Friday, November 30, 2018

ശ്രീ സുധീർ പണിക്കവീട്ടിലിന്റെ അമേരിക്കൻ മലയാള സാഹിത്യ നിരൂപണങ്ങൾ, അവലോകനം



ജോസഫ് പടന്നമാക്കൽ

ശ്രീ സുധീർ പണിക്കവീട്ടിലിന്റെ 'അമേരിക്കൻ മലയാള സാഹിത്യ നിരൂപണങ്ങൾ' എന്ന പുസ്തകം എനിക്ക് അയച്ചു തന്നിരുന്നു. മൂന്നുനാലു മാസങ്ങൾക്കു മുമ്പ് പുസ്തകം എന്റെ പക്കൽ ലഭിച്ചിരുന്നെങ്കിലും അതിനുള്ളിലെ താളുകൾ മറിക്കാൻ ആരംഭിച്ചത് ഈ അടുത്ത ദിവസങ്ങളിൽ മാത്രമാണ്. പുസ്തക വായന തുടങ്ങിയപ്പോഴാണ് ശ്രീ പണിക്കവീട്ടിലിന്റെ ലേഖനങ്ങൾ എല്ലാം എത്രയോ ഗാംഭീര്യവും പണ്ഡിതോചിതമെന്നും മനസിലായത്. സരസവും ലോലവുമായ ഭാഷയിൽക്കൂടി വായനക്കാരന് കൗതുകമുളവാക്കുന്ന രീതിയിലാണ് ഓരോ അദ്ധ്യായവും രചിച്ചിരിക്കുന്നത്. ഗവേഷണ കുതുകികളായ വായനക്കാർക്കു വേണ്ടി ഇങ്ങനെ ഒരു ഗ്രന്ഥം രചിച്ച ശ്രീ പണിക്കവീട്ടിലിന് അനുമോദനങ്ങളുടെ പൂച്ചെണ്ടുകളുമുണ്ട്. അഞ്ചു  വള്ളിക്കൂസകളുടെ പടങ്ങൾ സഹിതം അതിമനോഹരമായി ആവരണം ചെയ്ത കവർ പേജോടെ അച്ചടിച്ച ഈ പുസ്തകം തീർച്ചയായും അമേരിക്കയിൽ വളരുന്ന തലമുറകൾക്കും ഗവേഷകർക്കും പ്രയോജനപ്രദമാകുമെന്നതിൽ സംശയമില്ല.  അമേരിക്കൻ മലയാള സാഹിത്യത്തെപ്പറ്റി ഒരു നിരൂപണം തയ്യാറാക്കാൻ സുധീർ തീവ്രമായ ഗവേഷണങ്ങൾ തന്നെ നടത്തി കാണും. അമേരിക്കൻ മലയാള സാഹിത്യത്തിന്റ കാവൽക്കാരായ അനേകം സാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും ഗ്രന്ഥകാരൻ ശരിയാംവിധം വിലയിരുത്തിയിട്ടുണ്ട്. സാഹിത്യ സമുദ്രത്തിൽ മുങ്ങിത്തപ്പി അതിലെ പവിഴ മുത്തുകളായ സാഹിത്യകാരന്മാരെ നല്ലവണ്ണം വിലയിരുത്തിയാണ് ഓരോ അദ്ധ്യായത്തിലെയും താളുകളിൽ നിറച്ചിരിക്കുന്നത്. നിരവധി സാഹിത്യ പുസ്തകങ്ങളും കവിതാസമാഹാരങ്ങളും സസൂക്ഷ്മം പരിശോധിച്ച ശേഷമാണ് ഈ പുസ്തകത്തിന്റെ സൃഷ്ടികർമ്മം നിർവഹിച്ചിരിക്കുന്നതെന്നും മനസിലാക്കുന്നു.

അമേരിക്കൻ മലയാളി എഴുത്തുകാരിൽ അനുകരണ ചിന്തകൾ വർദ്ധിക്കുന്ന കാരണം മലയാള സാഹിത്യത്തിന് നാളിതുവരെ കാര്യമായ വളർച്ചയില്ലെന്നാണ് ആമുഖത്തിൽ ഗ്രന്ഥകാരൻ  പറഞ്ഞിരിക്കുന്നത്. ഓരോ എഴുത്തുകാരുടെയും പോരായ്മകൾ ഇത്രമാത്രം വിശകലനം ചെയ്യാൻ ശ്രീ സുധീർ പണിക്കവീട്ടിലിനെപ്പോലെ മനോധർമ്മം ഉള്ളവർക്ക് മാത്രമേ സാധിക്കുള്ളൂ. അക്ഷരങ്ങളുടെ ലോകത്തിൽ അദ്ദേഹം കവിയും ലേഖകനും സാഹിത്യകാരനുമെല്ലാമാണ്. അതിന്റെ ഗാംഭീര്യത മുഴുവൻ ഈ പുസ്തകത്തിൽ കര കവിഞ്ഞൊഴുകുന്നതും ഓരോ വായനക്കാരനും അനുഭൂതികളുണ്ടാക്കാം. അമേരിക്കൻ മലയാള സാഹിത്യത്തിൽ സാഹിത്യകാർക്കു വേണ്ടിയുള്ള ഒരു സാഹിത്യകാരൻ ഒരു പക്ഷെ സുധീർ മാത്രമേ കാണാൻ സാധ്യതയുള്ളൂ. അമേരിക്കൻ അഴീക്കോടനെന്നും അദ്ദേഹത്തെ വിളിക്കുന്നതിൽ അപാകതകൾ ഉണ്ടെന്ന് തോന്നുന്നില്ല. കാരണം, വിമർശനലോകത്ത് സുകുമാർ അഴീക്കോട് ഒരു ഭീമാകായനായ ഇതിഹാസമായിരുന്നു.

ഒരു നാടകത്തിൽ നാടകം അവതരിപ്പിക്കുമ്പോൾ അതിലെ സ്റ്റേജിലെ തിരശീല ഉയരുമ്പോലെയാണ്,  വിമർശനങ്ങളോടെയുള്ള ഈ പുസ്തകത്തിന്റെ തുടക്കം കുറിക്കുന്നത്. നാടകത്തിലെ അഭിനേതാക്കളെ രംഗത്തു അവതരിപ്പിക്കുന്നപോലെ എഴുത്തുകാരെയും പുസ്തകത്തിനുള്ളിൽ നിരനിരയായി നിർത്തിയിരിക്കുന്നത് കാണാം. അവരിൽ നിന്നു സാഹിത്യ ലോകത്ത് നേട്ടങ്ങൾ കൊയ്തിട്ടുള്ള പ്രസിദ്ധരായ എഴുത്തുകാരുടെ കൃതികൾ പഠിച്ച ശേഷം പല അദ്ധ്യായങ്ങളായി ഈ പുസ്തകത്തിൽ വിമർശനാത്മകമായി ചേർക്കപ്പെട്ടിരിക്കുന്നു. നിരവധി  എഴുത്തുകാരെ ഇവിടെ അണിനിരത്തുമ്പോൾ ഗ്രന്ഥകാരന്റെ തീക്ഷ്ണമായ അമേരിക്കൻ സാഹിത്യത്തെപ്പറ്റിയുള്ള ഗവേഷണങ്ങളെ എത്രകണ്ട് അഭിനന്ദിച്ചാലും മതിയാവില്ല.

അമേരിക്കയിൽ വായനക്കാരെക്കാളും കൂടുതൽ എഴുത്തുകാരാണ് എന്നുള്ള സുധീറിന്റെ ശൈലിയും പ്രതിഫലിക്കുന്നത് കാണാം. ഓൺലൈൻ പത്രങ്ങളുടെ പ്രചാരങ്ങളിൽക്കൂടി എഴുത്തുകാരുടെ എണ്ണം കൂടുകയും അതുമൂലം അമേരിക്കൻ സാഹിത്യ നിലവാരം വളരെയധികം താണു പോയെന്നും ഗ്രന്ഥകാരൻ അഭിപ്രായപ്പെട്ടിരിക്കുന്നു. രാഷ്ട്രീയത്തിലെ കുതികാൽ വെട്ടുപോലെ എഴുത്തുലോകത്തിലും എഴുത്തുകാർ മറ്റൊരു എഴുത്തുകാരനെ താഴ്ത്തി കെട്ടുകയും പരസ്പ്പരം ചെളി വാരിയെറിയുന്ന അവസ്ഥയും നിലവിലുണ്ടെന്ന് അദ്ദേഹം ചൂണ്ടി കാണിക്കുന്നു. ഇവിടുത്തെ ഓൺലൈൻ പത്രങ്ങളായ ഇ-മലയാളി, മലയാളം ഡൈലി ന്യൂസ്, ജോയിച്ചൻ പുതുക്കളം എന്നീ പത്രങ്ങളുടെ മികച്ച നിലവാരവും ഈ പത്രങ്ങൾ സാഹിത്യ ലോകത്തു നൽകുന്ന സംഭാവനകളും പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. എങ്കിലും ഓൺലൈൻ പത്രങ്ങളിൽ ഏതു ചപ്പു ചവറുകൾ എഴുതിയാലും പ്രസിദ്ധീകരിക്കുന്ന പ്രവണതയോട് ഗ്രന്ഥകാരന് യോജിപ്പില്ല.

അമേരിക്കൻ മലയാളികളിൽ ആഗോളതലത്തിൽ പ്രസിദ്ധരും നിരവധി അവാർഡ് നേടിയവരുമായ രതി ദേവി, ജോൺ മാത്യു എന്നിവരെയും പരിചയപ്പെടുത്തുന്നു. അമേരിക്കൻ മലയാള സാഹിത്യം ഇന്ന് ലോക നിലവാരത്തിലേക്ക് കുതിച്ചു ചാടുന്നുണ്ടെങ്കിലും പലരുടെയും അനുകരണ കൃതികൾ മറ്റു  സാഹിത്യകാരന്മാരുടെ കൃതികളെ വിലയിടിക്കുന്നതിനു കാരണമാകുന്നു. ചിലർ പണം കൊടുത്ത് എഴുതിക്കുന്നുവെന്നും നാട്ടിൽനിന്നും അവാർഡുകൾ പോലും കരസ്ഥമാക്കുന്നത് സ്വാധീനം ചെലുത്തിയാണെന്നുമുള്ള വിമർശനങ്ങളെ ഗ്രന്ഥകാരൻ ഖണ്ഡിച്ചിരിക്കുന്നു. വിമർശനങ്ങളെ ഗ്രന്ഥകാരൻ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പേരുവെക്കാതെ പ്രതികരണ കോളത്തിൽ എഴുതുന്നവരെപ്പറ്റി അദ്ദേഹത്തിന് അഭിപ്രായമില്ല. പലപ്പോഴും വ്യക്തിപരമായ അധിക്ഷേപങ്ങളിൽക്കൂടി അവർ എഴുത്തുകാരുടെ മനോവീര്യം തകർക്കുന്ന കാര്യങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. പ്രതികരണ കോളത്തിൽ സ്ഥിരം എഴുതുന്ന വിദ്യാധരൻ, അന്തപ്പൻ, എന്നിവരുടെ സാഹിത്യ സംഭാവനകളെയും അവരുടെ ശക്തിയായ വിമർശന ചിന്താഗതികളെയും പരാമർശിക്കാത്തത് പുസ്തകത്തിന്റെ പോരായ്മയല്ലേയെന്നും തോന്നിപ്പോവുന്നു.

ഒരു ഭാഷയുടെ വളർച്ചയെ സംബന്ധിച്ചിടത്തോളം എഴുത്തുകാർ, ഭാഷാ പ്രേമികൾ, പുസ്തക ശാലകൾ, മാദ്ധ്യമങ്ങൾ, സാഹിത്യ സംഘടനകൾ മുതലായ ഉപാധികളെല്ലാം ആവശ്യമാണ്.  സുധീറിന്റെ ഗ്രന്ഥത്തിൽ അമേരിക്കയിൽ ആദ്യകാല സാഹിത്യ സംഘടനയായ സർഗ്ഗവേദിയെപ്പറ്റി ഒരു അദ്ധ്യായം തന്നെ ഉണ്ട്.  സംഘടനക്കുള്ളിലെ വിചിത്രമായ രാഷ്ട്രീയവും തൊഴുത്തിൽ കുത്തും പുസ്തകത്തിൽ വായിക്കാം. സർഗ്ഗവേദിയുടെ സഹായത്താൽ അമേരിക്കയിൽ പ്രസിദ്ധനായ കവിയും സാഹിത്യകാരനുമായ ശ്രീ ചെറിയാൻ കെ ചെറിയാന്റെ വില കുറഞ്ഞ ധാർമ്മിക നിലവാരത്തെയും പരാമർശിക്കുന്നുണ്ട്. അതുവരെ നിശബ്ദനായി ആരുമറിയാതെ ഇരുന്ന ഈ കവിയെ സർഗവേദി പൊന്നാട കൊടുത്ത് സ്വീകരിച്ചു. പിന്നീട് സർഗ്ഗവേദിയെ തകർക്കാൻ കവി മുൻകൈ എടുത്തതും ലേഖനത്തിൽ വിവരിച്ചിരിക്കുന്നു. സർഗ്ഗവേദിക്കെതിരായി 'സാഹിത്യാദി' എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. കാലക്രമേണ ശ്രീ ചെറിയാൻ ടെക്‌സാസിൽ താമസം മാറിയ ശേഷം അദ്ദേഹം സ്ഥാപിച്ച സംഘടന ഇല്ലാതാവുകയും ചെയ്തു. യാതൊരു ധാർമ്മികതയും പുലർത്താതെ സർഗ്ഗവേദിയെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്ന മലയാള പത്രത്തെപറ്റിയും ഗ്രന്ഥകാരൻ നിശിതമായി വിമർശിച്ചിട്ടുണ്ട്. അമേരിക്കയിൽ മലയാള ഭാഷയെപ്പറ്റി ഗവേഷണം നടത്തുന്ന ഭാവി വിജ്ഞാനകുതുകികൾക്ക് ഗ്രന്ഥകാരൻ കുറിച്ച ഈ ചരിത്രക്കുറിപ്പുകൾ പ്രയോജനപ്പെടുമെന്നതിൽ സംശയമില്ല. സർഗ്ഗവേദിയുടെ പ്രവർത്തനങ്ങളെ നിർലോഭം സഹായിക്കുകയും സത്യസന്ധമായി വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തുകൊണ്ടിരുന്ന കൈരളി പത്രത്തെ ഗ്രന്ഥകാരൻ അഭിനന്ദിക്കുന്നുമുണ്ട്.

'ഡോ.എ.കെ.ബി പിള്ളയുടെ 'അതുല്യ ധീഷണാവിലാസവിസ്മയം' എന്ന വിമർശന ലേഖനം വായിച്ചപ്പോൾ നിരവധി വിജ്ഞാന മേഖലയിൽ പ്രവർത്തിച്ച സുധീർ പണിക്കവീട്ടിലെന്ന വിമർശന സാമ്രാട്ടിൽ അത്യധികമായ ആഹ്ലാദവും അഭിമാനവുമുണ്ടായി. ലോക മലയാളികൾക്കുതന്നെ ശ്രീ എ.കെ.ബി ഒരു അഭികാമ്യനായ വ്യക്തിയാണെന്നുള്ളതിൽ അതിശോയോക്തിയില്ല. പതിനാറാം വയസിൽ എഴുത്തുകൾ ആരംഭിച്ച അദ്ദേഹം അനസ്യൂതം തന്റെ അറിവുകൾ പുസ്തകരൂപേണയും, ദൃശ്യമാധ്യമങ്ങളിൽക്കൂടിയും സോഷ്യൽ മീഡിയായിൽക്കൂടിയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. കഥ, ലേഖനം, നിരൂപണം, സഞ്ചാരസാഹിത്യം എന്നീ മേഖലകളുടെ അധിപൻ കൂടിയാണ് അദ്ദേഹം. ബാല്യം മുതൽ സാഹിത്യകാരനായി അറിയപ്പെട്ടിരുന്നു. സാമൂഹിക നന്മയെ ലക്ഷ്യമാക്കികൊണ്ടുളള നിരവധി പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നുണ്ട്. മലയാള സാഹിത്യവും ഇംഗ്ലീഷ് സാഹിത്യവും ഒരു പോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള ഡോ.പിള്ളയെപ്പോലുള്ളവർ സാഹിത്യ ലോകത്ത്  ചുരുക്കമായിരിക്കും. ലോകം മുഴുവൻ സഞ്ചരിച്ച് അവരുടെ സാമൂഹിക പശ്ചാത്തലം ശരിയായി പഠിച്ച ഒരു പണ്ഡിതനും കൂടിയാണ് ഡോ.പിള്ള. കൂടാതെ മാനവ ശാസ്ത്രം, മാനസിക ശാസ്ത്രം എന്നീ മേഖലകളിലും പാണ്ഡിത്യം നേടി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഒരു കടലാസു നിറയെ അക്കാദമിക്ക് ബിരുദങ്ങളുമുണ്ട്. വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ചുരുക്കത്തിൽ അദ്ദേഹം കൈവെക്കാത്ത മേഖലകൾ ചുരുക്കം. മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ അറിയപ്പെടുന്ന അമേരിക്കൻ സാഹിത്യകാരനായ ഈ വലിയ മനുഷ്യനെ അമേരിക്കൻ മലയാളികൾക്കു പരിചയപ്പെടുത്തിയ സുധീറിനെയും അനുമോദിക്കണം. സുധീറിന്റെ വിമർശന ഗ്രന്ഥത്തിലെ പവിഴമുത്ത് എവിടെയെന്ന് അന്വേഷിക്കുന്നവർക്ക് ഡോ. പിള്ളയുടെ സാഹിത്യകൃതികളെപ്പറ്റിയുള്ള ഈ ലേഖനം ഉത്തരം നൽകും.

'ഈ ലോകത്തിനൊരു കത്ത്' എന്ന തലക്കെട്ടിൽ കൊടുത്തിരിക്കുന്ന ലേഖനം പ്രൊഫ. ചെറുവേലിയുടെ 'എ പാസ്സേജ് ടു അമേരിക്ക' (A passage to America) എന്ന ആത്മഗ്രന്ഥ പുസ്തകത്തെപ്പറ്റിയുള്ള വിമർശന ലേഖനമാണ്. പ്രൊഫ. ചെറുവേലിയുടെ പുസ്തകം ഞാൻ വായിച്ചിട്ടില്ല. എങ്കിലും ചെറുവേലിയുടെ ഗ്രന്ഥത്തിലെ ചില പ്രസക്തഭാഗങ്ങൾ സുധീർ മലയാളത്തിൽ എഴുതിയിരിക്കുന്നത് വളരെ ഹൃദ്യമായിരിക്കുന്നു. കുട്ടനാട്ടിലെ പ്രകൃതി രമണീയമായ ഭൂമിയിൽ വളർന്ന ചെറുവേലി എന്ന ബാലൻ ഉയരങ്ങൾ കീഴടക്കി വിശ്വപ്രസിദ്ധമായ ഒരു യൂണിവേഴ്സിറ്റിയുടെ പ്രൊഫസറായി സേവനം ചെയ്ത ശേഷം വിരമിച്ച കഥകളാണ് ഈ ആത്മകഥ ഗ്രന്ഥത്തിലുള്ളത്. അമേരിക്കൻ പൗരത്വം ഏറ്റെടുത്ത ശേഷം രണ്ടു സംസ്ക്കാരങ്ങളുമായി ഏറ്റുമുട്ടുന്ന ജീവിത രേഖകളും ചെറുവേലി മധുരമായ ഭാഷയിൽ വിവരിച്ചിട്ടുണ്ടെന്നും സുധീർ പറയുന്നു. കുട്ടനാടിന്റെ പ്രകൃതിയും വർണ്ണ നിറങ്ങളും പുഞ്ചകൃഷികളും നെൽപ്പാടങ്ങളും വർണ്ണിക്കുമ്പോൾ അത് ഇംഗ്ലീഷ് ഭാഷയെക്കാളും മനസിന്റെ ആഴങ്ങളിൽ പതിക്കുന്നത് മലയാള ഭാഷയിൽ എഴുതുമ്പോഴായിരിക്കും. എന്റെ അമ്മവീടു കുട്ടനാടായിരുന്നതു കൊണ്ടും കുട്ടനാടൻ നെൽപ്രദേശങ്ങളുമായി ബാല്യത്തിൽ കളിച്ചു നടന്നിരുന്നതുകൊണ്ടും അത്തരം ഭാവനകൾ എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. എങ്കിലും ഇംഗ്ലീഷ് ഭാഷയിൽ എഴുതിയ അദ്ദേഹത്തിൻറെ ഗ്രന്ഥത്തിൽ കുട്ടനാടൻ തനിമ ഒട്ടും മങ്ങിയിട്ടില്ലെന്നും സുധീറിന്റെ ഭാഷാശൈലിയിൽനിന്നും മനസിലാക്കുന്നു.

ആദ്യകാലങ്ങളിൽ എത്ര ഉന്നത വിദ്യാഭ്യാസം നേടിയവരും ഈ നാടിന്റെ മണ്ണിൽ കാലുകുത്തിയാൽ പിന്നീടുള്ള ജീവിതത്തിൽ അയാൾ തന്നെ ഈ മണ്ണിന്റെ വളർത്തുമകനാകുകയും പിന്നീട് വെറും  അജ്ഞാതമായ ചരിത്രവിശേഷമായി മാറുകയും ചെയ്യും. ചിലർ ചരിത്രത്തിലും ഇടം പ്രാപിക്കും. 750 പേജുള്ള ബൃഹത്തായ ചെറുവേലിയുടെ ആത്മകഥയിൽ ഒരു കുടിയേറ്റക്കാരന്റെ ജീവിത തരംഗങ്ങൾ കരകവിഞ്ഞൊഴുകി ആത്മാവിൽ തട്ടുന്ന പ്രതിബിംബങ്ങൾ നിറഞ്ഞതായിരിക്കാം. അത് അമേരിക്കയിലെ ബുദ്ധിജീവികളുടെ ഗവേഷണശാലകളിലെ പണിപ്പുരയിലും പുസ്തകപ്പുരകളിലും ഭദ്രമായി സൂക്ഷിച്ചിരിക്കാം. ശ്രീ ചെറുവേലിയുടെ പുസ്തകത്തിൽ നിന്നും സുധീർ പരിഭാഷപ്പെടുത്തിയ ഹൃദ്യമായ ഒരു പ്രസക്ത ഭാഗം ഇവിടെ ചേർക്കുന്നു. "എന്റെ മനസിന്റെ ശ്രീ കോവിലിൽ എപ്പോഴും പ്രകാശിക്കുന്നു ഗാന്ധിയും നെഹ്രുവും ജോർജ് വാഷിംഗ്ടണും ജെഫേഴ്സണും. എന്റെ ഹൃദയത്തിന്റെ ആരാധനാലയത്തിൽ സുവിശേഷങ്ങളും ഗീതയും മുഴങ്ങുന്നു. എന്റെ ഉപബോധ മനസുകളുടെ മഹാസാഗരത്തിലേക്ക് ഗംഗയും മിസ്സിസിപ്പിയും പമ്പയും ഹട്സനും ഒഴുകിച്ചേരുന്നു. എന്റെ ചെവികളിൽ വിധിയുമായുള്ള കൂടിക്കാഴചയുടെയും ഗെറ്റിസ് ബെർഗിലെയും പ്രസംഗങ്ങൾ അലയടിക്കുന്നു." എത്ര മനോഹരമായി ചെറുവേലി അവതരിപ്പിച്ച ആശയ സമ്പുഷ്ടത നിറഞ്ഞ വൈകാരിക ഭാവങ്ങൾ സുധീർ മലയാളത്തിൽ എഴുതിയിരിക്കുന്നതെന്നും ചിന്തിക്കണം. ചെറുവേലിയിൽ ദൃശ്യമായ ആ വിശ്വപൗരത്വം തന്മയത്വത്തോടെ മലയാളി മനസുകളിൽ പ്രചോദനം നൽകാൻ സുധീറിനു കഴിഞ്ഞുവെന്നതാണ് കൂടുതൽ യാഥാർഥ്യം. ആഗോള ചിന്തകളും വിശ്വദർശനവും ചെറുവേലിയുടെ ഗ്രന്ഥത്തിൽ മുഴങ്ങി കേൾക്കുന്നുണ്ടെന്നും വിചാരിക്കണം.

ശ്രീ വെറ്റത്തിന്റെ പുസ്തകങ്ങളെപ്പറ്റി രണ്ടു അദ്ധ്യയങ്ങളിലായി സുധീറിന്റെ ഗ്രന്ഥത്തിൽ  അവലോകനം ചെയ്തിട്ടുണ്ട്. അമേരിക്കൻ മലയാളികൾക്ക് വളരെ സുപരിചിതനായ ഒരു സാഹിത്യകാരനാണ് ശ്രീ വേറ്റം. വളരെ ചെറുപ്പം മുതൽ തന്നെ ചെറുകഥകൾ, ഗാനങ്ങൾ, ചരിത്രം, നോവൽ എന്നീ വിഷയങ്ങളെ ആധാരമാക്കി നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.'ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്ത് പാടുന്നതെങ്ങനെയെന്നാണ്' ലേഖനത്തിന് ടൈറ്റിൽ കൊടുത്തിരിക്കുന്നത്. 'അമേരിക്ക' എന്ന സ്വപ്നഭൂമിയിൽ അഞ്ചു മലയാളികൾ തമ്മിൽ കണ്ടുമുട്ടിയാൽ പിന്നെ പള്ളിപ്പണിയുടെ പണിപ്പുരയിൽ പ്രവേശിക്കുകയായി. ഓരോ കാലത്തും വന്നെത്തുന്നവർ പള്ളി യോഗമായി, പള്ളി പൊളിച്ചു പണിയലായി, കലഹമായി, വ്യവഹാരങ്ങളായി ഒടുവിൽ പള്ളിതന്നെ രണ്ടായി വിഭജിക്കുന്ന സ്ഥിതി വിശേഷമാണ് നാളിതുവരെ കാണപ്പെടുന്നത്. ഒരേ ബൈബിൾ, നൂറു കണക്കിന് വചനങ്ങൾ, ഓരോ വചനത്തിനും ഓരോ സഭകൾ, സഭയ്ക്കുള്ളിൽ സഭകൾ, ചേരി തിരിഞ്ഞുള്ള പള്ളികൾ ഇന്ന് അമേരിക്കൻ നാടുകളിൽ സുലഭമാണ്. പള്ളിതിരിച്ചു വഴക്കുണ്ടാക്കാൻ പട്ടക്കാരും അതിനു കൂട്ടുനിൽക്കാൻ വിശ്വാസികളും സാധാരണമാണ്. പൗരാഹിത്യം ഒരു തൊഴിലായി സ്വീകരിച്ച് ഇവിടെയെത്തുന്ന പട്ടക്കാർ, കുടുംബങ്ങളിലും സമൂഹങ്ങളിലും കുത്തിത്തിരിപ്പുണ്ടാക്കാനും അതിസമർത്ഥരാണ്. പള്ളിപണിയും പള്ളിവഴക്കും അമേരിക്കയിൽ വന്ന കുടിയേറ്റക്കാരുടെ ചരിത്രത്തിന്റെ താളുകളിൽ എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

സ്വാർത്ഥ താൽപ്പര്യം മുമ്പിൽ കാണുന്ന ചില പുരോഹിതരും പള്ളിക്കമ്മിറ്റിക്കാരും പള്ളി പണികളുടെ ആരംഭം മുതൽ കുടിലതന്ത്രങ്ങൾ നിറഞ്ഞ പദ്ധതികൾ തയ്യാറാക്കിക്കൊണ്ടിരിക്കും. ആരംഭകാലം മുതൽ ശ്രീ വെറ്റവും കൂടി ഉൾപ്പെട്ട സ്റ്റാറ്റൻ ഐലൻഡിൽ ഉള്ള ഒരു പള്ളിയും അതിനോടനുബന്ധിച്ചുള്ള പള്ളിവഴക്കുകളും പള്ളി രണ്ടാകുന്ന ചരിത്രവും കോടതിക്കേസുകളും ശ്രീ വെറ്റം എഴുതിയത്, സുധീർ ക്രിയാത്മകമായി വിശദീകരിച്ചിട്ടുണ്ട്. 'അനുഭവ തീരങ്ങൾ' എന്ന വെറ്റത്തിന്റെ പുസ്തകത്തിൽക്കൂടി പെർസെപ്ഷൻ (perception) എന്ന ആവിഷ്‌ക്കാര ശൈലിയിൽ എഴുതിയ പുസ്തകം തികച്ചും ഒരു മതവിശ്വസിയുടെ വേദനകൾ നിറഞ്ഞതാണെന്നു സുധീർ എഴുതിയിരിക്കുന്നു. സഭാതലങ്ങളിലുള്ള സകല കുഴപ്പങ്ങൾക്കും കാരണം അധികാര സ്ഥാനങ്ങൾക്കു വേണ്ടിയുള്ള മോഹങ്ങളാണെന്നും കാണാം.

അന്തരിച്ച പ്രസിദ്ധ ചിന്തകനും എഴുത്തുകാരനുമായിരുന്ന പ്രൊഫ. ആന്റണിയുടെ ഗ്രന്ഥത്തെപ്പറ്റിയുള്ള സുധീറിന്റെ ലേഖനം ഒരു താത്ത്വിക ദാർശനികന്റെ എഴുത്തോലപോലെയാണ്.  അതിൽ ബ്രഹ്മവും ആത്മവും മായയും എല്ലാം കലർത്തിയിരിക്കുന്നു. വേദക്രാന്ത ദാർശനികനും കവിയുമായിരുന്ന ആന്റണിയുടെ മരണം അമേരിക്കൻ സാഹിത്യ ലോകത്തുള്ളവരെ ഒന്നാകെ കരയിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റ 'അമ്മണി കവിതകളെ' അടിസ്ഥാനമാക്കിയാണ് സുധീർ തന്റെ ലേഖനം രചിച്ചിരിക്കുന്നത്. പ്രൊഫ. എം.ടി. ആന്റണിയാണ് 'അമ്മിണി കവിതകൾ' വികസിപ്പിച്ചെടുത്തതെന്നും  മനസിലാക്കുന്നു. ആന്റണി ഒരു ചിന്തകനും സാമൂഹികവും സാഹിത്യപരവുമായ കൃതികളുടെ വിമർശകനുമായിരുന്നു. ജീവിച്ചിരുന്ന കാലത്ത് ആകാശത്തിനു താഴെയുള്ള ഏതു വിഷയങ്ങളെയും പറ്റി സംസാരിക്കാനും കഴിയുമായിരുന്ന അദ്ദേഹം നല്ലൊരു പ്രഭാഷകനും കൂടിയായിരുന്നു. ഇംഗ്ലീഷും ചരിത്രവും ഭാരതീയ സാഹിത്യവും രാഷ്ട്രീയവും ദൈവശാസ്ത്രവും എന്നിങ്ങനെ സകലവിധ വിഷയങ്ങളും ആധികാരികമായി കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. പ്രഭാഷണം തുടങ്ങിയാൽ സദസു മുഴുവൻ കയ്യടക്കാനുള്ള ശക്തി വിശേഷവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇങ്ങനെ അതുല്യനായ ഒരു വ്യക്തിപ്രഭാവത്തെ പരിചയപ്പെടുത്തിയതുകൊണ്ടായിരിക്കാം സുധീരൻ അദ്വൈത താത്വിക ചിന്തകളെ ഈ ലേഖനവുമായി ബന്ധപ്പെടുത്തിയത്. അദ്ദേഹത്തിന്റെ 'അമ്മിണി കവിത'കളെപ്പറ്റിയുള്ള വിമർശനങ്ങൾ വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നതുമാണ്.

'മായ' എന്ന സംസ്കൃത പദത്തിന്റെ വിശാലമായ അർത്ഥവും സുധീർ ഉദാഹരണ സഹിതം വിവരിക്കുന്നു. 'വേശ്യയെ കണ്ടു ഭാര്യയെന്ന് ഒരുവൻ ചിന്തിച്ചാൽ' അവന്റെ മനസ്സിൽ മായാവലയം പടർന്നു പിടിച്ചിരിക്കുന്നുവെന്നുളളതാണ് സത്യം. അതുപോലെയാണ് അമ്മിണി കവിതകളും. ഓരോ കവിതയുടെയും ആന്തരികാർത്ഥം തപ്പിയെടുക്കാൻ മികച്ച വായനാ ശീലവും വേണ്ടി വരും. 'മായ' എന്നുള്ളത് ഹിന്ദുമതത്തിന്റെ അടിസ്ഥാന വാക്കാണ്. പ്രത്യേകിച്ച് വേദാന്ത സ്‌കൂളിലെ അദ്വൈതത്തിൽ 'മായ' തത്വങ്ങൾ ഊന്നി നിൽക്കുന്നു. 'മായ' ഒരു പ്രപഞ്ച ശക്തിയായി നിലകൊള്ളുന്നു. 'നിത്യം ബ്രഹ്മൻ' അതാണ് പ്രപഞ്ച ശക്തി. വ്യക്തിപരമായി 'മായ' മനുഷ്യനുള്ളിൽ അജ്ഞനായി നിലകൊള്ളുന്നു. അവനിൽ അഹംബോധത്തിൽ അഹങ്കാരം ഉണ്ടാകുന്നു. 'ഈഗോ'യായി രൂപപ്പെടുന്നു. ഹിന്ദുമതം പോലെ വൈവിദ്ധ്യമാർന്ന മറ്റൊരു മതം ലോകത്തിലില്ല. ഇന്ന് ഹിന്ദുമതം അമേരിക്കയിലും യൂറോപ്പിലും ലോകമാകെയും വ്യാപിച്ചിരിക്കുന്നു. വിജ്ഞാനത്തിന്റെ മഹാകോവിലാണ് ഹിന്ദുമതം. നാനാത്വത്തില്‍ ഏകത്വം” എന്നതും, “വസുദൈവകുടുംബകം” “ലോകാ സമസ്താ സുഖിനോ ഭവന്തു:” തുടങ്ങിയ ആപ്തവാക്യങ്ങള്‍ ലോകത്തിന് മുന്നില്‍ വെച്ചത് ഹിന്ദുമതം തന്നെ.

'ചൈനീസ് കവിത മലയാളത്തിൽ' എന്ന തലക്കെട്ടോടെ ഡോ. ശ്രീ പി.സി.നായർ എഴുതിയ കവിതകളുടെ പരിഭാഷ വളരെ മാധുര്യം നിറഞ്ഞ ഭാഷയിൽ സുധീർ പുസ്തകത്തിൽ വിമർശന രൂപേണ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് തർജ്ജിമ ചെയ്യുമ്പോൾ മൂല കൃതിയുടെ തന്മയത്വം നഷ്ടപ്പെടുമെന്നുള്ള ധാരണയുണ്ട്. ഏച്ചുകെട്ടിയാൽ മുഴച്ചു നിൽക്കുമെന്ന പ്രമാണം മലയാളത്തിലെ ഒരു ചൊല്ലാണ്. ഒരു കവി ഒരു കവിത രചിക്കുമ്പോൾ അത് അയാളുടെ ഭാവനയിൽ രചിച്ചതാണ്. താൻ രചിച്ച  കവിത തനിക്കു ജനിച്ച പുത്രിയെപ്പോലെ താലോലിച്ചു കൊണ്ടിരിക്കും. പെറ്റമ്മയുടെ അത്തരം കാഴ്ചപ്പാടിലുള്ള സൗന്ദര്യം രണ്ടാനമ്മയ്ക്ക് വരാൻ പ്രയാസമാണ്. അത് മൂന്നാനമ്മ കാണുന്ന സൗന്ദര്യമാണെങ്കിൽ പറയുകയും വേണ്ട. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ചൈനീസ് കവികൾ രചിച്ച കവിതകൾ ആരോ ഇംഗ്ളീഷിൽ തർജ്ജിമ ചെയ്തത് വീണ്ടും മലയാളത്തിലേക്ക് ഡോ. പി.സി. നായർ 'മരതക വീണ' എന്ന കവിതാ സമാഹാരത്തിലൂടെ തർജ്ജിമ ചെയ്തിരിക്കുന്നു.

പി.സി. നായരുടെ കവിതകൾ വളരെ സുന്ദരമാണെന്നാണ് സുധീർ കുറിച്ചിരിക്കുന്നത്. വൈവിദ്ധ്യമാർന്ന രണ്ടു സംസ്‌കാരങ്ങളെ തമ്മിൽ അടുപ്പിക്കുകയാണ് ഈ കവിതാ സമാഹാരത്തിൽക്കൂടിയെന്നും  അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു കാലഘട്ടത്തിലെ കഥകളടങ്ങിയ വ്യത്യസ്ത ജനങ്ങളുടെ ചിന്തകളും കവിതകളിൽ പ്രതിഫലിക്കുന്നുണ്ടാകാം. ശ്രീ നായരുടെ തർജ്ജിമ ചെയ്ത കവിതകൾ സുധീരന് ആസ്വദിക്കാൻ സാധിക്കുന്നുവെങ്കിൽ തർജിമയിൽ നായരുടെ ഭാവനകളും അങ്ങേയറ്റം അലിഞ്ഞു ചേർന്നിട്ടുണ്ടാകണം. വ്യത്യസ്തങ്ങളായ രണ്ടു സംസ്‌കാരങ്ങളുടെ മെൽറ്റിംഗ് പോയിന്റ് സുധീർ തന്റെ സാഹിത്യ വിമർശന കൃതിയിൽക്കൂടി വായനക്കാരന്റെ മുമ്പിൽ അവതരിപ്പിച്ചിരിക്കുകയാണ്. ശ്രീ നായരുടെ തർജ്ജിമ ചെയ്ത കവിതയിൽ! ചൈനയിലെ ഷാങ് തടാകവും ഉഷസും സൂര്യാസ്തമയവും തുഷാര ബിന്ദുക്കളും പൗർണ്ണിമ ചന്ദ്രനും മിന്നാമിനുങ്ങിന്റെ തിളക്കവും സുധീരന്റെ അവലോകന ഗ്രന്ഥത്തിലും വായിക്കാം.

അമേരിക്കൻ പ്രശസ്ത കവിയായ അബ്ദുൽ പുന്നയൂർക്കുളം, ജോൺ ഇളമതയുടെ സഞ്ചാര സാഹിത്യ കൃതികൾ (Bouquet of emotions) എൽസി യോഹന്നാൻ ശങ്കരത്തിന്റെ കവിതകൾ, എന്നിങ്ങനെ  നിരവധി എഴുത്തുകാരുടെ പ്രസിദ്ധമായ കൃതികളുടെ വിമർശനങ്ങളും ഓരോ അദ്ധ്യങ്ങളിലായി സുധീർ തന്റെ പുസ്തകത്തിൽ ചേർത്തിരിക്കുന്നു. 


ഗ്രന്ഥത്തിലുടനീളം ഈ നാട്ടിൽ വന്നെത്തിയ ആദി മലയാള കുടിയേറ്റക്കാരുടെ ചരിത്രവും വിശകലനം ചെയ്തിട്ടുണ്ട്. അവരുടെ വേദനകൾ ഓരോ കവിതയിലും സാഹിത്യത്തിലും മുഴങ്ങി കേൾക്കാം. ഒന്നാം തലമുറ ഈ പുണ്യ ഭൂമിയിൽ പടുത്തുയർത്തിയ സംസ്ക്കാരത്തെ കണ്ടില്ലെന്നു നടിച്ചു കടന്നുപോയാൽ! അത് രണ്ടാം തലമുറയോട് ചെയ്യുന്ന ഒരു അനീതിയായിരിക്കും. പിന്നീട് മൂന്നാം തലമുറ തങ്ങളുടെ പൂർവികരുടെ ജനിച്ചു വീണ സംസ്ക്കാരത്തെയും അവരുടെ നേട്ടങ്ങളെയും പ്രതിപാദിച്ചാൽ, അവരുടെ വേരുകൾ തേടിപ്പോയാൽ അതിൽ തന്മയത്വമുണ്ടായിരിക്കില്ല. കുടിയേറ്റ ചരിത്രവും അവർക്ക് ലഭിച്ച പുതിയ സംസ്ക്കാരവും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആദ്യതലമുറയുടെ വൈകാരിക ഭാവങ്ങൾ പിന്നീടു വരുന്ന തലമുറകൾക്ക് ആവിഷ്‌ക്കരിക്കാൻ സാധിക്കില്ല. പൂർവിക വേരുകൾ തേടുമ്പോൾ സമ്മിശ്രമായ ഒരു സംസ്ക്കാരത്തിന്റെ ചിത്രമായിരിക്കും പുതിയതായി വരുന്ന തലമുറകളുടെ മനസിലുദിക്കുന്നത്.

കുടിയേറ്റക്കാരിൽ തന്നെ പ്രസിദ്ധരായ എഴുത്തുകാരും കലാകാരന്മാരും കവികളും സാഹിത്യകാരന്മാരും രാഷ്ട്രതന്ത്രജ്ഞരും സാമൂഹിക പ്രവർത്തകരും ആരുമാരുമറിയാതെ കടന്നുപോവുന്നുണ്ട്. അവരെപ്പറ്റി, അവരുടെ നേട്ടങ്ങളെപ്പറ്റി തികച്ചും അജ്ഞതയിൽ പിന്നീടു വരുന്നവർ തേടേണ്ടി വരുന്നു. ഓരോ കുടിയേറ്റക്കാരനും അമേരിക്കയുടെ മണ്ണിലെ ഇംഗ്ലീഷ് ഭാഷ പഠിച്ചതും അപരിചിതരുമായി ജോലി ചെയ്തതും അറിയപ്പെടാത്ത കാര്യങ്ങൾ ഈ രാജ്യത്തിൽ നിന്ന് പകർത്തിയെടുത്തതും പറയാനുണ്ടാവും. മതപാരമ്പര്യങ്ങളും വൈരുദ്ധ്യങ്ങളും ഓണം ദീപാവലി മുതലായ ആഘോഷങ്ങളും ഡാൻസും പാട്ടും കൂത്തുമെല്ലാം കുടിയേറ്റക്കാരുടെ മനസ്സിൽ പതിഞ്ഞിരിക്കുന്ന ഭാവാദികളാണ്. മാതൃരാജ്യത്തിലെ വാർത്തകൾ അറിയാനായി പത്രങ്ങൾ തിരയുന്ന ഇന്നലെകളും ഈ സ്വപ്നഭൂമിയിൽ അലിഞ്ഞുചേർന്നിരിക്കുന്നു. സൈബർ ലോകത്തിലെ സാമൂഹിക മാദ്ധ്യമങ്ങളുടെ ആവിർഭാവത്തോടെ വിജ്ഞാന കോശം ഇന്ന് വിരൽത്തുമ്പുകളിൽ ഒതുങ്ങുകയും ചെയ്തു.

അമേരിക്കൻ പ്രവാസികളായ എഴുത്തുകാർ യാതനകളിൽക്കൂടി ജീവിതം തള്ളി നീക്കുന്നതിനിടയിൽ കിട്ടുന്ന സമയം പ്രയോജനപ്പെടുത്തി രചിച്ച കൃതികളുടെ വിലയിരുത്തലുകളാണ് ഈ പുസ്തകത്തിലുടനീളം പ്രതിപാദിച്ചിരിക്കുന്നത്. അമേരിക്കയിൽ പിറക്കുന്ന രചനകളിൽ ഒന്നും തന്നെ ആരും പ്രതിഫലം മോഹിച്ചെഴുതിയതല്ല. ഓരോരുത്തരുടെയും കൃതികളിൽ സന്തോഷത്തിലും ദുഖത്തിലും തങ്ങളുടെ കുടുംബം പടുത്തയർത്തിയ യാതനകളുടെയും കഠിനാധ്വാനങ്ങളുടെയും  ചരിത്രവും വായിക്കാം. ഇന്നലെയുടെ കൊഴിഞ്ഞു പോയ കാലങ്ങളിൽ ഇവിടെ കുടിയേറിയ കുടിയേറ്റക്കാരുടെ ജീവിത സ്പന്ദനങ്ങളുടെ ആവിഷാക്കാരവുംകൂടിയാണ് ഈ ഗ്രന്ഥം. ഈ പുസ്തകം അമേരിക്കൻ മലയാള സാഹിത്യത്തിലെ പ്രഥമ വിമർശന ഗ്രന്ഥമെന്നും ഗ്രന്ഥകർത്താവ് അവകാശപ്പെടുന്നു. വിമർശന ഗ്രന്ഥങ്ങളിൽക്കൂടി, കവിതാ സമാഹാരങ്ങളിൽക്കൂടി അമേരിക്കൻ മലയാളി സാഹിത്യകാരന്മാരുടെ പ്രിയങ്കരനായ ശ്രീ സുധീർ പണിക്കവീട്ടിലിനും അദ്ദേഹത്തിൻറെ കുടുംബത്തിനും എല്ലാവിധ വിജയശംസകളും നേരുന്നു.' അച്ഛനെ ഓർക്കുമ്പോൾ' എന്ന അദ്ദേഹം പ്രസിദ്ധീകരിച്ച ലേഖനവും ഓർമ്മവരുന്നു.

സുധീരന്റെ 'അമേരിക്കൻ മലയാള സാഹിത്യ നിരൂപണങ്ങ'ളെപ്പറ്റി അവലോകനം ചെയ്തുകൊണ്ടുള്ള  എന്റെ ഈ ലേഖനം വിസ്താര ഭയത്താൽ അവസാനിപ്പിക്കുകയാണ്. അദ്ദേഹത്തിൻറെ ഓരോ ലേഖനവും ഒന്നിനൊന്ന് മെച്ചമായതുകൊണ്ട് മുമ്പോട്ടുള്ള മറ്റ് അദ്ധ്യായങ്ങൾ വായനക്കാർ തന്നെ വിലയിരുത്തട്ടെ. വിജ്ഞാനകുതുകികളായ വായനക്കാർക്ക് ഈ പുസ്തകം ഒരു അമൂല്യനിധി തന്നെയാണ്. ഭാവിതലമുറകളുടെ ഒരു ഗവേഷണ ഗ്രന്ഥവും. തങ്ങളുടെ പൂർവികരുടെ സാമൂഹിക സാംസ്ക്കാരിക ചിന്തകളെ വിലയിരുത്താൻ ഈ ഗ്രന്ഥം  വളർന്നു വരുന്ന ഇന്നത്തെ കുഞ്ഞുങ്ങൾക്ക് പ്രയോജനപ്പെടുകയും ചെയ്യും.








No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...