ജോസഫ് പടന്നമാക്കൽ
സൃഷ്ടി ജാലങ്ങളിൽ ആൺ-പെൺ എന്നിങ്ങനെ മനുഷ്യനെ സൃഷ്ടിച്ചുവെന്ന സങ്കല്പങ്ങളാണ് നമുക്കേവർക്കുമുള്ളത്. എന്നാൽ അതിനുമപ്പുറത്ത് സ്ത്രീയുടെ വികാരാനുഭൂതികളോടെ നടക്കുന്ന മൂന്നാമതൊരു ലിംഗ വിഭാഗം കൂടിയുണ്ട്. അവരെ ട്രാൻസ് ജെൻഡേഴ്സ് അഥവാ ഹിജടകൾ എന്ന് വിളിക്കുന്നു. നപുംസകങ്ങൾ എന്നും അറിയപ്പെടുന്നു. തൊട്ടുകൂടാ ജാതികളെക്കാളും വെറുക്കപ്പെട്ട സമൂഹങ്ങളായി ഇവരെ ലോകം കരുതുന്നു. സ്ത്രീകളെപ്പോലെ വേഷഭൂഷാദികളണിഞ്ഞു കൊണ്ട് സ്ത്രീത്വവും സ്ത്രൈവണ ഭാവാദികളും പ്രകടിപ്പിക്കുന്ന മുഖമാണ് ഒരു ഹിജട തന്റെ സ്വത്തായി കരുതുന്നത്. അവരുടെ ചുണ്ടുകൾ വിലകുറഞ്ഞ ചായം കൊണ്ട് മിനുക്കി തേച്ചിരിക്കും. മുഖം നിറയെ പൗഡർ പൂശിയിരിക്കും. ദേഹത്തിനു അനുയോജ്യമായ ബ്ലൗസ്, നിറമുള്ള സാരി, വിചിത്രമായ സ്ത്രീ രൂപം എന്നിവകൾ ഹിജടകളുടെ പ്രത്യേകതകളാണ്.
അവർ കൂട്ടമായിട്ടാണ് തിരക്കുള്ള തെരുവുകളിൽക്കൂടി യാത്ര ചെയ്യുന്നത്. വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തി പണം മേടിക്കും. തെരുവിൽ കാണുന്ന സാധാരണ ഭിക്ഷക്കാരല്ല അവർ. അവർക്ക് പുരുഷന്മാരുടെ ശബ്ദമായിരിക്കുമുണ്ടാകുന്നത്. ആശ്ചര്യകരമായ നിരർത്ഥക പദങ്ങൾകൊണ്ട് ഒച്ചയുണ്ടാക്കിക്കൊണ്ടിരിക്കും. കൈകൾ കൊട്ടിക്കൊണ്ടു നടക്കും. നടക്കുന്ന വഴിയേ മനസിനെ സ്പർശിക്കുന്ന പ്രാർത്ഥനകളും ഉരുവിടും. ധർമ്മം കൊടുത്തില്ലെങ്കിൽ യാത്രക്കാരെ അസഭ്യ വാക്കുകൾ വിളിക്കും. ചിലർ കൂട്ടത്തോടെ സാരി പൊക്കി ലിംഗ വിച്ഛേദനം ചെയ്ത ഭാഗം പൊക്കി കാണിച്ചും. കാൽ നടക്കാരുടെ മുഖത്തിനു നേരെ ലൈംഗികാവയവങ്ങൾ പ്രദർശിപ്പിച്ചും പണം ശേഖരിക്കും. പൊതു നിരത്തിൽക്കൂടി ഹിജടകൾ കൂട്ടത്തോടെ വരുമ്പോൾ കാണുന്നവർക്കു ഭയവും ജ്വലിക്കുക സ്വാഭാവികമാണ്. ഭിക്ഷാടനം നടത്തിയും ലൈംഗിക തൊഴിലുകളിലും ഉപജീവനങ്ങളാക്കി ഹിജടകൾ ജീവിക്കുന്നു. ഇന്ത്യയിലാകെ ഏകദേശം ഇരുപതു ലക്ഷം ഹിജടകളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ലിംഗ വിച്ഛേദനം നടത്തിയ ഹിജടകൾ അഥവാ നപുംസകങ്ങൾ ഇന്ത്യയിൽ ബി.സി. ഒമ്പതാം നൂറ്റാണ്ടു മുതലുണ്ടെന്നു അനുമാനിക്കുന്നു. ഇംഗ്ളീഷിൽ ഇവരെ യൂനിക്സ് (Eunuchs) എന്ന് പറയും. ഈ പദം ഗ്രീക്കിൽ നിന്നും വന്നതാണ്. കിടക്കയുടെ കാവൽക്കാരനെന്ന അർത്ഥമാണുള്ളത്. കാരണം രാജകീയ അന്തപ്പുരങ്ങൾ കാത്തുകൊണ്ടിരുന്നത് പുരുഷ ഹിജടകളായിരുന്നു. ട്രാൻസ് ജെണ്ടർ (Trans gender) എന്നും പാശ്ചാത്യ ലോകത്ത് അറിയപ്പെടുന്നു.
ഹിജട സമൂഹങ്ങളെ നൂറ്റാണ്ടിൽപ്പരം വർഷങ്ങളായി താന്തോന്നികളായും വഴിതെറ്റി നടക്കുന്നവരായും അറിയപ്പെടുന്നു. ലൈംഗിക താൽപര്യമുള്ളവരെ ഇരപിടിച്ചു നടക്കുന്ന വർഗമായി അവഹേളിക്കുകയും പൊതുസദസുകളിൽ നിന്നും അവരെ മാറ്റി നിർത്തുകയും ചെയ്യും. സ്വവർഗ രതികളോട് മിതമായ സമീപനം അടുത്തകാലത്തു കാണിക്കാൻ തുടങ്ങിയെങ്കിലും ഹിജടകൾ (ട്രാൻസ് ജെൻഡർസ്) ഇന്നും സമൂഹത്തിൽ പരിഹാസപാത്രമായുള്ളവരാണ്. നിയമം ഉണ്ടാക്കുന്നവരും ഹിജടകളോട് നീതി പാലിക്കാതെ വിരോധ ഭാവം തുടരുന്നു. 'ഹിജട' എന്ന വ്യക്തിത്വം സ്ഥാപിക്കുന്ന മുതൽ കുടുംബവും സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകരും സാധാരണ അവരെ ഒറ്റപ്പെടുത്തുകയാണ് പതിവ്. അവരെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും അവർക്കെതിരെ അക്രമങ്ങൾ അഴിച്ചു വിടുകയും ചെയ്യും.
ചൈനയിൽ 'മിങ്ങ് രാജവംശ' കാലത്ത് ഹിജടകളെ രാജകൊട്ടാരങ്ങൾ സൂക്ഷിക്കാൻ ഏർപ്പെടുത്തിയിരുന്നു. അവിടെ ഹിജടകൾ 1930 വരെ ലക്ഷക്കണക്കിനുള്ളതായും തെളിവുകളുണ്ട്. 1930-ൽ ചൈനയിലെ അറുപതിനും എൺപത്തിനുമിടക്കുള്ള ഹിജടകളുമായി അമേരിക്കൻ റിപ്പോർട്ടർമാർ അഭിമുഖ സംഭാഷണങ്ങൾ നടത്തിയിരുന്നു. ചൈനയിലെ ഹിജടകളിൽ കൂടുതൽ പേരും പ്രത്യേക രീതിയിൽ തലമുടി കഴുത്തുവരെ നീട്ടി പിന്നിയിടുന്നവരും, തടിച്ച ചുണ്ടുള്ളവരും പരുക്കൻ ശബ്‌ദക്കാരുമായിരുന്നുവെന്നു അവരുടെ റിപ്പോർട്ടുകളിൽ പറഞ്ഞിരിക്കുന്നു. രാജസേവനം ചെയ്തുകൊണ്ടിരുന്ന ചൈനയിലെ അവസാനത്തെ ഹിജട 'സൺ യോയിങ്' 1996-ൽ തൊണ്ണൂറ്റി നാലാം വയസിൽ മരിച്ചു.
ഹിജടകളെ അമേരിക്കയിൽ 'ട്രാൻസ് ജെണ്ടർ' എന്നറിയപ്പെടുന്നു. ജീവിതത്തിന്റെ നാനാ തുറകളിലും കലാ സാംസ്ക്കാരിക മേഖലകളിലും അമേരിക്കൻ ഹിജടകൾ പ്രവർത്തിക്കുന്നുണ്ട്. ഹിജടകൾ അമേരിക്കയിലും അവഗണിക്കപ്പെട്ട വർഗമാണ്. അമേരിക്കയിലെ പ്രസിദ്ധ നടി 'ലാവെൻ കോക്സ്', എഴുത്തുകാരൻ 'ജാനറ്റ് മോക്ക്' മുതലായ പ്രസിദ്ധരായവരും ഹിജടകളായിരുന്നു. ഹിജടകളെപ്പറ്റി ഒരു കണക്ക് വ്യക്തമല്ലെങ്കിലും ഏകദേശം ഒരു മില്യൺ ഹിജടകൾ അമേരിക്കയിലുണ്ടെന്നു കരുതുന്നു. അവരുടെ ജനസംഖ്യയെപ്പറ്റി വ്യക്തമായ ഒരു കാഴ്ച്ചപ്പാടിനായി അധികമൊന്നും ഗവേഷണങ്ങൾ നടത്തിയിട്ടില്ല.
സാഹചര്യങ്ങൾ കൊണ്ടും നിയമപരമായ സംരക്ഷണമില്ലാത്തതിനാലും അമേരിക്കൻ ഹിജടകളുടെയിടയിൽ തൊഴിലില്ലായ്മാ ശക്തമാണ്. പതിനഞ്ചു ശതമാനം ജനം ജീവിക്കുന്നതും നിത്യ ദാരിദ്ര്യത്തിലും വാർഷിക വരുമാനം പതിനായിരം ഡോളറിനു താഴെയുമാണ്. 34 ശതമാനം കറുത്തവരും ഇരുപത്തിനാലു ശതമാനം ലാറ്റിനോ ഹിജടകളും തൊഴിലില്ലാത്തവരാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മായും കാരണം അവർക്ക് ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾപോലും അമേരിക്കയിൽ ലഭിക്കാറില്ല. കൂടുതലും ഭവനരഹിതരാണ്. ലൈംഗികത്തൊഴിലുകൾ ഉപജീവനമായി തിരഞ്ഞെടുത്തിരിക്കുന്നു. ചിലർ മയക്കുമരുന്ന് ബിസിനസിലും ഏർപ്പെട്ടിട്ടുണ്ട്. അതുമൂലം അവരുടെയിടയിൽ കൂടുതൽ അറസ്റ്റും ലഹളകളും സാധാരണമാണ്.
ഹിജടകൾക്കെതിരെ ക്രൂരകൃത്യങ്ങൾ അമേരിക്കയിലും സംഭവിക്കുന്നു. ഡസൻകണക്കിന് ഹിജട സ്ത്രീകൾ അമേരിക്കയിൽ ഓരോ വർഷവും കൊലചെയ്യപ്പെടുന്നുണ്ട്. കൂടുതലും അവരുടെ പങ്കാളികളോ അപരിചിതരോ, കത്തി കൊണ്ടോ, വെടിവെച്ചോ കഴുത്തു ഞെരിച്ചോ കൊല ചെയ്യുന്ന കഥകളാണ് കേൾക്കുന്നത്. നിയമവും പോലീസും ഇവർക്ക് തുല്യവും നീതിപൂർവമായ പരിഗണനകളും നൽകില്ല. അതുകൊണ്ട് അവർക്ക് പോലീസിൽ പരാതിപ്പെടാനും മടിയാണ്.
ഒരു സമൂഹത്തിൽ ജീവിക്കണമെങ്കിൽ ശരിയായ ഐഡന്റിഫിക്കേഷൻ വേണം. അതില്ലാതെ യാത്ര ചെയ്യാനോ സ്‌കൂളിൽ ചേരാനോ സാധിക്കില്ല. സമൂഹത്തിന്റെ എല്ലാ തുറകളിലും ജീവിക്കാൻ ശരിയായ തിരിച്ചറിയൽ (ഐഡന്റിഫിക്കേഷൻ) ആവശ്യമാണ്. താമസിക്കാൻ വീടുകളോ കാറുകൾ വാടകയ്‌ക്കെടുക്കുന്നതിനോ തിരിച്ചറിയൽ കാർഡുകൾ ആവശ്യമായി വരുന്നു. അമേരിക്കയിൽ ഹിജടകളുടെ ലിംഗം സ്ഥാപിച്ചെടുക്കുന്നതിനായി അമിതമായി ഫീസും ചെലവുകളും വഹിക്കണം. അവരുടെ ലിംഗപദവി (ജെണ്ടർ) സ്ഥാപിച്ചാലും പിന്നീട് പുതുക്കുവാൻ ചെലവുള്ളതിനാൽ മുപ്പത്തിരണ്ട് ശതമാനം ഹിജടകൾ തങ്ങളുടെ തിരിച്ചറിവ് കാർഡുകൾ (ഐഡന്റിറ്റി) പുതുക്കാറില്ല.
ഡൊണാൾഡ് ട്രംപിന്റെ മിലിറ്ററിയിൽ ഹിജട സമൂഹത്തെ നിരോധിച്ചത് അവർ എതിർത്തുകൊണ്ടിരിക്കുന്നു. ട്രംപിന്റെ മിലിറ്ററിപരിഷ്‌ക്കാരത്തിൽ സൈന്യത്തിൽ ജോലിചെയ്തിരുന്ന ഹിജടകളെ പുറത്താക്കിയിരുന്നു. പുതിയതായി ഹിജടകളെ മിലിറ്ററിയിൽ റിക്രൂട്ട് ചെയ്യില്ല. ഹിജടയായി ലിംഗമാറ്റം നടത്താനുള്ള സർജറിയും അതിനോടനുബന്ധിച്ചുള്ള ഫണ്ടും അനുവദിക്കുന്നില്ല, ട്രംപിന്റെ പദ്ധതികളായ എച്ച്.ഐ.വി എയ്ഡ്സ് ഫണ്ട് കുറയ്ക്കുന്നതും ഫുഡ് സ്റ്റാംപ്സ്, ഹൌസിങ്. മെഡിക്കെയർ സോഷ്യൽ സെക്യൂരിറ്റി പ്രോഗ്രാം എന്നിവകൾക്കു നിയന്ത്രണം വരുത്തുന്നതും ഹിജട സമൂഹത്തിന്റെ ജീവിത നിലവാരത്തെ ബാധിക്കും. പൗരാവകാശ നിയമത്തിൽ, ലിംഗവ്യത്യാസം, നിറം, വർഗം, ജന്മം എന്നീ അടിസ്ഥാനത്തിൽ വിവേചനം പാടില്ലാന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഹിജടകൾ നടത്തിയ കേസുകളിലൊന്നിലും അവർക്ക് അനുകൂലമായ വിധികൾ അമേരിക്കൻ കോടതികളിൽ നാളിതുവരെ ലഭിച്ചിട്ടില്ല.
ഹിജടകളുടെ പാരമ്പര്യം സൂക്ഷിക്കുന്ന ഏക രാജ്യം ഇന്ത്യ മാത്രമാണ്. ഇന്ന് അവർ രാജകുടുംബത്തിലെ സേവകരും വിശ്വസ്ഥരുമല്ലെങ്കിലും മില്യൺ കണക്കിന് ഹിജടകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായുണ്ട്. ഇന്ന് ഹിജടകൾ ഒരു സമൂഹമായതുകൊണ്ടു അവർക്ക് വേണ്ടി സംസാരിക്കാനും സമൂഹത്തിലുള്ളവരുണ്ട്. ഹിജട സമൂഹം ഒരു ഗുരുവിന്റെ നേതൃത്വത്തിലും നിയന്ത്രണത്തിലും പ്രവർത്തിക്കുന്നു. അവർക്കായി ചില നിയമങ്ങൾ ഉണ്ട്. സൂപ്പർവൈസർ മുതൽ ഗുരുവരെ അവരുടെ സമൂഹത്തെ നിയന്ത്രിക്കുന്നു. വടക്കേ ഇന്ത്യയിൽ ഹിജടകളുടെ വേഷങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടെങ്കിൽ തെക്കേ ഇന്ത്യയിൽ ഹിജടകൾക്ക് താല്പര്യമുള്ള വേഷങ്ങൾ ധരിക്കാം.
ഹിജടകൾ മറ്റുള്ളവരെ പേടിപ്പിച്ചു ജീവിക്കുന്ന ഒരു സമൂഹമായി അറിയപ്പെടുന്നു. ആരും അവരോട് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. പൊതുവഴികളിൽ യാത്രചെയ്യുന്നവരെ കണ്ടുമുട്ടിയാൽ കൈമുട്ടുകൾകൊണ്ടു തട്ടുകയോ മുഖത്ത് അടിക്കുകയോ ഇടിക്കുകയോ തലോടുകയോ ചെയ്യുന്ന പതിവുകളുണ്ട്. ധർമ്മം കൊടുക്കാത്തവരെ അപഹസിക്കുകയും ചീത്ത വിളിക്കുകയും ചെയ്യും. യാചക വൃത്തി ചെയ്യുന്നതോടൊപ്പം യാത്രക്കാരിൽനിന്നും പണം തട്ടിയെടുക്കലും പതിവാണ്. കൈകൾ തിരിച്ചു ബലമായി പണം യാചിക്കുന്നതും നിത്യ സംഭവങ്ങളാണ്.
കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഹിജടകളെക്കൊണ്ട് അനുഗ്രഹിപ്പിക്കുകയെന്നത് പാരമ്പര്യമായ ഒരു ആചാരമാണ്. അല്ലെങ്കിൽ ജനിക്കുന്ന കുഞ്ഞു ഹിജടയായി പോവുമെന്ന വിശ്വസവുമുണ്ട്. കാലുകളിൽ ചിലങ്കയുമിട്ട് പാട്ടും പാടി ഹിജടകൾ അവിടെയെത്തുക സാധാരണമാണ്. വീടിനു പുറത്ത് പാട്ടുപാടിയും ഡാൻസ് ചെയ്തും പലവിധ പരിപാടികൾ അവതാരിപ്പിക്കാറുണ്ട്. ചിലപ്പോൾ കുഞ്ഞുങ്ങളുടെ അമ്മമാർ കുഞ്ഞുങ്ങളെ കാണാൻ അനുവദിക്കുംവരെ വീട്ടുകാർക്ക് ശല്യമായി കുഴപ്പങ്ങളും സൃഷ്ടിക്കും. ഒരു ഭവനത്തിൽ കല്യാണം വരുമ്പോഴും പുതിയ ഭവനത്തിൽ പ്രവേശിക്കുമ്പോഴും വിശേഷ ദിനങ്ങളിലും അവർ വന്നെത്തും. ഹിജടകൾക്ക് മാന്ത്രിക ശക്തിയുണ്ടെന്ന വിശ്വസവുമുണ്ട്. അവർക്ക് അനുഗ്രഹിക്കാനും ശപിക്കാനും കഴിവുണ്ടെന്നാണ് വിശ്വാസം. അനുഗ്രഹ ചടങ്ങുകൾക്കായി വലിയ തുകയായ പ്രതിഫലവും ആവശ്യപ്പെടും. കുഞ്ഞിന്റെ ബാഹ്യ ചർമ്മങ്ങളും പരിശോധിക്കും. ജന്മനാ ഹിജടയായി ജനിച്ചെങ്കിൽ ആ കുഞ്ഞിനെ അവർക്ക് നല്കണമെന്ന് ഹിജടകൾ ആവശ്യപ്പെടും. അങ്ങനെയൊരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ സമൂഹത്തിൽ നാണക്കേട് പരിഹരിക്കാൻ പല കുടുംബങ്ങളും ആഗ്രഹിക്കുന്നു. ഹിജടകൾക്ക് കീഴ്‌വഴങ്ങുകയും ചെയ്യുന്നു. ഹിജടകളുടെ സമൂഹം ലിംഗവ്യത്യാസത്തോടെ ജനിക്കുന്ന കുഞ്ഞിനെ അവരുടെ വീടുകളിൽ കൊണ്ടുപോയി അവരിൽ ഒരാളായി വളർത്താറുമുണ്ട്. എല്ലാ സ്ത്രൈണവും ഏറ്റുവാങ്ങി ഒരിക്കലും പ്രസവിക്കാത്ത അമ്മയെന്ന സ്ഥാനവും ഇവർ വഹിക്കുന്നു.
ഹിജടകൾ താമസിക്കുന്ന തെരുവ് ഗ്രഹങ്ങളിൽ നടക്കുന്ന രഹസ്യങ്ങൾ പുറംലോകത്തിന് വളരെ കുറച്ചു മാത്രമേ അറിയുള്ളൂ. അവിടെ അവർ എങ്ങനെ വന്നുവെന്ന് ആർക്കും അറിഞ്ഞുകൂടാ. എങ്ങനെ ജനിച്ചുവെന്നും ചിലർ ചിന്തിക്കുന്നു. പൊതുവെ ഹിജിടകൾക്ക് സാമാന്യ ജീവിതം നയിക്കുന്ന സ്ത്രീ പുരുഷന്മാരോട് പ്രതികാര മനോഭാവം കാണാം. ഹിജിടകളിൽ പലർക്കും നഷ്ടപ്പെടാൻ ഒന്നുമില്ലെന്നുള്ള ചിന്താഗതികളുമുണ്ട്. കാരണം, പരിഷ്കൃത സമൂഹം അവരോടു പെരുമാറുന്നത് തൊട്ടുകൂടാ ജാതികളെക്കാളും കഷ്ടമായിട്ടാണ്.
ഇന്ത്യയിലെ സംവരണങ്ങൾ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ ആൺ-പെൺ എന്ന വിഭാഗങ്ങളായി വേർതിരിച്ചെടുത്തു. എന്നാൽ മൂന്നാമതൊരു വിഭാഗമായ ഹിജടകൾക്ക് വിദ്യാഭ്യാസത്തിലോ ഉദ്യോഗങ്ങളിലോ സാമൂഹിക ക്ഷേമങ്ങളിലോ സംരക്ഷണങ്ങളിലോ യാതൊരു പരിഗണനകളുമില്ല. അവകാശങ്ങളും അധികാരങ്ങളും നിയമങ്ങളുമെല്ലാം ക്രോഡീകരിച്ചിരിക്കുന്നത് പുരുഷനും സ്ത്രീയ്ക്കും മാത്രം. ഹിജടകളെ ഹൈന്ദവ സംസ്ക്കാരത്തിൽ ഐശ്വര്യത്തിന്റെ ദേവികളെപ്പോലെ കരുതിയിരുന്നു. പുരാണങ്ങളിലും ഹിജടകൾക്ക് ദേവി സങ്കല്പങ്ങളാണ് നൽകിയിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലം മുതലാണ് അവരെ തീണ്ടാ ജാതികളായി കരുതാൻ തുടങ്ങിയത്.
പകൽ മുഴുവൻ എവിടെയെങ്കിലും വിശ്രമിച്ച ശേഷം രാത്രിയാകുമ്പോൾ ഭിക്ഷാടനത്തിനും വേശ്യാവൃത്തിക്കും ഇറങ്ങും. വിശപ്പു സഹിക്ക വയ്യാതെ വരുമ്പോൾ ഹോട്ടലുകളുടെ പിന്നാമ്പുറത്തുനിന്നു ഉച്ചിഷ്ട ഭക്ഷണങ്ങൾ വരെ നക്കിത്തിന്നും. ചെറിയ തുകയ്ക്ക് ആർക്കും വേണ്ടാത്ത അവരുടെ ശരീരവും വിൽക്കും. ഹിജടകൾ തങ്ങളുടെ കഷ്ടപ്പാടുകളും വേദനകളും പുറംലോകത്ത് വെളിപ്പെടുത്താതെ മറച്ചു വെക്കും. സ്ത്രീ പുരുഷന്മാർക്ക് ലഭിക്കുന്ന അവകാശങ്ങൾ നിഷേധിക്കപ്പെട്ടു ജീവിക്കുന്ന ഇരു കാല മനുഷ്യരാണ് ഹിജടകളെന്ന ബോധം ഒരു സാമൂഹിക പ്രവർത്തകരെയും ഉണർത്തിയിട്ടില്ല.
ഹിജടകളുടെ സമൂഹത്തിൽ പുരുഷന്മാർക്ക് പുരുഷാവയവങ്ങൾ ഉണ്ടായിരിക്കില്ല. യൗവനം ആയിരുന്നപ്പോൾ ബലമായി വൃഷ്ണച്ഛേദം നടത്തിയവരും അക്കൂടെയുണ്ട്. സ്വാഭാവിക ജനനത്തോടെ ഷണ്‌ഡത പ്രാപിച്ചവരുമുണ്ട്. ഹിജടകളായവർ ഭൂരിഭാഗവും സ്വവർഗ രതികളിൽ താല്പര്യമുള്ളവരാണ്. മൂന്നാം ലിംഗവിഭാഗം (Third gender) എന്നറിയാൻ ഇവരുടെ സമൂഹം താല്പര്യപ്പെടുന്നു. കാരണം സ്വവർഗ രതിക്കാരെ സമൂഹം അംഗീകരിച്ചിട്ടില്ല. ജന്മനാ ഹിജിടയല്ലാത്തവർ സ്ത്രീകളെ വിവാഹം കഴിക്കുകയോ അവരിൽ നിന്ന് കുട്ടികളെ ജനിപ്പിക്കാനോ താത്പര്യപ്പെട്ടിരുന്നില്ല.
ഹിജടകളായി ഓപ്പറേഷൻ നടത്തുന്ന ചടങ്ങുകൾ ആഘോഷമായി കൊണ്ടാടുന്നു. പാട്ടും ഡാൻസും സദ്യയും പാരമ്പര്യ ദേവി ദേവന്മാരോടനുബന്ധിച്ച നൃത്തങ്ങളും അന്നുണ്ടായിരിക്കും. ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കാൻ ഗുരുക്കന്മാരും കാണും. വൃഷണങ്ങളിൽ ശസ്ത്ര ക്രിയ ചെയ്യുന്നതും പ്രാകൃത രൂപത്തിലായിരിക്കും. ലിംഗ വിച്ഛേദനത്തിനുമുമ്പ് കുട്ടികളെ കറുപ്പും മയക്കുമരുന്നും പാലും കൊടുത്ത് മയക്കാറുണ്ട്. ചുറ്റും ഹിജടകൾ അവനെ തറയിൽ കിടത്തി ബലമായി പിടിച്ചുകൊണ്ടിരിക്കും. ഓപ്പറേഷൻ കഴിഞ്ഞാൽ അവരുടെ സ്വകാര്യ അവയങ്ങളിൽനിന്ന് മണിക്കൂറോളം രക്തം പുറത്തു പോകും. അതോടെ പുരുഷത്വം അവിടെ അവസാനിക്കുകയാണ്.
ലിംഗ വിച്ഛേദനവും ആചാരങ്ങൾക്കും ശേഷം ഹിജടകളെ സമൂഹത്തിലെ പുതിയ അംഗമായി ചേർക്കുന്നു. യുവാവായ ഹിജട സമൂഹത്തിന്റെ ആചാരങ്ങളും പഠിക്കാനാരംഭിക്കും. ഗുരുവിന്റെ കാലുകൾ നമസ്ക്കരിക്കുകയും വേണം. സ്നേഹപൂർവമുള്ള അന്തരീക്ഷത്തിൽ ഹിജടക്ക് വസ്ത്രങ്ങളും ഭക്ഷണവും നൽകി പരിപാലിക്കും. അവൻ സുരക്ഷിതമാകും വരെ സ്വയം കാലിൽ നിൽക്കുന്നവരെ എല്ലാ കാര്യങ്ങളും സമൂഹം നോക്കിക്കൊള്ളും.
ലതായെന്ന ഹിജടയുടെ കഥ സൈബർ പേജുകളിൽ വായിക്കുകയുണ്ടായി. ലത ബിഹാറിലെ ഒരു ആൺകുട്ടിയായി വളർന്നു. അവൻ ബാലനായപ്പോൾ ഒഴിഞ്ഞ ക്‌ളാസ് മുറിയിൽ കൊണ്ടുപോയി അവന്റെ സ്‌കൂൾ മാസ്റ്റർ പ്രകൃതി വിരുദ്ധ ലൈംഗികതകൾ ചെയ്യിപ്പിക്കുമായിരുന്നു. പിന്നീട് പുരുഷന്മാർക്ക് ഇഷ്ടമാണെന്നറിഞ്ഞ അവൻ കുറച്ചു പണമുണ്ടാക്കി ഷണ്ഡനായി ഓപ്പറേഷൻ ചെയ്തു. സ്ത്രീയായി വേഷങ്ങൾ ധരിക്കാൻ തുടങ്ങി. ഒരു ദിവസം സ്വന്തം ഭവനത്തിൽ നിന്നും ഒളിച്ചോടി ബോംബയിൽ ഹിജട സമൂഹത്തിൽ വന്നു ലൈംഗികത്തൊഴിലാളിയായി ജോലി തുടങ്ങുകയും ചെയ്തു.
മദ്രാസിനു ഇരുന്നൂറു മൈലുകൾക്കപ്പുറം 'കൂവാങ്കം' എന്ന സ്ഥലത്ത് ഹിജടകൾ ദേവപൂജകൾ നടത്തി ആണ്ടുതോറും ആഘോഷിക്കാറുണ്ട്. തമിഴ് കലണ്ടറനുസരിച്ചുള്ള പുതു വർഷത്തിൽ ഉറങ്ങി കിടക്കുന്ന ഈ ഗ്രാമം ഹിജടകളെ കൊണ്ട് ജനനിബിഢമാകും. വിവാഹാഘോഷങ്ങളും ഉടൻ തന്നെ വിധവകളുമാകുന്ന വർണ്ണമയമായ ഒരു ആഘോഷമാണത്. മഹാഭാരതത്തിലെ ഇതിഹാസത്തെ അടിസ്ഥാനമാക്കിയുള്ള രംഗങ്ങളാണ് അവിടെ അനുഷ്ഠിക്കുന്നത്.
കുരുക്ഷേത്ര യുദ്ധത്തിൽ പാണ്ഡവ സഹോദരന്മാർക്ക് യുദ്ധം ജയിക്കാൻ ഒരു യോദ്ധാവിനെ ബലി കൊടുക്കണമായിരുന്നു. അർജുനന്റെ മകനായ 'അരവണനെ' മഹാഭാരത യുദ്ധം ആസൂത്രണം ചെയ്തവർ തെരഞ്ഞെടുത്തു. ശ്രീകൃഷ്ണൻ പങ്കെടുക്കുന്ന ഒരു വിശുദ്ധ യുദ്ധത്തിൽ ബലിയാടാകാൻ ആ യുവാവിന് ഇഷ്ടമായിരുന്നു. ക്രൂരന്മാരും അധർമ്മം പ്രവർത്തിക്കുന്നവരുമായ കൗരവ സഹോദരന്മാരെ ഇല്ലാതാക്കണമെന്നത് അരവണന്റെ ലക്ഷ്യവുമായിരുന്നു. പക്ഷെ അതിനു മുമ്പ് അരവണനു വിവാഹം കഴിക്കണമെന്നും പറഞ്ഞു. അതും പ്രശ്നമായിരുന്നു. ഒരു ദിവസം കൂടി കഴിഞ്ഞു യുദ്ധത്തിൽ മരിക്കാൻ പോവുന്ന ഒരു യുവാവിനെ വിവാഹം കഴിക്കാൻ ആരും തയ്യാറായിരുന്നില്ല. ഈ പ്രശ്നം പരിഹരിക്കാൻ ശ്രീ കൃഷ്‌ണൻ സുന്ദരിയായ മോഹിനിയായി രൂപാന്തരപ്പെട്ടു. മോഹിനി അരവണനെ വിവാഹം ചെയ്തു. പുരുഷനും സ്ത്രീയുമെന്നുള്ള മോഹിനി സംയോഗമാണ് ഹിജടകൾ ആഘോഷമായി കൊണ്ടാടുന്നത്.
കഴിഞ്ഞ അഞ്ഞൂറു വർഷങ്ങളായി അർജുനന്റെ മകൻ 'അരവണൻ' ഹിജടകളുടെ മനസ്സിൽ പതിഞ്ഞ ഒരു ദേവനാണ്. അന്നേ ദിവസം ഉത്സവത്തിന് ഹിജടകൾ മോഹിനിയായി വേഷം കെട്ടും. 'അരവണ' നായി വേഷം കെട്ടി അമ്പലത്തിലെ പൂജാരിയായ പുരോഹിതൻ എല്ലാ ഹിജടകളെയും വിവാഹം കഴിക്കും. അടുത്ത ദിവസം തന്നെ പുരോഹിതൻ ഹിജടകളുടെ കഴുത്തിൽ കെട്ടിയ മംഗള സൂത്രങ്ങൾ മുറിച്ചു കളയും. ഉടൻതന്നെ എല്ലാ ഹിജിടകളും വിധവകളാവുകയും ചെയ്യും. വിവാഹവും വിധവയും ആയ ശേഷം ഹിജടകൾ പിന്നീട് അവരുടെ പങ്കാളികളെ തേടാൻ തുടങ്ങും.
ഹിജടകൾക്കു ദേവി ദേവ ദൈവ സങ്കല്പങ്ങളുണ്ട്. ഒരിക്കൽ ഹിജടകളുടെ ദേവി ദൈവമായി കരുതുന്ന 'മാതാ ബഹുചര മാതായും' സഹോദരികളുമൊത്ത് യാത്ര ചെയ്യുകയായിരുന്നു. വഴിയിൽ വെച്ച് 'ബാപ്പിയ' എന്ന ഒരു രാക്ഷസൻ അവരെ ആക്രമിച്ചു. ദേവി ദൈവവും സഹോദരികളും അവരുടെ മാറിടങ്ങൾ മുറിച്ചു എറിഞ്ഞുകൊടുത്തുകൊണ്ട് രാക്ഷസനായ ബാപ്പിയായെ ശപിച്ചുവെന്നു പുരാണങ്ങൾ പറയുന്നു. ശാപമേറ്റ രാക്ഷസനു ലൈംഗിക ശേഷി നഷ്ടപ്പെടുകയും സ്ത്രീ സ്വഭാവത്തോടെ പെരുമാറാൻ തുടങ്ങുകയും ചെയ്തു. ശാപമോക്ഷം ലഭിക്കാൻ നീണ്ടകാലം ബഹുചര മാതായേ ധ്യാനിച്ചുകൊണ്ട് തപസു ചെയ്യുകയും ശാപമോചനം ലഭിക്കുകയും ചെയ്തു. അതിന്റെ സ്മാരകമായി ഹിജടകൾ ബഹുചര മാതായേ ദൈവമായി ആരാധിക്കുന്നു.
വർഷത്തിലൊരിക്കൽ സൗന്ദര്യ മത്സരവും അവർ നടത്താറുണ്ട്. ആഭരണങ്ങൾ അണിഞ്ഞു, എംബ്രോയ്ഡറി ചെയ്ത സാരിയുമുടുത്ത് മേക്കപ്പ് ചെയ്തു സൗന്ദര്യ മത്സരത്തിൽ ഹിജിടകൾ പങ്കെടുക്കുന്നു. അങ്ങനെ ആൾക്കൂട്ടത്തിൽ നിന്ന് അവർ കയ്യടികളും നേടാറുണ്ട്. അടുത്ത കാലത്ത് അഖിലേന്ത്യാടിസ്ഥാനത്തിൽ നടന്ന ഹിജടകളുടെ സൗന്ദര്യ മത്സരവും പൊതുജന ശ്രദ്ധ നേടിയിരുന്നു. അത് ഇന്ത്യയുടെ ഫാഷൻ ലോകത്തും മീഡിയാകൾക്കും പുത്തനായ വാർത്തകളായിരുന്നു. ഇങ്ങനെയൊരു മത്സരം പൊതു ജനങ്ങളുടെ മനസാക്ഷിയെ ഉണർത്തുകയും ചെയ്തു. സൗന്ദര്യ മത്സര പരിപാടികൾ വമ്പിച്ച വിജയവുമായിരുന്നു. മിസ് ഇന്ത്യ മത്സരത്തിലും അവർക്ക് പങ്കു ചേരാമെന്നുള്ള സാധ്യതകളും തെളിഞ്ഞു വന്നിട്ടുണ്ട്.
ആധുനിക ഇന്ത്യയിൽ ഹിജടകളെ രക്ഷിക്കാൻ, അവരുടെ ക്ഷേമങ്ങളെ പടുത്തുയർത്താൻ ഒരു ഗാന്ധിയന്മാരും അവതരിച്ചിട്ടില്ല. 1871-ൽ ബ്രിട്ടീഷ് സർക്കാർ പാസാക്കിയ നിയമപ്രകാരം അവരെ കുറ്റവാളികളായി മുദ്ര കുത്തിയിരുന്നു. പൊതുജനങ്ങൾക്ക് നേരെ ആക്രമവും മാർഗ തടസവും അപമര്യാദകളും വർദ്ധിച്ചതോടെയാണ് ഇങ്ങനെയൊരു നിയമം പാസ്സാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. നൂറ്റാണ്ടുകൾ പാരതന്ത്ര്യത്തിൽ ജീവിച്ച ഭാരത ജനതയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഹിജടകളെ സാമൂഹിക ഉച്ഛനീചത്വങ്ങളിൽ നിന്നും മോചിപ്പിക്കാൻ സാധിച്ചിട്ടില്ല. സ്വതന്ത്രവും ക്ഷേമ പൂർണ്ണമായ ഒരു ജീവിതവും അവർക്കു നൽകാൻ മാറി മാറി വന്ന സർക്കാരുകൾക്ക് കഴിഞ്ഞിട്ടുമില്ല.
ഹിജടകളെ മൂന്നാം തരം വർഗമായി തരം തിരിച്ച സുപ്രീം കോടതി വിധിയും സ്വാഗതാർഹമാണ്. എന്നാൽ നിയമത്തിന്റെ പഴുതുകളിൽക്കൂടി ഇവരെ രക്ഷിക്കാൻ സാധിക്കില്ല. ആദ്യം മനുഷ്യ മനസുകൾ തന്നെ മാറേണ്ടതായുണ്ട്. ഇവരോടുള്ള പരിഹാസവും വെറുപ്പും കലർന്ന മനുഷ്യന്റെ ചിന്തകൾക്കാണ് മാറ്റം വരുത്തേണ്ടത്. അതിനായി ഇവരെ ഐശ്വര്യത്തിന്റെ പ്രതീകമായി പൗരാണിക യുഗങ്ങളിൽ കണ്ടിരുന്ന കാലഘട്ടത്തിലേക്ക് മടക്കി കൊണ്ടുവരേണ്ടതായുമുണ്ട്. ഹിജട സമൂഹം നമ്മുടെ സുഹൃത്തുക്കളും അയൽക്കാരും സഹപ്രവർത്തകരും കുടുംബത്തിലുള്ളവരുമായി കരുതുന്ന ഒരു സമൂഹത്തെയാണ് പുത്തൻ തലമുറകളിൽക്കൂടി വാർത്തെടുക്കേണ്ടത്. അതിനു ഓരോ ജനസമൂഹത്തിന്റെയും മാനസികാവസ്ഥയ്ക്കും മാറ്റം വരണം. രാത്രി കാലങ്ങളിൽ വിശപ്പകറ്റാൻ പൊതുനിരത്തുകളിൽ വന്നെത്തുന്ന ഹിജടകളോടുള്ള വെറുപ്പ് അകറ്റുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയ്ക്കു വേണ്ടിയുള്ള സ്വപ്നങ്ങൾ ഇന്നും വളരെയകലെയാണ്.