Monday, September 17, 2018

ഇ-മലയാളിയുടെ അവാർഡ് നൈറ്റിലെ എന്റെ പ്രസംഗം


ജോസഫ് പടന്നമാക്കൽ 

പ്രിയപ്പെട്ട സുഹൃത്തുക്കളെ വിശിഷ്ട്ട അതിഥികളെ 

എന്റെ പേര് ജോസഫ് പടന്നമാക്കൽ. ന്യൂയോർക്കിൽ റോക്ലാൻഡ് കൗണ്ടിയിൽ താമസിക്കുന്നു.

ഇ-മലയാളിയുടെ ഈ സമ്മേളനത്തിൽ പങ്കു ചേരാൻ സാധിച്ചതിൽ അത്യധികം സന്തോഷം ഉണ്ട്. കേരളത്തിന്റെ തനതായ കലകളെയും സംസ്‌കാരങ്ങളെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുന്ന ഈ പത്രം  തികച്ചും അഭിനന്ദനീയം തന്നെ. ഇതിലെ പ്രവർത്തകർക്ക് എന്റെ അകം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.

ഇ-മലയാളീ അവാർഡ് സ്വീകരിക്കുന്നതു വഴി ഞാൻ ഇന്ന് അഭിമാനാർഹനായിരിക്കുന്നു. അത്യധികം ആദരിക്കപ്പെട്ട ഈ അവാർഡ് എളിമയോടെ ഞാൻ സ്വീകരിക്കട്ടെ. മറ്റു അവാർഡ് നേടിയവരോടൊപ്പവും എന്റെ സന്തോഷം ഞാൻ പങ്കിടുന്നു. സാഹിത്യ ലോകത്തിന് അതുല്യമായ സംഭാവനകളാണ്  അവർ നൽകിയിരിക്കുന്നത്.

ഇ-മലയാളീ ടീമിന് എന്റെ സവിശേഷമായ നന്ദി രേഖപ്പെടുത്തട്ടെ. പ്രത്യേകിച്ച് പത്രാധിപരായ ശ്രീ ജോർജ് ജോസഫ്, അങ്ങേയ്ക്ക് എന്റെ വക വലിയ ഒരു സല്യൂട്ടുമുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി, ലേഖകനായി  എന്നെ തിരഞ്ഞെടുത്ത എല്ലാ വായനക്കാർക്കും   കൃതജ്ഞതയുടെ പൂച്ചെണ്ടുകളുമുണ്ട്. തീർച്ചയായും എന്നെ പിന്താങ്ങിയ സുഹൃത്തുക്കൾക്കും ഇവിടെ സന്നിഹിതരായിരിക്കുന്ന ഏവർക്കും പ്രത്യേക നന്ദിയുമുണ്ട്. എന്നെ മുമ്പോട്ടും എഴുതാൻ പ്രേരിപ്പിക്കുന്നതും ഈ ആദരവ് തന്നെയാണ്.

വിഷയത്തിലേക്ക് കടക്കട്ടെ. "മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാരുമായി അമേരിക്കന്‍ മലയാളി എഴുത്തുകാരെ പരിഗണിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ അതിനു എന്ത് കാരണം നിങ്ങള്‍ കാണുന്നു." ഇ-മലയാളി ചോദിച്ച ചോദ്യമാണ്, ഇത്. 

ഒരേ ഭാഷയുടെ ഒരേ സംസ്ക്കാരത്തിന്റെ മക്കളായ അമേരിക്കൻ മലയാളി എഴുത്തുകാരെ മുഖ്യധാര മലയാളി എഴുത്തുകാർക്കു അംഗീകരിക്കാൻ സാധിക്കുന്നില്ലെങ്കിൽ അത് അവരുടെ പ്രശ്‍നം. മറ്റൊരു കൂട്ടർ പെണ്ണെഴുത്തെന്നു പറഞ്ഞു സ്ത്രീകളുടെ എഴുത്തിനെ പുച്ഛിക്കുന്നു. മുഖ്യധാരാ മലയാള സാഹിത്യത്തിൽനിന്ന് വേറിട്ട് അമേരിക്കൻ മലയാള സാഹിത്യമെന്നുണ്ടെന്നു തോന്നുന്നില്ല. അക്കാര്യം മനസിലാക്കാൻ സാഹിത്യം എന്താണെന്നുള്ളതിന്റെ ലളിതമായ നിർവചനം മാത്രം ഒന്ന് ചിന്തിച്ചാൽ മതിയാകും. സാഹിത്യം എന്നാൽ പദങ്ങൾ ഒത്തു ചേർന്ന ഒരു ഭാഷ (group of works of words), അമേരിക്കൻ മലയാള സാഹിത്യം ഈ നിർവചനത്തിന് വെളിയിൽ അല്ല. അവിടെ വേർതിരിവിന്റെ ആവശ്യമില്ല.

മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാർക്ക് വല്യേട്ടൻ മനോഭാവം ഉണ്ടെങ്കിലും ഒരു അളവ് വരെ അമേരിക്കൻ എഴുത്തുകാരെയും പരിഗണിക്കുന്ന ട്രെൻഡ് തുടങ്ങിയെന്നാണ് തോന്നുന്നത്. അമേരിക്കൻ മലയാളി എഴുത്തുകാരെ പലരെയും നാട്ടിൽ പുരസ്ക്കാരം നൽകി ബഹുമാനിക്കുന്നതായും അറിയാൻ സാധിച്ചു. ബുക്‌നർ സമ്മാനത്തിന് ശുപാർശ ചെയ്ത 'രതി ദേവി' ഇന്ന് അമേരിക്കൻ എഴുത്തുകാരിയാണ്. അറബിയുടെ കീഴിൽ അടിമപ്പണി എടുക്കുന്ന മലയാളികളുടെ ജീവിതത്തെ സ്പർശിക്കുന്നതാണ് ബന്യാമിന്റെ ആട് ജീവിതം. അതിലെ കഥാപാത്രങ്ങളും കഥയും മുഖ്യധാരാ മലയാള സാഹിത്യത്തിൽനിന്നും വേറിട്ട് നിൽക്കുന്നു. അവിടെ ഒരു എഴുത്തുകാരന്റെ വികാരങ്ങളും ഭാവനകളും അനുഭൂതികളും വിദേശത്തുനിന്നും ലഭിച്ചതാണ്. ബന്യാമിന്റെ അനുഭവ ചിന്തകൾ മുഖ്യധാരാ സാഹിത്യം അംഗീകരിച്ചിട്ടുള്ളതും അമേരിക്കൻ മലയാള എഴുത്തുകാർക്ക് പ്രതീക്ഷ നൽകുന്നതുമാണ്. പോരാഞ്ഞ് അമേരിക്കയിൽ നടത്തുന്ന സാഹിത്യ സമ്മേളനങ്ങളിൽ സംബന്ധിക്കാൻ കേരളത്തിൽ നിന്നുമുള്ള എഴുത്തുകാർക്ക് വലിയ ഉത്സാഹമാണ്. അതിന്റെ അർത്ഥം നാട്ടിലുള്ള പ്രമുഖ എഴുത്തുകാർ അമേരിക്കൻ എഴുത്തുകാരെയും അവരോടൊപ്പം പരിഗണിക്കുന്നുണ്ടോയെന്നും അറിയില്ല. 

സാഹിത്യം എന്നാൽ പദ്യമാകാം, നാടകമാകാം, നോവലാകാം. അമേരിക്കയിൽ നിന്ന് എഴുതിയാലും തൃശൂരിൽ നിന്ന് എഴുതിയാലും കോട്ടയത്തു നിന്നെഴുതിയാലും ഒരേ ഭാഷ, ഒരേ സംസ്ക്കാരം തന്നെയാണ്. തൃശൂർ മലയാളം, കോട്ടയം മലയാളം അമേരിക്കൻ മലയാളം എന്ന് വേർതിരിക്കേണ്ട ആവശ്യമില്ല. മുഖ്യധാരാ മലയാളത്തിലും അമേരിക്കൻ മലയാളത്തിലും ഗ്രാമറും വാക്കുകളുടെ ഘടനയും ഒരുപോലെ. പദ്യങ്ങൾക്ക് ഒരേ അലങ്കാരവും വൃത്തവും. ഭാഷയുടെ പുരോഗതിക്കുള്ള ഗവേഷണ കേന്ദ്രങ്ങൾ, സർവ്വകലാശാലകൾ എല്ലാം കേരളത്തിൽ മാത്രം. ഒരേ നിയമത്തിൽ പോവുന്ന ഒരു ഭാഷയെ അമേരിക്കനെന്നും മുഖ്യധാരായെന്നും എങ്ങനെ വേർതിരിക്കാൻ സാധിക്കും.

കേരളത്തിലെ എഴുത്തുകാർ അമേരിക്കയിലെ എഴുത്തുകാരെയുൾപ്പടെ പ്രവാസികൾ എന്നാണ് വിളിക്കുന്നത്. പ്രവാസിത എന്ന് പറഞ്ഞാൽ നാട് കടത്തപ്പെട്ടവരെന്നാണ്. ബ്രിട്ടീഷുകാർ കുറ്റക്കാരായവരെ ആന്ഡമാനിലേക്ക് നാടുകടത്തുമായിരുന്നു. അവർ അവിടെ പ്രവാസികളായിരുന്നു. അതിനു തത്തുല്യമായ പ്രവാസിയെന്നു അമേരിക്കൻ മലയാളിയും അറിയപ്പെടുന്നു. ചിലർ പ്രവാസി എന്ന ഓമനപ്പേര് അഭിമാന പൂർവ്വമായിട്ടാണ് കരുതുന്നത്. സാഹിത്യത്തെയും അവർ വേർതിരിച്ചിരിക്കുകയാണ്. മലയാള സാഹിത്യത്തിൽ നിന്നും അവരെ വേർപെടുത്തി അവരുടെ സാഹിത്യ രചനകളെ പ്രവാസി സാഹിത്യമെന്നാക്കി. മലയാളത്തിൽ സാഹിത്യം അല്ലെങ്കിൽ പ്രവാസി സാഹിത്യം എന്ന രണ്ടെന്ന സാഹിത്യമില്ല. സാഹിത്യമൊന്നേയുള്ളൂ. ഇവിടുത്തെ എഴുത്തുകാരെ വേറിട്ട് കാണണമെങ്കിൽ അമേരിക്കൻ എഴുത്തുകാർ എന്ന് പറഞ്ഞുകൊള്ളൂ. അവരുടെ തൂലികയിൽ നിന്ന് വരുന്നതും മലയാള സാഹിത്യം തന്നെയാണ്.

മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാരെപ്പറ്റി പറയുമ്പോൾ ക്‌ളാസിക്കൽ എഴുത്തുകാരെപ്പറ്റിയാണെങ്കിൽ ഞാൻ ഒന്നും പ്രതിപാദിക്കുന്നില്ല. ഇന്നുള്ള എഴുത്തുകാരെപ്പറ്റിയാണെങ്കിൽ അവരുടെ എഴുത്തുകൾക്കൊന്നും പഴങ്കാലത്തിലെപ്പോലെ ആത്മാവില്ല. അസ്തിത്വം മാത്രമേയുള്ളൂ. അതിന് കാരണങ്ങളുമുണ്ട്. എവിടെ തിരിഞ്ഞു നോക്കിയാലും അവിടെയെല്ലാം വരണ്ട സസ്യ ലതാതികളും പൂക്കളും മാത്രം. ഇന്ന് വീണു കിടക്കുന്ന പൂവിന് സൗന്ദര്യമില്ല. സൗരഭ്യമില്ല. ആസ്വാദിക്കാൻ മുഖ്യധാരാ എഴുത്തുകാർക്ക് സമയവുമില്ല. യാന്ത്രിക യുഗത്തിൽ ജീവിക്കുന്ന കവിയുടെ ഹൃദയസൗന്ദര്യം മുഴുവനായി നശിച്ചു പോയി. ഒരു കവിയാണെങ്കിലും അവന്റെ ജീവിതം ഒരു യന്ത്രം പോലെയാണ്. കവിത യാന്ത്രിക യുഗത്തിലെയും.

ഇന്ന് മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാർ സാഹിത്യമെന്നു കരുതുന്നത് നോവലും കവിതകളും മാത്രമാണ്. അതുതന്നെ ജീവിതവുമായി പൊരുത്തപ്പെടാത്ത ചപ്പു ചവറുകളാണ് കൂടുതലും. ചില സഞ്ചാര സാഹിത്യം ഉണ്ടെങ്കിലും അവരുടെ പുസ്‌തകങ്ങളിലൊന്നിലും ആ രാജ്യങ്ങളിൽ ജീവിക്കുന്ന ജനങ്ങളുടെ ആത്മാവ് ഉണ്ടായിരിക്കില്ല. ഇവിടെ ജീവിക്കുന്ന ഒരു എഴുത്തുകാരനു മാത്രമേ നമ്മുടെ കണ്ണുനീരിനെയും കഷ്ടപ്പാടുകളെയും ദൈനം ദിന ജീവിതത്തിലുള്ള ഏറ്റുമുട്ടലുകളെപ്പറ്റിയും കടലാസിൽ പകർത്താൻ സാധിക്കുള്ളൂ. അത് കവിതയാകാം. കഥയാകാം, നർമ്മമാകാം. അവിടെ ആ കൃതികളിൽ ഹൃദയത്തിന്റെ ഭാഷയുണ്ട്. അവിടെ അവന്റെ ഭാഷ കേരളത്തിലെ മുഖ്യധാരാ എഴുത്തുകാരിൽ നിന്നും വേറിട്ട് നിൽക്കുന്നു. അമേരിക്കൻ എഴുത്തുകാരൻ അവിടെ മുഖ്യധാരൻ എഴുത്തുകാരിൽനിന്നും ശ്രദ്ധിക്കപ്പെടാതെയും വരുന്നു. 

കേരളത്തിലെ എഴുത്തുകാരിൽ ഒരു വിശേഷത കാണുന്നു. അവർക്ക് അവാർഡ് കരസ്ഥമാക്കണം. സ്വന്തം പേര് പ്രസിദ്ധമാകണം. അതിനായി മറ്റൊരുവൻ കവിയല്ലെന്നുള്ള സാഹ്യത്യ കൃതികളും എഴുതും. 'ഞാൻ ഞാൻ' എന്ന ചിന്ത മാത്രം. കേരളത്തിലുള്ള മലയാള സാഹിത്യകാരന്മാർ വായനക്കാരുടെ ചിന്താഗതികൾക്കനുസരിച്ചല്ല എഴുതുന്നത്. അവർക്ക് രാഷ്ട്രീയക്കാരെ തൃപ്തിപ്പെടുത്തണം. സ്വന്തം മതത്തെ തൃപ്തിപ്പെടുത്തണം. അവിടെ ഭൂരിഭാഗം എഴുത്തുകാരും സങ്കുചിത ചിന്താഗതിക്കാരാണ്. അതേ സമയം അമേരിക്കൻ മലയാളീ എഴുത്തുകാർക്ക് കേരള സാഹിത്യകാരന്മാരുടെ ചിന്താഗതികൾക്കനുസരിച്ച് പോകുവാൻ സാധിച്ചെന്നിരിക്കില്ല. അവർക്ക് ഒരു രാഷ്ട്രീയക്കാരന്റെയോ മതത്തിന്റെയോ ചട്ടക്കൂട്ടിൽ ഒതുങ്ങി നിൽക്കാതെ എഴുതാൻ സാധിക്കും. ഇങ്ങനെയുള്ള ആശയ സമരങ്ങളും പോരാട്ടങ്ങളും കാരണം കേരളത്തിലുള്ള മലയാള സാഹിത്യകാരന്മാർക്ക് അമേരിക്കൻ എഴുത്തുകാരെ അംഗീകരിക്കാൻ സാധിക്കാതെ വന്നേക്കാം. 

മനുഷ്യൻ സ്വാതന്ത്ര്യമാണ് ആഗ്രഹിക്കുന്നത്. ആ സ്വാതന്ത്ര്യത്തിനു തടസം വന്നാൽ അവൻ പ്രതികരിക്കും. അമേരിക്കൻ മലയാളിക്ക് എന്തും എഴുതാൻ സ്വാതന്ത്ര്യമുണ്ട്. മറിച്ച് മുഖ്യധാരാ മലയാളത്തിൽ ആ സ്വാതന്ത്ര്യം ലഭിക്കില്ല. മതത്തെ വിമർശിച്ചാൽ അവിടെ ഉടൻ ഫത്‌വ പ്രഖ്യാപിക്കുകയായി. മാതാ ഹരിയെപ്പറ്റി മനോരമയിൽ ലേഖനം വന്നപ്പോൾ അത് ബ്ലാസ്പ്പമിയായി. ഫ്രഞ്ച് വിപ്ലവത്തിൽ ബ്രിട്ടീഷ് ചാരയെന്ന് മുദ്ര കുത്തി വെടി വെച്ചുകൊല്ലാൻ വിധിക്കപ്പെട്ട ഒരു സ്ത്രീയായിരുന്നു മാതാ ഹരി.  മാതാ ഹരി യുടെ ഛായാചിത്രം ക്രിസ്തുവിനെ അവഹേളിക്കുന്നുവെന്നുപോലും. അവരുടെ മാറിടം കാണിച്ചുകൊണ്ടുള്ള അന്ത്യത്താഴം ക്രിസ്തുവിനെ അപഹസിക്കുന്നുവെന്നായിരുന്നു പരാതി. സുപ്രസിദ്ധമായ കലാമൂല്യങ്ങളെപ്പോലും ബ്ലാസ്പ്പമ്മി പ്രഖ്യാപിക്കുന്നതിനാൽ എഴുത്തുകാർക്ക് സ്വതന്ത്രമായി ചിന്തിക്കാൻ സാധിക്കാതെ വരുന്നു.  കുറേക്കാലം മുമ്പ് കേരളത്തിലാകമാനം ക്രിസ്തുവിന്റെ ആറാംപ്രമാണത്തിൽ അവിടെ ഒച്ചപ്പാട് ഉണ്ടാക്കിയെങ്കിലും അമേരിക്കൻ മലയാളിക്ക് ഏഴാം പ്രമാണത്തിനപ്പുറവും എഴുതാൻ സാധിക്കും. ഈ വൈരുദ്ധ്യങ്ങളും കേരളസാഹിത്യകാരന്മാർക്ക് ഇവിടുത്തെ എഴുത്തുകാരെ അംഗീകരിക്കാൻ സാധിക്കാതെ വരുന്നു. 

കേശവദേവിന്റെ 'ഓടയിൽ നിന്നിലെ' കഥയിൽ ലൈംഗിക ചുവയുണ്ടെന്നു പറഞ്ഞു പള്ളിയും പുരോഹിതരും നടത്തിയ സമര ജാഥകളും ഞാൻ ഓർമ്മിക്കുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളെ ഗൗനിക്കാത്ത അമേരിക്കൻ മലയാള സാഹിത്യകാരന്മാരുടെ വ്യത്യസ്ത ചിന്താഗതികളും കേരളത്തിലെ മുഖ്യധാരാ എഴുത്തുകാർക്ക് ഉൾക്കൊള്ളാൻ സാധിക്കാതെ വരുന്നു. അവർ അതുമൂലം അമേരിക്കൻ മലയാളി എഴുത്തുകാരോട് നീരസം പ്രകടിപ്പിക്കുകയോ എതിർക്കുകയോ പരിഗണിക്കാതെ വരുകയോ ചെയ്തേക്കാം.   

കേരളത്തിലെ എഴുത്തുകാർ വായനക്കാർക്ക് പ്രയോജനപ്പെട്ട വസ്തുതകളൊന്നും എഴുതാൻ ആഗ്രഹിക്കില്ല. പലരും ചിന്തിക്കുന്നത് എഴുത്തിൽകൂടി പ്രസിദ്ധനാകണം. അവാർഡ് നേടണം. അതിനായി എത്ര പണം മുടക്കിയും അവർ ശ്രമിക്കും. സ്വജന പക്ഷാപാതം സാധാരണമെന്ന് മുഖ്യധാരാ കേരള സാഹിത്യകാരന്മാർ തന്നെ സമ്മതിച്ചിട്ടുളള വസ്തുതയാണ്. അവിടെ രാഷ്ട്രീയവും മതവും സ്വാധീനവും ഒരുപോലെ ഒത്തുചേർന്നു പ്രവർത്തിക്കും. സ്വാധീനിക്കേണ്ടവരെ സ്വാധീനിച്ചും അവാർഡ് കരസ്ഥമാക്കാൻ ശ്രമിക്കും. അങ്ങനെയുള്ള സുനിശ്ചിതമായ ഒരു അവാർഡ് തീരുമാനത്തിൽ അമേരിക്കൻ മലയാള സാഹിത്യകാരന്മാരെ അംഗീകരിക്കാനും ബുദ്ധിമുട്ടാണ്. അവരെ തഴയുകയും ചെയ്യും. 

ഇ-മലയാളിയുടെ അവാർഡ്‌ ഒന്ന് ചിന്തിക്കൂ. ഈ അവാർഡ് നിശ്ചയം, എഴുത്തുകാരെ തിരിച്ചുവ്യത്യാസമില്ലാതെ നൂറു ശതമാനവും  അവരുടെ ജൂറിയുടെ തീരുമാനത്തിലായിരുന്നു. ഇങ്ങനെയുള്ള മനസ്ഥിതിയോടെ കറയില്ലാത്ത ഒരു സാഹിത്യസദസ്സ് കേരളത്തിലെ സാഹിത്യ ലോകത്ത് സ്വപ്നത്തിൽപ്പോലും കാണാൻ സാധിക്കില്ല. അവിടെ അമേരിക്കൻ മലയാളി എഴുത്തുകാർ തഴയപ്പെടാനേ സാധ്യതയുള്ളൂ. 

ചില മുഖ്യധാരാ എഴുത്തുകാർ അഭിമാനത്തിന്റെ പ്രതീകമായി കട്ടിയുള്ള സംസ്കൃത പദങ്ങൾ മലയാളത്തിൽ കുത്തിക്കേറ്റാൻ ആഗ്രഹിക്കുന്നത് കാണാം. സംസ്കൃതം ഇൻഡോ ആര്യൻ ഭാഷയായി കാണുന്നു. അത് ആഢ്യബ്രാഹ്മണരുടെയും പൂജാരികളുടെയും ഭാഷയായിരുന്നു. അതൊരിക്കലും സംസാര ഭാഷയായിരുന്നില്ല. ജനകീയമായിരുന്നില്ല. ഒരു എഴുത്തുകാരൻ വായനക്കാരനു മനസിലാകുന്ന ഭാഷയിൽ എഴുതണം. സംസ്കൃത ഡിക്ഷ്ണറിയുമായി വന്നു ഒരാളിന്റെ രചന വായിക്കാൻ ആരും മെനക്കെടണമെന്നില്ല. ഒരു പക്ഷെ അമേരിക്കൻ എഴുത്തുകാരിൽ ഭൂരിഭാഗം പേർക്കും  സംസ്കൃതത്തിൽ പ്രാവിണ്യം ഇല്ലാത്തതും  മുഖ്യധാര എഴുത്തുകാർ അവരെ പരിഗണിക്കാത്ത കാരണമാകാം. 

അമേരിക്കൻ എഴുത്തുകാരെ സംബന്ധിച്ച് അവരുടെ ഭാഷ കൂടുതൽ ജനവൽക്കരിച്ചതാണ്. ഇവിടുത്തെ ഭൂരിഭാഗം എഴുത്തുകാരുടെയും ഭാഷ ഹൃദ്യമാണ്. സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിലാണ്. അമേരിക്കൻ എഴുത്തുകാർ ലോകം കണ്ടവരാണ്. അമേരിക്കൻ മലയാളിയുടെ ഹൃദയത്തുടിപ്പുകൾ ഇവിടെ ജീവിതം പടുത്തുയർത്തിയവർക്കു മാത്രമേ കാണാൻ സാധിക്കുള്ളൂ. നാട്ടിലെ എഴുത്തുകാർ തനിക്കു മീതെ ലോകം എന്ന് ചിന്തിക്കുന്നു.  അമേരിക്കൻ എഴുത്തുകാർ അങ്ങനെ ചിന്തിക്കാറില്ല. അവർ ലോകം കണ്ടവരാണ്. ഈ വൈരുധ്യങ്ങളും അമേരിക്കൻ എഴുത്തുകാരെ മുഖ്യധാരാ എഴുത്തുകാരിൽ നിന്നും വേറിട്ടു ചിന്തിക്കുന്നതിനു കാരണമാകാം. 

ഒരു പക്ഷെ മുഖ്യധാരാ എഴുത്തുകാരുടെ ഗ്രാമവും ഗ്രാമഭംഗിയും അവർ ഭംഗിയായി എഴുതുമായിരിക്കും. എന്നാൽ അതിലും മെച്ചമായി അമേരിക്കൻ മലയാളിക്ക് അവൻ ജനിച്ചു വളർന്ന ഗ്രാമവും ഗ്രാമത്തിലെ പശുക്കളും പച്ച വിരിച്ച നെൽപ്പാടങ്ങളും അതിന്റെ മനോഹാരിതയും എഴുതാൻ സാധിക്കും. അമേരിക്കയിൽ ജീവിക്കുന്ന ഒരോ മലയാളിയുടെ മനസിലും അവന്റെ   സ്വപ്ന ഭൂമിയുണ്ട്. അമേരിക്കൻ മലയാളിയുടെ അന്നത്തെ ഗ്രാമീണർ നിഷ്‍കളങ്കരായ കർഷകരായിരുന്നു. എന്നാൽ കേരളത്തിലെ എഴുത്തുകാർ ഇന്ന് ജീവിക്കുന്നത് വ്യത്യസ്‍തമായ ഒരു കാലഘട്ടത്തിൽക്കൂടിയാണ്. കാലം പല ഗ്രാമങ്ങളെയും വിഷതുല്യമാക്കി. അവിടെയുള്ള ചില എഴുത്തുകാരുടെ പേനയിലും ചില സമയങ്ങളിൽ വിഷക്കറകൾ കാണാം. അവർ അമേരിക്കൻ എഴുത്തുകാരെ തരം താഴ്ത്താൻ ശ്രമിക്കുന്നു. അവരുടെ 'അജ്ഞത' അവിടെ  പ്രകടമാക്കുകയും അമേരിക്കൻ എഴുത്തുകാരുടെ ചിന്താഗതികളിൽ നിന്ന് വേറിട്ട് പ്രവർത്തിക്കുകയും ചെയ്യുന്നു. അമേരിക്കൻ എഴുത്തുകാരെ മുഖ്യധാരാ എഴുത്തിൽ നിന്നും മാറ്റി  നിറുത്തുകയും ചെയ്യുന്നു. 

എല്ലാ തൊഴിലിനും മാഹാത്മ്യമുണ്ടെന്ന് ഈ നാട്ടിൽ വന്നാണ് നമ്മൾ പഠിച്ചത്. നമ്മുടെ കഷ്ട്ടപ്പാടുകളും കുടുംബം പടുത്തുയർത്തിയതും, സഹോദരങ്ങളെയും അവരുടെ കുടുംബത്തെയും രക്ഷപെടുത്തിയതും ശരിയായി കടലാസിൽ പകർത്തുമ്പോൾ അത് അമേരിക്കൻ ജീവിതത്തെ സ്പർശിക്കുന്ന സാഹിത്യമാകും. അങ്ങനെയുള്ള അമേരിക്കയിലെ അനുഭവ വികാരങ്ങളൊന്നും നാട്ടിലെ സാഹിത്യകാരന്മാർക്ക് ഉൾക്കൊള്ളാൻ സാധിച്ചെന്നിരിക്കില്ല. അമേരിക്കൻ എഴുത്തുകാർക്ക് ആശയ പോരാട്ടങ്ങളിൽ അവരുടെ പരിഗണനകൾ ലഭിക്കാതെ പോവുകയും ചെയ്യുന്നു. 

അമേരിക്കൻ സാഹിത്യത്തിൽ സ്വന്തം വീടും നാടും വിട്ട വേദനകളുണ്ട്. മാതാപിതാക്കൾ വൃദ്ധരായ സമയങ്ങളിൽ ഒപ്പം അവരെ പരിചരിക്കാൻ സാധിക്കാത്ത നാളുകളുണ്ട്. നമ്മുടെ ഡോളറുകൾക്ക് അവരെ സ്വാന്തനപ്പെടുത്താൻ കഴിയില്ലായിരുന്നു. ആദ്യം വന്ന തലമുറകൾ ഭൂരിഭാഗം പേരും ആയുസ് ഇവിടെ ജീവിച്ചു തീർത്തു. എങ്കിലും നമുക്ക് ഇന്നും ആ സ്വപ്നമുണ്ട്. നമ്മളായിരുന്ന കാലത്തിലെ മലയാളനാട്ടിലെ മരതകപ്പച്ച വിരിച്ച കാടുകളും ശുദ്ധജലം നിറഞ്ഞിരുന്ന തടാകങ്ങളും ആമ്പൽ പൂക്കളും. എന്നാൽ ആധുനിക മുഖ്യധാരാ സാഹിത്യകാരന് ആ സ്വപ്നമില്ല. അവന്റെ വീണു കിടന്നു കിട്ടിയ വീണപൂവ് കരിഞ്ഞുപോയിരിക്കുന്നു. അവന്റെ മുമ്പിൽ പ്ലാസ്റ്റിക്കും, മലിന വസ്തുക്കളും നിറഞ്ഞ പുഴകളായിരിക്കും.

നമ്മുടെ പ്രിയപ്പെട്ട ഗ്രാമത്തിൽക്കൂടി കാൽ നടകളായി നടന്ന ആ സ്വപ്നങ്ങളും പേറിയാണ് ഒരു അമേരിക്കൻ എഴുത്തുകാരൻ ജീവിക്കുന്നത്. ഇങ്ങനെ പുതിയ കാലഘട്ടത്തിൽ ജീവിക്കുന്ന മുഖ്യധാരാ എഴുത്തുകാരന്റെ ചിന്താഗതികളിൽ നിന്നും വേറിട്ട ചിന്താഗതികൾ അമേരിക്കയിലെ മുതിർന്ന എഴുത്തുകാരിൽ ഉള്ളതും ഇവിടുത്തെ എഴുത്തുകാരെ ശ്രദ്ധിക്കാതിരിക്കാൻ കാരണമാകുന്നു. അമേരിക്കൻ എഴുത്തുകാരൻ മുഖ്യധാരാ എഴുത്തുകാരനെക്കാളും കൂടുതൽ ജനകീയനായിരിക്കും. ചങ്ങമ്പുഴ ജനകീയ കവിയായിരുന്നു. രമണനും വാഴക്കുലയും ഉദാഹരണങ്ങളാണ്. രമണന്റെ പ്രേമഗീതങ്ങൾ പാടിയത് പാടത്തു പണിയെടുത്തിരുന്ന കർഷകരായിരുന്നു. ചങ്ങമ്പുഴ പ്രസിദ്ധമായത് അച്ചടിച്ച പുസ്തകത്തിൽക്കൂടിയല്ലായിരുന്നു. അതുപോലെ അമേരിക്കയിൽ ജീവിക്കുന്ന പല എഴുത്തുകാർക്കും കൂടുതൽ ജനകീയമാവാനും സാധിക്കുന്നു. അവിടെയാണ് അവരെ വേറിട്ടു കാണേണ്ടതും മുഖ്യധാരാ എഴുത്തുകാർക്ക് അംഗീകരിക്കാൻ സാധിക്കാത്തതും.


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...