്ദനങ്ങൾ അർപ്പിക്കാനും സമ്മാനങ്ങൾ കൈമാറാനും ഈ ദിവസങ്ങളെ വിശിഷ്ട ദിനങ്ങളായി കരുതുകയും ചെയ്യുന്നു. ഭാരതത്തിലെ എല്ലാ പാരമ്പര്യ ആഘോഷങ്ങൾക്കും താത്ത്വികമായ കാഴ്ചപ്പാടുകൾ പണ്ഡിതരുടെയിടയിൽ കാണാം. ആദ്ധ്യാത്മികതയുടെ വെളിച്ചത്തിൽ അർത്ഥം കല്പ്പിച്ചുകൊണ്ടാണ് ഓരോ ആഘോഷ പരമ്പരകളിലുള്ള ദൈവങ്ങളെയും എഴുന്നള്ളിക്കാറുള്ളത്.
ബലിയെന്ന വാക്കിന് രണ്ട് അർത്ഥങ്ങളാണ് കല്പ്പിച്ചിരിക്കുന്നത്. ബലി ഇവിടെ ഒരു രാജാവിന്റെ പേരാണ്. ബലിയെന്നാൽ 'ശക്തിമാൻ' എന്നർത്ഥമുണ്ട്. മഹാ ശക്തിമാനായ ഈ രാജാവ് ഭീമാകൃതിയിലുള്ള ശരീരഘടനയോടെയുള്ള വ്യക്തിയായിരിക്കാം. നല്ല കായിക പുഷ്ടിയോടെ ആരോടും മല്ലാൻ കരുത്തനുമായിരിക്കാം. രണ്ടാമത്തെ അർത്ഥം പരിത്യാഗിയെന്നാണ്. ദാനശീലനായ മഹാബലിയെ അസുരഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 'സുര' എന്ന സംസ്കൃത വാക്കിൽ നന്മയെന്നാണ് അർത്ഥം.' അസുര' യെന്നാൽ അതിന്റെ വിപരീതമായ തിന്മയുമായി കണക്കാക്കുന്നു. കുഞ്ഞുങ്ങളുടെ ഭാവനയിൽ അസുരന്മാരെ ദുർഭൂതങ്ങളായി കാണുന്നു. ഈ ദുർദേവൻമാർക്ക് നീണ്ട മീശയും തലമുടിയും ഭയാനകമായ കണ്ണുകളുമുണ്ടായിരിക്കും. രാത്രിയിൽ ഞെട്ടിക്കുന്ന ഭീകര സ്വപ്നങ്ങളായി കുഞ്ഞുങ്ങളുടെ മനസ്സിൽ വന്നു കൂടും. വാസ്തവത്തിൽ ഇങ്ങനെയുള്ള ദുർഭൂതങ്ങളെ മനുഷ്യനുണ്ടാക്കിയ ഭാവനകളാണ്.എല്ലാ മനുഷ്യരിലും അസുര മനോഭാവമുണ്ട്. പക്ഷെ നന്മയുള്ള ദൈവങ്ങളെത്തേടി നാം പൂജാദി കർമ്മങ്ങളും ബലിയനുഷ്ടാനങ്ങളും നടത്താറുണ്ട്. വാസ്തവത്തിൽ നമ്മിലുള്ള അസുര ചിന്താഗതിപോലെ മഹാബലിയും അസുരനായിരുന്നുവെന്ന് ഇതിഹാസങ്ങൾ പുലമ്പുന്നു.
മഹാബലി മനസിനെ കീഴടക്കാനാഗ്രഹിച്ചു. മനസു മുഴുവൻ ദൈവത്തിങ്കൽ അർപ്പിക്കുമ്പോൾ ദൈവവുമായി ഒരു ഒത്തുചേരലിന്റെ മനസ്സായി അവിടം രൂപാന്തരപ്പെടുന്നു. പ്രപഞ്ച സൃഷ്ടാവായ ബ്രഹ്മനിൽ പരിപൂർണ്ണമായും ലയിക്കാൻ മഹാബലി കഠിനാധ്വാനവും ചെയ്തു. അദ്ദേഹത്തിന്റെ ലക്‌ഷ്യം ഉപബോധ മനസിലെ ആത്മം കണ്ടെത്തുകയെന്നതായിരുന്നു. യാഗങ്ങളിലും യജ്ഞങ്ങളിലും തപസുകളിലുംക്കൂടി അത് നേടാൻ ശ്രമവും തുടങ്ങി.
ബലി യജ്ഞങ്ങളും യാഗങ്ങളും നടത്താൻ തീരുമാനിച്ചാൽ എന്താണ് മനസിലാക്കേണ്ടത്. യജ്ഞങ്ങളും യാഗങ്ങളുമെന്നാൽ ആദ്ധ്യാത്മികതയുടെ ഭാഗങ്ങളാണ്. യാഗങ്ങളിൽക്കൂടി നമ്മിലെ ത്രിഗുണങ്ങളെ തിരിച്ചറിഞ്ഞാൽ സത്യത്തിന്റെ വഴി തുറന്നു തരും. നമ്മിലുള്ള മൃഗീയ ചേതനകളെ തമോഗുണമെന്നു പറയും. നമ്മുടെ വികാരങ്ങളും അതി താല്പര്യങ്ങളും മന ക്ഷോപങ്ങളും ത്യാഗങ്ങളും പീഡാനുഭവങ്ങളും ഉൾപ്പെട്ട സത്തകളെ രാജ ഗുണങ്ങളെന്നു പറയും. ഈശ്വരഭക്തിയും ഗുരുഭക്തിയും ധർമ്മാനിഷ്ഠയും ധർമ്മ ശീലവും മൂന്നാമത്തെ സത്ഗുണയിലുണ്ട്.
യാഗങ്ങളിൽക്കൂടി ഭൌതിക സുഖങ്ങൾക്കായി നേടുന്ന നേട്ടങ്ങളെല്ലാം താല്ക്കാലികമാണ്. ത്രിഗുണങ്ങൾക്കായുള്ള യാഗങ്ങളും യജ്ഞങ്ങളും സമയകാല ബന്ധിതവുമാണ്. മഹാബലി യാഗമാരംഭിച്ചത് അധികാരത്തിനായ താത്ക്കാലിക നേട്ടങ്ങൾക്കു വേണ്ടിയായിരുന്നു. ഇന്ദ്രന്റെ സ്ഥാനവും മോഹിച്ചു. മഹാബലിയുടെ യജ്ഞങ്ങൾ ശരിയായ പാതയിലല്ലെന്നുള്ള തിരിച്ചറിവ് അദ്ദേഹത്തിനില്ലാതെ പോയി. യജ്ഞങ്ങളും യാഗങ്ങളും ഭൌതിക നേട്ടങ്ങൾ കൈവരിക്കാനുള്ളതാണ്. 'ചൊദിപ്പിൻ കൊടുക്കപ്പെടും' എന്ന തത്ത്വം പോലെ നാം ക്ഷീണിതരാകുന്നവരെ നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കും. അവസാനം നാം ഉച്ചത്തിൽ പറയും, 'എനിക്കിനി ഒന്നും വേണ്ടാ, നേടാനുള്ളതെല്ലാം ഞാൻ നേടിക്കഴിഞ്ഞു.'
ലൌകിക ലോകത്തിന്റെ സുഖങ്ങൾ തേടി അർഹതയില്ലാത്ത ആഗ്രഹങ്ങൾക്കായുള്ള യാഗങ്ങളും യജ്ഞങ്ങളും നമ്മെ ഒരിടത്തും ചെന്നെത്തിക്കില്ല. ലോക സുഖം മാത്രമേ കൈവരിക്കുകയുള്ളൂ. ഇന്ദ്രൻറെ സ്ഥാനം ലഭിക്കണമെന്നുള്ള അത്യാഗ്രഹം മഹാബലിയുടെ പതനത്തിൽ അവസാനിച്ചു. ദൈവം അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കണമെന്നു തീരുമാനിച്ചു. എന്തുകൊണ്ടാണ് മറ്റാരെയും ശിക്ഷിക്കാതെ മഹാബലിയെ മാത്രം ശിക്ഷിക്കുന്നതെന്നും ഒരു ചോദ്യമുണ്ടാകാം. ഒരു ജീവിതത്തിൽ ഒരാൾക്കു ലഭിക്കാവുന്ന ആഗ്രഹങ്ങൾ മുഴുവനായി മഹാബലി നേടിയെടുത്തിരുന്നു. അതുകൊണ്ട് ദൈവത്തിൽനിന്ന് ഒരു പാഠം പഠിക്കാനും മഹാബലി അർഹനായി. ദൈവത്തിന്റെ ശ്രദ്ധ നേടാൻ മഹാബലി നല്ലവനായി ജീവിച്ചു. സ്നേഹവും കരുണയും ദയയും അദ്ദേഹത്തിൽ പൂർണ്ണമായും ഉദയം ചെയ്തു. അദ്ദേഹം പ്രജകൾക്കു ഉത്തമനായ ഒരു രാജാവായിരുന്നു. രാജാക്കന്മാർക്കും മാതൃകാപരമായി രാജ്യവും ഭരിച്ചിരുന്നു. ജനങ്ങളെ പ്രീതിപ്പെടുത്താൻ, അവർക്കുവേണ്ടി എന്തു പരിത്യാഗം ചെയ്യാനും മഹാബലി തയ്യാറായിരുന്നു. ഈ ഗുണങ്ങൾ ദൈവത്തിൽ നിന്നുള്ള പാഠം പഠിക്കാനും മഹാബലിയെ യോഗ്യനാക്കി. 'എനിക്കതു വേണം ഇതു വേണം' എന്ന് ഒരുവൻ പറയുന്നുവെങ്കിൽ അവിടെ അവൻ ആഗ്രഹങ്ങൾക്ക് തടയിടുകയാണ്.അവനർഹിക്കാത്തത് ആഗ്രഹിക്കാൻ പാടില്ലായെന്ന് അവനറിയാം. ഇത് കർമ്മ നിരതനായി ജീവിച്ച മഹാബലിക്ക് ദൈവത്തിൽനിന്നു ലഭിക്കുന്ന സമ്മാനമായിരുന്നു. മനോഹരവും നിത്യവുമായ ആ ദൈവ കൽപ്പനകൾ സ്വീകരീക്കാൻ മഹാബലി യോഗ്യനുമായിരുന്നു. വിഷ്ണുവായ ദൈവം ഒരു കുരുളന്റെ രൂപത്തിൽ വാമനനായി വന്നു. മഹാബലിയ്ക്ക് ആ കുറുകിയ മനുഷ്യൻ ഒരു സുന്ദര രൂപമായിരുന്നു. ദൈവം ചെറുതും വലുതുമാണ്. പരമാണുവായും പ്രപഞ്ചമാകയും ഉൾക്കൊള്ളുന്ന മൂർത്തികരണമായും രൂപാന്തരീകരണം നടത്തും. ദൈവത്തിൽ മാക്രോയും മൈക്രോയും തത്ത്വങ്ങളുണ്ട്. ചെറുതിൽ ചെറുതും വലുതിൽ വലുതുമാണ്. വാമനിൽ ദൈവരൂപം ചെറുതും വലുതുമുണ്ടായിരുന്നു. സർവ്വ വ്യാപിയായ ദൈവം മഹാബലിയോടു ചോദിച്ചത് വെറും മൂന്നടി സ്ഥലം മാത്രമായിരുന്നു.
ദൈവത്തിനെങ്ങനെ മൂന്നടിയെന്നോർത്ത് മനുഷ്യർ വിസ്മയിച്ചേക്കാം. ഈ പൊക്കം കുറഞ്ഞ അവതാരപുരുഷന് രാജ്യം മുഴുവൻ കൊടുക്കാൻ മഹാ ബലി തയ്യാറുമായിരിക്കുന്നു. . ചോദിക്കുന്നതെന്തും നല്കാമെന്ന് വാഗ്ദാനവും നല്കുന്നു. വാമനൻ ചോദിച്ചത് മൂന്നു കാൽപ്പാദം സ്ഥലം മാത്രം. 'പ്രഭോ, അങ്ങ് താല്പര്യപ്പെടുന്ന മൂന്നു കാല്പ്പാദം അങ്ങേടുത്താലു'മെന്ന്' മഹാബലി പറഞ്ഞു മഹാബലിയുടെ ദാനം സ്വീകരിച്ചയുടൻ മൂന്നടിയായ അവതാരം മൂന്നു മുക്കൊടിയും കവിഞ്ഞുള്ള വലിപ്പത്തിൽ വളരാനും തുടങ്ങി. അവതാരത്തിങ്കൽ ദൈവികമായ പ്രഭയുമുണ്ടായിരുനു.
വാമനൻ തന്റെ ഒരു പാദം കൊണ്ട് ഭൂമി മുഴുവനും അളന്നപ്പോൾ മഹാബലിയിൽനിന്നും ഭൂതലത്തെ കൈവശപ്പെടുത്താൻ കഴിഞ്ഞു. അടുത്ത പാദം കൊണ്ട് ശൂന്യമായ ആകാശവും പ്രപഞ്ചവും കീഴ്പ്പെടുത്തി. വാമനന്റെ മൂന്നാം പാദം വെക്കാനായി ഇടമില്ല. മഹാബലി പറഞ്ഞു, 'പ്രഭോ അങ്ങയുടെ ദിവ്യമായ പാദം എന്റെ ശിരസ്സിൽ വെച്ചാലും. അങ്ങ് ഭൂമിയും പ്രപഞ്ചാദി ഗോളങ്ങളും സൌരയുധങ്ങളും കീഴ്പ്പെടുത്തി. ഇതാ അങ്ങേയ്ക്ക് മുമ്പിൽ എന്റെ സിരസുകളെ ഞാൻ അർപ്പിക്കുന്നു."
ഒരു അസുരനെന്ന നിലയിൽ മഹാബലി മഹാരാജാവിൽ അധികാരം മത്തു പിടിപ്പിച്ചിരിക്കാം. ദേവദൈവങ്ങളുടെയിടയിൽ രാജാധിരാജനായി വാണരുളാൻ ഉന്നത രാജ പീഠവും അദ്ദേഹം കാംക്ഷിച്ചിരുന്നു. ഇന്ദ്രന്റെ അധികാരവും മഹാബലി മോഹിച്ചു. അധികാരത്തിനായി മനുഷ്യരെല്ലാം പരക്കം പായും. അതിനായി എന്തധർമ്മവും ചെയ്യാൻ മനുഷ്യന് മടി കാണില്ല. മറ്റുള്ളവർ അയാളെ സല്യൂട്ട് ചെയ്യണം, അയാളുടെ കീഴിൽ ദാസന്മാരായിരിക്കണം, അർഹിക്കാത്ത ബഹുമാനം വേണമെന്നെല്ലാമുള്ള ചിന്തകൾ മനുഷ്യനിൽ അടിയുറച്ചിട്ടുള്ളതാണ്. മഹാബലി ഭൂമിയിലെ രാജാവായിരുന്നിട്ടും ദേവന്മാരുടെയും ദൈവങ്ങളുടെയും മീതെ അധികാരം മോഹിച്ചു. ദേവന്മാരുടെ നിയന്ത്രണത്തിനായി അധികാരത്തിലുണ്ടായിരുന്നത് ഇന്ദ്രനായിരുന്നു . ഇന്ദ്രനെ സ്ഥാനഭ്രഷ്ടനാക്കാൻ മഹാബലി ബഹു മുഖങ്ങളായ യജ്ഞങ്ങൾ തുടങ്ങിയിരുന്നു.
മഹാബലിയുടെയും വാമനന്റെയും കഥ വിദേശികളായവരുടെ സൃഷ്ടിയെന്ന് സ്വാമി ഉധിത ചൈതന്യാജിയുടെ ചിന്തകളും പ്രഭാഷണങ്ങളും വെളിപ്പെടുത്തുന്നുണ്ട്. ഓണത്തെപ്പറ്റിയും അതിന്റെ ആധ്യാത്മികതയെപ്പറ്റിയും സ്വാമി ഉധിത ചൈതന്യാജിയ്ക്ക് മറ്റൊരു കാഴ്ചപ്പാടാണുള്ളത്. വാമനനായ ദൈവത്തെ അപമാനിക്കാൻ സ്വാർത്ഥമതികളായ ചിലർ കരുതിക്കൂട്ടി മഹാ ഭാഗവതത്തിൽനിന്നും വ്യത്യസ്തമായി സത്യത്തെ വക്രീകരിച്ചുവെന്നു സ്വാമിജി വിശ്വസിക്കുന്നു. സർവ്വജന ബന്ധിയായ, മഹാമനസ്ക്കത നിറഞ്ഞ ഒരു രാജാവിന്റെ സ്വയം ദൈവാർപ്പണത്തെ വിദേശികൾ ഭാവനകൾ നിറച്ച് മറ്റൊരു കഥയായി വികൃതമാക്കിയിരിക്കുന്നു. ദൈവത്തെപ്പോലും അസൂയയും കാപട്യവും നിറഞ്ഞവനായി ഓണ ഇതിഹാസങ്ങളിൽ ചിത്രീകരിച്ചിരീക്കുന്നതും ഭാരതീയ മൂല്യങ്ങളെ അപമാനിക്കൽ കൂടിയാണ്. മഹാബലിയെ പാതാളത്തിലാക്കിയ സ്വാർഥനും അഹങ്കാരിയുമായ വാമനൻ എന്ന വിഷ്ണു അവതാരത്തെ ഒരു ഭക്തന് ഉൾക്കൊള്ളാൻ സാധിച്ചെന്നു വരില്ല. വാമനന്റെ ദൈവികത്ത്വത്തെ ഭക്തന്റെ മനസ്സിൽ ഉത്തേജിപ്പിക്കാൻ പഠനവും ആവശ്യമാണ്.
ഓണമെന്നുള്ളത് വെറും കാർഷിക ഉത്സവങ്ങളായി പണ്ഡിതതരായവർ തങ്ങളുടെ ഗ്രന്ഥങ്ങളിൽ എഴുതിച്ചേർത്തു. മഹാബലിയെന്ന ദാനശീലനായ ഒരു മഹാരാജാവിനെ ചായം പൂശി നരകത്തിലേക്ക് തള്ളി വിടുന്ന പരമാത്മാവിനെ സൃഷ്ടിച്ചതും വിദേശികളാണ്. വാസ്തവത്തിൽ ഈ കഥ നമ്മുടെ സംസ്ക്കാരത്തിനുതന്നെ അപമാനമാണ്. ഹൈന്ദവരുടെ ആധ്യാത്മിക ഗ്രന്ഥമായ ഭാഗവതത്തിൽ മഹാബലിയെപ്പറ്റി വിവരിച്ചിട്ടുണ്ട്. തിരുവോണ ദിവസമാണ് വാമന പ്രഭു മഹാബലിക്ക് പ്രത്യഷനാകുന്നത്. ദൈവ തുല്ല്യനായ ഒരു രാജാവിന്റെ സമീപം വാമന പ്രഭു വന്നതും ജുഗുപ്സാ വഹമായി വളർച്ച നശിച്ച ഒരു ഹൃസകായനായവന്റെ രൂപത്തിലായിരുന്നു. തന്റെ സ്വത്തും പ്രതാപവും രാജ്യവും സകലതും ദൈവത്തിനടിയറ വെച്ച മഹാബലിയെ കപടതയും അസൂയയും നിറഞ്ഞ ഒരു ദൈവത്തിന്റെ മുമ്പിൽ ബലി മൃഗമാക്കിയാണ് ഓണത്തിന്റെ കഥ വിദേശികൾ സൃഷ്ടിച്ചിരിക്കുന്നത്. അത് നമ്മുടെ സംസ്ക്കാര മുന്നേറ്റത്തെ ചെളി വാരിയെറിയാൻ അവരുടെ കുതന്ത്രങ്ങൾക്ക് സാധിച്ചു. സത്യം തേടി അലയുന്ന ഒരു തീർഥാടകൻ ദൈവത്തെ ഭയപ്പെടില്ല. അവനിലെ ആത്മം ദൈവമാണ്. അവനത് ലഭിച്ചത് കഠിനാധ്വാനത്തിൽക്കൂടിയാണ്. അവൻ ദൈവത്തെ ഭയപ്പെടാത്തത് 'ഞാൻ ദൈവമെന്ന' പരമ സത്യത്തിൽ വിശ്വ സിക്കുന്നതുകൊണ്ടാണ്. സത്യവാനായ ഒരുവനിൽ പരമാത്മാവിന്റെ സ്പുരണങ്ങൾ നിറഞ്ഞിരിക്കുന്നു. വേദങ്ങളിലെ 'തത്ത്വം അസി' പഠിപ്പിക്കുന്നതും അതുതന്നെയാണ്. മനുഷ്യ ധർമ്മങ്ങൾ പൂർത്തിയാക്കിയ മഹാബലി സ്വയം ദൈവത്തിനർപ്പിക്കുന്നതായി ഭാഗവതത്തിലെ മഹാബലിയിൽ വിവരിച്ചിട്ടുണ്ട്. മഹാ ഭാഗവതത്തിലെ ഈ വിഷയത്തിൽ ആത്മീയത നിറഞ്ഞിരിക്കുന്നതായും കാണാം. മഹാവിഷ്ണു വാമനരൂപത്തിൽ വന്ന് മഹാബലിയെ അനുഗ്രഹിച്ച് സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന കഥയാണ് ഭാഗവതത്തിലുള്ളത്.
ജ്ഞാനം തേടി സഞ്ചരിക്കുന്നവൻ കെട്ടുകഥകളാണെങ്കിലും മനസിനുതകുന്ന അനുയോജ്യമായ തത്ത്വചിന്തകളെ കണ്ടുപിടിക്കും. യേശു ഉപമകളിൽക്കൂടി തന്റെ ശിക്ഷ്യഗണങ്ങൾക്ക് ജ്ഞാനത്തിന്റെ പാത്രം പകർന്നു കൊടുത്തുകൊണ്ടിരുന്നു. ദൈവം തന്നെ ഒരു പുണ്യപുരുഷനായ മഹാബലിയെ അപമാനിച്ചാൽ അവിടെ താത്ത്വികമായി ചിന്തിക്കാൻ സാധിക്കില്ല. സത്യത്തിന്റെ മഹാബലി നമ്മുടെ മനസിനെയാണ് പ്രതിപാദിക്കുന്നത്. സ്വാർത്ഥതയെ പരിത്യജിച്ച് മനസിനെ സ്വതന്ത്രമാക്കി മഹാബലി സ്വയം ദൈവത്തിൽ അർപ്പിക്കുകയാണ്. 'നിനക്കുള്ളതെല്ലാം വിറ്റ് എന്റെ പിന്നാലെ വരൂവെന്ന് യേശു ധനികനോട് പറയുന്നുണ്ട്.' മഹാബലിയിൽ പ്രകടമായിരിക്കുന്ന സത്യവും അതുതന്നെയാണ്. ഉപബോധ മനസ്സു നിറയെ ആത്മീയത പ്രകാശിച്ചിരുന്ന മഹാബലിയും തനിക്കുള്ളതെല്ലാം ദൈവത്തിങ്കൽ അർപ്പിക്കുകയാണ്. രാജാധിരാജനായിരുന്ന മഹാബലി തന്റെ ഭൌതിക സുഖങ്ങളെ പരിത്യജിച്ച് പരമാനന്ദം നേടി സ്വർഗത്തിങ്കലെ മുക്തി പ്രാപിക്കുന്നതായി ഭാഗവതം പറയുന്നു. മഹാവിഷ്ണുവിന്റെ അവതാരമായ ‘വാമനൻ’ മഹാബലിക്കു നല്കിയത് പാതാളമല്ല പര ബ്രഹ്മം തന്നെയാണ്. മഹാബലിയെ പാതാളത്തിൽ ചവട്ടിതാത്തുവെന്ന കഥ ഭാരത സംസ്ക്കാരങ്ങളെയും നേട്ടങ്ങളെയും അപമാനിക്കാൻ വിദേശികൾ മനപൂർവ്വം കുറിച്ചുവെച്ച വെറുമൊരു കെട്ടുകഥയാണ്. ഇതിൽ ആത്മീയതയുടെ ലവലേശം പോലും കാണില്ല.
ഒരുവന്റെ മനസാണ് ഉത്തമവും സനാതന ശ്രേഷ്ടവും. മനസെന്നുള്ളത് ഭൌതികത ലോകത്തിനും ഉപരിയായ ധനമാണെന്ന് വേദങ്ങളും ഹൈന്ദവ ശാസ്ത്രവും പഠിപ്പിക്കുന്നു. മഹാബലി പഠിപ്പിക്കുന്ന വേദവും അതുതന്നെയാണ്. മനസാകുന്ന അനുഭൂതി നമ്മിൽനിന്ന് കൈവിട്ടാൽ സർവ്വതും നഷ്ടപ്പെടും. ചഞ്ചലിക്കുന്ന മനസിനെ സ്വന്തമാക്കിയാൽ സമസ്തവും നാം നേടുന്നു. തന്റെയുള്ളിലെ രഹസ്യമായിരുന്ന മനശക്തിയെ മഹാബലി ഒരിയ്ക്കലും കൈവെടിഞ്ഞില്ല. ആധുനിക ചിന്താഗതികളിലും ഈ തത്ത്വങ്ങൾ പ്രായോഗികവും വിശ്വസിനീയവുമെന്ന് അനുഭവ പാഠങ്ങൾ പഠിപ്പിക്കുന്നുണ്ട്. നാമാരും മനസിനുള്ളിലെ ശക്തി പ്രവാഹത്തെ വിലയിരുത്താറില്ല. വൈദിക മതങ്ങൾ പഠിപ്പിച്ചിരുന്നത് ദൈവം സർവ്വവ്യാപിയെന്നായിരുന്നു. വിവേകവും ബുദ്ധിയും നിറഞ്ഞ മനസ്സിൽ ദൈവം എപ്പോഴും ഒപ്പം സഞ്ചരിക്കും. മനസിനെ പുഷ്ടിപ്പെടുത്തുന്നതായ ബുദ്ധിയും വിവേകവും ദൈവവും ഒന്നു തന്നെയാണ്. ആ ദൈവം തന്നെയാണ് നന്മ തിന്മകളെ വേർതിരിച്ചറിയാനുള്ള മനസാകുന്ന ശക്തി വിശേഷവും വിതയ്ക്കുന്നത്. അതിനെ ആദ്ധ്യാത്മിക ചൈതന്യമെന്നും വിളിക്കാം.
മനസാണ് നമ്മുടെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നത്. ഓരോ ഇന്ദ്രീയങ്ങൾക്കും ആത്മീയതയുടെ പരിവേഷം കല്പ്പിച്ചിട്ടുണ്ട്. 'ഇന്ദ്രൻ' എന്നു പറഞ്ഞാൽ എന്താണ്? ശരീരത്തിന് അനേക ഭാഗങ്ങളുണ്ടെന്നു നമുക്കറിയാം. ശ്രവണം, കാഴ്ച , രുചി ഇവകൾ ഇന്ദ്രിയങ്ങളുടെ അനുഭൂതികളാണ്. ഇതെല്ലാം പ്രവർത്തന മണ്ഡലങ്ങളിൽ ആവഹിക്കുന്ന ഇന്ദ്രിയങ്ങളുടെ കേന്ദ്രത്തിനെ 'ഇന്ദിര'നെന്നു പറയുന്നു. ശരീരമാകെയുള്ള പ്രവർത്തനത്തിന്റെ പ്രധാന ഊർജ ബിന്ദു ഇന്ദ്രനാണ്. മനസനുവദിച്ചില്ലെങ്കിൽ നമുക്കൊന്നും കാണാൻ കഴിയില്ല. മനസു തീരുമാനിച്ചില്ലെങ്കിൽ കേൾക്കാനും കഴിയില്ല. നാം സ്വപ്ന ലോകത്തിലെങ്കിൽ മനസെവിടെയോ ദൂരദൂരങ്ങളിൽ സഞ്ചരിക്കുകയാണെങ്കിൽ മുമ്പിലുള്ള വസ്തുക്കളും നാം കണ്ടെന്നിരിക്കില്ല. അപ്പോൾ ഇന്ദ്രനെന്നു പറഞ്ഞാൽ മനസാണ്. അവിടമാണ് എല്ലാ ഇന്ദ്രിയങ്ങളുടെയും ശരീര പ്രവർത്തനങ്ങളുടെയും ഊർജം നല്കുന്ന പ്രഭവസ്ഥാനം.
മാതൃകാപരമായ ഒരു ജീവിത വീക്ഷണമാണ് മഹാബലിയുടെ കഥയിലൂടെ നാം പഠിക്കേണ്ടത്. മഹാബലി സ്വയം ദൈവത്തിനർപ്പിച്ചപ്പോൾ ദൈവവും ഞാനും ഒന്നാണെന്ന സത്യം വെളിപ്പെടുത്തുകയായിരുന്നു. 'ഞാനും പിതാവും ഒന്നാണെന്ന്' യേശു പറഞ്ഞതും സത്യത്തിലേക്കുള്ള വഴി തന്നെയായിരുന്നു. ഞാനെന്ന സത്യത്തിൽക്കൂടിയല്ലാതെ ഒരുവൻ പിതാവിങ്കൽ എത്തുകയില്ല. യേശുവിനെ മഹത്തുക്കൾ ദർശിച്ചതും അങ്ങനെയായിരുന്നു. മനസും ദൈവവും ഒന്നാകുമ്പോൾ നാം പുറകോട്ടു തിരിയരുത്. കഴിഞ്ഞതിനെയോർത്തു വിസ്മൃതിയിലാണ്ട കൊഴിഞ്ഞുപോയ കാലങ്ങളെ ചിന്തിച്ച് ഒരിക്കലും നിരാശരാകാൻ പാടില്ല. മനസ്സവിടെ സ്വയം സത്യമായ പരബ്രഹ്മത്തിൽ അർപ്പിതമാവുകയാണ്. നമുക്കനുഭവപ്പെടുന്ന ദൈവവും ദൈവിക ചൈതന്യവും, അദ്വൈത വാദികൾ വിശ്വസിക്കുന്നതും അതുതന്നെയാണ്.
ഒരു മനുഷ്യൻ തന്റെ ജീവിത ഭ്രമണത്തിൽ നല്ലതും ദുരിതവുമായ കാലങ്ങളിൽക്കൂടി കടന്നുപോവേണ്ടതായുണ്ട്. കാലം എന്നും എല്ലായ്പ്പോഴും എല്ലാവരെയും ചുറ്റിപുണർന്നിരിക്കും. കാലഭേദങ്ങളനുസരിച്ച് മനസ്സെന്നും ചഞ്ചലമായിക്കൊണ്ടിരിക്കും. മനസിനെ ശക്തമാക്കി സത്യത്തെ കണ്ടെത്തുന്നവൻ, സർവ്വതും ത്യജിക്കുന്നവൻ, സമയത്തിനനുഷ്ഠിതമായി ദൈവത്തിൽ സമർപ്പിക്കുന്നവൻ, മഹത്തായ ചിന്താഗതികളിൽക്കൂടി മനസിനെ നിയന്ത്രിക്കുന്നവൻ ദൈവചൈതന്യം ലഭിച്ചവരാണ്. ദൈവത്തിങ്കൽ അവൻ ഒന്നാകും. ദൈവവും അവനോടൊപ്പം കാണും. നല്ല മനസിനെയാണ് നാം ബഹുമാനിക്കേണ്ടത്. നമ്മുടെ മനസും ദൈവികമായ ചൈതന്യം കുടികൊണ്ട മഹാ ബലിയെപ്പോലെയായിരിക്കണം. മറിച്ച് ഞാനെന്ന ഭാവം അഹങ്കാരിയുടെ ഭാഷയാണ്. മനസിനെ അപമാനിക്കലാണ്. സമൂഹം അത്തരക്കാരെ ഒറ്റപ്പെടുത്തും. നമ്മുടെ മനസിനെ നമുക്കു ചുറ്റുമായുള്ള സമൂഹം വാഴ്ത്തട്ടെ. മഹാബലിയുടെ ഐശ്വര്യ പൂർണ്ണമായ ജീവിതം കൈവരിക്കേണ്ടത് അഹംബോധത്തീലെ അഹങ്കാര മനസ്സിൽനിന്നാകാതെ പരിശുദ്ധവും നിർമ്മലവുമായ ശുദ്ധമനസ്സിൽ നിന്നായിരിക്കണം.
മഹാബലിയെ ശിക്ഷിച്ച് പാതാളത്തിലയച്ചതായി ഭാഗവതത്തിൽ ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. വിദേശികൾ പഠിപ്പിച്ച ഈ തത്ത്വചിതകൾ പ്രചരിപ്പിക്കുന്നത് സാംസ്ക്കാരിക കേരളത്തിനുതന്നെ അപമാനമാണെന്നും ഓർക്കണം. ഓണമെന്ന സുദിനത്തിൽ ദൈവമായ വാമനനെയും മഹാബലിയേയും ഒരുപോലെ ബഹുമാനിക്കേണ്ടതാണ്. ചായം തേച്ച സ്വാർഥതയും അസൂയയും നിറഞ്ഞ സർവ്വപീഠം അലങ്കരിക്കുന്ന വാമനനെന്ന ദൈവമല്ല നമ്മുടെ സാംസ്ക്കാരിക ചിന്താഗതികളിൽ കൊണ്ടുവരേണ്ടത്. വാമനൻ വിഷ്ണുവിന്റെ അവതാരമാണ്. സത്യത്തിന്റെ അവതാരമായ ഈ മൂർത്തി എങ്ങനെ ധർമ്മിഷ്ടനായ സർവ്വരാലും പൂജിതനായ മഹാബലിയെന്ന മഹാരാജാവിനെ ശിക്ഷിക്കും? വസന്തത്തിലെ ഓണക്കാല പൂക്കൾ ഓരോ മനസുകളുടെയും പരിശുദ്ധിയേ കാണിക്കുന്നു. വിടർന്ന പൂക്കളിൽ ദൈവിക ചൈതന്യത്തെ നാം ദർശിക്കുന്നു. പ്രകൃതിയും സർവ്വ ചരാചരങ്ങളും ഹരിതക ഭൂതലവും പ്രപഞ്ചവും ഇവിടവും ഒന്നുപോലെ നിർവൃതിയിലൊരു ഒത്തു ചേരലാണ്. വിവിധങ്ങളായ സംസ്ക്കാരങ്ങളിൽ 'ഓണം' നമ്മെ നാം ഒന്നാണെന്ന തത്ത്വം പഠിപ്പിക്കുന്നു.
Malayalam Daily News: http://www.malayalamdailynews.com/?p=111073
E Malayalee: http://emalayalee.com/varthaFull.php?newsId=84498
Subscribe to:
Post Comments (Atom)
കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?
ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...
-
ജോസഫ് പടന്നമാക്കൽ ഭാരതത്തിൽ അതിപുരാതനകാലം മുതലേ തിരുവിതാംകൂർ രാജവംശമുണ്ടായിരുന്നു. തിരുവൻകോട്, വേണാട്, വഞ്ചിദേശം, കേരളം, തിരുവടിദേശം എന...
-
ജോസഫ് പടന്നമാക്കൽ ഇൻഡ്യയുടെ ചരിത്രം പുനഃ പരിശോധിക്കുകയാണെങ്കിൽ തിരുവിതാംകൂർ എന്ന കൊച്ചു രാജ്യത്തുണ്ടായിരുന്ന നിരവധി രാഷ്ട്രീയ സാമൂഹിക തീ...
-
പ്രജാപതിയായ പുരുഷന് അനന്തമായ പ്രപഞ്ചത്തില് ഏകനായി സഞ്ചരിച്ചു. തന്റെ പിതാവായ ബ്രഹ്മനില്നിന്നും അകന്നു സൃഷ്ടി കര്മ്മങ്ങളില്...
No comments:
Post a Comment