ജോസഫ് പടന്നമാക്കൽ
ബിഷപ്പ് ഫ്രാങ്കോ ജയിൽ വിമുക്തനായപ്പോൾ അദ്ദേഹത്തിന് ജലന്ധറിൽ അതിവിപുലമായ സ്വീകരണമാണ് ഒരുക്കിയത്. പൂച്ചെണ്ടുകളുമായി കന്യാസ്ത്രികളും മറ്റു സ്ത്രീകളും പുരോഹിതരും അല്മായ ജനങ്ങളോടൊപ്പം സ്വീകരിക്കാൻ മുമ്പിലുണ്ടായിരുന്നു. എന്നാൽ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സ്ഥിതിഗതി അതി ദുഃഖകരമായിരുന്നു. സഭയ്ക്കുവേണ്ടി പീഡിപ്പിക്കപ്പെടുന്നവരെ വിശുദ്ധ പദവിലേക്ക് നാമകരണ ചടങ്ങുകൾ ആരംഭിക്കും. അതേസമയം, സഭയിലെ പുരോഹിതരോ ബിഷപ്പോ സ്ത്രീകളെയോ കുട്ടികളെയോ പീഡിപ്പിച്ചാൽ ബലിയാടാവുന്നവരെ ചവുട്ടി താഴ്ത്തുകയും ചെയ്യും. ബിഷപ്പ് ഫ്രാങ്കോയിൽനിന്ന് കന്യാസ്ത്രികൾക്കെതിരെ വന്ന പീഡന സംഭവങ്ങൾ അതിനുദാഹരണമാണ്. കത്തോലിക്ക സഭ പണിതീർത്തിരിക്കുന്നത് പുരുഷ മേധാവിത്വ ചിന്തകളിലാണ്. ഒരു പുരോഹിതനോ ബിഷപ്പോ തെറ്റുചെയ്താൽ കാനോൻ നിയമമനുസരിച്ച് അവരെ ശിക്ഷിക്കണമെങ്കിൽ പതിറ്റാണ്ടുകൾ വേണ്ടിവരും. പുരോഹിതരുടെ തെറ്റുകൾ ഒരു കന്യാസ്ത്രി ചൂണ്ടി കാണിച്ചാൽ സഭയ്ക്കു നേരെയുള്ള വെല്ലുവിളിയും ശത്രുതയുമായി കണക്കാക്കും. അനുസരണക്കേടിൻറെ പേരിൽ ശിക്ഷണ നടപടികൾ ഉടൻതന്നെ ഉണ്ടാവുകയും ചെയ്യും. ലോകത്തിന്റെ മുമ്പിൽ പുരോഹിതർ നിത്യം ബ്രഹ്മചാരികളായി ചമയും. ദാരിദ്ര്യം അനുസരണം വ്രതം മുതലായ നൂലാമാലകൾ കന്യാസ്ത്രികൾക്കു മാത്രമായി വിധിക്കപ്പെട്ടിരിക്കുന്നു. നിരവധി പുരോഹിതരും ബിഷപ്പുമാരും ആഡംബര കാറുകളിൽ സഞ്ചരിക്കുന്നതൊന്നും ഇവർക്ക് പ്രശ്നമല്ല. സ്ത്രീത്വത്തെ ചവുട്ടി മെതിക്കുന്ന നയങ്ങളാണ് പുരോഹിതരും സഭയും കൈക്കൊണ്ടിരിക്കുന്നത്. സ്ത്രീയുടെ മാനം പോയാൽ അവർക്ക് പ്രശ്നമല്ല.
സിസ്റ്റർ ലൂസി കളപ്പുരയുടെ പേരിൽ സഭ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ കേട്ടാൽ വിസ്മയം തോന്നും. അവർ ചെയ്ത പാപങ്ങളുടെ ലിസ്റ്റിൽ അനുസരണക്കേടാണ് പൊന്തി നിൽക്കുന്നത്. എന്താണ് അവർ ചെയ്ത തെറ്റ്? നിരാലംബയായ ഒരു കന്യാസ്ത്രിയെ അഭിവന്ദ്യനെന്നു കരുതിയിരുന്ന ഒരു ബിഷപ്പ് ലൈംഗിക പീഡനം നടത്തിയപ്പോൾ സിസ്റ്റർ ലൂസി ഏതാനും കന്യാസ്ത്രികളോടൊപ്പം ഇരയായ കന്യാസ്ത്രിയെ പിന്താങ്ങി. മാനം നഷ്ടപ്പെട്ട കന്യാസ്ത്രിക്കു വേണ്ടി മറ്റു കന്യാസ്ത്രികൾ സമരം ചെയ്തപ്പോൾ അവരോടൊപ്പം ലൂസിയും സമര പന്തലിലുണ്ടായിരുന്നു. അവർ ചൂരിദാർ ധരിച്ചുകൊണ്ട് സ്ത്രീകളുടെ ഒരു പ്രകടനത്തിൽ പങ്കുകൊണ്ടതും സ്വന്തം ചിലവിൽ ഒരു കവിതാ പുസ്തകം പ്രസിദ്ധീകരിച്ചതും സ്വന്തമായി കാറ് മേടിച്ചതും കുറ്റങ്ങളായിരുന്നു. അദ്ധ്യാപിക എന്ന നിലയിൽ അവർ നേടിയ ശമ്പളം മുഴുവൻ കന്യാസ്ത്രി മഠം തട്ടിയെടുത്തതൊന്നും പാപമല്ല. ദരിദ്രയായി ജീവിക്കണമെന്നാണ് മഠം നിയമം. പുരോഹിതർക്കും ബിഷപ്പുമാർക്കും ആർഭാടമായി ജീവിക്കുകയും ചെയ്യാം.
ഇന്ത്യൻ ഭരണഘടനയേക്കാൾ വലുതാണോ പൗരാഹിത്യ കാനോൻ നിയമം! ഒരു സാധാരണ പൗരന് കൊടുക്കുന്ന അവകാശങ്ങൾ പോലും സ്ത്രീകൾക്കു നിഷേധിക്കുന്ന സഭയുടെ മേലാളന്മാർ സ്ത്രീത്വത്തെ ചവുട്ടി മെതിക്കാൻ ശ്രമിക്കുന്നു. മഠത്തിനുള്ളിൽ തന്നെ ദുഷിച്ച മാമൂലുകളെയെതിർക്കുന്ന സ്ത്രീകൾക്കെതിരെയുള്ള കുത്തുവാക്കുകൾ ധാരാളം. അച്ചടക്കം ലംഘിച്ചെന്ന കുറ്റാരോപണങ്ങൾ ചാർത്തി ലൂസിയോട് സഹകന്യാസ്ത്രികൾ നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്നു. കൂട്ടത്തിലുള്ള മറ്റു കന്യാസ്ത്രികൾ അവരോട് സംസാരിക്കില്ല. അതൊന്നും ലൂസി വകവെക്കാതെ എന്തും കൽപ്പിച്ചു തന്നെ ശക്തമായ പ്രതികരണങ്ങളോടെ പോരാട്ടം നടത്തുന്നു. 'ഇന്നിന്റേയും നാളയുടെയും സന്യസ്തരായ ആയിരക്കണക്കിന് കന്യാസ്ത്രികൾക്കുവേണ്ടിയുമാണ് താൻ ഒറ്റയാൻ യുദ്ധം നടത്തുന്നതെന്നും' അവർ പറഞ്ഞു. 'ഒന്നുമറിയാത്ത പ്രായത്തിൽ സർവ്വതുമുപേക്ഷിച്ച്, മാതാപിതാക്കളെയും ത്യജിച്ച് മഠത്തിൽ വന്നെത്തുന്ന ഒരു കുട്ടിയും ഇനിമേൽ മഠം ക്രൂരതകൾ അനുഭവിക്കാൻ ഇടയാകരുതെന്നും' ലൂസിയാഗ്രഹിക്കുന്നു.
പുരോഹിതർ കാണിക്കുന്ന സകല വൃത്തികേടുകൾക്കും കുടപിടിച്ചുകൊണ്ട് ഒപ്പം കന്യാസ്ത്രികളും നിൽക്കണം. പതിന്നാലുകാരിയിൽ അവിഹിത ഗർഭമുണ്ടാക്കിയ പുരോഹിതൻ റോബിനെവരെ സഭ സംരക്ഷിക്കുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നു. അയാളുടെ കുഞ്ഞിന്റെ പിതൃത്വം പീഡിപ്പിക്കപ്പെട്ട പതിനാലുകാരിയുടെ പിതാവിന്റെ മേലും ചുമത്താൻ ശ്രമിച്ചു. റോബിനച്ചനുവേണ്ടി കുട പിടിക്കാൻ ഹോസ്പിറ്റലിലെ ഡോക്ടറായ കന്യാസ്ത്രി മുതൽ നിരവധി മറ്റു കന്യാസ്ത്രികളുമുണ്ടായിരുന്നു. പുരോഹിതരെന്തു പറഞ്ഞാലും അല്മെനികളും കന്യാസ്ത്രികളും 'അതേയതേയച്ചോ, തിരുമേനി, പിതാവേ' എന്നെല്ലാം ഉരുവിട്ടുകൊണ്ടു അവരുടെ മുമ്പിൽ കുമ്പിട്ടു നിൽക്കണമെന്നുള്ള ധാരണകളുണ്ട്. കാലം മാറിയത് പുരോഹിത ലോകം അറിയുന്നില്ല. ഇന്ന് പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന ഒരു കൊച്ചുകുട്ടിക്കുപോലും വിവരവും വിദ്യാഭ്യാസവുമുണ്ട്. എന്നാൽ അത്തരം വിവര സാങ്കേതിക വിദ്യകളെ തടസപ്പെടുത്തുന്ന തീരുമാനങ്ങളാണ് കേരളത്തിലെ ബിഷപ്പ് സംഘടനകൾ ഏറ്റെടുത്തിരിക്കുന്നത്. അന്യന്റെ വിയർപ്പിന്റെ മുതലുകൊണ്ടു ആഡംബര കാറിൽ സഞ്ചരിക്കുന്ന പുരോഹിതർ ഒരു കന്യാസ്ത്രി ചെറിയൊരു കാർ സ്വന്തമായ പണം കൊണ്ട് മേടിച്ചതിനു കുറ്റപ്പെടുത്തുന്നു. സഭയുടെ ചിന്തകൾ എത്രമാത്രം ഇടുങ്ങിയതും വൈവിദ്ധ്യങ്ങളെന്നും ചിന്തിക്കൂ!
സഭയുടെ അകത്തളത്തിലുള്ള അധർമ്മങ്ങളെ ലൂസി പുറം ലോകത്തെ അറിയിച്ചപ്പോൾ സഭയും മറ്റു കന്യാസ്ത്രികളും അവരെ തേജോവധം ചെയ്യാൻ തുടങ്ങി. അവർ സഭയ്ക്കു നാണക്കേടുണ്ടാക്കിയെന്ന ആരോപണങ്ങളും ഉന്നയിച്ചു. കേരളമെന്നു പറയുന്നത് ഇന്ത്യയിലെ തന്നെ സാംസ്‌കാരികമായി ഉയർന്ന സംസ്ഥാനമാണ്. നൂറു കണക്കിന് പുരോഹിതർ ഇവിടെ പുസ്തകങ്ങളെഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലൂസി പുസ്തകം പ്രസിദ്ധീകരിച്ചത് സഭയുടെ അനുവാദമില്ലാതെയാണുപോലും! ഉള്ളൂർ മഹാകവി പോലും പാടി പുകഴ്ത്തിയ കവിയായ 'സിസ്റ്റർ ബനീഞ്ഞ', ലൂസി സിസ്റ്ററിന്റെ ആന്റിയായിരുന്നു. അമ്പതുകൊല്ലം മുമ്പുപോലും കഥയും കവിതകളും എഴുതാൻ കന്യാസ്ത്രികൾക്ക് വിലക്കില്ലായിരുന്നു. സിസ്റ്റർ ലൂസിയെ സഭയിൽനിന്നു പുറത്താക്കാനായി അല്ലെങ്കിൽ സ്വയം പിരിഞ്ഞുപോവുന്നതിനായി അവരെ പരമാവധി പീഡിപ്പിക്കുന്നുവെന്നതാണ് സത്യം. നഷ്ടപരിഹാരങ്ങൾ കൊടുക്കാതെ വെറും കയ്യോടെ സഭയ്ക്കുള്ളിൽനിന്നും പുറത്തു ചാടിക്കാനുള്ള തന്ത്രങ്ങളാണ് നെയ്തു കൊണ്ടിരിക്കുന്നത്. തെറ്റു ചെയ്യാതെ ധരിച്ചിരിക്കുന്ന കുപ്പായം ഊരുന്ന പ്രശ്നമില്ലെന്ന് ലൂസി തുറന്നു പറഞ്ഞു.
ചൂരിദാറിടുന്ന കാര്യങ്ങളെ സംബന്ധിച്ചും സിസ്റ്റർ ലൂസി വിശദീകരിക്കുന്നുണ്ട്. ലൂസി ഒരു വർഷത്തോളം സഭാ കോഴ്‌സിന് പഠിക്കുന്ന സമയം മഠം തന്നെ അവർക്ക് ചൂരിദാർ മേടിച്ചു കൊടുത്തിരുന്നു. അവിടെ മറ്റു സഹോദരികളുമൊത്ത് ചൂരിദാറും ധരിച്ചുകൊണ്ടായിരുന്നു ക്‌ളാസിൽ പോയിരുന്നത്. യോഗ പരിശീലിക്കുമ്പോഴും കായിക പരിപാടികളിൽ പങ്കെടുക്കുമ്പോഴും കലാപരിപാടികളിൽ സംബന്ധിക്കുമ്പോഴും ചൂരിദാർ തന്നെയായിരുന്നു വേഷം. അന്ന് ക്‌ളാസുകളിൽ പുരോഹിതരുമുണ്ടായിരുന്നു. ഇതൊന്നും സാധാരണ ആഡംബര വസ്ത്രങ്ങളായി കണക്കാക്കാൻ സാധിക്കില്ല. ഒരു സ്ത്രീ സാധാരണയായി ധരിക്കുന്ന വേഷങ്ങളാണ്.
പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ച കന്യാസ്ത്രിയെ ഇന്ന് കൂട്ടമായി മറ്റു കന്യാസ്ത്രികൾ ഒറ്റപ്പെടുത്തിയിരിക്കുന്നപോലെയുള്ള അനുഭവങ്ങളാണ് ലൂസി ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. മറ്റു കന്യാസ്ത്രികൾ ആരും അവരോട് സംസാരിക്കുകയില്ല. ഭക്ഷണ മുറികളിലും ആരാധന സമയത്തും അവർ ലൂസിയിൽനിന്നും അകന്നു നിൽക്കാൻ ആഗ്രഹിക്കുന്നു. അധികാരികളുടെ ശാസനകൾക്ക് വിധേയമാകുമെന്നു കൂടെയുള്ള കന്യാസ്ത്രികൾ ഭയപ്പെടുന്നുണ്ടാകാം.
ലൂസി ചോദിക്കുന്നു, "പുരോഹിതർ തങ്ങളുടെമേൽ കാണിക്കുന്ന സകല വൃത്തികേടുകളും പീഡനങ്ങളും ഞങ്ങൾ സഹിക്കണോ! അതിനെ ചോദ്യം ചെയ്‌താൽ അതെങ്ങനെ അനുസരണക്കേടാകും? 'പവിത്രമായ കുപ്പായത്തിനുള്ളിൽ പിശാചിനെപ്പോലെ പെരുമാറുന്ന പുരോഹിത വർഗത്തിന്റെ മുമ്പിൽ കന്യാസ്ത്രികൾ അടിമകളെപ്പോലെ എന്തിനു കഴിയണം? പുരോഹിതർ കാണിക്കുന്ന വൃത്തികേടുകൾക്കെല്ലാം കന്യാസ്ത്രികൾ കുടപിടിക്കുന്നതെന്തിന്? തരം കിട്ടുമ്പോൾ അവർ തങ്ങളുടെ കന്യാകത്വം നഷ്ടപ്പെടുത്താൻ ശ്രമിക്കും."
ബിഷപ്പ് ഫ്രാങ്കോയുടെ ലൈംഗിക ചൂഷണങ്ങൾക്കെതിരെ കന്യാസ്ത്രികൾ സമരത്തിൽ പങ്കെടുക്കുകയും സിസ്റ്റർ ലൂസി ചൂരിദാർ ധരിക്കുകയും ചെയ്തത് അച്ചടക്ക ലംഘനമായി ദീപികയുടെ മുഖപ്രസംഗത്തിൽ എഴുതിയിരിക്കുന്നു. 'കത്തോലിക്ക സന്യാസം വീണ്ടും അപഹസിക്കപ്പെടുമ്പോള്‍’ എന്ന ലേഖനത്തിൽക്കൂടിയാണ് വാസ്തവ വിരുദ്ധങ്ങളായ വ്യക്തിഹത്യ നടത്തിയിരിക്കുന്നത്. മാനന്തവാടി രൂപത വികാരിയായ ഫാദർ നോബിൾ പാറയ്ക്കലാണ്' ലേഖന കർത്താവ്! പുരോഹിതരെപ്പോലെ ജീവിക്കാൻ കന്യാസ്ത്രികൾക്ക് ആകില്ലെന്നും അത് വ്രതങ്ങളുടെ ലംഘനമെന്നും ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. ലൂസി കത്തോലിക്കാ സഭയെ അപഹസിക്കാനുള്ള പുറപ്പാടിലെന്നാണ് നോബിൾ പാറക്കൽ എഴുതിയിരിക്കുന്നത്. ലേഖനത്തിലെ ആരോപണങ്ങളും ശ്രദ്ധേയമാണ്. '2015-ൽ സിസ്റ്റർ ലൂസിക്ക് മദർ സുപ്പീരിയർ നൽകിയ സ്ഥലമാറ്റം അവർ അംഗീകരിച്ചില്ലെന്നും സഭയുടെ അനുവാദമില്ലാതെ ഒരു കവിതാ പുസ്തകം പ്രസിദ്ധീകരിച്ചെന്നും കാർ ഓടിക്കാൻ പഠിച്ചെന്നും ഡ്രൈവിങ് ലൈസൻസെടുത്ത് ഒരു കാർ വാങ്ങിയെന്നുമാണ് കുറ്റങ്ങൾ. സിസ്റ്റർ ലൂസിയോട് വിശദീകരണങ്ങൾ നൽകാനും മദർ സുപ്പീരിയറിന്റെ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.' സത്യമല്ലാത്ത കാര്യങ്ങൾ പ്രസംഗിക്കുകയും ചരിത്രം എഴുതുകയും കള്ളങ്ങൾ മാത്രം പ്രചരിപ്പിക്കുകയും ചെയ്യുകയെന്നത് ഒരു സാധാരണ പുരോഹിതന്റെ നിത്യ പതിവുകളാണ്. അസത്യത്തെ വളച്ചൊടിച്ചു സത്യമാക്കി അവർ വിശ്വാസികളുടെ തലയിൽ ചാർത്തും. ഇഷ്ടമില്ലാത്തവരെ അപഹസിക്കാൻ സാമൂഹിക്ക മാധ്യമങ്ങൾ കരുവാക്കും. പ്രത്യേകിച്ച് നിഷ്കളങ്കരായവരെ തേജോവധം ചെയ്യുന്ന പുരോഹിതർക്ക് ചുക്കാൻ പിടിക്കാൻ ദീപിക പത്രവുമുണ്ട്.
സിസ്റ്റർ ലൂസിയുടെ വാക്കുകൾ ഇങ്ങനെ "ഒരാളുടെ പ്രസക്തി അളക്കുന്നത് വസ്ത്രധാരണത്തിൽ കൂടിയോ? തിരുവസ്ത്രമണിഞ്ഞുകൊണ്ട് പാവപ്പെട്ട പെൺകുട്ടികളെ പീഡിപ്പിക്കുന്ന പുരോഹിത വർഗം വിശുദ്ധിയുടെ കാവൽക്കാരോ?" കർമ്മ മാർഗ്ഗേണ ഒരുവന്റെ വിശുദ്ധി പ്രകടിപ്പിക്കുന്നതിനു പകരം ആൺപെൺ വിത്യാസമില്ലാതെ കൊച്ചുകുട്ടികളെവരെ കുപ്പായത്തിനുള്ളിൽ നിന്നുകൊണ്ട് പുരോഹിത വർഗം പീഡിപ്പിക്കുന്ന വാർത്തകളാണ് ലോകമാകമാനം കേൾക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും ബില്യൺ കണക്കിന് ഡോളർ സഭ നഷ്ടപരിഹാരമായി കൊടുത്തുകൊണ്ടിരിക്കുന്നു. കേരളത്തിൽ നടക്കുന്ന പീഡനങ്ങളെല്ലാം ഒളിച്ചു വെക്കും. സ്വാധീനത്തിന്റെ മറവിൽ കേസുകളില്ലാതെയാക്കും. ഭീഷണികൾ മുഴക്കി ബലഹീനരെയും സ്ത്രീകളെയും ഒതുക്കും.
പുരോഹിതർക്ക് ബ്രഹ്മചര്യം നിർബന്ധമില്ലെന്നും ദീപികയിൽ നോബിൾ പാറക്കൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. സഭയുടെ താത്ത്വികമായ ഈ നിലപാടിന്റെ വെളിച്ചത്തിൽ റോബിനച്ചനും ഫ്രാങ്കോയ്ക്കും വ്യപിചാരം തുടരാമെന്നുള്ള ധ്വാനിയും ലേഖനത്തിൽക്കൂടി വ്യക്തവുമാണ്. അതായിരിക്കാം സഭ ഫ്രാങ്കോയുടെയും റോബിൻറെയും പേരിൽ മൗനം പാലിക്കുന്നത്. ബ്രഹ്മചര്യവ്രതം വളരെ കുറച്ചു പുരോഹിതർ മാത്രം കാത്തു സൂക്ഷിക്കുന്നതും സഭയുടെ പാരമ്പര്യവിശ്വാസമോ?
ദീപികയിലെ ലേഖനത്തിൽക്കൂടി സിസ്റ്ററെ അധിക്ഷേപിച്ച ഈ പുരോഹിതൻ കുറെ നാളായി അവർക്കെതിരെ ആരോപണം ഉന്നയിക്കുന്നുണ്ടായിരുന്നു. 'ഒരു കുടുംബത്തിൽ ഒരു അംഗം ദു:ഖിതയാകുമ്പോൾ കുടുംബത്തിലുള്ള മറ്റുള്ളവരും ദുഃഖത്തിൽ പങ്കു ചേരാറുണ്ട്. അതുപോലെ താനും പീഢിതയായ ഒരു സഹോദരിയുടെ ദുഃഖത്തിൽ പങ്കുചേർന്നു. വാസ്തവത്തിൽ അവരുടെ ദുഖങ്ങളിൽ പങ്കുചേരാത്തവരാണ് കുറ്റക്കാരിയെന്നും' ലൂസി പറഞ്ഞു. എന്തുകൊണ്ട് മഠത്തിലുള്ള മറ്റു കന്യാസ്ത്രികൾ സിസ്റ്ററെ രക്ഷിക്കാൻ വന്നെത്തിയില്ല? ബ്രഹ്മചര്യം നിർബന്ധമില്ലെന്ന് പറയുന്ന ഈ വൈദികൻ വിവാഹിതനാവാത്തത് എന്തുകൊണ്ടെന്നും സ്വയം ആത്മ പരിശോധന നടത്തുന്നതു നന്നായിരിക്കും.
റോമൻ കത്തോലിക്കാ പുരോഹിതർ ബ്രഹ്മചരികളായിരിക്കണമെന്ന്' പ്രത്യേകമായ ഒരു നിയമം സഭയ്ക്കില്ല. ശരി തന്നെ. എങ്കിലും സഭയെ നയിച്ച മാർപാപ്പാമാർ എല്ലാവരും തന്നെ പുരോഹിതർ ബ്രഹ്മചര്യം പാലിക്കണമെന്ന നിയമം കർശനമായി പുലർത്തുന്നവരായിരുന്നു. പോൾ ആറാമൻ, ജോൺ പോൾ 2, ബെനഡിക്റ്റ് മാർപാപ്പ മുതൽപേർ പുരോഹിതരിൽ ബ്രഹ്മചര്യം നിഷ്ക്കർഷിച്ചിരുന്നു. പശ്ചിമേഷ്യൻ സന്ദർശനത്തിനു ശേഷം ഫ്രാൻസീസ് മാർപാപ്പാ തന്നെ ബ്രഹ്മചര്യത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. 'പുരോഹിതർ ബ്രഹ്മചരികളായിരിക്കണമെന്നുള്ള കീഴ്വഴക്കം സഭയ്ക്ക് എന്നുവേണമെങ്കിലും മാറ്റാനുള്ളതേയുള്ളൂവെന്നും' ഫ്രാൻസീസ് മാർപാപ്പാ പറഞ്ഞു. എങ്കിലും ബ്രഹ്മചര്യത്തെ മാർപാപ്പാ അഭിനന്ദിക്കുന്നുമുണ്ട്. 'ബ്രഹ്മചര്യമെന്നത് ഒരു പുരോഹിതൻ സഭയ്ക്ക് കൊടുക്കുന്ന സമ്മാനമെന്നും അത് പുരോഹിത ജീവിതത്തിൽ പാലിക്കേണ്ട ഒരു നിയമമെന്നും' അദ്ദേഹം പറഞ്ഞു. മാറ്റങ്ങൾക്കായി സഭ കാത്തിരിക്കുന്നു. ഇതേ അഭിപ്രായം തന്നെ പുരോഹിതരുടെ ബ്രഹ്മചര്യത്തെപ്പറ്റി ഇതിനുമുമ്പും മാർപാപ്പ സംസാരിച്ചിട്ടുണ്ട്. 'പുരോഹിതർക്ക് വിവാഹം കഴിക്കാമെന്നുള്ള ഒരു വ്യവസ്ഥിതിക്കുവേണ്ടി, ഭാവിയിലെ മാറ്റങ്ങൾക്കായി സഭയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നു' മാർപാപ്പാ പറഞ്ഞു. ക്രിസ്തുവിനെപ്പോലെ ബ്രഹ്മചരിയായി ജീവിക്കണമെന്നാണ് സഭ ഉദ്ദേശിക്കുന്നത്. ബ്രഹ്മചര്യം എടുത്തു കളഞ്ഞാൽ പുരോഹിതരുടെ അന്തസ് ഇടിഞ്ഞു പോവുമെന്നും ഭയപ്പെടുന്നു.
ലോകം മുഴുവൻ പുരോഹിത ക്ഷാമമുണ്ട്. വിവാഹിതരെ പുരോഹിതരാക്കുന്നുവെങ്കിൽ സഭയിലുള്ള പുരോഹിത ക്ഷാമം പരിഹരിക്കാൻ സാധിക്കുമായിരുന്നു. ക്രിസ്തുമതത്തിന്റെ മദ്ധ്യകാലങ്ങൾ വരെ പുരോഹിതർ വിവാഹിതരായിരുന്നു. എന്നാൽ പൗരാഹിത്യം സ്വീകരിച്ച ശേഷം വിവാഹം പാടില്ലായിരുന്നു. അതുപോലെ ഭാര്യ മരിച്ച ഒരു പുരോഹിതന് പുനർവിവാഹം അനുവദനീയമായിരുന്നില്ല. പതിനാറാം നൂറ്റാണ്ടിനുശേഷമാണ് ലാറ്റിൻ സഭയിൽ ബ്രഹ്മചര്യം നിർബന്ധമാക്കിയത്. ഇന്നും കത്തോലിക്കാ സഭയിൽ രണ്ടു ശതമാനത്തോളം വിവാഹിതരായ പുരോഹിതരുണ്ട്. അവരെല്ലാം റോമുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. അവരിൽ പൗരസ്ത്യ സഭകളായ ഓർത്തോഡോക്സ് കത്തോലിക്കരുമുണ്ട്. 1980 നു ശേഷം വിവാഹിതരായ പ്രൊട്ടസ്റ്റന്റ് പുരോഹിതരും കത്തോലിക്കാ സഭയിൽ ചേർന്നിരുന്നു. സ്ത്രീകൾക്ക് പ്രൊട്ടസ്റ്റന്റ് സഭയിൽ പൗരാഹിത്യം അനുവദിച്ചതിലുള്ള പ്രതിക്ഷേധം കൊണ്ടായിരുന്നു അവർ കത്തോലിക്കാ സഭയിൽ ചെക്കേറിയത്. രണ്ടാം വത്തിക്കാൻ കൗൺസിലിൽ പുരോഹിതർക്ക് വിവാഹം കഴിക്കാമെന്ന് ചർച്ച വന്നപ്പോൾ അത്തരം നിലപാടുകളിൽ എതിർക്കുന്ന ചിന്തകളാണ് മാർപ്പാമാർക്കുണ്ടായിരുന്നത്. പോൾ ആറാമൻ, ജോൺ പോൾ രണ്ടാമൻ, ബെനഡിക്ക് പതിനാറാമൻ മാർപാപ്പാമാർ എല്ലാവരും തന്നെ വിവാഹിതരായവർക്ക് പൗരാഹിത്യം കൊടുക്കുന്നതിൽ എതിർത്തിരുന്നു.
2019 ജനുവരി ഏഴുമുതൽ ജനുവരി പതിനെട്ടു വരെയുള്ള ദിവസങ്ങളിൽ കേരളത്തിലെ 52 മെത്രാന്മാർ ഒന്നിച്ച് സീറോ മലബാർ സഭയുടെ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിലുള്ള കെട്ടിടത്തിൽവെച്ച് സിനഡ് കൂടിയിരുന്നു. സിനഡിൽ പാസായ തീരുമാനങ്ങൾ ഇടയ ലേഖനമായി കേരളത്തിലുള്ള പള്ളികളിൽ വായിക്കുകയും ചെയ്തു. വാസ്തവത്തിൽ മനുഷ്യാവകാശങ്ങളെ ധ്വംസിക്കുന്ന രീതിയിലായിരുന്നു ഇടയലേഖനം. അടുത്തകാലത്തെ സഭയിലെ ഭൂമിയിടപാടു ക്രമക്കേടുകൾ സീറോ മലബാറിൽ തലപ്പത്തിരിക്കുന്നവരെ ഞെട്ടിച്ചിരുന്നു. കേരളത്തിലെ പത്ര മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയാകളും വിവാദപരമായ ഭൂമിയിടപാടിലിനെപ്പറ്റി വ്യത്യസ്തമായ നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. അത് സഭയ്ക്ക് അപമാനവും പല വാർത്തകളും സഭയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുമായിരുന്നു. സഭയുടെ വിഷയങ്ങളുമായി പരസ്യ പ്രസ്താവങ്ങൾ നടത്തുന്നതിൽ നിന്നും വിട്ടു നിൽക്കണമെന്ന് അഭ്യത്ഥിച്ചിട്ടുണ്ട്. അതുപോലെ മാദ്ധ്യമങ്ങളിൽ ദുഷ്പ്രചരണം നടത്തുന്നവരിൽ നിന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സമീപകാലത്ത് ചില വൈദികരും കന്യാസ്ത്രികളും നടത്തിയ പരസ്യ പ്രസ്താവനകൾ സഭയുടെ അന്തസ്സിന് കോട്ടം തട്ടിയതായി വിലയിരുത്തി. അവർ സഭാ വിരുദ്ധരുടെ പാവകളായോ സജീവ സഹകാരികളായോ മാറുന്നതായി സഭയ്ക്ക് തോന്നി.
അച്ചടക്കം ലംഘിക്കുന്ന വ്യക്തികൾക്ക് 'കാരണം കാണിക്കൽ നോട്ടീസ്' കൊടുക്കാനും വിശദീകരണം തൃപ്തികരമല്ലെങ്കിൽ നിയമാനുസ്രതമായ നടപടികൾ സ്വീകരിക്കാനും സിനഡ് തീരുമാനിച്ചു. സഭയെയും സഭാധ്യക്ഷന്മാരെയും നിരന്തരം അപമാനിക്കുന്ന ചില ഓൺലൈൻ പത്രങ്ങൾക്കെതിരെയും വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നവർക്കെതിരെയും ജാഗ്രത പുലർത്താനും സിനഡ് ആവശ്യപ്പെട്ടു. സഭ നിർദേശിക്കുന്ന മാദ്ധ്യമങ്ങളിൽക്കൂടി മാത്രമേ സഭാപരമായ കാര്യങ്ങൾ ചർച്ച ചെയ്യാവൂയെന്നും തീരുമാനമെടുത്തു. സഭയുടെ വക്താക്കളല്ലാത്തവരുടെ വാർത്തകൾ ആരും തെറ്റി ധരിക്കരുതെന്നും നിർദേശിച്ചു. ചാനൽ ചർച്ചകളിലും അഭിമുഖങ്ങളിലും സംബന്ധിക്കാൻ രൂപതാ അദ്ധ്യക്ഷന്റെ അനുവാദവും ആവശ്യമാണ്. പൊതുസമരങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കുന്ന പുരോഹിതരും സന്യസ്തരും കാനോനിക നിയമം ലംഘിക്കുന്നു. ഇക്കാര്യത്തിൽ വരുത്തുന്ന വീഴ്ച അച്ചടക്ക ലംഘനമായി കരുതുമെന്നും ഇടയലേഖനത്തിലുണ്ട്. സഭയിലെ എന്തെങ്കിലും ആശയത്തിന്റെ പേരിലോ വ്യക്തിയുടെ പേരിലോ വിഭാഗിയത സൃഷ്ടിക്കുന്നവരും ചേരി തിരിഞ്ഞു ആരോപണം ഉന്നയിക്കുന്നവരും അച്ചടക്ക ലംഘനത്തിനു വിധേയമായിരിക്കുമെന്നും ഇടയലേഖനം ചൂണ്ടികാണിക്കുന്നു. അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും സിനഡ് തീരുമാനിച്ചു. ചില സംഘടനകൾ സഭയുടെ സ്വത്തുക്കൾ സർക്കാരിനെ ഏൽപ്പിക്കണമെന്ന് വാദിക്കുന്നു. അത്തരക്കാരുടെ ആവശ്യങ്ങളെ സിനഡ് പൂർണ്ണമായി തള്ളിക്കളഞ്ഞുവെന്നും ലേഖനത്തിലുണ്ട്. ഔദ്യോഗിക സംഘടനയെന്നു തോന്നത്തക്ക വിധം ചിലർ സംഘടനകൾക്ക് പേരുകൾ നൽകി സഭാമക്കളെ തെറ്റി ധരിപ്പിക്കുന്നുണ്ട്. സഭാ വിരുദ്ധത നടത്തുന്ന അത്തരം വ്യക്തികളെയും സംഘടനകളെയും തിരിച്ചറിഞ്ഞു ജാഗ്രത പുലർത്തണമെന്നും സിനഡ് നിർദേശിച്ചു.
പുരോഹിത ലോകം സ്മാർട്ട് ഫോണുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും വിവരങ്ങൾ ലോകം മുഴുവൻ അറിയിക്കുന്നു. ഫാദർ നോബിൾ പാറക്കലിന്റെ നിരവധി വീഡിയോകൾ നെറ്റ്‌വർക്കിൽ കാണാം. പുരോഹിത വേഷത്തിലും അല്ലാതെയും അദ്ദേഹം ചാനലുകാരോടൊപ്പം ഇരിക്കാറുണ്ട്. അതിനൊന്നും ആരും പരാതിയുമായി മുമ്പോട്ട് വരുന്നതു കാണുന്നില്ല. ലോകം മുഴുവൻ സ്മാർട്ട് ഫോണും കൊണ്ട് നടക്കുന്ന സമയത്താണ് പഴഞ്ചൻ കാലത്തേക്ക് കന്യാസ്ത്രികൾ പോവണമെന്നു സഭ നിർദേശിക്കുന്നത്. ചിലർക്കു മാത്രം ടെക്കനോളജിക്കൽ സൗകര്യങ്ങൾ ഉപയോഗിക്കാമെന്നുള്ള സഭയുടെ നിയമം തീർത്തും വിവേചനമാണ്. വിചിത്രവുമായിരിക്കുന്നു.
സിനഡിന്റെ തീരുമാനങ്ങൾക്കു വില നൽകില്ലെന്നും അനീതിക്കെതിരെ ശബ്ദം ഉയർത്തുമെന്നും എതിർപ്പുകൾ പ്രകടിപ്പിച്ചുകൊണ്ട് ചില വൈദികർ പ്രസ്താവനകളിറക്കിയിട്ടുണ്ട്. വിരലിൽ എണ്ണാവുന്ന വൈദികരുടെയും വിശ്വാസികളുടെയും പ്രവർത്തികൾ പോലും സഭ ഭയപ്പെടുന്നു. സഭാംഗങ്ങളായ കന്യാസ്ത്രികൾക്ക് നീതി കിട്ടാനുള്ള അവകാശങ്ങൾ വരെ ഇടയലേഖനം വഴി തടയാനുള്ള ശ്രമത്തിലാണ് കെസിബിസി സംഘടന. നീതിക്കായി പൊരുതുന്ന കന്യാസ്ത്രികളും ഏതാനും പുരോഹിതരും സമരത്തിൽ പങ്കെടുത്താൽ വിശ്വാസം ഇടിഞ്ഞുപോകുമെന്നും ഇവർ ഭയപ്പെടുന്നു. ക്രിസ്തുവിന്റെ കാലത്ത് കാനോനിക നിയമങ്ങൾ ഉണ്ടായിരുന്നില്ല. ക്രിസ്തുവിന്റെ വാക്കുകൾ ശ്രവിക്കുന്നതിനുപകരം കാനോനിക നിയമങ്ങളോ സിനഡ് തീരുമാനങ്ങളോ അനുസരിച്ച് ഒരുവൻ ജീവിക്കണമോയെന്ന ചോദ്യങ്ങളും ഉയർന്നു വന്നിരിക്കുന്നു.
സിസ്റ്റർ ലൂസി തനിക്കെതിരെ മദർ സുപ്പീരിയർ നൽകിയ ആരോപണങ്ങളെ പാടെ തള്ളിക്കളഞ്ഞു. ജീവിതം മുഴുവൻ സാമൂഹിക പ്രവർത്തനങ്ങൾക്കായി അടിയറ വെച്ച അവർ തന്റെ ജോലി ഭാരത്തിന് അൽപ്പം അയവു വരുത്താൻ ഒരു കാർ മേടിച്ചതിൽ സഭക്ക് പിടിച്ചിട്ടില്ല. സിസ്റ്റർ പ്രസിദ്ധീകരിച്ചത് ക്രൈസ്തവ മൂല്യങ്ങൾ നിറഞ്ഞ ഒരു പുസ്തകമായിരുന്നു. അതെങ്ങനെ കുറ്റമാകുമെന്ന് അവർ ചോദിക്കുന്നു. പുസ്തകം പ്രസിദ്ധീകരിക്കാനായി അനുവാദം ചോദിച്ചപ്പോൾ മഠം അനുവദിച്ചില്ല. ഇവിടെ കുറ്റക്കാർ മഠം ആണെന്ന് സിസ്റ്റർ പറയുന്നു. സാങ്കേതിക വിദ്യ അങ്ങേയറ്റം പുരോഗമിച്ച ഒരു ലോകത്ത് ഡ്രൈവിങ്ങ് ലൈസൻസ് എടുക്കുന്നത് എങ്ങനെ തെറ്റാകും? ഇതെല്ലാം കുറ്റമാക്കി അവരുടെ മേൽ പീഡനങ്ങൾ തൊടുത്തുവിടുന്ന സഭയുടെ നയങ്ങളെയും മനസിലാകുന്നില്ല. 'കുറ്റം ചെയ്യാത്ത ഒരാൾ മനഃപൂർവം കുറ്റമാണെന്ന് ആരോപിക്കുമ്പോൾ അവരോട് വിശദീകരണം നൽകാൻ താല്പര്യമില്ലെന്നും' സിസ്റ്റർ പറഞ്ഞു.
സഭയുടെ ചരിത്രം തെറ്റുകളുടെ കൂമ്പാരം കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. അതെല്ലാം മറച്ചുവെച്ചുകൊണ്ട് തെറ്റ് ചെയ്യാത്ത ഈ സഹോദരിയെ ശിക്ഷിക്കാനാണ് സഭയുടെ ഭാവമെങ്കിൽ അവർ ഒരിക്കലും തളരുകയില്ലെന്നും പറഞ്ഞു. നീതിക്കായുള്ള ഈ പോരാട്ടങ്ങൾ കന്യാസ്ത്രികൾക്കു സമൂഹത്തിന്റെ മുമ്പിൽ ഭാവിയിലും മാന്യതയോടെ ജീവിക്കാനുള്ള വഴികളൊരുക്കുമെന്നു കരുതുന്നു. വൈദികരും കന്യാസ്ത്രികളും തെറ്റുചെയ്താൽ സഭയ്ക്ക് പ്രശ്നമില്ല. ബ്രഹ്മചര്യം തെറ്റിച്ചാലും കുഴപ്പമില്ല. പൊതുജനം അറിയാതെ രഹസ്യമായിരിക്കണമെന്ന് മാത്രം. സിസ്റ്റർ പറയുന്നു, "അനീതിക്കെതിരെ പ്രതികരിക്കരുതെന്ന് യേശു ക്രിസ്തു പറഞ്ഞിട്ടില്ല. അധികാര വർഗത്തിനെതിരെ യേശു ക്രിസ്തു പ്രതികരിച്ചിരുന്നു. യേശുവിന്റെ പ്രബോധനങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് താനിന്നുവരെ ജീവിച്ചിരുന്നതെന്നും ദൈവ സന്നിധിയിൽ ചെയ്ത പ്രതിജ്ഞ പാലിക്കുമെന്നും" അവർ വെളിപ്പെടുത്തി.
Fr. Nobil Parackal |