By ജോസഫ് പടന്നമാക്കൽ
ലോകമാകമാനമുള്ള ക്രിസ്ത്യാനികൾ ക്രിസ്തുമസിനെ അദ്ധ്യാത്മികതയുടെയും പരിശുദ്ധിയുടെയും ദിനമായി ആചരിച്ചു വരുന്നു. 'ക്രിസ്തുമസ്' വിവിധ രാജ്യങ്ങളുടെ മതപരവും സാംസ്ക്കാരികവും സാമൂഹികവുമായ ആഘോഷ ദിനമാണ്. എങ്കിലും ആധുനിക ലോകം ക്രിസ്തുമസിനെ വ്യവസായിവൽക്കരിച്ചിരിക്കുന്നതായും കാണാം. സമ്മാനങ്ങൾ കൈമാറുക, ക്രിസ്തുമസ് മരം അലങ്കരിക്കുക, പള്ളിയിൽ പോവുക, ബന്ധുക്കളും സുഹൃത്തുക്കളുമായി ഭക്ഷണം പങ്കു വെക്കുക, സാന്റാ ക്ലോസിന്റെ വരവ് കാത്തിരിക്കുക എന്നിങ്ങനെയുള്ള ക്രിസ്തുമസ് ദിനത്തിലെ പരമ്പരാഗതങ്ങളായ ആചാരങ്ങൾ നൂറ്റാണ്ടുകളായി തുടർന്നുകൊണ്ടിരിക്കുന്നു.ആദ്യ നൂറ്റാണ്ടുകളിൽ ക്രിസ്തുവിന്റെ ജന്മദിനം ഘോഷിച്ചിരുന്നില്ല. നാലാം നൂറ്റാണ്ടിലാണ് സഭാധികാരികൾ യേശുവിന്റെ ജന്മ ദിനാ ഘോഷത്തിനു തുടക്കമിട്ടത്.
2012-ലെ ക്രിസ്തുമസ് കാലത്ത് ബനഡിക്റ്റ് മാർപാപ്പാ യേശുവിന്റെ ശൈശവ കാലങ്ങളെ വിവരിച്ചുകൊണ്ടു 'നസ്രത്തിലെ യേശു'വെന്ന (ജീസസ് ഓഫ് നസറത്ത്) ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. "ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ,'ഡയോനിസിയസ് എക്സിഗൂസ്' എന്നു പേരുള്ള ഒരു ക്രിസ്ത്യൻ പുരോഹിതൻ തയ്യാറാക്കിയ ക്രിസ്ത്യൻ കലണ്ടർ തികച്ചും അബദ്ധങ്ങൾ നിറഞ്ഞതാണെന്നു" മാർപാപ്പായുടെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. സഭ അംഗികരിച്ച ഈ കലണ്ടറിലുള്ള യേശുവിന്റെ ജനനതിയതിയും മാസവും വർഷവും ശരിയല്ലെന്നും അനേക വർഷങ്ങളുടെ വ്യത്യാസത്തിലാണ് കലണ്ടറുണ്ടാക്കിയിരിക്കുന്നതെന്നും ബനഡിക്റ്റിന്റെ ഈ ഗവേഷണ ഗ്രന്ഥത്തിലുണ്ട്. ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിച്ച ദിനമായി ആഘോഷിക്കുന്നത് തികച്ചും നിരർത്ഥകമാണെന്നു മാർപാപ്പായുടെ പുസ്തകത്തിൽ നിന്നും മനസിലാക്കാം. ഉണ്ണിയേശു പിറന്നപ്പോൾ മാലാഖമാർ ഗാനങ്ങൾ ആലപിച്ചുവെന്നത് തെറ്റായ വിശ്വാസമായും മാർപാപ്പയുടെ പുസ്തകത്തിലുണ്ട്. ഭാവനകളിൽ നെയ്തെടുത്ത ക്രിസ്തുമസ് ഗാനങ്ങൾ ചരിത്രത്തിലെ യേശുവിനെപ്പറ്റിയുള്ളതല്ല. സ്വർഗത്തിൽ വസിക്കുന്ന മനുഷ്യനെപ്പോലുള്ള ചിറകുള്ള മാലാഖമാർ യേശു ജനിച്ച സമയം ചുറ്റിനുമുണ്ടായിരുന്നുവെന്നത് വെറും കെട്ടു കഥകളായും കരുതണം. മാലാഖമാർ പാടിയെന്നനുമാനിക്കുന്ന കരോളുകളും ക്രിസ്തുമസ് സംബന്ധിച്ചുള്ള മറ്റു കൂത്താട്ടങ്ങളും ചരിത്രത്തിലെ യേശുവുമായി ബന്ധപ്പെടുത്താൻ സാധിക്കില്ല.
ക്രിസ്തുവിന്റെ ജനന ദിവസത്തെപ്പറ്റി ബൈബിളിൽ വ്യക്തമായി ഒന്നും സൂചിപ്പിച്ചിട്ടില്ല. ബൈബിളിൽ വിവരിച്ചിരിക്കുന്ന പ്രകാരം ക്രിസ്തുവിന്റെ ജനനം വസന്തകാലത്തിലോ മഴക്കാലത്തിലോ ആയിരിക്കാം. രണ്ടു പ്രധാന കാരണങ്ങളാണ് അതിനു തെളിവുകളായി ചൂണ്ടി കാണിക്കുന്നത്. ഒന്നാമത്തേതു ക്രിസ്തു ജനിച്ച സമയം ആട്ടിടയർ തങ്ങളുടെ ആടുകളെ മേയിച്ചുകൊണ്ട് മേച്ചിൽ സ്ഥലങ്ങളിലുണ്ടായിരുന്നുവെന്നു ലൂക്കിന്റെ സുവിശേഷത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. യേശുവിന്റെ ജനനവുമായി ബന്ധപ്പെടുത്തി ആട്ടിടയന്മാർ ശൈത്യ കാലത്ത് ആടു മാടുകളെ മേയിച്ചിരുന്നുവെന്നത് തികച്ചും യുക്തിക്കു ചേരുന്നതുമല്ല. കന്നുകാലികൾ മേയുന്നത് സാധാരണ പുല്ലുകൾ നിറഞ്ഞ വസന്തത്തിലോ മഴക്കാലങ്ങളിലോ ആയിരിക്കും. ഡിസംബർ മാസം യഹൂദാദേശം മുഴുവൻ ശൈത്യം നിറഞ്ഞ പ്രദേശങ്ങളാണ്. രണ്ടാമത്, തണുപ്പുകാലത്ത് യേശുവിന്റെ മാതാപിതാക്കൾ സെൻസസ് വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ ബെദലഹേമിൽ വരാനും സാധ്യതയില്ല. ജനങ്ങൾക്കു അനുയോജ്യമായ കാലാവസ്ഥകളും കണക്കാക്കി മാത്രമേ ഇങ്ങനെയുള്ള രാജവിളംബരങ്ങൾ പ്രഖ്യാപിക്കാനും സാധ്യതയുള്ളൂ. ഡിസംബർ മാസത്തിലെ ശൈത്യത്തിൽ നടന്നു പോവുന്ന വഴികൾ കുണ്ടും കുഴികളും ചെളികളും നിറഞ്ഞതായിരിക്കും. ദുർഘടമായ വഴികളിൽക്കൂടി രാജ്യം മുഴുവനുമുള്ള ജനം നടന്ന് സെൻസസ് എടുക്കുകയെന്ന രാജ വിളംബരവും പ്രായോഗികമായിരിക്കില്ല. രോഗം ബാധിച്ചവരും കുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്നവരും കഠിനമായ ശൈത്യത്തിലകപ്പെട്ടു അപകടപ്പെടാനാണ് സാധ്യത. ഇക്കാരണങ്ങൾകൊണ്ട് പേഗൻ മതങ്ങളെ തൃപ്തിപ്പെടുത്താൻ ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിച്ച ദിവസമായി തെരഞ്ഞെടുത്തതായിരിക്കണം.
ഡിസംബർ ഇരുപത്തിയഞ്ചാം തിയതി പേഗൻ ദൈവമായ സൂര്യന്റെ ജന്മദിനമായി പുരാതന റോമ്മാക്കാർ ആചരിച്ചിരുന്നു. പേഗൻ മതങ്ങളെ ആകർഷിക്കാൻ അന്നേ ദിവസം സഭാധികാരികൾ സൌകര്യപൂർവ്വം ക്രിസ്തു ജനിച്ച ദിനവുമാക്കി. ബൈബിൾ പ്രകാരം ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിക്കാൻ സാധ്യതയുണ്ടോ? ക്രിസ്തുവിന്റെ ജനന ദിവസത്തെപ്പറ്റി ബൈബിളിലോ പുരാതന ഗ്രന്ഥങ്ങളിലോ രേഖപ്പെടുത്തിയിട്ടില്ല. യുക്തിപൂർവ്വം ചിന്തിക്കുകയാണെങ്കിൽ 'ഡിസംബർ ഇരുപത്തിയഞ്ച്' ക്രിസ്തു ജനിച്ച ദിനമായി ഗണിക്കാനും സാധിക്കില്ല.
യൂറോപ്പും ലോകത്തിലെ മറ്റു ശൈത്യ ഭൂവിഭാഗങ്ങളും സാധാരണ ആഘോഷങ്ങൾ കൊണ്ടാടുന്നത് ഡിസംബറിനോടടുത്ത മാസങ്ങളിലാണ്. യൂറോപ്യൻ ജനത യേശു ജനിക്കുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പേ തണുപ്പ് കാലത്തിലെ രാത്രി കാലങ്ങൾ കൊണ്ടാടുവാൻ വിളക്കുകൾ കത്തിക്കുമായിരുന്നു. രാത്രിയുടെ ദൈർഘ്യം കൂടുതോറും രാത്രിയെ വെളിച്ചമാക്കി അവർ ആഘോഷിച്ചിരുന്നതായി കാണാം. സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ നോർക്സ് വർഗക്കാർ ഡിസംബർ ഇരുപത്തിയൊന്നാം തിയതി ഒരു പവിത്ര ദിനമായി ആചരിച്ചിരുന്നു. രാത്രി കാലങ്ങളിൽ അസ്തമിച്ച സൂര്യൻ മടങ്ങി വരാൻ വേണ്ടി ഓരോ വീടുകളിലും അപ്പനും മക്കളുംമൊത്ത് തടിക്കഷണങ്ങൾ ശേഖരിച്ചു കൂമ്പാരങ്ങളാക്കി കത്തിക്കുമായിരുന്നു. ജ്വലിക്കുന്ന തീയെ നോക്കിക്കൊണ്ട് തടികൾ കത്തി തീരുന്നവരെ അന്നേ ദിനങ്ങളിൽ ഉത്സവമായി കൊണ്ടാടിയിരുന്നു. സാധാരണ രണ്ടാഴ്ച കാലത്തോളം ആഘോഷങ്ങൾ നീണ്ടു നിന്നിരുന്നു. കത്തുന്ന തീയിലെ ഓരോ തീ നാളവും പുതുവർഷത്തിൽ ജനിക്കാൻ പോകുന്ന ഒരു പന്നികുട്ടിയുടെയോ പശുകുട്ടിയുടെയോ ജനനത്തെ സൂചിപ്പിക്കുന്നതായി നോർക്സ് വർഗക്കാർ വിശ്വസിച്ചിരുന്നു.
യൂറോപ്യരെ സംബന്ധിച്ച് ഇത്തരം ആഘോഷങ്ങൾക്കുള്ള അനുയോജ്യമായ സമയം ശൈത്യകാലമായ ഡിസംബർ മാസത്തിലെ അവസാന നാളുകളായിരുന്നു. കന്നുകാലികളെ കൂടുതലായും കൊല്ലുന്നതും ശൈത്യകാലത്തായിരിക്കും. വിറങ്ങലിച്ച തണുപ്പത്ത് കന്നുകാലികൾക്ക് തീറ്റ തേടി പോവേണ്ട ബുദ്ധിമുട്ടുകളും വരില്ല. പച്ചയായ നല്ല മാംസം ലഭിക്കുന്നതും ഡിസംബർ മാസത്തിലായിരിക്കും. വസന്തകാലത്തിലും ശിശിരകാലത്തിലും സൂക്ഷിച്ചു വെച്ച വൈൻ കുടിക്കാൻ പാകമാകുന്നതും ഡിസംബർ മാസത്തിലായിരിക്കും.
ജർമ്മനിയിലുണ്ടായിരുന്നവർ പേഗൻ ദൈവമായ ' ഓടനെ' ആരാധിച്ചിരുന്നതും ഡിസംബർ മാസത്തിലായിരുന്നു. ശക്തനായ 'ഒടൻ' ദൈവത്തെ ജർമ്മനിയിലുള്ളവർ ഭയപ്പെട്ടിരുന്നു. ഈ ദൈവം രാത്രികാലങ്ങളിൽ ആകാശത്തുകൂടി സഞ്ചരിക്കുന്നുവെന്നും ഭൂമിയിലെ ജനങ്ങളെ വീക്ഷിക്കുന്നുണ്ടെന്നും ആരൊക്കെ ഐശ്വര്യം കൈവരിക്കണമെന്നും നശിക്കണമെന്നും തീരുമാനിക്കുമെന്നും ഇവർ വിശ്വസിച്ചിരുന്നു. ശൂന്യാകാശത്തിൽ ദൈവമായ 'ഒടൻ' സഞ്ചരിക്കുന്നതുകൊണ്ട് മനുഷ്യരെല്ലാം വീടിനു പുറത്തിറങ്ങാതെ രാത്രികാലങ്ങളിൽ സുരക്ഷിതരായി വാതിലടച്ച് വീടിനുള്ളിൽത്തന്നെ കഴിഞ്ഞിരുന്നു.
റോമിൽ കൃഷിയുടെ ദേവനായ ശനിഗ്രഹത്തിന്റെ ആഘോഷങ്ങളും നടത്തിയിരുന്നത് ഡിസംബർ മാസത്തിലായിരുന്നു. ശൈത്യം തുടങ്ങുന്ന കാലം മുതൽ ആ മാസത്തിലെ പൂർണ്ണ ചന്ദ്രനെ കാണുന്നവരെ ആഘോഷം തുടർന്നിരുന്നു. അന്നേ ദിവസം ഭക്ഷണവും ലഹരി പദാർത്ഥങ്ങളും ഓരോ വീടുകളിലും ധാരാളമായി ശേഖരിച്ചിരുന്നു. അടിമകളെ മോചിപ്പിച്ച് അവരെ ഈ ദിവസങ്ങളിൽ യജമാനൻമാരാക്കുന്ന ചടങ്ങുകളും ആഘോഷങ്ങളുടെ പ്രത്യേകതയായിരുന്നു. കൃഷിക്കാർ പട്ടണങ്ങളിലെത്തി പട്ടണജനങ്ങളോടൊപ്പം ആഘോഷങ്ങളിൽ പങ്കുകൊള്ളുമായിരുന്നു. ഡിസംബർ മാസത്തിലെ ശൈത്യകാലങ്ങളിൽ കുട്ടികൾക്കായും ആഘോഷങ്ങളുണ്ടായിരുന്നു. കൂടാതെ സൂര്യ ദേവനായ 'മിത്രാ'യെ പൂജിച്ചിരുന്നതും ഡിസംബർ മാസത്തിലായിരുന്നു.' മിത്രാ' ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ഒരു പാറപ്പുറത്തു ജനിച്ചുവെന്നാണ് വിശ്വാസം. മിത്രാ ദൈവത്തിന്റെ ജനനം ഏറ്റവും പരിശുദ്ധമായ ദിനമായി റോമ്മാക്കാർ കരുതിയിരുന്നു.
പൌരാണിക കാലം മുതൽ റോമിൽ ഡിസംബർ മാസം ഇരുപത്തിയഞ്ചാം തിയതി പവിത്രദിനമായി ആചരിച്ചിരുന്നു. നന്മ നേരാനുള്ള അവസരവും കൂടാതെ സാധുക്കളോട് ദയയോടെ പെരുമാറുകയും അവരെ സഹായിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യുകയെന്നത് ഈ ദിവസത്തിന്റെ പ്രത്യേകതയായിരുന്നു. മരങ്ങളും അലങ്കരിക്കുമായിരുന്നു. റോമ്മാക്കാരുടെ ഈ ആഘോഷ വേളകളിൽ ക്രിസ്തു ജനിച്ചിട്ടുണ്ടായിരുന്നില്ല. ക്രിസ്ത്യാനികളുണ്ടായിരുന്നില്ല. അവരുടെ അന്നുണ്ടായിരുന്ന ആഘോഷങ്ങളെ 'സാറ്റുനർലിയാ' എന്നു പറഞ്ഞിരുന്നു. ഇത് പേഗൻ മതക്കാരുടെ ശൈത്യകാല ഉത്സവമായിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങളുടെ ക്രിസ്തുമസിനോടനുബന്ധിച്ചുള്ള ഉത്സവങ്ങൾ 'സാറ്റുനർലിയാ'യുടെ തുടർച്ചയാണ്. 'സാറ്റുനർലിയാ' ആചരിക്കുന്ന വേളയിൽ ധനികരായവർ താമസിക്കാൻ ഇടമില്ലാത്തവർക്കു പാർപ്പിടവും വാടകയുക്ക് താമസിക്കുന്നവർക്കു ഒരു മാസത്തെ വാടകയും നല്കിയിരുന്നു. യാതൊരു ബിസിനസ്സും അന്നേ ദിവസം അനുവദിച്ചിരുന്നില്ല. കളി തമാശുകൾ, കുളി, നഗ്നരായി പാട്ടും കൂത്തും തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരുന്നു.
'സാറ്റുനർലിയാ' കൃഷിക്കാരുടെ ഉത്സവമായി ആദ്യം ആരംഭിച്ചു. അഗസ്റ്റസ് ചക്രവർത്തിയുടെ കാലത്തു ഡിസംബർ പതിനേഴുമുതൽ രണ്ടു ദിവസത്തെ ആഘോഷമായിരുന്നത് പിൽക്കാലങ്ങളിൽ ഏഴു ദിവസങ്ങളാക്കിക്കൊണ്ട് മാറ്റങ്ങൾ വരുത്തി. ആചാരങ്ങൾ പിന്നീട് ഡിസംബർ ഇരുപത്തിയഞ്ചാതിയതി മുതൽ തുടങ്ങി. ആഘോഷ വേളകളിൽ വധ ശിക്ഷ നടപ്പാക്കിയിരുന്നില്ല. യുദ്ധങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്നിരുന്നു. കോണ്‍സ്റ്റാന്റിൻ ചക്രവർത്തിയുടെ മതപരിവർത്തനത്തോടെ ക്രിസ്ത്യാനികൾക്കെതിരെയുള്ള മതപീഡനങ്ങൾ അവസാനിച്ചു. എങ്കിലും ഏറെ നാളത്തേയ്ക്ക് ക്രിസ്തുമതം റോമൻ സാമ്രാജ്യത്തിൻറെ ഔദ്യോഗിക മതമായിരുന്നില്ല. ക്രിസ്തുമതാഘോഷങ്ങളും പേഗനാഘോഷങ്ങളും ഒരേ കാലത്ത് ഒന്നിച്ചു കൊണ്ടാടിയിരുന്നു. കോണ്‍സ്റ്റാന്റിനു ശേഷം ഒരു നൂറ്റാണ്ടു കൂടി 'സാറ്റുനർലിയാ' ദിനങ്ങൾ ക്രിസ്ത്യാനികളും പേഗൻ വിശ്വാസികളും, ഒന്നിച്ചാഘോഷിച്ചിരുന്നു.
റോമ്മാക്കാരുടെ പേഗൻദൈവമായ 'സാറ്റുനർലിയാ' ആഘോഷദിനമായ ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിച്ച ദിനമായി സഭ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും ചരിത്രം ചൂണ്ടി കാണിക്കുന്നു. ഡിസംബർ ഇരുപത്തിയഞ്ച് ക്രിസ്തു ജനിച്ച ദിനമായി സഭ തെരഞ്ഞെടുത്തത് സഭയിലേയ്ക്ക ആകൃഷ്ടരായ റോമ്മാക്കാരുടെ പാരമ്പര്യങ്ങളും മാമൂലുകളും അതേപടി സ്വീകരിക്കുവാനായിരുന്നു. സഭയിൽ പോപ്പ് ജൂലിയസ് ഒന്നാമനാണ് ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിച്ച ദിനമായി പ്രഖ്യാപിച്ചത്. 'ദേശീയ ജനതയുടെ ആഘോഷമെന്നായിരുന്നു' ആദ്യകാലങ്ങളിൽ ഈ ദിനത്തെ വിളിച്ചിരുന്നത്. നാലാം നൂറ്റാണ്ടിൽ ഈ ആഘോഷം ഈജിപ്റ്റിലും പിന്നീട് ആറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലും വ്യാപിച്ചു. എട്ടാം നൂറ്റാണ്ടിൽ സ്കാൻഡിനേവിയാ മുഴുവനായും ക്രിസ്തുമസാഘോഷങ്ങൾ പടർന്നു. ഗ്രീക്ക്, റഷ്യൻ ഓർത്തോഡോക്സ് സഭകൾ ഡിസംബർ ഇരുപത്തിയഞ്ച് കഴിഞ്ഞു പതിമൂന്നു ദിവസങ്ങൾക്കു ശേഷം ക്രിസ്തുമസ് ആഘോഷിക്കുന്നു. ഏതാണ്ട് ഈ സമയങ്ങളിലാണ് മൂന്നു രാജാക്കന്മാരുടെ ദിനവും ആഘോഷിക്കാറുള്ളത്. ഈ ദിനങ്ങളിൽ കിഴക്കുനിന്നുള്ള മൂന്നു ബുദ്ധി ജീവികൾ പുൽക്കൂട്ടിൽ കിടക്കുന്ന യേശുവിനെ വന്നു കണ്ടുവെന്ന് വിശ്വസിക്കുന്നു.
റോമ്മായുടെ പാരമ്പര്യമായി ആഘോഷിച്ചിരുന്ന ശൈത്യകാലാഘോഷങ്ങൾ കൃസ്തുമസ് ദിനമാക്കിയാൽ കൂടുതൽ സ്വാഗതാത്മകമായിരിക്കുമെന്നും സഭാധികാരികൾ കരുതി കാണും. മദ്ധ്യകാലമായപ്പോഴേയ്ക്കും പേഗൻ മതങ്ങളുടെ സ്ഥാനത്തു ക്രിസ്തു മതം തെരഞ്ഞെടുക്കപ്പെട്ടു. അന്നേ ദിവസം പെഗനീസത്തിലുണ്ടായിരുന്ന മദ്യ ലഹരികളും ആഘോഷങ്ങളുടെ ഭാഗമായി. ക്രിസ്ത്യാനികൾ പള്ളികളിലെ കർമ്മങ്ങളിൽ പങ്കെടുത്തശേഷം ആദ്യകാലാഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. ഒരു യാജകനെ അധികാര ദുർവിനിയോഗിയായ രാജാവിന്റെ വേഷം കെട്ടിക്കുകയും ദരിദ്രരായവർ പണക്കാരുടെ വീടുകളിൽ പോവുകയും നല്ല ഭക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വീട്ടുടമകൾ ഭക്ഷണം നല്കാൻ തയ്യാറായില്ലെങ്കിൽ അവരുടെ വീട് കൊള്ളയടിക്കുകയും സാധാരണമായിരുന്നു. സമൂഹത്തിൽ പണക്കാരായവർ പാവങ്ങളെ സഹായിക്കുകയും അവരുടെ കടങ്ങൾ വീട്ടി കൊ ടുക്കുകയും ക്രിസ്തുമസ് കാലത്ത് പേഗൻ മതങ്ങളുടെ തുടർച്ചയെന്നോണം ചെയ്തിരുന്നു.
ബൈബിളിൽ ക്രിസ്തുവിന്റെ ജന്മദിവസത്തെപ്പറ്റി യാതൊന്നും പരാമർശിച്ചിട്ടില്ലാത്തതു കൊണ്ടും ക്രിസ്തു ജനിച്ച വ്യക്തമായ ദിനം ചരിത്രത്തിൽ രേഖപ്പെടുത്താതുകൊണ്ടും ക്രിസ്തു മതത്തിന്റെ ഉപവിഭാഗമായ പ്യൂരിറ്റൻ മതക്കാർ ക്രിസ്തുമസ് ആഘോഷിച്ചിരുന്നില്ല. യൂറോപ്പിൽ പതിനേഴാം നൂറ്റാണ്ടായപ്പോഴേയ്ക്കും ക്രിസ്തുമസാഘോഷങ്ങളിൽ പലവിധ പരിവർത്തനങ്ങളും വന്നു. 1645-ൽ 'ഒലിവര് ക്രോം വെൽ' യൂറോപ്പിൻറെ രാജാവായി. പ്യൂരിറ്റൻ മതവിശ്വാസിയായ അദ്ദേഹം ക്രിസ്തുമസാഘോഷങ്ങൾ രാജ്യത്ത് നിരോധിച്ചു. ജനങ്ങളുടെ ആവശ്യപ്രകാരം ചാൾസ് രണ്ടാമൻ രാജാവായപ്പോൾ വീണ്ടും ആഘോഷങ്ങൾ തുടങ്ങുകയും ക്രിസ്തുമസ് ദിനം പൊതു ഒഴിവു ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.
1620 ൽ രാജ്യത്തോട് വിട വാങ്ങിയ തീർഥാടകരായ അമേരിക്കൻ കുടിയേറ്റക്കാർ ക്രോം വെൽ രാജാവിനെക്കാളും തീവ്രമായ പ്യൂരിറ്റൻ മതവിശ്വാസികളായിരുന്നു. അതിന്റെ പരിണിതഫലമായി കുടിയേറ്റ പ്യൂരിറ്റൻ തലമുറക്കാരുടെ സ്വാധീനത്തിൻമേൽ 1659 മുതൽ 1681- വരെ ക്രിസ്തുമസ് ബോസ്റ്റണിൽ നിരോധിച്ചിരുന്നു. ആരെങ്കിലും ക്രിസ്തുമസ് ദിനമാഘോഷിച്ചാൽ അഞ്ചു ഷില്ലിംഗ് പിഴ ശിക്ഷ നല്കിയിരുന്നു. അമേരിക്കൻ വിപ്ലവ ശേഷം ക്രിസ്തുമസാഘോഷങ്ങൾ പുനസ്ഥാപിച്ചു. 1870 ജൂണ്‍ ഇരുപത്തിയാറു വരെ അമേരിക്കൻ ഐക്യനാടുകളിൽ ക്രിസ്തുമസ് ഒരു ഫെഡറൽ അവധി ദിനമായിരുന്നില്ല. അമേരിക്കയിൽ വ്യാപകമായി ക്രിസ്തുമസാഘോഷങ്ങൾ കൊണ്ടാടുവാൻ തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടുമുതലാണ്. വെറും സാധാരണ അവധി ദിവസത്തെക്കാൾ ക്രിസ്തുമസ് ദിനത്തെ കുടുംബങ്ങൾ ഒത്തൊരുമിച്ചുള്ള ആഘോഷദിനമാക്കി മാറ്റിയെടുക്കുകയും ചെയ്തു. ക്രിസ്തുമസാഘോഷങ്ങളെ സമാധാനത്തിന്റെ പ്രതീകമായി പരിഗണിക്കാനും തുടങ്ങി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തിൽ വർഗസമരം അമേരിക്കാ മുഴുവനായുണ്ടായിരുന്നു. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സമയവുമായിരുന്നു. അസഹയീനതയും അസഹിഷ്ണതയും ജനങ്ങളെ ക്രിസ്തുമസ് കാലങ്ങളിൽ കൊള്ളകൾക്ക് പ്രേരിപ്പിച്ചു. ക്രിസ്തുമസ് കാലത്തുള്ള ആക്രമണവും കൊള്ളയും കാരണം ന്യൂയോർക്കു പട്ടണത്തിൽ പോലീസ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കി. സമൂഹത്തിലെ ഉയർന്നവരായവർ പൊതു സ്ഥലങ്ങളിൽ ക്രിസ്തുമസാഘോഷിക്കാതെ സുരക്ഷിതത്വത്തിന്റെ പേരിൽ വീടുകളിൽ മാത്രമാക്കുകയും ചെയ്തു.
പാവങ്ങളോടുള്ള സഹാനുഭൂതിയും ത്യാഗ മനസ്തിതിയുടെ അടിസ്ഥാനവുമായി ക്രിസ്തുമസ് കരോളിനെ കരുതുന്നു. ക്രിസ്തുമസിന്റെ പ്രാധാന്യത്തെ മനസിലാക്കാനും കുട്ടികളും മുതിർന്നവരുമായി വൈകാരിക ഐക്യത്തിനും മുൻഗണന നല്കിക്കൊണ്ട് 1800- കളിൽ കുട്ടികൾക്ക് ക്രിസ്തുമസ് കാലങ്ങളിൽ സമ്മാനങ്ങളും നല്കാൻ തുടങ്ങി. പുതിയതായി വന്ന കുടിയേറ്റക്കാരുടെയും കത്തോലിക്കരുടെയും എപ്പിസ്ക്കൊപ്പൽകാരുടെയും ആചാര രീതികളെയും ക്രിസ്തുമസാഘോഷങ്ങളുടെ ഭാഗമാക്കി. ക്രിസ്തുമസാഘോഷങ്ങളിലെ പിന്നീടുള്ള നൂറു വർഷങ്ങൾ വിവിധ സംസ്ക്കാരങ്ങളിൽ നിന്നും ആചാരങ്ങളിൽനിന്നും പകർത്തിയെടുത്തതായിരുന്നു. ക്രിസ്തുമസ് മരങ്ങൾ അലങ്കരിക്കലും കാർഡുകൾ അയയ്ക്കലും സമ്മാനങ്ങൾ നല്കലും ക്രിസ്തുമസാഘോഷങ്ങളുടെ ഭാഗമായി. തുടങ്ങി. വളരുന്ന രാഷ്ട്രത്തിൽ പുതിയതായി വന്ന കുടിയേറ്റക്കാരുടെ താല്പര്യവും ക്രിസ്തുമസാഘോഷങ്ങളിലും ആചാരങ്ങളിലും പ്രതിഫലിച്ചിരുന്നതു കാണാമായിരുന്നു.
Constantine |
God Mithra |
No comments:
Post a Comment