By ജോസഫ് പടന്നമാക്കൽ
പഞ്ചാബിൽനിന്നും കുടിയേറിയവരുടെ മകനായി ജനിച്ച 'ബോബി ജിൻഡാൽ' കുടിയേറ്റക്കാരുടെ ചരിത്രത്തിലെ ആദ്യത്തെ ഇന്തോ അമേരിക്കൻ ഗവർണ്ണറായിരുന്നു. ലൂയിസിയാനയിലെ ബാറ്റൻ റോഗിൽ 1971 ജൂണ്‍ പത്താം തിയതി ജനിച്ചു. ജനനപേര് പിയൂസെന്നായിരുന്നു. പിന്നീട് ബോബിയെന്ന ഒമനപേര് അദ്ദേഹം തന്നെ മാറ്റിയെടുത്തതാണ്. ഹിന്ദുവായി ജനിച്ച അദ്ദേഹം കൗമാര പ്രായത്തിൽ കത്തോലിക്കാ മതം സ്വീകരിച്ചു. യുവാവായ അദ്ദേഹം മതം മാറിയശേഷം ബൌദ്ധിക വൈകാരിക തലങ്ങളിൽ അദ്ധ്യാത്മികതയെ സംബന്ധിച്ചും ക്രിസ്തീയ മൂല്യങ്ങളെ വിലയിരുത്തിയും ലേഖനങ്ങൾ തുടർച്ചയായി കത്തോലിക്കാ മാസികകളിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. 1987-ൽ ബാറ്റൻ റോഗ് ഹൈസ്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ബ്രൌണ്‍ യൂണിവേഴ്സിറ്റിയിൽ നിന്നും ഹോണേഴ് സഹിതം ബയോളജിയിൽ ബിരുദം നേടി. ഹാർവാർഡിലും യേൽ യൂണിവേഴ്സിറ്റിയിലും മെഡിക്കൽ നിയമ ബിരുദങ്ങൾക്ക് പ്രവേശനം കിട്ടിയെങ്കിലും അത് വേണ്ടെന്നു വെച്ച് റോഡ്സ്കോളർ ആയി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠനം തുടർന്നു. ഓക്സ്ഫോർഡിൽ പഠിക്കുന്ന കാലങ്ങളിൽ ഒരു കത്തോലിക്കാ പുരോഹിതനാകണമെന്നുള്ള ആഗ്രഹവും അദ്ദേഹത്തിൽ കടന്നുകൂടി. പിന്നീട് പൌരോഹിത്യം അദ്ദേഹത്തിന് യോജിച്ചതല്ലെന്നും മനസിലാക്കി.
1997--ൽ ബോബി ജിൻഡാൽ 'സുപ്രിയയെ' വിവാഹം ചെയ്തു. ലൂയിസിയാനയിലെ 'മെറ്ററീ' എന്ന സ്ഥലത്താണ് അവർ ജനിച്ചത്. ബേറ്റൻ റോഗിലുള്ള ഹൈസ്കൂളിൽ ജിൻഡാളുമൊത്ത് ഒരേ സ്കൂളിൽ പഠിക്കുകയും ചെയ്തിരുന്നു. എന്നാൽ 1996- വരെ അവർ തമ്മിൽ പരസ്പരം കണ്ടുമുട്ടിയിരുന്നില്ല. അവരുടെ മാതാപിതാക്കൾ ഇൻഡ്യയിലാണ് ജനിച്ചത്. ആദ്യകാലങ്ങളിൽ ജിൻഡാളിന്റെ കൂട്ടുകാരിയാകാൻ അവർ വിസമ്മതിക്കുകയാണുണ്ടായത്. ഈ ദമ്പതികൾക്ക് 'സെലിയാ' എന്ന മകളും 'ഷോണ്‍', 'സ്ലേഡ്' എന്ന പേരുളള രണ്ടു ആണ്‍മക്കളുമുണ്ട്.
ബോബി 'ജിൻഡാൽ' ലൂയിസിയാന സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരിൽ അമ്പത്തിയഞ്ചാം ഗവർണ്ണരാണ്. ഒക്സോഫോർഡിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റർ ബിരുദമെടുത്ത ശേഷം 'മാക് കിൻസെ കമ്പനിയിൽ' പരിശീലനമാരഭിച്ചു. 1996-ൽ 'ഗവർണ്ണർ മർഫി' അദ്ദേഹത്തെ ലൂയിസിയാന ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹോസ്പിറ്റല്സിന്റെ സെക്രട്ടറിയായി നിയമിച്ചു. 1999- ൽ ലൂയിസിയാന യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റായും നിയമിതനായി. 2001-ൽ പ്രസിഡന്റ് ജോർജ് ബുഷ് അദ്ദേഹത്തെ ഹെൽത്ത് ആൻഡ് ഹുമൻ സർവീസിൽ ടോം തോമ്സന്റെ പ്രധാന ഉപദേശകനായി നിയമിച്ചു. ജനനം കൊണ്ടും സംസ്ക്കാരം കൊണ്ടും വിശ്വാസം കൊണ്ടും തനി അമേരിക്കനെന്നു വിശ്വസിക്കുന്ന ജിൻഡാൽ യുവാവായിരുന്നപ്പോൾ തന്നെ ലൂയിസിയാന സംസ്ഥാനത്തിന്റെ ഗവർണ്ണറായി. അങ്ങനെ ചരിത്രത്തിലെ ആദ്യത്തെ ഇൻഡോ അമേരിക്കൻ ഗവർണ്ണർ എന്ന നിലയിലും അറിയപ്പെടുന്നു. ഒബാമയുടെ സ്റ്റേറ്റ് യൂണിയൻ പ്രസംഗത്തിന് വിവാദ വിമർശനങ്ങളിൽക്കൂടി ശക്തിയായി മറുപടി നല്കിയതും അദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതത്തിലെ ഒരു തുടക്കം മാത്രം. പബ്ലിക്ക് ഹെൽത്ത് വിഷയങ്ങളിൽ അതികായ വിദഗ്ദ്ധനും ബുദ്ധിമാനുമായ ഈ യാഥാസ്ഥിതികൻ അമേരിക്കയിലെ ദേശീയ റിപ്പബ്ലിക്കൻ പാർട്ടിയിൽ കൂടി ഉയർന്നുവന്ന ഒരു താരമാണ്. റേഡിയോ വാർത്തകൾ പ്രക്ഷോപണം ചെയ്യുന്ന 'റൂഷ് ലിംബൊ' ഒരിയ്ക്കലൊരു കമന്ററിയിൽ അദ്ദേഹത്തെ 'ഭാവിയിലെ റൊണാൾഡ് റേഗനെന്നു' വിശേഷിപ്പിക്കുകയും ചെയ്തു.
2003-ൽ ലൂയിസിയാനയിലെ ഡെമോക്റാറ്റ് ഗവർണ്ണറായിരുന്ന കാതലീൻ ബ്ലാങ്കോയുമായി ഗവർണ്ണർ സ്ഥാനത്ത് ജിൻഡാൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. ലൂയിസിയാന ഗവർണ്ണറായി തെരഞ്ഞെടുത്ത സമയം അദ്ദേഹത്തിന് 37 വയസ്സ് പ്രായമാണുണ്ടായിരുന്നത്. ആകാര ഭംഗിയിൽ ചെറിയ മനുഷ്യനായ അദ്ദേഹം ഗവർണ്ണറായ സമയം ഇട്ടിരുന്ന പാന്റിന്റെ അരഭാഗം വലിപ്പം ഇരുപത്തിയെട്ടിഞ്ചായിരുന്നു. ചിലപ്പോൾ അളവൊത്ത പാന്റ് കിട്ടണമെങ്കിൽ കുട്ടികളുടെ ഡിപ്പാർട്ട് മെന്റിൽ പോകണമായിരുന്നു. പലപ്പോഴും പ്രശ്ന സങ്കീർണ്ണങ്ങളായ ചോദ്യങ്ങള്ക്ക് ഉത്തരം നല്കുന്നത് തന്റെ ശോഷിച്ച വിരലുകൾ ചൂണ്ടിക്കൊണ്ടായിരിക്കും. മാതാവ് രാജ് ഗുപ്താ ജിൻഡാലിനെപ്പോലെ ഇലകൾ പോലെ വിടർന്ന ചെവികളും വ്യതസ്തമായ മൂക്കും പാരമ്പര്യമായി അദ്ദേഹത്തിനും ലഭിച്ചിട്ടുണ്ട്.
അമ്മ രാജ ഗുപ്താ ഒരു ബാങ്ക് മാനേജരിന്റെ മകളായിരുന്നു. 1970-ൽ അവർ ഇന്ത്യയിൽ നിന്നു ലൂയിസിയാന യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പ് സഹിതം ഡോക്റ്റെറെറ്റിന് പഠിക്കാൻ വന്നു. ആ സമയം ജനിച്ചിട്ടില്ലാത്ത ജിൻഡാലിനെ ഉദരത്തിൽ വഹിച്ചുകൊണ്ട് അവർ മൂന്നു മാസം ഗർഭിണിയായിരുന്നു. പ്രേമിച്ചു വിവാഹിതരായ ഭർത്താവ് അമർ ജിൻഡാലിനെയും പിന്നീട് സ്പോണ്‍സർ ചെയ്ത് അമേരിക്കയിൽ കൊണ്ടുവന്നു. ഗവേഷണം നടത്തുന്ന യൂണിവെഴ്സിറ്റിയുടെ ഹെൽത്ത് ഇൻഷുറൻസ് ലഭിക്കുന്നതിനു മുമ്പ് 'രാജ്' ഗർഭിണിയായതിനാൽ പ്രസവത്തിനുള്ള ചെലവുകൾ മുഴുവനായി സ്വയം വഹിക്കേണ്ടി വന്നു. എങ്കിലും ശമ്പളത്തോടുകൂടി യൂണിവെഴ്സിറ്റി ഒരു മാസത്തെ അവധി കൊടുത്തു.
ബനിയാ സമുദായത്തിൽപ്പെട്ട ഒരു കർഷകന്റെ ഒമ്പത് മക്കളിൽ ഒരു മകനായിരുന്നു അമർ. ആ കുടുംബത്തിൽ 'അമർ' മാത്രമേ മക്കളിൽ അഞ്ചാം ക്ലാസ് കഴിഞ്ഞ് പഠിച്ചിട്ടുണ്ടായിരുന്നുള്ളൂ. പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ എഞ്ചിനീയറിംഗ് പ്രൊഫസറായി നല്ല നിലയിൽ കഴിഞ്ഞിരുന്നതുകൊണ്ട് അമറിന് അമേരിക്കയിൽ കുടിയേറാൻ താൽപര്യമുണ്ടായിരുന്നില്ല. ഇന്ത്യാ പാക്കിസ്ഥാൻ വിഭജനത്തിനു ശേഷം അമർ ജിൻഡാൽ കുടുംബം വടക്കേ ഇന്ത്യയിലെ സൗകര്യങ്ങളൊന്നുമില്ലാത്ത, വൈദ്യുതി എത്തിയിട്ടില്ലാത്ത ഒരു കുഗ്രാമത്തിലായിരുന്നു താമസിച്ചിരുന്നത്. കൃഷിയായിരുന്നു അവരുടെ ഉപജീവന മാർഗം. ഒമ്പതു മക്കളുള്ള അമറിന്റെ മാതാപിതാക്കൾ വളരെയധികം പരിതാപകരമായിട്ടായിരുന്നു ജീവിച്ചിരുന്നത്. അടുപ്പിൽ തീ കത്തിക്കാൻ ഉണങ്ങിയ ചാണകമായിരുന്നു ഉപയോഗിച്ചിരുന്നത്. അമറിന്റെ അമ്മ അക്ഷരാഭ്യാസം ഇല്ലാത്ത സ്ത്രീയായിരുന്നു. അദ്ദേഹത്തിൻറെ അച്ഛൻ അഞ്ചാം ക്ലാസ് വരെ പഠിച്ചു. അക്കാലത്ത് പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നും സിവിൽ എഞ്ചിനീയറിങ്ങിൽ 'അമർ' ഡിഗ്രീയെടുത്തു. അദ്ദേഹത്തിൻറെ സഹപാഠിയുടെ സഹോദരി രാജിനെ വിവാഹം ചെയ്തു. രാജിന് മാസ്റ്റെഴ്സ് ഡിഗ്രീയുണ്ടായിരുന്നു.
1971-ലെ കുടിയേറ്റക്കാരെ സംബന്ധിച്ചടത്തോളം അമേരിക്കയിലെ ലൂയിസിയാന അവർക്ക് സ്വർഗതുല്യമായിരുന്നു. ഓയിലും ഗ്യാസും സുലഭമായുള്ള സ്ഥലം. കൂടാതെ തിങ്ങി നിറഞ്ഞിരിക്കുന്ന വ്യവസായ സ്ഥാപനങ്ങളും തൊഴിലവസരങ്ങളുമുണ്ടായിരുന്ന സംസ്ഥാനവുമായിരുന്നു. മക്കൾക്ക് പഠിക്കാൻ അനുയോജ്യമായ സ്കൂളുകളും ഒരു കുടിയേറ്റക്കാരനെ സംബന്ധിച്ച് പ്രാധാന്യവുമായിരുന്നു. പ്രധാന തുറമുഖങ്ങളും,റയിൽവേകളും സമീപ സ്ഥലങ്ങളിലുണ്ടായിരുന്നു. റയിൽവേയിൽ അമറിനു നല്ല ജോലിയും കിട്ടി. രാജ് ന്യൂക്ലീയർ ഫിസ്ക്സിൽ നിന്നും കമ്പ്യൂട്ടർ സയൻസ് മേഖലകളിൽ ജോലിയാരംഭിച്ചു. പിന്നീട് ലൂയിസിയാന സ്റ്റേറ്റ് അവരെ ആദ്യ ബാച്ചിലെ ഐ.റ്റി. ജോലിക്കാരിയായി തെരഞ്ഞെടുത്തു. സംസ്ഥാന ഗവർണ്ണറെന്ന നിലയിൽ സാങ്കേതികമായി പറഞ്ഞാൽ ബോബി ജിൻഡാൽ അവരുടെ ബോസും കൂടിയാണ്.
ബോബിയുടെ മാതാപിതാക്കൾ കഠിനാദ്ധ്വാനികളായിരുന്നു. ആദ്യകാലങ്ങളിൽ അവർക്ക് കാർ ഉണ്ടായിരുന്നില്ല. ജോലിക്കു പോകാനും മറ്റു ഉല്ലാസവേളകൾക്കായും എവിടെയും ബസ്സിൽ സഞ്ചരിക്കുമായിരുന്നു. ബസ് യാത്രയും കഴിഞ്ഞ് ക്ഷീണിതനാണെങ്കിലും രാത്രികാലങ്ങളിൽ അപ്പൻ മകന് പുസ്തകം വായിച്ചു കൊടുക്കുക പതിവുമായിരുന്നു. ചിലപ്പോൾ പാഠപുസ്തകം വായിച്ചു കൊടുത്തുകൊണ്ടിരിക്കുമ്പോൾ അറിയാതെ ഉറങ്ങിപോവുന്ന അപ്പനെയും, ചിരിച്ചുകൊണ്ട് തന്റെ അപ്പൻ ഉറങ്ങിയ കാര്യം അമ്മയോട് റിപ്പോർട്ട് ചെയ്യുന്നതും ബോബി തന്റെ ഒർമ്മക്കുറിപ്പുകളിൽ കുറിച്ചിട്ടുണ്ട്.
മക്കൾക്ക് ഏതെങ്കിലും വിഷയത്തിൽ 'എ' ഗ്രേഡെങ്കിൽ അദ്ദേഹം ദുഖിതനാവുമായിരുന്നു. എപ്പോഴും 'A ' പ്ലസ് വേണം. ബോബി ചെറുപ്പമായിരുന്നപ്പോൾ തന്നെ ടെന്നീസ് മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. ബോബിയുടെ കുടുംബം മുഴുവൻ ഹിന്ദു യാഥാസ്ഥിതികരായിരുന്നു. പൂജകളും പ്രാർത്ഥനകളും എന്നും വീട്ടിൽ നിർബന്ധമായിരുന്നു. അടുത്ത് അമ്പലങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് പൂജയിൽ സംബന്ധിക്കാൻ സുഹൃത്തുക്കളുടെ വീടുകളിൽ പോവുമായിരുന്നു. വേദിക്ക് ശ്ലോകങ്ങളും പുരാണങ്ങളും ഭഗവത് ഗീതയും പൂജാ സമയങ്ങളിൽ വായിക്കും. അന്നത്തെ കുടിയേറ്റക്കാരായ മക്കളുടെ ജീവിതരീതികൾ ഏതാണ്ട് ഇതുപോലെ തന്നെയായിരുന്നു.
ബോബിയ്ക്ക് ഏഴു വയസുള്ളപ്പോൾ മുതൽ മാതാപിതാക്കൾക്കൊപ്പം മാറി മാറി ചെറിയ അപ്പാർട്ടുമെന്റിലായിരുന്നു താമസിച്ചിരുന്നത്. ഏഴു വയസു വിത്യാസമുള്ള അനുജൻ നികേഷ് വാഷിംഗ്ടണിൽ അറ്റോർണിയാണ്. നികേഷ് പഠിച്ചത് 'യേൽ', 'ഡാർമൂത്തു' യൂണിവേഴ്സിറ്റികളിലായിരുന്നു. ബോബിയെപ്പോലെ അനുജന്റെ ഭാഷയ്ക്ക് തെക്കരുടെ ചുവയില്ല. ഗവർണ്ണരുടെ കുടുംബ സമ്മേളനങ്ങളിൽ ന്യൂസ് റിപ്പോർട്ടർമാർ മാതാപിതാക്കളെയോ നികെഷിനെയോ ഇന്റർവ്യൂ ചെയ്യാൻ ചെന്നാൽ അവർ ഒഴിഞ്ഞു മാറുകയാണ് പതിവ്. പരിചയക്കുറവുകൊണ്ട് ക്യാമറയുടെ മുമ്പിൽ അഭിമുഖ സംഭാഷണം നടത്താൻ അവരെന്നും മടി കാണിച്ചിരുന്നു.
ബോബി, ബാറ്റൻറോഗ് മാഗ് നെറ്റ് ഹൈസ്കൂളിൽ പതിമൂന്നാം വയസിൽ ചേർന്നു. യുവാവായിരുന്നപ്പോൾ നിറവിത്യാസത്തിന്റെ പേരിൽ ആരും തന്നോട് സങ്കുചിത മനസ് പ്രകടിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. മാഗ് നെറ്റ് ഹൈസ്കൂൾ പഠിക്കാൻ സമർത്ഥരായവരെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളൂ. പഠനത്തിൽ മറ്റാരേക്കാളും അദ്ദേഹം എന്നും ഒന്നാമനായി തിളങ്ങിയിരുന്നു. തന്റെ ഹൈന്ദവ വിശ്വാസത്തെ തനതായ പഠനത്തിൽനിന്നും ചോദ്യം ചെയ്യാൻ തുടങ്ങിയതും ഏതാണ്ട് ഇക്കാലത്തായിരുന്നു. ബോണ്‍ എഗൈൻ (Born again Christian) ക്രിസ്ത്യാനിയായ 'കെന്റ്' എന്ന ഒരു സുഹൃത്ത് ഒരിക്കൽ ഒരു ബൈബിൾ സമ്മാനിച്ച കാലം മുതലാണ് ക്രിസ്തീയ വിശ്വാസം അദ്ദേഹത്തിൽ മുളയെടുത്തത്. ഈ രണ്ടു കൂട്ടുകാരും തമ്മിൽ മതപരമായ കാര്യങ്ങളിൽ മണിക്കൂറോളം വിവാദത്തിൽ ഏർപ്പെടുമായിരുന്നു. ഭഗവദ് ഗീതയും ബൈബിളും അഗാധമായി പഠിച്ചായിരുന്നു ബോബി ചർച്ചകളിൽ പങ്കു കൊണ്ടിരുന്നത്.
അക്കാലത്തു 'കാത്തിയെന്ന' ഒരു കത്തോലിക്കാ പെണ്‍ക്കുട്ടിയുമായി 'ബോബി' ഇഷ്ടത്തിലായി. അവൾ സുവർണ്ണ തലമുടിയോടുകൂടിയ സുന്ദരിയും ആരെയും ആകർഷിക്കുന്നവളുമായിരുന്നു. ബോബി ജിൻഡാലിന്റെ കുറിപ്പുകളിൽ ഈ പ്രേമത്തിന്റെ കഥ വിവരിക്കുന്നുണ്ട്. ഒരിക്കൽ ഹൈസ്ക്കൂൾ ഡാൻസിനുശേഷം കാത്തിയുമൊന്നിച്ച് ലൂയിസിയാനയിലെ ഡൌണ്‍ ടൌണ്‍ ഹോട്ടലിൽ പോവുകയും ഹോട്ടൽ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽനിന്ന് ആദ്യമായി പ്രേമസല്ലാപത്തിൽ അവർ മണിക്കൂറുകൾ ചെലവഴിക്കുകയും ചെയ്തു. കാത്തിയോടൊപ്പം അദ്ദേഹം കത്തോലിക്കാ പള്ളിയിൽ മിക്ക ദിവസങ്ങളിലും കുർബാന കാണാൻ പോകുമായിരുന്നു. പള്ളിയിൽ പോകാൻവേണ്ടി താൻ പാർട്ടിക്ക് പോവുകയാണെന്ന് അന്ന് മാതാപിതാക്കളോട് കള്ളം പറയുമായിരുന്നു. കത്തോലിക്കാ വിശ്വാസം അദ്ദേഹത്തിൽ ജ്വലിച്ചതെങ്ങനെയെന്ന് വിവരിച്ചുകൊണ്ട് അക്കാലങ്ങളിൽ 'ന്യൂ ഓക്സ്ഫോർഡ് റിവ്യൂ'പോലുള്ള മാസികകളിൽ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. പക്ഷെ ആ പ്രേമം അധിക കാലം നീണ്ടുനിന്നില്ല. രണ്ടു മത വിശ്വാസികളായ ഇരുകൂട്ടരുടെയും മാതാപിതാക്കൾ വിവരമറിഞ്ഞ് ബോബിയും കാത്തിയുമായുള്ള പ്രേമത്തെ തല്ലിതകർത്തു. വ്യത്യസ്തങ്ങളായ മത സാംസ്ക്കാരിക ചൂഴിയിൽ സ്വന്തം മാതാപിതാക്കളുടെ പ്രേരണയാൽ തന്റെ കൂട്ടുകാരിയുമായുള്ള അനുരാഗബന്ധം വേർപെട്ടു പോയതിൽ ബോബിയെന്നും ദുഖിതനായിരുന്നു. അതിനുശേഷം പല പെണ്‍കുട്ടികളും ബോബിയുടെ ജീവിതത്തിൽ കടന്നു വന്നെങ്കിലും മറ്റൊരു ബന്ധം സ്ഥാപിക്കാൻ അദ്ദേഹമെന്നും ഭയപ്പെട്ടിരുന്നു.
ബോബി പറയുന്നു, "നാല്പ്പത്തിയഞ്ചു വർഷങ്ങൾക്കു മുമ്പ് എന്റെ മാതാപിതാക്കൾ ഒന്നുമില്ലാത്തവരായി അമേരിക്കായെന്ന സ്വപ്ന ഭൂമിയിൽ വന്നെത്തി. സ്വതന്ത്രമായ ഈ രാജ്യത്ത് അവർ അവസരങ്ങൾ തേടി വന്നു. അന്നവരുടെ തീരുമാനം ശരിയായിരുന്നു. അടുത്ത തലമുറകൾ തങ്ങളുടെ മാതാപിതാക്കളെപ്പോലെ അവസരങ്ങൾ കുറവുള്ളവരല്ല. നമുക്കു ലഭിച്ചിരിക്കുന്ന ഭാഗ്യത്തിന്മേൽ കൂടുതൽ അവസരങ്ങൾക്കായി ഇനിയും നാം പോരാടണം." നിറഭേദങ്ങളിൽ മനുഷ്യരെ രണ്ടായി കാണുന്നതിലും അദ്ദേഹം വെറുക്കുന്നു. അത്തരം ചിന്താഗതിക്കാർക്കെതിരായും ബോബി ആഞ്ഞടിച്ചു പറയും, 'മനുഷ്യനെ നിറത്തിന്റെ പേരിൽ രണ്ടായി കാണുന്നത് നികൃഷ്ടമായ ഒന്നാണ്. വിചാരശൂന്യരായവർ അങ്ങനെ ചിന്തിക്കുന്നു. നാമെല്ലാം അമേരിക്കക്കാരെന്നു ചിന്തിക്കണം. മഹത്തായ ഈ രാജ്യത്ത് വർഗവിവേചനം അവസാനിപ്പിക്കാൻ സമയമായി. അക്കാര്യത്തിൽ അമേരിക്കാ വളരെയധികം പുരോഗതിയിലുമായി കഴിഞ്ഞിരിക്കുന്നു.'
ഒബാമാ ഭരണകൂടത്തിനെതിരെ നിശിതമായി വിമർശിച്ചുകൊണ്ട് ബോബി പറഞ്ഞു, "ഒബാമയുടെ വിദേശനയം പരാജയമായിരുന്നു. രാജ്യം കടക്കെണിയിൽ മുങ്ങി കിടക്കുന്ന കാലഘട്ടത്തിൽ അമേരിക്കൻ യോദ്ധാക്കളെ സിറിയായിലും ഇറാക്കിലും പോരാടാൻ അയക്കരുതായിരുന്നു." അടുത്ത അമേരിക്കൻ പ്രസിഡൻഡ് പദവി സ്വപ്നം കണ്ടുകൊണ്ട് ന്യൂനപക്ഷങ്ങളുടെയും യുവജനങ്ങളുടെയും പിന്തുണയ്ക്കായി അദ്ദേഹം പ്രചരണം ആരംഭിച്ചു കഴിഞ്ഞു. യുവജനങ്ങളോടായി ബോബി പറയും, "രാഷ്ട്രീയ നേതാക്കന്മാർ നിലവിലുള്ള ഭരണകൂടത്തിൽ നിന്നും മാറ്റങ്ങൾ ആഗ്രഹിക്കുമ്പോൾ താൻ ആഗ്രഹിക്കുന്നത് ഒബാമാ കെയറിനെ ഇല്ലാതാക്കി പകരം മറ്റൊരു മെച്ചമായ ആരോഗ്യാ സുരക്ഷിതാ പദ്ധതി പുനസ്ഥാപിക്കുകയെന്നതാണ്. അമേരിക്കയുടെ പ്രതിരോധം ശക്തിപ്പെടുത്തണം. ഊർജത്തിൽ സ്വതന്ത്രമാവണം. ഇന്ന് നിലവിലുള്ള രീതികളിൽനിന്നും സമൂലമായ വിദ്യാഭ്യാസ പരിഷ്ക്കാരം നടപ്പാക്കണം." ഭാവി പ്രസിഡന്റാകാൻ ആഗ്രഹിക്കുന്ന ബോബി ജിൻഡാലിന്റെ നയപരിപാടികളിൽ മാറ്റത്തിനായുള്ള മുറവിളിയുമായി ബഹുവിധ പദ്ധതികളുമുണ്ട്.
സൈബർ ലോക ടെക്കനോളജിയിൽ അത്ഭുതങ്ങൾ കാഴ്ച്ചവെച്ച ഭരണാധികാരി, രാഷ്ട്രീയക്കാരനെക്കാളുപരി പ്രശ്നങ്ങളെ സ്വയം കൈകാര്യം ചെയ്യാൻ കഴിവുള്ള തന്ത്രജ്ഞൻ, സൌത്ത് ഏഷ്യാക്കാർക്കെല്ലാം അഭിമാനി, പൂർവിക പാരമ്പര്യത്തെ മറന്ന് 'അമേരിക്കനെന്നു മാത്രം ചിന്തിക്കുന്ന ദേശാഭിമാനി, കണ്ണാടിയിൽ നോക്കുമ്പോൾ സ്വയം വെളുമ്പനെന്ന തോന്നൽ, യാഥാസ്ഥിതികനായ ഉറച്ച ക്രിസ്ത്യൻ, കത്തോലിക്കാ തീവ്രവാദി എന്നീ നിലകളിൽ ജനം ജിൻഡാളിനെ വിലയിരുത്തുന്നു.
ലൂയിസിയാനയിലെ ഗവർണ്ണറിനു വേണ്ടിയുള്ള മത്സര വേളയിൽ വാഗ്ദാനം ചെയ്ത ബില്ലുകൾ പലതും സംസ്ഥാനത്തിന്റെ നിയമ നിർമ്മാണക്കൾ പാസ്സാക്കി. നികുതിയിളവ്, ലൂയിസിയാന നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം, അവരുടെ പുനരധിവാസം, നശിച്ചു പോയ സംസ്ഥാനത്ത് ബിസിനസ് കോർപ്പറെറ്റ്, മൾട്ടി നാഷണൽ കമ്പനികളെ ആകർഷിക്കാനുള്ള പദ്ധതികൾ, പ്രൈവറ്റ് സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് 'ഇൻകം ടാക്സ്' ഇളവ് എന്നിവകളെല്ലാം യുവ ഗവർണ്ണറായ ജിൻഡാളിന്റെ നേട്ടങ്ങളായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിലെ മുതിർന്ന നേതാക്കന്മാർക്ക് ആശ്ചര്യകരമായവിധം നേട്ടങ്ങൾ കൊയ്യുന്ന ഒരു മാതൃകാ ഭരണാധികാരിയായി ഈ യുവാവ് അറിയപ്പെടുകയും ചെയ്തു.
അമേരിക്കൻ സംസ്ക്കാരത്തിലും അമേരിക്കൻ മൂല്യങ്ങളിലും ജനിച്ചു വളർന്ന ബോബി ജിൻഡാൽ തീർച്ചയായും അമേരിക്കയെ സ്നേഹിക്കണം. വൈവിദ്ധ്യങ്ങളായ രണ്ടു സംസ്ക്കാരങ്ങളുടെ നടുവിൽ ഒരു ഭരണാധികാരിക്ക് മനസിനെ വൃണപ്പെടുത്തിക്കൊണ്ട് ഭരിക്കാൻ സാധിക്കില്ല. അമേരിക്കൻ സംസ്ക്കാരത്തിൽ ഒരുവന്റെ രക്തമല്ല പ്രധാനം. പിറന്ന മണ്ണിന്റെ രക്തത്തിന്റെ പേരിൽ അമേരിക്കനെന്നു പറയാൻ ഈ മണ്ണിന്റെ ദേശീയ ഇന്ത്യൻസിനു (റെഡ് ഇന്ത്യൻസ്) മാത്രമേ സാധിക്കുള്ളൂ. മറ്റെല്ലാവരും കുടിയേറ്റക്കാരായവരും അവരുടെ സന്തതി പരമ്പരകളുമാണ്. ഇവിടെ ജനിച്ചു വളർന്നവരുടെ രാജ്യവും സംസ്ക്കാരവും അവരുടെ മാതാപിതാക്കൾ ജനിച്ച സ്ഥലങ്ങളല്ല. പുതിയ തലമുറകളിൽനിന്നു ഭാരതീയനായി ജീവിക്കാൻ പ്രതീക്ഷിക്കുന്നതും ശരിയല്ല. നൂറു ശതമാനം അമേരിക്കനായി ഈ സുന്ദര സ്വപ്നഭൂമിയിൽ വളർന്ന ബോബി ജിൻഡാൽ അമേരിക്കനായി തന്നെ അഭിമാനം കൊള്ളുന്നു.
No comments:
Post a Comment