By ജോസഫ് പടന്നമാക്കൽ
അന്തർദേശീയ തലങ്ങളിൽ ഇന്ത്യയുടെ യശസുയർത്തിയ മഹാപ്രതിഭയായ ഡോ. ശശി തരൂരിന്റെ ജീവിതവും വീക്ഷണങ്ങളും തികച്ചും അർത്ഥഗർഭവും അനുകരണീയവുമാണ്. അതേ സമയം ദുരൂഹതകൾ അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടുമിരിക്കുന്നു. നരേന്ദ്ര മോഡി കഴിഞ്ഞാൽ ഇന്ത്യൻ പാർലമെന്റിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന ജനപ്രതിനിധി സാമാജികൻ ശ്രീ ശശി തരൂരാണ്. സുഭഗതനായി ഭാരതീയ പാരമ്പര്യ വേഷങ്ങളിൽ ചുറ്റുമുള്ളവരെ നോക്കി സദാ പുഞ്ചിരി തൂകിക്കൊണ്ട് ജനഹൃദയങ്ങളെ ആകർഷിക്കുന്ന ഒരു വ്യക്തിപ്രഭാവവും അദ്ദേഹത്തിനുണ്ട്. നിറകുടംപോലെ കുന്നുകൂടിയിരിക്കുന്ന അദ്ദേഹത്തിൻറെ അറിവുകൾ പ്രസംഗ വേളകളിൽ മലവെള്ളംപോലെയാണ് സദസ്യരിലേക്കൊഴുകുന്നത്. ഇന്ത്യയിലെ തന്നെ തിളങ്ങുന്ന ഈ ബുദ്ധിജീവി ഇംഗ്ലീഷിലെ പതിനാലു ബെസ്റ്റ് സെല്ലിംഗ് (Best Selling) ബുക്കുകളുടെ ഗ്രന്ഥകാരനും കൂടിയാണ്. അക്കൂടെ ചെറുകഥകളും നോവലുകളും ഉൾപ്പെടും. ജവർഹർലാൽ നെഹ്രുവിന്റെ ജീവചരിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകമാകമാനമുള്ള പത്രങ്ങളിൽ അദ്ദേഹത്തിൻറെ ഈടുള്ള ലേഖനങ്ങളും കാണാം.
കുഞ്ഞായിരുന്ന കാലം മുതൽ അദ്ദേഹം കടന്നു വന്ന വഴികൾ എഴുത്തിന്റെ ലോകത്തിൽ നിന്നായിരുന്നു. ശശി തരൂരിന്റെ ജീവിതം ഒരു റോളർ കോസ്റ്റ് പോലെ എന്നും ചാഞ്ചാടുന്നതുമായിരുന്നു. പത്താം വയസിൽ എഴുതിയ കഥ ഭാരതജ്യോതിയിൽ പ്രസിദ്ധികരിച്ചത് എഴുത്തുകാരനെന്ന നിലയിലുള്ള അദ്ദേഹത്തിൻറെ ആദ്യത്തെ അംഗീകാരമായി കരുതുന്നു. പതിനൊന്നാം വയസിൽ ജൂനിയർ സ്റ്റേറ്റ്സ്മാനിൽ തുടർച്ചയായി ഒരു സീരിയൽ നോവലും പ്രസിദ്ധീകരിച്ചിരുന്നു. അവാർഡുകൾ നേടിയ അനേകം പുസ്തകങ്ങളുടെ ഗ്രന്ഥകാരൻ, രാജ്യാന്തര സമാധാന പ്രവർത്തകൻ, അഭയാർത്ഥി സാമൂഹിക പാതയിൽ വ്യക്തിമുദ്ര പതിച്ച മനുഷ്യസ്നേഹി, മനുഷ്യാവകാശ ചിന്തകൻ, പാർലമെൻറ് അംഗം, കേന്ദ്ര മന്ത്രി, 2006-ൽ ഇന്ത്യാ സർക്കാരിന്റെ യൂ.എൻ. സെക്രട്ടറി ജനറലിനായുള്ള ഔദ്യോഗിക സ്ഥാനാർത്ഥി എന്നിങ്ങനെ ശ്രീ തരൂറിനെ അറിയപ്പെടുന്നു. ന്യൂയോർക്ക് ടൈംസിലും വാഷിംഗ്ണ്ടൻ ടൈംസിലും ലോസ്ഏഞ്ചൽ ടൈംസിലും ടൈംസ് ഓഫ് ഇന്ത്യയിലും സ്ഥിരം എഴുത്തുകാരനായിരുന്നു. യുവജനങ്ങളുടെ ആവേശവും നല്ലൊരു പ്രാസംഗികനും കലാകാരനുമാണ്. പഠിക്കുന്ന കാലങ്ങളിൽ പാട്ടു പാടുമായിരുന്നു. ഇതിഹാസ ക്ലാസ്സിക്കൽ നാടകങ്ങളിലെ നായകനുമായിരുന്നു. തനി പാലക്കാടനായി ജീവിക്കാനാണ് ശശി തരൂർ എന്നും ഇഷ്ടപ്പെട്ടിരുന്നത്.
ശ്രീ ചന്ദ്രൻ തരൂരിന്റെയും ലിലിയുടെയും മകനായി ശശി തരൂർ 1956-ൽ ജനിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം 1948-ൽ അദ്ദേഹത്തിൻറെ പിതാവ് ഉദ്യോഗാർത്ഥം ലണ്ടനിലേയ്ക്ക് കുടിയേറിയിരുന്നു. പിതാവ് ഇന്ത്യൻ പത്രമായ സ്റ്റേറ്റ്സ്മാൻ പത്രത്തിൽ ലണ്ടൻ മാനേജരായി ജോലി ചെയ്യുകയായിരുന്നു. വിദേശത്ത് സ്ഥിരതാമസമാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. ശശി ജനിച്ചതും ബ്രിട്ടനിലായിരുന്നു. മൂന്നു വയസുള്ളപ്പോൾ അദ്ദേഹത്തിൻറെ പിതാവ് വീണ്ടും ഇന്ത്യയിൽ മടങ്ങി വന്ന് മുംബയിൽ താമസമാക്കി. ഇവരുടെ പൂർവ്വിക കുടുംബം പാലക്കാട് ഗ്രാമ പ്രദേശങ്ങളിൽ നിന്നുമുള്ളവരായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നടത്തിക്കൊണ്ട് 'ശശി' മുംബയിൽ വളർന്നു.
ബാല്യകാലത്ത് ശശി തരൂർ ആസ്മാ രോഗംകൊണ്ട് ബുദ്ധിമുട്ടുന്ന അനാരോഗ്യവാനായ ഒരു കുട്ടിയായിരുന്നു. ആസ്മാ തടയാനുള്ള ശക്തമായ മരുന്നുകൾ അന്നുണ്ടായിരുന്നില്ല. ശ്വസിക്കാനും പാടായിരുന്നതുകൊണ്ട് മിക്ക ദിവസങ്ങളിലും അസുഖമായി വീട്ടിൽത്തന്നെ കിടക്കേണ്ടി വന്നിരുന്നു. ആ സമയങ്ങളിൽ അദ്ദേഹത്തിൻറെ അമ്മ ഒപ്പമിരുന്ന് പുസ്തകങ്ങൾ വായിച്ചു കൊടുക്കുമായിരുന്നു. നാലു വയസുള്ളപ്പോൾ തന്നെ നല്ലവണ്ണം എഴുതാനും വായിക്കാനും പഠിച്ചു. അക്കാലങ്ങളിൽ ടെലിവിഷനോ കമ്പ്യൂട്ടറോ ഇൻറർനെറ്റോ ഇണ്ടന്റൊ ഗെയിംസോ ഉണ്ടായിരുന്നില്ല. സമയം പോകാൻ പുസ്തകം മാത്രമായിരുന്നു ആശ്രയം. ആസ്മായുടെ കാഠിന്യം മൂലം പുറത്തു പോയി കളിക്കാനും സാധിക്കില്ലായിരുന്നു. കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിക്കുന്നതും അദ്ദേഹത്തിൻറെ ഹോബിയായിരുന്നു. വായിക്കുന്ന നിരവധി പുസ്തകങ്ങൾ പ്രായത്തിനൊത്തു മനസിലാക്കാനും സാധിക്കില്ലായിരുന്നു. ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ കടം എടുത്താലും നിശ്ചിത സമയത്ത് മടക്കി കൊടുക്കേണ്ടിയിരുന്നതുകൊണ്ട് വായനയുടെ വേഗതയും കൂട്ടിയിരുന്നു. അക്കാലത്തെ വായനാ ശീലങ്ങളാണ് ശ്രീ ശശി തരൂറിനെ എഴുത്തിലേക്ക് നയിച്ചത്. അദ്ദേഹം എഴുതുന്ന കഥകൾ തന്റെ പിതാവ് ടൈപ്പ് ചെയ്യുമ്പോൾ കൂടുതൽ എഴുതാനുള്ള ആവേശവും ലഭിക്കുമായിരുന്നു. തന്റെ തൂലികയിലെ സാമൂഹിക സാഹിത്യ വാസനകളിലുള്ള പിതാവിന്റെ തീക്ഷ്ണത ശശിയിലത് സ്വയം എഴുത്തുകാരനെന്ന വിശ്വാസവുമുണ്ടാക്കി.
മുംബയിൽ താമസമാക്കിയിരുന്ന ശശി തരൂരിന്റെ പിതാവിന് സ്റ്റേറ്റ്സ്മാൻ ഹെഡ് ഓഫീസായ കൽക്കട്ടയിൽ സ്ഥലം മാറ്റം കിട്ടി. തരൂരിന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം കൽക്കട്ടായിൽ പൂർത്തിയാക്കി. അക്കാലഘട്ടത്തിലാണ് കൽക്കട്ടാ യൂണിവേഴ്സിറ്റിയിൽ നക്സലേറ്റ് പ്രസ്ഥാനം വളർന്ന് യൂണിവേഴ്സിറ്റിയുടെ ഭരണ സംവിധാനം ആകമാനം തകരാറിലായത്. പ്രശ്നങ്ങളും അക്രമങ്ങളും കാരണം യൂണിവേഴ്സിറ്റി അടച്ചു പൂട്ടിയിരുന്നു. പരീക്ഷകൾ നടത്തുന്നില്ലായിരുന്നു. അതുകൊണ്ട് അദ്ദേഹം ഡൽഹി യൂണിവേഴ്സിറ്റി, സെന്റ് സ്റ്റീഫൻസ് കോളേജിൽ പഠനമാരംഭിച്ചു.
അടിയന്തിരാവസ്ഥ (എമർജൻസി ) കാലംവരെ ഇന്ത്യയിലെ എല്ലാ വാർത്താ മീഡിയാകളിലും ശ്രീ തരൂരിന്റെ ലേഖനങ്ങൾ പ്രത്യക്ഷപ്പെടുമായിരുന്നു. സ്റ്റേറ്റ്സ്മാൻ, ഫെമീനാ, ഇല്ലൂസ്ട്രെഡ് വീക്കലി എന്നീ മാസികകളിലും ദിനപത്രങ്ങളിലും അദ്ദേഹത്തിൻറെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. പഠിക്കുന്ന കാലങ്ങളിൽ തരൂരിന്റെ പിതാവ് അദ്ദേഹത്തോട് പറയുമായിരുന്നു; "ശശീ, പഠനത്തിന് ആദ്യം മുൻഗണന നല്കൂ, എഴുത്തുകാരനെന്ന നിലയിൽ ജീവിക്കാനുള്ളതൊന്നും നേടില്ല. " വിശ്രമവേളകളിലും ഗ്രഹപാഠങ്ങൾ പൂർത്തിയാക്കിയതിനും ശേഷമേ പ്രസിദ്ധീകരിക്കാനുള്ള ലേഖനങ്ങളെഴുതാൻ അനുവദിച്ചിരുന്നുള്ളൂ. അന്നുള്ള മാതാപിതാക്കൾ തങ്ങളുടെ മക്കൾ ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ ആകണമെന്നായിരുന്നു ചിന്തിച്ചിരുന്നത്. ഈ രണ്ടു തൊഴിലുകളും ശശിയ്ക്കിഷ്ടമില്ലായിരുന്നു. സയൻസിൽ എക്കാലവും സ്കൂൾ തലങ്ങളിൽ ഒന്നാമനായിരുന്നെങ്കിലും അദ്ദേഹം ഐച്ഛിക വിഷയമായി കോളേജിൽ തെരഞ്ഞെടുത്തത് സാഹിത്യാദി മാനവിക (ഹ്യൂമാനിറ്റി) വിഷയങ്ങളായിരുന്നു. ശാസ്ത്രവിഷയങ്ങളിൽ എന്നും ഒന്നാമനായിരുന്നിട്ടും എന്തുകൊണ്ട് ഹ്യൂമാനിറ്റി വിഷയങ്ങൾ എടുക്കുന്നുവെന്ന് പ്രൊഫസർമാർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ താൻ ശാസ്ത്ര വിഷയങ്ങളിൽ തല്പ്പരനല്ലെന്നും പരീക്ഷ കഴിയുമ്പോഴേ വിഷയങ്ങൾ പാടേ മറന്നു പോവുന്നുവെന്നും പറഞ്ഞു. നാല് വയസാകുമ്പോഴേ മാതാപിതാക്കൾ തങ്ങളുടെ മകൻ എന്താകണമെന്ന് ചിന്തിക്കുമായിരുന്നു. എന്നാൽ തരൂർ ശാസ്ത്ര വിഷയങ്ങൾ എടുക്കാതെ ഹ്യൂമാനിറ്റി വിഷയങ്ങൾ പഠിക്കാൻ തീരുമാനിച്ചപ്പോൾ മാതാപിതാക്കൾ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല.
മുംബയിലും കൽക്കട്ടായിലും വിദേശങ്ങളിലുമാണ് തരൂർ ജീവിച്ചിരുന്നതെങ്കിലും എന്നും കേരളീയനായി പാലക്കാടൻ ഗ്രാമീണനായി അറിയപ്പെടാൻ ആഗ്രഹിച്ചിരുന്നു. മുംബയിൽ വളരുകയും ഹൈസ്കൂൾ കൽക്കട്ടായിലും കോളേജ് ഡൽഹിയിലുമായിരുന്നതുകൊണ്ട് അദ്ദേഹത്തിൻറെ കൂടെ പഠിച്ചവരും സുഹൃത്തുക്കളും ഇന്ത്യയുടെ നാനാഭാഗത്തു നിന്നുമുള്ളവരായിരുന്നു. തന്മൂലം ഭാരതം ഒന്നായുള്ള ഒരു ദേശീയ കാഴ്ചപ്പാട് സ്വാഭാവികമായി തന്നെ അദ്ദേഹത്തെ നയിച്ചിരുന്നു. ഡൽഹിയിൽ പഠിക്കുന്ന കാലയളവിൽ സ്കോളർഷിപ്പ് ലഭിച്ച് ഉപരി പഠനമായി അമേരിക്കയിൽ പോയി. അവിടെ റ്റഫ്റ്റ്സ് (Tufts) യൂണിവേഴ്സിറ്റിയിൽ നിന്നും മൂന്നു മാസ്റ്റെഴ്സും പീ.എച്ച്.ഡി.യും നേടി. യൂണിവേഴ്സിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ പി. എച്ച് ഡി. ബിരുദധാരിയായിരുന്നു. അതിനുശേഷമാണ് അദ്ദേഹം യുണൈറ്റഡ് നാഷനിൽ (യൂ.എൻ. ഒ) ചേർന്നത്.
ഐ.ഏ എസ്, ഐ.എഫ്.എസ് പരീക്ഷകൾ (IAS, IFS)മത്സരിക്കണമെന്ന് ശ്രീ തരൂരിന് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിൻറെ പിതാവ് ന്യൂസ് പേപ്പറിൽ എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്നതുകൊണ്ട് ദിനംപ്രതി ആറും ഏഴും പത്രങ്ങൾ സ്വന്തം വീട്ടിൽ കൊണ്ടുവരുമായിരുന്നു. പത്രങ്ങൾ മുഴുവൻ തന്നെ പല തവണകൾ ശശി വായിക്കുമായിരുന്നു. ആഗോള വാർത്തകളും രാഷ്ട്രീയവും രാഷ്ട്രീയ നേതാക്കന്മാരും, വിദേശ നേതാക്കന്മാരുടെ വാർത്തകളും അദ്ദേഹത്തിന് ഉൾപ്പുളകമുണ്ടാക്കുമായിരുന്നു. അമേരിക്കയിൽ പഠിക്കാൻ സ്കോളഷിപ്പ് കിട്ടിയപ്പോൾ താനെന്തിന് ഐ.എഫ്.എസ് പരീക്ഷയെഴുതാൻ കാത്തിരിക്കണമെന്നും വിചാരിച്ചു. അടിയന്തിരാവസ്ഥ കാലമായതുകൊണ്ട് ഐ.എഫ്.എസ് താൻ നേടുമെന്ന് തീർച്ചയുമില്ലായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന അടിയന്തിരാവസ്തയെപ്പറ്റിയും പത്രങ്ങളുടെ വിലക്കിനെപ്പറ്റിയും രാഷ്ട്രീയ കൊലപാതകങ്ങളും സംബന്ധിച്ച ലേഖനം സ്റ്റേറ്റ്സ്മാനിൽ എഴുതാനും പോവുകയായിരുന്നു. ഇൻഡ്യയുടെ ചേരികളിൽ താമസിക്കുന്നവരെ നിർബന്ധിതമായി വന്ധീകരണം നടത്തുന്നതും നെഹൃവിയൻ മൂല്യങ്ങളെ തകർക്കുന്നതും ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരുവന് സഹിക്കാൻ സാധിക്കില്ലായിരുന്നു.
1977 കാലങ്ങളിൽ യുണൈറ്റഡ് നാഷനിൽ അനേകം ഇന്ത്യാക്കാർ ജോലി ചെയ്യുന്നുണ്ടായിരുന്നു. സംഘടനയുടെ കീഴിൽ പലവിധ ഏജൻസികളും പ്രവർത്തിക്കുന്നുണ്ടായിരുന്നു. അക്കാലങ്ങളിൽ സ്റ്റേറ്റ്സ്മാനിൽ വരുന്ന അദ്ദേഹത്തിൻറെ ലേഖനങ്ങൾ യൂ. എൻ. ഹൈ കമ്മീഷനിലെ ഒരിയ്ക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത വീരേന്ദ ദയാലെന്ന ഒരു സുഹൃത്ത് വായിക്കുന്നുണ്ടായിരുന്നു. ദയാലിന്റെ താല്പര്യമനുസരിച്ച് യൂ എന്റെ ഒരു പാർട്ടിയിൽ വെച്ച് ഇരുവരും പരസ്പരം കണ്ടു മുട്ടി. ഒരു മണിക്കൂർ നീണ്ട സൗഹാർദ സംഭാഷണ ശേഷം യുണൈറ്റഡ് നാഷനിൽ ജോലി ചെയ്യാൻ താല്പര്യമുണ്ടോയെന്നു തരൂരിനോട് ദയാൽ ചോദിച്ചു. അദ്ദേഹം ശുപാർശ ചെയ്തില്ലെങ്കിലും മറ്റു മൂന്നു പേരായിരുന്നു തരൂരിനെ ഇന്റർവ്യൂ ചെയ്ത് ജോലിയിൽ നിയമിച്ചത്.
അവിടെ നിന്നും അദ്ദേഹം ജനീവാ ഹെഡ് ക്വാർട്ടെഴ്സിൽ ജോലിയിൽ നിയമിതനായി. അന്നദ്ദേഹം തീരുമാനിച്ചത് ബാങ്കിൽ കുറച്ചു പണം, പിന്നീട് ഇന്ത്യയിൽ പോയി സാധാരണ ജീവിതം നയിക്കുകയെന്നതായിരുന്നു. തന്റെ കഴിവുകൾ മുഴുവൻ ഇന്ത്യയിൽ പ്രകടിപ്പിക്കാൻ കഴിയുമെന്ന വിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു.
അതിനു ശേഷം സിംഗപ്പൂർ ഓഫീസിന്റെ തലവനായി ചുമതലയെടുത്തു. ഒരു ഓഫീസിന്റെ തലവനെന്ന നിലയിൽ നന്നേ ചെറുപ്പമായിരുന്നതു കൊണ്ട് പ്രായവും മറ്റുള്ളരിൽനിന്നു ഒളിച്ചു വെച്ചു. ഇരുപത്തിയഞ്ച് വയസ് പ്രായമായിരുന്ന അദ്ദേഹം എന്നും മറ്റുള്ളവരോട് പത്തു വയസ് കൂട്ടി പറയുമായിരുന്നു.' ദി ഹൈ കമ്മീഷണർ ഓഫ് യൂ എൻ റെഫ്യൂജിസ്' (The High Commissioner of UN Refugees ) എന്നായിരുന്നു ഓഫീസിന്റെ പേര്. സിംഗപ്പൂരിൽ പലരും വിചാരിച്ചത് ഹൈ കമ്മീഷണർ അദ്ദേഹമെന്നായിരുന്നു. വാസ്തവത്തിൽ ഹയ്ക്കമ്മീഷണരുടെ ഓഫീസ് ജനീവായിലായിരുന്നു. സിംഗപ്പൂർ പ്രോട്ടോക്കോളനുസരിച്ച് തരൂരിനെ ഹൈ കമ്മീഷണറെന്ന പദവിയിൽ തന്നെ ബഹുമാനിച്ചിരുന്നു. ടെലഫോണ്‍ ചെയ്യുമ്പോഴും മീറ്റിംഗുകളിലും ഗൗരവപൂർവ്വം ഉത്തരവാദിത്വ ബോധത്തോടെ സംസാരിക്കണമായിരുന്നു. ഇരുപത്തിയഞ്ച് വയസുകാരനായ തരൂർ തന്നെക്കാളും പ്രായമുള്ള സീനിയേഴ്സും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുമായും ഔദ്യോഗിക കാര്യങ്ങളിൽ പങ്കെടുത്തിരുന്നു.
അഭയാർത്ഥികളെയും സർവ്വതും നഷ്ടപ്പെട്ടവരേയും ജീവിതത്തിൽ ആശയറ്റവരെയും സഹായിക്കുന്നതിൽ തരൂരിന് അതിയായ സംതൃപ്തിയുമുണ്ടായിരുന്നു. പലരുടെയും കദന കഥകൾ വളരെ ദയനീയവുമായിരുന്നു. സ്വത്തുക്കൾ നശിച്ചതു കൂടാതെ കുടുംബവും മക്കളും ഭാര്യയും സൗഹാർദവും പലർക്കും നഷ്ടപ്പെട്ടിരുന്നു. ഓരോ രാജ്യങ്ങളിലെ രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് പീഡനങ്ങൾ സഹിക്ക വയ്യാതെ അഭയാർത്ഥി ക്യാമ്പുകളിൽ ജനം വന്നു കൊണ്ടിരുന്നത്. അഭയാർത്ഥികളിൽ പലർക്കും ഞെട്ടിക്കുന്ന ദുരൂഹത നിറഞ്ഞ കഥകൾ പറയാനുമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തിലെ ഭീകരത കാരണം അനേക വിയറ്റ്നാം അഭയാർത്ഥികളുമുണ്ടായിരുന്നു.
ഒരഭയാർത്ഥി കുടുംബത്തിന്റെ കഥ 'ശശി തരൂർ' തന്നെ പറയാറുണ്ട്. ഒറ്റ എഞ്ചിൻ ഘടിപ്പിച്ച ബോട്ടിൽ ഒരു കുടുംബം രക്ഷപ്പെടുകയായിരുന്നു. യാത്രാമദ്ധ്യേ ബോട്ടിന്റെ എഞ്ചിൻ നിന്നു പോയി. ഭക്ഷണമില്ലാതെ ആ കുടുംബം വലഞ്ഞു. അവരുടെ കുഞ്ഞ് വിശന്നവശയായപ്പോൾ മാതാപിതാക്കൾ സ്വന്തം കൈവിരലുകളിൽ മുറിവുകളുണ്ടാക്കി കുഞ്ഞിനു ഭക്ഷണം കൊടുത്തിരുന്നു. ഗുരുതരമായ നിലയിൽ അവരെ കണ്ടെത്തി വൈദ്യ സഹായം നല്കി ആ കുടുംബത്തെ രക്ഷിച്ചതു ശശി തരൂരിറെ പ്രവർത്തനങ്ങളിലെ ചിന്തനീയമായ ഒരു നാഴികക്കല്ലായിരുന്നു. ആ കുടുംബം അമേരിക്കയിൽ ആശ്രയം തേടി ഇന്ന് സന്തോഷമായി കഴിയുന്നുവെന്നും ശ്രീ തരൂരിന്റെ കുറിപ്പുകളിൽ ഉണ്ട്. നിയമപരമല്ലാതെ അഭയാർത്ഥികളായി വരുന്നവരെ സിംഗപ്പൂർ സർക്കാർ അറസ്റ്റു ചെയ്യുന്നതിനു മുമ്പ് ശ്രീ തരൂർ അവർക്കെല്ലാം യൂ.എൻ അധികാരത്തിന്റെ പരിധിയിൽ അഭയം കൊടുത്ത് ആശ്രയം നല്കുന്ന രാജ്യങ്ങളിലേക്ക് അയക്കുമായിരുന്നു. മാനുഷികപരമായ സേവനവുമായി സിംഗപ്പൂരിൽ കഴിയാനായിരുന്നു ശ്രീ തരൂരിനിഷ്ടം. എന്നാൽ ജനീവായിലേയ്ക്ക് അദ്ദേഹത്തെ തിരികെ വിളിച്ചതുമൂലം ജീവകാരുണ്യപരമായ പ്രവർത്തനങ്ങൾ പിന്നീട് തുടരാൻ സാധിച്ചില്ല.
ജനീവായിൽ പുതിയതായി ഒരു ഹൈ കമ്മീഷണർ നിയമിതനായപ്പോൾ അദ്ദേഹത്തിന് യൂ എൻ ഒ യിൽ ജോലി തുടരാനുള്ള താല്പര്യം കുറഞ്ഞു. ജോലിയുപേക്ഷിച്ച് ഇന്ത്യയിൽ വന്ന് വീടു വെച്ചു താമസിക്കാൻ തീരുമാനിച്ചു. ശ്രീ തരൂരിന്റെ സേവനം ആവശ്യമായിരുന്നതുകൊണ്ട് യൂ. എൻ 'ഒ മൂന്നു നാലു ഡിപ്പാർട്ട്മെന്റിൽ അദ്ദേഹത്തെ ജോലിക്കായി ക്ഷണിച്ചു. ഇംഗ്ലണ്ടിലെ ഇന്റർവ്യൂനു ശേഷം അദ്ദേഹത്തെ യൂ എൻ പീസ് കീപിംഗ് ഫോഴ്സിന്റെ (Peace keeping force) ചുമതലയായി ന്യൂയോർക്കിൽ നിയമിച്ചു. ലോകം മുഴുവൻ വ്യാപിച്ച ബ്രഹത്തായ ഒരു സംഘടനയുടെ ചുമതലകൾ മുഴുവനും ശ്രീ തരൂരിന് വഹിക്കേണ്ടി വന്നു. അതൊരു പ്രായോഗിക പരിശീലനവും വെല്ലുവിളിയുമായിരുന്നു. ദിവസം പതിനെട്ടു മണിക്കൂർ വരെ ജോലി ചെയ്യണമായിരുന്നു. യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ ജീവനെ പണയം വെച്ചും യാത്ര ചെയ്തിരുന്നു. അന്നത്തെ യൂ എൻ സെക്രടറി ജനറലായിരുന്ന കോഫീ അണ്ണന്(Kofi Annan) ശശിയിൽ വലിയ പ്രതീക്ഷകളും വിശ്വാസവുമുണ്ടായിരുന്നു. പ്രധാനപ്പെട്ട രാജ്യാന്തര തീരുമാനങ്ങൾ അദ്ദേഹം ശശി തരൂരുമായി ആലോചിച്ചു പ്രവർത്തിച്ചിരുന്നു. പിന്നീട് ശശി കോഫി അണ്ണന്റെ (Kofi Annan)അസിസ്റ്റന്റ് സെക്രട്ടറി ജനറലായി നിയമിതനായി. ലോക നേതാക്കളുമായുള്ള സമ്മേളനങ്ങളിൽ ശശി അദ്ദേഹത്തെ അനുഗമിക്കുമായിരുന്നു. അതിനുശേഷം കമ്മ്യൂണിക്കേഷൻ ചുമതലയുടെ അണ്ടർ സെക്രട്ടറി ജനറലായി ഉയർന്ന നിലയിൽ എത്തി. ലോകമാകമാനമുള്ള 79 ഓഫീസേഴ്സടക്കം എണ്ണൂറിൽപ്പരം സ്റ്റാഫിന്റെ ചുമതലകൾ ശശിയിൽ നിഷിപ്തമായിരുന്നു. ഭാരിച്ച ഉത്തരവാദിത്വമുള്ള ഈ ജോലി അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു.
2005-ൽ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് യൂ എൻ അസംബ്ലിയിൽ വന്നു. 2006-ൽ ശശി തരൂർ യൂ എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് ഇന്ത്യയുടെ സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന തീരുമാനവും വന്നു. ആ സമയം അമേരിക്കാ ബാൻ കി മൂണ്‍ന് പിന്തുണ നല്കിക്കഴിഞ്ഞിരുന്നു. ന്യൂക്ലീയർ ആയുധങ്ങൾ കൈവശം വെച്ചു കൊണ്ടിരിക്കുന്ന ഇന്ത്യാ അന്ന് അമേരിക്കയുടെ പരിഗണനയിലുള്ള രാജ്യമായിരുന്നില്ല. ഏതാനും വോട്ടുകൾക്കാണ് ബാൻ കി മൂണുമായുള്ള മത്സരത്തിൽ തരൂർ പരാജയപ്പെട്ടത്. തരൂർ തന്റെ ക്യാൻഡിഡസി പിൻവലിക്കുകയും ചെയ്തു. നിർണ്ണായകമായ ഈ മത്സരത്തിൽ വിവിധ രാജ്യങ്ങളിലെ ഡപ്യൂട്ടി പ്രധാന മന്ത്രിമാരും മന്ത്രിമാരും പ്രമുഖരായവരും രാജകുമാരൻ വരെ മത്സരത്തിനുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം രണ്ടാം സ്ഥാനത്തു വന്നു. മത്സരത്തിൽനിന്നും പിന്തിരിഞ്ഞ തരൂർ പറയും " യൂ എൻ. സുപ്രധാന പോസ്റ്റിനായുള്ള ഈ മത്സരത്തിൽ തനിയ്ക്കു പരാജയം സംഭവിച്ചതിൽ ദുഃഖമില്ല. ഭഗവദ് ഗീത പറയുന്നപോലെ ജീവിതത്തിന്റെ ലക്ഷ്യപ്രാപ്തിക്കായി കർമ്മ നിരതനായി താൻ പ്രവർത്തിച്ചു. അതെന്റെ ദൈവത്തിൽ അർപ്പിക്കപ്പെട്ട കടമയായിരുന്നു. ഫലം എന്തെന്ന് ചിന്തിക്കരുത്." തരൂറിനെ സംബന്ധിച്ച് അദ്ദേഹമവിടെ സീനിയർ മാനേജ്മെന്റിൽ, യൂ എന്റെ എല്ലാ പ്രവർത്തനങ്ങളിലും ജോലി ചെയ്തിരുന്നു. സെക്രട്ടറി ജനറൽ എന്ന പോസ്റ്റ് 'റെസ്യൂമെ' (Resume) സമർപ്പിച്ചിട്ടുള്ള ഒരു ജോലിയായിരുന്നില്ല. അത് പൂർണ്ണമായും രാജ്യങ്ങൾ തമ്മിലുള്ള ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു. യുണൈറ്റഡ് നാഷനിൽ തുടരുന്നതിന് ബാൻ കി മൂണ്‍ അദ്ദേഹത്തെ നിർബന്ധി ച്ചു. പീസ് കീപിംഗ് ഫോഴ്സിൽ ആഫ്രിക്കയിലെ അണ്ടർ സെക്രട്ടറി ജനറലായി ജോലിയും വാഗ്ദാനം ചെയ്തു. അദ്ദേഹം യൂ.എൻ. ജോലിയിൽനിന്നും വിരമിക്കുകയാണുണ്ടായത്.
പിന്നീടദ്ദേഹം തിരുവനന്തപുരത്തുനിന്നും ഇന്ത്യൻ പാർലമെന്റിൽ മത്സരിച്ച് എം.പി.യായി വിജയിച്ച് കേന്ദ്രമന്ത്രി സ്ഥാനവും സ്വീകരിച്ചു. രാജ്യത്തു വരുന്ന വിദേശമന്ത്രിമാരെ സ്വീകരിക്കുകയും ഉടമ്പടികൾ ഉണ്ടാക്കുകയും ശശിയുടെ ചുമതലകളിലുണ്ടായിരുന്നു. പതിനൊന്നു മാസത്തിനുള്ളിൽ മന്ത്രിയെന്ന നിലയിൽ പല രാജ്യങ്ങളിലും യാത്രചെയ്ത് രാജ്യാന്തരബന്ധങ്ങൾ സ്ഥാപിക്കാൻ നേതൃത്വം നല്കുകയും ചെയ്തു. തിരുവനന്തപുരത്ത് എം.പി.യായി മത്സരിച്ചപ്പോൾ ചരിത്രപ്രസിദ്ധമായ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ശശി വിജയിച്ചത്. സാക്ഷരകേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ പ്രമുഖരായ ജനങ്ങൾമുതൽ സാധാരണ ജനങ്ങൾവരെയും തീരദേശത്തെ മത്സ്യത്തൊഴിലാളികളും അദ്ദേഹത്തിന് പിന്തുണകൾ നല്കുകയും അവരുമായി മാനസികമായ ഒരു വ്യക്തിബന്ധം സ്ഥാപിക്കുകയും ചെയ്തു. തരൂരിന്റെ രാഷ്ട്രീയ ജീവിതത്തിന് ആഘാതമെന്നൊണം പതിനൊന്നു മാസത്തിനുശേഷം ഒരു ആരോപണത്തിൻമേൽ മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന് രാജി വെയ്ക്കേണ്ടി വന്നു. സുനന്ദാ പുഷ്ക്കറിനുവേണ്ടി തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഇന്ത്യൻ പ്രീമിയർ ക്രിക്കറ്റിന്റെ ഓഹരികൾ വാങ്ങിയെന്നായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണമുണ്ടായിരുന്നത്. തരൂർ പൂർണ്ണമായും ആരോപണം നിഷേധിക്കുകയും നിഷ്പക്ഷമായ ഒരു അന്വേഷണത്തിന് തയ്യാറാവുകയും ചെയ്തു. അതിനുശേഷം തന്റെ പൂർവിക കുടുംബമായ പാലക്കാട് വെച്ച് ശ്രീ മതി സുനന്ദാ പുഷ്ക്കറെ വിവാഹം ചെയ്യുകയും ചെയ്തു. അന്വേഷണ കമ്മീഷൻ അദ്ദേഹത്തിൽ യാതൊരു കുറ്റവും കാണാഞ്ഞതുകൊണ്ട് വീണ്ടും അദ്ദേഹം കേന്ദ്ര മന്ത്രിയായി ചുമതലയെടുത്തു.
ഒരു വർഷം മുമ്പ് പുഷ്ക്കറിനെ ദുരഹ സാഹചര്യത്തിൽ ഒരു ഹോട്ടൽമുറിയിൽ വെച്ചു മരിച്ചു കിടക്കുന്നതായി കണ്ടു. മരണം സ്വാഭാവികമെന്നു തരൂർ പറയുമ്പോൾ ലോക്കലധികാരികൾ മരണം വിഷം ഉള്ളിൽ ചെന്നിട്ടെന്നും സ്ഥാപിക്കുന്നു. പതിനഞ്ചു മുറിവുകളുണ്ടെന്ന പേരിൽ തരൂരിനെ ചോദ്യം ചെയ്തു. അന്വേഷണങ്ങളിൽ അദ്ദേഹം പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും ഡൽഹി പോലീസ് കമ്മീഷണർ പറഞ്ഞു. അജ്ഞാതനായ ഘാതകനാണ് കൊന്നതെന്ന നിഗമനത്തിലും തരൂരിന് വിശ്വസിക്കാനാവുന്നില്ല. മരണത്തിനു മുമ്പ് പുഷ്ക്കറും തരൂരുമായി തെറ്റിധാരണകളുണ്ടായിരുന്നതായും പറയപ്പെടുന്നു.
ഇന്ത്യയിലെ വാർത്താമീഡിയാകൾക്ക് 'ഡോക്ടർ ശശി തരൂർ' എന്നുമൊരു വിവാദ വിഷയമായിരുന്നു. മുതിർന്ന രാഷ്ട്രീയചിന്തകരും അദ്ദേഹത്തോട് അസൂയയോടെയാണ് പെരുമാറിയിരുന്നത്. രാഷ്ട്രീയ പ്രതിയോഗികളിൽ പലരും വിദ്യാഹീനരും സ്കൂൾ രാഷ്ട്രീയത്തിൽനിന്നും തൊഴിലാളിരാഷ്ട്രീയത്തിൽ നിന്നും ഉയർന്നുവന്ന നേതാക്കന്മാരുമായിരുന്നു. തരൂരിനെപ്പോലുള്ള പ്രഗത്ഭനും പണ്ഡിതനുമായ ഒരു നേതാവിനെ കാണുമ്പോൾ കുറ്റിബീഡി വലിച്ചു നടന്ന രാഷ്ട്രീയക്കാരിൽ അപകർഷാബോധം ഉണ്ടായതിലും അതിശയിക്കാനില്ല. തിരുവനന്തപുരത്തെ എം.പി. യെന്ന നിലയിൽ ജനക്ഷേമത്തിനായി ചെലവാക്കിയ കണക്കുകളുടെ കൃത്യമായ ബാലൻസ് ഷീറ്റ് തയാറാക്കി ജനങ്ങൾക്ക് സമർപ്പിച്ച ഇന്ത്യയിലെ ഏക പർലമെന്റ് മെമ്പറും ശ്രീ ശശി തരൂർ മാത്രമാണ്. അഴിമതികളിൽ മുങ്ങിയിരിക്കുന്ന മറ്റൊരു രാഷ്ട്രീയക്കാരനും അതിനുള്ള തന്റേടം നാളിതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് മീഡിയാകളെ കൂട്ടുപിടിച്ച് പിന്നിൽനിന്ന് കുത്താവുന്നടത്തോളം ദ്രോഹിച്ച് പ്രതിയോഗികൾ അദ്ദേഹത്തെ തേജോവധം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരുന്നു. ജീവിതകാലം മുഴുവൻ മറ്റെവിടെയോ സമയം ചെലവഴിച്ചവൻ ഇവിടെയെന്ത് എന്ന ഒരു ചിന്താഗതി സ്വന്തം അണികളിൽനിന്നുപോലും ഉണ്ടായിരുന്നു. രാഷ്ട്രീയം തറവാട്ടു സ്വത്തും കുടുംബ സ്വത്തുമായി കൊണ്ടുനടക്കുന്നവർക്ക് തരൂരിന്റെ രാഷ്ട്രീയ പ്രവേശനം രുചിച്ചിരുന്നില്ല.
തരൂരിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യാൻ സാധിക്കാതെ സന്മാർഗ വശങ്ങളെ ചെളി വാരിയെറിയാനും വിമർശകർ താല്പ്പര്യപ്പെട്ടിരുന്നു. നിഷ്കളങ്കമായ അദ്ദേഹത്തിൻറെ അഭിപ്രായങ്ങളെ മീഡിയാകൾ പലപ്പോഴും ആക്ഷേപിക്കുകയും ചെയ്തിരുന്നു. റെയിൽവേയിലെ 'കന്നുകാലി ക്ലാസ് പ്രയോഗം' യൂറോപ്പ്യൻ നാടുകളിലെ സാധാരണ അനൗപചാരിക ഭാഷാശൈലിയാണ്. ട്രെയിനിലും വിമാനത്തിലും സൌകര്യങ്ങൾ കുറവെങ്കിൽ 'കന്നുകാലി ക്ലാസ്സെന്നുള്ള' പ്രയോഗം സാധാരണമാണ്. പുറം നാടുകളിൽ ജീവിച്ച തരൂരിന്റെ ഭാഷാശൈലിയിൽ വന്നൊരു തെറ്റ് മീഡിയാകൾക്ക് ആഘോഷിക്കാൻ ഒരവസരവും കൊടുത്തു. തരൂരിന്റെ മുപ്പതു വർഷത്തെ ഔദ്യോഗിക ജീവിത കാലത്ത് യൂ എന്നിനു വേണ്ടി ആയിരക്കണക്കിന് തവണകൾ മീഡിയാകളുടെ മുമ്പിൽ സംസാരിച്ചിട്ടുണ്ട്. സി.എൻ. എന്നിലും ബീ.ബി. സിയിലും ഫോക്സ് ന്യൂസിലും നിത്യവും അവരുടെ ക്യാമറാ മുമ്പിൽനിന്ന് അഭിപ്രായങ്ങൾ പറയണമായിരുന്നു. ഒരിയ്ക്കൽപ്പോലും അദ്ദേഹത്തിനെതിരെ ഒരു കുറ്റാരോപണം ആരും ഉന്നയിച്ചിട്ടില്ല. അദ്ദേഹം ഒരു വിവാദമായിരുന്നില്ല. പിന്നെ എന്തുകൊണ്ട് ഇന്ത്യയിലെന്നതും തരൂരിന് വിസ്മയമായിരുന്നു.
പുറംനാടുകളിൽ ജീവിതം ചെലവഴിച്ചെങ്കിലും തരൂരിന്റെ സ്വപ്ന മയൂരങ്ങളിൽ എന്നും നിറഞ്ഞിരുന്നത് ഭാരതാംബികയായിരുന്നു. 'എന്റെ ജീവിതമാണ് എന്റെ സന്ദേശ'മെന്ന് ഗാന്ധിജി പറയുമായിരുന്നു. എന്നാൽ 'തന്റെ ജീവിതം എന്നും ചിന്താക്കുഴപ്പം വരുത്തുന്ന സന്ദേശമാണ് നൽകുന്നതെന്നും' തരൂർ പറയും. താത്ത്വികനായ തരൂർ യുവജനങ്ങളെ നോക്കി ഉപദേശിക്കുന്നത് ; "ജീവിക്കുന്ന കാലം നന്നായി ജീവിക്കുക, തന്നത്താൻ സ്വയം താഴ്ത്തരുത്, നിങ്ങൾ ചെയ്യുന്ന പ്രവർത്തികൾ എന്തു തന്നെയാണെങ്കിലും നിങ്ങളാൽ കഴിയും വിധം അങ്ങേയറ്റം ഭംഗിയായി ചെയ്യുക, എഴുത്തുകാരനോ, മാനേജരോ, അഭയാർത്ഥി ഓഫീസറോ, അറ്റോർണിയോ എന്തു തന്നെയെങ്കിലും കടമകൾ സത്യത്തിന്റെ വഴിയിൽക്കൂടി പൂർത്തികരിക്കൂ, നിങ്ങളെക്കാൾ മെച്ചമായവർ ആരുമില്ല, നിങ്ങളുടെ കഴിവുകൾ ശരിയായ ദിശയിൽ ചലിക്കാത്ത പക്ഷം നിങ്ങൾ അവർക്കൊരു ദുരലങ്കാരമായിരിക്കാം. സ്വയം താഴാതെ നാം ഏർപ്പെടുന്ന കർമ്മങ്ങളിൽ ജാഗരൂകരായിരിക്കുക" . തരൂരിന്റെ അടിസ്ഥാന മുന്നെറ്റങ്ങളെല്ലാം സ്വന്തം ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന ഈ മൂല്യങ്ങളുടെ മീതെയായിരുന്നു.
No comments:
Post a Comment