Saturday, May 28, 2016

പുതിയ ലോകം പുതിയ അമേരിക്കാ, ട്രംബിന്റെ സ്വപ്നം

 

By ജോസഫ് പടന്നമാക്കൽ 
2016 നവംബർ മാസത്തിൽ  നടക്കാൻ പോവുന്ന അമേരിക്കയുടെ അമ്പത്തിയെട്ടാം പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി ഡോണാൾഡ് ട്രംബായിരിക്കുമെന്ന് ഏറെക്കുറെ നിശ്ചിതമായിരിക്കുന്നു.   ഔദ്യോഗികമായി തിരഞ്ഞെടുക്കാൻ ആവശ്യത്തിനുള്ള ഡെലിഗേറ്റുകളും അദ്ദേഹം നേടിക്കഴിഞ്ഞു. അമേരിക്കൻ ജനാധിപത്യത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ വേളകളിൽ ഇത്രമാത്രം വിമർശനങ്ങളെ തരണം ചെയ്ത മറ്റൊരു നേതാവുണ്ടോയെന്നും സംശയമാണ്. അദ്ദേഹത്തിൻറെ  പ്രസംഗങ്ങളും പ്രവർത്തനങ്ങളും വീക്ഷിക്കുന്നവർക്ക് അദ്ദേഹം പാകത വരാത്ത ഒരാളോ   ഭാഷാഭ്യാസം ലഭിക്കാത്ത ഒരു നാലാംക്ലാസുകാരനെന്നോ  തോന്നിപ്പോവും. ജനം അദ്ദേഹത്തെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനർത്ഥിയായി തീരുമാനിച്ച സ്ഥിതിക്ക് അദ്ദേഹം പ്രകടിപ്പിച്ച ആശയങ്ങളെ വിശകലനം ചെയ്യുന്നതും അനുചിതമായിരിക്കുമെന്നു കരുതുന്നു.


ട്രംബിന്റെ വിശ്വാസങ്ങളും നയങ്ങളും ഭാവി നയതന്ത്രങ്ങളും വിവിധ രൂപഭാവത്തിൽ, അഭിപ്രായങ്ങളിൽ വാർത്താമീഡിയാകളിൽ വിവരിച്ചിട്ടുണ്ട്. ട്രംബിനു പത്തു ബില്ല്യൻ ഡോളർ ആസ്തിയുണ്ടെന്നു കണക്കാക്കുന്നു. ലോകത്തിലിന്നു കാണുന്ന നേതൃനിരയിലുള്ള ഏതൊരാളിനെയുംപോലെ ഡോണാൾഡ്‌ ട്രംബും  ‌ വ്യത്യസ്തനല്ല. അദ്ദേഹത്തിൽ   കഴിവും മികവുമുള്ള ഒരു വ്യവസായിയും വ്യാവസായിക മനസും കുടികൊള്ളുന്നുണ്ട്. സാമ്പത്തിക വിദഗ്ദ്ധരേപ്പോലും വെല്ലുന്ന ബുദ്ധി വൈഭവം അദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യത്തിലെ പുരോഗതികളിൽക്കൂടി കാണാൻ സാധിക്കും. അപ്പന്റെ കൈകളിൽ നിന്നും ഒരു ലക്ഷം ഡോളർ കടം മേടിച്ചു തുടങ്ങിയ ബിസിനസാണ് പിന്നീട് ട്രംബിന്റെ വ്യാവസായിക സാമ്രാജ്യമായി വളർന്നത്‌. തിരഞ്ഞെടുപ്പു പ്രചരണങ്ങൾ കൂടുതലും സ്വന്തം ചെലവിലാണ് നടത്തുന്നത്.


ട്രംബിന്റെ അനുയായികൾ അദ്ദേഹത്തെ അമേരിക്കയിലെ പ്രഗത്ഭനായ പ്രസിഡന്റ് റൊണാൾഡ് റേഗനോട് താരതമ്യപ്പെടുത്താറുണ്ട്‌. എത്രമാത്രം അങ്ങനെയൊരു അഭിപ്രായത്തോട് യോജിക്കാൻ സാധിക്കുമെന്നും അറിയില്ല. ഹോളിവുഡ് താരമായിരുന്ന റൊണാൾഡ് റേഗനെയും എൻ.ബി.സി. ടെലിവിഷൻ താരമായിരുന്ന   ഡൊണാൾഡ് ട്രംബിനെയും ചരിത്രപരമായി തുലനം ചെയ്താൽ ഇരുവരുടെയും  ജീവിതാനുഭവങ്ങൾ വ്യത്യസ്തമാണെന്നും കാണാം.   ട്രംബ്  വോട്ടർമാരോട് വോട്ടു ചോദിക്കുന്നതും പൊതു സദസുകളിൽ പെരുമാറുന്നതും എഴുത്തുകുത്തുകളിലും പാകതയില്ലാത്ത ഒരു കൊച്ചുകുട്ടിയെപ്പോലെയാണ്. എന്നാൽ റേഗൻ അങ്ങനെയല്ലായിരുന്നു. അദ്ദേഹം സ്വന്തം വികാര വിചാര ഭാവങ്ങൾ പ്രകടിപ്പിക്കാൻ വ്യക്തിപ്രഭാവമുണ്ടായിരുന്ന ഒരു മഹത് വ്യക്തിയായിരുന്നു. അമേരിക്കയിൽ ഏറ്റവും വലിയ വ്യവസായ സ്റ്റേറ്റായ കാലിഫോർണിയായിൽ രണ്ടു പ്രാവിശ്യം ഗവർണ്ണരായിരുന്നു. പരിചയ സമ്പന്നനായ ഒരു യൂണിയൻ നേതാവായിരുന്നു. അതേ സമയം ട്രംബിന് അത്തരത്തിലുള്ള പൊതു സമ്പർക്കമോ പരിചയമോയില്ല. ട്രംബിന് പൊതുമേഖലയിൽ പരിചയമില്ലെങ്കിലും സ്വകാര്യ മേഖലകളുടെ മുതലാളിയായി റേഗനെക്കാൾ പരിചയ സമ്പത്ത് നേടിയിട്ടുണ്ട്. ട്രംബിന്റെ വാചാടോപം ജനങ്ങളിൽ ഭയമുണ്ടാക്കുന്ന രീതിയിലാണ്. എന്നാൽ റേഗന് എക്കാലവും അമേരിക്കയിൽ പ്രതീക്ഷകളായിരുന്നുണ്ടായിരുന്നത്. യാഥാസ്ഥിതിക മനസായിരുന്നു റേഗനെ തെരഞ്ഞെടുപ്പു വേളകളിൽ നയിച്ചിരുന്നത്. ട്രംബും മതപരമായ കാര്യങ്ങളിൽ ഒരു യാഥാസ്ഥിതിക ചിന്താഗതിക്കാരൻ തന്നെയാണ്.

.
റേഗനെപ്പോലെ പൊതു ജനങ്ങളെ ആകർഷിക്കാൻ ട്രംബിനും പ്രത്യേകമായ ഒരു വ്യക്തി പ്രഭാവമുണ്ട്. ഇരുവരും ആശയങ്ങളിൽനിന്നും വ്യതിചലിച്ച് വ്യത്യസ്തമായി പൊതുജീവിതത്തിൽ സഞ്ചരിച്ചു. റേഗനെപ്പോലെ ട്രംബും പള്ളിയുമായി കാര്യമായി അടുപ്പമില്ലെങ്കിലും ഇവാഞ്ചലിക്കൽ വോട്ടുകൾ ഭൂരിഭാഗവും ട്രംബിനാണ് ലഭിക്കാൻ പോവുന്നത്. രണ്ടുപേരും വർഗീയ വിരോധം നേടിയിട്ടുണ്ട്. കാർട്ടറിന്റെ കാലത്ത് അമേരിക്കൻ നയതന്ത്ര പ്രതിനിധികളെ ഇറാൻ തടവുകാരാക്കിയപ്പോൾ റേഗന്റെ മുസ്ലിമുകൾക്കെതിരായ വാചാലമായ നാക്കുകൾ അവരെ വേദനിപ്പിച്ചിരുന്നു. അതുപോലെ ട്രംബും  മുസ്ലിമുകൾക്ക്‌ കുടിയേറ്റം നിരോധിക്കണമെന്നുള്ള പ്രസ്താവന നടത്തി അവരുടെ വിരോധം നേടി. ലോക കാര്യങ്ങൾ വളരെ ലളിതമായിട്ടാണ് റേഗനെപ്പോലെ ട്രംബും സംസാരിക്കുന്നത്. അവരുടെ സ്വഭാവവും ധർമ്മ ഗുണങ്ങളും ഒരു കൊച്ചു കുട്ടിക്കുപോലും മനസിലാകുന്ന രീതിയിലാണ്. എങ്കിലും ഇരുവരുടെയും സ്വഭാവ സാമ്യങ്ങൾ അവിടം കൊണ്ട് അവസാനിച്ചുവെന്നു തോന്നിപ്പോവും.


ഡോണാൾഡ് ട്രംബിനും തത്ത്വചിന്തകളുടെ ഒരു സമാഹാരം തന്നെയുണ്ട്‌. ട്രംബ് പറയുന്ന ഒരു വാക്യമാണ് 'ആത്മാഭിമാനമില്ലാത്ത ഒരുവനെ കാണിച്ചു തരൂ, എങ്കിൽ അയാൾ പരാജിതനെന്നു ഞാൻ പറയും.' അദ്ദേഹത്തിൻറെ മറ്റൊരു പല്ലവി, "നിങ്ങൾ ഏതായാലും ചിന്തിക്കുന്നുണ്ട്. എങ്കിലെന്തുകൊണ്ട് വലിയ കാര്യങ്ങൾ ചിന്തിച്ചുകൂടാ." "ഗുണങ്ങളും ദോഷങ്ങളും വിലയിരുത്തിക്കൊണ്ടുള്ള ജോലിയും അതിൽ സന്തോഷവും താല്പര്യപ്പെടുന്നുവെങ്കിൽ മനസിന്റെ സമനില തെറ്റാതെ ആ ജോലി നിറുത്തുക. പകരം നിങ്ങളുടെ തൊഴിലിനെ കൂടുതൽ ആനന്ദപ്രദമാക്കുകയെന്നതും' ട്രംബിന്റെ ഉദ്ധരണിയാണ്.


'അപ്രന്റിസ്' എന്നത് അമേരിക്കയിലെ എൻ.ബി.സിയിലുള്ള ഒരു റിയാലിറ്റി ടെലവിഷൻ പരിപാടിയാണ്. ഒരു പറ്റം വ്യാവസായിക താല്പര്യമുള്ള മത്സരാർത്ഥികളുടെ അഭിരുചിയെ അളക്കുന്ന മത്സരമാണ് ഈ ഷോയിലുള്ളത്. റീയൽ എസ്റ്റേറ്റ് പ്രതിഭകൾ, രാഷ്ട്രീയക്കാർ, ബിസിനസ്കാർ, ടെലിവിഷൻ പ്രമുഖർ മുതലായവർ  ഇതിൽ പങ്കെടുക്കുന്നു. ബ്രിട്ടനിൽ ജനിച്ച അമേരിക്കനായ മാർക്ക് ബെർനെയാണ് ഈ പരിപാടിയുടെ നിർമ്മാതാവ്. പതിനാറു തൊട്ടു ഇരുപതു വരെ പ്രഗത്ഭരായവർ പങ്കെടുക്കുന്ന ഒരു ഷോയാണിത്‌. ജോലിക്കുള്ള ഇന്റവ്യു പോലെയാണ് പരിപാടികൾ മത്സര രീതിയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. വിജയികൾക്ക് ട്രംബിന്റെ കമ്പനിയിൽ ബിസനസ്സ് തുടങ്ങാൻ രണ്ടു ലക്ഷത്തി അമ്പതിനായിരം ഡോളർ സമ്മാനവും കൊടുക്കും. ട്രംബ് അവതാരകനായ ഈ പരിപാടിയിൽ ഓരോ പരമ്പരയിൽനിന്നും (എപ്പിസോഡ്) ഓരോരുത്തരെ പുറത്താക്കും."യൂ ആർ ഫയേർഡെന്നു'ള്ള ട്രംബിന്റെ തീരുമാനത്തോടെ അയാൾ ആ എപ്പിസോഡിൽ നിന്ന് പുറത്താകുകയും ചെയ്യും. ഒരുവന്റെ ബുദ്ധിവൈഭവവും പാടവവും തിരിച്ചറിയുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്വന്തം നിപുണതയെ മനസിലാക്കിയാൽ അതിൽ അധിപനാകാനുള്ള ശ്രമങ്ങളും നടത്താൻ സാധിക്കുന്നു. അധിപനായി കഴിഞ്ഞാൽ ചുറ്റുമുള്ള പാടവം പ്രകടിപ്പിക്കുന്നവർ വളരാനുള്ള പ്രേരണാ ശക്തിയുമായിരിക്കും. ഏതാണ്ട് ഈ തത്ത്വ ചിന്തകൾക്ക് സമാനമായിയാണ് ഡോണാൾഡ്‌ ട്രംബിന്റെ ടെലിവിഷൻ പരിപാടികളും.


ഒബാമാ കെയർ നാശം വിതയ്ക്കുമെന്ന് ട്രംബ് വിശ്വസിക്കുന്നു. അത് ഇല്ലാതാക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അമേരിക്കൻ ജനതയ്ക്ക് കൂടുതൽ പ്രയോജനപ്പെടാൻ അത്തരം ഒരു പദ്ധതി ആവിഷ്ക്കരിക്കാൻ സ്റ്റേറ്റിന് അധികാരം നല്കും. സ്വതന്ത്രമായ മാർക്കറ്റ് വ്യവസ്ഥയിൽ അമേരിക്കയിലെ സർവ്വ ജനങ്ങൾക്കും പ്രയോജനപ്പെടത്തക്ക വിധം ഇൻഷുറൻസിനെ   നവീകരിക്കും. ഒബാമ കെയറിന് ഗുണങ്ങളേറെയുണ്ട്, ദോഷങ്ങളും ഉണ്ട്. ഒബാമാ കെയറനുസരിച്ച് നൂറു പേരിൽ കൂടുതൽ ജോലിക്കാരുള്ള കമ്പനികൾ നിർബന്ധമായും ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നല്കണം. അമിത പ്രീമിയം നല്കുന്നതുകൊണ്ട് കമ്പനികളുടെ ചെലവുകൾ വർദ്ധിക്കും. കൂടുതൽ സാമ്പത്തിക ഭാരം കമ്പനികൾ വഹിക്കേണ്ടി വരുന്നു. ഓരോ അമേരിക്കൻ പൗരനും നിർബന്ധമായി ഹെൽത്ത് ഇൻഷുറൻസ് ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം വരുമാനത്തിന്റെ രണ്ടര ശതമാനം പിഴ അടക്കേണ്ടി വരും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏകദേശം രണ്ടു ശതമാനം അമേരിക്കക്കാർ ഇൻഷുറൻസ്  എടുക്കാതെ പിഴ അടയ്ക്കുകയാണുണ്ടായത്‌. എത്ര തീരാവ്യാധിയുള്ളവർക്കും ഇൻഷുറൻസ് നിരസിക്കാൻ പാടില്ലെന്നുണ്ട്. മുൻകാല രോഗങ്ങൾ ഉള്ളവർക്കും ആരോഗ്യപരിപാലന ഇൻഷുറൻസ് നല്കുന്നമൂലം കമ്പനികൾ അധികചെലവുകൾ വഹിക്കേണ്ടി വരുന്നു.  ഇത് ഭാവിയിൽ കമ്പനികൾ പ്രീമിയം കൂട്ടാൻ കാരണവുമാകുന്നു. നിലവിലുള്ള ഇൻഷുറൻസുകൾക്ക്‌ മെഡിക്കൽ ചെലവുകളിൽ വാർഷിക പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ ഒബാമ കെയറിന് ആ പരിധിയില്ല. ഇത്തരം അമിത ചെലവുകൾ ഇൻഷുറൻസ് വഹിക്കുന്ന കാരണം  കമ്പനികൾ പാപ്പരാവുകയും ആരോഗ്യ സുരക്ഷാ മേഖലകളിൽ  താല്പ്പര്യം കാണിക്കാതെ വരുകയും ചെയ്യും. അത് അമേരിക്കാ പോലുള്ള  മുതലാളിത്ത വ്യവസ്തിയിലുള്ള ഒരു രാജ്യത്തിന്‌ വെല്ലുവിളിയുമായിരിക്കും.


നികുതി കാര്യങ്ങളിലും പരിഷ്ക്കാരങ്ങൾ അദ്ദേഹം ആഗ്രഹിക്കുന്നു. ഇരുപത്തി അയ്യായിരം ഡോളറിൽ താഴെ വരുമാനമുള്ളവർക്ക് നികുതി കൊടുക്കേണ്ടാ. നിലവിലുള്ള അനേക ചോദ്യശരങ്ങളുള്ള ഇൻകം ടാക്സ് ഫോം പൂരിപ്പിക്കേണ്ട ആവശ്യവുമില്ല. ഒരു ചെറിയ ഫോമിൽ "ഐ വിൻ-ഞാൻ ജയിച്ചുവെന്ന് നികുതി ഫോമിൽ എഴുതിയാൽ മതി. ബിസിനസുകാരുടെ ആദായ നികുതി പതിനഞ്ചു ശതമാനമായി കുറയ്ക്കും. പുറം രാജ്യങ്ങളിൽ പണം നിക്ഷേപിച്ചവരും കമ്പനികളും ആദായ നികുതി പത്തു ശതമാനം കൊടുത്താൽ മതിയാകും. മിനിമം വേതനം എഴേകാൽ ഡോളറിൽ നിന്നും ഉയർത്തണമെന്ന അഭിപ്രായക്കാരനാണ് അദ്ദേഹം.


ട്രംബിനെ  ഇസ്ലാമിക വിരോധിയായി രാഷ്ട്രീയ മുതലെടുപ്പുകാർ ചിത്രീകരിക്കുന്നതും കാണാം.  "മുസ്ലിമുകളെ ഈ രാജ്യത്ത് പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കണ'മെന്ന് അദ്ദേഹം പറയുന്നു.  കാലിഫോർണിയായിൽ സാൻ ബെർനാഡിനോയിൽ ഭീകരാക്രമണമുണ്ടായ വെളിച്ചത്തിലായിരുന്നു ട്രംബ് ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. ഇതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ ലോകരാജ്യങ്ങളിൽ വലിയ ഒച്ചപ്പാടുകളും പ്രതിക്ഷേധങ്ങളുമുണ്ടായിരുന്നു.  മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ നിന്നാണ് കൂടുതലും അടുത്തകാലത്ത് ഭീകര സംഘടനകൾ വളർന്നത്. അത്തരം രാജ്യങ്ങളിൽനിന്നു വരുന്ന മുസ്ലിമുകൾക്ക്‌ ശക്തമായ നിയന്ത്രണം വേണമെന്ന് ട്രംബ്  പറഞ്ഞെങ്കിൽ അത് തികച്ചും രാജ്യസ്നേഹത്തിന്റെ പുറത്താണ്. യൂറോപ്യൻ രാജ്യങ്ങളിലെ ഭീകരരുടെ വെളിച്ചത്തിലാണ് ട്രംബ് അപ്രകാരം ഒരു  പ്രസ്താവന  ചെയ്തത്. ഇസ്ലാമിക ജനതയെ ഒഴിച്ചു നിർത്തിക്കൊണ്ട് ഒരു ലോകവ്യവസ്ഥിതി സൃഷ്ടിക്കാൻ സാധിക്കില്ലെന്നുള്ളത് അമേരിക്കൻ ഭരണാധികാരികൾക്കറിയാം. ഇറാനും ഇറാക്കും ഒഴിച്ചുള്ള മുസ്ലിം രാജ്യങ്ങൾ മുഴുവൻ തന്നെ അമേരിക്കയുടെ സുഹൃത്തുക്കളാണ്. സുഹൃത്തുക്കളായ മുസ്ലിം രാജ്യങ്ങളെപ്പറ്റി ട്രംബ്  പരാമർശിച്ചിട്ടില്ല.


2001 സെപ്റ്റംബറിൽ വേള്ഡ് ട്രേഡ് സെന്റർ ഭീകരർ തകർത്തപ്പോൾ ന്യൂ ജേഴ്സിയിലും അമേരിക്കയുടെ മറ്റു സ്റ്റേറ്റുകളിലുമുണ്ടായിരുന്ന അമേരിക്കൻ വിരോധികളായ അറബു മുസ്ലിമുകൾ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയുണ്ടായി. ഈ സാഹചര്യങ്ങളിൽ ദേശ സ്നേഹികളായ മുസ്ലിമുകളെയും ഭീകര ചിന്താഗതിയുള്ള മുസ്ലിമുകളെയും തിരിച്ചറിയാനും പ്രയാസം. ഭീകരത വളർത്താൻ ഒരു രാജ്യവും അനുവദിക്കില്ല. അത്തരം നയപരിപാടികൾ ട്രംബ്  ഉൾപ്പെടുത്തിയെങ്കിൽ അത് അമേരിക്കയ്ക്ക് ഗുണപ്രദമെന്നും ചിന്തിച്ചാൽ മതിയാകും. ഒരു രാജ്യത്ത് താമസിക്കുമ്പോൾ ആ രാജ്യത്തോട് കൂറു കാണിക്കണമെന്ന് ഇസ്ലാമിക തത്ത്വങ്ങളിലുള്ളതാണ്. ഭൂരിഭാഗം ഇസ്ലാമികളും രാജ്യസ്നേഹികളെന്ന വസ്തുതയും കണക്കിലാക്കണം. സാധാരണ ഭീകരരുടെ കേന്ദ്രങ്ങൾ ദേവാലയങ്ങളുടെ ചുറ്റുവട്ടത്തായിരിക്കും. അത്തരം സാഹചര്യങ്ങളിൽ ഭീകരതയെ തടയാൻ അമേരിക്കയിലെ മുസ്ലിം മോസ്ക്കുകൾ നിരീക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന ട്രംബിന്റെ അഭിപ്രായങ്ങൾ മുസ്ലിം ലോകത്തിൽ വിവാദങ്ങളായിട്ടുണ്ട്. ഒരു രാജ്യത്തിന്റെ സുരക്ഷതയ്ക്കായി അത്തരം വിഷയങ്ങൾ ഒരു പൌരനെന്ന നിലയിൽ ട്രംബിനു  പറയാനുള്ള അവകാശമുണ്ട്. അത് മുസ്ലിം വിരോധമായി കണക്കാക്കാനും സാധ്യമല്ല.


ഐ.എസ്‌.എസ് ഇസ്ലാമിക ഭീകരവാദികളോട് പൊരുതാൻ കരമാർഗം കൂടാതെ വെള്ളത്തിൽക്കൂടിയുള്ള മാർഗേണയും അവരുടെ ശക്തികേന്ദ്രങ്ങളിൽ നുഴഞ്ഞു കയറി യുദ്ധം ചെയ്യണമെന്നുള്ള അഭിപ്രായക്കാരനാണ് ട്രംബ്. ആയിരക്കണക്കിന് മനുഷ്യരുടെ തല മുറിക്കുന്ന ഈ ഭീകര സംഘടനെയെ എന്തു വിലകൊടുത്തും ഇല്ലാതാക്കണമെന്ന ചിന്തയാണ് ട്രംബിനുള്ളത്. ആ നരകത്തിൽ ബോംബിട്ടു നശിപ്പിക്കുമെന്നു പറയുന്ന മറ്റൊരു പ്രസിഡന്റ് സ്ഥാനാർത്ഥിയില്ലെന്നും ട്രംബ് അവകാശപ്പെടുന്നു. അവർക്കു കിട്ടുന്ന ഓയിൽ ഇല്ലാതാക്കി ആ പ്രസ്ഥാനത്തെ ശൂന്യമാക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നുണ്ട്


യുണൈറ്റഡ് സ്റ്റേറ്റും മെക്സിക്കോയും തമ്മിൽ വേർതിരിച്ച് മതിലു പണിയാൻ ആദ്ദേഹം ആഗ്രഹിക്കുന്നു. മെക്സിക്കോയിൽ നിന്ന് അനേക കുറ്റവാളികൾ രാജ്യത്ത് പ്രവേശിക്കുന്നതാണ് കാരണം. അവരിൽ അനേകർ മയക്കുമരുന്നു കച്ചവടക്കാരും കൊലയാളികളും സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നവരുമാണ്. മതിലുകൾ പണിയുന്നെങ്കിൽ മെക്സിക്കോയും അതിന്റെ വീതം തരണമെന്നുള്ള നിബന്ധനയും വെക്കും. അത്തരം ഒരു സാഹസത്തിന് ട്രംബ്  മുതിർന്നാൽ രണ്ടേകാൽ ബില്ലിയൻ മുതൽ പത്തു ബില്ല്യൻ ഡോളർ വരെ ചെലവ് വരുമെന്നു നിരീക്ഷകർ കണക്കു കൂട്ടുന്നു. നിയമാനുശ്രതമല്ലാതെ അമേരിക്കയിൽ കുടിയേറിയവരെ നാട് കടത്തണമെന്ന നയമാണ് അദ്ദേഹത്തിനുള്ളത്. അങ്ങനെയുള്ള പതിനൊന്നു മില്ലിയൻ കുടിയേറ്റക്കാർ അമേരിക്കയിലുണ്ട്. അവരുടെ മേൽ നിയമ നടപടികളുമായി പോവണമെങ്കിൽ ബില്ലിയൻ കണക്കിനു ഡോളർ വരുമെന്നും അനുമാനിക്കുന്നു. രേഖകളില്ലാതെ വന്നവരുടെ മക്കൾക്കും അമേരിക്കൻ പൌരത്വം എന്ന ജന്മാവകാശം ഇല്ലാതാക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.


റഷ്യയിലെ വ്ലാഡിമിർ പുടിനുമായി നല്ലയൊരു ബന്ധം സ്ഥാപിക്കാനും ട്രംബിനു പദ്ധതിയുണ്ട്.  പുരോഗമനപരമായ ഉടമ്പടികളിൽ റഷ്യയുമായി ഒബാമ ഒപ്പു വെക്കാൻ തയ്യാറാകാത്തതിലും ട്രംബ്  ഒബാമയെ വിമർശിക്കുന്നു. ഇന്നുള്ള റഷ്യയുമായ പ്രശ്നങ്ങൾ പരിഹരിച്ച് ലോകസമാധാനത്തിനായി ഒത്തൊരുമിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയുമായി നീതി പൂർവമായ ഒരു സാമ്പത്തികയിടപാട് ആഗ്രഹിക്കുന്നു. ചൈനയുടെ കറൻസി വിലയിടിക്കുന്ന നയത്തിൽ ട്രംബ് വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. തൊഴിൽ മേഖലകളിൽ അമേരിക്കകാരുടെ തൊഴിലവസരങ്ങൾ പുറം രാജ്യങ്ങൾ കൊണ്ടുപോവുന്നതും നിർത്തൽ ചെയ്യും.


തോക്കുകൾക്ക് നിയന്ത്രണം വരുത്തുന്നതിലും അദ്ദേഹം എതിരാണ്. സത്യസന്ധരായവർക്ക് തോക്കുകൾക്കുള്ള  ലൈസൻസ് കൊടുക്കുന്നതിൽ തെറ്റില്ലെന്ന് ട്രംബ് വിശ്വസിക്കുന്നു. പരീസ്ഥിതിയ്ക്ക് അദ്ദേഹം പ്രാധാന്യം നല്കുന്നു. ശുദ്ധമായ വായുവും ശുദ്ധമായ വെള്ളവും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് അജണ്ടയിലുണ്ട്. ഇന്നത്തെ തൊഴിലില്ലായ്മ കണക്കുകൾ തെറ്റെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഇരുപതു ശതമാനം മുതൽ നാൽപ്പതു ശതമാനം വരെ അമേരിക്കയിൽ തൊഴിൽ രഹിതരുണ്ടെന്നു കണക്കാക്കുന്നു. തൊഴിൽ സ്ഥിതി വിവര കണക്കുകളനുസരിച്ച് അമേരിക്കയിൽ തൊഴിൽരഹിതരായവർ അഞ്ചു ശതമാനം മാത്രമെന്നുള്ള കണക്ക് ട്രംബ് വിശ്വസിക്കുന്നില്ല.


രാജ്യസേവനത്തിനായി പുറംനാടുകളിൽ അലഞ്ഞു നടന്ന പട്ടാളക്കാരടക്കം അമേരിക്കയിലെ വിമുക്ത ഭടരുടെ ക്ഷേമത്തിനായുള്ള പദ്ധതികളും അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളിലുണ്ട്. അവർക്ക് നിലവിലുള്ള ആരോഗ്യാ സുരക്ഷാ ഇൻഷുറൻസ് അപര്യാപ്തമെന്നും മെച്ചമേറിയ ആരോഗ്യ സുരക്ഷതകൾ  ആസൂത്രണം ചെയ്യുമെന്നും  വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു ഡോക്ടറെ കാണാൻ അനേക ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുന്നു. ശരിയായ പരിപാലനം ലഭിക്കാത്തതിനാൽ അനേകർ മരിച്ചും പോയിട്ടുണ്ട്. ആ പ്രശ്നം പരിഹരിക്കാൻ വിമുക്ത ഭടന്മാരുടെ മേഖലയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കാനാണ് അദ്ദേഹം പദ്ധതിയിട്ടിരിക്കുന്നത്. അവരുടെ ക്ഷേമത്തിനായി  ബഡ്ജറ്റിൽ പണം നീക്കിവെയ്ക്കും. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി കൂടുതൽ സ്ത്രീ ഡോക്ടർമാരെ നിയമിക്കും.


സ്ത്രീകളുടെ ഗര്‍ഭച്ഛിദ്രം ട്രംബ് എതിർക്കുന്നു. കൃസ്ത്യൻ സഭകളുടെ യാഥാസ്ഥിതിക ചിന്തകൾപോലെ ഭ്രൂണഹത്യ പാപമെന്ന് ട്രംബ് കരുതുന്നു. ഗർഭം അലസിപ്പിക്കൽ പല സംസ്ഥാനങ്ങളിലും നിയമ വിരുദ്ധമാണ്. നിയമത്തെ ലംഘിക്കുന്ന സ്ത്രീകളുടെ പേരിലാണ് സാധാരണ കുറ്റാരോപണങ്ങൾ ചുമത്താറുള്ളത്, ഗർഭം അലസിപ്പിക്കുന്ന ഡോക്ടരുടെ പേരിലും കേസ് ചാർജ് ചെയ്യണമെന്നാണ് ട്രംബ് ആവശ്യപ്പെടുന്നത്.ട്രംബ് പറയുന്നു, കിം ഡേവീസിനെപ്പോലുള്ളവർക്ക് മറ്റു ജോലികൾ കൊടുക്കും. കെൻടക്കിയിലെ ഒരു കോർട്ട് ക്ലർക്കായിരുന്ന അവർക്ക് യാഥാസ്തിക ചിന്താഗതി മൂലം ജോലി നഷ്ടപ്പെട്ടു. സ്വവർഗ രതികളായ രണ്ടു പേർക്ക് വിവാഹത്തിനുള്ള ലൈസൻസ് അവർ നിരസിച്ചതായിരുന്നു കുറ്റം. അവരുടെ ക്രിസ്ത്യൻ വിശ്വാസം അതിനനുവദിക്കുന്നില്ലായിരുന്നു. ട്രംബ്  പറഞ്ഞു, "ഞാൻ ഒരു ക്രിസ്ത്യൻ വിശ്വാസിയാണ്. അത്തരം ജോലികൾ അവർക്ക് പറ്റിയതല്ല. അത്തരക്കാരുടെ വിശ്വാസത്തിനനുയോജ്യമായ തൊഴിൽ നല്കും."


സദാം ഹുസൈനും കദാഫിയും ജീവിച്ചിരുന്ന കാലങ്ങളെക്കാളും അമേരിക്കയിലും ലോകത്തും ഭീകരത പതിന്മടങ്ങു വർദ്ധിച്ച കാര്യവും അദ്ദേഹം ഓർമ്മിപ്പിക്കാറുണ്ട്. അമേരിക്കയിലുള്ള സിറിയൻ അഭയാർത്ഥികളെ മടക്കി അയക്കണമെന്ന നയമാണ് അദ്ദേഹത്തിനുള്ളത്. പാരീസ് ആക്രമണം ഒരു പാഠമായും  ചൂണ്ടികാണിക്കുന്നു. ഏതാനും ഭീകരർ തീരുമാനിച്ചാൽ ഈ രാജ്യത്ത് ഭീകരാക്രമണം അഴിച്ചുവിടാൻ സാധിക്കുമെന്നാണ്  നിഗമനം. അതുകൊണ്ട് സിറിയാക്കാരെ ഈ രാജ്യത്ത് കുടിയിരുത്തിയാൽ അതിനെ എതിർക്കുമെന്നും അവരെ രാജ്യം കടത്തുമെന്നും അദ്ദേഹം പറയുന്നു.


ജപ്പാനും സൌത്ത് കൊറിയായും ന്യൂക്ലീയർ ബോംബുകൾ വിപുലീകരിക്കണമെന്നും ട്രംബ് ആഗ്രഹിക്കുന്നു. അമേരിക്കയ്ക്ക് എല്ലാ കാലങ്ങളിലും ഉത്തരവാദിത്വങ്ങൾ വഹിക്കാൻ സാധിച്ചെന്നിരിക്കില്ല. ന്യൂക്ലീയർ യുദ്ധം ജപ്പാനും നോർത്ത് കൊറിയയും തമ്മിലുണ്ടായാൽ അതിന്റെ ദുരന്തഫലങ്ങൾ ഭയാനകവും ഭീകരവുമായിരിക്കും. അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. നാറ്റോ സഖ്യത്തിൽ നിന്നും അമേരിക്കാ പിന്മാറണമെന്നും അദ്ദേഹം പറയുന്നു. കാരണം സഖ്യയുടമ്പടിയനുസരിച്ച് നാറ്റോയുടെ നിലനിൽപ്പിനായി  അമേരിക്കാ മറ്റേതു രാജ്യങ്ങളെക്കാൾ സാമ്പത്തിക ബാധ്യത ഏറ്റെടുത്തിട്ടുണ്ട്.


അമേരിക്കയുടെ വിദേശ നയങ്ങളിൽ സമൂലമായ മാറ്റങ്ങൾക്കായും ട്രംബ് ആഗ്രഹിക്കുന്നു. വിദേശനയ രൂപീകരണങ്ങളിൽ രാജ്യത്തിന്റെ സുരക്ഷിതത്വവും താല്പര്യവുമായിരിക്കണം മുഖ്യമെന്നും അദ്ദേഹം പറയുന്നു. 1940-കളിൽ  നാസികളെയും ജപ്പാൻ സാമ്രാജ്യവാദികളെയും അമർച്ച ചെയ്ത് ലോകത്തെ രക്ഷിച്ചതിൽ അമേരിക്കയ്ക്കഭിമാനിക്കാം. കമ്യൂണിസത്തിന്റെ സര്‍വ്വാധിപത്യം തകർത്ത് വീണ്ടും ലോകത്തെ രക്ഷിച്ചു. പതിറ്റാണ്ടുകൾ നീണ്ടുനിന്ന ശീതസമരത്തിൽ അമേരിക്കാ വിജയിച്ചു. ജർമ്മനിയിലെ മതിൽക്കെട്ടുകൾ ഇടിച്ചുതകർത്തത്‌ മറ്റൊരു വിജയമായിരുന്നു. ഈ രാജ്യത്തിന്റെ യശസുയർത്തിയ നേട്ടങ്ങളെ ചരിത്രമൊരിക്കലും മറക്കില്ല. വിജയങ്ങൾ ഒരു പ്രകാശ വലയംപോലെ അമേരിക്കൻ മനസുകളെ അഭിമാനപുളകിതരാക്കുന്നു. ദൗർഭാഗ്യവശാൽ ശീതസമരത്തിനു ശേഷം അമേരിക്കയുടെ വിദേശനയം തെറ്റായ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. യുക്തിരഹിതങ്ങളായ വിദേശ നയങ്ങളാണ് പിന്നീടുള്ള ഭരണാധികാരികൾ സ്വീകരിച്ചത്. ഒന്നിനു പുറകെ ഒന്നായി ദുരന്തങ്ങൾ ഈ മണ്ണിൽ വേരുറച്ചു. ഇറാക്കിലും ലിബിയായിലും തെറ്റുകളുടെ കൂമ്പാരങ്ങൾ അമേരിക്കാ കുന്നുകൂട്ടി. സിറിയായുടെ മണ്ണിലും പരാജയങ്ങൾ ഏറ്റുവാങ്ങി. അവിടെ ഐ.എസ്.ഐ.എസ് എന്ന ഭീകര സംഘടന രൂപം കൊണ്ടു. അവർക്കു വളരാനുള്ള സാഹചര്യങ്ങളും ഭീകരാന്തരീക്ഷവും അമേരിക്കാ തുറന്നു കൊടുത്തു. അമേരിക്കൻ സാമ്പത്തികം തകർന്നു. സൈനികരുടെ മനോവീര്യം ഇല്ലാതായി. സാമ്പത്തിക അപര്യാപ്തത ഒരോ വർഷവും ഒരു ട്രില്ലിയൻ ഡോളറിനു മേലെ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ രാജ്യത്ത് സാമ്പത്തികമാന്ദ്യം  വരുത്തിക്കൊണ്ട് അമേരിക്കാ മറ്റുള്ള രാജ്യങ്ങളെ പുതുക്കി പണിയാനുള്ള ശ്രമത്തിലാണ്. രാജ്യത്തിലെ തൊഴിലവസരങ്ങൾ മറ്റു രാജ്യക്കാർ കവർന്നെടുക്കുന്നതിൽ,  ഇന്നുള്ള ഭരണകൂടങ്ങൾ കണ്ണടക്കുന്ന സ്തിതിവിശേഷമാണുള്ളത്. അമേരിക്കയുടെ സങ്കീർണ്ണമായ ഇത്തരം പ്രശ്നങ്ങൾ മനസിലാക്കുന്ന ഏക പ്രസിഡണ്ട് സ്ഥാനാർത്ഥി ഡോണാൾഡ് ട്രംബ് മാത്രമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. മറ്റു സ്ഥാനാർത്ഥികൾ ശ്രദ്ധിക്കപ്പെടാഞ്ഞ ഇത്തരം പ്രതിസന്ധിഘട്ടങ്ങൾ പരിഹരിക്കുമെന്നും ട്രംബ് അമേരിക്കൻ ജനതയ്ക്ക് വാഗ്ദാനങ്ങളും നല്കുന്നുണ്ട്. പുതിയ ലോകം, പുതിയ അമേരിക്കാ അതാണ്‌ രാഷ്ട്ര  പുനരുദ്ധാരണത്തിൽ ഡോണാൾഡ് ട്രംബ് കാണുന്ന ഭാവനകളും സ്വപ്നങ്ങളും.








Monday, May 23, 2016

ആക്രമികൾ തട്ടിക്കൊണ്ടു പോയ ബിഷപ്പ് ഗല്ലേലായും സഭയുടെ നിശബ്ദതയും


By ജോസഫ് പടന്നമാക്കൽ 

ഉത്തരേന്ത്യയിലെ  മത മൗലിക വാദികൾ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നുവെന്ന വാർത്തകൾ മുഖ്യ  പ്രാധാന്യത്തോടെ ഇന്ത്യയിലും ലോക മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിക്കാറുണ്ട്. ചെറിയ സംഭവങ്ങളാണെങ്കിലും പൊലിപ്പിച്ചു കാണിക്കാനും മാദ്ധ്യമങ്ങൾ മത്സരത്തിലായിരിക്കും. വാർത്തകളുടെ വെളിച്ചത്തിന്മേൽ നാടു മുഴുവൻ കോളിളക്കം സൃഷ്ടിക്കുകയും അരമനകളിലേയ്ക്കും പള്ളിമേടകളിലേയ്ക്കും വിദേശപ്പണം ഒഴുകുകയും ചെയ്യും. ഇന്ത്യാ മുഴുവൻ   മത പീഡനമെന്നു പറഞ്ഞ് ഡസൻ കണക്കിന് മെത്രാന്മാരും നൂറു കണക്കിന് പുരോഹിതരും കന്യാസ്ത്രികളും മുൻനിരയിലായി മെഴുകുതിരി കത്തിച്ചുകൊണ്ടുള്ള പ്രകടനങ്ങളും മുദ്രാവാക്യങ്ങളുമായി തെരുവുകളിലുമുണ്ടാവും. 2013 മാർച്ച് മുപ്പത്തിയൊന്നാം തിയതി കൊച്ചുപുരയ്ക്കൽ ഫാദർ കെ.ജെ. തോമസെന്ന മലയാളി വൈദികൻ, ബാംഗളൂർ നഗരത്തിൽ കൊല ചെയ്യപ്പെട്ടു. കുറ്റാരോപിതരായ ഗുൽബെർഗിലെ കെങ്കേരി ഇടവക ഫാദർ  ഏലിയാസ്, അദ്ദേഹത്തിൻറെ അൾത്താര സഹായി പീറ്റർ, മറ്റൊരു പുരോഹിതൻ ഫാദർ വില്ല്യം പാട്രിക്ക് എന്നിവരെ ബാംഗ്ലൂർ പോലീസ് അറസ്റ്റു  ചെയ്യുകയും ചെയ്തു.  ഈ വാർത്തകളൊന്നും മാദ്ധ്യമങ്ങൾ അമിതപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചുമില്ല.   കൊലയ്ക്കു കാരണം ധനപരമായ കാരണങ്ങളായിരുന്നു. ഏതാണ്ട് അതേ കാരണങ്ങൾ കൊണ്ട് ആന്ധ്രായിൽ ബിഷപ്പ്  പ്രസാദ്  ഗല്ലേലയെ  മൃഗീയമായി രണ്ടു പുരോഹിതരും അവരുടെ സഹായികളും കൂടി തട്ടിക്കൊണ്ടു പോയി ഒരു രാത്രി മുഴുവൻ മർദ്ദിക്കുകയുണ്ടായി. രണ്ടു കേസിലും കുറ്റവാളികൾ പുരോഹിതരായതുകൊണ്ടാണ് സഭ മൌനം പാലിക്കുന്നത്. ബിഷപ്പ് പ്രസാദ് ദളിതനും കൂടിയായിരുന്നു. കുറ്റവാളികൾ  റെഢി  സമുദായത്തിൽപ്പെട്ട പുരോഹിതരായതുകൊണ്ട് സഭ വർണ്ണ വ്യവസ്ഥയെ മുറുകെപ്പിടിക്കുന്നു. കുറ്റം ചുമത്തപ്പെട്ട പുരോഹിതരെയും കൂട്ടാളികളെയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്നിട്ടും സഭ നിശബ്ദത പാലിക്കുന്നതിൽ ദളിത ലോകം മുഴുവനും അസ്വസ്ഥരാണ്.


യമനിൽ ഇസ്ലാമിക ഭീകരർ  ചതിവിൽക്കൂടി 'ടോം ഉഴുന്നാലി'ലെന്ന മലയാളീ പുരോഹിതനെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയിരുന്നു. അദ്ദേഹത്തെ മോചിപ്പിക്കാൻ ഇന്ത്യയിലെ എല്ലാ കൃസ്ത്യൻ സംഘടനകളും ശ്രമിക്കുന്നുണ്ട്. 'കത്തോലിക്ക ബിഷപ്പ് കോൺഫ്രെൻസ്'  ഇന്ത്യാ സർക്കാരിന്റെ സഹായത്തോടെ ഫാദർ ടോമിനെ വിമോചിതനാക്കാൻ ഭീകരരുടെ പ്രഭാവമുള്ള രാജ്യങ്ങളെ  സ്വാധീനിക്കുന്നുമുണ്ട്. ഫാദർ ടോമിനുവേണ്ടി നാടാകെ പ്രാർത്ഥനകളും  പ്രതിക്ഷേധ റാലികളും ഇന്നും തുടരുന്നു. ആഗോള ഭീകരതയിൽ പുരോഹിതനെ തട്ടിക്കൊണ്ടു പോയതു കാരണം ഇന്ത്യൻ ബിഷപ്പുമാർ  ഒന്നടങ്കം സഹാനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ആ ഏകമതീഭാവം ദളിതനായ ബിഷപ്പ് പ്രസാദിന്റെ കാര്യത്തിൽ കാണിക്കുന്നുമില്ല. ധനവും രാഷ്ട്രീയ സ്വാധീനവും വർഷിക്കുന്ന മേച്ചിൽ സ്ഥലങ്ങൾ തേടി അഭിഷിക്തർ എവിടെയും പാഞ്ഞു നടക്കും. ദുഃഖിതരുടെയും പീഡിതരുടേയും സമരിയാക്കാരത്തിയുടെയും വേദനകൾ അവരുടെ സവർണ്ണ ഹൃദയങ്ങളിൽ സ്പന്ദിക്കുകയുമില്ല.


ബിഷപ്പ് പ്രസാദ്  ഗല്ലേലയെ  തട്ടിക്കൊണ്ടുപോയി മാരകമായി ഉപദ്രവിച്ച വാർത്ത ക്രിസ്ത്യൻ ജനതയെ  ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. മണിക്കൂറുകളോളം കാറിനുള്ളിൽ വെച്ചും ഏകാന്തമായി മുറിയിലടച്ചിട്ടും തല്ലുകയും ഇടിക്കുകയും ദേഹമാസകലം മുറിവുകളും പാടുകളും നല്കിക്കൊണ്ടുമായിരുന്നു അക്രമികൾ അദ്ദേഹത്തെ ഉപദ്രവിച്ചത്. ബിഷപ്പിന്റെയും ഡ്രൈവറിന്റെയും കണ്ണുകളും മൂടപ്പെട്ടിരുന്നു. അദ്ദേഹത്തെ ബന്ധിയിലാക്കിയ സൂത്രധാരകർ ഏതാനും കത്തോലിക്കരായ പുരോഹിതരാണെന്നറിയുമ്പോൾ ആത്മാഭിമാനമുള്ള ഏതൊരു കത്തോലിക്കനും ലജ്ജയോടെ തലകുനിക്കും.  തെക്കേ ഇന്ത്യയിൽ സംഭവിച്ച വേദനാജനകമായ ഈ സംഭവത്തിൽ സഭ നിശബ്ദത പാലിക്കുന്നത് ഇതിലെ കുറ്റവാളികൾ പുരോഹിതരായതുകൊണ്ടും ബിഷപ്പ് ദളിത സമൂഹത്തിൽപ്പെട്ട ഒരു ആത്മീയ ഗുരുവായതുകൊണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നു.


കുറ്റവാളികളായ രണ്ടു പുരോഹിതരും ഉയർന്ന ജാതിയിലുള്ള റെഢി സമുദായത്തിൽപ്പെട്ടവരാണ്. ഈ പുരോഹിതരുടെ മേൽ കർശനമായ നടപടികളെടുക്കുന്നതിനു പകരം ചില പൊള്ളയായ വാഗ്ദാനങ്ങളും പ്രാർഥിക്കാനും പറഞ്ഞ് കേസിനെ മൂടി വെയ്ക്കാനാണ് സഭ ശ്രമിക്കുന്നത്. കത്തോലിക്കാ കോൺഫറൻസിന്റെ പ്രസിഡണ്ടായ കർദ്ദിനാൾ ബസലീയോസ് ക്ലീമീസ്  അതി കഠോരമായ ഈ സംഭവത്തെപ്പറ്റി ഒന്നും സംസാരിക്കാതെ യാതൊന്നും പ്രതികരിക്കാത്തതും വിസ്മയമുളവാക്കുന്നു.  സഭ ആരെയോ ഭയപ്പെടുകയോ അല്ലെങ്കിൽ ഇക്കാര്യത്തിൽ ഇടപെടെണ്ടായെന്നു തീരുമാനിക്കുകയോ ചെയ്തിരിക്കാം. വർഗ വ്യത്യാസം പരിഗണിച്ച് റെഢി സമൂഹത്തെ ഭയപ്പെടുന്നുമുണ്ടാകാം. ബിഷപ്പ് ദളിതനായതു കൊണ്ട് സഭ ഇത്തരം നിർദയമായ ഒരു സംഭവത്തിൽ ഇടപെടാൻ കഴിയാത്തതുകൊണ്ട് ഒഴിഞ്ഞു നില്ക്കുന്നതുമാവാം.  


 കഴിഞ്ഞ മെയ് പതിനാറാം തിയതി ആന്ധ്രായിൽ ബിഷപ്പിന്റെ ആസ്ഥാനമായ കടപ്പായിൽ ബിഷപ്പിന് ആത്മീയബലം നല്കിക്കൊണ്ട് ഒരു ഐക്യദാര്‍ഢ്യറാലിയുണ്ടായിരുന്നു.   പത്തു പുരോഹിതരും എട്ടു കന്യാസ്ത്രികളും ആയിരത്തിയഞ്ഞൂറിൽപ്പരം ജനവും അതിൽ പങ്കെടുത്തിരുന്നു. ദളിത ക്രിസ്ത്യാനികളുടെ അനേക നേതാക്കന്മാരും രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും ഈ പ്രതിഷേധ റാലിയിലുണ്ടായിരുന്നു. കടപ്പായിൽ സംഘടിപ്പിച്ച റാലിയിൽ വിജയവാഡാ, കുർനൂൾ , നെല്ലൂർ, കമ്മം, ഗുണ്ടർ, എന്നീ വിവിധ സ്ഥലങ്ങളിൽ നിന്നും ബിഷപ്പിനെ പിന്തുണയ്ക്കാൻ പ്രമുഖരായ ദളിതരും എത്തിയിരുന്നു. ദളിതരായ ക്രിസ്ത്യാനികളുടെ പ്രതിഷേധ  സമാപന സമ്മേളനത്തിൽ സി.എസ് ഐ ബിഷപ്പ് വേദിയിൽ പ്രസംഗ പീഠത്തിലുണ്ടായിരുന്നു. തികച്ചും നികൃഷ്ടമായ ഈ ക്രൂര പ്രവർത്തികൾ ചെയ്തവർക്കെതിരെ അനുചിതമായ നടപടികളെടുക്കാൻ കത്തോലിക്കാ സഭയ്ക്ക്  പൂർണ്ണ പിന്തുണ നല്കുകയും കുറ്റവാളികളുടെ ഹീനമായ ഈ പ്രവർത്തികളിൽ അപലപിക്കുകയും ചെയ്തു. അവിടെ സമ്മേളിച്ച വിവിധ ജാതി മതസ്ഥരും സഭയോട് അന്ന് ഐക്യമത്യം പ്രഖ്യാപിക്കുകയും നീതിയും സത്യവും കണ്ടെത്തുവാനുള്ള എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയുമുണ്ടായി. യേശുവിന്റെ ഒറ്റുകാരനായ യൂദായെ അനുഗമിച്ച കുറ്റവാളികളായ പുരോഹിതരെ നിയമത്തിന്റെ പരമാവധി ശിക്ഷ മേടിച്ചു കൊടുക്കണമെന്നും ആവശ്യപ്പെട്ടു. അവർ സഭയേയും  സമൂഹങ്ങളെയും ചതിക്കുകയായിരുന്നുവെന്നും പ്രകടനത്തിൽ  പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.


ഏപ്രിൽ ഇരുപത്തിയഞ്ചാം തിയതി പകൽ പതിനൊന്നു മണിയ്ക്കാണ് ബിഷപ്പ് ഗല്ലേലയെ തട്ടിക്കൊണ്ടു പോയത്. മരിയാ കപ്പേളയിൽ അന്ന് കുർബാനയർപ്പിച്ച ശേഷം മടങ്ങി പോവുന്ന വഴിയായിരുന്നു ആക്രമണമുണ്ടായത്. അതേ രൂപതയിലുണ്ടായിരുന്ന  പുരോഹിതർ വാടക ഗുണ്ടാകളെ ഏർപ്പെടുത്തി ബിഷപ്പിനെ മൃഗീയമായി തട്ടിക്കൊണ്ടു പോയി മർദ്ദിക്കുകയായിരുന്നുണ്ടായത്. സംഭവത്തിനുശേഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞാണ്  വിവരങ്ങൾ പൊതു ജനത്തിനു  വെളിപ്പെട്ടത്. ഈ ഭീകര ഗുണ്ടകൾ ബിഷപ്പിന്റെയും വണ്ടി ഓടിച്ച ഡ്രൈവറിന്റെയും കണ്ണുകൾ കെട്ടിയതിനു ശേഷമായിരുന്നു ബന്ധിച്ചത്. അതിനു ശേഷം അജ്ഞാത സ്ഥലത്തു കൊണ്ടുപോവുകയും അതി ഭീകരമായി മർദ്ദിക്കുകയുമായിരുന്നു.  ഏകദേശം രാവിലെ രണ്ടു മണിയായപ്പോൾ ബിഷപ്പിനെയും ഡ്രൈവറെയും തിരികെ അരമനയിൽ നിന്നും അമ്പത് മൈലുകൾക്കകലെ   വിജനമായ പൊതു വഴിയിൽ ഉപേക്ഷിക്കുകയാണുണ്ടായത്.


2015 മാർച്ചിൽ ഒരു കന്യാസ്ത്രി കല്ക്കട്ടായിൽ പീഡിതയായപ്പോൾ സഭയൊന്നാകെ വികാരഭരിതമായി പ്രതിഷേധിച്ചിരുന്നു. മെഴുകുതിരി കത്തിച്ചുള്ള പ്രകടനവും, ആഗോള വാർത്താ മീഡിയാകളുടെ  തിക്കും തിരക്കും ജാഥാകളും പ്രതിഷേധങ്ങളും സഭയുടെ നേതൃത്വത്തിലുണ്ടായിരുന്നു. അതിന്റെ ഉച്ചത്തിലുള്ള അലയൊഴുക്കുകൾ കേരളത്തിലെ ക്രിസ്ത്യൻ ദിനപത്രങ്ങളിലും പ്രവഹിച്ചിരുന്നു. ഒരു കന്യാസ്ത്രിയ്ക്ക് അപകടം വന്നപ്പോൾ കാത്തലിക്ക് ബിഷപ്പ് കോൺഫ്രെൻസ് ഓഫ് ഇന്ത്യ, നാഷണൽ അസോസിയേഷൻ ഓഫ് കാത്തലിക്ക് മുതലായ സംഘടനകൾ രംഗത്ത് വന്ന് ശക്തിയായി പ്രതിഷേധിച്ചിരുന്നു.  എന്നാൽ ആ നീതി ദളിതനായ ബിഷപ്പിന് കൊടുത്തില്ല. തെലുങ്കു കാത്തലിക്ക് ബിഷപ്പ് കൌൺസിൽ പോലും പ്രതിഷേധ ശബ്ദം പുറപ്പെടുവിച്ചില്ല. ഇത്തരം വിവേചനം തികച്ചും അനീതിയായി സഭയിലെ ദളിതർ കരുതുന്നു.  ദളിതരുടെ ചിന്താഗതി എന്താണെന്നറിയാനുള്ള മനസ്തിതിപോലും സഭയ്ക്കില്ലാതെ പോയി. ദളിതരുടെ  റാലിയിൽ പങ്കെടുത്തവർ  കുപിതരായി സഭയുടെ നിശബ്ദ നിലപാടിനെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. "സഭയ്ക്കുള്ളിൽ വർഗ വിവേചനം ഉണ്ടെന്നു നമുക്കറിയാം. അത് ഭാരതീയ ക്രിസ്ത്യൻ സമൂഹത്തെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. യേശു ഇന്ന് ഭൂമുഖത്ത് ഉണ്ടായിരുന്നെങ്കിൽ എന്തായിരിക്കും സംഭവിക്കുകയെന്നും" ദളിതരുടെ ചോദ്യങ്ങളിലുണ്ടായിരുന്നു.


ദളിതർക്കുവേണ്ടി സംസാരിക്കുന്ന ഒരു വക്താവും സാമൂഹിക പ്രവർത്തകനുമായ  ഫാദർ ബോസ്ക്കോ  പ്രകടനത്തിൽ പങ്കുചേർന്നിരുന്നു. ഇത്രമാത്രം ഗുരുതരമായ സംഭവമുണ്ടായിട്ടും ദളിതരുടെ പ്രശ്നത്തിൽ സഭയിടപെടാത്തതിൽ അദ്ദേഹം സഭാനേതൃത്വത്തിന്റെ നയങ്ങളെ അപലപിച്ചു. സഭയിലെ പുരോഹിതരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു,  'സഭയുടെ നേതാക്കൾ വർണ്ണ വിവേചനമെന്ന പൈശാചിക ശക്തിയെ ഭയപ്പെടുന്നു. അവരിലെ ഭയം ദൂരീകരിക്കുന്ന കാലവും ദളിതർ സ്വപ്നം കാണുന്നു. യേശുവിന്റെ  അടിസ്ഥാന തത്ത്വങ്ങളെ പാടെ തിരസ്ക്കരിച്ചുകൊണ്ട് സഭ അനീതിയുടെ വഴിയെ സഞ്ചരിക്കുന്നു. ദരിദ്രരോടും പീഡിതരോടുമൊത്തു സഞ്ചരിച്ചിരുന്ന യേശു മലമുകളിൽനിന്നും മുഴക്കിയിരുന്നതു  കാരുണ്യത്തിന്റെയും, സ്നേഹത്തിന്റെയും സമത്വത്തിന്റെയും നീതിയുടെയും കാഹള ധ്വനിയായിരുന്നു .'


ബിഷപ്പിന്റെ നേരെയുള്ള അതി ഗുരുതരമായ  ആക്രമ സംഭവ വികാസങ്ങൾ കണക്കാക്കിയെങ്കിലും സഭയും ഇന്നു  നിലവിലുള്ള ഇന്ത്യയിലെ രൂപതകളും പുരോഹിതരും അല്മേനികളും ഒത്തൊരുമിച്ച് സഭയിലെ വർണ്ണ വ്യവസ്ഥയെന്ന പ്രശ്നം പരിഹരിക്കേണ്ടതാണ്. പൊതുവായ ആത്മീയ വളർച്ചയ്ക്ക്  അത്തരം നീക്കം ഉത്തേജനമാകും.  'ഇന്ന്  സഭയിലെ നേതൃത്വം അത്തരം പുരോഗമനപരമായ ചിന്താഗതികൾക്ക് തയാറാകുന്നില്ലെങ്കിൽ സഭയുടെ ദൈവ വിളിയെന്ന അർത്ഥമെന്താണെന്നും' ഫാദർ ബോസ്ക്കോ ചോദിക്കുന്നു. 'ദളിത നേതാക്കന്മാർ ഈ പ്രശ്നം പരിഹരിക്കാനായി സഭയുമായി പങ്കാളികളായുള്ള സജീവപ്രവർത്തനങ്ങൾക്കു  തയാറാണെന്നും' അദ്ദേഹം അറിയിച്ചു. സഭയും അതിൽ പങ്കാളിയാകുന്നുവെങ്കിൽ സഭയെന്നുള്ളത് സ്നേഹത്തിന്റെയും നീതിയുടെയും പ്രതീകമാകുമെന്നതിൽ സംശയമില്ല. സഭയ്ക്കുള്ളിൽ വർണ്ണ വിവേചനമുണ്ടെന്നു നമുക്കെല്ലാം അറിയാവുന്ന ഒരു സത്യമാണ്. കൃസ്ത്യൻ സമൂഹത്തെ സംബന്ധിച്ചു അതൊരു വെല്ലുവിളിയുമാണ്. യേശു ജീവിച്ചിരുന്നെങ്കിൽ അവിടുന്നു  എന്തു ചെയ്യുമായിരുന്നുവെന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.'


ബിഷപ്പ് പ്രസാദ്  ഗലേലായെ  തട്ടിക്കൊണ്ടു പോയ കേസ്സിലെ പ്രതിയായ രാജാ റെഢിയെന്ന പുരോഹിതൻ  കോർക്കിലെ സ്കൂളിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ  സാധുക്കളെ സഹായിക്കാനായി ഒരു ധർമ്മ സ്ഥാപന ഷോപ്പ് നടത്തുന്നുണ്ടായിരുന്നു. ഉദാരമതികളായ നാട്ടുകാരിൽ നിന്നും പിരിവെടുത്താണ്  സാമൂഹിക ക്ഷേമത്തിനായുള്ള ധർമ്മ സ്ഥാപനം സ്ഥാപിച്ചത്. ഈ ഷോപ്പ് നടത്തുന്ന രാജയും പതിനാലു കൂട്ടാളികളും ഒത്തുകൂടി അസൂത്രണം ചെയ്താണ് ബിഷപ്പിനെ തട്ടിക്കൊണ്ടു പോയത്. കേസിനോടനുബന്ധിച്ചുള്ള അന്വേഷണം നടക്കുന്നതിനാൽ ഫാദർ രാജയുടെ മേല്നോട്ടത്തിൽ നടത്തിവന്നിരുന്ന ഷോപ്പ് കഴിഞ്ഞ ദിവസം നിർത്തൽ ചെയ്തു.


അമ്പത്തിനാലുകാരനായ ബിഷപ്പിനെ  അക്രമികൾ മർദ്ദിച്ചുകൊണ്ട് അമ്പതു  ലക്ഷം രൂപ ആവശ്യപ്പെട്ടു.  ഇരുപതു ലക്ഷം രൂപാ കൊടുത്തശേഷം മർദ്ദനം കൊണ്ടവശനായ ബിഷപ്പിനെ ക്രൂരരായ അവർ  മോചിപ്പിച്ചു. മോചനം ലഭിച്ച് മടങ്ങി വന്നയുടൻ ബിഷപ്പ് പോലീസ്സിൽ പരാതിപ്പെട്ടു. കുറ്റവാളികളെ പോലീസ് തിരിച്ചറിഞ്ഞതനുസരിച്ച് ഏപ്രിൽ 26-ന് അക്രമികൾക്ക് നിർദേശം കൊടുത്ത ഫാദർ രാജാ റെഢിയെ അറസ്റ്റ് ചെയ്തു. പുരോഹിതനായ ഇയാൾ 'മൈ ഡാഡി ഹോം' എന്ന പേരിൽ ഇന്ത്യയിൽ നിരവധി സ്ഥാപനങ്ങൾ നടത്തുന്നുമുണ്ട്. ബിഷപ്പിന്റെ സുഹൃത്തായിരുന്ന രാജാ റെഢിയ്ക്ക് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അതിരൂപതയുടെ പ്രധാന നേതൃത്വത്തിലെത്താനുള്ള മോഹവുമുണ്ടായിരുന്നു. രൂപതയുടെ  പ്രൊക്കുറേറ്റർ സ്ഥാനം ഇയാൾക്കു നൽകാത്തതിലും ബിഷപ്പിനോട് അമർഷമുണ്ടായിരുന്നു


ഫാദർ രാജാറെഡിയ്ക്ക് അധികാരവും പണവുമായിരുന്നു വേണ്ടിയിരുന്നത്. അത് ലഭിക്കാനും കൂടിയായിരുന്നു അയാളെ ബിഷപ്പിനെ തട്ടിക്കൊണ്ടു പോകുവാൻ പ്രേരിപ്പിച്ചത്. ഇതിനു മുമ്പ് നാലു പ്രാവശ്യം ബിഷപ്പ് പ്രസാദിനെ തട്ടിക്കൊണ്ടു പോകാൻ ഇവർ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. അറസ്റ്റിലായവർ വൈദികരായ രാജ റെഢി (48) മോഹൻ റെഢി (45) എന്നിവരാണ്. ഏപ്രിൽ ആറിനും പതിനഞ്ചിനുമിടയിലായിരുന്നു തട്ടികൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തിയത്. പണം കൊടുക്കാമെന്നു സമ്മതിച്ചതിനു ശേഷം മെത്രാനെയും ഡ്രൈവറെയും പെരുവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന എ ടി.എം കാർഡുകളും അക്രമികൾ തട്ടിയെടുത്തിരുന്നു.


ആന്ധ്രാ പ്രദേശിലുള്ള ഒരു അദ്ധ്യാപക കുടുംബത്തിൽ ഏറ്റവും ഇളയതും നാലാമത്തെ സന്താനവുമായി പ്രസാദ് ജനിച്ചു. ശ്രീമതി മറിയാമ്മയും ശ്രീ ജോജപ്പായുമായിരുന്നു  മാതാപിതാക്കൾ.  1962- ഏപ്രിൽ ഏഴാംതിയതി ജനിച്ച ബിഷപ്പ് ജി പ്രസാദ് ആന്ധ്രാ സംസ്ഥാനത്തുള്ള ചുടാഫാ രൂപതയുടെ നാലാമത്തെ ബിഷപ്പാണ്. ബിഷപ്പിന്റെ അരമന സ്ഥിതി ചെയ്യുന്നത് കടപ്പായിലുള്ള  ഗോതിക്ക് സ്റ്റൈലിൽ നിർമ്മിച്ച സെന്റ് മേരീസ് കത്തീദ്രലിനു സമീപമാണ്. ഈ അരമന 1934-ൽ നിർമ്മിച്ചു. ബിഷപ്പ് പ്രസാദ് തെലുങ്കിലും ഇംഗ്ലീഷിലും ലാറ്റിനിലും പണ്ഡിതനാണ്.ഭാഷകൾ കൈകാര്യം ചെയ്യാൻ  നല്ല പ്രാവിണ്യവുമുണ്ട്.


സ്വന്തം ഗ്രാമത്തിലുള്ള സ്കൂൾ പഠനത്തിനു ശേഷം  അദ്ദേഹം കുർണൂലിലുള്ള പയസ് സെമിനാരിയിൽ ഒരു വർഷം ദൈവ ശാസത്രം പഠിച്ചു.  തുടർന്നുള്ള പഠനത്തിനായി  സെന്റ്‌ ജോർജ് റീജിനൽ സെമിനാരിയിൽ  ചേർന്നു. അവിടുത്തെ  പഠനം പൂർത്തിയാക്കിയ ശേഷം  ഹൈദ്രബാദിലുള്ള സെൻറ് ജോൺ റീജിനൽ സെമിനാരിയിൽ വൈദിക പഠനത്തിനായി പഠിച്ചു. 1989 മാർച്ച്‌ ഒന്നാം തിയതി പുരോഹിതനായി പട്ടമേറ്റു.അദ്ദേഹം വൈദിക പട്ടം ലഭിച്ച ശേഷം  കുർണൂൾ രൂപതയിൽ വളരെക്കാലം വികാരിയായി സേവനം ചെയ്തു.


1989 മുതൽ 1991 വരെ യുവ ജന സഖ്യത്തിന്റെ ഡിറക്റ്ററായിരുന്നു.1995 മുതൽ 1999 വരെ റോമിൽ ഉന്നത പഠനത്തിനു പോയി. പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ്  ബിരുദം ലഭിച്ചു. മദർ തെരസായുടെ ധർമ്മ സ്ഥാപനങ്ങളെയും സേവനങ്ങളെപ്പറ്റിയുമായിരുന്നു തിസീസ് തയാറാക്കിയത്‌. 1999-ൽ പോസ്റ്റ്‌ ഡോക്ടറൽ ഡിഗ്രീയായ ഡി. റ്റിഎച്ച് കരസ്ഥമാക്കി.


1999-ൽ അദ്ദേഹം റോമിൽ നിന്ന് മടങ്ങി വന്നു കഴിഞ്ഞ് ഉപ്പലഡാദിയ എന്ന സ്ഥലത്തുള്ള സെന്റ്‌ ജോൺ പള്ളിയുടെ വികാരിയായിരുന്നു. അതിനുശേഷം ടെക്സാസിൽ സാൻ ആഞ്ചലോ രൂപതയിൽ പൌരാഹിത്യ ചുമതലകൾ വഹിച്ചിരുന്നു.  2004-ൽ ഇന്ത്യയിൽ വീണ്ടും മടങ്ങി വന്നു. വിശാഖ പട്ടണത്തിലുള്ള സെന്റ്‌ ജോൺ റീജിണൽ സെമിനാരിയുടെ പ്രൊഫസറായി ചുമതലയേറ്റെടുത്തു. അവിടുത്തെ ആത്മീയ ഡിറക്റ്ററുമായിരുന്നു.  2008- ജനുവരി മുതൽ ബനഡിക്റ്റ്  പതിനാറാമൻ  മാർപ്പാപ്പാ  അദ്ദേഹത്തെ കുടാഫയുടെ ബിഷപ്പായി നിയമിച്ചു. അദ്ദേഹത്തിന്റെ സ്ഥാനാരോഹണ വേളയിൽ ആന്ധ്രാ പ്രദേശിലെ മിക്ക ബിഷപ്പുമാരും സംബന്ധിച്ചിരുന്നു.      


തട്ടിക്കൊണ്ടു പോയ ബിഷപ്പ് പ്രസാദിന്റെ ഡ്രൈവർ വിജയ കുമാറിനെ മറ്റൊരു കാറിൽ കൊണ്ടുപോയി അടിക്കുകയും ഏ.റ്റി.എം കാർഡും അതിൽനിന്നു അമ്പതിനായിരം രൂപയും അപഹരിക്കുകയും ചെയ്തു.   പോലീസുകാർ അഞ്ചു കാറും നാലു ഏ.റ്റി.എം കാർഡുകളും  കാർഡിൽനിന്നു പിൻവലിച്ച അമ്പതിനായിരം രൂപയും പതിനാലു സെൽഫോണും പെൻ ഡ്രൈവും .വീഡിയോയും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിനു മുമ്പ് ചില മീഡിയാകളും നിരീക്ഷകരും മത മൗലിക വാദികളുടെ   ക്രിസ്ത്യൻ പീഡനമായി ഈ ആക്രമണത്തെ ചിത്രീകരിച്ചിരുന്നു.  അത്തരം ഒരു സാഹചര്യമായിരുന്നെങ്കിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുമുണ്ടായിരുന്നു. എങ്കിൽ ലോകവാർത്തകളിൽ ഈ സംഭവം നിറഞ്ഞു നിൽക്കുമായിരുന്നു. കൂടാതെ മോഡിയുടെ നേതൃത്വത്തിലുള്ള ദേശീയ സർക്കാരിനെതിരെ  എതിർ രാഷ്ട്രീയ കക്ഷികൾ രാഷ്ട്രീയ മുതലെടുപ്പുകളും നടത്തുമായിരുന്നു.


മൃഗീയമായ ബിഷപ്പിന്റെ നേരെയുള്ള ആക്രമണത്തെ അപലപിച്ചുകൊണ്ട് ഹൈദരാബാദ് ആർച്ച് ബിഷപ്പ്  'തുമ്മ ബാലാ'  പറഞ്ഞത് " ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു മത നേതാവിന്റെ നേരെയുള്ള ക്രൂരത വിശ്വസിക്കാൻ സാധിക്കുന്നില്ല. പാവങ്ങൾക്കു വേണ്ടി ജീവിക്കുന്ന പാവങ്ങളുടെ മെത്രാനാണദ്ദേഹം. നിയമത്തിന്റെ മുമ്പിൽ പ്രതികളെ കൊണ്ടുവരാൻ അധികാരികൾ അന്വേഷണം ത്വരിതപ്പെടുത്തണം. പ്രസാദ് ഗലേലാ എക്കാലവും ദൈവഭക്തിയിൽ ജീവിക്കുന്ന ഒരു  മാലാഖയെപ്പോലെയാണ്. പാവങ്ങളെ സഹായിച്ചും ആവശ്യക്കാർക്ക് വേണ്ട സഹായം എത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു കർമ്മ യോഗിയാണദ്ദേഹം."


പ്രസാദ് ഗലേലായുടെ രൂപതയിൽ ഏകദേശം 85000 കത്തോലിക്കരുണ്ട്. അവരിൽ തൊണ്ണൂറ്റിയഞ്ചു ശതമാനവും ഭൂമിയില്ലാത്ത കൃഷിക്കാരും തൊഴിലാളികളുമാണ്. എല്ലാവരും തൊട്ടുകൂടാ ജാതികളെന്നു  വിധി കല്പ്പിച്ചിരിക്കുന്ന ദളിതരാണ്. അവിടെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പ്രത്യേകിച്ചു കൃഷിത്തൊഴിലാളികളുടെ മക്കൾക്കും വിദ്യാഭ്യാസം നല്കുവാൻ രൂപത ശ്രമിക്കുന്നു.  തട്ടി കൊണ്ടു പോയവരോട് ബിഷപ്പ് 'നിങ്ങൾ ആരെന്നു' ചോദിച്ചപ്പോൾ പോലീസെന്നു മറുപടി പറഞ്ഞു. പോലീസുകാർ ഈ വിധം പെരുമാറില്ലെന്ന് അദ്ദേഹം അവരോടു പറയുകയുമുണ്ടായി. ബിഷപ്പ് പറഞ്ഞു, അവരെന്നെ അടിക്കുകയും ഇടിക്കുകയും ചെയ്തു. എന്റെ ദേഹം മുഴുവനും മുറിവുകളുണ്ടാക്കി. ഞാൻ തിരിഞ്ഞു പ്രതികരിച്ചില്ല." കടപ്പാ എസ്പി നവീൻ ഗുലാത്തി പതിനാലു കുറ്റവാളികളെയും വാർത്താ മീഡിയാകളുടെ മുമ്പിൽ പ്രദർശിപ്പിച്ചിരുന്നു.


ഭാരത മണ്ണിൽ ഇന്നും ദളിത പീഡനങ്ങളുടെ ചരിത്രം ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ബിഷപ്പ് പ്രസാദ് അതിലൊരു ബലിയാടുമാത്രം.  തമിഴ് നാട്ടിലെ ക്രിസ്ത്യൻ ശ്മശാന ഭൂമിയിൽ ദളിതരെയടക്കാൻ പതിറ്റാണ്ടുകളായി പ്രത്യേക ചുമരുകൾ തരം തിരിച്ചിട്ടുണ്ട്. ഇത് ഭരണഘടനാ ലംഘനമാണ്. മനുഷ്യത്വമില്ലായ്മയാണ്.  മാനുഷിക മൂല്യങ്ങളെ ലജ്ജിപ്പിക്കുന്നതുമാണ്. ബർലിൻ വാൾ തകർത്തതുപോലെ ആ ചുമരുകളെയും ഇടിച്ചു താഴെയിടണം. അത് ചെയ്യുന്നില്ലായെങ്കിൽ ഭാവി തലമുറകളും വർണ്ണ വ്യവസ്ഥ വിവേചന ഭാവം പുലർത്തിക്കൊണ്ടിരിക്കും. തൊട്ടുകൂടായ്മ നിരോധിച്ചെന്ന് ഇന്ത്യൻ ഭരണഘടന പറയുന്നു. എന്നാൽ ആ ദുർഭൂതം ഇന്ത്യയിലെവിടെയുമുണ്ട്. അതുപോലെ കത്തോലിക്കാ സഭയിൽ വർണ്ണ വിവേചനമില്ലെന്നു പറയുന്നു.  ഇന്ത്യയിൽ വർണ്ണ വിവേചനത്തെ ഇല്ലാതാക്കാൻ ക്രിസ്തുവിന്റെ  സഭയ്ക്ക് സാധിക്കുന്നില്ല. പൂർവിക തലമുറകൾ മുതൽ സവർണ്ണരായവർ കൃസ്തുമതം സ്വീകരിച്ചതും സങ്കുചിത മനസുകളുമായിട്ടായിരുന്നു. കാല ഭേദങ്ങളെ ഭേദിച്ച് മനുഷ്യമനസുകൾ തമ്മിലുള്ള വിടവുകൾ നികത്തി അതിനിടയിലെ ചുമരുകൾ പൊളിച്ചു കളഞ്ഞാലെ മനുഷ്യത്വ പരമായ ഒരു സമീപനം സഭയ്ക്കു  നേടാൻ സാധിക്കൂ. ബിഷപ്പ് പ്രസാദെന്ന സാത്വികൻ  ദളിതരുടെയും വർണ്ണരായവരുടെയും മദ്ധ്യേയുള്ള പ്രതീകമായി കണ്ട്  അതിനായി ശ്രമിച്ചാൽ ക്രിസ്തുവിന്റെ സഭയിൽ സാഹോദര്യത്തെ വീണ്ടെടുക്കാമെന്നും പ്രതീക്ഷിക്കാം.

Kadappaa SP Navin Gulati presenting the arrested persons before the media. 

സെമിത്തേരിയിൽ ദളിതർക്ക്  പ്രത്യേകമിടം   

Monday, May 16, 2016

ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം-13)

ഉദാരവല്ക്കരണ  സാമ്പത്തിക ശാസ്ത്രത്തിൽ ദളിതരുടെ ആത്മപ്രരിതമായ ആശയങ്ങളും പ്രത്യാഘാതങ്ങളും  
By ജോസഫ് പടന്നമാക്കൽ 

ഉദാരവൽക്കരണമെന്നാൽ പ്രൈവറ്റ് മേഖലകളിലുള്ള വ്യവസായങ്ങൾക്ക് സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങളിൽ അയവു കൊടുക്കുകയെന്നതാണ്. അതുമൂലം സ്വകാര്യവ്യക്തികൾക്കും കമ്പനികൾക്കും ലാഭകരമായ വ്യവസായങ്ങൾ തുടങ്ങാനുള്ള അന്തരീക്ഷം ലഭിക്കുന്നു. വ്യവസായങ്ങൾക്കും കയറ്റുമതി ഇറക്കുമതിയ്ക്കും  നിശ്ചയിച്ചിരുന്ന നിയന്ത്രണവും മറ്റു അമിത നികുതികളും  ഇല്ലാതാകും. ആഗോള വ്യവസായങ്ങൾക്കും സാഹചര്യങ്ങൾ ഉണ്ടാക്കുന്നു. കമ്പനികൾക്ക് ലോകത്തുള്ള മറ്റു കമ്പനികളുമായി ഉത്ഭാദന രംഗത്ത് മത്സരിക്കാനുള്ള സാഹചര്യവും സൃഷ്ടിക്കുന്നു. ഉത്ഭാദന ചെലവുകൾ കുറയ്ക്കാനും ലാഭമുണ്ടാക്കാനും സർക്കാർ പ്രോത്സാഹനവും നല്കിവരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഉദാരവല്ക്കരണം കൊണ്ട് ദളിതരുടെ ജീവിത നിലവാരങ്ങളെ സംബന്ധിച്ച മാറ്റങ്ങളെയും അവലോകനം ചെയ്യേണ്ടതായുണ്ട്. ഉദാരവല്ക്കരണം കൊണ്ട് ഇന്ത്യയെ ബഹുരാഷ്ട്രങ്ങൾക്ക് വിറ്റുവെന്നും അന്തർ ദേശീയ മോണിറ്ററി ഫണ്ടിന് ഇന്ത്യാ അടിമയായെന്നും വിമർശകർ ആരോപിക്കുന്നു. കുത്തക മുതലാളിമാരുടെ കൂത്തരങ്ങിൽ ദളിതരുടെയും ദരിദ്രരുടെയും അവസ്ഥകൾ ശോചനീയമായിരിക്കുമെന്നു സർക്കാരിന്റെ   പദ്ധതികളെ എതിർക്കുന്നവർ പ്രചരിപ്പിക്കുന്നുമുണ്ട്.  പതിറ്റാണ്ടുകൾ നാം വിദേശ മേൽക്കോയ്മയിൽ നിന്നും മോചനം നേടാൻ നടത്തിയ സമരകഥകൾ വാചാലമായി പ്ലാറ്റ്ഫോറങ്ങളിൽനിന്ന് രാഷ്ട്രീയ പാർട്ടികൾ കൊട്ടിഘോഷിക്കുകയും ചെയ്യുന്നു.


സ്വാതന്ത്ര്യത്തിനു മുമ്പ് ഭരണം ബ്രിട്ടീഷുകാരുടെ അധീനതയിലായതിൽ വേദനിച്ചത്‌ ജാതിയിൽ ഉയർന്നവർ മാത്രമായിരുന്നു.  ബ്രിട്ടീഷ്കാർക്കു മുമ്പ് ഭരണം സവർണ്ണ ജാതികളുടെ നിയന്ത്രണത്തിലും. വാസ്തവത്തിൽ സ്വാതന്ത്ര്യം വേണ്ടിയിരുന്നത് സവർണ്ണ ജനതയ്ക്കായിരുന്നു. അല്ലാതെ ദളിത ജനതയ്ക്കായിരുന്നില്ല.  എന്നിട്ടും ദളിതർ സ്വാതന്ത്ര്യ സമരത്തിൽ പങ്കു ചേർന്നു. സവർണ്ണരെ വീണ്ടും അധികാരക്കസേരകളിൽ ഇരുത്തി.  സവർണ്ണരോടൊപ്പം നിന്നാൽ സാമൂഹികമായ സ്വാതന്ത്ര്യം കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു. സവർണ്ണ നേതൃത്വം ആത്മാർത്ഥതയുള്ളവരെന്നും കരുതി. 'സാമ്പത്തിക ഭദ്രത'  ദളിതരും ഉയർന്ന ജാതികൾക്കൊപ്പം  നേടുമെന്ന് വിചാരിച്ചു. എന്നാൽ സ്വാതന്ത്ര്യത്തിനു ശേഷം എന്താണ് സംഭവിച്ചത്? കൊള്ളക്കാരും കള്ളന്മാരും നിറഞ്ഞ മാറി മാറി വന്ന ഭരണകൂടങ്ങൾ ദളിതരെ വീണ്ടും ദാരിദ്ര്യത്തിലേയ്ക്ക് നയിക്കുകയാണുണ്ടായത്.


ലോക സാഹോദര്യത്തെ മുദ്രാവാക്യമാക്കിക്കൊണ്ടുള്ള   'വാസുദൈവിക കുടുംബമെന്ന 'മഹത് വാക്യത്തിൽ മഹാത്മാഗാന്ധി  ആവേശഭരിതനായിരുന്നു. എന്നാൽ സവർണ്ണരിൽനിന്നും അവർണ്ണർക്ക് മുക്തി നേടുന്നതിനുപരി ഗാന്ധിജി മുൻഗണന നല്കിയത് ബ്രിട്ടീഷ്കാരെ പുറത്താക്കണമെന്നായിരുന്നു. ലോകത്തിൽ ഒരു രാജ്യവും ദളിതരുടെ വസ്തുക്കളും ധനവും മോഹിച്ച് ഇന്ത്യയെ ആക്രമിച്ചിട്ടില്ല. ബ്രിട്ടീഷ്കാർ ഇന്ത്യയിൽ കൊളോണിയൽ സാമ്രാജ്യം സ്ഥാപിച്ചതും ദളിതരുടെ സ്വത്തുകൾ കണ്ടുകൊണ്ടാല്ലായിരുന്നു.  കാരണം ദളിതർക്ക് സ്വത്തുക്കളുണ്ടായിരുന്നില്ല.  ഭരണ കാര്യങ്ങളിൽ ദളിതർക്ക് പങ്കാളിത്തവും  സ്വാധീനവുമുണ്ടായിരുന്നില്ല. ദളിതർ  ചരിത്രാദി കാലം മുതൽ എക്കാലവും വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു  കഴിഞ്ഞു കൂടിയിരുന്നത്. എന്നും ദാരിദ്ര്യം അവരുടെ കൂടെപ്പിറപ്പായിരുന്നു.  ഇന്ത്യയുടെ ധനവും വജ്രവും സ്വർണ്ണവും കലാശേഖരങ്ങളും  ഉയർന്ന ജാതികളുടെ നിയന്ത്രണത്തിലായിരുന്നു. വാസ്തവത്തിൽ ബ്രിട്ടീഷ്കാർ  ചോർത്തിക്കൊണ്ടു പോയ സ്വത്തുക്കൾ  സവർണ്ണ ജാതികളുടെതു മാത്രമാണ്.  കച്ചവടവും വാണിജ്യവും ഉയർന്ന ജാതികളുടെ നിയന്ത്രണത്തിലായിരുന്നു. ബ്രിട്ടീഷ്‌കാർ ഒരു കാലത്തും ദളിതരെ തൊട്ടുകൂടാ ജാതികളെന്നു  കരുതിയിട്ടില്ല.  സ്വന്തം ജനതയായ സവർണ്ണരാണ് ബ്രിട്ടീഷ്‌കാരെക്കാൾ കൂടുതലായി  ദളിതരെ പീഡിപ്പിച്ചവർ. ആഗോളവൽക്കരണത്തിൽ വ്യാപ്രുതരായിരിക്കുന്ന  വിദേശ കമ്പനികളുടെ   ദളിതരോടുള്ള സാമിപ്യം  വളരെ  മൃദലമായ രീതിയിലായിരിക്കും. ജാതിവ്യവസ്തകളെ സംബന്ധിച്ച് അവർക്കറിവുണ്ടാകില്ല.  വൈദേശീയ മേധാവിത്വം പ്രശ്നമാവുന്നത് സവർണ്ണർക്കു മാത്രമാണ്.


നരസിംഹറാവുവിന്റെ ഉദാരവല്ക്കരണം വന്നതിനു ശേഷം ഇൻഡ്യയിലിന്ന് അനേകം ബഹുരാഷ്ട്ര കമ്പനികൾ  താവളമടിച്ചിരിക്കുന്നത്‌ കാണാം. ബഹുരാഷ്ട്ര കമ്പനികളുടെ ലക്ഷ്യം ലാഭമുണ്ടാക്കുകയെന്നുള്ളതാണ്.അവർ ഉണ്ടാക്കിയ ഉൽപ്പന്നങ്ങൾ ഇവിടെയും മറുനാടുകളിലും  വില്ക്കുന്നു. ഉല്പ്പന്നങ്ങളുടെ നിലവാരം ഇന്ത്യൻ ഉൽപ്പന്നങ്ങളെക്കാൾ മെച്ചമേറിയതോ മോശമായതോ  ആവാം. ഉല്പ്പന്നങ്ങളുടെ വിലയും കുറവോ കൂടുതലോ ആവാം. ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ഉല്പ്പന്നം കൂടുതൽ ആകർഷകമായും തോന്നാം. അതിന്റെ വിലയും കൂടുതലോ കുറവോ ആകാം. ഗുണനിലവാരം മെച്ചമെങ്കിൽ  ഉപഭോക്താക്കൾ  ക്രയ വസ്തുക്കളുടെ വിലയെ ഗൌനിക്കില്ല.


ആഗോളവല്ക്കരണം മൂലം   ഇന്ത്യയിലെ ഭൂരിഭാഗം ദളിതരും  സർക്കാർ തലങ്ങളിലും സർക്കാരിന്റെ പങ്കാളിത്തമുള്ള പൊതു സ്ഥാപനങ്ങളിലും ജോലി സാധ്യതകൾ കുറയുമെന്നു ഭയപ്പെടുന്നു.  ഉദാഹരണമായി ലൈഫ് ഇൻഷുറൻസിലും ആർ സി എഫ്, എഫ്.എ. സി.റ്റി  മുതലായ പൊതു സ്ഥാപനങ്ങളിലും  സർക്കാർ നിയന്ത്രണത്തിലുള്ള ഫാക്റ്ററികളിലും ദളിതർക്ക് റിസർവേഷനുണ്ട്.  ആധുനിക ടെക്കനോളജിയും ആഗോളവല്ക്കരണവും സാമ്പത്തിക മേഖല കീഴടക്കിയതോടെ കാര്യക്ഷമമല്ലാത്ത പൊതുസ്ഥാപനങ്ങളുടെ  പ്രവർത്തനങ്ങൾ തടസപ്പെടാനിടയാകാം. ഉപഭോക്താക്കൾ കുറയുന്നതുമൂലം കമ്പനികൾ പൂട്ടേണ്ടിയും വരും. അതുമൂലം  ദളിതരുടെ ജോലിയവസരങ്ങൾ കുറയുമെന്നുള്ളത് വാസ്തവമാണ്.   അതേ സമയം ടെക്കനോളജിക്കപ്പെട്ട  പുതിയ കമ്പനികൾ യോഗ്യരായ ദളിതർക്ക് കൂടുതൽ അവസരങ്ങൾ നല്കുന്നു. ദളിതർക്ക് കുടിൽ വ്യവസായങ്ങൾ തുടങ്ങാനുള്ള സാഹചര്യങ്ങളും ലഭിക്കും. ചെടികളും പൂക്കളും നിറഞ്ഞ ഗ്രീൻ ഹൗസും ബയോടെക്കനോളജിയും ദളിതർക്ക് ഗുണപ്രദമാകും. ഒരിയ്ക്കലും ഭേദമാകാത്ത അസുഖങ്ങൾ ആധുനിക ആരോഗ്യ ഉലപ്പാദന മേഖലയുടെ ആരംഭത്തോടെ ഇല്ലാതാക്കാനും സാധിച്ചിട്ടുണ്ട്. കൃഷിടങ്ങളിൽ പ്രാണികളുടെ ശല്യം ദൂരികരിക്കാൻ  മരുന്നുകൾ മാർക്കറ്റിൽ വന്നതോടുകൂടി മില്ല്യൻ കണക്കിന് കൃഷിക്കാർക്ക് കൃഷിയുൽപ്പാദനങ്ങൾ വർദ്ധിപ്പിക്കാനും സാധിച്ചു. അനേക ബയോ റിഫൈനറി ഫാക്ടറികൾ വന്നതുകൊണ്ട് ദളിതർക്കു ജോലി സാധ്യതകളുമുണ്ടായി.


ചെറു ഗ്രാമങ്ങളിൽ നിന്നും അറിയപ്പെടാത്ത പ്രദേശങ്ങളിൽനിന്നും  ദരിദ്രരായ ദളിതർ  സർക്കാർ നടപ്പാക്കിയ ഉദാരവൽക്കരണത്തിനെതിരായി  പ്രതിഷേധം പ്രകടിപ്പിച്ചിട്ടു വലിയ കാര്യമില്ല. സർക്കാർ അക്കാര്യത്തിൽ നിസഹായവസ്തയിലായതുകൊണ്ട് വിമർശകരുടെ സമരമുറകൾ ഗൗനിക്കുമെന്നും തോന്നുന്നില്ല.  ഒന്നേകാൽ ബില്ല്യൻ ജനങ്ങൾ വസിക്കുന്ന ഭാരതത്തിന്റെ സാമ്പത്തിക തലങ്ങളിൽ നിന്ന് ആഗോളവല്ക്കരണ നയങ്ങൾ ഏതു സർക്കാർ വന്നാലും എടുത്തു കളയാൻ സാധിക്കുകയുമില്ല. അത് കേന്ദ്ര സർക്കാരെടുത്ത തീരുമാനമാണ്. അത്തരം സാഹചര്യങ്ങളിൽ ദളിതർ പ്രതിഷേധങ്ങളുമായി സർക്കാരിന്റെ പ്രവർത്തനങ്ങൾ മരവിപ്പിക്കുന്നതിനു പകരം ആഗോളവല്ക്കരണം കൊണ്ട്  അതിന്റെ ഗുണങ്ങൾ നേടിയെടുക്കുകയാണ് വേണ്ടത്. അവരുടെ പ്രശ്നങ്ങൾ ആഗോളശ്രദ്ധയിൽ കൊണ്ടുവരാനും സാധിക്കും. അന്തസ്സായ സാമൂഹിക ജീവിതത്തിന് ആഗോളവല്ക്കരണം ഒരു വഴികാട്ടിയുമാകാം.  ഇന്ത്യയിൽ കിടന്നു പ്രതിഷേധിക്കാതെ ലോകത്തിന്റെ ശ്രദ്ധയെ നേടുകയാണ്‌ ദളിതർക്ക് ഗുണം ചെയ്യുന്നത്.  ഇന്ത്യയിലെ പൌരനെന്ന നിലയിൽ ലോകത്തിന്റെ മുമ്പിലും ലോക ശ്രദ്ധയ്ക്കായും   മനുഷ്യാവകാശങ്ങൾക്കായും മുറവിളി കൂട്ടണം. വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളുമായ സാമൂഹിക കെട്ടുറപ്പിൽ അന്തസ്സായി ജീവിക്കാനുള്ള അവസരങ്ങളും നേടണം.


സത്യത്തിൽ  ഇന്ത്യയിൽ   പ്രവർത്തിക്കുന്ന വിദേശ വ്യവസായങ്ങളും സ്ഥാപനങ്ങളും ജാതി വർഗ വർഗീയതയുടെ  അടിസ്ഥാനത്തിലുള്ളതല്ല. ആഗോള സ്ഥാപനങ്ങളിൽ 'വർണ്ണ വ്യവസ്ഥ' വർണ്ണ ജാതികളുടെ അധീനതയിൽ വന്നെങ്കിൽ മാത്രമേ പ്രശ്നമാകുന്നുള്ളൂ. ഈ സാഹചര്യത്തിൽ വിദഗ്ദ്ധരായ ദളിതർക്ക് വിവേചനം കൂടാതെ നല്ല ജോലികൾക്കായി കൂടുതൽ അവസരങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. നാളിതുവരെ ദളിതർക്ക് സ്വന്തം കഴിവുകളെ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ വർണ്ണ ജാതികളിൽ നിന്നും ലഭിച്ചിരുന്നില്ല. പ്രതീക്ഷകളില്ലാതിരുന്ന പലയിടങ്ങളിലും ദളിതർക്ക്  സർക്കാരിന്റെ ഉദാരവൽക്കരണ നയങ്ങൾ മൂലം കൂടുതലവസരങ്ങൾ ലഭിക്കുന്നതും ആശ്വാസകരമാണ്. വിദേശത്തു നല്ല വിദ്യാഭ്യാസം നേടുന്നതിനും ആരോഗ്യ സുരക്ഷാ പദ്ധതി ലഭിക്കുന്നതിനും കാരണമാകും. സാമൂഹികവും സാമ്പത്തികവുമായ വളർച്ച മാത്രമല്ല തോട്ടിപ്പണി പോലുള്ള ജോലികൾ കുലത്തൊഴിലായി തലമുറകളിൽക്കൂടി സ്വീകരിക്കേണ്ട ആവശ്യവുമില്ല. ദളിതർ ആഗോള വല്ക്കരണമെന്ന സാമ്പത്തിക ശാസ്ത്രത്തെ  എതിർത്താൽ അതിന്റെ ഗുണങ്ങൾ നേടുന്നതും ഉയർന്ന വർഗക്കാരായിരിക്കും. അവർ വീണ്ടും സവർണ്ണരുടെ നിയന്ത്രണത്തിലാകും. അത് സംഭവിക്കാതിരിക്കാൻ അവകാശങ്ങൾക്കായി സർക്കാരുമായി ചർച്ചകൾ നടത്തുകയാണെങ്കിൽ കൂടുതൽ പ്രയോജനപ്രദമാകും.  സ്വകാര്യവൽക്കരണത്തിൽക്കൂടി  ദളിതർക്ക് സമത്വം കൈവരിക്കാൻ മാർഗവുമാകാം.


ആഗോള വല്ക്കരണത്തിൽ  ലാഭം ഇച്ഛിച്ചു കൊണ്ടു തന്നെയാണ് വിദേശ കമ്പനികൾ പ്രവർത്തിക്കുന്നതെന്നതിൽ  സംശമില്ല. ദേശീയമായ പുതിയ ഈ സാമ്പത്തിക സംവിധാനത്തിൽ  ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർദ്ധിക്കുന്നതും കാണാം. എന്നാൽ ഒപ്പം  രാജ്യത്തിന്റെ പുരോഗതിയും സാധുക്കളുടെ മെച്ചമായ ജീവിത നിലവാരവും ഇതുകൊണ്ട് പ്രാപ്യമാകുന്നു. വ്യവസായിക പങ്കാളികളായ രാഷ്ട്രങ്ങളും  ആഗോളവല്ക്കരണംക്കൊണ്ട് അഭിവൃദ്ധി പ്രാപിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് ആഗോളവല്ക്കരണം നടപ്പാക്കിയതുമുതൽ ദളിതരുടെ പ്രശ്നങ്ങൾ ആഗോള ശ്രദ്ധയിൽ കൊണ്ടുവരുന്നതിനു  കാരണമായി.  രാജ്യത്തു വരുന്ന വിദേശ കമ്പനികൾ സങ്കുചിതരായ സവർണ്ണർ നയിക്കുന്നതല്ലെങ്കിൽ   വർണ്ണവ്യവസ്ഥയുണ്ടായിരിക്കില്ല. സമർദ്ധരായ ദളിതർക്ക് അവിടെ ജോലിസാധ്യത കൂടി വരുന്നു. ദളിതരിൽ പലരും ആഗോളവല്ക്കരണം കൊണ്ട് വ്യവസായികളായി മാറിക്കഴിഞ്ഞു. സവർണ്ണർക്കും അവർ തൊഴിലവസരങ്ങൾ കൊടുക്കുന്നു. ആഗോളവൽക്കരണം വന്നതിൽ പിന്നീടു നാളിതുവരെ അവസരങ്ങളില്ലാതിരുന്ന പല മേഖലകളും   ദളിതർക്ക്‌ നേടിയെടുക്കാൻ സാധിച്ചു.


എന്താണ് ആഗോളവല്ക്കരണം മൂലം ദളിതർ നേടാൻ പോവുന്നത്? ദളിതർക്ക് ഗുണനിലവാരമുള്ള വിദ്യാഭാസവും ആരോഗ്യപരിപാലന കേന്ദ്രങ്ങളുടെ സൌകര്യങ്ങളും ലഭിക്കും. ടെക്കനോളജികൾ നടപ്പാക്കുന്നതിൽക്കൂടി  തോട്ടികളുടെയും കൈകൾകൊണ്ട് മലിന വസ്തുക്കൾ വൃദ്ധിയാക്കുന്നവരുടെയും  സാമ്പത്തിക നിലവാരം ഉയരുക മാത്രമല്ല അത്തരം ജോലികൾ ഇല്ലാതാക്കാനും സാധിക്കും.  ദളിതരുടെ ജീവിത നിലവാരം ഉയരുമ്പോൾ തോട്ടിത്തൊഴിലാളികൾ മറ്റു തൊഴിലുകളിൽ ഏർപ്പെടും.  എല്ലാ ജനവിഭാഗങ്ങളും ആഗോളവല്ക്കരണത്തെ എതിർക്കുന്നുവെങ്കിൽ അതിന്റെ ഗുണം ലഭിക്കാൻ പോകുന്നത് സവർണ്ണ ജനതയ്ക്കായിരിക്കും. അവരുടെ സ്ഥാനത്ത് വർണ്ണ വ്യവസ്ഥയിൽ വിശ്വസിക്കുന്നവരുടെ സാമ്പത്തിക പ്രസ്ഥാനങ്ങൾ വീണ്ടും പൊങ്ങി വരും. കഴിഞ്ഞകാലങ്ങളിലുണ്ടായ  അനുഭവങ്ങൾ കണക്കാക്കുമ്പോൾ വർണ്ണ മുതലാളിമാർ ദളിതരോട് മനുഷ്യ സഹജമായി പെരുമാറണമെന്നുമില്ല. ആഗോളവല്ക്കരണം കൊണ്ട് ക്ഷീണം സംഭവിക്കുന്നത്‌ സവർണ്ണ ജനതയ്ക്കാണ്.


പ്രൈവറ്റ് സ്ഥാപനങ്ങളിലും  വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവസരങ്ങൾക്കായും ദളിതരുടെ അവകാശങ്ങൾക്കായും സർക്കാരുമായി ചർച്ചകൾ നടത്തുന്നതാണ് അഭികാമ്യമായിട്ടുള്ളത്. ദളിതന് നഷ്ടപ്പെടാനൊന്നുമില്ലന്നും ചിന്തിക്കണം. ആഗോളവൽക്കരണത്തെ പ്രതിക്ഷേധിക്കുന്നതിനു മുമ്പ് ദളിതർ സ്വയം ചോദിക്കേണ്ട ചോദ്യമാണ്, "എനിയ്ക്ക് സ്വയം വ്യവസായം ഉണ്ടോ; കൃഷി ചെയ്തു ജീവിക്കാൻ ഭൂമിയുണ്ടോ; വർണ്ണരായവർ അന്തസായി ജീവിക്കാനുള്ള ജോലിയവസരങ്ങൾ തരുമോ; ഉയർന്ന തസ്തികയിലുള്ള ജോലി ദളിതർക്ക് കൊടുക്കാൻ തയാറാകുമോ;   ആഗോള വല്ക്കരണം വന്നതുകൊണ്ട് എനിയ്ക്ക് നഷ്ടപ്പെടുന്നത് എന്ത്?  എനിയ്ക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത സ്ഥിതിക്ക്, എന്റെ നിലനില്പ്പിനു ഭീഷണിയില്ലാത്ത സ്ഥിതിയ്ക്ക് ഞാനെന്തിനു ആഗോളവല്ക്കരണത്തെ എതിർക്കണം. ആഗോളവല്ക്കരണം എന്നിൽനിന്നു എന്താണ് എടുത്തുകൊണ്ടു പോവുന്നത്?" വർണ്ണ ജാതിയിലുള്ള വ്യവസായികളും ഭൂപ്രഭുക്കളും ആഗോളവല്ക്കരണത്തെ ഭയപ്പെടുന്നമൂലം അവർ ദളിതരെ പ്രതിക്ഷേധങ്ങൾക്കായുള്ള ഉപകരണങ്ങളാക്കുന്നു. വർണ്ണ ജാതികളുടെ നിലനില്പ്പിനായുള്ള സ്വാർത്ഥ താല്പര്യങ്ങളാണ്‌ അതിന്റെ പിന്നിലുള്ള  ലക്‌ഷ്യങ്ങളെന്നും ദളിതർ മനസിലാക്കണം. കഴിഞ്ഞ കാലാനുഭവങ്ങളുടെ വെളിച്ചത്തിൽ  ദളിതർ പാഠം പഠിച്ചില്ലെന്നുള്ളതും അവരുടെ  ആഗോളവല്ക്കരണത്തിനെതിരെയുള്ള പ്രതിക്ഷേധങ്ങൾ വ്യക്തമാക്കുന്നു. ദളിതർ അവരുടെ നിലനില്പ്പിനും വരുംതലമുറകളുടെ സുസ്ഥിരമായ ഭാവിക്കും ആഗോളവല്ക്കരണത്തെ അനുകൂലിക്കയാവും നല്ലത്.


ആഗോളവല്ക്കരണംകൊണ്ട്  വിദേശ രാജ്യങ്ങളുടെ കുത്തക വ്യാപാര കമ്പനികൾ ലാഭമുണ്ടാക്കുമെന്നതിൽ  സംശയമില്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർദ്ധിക്കുന്നുവെന്നതും സത്യമാണ്.  എങ്കിലും ആഗോളവൽക്കരണമെന്ന മാക്രോ സാമ്പത്തിക ശാസ്ത്രത്തിന്റെ   ഗുണ വശങ്ങളെയും ആർക്കും നിഷേധിക്കാൻ സാധിക്കില്ല. അതുമൂലം   ദരിദ്രർക്കും മൂന്നാം ലോക രാജ്യങ്ങൾക്കും  മാത്രമല്ല ഗുണം ചെയ്യുന്നത്  മറിച്ച് സാമൂഹിക സാമ്പത്തിക തലങ്ങളിൽ അതാതു രാജ്യങ്ങളിലെ ദരിദ്രരും ഉയർച്ച പ്രാപിക്കും. ഭാരതത്തിൽ ആഗോളവല്ക്കരണം വന്നതിൽ പിന്നീടാണ് ദളിതരുടെ പ്രശ്നം മറ്റു രാജ്യങ്ങളുടെ ശ്രദ്ധയിലേയ്ക്കും ആകർഷിച്ചത്. ദളിത പീഡനങ്ങൾ ലോകമാധ്യമങ്ങളിൽ സ്ഥിരം വാർത്തയുമായിരിക്കുന്നു. പ്രവാസികളായി ജീവിക്കുന്ന സവർണ്ണരുടെയിടയിലും മാറ്റം വരുന്നുണ്ട്. പുതിയ തലമുറകൾ ഹൈന്ദവത്വത്തിന്റെ ദുഷിച്ച വർണ്ണ വ്യവസ്ഥകളെ വെറുക്കാനും തുടങ്ങി. ദളിതരുടെ സാമൂഹിക പ്രശ്നങ്ങൾ ഐക്യരാഷ്ട്ര സഭ വരെ ചർച്ച ചെയ്യുന്നതു രാജ്യം ഭരിക്കുന്ന വർണ്ണാശ്രമ പ്രഭുക്കൾക്ക് അപമാനകരവുമാകുന്നു.


റിസർവേഷൻ മുഖേന ദളിതരിൽ അനേകമാളുകൾ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. സോളാർ ഊർജവും ശാസ്ത്രീയ കൃഷികളും ആരംഭിക്കുന്ന മൂലം ദളിതരും അവിടെ പുതിയ അവസരങ്ങൾ തേടി പങ്കാളികളാവുകയാണ്. വിദേശികൾ ആരംഭിക്കുന്ന അത്തരം പ്രസ്ഥാനങ്ങളിൽ വർണ്ണ വ്യവസ്ഥ കാണില്ല. സവർണ്ണർ നടത്തുന്ന കമ്പനികൾക്ക് വ്യത്യസ്തമായി  ദളിതരും ദളിതരല്ലാത്തവരും ഒന്നിച്ചു ജോലി ചെയ്യുന്ന കാരണം അവിടെ വർണ്ണ വിത്യാസങ്ങൾ ഇല്ലാതാവുന്നു. തലമുറകളായി  മണ്ണിനോടു പടവെട്ടി വിയർത്തു ജീവിച്ചിരുന്ന  ദളിതർ സവർണ്ണ മേധാവിത്വത്തിൽ നിന്നും മോചിതരുമാവുന്നു.


ആഗോള വൽക്കരണത്തിൽ വർണ്ണാശ്രമത്തിൽ കാണുന്ന പോലെ സ്ത്രീയും പുരുഷനും തമ്മിൽ വ്യത്യാസം കാണില്ല. വിദേശ കമ്പനികൾ സ്ത്രീയ്ക്കും പുരുഷനും തുല്യ വേതനം നല്കുന്നു. സ്ത്രീ വിമോചനം കൂടിയാണത്. വിദേശികളുടെ ആധുനികരിച്ച ഫാക്റ്ററികളിൽ വർണ്ണ വിവേചനവും ഉണ്ടാവില്ല. അതുകൊണ്ട് ആഗോളവല്ക്കരണത്തെ ഭയപ്പെടേണ്ടതില്ല. അതുമൂലം കിട്ടുന്ന അവസരങ്ങൾ ദളിതർ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അങ്ങനെയെങ്കിൽ വൈദേശീയ കൂട്ടായ്മയിൽക്കൂടി  വ്യത്യസ്ഥമായ ഒരു സാമൂഹിക  കാഴ്ചപ്പാടും   ആഗോള  സാഹോദര്യത്തിനും  വഴി തെളിയിക്കും.


ഉദാരവൽക്കരണം  ദളിതർക്കും ദരിദ്രർക്കും ഗുണപ്രദമായിരുന്നെങ്കിലും ദോഷങ്ങളുമുണ്ടാക്കിയിട്ടുണ്ട്. പ്രത്യക്ഷത്തിൽ ധനികരും പരിഷ്കൃതലോകവും  നേട്ടങ്ങൾ കൊയ്തെന്നതും വാസ്തവമാണ്. ആധുനികതയുടെ മറവിൽ പരമ്പരാഗതമായ ചെറുകിട വ്യവസായങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വൻകിട കമ്പനികളുടെ സൂപ്പർ മാർക്കറ്റിനോടും  തുണിവ്യവസായങ്ങളോടും മത്സരിക്കാൻ സാധിക്കാത്തതുകൊണ്ട് സാധാരണക്കാരായ ബിസിനസുകാർ സാമ്പത്തികമായി തകരാനും കാരണമായി. അവരെ ആശ്രയിച്ചു ജീവിച്ചു വന്ന ദളിതരുടെ ജീവിതാവസ്ഥകളും  പരിതാപകരമാവുകയും ചെയ്തു. ദളിതർ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ചെറു കിട കുടിൽ വ്യവസായങ്ങളായ നെയ്ത്തു  പണി, കൈകൾ കൊണ്ട് നിർമ്മിക്കുന്ന കര കൌശല വസ്‌തുക്കൾ, ലതർ, കൈത്തറി, പാത്രങ്ങളുണ്ടാക്കൽ മുതലായവകൾ പ്രശ്നത്തിലുമായി. ഇങ്ങനെ സാമ്പത്തിക മേഖലകളിൽനിന്നും പുറം തള്ളപ്പെട്ട ദളിതരെ പുനരധിവസിപ്പിക്കുന്നതിനായി കാര്യമായ പദ്ധതികളൊന്നും നാളിതുവരെയായി സർക്കാർ ഭാഗത്തുനിന്നും ഉണ്ടായിട്ടുമില്ല.


ഉദാരവൽക്കരണത്തിന്റെ മറവിൽ  കമ്പനികളുടെയും ഫാക്റ്ററികളുടെയും ഇടിച്ചു തള്ളൽ കാരണം  ദളിതരുടെ ഭൂമി കൈവശപ്പെടുത്തുകയും  അനേകർ ഭവനരഹിതരാവുകയുമുണ്ടായി. സർക്കാർ ചെലവിൽ  പ്രൈവറ്റ് കമ്പനികൾക്ക്‌ വൈദ്യുതിയും ഊർജവും ഭൂമിയും  നികുതിയിളവും നല്കുന്നു. വിദേശ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ റോഡുകളും ‌ നിർമ്മിച്ചു കൊടുക്കുന്നു.  ഹൈദ്രബാദിൽ അനേക പ്രൈവറ്റ് കമ്പനികൾക്ക് സർക്കാർ നേരിട്ടു ഭൂമി നല്കി. സാധുക്കളും ദളിതരും  വസിച്ചിരുന്ന പട്ടണത്തിലെ ചേരിയിലുള്ള  വസ്തുക്കൾ വ്യവസായികൾക്കും കെട്ടിടം നിർമ്മാണ പ്രവർത്തകർക്കും നല്കിയും സാധുക്കൾ വസിക്കുന്ന ചേരി പ്രദേശങ്ങൾ ഇടിച്ചു നിരത്തുകയുമുണ്ടായത് ദളിതരോടുള്ള ക്രൂരപ്രവർത്തികളായിരുന്നു. ദളിതരിലെ കൃഷിക്കാരെയും ഭൂമി രഹിതരെയും സർക്കാരിൻറെ നയം മൂലം ദുരിതത്തിലാക്കുകയും ചെയ്തു. ആഗോളവല്ക്കരണം വന്നതിൽ പിന്നീട് ഭൂരഹിതരായ വലിയൊരു ദളിതസമൂഹവും സാമൂഹിക നേട്ടങ്ങൾക്കായി പടപൊരുതുന്നുമുണ്ട്.


പ്രൈവറ്റ് കമ്പനികളിൽ  'ടാറ്റായും' 'വീഡിയോ കോണും' ഒഴിച്ചു  ദളിതർക്കു റിസർവേഷനുണ്ടായിരുന്നില്ല. യാതൊരു കമ്പനികളും അവരുടെ ജോലിക്കാരെ നിയമിക്കാൻ റിസർവേഷൻ നയം അനുവദിക്കില്ല.  കൂടാതെ സർക്കാരിന്റെ നിയന്ത്രണമുള്ള എല്ലാ പബ്ലിക്ക് കമ്പനികളിലും ജോലിക്കാരെ നിയമിക്കുന്നത് കോൺട്രാക്റ്റ് വ്യവസ്ഥയിലായിരിക്കും. ഉയർന്ന ജാതികൾ നിയന്ത്രിക്കുന്ന കമ്പനികളിൽ ദളിതരെ നിയമിക്കാനുള്ള സാധ്യതയും കുറവാണ്. ഭൂരിഭാഗവും പ്രൈവറ്റ് കമ്പനികളും ഉയർന്ന ജാതികളുടെ നിയന്ത്രണത്തിലാണ്. അവിടെയും ഉയർന്ന  ജാതികളെ മാത്രമേ ജോലിക്കായി പരിഗണിക്കുള്ളൂ. ആഗോളവൽക്കരണത്തിലും ദളിതരോട് വിവേചന സാധ്യതകളുണ്ടെന്നും അവർ ഭയപ്പെടുന്നു.


ഉയർന്ന ജാതികൾക്ക് പ്രൈവറ്റിലും പബ്ലിക്കിലും  കമ്പനികൾ തുടങ്ങാൻ കോടിക്കണക്കിന് ഡോളർ ബാങ്കുകളിൽ നിന്നും കടം കിട്ടും. ദളിതർ  ബാങ്കിൽ നിന്നും കടമെടുക്കാൻ ചെന്നാൽ അവരെ നേരാംവിധം ബാങ്കുകാർ പരിഗണിക്കാറില്ല. വ്യവസായ കമ്പനികൾ തുടങ്ങാൻ ദളിതർക്ക് ഈടു കൊടുക്കാൻ സ്ഥാവര സ്വത്തുക്കളില്ലാത്തതു കൊണ്ട് ലോൺ കൊടുക്കുകയുമില്ല.  ഉയർന്ന ജാതികൾക്ക്‌ വിശ്വാസ തീറിന്റെ പേരിൽ  ബാങ്ക് ലോൺ കിട്ടാൻ ബുദ്ധിമുട്ടുമുണ്ടാവില്ല. ഇത്തരം വർണ്ണ വ്യവസ്ത നിലകൊള്ളുന്ന ഒരു രാജ്യത്ത്  ഇങ്ങനെയുള്ള അസ്വമത്വങ്ങൾ  ദളിതരെ മാനസികമായി തകർക്കുകയും ചെയ്യുന്നു.  സെക്യൂരിറ്റിയില്ലാതെ എങ്ങനെ ദളിതർക്ക് ബാങ്കിൽ നിന്നും കടമെടുക്കാൻ സാധിക്കും. ഉദാരവല്ക്കരണം കൊണ്ട് അവിടെയും സമ്പന്നർക്കു മാത്രം പ്രയോജനം ലഭിക്കുന്നു.


ആഗോളവല്ക്കരണം ദളിതരെ  പ്രത്യക്ഷത്തിലല്ലെങ്കിലും പരോക്ഷമായി ബാധിക്കാറുണ്ട്. പൊതു സ്ഥാപനങ്ങൾ പ്രൈവറ്റ് സ്ഥാപനങ്ങളാകുമ്പോഴും ഫാക്റ്ററികൾ നിർത്തൽ ചെയ്യുമ്പോഴും ദളിതർ തൊഴിൽ രഹിതരാകുന്നു. ലാഭം ഉണ്ടാക്കിക്കൊണ്ടിരുന്ന ഭാരതീയ ഹെവി  ഇലക്ട്രിക്കൽ ലിമിറ്റഡ്‌ കമ്പനി (ബി.എച്ച് .ഇ. എൽ) വില്ക്കുകയോ പ്രൈവറ്റാക്കാനോ പദ്ധതികളുണ്ടായിരുന്നു. അന്ന് യൂ.പി.എ സർക്കാരുമായി കൂട്ടുകെട്ടുണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാർ  സർക്കാരിന്റെ തീരുമാനത്തെ എതിർത്തു. കമ്മ്യൂണിസ്റ്റുകൾ പ്രതികൂലിച്ചതു കാരണം   കമ്പനി വിൽക്കാനുള്ള  തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയുകയാണുണ്ടായത്. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ  ലാഭം കൊയ്തുകൊണ്ടിരുന്ന ഭാരതീയ ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ് കമ്പനി വിറ്റുപോകുമായിരുന്നു. അവിടെ ജോലി ചെയ്തിരുന്ന ദളിതർ ജോലി നഷ്ടപ്പെടുമോയെന്നും ഭയപ്പെട്ടിരുന്നു. പുതിയതായി വരുന്ന മുതലാളിമാർ സവർണ്ണരായതു കൊണ്ട് ദളിതരെ തിരികെ അതേ കമ്പനിയിൽ വിളിക്കാനും സാധ്യത കുറവായിരുന്നു.


ആഗോളവൽക്കരണം വന്നതിനുശേഷം  സർക്കാർ ഓഫീസുകളിലെ ജോലിക്കാരെ ചുരുക്കിയത് സവർണ്ണരെയും  ദളിതരെയും ഒന്നുപോലെ ബാധിച്ചു.  റിസർവേഷനിൽക്കൂടി  ദളിതർ വിദ്യാഭ്യസം നേടിയതുകൊണ്ട്‌ അവരുടെയിടയിൽ തൊഴിലില്ലായ്മ വർദ്ധിച്ചു. ദളിത്‌ ജനതയ്ക്ക് വിദ്യാഭ്യാസമില്ലാതിരുന്ന കാലത്തിൽ അവർക്ക് സർക്കാർ ജോലികൾ സുലഭമായുണ്ടായിരുന്നു. ഇന്ന് ദളിതരുടെയിടയിൽ തൊഴിലില്ലായ്മ രൂക്ഷമാണ്.  ജോലികളുണ്ടെങ്കിൽ തന്നെയും ദളിതർക്കു  ലഭിക്കുന്നത് താല്ക്കാലിക ജോലിയോ കോട്രാക്ററ്  ജോലികളോ ആയിരിക്കും. ജോലിക്ക് യാതൊരു സ്ഥിരതയുമില്ല. ഒരു വർഷത്തെ താഴെയുള്ള നിയമനമായിരിക്കും കൂടുതലും തൊഴിൽ മേഖലകളിൽ കാണപ്പെടുന്നത്. ഒരേ ആൾക്ക് അതേ ജോലി പിറ്റേ വർഷം പുതുക്കി കൊടുക്കാൻ യാതൊരു ഉറപ്പും കാണില്ല. കോൺട്രാക്‌റ്റ് ജോലിയാകുമ്പോൾ റിസർവേഷൻ നയങ്ങളും കാണില്ല. കൂടാതെ തൊഴിലുകൾക്ക് യാതൊരു സുരക്ഷിതത്വവും ഉണ്ടായിരിക്കുകയുമില്ല. ഇഷ്ടമില്ലാത്ത ജോലിയാണെങ്കിലും മറ്റു വഴികളില്ലാത്തതുകൊണ്ട് കിട്ടുന്ന ജോലി കൊണ്ട് തൃപ്തിപ്പെട്ടുകൊള്ളണം.  ദളിതർ  ജോലി ചെയ്തിരുന്ന പ്യൂൺ പോസ്റ്റുപോലും ലഭിക്കാൻ ഉയർന്ന ജാതികൾ ശ്രമിക്കുന്ന കാരണം ദളിതർക്കുള്ള ജോലിയവസരങ്ങൾക്ക് തടസവുമാകുന്നു.


വിഷയത്തിൽനിന്നും വിട്ട് കവിയായ ഒരു ദളിതൻ പാടിയ പാട്ടിന്റെ സാരം ഇവിടെ സംഗ്രഹിക്കുന്നു.  "ധർമ്മവും കർമ്മവും വർണ്ണമെന്ന കപടതയിൽ   കോലരക്കിലിട്ടടച്ചിരിക്കുകയാണ്. മനുഷ്യന്റെ കൈകളിൽ ഗീതയും ഖുറാനുമല്ല  എറിയാനുള്ള കല്ലുകളാണുള്ളത്. നൂറായിരം മതങ്ങൾ, അതുകൊണ്ട് നൂറായിരം ദൈവങ്ങൾ. മനുഷ്യൻ മനുഷ്യനോടു തന്നെ വ്യത്യസ്തവും. നശിച്ച മനുഷ്യത്വം അവന്റെ കൂടപ്പിറപ്പായി ഒപ്പം സഞ്ചരിക്കുന്നു.  നാക്കിലുറപ്പുള്ളവർ  പറയട്ടെ, മനുഷ്യന്റെ കാഷ്ടവും ചീഞ്ഞളിഞ്ഞ ചത്ത ശരീരവും ഒഴുകുന്ന ഗംഗാനദി ശുദ്ധീകരിക്കാൻ   ചന്ദനത്തടികളും  തുളസിയിലകളും മതിയാവുമോ? അറിയാതെ ദളിതന്റെ കാൽപ്പാദങ്ങൾ  നിന്റെ വീട്ടിൽ പതിഞ്ഞാൽ നിനക്ക് ചാണക വെള്ളം കൊണ്ട് ശുദ്ധിയാക്കണം പോലും. നിന്റെ വീട് വാടകയ്ക്ക് ചോദിച്ചാൽ 'പറയപ്പട്ടി' യെന്നു വിളിച്ച് നീ ആക്ഷേപിച്ച് ആട്ടിയോടിക്കും. നിനക്കറിഞ്ഞു കൂടാ, നീ വസിക്കുന്ന പുരയിടം ദളിതൻ  ശ്വസിച്ച  വായുകൊണ്ട് ദുഷിച്ചതാണ്. നിന്റെ വീടിന്റെ പടുത്തുയർത്തിയ  ഇഷ്ടികകൾ തൊട്ടുകൂടാത്തവനായ അവൻറെ  കൈകൾ കൊണ്ട് നിർമ്മിച്ചതാണ്. നിനക്ക് സുന്ദരമായ ഒരു വീടുണ്ട്. ഇന്ന് നീ പറയുന്നു, തൊട്ടു കൂടാത്തവർ മനുഷ്യരല്ല, മറിച്ച് മൃഗങ്ങളെക്കാളും ഹീന ജാതികളാണ്. സർ, താങ്കൾക്ക് ധൈര്യമുണ്ടെങ്കിൽ ചുമരുകളൊന്നു തുളച്ചു നോക്കൂ. അതിലെ ഓരോ പൊടിയിലും ദളിതന്റെ മാധുര്യമേറിയ മണമുണ്ട്."പടുത്തുയർത്തുന്ന ഉദാരവൽക്കരണത്തിലും ആഗോളവൽക്കരണത്തിലും ദളിതന്റെ രക്തം ചീന്തിയേ മതിയാവൂ.

('ദളിതരുടെ ചരിത്രം, ഒരു പഠനം' - ലേഖന പരമ്പര അവസാനിപ്പിക്കുന്നു. ക്ഷമയോടെ എന്റെ ലേഖനങ്ങൾ വായിച്ച എല്ലാ വായനക്കാർക്കും നന്ദി.) 

Tuesday, May 10, 2016

ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം-12)




നേട്ടങ്ങളും കോട്ടങ്ങളും നെഞ്ചിലേറ്റിയ ദളിതരുടെ  സാമൂഹിക മാറ്റങ്ങൾ 

By ജോസഫ് പടന്നമാക്കൽ

ബ്രാഹ്മണ സൃഷ്ടിയുടെ വർണ്ണാശ്രമ ധർമ്മമാരംഭിക്കുന്നത്  ഋഗ് വേദത്തിൽനിന്നുമാണ്. ജനനം കൊണ്ടുള്ള ഒരുവന്റെ വർണ്ണ ചരിത്രത്തിന്റെ തുടക്കം വേദകാലമായ ബി .സി 1500-നും 1100-നും മദ്ധ്യേയുള്ള കാലഘട്ടങ്ങളിലാണെന്നും കാണാം. ദൈവങ്ങൾ പുരുഷനെ കഷണം കഷണങ്ങളായി മുറിച്ചപ്പോൾ ബ്രാഹ്മണർ അവന്റെ വായിൽ നിന്നും ക്ഷത്രിയർ  കൈകളിൽനിന്നും വൈശ്യർ തുടകളിൽ നിന്നും ശൂദ്രർ  പാദങ്ങളിൽ നിന്നും പൊട്ടിമുളച്ചു. പുരുഷ സൂക്തത്തിൽ പത്താം ഭാഗത്തിൽ പത്തൊമ്പതാം ശ്ലോകമായി ഇത് പ്രപഞ്ചത്തിന്റെ ആരംഭമായി വിവരിച്ചിരിക്കുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടിൽ രചിച്ച തമിഴിലെ 'പെരിയ പുരാണത്തിൽ'  തൊട്ടുകൂടാ ജാതിയിലെ  നയനാറെന്നു പേരുള്ള  പുലയ കവിയെപ്പറ്റി പരാമർശിക്കുന്നുണ്ട്. ദൈവത്തെ ആരാധിക്കാനുള്ള ആവേശത്തിൽ അമ്പലത്തിലെ സംഗീതോപകരണങ്ങളും ചെണ്ടകൾക്കുള്ള ലതറും ചരടുകളും കവിയായ 'നയനാർ' നിർമ്മിച്ചിരുന്നതായി പുരാണം പറയുന്നു. ശിവഭക്തനായിരുന്നെങ്കിലും  ജനനം കൊണ്ട് താണ ജാതിയിൽ ജനിച്ചതിനാൽ അമ്പലത്തിൽ പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നില്ല.  അമ്പലത്തിനുള്ളിൽ ശിവനെ തൊഴാൻ തീക്ഷ്ണമായ ആഗ്രഹമുണ്ടായിരുന്ന അദ്ദേഹം അവിടേയക്കുള്ള  യാത്ര നിത്യവും മാറ്റി വെച്ചിരുന്നതുകൊണ്ട് 'തിരുനാളൈ പോവർ'  (നാളെ അമ്പലത്തിൽ പോകുന്നവൻ ) എന്നുമറിയപ്പെടുന്നു. ഒരിക്കലദ്ദേഹം ധൈര്യം കാട്ടി ചിതമ്പരത്തിലെ അമ്പലവാതിൽക്കൽവരെയെത്തി.  ഒരു ദളിതൻ ആദ്യമായി അമ്പലത്തിൽ പ്രവേശിക്കാൻ ശ്രമിച്ചതും അന്നായിരുന്നു. ദളിതർ  അമ്പലത്തിന്റെ സമീപത്ത് വരുന്നത് കുറ്റകരവുമായിരുന്നു.  അങ്ങനെ സംഭവിച്ചാൽ വിചാരണ കൂടാതെ ബ്രാഹ്മണർക്ക് ദളിതനെ വധിക്കാനുള്ള അധികാരവുമുണ്ടായിരുന്നു. അന്ന്  ദളിതന്റെ ശബ്ദം ആദ്യമായി അമ്പലമുറ്റത്തു മുഴങ്ങി. അവരുടെ സ്വാതന്ത്ര്യത്തിന്റെ ദീപം ആദ്യം കൊളുത്തിയത് കവിയായ നയനാറായിരുന്നു. മഹാന്മാരായ ദളിതരുടെ ചരിത്രത്തിൽ ആദ്യത്തെ രക്തസാക്ഷിയുമായിരുന്നു. അദ്ദേഹത്തിൻറെ ഭക്തി ഗാനങ്ങളിൽ ബ്രാഹ്മണർ ഭയപ്പെട്ടു. ബ്രാഹ്മണർ അദ്ദേഹത്തെ ജീവനോടെ   തീ കൊളുത്തി  ചിതയിലിട്ടുകൊന്നു.  കവി നയനാരുടെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള മരണം ദളിതരുടെ വിജയവും സാമൂഹിക മാറ്റങ്ങൾക്കായുള്ള  അവരുടെ ചരിത്രത്തിന്റെ തുടക്കവുമായിരുന്നു.

ജാതികളും  ജാതിക്കു  മീതെ  ജാതികളും വീണ്ടും  ഉപജാതികളും ഭാരതത്തിലുള്ള എല്ലാ  അവർണ്ണ, വർണ്ണസമൂഹങ്ങളിലും കാണാം. വിവേചനത്തിന്റെ  മാമൂലുകൾക്കുള്ളിൽ ഞെരിപിരി കൊള്ളുന്ന അവർണ്ണ ജനവിഭാഗത്തെ തൊട്ടുകൂടാ ജാതികൾ,  അടിച്ചമർത്തപ്പെട്ടവർ, വർണ്ണാശ്രമത്തിനു പുറത്തുള്ളവർ,  ദുർബല വിഭാഗങ്ങൾ,  പട്ടിക ജാതിക്കാർ എന്നിങ്ങനെ  അറിയപ്പെടുന്നു. ദളിത നിർവചനത്തിന്റെ ചട്ടക്കൂട്ടിനുള്ളിൽ ഈ ജാതികളെല്ലാം ഉൾപ്പെടുന്നുണ്ട്. ഹൈന്ദവ മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾക്കെതിരെയും തത്ത്വങ്ങൾക്കുള്ളിൽ നിന്നുകൊണ്ടും ദളിത ലോകം പ്രതികൂലമായും  അനുകൂലമായുമുള്ള നിലപാടുകളെടുക്കുന്നതായി കാണാം. മാറ്റത്തിനായി നിലവിലുള്ള ആചാരങ്ങൾക്കെതിരെ  ചിന്തിക്കുന്നവരും അവരുൾപ്പെട്ട പ്രസ്ഥാനങ്ങളുടെ നേതാക്കളും ഹിന്ദു മതത്തിന്റെ പാരമ്പര്യമായ തൊട്ടു കൂടാ നയങ്ങളെയും വർണ്ണ വിവേചനത്തെയും സാമൂഹിക സാമ്പത്തിക അസമത്വങ്ങളെയും  അശാസ്ത്രീയവും യുക്തി രഹിതവുമായ മത വിശ്വാസങ്ങളെയും  കീഴ്നടപ്പനുസരിച്ചുള്ള അടിമത്വത്തേയും അവഗണിക്കുന്നുമുണ്ട്. മതത്തിന്റെ മൌലികമായ തത്ത്വങ്ങളിൽ വിശ്വസിച്ചുകൊണ്ട് അനുകൂലമായി ചിന്തിക്കുകയാണെങ്കിൽ പുത്തനായ ഒരു സാമൂഹിക വ്യവസ്തക്കുള്ള സമത്വ ഭാവന ഹൈന്ദവ മതത്തിനുള്ളിൽ ദൃശ്യമായിരിക്കുന്നതും കാണാൻ സാധിക്കും. ഹൈന്ദവ മതം സാമൂഹിക  നീതിയും സ്വതന്ത്ര ചിന്താഗതികളും  മാറ്റങ്ങളിൽക്കൂടി അംഗീകരിക്കുന്നു വെന്നും  മനസിലാക്കാം. അങ്ങനെ ദളിതരുടെ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ പുരോഗതിയിൽ മതവും പങ്കാളിയാകുന്നു. സമൂഹത്തിൽ ദളിതർ സ്വയം ബഹുമാനിതരാകുന്നതൊപ്പം  മനുഷ്യരെല്ലാം ഒന്നുപോലെയെന്ന ഹൈന്ദവ വേദതത്ത്വവും അവിടെ അംഗീകരിക്കുകയാണ്.   മാനുഷിക മൂല്യങ്ങളിൽ അധിഷ്ടിതമായ കറപുരളാത്ത  വ്യക്തിത്വവും ദളിത മാറ്റങ്ങളിൽക്കൂടി ഹൈന്ദവത്വത്തിൽ കണ്ടെത്താനും സാധിക്കും.   ഗാന്ധിജി വിഭാവന ചെയ്തിരുന്നതും  അതേ വേദോപനിഷത്തുകൾ  തന്നെയായിരുന്നു.

തൊട്ടുകൂടായ്മ  എക്കാലവും ഒരു സാമൂഹിക തിന്മയായിട്ടാണ് കരുതിയിരുന്നത്. നൂറ്റാണ്ടുകളോളം തൊട്ടുകൂടായ്മയെ ഇല്ലാതാക്കാൻ സാമൂഹിക പരിഷ്കർത്താക്കൾ ശ്രമിച്ചിട്ടുണ്ട്.  ബുദ്ധനും രാമാനുജയും രാമാനന്ദും ഗുരു നാനാക്കും കബീറും തൊട്ടുകൂടായ്മ ചിന്താഗതികളെ ഇല്ലാതാക്കാൻ ശ്രമിച്ചവരാണ്. ബ്രഹ്മ സമാജവും ആര്യ സമാജവും പോലുള്ള സാമൂഹിക സംഘടനകൾ മനുഷ്യനും മനുഷ്യനും തമ്മിലുള്ള വിവേചനത്തിനെതിരായി ജനങ്ങളെ ബോധവാന്മാരാക്കാനും ശ്രമിച്ചിരുന്നു.   സംഘിടിതമായ ആശയ പ്രചരണങ്ങൾ  വഴിയും പ്രായോഗിക തലങ്ങളിലും മത സാംസ്ക്കാരിക സാമൂഹിക തലങ്ങളിൽ ഉള്ള ഈ തിന്മയെ ദൂരികരിക്കാനും  ശ്രമിച്ചിരുന്നു. ഏറെക്കുറെ ദളിതരോടുള്ള സമത്വ ഭാവന ഉയർന്ന  ജാതികളിൽ സൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട്.  ബ്രിട്ടീഷ് ഭരണത്തിന്റെ ആവിർഭാവത്തോടെ സാമൂഹികവും രാഷ്ട്രീയവും ഭരണസംവിധാനങ്ങളും വഴി സാവധാനമായി ദളിതരുടെ നിലവാരം മെച്ചപ്പെടുത്താൻ സാധിച്ചു. പടിഞ്ഞാറൻ രാജ്യങ്ങളിലെ ആശയങ്ങളും സമത്വം, സ്വാതന്ത്ര്യം സാഹോദര്യം എന്നീ വിപ്ലവാത്മകമായ ചിന്തകളും  ദളിത  സാമൂഹിക പരിവർത്തനങ്ങൾക്ക്  കാരണമായിയെന്നും കാണാം.

സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഭാരതത്തിന്റെ  ഭരണ സംവിധാനങ്ങളും,  നിയമ പരിപാലനങ്ങളും, ഭൂമിയുടമ പരിഷ്ക്കാരങ്ങളും, നികുതിയിളവുകളും, വാണിജ്യ മേഖലകളും, വാർത്താ മാധ്യമങ്ങളും  ദളിതരുടെ പുരോഗതിയ്ക്ക് കാരണമായിട്ടുണ്ട്. സമത്വ ഭാവനയെന്നുള്ള വികാരാനുഭൂതികളും  ദളിത ജനതയിൽ  ആവേശം പകർന്നു കൊണ്ടിരുന്നു. പാശ്ചാത്യ സംസ്ക്കാരത്തിന്റെ ആവിർഭാവം ദളിതരുടെയിടയിൽ  പുത്തനായ ഉണർവുമുണ്ടാക്കി. സംസ്കൃത പഠനവും വേദങ്ങളും ദളിതർക്ക് പഠിക്കാൻ അവസരം ലഭിച്ചതോടെ പ്രതീക്ഷകൾ നിറഞ്ഞ  ചിന്തകളും അവരിൽ പ്രകടമാകാൻ തുടങ്ങി. സാമൂഹികമായ അംഗീകാരത്തിനായി  അംബേദ്‌ക്കറിനെപ്പോലുള്ള ബുദ്ധി ജീവികളുടെ മനുഷ്യാവകാശങ്ങൾക്കായുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.

ഉയർന്ന ജാതികൾ ചവിട്ടി മെതിച്ച അധകൃതരെ പുനരുദ്ധരിക്കാനായി  ദളിത മഹാസഭകൾ ഭാരതമൊട്ടാകെ അതാതു പ്രദേശങ്ങളിലെ ദളിത നേതാക്കളുടെ നേതൃത്വത്തിൽ   രൂപീകരിച്ചിരിക്കുന്നു. ദളിതരുടെ സാമൂഹിക പരിവർത്തനങ്ങൾക്കായി ദളിതരുടെ നേതൃത്വത്തിലുള്ള  കൂട്ടായ സംഘടനാ പ്രവർത്തനങ്ങളെ  മാറ്റങ്ങൾക്കു വേണ്ടിയുള്ള  ദളിത സംരഭങ്ങളെന്നും നിർവചിക്കാം. അഖിലേന്ത്യാ അധകൃത സംഘടനകൾ രൂപം പ്രാപിക്കുകയും ദളിതരുടെ പുരോഗതിയ്ക്കും മാറ്റത്തിനായും  മുറവിളി കൂട്ടുവാനും ആരംഭിച്ചു. അവരുടെ   ഉന്നമനത്തിനായുള്ള  സാമൂഹിക സംഘടനകൾ അധകൃത ലോകത്തിന്റെ  സാമ്പത്തിക ഉന്നമനവും വിദ്യാഭ്യാസപരമായ വളർച്ചയും ലക്ഷ്യമിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. പൊതുവായ കിണറുകളിൽ നിന്നും വെള്ളം കോരാനും  സ്കൂളിൽ പ്രവേശനത്തിനും പൊതുവഴികൾ ഉപയോഗിക്കാനും അമ്പല പ്രവേശനത്തിനും ദളിത സംഘടനകളുടെ പ്രവർത്തന മേഖലകളുണ്ടായിരുന്നു. അംബെദ്ക്കറിന്റെ വെള്ളം കോരാനുള്ള ദളിതരുടെ അവകാശങ്ങൾക്കായുള്ള മഹദ് സത്യാഗ്രഹവും സ്മരണീയമാണ്. 1923ൽ ഗാന്ധിജി സ്ഥാപിച്ച ഹരിജന സേവന സംഘം അധകൃതർക്കായി അനേകം സ്കൂളുകളും താമസിച്ചു പഠിക്കാനുള്ള ബോർഡിങ്ങ്  സ്കൂളുകളും സ്ഥാപിച്ചു. മുംബെയിൽ ദളിതർക്ക് അമ്പല പ്രവേശനത്തിനായി  സർക്കാർ  പ്രത്യേക നിയമങ്ങളും ഉണ്ടാക്കി. പ്രൈമറി സ്കൂൾ  മുതൽ യൂണി വേഴ്സിറ്റി വരെ സൗജന്യ വിദ്യാഭ്യാസവും നടപ്പിലാക്കി. തിരുവിതാംകൂറിലും  ഇൻഡോറിലും  ദളിതർക്ക് അമ്പല പ്രവേശനത്തിനായുള്ള ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായി.

1955-ലെ  ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്ത നിയമ വ്യവസ്ഥ  പ്രകാരം തൊട്ടുകൂടാ മാമൂലുകൾ നിയമ വിരുദ്ധമാക്കിയിട്ടുണ്ട്. കൂടാതെ ദളിതരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ പ്രത്യേകമായ വിദ്യാഭ്യാസ സംവിധാനങ്ങളും നടപ്പാക്കി. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ദളിതരുടെ ക്ഷേമത്തിനായി   ഭീമമായ തുകകളും നീക്കി വെച്ചിട്ടുണ്ട്. ഭരണ സംവിധാനത്തിലെ ഉയർന്ന ജോലികൾ റിസർവേഷൻ പ്രകാരം അവർക്ക് നീക്കി വെച്ചിരിക്കുന്നു. ജോലികൾക്കും  മുൻഗണന  നല്കുന്നു. നിയമത്തിലും വൈദ്യ ശാസ്ത്രത്തിലും എഞ്ചിനീയറിങ്ങിലും അവർ  പഠിച്ചു മുന്നേറുന്നതായും കാണാം. ദളിത നവോധ്വാന മുന്നേറ്റത്തിന്റെ പ്രതീകമായി രാഷ്ട്രീയത്തിലും  സവർണ്ണർക്കൊപ്പം അവർ പ്രവർത്തിക്കുന്നു. ഗ്രാമ പഞ്ചായത്തു  മുതൽ കേന്ദ്ര പാർമെന്റ് വരെ അവർക്ക്  റിസർവേഷൻ സീറ്റുകൾ നീക്കി വെച്ചിരിക്കുന്നു.  ദളിതർ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികാരക്കസേരകളിൽ ഇരിക്കുന്നതായും കാണാം. കേന്ദ്ര രാഷ്ട്രീയത്തിലും അവർ സവർണ്ണ ഭരണാധികാരികൾക്കൊപ്പമുണ്ട്.ദളിത സ്ത്രീകളിൽനിന്നും മായാവതി ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായതും ദളിതലോകത്തിന്റെ നേട്ടമായിരുന്നു. ദാരിദ്ര്യത്തിന്റെയും അനാചാരങ്ങളുടെയും ലോകത്തുനിന്നും ഉയർന്നുവന്ന കെ. ആർ.നാരായണൻ ഇന്ത്യയുടെ പ്രസിഡണ്ടായപ്പോൾ ഒരു ദളിതൻ ഇന്ത്യയുടെ പരമോന്നത പീഠത്തിലെത്തണമെന്നുള്ള ഗാന്ധിജിയുടെ സ്വപ്നം അവിടെയന്നു പൂവണയുകയാണുണ്ടായത്.  

ദളിതരുടെ പുരോഗമനപരമായ മാറ്റങ്ങളിൽ അവരുടെ സമര തന്ത്രങ്ങളും ആശയ ചിന്താഗതികളും  ഓരോ ദേശത്തിന്റെയും  നേതാക്കളുടെ ചിന്താഗതികൾക്കനുസരണമായി  മാറി മാറി വരുന്നതായും ദൃശ്യമാണ്.  ദളിത നേതാക്കളിൽ ചിലർ ആര്യ ബ്രാഹ്മണരെപ്പോലെ വിശ്വസിക്കുന്നു.  ചിലർ വർണ്ണാശ്രമ ധർമ്മത്തിലെ  ബ്രാഹ്മണ ചിന്താഗതികളും  സ്വീകരിച്ചു കഴിഞ്ഞു. ബ്രാഹ്മണന്റെ രീതികളായ സസ്യാഹാരവും നെറ്റിയിൽ ചന്ദനം തൊടലും പൂണൂലിടലും  ദളിതരും സ്വീകരിക്കാൻ തുടങ്ങി. ദളിത നേതാക്കളായ കേരളത്തിലെ തൈക്കാട് സ്വാമിയും യൂപിയിലെ പണ്ഡിറ്റ്‌ സുന്ദര ലാൽ സാഗറും ഗുജറാത്തിലെ മുൽദാസ് വൈശ്യായും ബ്രാഹ്മണരെപ്പോലെ അനുയായികളെ നയിക്കുന്നതും വിരോധാഭാസമായും തോന്നാം. വർണ്ണാശ്രമത്തിനു പുറത്തുള്ള ചിന്താഗതി മാറ്റി ദളിതർക്ക് സമത്വം ഭാവന ചെയ്തുകൊണ്ടാണ് മാറ്റങ്ങൾക്കു തുടക്കമിട്ടിരിക്കുന്നത്.  ചിലർ ഭാരതത്തിലെ ആദി  ജനത ദളിതരെന്നും അവർ ഹിന്ദുക്കളല്ലെന്നും വിശ്വസിക്കുന്നു. ഈ നാട്ടിലുണ്ടായിരുന്ന  ആദി  ദ്രാവിഡ ജനതയിൽ ആര്യന്മാർ  തൊട്ടുകൂടാ വ്യവസ്ഥിതികൾ അടിച്ചേല്പ്പിച്ചെന്നും  ദളിതരിൽ വലിയൊരു വിഭാഗം കരുതുന്നുമുണ്ട്.

ഹിന്ദു മതത്തെ ഇല്ലാതാക്കുമെങ്കിൽ തൊട്ടുകൂടായമയ്ക്ക് പരിഹാരമാകുമെന്ന് ദളിതരിൽ ഒരു വിഭാഗം വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കുന്ന  ആദി ആന്ധ്രാ, ആദി കർണ്ണാടക, തമിൾ നാട്ടിലെ ആദി ദ്രാവിഡർ, ഉത്തർ പ്രദേശിലെ ആദി ഹിന്ദു, പഞ്ചാബിലെ ആദി ദമ്മി എന്നീ ജാതികൾ  തൊട്ടു കൂടായമയിൽ നിന്ന് വിമുക്തി നേടാൻ ഹിന്ദു മതത്തിൽ നിന്നും മറ്റു മതങ്ങളിലേയ്ക്ക് മത പരിവർത്തനം ചെയ്തു. കേരളത്തിൽ അനേകായിരം ജനങ്ങൾ ക്രിസ്തു മതത്തിലും പഞ്ചാബിൽ സിക്കു മതത്തിലും മതപരിവർത്തനം ചെയ്തു.  1956-ൽ ലക്ഷക്കണക്കിന് ദളിതർ അംബേദ്ക്കറിനൊപ്പം നാഗപൂരിൽ നടന്ന മതപരിവർത്തനത്തിൽ ബുദ്ധമതം സ്വീകരിക്കുകയുണ്ടായി.  ഹിന്ദു മതത്തിനോടു എതിർപ്പു പ്രകടിപ്പിച്ചുകൊണ്ട് ദളിതരിലെ നേതാക്കന്മാർ പ്രത്യേക മത അവാന്തര വിഭാഗങ്ങളും സ്ഥാപിച്ചിട്ടുണ്ട്.  മധ്യ പ്രദേശിലെ ഗുരു ഘാസി ദാസിന്റെ സത്നാമി വിഭാഗം, ബംഗാളിലെ ഗുർ ടി ചന്ദ് സ്ഥാപിച്ച മാതുവാ വിഭാഗം, കേരളത്തിലെ അയ്യങ്കാളിയുടെ  സാധു ജന പരിപാലന യോഗം, പഞ്ചാബിലെ ആദി ധർമ്മം മുതലായ വിഭാഗിക ജാതികൾ ഉദാഹരണങ്ങളാണ്.

സാമൂഹിക രാഷ്ട്രീയ സാംസ്ക്കാരിക മുന്നേറ്റത്തിനായി രാഷ്ട്രീയപരമായും ദളിതർ യോജിച്ചു. 1936-ൽ  അംബെദ്ക്കർ സ്വതന്ത്ര തൊഴിലാളി പാർട്ടിയുണ്ടാക്കി. തൊഴിൽ വേതനം കൊടുക്കാതെ ഉയർന്ന ജാതികൾ ദളിതരെക്കൊണ്ട് തൊഴിൽ ചെയ്യിപ്പിക്കുന്ന പതിവുകൾ നിർത്തൽ ചെയ്തു. മിലിട്ടറിയിൽ ദളിതരെ പ്രവേശിപ്പിക്കാൻ 1941-ൽ  അംബേദ്‌ക്കറിന് സാധിച്ചു. അങ്ങനെയാണ് മഹാർ  റജിമെന്റ്റ് പട്ടാളത്തിന്റെ ശാഖയിൽ വന്നത്. അധകൃതരായവർക്ക് കേന്ദ്ര നിയമ അസംബ്ലിയിൽ റിസർവേഷൻ വേണമെന്നുള്ള  അംബേദ്ക്കറിന്റെ ആവശ്യത്തെ ഗാന്ധിജി  എതിർത്തിരുന്നു. ഗാന്ധിജി അതിനെതിരെ നിരാഹാര സത്യാഗ്രഹവും നടത്തി. ഇന്ത്യൻ ഭരണഘടനയിൽ ദളിതർക്ക് രാജ്യസഭയിലും ലോക സഭയിലും പ്രത്യേക സംവരണം അനുവദിച്ചിട്ടുണ്ട്.

ഭാരതീയ സാഹിത്യ വിചാര വീഥികളിൽ വർഗവിത്യാസത്തിനതീതമായി
ദളിത സാഹിത്യത്തിനും സുപ്രധാനമായ സ്ഥാനമുണ്ട്. പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ദിവ്യനായ 'മാദര ചെന്നയ്യാ'യെ ദളിത ലോകത്തിലെ ആദ്യത്തെ എഴുത്തുകാരനായി കരുതുന്നു. അദ്ദേഹം ഒരു ചെരുപ്പുകുത്തിയായി ഉപജീവനം നടത്തിയിരുന്നു. പടിഞ്ഞാറേ ചാലൂക്യ പ്രദേശത്തു  ജീവിച്ചിരുന്ന അദ്ദേഹത്തെ വചന ഗീതങ്ങളുടെ പിതാവായും പണ്ഡിതർ കരുതുന്നു. ദളിതനായി ജനിച്ച മറ്റൊരു കവി 'ദോഹരാ കക്കയ്യാ' യുടെ  ആറു സുപ്രധാന കവിതകൾ ഇന്നും കാലത്തെ അതിജീവിക്കുന്നു. ആധുനിക ദളിത സാഹിത്യത്തിൽ മഹാത്മാ ഫുലെയുടെയും അംബെദ്ക്കറിന്റെയും സംഭാവനകൾ വിലയേറിയതാണ്. ദളിതരുടെ പ്രശ്നങ്ങൾ വികാരഭരിതമായി വിമർശനരൂപേണ ഇരുവരും അവരുടെ കൃതികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ മഹാത്മാക്കളിൽ ആവേശ ഭരിതരായ നൂറു കണക്കിനു എഴുത്തുകാർ പിന്നീട് ഭാരതത്തിലെ വിവിധ ഭാഷകളിലുള്ള ദളിത സാഹിത്യ ശൃംഖലകളിൽ വന്നെത്തി. ബാബു റാവു ബാഗുൽ, ബന്ധു മാദവ്, ശങ്ക റാവു ഖരത്, സഹോദരൻ അയ്യപ്പൻ, വി.റ്റി. രാജശേഖർ എന്നിവർ ആധുനിക ദളിത സാഹിത്യകാരിൽ പ്രമുഖരാണ്.       

ദളിതരുടെ ക്ഷേമത്തിനായി ബഹുവിധ പദ്ധതികൾ നടപ്പാക്കിയിട്ടും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി അറുപത്തിയൊമ്പത്  വർഷങ്ങൾ പിന്നിട്ടിട്ടും ദളിതരുടെ സമത്വ ഭാവനകളെന്ന സ്വപ്നങ്ങൾ  നാളിതുവരെയായും പൂവണഞ്ഞിട്ടില്ല.  സ്വതന്ത്ര ഭാരതത്തിൽ  ദളിതർ ഇന്നും തൊട്ടു കൂടാ ജാതികളോ? ഭാരത മനസാക്ഷിയോട് ചോദിക്കേണ്ട ഒരു ചോദ്യചിഹ്നമാണിത്. രാഷ്ട്രീയ വാചാടോപവും ഭരണഘടനാ സംരക്ഷണവും ദളിതരുടെ മേലുള്ള ക്രൂരതകൾക്ക്‌  പരിഹാരമാകുന്നില്ല. സാമൂഹിക സാമ്പത്തിക സമത്വത്തിനായുള്ള അംബേദ്ക്കറിന്റെ സ്വപ്നങ്ങൾ ഇന്നും അതി വിദൂരമാണ്.

ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഓരോ സംസ്ഥാനങ്ങളും സമൂഹത്തിലെ താണവരായ ദളിതരുടെ വിദ്യാഭ്യാസവും സാമ്പത്തിക താല്പര്യങ്ങളും പരിപാലിക്കുകയും സമൂഹത്തിലെ അനീതികളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും ദളിതരെ സംരക്ഷിക്കുകയും വേണം. എന്നാൽ ഇന്നും ദളിതരുടെ മേലുള്ള പീഡനങ്ങളുടെ കഥകളാണ് പത്രങ്ങളിൽ നാം വായിക്കാറുള്ളത്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിരാശനായ പി .എച്ച്. ഡി യ്ക്ക് പഠിച്ചിരുന്ന 'രോഹിത വെമുലാ' യെന്ന വിദ്യാർത്ഥി തൂങ്ങി മരിച്ചത് സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. രാഷ്ട്രത്തിനു അതൊരു അപമാനമായിരുന്നു. അയാൾ എഴുതിയ വികാരപരമായ മരണക്കുറിപ്പിൽ ദളിതനായി ജനിച്ച തന്റെ സ്വന്തം ജന്മത്തെ പഴിച്ചിരുന്നു.  സ്വതന്ത്രവും നീതിയുമായുള്ള ഒരു ഭാരതം ഇന്നും ദളിതർക്ക് വിധിച്ചിട്ടില്ലായെന്നതാണ് സത്യം. 'രോഹിത വെമുലാ' യുടെ മരണത്തിൽ വിവിധ സർവകലാശാല വിദ്യാർഥികൾ പ്രതിക്ഷേധിക്കുന്നുണ്ട്.  ഒന്നായി നാം കാണുന്ന ഭാരതമണ്ണിൽ ഇത്തരം ദു:ഖങ്ങളുടെ  ദളിത കഥകൾ നിത്യവും സംഭവിക്കുന്നതാണ്.  കഴിഞ്ഞ നാലഞ്ചു വർഷങ്ങൾക്കുള്ളിൽ വടക്കേ ഇന്ത്യയിലെ സർവ്വ കലാശാലകളിൽ തന്നെ ഇരുപത്തിയഞ്ചോളം  ദളിത വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി കാണാം. സാംസ്ക്കാരിക വിദ്യാഭ്യാസ മേഖലകളിൽ  പേരും പെരുമയും ആർജിച്ച സ്ഥാപനമായ  ആൾ ഇന്ത്യാ ഇൻസ്റ്റിട്ട്യൂട്ടിലും  ആത്മഹത്യകളുടെ കഥകൾ കേള്ക്കുന്നുണ്ട്. ദളിതരുടെ ഈ ദുരന്ത ഭൂമിയിൽ സംഭവിക്കുന്ന പരമ്പരകൾ ഇന്ത്യയുടെ ഭരണ സംവിധാനങ്ങളുടെ  പരാജയമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ ഒരോ പതിനെട്ടു മിനിറ്റിലും ദളിതരുടെ മേൽ ലൈംഗിക പീഡനവും ബലാത്സംഗവും  തുടരുന്നു. ഒരോ ദിവസവും മൂന്നു ദളിത സ്ത്രീകളെ പീഡിപ്പിക്കുകയും രണ്ടു ദളിതരെയെങ്കിലും കൊല്ലുകയും ചെയ്യുന്നു. സ്ഥിതി വിവര കണക്കനുസരിച്ച് മുപ്പത്തിയേഴ് ശതമാനം ദളിതരും ദാരിദ്ര രേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. അമ്പത്തിനാല് ശതമാനം ദളിതരും അർദ്ധ പട്ടിണിക്കാരായി കഴിയുന്നു. ദിവസം പ്രതി രണ്ടു ദളിത വീടുകൾ കത്തിക്കുന്നു. ആദ്യത്തെ ജന്മദിനത്തിനു മുമ്പ് ജനിക്കുന്ന കുഞ്ഞുങ്ങളിൽ ആയിരത്തിൽ എൺപത്തി മൂന്നു പേർ മരിക്കുന്നു.  നാല്പ്പത്തിയഞ്ചു ശതമാനം ദളിതരും ഇന്നും നിരക്ഷരർ ആണ്. പന്ത്രണ്ടു ശതമാനം അഞ്ചു വയസിനു മുമ്പും മരിക്കുന്നു.  ഇരുപത്തിയെട്ടു ശതമാനം ഗ്രാമങ്ങളിൽ ദളിതർക്ക് പോലീസ് സ്റ്റേഷനിൽ കയറുവാനുള്ള അനുവാദമില്ല. മുപ്പത്തിയൊമ്പത് ശതമാനം  സർക്കാർ സ്കൂളുകളിൽ ദളിതർ ഭക്ഷണം കഴിക്കുമ്പോൾ പ്രത്യേകം ബഞ്ചിൽ ഇരിക്കണം. ഇരുപത്തിനാലു ശതമാനം ഗ്രാമങ്ങളിൽ ദളിതരുടെ വീടുകളിൽ പോസ്റ്റ്മാൻ  എഴുത്തുകൾ കൊടുക്കില്ല. 1955-ൽ പ്രാബല്യത്തിലായ ഭരണഘടനാ നിയമങ്ങളനുസരിച്ച് 'തൊട്ടുകൂടായ്മ' നിയമ വിരുദ്ധമെങ്കിലും ഇന്നും നാല്പത്തിയെട്ടു ശതമാനം ഗ്രാമങ്ങളിൽ സവർണ്ണരുടെ പ്രദേശങ്ങളിൽ ദളിതരെ വെള്ളം കോരാൻ അനുവദിക്കില്ല.  നാം ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഭരണഘടന വാഗ്ദാനം ചെയ്ത നീതിയും സത്യവും സമത്വവും സ്വാതന്ത്ര്യവും ഇന്നും ദളിതർക്ക് ലഭിക്കുന്നില്ല. ഗ്രാമങ്ങളിൽ ദളിതർ പീഡിതരായി കഴിയുന്നു. വിദ്യാലയങ്ങളിലും  തൊഴിൽ മേഖലകളിലും  രാഷ്ട്രീയക്കളരികളിലും അവരെന്നും സവർണ്ണരുടെ  വിവേചനപരമായ പെരുമാറ്റത്തിലും അടിമത്വത്തിന്റെ നുകക്കീഴിലുമാണ്.

നമ്മുടെ രാജ്യത്തിലെ നൂറു കണക്കിന് ജില്ലകളിലും അനേക സംസ്ഥാനങ്ങളിലും ഇന്നും ദളിതർ സവർണ്ണരുടെ ഭീഷണിമൂലം ജീവനെ പേടിച്ച് ഭയത്തോടെയാണ് കഴിയുന്നത്‌. പൌരാവകാശങ്ങളിലും സാമൂഹിക രാഷ്ട്രീയ തലങ്ങളിലും സാമ്പത്തിക മേഖലകളിലും വർണ്ണ വ്യവസ്തയെന്നുള്ളത് ഒരു നിർണ്ണായക ഘടകമാണ്. രാഷ്ട്രീയ ചിന്താഗതിയുള്ള ദളിതർ വോട്ടവകാശങ്ങളിൽക്കൂടിയും രാഷ്ട്രീയ ബന്ധങ്ങളിൽക്കൂടിയും അവരുടെ നിലനില്പ്പ് ഭദ്രമാക്കിയിട്ടുണ്ട്. എങ്കിലും ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന അവകാശങ്ങൾക്കായി, ജനിച്ചു വളർന്ന ഭൂമിയിലെ പുരോഗതിയുടെ സ്വപ്ന ദർശനങ്ങൾക്കായിദളിതർക്ക് ഇനിയും പ്രതിബന്ധങ്ങൾ നേരിടേണ്ടതായുണ്ട്. 

ഇന്ന്, ലോകത്തിലേറ്റവുമധികം പീഡിപ്പിക്കപ്പെടുന്നവർ ദളിതസ്ത്രീകളാണ്. പുരുഷന്മാർ അവരുടെ മസിലുകൾകൊണ്ട് നേട്ടങ്ങൾ കൊയ്യുമ്പോൾ അവരുടെ സ്ത്രീകൾ പുരുഷനിൽനിന്നും മേൽജാതികളിൽനിന്നും ഒരുപോലെ കഷ്ടതകൾ അനുഭവിക്കുന്നു. പ്രഭാതം മുതൽ സൂര്യാസ്തമയം വരെ അവരും കഠിന പ്രയത്നം ചെയ്യണം. പാടത്തും പണിശാലകളിലും പുരുഷനുമൊപ്പം പണിയണം. പുരുഷനു കൊടുക്കുന്ന പകുതി വേതനം കൊണ്ട് സ്ത്രീ തൃപ്തിപ്പെടണം. പ്രഭാതത്തിലുണർന്ന് അവർ പുരുഷനും കുഞ്ഞുങ്ങൾക്കും ഭക്ഷണം പാകം ചെയ്യണം. കുഞ്ഞിനു മുലയൂട്ടണം. കള്ളും കുടിച്ചു ലക്കില്ലാതെ വരുന്ന പുരുഷന്റെ തൊഴിയും സ്വീകരിക്കണം. സൂര്യനുദിക്കും മുമ്പ് മറ്റുള്ളവരുണരും മുമ്പ് പുറം പ്രദേശങ്ങളിലും റയിൽവേപാതകളുടെ സമീപങ്ങളിലും വഴിയോരങ്ങളിലും മലമൂത്ര വിസർജനങ്ങൾ മുതലായ പ്രഭാത കർമ്മങ്ങളും നിർവഹിക്കണം. ഒരു സ്ത്രീ ദളിതയായി ജനിച്ചതുകൊണ്ടു മാത്രമല്ല, കാമവെറിയന്മാരുടെ മുമ്പിൽ അവരുടെ സ്ത്രീത്വത്തിനും വില പറയണം. ഭാരതത്തിലെ ഉൾനാടുകളിലെ ദളിതരിലെ ഭൂരിഭാഗം സ്ത്രീകളും മല മൂത്രങ്ങളും വിസർജനങ്ങളും നീക്കം ചെയ്യുന്ന തോട്ടികളും ഭൂമി രഹിതരുമാണ്. യുവതികളായ ദളിതസ്ത്രീകളെ വ്യപിചാരത്തിനു പ്രേരിപ്പിക്കുകയും പട്ടണങ്ങളിലെ വേശ്യാലയങ്ങൾക്ക് വിൽക്കുകയും ചെയ്യുന്നു. ഗ്രാമങ്ങൾ മുതൽ പട്ടണങ്ങൾ വരെ അവർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്നതായും കാണാം. ബീഹാറിലെ രണവീർ പോലുള്ള സംഘടനകൾ അവരെ ബലാൽസംഗം ചെയ്യുകയും അവയവങ്ങൾ മുറിച്ചു കളയുകയും കൂട്ടക്കൊലകൾ നടത്തുകയും ചെയ്തിട്ടുണ്ട്. തമിൾനാടുപോലുള്ള സംസ്ഥാനങ്ങളിൽ പോലീസുകാർ അവരെ കാരണമില്ലാതെ അറസ്റ്റു ചെയ്യുകയും ജയിലുകളിലിട്ടു പീഡിപ്പിക്കുകയും ചെയ്യുന്നതായി മനുഷ്യാവകാശ റിപ്പോർട്ടിൽ കാണുന്നു. ദളിതസ്ത്രീകളുടെ മേൽ പോലീസ്‌ നടപടികളും കടന്നാക്രമണങ്ങളും ശാരീരിക പീഡനങ്ങളും നിത്യസംഭവങ്ങളായി വാർത്തകളിൽ നിറഞ്ഞിരിക്കുന്നു. 

നിർദ്ധന കുടുംബത്തിലെ ഒരു അമ്മയുടെ ഏക ആശ്രയമായിരുന്ന ജിഷയെന്ന ദളിത യുവതിയുടെ മരണം സാക്ഷര കേരളത്തിനൊരു അപവാദമായിരുന്നു. നീതി ആ യുവതിയുടെമേൽ  കനിയുമോയെന്നു ഇനിയും കാത്തിരുന്നു കാണണം. കാട്ടാള കാമ വെറിയന്മാരുടെ നടുവിൽ ഒരു ചെറ്റകുടിലിൽ ദളിതയായി പിറന്ന ജിഷക്ക് ആശ്രയമായിരുന്നത് ആ അമ്മ മാത്രമായിരുന്നു. ഭാവിയിലേക്കുള്ള ഒരു അത്താണിയായി അമ്മയും മകളിൽ പ്രതീക്ഷകൾ പടുത്തുയർത്തിയിരുന്നു. കൂലിപ്പണി ചെയ്തും യാചനകൾ നടത്തിയും മകളെ നിയമ ബിരുദത്തിനു പഠിപ്പിച്ചുകൊണ്ട് ദരിദ്രയായ അമ്മ അവരുടെ കുടുംബവും നടത്തിവന്നു. ശരീരഭാഗങ്ങൾ വെട്ടിമുറിച്ച്, ജനനേന്ദ്രിയങ്ങൾ തകർത്തുള്ള നിലയിൽ പൊന്നോമന മകളുടെ മരിച്ച ശരീരം കണ്ടപ്പോൾ ആ അമ്മ ഹൃദയം തകർന്ന് ബോധരഹിതയായി തറയിൽ വീണു. സത്യവും ധർമ്മവും ഉൾക്കൊണ്ട ഒരു നീതിപീഠത്തിനു മുമ്പാകെ ഭാവിയിൽ അഭിഭാഷികയായി സത്യപ്രതിജ്ഞ ചെയ്യണമെന്നുള്ള ജിഷയുടെ മോഹനസ്വപ്നങ്ങൾ അന്നവിടെ കെട്ടെരിയുകയായിരുന്നു. തകർന്ന മാറിടങ്ങളും ആഴത്തിലുള്ള മുപ്പത്തിയെട്ടിൽപ്പരം മുറിവുകളും നല്കിയാണ് അവളുടെ ഘാതകൻ അന്നു രക്ഷപെട്ടത്. പാവം ജിഷ ദരിദ്രയായിരുന്നു. ദളിതയായിരുന്നു. അവളിലെ സ്ത്രീത്വത്തെ കവർന്നു. എന്തിനായി കുഞ്ഞേ നീ ഈ ദുരന്തഭൂമിയിൽ ജനിച്ചുവെന്ന പെറ്റുവളർത്തിയ ഒരമ്മയുടെ വിലാപവുമായി കേഴുന്ന കേരളത്തിൽ അവളിന്നൊരു ചോദ്യ ചിന്ഹമായിരിക്കുകയാണ്.  

 (അടുത്ത ലേഖനത്തോടുകൂടി ഈ പരമ്പര അവസാനിക്കുന്നു.) 










 കുട്ടികൾക്കും
  ചുവന്നപാത്രം ദളിത കുട്ടികൾക്കും  പച്ചപാത്രം സവർണ്ണ 


Saturday, May 7, 2016

പൂഞ്ഞാറിലെ കേജരിവാൾ അഡ്വക്കേറ്റ് ശ്രീമതി ഇന്ദുലേഖ ജോസഫ്


By ജോസഫ് പടന്നമാക്കൽ

പൂഞ്ഞാർ നിയോജക മണ്ഡലമെന്നുള്ളത്  എന്തുകൊണ്ടും ചരിത്ര പ്രാധാന്യം അർഹിക്കുന്നതും മനോഹരമായ ഭൂപ്രദേശങ്ങൾ ഉൾപ്പെട്ടതുമാണ്. മത സാഹോദര്യത്തിന്റെ ഈറ്റില്ലമാണിവിടം. ഹിന്ദുക്കളും മുസ്ലിമുകളും ക്രിസ്ത്യാനികളും തിങ്ങി പാർക്കുന്ന ഈ പ്രദേശങ്ങളിൽ ജാതി മത ഭേദമെന്യേ എക്കാലവും എല്ലാവരും സൗഹാർദ്ദമായി കഴിഞ്ഞിരുന്നുവെന്നതും ചരിത്രസത്യമാണ്.  പൂഞ്ഞാറ്റിൽ തമ്പുരാക്കന്മാരുടെ വാസസ്ഥലമെന്ന നിലയിൽ  ഈ പ്രദേശങ്ങൾ പഴയകാലം മുതൽ പേരും പെരുമയും ആർജിച്ചതായിരുന്നു. ഒരു വശത്തു മീനച്ചിലാറും മറ്റൊരു വശത്തു പമ്പാ നദിയും അടങ്ങിയ ഈ പ്രദേശങ്ങൾ വിവിധ സംസ്ക്കാരങ്ങളുടെ   ഉറവിടങ്ങളായിരുന്നു.   രണ്ടു പ്രാവിശ്യം എം.എൽ .എ യായി പി.സി. ജോർജിനെ   തെരഞ്ഞെടുത്തുവെന്നുള്ളതാണ് ഈ മണ്ഡലത്തിന്റെ പ്രത്യേകത. നിയമ സഭയിൽ എന്നും വിവാദ പുരുഷനായിരുന്ന പി. സി. ജോർജിന്റെ മണ്ഡലമെന്നുള്ള നിലയിൽ  ജനശ്രദ്ധ മുഴുവനും ഇവിടെ നിഴലിച്ചിരിക്കുന്നതും കാണാം.  പി.സി.ജോർജ് തൊപ്പിയടയാളവുമായി ഈ മണ്ഡലത്തിൽ  ജനവിധി തേടുന്നു.

ചർച്ച് ആക്റ്റ് തീവ്ര പ്രവർത്തകയും അഭിഭാഷികയുമായ ശ്രീമതി ഇന്ദുലേഖാ ജോസഫ് പൂഞ്ഞാറിൽ നിന്നും ജനവിധി തേടുന്നത് ഈ തെരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകതയാണ്. പ്രതിയോഗി മാണി വിരുദ്ധനായി അവതരിച്ച പി.സി. ജോർജെന്ന വസ്തുതയും ഈ മത്സരത്തിൽ പുതുമ നല്കുന്നുണ്ട്. സ്വതന്ത്രയായിയാണ് അവർ മത്സരിക്കുന്നത്. അനീതിക്കും അഴിമതിക്കുമെതിരെ പ്രവർത്തിക്കുക, അഴിമതി വിരുദ്ധത ജനങ്ങളിൽ എത്തിക്കുകയെന്നുള്ളത് തന്റെ ലക്ഷ്യങ്ങളെന്നു പ്രമുഖ ചാനലുകളിലെ ടെലിവിഷൻ അവതാരകരുടെ മുമ്പിൽ പ്രൌഡ ഗംഭീരമായ ഭാഷയിൽ ഇന്ദുലേഖ പറഞ്ഞു. തെരഞ്ഞെടുപ്പിന് അനാവശ്യമായി പണം ചെലവഴിക്കുന്നതിനെതിരെയും പി. സി. ജോർജിന്റെ അവസരോചിതമായ രാഷ്ട്രീയത്തിനെതിരെയും അവർ പ്രതികരിച്ചു. എന്തിനായി ഇന്ദുലേഖ മത്സരിക്കുന്നുവെന്ന ഉത്തരമായി "മാലാഖമാർ അറച്ചു നിൽക്കുന്നിടത്ത് ചെകുത്താന്മാർ ഇടിച്ചു കയറും. ഇന്ന് നമ്മുടെ രാഷ്ട്രീയ രംഗത്ത് ചെകുത്താന്മാർ ഇടിച്ചു കയറി അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. അതുകൊണ്ട് അഴിമതി വിരുദ്ധ രാഷ്ട്രീയമാണ് ഈ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡമായി ഞാൻ സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിൽ കടന്നു വരാൻ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ആദ്യം ഞാൻ സമീപിച്ചത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെയായിരുന്നു. എന്നാൽ അവരാരും എന്റെ തീ പാറുന്ന ആശയങ്ങൾ സ്വീകരിക്കാൻ തയ്യാറല്ലായിരുന്നു. " ഇത് ചാനല്കാരുടെ മുമ്പിൽ പറയുമ്പോഴും യുവത്വത്തിന്റെ ലഹരിയിൽ ശ്രീമതി ഇന്ദുലേഖ ആവേശഭരിതയായിരുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യ മുന്നണി നേതാവായിരുന്ന അക്കാമ്മ ചെറിയാനുശേഷം പൂഞ്ഞാറിൽ നിന്നും ഇന്ദുലേഖയെന്ന യുവതി കേജറി വാളിന്റെ ഉശിരോടെ രാഷ്ട്രീയക്കളരിയിൽ അങ്കം വെട്ടാൻ ഇറങ്ങിയിരിക്കുന്നത്  ഇന്ന് അനേകായിരം  ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. അഴിമതിയ്ക്കെതിരെ യുദ്ധം ചെയ്തുകൊണ്ട് ജനങ്ങളുടെ ന്യായമായ അവകാശങ്ങളെ സംരക്ഷിക്കാൻ വേണ്ടി  പോലീസ് സ്റ്റേഷനിലും  കുത്തിയിരിക്കാൻ തയ്യാറായിട്ടാണ് അവർ ജനങ്ങളുടെ വോട്ടിനായി ഇറങ്ങിയിരിക്കുന്നത്. ചെറുപ്രായത്തിലെ അവരുടെ കഴിഞ്ഞകാലാനുഭവങ്ങളുടെ വെളിച്ചത്തിൽ ഇതൊരു പാഴ്വാക്കായി കരുതാനും സാധിക്കില്ല. നിത്യോപയോഗ പാചകങ്ങളിൽ ഒഴിച്ചുകൂടാൻ പാടില്ലാത്ത പച്ച മുളകാണ് തെരഞ്ഞെടുപ്പിന്റെ ചിഹ്നമായി  സ്വീകരിച്ചിരിക്കുന്നത്.

പൂഞ്ഞാർ സെന്റ്‌ ജോർജ് കോളേജിലെ പ്രൊഫസർ ജോസഫ് വർഗീസിന്റെയും അലോഷ്യാ ജോസഫിന്റെയും സീമന്ത പുത്രിയാണ് ശ്രീമതി ഇന്ദുലേഖ. ചിത്ര ലേഖയെന്ന ഒരു സഹോദരിയുമുണ്ട്. സാമ്പത്തിക ക്രമക്കേടുകൾ കാണിക്കുന്ന സഭയ്ക്കെതിരായി സാധാരണ അപ്പനും മകളും ഒന്നിച്ചാണ് പോരാടാനും പ്രകടനങ്ങൾക്കായും പോകാറുള്ളത്. എന്തുകൊണ്ടും ഒരു രാഷ്ട്രീയ നേതാവാകാനുള്ള പരിചയവും തഴക്കവും ചെറു പ്രായത്തിൽ തന്നെ ഇതിനോടകം ഈ യുവതി നേടിക്കഴിഞ്ഞു. കൊച്ചി സർവ്വ കലാശാലയിൽ നിന്നും നിയമ പഠനം പൂർത്തിയാക്കിക്കൊണ്ട് 2014-ൽ  അഭിഭാഷികയായി എന്ട്രോൾ ചെയ്തു. പഠിക്കുന്ന കാലങ്ങളിൽ കോളേജിന്റെയും സർവ്വ കലാശാലയുടെയും മുമ്പിൽ സമര പന്തൽ വിരിച്ചുകൊണ്ട്  സത്യാഗ്രഹം ചെയ്തും സ്വന്തം ജീവിതത്തെ കരു പിടിപ്പിക്കാനായി ക്രൈസ്തവ മാനേജ് മേന്റെനെതിരെ നീണ്ടകാലങ്ങൾ കേസുകൾ നടത്തിയും വാദമുഖങ്ങളിൽ പങ്കെടുത്തുമുള്ള അസാധാരണമായ കഴിവുകൾ ഇതിനോടകം ഈ യുവതി നേടിക്കഴിഞ്ഞു. ടീ.വി. യിലും മാധ്യമങ്ങളിലും ശ്രീമതി ഇന്ദുലേഖ പ്രസിദ്ധയാണ്. കൂടാതെ നല്ലൊരു എഴുത്തുകാരിയും വാഗ്മിയുമെന്നുള്ള വസ്തുതയും ഇവിടെ എടുത്തു പറയുന്നു.

ആരാണ് ഈ  യുവതി? കുഞ്ഞുന്നാൾ മുതൽ നൃത്തം ചവുട്ടി കലാ ലോകത്തും പ്രസരിപ്പു നേടിയിരുന്നു.  ക്ഷണിച്ച പ്രകാരം ദൂര ദർശനിൽ  പരിപാടികൾ അവതരിപ്പിക്കുന്നതിനായി  മൂവായിരം രൂപ കൈക്കൂലി ചോദിച്ചതിന് ഇന്ത്യാ പാർലമെന്റ്  മന്ദിരത്തിനു മുമ്പിൽ പ്രതിഷേധിച്ചു നൃത്തം ചവുട്ടിയ അഞ്ചു വയസുകാരിയുടെ ആ ദൌത്യം വിശ്രമമില്ലാതെ ഇന്നും തുടരുന്നു. കോളേജു പഠന കാലത്ത് പുരോഹിത കാപട്യ മുഖങ്ങൾ തിരിച്ചറിഞ്ഞ് അവർക്കെതിരെ പ്രതികരിക്കുന്നതിനായി സുപ്രീം കോടതി വരെ നിയമ യുദ്ധം നടത്തിയതും ശ്രീ മതി ഇന്ദുലേഖയുടെ നേട്ടങ്ങളുടെ പട്ടികയിൽ ഒന്നാണ്. കോടതിയിൽ അന്നു വിജയിച്ചില്ലെങ്കിലും പരാജയം ജീവിതത്തിന്റെ  അടിസ്ഥാന തത്വങ്ങളായ വിജയത്തിന്റെ പടികളെന്നും അവർ  വിശ്വസിക്കുന്നു.

സത്യവും ധർമ്മവും മുമ്പിൽ കണ്ടുകൊണ്ട്‌ നീതിക്കായി  ഇതിനോടകം നിരവധി പോരാട്ടങ്ങൾ അവർ നടത്തി കഴിഞ്ഞു. അല്മായരുടെ പണം കൊണ്ട് തിന്നു കുടിച്ചു മദിച്ചു നടക്കുന്ന സഭാ നേതൃത്വത്തിനെതിരെ സന്ധിയില്ലാ സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാരിന്റെ നിയന്ത്രണം മുസ്ലീമിന്റെയും ഹിന്ദുക്കളുടെയും  സമുദായ സ്വത്തുക്കളുടെ മേലുണ്ട്. എന്നാൽ ക്രിസ്ത്യൻ സമുദായ സ്വത്തുക്കൾ ഏതാനും സ്വാർത്ഥമതികളായ പുരോഹിതർ നിയന്ത്രിക്കുന്നത്‌ തികച്ചും അനീതിയായി ഇന്ദുലേഖ കരുതുന്നു. അല്മായരുടെ സംഭാവനകൾകൊണ്ട്  സ്വരൂപിച്ചിരിക്കുന്ന സഭാസ്വത്തുക്കളുടെ കണക്കുകൾ നോക്കാൻപോലും അവകാശമില്ലാത്ത വ്യവസ്തിയാണ് ഇന്ന് നിലവിലുള്ളത്. വിദേശപ്പണവും  കറുത്ത പണവും സമുദായ നിധികളിൽ ഒളിഞ്ഞിരുപ്പുണ്ട്. ധൂർത്തടിക്കുന്ന പുരോഹിതരുടെ വരുമാന മാർഗങ്ങളെപ്പറ്റി ചോദ്യം ചെയ്യാനും ആരുമില്ല. സമൂഹ താല്പര്യത്തിനായി സുപ്രീം കോടതി ജഡ്ജിയായിരുന്ന അന്തരിച്ച ശ്രീ ക്രിഷ്ണയ്യർ രചിച്ച ക്രിസ്ത്യൻ ബില്ലിനെ ബിഷപ്പുമാരും പുരോഹിതരും മൊത്തം എതിർക്കുന്നു. ആ ബില്ല് നിയമമായി കാണുന്നവരെ തനിക്കുവിശ്രമമില്ലെന്നും ശ്രീമതി ഇന്ദുലേഖ പറയുന്നു.

അഴിമതിയ്ക്കെതിരെ എന്നും സമരമുഖങ്ങളിൽ പോരാട്ടങ്ങളുമായി മുമ്പിലായിരുന്ന ശ്രീമതി ഇന്ദുലേഖ സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് പൂഞ്ഞാറിൽ മത്സരിക്കുന്നത്.' തൊപ്പി'  അടയാളമായി സ്വീകരിച്ച പി.സി.ജോർജാണ് എതിരാളികളിൽ ഒരാൾ. ഭരണ കാലങ്ങളിൽ പ്രതികരിക്കുന്നവരെ ഉപദ്രവിച്ചു നടന്ന ശ്രീ ജോർജ് ഇന്ന് ജനകീയനായി ജനാധിപത്യത്തിന്റെ കാവല്ക്കാരനായി വീമ്പടിക്കുന്നതും ലജ്ജാവഹം തന്നെ. ശ്രീ ജോർജിനു വീഴുന്ന ഓരോ വോട്ടും ജനാധിപത്യ കേരളത്തിന് അപമാനമായിരിക്കും.  മാനുഷിക പരിഗണനകളോ സംസ്ക്കാരത്തിന്റെ പാരമ്പര്യമോ ശ്രീ ജോർജിൽ നിന്നും പ്രതീക്ഷിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹത്തിൻറെ കഴിഞ്ഞ കാല ചരിത്രങ്ങൾ വ്യക്തമാക്കുന്നു. അഴിമതി വിരുദ്ധപോരാളിയെന്ന് സ്വയം പ്രഖ്യാപിക്കാന്‍ പി.സി.ജോര്‍ജിന് യോഗ്യതയുണ്ടോയെന്ന് അദ്ദേഹം ആത്മപരിശോധന നടത്തേണ്ടതായിയുണ്ട്. അദ്ദേഹം തന്നെ ഒരു അഴിമതി വീരനെന്നാണ് സത്യം.

ശ്രീ ജോർജ് പ്രമാദമായ ഒരു കൈക്കൂലിക്കേസ്സിൽ ഒരു ജുഡീഷണൽ അന്വേഷണത്തിനു വിധേയമായതും കോടതി ശിക്ഷിച്ച വസ്തുതയും  മറച്ചു വെക്കുന്നു. അത് നിയമ സഭയുടെ ചരിത്രത്തിലുള്ള ആദ്യത്തെ സംഭവമായിരുന്നു. ഹൈക്കോടതി ജഡ്ജിമാരടങ്ങിയ ഒരു ജൂറി സംഘമായിരുന്നു അന്ന് ജോർജിനെതിരെ വിധി പ്രഖ്യാപിച്ചത്. 1981-ൽ പൂഞ്ഞാർ മണ്ഡലത്തിൽപ്പെട്ട ഒരു പാവപ്പെട്ട സ്ത്രീയ്ക്ക് ജോലി കൊടുക്കാമെന്നു സമ്മതിച്ച് ഇരുപത്തി അയ്യായിരം രൂപ കൈക്കൂലി മേടിച്ചുവെന്ന കേസ്സായിരുന്നു അന്നു തെളിഞ്ഞത്. ആ വിധി പൊതു പ്രവർത്തനം പോലും നടത്താൻ  അയോഗ്യത കൽപ്പിച്ചുകൊണ്ടുള്ളതായിരുന്നു.   ജഡ്ജി ബാല ഗംഗാധരൻ, എസ.കെ. ഖാദർ, ഡോക്ടർ ആർ പ്രസന്നൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജുഡീഷൽ അംഗങ്ങളാണ് ജോർജിന്റെ ഗുരുതരമായ ഈ അഴിമതി തെളിയിച്ചത്. പല നാൾ കട്ടാൽ ഒരു നാൾ പിടിക്കുമെന്നപോലെ അന്നത് സംഭവിച്ചു പോയി. വിധി വന്നപ്പോഴേയ്ക്കും ജോർജിന്റെ നിയമ സഭാ കാലാവധി അവസാനിച്ചിരുന്നു. പിന്നെ ഒന്നും സംഭവിച്ചില്ല. പൂഞ്ഞാറിലുള്ള താഴത്തു പറമ്പിൽ തൊമ്മൻ ചാക്കോയാണ്  ജോർജിന്റെ ഈ കോഴ വിവരം പുറം ലോകത്തെ അറിയിച്ചത്. അദ്ദേഹത്തിൻറെ സഹോദരി കെ. കെ. ത്രസ്യാമ്മയ്ക്ക് ചെമ്മലമറ്റം സ്കൂളിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന വാഗ്ദാനവുമായിട്ടായിരുന്നു ജോർജ് കോഴ വാങ്ങിയത്. എന്നാൽ സ്കൂൾ മാനേജ്മെന്റ് കോഴ വാങ്ങാൻ തയ്യാറാകാഞ്ഞതും ജോർജിന് വിനയായി. ജോർജ് പണം തിരികെ കൊടുക്കാൻ തയ്യാറാകാത്തതിനാൽ മാത്തച്ചൻ കുരുവിനാക്കുന്നേലും ഈ കേസ്സിൽ മദ്ധ്യസ്ഥതയ്ക്കായി ഇടപെട്ടിരുന്നു.   മാത്തച്ചൻ കുരുവിനാക്കുന്നേലുമായ കത്തുകളും സ്കൂൾ അധികൃതരുടെ തീരുമാനവും ജുഡീഷണൽ അന്വേഷണത്തിൽ ജോർജിന് പ്രതികൂലമായി വന്നു.

മറ്റൊരു  സ്ഥാനാർഥിയായ ശ്രീ പി. സി.  ജോസഫ്  മാണി കോൺഗ്രസ് വിട്ടു ഇടതു പക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയാണ്. തോന്നുന്ന വിധം ആദർശങ്ങൾ ബഹിഷ്ക്കരിച്ച് അവസരോചിതമായി പാർട്ടികൾ മാറുന്നവരുടെ ഉദ്ദേശം പൊതു ജനങ്ങളുടെ സേവിക്കണമെന്നുള്ളതല്ല  മറിച്ചു സ്വാർത്ഥതാല്പര്യങ്ങൾക്കു  വേണ്ടി നിലകൊള്ളുന്നതു കൊണ്ടാണ്. മാണി കോൺഗ്രസ്സിൽ കൂടുതലായ സ്ഥാനം ലഭിക്കില്ലെന്നറിഞ്ഞപ്പോൾ ഇടതു പക്ഷമായി. നാളെ ബീ. ജെ. പിയിലും പ്രവർത്തകനാകാം. അഴിമതിയിൽ കുളിച്ച മാണിയോടൊപ്പം നീണ്ട കാലം പ്രവർത്തന പരിചയമുള്ളതു കൊണ്ട് കേജറി വാൾ  അദ്ദേഹത്തെ സ്വീകരിക്കാനും സാധ്യതയില്ല.

ഇന്ദു ലേഖയുടെ അച്ഛൻ ജോസഫ്  വർഗീസ്‌ എഴുതിയ 'നസ്രായനും നാരായണത്തു ഭ്രാന്തനു'മെന്ന പുസ്തകം ഏറെ വിവാദമായിരുന്നു.
പുരോഹിതർക്ക് രുചിക്കാത്ത പുസ്തകം  എഴുതിയതിന്  അധികാര മത്തു പിടിച്ച പുരോഹിതർ  ഇന്ദുലേഖയെ കോളേജിൽ നിന്നും പുറത്താക്കി പ്രതികാരം തീർക്കുകയാണുണ്ടായത്. നിയമവും കോടതികളും പുരോഹിതരുടെ വാക്കുകൾ കണക്കിലെടുത്തതു കൊണ്ട് ഇന്ദുലേഖയ്ക്കെതിരായി വിധിവന്നു. അത് അവരുടെ ജീവിതത്തിലെ താങ്ങാൻ പാടില്ലാത്ത ദുഃഖകരമായ ഘട്ടങ്ങളായിരുന്നു.  അതുമൂലം മൂന്നു വർഷങ്ങളാണ് അവർക്ക് കോളേജു ജീവിതത്തിൽ നഷ്ടപ്പെട്ടത്. മനുഷ്യത്വത്തിന്റെ വിലയറിയാത്ത കപട പുരോഹിതർക്ക്  ഒരു പെൺക്കുട്ടിയുടെ ഭാവിയെ തകർക്കുന്നതിൽ യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല. പാപപങ്കിലമായ കൈകൾകൊണ്ട്  നിത്യം കുർബാനകൾ  അർപ്പിക്കുന്ന ആ വന്ദ്യ പുരോഹിതർക്ക് ഇന്ദുലേഖയുടെ നഷ്ടപ്പെട്ട വർഷങ്ങൾ തിരിച്ചു കൊടുക്കാൻ സാധിക്കുകയുമില്ല. എങ്കിലും നിരാശയാകാതെ അടിപതറാതെ  അവർ ജീവിതത്തെ ഒരു വെല്ലുവിളിയായി സ്വീകരിച്ചു. ഇന്ന് ആയിരങ്ങളാണ് ഇന്ദുലേഖയ്ക്ക് പിന്നിൽ പുരോഹിത അഴിമതികൾക്കെതിരെ ശബ്ദിക്കുന്നത്. ഈ യുവതിയുടെ തീവ്രമായ യുവശക്തിയെ  ലോകം മുഴുവൻ ആദരിക്കുന്നു. ശ്രവിക്കുന്നു.   ചഞ്ചലമായ മനസോടു കൂടിയ ഒരു ജനപ്രതിനിധിയെയല്ല നമുക്കിന്നാവിശ്യം. ജനങ്ങളുടെ കണ്ണുനീരിനെ വിലയിരുത്താനും പാവങ്ങളോടൊപ്പം പ്രവർത്തിക്കാനും അവരുടെ ക്ഷേമാന്വേഷണങ്ങളിൽ വ്യാപ്രുതനാവാനും കഴിവും പ്രാപ്തിയുമുള്ള ഒരു നേതാവിനെയാണാവശ്യം. വൃദ്ധ ജനങ്ങൾ പേരമക്കളെയും പരിരക്ഷിച്ചു കൊണ്ട് വീട്ടിലിരിക്കുന്നതിനു പകരം നാടിനെ മുടിക്കാൻ അധികാരത്തിനായി ഇറങ്ങിയിരിക്കുകയാണ്. അവരുടെ ഉദ്ദേശം മറ്റൊന്നുമല്ല, കോഴ- കൈക്കൂലി കൊണ്ട് സ്വന്തം കീശ വർദ്ധിപ്പിക്കണം. കേരളത്തിലെ ധീരയായ ഇന്ദുലേഖയെന്ന യുവതി അഴിമതിക്കും പുരോഹിതരുടെ കോളേജുകളിലെ കോഴ പിരിവിനും എതിരായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ അഴിമതി വീരന്മാരും ഡൽഹിയിലെ കേജറിവാളിനെ ഭയപ്പെടുന്നപോലെ കേരളത്തിലെ ഈ യുവതിയായ കേസരിയെയും ഒരിയ്ക്കൽ  ഭയപ്പെടാതിരിക്കില്ല.

സ്വന്തമായി ജീവിതത്തെ കരു പിടിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കോളേജിൽ നിന്നും പുറത്താക്കിയ സഭയുടെ നടപടികൾക്കെതിരെ  സുപ്രീം കോടതിവരെ പോയി. അന്ന് കേട്ടനുഭവിച്ചറിഞ്ഞ  കോടതി വിസ്താര വാദങ്ങളും പ്രതിവാദങ്ങളും ഇന്ദുലേഖയെ നാളയുടെ വാഗ്ദാനമായ  ഒരു അറ്റോർണിയാകാൻ വഴി തെളിയിച്ചു. യുവതലമുറകളുടെ മനസ്സിൽ ആഞ്ഞടിക്കുന്ന നവമായ ആശയങ്ങളാണ്‌ പ്ലാറ്റ് ഫോറങ്ങളിൽ നിന്നും കേൾവിക്കാരുടെ മുമ്പിൽ അവർ അവതരിപ്പിക്കുന്നത്‌. കേജറിവാളിനെപ്പോലെ യുവത്വത്തിന്റെ പ്രസരിപ്പുള്ള  നേതാക്കൾ രാജ്യം ഭരിക്കണമെന്ന് ഈ ഇരുപത്തിയേഴുകാരി ആവശ്യപ്പെടുന്നു. 'യുവാക്കൾക്കും യുവതികൾക്കും അവസരങ്ങൾ നല്കിക്കൊണ്ട് വൃദ്ധരായവർ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കണമെന്നും നിയമപരമായി തന്നെ രാഷ്ട്രീയത്തിലും പ്രായ പരിധി നിശ്ചയിക്കണമെന്നും രണ്ടു പ്രാവശ്യത്തിൽ കൂടുതൽ ആരെയും സാമാജികരായോ മന്ത്രിമാരായോ  തെരഞ്ഞെടുക്കാൻ പാടില്ലെന്നും' അവർ നിർദ്ദേശിക്കുന്നു. കൂടുതൽ കാലം ഭരിക്കുംതോറും അധികാര മോഹവും അഴിമതികളും കാരണമാവുമെന്നും അതൊരു രാജ വാഴ്ചക്ക് നയിക്കുമെന്നാണ്‌ ശ്രീമതി ചിന്തിക്കുന്നത്.  സ്വന്തം പോക്കറ്റിൽ നിന്നും പൊതു ജനങ്ങളിൽ നിന്ന് ഞെക്കി പിഴിഞ്ഞും തെരഞ്ഞെടുപ്പു ചെലവിനായി പണം മുടക്കുന്നവർ ആ പണം വീണ്ടെടുക്കുന്നതിനായി പിന്നീട് അഴിമതികൾക്ക് കൂട്ടു നില്ക്കുമെന്നും മത്സരിക്കുന്നവർ മിതമായ സർക്കാർ ചെലവിൽ പ്രചരണം നടത്തേണ്ട സംവിധാന മുണ്ടാക്കണമെന്നും പ്രചരണ പത്രികയിൽ പറയുന്നു. കഴിഞ്ഞ കാല അനുഭവങ്ങൾ വെച്ചു വിലയിരുത്തിയാൽ  ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ചെവികൊള്ളാൻ ഒരു രാഷ്ട്രീയ നേതാക്കളും രംഗത്തു വന്നിട്ടില്ലായെന്ന കാര്യവും അവർ ചൂണ്ടി കാണിക്കുന്നു. ഒരു സാമാജികയായി അവസരം നേടിയാൽ സർക്കാരിലെ ചുവപ്പു നാടകളുടെ കൊള്ളരുതായ്മകളെ വെളിച്ചത്തു കൊണ്ടു വന്ന് ജനങ്ങളുടെയിടയിൽ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്ന വാഗ്ദാനങ്ങളും ഈ യുവസ്ഥാനാര്‍ത്ഥി നല്കുന്നു.

ഒരു എം.എൽ.എ യായാൽ ഒരുവൻ കല്ലിടീലും നാട മുറിക്കലും കെട്ടിടങ്ങളുടെ ഫലകത്തിൽ പേരു കൊത്തിക്കാനും സമയം കണ്ടെത്തുന്നു. ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് അയാൾക്ക്‌  ഭീമമായ ശമ്പളവും  യാത്രയ്ക്കുള്ള അലവൻസുകളും ലഭിക്കും. ബിഷപ്പിന്റെ അരമനകളിലെയും വൻകിട കോൺട്രാക്റ്റർമാരുടെ ഭവനങ്ങളിലെയും  ഭക്ഷണം അയാൾക്ക് പ്രിയങ്കരമായിരിക്കും. വിശക്കുന്ന വയറുകൾ നാടിന്റെ നാനാ ഭാഗത്തുമുണ്ടെന്നുള്ള വിവരം അധികാരം കിട്ടുന്ന നാൾ മുതൽ മറക്കുകയും ചെയ്യും.   ഇന്ദുലേഖയുടെ പ്രകടന  പത്രികയിൽ അധികാരം കിട്ടിയാൽ ഒരു ചില്ലി കാശു പോലും ജനങ്ങളുടെ പണത്തിൽ നിന്ന് ദുർ വിനിയോഗം ചെയ്യില്ലാന്നും ഉണ്ട്. അവർക്കതിന്റെ ആവശ്യവുമില്ല.  മെത്രാനെ സ്തുതി ചെല്ലുകയുമില്ല. മറ്റുള്ള രാഷ്ട്രീയക്കാരിൽ നിന്നും വേറിട്ട്‌ ഡൽഹിയിലെ കേജറി വാളിനെപ്പൊലെ വിദ്യാസമ്പന്നരായ മാതാപിതാക്കളിൽ നിന്നാണ് അവർ ശിക്ഷണം പഠിച്ചത്. അവരുടെ പിതാവ് ഒരു കോളേജിന്റെ സുപ്രസിദ്ധനായ പ്രൊഫസറുമാണ്. ആവശ്യത്തിന് സമ്പത്ത് കൈകാര്യം ചെയ്യുന്ന മാന്യമായ ഒരു വീട്ടിലാണ്  അവർ വളർന്നതും.  അന്തസ്സും അഭിമാനവുമുള്ള കുടുംബ പാരമ്പര്യവും   ഇന്ദുലേഖയുടെ ഈ ചുരുങ്ങിയ ജീവിതത്തിനുള്ളിലെ  പ്രവർത്തനങ്ങളിൽ നിന്നും  മനസിലാക്കാം.  പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ   ഇന്ദുലേഖയുടെ പ്രതിയോഗികളായി മത്സരിക്കുന്നവർ പി.സി.ജോർജ്, ജോർജുകുട്ടി അഗസ്റ്റിൻ, ആർ. ഉല്ലാസ് എന്നിവരാണ്. ശക്തരായ ഈ നേതാക്കളെ നേരിടാൻ ഇന്ദുലേഖ തയ്യാറായി കഴിഞ്ഞിരിക്കുന്നു. പണക്കൊഴുപ്പിന്റെ ഒഴുക്കുകളില്ലാതെ ചില മാധ്യമങ്ങളിൽ പരസ്യം മാത്രം കൊടുത്താണ് അവർ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. രാക്ഷസനായ ഗോലീയാത്തിനെ നേരിടാൻ ഇടയ ബാലനായ ദാവീദിന് സാധിച്ചുവെന്ന വിശ്വാസമാണ് ശ്രീ മതി ഇന്ദു ലേഖയ്ക്കുള്ളത്. സ്വന്തം നാട്ടുകാർ തനിക്കൊപ്പം നിൽക്കുമെന്നുള്ള ആത്മ വിശ്വാസം അവർ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ജയിക്കുമെന്നു തന്നെ ദൃഡമായി വിശ്വസിക്കുകയും ചെയ്യുന്നു.അഞ്ചാം വയസുമുതൽ പ്രതിക്ഷേധ ശബ്ദവുമായി രണഭൂമിയിലിറങ്ങിയ ഈ വീര ശൂര നായിക ജനാധിപത്യത്തിന് ഒരു മാതൃകയുമാണ്. 

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...