ജോസഫ് പടന്നമാക്കൽ
ലോകം മുഴുവനും ക്രൂരമായ മതപീഡനം വിളയാടിയിരുന്ന കാലങ്ങളിൽ ഭാരതം എല്ലാ മതങ്ങൾക്കും അഭയം നൽകിയിരുന്നു. നമ്മുടെ നാട്ടുരാജാക്കന്മാർക്ക് മതസഹിഷ്ണതയും മറ്റു മതസ്ഥരോട് സൗഹാർദ്ദ ബന്ധങ്ങളുമുണ്ടായിരുന്നു. കൂടാതെ അതിഥികളെ സ്വീകരിക്കാനുള്ള വിശാല മനസ്ഥിതിയും പ്രകടമായിരുന്നു. യഹൂദർക്ക് ക്രിസ്തുവിനു മുമ്പുമുതൽ ഈ രാജ്യത്ത് സിനഗോഗുകളും കച്ചവടങ്ങളുമുണ്ടായിരുന്നു. കൊച്ചിയിലെ യഹൂദ പാരമ്പര്യം ക്രിസ്തുവിനു മുമ്പ് തുടങ്ങിയതാണ്. ജറുസലേമിൽ റോമാക്കാർ യഹൂദരെ പീഡിപ്പിച്ചപ്പോൾ അവർക്ക് ഈ രാജ്യം അഭയം കൊടുത്തു. കേരളത്തിലെ പഴയ ക്രിസ്ത്യൻ പള്ളികളുടെ ചരിത്രമെടുത്താൽ ഇവിടെയുള്ള ഹൈന്ദവ രാജാക്കന്മാർ ആ പള്ളികൾക്കെല്ലാം സ്ഥലം ദാനം കൊടുത്തിരുന്നതായി കാണാം. പതിനഞ്ചാം നൂറ്റാണ്ടിലും പതിനാറാം നൂറ്റാണ്ടിലും വിദേശ മിഷണറീസ്മാർ ഗോവയിലും മംഗളൂരിലും കടലോര പ്രദേശങ്ങളിലും ക്രിസ്ത്യൻ സഭകൾ പ്രചരിപ്പിച്ചു.
ഒമ്പതാം നൂറ്റാണ്ടിൽ പേർഷ്യയിൽ നിന്നും മതപീഡനം കാരണം സൊറാസ്ട്രിയരും ഇന്ത്യയിൽ വന്നെത്തി. ടാറ്റാ പോലുള്ള വൻ വ്യവസായങ്ങൾ സ്ഥാപിച്ചത് അവരാണ്. ഫീൽഡ് മാർഷൽ ആയിരുന്ന മനുക്ഷയും സൊറാസ്ട്രിയൻ മതവിശ്വാസിയായിരുന്നു. ചൈനാ, ടിബറ്റ് കീഴടക്കിയപ്പോൾ അവിടെയുള്ള ബുദ്ധമതക്കാരായ അഭയാർഥികൾക്ക് അഭയം നൽകിയത് ഈ രാജ്യമാണ്. ദലൈലാമയുടെ അഭയ രാജ്യവും ഇന്ത്യയാണ്. ഇറാനിലെ പീഡനം മൂലം 'ബാഹായി' മതക്കാരും അഭയം തേടിയതും ഭാരതത്തിലായിരുന്നു. റോമ്മായിൽ ക്രിസ്ത്യാനികളെ സിംഹക്കൂടുകളിൽ വലിച്ചെറിയുന്ന കാലത്ത് കേരളത്തിലെ ക്രിസ്ത്യാനികൾ ഇവിടുത്തെ നാട്ടുരാജാക്കന്മാരുടെ പരിലാളനയിലും പരിപാലനത്തിലുമായിരുന്നു. പൗരാണിക കാലങ്ങളിലെ ചരിത്രത്തിലേയ്ക്ക് കണ്ണോടിച്ചാൽ എല്ലാ മതങ്ങളെയും ഒരുപോലെ സ്വാഗതം ചെയ്തിരുന്ന ഏക രാജ്യം ഭാരതമെന്നു കാണാൻ സാധിക്കും.
വൈവിദ്ധ്യങ്ങളാർന്ന വിവിധ മതവിഭാഗങ്ങളുടെ നാടാണ് ഇന്ത്യ. ഹിന്ദു മതം, ബുദ്ധ, ജൈന, സിക്ക് മതങ്ങൾ എന്നിങ്ങനെ ലോകത്തിലെ നാലു പ്രധാനമതങ്ങളുടെ ജന്മസ്ഥലമാണ് ഇന്ത്യ. ഇന്ത്യയിൽ ഭൂരിഭാഗം ഹിന്ദുക്കളാണെങ്കിലും ചില പ്രദേശങ്ങൾ മറ്റു മതങ്ങൾ ഭൂരിപക്ഷങ്ങളായുമുണ്ട്. ഉദാഹരണമായി ജമ്മു കാശ്മീരിൽ മുസ്ലിമുകളാണ് ഭൂരിപക്ഷം. പഞ്ചാബിൽ സിക്കുകാരും നാഗാലാൻഡ്, മേഘാലയ, മിസോറം എന്നിവടങ്ങളിൽ ക്രിസ്ത്യാനികളുമാണ് ഭൂരിപക്ഷം. ഹിമാലയൻ പ്രദേശങ്ങളായ സിക്കിമിലും ഡാർജലിംഗിലും ലഡാക്കിലും, അരുണാചല പ്രദേശത്തിലും ബുദ്ധമതക്കാർ തിങ്ങി പാർക്കുന്നുമുണ്ട്. ന്യൂന പക്ഷങ്ങളിൽ ഇസ്‌ലാം മതമാണ് ഇന്ത്യയിൽ ഏറ്റവും വലിയ മതം. മുസ്ലിമുകൾ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. പൗരാണിക കാലം മുതൽ ഇന്ത്യ മഹാരാജ്യം തന്നെ സഹിഷ്ണതയുടെ നാടായിരുന്നു.
ഇന്ത്യ ഉപ ഭൂഖണ്ഡത്തിൽ പീഡനങ്ങളുടെ ചരിത്രവുമുണ്ട്. ബുദ്ധമതക്കാരെയും ജൈനന്മാരെയും ബ്രാഹ്മണ മേധാവിത്വത്തിൽ ചില രാജാക്കന്മാർ പീഡിപ്പിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. ബി.സി. രണ്ടാം നൂറ്റാണ്ടിൽ 'പുഷ്യമിത്ര ഷുങ്ക' എന്ന രാജാവ് ബുദ്ധ മതക്കാരെ പീഡിപ്പിച്ചിരുന്നു. അഞ്ചാം നൂറ്റാണ്ടിൽ മിഹിരകുലയുടെ കാലത്ത് കാശ്മീരിൽ ബുദ്ധമതക്കാരെ ദ്രോഹിച്ചിരുന്നതായ ചരിത്രവുമുണ്ട്. പല്ലവ തമിഴ് രാജാക്കന്മാരുടെ കാലത്ത് വൈഷ്ണവർ ശൈവ മതക്കാരെ പീഡിപ്പിച്ചിരുന്നു. പാണ്ഡിയൻ രാജാക്കന്മാർ ജൈനന്മാരെ ഇല്ലായ്‌മ ചെയ്യാൻ ശ്രമിച്ചിരുന്നു. . അഫ്‌ഗാനിസ്ഥാനിലും സിൻഡിലും പഞ്ചാബിലുമുള്ള മുസ്ലിം രാജാക്കന്മാരും ഹിന്ദുക്കളെ പീഡിപ്പിച്ചിരുന്നു. ഔറങ്ങസീബിന് ഹിന്ദുക്കളോടും ജൈനന്മാരോടും സഹിഷ്ണതയുണ്ടായിരുന്നില്ല. ഗോവയിൽ വിദേശ മിഷിണറിമാർ ആധിപത്യം സ്ഥാപിച്ചുകൊണ്ട് നൂറു കണക്കിന് അമ്പലങ്ങൾ തകർത്തു. അമ്പലങ്ങളിരുന്ന സ്ഥലങ്ങളിൽ പള്ളികൾ നിർമ്മിച്ചു.
ഭാരതത്തിലെ ഓരോ പൗരനും യുക്തമെന്നു തോന്നുന്ന മതത്തിൽ വിശ്വസിക്കാനുള്ള അവകാശം ഭരണഘടന ഇരുപത്തഞ്ച് ഇരുപത്തിയാറു വകുപ്പുപ്രകാരം നൽകിയിട്ടുണ്ട്. അത് മൗലികസ്വാതന്ത്ര്യമാണ്. ഇന്ത്യ മതേതരത്വ രാജ്യവുമാണ്. സമാധാനപരമായി ഓരോരുത്തർക്കും തങ്ങളുടെ മതം പ്രചരിപ്പിക്കാനുള്ള അവകാശമുണ്ടെന്നും ഭരണഘടനയിൽ എഴുതി ചേർത്തിട്ടുണ്ടായിരുന്നു. എന്നിരുന്നാലും മതസഹിഷ്‌ണതയില്ലായ്മ ഭാരതത്തിന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ട്. 1984-ലെ സിക്ക് കലാപം, 2002-ലെ ഗുജറാത്ത് കലാപം, കാശ്മീരിലെ പണ്ഡിറ്റുകൾ സഹിക്കേണ്ടി വന്ന വർഗീയ വംശീകരണ നിഗ്രഹങ്ങൾ മുതലായവ ഉദാഹരണങ്ങളാണ്. 1984-ലെ സിക്കുകാർക്കെതിരെയുള്ള കലാപങ്ങളിൽ നാളിതുവരെ അന്ന് ബലിയാടായവർക്ക് നീതി ലഭിച്ചിട്ടില്ല. അന്നുണ്ടായ കൂട്ടക്കൊലകൾ ഇന്നും ചരിത്രത്തിന്റെ ഭാഗമായി അവശേഷിച്ചിരിക്കുന്നു.
സനാതന മതത്തിൽ ധർമ്മം എന്തെന്ന് മറ്റുള്ളവരെ പഠിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ആരെയും സനാതനത്തിലേയ്ക്ക് നിർബന്ധിക്കാറില്ല. സനാതനത്തിൽ ശാസ്തങ്ങളുണ്ട്, സംഗീതവും നൃത്തവുമുണ്ട്. ജ്യോതിർ വിദ്യയും, ജ്യോതിഷ ശാസ്ത്രവും, വൈദ്യ ശാസ്ത്രവും, ഗണിത ശാസ്ത്രവും, സനാതനത്തിന്റെ പഠനങ്ങളാണ്. കൂടാതെ ജീവശാസ്ത്രം, സാമൂഹിക ശാസ്ത്രം, സാമ്പത്തികം, കൃഷി, രാഷ്ട്രീയം, യോഗ, വസ്തു ശാസ്ത്രം, ഇങ്ങനെ നൂറായിരം ആത്മീയ ശാസ്ത്രങ്ങൾകൊണ്ട് വേദങ്ങൾ സമ്പന്നമാണ്. വേദകാലങ്ങളിൽ മനുവിന്റെ നിയമങ്ങളെ മാനിച്ചിരുന്നു. അങ്ങനെ ആദ്ധ്യാത്മികതയുടെ അതിരറ്റു പുരോഗമിച്ച സിദ്ധാന്തങ്ങൾ വേദങ്ങളിൽ നിറഞ്ഞിരിക്കുന്നു. പ്രകൃതിയുടെ അദൃശ്യ കാര്യങ്ങളും അജ്ഞേയമായി വർണ്ണിച്ചിരിക്കുന്നു. നാമായിരിക്കുന്ന ഈ സത്ത നാം നേടിയതും ഇനിയും നേടാൻ പോവുന്നതും നൂറായിരം പുനർജന്മങ്ങൾ തരണം ചെയ്തായിരിക്കുമെന്നും വേദഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നു. ഹിന്ദുക്കളിൽ സസ്യഭുക്കുകളും മാംസാഹാരികളുമുണ്ട്. എന്ത് ഭക്ഷണം കഴിക്കണമെന്നു വൈദിക മതം നിഷ്ക്കർഷിക്കുന്നില്ല. പ്രേരണയും ചെലുത്തുന്നില്ല. വേദങ്ങളിൽ മാംസം നിഷിദ്ധങ്ങളെന്നു പറയുന്നുമില്ല.
സനാതന ധർമ്മം ഇസ്‌ലാമികളുടെയും ക്രിസ്ത്യാനികളുടെയും ധർമ്മങ്ങളെക്കാൾ വ്യത്യസ്തമാണ്. ഒരു ക്രിസ്ത്യാനിക്ക് ബൈബിളും മുസ്ലിമിന് ഖുറാനും അടിസ്ഥാന വേദഗ്രന്ഥമാക്കണമെന്നുണ്ട്. എന്നാൽ ഒരു ഹിന്ദുവിനെ സംബന്ധിച്ച് അങ്ങനെയൊരു ഗ്രന്ഥം നിർബന്ധമായി നിശ്ചയിച്ചിട്ടില്ല. ഓരോരുത്തരുടെയും മാനസിക സ്ഥിതിയനുസരിച്ചും ശാരീരിക നിലവാരമനുസരിച്ചും ബൗദ്ധികത കണക്കാക്കിയും അവരവർക്ക് ഇഷ്ടമുള്ള തത്ത്വങ്ങൾ തിരഞ്ഞെടുക്കാൻ വൈദിക മതങ്ങൾക്ക് സാധിക്കും. മതപരിവർത്തനം എന്നുപറഞ്ഞാൽ നിലവിലുള്ള വിശ്വസങ്ങളെ പരിത്യജിച്ചു മറ്റു മതങ്ങളുടെ വിശ്വസങ്ങളെ ഉൾക്കൊള്ളുകയെന്നുള്ളതാണ്. അത് സനാതനം അംഗീകരിച്ചിട്ടുമുണ്ട്. അതിന്റെ അർത്ഥം ഒരുവൻ ക്രിസ്ത്യാനിയായാലും ഇസ്‌ലാമായാലും ലക്ഷ്യം ഒന്നുതന്നെയെന്ന വിശ്വാസവും ഭാരതീയ മൂല്യങ്ങളിലുണ്ടായിരുന്നു.
ഒരുവൻ മതം മാറുന്നത് പല കാരണങ്ങളാലാകാം. വിശ്വസിച്ചുവന്നിരുന്ന മതത്തോടുള്ള വിശ്വാസവും കൂറും നഷ്ടപ്പെട്ടതാകാം. സ്വതന്ത്രമായ തീരുമാനം മൂലം മനം മാറ്റം വന്നതാകാം. മരിക്കുന്ന സമയം ഒരുവന്റെ മനസ്സിൽ വന്ന ഭയ വ്യതിചലനങ്ങളാകാം. വ്യത്യസ്തങ്ങളായ സാഹചര്യങ്ങൾ കൊണ്ടോ മറ്റുള്ള മതങ്ങളിൽ നിന്നും വിവാഹം കഴിച്ചതുകൊണ്ടോ അല്ലെങ്കിൽ മറ്റുള്ളവരുടെ ഭീക്ഷണി കൊണ്ടോ പ്രേരണകൊണ്ടോ മതം മാറ്റം സംഭവിക്കാം. ചിലർ സാമ്പത്തിക ലാഭം മനസ്സിൽ കാണുന്നു. ഒരു കുട്ടിയെ നല്ല സ്‌കൂളിൽ ചേർക്കാനായി മതം മാറിയവരുമുണ്ട്. സാമൂഹികമായി കൂടുതൽ അന്തസ് കിട്ടുമെന്ന് വിചാരിച്ച് ചിലർ മതം മാറുന്നു. വിവാഹിതരാകുമ്പോൾ ഭർത്താവിന്റെ അല്ലെങ്കിൽ ഭാര്യയുടെ മതം സ്വീകരിക്കുന്നവരുമുണ്ട്. താല്പര്യമില്ലാതെ നിർബന്ധിത മത പരിവർത്തനത്തിൽ മതം മാറുന്ന ഒരാൾ താൻ കാത്തുസൂക്ഷിച്ചു വന്നിരുന്ന വിശ്വാസം മനസ്സിൽ രഹസ്യമായി സൂക്ഷിച്ചുകൊണ്ടിരിക്കും. പുറമെ പുതിയ മതത്തിലെ അംഗമെന്ന നിലയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അമിത വിശ്വാസം കൊണ്ട് മതം മാറിയ ചിലർ അവരുടെ കുടുംബത്തെ മുഴുവൻ പുതിയ മതത്തിലേക്ക് ചേർക്കാൻ പ്രേരിപ്പിച്ചുകൊണ്ടുമിരിക്കും.
ഇന്ത്യയിലെ ജനങ്ങളിൽ 80 ശതമാനവും ഹിന്ദുക്കളാണ്. ഇന്ത്യ മതേതരത്വത്തിൽ വിശ്വസിക്കുന്നു. ഇസ്ലാം ഇന്ത്യയിലെ രണ്ടാമത്തെ മതവുമാണ്. രാജ്യത്ത് ക്രിസ്ത്യാനികൾ രണ്ടു ശതമാനമാണുള്ളത്. നാഗാലാന്റിലും മിസ്സോറിയയിലും മേഘാലയത്തിലും ക്രിസ്ത്യാനികളാണ് ഭൂരിപക്ഷമുള്ളത്. ക്രിസ്ത്യാനികൾ പ്രേരണ ചെലുത്തിയും സ്വാധീനിച്ചും മത പരിവർത്തനം നടത്തുന്നുവെന്ന് ഹിന്ദു യാഥാസ്ഥിതികർ പ്രചരണം നടത്തുന്നു. തീവ്ര ക്രിസ്ത്യൻ വിഭാഗങ്ങളുടെ മതപരിവർത്തന രീതികളിൽ കുറച്ചു സത്യമുണ്ടെങ്കിലും രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി സത്യമല്ലാത്ത പ്രചരണങ്ങളും ഹിന്ദു മതത്തിലെ തീവ്ര വാദികൾ നടത്താറുണ്ട്. സഹസ്രാബ്ധങ്ങളായി ഇന്ത്യ പുലർത്തിയിരുന്ന മതസൗഹാർദം അവർ നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തെ സംബന്ധിച്ച് കാര്യമായൊന്നും അവരുടെ പ്രചരണങ്ങൾ ഫലവത്താകുന്നില്ല. മാത്രവുമല്ല ക്രിസ്ത്യൻ സമൂഹത്തിനെതിരെയുള്ള ഏതൊരാക്രമവും അന്തർദേശീയ വാർത്തകളായി പൊലിക്കുകയും ചെയ്യും. അത് ഇന്ത്യയുടെ അഭിമാനത്തിന് ക്ഷതം പറ്റുമെന്ന് കേന്ദ്രം ഭരിക്കുന്നവർക്ക് അറിയുകയും ചെയ്യാം.
മതം മാറാൻ ഒരാൾ ആഗ്രഹിക്കുന്നുവെങ്കിൽ അവിടെ നിയമത്തിന്റെ പ്രസക്തികളൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല. അത് അയാളുടെ സ്വാതന്ത്ര്യവും ഇഷ്ടവുമാണ്. ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന അവകാശസ്വാതന്ത്ര്യവുമാണ്. ഹിന്ദുവിന് മുസ്ലിമാകാനോ മുസ്ലിമിന് ഹിന്ദുവാകാനോ അവകാശമുണ്ട്. അവിടെ നിയമത്തിന് ഒന്നും ചെയ്യാൻ സാധിക്കില്ല. മതം മാറാൻ പാടില്ലായെന്ന ഒരു നിയമം കൊണ്ടുവന്നാലും ഇന്നത്തെ ഭരണഘടനയുടെ വെളിച്ചത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. അത് വെറുമൊരു പരിഹാസം മാത്രമേ ആകുന്നുള്ളൂ. എന്നാൽ നിർബന്ധിത മത പരിവർത്തനം വ്യത്യസ്തവും നിയമവിരുദ്ധവുമാണ്. അത് രാഷ്ട്രീയത്തിലെ ഒരു പ്രധാന ചർച്ചാ വിഷയവുമായി കരുതുന്നു.
നിർബന്ധിത മതപരിവർത്തനം രാജ്യത്തിലെ ഓരോ വ്യക്തികളുടെയും അവകാശ സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലായിരിക്കും. മതം തിരഞ്ഞെടുക്കാനും സ്വന്തം വിശ്വാസം തുടരാനും കാത്തു സൂക്ഷിക്കാനുമുള്ള അവകാശം ഓരോ പൗരനുമുണ്ട്. ഒരുവന്റെ വിശ്വാസത്തെ പ്രലോഭനങ്ങളിൽക്കൂടി മാറ്റുവാൻ ശ്രമിക്കുന്നത് ഒരു തരം മാനുഷ്യക പീഡനം തന്നെയാണ്. അതിനെയാണ് നിർബന്ധിത മതപരിവർത്തനമെന്നു പറയുന്നത്. നിർബന്ധിതമായ മതപരിവർത്തനം പൗരാണികമായി ആർജ്ജിതമായ നമ്മുടെ സംസ്ക്കാരത്തിനും യോജിച്ചതല്ല. അനേക മതങ്ങളുടെ ഉറവിടമാണ് ഭാരതം. സ്വന്തം പൈതൃക വിശ്വാസത്തിൽ അടിയുറച്ചു നിന്നതിനൊപ്പം വിദേശ മതങ്ങളെയും ഈ രാജ്യം സ്വാഗതം ചെയ്തിരുന്നുവെന്ന വസ്തുതയും നാം മറക്കരുത്.
മതങ്ങളെ വളർത്തേണ്ടത് പിടിയരി കൊടുത്തും ഭീക്ഷണിപ്പെടുത്തിയും പ്രലോഭനം വഴിയും ആയിരിക്കരുതെന്നാണ് നിർബന്ധിത മത നിരോധന ബില്ലുകൾകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വന്തം മതം വളർത്താനായി അതിക്രൂരമായ കൊലപാതകങ്ങൾ വരെ നടന്നിട്ടുണ്ട്. ബലപ്രയോഗങ്ങളോടെയും അധികാര ഗർവുകളുടെ തണലിലും മത പരിവർത്തനം നടക്കുന്നുണ്ട്. ക്രിസ്ത്യൻ സഭയിലെ ചില ഉപവിഭാഗങ്ങൾ ഹൈന്ദവ ദേവന്മാരുടെ ബിംബങ്ങളെയും അവരുടെ ആചാരങ്ങളെയും പരിഹസിക്കുന്നതും പതിവായിരുന്നു. ഹൈന്ദവ ജനങ്ങളുടെ സഹിഷ്ണതകൾക്ക് മുറിവേൽക്കാനും അത്തരം ക്രിസ്ത്യൻ വിഭാഗങ്ങളുടെ വിവരമില്ലാത്ത പ്രവർത്തികൾ കാരണമായിട്ടുണ്ട്.
ഗാന്ധിജി പറഞ്ഞു, "എനിക്ക് അധികാരമുണ്ടായിരുന്നെങ്കിൽ നിയമങ്ങളുണ്ടാക്കാൻ കഴിയുമായിരുന്നെങ്കിൽ മതപരിവര്‍ത്തനം ഞാൻ ഇല്ലാതാക്കുമായിരുന്നു. ഹിന്ദു കുടുംബത്തിൽ ഒരു മിഷിനറിയുടെ ആഗമനോദ്ദേശ്യം ആ കുടുംബത്തിന്റെ സാംസ്ക്കാരികതയെ നശിപ്പിക്കുകയെന്നതാണ്. ധരിക്കുന്ന വസ്ത്രങ്ങളും ഭാഷയും ഭക്ഷണ പാനീയങ്ങൾവരെയും നമ്മുടെ പാരമ്പര്യത്തിൽനിന്നും അവർ നിഷ്ക്രിയമാക്കും."
രണ്ടു തരം പരസ്പരബന്ധമില്ലാത്ത വിശ്വാസങ്ങൾ രാഷ്ട്രീയക്കാരുടെയിടയിലുണ്ട്. അത് അവരുടെയിടയിലുള്ള വാദ വിവാദങ്ങളിലും പ്രകടമായി കാണാം. ആദ്യത്തെ വാദം ഇന്ത്യ മഹാരാജ്യം ഒരിക്കൽ ഹിന്ദുക്കൾ മാത്രമുള്ള രാജ്യമെന്നായിരുന്നു. രണ്ടാമത്തെ വാദം മുസ്ലിം ക്രിസ്ത്യൻ സമുദായത്തിലെ ഓരോ ഇന്ത്യക്കാരനും അവരുടെ ആദ്യമതത്തിലേയ്ക്ക് മതപരിവർത്തനം ചെയ്യുകയെന്നതാണ്. പരസ്‌പരമുള്ള മത വിശാസം എതിർക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യ മുഴുവനായി മത പരിവർത്തനത്തിനെതിരായി ഒരു ബില്ല് അവതരിപ്പിക്കണമോയെന്ന വിഷയം വളരെ ഗൗരവമായി പരിഗണിക്കുന്നുമുണ്ട്. ഘർ വാപസിയെന്ന പ്രസ്ഥാനം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഊർജിതമായി നടക്കുകയും ചെയ്യുന്നു.
നരേന്ദ്ര മോദിയുടെ സർക്കാർ അധികാരമേറ്റ ശേഷം ന്യുനപക്ഷങ്ങളെ ഹിന്ദു മതത്തിൽ ചേർക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷങ്ങൾ പാർലമെന്റിൽ വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കാറുണ്ട്. ഭാരതീയ ജനതാ പാർട്ടിയോട് വിധേയത്വമുള്ള പാർട്ടികൾ അപ്പോഴെല്ലാം ഹിന്ദുക്കളുടെ മതപരിവർത്തന സംരംഭങ്ങൾ സ്വമേധയാ എന്ന് പറഞ്ഞു നിഷേധിക്കുകയും ചെയ്യും. ബലമായിട്ടുള്ള മതപരിവർത്തനം നിരോധിക്കണമെന്നും അതിനായി പാർലമെന്റിൽ നിയമസംഹിതകൾ രചിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പറയുകയുണ്ടായി. എന്നാൽ പ്രമുഖരായ നിയമജ്ഞരും രാഷ്ട്രീയ തന്ത്രജ്ഞരും അത്തരം ഒരു തീരുമാനം മത സ്വാതന്ത്ര്യത്തിന്റെ അടിത്തറ മാന്തുമെന്നും വാദിക്കുന്നു.
ഒറിസ്സാ, മദ്ധ്യപ്രദേശ്, ഗുജറാത്ത്,ഛത്തീസ്ഗഢ്, ഹിമാചൽ പ്രദേശ്, അരുണാചൽ എന്നീ സംസ്ഥാനങ്ങൾ നിർബന്ധിത മത പരിവർത്തനത്തിനെതിരെയുള്ള നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ട്. സർക്കാർ ഈ ബില്ലുകൾ നടപ്പിലാക്കാനുള്ള മാനദണ്ഡം എന്തെന്ന കാര്യത്തിൽ ഒരു തീരുമാനമെടുത്തിട്ടില്ല. രാജസ്ഥാനിലും നിർബന്ധിത മതപരിവർത്തനത്തെ ഇല്ലാതാക്കാനുള്ള ബില്ല് പാസാക്കിയിട്ടുണ്ട്. എന്നാൽ നാളിതുവരെ അത് പ്രാവർത്തികമാക്കിയിട്ടില്ല. ഈ സ്റ്റേറ്റുകളിലെല്ലാം നിയമം ഏതാണ്ട് ഒരു പോലെ തന്നെയാണ്. 'ബലം പ്രയോഗിച്ചോ, പണം കൊടുത്തോ, മറ്റു പ്രേരണകൾ നൽകിയോ മതം മാറ്റം നടത്തിയാൽ' കുറ്റകരമായിട്ടാണ് ഈ നിയമം അനുശാസിക്കുന്നത്. ദേവികോപം ഉണ്ടാകും, അല്ലെങ്കിൽ ദൈവകോപമുണ്ടാകുമെന്നല്ലാം പേടിപ്പിച്ചു മതം മാറ്റുന്ന പ്രവർത്തനങ്ങളെയും നിരോധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭരണഘടനയിലുള്ള ക്രിമിനൽ നിയമം പ്രേരണ കൊണ്ടും ബലം കൊണ്ടും മതപരിവർത്തനം ചെയ്യിപ്പിക്കുന്നതിന് വിലക്കു കല്പിച്ചിട്ടുണ്ട്. ഇന്ത്യൻ നിയമമനുസരിച്ച് അത്തരം നിർബന്ധപൂർവമുള്ള മതപരിവർത്തനം ശിക്ഷാർഹമാണ്. ബി.ജെ.പി. അത്തരം ഒരു നിയമം കൊണ്ടുവരുന്നുവെങ്കിൽ അതിലൊരു പുതുമയൊന്നുമില്ല. അത് നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന പഴയ നിയമം മാത്രമാണ്.
ഗുജറാത്തിലും ചണ്ഡീഗഡിലും ഹിമാചൽ പ്രദേശിലും ഒരാൾക്ക് മതം മാറണമെങ്കിൽ മതം മാറുന്നതിനു മുപ്പതു ദിവസംമുമ്പ് സ്ഥലത്തെ മജിസ്‌ട്രേറ്റിന്റെ അനുവാദം മേടിച്ചിരിക്കണം. ഒറിസ്സായിലും ഹിമാചൽ പ്രദേശിലും മതം മാറ്റത്തിന് മുപ്പതു ദിവസം മുമ്പ് അറിയിച്ചാൽ മതി. മജിസ്‌ട്രേറ്റിന്റെ അനുവാദമാവശ്യമില്ല.1960-ൽ ഒറിസ്സായിലും മദ്ധ്യപ്രദേശിലും നിയമം പാസ്സായെങ്കിലും മതമാറ്റത്തെ സംബന്ധിച്ച് സർക്കാരിനെ അറിയിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എങ്കിലും മദ്ധ്യപ്രദേശിൽ വിവാഹം കഴിഞ്ഞ ശേഷം മജിസ്ട്രെറ്റിനെ വിവാഹം ചെയ്ത വിവരം അറിയിക്കേണ്ടതായുണ്ട്. മജിസ്‌ട്രേറ്റിന്റെ അനുവാദം വേണമെന്നുള്ള നിയമ കുടുക്കുകൾ ബിജെപി ഇഷ്ടപ്പെടുന്നു. അങ്ങനെയെങ്കിൽ സ്വന്തം ഇഷ്ടപ്രകാരം മത പരിവർത്തനത്തിന് ആരും തയാറാവുകയില്ലെന്ന് അവർ കരുതുന്നു. യാഥാസ്ഥിതികരായ ഹിന്ദുക്കൾ അതുമൂലം ബലം പ്രയോഗിച്ചു മറ്റു മതസ്ഥരെ ഹിന്ദുമതത്തിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. അവർ മജിസ്‌ട്രേറ്റുമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യും.
അടുത്ത കാലത്ത് ബി.ജെ.പി. യുടെ ഘർവാപസി നീക്കം ഇതര മതസ്ഥരിൽ പ്രതിഷേധങ്ങൾ സൃഷ്ടിച്ചിരുന്നു. സ്വമനസ്സാലെ അവർ ഹൈന്ദവ മതത്തിലേക്ക് മടങ്ങി പോവുന്നുണ്ടെങ്കിൽ അതിനവർക്ക് അവകാശമുണ്ട്. ആയിരക്കണക്കിന് മുസ്ലിമുകളെ അവർ ഇതിനകം മതം മാറ്റി കഴിഞ്ഞു. അഹിന്ദുക്കൾ രാജ്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ നിന്നും അകന്നു പോയിയെന്നും പാരമ്പര്യവും കടമകളും മറന്നുവെന്നും അവരെ തിരിയെ ഹിന്ദു മതത്തിൽ കൊണ്ടുവരുന്നുവെന്നുമാണ് ഘർ വാപസിക്കാരുടെ വാദം. ഹിന്ദു മതത്തിലേക്ക് പുനഃപരിവർത്തനം എന്നുള്ളത് ഹിന്ദു തീവ്ര മതങ്ങളുടെ പതിറ്റാണ്ടുകളായുണ്ടായിരുന്ന അജണ്ടയായിരുന്നു. പക്ഷെ അതിന് ശക്തി കൂടിയത് അടുത്തകാലത്ത് ബി.ജെ.പി.യ്ക്ക് അധികാരം കിട്ടിയതിനുശേഷമാണ്.
നിർബന്ധിത മതം മാറ്റ ബില്ലുകൾ സ്വമനസ്സാലെ മതം മാറുന്നവരെ ബാധിക്കില്ലെങ്കിലും നിയമത്തെ വളച്ചൊടിക്കാവുന്ന ധാരാളം പഴുതുകളിൽക്കൂടി മതപരിവർത്തനം നടത്താൻ രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് സാധിക്കും. താഴ്ന്ന ജാതിക്കാരുടെയും ദളിതരുടെയും ജീവിതം വളരെ പരിതാപകരമായിരിക്കും. മതം മാറാൻ സാധിക്കാതെ എന്തിനാണ് ഒരു ദരിദ്രൻ ദാരിദ്ര്യം സഹിക്കേണ്ടി വരുന്നതെന്നും ചിന്തിക്കും. സ്വന്തം പെണ്മക്കളെ വിറ്റുപോലും ഇന്ത്യയിൽ ദാരിദ്ര്യം അകറ്റാൻ ശ്രമിക്കുന്നവരുണ്ട്. മതം മാറ്റം സാധിക്കില്ലെങ്കിൽ അവരുടെ പട്ടിണി മാറ്റാനുള്ള മറ്റൊരു ഉപാധികളുമില്ല.സ്വാഭാവികമായും ക്രിസ്ത്യൻ സഭകൾ നൽകുന്ന സംഭാവനകൾ സ്വീകരിച്ചു സാധുക്കൾക്ക് വിശപ്പടക്കേണ്ട ഗതികേടും വരുന്നു.
ക്രിസ്ത്യാനികളിലെ പാരമ്പര്യ വിഭാഗങ്ങൾ ഒരുവന്റെ മനഃസാക്ഷിക്കെതിരെ സ്വാധീനിച്ചുള്ള മതമാറ്റത്തെ അനുകൂലിക്കാറില്ല. എന്നിരുന്നാലും ഇതിന്റെ പേരിൽ അനേകം ക്രിസ്ത്യൻ സ്‌കൂളുകളും പള്ളികളും ഹിന്ദു യാഥാസ്ഥിതികർ തകർത്തിട്ടുമുണ്ട്. തെറ്റായ കുറ്റാരോപണങ്ങൾ നടത്തി വടക്കേ ഇന്ത്യയിലെ ക്രിസ്ത്യാനികൾ പലരും ജയിലിലുമുണ്ട്. ഹിന്ദുയാഥാസ്ഥിതികർ വർണ്ണാശ്രമ ധർമ്മം പുലർത്തി ഇന്ത്യയെ ഹൈന്ദവ രാജ്യമായി മാത്രം കാണാൻ ആഗ്രഹിക്കുന്നു. മത പരിവർത്തന നിയമങ്ങൾ സമൂലം നടപ്പാക്കി ഇന്ത്യയെ ബ്രാഹ്മണിക വൈദിക രാഷ്ട്രമാക്കണമെന്നുള്ളതാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ കേരളത്തെ സംബന്ധിച്ചിടത്തോളം അത്തരം ലോബികളുടെ പ്രവർത്തനങ്ങൾ വിലപ്പോവില്ല.ഭരണഘടനയനുസരിച്ച് മതം പ്രസംഗിക്കാനും പ്രാക്ടീസ് ചെയ്യാനും പ്രചരിപ്പിക്കാനും ഇന്ത്യയിലെ ഓരോ പൗരനും അവകാശമുണ്ട്. അവിടെ ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും പ്രത്യേകമായ നിയമങ്ങളില്ല. ക്രിസ്ത്യൻ സഭകളുടെ ജീവകാരുണ്യ പ്രവർത്തികളെയും സാധുക്കളെ സഹായിക്കുകയുമെല്ലാം നിർബന്ധിത മതപരിവർത്തനമായി ഇന്ത്യയിലെ നീതിന്യായ കോടതികളിലെ ചില ജഡ്ജിമാർ വ്യാഖ്യാനിക്കുന്നുമുണ്ട്.
മതപരിവർത്തനം കാരണം കുടുംബങ്ങൾ തന്നെ തകർന്നു പോകുന്നു. മതം മാറുന്നതിനു മുമ്പുള്ള പ്രശ്നങ്ങൾക്ക് താൽക്കാലികമായി അറുതി വരുമെങ്കിലും പുതിയ മതത്തിൽ മറ്റു പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. മതം മാറിയതുകൊണ്ടു സ്വന്തം സമൂഹത്തിൽനിന്നും ഒറ്റപ്പെടാം. സഹോദരങ്ങളും ഉറ്റസുഹൃത്തുക്കളും തമ്മിലും പരസ്പ്പരം ശത്രുത സൃഷ്ടിക്കുന്നു. മതത്തിന്റെ പേരിൽ കൊലപാതകങ്ങളും കാരണമാകുന്നു. ചിലർ മതം മാറുന്നവർക്കെതിരെ മരണ ഭീഷണികളും മുഴക്കുന്നു. മാതാപിതാക്കൾ മതം മാറിയതുകൊണ്ടു തങ്ങളുടെ മക്കളെ ഉപേക്ഷിക്കുന്നു. സുഹൃത്തുക്കളും അകന്നു പോവുന്നു. ഹിന്ദുക്കളുടെ ഇടയിൽ തീവ്ര ദേശീയത വളരാൻ കാരണവും മത പരിവർത്തനമാണ്. താൽക്കാലിക ലാഭത്തിനു വേണ്ടിയും പ്രലോഭനം വഴിയും നിർബന്ധപൂർവം മത പരിവർത്തനത്തിനു ഒരുവനെ അടിമപ്പെടുത്തിയാൽ അത് ഒരു സമൂഹത്തിന്റെ തന്നെ വികാരങ്ങളെ വൃണപ്പെടുത്തലാണ്. പുതിയ മതം സ്വീകരിക്കുന്നവന്റെ കുടുംബ ബന്ധങ്ങളും തകർക്കും. അത്തരം സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നിർബന്ധിത മത പരിവർത്തനത്തിനെതിരായ ബില്ലിനെ സ്വാഗതം ചെയ്യേണ്ടതുമാണ്.
സനാതനികൾ വിശ്വസിക്കുന്നത് മതമെന്നുള്ളത് സ്വതന്ത്രമായ മനസാക്ഷിയനുസരിച്ച് തിരഞ്ഞെടുക്കാനുള്ള അവകാശമെന്നാണ്. സനാതന ധർമ്മം എല്ലാ മതങ്ങളെക്കാൾ അനാദി കാലം മുതൽ അസ്തിത്വം പുലർത്തിയിരുന്നു. സർവ്വ മതങ്ങളുടെയും അമ്മയാണ് സനാതന ധർമ്മം. അതിനുള്ളിൽ ഭൂമുഖത്തുള്ള എല്ലാ തത്ത്വ സംഹിതകളും ഗ്രഹിക്കാൻ സാധിക്കും. സനാതനത്തിലെ വേദഗ്രന്ഥങ്ങളിൽ സർവ്വ ശാസ്ത്രങ്ങളും അടങ്ങിയിരിക്കുന്നു. വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളുമായ എല്ലാ ദൈവങ്ങളുടെയും ഭാവനാ രൂപങ്ങൾ ഹൈന്ദവ മതത്തിലുണ്ട്. മനുഷ്യരുടെയും പ്രകൃതിയുടെയും വ്യത്യസ്തങ്ങളായ രൂപ ഭാവങ്ങൾ ഈ ധർമ്മത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. സനാതന ധർമ്മം സർവ്വ ജീവജാലങ്ങളുടെയും പ്രപഞ്ചത്തിന്റെയും രക്ഷയുടെ കവാടമായ വലിയൊരു തണൽ മരമാണ്. സനാതന ലക്ഷ്യ പാതയിലേക്ക് അനേക വഴികളാണുള്ളത്. ആ വഴികളിൽ രൂപമുള്ള ദൈവങ്ങളും അരൂപികളായ ദൈവങ്ങളുമുണ്ട്. അങ്ങേയറ്റം ചിന്തനീയമായ തത്ത്വ ചിന്തകളുണ്ട്. ഏതറ്റം വരെയും അതിരുകളില്ലാതെ സനാതന മൂല്യങ്ങളെപ്പറ്റി വിവാദങ്ങളും നടത്താൻ സാധിക്കുന്നു. പരമാത്മാവിനെ തേടിയുള്ള അന്വേഷി ആ സത്തയെ കണ്ടെത്താനും ശ്രമിക്കുന്നു. ആത്മം തേടിയുള്ള ആ യാത്രയ്ക്ക് കഠിനമായ ഉപവാസവും ആത്മീയാചാരങ്ങളും ധ്യാന നിരതമായ ഏകാന്തതയും ആവശ്യമാണ്. നന്മയിൽനിന്നുത്ഭൂതമാകുന്ന അനുഭൂതികളെ മനസിനുള്ളിലൊതുക്കി വൈരാഗ്യ ചിന്തകൾ പൂർണമായും ത്യജിക്കുകയും വേണം.
No comments:
Post a Comment