ജോസഫ് പടന്നമാക്കൽ
'അരവിന്ദ കെജ്രിവാൾ' ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രസിദ്ധനായ രാഷ്ട്രീയ കർമ്മോന്മുഖനും മാറ്റത്തിനായി നിലകൊള്ളുന്ന രാജ്യസേവകനും മുൻ സർക്കാർ ജോയിന്റ്' കമ്മീഷണറുമാണ്. 2013 ഡിസംബർ മുതൽ 2014 ഫെബ്രുവരി വരെ ഇടക്കാല മുഖ്യമന്ത്രിയായി ഡൽഹി ഭരിക്കുകയും 49 ദിവസത്തിനുള്ളിൽ അധികാരം ഒഴിയുകയും ചെയ്തു. 2015 ഫെബ്രുവരി മുതൽ ഡൽഹിയുടെ ഏഴാമത്തെ മുഖ്യമന്ത്രിയായി ഭരണം നിർവഹിക്കുന്നു. ഐ.ഐ.റ്റി (IIT) ഗോരഖ്‌പൂർ സർവകലാശാലയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീറിംഗിൽ ബിരുദം നേടി. ഇന്ത്യയിൽ ഏറ്റവുമധികം ശമ്പളമുള്ള മുഖ്യമന്ത്രിയാണ് അദ്ദേഹം. ശമ്പളം മാസം മൂന്നുലക്ഷത്തി അമ്പതിനായിരം രൂപയുണ്ടെങ്കിലും അത്രയും ശമ്പളം കൈപ്പറ്റാറില്ല. കെജ്രിവാൾ, 'ലോക പാൽ' ബില്ല് പാസാക്കുന്നതിനായുള്ള നീക്കത്തിന്റെ മുന്നണി നേതാവായിരുന്നു. അണ്ണാ ഹസാരെയും ഒന്നിച്ച് പ്രവർത്തിച്ചു. സർക്കാർ വകുപ്പുകളായ ഡൽഹി ഇലക്ട്രിസിറ്റി ബോർഡ്, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ്, മുനിസിപ്പൽ ഓഫിസുകൾ എന്നിവടങ്ങളിലുള്ള അഴിമതികളെ ബോധവൽക്കരിക്കാൻ 'കേജരിവാൾ' അത്യുജ്വലങ്ങളായ പ്രകടനങ്ങളും പ്രതിക്ഷേധങ്ങളും സംഘടിപ്പിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ നീതികേടും സർക്കാർ ഏജൻസികളുടെ അഴിമതികളും പൊതുജനങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു.
അരവിന്ദ കെജ്രിവാൾ 1968 ആഗസ്റ്റ് പതിനാറാം തിയതി ജനിച്ചു. ഹരിയാനയിലുളള ഭിവാനി ജില്ലയിൽ ശിവാനി എന്ന സ്ഥലത്ത് സാമാന്യം സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിൽ വളർന്നു. ബാല്യകാലം കൂടുതലും ചെലവഴിച്ചിരുന്നത് സോനിപ്പട്ട്, ഗാസിയാബാദ്, ഹിസാർ എന്നീ പട്ടണങ്ങളിലായിരുന്നു. 'ക്രിസ്ത്യൻ മിഷിനറി ഹോളി ചൈൽഡ്ഹുഡ്' സ്‌കൂളിൽ ബാല്യത്തിൽ വിദ്യാഭ്യാസം നടത്തി. വിദ്യാഭ്യാസപരമായി വളരെ ഉയർന്ന നിലവാരം പുലർത്തുന്ന കുടുംബമാണ് അദ്ദേഹത്തിന്റേത്. 'ഗോബിന്ദ് റാം കേജരി വാളിന്റെയും' 'ഗീതാ ദേവിയുടെ'യും മൂന്നു മക്കളിൽ മൂത്തവനായിരുന്നു. അദ്ദേഹത്തിൻറെ പിതാവ് ബിർള ഇൻസ്റ്റിറ്റ്യൂട്ട് ടെക്കനോളജിയിൽ നിന്നും ബിരുദമെടുത്ത ഒരു ഇലക്ട്രിക്കൽ എൻജിനീയറും. 1985-ൽ അദ്ദേഹം ഐ.ഐ.റ്റി പ്രവേശന പരീക്ഷ പാസാകുകയും 1989-ൽ മെക്കാനിക്കൽ എഞ്ചിനീറിംഗിൽ ബിരുദം നേടുകയും ചെയ്തു. 1989-ൽ ടാറ്റാ സ്റ്റീൽ കമ്പനിയിൽ ജംഷെദ്‌പൂരിൽ ജോലി ചെയ്തു. 1992-ൽ ജോലി രാജി വെച്ച് ഐ.എ.എസ് പഠനം ആരംഭിച്ചു. കൽക്കട്ടയിൽ മദർ തെരേസയ്ക്കൊപ്പം കുറച്ചുകാലം വോളന്റീർ ആയി ജോലി ചെയ്തു. അവിടെ മദർ തെരേസായെ പരിചയപ്പെടുകയുമുണ്ടായി. കൂടാതെ അദ്ദേഹം നോർത്ത് ഈസ്റ്റ് ഇന്ത്യയിലുള്ള രാമകൃഷ്ണൻ മിഷ്യനിലും വോളന്റീർ ആയി പ്രവർത്തിച്ചു. നെഹ്‌റു യുവ കേന്ദ്രത്തിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. 1994-ൽ സുനിത കെജ്രിവാളിനെ വിവാഹം ചെയ്തു. 'ഹർഷിത കെജ്‌രിവാൾ', 'പുൽകിത് കെജ്‌രിവാൾ' എന്നിങ്ങനെ രണ്ടു മക്കളും അദ്ദേഹത്തിനുണ്ട്.'
റവന്യൂ ബോർഡിലേക്കുള്ള സിവിൽ സർവീസ് പരീക്ഷയുടെ യോഗ്യത നേടിയശേഷം 1995-ൽ ഐ.ആർ.എസിൽ അസിസ്റ്റന്റ് കമ്മീഷണറായി അദ്ദേഹം ജോലി ആരംഭിച്ചിരുന്നു. 2000-ത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായി രണ്ടു വർഷത്തേക്ക് ശമ്പളത്തോടെയുള്ള അവധിയെടുത്തു. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മടങ്ങി വരുമ്പോൾ മൂന്നുവർഷംകൂടി ജോലി ചെയ്യണമെന്നുള്ള ഒരു കരാറിൽ ഒപ്പിട്ടിട്ടുണ്ടായിരുന്നു. അതിനുള്ളിൽ ജോലിയിൽനിന്നും വിരമിച്ചാൽ അവധിക്കാല ശമ്പളം മടക്കികൊടുക്കാൻ ബാധ്യസ്ഥനുമായിരുന്നു. 2002 നവംബറിൽ അദ്ദേഹം വീണ്ടും ജോലിയിൽ ചേർന്നു. പതിനെട്ടു മാസത്തിനു ശേഷം ശമ്പളം കൂടാതെ വീണ്ടും അവധി ആവശ്യപ്പെട്ടു. അടുത്ത പതിനെട്ടു മാസത്തേക്ക് ശമ്പളം ഇല്ലാതെയുള്ള അവധി അനുവദിക്കുകയും ചെയ്തു. 2006 ഫെബ്രുവരിയിൽ അദ്ദേഹം ഡൽഹി ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണർ എന്ന ജോലി രാജി വെച്ചു. 'മൂന്നു വർഷം ജോലി ചെയ്യാമെന്നുള്ള കരാർ ലംഘിച്ചുവെന്നു' സർക്കാർ, അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചു.
കേജരി വാളിന്റെ അഭിപ്രായത്തിൽ അദ്ദേഹത്തിൻറെ പതിനെട്ടു മാസം ശമ്പളത്തോടു കൂടിയ അവധിയും അടുത്ത പതിനെട്ടു മാസം ശമ്പളം ഇല്ലാതെയുള്ള അവധിയും കണക്കാക്കുമ്പോൾ മൂന്നു കൊല്ലമാകുമായിരുന്നുവെന്നും ജോലി ചെയ്യാമെന്നുള്ള വ്യവസ്ഥ ലംഘിച്ചില്ലെന്നുമായിരുന്നു. ആദ്യത്തെ ഒരു വർഷത്തേക്ക് അദ്ദേഹത്തെ ഒരു സ്ഥലത്തും ജോലിക്കായി പോസ്റ്റ് ചെയ്തില്ലായിരുന്നു. ജോലി ചെയ്യാതെ തന്നെ ശമ്പളം നൽകിയിരുന്നു. അഴിമതിക്കെതിരായി താൻ സമരം ചെയ്തതിന് സർക്കാർ മനഃപൂർവം സൃഷ്ടിക്കുന്ന ആരോപണമെന്നും കേജരിവാൾ കുറ്റപ്പെടുത്തി. 2011 വരെ ഈ ആരോപണം തുടർന്നിരുന്നു. പിന്നീട് സുഹൃത്തുക്കളിൽ നിന്നും കടം മേടിച്ച് ഒമ്പതു ലക്ഷത്തി ഇരുപത്തിയെണ്ണായിരം രൂപ മടക്കി കൊടുക്കേണ്ടി വന്നു. അങ്ങനെ കേസ് പരിഹരിച്ചെങ്കിലും അദ്ദേഹം തെറ്റ് ചെയ്തതായി സമ്മതിക്കുന്നില്ല.
ഇന്ത്യയുടെ രാഷ്ട്രീയ അഴിമതികളെ തുടച്ചു നീക്കാൻ 2011-ൽ ഇന്ത്യ ആകമാനം പ്രതിക്ഷേധങ്ങൾ ഉയർന്നിരുന്നു. ഗാന്ധിയനായ അണ്ണാ ഹസാരെ അതിനായി നിരാഹാര സത്യാഗ്രഹവും അനുഷ്ഠിച്ചിരുന്നു. 'അഴിമതികളെ തുടച്ചു നീക്കാൻ ശക്തമായ ഒരു നിയമം രാജ്യത്തു നടപ്പാക്കണമെന്നായിരുന്നു' ഹസാരയുടെയും പ്രവർത്തകരുടെയും ഡിമാൻഡ്. 2011-ലെ ടൈം മാഗസിനിൽ ഈ വാർത്ത വളരെ പ്രാധാന്യമുള്ളതായി പ്രസിദ്ധീകരിച്ചു. ന്യൂഡൽഹിയിൽ ജെൻ'താർ മന്ദറിൽ അണ്ണാ ഹസാരെ അനുഷ്ടിച്ച ഈ സത്യാഗ്രഹം ലോക മാധ്യമങ്ങളിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു. അതിനായി ജൻ ലോക്പാൽ ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കണമെന്നായിരുന്നു ഡിമാൻഡ്. സ്വിസ് ബാങ്കിലെയും വിദേശ ബാങ്കിലെയും 'ബ്ളാക്ക് മണി' ഇന്ത്യയിൽ മടക്കി കൊണ്ടുവരണമെന്നും ഡിമാന്റുണ്ടായിരുന്നു. ഹസാരയുടെ നേതൃത്വത്തിലുള്ള നിരാഹാര സത്യാഗ്രഹവും സമാധാനപരമായ മാർച്ചും ജനശ്രദ്ധയെ ആകർഷിച്ചു. പ്രതിപക്ഷത്തുണ്ടായിരുന്ന മിക്ക രാഷ്ട്രീയ പാർട്ടികളും അവരുടെ അണികളെ ശക്തിപ്പെടുത്താൻ ഈ സമരത്തിൽ പങ്കുചേർന്നിരുന്നു.
ഇന്ത്യയുടെ അഴിമിതിക്കെതിരായ 'ജന ലോക്പാൽ ബില്ല്' പാസാക്കാനുള്ള യത്നത്തിൽക്കൂടിയാണ് കേജരിവാളിനെ ദേശീയ രാഷ്ട്രീയത്തിൽ അറിയപ്പെടാൻ തുടങ്ങിയത്. അരവിന്ദ കെജ്രിവാളിനെയും ഉൾപ്പെടുത്തി ഇന്ത്യ സർക്കാർ ലോക്പാൽ ബിൽ രചിക്കുന്ന കമ്മറ്റി രൂപീകരിച്ചിരുന്നു. 'ജന ലോക്പാൽ' ഡ്രാഫ്റ്റ് ചെയ്യുന്നതിലും അദ്ദേഹം പങ്കാളിയായിരുന്നു. ലോക്പാൽ ബില്ലിനെ ഹസാരെയും കോൺഗ്രസ്സ് പാർട്ടിയും ഭേദഗതിയോടെ അംഗീകരിച്ചപ്പോൾ കേജരിവാൾ ബില്ലിനെ എതിർത്തു. ബില്ലിനെ 'ഹസാരെ' അംഗീകരിച്ച മുതലാണ് ഹസാരയിൽ നിന്നും കേജരിവാൾ അകന്നത്. ഹസാരെ നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തു. 'ബില്ലിനെപ്പറ്റി ഹസാരെ മനസിലാക്കിയിട്ടില്ലെന്നും' കേജരി വാൾ ആരോപിച്ചു. 'പാസ്സാക്കിയ നിർദ്ദിഷ്ട ബില്ല് അഴിമതി തടയാൻ ഉപകാരപ്പെടുകയില്ലെന്നു മാത്രമല്ല അഴിമതിക്കാരെ സംരക്ഷിക്കുന്ന വിധമാണ് തയ്യാറാക്കിയതെന്നും' കുറ്റപ്പെടുത്തി. 'ഈ ബിൽ പാസായാൽ ഒരു മന്ത്രി പോയിട്ട് ഒരു എലിപോലും ജയിലിൽ പോവില്ലെന്നും' അദ്ദേഹം പരിഹസിച്ചു.
'ജൻ ലോക്പാൽ' ബില്ല് രാഷ്ട്രീയമായി അഭിപ്രായൈക്യം പാലിക്കണമെന്ന ആശയമായിരുന്നു ഹസാരയ്ക്ക് ഉണ്ടായിരുന്നത്. 'വിവിധ രാഷ്ട്രീയ പാർട്ടികളുമായി സംസാരിച്ചതുകൊണ്ട് യാതൊരു പുരോഗമനവും നേടാൻ പോവുന്നില്ലെന്ന്' കേജരിവാളും വാദിച്ചു. 'സ്വന്തമായി പാർട്ടി രൂപീകരിച്ച് പ്രശ്നങ്ങൾ കൈകാര്യം ചെയ്യണമെന്നും' കേജരിവാൾ അഭിപ്രായപ്പെട്ടു. ഇതേ സംബന്ധിച്ച് അഭിപ്രായ രൂപീകണത്തിനായി ഒരു സർവേ നടത്താൻ സംഘടന രൂപീകരിച്ചു. പുതിയതായി രൂപീകരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ ആവശ്യത്തെ സർവ്വേ ഫലം വെളിപ്പെടുത്തിയിരുന്നു. അഴിമതിക്കെതിരായ പോരാട്ടക്കാരിൽ അഭിപ്രായ ഭിന്നതകളുണ്ടായി. എതിരഭിപ്രായക്കാർ കെജ്രിവാളുമായി ഒരു ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും ഫലവത്തായില്ല. 2012 ഒക്ടോബർ രണ്ടാംതിയതി മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകൃതമായി. 2012 നവംബർ 26-നു ഇന്ത്യൻ ഭരണഘടന രചിച്ച ദിവസം പാർട്ടിയുടെ നയപരിപാടികളും പ്രഖ്യാപിച്ചു. സാധാരണക്കാരുടെ പാർട്ടിയെന്നർത്ഥത്തിൽ പാർട്ടിയ്ക്ക് 'ആം ആദ്മി പാർട്ടി' (എ.എ.പി) എന്ന് നാമകരണം ചെയ്തു.
കേജരിവാൾ മുഖ്യമന്ത്രിയാകുന്നതിനു മുമ്പ്' അദ്ദേഹം 'ആം ആദ്മി പാർട്ടി'യുടെ ദേശീയ കൺവീനറായിരുന്നു. ഡൽഹിയിൽ അന്ന് പ്രസിഡന്റ് ഭരണമായിരുന്നു നടപ്പിലുണ്ടായിരുന്നത്. അദ്ദേഹത്തിനു മുമ്പ് 'ഷീല ദിക്ഷിത്ത്' ഡൽഹിയുടെ മുഖ്യമന്ത്രിയായിരുന്നു. 2013 ഡിസംബർ നാലാം തിയതി ഡൽഹി അസംബ്ലിയിലേക്ക് പുതിയ പാർട്ടി മത്സരിച്ചു. തുടർച്ചയായി മൂന്നുപ്രാവശ്യം മുഖ്യമന്ത്രിയായിരുന്ന ഷീലാ ദിക്ഷിതിനെ 'കേജരി വാൾ' തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി. 2013 ഡിസംബർ ഇരുപത്തിയെട്ടാം തിയതി അദ്ദേഹം മുഖ്യമന്ത്രിയായി ചുമതലയെടുത്തു. ദൗർഭാഗ്യവശാൽ ഭരണം 49 ദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ. ഇടക്കാല മന്ത്രി സഭയുടെ കാലത്ത് അദ്ദേഹത്തിന് അഴിമതി നിരോധന ബില്ല് പാസാക്കാൻ സാധിക്കാഞ്ഞതിനാൽ ഡൽഹി മുഖ്യമന്ത്രി പദം ഒഴിയേണ്ടി വന്നു. മറ്റുള്ള രാഷ്ട്രീയ പാർട്ടികൾ ഒന്നടങ്കം ബില്ലിനെ എതിർക്കുകയും പിന്തുണ നല്കാതെയുമിരുന്നു. 2013 ഡിസംബർ 28 മുതൽ 2014 ഫെബ്രുവരി പതിനാലുവരെ പ്രസിഡന്റ് ഭരണത്തിൽ 'നജീബ് ജംഗ്' ഡൽഹിയുടെ ഗവർണ്ണറായി ചുമതലകൾ വഹിച്ചിരുന്നു. 2015-ലെ ഡൽഹി അസംബ്ലി തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻറെ പാർട്ടി വിജയിക്കുകയും 70 സീറ്റിൽ 67 അസംബ്ലി സീറ്റുകളും കരസ്ഥമാക്കുകയുമുണ്ടായി. നല്ല ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട പാർട്ടിയുടെ നേതാവെന്ന നിലയിൽ ഡൽഹി മുഖ്യമന്ത്രിയാവുകയും 2015 ഫെബ്രുവരി പതിനാലാം തിയതി സത്യപ്രതിജ്ഞ കർമ്മം നിർവഹിക്കുകയുമുണ്ടായി.
കേജരിവാളും പാർട്ടിയും ഡൽഹിയുടെ ഭരണം പിടിച്ചെടുത്തപ്പോൾ 'അഞ്ചു വർഷം, ഭരണം' എന്ന മുദ്രാവാക്യം മുഴക്കിയിരുന്നു. കെജ്രിവാൾ സർക്കാരിന് ഡൽഹി സ്റ്റേറ്റിനെ സാംസ്‌കാരികമായും സാമൂഹികമായും സാമ്പത്തികമായും മെച്ചപ്പെടുത്തണമെന്ന ലക്ഷ്യമുണ്ടായിരുന്നു. ജനങ്ങളുടെ സുരക്ഷിതത്വത്തിനായി സി.സി. ടിവി എവിടെയും ഇൻസ്റ്റാൾ ചെയ്യുക, 10000 ബസുകൾ റോഡുഗതാഗതത്തിനായി വാങ്ങിക്കുക, സർക്കാർ സേവനങ്ങൾ ഓരോരുത്തരുടെയും വീടുകളിൽ എത്തിക്കുക എന്നീ പദ്ധതികൾ ആരംഭിച്ചു. രണ്ടു വർഷത്തിനുള്ളിൽ ആയിരം എ.സി ഇലക്ട്രിക്ക് ബസുകൾ വാങ്ങാനുള്ള പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. താമസസ്ഥലങ്ങളിൽ ഒന്നേകാൽ ലക്ഷം സി.സി.വി ക്യമാറകൾ വീടുകൾക്ക് സമീപം സ്ഥാപിക്കുന്നതും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ബസുകളിലും സ്‌കൂളിലും ക്യാമറ സംഘടിപ്പിക്കുന്ന സംവിധാനങ്ങളും പുരോഗമിക്കുന്നു. ആരോഗ്യ മേഖലകളിലും വിദ്യാഭ്യാസ പദ്ധതികളിലും എ.എ.പി സർക്കാർ മെച്ചമായ പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു.
ആരോഗ്യ സുരക്ഷാ പദ്ധതികളിൽ വൻ നേട്ടങ്ങൾ കെജ്രിവാൾ സർക്കാരിന് നേടാൻ കഴിഞ്ഞു. 'മൊഹല്ല ക്ലിനിക്ക്' പദ്ധതികൾ വിജയകരമായിരുന്നു. അത് ലോകാരോഗ്യ സംഘടനകളും മുൻ യുണൈറ്റഡ് നാഷൻ സെക്രട്ടറി ജനറൽ കോഫി അണ്ണനും അഭിനന്ദിക്കുകയുണ്ടായി. വികസിച്ച രാജ്യങ്ങളെപ്പോലെ മെച്ചമായ ആരോഗ്യ സുരക്ഷ പദ്ധതി ഡൽഹിയിലും നടപ്പാക്കാൻ സാധിച്ചു. അഞ്ചു കിലോമീറ്റർ റേഡിയസിൽ ഓരോ ക്ലിനിക്ക് വീതം മൊത്തം 1000 ക്ലിനിക്കുകൾ തുറക്കാനായിരുന്നു പദ്ധതി. എന്നാൽ പൂർണ്ണമായും ക്ലിനിക്കുകൾ വിപുലീകരിക്കാൻ സാധിച്ചിട്ടില്ല. അതിനുള്ള ഏജൻസികൾക്ക് സ്ഥലവും കെട്ടിടങ്ങളും ആവശ്യമാണ്. 160 ക്ലിനിക്കുകൾ മാത്രമേ നാളിതു വരെയായി തുടങ്ങാൻ സാധിച്ചിട്ടുള്ളൂ. 668 ക്ലിനിക്കുകൾ പുതിയ സ്ഥലങ്ങളിൽ ഉടൻ തുടങ്ങും. ക്ലിനിക്കുകൾ അടുത്തടുത്ത് സ്ഥാപിച്ചിരിക്കുന്നതുമൂലം ഡയബെറ്റിക്‌സും ഹൈപ്പർ ടെൻഷൻ പോലുള്ള അസുഖങ്ങളും കണ്ടെത്തി അവിടെ രോഗനിർണ്ണയം നടത്താൻ സാധിക്കും. താണ വരുമാനക്കാരായ രോഗികൾക്ക് ക്ലിനിക്കുകൾ പ്രയോജനപ്രദവുമാണ്. സൗജന്യമായ സർജറി, റേഡിയോ ഡയഗ്‌നോസിസ് ടെസ്റ്റുകൾ (radio-diagnosis tests) മുതലായവകൾ ക്ലിനിക്കുകൾ വഴി നടത്തുന്നതുകൊണ്ട് ഹോസ്പിറ്റലിലെപ്പോലെ നീണ്ട ലൈനിൽ രോഗികൾക്ക് നിൽക്കേണ്ടതില്ല.
പരിഷ്ക്കരണപ്രകാരം വൈദ്യുതി ബില്ലിൽ 50 ശതമാനം സബ്‌സിഡി അനുവദിക്കുന്നു. വൈദുതിക്ക് നികുതി കൂട്ടിയില്ല. ഇരുപതു കിലോ ലിറ്റർ സൗജന്യ വെള്ളം റേഷനിങ് തുടരുന്നു. വിദ്യാഭ്യാസത്തിനായി 2017-2018 സാമ്പത്തിക ബഡ്ജറ്റിൽ 11300 കോടി രൂപ അനുവദിച്ചിരുന്നു. അത് മൊത്തം ബഡ്ജറ്റിന്റെ നാലിലൊന്ന് പണം വരും. അങ്ങനെ അനുവദിച്ച പണത്തിൽ നിന്നും 8000 പുതിയ ക്ലാസ് മുറികൾ ഉണ്ടാക്കി. 400 പുതിയ ലൈബ്രറികളും സ്ഥാപിച്ചു. അദ്ധ്യാപകർക്ക് സ്‌പെഷ്യൽ ട്രെയിനിങ് നിർബന്ധമാക്കി. പ്രൈവറ്റ് സ്‌കൂളുകൾ യാതൊരു കാരണവശാലും ഫീസ് കൂട്ടാൻ പാടില്ലെന്നും കർശനമായ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് ഒരു വിദ്യാർത്ഥിക്ക് പത്തു ലക്ഷം രൂപവരെ വായ്പ്പ അനുവദിച്ചിട്ടുണ്ട്.ഇരുപത് പുതിയ ഡിഗ്രി കോളേജുകൾ തുറക്കുന്നതിനായി ഡൽഹി യുണിവേഴ്സിറ്റിയുടെ അംഗീകാരത്തിനായി കാത്തിരിക്കുന്നു.
സൗജന്യ ആരോഗ്യ ഇൻഷുറൻസ് നൽകുന്നതും കെജ്രിവാൾ സർക്കാരിന്റ നേട്ടമാണ്. മാസം 9724 രൂപ കുറഞ്ഞ വേതനമായിരുന്നത് 13350 രൂപയായി വർദ്ധിപ്പിച്ചു. സാങ്കേതികമായി ചെറിയ പരിജ്ഞാനം ഉള്ളവരുടെ മാസ ശമ്പളം 10764 രൂപയായിരുന്നത് 14698 രൂപയാക്കി. സാങ്കേതിക പരിജ്ഞാനം ഉള്ള തൊഴിലാളികളുടെ ശമ്പളം 11830 രൂപയിൽനിന്നും 16182 രൂപയായി നിശ്ചയിച്ചു. നിലവിലുണ്ടായിരുന്ന പെൻഷൻ തുക വർദ്ധിപ്പിച്ചു. വൃദ്ധ ജനങ്ങൾക്കും ഭർത്താവ് മരിച്ച നിരാലംബരായ സ്ത്രീകൾക്കും മാസം 1000 രൂപ നൽകാനും തുടങ്ങി. നിയമപരമല്ലാത്ത കോളനികളിലും അവിടെ താമസിക്കുന്നവരിലും ശുചിത്വ ബോധം ഉണർത്തുകയും കോളനികളിലെ അഴുക്കു ചാലുകൾ വൃത്തിയാക്കുന്ന പദ്ധതികളും ആവിഷ്ക്കരിച്ചു. മലിന വസ്തുക്കൾ ഒഴുകിപോകാനുള്ള ചാലുകളും കോൺക്രീറ്റുകൾകൊണ്ട് (sewer line) നിർമ്മിക്കുന്നു. ഡ്രൈനേജ് സംവിധാനങ്ങളും വിപുലീകരിക്കുന്നുണ്ട്. 600 കോളനികളിലെ മലിന ദുരീകരണ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. 500 കിലോമീറ്റർ പിഡബ്ള്യു റോഡ് വിസ്തൃതികൂട്ടി നന്നാക്കുകയും ചെയ്യുന്നു. ശുദ്ധജലം കൊണ്ടുവരാനായുള്ള പൈപ്പ് ലൈൻ ജോലികളും പുരോഗമിക്കുന്നുണ്ട്. ഒന്നര ലക്ഷം പബ്ലിക്ക് ബാത്ത്റൂം പണിയുമെന്നുള്ള പദ്ധതിയിൽ 21000 പബ്ലിക്ക് ബാത്തുകൾ നാളിതുവരെ തീർത്തിട്ടുണ്ട്.
ഇനിമേൽ സർക്കാർ ഡോകുമെന്റുകൾ ലഭിക്കാൻ മജിസ്‌ട്രേറ്റിന്റെയോ ഗസറ്റഡ് ഓഫിസർമാരുടെയോ ഒപ്പുകൾക്ക് ആവശ്യമില്ല. പ്രധാന ഡോകുമെന്റുകളിൽ സ്വയം ഒപ്പു മതിയാകും. സർക്കാർ ഡോക്യൂമെന്റുകളും സർട്ടിഫിക്കേറ്റുകളും വീട്ടിൽ കൊണ്ടുപോയി കൊടുക്കുന്നതു കാരണം പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ മുമ്പിൽ ലൈനിൽ നിന്ന് സമയം പാഴാക്കേണ്ടതില്ല. ജനനം, മരണം, വരുമാനം, ജാതി സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, വിവാഹ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, വാട്ടർ, ഇലക്ട്രിസിറ്റി കണക്ഷൻ, എന്നിവകൾക്കുള്ള ഡോകുമെന്റുകൾ ഓരോരുത്തരുടെയും വീട്ടുപടിക്കൽ എത്തിക്കും. മെഡിക്കൽ ചരിത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഹെൽത്ത് കാർഡ് ഓരോ പൗരനും നൽകുന്നു. '1076' എന്ന നമ്പറിൽ വിളിച്ചാൽ സർക്കാർ സേവനം അമ്പതു രൂപയ്ക്ക് ലഭ്യമാണ്. ഡൽഹിയുടെ പതിനൊന്ന് ജില്ലകളിലും ആവശ്യക്കാർക്ക് ഡോക്കുമെന്റുകൾ എത്തിക്കുന്നു. ഡൽഹി ഇന്ത്യയ്ക്ക് ഒരു മാതൃക പട്ടണവും സംസ്ഥാനവുമായി മാറിയിരിക്കുന്നു.
എ.എ.പി പാർട്ടി 'എല്ലാം സാധ്യമെന്ന' പുതിയ മുദ്രാവാക്യം മുഴക്കിയിരുന്നെങ്കിലും വിമർശനങ്ങളിൽക്കൂടിയും കടന്നുപോവുന്നു. ഡൽഹി സെക്രട്ടറിയേറ്റിൽ എല്ലാം സാധ്യമല്ലെന്ന് മൂന്നു വർഷത്തെ ഭരണത്തിൽക്കൂടി മനസ്സിലാവുകയും ചെയ്തു. വൈദുതിയുടെ നിരക്കു കുറയ്ക്കുന്നതും 20 കിലോ ലിറ്റർ സൗജന്യ വെള്ളം നൽകലും, പെട്രോൾ റേഷനിംഗും നടപ്പാക്കുമെന്ന രാഷ്ട്രീയ അജണ്ട പരിപൂർണ്ണ വിജയമായിരുന്നില്ല. അന്തരീക്ഷ മലിനീകരണത്തിലും ട്രാൻസ്‌പോർട്ട് സംവിധാനത്തിലും കാര്യമായ പുരോഗമനം ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പുകാലങ്ങളിൽ ഭരണ മുന്നണി ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ ഫലപ്രദമാകാതെ പലതും പാളിപോയിട്ടുണ്ട്. 2018-ൽ 3000 പുതിയ ബസുകളും 2000 എയർ കണ്ടീഷനില്ലാത്ത ബസുകളും 1000 ഇലട്രിക്ക് ബസുകളും നിരത്തിൽ ഓടിക്കുമെന്നു വാഗ്ദാനങ്ങളുണ്ടായിരുന്നു. ഡിസംബറിനുള്ളിൽ മൊത്തം 10000 ബസുകൾ സേവനത്തിനുണ്ടാകുമെന്ന എ.എ.പി സർക്കാരിന്റ വാക്കുകളും ഫലവത്തായില്ല. പട്ടണങ്ങളിൽ ക്ലിനിക്കുകൾകൊണ്ട് വലിയ പ്രയോജനമില്ല. ചെറിയ സുഖക്കേടുകൾക്കു പോലും ക്ലിനിക്കുകളിൽ പോകാതെ രോഗികൾ ഹോസ്പിറ്റലിനെ അഭയം പ്രാപിക്കുന്നതാണ് കാരണം. ക്ലിനിക്കുകളുടെ ആരംഭത്തോടെ ഹോസ്പിറ്റലുകളിൽ രോഗികൾ എത്തുന്നതും കുറഞ്ഞു. അത്തരമുള്ള സ്ഥിതിവിശേഷങ്ങൾ ഹോസ്പിറ്റലുകളുടെ പ്രവർത്തനങ്ങൾക്ക് തടസമാവുകയും ചെയ്യുന്നു. ഡൽഹിയുടെ അന്തരീക്ഷം ഇന്നും മലിനം നിറഞ്ഞതാണ്. പൊതുഗതാഗതം വളരെ ശോചനീയമായി തുടരുന്നു. യമുനാ നദിയുടെ അഞ്ചു കിലോമീറ്റർ ദൂരം വൃത്തിയാക്കുന്ന പദ്ധതിക്ക് വിജയം കാണാനായില്ല. മിതമായ നിരക്കിൽ ഭക്ഷണം വിതരണം ചെയ്യാൻ 100 ക്യാന്റീനുകൾക്കും പദ്ധതിയിട്ടിരുന്നു. എങ്കിലും എൽ.എൻ.ജെ.പി ഹോസ്പിറ്റലിനു സമീപം ഒരു ക്യാന്റീൻ മാത്രമേ നാളിതുവരെയായി തുടങ്ങിയിട്ടുള്ളൂ.
കെജ്രിവാളിന്റെ രാഷ്ട്രീയ ഗുരുവായ അണ്ണാ ഹസാരെ സർക്കാർ നയങ്ങളെ പൂർണ്ണമായും എതിർത്തുകൊണ്ടിരിക്കുന്നു. വിദ്വെഷത്തിന്റെ ഭാഷ കെജ്രിവാളിനെതിരെ ഉപയോഗിക്കാറുമുണ്ട്. ഹസാരെ പറഞ്ഞു, "ഷുങ്കളു' കമ്മിറ്റി റിപ്പോർട്ട്! തന്നെ വളരെയധികം വേദനിപ്പിച്ചു. അരവിന്ദ കേജരിവാളും ഞാനും അഴിമതിക്കെതിരായി, അഴിമതിയില്ലാത്ത നമ്മുടെ രാജ്യത്തിനായി ഒന്നിച്ചു പോരാടി. എന്നാൽ അദ്ദേഹം എന്റെ പ്രതീക്ഷകൾ മുഴുവനായി തകർത്തു. വിദ്യാഭ്യാസമുള്ള പുതിയ തലമുറ പുത്തനായ ചിന്തകളുമായി രാജ്യത്തെ അഴിമതികളിൽനിന്നും മോചനമാക്കുമെന്നാണ് ഞാൻ വിചാരിച്ചത്. വാസ്തവത്തിൽ എന്റെ സ്വപ്നങ്ങളെല്ലാം ചിതറിപ്പോയി. കേജരി വാൾ 'ആം ആദ്മി പാർട്ടി' ആരംഭിച്ചപ്പോൾ ദൈവം എന്നെ അദ്ദേഹത്തിൽനിന്നും അകറ്റാൻ സഹായിച്ചു. അല്ലായിരുന്നുവെങ്കിൽ സത്യത്തിന്റെ വഴി എന്റെ മുമ്പിൽ ഇല്ലാതാകുമായിരുന്നു. അദ്ദേഹം മുഖ്യ മന്ത്രിയായെങ്കിലും ഒരിക്കലും എനിക്ക് അദ്ദേഹത്തെ കാണാൻ പോലും താൽപ്പര്യമുണ്ടായിട്ടില്ല. അദ്ദേഹം എന്നെ ഗുരുവെന്നു സംബോധന ചെയ്യുന്നു. വാസ്തവത്തിൽ ദൈവം എന്നെ അദ്ദേഹത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു."
മൂന്നു വിദഗ്ദ്ധരായവർ ഒത്തൊരുമിച്ചാണ് 'ഷുങ്കളു കമ്മീഷൻ റിപ്പോർട്ട്' തയ്യാറാക്കിയത്. ഡൽഹി സ്റ്റേറ്റ് ഭരണകൂടത്തിൽ കെജ്രിവാൾ ഭരണത്തിലെ നിയമനങ്ങളിൽ കണ്ട സ്വജന പക്ഷപാതങ്ങളുടെ പൂർണ്ണമായ റിപ്പോർട്ട് 2016 നവംബർ ഇരുപത്തിയേഴാം തിയതി കമ്മറ്റി പുറത്തുവിട്ടു. ഡൽഹി ആരോഗ്യ മന്ത്രി 'സത്യേന്ദർ ജെയ്‌നിന്റെ' മകൾ സൗമ്യ ജെയ്‌നിന്റെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിയമനത്തെ കമ്മറ്റി ചോദ്യം ചെയ്തിരുന്നു. ട്രാൻസ്‌പോർട്ട് മന്ത്രി തുടക്കമിട്ട ബസ് സർവീസിലും അഴിമതികളുണ്ടെന്ന് കണ്ടെത്തി. 'സർക്കാർ ഉദ്യോഗസ്ഥകളായ സ്ത്രീകൾക്കുവേണ്ടിയുള്ള ഡൽഹിയിലെ ഗവണ്മെന്റ് ക്വാർട്ടേഴ്‌സുകളുടെ കമ്മീഷണറായ 'സ്വാതി മലിവാൽ, എംഎൽഎ യായ അഖിലേഷ് ത്രിപാഠിയ്ക്ക് ക്വാർട്ടേഴ്സ് നൽകിയതിലും ചോദ്യമുണ്ടായിരുന്നു. കേജരി വാളിന്റെ ഭാര്യയുടെ ബന്ധുവായ 'നികുഞ്ചി അഗർ വാളിന്' ആരോഗ്യ മന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമനം കൊടുത്തതും നിയമ വിരുദ്ധമാണെന്നു കണ്ടു. പാർട്ടി ആവശ്യത്തിനായി സർക്കാരിന്റെ ബംഗ്ളാവ് എ.എ.പി ഉപയോഗിക്കുന്നതിലും വിമർശനമുണ്ടായിരുന്നു. നിയമാനുസ്രതമല്ലാതെ സർക്കാർ ഓഫിസ് ഉപയോഗിച്ചതിന് 27 ലക്ഷം രൂപ ഫൈൻ ഇടുകയും ചെയ്തു.
കേജരിവാൾ പുസ്തകങ്ങളെഴുതിയതു കൂടാതെ അനേക അവാർഡുകളും നേടിയിട്ടുണ്ട്. 'രാമോൻ മാഗ്‌സായസായ അവാർഡ്' കരസ്ഥമാക്കിയിരുന്നു. അഴിമതിക്കെതിരായുള്ള പോരാട്ടത്തിലെ നേട്ടങ്ങൾ മാനിച്ചാണ് അദ്ദേഹത്തിന് 2006-ൽ രാമോൻ മാഗ്‌സായസായ അവാർഡ് ലഭിച്ചത്. അങ്ങനെ ലഭിച്ച അവാർഡിന്റെ തുക പൊതുജന സേവനം നടത്തുന്ന ഒരു ഗവേഷണ കേന്ദ്രത്തിന് സംഭാവനയായി നൽകുകയും ചെയ്തു.
കെജ്രിവാൾ തുടക്കമിടുന്ന എത്ര നല്ല പരിഷ്‌ക്കാരങ്ങളെയും കേന്ദ്രസർക്കാർ എതിർക്കുകയെന്നത് പതിവായിരിക്കുന്നു. ഡൽഹിയുടെ ഗവർണ്ണർ പുരോഗമനപരമായ ഏതു പദ്ധതികൾക്കും വിഘാതമായിരിക്കും. കേന്ദ്ര സർക്കാരിന്റെ പരിധിയിലുള്ള ഡൽഹിയിൽ സി.സി.വി ക്യാമറകൾ സ്ഥാപിക്കണമെങ്കിൽ കേന്ദ്ര പോലീസിന്റെ അനുവാദം വേണമെന്ന് ഗവർണ്ണർ 'അനിൽ ബൈജാന്റെ' ഉത്തരവ് കേജരി വാൾ പരസ്യമായി കീറിക്കളഞ്ഞു. 'സ്ത്രീകൾക്കും ന്യുന പക്ഷങ്ങൾക്കും എതിരെ ആക്രമണങ്ങൾ വർദ്ധിച്ചിരിക്കുന്നതിനാലാണ്! സി.സി.വി ക്യാമറാകൾ സ്ഥാപിക്കുന്നതെന്നും' അദ്ദേഹം പറഞ്ഞു. 'ഡൽഹിയിൽ കുറ്റവാളികൾ പെരുകാൻ കേന്ദ്ര സർക്കാർ നയം കാരണമാകുന്നുവെന്നും' കേജരിവാൾ കുറ്റപ്പെടുത്തി.
ഫോർച്യൂൺ മാഗസിനിൽ ലോകത്തെ മികച്ച നേതാക്കന്മാരുടെ പട്ടികയിൽ കെജ്രിവാളുമുണ്ട്. പ്രബുദ്ധരായ ലോക നേതാക്കന്മാരിൽ അദ്ദേഹം നാല്പത്തിരണ്ടാം സ്ഥാനത്തു നിൽക്കുന്നു. ഒരു വർഷം മുമ്പ് അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന പ്രധാനമന്ത്രി മോദിയുടെ പേര് ഉൾപ്പെടുത്താതെ ഫോർച്യൂൺ മാഗസിൻ തഴഞ്ഞിരിക്കുന്നു. ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിനായി വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണമാണ് അദ്ദേഹത്തെ ലോക നേതാക്കളുടെ സ്ഥാനത്തേയ്ക്ക് എത്തിച്ചത്. കെജ്രിവാളിന്റെ അന്തരീക്ഷ ശുദ്ധീകരണ പദ്ധതി വൻ വിജയമായിരുന്നുവെന്ന് ഫോർച്യൂൺ മാഗസിൻ അഭിപ്രായപ്പെട്ടു.
No comments:
Post a Comment