ജോസഫ് പടന്നമാക്കൽ
ആർഷ ഭാരതം വേദങ്ങളുടെയും പുരാണങ്ങളുടെയും കാമസൂത്രയുടെയും പൗരാണിക നാടായി അറിയപ്പെടുന്നു. ഇന്ത്യയിൽ ലൈംഗിക വാക്കുകൾ ദൈനം ദിന ജീവിതത്തിൽ പ്രയോഗിക്കുന്നത് സദാചാര വിരുദ്ധമാണ്. സ്‌കൂളുകളിൽ കുട്ടികളെ ലൈംഗികത പഠിപ്പിക്കുവാൻ സാമൂഹിക ചുറ്റുപാടുകൾ അനുവദിക്കുന്നില്ല. അദ്ധ്യാപകർ ലൈംഗിക വാക്കുകൾ ക്ളാസുകളിൽ പ്രയോഗിക്കുന്നതുപോലും വിലക്ക് കല്പിച്ചിരിക്കുന്നു. ജനിച്ചു വളരുന്ന കുടുംബത്തിലും സ്‌കൂളിലും ലൈംഗിക പാഠങ്ങൾ ഒളിച്ചുവെക്കുന്നുണ്ടെങ്കിലും നിയന്ത്രണമില്ലാത്ത മനുഷ്യരുടെ രതിവികാരംകൊണ്ട് ഇന്ത്യ 2030 ആകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാഷ്ട്രമായി അറിയപ്പെടുമെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ലൈംഗിക കാര്യങ്ങൾ ഭാര്യ ഭർത്താക്കന്മാർപോലും സംസാരിക്കാൻ ഇഷ്ടപ്പെടില്ല. 'താൻ എങ്ങനെ ഉണ്ടായി'യെന്നുള്ള കുട്ടികളുടെ ചോദ്യത്തിനു മുമ്പിലും ഉത്തരം പറയാതെ മാതാപിതാക്കൾ ഒഴിഞ്ഞുമാറും. എന്നാൽ ശിവലിംഗത്തെ തൊഴുത് ആരാധിക്കുന്നതിനു യാതൊരു മടിയുമില്ല. കുഞ്ഞുങ്ങളെ ഉത്ഭാദിപ്പിക്കാൻ മാത്രം ലൈംഗിക ക്രിയകളിൽ സ്ത്രീയും പുരുഷനും ഉൾപ്പെടാൻ പാടുള്ളൂവെന്നാണ് പ്രമാണം. ലൈംഗികതയെ എങ്ങനെ പരമാനന്ദമാക്കാമെന്നും അതിനുള്ള ഉപാധികളെന്തെല്ലാമെന്നും ആരും ചിന്തിച്ചിരുന്നുമില്ല. 'മല്ലനാഗ വാത്സ്യായന' മഹർഷി രചിച്ച 'കാമസൂത്ര' അതിനൊരു അപവാദമായിരുന്നു.
ഇന്ത്യയുടെ ലൈംഗിക ചരിത്രം ഋഗ്‌വേദം മുതൽ കാമസൂത്ര കാലം വരെയും അവിടെനിന്ന് മുഗൾ കാലം വരെയും വിശദമായി വിവരിച്ചിട്ടുണ്ട്. മുഗൾകാലഘട്ടത്തിൽ 'ലൈംഗികത' വെറുക്കപ്പെട്ട ഒന്നല്ലായിരുന്നുവെന്ന് കാണാൻ സാധിക്കും. മുഗൾ സാഹിത്യത്തിലും കലകളിലും ലൈംഗികതയ്ക്ക് പ്രത്യേകമായ പ്രാധാന്യം കല്പിച്ചിരുന്നു. ഹിന്ദു ദൈവങ്ങളും ദേവതകളും അപ്സരസുകളും പൗരാണിക അമ്പലങ്ങളിൽ ലൈംഗികത പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം. അജന്ത, എല്ലോറ, കജറാവു എന്നിവടങ്ങളിൽ ദേവി ദേവന്മാരുടെ ലൈംഗിക ആനന്ദങ്ങൾ വിവിധ ഭാവരൂപങ്ങളിൽ കൊത്തി വെച്ചിരിക്കുന്നതും പൗരാണിക കലാ സാംസ്ക്കാരികതയെ വിളിച്ചറിയിക്കുന്നു.
വൈവിദ്ധ്യങ്ങൾ നിറഞ്ഞ ഇന്ത്യൻ സാംസ്ക്കാരികതയിൽ നിരവധി പുസ്തകങ്ങൾ എഴുതപ്പെട്ടതിൽ ബ്രിട്ടീഷുകാർ അടിസ്ഥാനമായി കണ്ടത് മനുസ്മൃതിയായിരുന്നു. മനുവിന്റെ യാഥാസ്തിക ചിന്തകൾ വിക്ടോറിയൻ കാലഘട്ടത്തിലേക്ക് എത്തിച്ചിരുന്നു. ബ്രിട്ടീഷുകാർ ആദ്യം സംസ്കൃതത്തിൽ നിന്ന് ഇംഗ്ളീഷിലേക്ക് തർജ്ജിമ ചെയ്ത പുസ്തകവും മനുസ്മൃതി തന്നെ. ഇന്ത്യയുടെ ഭരണ സംവിധാനത്തിനുള്ള നിയമങ്ങൾ സൃഷ്ടിക്കാൻ അവർ മനുവിയൻ നിയമങ്ങളെ ആശ്രയിച്ചിരുന്നു. പുരോഗമന ചിന്തകളുള്ള ഋഗ്‌വേദവും കാമസൂത്രവും പരിപൂർണ്ണമായും നിരസിച്ചു. അങ്ങനെ മനുസ്മൃതി ബ്രിട്ടീഷുകാരെ സംബന്ധിച്ചടത്തോളം ആധികാരിക ഗ്രന്ഥമായി കണക്കാക്കിയിരുന്നു.
ഹൈന്ദവമതത്തിന്റെ സ്വന്തമെന്നു കരുതുന്ന കാമസൂത്ര പുസ്തകങ്ങൾ രണ്ടാംനൂറ്റാണ്ടിൽ എഴുതിയതെന്നു അനുമാനിക്കുന്നു. ലൈംഗിക വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന ഭാഷയിലാണ്, കാമസൂത്ര ഉടനീളം വിവരിച്ചിരിക്കുന്നത്. ഭാരതത്തിലെ ഗ്രന്ഥങ്ങളിൽ ഭഗവദ്ഗീത കഴിഞ്ഞാൽ ഏറ്റവുമധികം വായിക്കുന്നത് കാമസൂത്രയാണ്. സരസനും പണ്ഡിതനുമായ മല്ലനാഗ വാത്സ്യായാന മഹർഷിയാണ് ഇതിന്റെ രചയിതാവ്. പൗരാണിക ദർശനങ്ങളിൽ ഇത്രമാത്രം വിമർശിക്കപ്പെട്ട ഒരു ഗ്രന്ഥം വളരെ വിരളമായിരിക്കും. യൂറോപ്പിലും അമേരിക്കയിലും ഈ ഗ്രന്ഥത്തിന് വളരെയധികം പ്രചാരണം ലഭിച്ചിരിക്കുന്നതായും കാണാം. ഒരു മനുഷ്യനെ സംബന്ധിച്ചടത്തോളം ഭക്ഷണം പോലെ വൈകാരിക ജീവിതവും അത്യാവശ്യമാണ്. അതിനെ അടിച്ചമർത്തിയുള്ള ജീവിതം മാനസികമായ അടിമത്വത്തിലേക്ക് വഴി തെളിയിക്കും. ലൈംഗിക ജീവിതത്തെപ്പറ്റിയും കാമം ശമിപ്പിക്കാനുള്ള വിഷയങ്ങളെപ്പറ്റിയും ആധികാരികമായി വിവരിച്ചിരിക്കുന്ന ഒരു പ്രാചീന ഗ്രന്ഥമാണ് കാമസൂത്രം. ഒരുപാട് സിനിമകൾ, സാഹിത്യ കൃതികൾ മുതാലാവകൾ കാമസൂത്ര രചനകളെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയിട്ടുണ്ട്. ആധുനിക കാലത്ത് ലൈംഗിക കാര്യങ്ങൾ വായിക്കുന്നത് പുതുമയുള്ളതല്ലെങ്കിലും പൗരാണിക കാലത്ത് അത്തരം കാര്യങ്ങൾ വിശദീകരിക്കുക അപൂർവവും വിചിത്രവുമായിരുന്നു.
രതിജന്യമായ 'കാമസൂത്ര' ലോകത്തിലെ ഏറ്റവും പൗരാണികമായ പുസ്തകമായി വിലയിരുത്തുന്നു. പാശ്ചാത്യലോകവും പൗരസ്ത്യലോകവും ഒരു പോലെ ഈ പുസ്തകത്തിന്റെ മഹത്വത്തെ പ്രകീർത്തിക്കാറുണ്ട്. സംസ്കൃത ഭാഷയിൽ വടക്കേ ഇന്ത്യയിലാണ് കാമസൂത്ര രചിക്കപ്പെട്ടത്. എന്നാൽ കാമസൂത്രയെ വെറും ഒരു രതി പുസ്തകമായി തള്ളിക്കളയുന്നവരുമുണ്ട്. അതിനുള്ളിലെ ശാസ്ത്രീയ വശങ്ങളെ ചിന്തിക്കാതെ സാംസ്ക്കാരികതയുടെ അപര്യാപ്തതയെന്ന നിലയിൽ പുസ്തകത്തെ വിലയിരുത്തുന്നവരുമുണ്ട്. കാമസൂത്രയെ ഒരു ലൈംഗിക ശാസ്ത്രമായി കണക്കാക്കുന്നവർ അതൊരു അത്യുത്തമമായ മനഃശാസ്ത്ര ഗ്രന്ഥമായും ചിന്തിക്കും.
ഇന്ത്യയുടെ പരമ്പരാഗതമായ ചരിത്രം കണ്ണോടിച്ചാലും പൗരാണിക ലൈംഗിക ശാസ്ത്രവും ആധുനിക ലൈംഗിക ശാസ്ത്രവും തമ്മിൽ വലിയ അന്തരമില്ലെന്ന് കാണാം. ഋഗ്വേദം പറയുന്നു, "സ്ത്രീയുടെ രക്തസ്രാവം മൂലം നിത്യം ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ രക്തക്കറപിടിച്ചാൽ, ആരെങ്കിലും രക്തക്കറ പുരണ്ട വസ്ത്രങ്ങളെ സ്പർശിച്ചാൽ വസ്ത്രങ്ങൾ ഉടൻ നശിപ്പിക്കണം." വസ്ത്രത്തെ സ്പർശിച്ചവർ കുളിച്ചു വെടിപ്പായി, ചുറ്റും ചാണക വെള്ളം തളിച്ച ശേഷമേ വീണ്ടും ഭവനത്തിൽ പ്രവേശിച്ചിരുന്നുള്ളൂ. അർത്ഥശാസ്ത്രം പറയുന്നു, "ഒരു പെൺക്കുട്ടിയുടെ കന്യകത്വം നഷ്ടപ്പെടുന്നുവെങ്കിൽ അവളുടെ വിവാഹം നിയമാനുസൃതമല്ലാതാവുന്നു. പുരുഷന്മാർക്ക് വിവാഹത്തിനു വെളിയിലുള്ള ലൈംഗികത അനുവദനീയമല്ല. പരസ്ത്രീയുമായി പുരുഷൻ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ വലിയ പിഴ അടക്കേണ്ടി വരും."
സ്ത്രീ പുരുഷന്മാർ അനുഷ്ഠിക്കേണ്ട ലൈംഗിക നിയമങ്ങളെയാണ് കാമസൂത്രയിൽ വിവരിച്ചിരിക്കുന്നത്. കാമയെന്നാൽ വിഷയാസക്തിയെന്നർത്ഥം. അത് ഹൈന്ദവ ജീവിതത്തിന്റെ ഒരു ലക്ഷ്യമായി കരുതുന്നു. ധർമ്മം, ലക്‌ഷ്യം, മുക്തി എന്നീ മൂന്നു വസ്തുതകളും ഹിന്ദു ധർമ്മത്തിന്റെ ഘടകങ്ങളാണ്. ഈ നാല് തത്ത്വങ്ങളെയും യോജിപ്പിക്കുന്ന ചരടിനെ സൂത്രയെന്നു പറയുന്നു. കാമസൂത്രം ജീവിതത്തെ ഇമ്പമുള്ളതും അനുഗ്രഹീതവുമാക്കുന്നു. പ്രകൃതിയിൽ നിന്നും ലഭ്യമാകുന്ന സ്നേഹത്തെയും നുകരുന്നു. കുടുംബ ജീവിതത്തെപ്പറ്റിയും മറ്റുള്ള ജീവിതാനന്ദത്തെയും വിവരിക്കുന്നു. കാമസൂക്തമെന്നത് സ്നേഹത്തിന്റെ തത്ത്വ ശാസ്ത്രമാണ്. തലമുറകളായി വാമൊഴികളിൽക്കൂടി കൈമാറിക്കൊണ്ടിരുന്നു. വേദങ്ങളുടെ കാലത്തെ പേരും പെരുമയുമേറിയ തത്ത്വ ചിന്തകരെപ്പോലെ വാത്സ്യായാനനു അർഹമായ സ്ഥാനം കല്പിച്ചിട്ടില്ല. വാത്സ്യായനൻ ഗദ്യ രൂപത്തിലാണ് കാമസൂത്രം എഴുതിയത്. കവിതയുടെ രൂപഭാവത്തിൽ വളരെ കുറച്ചു മാത്രമേ പുസ്തകത്തിലുള്ളു.
കാമസൂത്ര എഴുതിയ കാലഘട്ടത്തിൽ ലൈംഗിക വിഷയങ്ങളെ സംബന്ധിച്ച് പരസ്യമായി ആരും പറയുകയോ എഴുതുകയോ ചെയ്യില്ലായിരുന്നു. എന്നാൽ ഇന്ന് ലൈംഗികത ഉത്തേജിപ്പിക്കുന്ന നോവലുകൾ, ഫിലിമുകൾ, വീഡിയോകൾ, സുലഭമാണ്. ആർക്കും അത്തരം കാര്യങ്ങൾ വായിച്ചാൽ പുതുമകൾ അനുഭവപ്പെടാറില്ല. കാമസൂത്രയുടെ തത്ത്വചിന്തകൾ, ശരിയായ ഒരു ജീവിതം എങ്ങനെ നയിക്കണമെന്നുള്ള ഒരു ചൂണ്ടുപലക കൂടിയാണ്. ഒരു പങ്കാളിയെ എങ്ങനെ തൃപ്തിപ്പെടുത്തണമെന്നും വിവരിച്ചിട്ടുണ്ട്. വിവാഹ ജീവിതം സന്തോഷപ്രദമാക്കാമെന്നും ശക്തിപ്പെടുത്താമെന്നും വിശദീകരിച്ചിട്ടുണ്ട്. പണമുള്ളവർക്ക് ജീവിതം ആനന്ദപ്രദമാക്കാനുള്ള നിർദ്ദേശങ്ങളും നൽകുന്നു.
കാമസൂത്ര വായിക്കുന്നവർക്ക്! പൗരാണിക ഭാരതീയർ കാമം ഉത്തേജിപ്പിച്ച സാഹചര്യങ്ങൾ അത്തരത്തിലോയെന്നു സംശയിക്കും. അവരുടെയിടയിൽ യോഗ പ്രാബല്യത്തിലായിരുന്നതുകൊണ്ടു ഒരു പക്ഷെ സത്യമായേക്കാം. നല്ല യോഗ അഭ്യസിച്ചവർക്ക് ശരീരം ഏതു ഭാഗത്തേക്കും വളച്ചു കൊണ്ടുവരാൻ സാധിക്കും. പക്ഷെ അങ്ങേയറ്റം ശരീര ഭാഗങ്ങൾ വളച്ചുകൊണ്ടുള്ള രതിക്രിയകൾ കാമസൂത്ര എഴുതിയ വാത്സ്യയാനന്റെ ഭാവനകളായിരിക്കാം. കാമസൂത്രയിലെ പടങ്ങൾ ചിരിക്കാൻ മാത്രം ജിംനാസ്റ്റിക്ക് രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
വാത്സ്യായനൻ കാമസൂത്രത്തെപ്പറ്റി വിവരിച്ചിരിക്കുന്നത് അത്യധികം അതി സൂക്ഷ്മ ദർശനത്തോടെയാണെന്ന് മനസിലാക്കാൻ സാധിക്കും. ഒരു മനഃശാസ്ത്രജ്ഞന്റെ വീക്ഷണവും കാമസൂത്രയിൽ വ്യക്തമാണ്. വിവാഹിതരായ നിരവധി സ്ത്രീകളെപ്പറ്റി പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. അവരിൽ ഭർത്താവിനെ ലൈംഗിക കാര്യങ്ങളിൽ ചതിക്കുന്നവർ, മക്കളില്ലാത്ത സ്ത്രീകൾ, എല്ലാ മക്കളും മരിച്ചുപോയവർ, ലൈംഗിക വ്യാപാരം കൊണ്ട് ജീവിക്കുന്നവർ, സ്വയം കഴിവിൽ അഭിമാനിക്കുന്നവർ, ഭർത്താവിന്റെ വിഡ്ഡിത്തരത്തിൽ ലജ്ജിതരായവർ, യാത്രാ പ്രിയരായ ഭർത്താക്കന്മാർ, അസൂയ പിടിച്ച ഭാര്യമാർ, ദുർഗന്ധം വമിക്കുന്നവർ, സന്താന ശേഷിയില്ലാത്തവർ, പുരുഷത്വമില്ലാത്തവർ, രോഗികൾ, വൃദ്ധന്മാർ എന്നിവരെല്ലാം കാമസൂത്രയുടെ ഉള്ളടക്കത്തിലുണ്ട്.
മനുസ്മൃതി ക്രിസ്തുവിനു മുമ്പ് എഴുതിയ ഹിന്ദു ധർമ്മ ശാസ്ത്രമാണ്. ഈ പൗരാണിക ഗ്രന്ഥം ഇന്ത്യൻ സംസ്ക്കാരത്തിന്റെ പ്രതീകമായി കണക്കാക്കിയിരിക്കുന്നു. വിവാഹം, വിവാഹ ബന്ധം, ലൈംഗികത എന്നിങ്ങനെയുള്ള മനുഷ്യന്റെ അനുഷ്ഠാനങ്ങൾ മനുസ്മൃതിയിൽ വിവരിച്ചിട്ടുണ്ട്. മനുസ്‌മൃതിയ്ക്ക് വിമർശനമുള്ളതുപോലെ ആ ഗ്രന്ഥത്തിനു പൂജ്യതയും കല്പിക്കാറുണ്ട്. പുരോഗമന ചിന്താഗതിയുള്ളവർ മനുസ്മൃതിയെ തിരസ്ക്കരിക്കുമ്പോൾ യാഥാസ്ഥിതികരായവർ പൂജിതമായ ഈ ഗ്രന്ഥം ഒരുവന്റെ ധർമ്മമായി പാലിക്കേണ്ട നിയമങ്ങളായി കരുതുന്നു. ഇന്ത്യയിലെ ജാതി വിഭജനത്തിനു കാരണം മനുസ്‌മൃതിയെന്നു അംബേദ്ക്കർ കരുതുന്നു. എന്നാൽ ഗാന്ധിജി മനുസ്മൃതിയ്പ്പറ്റി വിഭിന്നമായി ചിന്തിച്ചിരുന്നു. മനുസ്മൃതി മുഴുവനായി വായിക്കണമെന്നായിരുന്നു ഗാന്ധിജി നിർദ്ദേശിച്ചിരുന്നത്. അതിലെ സത്യവും അഹിംസയും മാത്രം തെരഞ്ഞെടുക്കാൻ അദ്ദേഹം ഉപദേശിക്കുന്നു. മറ്റുള്ള സാമൂഹികമായ കാര്യങ്ങൾ പൊരുത്തപ്പെടാത്തത് നിരസിക്കാനും ഉപദേശിച്ചിരുന്നു.
ഒരു സ്ത്രീയുടെ കന്യകാവ്രതത്തിന് ഭാരതീയ ചിന്തകളിൽ വലിയ പ്രാധാന്യം കൽപ്പിക്കുന്നു. വിവാഹ രാത്രിയിൽ ഒരു സ്ത്രീ കന്യകയായിരിക്കണമെന്ന നിയമവുമുണ്ട്. സമൂഹത്തിൽ ഇത്തരം മാമൂലുള്ളതിനാൽ സ്ത്രീകൾ വിവാഹത്തിനുമുമ്പ് പുരുഷനുമായി ലൈംഗികതയിൽ ഏർപ്പെടാറില്ല. ലൈംഗികതയുടെ ആനന്ദവും അനുഭവിക്കാറില്ല. വിവാഹത്തിനു ശേഷവും ഒരു സ്ത്രീയ്ക്ക് ലൈംഗികത ഒരു പുരുഷനുമായി മാത്രമേ പാടുള്ളൂ. അയാളിൽ നിന്നും കുട്ടികളും ജനിച്ചിരിക്കണം. ചെറിയ കുട്ടികൾക്ക് അവരുടെ മാതാപിതാക്കളിൽ നിന്നു ലൈംഗികതയെപ്പറ്റി ശരിയായ മാർഗ നിർദ്ദേശങ്ങളും ലഭിച്ചിരുന്നില്ല. ഗർഭഛിദ്രം നടത്തിയിരുന്നത് അശാസ്ത്രീയമായ രീതിയിലും വളരെ അപകടം പിടിച്ച മാർഗങ്ങളിലുമായിരുന്നു.
പതിനൊന്നു വയസുള്ളപ്പോൾ മുതൽ പെൺക്കുട്ടികളെ സമൂഹത്തിലുള്ള വിലക്കുകളെപ്പറ്റി പറഞ്ഞു പഠിപ്പിക്കും. 'ആർത്തവ കാലങ്ങളിൽ പെണ്ണുങ്ങൾക്ക് അമ്പലത്തിൽ പോകുവാൻ പാടില്ല; ദേവി കോപിക്കും; അത് ദൈവനിന്ദയാണ്,' എന്നിങ്ങനെയെല്ലാം കൗമാരപ്രായത്തിൽ പെൺക്കുട്ടികളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി അവരിൽ അപകർഷതാബോധം സൃഷ്ടിക്കുന്നു. ഇന്നും സ്ത്രീകളുടെയിടയിൽ പ്രാകൃതമായ അത്തരം ആചാരങ്ങൾ തുടരുന്നു. രക്തസ്രാവം എന്നത് എന്തോ പാപമാണെന്നുള്ള കുറ്റബോധവും പെൺക്കുട്ടികളിൽ സൃഷ്ടിക്കുന്നു. ലൈംഗിതയെന്നത് അവിശുദ്ധവും ചീത്തയെന്നുമുള്ള ധാരണ കുട്ടിപ്രായം മുതൽ സ്ത്രീകളുടെ മനസ്സിലുണ്ടാകും. എല്ലാ പെൺക്കുട്ടികളുടെയും ചിന്ത ലൈംഗികതയെന്നത് അധാർമ്മികതയെന്നാണ്. വാസ്തവത്തിൽ അത് ഒരാളിന്റെ വ്യക്തിഗത സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ്. പുരോഗമന ചിന്താഗതികളുള്ള സ്ത്രീകൾ ഇന്ന് സമൂഹത്തിൽ നിലവിലുള്ള ഈ വ്യവസ്ഥിതിയ്ക്കെതിരെ പ്രതികരിക്കാനും ആരംഭിച്ചിട്ടുണ്ട്. അതേസമയം അമ്പലത്തിൽ ദേവിയുടെ യോനിയെ ആരാധിക്കുന്ന പ്രദേശങ്ങളുമുണ്ട്. ലൈംഗികതയെ പാപമായി കരുതുന്ന ലക്ഷക്കണക്കിന് സ്ത്രീകൾ ആസാമിലുള്ള ഗോഹട്ടിയിൽ കാമാക്ഷി അമ്പലത്തിൽ ദേവിയുടെ യോനിയെ പൂജാവസ്തുക്കളുമായി തൊഴാൻ എത്താറുണ്ട്. ഇന്ത്യയിൽ ഏറ്റവും വിശുദ്ധി നിറഞ്ഞ ഒരു അമ്പലമായി അത് കരുതുന്നു. കൂടാതെ കാമാക്ഷി ദേവിയുടെ പേരിൽ വർഷത്തിൽ നാലു ദിവസം ഉത്സവം നടത്താറുണ്ട്. അന്ന് ദേവിക്ക് ആർത്തവ കാലമെന്നാണ് വെപ്പ്.
മനുസ്മൃതിയിൽ സ്ത്രീകൾക്കെതിരെ സങ്കീർണ്ണങ്ങളായ നിരവധി നിയമങ്ങൾ എഴുതിയിട്ടുണ്ട്. അതേ സമയം സ്ത്രീയെ ബഹുമാനിക്കുന്നുമുണ്ട്. പീഡിപ്പിക്കുന്ന ഭർത്താവുമായി ബന്ധങ്ങൾ വേർപെടുത്താൻ മനുസ്മൃതി അനുവദിച്ചിട്ടുണ്ട്. അതുപോലെ ഭാര്യ ധിക്കാരിയും ദുർമ്മാർഗ ജീവിതം നയിക്കുന്നവളാണെങ്കിലും ബന്ധം വേർപെടുത്തി വിവാഹം കഴിക്കാം. ഭർത്താവ് നാടുവിട്ടുപോയശേഷം കണ്ടെത്താതെ നഷ്ടപ്പെട്ടു പോയാലും, സ്ത്രീയെ ഭർത്താവ് ഉപേക്ഷിച്ചാലും സ്ത്രീക്ക് വീണ്ടും വിവാഹം കഴിക്കാം. ഭർത്താവു മരിച്ച വിധവകളും ചാരിത്ര്യം കാത്തു സൂക്ഷിക്കണമെന്നു നിർദ്ദേശിക്കുന്നു. ഒരു സ്ത്രീ ഒറ്റയ്ക്ക് സ്വതന്ത്രമായി ജീവിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 'ഒരു സ്ത്രീ കുഞ്ഞായിരിക്കുമ്പോൾ മാതാപിതാക്കളുടെ സംരക്ഷണത്തിലും യുവതിയായിരിക്കുമ്പോൾ ഭർത്താവിന്റെയും വിധവയായിരിക്കുമ്പോൾ മക്കളുടെ സംരക്ഷണയിലും കഴിയണം'(മനുസ്മൃതി). 'സ്ത്രീ ഭർത്താവിനെ ദൈവ തുല്യം ആരാധിക്കണം. സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കണമെന്നും' പറയുന്നുണ്ട്. 'എവിടെ സ്ത്രീകൾ ബഹുമാനിതരാകുന്നുവോ അവിടെ ദൈവങ്ങൾ പ്രസാദിക്കും. 'സ്ത്രീയെ അവഹേളിക്കുന്നിടങ്ങളിൽ പരിശുദ്ധയുടെ ഫലം വിളയുകയില്ലെന്നും' മനുസ്മ്രിതി പറയുന്നു.
വേദകാലങ്ങളിൽ സ്ത്രീയ്ക്ക് പുരുഷനെപ്പോലെ സ്വതന്ത്രമായ ഒരു ജീവിതമുണ്ടായിരുന്നു. എന്നാൽ മനുസ്മ്രിതിയുടെ കാലം വന്നപ്പോൾ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമങ്ങൾ പലതുമുണ്ടായി. അവർക്ക് സാമൂഹികമായി പ്രവർത്തിക്കാനോ രാഷ്ട്രീയത്തിൽ ഇടപെടാനോ അവകാശമുണ്ടായിരുന്നില്ല. ലൈംഗിക വിഷയങ്ങളിലും തികച്ചും യാഥാസ്ഥിതികത പുലർത്തണമായിരുന്നു. ബ്രിട്ടീഷ്കാരുടെ കാലത്തും സ്ത്രീകളുടെ മേൽ യാഥാസ്ഥിതിക നിയമങ്ങളായിരുന്നു നടപ്പിലുണ്ടായിരുന്നത്. വാസ്തവത്തിൽ ബ്രിട്ടീഷുകാരുടെ നിയമങ്ങൾ അവർ നെയ്തെടുത്ത നിയമങ്ങളായിരുന്നില്ല. ബ്രിട്ടീഷുകാർ പ്രമുഖരായ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ഹിന്ദുക്കളോടൊപ്പം നിയമങ്ങൾ നിർമ്മിക്കുകയായിരുന്നു. അവർ നിയമങ്ങളുണ്ടാക്കിയപ്പോൾ മനുസ്മൃതിയിലെ നിയമങ്ങൾ മാത്രം പരിഗണനയിലെടുത്തു. നിയമങ്ങൾ പ്രാബല്യമാക്കാൻ യാഥാസ്ഥിതികരായ ഹൈന്ദവ ജനതയുടെ വികാരങ്ങളുംകൂടി കണക്കാക്കണമായിരുന്നു.
മനുസ്മൃതിയിലെ നിയമങ്ങളെ വെല്ലുവിളിക്കത്തക്കവിധം കാമസൂത്രയിൽ സ്ത്രീക്ക് നിരവധി സ്വാതന്ത്ര്യങ്ങൾ അനുവദിച്ചിട്ടുണ്ട്. 'സ്നേഹിക്കുന്ന ഭർത്താവിനെ വെറുക്കാൻ തുടങ്ങുമ്പോൾ സ്വയം അവൾക്കു പിരിഞ്ഞു പോകാം. പുരുഷന് അറിയാൻ പാടില്ലാത്ത സംഗതികൾ സ്ത്രീ കയറി അഹങ്കാരത്തോടെ അഭിപ്രായങ്ങൾ പറയുന്നതും വായിക്കാം. ഭർത്താവ് പറയുന്ന നല്ല കാര്യങ്ങളിൽ ശ്രദ്ധിക്കാതെ സദാ കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കുന്ന സ്ത്രീകളും കാമസൂത്രയിലുണ്ട്. കാര്യബോധത്തോടെ ഭർത്താവ് പറയുന്ന വസ്തുതകളെ മനഃപൂർവം വളച്ചൊടിച്ചു ഭർത്താവിനെ വിഡ്ഢിയാക്കാൻ ശ്രമിക്കൽ, ഭർത്താവ് തമാശ പറഞ്ഞില്ലെങ്കിലും മറ്റെന്തെങ്കിലും പറഞ്ഞു ഭർത്താവിനെ പരിഹസിച്ചു ചിരിക്കുക, പൊതു ജനങ്ങളുടെ മുമ്പിൽ ഭർത്താവിന്റെ മാറ്റാൻ സാധിക്കാത്ത വിചിത്ര സ്വഭാവങ്ങളെപ്പറ്റി പരിഹസിക്കലുകൾ മുതലായവകളും കാമസൂത്രയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാത്സ്യായനന്റെയും മനുവിന്റെയും ലൈംഗിക തത്ത്വങ്ങൾ തികച്ചും വിപരീതങ്ങളെന്നു കാണാം. മനു ഒരു പുരുഷന് ഏക ഭാര്യയെന്ന നിയമം എഴുതി. 'ലൈംഗികതയെന്നാൽ കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ മാത്രമെന്നും' മനുസ്മ്രിതി പറയുന്നു. എന്നാൽ 'ലൈംഗികത മനുഷ്യന്റെ സന്തോഷത്തിനു വേണ്ടിയുള്ളതെന്നു' കാമശാസ്ത്രം പറയുന്നു. 'ഒരു സ്ത്രീ ലൈംഗികതയിൽ ആനന്ദം കണ്ടെത്തിയില്ലെങ്കിൽ അവർ തന്റെ ഭർത്താവിനെ വെറുക്കുമെന്നും ലൈംഗിക സുഖത്തിനായി മറ്റുള്ള പുരുഷന്മാരെ തേടി പോവുമെന്നും' കാമശാസ്ത്രത്തിലുണ്ട്.
മനുവിന്റെ നിയമം പറയുന്നു, 'ഉത്തമയായ ഒരു സ്ത്രീ അവരുടെ ഭർത്താവിനെ നിത്യവും പരിചരിച്ചുകൊണ്ടിരിക്കും. ഭർത്താവിനെ ദൈവത്തിനു തുല്യമായി കണക്കാക്കണം. അയാൾ ക്രൂരനെങ്കിലും, മറ്റുള്ള സ്ത്രീകളുമായി വ്യപിചാരം ചെയ്യുന്നുണ്ടെങ്കിലും അയാളിൽ നല്ല ഗുണങ്ങൾ ഇല്ലെങ്കിലും ശിഷ്ടകാലം ഭർത്താവിനെ പരിചരിച്ചു ജീവിക്കണം.' കാമസൂത്രയിൽ ഒരു മനുഷ്യന്റെ മറ്റു ഭാര്യമാരെപ്പറ്റിയുള്ള പരാമർശനങ്ങൾ കാണാം. എന്നാൽ മനുസ്മ്രിതിയിൽ ഒരു മനുഷ്യന് മറ്റു ഭാര്യമാരുണ്ടെങ്കിൽ അയാളെ രാജാവ് ശിക്ഷിക്കണമെന്ന് എഴുതിയിട്ടണ്ട്. മറ്റൊരു ജാതിയിൽ നിന്ന് കുഞ്ഞു ജനിച്ചാലും ജാതി ഭൃഷ്ട്ട് കൽപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അപര സ്ത്രീകളുമായി ലൈംഗികതയിലേർപ്പെടുന്നതും മനുസ്മൃതി എതിർത്തിരിക്കുന്നു.
കാമസൂത്രയിലെ ലൈംഗികാസക്തിയെ മറ്റു പൗരാണിക ഗ്രന്ഥങ്ങളും ഖണ്ഡിച്ചിട്ടുണ്ട്. കാമസൂത്ര എഴുതുന്നതിനു വളരെ നൂറ്റാണ്ടുകൾ മുമ്പ് എഴുതിയതാണ് ഭഗവദ് ഗീത. ലൈംഗിക മോഹങ്ങളിലുള്ള നിയന്ത്രണങ്ങളും ഭഗവദ് ഗീതയിലുണ്ട്. ഇത് വളർന്നു കഴിഞ്ഞ കൃഷ്ണന്റെ വാക്കുകളാണ്. കൗമാര പ്രായത്തിൽ ഗോപ സ്ത്രീകളുമായി ശ്രീ കൃഷ്ണൻ വൃന്ദാവനത്തിൽ പ്രേമിച്ചു നടന്നതും അവരുമായി ലൈംഗികതയിൽ ഏർപ്പെട്ടിരുന്നതും മറ്റൊരു കഥ.
ബ്രഹ്മസമാജം ഹിന്ദുമതത്തിലെ പുരോഗമനാശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്രസ്ഥാനമാണ്. ബ്രഹ്മസമാജത്തിൽ വേദാന്തവും സൂഫിസവും ക്രിസ്ത്യൻ ദൈവിക സിദ്ധാന്തവും പിന്തുടരുന്നു. രാജ റാം മോഹൻ റായിയാണ് അതിന്റെ സ്ഥാപകൻ. സതിയ്‌ക്കെതിരെയും ശിശു വിവാഹത്തിനെതിരെയും സ്ത്രീകളുടെ സാംസ്ക്കാരിക പുരോഗമനത്തിനായും പ്രവർത്തിച്ചിരുന്ന അദ്ദേഹം ലൈംഗിക വിഷയങ്ങളിൽ പുരോഗമനവാദിയായിരുന്നു. ഉയർന്നവനും താഴ്ന്നവനെന്നുമുള്ള ജാതി വ്യവസ്ഥയെ എതിർത്തിരുന്നു. യൂറോപ്യൻ ജീവിതചര്യകളും ചിന്തകളുമാണ് അദ്ദേഹത്തെ സമൂഹത്തിന്റെ മാറ്റങ്ങൾക്കായി നയിച്ചിരുന്നത്. മഹാത്മാ ഗാന്ധിക്കും ലൈംഗിക കാര്യങ്ങളിൽ പ്രത്യേകമായ ഒരു കാഴ്ച്ചപ്പാടുണ്ടായിരുന്നു. സ്ത്രീ അഹിംസയുടെയും സ്വയമർപ്പണത്തിന്റെയും പരിശുദ്ധിയുടെയും മൂർത്തികരണമെന്ന് ഗാന്ധിജി പറയുമായിരുന്നു.
വിവേകാനന്ദനും വ്യത്യസ്ത ചിന്തകളോടെയുള്ള ലൈംഗിക അഭിപ്രായങ്ങളിൽ വിശ്വസിച്ചിരുന്നു. . ലൈംഗിക മോഹങ്ങളില്ലാതെയുള്ള സ്നേഹമാണ് ഏറ്റവും മഹത്വമെന്നും പറയുമായിരുന്നു. ശരീരത്തിൽ നിന്ന് ലൈംഗികതയെ വേർപ്പെടുത്തുമ്പോഴാണ് മനുഷ്യൻ പൂർണ്ണമാകുന്നത്. സ്ത്രീകൾക്ക് മാതൃക സീതയാണെന്നും അദ്ദേഹം പറഞ്ഞു. രാമായണത്തിലെ സീത ചാരിത്യ്ര ദേവതയെന്നു വിവേകാനന്ദൻ പറയുമായിരുന്നു. ഒരു സ്ത്രീ ചാരിത്രവതിയും ഏക പതിവ്രതയുമായിരിക്കണമെന്നും പ്രേമമെന്ന അംഗീകാരം നേടുന്നത് വിവാഹശേഷവുമെന്നും അദ്ദേഹത്തിന്റെ ചിന്തകളായിരുന്നു. സമൂഹത്തിന്റെ നാട്ടു നടപ്പനുസരിച്ചു, നിയമങ്ങളനുസരിച്ചു, വിവാഹിതർ ജീവിക്കണമെന്നും ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാൻ ഭർത്താവിന് കഴിയണമെന്നും വിവേകാനന്ദൻ പറയുമായിരുന്നു.
ലൈംഗിക കാര്യങ്ങളിൽ ചിലർ കൃഷ്‌ണനെയും രാധയെയും റോൾ മോഡലായി കാണാറുണ്ട്. ഏക പതിവൃതം അനുഷ്ടിച്ച സീതയിൽ നിന്നും വ്യത്യസ്ത ചിന്തകളോടെ രാധയെ ആരാധിക്കുന്നു. സീത രാജകുടുംബത്തിൽ വളർന്നവളും ചാരിത്രവതിയുമായിരുന്നു. രാധ അതെ സമയം കൃഷ്ണന്റെ കൂട്ടുകാരിയായിരുന്നു. രാജ്ഞി എന്ന നിലയിൽ സീത പൊതു ശ്രദ്ധ നേടിയ ദേവിയായിരുന്നു. രാധ, കൃഷ്ണന്റെ അനേകം കൂട്ടുകാരികളിൽ ഒരാൾ മാത്രമായിരുന്നു. ഇന്ത്യയിൽ നിരവധി അമ്പലങ്ങളിൽ രാധയെ ദേവിയായി പൂജിക്കുന്നു. കവിതകളിൽ ദേവിയായ രാധയെ വർണ്ണിക്കുന്നുമുണ്ട്. കലകളിലും സാഹിത്യത്തിലും രാധയുടെയും കൃഷ്ണന്റെയും പ്രേമമുണ്ട്. ഭക്തിയുടെ ലഹരിയിൽ ആർക്കും രാധയെ അവഗണിക്കാൻ സാധിക്കില്ല. അനേകം ഭക്തി ഗാനങ്ങൾ കൃഷ്ണന്റെയും രാധയുടെയും പ്രേമത്തെപ്പറ്റിയുണ്ട്.
Nice
ReplyDelete