Sunday, May 27, 2018

വിശുദ്ധ പദവിയിലെത്തുന്ന പോൾ ആറാമൻ മാർപാപ്പയും സംഭവവിവരണങ്ങളും



ജോസഫ് പടന്നമാക്കൽ 

വാഴ്ത്തപ്പെട്ട പോൾ ആറാമൻ മാർപാപ്പയെ 2018 ഒക്ടോബർ പതിനാലാം തിയതി വിശുദ്ധനായി വാഴിക്കുന്ന വിവരം ഫ്രാൻസീസ് മാർപ്പാപ്പ ലോകത്തെ അറിയിച്ചു കഴിഞ്ഞു. ഗർഭത്തിൽ തന്നെ മാരകമായ അസുഖം ബാധിച്ചിരുന്ന ഒരു കുട്ടിയുടെ 'അമ്മ', പോൾ ആറാമന്റെ മധ്യസ്ഥതയിൽ പ്രാർത്ഥിക്കുകയും കുട്ടിയും അമ്മയും പൂർണ്ണ സുഖം പ്രാപിക്കുകയും ചെയ്തുവെന്ന അത്ഭുത രോഗശാന്തിയെപ്പറ്റി വത്തിക്കാൻ സ്ഥിതികരിച്ചിരിക്കുന്നു. അമ്മയുടെ ജീവനും അപകടമെന്ന് കണ്ട് ഡോക്ടർമാർ ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടിട്ടും ആ സ്ത്രീ സമ്മതിച്ചില്ല. അവർ പ്രതീക്ഷകൾ കൈവിടാതെ പോൾ ആറാമന്റെ ജന്മസ്ഥലത്തു തീർഥാടനം നടത്തി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ആരോഗ്യവതിയായ ഒരു കുട്ടിയെ അവർ പ്രസവിക്കുകയും അമ്മയുടെയും കുട്ടിയുടെയും രോഗം മാറുകയും ചെയ്തുവെന്നു  സാക്ഷ്യപ്പെടുത്തുന്നു. അത്ഭുതകരമായ ഈ രോഗ ശാന്തിയെപ്പറ്റിയുള്ള വാർത്ത വത്തിക്കാൻ സ്ഥിതികരിക്കുകയും ചെയ്തു.

1897 സെപ്റ്റംബർ ഇരുപത്തിയാറാം തിയതി വടക്കേ ഇറ്റലിയിൽ ബ്രെസ്‌സിയാ എന്ന സ്ഥലത്ത് ഭാവി മാർപ്പാപ്പായായ 'ജിയോവാന്നി ബാറ്റിസ്റ്റ മോണ്ടിനി' ജനിച്ചു. മാർപാപ്പായായ ശേഷമാണ് 'പോൾ ആറാമൻ' എന്ന പേര് സ്വീകരിച്ചത്. മോണ്ടിനിയുടെ പിതാവ് ജോർജിയോ മോണ്ടിനി (Giorgio Montini) ഒരു വക്കീലും ജേർണലിസ്റ്റുമായിരുന്നു. കത്തോലിക്ക പ്രവർത്തന സമിതിയുടെ ഡൈറക്റ്ററും ഇറ്റാലിയൻ പാർലമെന്റ് അംഗവുമായിരുന്നു. 'അമ്മ ജിയുഡെറ്റാ അൽഖിസി (Giudetta Alghisi) സാധാരണ ഒരു ഗ്രാമീണ വീട്ടമ്മയുമായിരുന്നു. ജിയോവാന്നി മോണ്ടിനിക്ക് രണ്ടു സഹോദരന്മാരുമുണ്ടായിരുന്നു. അവരിൽ ഫ്രാൻസികോ മോണ്ടിനി (Francesco Montini) ഒരു ഡോക്ടറും രണ്ടാമത്തെ സഹോദരൻ ലോഡോവികോ മോണ്ടിനി ഒരു വക്കീലും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു. 1897 സെപ്റ്റംബർ മുപ്പതാം തിയതി ശിശുവായിരുന്ന  മോണ്ടിനിയെ  മാമ്മോദീസ മുക്കി.

കുഞ്ഞായിരിക്കുമ്പോൾ മോണ്ടിനി അസുഖം ബാധിച്ച ഒരു കുട്ടിയായിരുന്നു. ചെറുപ്പകാലങ്ങളിൽ അനാരോഗ്യം മൂലം വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നത്, സ്വന്തം വീട്ടിലിരുന്നുകൊണ്ടുള്ള പഠനത്തിൽക്കൂടിയായിരുന്നു. പിന്നീട് അദ്ദേഹം ബ്രേസിയയിൽ പഠിച്ചു. ഭൂരിഭാഗം ഇറ്റാലിയൻ കുട്ടികളെപ്പോലെ മോണ്ടിനിയെ മാതാപിതാക്കൾ കർശനമായ കത്തോലിക്ക വിശ്വാസത്തിൽ വളർത്തി.  1916-ൽ സെമിനാരിയിൽ പുരോഹിതനാകാൻ ചേർന്നു, 1920 മെയ് ഇരുപത്തിയൊമ്പതാം തിയതി പൗരാഹിത്യം സ്വീകരിച്ചു. ഉന്നത പഠനത്തിനായി മോണ്ടിനിയെ അദ്ദേഹത്തിൻറെ ബിഷപ്പ് റോമ്മിലയച്ചു. 1920-ൽ അദ്ദേഹം പുരോഹിതനായപ്പോൾ മുതൽ വിശ്രമമില്ലാതെ സഭയുടെ ഔദ്യോഗികമായ ജോലികളിൽ വ്യാപൃതനായിരുന്നു. ഫാദർ മോണ്ടിനി തന്റെ പൗരാഹിത്യ ജീവിതത്തിൽ ഒരിക്കലും ഒരു പള്ളി വികാരിയായി ജോലിചെയ്തിട്ടില്ല.

വത്തിക്കാന്റെ വാർസോയിലുള്ള നയതന്ത്ര കാര്യാലയത്തിൽ ജോലിയാരംഭിച്ചു. എന്നാൽ കൂടെ കൂടെയുള്ള അസുഖം നിമിത്തം അദ്ദേഹം വീണ്ടും അതേ വർഷം തന്നെ റോമ്മിലേക്ക് മടങ്ങി വന്നു. പിന്നീട് 1922 മുതൽ വത്തിക്കാൻ സെക്രട്ടറിയേറ്റിലായിരുന്നു ജോലി. പന്ത്രണ്ടാം പീയൂസ് മാർപാപ്പായുടെ ഏറ്റവും അടുത്ത സഹകാരിയായി പ്രവർത്തിച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ നാസികളിൽനിന്നും റോമൻ യഹൂദരെ രക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു.

റോമിലെ യുവാവായ ഈ പുരോഹിതൻ ജോലിക്കാര്യങ്ങളിൽ കഴിവുകൾ പ്രകടിപ്പിച്ചതുകൊണ്ടും കഠിനമായ പ്രയത്നം കൊണ്ടും സ്ഥാനക്കയറ്റങ്ങൾ വഴി വത്തിക്കാന്റെ സുപ്രധാനങ്ങളായ കാര്യാലയ ചുമതലകളുടെ മേധാവിയായും പ്രവർത്തിച്ചു. ഒരു സ്വതന്ത്ര സർക്കാരിനെപ്പോലെ വത്തിക്കാന്റെ പ്രവർത്തനമണ്ഡലങ്ങളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന് ഉത്തരവാദിത്വങ്ങളും ഏറെയുണ്ടായിരുന്നു. മുപ്പതു വർഷത്തോളം 'മോണ്ടിനി' വത്തിക്കാനിലെ വിവിധ തസ്തികകളിൽ ജോലിചെയ്തു. അവസാനം വത്തിക്കാൻ സെക്രട്ടറിയേറ്റിന്റെ മേധാവിയുമായി. 1953-ൽ കർദ്ദിനാളാകാൻ അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും സ്വീകരിച്ചില്ല. 1954-ൽ പന്ത്രണ്ടാം പിയൂസ് അദ്ദേഹത്തെ മിലാനിലെ ആർച്ച് ബിഷപ്പായി നിയമിച്ചു. 1958-ൽ ജോൺ ഇരുപത്തിമൂന്നാമൻ  കർദ്ദിനാൾ സ്ഥാനത്തേയ്ക്കും ഉയർത്തി. 1963-ൽ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ മരണശേഷം കർദ്ദിനാൾ സംഘം മോണ്ടിനിയെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തു. 1963-ൽ മാർപാപ്പയായി തിരഞ്ഞെടുത്തതുമുതൽ 1978-ൽ മരിക്കുന്ന വരെയുള്ള കാലഘട്ടം കത്തോലിക്കാ സഭയുടെ ഏറ്റവും നിർണ്ണായക നാളുകളും മാറ്റങ്ങൾ ഉൾക്കൊണ്ടതും ബുദ്ധിമുട്ടുകൾ നിറഞ്ഞതുമായിരുന്നു.

പോൾ ആറാമൻ മാർപാപ്പ, മാർപാപ്പയായി സ്ഥാനമേറ്റപ്പോൾ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആദ്യത്തെ സഭാസമ്മേളനം നടന്നു കൊണ്ടിരിക്കുകയായിരുന്നു. ആധുനിക ലോകവുമായി സഭയെ എങ്ങനെ നയിക്കാമെന്നുള്ള വിഷയങ്ങൾ ഗൗരവമായി ചർച്ച ചെയ്യുകയും ചെയ്തു. വത്തിക്കാൻ സുന്നഹദോസിൽ അംഗങ്ങളുടെയിടയിൽ തീവ്ര വാദപ്രതിവാദങ്ങളുമുണ്ടായിരുന്നു. പാരമ്പര്യത്തെ മുറുകെ പിടിക്കാൻ ഒരു വിഭാഗവും പാരമ്പര്യത്തിൽ നിന്ന് വ്യതിചലിച്ച് പുരോഗമനാശയങ്ങളുമായി വാദിക്കുന്ന മറ്റൊരു വിഭാഗവും സുന്നഹദോസിന്റെ ചർച്ചകളുടെ പ്രത്യേകതകളായിരുന്നു.

ഇറ്റലിക്ക് പുറത്തുള്ള രാജ്യങ്ങളിൽ സഞ്ചരിച്ച ആദ്യത്തെ മാർപ്പാപ്പയും അദ്ദേഹമായിരുന്നു. പറക്കുന്ന മാർപാപ്പായെന്നും അറിയപ്പെട്ടിരുന്നു. അഞ്ചു ഭൂകണ്ഡങ്ങളിലായി പത്തൊമ്പതു രാജ്യങ്ങൾ  സന്ദർശിച്ചിട്ടുണ്ട്. അക്കൂടെ മിഡിൽ ഈസ്റ്റ്, അമേരിക്കൻ ഐക്യനാടുകൾ, ഇന്ത്യ, ഫിലിപ്പിയിൻസ് എന്നീ രാജ്യങ്ങളും സന്ദർശിച്ചിരുന്നു. വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും തുറസായ സ്ഥലങ്ങളിൽ കാണാൻ താല്പര്യപ്പെട്ടിരുന്നു. 1970-ൽ ചൈനയുടെ അടുത്തുള്ള ഹോങ്കോങ്ങിലും സന്ദർശനം നടത്തി. ഹോങ്കോങ് ചൈനയുടെ ഭാഗമായിരുന്നെങ്കിലും അന്ന് ആ രാജ്യം ബ്രിട്ടന്റെ ഭരണത്തിൻ കീഴിലായിരുന്നു. മാവോ സേതുങ്ങിനെ നിരാശപ്പെടുത്താൻ കഴിയാത്തതു കൊണ്ട് ഹോങ്കോങ്ങിലെ പ്രസിഡന്റ് അദ്ദേഹത്തെ ഔദ്യോഗികമായി സ്വീകരിക്കാൻ വന്നില്ല.

1970 നവംബർ ഏഴാം തിയതി പോൾ ആറാമൻ മാർപാപ്പാ ഫിലിപ്പൈൻസിലുള്ള മനിലായിൽ എത്തി. ജനക്കൂട്ടത്തിനിടയിൽനിന്ന് ഒരു ബൊളീവിയൻ മനുഷ്യൻ മാർപാപ്പയെ കത്തികൊണ്ട് വധിക്കാനായി എത്തി. എന്നാൽ അദ്ദേഹത്തിൻറെ തൊട്ടടുത്തു നിന്ന ഷിക്കാഗോയിലെ ആറടിയിൽക്കൂടുതൽ പൊക്കവും അതിനൊത്ത ശരീരവുമുള്ള സുഹൃത്ത് 'ഫാദർ പോൾ മാർസിങ്കസ്' (Paul Marcinkus) തക്ക സമയത്ത് പ്രതിരോധിച്ചതുകൊണ്ടു മാർപാപ്പായുടെ ജീവൻ രക്ഷപെട്ടു. മാർസിങ്കസിന്റെ ഈ സാഹസികപ്രവർത്തിക്ക് പിന്നീടുള്ള കാലങ്ങളിൽ വലിയ വിലയും കൊടുക്കേണ്ടി വന്നു.  വത്തിക്കാനിലുള്ള അഴിമതികൾക്ക് ചുക്കാൻ പിടിച്ചിരുന്ന അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ  മുഴുവനായിത്തന്നെ പിൽക്കാലങ്ങളിൽ മാർപാപ്പായ്ക്ക് കണ്ടില്ലെന്ന് നടിക്കേണ്ടിയും വന്നു.

ദരിദ്രരോടുള്ള സമീപനത്തിൽ പോൾ ആറാമനും ഫ്രാൻസീസ് മാർപാപ്പായുമായി വളരെയേറെ സാമ്യങ്ങളുണ്ടായിരുന്നു. പോൾ ആറാമൻ മാർപാപ്പായായപ്പോൾ അദ്ദേഹത്തിന് ലഭിച്ച കിരീടം വിൽക്കുകയും ഒരു മാർപാപ്പാ രാജാവല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മൂന്നു നിരകളിലായുള്ള കിരീടം വിറ്റ വകയിൽ ലഭിച്ച പണം കൽക്കട്ടയിലെ മദർ തെരേസ സമൂഹത്തിനു നൽകുകയും ചെയ്തു. അന്നുമുതൽ ഒരു മാർപാപ്പാമാരും അധികാരചിന്ഹമായി കിരീടം ധരിച്ചിട്ടില്ല. അമേരിക്കയിലെ കത്തോലിക്കാ സമൂഹം മാർപാപ്പായുടെ കിരീടം ഒരു മില്യൺ ഡോളറിനു വിലയ്ക്ക് വാങ്ങുകയും ചെയ്തു. വാഷിംഗ്ടൺ ഡീസിയിൽ മാതാവിന്റെ നാമധേയത്തിലുള്ള ഒരു പള്ളിയിൽ  കിരീടം സൂക്ഷിച്ചിരിക്കുന്നു. ഇന്ത്യയിൽ സന്ദർശിച്ച വേളയിൽ 'റോൾസ് റോയിസ്' കാർ അദ്ദേഹത്തിന് സമ്മാനമായി ലഭിക്കുകയുണ്ടായി. അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങിപോയപ്പോൾ 'കാർ' മദർ തെരാസായുടെ സാധുക്കൾക്കായുള്ള ഫണ്ടിലേക്ക് നല്കുകയാണുണ്ടായത്. ഫ്രാൻസീസ് മാർപാപ്പായ്ക്ക് ലഭിച്ച വിലപിടിപ്പുള്ള 'ലാംബർഗിനി' കാറും ഇറാക്കിലെ സാധു ജന ഫണ്ടിലേക്ക് സംഭാവന നൽകിയതും എടുത്തു പറയേണ്ടിയിരിക്കുന്നു. ഫ്രാൻസിസ് മാർപാപ്പയെപ്പോലെ പോൾ മാർപാപ്പയും  വത്തിക്കാന്റെ ആഡംബരങ്ങൾ കുറച്ചിരുന്നു. മാർപാപ്പായ്ക്ക് വേണ്ടിയുള്ള സ്വിസ് പട്ടാളക്കാരുടെ അംഗസംഖ്യയിലും ഗണ്യമായി കുറവ് വരുത്തി.

ഫ്രാൻസീസ് മാർപാപ്പയ്ക്ക് എൺപതു വയസു തികഞ്ഞപ്പോൾ അദ്ദേഹം പോൾ ആറാമൻ ധരിച്ചിരുന്ന ലളിതമായ വസ്ത്രങ്ങൾ ധരിച്ചുകൊണ്ടായിരുന്നു ഞായറാഴ്ച കുർബാന ചൊല്ലിയത്. പോൾ മാർപാപ്പായുടെ വെള്ളി വടി ഫ്രാൻസീസ് മാർപാപ്പാ അന്ന് കൈകളിൽ ഊന്നിയിരുന്നു. ഫ്രാൻസീസ് മാർപാപ്പായെപ്പോലെ പോൾ മാർപ്പാപ്പയ്ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. പോൾ മാർപാപ്പാ ആരോഗ്യ പ്രശ്നങ്ങൾ കാരണം സെമിനാരി കാലങ്ങളിൽ സ്വന്തം വീട്ടിലായിരുന്നു കൂടുതൽ കാലങ്ങളും ചെലവഴിച്ചിരുന്നത്. അതുപോലെ ഫ്രാൻസീസ് മാർപാപ്പയും കുഞ്ഞായിരുന്ന കാലങ്ങളിൽ അദ്ദേഹത്തിൻറെ ശ്വാസകോശങ്ങളിൽ ഒന്ന് ഏതോ അണുബാധ കാരണം പ്രവർത്തനരഹിതമായിരുന്നു.

1962-65 കാലങ്ങളിൽ മാർപ്പാപ്പായുടെ നിർദ്ദേശപ്രകാരം വത്തിക്കാനിൽ മെത്രാന്മാരുടെ ഒരു സമ്മേളനം വിളിച്ചു കൂട്ടിയിരുന്നു. ആഗോള തലത്തിൽ നിലനിന്നിരുന്ന ലത്തീൻ ഭാഷയിലുള്ള കുർബാനയ്ക്കു  പകരം അതാത് നാട്ടു ഭാഷകളിൽ കുർബാന അർപ്പിക്കാനുള്ള തീരുമാനമാവുകയും ചെയ്തു. അല്മായർക്കും സഭയിൽ കൂടുതൽ ഉത്തരവാദിത്വങ്ങളും പങ്കാളിത്തങ്ങളും നിർദ്ദേശിച്ചിരുന്നു. മറ്റുള്ള സഭകളുമായി ഐക്യവും ബന്ധവും സ്ഥാപിക്കാൻ വിപ്ലവകരങ്ങളായ മാറ്റങ്ങളും സൃഷ്ടിച്ചിരുന്നു. യഹൂദ ജനതയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ലഘൂകരിക്കാനും സാധിച്ചു. നൂറ്റാണ്ടുകളായി  ക്രിസ്തുവിന്റെ മരണത്തിൽ യഹൂദർ ഒന്നടങ്കം കുറ്റക്കാരെന്നുള്ള പഴിചാരലുകൾ അവസാനിപ്പിക്കുകയും ചെയ്തു. മുൻകാല സഭാ പിതാക്കന്മാരുടെ നിരവധി വിശ്വാസങ്ങൾക്കു  മാറ്റങ്ങൾ വരുത്തിയ പോൾ ആറാമന്റെ കാലടികളാണ് ഫ്രാൻസീസ് മാർപ്പാപ്പയും തുടർന്നുകൊണ്ടിരിക്കുന്നത്. സഭയെ കൂടുതൽ ചൈതന്യവത്താക്കാനുള്ള ഫ്രാൻസീസ് മാർപാപ്പായുടെ ശ്രമങ്ങളും പോൾ തുടങ്ങി വെച്ച അതേ വഴികളിൽക്കൂടിയായിരുന്നു.

രണ്ടാം വത്തിക്കാൻ സുന്നഹദോസിൽ ലൈംഗിക കാര്യങ്ങളെ സംബന്ധിച്ചുള്ള ചർച്ചകളിൽ പോൾ മാർപ്പാപ്പ നിലവിലുള്ള പാരമ്പര്യ വിശ്വാസങ്ങളിൽ മാറ്റങ്ങൾ വരുത്താൻ അനുവദിക്കില്ലായിരുന്നു. അതിൽ കത്തോലിക്കാ ലോകം മാർപാപ്പായുടെ ഈ കടുംപിടുത്തത്തിൽ നിരാശരായിരുന്നു. പോൾ മാർപാപ്പ തന്നെ സ്വന്തം താൽപ്പര്യം അനുസരിച്ച് ഒരു കമ്മീഷനെ നിയമിക്കുകയും കമ്മീഷൻ ജനന നിയന്ത്രണത്തിനെതിരായ ഒരു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഭൂരിഭാഗവും സഭയുടെ ഗർഭനിരോധനത്തെ സംബന്ധിച്ചുള്ള നയങ്ങളെ അനുകൂലിക്കുകയും ചെയ്തു. 'മാനുഷിക ജീവിത'മെന്ന അർത്ഥത്തിൽ 'Humanae Vitae' എന്ന സഭയുടെ വിജ്ഞാന പത്രിക പോൾ മാർപാപ്പാ തയ്യാറാക്കി. കൃത്രിമ ജനന നിയന്ത്രണത്തെപ്പറ്റിയുള്ള സഭയുടെ പഠനം ഈ വിജ്ഞാപനം അനുസരിച്ച് ഇന്നും പിന്തുടരുന്നു. മനുഷ്യ ജീവിതം സംരക്ഷിക്കലും അതുവഴി വിശ്വാസത്തെ സംരക്ഷയ്ക്കലും സഭയുടെ കാതലായ വിഷയങ്ങളായി അദ്ദേഹം പാലിച്ചു വന്നിരുന്നു.

പോൾ മാർപാപ്പായുടെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ഒന്ന് 1978-ലെ വസന്തകാലത്തിൽ അദ്ദേഹത്തിൻറെ ഉറ്റമിത്രമായിരുന്ന മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി 'എൽദോ മോറോ' യെ 'റെഡ് ബ്രിഗേഡ്‌സ്' എന്ന ഭീകര സംഘടന തട്ടിക്കൊണ്ടു പോയതായിരുന്നു. അദ്ദേഹം ഭീകരരോട് എൽദോ മോറോയെ യാതൊരു ഉപാധികളുമില്ലാതെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഒരു കാറിന്റെ പുറകിൽ ബുള്ളറ്റുകൾ തറച്ച അദ്ദേഹത്തിൻറെ ശവ ശരീരം കണ്ടെത്തുകയായിരുന്നു. പോൾ മാർപാപ്പാ കാർമ്മികനായി നടത്തിയ സ്റ്റേറ്റ് ശവ സംസ്ക്കാര ചടങ്ങുകളിൽ 'മോറോ കുടുംബം' സംബന്ധിച്ചില്ല. ഉപാധികളൊന്നുമില്ലാതെ മോചിപ്പിക്കണമെന്ന വ്യവസ്ഥയിൽ ഉറച്ചു നിന്നതുകൊണ്ടാണ് മോറോയുടെ  മരണം സംഭവിച്ചതെന്ന് കുടുംബം വിശ്വസിക്കുന്നു. ഭീകരരുടെ ഡിമാന്റുകൾ ചെവികൊണ്ടിരുന്നുവെങ്കിൽ ഒരു പക്ഷെ പൊലിഞ്ഞുപോയ മോറോയുടെ ജീവിതം രക്ഷിക്കാമായിരുന്നുവെന്നു കുടുംബം വിശ്വസിക്കുന്നു.

രണ്ടാംവത്തിക്കാൻ കൗൺസിലിൽ 2500 ബിഷപ്പുമാരുടെ വ്യത്യസ്ത അഭിപ്രായങ്ങളിലും ഒരു പൊതു അജണ്ട തയ്യാറാക്കാനും അദ്ദേഹത്തിനു സാധിച്ചു. സഭയുടെ തത്ത്വങ്ങളെ ബലികഴിക്കാതെ അവർക്കിടയിൽ ഒരു മദ്ധ്യവർത്തിയായി പ്രവർത്തിക്കാനും സാധിച്ചു. ആയിരത്തിൽപ്പരം വർഷങ്ങളായി നിലവിലുണ്ടായിരുന്ന ഓർത്തോഡോക്സ് സഭയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ലഘുകരിക്കാനും സഭകൾ തമ്മിലുള്ള അകലം കുറക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഓർത്തോഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനുമായുളള കൂടിക്കാഴ്ചയും ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു. മതങ്ങൾ തമ്മിലുള്ള എല്ലാ വിധമുള്ള സൗഹാർദ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള വഴികൾ ഒരുക്കുകയും ചെയ്തു.

ഹൈന്ദവ വേദാന്തിയായ 'സ്വാമി ചിൻമോയ', പോൾ ആറാമൻ മാർപാപ്പായുടെ ഒരു ആരാധകനായിരുന്നു. വത്തിക്കാനിൽ മാർപാപ്പായെ സന്ദർശിച്ചപ്പോൾ ചിൻമോയ എഴുതിയ മൂന്നു പുസ്തകങ്ങൾ അദ്ദേഹത്തിനു സമ്മാനിച്ചിരുന്നു. 'താങ്കൾ തന്ന ആത്മാവിന്റെ ഗീതങ്ങളടങ്ങിയ പുസ്തകങ്ങൾ വായിക്കുമെന്നും' മാർപാപ്പ സ്വാമി ചിൻമോയ്ക്ക് ഉറപ്പു കൊടുത്തു. ചിന്മയോ മാർപാപ്പായോട് പറഞ്ഞു, "ഞാൻ അങ്ങയുടെ ചിന്തകളിൽ ആകൃഷ്ടനാണ്. അങ്ങ് പറയുന്നു, ഭൗതികതയും ആത്മീയതയും ഒരേ ദിശയിൽ പരസ്പ്പരം ബന്ധിച്ച് സഞ്ചരിക്കുന്നു. എന്റെ എളിയ ചിന്തകളും അതു തന്നെയാണ്. മനസ്സിനുള്ളിലെ ഉത്‌കടമായ അഭിലാഷങ്ങളും ആഗ്രഹങ്ങളും ബാഹ്യവും ഭൗതികമായ ജീവിതവും ദൈവികമായ സാക്ഷാത്ക്കരണത്തിൽക്കൂടി ഒത്തു ചേർന്നു പോവണം." മാർപാപ്പ പറഞ്ഞു, "അങ്ങയുടെ താത്ത്വിക ചിന്തകളെ ഞാൻ അങ്ങേയറ്റം അഭിനന്ദിക്കുന്നു. ക്രിസ്ത്യൻ ജീവിതവും ഹിന്ദു ജീവിതവും ഒരേ നദിയിൽക്കൂടി ഒരേ ഒഴുക്കിൽക്കൂടി ഒന്നായി സഞ്ചരിക്കണം. അങ്ങയുടെ സന്ദേശവും എന്റെ സന്ദേശവും ഒന്നുതന്നെയാണ്." ഒരു വർഷം കഴിഞ്ഞു ചിന്മയോ രണ്ടാമതും വത്തിക്കാനിൽ എത്തിയപ്പോൾ മാർപാപ്പ പറഞ്ഞു, "ഞാൻ വാക്കു തന്നപോലെ അങ്ങയുടെ എല്ലാ പുസ്തകങ്ങളും വായിച്ചു. മനസുനിറയെ സന്തോഷവുമുണ്ടായി. ഞാൻ പറയട്ടെ, 'അങ്ങൊരു ഇന്ത്യനാണ്. ഞാനും ഇന്ത്യയെപ്പറ്റി അങ്ങേയറ്റം അഭിമാനമുള്ളവനാണ്.' മൂന്നാം പ്രാവശ്യവും ചിന്മയോ മാർപാപ്പയെ സന്ദർശിച്ചപ്പോൾ മാർപാപ്പയെ ആദരിച്ചുകൊണ്ടുള്ള 'കാരുണ്യത്തിന്റെ പിതാവ്, സാഹോദര്യത്തിന്റെ വിജയി, ഉത്തമ സുഹൃത്ത്' (Compassion-Father, Champion-Brother,Perfection-Friend) എന്ന പേരിലുള്ള പുസ്തകവും സമ്മാനിച്ചു.

പോൾ മാർപാപ്പ മരിക്കുന്നതിനു ഏതാനും ദിവസം മുമ്പ് പറഞ്ഞു, "വിശ്വാസം സംരക്ഷിക്കാൻ എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്തു. ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താനും പൊരുതി. മനുഷ്യ ജീവിതത്തെ പ്രതിരോധിക്കുകയും ചെയ്തു." ഗർഭ നിരോധനം സഭയുടെ പാപമായി മുദ്രകൊത്തിക്കൊണ്ടുള്ള കർശന നിയന്ത്രണം വഴി യാഥാസ്ഥിതികരുടെ കയ്യടി വാങ്ങിയതിലും മാർപാപ്പ അഭിമാനിച്ചിരുന്നു. 1978 ആഗസ്റ്റ് ആറാംതീയതി അദ്ദേഹം റോമ്മിലുള്ള മാർപാപ്പാമാരുടെ വസതിയിൽ വിശ്രമത്തിലായിരിക്കവേ അവിചാരിതമായി മരണമടഞ്ഞു.

വത്തിക്കാന്റെ സാമ്പത്തികം കുഴഞ്ഞു മറിഞ്ഞ കാലങ്ങളിലായിരുന്നു പോൾ ആറാമനു അപ്രതീക്ഷിതമായ മരണം സംഭവിച്ചത്. ഒരു മാസത്തിനുള്ളിൽത്തന്നെ അദ്ദേഹത്തിൻറെ പിൻഗാമിയായ ജോൺ പോൾ ഒന്നാമന്റെ ആകസ്മികമായ മരണത്തിൽ ദുരൂഹതകളുണ്ട്. മരണ കാരണത്തിൽ, വത്തിക്കാൻ ബാങ്കിന്റെ സാമ്പത്തിക അഴിമതികളുമായി ബന്ധപ്പെടുത്തിയുള്ള കിംവദന്തികളുമുണ്ട്. ലോകത്തിലെ നിഗുഢമായ ബാങ്കെന്നാണ് വത്തിക്കാന്റെ ഈ ബാങ്കിനെപ്പറ്റി ഫോബ്‌സ് മാഗസിൻ വിശേഷിപ്പിച്ചത്. ദൈവത്തിന്റെ ബാങ്കെന്നാണ് വത്തിക്കാൻ ബാങ്കിനെ അറിയപ്പെട്ടിരുന്നത്. ഈ ബാങ്കിന്റെ തലപ്പത്തിരുന്നുകൊണ്ടു ആർച്ച് ബിഷപ്പ് മാർസിങ്കസ്  ദീർഘകാലം ഭരണം നടത്തിയിരുന്നു. ബാങ്കോ അംബ്രോസിയാനൊയുടെ ചെയർമാനായിരുന്ന 'റോബർട്ടോ കാൽവി' ലണ്ടൻ പാലത്തിനടിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഇതൊരു കൊലപാതകമെന്ന് പിന്നീട് തെളിഞ്ഞിരുന്നു. കൊല ചെയ്തത് ആരെന്നു മാത്രം വ്യക്തമല്ല. റോബർട്ടോ കാൽവിക്ക് വത്തിക്കാൻ ബാങ്കുമായി ഇടപാടുകളും അടുത്ത ബന്ധവുമുണ്ടായിരുന്നു. കാൽവിയും വത്തിക്കാൻ ബാങ്കിന്റെ ചെയർമാനായ ആർച്ച് ബിഷപ്പ് മാർസിങ്കസുമായി സുഹൃത്തുക്കളുമായിരുന്നു.

1950-ൽ മാർസിങ്കസ്, റോമ്മിലേക്ക് പോവുന്നതിനുമുമ്പ് ഷിക്കാഗോ രൂപതയിൽ സേവനം ചെയ്തിരുന്നു. അതിനുശേഷം കാനോൻ നിയമങ്ങൾ പഠിക്കാൻ റോമ്മിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ ചേർന്നു. വത്തിക്കാൻ സെക്രട്ടറിയേറ്റിൽ ജോലി ലഭിക്കുകയും ചെയ്തു. അക്കാലയളവിലാണ് ഭാവി മാർപാപ്പായായ ജിയോവാന്നി ബാറ്റിസ്റ്റ മോണ്ടിനിയുമായി സൗഹാർദ്ദ  ബന്ധം സ്ഥാപിച്ചത്. മാർപാപ്പായായ ശേഷം പോൾ ആറാമൻ അദ്ദേഹത്തെ വത്തിക്കാൻ ബാങ്കിന്റെ ചുമതലകൾ ഏൽപ്പിച്ചു. 'മാർസിങ്കസ്' ഇംഗ്ലീഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, ലിത്ത്‌വാനിയൻ എന്നീ ഭാക്ഷകൾ ഭംഗിയായി കൈകാര്യം ചെയ്യുമായിരുന്നു. മാർപ്പാപ്പാ വിദേശത്തു സഞ്ചരിക്കുന്ന വേളകളിൽ അദ്ദേഹത്തോടൊപ്പം മാർസിങ്കസും സഞ്ചരിക്കുമായിരുന്നു. അങ്ങനെയുള്ള ഒരു യാത്രക്കിടയിലാണ് മാർസിങ്കസിന്റെ സമയോചിതമായ ഇടപെടൽ നിമിത്തം മാർപാപ്പായുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. വത്തിക്കാൻ ബാങ്കിലെ സാമ്പത്തിക അഴിമതികളിൽ മാർസിങ്കസും കുറ്റവാളിയായിരുന്നു.

പോൾ ആറാമൻ, ആർച്ച് ബിഷപ്പായി ഉയർത്തിയ മാർസിങ്കസെപ്പോലെ വത്തിക്കാൻ ബാങ്കിന്റെ സാമ്പത്തിക അഴിമതികളിൽ ഇത്രമാത്രം പങ്കുള്ള മറ്റൊരു പുരോഹിതനില്ല. പണമിടപാട് കേസിൽ ഇറ്റാലിയൻ ക്രിമിനലന്വേഷകരുടെ ദൃഷ്ടിയിൽ മാർസിങ്കസ്  കുറ്റവാളിയാണെങ്കിലും പോൾ ആറാമൻ അദ്ദേഹത്തെ വത്തിക്കാനുള്ളിൽ സുരക്ഷിതമായി സംരക്ഷിച്ചു. സ്വതന്ത്ര രാഷ്ട്രമായ വത്തിക്കാനിൽ താമസിക്കുന്ന മാർസിങ്കസിനെതിരെ ഇറ്റാലിയൻ നിയമങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. വത്തിക്കാൻ ബാങ്കുമായി അഴിമതി ബന്ധമുള്ള മറ്റൊരു 'ബാങ്കർ' ജയിലിൽ വെച്ച് ഭക്ഷണത്തിൽ ആരോ വിഷം കലർത്തി കൊല ചെയ്യപ്പെടുകയും ചെയ്തു. സ്വതന്ത്ര രാഷ്ട്രമെന്ന പദവിയുടെ വെളിച്ചത്തിലും കത്തോലിക്കാ സഭയുടെ പരമോന്നത സ്ഥാനത്തിരിക്കുന്ന നിലയിലും പോൾ ആറാമൻ മാർപാപ്പായ്ക്ക് മാർസിങ്കസിനെ ഇറ്റാലിയൻ നിയമ വ്യവസ്ഥയിൽനിന്നും ജയിൽ ശിക്ഷയിൽനിന്നും രക്ഷിക്കാൻ കഴിഞ്ഞു. തന്റെ ജീവൻ രക്ഷിച്ച കടപ്പാടുകൾ മൂലമുള്ള പ്രത്യുപകാരമായി മാർപാപ്പാ അദ്ദേഹത്തെ വത്തിക്കാനുള്ളിൽ സുരക്ഷിതമായി സംരക്ഷിക്കുകയും ചെയ്തു.

1978-ൽ പോൾ ആറാമന്റെ മരണശേഷം ജോൺ പോൾ ഒന്നാമൻ മാർപാപ്പായായത് തികച്ചും യാദൃശ്ചികമായിരുന്നു. വത്തിക്കാൻ ബാങ്കിന്റെ സാമ്പത്തിക അഴിമതികളിൽ ചുക്കാൻ പിടിച്ചിരുന്ന മാർസിങ്കസോട് ജോൺ പോൾ ഒന്നാമൻ മാർപാപ്പായ്ക്ക് വ്യക്തിപരമായി നീരസവുമുണ്ടായിരുന്നു. മാർസിങ്കറുടെ സാമ്പത്തിക അഴിമതികളുമായി ഒത്തുപോകാൻ പുതിയ മാർപാപ്പായ്ക്ക് സാധിക്കില്ലായിരുന്നു. വത്തിക്കാൻ ബാങ്കിന്റെ തലപ്പത്ത് മാർസിങ്കസ്  തുടരുന്നതിനോടും  വിയോജീപ്പുണ്ടായിരുന്നു. മാർസിങ്കസിനു തന്റെ അധികാരം നഷ്ടപ്പെടുമോയെന്ന അങ്കലാപ്പുമുണ്ടായിരുന്നു. ജോൺ പോൾ ഒന്നാമനെ മാർപാപ്പയായി വാഴിച്ച രണ്ടാം ദിവസം റഷ്യൻ ഓർത്തോഡോക്‌സിലെ ആർച്ച് ബിഷപ്പ് 'നിക്കോടിമസ്' വത്തിക്കാന്റെ സ്വീകരണ മുറിയിൽ തലയടിച്ചു വീണു മരണപ്പെട്ടിരുന്നു. കാപ്പിക്കകത്ത് വിഷം ചെന്ന് മരിച്ചതെന്നും വാർത്തകളുണ്ട്. വിഷം ജോൺ പോൾ ഒന്നാമനെ ലക്ഷ്യം വെച്ചു വധിക്കാനായിരുന്നുവെന്നും പറയപ്പെടുന്നു. ഏതായാലും പിന്നീട് ഒരുമാസത്തിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ ജോൺ പോൾ ഒന്നാമൻ മാർപാപ്പാ മരണപ്പെടുകയായിരുന്നു. ജോൺ പോൾ രണ്ടാമനും മാർസിങ്കസുമായി സുഹൃത്തുക്കളായിരുന്നതുകൊണ്ടു മാർസിങ്കസിനു വത്തിക്കാൻ ബാങ്കിന്റെ സാമ്പത്തിക മേധാവിയായി തുടരാനും സാധിച്ചു.

പോൾ ആറാമൻ മാർപാപ്പായുടെ ഉദ്ധരണിയും പ്രസക്തമാണ്. "നിങ്ങൾ സമാധാനം കാംക്ഷിക്കുന്നുവെങ്കിൽ നീതിക്കായി പൊരുതൂ! ലളിതമായ ജീവിതവും ഹൃദയത്തിന്റെ ഗീതങ്ങളിൽനിന്നുള്ള പ്രാർത്ഥനയും പാവങ്ങൾക്കു നൽകുന്ന സഹായവും സഹാനുഭൂതിയും വിനയവും ആത്മാർപ്പണവും ത്യാഗവും നിസ്സംഗത്വവും നാം ഓരോരുത്തരിൽ നിന്നും പ്രതീക്ഷിക്കുന്നു. വിശുദ്ധിയുടെ ഈ വാക്കുകളുടെ അഭാവത്തിൽ ലോകത്ത് അരാജകത്തമുണ്ടാവുകയും ആധുനിക മനുഷ്യന്റെ ഹൃദയ സ്പർശനം ഉൾക്കൊള്ളാൻ സാധിക്കാതെയും വരുന്നു."


.
Pope Paul  with Swami Chinmayo 










Friday, May 18, 2018

കാമസൂത്രയും പുരാണങ്ങളും ലൈംഗിക ബോധനങ്ങളും



ജോസഫ് പടന്നമാക്കൽ 

ആർഷ ഭാരതം വേദങ്ങളുടെയും പുരാണങ്ങളുടെയും കാമസൂത്രയുടെയും പൗരാണിക നാടായി അറിയപ്പെടുന്നു. ഇന്ത്യയിൽ ലൈംഗിക വാക്കുകൾ ദൈനം ദിന ജീവിതത്തിൽ പ്രയോഗിക്കുന്നത് സദാചാര വിരുദ്ധമാണ്. സ്‌കൂളുകളിൽ കുട്ടികളെ ലൈംഗികത പഠിപ്പിക്കുവാൻ സാമൂഹിക ചുറ്റുപാടുകൾ അനുവദിക്കുന്നില്ല. അദ്ധ്യാപകർ ലൈംഗിക വാക്കുകൾ ക്ളാസുകളിൽ പ്രയോഗിക്കുന്നതുപോലും വിലക്ക് കല്പിച്ചിരിക്കുന്നു. ജനിച്ചു വളരുന്ന കുടുംബത്തിലും സ്‌കൂളിലും ലൈംഗിക പാഠങ്ങൾ ഒളിച്ചുവെക്കുന്നുണ്ടെങ്കിലും നിയന്ത്രണമില്ലാത്ത മനുഷ്യരുടെ രതിവികാരംകൊണ്ട് ഇന്ത്യ 2030 ആകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാഷ്ട്രമായി അറിയപ്പെടുമെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ലൈംഗിക കാര്യങ്ങൾ ഭാര്യ ഭർത്താക്കന്മാർപോലും സംസാരിക്കാൻ ഇഷ്ടപ്പെടില്ല. 'താൻ എങ്ങനെ ഉണ്ടായി'യെന്നുള്ള കുട്ടികളുടെ ചോദ്യത്തിനു മുമ്പിലും ഉത്തരം പറയാതെ മാതാപിതാക്കൾ ഒഴിഞ്ഞുമാറും. എന്നാൽ ശിവലിംഗത്തെ തൊഴുത് ആരാധിക്കുന്നതിനു യാതൊരു മടിയുമില്ല. കുഞ്ഞുങ്ങളെ ഉത്ഭാദിപ്പിക്കാൻ മാത്രം ലൈംഗിക ക്രിയകളിൽ സ്ത്രീയും പുരുഷനും ഉൾപ്പെടാൻ പാടുള്ളൂവെന്നാണ് പ്രമാണം. ലൈംഗികതയെ എങ്ങനെ പരമാനന്ദമാക്കാമെന്നും അതിനുള്ള ഉപാധികളെന്തെല്ലാമെന്നും ആരും ചിന്തിച്ചിരുന്നുമില്ല. 'മല്ലനാഗ വാത്സ്യായന' മഹർഷി രചിച്ച 'കാമസൂത്ര' അതിനൊരു അപവാദമായിരുന്നു.

ഇന്ത്യയുടെ ലൈംഗിക ചരിത്രം ഋഗ്‌വേദം മുതൽ കാമസൂത്ര കാലം വരെയും അവിടെനിന്ന് മുഗൾ കാലം വരെയും വിശദമായി വിവരിച്ചിട്ടുണ്ട്. മുഗൾകാലഘട്ടത്തിൽ 'ലൈംഗികത' വെറുക്കപ്പെട്ട ഒന്നല്ലായിരുന്നുവെന്ന് കാണാൻ സാധിക്കും. മുഗൾ സാഹിത്യത്തിലും കലകളിലും ലൈംഗികതയ്ക്ക് പ്രത്യേകമായ പ്രാധാന്യം കല്പിച്ചിരുന്നു. ഹിന്ദു ദൈവങ്ങളും ദേവതകളും അപ്സരസുകളും പൗരാണിക അമ്പലങ്ങളിൽ ലൈംഗികത പ്രദർശിപ്പിച്ചിരിക്കുന്നത്‌ കാണാം. അജന്ത, എല്ലോറ, കജറാവു എന്നിവടങ്ങളിൽ ദേവി ദേവന്മാരുടെ ലൈംഗിക ആനന്ദങ്ങൾ വിവിധ ഭാവരൂപങ്ങളിൽ കൊത്തി വെച്ചിരിക്കുന്നതും പൗരാണിക കലാ സാംസ്ക്കാരികതയെ വിളിച്ചറിയിക്കുന്നു.

വൈവിദ്ധ്യങ്ങൾ നിറഞ്ഞ ഇന്ത്യൻ സാംസ്ക്കാരികതയിൽ നിരവധി പുസ്തകങ്ങൾ എഴുതപ്പെട്ടതിൽ ബ്രിട്ടീഷുകാർ അടിസ്ഥാനമായി കണ്ടത് മനുസ്മൃതിയായിരുന്നു. മനുവിന്റെ യാഥാസ്തിക ചിന്തകൾ വിക്ടോറിയൻ കാലഘട്ടത്തിലേക്ക് എത്തിച്ചിരുന്നു. ബ്രിട്ടീഷുകാർ ആദ്യം സംസ്കൃതത്തിൽ നിന്ന് ഇംഗ്ളീഷിലേക്ക് തർജ്ജിമ ചെയ്ത പുസ്തകവും മനുസ്മൃതി തന്നെ. ഇന്ത്യയുടെ ഭരണ സംവിധാനത്തിനുള്ള നിയമങ്ങൾ സൃഷ്ടിക്കാൻ അവർ മനുവിയൻ നിയമങ്ങളെ ആശ്രയിച്ചിരുന്നു. പുരോഗമന ചിന്തകളുള്ള ഋഗ്‌വേദവും കാമസൂത്രവും പരിപൂർണ്ണമായും നിരസിച്ചു. അങ്ങനെ മനുസ്മൃതി ബ്രിട്ടീഷുകാരെ സംബന്ധിച്ചടത്തോളം ആധികാരിക ഗ്രന്ഥമായി കണക്കാക്കിയിരുന്നു.

ഹൈന്ദവമതത്തിന്റെ സ്വന്തമെന്നു കരുതുന്ന കാമസൂത്ര പുസ്തകങ്ങൾ രണ്ടാംനൂറ്റാണ്ടിൽ  എഴുതിയതെന്നു അനുമാനിക്കുന്നു. ലൈംഗിക വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന ഭാഷയിലാണ്, കാമസൂത്ര ഉടനീളം വിവരിച്ചിരിക്കുന്നത്. ഭാരതത്തിലെ ഗ്രന്ഥങ്ങളിൽ ഭഗവദ്ഗീത കഴിഞ്ഞാൽ ഏറ്റവുമധികം വായിക്കുന്നത് കാമസൂത്രയാണ്. സരസനും പണ്ഡിതനുമായ മല്ലനാഗ വാത്സ്യായാന മഹർഷിയാണ് ഇതിന്റെ രചയിതാവ്. പൗരാണിക ദർശനങ്ങളിൽ ഇത്രമാത്രം വിമർശിക്കപ്പെട്ട ഒരു ഗ്രന്ഥം വളരെ വിരളമായിരിക്കും. യൂറോപ്പിലും അമേരിക്കയിലും ഈ ഗ്രന്ഥത്തിന് വളരെയധികം പ്രചാരണം ലഭിച്ചിരിക്കുന്നതായും കാണാം. ഒരു മനുഷ്യനെ സംബന്ധിച്ചടത്തോളം ഭക്ഷണം പോലെ വൈകാരിക ജീവിതവും അത്യാവശ്യമാണ്. അതിനെ അടിച്ചമർത്തിയുള്ള ജീവിതം മാനസികമായ അടിമത്വത്തിലേക്ക് വഴി തെളിയിക്കും. ലൈംഗിക ജീവിതത്തെപ്പറ്റിയും കാമം ശമിപ്പിക്കാനുള്ള വിഷയങ്ങളെപ്പറ്റിയും ആധികാരികമായി വിവരിച്ചിരിക്കുന്ന ഒരു പ്രാചീന ഗ്രന്ഥമാണ് കാമസൂത്രം. ഒരുപാട് സിനിമകൾ, സാഹിത്യ കൃതികൾ മുതാലാവകൾ കാമസൂത്ര രചനകളെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയിട്ടുണ്ട്. ആധുനിക കാലത്ത് ലൈംഗിക കാര്യങ്ങൾ വായിക്കുന്നത് പുതുമയുള്ളതല്ലെങ്കിലും പൗരാണിക കാലത്ത് അത്തരം കാര്യങ്ങൾ വിശദീകരിക്കുക അപൂർവവും വിചിത്രവുമായിരുന്നു.

രതിജന്യമായ 'കാമസൂത്ര' ലോകത്തിലെ ഏറ്റവും പൗരാണികമായ പുസ്തകമായി വിലയിരുത്തുന്നു.  പാശ്ചാത്യലോകവും പൗരസ്ത്യലോകവും ഒരു പോലെ ഈ പുസ്തകത്തിന്റെ മഹത്വത്തെ പ്രകീർത്തിക്കാറുണ്ട്. സംസ്കൃത ഭാഷയിൽ വടക്കേ ഇന്ത്യയിലാണ് കാമസൂത്ര രചിക്കപ്പെട്ടത്. എന്നാൽ കാമസൂത്രയെ വെറും ഒരു രതി പുസ്തകമായി തള്ളിക്കളയുന്നവരുമുണ്ട്. അതിനുള്ളിലെ ശാസ്ത്രീയ വശങ്ങളെ ചിന്തിക്കാതെ സാംസ്ക്കാരികതയുടെ അപര്യാപ്തതയെന്ന നിലയിൽ പുസ്തകത്തെ വിലയിരുത്തുന്നവരുമുണ്ട്. കാമസൂത്രയെ ഒരു ലൈംഗിക ശാസ്ത്രമായി കണക്കാക്കുന്നവർ അതൊരു അത്യുത്തമമായ മനഃശാസ്ത്ര ഗ്രന്ഥമായും ചിന്തിക്കും.

ഇന്ത്യയുടെ പരമ്പരാഗതമായ ചരിത്രം കണ്ണോടിച്ചാലും പൗരാണിക ലൈംഗിക ശാസ്ത്രവും ആധുനിക ലൈംഗിക ശാസ്ത്രവും തമ്മിൽ വലിയ അന്തരമില്ലെന്ന് കാണാം. ഋഗ്വേദം പറയുന്നു, "സ്ത്രീയുടെ രക്തസ്രാവം മൂലം നിത്യം ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ രക്തക്കറപിടിച്ചാൽ, ആരെങ്കിലും രക്തക്കറ പുരണ്ട വസ്ത്രങ്ങളെ സ്പർശിച്ചാൽ വസ്ത്രങ്ങൾ ഉടൻ നശിപ്പിക്കണം." വസ്ത്രത്തെ സ്പർശിച്ചവർ കുളിച്ചു വെടിപ്പായി, ചുറ്റും ചാണക വെള്ളം തളിച്ച ശേഷമേ വീണ്ടും ഭവനത്തിൽ പ്രവേശിച്ചിരുന്നുള്ളൂ. അർത്ഥശാസ്ത്രം പറയുന്നു, "ഒരു പെൺക്കുട്ടിയുടെ കന്യകത്വം നഷ്ടപ്പെടുന്നുവെങ്കിൽ അവളുടെ വിവാഹം നിയമാനുസൃതമല്ലാതാവുന്നു. പുരുഷന്മാർക്ക് വിവാഹത്തിനു വെളിയിലുള്ള ലൈംഗികത അനുവദനീയമല്ല. പരസ്ത്രീയുമായി പുരുഷൻ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ വലിയ പിഴ അടക്കേണ്ടി വരും."

സ്ത്രീ പുരുഷന്മാർ അനുഷ്ഠിക്കേണ്ട ലൈംഗിക നിയമങ്ങളെയാണ് കാമസൂത്രയിൽ വിവരിച്ചിരിക്കുന്നത്. കാമയെന്നാൽ വിഷയാസക്തിയെന്നർത്ഥം. അത് ഹൈന്ദവ ജീവിതത്തിന്റെ ഒരു ലക്ഷ്യമായി കരുതുന്നു. ധർമ്മം, ലക്‌ഷ്യം, മുക്തി എന്നീ മൂന്നു വസ്തുതകളും ഹിന്ദു ധർമ്മത്തിന്റെ ഘടകങ്ങളാണ്. ഈ നാല് തത്ത്വങ്ങളെയും യോജിപ്പിക്കുന്ന ചരടിനെ സൂത്രയെന്നു പറയുന്നു. കാമസൂത്രം ജീവിതത്തെ ഇമ്പമുള്ളതും അനുഗ്രഹീതവുമാക്കുന്നു. പ്രകൃതിയിൽ നിന്നും ലഭ്യമാകുന്ന സ്നേഹത്തെയും നുകരുന്നു. കുടുംബ ജീവിതത്തെപ്പറ്റിയും മറ്റുള്ള ജീവിതാനന്ദത്തെയും വിവരിക്കുന്നു. കാമസൂക്തമെന്നത് സ്നേഹത്തിന്റെ തത്ത്വ ശാസ്ത്രമാണ്. തലമുറകളായി വാമൊഴികളിൽക്കൂടി കൈമാറിക്കൊണ്ടിരുന്നു. വേദങ്ങളുടെ കാലത്തെ പേരും പെരുമയുമേറിയ തത്ത്വ ചിന്തകരെപ്പോലെ വാത്സ്യായാനനു അർഹമായ സ്ഥാനം കല്പിച്ചിട്ടില്ല. വാത്സ്യായനൻ ഗദ്യ രൂപത്തിലാണ് കാമസൂത്രം എഴുതിയത്. കവിതയുടെ രൂപഭാവത്തിൽ വളരെ കുറച്ചു മാത്രമേ പുസ്തകത്തിലുള്ളു.

കാമസൂത്ര എഴുതിയ കാലഘട്ടത്തിൽ ലൈംഗിക വിഷയങ്ങളെ സംബന്ധിച്ച് പരസ്യമായി ആരും പറയുകയോ എഴുതുകയോ ചെയ്യില്ലായിരുന്നു. എന്നാൽ ഇന്ന് ലൈംഗികത ഉത്തേജിപ്പിക്കുന്ന നോവലുകൾ, ഫിലിമുകൾ, വീഡിയോകൾ, സുലഭമാണ്. ആർക്കും അത്തരം കാര്യങ്ങൾ വായിച്ചാൽ പുതുമകൾ അനുഭവപ്പെടാറില്ല. കാമസൂത്രയുടെ തത്ത്വചിന്തകൾ, ശരിയായ ഒരു ജീവിതം എങ്ങനെ നയിക്കണമെന്നുള്ള ഒരു ചൂണ്ടുപലക കൂടിയാണ്. ഒരു പങ്കാളിയെ എങ്ങനെ തൃപ്തിപ്പെടുത്തണമെന്നും വിവരിച്ചിട്ടുണ്ട്. വിവാഹ ജീവിതം  സന്തോഷപ്രദമാക്കാമെന്നും ശക്തിപ്പെടുത്താമെന്നും വിശദീകരിച്ചിട്ടുണ്ട്. പണമുള്ളവർക്ക് ജീവിതം ആനന്ദപ്രദമാക്കാനുള്ള നിർദ്ദേശങ്ങളും നൽകുന്നു.

കാമസൂത്ര വായിക്കുന്നവർക്ക്! പൗരാണിക ഭാരതീയർ കാമം ഉത്തേജിപ്പിച്ച സാഹചര്യങ്ങൾ അത്തരത്തിലോയെന്നു സംശയിക്കും. അവരുടെയിടയിൽ യോഗ പ്രാബല്യത്തിലായിരുന്നതുകൊണ്ടു ഒരു പക്ഷെ സത്യമായേക്കാം. നല്ല യോഗ അഭ്യസിച്ചവർക്ക് ശരീരം ഏതു ഭാഗത്തേക്കും വളച്ചു കൊണ്ടുവരാൻ സാധിക്കും. പക്ഷെ അങ്ങേയറ്റം ശരീര ഭാഗങ്ങൾ വളച്ചുകൊണ്ടുള്ള രതിക്രിയകൾ കാമസൂത്ര എഴുതിയ വാത്സ്യയാനന്റെ ഭാവനകളായിരിക്കാം. കാമസൂത്രയിലെ പടങ്ങൾ ചിരിക്കാൻ മാത്രം ജിംനാസ്റ്റിക്ക് രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

വാത്സ്യായനൻ കാമസൂത്രത്തെപ്പറ്റി വിവരിച്ചിരിക്കുന്നത് അത്യധികം അതി സൂക്ഷ്മ ദർശനത്തോടെയാണെന്ന് മനസിലാക്കാൻ സാധിക്കും. ഒരു മനഃശാസ്ത്രജ്ഞന്റെ വീക്ഷണവും കാമസൂത്രയിൽ വ്യക്തമാണ്. വിവാഹിതരായ നിരവധി സ്ത്രീകളെപ്പറ്റി പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. അവരിൽ ഭർത്താവിനെ ലൈംഗിക കാര്യങ്ങളിൽ ചതിക്കുന്നവർ, മക്കളില്ലാത്ത സ്ത്രീകൾ, എല്ലാ മക്കളും മരിച്ചുപോയവർ, ലൈംഗിക വ്യാപാരം കൊണ്ട് ജീവിക്കുന്നവർ, സ്വയം കഴിവിൽ അഭിമാനിക്കുന്നവർ, ഭർത്താവിന്റെ വിഡ്ഡിത്തരത്തിൽ ലജ്ജിതരായവർ, യാത്രാ പ്രിയരായ ഭർത്താക്കന്മാർ, അസൂയ പിടിച്ച ഭാര്യമാർ, ദുർഗന്ധം വമിക്കുന്നവർ, സന്താന ശേഷിയില്ലാത്തവർ, പുരുഷത്വമില്ലാത്തവർ, രോഗികൾ, വൃദ്ധന്മാർ എന്നിവരെല്ലാം കാമസൂത്രയുടെ ഉള്ളടക്കത്തിലുണ്ട്.

മനുസ്മൃതി ക്രിസ്തുവിനു മുമ്പ് എഴുതിയ ഹിന്ദു ധർമ്മ ശാസ്ത്രമാണ്. ഈ പൗരാണിക ഗ്രന്ഥം  ഇന്ത്യൻ സംസ്ക്കാരത്തിന്റെ പ്രതീകമായി കണക്കാക്കിയിരിക്കുന്നു. വിവാഹം, വിവാഹ ബന്ധം, ലൈംഗികത എന്നിങ്ങനെയുള്ള മനുഷ്യന്റെ അനുഷ്ഠാനങ്ങൾ മനുസ്മൃതിയിൽ വിവരിച്ചിട്ടുണ്ട്. മനുസ്‌മൃതിയ്ക്ക് വിമർശനമുള്ളതുപോലെ ആ ഗ്രന്ഥത്തിനു പൂജ്യതയും കല്പിക്കാറുണ്ട്. പുരോഗമന ചിന്താഗതിയുള്ളവർ മനുസ്മൃതിയെ തിരസ്ക്കരിക്കുമ്പോൾ യാഥാസ്ഥിതികരായവർ പൂജിതമായ ഈ ഗ്രന്ഥം ഒരുവന്റെ ധർമ്മമായി പാലിക്കേണ്ട നിയമങ്ങളായി കരുതുന്നു. ഇന്ത്യയിലെ ജാതി വിഭജനത്തിനു കാരണം മനുസ്‌മൃതിയെന്നു അംബേദ്ക്കർ കരുതുന്നു. എന്നാൽ ഗാന്ധിജി മനുസ്മൃതിയ്പ്പറ്റി വിഭിന്നമായി ചിന്തിച്ചിരുന്നു. മനുസ്മൃതി മുഴുവനായി വായിക്കണമെന്നായിരുന്നു ഗാന്ധിജി നിർദ്ദേശിച്ചിരുന്നത്. അതിലെ സത്യവും അഹിംസയും മാത്രം തെരഞ്ഞെടുക്കാൻ അദ്ദേഹം ഉപദേശിക്കുന്നു. മറ്റുള്ള സാമൂഹികമായ കാര്യങ്ങൾ പൊരുത്തപ്പെടാത്തത് നിരസിക്കാനും ഉപദേശിച്ചിരുന്നു.

ഒരു സ്ത്രീയുടെ കന്യകാവ്രതത്തിന് ഭാരതീയ ചിന്തകളിൽ വലിയ പ്രാധാന്യം കൽപ്പിക്കുന്നു. വിവാഹ രാത്രിയിൽ ഒരു സ്ത്രീ കന്യകയായിരിക്കണമെന്ന നിയമവുമുണ്ട്. സമൂഹത്തിൽ ഇത്തരം മാമൂലുള്ളതിനാൽ സ്ത്രീകൾ വിവാഹത്തിനുമുമ്പ് പുരുഷനുമായി ലൈംഗികതയിൽ ഏർപ്പെടാറില്ല. ലൈംഗികതയുടെ ആനന്ദവും അനുഭവിക്കാറില്ല. വിവാഹത്തിനു ശേഷവും ഒരു സ്ത്രീയ്ക്ക് ലൈംഗികത ഒരു പുരുഷനുമായി മാത്രമേ പാടുള്ളൂ. അയാളിൽ നിന്നും കുട്ടികളും ജനിച്ചിരിക്കണം. ചെറിയ കുട്ടികൾക്ക് അവരുടെ മാതാപിതാക്കളിൽ നിന്നു ലൈംഗികതയെപ്പറ്റി ശരിയായ മാർഗ നിർദ്ദേശങ്ങളും ലഭിച്ചിരുന്നില്ല. ഗർഭഛിദ്രം നടത്തിയിരുന്നത് അശാസ്ത്രീയമായ രീതിയിലും വളരെ അപകടം പിടിച്ച മാർഗങ്ങളിലുമായിരുന്നു.

പതിനൊന്നു വയസുള്ളപ്പോൾ മുതൽ പെൺക്കുട്ടികളെ സമൂഹത്തിലുള്ള വിലക്കുകളെപ്പറ്റി പറഞ്ഞു പഠിപ്പിക്കും. 'ആർത്തവ കാലങ്ങളിൽ പെണ്ണുങ്ങൾക്ക് അമ്പലത്തിൽ പോകുവാൻ പാടില്ല; ദേവി കോപിക്കും; അത് ദൈവനിന്ദയാണ്,' എന്നിങ്ങനെയെല്ലാം കൗമാരപ്രായത്തിൽ പെൺക്കുട്ടികളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി അവരിൽ അപകർഷതാബോധം സൃഷ്ടിക്കുന്നു. ഇന്നും സ്ത്രീകളുടെയിടയിൽ പ്രാകൃതമായ അത്തരം ആചാരങ്ങൾ തുടരുന്നു. രക്തസ്രാവം എന്നത് എന്തോ പാപമാണെന്നുള്ള കുറ്റബോധവും പെൺക്കുട്ടികളിൽ സൃഷ്ടിക്കുന്നു. ലൈംഗിതയെന്നത് അവിശുദ്ധവും ചീത്തയെന്നുമുള്ള ധാരണ കുട്ടിപ്രായം മുതൽ സ്ത്രീകളുടെ മനസ്സിലുണ്ടാകും. എല്ലാ പെൺക്കുട്ടികളുടെയും ചിന്ത ലൈംഗികതയെന്നത് അധാർമ്മികതയെന്നാണ്. വാസ്തവത്തിൽ അത് ഒരാളിന്റെ വ്യക്തിഗത സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ്. പുരോഗമന ചിന്താഗതികളുള്ള സ്ത്രീകൾ ഇന്ന് സമൂഹത്തിൽ നിലവിലുള്ള ഈ വ്യവസ്ഥിതിയ്ക്കെതിരെ പ്രതികരിക്കാനും ആരംഭിച്ചിട്ടുണ്ട്. അതേസമയം അമ്പലത്തിൽ ദേവിയുടെ യോനിയെ ആരാധിക്കുന്ന പ്രദേശങ്ങളുമുണ്ട്. ലൈംഗികതയെ പാപമായി കരുതുന്ന ലക്ഷക്കണക്കിന് സ്ത്രീകൾ ആസാമിലുള്ള ഗോഹട്ടിയിൽ കാമാക്ഷി അമ്പലത്തിൽ ദേവിയുടെ യോനിയെ പൂജാവസ്തുക്കളുമായി തൊഴാൻ എത്താറുണ്ട്. ഇന്ത്യയിൽ ഏറ്റവും വിശുദ്ധി നിറഞ്ഞ ഒരു അമ്പലമായി അത് കരുതുന്നു. കൂടാതെ കാമാക്ഷി ദേവിയുടെ പേരിൽ വർഷത്തിൽ നാലു ദിവസം ഉത്സവം നടത്താറുണ്ട്. അന്ന് ദേവിക്ക് ആർത്തവ കാലമെന്നാണ് വെപ്പ്.

മനുസ്മൃതിയിൽ സ്ത്രീകൾക്കെതിരെ സങ്കീർണ്ണങ്ങളായ നിരവധി നിയമങ്ങൾ എഴുതിയിട്ടുണ്ട്. അതേ സമയം സ്ത്രീയെ ബഹുമാനിക്കുന്നുമുണ്ട്. പീഡിപ്പിക്കുന്ന ഭർത്താവുമായി ബന്ധങ്ങൾ വേർപെടുത്താൻ മനുസ്മൃതി അനുവദിച്ചിട്ടുണ്ട്. അതുപോലെ ഭാര്യ ധിക്കാരിയും ദുർമ്മാർഗ ജീവിതം നയിക്കുന്നവളാണെങ്കിലും ബന്ധം വേർപെടുത്തി വിവാഹം കഴിക്കാം. ഭർത്താവ് നാടുവിട്ടുപോയശേഷം കണ്ടെത്താതെ നഷ്ടപ്പെട്ടു പോയാലും, സ്ത്രീയെ ഭർത്താവ് ഉപേക്ഷിച്ചാലും സ്ത്രീക്ക് വീണ്ടും വിവാഹം കഴിക്കാം. ഭർത്താവു മരിച്ച വിധവകളും ചാരിത്ര്യം കാത്തു സൂക്ഷിക്കണമെന്നു നിർദ്ദേശിക്കുന്നു. ഒരു സ്ത്രീ ഒറ്റയ്ക്ക് സ്വതന്ത്രമായി ജീവിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 'ഒരു സ്ത്രീ കുഞ്ഞായിരിക്കുമ്പോൾ മാതാപിതാക്കളുടെ സംരക്ഷണത്തിലും യുവതിയായിരിക്കുമ്പോൾ ഭർത്താവിന്റെയും വിധവയായിരിക്കുമ്പോൾ മക്കളുടെ സംരക്ഷണയിലും കഴിയണം'(മനുസ്മൃതി). 'സ്ത്രീ ഭർത്താവിനെ ദൈവ തുല്യം ആരാധിക്കണം. സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കണമെന്നും' പറയുന്നുണ്ട്. 'എവിടെ സ്ത്രീകൾ ബഹുമാനിതരാകുന്നുവോ അവിടെ ദൈവങ്ങൾ പ്രസാദിക്കും. 'സ്ത്രീയെ അവഹേളിക്കുന്നിടങ്ങളിൽ പരിശുദ്ധയുടെ ഫലം വിളയുകയില്ലെന്നും' മനുസ്മ്രിതി പറയുന്നു.

വേദകാലങ്ങളിൽ സ്ത്രീയ്ക്ക് പുരുഷനെപ്പോലെ സ്വതന്ത്രമായ ഒരു ജീവിതമുണ്ടായിരുന്നു. എന്നാൽ മനുസ്മ്രിതിയുടെ കാലം വന്നപ്പോൾ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമങ്ങൾ പലതുമുണ്ടായി. അവർക്ക് സാമൂഹികമായി പ്രവർത്തിക്കാനോ രാഷ്ട്രീയത്തിൽ ഇടപെടാനോ അവകാശമുണ്ടായിരുന്നില്ല. ലൈംഗിക വിഷയങ്ങളിലും തികച്ചും യാഥാസ്ഥിതികത പുലർത്തണമായിരുന്നു. ബ്രിട്ടീഷ്കാരുടെ കാലത്തും സ്ത്രീകളുടെ മേൽ യാഥാസ്ഥിതിക നിയമങ്ങളായിരുന്നു നടപ്പിലുണ്ടായിരുന്നത്. വാസ്തവത്തിൽ ബ്രിട്ടീഷുകാരുടെ നിയമങ്ങൾ അവർ നെയ്തെടുത്ത നിയമങ്ങളായിരുന്നില്ല. ബ്രിട്ടീഷുകാർ പ്രമുഖരായ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ഹിന്ദുക്കളോടൊപ്പം നിയമങ്ങൾ നിർമ്മിക്കുകയായിരുന്നു. അവർ നിയമങ്ങളുണ്ടാക്കിയപ്പോൾ മനുസ്മൃതിയിലെ നിയമങ്ങൾ മാത്രം പരിഗണനയിലെടുത്തു. നിയമങ്ങൾ പ്രാബല്യമാക്കാൻ യാഥാസ്ഥിതികരായ ഹൈന്ദവ ജനതയുടെ വികാരങ്ങളുംകൂടി കണക്കാക്കണമായിരുന്നു.

മനുസ്മൃതിയിലെ നിയമങ്ങളെ വെല്ലുവിളിക്കത്തക്കവിധം കാമസൂത്രയിൽ സ്ത്രീക്ക് നിരവധി സ്വാതന്ത്ര്യങ്ങൾ അനുവദിച്ചിട്ടുണ്ട്. 'സ്നേഹിക്കുന്ന ഭർത്താവിനെ വെറുക്കാൻ തുടങ്ങുമ്പോൾ സ്വയം അവൾക്കു പിരിഞ്ഞു പോകാം. പുരുഷന് അറിയാൻ പാടില്ലാത്ത സംഗതികൾ സ്ത്രീ കയറി അഹങ്കാരത്തോടെ അഭിപ്രായങ്ങൾ പറയുന്നതും വായിക്കാം. ഭർത്താവ് പറയുന്ന നല്ല കാര്യങ്ങളിൽ ശ്രദ്ധിക്കാതെ സദാ കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കുന്ന സ്ത്രീകളും കാമസൂത്രയിലുണ്ട്. കാര്യബോധത്തോടെ ഭർത്താവ് പറയുന്ന വസ്തുതകളെ മനഃപൂർവം വളച്ചൊടിച്ചു ഭർത്താവിനെ വിഡ്ഢിയാക്കാൻ ശ്രമിക്കൽ, ഭർത്താവ് തമാശ പറഞ്ഞില്ലെങ്കിലും മറ്റെന്തെങ്കിലും പറഞ്ഞു ഭർത്താവിനെ പരിഹസിച്ചു ചിരിക്കുക, പൊതു ജനങ്ങളുടെ മുമ്പിൽ ഭർത്താവിന്റെ മാറ്റാൻ സാധിക്കാത്ത വിചിത്ര സ്വഭാവങ്ങളെപ്പറ്റി പരിഹസിക്കലുകൾ മുതലായവകളും കാമസൂത്രയിൽ വ്യക്തമാക്കിയിട്ടുണ്ട്.

വാത്സ്യായനന്റെയും മനുവിന്റെയും ലൈംഗിക തത്ത്വങ്ങൾ തികച്ചും വിപരീതങ്ങളെന്നു കാണാം. മനു ഒരു പുരുഷന് ഏക ഭാര്യയെന്ന നിയമം എഴുതി. 'ലൈംഗികതയെന്നാൽ കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ മാത്രമെന്നും' മനുസ്മ്രിതി പറയുന്നു. എന്നാൽ 'ലൈംഗികത മനുഷ്യന്റെ സന്തോഷത്തിനു വേണ്ടിയുള്ളതെന്നു' കാമശാസ്ത്രം പറയുന്നു. 'ഒരു സ്ത്രീ ലൈംഗികതയിൽ ആനന്ദം കണ്ടെത്തിയില്ലെങ്കിൽ അവർ തന്റെ ഭർത്താവിനെ വെറുക്കുമെന്നും ലൈംഗിക സുഖത്തിനായി മറ്റുള്ള പുരുഷന്മാരെ തേടി പോവുമെന്നും' കാമശാസ്ത്രത്തിലുണ്ട്.

മനുവിന്റെ നിയമം പറയുന്നു, 'ഉത്തമയായ ഒരു സ്ത്രീ അവരുടെ ഭർത്താവിനെ നിത്യവും പരിചരിച്ചുകൊണ്ടിരിക്കും. ഭർത്താവിനെ ദൈവത്തിനു തുല്യമായി കണക്കാക്കണം. അയാൾ ക്രൂരനെങ്കിലും, മറ്റുള്ള സ്ത്രീകളുമായി വ്യപിചാരം ചെയ്യുന്നുണ്ടെങ്കിലും അയാളിൽ നല്ല ഗുണങ്ങൾ ഇല്ലെങ്കിലും ശിഷ്ടകാലം ഭർത്താവിനെ പരിചരിച്ചു ജീവിക്കണം.' കാമസൂത്രയിൽ ഒരു മനുഷ്യന്റെ മറ്റു ഭാര്യമാരെപ്പറ്റിയുള്ള പരാമർശനങ്ങൾ കാണാം. എന്നാൽ മനുസ്മ്രിതിയിൽ ഒരു മനുഷ്യന് മറ്റു ഭാര്യമാരുണ്ടെങ്കിൽ അയാളെ രാജാവ് ശിക്ഷിക്കണമെന്ന് എഴുതിയിട്ടണ്ട്. മറ്റൊരു ജാതിയിൽ നിന്ന് കുഞ്ഞു ജനിച്ചാലും ജാതി ഭൃഷ്ട്ട് കൽപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അപര സ്ത്രീകളുമായി ലൈംഗികതയിലേർപ്പെടുന്നതും മനുസ്മൃതി എതിർത്തിരിക്കുന്നു.

കാമസൂത്രയിലെ ലൈംഗികാസക്തിയെ മറ്റു പൗരാണിക ഗ്രന്ഥങ്ങളും ഖണ്ഡിച്ചിട്ടുണ്ട്. കാമസൂത്ര എഴുതുന്നതിനു വളരെ നൂറ്റാണ്ടുകൾ മുമ്പ് എഴുതിയതാണ് ഭഗവദ് ഗീത. ലൈംഗിക മോഹങ്ങളിലുള്ള നിയന്ത്രണങ്ങളും ഭഗവദ് ഗീതയിലുണ്ട്. ഇത് വളർന്നു കഴിഞ്ഞ കൃഷ്ണന്റെ വാക്കുകളാണ്. കൗമാര പ്രായത്തിൽ ഗോപ സ്ത്രീകളുമായി ശ്രീ കൃഷ്ണൻ വൃന്ദാവനത്തിൽ പ്രേമിച്ചു നടന്നതും അവരുമായി ലൈംഗികതയിൽ ഏർപ്പെട്ടിരുന്നതും മറ്റൊരു കഥ.

ബ്രഹ്മസമാജം ഹിന്ദുമതത്തിലെ പുരോഗമനാശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്രസ്ഥാനമാണ്. ബ്രഹ്മസമാജത്തിൽ വേദാന്തവും സൂഫിസവും ക്രിസ്ത്യൻ ദൈവിക സിദ്ധാന്തവും പിന്തുടരുന്നു. രാജ റാം മോഹൻ റായിയാണ് അതിന്റെ സ്ഥാപകൻ. സതിയ്‌ക്കെതിരെയും ശിശു വിവാഹത്തിനെതിരെയും സ്ത്രീകളുടെ സാംസ്ക്കാരിക പുരോഗമനത്തിനായും പ്രവർത്തിച്ചിരുന്ന അദ്ദേഹം ലൈംഗിക വിഷയങ്ങളിൽ പുരോഗമനവാദിയായിരുന്നു. ഉയർന്നവനും താഴ്ന്നവനെന്നുമുള്ള ജാതി വ്യവസ്ഥയെ എതിർത്തിരുന്നു. യൂറോപ്യൻ ജീവിതചര്യകളും ചിന്തകളുമാണ് അദ്ദേഹത്തെ സമൂഹത്തിന്റെ മാറ്റങ്ങൾക്കായി നയിച്ചിരുന്നത്. മഹാത്മാ ഗാന്ധിക്കും ലൈംഗിക കാര്യങ്ങളിൽ പ്രത്യേകമായ ഒരു കാഴ്ച്ചപ്പാടുണ്ടായിരുന്നു. സ്ത്രീ അഹിംസയുടെയും സ്വയമർപ്പണത്തിന്റെയും പരിശുദ്ധിയുടെയും മൂർത്തികരണമെന്ന് ഗാന്ധിജി പറയുമായിരുന്നു.

വിവേകാനന്ദനും വ്യത്യസ്ത ചിന്തകളോടെയുള്ള ലൈംഗിക അഭിപ്രായങ്ങളിൽ വിശ്വസിച്ചിരുന്നു.  . ലൈംഗിക മോഹങ്ങളില്ലാതെയുള്ള സ്നേഹമാണ് ഏറ്റവും മഹത്വമെന്നും പറയുമായിരുന്നു. ശരീരത്തിൽ നിന്ന് ലൈംഗികതയെ വേർപ്പെടുത്തുമ്പോഴാണ് മനുഷ്യൻ പൂർണ്ണമാകുന്നത്. സ്ത്രീകൾക്ക് മാതൃക സീതയാണെന്നും അദ്ദേഹം പറഞ്ഞു. രാമായണത്തിലെ സീത ചാരിത്യ്ര ദേവതയെന്നു വിവേകാനന്ദൻ പറയുമായിരുന്നു. ഒരു സ്ത്രീ ചാരിത്രവതിയും ഏക പതിവ്രതയുമായിരിക്കണമെന്നും പ്രേമമെന്ന അംഗീകാരം നേടുന്നത് വിവാഹശേഷവുമെന്നും അദ്ദേഹത്തിന്റെ ചിന്തകളായിരുന്നു. സമൂഹത്തിന്റെ നാട്ടു നടപ്പനുസരിച്ചു, നിയമങ്ങളനുസരിച്ചു, വിവാഹിതർ ജീവിക്കണമെന്നും ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാൻ ഭർത്താവിന് കഴിയണമെന്നും വിവേകാനന്ദൻ പറയുമായിരുന്നു.

ലൈംഗിക കാര്യങ്ങളിൽ ചിലർ കൃഷ്‌ണനെയും രാധയെയും റോൾ മോഡലായി കാണാറുണ്ട്. ഏക പതിവൃതം അനുഷ്ടിച്ച സീതയിൽ നിന്നും വ്യത്യസ്ത ചിന്തകളോടെ രാധയെ ആരാധിക്കുന്നു. സീത രാജകുടുംബത്തിൽ വളർന്നവളും ചാരിത്രവതിയുമായിരുന്നു. രാധ അതെ സമയം കൃഷ്ണന്റെ കൂട്ടുകാരിയായിരുന്നു. രാജ്ഞി എന്ന നിലയിൽ സീത പൊതു ശ്രദ്ധ നേടിയ ദേവിയായിരുന്നു. രാധ, കൃഷ്ണന്റെ അനേകം കൂട്ടുകാരികളിൽ ഒരാൾ മാത്രമായിരുന്നു. ഇന്ത്യയിൽ നിരവധി  അമ്പലങ്ങളിൽ  രാധയെ ദേവിയായി പൂജിക്കുന്നു. കവിതകളിൽ ദേവിയായ രാധയെ വർണ്ണിക്കുന്നുമുണ്ട്. കലകളിലും സാഹിത്യത്തിലും രാധയുടെയും കൃഷ്ണന്റെയും പ്രേമമുണ്ട്. ഭക്തിയുടെ ലഹരിയിൽ ആർക്കും രാധയെ അവഗണിക്കാൻ സാധിക്കില്ല. അനേകം ഭക്തി ഗാനങ്ങൾ കൃഷ്ണന്റെയും രാധയുടെയും പ്രേമത്തെപ്പറ്റിയുണ്ട്.












Thursday, May 10, 2018

മുഹമ്മദാലി ജിന്ന ഇന്ത്യ വിഭജനത്തിന്റെ വില്ലനോ?





ജോസഫ് പടന്നമാക്കൽ 

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം അർഹരായവരെ പരിഗണിക്കാതെ അവ്യക്തതകൾകൊണ്ട് എഴുതിയുണ്ടാക്കിയതാണ്. സ്വാതന്ത്ര്യ സമരത്തിൽ വീറോടെ പോരാടിയ മഹാന്മാരുടെ ചരിത്രങ്ങൾ  അധികാരത്തിന്റെ ബലത്തിൽ ഇല്ലാതാക്കിയിരിക്കുന്നതു കാണാം. അക്കൂടെ അവഗണിക്കപ്പെട്ട പ്രമുഖരായ രണ്ടു സ്വാതന്ത്ര്യ സമര യോദ്ധാക്കളാണ് വീർ സവേർക്കറും മുഹമ്മദാലി ജിന്നയും. സ്വാതന്ത്ര്യ സമരംമൂലം മുതലെടുത്തവർ നായകന്മാരും ത്യാഗങ്ങൾ സഹിച്ചവർ വില്ലന്മാരുമായുള്ള ചരിത്രമാണ് നാം പഠിച്ചിട്ടുള്ളത്. അധികാരവും പണവും കൈവശപ്പെടുത്തിയവർ ഇന്ത്യയുടെ ചരിത്രവും കളങ്കം വരുത്തിയാണ് കടന്നുപോയിട്ടുള്ളത്. മറക്കപ്പെട്ട അനേകായിരം ധീര ദേശാഭിമാനികളുടെ രക്തം ചൊരിഞ്ഞു പടുത്തയർത്തിയ സ്വാതന്ത്ര്യമാണ് നാം ഇന്നനുഭവിക്കുന്നത്. ഓരോ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോഴും നാം അറിയാതെ പോവുന്ന മണ്മറഞ്ഞു പോയ അനേകായിരം സ്വാതന്ത്ര്യ സമരയോദ്ധാക്കളും അവരെ നയിച്ച മഹാന്മാരുമുണ്ട്. രാജ്യത്തിനുവേണ്ടി ത്യാഗം സഹിച്ചവരെ  മനഃപൂർവം ചരിത്രത്തിന്റെ ചെളിക്കുഴിയിൽ താഴ്ത്തിക്കെട്ടിയെന്നുള്ളതും ദുഃഖകരമായ ഒരു സത്യമാണ്.

മുഹമ്മദാലി ജിന്ന സ്വതന്ത്ര പാക്കിസ്ഥാനു വേണ്ടി വാദിച്ച ഇന്ത്യൻ നേതാവും പാക്കിസ്ഥാന്റെ ആദ്യത്തെ ഗവർണ്ണർ ജനറലുമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ജിന്നയെ അങ്ങേയറ്റം വെറുക്കപ്പെട്ട വ്യക്തിയായി കരുതുന്നു. അദ്ദേഹം വർഗീയ വാദിയും സ്വാതന്ത്ര്യ സമരത്തിനെതിരെ കോടാലി വെച്ചവനും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചാരനും പാകിസ്ഥാൻ വിഭജനം നടത്തിയവനുമെന്നുള്ള വിശേഷണങ്ങളിലാണ് അറിയപ്പെടുന്നത്. വസ്തുതകളുടെ മറവിൽ ജിന്നയെന്ന വ്യക്തിത്വത്തെ ചായം പൂശി കോടാനുകോടി ജനങ്ങളെ തെറ്റി ധരിപ്പിച്ച ചരിത്രമാണ്, നമുക്കുള്ളത്.

1876 ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ജിന്ന കറാച്ചിയിൽ ജനിച്ചു. അദ്ദേഹത്തിൻറെ പിതാവ് ഒരു വ്യവസായ പ്രമുഖനായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസം ക്രിസ്ത്യൻ മിഷിനറി സ്‌കൂളിലായിരുന്നു. ബോംബെ യൂണിവേഴ്സിറ്റിയിലും പിന്നീട് ലണ്ടനിലുമായി പഠിച്ചു. അതിനുശേഷം വിജയകരമായി നിയമത്തിൽ പരിശീലനം നേടി. അക്കാലത്തെ ഏറ്റവും ഫീസ് ഈടാക്കുന്ന വക്കീലായിരുന്നു അദ്ദേഹം. ഒരു കേസ് വാദിക്കുന്നതിന് 1500 രൂപയായിരുന്നു ഫീസ്. ഇന്ത്യയിൽ ജിന്നയെക്കാൾ കഴിവും വ്യക്തിത്വവും നിറഞ്ഞ നിയമ ജ്ഞാനമുള്ളവർ അക്കാലത്ത് കുറവായിരുന്നു. തികച്ചും മഹാനുഭാവനായ അദ്ദേഹം സ്വന്തം ജീവിതത്തിൽ ഹിന്ദുക്കളോടും മുസ്ലിമുകളോടും, സിക്കുകാരോടും പാർസികളോടും യാതൊരു വ്യത്യാസവും കാണിച്ചിരുന്നില്ല.

പാക്കിസ്ഥാൻ ഇന്ത്യയിൽ നിന്ന് വേറിട്ടിട്ടും ജിന്നയുടെ ഏകമകൾ ഇന്ത്യയിൽ താമസിക്കുകയായിരുന്നു. ജിന്നയുടെ ഒരു സഹോദരിയൊഴിച്ചു ജിന്നയുടെ കുടുംബത്തിൽനിന്നു ആരും തന്നെ പാക്കിസ്ഥാനിലേക്ക് കുടിയേറിയില്ല. 'ജിന്ന' വിവാഹം ചെയ്തത് മുസ്ലിമല്ലാത്ത ഒരു പാർസിയെ ആയിരുന്നു. അന്ന് ജിന്നയ്ക്ക് നാൽപ്പതു വയസ് പ്രായം. ഭാര്യ 'റെറ്റിന ഭായി'യുടെ പ്രായം പതിനാറായിരുന്നു. അവർ ഒന്നിച്ച് വിസ്‌കി കുടിക്കുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്തിരുന്നു, റെറ്റിന ഭായി ജിന്ന 1929 ഫെബ്രുവരി ഇരുപതാം തിയതി ഇരുപത്തിയൊമ്പതാം വയസിൽ മരണമടഞ്ഞു. ജിന്നയുടെ ഏക മകൾ ഡീനായും പാർസിയെ വിവാഹം കഴിച്ചു. ജിന്നയുടെ ജീവിതം പൊതുവെ ഇസ്‌ലാമിക ആചാരങ്ങൾക്ക് എതിരേയായിരുന്നു. മകളുടെ വിവാഹത്തിൽ  ജിന്നയ്ക്കു എതിർപ്പുണ്ടായിരുന്നു.

ഒരു വലിയ വിഭാഗം മുസ്ലിമുകൾ പാക്കിസ്ഥാൻ എന്ന വേറിട്ട രാജ്യത്തെ ചിന്തിക്കാതെ ഇന്ത്യയിൽ ജീവിക്കാൻ ഇഷ്ടപ്പെട്ടുവെന്ന യാഥാർഥ്യവും മറക്കാൻ സാധിക്കില്ല. അവരുടെ പൂർവികർ ജനിച്ചു വളർന്ന ഈ നാട് സ്വന്തം മാതൃരാജ്യമായി കണക്കാക്കിയിരുന്നു. അങ്ങനെ ചിന്തിക്കുന്നവർക്ക് ജിന്നയെ ഒരു ദേശീയവാദിയായി കണക്കാക്കാൻ സാധിക്കില്ല. ഇന്ത്യയിൽ ജനിച്ച പാകിസ്ഥാനിയാണ് ജിന്ന. ഒരു ഭ്രാന്തൻ രാജ്യമായ പാക്കിസ്ഥാനെ സൃഷ്ടിച്ചതും ജിന്നയുടെ നേട്ടമാണ്. ഇങ്ങനെ ജിന്നയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടു അനേകമനേകം ചരിത്രകൃതികളും സൃഷ്ടിച്ചിട്ടുണ്ട്.

യഥാർത്ഥത്തിൽ, 'ജിന്ന' ബ്രിട്ടീഷ്കാർക്കെതിരെ യാതൊരു ഒത്തുതീർപ്പില്ലാതെ പോരാടിയ സമര യോദ്ധാവായിരുന്നു. അദ്ദേഹം തികച്ചും സ്വരാജ്യ സ്നേഹിയും തെറ്റി ധരിക്കപ്പെട്ടവനും സ്വദേശാഭിമാനിയുമായിരുന്നു. മതേതര ചിന്താഗതിയുള്ള ദേശീയ വാദിയുമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ സാമ്രാജിക അസംബ്ലിയിൽ അംഗമായിരുന്ന കാലത്ത് ഇന്ത്യ ഒന്നായി കാണാൻ നാൽപ്പതു കൊല്ലത്തോളം പൊരുതി. ബ്രിട്ടീഷ്കാർ കൊടുത്ത 'സർ' എന്ന സ്ഥാനം ദൂരെയെറിഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഭജനത്തെക്കാളും ഒന്നായ രാജ്യത്തിലെ മുസ്ലിമുകൾക്കു തുല്യ നീതി വേണമെന്ന വാദങ്ങളേ അദ്ദേഹം ഉന്നയിച്ചിരുന്നുള്ളൂ.

ജിന്നയുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം നോക്കുന്നുവെങ്കിൽ അദ്ദേഹം ഒരു ചതിയനും രാജ്യ ദ്രോഹിയുമല്ലെന്ന് വിലയിരുത്തേണ്ടി വരും. ഇന്ന് കാണുന്നപോലെ ഒരു ഇന്ത്യ അന്ന് നിലനിൽക്കിന്നില്ലായിരുന്നു. രാജ്യം ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരായിരുന്നതുകൊണ്ട് അദ്ദേഹത്തെ രാജ്യദ്രോഹി എന്ന് വിളിക്കുന്നതിലും അർത്ഥമില്ല. ഹിന്ദു മുസ്ലിം ഐക്യത്തിന്റെ പ്രവാചകനെന്നായിരുന്നു അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്. സരോജിനി നായിഡു ജിന്നയെ പുകഴ്ത്തികൊണ്ടു 'രാജ്യത്തിന്റെ ഐക്യത്തിനായി പൊരുതിയ കർമ്മധീരനെന്നു ' വിശേഷിപ്പിക്കുമായിരുന്നു. ആൻഡമാൻ ദ്വീപിലേക്ക് ബാല ഗംഗാധര തിലകനെ ജയിലിൽ അയച്ചപ്പോൾ അതിനെതിരായി ശക്തിയായി പ്രതികരിച്ചത് ജിന്നയായിരുന്നു. സൗത്ത് ആഫ്രിക്കയിൽ ഗാന്ധിജി ഇന്ത്യക്കാരുടെ അവകാശങ്ങൾക്കു വേണ്ടി സമരം ചെയ്യുമ്പോൾ ജിന്ന ഗാന്ധിജിക്കു വേണ്ടി  ലെജിസ്ളേറ്റിവ് അസംബ്ലിയിൽ അംഗമെന്ന നിലയിൽ വീറോടെ വാദിക്കുന്നുണ്ടായിരുന്നു.

ജിന്നയുടെ മത രാഷ്ട്രീയ ദേശീയ ചിന്താഗതികളെ ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളുടെ നല്ല വശങ്ങളെയും തിരിച്ചറിയണം. ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള ഇന്ത്യയിൽ മുസ്ലിമുകൾ ഭൂരിഭാഗവും ഒരു ജനാധിപത്യ സംവിധാനം ആഗ്രഹിച്ചിരുന്നില്ല. 1857-ലെ സമരത്തിൽ ഒന്നിച്ച് പോരാടിയെങ്കിലും പിന്നീട് ഹൈന്ദവ മേധാവിത്വം പടർന്നപ്പോൾ മുസ്ലിമുകൾ ഹൈന്ദവരോട് അകന്നു നിൽക്കാനും ആഗ്രഹിച്ചു. 1885-ൽ 'ജിന്ന' കോൺഗ്രസിൽ ചേർന്നപ്പോൾ ധനികരായ മുസ്ലിമുകൾ മാത്രമേ കോൺഗ്രസിൽ പ്രവർത്തിക്കാനുണ്ടായിരുന്നുള്ളൂ. പിന്നീട് അദ്ദേഹം മുസ്ലിം ലീഗിൽ ചേരുകയായിരുന്നു. ജിന്ന, ഗോപാല കൃഷ്ണ ഗോഖലെ, ദാദാ ബായി നവറോജി, മുതലായ മഹാന്മാരുമൊത്ത് ഹിന്ദു മുസ്ലിം ഐക്യത്തിനു വേണ്ടി പൊരുതുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു. 1904-ൽ കോൺഗ്രസ്സിൽ ചേർന്ന കാലം മുതൽ തീവ്ര ചിന്തകളോടെയുള്ള സ്വാതന്ത്ര്യം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വോട്ടിംഗ്‌  ആരംഭം മുതൽ എതിർത്തിരുന്നു.

ഇസ്‌ലാമിക സംസ്ക്കാരം ലവലേശമില്ലാത്ത അദ്ദേഹം ഒരു പാശ്ചാത്യനെപ്പോലെയാണ് ജീവിതം നയിച്ചിരുന്നത്. മുസ്ലിമുകൾക്ക് ഹറാമായ 'പോർക്കും മദ്യവും' കഴിച്ചിരുന്നു. അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ ഏറെയും ഇസ്‌ലാമിക സങ്കുചിത യാഥാസ്ഥിതിക ചിന്തകർക്കെതിരെയായിരുന്നു.   സംഭാഷണ ശൈലിയും ഒരു മുസ്ലിമെന്ന നിലയിലല്ലായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങളിൽ ചിലപ്പോൾ മത മൗലിക വാദികളായ മുസ്ലിമുകളുമായി ഒന്നിച്ച് യാത്ര ചെയ്യേണ്ട സന്ദർഭങ്ങളും  വന്നിട്ടുണ്ട്. 'അവരുമായി ഒന്നിച്ച് യാത്ര ചെയ്യുന്നുണ്ടെങ്കിലും അവരുടെ വിഡ്ഢി ചിന്തകളെ തന്റെ ജീവിതത്തിൽ പകർത്തിയിട്ടില്ലായിരുന്നുവെന്ന്' ജിന്ന പറയുമായിരുന്നു.

സാഹചര്യങ്ങളാണ് ജിന്നയെ ഒരു മതേതര വാദിയായി വളർത്തിയത്. വളർന്ന ചുറ്റുപാടുകളും പാശ്ചാത്യ സംസ്ക്കാരവും അതിന് കാരണമായിരുന്നു. അദ്ദേഹം, ബ്രിട്ടീഷുകാരിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാൻ ശ്രമിച്ചിരുന്ന   കോൺഗ്രസ് പാർട്ടിയിലെ അംഗവുമായിരുന്നു. 1913-ൽ  മുസ്ലിം ലീഗിൽ ചേർന്നു. ഹിന്ദു രാജ്യത്തു മുസ്ലിമുകളുടെ താത്പര്യമനുസരിച്ച് പ്രവർത്തിക്കാൻ വേണ്ടി രൂപീകരിച്ച പാർട്ടിയായിരുന്നു മുസ്ലിം ലീഗ്. 1916-ൽ മുസ്ലിം ലീഗിന്റെ പ്രസിഡണ്ടായും തെരഞ്ഞെടുത്തു. 1920-ൽ വിദേശ നിർമ്മിത വസ്തുക്കൾ വർജിക്കാനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രാജ്യം മുഴുവൻ ആഹ്വാനം ചെയ്തു. 1920-ൽ 'ജിന്ന' നിസഹകരണ നയം എതിർക്കുകയും കോൺഗ്രസ്സിൽ നിന്ന് രാജി വെക്കുകയും ചെയ്തു.

ഗാന്ധിജിയുമായി ഇടപെടാൻ ജിന്നയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. പടിഞ്ഞാറൻ ഫാഷനിൽ എന്നും നടന്നിരുന്ന ജിന്നയ്ക്ക് ഗാന്ധിയുടെ എളിയ വേഷങ്ങളൊന്നും ഇഷ്ടപ്പെട്ടിരുന്നില്ല. അർദ്ധ നഗ്നനായ ഗാന്ധിജിയെപ്പറ്റി കാര്യമായി ഒന്നും തന്നെ മനസ്സിലാക്കിയിരുന്നില്ല. വാസ്തവത്തിൽ ഗാന്ധിയുടെ ഖിലാഫത്ത് മൂവുമെന്റിനെയും നിസഹകരണ പ്രസ്ഥാനത്തെയും ജിന്ന എതിർക്കുകയായിരുന്നു. മതവും രാഷ്ട്രീയവും ഒരിക്കലും ഇടകലർത്തരുതെന്ന് അദ്ദേഹം പറയുമായിരുന്നു. ജിന്നയുടെ മതേതരത്വ പ്രസംഗങ്ങൾ മൂലം അക്കാലത്ത് മുസ്ലിമുകൾ ഗാന്ധിജിക്കായിരുന്നു പിന്തുണകൾ നൽകിയിരുന്നത്. ജിന്നയ്ക്ക് തന്മൂലം മുസ്ലിമുകളിൽ നിന്നും വിമർശനങ്ങൾ നേരിടേണ്ടി വന്നു. സഹികെട്ട അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ച് ബോംബയിൽനിന്ന് ലണ്ടനിൽ പോയി.

ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിന് ജിന്നയെ പ്രേരിപ്പിക്കാൻ കോൺഗ്രസ്സും ഒരു കാരണമായിരുന്നു.  അദ്ദേഹത്തെ കോൺഗ്രസ്സ് എല്ലാ തലങ്ങളിലും തഴയാനുള്ള നീക്കങ്ങളും ആസൂത്രണം ചെയ്തിരുന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നു വന്ന മതേതര വാദിയായ ജിന്നയോട് എല്ലാ വിധത്തിലും ശത്രുത പുലർത്താനും അദ്ദേഹത്തെ രാഷ്ട്രീയത്തിൽ നിന്നും ഇല്ലായ്മ ചെയ്യാനുമാണ് അന്ന് കോൺഗ്രസ്സ് നേതാക്കൾ ശ്രമിച്ചിരുന്നത്. പിന്നീട് കുറേക്കാലം ലണ്ടനിൽ ജീവിച്ചു. കോൺഗ്രസ് പാർട്ടി എല്ലാവരുടെയും വ്യക്തിത്വത്തെ ഒരു പോലെ മാനിച്ചിരുന്നെങ്കിൽ, ജിന്നയ്ക്ക് അർഹമായ ബഹുമാനം നൽകിയിരുന്നെങ്കിൽ ജിന്നയെപ്പോലെയും സുബാഷ് ചന്ദ ബോസിനെപ്പോലെയും പ്രഗത്ഭരായവർ കോൺഗ്രസിൽ തന്നെ നിലകൊള്ളുമായിരുന്നു. ഇന്ത്യ ഒരിക്കലും വിഭജിക്കുകയില്ലായിരുന്നു. ഇന്ത്യയിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾ മതത്തിന്റെ പേരിൽ പരസ്പ്പരം മല്ലടിച്ചു ജീവിക്കില്ലായിരുന്നു.

മതമൗലിക വാദികൾ മുസ്ലിം ലീഗിന്റെ നേതൃസ്ഥാനം കൈവശപ്പെടുത്തിയതുകൊണ്ടാണ് വിഭജനത്തിനുള്ള വഴികൾ ഒരുക്കിയത്. വാസ്തവത്തിൽ ദേശീയ രാഷ്ട്രീയത്തിൽ അലിഞ്ഞു ചേർന്നിരുന്ന നിരവധി മുസ്ലിമുകളെ നേതൃത്വനിരയിലുണ്ടായിരുന്ന കോൺഗ്രസും മറ്റു രാഷ്ട്രീയ നേതൃത്വവും തഴഞ്ഞുവെന്നതും ചരിത്ര സത്യമാണ്. ബ്രിട്ടീഷുകാർ പോയി കഴിയുമ്പോൾ അധികാരത്തിനു നോട്ടമിട്ടിരുന്ന ചില ഹിന്ദു വർഗീയ വാദികൾ വാഗ്മിയും അഭിഭാഷകനും മതേതരത്വ വാദിയുമായ 'ജിന്ന' ദേശീയ നേതൃത്വത്തിൽ ഉയർന്നു വരുവാൻ ആഗ്രഹിച്ചിരുന്നുമില്ല. ഇസ്‌ലാം തനിമയുള്ള രാജ്യവും ഹിന്ദു തനിമയുള്ള രാജ്യവുമെന്ന ആശയങ്ങൾ രാജ്യം മുഴുവൻ പ്രചരിക്കുകയും ചെയ്തിരുന്നു. വിഭജിച്ചു ഭരിക്കുകയെന്നത് ബ്രിട്ടീഷുകാരുടെ നയവുമായിരുന്നു. അവരുടെ ചാണക്യ തന്ത്രം അന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ വിജയിക്കുകയും ചെയ്തു. വർഗീയത വളർത്താനുള്ള എല്ലാ വഴികളും ബ്രിട്ടീഷുകാർ തുറന്നു കൊടുക്കുകയും ചെയ്തു.

രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളും ഇന്ത്യയിലെ നിയന്ത്രിക്കാൻ പാടില്ലാത്തവിധം നിയമ നിഷേധങ്ങളും കാരണം ബ്രിട്ടീഷുകാർ ഭരണമവസാനിപ്പിച്ച് രാജ്യം വിടണമെന്നും താല്പര്യപ്പെട്ടിരുന്നു. ഇന്ത്യ മുഴുവനായി വർഗീയ ലഹളകൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. നിരക്ഷരരായ അറിവും ബോധവുമില്ലാത്ത ഇന്ത്യൻ ജനതയ്ക്ക് ഇന്ത്യയിലെ സംഭവ വികാസങ്ങളെപ്പറ്റി യാതൊരു അറിവുമുണ്ടായിരുന്നില്ല. സ്വാർത്ഥത നിറഞ്ഞ നേതാക്കന്മാരുടെ പുറകിൽ അറിവും വിവേകവുമില്ലാത്ത ജനക്കൂട്ടം അണിനിരന്നു. രാജ്യം മുഴുവൻ പൈശാചികത ഇളകി മറിഞ്ഞിരുന്നു. അങ്ങനെയാണ് അവർ ഹിന്ദു മുസ്ലിം രാജ്യ വിഭജനത്തിനായി തീരുമാനിച്ചത്. ജ്വാലീയൻവാല കൂട്ടക്കൊലയിൽ ഹിന്ദുക്കളും മുസ്ലിമുകളും സിക്കുകാരും ഒരു പോലെ രക്തച്ചൊരിച്ചിൽ നടത്തിയ വിവരം ജനം മറന്നുപോയിരുന്നു. അവസാനം ഇന്ത്യയെ രണ്ടായി വിഭജിക്കാൻ ലോർഡ് മൗണ്ട് ബാറ്റൺ തീരുമാനിച്ചു.

ജിന്ന തീർത്തും ദേശീയ വാദിയായിരുന്നു. അഴിമതി രഹിതനായിരുന്നു. ഒരു പ്രോവിൻസിന്റെ ഗവർണറായുള്ള സ്ഥാനം ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിട്ടും നിരസിക്കുകയാണുണ്ടായത്. ബ്രിട്ടീഷ് സർക്കാർ 'സർ' എന്ന പ്രഭു സ്ഥാനം നൽകിയതും നിരസിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ തീവ്ര നേതാവായിരുന്ന ബാല ഗംഗാധര തിലകുമായി അദ്ദേഹത്തിന് നല്ല സൗഹാർദ്ദ ബന്ധമുണ്ടായിരുന്നു. നിസഹകരണ പ്രസ്ഥാനത്തിൽ സഹകരിക്കാതെ 'ജിന്ന' കോൺഗ്രസ്സ് പാർട്ടി വിട്ടിരുന്നു. അതിനുശേഷം അദ്ദേഹം സ്വന്തമായി തന്നെ ഒരു പാർട്ടിയുണ്ടാക്കി. 'ഞാൻ ഒരു ഇന്ത്യനും രണ്ടാമത് മുസ്ലിമെന്നും' അദ്ദേഹം എന്നും തുറന്നു പ്രസംഗിക്കുമായിരുന്നു.

പാക്കിസ്ഥാനും ഇന്ത്യയും രണ്ടു രാഷ്ട്രങ്ങളാകാനുള്ള കാരണം ജിന്നയല്ലെങ്കിലും അങ്ങനെ വിശ്വസിക്കാനാണ് ചരിത്രം പഠിപ്പിക്കുന്നത്. വാസ്തവത്തിൽ എന്നും സങ്കുചിത വിഘടന രാഷ്ട്രീയത്തിനെതിരായി പ്രവർത്തിച്ച ജിന്നയെ സാഹചര്യങ്ങൾ പിന്നീട് വിഭജന രാഷ്ട്രീയത്തിലേക്ക് നയിക്കുകയായിരുന്നു. പാക്കിസ്ഥാൻ വിഭജനം ചരിത്രത്തിന്റെ ഒരു നിയോഗമായിരുന്നുവെന്നു വേണം കരുതാൻ. രാഷ്ട്രീയത്തിൽ ഉടലെടുത്ത ഇത്തരം മത വർഗീയ വാദികളുടെ സാഹചര്യങ്ങളിൽ നിന്നായിരിക്കാം താൻ വിശ്വസിച്ചിരുന്ന മതേതരത്വം ബലി കഴിച്ചുകൊണ്ട് മുസ്ലിം രാഷ്ട്രത്തിനായി അദ്ദേഹം രംഗത്തു വന്നത്. മറുഭാഗത്ത് വീര സവേർക്കറുടെ ഹിന്ദു വാദവും ശക്തിയായി വളർന്നിരുന്നു.

തീവ്രത മുസ്ലിം സമുദായത്തിൽ ശക്തി പ്രാപിച്ച നാളുകളിലാണ് 'ജിന്ന' മുസ്ലിം രാഷ്ട്രീയത്തിന്റെ നേതൃനിരയിൽ വന്നത്. മുസ്ലിമുകൾക്കു മാത്രമായി ഒരു രാഷ്ട്രമെന്ന ആവശ്യം വിഭജനത്തിൽക്കൂടിയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനു അന്നത്തെ മുസ്ലിം തീവ്ര ചിന്താഗതിക്കാർ  സമ്മതിച്ചിരുന്നുമില്ല. കോൺഗ്രസിന്റെ കീഴിൽ മുസ്ലിമുകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കില്ലെന്നുള്ള ചിന്താഗതിയും ദേശീയ രാഷ്ട്രീയത്തിൽ വളർന്നിരുന്നു. നിരന്തരമായ കൂട്ടക്കൊലകളും കലഹങ്ങളും കാരണം മനസ് മരവിച്ച സർദാർ പട്ടേൽ പോലും ഒടുവിൽ വിഭജനത്തെ അനുകൂലിക്കുകയായിരുന്നു. സ്വാതന്ത്ര്യം നേടണമെങ്കിൽ വിഭജനം ആവശ്യമായിരുന്നുവെന്ന ഘട്ടവും വന്നു. ഈ യാഥാർഥ്യം മനസിലാക്കി അന്നുള്ള നേതൃത്വം പ്രവർത്തിച്ചിരുന്നെങ്കിൽ രക്തപങ്കിലമായ ഇന്ത്യയുടെ ചരിത്രത്തിലെ അന്നത്തെ കൂട്ട നരഹത്യകൾ ഒഴിവാക്കാൻ സാധിക്കുമായിരുന്നു.

രാഷ്ട്രീയക്കാരുടെ അധികാര മോഹം മൂലം ഇന്ത്യൻ ജനത പരസ്പ്പരം ശത്രുക്കളായി മാറിയിരുന്നു. ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കലാപം പൊട്ടി പുറപ്പെട്ടു. ഹിന്ദുക്കളിലും മുസ്ലിമുകളിലുമുളള മതഭ്രാന്തന്മാർ, പരസ്പ്പരം നിഷ്കളങ്കരായവരെ കൊന്നുകൊണ്ടിരുന്നു. എണ്ണാൻ പാടില്ലാത്ത വിധം ജനങ്ങൾ അവരുടെ ഭവനങ്ങൾ ഉപേക്ഷിച്ചു. ലക്ഷക്കണക്കിന് ജനം മുറിവേറ്റു. വിശന്നു തളർന്ന ജനങ്ങൾ തങ്ങളുടെ വീട്ടു സാധനങ്ങളുമായി ഇരു രാജ്യങ്ങളിലെയും അതിർത്തികൾ കടന്നുകൊണ്ടിരുന്നു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും ബലാൽസംഗം ചെയ്ത നൂറായിരം കഥകളുണ്ട്. എണ്ണാൻ പാടില്ലാതെ സ്ത്രീകൾ തങ്ങളുടെ അഭിമാനം രക്ഷിക്കാൻ ആത്മഹത്യ ചെയ്തു. ഈ സാഹചര്യങ്ങളിൽ മൌണ്ട് ബാറ്റൺ പ്രഭു ഒരു എമർജൻസി കമ്മറ്റി രൂപീകരിച്ചു. പട്ടേലും നെഹ്രുവായും പൊതുചർച്ചകളുണ്ടായിട്ടും വിഭജനം ഒഴിവാക്കാൻ അവർ ആവശ്യപ്പെട്ടിട്ടും മൗണ്ട് ബാറ്റൺ സമ്മതിച്ചില്ല.

ജിന്ന ഇംഗ്ലണ്ടിൽ താമസിച്ചിരുന്ന കാലം 'ദാദാ ഭായി നവറോജിയുമായി ഒത്തോരുമിച്ചു പ്രവർത്തിച്ചിരുന്നു. നവറോജി യുകെ പാർലമെന്റ് മെമ്പറായി മത്സരിച്ചപ്പോൾ അദ്ദേഹത്തിൻറെ വിജയത്തിനായി ജിന്നയും ഒപ്പം പ്രവർത്തിച്ചു. നവറോജി ഒരു പാർസിയായിരുന്നു. പാർസിയ്ക്കു വേണ്ടി പ്രവർത്തിച്ച ജിന്നയുടെ മതേതരത്വ ചിന്താഗതിയാണ് അവിടെ വ്യക്തമാക്കുന്നത്'. 1904-ൽ നവറോജി ഇന്ത്യയിൽ വന്നപ്പോൾ അദ്ദേഹത്തിൻറെ പ്രസംഗങ്ങൾ ഡ്രാഫ്റ്റ് ചെയ്തു കൊടുത്തിരുന്നത് ജിന്നയായിരുന്നു.

ബംഗാളിനെ ബ്രിട്ടീഷ് കാലത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ തുടങ്ങിയപ്പോൾ 'ജിന്ന' അത് ശക്തിപൂർവ്വം പ്രതിക്ഷേധിച്ചു. മതങ്ങളുടെ അടിസ്ഥാനത്തിൽ, മുസ്ലിമുകളും ഹിന്ദുക്കളും വെവ്വേറെയായി പ്രാദേശിക അസബ്ലികളിൽ വോട്ടിങ്ങിനു തയ്യാറായപ്പോൾ അദ്ദേഹം അത് എതിർത്തു. 1906-ൽ മുസ്ലിം ലീഗ് സ്ഥാപിക്കുന്ന സമയം മതാടിസ്ഥാനത്തിലുള്ള ഒരു സംഘടനയെ ആദ്യം എതിർത്ത വ്യക്തിയും ജിന്നയായിരുന്നു. 1906-ൽ 'ആഗാ ഖാൻ' മുസ്ലിമുകളുടെ അവകാശങ്ങൾക്കായി 'ലോർഡ് മൺട്രോയെ'  കണ്ടിരുന്നു. മുസ്ലിമുകൾക്ക് മാത്രമായി ആനുകൂല്യങ്ങൾ ചോദിക്കുന്ന ആഗാഖാനെ ജിന്ന അന്ന് ചോദ്യം ചെയ്തു. മുസ്ലിം ലീഗെന്ന സംഘടന രൂപീകരിക്കുന്നതിലും അദ്ദേഹം എതിർത്തിരുന്നു. അദ്ദേഹം ഡെഹ്‌റാഡൂണിൽ ഇന്ത്യൻ മിലിട്ടറി അക്കാദമി സ്ഥാപിച്ചവരിൽ ഒരാളായിരുന്നു.

1916-ൽ ആനീ ബസന്റും ബാലഗംഗാധര തിലകും രൂപീകരിച്ച 'ആൾ ഇന്ത്യ ഹോം റൂൾ ലീഗിനെ' പിന്തുണച്ചു. ഇന്ത്യയുടെ ആഭ്യന്തര ഭരണം പിടിച്ചെടുക്കുകയായിരുന്നു സംഘടനയുടെ ലക്‌ഷ്യം. എന്നാൽ യുദ്ധകാലം ആയിരുന്നതുകൊണ്ട് അത്തരം ആവശ്യങ്ങൾ ബ്രിട്ടീഷുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. സ്വയം ഭരണാവകാശത്തിനുള്ള ആദ്യത്തെ പടിയായി ഈ സ്വാതന്ത്ര്യ സമര നീക്കത്തെ കണക്കാക്കാം. ഗാന്ധിജിയുടെ നിസഹകരണ പ്രസ്ഥാനത്തെ സ്വരാജ് പാർട്ടി ഒന്നടങ്കം എതിർത്തിരുന്നു. 'ജിന്നാ' നല്ലയൊരു രാഷ്ട്ര തന്ത്രജ്ഞനായിരുന്നതുകൊണ്ടു സ്വയം ഭരണമെന്ന ആശയത്തെ അനേകമാളുകൾ ഇഷ്ടപ്പെട്ടിരുന്നു. വലിയൊരു ജനവിഭാഗം ജിന്നയോടൊപ്പം സ്വരാജ് പാർട്ടിയിൽ ചേരുകയും ചെയ്തു. ബ്രിട്ടനിൽ നടന്ന ആദ്യത്തെ രണ്ടു റൗണ്ട് ടേബിൾ കോൺഫെറൻസിലും ജിന്ന ഹാജരായിരുന്നു. മൂന്നു കോൺഫറൻസുകളും ബ്രിട്ടീഷുകാരോട് ഒരു ഒത്തുതീർപ്പുണ്ടാക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടിരുന്നു. അന്ന് മുസ്ലിമുകളുടെ പ്രതിനിധിയായല്ല അദ്ദേഹം വട്ടമേശസമ്മേളനത്തിൽ പങ്കുകൊണ്ടത്.

വട്ടമേശ സമ്മേളനം പരാജയപ്പെട്ടപ്പോൾ അദ്ദേഹം ലണ്ടനിൽ കുറച്ചുകാലം കൂടി തങ്ങി. അവിടെ 'അല്ലാമാ ഇഖ്‌ബാലും'  'ലിയഖാത്ത് ആലിയും' ഇന്ത്യയിലേക്ക് മടങ്ങിപ്പോവാനും മുസ്ലിമുകൾക്കുവേണ്ടി നിലകൊള്ളാനും അദ്ദേഹത്തെ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. മുസ്ലിം ലീഗും കോൺഗ്രസ്സും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ കാരണം പരസ്പ്പരം മല്ലടിച്ചു കഴിഞ്ഞിരുന്നു. 1946 വരെ 'ജിന്ന' ഒരു ഏകഭാരതത്തിനു വേണ്ടി നിലകൊണ്ടു. അതിനായി അദ്ദേഹം ലോർഡ് മൗണ്ട് ബാറ്റൺ പ്രഭുവിനെ കണ്ടു. രാജ്യം വിഭജിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു. എന്നാൽ മൗണ്ട് ബാറ്റൺ ഒട്ടും വഴങ്ങാതെ ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തിനായി നിലകൊണ്ടു. ഇന്ത്യ ഒന്നാണെങ്കിൽ അത് ഒരു വൻശക്തിയായി നിലകൊള്ളുമെന്നും ജിന്ന അന്നുവരെ വിശ്വസിച്ചിരുന്നു.

1937-ൽ ചില പ്രൊവിൻസുകളുടെ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ്സ്, മുസ്ലിം ലീഗുമായി സഹകരിക്കാൻ തയ്യാറായിരുന്നില്ല. ഹിന്ദുക്കളും മുസ്ലിമുകളും തമ്മിലുള്ള ബന്ധം വഷളാകാനും തുടങ്ങി. 1940-ൽ ലാഹോറിൽ നടന്ന മുസ്ലിം ലീഗ് മീറ്റിംഗിൽ ഇന്ത്യ വിഭജിക്കാനും മുസ്ലിമുകൾക്കു മാത്രമായ പാക്കിസ്ഥാൻ എന്ന രാജ്യം രൂപീകരിക്കാനും ആവശ്യപ്പെട്ടു. ഹിന്ദു മുസ്ലിം ഐക്യം സാധ്യമാണെന്നായിരുന്നു ജിന്ന ചിന്തിച്ചിരുന്നത്. എന്നാൽ മനസില്ലാ മനസോടെ മുസ്ലിമുകളുടെ സുരക്ഷതയ്ക്ക് പാക്കിസ്ഥാൻ ആവശ്യമാണെന്നുള്ള വാദത്തോട് യോജിക്കുകയായിരുന്നു. ബ്രിട്ടീഷ് സർക്കാരുമായുള്ള ചർച്ചകളിൽ ബ്രിട്ടീഷുകാർ വിഭജനത്തിനു അനുകൂലമായിരുന്നു. അങ്ങനെ 1947 ഓഗസ്റ്റ് പതിന്നാലാം തിയതി പാക്കിസ്ഥാൻ എന്ന രാഷ്ട്രം ഉണ്ടായി. ഇത് ഹിന്ദുക്കളും മുസ്ലിമുകളും സിക്കുകാരും തമ്മിൽ വലിയ തോതിൽ കലാപത്തിന് കാരണമായി. 'ജിന്ന' പാകിസ്ഥാന്റെ ആദ്യത്തെ ഗവർണ്ണർ ജനറലുമായി. ജിന്ന' അധികാരമെടുത്തയുടൻ പറഞ്ഞു, "രാജ്യം അരാജകത്വമാകുമെന്നും ഇങ്ങനെയെല്ലാം സംഭവിക്കുമെന്നും ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. എന്റെ ജീവിതകാലത്തു പാക്കിസ്ഥാനെന്ന രാജ്യമുണ്ടാകുമെന്ന് വിചാരിച്ചിരുന്നുമില്ല."

പാക്കിസ്ഥാൻ എന്ന രാജ്യത്തിന്റെ ഗവർണ്ണർ ജനറലെന്ന നിലയിൽ ജിന്നയുടെ കന്നി പ്രസംഗം ഹൃദ്യമായിരുന്നു. അദ്ദേഹം പറഞ്ഞു, "നിങ്ങൾക്ക് ഹിന്ദുവാകാം, മുസ്ലിമാകാം, സിക്കാകാം. എന്നാൽ മതത്തിന്റെ പേരിൽ വിഭിന്നതകൾ പാടില്ല. മനുഷ്യൻ മനുഷ്യനെ പരസ്പ്പരം വേർതിരിച്ചുള്ള മതത്തിന്റെ സങ്കുചിത ചിന്താഗതിയിൽ നിന്ന് നാം മുക്തരാകേണ്ടതുണ്ട്. മത വിവേചനം നമ്മുടെ സമൂഹത്തിൽ നിന്നും പാടെ ഇല്ലാതാക്കാൻ നാം ഓരോരുത്തരും പരിശ്രമിക്കണം. നമുക്ക് സ്വാതന്ത്ര്യവും സ്വരാജ്യവും ലഭിക്കുന്നതിന് തടസമായിരുന്നത് ഇത്തരം മനുഷ്യനിലുണ്ടായിരുന്ന വർഗീയ ചിന്തകളായിരുന്നു. ഇവയില്ലായിരുന്നെങ്കിൽ സ്വാതന്ത്ര്യം വളരെ മുമ്പേ നമുക്ക് ലഭിക്കുമായിരുന്നു. നിങ്ങളുടെ ഏതു ജാതിയും മതവും രാജ്യകാര്യങ്ങളെ ബാധിക്കില്ല." സ്വാർത്ഥ രാഷ്ട്രീയത്തിലും മതത്തിലും അടിസ്ഥാനമായ ഒരു പുതിയ രാഷ്ട്രത്തിന്റെ തലവന്റെ വാക്കുകളാണ് ഇതെന്നും ഓർക്കണം. മതേതരത്വത്തിൽ വിശ്വസിച്ചിരുന്ന ഒരു നേതാവായിരുന്നു ജിന്നായെന്നു ഇതിൽ കൂടുതൽ തെളിവിന്റെ ആവശ്യമുണ്ടോ? 1948 സെപ്റ്റംബർ പതിനൊന്നാം തിയതി ക്ഷയരോഗ ബാധിതനായി അദ്ദേഹം മരണമടഞ്ഞു.

സ്വാതന്ത്ര്യ സമരം ശരിയായി പഠിച്ചിട്ടുള്ളവർക്ക് ജിന്നയുടെ വ്യക്തി സ്വഭാവവും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ജിന്ന ആരെന്നും ശരിക്കും മനസിലാക്കാൻ സാധിക്കും. എന്നിട്ടും പൊതുസമൂഹത്തിൽ ജിന്നയെ വെറുക്കപ്പെട്ട ഒരു കഥാപാത്രമായി രാഷ്ട്രീയവും ചരിത്രവും പഠിപ്പിക്കുന്നു. അതിനെതിരായി, അത് തിരുത്താനായി ജസ്വന്ത് സിങ്, 'ജിന്നയും ഇന്ത്യയും വിഭജനവും സ്വാതന്ത്ര്യവും' എന്ന പേരിൽ ഇംഗ്ളീഷിൽ ഒരു പുസ്തകം എഴുതിയിരുന്നു. ആ പുസ്തകം നിരോധിക്കാൻ കോൺഗ്രസ് ഉൾപ്പടെയുള്ള മത വർഗീയ വാദികൾ ഒച്ചപ്പാടുകൾ ഉണ്ടാക്കിയിരുന്നു. മുഹമ്മദാലി ജിന്ന ക്രൂരനായ ഒരു മുസ്ലിമും ഒറ്റുകാരനുമെന്നത് ജനങ്ങളുടെ മനസ്സിൽ പതിഞ്ഞിരിക്കേണ്ടത് രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടിയാണ്. നെഹ്രുവിനെപ്പോലെയോ പട്ടേലിനെപ്പോലെയോ ജനങ്ങളുടെ മനസ്സിൽ പടുത്തുയർത്തിയിരിക്കുന്ന വിഗ്രഹത്തെക്കാൾ മറ്റൊരു വിഗ്രഹത്തെ വാർത്തെടുക്കാൻ, രാഷ്ട്രീയ പുങ്കവന്മാർ ആഗ്രഹിക്കില്ല.

"സത്യമേവ ജയതേ" ("Truth Alone Triumphs") എന്നത് ഭാരതത്തിന്റെ ദേശീയ മുദ്യാവാക്യം ആകുന്നു. എന്നാൽ സത്യം പറയുന്നവരെ തീയിലിട്ടു ചുടുകയെന്ന തന്ത്രവും രാഷ്ട്രീയ ചിന്തകളുടെ ഭാഗമാണ്. വിഭജനവും വിഭജനകാലത്തെ ദുരന്തവും ഏറ്റെടുക്കാൻ ഒരു വില്ലനെ വേണമായിരുന്നു. ആ വില്ലന്റെ പദവി ജിന്നയ്ക്ക് ലഭിക്കുകയും ചെയ്തു. ഇന്ത്യൻ ജനങ്ങളുടെ മനസ്സിൽ നിന്ന് ജിന്നയെന്ന വില്ലനെ എടുത്തുകളയാനും പ്രയാസമായിരിക്കും. ചരിത്രത്തിൽ കൊഴിഞ്ഞു പോയ ഭൂതകാലത്തേക്കാളും പ്രാധാന്യം ഇന്നുള്ള വർത്തമാന കാലങ്ങൾക്കാണ്. അതുകൊണ്ട് വില്ലൻ വേഷം അണിഞ്ഞിരിക്കുന്ന ജിന്ന മത മൗലിക വാദി, ഭാരതത്തെ രണ്ടാക്കിയവൻ എന്നിങ്ങനെ നാളെയുടെ ചരിത്രത്തിലും കറുത്ത മഷികൊണ്ടുതന്നെ രേഖപ്പെടുത്തിയിട്ടുമുണ്ടാകാം. സ്‌കൂളുകളിൽ പാഠപുസ്തകങ്ങളിലെ വില്ലനെന്ന ജിന്നയെ ഒരു ബിംബംപോലെ കുട്ടികളുടെ മനസ്സിൽ പതിപ്പിച്ചുകൊണ്ടുമിരിക്കും. എങ്കിൽ മാത്രമേ രാഷ്ട്രത്തിന്റെ മേധാവിത്വവും അധികാരവും ചിലരുടെ കൈകളിൽ മാത്രം കുത്തകയാക്കാൻ സാധിക്കുള്ളൂ.








Rattanbai "Ruttie" Jinnah

-----------




Saturday, May 5, 2018

സീറോ മലബാർ സഭയും കത്തോലിക്ക അസ്ഥിത്വവും പോരാട്ടങ്ങളും








ജോസഫ് പടന്നമാക്കൽ 

'കത്തോലിക്ക' എന്ന വാക്ക് ഉത്ഭവിച്ചത് ഗ്രീക്കു പദത്തിൽ നിന്നാണ്. 'സാർവത്രിക'മെന്നാണ് അതിന്റെ അർത്ഥം. റോമ്മുമായി കൂദാശകളിൽ പങ്കുചേരുന്ന സഭകൾക്കാണ് സാധാരണയായി ഈ  വാക്ക് പ്രയോഗിക്കുന്നത്. ഇന്ത്യയിലാകമാനം ഏകദേശം ഇരുപതു മില്യൺ കത്തോലിക്ക ജനസംഖ്യയുണ്ടെന്നു   കണക്കാക്കിയിരിക്കുന്നു. ക്രിസ്ത്യൻ സഭകളിൽ എണ്ണംകൊണ്ട് കത്തോലിക്ക സഭയാണ് ഏറ്റവും വലിയ സഭ.  സഭയിൽ ഏകദേശം 174 രൂപതകൾ അതാത് മെത്രാന്മാരുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അതിൽ 132 രൂപതകൾ ലാറ്റിൻ സമുദായത്തിന്റേതാണ്. 31 സീറോ മലബാർ രൂപതയും പതിനൊന്നു സീറോ മലങ്കര രൂപതകളും  സഭയ്ക്കുണ്ട്. ക്നാനായ രൂപതകൾ സീറോ മലബാർ രൂപതകളിൽ ഉൾപ്പെടും.  ക്രിസ്‌ത്യാനികളെ നസ്രാണി ക്രിസ്ത്യാനികളെന്നും വിളിച്ചിരുന്നു. നസ്രാണിയെന്നുള്ളത് സുറിയാനി പദമാണ്. നസ്രായക്കാരനായ യേശുവിന്റെ പിൻഗാമികളെന്നാണ് അർത്ഥം.

കേരളത്തെ ഇന്ത്യയിലെ കത്തോലിക്കരുടെ 'വത്തിക്കാൻ' എന്ന് വിളിക്കുന്നതിൽ അതിശയോക്തിയില്ല. ഇവിടെ  ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത് സെന്റ് തോമസ് ഇന്ത്യയിൽ വന്നു ക്രിസ്തുമതം പ്രചരിപ്പിച്ചുവെന്നാണ്. രണ്ടാമത് പോർട്ടുഗീസ് മിഷ്യനറിമാർ വന്നു ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ സാമൂഹിക ജീവിതത്തെ പരിവർത്തനാത്മകമാക്കി ചരിത്രം തന്നെ മാറ്റിയെഴുതിയെന്നുള്ളതാണ്. മൂന്നാമത് ക്രിസ്ത്യാനികളുടെ പ്രധാന സംഭവങ്ങൾ മുഴുവൻ നടന്നത് കേരളത്തിലാണ്. 1599-ലെ ഉദയം പേരൂർ സൂനഹദോസ്, 1652-ലെ മട്ടാഞ്ചേരിയിൽ നടന്ന കൂനൻ കുരിശു സത്യം, 1874-ലെ തൃശൂരിലുണ്ടായ കൽദായ വാദികളുമായ വിഭജനം, എന്നിങ്ങനെയുള്ള സംഭവങ്ങൾക്കെല്ലാം കേരളം ദൃക്‌സാക്ഷിയായിരുന്നു. കൂടാതെ ഇന്ത്യയുടെ മൊത്തം  കത്തോലിക്കരുടെ പകുതിയും കേരളത്തിലാണ് വസിക്കുന്നത്.

മലബാർ ക്രിസ്ത്യാനികൾ അല്ലെങ്കിൽ സിറോ മലബാർ ക്രിസ്ത്യാനികൾ കിഴക്കിലെയും പൗരസ്ത്യ നാടുകളിലെയും പേർഷ്യയുടെയും സിറിയായുടെയും ആരാധന ക്രമങ്ങൾ ആചരിച്ചിരുന്നതുകൊണ്ടാണ് അവരെ അങ്ങനെ അറിയപ്പെട്ടിരുന്നത്. പേർഷ്യയിൽ നിന്നു വന്നിരുന്ന ബിഷപ്പുമാരുടെ കീഴിലായിരുന്നു ആദ്യകാലത്തെ ക്രിസ്ത്യാനികൾ ആത്മീയ ആവശ്യങ്ങൾ നിർവ്വഹിച്ചിരുന്നത്. പോർട്ടുഗീസുകാർ ഇന്ത്യയിൽ വന്ന കാലത്ത് സുറിയാനി ക്രിസ്ത്യാനികൾ ബാബിലോണിയൻ പാത്രിയാക്കീസുമാരുടെ നിയന്ത്രണത്തിലായിരുന്നു. അവരുടെ സഭാ സംബന്ധമായ ഭാക്ഷ സുറിയാനിയായിരുന്നു. ഭാരതീയ സാഹചര്യങ്ങൾ അനുസരിച്ച് കുർബാന ക്രമത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്നു.  ചരിത്രകാരന്മാരുടെ കണക്കുകൂട്ടലിൽ നാലാം നൂറ്റാണ്ടുമുതൽ ഇന്ത്യയിൽ കൃസ്തുമതം പ്രചരിച്ചിരുന്നുവെന്നാണ്.

ക്രിസ്തുശിക്ഷ്യൻ, അവിശ്വാസിയായ തോമസ് ഇന്ത്യയിൽ വന്നു ക്രിസ്തുമതം പ്രചരിപ്പിച്ചുവെന്നാണ് കേരള ക്രിസ്ത്യാനികളുടെയിടയിലെ പരക്കെയുള്ള വിശ്വാസം. സെന്റ് തോമസ് ഭാരതത്തിൽ വന്നതിന്റെ തെളിവുകൾ ചോദിച്ചാൽ 'കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ' എന്ന ക്രിസ്തു വചനം മാത്രമേ ഉത്തരമുള്ളൂ. കാരണം, ക്രിസ്തു മൂന്നാം നാൾ ഉയർത്തുവെന്ന വിശ്വാസം അവിശ്വാസിയായ തോമസ് വിശ്വസിച്ചില്ല. അതുപോലെ ഇന്നുള്ള ആധുനിക ചരിത്രകാരും തോമസിന്റെ ഇന്ത്യയിലെ പ്രേഷിത ദൗത്യത്തെ അംഗീകരിക്കുന്നില്ല.  ഒരു സിറിയൻ കച്ചവടക്കാരനായ ക്നാനായ തോമസ് ഭാരതത്തിൽ വന്നു ക്രിസ്തുമതം പ്രചരിപ്പിച്ചുവെന്നും ഇവിടെ കോളനികൾ സ്ഥാപിച്ചുവെന്നും മറ്റൊരു വിശ്വാസവുമുണ്ട്. കേരളത്തിലെ ക്രിസ്തീയ വിശ്വാസം അടിസ്ഥാനമില്ലാത്ത രണ്ടു ദിവ്യന്മാരാൽ പടുത്തുയർത്തിയെന്നു വേണം ചിന്തിക്കാൻ.

ആറാം നൂറ്റാണ്ടിൽ ചെന്നൈയിൽ മൈലാപ്പൂരെന്ന ഗ്രാമത്തിൽ സെന്റ് തോമസിന്റെ കുഴിമാടം കണ്ടുപിടിച്ചത് അർമേനിയൻ ക്രിസ്ത്യാനികളാണ്. അതേ സ്ഥാനത്ത് അവർ അവിടെ ഒരു പള്ളിയും പണിതു. യാത്രികനായിരുന്ന മാർക്കോപോളോ ഈ പള്ളി സന്ദർശിച്ചിരുന്നുവെന്നും വിശ്വസിക്കുന്നു. 1523-ൽ പോർട്ടുഗീസുകാർ തോമസ് കുഴിമാടത്തിൽ ഒരു പള്ളി പണിതു. ആ പള്ളിയെ 'സാൻ തോം' എന്ന് വിളിച്ചു. 1606-ൽ പോർട്ടുഗൽ രാജാവായിരുന്ന ഫിലിപ്പ് രണ്ടാമന്റെ അപേക്ഷപ്രകാരം 'പോപ്പ് പോൾ അഞ്ചാമൻ' സെന്റ് തോമസ് പള്ളിയെ ബസ്‌ലീക്കായായി ഉയർത്തി. 1898-ൽ 'ഡോം ഹെൻറിക്‌സ് റീഡ് ഡീ സിൽവാ' മൈലാപ്പൂരിലെ ആദ്യത്തെ ബിഷപ്പായി നിയമിതനായി. അവിടെ ഗോതിക്ക് മാതൃകയിലുള്ള കത്തീഡ്രൽ പണിയുകയും ചെയ്തു.

പടിഞ്ഞാറേ മിഷനറിമാർ ഇന്ത്യയിൽ വന്നപ്പോൾ ക്രിസ്ത്യാനികൾ നെസ്തോറിയൻ വിശ്വാസമായിരുന്നു പുലർത്തിയിരുന്നത്. അത്തരം വിശ്വാസം അവർക്ക് അസഹനീയമായിരുന്നു. എന്നാൽ ചില ചരിത്രകാരന്മാർ എഴുതിയിരിക്കുന്നത്, 'യൂറോപ്യൻ മിഷ്യനറിമാർ ഇന്ത്യയിൽ വരുന്ന സമയം ആദ്യമ ക്രിസ്ത്യാനികളുടെ വിശ്വാസം നെസ്തോറിയനിസമായിരുന്നില്ല മറിച്ച് കിഴക്കേ സിറിയാ ആചരിച്ചുവന്നിരുന്ന കത്തോലിക്ക വിശ്വാസമായിരുന്നു'വെന്നാണ്. ഇവിടെ ചരിത്രകാരുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിൽ, വ്യക്തമായ ഒരു ഉത്തരം ലഭിക്കുക പ്രയാസമാണ്.

1247 മുതൽ 1328 വരെ ജീവിച്ചിരുന്ന 'ജോൺ ജിയോവാന്നി മോണ്ടെ കാർവിനോ ' എന്ന ഇറ്റാലിയൻ ഫ്രാൻസിസ്‌ക്കൻ പുരോഹിതൻ ഇന്ത്യയിലെ ക്രിസ്തുമതം പ്രചരിപ്പിച്ച ആദ്യകാല മിഷിനറിയായി കരുതുന്നു. അദ്ദേഹം റോമൻ കത്തോലിക്ക മതം ഇന്ത്യയിലും ചൈനയിലും പ്രചരിപ്പിച്ചിരുന്നു. പീക്കിങ്ങിലെ ആർച്ച് ബിഷപ്പും പൗരസ്ത്യ ദേശങ്ങളിലെ ചുമതലകളും വഹിച്ചിരുന്നു. പതിമൂന്നു മാസം ചെന്നൈയിൽ സെന്റ് തോമസ് മൗണ്ടിനു സമീപം മതം പ്രസംഗിച്ചു. എ.ഡി. 1291 അല്ലെങ്കിൽ എ.ഡി. 1292-ൽ നൂറു കണക്കിന് ജനത്തെ മാമ്മൂദീസ നൽകി കത്തോലിക്ക സഭയിൽ ചേർത്തു. കേരളത്തിലെ ആദ്യത്തെ റോമ്മൻ കത്തോലിക്ക രൂപത 1329 ആഗസ്റ്റ് ഒമ്പതാം തിയതി കൊല്ലത്തു സ്ഥാപിച്ചു. പോപ്പ് ജോൺ പന്ത്രണ്ടാമനായിരുന്നു രൂപത സ്ഥാപിക്കാൻ അനുവാദം നൽകിയത്. ഫ്രഞ്ച് ഡൊമിനിക്കനായ 'ജോർഡാനസ് കാറ്റാലനിഡീ സെവേരക്കിനെ' ആദ്യത്തെ ബിഷപ്പായും കൊല്ലത്തു  വാഴിച്ചു.

1498-ൽ പോർട്ടുഗീസ് നാവികനായ വാസ്കോഡി ഗാമ കോഴിക്കോട് എത്തി. എന്നാൽ കോഴിക്കോട് സാമൂതിരി വാസ്‌ക്കോഡി ഗാമയ്ക്ക് സ്വാഗതം നൽകിയില്ല. അറബികളെ പ്രീതിപ്പെടുത്തുന്ന നയമായിരുന്നു സാമൂതിരിക്കുണ്ടായിരുന്നത്. അക്കാലത്ത് കോഴിക്കോട് സാമൂതിരിയും കൊച്ചി രാജാവും തമ്മിൽ ശത്രുതയിലായിരുന്നു. പോർട്ടുഗീസുകാരെ ഹാർദ്ദമായി കൊച്ചി രാജാവ് സ്വീകരിച്ചു. സാമൂതിരിക്കെതിരെ പടയോട്ടം നയിക്കാൻ പോർട്ടുഗീസുകാരുടെ സഹായം ബലവത്താകുകയും ചെയ്തു. കൊച്ചിയിൽ വാണിജ്യം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും കൊച്ചി രാജാവ് പോർട്ടുഗീസുകാർക്ക് നൽകി. കേരളത്തിന്റെ തീരത്ത് ശക്തമായ ഒരു വ്യവസായ സാമ്രാജ്യം സ്ഥാപിക്കാൻ പോർട്ടുഗീസുകാർക്ക് അതൊരു അവസരമായിരുന്നു. കോലത്തിരി രാജാവും പോർട്ടുഗീസ് നാവികരെ സഹായിച്ചിരുന്നു. ഒന്നര നൂറ്റാണ്ടോളം വാണിജ്യ ബന്ധം തുടർന്നു. 1504-ൽ പോർട്ടുഗീസുകാർ സാമൂതിരിയിൽനിന്നും കൊടുങ്ങല്ലൂരും തൃശൂരും പിടിച്ചെടുത്തു.

1510-ൽ പോർട്ടുഗീസുകാർ ഗോവാ പിടിച്ചെടുക്കുകയും ഗോവയെ പോർട്ടുഗലിന്റെ കിഴക്കിന്റെ തലസ്ഥാനമായി കരുതുകയും ചെയ്തു. സഭാ സംബന്ധമായ വിഷയങ്ങളുടെ കേന്ദ്രമായും ഗോവയെ കരുതിയിരുന്നു. 1534-ൽ ഗോവയിൽ ബിഷപ്പുണ്ടാവുകയും 1557-ൽ അതിരൂപതയാവുകയും ചെയ്തു. കേരളം ഉൾപ്പെട്ട പ്രദേശങ്ങളുടെ ആത്മീയ നിയന്ത്രണവും ഗോവയിലെ ബിഷപ്പിനായിരുന്നു. 1541-ൽ അവർ കൊടുങ്ങല്ലൂരിൽ ഒരു സെമിനാരി സ്ഥാപിക്കുകയുമുണ്ടായി. 1542-ൽ ഈശോ സഭാ വൈദികരും 1548-ൽ ഡോമിനക്കൻ പുരോഹിതരും മിഷ്യനറി പ്രവർത്തനങ്ങൾക്കായി എത്തി. 1542-ൽ ഈശോ സഭാ വൈദികനായിരുന്ന ഫ്രാൻസീസ് സേവിയർ ഗോവായിൽ വന്നെത്തുകയും ഗോവാ കേന്ദ്രമാക്കി മിഷ്യൻ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തു. താഴ്ന്ന വിഭാഗങ്ങളിലുള്ള ഹിന്ദുക്കൾ ഉയർന്ന ജാതികളുടെ മനുഷ്യത്വ രഹിതമായ പീഡനം മൂലം ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു.

പോർട്ടുഗീസുകാരുടെ സമ്മർദ്ദത്തോടെ ക്രിസ്ത്യാനികളിൽ നിരവധി സാമൂഹിക പരിഷ്‌ക്കാരങ്ങൾ നടപ്പാക്കി.  1599 ജൂൺ ഇരുപതാം തിയതി കൂടിയ ഉദയംപേരൂർ സുന്നഹദോസിൽ വന്നെത്തിയ പ്രമാണിമാർ ഒറ്റമുണ്ടും ധരിച്ചുകൊണ്ടായിരുന്നു സമ്മേളനത്തിൽ പങ്കെടുത്തിരുന്നത്. അക്കാലത്ത് ക്രിസ്ത്യാനികളുടെ തലയിൽ പ്രാകൃതമായ രീതിയിൽ ഒരു തരം വിചിത്രമായ കുടുമ്മ കെട്ടി വെക്കുമായിരുന്നു. മറ്റു ജാതികളിൽനിന്നും വ്യത്യസ്തമായി കുടുമ്മയുടെ അറ്റത്ത് ഒരു കുരിശും കാണും. അവർ ക്രിസ്ത്യാനികളെന്ന് തിരിച്ചറിഞ്ഞിരുന്നതും കുടുമ്മയിൽ കുരിശു കാണുമ്പോഴായിരുന്നു. കാതിൽ വലിയ കടുക്കനും ധരിച്ചിരുന്നു. മഴക്കാലത്തു ഓലക്കുട ചൂണ്ടുകയോ തൊപ്പിക്കുട ധരിക്കുകയോ ചെയ്തിരുന്നു. ഉടുത്തിരുന്ന തുണിക്കുപുറമെ അരയിൽ ചുവന്ന കച്ചയും കെട്ടിയിരുന്നു. കച്ചയ്ക്കുള്ളിൽ പണവും സൂക്ഷിച്ചിരുന്നു. മന്ത്രവാദം, കൂടോത്രം, ജാതകപൊരുത്തമെല്ലാം ക്രിസ്ത്യാനികളുടെ തൊഴിലായിരുന്നു. പോർട്ടുഗീസുകാരുടെ സാമൂഹിക പരിഷ്‌ക്കാരങ്ങളിൽക്കൂടിയാണ് അക്രൈസ്തവമായ അത്തരം ദുരാചാരങ്ങൾ ഇല്ലാതായത്. തീണ്ടൽ, തൊടീൽ എന്നിങ്ങനെയുള്ള ആചാരങ്ങൾ കൃസ്ത്യൻ സഭകളിൽ പാടില്ലാന്നുള്ള കർശന നിയമങ്ങളും പോർട്ടുഗീസുകാർ കൊണ്ടുവന്നിരുന്നു.

കേരള ക്രൈസ്തവരുടെ പിന്തുടർച്ച അവകാശത്തെപ്പറ്റിയും സുന്നഹദോസിൽ ചർച്ച ചെയ്തിരുന്നു. ആൺക്കുട്ടികൾ ഇല്ലാത്ത വീടുകളിൽ സ്വത്തുക്കൾ പെൺമക്കൾക്ക് നൽകണമെന്ന വ്യവസ്ഥ സൂനഹദോസ് പ്രമാണത്തിൽ എഴുതി ചേർത്തു. അക്കാലത്ത് ക്രിസ്ത്യാനികളുടെയിടയിൽ ബാല്യകാല വിവാഹം സാധാരണമായിരുന്നു. അത്,  അനുവദിച്ചുകൂടായെന്നും സൂനഹദോസ് തീരുമാനിച്ചു. ആണിനും പെണ്ണിനും വിവാഹം കഴിക്കേണ്ട പ്രായവും തീരുമാനിച്ചു. അന്യായ പലിശ വാങ്ങുന്നതും ക്രിസ്തീയതയ്‌ക്കെതിരെന്നു സൂനഹദോസ് പാസാക്കി. ജാതക പൊരുത്തമില്ലാതെ ചീത്ത നക്ഷത്രത്തിൽ പിറക്കുന്ന കുട്ടികളെ കൊല്ലുന്ന പതിവ്  ഹൈന്ദവരെപ്പോലെ ക്രിസ്ത്യാനികളിലുമുണ്ടായിരുന്നു.  അത്തരം ക്രൂരപ്രവർത്തികൾ ഇല്ലാതാക്കിയുള്ള നിയമങ്ങളുമുണ്ടാക്കി.  സൂനഹദോസിൽ നിരവധി സാമൂഹിക പരിഷ്‌ക്കാരങ്ങൾ നടപ്പാക്കിയതുമൂലം യാഥാസ്ഥിതിക ക്രിസ്ത്യാനികളുടെ എതിർപ്പുകൾ ശക്തമായി നേരിടേണ്ടി വന്നു. ഒടുവിൽ അത് കൂനൻ കുരിശു സത്യത്തിലേക്ക് നയിക്കുകയായിരുന്നു.

പോർട്ടുഗൽ രാജാവ് കോളനികൾ സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ കത്തോലിക്ക മതം പ്രചരിപ്പിക്കുന്നതിനും അവിടെ സഭാപരമായ തീരുമാനങ്ങൾ എടുക്കാനും രാജാവിന് അധികാരമുണ്ടെന്നുള്ള വത്തിക്കാന്റെ ഒരു കൽപ്പന അക്കാലത്തുണ്ടായിരുന്നു. കോളനികളിൽ ബിഷപ്പുമാരെ നിയമിക്കാനും പോർട്ടുഗൽ രാജാവിന് അധികാരം കൊടുത്തിരുന്നു. അങ്ങനെ കേരളത്തിലും ഫ്രാൻസീസ് അസീസ് എന്ന ഈശോ സഭാ പുരോഹിതനെ മെത്രാപ്പോലീത്തായായി നിയമിച്ചു. ആദ്യം അദ്ദേഹം അങ്കമാലിയിലും പിന്നീട് കൊടുങ്ങല്ലൂർ രൂപതയിലും സേവനം ചെയ്തു. 1624 മുതൽ 1641 വരെ  'സ്റ്റീഫൻ ബ്രിട്ടോ' അദ്ദേഹത്തിൻറെ പിൻഗാമിയായിരുന്നു. പിന്നീട് 1641-ൽ ഫ്രാൻസിസ് ഗാർസിയ ആർച്ചു ബിഷപ്പായി സഭയെ ഭരിച്ചു. പോർട്ടുഗീസു ബിഷപ്പുമാർ! സഭയെ ഭരിക്കുന്നത് ദേശീയ ക്രിസ്ത്യാനികൾ ഇഷ്ടപ്പെട്ടിരുന്നില്ല. അസന്തുഷ്ടരായ ജനങ്ങൾ സ്വന്തം നാട്ടിൽനിന്ന് മെത്രാന്മാരെ ലഭിക്കാത്ത പക്ഷം പേർഷ്യയിൽ നിന്ന് ഒരു ബിഷപ്പിനെ വരുത്താൻ ആഗ്രഹിച്ചു. നാട്ടു മെത്രാനുവേണ്ടിയുള്ള  അപേക്ഷകളും ഗോവൻ മെത്രാപ്പോലീത്തായ്ക്കു അയച്ചുകൊണ്ടിരുന്നു.

സുറിയാനി ക്രിസ്ത്യാനികൾ തോമ്മാ ശ്ലീഹായുടെ പിന്തുടർച്ചയിൽ വിശ്വസിച്ചിരുന്നതുകൊണ്ടു സുറിയാനി ഭാഷയുടെ സ്ഥാനത്ത് ലത്തീൻ ഭാക്ഷ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. അങ്ങനെ രണ്ടു ഗ്രുപ്പുകളും തമ്മിൽ ശത്രുതയുമാരംഭിച്ചു. പോർട്ടുഗീസുകാർക്ക് രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നതുകൊണ്ടു സുറിയാനി ക്രിസ്ത്യാനികളും പേർഷ്യൻ പാത്രിയാക്കീസുമാരുമായുള്ള ബന്ധങ്ങൾ വിച്ഛേദിക്കാനും അവർക്ക് സാധിച്ചു. എന്നിട്ട് ക്രിസ്ത്യാനികളെ അവരുടെ അധികാര പരിധിയിൽ കൊണ്ടുവരുകയുമുണ്ടായി. പേർഷ്യൻ മെത്രാന്മാരെ കേരളത്തിൽ എത്തിക്കാതിരിക്കാനുള്ള എല്ലാ അടവുകളും അവർ പ്രയോഗിച്ചിരുന്നു. പേർഷ്യയിൽനിന്നും മാർ എബ്രാഹം കേരളത്തിലെത്തിയപ്പോൾ അദ്ദേഹത്തിന് വലിയ പ്രതിക്ഷേധങ്ങൾ നേരിടേണ്ടി വന്നു. പോർട്ടുഗീസ് അധികാരികൾ മടക്കി അയക്കുമെന്ന ഭീക്ഷണികളും മുഴക്കിയിരുന്നു. എങ്കിലും 1597 മരണം വരെ അദ്ദേഹം പ്രതിസന്ധികളിൽക്കൂടി ക്രിസ്ത്യാനികളെ നയിച്ചുകൊണ്ടിരുന്നു.

1652-ൽ സുറിയാനി ക്രിസ്ത്യാനികളുടെ അപേക്ഷപ്രകാരം ബാബിലോണിയൻ പാത്രിയർക്കീസ് സുറിയാനി സഭയുടെ ഭരണത്തിനായി 'ബിഷപ്പ് അഹത്തുള്ളാ'യെ കേരളത്തിലേക്ക് അയച്ചു. എന്നാൽ പോർട്ടുഗീസ് അധികാരികൾ അദ്ദേഹത്തെ കേരളത്തിൽ കാലു കുത്താൻ അനുവദിച്ചില്ല. അവർ അദ്ദേഹത്തെ ഗോവയിലേക്ക് നാട് കടത്തി. കൊച്ചിയിൽ അഹത്തുള്ളായെ പോർട്ടുഗീസുകാർ മുക്കിക്കൊന്നുവെന്ന ഒരു വ്യാജ വാർത്തയും പ്രചരിച്ചിരുന്നു. നിരാശരായ ജനം മട്ടാഞ്ചേരി കുരിശിനു ചുറ്റും കൂടി 'ഇനിമേൽ ഗോവാ ബിഷപ്പിന്റെ അധികാരത്തിൽ തങ്ങളുടെ ആത്മീയ ആചാരങ്ങൾ നടത്തില്ലെന്ന്' പ്രതിജ്ഞ ചെയ്തു. അവിടെ കൂടിയ ഓരോ വിശ്വാസിയും കുരിശിൽ തൊട്ടു സത്യം ചെയ്യണമായിരുന്നു. ജനക്കൂട്ടം കുരിശിൽ വലിയ ഒരു കയർ വലിച്ചുകെട്ടുകയും ഓരോരുത്തരും  കയറിൽ തൊട്ടു ഇനിമേൽ റോമ്മാ സഭയുമായി ബന്ധമില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഈ സംഭവത്തെ സുറിയാനി ക്രിസ്ത്യാനികളുടെയിടയിൽ 'കൂനൻ കുരിശു' സത്യമെന്ന് അറിയപ്പെടുന്നു.  അങ്ങനെ പ്രതിജ്ഞ ചെയ്തവരെല്ലാം ആലങ്ങാട് സമ്മേളനം കൂടി. പന്ത്രണ്ടു പുരോഹിതർ ഒന്നിച്ചുകൂടി കൈവെയ്പ്പ് നടത്തി ആർച്ച് ഡീക്കനായിരുന്ന തോമസ് പറമ്പിലിനെ ബിഷപ്പായി വാഴിച്ചു. എന്നാൽ ഈ നടപടിയെ ബഹുഭൂരിപക്ഷം അംഗീകരിച്ചില്ല. അവിടെ വിഭജനമുണ്ടാവുകയും ചെയ്തു. തോമസ് പറമ്പിലുമായി യോജിച്ചു പോയവർ അന്തിയോഖ്യ യാക്കോബായ സഭയുമായി പിന്നീട് ലയിച്ചു. മറ്റുള്ളവർ ലത്തീൻ രൂപതകളുടെ കീഴിൽ സുറിയാനി കത്തോലിക്കരായി ആത്മീയ കാര്യങ്ങൾ നിർവഹിച്ചു പോന്നു. പിന്നീട് അവരെ സീറോ മലബാർ കത്തോലിക്കരെന്നു അറിയപ്പെടാൻ തുടങ്ങി.

പോർട്ടുഗീസ് മിഷിണറിമാർ നാട്ടു ക്രിസ്ത്യാനികളോടു കാണിച്ച ക്രൂരതകളെപ്പറ്റി റോമ്മായിലെ സഭയുടെ അധികാരികൾക്ക് വിവരം കിട്ടി. 'അലക്‌സാണ്ടർ ഏഴാമൻ മാർപ്പാപ്പ' വിവരങ്ങൾ അന്വേഷിക്കാനും കേരളസഭയെപ്പറ്റി പഠിക്കാനും ഫാദർ ജോസഫ് സെബാസ്റ്റ്യനെയും ഏതാനും കർമ്മലീത്ത പുരോഹിതരെയും ഇന്ത്യയിലേക്ക് അയച്ചു. നാട്ടുകാരായ ഫാദർ ചാണ്ടി പറമ്പിലിന്റെയും ഫാദർ ചാണ്ടി കടവിലിന്റെയും സഹായത്താൽ വിഘടിച്ചുപോയ ആർച്ച് ഡീക്കൻ തോമസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന നാൽപ്പതോളം പള്ളികളെയും സമുദായാംഗങ്ങളെയും ഫാദർ സെബാസ്റ്റ്യൻ കത്തോലിക്ക സഭയിലേക്ക് മടക്കിക്കൊണ്ടുവന്നു. 1663-ൽ സെബാസ്റ്റ്യൻറെ നേതൃത്വത്തിൽ മൊത്തം 84 പള്ളികൾ മടങ്ങി വന്നിരുന്നു.

1663-ൽ ഡച്ചുകാർ കൊച്ചി കീഴടക്കി. അവർ യൂറോപ്പ്യന്മാരായ എല്ലാ പുരോഹിതരെയും കൊച്ചിയിൽനിന്ന് പുറത്താക്കി. ഇറ്റലിക്കാരായ കർമ്മലീത്താ പുരോഹിതർക്ക് രാജ്യം വിടേണ്ടി വന്നു. ബിഷപ്പ് സെബാസ്റ്റ്യൻ ഇറ്റലിയിലേക്ക് മടങ്ങി പോവുന്നതിനുമുമ്പ് ചാണ്ടി പറമ്പിലിന് മലബാർ പ്രോവിൻസിന്റെ മുഴുവൻ അധികാരവും കൊടുത്തിരുന്നു. അദ്ദേഹത്തെ മലബാറിന്റെ അപ്പോസ്തോലിക വികാരിയായി നിയമിച്ചു. പോർട്ടുഗീസ് രാജാവിന്റെ കീഴിലുള്ള ഈശോ സഭ വൈദികരെ കൊടുങ്ങല്ലൂർ രൂപതയുടെ ചുമതലയും ഏൽപ്പിച്ചിരുന്നു. അങ്ങനെ പത്തൊമ്പതാം നൂറ്റാണ്ടിൽ സീറോ മലബാർ രണ്ടു രൂപതകളുടെ കീഴിൽ രണ്ടായി പ്രവർത്തിച്ചിരുന്നു.

നാട്ടുകാരനിൽ ഒരാൾ ബിഷപ്പായോ അല്ലെങ്കിൽ പേർഷ്യയിൽനിന്ന് ഒരു ബിഷപ്പിനെ ലഭിക്കാനോ വേണ്ടിയുള്ള ശ്രമങ്ങൾ സുറിയാനി കത്തോലിക്കർ തുടർന്നുകൊണ്ടിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യകാലയളവിൽ ഫാദർ ജോസഫ് കാരിയാറ്റിലിനെയും ഫാദർ തോമസ് പാറേമാക്കലിനെയും ആ ദൗത്യത്തിനായി നിയമിച്ചു. അവർ ഇരുവരും കൂടി പോർട്ടുഗലിലേക്കും റോമിലേക്കും  നിവേദനങ്ങളുമായി യാത്ര പുറപ്പെട്ടു. മിഷ്യനറിമാരുടെ ക്രൂരതയും അഹന്തയും അനീതിയും പ്രതിഫലിപ്പിക്കുന്ന അഭിപ്രായങ്ങൾ നിവേദനത്തിലുണ്ടായിരുന്നു. ജോസഫ് കരിയാറ്റിൽ കൊടുങ്ങല്ലൂരിന്റെ ബിഷപ്പായി നിയമിതനായെങ്കിലും അദ്ദേഹത്തിന് സ്വന്തം ജനങ്ങളുടെ ഇടയനാകാൻ സാധിച്ചില്ല. 1786-ൽ ദുരൂഹമായ ഏതൊ സാഹചര്യത്തിൽ അദ്ദേഹം ഗോവയിൽ വെച്ച് മരണമടഞ്ഞു. മരിക്കുന്നതിനു മുമ്പ്,  പാറേമ്മാക്കൽ തോമ്മാക്കത്തനാരെ കൊടുങ്ങല്ലൂർ രൂപതയുടെ ഭരണകർത്താവായി നിയമിച്ചിരുന്നു. പാറേമ്മാക്കൽ, 1786 മുതൽ 1799 വരെ കൊടുങ്ങല്ലൂർ രൂപതയെ നയിച്ചിരുന്നു. മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യമായ 'വർത്തമാന പുസ്തകം' രചിച്ചത് പാറേമ്മാക്കലായിരുന്നു. അദ്ദേഹത്തിൻറെ മരണശേഷം ഭരണം വീണ്ടും വിദേശികളുടെ നിയന്ത്രണത്തിലായി.

1861-കാലഘട്ടങ്ങളിലും സുറിയാനി കത്തോലിക്കർ സ്വന്തം നാട്ടു മെത്രാന്മാർക്കായി കലഹിച്ചുകൊണ്ടിരുന്നു. റോമിന്റെ കീഴിലുളള കൽദായ പാത്രിയാക്കീസ് 'മാർ ജോസഫി ഒഡോ' അയച്ച ബിഷപ്പ് 'മാർ റോക്കോസ്', സഭാ ശുശ്രുഷകൾക്കായി തൃശൂരിലെത്തി. റോമ്മിന്റെ അനുവാദം കൂടാതെ, കൽദായ മെത്രാന്റെ അധികാര പരിധിക്കു വെളിയിൽ നിന്നായിരുന്നു 'റോക്കോസ്' കേരള സുറിയാനി  സഭയുടെ ഔദ്യോഗിക കാര്യങ്ങൾ നടത്തിക്കൊണ്ടിരുന്നത്. കൽദായ പാത്രിയാക്കീസുമാർക്ക് മലബാറിലേക്ക് ബിഷപ്പുമാരെ അയക്കുവാനുള്ള അധികാരം റോം വിലക്കിയിട്ടുമുണ്ടായിരുന്നു.  റോക്കോസ് പ്രശ്നത്തിന്റെ പേരിൽ സഭയിൽ വീണ്ടും വിഭജനമാരംഭിച്ചു. ഈ പ്രശ്ന കാലത്താണ് ഫാദർ ചാവറ കുറിയാക്കൊസ് ഏലിയാസിനെ സീറോ മലബാറിന്റെ വികാരി ജനറാളായി നിയമിച്ചത്. അദ്ദേഹവും അനുയായികളും റോക്കോസിനെതിരെ പ്രതികരിക്കുകയും പ്രതിക്ഷേധിക്കുകയും ചെയ്തു. '1862-ൽ റോക്കോസിനെ കൽദായ പാത്രിയർക്കീസ് തിരികെ വിളിച്ചില്ലെങ്കിൽ സഭയിൽനിന്ന് മഹറോൺ ചെല്ലുമെന്ന വത്തിക്കാനിൽനിന്നും ഒരു കൽപ്പനയും വന്നെത്തി. ഭൂരിഭാഗം സുറിയാനി കത്തോലിക്കരും വിചാരിച്ചിരുന്നത് റോക്കോസ് സഭാ ശുശ്രുഷകൾ തുടങ്ങിയത് റോമ്മിന്റെ അനുവാദത്തോടെയെന്നായിരുന്നു. റോക്കോസിനെ പിന്തുണച്ച ചെറിയ ഒരു ന്യുന പക്ഷം മാത്രം റോമ്മാ സഭയിൽനിന്നും അകന്നു നിന്നു.

1874-ൽ സഭയിൽ മറ്റൊരു വിഭജനം കൂടിയുണ്ടായി. റോമ്മിന്റെ കീഴിലുണ്ടായിരുന്ന സീറോ കൽദായ പാത്രിയർക്കീസ്! തങ്ങളുടെ മെത്രാനായ 'മാർ മേലുസിനെ കേരളസഭയുടെ ശുശ്രുഷ പരിപാലനത്തിനായി അയച്ചു. തൃശൂരിലെ ജനങ്ങളായിരുന്നു ഇതിന് നേതൃത്വം കൊടുത്തത്. റോമ്മിന്റെ അനുവാദത്തോടെയാണ് കൽദായ ബിഷപ്പ് 'മേലൂസ്‌' വന്നതെന്നു കരുതി തൃശൂർ ജനത അദ്ദേഹത്തിന് വലിയ സ്വീകരണങ്ങൾ നൽകി. റോമ്മിന്റെ  അനുവാദമില്ലാതെ മെത്രാന്റെ ചുമതലകൾ വഹിച്ച മേലൂസിനെ  മാർപ്പാപ്പയുടെ നിർദ്ദേശപ്രകാരം  'ലിയോണാർഡ് മെത്രാപ്പോലീത്താ' സഭയിൽ നിന്നും പുറത്താക്കി. ജനങ്ങൾ തീരുമാനമെടുക്കാൻ കഴിയാതെ ചിന്താ കുഴപ്പത്തിലാവുകയുമുണ്ടായി. ഏതാനും കുടുംബങ്ങൾ വിഭജനക്കാരോടൊപ്പം സഭയിൽ നിന്നു പോയതൊഴിച്ചാൽ ഭൂരിഭാഗവും മാതൃസഭയിൽ തന്നെ ഉറച്ചു നിന്നു. 1882 മാർച്ച് മാസത്തിൽ മേലൂസ്  മടങ്ങിപ്പോവുകയും ചെയ്തു.  മേലൂസിനൊപ്പം നിന്ന ഒരു ചെറിയ സമൂഹം മാത്രം തൃശൂരിൽ അവശേഷിച്ചു. പിന്നീട് അവർ കൽദായ നെസ്തോറിയൻ പാത്രിയർക്കീസിന്റെ കീഴിൽ നെസ്തോറിയൻ സഭയിൽ ചേർന്നു. റോമ്മൻ സഭയുമായി അകന്നു കഴിയുകയുമുണ്ടായി.

പേർഷ്യൻ സഭയുമായുള്ള കൂട്ടുകൾ സഭയിൽ വിഭജനമുണ്ടാക്കാൻ മാത്രമേ സഹായിക്കുള്ളൂവെന്ന് മനസിലാക്കി സീറോ മലബാർ കത്തോലിക്കർ വിദേശികളിൽ നിന്നും മോചിതരാകാനും സ്വന്തം വികാരിയാത്തു സ്ഥാപിക്കാനുമായി റോമിലേക്ക് പെറ്റിഷൻ അയക്കാൻ തുടങ്ങി. 1886-ൽ ലിയോ പതിമൂന്നാമൻ മാർപാപ്പ കൊടുങ്ങല്ലൂരുള്ള വേറൊപ്പള്ളി മെത്രോപ്പോലീത്തൻ അതിരൂപതയിൽ നിന്നും സുറിയാനി സഭയെ വേർപെടുത്തി. സീറോ മലബാർ കത്തോലിക്കർക്കായി പ്രത്യേകം വികാരിയത്തുകൾ ഏർപ്പെടുത്തി.  ഇംഗ്ളീഷുകാരനായ 'അഡോൾഫ് മെഡിക്കോട്ട്' തൃശൂർ രൂപതയുടെയും ഫ്രഞ്ചുകാരനായ ഈശോ സഭയിലെ അംഗം ബിഷപ്പ് ചാറല്സ് ലെവീഞ്ഞ് ചങ്ങനാശേരി രൂപതയുടെയും ചുമതല വഹിച്ചു. സുറിയാനി സമൂഹം വിദേശ മെത്രാന്മാരിൽ തൃപ്തരല്ലാത്തതുകൊണ്ടു നാട്ടു മെത്രാനുവേണ്ടി വീണ്ടും റോമ്മിലേക്ക് പെറ്റിഷൻ അയച്ചുകൊണ്ടിരുന്നു. അവസാനം 1896-ൽ തൃശൂരും എറണാകുളവും ചങ്ങനാശേരിയും നാട്ടു മെത്രാന്മാർക്കുള്ള രൂപതകളായി റോം അംഗീകരിച്ചു. മാർ ജോൺ മേനാച്ചേരി തൃശൂരും, മാർ അലോഷ്യസ് പഴേപറമ്പിൽ എറണാകുളത്തും, മാർ മാത്യു മാക്കിൽ ചങ്ങനാശേരിയിലും മെത്രാന്മാരായി നിയമിതരായി. 1911-ൽ തെക്കുംഭാഗം കത്തോലിക്കർക്കായി കോട്ടയം രൂപതയുണ്ടായപ്പോൾ 'മാക്കിൽ മെത്രാൻ' കോട്ടയത്തെ രൂപതയുടെ ചുമതല ഏറ്റെടുത്തു. അതിനുശേഷം മാർ തോമസ് കുരിയാളശേരി ചങ്ങനാശേരി രൂപതയുടെ മെത്രാനായി.

നാട്ടു മെത്രാന്മാർ വന്നതോടു കൂടി സീറോ മലബാർ സഭ എല്ലാ മേഖലകളിലും അതിവേഗം പുരോഗമിക്കാൻ തുടങ്ങി. നാട്ടു മെത്രാന്മാരുടെ കഠിന പ്രയത്നം മൂലം സീറോ മലബാർ രൂപതയിൽ വന്ന അതിവേഗമുള്ള പുരോഗതിയെ റോം അഭിനന്ദിക്കുകയുണ്ടായി. ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര എന്നിങ്ങനെ സഭയെ മൂന്നു റീത്തുകളായി വിഭജിക്കപ്പെട്ടു. ആരാധന സമ്പ്രദായത്തിന്റെ വ്യത്യസ്തതകളുടെ അടിസ്ഥാനത്തിലാണ് റീത്തുകളെ തരം തിരിച്ചിരിച്ചിരിക്കുന്നത്.










Malpan Mar Joseph Kariyattil


കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...