ജോസഫ് പടന്നമാക്കൽ
ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായ ശേഷം സാമ്പത്തിക മേഖല മെച്ചപ്പെട്ടെന്നും അമേരിക്കൻ ജനത സംതൃപ്തിയുള്ളവരെന്നും ചില പത്രറിപ്പോർട്ടുകളിൽ കാണാനിടയായി. ഇത്തരം അഭിപ്രായ പ്രകടനങ്ങളും സർവേകളും വാൾസ്ട്രീറ്റ് ജേർണലിലും ചില ദൃശ്യമാധ്യമങ്ങളിലും എൻ.ബി.സി ടെലിവിഷൻ പരിപാടികളിലുമുണ്ടായിരുന്നു. പ്രസിഡന്റ് ട്രംപ് ചുമതലയേറ്റശേഷം അമേരിക്കയുടെ സാമ്പത്തികം പതിനേഴു ശതമാനം വർദ്ധിച്ചുവെന്നാണ് കണക്കുകൂട്ടൽ.
ട്രംപിന്റ് നേട്ടങ്ങളെപ്പറ്റിയുള്ള അന്ധമായ അഭിപ്രായ പ്രകടനങ്ങളെ മുഖവിലയ്ക്കെടുക്കാൻ സാധിക്കില്ല. റിപ്പബ്ലിക്കന്മാരുടെ ടാക്സ് പരിഷ്ക്കരണങ്ങളെപ്പറ്റി മെച്ചമായ അഭിപ്രായങ്ങളാണ് അമേരിക്കൻ ജനതയിൽ നിന്നും ഇപ്പോൾ പ്രതികരിച്ചുകൊണ്ടിരിക്കുന്നതെങ്കിലും വലിയ ഒരു ജനവിഭാഗത്തിന് ട്രംപിന്റെ പദ്ധതികളെ അംഗീകരിക്കാൻ കഴിയാതെ പോവുന്നുമുണ്ട്. ദേശീയ സാമ്പത്തിക നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും നല്ലൊരു വിഭാഗം ജനങ്ങൾ അമേരിക്കയുടെ പുരോഗതിയെ ട്രംപിനുള്ള അംഗീകാരമായി കരുതുന്നില്ല. അദ്ദേത്തെപ്പറ്റി മെച്ചമായ പുതിയ അഭിപ്രായങ്ങൾ ജനങ്ങളിൽനിന്നുണ്ടാകുന്നുമില്ല. എൻ.ബി.സിയുടെയും വാൾ സ്ട്രീറ്റിന്റെയും പോളിങ്ങിൽ 29 ശതമാനം പേർ മാത്രമേ അദ്ദേഹത്തെ അനുകൂലിക്കുന്നുള്ളൂ. 52 ശതമാനം പേരും ട്രംപിനെ നിരാകരിക്കുന്നതായി കാണാം. അദ്ദേഹത്തിൻറെ നയങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിലും പതിനേഴു ശതമാനം ജനം വ്യക്തിപരമായി വെറുക്കുകയും ചെയ്യുന്നു. അമേരിക്കയിലെ പ്രസിദ്ധ ജേർണലുകൾ നടത്തുന്ന ഈ അഭിപ്രായ വോട്ടുകൾ ശരിയോ തെറ്റോ എന്ന് നിർണ്ണയിക്കാനും സാധിക്കുന്നില്ല. ഇങ്ങനെയുള്ള മീഡിയാകളുടെ ജനാഭിപ്രായങ്ങൾ ഒരു പൊതുവികാരം സൃഷ്ടിക്കാൻ മാത്രമേ സഹായകമാവുള്ളൂ.
'ഒബാമ കെയർ' റദ്ദു ചെയ്യുകയും പകരം മെച്ചമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പുനഃസ്ഥാപിക്കുകയെന്നതും ട്രംപിന്റെ നയങ്ങളിൽപ്പെട്ടതായിരുന്നു. അമേരിക്കയെ വീണ്ടും സാമ്പത്തിക ശക്തിയാക്കുകയെന്നായിരുന്നു അദ്ദേഹത്തിന്റെ അജണ്ട. സാമ്പത്തീക ദേശീയത നടപ്പാക്കുകയെന്നതു അമേരിക്കയുടെ സ്വപനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒബാമ കെയർ റദ്ദാക്കാനോ പകരം മറ്റൊരു ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല. 'അമേരിക്ക ആദ്യ'മെന്ന മുദ്രാ സൂക്തങ്ങൾ മുഴക്കി പൊതുസമ്മേളനങ്ങളിൽ പങ്കുകൊള്ളുകയും ചെയ്യുന്നു.
ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്) അഥവാ ദേശീയ ഉത്ഭാദന വളർച്ചയെപ്പറ്റിയാണ് പ്രസിഡന്റെന്ന നിലയിലുള്ള ട്രംപിന്റെ നേട്ടമായി കൊട്ടി ഘോഷിക്കുന്നത്. 2017-ലെ ദേശീയ സാമ്പത്തിക വർദ്ധനവിന്റെ സൂചിക (ജി.ഡി.പി.) ട്രംപിനും അദ്ദേഹത്തെ പിന്താങ്ങുന്നവർക്കും അനുകൂലമായിരുന്നു. ജിഡിപി എന്നാൽ രാഷ്ട്രത്തിന്റെ മുഴുവനായ ഒരു സാമ്പത്തിക അളവുകോലാണ്. ജിഡിപി എല്ലാ കാലത്തേക്കാളും ഓരോ ക്വാർട്ടറിലും വളരെയധികമെന്ന് ട്രംപ് അവകാശപ്പെടുന്നു. കഴിഞ്ഞ ക്വാർട്ടറിൽ ജിഡിപി 3.2 ആയിരുന്നു. അമേരിക്കയുടെ ജിഡിപി '3' എന്ന അക്കത്തിൽ വളരെ വർഷങ്ങളായി നിലകൊള്ളുന്നു. 2013-ൽ ജി.ഡി.പി ശരാശരി രണ്ടര ശതമാനമായിരുന്നു. ജി.ഡി.പി. '4' എന്ന അക്കം നാം വളരെക്കാലമായി കണ്ടിട്ടുമില്ല. വികസിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളെപ്പോലെ നാല് ശതമാനം വികസിച്ച രാഷ്ട്രങ്ങളിൽ കാണുന്നതും അപൂർവമാണ്. 1990 നു ശേഷം അമേരിക്ക നാലുശതമാനം വളർച്ചാ നിരക്കിൽ ഒരിക്കലും എത്തിയിട്ടില്ല. ഒബാമയുടെ കാലവും 3 ശതമാനമെന്ന തോതിൽ വളർച്ചാ നിരക്കുണ്ടായിരുന്നു. അമേരിക്കയുടെ തിരഞ്ഞെടുപ്പു വേളയിൽ പ്രസിഡന്റ് ട്രംപ് രാജ്യത്തിന്റെ ജി.ഡി.പി നാലു ശതമാനമായി ഉയർത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു.
ആഗോളതലത്തിൽ കഴിഞ്ഞു പോയ വർഷം വളരെയധികം സാമ്പത്തിക നേട്ടങ്ങൾ കൈവരിച്ചിരുന്നു. അക്കൂടെ അമേരിക്കയുടെ സാമ്പത്തിക നിലവാരം ഉയരുകയും നേട്ടങ്ങൾ കൊയ്യുകയുമുണ്ടായി. ഇക്കഴിഞ്ഞ വർഷത്തെ സാമ്പത്തിക പ്രതിഫലനത്തിന്റെ മുഴുവൻ നേട്ടങ്ങൾ ട്രംപിന് മാത്രമുള്ളതല്ല. സാമ്പത്തിക നേട്ടങ്ങൾക്കായുള്ള അടിത്തറ പാകിയത് ഒബാമയുടെ ഭരണകാലങ്ങളിലാണ്. ട്രംപിന്റെ ഭരണത്തിലെ സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ അദ്ദേഹത്തിന് മാത്രമല്ല ഒബാമയ്ക്കുമുണ്ടെന്ന് ഒബാമ അവകാശപ്പെട്ടു. അങ്ങനെ ട്രംപിന്റെ ഭരണത്തിലുള്ള സാമ്പത്തിക വളർച്ചയിൽ ഡെമോക്രാറ്റുകളുൾപ്പടെ പൊതുവായ ഒരു സമ്മതത്തിന് കാരണമായിരിക്കുകയാണ്. ചരിത്രത്തിൽ ഏറ്റവും വലിയ സാമ്പത്തിക വളർച്ചയാണ് ഈ ഒരു വർഷമെങ്കിലും തനിക്ക് അതിന്റെ മുഴുവൻ ക്രെഡിറ്റ് പൊതുജനം തരാൻ തയാറാകാത്ത കാര്യവും ട്രംപ് പറഞ്ഞു. "ട്രംപിന്റെ കഴിഞ്ഞ വർഷത്തെ ഭരണത്തിലുണ്ടായിരുന്ന സാമ്പത്തിക നിലവാരം (ഇക്കോണമി) വളരെയധികം മെച്ചമായിരുന്നു. എന്നാൽ അതിന്റെ ക്രെഡിറ്റ് ഒബായ്ക്കാണ് കൊടുക്കേണ്ടതെന്ന്" സാൻഡേഴ്സും പറഞ്ഞു. ഇന്ന് ട്രംപ് ഓടിക്കുന്ന സാമ്പത്തിക ശാസ്ത്രം കൂടുതലും ഒബാമയുടെ കാലത്ത് ആരംഭിച്ചതാണ്. ഒബാമ നേടിയ നേട്ടങ്ങൾ പരിഗണിക്കുമ്പോൾ വളർന്നുകൊണ്ടിരിക്കുന്ന ഈ സാമ്പത്തിക ശാസ്ത്രത്തിന്റെ മുഴുവനും ക്രെഡിറ്റ് ട്രംപിന് ലഭിക്കുന്നില്ല. ഒരുപക്ഷെ, സാമ്പത്തികം അരാജകത്വത്തിലായിരുന്നെങ്കിൽ കഥ മാറി ഉത്തരവാദിത്വങ്ങൾ മുഴുവൻ ട്രംപ് വഹിക്കേണ്ടി വരുമായിരുന്നു.
ട്രംപ് പ്രസിഡന്റായി ഓഫീസിൽ എത്തിയ സമയംമുതൽ ഒരു മാസത്തിനുള്ളിൽ തന്നെ സ്റ്റോക്ക് മാർക്കറ്റിന്റെ വളർച്ചയെ പുകഴ്ത്തി പറയാറുണ്ടായിരുന്നു. അത് ഒബാമയുടെ കാലത്തുള്ള വളർച്ചാ നിരക്കായിരുന്നുവെന്ന് അദ്ദേഹം വിസ്മരിക്കുകയും ചെയ്യുന്നു. മാർക്കറ്റിൽ സ്റ്റോക്ക് വില എന്നത്തേക്കാളും ഉയർന്നു. അമേരിക്കയുടെ ദേശീയ കടങ്ങൾ വളരെയേറെ വീട്ടുവാൻ സാധിച്ചു. എല്ലാ കാലത്തേക്കാളും എസ്&പി 500 സൂചിക ഇരുപത്തിയേഴു ശതമാനം വർദ്ധിച്ചു. ഏകദേശം നാല് ത്രില്ലിയൻ ഡോളർ അതുമൂലം വർദ്ധനവുണ്ടായി. എന്നാൽ കടലാസിന്റെ മറ്റൊരു പുറവും കാണണം; 2009 മാർച്ചു മുതൽ സ്റ്റോക്ക് മാർക്കറ്റ് ഒരേ അനുപാതത്തിൽ ഓരോ വർഷവും വർദ്ധിക്കുന്നുണ്ടായിരുന്നു. അമേരിക്കയുടെ സ്റ്റോക്ക് മാർക്കറ്റ് വിദേശ രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോൾ കുറവാണെന്നും കാണാം. സ്റ്റാൻഡേർഡ് ആൻഡ് പൂർ 500 സ്റ്റോക്കുകകളുടെ നേട്ടം ജപ്പാൻ, ജർമ്മനി, ബ്രിട്ടൻ എന്നീ രാജ്യങ്ങളെക്കാൾ കുറവുമാണ്. അമേരിക്ക, ബ്രിട്ടനെക്കാളും മെച്ചമായ സ്റ്റോക്ക് നിലവാരം പുലർത്തുന്നുണ്ടെങ്കിലും ജർമ്മനിയുമായി ഒപ്പമാണെങ്കിലും ജപ്പാന്റെ സൂചിക (Index) അമേരിക്കയിലേക്കാൾ വളരെയധികം ഉയർന്നു നിൽക്കുന്നതായും കാണാം. സ്റ്റോക്ക് മാർക്കറ്റ് ഉയർന്നതുകൊണ്ട്! സ്റ്റോക്കിൽ പണമില്ലാത്ത സാധാരണക്കാർക്ക് നേട്ടങ്ങൾ ഉണ്ടായതായി അറിവില്ല. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലുമുള്ള ചിലവുകൾ സാധരണക്കാർക്ക് താങ്ങാൻ സാധിക്കാത്ത വിധമാണ്. അതേസമയം ധനികരായവരുടെ ധനം വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു.
പതിനെട്ടാം നൂറ്റാണ്ടിൽ രചിച്ച കുട്ടികൾക്കായുള്ള 'പിനോക്കിച്ചിയോസ്' (Pinocchios) എന്ന ബാലകഥകൾ പ്രസിദ്ധമായിരുന്നു. അതിൽ ഓരോ കള്ളത്തിനും ഒരു കുട്ടിയുടെ മൂക്ക് നീളുന്ന കഥയാണുള്ളത്. പ്രസിഡണ്ടിന്റെ ആറുമാസത്തെ കാലയളവിൽ ഒരു മില്യൺ ജോലികൾ സൃഷ്ടിച്ചുവെന്ന വാദവും ഈ കഥയോട് ഉപമിക്കുന്നു. മറ്റുള്ള പ്രസിഡണ്ടുമാർ തൊഴിലുകൾ വർദ്ധിക്കുന്ന കാലഘട്ടത്തിൽ അതിന്റെ ക്രെഡിറ്റുകൾ അമേരിക്കക്കാർക്കും രാജ്യത്തിന്റെ സാമ്പത്തിക വിദഗ്ദ്ധർക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും കൊടുക്കും. എന്നാൽ ട്രംപിനെ സംബന്ധിച്ച് എല്ലാ ക്രെഡിറ്റുകളും അദ്ദേഹം തന്നെ എടുക്കുന്നതും വിമർശനങ്ങളിലുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ട്രംപ് പറഞ്ഞത് "താൻ പ്രസിഡണ്ടായപ്പോൾ മുതൽ ഒരു മില്യൺ തൊഴിലുകൾ സൃഷ്ടിച്ചെന്നാണ്." "ട്രംപ് ഒറ്റക്കാണോ അമേരിക്കയുടെ സാമ്പത്തിക പുരോഗതിയും പുനരുദ്ധാരണവും കൈവരിക്കുന്നതെന്നു" സാൻഡേഴ്‌സൺ ചോദിക്കുന്നു. 'സാമ്പത്തിക മേഖലകൾ വളർന്നിട്ടുണ്ടെങ്കിൽ അതിന്റെ വേരുകൾ ഒബാമയിൽനിന്നല്ലെ! വളർന്നതെന്നും' ട്രമ്പിനോടുള്ള അദ്ദേഹത്തിൻറെ മറ്റൊരു ചോദ്യവുമാണ്.
തൊഴിൽ മേഖലകളിൽ തൊഴിലുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും തൊഴിലുകളിൽ നൈപുണ്യം നേടിയവരെയും പ്രായോഗിക പരിജ്ഞാനം ഉള്ളവരെയും ലഭിക്കുന്നില്ല. പലരും കുടിയേറ്റം, പ്രശ്നമാണെന്ന് പറഞ്ഞാലും കുടിയേറ്റം മൂലം അമേരിക്കയുടെ സാമ്പത്തിക വ്യവസ്ഥിതി പുരോഗമിച്ചിട്ടേയുള്ളൂ. കുടിയേറ്റക്കാരാണ് ആഗോള തലത്തിലുള്ള ഭീകര വാദത്തിന് കാരണക്കാരെന്നതിലും വാസ്തവികത വളരെ കുറവാണ്. തീവ്ര വലതുപക്ഷ ചിന്താഗതിക്കാർ വെറുപ്പും, അസഹിഷ്ണിതയും കള്ളങ്ങളും പ്രചരിപ്പിക്കാറുണ്ട്. അവരാണ് രാജ്യത്തിന്റെ പ്രധാന ശത്രുക്കൾ. അമേരിക്ക ശക്തമാക്കാൻ ദേശ സ്നേഹികളായവരുടെ ഒരുമയും ശാക്തീകരണവും ആവശ്യമാണ്. പുറം രാജ്യങ്ങളിലുള്ള കമ്പനികൾ അമേരിക്കൻ മണ്ണിൽ പ്രവർത്തിക്കാൻ തുടങ്ങിയതുകൊണ്ടു തൊഴിൽ മേഖലകളിൽ പ്രയോജനപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെടുന്നു. എന്നാൽ അങ്ങനെ സ്ഥിതികരിക്കാവുന്ന കണക്കുകളൊന്നും ലഭിച്ചിട്ടില്ല. അദ്ദേഹം തിരഞ്ഞെടുപ്പിൽ ജയിച്ച ശേഷം ശരാശരി മാസം തോറും 167,000 തൊഴിലുകൾ സൃഷ്ടിച്ചുവെന്നു പറയുന്നു. അതൊരു വിജയം തന്നെയായിരുന്നു. എങ്കിലും 2010 മുതൽ 185,000 ശരാശരി തൊഴിലുകൾ മാസംതോറും വർദ്ധിക്കുന്നുണ്ടായിരുന്നു. അങ്ങനെയെങ്കിൽ ട്രംപിന്റെ കണക്ക്, മുമ്പുള്ള പ്രസിഡണ്ടുമാരുടെ കാലത്തേക്കാളും കുറവെന്നും കാണാം.
2017 ജനുവരി മാസം മുതൽ നവംബർ മാസം വരെ 1.7 മില്യൺ തൊഴിലുകൾ കൂടുതലായി ഉണ്ടാക്കിയെന്ന് സ്ഥിതി വിവരകണക്കുകൾ പറയുന്നു. ഈ തൊഴിൽ വളർച്ച കഴിഞ്ഞ പത്തു വർഷങ്ങളായുള്ള വളർച്ചകളുടെ തുടർച്ചയായിരുന്നു. ഈ കാലഘട്ടത്തിൽ എട്ടുവർഷം ഒബാമ പ്രസിഡന്റായിരുന്നു. 2017 ബ്യുറോ ഓഫ് ലേബർ സ്ഥിതി വിവരകണക്കനുസരിച്ച് തൊഴിലില്ലായ്മ 4.1 ശതമാനമായിരുന്നു. വാസ്തവത്തിൽ ബ്യുറോ ഓഫ് ലേബറിലെ സ്ഥിതി വിവരകണക്കുകൾ വ്യാജമാണെന്ന് ട്രംപ് തിരഞ്ഞെടുപ്പ് കാലങ്ങളിലും പ്രസിഡന്റാകുന്നവരെയും പ്രസംഗിക്കുമായിരുന്നു. 2011 മുതൽ 9.6-ൽ നിന്ന് തൊഴിലില്ലായ്‌മ രാജ്യത്ത് വളരെയധികം കുറഞ്ഞു വരുകയായിരുന്നു. ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുത്ത ജനുവരിയിൽ അത് 4.8 ആയി. 2017 ഡിസംബറിൽ തൊഴിലില്ലായ്‌മ ഇൻഡക്സ് 4.1 എന്നും പട്ടികയിൽ രേഖപ്പെടുത്തി. ഇരുപത്തഞ്ചിനും അമ്പത്തിയഞ്ചിനുമിടയിലുള്ള പ്രായമായവരുടെ സ്ഥിതിവിവര കണക്കുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലഘട്ടം ഒരുവന്റെ സുപ്രധാന തൊഴിൽ ജീവിതമായി കണക്കാക്കുന്നു. ഇതിൽ പ്രായമായവരുടെയോ ഇപ്പോഴും സ്‌കൂളിൽ പഠിക്കുന്നവരുടെയോ കണക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല. 2017-ൽ അവസാനം തൊഴിൽ ചെയ്യുന്നവരുടെ എണ്ണം 78.5 ശതമായിരുന്നു. ഈ കണക്ക് 2011 മുതൽ തുടർച്ചയായി മുകളിലോട്ടായിരുന്നുവെന്നും കാണാൻ സാധിക്കും. ട്രംപിന്റെ തൊഴിൽ പദ്ധതികൾക്കായി പൊതുമരാമത്ത് നിർമ്മാണ പണികൾ വികസിപ്പിക്കാനും പരിപാടിയിടുന്നു. പുറം ജോലികൾ ഇല്ലാതാക്കി ജപ്പാനിലും ചൈനായിലും മെക്സിക്കോയിലും പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികൾ മടക്കി കൊണ്ടുവന്നതും അമേരിക്കക്കാർക്കുള്ള തൊഴിൽ പദ്ധതികളുടെ ഭാഗമാണ്. 1998 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കയ്ക്ക് 34 ശതമാനം ജോലികൾ ഉൽപ്പാദന മേഖലകളിൽ നഷ്ടപ്പെട്ടിരുന്നു.
ദാരിദ്ര രേഖയെപ്പറ്റി അധികമൊന്നും ട്രംപ് വാചാലനായില്ലെങ്കിലും കഴിഞ്ഞ ഒരു വർഷം കൊണ്ട് ദാരിദ്ര്യ രേഖ കഴിഞ്ഞ പത്തു വർഷത്തേക്കാളും വളരെയധികം താഴെയായിരുന്നു. 2013 മുതൽ ദാരിദ്ര്യ രേഖ താഴാൻ തുടങ്ങിയിരുന്നു. 2010, 2011,2012 എന്നീ മൂന്നുവർഷ കാലയളവുകളിൽ 11.8 ശതമാനം ജനങ്ങൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയായിരുന്നു. എന്നാൽ 2017-ൽ അത് 9.8 ആയി കുറഞ്ഞു.
ലോകം മുഴുവൻ അമേരിക്കയെ ബഹുമാനിക്കുന്നുവെന്ന് ട്രംപ് ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ആഗോള തലത്തിലുള്ള ഒരു പോളിംഗ് അനുസരിച്ച് അമേരിക്കയോടുള്ള വിശ്വാസം ലോക രാഷ്ട്രങ്ങളുടെയിടയിൽ വളരെയധികം നഷ്ടപ്പെട്ടിരിക്കുന്നതായി കാണാം. പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നും അമേരിക്ക പിൻവാങ്ങിയത് ലോകരാഷ്ട്രങ്ങളുടെയിടയിൽ പ്രതിക്ഷേധങ്ങൾക്ക് കാരണമാക്കിയിരുന്നു. പാരീസ് ഉടമ്പടിയെ പിന്താങ്ങുന്ന ലോകം ഇന്ന് അമേരിക്കൻ നേതൃത്വത്തെ മാനിക്കാറില്ല. അമേരിക്കയുടെ ഈ പിൻവാങ്ങലോടെ ചൈന ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ അവസരം കാത്തിരിക്കുകയും ചെയ്യുന്നു.
അമേരിക്കയുടെ ഇൻകം ടാക്സ് പരിഷ്ക്കരണങ്ങളുടെ ബില്ല് പാസാക്കാൻ സാധിച്ചത് പ്രസിഡന്റ് ട്രംപിന്റെ ഒരു വിജയമായിരുന്നു. എന്നാൽ അതൊരു രാഷ്ട്രീയ വിജയമായി കണക്കാക്കാനും സാധിക്കില്ല. കാരണം ഭൂരിഭാഗം ജനങ്ങളും ട്രംപിന്റെ ടാക്സ് ബില്ലിനെ അനുകൂലിക്കുന്നില്ല. കഴിഞ്ഞ അമ്പതു വർഷങ്ങൾക്കുള്ളിൽ ഭരിച്ച എല്ലാ പ്രസിഡണ്ടുമാരേക്കാളും കോൺഗ്രസിലും സെനറ്റിലും നിയമങ്ങൾ പാസാക്കാൻ സാധിക്കാതെ പരാജയപ്പെട്ട പ്രസിഡണ്ടായിരുന്നു അദ്ദേഹം. സെനറ്റിലും കോൺഗ്രസിലും കൊണ്ടുവന്ന ഏതാനും ബില്ലുകൾ മാത്രം പാസാക്കാനേ ട്രംപിനു സാധിച്ചുള്ളൂ. അത് അദ്ദേഹത്തിൻറെ വ്യക്തി വിജയങ്ങൾക്കും ദോഷമാകാനുമിടയാകുന്നു.
ചെലവുചുരുക്കൽ വഴി ദേശീയ കടം ഇല്ലാതാക്കുമെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ $5.3 ട്രില്യൻ ദേശീയ കടം വർദ്ധിക്കുകയാണുണ്ടായത്. നികുതി കുറയ്ക്കുംവഴി സാമ്പത്തിക വളർച്ചയുണ്ടാകുമെന്നും അത് വരുമാനത്തിലുള്ള നഷ്ടം പരിഹരിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. നികുതി കുറവുമൂലം കൂടുതൽ വിദേശകമ്പനികൾ അമേരിക്കയിൽ പണം നിക്ഷേപിക്കാൻ തയ്യാറാകുമെന്നും സാമ്പത്തിക വളർച്ചയും കൂടുതൽ തൊഴിലവസരങ്ങളും ഉണ്ടാവുമെന്നും കണക്കുകൂട്ടുന്നു. നികുതി കുറയ്ക്കുന്നതുമൂലം ആറു ശതമാനം സാമ്പത്തിക വളർച്ചയുണ്ടാകുമെന്ന് കരുതുന്നു. അതുമൂലം നികുതി വരുമാനവും വർധിക്കും. ട്രംപിന്റെ നികുതിയിളവും കോർപറേഷൻ നികുതി 35 ശതമാനത്തിൽനിന്നും 21 ശതമാനമായി കുറയ്ക്കലും അമേരിക്കയുടെ ദേശീയ കടം വർദ്ധിക്കാൻ കാരണമാവുകയേയുള്ളൂവെന്നു സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
അമേരിക്കയിൽ നടന്ന സർവേകളിൽ ഭൂരിഭാഗവും ട്രംപിന്റെ ടാക്സ് പരിഷ്ക്കരണങ്ങളെ അനുകൂലിച്ചിട്ടില്ല. പ്രസിദ്ധരായ ധനതത്വ ശാസ്ത്രജ്ഞരും യൂണിവേഴ്സിറ്റികളും ട്രംപിന്റെ പദ്ധതികളെ അംഗീകരിക്കുന്നില്ല. 'നികുതിയിളവും സാമ്പത്തിക പരിഷ്ക്കരണവും തനിക്കോ ധനികരായവർക്കോ ഗുണപ്രദമാവില്ലെന്നു ട്രംപ് പ്രസ്താവിച്ചതായി വാഷിംഗ്‌ടൺ പോസ്റ്റിൽ വന്ന ഒരു ലേഖനത്തിൽ സൂചിപ്പിച്ചിരിക്കുന്നു. അത് തെറ്റായ വിവരമെന്നും വിവരിച്ചിട്ടുണ്ട്. 'എസ്റ്റേറ്റ് ടാക്സ്' ഇല്ലാതാകുന്നതോടെ ധനികർക്കാണ് അതുകൊണ്ടു പ്രയോജനപ്പെടുന്നത്. അതുമൂലം കൂടുതലും ഗുണപ്രദമാകുന്നത് ബില്യൺ കണക്കിന് സ്വത്തുള്ള ട്രംപിന്റെ മക്കൾക്കായിരിക്കും. ട്രംപിന്റെ ടാക്സ് പദ്ധതി 2005-ൽ നടപ്പാക്കിയിരുന്നെങ്കിൽ ഇന്നദ്ദേഹം നികുതിയിൽ $31 മില്യൺ ലാഭിക്കുമായിരുന്നുവെന്നാണ് കണക്ക്. അദ്ദേഹത്തിൻറെ എസ്റ്റേറ്റ് വാല്യൂ കണക്കനുസരിച്ച് എസ്റ്റേറ്റ് നികുതി ഒഴിവാക്കുന്നതിൽ നിന്നും $1.1 ബില്യൺ ഡോളറാണ് ലാഭമുണ്ടാക്കുന്നത്.
ചൈനയുമായി പുതുക്കിയ ഉടമ്പടി ഉണ്ടാക്കുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. 2017-ൽ ട്രേഡ് ഡെഫിസിറ് (Trade deficit) $123 ബില്യൺ വർദ്ധിച്ചു. അതുമൂലം ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്തു. വ്യക്തികളുടെ ആദായ നികുതിയും കോർപറേഷൻ നികുതിയും കുറച്ചാൽ രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നും വിദഗ്ദ്ധരായ ധനതത്ത്വ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
ആരോഗ്യപരമായ ഒരു സാമ്പത്തിക വളർച്ച അത്ര പെട്ടെന്ന് സംഭവിക്കുക സാധ്യമല്ല. സാമ്പത്തികമായി പരാജയപ്പെടുകയാണെങ്കിൽ വീണ്ടും പണം കടം മേടിക്കുകയോ ഡോളർ പ്രിന്റ് ചെയ്യുകയോ സാധിക്കുമെന്നും ട്രംപ് കരുതുന്നു. അത്തരം ചിന്തകൾ രാജ്യത്ത് വിലപ്പെരുപ്പം ഉണ്ടാകാൻ മാത്രമേ സഹായകമാവുള്ളൂ. ഇത് തീർത്തും ട്രംപിന്റെ അപകടകരമായ ഒരു നീക്കമാണ്. ഡോളർ നിലംപതിച്ചാൽ ലോകത്തിലുള്ള ഭൂരിഭാഗം രാജ്യങ്ങളിലും മറ്റൊരു സാമ്പത്തിക മാന്ദ്യത്തിനു വഴി തെളിയിക്കും. അമേരിക്കയോടുള്ള വിശ്വസം നഷ്ടപ്പെട്ടാൽ കടം തരുന്നവർ പലിശയും കൂട്ടും. അത് അമേരിക്ക മുഴുവൻ സാമ്പത്തിക മാന്ദ്യത്തിനു വഴി തെളിയിക്കും. 2017-ൽ ജനുവരി 18, ഡോളർ ഇൻഡക്സ് കാണിക്കുന്നത് 127.25 ആണ്. അത് 2017 നവംബർ 18 നു 119.24 അയി കുറഞ്ഞു. ഏകദേശം ഏഴുശതമാനം കുറവ്. എന്നാൽ 2013 മുതലുള്ള കണക്കിൻപ്രകാരം 25 ശതമാനം വർദ്ധിച്ചിട്ടുണ്ട്.
അമേരിക്കയയുടെ സൈനിക ശക്തി കൂടുതൽ വിപുലമാക്കാനും ട്രംപ് ആഗ്രഹിക്കുന്നു. രാജ്യത്തെ സുശക്തമാക്കാൻ മിലിറ്ററി ബഡ്‌ജറ്റ് നിലവിലുള്ളതിനേക്കാളും പത്തു ശതമാനം കൂടി വർദ്ധിപ്പിച്ചു. ജി.എൻ.പി യുടെ മൂന്നു ശതമാനം മാത്രം മിലിട്ടറി ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് വളരെ കുറവെന്നും അദ്ദേഹം കരുതുന്നു. മിലിട്ടറി ബഡ്ജറ്റ് ജി.എൻ.പിയുടെ ആറര ശതമാനം വേണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. $574.5 ബില്യൺ മിലിറ്ററി ബഡ്‌ജറ്റിനായി നീക്കി വെച്ചു. ഇത് സോഷ്യൽ സെകുരിറ്റി കഴിഞ്ഞാൽ അമേരിക്കയുടെ ഏറ്റവും വലിയ ബഡ്ജറ്റാണ്. ഐ.എസു്.ഐ.എസ് പോലുള്ള ഭീകര സംഘടനകൾക്കെതിരായി പ്രതികരിക്കാനും ബോംബിടാനും സിറിയയിൽ പട്ടാളത്തെ അയക്കാനുമുള്ള തീരുമാനവുമെടുത്തു. ഭീകരരന്മാരുടെ കുടുംബങ്ങളിലും അവരുടെ ദൈനം ദിന നീക്കങ്ങളിലും പ്രത്യേക ശ്രദ്ധക്കായി പട്ടാളത്തെ ചുമതലപ്പെടുത്തി. കൂടുതൽ ആയുധ കപ്പലുകളും വൈമാനിക പട്ടാള ശക്തിയും വർദ്ധിപ്പിച്ചു. ഇറാനും നോർത്ത് കൊറിയായ്ക്കും എതിരായി മിസൈൽ സംവിധാനവും വിപുലമാക്കി. ഇസ്രായേലും പാലസ്തീനുമായി സമാധാനം ഉണ്ടാക്കാൻ അദ്ദേഹം തന്റെ മരുമകനെയും നിയമിച്ചു. സൈബർ ആക്രമണങ്ങൾ തടയാൻ പ്രത്യേക സുരക്ഷിത പദ്ധതികൾ നടപ്പാക്കി.
നിയമപരമല്ലാത്ത കുടിയേറ്റക്കാരെ നിയന്ത്രിക്കുകയെന്നതും ട്രംപിന്റ് പദ്ധതിയാണ്. അവരുടെ രാജ്യത്തേക്കു അവരെ മടക്കി അയക്കണമെന്ന് വാദിക്കുന്നു. അനധികൃതമായി കയറിയവരിൽ മൂന്നു മില്യൺ കുറ്റവാളികൾ ഉണ്ടെന്നും കരുതുന്നു. 2000 മൈൽ മെക്സിക്കൻ അതിരിൽ മതില് പണിയുകയെന്നത് ട്രംപിന്റെ പദ്ധതിയായിരുന്നു. 20 ബില്യൺ ഡോളർ വരെ മതിൽ പണിക്ക് ചെലവ് വരാം. എന്നാൽ 2017-ലെ ബഡ്ജറ്റിൽ ട്രംപിന്റെ പദ്ധതി ഉൾപ്പെടുത്തിയില്ല. കാരണം മെക്സിക്കോക്കാരെകൊണ്ട് മതിലിനുള്ള പണം ചെലവാക്കിക്കുമെന്ന് ട്രംപ് തിരഞ്ഞെടുപ്പുകാലങ്ങളിൽ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. മൂന്നുലക്ഷത്തിൽപ്പരം വിദേശ ജോലിക്കാർ സിലിക്കോൺ വാലിയിൽ ജോലിചെയ്യുന്നുണ്ട്. അവരിൽ കൂടുതൽപേരും തൊഴിലുകളിൽ വൈദഗ്ധ്യം നേടിയവരും കംപ്യൂട്ടർ സംബന്ധമായ ജോലികളിൽ, സ്പെഷ്യലിസ്റ്റുകളുമാണ്. H-1B വിസ നിർത്തൽ ചെയ്‌താൽ ഈ കമ്പനികൾക്ക് വിദഗ്ദ്ധരായ ജോലിക്കാരെ നഷ്ടപ്പെടും. അങ്ങനെയുള്ള കമ്പനികളുടെ മാർക്കറ്റും ഇടിഞ്ഞുപോകും.
യൂറോപ്യൻ രാജ്യങ്ങളിൽ പലയിടങ്ങളിലും അയർലണ്ടിലും യുകെയിലും ഓസ്‌ട്രേലിയയിലും മിനിമം വേതനം അമേരിക്കയെക്കാളും കൂടുതലാണ്. അമേരിക്കയിൽ മിനിമം വേതനം മണിക്കൂറിൽ $7.25 ആണ്. അതുകൊണ്ടു ഉത്ഭാദന ചെലവ് കുറച്ച് അമേരിക്കൻ കമ്പനികൾക്ക് വിദേശ കമ്പനികളോട് മത്സരിക്കാൻ സാധിക്കും.
ട്രംപിന്റെ കഴിഞ്ഞ ഒരു വർഷത്തെ ഭരണ കാലയളവിൽ നൂതനങ്ങളായ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക നില ഉയർന്നുവെന്നു അദ്ദേഹം അഭിമാനിക്കുന്നു. ഏഴു ട്രില്യൺ ഡോളർ വളർച്ചയും അവകാശപ്പെടുന്നു. അമേരിക്കയിലെ വൻകിട കമ്പനികളിൽ ജോലിക്കാർക്ക് കൂടിയ പേച്ചെക്കും (Pay Check) ലഭിച്ചു. പുറം രാജ്യങ്ങളിലുള്ള കമ്പനികൾ അമേരിക്കൻ മണ്ണിൽ ബിസിനസ് തുടങ്ങാനും ആരംഭിച്ചു. ട്രംപ് പറയുന്നു, "താനൊരു വ്യവസായി ആയിരുന്നു. ഒരു വ്യവസായിയെന്ന നിലയിൽ എക്കാലവും വിജയിയായിരുന്നു. ഞാനെന്നും അവർക്ക് നല്ലവനായിരുന്നു. അവരെന്നെയും സ്നേഹിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയക്കാരനായ നിമിഷം മുതൽ എന്റെ പേരിനെ ദുഷിപ്പിക്കാൻ പത്രങ്ങളും മാസികകളും മാധ്യമങ്ങളും പടയൊരുക്കം നടത്തിക്കൊണ്ടിരിക്കുന്നു. ചരിത്രത്തിൽ രാജ്യതാൽപ്പര്യത്തിനുവേണ്ടി ശ്രമിച്ച രാഷ്ട്രീയക്കാരും മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ഭരണാധികാരികളും ഇതേപാതയിൽ തന്നെ സഞ്ചരിച്ചവരാണ്".
Source: The U.S. Bureau of Labor Statistics |