Friday, November 30, 2018

ശ്രീ സുധീർ പണിക്കവീട്ടിലിന്റെ അമേരിക്കൻ മലയാള സാഹിത്യ നിരൂപണങ്ങൾ, അവലോകനം



ജോസഫ് പടന്നമാക്കൽ

ശ്രീ സുധീർ പണിക്കവീട്ടിലിന്റെ 'അമേരിക്കൻ മലയാള സാഹിത്യ നിരൂപണങ്ങൾ' എന്ന പുസ്തകം എനിക്ക് അയച്ചു തന്നിരുന്നു. മൂന്നുനാലു മാസങ്ങൾക്കു മുമ്പ് പുസ്തകം എന്റെ പക്കൽ ലഭിച്ചിരുന്നെങ്കിലും അതിനുള്ളിലെ താളുകൾ മറിക്കാൻ ആരംഭിച്ചത് ഈ അടുത്ത ദിവസങ്ങളിൽ മാത്രമാണ്. പുസ്തക വായന തുടങ്ങിയപ്പോഴാണ് ശ്രീ പണിക്കവീട്ടിലിന്റെ ലേഖനങ്ങൾ എല്ലാം എത്രയോ ഗാംഭീര്യവും പണ്ഡിതോചിതമെന്നും മനസിലായത്. സരസവും ലോലവുമായ ഭാഷയിൽക്കൂടി വായനക്കാരന് കൗതുകമുളവാക്കുന്ന രീതിയിലാണ് ഓരോ അദ്ധ്യായവും രചിച്ചിരിക്കുന്നത്. ഗവേഷണ കുതുകികളായ വായനക്കാർക്കു വേണ്ടി ഇങ്ങനെ ഒരു ഗ്രന്ഥം രചിച്ച ശ്രീ പണിക്കവീട്ടിലിന് അനുമോദനങ്ങളുടെ പൂച്ചെണ്ടുകളുമുണ്ട്. അഞ്ചു  വള്ളിക്കൂസകളുടെ പടങ്ങൾ സഹിതം അതിമനോഹരമായി ആവരണം ചെയ്ത കവർ പേജോടെ അച്ചടിച്ച ഈ പുസ്തകം തീർച്ചയായും അമേരിക്കയിൽ വളരുന്ന തലമുറകൾക്കും ഗവേഷകർക്കും പ്രയോജനപ്രദമാകുമെന്നതിൽ സംശയമില്ല.  അമേരിക്കൻ മലയാള സാഹിത്യത്തെപ്പറ്റി ഒരു നിരൂപണം തയ്യാറാക്കാൻ സുധീർ തീവ്രമായ ഗവേഷണങ്ങൾ തന്നെ നടത്തി കാണും. അമേരിക്കൻ മലയാള സാഹിത്യത്തിന്റ കാവൽക്കാരായ അനേകം സാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും ഗ്രന്ഥകാരൻ ശരിയാംവിധം വിലയിരുത്തിയിട്ടുണ്ട്. സാഹിത്യ സമുദ്രത്തിൽ മുങ്ങിത്തപ്പി അതിലെ പവിഴ മുത്തുകളായ സാഹിത്യകാരന്മാരെ നല്ലവണ്ണം വിലയിരുത്തിയാണ് ഓരോ അദ്ധ്യായത്തിലെയും താളുകളിൽ നിറച്ചിരിക്കുന്നത്. നിരവധി സാഹിത്യ പുസ്തകങ്ങളും കവിതാസമാഹാരങ്ങളും സസൂക്ഷ്മം പരിശോധിച്ച ശേഷമാണ് ഈ പുസ്തകത്തിന്റെ സൃഷ്ടികർമ്മം നിർവഹിച്ചിരിക്കുന്നതെന്നും മനസിലാക്കുന്നു.

അമേരിക്കൻ മലയാളി എഴുത്തുകാരിൽ അനുകരണ ചിന്തകൾ വർദ്ധിക്കുന്ന കാരണം മലയാള സാഹിത്യത്തിന് നാളിതുവരെ കാര്യമായ വളർച്ചയില്ലെന്നാണ് ആമുഖത്തിൽ ഗ്രന്ഥകാരൻ  പറഞ്ഞിരിക്കുന്നത്. ഓരോ എഴുത്തുകാരുടെയും പോരായ്മകൾ ഇത്രമാത്രം വിശകലനം ചെയ്യാൻ ശ്രീ സുധീർ പണിക്കവീട്ടിലിനെപ്പോലെ മനോധർമ്മം ഉള്ളവർക്ക് മാത്രമേ സാധിക്കുള്ളൂ. അക്ഷരങ്ങളുടെ ലോകത്തിൽ അദ്ദേഹം കവിയും ലേഖകനും സാഹിത്യകാരനുമെല്ലാമാണ്. അതിന്റെ ഗാംഭീര്യത മുഴുവൻ ഈ പുസ്തകത്തിൽ കര കവിഞ്ഞൊഴുകുന്നതും ഓരോ വായനക്കാരനും അനുഭൂതികളുണ്ടാക്കാം. അമേരിക്കൻ മലയാള സാഹിത്യത്തിൽ സാഹിത്യകാർക്കു വേണ്ടിയുള്ള ഒരു സാഹിത്യകാരൻ ഒരു പക്ഷെ സുധീർ മാത്രമേ കാണാൻ സാധ്യതയുള്ളൂ. അമേരിക്കൻ അഴീക്കോടനെന്നും അദ്ദേഹത്തെ വിളിക്കുന്നതിൽ അപാകതകൾ ഉണ്ടെന്ന് തോന്നുന്നില്ല. കാരണം, വിമർശനലോകത്ത് സുകുമാർ അഴീക്കോട് ഒരു ഭീമാകായനായ ഇതിഹാസമായിരുന്നു.

ഒരു നാടകത്തിൽ നാടകം അവതരിപ്പിക്കുമ്പോൾ അതിലെ സ്റ്റേജിലെ തിരശീല ഉയരുമ്പോലെയാണ്,  വിമർശനങ്ങളോടെയുള്ള ഈ പുസ്തകത്തിന്റെ തുടക്കം കുറിക്കുന്നത്. നാടകത്തിലെ അഭിനേതാക്കളെ രംഗത്തു അവതരിപ്പിക്കുന്നപോലെ എഴുത്തുകാരെയും പുസ്തകത്തിനുള്ളിൽ നിരനിരയായി നിർത്തിയിരിക്കുന്നത് കാണാം. അവരിൽ നിന്നു സാഹിത്യ ലോകത്ത് നേട്ടങ്ങൾ കൊയ്തിട്ടുള്ള പ്രസിദ്ധരായ എഴുത്തുകാരുടെ കൃതികൾ പഠിച്ച ശേഷം പല അദ്ധ്യായങ്ങളായി ഈ പുസ്തകത്തിൽ വിമർശനാത്മകമായി ചേർക്കപ്പെട്ടിരിക്കുന്നു. നിരവധി  എഴുത്തുകാരെ ഇവിടെ അണിനിരത്തുമ്പോൾ ഗ്രന്ഥകാരന്റെ തീക്ഷ്ണമായ അമേരിക്കൻ സാഹിത്യത്തെപ്പറ്റിയുള്ള ഗവേഷണങ്ങളെ എത്രകണ്ട് അഭിനന്ദിച്ചാലും മതിയാവില്ല.

അമേരിക്കയിൽ വായനക്കാരെക്കാളും കൂടുതൽ എഴുത്തുകാരാണ് എന്നുള്ള സുധീറിന്റെ ശൈലിയും പ്രതിഫലിക്കുന്നത് കാണാം. ഓൺലൈൻ പത്രങ്ങളുടെ പ്രചാരങ്ങളിൽക്കൂടി എഴുത്തുകാരുടെ എണ്ണം കൂടുകയും അതുമൂലം അമേരിക്കൻ സാഹിത്യ നിലവാരം വളരെയധികം താണു പോയെന്നും ഗ്രന്ഥകാരൻ അഭിപ്രായപ്പെട്ടിരിക്കുന്നു. രാഷ്ട്രീയത്തിലെ കുതികാൽ വെട്ടുപോലെ എഴുത്തുലോകത്തിലും എഴുത്തുകാർ മറ്റൊരു എഴുത്തുകാരനെ താഴ്ത്തി കെട്ടുകയും പരസ്പ്പരം ചെളി വാരിയെറിയുന്ന അവസ്ഥയും നിലവിലുണ്ടെന്ന് അദ്ദേഹം ചൂണ്ടി കാണിക്കുന്നു. ഇവിടുത്തെ ഓൺലൈൻ പത്രങ്ങളായ ഇ-മലയാളി, മലയാളം ഡൈലി ന്യൂസ്, ജോയിച്ചൻ പുതുക്കളം എന്നീ പത്രങ്ങളുടെ മികച്ച നിലവാരവും ഈ പത്രങ്ങൾ സാഹിത്യ ലോകത്തു നൽകുന്ന സംഭാവനകളും പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. എങ്കിലും ഓൺലൈൻ പത്രങ്ങളിൽ ഏതു ചപ്പു ചവറുകൾ എഴുതിയാലും പ്രസിദ്ധീകരിക്കുന്ന പ്രവണതയോട് ഗ്രന്ഥകാരന് യോജിപ്പില്ല.

അമേരിക്കൻ മലയാളികളിൽ ആഗോളതലത്തിൽ പ്രസിദ്ധരും നിരവധി അവാർഡ് നേടിയവരുമായ രതി ദേവി, ജോൺ മാത്യു എന്നിവരെയും പരിചയപ്പെടുത്തുന്നു. അമേരിക്കൻ മലയാള സാഹിത്യം ഇന്ന് ലോക നിലവാരത്തിലേക്ക് കുതിച്ചു ചാടുന്നുണ്ടെങ്കിലും പലരുടെയും അനുകരണ കൃതികൾ മറ്റു  സാഹിത്യകാരന്മാരുടെ കൃതികളെ വിലയിടിക്കുന്നതിനു കാരണമാകുന്നു. ചിലർ പണം കൊടുത്ത് എഴുതിക്കുന്നുവെന്നും നാട്ടിൽനിന്നും അവാർഡുകൾ പോലും കരസ്ഥമാക്കുന്നത് സ്വാധീനം ചെലുത്തിയാണെന്നുമുള്ള വിമർശനങ്ങളെ ഗ്രന്ഥകാരൻ ഖണ്ഡിച്ചിരിക്കുന്നു. വിമർശനങ്ങളെ ഗ്രന്ഥകാരൻ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പേരുവെക്കാതെ പ്രതികരണ കോളത്തിൽ എഴുതുന്നവരെപ്പറ്റി അദ്ദേഹത്തിന് അഭിപ്രായമില്ല. പലപ്പോഴും വ്യക്തിപരമായ അധിക്ഷേപങ്ങളിൽക്കൂടി അവർ എഴുത്തുകാരുടെ മനോവീര്യം തകർക്കുന്ന കാര്യങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. പ്രതികരണ കോളത്തിൽ സ്ഥിരം എഴുതുന്ന വിദ്യാധരൻ, അന്തപ്പൻ, എന്നിവരുടെ സാഹിത്യ സംഭാവനകളെയും അവരുടെ ശക്തിയായ വിമർശന ചിന്താഗതികളെയും പരാമർശിക്കാത്തത് പുസ്തകത്തിന്റെ പോരായ്മയല്ലേയെന്നും തോന്നിപ്പോവുന്നു.

ഒരു ഭാഷയുടെ വളർച്ചയെ സംബന്ധിച്ചിടത്തോളം എഴുത്തുകാർ, ഭാഷാ പ്രേമികൾ, പുസ്തക ശാലകൾ, മാദ്ധ്യമങ്ങൾ, സാഹിത്യ സംഘടനകൾ മുതലായ ഉപാധികളെല്ലാം ആവശ്യമാണ്.  സുധീറിന്റെ ഗ്രന്ഥത്തിൽ അമേരിക്കയിൽ ആദ്യകാല സാഹിത്യ സംഘടനയായ സർഗ്ഗവേദിയെപ്പറ്റി ഒരു അദ്ധ്യായം തന്നെ ഉണ്ട്.  സംഘടനക്കുള്ളിലെ വിചിത്രമായ രാഷ്ട്രീയവും തൊഴുത്തിൽ കുത്തും പുസ്തകത്തിൽ വായിക്കാം. സർഗ്ഗവേദിയുടെ സഹായത്താൽ അമേരിക്കയിൽ പ്രസിദ്ധനായ കവിയും സാഹിത്യകാരനുമായ ശ്രീ ചെറിയാൻ കെ ചെറിയാന്റെ വില കുറഞ്ഞ ധാർമ്മിക നിലവാരത്തെയും പരാമർശിക്കുന്നുണ്ട്. അതുവരെ നിശബ്ദനായി ആരുമറിയാതെ ഇരുന്ന ഈ കവിയെ സർഗവേദി പൊന്നാട കൊടുത്ത് സ്വീകരിച്ചു. പിന്നീട് സർഗ്ഗവേദിയെ തകർക്കാൻ കവി മുൻകൈ എടുത്തതും ലേഖനത്തിൽ വിവരിച്ചിരിക്കുന്നു. സർഗ്ഗവേദിക്കെതിരായി 'സാഹിത്യാദി' എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. കാലക്രമേണ ശ്രീ ചെറിയാൻ ടെക്‌സാസിൽ താമസം മാറിയ ശേഷം അദ്ദേഹം സ്ഥാപിച്ച സംഘടന ഇല്ലാതാവുകയും ചെയ്തു. യാതൊരു ധാർമ്മികതയും പുലർത്താതെ സർഗ്ഗവേദിയെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്ന മലയാള പത്രത്തെപറ്റിയും ഗ്രന്ഥകാരൻ നിശിതമായി വിമർശിച്ചിട്ടുണ്ട്. അമേരിക്കയിൽ മലയാള ഭാഷയെപ്പറ്റി ഗവേഷണം നടത്തുന്ന ഭാവി വിജ്ഞാനകുതുകികൾക്ക് ഗ്രന്ഥകാരൻ കുറിച്ച ഈ ചരിത്രക്കുറിപ്പുകൾ പ്രയോജനപ്പെടുമെന്നതിൽ സംശയമില്ല. സർഗ്ഗവേദിയുടെ പ്രവർത്തനങ്ങളെ നിർലോഭം സഹായിക്കുകയും സത്യസന്ധമായി വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തുകൊണ്ടിരുന്ന കൈരളി പത്രത്തെ ഗ്രന്ഥകാരൻ അഭിനന്ദിക്കുന്നുമുണ്ട്.

'ഡോ.എ.കെ.ബി പിള്ളയുടെ 'അതുല്യ ധീഷണാവിലാസവിസ്മയം' എന്ന വിമർശന ലേഖനം വായിച്ചപ്പോൾ നിരവധി വിജ്ഞാന മേഖലയിൽ പ്രവർത്തിച്ച സുധീർ പണിക്കവീട്ടിലെന്ന വിമർശന സാമ്രാട്ടിൽ അത്യധികമായ ആഹ്ലാദവും അഭിമാനവുമുണ്ടായി. ലോക മലയാളികൾക്കുതന്നെ ശ്രീ എ.കെ.ബി ഒരു അഭികാമ്യനായ വ്യക്തിയാണെന്നുള്ളതിൽ അതിശോയോക്തിയില്ല. പതിനാറാം വയസിൽ എഴുത്തുകൾ ആരംഭിച്ച അദ്ദേഹം അനസ്യൂതം തന്റെ അറിവുകൾ പുസ്തകരൂപേണയും, ദൃശ്യമാധ്യമങ്ങളിൽക്കൂടിയും സോഷ്യൽ മീഡിയായിൽക്കൂടിയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. കഥ, ലേഖനം, നിരൂപണം, സഞ്ചാരസാഹിത്യം എന്നീ മേഖലകളുടെ അധിപൻ കൂടിയാണ് അദ്ദേഹം. ബാല്യം മുതൽ സാഹിത്യകാരനായി അറിയപ്പെട്ടിരുന്നു. സാമൂഹിക നന്മയെ ലക്ഷ്യമാക്കികൊണ്ടുളള നിരവധി പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നുണ്ട്. മലയാള സാഹിത്യവും ഇംഗ്ലീഷ് സാഹിത്യവും ഒരു പോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള ഡോ.പിള്ളയെപ്പോലുള്ളവർ സാഹിത്യ ലോകത്ത്  ചുരുക്കമായിരിക്കും. ലോകം മുഴുവൻ സഞ്ചരിച്ച് അവരുടെ സാമൂഹിക പശ്ചാത്തലം ശരിയായി പഠിച്ച ഒരു പണ്ഡിതനും കൂടിയാണ് ഡോ.പിള്ള. കൂടാതെ മാനവ ശാസ്ത്രം, മാനസിക ശാസ്ത്രം എന്നീ മേഖലകളിലും പാണ്ഡിത്യം നേടി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഒരു കടലാസു നിറയെ അക്കാദമിക്ക് ബിരുദങ്ങളുമുണ്ട്. വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ചുരുക്കത്തിൽ അദ്ദേഹം കൈവെക്കാത്ത മേഖലകൾ ചുരുക്കം. മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ അറിയപ്പെടുന്ന അമേരിക്കൻ സാഹിത്യകാരനായ ഈ വലിയ മനുഷ്യനെ അമേരിക്കൻ മലയാളികൾക്കു പരിചയപ്പെടുത്തിയ സുധീറിനെയും അനുമോദിക്കണം. സുധീറിന്റെ വിമർശന ഗ്രന്ഥത്തിലെ പവിഴമുത്ത് എവിടെയെന്ന് അന്വേഷിക്കുന്നവർക്ക് ഡോ. പിള്ളയുടെ സാഹിത്യകൃതികളെപ്പറ്റിയുള്ള ഈ ലേഖനം ഉത്തരം നൽകും.

'ഈ ലോകത്തിനൊരു കത്ത്' എന്ന തലക്കെട്ടിൽ കൊടുത്തിരിക്കുന്ന ലേഖനം പ്രൊഫ. ചെറുവേലിയുടെ 'എ പാസ്സേജ് ടു അമേരിക്ക' (A passage to America) എന്ന ആത്മഗ്രന്ഥ പുസ്തകത്തെപ്പറ്റിയുള്ള വിമർശന ലേഖനമാണ്. പ്രൊഫ. ചെറുവേലിയുടെ പുസ്തകം ഞാൻ വായിച്ചിട്ടില്ല. എങ്കിലും ചെറുവേലിയുടെ ഗ്രന്ഥത്തിലെ ചില പ്രസക്തഭാഗങ്ങൾ സുധീർ മലയാളത്തിൽ എഴുതിയിരിക്കുന്നത് വളരെ ഹൃദ്യമായിരിക്കുന്നു. കുട്ടനാട്ടിലെ പ്രകൃതി രമണീയമായ ഭൂമിയിൽ വളർന്ന ചെറുവേലി എന്ന ബാലൻ ഉയരങ്ങൾ കീഴടക്കി വിശ്വപ്രസിദ്ധമായ ഒരു യൂണിവേഴ്സിറ്റിയുടെ പ്രൊഫസറായി സേവനം ചെയ്ത ശേഷം വിരമിച്ച കഥകളാണ് ഈ ആത്മകഥ ഗ്രന്ഥത്തിലുള്ളത്. അമേരിക്കൻ പൗരത്വം ഏറ്റെടുത്ത ശേഷം രണ്ടു സംസ്ക്കാരങ്ങളുമായി ഏറ്റുമുട്ടുന്ന ജീവിത രേഖകളും ചെറുവേലി മധുരമായ ഭാഷയിൽ വിവരിച്ചിട്ടുണ്ടെന്നും സുധീർ പറയുന്നു. കുട്ടനാടിന്റെ പ്രകൃതിയും വർണ്ണ നിറങ്ങളും പുഞ്ചകൃഷികളും നെൽപ്പാടങ്ങളും വർണ്ണിക്കുമ്പോൾ അത് ഇംഗ്ലീഷ് ഭാഷയെക്കാളും മനസിന്റെ ആഴങ്ങളിൽ പതിക്കുന്നത് മലയാള ഭാഷയിൽ എഴുതുമ്പോഴായിരിക്കും. എന്റെ അമ്മവീടു കുട്ടനാടായിരുന്നതു കൊണ്ടും കുട്ടനാടൻ നെൽപ്രദേശങ്ങളുമായി ബാല്യത്തിൽ കളിച്ചു നടന്നിരുന്നതുകൊണ്ടും അത്തരം ഭാവനകൾ എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. എങ്കിലും ഇംഗ്ലീഷ് ഭാഷയിൽ എഴുതിയ അദ്ദേഹത്തിൻറെ ഗ്രന്ഥത്തിൽ കുട്ടനാടൻ തനിമ ഒട്ടും മങ്ങിയിട്ടില്ലെന്നും സുധീറിന്റെ ഭാഷാശൈലിയിൽനിന്നും മനസിലാക്കുന്നു.

ആദ്യകാലങ്ങളിൽ എത്ര ഉന്നത വിദ്യാഭ്യാസം നേടിയവരും ഈ നാടിന്റെ മണ്ണിൽ കാലുകുത്തിയാൽ പിന്നീടുള്ള ജീവിതത്തിൽ അയാൾ തന്നെ ഈ മണ്ണിന്റെ വളർത്തുമകനാകുകയും പിന്നീട് വെറും  അജ്ഞാതമായ ചരിത്രവിശേഷമായി മാറുകയും ചെയ്യും. ചിലർ ചരിത്രത്തിലും ഇടം പ്രാപിക്കും. 750 പേജുള്ള ബൃഹത്തായ ചെറുവേലിയുടെ ആത്മകഥയിൽ ഒരു കുടിയേറ്റക്കാരന്റെ ജീവിത തരംഗങ്ങൾ കരകവിഞ്ഞൊഴുകി ആത്മാവിൽ തട്ടുന്ന പ്രതിബിംബങ്ങൾ നിറഞ്ഞതായിരിക്കാം. അത് അമേരിക്കയിലെ ബുദ്ധിജീവികളുടെ ഗവേഷണശാലകളിലെ പണിപ്പുരയിലും പുസ്തകപ്പുരകളിലും ഭദ്രമായി സൂക്ഷിച്ചിരിക്കാം. ശ്രീ ചെറുവേലിയുടെ പുസ്തകത്തിൽ നിന്നും സുധീർ പരിഭാഷപ്പെടുത്തിയ ഹൃദ്യമായ ഒരു പ്രസക്ത ഭാഗം ഇവിടെ ചേർക്കുന്നു. "എന്റെ മനസിന്റെ ശ്രീ കോവിലിൽ എപ്പോഴും പ്രകാശിക്കുന്നു ഗാന്ധിയും നെഹ്രുവും ജോർജ് വാഷിംഗ്ടണും ജെഫേഴ്സണും. എന്റെ ഹൃദയത്തിന്റെ ആരാധനാലയത്തിൽ സുവിശേഷങ്ങളും ഗീതയും മുഴങ്ങുന്നു. എന്റെ ഉപബോധ മനസുകളുടെ മഹാസാഗരത്തിലേക്ക് ഗംഗയും മിസ്സിസിപ്പിയും പമ്പയും ഹട്സനും ഒഴുകിച്ചേരുന്നു. എന്റെ ചെവികളിൽ വിധിയുമായുള്ള കൂടിക്കാഴചയുടെയും ഗെറ്റിസ് ബെർഗിലെയും പ്രസംഗങ്ങൾ അലയടിക്കുന്നു." എത്ര മനോഹരമായി ചെറുവേലി അവതരിപ്പിച്ച ആശയ സമ്പുഷ്ടത നിറഞ്ഞ വൈകാരിക ഭാവങ്ങൾ സുധീർ മലയാളത്തിൽ എഴുതിയിരിക്കുന്നതെന്നും ചിന്തിക്കണം. ചെറുവേലിയിൽ ദൃശ്യമായ ആ വിശ്വപൗരത്വം തന്മയത്വത്തോടെ മലയാളി മനസുകളിൽ പ്രചോദനം നൽകാൻ സുധീറിനു കഴിഞ്ഞുവെന്നതാണ് കൂടുതൽ യാഥാർഥ്യം. ആഗോള ചിന്തകളും വിശ്വദർശനവും ചെറുവേലിയുടെ ഗ്രന്ഥത്തിൽ മുഴങ്ങി കേൾക്കുന്നുണ്ടെന്നും വിചാരിക്കണം.

ശ്രീ വെറ്റത്തിന്റെ പുസ്തകങ്ങളെപ്പറ്റി രണ്ടു അദ്ധ്യയങ്ങളിലായി സുധീറിന്റെ ഗ്രന്ഥത്തിൽ  അവലോകനം ചെയ്തിട്ടുണ്ട്. അമേരിക്കൻ മലയാളികൾക്ക് വളരെ സുപരിചിതനായ ഒരു സാഹിത്യകാരനാണ് ശ്രീ വേറ്റം. വളരെ ചെറുപ്പം മുതൽ തന്നെ ചെറുകഥകൾ, ഗാനങ്ങൾ, ചരിത്രം, നോവൽ എന്നീ വിഷയങ്ങളെ ആധാരമാക്കി നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.'ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്ത് പാടുന്നതെങ്ങനെയെന്നാണ്' ലേഖനത്തിന് ടൈറ്റിൽ കൊടുത്തിരിക്കുന്നത്. 'അമേരിക്ക' എന്ന സ്വപ്നഭൂമിയിൽ അഞ്ചു മലയാളികൾ തമ്മിൽ കണ്ടുമുട്ടിയാൽ പിന്നെ പള്ളിപ്പണിയുടെ പണിപ്പുരയിൽ പ്രവേശിക്കുകയായി. ഓരോ കാലത്തും വന്നെത്തുന്നവർ പള്ളി യോഗമായി, പള്ളി പൊളിച്ചു പണിയലായി, കലഹമായി, വ്യവഹാരങ്ങളായി ഒടുവിൽ പള്ളിതന്നെ രണ്ടായി വിഭജിക്കുന്ന സ്ഥിതി വിശേഷമാണ് നാളിതുവരെ കാണപ്പെടുന്നത്. ഒരേ ബൈബിൾ, നൂറു കണക്കിന് വചനങ്ങൾ, ഓരോ വചനത്തിനും ഓരോ സഭകൾ, സഭയ്ക്കുള്ളിൽ സഭകൾ, ചേരി തിരിഞ്ഞുള്ള പള്ളികൾ ഇന്ന് അമേരിക്കൻ നാടുകളിൽ സുലഭമാണ്. പള്ളിതിരിച്ചു വഴക്കുണ്ടാക്കാൻ പട്ടക്കാരും അതിനു കൂട്ടുനിൽക്കാൻ വിശ്വാസികളും സാധാരണമാണ്. പൗരാഹിത്യം ഒരു തൊഴിലായി സ്വീകരിച്ച് ഇവിടെയെത്തുന്ന പട്ടക്കാർ, കുടുംബങ്ങളിലും സമൂഹങ്ങളിലും കുത്തിത്തിരിപ്പുണ്ടാക്കാനും അതിസമർത്ഥരാണ്. പള്ളിപണിയും പള്ളിവഴക്കും അമേരിക്കയിൽ വന്ന കുടിയേറ്റക്കാരുടെ ചരിത്രത്തിന്റെ താളുകളിൽ എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

സ്വാർത്ഥ താൽപ്പര്യം മുമ്പിൽ കാണുന്ന ചില പുരോഹിതരും പള്ളിക്കമ്മിറ്റിക്കാരും പള്ളി പണികളുടെ ആരംഭം മുതൽ കുടിലതന്ത്രങ്ങൾ നിറഞ്ഞ പദ്ധതികൾ തയ്യാറാക്കിക്കൊണ്ടിരിക്കും. ആരംഭകാലം മുതൽ ശ്രീ വെറ്റവും കൂടി ഉൾപ്പെട്ട സ്റ്റാറ്റൻ ഐലൻഡിൽ ഉള്ള ഒരു പള്ളിയും അതിനോടനുബന്ധിച്ചുള്ള പള്ളിവഴക്കുകളും പള്ളി രണ്ടാകുന്ന ചരിത്രവും കോടതിക്കേസുകളും ശ്രീ വെറ്റം എഴുതിയത്, സുധീർ ക്രിയാത്മകമായി വിശദീകരിച്ചിട്ടുണ്ട്. 'അനുഭവ തീരങ്ങൾ' എന്ന വെറ്റത്തിന്റെ പുസ്തകത്തിൽക്കൂടി പെർസെപ്ഷൻ (perception) എന്ന ആവിഷ്‌ക്കാര ശൈലിയിൽ എഴുതിയ പുസ്തകം തികച്ചും ഒരു മതവിശ്വസിയുടെ വേദനകൾ നിറഞ്ഞതാണെന്നു സുധീർ എഴുതിയിരിക്കുന്നു. സഭാതലങ്ങളിലുള്ള സകല കുഴപ്പങ്ങൾക്കും കാരണം അധികാര സ്ഥാനങ്ങൾക്കു വേണ്ടിയുള്ള മോഹങ്ങളാണെന്നും കാണാം.

അന്തരിച്ച പ്രസിദ്ധ ചിന്തകനും എഴുത്തുകാരനുമായിരുന്ന പ്രൊഫ. ആന്റണിയുടെ ഗ്രന്ഥത്തെപ്പറ്റിയുള്ള സുധീറിന്റെ ലേഖനം ഒരു താത്ത്വിക ദാർശനികന്റെ എഴുത്തോലപോലെയാണ്.  അതിൽ ബ്രഹ്മവും ആത്മവും മായയും എല്ലാം കലർത്തിയിരിക്കുന്നു. വേദക്രാന്ത ദാർശനികനും കവിയുമായിരുന്ന ആന്റണിയുടെ മരണം അമേരിക്കൻ സാഹിത്യ ലോകത്തുള്ളവരെ ഒന്നാകെ കരയിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റ 'അമ്മണി കവിതകളെ' അടിസ്ഥാനമാക്കിയാണ് സുധീർ തന്റെ ലേഖനം രചിച്ചിരിക്കുന്നത്. പ്രൊഫ. എം.ടി. ആന്റണിയാണ് 'അമ്മിണി കവിതകൾ' വികസിപ്പിച്ചെടുത്തതെന്നും  മനസിലാക്കുന്നു. ആന്റണി ഒരു ചിന്തകനും സാമൂഹികവും സാഹിത്യപരവുമായ കൃതികളുടെ വിമർശകനുമായിരുന്നു. ജീവിച്ചിരുന്ന കാലത്ത് ആകാശത്തിനു താഴെയുള്ള ഏതു വിഷയങ്ങളെയും പറ്റി സംസാരിക്കാനും കഴിയുമായിരുന്ന അദ്ദേഹം നല്ലൊരു പ്രഭാഷകനും കൂടിയായിരുന്നു. ഇംഗ്ലീഷും ചരിത്രവും ഭാരതീയ സാഹിത്യവും രാഷ്ട്രീയവും ദൈവശാസ്ത്രവും എന്നിങ്ങനെ സകലവിധ വിഷയങ്ങളും ആധികാരികമായി കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. പ്രഭാഷണം തുടങ്ങിയാൽ സദസു മുഴുവൻ കയ്യടക്കാനുള്ള ശക്തി വിശേഷവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇങ്ങനെ അതുല്യനായ ഒരു വ്യക്തിപ്രഭാവത്തെ പരിചയപ്പെടുത്തിയതുകൊണ്ടായിരിക്കാം സുധീരൻ അദ്വൈത താത്വിക ചിന്തകളെ ഈ ലേഖനവുമായി ബന്ധപ്പെടുത്തിയത്. അദ്ദേഹത്തിന്റെ 'അമ്മിണി കവിത'കളെപ്പറ്റിയുള്ള വിമർശനങ്ങൾ വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നതുമാണ്.

'മായ' എന്ന സംസ്കൃത പദത്തിന്റെ വിശാലമായ അർത്ഥവും സുധീർ ഉദാഹരണ സഹിതം വിവരിക്കുന്നു. 'വേശ്യയെ കണ്ടു ഭാര്യയെന്ന് ഒരുവൻ ചിന്തിച്ചാൽ' അവന്റെ മനസ്സിൽ മായാവലയം പടർന്നു പിടിച്ചിരിക്കുന്നുവെന്നുളളതാണ് സത്യം. അതുപോലെയാണ് അമ്മിണി കവിതകളും. ഓരോ കവിതയുടെയും ആന്തരികാർത്ഥം തപ്പിയെടുക്കാൻ മികച്ച വായനാ ശീലവും വേണ്ടി വരും. 'മായ' എന്നുള്ളത് ഹിന്ദുമതത്തിന്റെ അടിസ്ഥാന വാക്കാണ്. പ്രത്യേകിച്ച് വേദാന്ത സ്‌കൂളിലെ അദ്വൈതത്തിൽ 'മായ' തത്വങ്ങൾ ഊന്നി നിൽക്കുന്നു. 'മായ' ഒരു പ്രപഞ്ച ശക്തിയായി നിലകൊള്ളുന്നു. 'നിത്യം ബ്രഹ്മൻ' അതാണ് പ്രപഞ്ച ശക്തി. വ്യക്തിപരമായി 'മായ' മനുഷ്യനുള്ളിൽ അജ്ഞനായി നിലകൊള്ളുന്നു. അവനിൽ അഹംബോധത്തിൽ അഹങ്കാരം ഉണ്ടാകുന്നു. 'ഈഗോ'യായി രൂപപ്പെടുന്നു. ഹിന്ദുമതം പോലെ വൈവിദ്ധ്യമാർന്ന മറ്റൊരു മതം ലോകത്തിലില്ല. ഇന്ന് ഹിന്ദുമതം അമേരിക്കയിലും യൂറോപ്പിലും ലോകമാകെയും വ്യാപിച്ചിരിക്കുന്നു. വിജ്ഞാനത്തിന്റെ മഹാകോവിലാണ് ഹിന്ദുമതം. നാനാത്വത്തില്‍ ഏകത്വം” എന്നതും, “വസുദൈവകുടുംബകം” “ലോകാ സമസ്താ സുഖിനോ ഭവന്തു:” തുടങ്ങിയ ആപ്തവാക്യങ്ങള്‍ ലോകത്തിന് മുന്നില്‍ വെച്ചത് ഹിന്ദുമതം തന്നെ.

'ചൈനീസ് കവിത മലയാളത്തിൽ' എന്ന തലക്കെട്ടോടെ ഡോ. ശ്രീ പി.സി.നായർ എഴുതിയ കവിതകളുടെ പരിഭാഷ വളരെ മാധുര്യം നിറഞ്ഞ ഭാഷയിൽ സുധീർ പുസ്തകത്തിൽ വിമർശന രൂപേണ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് തർജ്ജിമ ചെയ്യുമ്പോൾ മൂല കൃതിയുടെ തന്മയത്വം നഷ്ടപ്പെടുമെന്നുള്ള ധാരണയുണ്ട്. ഏച്ചുകെട്ടിയാൽ മുഴച്ചു നിൽക്കുമെന്ന പ്രമാണം മലയാളത്തിലെ ഒരു ചൊല്ലാണ്. ഒരു കവി ഒരു കവിത രചിക്കുമ്പോൾ അത് അയാളുടെ ഭാവനയിൽ രചിച്ചതാണ്. താൻ രചിച്ച  കവിത തനിക്കു ജനിച്ച പുത്രിയെപ്പോലെ താലോലിച്ചു കൊണ്ടിരിക്കും. പെറ്റമ്മയുടെ അത്തരം കാഴ്ചപ്പാടിലുള്ള സൗന്ദര്യം രണ്ടാനമ്മയ്ക്ക് വരാൻ പ്രയാസമാണ്. അത് മൂന്നാനമ്മ കാണുന്ന സൗന്ദര്യമാണെങ്കിൽ പറയുകയും വേണ്ട. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ചൈനീസ് കവികൾ രചിച്ച കവിതകൾ ആരോ ഇംഗ്ളീഷിൽ തർജ്ജിമ ചെയ്തത് വീണ്ടും മലയാളത്തിലേക്ക് ഡോ. പി.സി. നായർ 'മരതക വീണ' എന്ന കവിതാ സമാഹാരത്തിലൂടെ തർജ്ജിമ ചെയ്തിരിക്കുന്നു.

പി.സി. നായരുടെ കവിതകൾ വളരെ സുന്ദരമാണെന്നാണ് സുധീർ കുറിച്ചിരിക്കുന്നത്. വൈവിദ്ധ്യമാർന്ന രണ്ടു സംസ്‌കാരങ്ങളെ തമ്മിൽ അടുപ്പിക്കുകയാണ് ഈ കവിതാ സമാഹാരത്തിൽക്കൂടിയെന്നും  അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു കാലഘട്ടത്തിലെ കഥകളടങ്ങിയ വ്യത്യസ്ത ജനങ്ങളുടെ ചിന്തകളും കവിതകളിൽ പ്രതിഫലിക്കുന്നുണ്ടാകാം. ശ്രീ നായരുടെ തർജ്ജിമ ചെയ്ത കവിതകൾ സുധീരന് ആസ്വദിക്കാൻ സാധിക്കുന്നുവെങ്കിൽ തർജിമയിൽ നായരുടെ ഭാവനകളും അങ്ങേയറ്റം അലിഞ്ഞു ചേർന്നിട്ടുണ്ടാകണം. വ്യത്യസ്തങ്ങളായ രണ്ടു സംസ്‌കാരങ്ങളുടെ മെൽറ്റിംഗ് പോയിന്റ് സുധീർ തന്റെ സാഹിത്യ വിമർശന കൃതിയിൽക്കൂടി വായനക്കാരന്റെ മുമ്പിൽ അവതരിപ്പിച്ചിരിക്കുകയാണ്. ശ്രീ നായരുടെ തർജ്ജിമ ചെയ്ത കവിതയിൽ! ചൈനയിലെ ഷാങ് തടാകവും ഉഷസും സൂര്യാസ്തമയവും തുഷാര ബിന്ദുക്കളും പൗർണ്ണിമ ചന്ദ്രനും മിന്നാമിനുങ്ങിന്റെ തിളക്കവും സുധീരന്റെ അവലോകന ഗ്രന്ഥത്തിലും വായിക്കാം.

അമേരിക്കൻ പ്രശസ്ത കവിയായ അബ്ദുൽ പുന്നയൂർക്കുളം, ജോൺ ഇളമതയുടെ സഞ്ചാര സാഹിത്യ കൃതികൾ (Bouquet of emotions) എൽസി യോഹന്നാൻ ശങ്കരത്തിന്റെ കവിതകൾ, എന്നിങ്ങനെ  നിരവധി എഴുത്തുകാരുടെ പ്രസിദ്ധമായ കൃതികളുടെ വിമർശനങ്ങളും ഓരോ അദ്ധ്യങ്ങളിലായി സുധീർ തന്റെ പുസ്തകത്തിൽ ചേർത്തിരിക്കുന്നു. 


ഗ്രന്ഥത്തിലുടനീളം ഈ നാട്ടിൽ വന്നെത്തിയ ആദി മലയാള കുടിയേറ്റക്കാരുടെ ചരിത്രവും വിശകലനം ചെയ്തിട്ടുണ്ട്. അവരുടെ വേദനകൾ ഓരോ കവിതയിലും സാഹിത്യത്തിലും മുഴങ്ങി കേൾക്കാം. ഒന്നാം തലമുറ ഈ പുണ്യ ഭൂമിയിൽ പടുത്തുയർത്തിയ സംസ്ക്കാരത്തെ കണ്ടില്ലെന്നു നടിച്ചു കടന്നുപോയാൽ! അത് രണ്ടാം തലമുറയോട് ചെയ്യുന്ന ഒരു അനീതിയായിരിക്കും. പിന്നീട് മൂന്നാം തലമുറ തങ്ങളുടെ പൂർവികരുടെ ജനിച്ചു വീണ സംസ്ക്കാരത്തെയും അവരുടെ നേട്ടങ്ങളെയും പ്രതിപാദിച്ചാൽ, അവരുടെ വേരുകൾ തേടിപ്പോയാൽ അതിൽ തന്മയത്വമുണ്ടായിരിക്കില്ല. കുടിയേറ്റ ചരിത്രവും അവർക്ക് ലഭിച്ച പുതിയ സംസ്ക്കാരവും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആദ്യതലമുറയുടെ വൈകാരിക ഭാവങ്ങൾ പിന്നീടു വരുന്ന തലമുറകൾക്ക് ആവിഷ്‌ക്കരിക്കാൻ സാധിക്കില്ല. പൂർവിക വേരുകൾ തേടുമ്പോൾ സമ്മിശ്രമായ ഒരു സംസ്ക്കാരത്തിന്റെ ചിത്രമായിരിക്കും പുതിയതായി വരുന്ന തലമുറകളുടെ മനസിലുദിക്കുന്നത്.

കുടിയേറ്റക്കാരിൽ തന്നെ പ്രസിദ്ധരായ എഴുത്തുകാരും കലാകാരന്മാരും കവികളും സാഹിത്യകാരന്മാരും രാഷ്ട്രതന്ത്രജ്ഞരും സാമൂഹിക പ്രവർത്തകരും ആരുമാരുമറിയാതെ കടന്നുപോവുന്നുണ്ട്. അവരെപ്പറ്റി, അവരുടെ നേട്ടങ്ങളെപ്പറ്റി തികച്ചും അജ്ഞതയിൽ പിന്നീടു വരുന്നവർ തേടേണ്ടി വരുന്നു. ഓരോ കുടിയേറ്റക്കാരനും അമേരിക്കയുടെ മണ്ണിലെ ഇംഗ്ലീഷ് ഭാഷ പഠിച്ചതും അപരിചിതരുമായി ജോലി ചെയ്തതും അറിയപ്പെടാത്ത കാര്യങ്ങൾ ഈ രാജ്യത്തിൽ നിന്ന് പകർത്തിയെടുത്തതും പറയാനുണ്ടാവും. മതപാരമ്പര്യങ്ങളും വൈരുദ്ധ്യങ്ങളും ഓണം ദീപാവലി മുതലായ ആഘോഷങ്ങളും ഡാൻസും പാട്ടും കൂത്തുമെല്ലാം കുടിയേറ്റക്കാരുടെ മനസ്സിൽ പതിഞ്ഞിരിക്കുന്ന ഭാവാദികളാണ്. മാതൃരാജ്യത്തിലെ വാർത്തകൾ അറിയാനായി പത്രങ്ങൾ തിരയുന്ന ഇന്നലെകളും ഈ സ്വപ്നഭൂമിയിൽ അലിഞ്ഞുചേർന്നിരിക്കുന്നു. സൈബർ ലോകത്തിലെ സാമൂഹിക മാദ്ധ്യമങ്ങളുടെ ആവിർഭാവത്തോടെ വിജ്ഞാന കോശം ഇന്ന് വിരൽത്തുമ്പുകളിൽ ഒതുങ്ങുകയും ചെയ്തു.

അമേരിക്കൻ പ്രവാസികളായ എഴുത്തുകാർ യാതനകളിൽക്കൂടി ജീവിതം തള്ളി നീക്കുന്നതിനിടയിൽ കിട്ടുന്ന സമയം പ്രയോജനപ്പെടുത്തി രചിച്ച കൃതികളുടെ വിലയിരുത്തലുകളാണ് ഈ പുസ്തകത്തിലുടനീളം പ്രതിപാദിച്ചിരിക്കുന്നത്. അമേരിക്കയിൽ പിറക്കുന്ന രചനകളിൽ ഒന്നും തന്നെ ആരും പ്രതിഫലം മോഹിച്ചെഴുതിയതല്ല. ഓരോരുത്തരുടെയും കൃതികളിൽ സന്തോഷത്തിലും ദുഖത്തിലും തങ്ങളുടെ കുടുംബം പടുത്തയർത്തിയ യാതനകളുടെയും കഠിനാധ്വാനങ്ങളുടെയും  ചരിത്രവും വായിക്കാം. ഇന്നലെയുടെ കൊഴിഞ്ഞു പോയ കാലങ്ങളിൽ ഇവിടെ കുടിയേറിയ കുടിയേറ്റക്കാരുടെ ജീവിത സ്പന്ദനങ്ങളുടെ ആവിഷാക്കാരവുംകൂടിയാണ് ഈ ഗ്രന്ഥം. ഈ പുസ്തകം അമേരിക്കൻ മലയാള സാഹിത്യത്തിലെ പ്രഥമ വിമർശന ഗ്രന്ഥമെന്നും ഗ്രന്ഥകർത്താവ് അവകാശപ്പെടുന്നു. വിമർശന ഗ്രന്ഥങ്ങളിൽക്കൂടി, കവിതാ സമാഹാരങ്ങളിൽക്കൂടി അമേരിക്കൻ മലയാളി സാഹിത്യകാരന്മാരുടെ പ്രിയങ്കരനായ ശ്രീ സുധീർ പണിക്കവീട്ടിലിനും അദ്ദേഹത്തിൻറെ കുടുംബത്തിനും എല്ലാവിധ വിജയശംസകളും നേരുന്നു.' അച്ഛനെ ഓർക്കുമ്പോൾ' എന്ന അദ്ദേഹം പ്രസിദ്ധീകരിച്ച ലേഖനവും ഓർമ്മവരുന്നു.

സുധീരന്റെ 'അമേരിക്കൻ മലയാള സാഹിത്യ നിരൂപണങ്ങ'ളെപ്പറ്റി അവലോകനം ചെയ്തുകൊണ്ടുള്ള  എന്റെ ഈ ലേഖനം വിസ്താര ഭയത്താൽ അവസാനിപ്പിക്കുകയാണ്. അദ്ദേഹത്തിൻറെ ഓരോ ലേഖനവും ഒന്നിനൊന്ന് മെച്ചമായതുകൊണ്ട് മുമ്പോട്ടുള്ള മറ്റ് അദ്ധ്യായങ്ങൾ വായനക്കാർ തന്നെ വിലയിരുത്തട്ടെ. വിജ്ഞാനകുതുകികളായ വായനക്കാർക്ക് ഈ പുസ്തകം ഒരു അമൂല്യനിധി തന്നെയാണ്. ഭാവിതലമുറകളുടെ ഒരു ഗവേഷണ ഗ്രന്ഥവും. തങ്ങളുടെ പൂർവികരുടെ സാമൂഹിക സാംസ്ക്കാരിക ചിന്തകളെ വിലയിരുത്താൻ ഈ ഗ്രന്ഥം  വളർന്നു വരുന്ന ഇന്നത്തെ കുഞ്ഞുങ്ങൾക്ക് പ്രയോജനപ്പെടുകയും ചെയ്യും.








Wednesday, November 21, 2018

രാജാ രവിവർമ്മയും ചിത്രങ്ങളും ഖണ്ഡനങ്ങളും



ജോസഫ് പടന്നമാക്കൽ

ചിത്രകല കലാകാരന്മാരിൽ അതുല്യമായ സ്ഥാനം നേടിയ 'രാജ രവിവർമ്മ' ഭാരതത്തിന്റെ അഭിമാന ദീപമായി നിത്യം നിലകൊള്ളുന്നു. രവിവർമ്മയ്ക്കു മുമ്പ് ചിത്ര രചനയെന്നത് യൂറോപ്പ്യന്മാരുടെ കുത്തകയായി കരുതിയിരുന്നു. ചിത്ര ലോകത്തിലെ മുടിചൂടാ മന്നനായിരുന്ന ഇദ്ദേഹം രാജകുടുംബത്തിലെ അംഗവും കലാലോകത്തിന്റെ അഭിമാനവും തിളക്കവുമായിരുന്നു. ചിത്ര വരകൾ വഴി ഒരു കാലഘട്ടത്തന്റെ സാമൂഹികമായ കാഴ്ചപ്പാടുകൾ അദ്ദേഹം ലോകത്തിനു നൽകി. രാജാക്കന്മാരുടെ ചിത്രകാരനും ചിത്രകാരന്മാരുടെ രാജാവുമായിരുന്നു. അദ്ദേഹത്തിൻറെ ചിത്രങ്ങൾ കൂടുതലും പുരാണങ്ങളെയും ഹൈന്ദവ ഐതിഹാസിക കഥകളെയും രാമായണത്തെയും മഹാഭാരതത്തെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഇന്ത്യൻ ചിത്രകലയും പാശ്ചാത്യ ചിത്രകലയും സംയോജിപ്പിച്ചുള്ള സമ്മിശ്രമായ ഒരു ചിത്രകലയ്ക്ക് തുടക്കമിട്ടത് രവിവർമ്മയായിരുന്നു. ഇന്ത്യയിലെ സുപ്രസിദ്ധ കലാകാരന്മാരുടെ നിരയിലേക്ക് അദ്ദേഹം ഉയരാൻ കാരണവും പാശ്ചാത്യ അനുകരണവും അവരുടെ ചിത്രകല ടെക്ക്നിക്കും സ്വീകരിച്ചതുകൊണ്ടായിരുന്നു. അതുമൂലം യൂറോപ്യൻ രാജ്യങ്ങളിലേക്കും അദ്ദേഹത്തിന്റ ചിത്രകലകൾ പ്രസിദ്ധമായി. ദക്ഷിണ ഭാരതത്തിലെ സ്ത്രീകളുടെ സൗന്ദര്യം പകർത്തിക്കൊണ്ടുള്ള രചനകളിലാണ് കൂടുതലും താൽപ്പര്യം പ്രകടിപ്പിച്ചിരുന്നത്.

1848 ഏപ്രിൽ ഇരുപത്തിയൊമ്പതാം തിയതി 'രാജ രവിവർമ്മ' തിരുവിതാംകൂർ രാജ്യത്തിലെ കിളിമാന്നൂരിൽ ജനിച്ചു. പതിനെട്ടാം വയസ്സിൽ , 'റാണി ഭഗീരതീ ഭായി'യെ (കൊച്ചു പങ്കി 'അമ്മ) വിവാഹം ചെയ്തു. മാവേലിക്കര രാജ കൊട്ടാരത്തിൽ വളർന്ന പങ്കിയമ്മയുടെ അന്നത്തെ പ്രായം പന്ത്രണ്ടു വയസായിരുന്നു. കേരളവർമ്മ, ചെറിയ കൊച്ചമ്മ, ഉമാ അമ്മ, മഹാപ്രഭ അമ്മ, രാമവർമ്മ എന്നിവർ മക്കളുമായിരുന്നു. അദ്ദേഹത്തിൻറെ അച്ഛൻ ഏഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടും 'അമ്മ ഉമയംബ ബായി തമ്പുരാട്ടിയുമായിരുന്നു. രണ്ടു സഹോദരരും ഒരു സഹോദരിയുമുണ്ടായിരുന്നു. അവരിൽ ഇളയ അനുജൻ രാജവർമ്മ, രവിവർമ്മയെ ജീവിതകാലം മുഴുവൻ ചിത്ര രചനകളിൽ സഹായിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ മക്കളിൽ ഇളയ മകനും ഒരു കലാകാരനായിരുന്നു. ഈ മകൻ മുബൈയിലുള്ള ജെ.ജെ സ്‌കൂൾ ഓഫ് ആർട്സിൽ പഠനം പൂർത്തിയാക്കി.

'രവിവർമ്മ' മൈസൂർ, ബറോഡ, എന്നിങ്ങനെ മാറി മാറി അനേക പട്ടണങ്ങളിൽ കുടുംബമായി താമസിച്ചിരുന്നു. നിരവധി സ്ഥലങ്ങളിൽ താമസിച്ചതുകൊണ്ട് അതാത് സ്ഥലങ്ങളിലുള്ള ജനതയുടെ വിവിധ സംസ്‌കാരങ്ങളെ അദ്ദേഹത്തിന് വിലയിരുത്താൻ സാധിച്ചിരുന്നു. ലോകകാര്യങ്ങൾ വ്യക്തമായി അനുഭവങ്ങളിൽക്കൂടി പഠിച്ചിരുന്നതിനാൽ വിശാലമായി ചിന്തിക്കാനും സാധിച്ചിരുന്നു. അതുമൂലം നാനാ ജാതി മതസ്ഥരുടെയും ജനവിഭാഗങ്ങളുടെയും ജീവിതരീതികൾ തന്റെ ചിത്ര കലകളിൽ പകർത്താനും അദ്ദേഹത്തിനു സാധിച്ചിരുന്നു.

രാജാ രവിവർമ്മയ്ക്ക് ചെറുപ്പം മുതൽ തന്നെ ചിത്രകലയിൽ നല്ല ഭാവനകളുണ്ടായിരുന്നു. ഓരോ ചിത്രങ്ങളിലും അദ്ദേഹത്തിൻറെ സാഹസവും ധീരമായ മനസ്സും പ്രകടമായിരുന്നു. ചിത്രങ്ങൾ വരയ്ക്കുമ്പോൾ അദ്ദേഹം ആരെയും ഭയപ്പെട്ടിരുന്നില്ല. മനുഷ്യന്റെ രൂപത്തിൽ ദൈവങ്ങളെ, ദേവതകളെ വരച്ച ആദ്യത്തെ കലാകാരനായിരുന്നു രവി വർമ്മ.

കുഞ്ഞായിരിക്കുമ്പോൾ മുതൽ വീടിന്റെ ഭിത്തികളിൽ മൃഗങ്ങളുടെയും അവകളുടെ ചാഞ്ചാട്ടങ്ങളുടെയും ചിത്രങ്ങൾ വരക്കുമായിരുന്നു. ദൈനംദിന ജീവിതത്തിലെ പ്രതിഭാസങ്ങളും ചിത്രരൂപങ്ങളിൽ അദ്ദേഹം ഭിത്തികളിൽ നിറച്ചിരുന്നു. കിളിമാന്നൂർ കൊട്ടാരത്തിന്റെ ചുവരുകൾ നിറയെ കരിക്കട്ടകൊണ്ട് ചിത്രങ്ങൾ വരക്കുകയെന്നത് ബാലനായ അദ്ദേഹത്തിന്റെ ഹോബിയായിരുന്നു. ഇലകൾ കൊണ്ടും പൂക്കൾ കൊണ്ടും മരത്തിന്റെ തൊലികൾ കൊണ്ടും രവിവർമ്മ തന്റെ ചിത്രങ്ങൾ രചിച്ചുകൊണ്ടിരുന്നു. ഒരിക്കൽ തന്റെ അമ്മാവൻ പകുതി വരച്ച ചിത്രം ബാലനായ വർമ്മ പൂർത്തിയാക്കിയപ്പോൾ മുതലാണ് അദ്ദേഹം അമ്മാവന്റെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് അമ്മാവൻ ഗുരു സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹത്തെ ചിത്രകലകൾ അഭ്യസിപ്പിച്ചുകൊണ്ടിരുന്നു. മദ്രാസിൽനിന്നുള്ള ഒരു പത്ര പരസ്യം കണ്ടുകൊണ്ട് അമ്മാവൻ ഛായാ ചിത്രങ്ങൾ വരക്കാനുള്ള ഓയിൽ പെയിന്റ് രവിവർമ്മയ്ക്ക് വാങ്ങിച്ചു കൊടുത്തു. അത് അദ്ദേഹത്തിൻറെ ചിത്രകലാ ജീവിതത്തിലേക്കുള്ള ഒരു വഴിത്തിരിവായിരുന്നു. അമ്മാവനാണ് അദ്ദേഹത്തെ അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്ന ആയില്യം തിരുന്നാൾ മഹാരാജാവിന്റെ സമീപത്ത് കൊണ്ടുപോയത്. അന്ന് അദ്ദേഹത്തിൻറെ പ്രായം പതിന്നാല് വയസ്. രാജകൊട്ടാരത്തിൽ താമസിക്കാൻ അനുവദിക്കുകയും ചെയ്തു.

ആദ്യം കൊട്ടാര ചിത്രകലാ വിദഗ്ദ്ധനായ രാമസ്വാമി നായിഡുവിന്റെ ശിക്ഷണം ലഭിച്ചു. അദ്ദേഹം വാട്ടർ പെയിന്റ് ചിത്രങ്ങളുടെ സാങ്കേതിക വശങ്ങൾ മുഴുവൻ രവിവർമ്മയെ പഠിപ്പിച്ചു. ഓയിൽ പെയിന്റിങ് ടെക്ക്നിക്കുകൾ ഒരു ഡച്ച് ചിത്രകാരൻ തീയോഡർ ജെൻസൺ കൊട്ടാരത്തിൽ വന്നു പഠിപ്പിച്ചുകൊണ്ടിരുന്നു. കലയെപ്പറ്റി ഗഹനമായി പഠിക്കാനും ആശയങ്ങൾ സമാഹരിക്കാനും വർമ്മ ഇന്ത്യ മുഴുവൻ യാത്ര ചെയ്തു. തെക്കേ ഇന്ത്യയിലെ സുന്ദരികളുടെ ചിത്രം വരക്കാനായിരുന്നു താൽപ്പര്യം. ബന്ധുജനങ്ങളുടെ ചിത്രങ്ങൾ വരച്ച് അവരെയും പ്രസിദ്ധരാക്കിയിരുന്നു. ചിത്രങ്ങളിൽ ചിലത് വർമ്മയുടെ മകളായ മഹാപ്രഭയുടേതായിരുന്നു. അവർ കുഞ്ഞുങ്ങളെ എടുത്തുകൊണ്ടിരിക്കുന്ന ചിത്രം വളരെ പ്രസിദ്ധമാണ്. അദ്ദേഹത്തിൻറെ അനുജത്തി ഭരണി തിരുന്നാൾ ലക്ഷ്മി ഭായിയുടെ ചിത്രവും കലാ പ്രേമികളുടെ ഹൃദയം കവരുന്നതാണ്.

കൊട്ടാരത്തിലെ അക്കാലത്തെ പ്രസിദ്ധരായ ചിത്രകാരന്മാരുടെ കലാ ചിത്രങ്ങളും അദ്ദേഹം പഠിച്ചുകൊണ്ടിരുന്നു. വിദേശത്തു നിന്നും സ്വദേശത്തുനിന്നും ചിത്രരചനയെ സംബന്ധിച്ചുള്ള പുസ്തകങ്ങൾ ആയില്യം തിരുന്നാൾ അദ്ദേഹത്തിന് വരുത്തി കൊടുത്തിരുന്നു. ബ്രിട്ടീഷ് പ്രൊവിൻസായിരുന്ന മദ്രാസ് ഗവണ്മെന്റിന്റെ ഓഫിസിൽ രവിവർമ്മ വരച്ച 'ബേക്കിങ് ഹാം പ്രഭുവിന്റെ' പടം സ്ഥാപിച്ചതോടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു.

ഹിന്ദു ദൈവങ്ങളുടെയും ദേവി ദേവന്മാരുടെയും പടങ്ങൾ ഹൈന്ദവരിലെ താണ ജനവിഭാഗങ്ങളിൽ! എത്തിക്കാനും അവർക്ക് ചിത്രങ്ങൾ നോക്കി ആരാധിക്കാനുള്ള അവസരങ്ങളും ലഭിച്ചു. അക്കാലങ്ങളിൽ താണ ജാതികളായ ഹിന്ദുക്കൾക്ക് അമ്പലങ്ങളിൽ പ്രവേശനം ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവർ വർമ്മയുടെ പടങ്ങൾ വച്ച് വീടുകളിൽ ആരാധിച്ചിരുന്നു. അമ്പലത്തിനുള്ളിലെ ദേവീ ദേവന്മാരുടെ രൂപങ്ങൾ എങ്ങനെയെന്നും രവിവർമ്മയുടെ ചിത്രങ്ങളിൽക്കൂടി ഗ്രഹിക്കാൻ സാധിച്ചിരുന്നു. അതുപോലെ, ചിത്രകലയെപ്പറ്റിയുള്ള അറിവുകളും പ്രാധാന്യവും ഇന്ത്യൻ ജനതയിൽ എത്തിച്ചുകൊണ്ടുമിരുന്നു.

കഥകളും ഐതിഹ്യ മാലകളും കോർത്തുകൊണ്ടുള്ള അനേക ചിത്രങ്ങൾ രവിവർമ്മ ചിത്ര ശേഖരത്തിലുണ്ട്. ദുഷ്യന്ത രാജാവിന്റേയും ശകുന്തളയുടെയും ചിത്രങ്ങൾ വളരെ മനോഹരവും സൗന്ദര്യാത്മകവുമാണ്. ചിത്രം കാണുന്ന കവികൾക്ക് മനസ് നിറയെ കവിതകളും നിറയുന്നു.  അതുപോലെ നളനും ദമയന്തിയും തമ്മിലുള്ള വിരഹദുഃഖ ചിത്രങ്ങൾ കാലത്തെ അതിജീവിച്ചും പ്രസിദ്ധ ചിത്രങ്ങളായി നിലകൊള്ളുന്നു. ശ്രീരാമൻ ജടായുവിന്റെ ചിറകുകൾ മുറിക്കുന്നതു സുന്ദരവും തേജസു നിറഞ്ഞതുമാണ്. രവിവർമ്മ വരച്ച ചിത്രങ്ങളെല്ലാം നിരവധി സംസ്‌കാരങ്ങളുടെയും സാമൂഹിക കാഴ്ചപ്പാടുകളുടെയും ഓർമ്മപ്പെടുത്തലുകൾ കൂടിയാണ്. 'യാചകരുടെ ഒരു കുടുംബം' എന്ന ചിത്രം ഭാരതത്തിന്റെ ഒരു കാലഘട്ടത്തിലെ സാധുക്കളായവരുടെയും അവരുടെ ദരിദ്രാവസ്ഥയെയും ചിത്രീകരിക്കുന്നു. ഒരു തെക്കേ ഇന്ത്യൻ സ്ത്രീ വീണ വായിക്കുന്ന പടം, മഹാഭാരതത്തിലുള്ള അർജുനനും സുഭദ്രയും, ദ്രൗപതിയും കീചകയും, ഋഷി കന്യക, ശകുന്തളയുടെ കഥ, ഒരു സ്ത്രീ അമ്പലത്തിൽ നേർച്ച നൽകുന്ന ചിത്രം, ചിന്തകൾ നഷ്ടപ്പെട്ട ഒരു സ്ത്രീ, പഴവർഗങ്ങളുമായി നിൽക്കുന്ന ഒരു സ്ത്രീ, ശ്രീകൃഷ്ണൻ, ശ്രീ രാമൻ വരുണനെ ആക്രമിക്കുന്നത്, സുന്ദരിയായ ഒരു നായർ സ്ത്രീയുടെ പടം, പ്രേമിക്കുന്ന ഒരു യുവാവും യുവതിയും, 'ശകുന്തള' ദുഷ്യന്ത രാജാവിന് കത്ത് എഴുതുന്നത്, ഹൃദയം പൊട്ടി തകരുന്ന ഒരു സ്ത്രീയുടെ പടം, രാമായണത്തിലെ ഇന്ദ്രജിത്തിന്റെ വിജയം എന്നിങ്ങനെ രവിവർമ്മയുടെ ചിത്രങ്ങളുടെ നീണ്ട പരമ്പരകൾ തന്നെയുണ്ട്.

രാജാ രവിവർമ്മയ്ക്ക് ചിത്ര കലകളിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും നിരവധി പ്രശംസാ പത്രങ്ങളും ലഭിച്ചിട്ടുണ്ട്. 1871-ൽ അദ്ദേഹത്തിന് ആയില്യം തിരുന്നാൾ മഹാരാജാവിൽനിന്ന് വീരശൃംഖല ലഭിച്ചു. 1873-ൽ തലയിൽ മുല്ലപ്പൂ ചൂടിയ നായർ സുന്ദരിയുടെ പടം യൂറോപ്പ്യൻ ചിത്രകാരെയും പിന്തള്ളിക്കൊണ്ട് ഒന്നാം സമ്മാനം നേടിയതോടെ അദ്ദേഹം യൂറോപ്പ്യൻ നാടുകളിലും പ്രശസ്തനായി തീർന്നു. 1873-ൽ അദ്ദേഹത്തിന്റെ പെയിന്റിംഗ് വിയന്നയിൽ പ്രദർശിപ്പിക്കുകയും സമ്മാനം കരസ്ഥമാക്കുകയും ചെയ്തു. ലോക മാധ്യമങ്ങളും ചിത്രങ്ങളെപ്പറ്റിയുള്ള വാർത്തകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. 1876-ൽ ശകുന്തളയുടെ പ്രേമാനുരാഗങ്ങൾ വരച്ചതും സമ്മാനാർഹമായി. ആ ചിത്രം ബക്കിങ്ഗാം പ്രഭു നേരിട്ട് വാങ്ങുകയായിരുന്നു. അങ്ങനെ യുവാവായ രവിവർമ്മ ലോകപ്രശസ്തനായി ഉയരങ്ങൾ താണ്ടിക്കൊണ്ടിരുന്നു. 1893-ൽ അദ്ദേഹത്തെ ഷിക്കാഗോയിൽ അയക്കുകയും അവിടെ വേൾഡ് കൊളംബിയൻ എക്സ് ‌പോസിഷൻ സംഘടിപ്പിച്ച ചിത്രമേളയിൽ മൂന്നു സ്വർണ്ണ മെഡലുകൾ നേടുകയുമുണ്ടായി. ബ്രിട്ടീഷ് ഭരണാധികാരിയായ എഡ്‌ജർ തുർസ്‌റ്റോൺ ആണ് വർമ്മായ്ക്ക് വിദേശങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള സഹായ സഹകരണങ്ങൾ നൽകിയിരുന്നത്. സാധുക്കൾക്കു കുറഞ്ഞ ചിലവിൽ വാങ്ങുവാനുള്ള ചിത്രങ്ങളും രചിച്ചിരുന്നു. അതുമൂലം രാജ രവിവർമ്മ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ സ്നേഹവും ആർജിച്ചിരുന്നു. പൊതു ജനങ്ങളുടെ നന്മക്കായി ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്ന രവിവർമ്മയെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സ്ൻ പ്രഭു 1904-ൽ 'കൈസർ-ഇ- ഗോൾഡ് മെഡൽ' (Kaisar-i-Hind Gold Medal) നൽകി ആദരിക്കുകയുണ്ടായി. വിദേശത്ത് കലാപ്രദർശനങ്ങൾക്കായി ചിത്രങ്ങളെത്തിയാൽ രവി വർമ്മയുടെ ചിത്രങ്ങളെപ്പറ്റിയായിരുന്നു അക്കാലങ്ങളിൽ പ്രധാന സംസാര വിഷയങ്ങളായിരുന്നത്. അദ്ദേഹത്തിൻറെ ബുദ്ധിവൈഭവത്തെ കടലുകൾക്കപ്പുറമുള്ള അതിർത്തികളിലും പ്രകീർത്തിക്കുമായിരുന്നു.

രവിവർമ്മ ചിത്ര രചനകളിൽ പ്രസിദ്ധനായ ശേഷം ഒരു ലിത്തോഗ്രാഫിക്ക് പ്രസ്സ് (കല്ലച്ചു പ്രസ്സ്)ആരംഭിക്കണമെന്നും തീരുമാനിച്ചു. ലിത്തോഗ്രാഫിക്ക് പ്രസുകൾ  യൂറോപ്പിലും അമേരിക്കയിലും  വ്യാപകമാകാൻ തുടങ്ങിയ കാലവുമായിരുന്നു. ദിവാൻ ടി മാധവ റാവു രവിവർമ്മയോടും അദ്ദേഹത്തിൻറെ സഹോദരനോടും അത്തരം ഒരു പ്രസ് സ്വന്തമായി തുടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് ലിത്തോഗ്രാഫിക്ക് പ്രസ്സ് അദ്ദേഹം ബോംബയിൽ തുടങ്ങി. പിന്നീട് ലോനവള എന്ന സ്ഥലത്ത് പ്രസ്സ് മാറ്റി സ്ഥാപിച്ചു. പ്രസ്സിൽ എണ്ണഛായാ മഷിയുപയോഗിച്ചുളള അച്ചടിച്ചചിത്രങ്ങൾ ധാരാളമായി പ്രസിദ്ധീകരിക്കാനും തുടങ്ങി. ഹിന്ദുദേവന്മാരുടെയും ദേവതകളുടെയും ചിത്രങ്ങളായിരുന്നു കൂടുതലായും അച്ചടിച്ചുകൊണ്ടിരുന്നത്. അക്കാലത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു പ്രസ്സായിരുന്ന അത്. അവിടെയുണ്ടായിരുന്ന പ്രധാന പെയിന്ററുടെ മരണശേഷം രവിവർമ്മയുടെ സഹോദരൻ പ്രസ്സിന്റെ ചുമതലകൾ വഹിച്ചിരുന്നു.

ദൗർഭാഗ്യകരമെന്നു പറയട്ടെ, കുറച്ചുകാലം ബിസിനസ്സ് നടത്തിയശേഷം പ്രസ്സ് മുമ്പോട്ടു നടത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. പ്രസ്സ് പിന്നീട് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച 'ഫ്രിറ്റ്സ് സ്‌ക്‌ലെത്തിച്ചേർ' എന്ന ജർമ്മൻകാരനു വിൽക്കുകയായിരുന്നു. കലാനൈപുണ്യമില്ലാത്തവരെ നിയമിച്ച് പിന്നീട് ആ സ്ഥാപനം വ്യവസായിവൽക്കരിക്കുകയും ചെയ്തു. താമസിയാതെ ഫാക്റ്ററി മുഴുവൻ കത്തിയെരിയുകയാണുണ്ടായത്. രാജാ രവിവർമ്മയുടെ വിലയേറിയ ചിത്രങ്ങളും അതിന്റെ ലിത്തോഗ്രാഫ്സ് പ്രതികളും അതോടൊപ്പം കത്തി ചാരമായി തീർന്നു.  അദ്ദേഹത്തിന്റെ പ്രിൻറിംഗ്‌ പ്രസ്സ് കത്തിയതെങ്ങനെയെന്ന് അവ്യക്തമെങ്കിലും വർമ്മയുടെ ചിത്രരചനകളോട് എതിർപ്പുള്ളവർ കത്തിച്ചതായിരിക്കാമെന്നും ദുരൂഹതകളുണ്ട്. തീയുണ്ടായ കാരണങ്ങൾ എന്തെന്നും അക്കാലങ്ങളിൽ വ്യക്തമായി ആർക്കും അറിവുണ്ടായിരുന്നുമില്ല.

രാജാ രവിവർമ്മയുടെ ചിത്രകലയിലുള്ള സംഭാവനകളെ മാനിച്ച് കേരളസർക്കാർ 'രാജ രവിവർമ്മ പുരസ്ക്കാരം' ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക സംസ്ക്കാരിക രംഗങ്ങളിലും കലകളിലും മികച്ച കഴിവുകൾ പ്രകടിപ്പിക്കുന്നവർക്ക് രവിവർമ്മ പുരസ്ക്കാരം വർഷംതോറും നൽകാറുണ്ട്. രാജാ രവിവർമ്മയുടെ പേരിൽ മാവേലിക്കരയിൽ ഒരു കോളേജ് സ്ഥാപിച്ചിട്ടുണ്ട്. രവിവർമ്മയെപ്പറ്റിയും അദ്ദേഹത്തിൻറെ വ്യക്തിപരമായ ജീവിതത്തെപ്പറ്റിയും നിരവധി നോവലുകളും സിനിമകളുമുണ്ട്. അതിൽ ബോളിവുഡ് സിനിമയായ 'രംഗ് റസിയ' യും മലയാളത്തിലെ ഫിലിമായ 'മകരമഞ്ഞും' പ്രസിദ്ധങ്ങളാണ്. 'രഞ്ജിത്ത് ദേശായി' മഹാരാഷ്ട്രയിൽ എഴുതിയ രാജ രവിവർമ്മ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള അദ്ധ്യായങ്ങൾ മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡിലെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വാമി വിവേകാനന്ദനും രവിവർമ്മയുമായുള്ള കൂടിക്കാഴ്ചയെ സംബന്ധിച്ചുള്ള അദ്ധ്യായം അവിടെ സ്‌കൂൾക്കുട്ടികൾ പഠിക്കുന്നുമുണ്ടായിരുന്നു.

അക്കാലത്തെ ജനങ്ങളുടെ വ്യത്യസ്തമായ ചിന്തകൾ രവിവർമ്മയ്ക്ക് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ലെങ്കിലും  അദ്ദേഹം  തന്റെ ചിത്ര രചനയുടെ സ്റ്റൈലിൽ നിന്നും ഒരിക്കലും വ്യതിചലിച്ചിരുന്നില്ല. അദ്ദേഹത്തിൻറെ ധീരമായ, ചഞ്ചലമല്ലാത്ത മനഃസ്ഥൈര്യം മൂലം നല്ല കലാമൂല്യങ്ങളുള്ള ചിത്രങ്ങൾ പുറത്തു വരുവാനും കാരണമായി. സ്ത്രീത്വത്തെ, സ്ത്രീകളുടെ മേനി സൗന്ദര്യത്തെ പച്ചയായി അവതരിപ്പിച്ചിരുന്ന ഒരു ചിത്രകാരനായിരുന്നു അദ്ദേഹം. ഒരു പുരുഷന്റെ ചിത്രമാണെങ്കിലും മദ്ധ്യത്തിൽ ഒരു സുന്ദരിയുടെ പടവും കാണും. അങ്ങനെ ചിത്രകലയ്ക്ക് ആകർഷണവും സൃഷ്ടിച്ചിരുന്നു.

വർമ്മയുടെ എല്ലാ പടങ്ങളും സ്ത്രീകളുടെ അർദ്ധ നഗ്നത കാണിക്കുന്നില്ല. ഇന്നുള്ള തലമുറകൾ വർമ്മയുടെ രാജകീയ ജീവിതവും രാജകൊട്ടാരവും അതിനോടനുബന്ധിച്ചുള്ള സുന്ദരികളുടെ ചിത്രങ്ങളും കയ്യടികളോടെ സ്വീകരിക്കുന്നു. പരിവർത്തന വിധേയമല്ലാത്ത കാലഘട്ടത്തിൽ മറ്റു യാതൊരു കലാകാരന്മാർക്കും പുത്തനായ ചിന്തകളുൾപ്പെട്ട നവീകരണ ചിത്രങ്ങൾ അന്നു വരക്കുവാൻ സാധിക്കുമായിരുന്നില്ല. കാലം മാറിയതുകൊണ്ടു പഴങ്കാലത്തിലെ സാമൂഹിക ചിന്തകളെ ഇന്നുള്ള യുവതലമുറകൾ അവഗണിക്കുകയും ചെയ്യുന്നു.

രവി വർമ്മയുടെ ചിത്രങ്ങളെ വിമർശന രൂപേണ കാണുന്നവരുമുണ്ട്. കാലത്തിനൊത്ത ചിത്രങ്ങളോ പരിവർത്തന ചിന്തകളോ ഇല്ലാതെ മാറ്റമില്ലാത്ത ചിത്രങ്ങളാണ് രവിവർമ്മയുടെ ചിത്ര ശേഖരത്തിലുള്ളത്. പാരമ്പര്യവും ഇതിഹാസവും നിറഞ്ഞ മനസുമായി ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു. ദേവതകളെ ചിത്രീകരിക്കുന്നതു ലൈംഗിക ചുവയോടെയായിരുന്നു. ഇന്ത്യൻ സ്ത്രീകളെ വെളുത്ത തൊലിവെളുപ്പോടെ വരക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. താഴ്ന്ന ജാതികളിലുള്ള സ്ത്രീകളെ ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിരുന്നില്ല. തെക്കേ ഇന്ത്യയിൽ പ്രസിദ്ധമായ ദേവികളെ മാത്രം വരക്കുന്നതിൽ രവിവർമ്മ താല്പര്യപ്പെട്ടിരുന്നു. അദ്ദേഹത്തിനെതിരെ വരുന്ന വിമർശനങ്ങളെ ഗൗനിക്കാതെ ധീരമായി തന്നെ തന്റേതായ നിലപാടിൽ ചിത്രകലയുടെ സൗന്ദര്യത്തിൽത്തന്നെ അദ്ദേഹം ഉറച്ചുനിന്നു.

ജെ. സ്വാമിനാഥൻ രവിവർമ്മയുടെ ചിത്രങ്ങളെ നിശിതമായി വിമർശിച്ചിട്ടുണ്ട്. ചിത്രങ്ങൾ പലതും അദ്ദേഹത്തിൻറെ ഭാര്യ, മക്കൾ, സഹോദരികൾ എന്നിവരുടേതാണ്. കുടുംബത്തിലുള്ള എല്ലാവരും കറുത്തവരെങ്കിലും യൂറോപ്പ്യൻ സ്ത്രീകളുടെ വെളുപ്പാണ് ഓരോ ചിത്രത്തിലും കൊടുത്തിരിക്കുന്നത്.  ചിത്രത്തിൽ സ്വാഭാവികത അവിടെ നഷ്ടപ്പെട്ടിരിക്കുന്നു. വർമ്മയുടെ കുടുംബം സിൽക്ക് സാരി ധരിച്ചിരുന്നവരുമല്ല. അദ്ദേഹത്തിൻറെ 'അമ്മ' കറുത്ത സ്ത്രീയും ഒരു കവിയുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും രാജ സഹോദരികളും നിറമുള്ളവരായിരുന്നില്ല. പക്ഷെ ബ്രഷുകൊണ്ട് അവരെയെല്ലാം മോഡൽ സ്ത്രീകളായി വരച്ചു വെച്ചു. സൗന്ദര്യമില്ലാത്ത പെണ്മക്കളെ ബ്രഷുകൊണ്ട് സുന്ദരികളാക്കിയതു ചിത്രങ്ങളുടെ സ്വാഭാവികതയും തന്മയത്വവും നഷ്ടപ്പെടുത്തിയിരിക്കുന്നു.

രവിവർമ്മയുടെ ദേവീ ദേവന്മാരെ ചിത്രീകരിച്ചുകൊണ്ടുള്ള നഗ്‌ന ചിത്രങ്ങൾ കാലത്തെ അതിജീവിച്ചും അമൂല്യങ്ങളായി കരുതുന്നു. ഇന്നുള്ള ജനത രവിവർമ്മയുടെ ചിത്രങ്ങൾ സ്വീകരിക്കുമെങ്കിലും അദ്ദേഹത്തിൻറെ കാലത്തുണ്ടായിരുന്ന യാഥാസ്ഥിതികർക്ക് അത്തരം ചിത്രങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലായിരുന്നു. പ്രകൃതി വിരുദ്ധമായി വരച്ച ചിത്രങ്ങൾ, ലൈംഗിക വൈകൃതമുള്ള കലകൾ എന്നിങ്ങനെ രവിവർമ്മയുടെ ചിത്രങ്ങളെ യാഥാസ്ഥിതിക ലോകം വിലയിരുത്തി. ‍ഇംഗ്ലീഷിലുള്ള 'പെർവെർട്ട്' എന്ന അർത്ഥമുള്ള സമാന വാക്കുകൾ അദ്ദേഹത്തിനെതിരെ വിമർശകർ  പ്രയോഗിച്ചിരുന്നു. അന്നുള്ളവരുടെ മാനസിക വികാരങ്ങൾ ആധുനിക ചിന്തകളിൽനിന്നും വ്യത്യസ്തമായിരുന്നു.

സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങൾ വരക്കുന്നതിൽ മാത്രമല്ല രവി വർമ്മ വിമർശിക്കപ്പെട്ടിരുന്നത്. ഇന്ത്യൻ കലാകാരന്മാരിൽ ദൈവങ്ങളുടെ, ദേവതകളുടെ പടം വരച്ച ആദ്യത്തെ ചിത്രകാരനും രവി വർമ്മയായിരുന്നു. അതും പ്രാരംഭത്തിൽ ഒരു പൊട്ടിത്തെറിക്ക് കാരണമായിരുന്നു. അതുമൂലം  യാഥാസ്ഥികരിൽനിന്നും എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. കാലക്രമേണ സരസ്വതി, ലക്ഷ്മി ദേവികളെ അംഗീകരിക്കുകയും ചെയ്തു. നഗ്ന ചിത്രങ്ങളുടെ പേരിൽ ബോംബെ ഹൈക്കോർട്ടിൽ കേസുകൾ വരുകയും കേസിൽ വർമ്മ വിജയിക്കുകയും ചെയ്തു. മഹാഭാരതത്തിലെയും രാമായണത്തിലെയും സെമി ദേവതകളായ ഉർവശിയുടെയും രംഭയുടെയും നഗ്‌ന ചിത്രങ്ങൾ വരച്ചതിന് അദ്ദേഹത്തിന് എതിർപ്പുകൾ നേരിടേണ്ടി വന്നു. മതങ്ങളുടെ മൂല്യങ്ങൾക്ക് എതിരായ ചിത്രങ്ങളായിരുന്നതും പ്രശ്നങ്ങളുണ്ടാകാൻ കാരണമായി. എന്നിരുന്നാലും അദ്ദേഹം എന്നും ചിത്രം വരകളിൽ മാത്രം ശ്രദ്ധ ചെലുത്തിയിരുന്നു. അക്കാലം വരെയും ആരും എത്തപ്പെടാതിരുന്ന കലാമൂല്യങ്ങളുടെ ഭാവനകളിൽ തേജസ്സാർന്ന ചിത്രങ്ങൾ തന്റെ കരവിരുതുകളിൽ അദ്ദേഹം വരച്ചുകൊണ്ടിരുന്നു.

കാലത്തിനനുസരിച്ച് മാറ്റങ്ങൾ ചിത്രങ്ങളിലുണ്ടായില്ലെങ്കിൽ കലയുടെ അർത്ഥമെന്തെന്ന് ആധുനിക ചിന്തകളുള്ള ഇന്നത്തെ കലാകാരന്മാർ ചോദിക്കാറുണ്ട്. എന്നാൽ വർമ്മയെ സംബന്ധിച്ചടത്തോളം അദ്ദേഹത്തിൻറെ കലയെപ്പറ്റിയുള്ള ചിന്തകൾ കാലത്തിനും അതീതമായിരുന്നു. നമ്മുടെ ഇന്നുള്ള മനസ്സിനുള്ളിലെ മാറ്റങ്ങളാണ് വർമ്മയുടെ ചിത്രങ്ങളിൽ ഒരു നൂറ്റാണ്ടിനപ്പുറം പ്രകടമായത്. ചിത്രങ്ങൾ  മനുഷ്യ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചുവെന്നതും വർമ്മയുടെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. വർമ്മയെ പ്രകൃതി വിരുദ്ധ ചിന്താഗതിക്കാരനായി ചിത്രീകരിക്കുന്നവർക്ക് കലാപരമായ വസ്തുതകളെ ശരിവെക്കുവാൻ അറിയില്ല. കലയുടെ ഹൃദയഹാരിയായ മനോഹാരിതയെ വിലയിരുത്തുന്നവർക്ക് അദ്ദേഹത്തിന്റെ ചിത്രകലാ നൈപുണ്യത്തെയും ചഞ്ചലമല്ലാത്ത ധീരമായ മനസിനെയും പുകഴ്‌ത്താൻ സാധിക്കും.

രവിവർമ്മയുടെ ചിത്രങ്ങൾ കാലങ്ങളെ അതിക്രമിക്കുംതോറും മാർക്കറ്റും കൂടി വരുന്നതായി കാണാം.  അടുത്ത കാലത്ത് അദ്ദേഹത്തിന്റെ ദമയന്തി പടം ന്യൂയോർക്കിൽ പ്രദർശനത്തിനു വെച്ചിരുന്നു. ഒന്നര മില്യൺ ഡോളർ ആ ചിത്രത്തിനു വില നിർണ്ണയിച്ചിട്ടുണ്ടായിരുന്നു. ഐതിഹ്യ കഥാപാത്രങ്ങളിൽക്കൂടി  ഓരോ ചിത്രങ്ങളിലും ഈണമിടുന്ന പ്രേമ ഗാനങ്ങളും, ശൃങ്കാര ഭാവങ്ങളും കലാപ്രേമികളായ പ്രേക്ഷകർക്ക് അനുഭവപ്പെടുകയും ചെയ്യുന്നു.

ഗിന്നിസ്‌ ബുക്കിൽ രേഖപ്പെടുത്തിയ രാജാ രവിവർമ്മയുടെ കലാവിരുതുകളിൽ വരച്ച ചിത്രങ്ങളടങ്ങിയ ഒരു സാരി ലോകത്തിലേക്കുംവെച്ച് ഏറ്റവും വിലകൂടിയതെന്നു കരുതുന്നു. അതിന്റെ വില നിർണ്ണയിച്ചിരിക്കുന്നത് ഒരു ലക്ഷം ഡോളറാണ്. 'വിവാഹപ്പട്ടെന്ന്' പേരിട്ടിരിക്കുന്ന ആ സാരിയിൽ രവിവർമ്മയുടെ ഒരു ഡസനോളം ചിത്ര രചനകളുണ്ട്. ശിവലിംഗത്തുള്ള ചെന്നൈ സിൽക്ക് കമ്പനിയാണ് ഗിന്നിസ്‌ ബുക്കിൽ ഇടം നേടിയ വിവാഹപ്പട്ടു സാരിയുടെ നിർമ്മാതാവ്.

അനുജൻ രാജരാജ വർമ്മയുടെ മരണം രവിവർമ്മയെ തളർത്തിയിരുന്നു. എങ്കിലും അനുജൻ പൂർത്തിയാക്കാതിരുന്ന ചിത്രങ്ങൾ അദ്ദേഹം പൂർത്തിയാക്കുകയും ചെയ്തു. 1906 ആയപ്പോൾ രവിവർമ്മ പ്രമേഹ രോഗ ബാധിതനായി മരണമടഞ്ഞു. അദ്ദേഹത്തിന്റെ മരണവാർത്ത സ്വദേശത്തും വിദേശത്തും വലിയ പ്രാധാന്യത്തോടെ  പത്രങ്ങൾ  പ്രസിദ്ധീകരിച്ചിരുന്നു.

ഭാരത സങ്കല്പങ്ങൾക്കും പുരാണങ്ങൾക്കും ദേവി ദേവന്മാരുടെ ഭാവനകൾക്കും തന്മയത്വവും മനോഹാരിതയും നൽകിക്കൊണ്ട് ഭാരതത്തിന്റെ സംസ്ക്കാര ശൃങ്കലകളിൽ രവിവർമ്മ വരച്ച ചിത്രങ്ങൾ കാലങ്ങളെയും അതിജീവിച്ചു  തിളങ്ങിക്കൊണ്ടിരിക്കുന്നു.യൂറോപ്യൻ റിയലിസം ഉൾപ്പെടുത്തി ഇന്ത്യൻ ദൈവങ്ങളുടെയും ഐതിഹാസ കഥകളുടെയും അടിസ്ഥാനത്തിൽ ചിത്രങ്ങൾ വരച്ച ഇന്ത്യയിലെ ആദ്യത്തെ കലാകാരനായിരുന്നു വർമ്മ. അദ്ദേഹത്തിൻറെ കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങൾ പൗരാണിക ഭാരതത്തിന്റെ സത്തയെ വെളിപ്പെടുത്തുന്നു. ലോകം മുഴുവനുമുള്ള കലാസ്നേഹികളിൽ രവിവർമ്മയുടെ ചിത്രങ്ങൾ ഇമ്പമേറിയ കലാമാധുര്യത്തോടെ നിത്യം തിളങ്ങിയും  നിൽക്കുന്നു.

Tuesday, November 13, 2018

സർദാർ പട്ടേൽ, ഇന്ത്യയുടെ ഉരുക്കു മനുഷ്യനും ഉരുക്കു പ്രതിമയും



ജോസഫ് പടന്നമാക്കൽ

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്ന സർദാർ വല്ലഭായി പട്ടേലിനെപ്പറ്റി സാമാന്യ ജനങ്ങൾക്ക് അറിഞ്ഞുകൂടാത്ത നിരവധി കാര്യങ്ങളുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ  നിർണ്ണായകമായ പങ്കു വഹിച്ച പട്ടേൽ പ്രസിദ്ധനായ ഒരു വക്കീലെന്ന നിലയിലും രാഷ്ട്രീയ സാമൂഹിക പ്രവർത്തകനെന്ന നിലയിലും സമകാലിക ജനങ്ങളുടെയിടയിൽ ആദരണീയനായിരുന്നു. പത്താം ക്ലാസ് പാസായത് ഇരുപത്തിരണ്ടാം വയസിലാണ്. മുപ്പത്തിയാറാം വയസിൽ ഇംഗ്ലണ്ടിൽ പഠനത്തിനായി യാത്ര ചെയ്തു.  ഗാന്ധിജി, നെഹ്‌റു, മൗലാന ആസാദ്, സുഭാഷ് ചന്ദ്ര ബോസ് എന്നിവരോടൊപ്പം ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ മുന്നണി പോരാളിയായിരുന്നു. രാഷ്ട്രത്തിന്റെ ഉരുക്കുമനുഷ്യനെന്നും  അറിയപ്പെട്ടിരുന്നു.  നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനോട് ചേർത്ത ധീരനായ ഭരണാധികാരിയായിരുന്നു അദ്ദേഹം.

വല്ലഭായ് പട്ടേൽ 1875 ഒക്ടോബർ മുപ്പത്തിയൊന്നാം തിയതി ഗുജറാത്തിലുള്ള നാദീയ (Nadiad) എന്ന ഗ്രാമത്തിൽ ജനിച്ചു. 'ലെവ പട്ടീദാർ' വിഭാഗത്തിലുള്ള കാസ്റ്റിൽ സാമാന്യം നല്ല ഭൂസ്വത്തുള്ള ഒരു കുടുംബത്തിലാണ്! പട്ടേൽ ജനിച്ചത്. പാരമ്പര്യമായ ഹിന്ദുമതത്തിൽ ഈ കുടുംബം അടിയുറച്ച് വിശ്വസിച്ചിരുന്നു. അദ്ദേഹത്തിൻറെ പിതാവ് ഝാൻസി റാണിയോടൊപ്പം പട്ടാളത്തിൽ ജോലി ചെയ്തിരുന്നു. 'അമ്മ വീട്ടുകാര്യങ്ങളും നോക്കി സദാ പ്രാർത്ഥനകളിലും ആത്മീയ ചിന്തകളിലും മുഴുകിയിരുന്ന ഒരു സാധു സ്ത്രീയുമായിരുന്നു. പട്ടേൽ, ഗുജറാത്തു ഭാഷയിൽ പ്രൈമറി വിദ്യാഭ്യാസം തുടങ്ങിയെങ്കിലും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠനം ആരംഭിച്ചു. 1897-ൽ ഹൈസ്‌കൂൾ പാസ്സായി. അതിനു ശേഷം നിയമം പഠിക്കാൻ 1910-ൽ ഇംഗ്ലണ്ടിൽ യാത്ര ചെയ്തു. 1913-ൽ മിഡിൽടെൻ സ്‌കൂളിൽ ബിരുദമെടുക്കാൻ മുപ്പത്തിയാറു മാസം പഠിക്കേണ്ട കോഴ്സ് മുപ്പതു മാസം കൊണ്ട് ഒന്നാം റാങ്കിൽ പൂർത്തിയാക്കി. ബ്രിട്ടനിൽ വരുന്നവരെ അദ്ദേഹത്തിന് കോളേജ് വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല.

പട്ടേൽ, ഗുജറാത്തിലെ ഗോദറായിൽ നിയമ പരിശീലനം ആരംഭിച്ചു. നിയമത്തിലെ അതീവ പരിജ്ഞാനം മൂലം ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് ഉന്നത ജോലികൾ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അതെല്ലാം നിരസിക്കുകയായിരുന്നുണ്ടായത്. ബ്രിട്ടീഷ് സർക്കാരിന്റെ നയങ്ങളെയും നിയമങ്ങളെയും സമ്പൂർണ്ണമായി എതിർത്തിരുന്നു. സ്വയം വായനയും പഠനവും അദ്ദേഹത്തിൻറെ ഹോബിയായിരുന്നു. പതിനാറാം വയസ്സിൽ,1891-ൽ അദ്ദേഹം സവർബായ് (Zaverbai) യെ വിവാഹം ചെയ്തു.  അവർക്ക് ഒരു മകനും മകളുമുണ്ടായിരുന്നു. പിന്നീട്  നിയമ പ്രാക്ടീസ് അഹമ്മദ് ബാദിൽ ആരംഭിച്ചു. ഗുജറാത്ത് ക്ലബിൽ അംഗമെടുത്തപ്പോൾ മുതൽ ഗാന്ധിജിയുടെ പ്രഭാഷണങ്ങൾ കേൾക്കാൻ പോകുമായിരുന്നു. ഗാന്ധിജിയുടെ വാക്കുകൾ പട്ടേലിന്റെ ഹൃദയത്തിൽ അഗാധമായി പതിഞ്ഞിരുന്നു. പിന്നീട് ഗാന്ധിജിയുടെ ഒരു അനുയായി മാറുകയും ചെയ്തു. 1900-ത്തിൽ ഗോദറായിൽ പ്ലീഡറായി സ്വന്തം നിലയിൽ ഒരു ഓഫിസ് ഇട്ടിരുന്നു. രണ്ടു വർഷങ്ങൾക്കു ശേഷം അദ്ദേഹം ബോർസാദിൽ മാറി താമസിച്ചു. ഒരു വക്കീലെന്ന നിലയിൽ അനേകം കേസുകൾ കൈകാര്യം ചെയ്തു വിജയിച്ചതുകൊണ്ടു പ്രസിദ്ധനായി തീർന്നിരുന്നു. 1908-ൽ അദ്ദേഹത്തിൻറെ ഭാര്യ മരിച്ചു പോയി. ഭാര്യയുടെ മരണശേഷം അദ്ദേഹം ജീവിതകാലം മുഴുവൻ അവിവാഹിതനായി ജീവിച്ചു.

1910-ൽ അദ്ദേഹം അഹമ്മദാബാദിൽ താമസമാക്കി. അഹമ്മദബാദിൽ കോടതിയിൽ പ്രസിദ്ധനായ ഒരു ക്രിമിനൽ വക്കീലായി ഉയർന്നു. അങ്ങേയറ്റം പാശ്ചാത്യ സംസ്ക്കാര പാരമ്പര്യമുള്ള ഒരു ജീവിത സ്റ്റൈൽ ആയിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ആദ്യകാലങ്ങളിൽ ഇംഗ്ളീഷ്‌കാരെപോലെ ഫാഷനോടെയുള്ള വേഷവിധാനത്തിലായിരുന്നു നടന്നിരുന്നത്. 1917 ജനുവരി അഞ്ചാം തിയതി അഹമ്മദബാദ് മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുത്തു. ഒരു വോട്ടിനായിരുന്നു 'ദരിയപുർ' മണ്ഡലത്തിൽ നിന്നും ജയിച്ചത്. 1924-ൽ അഹമ്മദബാദ് മുനിസിപ്പാലിറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1921-നു മുമ്പു മെഡിക്കൽ പരിശോധനയ്ക്കും ആരോഗ്യ പരിപാലനത്തിനുമായി ഇന്ത്യയിൽ പുനായിലും കറാച്ചിയിലും മാത്രമേ ലബോറട്ടറികളുണ്ടായിരുന്നുള്ളൂ.  രോഗ ബാധിതരായ ജനങ്ങളെ പരിശോധിക്കാൻ കൂടുതൽ ലബോറട്ടറികളുടെ ആവശ്യകതയും സർദാർ മനസിലാക്കിയിരുന്നു. കുടിവെള്ളത്തിൽക്കൂടിയും ഭക്ഷണത്തിൽക്കൂടിയും സാംക്രമിക രോഗങ്ങൾ നാടു മുഴുവൻ പകർന്നിരുന്ന കാലവുമായിരുന്നു. സാഹിബാഗ് (Shahibaugh)എന്ന സ്ഥലത്ത് അദ്ദേഹം മൂന്നാമതൊരു ആരോഗ്യ പരിപാലന ലബോറട്ടറി കൂടി സ്ഥാപിച്ചു. 1924-ൽ ആദ്യമായി ഗുജറാത്ത് ഭാഷയിൽ ടൈപ്പ് റൈറ്റർ നിർമ്മിച്ചത് പട്ടേലിന്റെ നിർദേശപ്രകാരമായിരുന്നു. അദ്ദേഹം അഹമ്മദ്‌ബാദ് മുനിസിപ്പാലിറ്റിക്കുവേണ്ടി 'റെമിഗ്ടൺ' കമ്പനിയെ സമീപിക്കുകയൂം ഗുജറാത്ത് ഭാഷയിൽ ആദ്യത്തെ ടൈപ്പ് റൈറ്റർ നിർമ്മിച്ചതിന് 4000 രൂപ കൊടുക്കുകയും ചെയ്തു. മുനിസിപ്പൽ നിയമം അനുസരിച്ച് തിരഞ്ഞെടുപ്പ് വരുമ്പോൾ സ്ത്രീകൾക്ക് വോട്ടവകാശമില്ലായിരുന്നു. 1913 ഫെബ്രുവരി മൂന്നാംതിയതി നിലവിലുള്ള സ്ത്രീ വിവേചന നിയമത്തിന് ഭേദഗതി വരുത്തി. അതനുസരിച്ച് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കും വോട്ടവകാശം ചെയ്യാമെന്നുള്ള നിയമം പാസ്സാക്കി. സ്ത്രീകളെ ഭരണത്തിൽനിന്നും മാറ്റി നിർത്തിയാൽ അമ്പതു ശതമാനം വരുന്ന സ്ത്രീകളോടുള്ള അനീതിയാണെന്നും അദ്ദേഹം വീറോടെ  വാദിച്ചിരുന്നു. 1927-ൽ ഗുജറാത്തിൽ ഒരു സിവിൽ ഹോസ്പിറ്റൽ പണിയാനായി പത്തുലക്ഷം രൂപ സർക്കാരിനോട് ആവശ്യപ്പെട്ടു. അനുവദിക്കുകയും ചെയ്തു. 21 ഏക്കർ സ്ഥലവും കെട്ടിടങ്ങളും പണിയാനുള്ള തുക പൊതുജനങ്ങളിൽനിന്ന് സർദാർ ശേഖരിച്ച് ഹോസ്പിറ്റൽ സ്ഥാപിച്ചു.

1917-ൽ സർദാർ വല്ലഭായ് പട്ടേലിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഗുജറാത്ത് വിഭാഗം സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1918-ൽ നികുതി നിഷേധ പ്രക്ഷോപണം അദ്ദേഹത്തിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. അക്കാലത്തെ പ്രളയം കൊണ്ട് ദുരിതമനുഭവിക്കുന്ന കർഷക ജനതയ്ക്ക്  ബ്രിട്ടീഷ് സർക്കാർ അമിത നികുതി ചുമത്തുന്നതിനെതിരെ സംഘടിപ്പിച്ച ഒരു പ്രക്ഷോപണമായിരുന്നു അത്. കൃഷിക്കാരുടെ ഒരു ഐക്യവേദി സ്ഥാപിച്ചതിൽ പിന്നീടാണ് 'സർദാർ' എന്ന് അദ്ദേഹം അറിയപ്പെടാൻ തുടങ്ങിയത്. 1928-ൽ ബാർദോളിയിൽ കൃഷിക്കാർക്ക് വീണ്ടും നികുതി വർദ്ധിപ്പിച്ചപ്പോൾ കൃഷിക്കാർ നികുതി കൊടുക്കില്ലെന്ന് തീരുമാനിച്ചു. പ്രതികാരമായി സർക്കാർ അവരുടെ ഭൂമി പിടിച്ചെടുത്തു. കൃഷിക്കാരുടെ ഈ ലഹള ആറുമാസത്തോളം നീണ്ടു നിന്നിരുന്നു. സർക്കാരും കൃഷിക്കാരുടെ പ്രതിനിധികളും പട്ടേലുമായുള്ള ചർച്ചകളിൽക്കൂടി ഭൂമി പിന്നീട് മടക്കിക്കൊടുക്കുകയും ചെയ്തു.

നിസ്സഹകരണ പ്രസ്ഥാനം ഗാന്ധിജി തുടങ്ങിയപ്പോൾ സർദാർ പട്ടേൽ അതിന് പൂർണ്ണ പിന്തുണ നൽകി. ഗാന്ധിജിയോടൊപ്പം അദ്ദേഹം രാഷ്ട്രം മുഴുവൻ യാത്ര ചെയ്യുകയും മൂന്നു ലക്ഷം ജനങ്ങളെ വിപ്ലവത്തിനായി റിക്രൂട്ട് ചെയ്യുകയും ചെയ്തു. ഒന്നര മില്യൺ രൂപാ സാമൂഹിക പ്രവർത്തനങ്ങൾക്കായി സമാഹരിക്കുകയും ചെയ്തു. 1930-ൽ സർദാർ പട്ടേലും മഹാത്മാ ഗാന്ധിയോടൊപ്പം ഉപ്പുസത്യാഗ്രഹത്തിൽ പങ്കുചേർന്നിരുന്നു. അദ്ദേഹത്തിൻറെ ചരിത്രപ്രസിദ്ധങ്ങളായ പ്രസംഗങ്ങൾ ജനങ്ങളെ ആവേശഭരിതരാക്കിയിരുന്നു. അതുമൂലം അനേകായിരങ്ങളെ ഉപ്പുസത്യാഗ്രഹത്തിലേക്ക് ആകർഷിക്കുകയുമുണ്ടായി. ഗാന്ധിജി ജയിലിലായിരുന്ന സമയം കോൺഗ്രസ്സിന്റെ ആവശ്യപ്രകാരം ഗുജറാത്തിൽ സത്യാഗ്രഹത്തിനായുള്ള ഘോഷയാത്രകൾ സംഘടിപ്പിച്ചിരുന്നതും പട്ടേലായിരുന്നു. പട്ടേലിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യൻ വൈസ്രോയി ലോർഡ് ഇർവിനും ഗാന്ധിജിയും തമ്മിലുണ്ടാക്കിയ ഉടമ്പടി പ്രകാരം 1931-ൽ പട്ടേലിനെ സ്വതന്ത്രമാക്കി. സുപ്രസിദ്ധമായ ആ ഉടമ്പടിയെ ഗാന്ധി-ഇർവിൻ കരാർ എന്നറിയപ്പെടുന്നു.

1931-ൽ കറാച്ചിയിൽ നടത്തിയ സമ്മേളനത്തിൽ പട്ടേലിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുത്തു. അന്നുകൂടിയ സമ്മേളനത്തിൽ കോൺഗ്രസ്സിന്റെ ഭാവി പരിപാടികളെപ്പറ്റി സുപ്രധാനങ്ങളായ തീരുമാനങ്ങളെടുക്കുകയും ചെയ്തു. മാനുഷിക അവകാശങ്ങൾക്കായും മൗലിക സ്വാതന്ത്ര്യത്തിനായും സമരമുന്നണികൾ ശക്തമാക്കാനും തീരുമാനിച്ചു.  ഒരു മതേതര രാഷ്ട്രത്തിനായി കോൺഗ്രസ്സ് ഉറച്ച നിലപാടെടുക്കുകയും വിളംബരം ചെയ്യുകയുമുണ്ടായി. 1942-ലെ ക്വിറ്റ്‌ ഇന്ത്യ സമര മുന്നണിയിൽ ഗാന്ധിജിക്ക് പട്ടേലിന്റെ സമ്പൂർണ്ണ പിന്തുണയുണ്ടായിരുന്നു. അന്നുള്ള നേതാക്കന്മാരിൽ ചിലർ പട്ടേലിന്റെ തീരുമാനങ്ങളെ വിമർശിക്കുന്നുമുണ്ടായിരുന്നു.  1942-ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 1945 വരെ അഹമ്മദ്‌നഗറിലുള്ള ജയിലിൽ പാർപ്പിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം മറ്റു കോൺഗ്രസ്സ് നേതാക്കളും ജയിലിൽ കിടപ്പുണ്ടായിരുന്നു.

കോൺഗ്രസ്സിലെ ചില പ്രമുഖ നേതാക്കന്മാരുമായുള്ള ഏറ്റുമുട്ടലുകൾ സർദാറിന്റെ ജീവിതത്തിൽ നിത്യ സംഭവങ്ങളായിരുന്നു. പട്ടേൽ ഒരു വിപ്ലവകാരിയായിരുന്നില്ല. എങ്കിലും ബ്രിട്ടീഷുകാർ അദ്ദേഹത്തെ കണ്ടിരുന്നത് അപകടകാരിയായ ഒരു ശത്രുവിനെപ്പോലെയാണ്.1928 മുതൽ 1931 വരെയുള്ള കോൺഗ്രസ്സ് സംഘടനയ്ക്കുള്ളിലെ വിവാദങ്ങളിൽ പട്ടേൽ മോത്തിലാൽ നെഹ്‌റുവിന്റെയും ഗാന്ധിജിയുടെയും തത്ത്വങ്ങൾ പിന്തുടർന്നിരുന്നു. എന്നാൽ നെഹ്രുവിന്റെയോ സുഭാഷ് ചന്ദ്രബോസിന്റെയോ ആശയങ്ങളോട് യോജിച്ചിരുന്നില്ല. ബ്രിട്ടീഷ് കോമ്മൺ വെൽത്ത് രാഷ്ടങ്ങളോട് സഹകരിച്ചുള്ള നയമാണ് ഇന്ത്യയ്ക്ക് വേണ്ടതെന്നും വാദിച്ചു. 1936-ൽ നെഹ്‌റു, ഇന്ത്യ ഒരു സോഷ്യലിസ്റ്റു രാഷ്ട്രമായി രൂപാന്തരപ്പെടുത്തണമെന്ന് പദ്ധതിയിട്ടപ്പോൾ അതിനെ ഏറ്റവും അധികം എതിർത്തിരുന്നത് പട്ടേലായിരുന്നു. നേതാജി സുഭാഷ് ബോസിന്റെ ആശയങ്ങളോടും പട്ടേലിന് യോജിപ്പുണ്ടായിരുന്നില്ല. പാർട്ടിക്കുള്ളിൽ അധികാരം കയ്യടക്കാനായിരുന്നു ബോസ് ശ്രമിച്ചിരുന്നതെന്നും പട്ടേൽ കരുതി.

1917-വരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ വ്യത്യസ്തമായ ഒരു നിലപാടായിരുന്നു പട്ടേലിനുണ്ടായിരുന്നത്. മഹാത്മാഗാന്ധിയെ കണ്ടു മുട്ടിയ നാൾ മുതൽ ഗാന്ധിജിയുടെ ഒരു ആരാധകനായി തീർന്നു. ഗാന്ധിജിയുടെ ചിന്താഗതികളിലും തത്ത്വചിന്തകളിലും പട്ടേൽ ആകൃഷ്ടനായിരുന്നു. അക്രമ രാഹത്യ ചിന്തകളും സത്യാഗ്രഹ മുന്നേറ്റങ്ങളും പട്ടേലിന് ഉത്തേജനം നൽകിയിരുന്നു. എങ്കിലും ഗാന്ധിജിയുടെ മുഴുവൻ ആശയങ്ങളെയും സ്വീകരിച്ചിരുന്നില്ല. സാമൂഹിക പ്രശ്നങ്ങളിലും സാമ്പത്തിക നയങ്ങളിലും ഗാന്ധിജിയിൽ നിന്നും അദ്ദേഹം വ്യത്യസ്തനായിരുന്നു. ഗാന്ധിജിയോടൊപ്പം പ്രവർത്തിക്കാൻ പട്ടേൽ തന്റെ വേഷങ്ങളിലും ജനങ്ങളോടുള്ള പെരുമാറ്റങ്ങളിലും മാറ്റങ്ങൾ വരുത്തി. ഇന്ത്യൻ രീതിയിൽ ഒരു ഇന്ത്യൻ കർഷകന്റെ വേഷം ധരിക്കുവാനും ആരംഭിച്ചു. രാഷ്ട്രീയ ജീവിതത്തിലുടനീളം അദ്ദേഹം മഹാത്മാ ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് പിന്തുണ നൽകിയിരുന്നു. ബ്രിട്ടീഷുകാരെ ഭാരതത്തിൽ നിന്നും തുരത്താൻ വേണ്ടിയുള്ള ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തെ നെഹ്രുവും രാജഗോപാലാചാരിയും, മൗലാന ആസാദും എതിർത്തപ്പോൾ അദ്ദേഹം ഗാന്ധിജിക്ക് പൂർണ്ണ പിന്തുണ നൽകുകയാണുണ്ടായത്. പ്രധാനമന്ത്രിയാകാൻ എല്ലാ സാധ്യതകളും തെളിഞ്ഞു വന്നിട്ടും ഗാന്ധിജിയുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹം ആ പദവി വേണ്ടെന്നു വെക്കുകയായിരുന്നു.

സ്വാതന്ത്ര്യ സമരത്തിൽ  വിപ്ലവാശയങ്ങളെ നെഹ്‌റു പിന്താങ്ങിയിരുന്നു. എന്നാൽ പട്ടേൽ നെഹൃവിനോടൊപ്പം വിപ്ലവ മുന്നേറ്റങ്ങളിൽ പ്രവർത്തിച്ചിരുന്നില്ല. സാമ്പത്തിക തലങ്ങളിൽ നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ആശയങ്ങളെ എതിർത്തിരുന്നു.  യുദ്ധകാലത്ത് ഗാന്ധിജിയുടെ പ്രായോഗികമല്ലാത്ത അക്രമരാഹിത്യ നയങ്ങളെ പട്ടേൽ അനുകൂലിച്ചിരുന്നില്ല. ജപ്പാൻ ഏതു സമയത്തും ഇന്ത്യയെ ആക്രമിക്കുമെന്ന കിംവദന്തികളുമുണ്ടായിരുന്നു. ഇന്ത്യയ്ക്ക് അധികാരം കൈമാറുന്ന വേളയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഭജനത്തെയും പട്ടേൽ എതിർത്തിരുന്നു. ഗാന്ധിജിയുമായി അക്കാര്യത്തിൽ തീവ്ര അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുകയും ചെയ്തു.

സ്വാതന്ത്ര്യ നാളുകളിൽ കോൺഗ്രസ്സ് പ്രസിഡണ്ടാകാൻ ജനസമ്മതിയുണ്ടായിരുന്ന വ്യക്തി പട്ടേലായിരുന്നെങ്കിലും ഗാന്ധിജിയുടെ സ്വാധീനത്തിൽ നെഹ്‌റു കോൺഗ്രസ് പ്രസിഡന്റായി. കോൺഗ്രസ്സ് പ്രസിഡന്റ് എന്ന നിലയിൽ ബ്രിട്ടീഷ് വൈസറായി നെഹ്രുവിനോട് ഒരു താൽക്കാലിക സർക്കാർ രൂപീകരിക്കാൻ ആവശ്യപ്പെട്ടു. ജനങ്ങളുടെയും കോൺഗ്രസ്സിന്റെയും പിന്തുണപ്രകാരം ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി സ്ഥാനം ലഭിക്കേണ്ടിയിരുന്നത് പട്ടേലിനായിരുന്നു. 1947-ൽ താൽക്കാലിക മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന അദ്ദേഹം ഗുജറാത്തിൽക്കൂടി യാത്ര ചെയ്തു. 'പരസ്പ്പരം മല്ലടിക്കാതെ മതസൗഹാർദ്ദത്തോടെ സമാധാനമായി ജീവിക്കാൻ' ഹിന്ദുക്കളോടും മുസ്ലിമുകളോടും ആഹ്വാനം ചെയ്തു.  'പഴയതിനെ ഇല്ലാതാക്കി സമാധാനത്തിനായി പുത്തനായ ഒരു വ്യവസ്ഥിതി സ്ഥാപിക്കണമെന്ന്' രാഷ്ട്രത്തോടായി ആഹ്വാനം ചെയ്തിരുന്നു. അദ്ദേഹം പറഞ്ഞു, "നാം പരമാധികാരമുള്ള ഒരു രാഷ്ട്രം ആയെങ്കിലും ആഭ്യന്തരകാര്യങ്ങളിൽ ഇന്നു നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് കോട്ടം തട്ടുന്നു. സ്വാതന്ത്ര്യത്തിനുമുമ്പുണ്ടായിരുന്ന നമ്മുടെ ഐക്യവും തകർന്നുകൊണ്ടിരിക്കുന്നു. തീവ്രമായ ദേശീയതയും സമത്വവുമാണ് നമുക്കിന്ന് ആവശ്യം. അവിടം മതങ്ങൾ തമ്മിൽ പരസ്പ്പരം മല്ലടിക്കാനുള്ളതല്ല."   'ഹിന്ദു മുസ്ലിം വർഗീയ ലഹളകൾ രാജ്യത്തെ അരാജകത്തിലെത്തിക്കുമെന്നും  കേന്ദ്ര ഭരണ സംവിധാനം തകരുമെന്നും' പട്ടേൽ ലഹളക്കാരോട് ആഹ്വാനം ചെയ്തുകൊണ്ടിരുന്നു. 'ഒരു ജനാധിപത്യ രാഷ്ട്രം ഒരിക്കലും സ്ഥാപിക്കാൻ സാധിക്കില്ലെന്നും' അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു'.

 ഇന്ത്യയുടെ  562 കൊളോണിയൽ രാജാക്കന്മാരെ രമ്യതയിലാക്കി അവരുടെ രാജ്യങ്ങൾ ഇന്ത്യൻ യൂണിയനോട് ചേർത്തതിൽ അദ്ദേഹം നിർണ്ണായകമായ ഒരു പങ്ക് വഹിച്ചിരുന്നു. കൊളോണിയൽ രാജാക്കന്മാർക്ക് ഒന്നുകിൽ പാക്കിസ്ഥാനോടോ അല്ലെങ്കിൽ ഇന്ത്യയോടൊ ചേരാമെന്ന് ബ്രിട്ടീഷ് ഭരണകൂടം ഒരു നിയമം വെച്ചിരുന്നു. അതുമല്ലെങ്കിൽ അവർക്ക് സ്വതന്ത്ര രാജ്യമായി നിലകൊള്ളാനുള്ള സ്വാതന്ത്ര്യവുമുണ്ടായിരുന്നു. 1947-ൽ ഇന്ത്യയുടെ അഖണ്ഡത കാത്തു സൂക്ഷിക്കാനുള്ള ജോലി കോൺഗ്രസ്സ് പാർട്ടി സർദാർ വല്ലഭായി പട്ടേലിനാണ് നൽകിയത്. ജമ്മു കാശ്മീർ,  ഹൈദ്രബാദ് രാജ്യങ്ങളൊഴിച്ച് എല്ലാ കൊളോണിയൽ രാജ്യങ്ങളും ഇന്ത്യൻ യൂണിയനോട് ചേർന്നു. ഹൈദരാബാദിലേക്ക് ഇന്ത്യൻ പട്ടാളം എത്തിയപ്പോഴാണ് ഹൈദ്രബാദ് തീരുമാനം മാറ്റിയതും ഇന്ത്യൻ യൂണിയനോട് ചേർന്നതും.

പട്ടേലിന്റെ ശുപാർശ പ്രകാരമാണ്, ഇന്ത്യക്ക് തനതായ ഒരു ഭരണഘടന സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇന്ത്യൻ പോലീസ് സർവീസ് ഏകോപിപ്പിച്ചതും ഗുജറാത്തിൽ സൗരാഷ്ട്രയിലുള്ള സോമനാഥ അമ്പലം പുനരുദ്ധരിച്ചതും പട്ടേലായിരുന്നു. 'ഇന്ത്യൻ സിവിൽ സർവീസ്' പരീക്ഷകൾ സ്വതന്ത്ര ഇന്ത്യയിൽ തുടങ്ങാൻ കാരണവും അദ്ദേഹമായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന സിവിൽ സർവീസ്, ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ ഉറപ്പിക്കുന്നതിനു മാത്രമായിരുന്നു. അതേ സമയം സർദാർ പട്ടേൽ ശക്തമായ സ്വതന്ത്ര ഇന്ത്യയ്ക്ക് വേണ്ടി സിവിൽ സർവീസ് പ്രസ്ഥാനം ആരംഭിച്ചു. അദ്ദേഹത്തിൻറെ ആഭ്യന്തരതലങ്ങളിലുള്ള സിവിൽ സർവീസ് രൂപീകരണം നെഹ്‌റു സർക്കാർ അംഗീകരിക്കുകയായിരുന്നു.  എന്നിരുന്നാലും ഈ സർവിസുകൾ പട്ടേലിന്റെ ആശയങ്ങളെ പിന്തുടരുന്നുവോയെന്ന് സംശയമാണ്. സേവന മേഖലകൾ മുഴുവൻ അഴിമതികൾ നിറഞ്ഞിരിക്കുന്നു. സിവിൽ സർവീസ് ഒന്നാകെ രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങൾ മാത്രമാണ്. സർക്കാരിന്റെ വെള്ളാനകളായ ബ്രിട്ടീഷ് മേധാവിത്വം പുലർത്തുന്ന ഒരു പറ്റം ഉദ്യോഗസ്ഥന്മാർ എന്നു മാത്രമേ സിവിൽ സർവീസിനെ കണക്കാക്കാൻ സാധിക്കുള്ളൂ. എങ്കിലും ശക്തമായ ഇന്ത്യയുടെ ഒരു കാഴ്ചപ്പാട് പട്ടേലിനുണ്ടായിരുന്നു. ദൗർഭാഗ്യവശാൽ അത് യാഥാർഥ്യമാക്കാൻ അദ്ദേഹത്തിനു ആയുസ്സു ലഭിക്കാതെ പോയി.

അതിർത്തിയുടെ സുരക്ഷിതത്വത്തിനായും പട്ടേൽ ബോധവാനായിരുന്നു. ഇന്ത്യൻ അതിർത്തികളിൽ ആക്രമണങ്ങൾ ഏതു സമയത്തും ഉണ്ടാവാമെന്നും ശക്തമായ ഒരു മിലിട്ടറി സംവിധാനം ഇന്ത്യക്ക് ആവശ്യമെന്നും പട്ടേൽ നെഹ്‌റുവിന് എഴുതി. ചൈനയുടെ ആക്രമണം മുൻകൂട്ടി കണ്ട് ഇന്ത്യയുടെ വടക്കും, വടക്കു കിഴക്കുമുള്ള അതിരുകളിൽ ശക്തമായ സൈന്യത്തെയും ട്രാൻസ്പോർട്ടും കമ്മ്യുണിക്കേഷൻസും വികസിപ്പിക്കണമെന്നു നെഹ്രുവിനോട് അഭ്യർത്ഥിച്ചു. എന്നാൽ നെഹ്‌റു പട്ടേലിന്റെ അഭ്യർത്ഥനയെ ഗൗരവമായി സ്വീകരിച്ചില്ല. 1962-ൽ ഇന്ത്യ ചൈന യുദ്ധത്തിൽക്കൂടി അതിന് വലിയ ഒരു വില കൊടുക്കേണ്ടിയും വന്നു. 1947-ൽ പാക്കിസ്ഥാൻ ജമ്മു കാശ്മീർ ആക്രമിച്ചപ്പോൾ അദ്ദേഹം പട്ടാളത്തെ ഉടൻ തന്നെ വിപുലീകരിക്കുകയും ചെയ്തു. പാകിസ്ഥാൻ പ്രശ്നങ്ങളിലും അഭയാർത്ഥി പ്രശ്നങ്ങളിലും നെഹ്രുവും പട്ടേലും തമ്മിൽ ശക്തമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വെസ്റ്റ് ബംഗാളിലും പഞ്ചാബിലും ഡൽഹിയിലും അദ്ദേഹം അഭയാർത്ഥി ക്യാമ്പുകൾ സ്ഥാപിച്ചിരുന്നു.

ഗാന്ധിജിയുടെ മരണശേഷം പട്ടേലിന് അതിഗുരുതരമായ ഹൃദയാഘാതം ഉണ്ടായി. സുഖം പ്രാപിച്ചെങ്കിലും ഗാന്ധിജിയുടെ മരണം അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. 1950 ആയപ്പോൾ പട്ടേൽ അധികകാലം ജീവിച്ചിരിക്കില്ലെന്നും ബോധ്യമായി തുടങ്ങിയിരുന്നു. 1950 നവംബർ രണ്ടാം തിയതി അദ്ദേഹത്തിന്റെ ആരോഗ്യം വഷളാവാൻ തുടങ്ങി. 1950 ഡിസംബർ പതിനഞ്ചാം തിയതി മരണമടയുകയും ചെയ്തു. ഇന്ത്യയുടെ ഏറ്റവും പരമോന്നത അവാർഡായ ഭാരത രത്‌നം മരണശേഷം  നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രത്തിന്റെ ഐക്യദിനമായി കൊണ്ടാടുന്നു.

2018 ഒക്ടോബർ മുപ്പതാം തിയതി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പട്ടേലിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. ഗുജറാത്തിൽ സ്ഥാപിതമായ ഈ പ്രതിമയെ സ്റ്റാച്ച്യൂ ഓഫ് യൂണിറ്റി എന്നാണ് അറിയപ്പെടുന്നത്. 598 അടി പൊക്കവും 787 അടി വിസ്തീർണ്ണവും ഈ പ്രതിമയ്ക്കുണ്ട്. നർമ്മദാ നദിയിലെ സരോവർ അണക്കെട്ടിന് അഭിമുഖമായി പ്രതിമ നില കൊള്ളുന്നു. ഇന്ത്യയുടെ കാർഷിക മേഖല വികസനത്തിനായി അണക്കെട്ട് നിർമ്മാണങ്ങളിൽ പട്ടേൽ ജീവിച്ചിരുന്ന നാളുകളിൽ താൽപ്പര്യം കാണിച്ചിരുന്നു. 1993-ൽ ഈ ഡാമിന്റെ പൂർത്തീകരണത്തിനായുള്ള ശ്രമങ്ങളെ പരിസ്ഥിതി വാദികൾ എതിർത്തിരുന്നു. തന്മൂലം ഡാമിന് ലഭിക്കേണ്ട ഫണ്ട് വേൾഡ് ബാങ്ക് നിർത്തൽ ചെയ്തു. ആഗോള തലങ്ങളിലുള്ള പരിസ്ഥിതി വാദികളുടെ എതിർപ്പുകളും അണക്കെട്ടു നിർമ്മാണത്തിനു വിഘാതമായുണ്ടായിരുന്നു. അണക്കെട്ടു പണിത കാലത്തെ എതിർപ്പുപോലെ പട്ടേൽ പ്രതിമയുടെ കാര്യത്തിലും എതിർപ്പുകൾ നാനാഭാഗത്തുനിന്നുമുണ്ടായിരുന്നു.  ആദിവാസികളെയും പ്രാകൃത ജനങ്ങളെയും പട്ടേൽ പ്രതിമ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ നിന്നും കുടിയൊഴിപ്പിച്ചിരുന്നു. അവരുടെ എതിർപ്പുകൾ അവഗണിച്ച് ബലം പ്രയോഗിച്ചായിരുന്നു ഭൂമി കൈവശപ്പെടുത്തിയത്. 

ഇന്ത്യൻ ദേശീയതയുടെ പ്രതീകമായ പട്ടേലിന്റെ നാമത്തിലുള്ള സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ നിർമ്മാണം ബിജെപിയുടെ ഒരു അജണ്ടയായിരുന്നു. പ്രൈവറ്റ് നിക്ഷേപവും പൊതു നിക്ഷേപവും സമാഹരിച്ച് പ്രതിമ നിർമ്മിക്കണമെന്നായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രൈവറ്റ് നിക്ഷേപകരിൽ നിന്ന് ഉദ്ദേശിച്ച പണം ലഭിക്കാതിരുന്നതിനാൽ ഗുജറാത്ത് സർക്കാർ 417 മില്യൺ ഡോളർ പ്രതിമക്കായി നിക്ഷേപിച്ചു. ഗുജറാത്ത് സർക്കാർ നിക്ഷേപിച്ച പണം ടൂറിസം വികസനത്തിന് സഹായകമാകുമെന്നും വിശ്വസിക്കുന്നു. പട്ടേലിന്റെ പ്രതിമ സ്ഥല വാസികളുടെ സാംസ്ക്കാരിക മുന്നേറ്റത്തിനു വഴി തെളിയിക്കുമെന്നും പ്രതീക്ഷകളുണ്ട്.  

യുവജനങ്ങളാണ് പ്രതിമയുടെ നിർമ്മാണത്തെപ്പറ്റി അപലപിച്ചുകൊണ്ടു വിമർശനങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്. ഇത്രമാത്രം ഭീമമായ തുക ഇന്ത്യയുടെ മറ്റു വികസന പദ്ധതികൾക്കായി പ്രയോജനപ്പെടുത്താമായിരുന്നെന്ന് അവർ കണക്കു കൂട്ടുന്നു. വിമർശനങ്ങൾക്കെല്ലാം  സത്യമുണ്ടെങ്കിലും സർദാർ വല്ലഭായി പട്ടേലിനെ സ്വതന്ത്ര ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ഒരു രാഷ്ട്രം, ഒരു സംസ്ക്കാരം ഒരു ജനതയെന്നായിരുന്നു പട്ടേലിന്റെ സ്വപ്നം. അദ്ദേഹം ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രിയായിരുന്നെങ്കിൽ ഇന്ത്യ സാമ്പത്തിക പുരോഗതി കൈവരിച്ച രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്നു മറ്റൊരു ലോകമായി മാറുമായിരുന്നു. 

സർദാർ പട്ടേൽ , ഉദാരവൽക്കരണ വ്യവസായങ്ങൾക്ക് അനുകൂലമായിരുന്നു. നെഹ്രുവിന്റെ പൊതുമേഖലകളിലുള്ള വ്യവസായ നയങ്ങളെ പരിപൂർണ്ണമായും എതിർത്തിരുന്നു. പട്ടേൽ അക്കാലങ്ങളിൽ ഇന്ത്യയിലെ വൻ വ്യവസായികളുമായി രമ്യതയിലായിരുന്നു.  വാസ്തവത്തിൽ രാഷ്ട്രശില്പി സർദാർ പട്ടേലാണ്. അദ്ദേഹം സ്വതന്ത്ര ഇന്ത്യയിൽ മൂന്നു വർഷം മാത്രമേ ജീവിച്ചുള്ളൂ. പട്ടേലിനു ദീർഘായുസ് ലഭിച്ചിരുന്നെങ്കിൽ ഇന്ത്യ ഇന്ന് ലോകത്തിലെ ഒന്നാം നിരയിലുള്ള ഒരു രാജ്യമായി വികസിക്കുമായിരുന്നു.

സർദാർ പട്ടേലിനെ മാറ്റിനിർത്തിക്കൊണ്ടുള്ള ഇന്ത്യയുടെ ചരിത്രം അപൂർണ്ണമാണ്. അദ്ദേഹത്തിൻറെ കാഴ്ചപ്പാടുകൾ, പ്രവർത്തനങ്ങൾ, തത്ത്വചിന്തകൾ എല്ലാം ചരിത്രത്തിലെ സുവർണ്ണ താളുകളിൽ ലിഖിതം ചെയ്തിട്ടുണ്ട്. സങ്കീർണ്ണമായ ഒരു ചരിത്ര കാലഘട്ടത്തിൽ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി, ആഭ്യന്തര മന്ത്രിയായി ഏകമായ ഒരു ഭാരതത്തെ അദ്ദേഹം സ്വപ്നം കണ്ടിരുന്നു. സ്വാതന്ത്ര്യപ്പുലരിയുടെ ആദ്യത്തെ ദിവസം മുതൽ ഇന്ത്യ ഒരു ഏകരാഷ്ട്രമെന്ന കാഴ്‌ചപ്പാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഭാരതാംബികയുടെ പുത്തനായ നാളുകളിൽ കൊളോണിയൽ മാപ്പിനെ തൂത്തു മായിച്ചുകൊണ്ട് തനതായ സംസ്ക്കാരം തുളുമ്പുന്ന മറ്റൊരു ഭൂപടത്തിന് വഴിയൊരുക്കിയ മഹാനായിരുന്നു അദ്ദേഹം. പട്ടേൽ വിഭാവന ചെയ്ത പുതിയ ലോകം പുതിയ ഭാരതം പുതിയ ആകാശം, അവിടെയെല്ലാം നമ്മുടെ ത്രിവർണ്ണ പതാക പാറിപറക്കുന്നു. രാഷ്ട്രം അദ്ദേഹത്തിൽ അഭിമാനം കൊള്ളുന്നു. സർദാർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ 3000 കോടി രൂപാ മുടക്കിയുള്ള ലോകത്തിലേക്കും ഉയരം കൂടിയ അദ്ദേഹത്തിൻറെ പ്രതിമ നിർമ്മിക്കാൻ അനുവദിക്കില്ലായിരുന്നു. എങ്കിലും 'സ്റ്റാച്യൂ ഓഫ് യൂണിറ്റി' രാഷ്ട്രത്തിന്റെ യശ്ശസുയർത്തുന്ന സ്മാരകമായി നിലകൊള്ളുന്നു.










 Patel and  G. D. Birla

Vallabhbhai Patel with his daughter &  J. B. Kripalani ,





Monday, November 5, 2018

നോട്ടുനിരോധനം അനുഗ്രഹമോ വിനാശകാലേ വിപരീത ബുദ്ധിയോ !



ജോസഫ് പടന്നമാക്കൽ

2016 നവംബർ എട്ടാം തിയതി പ്രധാന മന്ത്രി 'നരേന്ദ്ര മോദി' അഞ്ഞൂറിന്റെയും ആയിരത്തിന്റെയും ഇന്ത്യൻ രൂപാ നോട്ടുകൾ  പിൻവലിച്ചുകൊണ്ടുള്ള ചരിത്രപരമായ ഒരു പ്രഖ്യാപനം നടത്തിയിട്ട് രണ്ടു വർഷം തികയുന്നു. അന്നു രാത്രി എട്ടുമണിക്കുള്ള  രാഷ്ട്രത്തോടായുള്ള  പ്രധാനമന്ത്രിയുടെ അറിയിപ്പ് തികച്ചും അപ്രതീക്ഷിതമായിരുന്നു. പഴയ നോട്ടുകൾക്കു പകരം പുതിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ മാർക്കറ്റിൽ ഇറക്കുമെന്ന്  പ്രഖ്യാപിക്കുകയും ചെയ്തു.

കള്ളപ്പണം നിരോധിക്കുകയെന്നത് നോട്ടു നിരോധനത്തിന്റ ലക്ഷ്യമായിരുന്നു. അതുപോലെ ഭീകര പ്രവർത്തനങ്ങൾക്കും വ്യാജ നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു.  മുന്നറിയിപ്പ് കൂടാതെയുള്ള പ്രഖ്യാപനങ്ങളും കറൻസിയുടെ അപര്യാപ്തതയും മൂലം ഇന്ത്യയുടെ സാമ്പത്തിക നിലവാരം ആ വർഷം തകർന്നിരുന്നു. മാർക്കറ്റിൽ സാധനങ്ങൾ വിൽക്കാനും വാങ്ങിക്കാനും ബുദ്ധിമുട്ടായി തീർന്നു. വേണ്ടത്ര തയ്യാറെടുപ്പില്ലാതെയാണ് നോട്ടു നിരോധനം നടപ്പാക്കിയതെന്നു മോദിക്കെതിരെ വിമർശനങ്ങളും ഉയർന്നു. പ്രതിക്ഷേധങ്ങളും സമരങ്ങളും കേസുകളും രാജ്യം മുഴുവൻ പടർന്നു പന്തലിക്കുകയുമുണ്ടായി. തൊട്ടടുത്ത ദിവസം മുതൽ നോട്ടിന്റെ ക്ഷാമം മൂലം നീണ്ട മണിക്കൂറോളം പണത്തിനായി ജനങ്ങൾക്ക് ബാങ്കിന്റെ മുമ്പിൽ നിൽക്കേണ്ടി വന്നു. പണം മാറാനുള്ള തിക്കലിനും തിരക്കിലിനുമിടയിൽ അനേക മരണങ്ങളും സംഭവിച്ചു. കറൻസികളുടെ അഭാവതമൂലം പ്രമുഖ സാമ്പത്തിക വിദഗ്ദ്ധരിൽ നിന്നും വ്യക്തികളിൽ നിന്നും ലോക രാഷ്ട്രങ്ങളിൽ നിന്നും നിശിതമായ വിമർശനങ്ങൾ മോദിക്ക് നേരിടേണ്ടിയും വന്നു.

നോട്ടു നിരോധനംകൊണ്ട് ഇന്ത്യയുടെ സാമ്പത്തിക മണ്ഡലങ്ങളിൽ വന്നുഭവിച്ച മാറ്റങ്ങളെ തിരിച്ചറിയുക എളുപ്പമല്ല. റിസർവ് ബാങ്കിന്റെ റിപ്പോർട്ടിൻപ്രകാരം പിൻവലിച്ച പഴയ നോട്ടുകളിൽ 99 ശതമാനം ട്രഷറിയിൽ മടങ്ങിയെത്തിയെന്നുള്ളതാണ്. അതിൽ അക്കൗണ്ടിൽ ഉൾപ്പെടുത്താത്ത കള്ളപ്പണവും ഉൾപ്പെടും. പണം മുഴുവനും ബാങ്കിൽ വന്നെങ്കിലും വന്നെത്തിയ പണം നിയമാനുസൃതമെന്നു കണക്കാക്കാനും സാധിക്കില്ല. ബാങ്കിൽ വന്ന പണത്തിന്റെ പ്രഭവ കേന്ദ്രമറിയാൻ ആദായ നികുതി വകുപ്പ് ശക്തമായ ഓഡിറ്റിങ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഭീമമായ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് ശരിയായ വിവരങ്ങൾ വെളിച്ചത്തു കൊണ്ടുവരുകയെന്നുള്ളത് ഒരു ബ്രഹത്തായ ജോലിയാണ്. പ്രാവർത്തികമാക്കാനും എളുപ്പമല്ല. ഓഡിറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥരുടെ അധികാരം കൂടുന്നതുമൂലം നിഷ്കളങ്കരായ ജനങ്ങളെ പണത്തിന്റെ പ്രഭവ കേന്ദ്രമെവിടെയെന്നു ചോദിച്ച് പീഡിപ്പിക്കുന്നുമുണ്ട്. നോട്ടു നിരോധന കാലത്ത് കുറച്ചാളുകൾ കമ്മീഷൻ വ്യവസ്ഥയിൽ ബ്ലാക്ക്പ്പണം മാറ്റി എടുക്കുകയും ചെയ്തു. നോട്ടു നിരോധന ശേഷം 500 കോടി രൂപായുടെ കള്ളപ്പണം പിടിച്ചെടുത്തതായി ഔദ്യോഗികമായി സ്ഥിതികരിച്ചിരിക്കുന്നു. അതിൽ 92 കോടി രൂപയുടെ ബ്ളാക്ക് പണം സൂക്ഷിച്ചിരുന്നത് രണ്ടായിരത്തിന്റെ നോട്ടുകളിലായിരുന്നു.

നോട്ടു നിരോധനത്തിനു മുമ്പ് 'കള്ളപ്പണം' എന്നുള്ള വാർത്തകൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ നിരോധന ശേഷം കള്ളപ്പണവാർത്തകൾ വളരെ വിരളമായി മാത്രമേ കേൾക്കുന്നുള്ളൂ. കറൻസികൾ മുഴുവൻ ബാങ്കിൽ എത്തി കഴിഞ്ഞപ്പോൾ വീണ്ടും വാദങ്ങൾ കള്ളപ്പണത്തിന്റെ പേരിലായി.  നോട്ടു നിരോധനത്തിന്റെ ഫലം ഉടൻ തന്നെ ലഭിക്കണമെന്നാണ് രാഷ്ട്രീയ പ്രതിയോഗികളും അവർക്ക് കൂട്ടുനിൽക്കുന്നവരും ആഗ്രഹിക്കുന്നത്. ഫലം  ലഭിക്കാത്തതിലും കുറ്റാരോപണങ്ങൾ മുഴുവൻ മോദിയുടെ നേർക്കായി. നോട്ടു നിരോധനത്തിന്റെ ഫലം കാണുന്നതിന് കാത്തിരിക്കാനും മറ്റു ചിലർ അഭിപ്രായപ്പെടുന്നു. 99 ശതമാനവും പണം മടക്കി വന്നതിനാൽ അവിടെ ബ്ളാക്ക് മണി ഇല്ലെന്ന് പൊതുവേ പ്രതികരിക്കുകയുമുണ്ടായി. ബ്ളാക്ക് മണി ഇല്ലെങ്കിൽ നാം സന്തോഷിക്കുകയാണ് വേണ്ടത്.   നാട്ടിൽ കള്ളപ്പണം നിറഞ്ഞിരിക്കുന്നുവെന്നു ശബ്ദം ഉണ്ടാക്കിയവർ തന്നെയാണ് ഇന്ന് കള്ളപ്പണം ഇല്ലെന്നു പറഞ്ഞു സമരപന്തലിൽ മുമ്പിൽ നിന്നുകൊണ്ട് മുറവിളികൂട്ടുന്നതെന്നും പരിഗണിക്കണം.

ഏതു നല്ല പ്രസ്ഥാനങ്ങൾക്കും എന്തുതന്നെ ഉദ്ദേശ്യ ലക്ഷ്യങ്ങളുണ്ടെങ്കിലും വിമർശനങ്ങൾ സാധാരണമാണ്. എന്തായാലും സർക്കാർ  കള്ളപ്പണക്കാരെ തേടി ഒരു ശ്രമം നടത്തി. അതിൽ പാകപ്പിഴകൾ കാണാം. ആദായനികുതിക്കാരെ ബോധിപ്പിക്കാത്ത വരുമാനം മുഴുവനായും ബ്ളാക്ക് മണിയായി കരുതുന്നു. നികുതി കൊടുക്കാത്ത ബിസിനസ് വരുമാനം, സർക്കാർ ഓഫീസുകളിലെ കൈക്കൂലി, രാഷ്ട്രീയക്കാരുടെ അധികാരമുപയോഗിച്ചുള്ള കോഴപ്പണം, സ്റ്റോക്ക് മാർക്കറ്റിൽ നിയമപരമല്ലാതെ നേടിയ പണം, ഇതെല്ലാം ബ്ലാക്ക് മണി ലിസ്റ്റിൽപ്പെടും.

നോട്ടുനിരോധനം വിജയപ്രദമോയെന്നുള്ള ചോദ്യം ഭാരതത്തിന്റെ നാനാഭാഗത്തുനിന്നും ഉയർന്നു വരാറുണ്ട്. ചിലർ അത് പൂർണ്ണമായ പരാജയമെന്ന് വിധി എഴുതിയിരിക്കുന്നു. വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഭൂരിഭാഗം ജനങ്ങൾക്കുമുള്ളത്. ഒരു പരിധി വരെ വിജയമെന്നും പറയാം.  ഒരു മാവിൽനിന്ന് മാങ്ങാപ്പഴം ഒറ്റ രാത്രികൊണ്ട് ലഭിക്കില്ല. അതുപോലെയാണ് സാമ്പത്തിക പുരോഗനവും. വ്യവസായവൽക്കരണത്തിന്റെയും നോട്ടു നിരോധനത്തിന്റെയും പുരോഗതി ദൃശ്യമാകണമെങ്കിൽ കൂടുതൽ കാലം കാത്തിരിക്കേണ്ടിയിരിക്കുന്നു.  വിജയം എങ്ങനെയെന്ന് വിലയിരുത്താൻ നോട്ടു നിരോധനത്തിന്റെ ലക്ഷ്യങ്ങൾ എന്തായിരുന്നുവെന്നുള്ള വസ്തുതയും മനസിലാക്കേണ്ടതുണ്ട്.

നോട്ടുനിരോധനം കൊണ്ടുള്ള നേട്ടങ്ങൾ:

1. നോട്ടു നിരോധനം കൊണ്ട് സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിച്ചുവെന്നുള്ളത് ശരി തന്നെ.  പൊതുജനത്തിന് അസൗകര്യങ്ങൾ ഉണ്ടാക്കിയെങ്കിലും ഇന്ത്യയുടെ സ്റ്റോക്കു മാർക്കറ്റിനെ ബാധിച്ചിട്ടില്ല. അതിനുശേഷം സ്റ്റോക്ക് മാർക്കറ്റ് ഇൻഡക്സ് വർദ്ധിച്ചിട്ടേയുള്ളൂ.

2.അത്യാവശ്യ സാധനങ്ങളുടെ വിലപ്പെരുപ്പം കുറഞ്ഞു. പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിലകൾ കുത്തനെ താഴോട്ടു കുതിച്ചു. നോട്ടു നിരോധനത്തിന് ഒരു മാസത്തിനുള്ളിൽ തന്നെ  വിലക്കുറവുകൾ അനുഭവപ്പെട്ടിരുന്നു.

3. നികുതി വെട്ടിപ്പുകാരുടെ കള്ളത്തരങ്ങൾക്ക് കുറവുണ്ടായി. സർക്കാരിന്റ നികുതിയിൽ നിന്നുള്ള വരുമാനം വളരെയധികം വർദ്ധിച്ചു. മുമ്പ്, സർക്കാരിന് നികുതി ശേഖരിക്കുന്നതിനുള്ള സംവിധാനം വളരെയധികം മോശമായിരുന്നു. നോട്ടു നിരോധനം വന്നതിൽ പിന്നീട് ബാങ്കിൽ വന്ന പണത്തിനെല്ലാം സർക്കാരിന് നികുതി ചുമത്താൻ സാധിച്ചു.

4. അതിവേഗം ഇന്ത്യ  ഡിജിറ്റൽ സിസ്റ്റത്തിലേക്ക് കുതിച്ചു ചാടി. പണം കൈവശം വെക്കാതെ 'ക്യാഷ്‌ലെസ്സ്' എന്ന സംവിധാനം പുരോഗമിക്കുവാനും നോട്ടു നിരോധനം കാരണമായി. ഇന്ന് ഗ്രാമത്തിലും പട്ടണത്തിലും കറൻസി നോട്ടുകളില്ലാതെ  ക്രയവിക്രയങ്ങൾ സാധ്യമാകുന്നു. ഗ്രോസറി വാങ്ങിക്കാൻ പോലും ഉപഭോക്താക്കൾ ബാങ്കുവഴി ക്രയവിക്രയങ്ങൾ നടത്തുന്നു. കറൻസികൾ കൈവശം വെക്കാതെ പണമിടപാടുകൾ നടത്താൻ  ഭൂരിഭാഗം ചെറുപ്പക്കാരുടെ കൈവശവും സ്മാർട്ട് ഫോണുകളും കാണാം. ഡിജിറ്റൽ സാമ്പത്തിക പരിഷ്ക്കരണം കൂടുതൽ ജനങ്ങളെ ബാങ്കുകളിൽ സേവിങ്ങ് ചെയ്യുന്നതിനും പ്രേരിപ്പിക്കുന്നു. പുതിയ സാമ്പത്തിക സർവ്വേ അനുസരിച്ച് ഡിജിറ്റൽ എക്കണോമി കാരണം  2.8 ലക്ഷം കോടി രൂപ നോട്ടുകൾ ക്രയ വിക്രയ മാർക്കറ്റിൽ കുറഞ്ഞുവെന്നുള്ളതാണ്.

5.ബാങ്കുകളിൽ കണക്കില്ലാതെ ഡിപ്പോസിറ്റുകൾ കുന്നുകൂടി. അതുകൊണ്ട് ബാങ്കുകൾ കടം കൊടുക്കുന്നവർക്കുള്ള പലിശനിരക്കും കുറച്ചു. ബാങ്കുകൾ ചെറുകിട കച്ചവടക്കാർക്ക് കുറഞ്ഞ പലിശക്ക്  പണം കടം കൊടുക്കാൻ തുടങ്ങി. ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് വില പത്തു മുതൽ പതിനഞ്ചു ശതമാനം വരെ താണിരുന്നു. കൂടാതെ ബാങ്കുകളുടെ പലിശ  കുറഞ്ഞതോടെ വസ്തുവകകൾ സാധാരണക്കാർക്കു വാങ്ങിക്കാനും സാധിച്ചു.

6. നോട്ടു നിരോധനം ഹവാല ഇടപാടുകാർക്ക് ഒരു തിരിച്ചടിയായിരുന്നു. ഹവാല എന്നാൽ ബാങ്കുകളുടെ സഹായമില്ലാതെ പണം വിദേശപ്പണമാക്കുന്ന ഒരു ഏജൻസിയാണ്. ലോകം മുഴുവനുള്ള ഈ കമ്പനി മിഡിൽ ഈസ്റ്റ് കേന്ദ്രമാക്കി ഇന്ത്യ, ആഫ്രിക്കാ എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. ഇന്ത്യയിലെ ചില്ലറ വ്യാപാരികൾ ചൈനയിൽനിന്നും സാധനങ്ങൾ ഇറക്കിക്കൊണ്ടിരുന്നു. അവർ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് നികുതി കൊടുത്തിരുന്നില്ല. വിൽപ്പനക്കാരൻ ഹോങ്കോങ്ങ് ബാങ്ക് വഴി പണം ഇടപാടുകൾ നടത്തിയിരുന്നതു കൊണ്ട് ഇറക്കുമതിയിൽനിന്നുള്ള നികുതി വരുമാനം സർക്കാരിന് ലഭിക്കുമായിരുന്നില്ല. ഹവാലവഴി നികുതി കൊടുക്കാതിരിക്കാനുള്ള സംവിധാനം ഇന്ത്യയിലെ കമ്പനിയും ഹോങ്കോങ് കമ്പനിയും തമ്മിലുണ്ടായിരുന്നു. നോട്ടു നിരോധനശേഷം നികുതി വെട്ടിച്ചുകൊണ്ടുള്ള ഹവാല ഇടപാടുകാർക്ക് ശക്തമായ ഓഡിറ്റിങ്ങിനെയും നേരിടേണ്ടി വന്നു.

7. നോട്ടു നിരോധനശേഷം കറൻസിയെ ആശ്രയിക്കാതെയുള്ള ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും സംവിധാനങ്ങൾ നാട് മുഴുവൻ പ്രചരിച്ചു. ക്രെഡിറ്റ് കാർഡ് വ്യാപകമായതോടെ ജനം കൂടുതൽ സാധനങ്ങൾ വാങ്ങാൻ തുടങ്ങി. അതുമൂലം പൊതുജനത്തിനു  കടമായി വാങ്ങുവാനുള്ള ക്രെഡിറ്റ് കാർഡ് സംവിധാനവും മെച്ചപ്പെട്ടു. കൂടുതൽ വാങ്ങുംതോറും ഉപഭോഗ്ദ്ധ വസ്തുക്കളുടെ ഡിമാൻഡും വർദ്ധിക്കുകയാണ്. ഇങ്ങനെ ഡിമാൻഡ് വർദ്ധിക്കുംതോറും മാർക്കറ്റിൽ ആവശ്യ സാധനങ്ങളുടെ വരവും തുടങ്ങും. അത് ഉത്ഭാദന മേഖല വർധിക്കും. കൂടുതൽ ഉത്ഭാദിപ്പിക്കുമ്പോൾ ലാഭവും ഉണ്ടാകും. തൊഴിൽമേഖലകളിൽ തൊഴിലും വർദ്ധിക്കും. സാവധാനം ദേശീയ വരുമാന നിരക്ക് (ജിഡിപി) വർദ്ധിക്കാൻ അത് കാരണമാവുകയും ചെയ്യും.

8.നോട്ടു നിരോധനത്തിനുശേഷം ഒരു വർഷത്തിനുള്ളിൽത്തന്നെ 3.2 കോടിയിൽ നിന്ന് 5.29 കോടിയോളം ആദായ നികുതി ഫയൽ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചു. 17.1 ശതമാനം അധിക നികുതിയും ലഭിച്ചു. പണം മുഴുവൻ ബാങ്കിൽ വന്നതുകൊണ്ട് നിക്ഷേപിച്ചിരിക്കുന്ന പണം കൃത്യമായ കണക്കിൽപ്പെട്ടതും നോട്ടു നിരോധനത്തിന്റെ നേട്ടവുമായിരുന്നു.

9.ആദ്യത്തെ വർഷം ജിഡിപി വളർച്ച രണ്ടിനും മൂന്നിനുമിടക്ക് താണുവെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ വളർച്ചയാണ് കണ്ടത്. നോട്ടു നിരോധനത്തിനു ശേഷം താണുപോയ ഇന്ത്യൻ ദേശീയ വരുമാനം (ജിഡിപി) 2018-ൽ അവലോകനം ചെയ്യുകയാണെങ്കിൽ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതികൾ ഉണരാൻ തുടങ്ങിയെന്നും മനസിലാക്കാം. മുമ്പുള്ള വർഷത്തേക്കാളും 2.3 ശതമാനം അധിക 'ജിഡിപി' വർദ്ധനയാണ് ഈ വർഷം അവസാനം പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ജിഡിപിയുടെ ഈ വർഷത്തെ വളർച്ച ചരിത്രപരമായിരിക്കും.

10. നോട്ടു നിരോധനം കൊണ്ട് കയറ്റുമതിയിലും ഇറക്കുമതിയിലും അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകളും ഇല്ലാതായി. 2018ലെ മൂന്നാം ക്വാർട്ടറിൽ 13.6 ശതമാനം കയറ്റുമതി ഉത്‌പന്നങ്ങൾ വർദ്ധിച്ചിട്ടുണ്ട്.  അതുപോലെ ഇറക്കുമതി 13.1 ശതമാനം കുറയുകയും ചെയ്തു.

11. നോട്ടുനിരോധനത്തിന്റെ അനന്തരഫലമായി ബ്ലാക്ക് മണിയുള്ള പതിനെട്ടുലക്ഷം അക്കൗണ്ടുകൾ കണ്ടെടുത്തു. അവരുടെമേൽ നിയമപരമായ നടപടികൾ തുടരുന്നു. പണം ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്തവരിൽ 2.89 ലക്ഷം കോടികൾ രൂപ ഇന്ന് അന്വേഷണത്തിലാണ്. 4,73,003 ബാങ്ക് അക്കൗണ്ടുകൾ സംശയത്തിന്റെ നിഴലിൽ പോവുന്നു. അവരുടെമേൽ അന്വേഷണം തുടർന്നുകൊണ്ടിരിക്കുന്നു. കണക്കിൽപ്പെടാത്ത വരുമാനത്തിൽ 29213 കോടി രൂപായുടെ കണക്കുകൾ കണ്ടുപിടിച്ചു. 16000 കോടി ബ്ളാക്ക് പണം നോട്ടു നിരോധനത്തിനു ശേഷം പുറത്തേയ്‌ക്കെടുത്തിട്ടില്ല.

നോട്ടു നിരോധനം കൊണ്ടുള്ള കോട്ടങ്ങൾ :

1-കോടിക്കണക്കിന് നിക്ഷേപകരുള്ള ബാങ്കുകളുടെ കണക്കുകൾ ഓഡിറ്റ് ചെയ്യുകയെന്നത് എളുപ്പമല്ല. അതുപോലെ കൂടുതൽ പേരെ അതിനായി ജോലിയിൽ പ്രവേശിപ്പിച്ചു വമ്പിച്ച സാമ്പത്തിക ഭാരം താങ്ങാനും സർക്കാരിന് ബുദ്ധിമുട്ടാണ്. നിലവിലുള്ള ഒളിഞ്ഞുകിടക്കുന്ന ബ്ളാക്ക് മണിയുടെ പത്തു ശതമാനമെങ്കിലും കണ്ടെത്താൻ ഇനിയും വർഷങ്ങൾ തന്നെ എടുത്തേക്കാം. അവിടെയും ഇവിടെയും ചില വ്യക്തികളുടെ പണത്തിന്റെ ഒഴുക്കുകളെ നികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടേക്കാം. എന്നാൽ അവരുടെ സംഖ്യ ഒരു ശതമാനം പോലുമില്ല.

2-ഇന്ത്യയുടെ കഴിഞ്ഞ കാല ചരിത്രത്തിൽ വിൽപ്പനയും വാങ്ങലും പരിപൂർണ്ണമായും നടന്നിരുന്നത് രൊക്കം പണം കൊടുത്തുള്ള ഇടപാടുകളിൽക്കൂടിയായിരുന്നു. നോട്ടുനിരോധനത്തിനു മുമ്പ് 85 ശതമാനം അഞ്ഞൂറും ആയിരം രൂപാ നോട്ടുകൾ ക്രയവിക്രയത്തിലുണ്ടായിരുന്നു. അതായത് 14.2 ലക്ഷം കോടി രൂപ മൂല്ല്യമുളള നോട്ടുകൾ  വിൽപ്പന വാങ്ങലുകൾക്കായി  കറങ്ങിക്കൊണ്ടിരുന്നു. നോട്ടുനിരോധനത്തിൽക്കൂടി കറൻസി ക്രയവിക്രയങ്ങൾ പെട്ടെന്ന് ഇടിഞ്ഞു പോയി. അതോടൊപ്പം ഇന്ത്യയുടെ മൊത്തം വരുമാനമെന്നു വിശേഷിപ്പിക്കുന്ന ജിഡിപിയും   താണുപോയി.

3.സർക്കാർ മൂന്നുലക്ഷം കോടി രൂപയുടെ കള്ളപ്പണം (Black Money) പിടിക്കാമെന്നു വ്യാമോഹിച്ചു. എന്നാൽ അതിന്റെ ഒരു ശതമാനം അടുത്തുമാത്രമേ കള്ളപ്പണം കണ്ടെത്താൻ സാധിച്ചുള്ളൂ. രാഷ്ട്രീയ പാർട്ടി നേതാക്കന്മാർക്ക് അവരുടെ വരുമാന സ്രോതസ്സിന്റെ വിവരങ്ങൾ അറിയിക്കേണ്ടിയിരുന്നില്ല.  കറൻസി നിരോധിച്ച ശേഷം ഇന്ത്യയിൽ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്ന കറൻസികളിൽ മുഴുവൻ തന്നെ ബാങ്കുകളിൽ ഡിപ്പോസിറ്റായി തിരിച്ചെത്തുകയും ചെയ്തു. ഇതിൽ നിന്നും കള്ളപ്പണം  ഇല്ലാതായിയെന്ന് കരുതാൻ സാധിക്കില്ല. കള്ളപ്പണം പണമായിട്ടു തന്നെയല്ല സ്വർണ്ണമായിട്ടും സ്ഥലമായിട്ടും നികുതികൊടുക്കാതെ സൂക്ഷിക്കുന്നു. 'കള്ളപ്പണം' കറൻസികളിൽ സൂക്ഷിച്ചിരുന്നുവെന്ന്  ചിന്തിച്ചാൽ തന്നെയും പണം മുഴുവൻ കമ്മീഷൻ വ്യവസ്ഥകളിൽ പല പേരുകളിലായിരുന്നു നോട്ടുനിരോധന വേളകളിൽ ഡിപ്പോസിറ്റ് ചെയ്തുകൊണ്ടിരുന്നത്. അതേ പണം തന്നെ നികുതി വെട്ടിച്ച് മാർക്കറ്റിൽ വരുകയും ചെയ്യും. അങ്ങനെ കള്ളപ്പണത്തെ നേരിടാമെന്നുള്ള ഫലം നോട്ടു നിരോധനം കൊണ്ട് ലഭിച്ചില്ല. കള്ളപ്പണക്കാരിൽ നിന്ന് വളരെ കുറച്ചു പണം മാത്രമേ പിടിച്ചെടുക്കാൻ സാധിച്ചുള്ളൂ.

4.നോട്ടു നിരോധനം കൊണ്ട് അഞ്ചു ലക്ഷത്തി എഴുപതിനായിരം കോടി രൂപ (Rs.570,000 crores) ദേശീയ വരുമാന വളർച്ചയിൽ നഷ്ടം വന്നുവെന്ന് കണക്കുകൾ പറയുന്നു. നിരോധനത്തിനുമുമ്പ് ദേശീയ വരുമാനം 7.9 ആയിരുന്നത് 2017 ഏപ്രിൽ-ജൂൺ ക്വാർട്ടറിൽ അത് 5.7 ആയി കുറഞ്ഞു.

5. ഇന്ത്യ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ഒരു രാജ്യമാണ്. കൃഷിക്കുള്ള വിത്തുകൾ, വളം, കൃഷിയിറക്കുന്ന പണി ചെലവുകൾ, കൃഷിയുപകരണങ്ങൾ എന്നിവ രൊക്കം പണം കൊടുത്താണ് വാങ്ങിയിരുന്നത്. ആ വർഷം പണത്തിന്റെ അഭാവം കൊണ്ട് അനേകർക്ക് കൃഷിയും ഇറക്കാൻ സാധിക്കാതെ വന്നു. ചെറുകിട ബാങ്കുകൾ കൃഷിക്കുള്ള കടമായ പണം കൃഷിക്കാരനു സമയത്ത് നൽകിയതുമില്ല. അതുകൊണ്ട് ആ വർഷം കൃഷിയും  പരാജയമായിരുന്നു. അതുപോലെ കൃഷിക്കാർക്കു ബാങ്കിൽ നിന്നും എടുത്ത പണം തിരിച്ചടക്കാൻ സാധിക്കാതെ വന്നു.

6. നോട്ടു നിരോധനം മൂലം കെട്ടിടങ്ങൾ പകുതി പണി കൊണ്ട് ഉപേക്ഷിക്കേണ്ടി വന്നു. വാങ്ങുന്നവർ ഇല്ലാത്തതായിരുന്നു കാരണം.

7. പുതിയ കറൻസി മാർക്കറ്റിലിറക്കാൻ കാലതാമസം വന്നതും പൊതു ജനത്തിന്റെ ക്ഷമ നശിച്ചിരുന്നു. ദിവസക്കൂലിക്കാർക്ക് കൂലി കൊടുക്കാൻ സാധിക്കാത്തതിനാൽ ചെറുകിട ബിസിനസുകൾ പലതും നിർത്തൽ ചെയ്യേണ്ടി വന്നു.

8.പുതിയ 2000 രൂപ കറൻസി നോട്ടുകൊണ്ടു പോയാൽ ആർക്കും ചില്ലറ മടക്കി കൊടുക്കാൻ സാധിക്കില്ലായിരുന്നു. പച്ചക്കറികൾ, പാല്, റൊട്ടി, എന്നിവകൾ മാർക്കറ്റിൽനിന്നു വാങ്ങിക്കാനും  ബുദ്ധിമുട്ടായി തീർന്നു. ബസ്സിൽ സഞ്ചരിക്കുമ്പോഴും ബസ്സുകൂലി കൊടുക്കാനും ബാക്കി ചില്ലറ വാങ്ങിക്കാനും ബുദ്ധിമുട്ടായിരുന്നു. മാർക്കറ്റിൽ നൂറു രൂപായുടെ നോട്ടുകൾ അധികമില്ലായിരുന്നു. നോട്ടുനിരോധന ശേഷം 500 ന്റെ നോട്ടുകൾ മാർക്കറ്റിൽ വന്നത് വളരെ താമസിച്ചാണ്.

9.പുതിയ നോട്ടുകൾ അച്ചടിക്കുന്നതിന് ഭീമമായ തുകകൾ വഹിക്കേണ്ടി വന്നു. അതുപോലെ പഴയ കറൻസികൾ പിൻവലിക്കാനും മാനേജ് ചെയ്യാനുമുള്ള ചെലവുകളും സർക്കാരിന്റെ വമ്പിച്ച ബാധ്യതയുമായിരുന്നു.

10.പുതിയതായി ഇറക്കിയ '2000' ത്തിന്റെ നോട്ടുകൾ ബ്ളാക്ക് മണി വ്യാപിക്കാൻ കാരണമാകുന്നു. കറൻസിയുടെ മൂല്യം ഇരട്ടിയുള്ളതിനാൽ പണം ഒളിച്ചുവെക്കാൻ അധികം സ്ഥലം ആവശ്യമില്ല.

11. നോട്ടു നിരോധനത്തിന്റെ പിറ്റേദിവസം ഇന്ത്യയുടെ സ്റ്റോക്ക് മാർക്കറ്റ് ആറു ശതമാനത്തോളം  താണിരുന്നു.

12. കറൻസിയുടെ അഭാവം സാമ്പത്തിക തലങ്ങളൊന്നാകെ ആഞ്ഞടിച്ചിരുന്നു. ബാങ്കിൽ പണം മാറാനുള്ള തിക്കും തിരക്കിൽ അനേക മരണങ്ങൾക്കും ഇടയായി. പുതിയ നോട്ടുകൾ ലഭിക്കാൻ വേണ്ടി ലക്ഷക്കണക്കിന് ജനം ബാങ്കിന്റ മുമ്പിൽ നീണ്ട ലൈനുകളായി മണിക്കൂറോളം നിന്നു. കറൻസി മാറാൻ അവർ ബാങ്കിന്റെ മുമ്പിലെത്തുമ്പോഴേക്കും ബാങ്കിൽ പുതിയ കറൻസി മാറിക്കൊടുക്കാൻ പണമില്ലാത്ത അവസ്ഥയും വരുമായിരുന്നു. വീണ്ടും അടുത്ത ദിവസം ബാങ്കിൽ ലൈൻ നിൽക്കേണ്ട ഗതികേടും വരുമായിരുന്നു.

13. നോട്ടു നിരോധനം കൊണ്ടുള്ള പ്രയോജനങ്ങൾ വിശദീകരിക്കുന്നുണ്ടെങ്കിലും ഭീകര പ്രവർത്തനങ്ങൾക്ക് ഒരു ശമനവും വന്നില്ല. വാസ്തവത്തിൽ നിരോധനശേഷമുള്ള വർഷം  ഭീകരപ്രവർത്തനം വർദ്ധിക്കുകയാണുണ്ടായത്.

14. നോട്ടു നിരോധനംകൊണ്ട് എൺപതു ശതമാനം ബ്ളാക്ക് മണി ഇല്ലാതായി എന്ന് വിശ്വസിക്കുന്നു. എന്നാൽ റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ അത് വെറും അനുമാനം മാത്രമെന്നും വാസ്തവം അങ്ങനെയല്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

നോട്ടു നിരോധനം വിജയമെന്നോ പരാജയമെന്നോ ചോദിക്കേണ്ടത് നോട്ടു മാറാൻ നിന്ന അപകടം സംഭവിച്ചു മരിച്ചുപോയവരുടെ പ്രിയപ്പെട്ടവരോടാണ്. ഉത്ഭാദനമേഖലകളിലും വ്യവസായ മേഖലകളിലും തൊഴിൽ നഷ്ടപ്പെട്ടവരോടും ബിസിനസ്സ് നഷ്ടപ്പെട്ടവരോടും ചോദിച്ചാൽ നോട്ടു നിരോധനത്തെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ലഭിക്കും. ഇന്ത്യയിലെ പ്രതിപക്ഷകക്ഷികൾ ഒന്നാകെ നോട്ടു നിരോധനത്തിനെതിരായിരുന്നു. അവർ അതിനെ ഡ്രാക്കോണിയൻ നിയമമെന്ന് പറഞ്ഞിരുന്നു. അക്കൂടെ അനേകരുടെ   നിരവധി കഷ്ടപ്പാടുകളുമുണ്ട്. ദരിദ്രരായ ജനങ്ങളുടെ വിലാപവുമുണ്ട്. എ ടി എം മെഷീൻ പണമില്ലാതെ പലയിടത്തും നിർത്തൽ ചെയ്തു. നീണ്ട കാല നേട്ടങ്ങൾക്കു വേണ്ടി ഇത് താൽക്കാലിക ബുദ്ധിമുട്ടുകളെന്നുമുള്ള സ്വാന്തന വാക്കുകൾ സർക്കാർ കൂടെക്കൂടെ ആവർത്തിക്കുമായിരുന്നു.


വ്യാജ കടലാസ്സിൽ അച്ചടിച്ച കറൻസികൾ രാജ്യം മുഴുവൻ പടർന്നു പിടിച്ചതും കള്ളപ്പണവും അഴിമതിപ്പണവും നോട്ടുനിരോധത്തിനു കാരണങ്ങളായിരുന്നു.  ഏകദേശം 63 മില്യൺ വ്യാജ നോട്ടുകൾ ഇന്ത്യയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. സാമാന്യ ചിന്താഗതിയിൽ ബ്രഹത്തായ ഒരു രാജ്യത്ത് ഇത്രയും ചെറിയ ഒരു തുക ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥിതിക്ക് ഒരു ഭീക്ഷണിയല്ലായിരിക്കാം. എന്നാൽ ആ പണം ഭീകരർ കൈകാര്യം ചെയ്യുമ്പോൾ രാജ്യത്തിന് ഭീക്ഷണി തന്നെയാണ്. അയൽരാജ്യമായ പാകിസ്ഥാനും ഇന്ത്യൻ കറൻസികൾ അടിച്ച് അതിർത്തികളിൽ വിതരണം ചെയ്തിരുന്നു. അത് നുഴഞ്ഞു കയറ്റക്കാരെ സഹായിക്കുകയും ചെയ്തിരുന്നു. സാധാരണ വ്യാജ കറൻസികൾക്ക് തെറ്റുകൾ കാണാം. എന്നാൽ നമ്മുടെ അയൽവക്ക രാജ്യം അച്ചടിക്കുന്ന ഇന്ത്യൻ കറൻസിക്ക് തെറ്റുകളൊന്നുമുണ്ടായിരുന്നില്ല.

നോട്ടു നിരോധനം കൊണ്ട് അതിന് പരിഹാരം കാണാൻ സാധിക്കുമോ? വാസ്തവത്തിൽ ശത്രു രാജ്യത്തിന്റെ അത്തരം പ്രവർത്തനം തടയാൻ എളുപ്പമല്ല. ഇന്ത്യയും നമ്മുടെ അയൽ രാജ്യങ്ങളും കറൻസിക്കുള്ള പേപ്പറുകൾ മേടിക്കുന്നത് ഒരേ സ്ഥലത്തുനിന്നു തന്നെയാണ്. ഇന്ന് നമ്മുടെ അയൽ രാജ്യം പുതിയ കറൻസിയും കോപ്പി ചെയ്തേക്കാം. എന്നാൽ പൂർണ്ണമായ ഒരു കറൻസി അവർക്കിനി പ്രിൻറ് ചെയ്യാൻ സാധിക്കില്ല. പുതിയ കറൻസിയിൽ ധാരാളം സുരക്ഷിതമായ രഹസ്യ അടയാളങ്ങളും സംവിധാനങ്ങളുമുണ്ട്. ദേശീയ താല്പര്യത്തിനെതിരെ പുതിയ കറൻസിയുമായി കമ്പോളത്തിൽ വരുന്നവരെ പിടികൂടുകയും ചെയ്യാം. ഇത്തരത്തിൽ ഭീകരരെ ഭാവിയിൽ നിയന്ത്രിക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലുകളുമുണ്ടായിരുന്നു.

നികുതി പിരിക്കുന്ന ഉദ്യോഗസ്ഥർ തന്നെ അഴിമതിക്കാരാകുമ്പോൾ അഴിമതികളെ  നിയന്ത്രിക്കാൻ പിന്നെ ആർക്കാണ് സാധിക്കുന്നത്? പണത്തിനോടുള്ള അത്യാഗ്രഹം മനുഷ്യ സഹജമാണ്. സദാചാരം വാതോരാതെ പ്രസംഗിക്കാനുള്ള കഴിവുകൾ പലർക്കുമുണ്ട്. എന്നിട്ടു അഴിമതിയും കൈക്കൂലിയും മറച്ചു വെക്കും. ബ്ളാക്ക് മണിയ്ക്കെതിരെ നിയമവ്യവസ്ഥകൾ കർശനമാക്കേണ്ടതുണ്ട്. സമൂഹത്തിൽ രണ്ടു തരക്കാരായുള്ള അഴിമതിക്കാരാണ് പ്രധാനമായുള്ളത്. ആദ്യത്തെത് കാർക്കശ്യമുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി, രണ്ടാമത്തേത് രാഷ്ട്രീയക്കാരുടെ അഴിമതി. സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതികളാണ് ഭീകരം. നിയമം സംരക്ഷിക്കേണ്ടവർ തന്നെ അഴിമതിയ്ക്ക് വിധേയരാകുമ്പോൾ  അവർ രാഷ്ട്രത്തിനു തന്നെ അപകടകാരികളാകുന്നു. ഇത്തരം അഴിമതികൾ ഉയർന്ന ഉദ്യോഗസ്ഥർ മുതൽ താഴേക്കിടയിലുള്ളവർ വരെ കാണാൻ സാധിക്കും.

താണ വരുമാനമുള്ള മൂന്നാം തരം ഉദ്യോഗസ്‌ഥർ വരെ ഇന്ന് വലിയ ബംഗ്ളാവുകളിൽ താമസിക്കുന്നു. ചെലവ് വഹിക്കാൻ കഷ്ടിച്ച് വരുമാനമുള്ളവർപോലും ആഡംബര വസ്തുക്കളും സ്വർണ്ണവും കൂമ്പാരം കൂട്ടിയിരിക്കുന്നതു കാണാം. ഒരു ഉദ്യോഗസ്ഥന്റെ തുച്ഛമായ ശമ്പളത്തിൽ നിന്ന് ഇത്രമാത്രം ആഡംബരത്തോടെ ജീവിക്കാൻ സാധിക്കില്ല. അധികാരം ഉപയോഗിച്ച് സാധാരണ ജനങ്ങളെ ഞെക്കിപ്പിഴിയുന്ന ഒരു വ്യവസ്ഥിതിയാണ് ഇന്നുള്ളത്. ഇത്തരം അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടു പിടിച്ച് കർശനമായ ശിക്ഷകളും നൽകേണ്ടതായുണ്ട്. അധികാരം ദുർവിനിയോഗം  ചെയ്യുന്നത് ചെറിയ കുറ്റമല്ല. അവരുടെ വസ്തുവകകളും പിടിച്ചെടുക്കണം. രാഷ്ട്രത്തെയാണ് ഈ ക്രിമിനലുകൾ ചതിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പണം ആവശ്യമാണ്. ആ പണം നിയമപരമോ അല്ലാതെയോ വരാം. ഇത്തരം പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ തിരഞ്ഞെടുപ്പു പരിഷ്‌ക്കാരവും ആവശ്യമാണ്.  പൂഴ്ത്തിവെയ്പുകാർ മൂലം വിലപ്പെരുപ്പമുണ്ടാകുന്നു. അവരെ നിയന്ത്രിച്ചാൽ സാധനങ്ങൾക്ക് വിലക്കുറവുണ്ടാകും. ഉത്ഭാദനം വർധിപ്പിച്ചാൽ സപ്ലൈയും വർദ്ധിക്കും. അങ്ങനെ വിലപ്പെരുപ്പത്തെ നിയന്ത്രിക്കാൻ സാധിക്കും.

രണ്ടു വർഷത്തിനുശേഷം ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതി പൂർവ്വ സ്ഥിതിയിൽ വരുകയും നോട്ടു നിരോധനം സംബന്ധിച്ചുള്ള എതിർപ്പുകൾക്ക് ശമനം വരുകയുമുണ്ടായിട്ടുണ്ട്.  അഴിമതികളിൽ നിന്നും സ്വതന്ത്രമാകണമെന്നുള്ള ഉദ്ദേശ്യത്തോടെ തുടങ്ങി വെച്ച നോട്ടു നിരോധനത്തിന് ഫലങ്ങൾ കാണാൻ തുടങ്ങി. അഴിമതികൾ ഇല്ലാത്ത ജനവിഭാഗങ്ങൾ പൊതുവെ നോട്ടു നിരോധനത്തെ സ്വാഗതം ചെയ്‌തിരുന്നു. അക്കൗണ്ടിൽകൂടിയല്ലാതെ   പണം സൂക്ഷിക്കുന്നതും ഇന്ന് ബുദ്ധിമുട്ടുള്ള കാര്യമാണ്.  അതുമൂലം നികുതിദായകരിൽനിന്ന്  അധിക നികുതി പിരിക്കാൻ സാധിക്കുന്നു. കൂടുതൽ ലഭിക്കുന്ന നികുതി ജനങ്ങളുടെ ക്ഷേമത്തിനായി പ്രയോജനപ്പെടുകയും ചെയ്യും. കള്ളപ്പണം കൊണ്ട് ഭാരതത്തിൽ പ്രവർത്തിച്ചിരുന്ന ഭീകര സംഘടകൾക്ക് ഒരു പരിധിവരെ തടസങ്ങളുണ്ടാക്കാനും സാധിച്ചു.












കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...