By ജയിംസ് കോട്ടൂർ
(മലയാളം വീക്ഷണം: ജോസഫ് പടന്നമാക്കൽ)
ഒരു പുരോഹിതനായിരുന്ന ഞാൻ, കടന്നു വന്ന വഴികളെ തുറന്ന ഹൃദയത്തോടെ ആത്മകഥാ രൂപത്തിൽ ഇവിടെ കുറിയ്ക്കുകയാണ്. ഇതെന്റെ ആത്മാന്വേഷണവും സഞ്ചരിച്ച കല്ലും മുള്ളും നിറഞ്ഞ വഴികളും ചെറിയ ലോകവും ഒപ്പം സഞ്ചരിച്ചവരും അനുഭവങ്ങളും പാളീച്ചകളുമാണ്. വായനക്കാരാ, ഹൃദ്യമായ ഭാഷയിൽ വികാരഭാവങ്ങളോടെ മനസുതുറന്നുകൊണ്ട് തന്നെ ഞാൻ നിങ്ങളോട് സംസാരിക്കട്ടെ. ഇതിൽ കുറിച്ചിരിക്കുന്ന സത്യങ്ങളെല്ലാം കർത്താവിന്റെ മുന്തിരിത്തോപ്പിൽ ജോലി ചെയ്ത പുരോഹിതനായിരുന്ന എന്റെ കഥയാണ്. ഒരിയ്ക്കൽ ക്രിസ്തുവിന്റെ ബലി പീഠത്തിങ്കൽ, നിഷ്കളങ്കനായി ഒരു മാലാഖയെപ്പോലെ പൌരോഹിത്യത്തിൽ ഞാൻ ചെക്കേറി. അതേ സത്യത്തിന്റെ ദീപം കൊളുത്തി പൌരോഹിത്യം ഉപേക്ഷിക്കുകയും ചെയ്തു. പൌരോഹിത്യത്തിൽ പ്രവേശിക്കുന്ന സമയം സ്വപ്നങ്ങൾ കൊണ്ടുള്ള ഒരു കൂടാരം എന്റെ മനസിൽ നെയ്തെടുത്തിരുന്നു. ആത്മീയതയുടെ മടിത്തട്ടിൽ പലതും ഞാൻ നേടിയെങ്കിലും കുഞ്ഞായിരുന്നപ്പോൾ ഉണ്ടായിരുന്ന ഭാവനകളനുസരിച്ച് പൌരോഹിത്യത്തെ താലോലിക്കാൻ എനിയ്ക്ക് സാധിക്കാതെ പോയി. എന്നെപ്പോലെ തന്നെ അന്ധമായ വിശ്വാസത്തിലാണ് കൌമാരപ്രായത്തിൽ പലരും സെമിനാരിയിൽ പ്രവേശിക്കുന്നത്. സ്വപ്ന ലോകത്തിൽ നിശാടനം ചെയ്യുന്നവർക്കേ അത്തരം ഒരു ജീവിതം തെരഞ്ഞെടുക്കാൻ സാധിക്കുള്ളൂ. കുട്ടിക്കാലത്ത് ഞാനും മയങ്ങിയവനെപ്പോലെ ആത്മീയ ഗുരുക്ഷേത്രത്തിൽ പ്രവേശിച്ചു. ഒന്നുമറിയാത്ത പ്രായത്തിൽ ജീവിതത്തെ കണ്ടെത്താത്ത ഞാൻ അവിടെ എന്താണ് ജീവിതമെന്നും കണ്ടെത്തി.
മുമ്പോട്ടു തുഴഞ്ഞു പോവുന്ന ഞാൻ പുറകോട്ടു നോക്കി വന്ന വഴിയേ ചിന്തിക്കുകയാണെങ്കിൽ എന്റെ ജീവിത യാത്രകൾക്ക് ഇനിയും അർത്ഥം കൽപ്പിക്കാൻ സാധിക്കാതെ വരും. ജീവിത ചക്രങ്ങളെ പുറകോട്ടു തിരിച്ചാൽ കഴിഞ്ഞ എണ്‍പതു വർഷങ്ങളിലെ ഭീതിയും ഭയാനകവും നിറഞ്ഞ ജീവിതത്തെ വലിച്ചു നീട്ടേണ്ടി വരും. ഗീതയിൽ പറയുമ്പോലെ എല്ലാം ചുരുക്കി 'സംഭവാമി യുഗേ യുഗേ' എന്നും പറയേണ്ടി വരും. സംഭവിക്കേണ്ടത് സംഭവിച്ചു കഴിഞ്ഞു. എല്ലാം നന്മയ്ക്കു വേണ്ടി മാത്രം. ഞാനായിട്ട് ഈ ലോകത്തിലേയ്ക്ക് ഒന്നും കൊണ്ടുവന്നിട്ടില്ല. ഒന്നും തനതായി ഉണ്ടാക്കിയിട്ടില്ല. ഞാനൊന്നും നശിപ്പിച്ചിട്ടില്ല. ഈ ലോകത്തിൽ എനിയ്ക്കുള്ളതെല്ലാം നാളെ മറ്റൊരുവന്റെതാണ്. എന്റെ മാറ്റങ്ങൾ പ്രകൃതിയുടെ നിയമങ്ങളെ തെറ്റിക്കാനും സാധിക്കില്ല. മാറ്റങ്ങൾ മനുഷ്യ ജീവിതത്തിന്റെ ഘടകങ്ങളെന്ന് ആദ്യമായി ഞാൻ പഠിച്ചത് കർദ്ദിനാൾ ന്യൂമാനിൽ നിന്നായിരുന്നു. ഒരു പക്ഷെ സഭയുടെ ഉയർന്ന ശ്രേണിയിൽ സഞ്ചരിക്കുന്ന രാജകുമാരന്മാർക്ക് മാറ്റങ്ങൾ സാധിക്കില്ലായിരിക്കാം. എങ്കിലും ജീവിക്കുന്ന ലോകത്ത് മാറ്റങ്ങൾ സംഭവിച്ചേ മതിയാവൂ. മരിച്ചു പോയവർക്ക് ഭാവിയെ അറിയേണ്ടാ. മാറ്റങ്ങൾ വേണ്ടാ. ആഴത്തിലുള്ള കുഴിമാടത്തിൽ അടക്കിയിരിക്കുന്ന ശവപ്പെട്ടിയ്ക്കുള്ളിൽ അവർ ദ്രവിച്ചു പൊയ്ക്കൊള്ളും. ദൈവമേ, ദുർബലമായ എന്റെ അറിവില്ലായ്മയെ തട്ടിമാറ്റി എന്റെ വഴികൾ സുഗമമാകാൻ നീ തെളിച്ചുകൊണ്ടിരുന്നു.' കുണ്ടും മുള്ളും നിറഞ്ഞ വഴിയേ ഞാനും സഞ്ചരിച്ചു.
എന്റെ ജീവിതം പന്തുകളത്തിലെ അങ്ങോട്ടും ഇങ്ങോട്ടും തട്ടുന്ന പന്തിനു തുല്യമായിരുന്നു.ഞാൻ സ്വയം എന്റെ പന്തിനെ തട്ടി. തെറിച്ചു വീണത് ലക്ഷ്യമില്ലാ ലോകത്തിലേയ്ക്കും. സൃഷ്ടാവായ ദൈവം അവന്റെ സൃഷ്ടികളുമൊത്തു നസ്രത്തിൽ ആശാരി ചെറുക്കനായ യേശുവിന്റെ വഴിയേ, ചെറു പന്തുകൾ തട്ടുകയാണോ? അറിയില്ല. ഞാൻ തട്ടുന്ന പന്ത് കാരിരുമ്പിനെക്കാളും ശക്തിയേറിയതായിരുന്നു. ആദ്യത്തെ പന്ത് ചെന്നയിലെ പൂങ്കാവന സെമിനാരിയിൽ ആഞ്ഞടിച്ചു. അവിടെ എന്റെ യൗവനത്തിലെ ആദ്യത്തെ പത്തു വർഷക്കാലം ചെലവഴിച്ചു. അവിടെ നിന്ന് ഒരു പന്ത് തട്ടി, എത്തിയതോ റോമ്മായിലും. അവിടെ തീയോളജിയും സോഷ്യോളജിയും പഠിച്ചു. പിന്നീട് ഫ്രഞ്ച് പഠിക്കാൻ ഫ്രാൻസിൽ പോയി. അവിടുന്ന് ലണ്ടൻ, മ്യൂണിക്ക്, ബർളിൻ, നെതർലാൻഡ്, ബല്ജിയം, സ്വിറ്റ്സർലണ്ട്, ഇസ്രായേൽ അങ്ങനെയങ്ങനെ ലോകം ചുറ്റിയുള്ള ജൈത്ര യാത്ര തുടർന്നു. അലഞ്ഞുള്ള ദേശാടന യാത്രയിൽ റോമ്മായിൽ എത്തി. അവിടുന്ന് ആഞ്ഞൊരു തട്ടിൽ പത്രപ്രവർത്തനം പഠിക്കാൻ അമേരിക്കയിലെ 'മാർഖാ' യൂണിവേഴ്സിറ്റിയിൽ; നാലു വർഷം പഠിച്ചു ഡിഗ്രീ നേടി. വീണ്ടും ഞാനാകുന്ന പന്ത് വീണത് ചെന്നയിലായിരുന്നു. നാഷണൽ ന്യൂ ലീഡർ കാത്തലിക്ക് വീക്കലി എഡിറ്റു ചെയ്യാനുള്ള ചുമതലയും ഏല്പ്പിച്ചു.
സുന്ദരമായ ഒരു ബാല്യം എനിക്കുമുണ്ടായിരുന്നു. മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും സഹോദരി സഹോദരന്മാരുമൊത്തുള്ള ഒരു ജീവിതം. അന്നുള്ള കൂട്ട പ്രാർത്ഥന സൃഷ്ടാവായ ദൈവവുമായുള്ള ഒരു സല്ലപിക്കലായിരുന്നു. സന്ധ്യാ സമയങ്ങളിൽ ഞങ്ങൾ ഒത്തുകൂടി നാഥനെ വാഴ്ത്തുമായിരുന്നു. ഞാനിങ്ങനെ പ്രാർത്ഥിക്കുമായിരുന്നു, "ദൈവമേ അന്ധകാരത്തിൽ നിന്നും എന്റെ അജ്ഞതയെ നീക്കി നീ എന്നെ പ്രകാശത്തിലേയ്ക്കു നയിക്കണമേ. എനിയ്ക്കു മുമ്പേ വഴികാട്ടിയായി എന്നെ നയിക്കുവാൻ നീ സഞ്ചരിക്കുന്നു. എന്റെ സഞ്ചാര വീഥിയിലെ കുണ്ടുകുഴികൾ നിരത്തി നീ എനിയ്ക്ക് ആത്മദീപം പ്രകാശിപ്പിച്ചു തരൂ! "
ഞാനൊന്ന് കഴിഞ്ഞ കാലങ്ങളെ തേടി പുറകോട്ടൊന്ന് എത്തി നോക്കി. എന്റെ സേവനങ്ങളെ വിലമതിക്കാത്ത കാലങ്ങളെ പഴിക്കാനും തോന്നി. എന്നെപ്പറ്റിയുള്ള മുഖവുരയോടെ കടന്നുപോയ ജീവിതാനുഭവങ്ങളെ ഒന്ന് വിലയിരുത്തട്ടെ. ജീവിതം പച്ച പിടിക്കും മുമ്പ് കപട രഹിതമെന്നു വിചാരിച്ച ഈ ലോകത്തിലെ ഒന്നുമറിയാത്ത നിഷ്കളങ്കനായ ഒരു ബാലനായിരുന്നു ഞാൻ. ജീവിതം കണ്ടിട്ടില്ലാത്ത, ജീവിതം എന്തെന്നറിയാതെ, ജീവിതത്തിലേയ്ക്ക് കാലു കുത്തിയ പാവം ഒരു കൊച്ചൻ. പഴയ നിയമത്തിലെ ദാവീദിനെപ്പോലെ സന്തോഷവും ഭാഗ്യവും തേടി നടന്ന ഒരു ആട്ടിടയ ചെറുക്കൻ. കുഞ്ഞായിരുന്നപ്പോൾ ആടുമാടുകൾക്കൊപ്പം ഞാനും ഓടുമായിരുന്നു. തേൻ മാവിൻ കൊമ്പത്തിരിക്കുന്ന അണ്ണാർക്കണ്ണനോട് പാടുമായിരുന്നു, "കാറ്റേ വാ, കടലേ വാ, മാവിൻ കൊമ്പത്തിരിക്കുന്ന അണ്ണാർക്കണ്ണനും തന്നാലായത്" മലയോരങ്ങളിലും താഴ്വരകളിലും കാട്ടിലും വെള്ളത്തിലും ഊടുവഴികളിലും ശുദ്ധമായ നീരുറവകളിലും തത്തി കളിക്കുമായിരുന്നു. അന്ന് ഏഴു മൈൽ കാൽ നടയായി സ്കൂളിൽ പോവേണ്ട ദിനങ്ങളും ഓർക്കുന്നു. ഫുട്ട്ബാൾ കളിക്കും. പന്തുകൾ തട്ടാൻ ഞാൻ മിടുക്കനായിരുന്നു. നീണ്ട മണിക്കൂറോളം അദ്ധ്യാപകരുടെ ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുകയെന്നത് എന്നെ സംബന്ധിച്ച് ദുഷ്ക്കരമായിരുന്നു. ഞാനായിരുന്നു ക്ലാസ്സിൽ പഠിക്കാൻ മിടുക്കൻ. എന്നും ഒന്നാമനായിരുന്നു. അതിൽ ആർക്കും പരാതിയില്ലായിരുന്നു. നല്ലൊരു അതലറ്റും ഫുട്ട് ബാൾ കളിക്കാരനുമെന്ന നിലയിൽ അധ്യാപകരുടെയും സഹപാഠികളുടെയും പ്രശംസകൾ നേടുമ്പോൾ സ്വയം അഭിമാനിച്ചിരുന്നു. ഒരു ക്ലാസ്സിലും തോറ്റിട്ടില്ല. അക്കാലങ്ങളിൽ തോക്കാതെ പഠിക്കുന്നവർ വളരെ വിരളമായേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും പഠനത്തിൽ അധികം ശ്രദ്ധിക്കാറില്ലായിരുന്നു. വീടിനുള്ളിലും അനുസരണയോടെ നടക്കാൻ ചില ചിട്ടകളും നിയമങ്ങളും ഉണ്ടായിരുന്നു. പുസ്തകങ്ങൾ വായിച്ചു ഞാൻ എന്റെ മുത്തച്ചനെ കേൾപ്പിക്കുമായിരുന്നു. അദ്ദേഹമെന്നും എനിയ്ക്ക് പ്രിയപ്പെട്ടവനും. അതുപോലെ ഞാൻ അദ്ദേഹത്തിനും.
കൂട്ടുകാരുമൊത്ത് സായം കാലങ്ങളിൽ മുറ്റത്തെ വരിയ്ക്കപ്ലാവിനു കീഴെ സമ്മേളിക്കുന്ന സമയം ഭാവിയെപ്പറ്റിയും ചർച്ചാ വിഷയങ്ങളുണ്ടായിരുന്നു. എന്നോടൊപ്പമുള്ള കുട്ടികൾക്കും അതൊരു ചിന്താവിഷയമായിരുന്നു. എന്നെ സംബന്ധിച്ച് നാളെയെപ്പറ്റി ഞാനൊരിക്കലും അത്തരം ചിന്തകളുമായി തല പുകച്ചിരുന്നില്ല. എന്റെ ചെറിയ ലോകത്തിൽ എന്നെ മാത്രം ഞാൻ കണ്ടിരുന്നു. വലിയവനോ പണക്കാരനോ, ബിസിനസ്കാരനോ ഡോക്ടറോ എഞ്ചിനീയറോ ഒന്നും എന്റെ ഭാവനയിൽ ഉണ്ടായിരുന്നില്ല. എന്നാൽ S S L C പഠിക്കാൻ തുടങ്ങിയ കാലങ്ങൾ മുതൽ ചിന്തകൾക്കും മാറ്റം വരാൻ തുടങ്ങി. കഴുത്തിൽ മാലയിട്ടു വരുന്ന അയൽവക്കത്തെ കുട്ടികളെ കാണുമ്പോൾ എനിയ്ക്കും അങ്ങനെയൊരു മാല അണിയണമെന്ന് മോഹമുണ്ടായിത്തുടങ്ങി. ഒരിക്കൽ ഞാൻ എന്റെ മുത്തശ്ശിയോട് അമ്മേ, എനിക്കും ഒരു മാല മേടിച്ചു തരാമോയെന്ന് ചോദിച്ചു. പുഞ്ചിരിയോടെ ഒരു വ്യവസ്ഥയുടെ മേൽ മുത്തശ്ശി സമ്മതിച്ചു. ആദ്യം ഞാൻ S S L C പാസാകണം. പിന്നീടൊരിക്കലും SSLC പാസാകും വരെ മാലയ്ക്കായി മുത്തശ്ശിയെ ശല്യപ്പെടുത്തിയിട്ടില്ല. ഞങ്ങൾ മക്കൾ നാലു സഹോദരരും മൂന്നു സഹോദരികളും ഒന്നിച്ച് വീട്ടിൽ താമസിച്ചിരുന്ന കാലവുമായിരുന്നു. അവരിൽ രണ്ടുപേർ പുരോഹിതരും മൂന്നുപേർ കന്യാസ്ത്രികളുമായി. അവരെങ്ങനെ കന്യസ്ത്രികളും പുരോഹിതരുമായി എന്നുള്ളത് മറ്റൊരു കഥയാണ്. ദൈവ കൃപയാൽ അവരിൽ ഞാൻ മാത്രം താഴെ വീണു.
ഞങ്ങളുടെ കുടുംബത്തിൽ ഭയ ഭക്തി ബഹുമാനം കൊണ്ട് അപ്പച്ചനോടും അമ്മച്ചിയോടും ആരും ഒന്നും ചോദിക്കില്ലായിരുന്നു. അവർ സദാ കൃഷികാര്യങ്ങളിലും അടുക്കള കാര്യങ്ങളിലുമായി ജോലികളിൽ മുഴുകിയിരുന്നു. മുത്തശ്ശി വഴിയോ മുത്തച്ഛൻ വഴിയോ ഞങ്ങളുടെ കൊച്ചുലോകത്തിലെ ചെറിയ ചെറിയ ആവശ്യങ്ങൾ നേടിയിരുന്നു. മുത്തച്ഛനും മുത്തശ്ശിയും ഞങ്ങളെ ബൈബിൾ കഥകൾ വായിച്ചു കേൾപ്പിക്കുമായിരുന്നു. പ്രത്യേകിച്ച് പഴയ നിയമത്തിലെ കഥകൾ കേൾക്കാൻ വലിയ ഇഷ്ടമായിരുന്നു. കുട്ടികളുടെ മിഷ്യൻ ലീഗിൽ ചേർന്ന് പാവങ്ങളെയും രോഗികളെയും മറ്റു ആശ്രയം ഇല്ലാത്തവരെയും സഹായിക്കാൻ ദൂരെസ്തലങ്ങളിൽ പോയിരുന്നു. SSLC കഴിഞ്ഞ് മുമ്പോട്ടു പഠിക്കാനുള്ള ഭാവനകളും മൊട്ടിട്ടു തുടങ്ങി. എന്തു പഠിക്കണം, എങ്ങോട്ട്, എന്നൊക്കെ മാർഗ നിർദ്ദേശങ്ങൾ തരാൻ അന്നാരുമുണ്ടായിരുന്നില്ല.
എന്റെ സ്കൂൾ ജീവിത കാലങ്ങളിൽ കണക്ക് പഠിക്കാൻ സമർത്ഥനായിരുന്നില്ല. എന്റെ മൂത്ത ചേട്ടായി കൂട്ടാനും കുറയ്ക്കാനുമുള്ള ചില ടെക്കനിക്കുകൾ പഠിപ്പിക്കുമായിരുന്നു. ഞാനും എന്റെ ചേട്ടായിയുമായി വൈകാരികമായ ഒരു ബന്ധവും ഉണ്ടായിരുന്നു. കണക്കിൽ എനിയ്ക്കുണ്ടാകുന്ന സംശയങ്ങൾ അദ്ദേഹത്തോട് ചൊദിച്ച് മനസിലാക്കും. കണക്ക് പഠിക്കുകയെന്നത് വെള്ളം ഒരു ചാലിൽക്കൂടി ഒഴുകുന്നതിനെക്കാളും എളുപ്പമെന്ന് അദ്ദേഹം പറയുമായിരുന്നു. ചേട്ടായി പറയും, അനുജാ വീട്ടിൽ നിത്യവും സായം കാലങ്ങളിൽ നാം പ്രാർത്ഥിക്കാറുള്ള 32 പ്രാർത്ഥനകളിൽ "നന്മ നിറഞ്ഞ മറിയമ്മേ നിനക്കു സ്വസ്തി കർത്താവ് നിന്നോടു കൂടെ" എന്ന പ്രാർത്ഥന നിത്യവും ഉരുവിടുന്നത് നീ ഓർക്കാറില്ലേ? ദിനം പ്രതി ആവർത്തിച്ചാവർത്തിച്ചുള്ള ആ പ്രാർത്ഥന അത്താഴത്തിനു മുമ്പുള്ള സന്ധ്യാ നമസ്ക്കാരത്തിന്റെ ഭാഗമായിരുന്നു. സ്കൂളിലെ വ്യായാമം പോലെ പ്രാർത്ഥനയും അധരം കൊണ്ടുള്ള ഒരു വ്യായാമമായിരുന്നു. അടുത്തുള്ള കൊച്ചരുവിയിൽ ദിവസവും കുളിച്ച് വീട്ടിൽ വന്നു വരാന്തയിൽ മുട്ടുകുത്തി കിഴക്കോട്ടു തിരിഞ്ഞ് പ്രാർത്ഥിക്കുമായിരുന്നു. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന അമ്മയ്ക്ക് കേൾക്കത്തക്ക വിധം ഉച്ചത്തിൽ പ്രാർഥിക്കണമായിരുന്നു. ഭക്ഷണം കഴിക്കാനുള്ള ആർത്തിയിൽ, അതിധൃതിയിൽ നൂറു മൈയിൽ സ്പീഡിൽ പ്രാർത്ഥനകളും ഗീതങ്ങളും ആലപിക്കുമായിരുന്നു. എനിക്കേറ്റം ഇഷ്ടം അമ്മ മേരിയോടുള്ള പ്രാർത്ഥനയായിരുന്നു. ചേട്ടായി കൂടെ കൂടെ ചോദിക്കും, അനുജാ, പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥന എങ്ങനെയുണ്ട്? പ്രാർത്ഥനയുടെ അർത്ഥമോ ഉച്ചത്തിൽ പ്രാർത്ഥിക്കുന്ന കാരണമോ അന്നെനിക്കറിയില്ലായിരുന്നു. പ്രാർത്ഥനകൾ മനസിലാക്കുക പ്രയാസവുമായിരുന്നു. പ്രാർത്ഥനകൾ ആത്മീയതയെക്കാളുമുപരി മനസിന്റെ ആശ്വാസത്തിനെക്കാളുമുപരി അധരങ്ങൾക്കൊരു വ്യായാമമായിരുന്നു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, ദുഃഖങ്ങൾ ഉണ്ടാവുമ്പോൾ സർവ്വതും മാതാവായ മറിയത്തിന്റെ മുമ്പിൽ സമർപ്പിക്കുമായിരുന്നു. എന്റെ അന്നുള്ള അന്ധമായ വിശ്വാസങ്ങളെ അങ്ങനെ പ്രകാശിപ്പിച്ചിരുന്നു. ജീവിത വിജയങ്ങൾ മുഴുവനും പ്രാർത്ഥനകളിൽ കൂടി നേടുമെന്നും വിശ്വസിച്ചിരുന്നു. 32 പ്രാർത്ഥനകളിൽ പരിശുദ്ധ മറിയത്തോടുള്ള പ്രാർത്ഥന എന്നെ സംബന്ധിച്ച് അർത്ഥമുള്ളതായി തോന്നിയിരുന്നു. എന്റെ ആത്മീയതയ്ക്ക് ഉണർവും നല്കിയിരുന്നു. മെയ് മാസത്തിലെ വണക്ക മാസ ദിനങ്ങളും പടക്കം പൊട്ടീരും ബാല്യത്തിലെ അനുഷ്ടാനങ്ങളും അന്നത്തെ ആഘോഷങ്ങളായിരുന്നു. പിന്നീട് സലേഷ്യൻ സഭയിലെ പ്രായോഗിക ജീവിതത്തിലും എന്റെ പ്രാർത്ഥനകളിൽ മേരിയോടുള്ള ഭക്തി നിറഞ്ഞിരുന്നു.
പ്രാർത്ഥനകളുടെ സഹായമോ അല്ലാതെയോ SSLC പരീക്ഷ ഉയർന്ന നിലയിൽ തന്നെ ഞാൻ പാസ്സായി. കാത്തു കാത്തിരുന്ന സ്വർണ്ണ മാലയെപ്പറ്റി മുത്തശ്ശിയെ ഒർപ്പിച്ചു. അത് കണക്കുകൂട്ടികൊണ്ടിരുന്ന എന്റെ സ്വപ്ന ലോകത്തിലെ ആശയായിരുന്നു. പാവം എന്റെ മുത്തശ്ശി വാഗ്ദാനം പാലിച്ചു. പല്ലുകളില്ലാതെ മോണ കാട്ടി ചിരിച്ചുകൊണ്ട് അവരെന്റെ നെറ്റിത്തടത്തിൽ സന്തോഷം കൊണ്ട് ഒരു ഉമ്മ വെച്ചു. കഴുത്തിലൊരു സ്വർണ്ണമാലയണിയിച്ചു. പൂനിലാവുള്ള ആ രാത്രിയിൽ ലോകം മുഴവനും പുഞ്ചിരിക്കുന്നതായും തോന്നി. മോനെ, പഠിച്ചുയരൂവെന്ന് അവരുടെ അധരങ്ങൾ മന്ത്രിക്കുന്നതായും തോന്നി. അറിയാതെ എന്റെ കണ്ണുകൾ സന്തോഷ ബാഷ്പങ്ങൾ കൊണ്ട് നിറഞ്ഞു. അതിനുശേഷം ഷർട്ടിന്റെ ബട്ടനിടാതെ കൂട്ടുകാരുടെയിടയിൽ അഭിമാനത്തോടെ മാല കാണാൻ കഴുത്തും നീട്ടി നടക്കുമായിരുന്നു. ബാല്യം മുതലുണ്ടായിരുന്ന എന്റെയൊരു മോഹം പൂവണഞ്ഞതായും തോന്നിപ്പോയി.
SSLC പാസ്സായ ഞാൻ ഇനി എങ്ങോട്ടെന്ന ചിന്തകളും വേട്ടയാടിക്കൊണ്ടിരുന്നു. ഞാൻ എന്താകണമെന്നുള്ളതും എന്റെ മുമ്പിലുള്ള ഒരു ചോദ്യചിൻഹമായി മാറി. ഉയർന്നുയർന്നു പഠിക്കണമെന്നുള്ള മോഹങ്ങളും അലട്ടിക്കൊണ്ടിരുന്നു. എന്നെ സ്നേഹിക്കുന്നവരും അമ്മാവനും ഞാനൊരു പുരോഹിതനാകാനാഗ്രഹിച്ചു. കേരളത്തിലെ സെമിനാരികളിൽ പഠിക്കാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. കാരണം, ഇടവകകളിൽ ഇരിയ്ക്കുന്ന അഹങ്കാരികളായ പുരോഹിതരുടെ പെരുമാറ്റങ്ങൾ എന്നെ വേദനിപ്പിച്ചിട്ടുണ്ടായിരുന്നു. അവരെ വെറുത്തിരുന്നു. അവരിലെ പ്രഭുത്വ മനോഭാവം നിഷ്കളങ്കനായ എന്നിലുണ്ടായിരുന്ന ആശാരി ചെറുക്കന്റെ ജീവിതവുമായി പൊരുത്തപ്പെട്ടിരുന്നില്ല. പാവങ്ങൾക്കു വേണ്ടി സേവനം ചെയ്യുന്ന മിഷിനറിമാരുടെ ജീവിതത്തിന്റെ പരിപാവനതകളെപ്പറ്റി എന്റെ മുത്തശ്ശിയിൽ നിന്നും ഞാൻ കേട്ടിട്ടുണ്ടായിരുന്നു. ഒരു മിഷിനറി പുരോഹിതനായി സേവനം ചെയ്യുന്നതിന് അന്നെന്നെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല.
ഒരു മിഷിനറിയാകാൻ എന്റെ വിധിയെങ്കിൽ അത് സ്വീകരിക്കാനും തയ്യാറായിരുന്നു. അപ്പോഴായിരുന്നു ദൈവദൂതൻ പ്രത്യക്ഷപ്പെട്ടപോലെ എവിടെനിന്നോ ഒരു മിഷിനറി ഞങ്ങളുടെ നാട്ടിൽ വന്നത്. ആ മിഷിനറി ജോസഫ് തൈപ്പറമ്പിൽ എന്ന ഒരു മെലിഞ്ഞ പുരോഹിതനായിരുന്നു. പുഞ്ചിരിക്കുന്ന മുഖത്തോടു കൂടിയ സൗഹാർദ്ദം പുലർത്തുന്ന നല്ലൊരു പുരോഹിതൻ. അദ്ദേഹത്തിൻറെ വ്യക്തിത്വം എന്നെ നന്നാ ആകർഷിച്ചു. കർത്താവിന്റെ മുന്തിരിത്തോട്ടത്തിൽ സേവനം ചെയ്യാൻ കുഞ്ഞനുജന്മാരെ തേടി വരുന്ന മിഷിനറിമാർ അന്ന് വീടു തോറും കയറിയിറങ്ങില്ലായിരുന്നു. ഞങ്ങളുടെ അഭിമുഖ സംഭാഷണം അധികമൊന്നും ഉണ്ടായിരുന്നില്ല. എന്റെ പഠനത്തെപ്പറ്റിയും SSLC മാർക്കിനെപ്പറ്റിയും ചോദിച്ചു. രണ്ടാമത് നിന്നിലെ ശുദ്ധി നിയന്ത്രിക്കാൻ എന്തെങ്കിലും പ്രയാസമുണ്ടോയെന്നും ചോദിച്ചു. എനിക്കതിന്റെ അർത്ഥം അന്നറിയില്ലായിരുന്നു. ആ ചോദ്യംകൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്നും മനസിലായില്ല. എന്റെ ഉത്തരത്തിലെ നിഷ്കളങ്കതയിൽ ഒരു പക്ഷെ അദ്ദേഹം തൃപ്തനായിരിക്കാം. ഞാൻ ദിവസവും കുളിക്കുന്ന കാര്യത്തിലും ദേഹശുദ്ധി വരുത്തുന്നതിലും കർശനക്കാരനാണെന്നും അഭിമുഖ വേളയിൽ അച്ചനോട് പറഞ്ഞു.
ഒരു സുപ്രഭാതത്തിൽ സെമിനാരിയിൽ പഠിക്കാൻ എന്നെ തെരഞ്ഞടുത്ത കാര്യം വീട്ടിൽ അറിയിച്ചു. പെട്ടിയും ബാഗുമായി എനിക്കുടൻ തമിഴ് നാട്ടിലേക്ക് പുറപ്പെടണം. വെറും കുഗ്രാമത്തിൽ ജീവിതം നയിച്ചിരുന്ന ഗ്രാമീണ യുവാവായിരുന്ന എന്നെ സംബന്ധിച്ചടത്തോളം അക്കാലത്ത് ചെന്നയിൽ പോവുകയെന്നത് ചന്ദ്രനിൽ പോവുന്ന പ്രതീതിയായിരുന്നു. എട്ടു ജോഡി ഡ്രസ്സുകളുമായുള്ള എന്റെ യാത്രയ്ക്കുള്ള ഒരുക്കവുമായി. മൂന്നു വർഷത്തിൽ ഒന്നെ ഇനി വീട്ടിൽ മടങ്ങി വരാൻ സാധിക്കുള്ളൂ. ഞാൻ സ്നേഹിക്കുന്ന എന്റെ മാതാ പിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി , സഹോദര സഹോദരികൾ എല്ലാവരോടും ഇനി യാത്ര പറയണം. ചുറ്റുമുള്ള അയല്ക്കാരും സ്നേഹമുള്ള കൂട്ടുകാരും എന്നെ കാണാൻ വന്നിരുന്നു. ജനിച്ച തറവാടും ആടുമാടുകളും പൂക്കളും ഒഴുകുന്ന അരുവികളും കളിച്ചു നടന്ന പന്തുകളവും സ്കൂളിൽ പോയിരുന്ന ഊടുവഴികളും എന്റെ യാത്രയിൽ പങ്കു ചേരുന്നുവെന്നും തോന്നിപ്പോയി.
യുവത്വത്തിന്റെ സമ്മിശ്രങ്ങളായ വിചാര വികാര വീഥികളിൽ ഞാൻ എന്ത്, എങ്ങോട്ട്, ജീവിത ലക്ഷ്യമെന്ത് എന്നുള്ള അന്വേഷണങ്ങൾ മനസിനെ അലട്ടിക്കൊണ്ടിരുന്നു. പാവങ്ങളെ സേവിക്കാൻ പോവുന്ന എന്റെ കഴുത്തിലെ സ്വർണ്ണമാല ഒരു അധികപ്പറ്റാണെന്നും തോന്നി. ഈ ആഭരണം ഒരു മിഷിനറിയും കഴുത്തിലണിയുന്നതല്ല. എന്റെ മുത്തശ്ശി തന്ന ഈ സമ്മാനം എത്ര വില കല്പ്പിച്ചാലും മതിയാവില്ലായിരുന്നു. മറ്റൊന്നും ചിന്തിക്കാതെ നീറുന്ന ഹൃദയത്തോടെ കഴുത്തിൽനിന്നും മാലയൂരി എന്റെ കുഞ്ഞിപെങ്ങടെ കഴുത്തിൽ ആ മാല ഞാൻ അണിയിച്ചു. 'മോളെ ഈ മാല എനിയ്ക്കിനി ഭൂഷണമല്ല. ഇതു ധരിക്കാൻ ഇനിമേൽ യോഗ്യത നിനക്കാണെന്നും പറഞ്ഞു. ചുറ്റുമുള്ളവർക്ക് അതൊരു ഞെട്ടലായിരുന്നു. എന്റെ കുഞ്ഞുതോളിൽ പഴഞ്ചൻ ചിന്താഗതികൾ നിറച്ച തലയാണുള്ളതെന്നും അവർ ചിന്തിച്ചിരിക്കാം. കുടുംബ വക ഏതാനും ഏക്കർ സ്ഥലം വീതമായി കിട്ടുമെന്നും എനിയ്ക്കറിയാമായിരുന്നു. എന്തിന് എന്റെ തീരുമാനങ്ങൾ നീട്ടുന്നതെന്നും വിചാരിച്ചു. ഞാൻ അപ്പനോടായി "അപ്പാ എനിയ്ക്കൊന്നും അപ്പന്റെ സ്വത്തുക്കൾ വേണ്ടാ". എന്റെ അവകാശങ്ങൾ പൂർണ്ണമായും അവർക്ക് വിട്ടു കൊടുത്തു. പുരോഹിതർക്ക് കുടുംബത്തെ സഹായിക്കാൻ പ്രത്യേക ഫണ്ടുള്ളതായും സംസാര വിഷയമായി. ഞാൻ പറഞ്ഞു, 'ഇനി എന്നിൽ നിന്നും യാതൊരു സാമ്പത്തിക സഹായവും പ്രതീക്ഷിക്കരുത്. എന്റെ വീട്ടിൽ നിന്നും ഇനിമേൽ ഞാനൊരു പൈസാ പോലും ചോദിക്കില്ല.' ശരിയോ തെറ്റോ, എന്തെന്നറിഞ്ഞു കൂടാ; എന്റെ തീരുമാനങ്ങളിൽ അപ്പൻ നിശബ്ദനായിരുന്നു. എന്നെക്കൊണ്ട് ഭാവിയിലുള്ള കണക്കു കൂട്ടലുകൾ അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും മറുപടി പറയാതെ ഇരുന്നതേയുള്ളൂ.
വേർപാടിന്റെ മൂന്നു വർഷം അങ്ങകലെ കണ്ടുകൊണ്ട് യാത്ര പറയാൻ സമയമായി. എല്ലാവരുടെയും കണ്ണുകളിലും യാത്രയയക്കാനുള്ള മംഗള ഭാവങ്ങളും കാണാമായിരുന്നു. വീട്ടിൽ നിന്ന് പിരിഞ്ഞു പോകുന്നതിലുള്ള ഹോം സിക്കനസ് എന്റെ പോരായ്മയായിരുന്നില്ല. തമിഴ് നാട്ടിലേക്കുള്ള യാത്രയ്ക്കായി തൈപ്പറമ്പിൽ അച്ചനോടൊപ്പം സെമിനാരിയിൽ ചേരുന്ന മറ്റു പന്ത്രണ്ടു കുട്ടികളും ഉണ്ടായിരുന്നു. നീണ്ട പുകയുന്ന തീവണ്ടി യാത്ര. യുവത്വം മൊട്ടിട്ടിരുന്ന നാളുകളിൽ കറുത്ത പുക തുപ്പിക്കൊണ്ട് പാഞ്ഞു പോവുന്ന ഈ തീവണ്ടി എവിടെയ്ക്കാണ് പോവുന്നതെന്ന് അറിയില്ലായിരുന്നു. ചൂളം വിളികളോടെ തീവണ്ടി മുമ്പോട്ട് പോകുംതോറും ലക്ഷ്യ സ്ഥാനം അറിയാതെ മനസുകളെവിടെയോ ദൂരദൂരം സഞ്ചരിച്ചുകൊണ്ടിരുന്നു.
തീവണ്ടി പാഞ്ഞു പോകും തോറും കൂടെയുണ്ടായിരുന്ന എല്ലാ യുവാക്കളും ചുറ്റും കാണുന്ന കാഴ്ചകളിൽ വിസ്മയഭരിതരായിരുന്നു. തീവണ്ടിക്കുള്ളിൽ പാട്ടും കൂത്തും കൈകൊട്ടി കളിയുമായി അവർ യാത്രയെ മംഗളമാക്കി. ഓരോരുത്തരുടെയും ഓർമ്മിക്കേണ്ട ആദ്യത്തെ തീവണ്ടി യാത്ര. ട്രെയിൻ യാത്രയിൽ ചിന്തിക്കാൻ സാധിക്കാത്ത ഒരു ദുരന്തം അന്നു സംഭവിച്ചു. എന്റെ കാലിലെ തുടകൾ നിറയെ വോൾക്കാന പോലെ ഒരു ലാവാ പോട്ടിത്തെറിച്ചു. അത് ജീവിതത്തിലെ ആദ്യത്തെ സംഭവമായിരുന്നു. ധരിച്ചിരുന്ന അടിവസ്ത്രവും ഫാന്റും നനഞ്ഞു. ഭയം കൊണ്ട് ഞാൻ വിറച്ചു. കൈകാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. എന്താണ് ഇതെന്ന് എനിയ്ക്കറിയില്ലായിരുന്നു. കൌമാരം മുറ്റി നില്ക്കുന്ന പെണ്‍ക്കുട്ടികൾക്കെങ്കിൽ അത് തീണ്ടാരം (മെൻസസ് ), നിരാശയായ ഗർഭപാത്രത്തിന്റെ രക്ത കണ്ണുനീരെന്നു പറയും. ആണ്‍ക്കുട്ടികൾക്ക് 'വിത്തുകൾ പൊട്ടി ചിതറിയെന്ന' ഭാഷയിലില്ലാത്ത വാക്കുകളും പറയും. ഭൂമിയിൽ സംഭവിക്കാത്ത എന്തോ എനിയ്ക്ക് സംഭവിച്ചെന്നും ഓർത്തു. ഏതോ മാരകമായ രോഗമെന്നും വിചാരിച്ചു പോയി. എന്റെയടുത്ത് എന്നോട് പറയാൻ, ഉപദേശിക്കാൻ സഹായിക്കാൻ അമ്മയുണ്ടായിരുന്നില്ല. ലൈംഗിക അറിവ് ഒട്ടുമില്ലായിരുന്ന ഞാൻ എത്രമാത്രം നിഷ്കളങ്കനായിരുന്നുവെന്ന് ഇപ്പറഞ്ഞ കഥയിൽ നിന്നും വ്യക്തമാണ്.
രണ്ടാമത് ഒർമ്മിക്കാനുള്ളത് എന്റെ അറിവു കേടിനെപ്പറ്റിയാണ്. തമിഴ് നാട്ടിലുള്ള സെമിനാരിയുടെ കൂറ്റൻ കെട്ടിടത്തിലെ പടി വാതിക്കൽ എത്തിയപ്പോൾ ഞാൻ ആദ്യം കണ്ടു മുട്ടിയത് വിശുദ്ധ ജീവിതം നയിക്കുന്ന ഫാദർ വില്ലോഗ്രിയാ SDB യെയായിരുന്നു. കറുത്ത താടിയുള്ള അഴകാർന്ന പുഞ്ചിരിക്കുന്ന ആ പുരോഹിതൻ ഇന്നും എന്റെ മനസിന്റെ വേലിയേറ്റങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ മുമ്പിൽ ഞാനൊരു കൊച്ചുകുട്ടി മാത്രമായിരുന്നു. ആ വന്ദ്യ പുരോഹിതൻ തല കുനിഞ്ഞുകൊണ്ട് ഇംഗ്ലീഷിൽ എന്നോട് ചോദിച്ചു, ഡിഡു യൂ ഈറ്റ് (നീ വല്ലതും ഭക്ഷിച്ചോ). അന്നദ്ദേഹം ഇംഗ്ലീഷിൽ പറഞ്ഞ വാക്കുകൾ എനിക്ക് മനസിലായില്ല. മനസിലാകാതെ, മറുപടി പറയാനറിയാതെ നിസഹായനായി അദ്ദേഹത്തെ കണ്ണ് മിഴിച്ചു മാത്രം നോക്കി. രണ്ടാമതും ഇംഗ്ലീഷിൽ അതേ ചോദ്യം തന്നെ ചോദിച്ചു. എന്റെ അറിവില്ലായ്മയെ ഞാൻ പഴിച്ചുകൊണ്ട് മറുപടി പറയാതിരുന്നു. അദ്ദേഹം ശ്രമം വിട്ടില്ല. മൂന്നാം പ്രാവിശ്യം വാക്കുകൾ മുറിച്ചു കൊണ്ട് പയ്യെ പയ്യെ ഡിഡ് ...യൂ ...ഈറ്റ് എന്നു ചോദിച്ചു. ഏതോ ജേതാവിനെപ്പോലെ പതുങ്ങിയ സ്വരത്തിൽ യേസ് (Yes) എന്നു പറഞ്ഞു. എന്തോ വലിയ കാര്യം നേടിയപോലെ ഞങ്ങൾ രണ്ടുപേരും പരസ്പ്പരം ചിരിച്ചു. SSLC യ്ക്കു ശേഷവും സെമിനാരി ജീവിതത്തിലും ഞാൻ പഠിച്ച ആദ്യത്തെ ഇംഗ്ലീഷ് വാക്കുകളായിരുന്നു അന്ന് അച്ചനിൽ നിന്നും നേടിയത്.
ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിൽ എത്രമാത്രം ഞാനന്ന് അറിവു കെട്ടവനായിരുന്നുവെന്നും എക്കാലവും ഓർക്കുമായിരുന്നു. ഒരുകൂട്ടം സെമിനാരി പിള്ളേർ എന്റെ അന്നത്തെ കഴിവുകേടിന്റെ ഡ്രാമ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചുറ്റുമുണ്ടായിരുന്നവർ എന്നെ ആശ്വസിപ്പിച്ചു. ആരും കളിയാക്കിയില്ല. ഒരു സെമിനാരി കുട്ടി എന്റെ കൈകളിൽ പിടിച്ചുകൊണ്ട് പുറത്തേയ്ക്ക് കൊണ്ടുപോയി.' സെമിനാരി നിയമമനുസരിച്ച് എല്ലാവരും ഇംഗ്ലീഷ് സംസാരിക്കണമെന്നുള്ളത് നിർബന്ധമാണെന്നും, പറഞ്ഞു. ' പിന്നീട് ഇംഗ്ലീഷിൽ എഴുതുകയും പ്രസംഗിക്കുകയും ചെയ്യണം. പേടിക്കേണ്ടാ, നിന്നെ സഹായിക്കാൻ ഞങ്ങളുണ്ടെന്നും' പറഞ്ഞു. ഒരു പക്ഷെ എന്റെ സെമിനാരി ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായിരുന്നു. എങ്ങനെ എനിക്ക് ഇംഗ്ലീഷ് പഠിക്കാൻ സാധിക്കുമെന്നും ഞാനതിശയിച്ചു. എന്തു വില കൊടുത്തും കഠിനാദ്ധ്വാനത്തോടെ ഇംഗ്ലീഷ് പഠിക്കണമെന്നും തീരുമാനിച്ചു. ഇംഗ്ലീഷ് പഠിക്കുകയെന്നത് നിലയില്ലാ വെള്ളത്തിൽ എന്നെ എറിയുന്നതിനു തുല്യമെന്നും വിചാരിച്ചു. അവിടെ തുഴഞ്ഞു നീന്തുകയോ അഗാധമായ വെള്ളത്തിൽ പൂണ്ടു താഴുകയോ ചെയ്യണം. രക്ഷപെടാതെ വെള്ളത്തിൽ താഴുകയെന്ന പ്രശ്നമില്ല. അതുകൊണ്ട് ആത്മാർത്ഥമായി ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി. കിട്ടുന്ന പുസ്തകങ്ങൾ എല്ലാം വായിക്കുമായിരുന്നു. വാക്കുകളുടെ അർത്ഥങ്ങൾ കണ്ടു പിടിക്കാൻ കൂടെക്കൂടെ ഡിക്ഷ്ണറിയും നോക്കുമായിരുന്നു. ലൈബ്രറിയിൽ കാണുന്ന പുസ്തകങ്ങൾ മുഴുവൻ വായിക്കും. ഇന്നും ആ സ്വഭാവം കൈവെടിഞ്ഞിട്ടില്ല. രാവിലെ നാലുമണി മുതൽ ചിലപ്പോൾ പതിനൊന്നു മണി രാത്രി വരെ തുടർച്ചയായി പുസ്തകങ്ങൾ വായിച്ചിരുന്നു. അജ്ഞതയെ നീക്കാൻ അടുക്കളയിലോ പൂന്തോട്ടത്തിലോ സമയം കളഞ്ഞിരുന്നില്ല. ഇന്ന് ആരെങ്കിലും എന്റെ ഇംഗ്ലീഷിനെ അഭിനന്ദിക്കുന്നുവെങ്കിൽ ലോകത്തിൽ ആർക്കും അത് നേടാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. അതിനായി നാം കഠിനാദ്ധ്വാനം ചെയ്യണം. സെമിനാരിയിലെ ജീവിതം ഒരു മിലിട്ടറി ജീവിതം പോലെയായിരുന്നു. ഓരോ നിമിഷവും വായനയിൽ ചെലവഴിക്കുന്നതു കൊണ്ട് എന്റെ മനസ് പിശാചിന്റെ കളിസ്ഥലമെന്നും തോന്നിപോയിട്ടുണ്ട്. ഇന്ന് ഞാനായ ഞാനായത്, അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേയ്ക്ക് വന്നത് എന്റെ കഠിന പ്രയത്നം ഒന്നുകൊണ്ടു മാത്രമാണ്.
(ബാക്കി ഡോ. ജയിംസ് കൊട്ടൂരിന്റെ ലേഖനത്തിൽ വായിക്കുക)
Subscribe to:
Post Comments (Atom)
കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?
ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...
-
ജോസഫ് പടന്നമാക്കൽ ഭാരതത്തിൽ അതിപുരാതനകാലം മുതലേ തിരുവിതാംകൂർ രാജവംശമുണ്ടായിരുന്നു. തിരുവൻകോട്, വേണാട്, വഞ്ചിദേശം, കേരളം, തിരുവടിദേശം എന...
-
ജോസഫ് പടന്നമാക്കൽ ഇൻഡ്യയുടെ ചരിത്രം പുനഃ പരിശോധിക്കുകയാണെങ്കിൽ തിരുവിതാംകൂർ എന്ന കൊച്ചു രാജ്യത്തുണ്ടായിരുന്ന നിരവധി രാഷ്ട്രീയ സാമൂഹിക തീ...
-
പ്രജാപതിയായ പുരുഷന് അനന്തമായ പ്രപഞ്ചത്തില് ഏകനായി സഞ്ചരിച്ചു. തന്റെ പിതാവായ ബ്രഹ്മനില്നിന്നും അകന്നു സൃഷ്ടി കര്മ്മങ്ങളില്...
No comments:
Post a Comment