Saturday, February 27, 2016

ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം- 1)



വർണ്ണാശ്രമ ധർമ്മവും  തൊട്ടുകൂടാ ജാതികളും  

By ജോസഫ് പടന്നമാക്കൽ

വടക്കേന്ത്യയിൽ തുടക്കമിട്ട വർണ്ണാശ്രമ ധർമ്മം ആര്യൻ സമൂഹത്തിന്റെ ഘടകമായിരുന്നു. പ്രാകൃത ചിന്തകളിൽനിന്നും ഉരുവിട്ട സൃഷ്ടിയുടെ കെട്ടുകഥയെ ആധാരമാക്കിയാണ് വർണ്ണാശ്രമ ധർമ്മത്തിനു തുടക്കം കുറിച്ചിരിക്കുന്നത്. സൃഷ്ടാവിന്റെ വായിൽനിന്നു ബ്രാഹ്മണ പുരോഹിതരും കൈകളിൽനിന്നു രാജകീയ യോദ്ധാക്കളും തുടകളിൽനിന്നു കൃഷിക്കാരും കച്ചവടക്കാരുമായ വൈശ്യരും പാദങ്ങളിൽനിന്നു ശൂദ്ര ജാതിക്കാരായ കൈപ്പണിക്കാരും സേവകരുമുണ്ടായിയെന്നാണ് ബ്രാഹ്മണ വേദാന്തങ്ങൾ പഠിപ്പിക്കുന്നത്‌. പിന്നീട് മുൻ ജന്മത്തിൽ പാപികളായി ജനിച്ച അവർണ്ണ ജാതികളായ പറയ, പുലയരെപ്പോലുള്ള തീണ്ടാ ജാതികളുമുണ്ടായി. ഈഴവരും വർണ്ണാശ്രമത്തിനു പുറത്തുള്ളവരാണ്.   

കാലക്രമേണ വർഗ വിവേചനം ഹൈന്ദവ മതത്തിന്റെ അവിഭാജ്യ ഘടകമായി മാറി. ഒപ്പം നിന്ദ്യമായ തൊട്ടു കൂടായ്മയും പുനർ ജന്മവും. അവകളെല്ലാം തന്ത്രപൂർവ്വം ബ്രാഹ്മണർ പുരാണങ്ങളിലും കൂട്ടിച്ചേർത്തു. അവരുടെ ഗ്രന്ഥങ്ങൾ താണ ജാതികളെ മേല്ജാതിക്കാരുടെ ഇഷ്ടാനുഷ്ടാനങ്ങളനുസരിച്ച് നിസ്സഹായരായി വഴങ്ങുന്നവരാക്കാനും സഹായിച്ചു. പുനർ ജന്മം അധകൃതരായവരെ അടിമകളാക്കാൻ ഒരു ഉപാധിയായും മാറി. ജനിക്കുമ്പോഴെ മുൻജന്മ പാപത്തിൽ ജീവിക്കുന്ന കീഴ്ജാതിക്കാർ ജന്മ ജന്മാന്തരങ്ങളിൽക്കൂടിയെങ്കിലും പുനർ ജന്മത്തെ   ഒരു ആശ്വാസമായി കണ്ടു. കീഴ്ജാതിക്കാരും അവർക്കുണ്ടാകുന്ന കുട്ടികളും മൃഗങ്ങളെപ്പോലെ മേൽജാതിക്കാർക്കു കീഴ്പ്പെട്ടു ജീവിക്കണമായിരുന്നു.

മൂന്നാം നൂറ്റാണ്ടിൽ രചിച്ചതെന്നു വിശ്വസിക്കുന്ന മനുവിന്റെ നിയമങ്ങൾ ഇന്നും ഗുജറാത്ത് സർവ്വകലാശാലയിലെ പാഠ പുസ്തകമാണ്. തൊഴിലടിസ്ഥാനമായ വർണ്ണ ജാതി വ്യവസ്ഥകൾ ഉത്തമമെന്നും പഠിപ്പിക്കുന്നു. തൊട്ടുകൂടായ്മയും താണ ജാതികളുടെ അശുദ്ധിയും സവർണ്ണ മേധാവിത്വവും ഭാരതത്തിന്റെ സംസ്ക്കാര പാരമ്പര്യവുമായി വിശേഷിപ്പിക്കുന്നു. ജാതി വ്യവസ്ഥകളനുസരിച്ച് താണ ജാതികൾ ജനിച്ചതു അവരുടെ മുൻജന്മ പാപം കൊണ്ടെന്നും പഠിപ്പിക്കുന്നു. പാപ പരിഹാരത്തിനായി ഉയർന്ന ജാതികൾക്ക് താണവരെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ കൊല്ലുകയോ ചെയ്യാം. താണ ജാതിക്കാരുടെ പെൺക്കുട്ടികളെ ലൈംഗിക ഭോഗം ചെയ്യുന്നതിന് ഉന്നത ജാതികൾക്ക് തൊട്ടുകൂടായ്മ പ്രശ്നവുമല്ല. മനുഷ്യൻ മനുഷ്യനെ നിന്ദിക്കാനും   ചെളിയിലും മാലിന്യത്തിലും പണിയെടുപ്പിക്കാനും സ്ത്രീത്വത്തെ അപമാനിക്കാനും മനുസ്മൃതിയിലുള്ള സാമൂഹിക വിവേചനങ്ങൾ   ആധികാരികമായി യുവ തലമുറകളെ പഠിപ്പിക്കുന്നു.  

ഇന്ത്യൻ ജനതയിൽ പതിനേഴു ശതമാനത്തോളം ദളിതരുണ്ട്. എന്നാൽ രാജ്യത്തുള്ള വിഭവങ്ങളുടെ പങ്ക് ദളിതർക്കു ലഭിക്കുന്നത് അഞ്ചു ശതമാനം മാത്രവുമാണ്. പകുതിയിലധികം ദളിതജനം കഴിയുന്നത്‌ ദാരിദ്ര്യ രേഖയ്ക്ക് താഴെയും. അവരിൽ അറുപത്തി രണ്ടു ശതമാനം വിദ്യാഹീനരുമാണ്. ഭൂരിഭാഗവും ഭൂമിയില്ലാതെ മറ്റുള്ളവരുടെ ഭൂമിയിൽ പാട്ടത്തിനു കൃഷി ചെയ്തു ജീവിക്കുന്നു. പത്തു ശതമാനം ജനങ്ങൾക്കേ ശുദ്ധജലവും വൈദ്യുതി സൌകര്യങ്ങളും ലഭിക്കുന്നുള്ളൂ. കക്കൂസുകൾ തുറസ്സായ പുറംപ്രദേശങ്ങളും റയിൽവേ പാളങ്ങളുടെ സമീപവുമായിരിക്കും. കൂടാതെ രാജ്യത്തിലെ കുറ്റ കൃത്യങ്ങൾക്ക് എക്കാലവും ബലിയാടാകുന്നതും ദളിതരായിരിക്കും. ഭയം കൊണ്ട് ഉന്നത ജാതികൾ നടത്തുന്ന കുറ്റകൃത്യങ്ങൾ ദളിതർ റിപ്പൊർട്ട് ചെയ്യുകയോ ബന്ധപ്പെട്ടവരെ അറിയിക്കുകയോ ചെയ്യാറില്ല. അഥവാ റിപ്പോർട്ട് ചെയ്താലും പണത്തിന്റെ പുറത്തു കേസുകൾ പോലീസു ചാർജു ചെയ്യുകയുമില്ല. പണത്തിന്റെ മേലിൽ പരുന്തും പറക്കില്ലായെന്നു പറഞ്ഞപോലെ കോടതികളെ സ്വാധീനിച്ചുകൊണ്ട്‌ കേസുകൾ തള്ളിയും ഇല്ലാതെയുമാക്കും. ദളിതർക്ക് നീതികിട്ടാത്ത ലക്ഷക്കണക്കിനു കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും മാറ്റങ്ങളില്ലാതെ ദളിതർ ഭാരതമാകെ തകർക്കപ്പെട്ട അധകൃത ജനതയായി ജീവിക്കുന്നു.

ഭാരതത്തിൽ ദളിതരും അവരുടെ സ്ത്രീകളും നൂറ്റാണ്ടുകളായി പീഡിപ്പിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളായിരുന്നു. ദളിത സ്ത്രീയായി ഭാരത മണ്ണിൽ ഒരുവൾ ജനിച്ചാൽ പിന്നീടവരുടെ ജീവിതം യാതനകളിൽക്കൂടിയായിരിക്കും. ദുരിതങ്ങളും പീഡനങ്ങളും അവരുടെ ജീവിതത്തിന്റെ ഭാഗമായിത്തീരും. ഇന്ത്യയിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും തെരുവുകൾ വൃത്തിയാക്കുന്നത് ദളിത സ്ത്രീകളെന്നു കാണാം. മനുഷ്യൻ വിസർജിക്കുന്നതും മലമൂത്രങ്ങളും  കൈകൾ കൊണ്ട് തൊട്ടിക്കുള്ളിലാക്കി തലയിൽ വെച്ചുകൊണ്ട് പോകുന്ന കാഴ്ചകൾ ഇന്ത്യയിലെ ഉൾനാടുകളിൽ ഇന്നും സാധാരണമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യാ തിളങ്ങുന്നുവെന്നു രാഷ്ട്രീയ നേതാക്കൾ ലോകത്തിന്റെ മുമ്പിൽ പറഞ്ഞു കൊണ്ടിരിക്കും. ഇന്ത്യയുടെ ഇരുണ്ട ചരിത്ര വശങ്ങൾ പുറത്തു പറയുകയുമില്ല. 

അധികാര ഗർവ്വിൽ ഓരോ പ്രദേശങ്ങളിലെ കാക്കി കുപ്പായങ്ങളണിഞ്ഞ പോലീസുകാർ പ്രതിഫലമില്ലാതെ എന്തു വൃത്തികെട്ട ജോലി ചെയ്യാൻ ദളിതരോട് ആവശ്യപ്പെട്ടാലും പീഡനങ്ങൾ ഭയന്ന് ദളിതർ അവരെ അനുസരിക്കാറുണ്ട്. അനാഥമായി തള്ളി നീക്കുന്ന ചീഞ്ഞളിഞ്ഞ ശവ ശരീരങ്ങൾ വരെ മാറ്റേണ്ട ചുമതലകളും ദളിതർക്കുള്ളതാണ്. നിഷേധിക്കാൻ അവർക്ക് അവകാശമില്ല. കയ്യുറകൾ ധരിക്കാതെ നഗ്നമായ കൈകൾ കൊണ്ട്  ഓടയിലെ ഒഴുകുന്ന മലിന വസ്തുക്കളും വൃത്തിയാക്കുന്നു. തൊഴിൽ ചെയ്യുന്നവരുടെ സുരക്ഷിതത്വവും ഭദ്രതയും നിയമങ്ങളിൽ അനുശാസിക്കുന്നുണ്ടെങ്കിലും തൊഴിലിനാവശ്യമായ വസ്ത്രങ്ങളോ, ഗ്ലൗസുകളൊ കോൺട്രാക്റ്റർമാർ അവർക്കു നല്കാറില്ല. സർക്കാരിൽ നിന്നും നിയമം തെറ്റിക്കുന്ന കോൺട്രാക്ടർമാരെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌താൽ ചോദ്യം ചെയ്യുന്നവർക്ക് കൈനീട്ടം കിട്ടുമ്പോൾ അവർ തൃപ്തരാകും. അല്ലെങ്കിൽ  അവരുടെ വീടുകൾ സൗജന്യമായി വൃത്തിയാക്കി കൊടുത്തുകൊണ്ട് ദളിതരെ ചൂഷണം ചെയ്യുന്നത് തുടരുകയും ചെയ്യുന്നു. ദാരിദ്ര്യവും താണവരെന്ന ജാതിയുമാണ് അവരെ ഇത്തരം ജോലികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. 

'ദളിത്‌' എന്ന വാക്ക് 'ദാൽ' എന്ന സംസ്കൃത പദത്തിൽ നിന്നും ഭേദഗതി വരുത്തി വന്നതാണ്. തകർന്ന ജാതികളെന്നും ദളിതെന്ന പദത്തിനു അർത്ഥം കല്പ്പിച്ചിരിക്കുന്നു. ശബ്ദിക്കാൻ അവകാശമില്ലാതെ അടിച്ചമർത്തപ്പെട്ട തലമുറകളായി ഹൃദയം തകർന്ന ഹതാശയരായ ഒരു ജനതയായിരുന്നു അവർ. അവരെ 'തൊട്ടുകൂടാ' ജാതികളെന്നും പറയും. ഹിന്ദു വർണ്ണ വ്യവസ്ഥയിലെ ചതുർ വർണ്ണത്തിനു വെളിയിലുള്ള അഞ്ചാം തരക്കാരായി അവരെ കരുതുന്നു.


ബ്രാഹ്മണരല്ലാത്തവരുടെ സംഘടനയായ 'സത്യ ഷോതക് സമാജം' സ്ഥാപിച്ച ' ജ്യോതിബ ഫുലെ' ആദ്യമായി 'ദളിത്' എന്ന പദം പൊതുജനമദ്ധ്യേ അവതരിപ്പിച്ചതായി കരുതുന്നു. വർണ്ണാശ്രമത്തിനു പുറത്തുള്ളവരെയും ചതുർ വർണ്ണ വ്യവസ്ഥകളുടെ ബലിയാടായവരെയും തൊട്ടുകൂടാ ജാതികളെയും ദളിതരെന്ന സംജ്ഞയിൽ സമൂഹത്തിലറിയപ്പെടാൻ തുടങ്ങി. 1919-ൽ ബ്രിട്ടീഷ്കാർ ഇവരെ അവശ ജാതികളെന്നു വിളിച്ചിരുന്നു. ദൈവത്തിന്റെ മക്കളെന്നുള്ള അർത്ഥത്തിൽ ഗാന്ധിജി ഹരിജനങ്ങളെന്നും വിളിച്ചു. ഗാന്ധിജിയുടെ ഹരിജനെന്ന വിളി അംബേദ്ക്കർക്ക്‌ സ്വീകാര്യമായിരുന്നില്ല. അവശരായ ഹിന്ദുക്കൾക്ക് പ്രത്യേകമായ ഒരു തെരഞ്ഞെടുപ്പു സമ്പ്രദായം വേണമെന്നും അവരെ പ്രതിഷേധ (Protestant) ഹിന്ദുക്കളെന്നു വിളിക്കണമെന്നും അംബേദ്ക്കർ ആവശ്യപ്പെട്ടു.1935-ൽ ബ്രിട്ടീഷ്‌ സർക്കാർ അവരെ ഷെഡ്യൂൾ ക്ലാസ്സെന്നു തരം തിരിച്ചു.

1970-കളിൽ മഹാരാഷ്ട്രയിൽ 'ദളിത കരിംപുലി'കളെന്ന സംഘടന രൂപീകരിച്ചു. ഈ സംഘടന 'ദളിത്' എന്ന വാക്ക് ഇന്ത്യാ മുഴുവനായി വ്യാപിപ്പിക്കാൻ ഇടയാക്കി. ഇന്ന് എല്ലാ ജാതികളിലുമുള്ള അവശരായ അവർണ്ണ ജാതികൾ ദളിതരെന്ന പേരിൽ അറിയപ്പെടുന്നു. അവരുടെ പ്രതിഷേധ റാലികളിലും ഈ വാക്കാണ്‌ ഉപയോഗിക്കുന്നത്. വർണ്ണ വ്യവസ്ഥയനുസരിച്ച് ദളിതരെ താണ ജാതികളായി കണക്കാക്കുന്നു. താണ നിലവാരമുള്ള തൊഴിലുകളും അശുദ്ധിയും കല്പ്പിച്ചുകൊണ്ട് അവരെ വർണ്ണാശ്രമ ധർമ്മത്തിന് പുറത്താണ് നിറുത്തിയിരിക്കുന്നത്‌. ചതുർവർണ്ണത്തിൽ പെടാത്തതുകൊണ്ട് പഞ്ചമ ജാതികളെന്നും വിളിക്കും. ചരിത്രാദി കാലം മുതൽ അവർ ഭാരതത്തിൽ അടിച്ചമർത്തപ്പെട്ട ജനതയായായിരുന്നു. മനുഷ്യൻ മനുഷ്യനെ വെറുക്കുന്ന സങ്കുചിത ചിന്താഗതി ഇന്നും പിന്തുടരുന്നു. മനുഷ്യ ശരീരങ്ങൾ  കുഴിച്ചിടുകയും ഓടയിലൂടെ ഒഴുകുന്ന  മലിനവസ്‌തുക്കളും  കക്കൂസുകളും ‍ വൃത്തിയാക്കുകയും പാടത്തു പണിയുകയും അവരുടെ തൊഴിലുകളായി കരുതുന്നു. അവരുടെ അഭിമാനത്തിനും മാന്യതയ്ക്കും ഉയർന്ന കുലജാതികൾ മുറിവുകളുണ്ടാക്കിയിരുന്നു. നിന്ദ്യമായ പെരുമാറ്റങ്ങളിൽക്കൂടി അവരെ ഉയർന്ന ജാതികൾ പീഡിപ്പിച്ചു കൊണ്ടിരുന്നു. അവർ തൊട്ടുകൂടാ ജാതികളായിരുന്നതു കൊണ്ട് ആരെങ്കിലും അവരെ സ്പർശിച്ചാൽ അവരും അശുദ്ധരാകുമായിരുന്നു. മറ്റുള്ള ഉയർന്ന ജാതികളിൽ പിറന്ന കുട്ടികൾ  അശുദ്ധരാകാതിരിക്കാൻ തൊട്ടുകൂടാ ജാതികൾക്ക് സ്കൂളുകളും അമ്പലങ്ങളും പൊതുവഴികളും നിഷേധിച്ചിരുന്നു.

ഇന്നും  ദളിതർക്ക്‌ താമസിക്കാനായി ഭാരതമൊട്ടാകെ  പ്രത്യേക ഗ്രാമങ്ങളും കുടിവെള്ളത്തിനായി കിണറുകളുമുണ്ട്. സ്കൂളിൽ ക്ലാസ് മുറികളിൽ ദളിത കുട്ടികൾ പ്രത്യേക സ്ഥലത്തിരിക്കണം. ചായക്കടകളിൽ ദളിതർക്കിരിക്കാൻ വേർതിരിച്ച സ്ഥലങ്ങളുണ്ട്. അത്തരം പെരുമാറ്റങ്ങൾ ഭാരതത്തിലെ നിയമങ്ങൾക്കെതിരാണെങ്കിലും ഉയർന്ന ജാതികൾ നിയമങ്ങൾക്കൊന്നും യാതൊരു പ്രാധാന്യവും കൽപ്പിക്കാറില്ല. നൂറ്റാണ്ടുകളായുള്ള ദളിതർക്കെതിരെയുള്ള വിവേചനം അവരെ നിത്യ ദരിദ്ര ജനതയാക്കി മാറ്റിയിരിക്കുന്നു. ആധുനിക കാലഘട്ടത്തിലും ദാരിദ്ര്യമാണ് ദളിതരുടെ മുഖ്യ പ്രശ്നവും. ഉന്നത ജാതികളിൽ നിന്നുമുള്ള പീഡനത്തിൽ അസഹ്യരായ ദളിതരിൽ അനേക ജനങ്ങൾ  ബുദ്ധ മതവും ഇസ്ലാമിക, ക്രിസ്തു മതവും സിക്കു മതവും സ്വീകരിച്ചു. നിഷേധിക്കപ്പെട്ട മനുഷ്യാവകാശങ്ങൾക്കു വേണ്ടിയായിരുന്നു അവർ മതം മാറിക്കൊണ്ടിരുന്നത്. യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്ന ദേശീയതയോ മാർക്സിസമോ, ജനായത്ത ഭരണ സിദ്ധാന്തങ്ങളോ വർണ്ണ വിവേചന  പ്രശ്നങ്ങൾക്ക് പരിഹാരം കാണില്ലെന്ന്  അംബേദ്ക്കർ വിശ്വസിച്ചിരുന്നു. ക്രിസ്തുമതവും ഇസ്ലാം മതവും അദ്ദേഹത്തിനു താല്പര്യമില്ലായിരുന്നു. കാരണം ഈ മതങ്ങൾ കാര്യമായി വർണ്ണ വ്യവസ്ഥകൾക്കെതിരെ പോരാടിയിട്ടില്ലായിരുന്നു. ലക്ഷക്കണക്കിന് ദളിതരുമായി അദ്ദേഹം ബുദ്ധമതത്തിൽ  ചേർന്നു. ബുദ്ധൻ ഭാവന കണ്ടത് വർണ്ണ വ്യവസ്ഥയില്ലാത്ത ഒരു സമൂഹത്തെയായിരുന്നുവെന്നു അംബേദ്ക്കർ  വിശ്വസിച്ചിരുന്നു.

തൊട്ടുകൂടായമയുടെ ചരിത്രം ക്രിസ്തുവിനുമുമ്പ് ആര്യന്മാരുടെ കുടിയേറ്റ ചരിത്രം മുതൽ കണക്കാക്കാം. ആര്യന്മാർ ഇന്ത്യയെ ആക്രമിച്ചെന്നു ബ്രിട്ടീഷ് ചരിത്രകാരും ഭാരതീയ ചരിത്രകാരും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആര്യ കുടിയേറ്റത്തിൽ അങ്ങനെയൊരു ചരിത്രം തെളിയിക്കാൻ സാധിക്കുകയില്ല. അംബേദ്‌ക്കറും അങ്ങനെയൊരു ചരിത്രം ബ്രിട്ടീഷ് സൃഷ്ടിയെന്നു വിശ്വസിച്ചിരുന്നു. ആര്യന്മാർ ദേശീയരായവരെ, അവരുടെ സംസ്ക്കാര പാരമ്പര്യങ്ങളെ  വെറുപ്പോടെയായിരുന്നു കണ്ടിരുന്നത്‌. ദേശീയരായവരിൽ ചിലർ കാട്ടിൽ നിന്നു രക്ഷപ്പെട്ടെങ്കിലും ഭൂരിഭാഗവും ആര്യൻ സമൂഹത്തിനു അടിമപ്പെട്ടുകൊണ്ട്  താണ ജാതിക്കാരായി ജീവിക്കുകയായിരുന്നു.  വേദ കാലങ്ങളിൽ കാട്ടിൽ നിന്നു രക്ഷപ്പെട്ടവരെ ചണ്ഡാളന്മാരെന്നു വിളിച്ചിരുന്നു.

ബ്രഹ്മാവിന്റെ വായിൽ നിന്നും തുടകളിൽ നിന്നും കൈകളിൽ നിന്നും പാദങ്ങളിൽ നിന്നും ചതുർ വർണ്ണ ജാതികൾ ഉണ്ടായിയെന്നുള്ള മനൂവിയൻ  തത്ത്വങ്ങൾ ബ്രാഹ്മണ ജാതികൾ പ്രചരിപ്പിച്ചു കൊണ്ടിരുന്നു. ചതുർ വർണ്ണത്തിൽപ്പെടാത്തവർ തീണ്ടൽ ജാതിക്കാരായി ബ്രാഹ്മണർ താണ ജാതികളുടെ മനസ്സിൽ കുത്തിക്കുറിച്ചു.  വർണ്ണാശ്രമത്തിലെ നാലു ജാതികൾ ദൈവികമായി ഉണ്ടായിയെന്നും മറ്റുള്ളവർ നിയമപരമല്ലാതെ ലൈംഗിക അഴിഞ്ഞാട്ടങ്ങൾ നടത്തിയതുകൊണ്ട് അവർണ്ണ ജാതികളുണ്ടായിയെന്നും ഉയർന്ന ജാതികൾ പ്രചരിപ്പിക്കാനും തുടങ്ങി. ചണ്ഡാളന്മാർ ബ്രാഹ്മണ സ്ത്രീകളിൽ നിന്നും ശുദ്ര പുരുഷന്മാരിൽ നിന്നും ജനിച്ചവരെന്ന തത്ത്വവും ബ്രാഹ്മണർ സൃഷ്ടിച്ചു.

ചരിത്രത്തിലാദ്യം വർഗ വിവേചനത്തെ എതിർത്തവർ ശ്രീ ബുദ്ധനും മഹാവീരനുമെന്നു വിശ്വസിക്കുന്നു. മദ്ധ്യകാലഘട്ടത്തിലുള്ള ഭക്തി മാർഗങ്ങൾ ഹിന്ദു മതത്തിന്റെ നവോത്വാന ചരിത്രമായി കണക്കാക്കുന്നു. രാമാനുജയുടെ പ്രവർത്തനങ്ങളിൽ ദളിതരെയും പങ്കെടുപ്പിച്ചിരുന്നു. ദളിത ശിക്ഷ്യഗണങ്ങളെയും രാമാനുജാ പരസ്യമായി അമ്പലത്തിൽ കൊണ്ടുപോയിരുന്നു.  ദളിതനായ 'നമ്മാൽവരനെ' വേദങ്ങളുടെ പ്രചാരകനായും താത്ത്വിക സംഘടനകളുടെ നേതാവായും  അദ്ദേഹം നിയമിച്ചു. ദ്രാവിഡ വേദങ്ങളെപ്പറ്റി   'നമ്മാൽവരൻ'  കൃതികൾ രചിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രഹ്മസമാജവും ആര്യസമാജവും രാമകൃഷ്ണാ മിഷ്യനും ദളിതരുടെ മോചനത്തിനായി പ്രവർത്തിക്കാൻ തുടങ്ങി. പഞ്ചാബിലെ ദളിത ഗുരുവായ 'ഘാസിദാസെന്നു' പേരുള്ള  ദളിത മഹാൻ  'സത്നാമി' എന്ന പേരിൽ ഒരു  ദളിത ക്ഷേമ സംഘടന സ്ഥാപിച്ചു. ഗുരു രവിദാസും ദളിതനായിരുന്നു. ദളിതരെ മതം മാറ്റി 'ജിയാനി ദിത്ത് സിംഗ്' പഞ്ചാബിൽ ദളിതർക്കായി പ്രവർത്തിച്ചുകൊണ്ടിരുന്നു. ജ്യോതി ഫുലെ, കേരളത്തിലെ അയ്യങ്കാളി, തമിഴ് നാട്ടിലെ യോതി താസ് മുതലായവർ ദളിതരുടെ ക്ഷേമത്തിനു  വേണ്ടി പ്രവർത്തിച്ച സാമൂഹിക പ്രവർത്തകരാണ്. 1928-ൽ ഉന്നത ജാതിയിൽ പിറന്ന 'ലക്ഷ്മി നാരായൻ' ദളിതർക്കായി ഒരു അമ്പലം വാർദ്ധായിൽ തുറന്നു കൊടുത്തു. 1936-ൽ തിരുവിതാംകൂർ രാജാവ് ദളിതർക്കായി അമ്പല പ്രവേശനത്തിനുള്ള രാജ വിളംബരം ചെയ്തു. ഗാന്ധിജി ദളിതരെ സഹായിക്കാൻ  ഹരിജന യാത്ര നടത്തിക്കൊണ്ടിരുന്നു.

ഇന്ത്യാ സർക്കാർ 1995 മാർച്ച്‌ മുപ്പത്തിയൊന്നാം തിയതി  ദളിതരുടെ മേലുള്ള പീഡനങ്ങളും കയ്യേറ്റങ്ങളും തടയാൻ പ്രത്യേകമായ നിയമം പാസാക്കിയിട്ടുണ്ട്. 1932-ൽ ബ്രിട്ടീഷ് സർക്കാർ ദളിതരുടെ ക്ഷേമത്തിനായും അവരുടെ  നേതാക്കന്മാരെ തെരഞ്ഞെടുക്കാനും പ്രത്യേക സമ്മതിദായകവകാശവും നിയോജക മണ്ഡലവും വാഗ്ദാനം ചെയ്തിരുന്നു. മഹാത്മാ ഗാന്ധി ആ തീരുമാനത്തെ എതിർത്തു. പൂനാ പദ്ധതി പ്രകാരം അംബെദ്ക്കറുമായി ചർച്ചകളിൽക്കൂടി ആ പ്രശ്നം പരിഹരിക്കപ്പെട്ടു. 1947-ൽ സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ ദളിതർക്ക് വിദ്യാഭ്യാസ സൌകര്യങ്ങളിലും ജോലികളിലും മുൻഗണന നല്കി വരുന്നു. 1997-ൽ ദളിതനായ കെ.ആർ നാരായണനെ ഇന്ത്യയുടെ പ്രസിഡണ്ടായി തെരഞ്ഞെടുത്തുകൊണ്ട് ഒരു ചരിത്രനിയോഗം കുറിച്ചു. നാലാം തരമുള്ള സർക്കാർ ജോലികളിലെ  തൊഴിൽ മേഖലകളിൽ പതിനെട്ടു ശതമാനത്തോളം ദളിതർ വഹിക്കുന്നു. അനേക സാമൂഹിക സംഘടനകൾ ദളിതരുടെ ക്ഷേമാന്വേഷണത്തിനായും ആരോഗ്യ സംരക്ഷണത്തിനായും വിദ്യാഭ്യാസ പുരോഗമനത്തിനായും തൊഴിലവസരങ്ങൾക്കായും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വർഗ വിവേചനവും തൊട്ടു കൂടായ്മയും നിയമത്തിനെതിരെങ്കിലും ഇന്നും ആ പ്രാകൃത ചിന്താഗതികൾ ഉന്നത ജാതികൾ പുലർത്തിക്കൊണ്ടിരിക്കുന്നതും ഈ നൂറ്റാണ്ടിനു തന്നെ ഒരു അപമാനവുമാണ്. (തുടരും) 









No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...