Monday, March 30, 2015

എന്റെ സത്യാന്വേഷണ ആത്മീയ കഥകൾ

By  ജയിംസ്  കോട്ടൂർ 
 (മലയാളം വീക്ഷണം: ജോസഫ് പടന്നമാക്കൽ)



ഒരു പുരോഹിതനായിരുന്ന  ഞാൻ,  കടന്നു വന്ന വഴികളെ   തുറന്ന ഹൃദയത്തോടെ ആത്മകഥാ രൂപത്തിൽ  ഇവിടെ കുറിയ്ക്കുകയാണ്.  ഇതെന്റെ ആത്മാന്വേഷണവും  സഞ്ചരിച്ച കല്ലും മുള്ളും നിറഞ്ഞ വഴികളും   ചെറിയ ലോകവും ഒപ്പം സഞ്ചരിച്ചവരും അനുഭവങ്ങളും പാളീച്ചകളുമാണ്. വായനക്കാരാ, ഹൃദ്യമായ ഭാഷയിൽ  വികാരഭാവങ്ങളോടെ മനസുതുറന്നുകൊണ്ട് തന്നെ  ഞാൻ നിങ്ങളോട് സംസാരിക്കട്ടെ. ഇതിൽ കുറിച്ചിരിക്കുന്ന സത്യങ്ങളെല്ലാം  കർത്താവിന്റെ മുന്തിരിത്തോപ്പിൽ ജോലി ചെയ്ത പുരോഹിതനായിരുന്ന എന്റെ കഥയാണ്. ഒരിയ്ക്കൽ  ക്രിസ്തുവിന്റെ ബലി പീഠത്തിങ്കൽ, നിഷ്കളങ്കനായി ഒരു മാലാഖയെപ്പോലെ  പൌരോഹിത്യത്തിൽ  ഞാൻ ചെക്കേറി. അതേ സത്യത്തിന്റെ ദീപം കൊളുത്തി പൌരോഹിത്യം ഉപേക്ഷിക്കുകയും ചെയ്തു. പൌരോഹിത്യത്തിൽ  പ്രവേശിക്കുന്ന സമയം സ്വപ്നങ്ങൾ കൊണ്ടുള്ള ഒരു കൂടാരം എന്റെ മനസിൽ  നെയ്തെടുത്തിരുന്നു. ആത്മീയതയുടെ മടിത്തട്ടിൽ പലതും ഞാൻ നേടിയെങ്കിലും കുഞ്ഞായിരുന്നപ്പോൾ ഉണ്ടായിരുന്ന ഭാവനകളനുസരിച്ച്  പൌരോഹിത്യത്തെ താലോലിക്കാൻ എനിയ്ക്ക് സാധിക്കാതെ പോയി. എന്നെപ്പോലെ തന്നെ അന്ധമായ വിശ്വാസത്തിലാണ് കൌമാരപ്രായത്തിൽ പലരും സെമിനാരിയിൽ പ്രവേശിക്കുന്നത്. സ്വപ്ന ലോകത്തിൽ നിശാടനം  ചെയ്യുന്നവർക്കേ  അത്തരം ഒരു ജീവിതം തെരഞ്ഞെടുക്കാൻ സാധിക്കുള്ളൂ. കുട്ടിക്കാലത്ത് ഞാനും  മയങ്ങിയവനെപ്പോലെ   ആത്മീയ ഗുരുക്ഷേത്രത്തിൽ പ്രവേശിച്ചു. ഒന്നുമറിയാത്ത പ്രായത്തിൽ ജീവിതത്തെ കണ്ടെത്താത്ത ഞാൻ അവിടെ എന്താണ് ജീവിതമെന്നും കണ്ടെത്തി.


മുമ്പോട്ടു തുഴഞ്ഞു പോവുന്ന ഞാൻ പുറകോട്ടു നോക്കി വന്ന വഴിയേ  ചിന്തിക്കുകയാണെങ്കിൽ എന്റെ ജീവിത യാത്രകൾക്ക് ഇനിയും അർത്ഥം കൽപ്പിക്കാൻ സാധിക്കാതെ വരും. ജീവിത ചക്രങ്ങളെ പുറകോട്ടു തിരിച്ചാൽ കഴിഞ്ഞ എണ്‍പതു  വർഷങ്ങളിലെ ഭീതിയും ഭയാനകവും നിറഞ്ഞ ജീവിതത്തെ വലിച്ചു നീട്ടേണ്ടി വരും.  ഗീതയിൽ പറയുമ്പോലെ എല്ലാം ചുരുക്കി 'സംഭവാമി യുഗേ യുഗേ'  എന്നും പറയേണ്ടി വരും.  സംഭവിക്കേണ്ടത് സംഭവിച്ചു കഴിഞ്ഞു. എല്ലാം നന്മയ്ക്കു വേണ്ടി മാത്രം.  ഞാനായിട്ട് ഈ ലോകത്തിലേയ്ക്ക് ഒന്നും കൊണ്ടുവന്നിട്ടില്ല. ഒന്നും തനതായി ഉണ്ടാക്കിയിട്ടില്ല. ഞാനൊന്നും നശിപ്പിച്ചിട്ടില്ല. ഈ ലോകത്തിൽ എനിയ്ക്കുള്ളതെല്ലാം നാളെ മറ്റൊരുവന്റെതാണ്. എന്റെ മാറ്റങ്ങൾ പ്രകൃതിയുടെ നിയമങ്ങളെ തെറ്റിക്കാനും സാധിക്കില്ല. മാറ്റങ്ങൾ മനുഷ്യ ജീവിതത്തിന്റെ ഘടകങ്ങളെന്ന് ആദ്യമായി ഞാൻ പഠിച്ചത് കർദ്ദിനാൾ  ന്യൂമാനിൽ നിന്നായിരുന്നു.  ഒരു പക്ഷെ സഭയുടെ ഉയർന്ന ശ്രേണിയിൽ സഞ്ചരിക്കുന്ന രാജകുമാരന്മാർക്ക് മാറ്റങ്ങൾ സാധിക്കില്ലായിരിക്കാം. എങ്കിലും ജീവിക്കുന്ന ലോകത്ത് മാറ്റങ്ങൾ സംഭവിച്ചേ മതിയാവൂ. മരിച്ചു പോയവർക്ക്  ഭാവിയെ അറിയേണ്ടാ. മാറ്റങ്ങൾ വേണ്ടാ. ആഴത്തിലുള്ള കുഴിമാടത്തിൽ അടക്കിയിരിക്കുന്ന ശവപ്പെട്ടിയ്ക്കുള്ളിൽ അവർ ദ്രവിച്ചു പൊയ്ക്കൊള്ളും. ദൈവമേ,  ദുർബലമായ എന്റെ അറിവില്ലായ്മയെ  തട്ടിമാറ്റി  എന്റെ വഴികൾ സുഗമമാകാൻ നീ തെളിച്ചുകൊണ്ടിരുന്നു.' കുണ്ടും മുള്ളും നിറഞ്ഞ വഴിയേ  ഞാനും സഞ്ചരിച്ചു.


എന്റെ ജീവിതം പന്തുകളത്തിലെ അങ്ങോട്ടും ഇങ്ങോട്ടും തട്ടുന്ന പന്തിനു തുല്യമായിരുന്നു.ഞാൻ സ്വയം എന്റെ പന്തിനെ തട്ടി. തെറിച്ചു വീണത് ലക്ഷ്യമില്ലാ ലോകത്തിലേയ്ക്കും. സൃഷ്ടാവായ ദൈവം അവന്റെ സൃഷ്ടികളുമൊത്തു നസ്രത്തിൽ ആശാരി ചെറുക്കനായ യേശുവിന്റെ വഴിയേ,  ചെറു പന്തുകൾ തട്ടുകയാണോ? അറിയില്ല. ഞാൻ തട്ടുന്ന പന്ത് കാരിരുമ്പിനെക്കാളും ശക്തിയേറിയതായിരുന്നു. ആദ്യത്തെ പന്ത് ചെന്നയിലെ പൂങ്കാവന സെമിനാരിയിൽ ആഞ്ഞടിച്ചു. അവിടെ എന്റെ യൗവനത്തിലെ ആദ്യത്തെ പത്തു വർഷക്കാലം ചെലവഴിച്ചു. അവിടെ നിന്ന് ഒരു പന്ത് തട്ടി, എത്തിയതോ റോമ്മായിലും.   അവിടെ തീയോളജിയും സോഷ്യോളജിയും പഠിച്ചു. പിന്നീട് ഫ്രഞ്ച് പഠിക്കാൻ ഫ്രാൻസിൽ പോയി. അവിടുന്ന് ലണ്ടൻ, മ്യൂണിക്ക്, ബർളിൻ, നെതർലാൻഡ്, ബല്ജിയം, സ്വിറ്റ്സർലണ്ട്, ഇസ്രായേൽ അങ്ങനെയങ്ങനെ ലോകം ചുറ്റിയുള്ള  ജൈത്ര യാത്ര തുടർന്നു. അലഞ്ഞുള്ള  ദേശാടന യാത്രയിൽ റോമ്മായിൽ എത്തി. അവിടുന്ന് ആഞ്ഞൊരു തട്ടിൽ പത്രപ്രവർത്തനം പഠിക്കാൻ അമേരിക്കയിലെ 'മാർഖാ' യൂണിവേഴ്സിറ്റിയിൽ;    നാലു വർഷം പഠിച്ചു ഡിഗ്രീ നേടി. വീണ്ടും ഞാനാകുന്ന പന്ത് വീണത് ചെന്നയിലായിരുന്നു. നാഷണൽ ന്യൂ ലീഡർ കാത്തലിക്ക് വീക്കലി  എഡിറ്റു ചെയ്യാനുള്ള ചുമതലയും ഏല്പ്പിച്ചു.


സുന്ദരമായ ഒരു ബാല്യം എനിക്കുമുണ്ടായിരുന്നു. മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും  സഹോദരി സഹോദരന്മാരുമൊത്തുള്ള  ഒരു ജീവിതം. അന്നുള്ള കൂട്ട പ്രാർത്ഥന സൃഷ്ടാവായ ദൈവവുമായുള്ള ഒരു സല്ലപിക്കലായിരുന്നു. സന്ധ്യാ സമയങ്ങളിൽ ഞങ്ങൾ ഒത്തുകൂടി നാഥനെ വാഴ്ത്തുമായിരുന്നു. ഞാനിങ്ങനെ പ്രാർത്ഥിക്കുമായിരുന്നു, "ദൈവമേ അന്ധകാരത്തിൽ നിന്നും   എന്റെ അജ്ഞതയെ നീക്കി നീ എന്നെ പ്രകാശത്തിലേയ്ക്കു നയിക്കണമേ.   എനിയ്ക്കു മുമ്പേ വഴികാട്ടിയായി എന്നെ നയിക്കുവാൻ നീ സഞ്ചരിക്കുന്നു.  എന്റെ സഞ്ചാര വീഥിയിലെ കുണ്ടുകുഴികൾ നിരത്തി നീ എനിയ്ക്ക് ആത്മദീപം  പ്രകാശിപ്പിച്ചു തരൂ! "


ഞാനൊന്ന് കഴിഞ്ഞ കാലങ്ങളെ തേടി പുറകോട്ടൊന്ന്  എത്തി  നോക്കി. എന്റെ സേവനങ്ങളെ വിലമതിക്കാത്ത  കാലങ്ങളെ പഴിക്കാനും തോന്നി.   എന്നെപ്പറ്റിയുള്ള മുഖവുരയോടെ   കടന്നുപോയ ജീവിതാനുഭവങ്ങളെ  ഒന്ന് വിലയിരുത്തട്ടെ. ജീവിതം പച്ച പിടിക്കും മുമ്പ്  കപട രഹിതമെന്നു  വിചാരിച്ച  ഈ ലോകത്തിലെ ഒന്നുമറിയാത്ത  നിഷ്കളങ്കനായ ഒരു  ബാലനായിരുന്നു ഞാൻ. ജീവിതം കണ്ടിട്ടില്ലാത്ത,  ജീവിതം എന്തെന്നറിയാതെ, ജീവിതത്തിലേയ്ക്ക് കാലു കുത്തിയ പാവം ഒരു കൊച്ചൻ.  പഴയ നിയമത്തിലെ ദാവീദിനെപ്പോലെ  സന്തോഷവും ഭാഗ്യവും തേടി നടന്ന ഒരു ആട്ടിടയ ചെറുക്കൻ. കുഞ്ഞായിരുന്നപ്പോൾ ആടുമാടുകൾക്കൊപ്പം ഞാനും ഓടുമായിരുന്നു.  തേൻ മാവിൻ കൊമ്പത്തിരിക്കുന്ന അണ്ണാർക്കണ്ണനോട് പാടുമായിരുന്നു, "കാറ്റേ വാ, കടലേ വാ,  മാവിൻ കൊമ്പത്തിരിക്കുന്ന അണ്ണാർക്കണ്ണനും തന്നാലായത്" മലയോരങ്ങളിലും താഴ്വരകളിലും കാട്ടിലും വെള്ളത്തിലും ഊടുവഴികളിലും  ശുദ്ധമായ നീരുറവകളിലും തത്തി കളിക്കുമായിരുന്നു.  അന്ന് ഏഴു മൈൽ കാൽ നടയായി സ്കൂളിൽ പോവേണ്ട ദിനങ്ങളും ഓർക്കുന്നു. ഫുട്ട്ബാൾ കളിക്കും. പന്തുകൾ തട്ടാൻ ഞാൻ മിടുക്കനായിരുന്നു. നീണ്ട മണിക്കൂറോളം അദ്ധ്യാപകരുടെ ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുകയെന്നത് എന്നെ സംബന്ധിച്ച് ദുഷ്ക്കരമായിരുന്നു. ഞാനായിരുന്നു ക്ലാസ്സിൽ പഠിക്കാൻ മിടുക്കൻ. എന്നും ഒന്നാമനായിരുന്നു. അതിൽ ആർക്കും പരാതിയില്ലായിരുന്നു. നല്ലൊരു അതലറ്റും  ഫുട്ട് ബാൾ കളിക്കാരനുമെന്ന  നിലയിൽ അധ്യാപകരുടെയും സഹപാഠികളുടെയും  പ്രശംസകൾ നേടുമ്പോൾ  സ്വയം അഭിമാനിച്ചിരുന്നു. ഒരു ക്ലാസ്സിലും  തോറ്റിട്ടില്ല. അക്കാലങ്ങളിൽ തോക്കാതെ പഠിക്കുന്നവർ വളരെ വിരളമായേ  ഉണ്ടായിരുന്നുള്ളൂ. എങ്കിലും പഠനത്തിൽ അധികം ശ്രദ്ധിക്കാറില്ലായിരുന്നു. വീടിനുള്ളിലും അനുസരണയോടെ നടക്കാൻ ചില ചിട്ടകളും നിയമങ്ങളും  ഉണ്ടായിരുന്നു. പുസ്തകങ്ങൾ വായിച്ചു ഞാൻ എന്റെ മുത്തച്ചനെ കേൾപ്പിക്കുമായിരുന്നു. അദ്ദേഹമെന്നും  എനിയ്ക്ക് പ്രിയപ്പെട്ടവനും.  അതുപോലെ ഞാൻ അദ്ദേഹത്തിനും.


 കൂട്ടുകാരുമൊത്ത് സായം കാലങ്ങളിൽ മുറ്റത്തെ വരിയ്ക്കപ്ലാവിനു കീഴെ സമ്മേളിക്കുന്ന സമയം ഭാവിയെപ്പറ്റിയും  ചർച്ചാ വിഷയങ്ങളുണ്ടായിരുന്നു.  എന്നോടൊപ്പമുള്ള കുട്ടികൾക്കും  അതൊരു ചിന്താവിഷയമായിരുന്നു. എന്നെ സംബന്ധിച്ച് നാളെയെപ്പറ്റി  ഞാനൊരിക്കലും അത്തരം ചിന്തകളുമായി  തല പുകച്ചിരുന്നില്ല.  എന്റെ ചെറിയ ലോകത്തിൽ  എന്നെ മാത്രം ഞാൻ കണ്ടിരുന്നു.  വലിയവനോ പണക്കാരനോ, ബിസിനസ്കാരനോ ഡോക്ടറോ  എഞ്ചിനീയറോ  ഒന്നും എന്റെ ഭാവനയിൽ ഉണ്ടായിരുന്നില്ല. എന്നാൽ S S L C പഠിക്കാൻ തുടങ്ങിയ കാലങ്ങൾ മുതൽ  ചിന്തകൾക്കും മാറ്റം വരാൻ തുടങ്ങി. കഴുത്തിൽ മാലയിട്ടു വരുന്ന അയൽവക്കത്തെ  കുട്ടികളെ കാണുമ്പോൾ എനിയ്ക്കും അങ്ങനെയൊരു  മാല  അണിയണമെന്ന് മോഹമുണ്ടായിത്തുടങ്ങി. ഒരിക്കൽ ഞാൻ എന്റെ മുത്തശ്ശിയോട്   അമ്മേ, എനിക്കും ഒരു മാല മേടിച്ചു തരാമോയെന്ന് ചോദിച്ചു.  പുഞ്ചിരിയോടെ ഒരു വ്യവസ്ഥയുടെ മേൽ മുത്തശ്ശി സമ്മതിച്ചു. ആദ്യം ഞാൻ S S L C  പാസാകണം. പിന്നീടൊരിക്കലും   SSLC പാസാകും വരെ  മാലയ്ക്കായി  മുത്തശ്ശിയെ ശല്യപ്പെടുത്തിയിട്ടില്ല.  ഞങ്ങൾ മക്കൾ നാലു സഹോദരരും മൂന്നു സഹോദരികളും ഒന്നിച്ച് വീട്ടിൽ താമസിച്ചിരുന്ന കാലവുമായിരുന്നു. അവരിൽ രണ്ടുപേർ പുരോഹിതരും മൂന്നുപേർ കന്യാസ്ത്രികളുമായി. അവരെങ്ങനെ  കന്യസ്ത്രികളും പുരോഹിതരുമായി എന്നുള്ളത് മറ്റൊരു കഥയാണ്.  ദൈവ കൃപയാൽ അവരിൽ ഞാൻ മാത്രം താഴെ വീണു.


ഞങ്ങളുടെ കുടുംബത്തിൽ ഭയ ഭക്തി ബഹുമാനം കൊണ്ട് അപ്പച്ചനോടും അമ്മച്ചിയോടും ആരും ഒന്നും ചോദിക്കില്ലായിരുന്നു. അവർ സദാ കൃഷികാര്യങ്ങളിലും അടുക്കള കാര്യങ്ങളിലുമായി  ജോലികളിൽ മുഴുകിയിരുന്നു. മുത്തശ്ശി വഴിയോ മുത്തച്ഛൻ വഴിയോ ഞങ്ങളുടെ കൊച്ചുലോകത്തിലെ ചെറിയ ചെറിയ  ആവശ്യങ്ങൾ നേടിയിരുന്നു. മുത്തച്ഛനും മുത്തശ്ശിയും ഞങ്ങളെ ബൈബിൾ കഥകൾ വായിച്ചു കേൾപ്പിക്കുമായിരുന്നു. പ്രത്യേകിച്ച് പഴയ നിയമത്തിലെ കഥകൾ കേൾക്കാൻ വലിയ ഇഷ്ടമായിരുന്നു.   കുട്ടികളുടെ മിഷ്യൻ ലീഗിൽ ചേർന്ന് പാവങ്ങളെയും രോഗികളെയും   മറ്റു ആശ്രയം ഇല്ലാത്തവരെയും സഹായിക്കാൻ ദൂരെസ്തലങ്ങളിൽ പോയിരുന്നു. SSLC കഴിഞ്ഞ് മുമ്പോട്ടു പഠിക്കാനുള്ള ഭാവനകളും മൊട്ടിട്ടു തുടങ്ങി. എന്തു പഠിക്കണം, എങ്ങോട്ട്, എന്നൊക്കെ മാർഗ നിർദ്ദേശങ്ങൾ തരാൻ അന്നാരുമുണ്ടായിരുന്നില്ല.


എന്റെ സ്കൂൾ ജീവിത കാലങ്ങളിൽ കണക്ക് പഠിക്കാൻ  സമർത്ഥനായിരുന്നില്ല. എന്റെ മൂത്ത ചേട്ടായി കൂട്ടാനും കുറയ്ക്കാനുമുള്ള  ചില ടെക്കനിക്കുകൾ   പഠിപ്പിക്കുമായിരുന്നു. ഞാനും എന്റെ ചേട്ടായിയുമായി വൈകാരികമായ ഒരു ബന്ധവും ഉണ്ടായിരുന്നു. കണക്കിൽ എനിയ്ക്കുണ്ടാകുന്ന സംശയങ്ങൾ  അദ്ദേഹത്തോട് ചൊദിച്ച് മനസിലാക്കും. കണക്ക് പഠിക്കുകയെന്നത് വെള്ളം ഒരു ചാലിൽക്കൂടി ഒഴുകുന്നതിനെക്കാളും എളുപ്പമെന്ന് അദ്ദേഹം പറയുമായിരുന്നു. ചേട്ടായി പറയും, അനുജാ വീട്ടിൽ നിത്യവും സായം കാലങ്ങളിൽ നാം പ്രാർത്ഥിക്കാറുള്ള 32 പ്രാർത്ഥനകളിൽ "നന്മ നിറഞ്ഞ മറിയമ്മേ  നിനക്കു സ്വസ്തി കർത്താവ്  നിന്നോടു  കൂടെ" എന്ന പ്രാർത്ഥന  നിത്യവും ഉരുവിടുന്നത്  നീ ഓർക്കാറില്ലേ? ദിനം പ്രതി ആവർത്തിച്ചാവർത്തിച്ചുള്ള ആ പ്രാർത്ഥന അത്താഴത്തിനു മുമ്പുള്ള സന്ധ്യാ നമസ്ക്കാരത്തിന്റെ ഭാഗമായിരുന്നു.  സ്കൂളിലെ വ്യായാമം പോലെ പ്രാർത്ഥനയും  അധരം കൊണ്ടുള്ള ഒരു വ്യായാമമായിരുന്നു. അടുത്തുള്ള കൊച്ചരുവിയിൽ ദിവസവും കുളിച്ച് വീട്ടിൽ വന്നു വരാന്തയിൽ മുട്ടുകുത്തി കിഴക്കോട്ടു തിരിഞ്ഞ്  പ്രാർത്ഥിക്കുമായിരുന്നു.   അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന അമ്മയ്ക്ക് കേൾക്കത്തക്ക വിധം ഉച്ചത്തിൽ പ്രാർഥിക്കണമായിരുന്നു. ഭക്ഷണം കഴിക്കാനുള്ള ആർത്തിയിൽ, അതിധൃതിയിൽ  നൂറു മൈയിൽ സ്പീഡിൽ പ്രാർത്ഥനകളും ഗീതങ്ങളും ആലപിക്കുമായിരുന്നു. എനിക്കേറ്റം ഇഷ്ടം അമ്മ മേരിയോടുള്ള പ്രാർത്ഥനയായിരുന്നു.  ചേട്ടായി കൂടെ കൂടെ ചോദിക്കും, അനുജാ, പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥന എങ്ങനെയുണ്ട്? പ്രാർത്ഥനയുടെ അർത്ഥമോ ഉച്ചത്തിൽ പ്രാർത്ഥിക്കുന്ന കാരണമോ അന്നെനിക്കറിയില്ലായിരുന്നു. പ്രാർത്ഥനകൾ മനസിലാക്കുക പ്രയാസവുമായിരുന്നു.  പ്രാർത്ഥനകൾ ആത്മീയതയെക്കാളുമുപരി മനസിന്റെ ആശ്വാസത്തിനെക്കാളുമുപരി അധരങ്ങൾക്കൊരു വ്യായാമമായിരുന്നു. പ്രശ്നങ്ങൾ  ഉണ്ടാകുമ്പോൾ, ദുഃഖങ്ങൾ ഉണ്ടാവുമ്പോൾ സർവ്വതും മാതാവായ മറിയത്തിന്റെ മുമ്പിൽ സമർപ്പിക്കുമായിരുന്നു. എന്റെ അന്നുള്ള അന്ധമായ വിശ്വാസങ്ങളെ അങ്ങനെ പ്രകാശിപ്പിച്ചിരുന്നു.  ജീവിത വിജയങ്ങൾ മുഴുവനും പ്രാർത്ഥനകളിൽ കൂടി നേടുമെന്നും വിശ്വസിച്ചിരുന്നു. 32 പ്രാർത്ഥനകളിൽ പരിശുദ്ധ മറിയത്തോടുള്ള പ്രാർത്ഥന എന്നെ സംബന്ധിച്ച് അർത്ഥമുള്ളതായി തോന്നിയിരുന്നു. എന്റെ ആത്മീയതയ്ക്ക് ഉണർവും  നല്കിയിരുന്നു. മെയ് മാസത്തിലെ വണക്ക മാസ ദിനങ്ങളും പടക്കം പൊട്ടീരും  ബാല്യത്തിലെ അനുഷ്ടാനങ്ങളും അന്നത്തെ  ആഘോഷങ്ങളായിരുന്നു.   പിന്നീട് സലേഷ്യൻ സഭയിലെ പ്രായോഗിക ജീവിതത്തിലും  എന്റെ പ്രാർത്ഥനകളിൽ മേരിയോടുള്ള  ഭക്തി നിറഞ്ഞിരുന്നു.


പ്രാർത്ഥനകളുടെ സഹായമോ അല്ലാതെയോ SSLC  പരീക്ഷ ഉയർന്ന നിലയിൽ തന്നെ ഞാൻ പാസ്സായി. കാത്തു കാത്തിരുന്ന സ്വർണ്ണ മാലയെപ്പറ്റി  മുത്തശ്ശിയെ  ഒർപ്പിച്ചു. അത്  കണക്കുകൂട്ടികൊണ്ടിരുന്ന എന്റെ സ്വപ്ന ലോകത്തിലെ  ആശയായിരുന്നു. പാവം എന്റെ മുത്തശ്ശി വാഗ്ദാനം പാലിച്ചു. പല്ലുകളില്ലാതെ മോണ കാട്ടി ചിരിച്ചുകൊണ്ട്  അവരെന്റെ  നെറ്റിത്തടത്തിൽ സന്തോഷം കൊണ്ട് ഒരു ഉമ്മ വെച്ചു. കഴുത്തിലൊരു സ്വർണ്ണമാലയണിയിച്ചു. പൂനിലാവുള്ള ആ രാത്രിയിൽ ലോകം മുഴവനും പുഞ്ചിരിക്കുന്നതായും തോന്നി. മോനെ, പഠിച്ചുയരൂവെന്ന് അവരുടെ അധരങ്ങൾ മന്ത്രിക്കുന്നതായും തോന്നി.  അറിയാതെ എന്റെ കണ്ണുകൾ  സന്തോഷ ബാഷ്പങ്ങൾ കൊണ്ട് നിറഞ്ഞു. അതിനുശേഷം  ഷർട്ടിന്റെ ബട്ടനിടാതെ കൂട്ടുകാരുടെയിടയിൽ അഭിമാനത്തോടെ മാല കാണാൻ  കഴുത്തും നീട്ടി നടക്കുമായിരുന്നു.  ബാല്യം മുതലുണ്ടായിരുന്ന എന്റെയൊരു   മോഹം പൂവണഞ്ഞതായും  തോന്നിപ്പോയി.


SSLC  പാസ്സായ ഞാൻ ഇനി എങ്ങോട്ടെന്ന ചിന്തകളും  വേട്ടയാടിക്കൊണ്ടിരുന്നു.  ഞാൻ എന്താകണമെന്നുള്ളതും  എന്റെ മുമ്പിലുള്ള ഒരു ചോദ്യചിൻഹമായി മാറി.   ഉയർന്നുയർന്നു പഠിക്കണമെന്നുള്ള മോഹങ്ങളും അലട്ടിക്കൊണ്ടിരുന്നു. എന്നെ സ്നേഹിക്കുന്നവരും അമ്മാവനും ഞാനൊരു പുരോഹിതനാകാനാഗ്രഹിച്ചു.  കേരളത്തിലെ സെമിനാരികളിൽ പഠിക്കാൻ  ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല.  കാരണം, ഇടവകകളിൽ ഇരിയ്ക്കുന്ന അഹങ്കാരികളായ പുരോഹിതരുടെ പെരുമാറ്റങ്ങൾ  എന്നെ വേദനിപ്പിച്ചിട്ടുണ്ടായിരുന്നു.  അവരെ വെറുത്തിരുന്നു. അവരിലെ പ്രഭുത്വ മനോഭാവം  നിഷ്കളങ്കനായ എന്നിലുണ്ടായിരുന്ന  ആശാരി ചെറുക്കന്റെ  ജീവിതവുമായി പൊരുത്തപ്പെട്ടിരുന്നില്ല.   പാവങ്ങൾക്കു വേണ്ടി സേവനം ചെയ്യുന്ന മിഷിനറിമാരുടെ  ജീവിതത്തിന്റെ പരിപാവനതകളെപ്പറ്റി  എന്റെ മുത്തശ്ശിയിൽ നിന്നും ഞാൻ കേട്ടിട്ടുണ്ടായിരുന്നു. ഒരു മിഷിനറി  പുരോഹിതനായി സേവനം ചെയ്യുന്നതിന് അന്നെന്നെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല.


ഒരു മിഷിനറിയാകാൻ എന്റെ വിധിയെങ്കിൽ അത് സ്വീകരിക്കാനും തയ്യാറായിരുന്നു. അപ്പോഴായിരുന്നു ദൈവദൂതൻ  പ്രത്യക്ഷപ്പെട്ടപോലെ  എവിടെനിന്നോ ഒരു മിഷിനറി  ഞങ്ങളുടെ നാട്ടിൽ വന്നത്. ആ മിഷിനറി ജോസഫ് തൈപ്പറമ്പിൽ എന്ന ഒരു മെലിഞ്ഞ പുരോഹിതനായിരുന്നു.  പുഞ്ചിരിക്കുന്ന മുഖത്തോടു കൂടിയ സൗഹാർദ്ദം പുലർത്തുന്ന  നല്ലൊരു പുരോഹിതൻ. അദ്ദേഹത്തിൻറെ വ്യക്തിത്വം എന്നെ നന്നാ ആകർഷിച്ചു.   കർത്താവിന്റെ മുന്തിരിത്തോട്ടത്തിൽ സേവനം ചെയ്യാൻ കുഞ്ഞനുജന്മാരെ തേടി വരുന്ന മിഷിനറിമാർ അന്ന് വീടു തോറും കയറിയിറങ്ങില്ലായിരുന്നു. ഞങ്ങളുടെ അഭിമുഖ സംഭാഷണം അധികമൊന്നും ഉണ്ടായിരുന്നില്ല. എന്റെ പഠനത്തെപ്പറ്റിയും SSLC മാർക്കിനെപ്പറ്റിയും ചോദിച്ചു. രണ്ടാമത് നിന്നിലെ ശുദ്ധി നിയന്ത്രിക്കാൻ എന്തെങ്കിലും പ്രയാസമുണ്ടോയെന്നും   ചോദിച്ചു. എനിക്കതിന്റെ അർത്ഥം അന്നറിയില്ലായിരുന്നു. ആ ചോദ്യംകൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്നും മനസിലായില്ല.  എന്റെ  ഉത്തരത്തിലെ നിഷ്കളങ്കതയിൽ  ഒരു പക്ഷെ അദ്ദേഹം തൃപ്തനായിരിക്കാം.  ഞാൻ  ദിവസവും കുളിക്കുന്ന കാര്യത്തിലും ദേഹശുദ്ധി വരുത്തുന്നതിലും  കർശനക്കാരനാണെന്നും  അഭിമുഖ വേളയിൽ അച്ചനോട് പറഞ്ഞു.


ഒരു സുപ്രഭാതത്തിൽ സെമിനാരിയിൽ പഠിക്കാൻ എന്നെ തെരഞ്ഞടുത്ത കാര്യം വീട്ടിൽ അറിയിച്ചു. പെട്ടിയും ബാഗുമായി എനിക്കുടൻ  തമിഴ് നാട്ടിലേക്ക് പുറപ്പെടണം. വെറും കുഗ്രാമത്തിൽ ജീവിതം നയിച്ചിരുന്ന ഗ്രാമീണ യുവാവായിരുന്ന  എന്നെ സംബന്ധിച്ചടത്തോളം അക്കാലത്ത് ചെന്നയിൽ പോവുകയെന്നത് ചന്ദ്രനിൽ  പോവുന്ന പ്രതീതിയായിരുന്നു. എട്ടു ജോഡി ഡ്രസ്സുകളുമായുള്ള  എന്റെ യാത്രയ്ക്കുള്ള ഒരുക്കവുമായി. മൂന്നു വർഷത്തിൽ ഒന്നെ ഇനി വീട്ടിൽ മടങ്ങി വരാൻ സാധിക്കുള്ളൂ. ഞാൻ സ്നേഹിക്കുന്ന  എന്റെ മാതാ പിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി , സഹോദര സഹോദരികൾ എല്ലാവരോടും ഇനി യാത്ര പറയണം. ചുറ്റുമുള്ള അയല്ക്കാരും  സ്നേഹമുള്ള  കൂട്ടുകാരും എന്നെ കാണാൻ വന്നിരുന്നു. ജനിച്ച തറവാടും ആടുമാടുകളും പൂക്കളും ഒഴുകുന്ന അരുവികളും കളിച്ചു നടന്ന പന്തുകളവും  സ്കൂളിൽ പോയിരുന്ന ഊടുവഴികളും എന്റെ യാത്രയിൽ പങ്കു  ചേരുന്നുവെന്നും തോന്നിപ്പോയി.


യുവത്വത്തിന്റെ സമ്മിശ്രങ്ങളായ  വിചാര വികാര വീഥികളിൽ  ഞാൻ എന്ത്, എങ്ങോട്ട്, ജീവിത ലക്ഷ്യമെന്ത് എന്നുള്ള അന്വേഷണങ്ങൾ  മനസിനെ അലട്ടിക്കൊണ്ടിരുന്നു. പാവങ്ങളെ സേവിക്കാൻ പോവുന്ന എന്റെ കഴുത്തിലെ സ്വർണ്ണമാല  ഒരു അധികപ്പറ്റാണെന്നും തോന്നി.  ഈ ആഭരണം ഒരു മിഷിനറിയും  കഴുത്തിലണിയുന്നതല്ല.  എന്റെ  മുത്തശ്ശി   തന്ന ഈ സമ്മാനം  എത്ര വില കല്പ്പിച്ചാലും മതിയാവില്ലായിരുന്നു. മറ്റൊന്നും ചിന്തിക്കാതെ നീറുന്ന ഹൃദയത്തോടെ  കഴുത്തിൽനിന്നും   മാലയൂരി എന്റെ കുഞ്ഞിപെങ്ങടെ കഴുത്തിൽ  ആ മാല ഞാൻ അണിയിച്ചു. 'മോളെ  ഈ മാല എനിയ്ക്കിനി  ഭൂഷണമല്ല. ഇതു ധരിക്കാൻ  ഇനിമേൽ യോഗ്യത നിനക്കാണെന്നും പറഞ്ഞു. ചുറ്റുമുള്ളവർക്ക് അതൊരു ഞെട്ടലായിരുന്നു. എന്റെ കുഞ്ഞുതോളിൽ പഴഞ്ചൻ ചിന്താഗതികൾ നിറച്ച തലയാണുള്ളതെന്നും അവർ ചിന്തിച്ചിരിക്കാം. കുടുംബ വക  ഏതാനും ഏക്കർ സ്ഥലം വീതമായി  കിട്ടുമെന്നും എനിയ്ക്കറിയാമായിരുന്നു.  എന്തിന് എന്റെ തീരുമാനങ്ങൾ നീട്ടുന്നതെന്നും വിചാരിച്ചു. ഞാൻ അപ്പനോടായി  "അപ്പാ എനിയ്ക്കൊന്നും അപ്പന്റെ സ്വത്തുക്കൾ വേണ്ടാ". എന്റെ അവകാശങ്ങൾ പൂർണ്ണമായും അവർക്ക് വിട്ടു കൊടുത്തു. പുരോഹിതർക്ക്  കുടുംബത്തെ സഹായിക്കാൻ പ്രത്യേക ഫണ്ടുള്ളതായും  സംസാര വിഷയമായി.   ഞാൻ പറഞ്ഞു, 'ഇനി എന്നിൽ നിന്നും യാതൊരു സാമ്പത്തിക സഹായവും പ്രതീക്ഷിക്കരുത്. എന്റെ വീട്ടിൽ നിന്നും  ഇനിമേൽ ഞാനൊരു പൈസാ പോലും ചോദിക്കില്ല.'  ശരിയോ തെറ്റോ, എന്തെന്നറിഞ്ഞു കൂടാ; എന്റെ തീരുമാനങ്ങളിൽ അപ്പൻ നിശബ്ദനായിരുന്നു. എന്നെക്കൊണ്ട് ഭാവിയിലുള്ള കണക്കു കൂട്ടലുകൾ അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും മറുപടി പറയാതെ ഇരുന്നതേയുള്ളൂ.


വേർപാടിന്റെ  മൂന്നു വർഷം അങ്ങകലെ കണ്ടുകൊണ്ട്  യാത്ര പറയാൻ സമയമായി. എല്ലാവരുടെയും കണ്ണുകളിലും യാത്രയയക്കാനുള്ള  മംഗള  ഭാവങ്ങളും  കാണാമായിരുന്നു. വീട്ടിൽ നിന്ന് പിരിഞ്ഞു പോകുന്നതിലുള്ള  ഹോം സിക്കനസ്  എന്റെ പോരായ്മയായിരുന്നില്ല. തമിഴ് നാട്ടിലേക്കുള്ള യാത്രയ്ക്കായി തൈപ്പറമ്പിൽ  അച്ചനോടൊപ്പം സെമിനാരിയിൽ ചേരുന്ന മറ്റു പന്ത്രണ്ടു കുട്ടികളും ഉണ്ടായിരുന്നു.  നീണ്ട  പുകയുന്ന തീവണ്ടി യാത്ര.   യുവത്വം മൊട്ടിട്ടിരുന്ന നാളുകളിൽ  കറുത്ത പുക തുപ്പിക്കൊണ്ട് പാഞ്ഞു പോവുന്ന ഈ തീവണ്ടി എവിടെയ്ക്കാണ് പോവുന്നതെന്ന് അറിയില്ലായിരുന്നു.  ചൂളം വിളികളോടെ  തീവണ്ടി മുമ്പോട്ട് പോകുംതോറും  ലക്ഷ്യ സ്ഥാനം  അറിയാതെ മനസുകളെവിടെയോ  ദൂരദൂരം സഞ്ചരിച്ചുകൊണ്ടിരുന്നു.


തീവണ്ടി പാഞ്ഞു പോകും തോറും കൂടെയുണ്ടായിരുന്ന എല്ലാ യുവാക്കളും ചുറ്റും കാണുന്ന കാഴ്ചകളിൽ  വിസ്മയഭരിതരായിരുന്നു. തീവണ്ടിക്കുള്ളിൽ പാട്ടും കൂത്തും കൈകൊട്ടി കളിയുമായി  അവർ യാത്രയെ മംഗളമാക്കി.  ഓരോരുത്തരുടെയും ഓർമ്മിക്കേണ്ട ആദ്യത്തെ തീവണ്ടി യാത്ര.  ട്രെയിൻ യാത്രയിൽ  ചിന്തിക്കാൻ സാധിക്കാത്ത ഒരു ദുരന്തം അന്നു  സംഭവിച്ചു. എന്റെ കാലിലെ തുടകൾ നിറയെ വോൾക്കാന പോലെ ഒരു ലാവാ പോട്ടിത്തെറിച്ചു. അത്  ജീവിതത്തിലെ ആദ്യത്തെ സംഭവമായിരുന്നു. ധരിച്ചിരുന്ന അടിവസ്ത്രവും ഫാന്റും നനഞ്ഞു.  ഭയം കൊണ്ട് ഞാൻ വിറച്ചു.  കൈകാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. എന്താണ് ഇതെന്ന് എനിയ്ക്കറിയില്ലായിരുന്നു. കൌമാരം മുറ്റി നില്ക്കുന്ന പെണ്‍ക്കു‍ട്ടികൾക്കെങ്കിൽ അത് തീണ്ടാരം (മെൻസസ് ), നിരാശയായ  ഗർഭപാത്രത്തിന്റെ രക്ത കണ്ണുനീരെന്നു  പറയും.  ആണ്‍ക്കുട്ടികൾക്ക്  'വിത്തുകൾ പൊട്ടി ചിതറിയെന്ന'  ഭാഷയിലില്ലാത്ത വാക്കുകളും പറയും.  ഭൂമിയിൽ സംഭവിക്കാത്ത എന്തോ എനിയ്ക്ക് സംഭവിച്ചെന്നും  ഓർത്തു. ഏതോ  മാരകമായ രോഗമെന്നും വിചാരിച്ചു പോയി. എന്റെയടുത്ത് എന്നോട് പറയാൻ,  ഉപദേശിക്കാൻ  സഹായിക്കാൻ അമ്മയുണ്ടായിരുന്നില്ല.   ലൈംഗിക  അറിവ് ഒട്ടുമില്ലായിരുന്ന ഞാൻ എത്രമാത്രം നിഷ്കളങ്കനായിരുന്നുവെന്ന്   ഇപ്പറഞ്ഞ കഥയിൽ നിന്നും വ്യക്തമാണ്.


രണ്ടാമത് ഒർമ്മിക്കാനുള്ളത്  എന്റെ അറിവു കേടിനെപ്പറ്റിയാണ്. തമിഴ് നാട്ടിലുള്ള സെമിനാരിയുടെ കൂറ്റൻ കെട്ടിടത്തിലെ പടി വാതിക്കൽ എത്തിയപ്പോൾ  ഞാൻ ആദ്യം കണ്ടു മുട്ടിയത് വിശുദ്ധ ജീവിതം നയിക്കുന്ന ഫാദർ വില്ലോഗ്രിയാ SDB യെയായിരുന്നു.  കറുത്ത താടിയുള്ള അഴകാർന്ന പുഞ്ചിരിക്കുന്ന  ആ പുരോഹിതൻ ഇന്നും എന്റെ മനസിന്റെ വേലിയേറ്റങ്ങളിൽ  പ്രത്യക്ഷപ്പെടാറുണ്ട്.  അദ്ദേഹത്തിന്റെ മുമ്പിൽ  ഞാനൊരു കൊച്ചുകുട്ടി മാത്രമായിരുന്നു. ആ വന്ദ്യ പുരോഹിതൻ തല കുനിഞ്ഞുകൊണ്ട്  ഇംഗ്ലീഷിൽ എന്നോട് ചോദിച്ചു, ഡിഡു  യൂ ഈറ്റ് (നീ വല്ലതും ഭക്ഷിച്ചോ). അന്നദ്ദേഹം ഇംഗ്ലീഷിൽ  പറഞ്ഞ വാക്കുകൾ എനിക്ക് മനസിലായില്ല. മനസിലാകാതെ,  മറുപടി പറയാനറിയാതെ  നിസഹായനായി  അദ്ദേഹത്തെ കണ്ണ് മിഴിച്ചു മാത്രം നോക്കി. രണ്ടാമതും ഇംഗ്ലീഷിൽ അതേ ചോദ്യം തന്നെ ചോദിച്ചു. എന്റെ അറിവില്ലായ്മയെ ഞാൻ പഴിച്ചുകൊണ്ട് മറുപടി പറയാതിരുന്നു. അദ്ദേഹം ശ്രമം വിട്ടില്ല. മൂന്നാം പ്രാവിശ്യം വാക്കുകൾ  മുറിച്ചു കൊണ്ട് പയ്യെ പയ്യെ ഡിഡ് ...യൂ ...ഈറ്റ് എന്നു ചോദിച്ചു. ഏതോ ജേതാവിനെപ്പോലെ പതുങ്ങിയ സ്വരത്തിൽ യേസ് (Yes) എന്നു  പറഞ്ഞു. എന്തോ വലിയ കാര്യം നേടിയപോലെ ഞങ്ങൾ രണ്ടുപേരും പരസ്പ്പരം ചിരിച്ചു. SSLC യ്ക്കു ശേഷവും  സെമിനാരി ജീവിതത്തിലും ഞാൻ പഠിച്ച  ആദ്യത്തെ  ഇംഗ്ലീഷ് വാക്കുകളായിരുന്നു   അന്ന് അച്ചനിൽ നിന്നും   നേടിയത്.


ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിൽ  എത്രമാത്രം ഞാനന്ന്  അറിവു കെട്ടവനായിരുന്നുവെന്നും  എക്കാലവും ഓർക്കുമായിരുന്നു. ഒരുകൂട്ടം സെമിനാരി പിള്ളേർ എന്റെ അന്നത്തെ  കഴിവുകേടിന്റെ  ഡ്രാമ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.  ചുറ്റുമുണ്ടായിരുന്നവർ എന്നെ ആശ്വസിപ്പിച്ചു. ആരും  കളിയാക്കിയില്ല. ഒരു സെമിനാരി കുട്ടി എന്റെ കൈകളിൽ പിടിച്ചുകൊണ്ട് പുറത്തേയ്ക്ക് കൊണ്ടുപോയി.' സെമിനാരി നിയമമനുസരിച്ച് എല്ലാവരും ഇംഗ്ലീഷ് സംസാരിക്കണമെന്നുള്ളത് നിർബന്ധമാണെന്നും, പറഞ്ഞു. ' പിന്നീട് ഇംഗ്ലീഷിൽ എഴുതുകയും പ്രസംഗിക്കുകയും ചെയ്യണം. പേടിക്കേണ്ടാ, നിന്നെ സഹായിക്കാൻ ഞങ്ങളുണ്ടെന്നും' പറഞ്ഞു. ഒരു പക്ഷെ എന്റെ സെമിനാരി ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായിരുന്നു. എങ്ങനെ എനിക്ക് ഇംഗ്ലീഷ് പഠിക്കാൻ സാധിക്കുമെന്നും ഞാനതിശയിച്ചു. എന്തു വില കൊടുത്തും കഠിനാദ്ധ്വാനത്തോടെ ഇംഗ്ലീഷ് പഠിക്കണമെന്നും  തീരുമാനിച്ചു. ഇംഗ്ലീഷ് പഠിക്കുകയെന്നത് നിലയില്ലാ വെള്ളത്തിൽ എന്നെ എറിയുന്നതിനു  തുല്യമെന്നും വിചാരിച്ചു. അവിടെ തുഴഞ്ഞു നീന്തുകയോ അഗാധമായ വെള്ളത്തിൽ പൂണ്ടു താഴുകയോ ചെയ്യണം. രക്ഷപെടാതെ വെള്ളത്തിൽ  താഴുകയെന്ന പ്രശ്നമില്ല. അതുകൊണ്ട് ആത്മാർത്ഥമായി ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി. കിട്ടുന്ന  പുസ്തകങ്ങൾ എല്ലാം വായിക്കുമായിരുന്നു. വാക്കുകളുടെ അർത്ഥങ്ങൾ കണ്ടു പിടിക്കാൻ കൂടെക്കൂടെ ഡിക്ഷ്ണറിയും നോക്കുമായിരുന്നു.  ലൈബ്രറിയിൽ കാണുന്ന പുസ്തകങ്ങൾ മുഴുവൻ വായിക്കും. ഇന്നും ആ സ്വഭാവം കൈവെടിഞ്ഞിട്ടില്ല. രാവിലെ നാലുമണി  മുതൽ ചിലപ്പോൾ പതിനൊന്നു മണി രാത്രി വരെ തുടർച്ചയായി പുസ്തകങ്ങൾ വായിച്ചിരുന്നു.  അജ്ഞതയെ നീക്കാൻ അടുക്കളയിലോ പൂന്തോട്ടത്തിലോ സമയം കളഞ്ഞിരുന്നില്ല. ഇന്ന് ആരെങ്കിലും എന്റെ ഇംഗ്ലീഷിനെ അഭിനന്ദിക്കുന്നുവെങ്കിൽ ലോകത്തിൽ ആർക്കും അത് നേടാൻ സാധിക്കുമെന്നാണ്  ഞാൻ കരുതുന്നത്. അതിനായി നാം കഠിനാദ്ധ്വാനം ചെയ്യണം. സെമിനാരിയിലെ ജീവിതം ഒരു മിലിട്ടറി ജീവിതം പോലെയായിരുന്നു.  ഓരോ നിമിഷവും വായനയിൽ ചെലവഴിക്കുന്നതു കൊണ്ട്  എന്റെ മനസ്  പിശാചിന്റെ കളിസ്ഥലമെന്നും തോന്നിപോയിട്ടുണ്ട്. ഇന്ന് ഞാനായ ഞാനായത്, അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേയ്ക്ക് വന്നത് എന്റെ കഠിന പ്രയത്നം ഒന്നുകൊണ്ടു മാത്രമാണ്.

(ബാക്കി ഡോ. ജയിംസ്  കൊട്ടൂരിന്റെ ലേഖനത്തിൽ   വായിക്കുക)

Friday, March 27, 2015

ഉയിർപ്പിന്റെ ചരിത്രവും വിശ്വാസങ്ങളും




By ജോസഫ് പടന്നമാക്കൽ

ക്രൂശിതനായ  ക്രിസ്തു ഉയർത്തതിന്റെ  പ്രതീകമായി  ക്രൈസ്തവ ലോകം   പവിത്രമായ   ഈസ്റ്റർ പെരുന്നാളുകൾ ആണ്ടുതോറും ആഘോഷിച്ചു വരുന്നു.  എങ്കിലും  ഈസ്റ്റർ  പാരമ്പര്യങ്ങളോ  അതിനോടനുബന്ധിച്ചുള്ള    കഥകളോ  ആഘോഷങ്ങളുടെ   ചരിത്രമോ  അധികമാരും ചിന്തിക്കാറില്ല. കൃസ്തു  ക്രൂശിതനായശേഷം മരിച്ചു  മൂന്നാംനാൾ  ഉയർത്തുവെന്ന വിശ്വാസ സത്യത്തിന്മേൽ    ഈസ്റ്റർ ഒരു പുണ്യദിനമായി ആചരിക്കുന്നു. ആഘോഷ വേളകളിൽ  'ഈസ്റ്റർ' ബണ്ണി  കുട്ടികൾക്ക് ആവേശം നൽകാറുണ്ട്. നിറമുള്ള അലംകൃതമായ ഈസ്റ്റർ മുട്ടകൾ, മിഠായികൾ, കാൻഡികൾ മുതലാവകൾ   ആഘോഷ മേളകൾക്ക് ഊഷ്മളതയും  പകരുന്നു.


 യൂറോപ്യൻ നാടുകളിലെ പേഗനീസ് മതങ്ങളിലുള്ള  ദേവിയായ  ഇയോസ്ട്രാ (Eostra) യുടെ ആഘോഷദിനം പിന്നീട് 'ഈസ്റ്ററായി' അറിയപ്പെടാൻ തുടങ്ങി. ആ ദേവത വസന്ത കാലത്തിന്റെയും പുഷ്ക്കലത്വത്തിന്റെയും സമ്പുഷ്ട തയുടെയും വിശ്വ ദേവിയായിരുന്നു. പുലരിയുടെയും ദേവിയായിരുന്നു. കിഴക്കുനിന്നുദിക്കുന്ന  പ്രശോഭസൂര്യനെപ്പോലെ   സുന്ദരിയുമായിരുന്നു. ശൈത്യകാലത്തിനു  വിരാമമിട്ടുകൊണ്ട്  തെളിമയാർന്ന ദിനങ്ങളാക്കി പുതു ജീവിതം നല്കുന്നതും ദേവിയായിരുന്നു.  ദേവിയുടെ സാമിപ്യത്തിൽ ചെടികൾ പുഷ്പ്പിച്ചിരുന്നു. മനുഷ്യ ജീവ ജാലങ്ങൾക്ക് കുഞ്ഞുങ്ങൾ ജനിച്ചിരുന്നതും ദേവിയുടെ അനുഗ്രഹമെന്ന് വിശ്വസിച്ചിരുന്നു.  പെറ്റു പെരുകാറുള്ള  മുയലുകൾ  അവരുടെ  ലാളിച്ചു താലോലിക്കുന്ന വളർത്തു മൃഗങ്ങളായി  കരുതുന്നു. സ്ത്രീകളുടെ ഹോർമോണായ  'എസ്ട്രോജൻ'  ഇയോസ്ട്രാ ദേവിയുടെ ശബ്ദോൽപ്പത്തിയിൽ  നിന്നും ലഭിച്ചതാണ്.  പ്രസവിക്കാത്ത സ്ത്രീകൾ  കുഞ്ഞുങ്ങളുണ്ടാകാൻ  അനുഗ്രഹവും  തേടിയിരുന്നു.  


ഈസ്റ്റർ ബണ്ണിയെ 'ഈസ്റ്റർ റാബിറ്റ്', 'ഈസ്റ്റർ ഹെരെ' എന്നീ  പേരുകളിലും അറിയപ്പെട്ടിരുന്നു. ഇയോസ്ട്രാ (Eostra) യുടെ പ്രിയപ്പെട്ട കൂട്ടുകാരനായ 'ഹെരെ' എന്ന ദേവൻ  ഈയോസ്ട്രാ  ദേവിയുമൊത്ത് പ്രേമത്തിന്റെ സല്ലാപ ഗോപുരത്തിൽ  ഒന്നിച്ചു  സഹവസിക്കുന്നതായും എഴുതപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക്‌ ഈസ്റ്റർ ബണ്ണിയും സമ്മാനങ്ങളും  സമ്മാനിക്കുന്നത്  ദേവിയുടെ ഇഷ്ടതോഴനായ ഹെരെദേവനാണെന്നും  വിശ്വസിക്കുന്നു.


ഈസ്റ്ററുമായി  അനുബന്ധിച്ചുള്ള  പൗരാണിക  ദേവി ദേവതകളുടെ  ചരിത്രം  എങ്ങനെ,  എവിടെനിന്നു വന്നുവെന്നും വസ്തുനിഷ്ഠമായി  നാളിതുവരെ  സ്ഥിതികരിച്ചിട്ടില്ല. ഈസ്റ്റർ ബണ്ണിയിലെ പ്രതിരൂപങ്ങളായ  മുയലുകൾ ഫലഭൂയിഷ്ടിയുടെയും  ഹരിതക സസ്യ വിളകളുടെ പുനർ ജീവന്റെയും  അടയാളമായി കരുതുന്നു.  ഈസ്റ്റർ ബണ്ണിയ്ക്ക് സമാനമായുള്ള  ചിത്രങ്ങൾ മദ്ധ്യകാല ദേവാലയ  ഭിത്തികളിലും കൊത്തളങ്ങളിലുമുണ്ടായിരുന്നു. ക്രിസ്തുവിന്റെ  ' ഉയർപ്പു നാളുകളിൽ പ്രത്യേക്ഷപ്പെടുന്ന 'ഈസ്റ്റർ ബണ്ണി'  പേഗൻ പാരമ്പര്യങ്ങളിൽ നിന്നും ഉത്ഭവിച്ചതാണ്.


 ഒരിക്കൽ ഹിമക്കട്ടകൾ  നിറഞ്ഞ ശൈത്യത്തിൽ നിന്നും വസന്തം വന്നെത്താൻ താമസിച്ചുപോയി. പാവം ഒരു പക്ഷിയുടെ ചിറകുകൾ  ചലിക്കാൻ മേലാതെ മഞ്ഞുകട്ടയ്ക്കുള്ളിൽ ഉറച്ചിരുന്നു. കരുണാമയിയായ 'ഇയോസ്ട്രാ  ദേവി' ഹിമത്തിലകപ്പെട്ടുപോയ  പക്ഷിയെ രക്ഷിച്ചു. ചിറകുകൾ നഷ്ടപ്പെട്ടെങ്കിലും അന്നുമുതൽ ദേവി ആ പക്ഷിയെ ലാളിക്കുകയും  പ്രേമത്തിന്റെ ലഹരിയിൽ ഇഷ്ട കാമുകനാക്കുകയും ചെയ്തു. ഇയോസ്ട്രാ ദേവി അവനെ 'ഹെരെ'യെന്നു വിളിച്ചു. വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാൻ അതിവേഗം ഓടാനുള്ള വരവും കൊടുത്തു. മുമ്പ് പക്ഷിയായിരുന്നതുകൊണ്ട് മഴവില്ലുപോലെയുള്ള,  വർണ്ണ നിറങ്ങളോടെയുമുള്ള മുട്ടകളിടാനും ദേവി അനുഗ്രഹിച്ചു. ഓരോ വർഷവും ഈസ്റ്റർ ദിനങ്ങളിൽ മാത്രമേ മുട്ടകളിടാൻ അനുവാദമുണ്ടായിരുന്നുള്ളൂ. വർഷത്തിലൊരിക്കൽ ' മുട്ടകൾ' കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്യാൻ  'ഹെരെ' ദേവൻ ഭൂമിയിൽ  വന്നെത്താറുണ്ടെന്നുള്ള ഐതിഹ്യ കഥകളുമുണ്ട്.


ഈസ്റ്റർ ആഘോഷങ്ങൾ  യൂറോപ്പിൽ  പ്രൊട്ടസ്റ്റനറ്  മതവിഭാഗക്കാരുടെയിടയിൽ   പതിനേഴാം നൂറ്റാണ്ടിലാണ് ആരംഭിച്ചത്.  അമേരിക്കയിൽ ഒരു നൂറ്റാണ്ടു കൂടി കഴിഞ്ഞ് ജർമ്മൻകാർ  ഈസ്റ്റർ  ആഘോഷിക്കാൻ തുടങ്ങി. നിറം കലർത്തിയ ഈസ്റ്റർ മുട്ടകൾ  പുതു ജീവിതത്തിന്റെയും വസന്തകാല വിരുന്നിന്റെയും  പ്രതീതാത്മകമായി നിലകൊള്ളുന്നു.  യൂറോപ്പിൽ   പഴങ്കാലങ്ങളിലുള്ള  ഈസ്റ്റർ  ദിനങ്ങളിൽ  മുട്ട, വെണ്ണ, മാംസം, പാൽ  മുതലായ ഭക്ഷണപദാർത്ഥങ്ങൾ  കഴിക്കാൻ പാടില്ലായെന്ന നിബന്ധനകളുണ്ടായിരുന്നു.  നിറം കലർത്തിയ മുട്ടകൾ കൊണ്ട് പരിസരങ്ങൾ അലങ്കരിക്കുകയെന്നത്  പേഗൻ കാലങ്ങൾ മുതലുള്ള  പൌരാണിക സംസ്ക്കാരമാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ റക്ഷ്യയിൽ   ഈ പാരമ്പര്യം രാജകീയമാക്കിയിരുന്നു. രാജകീയ സദസിലുള്ളവരും  പ്രഭുക്കന്മാരും ഈസ്റ്റർ ദിനങ്ങളിൽ സമ്മാനങ്ങൾ കൈമാറുകയെന്നത്  സാംസ്ക്കാരികമാക്കിയിരുന്നു. ' പീറ്റർ കാൾ ഫാബർഗോ'  എന്ന  കലാ വിദഗ്ദ്ധനെ  റക്ഷ്യയുടെ  അലക്സാണ്ടർ മൂന്നാമൻ സാർ ചക്രവർത്തി രാജസദസിനു വേണ്ടി  നിയമിക്കുകയും ചെയ്തു.  രാജാവിന്റെയും പ്രഭുക്കന്മാരുടെയും കൊട്ടാരങ്ങൾ ഈസ്റ്റർ കാലങ്ങളിൽ  വർണ്ണ നിറങ്ങളാൽ  അലങ്കരിക്കുന്നതിനുപുറമേ  ചക്രവർത്തിനി സാറിനിയ്ക്ക് കൈകളിലും കഴുത്തിലും അണിയാൻ കലാ നിപുണതയോടെയുള്ള  ആഭരണങ്ങൾ പണിയുകയും  ചെയ്തിരുന്നു.


അമേരിക്കക്കാർ പൊതുവേ മധുര പലഹാരങ്ങൾ വിതരണം ചെയ്താണ് ഈസ്റ്റർ ആഘോഷിച്ചിരുന്നത്. 90 മില്ല്യൻ ചോക്കളേറ്റുകളാണ്  ഈസ്റ്റർ കാലങ്ങളിൽ അമേരിക്കയിൽ വിറ്റഴിക്കുന്നത്. ഓരോ വർഷവും 60 ബില്ലിയൻ 'ജില്ലിബിയൻസും'   മാർക്കറ്റിൽ വിറ്റഴിയുന്നു. പതിനേഴാം നൂറ്റാണ്ടിലാണ് 'ജില്ലിബിയൻസ്' ആദ്യമായി മാർക്കറ്റിൽ  ഇറക്കിയത്. 1930 മുതൽ ഈസ്റ്റർ ക്യാൻഡിയും മാർക്കറ്റിൽ സ്ഥാനം നേടി.' ഹല്ലോവിയൻ'   കഴിഞ്ഞാൽ അമേരിക്കയിൽ ഏറ്റവുമധികം ക്യാൻഡി  വിൽക്കുന്നത്  ഈസ്റ്റർ സമയങ്ങളിലാണ്. അമേരിക്കയിലെ 88 ശതമാനം  മാതാപിതാക്കൾ കുഞ്ഞുങ്ങൾക്കായി  ഈസ്റ്റർ ബാസ്ക്കറ്റുകൾ  തയ്യാറാക്കുന്നു. അങ്ങനെ അറിയാൻ പാടില്ലാത്ത പല കഥകളും ഈസ്റ്റർ ആഘോഷങ്ങളുമായി അനുബന്ധിച്ചുണ്ട്. 1885-ൽ റക്ഷ്യയിലെ  സാറീന മരിയാക്ക്  അലക്സാണ്ടർ ചക്രവർത്തി കലാവിരുതുള്ള ഈസ്റ്റർ മുട്ട സമ്മാനിച്ചതുമുതൽ  ഈസ്റ്റർ ആഘോഷങ്ങൾ രാജ്യാന്തര ശ്രദ്ധ പിടിച്ചു പറ്റുവാനും തുടങ്ങി.      


ജനന മരണങ്ങൾക്കൊപ്പം  ഉയർപ്പെന്നുള്ളത് മനുഷ്യന്റെ ഉപബോധ മനസ്സിൽ തലമുറകളായി അലിഞ്ഞു ചേർന്നിട്ടുള്ളതാണ്.  ദൈവങ്ങളുടെ ഉയർപ്പും അതിന്റെ   പ്രതിഫലനങ്ങളാണ്.  ചരിത്രാതീത കാലംമുതൽ   ദൈവങ്ങളുടെ ഉയർപ്പുകൾ  മനുഷ്യ ജീവിതത്തിന്റെ ബോധ മണ്ഡലങ്ങളിലുണ്ടായിരുന്നു. മരണവും ഉയർപ്പും മനുഷ്യ മനസുകളെ കീഴടക്കാൻ കാരണങ്ങളേറെയുണ്ട്.  സസ്യങ്ങൾ വസന്തകാലത്തിൽ മുളക്കുന്നു. ശിശിരകാലങ്ങളിൽ  തഴച്ചു വളരുന്നു. വേനൽ വരുമ്പോഴും മഞ്ഞുവീഴുമ്പോഴും  തളിർത്ത ചെടികൾ നശിക്കുന്നു. വീണ്ടും കാലചക്രം തിരിയുമ്പോൾ ചെടികൾ മുളയ്ക്കുന്നു.  ചെടികൾ മുളയ്ക്കുകയും വളരുകയും നശിക്കുകയും വീണ്ടും മുളയ്ക്കുകയും ചെയ്യുന്നത്  ദൈവങ്ങളുടെ ഉയർപ്പിനു സമാനമായി പ്രാചീന മനുഷ്യർ  കരുതിയിരുന്നു. ഉദിച്ചുയരുന്ന സൂര്യനും അസ്തമയവും, വീണ്ടും ഉദിക്കലും കാലാവസ്ഥ വ്യതിയാനവും രാത്രിയും പകലും രാത്രിയാകാശത്തിലെ  കോളിളക്കങ്ങളും ശാന്തതയും  മനുഷ്യന്റെ ഉണർവും ഉറക്കവും   ചിന്തകളുടെ മാറ്റവും  മരിച്ചുയർത്തെഴുന്നേല്ക്കുന്ന  ദൈവജ്ഞാനങ്ങളായി പ്രാചീന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു.


ധാന്യവിളകളുടെ കൊയ്ത്തു കാലങ്ങൾ പുരാതന ജനതയിൽ പ്രത്യേക തരമായ   ആനന്ദാനുഭൂതികൾ   ജനിപ്പിക്കുമായിരുന്നു.   അന്നുള്ളവർ ആ മുഹൂർത്തങ്ങളെ  ഈശ്വരനുഗ്രഹമായി കരുതിയിരുന്നു.  തണുപ്പുകാലങ്ങളിൽ പഴയ ചെടികൾ നശിക്കുകയും  വസന്തത്തിൽ പുതിയവ മുളച്ചു വരുകയും ചെയ്യുന്ന പ്രകൃതിയുടെ  ലീലാവിലാസങ്ങളിൽ   വിസ്മയഭരിതരാകുമായിരുന്നു.   അന്നുള്ള ജനങ്ങളുടെ പരിമിതമായ   അറിവുകൾ  കൃഷിയിലും, മണ്ണ് ഉഴുതുന്നതിലും നടീലിലും  വിത്തുകൾ ഭൂമിയിൽ പാകുന്നതിലുമായിരുന്നു.  കൃഷിയിറക്കാൻ  അനുയോജ്യമായ കാലാവസ്ഥയും  ഗ്രഹിച്ചിരുന്നു. പേഗൻ മതവിശ്വാസികളും അവരുടെ ആത്മീയാനുഭൂതിയിൽ  ദൈവത്തിന്റെ മക്കളെന്നു വിശ്വസിച്ചിരുന്നു. വിത്തുകൾ ഭൂമിയിൽ കുഴിച്ചിട്ടു മുളയ്ക്കുന്നപോലെ ദൈവവും ഉയർത്തെഴുന്നേൽക്കുമെന്ന   വിശ്വാസം അവരുടെയിടയിൽ പ്രബലമായിരുന്നു.


വേനൽ, ശിശിരം, വസന്തം,  മഞ്ഞു ചതുർ കാലങ്ങൾ   ജനന മരണ  പുനർ ജന്മങ്ങളുടെ  പ്രതീകങ്ങളായി കരുതിയിരുന്നു. സൂര്യ പ്രഭ അവസാനിക്കുമ്പോൾ കൃഷികളും നശിക്കുന്നു.  പ്രാചീന ജനതകളിൽ   ധാന്യവിളകളുടെ വളർച്ചയും   നശിക്കലും വീണ്ടും പൊട്ടി മുളയ്ക്കലും സൂര്യന്റെ ഉയർത്തെഴുന്നേൽക്കലും   ഉയർപ്പെന്ന  മരണാനാന്തര  ജീവിതത്തിൽ  വിശ്വസിക്കാൻ പ്രേരകമായി.   വർഷത്തിലൊരിയ്ക്കൽ   സൂര്യൻ ഉദിക്കുകയും മരിക്കുകയും ചെയ്തിരുന്നുവെന്ന് പ്രാചീനർ വിശ്വസിച്ചിരുന്നു. അതുപോലെ സൂര്യാസ്തമയവും സൂര്യോദയവും ദൈവത്തിന്റെ മരണവും ഉയർപ്പുമായി കരുതിയിരുന്നു.  മനുഷ്യന്റെ ഉപബോധ മനസിലുണ്ടായ  അത്തരം  മാനസിക ചലനങ്ങളെ  സത്യങ്ങളായും വിശ്വസിച്ചിരുന്നു.  ആകാശ ചലനങ്ങളും   കാർമേഘങ്ങളും  ഇടിയും മിന്നലും മഴക്കാറും മാറി വീണ്ടും  പ്രശാന്ത സുന്ദരമായ ആകാശമാകുന്നതും  നിരീക്ഷിച്ചിരുന്നു. കപ്പൽ യാത്രക്കാരും ആട്ടിടയന്മാരും സന്യസ്ത  മുനികളും ഭയാനകമായ ആകാശ ഗംഗയുടെ നീക്കങ്ങൾ ഇമവെട്ടാതെ   വീക്ഷിച്ചു കൊണ്ടിരുന്നു.   ജനങ്ങൾ സമൂഹമായി ഒത്തൊരുമിച്ചുകൂടി  ആശയങ്ങൾ കൈമാറിയിരുന്നു.  വാന നിരീക്ഷണവും തിളങ്ങുന്ന നക്ഷത്രങ്ങളും വിലയിരുത്തിയിരുന്നു. ഓരോ രാത്രിയാമങ്ങളിലും  ശോഭയാർന്ന നക്ഷത്രങ്ങൾ മരിക്കുകയും രാത്രിയുടെ തുടക്കത്തിൽ വീണ്ടും ജനിക്കുകയും ചെയ്യുന്നുവെന്നു  വിലയിരുത്തി. പ്രകൃതി ഉറങ്ങുകയും ഉണരുകയും ചെയ്യുന്നതു   ദൈവങ്ങളുടെ മരണവും ഉയർപ്പുമായി   അനുമാനിച്ചിരുന്നു.  അങ്ങനെ  സൂര്യ ചന്ദ്രാദി  നക്ഷത്രങ്ങളും രാത്രിയും പകലുംപ്രകൃതിയുമെല്ലാം  ദൈവങ്ങളുടെ   ഉയർപ്പും മരണവുമായി    സാമ്യപ്പെടുത്തിക്കൊണ്ടുള്ള ചിന്തകളായിരുന്നു അന്നുള്ളവർക്കുണ്ടായിരുന്നത്.


പ്രാചീന കൃതികളിൽ  ഉറക്കത്തെ മരണമായി കരുതിയിരുന്നു.   ഉറക്കത്തിൽ  ബോധം നശിക്കുകയും ഉണരുമ്പോൾ ബോധം വീണ്ടും വന്നു ചേരുകയും ചെയ്യുന്നു. രാവിലെ ഉണരുന്ന സമയങ്ങളിൽ   നാം കൂടുതൽ ഉന്മേഷഭരിതരാകാറുണ്ട്. ഓരോരുത്തർക്കും ലഭിക്കുന്ന പ്രായോഗിക പരിജ്ഞാനം ഉണർവോടെ കൈമാറാൻ സാധിക്കുന്നതും ആരോഗ്യപരമായ ഉറക്കത്തിനു ശേഷമായിരിക്കും. ഉണരുകയും ഉറങ്ങുകയും വീണ്ടും ഉണരുകയും ചെയ്യുന്ന പ്രക്രീയകൾ മരണത്തിന്റെയും ഉയർപ്പിന്റെയും പ്രതീകങ്ങളായി  മനുഷ്യന്റെ മാനസിക തലങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു.


ചരിത്രാതീത കാലത്ത്  പ്രകൃതിയെ  ആശ്രയിച്ചു ജീവിച്ചിരുന്ന മനുഷ്യർ  ഭാഗ്യ ദേവതയുടെ കടാക്ഷത്തിനായി പ്രാർത്ഥിച്ചിരുന്നു.  വരൾച്ച കാലങ്ങളും യുദ്ധത്തിലുള്ള തോൽവികളും  സമൂഹത്തിന്റെ മുഴവനായ മരണമായി കരുതിയിരുന്നു.  സമൂഹം ജനങ്ങളുടെ ജീവിതത്തിന്റെ പ്രധാന ഘടകവുമായിരുന്നു.  ഒരു സമൂഹത്തിന്റെ സഹകരണമില്ലാതെ  വ്യക്തിക്ക് ശാരീരികമായും മാനസികമായും  നില നില്പ്പ് അസാധ്യവുമായിരുന്നു.   പ്രശ്ന സങ്കീർണ്ണങ്ങളായ   ദിവസങ്ങൾ    ഓരോ വ്യക്തിയിലും വന്നും പോയുമിരുന്നിരുന്നു. മനസുകൾ അസ്വസ്ഥമാകുന്ന ദിനങ്ങളിൽ ലോകം മുഴുവനും ശോക പ്രവണതകളായി  അവന് അനുഭവപ്പെടുമായിരുന്നു. ദുഖത്തിൽ നിന്നും ആനന്ദത്തെ  പ്രാപിക്കുമ്പോൾ  ലോകം സ്വർഗ ഭൂമിയായും കരുതി സമാധാനിച്ചിരുന്നു.  മനുഷ്യനുണ്ടാകുന്ന ശോക പരമാനന്ദ മാറ്റങ്ങളും മാനസിക വ്യതിയാനങ്ങളും അവനിലെ പുതിയ ഉണർവും ഉയർപ്പുമായി കരുതിയിരുന്നു.


ചരിത്രാതീത കാലം  മുതലേ  ഉയർപ്പെന്നുള്ള ഒരു  മായാരൂപം മനുഷ്യ വർഗങ്ങളുടെ  മനസ്സുകളെ വേട്ടയാടിയിരുന്നു. കാട്ടു ജാതിക്കാരുടെയിടയിലും മലവേടരിലും  പൌരാണിക കഥ പറയുന്നവരിലും ഇത്തരം കഥകൾ പ്രചരിച്ചിരുന്നു.   ഗ്രാമീണ ട്രൈബൽ മൂപ്പന്മാർ അതാതു ദേശങ്ങളിൽ മരിച്ചുയർത്ത ദൈവ തുല്യരായ മൂപ്പൻമാരെ  പറ്റിയുള്ള ഡോക്കുമെന്റുകളും  പരീക്ഷണവിധേയമായി  തയ്യാറാക്കിയിരുന്നു.   ഒരുവൻ  മരിച്ചുകഴിഞ്ഞ് അനേക വർഷങ്ങൾക്കു ശേഷം അവരുടെ ഉയർത്തെഴുന്നേറ്റ  കഥകൾ ഇതിഹാസമാക്കുകയും ചെയ്തിരുന്നു.   ജനിയ്ക്കുകയും ഉയർക്കുകയും ചെയ്യുന്ന ഇത്തരം കെട്ടു കഥകൾ ഒരു പ്രത്യേക പ്രദേശത്തുനിന്നും   ഗ്രാമ പട്ടണങ്ങളിലേക്കും വ്യാപിച്ചിരുന്നു. മരിച്ചവരിൽ നിന്നുയർത്ത  യേശുവിന്റെ കഥകൾ പോലെ തന്നെ അനേക പേഗൻ ദൈവങ്ങളുടെ കഥകളുമുണ്ട്.


യേശുവിന്റെ ഉയർപ്പും പേഗൻ  ദൈവങ്ങളുടെ ഉയർപ്പും വ്യത്യസ്ഥ രീതികളിലായിട്ടാണ് അറിയപ്പെടുന്നത്.  പേഗൻ  ദൈവങ്ങൾ  യേശുവിനെപ്പോലെ ചരിത്രത്തിലുള്ളവരല്ല. ' ഒരിക്കൽ ഒരിടത്ത് സംഭവിച്ചുവെന്നേ'  പുരാണ പെഗനീസ ദേവന്മാരെ വാഴ്ത്താൻ സാധിക്കുള്ളൂ.  എന്നാൽ യേശുവിന്റെ ഉയർപ്പ് പ്രത്യേക ഒരു കാലഘട്ടത്തിലും ചരിത്രത്തിന്റെ അതിർ വരമ്പിലുമായിരുന്നു.  രണ്ടാമത് പേഗൻ ദൈവങ്ങളുടെ കഥ   തെളിവുകളില്ലാത്ത   കെട്ടുകഥകളായി കരുതുന്നു.  യേശുവിന്റെ കഥ ഒരത്ഭുതമായി ശിക്ഷ്യഗണങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.  യേശുവിനെ കെട്ടുകഥകളെക്കാളുപരി   അമാനുഷ്യനായ ഒരു ദിവ്യനായി, സാമൂഹിക വിപ്ലവകാരിയായി,  ദരിദ്രരുടെ കണ്ണീരൊപ്പുന്നവനായി,  രോഗികള്ക്കും ദുഖിതർക്കും ആശ്വാസമായി  കരുതുന്നു. എത്രയെത്ര അന്വേഷിച്ചാലും യേശുവിനെപ്പറ്റിയുള്ള ഗവേഷണം തീരില്ല.


ഒരു കാര്യം ചിന്തിക്കണം, യേശുവിന്റെ ഉയർപ്പ്  കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി  മാറ്റമില്ലാതെ ജനഹൃദയങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.  അവിടുത്തെ  സന്ദേശങ്ങൾ  ശക്തമായിത്തന്നെ മാനവ ഹൃദയങ്ങളിൽ  നിലനില്ക്കുന്നു. അതിന്റെ മാറ്റൊലി മനുഷ്യ ജാതികളിൽ   അത്യുജ്ജലമായിരുന്നു. ആട്ടീസ്, അഡോണി , ഒസിറീസ് എന്നീ പേഗൻ ദൈവങ്ങളെ അധികമാർക്കും അറിഞ്ഞു  കൂടാ. അവരുടെ കെട്ടു കഥകൾ നിലനിൽക്കുന്നുമില്ല. കെട്ടുകഥകൾക്കുപരി   'ആട്ടീസ്' എന്ന ദേവൻ  ജീവിച്ചിരുന്നുവെന്ന്  ചരിത്രത്തിൽ ചികയാനും സാധിക്കില്ല. പേഗൻ  കെട്ടുകഥകൾ എക്കാലവും അവ്യക്തമായിരുന്നു. സന്മാർഗ നിലവാരം പുലർത്തുന്ന കഥകളായിരുന്നില്ല. വിജ്ഞാനപ്രദമോ ചിന്തനീയമായ  കഥകളോ  താത്ത്വികമോ ആയിരുന്നില്ല.  യേശുവിന്റെ ഉയർപ്പെന്നുള്ള  കഥ   കുടിലുതൊട്ട്  കൊട്ടാരം വരെ   ചരിത്രതാളുകളിൽ  മാറ്റമില്ലാതെ തിളങ്ങി നില്ക്കുന്നു. ലോകമുള്ളടത്തോളം യേശുവെന്ന പ്രതിഭയ്ക്ക് മങ്ങലേൽക്കില്ല.


യേശുവിന്റെ ഉയർപ്പെന്ന  സന്ദേശം ശ്രവിക്കുന്നവൻ  പരിശുദ്ധാത്മാവിന്റെ ചൈതന്യത്തിലും വിശ്വസിക്കുന്നു.  യേശുവിന്റെ പുനരുദ്ധാരണം തങ്ങളുടെ ഹൃദയങ്ങളെ സ്പർശിച്ചുവെന്നു സ്വയം പറയും.  കെട്ടുകഥകൾ മാത്രം വിശ്വസിച്ച പഴങ്കാല ദൈവങ്ങളിൽ നിന്നും വ്യത്യസ്തനായി യേശുവെന്ന ദേവൻ  പുതിയ ഉണർവും ഉന്മേഷവും നല്കും.  അർത്ഥമില്ലാത്ത പ്രാചീന ദൈവങ്ങളെ  മനസ്സിൽനിന്നും  നീക്കി സത്യവും അഹിംസയും സംസാരിക്കുന്ന യേശുവിൽ ജനം  ആശ്വാസം കണ്ടെത്താനും ശ്രമിക്കുന്നു. 'എനിയ്ക്കു ക്രിസ്തുവിനെ മതി, ക്രിസ്ത്യാനികളെ വേണ്ടായെന്ന്'  ഗാന്ധിജി പറഞ്ഞു. യേശുവിന്റെ സന്ദേശങ്ങളെ ഉൾക്കൊള്ളാൻ   സാധിക്കുമെങ്കിലും 'ഉയർപ്പെന്ന' കഥ  അവിശ്വാസികൾക്കും അക്രൈസ്തവർക്കും   ഉൾക്കൊള്ളാൻ  പ്രയാസമായിരിക്കും. യേശുവിനെ ഉയർപ്പിച്ച  അതേ ദൈവം തന്നെയാണ് ഭാവനകൾ നിറഞ്ഞ പേഗൻ ദൈവങ്ങളെ ജനിപ്പിക്കുകയും ഉയർപ്പിക്കുകയും ചെയ്തത്.  അതെ ദൈവം തന്നെയാണ് പ്രപഞ്ച  സൃഷ്ടാവും. യേശുവിന്റെ ഉയർപ്പെന്ന ഭാവനയും സൃഷ്ടാവുമായി ബന്ധിപ്പിച്ചാലേ  യേശുവിൽ ദൈവ ദർശനം ഉൾക്കൊള്ളാൻ സാധിക്കുള്ളൂ.


എന്തുകൊണ്ട്  സൃഷ്ടാവായ ദൈവം പ്രകൃതിയേയും മനുഷ്യ ജീവജാലങ്ങളേയും   ജനന മരണങ്ങളോടെ സൃഷ്ടിച്ചുവെന്നു  ചോദ്യമുയർന്നേക്കാം. അതിനുത്തരം,  ദൈവം ഈ പ്രപഞ്ചം ശൂന്യതയിൽനിന്നു  സൃഷ്ടിച്ചുവെന്നാകാം.  ജീവിതം പോലെ മരണവും സൃഷ്ടി കർമ്മങ്ങൾക്കൊപ്പമാകാം.  നിത്യതയിലെ സൃഷ്ടികർത്താവ് നിത്യതയിലെ യേശുവിനെയും ഉയർപ്പിച്ചു. അതേ നിത്യതയിലുള്ള യേശു വീണ്ടും വരുമെന്ന വിശ്വാസവും പുലർത്തുന്നു.  ആദിയും അന്തവുമായവൻ  വർത്തമാന കാലത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. അങ്ങനെ ഈസ്റ്റർ മുട്ടകളും, ഈസ്റ്റർ ബണ്ണിയും, ഉദയ സൂര്യനും   വസന്തകാലാഘോഷങ്ങളും   പുനർജീവിതത്തിന്റെ അർത്ഥസൂചക പഠനങ്ങളാണ്. ക്രിസ്ത്യൻ വിശ്വാസവും പേഗനീസവും ഒത്തൊരുമിച്ച  ഒരു സംസ്ക്കാര പാരമ്പര്യം ഈസ്റ്ററിന്റെ പുരാവൃത്തത്തിൽ നിഴലിച്ചിരിക്കുന്നതും കാണാം. 





Saturday, March 14, 2015

കാത്തിരിക്കുന്ന ഗ്രീൻകാർഡും സംഭ്രാന്തിയും കുറെ പൊതു നിയമങ്ങളും



By ജോസഫ് പടന്നമാക്കൽ

ചതിയിലകപ്പെട്ട  ഒരു യുവാവിന് ആശ്വാസ വചനങ്ങളുമായി  ഗുരു ശ്രീ തോമസ്‌ കൂവള്ളൂരിന്റെ നേതൃത്വത്തിലുള്ള 'ജെ.എഫ്.എ . സംഘടന' ന്യൂ ജേഴ്സി കോടതിയിൽ എത്തിയത് അഭിനന്ദനീയവും നീതിയ്ക്കു വേണ്ടി പോരാടുന്ന ഒരു സമൂഹത്തിന്റെ ശബ്ദവുമായി കരുതണം. പുതിയതായി ഈ രാജ്യത്ത് വന്നുപെടുന്നവർ പലരും നിയമത്തിന്റെ അജ്ഞതമൂലം  ഇത്തരം കുടുക്കിൽ അകപ്പെടാറുണ്ട്. അറിഞ്ഞോ അറിയാതെയോ ഇതുപോലെ കേസ്സിൽ അകപ്പെട്ട പലരെയും ദീർഘകാല അമേരിക്കൻ  ജീവിതത്തിൽ ഞാൻ കണ്ടു മുട്ടിയിട്ടുണ്ട്. ഒരിക്കൽ നാട്ടിൽനിന്നും വന്ന ഒരു മലയാളി യുവാവ്  അമേരിക്കൻ യുവതിയെ ഗർഭമാക്കിയതിന്  കോടതിക്കേസുകളുമായി വലിയ വില കൊടുക്കുന്നതും ഓർക്കുന്നു.   നിഷ്കളങ്കനായി  വഴിയെ നടന്ന ഒരു മദ്ധ്യവയസ്ക്കനെ പോലീസ് അതിദാരുണമായി ഉപദ്രവിച്ച കഥയും  പത്രങ്ങളിൽ നാം വായിച്ചു. സൂപ്പർ  മാർക്കറ്റിൽ നിന്നും  മറവി കാരണം പണം നല്കാതെ  ഷോപ്പിംഗ്‌ ബാഗുകൾ പുറത്തിറക്കിയതിന്  'ഷോപ്പ് ലിഫ്റ്റിങ്ങ്' എന്ന  ഓമന പേരിൽ  കൈകളിൽ വിലങ്ങു  വീണവരും  നമ്മുടെ സമൂഹത്തിലുണ്ട്. ലൈംഗിക ചൂതുകളിയിൽ  നിഷ്കളങ്കരായ ചില പുരോഹിതർ അകപ്പെടുന്നുണ്ട്.  സഭയ്ക്കെതിരെ  കേസുകൊടുത്ത്  പണം നേടാനുള്ള  സ്വാർഥത നിറഞ്ഞ ചിലരുടെ  അടവാണെന്നും   കരുതണം.  നമ്മുടെ അജ്ഞതകളെ  നിയമജ്ഞരും മുതലെടുക്കും.  ന്യൂ ജേഴ്സിയിലെ  ലൈംഗിക കുറ്റാരോപിതനായ യുവാവിന്റെ കേസ്  വഷളായത്   ഒരു  നിയമജ്ഞന്റെ  പിടിപ്പുകേടുകൊണ്ടെന്ന്   ശ്രീ കൂവള്ളൂരിന്റെ ലേഖനത്തിൽ നിന്നും മനസിലാക്കുന്നു.


സമൂഹത്തിനു വിലപ്പെട്ടതായ ചില നിയമങ്ങൾ  ഓരോ പൗരനും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വൈവാഹിക ജീവിതത്തിൽക്കൂടി അമേരിക്കയിൽ കുടിയേറുന്നവർ  അറിഞ്ഞിരിക്കേണ്ട  ചില നിയമവശങ്ങളാണ്  ഈ ലേഖനത്തിന്റെ ഉള്ളടക്കം.  നിയമ പരിജ്ഞാനമില്ലാത്ത  ഞാനെഴുതിയ  ഈ ലേഖനം ഒരു പൊതു വിജ്ഞാനമായി  കരുതിയാൽ  മതിയാകും. ചില നിയമജ്ഞരുടെ  നിയമോപദേശങ്ങളടങ്ങിയ  അഭിപ്രായങ്ങളും ഈ ലേഖനത്തിന്  സഹായകമായിട്ടുണ്ട്.


അമേരിക്കൻ  പൌരനെ  വിവാഹം കഴിച്ചതു വഴി  പൌരത്വമില്ലാത്ത ഒരു പങ്കാളിയ്ക്ക് ഗ്രീൻ കാർഡിനുള്ള  അപേക്ഷ  സമർപ്പിക്കാനുള്ള   അവകാശമുണ്ട്.    ഒത്തൊരുമിച്ചു താമസിക്കാൻ  ഇമ്മിഗ്രേഷൻ വകുപ്പ്    ആദ്യം രണ്ടു വർഷത്തേയ്ക്കുള്ള  'താല്ക്കാലിക  വിസാ കാർഡ്' നല്കുന്നു.  അത്തരം  ഗ്രീൻ കാർഡുകൾ ചില    വ്യവസ്ഥകൾക്കധീനമായിരിക്കും.  താല്ക്കാലിക കാർഡു സ്ഥിരമാകുംവരെ അടിയുറച്ച ഒരു വിവാഹ ബന്ധം ഇരുവരും നിലനിർത്തേണ്ടതായുണ്ട്. രണ്ടു വർഷങ്ങൾക്കു ശേഷം ഗ്രീൻ കാർഡ്  സ്ഥിരമാകുന്നതിന്   കടമ്പകളും  കടക്കണം. രാജ്യത്ത് സ്ഥിരതാമസമാക്കുന്നതിനു മാത്രം താല്ക്കാലികമായി വിവാഹം കഴിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയെന്നതും  വ്യവസ്ഥകളടങ്ങിയ  രണ്ടു വർഷ  കാർഡിന്റെ  ലക്ഷ്യങ്ങളിൽപ്പെട്ടതാണ്. ആ കാലയളവു മുഴുവനും സ്ഥിരമായ കാർഡു ലഭിക്കാൻ  വേർപിരിയാത്തൊരു   വിവാഹബന്ധം ആവശ്യവുമാണ്.  സ്ഥിരതാമസമാക്കുന്ന പങ്കാളി  ഒന്നിച്ചുള്ള വിവാഹ ജീവിതത്തിന്റെ  വിശ്വസ്തതയെ  ഇമ്മിഗ്രേഷൻ വകുപ്പിനെ ബോദ്ധ്യപ്പെടുത്തേണ്ടതായുണ്ട്.  കാർഡു  സ്ഥിരമാകാൻ   ഐ -751   എന്ന ഫോറം  പൂരിപ്പിച്ച്  ഇമ്മിഗ്രേഷൻ വകുപ്പിന് സമർപ്പിക്കണം.


സ്ഥിര ഗ്രീൻ കാർഡിനായി  താഴെ പറയുന്ന കാര്യങ്ങളിൽ  ഇമ്മിഗ്രേഷൻ വകുപ്പുമായി സഹകരിക്കേണ്ടതായുണ്ട്.

1. താൽക്കാലികമായ  ഗ്രീൻ കാർഡ് കൈവശം വെച്ചിരുന്ന നാളുകളിലെ  രണ്ടു വർഷവും  അമേരിക്കൻ പൗരനുമായുള്ള  വിവാഹ ജീവിതം  വിശ്വസ്തയോടെയായിരുന്നുവെന്ന  തെളിവുകൾ ഹാജരാക്കണം.

2.   കുഞ്ഞുങ്ങളുടെ വിവരങ്ങളും  ഗ്രീൻ കാർഡ് സ്ഥിരമാക്കാനുള്ള ഫോമിൽ കാണിച്ചിരിക്കണം.

 3. പുതുക്കുന്ന ഗ്രീൻ കാർഡു ഫോമിൽ  കുട്ടികളെ കാണിക്കാൻ  സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെങ്കിൽ  അതിനുള്ള തക്കതായ കാരണവും വെളിപ്പെടുത്തണം.

4. ഭർത്താവ് അല്ലെങ്കിൽ ഭാര്യ മരിച്ചു പോയവരെങ്കിൽ മരിക്കും വരെ വിവാഹജീവിതം വിശ്വസ്ഥതയോടെയായിരുന്നുവെന്നും   തെളിയിക്കണം.

5 . വിവാഹ മോചനം ചെയ്തവരെങ്കിൽ  വിശ്വാസതയോടെയുള്ള  വിവാഹജീവിതം  തന്റെതല്ലാത്ത കാരണങ്ങൾ കൊണ്ട് പിരിഞ്ഞു പോയതെന്ന്  ഇമ്മിഗ്രേഷൻ വകുപ്പിനെ ബോധ്യപ്പെടുത്തണം.


അമേരിക്കൻ പൌരത്വമുള്ള ഇണയുടെ ക്രൂര മർദനം കൊണ്ടോ   കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതു കൊണ്ടോ   വിവാഹബന്ധം വേർപെടുത്തിയതെങ്കിൽ  തെളിവുകൾ ഹാജരാക്കിയാൽ   ഗ്രീൻ കാർഡു സ്ഥിരമാക്കാൻ  സാധിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഒന്നിച്ച് സ്ഥിരം കാർഡിന് അപേക്ഷിക്കാതെ പൌരത്വമുള്ള ഇണയുടെ സഹായം കൂടാതെ, ഒറ്റയ്ക്കും അപേക്ഷിക്കാം.  മാനസികമായ പീഡനങ്ങളും സ്ഥിരമായ ഗ്രീൻകാർഡു ലഭിക്കുന്നതിനുള്ള  മാനദണ്ഡങ്ങളായി  കണക്കാക്കും.  രണ്ടു വർഷം പൂർത്തിയാകുന്നതിന് 90 ദിവസം മുമ്പ് സ്ഥിരമായ കാർഡ് ലഭിക്കാൻ  അപേക്ഷിക്കണം. സമയത്തിനപേക്ഷിച്ചില്ലെങ്കിൽ  ലഭിക്കാൻ പോകുന്ന സ്ഥിരം ഗ്രീൻ കാർഡ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. രാജ്യത്തുനിന്ന് പുറത്താക്കാനുള്ള  നടപടികളും തുടങ്ങിയേക്കാം.


 താല്ക്കാലിക ഗ്രീൻ കാർഡ്  കാലയളവിൽ  വൈവാഹിക ബന്ധം  വേർപെട്ടെങ്കിൽ  അല്ലെങ്കിൽ  അമേരിക്കൻ പൗരനായ പങ്കാളിയിൽനിന്നു  ക്രൂരമായി പീഡനം സഹിക്കേണ്ടി വന്നെങ്കിൽ  ഭാര്യയും ഭർത്താവുമൊന്നിച്ച്  ഫയൽ ചെയ്യണമെന്നുള്ള നിയമ വ്യവസ്ഥകളിൽ നിന്ന് ഇളവു ലഭിക്കാം.  അങ്ങനെയുള്ള കേസുകളിൽ  സ്ഥിരം കാർഡിനായി  താൽക്കാലിക കാർഡു  ലഭിച്ച ശേഷമുള്ള  ഏതു സമയത്തും അപേക്ഷ നല്കാൻ സാധിക്കും. എന്നാൽ അത് രാജ്യത്തുനിന്ന് പുറത്താക്കുന്നതിനു മുമ്പായിരിക്കണം.  പീഡനങ്ങളെ സംബന്ധിച്ച തെളിവുകളും ഹാജരാക്കേണ്ടതായുണ്ട്.


സ്ഥിരം കാർഡിനായി  അപേക്ഷിക്കുന്നവരുടെ  കുഞ്ഞുങ്ങൾക്കും  താല്ക്കാലിക വിസായാണെങ്കിൽ   രണ്ടാം വിവാഹ വാർഷികത്തിന്  90 ദിവസം മുമ്പെങ്കിൽ  കുട്ടികളെയും  അപേക്ഷിക്കുന്ന ഫോറത്തിൽ ഉൾപ്പെടുത്താൻ സാധിക്കും.  രണ്ടാം വർഷത്തിനു മുമ്പുള്ള   90  ദിവസം   കഴിഞ്ഞാണ്  അപേക്ഷിക്കുന്നതെങ്കിൽ പ്രത്യേകമായ അപേക്ഷാ ഫോമിൽ   വീണ്ടും അപേക്ഷിക്കേണ്ടി വരും.


  സ്ഥിരകാർഡിനായി  സമയത്ത് അപേക്ഷിച്ചില്ലെങ്കിൽ  താല്ക്കാലികമായി ലഭിച്ച  ഗ്രീൻ കാർഡ്  അസ്ഥിരപ്പെടാനും സാധ്യതയുണ്ട്.  അതിനുള്ള  നടപടികൾ  ഇമ്മിഗ്രേഷൻ വകുപ്പ് ആരംഭിക്കുന്നതായിരിക്കും.  ഇമ്മിഗ്രേഷൻ  ഓഫീസു മുമ്പാകെ    കാരണം കാണിക്കലിനായി ഹാജരാകാനുള്ള ഒരു നോട്ടീസുമുണ്ടായിരിക്കും.  കാർഡു സ്ഥിരമാക്കാനുള്ള അപേക്ഷ നല്കാത്തതിന്റെ  കാരണങ്ങൾ അവിടെ രേഖപ്പെടുത്തേണ്ടി വരും.  അതാത് ചുമതലപ്പെട്ട  ഇമ്മിഗ്രേഷൻ വകുപ്പിന്റെ ഡിറക്റ്റർക്ക്  ഫോം താമസിച്ചു പോയതിന്റെ കാരണം കാണിച്ച്   കത്തെഴുതിയാൽ മതിയായിരിക്കും. ഡിറക്റ്റർക്ക്  താല്ക്കാലിക ഗ്രീൻ കാർഡിലെ വ്യവസ്ഥകൾ  മാറ്റി സ്ഥിരമായ  ഗ്രീൻ കാർഡ്  നല്കാൻ സാധിക്കും.   തക്കതായ കാരണവും ഉണ്ടായിരിക്കണമെന്നു മാത്രം.


ഏതെങ്കിലും കാരണവശാൽ  പങ്കാളിയില്ലാതെ  ഒറ്റയ്ക്കപേക്ഷിക്കാവുന്ന സാഹചര്യങ്ങളിൽ ഒന്നിച്ച് ഫയൽ ചെയ്യുവാൻ സാധിക്കുകയില്ലായെന്നുള്ള കാരണങ്ങൾ ഇമ്മിഗ്രേഷൻ ഓഫീസിനെ അറിയിക്കണം. രാജ്യത്തു നിന്ന് പുറത്താക്കിയാൽ  സ്വന്തം രാജ്യത്തുണ്ടാകാവുന്ന   ദുരിതങ്ങളും  കഷ്ടപ്പാടുകളും ഇമ്മിഗ്രേഷൻ ഓഫീസർ  പരിഗണനയിൽ എടുക്കും. വിവാഹം  വിശ്വസ്ഥമായിരുന്നുവെന്നും കുടിയേറ്റ നിയമങ്ങൾ  തെറ്റിച്ചില്ലെന്നും  ബോധ്യപ്പെടുത്തണം.  വിവാഹ മോചനം നേടിയെങ്കിലും സമയത്ത് ഐ. 751 ഫോം ഫയൽ ചെയ്യാൻ അമാന്തം വരുത്തിയില്ലെന്നും അറിയിക്കണം. വിവാഹ ജീവിത കാലത്ത്  പൌരത്വമുള്ള പങ്കാളിയിൽ നിന്ന് പീഡനങ്ങൾ സഹിക്കേണ്ടി വന്ന കാര്യങ്ങളും വ്യക്തമാക്കണം.  പോലീസ് റിപ്പോർട്ടുണ്ടെങ്കിൽ  ഇമ്മിഗ്രേഷൻ ഓഫീസർ മുമ്പാകെ സമർപ്പിക്കണം.  ഒന്നിച്ചുള്ള ഫയലിന് എതിർത്തത് പൌരത്വമുള്ള പങ്കാളിയെന്നും  ബോധ്യപ്പെടുത്തണം.


ഒന്നിച്ചു ഫയൽ ചെയ്ത ശേഷം   വിവാഹ മോചനത്തിനുള്ള തയാറെടുപ്പെങ്കിൽ  ഇമ്മിഗ്രേഷൻ ഓഫീസ്  അതിന്റെ തെളിവുകൾ  ഹാജരാക്കാൻ ആവശ്യപ്പെടും. വിവാഹ മോചനം നടന്നെങ്കിൽ  മോചനത്തിന്റെ  കോപ്പിയും  നല്കണം.  പങ്കാളിയുമായി ഫയൽ ചെയ്തു കഴിഞ്ഞെങ്കിൽ വിവാഹ മോചന ഡോക്കുമെൻറ്  ലഭിച്ചു കഴിഞ്ഞ്  ഒറ്റയ്ക്ക് ഫയൽ ചെയ്യാനുള്ള അവകാശം നല്കും. അങ്ങനെയെങ്കിൽ  വിവാഹ മോചനം ലഭിച്ചുവെന്ന  വ്യവസ്ഥയിൽ ഇമ്മിഗ്രേഷനുള്ള നടപടികൾ  തുടങ്ങും.


താല്ക്കാലിക കാർഡ്  സ്ഥിരമായാൽ ഇമ്മിഗ്രേഷൻ വകുപ്പ് ആദ്യം പത്തു വർഷ  ഗ്രീൻ കാർഡ് നല്കും. മൂന്നുവർഷം  കഴിഞ്ഞ്  പൗരത്വമെടുത്തില്ലെങ്കിൽ പിന്നീടത്‌ സമയമാകുമ്പോൾ പുതുക്കിക്കൊണ്ടിരിക്കണം.  ഗ്രീൻ കാർഡ് ലഭിച്ചു കഴിഞ്ഞാൽ  ഈ നാട്ടിൽ  ജീവിക്കാനും ജോലി ചെയ്യാനുമുള്ള അവകാശവും സ്ഥിരമാകും.  പുതുക്കിയ കാർഡു  ലഭിക്കുന്നതിനു മുമ്പ് ഇമ്മിഗ്രേഷൻ ഓഫീസുമായി  ഇന്റർവ്യൂ  ഉണ്ടായിരിക്കും.


സ്ഥിര ഗ്രീൻ കാർഡിനുള്ള അപേക്ഷ നിരസിക്കുന്ന പക്ഷം എന്തുകൊണ്ടാണ് ഗ്രീൻ കാർഡ് നിരസിച്ചതെന്നുള്ള  കാരണവും അതിൽ കാണിച്ചിരിക്കും. അവാസ്തവങ്ങളും സത്യ വിരുദ്ധങ്ങളുമായ കാര്യങ്ങൾ എവിടെയെല്ലാമുണ്ടെന്നും  ചൂണ്ടി കാണിക്കും. രാജ്യത്തു നിന്ന് പുറത്താക്കാനുള്ള നടപടികളും തുടങ്ങും. പുറത്താക്കുന്ന സമയത്ത് ഇമ്മിഗ്രേഷൻ അധികാരികളുമായി ചർച്ച ചെയ്ത് ഗ്രീൻ കാർഡിനുള്ള അപേക്ഷ പുന പരിശോധിക്കാവുന്നതാണ്.  ഇമ്മിഗ്രേഷൻ ജഡ്ജ് രാജ്യത്തു  നിന്ന് പുറത്താക്കാനാണ് വീണ്ടും തീരുമാനിക്കുന്നതെങ്കിൽ അതിന്റെ പേരിൽ   അപ്പീലിന് പോവാൻ  സ്ഥിര ഗ്രീൻ കാർഡിനായി   ശ്രമിക്കുന്ന പങ്കാളിയ്ക്ക് അവകാശമുണ്ട്.  കൃത്യമായ ഫീസടച്ചു കഴിഞ്ഞാൽ   വാഷിംഗ്ടൻ   ഡി.സി. യിലുള്ള  ബോർഡ്  ഓഫ് ഇമ്മിഗ്രേഷൻ വകുപ്പ് 'അപ്പീൽ' പരിഗണനയിലെടുക്കും.


ഗാർഹിക പീഡനങ്ങൾ  കൊണ്ട്   ഇരയായവർക്ക്    ഗ്രീൻകാർഡ്  മനുഷ്യത്വത്തിന്റെ പേരിൽ  നല്കുന്നുണ്ടെങ്കിലും  അതു മുതലാക്കി   ചിലർ  ദുരുപയോഗം ചെയ്യാറുണ്ട്. ഗ്രീൻ കാർഡിനുവേണ്ടി നിഷ്കളങ്കരായ പൌരത്വമുള്ള പങ്കാളിയുടെ പേരിൽ  കുറ്റാരോപണങ്ങൾ നടത്തി പോലീസ് കേസാക്കുന്നവരുമുണ്ട്.  ഒരിയ്ക്കൽ കേസ് രജിസ്റ്റർ ചെയ്തു കുറ്റക്കാരനായാൽ  അത് ഒരുവന്റെ സ്വഭാവ ദൂഷ്യമായി  റിക്കോർഡുകളിൽ കടന്നുകൂടും. സ്വന്തം തൊഴിലിനുപോലും തടസങ്ങളുണ്ടാക്കാറുണ്ട്.  പുതിയ ജോലികൾ അന്വേഷിക്കുമ്പോഴും   കരിമ്പട്ടികയിൽ അകപ്പെട്ടുപൊയവർക്ക്   കമ്പനികൾ വാഗ്ദാനം ചെയ്ത  പ്രൊഫഷണൽ  നിലവാരമുള്ള ജോലി  ലഭിക്കാതെയും വരാം. നിയമത്തിന്റെ കുരുക്കിൽപ്പെട്ട് കോടതി ചെലവുകളും വക്കീലുമായി ഭാരിച്ച ബാദ്ധ്യതകൾക്കും കാരണമാകും. മിക്ക കേസുകളിലും പൌരത്വമുള്ളവരെക്കാളും  പൌരത്വമില്ലാത്തവർക്കാണ് അനുകൂലമായ വിധി വരാറുള്ളത്.


 പൌരത്വമില്ലാത്ത പങ്കാളി  ശക്തിയായ പ്രതികരണങ്ങള്‍ കോടതിയില്‍ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. കേസുകളില്‍ കുടുങ്ങിയിരിക്കുന്നവര്‍ കുറ്റവിമുക്തരായില്ലെങ്കില്‍ അവരുടെ പ്രൊഫഷണല്‍ തൊഴിലിനെയും ബാധിക്കാനിടയുണ്ട്. കുറ്റക്കാരനെന്നുള്ള  സ്വഭാവ ദൂഷ്യ കേസുകള്‍ നിയമപരമായിത്തന്നെ രഹസ്യമായി സൂക്ഷിക്കാനുള്ള മാര്‍ഗങ്ങളുമുണ്ട്. അതിനെ 'അഡ്‌മോണിഷ്‌മെന്റ് (Admonishment) എന്നറിയപ്പെടുന്നു. പിഴയോ ശിക്ഷയോ ഒന്നും ലഭിക്കുകയില്ല. പക്ഷേ, സമാന രീതിയിലുള്ള കുറ്റങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഈ കേസ് റീഓപ്പണ്‍ ചെയ്യുകയും ശിക്ഷ ലഭിക്കാന്‍ സാധ്യത ഏറുകയും ചെയ്യുന്നു.  മറ്റൊന്നാണ് കേസ് മുഴുവനായും നീക്കം ചെയ്യുന്ന രീതി. അതിനെ 'എക്സ്‌പഞ്ച്മെന്റ്' (Expungement) എന്നു പറയും. ആദ്യമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും, കുറ്റകൃത്യത്തിന്റെ ഗൗരവവും കണക്കിലെടുത്ത് കോടതിക്ക് കേസ് 'എക്സ്‌പഞ്ച്' ചെയ്യാം. ഒരിക്കല്‍ എക്സ്‌പഞ്ച് ചെയ്താല്‍ കേസ് വിവരങ്ങള്‍ മുഴുവനായും റെക്കോര്‍ഡില്‍ നിന്ന് നീക്കം ചെയ്യുന്നു. അങ്ങനെ ചെയ്യുന്ന പക്ഷം തൊഴില്‍ ദാദാവിന് കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കില്ല. കുറ്റാരോപണ  വസ്തുതകള്‍  ജോലി തരുന്ന കമ്പനിയെ  അറിയിക്കേണ്ട ആവശ്യവുമില്ല. ഈ നിയമം എല്ലാ സ്‌റ്റേറ്റുകളിലും വ്യത്യസ്തമായി കാണുന്നു. 

ഏതെല്ലാം കുറ്റകൃത്യങ്ങള്‍ 'അഡ്‌മോണീഷ്' ചെയ്യാം ഏതെല്ലാം 'എക്സ്‌പഞ്ച്' ചെയ്യാം, അല്ലെങ്കില്‍ ഇവയൊന്നും ചെയ്യാന്‍ സാധിക്കില്ലായെന്നത് അതാത് സംസ്ഥാനത്തിന്റെ നിയമവ്യവസ്ഥകളനുസരിച്ചായിരിക്കും. കേസിന്റെ വിചാരണ വേളയില്‍ ജഡ്ജിയാണ് അത് തീരുമാനിക്കുന്നത്. കേസ് 'എക്സ്‌പഞ്ച്' ചെയ്തുകഴിഞ്ഞാല്‍ കുറ്റവിമുക്തരായി ക്ലീന്‍ റിക്കോര്‍ഡു സഹിതം ജോലിയന്വേഷിക്കാനും തുടരാനും സാധിക്കും.


'എക്സ്പഞ്ച് ' (expungement) അല്ലെങ്കിൽ അഡ്മോണിഷ്മെന്റ്   അനുവദിച്ചു കിട്ടാൻ എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന്  കൃത്യമായ ഒരുത്തരം പറയാൻ സാധിക്കില്ല. നീതിയുടെ ചക്രങ്ങൾ ചില സംസ്ഥാനങ്ങളിൽ സാവധാനമേ നീങ്ങുകയുള്ളൂ. ചിലയിടങ്ങളിൽ ആറേഴു മാസങ്ങൾകൊണ്ട് തീരുമാനങ്ങളാകും.


ഗ്രീൻ  കാർഡ്  ലഭിക്കാൻ   തെറ്റായ ഡോക്കുമെന്റ് നൽകുകയോ  തിരുത്തുകയോ ചെയ്‌താൽ  ഗുരുതരമായ കുറ്റമായി കണക്കാക്കും. ഡോക്കുമെന്റ് തിരുത്തുകയെന്നത്  ഒരുതരം വൈറ്റ് കോളർ  കുറ്റകൃത്യമായി  കരുതുന്നു.  സാധാരണ ഗതിയിൽ ഡോക്കുമെന്റിൽ കൃത്രിമത്വം കാണിക്കുന്നത്  ടാക്സ് പേപ്പറുകളിലും വിസായ്ക്ക് വേണ്ടിയുള്ള ഇമ്മിഗ്രേഷൻ  പേപ്പറുകളിലുമാണ്.   ഫെഡറൽ സർക്കാരുമായി  ബന്ധപ്പെട്ട കുറ്റമാണെങ്കിൽ  ശിക്ഷകളുടെ കാലാവധിയും കൂടും. ഇരുപതു വർഷം വരെ ജയിൽ ശിക്ഷയും  ലഭിക്കാം.  ഡോക്കുമെന്റുകളിൽ കള്ളയൊപ്പിടുക, ബാങ്കിലെ കടം അടയ്ക്കാൻ നിവൃത്തിയില്ലാതെ  പാപ്പരത്വം പ്രഖ്യാപിക്കുമ്പോൾ സ്വത്തുക്കൾ ഒളിച്ചു വെയ്ക്കുക, അന്വേഷണ ഉദ്യോഗസ്ഥന്മാരിൽ നിന്നും വിവരങ്ങൾ ഒളിച്ചു വെയ്ക്കുക  എന്നീ കുറ്റങ്ങളെല്ലാം  അഞ്ചും പത്തും ഇരുപതും കൊല്ലങ്ങൾ വരെ ജയിൽ ശിക്ഷ ലഭിക്കാവുന്നതാണ്.

നിയമത്തെപ്പറ്റിയുള്ള  അറിവില്ലായ്മ കോടതികളിൽ മാപ്പർഹിക്കുന്നില്ല. അത് പ്രൈമറി സ്കൂളിലെ സിവിക്ക് ക്ലാസുകളിലെ ആദ്യ പാഠവുമാണ്. ആയിരക്കണക്കിന് കുറ്റങ്ങൾ  നിയമ പുസ്തകങ്ങളിൽ ഉണ്ടെങ്കിലും  ഭൂരിഭാഗം ജനങ്ങളും നിലവിലുള്ള നിയമങ്ങളെപ്പറ്റി ബോധവാന്മാരല്ലെന്നതും   ഒരു വസ്തുതയാണ്. അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളിലും വ്യത്യസ്ഥ രീതികളിലാണ്   നിയമങ്ങളെ ക്രോഡീകരിച്ചിരിക്കുന്നത്. ഏകീകൃതമായ ഒരു നിയമം ഈ രാജ്യത്തിലില്ല. കൂടാതെ  സിറ്റികളിലെയും കൌണ്ടികളിലെയും  ജയിൽ വാസം കിട്ടാവുന്ന പരസ്പര വിരുദ്ധങ്ങളായ നിയമങ്ങൾ  വേറെയുമുണ്ട്. നിയമത്തെപ്പറ്റിയുള്ള  അറിവില്ലായ്മ  മാപ്പർഹിക്കുന്നില്ലെങ്കിൽ  അമേരിക്കയിലെ നൂറു ശതമാനം ജനതയും നിയമ പരിജ്ഞാനമുള്ളവരല്ലന്നുള്ളത് മറ്റൊരു സത്യവുമാണ്. 'ശരാശരി ഒരു അമേരിക്കൻ അറിഞ്ഞോ അറിയാതെയോ ദിനം പ്രതി മൂന്നു കുറ്റ കൃത്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ്' പ്രസിദ്ധ നിയമജ്ഞനും  ഗ്രന്ഥകാരനുമായ  'ഡോ. ഹാർവെ സിൽവർ ഗേറ്റ്'  അഭിപ്രായപ്പെട്ടിരിക്കുന്നത്.      










 

Sunday, March 1, 2015

കൃസ്തുവിന്റെ മണവാട്ടി സ്വന്തം ചാരിത്രം വിലമതിച്ചത് തെറ്റോ?


By ജോസഫ് പടന്നമാക്കൽ

സോഷ്യൽ മീഡിയാകളുടെ  വ്യാജ പ്രചരണങ്ങൾ സഭയിൽ ദൈവവിളി കുറയാൻ കാരണമായെന്നും യുവതികളും യുവാക്കളും പഴയതുപോലെ സന്യസ്തം സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നും കർദ്ദിനാൾ ജോർജ് ആലഞ്ചേരി അടുത്തയിട പറയുകയുണ്ടായി. സഭയ്ക്കുള്ളിൽ നടക്കുന്ന ചില പ്രാകൃത രീതികളും അനുസരണ പഠിപ്പിക്കലും  വ്യക്തിഹത്യ കഥകളും സോഷ്യൽ മീഡിയാവഴി പുറം ലോകമറിഞ്ഞത്  ശരിയാണ്. കൂടാതെ സഭയിൽ നിന്ന് പുറത്തു വന്ന ചില പുരോഹിതരുടെയും കന്യാസ്ത്രികളുടെയും  കരളലിയിക്കുന്ന കഥകളും സാമൂഹിക മീഡിയാകളിൽ  വരാറുണ്ട്.  പുരോഹിതർ കാണിയ്ക്കുന്ന തെറ്റുകളെ മറച്ചു വെച്ചുകൊണ്ട് അതെല്ലാം ശരിയായി സ്ഥാപിക്കാനും കർദ്ദിനാൾ ആലഞ്ചേരി ആഗ്രഹിക്കുന്നുണ്ടാകാം. പുരോഹിതരായ  അധികാര മോഹികളുടെ  ക്രൂരതയുടെ കഥകൾ ഒളിച്ചു വെച്ചുകൊണ്ട്   ദൈവവിളിയെന്ന പേരിൽ പാവപ്പെട്ട പിള്ളേരെ മെത്രാന്മാരും  പുരോഹിതരും  ചതിച്ചു കൊണ്ടിരുന്ന വസ്തുതകൾ   പുറം ലോകമറിയാൻ തുടങ്ങിയതും സൈബർ ലോകത്തിന്റെ വളർച്ചയോടെയാണ്.  സാമൂഹിക വാർത്തകളിൽ  വരുന്ന സഭയുടെ  കൊള്ളരുതായ്മകൾ  അവാസ്തവങ്ങളെങ്കിൽ എന്തുകൊണ്ട് മെത്രാനും പുരോഹിതരും  അത്തരം വാർത്തകൾ നിഷേധിക്കുന്നില്ല?

സഭയുടെ വക്താവായ തേലെക്കാടനെപ്പോലുള്ള  പുരോഹിത  സർപ്പ വിഷങ്ങൾ  പൌരാഹിത്യത്തിന്റെ വിലയും നിലയും ഇല്ലാതാക്കുന്നതും കാണാം. കൊക്കനെയും കോട്ടൂരിനെയും പുതക്കയയെയും വെച്ചു പുലർത്തുന്ന സഭയുടെ വക്താവായി ഇയാൾ ഒരു പാവപ്പെട്ട കന്യാസ്ത്രിയുടെ  ബലഹീനതകളെ കാണാതെ അവരെ  പീഡിപ്പിച്ച  കഥകൾ ഗൗനിക്കാതെ,   കുറ്റക്കാരായ മഠത്തിനെയും  അതിനുത്തരവാദി  ധ്യാന ഗുരു  പുരോഹിതനെയും ന്യായികരിക്കുന്നതും വിചിത്രം തന്നെ.   അർദ്ധരാത്രിയിൽ  വിറയ്ക്കുന്ന കൊടുംതണുപ്പത്ത്  യുവതിയായ ഒരു പാവം കന്യാസ്ത്രിയെ മഠത്തിൽനിന്ന് മൃഗീയമായി  മുതിർന്ന കന്യാസ്ത്രികൾ  ബലമായി തൊഴിച്ചു പുറത്താക്കിയ കഥ ഇന്ന് സോഷ്യൽ മീഡിയാകളിൽ  മുഴുവനായി നിറഞ്ഞിരിക്കുന്നു.  നാട്ടിൽനിന്നും ചെയ്യാത്ത കുറ്റത്തിന് ശിക്ഷയായി അവരെ   ഇറ്റലിയിൽ  പറഞ്ഞു വിട്ട്  അവിടെ നീണ്ട മൂന്നു വർഷങ്ങൾ  അടിമവേല ചെയ്യിപ്പിച്ചുകൊണ്ടിരുന്നു.  എന്നിട്ടും  മിസ്റ്റർ തേലെക്കാടൻ   കുറ്റവാളികളുടെ വക്താവായി സംസാരിക്കുന്നതും വിചിത്രം തന്നെ. സ്ത്രീത്വത്തെ ബഹുമാനിക്കാൻ അയാൾക്കറിയില്ല. തിരുസഭയെന്നാൽ തേലെക്കാടനോ? കന്യാസ്ത്രിയെ തിരിച്ചെടുക്കില്ലന്നു പറയാൻ ഇയാളാര്, ഗുണ്ടായോ, മാഫിയായോ? കന്യാസ്ത്രികൾക്ക്  കന്യാകത്വം തുന്നി കെട്ടാൻ നടക്കുന്നതും   സഭയുടെ ഇത്തരം വക്താക്കളാണെന്നതിലും സംശയമില്ല.അന്തസ്സും ആഭിജാത്യവും തത്ത്വ വീക്ഷണവും അവർക്കില്ലാതെ പോയത് കഷ്ടം തന്നെ. തെരുവിൽ നിസഹായയായി പുറംതള്ളപ്പെട്ട  യുവകന്യാസ്ത്രിയ്ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ തേലെക്കാടന്റെ പ്രതികരണം എന്താകുമായിരുന്നുവെന്നും  അറിയില്ല.

കണ്ണൂർ  'മേലെ ചൊവ്വേ' സ്വദേശിനിയായ സിസ്റ്റർ  അനീറ്റാ  2004-ലാണ് കോണ്‍വെന്റിൽ  ചേർന്നത്.  2007 ജനുവരി 15-ന് സഭാ വസ്ത്രം സ്വീകരിച്ച്  കന്യാസ്ത്രിയായി. അതിനു ശേഷം മദ്ധ്യ പ്രദേശിൽ 'വാച്ചോർ' എന്ന സ്ഥലത്ത് പ്രോവിഡന്റ്  കോണ്'വെന്റ്  ഹൈസ്കൂൾ അദ്ധ്യാപകയായി ജോലിയാരംഭിച്ചു.

 സിസ്റ്റർ  അനീറ്റായെ  അർദ്ധ രാത്രിയിലെ  കൊടും തണുപ്പിൽ,  ഇറ്റലിയിലെ തെരുവുകളിലേയ്ക്ക്  പുറത്താക്കിയ കഥ  ഇന്ന്  വിവാദപരമായ ചൂടുള്ള വാർത്തയായിരിക്കുന്നു.  അവരുടെ   കരളലിയിക്കുന്ന ഈ കഥ  അഭയായുടെ മരണശേഷം  മനുഷ്യ മനസുകളെ ഒന്നായി കരയിപ്പിക്കുകയും  ചെയ്യുന്നു.  അവർ  സഭയുടെ  ജീവിക്കുന്ന മറ്റൊരു ബലിയാടാണ്.ഇറ്റലിയിൽ ഇവരെ മഠത്തിനു പുറത്താക്കിയ സമയം മുതിർന്ന കന്യാസ്ത്രികൾ കൈകളിൽ  ബലമായി പിടിച്ചിരുന്നു. ഒരു കന്യാസ്ത്രി തലമുണ്ട് ഊരിക്കൊണ്ടു പോയി.  പള്ളിയിൽ പ്രാർത്ഥിക്കുന്ന സമയം  സിസ്റ്ററായി ഉപയോഗിച്ചിരുന്ന അവരുടെ  എല്ലാ വസ്ത്രങ്ങളും ഊരിയെടുത്തിരുന്നു.

  ഈ ക്രൂരത ചെയ്തതു മലയാളി കന്യാസ്ത്രികളായിരുന്നു. കൂടെ ഒരു വില്ലൻ ധ്യാനഗുരുവായ പുരോഹിതനുമുണ്ട്.   ഏതാനും മലയാളികൾ  ഇറ്റലിയിലെ തെരുവുകളിൽ നിന്നും അവരെ  രക്ഷിച്ചതുകൊണ്ട് മറ്റപകടങ്ങളൊന്നും  സംഭവിച്ചില്ല.  അതുകൊണ്ട്  അവർക്ക് സുരക്ഷിതമായി നാട്ടിലെത്താൻ കഴിഞ്ഞു.  ഇറ്റലിയിൽ  വേശ്യാലയങ്ങൾ നടത്തുന്ന മലയാളി പുരോഹിതരുടെ ഒരു മാഫിയാ ഗ്രൂപ്പുണ്ടെന്നുള്ള   വാർത്ത ഏതാനും മാസങ്ങൾക്കു മുമ്പ് പത്രങ്ങളിൽ വായിച്ചിരുന്നു. പിമ്പുകളായ (Pimb) അവരുടെ കൈകളിൽ ഈ യുവകന്യാസ്ത്രി അകപ്പെട്ടിരുന്നെങ്കിൽ  ഇവരുടെ ജീവിതം   പിച്ചിക്കീറുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അതിനുത്തരം സഭ പറയുമായിരുന്നോ?

ഇറ്റലിയിലെ കോട്ടയംകാരൻ  ഒരു വൈദികൻ  വേശ്യകളെ  പാർപ്പിച്ചിരിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടൽ നടത്തുന്ന വിവരം വാർത്താ മീഡിയാകളിൽക്കൂടി വെളിച്ചത്തു വന്നിരുന്നു. സമൂഹത്തിലെ വി.ഐ.പി. കളായ വൈദികരും കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയക്കാരും ഈ പഞ്ച നക്ഷത്ര ഹോട്ടലിലെ പറ്റു പടിക്കാരും ഇടപാടുകാരുമാണ്. മനുഷ്യാവകാശ പ്രവർത്തകരുടെ നിരീക്ഷണത്തിൽ അവിടെ വൈദികരുടെ നേതൃത്വത്തിലുള്ള പത്തോളം വേശ്യാലയങ്ങൾ  ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്. കേരളത്തിലെ ജില്ലകളിലുള്ള മുന്നൂറോളം സ്ത്രീകളാണ് ഇത്തരം വേശ്യാലയങ്ങളിൽ  അകപ്പെട്ടിരിക്കുന്നത്. സഹപ്രവർത്തകരായ വൈദികരുടെ പള്ളി മേടകളിലേയ്ക്കും സ്ത്രീകളെ ഇവർ  എത്തിക്കാറുണ്ട്.  വൈദികരുടെ ഒരു അധോലോകം തന്നെ അവിടെയുള്ളതുകൊണ്ട് സ്ത്രീകൾ  പേടിച്ചാണ്  ജീവിക്കുന്നത്. ഭാര്യമാരെ ഇറ്റലിയിൽ വിട്ട് ചില ഭർത്താക്കന്മാർ നാട്ടിൽ ആഡംബര കാറുകളിലും ജീവിക്കാറുണ്ട്.  

മദ്ധ്യപ്രദേശിലെ ഒരു കോണ്‍വെന്റിൽ  സിസ്റ്റർ അനീറ്റ   ഹൈസ്കൂൾ അദ്ധ്യാപകയായി ജോലി ചെയ്യുകയായിരുന്നു. അവിടെ വെച്ച്  ഒരു ധ്യാനകേന്ദ്രത്തിന്റെ  ഡിറക്റ്ററായ  പുരോഹിതൻ  പീഡിപ്പിച്ചനാൾ മുതലാണ്  ഈ കന്യാസ്ത്രിയുടെ കണ്ണുനീരിന്റെ  കഥയാരംഭിക്കുന്നത്.  പുരോഹിതന്റെ  ലൈംഗിക സമ്മർദ്ദത്തിന്  വഴങ്ങിയില്ലെന്നുള്ളതാണ്  അവർ ചെയ്ത തെറ്റ്.   അയാളുടെ  പേര്  ഈ കന്യാസ്ത്രി വെളിപ്പെടുത്തുന്നില്ല. അത്  കഥയിലെ വില്ലനായ ഈ പുരോഹിതനെ ന്യായികരിക്കാനേ പ്രയോജനപ്പെടുകയുള്ളൂ. മദ്ധ്യപ്രദേശിലുള്ള   'പാഞ്ചെരി'യിലെ'  പ്രോവിഡന്റ്  കോണ്‍'വെന്റിനോട്  അനുബന്ധിച്ചുള്ള ധ്യാനകേന്ദ്രത്തിലെ  ധ്യാന ഗുരുവായ വൈദികനാണ് ഇവരെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. പിന്നീടുള്ള പീഡനം അധികാരികളായ കന്യാസ്ത്രികളിൽ നിന്നായിരുന്നു. സംഭവം പുറത്തറിയാതിരിക്കാൻ വൈദികന്റെ മുഖം  രക്ഷിക്കുന്നതിനായി കന്യാസ്ത്രികൾ ഇവരെ ഇറ്റലിയിൽ നാടു  കടത്തുകയായിരുന്നു.

ഈ കോണ്‍ഗ്രിഗേഷനിലുള്ള  അധികാര മത്തു പിടിച്ച  കന്യാസ്ത്രികൾ ഒരു കാരണവുമില്ലാതെ   സഹ കന്യാസ്ത്രികളെ ചില സമയങ്ങളിൽ മുഖത്ത് കാർക്കിച്ചു തുപ്പുമെന്നും  വിശാലമായ ഹാളിലെ തറകൾ മുഴുവൻ  പട്ടികളും പന്നികളും  നക്കുന്നപോലെ നാക്കു കൊണ്ട് നക്കിയ്ക്കുമെന്നും  ചമ്മട്ടി കൊണ്ട് സ്വയം അടിപ്പിക്കുമെന്നും കേട്ടിട്ടുണ്ട്. പോരാഞ്ഞ്  അധികാരച്ചുവയുടെ കലികൊണ്ട  കന്യാസ്ത്രികൾ ഇഷ്ടമില്ലാത്തവരെ  വാതിൽക്കൽ  നിലത്തു കിടത്തിയിട്ട് അവിടുത്തെ മറ്റു കന്യാസ്ത്രികൾ കൂട്ടത്തോടെ തൊഴിച്ച് ആർത്തട്ടഹസിക്കുമെന്നും പഴങ്കാലത്തിലുള്ളവർ പറയുമായിരുന്നു. ഏതായാലും അത്തരം കഥകൾ സിസ്റ്റർ അനീറ്റായിൽ നിന്ന് കേട്ടില്ല.

 2012 മെയ് ഇരുപത്തൊന്നാം തിയതി ഇറ്റലിയിലെ മദർ  ഹൌസിലേയ്ക്ക്   നിർബന്ധിതമായി നാടു കടത്തിയ  അവരെ അവിടെ അടിമ ജോലി ചെയ്യിപ്പിക്കുകയായിരുന്നു. സന്യാസ ജീവിതം ഉപേക്ഷിക്കാൻ കൂടെ കൂടെ ഭീഷണിപ്പെടുത്തിക്കൊണ്ടുമിരുന്നു.   ഭീഷണിയ്ക്കു മുമ്പിൽ അടി പതറാതെ  അവർ ആ മഠത്തിൽ പിടിച്ചു നിന്നു.   മാനസികമായി തളർത്താൻ എല്ലാ അടവുകളും അവിടുത്തെ അധികാരികളായ മലയാളി കന്യാസ്ത്രീകൾ പ്രയോഗിച്ചുകൊണ്ടിരുന്നു. അടിയും ഇടിയും തൊഴിയും കൊടുത്ത്  ദേഹോപദ്രവം   ചെയ്തും പീഡിപ്പിച്ചിരുന്നു.

യുവതിയായ ഈ കന്യാസ്ത്രിയെ  പുരോഹിതൻ പീഡിപ്പിച്ചപ്പോൾ  എതിർത്തതിന് അയാൾ  അവരുടെ മദറിനോട്  പരാതിപ്പെടുകയായിരുന്നു. ഉള്ളു  നിറയെ  കാമം നിറഞ്ഞിരിക്കുന്ന ആ പുരോഹിതൻ ഉന്നതാധികാരികളുടെ ഇടയിൽ  വളരെ പിടിപാടുള്ള മനുഷ്യനായിരുന്നു.   അയാളുടെ ഇഷ്ടത്തിനൊത്തു  യുവതിയായ കന്യാസ്ത്രിയെ  ലഭിയ്ക്കില്ലെന്നറിഞ്ഞപ്പോൾ   പ്രതികാരാഗ്നി  അയാളിൽ ആളി കത്തുകയായിരുന്നു. അവസരത്തിലും അനവസരത്തിലും ഈ സിസ്റ്ററെ അപമാനിക്കാൻ മദർഹൗസിലും മറ്റു കന്യാസ്ത്രികളുടെയിടയിലും ഇയാൾ  നുണ പ്രചരണവും നടത്തിക്കൊണ്ടിരുന്നു. ഇയാളുടെ നുണയിന്മേൽ സിസ്റ്റർ  അനീറ്റായുടെ  സ്കൂളിലെ ജോലിയിൽ അതൃപ്തയെന്നു പറഞ്ഞ് അവിടെ നിന്ന് മാറ്റാനുള്ള ശ്രമവും തുടങ്ങി. 'നിത്യ വൃതമെന്ന്  പറഞ്ഞ്  കബളിപ്പിച്ച് അവരെ ഇറ്റലിയിൽ അയക്കുകയായിരുന്നു. ചതിക്കുഴിയിൽ വീഴുകയാണെന്ന്  അന്നവർക്കറിയില്ലായിരുന്നു.   ഇറ്റലിയിലെ മൂന്നു വർഷത്തെ  മൃഗീയമായ അടിമപ്പണിയ്ക്കുശേഷം ജോലിയ്ക്ക് സ്പീഡില്ലായെന്ന് പറഞ്ഞ്  മഠത്തിൽനിന്ന്  പുകച്ചു തള്ളാനുള്ള ആലോചനയും തുടങ്ങി.   ആത്മാർത്ഥതയില്ലായെന്ന മുടന്തൻ  ന്യായം പറഞ്ഞ്  നിസഹായായ അവരെ  ഇറ്റലിയിലെ കോണ്'വെന്റിൽ  നിന്നും പുറത്താക്കുകയായിരുന്നു.

ഇത്രമാത്രം പീഡിപ്പിച്ചിട്ടും  'സിസ്റ്റർ അനിറ്റാ'   ധ്യാന ഗുരുവിന്റെ പേര് വെളിപ്പെടുത്താതും അവരുടെ വ്യക്തിത്വത്തിന്റെ  മഹാത്മ്യം  വർദ്ധി പ്പിക്കുന്നു. ആരുടേയും പേര് കളങ്കപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നില്ലെന്നും പറയുന്നു. അവർ പറയുന്നു, "ആദ്യം  ഈ ധ്യാന ഗുരു ഇഷ്ടം പ്രകടിപ്പിച്ചു വന്നു.   കൈയ്ക്ക് പിടിക്കാൻ തുടങ്ങിയപ്പോൾ  എതിർത്തു. പിന്നീട് വാദിയെ പ്രതിയാക്കിക്കൊണ്ട്   പുരോഹിതനെ ശല്യപ്പെടുത്തുന്നതായ കഥയുണ്ടാക്കി, അനീറ്റായ്ക്കെതിരെ കേസ്സായും മാറി.".   മദർ  ചോദ്യം ചെയ്തപ്പോൾ "ഞാനങ്ങനെ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ  മടങ്ങി വീട്ടിൽ പ്പോവാൻ തയ്യാറാണെന്നും അനീ റ്റാ പറഞ്ഞു ."  അന്ന് ഈ  സിസ്റ്ററിന്  മഠം സംബന്ധിച്ച  അനേകം ചുമതലകളുണ്ടായിരുന്നു.  സിസ്റ്ററിനോട്  വിസ്താരവേളയിൽ  നയൊപായത്തോടെ 'മദർ' പറഞ്ഞു, "സാരമില്ല, കുട്ടീ, ഇങ്ങനെയൊരു സംഭവം നടന്നുവെന്ന് പുറം ലോകം അറിയാതിരുന്നാൽ മതി."

സിസ്റ്റർ അനീറ്റാ പഠിപ്പിച്ചിരുന്ന സ്കൂളിന്റെ സുവർണ്ണ ജൂബിലിയും അന്നത്തെ പ്രോഗ്രാമുകളുടെ പ്രധാന ചുമതലകൾ വ്ഹിക്കുന്നതുകൊണ്ടും  അവരെ മഠത്തിൽനിന്നും ഒഴിവാക്കാൻ സാധിക്കില്ലായിരുന്നു.   മഠത്തിന് അവരെ ആവശ്യമുണ്ടായിരുന്നു.  കൂടാതെ പത്താം ക്ലാസ്സിലെ പരീക്ഷകൾ നടക്കുന്ന സമയവുമായിരുന്നു. അധികാര വർഗമായ ഈ  കന്യാസ്ത്രികൾ ധ്യാന ഗുരുവിനെ താങ്ങി നടക്കുന്ന ആട്ടിൻ തോല് ധരിച്ച ചെന്നായ്ക്കളായിരുന്ന വിവരം അന്ന് സിസ്റ്റർ അനിറ്റായ്ക്ക് അറിയില്ലായിരുന്നു. ജൂബിലി കഴിഞ്ഞാണ് ഇറ്റലിയിലെ  മഠത്തിലേയ്ക്ക്   സ്ഥലം മാറ്റുന്നതായ ഓർഡർ കൊടുത്തത്.  ഒരു സൂചന പോലും കൊടുക്കാതെ അത്  ധ്യാന ഗുരുവും കന്യാസ്ത്രികളും ഒത്തു കളിച്ചുള്ള ഒരു തീരുമാനമായിരുന്നു.  നിത്യവ്രതമെന്നു പറഞ്ഞ് ഈ യുവ കന്യാസ്ത്രിയുടെ  വീട്ടുകാരെയും കബളിപ്പിച്ചു. ഒരു വർഷം കഴിഞ്ഞ് മടങ്ങി വരുമെന്നാണ് വീട്ടുകാരെയും ധരിപ്പിച്ചത്. 'റിലീജീയസ്  വിസയിൽ ഇറ്റലിയിൽ പോയ അവർക്ക്  അവിടെ ലഭിച്ചത് ശാരീരിക പീഡനവും  മർദ്ദനവുമായിരുന്നു. മദർ ജനറാൾ ഒഴികെ ഇറ്റലിയിലെ കോണ് വെന്റിൽ ഉണ്ടായിരുന്നവർ  എല്ലാവരും  തന്നെ മലയാളികളായിരുന്നു. പലരും ആ ധ്യാന ഗുരുവിന്റെ സുഹൃത്തുക്കളുമായിരുന്നു.

ഇറ്റലിയിൽ  ഈ യുവതിയെ  നിത്യം പീഡിപ്പിച്ച്  മിക്ക ദിവസങ്ങളിലും പട്ടിണിയ്ക്കിട്ടിരുന്നു. മറ്റുള്ളവർ  ഭക്ഷിക്കുമ്പോൾ വെള്ളം മാത്രം കൊടുത്തിരുന്നു. തുണികളെല്ലാം കത്തിച്ചു കളഞ്ഞു. നാട്ടിലേയ്ക്ക് പോകാനുള്ള വിസായും  റദ്ദാക്കി. ജീവന് ഭീക്ഷനിയായപ്പോൾ അവിടെനിന്നു പോകാൻ സമ്മതിക്കുകയായിരുന്നു. സ്നേഹമുള്ള കന്യാസ്ത്രികൾ പറഞ്ഞതുകൊണ്ട്'  നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.   കോണ്‍ഗ്രഗേഷനിൽനിന്ന്  ഒഴിവാക്കാനായിരുന്നു ശ്രമം. തക്കതായ കാരണമില്ലാതെ പറഞ്ഞയച്ചാൽ പോകില്ലെന്നും സിസ്റ്റർ അനീറ്റ  തറപ്പിച്ചു  പറഞ്ഞു. പ്രതികരിച്ചതിനു  മൃഗീയമായി ഉപദ്രവിച്ചശേഷം  പാതിരായിൽ  തണുപ്പു സമയത്ത് റോഡിലേയ്ക്ക്  പുറത്താക്കുകയായിരുന്നുണ്ടായത്.  അങ്ങകലെ കണ്ണൂരുള്ള മാതാപിതാക്കൾ  ഈ   സ്ത്രീ ചെന്നായ്ക്കളുടെ  മർദ്ദന  മുറകൾ അറിയുന്നുണ്ടായിരുന്നില്ല. മഠത്തിലുള്ള മറ്റു കന്യാസ്ത്രികൾ നിസഹായായ സിസ്റ്റർ അനീറ്റായുടെ  ദീനരോദനം കേട്ട് പൊട്ടി കരയുന്നുണ്ടായിരുന്നു.

മൂന്നു വർഷത്തിനു ശേഷം നെടുമ്പാശ്ശേരിയിൽനിന്നും ഇവർ ആലുവാ മഠത്തിൽ താമസിക്കാൻ പോകവേ വീണ്ടും  ദുരന്താനുഭവങ്ങളുണ്ടായി.  അവിടെയും സിസ്റ്റർ അനീറ്റായെ മഠം കന്യാസ്ത്രികൾ പീഡിപ്പിച്ചു. ഇറ്റലിയിൽനിന്നും മടങ്ങി വന്ന അവരുടെ ബാഗുകൾ  പുറത്തേയ്ക്ക്   വലിച്ചെറിഞ്ഞു.  മഠത്തിൽ പ്രവേശിപ്പിക്കാഞ്ഞതുകൊണ്ട് നടുവെയിലത്ത് പത്തു മണിക്കൂറോളം  ദേശീയ പാതയിൽ നിൽക്കേണ്ടി വന്നു. നീണ്ട  മണിക്കൂറുകൾ അവശയായി  ദേശീയ പാതയിൽ നിന്ന ഇവരെ നാട്ടുകാർ ഇടപെട്ട് ജന സേവക മന്ദിരത്തിൽ എത്തിക്കുകയായിരുന്നു.  

കന്യാസ്ത്രി മഠങ്ങൾ  അരമനപോലെ പണം കൊണ്ട് കൊഴുത്തു തടിച്ചിരിക്കുകയാണ്.   കോടിക്കണക്കിനുള്ള അവരുടെ അമിതമായ  വരുമാനം എവിടെനിന്നെന്നും  സാധാരണക്കാരെ സംബന്ധിച്ചുള്ള  ഒരു ചോദ്യമാണ്. കൂലിയില്ലാതെയാണ്. കന്യാസ്ത്രികളെക്കൊണ്ട്  ജോലി ചെയ്യിപ്പിക്കുന്നത്. സ്കൂളുകളിൽ നിന്നും നേഴ്സിംഗ് ഹോമിൽ നിന്നും വരുമാനമുണ്ട്. പൊതു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം  കോണ്‍ഗ്രഗേഷൻ  എടുക്കും.  സിസ്റ്റർ അനിറ്റ  അഞ്ചു വർഷം ജോലി ചെയ്തിട്ടും  സ്വന്തമായി ഒറ്റ പൈസാ പോലും പുറത്തിറങ്ങിയപ്പോൾ കൈവശമുണ്ടായിരുന്നില്ല. എല്ലാ കന്യാസ്ത്രികളുടെയും അവസ്ഥ ഇതു തന്നെയെന്ന് അവർ പറയുന്നു.

ചുറ്റുമുള്ള കന്യാസ്ത്രികൾ ഇവരെ സ്നേഹിച്ചിരുന്നു. ആരും കാണാതെ പാലും ബിസ്ക്കറ്റും കൊടുക്കുമായിരുന്നു. കൂട്ടത്തിലുള്ളവർ എന്നും കരയുമായിരുന്നു. അവരെല്ലാം ഭക്ഷണം കഴിക്കുമ്പോൾ ഇവർക്ക്  വെള്ളം മാത്രം കൊടുത്തിരുന്നു. മറ്റുള്ള കന്യാസ്ത്രികൾ നിസഹായരായിരുന്നു. മദർ പറയുന്നത് അനുസരിക്കണമെന്നാണ്  സന്യാസത്തിന്റെ കാതലായ ചട്ടമായി കരുതുന്നത്. തെറ്റ് ചെയ്യാത്തതുകൊണ്ടും തെറ്റിനെ കാണാൻ സാധിക്കാത്തതു കൊണ്ടും സിസ്റ്റർ അനീറ്റായെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു.

ഇന്നവർ സഭയുടെ പീഡങ്ങൾക്കെതിരെ  മനസിടറാതെ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ്.  അചഞ്ചലമായ തീരുമാനങ്ങളോടെ  തോൽക്കാൻ  തയ്യാറല്ലെന്നും അവർ പറയുന്നു. ഈ അനുഭവം  ഇനി മറ്റൊരാൾക്കും ഉണ്ടാകരുതെന്നും ആരെയും ക്രൂശിക്കാനല്ല  മറിച്ച്  സഭയുടെ കണ്ണുകൾ  തുറക്കാനാണ് അവർ  അങ്കം വെട്ടുന്നതെന്നും  പറഞ്ഞു.

പത്രോസിന്റെ പാറയിൽ ക്രിസ്തു  സ്ഥാപിച്ച  സഭ  ഇന്ന്  കഠിന ഹൃദയരായ  പുരോഹിതരുടെ നിയന്ത്രണത്തിൽ  മണൽക്കൂമ്പാരത്തിലെ ആടിയുലയുന്ന   മഹാ ഗോപുരത്തിന്  സമാനമായി തീർന്നിരിക്കുന്നു. അട്ടപ്പാടിയിലെ ഗ്രാമീണരെ പരിചരിക്കുന്നതിനു  പകരം പണം തേടി പരിഷ്കൃത രാജ്യങ്ങളിൽ ആത്മാക്കളെ രക്ഷിക്കാൻ തെണ്ടിയലയുന്ന ധ്യാന ഗുരുക്കളും സഭയെ തകർത്തുകൊണ്ടിരിക്കുന്നു. അത്തരത്തിലുള്ള ഒരു ധ്യാന ഗുരുവാണ് ഈ യുവ കന്യാസ്ത്രിയെ  ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. സഭയിലെ പുരോഹിത ബലാൽ സംഘ കഥകൾ നിത്യേന വാർത്തകളിൽ സ്ഥാനവും പിടിച്ചു കഴിഞ്ഞു.  നടക്കില്ലന്നറിഞ്ഞപ്പോൾ അയാൾ  ആ കന്യാസ്ത്രിയ്ക്ക് കൊടുക്കാവുന്നത്ര പീഡനം കൊടുത്തു.  ഇങ്ങനെ ക്രൂര വിനോദങ്ങൾ നിറഞ്ഞ പുരോഹിതകഥകൾ ലോക മാധ്യമങ്ങളിൽ  നിത്യ വാർത്തകളുമാണ്. ബ്രഹ്മചര്യത്തിന്റെ ദീപം കൊളുത്തേണ്ട, യേശുവിന്റെ  പിന്നാലെ നടക്കേണ്ട   ധ്യാന ഗുരുവായ ആ  കപട പുരോഹിതനെ പരസ്യമായി വിചാരണ ചെയ്ത് അർഹമായ ശിക്ഷയും  കൊടുക്കേണ്ടതാണ്.  അയാൾ ചെയ്ത കുറ്റത്തിനുള്ള പ്രാശ്ചിത്തം അനുഭവിക്കേണ്ടി വന്നത്  പാവം ഈ യുവ കന്യാസ്ത്രിയായിരുന്നു.

പരസ്നേഹത്തിലും  പരസ്പര ധാരണയിലും ദീനദയ പ്രകടിപ്പിച്ചും ജീവിക്കേണ്ട കന്യാസ്ത്രികളാണ് ഈ ക്രൂരവിനോദം ഒരു പാവപ്പെട്ട കന്യസ്ത്രിയോട് കാണിച്ചത്. തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറിന്റെ കൈകൾ  വെട്ടാൻ കൂട്ടു നിന്ന അതേ പുരോഹിതരുടെ മനസ്ഥിതിയുള്ള കന്യാസ്ത്രികളാണ്  പുറത്താക്കപ്പെട്ട   ഈ കന്യാസ്ത്രിയുടെ  ചുമതലകൾ വഹിക്കുന്നതെന്നും അനുമാനിക്കണം.  തേലെക്കാടനെപ്പോലുള്ള  വിഷപുരോഹിതർ ഇത്തരം മഠങ്ങളെ  പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രസവിക്കാത്ത സ്ത്രീകൾക്ക്  ഈ  യുവ കന്യാസ്ത്രിയുടെ  നൊന്തു പ്രസവിച്ച  മാതാവിന്റെയും ജന്മം കൊടുത്ത പിതാവിന്റെയും വേദനകൾ മനസ്സിലാവില്ല. വടിയും പിടിച്ച് നേർച്ചപ്പെട്ടിയിലെ പണവും വാരിക്കൂട്ടി  മുത്തു കുടയിൽ നടക്കുന്ന  രൂപതാ മെത്രാൻ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നുവോ? ഇവരൊക്കെ നസ്രത്തിലെ തച്ചന്റെ മകന്റെ വാക്കുകൾ ചവറ്റുകൊട്ടയിൽ എറിഞ്ഞോ?  പാപിനിയായ മറിയത്തിന്  മോചനമുണ്ടായിരുന്നു. ഇവർ ക്രൂശിക്കുന്നത് തെറ്റു ചെയ്യാത്ത ഒരു കന്യാസ്ത്രിയാണെന്നും ചിന്തിക്കണം. സ്ത്രീത്വത്തെ മാനിക്കാത്ത  ഒരു പുരോഹിത കാട്ടാളനിൽനിന്നും  രക്ഷപെട്ടതായിരുന്നു അവർ ചെയ്ത  ഏക തെറ്റ്. മരിയാ ഗോരത്തി മാനം രക്ഷിച്ചതുകൊണ്ട് അവരെ പുണ്യവതിയാക്കിയ ചരിത്രവും സഭയ്ക്കുണ്ട്. കാരണം,  ആ പുണ്യവതിയുടെ ഘാതകൻ പുരോഹിതനല്ലായിരുന്നു. ഒരു സ്ത്രീയുടെ വിലപ്പെട്ടതായ കന്യകാത്വം രക്ഷിച്ചത് തെറ്റോ?  തുന്നി കെട്ടിയ കന്യാകത്വം കൊണ്ട്  നടക്കുന്ന സെഫിയും അഭയായുടെ ജീവൻ കവർന്നെടുത്ത പുരോഹിതരും സമൂഹത്തിൽ ഇന്നും ഉന്നതരായി തന്നെ ജീവിക്കുന്നതും വിരോധാഭാസം തന്നെ.

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...