Wednesday, March 16, 2016

ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം-4)


 ഡോ. അംബേദ്‌ക്കറിന്റെ ദർശനവും ദളിതപ്രക്ഷോഭങ്ങളും       

By ജോസഫ് പടന്നമാക്കൽ

ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയെന്ന നിലയിൽ ഡോക്ടർ .ബി,ആർ അംബേദ്‌ക്കറിനെ  ഭാരതമൊന്നാകെ ആദരിക്കുന്നു. അധകൃത സമുദായത്തിൽ ദളിതനായി ജനിച്ച  അദ്ദേഹം സ്വതന്ത്ര ഇന്ത്യയ്ക്ക് നല്കിയ സേവനങ്ങൾ അമൂല്യങ്ങളാണ്. അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ്, പേരുകേട്ട നിയമജ്ഞൻ, തൊട്ടു കൂടാ വ്യവസ്ഥകളെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ച നവോദ്ധാന നേതാവ്, ഇന്ത്യൻ ഭരണഘടനാ ശിൽപ്പി, ബുദ്ധമത പ്രചാരകൻ  എന്നീ നിലകളിൽ അദ്ദേഹത്തിൻറെ പേര് ചരിത്രത്തിൽ ലിഖിതം ചെയ്തിരിക്കുന്നു. ജീവിതകാലം മുഴുവനും ദളിതർക്കും മറ്റു പിന്നോക്കം നിൽക്കുന്നവർക്കും വേണ്ടി പോരാടിയ യുഗപുരുഷനും നേതാവും ഇന്ത്യയുടെ ആദ്യത്തെ നെഹ്‌റു മന്ത്രിസഭയിൽ നിയമമന്ത്രിയുമായിരുന്നു. കൂടാതെ ഇന്ത്യയുടെ സാമൂഹിക ശാസ്ത്രത്തെപ്പറ്റി ഗഹനമായി പഠിച്ച പണ്ഡിതനുമായിരുന്നു. അംബേദ്‌ക്കറിന്റെ  ജീവിതം  ഉയർന്ന  ജാതികളുടെ പീഡനം മൂലം കയ്പ്പ് നിറഞ്ഞതും അവഹേളനയുടെതുമായിരുന്നു. അവർണ്ണ ജാതികൾക്കെതിരായുള്ള  ഹിന്ദു സാമൂഹിക വ്യവസ്ഥിതിയുടെ തൊട്ടുകൂടാ ചിന്താഗതികൾ അദ്ദേഹത്തിന്റെ ബാല്യകാല ജീവിതത്തെ വേദനിപ്പിച്ചിരുന്നു.


അംബേദ്‌ക്കർ  1891- ഏപ്രിൽ പതിനാലാം തിയതി ഭിമ്ബായി സക്പാലിന്റെയും രംജിയുടെയും മകനായി മദ്ധ്യപ്രദേശിൽ  ജനിച്ചു. അവരുടെ  മക്കളിൽ പതിനാലാമത്തെതും  ഇളയ  മകനുമായിരുന്നു.  പിതാവ് ഇന്ത്യൻ പട്ടാളത്തിൽ ഒരു സുബേദാരായി ജോലി ചെയ്തു.  പട്ടാളത്തിൽ നിന്ന് പിരിഞ്ഞശേഷം  സത്താരയെന്ന  സ്ഥലത്തു മാറി  താമസിച്ചു. അംബേദ്‌ക്കറിന്റെ അമ്മ ചെറുപ്പത്തിലേ മരിച്ചുപോയി.   അദ്ദേഹത്തിൻറെ പിതാവ് വീണ്ടും വിവാഹിതനായ ശേഷം ബോംബെയിൽ താമസമാക്കി.  1908-ൽ ബോംബെയിൽ നിന്ന് അംബേദ്‌ക്കർ  മെട്രിക്കുലേഷൻ പാസായി. 1912-ൽ അദ്ദേഹത്തിന്റെ പിതാവ് ഭിമ്ബായി സക്പാൽ ബോംബെയിൽ വെച്ച് മരിച്ചു.


അധകൃത ജാതിയായ 'മഹാർ' ജാതിയിൽ  ജനിച്ചതുകൊണ്ട് അദ്ദേഹത്തിന്‌ ഉന്നത ജാതികളിൽ നിന്നുള്ള പീഡനങ്ങൾ എല്ലാ കാലങ്ങളിലും സഹിക്കേണ്ടി വന്നു. സ്കൂളിൽ പഠിക്കുന്ന കാലത്തും അംബേദ്‌ക്കർ വർണ്ണ വിവേചനത്തിന്റെ തീക്ത ഫലങ്ങൾ അനുഭവിച്ചാണ് വളർന്നത്‌.  വർണ്ണ ജാതിയിലുള്ള ഉയർന്നവർ അദ്ദേഹത്തെ ഐത്യം കല്പ്പിച്ച് അകത്തി നിർത്തിയിരുന്നു. പൊതുവായി ഉപയോഗിച്ചിരുന്ന പാത്രത്തിൽനിന്നും വെള്ളം കോരി കുടിക്കാൻ അനുവദിച്ചിരുന്നില്ല. ഉയരമുള്ള ഒരു പ്യൂൺ ഐത്യം വരാതിരിക്കാൻ നിത്യം  ഒരു പാത്രം ഉയരത്തിൽ പിടിച്ചുകൊണ്ട് അദ്ദേഹത്തിന് വായിലേയ്ക്ക് വെള്ളമൊഴിച്ച് കൊടുക്കണമായിരുന്നു. പലപ്പോഴും  മനപൂർവം പ്യൂൺ വരാതിരിക്കുന്നതിനാൽ  സ്കൂൾ ജീവിതത്തിൽ വെള്ളം കുടിക്കാത്ത ദിനങ്ങളുമുണ്ടായിരുന്നു. ഇന്നും മാറ്റങ്ങളില്ലാതെ ഭാരതത്തിലെ വിവിധ ഭാഗങ്ങളിൽ സ്കൂളിലെ  ഉച്ചഭക്ഷണ സമയം ദളിതർ പ്രത്യേക സ്ഥലങ്ങളിൽ ഇരിക്കണം. അവർണ്ണ ജാതികൾ ഭക്ഷണം പാകം ചെയ്യുന്നത്  വർണ്ണ ജാതികൾ കഴിക്കാത്ത സ്ഥലങ്ങളുമുണ്ട്. മദ്ധ്യ പ്രദേശിലെ ചില ജില്ലകളിൽ ദളിത കുട്ടികൾ സവർണ്ണ ജാതികളിൽ നിന്നും വളരെ അകന്നിരുന്നേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ. ഇത്തരം തിരിച്ചു വിത്യാസങ്ങൾമൂലം  അവർണ്ണരായവരുടെ വിദ്യാഭ്യാസത്തിനു തടസം വരുന്നതുകൂടാതെ  ചെറു പ്രായത്തിൽ തന്നെ  അവരുടെ മനസിനെ നൊമ്പരപ്പെടുത്തുകയും ചെയ്യും. അവരെ നൈരാശ്യത്തിലേയ്ക്ക് നയിക്കുകയും ചെയ്യും. 'സ്വന്തം അവകാശങ്ങൾ നേടിയെടുക്കുന്നതിനു മുമ്പ് ദളിതരായ ഓരോരുത്തരും തങ്ങളുടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കണമെന്ന്'  അംബേദ്‌ക്കർ  ദളിതരെ  ഉപദേശിക്കുമായിരുന്നു.


സാമൂഹികമായ  ഒച്ചപ്പാടിനെ ഭയന്ന് അദ്ധ്യാപകരും ദളിത കുട്ടികളെ പ്രത്യേക ബഞ്ചിൽ ഇരുത്തിയിരുന്നു. ജാതിയ്ക്കു പുറത്തുള്ള തീണ്ടാജാതികളായ കുട്ടികൾ പലപ്പോഴും ക്ലാസിന്റെ പുറത്തു നിൽക്കണമായിരുന്നു.  സ്കൂളുകൾ പലതും മാറിയിട്ടും എല്ലായിടത്തും കുട്ടികളോട് വിവേചനമുണ്ടായിരുന്നു. 1908-ൽ ബറോഡ രാജാവിൽ നിന്നും സ്കോളർഷിപ്പു  നേടി അംബേദ്‌ക്കർ കോളേജ് വിദ്യാഭ്യാസം തുടർന്നു. 1912-ൽ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രത്തിൽ ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി.  ഉന്നത വിദ്യാഭ്യാസം അമേരിക്കയിൽ പൂർത്തിയാക്കി.  മടങ്ങി വന്ന ശേഷം അദ്ദേഹം ബറോഡാ രാജാവിന്റെ പ്രതിരോധ സെക്രട്ടറിയായി നിയമിതനായി. അവിടെയും തൊട്ടുകൂടാ ചിന്താഗതിയോടെ മറ്റുള്ളവർ അദ്ദേഹത്തെ അപമാനപ്പെടുത്തിയിരുന്നു. ബോംബെയിൽ അംബേദ്‌ക്കർ സിടെൻ ഹാം കോളേജ് ഓഫ് കോമെഴ്സിൽ  പ്രൊഫസറായി നിയമിതനായി. അവിടെനിന്നും ഉന്നത വിദ്യാഭ്യാസത്തിന് ഇംഗ്ലണ്ടിൽ പഠിക്കാൻ  പോയി. ലണ്ടൻ യൂണിവേഴ്സിറ്റി അദ്ദേഹത്തിനു ഡി എസ് സി ബിരുദം നല്കി. ജർമ്മനിയിലും ഏതാനും മാസങ്ങൾ സാമ്പത്തിക ശാസ്ത്രത്തിൽ ഉപരിപഠനം നടത്തിയിരുന്നു. 1927 ജൂൺ എട്ടാംതിയതി അമേരിക്കയിലെ കൊളംബിയാ യൂണിവേഴ്സിറ്റി അദ്ദേഹത്തിന് ഡോക്ടറെറ്റ് ബിരുദം നല്കി.


വിദ്യാഭ്യാസം പൂർത്തിയാക്കി മടങ്ങി വന്ന അദ്ദേഹം ജാതി വ്യവസ്തയ്ക്കെതിരെ പോരാടുവാൻ തീരുമാനിച്ചു. 'നിശബ്ദതയുടെ നായകൻ' എന്നുള്ള അർത്ഥത്തിൽ  'മൂകനായക' യെന്ന പേരിൽ ഒരു പത്രം ആരംഭിച്ചു. ദളിതർക്ക് എല്ലാ മേഖലകളിലും പ്രത്യേക പ്രാതിനിധ്യത്തിനായി പ്രവർത്തിച്ചു. ദളിതർക്കെതിരെയുള്ള സാമൂഹിക തിന്മകളെപ്പറ്റി  ജനത്തിനെ ബോധവാന്മാരാക്കാനുള്ള പ്രവർത്തനങ്ങളും തുടങ്ങി. ഒരിയ്ക്കൽ അംബേദ്‌ക്കറിന്റെ പ്രസംഗം കേട്ടു കഴിഞ്ഞ ശേഷം കോലാംപൂരിലെ ഭരണാധികാരിയായ 'ശാഹൂ നാലാമൻ' അംബേദ്ക്കറുമായി ഒന്നിച്ചു ഭക്ഷണം കഴിച്ചു. സാമൂഹിക രാഷ്ട്രീയ തലങ്ങളിൽ ആ സംഭവം വലിയൊരു ഒച്ചപ്പാടിനു കാരണമാവുകയും ചെയ്തു.


1927-ൽ പൊതു സ്ഥലത്തുനിന്ന് അവർണ്ണരെ വെള്ളം കോരിയ്ക്കാൻ സവർണ്ണർ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പതിനായിരം അവർണ്ണരുമായി അദ്ദേഹം തന്റെ നാടായ 'മെഹദിൽ' ഒരു പ്രതിഷേധ ജാഥാ നടത്തി. വെള്ളം ശേഖരിച്ചിരുന്ന 'ചൊവക്ദർ ടാങ്കിന്റെ' (Chowkdar Tank) സമീപമായിരുന്നു പ്രതിഷേധ യോഗം അവസാനിച്ചത്‌. അംബേദ്‌ക്കറിന്റെ നേതൃത്വത്തിൽ അന്നു നടന്ന പ്രകടന ജാഥാ  സവർണ്ണ മേധാവിത്വത്തിനെതിരെ  അവർണ്ണരായവരുടെ ശക്തി തെളിയിക്കാൻ സാധിച്ചു.സവർണ്ണരായ യാഥാസ്ഥിതികർ ചാണകവും പശു മൂത്രവും നെയ്യും ഉപയൊഗിച്ച് ആ പ്രദേശങ്ങൾ  ഹൈന്ദവാചാര പ്രകാരം പരിശുദ്ധമാക്കുകയും ചെയ്തു.  അതിനു ശേഷം അനേക പ്രതിഷേധ സമരങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുണ്ടായി. മനുഷ്യാവകാശങ്ങളെപ്പറ്റിയും ലജ്ജാകരമായ ജാതിവ്യവസ്ഥയെപ്പറ്റിയും വിവരവും വിദ്യാഭ്യാസവുമുള്ള ഉന്നത ജാതികളും ചിന്തിക്കാൻ തുടങ്ങി.


അംബേദ്‌ക്കർ  തന്റെ അനുയായികളുമായി  നീണ്ട മൂന്നു മാസത്തോളം തയ്യാറെടുപ്പിനു ശേഷം 1930 ൽ 'കലാരം അമ്പല' പ്രവേശനത്തിനായി നീക്കം തുടങ്ങി. കലാരം അമ്പലത്തിന്റെ മുമ്പിൽ സത്യാഗ്രഹത്തിനായി പതിനയ്യാരത്തിൽപ്പരം വോളന്റീയർമാരുണ്ടായിരുന്നു.  അംബേദ്ക്കറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദളിത്‌ മുന്നേറ്റം അക്കാലത്തെ നാസിക്ക് പട്ടണം കണ്ടതിൽ വെച്ചു ഏറ്റവും വലിയ പ്രകടനമായിരുന്നു.  മിലിട്ടറി വേഷത്തിൽ വാദ്യ മേളകളും സ്കൌട്ടും ചെണ്ടകളും, സ്ത്രീ പുരുഷാരങ്ങളുടെ പാട്ടുകളും കൂത്തുകളും  പ്രകടനത്തെ  മോഡിയാക്കിയിരുന്നു. അമ്പലത്തിലെ ദൈവത്തെ ആദ്യമായി കാണാനുള്ള ആവേശം ജനങ്ങളിൽ പ്രകടമായിരുന്നു.  പ്രകടനക്കാർ അമ്പലത്തിലെത്തിയ സമയം അവരെ അകത്തുകയറാൻ  അനുവദിക്കാതെ ബ്രാഹ്മണർ അമ്പലത്തിന്റെ ഗേറ്റുകൾ  അടച്ചിട്ടിരുന്നു.  തന്മൂലം വിപ്ലവം ആ പ്രദേശങ്ങളാകെ പൊട്ടി പുറപ്പെട്ടു. അമ്പലത്തിൽ കയറുകയെന്ന അവരുടെ ശ്രമം പരാജയപ്പെട്ടെങ്കിലും ഇന്ത്യാ മൊത്തവും ഇന്ത്യയ്ക്ക് വെളിയിലും അതിന്റെ പ്രതികരണങ്ങളുണ്ടായി. ലോകശ്രദ്ധയെ തന്നെ ആകർഷിക്കത്തക്കവിധം ആ വാർത്തകൾ പ്രചരിച്ചിരുന്നു.


1935-ൽ ബോംബെയിലുള്ള ഗവൺമെന്റ്  ലോ കോളേജിൽ രണ്ടു വർഷത്തോളം അംബേദ്‌ക്കർ  പ്രിൻസിപ്പാളായി ജോലി ചെയ്തു. ഡൽഹിയിലെ രാം ജാസ് കോളേജിൽ ചെയർമാനായും സേവനം ചെയ്തു. 50000 പുസ്തക ശേഖരങ്ങളോടെ ഒരു ലൈബ്രറിയും സ്ഥാപിച്ചു. ആ വർഷം തന്നെ അംബേദ്‌ക്കറിന്റെ  ഭാര്യ രമാബായി നീണ്ട കാലം  രോഗബാധിതയായി കിടന്നശേഷം മരിച്ചു.  പന്തപുരിൽ ഒരു പുണ്യയാത്ര നടത്തണമെന്ന് അവർക്ക് ആഗ്രഹമുണ്ടായിരുന്നു.  എന്നാൽ അംബേദ്‌ക്കർ  അവരുടെ ആഗ്രഹങ്ങൾ കൈക്കൊള്ളാതെ എതിർക്കുകയാണുണ്ടായത്. അവിടെ അവർണ്ണ ജാതികളെ നിന്ദ്യമായി കരുതുന്ന സ്ഥലമായിരുന്നതിനാലാണ് അംബേദ്‌ക്കർ  എതിർത്തത്. പകരം മറ്റെവിടെയെങ്കിലും ദളിതരെ അവഗണിക്കാത്ത പുണ്യസ്ഥലത്തു കൊണ്ടുപോകാമെന്നും സമ്മതിച്ചിരുന്നു.  ഹിന്ദു മതം ദളിതർ ഒന്നായി ഉപേക്ഷിക്കണമെന്നും അംബേദ്‌ക്കർ  ആഹ്വാനം ചെയ്യുമായിരുന്നു.


അംബേദ്‌ക്കർ അവർണ്ണരായവരുടെ ചോദ്യം ചെയ്യാൻ പാടില്ലാത്ത വിധം നേതാവായി തീർന്നു. പൊതുവായ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അവർണ്ണ ജാതികളുടെ ഒത്തൊരുമയുടെ ആവശ്യവും അനുഭവപ്പെട്ടു. ദളിതരുടെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളിൽ അംബേദ്‌ക്കറിന്റെ ശക്തിയായ ഇടപെടലുമുണ്ടായിരുന്നു.  1942-ൽ അവർണ്ണരായ ജനതയുടെ 'ഷെഡ്യൂൾ കാസ്റ്റ് ഫെഡറേഷൻ' എന്ന പേരിൽ  ഒരു രാഷ്ട്രീയ സംഘടന തന്നെ അദ്ദേഹം രൂപീകരിച്ചു.  ബ്രിട്ടീഷ് ഭരണവ്യവസ്ഥയിൽ 1945ൽ തെരഞ്ഞെടുപ്പ് നടന്നെങ്കിലും അദ്ദേഹത്തിൻറെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സംഘടനയ്ക്ക് ഒരു സീറ്റുപോലും നേടാൻ സാധിച്ചില്ല. ക്യാബിനറ്റിൽ ദളിതർക്കുള്ള  അർഹമായ സ്ഥാനത്തിനു വേണ്ടിയും ഷെഡ്യൂൾ കാസ്റ്റ് ഫെഡറേഷൻ പൊരുതി. അതിന്റെ ഫലമായി അവർണ്ണ   ജാതികളുടെ പ്രാതിനിധ്യം വർദ്ധിപ്പിച്ചു. 1947-ൽ 'തൊട്ടുകൂടാ നയം' തിരഞ്ഞെടുത്ത അസംബ്ലി  വോട്ടെടുപ്പുകളോടെ നിയമവിരുദ്ധമാക്കി.  ഈ നിയമം പ്രായോഗികമായി ഫലപ്രദമായിരുന്നില്ല. നിയമത്തെ ലംഘിച്ചും ദളിതർക്കെതിരായ തൊട്ടുകൂടാ ഐത്യാചാരങ്ങൾ  ഉന്നത ജാതികൾ മാറ്റങ്ങളില്ലാതെ തുടർന്നുകൊണ്ടിരുന്നു.  1947-ൽ കോൺഗ്രസിന്റെ  ആദ്യത്തെ മന്ത്രിസഭയിൽ അംബേദ്‌ക്കർ  നിയമ മന്ത്രിയായിരുന്ന  കാലത്ത് കോൺഗ്രസുമായി അദ്ദേഹം എല്ലാ വിധത്തിലും സഹകരിച്ചിരുന്നു. ദളിതർക്കു വേണ്ടി കാര്യമായി ഒന്നും ചെയ്യാൻ സർക്കാർ തയ്യാറാകാത്തതിനാൽ  നിയമ മന്ത്രി സ്ഥാനം രാജി വെച്ചു. പിന്നീട് ശേഷിച്ച  കാലം  ദളിതരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു കൊണ്ടിരുന്നു. അംബേദ്‌ക്കർ  ഭാരതത്തിന്റെ ഭരണഘടനാ ശിൽപ്പിയെങ്കിലും ദളിതർക്ക് അനേക രാഷ്ട്രീയവകാശങ്ങൾ നേടി കൊടുത്തെങ്കിലും ഇന്നും ദളിതർ ഭാരതമൊട്ടാകെ വർണ്ണ വിവേചനത്തിൽ തന്നെയാണ് ജീവിക്കുന്നത്.


മനുഷ്യ മലമൂത്രങ്ങൾ തെരുവുകളിൽ നിന്നും വാരുക ദളിതരുടെ ജോലിയായിരുന്നു. അംബേദ്‌ക്കർ പറയുമായിരുന്നു, "ഒരു തോട്ടിയെന്നുള്ളത് ഒരുവന്റെ ജന്മാവകാശമല്ല. തോട്ടിയായി ജനിച്ചതുകൊണ്ട് അവൻ തോട്ടിപ്പണി മാത്രമേ ചെയ്യാവൂയെന്ന വ്യവസ്ഥ അധർമ്മമാണ്. അത് ഒരു സമൂഹത്തിനു മാത്രമായ  അവകാശമായി കരുതുന്നതും മനുഷ്യാവകാശ അതിക്രമവുമാണ്. ഇന്ത്യയിൽ ഒരുവൻ തോട്ടി ജോലി ചെയ്താലും ഇല്ലെങ്കിലും സമൂഹം എന്നും അവനെ തോട്ടിയായി കരുതുന്നു." ജാതി ഭേദമില്ലാതെ എല്ലാ ജോലികളും തുല്യമായും നീതിപൂർവവും ചെയ്യണമെന്നുള്ള തത്ത്വ സംഹിതയായിരുന്നു അംബേദ്‌ക്കറിനുണ്ടായിരുന്നത്.


1935-ൽ ലക്ഷക്കണക്കിനു ദളിത ജനം സമ്മേളിച്ച നാസിക്കിലുള്ള യോളാ മഹാ സമ്മേളനത്തിൽ  അംബേദ്‌ക്കർ അദ്ധ്യക്ഷം വഹിച്ചിരുന്നു. അനീതി നിറഞ്ഞ ഹിന്ദുമതത്തിൽ  താൻ മരിക്കില്ലെന്ന് അംബേദ്‌ക്കർ  അന്ന് ആ മഹാസമ്മേളന മദ്ധ്യേ പ്രഖ്യാപിച്ചു, ലക്നോവിൽ 1936 മെയ് ഇരുപത്തിരണ്ടാം തിയതി ഒരു സർവ്വ മത സമ്മേളനം കൂടിയിരുന്നു. അന്നത്തെ പ്രസിദ്ധരായ ദളിത നേതാക്കളും ജഗജീവൻ റാമും സമ്മേളനത്തിൽ  പങ്കു ചേർന്നിരുന്നു. സിക്കുകാരും ബുദ്ധ മതക്കാരും ദളിതരുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നായിരുന്നു ചർച്ചകൾ നടത്തിയത്. 1936 ജൂൺ പത്താം തിയതി ബുദ്ധ മത സന്യാസിയായ 'ലോകനാഥ' അംബേദ്‌ക്കറിന്റെ ഡൽഹിയിലുള്ള ഭവനം സന്ദർശിച്ചു.  ബുദ്ധമതത്തിൽ ചേരുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ ദളിതരെല്ലാം ബുദ്ധ മതത്തിൽ ചേരണമെന്നാണ് 'തന്റെ ആഗ്രഹമെന്നും അംബേദ്‌ക്കർ ലോകനാഥനെ അറിയിച്ചു. 'ബുദ്ധ മതം നിന്നെ സ്വതന്ത്രമാക്കും, 'ഭാരതത്തിലെ അവശരായ അവർണ്ണ ജാതികൾക്കു വേണ്ടി ' എന്നുള്ള ചെറുപുസ്തകങ്ങളും ആചാര്യ ലോകനാഥ ശ്രീ ലങ്കയിൽ നിന്ന് രചിച്ചിട്ടുണ്ടായിരുന്നു. 1940-ൽ അംബേദ്‌ക്കർ  ബുദ്ധമത ആചാര്യ ഇശ്വർ ദത്തിന്റെ മേൽനോട്ടത്തിൽ നടത്തുന്ന കാൺപൂരിലുള്ള ബുദ്ധാപുരി സ്കൂൾ സന്ദർശിച്ചു.  അവിടെ നിന്നും കുറച്ചു നാളുകൾ  പാളി ഭാഷ പഠിച്ചു.


1950-ൽ ബുദ്ധ പണ്ഡിതരുടെയും സന്യാസികളുടെയും ഒരു സമ്മേളനത്തിൽ പങ്കുചേർന്നുകൊണ്ട് അദ്ദേഹം  ബുദ്ധ മതത്തെപ്പറ്റി ഒരു  പുസ്തകം എഴുതി.  1955-ൽ  'ഭാരതീയ ബൗദ്ധ മഹാസഭ' സ്ഥാപിച്ചു. 'ബുദ്ധനും ധമ്മവും' എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു. മതത്തെപ്പറ്റി തീവ്രമായി പഠിച്ച ശേഷം ആവേശഭരിതനായ അദ്ദേഹം അധികം താമസിയാതെ ബുദ്ധമതത്തിൽ ചേരുകയും ചെയ്തു. ബുദ്ധമതത്തെപ്പറ്റി  ആധികാരികമായി അംബേദ്‌ക്കർ അനേക പുസ്തകങ്ങൾ പ്രസിദ്ധികരിച്ച ശേഷം  അവർണ്ണജാതികൾക്ക് സമത്വം കൈവരിക്കാനുതകുന്ന ഏകമതം ബുദ്ധ മതമെന്നു  പ്രഖ്യാപിച്ചു. 1956 ഒക്ടോബർ പതിനാലാം തിയതി നാഗ്പൂരിലുള്ള ദീക്ഷഭൂമിയിൽ വെച്ച് അദ്ദേഹം ബുദ്ധമതത്തിലേയ്ക്ക് മതപരിവർത്തനം ചെയ്തു. അദ്ദേഹത്തോടൊപ്പം മതം മാറിയ ആറുലക്ഷം അനുയായികൾ അന്നവിടെ സന്നിഹിതരായിരുന്നു. 'ഹൈന്ദവ തത്ത്വങ്ങൾ പുലർത്തുന്ന ബുദ്ധമത ശാഖയിൽ ദളിതർ കുടുങ്ങരുതെന്നും   ബുദ്ധമതം 'നവയാനാ' അല്ലെങ്കിൽ 'നിയോ ബുദ്ധ മതം' എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും'  അംബേദ്‌ക്കർ പറഞ്ഞു. നവീകരിച്ച  ആശയങ്ങളുമായി തുടക്കം കുറിച്ച ബുദ്ധമതത്തെ 'അംബേദ്‌ക്കറിന്റെ ബുദ്ധ മതം' എന്നും ദളിതരായവർ  പറയാറുണ്ട്‌. 1956 ഡിസംബർ രണ്ടാംതിയതി  'കാറൽ മാര്ക്സും ബുദ്ധനും' എന്ന ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു.


അംബേദ്‌ക്കറിന്റെ ബുദ്ധമതത്തിൽ അനുഷ്ടിക്കേണ്ട പ്രമാണങ്ങളായ   22 പ്രതിജ്ഞകൾ നാഗപൂരിലുള്ള ദീക്ഷഭൂമിയിൽ ഒരു സ്തൂപത്തിനു താഴെയായി ലിഖിതം ചെയ്തിട്ടുണ്ട്.  പുതിയതായി മതം മാറുന്നവർ  അംബേദ്‌ക്കർ വിഭാവന ചെയ്ത പ്രതിജ്ഞകൾ ഏറ്റു പറയണം. പ്രതിജ്ഞകൾ ചുരുക്കമായി താഴെ വിവരിക്കുന്നു.

"ബ്രഹ്മാവിലോ വിഷ്ണുവിലോ മഹേശ്വരനിലോ  രാമനിലോ കൃഷ്ണനിലോ അവതാര ദൈവങ്ങളിലോ വിശ്വസിക്കുകയോ ആരാധിക്കുകയോ ചെയ്യില്ല. ഗൌരി -ഗണപതി ദൈവങ്ങളെയും ദേവതകളെയും വണങ്ങില്ല.  ശ്രീ ബുദ്ധൻ വിഷ്ണുവിന്റെ അവതാരമെന്നും വിശ്വസിക്കുന്നില്ല. അത് വെറും തെറ്റായ ഭ്രാന്തൻ കുപ്രചരണങ്ങളാണ്. മരിച്ചവർക്കായി ശ്രാദ്ധങ്ങളും നടത്തില്ല. ബുദ്ധന്റെ അനുശാസനങ്ങളെയോ തത്ത്വങ്ങളെയോ ഒരിക്കലും ലംഘിക്കില്ല. ബ്രാഹ്മണ പുരോഹിതരെ  മതപരമായ ആചാരങ്ങളിൽ പങ്കുകൊള്ളിപ്പിക്കില്ല. മനുഷ്യന്റെ നീതിയിലും സമത്വത്തിലും വിശ്വസിക്കുന്നു. സമത്വം സ്ഥാപിക്കാൻ  തന്നാൽ കഴിയുംവിധം ശ്രമിക്കുകയും പ്രവർത്തിക്കുകയും ചെയ്യും.. ബുദ്ധന്റെ ചിന്താധാരയിലുള്ള പരിശുദ്ധമായ വഴിയേ സഞ്ചരിക്കുകയും ബുദ്ധൻ അനുശാസിച്ച എട്ടു മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യും. (ശരിയായ മനസിലാക്കൽ, നല്ല ഉദ്ദേശ്യം, നല്ല സംഭാഷണം, നല്ല പ്രവർത്തികൾ, നല്ല ജീവിതം, ഉറച്ച പരിശ്രമം, സുസ്ഥിരമായ മനസ്, ഏകാഗ്രത എന്നിവകൾ എട്ടു മാർഗങ്ങൾ).  സമസ്ത ജീവജാലങ്ങളെയും സ്നേഹിക്കുകയും സംരഷിക്കുകയും ചെയ്യും. കക്കില്ല, കള്ളം പറയില്ല. കാമ വികാരപരമായ പാപം ചെയ്യില്ല. മദ്യം കഴിക്കില്ല.  ഹിന്ദു മതത്തെയും അതിന്റെ ചട്ടക്കൂടിലുള്ള ജാതിവ്യവസ്ഥയേയും സമൂലമായും നിഷേധിക്കുന്നു. കാരണം അത് അസമത്വം നിറഞ്ഞതാണ്‌.  ബുദ്ധന്റെ ധമ്മായാണ് സത്യമായ മതമെന്ന് വിശ്വസിക്കുന്നു. പുത്തനായ നൈർമല്യം നേടിയ മനസോടുകൂടിയ താൻ ഒരു പുനർ ജന്മം നേടിയെന്നും വിശ്വസിക്കുന്നു. ഇന്നുമുതൽ ബുദ്ധന്റെ തത്ത്വങ്ങളിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ടു സത്യമതമായ  ബുദ്ധ മതാനുയായി ജീവിക്കും. ബുദ്ധമതം എന്റെ മതമായി തെരഞ്ഞെടുക്കുന്നു."


അംബേദ്‌ക്കർ ആ വർഷം തന്നെ അന്നിഹിലേഷൻ ഓഫ് കാസ്റ്റ്  (Annihilation of Caste) എന്ന പേരിൽ  ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യുകയെന്നുള്ള  ലക്ഷ്യ ബോധത്തിൽ എഴുതിയ ആ പുസ്തകത്തിൽ ഗാന്ധിജിയെ കുറ്റപ്പെടുത്തുന്നുണ്ട്. വൈസറോയുടെ പ്രതിരോധ ഉപദേശ കൌൺസിലിലും തൊഴിൽ മന്ത്രാലയത്തിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 1952-ൽ നടത്തിയ ആദ്യ ഇന്ത്യാ തെരഞ്ഞെടുപ്പിൽ വടക്കേ ബൊംബയിൽനിന്നു അംബേദ്‌ക്കർ  മത്സരിച്ചെങ്കിലും കോൺഗ്രസ് പാർട്ടി സ്ഥാനാർഥിയോട് പരാജയപ്പെടുകയാണുണ്ടായത്.1952 -ൽ  അദ്ദേഹത്തെ രാജ്യസഭയിൽ തെരഞ്ഞെടുത്തു.1954-ൽ ലോക സഭയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ  ബദ്രായിൽ നിന്നും കോൺഗ്രസിനെതിരായി മത്സരിച്ചു തോറ്റു പോയി.  ഇന്ത്യൻ ഭരണഘടനയുടെ ശില്പ്പിയെന്ന നിലയിൽ 1952-ജൂണിൽ കൊളംബിയാ യൂണിവേഴ്സിറ്റി അദ്ദേഹത്തിന് നിയമത്തിൽ ഡോക്ടർ ഡിഗ്രി നല്കിയാദരിച്ചു. 1957 രണ്ടാം പാർലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പേ അദ്ദേഹം മരിച്ചുപോയിരുന്നു. തെക്കേ ഏഷ്യയിലെ ഇസ്ലാമിക രീതികളെയും അംബേദ്‌ക്കർ   വിമർശിച്ചിരുന്നു . ഇന്ത്യാ പാക്കിസ്ഥാൻ വിഭജനത്തെ അനുകൂലിച്ചെങ്കിലും മുസ്ലിം സമുദായത്തിലെ സ്ത്രീകളോടുള്ള മോശമായ പെരുമാറ്റവും ബാലികാ വിവാഹവും അദ്ദേഹം എതിർത്തിരുന്നു.


ഫ്രഞ്ച് വിപ്ലവവും ബുദ്ധ മതവും മാര്ക്സിസവും അംബേദ്‌ക്കറിന്  ദളിതരെ വർണ്ണ വ്യവസ്ഥയുടെ അടിമത്വത്തിൽ നിന്നും മോചിപ്പിക്കാനായി ഉത്തേജനം ലഭിച്ചിരുന്നു. അദ്ദേഹം സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനെങ്കിലും ആക്രമ മാർഗങ്ങൾക്കെതിരായിരുന്നു.  സമാധാനപരമായ സഹവർത്തിത്വത്തിൽക്കൂടി ഭരണഘടനയ്ക്ക് വിധേയമായി  ഇന്ത്യയെ നയിക്കാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് ബുദ്ധ മതം അദ്ദേഹത്തെ ആകർഷിച്ചത്. അമിതമായ മതചിന്തകൾ അദ്ദേഹത്തിനുണ്ടായിരുന്നില്ല. അംബേദ്‌ക്കറിന്റെ ബുദ്ധമതം മതത്തിനും ദൈവത്തിനും പ്രാധാന്യം കല്പ്പിക്കാതെ  കൂടുതലും യുക്തിചിന്തകളിൽ അധിഷ്ടിതമായിരുന്നു. അദ്ദേഹത്തിൻറെ  മനുഷ്യത്വവും കരുണാദ്രവുമായ തത്ത്വചിന്തകൾ കാലത്തിനെയും അതിജീവിക്കുന്നതാണ്. പണ്ഡിതോചിതമായി  അദ്ദേഹം രചിച്ച കൃതികൾ ഏഷ്യൻ പഠന വിദ്യാർത്ഥികൾക്കു എക്കാലവും ഉപകാരപ്രദമായിരിക്കും


ഡോക്ടർ അംബേദ്‌ക്കറിന്റെ  ആദ്യ ഭാര്യ മരിച്ചു കഴിഞ്ഞു പതിമൂന്നു വർഷത്തിനു ശേഷം  അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു. അദ്ദേഹത്തെക്കാൾ പതിനഞ്ചു വയസിൽ താഴെ പ്രായമുള്ള  ബ്രാഹ്മണ സ്ത്രീയായ ഡോക്ടർ ഷാർദർ കബിറായിരുന്നു രണ്ടാം ഭാര്യ. വിവാഹ ശേഷം ഡോക്ടർ സവിത അംബേദ്‌ക്കറെന്നും  അവരെ അറിയപ്പെട്ടു. അംബേദ്‌ക്കറിന്റെ രണ്ടാം വിവാഹത്തിൽ  വധു  ഒരു  ബ്രാഹ്മണ സ്ത്രീയായതിൽ   ബുദ്ധ മതത്തിലുള്ള ചിലർ എതിർത്തിരുന്നു. 1954-മുതൽ അദ്ദേഹത്തിനു ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു.  ഡയബറ്റീസും  കണ്ണിന്റെ കാഴ്ചക്കുറവും അനുഭവപ്പെട്ടിരുന്നു. അംബേദ്‌ക്കറിന്റെ   അന്ത്യനാളുകളിൽ ഒരു നല്ല ഭാര്യയുടെ കടമയെന്നോണം അദ്ദേഹത്തെ 'സവിത' ശുഷ്രൂഷിക്കുകയും സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. 1956 ഡിസംബർ ആറാം തിയതി ഡൽഹിയിലുള്ള ഭവനത്തിൽ വെച്ച് അംബേദ്‌ക്കർ  നിര്യാതനായി. ബുദ്ധമതാചാരാപ്രകാരം  അദ്ദേഹത്തിന്റെ ഭൌതിക ശരീരം  അടക്കം ചെയ്തു. ലക്ഷക്കണക്കിനു ജനം മഹാനായ അംബേദ്‌ക്കറിന്റെ ഭൌതിക വിലാപയാത്രയിൽ പങ്കുചേരുകയും അദ്ദേഹത്തിന് അന്ത്യോപചാരങ്ങൾ അർപ്പിക്കുകയുമുണ്ടായി. അംബേദ്ക്കറിന്റെ  രണ്ടാം ഭാര്യ സവിത  2003-ൽ മരിച്ചു. ഭയ്യാസാഹെബ്  അംബേദ്‌ക്കർ എന്നറിയപ്പെടുന്ന 'യശ്വന്ത' ഈ ദമ്പതികളുടെ ഏക മകനായിരുന്നു. അംബേദ്‌ക്കറിന്റെ  കൊച്ചുമകൻ അംബേദ്‌ക്കർ  പ്രകാശ് യശ്വന്ത് ബുദ്ധമതങ്ങളുടെ പ്രധാന ഉപദേശകനാണ്. ഇന്ത്യൻ പാർലമെന്റിലും രാജ്യസഭയിലും അംഗമായിരുന്നു. ബി.ആർ. അംബേദ്‌ക്കർ പൂർത്തിയാക്കാത്ത അദ്ദേഹത്തിൻറെ പുസ്തകങ്ങളുടെ കയ്യെഴുത്തു പ്രതികളും റ്റൈപ്പ് ചെയ്ത ലേഖനങ്ങളും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അവകളെല്ലാം പ്രസിദ്ധീകരണ  ശാലകൾ പുസ്തകങ്ങളാക്കാൻ സ്വരൂപിച്ചു കൊണ്ടിരിക്കുന്നു. 1935-1936 കാലഘട്ടത്തിൽ എഴുതിയ 'വിസായ്ക്കുള്ള കാത്തിരുപ്പ്' , തൊട്ടു തീണ്ടാ ജാതികൾ, 1951-ലെ സെൻസസ് ആധാരമാക്കിയെഴുതിയ 'ഭാരതത്തിലെ തെരുവു കുട്ടികൾ',  എന്നീ  കൃതികളും അംബേദ്‌ക്കർ ശേഖരണത്തിലുണ്ട്. അദ്ദേഹത്തിൻറെ ജന്മദിനം 'അംബേദ്‌ക്കർ ജയന്തി' അഥവാ  'ഭീം ജയന്തി' എന്ന പേരിൽ  ഇന്ത്യയിൽ കൊണ്ടാടുന്നു. അന്നേ ദിവസം ഇന്ത്യയുടെ പൊതുവൊഴിവുദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്. 1990-ൽ  ഭാരത സർക്കാർ ഭാരത രത്നം നല്കി അദ്ദേഹത്തെ ബഹുമാനിച്ചു.


വർണ്ണ വ്യവസ്ഥകളും മതവർഗീയതയും ജാതികളുടെ പേരിലുള്ള അസമത്വങ്ങളും ഈ ഭൂമുഖമാകെ വ്യാപിച്ചു കിടക്കുന്നു. സമൂഹത്തിൽ നീതിയും സത്യവും സമത്വവും സ്വാതന്ത്ര്യവും കൈവരിക്കാൻ മനുഷ്യനെ മനുഷ്യനായി കാണാൻ പരിവർത്തന വിധേയമായ നല്ല നാളെയുടെ ലോകത്തെ വാഗ്ദാനം ചെയ്യാൻ അംബേദ്‌ക്കറിനെപ്പോലുള്ള  ഉദ്‌ബോധനം നേടിയ വ്യക്തികൾ ഇനിയും ലോകത്തിൽ വരേണ്ടതായുണ്ട്. ദളിതരോടായി മഹാത്മാവായ അംബേദ്‌ക്കർ  പറയുമായിരുന്നു, "നീ പുറപ്പെടുന്നത് ഏതു ദിക്കിലെങ്കിലും എവിടെ തിരിഞ്ഞാലും അവിടെയെല്ലാം നിന്ദ്യമായ ജാതി വ്യവസ്ഥയെന്ന ഭീകര ജന്തു നിന്റെ വഴിയെ  തടസമായുണ്ട്.  അതിക്രൂരത നിറഞ്ഞ ആ രാക്ഷസ ജീവിയെ കൊന്നില്ലെങ്കിൽ രാഷ്ട്രീയ സ്വാതന്ത്ര്യവും സാമ്പത്തിക പുരോഗതിയും നീ നേടില്ല. അപരിഷ്കൃത ചിന്താഗതിയുള്ള സവർണ്ണ ജനതയുടെ മനോഭാവത്തിനും മാറ്റം വരില്ല." (തുടരും)










May 8, 1950 Babasaheb being sworn in as independent India's first law minister



Emalayalee.com
ലേഖനം-1              http://emalayalee.com/varthaFull.php?newsId=116420
ലേഖനം-2              http://emalayalee.com/varthaFull.php?newsId=116950
ലേഖനം-3              http://emalayalee.com/varthaFull.php?newsId=117306



Joychan Puthukkulam News:

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...