By ജോസഫ് പടന്നമാക്കൽ
ഇസ്ലാം മതത്തിന്റെ രണ്ടു വിഭാഗങ്ങളായ സുന്നികളും ഷിയാകളും തമ്മിലുള്ള പരസ്പര മത്സരങ്ങളും പോരാട്ടങ്ങളും പ്രവാചകന്റെ കാലശേഷം മുതൽ തുടങ്ങിയതാണ്. ഷിയാകൾ ലോക മുസ്ലിം ജനസംഖ്യയുടെ പതിമൂന്നു ശതമാനത്തോളം വരും. ഇറാൻ, ഇറാക്ക് എന്നീ രാജ്യങ്ങളിൽ ഷിയാകളും പാക്കിസ്ഥാൻ, ഇന്തോനേഷ്യ മുതലായ രാജ്യങ്ങളിൽ സുന്നികളും ഭൂരിപക്ഷമായി വസിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ചിന്തകൾക്കനുകൂലമായ കാലിഫായ്ക്ക് വേണ്ടിയുള്ള മത്സരം മുസ്ലിം ലോകം മുഴുവൻ വ്യാപിച്ചിരുന്നു. അധികാരത്തിനുവേണ്ടി മുസ്ലിമുകൾ രണ്ടു വിഭാഗങ്ങളായി യുദ്ധങ്ങളും തുടങ്ങി. കർബാല യുദ്ധത്തിൽ 'ഹുസൈൻ ഇബി ആലിയേയും' അദ്ദേഹത്തിൻറെ കുടുംബത്തെയും അന്നത്തെ ഭരണാധികാരിയായ ' കാലിഫാ ഉമയദ് യസിദി വധിച്ചതുമുതൽ ആദിമ ഇസ്ലാമിക ലോകം രണ്ടു ചേരികളായി പരസ്പരം പോരാട്ടം തുടങ്ങി. ഖുറാനെ വിശുദ്ധ ഗ്രന്ഥമായി രണ്ടു കൂട്ടരും സ്വീകരിച്ചുവെങ്കിലും മറ്റൊരു വിശുദ്ധ ഗ്രന്ഥമായ 'ഹാഡിത്തിന്റെ' വിലയിരുത്തലിൽ രണ്ടു വിഭാഗങ്ങൾക്കും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണുള്ളത്. ഇന്നും ലോകം മുഴുവൻ സുന്നികളും ഷിയാകളും തമ്മിൽ ആശയ സംഘട്ടനങ്ങളും മത്സരങ്ങളും അങ്കം വെട്ടുകളുമായി കഴിയുന്നു. ഇറാക്കിലേയും സിറിയായിലെയും യുദ്ധങ്ങളും ഐ.എസ്.ഐ.എസ് സംഘടനയുടെ ആവീർഭാവവും ഷിയാ-സുന്നി ദ്വന്ദ യുദ്ധങ്ങളുടെ പ്രതിഫലനങ്ങളാണ്. പ്രവാചകൻ നബിയുടെ ഭാര്യ ഐഷയുടെ പിതാവ് 'അബു ബേക്കർ' പ്രവാചകന്റെ പിന്തുടർച്ചക്കാരനെന്നു സുന്നികൾ വിശ്വസിക്കുന്നു. പ്രവാചകനു ലഭിച്ച ദൈവത്തിന്റെ വെളിപാടുകൊണ്ട് സ്വന്തം കസ്യനെയും മരുമകനെയും തുടർന്നുള്ള കാലീഫാമാരായി പ്രവാചകൻ നേരിട്ട് തിരഞ്ഞെടുത്തുവെന്ന് ഷിയാകളുടെ വിശ്വാസ പ്രമാണത്തിലും പറയുന്നു.
അല്‍ ഖ്വയ്ദ ഭീകരതയിൽനിന്നും രൂപംകൊണ്ട ഐ.എസ്.ഐ.എസ്. ന്റെ സമീപ കാലത്തെ വളർച്ച അതിശീഘ്രമായിരുന്നു. ഇറാക്കിലും സിറിയായിലും വ്യാപിച്ചിരിക്കുന്ന ഇവരുടെ സംഘടനയുടെ ലക്ഷ്യം വർഷങ്ങളായുള്ള അമേരിക്കൻ ഇറാക്കി സൈന്യക കൂട്ടുകെട്ടിനെ തകർക്കുകയെന്നതാണ്. അനേക പാശ്ചാത്യ അമേരിക്കൻ പ്രതിഭകളെയും ജേർണലിസ്റ്റുകളെയും വധിച്ചതുവഴി ഈ ഭീകര സംഘടന ലോക മാധ്യമങ്ങളുടെ തലക്കെട്ടായി മാറിയിരിക്കുന്നു. ഒബാമ പറഞ്ഞതുപോലെ "ഗ്രാമങ്ങളും പട്ടണങ്ങളും തകർത്തുകൊണ്ട്, നിരായുധരും നിഷ്കളങ്കരുമായ സ്ത്രീകളടക്കമുള്ള ജനതയെ വധിച്ചുകൊണ്ട് ഭീരുക്കളായ ഐ.എസ് .ഐ.എസ് അക്രമം അഴിച്ചു വിട്ടിരിക്കുകയാണ്. ഇവർ വരുത്തിവെച്ച മുറിവുകൾ ഇന്നലെയുടെയും വർത്തമാന കാലത്തിന്റെയും നാളയുടെയും ഒരു ദൈവവും പൊറുക്കില്ല. ഓരോ ദിനവും കൊടും ഭീകരതയുടെ ചരിത്രം ആവർത്തിക്കുകയും ചെയ്യുന്നു."
'ഐ.എസ്.ഐ എസ്' (ISIS) അഥവാ 'ഇസ്ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാക്കി ആൻഡ് ലെവന്റ്' ഇന്ന് ലോകം അറിയപ്പെടുന്ന ഏറ്റവും വലിയ ഭീകര സംഘടനയായി മാറിയിരിക്കുന്നു. ഇറാക്കി യുദ്ധത്തിന്റെ ആരംഭകാലത്ത് സ്ഥാപിതമായ ഈ സംഘടനയുടെ സ്ഥാപകൻ 'അബു മുസ്താബ് സർക്കാവി'യാണ്. ലോകവാർത്തകളിൽ നിറഞ്ഞിരിക്കുന്ന ഈ ഭീകര സംഘടന ആഗോള സമാധാനത്തിന് ഭീക്ഷണിയായി തുടരുന്നു. ഇസ്ലാമിക്ക് തത്ത്വങ്ങളിലധിഷ്ടിതമായ കാലിഫെറ്റ് സാമ്രാജ്യം പടുത്തുയർത്തുകയെന്നതാണ് ഇവരുടെ പരമമായ ലക്ഷ്യം. ആഗോളാതിർത്തികൾ കണക്കാക്കാതെ സിറിയായുടെ മെഡിറ്ററെനിയൻ തീരങ്ങൾ മുതൽ തെക്ക് ബാഗ്ദാദ് വരെ നൂറു കണക്കിന് ചതുരശ്ര മൈലുകൾ വിസ്തൃതമായ ഭൂമികൾ 'ഐ.എസ് .ഐ എസിന്റെ ' അധീനതയിലായി. ഷാരിയാ നിയമങ്ങൾ നടപ്പാക്കാൻ 'ഐ.എസ്.ഐ. എസ്' ആഗ്രഹിക്കുന്നു. ഓയിൽ ഉത്ഭാദനം, കള്ളക്കടത്ത്, സ്ത്രീകളെയും കുഞ്ഞുങ്ങളെയും തട്ടിക്കൊണ്ട് പോകൽ, മോഷ്ടിച്ച കലാ വസ്തുക്കൾ വിൽക്കുക, പരസ്യമായുള്ള അതിക്രൂരവും കഠിനവുമായ പിടിച്ചു പറികൾ എന്നിവകളാണ് ഐ.എസ്.ഐ. എസിന്റെ പ്രധാന വരുമാന മാർഗം. സദാം ഹുസയിന്റെ കാലത്തുണ്ടായിരുന്ന പട്ടാളത്തിലുണ്ടായിരുന്നവർ ഇന്ന് ഐ.എസ്.ഐ.എസിന്റെ ഭാഗമായി തീർന്നു. ഇവരുടെ നേതാവായ 'അബു ബേക്കർ അല്-ബാഗ്ദാദി', ബാഗ്ദാദ് യൂണി വെഴ്സിറ്റിയിൽ നിന്നും ഇസ്ലാമിക്ക് സ്റ്റഡീസിൽ ഡോക്റ്ററെറ്റ് ബിരുദം നേടിയിട്ടുണ്ട്. അല്‍ ഖ്വയ്ദായിൽ ബാഗ്ദാദി ചേരുന്നതിനു മുമ്പ് ഇറാക്കിന്റെ തെക്കു ഭാഗത്തുള്ള പ്രോവിനസുകളിൽ രാജ്യം പിടിച്ചെടുക്കാനുള്ള ഒരു ഭീകര സംഘടനയുണ്ടാക്കിയിരുന്നു.
ഐ എസ് ഐ എസ് ന്റെ ആശയ സംഘടനം 2004 മുതൽ ഇറാക്കിലെ അബു മുസാബ് അൽ- സർക്കാവി നയിച്ച സമരം മുതൽ കാണാം. അൽ-സർക്കാവി അതിനായി അല്‍ ഖ്വയ്ദാ
സ്ഥാപകൻ ഒസാമാ ബിൻ ലാദനുമായി ഉടമ്പടിയുണ്ടാക്കി. രണ്ടു നദി തടങ്ങളിലെ രാജ്യങ്ങൾ തമ്മിലുള്ള സംഘടനയെന്നർത്ഥത്തിൽ ടാൻസിം അല്‍ ഖ്വയ്ദാ ഫിബിലാദ് അല് രഫിദയ് (Tanzim Al Qaeda fi Bilad al-Rafidayn) എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കുകയും ചെയ്തു. ഇറാക്കിലെ അല്‍ ഖ്വയ്ദായെന്നാണ് പൊതുവെ ഈ സംഘടനയെ അറിയപ്പെട്ടിരുന്നത്.
തത്ത്വത്തിൽ ഇറാക്കി അല്‍ ഖ്വയ്ദാ പ്രവാചകന്റെ കാലത്തുണ്ടായിരുന്നവരുടെയും അവരുടെ പിൻഗാമികളുടെയും ആശയങ്ങളായിരുന്നു സ്വീകരിച്ചിരുന്നത്. ഇസ്ലാമിക്ക് സ്റ്റേറ്റ് അഥവാ കാലിഫൈറ്റ് ആശയങ്ങൾ പ്രവാചകന്റെ കാലത്ത് നടപ്പിലായിരുന്ന നിയമങ്ങളായിരുന്നു. ഏക ദൈവത്തിൽ മാത്രമുള്ള വിശ്വാസത്തിന് പ്രാധാന്യം നല്കുന്നു. ദൈവം മാത്രം സൃഷ്ടികർത്താവെന്നും മറ്റുള്ള വിശ്വാസികളെ അവിശ്വാസികളായും (കാഫിർ) കരുതിയിരുന്നു. ഖുറാനു പുറമേ അക്കാലത്തെ ആചാര നിയമങ്ങളടങ്ങിയ സുന്നായും വേദ ഗ്രന്ഥങ്ങളായി അംഗീകരിച്ചു. അതിലെ സാരാംശങ്ങൾ അക്ഷരാർത്ഥത്തിൽ കണക്കാക്കുകയും ചെയ്യുന്നു. ഒരു പ്രവാചകൻ, ഏക ദൈവം, ദൈവം പല പേരുകളിൽ അറിയപ്പെടുന്നുവെന്ന തത്വമാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്. ബിംബാരാധാനക്കാർക്കെതിരെ ഈ സംഘടന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.
\
ഭീകര സംഘടനകൾ പൊതുവെ ക്ലിപ്തമല്ലാത്ത നയപരിപാടികൾ അനുവർത്തിക്കുന്നവരായിരിക്കും. അല്‍ ഖ്വയ്ദായിലെ സുന്നി ഭീകരതയിൽ നിന്നാണ് ഈ സംഘടന ഉദയം ചെയ്തത്. പ്രത്യേകിച്ച് ഇറാക്കി അല്‍ ഖ്വയ്ദായിൽനിന്ന് വേർപെട്ടവർ വ്യക്തമായ ലക്ഷ്യമില്ലാതെ യോജിക്കുകയായിരുന്നു. ഇറാക്കിലെ അമേരിക്കൻ ആക്രമണശേഷം അബു മുസാബ് അൽ സർക്കാവിയുടെ നേതൃത്വത്തിൽ അനേക സ്പോടന പരമ്പരകളും ബോംബുകളും മനുഷ്യരെ തട്ടിക്കൊണ്ടു പോവലും തല വെട്ടൽ പ്രസ്ഥാനവും തുടർന്നുകൊണ്ടിരുന്നു. 2006-ൽ ഇറാക്കി അല്‍ ഖ്വയ്ദാ സ്ഥാപിച്ച അബു മുസാബ് അൽ സർക്കാവിയുടെ നേതൃത്വത്തിൽ ഷിയാ ഭൂരിഭാഗത്തിനെതിരെ വിഭാഗീയ വർഗീയ യുദ്ധമാരംഭിച്ചു. 2006-ൽ തന്നെ അമേരിക്കൻ ബോംബിൽ അബു മൂസ്സാബ് അൽ സർക്കാവി കൊല്ലപ്പെട്ടു. 2006 ജൂണ്‍ മാസത്തിൽ അബൂ അയൂബ് അൽ മസറി ഇറാക്കി അല്‍ ഖ്വയ്ദായുടെ നേതൃത്വം ഏറ്റെടുത്തു. 2006-ഒക്ടോബർ മാസം അബു അയൂബ് അൽ മസാറി യുടെ നേതൃത്വത്തിൽ പുതിയ സംഘടനയായ ഐ.എസ്.ഐ. സ്ഥാപിച്ചു. അബു ഒമർ അൽ ബാഗ്ദാദിയെ നേതാവായി തെരഞ്ഞെടുത്തു. അബു ഒമർ ബാഗ്ദാദിയും അബു അയൂബ് അൽ മസാറിയും കൊല്ലപ്പെട്ടു. 2006-ൽ അമേരിക്കയുടെ യുദ്ധവിമാനത്തിൽ നിന്നും പതിച്ച ബോംബിൽ അൽ സർക്കാവി കൊല്ലപ്പെട്ടശേഷം സംഘടനയുടെ നേതൃത്വം പരിചയ സമ്പന്നനായ ഭീകരൻ അബു ബേക്കർ അൽ ബാഗ്ദാദി ഏറ്റെടുത്തു. ഒരിയ്ക്കൽ അയാൾ അമേരിക്കൻ കസ്റ്റഡിയിലായിരുന്നു.
2011-ൽ സിറിയായിൽ വിപ്ലവമുണ്ടായപ്പോൾ അല്‍ ഖ്വയ്ദാ സിറിയൻ അതിർത്തിയിലേക്ക് നീങ്ങുകയും അവരുടെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്തു. 2013-ൽ ഐ.എസ്.ഐ സിറിയാ അല്‍ ഖ്വയ്ദായുമായി യോജിച്ചു. 2013-ൽ സിറിയായിലെ വിപ്ലവകാരികളെയും അണിനിരത്തി ഐ.സി.ഐ.എസ് സ്ഥാപിച്ചു. അന്നുതൊട്ട് ഗ്രൂപ്പിനെ ഐ എസ് ഐ ആൻഡ് ലെവന്റ്റ് (ഐ എസ്.ഐഎസ്) എന്നറിയപ്പെടാൻ തുടങ്ങി. 2014-ൽ അൽ -ബാഗ്ദാദി ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ കാലിഫയായി സ്വയം പ്രഖ്യാപിച്ചു.
2014- മെയ് മാസത്തിൽ ഐ.എസ്.ഐ.എസ്. 140 സ്കൂൾ കുട്ടികളെ തട്ടിയെടുത്തു. സിറിയായിൽ ഇസ്ലാമിക വിപ്ലവ തത്ത്വങ്ങൾ ബലമായി പഠിപ്പിച്ചു. 2014 മുതൽ തുടങ്ങിയ യുദ്ധക്കെടുതിയിൽ വീടും നാടും വിട്ട് പലായനം ചെയ്ത ഒരു മില്ല്യൻ ഇറാക്കി ജനത ഭവനരഹിതരായി അഭയാർത്ഥി ക്യാമ്പുകളിൽ താമസിക്കുന്നുണ്ട്. 2014- ജൂണ്‍ ഒമ്പതാം തിയതി ഐ എസ് ഐ എസ് മൊസൂൾ എയർപോർട്ട് പിടിച്ചെടുത്തു. ടീവി. സ്റ്റേഷനുകളും സർക്കാർ ഓഫീസുകളും അവരുടെ അധീനതയിലായി. ജയിലിൽ കിടന്ന ആയിരം തടവുകാരെ മോചിപ്പിച്ചു. മൊസൂളിന്റെ നിയന്ത്രണം മുഴുവൻ കൈക്കലാക്കി മുന്നേറിക്കൊണ്ടിരുന്നു. 2014 ജൂണ്‍ ഇരുപത്തിയൊന്നാം തിയതി 'തികൃത്' പട്ടണത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തു. സിറിയായുടെ അതിർത്തിയിലുള്ള 'അല്ക്കൊയാം' പട്ടണവും 'അൽ ഒമാർ' എന്ന സിറിയൻ ഓയിൽ ഫീൽഡും പിടിച്ചെടുത്തു. 75000 ബാറൽ ഓയിൽ ദിവസേന അവിടെ ഉത്ഭാദിപ്പിക്കുന്നു. പിന്നീട് 'ജോനാസ്' വിശുദ്ധ ഗോപുരം തകർത്തു. ഇറാക്കി ടൌണ്‍ 'സിഞ്ചാർ' തകർത്തുകൊണ്ട് നൂറു കണക്കിന് യാസിദി സ്ത്രീകളെയും പുരുഷന്മാരെയും കൊന്നു. .
അല്‍ ഖ്വയ്ദാ പരാജയപ്പെട്ടടത്തെല്ലാം ഐ എസ് ഐ എസ് നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുന്നു. സിറിയായിലും ഇറാക്കിലും ഇസ്ലാമിക്ക് കാലിഫൈറ്റ് സാമ്രാജ്യമാണ് ഐ എസ് ഐ എസ് തീവ്ര മതവാദികൾ വിഭാവന ചെയ്യുന്നത്. അബു ബേക്കർ അൽ- ബാഗ്ദാദി, ഐ എസ് ഐ എസിൻറെ നേതാവും കാലിഫ് ഇബ്രാഹിമായും അറിയപ്പെടുന്നു. ബാഗ്ദാദിയുടെ ആദർശങ്ങളും നയപരിപാടികളുമാണ് ഈ തീവ്ര സംഘടനയിൽ നടപ്പാക്കിയിരിക്കുന്നത്. സ്വന്തം സംഘടനയെ നയിക്കാനുള്ള അസാമാന്യമായ കഴിവും ബാഗ്ദാദിയ്ക്കുണ്ട്. അല്‍ ഖ്വയ്ദായിൽ മുമ്പ് അംഗങ്ങളായിരുന്നവർ ഇന്ന് ഐ. എസ്. ഐ.എസ്. തീവ്ര മുന്നേറ്റത്തിൽ പ്രവർത്തിക്കുന്നു. സലാഫി ജിഹാദികൾ അല്‍ ഖ്വയ്ദായ്ക്ക് പകരമായി അതേ യാഥാസ്ഥിതിക മത ചിന്തകളോടെയാണ് പോരാടുന്നത്. ഇവർ വിജയിച്ചാൽ രാജ്യങ്ങളുടെ രാഷ്ട്രീയ ഭൂമിശാസ്ത്രം തന്നെ മാറ്റപ്പെടേണ്ടി വരും.
ഇറാക്കിലെ രണ്ടാമത്തെ വലിയ പട്ടണമായ മൊസൂളിന്റെ പതനവും മറ്റു സുന്നി മതവിഭാഗങ്ങൾ ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ പിടിച്ചെടുക്കലും പിന്നീടുള്ള കൂട്ടക്കൊലകളും വാഷിംഗ്ണ്ടനെയും ബാഗ്ദാദിനെയും ഒരു പോലെ ഞെട്ടിച്ചിരുന്നു. ഐ എസ് ഐ എസിന്റെ മുന്നേറ്റം പാശ്ചാത്യ രാജ്യങ്ങളെയും അസ്വസ്ഥരാക്കിക്കൊണ്ടിരുന്നു. ആഗോള സമാധാനത്തിനു വെല്ലുവിളിയായി ശക്തി പ്രാപിച്ച ഐ. എസ്. ഐ. എസ് ഭീകര സംഘടനയെ തടഞ്ഞു നിർത്തേണ്ടത് രാജ്യങ്ങളുടെ ആവശ്യമായും വന്നു. ഐ. എസ് ഐ. എസിന്റെ മുന്നേറ്റത്തിനെതിരെ ഇറാക്കി പട്ടാളത്തിന് ആത്മബലം കൊടുക്കാൻ അമേരിക്കാ മുന്നൂറു പട്ടാളക്കാരെക്കൂടി ഇറാക്കിലയച്ച് സൈന്യബലം എണ്ണൂറാക്കി.
അമേരിക്കയുടെയും പാശ്ചാത്യ ലോകങ്ങളുടെയും കണക്കുകൂട്ടലിൽ ഐ.സി.ഐ.എസിന് 30000 ഭീകരരുണ്ടെന്നു കരുതുന്നു. കൂടാതെ ദേശീയ തലങ്ങളിലും ഗ്രാമീണ പ്രദേശങ്ങളിലും വസിക്കുന്ന അനേക ജനങ്ങൾ അവർക്ക് പിന്തുണ നല്കിക്കൊണ്ടിരിക്കുന്നു. വിദേശത്തുനിന്നും അനേകമാളുകൾ പിന്തുണയുമായി ഐ.എസ്.ഐ. എസ്സിൽ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 90 രാജ്യങ്ങളിൽ നിന്നായി 20000 യോദ്ധാക്കൾ ഇറാക്ക് സിറിയാ മേഖലകളിൽ ഐ.എസ് ഐ എസിലുണ്ട്. പാശ്ചാത്യ നാടുകളിൽ നിന്ന് 3400 പേരും അമേരിക്കയിൽ നിന്ന് 150 പേരും ഐ.എസ്.ഐ.എസ് സംഘടനയിൽ യുദ്ധ മേഖലകളിൽ പ്രവർത്തിക്കുന്നു.
ഐ.എസ് ഐ.എസ് മിലിറ്റന്റ് നേതാവ് അൽ -ബാഗ്ദാദി അമേരിക്കയെ ഭീക്ഷണിപ്പെടുത്തുന്നുവെങ്കിലും ബാഗ്ദാദിയുടെ ലക്ഷ്യം ഇറാക്ക് സിറിയാ മേഖലകളിൽ ദേശീയ ഭരണാധികാരം പിടിച്ചെടുക്കുകയെന്നതാണ്. ഇറാക്കിലും സിറിയായിലും പ്രവർത്തിക്കുന്ന വിദേശ മിലിറ്റന്റ് കൂടുതൽ പേരും യുദ്ധ തന്ത്രങ്ങൾ പഠിച്ചവരാണ്. ആധുനിക ആയുധങ്ങൾ സമാഹരിച്ചുകൊണ്ട് വിദേശ രാജ്യങ്ങളുടെ സഹായത്തോടെ ഭരിക്കുന്ന സർക്കാരിനെ വിപുലമായ തോതിൽ ആക്രമിക്കാനും പദ്ധതിയിടുന്നുണ്ട്.
കഴിഞ്ഞ വർഷം 2014-ൽ ഐ.എസ്.ഐ. എസ് . യുദ്ധമുന്നണിയിൽ തുടർച്ചയായി വിജയങ്ങൾ നേടിയിരുന്നു. ഇറാക്കി പട്ടാളത്തിൽ കൂടുതലായുള്ളത് സുന്നി മുസ്ലിമുകളടങ്ങിയ പട്ടാളമാണ്. ഐ.സി.ഐ. എസിനെതിരെ യുദ്ധം ചെയ്യുവാനുള്ള മനോവീര്യം സ്വന്തം സമുദായത്തിലുള്ള ഇറാക്കി സുന്നി പട്ടാളത്തിനില്ലായിരുന്നു. ഐ.സി.എസ് നേടിയ നേട്ടങ്ങൾ കൂടുതലും സുന്നി മുസ്ലിമുകൾ താമസിക്കുന്ന പ്രദേശങ്ങളിലാണ്. ഇറാക്കി പട്ടാളം സ്ഥലവാസികളുടെ സഹകരണമില്ലായ്മ മൂലം അങ്ങനെയുള്ള പ്രദേശങ്ങളിൽ കാര്യമായി പ്രതിരോധിച്ചില്ലായിരുന്നു. തന്മൂലം സുന്നി പ്രദേശങ്ങളിൽ ഐ എസ് ഐ എസിന് അധികാരം സ്ഥാപിക്കാൻ സാധിച്ചു.
2014 സെപ്റ്റംബർ മുതൽ അമേരിക്കാ സിറിയായിൽ ബോംബിംഗ് ശക്തമാക്കാൻ തുടങ്ങി. ദിനംപ്രതി തുടർച്ചയായി ഭീകരർക്കെതിരെ ബോംബിട്ടുകൊണ്ടിരിക്കുന്നു. ഐ. എസ്. ഐ.എസിന്റെ ശക്തി കേന്ദ്രങ്ങൾ പ്രതിരോധിക്കാൻ സാധിക്കാതെ 2015 ഫെബ്രുവരി മുതൽ അവർക്ക് ഇറാക്കിന്റെമേൽ സ്വാധീനം കുറഞ്ഞു വരുന്നതായി അമേരിക്കൻ വക്താക്കൾ കണക്കാക്കുന്നു. 2015 ജനുവരിയിൽ പാരിസിലുണ്ടായ ഭീകരാക്രമണത്തിൽ പങ്കു ചേർന്നത് അല്‍ ഖ്വയ്ദാ ഗ്രൂപ്പായിരുന്നെങ്കിലും ഐ.എസ് ഐ .എസിലെ ഒരു ഭീകരനും അക്കൂടെയുണ്ടായിരുന്നു. പാരീസ് സംഭവത്തിനു ശേഷം ഐ.എസ് ഐ .എസിനെ പിന്തുണയ്ക്കുന്ന ഒരു ഒഹായോക്കാരനെ അമേരിക്കാ അറസ്റ്റു ചെയ്തു. യൂ എസിലെ പ്രധാന നഗരങ്ങളിൽ അയാൾക്ക് ബോംബിടാൻ പദ്ധതികളുണ്ടായിരുന്നു. സിറിയായിലേക്കും ഇറാക്കിലേക്കും യാത്ര ചെയ്യുന്ന പാശ്ചാത്യ അമേരിക്കൻ പൌരന്മാരിൽ അനേക ഐ.എസ് ഐ അനുഭാവികളുള്ളതും ആശങ്കയ്ക്ക് കാരണമാകുന്നു. വിദേശത്ത് വിമാനം പറപ്പിക്കലും ബോംബു സ്പോടനത്തിലും യുദ്ധ പ്രാവിണ്യം നേടിയവർ ഐ എസ് ഐ യോടൊപ്പം പ്രവർത്തിക്കുന്നത് പടിഞ്ഞാറൻ രാജ്യങ്ങളെയും അമേരിക്കയേയും നോട്ടമിട്ടുകൊണ്ടെന്നും ഐ എസ് ഐ യെ വിലയിരുത്തുന്നവർ ഭയപ്പെടുന്നു.
ക്രിസ്ത്യാനികൾ ഉൾപ്പടെ ന്യൂന പക്ഷങ്ങളോട് ഐ എസ്.ഐ.എസ് വളരെ ക്രൂരമായിട്ടാണ് പെരുമാറുന്നത്. ന്യൂനപക്ഷങ്ങളിൽപ്പെട്ട നൂറു കണക്കിന് ജനങ്ങൾ മൃഗീയമായി കൊല്ലപ്പെട്ടു. അക്കൂടെ എണ്ണം തിട്ടപ്പെടുത്താൻ സാധിക്കാത്ത വിധം കൃസ് ത്യാനികളും യെസിദികളുമുണ്ട്. സിർജാർ മലയിടുക്കുകളിൽ 40000 ത്തിൽപ്പരം മനുഷ്യർ കുറച്ചു ഭക്ഷണവും കഴിച്ച് കുടുങ്ങി കിടന്നിരുന്നു. അവരുടെ സ്ത്രീകളെ അടിമകളായി വിൽക്കുകയും ബലാൽ സംഘത്തിനിരയാക്കുകയും ചെയ്തു. 2014 ആഗസ്റ്റിൽ കുർഡീസ് പട്ടാളം അവരെ രക്ഷപ്പെടുത്തി. നൂറ്റാണ്ടുകളായി അതാതു പ്രദേശങ്ങളിൽ സ്വന്തം ഭവനങ്ങളിൽ താമസിച്ചിരുന്നവരായ ഇവർ അഭയാർത്ഥികളായി മറ്റു പ്രദേശങ്ങളിലേയ്ക്ക് പലായനം ചെയ്യുന്നു. ഷിയാകളെ കൂടാതെ മത തീക്ഷ്ണതയോടെ ജീവിക്കാത്ത സ്വന്തം സമുദായം സുന്നികളെയും ഐ.എസ്. ഐ.എസ് പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. പൌരാണികവും വിശുദ്ധവുമായ പല പള്ളികളും ഭൂപ്രദേശങ്ങളും അവർ നശിപ്പിച്ചു. അവിശ്വാസികളായ സ്ത്രീകളെ അടിമകളാക്കി ബലാൽ സംഘം ചെയ്യാനും ലൈംഗികമായി പീഡിപ്പിക്കാനും ഐ.സി.ഐ. എസ് ലഘു ലേഖകൾ വിതരണം ചെയ്തുകൊണ്ടുമിരിക്കുന്നു.
2012 നവംബറിൽ അമേരിക്കൻ വാർത്താ ലേഖകനായ 'ജെയിംസ് ഫോളിയെ' ഗ്ലോബൽ പോസ്റ്റിനുവേണ്ടി വാർത്തകൾ റിപ്പൊർട്ട് ചെയ്യുന്ന സമയം 'ഐ.എസ്.ഐ.എസ്' ഭീകരർ തട്ടിക്കൊണ്ടുപോയി. തടവുകാരനായി ബന്ധിച്ച് പിന്നീട് വീഡിയോ ക്യാമറയുടെ മുമ്പിൽ ലോകം കാണത്തക്ക വിധം വധിക്കുകയും ചെയ്തു. 2013 ജനുവരിവരെ ഫോളിയെ തട്ടിക്കൊണ്ടു പോയ വിവരം രഹസ്യാന്വേഷണ വകുപ്പ് അതീവ രഹസ്യമായി വെച്ചിരുന്നു. ഫോളിയുടെ മാതാപിതാക്കൾ തങ്ങളുടെ മകന്റെ ജീവനുവേണ്ടി കേണപേക്ഷിച്ചിരുന്നു. അമേരിക്കൻ രഹസ്യവിഭാഗം ഫോളിയെ കണ്ടുപിടിക്കാൻ എല്ലാ വഴികളും ശ്രമിച്ചിട്ടും സാധിച്ചില്ല. 2014 ആഗസ്റ്റിൽ അമേരിക്കാ ബോംബിട്ടു കഴിഞ്ഞാണ് ക്യാമറായുടെ മുമ്പിൽ വെച്ച് ഭീകരർ ഫോളിയെ വധിച്ചത്. പണം കൊണ്ട് രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും ഐ.എസ് ഐ.എസ്. ഗൌരവപൂർവം അത് പരിഗണിച്ചില്ല.
ജെയിംസ് ഫോളിയുടെ വധത്തിനു ശേഷം സ്റ്റീവൻ സോട്ട് ലോവ് (Steven Sot Loft) എന്ന വാർത്താ ലേഖകനെയും ക്യാമറയുടെ മുമ്പിൽ വെച്ചു വധിച്ചു. സോട്ട് ലോവ് ടൈം മാഗസിന്റെ റിപ്പോർട്ടറായി മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. 2013-ൽ അദ്ദേഹം അപ്രത്യക്ഷ്യനായി. സോട്ട് ലോവിന്റെ അമ്മ 'ഷെർലി' ഐ.എസ്.ഐ. എസ് നേതാവ് അൽ ബാഗ്ദാദിയോട് മകനെ കൊല്ലല്ലേയെന്നു കേണപേക്ഷിച്ചിട്ടും കരുണയുണ്ടായില്ല. സോട്ട് ലോവിനെ വധിച്ച വീഡിയോ കാണിച്ച ശേഷം മുട്ടു കുത്തി നില്ക്കുന്ന ഒരു ബ്രിട്ടീഷ് പൗരനെ വധിക്കുന്ന രംഗമാണ് കാണിക്കുന്നത്. " ഒരു ഭീകരൻ അക്രോശിക്കുന്നത് കേൾക്കാം 'തിന്മയുടെ രാജ്യമായ അമേരിക്കയുമൊത്തു പ്രവർത്തിക്കുന്ന രാജ്യങ്ങൾക്കും ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ശത്രുക്കൾക്കുമുള്ള അനുഭവ പാഠമാണിതെന്ന് അറിയുക ; ഞങ്ങളുടെ ജനങ്ങളെ വെറുതെ വിടൂ!' ഭീകരരുടെ വാക്കുകൾക്ക് വിലകൊടുക്കാതെ അമേരിക്കൻബോംബിംഗ് തുടർന്നുകൊണ്ടിരുന്നു. മറ്റു പാശ്ചാത്യ റിപ്പോർട്ടർമാരെയും ക്യാമറായുടെ മുമ്പിൽ ഐ.എസ്.ഐ.എസ് വധിക്കുന്ന രംഗം കാണിച്ചുകൊണ്ടിരുന്നു. ബ്രിട്ടീഷ് പൌരൻ ഡേവിഡ് ഹേൻസ്, അലൻ ഹെന്നിംഗ്, അമേരിക്കക്കാരൻ പീറ്റർ കാസിംഗ് എന്നിവർ ക്യാമറയുടെ മുമ്പിൽ മരണപ്പെട്ടവരാണ്. 2015 ആരംഭത്തിൽ തടവിലാക്കപ്പെട്ട രണ്ടു ജപ്പാൻ പൌരന്മാരെയും വധിക്കുന്ന രംഗം വീഡിയോയിലുണ്ടായിരുന്നു. ഒരു ജോർദാനിയൻ പൈലറ്റിനെ ജീവനോടെ കത്തിക്കുന്ന രംഗവും കാണിക്കുന്നുണ്ട്.
26 വയസുള്ള അമേരിക്കൻ യുവതി കെയ്ലോ മുള്ളറും ഭീകരരുടെ കൈകളിൽ മരണമടഞ്ഞു. അവരെങ്ങനെ മരിച്ചെന്ന് വ്യക്തമല്ലെന്ന് വൈറ്റ് ഹൌസിൽ നിന്നും ഫെബ്രുവരി ഇരുപത്തിയഞ്ചാം തിയതി അറിയിക്കുകയുണ്ടായി. ആതുര സേവനത്തിൽ ആകൃഷ്ടയായി മുള്ളർ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പാവങ്ങളുടെയിടയിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു. ദുഖിതരും കഷ്ടപ്പെടുന്നവരുമൊത്ത് സഹവസിച്ച് പ്രവർത്തിക്കുകയെന്നത് അവരുടെ ജീവിത ലക്ഷ്യമായിരുന്നു. 'താൻ വളർന്നത് സുഭിഷിതമായ ഒരു രാജ്യത്തായിരുന്നെന്നും അതിനുള്ള അവസരം ജനിച്ചപ്പോൾമുതൽ ലഭിച്ചെന്നും ദൈവം തന്ന ഈ സൌഭാഗ്യത്തിന്മേൽ മറ്റുള്ളവരെ സഹായിച്ചും പരോപകാര പ്രവർത്തികൾ ചെയ്തും ജീവിതം ധന്യമാക്കുകയെന്നത് തന്റെ നിയൊഗമാണെന്നും താൻ ജീവിക്കുന്ന കാലത്തോളം ചുറ്റുമുള്ളവരെ സ്നേഹിച്ചും തന്നാലാവുന്ന വിധം സഹായിച്ചും മറ്റുള്ളവർക്കുവേണ്ടി ജീവിക്കുകയെന്നത് തന്റെ ജീവിത ലക്ഷ്യമാണെന്നും ' മുള്ളർ കൂടെ കൂടെ പറയുമായിരുന്നു.
ഐ.എസ്.ഐ.എസ് വക്താക്കൾ സംസാരിക്കുന്നത് മനുഷ്യത്വമില്ലാത്ത ഫ്ലാറ്റ് ഫോറങ്ങളിൽ നിന്നാണ്. കിരാതയുഗത്തിൽ നടപ്പിലായിരുന്ന മൃഗീയമായ വഴികൾ അവർ തിരഞ്ഞെടുത്തിരിക്കുന്നു. 'ക്രിസ്ത്യാനികൾ മതം മാറുകയോ 'ജിസിയാ' നല്കുകയോ ഭവനങ്ങൾ ഉപേക്ഷിക്കുകയോ സ്വയം മരിക്കാൻ തയ്യാറാവുകയോ ചെയ്യുകയെന്ന് ഐ.എസ്.ഐ യുടെ ആഹ്വാനവുമുണ്ട്. 'ജിസിയാ'യെന്നാൽ ആദിമ ഇസ്ലാമിക ഭരണ സംവിധാനത്തിൽ ക്രിസ്ത്യാനികളുടെ സുരക്ഷിതത്വത്തിനും പള്ളികൾ സംരക്ഷിക്കുന്നതിനും വേണ്ടി ശേഖരിച്ചിരുന്ന ഫണ്ടായിരുന്നു. മൊസൂളിലെ 1800 വർഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയം തല്ലി തകർത്തത് വേദനാ ജനകവും ഖുറാനിലെ ഓരോ വചന തത്ത്വങ്ങൾക്കു വിപരീതവുമാണ്. ഖുറാൻ 22:41 വാക്യത്തിൽ 'മുസ്ലിമുകൾ ക്രിസ്ത്യാനികളുടെ പള്ളികളെ നാശനഷ്ടങ്ങളുണ്ടാകാതെ സംരക്ഷിക്കണമെന്ന്' പറഞ്ഞിട്ടുണ്ട്. ഇസ്ലാമിക ലോകമോ പ്രവാചകനോ ഇത്തരം മൃഗീയമായ മനുഷ്യവേട്ടകളെ അംഗീകരിക്കില്ല. വാസ്തവത്തിൽ ഇസ്ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആൻഡ് സിറിയായെന്ന ഈ ഭീകര സംഘടന ലോകമാകമാനമുള്ള ഒന്നര ബില്ലിയൻ മുസ്ലിമുകൾക്ക് അപമാനകരമാണ്. കൃത്യമായി പറഞ്ഞാൽ ഇവരെ വെറിപിടിച്ച മനുഷ്യത്വം നശിച്ച കാട്ടാള മ്ലേച്ഛന്മാരെന്നു വിളിക്കാം.
No comments:
Post a Comment