Tuesday, February 24, 2015

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ രാജ്യഭരണവും നടപ്പിലാക്കിയ വാഗ്ദാനങ്ങളും


By ജോസഫ് പടന്നമാക്കൽ

രാഷ്ട്രീയ നേതാക്കൾ    ഓരോ തിരഞ്ഞെടുപ്പു വരുമ്പോഴും  വാചാലമായ വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നല്കാറുണ്ട്. അത്തരം നേതാക്കന്മാരുടെ അർത്ഥമില്ലാത്ത വാചക കസർത്തുക്കൾ   ഭാരതം  സ്വതന്ത്രമായ കാലം മുതലുള്ളതാണ്. ശ്രീ  നരേന്ദ്രമോദിയും  അനേക  വാഗ്ദാനങ്ങൾ  ജനങ്ങൾക്ക്‌ നൽകിക്കൊണ്ടുതന്നെയാണ്  പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്. സാധാരണ മോഹന വാഗ്ദാനങ്ങൾ നല്കി അധികാരക്കസേരയിൽ പിടിച്ചു പറ്റുന്നവർ ജനവിധിയെ മറന്നു കളയുകയാണ് പതിവ്.  എന്നാൽ ശ്രീ മോദി പ്രതിയോഗികളെ വെല്ലുന്ന വിധം  അസൂയാവഹമായ നേട്ടങ്ങൾ ഈ ചുരുങ്ങിയ ഭരണ  കാലയളവിനുള്ളിൽ  കൈവരിച്ചു കഴിഞ്ഞു.  ഒരു രാഷ്ട്രത്തെ സംബന്ധിച്ച് ഒരു വർഷമെന്നത്   ചെറിയൊരു  കാലഘട്ടമാണ്. അറുപതു വർഷങ്ങളിൽപ്പരം  രാജ്യം  ഭരിച്ചിരുന്ന   മുമ്പുണ്ടായിരുന്ന  അഴിമതി നിറഞ്ഞ   ഭരണകൂടങ്ങളെയും   ഭരണസംവിധാനങ്ങളെയും  മറന്നുകൊണ്ടാണ്  മോദിയ്ക്കെതിരായുള്ള  വിമർശകർ  രംഗത്ത് വന്നിരിക്കുന്നതെന്നും ഓർക്കണം.

പത്രങ്ങളും  മറ്റു വാർത്താ  മാധ്യമങ്ങളും  അദ്ദേഹത്തിന്റെ വസ്ത്ര ധാരണാരീതികളും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ കുറവുകളും  ആഘോഷിക്കാറുണ്ട്.  ഇന്ത്യൻ പ്രധാനമന്ത്രിയെ പരിഹസിക്കാൻ വിദേശ മാധ്യമങ്ങളും താല്പര്യം കാണിക്കാറുണ്ട്.  റക്ഷ്യയിലെയും ചൈനയിലെയും ജപ്പാനിലെയും ഭരണാധിപർ ദ്വിഭാക്ഷിയുടെ സഹായത്തിലാണ്  സാധാരണ ഇംഗ്ലീഷ് സംസാരിക്കാറുള്ളത്.  ഒരു ഭരണാധിപനെ സംബന്ധിച്ച് രാജ്യം ഭരിക്കാനായി സ്വന്തം മാതൃഭാഷ കൂടാതെ മറ്റൊരു വിദേശ ഭാഷ  അറിയണമെന്നില്ല. താറും പാച്ചി, അല്ലെങ്കിൽ അർദ്ധ യാചനകനെപ്പോലെ  മുണ്ടുമുടുത്ത്‌  അമേരിക്കൻ പ്രസിഡന്റുമാരുടെ   മുമ്പിൽ  ഇന്ത്യയുടെ ഒരു മന്ത്രി നിന്നാൽ ലാളിത്യമാവുകയില്ല. കൌപീനവും ധരിച്ച് പൊതുവേദിയിലിരിക്കുന്ന കാലം കഴിഞ്ഞു പോയി.  ഇത് ടെക്കനോളജി യുഗമാണ്.  ഗാന്ധിജിയുടെ കാലത്ത് ഭൂരിഭാഗം ഗ്രാമീണർക്കും അരവസ്ത്രങ്ങൾ  മതിയായിരുന്നു. ഇന്ന് അത്തരം വേഷങ്ങൾ രാജ്യാന്തര തലങ്ങളിൽ വെറുപ്പേയുണ്ടാക്കുകയുള്ളൂ. മോദിയുടെ  പ്രൌഢിയിലുള്ള  വേഷവിധാനങ്ങൾ  രാജ്യത്തിനൊരു പുതുമയായിരുന്നു. നെഹ്റു സ്റ്റൈൽ ഡ്രസ്സുകൾ പോലെ  മോദി സ്റ്റൈൽ വേഷങ്ങളും ഒരു പക്ഷെ ഫാഷൻ ലോകത്ത്  പ്രസിദ്ധിയും നേടാം.

ജനങ്ങൾക്കു  വേണ്ടിയുള്ള  സർക്കാർ,  ചെറിയ സർക്കാർ,   ഫലവത്തായ ഭരണം, സർക്കാരിന്റെ  പരിമിതമായ   നിയന്ത്രണം,  പരസ്പ്പര മുന്നേറ്റം എന്നിങ്ങനെയുള്ള മോദി തത്ത്വങ്ങൾ  അദ്ദേഹത്തിൻറെ  നയപ്രഖ്യാപന പ്രസംഗങ്ങളിൽ പ്രതിഫലിച്ചിരുന്നു. കോടികളുടെ മുടക്കുമുതലുള്ള  വ്യവസായസംരംഭങ്ങളുടെ  ചുമതലകൾ ജനങ്ങൾക്കു നൽകിക്കൊണ്ടുള്ള    ഒരു മുതലാളിത്ത വ്യവസ്ഥിതിയുള്ള ഭരണമായിരുന്നു മോദി  വാഗ്ദാനം ചെയ്തത്. എന്നും സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ അടിയുറച്ചു  വിശ്വസിച്ചിരുന്ന ഇന്ത്യയെ സംബന്ധിച്ച്   'ക്യാപ്പിറ്റലിസം' ഒരു വെല്ലുവിളിയായിരുന്നു. അഴിമതികളും ദാരിദ്ര്യവും സോഷ്യലിസത്തിന്റെ വിത്തുകളായിരുന്നു.  തെരുവുകളിൽ തൊഴിലില്ലാത്തവരുടെയും   വിശക്കുന്നവരുടെയും എണ്ണവും വർദ്ധിച്ചു. സമ്പത്ത് രാജ്യം ഭരിച്ച കൊള്ളക്കാരുടെയും  വൻകിട പ്രഭുക്കളുടെയും  വ്യവസായികളുടെയും നിയന്ത്രണത്തിലുമായി.    

സ്വാതന്ത്ര്യം നേടി 68 വർഷങ്ങൾ കഴിഞ്ഞിട്ടും  ജാതി വ്യവസ്ഥകൾ  ഇന്ത്യയ്ക്ക് ഇന്നും തലവേദനയാണ്.  മനുഷ്യനെ താണവനും വലിയവനുമായി  വേർതിരിച്ചിരിക്കുന്നതായി
കാണാം. തുല്യാവകാശങ്ങളോടു കൂടിയ സമത്വ സാഹോദര്യാധിഷ്ടിതമായ  ഒരു ഭാരതമാണ്  മോദി  സ്വപ്നം കാണുന്നത്.  നീതിയിലധിഷ്ടിതമായ    വിദ്യാഭ്യാസ സമ്പ്രദായം ഭാരതം മുഴുവൻ നടപ്പാക്കാനുള്ള പദ്ധതിയാണ്  ആവിഷ്ക്കരിച്ചിരിക്കുന്നത്.  അതിനായി സൗജന്യ വിദ്യാഭ്യാസ പദ്ധതികൾക്കും  തുടക്കമിട്ടു കഴിഞ്ഞു. അറിവും വെളിച്ചവും തീണ്ടിയിട്ടില്ലാത്ത അനേക ഗ്രാമങ്ങളിൽ  ധർമ്മസ്ഥാപനങ്ങളുടെ സഹായത്തോടെ ആയിരക്കണക്കിന് സ്കൂളുകളും ആരംഭിച്ചിട്ടുണ്ട്. അവിടെ പഠിക്കുന്നതിന്  ഫീസോ നികുതിയോ കൊടുക്കേണ്ടാ. ഭക്ഷണം, പുസ്തകങ്ങൾ, വസ്ത്രങ്ങളുൾപ്പടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്  സർവ്വതും സൌജന്യവുമാണ്.  

 മോദിയുടെ മന്ത്രിസഭയിൽ  മുമ്പുള്ള സർക്കാരിനെക്കാളും അംഗസംഖ്യ വളരെ കുറവാണ്. ചെറിയ   സർക്കാരും  പരമാവധി  ഭരണ ചുമതലുകളും  ഈ  സർക്കാരിന്റെ   പ്രത്യേകതയാണ്. ക്യാപ്പിറ്റലിസ്റ്റ്  വ്യവസ്ഥാപിതമായ ഒരു സർക്കാരിനെയാണ്,  മോദി  മന്ത്രിസഭ നയിക്കുന്നത്.   പതിറ്റാണ്ടുകളായുള്ള  കോണ്‍ഗ്രസ് പാർട്ടിയുടെ സോഷ്യലിസ്റ്റ്  ചിന്താഗതികൾ  വാണിജ്യ മണ്ഡലങ്ങളെ തകർത്തിരുന്നു.  പഞ്ചവത്സര പദ്ധതികൾ പൊതുവെ പരാജയമായിരുന്നു  പാവപ്പെട്ടവരുടെ   ജീവിത നിലവാരങ്ങളിൽ കാര്യമായ  മാറ്റമൊന്നുമുണ്ടായില്ല.

മോദിയുടെ  ഭരണത്തിന്റെ  ആദ്യ ചുവടുവെപ്പുകളായി  വിദേശത്തും സ്വദേശത്തുമുള്ള    വ്യവസായപ്രമുഖരായി  ചർച്ചകൾ നടത്തിയിരുന്നു.  ബില്ല്യൻ കണക്കിന് ഡോളർ  വിദേശ മൂലധനം  നിക്ഷേപിക്കാൻ സാധിച്ചതുവഴി  രാജ്യത്തിന്റെ സാമ്പത്തിക തുലനാവസ്ത  വർദ്ധിപ്പിക്കാനും സാധിച്ചു.  പട്ടണങ്ങൾ പുരോഗതിയുടെ പാതയിൽ  വളരാൻ തുടങ്ങി.  പുതിയതായ റോഡുകളും ഹൈവേകളും വഴി രാജ്യത്തിന്റെ ആന്തരഘടനകൾക്കും (Infra Structure ) മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. തൊഴിൽ മേഖലകളിൽ ആയിരങ്ങൾ പുതിയതായി  ജോലികളും കണ്ടുപിടിക്കാൻ തുടങ്ങി.  'വ്യവസായങ്ങൾ  നടത്തുന്ന ചുമതലകൾ  സർക്കാരിന്റെതല്ലെന്ന്'  പ്രധാന മന്ത്രി നരേന്ദ്ര മോദി  ചുരുങ്ങിയ കാലത്തെ ഭരണത്തെ വിലയിരുത്തികൊണ്ട് പറയുകയുണ്ടായി.

കഴിഞ്ഞ  മറ്റനേക പതിറ്റാണ്ടുകളിലെ  രാജ്യം ഭരിച്ച ഭരണകൂടങ്ങളെ അവലോകനം ചെയ്യുന്നുവെങ്കിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  ചുരുങ്ങിയ കാലയളവിലുണ്ടായ  നേട്ടങ്ങളെ  അഭിനന്ദിച്ചേ മതിയാവൂ. പാർലമെന്റിൽ  കാലു കുത്തുന്നതിനു മുമ്പ് കമിഴ്ന്നു വീണു നമസ്ക്കരിച്ച  മറ്റൊരു പ്രധാനമന്ത്രി ചരിത്രത്തിലില്ല.  ഹൃസ്വമായ   ഭരണകാലയളവുകളിൽ  രാജ്യാന്തര പ്രശ്നങ്ങളുമായി ഇത്രയധികം  വിദേശരാജ്യങ്ങൾ സന്ദർശിച്ച  മറ്റൊരു പ്രധാനമന്ത്രിയില്ല.  അതുപോലെ ചുരുങ്ങിയ സമയംകൊണ്ട്  ഏറ്റവും കൂടുതൽ വിദേശരാജ്യങ്ങളിലെ നേതാക്കന്മാരെ രാഷ്ട്രത്തിനുള്ളിൽ സ്വീകരിച്ചതും അദ്ദേഹം  മാത്രമാണ്.

ആഗോള സാമ്പത്തിക മുന്നേറ്റത്തിനനുസരിച്ച്   രാജ്യത്തിനുള്ളിലെ  സാമ്പത്തിക നിലവാരം  മെച്ചമായിരിക്കുന്നത് മോദിയുടെ ഭരണ കാലത്തിലെ അനുകൂലമായ ഒരു സ്ഥിതിവിശേഷമാണ്. വ്യാപാര ഉത്പന്ന വസ്തുക്കളുടെ വിലക്കുറവും കഴിഞ്ഞ ഒമ്പതു വർഷങ്ങളെക്കാൾ   വിലപ്പെരുപ്പം ചുരുങ്ങിയതും  സുലഭമായ ഭക്ഷണ വസ്തുക്കളുടെ കരുതലും  മോദി സർക്കാരിന് വിജയകരമായ  അന്തരീക്ഷം സൃഷ്ടിച്ചു.  സർക്കാരിനെ സംബന്ധിച്ച്  ആന്തരികവും  ബാഹ്യവുമായ വെല്ലുവിളികൾ അധികമൊന്നുമില്ലാഞ്ഞതും   നേട്ടങ്ങളായിരുന്നു.

" എക്കാലവും  ആരെയും കൂസ്സാക്കാത്ത  വ്യത്യസ്തനായ നരേന്ദ്ര മോദി  സ്വാഭിപ്രായങ്ങളെ  തുറന്നടിക്കാൻ  മടിയില്ലാത്ത,  എന്തും   മുഖത്തു നോക്കി  പറയുന്ന  പ്രഗത്ഭനായ  ഒരു നേതാവെന്നു "  ശ്രീ അദ്വാനി  പറയുകയുണ്ടായി.  സ്വച്ഛ ഭാരതത്തിനായി  മഹാത്മാ ഗാന്ധി ജനിച്ച ദിവസം തന്നെ  മോദി ചൂലുമായി നിരത്തിലിറങ്ങിയതും  ചരിത്രപരമായിരുന്നു. വൃത്തിഹീനമായ തെരുവുകൾ  ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന സാമൂഹിക  പ്രശ്നമായും  അദ്ദേഹം കണ്ടു. അതുപോലെ മനുഷ്യ  സംസ്ക്കാരത്തിനുതന്നെ അപമാനമായ  തൊട്ടു കൂടായ്മയെയും മല മൂത്രങ്ങൾ എടുക്കുന്ന തോട്ടി ജോലികളെയും അവരുടെ പരിതാപകരമായ ജീവിത രീതികളെയും വിമർശിച്ചു. അത്തരം സമൂഹത്തിലെ ഉച്ഛനീചത്വങ്ങൾക്ക് പരിഹാര മാർഗങ്ങളും  ആരായുന്നുണ്ട്.

മോദി, പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യത്തെ സ്വാതന്ത്ര്യ ദിന പ്രസംഗം  യുവ ജനങ്ങൾക്കാവേശം  നല്കുന്നതായിരുന്നു. 2019- നു  മുമ്പ് ഭാരതത്തെ ഒരു ഡിജിറ്റൽ രാഷ്ട്രമാക്കുമെന്ന വാഗ്ദാനവും അന്നത്തെ പ്രസംഗത്തിൽ  മുഴങ്ങിക്കേട്ടു. . 'ഇലക്ട്രോണിക്ക്  മീഡിയാ ' ഭരണവും  ഐ റ്റി വിദ്യാഭ്യാസവും ബ്രോഡ് ബാൻഡുമടങ്ങിയ സമ്പൂർണ്ണ ഡിജിറ്റൽ ഇന്ത്യയെ സ്വാതന്ത്ര്യ ദിനത്തിൽ  അവതരിപ്പിച്ചതിൽ   'മോദിയെ'  യുവ ഭാരതം അവരുടെ  'ഹീറോ' യാക്കി.  പ്രാരംഭ നടപടികൾക്കായി അഞ്ചു ബില്ല്യൻ രൂപാ ഇലക്ട്രോണിക്ക് പദ്ധതികൾക്കുവേണ്ടി അനുവദിക്കുകയും ചെയ്തു.  സർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥർക്കായുള്ള കമ്പ്യൂട്ടർ ഹാജർ സമ്പ്രദായവും  സർക്കാരിന്റെ  സേവനങ്ങൾക്കായി   'കമ്പ്യൂട്ടർ പോർട്ടൽ'   ആരംഭിച്ചതും മോദിയുടെ പദ്ധതികൾക്ക് ഒരു മുന്നോടിയായിരുന്നു. പെൻഷൻ ലഭിക്കുന്നതിനായി  സർക്കാർ ഓഫീസുകളുടെ മുമ്പിൽ ഇനിമേൽ  മണിക്കൂറോളം കാത്തു കിടക്കേണ്ടതായി വരില്ല. പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ   ഡിജിറ്റലിൽ ജീവിത സൌകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള  എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി കഴിഞ്ഞു.

മോദിയുടെ  തിരഞ്ഞെടുപ്പു  പ്രചരണ വേളകളിൽ   സ്മാർട്ട് സിറ്റികളെപ്പറ്റിയും  വാഗ്ദാനങ്ങളുണ്ടായിരുന്നു. അതനുസരിച്ച്   ബഡ്ജറ്റിൽ   75 ബില്ല്യൻ രൂപാ വകകൊള്ളിക്കുകയും ചെയ്തു. ഇന്ത്യാ മൊത്തം നൂറിൽപ്പരം സ്മാർട്ട് സിറ്റികൾ പണുതുയർത്താനാണ് പദ്ധതികളിട്ടിരിക്കുന്നത്.  പരീസ്ഥിതിയുടെ സംരക്ഷണവും  തുലനാവസ്ഥയും  സ്മാർട്ട് സിറ്റികൾ പണിയുമ്പോൾ പരിഗണനയിലുണ്ടായിരിക്കും. പത്തു വർഷങ്ങൾകൊണ്ട്  സ്മാർട്ട് സിറ്റികൾ  പൂർത്തിയാക്കാനാണ് ഉദേശിക്കുന്നത്.   അമേരിക്കയും ജപ്പാനും സിംഗപ്പൂരും ഈ പദ്ധതികളുടെ വിജയത്തിനായി ഒത്തൊരുമിച്ചു പ്രവർത്തിക്കും.  സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടെയും മൂലധനവും സമാഹരിക്കും. വൈദ്യുതിയുടെ കൂടെകൂടെയുള്ള വി ച്ഛേദിക്കലും, ശുദ്ധജലത്തിന്റെ അഭാവവും, കുത്തഴിഞ്ഞ  സംരഭത്തിന്റെ ആന്തര ഘടനകളും (Infraa  Structure)   കാരണങ്ങളാൽ  മോദിപദ്ധതികൾ പരാജയപ്പെടുമെന്നും  ചില നിരീക്ഷകർ വിലയിരുത്തുന്നുമുണ്ട്. 

മോദിസർക്കാരിൽ 23 ക്യാബിനറ്റ് മന്ത്രിമാരും 23 സ്റ്റേറ്റ്  മന്ത്രിമാരുമാണുള്ളത്. മുമ്പുള്ള കേന്ദ്ര മന്ത്രിസഭയിൽ മൊത്തം 71 മന്ത്രിമാരുണ്ടായിരുന്നു. യൂ.പി.എ. സർക്കാരിനേക്കാൾ മുപ്പത്തിയഞ്ച്  ശതമാനം മന്ത്രിമാരുടെ എണ്ണത്തിൽ കുറവുണ്ട്. ഓരോ മന്ത്രിമാർക്കും ശമ്പളത്തിനു പുറമേ ഭീമമായ യാത്രാ അലവൻസുകളും ആഡംബര വീടുകളും ജോലിക്കാരും കാറുകളും നൽകേണ്ടതായുണ്ട്. സർക്കാരിന്റെ എണ്ണം കുറച്ചതുകൊണ്ട് കോടിക്കണക്കിന് രൂപയാണ് നികുതി കൊടുക്കുന്നവരുടെ ഖജനാവിൽ കൂടുതൽ നിക്ഷേപിക്കാൻ സാധിച്ചത്.

മോദിയുടെ ജപ്പാൻ സന്ദർശനം വളരെ ഫലവത്തായിരുന്നു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ജപ്പാൻ ഇന്ത്യയിൽ 35 ബില്ല്യൻ ഡോളർ  നിക്ഷേപം  നടത്താൻ  തീരുമാനമായതും അദ്ദേഹത്തിന്റെ മാത്രം നേട്ടമാണ്.  ഇന്ത്യൻ  റയിൽവേകൾ  പാശ്ചാത്യ രീതികളിൽ ആധുനികരിക്കാനായി   ഇന്ത്യയും ജപ്പാനുമായി   ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു. ആഗോള വ്യവസായ എക്സിക്യൂട്ടീവുകളായ  'സത്യാ നാടല്ല്യാ',( മൈക്രോ സോഫ്റ്റ്)    'ഇന്ദിരാ നൂയി', (പെപ്സിക്കോ) 'ഷെറിൽ സാൻബെർഗ്', (ഫേസ് ബുക്ക്)  'ജെഫ് ബസോസ്,(ആമസോണ്‍) എന്നിവരുടെ  ഇന്ത്യാ സന്ദർശനം  ശ്രദ്ധേയവും സാമ്പത്തിക മുന്നേറ്റത്തിന്റെ  വഴിത്തിരിവിൽ വിലപ്പെട്ടതുമായിരുന്നു. 

ഇന്ത്യയുടെ തെരുവുകളിൽ സ്ത്രീകൾക്കായി ടോയിലറ്റുകൾ നിർമ്മിക്കുമെന്ന് ശ്രീ മോദി കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറയുകയുണ്ടായി. ദുർഗന്ധം പിടിച്ച നദീതീരങ്ങളും പൊതുവഴികളും റോഡുകളും വൃത്തിയാക്കുകയെന്നതും അദ്ദേഹത്തിന്റെ പദ്ധതികളിൽപ്പെടും. മോദിയുടെ സാമൂഹിക മാറ്റങ്ങൾക്കായുള്ള ഈ പ്രസ്ഥാവനയ്ക്കൊപ്പം 'ടി.സി.എസ്. ഭാരത് കമ്പനി' ഉടൻ 100 കോടി രൂപാ ഇതിനായി നൽകുമെന്നും വാഗ്ദാനം ചെയതു കഴിഞ്ഞു.  

തൊഴിൽ നിയമങ്ങളും തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങളും അദ്ദേഹത്തിൻറെ നയങ്ങളനുസരിച്ച് പരിവർത്തനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. നിലവിലുള്ള നിയമമനുസരിച്ച് ഒരു വ്യവസായമോ ചെറുകിട ബിസിനസ്സോ തുടങ്ങുന്നതിന് ഒന്നും രണ്ടും മാസങ്ങളോളം ചുവപ്പുനാടകളുടെ അഴിമതിക്കൂട്ടിൽ കാത്തിരിക്കേണ്ടതായുണ്ടായിരുന്നു. ഇന്ന്, കമ്പ്യൂട്ടർ വെബിൽക്കൂടി ഒരു ദിവസത്തിനുള്ളിൽ ബിസിനസ്സിനുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കും. പണ്ടുകാലങ്ങളിൽ സർക്കാർ ഓഫീസുകളിൽ ജോലിയൊന്നും ചെയ്യാതെ കയ്യും കാലും നീട്ടിയിരിക്കുന്നവർ കയ്നീട്ടം കൊടുത്തില്ലെങ്കിൽ ബിസിനസ് ലൈസൻസിന് അപേക്ഷിക്കുന്നവരെ അവഹേളിക്കുകയും ബുദ്ധിമുട്ടുകളും ക്ലേശങ്ങളും നൽകുകയും ചെയ്തിരുന്നു. പുതിയ വ്യവസായ നിയമം അങ്ങനെയുള്ള അഴിമതിക്കാരിൽനിന്നും രക്ഷപ്പെടാൻ ഒരു മോചനവും ആശ്വാസവുമായിരിക്കും.  

ഇന്നുള്ള കേന്ദ്രമന്ത്രിസഭ പ്രഗത്ഭരായവരെ മാത്രം ഉൾപ്പെടുത്തിയുള്ളതാണ്. വ്യവസായ പ്രമുഖരും അതാതു വകുപ്പുകളിൽ പ്രാവീണ്യം നേടിയവരുമടങ്ങിയ അദ്ദേഹത്തിൻറെ യുവമന്ത്രിസഭ   വൃദ്ധരാഷ്ട്രീയക്കാരിൽനിന്നു വ്യത്യസ്തമെന്നതും ഒരു പ്രത്യേകതയാണ്. മോദി പറയുന്നപോലെ ഭാരതത്തിലെ 65 ശതമാനം ജനങ്ങളും 35 വയസിൽ താഴെയുള്ളവരാണ്. അതായത് തൊഴിൽ ചെയ്യേണ്ട ഒരു ലോകം. തൊഴിലവസരങ്ങൾ വർദ്ധിപ്പിച്ചാൽ മുതൽ മുടക്കാൻ കൂടുതൽ വ്യവസായികളെയും ആവശ്യമായി വരും. ജോലി ചെയ്യാൻ തയ്യാറായവർക്ക് അതിനുള്ള പ്രാഗത്ഭ്യവും നിപുണതയും നൽകേണ്ടതായുണ്ട്. തൊഴിലില്ലായ്മ പരിഹരിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ ഈ മന്ത്രിസഭയ്ക്ക് എന്തുചെയ്യാൻ കഴിയുമെന്നുള്ളതും കാത്തിരുന്നു കാണാം.

ഭീകര വാദത്തിനെതിരായി പാകിസ്ഥാന് മോദി ശക്തമായ ഒരു സന്ദേശമാണ് നല്കിയത്. കഴിഞ്ഞ ആഗസ്റ്റിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ബന്ധങ്ങൾ പുതുക്കാൻ പരസ്പ്പരം ചർച്ചകൾ നടത്താനിരിക്കുകയായിരുന്നു. കൂടെക്കൂടെ പാക്കിസ്ഥാൻഭീകരരുടെ കാഷ്മീരിലേയ്ക്കുള്ള നുഴഞ്ഞുകയറ്റം മൂലം ചർച്ചകളിൽ നിന്ന് ഇന്ത്യാ പിൻവാങ്ങുകയാണുണ്ടായത്. പാക്കിസ്ഥാന്റെ ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടി കൊടുക്കാൻ മോദിയുടെ കാര്യനിർവഹണാലയം നിർദ്ദേശങ്ങളും നല്കിയിട്ടുണ്ട്. ഐക്യരാഷ്ട്രസംഘടനയിലെ പ്രസംഗ വേളകളിലും തീവ്രവാദത്തെ പ്രതിരോധിക്കാൻ ലോകരാഷ്ട്രങ്ങളോടായി താക്കീതും നല്കിയിരുന്നു. 

ന്യൂക്ലീയർ ഊർജ്ജത്തിനായുള്ള 500 ടണ്‍ യൂറേനിയം ലഭിക്കാൻ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ഉടമ്പടിയുണ്ടാക്കിയിരുന്നു. ഊർജ്ജത്തിനായുള്ള ഇന്ത്യയുടെ പ്രശ്നങ്ങൾ ഇതോടെ പരിഹരിക്കുകയും ചെയ്യും. സുരക്ഷിതമായ ന്യൂക്ലിയർ ഊർജം ഇന്ത്യയ്ക്ക് ലഭിക്കുകയും ചെയ്യും. ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകവഴി ഇന്ത്യയ്ക്ക് കൂടുതൽ സാമ്പത്തിക വളർച്ചയുമുണ്ടാകും. ലോകകറൻസികളുടെ ഒഴുക്കും സാമ്പത്തിക രംഗത്തെ മെച്ചമാക്കും. ഇന്ത്യൻ ആർമിക്കായി(Army) ശക്തിയേറിയ യുദ്ധവിമാങ്ങൾ നിർമ്മിക്കാൻ ടാറ്റായും എയർബസ്സും പദ്ധതികളിട്ടു കഴിഞ്ഞു.

മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും കൃത്യം ഒമ്പതുമണിയ്ക്ക് ഓഫീസ്സിൽ ഹാജരാകണമെന്ന നിയമവും കർശനമാക്കി. അത്തരം നിയമങ്ങൾ മുമ്പുള്ള സർക്കാരുകളുടെ കാലത്ത് ഒരിക്കലും ചിന്തിക്കാൻ പോലും സാധിച്ചിരുന്നില്ല. ഉദ്യോഗസ്ഥ പ്രഭുക്കന്മാരുടെ ആധിപത്യത്തിനെതിരെയും സർക്കാരിലെ അഴിമതിക്കാർക്കെതിരെയും മോദി താക്കീത് കൊടുത്തു കഴിഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങളുടെ സേവകരാണെന്നും അവർ യജമാനന്മാരല്ലെന്നും ചുവപ്പുനാടകളെ മോദി ഒർമ്മിപ്പിക്കാറുമുണ്ട്. ഇന്ത്യയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥ വർഗത്തിനെ നിയന്ത്രിക്കാൻ സാധിക്കുന്ന പക്ഷം രാജ്യനന്മയ്ക്കുതകുന്ന പല സുപ്രധാന പദ്ധതികളും നയങ്ങളും ഭാവിയിൽ നടപ്പിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.  

പ്രതിപക്ഷ  പാർട്ടികൾ   യാതൊരുവിധ   അടിസ്ഥാനങ്ങളുമില്ലാതെ   സർക്കാരിനെ  വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുകയെന്നത്  നിത്യ സംഭവങ്ങളാണ്.  അത്തരം ശബ്ദകോലാഹലങ്ങളുമായി വരുന്ന രാഷ്ട്രീയപാർട്ടികൾ  ക്രിയാത്മകമായ യാതൊരു പരിഹാരങ്ങളും  നിർദ്ദേശിക്കുന്നില്ലായെന്നതും ശ്രദ്ധേയമാണ്. മോദിയുടെ നേട്ടങ്ങളെ മറച്ചു വെച്ച്  എന്തിനെയും  വിമർശിക്കുകയെന്ന  പ്രവണത  ജനാധിപത്യ മൂല്യങ്ങൾക്ക്  ഭൂഷണമായിരിക്കില്ല.  അഞ്ചു വർഷം ഭരിക്കാനുള്ള ജനവിധിയാണ് മോദി നേടിയിരിക്കുന്നത്. അഞ്ചു വർഷം കൊണ്ടു ചെയ്തു തീർക്കേണ്ട പദ്ധതികൾ നല്ലവണ്ണം അവലോകനം ചെയ്താണ്   തന്റെ കൃത്യനിർവഹണങ്ങളിൽ മുഴുകിയിരിക്കുന്നത്. അദ്ദേഹം ആഗ്രഹിക്കുന്നതെല്ലാം രാജ്യനന്മയക്കായി  അങ്ങേയറ്റം ഉത്തരവാദിത്തത്തോടെ ചെയ്യുമെന്നതിലും  സംശയമില്ല. വിമർശകരുടെ  വിലകെട്ട  ആരോപണങ്ങളെ  തള്ളിക്കളഞ്ഞ്   ജനങ്ങളുടെ വിധിയെ മാനിക്കുകയെന്നാണ് തന്റെ ധർമ്മമെന്ന്  ശ്രീ മോദി വിശ്വസിക്കുന്നു. പ്രതിപക്ഷത്തെ  തൃപ്തിപ്പെടുത്തണമെന്ന്,   അദ്ദേഹത്തിൻറെ  തിരഞ്ഞെടുപ്പുപത്രികയിൽ  ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.  മുമ്പുള്ള സങ്കര മന്ത്രിസഭയ്ക്ക് സഹ പാർട്ടികളുടെ അഭിപ്രായങ്ങളനുസരിച്ച് ഭരിക്കണമായിരുന്നു. എന്നാൽ ഈ സർക്കാരിന് മറ്റു യാതൊരു പാർട്ടികളെയും പ്രീതിപ്പെടുത്തേണ്ട ആവശ്യവുമില്ല.

ശ്രീ നരേന്ദ്ര മോദിയുടെ ഭരണം  നേട്ടങ്ങൾ  നിറഞ്ഞതെങ്കിലും  പട്ടണങ്ങളും ഗ്രാമങ്ങളും പുരോഗമിക്കുന്നുണ്ടെങ്കിലും   അതൃപ്തരായ വലിയൊരു  ലോകം  അദ്ദേഹത്തിനു  ചുറ്റുമുണ്ട്.   പ്രാദേശിക തലങ്ങളിലുള്ള സർക്കാരുകളുടെ  അഴിമതികൾ  രാഷ്ട്രത്തിനുതന്നെ തലവേദനയായി മാറിയിരിക്കുന്നു.  ഏകദേശം അഞ്ചു ലക്ഷം കൽക്കരിത്തൊഴിലാളികൾ സമരങ്ങൾക്ക് ആഹ്വാനം ചെയ്ത് നിരത്തുകളിൽക്കൂടി  പ്രകടനം നടത്തി. അവർ  ജോലി സ്ഥിരതയും മെച്ചമായ തൊഴിലന്തരീക്ഷവും ആവശ്യപ്പെട്ടതിനു പുറമേ  അർഹമായ   വേതനത്തിനും  അവകാശങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാന സർക്കാരുകളെ കൂട്ടുപിടിച്ചുകൊണ്ട് കല്ക്കരി  വ്യവസായ   മുതലാളി വർഗം തുച്ഛമായ   കൂലി കൊടുത്ത് തൊഴിലാളികളെ നാളിതുവരെ ചൂഷണം ചെയ്യുകയായിരുന്നു.

എല്ലാമതങ്ങൾക്കും തുല്യാവകാശമെന്നത്   ഭരണഘടന  വാഗ്ദാനം ചെയ്തിരിക്കുന്നതും പൌരാവകാശവുമാണ്. മതസ്വാതന്ത്ര്യത്തിന്റെ പേരിൽ രാജ്യം മുഴുവൻ വിവാദങ്ങളാരംഭിച്ചത്  മോദി ഭരണകൂടത്തിന് ഒരു തിരിച്ചടിയായിരിക്കുന്നു.  എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരു ഭരണഘടന നമുക്കുണ്ടെങ്കിലും  'മതസഹിഷ്ണത' ഭാരതാംബികയുടെ പരമ്പരാഗത സത്യമെങ്കിലും   ഹിന്ദു മൗലിക വാദികളും ന്യൂനപക്ഷ മുസ്ലിമുകളുമായുള്ള ശതൃതാമനോഭാവം രാജ്യത്തിന് കളങ്കം വരുത്തിക്കൊണ്ടിരിക്കുന്നു.   രാജ്യത്തിന്റെ ചില ഭാഗങ്ങളിലുള്ള വർഗീയ ലഹളകളും സാമൂഹിക സാമ്പത്തിക അസമത്വവും മുസ്ലിമുകളും ഹിന്ദുക്കളും തമ്മിലുള്ള വിവേചനവും കരുവാക്കി വെറുപ്പിന്റെ  അന്തരീക്ഷം ഭാരതമെവിടെയും  നിഴലിക്കുന്നുണ്ട്. ഹൈന്ദവ വിശ്വാസം അടിച്ചേല്പ്പിക്കാനുള്ള  ഹിന്ദുത്വാ വാദികളുടെ തന്ത്രം  അഖണ്ഡ  ഭാരതമെന്ന സ്വപ്നവും ഇല്ലാതാക്കുന്നു. രാജ്യത്ത് പുരോഗമനം മോദിയാഗ്രഹിക്കുന്നുണ്ടെങ്കിലും  ഗ്രാമീണ ജനങ്ങളുടെ  ജീവിത നിലവാരം   പട്ടണ വാസികളോടൊപ്പം പുരോഗമിച്ചിട്ടില്ല. മോദിയുടെ സ്വപ്നമായ ഇന്ത്യ  ആഗോളശക്തിയായി കാണണമെങ്കിൽ  രാജ്യത്തിലെ എല്ലാ ജനങ്ങളും  ഒരുപോലെ  പുരോഗതി കൈവരിക്കണം. സ്വാർത്ഥ രാഷ്ട്രീയ താൽപ്പര്യത്തിനെതിരായി പട പൊരുതുകയും വേണം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കരുത്തുള്ള ഭാരതമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ കഴിവുള്ള ശക്തനായ ഒരു നേതാവായി ഇതിനോടകം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. 













Sunday, February 15, 2015

കേജറിവാളും ഷെവലിയറും കത്തോലിക്കാ കോണ്‍ഗ്രസ് പാർട്ടിയും (ഭാവനകൾ)


By ജോസഫ് പടന്നമാക്കൽ
അഴിമതി രഹിതമായ ഒരു ഭരണം വാഗ്ദാനം ചെയ്ത് ഇന്ത്യയുടെ തലസ്ഥാന നഗരി ഡൽഹിയിൽ അധികാരത്തിൽ വന്ന  കേജറിവാളിനെ  കെ.സി.ബി.സി. മെത്രാൻ സംഘടനകൾ (Kerala Catholic Bishops' Council) അഭിനന്ദിക്കുകയുണ്ടായി. ഡൽഹിയിൽ കത്തോലിക്കരുടെ വോട്ടുകൊണ്ടും കൂടിയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതെന്നും ബിഷപ്പ് കൌണ്സിൽ വിലയിരുത്തുന്നുണ്ടാകാം. അഴിമതിക്കാരുടെ പേരിൽ ശക്തമായ നടപടികളെടുക്കുമെന്ന  കേജറി വാളിന്റെ പ്രസ്താവന  ബിഷപ്പ് കൌണ്‍സിലിൽ  ശക്തിയായ അങ്കലാപ്പുമുണ്ടാക്കിയിട്ടുണ്ട്. ഇതിനു ബദലായി ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ  കത്തോലിക്കാ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി ആദ്യം കേരളവും പിന്നീട് കേന്ദ്രവും പിടിച്ചെടുക്കാനാണ് ബിഷപ്പ് കൌണ്സിൽ  പദ്ധതിയിട്ടിരിക്കുന്നതെന്നും അറിയുന്നു.  'ഘർ വാപസി'ക്കാരുടെ മതപരിവർത്തന നീക്കങ്ങൾ  ശക്തമായി  തടഞ്ഞ്  മിഷ്യനറി  പ്രവർത്തനങ്ങൾ  ഊർജിതപ്പെടുത്താനും തീരുമാനമായി. ഭാരതത്തെ മൊത്തമായി  ക്രൈസ്തവൽക്കരിക്കുകയും വേണം. പിടിയരിയുടെ അളവു കൂട്ടിയാൽ കോടിക്കണക്കിന്  ദളിതരെ  പുതു ക്രിസ്ത്യാനികളാക്കാമെന്നും  കണക്കു കൂട്ടുന്നു.

കേജറി വാളിന്റെ  ജനക്ഷേമകരമായ  വാഗ്ദാനങ്ങളെയും  മെത്രാൻസമിതി ചർച്ച ചെയ്തിരുന്നു. എത്രയെത്ര മന്ത്രിസഭകളെ  സഭ കണ്ടിരിക്കുന്നു. വിലയിരുത്തിയിരിക്കുന്നു. കുതികാൽ വെട്ടികളെക്കൊണ്ട് മറിച്ചിട്ടിരിക്കുന്നു. സഭയെ തൊട്ടുകളിച്ചാൽ തീക്കളിയാകുമെന്ന്   കേജറിവാളിനുമറിയാം. 1947-ൽ സർ സീപിയേയും 1957-ൽ  കമ്യൂണിസ്റ്റ്  മുന്നണിയേയും മറിച്ചിട്ട  പാരമ്പര്യവും സഭയ്ക്കുണ്ട്. കേജറിവാളിന് ഒരു  താക്കീത് കൊടുത്താൽ ഒതുങ്ങുന്ന കാര്യമേയുള്ളൂവെന്നും  സമിതിയിൽ അഭിപ്രായം പൊന്തിവന്നിരുന്നു. ഇലക്ട്രിസിറ്റി ബില്ല് പകുതിയാക്കലും ഗംഗാ വൃത്തിയാക്കലും, കുറ്റകൃത്യങ്ങൾ തടയാൻ ക്യാമറാ സ്ഥാപിക്കലും കേജറിവാളിന്റെ  തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുണ്ടെങ്കിലും അതൊന്നും സഭയുടെ താല്പര്യവിഷയങ്ങളല്ല. സോണിയാ ഗാന്ധിയേയും  അവരുടെ മകനെയും മൻമോഹൻ സിംഗിനെയും ഉമ്മനെയും മാണിയേയും വരച്ച വരയിൽ നിറുത്തിയ ബിഷപ്പുമാർക്ക് കേജറിവാളിനെ നിലയ്ക്കു നിറുത്താൻ സാധിക്കുമെന്നും  കരുതുന്നു. ഡൽഹിയിലെ പള്ളി തകർക്കലിൽ കേജറിവാൾ നിശബ്ദത പാലിക്കുന്ന കാരണവും  വ്യക്തമല്ല.   ബി.ജെ.പി.യെ തോല്പ്പിക്കാൻ  എതിർ രാഷ്ട്രീയ പാർട്ടികളോ പള്ളിതന്നെയോ ഡൽഹിയിലെ  പള്ളി തകർക്കലിൽ നേതൃത്വം  കൊടുത്തിരിക്കാം.

ഹിന്ദുമത മൗലിക വാദികൾ പള്ളികളിൽ  അക്രമം കാണിച്ചപ്പോൾ  കേജറിവാൾ  മൌനം പാലിച്ചതിൽ ബിഷപ്പുമാർക്ക്  ആശങ്കയുണ്ട്.  ഓരോ പള്ളി ഉയരുംതോറും അവിടെ യേശുവിനെ മുള്ളാണിയിട്ടു തറയ്ക്കുകയാണെന്നും കേജറിവാൾ കരുതുന്നുണ്ടാവാം. അത്രയും അന്ധവിശ്വാസവും മതതീവ്രതയും പുരോഹിത മെത്രാൻ അഴിമതികളും പള്ളി വീണുടയുന്നതിൽക്കൂടി  കുറയുമെന്നും അദ്ദേഹം  കണക്കു കൂട്ടുന്നുണ്ടാവാം.  ഡൽഹിയിലെ  ഇമാമിന്റെ പിന്തുണപോലും കേജറിവാൾ കാര്യമായി ഗൗനിച്ചില്ല. മതപിന്തുണയല്ല  ജനപിന്തുണയാണ് തനിക്ക് വേണ്ടതെന്നു  അദ്ദേഹം  പറയുന്നു. മത ശ്രേഷ്ഠന്മാർക്ക് അദ്ദേഹത്തിൻറെ അഭിപ്രായം അത്ര രുചിക്കുന്നില്ല.  അതിനിടയിലാണ് തലതിരിഞ്ഞചിലർ കേരളത്തിലും ഏ. എ. പി ( AAP)  പാർട്ടി അധികാരത്തിൽ വരണമെന്ന്  വാദിക്കുന്നത്. ഏ. എ. പി (AAP) യുടെ  നയ പരിപാടികൾ  സഭയെ ഭയപ്പെടുത്തുന്നു.

കേരളത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ ഏ. എ. പി (AAP)  ഭരണം പിടിച്ചെടുക്കുന്നെങ്കിൽ സഭയുടെ  നിലപാട് എന്തായിരിക്കാം?  പൊതുജനത്തെ വിഡ്ഡികളാക്കി ധ്യാനകേന്ദ്രങ്ങളുടെ മറവിൽക്കൂടി നടക്കുന്ന അഴിമതികൾ ഇന്നുള്ള  ഭരണകൂടങ്ങൾ  കണ്ടില്ലെന്നു നടിക്കുകയാണ്. കേരളസഭയുടെ ചരിത്രത്തിൽ തന്നെ  മോനിക്കയുടെ  വസ്തു  തട്ടിയെടുത്ത കഥ കുപ്രസിദ്ധമാണ്. ധ്യാനകേന്ദ്രങ്ങളിൽക്കൂടി  മനുഷ്യനെ മയക്കി പണം പിഴിയുന്ന ഒരു പ്രസ്ഥാനമായി കരിസ്മാറ്റിക്ക് കേന്ദ്രങ്ങൾ വളർന്നു കഴിഞ്ഞു. വിദേശപ്പണമുൾപ്പടെ കോടികളാണ് മായാജാലക്കാരായ ധ്യാനഗുരുക്കന്മാരുടെ പ്രസ്ഥാനങ്ങളിലേയ്ക്കൊഴുകുന്നത്. ഇടുക്കി ബിഷപ്പിന്റെ പുഴുത്ത വായിൽനിന്നു വരുന്ന തെറികൾ സഭയുടെ ആത്മീയതയെ ശൂന്യമാക്കിയിരിക്കുന്നു. സർക്കാരിന്റെ ഭൂമി ചുളുവിൽ കൈവശപ്പെടുത്തിയ തൃശ്ശൂർ ബിഷപ്പും അഴിമതികളിൽ മുമ്പിൽ തന്നെ. സലോമിയുടെ മരണം, കൊക്കന്റെ കുഞ്ഞിനോടുള്ള പീഡനം,  അഭയായുടെ ദീന രോദനം അങ്ങനെയങ്ങനെ സഭാകഥകൾ തുടരുന്നു. പാവപ്പെട്ട നേഴ്സുമാരെ അഹോരാത്രം പണിയെടുപ്പിച്ചാലും സർക്കാർ നിശ്ചയിച്ച വേതനം കൊടുക്കാതെ തുച്ഛമായ ശമ്പളം  കൊടുത്ത് ഹോസ്പിറ്റലുകൾ  ആദായമുണ്ടാക്കും. സഭയുടെ ജീവകാരുണ്യം പണക്കാർക്കായി പഞ്ചനക്ഷത്ര ഹോസ്പ്പിറ്റലുകൾ പടുത്തുയർത്തുന്നതിലാണ്.  പൌരാണിക പള്ളികൾ  പൊളിക്കുക, പുതുക്കുക, വെട്ടുമേനി കൂട്ടുക എന്നിങ്ങനെ സഭ മുഴുവനായി അഴിമതികൂമ്പാരമായിരിക്കുന്നു. ഭരിക്കുന്ന പാർട്ടിയെ പൂജിക്കുകയെന്ന നയമാണ് സഭയ്ക്കെന്നുമുള്ളത്. നരേന്ദ്ര മോഡിയെ ദേവനു  തുല്യമായി  പൂജിക്കാനും തുടങ്ങി.  യാതൊരു തത്ത്വസംഹിതകളുമില്ലാതെ അവസരത്തിനൊത്തു ഭരണകൂടങ്ങളെ താങ്ങുന്ന ഒരു നയമാണ് സഭയെന്നും അനുവർത്തിച്ചു വരുന്നത്.

 ജനസേവനമാണ് ഒരു ഭരണകൂടം ഉദേശിക്കുന്നതെങ്കിൽ സഭയുടെ ഈ തോന്ന്യാസങ്ങൾ അനുവദിക്കാൻ പാടില്ലാത്തതാണ്.  ചിന്തനീയമായ് ചില ഇരുണ്ട വശങ്ങൾ  ഇവിടെ വിശകലനം ചെയ്യാം.

1.  പൊതുവഴികളിൽ നെറ്റിപ്പട്ടവും കെട്ടി  മുത്തുകുടയുമായി മെത്രാനെ എഴുന്നള്ളിക്കുന്ന സമയം  ട്രാഫിക്കുകൾ   ബ്ലോക്കാകുന്നു.  മറ്റു  വാഹനങ്ങളെ  കടത്തി വിടാതെ പൊതുജനങ്ങൾക്ക് ഉപദ്രവം ഉണ്ടാക്കുന്നു. ആംബുലൻസിൽ   പോവുന്ന മരണാസന്നരായ രോഗികളുടെ നിലയും തത്സമയം പരിതാപകരമായിരിക്കും.  .

2. വഴിനീളെ  കുരിശുപള്ളികൾ ഒരു മതേതര രാജ്യത്തിന് അന്തസുള്ള കാര്യമല്ല.  ക്രിസ്ത്യൻ രാജ്യങ്ങളിൽ പോലും ഇത് അനുവദനീയമല്ല. യാത്രക്കാരെ വഹിച്ചുകൊണ്ട് പോകുന്ന ബസുകൾ പോലും കുരിശുപള്ളിയിങ്കൽ നിറുത്തി നേർച്ചയിട്ടു പോവുന്നതു  കാണാം. അവരുടെ  സമയത്തെയും സൌകര്യത്തെയും വിലമതിക്കാതെയുള്ള  അത്തരം പ്രവർത്തികൾ  നീതിമത്കരിക്കാവുന്നതല്ല. മെഴുകുതിരികളും കത്തിച്ച്  വാഹനാകമ്പടികളോടെ ഭക്തരുടെ തെരുവ് യാത്രകൾ അതുവഴി കടന്നു പോവുന്ന വണ്ടികൾക്ക് തടസമാവുകയും പൊതുജനത്തിന് അസൌകര്യം സൃഷ്ടിക്കുകയും  ചെയ്യുന്നു. മോഡി സർക്കാർ  പൊതുനിരത്തുകളിൽ  പ്രത്യേകിച്ച് സ്ത്രീകൾക്ക് ലക്ഷക്കണക്കിന് ടോയിലറ്റുകൾ  സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ  കേരളത്തിലെ  പൊതുവഴികളിൽ കുരിശുപള്ളികൾ  പടുത്തുയർത്തുന്ന നിലപാടാണ് അഭിഷിക്തർക്കുള്ളത്.  കുരിശുപള്ളിയ്ക്കു ചുറ്റും കൂട്ടപ്രാർഥനയും   മണിയടിയും കുർബാനകളും പൊതുജനങ്ങളെ അസ്വസ്തരാക്കാറുണ്ട്.

3. പ്രായപൂർത്തിയാകാത്ത പിള്ളേരെ  പുരോഹിതർ പീഡിപ്പിക്കുന്നതുമൂലം  ഭീമമായ സാമ്പത്തിക നഷ്ടങ്ങളാണ് പതിറ്റാണ്ടുകളായി യൂറോപ്പ്യൻ, അമേരിക്കൻ  സഭകൾക്ക് നേരിടേണ്ടി വന്നത്. ഇടവക ജനങ്ങളിൽനിന്നു സമാഹരിച്ച ഫണ്ട് കോടതി ചെലവുകൾക്കായി  ദുരുപയോഗം ചെയ്യുന്നതിനാൽ  അവിടങ്ങളിൽ സഭ പാപ്പരായിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള സാഹര്യങ്ങളുണ്ടാകാതെ ചില യൂറോപ്പ്യൻ രാജ്യങ്ങളിൽ  ബാല സുരക്ഷാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്.  ബാലപീഡകൾ യൂറോപ്പിലെയും അമേരിക്കയിലെയും പോലെ  കേരളത്തിലെ പള്ളികളിൽ അധികം അറിയപ്പെടുന്നില്ല. എങ്കിലും ഇവിടെയും മാതാപിതാക്കൾ  കുഞ്ഞുങ്ങളെ വേദപാഠക്ലാസ്സുകളിൽ വിടാൻ ആശങ്കയിലാണ്.  തങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ സർക്കാർ തലത്തിൽ ഒരു   സെമി പോലീസ് സംവിധാനത്തിന് സാധ്യതകളും ആരായുന്നു. പുതിയ രാഷ്ട്രീയ സംവിധാനത്തിൽ ബാല സുരക്ഷാ സേന രൂപികരിക്കുമെന്നും സഭാനേതൃത്വം ഭയപ്പെടുന്നുണ്ടാകാം. സീറോ മലബാർ  സഭയിൽ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന  അൾത്താര രഹസ്യങ്ങൾ പുറം ലോകമറിയാറില്ല. അരമനകളും  മഠങ്ങളും  അത്തരം കാര്യങ്ങൾ   പുറത്തുവിടാതെ സ്വന്തം   മതിൽക്കെട്ടിനുള്ളിൽ   രഹസ്യമായി സൂക്ഷിക്കും.

4 . കൂറ്റൻ കോണ്‍ക്രീറ്റ്  കെട്ടിടം പണികളും  ആകാശം മുട്ടെയുള്ള പള്ളി പണികളും  വനങ്ങൾ വെട്ടി മുറിക്കലും മണൽ  വാരലും വന്യമൃഗ സങ്കേതങ്ങൾ തകർക്കലും അരുവികൾ മലിനമാക്കലുംവഴി  ഭൂമിയുടെ സമതുലനാവസ്ഥ നശിപ്പിക്കുന്നു. ഇത് ജനിക്കാൻ  പോവുന്ന തലമുറകളോട് ചെയ്യുന്ന അനീതി കൂടിയാണ്. ഇടുക്കി മലകളും സഹ്യന്റെ താഴ്വരകളും സഭയോടൊത്തു ജീവിക്കുന്നവരുടെ നിയന്ത്രണത്തിലായതുകൊണ്ട് ഗാഡ്ഗിൽ റിപ്പോർട്ടിനെ പുരോഹിതർ   ശക്തമായി എതിർക്കുന്നതു കാണാം. ഇത് തികച്ചും അവരുടെ  സങ്കുചിത മനസോടെയുള്ള സ്വാർത്ഥതയാണ്. പെരുന്നാളും വെടികെട്ടുംവഴി അന്തരീക്ഷവും മലിനമാക്കുന്നു. ഇതെല്ലാം സമൂഹത്തോടു ചെയ്യുന്ന കുറ്റകൃത്യങ്ങളെന്നു സഭ മനസിലാക്കണം

5. കോളേജുകളിലും സ്കൂളുകളിലും അദ്ധ്യാപകരെ  നിയമിക്കാൻ ലക്ഷങ്ങൾ മേടിക്കുന്ന കോഴകളും വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന അമിതഫീസും  കെട്ടിടനിർമ്മാണ സംഭാവനകളും ചോദ്യം ചെയ്യേണ്ടതാണ്. കോഴ കൊടുത്ത് വിദ്യാർത്ഥികൾ പ്രവേശനം നേടുന്ന സ്ഥാപനങ്ങൾ ലോകത്ത് മറ്റൊരിടത്തും കാണില്ല. കേരളത്തിൽ കോളേജ് കോഴ ആരംഭിച്ചത് ക്രിസ്ത്യൻ പുരോഹിതരും നായർ സർവീസ് സൊസൈറ്റിയുമാണ്. മാമ്മോനോടുള്ള സഭയുടെ അമിതാർത്തിമൂലം  ദരിദ്രർക്കും ദളിതർക്കും വിദ്യാഭ്യാസം നിഷേധിച്ചിരിക്കുന്നതും അധാർമ്മികമാണ്.

6.  നിയമനം ലഭിക്കുന്ന അദ്ധ്യാപകരുടെ  ശമ്പളം  വൗച്ചറിൽ ഒപ്പിട്ട് മാനേജുമെന്റ് കരസ്തമാക്കുന്നു. പുരോഹിതരും കന്യാസ്ത്രീകളും നടത്തുന്ന ഇത്തരം കള്ളക്കളികൾ ഒരു അപരിഷ്കൃത രാജ്യത്തുപോലും കാണാൻ സാധ്യതയില്ല.  ജോലി ചെയ്യുന്നവർക്ക്  ജീവിതച്ചെലവിനുപോലും തികയാത്ത 2000 രൂപാ മുതൽ 3000 രൂപാ വരെ  നക്കാപ്പിച്ച  കൊടുത്ത് തൃപ്തിപ്പെടുത്തും.  അവരെക്കൊണ്ടു കഠിനമായ ജോലിയും ചെയ്യിപ്പിക്കും. പീഡനങ്ങളും നടക്കും. പുരോഹിതരിൽ മനുഷ്യത്വം പാടേ നശിച്ചുപോയിരിക്കുന്നു. ആരെങ്കിലും  ചോദ്യം ചെയ്താൽ മാനേജുമെൻറ്  അവരെ പിരിച്ചുവിടുകയും ചെയ്യും. അതുമൂലം പല കുടുംബങ്ങളെയും അർദ്ധ പട്ടിണിക്കാരാക്കും. കുപ്പായത്തിനുള്ളിൽ മനുഷ്യപിശാചുക്കളാണ് വസിക്കുന്നതെന്ന് അനുഭവിച്ചവർക്കേ  മനസിലാവുള്ളൂ.

7 .  മറ്റൊരു സമുദായത്തിനോ,  ഒരു കോർപ്പറേഷനോ സാധിക്കാത്ത വിധം വൻകിട റീയൽ എസ്റ്റേറ്റ് സാമ്രാജ്യം സഭയുടെ നിയന്ത്രണത്തിലുണ്ട്. ഇതൊന്നും ഒരു മെത്രാന്റെയോ പുരോഹിതന്റെയോ തറവാട്ടിൽ നിന്നും കൊണ്ടുവന്നതല്ല. പൂർവ തലമുറകളുടെ സംഭാവനകളാണ് സഭയുടെ ഈ വാരുണ്യ വർഗം കൈവശപ്പെടുത്തി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അല്മേനികളുടെ വിയർപ്പുതുള്ളികളായ നേർച്ചപ്പണം സമാഹരിച്ചുണ്ടാക്കിയ  സ്വത്തുക്കളുടെ കണക്കുകൾ പോലും അവർക്ക് കാണാൻ അവകാശമില്ല. ഏറിയ പങ്കും സ്വത്തുക്കൾ മെത്രാനും പുരോഹിതരും അടിച്ചു മാറ്റുന്നുണ്ടെന്നു വേണം അനുമാനിക്കാൻ.  ബാക്കി അഭയാക്കേസിനും കൊക്കന്റെ കേസ്സിനും പുരോഹിതരുടെ ലൈംഗിക പീഡന കേസുകൾക്കുമായി കണക്കില്ലാതെ ചെലവഴിക്കുന്നു. സഭയുടെ സ്വത്തുക്കൾക്ക്  നികുതിയും  കാണില്ല.  അല്മായരെ  സഭാസ്വത്തുക്കളുടെ നടത്തിപ്പിൽ  പങ്കാളികളാക്കാൻ പുരോഹിതവർഗം  അനുവദിക്കില്ല. അതിനായി   അന്തരിച്ച  കൃഷ്ണയ്യർ  കൊണ്ടുവന്ന  ചർച്ച് ആക്റ്റ്  പാസാക്കുവാൻ  ഇവർ വിസമ്മതിക്കുന്നു. നിയമസഭാ സാമാജികരെ സ്വാധീനിക്കുന്നതുകൊണ്ട് നിലവിലുള്ള രാഷ്ട്രീയ പാർട്ടികൾ എന്നും ഇവരോടപ്പമാണ്. വോട്ടുബാങ്ക് തേടി നടക്കുന്ന രാഷ്ട്രീയക്കാർക്ക്  വേണ്ടത് നീതിയും സത്യവുമല്ല. ദേവസ്വം ബോർഡു പോലെയോ വക്കഫ് ബോർഡു പോലെയോ ഒരു നിയമം ക്രിസ്ത്യാനികൾക്കില്ലാത്തത് നീതീകരിക്കാവുന്നതല്ല. അത് നികുതി കൊടുക്കുന്നവനെതിരെയുള്ള  വിവേചനവും  മഹത്തായ   ഇന്ത്യൻ ഭരണഘടനയുടെ പോരായ്മയുമാണ്.

8 . അഴിമതികളിൽ മുങ്ങിയിരിക്കുന്ന ധനകാര്യ മന്ത്രി മാണിയെ സഹായിക്കാൻ സഭ മുമ്പിലുള്ളതും സഭയ്ക്കുള്ളിലുള്ള അഴിമതികൾ പുറത്താകുമെന്ന ഭയംകൊണ്ടെന്നും കരുതണം.  മാണിയുടെ ജീവിതം എക്കാലവും പള്ളിയും  പട്ടക്കാരുമൊത്തായിരുന്നു. മാണി കുടുങ്ങിയാൽ അതോടൊപ്പം പല പുരോഹിതരും അകപ്പെടുമെന്നും  സഭ ഭയപ്പെടുന്നുണ്ടായിരിക്കാം. ശ്രീ പവ്വത്തിലിനെപ്പോലുള്ള സഭയുടെ തലപ്പത്തുള്ളവർ അഴിമതിക്കാർക്കനുകൂലമായി  ശബ്ദമുയർത്തണമെങ്കിൽ അഴിമതിയിൽ മുങ്ങിയ സഭയെ രക്ഷിക്കാനെന്നും അനുമാനിക്കണം.

9 . 'ഘർ വാപസി' മൂലം ഹൈന്ദവർ മതം മാറ്റം നടത്തുന്നതിൽ ക്രിസ്തീയ പുരോഹിതർക്ക് സഹിക്കാൻ സാധിക്കുന്നില്ല. ഇന്നു കാണുന്ന ക്രിസ്ത്യാനികൾ ഹൈന്ദവ മതത്തിൽനിന്നും  മാർഗം കൂടിയ സമയം ഹിന്ദുജനതയ്ക്കന്നുണ്ടായിരുന്ന  വികാരങ്ങളെ അഭിഷിക്തർക്ക് ചിന്തിക്കാൻ സാധിക്കുമോ?  പിടിയരിക്കും ഒരു തുകർത്തിനും വേണ്ടി ക്രിസ്ത്യാനികളായി മാർഗം കൂടിയവരാണ് ഭൂരിഭാഗം ദളിതരും. ഇപ്പോഴത്തെ ഇവരുടെ അടവ്  പെറ്റു പെരുകുന്ന കുടുംബങ്ങളെ സമ്മാനങ്ങൾ കൊടുത്ത് പ്രോത്സാഹിപ്പിക്കലാണ്. ഇതുമൂലം കഷ്ടപ്പെടാൻ പോവുന്നത് ദരിദ്ര കുടുംബങ്ങളാണെന്നും മനസിലാക്കണം. ദാരിദ്ര്യവും അറിവില്ലായ്മയും മുതലെടുക്കുകയെന്നുള്ളത്  സഭയുടെ  മാത്രമായ പാരമ്പര്യമാണ്.

10 . ദളിതരുടെ അവകാശങ്ങൾക്കായി സഭ അവരോടൊപ്പം തുടർന്നും പോരാടുമെന്നും  പുരോഹിതരും മെത്രാന്മാരും മാറി മാറി വീമ്പടിക്കാറുണ്ട്. കത്തോലിക്കാ സഭയിൽ ജാതി വ്യത്യാസമില്ലെന്ന്  അബേദ്ക്കറെയും  നെഹ്രുവിനെയും ധരിപ്പിച്ചത് അഭിഷിക്ത ലോകമായിരുന്നു.  തന്മൂലം അവരുടെ സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ  ഇല്ലാതാക്കി. ഹിന്ദുദളിതർക്ക് സംവരണം വഴി ആനുകൂല്യം കിട്ടുമ്പോൾ അത് ക്രിസ്ത്യൻ ദളിതർക്ക് സർക്കാർ നിഷേധിക്കുന്നു. അതിനു കാരണം സഭയുടെ കാപട്യത്തിന്റെ മുഖംമൂടിയായിരുന്നു. സഭാവക സ്ഥാപനങ്ങളിൽ ദളിതർക്ക്  തൂപ്പുജോലി, കുശിനി ജോലികൾ നൽകിയെങ്കിലായി. ഓഫീസ് ജോലികളോ  അധ്യാപക ജോലിയോ അർഹമാണെങ്കിൽത്തന്നെയും   ദളിതർക്ക് നല്കില്ല. പ്രൊഫഷണൽ ജോലിയുള്ള ക്രിസ്ത്യൻ ദളിതർ സഭാ സ്ഥാപനങ്ങളിൽ  വളരെ വിരളമായെ കാണുള്ളൂ.

11.  ഇന്ന്  പുരോഹിതരോടും മെത്രാന്മാരോടും ജനത്തിന്  മതിപ്പില്ലാതായിരിക്കുന്നു.  അതിനുള്ള കാരണങ്ങളെന്തന്നു അന്വേഷിക്കാനുള്ള ക്ഷമയും അവർക്കില്ല. അല്മേനികൾ  ആഡംബര ജീവിതം നയിച്ചാൽ പുരോഹിതർ പള്ളിപ്രസംഗങ്ങളിൽക്കൂടി  ഒച്ചപ്പാടുണ്ടാക്കും. ലളിത ജീവിതം  ശൈലിയാക്കണമെന്ന്  വാതോരാതെ  പ്രസംഗിച്ചു നടക്കും. മെത്രാന്റെ ആഡംബര ജീവിതം ക്രൈസ്തവ  മൂല്യങ്ങളെ പൂർണ്ണമായും നശിപ്പിച്ച  കാര്യം അവർ മറച്ചു വെയ്ക്കുന്നു. സമൂഹത്തിന് നന്മ ചെയ്യുന്നതിനു  പകരം  ആർഭാട  ജീവിത സൌകര്യങ്ങൾ വർദ്ധിപ്പിക്കാനാണ് പുരോഹിതരും   ശ്രമിക്കുന്നത്.  അരമനകൾ ആധുനികരിച്ചും  മെത്രാനായി പ്രത്യേക ആഡംബര കാറുകൾ  വാങ്ങിച്ചും  സഭയുടെ പണം ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നു. ചോദ്യം ചെയ്യുന്നവനെ   സഭയുടെ ശത്രുവായും കരുതും.

 കേരളാ കത്തോലിക്കാ കോണ്‍ഗ്രസ്സ് സ്വന്തം അവകാശ സംരക്ഷണങ്ങൾക്കായി രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ   തീരുമാനമായിട്ടുണ്ട്.  അങ്ങനെ വരുന്നപക്ഷം  ബിഷപ്പുമാരുടെ  പിന്തുണ കേജറിവാളിന്റെ 'ആം ആദ്മി പാർട്ടിക്ക്' ലഭിക്കാൻ സാധ്യത കുറവാണ്.  ആശയവൈരുദ്ധ്യങ്ങളാണ്  കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പുതിയതായി ഉദയം ചെയ്ത പാർട്ടിയുടെ നയപരിപാടികളുമായി  ഒത്തുപോവുക പ്രയാസമായിരിക്കും. ഭരണം  കത്തോലിക്കാ കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലായാൽ അത് ഇന്നുള്ള സാമൂഹിക വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നതായിരിക്കും. അങ്ങനെ  സംഭവിക്കുന്നപക്ഷം ' കത്തോലിക്കാ കോണ്‍ഗ്രസ്  പാർട്ടി' നടപ്പാക്കാൻ സാധ്യതകളുള്ള  പദ്ധതികളെ ഒന്ന് അവലോകനം ചെയ്യാം.

1. അഭിവന്ദ്യ തിരുമേനിമാരുടെ ഏറ്റവും വിശ്വസ്തനായ ഒരാളായിരിക്കും മുഖ്യമന്ത്രി.  ഷെവലീയർ സെബാസ്റ്റ്യന്  ആ സ്ഥാനം അലങ്കരിക്കാനുള്ള എല്ലാ യോഗ്യതകളുമുണ്ട്. വക്കീലായി കോർട്ടിൽ പോവാത്തതുകൊണ്ട് അദ്ദേഹത്തിന് സമയവും ആവശ്യത്തിനുണ്ട്.  രാഷ്ട്രീയക്കളരിയിൽ അടരാടാനുള്ള പ്രായോഗിക പരിശീലനം കാഞ്ഞിരപ്പള്ളി ബിഷപ്പിൽനിന്നും ലഭിച്ചിട്ടുമുണ്ട്. അദ്ദേഹത്തോടൊപ്പം   കൈകോർത്തു പിടിച്ചുകൊണ്ട്  ലോകം മുഴുവൻ യാത്ര ചെയ്തതും ഷെവലിയറിന്റെ  ഒരു നേട്ടമാണ്. കത്തോലിക്കനെന്നു വെച്ചാൽ  തരീതു കുഞ്ഞിത്തൊമ്മനെപ്പോലെ ശുഷ്ക്കാന്തിയൊടെ ആഫ്രിക്കയിലെ ജിറാഫുകളുടെയിടയിലും തേടിയലയും. സ്ഥാനം കിട്ടിയാൽ അധികം സംസാരിക്കാൻ  ഷെവലിയറെ   അനുവദിക്കരുതെന്ന് മാത്രം.

2. കരിഷ്മാറ്റിക്ക് ഗുരുക്കന്മാരും  പോട്ടയിലെയും അട്ടപ്പാടിയിലെയും ദൈവികാത്ഭുതങ്ങൾ കാണിക്കുന്നവരും സർക്കാരിന്റെ ഉപദേശക സമിതിയിൽ  അംഗങ്ങളായിരിക്കും. സഭയുടെ കാതലായ തീരുമാങ്ങളെടുക്കുന്ന ഉത്തരവാദിത്വം മന്ത്രിസഭയ്ക്കായിരിക്കും.

3. പോട്ടയും അട്ടപ്പാടിയും 'ഡിവൈൻ യൂണിവേഴ്സിറ്റി' കളായി ഉയർത്താനുള്ള തീവ്രമായ ആലോചനകളുമുണ്ട്. പള്ളിത്തീയൊളജി നിർബന്ധമായി പഠിപ്പിക്കുന്നതിനൊപ്പം മെത്രാനെപ്പോലെ ജോലി ചെയ്യാതെ  ആഡംബരമായി എങ്ങനെ ജീവിക്കാമെന്ന സാമ്പത്തിക വിഷയങ്ങളും വിദ്യാർത്ഥികൾക്ക്   ഐച്ഛിക വിഷയങ്ങളായി  എടുക്കാം. അത്ഭുത ജാലമന്ത്രങ്ങൾ  പഠിക്കാൻ കടുത്ത ഫീസ് ഈടാക്കും. അട്ടപ്പാടി ധ്യാനഗുരുവച്ചന്റെ ജീവിതം ആധാരമാക്കിയുള്ള   ഒരു ഗവേഷണ കേന്ദ്രംകൂടി യൂണിവേഴ്സിറ്റിവകയായി സ്ഥാപിക്കും.

4 . ബാലപീഡനം, സ്ത്രീപീഡനം എന്ന പേരിൽ  അനേക പുരോഹിതരെ പോലീസ് പീഡിപ്പിക്കുന്നതായി അറിയുന്നു. അങ്ങനെ പീഡനം സഹിക്കുന്നവരെ വിശുദ്ധരാക്കാൻ വത്തിക്കാനെ സ്വാധീനിക്കുന്നതായിരിക്കും. കുറ്റകൃത്യങ്ങളുടെ പേരിൽ  കേസുകളിലും ജയിലിലും  കഴിയുന്ന പുരോഹിതരെ ജയിൽ വിമുക്തരാക്കി ഒഴിഞ്ഞുകിടക്കുന്ന  ഉന്നത സ്ഥാനങ്ങളിൽ നിയമിക്കാനുള്ള തീരുമാനങ്ങളുമുണ്ട്.'

5. ഹല്ലേലുയ്യാ സ്തോത്രം'  കേരള സർക്കാരിന്റെ മുദ്രാവചനമായി കണക്കാക്കും. അമ്പലങ്ങളിലും പൊതുസ്ഥലങ്ങളിലും ശങ്കുനാദം ഊതുന്നതും മോസ്ക്കുകളിലെ 'ബാങ്ക്' വിളികളും നിരോധിക്കുന്നതായിരിക്കും.

6. വേദപാഠം ക്ലാസ്സുകൾ  സ്കൂൾ തലങ്ങളിൽ നിർബന്ധമാക്കും. അക്രൈസ്തവരായവർ ബൈബിളും സഭയുടെ വചനങ്ങളും പഠിച്ചേ മതിയാവൂ. അത്മായശബ്ദം പോലുള്ള ബ്ലോഗുകളും സത്യ ജ്വാലയും ചില കുരുത്തംകെട്ട പിള്ളേരുടെ ഫേസ്ബുക്ക് വെബുകളും നിരോധിക്കുന്നതുമായിരിക്കും. ഇതിലെ എഴുത്തുകാർക്ക് ഇന്നുള്ള അഭിപ്രായ സ്വാതന്ത്ര്യം സഭയുടെ ചട്ടക്കൂട്ടിനുള്ളിലായിരിക്കും.  

7. മെത്രാന്മാർക്ക്  കഴുത്തിലണിയാനുള്ള  സ്വർണ്ണക്കുരിശുകളും ദേഹത്തണിയുന്ന വിശേഷ മേലങ്കികളും അംശവടികളും ആവശ്യമുള്ളവർക്ക്  സർപ്പത്തലയുള്ള വടികളും സർക്കാർവക സൗജന്യമായി നല്കുന്നതായിരിക്കും. അവരുടെ കൈകൾ മുത്തുകയെന്നതും സഭാ പൌരന്മാരുടെ കടമയായിരിക്കും.

8. അച്ചന്മാർക്കും കന്യാസ്ത്രികൾക്കും സേവനത്തിനായി  സഭയിൽ ധാരാളം അവസരങ്ങളുണ്ടാക്കും.  സെമിനാരിയിലും  മഠങ്ങളിലും ചേരുവാൻ ചെറുപ്പമായവർ വിമുഖത കാണിക്കുന്നതും അന്വേഷണ വിധേയമാക്കും.  അതിനു പരിഹാരമായി നിർബന്ധിത  സെമിനാരി പരിശീലനം നടപ്പാക്കും. ഒരു വീട്ടിൽ ഒരു കുട്ടിയെങ്കിലും സന്യസ്ഥം സ്വീകരിക്കണമെന്ന നിയമവും നടപ്പാക്കും. സന്യസ്തം ഉത്തമമെന്ന ധാരണ കുട്ടികളുടെ മനസ്സിൽ കുഞ്ഞുനാളു മുതൽ വളർത്തിയെടുക്കും. കൂടുതൽ കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കാത്ത  കുടുംബങ്ങളുടെമേൾ അധിക  നികുതി ചുമത്തലും കർശന നടപടികളുമുണ്ടാകാം. മതം മാറി വരുന്ന പുതുക്രിസ്ത്യാനികൾക്ക് പിടിയരിയും ധരിക്കാൻ  തോർത്തും അരമനവക സൗജന്യമായിരിക്കും.  അതിനായി സർക്കാരിന്റെ സബ്സിഡിയുമുണ്ടാകും.

Tuesday, February 3, 2015

ഡോ. ശശി തരൂരിന്റെ നൈസർഗീക വ്യക്തിപ്രഭാവവും ഇരുളും വെളിച്ചവും


By ജോസഫ് പടന്നമാക്കൽ
അന്തർദേശീയ തലങ്ങളിൽ  ഇന്ത്യയുടെ യശസുയർത്തിയ മഹാപ്രതിഭയായ   ഡോ. ശശി തരൂരിന്റെ  ജീവിതവും   വീക്ഷണങ്ങളും   തികച്ചും അർത്ഥഗർഭവും അനുകരണീയവുമാണ്.  അതേ സമയം ദുരൂഹതകൾ അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടുമിരിക്കുന്നു.  നരേന്ദ്ര മോഡി കഴിഞ്ഞാൽ ഇന്ത്യൻ പാർലമെന്റിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന ജനപ്രതിനിധി സാമാജികൻ ശ്രീ ശശി തരൂരാണ്. സുഭഗതനായി ഭാരതീയ പാരമ്പര്യ വേഷങ്ങളിൽ ചുറ്റുമുള്ളവരെ നോക്കി സദാ പുഞ്ചിരി തൂകിക്കൊണ്ട് ജനഹൃദയങ്ങളെ ആകർഷിക്കുന്ന ഒരു വ്യക്തിപ്രഭാവവും അദ്ദേഹത്തിനുണ്ട്.   നിറകുടംപോലെ കുന്നുകൂടിയിരിക്കുന്ന അദ്ദേഹത്തിൻറെ അറിവുകൾ പ്രസംഗ വേളകളിൽ  മലവെള്ളംപോലെയാണ് സദസ്യരിലേക്കൊഴുകുന്നത്.  ഇന്ത്യയിലെ തന്നെ തിളങ്ങുന്ന ഈ ബുദ്ധിജീവി ഇംഗ്ലീഷിലെ പതിനാലു  ബെസ്റ്റ് സെല്ലിംഗ് (Best Selling) ബുക്കുകളുടെ ഗ്രന്ഥകാരനും കൂടിയാണ്. അക്കൂടെ ചെറുകഥകളും നോവലുകളും ഉൾപ്പെടും. ജവർഹർലാൽ നെഹ്രുവിന്റെ ജീവചരിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകമാകമാനമുള്ള പത്രങ്ങളിൽ അദ്ദേഹത്തിൻറെ ഈടുള്ള ലേഖനങ്ങളും കാണാം.

കുഞ്ഞായിരുന്ന കാലം മുതൽ  അദ്ദേഹം കടന്നു വന്ന വഴികൾ എഴുത്തിന്റെ ലോകത്തിൽ നിന്നായിരുന്നു. ശശി തരൂരിന്റെ ജീവിതം ഒരു റോളർ കോസ്റ്റ് പോലെ എന്നും  ചാഞ്ചാടുന്നതുമായിരുന്നു. പത്താം വയസിൽ  എഴുതിയ കഥ ഭാരതജ്യോതിയിൽ പ്രസിദ്ധികരിച്ചത്  എഴുത്തുകാരനെന്ന നിലയിലുള്ള അദ്ദേഹത്തിൻറെ ആദ്യത്തെ അംഗീകാരമായി കരുതുന്നു.  പതിനൊന്നാം വയസിൽ ജൂനിയർ സ്റ്റേറ്റ്സ്മാനിൽ തുടർച്ചയായി ഒരു സീരിയൽ നോവലും പ്രസിദ്ധീകരിച്ചിരുന്നു.  അവാർഡുകൾ നേടിയ അനേകം പുസ്തകങ്ങളുടെ ഗ്രന്ഥകാരൻ, രാജ്യാന്തര സമാധാന പ്രവർത്തകൻ, അഭയാർത്ഥി സാമൂഹിക പാതയിൽ വ്യക്തിമുദ്ര പതിച്ച മനുഷ്യസ്നേഹി,  മനുഷ്യാവകാശ ചിന്തകൻ, പാർലമെൻറ് അംഗം, കേന്ദ്ര മന്ത്രി, 2006-ൽ ഇന്ത്യാ സർക്കാരിന്റെ യൂ.എൻ. സെക്രട്ടറി ജനറലിനായുള്ള ഔദ്യോഗിക സ്ഥാനാർത്ഥി എന്നിങ്ങനെ ശ്രീ തരൂറിനെ അറിയപ്പെടുന്നു. ന്യൂയോർക്ക് ടൈംസിലും വാഷിംഗ്ണ്ടൻ ടൈംസിലും ലോസ്ഏഞ്ചൽ ടൈംസിലും ടൈംസ് ഓഫ് ഇന്ത്യയിലും സ്ഥിരം എഴുത്തുകാരനായിരുന്നു. യുവജനങ്ങളുടെ ആവേശവും നല്ലൊരു പ്രാസംഗികനും കലാകാരനുമാണ്. പഠിക്കുന്ന കാലങ്ങളിൽ പാട്ടു പാടുമായിരുന്നു.   ഇതിഹാസ ക്ലാസ്സിക്കൽ നാടകങ്ങളിലെ നായകനുമായിരുന്നു.  തനി പാലക്കാടനായി ജീവിക്കാനാണ് ശശി തരൂർ എന്നും ഇഷ്ടപ്പെട്ടിരുന്നത്.

 ശ്രീ ചന്ദ്രൻ തരൂരിന്റെയും ലിലിയുടെയും മകനായി  ശശി  തരൂർ 1956-ൽ ജനിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം 1948-ൽ  അദ്ദേഹത്തിൻറെ  പിതാവ്  ഉദ്യോഗാർത്ഥം ലണ്ടനിലേയ്ക്ക് കുടിയേറിയിരുന്നു. പിതാവ് ഇന്ത്യൻ പത്രമായ സ്റ്റേറ്റ്സ്മാൻ  പത്രത്തിൽ ലണ്ടൻ മാനേജരായി ജോലി ചെയ്യുകയായിരുന്നു. വിദേശത്ത് സ്ഥിരതാമസമാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. ശശി ജനിച്ചതും ബ്രിട്ടനിലായിരുന്നു.  മൂന്നു വയസുള്ളപ്പോൾ അദ്ദേഹത്തിൻറെ പിതാവ് വീണ്ടും ഇന്ത്യയിൽ മടങ്ങി വന്ന്  മുംബയിൽ   താമസമാക്കി. ഇവരുടെ പൂർവ്വിക കുടുംബം  പാലക്കാട് ഗ്രാമ പ്രദേശങ്ങളിൽ  നിന്നുമുള്ളവരായിരുന്നു.  പ്രാഥമിക വിദ്യാഭ്യാസം നടത്തിക്കൊണ്ട് 'ശശി' മുംബയിൽ  വളർന്നു.

ബാല്യകാലത്ത് ശശി തരൂർ ആസ്മാ രോഗംകൊണ്ട് ബുദ്ധിമുട്ടുന്ന  അനാരോഗ്യവാനായ ഒരു കുട്ടിയായിരുന്നു.   ആസ്മാ തടയാനുള്ള ശക്തമായ മരുന്നുകൾ അന്നുണ്ടായിരുന്നില്ല. ശ്വസിക്കാനും പാടായിരുന്നതുകൊണ്ട് മിക്ക ദിവസങ്ങളിലും അസുഖമായി വീട്ടിൽത്തന്നെ കിടക്കേണ്ടി വന്നിരുന്നു. ആ സമയങ്ങളിൽ അദ്ദേഹത്തിൻറെ അമ്മ ഒപ്പമിരുന്ന് പുസ്തകങ്ങൾ  വായിച്ചു കൊടുക്കുമായിരുന്നു. നാലു വയസുള്ളപ്പോൾ തന്നെ നല്ലവണ്ണം എഴുതാനും വായിക്കാനും പഠിച്ചു. അക്കാലങ്ങളിൽ ടെലിവിഷനോ കമ്പ്യൂട്ടറോ ഇൻറർനെറ്റോ ഇണ്ടന്റൊ ഗെയിംസോ  ഉണ്ടായിരുന്നില്ല. സമയം പോകാൻ പുസ്തകം മാത്രമായിരുന്നു ആശ്രയം. ആസ്മായുടെ കാഠിന്യം മൂലം പുറത്തു പോയി കളിക്കാനും സാധിക്കില്ലായിരുന്നു. കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിക്കുന്നതും അദ്ദേഹത്തിൻറെ ഹോബിയായിരുന്നു. വായിക്കുന്ന നിരവധി പുസ്തകങ്ങൾ  പ്രായത്തിനൊത്തു മനസിലാക്കാനും സാധിക്കില്ലായിരുന്നു. ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ  കടം എടുത്താലും നിശ്ചിത സമയത്ത് മടക്കി കൊടുക്കേണ്ടിയിരുന്നതുകൊണ്ട് വായനയുടെ വേഗതയും കൂട്ടിയിരുന്നു. അക്കാലത്തെ വായനാ ശീലങ്ങളാണ് ശ്രീ ശശി തരൂറിനെ എഴുത്തിലേക്ക് നയിച്ചത്. അദ്ദേഹം എഴുതുന്ന കഥകൾ തന്റെ പിതാവ് ടൈപ്പ് ചെയ്യുമ്പോൾ  കൂടുതൽ എഴുതാനുള്ള ആവേശവും ലഭിക്കുമായിരുന്നു. തന്റെ  തൂലികയിലെ  സാമൂഹിക സാഹിത്യ വാസനകളിലുള്ള  പിതാവിന്റെ തീക്ഷ്ണത  ശശിയിലത്  സ്വയം എഴുത്തുകാരനെന്ന വിശ്വാസവുമുണ്ടാക്കി.

മുംബയിൽ താമസമാക്കിയിരുന്ന ശശി തരൂരിന്റെ പിതാവിന് സ്റ്റേറ്റ്സ്മാൻ ഹെഡ് ഓഫീസായ കൽക്കട്ടയിൽ സ്ഥലം മാറ്റം കിട്ടി. തരൂരിന്റെ  ഹൈസ്കൂൾ വിദ്യാഭ്യാസം കൽക്കട്ടായിൽ പൂർത്തിയാക്കി. അക്കാലഘട്ടത്തിലാണ് കൽക്കട്ടാ യൂണിവേഴ്സിറ്റിയിൽ നക്സലേറ്റ് പ്രസ്ഥാനം വളർന്ന് യൂണിവേഴ്സിറ്റിയുടെ ഭരണ സംവിധാനം ആകമാനം തകരാറിലായത്. പ്രശ്നങ്ങളും അക്രമങ്ങളും കാരണം യൂണിവേഴ്സിറ്റി അടച്ചു പൂട്ടിയിരുന്നു. പരീക്ഷകൾ നടത്തുന്നില്ലായിരുന്നു. അതുകൊണ്ട് അദ്ദേഹം ഡൽഹി യൂണിവേഴ്സിറ്റി,  സെന്റ്‌ സ്റ്റീഫൻസ് കോളേജിൽ  പഠനമാരംഭിച്ചു.

അടിയന്തിരാവസ്ഥ (എമർജൻസി ) കാലംവരെ ഇന്ത്യയിലെ എല്ലാ വാർത്താ മീഡിയാകളിലും ശ്രീ തരൂരിന്റെ ലേഖനങ്ങൾ  പ്രത്യക്ഷപ്പെടുമായിരുന്നു. സ്റ്റേറ്റ്സ്മാൻ, ഫെമീനാ, ഇല്ലൂസ്ട്രെഡ് വീക്കലി എന്നീ മാസികകളിലും ദിനപത്രങ്ങളിലും  അദ്ദേഹത്തിൻറെ ലേഖനങ്ങൾ  പ്രസിദ്ധീകരിച്ചിരുന്നു. പഠിക്കുന്ന കാലങ്ങളിൽ തരൂരിന്റെ  പിതാവ് അദ്ദേഹത്തോട് പറയുമായിരുന്നു; "ശശീ,  പഠനത്തിന് ആദ്യം മുൻഗണന നല്കൂ, എഴുത്തുകാരനെന്ന നിലയിൽ ജീവിക്കാനുള്ളതൊന്നും നേടില്ല. " വിശ്രമവേളകളിലും ഗ്രഹപാഠങ്ങൾ പൂർത്തിയാക്കിയതിനും  ശേഷമേ പ്രസിദ്ധീകരിക്കാനുള്ള ലേഖനങ്ങളെഴുതാൻ അനുവദിച്ചിരുന്നുള്ളൂ. അന്നുള്ള മാതാപിതാക്കൾ തങ്ങളുടെ മക്കൾ ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ ആകണമെന്നായിരുന്നു  ചിന്തിച്ചിരുന്നത്. ഈ രണ്ടു തൊഴിലുകളും ശശിയ്ക്കിഷ്ടമില്ലായിരുന്നു. സയൻസിൽ എക്കാലവും സ്കൂൾ തലങ്ങളിൽ ഒന്നാമനായിരുന്നെങ്കിലും അദ്ദേഹം ഐച്ഛിക വിഷയമായി കോളേജിൽ തെരഞ്ഞെടുത്തത് സാഹിത്യാദി മാനവിക (ഹ്യൂമാനിറ്റി) വിഷയങ്ങളായിരുന്നു. ശാസ്ത്രവിഷയങ്ങളിൽ എന്നും ഒന്നാമനായിരുന്നിട്ടും എന്തുകൊണ്ട് ഹ്യൂമാനിറ്റി വിഷയങ്ങൾ എടുക്കുന്നുവെന്ന് പ്രൊഫസർമാർ  ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ താൻ ശാസ്ത്ര വിഷയങ്ങളിൽ തല്പ്പരനല്ലെന്നും പരീക്ഷ കഴിയുമ്പോഴേ വിഷയങ്ങൾ പാടേ മറന്നു പോവുന്നുവെന്നും പറഞ്ഞു. നാല് വയസാകുമ്പോഴേ മാതാപിതാക്കൾ തങ്ങളുടെ മകൻ എന്താകണമെന്ന് ചിന്തിക്കുമായിരുന്നു. എന്നാൽ തരൂർ ശാസ്ത്ര വിഷയങ്ങൾ എടുക്കാതെ ഹ്യൂമാനിറ്റി വിഷയങ്ങൾ പഠിക്കാൻ തീരുമാനിച്ചപ്പോൾ മാതാപിതാക്കൾ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല.

മുംബയിലും കൽക്കട്ടായിലും വിദേശങ്ങളിലുമാണ് തരൂർ   ജീവിച്ചിരുന്നതെങ്കിലും എന്നും കേരളീയനായി പാലക്കാടൻ ഗ്രാമീണനായി അറിയപ്പെടാൻ ആഗ്രഹിച്ചിരുന്നു. മുംബയിൽ വളരുകയും ഹൈസ്കൂൾ കൽക്കട്ടായിലും കോളേജ് ഡൽഹിയിലുമായിരുന്നതുകൊണ്ട് അദ്ദേഹത്തിൻറെ  കൂടെ പഠിച്ചവരും സുഹൃത്തുക്കളും ഇന്ത്യയുടെ നാനാഭാഗത്തു നിന്നുമുള്ളവരായിരുന്നു. തന്മൂലം ഭാരതം ഒന്നായുള്ള ഒരു ദേശീയ കാഴ്ചപ്പാട് സ്വാഭാവികമായി തന്നെ അദ്ദേഹത്തെ നയിച്ചിരുന്നു.  ഡൽഹിയിൽ പഠിക്കുന്ന കാലയളവിൽ സ്കോളർഷിപ്പ് ലഭിച്ച് ഉപരി പഠനമായി അമേരിക്കയിൽ പോയി. അവിടെ  റ്റഫ്റ്റ്സ്  (Tufts) യൂണിവേഴ്സിറ്റിയിൽ നിന്നും  മൂന്നു മാസ്റ്റെഴ്സും  പീ.എച്ച്.ഡി.യും നേടി. യൂണിവേഴ്സിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ പി. എച്ച് ഡി. ബിരുദധാരിയായിരുന്നു. അതിനുശേഷമാണ് അദ്ദേഹം യുണൈറ്റഡ് നാഷനിൽ (യൂ.എൻ. ഒ) ചേർന്നത്.

ഐ.ഏ എസ്, ഐ.എഫ്.എസ് പരീക്ഷകൾ (IAS, IFS)മത്സരിക്കണമെന്ന് ശ്രീ തരൂരിന് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിൻറെ പിതാവ് ന്യൂസ് പേപ്പറിൽ എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്നതുകൊണ്ട് ദിനംപ്രതി ആറും ഏഴും പത്രങ്ങൾ സ്വന്തം വീട്ടിൽ കൊണ്ടുവരുമായിരുന്നു. പത്രങ്ങൾ മുഴുവൻ തന്നെ  പല തവണകൾ ശശി വായിക്കുമായിരുന്നു. ആഗോള വാർത്തകളും  രാഷ്ട്രീയവും രാഷ്ട്രീയ നേതാക്കന്മാരും, വിദേശ നേതാക്കന്മാരുടെ വാർത്തകളും അദ്ദേഹത്തിന് ഉൾപ്പുളകമുണ്ടാക്കുമായിരുന്നു.  അമേരിക്കയിൽ പഠിക്കാൻ സ്കോളഷിപ്പ് കിട്ടിയപ്പോൾ  താനെന്തിന്  ഐ.എഫ്.എസ് പരീക്ഷയെഴുതാൻ കാത്തിരിക്കണമെന്നും വിചാരിച്ചു. അടിയന്തിരാവസ്ഥ കാലമായതുകൊണ്ട് ഐ.എഫ്.എസ് താൻ നേടുമെന്ന് തീർച്ചയുമില്ലായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന അടിയന്തിരാവസ്തയെപ്പറ്റിയും പത്രങ്ങളുടെ വിലക്കിനെപ്പറ്റിയും രാഷ്ട്രീയ കൊലപാതകങ്ങളും സംബന്ധിച്ച ലേഖനം സ്റ്റേറ്റ്സ്മാനിൽ   എഴുതാനും പോവുകയായിരുന്നു. ഇൻഡ്യയുടെ ചേരികളിൽ താമസിക്കുന്നവരെ നിർബന്ധിതമായി വന്ധീകരണം നടത്തുന്നതും നെഹൃവിയൻ മൂല്യങ്ങളെ തകർക്കുന്നതും ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരുവന് സഹിക്കാൻ സാധിക്കില്ലായിരുന്നു.    

1977 കാലങ്ങളിൽ യുണൈറ്റഡ്   നാഷനിൽ അനേകം ഇന്ത്യാക്കാർ ജോലി ചെയ്യുന്നുണ്ടായിരുന്നു. സംഘടനയുടെ കീഴിൽ പലവിധ  ഏജൻസികളും  പ്രവർത്തിക്കുന്നുണ്ടായിരുന്നു. അക്കാലങ്ങളിൽ സ്റ്റേറ്റ്സ്മാനിൽ വരുന്ന   അദ്ദേഹത്തിൻറെ ലേഖനങ്ങൾ  യൂ. എൻ. ഹൈ കമ്മീഷനിലെ ഒരിയ്ക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത  വീരേന്ദ ദയാലെന്ന ഒരു സുഹൃത്ത്  വായിക്കുന്നുണ്ടായിരുന്നു.  ദയാലിന്റെ  താല്പര്യമനുസരിച്ച്  യൂ എന്റെ ഒരു പാർട്ടിയിൽ വെച്ച് ഇരുവരും പരസ്പരം കണ്ടു മുട്ടി. ഒരു മണിക്കൂർ നീണ്ട സൗഹാർദ സംഭാഷണ ശേഷം യുണൈറ്റഡ്   നാഷനിൽ ജോലി ചെയ്യാൻ താല്പര്യമുണ്ടോയെന്നു തരൂരിനോട് ദയാൽ  ചോദിച്ചു. അദ്ദേഹം ശുപാർശ ചെയ്തില്ലെങ്കിലും മറ്റു മൂന്നു പേരായിരുന്നു തരൂരിനെ   ഇന്റർവ്യൂ ചെയ്ത് ജോലിയിൽ നിയമിച്ചത്.
അവിടെ നിന്നും അദ്ദേഹം ജനീവാ ഹെഡ്  ക്വാർട്ടെഴ്സിൽ  ജോലിയിൽ നിയമിതനായി. അന്നദ്ദേഹം തീരുമാനിച്ചത് ബാങ്കിൽ കുറച്ചു പണം, പിന്നീട് ഇന്ത്യയിൽ പോയി  സാധാരണ ജീവിതം നയിക്കുകയെന്നതായിരുന്നു.   തന്റെ  കഴിവുകൾ മുഴുവൻ ഇന്ത്യയിൽ പ്രകടിപ്പിക്കാൻ കഴിയുമെന്ന വിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു.

അതിനു ശേഷം  സിംഗപ്പൂർ ഓഫീസിന്റെ തലവനായി  ചുമതലയെടുത്തു. ഒരു ഓഫീസിന്റെ തലവനെന്ന നിലയിൽ  നന്നേ ചെറുപ്പമായിരുന്നതു കൊണ്ട് പ്രായവും മറ്റുള്ളരിൽനിന്നു  ഒളിച്ചു വെച്ചു.   ഇരുപത്തിയഞ്ച് വയസ്  പ്രായമായിരുന്ന അദ്ദേഹം എന്നും മറ്റുള്ളവരോട് പത്തു വയസ് കൂട്ടി പറയുമായിരുന്നു.' ദി   ഹൈ കമ്മീഷണർ ഓഫ് യൂ എൻ റെഫ്യൂജിസ്' (The High Commissioner of UN Refugees )   എന്നായിരുന്നു ഓഫീസിന്റെ പേര്.   സിംഗപ്പൂരിൽ പലരും വിചാരിച്ചത് ഹൈ കമ്മീഷണർ  അദ്ദേഹമെന്നായിരുന്നു. വാസ്തവത്തിൽ    ഹയ്ക്കമ്മീഷണരുടെ ഓഫീസ്  ജനീവായിലായിരുന്നു. സിംഗപ്പൂർ പ്രോട്ടോക്കോളനുസരിച്ച് തരൂരിനെ ഹൈ കമ്മീഷണറെന്ന  പദവിയിൽ തന്നെ ബഹുമാനിച്ചിരുന്നു. ടെലഫോണ്‍   ചെയ്യുമ്പോഴും  മീറ്റിംഗുകളിലും ഗൗരവപൂർവ്വം  ഉത്തരവാദിത്വ ബോധത്തോടെ   സംസാരിക്കണമായിരുന്നു.  ഇരുപത്തിയഞ്ച് വയസുകാരനായ തരൂർ തന്നെക്കാളും  പ്രായമുള്ള സീനിയേഴ്സും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുമായും   ഔദ്യോഗിക കാര്യങ്ങളിൽ പങ്കെടുത്തിരുന്നു.

അഭയാർത്ഥികളെയും സർവ്വതും നഷ്ടപ്പെട്ടവരേയും ജീവിതത്തിൽ ആശയറ്റവരെയും സഹായിക്കുന്നതിൽ തരൂരിന് അതിയായ സംതൃപ്തിയുമുണ്ടായിരുന്നു. പലരുടെയും കദന കഥകൾ വളരെ ദയനീയവുമായിരുന്നു. സ്വത്തുക്കൾ നശിച്ചതു കൂടാതെ  കുടുംബവും മക്കളും ഭാര്യയും സൗഹാർദവും  പലർക്കും നഷ്ടപ്പെട്ടിരുന്നു. ഓരോ രാജ്യങ്ങളിലെ രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് പീഡനങ്ങൾ സഹിക്ക വയ്യാതെ അഭയാർത്ഥി ക്യാമ്പുകളിൽ ജനം വന്നു കൊണ്ടിരുന്നത്. അഭയാർത്ഥികളിൽ  പലർക്കും ഞെട്ടിക്കുന്ന ദുരൂഹത നിറഞ്ഞ കഥകൾ പറയാനുമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തിലെ ഭീകരത കാരണം അനേക വിയറ്റ്നാം അഭയാർത്ഥികളുമുണ്ടായിരുന്നു.

ഒരഭയാർത്ഥി കുടുംബത്തിന്റെ കഥ 'ശശി തരൂർ' തന്നെ പറയാറുണ്ട്. ഒറ്റ എഞ്ചിൻ ഘടിപ്പിച്ച   ബോട്ടിൽ ഒരു കുടുംബം രക്ഷപ്പെടുകയായിരുന്നു. യാത്രാമദ്ധ്യേ ബോട്ടിന്റെ എഞ്ചിൻ നിന്നു പോയി. ഭക്ഷണമില്ലാതെ ആ കുടുംബം വലഞ്ഞു. അവരുടെ കുഞ്ഞ് വിശന്നവശയായപ്പോൾ മാതാപിതാക്കൾ സ്വന്തം കൈവിരലുകളിൽ മുറിവുകളുണ്ടാക്കി കുഞ്ഞിനു ഭക്ഷണം കൊടുത്തിരുന്നു. ഗുരുതരമായ നിലയിൽ അവരെ കണ്ടെത്തി വൈദ്യ സഹായം നല്കി ആ കുടുംബത്തെ രക്ഷിച്ചതു  ശശി  തരൂരിറെ പ്രവർത്തനങ്ങളിലെ ചിന്തനീയമായ ഒരു നാഴികക്കല്ലായിരുന്നു. ആ കുടുംബം  അമേരിക്കയിൽ ആശ്രയം തേടി ഇന്ന് സന്തോഷമായി കഴിയുന്നുവെന്നും ശ്രീ തരൂരിന്റെ കുറിപ്പുകളിൽ ഉണ്ട്. നിയമപരമല്ലാതെ അഭയാർത്ഥികളായി വരുന്നവരെ സിംഗപ്പൂർ സർക്കാർ അറസ്റ്റു ചെയ്യുന്നതിനു മുമ്പ് ശ്രീ തരൂർ അവർക്കെല്ലാം യൂ.എൻ അധികാരത്തിന്റെ പരിധിയിൽ അഭയം കൊടുത്ത്  ആശ്രയം നല്കുന്ന രാജ്യങ്ങളിലേക്ക് അയക്കുമായിരുന്നു. മാനുഷികപരമായ സേവനവുമായി സിംഗപ്പൂരിൽ കഴിയാനായിരുന്നു ശ്രീ തരൂരിനിഷ്ടം. എന്നാൽ ജനീവായിലേയ്ക്ക് അദ്ദേഹത്തെ തിരികെ വിളിച്ചതുമൂലം ജീവകാരുണ്യപരമായ പ്രവർത്തനങ്ങൾ പിന്നീട് തുടരാൻ സാധിച്ചില്ല.

ജനീവായിൽ പുതിയതായി ഒരു ഹൈ കമ്മീഷണർ നിയമിതനായപ്പോൾ അദ്ദേഹത്തിന് യൂ എൻ  ഒ  യിൽ ജോലി തുടരാനുള്ള താല്പര്യം കുറഞ്ഞു.  ജോലിയുപേക്ഷിച്ച് ഇന്ത്യയിൽ വന്ന് വീടു വെച്ചു താമസിക്കാൻ തീരുമാനിച്ചു.  ശ്രീ തരൂരിന്റെ സേവനം ആവശ്യമായിരുന്നതുകൊണ്ട്   യൂ. എൻ 'ഒ  മൂന്നു നാലു ഡിപ്പാർട്ട്മെന്റിൽ  അദ്ദേഹത്തെ ജോലിക്കായി ക്ഷണിച്ചു. ഇംഗ്ലണ്ടിലെ  ഇന്റർവ്യൂനു ശേഷം അദ്ദേഹത്തെ യൂ എൻ പീസ് കീപിംഗ് ഫോഴ്സിന്റെ (Peace keeping force) ചുമതലയായി ന്യൂയോർക്കിൽ നിയമിച്ചു.  ലോകം മുഴുവൻ വ്യാപിച്ച  ബ്രഹത്തായ ഒരു സംഘടനയുടെ  ചുമതലകൾ മുഴുവനും ശ്രീ തരൂരിന് വഹിക്കേണ്ടി വന്നു.  അതൊരു  പ്രായോഗിക  പരിശീലനവും വെല്ലുവിളിയുമായിരുന്നു. ദിവസം പതിനെട്ടു മണിക്കൂർ വരെ ജോലി ചെയ്യണമായിരുന്നു. യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ ജീവനെ  പണയം വെച്ചും യാത്ര ചെയ്തിരുന്നു.  അന്നത്തെ യൂ എൻ സെക്രടറി ജനറലായിരുന്ന   കോഫീ അണ്ണന്(Kofi Annan)  ശശിയിൽ വലിയ പ്രതീക്ഷകളും വിശ്വാസവുമുണ്ടായിരുന്നു.  പ്രധാനപ്പെട്ട രാജ്യാന്തര തീരുമാനങ്ങൾ അദ്ദേഹം ശശി  തരൂരുമായി   ആലോചിച്ചു  പ്രവർത്തിച്ചിരുന്നു. പിന്നീട്  ശശി  കോഫി  അണ്ണന്റെ (Kofi Annan)അസിസ്റ്റന്റ് സെക്രട്ടറി ജനറലായി നിയമിതനായി. ലോക നേതാക്കളുമായുള്ള സമ്മേളനങ്ങളിൽ  ശശി അദ്ദേഹത്തെ അനുഗമിക്കുമായിരുന്നു. അതിനുശേഷം  കമ്മ്യൂണിക്കേഷൻ ചുമതലയുടെ  അണ്ടർ സെക്രട്ടറി ജനറലായി ഉയർന്ന നിലയിൽ എത്തി. ലോകമാകമാനമുള്ള 79 ഓഫീസേഴ്സടക്കം എണ്ണൂറിൽപ്പരം സ്റ്റാഫിന്റെ ചുമതലകൾ  ശശിയിൽ നിഷിപ്തമായിരുന്നു.   ഭാരിച്ച ഉത്തരവാദിത്വമുള്ള ഈ ജോലി അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു.

2005-ൽ ഇന്ത്യൻ പ്രധാനമന്ത്രി  മൻമോഹൻ സിംഗ് യൂ എൻ അസംബ്ലിയിൽ വന്നു. 2006-ൽ   ശശി തരൂർ  യൂ എൻ സെക്രട്ടറി ജനറൽ  സ്ഥാനത്തേയ്ക്ക് ഇന്ത്യയുടെ സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന തീരുമാനവും വന്നു.   ആ സമയം അമേരിക്കാ ബാൻ കി മൂണ്‍ന് പിന്തുണ നല്കിക്കഴിഞ്ഞിരുന്നു. ന്യൂക്ലീയർ ആയുധങ്ങൾ കൈവശം വെച്ചു കൊണ്ടിരിക്കുന്ന ഇന്ത്യാ അന്ന്   അമേരിക്കയുടെ പരിഗണനയിലുള്ള രാജ്യമായിരുന്നില്ല.  ഏതാനും വോട്ടുകൾക്കാണ് ബാൻ കി  മൂണുമായുള്ള മത്സരത്തിൽ  തരൂർ പരാജയപ്പെട്ടത്.  തരൂർ തന്റെ ക്യാൻഡിഡസി  പിൻവലിക്കുകയും ചെയ്തു. നിർണ്ണായകമായ   ഈ മത്സരത്തിൽ  വിവിധ രാജ്യങ്ങളിലെ ഡപ്യൂട്ടി പ്രധാന മന്ത്രിമാരും മന്ത്രിമാരും പ്രമുഖരായവരും രാജകുമാരൻ വരെ മത്സരത്തിനുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം രണ്ടാം സ്ഥാനത്തു വന്നു. മത്സരത്തിൽനിന്നും പിന്തിരിഞ്ഞ  തരൂർ പറയും "  യൂ എൻ.  സുപ്രധാന പോസ്റ്റിനായുള്ള  ഈ മത്സരത്തിൽ  തനിയ്ക്കു പരാജയം സംഭവിച്ചതിൽ   ദുഃഖമില്ല.  ഭഗവദ് ഗീത പറയുന്നപോലെ ജീവിതത്തിന്റെ  ലക്ഷ്യപ്രാപ്തിക്കായി   കർമ്മ നിരതനായി താൻ പ്രവർത്തിച്ചു.  അതെന്റെ ദൈവത്തിൽ അർപ്പിക്കപ്പെട്ട  കടമയായിരുന്നു. ഫലം എന്തെന്ന് ചിന്തിക്കരുത്."  തരൂറിനെ  സംബന്ധിച്ച് അദ്ദേഹമവിടെ   സീനിയർ മാനേജ്മെന്റിൽ,  യൂ എന്റെ എല്ലാ പ്രവർത്തനങ്ങളിലും ജോലി ചെയ്തിരുന്നു. സെക്രട്ടറി  ജനറൽ എന്ന പോസ്റ്റ് 'റെസ്യൂമെ' (Resume) സമർപ്പിച്ചിട്ടുള്ള ഒരു ജോലിയായിരുന്നില്ല. അത് പൂർണ്ണമായും  രാജ്യങ്ങൾ  തമ്മിലുള്ള ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു. യുണൈറ്റഡ്  നാഷനിൽ തുടരുന്നതിന് ബാൻ കി മൂണ്‍   അദ്ദേഹത്തെ നിർബന്ധി ച്ചു. പീസ് കീപിംഗ് ഫോഴ്സിൽ  ആഫ്രിക്കയിലെ അണ്ടർ സെക്രട്ടറി ജനറലായി ജോലിയും വാഗ്ദാനം ചെയ്തു.   അദ്ദേഹം യൂ.എൻ. ജോലിയിൽനിന്നും വിരമിക്കുകയാണുണ്ടായത്.

പിന്നീടദ്ദേഹം തിരുവനന്തപുരത്തുനിന്നും ഇന്ത്യൻ പാർലമെന്റിൽ മത്സരിച്ച് എം.പി.യായി വിജയിച്ച് കേന്ദ്രമന്ത്രി സ്ഥാനവും സ്വീകരിച്ചു. രാജ്യത്തു വരുന്ന വിദേശമന്ത്രിമാരെ സ്വീകരിക്കുകയും  ഉടമ്പടികൾ ഉണ്ടാക്കുകയും ശശിയുടെ ചുമതലകളിലുണ്ടായിരുന്നു. പതിനൊന്നു മാസത്തിനുള്ളിൽ മന്ത്രിയെന്ന നിലയിൽ പല രാജ്യങ്ങളിലും യാത്രചെയ്ത്  രാജ്യാന്തരബന്ധങ്ങൾ സ്ഥാപിക്കാൻ നേതൃത്വം നല്കുകയും ചെയ്തു. തിരുവനന്തപുരത്ത് എം.പി.യായി മത്സരിച്ചപ്പോൾ ചരിത്രപ്രസിദ്ധമായ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ശശി വിജയിച്ചത്. സാക്ഷരകേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ പ്രമുഖരായ ജനങ്ങൾമുതൽ സാധാരണ ജനങ്ങൾവരെയും തീരദേശത്തെ മത്സ്യത്തൊഴിലാളികളും അദ്ദേഹത്തിന് പിന്തുണകൾ നല്കുകയും അവരുമായി മാനസികമായ ഒരു വ്യക്തിബന്ധം സ്ഥാപിക്കുകയും ചെയ്തു.  തരൂരിന്റെ രാഷ്ട്രീയ ജീവിതത്തിന് ആഘാതമെന്നൊണം പതിനൊന്നു മാസത്തിനുശേഷം ഒരു ആരോപണത്തിൻമേൽ മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന് രാജി വെയ്ക്കേണ്ടി വന്നു. സുനന്ദാ പുഷ്ക്കറിനുവേണ്ടി തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഇന്ത്യൻ പ്രീമിയർ ക്രിക്കറ്റിന്റെ ഓഹരികൾ വാങ്ങിയെന്നായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണമുണ്ടായിരുന്നത്.  തരൂർ  പൂർണ്ണമായും ആരോപണം നിഷേധിക്കുകയും  നിഷ്പക്ഷമായ ഒരു അന്വേഷണത്തിന് തയ്യാറാവുകയും ചെയ്തു. അതിനുശേഷം തന്റെ പൂർവിക കുടുംബമായ പാലക്കാട് വെച്ച് ശ്രീ മതി സുനന്ദാ പുഷ്ക്കറെ  വിവാഹം ചെയ്യുകയും ചെയ്തു. അന്വേഷണ കമ്മീഷൻ അദ്ദേഹത്തിൽ യാതൊരു കുറ്റവും കാണാഞ്ഞതുകൊണ്ട്  വീണ്ടും അദ്ദേഹം കേന്ദ്ര മന്ത്രിയായി ചുമതലയെടുത്തു.

ഒരു വർഷം  മുമ്പ് പുഷ്ക്കറിനെ ദുരഹ സാഹചര്യത്തിൽ  ഒരു ഹോട്ടൽമുറിയിൽ  വെച്ചു മരിച്ചു കിടക്കുന്നതായി കണ്ടു. മരണം സ്വാഭാവികമെന്നു  തരൂർ പറയുമ്പോൾ ലോക്കലധികാരികൾ മരണം വിഷം ഉള്ളിൽ ചെന്നിട്ടെന്നും സ്ഥാപിക്കുന്നു. പതിനഞ്ചു മുറിവുകളുണ്ടെന്ന പേരിൽ   തരൂരിനെ ചോദ്യം ചെയ്തു.  അന്വേഷണങ്ങളിൽ അദ്ദേഹം പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും ഡൽഹി  പോലീസ് കമ്മീഷണർ പറഞ്ഞു. അജ്ഞാതനായ ഘാതകനാണ് കൊന്നതെന്ന നിഗമനത്തിലും   തരൂരിന് വിശ്വസിക്കാനാവുന്നില്ല. മരണത്തിനു മുമ്പ് പുഷ്ക്കറും തരൂരുമായി തെറ്റിധാരണകളുണ്ടായിരുന്നതായും പറയപ്പെടുന്നു.

ഇന്ത്യയിലെ വാർത്താമീഡിയാകൾക്ക് 'ഡോക്ടർ ശശി തരൂർ' എന്നുമൊരു വിവാദ വിഷയമായിരുന്നു. മുതിർന്ന രാഷ്ട്രീയചിന്തകരും അദ്ദേഹത്തോട് അസൂയയോടെയാണ് പെരുമാറിയിരുന്നത്. രാഷ്ട്രീയ പ്രതിയോഗികളിൽ  പലരും വിദ്യാഹീനരും സ്കൂൾ രാഷ്ട്രീയത്തിൽനിന്നും തൊഴിലാളിരാഷ്ട്രീയത്തിൽ നിന്നും ഉയർന്നുവന്ന നേതാക്കന്മാരുമായിരുന്നു. തരൂരിനെപ്പോലുള്ള പ്രഗത്ഭനും പണ്ഡിതനുമായ ഒരു നേതാവിനെ കാണുമ്പോൾ കുറ്റിബീഡി വലിച്ചു നടന്ന രാഷ്ട്രീയക്കാരിൽ അപകർഷാബോധം ഉണ്ടായതിലും അതിശയിക്കാനില്ല. തിരുവനന്തപുരത്തെ എം.പി. യെന്ന നിലയിൽ  ജനക്ഷേമത്തിനായി ചെലവാക്കിയ കണക്കുകളുടെ  കൃത്യമായ ബാലൻസ് ഷീറ്റ് തയാറാക്കി ജനങ്ങൾക്ക് സമർപ്പിച്ച  ഇന്ത്യയിലെ ഏക പർലമെന്റ് മെമ്പറും ശ്രീ ശശി തരൂർ മാത്രമാണ്. അഴിമതികളിൽ മുങ്ങിയിരിക്കുന്ന മറ്റൊരു രാഷ്ട്രീയക്കാരനും അതിനുള്ള തന്റേടം നാളിതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് മീഡിയാകളെ കൂട്ടുപിടിച്ച് പിന്നിൽനിന്ന് കുത്താവുന്നടത്തോളം ദ്രോഹിച്ച് പ്രതിയോഗികൾ  അദ്ദേഹത്തെ തേജോവധം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരുന്നു. ജീവിതകാലം മുഴുവൻ മറ്റെവിടെയോ സമയം ചെലവഴിച്ചവൻ ഇവിടെയെന്ത് എന്ന ഒരു ചിന്താഗതി സ്വന്തം അണികളിൽനിന്നുപോലും ഉണ്ടായിരുന്നു. രാഷ്ട്രീയം തറവാട്ടു സ്വത്തും കുടുംബ സ്വത്തുമായി കൊണ്ടുനടക്കുന്നവർക്ക് തരൂരിന്റെ രാഷ്ട്രീയ പ്രവേശനം രുചിച്ചിരുന്നില്ല.

തരൂരിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യാൻ സാധിക്കാതെ  സന്മാർഗ വശങ്ങളെ ചെളി വാരിയെറിയാനും വിമർശകർ  താല്പ്പര്യപ്പെട്ടിരുന്നു. നിഷ്കളങ്കമായ അദ്ദേഹത്തിൻറെ  അഭിപ്രായങ്ങളെ മീഡിയാകൾ പലപ്പോഴും ആക്ഷേപിക്കുകയും ചെയ്തിരുന്നു. റെയിൽവേയിലെ 'കന്നുകാലി ക്ലാസ് പ്രയോഗം' യൂറോപ്പ്യൻ നാടുകളിലെ സാധാരണ അനൗപചാരിക ഭാഷാശൈലിയാണ്. ട്രെയിനിലും വിമാനത്തിലും സൌകര്യങ്ങൾ കുറവെങ്കിൽ 'കന്നുകാലി ക്ലാസ്സെന്നുള്ള' പ്രയോഗം സാധാരണമാണ്. പുറം നാടുകളിൽ ജീവിച്ച തരൂരിന്റെ ഭാഷാശൈലിയിൽ വന്നൊരു തെറ്റ് മീഡിയാകൾക്ക്  ആഘോഷിക്കാൻ ഒരവസരവും കൊടുത്തു.  തരൂരിന്റെ മുപ്പതു വർഷത്തെ ഔദ്യോഗിക ജീവിത കാലത്ത് യൂ എന്നിനു  വേണ്ടി ആയിരക്കണക്കിന് തവണകൾ മീഡിയാകളുടെ മുമ്പിൽ സംസാരിച്ചിട്ടുണ്ട്. സി.എൻ. എന്നിലും ബീ.ബി. സിയിലും ഫോക്സ് ന്യൂസിലും നിത്യവും അവരുടെ ക്യാമറാ മുമ്പിൽനിന്ന് അഭിപ്രായങ്ങൾ പറയണമായിരുന്നു. ഒരിയ്ക്കൽപ്പോലും  അദ്ദേഹത്തിനെതിരെ ഒരു കുറ്റാരോപണം ആരും ഉന്നയിച്ചിട്ടില്ല. അദ്ദേഹം ഒരു വിവാദമായിരുന്നില്ല. പിന്നെ എന്തുകൊണ്ട് ഇന്ത്യയിലെന്നതും  തരൂരിന് വിസ്മയമായിരുന്നു.

പുറംനാടുകളിൽ ജീവിതം ചെലവഴിച്ചെങ്കിലും  തരൂരിന്റെ സ്വപ്ന മയൂരങ്ങളിൽ  എന്നും നിറഞ്ഞിരുന്നത്   ഭാരതാംബികയായിരുന്നു.   'എന്റെ ജീവിതമാണ് എന്റെ സന്ദേശ'മെന്ന് ഗാന്ധിജി പറയുമായിരുന്നു. എന്നാൽ  'തന്റെ ജീവിതം എന്നും ചിന്താക്കുഴപ്പം വരുത്തുന്ന സന്ദേശമാണ്  നൽകുന്നതെന്നും' തരൂർ  പറയും. താത്ത്വികനായ   തരൂർ  യുവജനങ്ങളെ നോക്കി ഉപദേശിക്കുന്നത് ; "ജീവിക്കുന്ന കാലം നന്നായി ജീവിക്കുക, തന്നത്താൻ സ്വയം താഴ്ത്തരുത്, നിങ്ങൾ ചെയ്യുന്ന പ്രവർത്തികൾ എന്തു തന്നെയാണെങ്കിലും നിങ്ങളാൽ കഴിയും വിധം അങ്ങേയറ്റം ഭംഗിയായി  ചെയ്യുക,  എഴുത്തുകാരനോ, മാനേജരോ, അഭയാർത്ഥി ഓഫീസറോ, അറ്റോർണിയോ എന്തു തന്നെയെങ്കിലും   കടമകൾ  സത്യത്തിന്റെ വഴിയിൽക്കൂടി  പൂർത്തികരിക്കൂ,  നിങ്ങളെക്കാൾ  മെച്ചമായവർ ആരുമില്ല, നിങ്ങളുടെ കഴിവുകൾ  ശരിയായ ദിശയിൽ ചലിക്കാത്ത പക്ഷം നിങ്ങൾ അവർക്കൊരു ദുരലങ്കാരമായിരിക്കാം. സ്വയം താഴാതെ നാം ഏർപ്പെടുന്ന കർമ്മങ്ങളിൽ ജാഗരൂകരായിരിക്കുക" .  തരൂരിന്റെ  അടിസ്ഥാന മുന്നെറ്റങ്ങളെല്ലാം  സ്വന്തം  ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന  ഈ മൂല്യങ്ങളുടെ മീതെയായിരുന്നു.









കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...