Saturday, April 8, 2017
ഉപനിഷത്തുക്കളിലെ പഞ്ചകോശങ്ങൾ
(2013 മാർച്ച് ഇരുപത്തിയഞ്ചാം തിയതി അല്മയശബ്ദം ബ്ലോഗിൽ പ്രസിദ്ധികരിച്ചത്)
ജോസഫ് പടന്നമാക്കൽ
എന്താണ് ഹിന്ദു മതം? വേദങ്ങൾ, വേദാംഗങ്ങൾ, പുരാണങ്ങൾ, ഉപപുരാണങ്ങൾ, ഉപനിഷത്തുക്കൾ, ബ്രാഹ്മണങ്ങൾ, ഇതിഹാസങ്ങൾ, തത്വങ്ങൾ, യോഗാ, മീമാംസ, അർത്ഥശാസ്ത്രം, വേദാന്തം, ത്രിമൂർത്തികൾ, സൃഷ്ടി, എന്നിങ്ങനെ വർണ്ണിക്കാൻ സാധിക്കാത്ത വിജ്ഞാന ശാഖകളുടെ ബൃഹത്തായ ഒരു ദേവാലയമാണ് ഹിന്ദുമതം. ലോകത്തിലുള്ള എല്ലാ മതങ്ങളെയും ഉൾക്കൊള്ളാനുള്ള സഹിഷ്ണതമനോഭാവം സനാതനത്തിൽ നിന്ന് പൊട്ടിമുളച്ച ഹിന്ദുമതത്തിനുണ്ട്.
ഹിന്ദു ഗ്രന്ഥങ്ങളിൽ ഒന്ന് കണ്ണോടിക്കുകയാണെങ്കിൽ 'ജ്ഞാനം' എന്നത് സുപ്രധാനമായ ഒരു വാക്കായി കാണാം. ജ്ഞാനം ലഭിക്കുവാൻ പുസ്തകം മുഴുവൻ വായിക്കണമെന്നില്ല. താൽപര്യമില്ലാത്ത അദ്ധ്യായങ്ങൾ വിട്ടുകളഞ്ഞിട്ട് നമ്മുടെ മനസ് ഇഷ്ടപ്പെടുന്നത് വായിക്കുകയെന്നതാണ് ഉത്തമം. നമ്മുടെ അഭിരുചിയനുസരിച്ച് തിരഞ്ഞെടുക്കാനുള്ള ഗ്രന്ഥങ്ങൾ ഹൈന്ദവമതത്തിനുള്ളത് ഈ മതത്തെ മറ്റു മതങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു. നിരീശ്വരവാദിയ്ക്കുപോലും ഉൾക്കൊള്ളാനുള്ള ജ്ഞാനം ഹൈന്ദവ ഗ്രന്ഥങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പണ്ടുകാലങ്ങളിൽ വേദങ്ങളും ഉപനിഷത്തുക്കളും ഗുരുവിനൊപ്പം വർഷങ്ങൾ ചെലവഴിച്ചു പഠിച്ചായിരുന്നു വിദ്യനേടിയിരുന്നത്. ഗുരുവിനൊപ്പം രണ്ടുംമൂന്നും പതിറ്റാണ്ടുകൾ പഠിച്ചുവന്ന ഗുരുക്കന്മാരുമുണ്ട്. അന്ന് അറിവുകൾ ഗുരുക്കന്മാർ ശിക്ഷ്യരിലേക്ക് പകരുകയായിരുന്നു. സംസ്കൃതശ്ലോകങ്ങളും ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും മനപാഠമാക്കണമായിരുന്നു. പാഠങ്ങൾ മുഴുവൻ ഹൃദ്യസ്ഥമാക്കാൻ കഴിവുള്ളവരെ അറിവും പാകതയും ബുദ്ധിയുമുള്ളവരായി പണ്ടുള്ളവർ കരുതിയിരുന്നു.
ഉപനിഷത്തുക്കളെന്നു പറയുന്നത് ജ്ഞാനത്തിന്റെ എഴുത്തുപുസ്തകങ്ങളെയാണ്. മനസിനെ തുറന്ന ഹൃദയത്തോടെ കണ്ട് വിജ്ഞാനത്തിൽക്കൂടി ഒളിഞ്ഞിരിക്കുന്ന 'ഞാൻ' എന്ന സത്തയിലേക്കും പിന്നീട് അദൃശ്യമായതിനെ തേടിയുള്ള സത്യത്തിലേക്കുമുള്ള വഴി തുറന്നുകൊടുക്കുന്നു. എങ്കിലും ഉപനിഷത്തുകൾ നിലവറകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ജ്ഞാനത്തിന്റെ പ്രകാശമാണ്. വിവേകിയുടെ കണ്ടെത്തലുകളും അതിലുണ്ട്. വേദാന്തം നിറഞ്ഞിരിക്കുന്ന ഉപനിഷത്തുക്കൾ മനസിലാക്കുക ബുദ്ധിമുട്ടാണ്. കാരണം താളുകൾ നിറയെ പൌരാണികപദങ്ങൾ കുന്നുകൂടിയിരിക്കുന്നു. പലതും കാലഹരണപ്പെട്ടതാണ്. മറ്റനേക പദപ്രയോഗങ്ങളാൽ സങ്കരിതമായതാണ്. ഋഷിഗണങ്ങൾ നൂറ്റാണ്ടുകളോടെ രചിച്ച ഉപനിഷത്തുക്കൾ ഭാരതത്തിന്റെ മഹത്തായ സാംസ്ക്കാരിക പാരമ്പര്യത്തെ ലോകത്തിന്റെ മുമ്പിൽ മഹത്വപ്പെടുത്തുകയും ഉയർത്തി കാണിക്കുകയും ചെയ്യുന്നു.
ഉപനിഷത്തുക്കളിൽ വിവിധങ്ങളായ ഭാവനകൾ കാലത്തിനൊത്തു കുത്തിനിറച്ചിട്ടുമുണ്ട്. ഉപനിഷത്തുക്കൾ പഠിക്കുവാൻ ഇന്ന് ഗുരു വേണ്ടാ. അറിവിന് പണവും മുടക്കണ്ടാ. സൈബർ പേജുകളിൽ എല്ലാ ഉപനിഷത്തുകളും ലഭ്യമാണ്. ഉപനിഷത്തുകൾ വായിക്കുവാൻ രാവിലത്തെ കുളിയും ജപവും ആവശ്യമില്ല. കൗപീനം ധരിച്ച് ഗുരുവിന്റെ മുമ്പിൽ ഇരിക്കണ്ടാ. ഗുരുവിനെ ബഹുമാനിക്കേണ്ടതുമില്ല. ഗൌരവമായി വായിക്കണമെന്നുമില്ല. ആദ്ധ്യാത്മികഗുരുക്കൾ സൈബർ ലോകത്തിലെ സൗജന്യപഠനം വെറുക്കുന്നു. സൈബർ ലോകത്തുനിന്നും ലഭിക്കുന്ന വിജ്ഞാനം കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്നുവെന്നും ആധുനിക ഗുരുക്കൾ അഭിപ്രായപ്പെടുന്നു.
ഗുരുകുലകാലങ്ങളിൽ ഒരു സനാതനവിദ്യാർഥി ആയിരക്കണക്കിന് ശ്ലോകങ്ങൾ മനസിലുരുവിട്ടു പഠിക്കണമായിരുന്നു. പഠിക്കുന്നതിനൊപ്പം ബ്രഹ്മചര്യവും പാലിച്ചിരുന്നു. ധനികകുടുംബത്തിൽനിന്ന് വന്നവരെങ്കിലും ഭക്ഷണത്തിനായി ഗ്രാമങ്ങൾതോറും ഭിക്ഷയും യാജിച്ചിരുന്നു. കാലം മാറി. ഇന്ന് ഗുരുവിനെ വർഷങ്ങളോളം സേവിക്കണ്ട ആവശ്യമില്ല. ഉപനിഷത്ത് വായിക്കുവാൻ മനസ് പരിശുദ്ധമാക്കുകയും വേണ്ട. വായിക്കുന്നത് വിശ്വസിക്കണമെന്ന് ആർക്കും നിർബന്ധിക്കുവാനും സാധിക്കുകയില്ല. ശാസ്ത്രം വളർന്നതാണ് അതിന് മുഖ്യകാരണവും. ടെക്കനോളജിയുടെ കാലഘട്ടത്തിൽ വേദാന്തം വായിക്കുവാൻ അധികമാരും സമയം മെനക്കെടുകയുമില്ല. മനുഷ്യൻ കലികാലയുഗത്തിൽനിന്നും സത്യയുഗത്തിൽ പോവണമെന്നുപറഞ്ഞാൽ ശ്രവിക്കാനുള്ള ക്ഷമയും ആധുനികതയിൽ ജീവിക്കുന്നവർക്ക് കാണില്ല. ടെക്കനോളജി വേണ്ടെന്നുവെച്ചാലും പഠിക്കാൻ അപകടംപിടിച്ച വനങ്ങൾ ഇന്ന് കുറവാണ്. ന്യൂക്ലീയർകുടുംബങ്ങളായി കഴിയുന്ന ഏതെങ്കിലും മാതാപിതാക്കൾ മക്കളെ വേദാന്തം പഠിപ്പിക്കുവാൻ സത്യയുഗത്തിലെ ഘോരവനങ്ങളിലേക്ക് വിടുമോ? വനത്തിൽപോയാലും വേദാന്തം പഠിപ്പിക്കണമെന്ന് യാജിക്കുവാൻ തപസു ചെയ്യുന്ന ഗുരുക്കന്മാരെയും കണ്ടെത്തുകയില്ല.
മനുഷ്യരെല്ലാം ഒന്നാണെന്ന ചിന്താഗതികളോടെ,ലോകത്തെപ്പറ്റി സമചിത്തമായ മനസോടെയുള്ള കാഴ്ചപ്പാടുള്ളവർക്കേ വേദങ്ങളുടെ ഉൾകാഴ്ച കിട്ടുകയുള്ളൂ. വേദങ്ങൾ മതമൗലികവാദികൾക്കും പുരോഹിത സൂക്തം വേദവാക്യമാക്കുന്നവർക്കും മതമെന്നു പറഞ്ഞ് ചാവേരാകുവാൻ തയ്യാറാകുന്നവർക്കുമുള്ളതല്ല. ദുർബല മനസോടുകൂടിയ മതവിശ്വാസികൾ തങ്ങളുടെ ദൈവത്തെ സ്‌നേഹിക്കാന്‍ അന്യരുടെ ദൈവത്തെ വെറുക്കണമെന്നു ചിന്തിക്കുന്നു. സ്വന്തം ദൈവത്തില്‍ അതിഭക്തിയുള്ളവൻ അന്യദൈവത്തെപ്പറ്റി കേട്ടാൽ വൈകാരികത പൂണ്ട് മതഭ്രാന്തനാകുന്നതിനു കാരണവും ഇതുതന്നെ. വളർത്തുന്ന നായക്ക് ഭക്തിമൂത്ത മതഭ്രാന്തനേക്കാളും വിവേകമുള്ളതായി കാണാം. യജമാനൻ ഏതുവേഷത്തില്‍ വന്നാലും നായയുടെ വിവേകം യജമാനെ ശത്രുവായി തെറ്റിദ്ധരിക്കുകയില്ല. ഭക്തിമൂത്ത മതഭ്രാന്തനു ആ വിവേചനമില്ല. ശരിയോ തെറ്റോ എന്നു തിരക്കാതെ ജാതിനോക്കിയാണ് മതഭ്രാന്തൻ കാര്യങ്ങൾ ഗ്രഹിക്കുന്നത്. സ്വന്തം മതക്കാരെ മാത്രം സ്നേഹിക്കുന്ന വ്യക്തി ഏതു നികൃഷ്ട കർമ്മവും ചെയ്യാൻ മടിക്കുകയില്ല.
ഭാരതീയ വേദങ്ങൾ മതങ്ങൾക്കുപരി, മതസാഹോദര്യങ്ങൾക്കുപരി മനുഷ്യസ്നേഹമാണ് പഠിപ്പിക്കുന്നത്. സനാതന ധർമ്മമെന്നാൽ ഹിന്ദു മതമെന്ന് പലരും തെറ്റി ധരിച്ചിട്ടുണ്ട്. സനാതനം എന്നു പറഞ്ഞാൽ നിത്യതയിലേക്കുള്ള ധർമ്മം അഥവാ കടമയെന്നാണ്. സനാതനത്തിനു മതമില്ല. മനുഷ്യന്റെ ജീവിത മാർഗങ്ങളാണ് വേദങ്ങൾ ചൂണ്ടികാണിക്കുന്നത്. താളിയോല ഗ്രന്ഥങ്ങളിൽ ഒളിഞ്ഞിരുന്ന വേദങ്ങളുടെ ചുരുളുകളഴിച്ച് വിജ്ഞാന ലോകത്തിന് വേദങ്ങൾ ആദ്യം പകർന്നു കൊടുത്തതും വിദേശമിഷ്യനറിമാരായിരുന്നു. സിന്ധുനദിതട സംസ്ക്കാരവുമായി അഭേദ്യ ബന്ധമുള്ള ജനതയെ ആദ്യമായി 'ഹിന്ദു' വെന്നു വിളിച്ചതും ബ്രിട്ടീഷുകാരാണ്. ക്രിസ്ത്യാനികളും മുസ്ലിമുകളും മതപുരോഹിതരുടെ പ്രേരണയാൽ ഭാരതീയ ആത്മാവിന്റെ വിജ്ഞാനമായ സനാതനം തള്ളികളഞ്ഞപ്പോൾ സനാതനതത്വങ്ങൾ ഹിന്ദുക്കളുടെ മാത്രമായി. ജൈനമതവും സനാതനത്വത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിൽ വിശ്വസിക്കുന്നു. ബുദ്ധമതം സനാതനത്തിലെ ദൈവത്തെ തള്ളി പറയുന്നു.
ജീവന്റെ അസ്ഥിത്വത്തിനെ ആവരണം ചെയ്തിരിക്കുന്ന അഞ്ചു പാളികളെയാണ് പഞ്ചകോശമെന്നു പറയുന്നത്. ഇത് യോഗികളുടെ ശരീരശാസ്ത്രമാണ്. ആയുർവേദത്തിന്റെയും താന്ത്രിക്ക് മെഡിറ്റേഷന്റെയും മൗലികതത്ത്വങ്ങൾ അടങ്ങിയിരിക്കുന്നതും പഞ്ചകോശങ്ങളിലാണ്. തീർച്ചയായും യോഗാശാസ്ത്രവും ഇതിലടങ്ങിയിട്ടുണ്ട്. യോഗികളുടെ കാഴ്ചപ്പാടിൽ മനുഷ്യജീവിതം ശരീരത്തിലെ ഓരോ ഭാഗങ്ങളാലും ബന്ധിതമാണ്. അതേ സമയം ഓരോ അവയവങ്ങളും സ്വതന്ത്രമായി പ്രവർത്തിക്കുന്നു. മനസും ശരീരവുമെല്ലാം ഇതിൽ ബന്ധിതമാണ്. ശരീരത്തിന്റെ നിലനില്പ്പിനായുള്ള ഈ പ്രവർത്തന മണ്ഡലങ്ങളെ കറങ്ങുന്ന ഒരു ചക്രത്തിന്റെ അഞ്ചു പാളികളോടാണ് ഉപമിച്ചിരിക്കുന്നത്. ഉപനിഷത്തിൽ ഈ ചക്രപാളികളെ പഞ്ചകോശങ്ങൾ എന്നാണ് പേരിട്ടിരിക്കുന്നത്. പഞ്ചകോശങ്ങളെ ഒരു ചെറുനാരങ്ങായുടെ അടുക്കുകളോട് (layers) ഉപമിക്കാം. നാരങ്ങയുടെ ഓരോ പാളികളും (layers) അടുത്ത പാളിയോട് ബന്ധിതമാണ്. ഈ തത്ത്വങ്ങൾ തന്നെയാണ് മനുഷ്യ ശരീരത്തിന്റെ നിലനിൽപ്പിലുള്ളതും.
ജീവന്റെ പരമാനന്ദ സത്യത്തെ പഞ്ച കോശങ്ങളെന്ന് ഉപനിഷത്തിൽ അറിയപ്പെടുന്നു. അവകളെ അന്നം അഥവാ ഭക്ഷണം, പ്രാണൻ അഥവാ ജീവൻ, മനസ്, വിജ്ഞാനം, ആനന്ദം എന്നിങ്ങനെ അഞ്ചു കോശങ്ങളായി വേർതിരിച്ചിരിക്കുന്നു. അറിവിന്റെ വ്യാപ്തിക്കപ്പുറം സഞ്ചരിക്കുന്ന ഈ കോശങ്ങളെ (പാളികളെ ) മായയായി കണക്കാക്കുന്നു. കാരണം, മായ സത്യമാണ്. ദൈവമാണ്. ഇവിടെ മായ മനുഷ്യന്റെ നിലനില്പ്പിന്റെ സത്യമാണ്. ഈ കോശങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങളെ അറിയപ്പെടാത്ത ശക്തിയായ മായയായി കരുതാം. ഇവിടെയാണ് നാം ഈശ്വരന്റെ ശക്തി ലീലാവിലാസങ്ങളിൽ വിസ്മയപൂരിതമാകുന്നത്.
അന്നമയ കോശം ഭൌതിക തലത്തിലെ ആവരണമാണ്. പ്രാണമയ കോശം പ്രാണരക്ഷക്കുള്ള ശക്തിയുടെ ആവരണമാണ്. മനോമയ കോശം മനശക്തി സംബന്ധിച്ച വലയവും. വിജ്ഞാനമയ കോശം മനസിന്റെ ഉപരിതലത്തിൽ പ്രവർത്തിക്കുന്നു. അവിടം അറിവിന്റെ പാനപാത്രമാണ്. ദിവ്യമായ അതീന്ദ്രിയ ശക്തികളെക്കുറിച്ചുള്ള പഠനവും ഈ വലയത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു. അഞ്ചാമത്തെ ആനന്ദമയ മറ്റു നാല് കോശങ്ങളാൽ ആവരണം ചെയ്തിരിക്കുന്നു. ഇതിനുള്ളിലുള്ളത് ആത്മമെന്നു സങ്കല്പ്പിക്കുന്ന പരമാനന്ദമാണ്. അനുഭവജ്ഞാനാതീതമായ 'മായ' എന്ന സത്യമാണ് ഈ കോശത്തിൽ കുടികൊള്ളുന്നത്. ഈ കോശത്തെ സ്വർഗീയാനുഭൂതിയായ നിർവൃതിയെന്നും വിളിച്ചുകൊള്ളൂ.
1.അന്നമയ കോശം:
ആദ്ധ്യാത്മികത നിറഞ്ഞിരിക്കുന്ന യോഗികളുടെ ശരീരശാസ്ത്രമായ പഞ്ചകോശങ്ങളിലെ ആദ്യത്തെ പാളിയാണ് അന്നമയ. അന്നമയ ഭൌതിക ശരീരത്തിന്റെ അനുഭവങ്ങളാണ്. അന്നമെന്നു പറഞ്ഞാൽ ഭക്ഷണം. അതിൽ മായയും ഒളിച്ചിരിക്കുന്നു. അങ്ങനെ, അന്നമയ കോശമെന്നത് നമ്മുടെ ഭൌതിക ശരീരമുൾകൊള്ളുന്ന ഭക്ഷണത്തിന്റെ സമതലമാണ്. പ്രാണന്റെ നിലനില്പ്പു, പൂർണ്ണമായും ഈ മായയെ ആശ്രയിച്ചിരിക്കുന്നു. വെള്ളം, വായു, ഭക്ഷണം എന്നിവകൾ പ്രാണൻ വരളാതെ നിലനിർത്തുന്നു. ഈ കോശം ഒരു വാളുറ പോലെയാണ്. വാളിനെ വാളുറ കേടില്ലാതെ സൂക്ഷിക്കുന്നതുപോലെ പ്രാണനെ കാത്തു സൂക്ഷിക്കുന്നതും അന്നമയയാണ്. ഭക്ഷണമില്ലാതെ ഏതാനും ദിവസങ്ങൾ കഴിഞ്ഞുകൂടാമെങ്കിലും ഏതു നിമിഷവും പ്രാണനറ്റുപോവാം. യോഗായിൽ ശരീരശാസ്ത്രത്തെപ്പറ്റിയുള്ള സൂക്ഷ്മനിരീഷണമാണ് ആദ്യത്തെ തുടക്കം.
2. പ്രാണമയ കോശം :
പ്രാണമയകോശത്തിന്റെ പ്രത്യേകത ഭൌതികശരീരവും ജീവനെ ബാധിക്കുന്ന മറ്റുള്ള കോശങ്ങളും മനസും ശരീരവുമായി ബന്ധിപ്പിക്കുന്നുവെന്നുള്ളതാണ്. ജീവന്റെ ശക്തിയായ പ്രാണൻ മനുഷ്യാവയവങ്ങളിൽ ഒന്നായി പ്രവർത്തിക്കുന്നു. ഓരോ ചലനങ്ങളും ശ്വാസവും അചഞ്ചലമായി പ്രവർത്തിക്കുന്നു. ശരീരവും പ്രാണനുമൊത്ത് മനുഷ്യനാക്കി തീർക്കുന്നു. പ്രാണനും ശരീരവും ജ്ഞാനപാത്രത്തിനുള്ളിലിരുന്നു സ്വയം വിവേകമതികളാകുന്നു. ഭൌതികശരീരം കൂടാതെ അന്നമയയുടെ ശക്തിയിൽ ആത്മം അവനെ ദൃഢപ്പെടുത്തുകയാണ്. രക്ത മാംസത്തോടെയുള്ള മനുഷ്യനിൽ ആത്മമെന്ന മായാശക്തിയും അവനിൽ നിറയും. പ്രാണമയ, മനുഷ്യന്റെ പ്രാണവായുവിനോടും നാഡികളിലെ രക്തയോട്ടത്തോടും ബന്ധിതമാണ്.
പ്രാണവായു അഞ്ചു വിധമെന്ന് തൈത്രിയ ഉപനിഷത്ത് പറയുന്നു. അവകൾ പ്രാണ, അപന,സാമന, ഉദന, വ്യാന എന്നിവകളാണ്. ഇവകൾ ഓരോന്നും ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമാണ്.
'പ്രാണ' ഹൃദയത്തെയും ശ്വാസകോശത്തെയും ബന്ധിപ്പിച്ച് ശ്വസിക്കുവാൻ സഹായിക്കുന്നു. ആമാശയങ്ങൾ, കിഡ്നി, അടിവയറ്, ജനനേന്ദ്രിയ പ്രവർത്തനങ്ങൾ 'അപന' യുടെ ജോലിയാണ്. 'സാമന', ഹൃദയം, പാൻക്രിയാസ്, കരൾ എന്നിവകളുടെ സമനിലമാണ്. 'ഉദന' തലച്ചോറിനെയും തല, കഴുത്തുകളെയും ഇന്ദ്രീയാനുഭൂതികളെ സംബന്ധിച്ചും വിവേകം ഉണ്ടാക്കുന്നു. മനുഷ്യശരീരത്തിനു മൊത്തമായ ശക്തി സംഭരിച്ചു വെക്കുന്നത് 'വ്യാന'യാണ്. ശരീരത്തിന്റെ ശക്തിയെയും നീക്കങ്ങളെയും നിയന്ത്രിക്കുന്നു. വ്യാനയുടെ പ്രവർത്തന തടസത്തിൽ കൈവിറകൾ, ബോധമില്ലാത്ത മനസ്സ്, ചലനശക്തിയുടെ കുറവുകൾ എന്നിവകൾ അനുഭവപ്പെടും.
3. മനോമയ കോശം
മനസിനെ ആവരണം ചെയ്തിരിക്കുന്ന ഈ പാളികളിൽ കാര്യകാരണങ്ങളെ ചിന്തിക്കുവാനും നീതികരിക്കുവാനും അഞ്ചു മണ്ഡലങ്ങളിലെയും ഇന്ദ്രിയങ്ങൾ ഒന്നായി പ്രവർത്തിക്കുവാനും ഇടയാകുന്നു. 'ഞാൻ' എന്ന സത്തയും ഞാനാകുന്ന എനിക്കും എന്ന് സ്വതന്ത്രമായി വിവേചിച്ചറിയുന്ന കാരണങ്ങളും ഈ വലയത്തിനുള്ളിലാണ്. ഉപബോധമനസിന്റെ പ്രവർത്തനങ്ങളും ഈ പാളികളിൽ വസിക്കുന്നു. ഈ കോശത്തോടൊപ്പം അന്നമയയും പ്രാണമയയും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു. ഉള്ളിലുള്ള ലോകവും ബാഹ്യലോകവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലവുംകൂടിയാണ് മനസെന്നു പറയുന്ന ഈ മായ. ബാഹ്യമായ ലോകങ്ങളെ ഇന്ദ്രീയങ്ങളിൽക്കൂടി ആവഹിച്ച് അഹംബോധത്തെ സൃഷ്ടിക്കുന്നു. ഭൌതിക ശരീരത്തിനുള്ളിൽ അന്തർജ്ഞാനത്തെ നിറയ്ക്കുന്നതും പരിപോഷിപ്പിക്കുന്നതും ഈ കോശമാണ്.
4. വിജ്ഞാനമയ കോശം
വിജ്ഞാനവും വിവേകവും തമ്മിൽ ബന്ധിപ്പിക്കുന്നതും ഈ കോശത്തിനുള്ളിലാണ്. ചിലപ്പോൾ ഉപബോധമനസുമായും പ്രവർത്തിക്കുന്നു. നമുക്കു ചുറ്റുമുള്ള ലോകത്തെപ്പറ്റി അഗാധമായി ചിന്തിക്കുന്ന സമയത്തും മനസിനെ സമതുലനാവസ്ഥയിൽ വിവേകം പിടിച്ചുനിർത്തുന്നു. 'വിജ്ഞാനകോശം' എന്നുള്ളത് ഒരു വ്യക്തിയും ആഗോളമനസും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണ്. ബോധമനസിലേക്ക് അറിവുകളെ പ്രവഹിപ്പിക്കുന്നു. ഈ കോശം ഉണർന്നിരിക്കുന്ന സമയത്താണ് ഒരുവനിൽ ആന്തരിക ജ്ഞാനവും ജ്ഞാനവും ഉണ്ടാകുന്നത്. ബാഹ്യലോകത്തിൽനിന്നും വാസ്തവികതയെ തിരിച്ചറിയുന്നതും ഇവിടെയാണ്. പുസ്തകങ്ങളിൽക്കൂടിയല്ലാത്ത വിവേകത്തിലേക്കും നയിക്കുന്നു. ആ വിജ്ഞാനം നമ്മുടെ ഹൃദയത്തിൽനിന്നുള്ള പരമസത്യവും ആയിരിക്കും.
5.ആനന്ദമയ കോശം
പരമാത്മാവിലേക്കുള്ള അത്മത്തിന്റെ, അതീതമായ പ്രാണന്റെ ഉറവിടവും ഇവിടെയാണ്. ഉപബോധ മനസിനെ സൂക്ഷിക്കുന്നതും ഇവിടെയാണ്. മനസും ശരീരവും ഇന്ദ്രീയങ്ങളും ഉറങ്ങുന്ന സമയത്തും ഉപബോധമനസ് പ്രവർത്തിക്കുന്നതു ഈ കോശത്തിൽനിന്നാണ്.
കോശങ്ങളിൽക്കൂടിയുള്ള കരകയറ്റം
ഒരു കോശത്തിൽനിന്നു മറ്റൊരു കോശത്തിൽക്കൂടി തുളച്ചു ഉപബോധമനസിനെ ഉണർത്തി ശ്രേഷ്ടമാക്കുകയെന്നതാണ് യോഗയുടെ ലക്‌ഷ്യം. എല്ലാ യോഗാഭ്യാസങ്ങളും ഈ ലക്ഷ്യമിടുന്നു. യോഗാഭ്യാസങ്ങൾ ഭൌതികശരീരത്തിൽ അന്നമയ കോശങ്ങളെ ഉണർത്തുന്നു. പ്രാണ കോശങ്ങൾ കൂടുതൽ ശക്തിയാർജിക്കുന്നു. തൽഫലമായി മനോമയ കോശങ്ങളും അറിയാതെ ഉണർന്നു പ്രവർത്തിക്കും. മനസും ശരീരവും ശക്തിയും ഉപബോധമനസും യോഗയിൽ ഒന്നായി പ്രവർത്തിക്കുന്നതുമൂലം ആത്മജ്ഞാനവും ഉള്ളിൽ നിറഞ്ഞുകൊണ്ടിരിക്കും.
പരിശുദ്ധമായ ആത്മാവിനെ പഞ്ചകോശങ്ങളാൽ ആവരണം ചെയ്തിരിക്കുന്നു. കോശങ്ങളെല്ലാം ഭൗതിക ശക്തിയിൽനിന്നും ഉണ്ടാകുന്നതാണ്. പരമ സ്വാത്വികരിൽ മാത്രമേ ആത്മാവിന്റെ വെളിച്ചം പ്രകാശിക്കുകയുള്ളൂ. മൂർച്ചയേറിയ ഒരു വാൾ സുരക്ഷിതമായ അതിന്റെ ഉറയിൽ സുരക്ഷിതമായിരിക്കും. അതുപോലെയാണ് പഞ്ചകോശങ്ങൾ ആത്മാവിനെയും മറയ്ക്കുന്നത്. അരുവികളിലും തടാകങ്ങളിലും പായൽക്കൂട്ടങ്ങൾ ജലത്തിന്റെ അടിയിൽ വളരുന്നു. ജലത്തിന്റെ ശുദ്ധതയെ പായൽ മറച്ചിരിക്കുന്നു. അതുപോലെയാണ് പഞ്ചകോശങ്ങളായ അന്നമയ,മനോമയ,പ്രാണമയ, വിജ്ഞാനമയ, ആനന്ദമയ എന്നീ കോശങ്ങൾ ആത്മാവിനെയും മറയ്ക്കുന്നത്. ജലം അവിടെ സ്ഥായിയായുണ്ട്. ജലത്തിൽനിന്നും പായൽ മാറ്റിക്കഴിയുമ്പോൾ ശുദ്ധമായ ജലം അവിടെ തെളിഞ്ഞു വരും. ഒരു സത്യാന്വേഷി പഞ്ചകോശങ്ങളെ നിഷേധിച്ചു കഴിയുമ്പോൾ നിർമ്മലവും പരിപാവനവും പരിശുദ്ധവുമായ ആത്മാവ് അവിടെ പ്രകാശിക്കുകയും ചെയ്യും.
Subscribe to:
Post Comments (Atom)
കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?
ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...
-
ജോസഫ് പടന്നമാക്കൽ ഭാരതത്തിൽ അതിപുരാതനകാലം മുതലേ തിരുവിതാംകൂർ രാജവംശമുണ്ടായിരുന്നു. തിരുവൻകോട്, വേണാട്, വഞ്ചിദേശം, കേരളം, തിരുവടിദേശം എന...
-
ജോസഫ് പടന്നമാക്കൽ ഇൻഡ്യയുടെ ചരിത്രം പുനഃ പരിശോധിക്കുകയാണെങ്കിൽ തിരുവിതാംകൂർ എന്ന കൊച്ചു രാജ്യത്തുണ്ടായിരുന്ന നിരവധി രാഷ്ട്രീയ സാമൂഹിക തീ...
-
പ്രജാപതിയായ പുരുഷന് അനന്തമായ പ്രപഞ്ചത്തില് ഏകനായി സഞ്ചരിച്ചു. തന്റെ പിതാവായ ബ്രഹ്മനില്നിന്നും അകന്നു സൃഷ്ടി കര്മ്മങ്ങളില്...
No comments:
Post a Comment