ശ്രീ നാരായണ ഗുരുവിന്റെ മതാതീത ആത്മീയതയും കീഴാളർ വിമോചനവും
By ജോസഫ് പടന്നമാക്കൽ
ഈഴവ സമുദായത്തിൽ ജനിച്ച മഹാത്മാവായ ശ്രീനാരായണ ഗുരു പത്തൊമ്പതാം നൂറ്റാണ്ടിലെ വർണ്ണ വ്യവസ്തകൾക്കെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവും വേദ പണ്ഡിതനും ഹൈന്ദവാചാര്യനുമായിരുന്നു. എല്ലാ സത് ഗുണങ്ങളുടെയും നന്മകളുടെയും മൂർത്തികരണമായ ശ്രീ നാരായണ ഗുരുവിനെപ്പോലുള്ള ഒരു ദിവ്യനായ മഹാൻ മനുഷ്യ വർഗത്തിൽ വിരളമായേ കാണുകയുള്ളൂ. അദ്ദേഹം ആത്മജ്ഞാനിയും ഗുരുവും തത്ത്വജ്ഞാനിയും കാല്പ്പനിക ചിന്തകനും, യുക്തിവാദിയും വിശുദ്ധനും മാനവികതാവാദിയും സാമൂഹിക പരിഷ്കർത്താവും കവിയുമെല്ലാമായിരുന്ന അമാനുഷിക വ്യക്തിത്വത്തിന്റെ ഒരു ഉടമയായിരുന്നു. ഗുരു പഠിപ്പിച്ചതെല്ലാം ലളിതവും ആദ്ധ്യാത്മികവും സാമൂഹിക വിപ്ലാവാത്മകവുമായിരുന്നു. ഈഴവർക്കും അക്കാലങ്ങളിൽ വർണ്ണ ജാതികളിൽനിന്നു സാമൂഹികമായ പീഡനങ്ങൾ സഹിക്കണമായിരുന്നു. അധകൃതരായവരുടെ പുരോഗതിയും വർണ്ണ ജാതികൾക്കൊപ്പം അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യങ്ങളും ലക്ഷ്യമിട്ടുള്ള ഒരു ജീവിതമായിരുന്നു ആ മഹാത്മാവ് നയിച്ചിരുന്നത്. ഈഴവരുടെ ഉന്നമനത്തിനായി നാടാകെ അമ്പലങ്ങളും സ്കൂളുകളും സ്ഥാപിച്ചുകൊണ്ടു ആ കർമ്മ യോഗി ജനങ്ങളെ സേവിച്ചു കൊണ്ടിരുന്നു.
വർണ്ണ വിവേചനത്തിന്റെ ഉറവിടം പൂജാ വിഗ്രഹങ്ങൾ പ്രതിഷ്ടിച്ചിരിക്കുന്ന അമ്പലങ്ങളെന്നു പൂർവ കാല സാമൂഹിക ചരിത്രം വ്യക്തമാക്കുന്നു. അവിടെ അവർണ്ണർക്ക് പ്രവേശനം നിഷേധിച്ചിരുന്നത് മാനുഷിക പരിഗണനകളോടുള്ള ഒരു വെല്ലുവിളിയായിരുന്നു. കേരളത്തിലും സാമൂഹിക ഉച്ഛനീചത്വങ്ങൾ ഭീകരമായി തന്നെയുണ്ടായിരുന്നു.കേരളവും മറ്റുള്ള സംസ്ഥാനങ്ങളെപ്പോലെ വ്യത്യസ്തമല്ലാതെ സവർണ്ണരും അവർണ്ണരുമായി രണ്ടു തട്ടിൽ ജീവിച്ചിരുന്ന ഒരു ഭ്രാന്താലയമായിരുന്നു. ഭൂരിഭാഗമുള്ള അവർണ്ണരെ തൊട്ടു തീണ്ടാ ജാതികളായി സവർണ്ണ ജനത കണക്കാക്കിയിരുന്നു.
ഗുരുവിന്റെ ജന്മത്തെപ്പറ്റി ഐതിഹിക നൂലാമാലകൾ പലതുമുണ്ടെങ്കിലും അദ്ദേഹത്തിൻറെ ജനന ദിവസത്തെപ്പറ്റി വ്യക്തമായ ഒരു ചരിത്രമില്ല. തിരുവനന്തപുരം സമീപമുള്ള ചെമ്പഴന്തിയിൽ മദൻ ആശാന്റെയും കുട്ടിയമ്മയുടെയും മകനായി 1856-ൽ ജനിച്ചുവെന്നു അനുമാനിക്കുന്നു. അദ്ദെഹത്തെ കുട്ടിക്കാലങ്ങളിൽ നാണുവെന്നു വിളിച്ചിരുന്നു. അദ്ദേഹത്തിൻറെ പിതാവ് മദനൻ ആശാൻ ഒരു അദ്ധ്യാപകനായിരുന്നു. കൂടാതെ ആയുർവേദത്തിലും ജ്യോതിർ ശാസ്ത്രത്തിലും പ്രാവിണ്യവും നേടിയിരുന്നു.
വയൽവാരമെന്നറിയപ്പെടുന്ന അദ്ദേഹത്തിൻറെ കുടുംബം സാമ്പത്തികമായി വളരെ മെച്ചപ്പെട്ടതായിരുന്നു. സമൂഹത്തിലും ബഹുമാനിതരായിരുന്നു. നാണു കുട്ടിയായിരുന്നപ്പോൾ രാമായണ കഥകളും മഹാഭാരത കഥകളും നാണു വിന്റെ അച്ഛൻ വായിച്ചു കേള്പ്പിക്കുമായിരുന്നു. അച്ഛനും അമ്മാവൻ കൃഷ്ണൻ വൈദ്യനും ഒന്നുപോലെ വിദ്യ അഭ്യസിപ്പിച്ചിരുന്നു. അമ്മാവൻ കൃഷ്ണൻ വൈദ്യൻ അക്കാലത്തെ പ്രസിദ്ധനായ ഒരു ആയുർവേദ വൈദ്യനും സംസ്കൃത പണ്ഡിതനുമായിരുന്നു.
ഒരിയ്ക്കൽ നാണു മറ്റു കുട്ടികളുമൊത്ത് സ്കൂളിൽ പോവുകയായിരുന്നു. വഴിയിൽ ചെട പിടിച്ച തലമുടികളുള്ള കീറിയ കുപ്പായങ്ങളും ധരിച്ച ഭ്രാന്തനെ പ്പോലുള്ള ഒരു സന്യാസി നില്പ്പുണ്ടായിരുന്നു. സന്യാസിയെ കണ്ടു കുട്ടികൾ പരിഹസിക്കുകയും കല്ലെറിയുകയും ചെയ്തു. അതൊന്നും ഗൗനിക്കാതെ സന്യാസി നടന്നു പോയി. നാണു ആ ദയനീയ രംഗം നോക്കി പൊട്ടി കരഞ്ഞു. കരഞ്ഞു കൊണ്ട് പുറകെ വരുന്ന നാണുവിനെ സന്യാസി കണ്ടു. 'എന്തിനാ കുട്ടി നീ കരയുന്നതെന്ന്' സന്യാസി നാണുവിനോട് ചോദിച്ചു. അങ്ങയെപ്പോലെ നല്ലയൊരു മനുഷ്യനെ മറ്റു കുട്ടികൾ എറിയുന്നത് കണ്ടിട്ടും തനിയ്ക്ക് സഹായിക്കാൻ സാധിച്ചില്ലെന്നു നാണു പറഞ്ഞു.നാണുവിന്റെ വാക്കുകൾ കേട്ട് സന്യാസി അദ്ദേഹത്തെ എടുക്കുകയും തോളിൽ കയറ്റി അദ്ദേഹത്തിൻറെ മാതാപിതാക്കളുടെ അടുത്തു കൊണ്ടുവരുകയുമുണ്ടായി. 'ഇവൻ ഭാവിയിൽ ഒരു മഹാത്മാവാകുമെന്നു' നാണുവിനെയനുഗ്രഹിച്ച് സന്യാസി പറഞ്ഞു.
അഞ്ചു വയസിൽ ഗുരുകുലം മോഡലിൽ വിദ്യ അഭ്യസിക്കാൻ തുടങ്ങി. പ്രൈമറി സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് തെക്കേ തിരുവിതാംകൂറിലുള്ള വാരണാപ്പള്ളി കുടുംബത്തിലെ സംസ്കൃത പണ്ഡിതനായ രാമൻ പിള്ള ആശാന്റെ ശിക്ഷ്യത്വം സ്വീകരിച്ചു. കുമ്മാം പള്ളി ആശാനിൽ നിന്ന് കവിതയും, നാടകവും തത്ത്വ ശാസ്ത്രവും വ്യാകരണവും പഠിച്ചു. വരണാപ്പള്ളി താമസക്കാലത്ത് നാണു കവിത പാരായണത്തിലും രചനയിലും താല്പ്പര്യം കാണിച്ചിരുന്നു. ഭക്ത ഗാനങ്ങൾ രാഗ ഭാവങ്ങളിലാക്കി രചിക്കുമായിരുന്നു. വരണാപ്പള്ളിയിൽ താമിസിക്കുന്ന കാലത്ത് അദ്ദേഹത്തെ ചട്ടമ്പി നാണുവെന്നായിരുന്നു വിളിച്ചിരുന്നത്. ചട്ടമ്പിയെന്നാൽ ഗുരു സഹായിയെന്നും മുതിർന്ന വിദ്യാർത്ഥിയെന്നും അക്കാലത്ത് അർത്ഥം കല്പ്പിച്ചിരുന്നു.
കുസൃതിത്തം മുറ്റിയ കൗമാര നാളുകളിൽ അദ്ദേഹത്തിൻറെ മനസ്സ് ചാഞ്ചല്ല്യം നിറഞ്ഞതായിരുന്നു. ഏതോ അജ്ഞാതമായ കഴിവുകൾ നിറഞ്ഞിരിക്കുന്നതായും ചുറ്റുമുള്ളവർക്ക് തോന്നുമായിരുന്നു. ബന്ധു ജനങ്ങളോ കുടുംബ ബന്ധങ്ങളോ നാണുവിനെ ആകർഷിച്ചിരുന്നില്ല. മുനി കുമാരനെ പ്പോലെ ജീവിക്കാനും ഏകനായി സഞ്ചരിക്കാനും ആ ബാലൻ ഇഷ്ടപ്പെട്ടിരുന്നു. പശുക്കളും പശു കിടാങ്ങളും നാണുവിന്റെ തോഴരും ലോകവുമായിരുന്നു. വൃന്ദാ വനത്തിലെ ഗോപാലകനായിരുന്ന ഭഗവാൻ ശ്രീ കൃഷ്ണനെപ്പോലെ ഇലകൾ നിറഞ്ഞ മരക്കൊമ്പുകളിലിരുന്നുകൊണ്ട് താഴെ മരുതക പച്ച വിരിച്ച പുല്ത്തകിടിയിൽക്കൂടി പശുക്കൾ മേയുന്നതു കാണുമായിരുന്നു. പ്രകൃതിയും മലകളും കുന്നുകളും വൃക്ഷലതാതികളും നാണുവിന്റെ കൂട്ടുകാരായിരുന്നു. സദാ ഏകനായി സഞ്ചരിക്കുന്നതിലും ആനന്ദം കണ്ടെത്തിയിരുന്നു. കൃഷ്ണനെപ്പോലെ നാണുവെന്ന കുമാരനും ഓടക്കുഴൽ വായിക്കുമായിരുന്നു. മധുരമായ ഈണത്തിൽ ഭഗവാന്റെ സ്തുതി ഗീതങ്ങൾ സ്വയം രചിച്ച് പാടുമായിരുന്നു.
ഒരിയ്ക്കൽ മരക്കൊമ്പിലിരുന്നു പാട്ടു പാടുന്ന നാണുവിന്റെ ശബ്ദം അവന്റെ അമ്മാവൻ ശ്രവിച്ചു കൊണ്ടിരുന്നു. നിശബ്ദതയുടെ പരിശുദ്ധിയിൽ പാട്ടു തീരുന്നവരെ അമ്മാവനും ആ ഗാനം മനസിൽ ആലപിച്ചിരുന്നു. നാണം കുണുങ്ങിയായിരുന്ന നാണുവിന്റെ സമീപമെത്തി ആരാണ് ഈ ഗാനം പഠിപ്പിച്ചതെന്നു ചോദിച്ചു. അവൻ ആ ഗാനം സ്വയം രചിക്കുകയും പാടുകയുമായിരുന്നുവെന്നു അമ്മാവൻ മനസിലാക്കി. നാണുവിനെ പാട്ടു പഠിപ്പിക്കാനായി ഒരു ഗുരുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അക്കാലങ്ങളിൽ ആ കുമാരൻ പൂക്കൾ നിറഞ്ഞ പൂന്തോട്ടത്തിൽ കൂടി നടന്നു പ്രകൃതിയുമായി സല്ലാപത്തിലേർപ്പെടുമായിരുന്നു. കായ്കളും കനികളും വിത്തു മുളയ്ക്കുന്നതും സസ്യലതാതികളും കണ്ടുകൊണ്ടുള്ള ജീവിതവും അദ്ദേഹത്തിൻറെ കൗമാര കൊച്ചു ലോകത്തിലുണ്ടായിരുന്നു.
അക്കാലങ്ങളിലെ ആചാരങ്ങളനുസരിച്ച് വരന്റെ പെങ്ങൾ വരന്റെ അഭാവത്തിലും ഒരു താലിമാല വധുവിന്റെ കഴുത്തിൽ അണിയിച്ചാൽ വിവാഹമാകുമായിരുന്നു. 1882-ൽ നാണു ആശാന്റെ വിവാഹവും അങ്ങനെയുള്ള ആചാരത്തിൽ നടന്നു. എല്ലാ കുടംബാംഗങ്ങളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ചരിത്ര രചയിതാക്കൾ ഗുരുവിന്റെ വൈവാഹിക ജീവിതത്തെപ്പറ്റി അറിഞ്ഞുകൂടെന്നും ഭാവിക്കുന്നു. നാണു ആശാൻ പിന്നീട് സ്വന്തം വീട്ടിൽ പോവില്ലായിരുന്നു. രണ്ടു മാസങ്ങൾക്കു ശേഷം അദ്ദേഹം സ്ഥിരമായി നാടു വിട്ടു സന്യാസിയായി.
നാണു ആശാൻ സത്യത്തെ തേടി ഒരു ദേശാടന സന്യാസിയായി നാടു ചുറ്റാൻ തുടങ്ങി. വനങ്ങളിലും ഗുഹകളിലും സമുദ്ര തീരങ്ങളിലും അമ്പല നടകളിലും രാത്രികാലങ്ങളിൽ അഭയം കണ്ടെത്തിയിരുന്നു. വിശക്കുമ്പോൾ അപരിചിതർ നീട്ടുന്ന ഭക്ഷണം കഴിക്കുമായിരുന്നു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന കാലഘട്ടത്തിൽ അദ്ദേഹം പണ്ഡിതനായ ആയുർവേദ ഭിഷ്വഗ്രൻ പെരുന്നള്ളി കൃഷ്ണ വൈദ്യരൊപ്പം താമസിച്ചു. അവിടെ നിന്ന് അപൂർവ മെഡിക്കൽ ഗ്രന്ഥങ്ങൾ വായിച്ച് അറിവ് നേടി. ചട്ടമ്പി സ്വാമിയെ അവിടെ വെച്ചാണ് കണ്ടുമുട്ടിയത്. പിന്നീടുള്ള കാലങ്ങളിൽ ഈ രണ്ടു ഗുരുക്കന്മാർ തമ്മിൽ വലിയ ചങ്ങാതികളായിരുന്നു. 1884-ൽ പ്രസിദ്ധനായ യോഗാ ഗുരു തയ്ക്കാട്ടു അയ്യാവൂവിനെ കണ്ടുമുട്ടുകയും അദ്ദേഹത്തിൽ നിന്ന് യോഗാ വിദ്യാ വശമാക്കുകയും ചെയ്തു. ഗുരുദേവന്റെ പിതാവ് മദനൻ ആശാൻ 1884-ൽ മരിച്ചു. മരുതുവാ മലയുടെ ഉപരി ഭാഗത്തുള്ള പിള്ളതടം ഗുഹയിൽ ഗുരു ദേവൻ തപസനുഷ്ടിച്ചിരുന്നു. അവിടം സത്യം അന്വേഷിക്കാൻ അനുയോജ്യമായ ഭൂപ്രദേശമെന്നും ഗുരു മനസിലാക്കിയിരുന്നു. കായ് കനികൾ ഭക്ഷിച്ചും മലകളിൽ നിന്നു വരുന്ന നീരുറവകളിൽ നിന്ന് വെള്ളം കുടിച്ചും അദ്ദേഹം തപസനുഷ്ടിച്ചിരുന്നു. ഒരേ നിൽപ്പിൽ അനേക മണിക്കൂറുകൾ നിന്നുകൊണ്ട് ശിവനെ ഭജിക്കുമായിരുന്നു.
ദൈവത്തിന്റെ പേരിൽ നടക്കുന്ന ചൂഷണങ്ങളെയും അനീതികളെയും ഗുരുവിനു ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. അതിനു ഒരു ശ്വാശ്വതമായ പരിഹാരം തേടാനും ഗുരു ആഗ്രഹിച്ചു. ഗ്രാമങ്ങളും താഴ്വരകളും കുന്നുകളും ഗുരു കാൽ നടയായി സഞ്ചരിച്ച് നാനാ വിധ ജനങ്ങളുമായി ഇക്കാര്യം ചർച്ചകൾ നടത്തുന്നുണ്ടായിരുന്നു. അവരുമായി ഒപ്പം താമസിക്കുകയും ധ്യാനങ്ങളിൽ പങ്കു ചേരുകയും ചെയ്തു. അവർണ്ണ ജാതികൾക്ക് പ്രവേശിക്കാവുന്ന സ്വന്തമായി അമ്പലങ്ങൾ പണിയുകയാണ് യുക്തമായ മാർഗമെന്നും അദ്ദേഹം മനസിലാക്കി. അമ്പലങ്ങൾ മൂലമാണ് മനുഷ്യന് ഐത്യം കല്പ്പിക്കുന്നതെങ്കിൽ അതേ അമ്പലങ്ങളെ എല്ലാ ജാതികൾക്കും പ്രവേശനമുള്ള ദൈവത്തിന്റെ ആലയങ്ങളായി പുനരുദ്ധരിക്കാനും ഗുരു തീരുമാനിച്ചു.
അവർണ്ണർ ഭൂരിഭാഗമായിരുന്നെങ്കിലും അവരെ സമൂഹത്തിന്റെ എല്ലാ തലങ്ങളിൽ നിന്നും ഐത്യം കല്പ്പിച്ച് മാറ്റി നിർത്തിയിരുന്നു. വർണ്ണ വ്യവസ്ഥകളും തൊട്ടു കൂടാ സ്ഥിതി വിശേഷങ്ങളും തലമുറകളായി നില നിന്നിരുന്നു. യാതൊരു പരാതിയുമില്ലാതെ കന്നുകാലികളെ പോലെയുള്ള ഒരു ജീവിതമായിരുന്നു അവർ നയിച്ചിരുന്നത്. മാനസികമായ വളർച്ചക്കുതകുന്ന എല്ലാത്തരം വിദ്യകളും അവർക്ക് നിരസിച്ചിരുന്നു. അവരുടെതായ ഭാഷാ ശൈലിയല്ലാതെ സംസ്ക്കാരമുള്ള വാക്കുകൾ പോലും ഉപയോഗിക്കാൻ സാധിക്കില്ലായിരുന്നു. അവരുടെ വേഷങ്ങളും പെരുമാറ്റങ്ങളും സംസാരവും സവർണ്ണ ജാതികളുടെ മുമ്പിൽ താഴ്മയായി വേണമായിരുന്നു. അവർ സവർണ്ണരോട് സംസാരിക്കുമ്പോൾ താണവരെന്ന നിലവാരത്തിൽ വേണമായിരുന്നു. അവർണ്ണരുടെ താല്പ്പര്യമനുസരിച്ചുള്ള വീടുകൾപോലും പണിയാൻ അനുവാദമുണ്ടായിരുന്നില്ല. പൊതുവഴികളിൽ സ്വതന്ത്രമായി നടക്കാനും സാധിക്കില്ലായിരുന്നു. സ്ത്രീകൾക്ക് മാറിടം മറയ്ക്കാനോ, സ്വർണ്ണാഭരണം ഇടുവാനോ അനുവാദമുണ്ടായിരുന്നില്ല. കൂടാതെ അന്യായമായ നികുതിയും അവർക്ക് ചുമത്തിയിരുന്നു. ചെറിയ കുറ്റങ്ങൾക്കു പോലും ക്രൂരമായി അവരെ ദേഹോപദ്രവം ചെയ്തു ശിക്ഷിക്കുമായിരുന്നു.
അദ്വൈതത്തിലും വേദാന്ത തത്ത്വങ്ങളിലും പേരും പെരുമയുമാർജിച്ച ആദി ശങ്കരന്റെ നാട്ടിൽ വർണ്ണ വ്യവസ്ഥകളിൽ വിവിധ ജാതികൾക്കായി ദൈവങ്ങളെ തന്നെ തരം തിരിച്ചിരിക്കുകയാണ്. ശിവനും ഗണേശനും പാർവതിയും സുബ്രഹ്മണ്യവും ആര്യ ദൈവങ്ങളുടെ കുത്തകയാക്കിക്കൊണ്ട് അവർണ്ണർക്ക് വന്ദിക്കാൻ പാടില്ലായെന്ന ബ്രാഹ്മണ മാമൂലുകളും നിലവിലുണ്ടായിരുന്നു. അവർണ്ണർക്കു താണ ദൈവങ്ങളെ ആരാധിക്കാനെ സാധിച്ചിരുന്നുള്ളൂ.അമ്പല നടകളുടെ സമീപം പോലും അവർണ്ണർ വരാൻ അനുവദനീയമല്ലായിരുന്നു. എന്നാൽ അവർ നല്കുന്ന പണം യാതൊരു സങ്കോജവും കൂടാതെ മേടിക്കുന്നതിനും സവർണ്ണർക്ക് പ്രശ്നമില്ലായിരുന്നു. ചാത്തനും മാടനും യക്ഷിയും അവർണ്ണരുടെ ദൈവങ്ങളായിരുന്നു. ആരാധന രീതികൾക്കും വ്യത്യാസമുണ്ടായിരുന്നു. സവർണ്ണർ പൂക്കളും ഫലങ്ങളും നല്ല രുചിയുള്ള ഭക്ഷണവും ദൈവത്തിന് അർപ്പിച്ചിരുന്നു. അതേ സമയം അവർണ്ണർ വിചിത്രവും ക്രൂരവുമായ രീതിയിലായിരുന്നു ദൈവങ്ങൾക്ക് ആർച്ചനകൾ നല്കിയിരുന്നത്. മൃഗങ്ങളുടെ രക്തവും ചാരായവും ലഹരി നല്കുന്ന മറ്റു വസ്തുക്കളും ചാത്തൻ സേവയ്ക്ക് അർപ്പിക്കണമായിരുന്നു. ആരാധനയ്ക്കു ശേഷം വിശുദ്ധ ഭക്ഷണമായി ലഹരി പദാർത്ഥങ്ങളുൾപ്പടെ അവർക്ക് ഭക്ഷിക്കുകയും ചെയ്യണമായിരുന്നു. അവരുടെ ആചാരമുറകൾ താഴ്ത്തി കാണിക്കാൻ സവർണ്ണർ നിർദേശിച്ച ആരാധന സമ്പ്രദായമായിരുന്നു അവർണ്ണരായവർ പിന്തുടർന്നിരുന്നത്. ആരാധന ക്രമങ്ങളിൽക്കൂടി അവരിൽ അപകർഷാ ബോധവും താണവരെന്ന ചിന്തകളും ഉത്തേജിപ്പിക്കാൻ സവർണ്ണർക്കു കഴിഞ്ഞുവെന്നതാണ് സത്യം. അങ്ങനെ അവർ യജമാനനു തുല്യമായുള്ള 'സമത്വം' അവർണ്ണർക്കു നല്കാൻ ചിന്തിക്കില്ലായിരുന്നു. എന്നും അവരുടെ കീഴാളർ എന്ന മാനസികാവസ്ഥ താണ ജാതികളിൽ ഉണ്ടാവുകയും ചെയ്തു.
അമ്പലങ്ങൾ പൂജാരികളുടെയും സവർണ്ണ ജാതികളുടെയും നിയന്ത്രണത്തിലായതു കൂടാതെ രാജ്യ ഭരണ സംവിധാനങ്ങളും അവർ കൈവശമാക്കി. ദൈവത്തിന്റെ അനുഗ്രഹങ്ങൾ സവർണ്ണരും പൂജാരികളും വഴി മാത്രമേ ലഭിക്കുകയുള്ളൂവെന്ന ഒരു മാനസികാവസ്ഥ അവർണ്ണരുടെ മനസിലുമുണ്ടായി. ദൈവ പ്രീതി ലഭിക്കാൻ അവർണ്ണരായവർ സവർണ്ണർക്ക് കീഴ്പ്പെട്ടു ജീവിച്ചിരുന്നു. അവഹേളനവും ലജ്ജാവഹവുമായ ജീവിതം സാഹചര്യ സമ്മർദ്ദം മൂലം നയിക്കേണ്ടിയും വന്നു. അമ്പലങ്ങളിൽ പ്രവേശനമില്ലാതെയും ഇഷ്ട ദൈവത്തെ തൊഴാൻ സാധിക്കാതെയും പ്രതീക്ഷകളില്ലാതെയുള്ള ജീവിതം തള്ളി നീക്കി. സവർണ്ണർക്ക്കീഴ്പ്പെട്ടു ജീവിക്കുകയെന്നത് അവർണ്ണരായവരുടെ ജീവിതത്തിന്റെ ഭാഗമായി കരുതി ചിന്തിച്ചു പോന്നു. സവർണ്ണരെ അനുസരിച്ചാലെ ഐശ്വര്യം ഉണ്ടാവുകയുള്ളൂവെന്ന മാനസിക ബോധം അവരിൽ സൃഷ്ടിക്കപ്പെട്ടു. അവർണ്ണരുടെ ഇടയിൽ വന്നു പെട്ട ഈ മാനസികാവസ്ഥ ഇല്ലാതാക്കാനും ശ്രീ നാരായണ ഗുരു ശ്രമിച്ചുകൊണ്ടിരുന്നു.
1888-ൽ തിരുവനന്തപുരം സമീപമുള്ള അരുവിപുരത്തു ആദ്യമായി അമ്പല പ്രതിഷ്ഠയും ശിവന്റെ വിഗ്രഹവും ഗുരുവിന്റെ സാമിപ്യത്തിൽ സ്ഥാപിച്ചു. നൂറുകണക്കിന് ഭക്ത ജനങ്ങൾ അന്നവിടെ സമ്മേളിച്ചിരുന്നു. 'ജാതിയും മത വിദ്വേഷവുമില്ലാതെ മനുഷ്യരെല്ലാം സഹോദരങ്ങളായി, നന്മയുടെ വഴിയേ മാതൃകാപരമായി വാഴുന്ന പുണ്യ സങ്കേത' മെന്ന് ഗുരു അമ്പലത്തിന്റെ ഭിത്തിയിൽ എഴുതി. കേരളത്തിൽ അതിനുശേഷം ഒരു സാമൂഹിക വിപ്ലവം തന്നെ പൊട്ടി പുറപ്പെട്ടു. കാട്ടുതീ പോലെ വാർത്ത എവിടെയും പരന്നു. ഒരു അവർണ്ണൻ അമ്പലത്തിനു മുപ്പത്തിരണ്ടടി ദൂരെ നിൽക്കണമെന്നുള്ള സാമൂഹിക വ്യവസ്ഥയ്ക്ക് പുത്തനായി പ്രതിഷ്ടിച്ച ശിവ പ്രതിമയും അമ്പലവും ഒരു വെല്ലുവിളിയായി മാറി. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ബ്രാഹ്മണ പുരോഹിത നേതൃത്വത്തിനെ വിദ്വേഷം പിടിപ്പിക്കത്തക്ക വിധം അതൊരു വെല്ലുവിളിയായിരുന്നു. പണ്ഡിതനായ ഒരു ബ്രാഹ്മണൻ ഗുരുവിനെ ചോദ്യം ചെയ്തുകൊണ്ട് 'ബ്രാഹ്മണനല്ലാത്ത താങ്കൾക്ക് അമ്പല പ്രതിഷ്ഠ നടത്താൻ' എന്തവകാശമെന്നു ചോദിച്ചു. 'ഞങ്ങളുടെ ശിവനെ ഞങ്ങൾ പ്രതിഷ്ടിച്ചു. അത് പാടില്ലായെന്ന വേദ വാക്യം എവിടെയെന്നും' ഗുരു മറു ചോദ്യം ആ ബ്രാഹ്മണനോട് ചോദിച്ചു. പണ്ഡിതനായ ആ ബ്രാഹ്മണന് വേദ ശാസ്ത്രങ്ങൾ പറയുംപ്രകാരം മറുപടി പറയാൻ കഴിഞ്ഞില്ല. അതിനു ശേഷം നാരായണ ഗുരു ഗ്രാമങ്ങൾ തോറും യാത്ര ചെയ്ത് ഒരു സന്യാസിയായ ജീവിതമായിരുന്നു പിന്തുടർന്നത്. പിന്നീട് ഒരു സ്കൂൾ അദ്ധ്യാപകനായും സാമൂഹിക, മത പരിഷ്കർത്താവായും അറിയപ്പെട്ടു. ജാതി മത വർഗ ഭേദമേന്യേ സാധുക്കളായ കുട്ടികൾക്കും അനാഥർക്കുമായി വർക്കലയിൽ ഒരു സംസ്കൃത സ്കൂൾ തുടങ്ങി. തൃശൂർ, കണ്ണൂർ, അഞ്ചുതെങ്ങ്, തലശേരി, കോഴിക്കോട് മുതലായ സ്ഥലങ്ങളിൽ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ അമ്പലങ്ങളും നിർമ്മിച്ചു. ശാരദാ ദേവിയുടെ പേരിൽ 1912 -ൽ ശിവഗിരിയിൽ ഒരു അമ്പലവും പണുതു. ആഗോള സാഹോദര്യം മുദ്രാവാക്യമാക്കി ആലുവയിൽ 1921 -ൽ ഒരു അദ്വൈതാശ്രമവും സ്ഥാപിച്ചു.
ശ്രീ നാരായണ ഗുരുവിന്റെ പ്രസംഗങ്ങളുംതത്ത്വ ചിന്തകളും പ്രവർത്തികളും യാഥാസ്ഥിതികരായ ഉന്നത ജാതികളിൽ എതിർപ്പുണ്ടാക്കിക്കൊണ്ടിരുന്നു. ഒരുവന്റെ ആഗ്രഹമനുസരിച്ചുള്ള ദേവനെ വന്ദിക്കുകയെന്നത് ഒരു മതവിശ്വാസിയുടെ മൗലിക തത്ത്വമെന്നും ഗുരു വിശ്വസിച്ചിരുന്നു. ദൈവത്തിന്റെയും മരണ മണി മുഴുക്കുന്ന പുരോഹിത കപടരായവരുടെയും മദ്ധ്യേ നിലവിലുണ്ടായിരുന്ന മറ അവിടെ തകർക്കപ്പെടുകയായിരുന്നു. ആഗോള സാഹോദര്യത്തിനുള്ള ആദ്യത്തെ ചവുട്ടു പടിയായി ഗുരു പ്രതിഷ്ടിച്ച ശിവ പ്രതിഭയെ അന്ന് ഭക്ത ജനങ്ങൾ ദർശിച്ചു. ഗുരു, അമ്പല ഭിത്തിയിൽ ലിഖിതം ചെയ്ത ശ്ലോകം ശിവനെ ആരാധിക്കുക മാത്രമായിരുന്നില്ല, ഒപ്പം സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ മൗലിക ചിന്തകളുടെ അടിസ്ഥാന തത്ത്വങ്ങളും മാനവിക ചൈതന്യവും അവിടെ പ്രസരിച്ചിരുന്നു. ഗുരുവിൽ അന്ന് ദർശിച്ചത് വർഗ വിവേചനത്തിനെതിരെയുള്ള ഒരു വിളംബരം കൂടിയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അറുപതിൽപ്പരം അമ്പലങ്ങൾ അക്കാലങ്ങളിൽ പ്രതിഷ്ഠിക്കുകയുണ്ടായി. അമ്പലങ്ങളുടെ ചുറ്റുപാടുമായി ജനങ്ങൾക്ക് വിദ്യയും നല്കിയിരുന്നു. ദേവീ ദേവന്മാർ ഒരു പ്രത്യേക ജാതിയുടെയോ പുരോഹിതരുടെയോ കുത്തകയല്ലെന്നുള്ള ബോധോദയം ജനങ്ങളിൽ ഉണ്ടാകാൻ തുടങ്ങി. അതിനായി ഗുരു അവർണ്ണരെയും അമ്പല പൂജാദികൾ പഠിപ്പിക്കാൻ തുടങ്ങി. സംസ്കൃത പണ്ഡിതനായ ഗുരുവിന്റെ നേതൃത്വത്തിൽ അവർണ്ണർക്കായും ജാതി മത ഭേദമില്ലാതെ എല്ലാ മതത്തിലുള്ളവർക്കായും സംസ്കൃത സ്കൂളുകളും ആരംഭിച്ചു. മത കാര്യങ്ങളിൽ താല്പര്യമുള്ള അവർണ്ണരായ കുട്ടികൾ ഗുരുവിന്റെ വിദ്യാലയങ്ങളിൽ നിന്നും ആത്മീയ പാത തെരഞ്ഞെടുക്കുകയും ചെയ്തു. ഉപനിഷത്തുകളും വേദങ്ങളും അവർ നല്ലവണ്ണം ഉരുവിടുമായിരുന്നു.
അമ്പലങ്ങളിൽ ശിവനെ പ്രതിഷ്ഠിക്കുന്നതൊപ്പം ദളിതരുടെ പ്രാകൃത ദൈവങ്ങളായ ചാത്തനെയും യക്ഷിയേയും ആ പ്രദേശങ്ങളിൽ നിന്ന് നീക്കവും ചെയ്യുന്നുണ്ടായിരുന്നു. പകരം ശിവനെയും സുബ്രഹ്മണിയനെയും പ്രകൃതിയുടെ ദൈവങ്ങളെയും പ്രതിഷ്ടിച്ചു. ജനങ്ങളുടെ ജീവിത രീതികളിലുള്ള ചിന്താഗതികൾക്കു മാറ്റങ്ങൾ ആവശ്യമെന്നു ഗുരു ചിന്തിച്ചു. ദളിതരുടെ രക്തക്കുടിയരായ ദേവന്മാരും പരദേവതകളും മൃഗ ബലികളും ലഹരി ഉപയോഗിക്കുന്ന ദേവതകളും ദളിത പുരോഗതിയ്ക്ക് സഹായകമാകില്ലെന്നും ഗുരു മനസിലാക്കിയിരുന്നു. ഈ ദൈവങ്ങളെ പൂജിക്കുക വഴി ദളിതർ അപരിഷ്ക്രുതമായി തന്നെ ജീവിതം തുടരുമെന്നും ചിന്തിച്ചു. പഴയവ മറന്ന് മനുഷ്യർ പ്രാകൃത ദൈവങ്ങളെ പരിത്യജിച്ച് നവീകരണ മനസ്ഥിതി സൃഷ്ടിക്കാൻ ഗുരുവിന്റെ പ്രയത്നങ്ങൾ സഫലമായിക്കൊണ്ടിരുന്നു.
തനതായ വ്യക്തിത്വത്തെ തിരിച്ചറിയാനും മനുഷ്യരെയെല്ലാം സാഹോദര്യത്തോടെ കാണാനും ബഹുമാനിക്കാനും ഗുരുവിന്റെ സന്ദേശങ്ങൾ പ്രയോജനപ്പെട്ടു. നാൽപ്പതിൽപ്പരം വർഷങ്ങൾ അദ്ദേഹത്തിൻറെ മിഷനറി പ്രവർത്തനങ്ങൾ സമൂഹ താൽപര്യങ്ങൾക്കായി തുടർന്നു കൊണ്ടിരുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ളവർ ഗുരു സന്ദേശങ്ങളിൽ ആകൃഷ്ടരായിരുന്നു. സാമൂഹിക പരിഷ്കർത്താക്കളും, സ്വാതന്ത്ര്യ സമര യോദ്ധാക്കളും, വിദ്യാഭ്യാസ പ്രവർത്തകരും, ചിന്തകരും, കവികളും, പത്ര പ്രവർത്തകരും സമൂഹത്തിൽ പരിത്യാഗങ്ങൾ സഹിച്ചവരും അക്കൂടെയുണ്ടായിരുന്നു. ഉപദേശങ്ങൾക്കായി നാനാ ദിക്കിൽ നിന്നും ജനങ്ങൾ ആദ്ദേഹത്തെ സമീപിച്ചിരുന്നു. 1936-ൽ എല്ലാ ജാതികൾക്കും അമ്പലങ്ങളിൽ പ്രവേശിക്കാമെന്നുള്ള രാജ വിളംബരം ഉണ്ടായതും അദ്ദേഹത്തിൻറെ വിപ്ലവ ചൈതന്യത്തിന്റെ പ്രത്യാഘാതമായിരുന്നു. അമ്പലങ്ങൾ പണിയുന്നത് ലളിതമായിരിക്കണമെന്നും ഉപദേശിക്കുമായിരുന്നു. അദ്ദേഹത്തിൻറെ കാലങ്ങളിൽ പണം ചെലവഴിച്ച് ആഡംബര രീതികളിൽ നാടാകെ അമ്പലങ്ങൾ പണിയുന്ന പ്രവണതയുണ്ടായിരുന്നു. ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും അമിതമായി പണം ചെലവാക്കരുതെന്നും നിർദ്ദേശിച്ചിരുന്നു. അമ്പലത്തിനു സമീപം സ്കൂളുകളും, വായനശാലയും, സമൂഹ നന്മയ്ക്കായി ചെറു കിട വ്യവസായങ്ങളും സ്ഥാപിക്കാൻ നേതൃത്വവും നല്കിയിരുന്നു. ആരാധാനാലയത്തിനൊപ്പം വിദ്യ നേടാനും തൊഴിൽ നേടാനുമുള്ള അവസരങ്ങൾ നല്കിക്കൊണ്ട് ഒരു സാമൂഹിക വിപ്ലവം ജനങ്ങളുടെ മനസിൽ സൃഷ്ടിക്കാനും കഴിഞ്ഞു.
"ഞാൻ പ്രത്യേകമായ ഒരു ജാതിയുടെ ദൈവത്തെയല്ല നിങ്ങൾക്ക് നല്കുന്നത്, എന്നാൽ ദൈവത്തെ അന്വേഷിക്കുന്ന സർവർക്കും ആ ദൈവമുണ്ട്, വാതിൽക്കൽ മുട്ടുന്നവരായ ഏവർക്കും ദൈവത്തിന്റെ പരിപാവനമായ അമ്പല വാതിലുകൾ തുറക്കപ്പെടുമെന്ന്" ഗുരു പറയുമായിരുന്നു. കുറച്ചു പേർ കേട്ടു. സംശയിച്ചു. കവാടത്തിൽ പ്രവേശിക്കാതെ വാതിലടച്ച് അവർ മടങ്ങി പോയി. മറ്റു ചിലരും കേട്ടു. തലകൾ കുനിച്ചുകൊണ്ട് അമ്പല വാതിൽ തുറന്നുകൊണ്ട് അകത്തു പ്രവേശിച്ചു. ഗുരു വീണ്ടും പറഞ്ഞു, "നിങ്ങൾക്ക് ഈ അമ്പലങ്ങൾ മതി. സവർണ്ണരായവരുടെ അമ്പല ദൈവങ്ങളിൽ മനുഷ്യനുള്ള വിശ്വാസം നശിച്ചു. അമ്പല നിർമ്മതികൾക്കായി ചെലവഴിക്കുന്ന പണം നിരർത്ഥകമെന്നും പാഴായ ചെലവുകളെന്നും ജനങ്ങൾക്ക് ബോധ്യമാകാൻ തുടങ്ങി. ദൈവത്തെ എവിടെയും ആരാധിക്കാൻ സാധിക്കും. അവിടുത്തേയ്ക്ക് ഒരു ചെറിയ പ്രാർത്ഥനാലയം മതിയാകും. അത് പണിയാനും സംരക്ഷിക്കാനും എളുപ്പമുണ്ട്. ഈ ബിംബങ്ങൾ നമുക്കാവശ്യമില്ല. ആദർശങ്ങളാണ് മനുഷ്യ ജീവിതത്തിനു വേണ്ടത്. ഉത്കൃഷ്ട മാതൃകയാണ് നമ്മെ നയിക്കേണ്ടത്. സത്യം നമ്മുടെ മുദ്രാവാക്യമായിരിക്കണം. മറ്റുള്ളവരെ സ്നേഹിക്കുകയും നന്മയുടെ അമ്പല കവാടങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ടിക്കുകയും വേണം. ലോകത്തിലെ എല്ലാ ബിംബങ്ങളെക്കാളും ശ്രേഷ്ഠമായതും അതായിരിക്കും."
ഗുരു, അമ്പലങ്ങൾക്കു ചുറ്റും സ്കൂളുകൾ സ്ഥാപിക്കാൻ തുടങ്ങി. മലയാളവും തമിഴും ഇംഗ്ലീഷും സംസ്കൃതവും സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ടായിരുന്നു. തയ്യൽ, കയറുകൾ ഉണ്ടാക്കൽ, കയറ്റു പാ, മുതലായ കുടിൽ വ്യവസായങ്ങളും ആരംഭിച്ചു. ഒരു അമ്പല പൂജാ വേളയിൽ അദ്ദേഹത്തെ ക്ഷണിക്കാൻ വന്നവരോടായി 'ഒരു പ്രകാശിക്കുന്ന വിളക്കു മാത്രം അവിടെ പ്രകാശിപ്പിച്ചാൽ മതിയില്ലേ'യെന്നു ചോദിച്ചു. 'ദൈവം സത്യവും പ്രകാശമാകുന്നു'വെന്നും ഗുരു പറഞ്ഞു. തൃശ്ശൂർ കരമുക്കു അമ്പലത്തിൽ അദ്ദേഹം ആഗതനായപ്പോൾ 'തമസോ മ ജ്യോതി ഗമയാ' എന്ന ഉപനിഷത്തിലെ പ്രസിദ്ധമായ ശ്ലോകം ചൊല്ലി.
ശ്രീ നാരായണ ഗുരു തുടങ്ങി വെച്ച ആദ്ധ്യാത്മിക വിപ്ലവം ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങൾക്കും ഉത്തേജനമായിരുന്നു. നാരായണ ഗുരുവിന്റെ സന്ദേശങ്ങൾ ഉയർന്ന ജാതികളുടെ അഹങ്കാരത്തിനു ശമനമാകാൻ കാരണമായി. സാമൂഹികവും മതപരവുമായ ജീവിതത്തിൽ ദളിതരുടെ നിലവാരം ഉയരുകയും ചെയ്തു. വർണ്ണ ജാതികളുടെ ചൂഷണത്തിനെതിരെ അക്രമവും കലാപവുമില്ലാത്ത ഒരു വിപ്ലവം അദ്ദേഹത്തിനു നയിക്കാൻ സാധിച്ചു. ചൂഷകരെ നശിപ്പിക്കാതെ ചൂഷണം അവസാനിപ്പിക്കാൻ സാധിച്ചു. അതുമൂലം ചൂഷകരും ചൂഷകരായവരും ഒരു പോലെ സാമൂഹിക സാമ്പത്തിക, ബൌദ്ധിക നിലവാരങ്ങളിൽ ഉയർന്നു.
1928 സെപ്റ്റംബർ ഇരുപതാം തിയതി മഹാനായ ശ്രീ നാരായണ ഗുരു സമാധിയടഞ്ഞു. ഗുരുവിന്റെ ഓർമ്മകൾ പുതുക്കിക്കൊണ്ട് ആ ദിനം ആത്മീയതയുടെ പരിമളമായി ഭക്തർ ആഘോഷിച്ചു വരുന്നു. ഭൌതികമായി ഈ ലോകത്തിൽനിന്നും ഗുരു പോയെങ്കിലും കോടാനുകോടി അനുയായികളിൽ അദ്ദേഹത്തിൻറെ ചൈതന്യം കുടികൊള്ളുന്നുണ്ട്. വർക്കലയിലുള്ള ശിവഗിരിയിൽ സമാധി മന്ദിരം നിലകൊള്ളുന്നു. കേരളത്തിന്റെ അപരിഷ്കൃതമായ സാമൂഹിക വ്യവസ്ഥിതികളെ തുടച്ചു മാറ്റിയ ആ മഹാത്മാവിന്റെ കുടീരത്തിന്റെ മുമ്പിൽ ദിനം പ്രതി ആയിരക്കണക്കിന് തീർത്ഥാടകർ വന്നെത്താറുണ്ട്.(തുടരും)