ജോസഫ് പടന്നമാക്കൽ
സോഷ്യൽ മീഡിയാകളിലും ചർച്ചാ മാദ്ധ്യമങ്ങളിലും ഭൂമി വില്‌പനയുടെ ക്രമക്കേടുകളെ സംബന്ധിച്ച് സഭയ്ക്കും കർദ്ദിനാൾ ആലഞ്ചേരിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ പൊന്തി വന്നിരിക്കുന്നു. ഏതാനും പുരോഹിതരും അല്മായ പ്രമുഖരും ഉന്നയിച്ച ചൂടുപിടിച്ച ആരോപണങ്ങളിൽ കർദ്ദിനാൾ ആലഞ്ചേരി നിഷ്കളങ്കനോ അഥവാ കള്ളത്തരത്തിൽ കൂട്ടുനിന്നയാളോ എന്നൊക്കെ വിധിയെഴുതാൻ ഞാൻ ആളല്ല. ന്യായങ്ങൾ പൊലിപ്പിച്ചും ബോധിപ്പിച്ചും ശക്തിയേറിയ വാദപ്രതിവാദങ്ങൾ ഇരുഭാഗത്തും മുന്നേറുന്നതാണ് കാരണം. ഇതിൽ നെല്ലും പതിരും തിരിച്ചറിയാനും തിരഞ്ഞെടുക്കാനും ബുദ്ധിമുട്ടാണ്. എന്നാൽ സത്യാവസ്ഥ മുഴുവൻ പുറത്താകുന്നതിനു മുമ്പ് സഭയിലെ ചില പ്രമുഖരും പുരോഹിതരും അദ്ദേഹത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചത് സീറോ മലബാർ സഭയുടെ അന്തസ്സിനും അഭിമാനത്തിനും തന്നെ ക്ഷതം ഏറ്റിരിക്കുകയാണ്.
എന്നാൽ ചിന്തിക്കാതെയുള്ള സംഭവങ്ങളിൽ എടുത്തുചാടിയതുമൂലം ബലഹീനമായ സമയങ്ങളും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. കൊല്ലത്തിനടുത്ത് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ചിട്ടപ്പോൾ അദ്ദേഹം ഇറ്റാലിയൻ നാവികരോടൊപ്പമായിരുന്നുവെന്നു ആരോപണങ്ങളുണ്ടായിരുന്നു. നാക്കിനു വന്ന ചില താളപ്പിഴകൾ കാരണം അദ്ദേഹത്തെ അന്ന് പ്രതിയോഗികൾ രാജ്യ ദ്രോഹിയായി മുദ്ര കുത്തുകയും ചെയ്തു. രാജ്യത്തിനുവേണ്ടി സംസാരിക്കാതെ ഇറ്റാലിയൻ നാവികർക്കുവേണ്ടി സംസാരിച്ചുവെന്നായിരുന്നു ആരോപണം. എങ്കിലും കാലം അദ്ദേഹത്തെ നിഷ്കളങ്കനായി തിരിച്ചറിഞ്ഞു. അദ്ദേഹം പറഞ്ഞ ചില അഭിപ്രായങ്ങൾ ഇറ്റാലിയൻ റിപ്പോർട്ടർമാർ വളച്ചൊടിച്ചു റിപ്പോർട്ട് ചെയ്തതിന്റെ പ്രത്യാഘാതങ്ങളായിരുന്നു അത്. പിന്നീടുള്ള പ്രവർത്തനങ്ങളിൽ ജനങ്ങളുടെയിടയിൽ പ്രശസ്‌തിയുടെ കൊടുമുടിയിൽ നേതൃത്വം വഹിക്കുന്ന നാളുകളിലാണ് അദ്ദേഹത്തെപ്പറ്റി ഭൂമിയിടപാടുകൾ സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങൾ വന്നിരിക്കുന്നത്. ഈ ആരോപണങ്ങളെ നിസാരമായി തള്ളാനും സാധിക്കില്ല.
'
വിവാദപരമായ സഭയുടെ ഭൂമിയിടപാടിൽ ബിഷപ്പ് 'മാർ എടയന്ത്രത്ത് 'പുരോഹിതർക്കായി ഒരു സർക്കുലർ ലെറ്റർ അയച്ചിരുന്നു. വിശ്വാസികൾ കത്തിലെ വിവരങ്ങൾ അറിയരുതെന്നു സർക്കുലറിൽ ഉണ്ടായിരുന്നു. എന്നിരുന്നാലും ബിഷപ്പിന്റെ കത്തിലെ വിവരങ്ങൾ പിന്നീട് പുരോഹിതർവഴി ചോർന്നു പോവുകയാണുണ്ടായത്. പൂർവികരിൽ നിന്നും പിടിയരി വാങ്ങി മേടിച്ച സഭാ സ്വത്തുക്കളുടെ ഇടപാടുകളുടെ കാര്യം വിശ്വാസ സമൂഹം അറിയരുതെന്നുള്ള ബിഷപ്പ് എടയന്ത്രയുടെ തീരുമാനം തികച്ചും ഗൂഢതന്ത്രങ്ങൾ നിറഞ്ഞതെന്നു മനസിലാക്കണം. കത്തിന്റെ ഉള്ളടക്കം പുരോഹിതരിൽനിന്നും മാദ്ധ്യമങ്ങളുടെ വാർത്തകളാവുകയും ചെയ്തു. പുരോഹിതർക്കയച്ച കത്തിൽ നിന്നും ഭൂമിയിടപാടിൽ വലിയ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും വ്യക്തമാണ്.
മാർ എടയന്ത്രതയുടെ സർക്കുലറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചുരുക്കമായി വിവരിക്കുന്നു. "ഒരു മെഡിക്കൽ കോളേജ് തുടങ്ങാനായി എറണാകുളം ലിറ്റിൽ ഫ്ലവർ ഹോസ്‌പ്പിറ്റലിനടുത്ത് മറ്റൂർ എന്ന സ്ഥലത്തു 2015 മെയ് ഇരുപത്തിയൊമ്പതാം തിയതി സഭാ വക 23.22 ഏക്കർ സ്ഥലം വാങ്ങിയിരുന്നു. ഈ വസ്തു വാങ്ങുന്നതിനായി അറുപതു കോടി രൂപ ബാങ്കിൽ നിന്ന് കടം എടുക്കേണ്ടി വന്നു. ഈ കടം വരാന്തരപ്പള്ളിയിലുള്ള സഭയുടെ ചെറുകിട അഞ്ചു പുരയിടങ്ങൾ വിറ്റു വീട്ടാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ സ്ഥലം വിൽക്കാൻ സഭയ്ക്ക് സാധിച്ചില്ല. രൂപതയുടെ ചെലവുകൾ കഴിഞ്ഞു വാർഷിക വരുമാനത്തിൽ അധികമായ മിച്ചം വെക്കാൻ സാധിച്ചിരുന്നില്ല. ആറുകോടി രൂപയോളം ബാങ്ക് പലിശ കൊടുക്കാൻ സഭയ്ക്ക് കഴിയാതെയും വന്നു. അക്കാര്യം അതിരൂപത ഫൈനാൻസു കമ്മീഷന് ബോദ്ധ്യപ്പെടുകയും ചെയ്തതാണ്. അതിരൂപത അതിർത്തിയിൽ തന്നെ 23.2 ഏക്കർ സ്ഥലം മേടിച്ചതിനാൽ രൂപതയുടെ മറ്റു സ്ഥലങ്ങൾ വിറ്റു കടം വീട്ടിയാലോയെന്നും ആലോചനയുണ്ടായി. തൃക്കാക്കരയും കാക്കനാട്ടും അഞ്ചു പ്ലോട്ടുകളായുള്ള 3.69 ഏക്കർ സ്ഥലം വിൽക്കുവാൻ തീരുമാനിക്കുകയും ചെയ്തു."
പാലായിലുള്ള ഒരു റീയൽ എസ്റ്റേറ്റ് ബ്രോക്കറുമായിട്ടാണ് ഇടപാടുകൾ മുഴുവൻ നടത്തിയത്. കർദ്ദിനാൾ ആലഞ്ചേരിയുടെ നിർദ്ദേശ പ്രകാരം സാജു വർഗീസ് എന്ന ബ്രോക്കർ വഴി ഭൂമിയുടെ കച്ചവടം ചെയ്തതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വില്‌പനയുടെ തുക അക്കൗണ്ടിൽ രേഖപ്പെടുത്തിയെങ്കിലും അത്രയും തുക വാങ്ങിയവരിൽ നിന്നും ലഭിച്ചിട്ടില്ലെന്നും പറയപ്പെടുന്നു. കൈവിട്ടുപോയ ഭൂമി പത്രങ്ങളിൽ പരസ്യം കൊടുത്ത് വിറ്റിരുന്നെങ്കിൽ എൺപതുകോടി രൂപ മതിപ്പുവില കിട്ടുന്ന സ്ഥലമായിരുന്നു അത്. എന്നാൽ ഈ ഭൂമി വിറ്റത് ഒരു സെന്റിന് ഒരു ലക്ഷത്തി അമ്പതിനായിരം രൂപായ്ക്കാണ്. ആ വിലയ്ക്കു വില്‌പന നടന്നിരുന്നെങ്കിലും 27 കോടി രൂപ സഭയ്ക്ക് ലഭിക്കേണ്ടതായിരുന്നു. പ്രമാണങ്ങൾ പരിശോധിച്ചതിൽ സഭയ്ക്ക് ലഭിച്ചിരിക്കുന്നത് 9.13 കോടി രൂപ മാത്രം. 'ജോഷി പുതുവാ' എന്ന പുരോഹിതനാണ് കർദ്ദിനാളുമായി സാജുവിനെ പരിചയപ്പെടുത്തിയതെന്നും ഫാദർ വട്ടോളി എന്ന പുരോഹിതൻ പറയുന്നു.
ഒരു മെഡിക്കൽ കോളേജ് നിർമ്മതിക്കായി മുന്നൂറു കോടി രൂപാ ആവശ്യമുണ്ടായിരുന്നു. പിന്നീട് വിദ്യാർത്ഥികളിൽ നിന്ന് വലിയ ഫീസ് വാങ്ങി ഈ തുക ഈടാക്കാമെന്നായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇങ്ങനെ വ്യവസായ രീതിയിൽ മെഡിക്കൽ കോളേജ് തുടങ്ങുന്നതു സഭയുടെ മൂല്യങ്ങൾക്ക് വിരുദ്ധമായിരുന്നുവെന്നും വട്ടോളി കരുതുന്നു. കർദ്ദിനാൾ വർക്കി വിതയത്തിന്റെ കാലത്തു തന്നെ മെഡിക്കൽ കോളേജ് തുടങ്ങേണ്ടെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ഇന്നുള്ള നേതൃത്വം വർക്കി വിതയത്തിലിന്റെ തീരുമാനത്തിനെതിരെ പ്രവർത്തിക്കുകയായിരുന്നു.
"വസ്തു വില്‌പനയിൽ അസന്തുഷ്ടിതരായ പുരോഹിതർ ആദ്യം ആ വസ്തുവിന്റെ വിവരം ചോദിച്ചപ്പോൾ അങ്ങനെ ഒരു വസ്തു സഭയ്ക്കില്ലന്നായിരുന്നു ഉത്തരം. പുരോഹിതർ അതിന്റെ ഡോകുമെന്റ് ഹാജരാക്കുകയും ചെയ്തു. വ്യക്തമല്ലാത്ത വസ്തു വില്പനയെപ്പറ്റി ആരാഞ്ഞപ്പോൾ അത് വളരെ പണ്ടുകാലം മുതലുള്ള വസ്തുവായിരുന്നുവെന്നും പല വ്യക്തികളുടെ പേരിലായിരുന്നെന്നും അതിന്റെ നഷ്ടം പള്ളിയുടെ അംഗങ്ങളായ ഓരോ വ്യക്തികളാണ് വഹിക്കുന്നതെന്നും കർദ്ദിനാളിന്റെ മനസുസൂക്ഷിപ്പുകാരനായ ഒരു പുരോഹിതനിൽനിന്നും ഉത്തരം കിട്ടി. ഇങ്ങനെ മുടന്തൻ ന്യായങ്ങൾ പറഞ്ഞു ചോദ്യം ചെയ്യുന്നവരിൽ നിന്നു വസ്തുവില്‌പനയുമായി ബന്ധപ്പെട്ടവർ അകന്നും നിന്നിരുന്നു.
ഒരു സെന്റിന് ഒമ്പത് ലക്ഷം മതിപ്പുവിലയുണ്ടായിരുന്ന സ്ഥലമായിരുന്നു അത്. രൂപതയുടെ അതിർത്തിയിലുള്ള ഈ സ്ഥലം മൂന്നാമതൊരു പാർട്ടിക്ക് അനുവാദം കൂടാതെ വിൽക്കാൻ പാടില്ലാന്നും പൊതുവായ ഒരു ധാരണയുണ്ട്. കാനോൻ നിയമം അനുശാസിക്കുന്നതും അങ്ങനെ തന്നെയാണ്. എന്നാൽ ഈ നിബന്ധനകൾ ലംഘിച്ച് കർദ്ദിനാളിന്റെ അറിവോടെ സഭയുടെ വസ്തുക്കൾ 36 പ്ലോട്ടുകളായി വിൽക്കുകയാണുണ്ടായത്. വില്‌പനയുടെ പേരിൽ 27.3 കോടി രൂപ അതിരൂപതയ്ക്ക് ലഭിക്കുമെന്നും പണം ബാങ്കിലിട്ടു ബാക്കി 32 കോടി രൂപായെ കടം വരുകയുള്ളൂവെന്നും ഡോകുമെന്റ് അനുസരിച്ച് കരുതിയിരുന്നു. നിർമ്മാണത്തിലിരിക്കുന്ന ഒരു ഷോപ്പിംഗ് കോംപ്ലെക്സിന്റെ പണി പൂർത്തിയായാൽ വാടക വഴി കാര്യങ്ങൾ മുമ്പോട്ട് കൊണ്ടുപോകാമെന്ന കണക്കുകൂട്ടലുമുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകൾക്കു ശേഷം ഒരു മാസത്തിനുള്ളിൽ! വാങ്ങുന്നവർ വില്‌പന വില തരണമെന്ന വ്യവസ്ഥയുണ്ടായിരുന്നെങ്കിലും ഒന്നര വർഷം കഴിഞ്ഞിട്ടും സഭയ്ക്ക് 9.13 കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂ. ബാക്കി 18.17 കോടി രൂപാ വസ്തു വാങ്ങിയവരിൽ നിന്നും നാളിതു വരെ ലഭിച്ചിട്ടില്ല.
അതിരൂപതയിലെ സാമ്പത്തിക സമിതികൾ അറിയാതെയാണ് വസ്തുക്കൾ വിറ്റതും അഡ്വാൻസ് മേടിച്ചതും. അതിരൂപതയ്ക്ക് കിട്ടാനുള്ള കടം കൂടാതെ വീണ്ടും സാമ്പത്തിക സമിതികളുടെ അനുവാദം കൂടാതെ പത്തു കോടി രൂപ കൂടി ബാങ്കിൽ നിന്നും വായ്‌പ്പ എടുത്തു. 16.5 കോടി രൂപായ്ക്ക് കോതമംഗലം അടുത്തു കോട്ടപ്പടിയിൽ 7-4-2017-ൽ 25 ഏക്കറും 2-22-2017-ൽ ദേവികുളത്തു പതിനേഴക്കർ സ്ഥലവും അതിരൂപതയുടെ പേരിൽ വാങ്ങിച്ച് രജിസ്റ്റർ ചെയ്തു. അതിരൂപതയിലെ മറ്റു പുരോഹിതരുടെ അറിവോ സമ്മതമോ കൂടാതെയാണ് ദേവികുളത്തും കോതമംഗലത്തും ആർക്കും വേണ്ടാതിരുന്ന സ്ഥലങ്ങൾ മേടിച്ചത്.
മറ്റൂരുള്ള സ്ഥലത്തിന്റെ കടം വിടുന്നവരെ മറ്റു സ്ഥലങ്ങൾ സഭാവക മേടിക്കരുതെന്നു സാമ്പത്തിക സമിതികളിൽനിന്നും കർശനമായ നിർദ്ദേശങ്ങളുണ്ടായിരുന്നു. മറ്റൂരിലെ കടം ബാധ്യത അറുപതുകോടിയായിരുന്നെങ്കിൽ പുതിയ സ്ഥലങ്ങൾ മേടിച്ചതു കാരണം ബാധ്യത 84 കോടിയായി വർദ്ധിച്ചിരുന്നു. അതി രൂപതയ്ക്ക് സാമ്പത്തിക പ്രതിസന്ധികൾ കൂടാതെ വസ്തു ക്രയ വിക്രയങ്ങൾ മൂലം ധാർമ്മികതയെ നശിപ്പിച്ചുവെന്നു ഫാദർ വട്ടോളി പറഞ്ഞു. കാനോനിക നിയമങ്ങൾ പാലിച്ചുമില്ല. വ്യക്തമായ ഒരു നയമില്ലാതെ കർദ്ദിനാളിനെ കരുവാക്കിക്കൊണ്ടു ഭരണം മുഴുവൻ ഏതാനും പുരോഹിതരുടെ നിയന്ത്രണത്തിലായിരിക്കുകയാണ്. വസ്തു വില്‌പന പ്രകാരം ബാക്കി പണം കിട്ടിയാലും ധാർമ്മിക പ്രശ്നങ്ങൾ ബാക്കി നിൽക്കുന്നു.
സീറോ മലബാർ സഭയിൽ ഭൂമി വില്പനയിലുണ്ടായ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് സഭയുടെ ഉന്നത അധികാര കമ്മറ്റിയുമായുള്ള തർക്കങ്ങൾ തുടർന്നുകൊണ്ട് പോവുന്നു. ഏതാനും പുരോഹിതരുടെ നേതൃത്വം സഭയുടെ വസ്തു വില്‌പന സംബന്ധിച്ചുള്ള സുതാര്യതയിൽ ചോദ്യം ചെയ്യുകയും അവർ വില്‌പനയിലുണ്ടായ ക്രമക്കേടുകളെപ്പറ്റി മാർപ്പാപ്പയെ ബോധ്യപ്പെടുത്തുമെന്നും അറിയിക്കുകയും ചെയ്തു. പരാതി ഉന്നയിച്ച പുരോഹിത നേതൃത്വത്തിൽ ചിലർ കോടതികളിൽ പോവുമെന്നും ഭീക്ഷണി മുഴക്കിക്കഴിഞ്ഞു. ഒരു ബിഷപ്പിനെതിരെ കോടതിയിൽ പോവാൻ സാധിക്കുമോയെന്നു കാനോൻ നിയമങ്ങൾ പരിശോധിക്കുമെന്നും വസ്തു ക്രയവിക്രയത്തിൽ എതിർക്കുന്ന പുരോഹിതർ പറയുന്നു.അതി രൂപതയിലെ ഭൂരിഭാഗം പുരോഹിതർ അംഗങ്ങളായ ഒരു സംഘടനയാണ് ഈ കുറ്റാരോപണങ്ങൾ നടത്തിയത്. നടപ്പു വിലയേക്കാൾ വളരെ കുറച്ചു സഭാ വക ഭൂമി വിറ്റതിനാൽ സഭയ്ക്ക് ഭീമമായ ഒരു നഷ്ടമാണ് ഉണ്ടായതെന്നും അവർ ആരോപിച്ചു. വാസ്തവത്തിൽ വസ്തു വില്‌പനകൊണ്ട് കടബാധ്യത സഭയ്ക്ക് കൂടുകയാണുണ്ടായത്.
അടുത്തയിടെയുള്ള സാമൂഹിക വാർത്തകൾ വായിക്കുമ്പോൾ ഭൂമി വിവാദക്കേസിൽ കർദ്ദിനാൾ ആലഞ്ചേരിയുടെ ബലഹീന വശങ്ങളും കാണുന്നുണ്ട്. അദ്ദേഹം വിശ്വസ്തരായി കൊണ്ടുനടന്ന സ്വന്തം പുരോഹിതരുടെ കെണിയിൽപ്പെട്ടു കെട്ടഴിക്കാൻ തത്രപ്പെടുന്ന ദയനീയ വാർത്തകളും കേൾക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ പുരോഹിതരെയും കന്യാസ്ത്രികളെയും സംഭാവന ചെയ്യുന്ന സീറോ മലബാർ സഭയുടെ അഭിവന്ദ്യ നേതാവാണ് അദ്ദേഹം. ലോകത്തിന്റെ നാനാ ഭാഗത്തും ഇന്ന് സീറോ മലബാർ പുരോഹിതർ സഭാ വിശ്വാസികൾക്കായി പള്ളികളും സ്ഥാപിച്ചു കർമ്മങ്ങൾ നടത്തുന്നു. വിദേശത്തും സ്വദേശത്തുമായി കണക്കില്ലാത്ത സാമ്പത്തിക ഒഴുക്കുമൂലം പുരോഹിതരും മെത്രാന്മാരും ഒരു പോലെ ആഡംബര ജീവിതവും നയിക്കുന്നു.
അഭിവന്ദ്യ കർദ്ദിനാൾ ആലഞ്ചേരി നിശബ്ദത പാലിക്കുന്നതിലും ഭൂമിയിടപാടുകളെ പിന്താങ്ങിയതിലും വട്ടോളി നേതൃത്വം കുറ്റപ്പെടുത്തുന്നുണ്ട്. സാധാരണ ഗതിയിൽ റിയൽ എസ്റ്റേറ്റ് ഏജന്റുമാരാണ് ഇങ്ങനെയുള്ള വസ്തു വില്പനകൾ നടത്താറുള്ളത്. വ്യവസായിക മാനദണ്ഡത്തോടെ സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്തതതും കാനോൻ നിയമങ്ങൾക്കും എതിരാണ്. സഭ ഒരു റിയൽ എസ്റ്റേറ്റ് വ്യവസായിയെപ്പോലെയാണ് വസ്തുവകകൾ ക്രയവിക്രയം ചെയ്തത്. വില്‌പന നടത്തിയതു ഉത്തരവാദിത്വപ്പെട്ടവരോട് ആലോചിക്കാതെയുമായിരുന്നു. ഒരു സ്ഥാപനം സ്വത്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ സാധാരണ ഗതിയിൽ വില്‌പന നടത്തുന്നതിനുമുമ്പ് അതാത് ഭരണസംഹിതകളുമായി ആലോചിക്കാറുണ്ട്. പത്രങ്ങളിൽ പരസ്യം ചെയ്തു മാർക്കറ്റനുസരിച്ചുള്ള വിലകൾ ക്ഷണിക്കുകയും ചെയ്യും. എന്നാൽ അങ്ങനെയുള്ള നടപടികളൊന്നും കർദ്ദിനാളിന്റെ ഓഫിസിൽ നിന്നും ഉണ്ടായില്ല.
മാർക്കറ്റ് വിലയേക്കാളും വളരെക്കുറച്ചു ഭൂമി വിറ്റതുകൊണ്ടു സർക്കാരിന്റെ നികുതി കിട്ടേണ്ട വരുമാനത്തിനും ഭീമമായ നഷ്ടം സഹിക്കേണ്ടി വന്നു. കർദ്ദിനാളോ സഭയോ ഈ വസ്തു ഇടപാടിൽ നിന്നും ലാഭമുണ്ടാക്കിയെന്ന് ആരും വിശ്വസിക്കുന്നില്ല. എന്നാൽ ഈ വസ്തു കൈമാറ്റത്തിൽ ആർക്കും വ്യക്തമായ ഒരു സുതാര്യത കാണാൻ സാധിക്കുന്നില്ല. അനേകം മാസ്റ്റർ ഡിഗ്രികളും ഡോക്ടർ ഡിഗ്രികളും സമ്പാദിച്ച, സഭാ വിഷയങ്ങളിൽ പതിറ്റാണ്ടുകൾ പരിചയവുമുള്ള സഭയുടെ തലവനായ കർദ്ദിനാൾ ആലഞ്ചേരി ഈ വിഷയത്തിൽ തികച്ചും അജ്ഞനാണെന്നു ചിന്തിക്കാനും സാധിക്കില്ല. സഭയുടെ കാര്യനിർവഹണ സമിതിയിലുള്ള ഉത്തരവാദിത്വപ്പെട്ട പുരോഹിതരും കർദ്ദിനാൾ ആലഞ്ചേരിയും ഒന്നിച്ചു വസ്തുവില്‌പന സംബന്ധിച്ച യുക്തിപരമായ ഒരു തീരുമാനം എടുത്തില്ലെന്നും വ്യക്തമാണ്.
അധാർമ്മികമായി നേടുന്ന സഭയുടെ സ്വത്തിന് ഒരു കണക്കുമില്ല. അത് എത്രത്തോളമുണ്ടെന്ന് അല്മായ ലോകത്തിന് അറിഞ്ഞും കൂടാ. സുനാമി വന്നപ്പോൾ കാഞ്ഞിരപ്പള്ളി, പാലാ മെത്രാന്മാർ വലിയ തോതിൽ പിരിവുകൾ നടത്തിയെങ്കിലും അതിന്റ ഒരു ഡോളർ പോലും സുനാമിയിൽ ദുരിതരായവർക്ക് ലഭിച്ചില്ല. ഒരു മെത്രാന്റെ സമ്മതത്തോടെ ദീപികയുടെ കോടിക്കണക്കിനുള്ള സ്വത്തുക്കൾ ഒരു മുസ്ലിമിന് വിറ്റ് സഭയുടെ പണം ചോർത്തിക്കൊണ്ടു പോയ ചരിത്രവും മറക്കാൻ നാളുകളായിട്ടില്ല. റീയൽ എസ്റ്റേറ്റ് ഇടപാടുകളും റീയൽ എസ്റ്റേറ്റ് മാഫിയാകളും സഭയുടെ നിലനിൽപ്പിനു തന്നെ ചോദ്യമായിരിക്കുകയാണ്.
സഭയുടെ ചരിത്രത്തിലേക്ക് ഒന്ന് പിന്തിരിഞ്ഞു നോക്കുമ്പോൾ സംഭവിക്കരുതാത്തത് പലതും സഭയ്ക്കുള്ളിൽ സംഭവിച്ചിരുന്നതായും കാണാം. ലൈംഗിക മ്ലേച്ഛകളിൽപ്പെട്ട എത്രയെത്ര പുരോഹിതരെ ഇവർ സംരക്ഷിക്കുന്നു. കുറ്റക്കാരായ ളോഹധാരികളെ രക്ഷിക്കാൻ വിധവയുടെ കൊച്ചുകാശുകൊണ്ട് പരമോന്നത കോടതികളും കയറിയിറങ്ങും. ലോക പ്രസിദ്ധരായ വക്കീലന്മാരെ വെച്ച് കുറ്റവാളികളായ പുരോഹിതരെ രക്ഷിക്കാനും ശ്രമിക്കും. സ്ത്രീയുടെ മാനവും ജീവനും പോയാലും കുഞ്ഞുങ്ങൾ അനാഥരായാലും അതിനു കാരണക്കാരായ പുരോഹിതർക്കെന്നും സുഖവാസം ലഭിക്കുകയും ചെയ്യും. അഭയാക്കേസിൽ പുരോഹിതരുടെ മാനം രക്ഷിക്കാൻ മില്യൺക്കണക്കിന് രൂപാ പണമാണ് സഭ ഒഴുക്കിയത്. പണം എങ്ങനെ ചെലവാക്കുന്നു, എവിടെനിന്നു വന്നുവെന്നു ചോദിക്കാനും ആളില്ല. പുരോഹിതർ നടത്തുന്ന കുറ്റകൃത്യങ്ങളിൽ അല്മായർ നിശബ്ദരായിരിക്കണമെന്നും സഭയുടെ പാരമ്പര്യമായ പ്രമാണമാണ്. അപ്രമാദിത്യം കല്പിച്ചിട്ടുള്ള അവരെ ആരും ചോദ്യം ചെയ്യാൻ പാടില്ല. പക്ഷെ സോഷ്യൽ മീഡിയാകളുടെ ആവിർഭാവത്തോടെ പുരോഹിതരുടെ കള്ളക്കളികൾ ഓരോന്നായി പുറത്തുവരുന്നതും ഇവർക്കൊരു തിരിച്ചടിയായി തീർന്നു. യൂറോപ്പിൽ സംഭവിച്ചപോലെ സീറോ മലബാർ സഭയുടെ നാശത്തിന്റെ തുടക്കം ആരംഭിച്ചുവെന്നും കരുതണം.
സഭയുടെ വസ്തു വില്‌പന ഇടപാടുകളെപ്പറ്റി സോഷ്യൽ മീഡിയാകളും മാദ്ധ്യമങ്ങളും കൊട്ടിഘോഷിക്കുന്നതുമൂലം നാളിതുവരെയുള്ള രഹസ്യങ്ങൾ പലതും പുറത്തുവന്നു കഴിഞ്ഞു. അതിൽ കള്ളപ്പണമുണ്ട്, നികുതി വെട്ടിപ്പുണ്ട്, എന്നെല്ലാമുള്ള സംശയങ്ങളാണ് നിറഞ്ഞിരിക്കുന്നത്. കാപട്യം നിറഞ്ഞ കാക്കനാട്ടെ മാഫിയ പുരോഹിതരുടെ ഭീക്ഷണിയും എതിർക്കുന്നവരുടെമേൽ പ്രയോഗിക്കുന്നു. ആദരണീയനായ കർദ്ദിനാൾ ആലഞ്ചേരിയിൽ നിന്ന് ഇങ്ങനെയൊരു അധാർമ്മിക പ്രവർത്തി സംഭവിക്കില്ലെന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്നു.
മെഡിക്കൽ കോളേജുണ്ടാക്കാൻ വേണ്ടി മേടിച്ച വസ്തുവിൽ പിന്നീട് മെഡിക്കൽ കോളേജ് വേണ്ടെന്നു വെച്ചത് ആരുടെ തീരുമാനമെന്നും വ്യക്തമല്ല. കാക്കനാട്ട് നടന്നത് കള്ളപ്പണവും നികുതി വെട്ടിപ്പുമാണെങ്കിൽ അത് മാർപ്പാപ്പായാണോ തീരുമാനിക്കേണ്ടതെന്ന ചോദ്യത്തിനും ഉത്തരമില്ല. അക്കാര്യം തീരുമാനിക്കേണ്ട ബാധ്യത രാജ്യത്തെ നിയമ വ്യവസ്ഥകൾക്കുള്ളതാണ്. വസ്തു ഇടപാടുകളെ അന്വേഷിക്കാൻ ആലഞ്ചേരി ഒരു കമ്മീഷനെ വെച്ചിട്ടുണ്ട്. സ്വന്തം ആൾക്കാരെ മാത്രം കമ്മീഷനിൽ വെച്ച് അന്വേഷണം നടത്തിയാലും കുറ്റക്കാരെ കണ്ടുപിടിക്കാൻ സാധിക്കില്ല. മാർ ഏടയന്തിറ ഇറക്കിയ സർക്കുലർ ലെറ്ററിൽ മാർ ആലഞ്ചേരി ഒരു കള്ളനെന്ന നിലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ബിഷപ്പുമാർ തമ്മിൽ ഇങ്ങനെ പോർവിളികൾ തുടങ്ങിയാൽ വിശ്വാസികൾ ഇവരെ ഇനി എത്രമേൽ അനുസരിക്കണമെന്നുള്ളതും അനശ്ചിതത്വത്തിലാണ്. പണം കിട്ടാതെ എങ്ങനെ വസ്തുവിന്റെ ആധാരം എഴുതിയെന്നുള്ളതിലും ദുര്‍ഗ്രാഹ്യത ബാക്കി നിൽപ്പുണ്ട്.
സഭാ നേതൃത്വം തന്നെ കാക്കനാട്ടെ ഭൂമിയിടപാടുകളെ വിമർശിച്ച വൈദികർക്കെതിരെ ശിക്ഷണനടപടികൾ എടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. സഭയുടെ നടപടി ക്രമങ്ങളിൽ വിശ്വസമില്ലാത്തതുകൊണ്ടാണ് എതിർപ്പുകളും വിമർശനങ്ങളുമായി പുരോഹിതർ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോൾ സത്യമറിയാൻ ആരെയാണ് വിശ്വസിക്കേണ്ടത്, സഭയെയോ, വിമർശകരേയോ! ഉത്തരം, കർദ്ദിനാൾ ആലഞ്ചേരിയുടെ നിശബ്ദത മാത്രം. വൈദികർ പോലും ആലഞ്ചേരിയെ കള്ളനും പിടിച്ചുപറിക്കാരനുമായി വിശേഷിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഇങ്ങനെ ചൂടുപിടിച്ച വാർത്തകൾ പ്രചരിക്കുമ്പോൾ അല്മായരുടെ സംശയങ്ങൾ വർദ്ധിക്കുകയും സഭയുടെ മൂല്യതയ്ക്ക് ഇടിവ് തട്ടുകയും ചെയ്യുന്നു. സഭ നിയമിച്ചിരിക്കുന്ന കമ്മീഷനെയും അധികാരികളെയും വൈദികർക്കുപോലും വിശ്വാസം ഇല്ലെങ്കിൽ സഭയുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്നവർ ഇനി എത്രകാലം സഭയോടൊപ്പം നിൽക്കും. ഇതിനിടയിൽ തന്നെ സഭയുടെ ഭൂമിയിടപാടുകളിൽ സംശയം പ്രകടിപ്പിച്ച രണ്ടു വൈദികരെ ഔദ്യോഗിക സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും ചെയ്തു.
മതപുരോഹിതർക്കും അഭിഷിക്തർക്കും കുന്നുകൂട്ടി കിടക്കുന്ന സമ്പത്തുണ്ട്. അല്മായരായ വിശ്വാസികൾ അവർക്കു സമ്പത്തുണ്ടാക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യുന്നു. പാടത്തും പണിശാലകളിലും കടലമ്മയെ ആശ്ലേഷിച്ചും കടലിനക്കരെയും മലമുകളിലും അദ്ധ്വാനിക്കുന്നവരുടെ വിയർപ്പുഫലത്തിന്റെ പങ്കുപറ്റിക്കൊണ്ടു പുരോഹിതർ ആഡംബരഭ്രമത്തിൽ ജീവിക്കുന്നു. സൗധങ്ങളും പള്ളികളും നിർമ്മിച്ചുകൊണ്ടിരിക്കുന്നു. കവർ സ്റ്റോറിയിൽ പറയുന്നു, "വചനവും ശുശ്രൂഷയും ഒരു വഴിക്ക്, വ്യാപാരവും കള്ളക്കച്ചവടവും മറുവഴിക്ക്, എല്ലാം അല്മായർ അറിയാതെ." സ്വത്തുക്കൾ നിയന്ത്രിക്കേണ്ടത് അല്മായരെന്ന വാദഗതികൾക്ക് ശക്തി പ്രാപിച്ചിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജിയായിരുന്ന അന്തരിച്ച കൃഷ്ണയ്യർ തയ്യാറാക്കിയ ചർച്ചാക്റ്റിന്റെ ആവശ്യകതയും പൊന്തിവരുന്നുണ്ട്. സഭാ സ്വത്തുക്കളിൽ അല്മായരുടെ പങ്ക് അഴിമതിയിൽ പൊതിഞ്ഞിരിക്കുന്ന സഭാനേതൃത്വത്തിനു ഒരു മറുപടിയുംകൂടിയാണ്. വ്യാപാര വ്യവസായ സമിതികളെ അടിച്ചോടിച്ചതും ദേവാലയത്തിൽ ശുദ്ധികലശം നടത്തിയതും യേശുക്രിസ്തു തന്നെയല്ലേ!
ഫാദർ വട്ടോളിയുടെ വാക്കുകളും ഇവിടെ പ്രസക്തമാണ്. "അടുത്ത കാലത്ത് മാർപ്പാപ്പാ രണ്ടു വലിയ പാപങ്ങളെപ്പറ്റി വിലയിരുത്തിയിരുന്നു. ആദ്യത്തേത് കുട്ടികളെ ലൈംഗിക പീഡനം നടത്തുന്നതും രണ്ടാമത്തേത് സാമ്പത്തിക ക്രമക്കേടുകളുമായിരുന്നു."
Late Cardinal Varkey Vithayatthil |
No comments:
Post a Comment