Tuesday, May 10, 2016

ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം-12)




നേട്ടങ്ങളും കോട്ടങ്ങളും നെഞ്ചിലേറ്റിയ ദളിതരുടെ  സാമൂഹിക മാറ്റങ്ങൾ 

By ജോസഫ് പടന്നമാക്കൽ

ബ്രാഹ്മണ സൃഷ്ടിയുടെ വർണ്ണാശ്രമ ധർമ്മമാരംഭിക്കുന്നത്  ഋഗ് വേദത്തിൽനിന്നുമാണ്. ജനനം കൊണ്ടുള്ള ഒരുവന്റെ വർണ്ണ ചരിത്രത്തിന്റെ തുടക്കം വേദകാലമായ ബി .സി 1500-നും 1100-നും മദ്ധ്യേയുള്ള കാലഘട്ടങ്ങളിലാണെന്നും കാണാം. ദൈവങ്ങൾ പുരുഷനെ കഷണം കഷണങ്ങളായി മുറിച്ചപ്പോൾ ബ്രാഹ്മണർ അവന്റെ വായിൽ നിന്നും ക്ഷത്രിയർ  കൈകളിൽനിന്നും വൈശ്യർ തുടകളിൽ നിന്നും ശൂദ്രർ  പാദങ്ങളിൽ നിന്നും പൊട്ടിമുളച്ചു. പുരുഷ സൂക്തത്തിൽ പത്താം ഭാഗത്തിൽ പത്തൊമ്പതാം ശ്ലോകമായി ഇത് പ്രപഞ്ചത്തിന്റെ ആരംഭമായി വിവരിച്ചിരിക്കുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടിൽ രചിച്ച തമിഴിലെ 'പെരിയ പുരാണത്തിൽ'  തൊട്ടുകൂടാ ജാതിയിലെ  നയനാറെന്നു പേരുള്ള  പുലയ കവിയെപ്പറ്റി പരാമർശിക്കുന്നുണ്ട്. ദൈവത്തെ ആരാധിക്കാനുള്ള ആവേശത്തിൽ അമ്പലത്തിലെ സംഗീതോപകരണങ്ങളും ചെണ്ടകൾക്കുള്ള ലതറും ചരടുകളും കവിയായ 'നയനാർ' നിർമ്മിച്ചിരുന്നതായി പുരാണം പറയുന്നു. ശിവഭക്തനായിരുന്നെങ്കിലും  ജനനം കൊണ്ട് താണ ജാതിയിൽ ജനിച്ചതിനാൽ അമ്പലത്തിൽ പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നില്ല.  അമ്പലത്തിനുള്ളിൽ ശിവനെ തൊഴാൻ തീക്ഷ്ണമായ ആഗ്രഹമുണ്ടായിരുന്ന അദ്ദേഹം അവിടേയക്കുള്ള  യാത്ര നിത്യവും മാറ്റി വെച്ചിരുന്നതുകൊണ്ട് 'തിരുനാളൈ പോവർ'  (നാളെ അമ്പലത്തിൽ പോകുന്നവൻ ) എന്നുമറിയപ്പെടുന്നു. ഒരിക്കലദ്ദേഹം ധൈര്യം കാട്ടി ചിതമ്പരത്തിലെ അമ്പലവാതിൽക്കൽവരെയെത്തി.  ഒരു ദളിതൻ ആദ്യമായി അമ്പലത്തിൽ പ്രവേശിക്കാൻ ശ്രമിച്ചതും അന്നായിരുന്നു. ദളിതർ  അമ്പലത്തിന്റെ സമീപത്ത് വരുന്നത് കുറ്റകരവുമായിരുന്നു.  അങ്ങനെ സംഭവിച്ചാൽ വിചാരണ കൂടാതെ ബ്രാഹ്മണർക്ക് ദളിതനെ വധിക്കാനുള്ള അധികാരവുമുണ്ടായിരുന്നു. അന്ന്  ദളിതന്റെ ശബ്ദം ആദ്യമായി അമ്പലമുറ്റത്തു മുഴങ്ങി. അവരുടെ സ്വാതന്ത്ര്യത്തിന്റെ ദീപം ആദ്യം കൊളുത്തിയത് കവിയായ നയനാറായിരുന്നു. മഹാന്മാരായ ദളിതരുടെ ചരിത്രത്തിൽ ആദ്യത്തെ രക്തസാക്ഷിയുമായിരുന്നു. അദ്ദേഹത്തിൻറെ ഭക്തി ഗാനങ്ങളിൽ ബ്രാഹ്മണർ ഭയപ്പെട്ടു. ബ്രാഹ്മണർ അദ്ദേഹത്തെ ജീവനോടെ   തീ കൊളുത്തി  ചിതയിലിട്ടുകൊന്നു.  കവി നയനാരുടെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള മരണം ദളിതരുടെ വിജയവും സാമൂഹിക മാറ്റങ്ങൾക്കായുള്ള  അവരുടെ ചരിത്രത്തിന്റെ തുടക്കവുമായിരുന്നു.

ജാതികളും  ജാതിക്കു  മീതെ  ജാതികളും വീണ്ടും  ഉപജാതികളും ഭാരതത്തിലുള്ള എല്ലാ  അവർണ്ണ, വർണ്ണസമൂഹങ്ങളിലും കാണാം. വിവേചനത്തിന്റെ  മാമൂലുകൾക്കുള്ളിൽ ഞെരിപിരി കൊള്ളുന്ന അവർണ്ണ ജനവിഭാഗത്തെ തൊട്ടുകൂടാ ജാതികൾ,  അടിച്ചമർത്തപ്പെട്ടവർ, വർണ്ണാശ്രമത്തിനു പുറത്തുള്ളവർ,  ദുർബല വിഭാഗങ്ങൾ,  പട്ടിക ജാതിക്കാർ എന്നിങ്ങനെ  അറിയപ്പെടുന്നു. ദളിത നിർവചനത്തിന്റെ ചട്ടക്കൂട്ടിനുള്ളിൽ ഈ ജാതികളെല്ലാം ഉൾപ്പെടുന്നുണ്ട്. ഹൈന്ദവ മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾക്കെതിരെയും തത്ത്വങ്ങൾക്കുള്ളിൽ നിന്നുകൊണ്ടും ദളിത ലോകം പ്രതികൂലമായും  അനുകൂലമായുമുള്ള നിലപാടുകളെടുക്കുന്നതായി കാണാം. മാറ്റത്തിനായി നിലവിലുള്ള ആചാരങ്ങൾക്കെതിരെ  ചിന്തിക്കുന്നവരും അവരുൾപ്പെട്ട പ്രസ്ഥാനങ്ങളുടെ നേതാക്കളും ഹിന്ദു മതത്തിന്റെ പാരമ്പര്യമായ തൊട്ടു കൂടാ നയങ്ങളെയും വർണ്ണ വിവേചനത്തെയും സാമൂഹിക സാമ്പത്തിക അസമത്വങ്ങളെയും  അശാസ്ത്രീയവും യുക്തി രഹിതവുമായ മത വിശ്വാസങ്ങളെയും  കീഴ്നടപ്പനുസരിച്ചുള്ള അടിമത്വത്തേയും അവഗണിക്കുന്നുമുണ്ട്. മതത്തിന്റെ മൌലികമായ തത്ത്വങ്ങളിൽ വിശ്വസിച്ചുകൊണ്ട് അനുകൂലമായി ചിന്തിക്കുകയാണെങ്കിൽ പുത്തനായ ഒരു സാമൂഹിക വ്യവസ്തക്കുള്ള സമത്വ ഭാവന ഹൈന്ദവ മതത്തിനുള്ളിൽ ദൃശ്യമായിരിക്കുന്നതും കാണാൻ സാധിക്കും. ഹൈന്ദവ മതം സാമൂഹിക  നീതിയും സ്വതന്ത്ര ചിന്താഗതികളും  മാറ്റങ്ങളിൽക്കൂടി അംഗീകരിക്കുന്നു വെന്നും  മനസിലാക്കാം. അങ്ങനെ ദളിതരുടെ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ പുരോഗതിയിൽ മതവും പങ്കാളിയാകുന്നു. സമൂഹത്തിൽ ദളിതർ സ്വയം ബഹുമാനിതരാകുന്നതൊപ്പം  മനുഷ്യരെല്ലാം ഒന്നുപോലെയെന്ന ഹൈന്ദവ വേദതത്ത്വവും അവിടെ അംഗീകരിക്കുകയാണ്.   മാനുഷിക മൂല്യങ്ങളിൽ അധിഷ്ടിതമായ കറപുരളാത്ത  വ്യക്തിത്വവും ദളിത മാറ്റങ്ങളിൽക്കൂടി ഹൈന്ദവത്വത്തിൽ കണ്ടെത്താനും സാധിക്കും.   ഗാന്ധിജി വിഭാവന ചെയ്തിരുന്നതും  അതേ വേദോപനിഷത്തുകൾ  തന്നെയായിരുന്നു.

തൊട്ടുകൂടായ്മ  എക്കാലവും ഒരു സാമൂഹിക തിന്മയായിട്ടാണ് കരുതിയിരുന്നത്. നൂറ്റാണ്ടുകളോളം തൊട്ടുകൂടായ്മയെ ഇല്ലാതാക്കാൻ സാമൂഹിക പരിഷ്കർത്താക്കൾ ശ്രമിച്ചിട്ടുണ്ട്.  ബുദ്ധനും രാമാനുജയും രാമാനന്ദും ഗുരു നാനാക്കും കബീറും തൊട്ടുകൂടായ്മ ചിന്താഗതികളെ ഇല്ലാതാക്കാൻ ശ്രമിച്ചവരാണ്. ബ്രഹ്മ സമാജവും ആര്യ സമാജവും പോലുള്ള സാമൂഹിക സംഘടനകൾ മനുഷ്യനും മനുഷ്യനും തമ്മിലുള്ള വിവേചനത്തിനെതിരായി ജനങ്ങളെ ബോധവാന്മാരാക്കാനും ശ്രമിച്ചിരുന്നു.   സംഘിടിതമായ ആശയ പ്രചരണങ്ങൾ  വഴിയും പ്രായോഗിക തലങ്ങളിലും മത സാംസ്ക്കാരിക സാമൂഹിക തലങ്ങളിൽ ഉള്ള ഈ തിന്മയെ ദൂരികരിക്കാനും  ശ്രമിച്ചിരുന്നു. ഏറെക്കുറെ ദളിതരോടുള്ള സമത്വ ഭാവന ഉയർന്ന  ജാതികളിൽ സൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട്.  ബ്രിട്ടീഷ് ഭരണത്തിന്റെ ആവിർഭാവത്തോടെ സാമൂഹികവും രാഷ്ട്രീയവും ഭരണസംവിധാനങ്ങളും വഴി സാവധാനമായി ദളിതരുടെ നിലവാരം മെച്ചപ്പെടുത്താൻ സാധിച്ചു. പടിഞ്ഞാറൻ രാജ്യങ്ങളിലെ ആശയങ്ങളും സമത്വം, സ്വാതന്ത്ര്യം സാഹോദര്യം എന്നീ വിപ്ലവാത്മകമായ ചിന്തകളും  ദളിത  സാമൂഹിക പരിവർത്തനങ്ങൾക്ക്  കാരണമായിയെന്നും കാണാം.

സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഭാരതത്തിന്റെ  ഭരണ സംവിധാനങ്ങളും,  നിയമ പരിപാലനങ്ങളും, ഭൂമിയുടമ പരിഷ്ക്കാരങ്ങളും, നികുതിയിളവുകളും, വാണിജ്യ മേഖലകളും, വാർത്താ മാധ്യമങ്ങളും  ദളിതരുടെ പുരോഗതിയ്ക്ക് കാരണമായിട്ടുണ്ട്. സമത്വ ഭാവനയെന്നുള്ള വികാരാനുഭൂതികളും  ദളിത ജനതയിൽ  ആവേശം പകർന്നു കൊണ്ടിരുന്നു. പാശ്ചാത്യ സംസ്ക്കാരത്തിന്റെ ആവിർഭാവം ദളിതരുടെയിടയിൽ  പുത്തനായ ഉണർവുമുണ്ടാക്കി. സംസ്കൃത പഠനവും വേദങ്ങളും ദളിതർക്ക് പഠിക്കാൻ അവസരം ലഭിച്ചതോടെ പ്രതീക്ഷകൾ നിറഞ്ഞ  ചിന്തകളും അവരിൽ പ്രകടമാകാൻ തുടങ്ങി. സാമൂഹികമായ അംഗീകാരത്തിനായി  അംബേദ്‌ക്കറിനെപ്പോലുള്ള ബുദ്ധി ജീവികളുടെ മനുഷ്യാവകാശങ്ങൾക്കായുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.

ഉയർന്ന ജാതികൾ ചവിട്ടി മെതിച്ച അധകൃതരെ പുനരുദ്ധരിക്കാനായി  ദളിത മഹാസഭകൾ ഭാരതമൊട്ടാകെ അതാതു പ്രദേശങ്ങളിലെ ദളിത നേതാക്കളുടെ നേതൃത്വത്തിൽ   രൂപീകരിച്ചിരിക്കുന്നു. ദളിതരുടെ സാമൂഹിക പരിവർത്തനങ്ങൾക്കായി ദളിതരുടെ നേതൃത്വത്തിലുള്ള  കൂട്ടായ സംഘടനാ പ്രവർത്തനങ്ങളെ  മാറ്റങ്ങൾക്കു വേണ്ടിയുള്ള  ദളിത സംരഭങ്ങളെന്നും നിർവചിക്കാം. അഖിലേന്ത്യാ അധകൃത സംഘടനകൾ രൂപം പ്രാപിക്കുകയും ദളിതരുടെ പുരോഗതിയ്ക്കും മാറ്റത്തിനായും  മുറവിളി കൂട്ടുവാനും ആരംഭിച്ചു. അവരുടെ   ഉന്നമനത്തിനായുള്ള  സാമൂഹിക സംഘടനകൾ അധകൃത ലോകത്തിന്റെ  സാമ്പത്തിക ഉന്നമനവും വിദ്യാഭ്യാസപരമായ വളർച്ചയും ലക്ഷ്യമിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. പൊതുവായ കിണറുകളിൽ നിന്നും വെള്ളം കോരാനും  സ്കൂളിൽ പ്രവേശനത്തിനും പൊതുവഴികൾ ഉപയോഗിക്കാനും അമ്പല പ്രവേശനത്തിനും ദളിത സംഘടനകളുടെ പ്രവർത്തന മേഖലകളുണ്ടായിരുന്നു. അംബെദ്ക്കറിന്റെ വെള്ളം കോരാനുള്ള ദളിതരുടെ അവകാശങ്ങൾക്കായുള്ള മഹദ് സത്യാഗ്രഹവും സ്മരണീയമാണ്. 1923ൽ ഗാന്ധിജി സ്ഥാപിച്ച ഹരിജന സേവന സംഘം അധകൃതർക്കായി അനേകം സ്കൂളുകളും താമസിച്ചു പഠിക്കാനുള്ള ബോർഡിങ്ങ്  സ്കൂളുകളും സ്ഥാപിച്ചു. മുംബെയിൽ ദളിതർക്ക് അമ്പല പ്രവേശനത്തിനായി  സർക്കാർ  പ്രത്യേക നിയമങ്ങളും ഉണ്ടാക്കി. പ്രൈമറി സ്കൂൾ  മുതൽ യൂണി വേഴ്സിറ്റി വരെ സൗജന്യ വിദ്യാഭ്യാസവും നടപ്പിലാക്കി. തിരുവിതാംകൂറിലും  ഇൻഡോറിലും  ദളിതർക്ക് അമ്പല പ്രവേശനത്തിനായുള്ള ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായി.

1955-ലെ  ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്ത നിയമ വ്യവസ്ഥ  പ്രകാരം തൊട്ടുകൂടാ മാമൂലുകൾ നിയമ വിരുദ്ധമാക്കിയിട്ടുണ്ട്. കൂടാതെ ദളിതരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ പ്രത്യേകമായ വിദ്യാഭ്യാസ സംവിധാനങ്ങളും നടപ്പാക്കി. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ദളിതരുടെ ക്ഷേമത്തിനായി   ഭീമമായ തുകകളും നീക്കി വെച്ചിട്ടുണ്ട്. ഭരണ സംവിധാനത്തിലെ ഉയർന്ന ജോലികൾ റിസർവേഷൻ പ്രകാരം അവർക്ക് നീക്കി വെച്ചിരിക്കുന്നു. ജോലികൾക്കും  മുൻഗണന  നല്കുന്നു. നിയമത്തിലും വൈദ്യ ശാസ്ത്രത്തിലും എഞ്ചിനീയറിങ്ങിലും അവർ  പഠിച്ചു മുന്നേറുന്നതായും കാണാം. ദളിത നവോധ്വാന മുന്നേറ്റത്തിന്റെ പ്രതീകമായി രാഷ്ട്രീയത്തിലും  സവർണ്ണർക്കൊപ്പം അവർ പ്രവർത്തിക്കുന്നു. ഗ്രാമ പഞ്ചായത്തു  മുതൽ കേന്ദ്ര പാർമെന്റ് വരെ അവർക്ക്  റിസർവേഷൻ സീറ്റുകൾ നീക്കി വെച്ചിരിക്കുന്നു.  ദളിതർ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികാരക്കസേരകളിൽ ഇരിക്കുന്നതായും കാണാം. കേന്ദ്ര രാഷ്ട്രീയത്തിലും അവർ സവർണ്ണ ഭരണാധികാരികൾക്കൊപ്പമുണ്ട്.ദളിത സ്ത്രീകളിൽനിന്നും മായാവതി ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായതും ദളിതലോകത്തിന്റെ നേട്ടമായിരുന്നു. ദാരിദ്ര്യത്തിന്റെയും അനാചാരങ്ങളുടെയും ലോകത്തുനിന്നും ഉയർന്നുവന്ന കെ. ആർ.നാരായണൻ ഇന്ത്യയുടെ പ്രസിഡണ്ടായപ്പോൾ ഒരു ദളിതൻ ഇന്ത്യയുടെ പരമോന്നത പീഠത്തിലെത്തണമെന്നുള്ള ഗാന്ധിജിയുടെ സ്വപ്നം അവിടെയന്നു പൂവണയുകയാണുണ്ടായത്.  

ദളിതരുടെ പുരോഗമനപരമായ മാറ്റങ്ങളിൽ അവരുടെ സമര തന്ത്രങ്ങളും ആശയ ചിന്താഗതികളും  ഓരോ ദേശത്തിന്റെയും  നേതാക്കളുടെ ചിന്താഗതികൾക്കനുസരണമായി  മാറി മാറി വരുന്നതായും ദൃശ്യമാണ്.  ദളിത നേതാക്കളിൽ ചിലർ ആര്യ ബ്രാഹ്മണരെപ്പോലെ വിശ്വസിക്കുന്നു.  ചിലർ വർണ്ണാശ്രമ ധർമ്മത്തിലെ  ബ്രാഹ്മണ ചിന്താഗതികളും  സ്വീകരിച്ചു കഴിഞ്ഞു. ബ്രാഹ്മണന്റെ രീതികളായ സസ്യാഹാരവും നെറ്റിയിൽ ചന്ദനം തൊടലും പൂണൂലിടലും  ദളിതരും സ്വീകരിക്കാൻ തുടങ്ങി. ദളിത നേതാക്കളായ കേരളത്തിലെ തൈക്കാട് സ്വാമിയും യൂപിയിലെ പണ്ഡിറ്റ്‌ സുന്ദര ലാൽ സാഗറും ഗുജറാത്തിലെ മുൽദാസ് വൈശ്യായും ബ്രാഹ്മണരെപ്പോലെ അനുയായികളെ നയിക്കുന്നതും വിരോധാഭാസമായും തോന്നാം. വർണ്ണാശ്രമത്തിനു പുറത്തുള്ള ചിന്താഗതി മാറ്റി ദളിതർക്ക് സമത്വം ഭാവന ചെയ്തുകൊണ്ടാണ് മാറ്റങ്ങൾക്കു തുടക്കമിട്ടിരിക്കുന്നത്.  ചിലർ ഭാരതത്തിലെ ആദി  ജനത ദളിതരെന്നും അവർ ഹിന്ദുക്കളല്ലെന്നും വിശ്വസിക്കുന്നു. ഈ നാട്ടിലുണ്ടായിരുന്ന  ആദി  ദ്രാവിഡ ജനതയിൽ ആര്യന്മാർ  തൊട്ടുകൂടാ വ്യവസ്ഥിതികൾ അടിച്ചേല്പ്പിച്ചെന്നും  ദളിതരിൽ വലിയൊരു വിഭാഗം കരുതുന്നുമുണ്ട്.

ഹിന്ദു മതത്തെ ഇല്ലാതാക്കുമെങ്കിൽ തൊട്ടുകൂടായമയ്ക്ക് പരിഹാരമാകുമെന്ന് ദളിതരിൽ ഒരു വിഭാഗം വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കുന്ന  ആദി ആന്ധ്രാ, ആദി കർണ്ണാടക, തമിൾ നാട്ടിലെ ആദി ദ്രാവിഡർ, ഉത്തർ പ്രദേശിലെ ആദി ഹിന്ദു, പഞ്ചാബിലെ ആദി ദമ്മി എന്നീ ജാതികൾ  തൊട്ടു കൂടായമയിൽ നിന്ന് വിമുക്തി നേടാൻ ഹിന്ദു മതത്തിൽ നിന്നും മറ്റു മതങ്ങളിലേയ്ക്ക് മത പരിവർത്തനം ചെയ്തു. കേരളത്തിൽ അനേകായിരം ജനങ്ങൾ ക്രിസ്തു മതത്തിലും പഞ്ചാബിൽ സിക്കു മതത്തിലും മതപരിവർത്തനം ചെയ്തു.  1956-ൽ ലക്ഷക്കണക്കിന് ദളിതർ അംബേദ്ക്കറിനൊപ്പം നാഗപൂരിൽ നടന്ന മതപരിവർത്തനത്തിൽ ബുദ്ധമതം സ്വീകരിക്കുകയുണ്ടായി.  ഹിന്ദു മതത്തിനോടു എതിർപ്പു പ്രകടിപ്പിച്ചുകൊണ്ട് ദളിതരിലെ നേതാക്കന്മാർ പ്രത്യേക മത അവാന്തര വിഭാഗങ്ങളും സ്ഥാപിച്ചിട്ടുണ്ട്.  മധ്യ പ്രദേശിലെ ഗുരു ഘാസി ദാസിന്റെ സത്നാമി വിഭാഗം, ബംഗാളിലെ ഗുർ ടി ചന്ദ് സ്ഥാപിച്ച മാതുവാ വിഭാഗം, കേരളത്തിലെ അയ്യങ്കാളിയുടെ  സാധു ജന പരിപാലന യോഗം, പഞ്ചാബിലെ ആദി ധർമ്മം മുതലായ വിഭാഗിക ജാതികൾ ഉദാഹരണങ്ങളാണ്.

സാമൂഹിക രാഷ്ട്രീയ സാംസ്ക്കാരിക മുന്നേറ്റത്തിനായി രാഷ്ട്രീയപരമായും ദളിതർ യോജിച്ചു. 1936-ൽ  അംബെദ്ക്കർ സ്വതന്ത്ര തൊഴിലാളി പാർട്ടിയുണ്ടാക്കി. തൊഴിൽ വേതനം കൊടുക്കാതെ ഉയർന്ന ജാതികൾ ദളിതരെക്കൊണ്ട് തൊഴിൽ ചെയ്യിപ്പിക്കുന്ന പതിവുകൾ നിർത്തൽ ചെയ്തു. മിലിട്ടറിയിൽ ദളിതരെ പ്രവേശിപ്പിക്കാൻ 1941-ൽ  അംബേദ്‌ക്കറിന് സാധിച്ചു. അങ്ങനെയാണ് മഹാർ  റജിമെന്റ്റ് പട്ടാളത്തിന്റെ ശാഖയിൽ വന്നത്. അധകൃതരായവർക്ക് കേന്ദ്ര നിയമ അസംബ്ലിയിൽ റിസർവേഷൻ വേണമെന്നുള്ള  അംബേദ്ക്കറിന്റെ ആവശ്യത്തെ ഗാന്ധിജി  എതിർത്തിരുന്നു. ഗാന്ധിജി അതിനെതിരെ നിരാഹാര സത്യാഗ്രഹവും നടത്തി. ഇന്ത്യൻ ഭരണഘടനയിൽ ദളിതർക്ക് രാജ്യസഭയിലും ലോക സഭയിലും പ്രത്യേക സംവരണം അനുവദിച്ചിട്ടുണ്ട്.

ഭാരതീയ സാഹിത്യ വിചാര വീഥികളിൽ വർഗവിത്യാസത്തിനതീതമായി
ദളിത സാഹിത്യത്തിനും സുപ്രധാനമായ സ്ഥാനമുണ്ട്. പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ദിവ്യനായ 'മാദര ചെന്നയ്യാ'യെ ദളിത ലോകത്തിലെ ആദ്യത്തെ എഴുത്തുകാരനായി കരുതുന്നു. അദ്ദേഹം ഒരു ചെരുപ്പുകുത്തിയായി ഉപജീവനം നടത്തിയിരുന്നു. പടിഞ്ഞാറേ ചാലൂക്യ പ്രദേശത്തു  ജീവിച്ചിരുന്ന അദ്ദേഹത്തെ വചന ഗീതങ്ങളുടെ പിതാവായും പണ്ഡിതർ കരുതുന്നു. ദളിതനായി ജനിച്ച മറ്റൊരു കവി 'ദോഹരാ കക്കയ്യാ' യുടെ  ആറു സുപ്രധാന കവിതകൾ ഇന്നും കാലത്തെ അതിജീവിക്കുന്നു. ആധുനിക ദളിത സാഹിത്യത്തിൽ മഹാത്മാ ഫുലെയുടെയും അംബെദ്ക്കറിന്റെയും സംഭാവനകൾ വിലയേറിയതാണ്. ദളിതരുടെ പ്രശ്നങ്ങൾ വികാരഭരിതമായി വിമർശനരൂപേണ ഇരുവരും അവരുടെ കൃതികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ മഹാത്മാക്കളിൽ ആവേശ ഭരിതരായ നൂറു കണക്കിനു എഴുത്തുകാർ പിന്നീട് ഭാരതത്തിലെ വിവിധ ഭാഷകളിലുള്ള ദളിത സാഹിത്യ ശൃംഖലകളിൽ വന്നെത്തി. ബാബു റാവു ബാഗുൽ, ബന്ധു മാദവ്, ശങ്ക റാവു ഖരത്, സഹോദരൻ അയ്യപ്പൻ, വി.റ്റി. രാജശേഖർ എന്നിവർ ആധുനിക ദളിത സാഹിത്യകാരിൽ പ്രമുഖരാണ്.       

ദളിതരുടെ ക്ഷേമത്തിനായി ബഹുവിധ പദ്ധതികൾ നടപ്പാക്കിയിട്ടും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി അറുപത്തിയൊമ്പത്  വർഷങ്ങൾ പിന്നിട്ടിട്ടും ദളിതരുടെ സമത്വ ഭാവനകളെന്ന സ്വപ്നങ്ങൾ  നാളിതുവരെയായും പൂവണഞ്ഞിട്ടില്ല.  സ്വതന്ത്ര ഭാരതത്തിൽ  ദളിതർ ഇന്നും തൊട്ടു കൂടാ ജാതികളോ? ഭാരത മനസാക്ഷിയോട് ചോദിക്കേണ്ട ഒരു ചോദ്യചിഹ്നമാണിത്. രാഷ്ട്രീയ വാചാടോപവും ഭരണഘടനാ സംരക്ഷണവും ദളിതരുടെ മേലുള്ള ക്രൂരതകൾക്ക്‌  പരിഹാരമാകുന്നില്ല. സാമൂഹിക സാമ്പത്തിക സമത്വത്തിനായുള്ള അംബേദ്ക്കറിന്റെ സ്വപ്നങ്ങൾ ഇന്നും അതി വിദൂരമാണ്.

ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഓരോ സംസ്ഥാനങ്ങളും സമൂഹത്തിലെ താണവരായ ദളിതരുടെ വിദ്യാഭ്യാസവും സാമ്പത്തിക താല്പര്യങ്ങളും പരിപാലിക്കുകയും സമൂഹത്തിലെ അനീതികളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും ദളിതരെ സംരക്ഷിക്കുകയും വേണം. എന്നാൽ ഇന്നും ദളിതരുടെ മേലുള്ള പീഡനങ്ങളുടെ കഥകളാണ് പത്രങ്ങളിൽ നാം വായിക്കാറുള്ളത്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിരാശനായ പി .എച്ച്. ഡി യ്ക്ക് പഠിച്ചിരുന്ന 'രോഹിത വെമുലാ' യെന്ന വിദ്യാർത്ഥി തൂങ്ങി മരിച്ചത് സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. രാഷ്ട്രത്തിനു അതൊരു അപമാനമായിരുന്നു. അയാൾ എഴുതിയ വികാരപരമായ മരണക്കുറിപ്പിൽ ദളിതനായി ജനിച്ച തന്റെ സ്വന്തം ജന്മത്തെ പഴിച്ചിരുന്നു.  സ്വതന്ത്രവും നീതിയുമായുള്ള ഒരു ഭാരതം ഇന്നും ദളിതർക്ക് വിധിച്ചിട്ടില്ലായെന്നതാണ് സത്യം. 'രോഹിത വെമുലാ' യുടെ മരണത്തിൽ വിവിധ സർവകലാശാല വിദ്യാർഥികൾ പ്രതിക്ഷേധിക്കുന്നുണ്ട്.  ഒന്നായി നാം കാണുന്ന ഭാരതമണ്ണിൽ ഇത്തരം ദു:ഖങ്ങളുടെ  ദളിത കഥകൾ നിത്യവും സംഭവിക്കുന്നതാണ്.  കഴിഞ്ഞ നാലഞ്ചു വർഷങ്ങൾക്കുള്ളിൽ വടക്കേ ഇന്ത്യയിലെ സർവ്വ കലാശാലകളിൽ തന്നെ ഇരുപത്തിയഞ്ചോളം  ദളിത വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി കാണാം. സാംസ്ക്കാരിക വിദ്യാഭ്യാസ മേഖലകളിൽ  പേരും പെരുമയും ആർജിച്ച സ്ഥാപനമായ  ആൾ ഇന്ത്യാ ഇൻസ്റ്റിട്ട്യൂട്ടിലും  ആത്മഹത്യകളുടെ കഥകൾ കേള്ക്കുന്നുണ്ട്. ദളിതരുടെ ഈ ദുരന്ത ഭൂമിയിൽ സംഭവിക്കുന്ന പരമ്പരകൾ ഇന്ത്യയുടെ ഭരണ സംവിധാനങ്ങളുടെ  പരാജയമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ ഒരോ പതിനെട്ടു മിനിറ്റിലും ദളിതരുടെ മേൽ ലൈംഗിക പീഡനവും ബലാത്സംഗവും  തുടരുന്നു. ഒരോ ദിവസവും മൂന്നു ദളിത സ്ത്രീകളെ പീഡിപ്പിക്കുകയും രണ്ടു ദളിതരെയെങ്കിലും കൊല്ലുകയും ചെയ്യുന്നു. സ്ഥിതി വിവര കണക്കനുസരിച്ച് മുപ്പത്തിയേഴ് ശതമാനം ദളിതരും ദാരിദ്ര രേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. അമ്പത്തിനാല് ശതമാനം ദളിതരും അർദ്ധ പട്ടിണിക്കാരായി കഴിയുന്നു. ദിവസം പ്രതി രണ്ടു ദളിത വീടുകൾ കത്തിക്കുന്നു. ആദ്യത്തെ ജന്മദിനത്തിനു മുമ്പ് ജനിക്കുന്ന കുഞ്ഞുങ്ങളിൽ ആയിരത്തിൽ എൺപത്തി മൂന്നു പേർ മരിക്കുന്നു.  നാല്പ്പത്തിയഞ്ചു ശതമാനം ദളിതരും ഇന്നും നിരക്ഷരർ ആണ്. പന്ത്രണ്ടു ശതമാനം അഞ്ചു വയസിനു മുമ്പും മരിക്കുന്നു.  ഇരുപത്തിയെട്ടു ശതമാനം ഗ്രാമങ്ങളിൽ ദളിതർക്ക് പോലീസ് സ്റ്റേഷനിൽ കയറുവാനുള്ള അനുവാദമില്ല. മുപ്പത്തിയൊമ്പത് ശതമാനം  സർക്കാർ സ്കൂളുകളിൽ ദളിതർ ഭക്ഷണം കഴിക്കുമ്പോൾ പ്രത്യേകം ബഞ്ചിൽ ഇരിക്കണം. ഇരുപത്തിനാലു ശതമാനം ഗ്രാമങ്ങളിൽ ദളിതരുടെ വീടുകളിൽ പോസ്റ്റ്മാൻ  എഴുത്തുകൾ കൊടുക്കില്ല. 1955-ൽ പ്രാബല്യത്തിലായ ഭരണഘടനാ നിയമങ്ങളനുസരിച്ച് 'തൊട്ടുകൂടായ്മ' നിയമ വിരുദ്ധമെങ്കിലും ഇന്നും നാല്പത്തിയെട്ടു ശതമാനം ഗ്രാമങ്ങളിൽ സവർണ്ണരുടെ പ്രദേശങ്ങളിൽ ദളിതരെ വെള്ളം കോരാൻ അനുവദിക്കില്ല.  നാം ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഭരണഘടന വാഗ്ദാനം ചെയ്ത നീതിയും സത്യവും സമത്വവും സ്വാതന്ത്ര്യവും ഇന്നും ദളിതർക്ക് ലഭിക്കുന്നില്ല. ഗ്രാമങ്ങളിൽ ദളിതർ പീഡിതരായി കഴിയുന്നു. വിദ്യാലയങ്ങളിലും  തൊഴിൽ മേഖലകളിലും  രാഷ്ട്രീയക്കളരികളിലും അവരെന്നും സവർണ്ണരുടെ  വിവേചനപരമായ പെരുമാറ്റത്തിലും അടിമത്വത്തിന്റെ നുകക്കീഴിലുമാണ്.

നമ്മുടെ രാജ്യത്തിലെ നൂറു കണക്കിന് ജില്ലകളിലും അനേക സംസ്ഥാനങ്ങളിലും ഇന്നും ദളിതർ സവർണ്ണരുടെ ഭീഷണിമൂലം ജീവനെ പേടിച്ച് ഭയത്തോടെയാണ് കഴിയുന്നത്‌. പൌരാവകാശങ്ങളിലും സാമൂഹിക രാഷ്ട്രീയ തലങ്ങളിലും സാമ്പത്തിക മേഖലകളിലും വർണ്ണ വ്യവസ്തയെന്നുള്ളത് ഒരു നിർണ്ണായക ഘടകമാണ്. രാഷ്ട്രീയ ചിന്താഗതിയുള്ള ദളിതർ വോട്ടവകാശങ്ങളിൽക്കൂടിയും രാഷ്ട്രീയ ബന്ധങ്ങളിൽക്കൂടിയും അവരുടെ നിലനില്പ്പ് ഭദ്രമാക്കിയിട്ടുണ്ട്. എങ്കിലും ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന അവകാശങ്ങൾക്കായി, ജനിച്ചു വളർന്ന ഭൂമിയിലെ പുരോഗതിയുടെ സ്വപ്ന ദർശനങ്ങൾക്കായിദളിതർക്ക് ഇനിയും പ്രതിബന്ധങ്ങൾ നേരിടേണ്ടതായുണ്ട്. 

ഇന്ന്, ലോകത്തിലേറ്റവുമധികം പീഡിപ്പിക്കപ്പെടുന്നവർ ദളിതസ്ത്രീകളാണ്. പുരുഷന്മാർ അവരുടെ മസിലുകൾകൊണ്ട് നേട്ടങ്ങൾ കൊയ്യുമ്പോൾ അവരുടെ സ്ത്രീകൾ പുരുഷനിൽനിന്നും മേൽജാതികളിൽനിന്നും ഒരുപോലെ കഷ്ടതകൾ അനുഭവിക്കുന്നു. പ്രഭാതം മുതൽ സൂര്യാസ്തമയം വരെ അവരും കഠിന പ്രയത്നം ചെയ്യണം. പാടത്തും പണിശാലകളിലും പുരുഷനുമൊപ്പം പണിയണം. പുരുഷനു കൊടുക്കുന്ന പകുതി വേതനം കൊണ്ട് സ്ത്രീ തൃപ്തിപ്പെടണം. പ്രഭാതത്തിലുണർന്ന് അവർ പുരുഷനും കുഞ്ഞുങ്ങൾക്കും ഭക്ഷണം പാകം ചെയ്യണം. കുഞ്ഞിനു മുലയൂട്ടണം. കള്ളും കുടിച്ചു ലക്കില്ലാതെ വരുന്ന പുരുഷന്റെ തൊഴിയും സ്വീകരിക്കണം. സൂര്യനുദിക്കും മുമ്പ് മറ്റുള്ളവരുണരും മുമ്പ് പുറം പ്രദേശങ്ങളിലും റയിൽവേപാതകളുടെ സമീപങ്ങളിലും വഴിയോരങ്ങളിലും മലമൂത്ര വിസർജനങ്ങൾ മുതലായ പ്രഭാത കർമ്മങ്ങളും നിർവഹിക്കണം. ഒരു സ്ത്രീ ദളിതയായി ജനിച്ചതുകൊണ്ടു മാത്രമല്ല, കാമവെറിയന്മാരുടെ മുമ്പിൽ അവരുടെ സ്ത്രീത്വത്തിനും വില പറയണം. ഭാരതത്തിലെ ഉൾനാടുകളിലെ ദളിതരിലെ ഭൂരിഭാഗം സ്ത്രീകളും മല മൂത്രങ്ങളും വിസർജനങ്ങളും നീക്കം ചെയ്യുന്ന തോട്ടികളും ഭൂമി രഹിതരുമാണ്. യുവതികളായ ദളിതസ്ത്രീകളെ വ്യപിചാരത്തിനു പ്രേരിപ്പിക്കുകയും പട്ടണങ്ങളിലെ വേശ്യാലയങ്ങൾക്ക് വിൽക്കുകയും ചെയ്യുന്നു. ഗ്രാമങ്ങൾ മുതൽ പട്ടണങ്ങൾ വരെ അവർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്നതായും കാണാം. ബീഹാറിലെ രണവീർ പോലുള്ള സംഘടനകൾ അവരെ ബലാൽസംഗം ചെയ്യുകയും അവയവങ്ങൾ മുറിച്ചു കളയുകയും കൂട്ടക്കൊലകൾ നടത്തുകയും ചെയ്തിട്ടുണ്ട്. തമിൾനാടുപോലുള്ള സംസ്ഥാനങ്ങളിൽ പോലീസുകാർ അവരെ കാരണമില്ലാതെ അറസ്റ്റു ചെയ്യുകയും ജയിലുകളിലിട്ടു പീഡിപ്പിക്കുകയും ചെയ്യുന്നതായി മനുഷ്യാവകാശ റിപ്പോർട്ടിൽ കാണുന്നു. ദളിതസ്ത്രീകളുടെ മേൽ പോലീസ്‌ നടപടികളും കടന്നാക്രമണങ്ങളും ശാരീരിക പീഡനങ്ങളും നിത്യസംഭവങ്ങളായി വാർത്തകളിൽ നിറഞ്ഞിരിക്കുന്നു. 

നിർദ്ധന കുടുംബത്തിലെ ഒരു അമ്മയുടെ ഏക ആശ്രയമായിരുന്ന ജിഷയെന്ന ദളിത യുവതിയുടെ മരണം സാക്ഷര കേരളത്തിനൊരു അപവാദമായിരുന്നു. നീതി ആ യുവതിയുടെമേൽ  കനിയുമോയെന്നു ഇനിയും കാത്തിരുന്നു കാണണം. കാട്ടാള കാമ വെറിയന്മാരുടെ നടുവിൽ ഒരു ചെറ്റകുടിലിൽ ദളിതയായി പിറന്ന ജിഷക്ക് ആശ്രയമായിരുന്നത് ആ അമ്മ മാത്രമായിരുന്നു. ഭാവിയിലേക്കുള്ള ഒരു അത്താണിയായി അമ്മയും മകളിൽ പ്രതീക്ഷകൾ പടുത്തുയർത്തിയിരുന്നു. കൂലിപ്പണി ചെയ്തും യാചനകൾ നടത്തിയും മകളെ നിയമ ബിരുദത്തിനു പഠിപ്പിച്ചുകൊണ്ട് ദരിദ്രയായ അമ്മ അവരുടെ കുടുംബവും നടത്തിവന്നു. ശരീരഭാഗങ്ങൾ വെട്ടിമുറിച്ച്, ജനനേന്ദ്രിയങ്ങൾ തകർത്തുള്ള നിലയിൽ പൊന്നോമന മകളുടെ മരിച്ച ശരീരം കണ്ടപ്പോൾ ആ അമ്മ ഹൃദയം തകർന്ന് ബോധരഹിതയായി തറയിൽ വീണു. സത്യവും ധർമ്മവും ഉൾക്കൊണ്ട ഒരു നീതിപീഠത്തിനു മുമ്പാകെ ഭാവിയിൽ അഭിഭാഷികയായി സത്യപ്രതിജ്ഞ ചെയ്യണമെന്നുള്ള ജിഷയുടെ മോഹനസ്വപ്നങ്ങൾ അന്നവിടെ കെട്ടെരിയുകയായിരുന്നു. തകർന്ന മാറിടങ്ങളും ആഴത്തിലുള്ള മുപ്പത്തിയെട്ടിൽപ്പരം മുറിവുകളും നല്കിയാണ് അവളുടെ ഘാതകൻ അന്നു രക്ഷപെട്ടത്. പാവം ജിഷ ദരിദ്രയായിരുന്നു. ദളിതയായിരുന്നു. അവളിലെ സ്ത്രീത്വത്തെ കവർന്നു. എന്തിനായി കുഞ്ഞേ നീ ഈ ദുരന്തഭൂമിയിൽ ജനിച്ചുവെന്ന പെറ്റുവളർത്തിയ ഒരമ്മയുടെ വിലാപവുമായി കേഴുന്ന കേരളത്തിൽ അവളിന്നൊരു ചോദ്യ ചിന്ഹമായിരിക്കുകയാണ്.  

 (അടുത്ത ലേഖനത്തോടുകൂടി ഈ പരമ്പര അവസാനിക്കുന്നു.) 










 കുട്ടികൾക്കും
  ചുവന്നപാത്രം ദളിത കുട്ടികൾക്കും  പച്ചപാത്രം സവർണ്ണ 


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...