Thursday, January 19, 2017

ശബരിമല അയ്യപ്പക്ഷേത്രവും സ്ത്രീകളുടെ പ്രവേശനവും വിവാദങ്ങളും




ജോസഫ് പടന്നമാക്കൽ 

നിരവധി തലമുറകളുടെ ചരിത്രസാക്ഷിയായ ശബരിമല ശാസ്താവും അവിടുത്തെ പൂങ്കാവനവും ഇന്ത്യയിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്.   ആ പൂങ്കാവനത്തിനുള്ളിലാണ് അയ്യപ്പൻറെ ദേവസ്ഥാനവും. നിരവധിയായ പഴയതും പുതിയതുമായ സംസ്ക്കാര പരമ്പരകൾ അയ്യപ്പൻറെ സന്നിധാനത്തിൽക്കൂടി കടന്നു പോയിട്ടുണ്ട്. തിരുപ്പതി ദേവസ്ഥാനം കഴിഞ്ഞാൽ വരുമാനത്തിൽ ശബരിമല രണ്ടാം സ്ഥാനത്തു നിൽക്കുന്നു. അന്യമതസ്ഥർ അവിടെ ദർശനം നടത്തുന്നുവെങ്കിൽ അന്നേ ദിവസം താൻ വിശ്വാസിയെന്നു എഴുതി കൊടുത്താൽ മതി. അങ്ങനെ മതസൗഹാർദ്ദത്തിന്റെ ഒരു ഈറ്റില്ലംകൂടിയാണവിടം. കേരളത്തിലെ മിക്ക അമ്പലങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനമില്ല. അമ്പലത്തിന്റെ മുമ്പിൽ അങ്ങനെ ബോർഡും കാണാം. പക്ഷെ ശബരിമലയിൽ നൂറ്റാണ്ടുകളായി അങ്ങനെയൊരു വ്യവസ്ഥയില്ല. അവിടെ ഏതു വിശ്വാസിക്കും കയറാം.  എല്ലാ മതങ്ങളെയും ബഹുമാനിച്ചുകൊണ്ടുള്ള വിശ്വാസം  ശബരിമലയിൽ വന്നതെങ്ങനെയെന്നും വിസ്മയകരമാണ്‌. മറ്റേതു അമ്പലത്തിൽ നടക്കുന്ന പൂജാവിധികൾ മാത്രമാണ് ശബരി മലയിലുമാചരിക്കുന്നത്.

ശബരിമല ശാസ്താവിന്റെ  അമ്പലമന്ദിരത്തിന്റെ കവാടത്തിങ്കൽ 'തത് ത്വം അസി' എന്ന മഹാവാക്യം ലിഖിതം ചെയ്തിട്ടുണ്ട്. 'അത് നീ ആകുന്നു' വെന്നാണ് അർത്ഥം. ഓരോ തീർത്ഥാടകനെയും സ്വാമി അവരുടെ ദൈവികത്വം അംഗീകരിക്കുകയാണ്. നീ പരമാത്മാവിന്റെ ചൈതന്യമാകുന്നുവെന്നും അതിൽ അടങ്ങിയിട്ടുണ്ട്. അത് അദ്വൈത തത്ത്വങ്ങളുടെ സത്തയാണ്. തത്ത്വമസി, ഈ മഹാവാക്യത്തിൽ തത്, ത്വം, അസി എന്നു മൂന്നു പദങ്ങളുണ്ട്. അവയുടെ അർത്ഥം:-   'തത്  - അത് (ആ പരമ സത്ത, ഈശ്വരന്‍), ത്വം ( നിന്റെ ഉള്ളില്‍ നീയായി ഇരിക്കുന്ന അന്തഃസാരം തന്നെ), അസി (ആകുന്നു). ഈശ്വരന്‍ ആകാശത്തില്‍ സകല നക്ഷത്രവ്യൂഹങ്ങൾക്കപ്പുറം എങ്ങോ മറഞ്ഞിരുന്ന് പ്രപഞ്ച നിയന്ത്രണം നടത്തുന്ന അദൃശ്യമായ ഒരു ശക്തിയാണ്. അതാണ് പരബ്രഹ്മമെന്നു പറയുന്നത്.

ആദ്യകാലങ്ങളിൽ അയ്യപ്പപ്രതിഷ്ഠ നടത്തുന്നതിന് ശ്രീ കോവിലുകളോ ബിംബങ്ങളോ ശബരിമല പ്രദേശങ്ങളിൽ ഉണ്ടായിരുന്നില്ല. അന്ന് കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും കാവു പുരയിടങ്ങൾ കാണാമായിരുന്നു. അതുപോലെ ശബരിമലയിലും അയ്യപ്പപൂജ നടത്തിയിരുന്നത് കാവുകളിലായിരുന്നു. ബ്രാഹ്മണാധിപത്യം നിലവിൽ വന്നതിനു ശേഷമായിരിക്കാം അയ്യപ്പനെ നാലുകെട്ടിനുള്ളിൽ പൂജാമുറികളിൽ വിഗ്രഹവുമായി പ്രതിഷ്ഠിച്ചത്. മലകളും താഴ്വരകളും ചുറ്റും നിറഞ്ഞിരുന്നതുകൊണ്ടു പ്രകൃതി ദത്തമായും അയ്യപ്പൻ സുരക്ഷിതമായിരുന്നു. വൈദികാചാരങ്ങളുടെ കാലം തുടങ്ങിയതിൽ പിന്നീടാണ് മണി കൊട്ടിക്കൊണ്ടുള്ള പൂജയും കൊടിയേറ്റിയുള്ള ഉത്സവമൊക്കെ ആരംഭിച്ചത്. പഴങ്കാല പാട്ടുകളിൽനിന്നും കാവുകളെക്കുറിച്ചുള്ള വിവരങ്ങളൊക്കെ ലഭിക്കുന്നുണ്ട്. 'വേട്ട വിളി തോട്ടം', 'കാവെണ്ണൽ തോറ്റം' എന്നീ പാട്ടുകൾ അയ്യപ്പൻകാവിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. പണ്ട് ശബരി മലയ്ക്ക് പോകുന്നവർ കറുപ്പും കഞ്ചാവും മദ്യവും നിവേദ്യമായി അയ്യപ്പനു കൊടുക്കാൻ  കൊണ്ടുപോകുമായിരുന്നു. അതെല്ലാം നിയമവിരുദ്ധമായി പിന്നീട് തള്ളപ്പെട്ടു.

പൊന്നമ്പലമേടിലുള്ള മകരവിളക്കിന് ഒരു ഐതിഹ്യ കഥയുണ്ട്. ശബരിമലയിലുള്ള കാട്ടിൽ ശബരിയെ ശ്രീ രാമനും സഹോദരൻ ലക്ഷ്മണനും കണ്ടുമുട്ടി. 'ശബരി' നീലിമലകളുടെ അടിവാരത്തിൽ താമസിച്ചിരുന്ന ഒരു യോഗിനിയായിരുന്നു. പമ്പയുടെ കിഴക്കുഭാഗത്തു താമസിച്ചുകൊണ്ട് ധർമ്മശാസ്താവിന്റെ വരവിനായി തപസു ചെയ്തുകൊണ്ടിരുന്നു. ശബരി താമസിച്ച നീലി മലകളെയാണ് ശബരിമലയെന്നു പറയുന്നത്. അവർ മോക്ഷപ്രാപ്തി നേടിയതും ഈ മലയിൽ നിന്നായിരുന്നു. ഭക്തി പരവശയായ ശബരി ശ്രീരാമനെയും ലക്ഷ്മണനെയും കണ്ടമാത്രയിൽ രുചിയുള്ള പഴവർഗങ്ങൾ സമ്മാനിച്ചു. ശ്രീ രാമൻ ശബരിയിൽ അതീവ സന്തുഷ്ടനായിക്കൊണ്ട് അനുഗ്രഹങ്ങൾ നൽകി. അവിടെ ഒരു ദേവൻ തപസു ചെയ്യുന്നത് കണ്ടുകൊണ്ട് ശ്രീരാമൻ അതാരെന്നു ശബരിയോട് ചോദിച്ചു. ശാസ്താവെന്നു മറുപടി പറഞ്ഞു. രാമൻ, ശാസ്താവിന്റെ സമീപം വന്നു നിന്നു. ശാസ്താവ് അയോധ്യയായിലെ രാജകുമാരനെ സ്വാഗതം ചെയ്തു. അതിന്റെ സൂചകമായി മകരവിളക്ക് എല്ലാവർഷവും അതെ സമയം തെളിയിക്കാനും ആചരിക്കാനും തുടങ്ങി. മകരവിളക്കു പ്രകാശിപ്പിക്കുന്ന ദിവസം ധർമ്മ ശാസ്താവ് ഭക്തജനങ്ങളെ തപസു നിർത്തി അനുഗ്രഹിക്കുമെന്ന വിശ്വാസമാണുള്ളത്. ആ ദിവസത്തെ മകര സംക്രാന്തിയെന്നും പറയും.

ബുദ്ധന്മാരുടെ തത്ത്വമനുസരിച്ചു 'ശാസ്താ' അല്ലെങ്കിൽ ധർമ്മശാസ്‌തായെന്നു പറഞ്ഞാൽ ബുദ്ധന്റെ പതിനെട്ടു പേരുകളിൽ ഒന്നാണെന്നാണ് കരുതുന്നത്. താമരയുടെ ആകൃതിയിൽ ഒരു യോഗിയെപ്പോലെ അയ്യപ്പൻറെ ഇരിപ്പും പീഠവും ബുദ്ധവിഹാരത്തെ കാണിക്കുന്നു. അയ്യപ്പ ഭക്തന്മാരുടെ ശരണം വിളികളും സ്തോത്ര മന്ത്രങ്ങളും ബുദ്ധശിക്ഷ്യന്മാരുടെ പോലെയാണ്. അത്തരം മന്ത്രോച്ഛരണം മറ്റു ക്ഷേത്രങ്ങളിൽ കാണാനുമില്ല. ഇതെല്ലാം അനുമാനങ്ങൾ മാത്രമാണ്. ചരിത്രപരമായോ, ഭൂമിശാസ്ത്രപരമായോ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പുരാവസ്തു ശാസ്ത്ര വിഷയങ്ങളിലുള്ളതുമല്ല.

ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽക്കൂടി യാത്ര ചെയ്ത ചൈനീസ് യാത്രക്കാരൻ 'ഹുയാങ് സാങ്'(Huan Tsang) ന്റെ യാത്രക്കുറിപ്പിൽ പോടലക പർവ്വത നിരകൾക്കു സമീപമുള്ള 'അവലോകിദീശ്വര' എന്ന ബോധിസത്വയെ സൂചിപ്പിച്ചിട്ടുണ്ട്. അവലോകിദീശ്വരയെന്നാൽ വിഷ്ണുവിന്റെയും ശിവന്റെയും  വെളിപാടുകളുടെ സങ്കേതമെന്നും കരുതുന്നു. ശബരിമലയെന്നത് ആദ്യം ശിവന്റെയും വിഷ്ണുവിന്റെയും വാസസ്ഥാനമായിരുന്നുവെന്നു   പഴമൊഴിയിലുണ്ട്.

1821-ൽ പന്തളം രാജ്യം തിരുവിതാംകൂറിനോട് ചേർക്കപ്പെട്ടു. ശബരിമലയുൾപ്പടെ നാല്പത്തിയെട്ടു അമ്പലങ്ങൾ തിരുവിതാംകൂറിന്റെ നിയന്ത്രണത്തിലായി. 1910 ലാണ് അയ്യപ്പൻറെ വിഗ്രഹം ശബരിമലയിൽ പ്രതിഷ്ഠിച്ചത്. 1950-ൽ അമ്പലം പൂർണ്ണമായി തീയിൽ നശിച്ചു. ക്രിസ്ത്യൻ തീവ്രവാദികളാണ് അമ്പലം കത്തിച്ചതെന്നു പറയുന്നു. ആ സ്ഥാനത്തു പിന്നീട് പുതിയ അമ്പലം പണിയുകയുമുണ്ടായി. സംഘപരിവാർ എത്രമാത്രം പ്രചരണം നടത്തിയാലും അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യമെന്നുള്ളത് പ്രമാണികരിക്കാത്ത വെറും കെട്ടുകഥയായി മാത്രമേ കണക്കാക്കാൻ സാധിക്കുള്ളൂ.വൈദിക കാലത്തെ ഹൈന്ദവത്വത്തിന്റെ വിശ്വാസങ്ങളെ തുരങ്കം വെച്ചുകൊണ്ട് ഹിന്ദുത്വയെന്ന പുതിയ മതം പ്രചരിപ്പിക്കുകവഴി ശബരിമല അവരുടെ സ്വാധീനവലയത്തിൽ അകപ്പെടുത്തുവാൻ ശ്രമിക്കുന്നുമുണ്ട്.

ഹിന്ദുമതമെന്നു പറഞ്ഞാൽ വിവിധ ഗുണങ്ങളോടുകൂടിയ കോടാനുകോടി ആശയസംഹിതകളുടെ, ദൈവങ്ങളുടെ പ്രഭവകേന്ദ്രമാണ്. അവരിൽ സ്ത്രീ ദൈവങ്ങളും  ആരാധനമൂർത്തികളായി കാണാം.അയ്യപ്പനെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന മാളികപ്പുറത്തമ്മയെ അയ്യപ്പൻറെ സന്നിധാനത്തിനു വിദൂരമല്ലാതെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അയ്യപ്പഭക്തന്മാരായ കന്നിതീർഥാടകർ എത്താത്ത കാലത്തിൽ മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചുകൊള്ളാമെന്നുള്ള അയ്യപ്പൻറെ വാഗ്ദാനവും ഉണ്ട്.

ശബരിമലയമ്പലത്തിലെ അയ്യപ്പനെ ഹൃദയാമൃതമായി സ്വീകരിച്ചിരിക്കുന്ന 'മാളികപ്പുറത്തമ്മ' സുന്ദരിയായ ഒരു ദേവതയാണ്. ശബരിമല അയ്യപ്പൻറെ ശ്രീകോവിലിനു സമീപമായി മറ്റൊരു കോവിലിൽ ഇവരെ പ്രതിഷ്ഠിച്ചിരിക്കുന്നു. അയ്യപ്പനെ തൊഴുന്ന ഭക്തജനങ്ങൾ അവരെയും നമസ്ക്കരിച്ചിട്ടേ മടക്കയാത്ര പുറപ്പെടുകയുള്ളൂ. മാളികപ്പുറത്തമ്മയെ ദർശിക്കുന്നതും ചിലർ ജന്മസായൂജ്യമായി കരുതുന്നു.  ഐതിഹ്യ കഥകളനുസരിച്ച് അവർ ഒരിക്കൽ മഹിഷിയെന്ന രാക്ഷസിയായിരുന്നു. അയ്യപ്പൻ അവരെ നിഗ്രഹിച്ചുകൊണ്ടു ശാപമോക്ഷം നൽകിയെന്നു വിശ്വസിക്കുന്നു. കാട്ടുപോത്തിന്റെ തലയുള്ള മഹിഷിയെന്ന രാക്ഷസിയെ അയ്യപ്പൻ കൊന്നപ്പോൾ അവൾ സുന്ദരിയായ പെൺകുട്ടിയുടെ ഒരു രൂപമായി മാറി. അവരുടെ മുൻജന്മത്തിൽ അവർ 'ഗൽവൻ' എന്ന ജ്ഞാനിയായ യതിയുടെ മകളായിരുന്നു. ഗൽവന്റെ ഒരു ശിക്ഷ്യൻ അവരെ പോത്തിന്റെ തലയുള്ള ഒരു രാക്ഷസിയാകട്ടെയെന്നു ശപിച്ചിട്ടുണ്ടായിരുന്നു.

'മഹിഷി' എന്ന രാക്ഷസി അയ്യപ്പനാൽ കൊല്ലപ്പെട്ടതിനാൽ അവർക്ക് ശാപമോഷം കിട്ടി. സുന്ദരിയായ ആ സ്ത്രീ അയ്യപ്പനെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അയ്യപ്പൻ ബ്രഹ്മചാരിയെന്ന് അവരെ അറിയിച്ചു. ശബരിമലയിൽ ശാസ്താവായ അയ്യപ്പനു സമീപമുള്ള കോവിലിൽ അവരോടു പാർക്കാനും ആവശ്യപ്പെട്ടു. കാലക്രമത്തിൽ അവർ വസിക്കുന്നടം 'മാളികപ്പുറത്തമ്മ ശ്രീ കോവിലെ'ന്നും അറിയപ്പെടാൻ തുടങ്ങി.

അയ്യപ്പൻ അവരോട് 'കന്നി തീർത്ഥാടകരായ ഭക്തന്മാർ അയ്യപ്പ സന്നിധാനത്തിൽ എത്താത്ത കാലത്ത് മാളികപ്പുറത്തു ദേവിയെ വിവാഹം ചെയ്തുകൊള്ളാമെന്നും' പ്രതിജ്ഞ ചെയ്തു. അയ്യപ്പൻറെ അവതാരോദ്ദേശ്യവും മഹിഷിയെന്ന രാക്ഷസിയെ കൊല്ലാൻ വേണ്ടിയായിരുന്നു. ശിവനും മോഹിനിയുടെ രൂപത്തിൽ വന്ന വിഷ്ണുവും സംഭോഗിച്ചശേഷം അയ്യപ്പൻ ജനിച്ചുവെന്നാണ് വിശ്വാസം. മഹിഷിക്ക് ലഭിച്ച ഒരു വരമനുസരിച്ചായിരുന്നു അയ്യപ്പനെന്ന അവതാരമൂർത്തി ജനിച്ചത്. മഹിഷിയെന്ന രാക്ഷസി രാക്ഷസനായ മഹിഷാസുരയുടെ സഹോദരിയായിരുന്നു. ദുർഗാദേവി നിഗ്രഹിച്ചു രൂപം പ്രാപിച്ച രാക്ഷസനാണ്  മഹിഷാസുരൻ. ഒരു പുരുഷനും  മഹിഷാസുരനെ കൊല്ലാൻ സാധിക്കില്ലാന്നുള്ള വരവുമുണ്ടായിരുന്നു. കാലക്രമേണ 'ദുർഗാദേവി' ശക്തിയുടെ ദേവതയായി ഈ രാക്ഷസനെ കൊല്ലുകയായിരുന്നു. മഹിഷിയെന്ന രാക്ഷസി ബ്രഹ്മാവിനെ പ്രീതിപ്പെടുത്താൻ ഉഗ്രമായ തപസ്സനുഷ്ഠിക്കാൻ തുടങ്ങി. അവസാനം ബ്രഹ്മാവ്  പ്രത്യക്ഷപ്പെട്ടുകൊണ്ട് അവർക്ക് ഒരു വരം കൊടുത്തു. ശിവനിൽനിന്നും വിഷ്ണുവിൽ നിന്നും ജനിക്കുന്ന പുത്രനുമാത്രമേ മഹിഷിയെ നിഗ്രഹിക്കാൻ സാധിക്കുള്ളൂവെന്നായിരുന്നു ആ വരം.

പുരുഷദൈവങ്ങളായ ശിവനും വിഷ്ണുവും തമ്മിൽ പരിഗ്രഹിച്ചുകൊണ്ട് ഒരു കുട്ടിയെ ജനിപ്പിക്കുകയെന്നതു പ്രായോഗികമായിരുന്നില്ല. വിഷ്ണു നൃത്തപ്രിയയായി മോഹിനിയുടെ രൂപം പ്രാപിച്ചു. ശിവനും മോഹിനിയും സംഭോഗത്തിലേര്‍പ്പെട്ടശേഷം ജനിച്ച കുട്ടിയാണ് അയ്യപ്പൻ. പന്തളം രാജാവ് വനത്തിൽക്കൂടി പരിവാരങ്ങളുമായി നായാട്ടിനു പോയ സമയം ശിശുവായ അയ്യപ്പനെ വനാന്തരങ്ങളിൽ അനാഥനായി കിടക്കുന്നതു കണ്ടു. അദ്ദേഹം അയ്യപ്പനെ രാജകുമാരനായി വളർത്തി. അയ്യപ്പൻ വളർന്നു കഴിഞ്ഞപ്പോൾ രാക്ഷസിയായ മഹീഷിയെ വധിച്ചുവെന്നാണ് കഥ.

സ്ത്രീകൾ അയ്യപ്പനെ ദർശിച്ചാൽ അയ്യപ്പൻറെ നൈഷ്ഠിക ബ്രഹ്മചര്യത്തിനു കോട്ടം വരുമെന്ന് തീവ്രമത വിശ്വാസികൾ അഭിപ്രായപ്പെടുന്നു. അത്തരം ചിന്തകൾ യുക്തിരഹിതങ്ങളാണ്. സ്ത്രീയെ കണ്ടാൽ ഗുരുപദിഷ്ടമായ നിഷ്ഠകള്‍ തെറ്റാതെ അനുഷ്ഠിക്കുന്ന അയ്യപ്പന് ഇളക്കം വരുമെങ്കിൽ അങ്ങനെയുള്ള അയ്യപ്പൻ എങ്ങനെ ഒരു ശക്തിയുള്ള ദൈവമാകും.കേരളത്തിനു പുറത്തുള്ള പ്രത്യേകിച്ച് വടക്കേ ഇൻഡ്യയിൽ ഉള്ളവരാണ് സ്ത്രീകളെ അമ്പലത്തിൽ പ്രവേശിപ്പിക്കണമെന്ന വാദഗതികളുമായി കൂടുതലും മുറവിളി കൂട്ടുന്നത്. സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെ സമത്വവും അമ്പലങ്ങളിൽ പ്രവേശനം വേണമെന്നും ഒരു കൂട്ടർ വാദിക്കുമ്പോൾ പരമ്പരാഗതമായ വിശ്വാസം മാറ്റുവാൻ സാധിക്കില്ലെന്നും സ്ത്രീകളുടെ പ്രവേശനം നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ ബാധിക്കുമെന്നും രണ്ടാമത്തെ കൂട്ടർ വിശ്വസിക്കുന്നു. എതിർഭാഗത്തുള്ള വാദഗതികളെ തിരസ്ക്കരിക്കുകയും ചെയ്യുന്നു.

അട്ടയ്ക്കും പുഴുവിനും കീടങ്ങൾക്കും വരെ അയ്യപ്പ ശാസ്താവിന്റെ വിഗ്രഹങ്ങൾക്ക് ചുറ്റും ഇഴഞ്ഞു നടക്കാം. സമീപപ്രദേശങ്ങളിൽനിന്നും ശ്വാനന് ഓലിയാനുമിടാം. അഹിന്ദുക്കൾക്കും സഞ്ചരിക്കാം. എന്നിട്ടും യുവതികൾക്ക് അയ്യപ്പ സന്നിധാനം വിലക്കുന്നത് അധർമ്മമാണ്. അവരുടെ ആർത്തവകാലവും കാരണങ്ങളായി ചൂണ്ടികാണിക്കുന്നു. ഒരു കൊച്ചുപെൺകുട്ടി വിഗ്രഹത്തെ സ്പർശിച്ചപ്പോൾ അയ്യപ്പൻ അശുദ്ധമായി. അതിനായി ശുദ്ധികലശം നടത്തിക്കൊണ്ട് വലിയ ഒച്ചപ്പാടുമുണ്ടാക്കി. അത് ഹൈന്ദവത്വമല്ല. ഇതൊക്കെ  ചോദിക്കാൻ അഹിന്ദുവിന്‌ എന്ത് കാര്യമെന്നു ചിന്തിക്കുന്നവരുമുണ്ടെന്നറിയാം. അയുക്തി കാണുന്നവരെ വിരൽ ചൂണ്ടാൻ ആർക്കും അവകാശമുണ്ട്. കാരണം ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഭാരതത്തിലെ ഒരേ വായു തന്നെയാണ് ശ്വസിക്കുന്നത്. ക്രിസ്ത്യാനികളും മുസ്ലിമുകളും റോമ്മായിൽ നിന്നോ, മെക്കായിൽനിന്നോ വന്നവരല്ല. അവരും ഈ രാജ്യത്തിന്റെ വെളിച്ചവും ചൂടുമനുഭവിച്ച കറയറ്റ പൗരന്മാരാണ്. വൈദികകാലത്തിന്റെ പാരമ്പര്യം അവർക്കുകൂടി അവകാശപ്പെട്ടിരിക്കുന്നു.

വേദങ്ങളും ഉപനിഷത്തുക്കളും സ്ത്രീകൾക്ക് സമത്വം മാത്രമേ കൽപ്പിച്ചിട്ടുള്ളൂ. അതിനെ സാധുകരിച്ച് സംസ്കൃതത്തിൽ ധാരാളം ശ്ലോകങ്ങളുമുണ്ട്. സൃഷ്ടിയുടെ രഹസ്യങ്ങളും സ്ത്രീയിൽക്കൂടിയെന്നു വൈദികമതം വിശ്വസിക്കുന്നു. ഹൈന്ദവത്വത്തിൽ ദൈവങ്ങളിൽപ്പോലും അസമത്വമില്ല. ദുർഗപോലുള്ള ദൈവങ്ങളിൽക്കൂടി സ്ത്രീയെ ശക്തിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ സ്ത്രീ അയ്യപ്പൻറെ മുമ്പിൽ മാത്രം അശുദ്ധമോ? നീതിയും സത്യവും കൈമുതലായുള്ള അയ്യപ്പനുപോലും ഈ അധർമ്മം പൊറുക്കാൻ സാധിക്കില്ല.

വേദങ്ങളും പുരാണങ്ങളും സ്ത്രീയ്ക്ക് അവരുടെ സർവ്വവിധ പ്രവർത്തനമണ്ഡലങ്ങളിലും പൂർണ്ണമായ  സ്വാതന്ത്ര്യം കല്പിക്കുന്നുണ്ട്. ഒരു മകനും ഒരു മകൾക്കും മാതാപിതാക്കളുടെ പാരമ്പര്യമായ സ്വത്തിന്മേൽ തുല്യാവകാശമാണുള്ളതെന്നു ഋഗ്‌വേദം പറയുന്നു. ഒരു രാജ്യത്തിന്റെ നിയമനിർമ്മാണ പ്രവർത്തനങ്ങളിൽ സ്ത്രീയും പുരുഷനും തുല്യപങ്കാളിത്വം വഹിക്കണമെന്ന് അഥർവ്വ  വേദവും പഠിപ്പിക്കുന്നു. ഹൈന്ദവ വേദഗ്രന്ഥങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ത്രിമൂർത്തി ദൈവങ്ങളിലും സ്ത്രീയുണ്ട്. സ്ത്രീത്വവുമുണ്ട്.

ശബരിമലയിൽ സ്ത്രീയ്ക്ക് പ്രവേശനം നിഷേധിക്കവഴി ഹിന്ദുക്കളുടെ അടിസ്ഥാന തത്ത്വങ്ങളെവരെ അവിടെ   ലംഘിക്കുകയാണ് ചെയ്യുന്നത്. ഒരു ശിശു ജനിക്കുന്ന സമയം  ആണാണെങ്കിലും പെണ്ണാണെങ്കിലും പരിശുദ്ധവും നിഷ്കളങ്കവുമാണ്. ദൈവത്തിന്റെ കൃപ ജനനത്തിലും ആണിനും പെണ്ണിനും വ്യത്യാസമില്ലാതെ ലഭിക്കുന്നു. വൈവാഹിക ജീവിതത്തിലും ഭാര്യയേയും ഭർത്താവിനെയും തുല്യപങ്കാളികളായിട്ടാണ് ഋഗ്‌വേദം ചിത്രീകരിച്ചിരിക്കുന്നത്.

ഒരു പുരുഷൻ ദിവസേന പത്തു പ്രാവിശ്യം കുളിച്ചില്ലെങ്കിൽ അശുദ്ധനെന്നുണ്ട്. അങ്ങനെയെങ്കിൽ സന്നിധാനത്തിലെത്തുന്ന പുരുഷന്മാരെല്ലാം അശുദ്ധരല്ലേ! അവിടെ സ്ത്രീയ്ക്ക് മാത്രം വിലക്ക് കല്പിക്കണോ? സ്ത്രീകൾ ആർത്തവകാലങ്ങളിൽ അശുദ്ധരെങ്കിൽ പുരുഷന്മാരും ബീജപ്രതിക്രിയകൾ ശരീരത്തിൽ പ്രവർത്തിക്കുമ്പോൾ അശുദ്ധരല്ലേ?അനേക സ്ത്രീ ദൈവങ്ങളുള്ള സ്ഥിതിക്ക് ഈ നൈഷ്ഠിക ബ്രഹ്മചര്യമെല്ലാം അർത്ഥമില്ലാത്തതാണ്. അതുകൊണ്ടു ഒരു സ്ത്രീയ്ക്ക് ഏതു പ്രായത്തിലും അമ്പലത്തിൽ പോവാനുള്ള അനുവാദം കൊടുക്കുന്നത് നീതിയും  സനാതനത്തവുമാണ്.

കുറുനരികൾക്കും കാട്ടുമൃഗങ്ങൾക്കും വന്യമൃഗങ്ങൾക്കും ശബരിമല കേറാം. എന്നാൽ സ്ത്രീയായി പിറന്നവർക്ക് അവിടം നാരികേറാ മലയായിട്ടു മതപൂജാരികളും തീവ്രവാദികളും വിധിയെഴുതിയിരിക്കുന്നു. അമ്പലങ്ങളിൽ പൂജയ്ക്കായും പ്രാർഥനയ്ക്കായും പോവുന്ന ഭക്തജനങ്ങളിൽ ഭൂരിഭാഗവും സ്ത്രീകളെന്നു സ്ഥിതിവിവരക്കണക്കുകൾ പറയുന്നു.  പക്ഷെ ദേവസ്വം ബോർഡിലെ ഭരണതലങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ അവിടെ ഭരണപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒറ്റയൊരു സ്ത്രീയുമില്ലെന്നു കാണാം.

ശബരിമലയിൽ സ്ത്രീകൾക്കു മൊത്തം പ്രവേശനമില്ലെന്നു കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് മറ്റൊരു വാദം. അവിടെ പ്രവേശനമില്ലാത്തതു യുവതികൾക്ക് മാത്രമെന്ന വിഷയം കോടതിയെ ബോദ്ധ്യപ്പെടുത്തുന്നുമില്ല. എന്നാൽ ഭരണഘടനപ്രകാരം വിവേചനം ഒരു വിഭാഗത്തിനും പാടില്ലാന്നുള്ളതാണ്. എല്ലാ ജാതിക്കാർക്കും ശബരിമലയിൽ പ്രവേശിക്കാം. വാവറിനു പോലും അയ്യപ്പസ്വാമിയുടെ മുമ്പിൽ സ്ഥാനമുണ്ട്. ഇഴജന്തുക്കൾക്കു പോലും അകത്തു കടക്കാം. അതിലും അധമമായിട്ടാണ് സ്ത്രീയെ കരുതുന്നത്. ദൈവം പൂർണ്ണനെന്നും പറയുന്നു. അങ്ങനെ പൂർണ്ണമായ ദൈവത്തിനു ഒരു യുവതിയെ കണ്ടാൽ ഇകഴ്ന്നുപോവുമോ. 'സ്ത്രീ', ദൈവത്തിന്റെ സൃഷ്ടിയിലെ ഒരു തെറ്റല്ലെന്ന കാര്യം സ്ത്രീയെ  വിലക്കുന്നവർ എന്തുകൊണ്ടു ചിന്തിക്കുന്നില്ല.

വേദങ്ങളും ഹിന്ദു പുരാണങ്ങളും സ്ത്രീകളെപ്പറ്റിയും സ്ത്രീ ശക്തിയെപ്പറ്റിയും വ്യത്യസ്തങ്ങളായി വിവരിച്ചിട്ടുണ്ട്. സ്ത്രീയെ പരമസത്യമായ ദൈവം മുതൽ അനുസരണയുള്ള മകളായും അമ്മയായും വീട്ടുകാര്യങ്ങൾ നോക്കേണ്ടവളായും വർണ്ണിച്ചിരിക്കുന്നു. ഋഗ്‌വേദത്തിലെ ദേവീസൂക്തയിൽ ഇക്കാണുന്ന പ്രപഞ്ച സൃഷ്ടിയിൽ നിഴലിക്കുന്നത് സ്ത്രീയുടെ ചൈതന്യമെന്നു വിവരിച്ചിരിക്കുന്നു. അതേ  ചൈതന്യമാണ് പദാർത്ഥങ്ങളെയും, ഉപബോധ മനസ്സുകളെയും വേർതിരിക്കുന്നത്. ഉപബോധ മനസിലുള്ള ആത്മം നിത്യതയും പ്രദാനം ചെയ്യുന്നു. അത് ഭൗതികതയുടെ സത്യവും വാസ്തവികതയും അതീന്ദ്രിയവും ഭാവനാധീതവുമാകുന്നു. സൃഷ്ടികർത്താവും ബ്രഹ്മനും പരമാത്മാവും ഒന്നുതന്നെയാണ്.   ഉപനിഷത്തുക്കളിലും ശാസ്ത്രങ്ങളിലും വേദങ്ങളിലും പ്രത്യേകിച്ച് ദേവി മാഹാത്മ്യത്തിലും ദേവി ഭാഗവത പുരാണത്തിലും സ്ത്രീയെ ശക്തിയുടെ കേന്ദ്രമായി വർണ്ണിച്ചിട്ടുണ്ട്.

മനുസ്മ്രിതിയിൽ പറഞ്ഞിരിക്കുന്നത് 'ഒരുവൾ കുട്ടിയായിരിക്കുമ്പോൾ അവൾക്ക് അപ്പന്റെ സംരക്ഷണവും പരിപാലനവും വേണം. അപ്പനെ അനുസരിക്കണം. ഒരു യുവതിയെന്ന നിലയിൽ ഭർത്താവിനെയും വിധവയെന്ന നിലയിൽ മകനെയും അനുസരിക്കണം.' മറ്റൊരിടത്തു പ്രമാണികരിച്ചിരിക്കുന്നത് സ്ത്രീയെ ബഹുമാനിക്കണം, അടയാഭരണങ്ങൾ അണിയിച്ചൊരുക്കണം. എവിടെ സ്ത്രീയെ പൂജിതയായി കാണുന്നുവോ അവിടെ ദൈവങ്ങൾ ആനന്ദിക്കും. വേദങ്ങളുടെ അപ്രസക്തിയിൽ, പിൽക്കാലങ്ങളിൽ സ്‌ത്രീയെ തിരസ്ക്കരിക്കാൻ തുടങ്ങിയിരിക്കാം. സ്ത്രീയെ തരം താഴ്ത്തിക്കൊണ്ടുള്ള ആചാരോപാനുഷ്ഠാനങ്ങൾ രണ്ടാം നൂറ്റാണ്ടിനുശേഷം അന്നത്തെ സാമൂഹിക ചുറ്റുപാടുകളനുസരിച്ചു മാറ്റപ്പെട്ടതുമാകാം. പുതിയ നിയമത്തിലെ സെന്റ് പോളിന്റെ സുവിശേഷത്തിലും സ്ത്രീ പുരുഷന്റെ അടിമയായി പുരുഷൻ പറയുന്നനുസരിച്ചു ജീവിക്കാനാണ് പറഞ്ഞിരിക്കുന്നത്.

ഋഗ്വേദത്തിലെ ദേവീസൂക്തായിൽ പ്രമാണികരിച്ചിരിക്കുന്നത് 'ദേവി ബ്രഹ്മനാകുന്നു'വെന്നാണ്.  അവളിൽനിന്ന് പ്രകൃതിയും പുരുഷനും ഉയർന്നു വന്നു. പ്രകൃതിയിൽ നിന്ന് പദാർത്ഥങ്ങളും പുരുഷനിൽ നിന്ന് ആത്മവും. ആത്മമെന്നുള്ളത് അന്തർബോധമെന്നർത്ഥം. അവൾ പരമമായ നിത്യാനന്ദവും നിർവൃതിയുമാകുന്നു. പ്രപഞ്ചം അവളിൽ അടങ്ങിയിരിക്കുന്നു. സ്ത്രീകൾ താത്ത്വികമായ ചർച്ചകളിൽ പങ്കെടുത്തിരുന്നതായും ഉപനിഷത്ത് പറയുന്നുണ്ട്. അവരുടെയിടയിൽ പണ്ഡിതരും, അദ്ധ്യാപകരും പുരോഹിതരുമുണ്ടായിരുന്നു. സംസ്കൃതത്തിൽ 'ആചാര്യ' എന്നാൽ ഗുരുവെന്നർത്ഥം. 'ആചാരിണി' ഗുരുവിന്റെ ഭാര്യയും. സ്ത്രീകളിൽ ഗുരുക്കന്മാരുമുണ്ടായിരുന്നു.

ബ്രാഹ്മണാധിപത്യത്തിൽ തകർന്ന ജനത ജാതിയിൽ താണ അധഃകൃതർ മാത്രമല്ല, അന്തപ്പുരകളിൽ വസിച്ചിരുന്ന അന്തർജനങ്ങളും അക്കൂടെയുണ്ട്. അവരുടെ ജീവിതം ബ്രാഹ്മണ പുരുഷമേധാവിത്വത്തിന്റെ മുമ്പിൽ അടിയറ വയ്‌ക്കേണ്ടി വന്നിരുന്നു. ബ്രാഹ്മണിക്കൽ ശാസ്ത്രങ്ങളിൽ പുരുഷ മേധാവിത്വമായിരുന്നു നിഴലിച്ചിരുന്നത്. നാലുകെട്ടിനുള്ളിൽ ഒന്നു ശബ്ദിക്കാനുള്ള അവകാശമില്ലാതെ സ്ത്രീകൾ വീർപ്പുമുട്ടിയിരുന്നു. അവരെ സംബന്ധിച്ച് ജീവിതംതന്നെ ശവക്കുഴികളും അന്തപ്പുരകൾ ഒരു മഹാനരകവുമായിരുന്നു.

പഴയകാലത്ത് ജാതിയിൽ താണവനു, വഴി നടക്കാനും കുളിക്കാനും സമാധാനമായി ഉറങ്ങാൻപോലും  സാധിക്കില്ലായിരുന്നു. ജനകീയം വന്നപ്പോൾ അത്തരം വ്യവസ്ഥകൾക്കെല്ലാം പരിവർത്തനം വന്നു. എന്നിട്ടും സ്ത്രീയ്ക്ക് മാത്രം ശാസ്താവിനെ ദർശിക്കാനുള്ള അവകാശം   നിഷേധിക്കുന്നതു'  തികച്ചും ലജ്‌ജാവഹമല്ലേ? അത്തരം പുരുഷന്റെ ചിന്തകൾ ഇന്നത്തെ സാമൂഹിക വ്യവസ്ഥയ്ക്കു തന്നെ അപമാനവുമാണ്. ആധുനിക കാലത്തിലെ ജനകീയ ദേവസ്ഥാനത്ത് സ്ത്രീയ്ക്ക് പ്രവേശനമില്ലാത്തതും അന്ധവിശ്വാസങ്ങളടങ്ങിയ കെട്ടുകഥകളുടെ അടിസ്ഥാനത്തിലാണ്. മാനവിക സംസ്ക്കാരത്തെ തന്നെ അമ്പലത്തിലെ ഭരണകർത്താക്കളും പൂജാരികളും തന്ത്രികളും ചവുട്ടിമെതിക്കുന്നതു ദുഃഖകരം തന്നെ.

ശബരിമലയിൽ യുവതികളായ സ്ത്രീകൾക്കു വിലക്ക് കൽപ്പിക്കുന്ന വിധി 1991-ലെ ജസ്റ്റിസ് പരിപൂർണ്ണനും ജസ്റ്റീസ് കെ.ബി.മാരാരുമടങ്ങിയ കേരള ഹൈക്കോടതി ബെഞ്ച് ഒപ്പുവെച്ചിരുന്നു.  അതുവരെ പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും അവിടെ പ്രവേശനമുണ്ടായിരുന്നു. അന്നൊന്നും അയ്യപ്പൻറെ നൈഷ്ഠിക ബ്രഹ്മചര്യത്തിനു കോട്ടം വന്നില്ല. ശബരിമലയിൽ ഇന്നുകാണുന്ന മാറ്റങ്ങൾ ആരംഭിച്ചത് 1950 നു ശേഷമാണ്. ക്ഷേത്രം ഭരിക്കുന്നവരുടെ സ്വാർത്ഥതാല്പര്യങ്ങൾ ഓരോ തീരുമാനങ്ങളിലും  സ്പഷ്ടമായി കാണാം.

വേദങ്ങളും പുരാണങ്ങളും സ്ത്രീയുടെ മഹത്വം പ്രമാണികരിക്കുന്നുണ്ടെങ്കിലും  ശബരിമല പ്രദേശങ്ങളിൽ സ്ത്രീകളുടെ യാത്രകൾ സുരക്ഷിതമല്ലെന്നുള്ള വസ്തുതകളും അംഗീകരിക്കേണ്ടതായുണ്ട്. ശക്തമായ സുരക്ഷിതാ സംവിധാനം നടപ്പാക്കിയാൽ മാത്രമേ സ്ത്രീകളുടെ ശബരിമല പ്രവേശനത്തെപ്പറ്റി ഗൗരവപരമായ ഒരു തീരുമാനമെടുക്കാൻ സാധിക്കുള്ളൂ.   അമ്പതു വയസുള്ള സ്ത്രീകളുടെയും പത്തു വയസുള്ള കുഞ്ഞു കുട്ടികളുടെയും ദേഹത്തു  സ്പർശിക്കുന്ന അയ്യപ്പന്മാരുണ്ട്. വയസ്സായ സ്ത്രീകൾക്കുപോലും സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ സാധിക്കാത്ത നാട്ടിൽ ശബരി മലയെന്ന കാട്ടുപ്രദേശത്തുള്ള പുണ്യഭൂമിയുടെ അവസ്ഥ എന്തായിരിക്കുമെന്നും ആലോചിക്കുക. അയ്യപ്പന്മാരെ വിശ്വസിക്കേണ്ട ആവശ്യമില്ല. ടോയിലറ്റുകൾ ഒരു സ്ഥലത്തുമില്ല. സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെ തുറസായ സ്ഥലങ്ങളിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും സാധിക്കില്ല. പൊതുവഴികളിൽ അത്തരം ആവശ്യങ്ങൾ നിറവേറ്റുന്നതും സംസ്ക്കാരത്തിന് ചേർന്നതുമല്ല.

പമ്പയാറും അതിന്റെ തീരപ്രദേശങ്ങളും തിങ്ങിനിറഞ്ഞിരിക്കുന്ന കാടുകളും വനഭൂമികളും  അതിനുള്ളിലെ വന്യമൃഗങ്ങളും ഇഴജന്തുക്കളും മൊട്ടക്കുന്നുകളും തരണം ചെയ്തുകൊണ്ടുള്ള സ്ത്രീകളുടെ ശബരിമല തീർത്ഥയാത്രകളെ അനുകൂലിക്കാനും പ്രയാസമാണ്. ഇങ്ങനെയൊരു അഭിപ്രായത്തിനു പ്രേരിപ്പിച്ചത്, സ്ത്രീകളോടുള്ള  വിവേചനം കൊണ്ടല്ല മറിച്ച് പമ്പയുടെ തീരവും വനപ്രദേശങ്ങളും സ്ത്രീ സഞ്ചാരത്തിന് അനുയോജ്യങ്ങളായ പ്രദേശങ്ങളല്ലാത്തതുകൊണ്ടാണ്. കൂടാതെ അയ്യപ്പന്മാരുടെ മറവിൽ കപടവേഷധാരികൾ കൊള്ളയും ആക്രമണങ്ങളും നടത്തും. സ്ത്രീകളെ പീഡിപ്പിക്കാനും ശ്രമിക്കും. വനങ്ങളുടെ നടുവിൽ വ്യപിചാര ശാലകളും നക്ഷത്ര ബംഗ്ളാവുകളും പൊന്തിവരാം. അയ്യപ്പന്മാരെങ്കിലും നമ്മുടെ പുരുഷന്മാരെ വിശ്വസിക്കേണ്ട ആവശ്യവുമില്ല. പ്രായമായ സ്ത്രീകളെയും പീഡിപ്പിച്ച കഥകൾ ശബരിമല പരിസരങ്ങളിൽ ഉണ്ടായിട്ടുണ്ട്.

തിരുവനന്തപുരത്ത് പൊങ്കാല എന്ന ഒരു ഉത്സവം ആഘോഷിക്കാറുണ്ട്. ആ ഉത്സവത്തിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് മാത്രമേ സാധിക്കുള്ളൂ. പുരുഷന്മാരെ അവിടെ വിലക്കിയിരിക്കുകയാണ്. അവിടെയുള്ള ആ വിവേചനത്തിൽ ആരും ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടെന്നും ചോദ്യം വരാറുണ്ട്. ഒരു സ്ത്രീയ്ക്ക് പൊതുവഴികളിൽകൂടി പോലും സുരക്ഷിതമായി നടക്കാൻ സാധിക്കില്ല. അങ്ങനെയുള്ള സന്ദർഭത്തിൽ ദുരിതപൂർണ്ണമായ  യാത്രകളിൽക്കൂടി ഒരു അമ്പലത്തിൽ സ്ത്രീകൾക്കും പോവണമെന്നുള്ള ആകാംഷകളിൽ    എന്തർത്ഥമാണുള്ളത്? നമ്മുടെ ചിന്താഗതികളിൽ ദൈവം സർവ്വവ്യാപിയെന്നിരിക്കെ ആ കൊടുംവനത്തിൽക്കൂടി  സ്ത്രീയ്ക്ക് തീർത്ഥാടനം നടത്തണമെന്നുള്ള വാദഗതികൾക്ക് പ്രായോഗികതയുണ്ടോ?

സ്ത്രീകളുടെ തീർത്ഥ യാത്രമൂലം ഉണ്ടാകാവുന്ന ജനബാഹുല്യം പരിസ്ഥിതിയെ നശിപ്പിക്കുമെന്നു  പരിസ്ഥിതി പ്രവർത്തകയായ ശ്രീമതി സുഗതകുമാരി അഭിപ്രായപ്പെട്ടിരിക്കുന്നു. പമ്പയാറ്റിൽ അയ്യപ്പപ്രവാഹം മൂലം മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും കെട്ടിക്കിടക്കുന്നു. കുറെ വർഷങ്ങൾക്കു മുമ്പ് തീർഥാടകർ കേരളത്തിൽനിന്ന് മാത്രമുള്ളവരായിരുന്നു. ഇന്ന് ഭാരതത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമായി മില്യൻ കണക്കിന് ഭക്തജനം അവിടെയെത്തുന്നു. സ്ത്രീകൾക്കാവശ്യമുള്ള ടോയ്‌ലറ്റുകളൊന്നും ആ പ്രദേശങ്ങളിലില്ല. വനവിഭവങ്ങളോടൊപ്പം മൃഗസമ്പത്തും നശിക്കുന്നു. വനങ്ങൾ നശിച്ചാൽ പ്രകൃതിയും വരണ്ടുപോകും. ഭൂപ്രദേശങ്ങൾ മരുഭൂമിയായി തീരും. വെള്ളത്തിന്റെ ഉറവിടകളും നിലനിൽക്കും.

ശബരിമലയിലെ പതിനെട്ടാം പടിക്കും നിർവ്വചനങ്ങൾ കല്പിച്ചിട്ടുണ്ട്. പതിനെട്ടു മലകളെയാണ് ഇത് സൂചിപ്പിക്കുന്നതെന്നു വാദങ്ങളുണ്ട്. നാലു വേദങ്ങൾ, ആറു ശാസ്ത്രങ്ങൾ, ചതുരുപായങ്ങൾ, നാല് വർണ്ണങ്ങൾ ചേർന്നാൽ പതിനെട്ടാംപടിയാകുമെന്നു പറയുന്നവരുമുണ്ട്. അയ്യപ്പദർശനവും കഴിഞ്ഞ് പരബ്രഹ്മത്തിന്റെ പൊരുളും മനസിലാക്കി മലയിറങ്ങുന്ന ഭക്തരെ നോക്കിക്കൊണ്ട് ഒരു പാവം പെണ്ണിന്റെ നീണ്ട കാത്തിരുപ്പ് തുടർന്നുകൊണ്ടിരിക്കും. അയ്യപ്പനെ പ്രണയിച്ച മാളികപ്പുറത്തമ്മയെന്ന ദേവസുന്ദരി വേളി കഴിക്കാമെന്നുള്ള മോഹങ്ങളോടെ നോക്കി നിൽക്കുമ്പോൾ കന്നി അയ്യപ്പന്മാരെ കണ്ടാൽ പ്രതീക്ഷകളസ്തമിച്ചു ദുഃഖിതയുമാവും.

Joychan Puthukulam News 














No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...